സ്വാഗതം
WELCOME

News Update..

Tuesday, December 9, 2014

ടൈം 'പേഴ്സണ്‍ ഓഫ് ദി ഇയര്‍': അവസാന പട്ടികയില്‍ മോദി ഇല്ല Madhyamam News Feeds

ടൈം 'പേഴ്സണ്‍ ഓഫ് ദി ഇയര്‍': അവസാന പട്ടികയില്‍ മോദി ഇല്ല Madhyamam News Feeds

Link to

ടൈം 'പേഴ്സണ്‍ ഓഫ് ദി ഇയര്‍': അവസാന പട്ടികയില്‍ മോദി ഇല്ല

Posted: 09 Dec 2014 12:29 AM PST

Image: 

ലണ്ടന്‍ : ടൈം മാഗസിന്‍്റെ 2014 ലെ  'പേഴ്സണ്‍ ഓഫ് ദി ഇയര്‍' ഓണ്‍ലൈന്‍ വോട്ടെടുപ്പില്‍ ഒന്നാമതായിട്ടും അന്തിമ പട്ടികയില്‍ നിന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പുറത്തായി. 50 ലക്ഷം ടൈം വായനക്കാര്‍ പങ്കെടുത്ത ഓണ്‍ലൈന്‍ വോട്ടിങ്ങില്‍ 16 ശതമാനം വോട്ട് നേടി മോദി  ഒന്നാമത് എത്തിയിരുന്നു . എന്നാല്‍ ടൈം പത്രാധിപസമിതി നടത്തിയ തെരഞ്ഞെടുപ്പില്‍ മോദിയെ ഒഴിവാക്കി.

ആപ്പിള്‍ സി.ഇ.ഒ  ടിം കുക്ക് , റഷ്യന്‍ പ്രസിഡന്‍റ് വ്ലാദിമിര്‍ പുടിന്‍ , പോപ് ഗായിക ടെയ്ലര്‍ സ്വിഫ്റ്റ് , നാഷണല്‍ ഫുട്ബാള്‍ ലീഗ് കമ്മിഷണര്‍ റോജര്‍ ഗൂഡല്‍ , ഇറാഖിലെ കുര്‍ദിഷ് നേതാവ് മസൂദി ബര്‍സാനി , അലിബാബ ഗ്രൂപ്പ് ഓഫ് കമ്പനി മേധാവി ജാക്ക് മാ , എബോളക്ക് എതിരെ പോരാടിയ ഡോക്ടര്‍മാര്‍, ഫെര്‍ഗൂസന്‍ പ്രക്ഷോഭകാരികള്‍ എന്നിവരാണ് അന്തിമ പട്ടികയില്‍ സ്ഥാനം പിടിച്ചത്.

ബുധനാഴ്ച ടൈം എഡിറ്റര്‍ നാന്‍സി ഗിബ്സ് 'പേഴ്സണ്‍ ഓഫ് ദി ഇയര്‍' പ്രഖ്യാപനം നടത്തും. 1930 ല്‍ മഹാത്മാഗാന്ധിക്ക് കിട്ടിയ ശേഷം ഒരു ഇന്ത്യക്കാരനും ഈ ബഹുമതി ലഭിച്ചിട്ടില്ല. പ്രഥമ പട്ടികയില്‍ 50 പേരെയാണ് ഉള്‍പ്പെടുത്തിയിരുന്നത് . ഡസ്ക് ടോപ് , ടാബ്ളെറ്റ് , മൊബൈല്‍ എന്നിവയിലൂടെ ടൈം വായനക്കാരായ 225 രാജ്യങ്ങളിലെ 50 ലക്ഷം പേര്‍ വോട്ടു രേഖപ്പെടുത്തി. 16 ശതമാനം വോട്ടോടെ ഒന്നാമത് എത്തിയത് നരേന്ദ്രമോദി ആയിരുന്നു. ഫെര്‍ഗൂസന്‍ സമരക്കാര്‍ ആയിരുന്നു രണ്ടാമത്, 9 ശതമാനം. ഹോങ്കോങ്ങിലെ സമര നേതാവ് ജോഷ്വ വോന്ഗ് , മലാല യൂസഫ് സായ് തുടങ്ങിയവര്‍ ആദ്യ പട്ടികയില്‍ ഉണ്ടായിരുന്നു .  

ഇന്ത്യയുടെ റോക്ക് സ്റ്റാര്‍ ആയാണ് മോദിയെ അവതരിപ്പിച്ചത്. ഓണ്‍ലൈന്‍ പോളിങ്ങില്‍ മുമ്പൊരു കാലത്തും ഇല്ലാത്ത രീതിയില്‍ ഇത്തവണ ഇന്ത്യയില്‍ നിന്ന് പങ്കെടുത്തു . ഏറ്റവും കൂടുതല്‍ വോട്ട് പോള്‍ ചെയ്തത് യു എസില്‍ നിന്നാണ്. 37 ശതമാനം. തൊട്ടു പിറകില്‍ ഇന്ത്യ. 17 ശതമാനം. മൂന്നാം സ്ഥാനം റഷ്യക്ക് .12 ശതമാനം.

ഓണ്‍ലൈന്‍ പോളിങ്ങില്‍ ഒന്നാമതത്തെിയിട്ടും അന്തിമ പട്ടികയില്‍ ഉള്‍പ്പെടുത്താതെ ടൈം പത്രാധിപ സമിതി മോദിയെ ഒഴിവാക്കുകയായിരുന്നു .മോദി മുഖ്യമന്ത്രി ആയിരുന്നപ്പോള്‍ നടന്ന  ഗുജറാത്ത് വംശീയ കലാപത്തിന്‍്റെ പേരിലാണ് ഒഴിവാക്കല്‍ എന്ന് കരുതുന്നു . ഭൂതകാലം മോദിയെ വിടാതെ പിടികൂടുന്നു എന്ന് സാരം.

ബസില്‍ വെച്ച് പീഡനം നടന്നാല്‍ ബസ് നിരോധിക്കുമോ? ^ഗഡ്കരി

Posted: 09 Dec 2014 12:19 AM PST

Image: 

ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്ത് യുവതി കാറിനുള്ളില്‍ വെച്ച് പീഡിപ്പിക്കപ്പെട്ട സംഭവത്തില്‍ യൂബെര്‍ സേവനങ്ങള്‍ നിരോധിച്ചതിനെതിരെ കേന്ദ്ര ഗതാഗത മന്ത്രി നിധിന്‍ ഗഡ്ഗരി രംഗത്തത്തെി. ഇത് വിവേകമില്ലാത്ത തീരുമാനമാണ് അടിച്ചേല്‍പിച്ചിരിക്കുന്നത്. ഒരു ബസില്‍ വെച്ചാണ് പീഡനം നടന്നിരിക്കുന്നതെങ്കില്‍ നിങ്ങള്‍ ബസ് നിരോധിക്കുമോ എന്ന് മന്ത്രി ചോദിച്ചു. ഇക്കാര്യത്തില്‍ നിരോധമല്ല വേണ്ടതെന്നും വ്യവസ്ഥിതികളില്‍ മാറ്റമാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു. എല്ലാവരുടെയും ട്രാക്ക് റെക്കോര്‍ഡ്സ് മനസ്സിലാക്കാന്‍ സാധിക്കുന്ന തരത്തില്‍  ലൈസന്‍സ് പ്രക്രിയ കൂടുതല്‍ ഡിജിറ്റലൈസ് ചെയ്യണമെന്നും ഗഡ്കരി ആവശ്യപ്പെട്ടു.
യൂബെറിനു പുറമെ ഡല്‍ഹിയില്‍ സര്‍വീസ് നടത്തുന്ന ഓല ടാക്സി, ടാക്സി ഫോര്‍ ഷുവര്‍ എന്നീ കമ്പനികളെക്കൂടി നിരോധിച്ചു. പീഡനത്തിന്‍െറ  പശ്ചാത്തലത്തില്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ മുതിര്‍ന്ന പൊലീസ് ഉദ്യേഗസ്ഥരുമായി ചര്‍ച്ച നടത്തിയിരുന്നു.
 

കാട്ടാന ശല്യം: പ്രതിരോധ നടപടി ചുവപ്പുനാടയില്‍

Posted: 08 Dec 2014 11:55 PM PST

കേളകം: വനാതിര്‍ത്തിയോട് ചേര്‍ന്ന ജനവാസ കേന്ദ്രങ്ങളില്‍ ഇറങ്ങുന്ന കാട്ടാനകളെ പിടികൂടാന്‍ എലിഫന്‍റ് സ്ക്വാഡ് രൂപവത്കരിക്കുമെന്ന സര്‍ക്കാര്‍ പ്രഖ്യാപനം ജലരേഖയായി. ജില്ലയിലെ ആറളം, കൊട്ടിയൂര്‍ വനാതിര്‍ത്തി ഗ്രാമങ്ങളില്‍ രൂക്ഷമായ കാട്ടാന ശല്യം തടയാന്‍ നടപടി ആവശ്യപ്പെട്ട് മുമ്പ് അഡ്വ. സണ്ണി ജോസഫ് എം.എല്‍.എ നിയമസഭയില്‍ അവതരിപ്പിച്ച സബ്മിഷന് സര്‍ക്കാര്‍ നല്‍കിയ മറുപടിയിലായിരുന്നു നിയമ സഭയില്‍ ഇക്കാര്യം വ്യക്തമാക്കിയത്.
ആറളം ഫാമില്‍ ആദിവാസി വീട്ടമ്മ കാട്ടാന അക്രമത്തില്‍ കൊല്ലപ്പെടുകയും വനാതിര്‍ത്തിയായ പൂക്കുണ്ടില്‍ കര്‍ഷകന് ഗുരുതര പരിക്കേല്‍ക്കുകയും ചെയ്തിട്ടും ആനശല്യം തടയാന്‍ നടപടികളുണ്ടായില്ല.
വനസംരക്ഷണ പ്രവര്‍ത്തനം ശക്തമാക്കിയതിനാല്‍ വന്യ ജീവികളുടെ എണ്ണം ഗണ്യമായി പെരുകിയതാണ് വന്യജീവി ശല്യം വര്‍ധിക്കാന്‍ കാരണമെന്നാണ് വനം വകുപ്പിന്‍െറ നിലപാട്.
വനാതിര്‍ത്തികളില്‍ കിടങ്ങ്, വൈദ്യുതി കമ്പിവേലി, പ്രതിരോധ മതില്‍ എന്നിവയുടെ നിര്‍മാണവും ഇഴയുകയാണ്. വനത്തിന് പുറത്തെ ജനവാസ കേന്ദ്രങ്ങളില്‍ കടക്കുന്ന കാട്ടാനകളെയും മറ്റ് വന്യജീവികളെയും തുരത്താന്‍ വിവിധ വനം ഡിവിഷനുകളിലായി എട്ട് റാപ്പിഡ് റസ്പോണ്‍സ് ടീമുകളെ നിയോഗിച്ചിട്ടുണ്ട്. എന്നാല്‍, ഇവരുടെ സേവനമത്തെുന്നതിലെ കാലതാമസം കാരണം പദ്ധതി വേണ്ടവിധം ഉപകാരപ്പെടാതെ പോകുന്നു.

അറുപതുകാരിയെയും ബന്ധുവിനെയും കെട്ടിയിട്ട് കവര്‍ച്ച: രണ്ടുപേര്‍ പിടിയില്‍

Posted: 08 Dec 2014 11:53 PM PST

മണ്ണുത്തി: ദേശീയപാത 47ല്‍ വാണിയംപാറ പത്താം കല്ലില്‍ അറുപതുകാരിയെയും ബന്ധുവായ 14കാരനെയും കെട്ടിയിട്ട് കവര്‍ച്ച നടത്തിയ സംഭവത്തില്‍ രണ്ടു പേരെ ഒല്ലൂര്‍ സി.ഐ എ. ഉമേഷ്, കണ്‍ട്രോള്‍ റൂം സി.ഐ ഉണ്ണികൃഷ്ണന്‍ എന്നിവരടങ്ങുന്ന പൊലീസ് പിടികൂടി. തമിഴ്നാട് തിരുപ്പുവനം സ്വദേശി രഘു (25), സേലം സ്വദേശി ശ്രീനി എന്ന ശിവകുമാര്‍ (25) എന്നിവരെയാണ് പിടിയിലായത്.
കഴിഞ്ഞ ജൂലൈ 23നാണ് സംഭവം. പത്താംകല്ലില്‍ ഒറ്റപ്പെട്ട ഇരുനില വീട്ടില്‍ താമസിക്കുന്ന തലോക്കാരന്‍ പോളിന്‍െറ ഭാര്യ ഏല്യാമ്മ (63), ഏല്യാമ്മയുടെ സഹോദരന്‍ ചെമ്പനാന്‍ വിത്സന്‍െറ മകന്‍ ആദിന്‍ (14) എന്നിവരെ കെട്ടിയിട്ടാണ് കവര്‍ച്ച നടത്തിയത്. ഏല്യാമ്മ ഒറ്റക്കായതിനാല്‍ ആദിന്‍ കൂട്ട് കിടക്കാന്‍ എത്തിയതാണ്. പുലര്‍ച്ചെ 1.30ഓടെയാണ് ആറംഗ സംഘം വീടിന്‍െറ പിറകിലെ വാതില്‍ പൊളിച്ച് അകത്ത് പ്രവേശിച്ചത്. ശബ്ദം കേട്ട് ഉണര്‍ന്ന ഏല്യാമ്മയെ ഇവര്‍ കെട്ടിയിട്ടു. ശബ്ദം ഉണ്ടാക്കാതിരിക്കാന്‍ വായയില്‍ സാരി കുത്തിത്തിരുകിയ ശേഷമാണ് കവര്‍ച്ച നടത്തിയത്. ഇവര്‍ അണിഞ്ഞിരുന്ന ആഭരണങ്ങള്‍ ഊരിവാങ്ങിയ ശേഷം കൂടുതല്‍ ആവശ്യപ്പെട്ട് കമ്പികൊണ്ട് മര്‍ദിച്ചത്രേ. ആദിനെ വീടിന്‍െറ മുകളില്‍ കൊണ്ടുപോയി കെട്ടിയിട്ടു. ആഭരണങ്ങള്‍ക്കു പുറമെ ഇലക്ട്രോണിക്സ് സാധനങ്ങളും വീടിന്‍െറ പോര്‍ച്ചില്‍ കിടന്നിരുന്ന സ്വിഫ്റ്റ് കാറും കൊണ്ടുപോയി.
പിന്നീട് ഏല്യാമ്മ സ്വയം കെട്ടഴിച്ച് ആദിന്‍െറ കൈകള്‍ കെട്ടഴിച്ചുവിട്ട് ബന്ധുക്കളെയും പൊലീസിനെയും വിവരം അറിയിക്കുകയായിരുന്നു. പൊലീസ് ആലത്തൂരില്‍വെച്ച് കാര്‍ പിടികൂടാന്‍ ശ്രമിച്ചതോടെ കാര്‍ ഉപേക്ഷിച്ച് മോഷ്ടാക്കള്‍ രക്ഷപ്പെട്ടു. അന്യസംസ്ഥാന മോഷ്ടാക്കളെ കുറിച്ച് നടത്തിയ അന്വേഷണത്തിലാണ് തമിഴ്നാട്ടിലെ ഇത്തരം സംഘങ്ങളെ പറ്റി വിവരങ്ങള്‍ ലഭിച്ചത്. രഘുവിനെ പിടികൂടിയതിനെ തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് ശ്രീനി കോയമ്പത്തൂരിലുണ്ടെന്ന വിവരം ലഭിച്ചത്. അവിടെനിന്ന് ശ്രീനിയെയും പിടികൂടി. സ്വര്‍ണം കണ്ടെടുക്കാന്‍ കഴിഞ്ഞില്ല. മറ്റൊരു പ്രതിയുടെ കൈയിലാണ് എന്നാണ് ഇവര്‍ മൊഴി നല്‍കിയിരിക്കുന്നത്. പ്രതികളെ സംഭവസ്ഥലത്ത് കൊണ്ടുവന്ന് തെളിവെടുപ്പ് നടത്തി.
ഷാഡോ പൊലീസ് എസ്.ഐ ഫിലിപ്പ് വര്‍ഗീസ്, എ.എസ്.ഐ എ.പി. ഡേവിസ്, വി.കെ. അന്‍സാര്‍, സി.പി.ഒമാരായ പി.എം. റാഫി, സുവ്രതകുമാര്‍, കെ. ഗോപാലകൃഷ്ണന്‍, ടി.വി. ജീവന്‍, പി.കെ. പഴനി, എം.എസ്. ലിഗേഷ്, പീച്ചി എസ്.ഐ എന്‍.വി. വര്‍ഗീസ്, ഗ്രേഡ് എസ്.ഐ ജെയിംസ് എന്നിവരും അന്വേഷണസംഘത്തിലുണ്ടായിരുന്നു.

സി.ഐ.എയുടെ ദണ്ഡന റിപ്പോര്‍ട്ട് ഇന്ന് പുറത്തിറങ്ങും; അമേരിക്ക അതീവ സുരക്ഷയില്‍

Posted: 08 Dec 2014 11:48 PM PST

Image: 

വാഷിംങ്ടണ്‍: രാജ്യസുരക്ഷക്ക് ഭീഷണിയെന്ന് സംശയമുള്ളവരെ ചോദ്യം ചെയ്യാന്‍ സി.ഐ.എ നടത്തിയ ക്രൂര പീഡനത്തിന്‍റെ റിപ്പോര്‍ട്ട് ഇന്ന് പുറത്തുവിടാനിരിക്കെ അമേരിക്കയില്‍ എങ്ങും സുരക്ഷ കര്‍ശനമാക്കി. റിപ്പോര്‍ട്ട് പുറത്തുവിടുന്നതിന്‍റ പശ്ചാത്തലത്തില്‍ അപകട സാധ്യത മുന്നില്‍ കണ്ടാണ് വൈറ്റ് ഹൗസിന്‍റെ ഈ നീക്കം. രാജ്യത്തെ എംബസികളില്‍ സുരക്ഷാ മുന്‍ കരുതല്‍ സ്വീകരിച്ചിട്ടുണ്ട്. 480 പേജു വരുന്ന സംഗ്രഹിത റിപ്പോര്‍ട്ട് സെനറ്റ് പാനല്‍ ഇന്ന് അവതരിപ്പിക്കുമെന്നാണ് കരുതുന്നത്.
സെപ്റ്റംബര്‍ 11നുശേഷം സി.ഐ.യുടെ അല്‍ഖാഇദ വിരുദ്ധ കാംപയിനിന്‍റെ വിശദാംശങ്ങള്‍ ഈ റിപ്പോര്‍ട്ടില്‍ ഉണ്ടായേക്കും.  ഭീകരാക്രമണത്തിനു ശേഷം അല്‍ഖാഇദ ബന്ധം ആരോപിച്ച് നിരവധി ആളുകളെയാണ് സെന്‍ട്രല്‍ ഇന്‍റലിജന്‍സ് ഏജന്‍സി ക്രൂരമായി ചോദ്യം ചെയ്തത്.

പീഡന വിവരങ്ങള്‍ പരസ്യപ്പെടുത്തുന്നതിനെതിരെ യു.എസില്‍ പൊതു അഭിപ്രായം ഉയര്‍ന്നതിനെ തുടര്‍ന്ന് റിപ്പോര്‍ട്ട് വൈകുകയായിരുന്നു. മൊത്തം 6000 പേജു വരുന്നതാണ് ഇതെന്ന് ബി.ബി.സി റിപ്പോര്‍ട്ട് ചെയ്തു. പീഡനത്തിന്‍റെ സകല പരിധികളും കാറ്റില്‍ പറത്തി സി.ഐ.എ നടത്തിയ ചോദ്യം ചെയ്യല്‍ വിവാദമായതിനെ തുടര്‍ന്ന് പ്രസിഡന്‍റ് ബറാക് ഒബാമ ഇതിനെ വിമര്‍ശിച്ചിരുന്നു.

ജില്ലാ സ്കൂള്‍ കലോത്സവത്തിന് ആയുര്‍വേദ നഗരം ഒരുങ്ങുന്നു

Posted: 08 Dec 2014 11:29 PM PST

കോട്ടക്കല്‍: ആയുര്‍വേദ നഗരത്തില്‍ കലയുടെ സുഗന്ധം പരത്തി 27ാമത് റവന്യു ജില്ലാ സ്കൂള്‍ കലോത്സവത്തിന് ജനുവരി നാലിന് തുടക്കമാവും. കോട്ടക്കല്‍ ഗവ. രാജാസ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ എട്ട് വരെയാണ് കലയുടെ മാമാങ്കം.
17 ഉപജില്ലകളില്‍നിന്നുള്ള മത്സരാര്‍ഥികള്‍ പങ്കെടുക്കുന്ന കലോത്സവത്തിന്‍െറ ലോഗോ പ്രകാശനം ജില്ലാ പഞ്ചായത്ത് ഉപാധ്യക്ഷന്‍ പി.കെ. കുഞ്ഞു നിര്‍വഹിച്ചു. നഗരസഭ കൗണ്‍സിലര്‍ കെ.എം. ശരീഫ് കൈമാറിയ ലോഗോ ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്ഥിരം സമിതി കമ്മിറ്റിയംഗം കെ.പി. ജല്‍സീമിയ ഏറ്റുവാങ്ങി. നഗരസഭ ചെയര്‍പേഴ്സന്‍ ടി.വി. സുലൈഖാബി ഉദ്ഘാടനം ചെയ്തു.
പി. സെയ്തലവി അധ്യക്ഷത വഹിച്ചു. മുക്രി മൈമൂനത്ത്, ടി. കബീര്‍, എം. ജ്യോതിഷ്മതി, ആര്‍.ഡി.ഡി ടി. സത്യന്‍, എ.ഇ.ഒ മാധവിക്കുട്ടി, ഇ.എന്‍. വനജ, സിജി മോളി, സി.കെ. അഹമ്മദ്കുട്ടി എന്നിവര്‍ സംസാരിച്ചു. ഡി.ഡി.ഇ ടി.കെ. ജയന്തി സ്വാഗതവും പി.എം. ആശിഫ് നന്ദിയും പറഞ്ഞു.
വളാഞ്ചേരി പരവക്കല്‍ ഷിനാസാണ് ലോഗോ രൂപകല്‍പന ചെയ്തത്.

മടപ്പള്ളി കോളജില്‍ എസ്.എഫ്.ഐ അക്രമം

Posted: 08 Dec 2014 11:12 PM PST

വടകര: മടപ്പള്ളി ഗവ. കോളജില്‍ എസ്.എഫ്.ഐ അക്രമം. ആക്രമത്തില്‍ പരിക്കേറ്റ ഇന്‍ക്വിലാബ് സ്റ്റുഡന്‍റ് മൂവ്മെന്‍റ് ചെയര്‍മാന്‍ സ്ഥാനാര്‍ഥിയായി മത്സരിച്ച കാവുംപട്ടം വാണിക്കണ്ടി സിദ്ദീഖ് റഷീദ് (20), കുറുന്തോടി നടുവിലകണ്ടിയില്‍ മഷ്ഹൂദ് (18) എന്നിവരെ വടകര ആശ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എസ്.എഫ്.ഐയുടെ ഏകാധിപത്യപ്രവണതക്കെതിരെ മടപ്പള്ളിയില്‍ മറ്റുസംഘടനകള്‍ സംയുക്തമായി രൂപവത്കരിച്ചതാണ് ഇന്‍ക്വിലാബ് കൂട്ടായ്മ.
തിങ്കളാഴ്ച ഉച്ചക്ക് നമസ്കാരം കഴിഞ്ഞ് കോളജിലത്തെിയപ്പോള്‍ ആണിയടിച്ച പട്ടികകൊണ്ടും ഇരുമ്പുവടികൊണ്ടും ഏകപക്ഷീയമായി അടിക്കുകയായിരുന്നെന്ന് ഇന്‍ക്വിലാബിന്‍െറ പ്രവര്‍ത്തകര്‍ പറഞ്ഞു. കഴിഞ്ഞ ദിവസം ഒന്നാം വര്‍ഷ ബിരുദ വിദ്യാര്‍ഥിയെ കൈയേറ്റം ചെയ്യാന്‍ ശ്രമിച്ച സംഭവത്തെപ്പറ്റി പ്രിന്‍സിപ്പലിനോട് പരാതി പറഞ്ഞത് ചോദ്യം ചെയ്തായിരുന്നു ആക്രമം.
എന്നാല്‍, യൂനിയന്‍ തെരഞ്ഞെടുപ്പിനുശേഷം കള്ളക്കേസുകളില്‍ കുടുക്കാനുള്ള ശ്രമം നടക്കുകയാണെന്നും ഇതിന്‍െറ ഭാഗമായി സംഘം ചേര്‍ന്ന് മര്‍ദിക്കുകയായിരുന്നെന്നും എസ്.എഫ്.ഐ നേതാക്കള്‍ ആരോപിച്ചു. മര്‍ദനത്തില്‍ പരിക്കേറ്റ എസ്.എഫ്.ഐ പ്രവര്‍ത്തകരായ തിരുവള്ളൂരിലെ അനുരാഗ് (20), കൊയിലാണ്ടിയിലെ വിനിന്‍ (20), മണിയൂരിലെ വൈശാഖ് (20), യൂനിയന്‍ ചെയര്‍മാന്‍ ഇരിങ്ങണ്ണൂരിലെ സ്നേഹിത് (19), പുറങ്കരയിലെ ശ്രുതി (19) എന്നിവരെ വടകര സഹകരണാശുപത്രിയില്‍ പ്രവേശിപ്പിച്ചതായും നേതാക്കള്‍ അറിയിച്ചു.
അതേസമയം, മടപ്പള്ളി കോളജിന്‍െറ ചരിത്രത്തിലാദ്യമായി എസ്.എഫ്.ഐ തെരഞ്ഞെടുപ്പിനെ നേരിടേണ്ടി വന്ന സാഹചര്യത്തില്‍ അക്രമവും കൈയേറ്റവും വ്യാപിക്കുകയാണെന്നും അക്രമിക്കപ്പെട്ടെന്ന വ്യാജേന ആശുപത്രിയില്‍ കിടക്കുന്ന എസ്.എഫ്.ഐ പ്രവര്‍ത്തകരെ പരിശോധിച്ചാല്‍ കാപട്യം വ്യക്തമാകുമെന്നും ഇന്‍ക്വിലാബിന്‍െറ പ്രവര്‍ത്തകര്‍ ആരോപിക്കുന്നു. പഠിക്കാനുള്ള അവകാശം പോലും നിഷേധിക്കുന്ന സമീപനമാണുള്ളത്. ഇപ്പോള്‍ നടന്ന അക്രമം തീര്‍ത്തും ഏകപക്ഷീയമാണെന്നും ഇന്‍ക്വിലാബ് പ്രവര്‍ത്തകര്‍ പറഞ്ഞു. തെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കേണ്ടിവന്നതിന്‍െറ പ്രയാസത്തില്‍നിന്നാണ് എസ്.എഫ്.ഐ ഫാഷിസ്റ്റ് സമീപനം തുടരുന്നതെന്നും ഇതംഗീകരിക്കാന്‍ കഴിയില്ളെന്നും കെ.എസ്.യു ജില്ലാ പ്രസിഡന്‍റ് വി.പി. ദില്‍ഖിഫില്‍ പ്രസ്താവനയില്‍ കുറ്റപ്പെടുത്തി. ഇങ്കിലാബ് പ്രവര്‍ത്തകരെ ആക്രമിച്ച് വധിക്കാന്‍ ശ്രമിച്ച എസ്.എഫ്.ഐ നടപടി അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണെന്ന് എസ്.ഐ.ഒ ജില്ലാ പ്രസിഡന്‍റ് ശബീര്‍ കൊടുവള്ളി പ്രസ്താവനയില്‍ പറഞ്ഞു. കലാലയങ്ങളെ കൊലാലയങ്ങളാക്കുന്ന എസ്.എഫ്.ഐ പ്രവര്‍ത്തന രീതി ജനാധിപത്യ സമൂഹത്തിന് ഒട്ടും ഭൂഷണമല്ല. കുറ്റവാളികളെ മുഴുവന്‍ പിടികൂടി മാതൃകാപരമായി ശിക്ഷിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

സ്വിസ് പൗരന്‍ ജോനാതന് നാട്ടിലേക്ക് മടങ്ങാന്‍ അനുമതി ലഭിച്ചേക്കും

Posted: 08 Dec 2014 10:56 PM PST

Image: 

കൊടുങ്ങല്ലൂര്‍: വിസാ ചട്ടലംഘനമാരോപിച്ച് തടഞ്ഞുവെച്ച പാസ്പോര്‍ട്ട് സ്വിസ് പൗരന്‍ ജോനാതന്‍ ബോദിന് കോടതി തിരികെ നല്‍കിയേക്കും. ജോനാതനെതിരായ കേസ് ഹൈകോടതി റദ്ദാക്കിയ സാഹചര്യത്തിലാണ് കൊടുങ്ങല്ലൂര്‍ മജിസ്ട്രേറ്റ് കോടതിയുടെ തീരുമാനം ഉണ്ടാവുക. പാസ്പോര്‍ട്ട് ലഭിക്കുന്നതോടെ ജോനാതന്‍ ബോദിന് നാട്ടിലേക്ക് മടങ്ങാന്‍ സാധിക്കും.

വിനോദ സഞ്ചാര വിസയിലെത്തിയ ജോനാതന്‍ ബോദ്, മാവോവാദി നേതാവ് സിനോജിന്‍െറ അനുസ്മരണ യോഗത്തില്‍ പങ്കെടുത്തതുമായി ബന്ധപ്പെട്ട് വലപ്പാട് പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. വിസാ ചട്ടലംഘനം നടത്തിയെന്ന കുറ്റത്തിന് ജോനാതന്‍ അറസ്റ്റിലായിരുന്നു. തനിക്കെതിരായ വിസാചട്ട ലംഘനക്കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ബോദ് നല്‍കിയ ഹരജി പരിഗണിച്ച ഹൈകോടതി കേസ് റദ്ദാക്കുകയായിരുന്നു.

വിസയിലെ ഏത് ചട്ടമാണ് ലംഘിച്ചതെന്ന് വിശദീകരിക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞില്ളെന്നും കേരളത്തില്‍ എത്തുന്ന വിനോദ സഞ്ചാരികള്‍ പൊതുയോഗത്തില്‍ പങ്കെടുക്കുന്നത് കുറ്റകരമല്ളെന്നും വിലയിരുത്തിയാണ് ജസ്റ്റിസ് പി. ഉബൈദ് ഉത്തരവിട്ടത്. കൂടാതെ ഹരജിക്കാരനെ നാട്ടിലേക്ക് മടക്കി അയക്കാനുള്ള നടപടികള്‍ സര്‍ക്കാര്‍ കൈക്കൊള്ളണമെന്നും കോടതി നിര്‍ദേശിച്ചിരുന്നു.

ദര്‍ബ് അല്‍ സായി ഉണര്‍ന്നു; ആഘോഷം തുടങ്ങി

Posted: 08 Dec 2014 09:58 PM PST

Image: 

ദോഹ: അല്‍ സദ്ദിലെ ദര്‍ബ് അല്‍ സായി മൈതാനത്ത് ദേശീയദിനാഘോഷങ്ങള്‍ ആരംഭിച്ചു. പ്രധാനമന്ത്രി പ്രധാനമന്ത്രി ശൈഖ് അബ്ദുല്ല ബിന്‍ നാസര്‍ ബിന്‍ ഫഖീഫ ആല്‍ഥാനി ഉദ്ഘാടനം ചെയ്തു. ഖത്തറിന്‍െറ പഴയ കാലവും സംസ്കാരവും പാരമ്പര്യവും അയവിറക്കുന്ന ഖത്തരി കവിതയില്‍ നിന്നുളള പ്രചോദനത്താലാണ് ദര്‍ബ് അല്‍ സായി ഒരുക്കിയിരിക്കുന്നത്.
പരമ്പരാഗത വീടുകളുടെ മാതൃകയില്‍ നിര്‍മ്മിച്ച നിരനിരയായുള്ള സ്റ്റാളുകളില്‍ നിരവധി വാണിജ്യ സ്റ്റാളുകള്‍ ഒരുങ്ങി. മരുഭൂമിയിലെ തമ്പുകളെ ഓര്‍മ്മിപ്പിക്കുന്ന നിരവധി കൂടാരങ്ങളും മൈതാനത്തുയര്‍ന്നു. മജ്ലിസുകളില്‍ സ്വദേശികള്‍ കഹ്വ കുടിച്ചും കവിത ചൊല്ലിയും പാരമ്പര്യത്തെ പുല്‍കും. സ്റ്റാളുകളില്‍ പതാകകള്‍ അടക്കം ദേശീയ ദിന അലങ്കാരങ്ങളും തൊപ്പികളും വസ്ത്രങ്ങളും വില്‍ക്കുന്നവയുമുണ്ട്. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും വിനോദത്തിനുള്ള വിശാലമായ സൗകര്യവും മൈതാനത്തുണ്ട്. ഒട്ടകങ്ങള്‍, കുതിരകള്‍ എന്നിവക്ക് പുറമെ എമു, മാനുകള്‍ എന്നിവയും ഇവിടെയുണ്ട്. പഴയ വാഹനങ്ങളുടെ പ്രദര്‍ശനങ്ങളുള്‍പ്പെടെ കൗതുകങ്ങളുടെ നീണ്ട നിരയാണ് ദര്‍ബ് അല്‍ സായിയില്‍ എത്തുന്നവരെ കാത്തിരിക്കുന്നത്. ഇവിടെ നിന്നുള്ള കാഴ്ചകള്‍ തല്‍സമയം സംപ്രേഷണം ചെയ്യുന്നതിനായി റയ്യാന്‍ ടി.വിയുടെ കൂറ്റന്‍ സ്റ്റുഡിയോയും താല്‍ക്കാലികമായി ഉയര്‍ത്തിയിട്ടുണ്ട്.
ഈ വര്‍ഷം ഖത്തര്‍ ഫൗണ്ടേഷനും തൊഴില്‍ സാമൂഹിക കാര്യ മന്ത്രാലയവും സ്റ്റാളുകളുമായി എത്തുന്നുണ്ട്. ഗതാഗത മന്ത്രാലയം, ഹമദ് മെഡിക്കല്‍ കോര്‍പറേഷന്‍, ഖത്തര്‍ എയര്‍വേസ് എന്നിവയുടെയും സ്റ്റാളുകളുണ്ട്. സൂഖ് വാഖിഫ്, മുവാസലാത്ത്, അല്‍ ശഖബ്, ഖത്തര്‍ ടി.വി, ദോഹ ടെന്‍റ്,  ഖത്തര്‍ റേഡിയോ, ഗള്‍ഫ് റേഡിയോ, വിവിധ മന്ത്രാലയങ്ങള്‍ എന്നിവയുടെ പങ്കാളിത്തമുണ്ടാവും. 14 ഭക്ഷ്യശാലകളുളള ദര്‍ബ് അല്‍ സായിയില്‍ കുട്ടികള്‍ക്ക് കളിക്കാനുള്ള ഒട്ടേറെ റൈഡുകളുണ്ടെ്. ഇതോടൊപ്പം കുട്ടികളില്‍ പരിസ്ഥിതി അവബോധം സൃഷ്ടിക്കുന്നതിനുളള പരിപാടികള്‍ സംഘടിപ്പിക്കുന്നുണ്ട്. പേപര്‍, പ്ളാസ്റ്റിക് തുടങ്ങിയവയുടെ പുനരുല്‍പാദനത്തെ കുറിച്ച് കുട്ടികള്‍ക്ക് അറിവ് പകരും. കുട്ടികള്‍ക്കായി പരിസ്ഥിതി ആസ്പദമാക്കിയുളള ചിത്ര രചന മത്സരങ്ങളടക്കം വിവിധ മത്സരങ്ങള്‍ ഉണ്ടാകും. രാവിലെ എട്ട് മുതല്‍ 12 വരെയും വൈകീട്ട് നാല് മുതല്‍ 10 വരെയുമാണ് സന്ദര്‍ശകര്‍ക്ക് അനുമതി.

തൊഴില്‍ നിയമ ലംഘനങ്ങള്‍ക്കുള്ള പിഴയില്‍ വന്‍ ഇളവ്

Posted: 08 Dec 2014 09:49 PM PST

Image: 

ദുബൈ: തൊഴില്‍ പെര്‍മിറ്റുമായി ബന്ധപ്പെട്ട നിയമ ലംഘനങ്ങള്‍ക്ക് ചുമത്തിയ പിഴകളില്‍ വന്‍ ഇളവുവരുത്തിയും അടക്കാന്‍ ആറു മാസത്തെ കാലാവധി അനുവദിച്ചും യു.എ.ഇ ഫെഡറല്‍ സര്‍ക്കാറിന്‍െറ ഉത്തരവ്. 275 കോടി ദിര്‍ഹമിന്‍െറ ഇളവാണ് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്നത്.
തൊഴിലുടമകള്‍ക്ക് ഇതുവരെ ചുമത്തിയ എല്ലാ പിഴകളും ആയിരം ദിര്‍ഹമായി കുറച്ചു. എല്ലാ വ്യക്തിഗത പിഴകളും എത്ര വലിയ തുകയായാലും 1000 ദിര്‍ഹമായി കുറച്ചതായി തൊഴില്‍ മന്ത്രാലയം വ്യക്തമാക്കി.
ജനുവരി നാലു മുതല്‍ ജൂണ്‍ 30 വരെയാണ് ഈ ഇളവ് ലഭിക്കുക. 40,000 ത്തോളം സ്വകാര്യ കമ്പനികള്‍ 285 കോടി ദിര്‍ഹമാണ് പിഴയായി അടക്കാനുള്ളത്. ഇളവ് അനുവദിക്കുന്നതോടെ ഇത് 10 കോടിയായി ചുരുങ്ങും.
ചില കമ്പനികള്‍ കോടിക്കണക്കിന് ദിര്‍ഹമാണ് പിഴയായി നല്‍കാനുള്ളത്. തൊഴിലാളികളുടെ ലേബര്‍ കാര്‍ഡിനുള്ള പിഴ ചില കമ്പനികള്‍ക്ക് 53000 ദിര്‍ഹം വരെ എത്തിയിട്ടുണ്ടെന്ന് തൊഴില്‍ കാര്യ അസി. അണ്ടര്‍ സെക്രട്ടറി ഹുമൈദ് അല്‍ സുവൈദി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഈ ഇളവ് പ്രഖ്യപാനം ഉപയോഗപ്പെടുത്തി കാര്യങ്ങള്‍ തീര്‍പ്പാക്കാന്‍ അദ്ദേഹം തൊഴിലുടമകളോട് അഭ്യര്‍ഥിച്ചു. തൊഴിലാളികളുടെ സംരക്ഷണവും തൊഴില്‍വിപണിയുടെ നിയന്ത്രണവും ലക്ഷ്യമിട്ട് സര്‍ക്കാര്‍ നടപ്പാക്കുന്ന നിയമങ്ങള്‍ പ്രകാരമുള്ള പിഴ അടച്ചുതീര്‍ക്കാനും തൊഴിലുടമകളെ സഹായിക്കാനുമാണ് ഇത്തരമൊരു ഇളവ് പ്രഖ്യാപിച്ചിരിക്കുന്നത്.
ഇലക്ട്രോണിക് ലേബര്‍ കാര്‍ഡ് വാങ്ങാത്തതോ പുതുക്കാത്തതോ കേസുകള്‍ക്കും ഈ ഇളവ് ലഭിക്കും.
ഒരു ലക്ഷത്തോളം തൊഴിലാളികളുടെ ലേബര്‍ കാര്‍ഡില്‍ പ്രശ്നങ്ങളുണ്ടെന്ന് അല്‍ സുവൈദി പറഞ്ഞു. ഇതില്‍ 95,000 തൊഴിലാളികള്‍ക്ക് രണ്ടുവര്‍ഷത്തെ കാലാവധിക്ക് ശേഷം കാര്‍ഡ് പുതുക്കുകയോ റദ്ദാക്കുകയോ ചെയ്യാത്ത കുറ്റമാണുള്ളത്.
 5000 പേര്‍ രാജ്യത്ത് എത്തിയശേഷം ലേബര്‍ കാര്‍ഡിന് അപേക്ഷിക്കാത്തവരും തൊഴില്‍ പെര്‍മിറ്റ് റദ്ദാക്കാത്തവരും കാര്‍ഡ് നഷ്ടമായ വിവരം അറിയിക്കാത്തവരുമാണ്.
ജൂണ്‍ 30ന് ശേഷം പിഴയടക്കാത്തവര്‍ 500 ദിര്‍ഹം അധികം നല്‍കേണ്ടിവരും. തൊഴിലാളി രാജ്യത്ത് പ്രവേശിച്ച് 60 ദിവസത്തിനകം രണ്ടുകൂട്ടരും ഒപ്പിട്ട തൊഴില്‍ കരാര്‍ മന്ത്രാലയത്തില്‍ സമര്‍പ്പിക്കണമെന്നാണ് ചട്ടം.  ജനുവരി നാലിന് ശേഷം തൊഴിലാളിയുമായി തൊഴില്‍ കരാറുണ്ടാക്കാത്ത കമ്പനികള്‍ക്ക് മാസം 500 ദിര്‍ഹം വീതം പിഴ ചുമത്തും. പിഴ അടക്കുകയും കരാര്‍ ഒപ്പിടുകയും ചെയ്യുന്നത് വരെ കമ്പനികള്‍ക്ക് കൂടുതല്‍ തൊഴിലാളികളെ വെക്കാനാവുകയുമില്ല.
ഇതിനായി തൊഴില്‍ മന്ത്രാലയവും ആഭ്യന്തര മന്ത്രാലയും ഏകോപിച്ച് പ്രവര്‍ത്തിക്കുമെന്ന് ഉദ്യോഗസ്ഥന്‍ അറിയിച്ചു.
 

മന്ത്രി ഇബ്രാഹിംകുഞ്ഞിനെതിരെ അഴിമതി ആരോപണവുമായി ഗണേഷ് കുമാര്‍

Posted: 08 Dec 2014 09:43 PM PST

Image: 

തിരുവനന്തപുരം: പൊതുമരാമത്ത് വകുപ്പ് മന്ത്രി വി.കെ ഇബ്രാഹിംകുഞ്ഞിനെതിരെ കടുത്ത വിമര്‍ശവുമായി കേരളകോണ്‍ഗ്രസ് ബി നേതാവ് ഗണേഷ് കുമാര്‍ എം.എല്‍.എ രംഗത്തത്തെി. മന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ച് വന്‍ അഴിമതി നടക്കുന്നുവെന്ന് ഗണേഷ് നിയമസഭയില്‍ ആരോപിച്ചു. പേഴ്സണല്‍ സ്റ്റാഫംഗങ്ങളായ നസറുദ്ദീന്‍, അബ്ദുല്‍ റഷീദ്, അബ്ദുല്‍ റഹീം എന്നിവരാണ് അഴിമതി നടത്തുന്നതെന്നും ഭരണകക്ഷി എം.എല്‍.എ കൂടിയായ ഗണേഷ് പറഞ്ഞു

ഇക്കാര്യത്തില്‍ സി.ബി.ഐ അന്വേഷണം വേണമെന്നാവശ്യപ്പെട്ട ഗണേഷ്, മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് രേഖാമൂലം പരാതി നല്‍കിയതായും വ്യക്തമാക്കി. താന്‍ ആരോപിച്ച കാര്യങ്ങളില്‍ നിയമസഭാ സമിതി അന്വേഷണം നടത്തണം. മന്ത്രിസഭയിലെ മറ്റൊരംഗവും അഴിമതിക്കാരനാണെന്ന് മുന്‍മന്ത്രി കൂടിയായ ഗണേഷ് വ്യക്തമാക്കി. താന്‍ ഓടിളക്കിയല്ല നിയമസഭയില്‍ വന്നതെന്നും  ജനങ്ങള്‍ തെരഞ്ഞെടുത്തതാണെന്നും ഗണേഷ് സഭയില്‍ പറഞ്ഞു. അതേസമയം, മുന്‍കൂര്‍ നോട്ടീസില്ലാതെ അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ നടത്തരുതെന്ന് സ്പീക്കര്‍ റൂളിങ് നല്‍കി.

എന്നാല്‍ ഗണേഷിന്‍െറ ആരോപണങ്ങള്‍ തള്ളി മന്ത്രി ഇബ്രാഹിംകുഞ്ഞ് രംഗത്തത്തെി. പ്രേതം ആവാഹിച്ചതു പോലെയാണ് ഗണേഷ് പെരുമാറുന്നതെന്നും അദ്ദേഹത്തിന്‍െറ നടപടി ചട്ടവിരുദ്ധമാണെന്നും മന്ത്രി വ്യക്തമാക്കി. ഗണേഷിനെതിരെ മറ്റു ലീഗ് അംഗങ്ങളും പ്രതിഷേധവുമായി എഴുന്നേറ്റു. കൂടാതെ ഗണേഷിനെ പിന്തുണച്ച് പ്രതിപക്ഷം രംഗത്തത്തെിയതോടെ സഭയില്‍ ലീഗ്^പ്രതിപക്ഷ വാക്കേറ്റത്തിന് ഇടയാക്കി.

ഗണേഷ് ആരോപണം ഉന്നയിക്കേണ്ടത് യു.ഡി.എഫിലായിരുന്നുവെന്നും അദ്ദേഹം ഇപ്പോള്‍ കാടടച്ച് വെടിവെക്കുകയാണെന്ന് എം.സി മായിന്‍ ഹാജി വ്യക്തമാക്കി. ലീഗിനെ ചെളിവാരിയെറിയാനുള്ള ശ്രമമാണിതെന്നും ആരോപണം ആരെങ്കിലും പറയിപ്പിച്ചതാണോയെന്ന് അന്വേഷിക്കണമെന്നും ജനറല്‍ സെക്രട്ടറി ഇ.ടി. മുഹമ്മദ് ബഷീര്‍ പ്രസ്താവിച്ചു.

ഗണേഷ് ഉന്നയിച്ച ആരോപണങ്ങളുടെ സത്യാവസ്ഥ നിയമസഭാസമിതി അന്വേഷിക്കണമെന്ന് പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദന്‍ ആവശ്യപ്പെട്ടു.

യു.ഡി.എഫിലെ കടുത്ത അവഗണനക്കെതിരെ കേരള കോണ്‍ഗ്രസ് (ബി) വിഭാഗത്തിന്റെ പരസ്യമായ അമര്‍ഷമായും ഇതിനെ കാണുന്നവരുണ്ട്. അനധികൃത സ്വത്ത് സമ്പാദന കേസില്‍ പൊതുമരാമത്ത് സെക്രട്ടറി ടി.ഒ സൂരജ് വിജിലന്‍സിന്‍െറ പിടിയിലായപ്പോഴും മന്ത്രിസഭയിലെ അഴിമതി സംബന്ധിച്ച് ഗണേഷ് പരോക്ഷ പ്രസ്താവനകള്‍ നടത്തിയിരുന്നു.

ഇന്ത്യ-സൗദി ഗാര്‍ഹിക തൊഴില്‍ കരാറിന് മന്ത്രിസഭയുടെ അംഗീകാരം

Posted: 08 Dec 2014 09:05 PM PST

Image: 

റിയാദ്: ഗാര്‍ഹിക ജോലിക്കാരെ റിക്രൂട്ട് ചെയ്യാന്‍ ഇന്ത്യയും സൗദി അറേബ്യയും തമ്മില്‍ ന്യൂദല്‍ഹിയില്‍ ഒപ്പുവെച്ച തൊഴില്‍ കരാറിന് സൗദി മന്ത്രിസഭ അംഗീകാരം നല്‍കി.
കിരീടാവകാശി അമീര്‍ സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസിന്‍െറ അധ്യക്ഷതയില്‍ തലസ്ഥാനത്തെ അല്‍യമാമ കൊട്ടാരത്തില്‍ തിങ്കളാഴ്ച ചേര്‍ന്ന മന്ത്രിസഭ യോഗമാണ് റിക്രൂട്ടിങ് മേഖലയില്‍ വന്‍ ഉണര്‍വുണ്ടാക്കുന്ന കരാറിന് അംഗീകാരം നല്‍കിയത്. ജൂണ്‍ 10ന് സൗദി ശൂറ കൗണ്‍സില്‍ അംഗീകരിച്ച കരാറിന് മന്ത്രിസഭ അന്തിമ അംഗീകാരം നല്‍കുകയായിരുന്നുവെന്ന് വാര്‍ത്താവിനിമയ മന്ത്രിയുടെ താല്‍ക്കാലിക ചുമതലയുള്ള ഹജ്ജ് മന്ത്രി ഡോ. ബന്ദര്‍ അല്‍ഹജ്ജാര്‍ പറഞ്ഞു.
2014 ജനുവരി രണ്ടിന് സൗദി തൊഴില്‍ മന്ത്രി എന്‍ജി. ആദില്‍ ഫഖീഹിന്‍െറ ഇന്ത്യ സന്ദര്‍ശനവേളയില്‍ ന്യൂദല്‍ഹിയില്‍ അന്നത്തെ ±്രപവാസികാര്യ മന്ത്രി വയലാര്‍ രവിയുമായി ഒപ്പുവെച്ച കരാറിന് അന്തിമ അംഗീകാരം തേടി സമര്‍പ്പിച്ച കരടിന് മന്ത്രിസഭ അംഗീകാരം നല്‍കുകയായിരുന്നു.
തൊഴിലുടമയുടെയും തൊഴിലാളിയുടെയും അവകാശങ്ങള്‍ സംരക്ഷിക്കുക, കരാറിലെ വ്യവസ്ഥയനുസരിച്ച് റിക്രൂട്ടിങ് വ്യവസ്ഥാപിതമാക്കുക, ഇരു രാജ്യങ്ങളിലെയും റിക്രൂട്ടിങ് നിരക്ക് വ്യവസ്ഥാപിതവും നിയന്ത്രണവിധേയവുമാക്കുക എന്നിവ കരാറിന്‍െറ താല്‍പര്യമാണ്. കുറ്റകൃത്യങ്ങളില്‍ പങ്കുള്ളവരെ റിക്രൂട്ട് ചെയ്ത് അയക്കരുതെന്നും സൗദിയിലേക്ക് അയക്കുന്നതിന് മുമ്പ് ജോലിക്കാര്‍ക്ക് പ്രത്യേക പരിശീലന കേന്ദ്രങ്ങളിലോ ഇന്‍സ്റ്റിറ്റ്യൂട്ടിലോ പരിശീലനം നല്‍കണമെന്നും സൗദി സംസ്കാരവും സാമാന്യമര്യാദയും കരാറിന്‍െറ സ്വഭാവവും വ്യവസ്ഥകളും ജോലിക്കാര്‍ അറിഞ്ഞിരിക്കണമെന്നും നിബന്ധനയുണ്ട്.

കാലിക്കറ്റ് സര്‍വകലാശാലയില്‍ ലീഗ്‌വത്കരണമെന്ന് പ്രതിപക്ഷം

Posted: 08 Dec 2014 08:59 PM PST

Image: 

തിരുവനന്തപുരം: കാലിക്കറ്റ് സര്‍വകലാശാലയില്‍ ലീഗ്‌വത്കരണം നടക്കുകയാണെന്ന് പി. ശ്രീരാമകൃഷ്ണന്‍ എം.എല്‍.എയുടെ ആരോപണം. സര്‍വകലാശാലയിലെ പ്രശ്നങ്ങള്‍ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടുള്ള അടിയന്തര പ്രമേയത്തിന് അനുമതി തേടി നിയമസഭയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വിഷയവുമായി യാതൊരു ബന്ധവുമില്ലാത്ത മുസ് ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ ഹൈദരലി തങ്ങളെ ചര്‍ച്ചകളില്‍ ഉള്‍പ്പെടുത്തിയെന്നും ഇത് സര്‍വകലാശാലയില്‍ വര്‍ഗീയവത്കരണത്തിനുള്ള ശ്രമങ്ങള്‍ക്കാണെന്നും ശ്രീരാമകൃഷ്ണന്‍ ആരോപിച്ചു.

തങ്ങളുടെ പേര് പരാമര്‍ശിച്ചതിനെതിരെ ലീഗ് എം.എല്‍.എമാര്‍ ക്രമപ്രശ്നം ഉന്നയിച്ചു. കൂടാതെ ലീഗ് എം.എല്‍.എമാരും ശ്രീരാമകൃഷ്ണനും തമ്മിലുള്ള വാക്കേറ്റത്തിനും ഇടയാക്കി. അടിയന്തര പ്രമേയത്തിനിടെ ക്രമപ്രശ്നം അനുവദിക്കില്ളെന്ന് സഭ നിയന്ത്രിച്ചിരുന്ന ഡെപ്യൂട്ടി സ്പീക്കര്‍ എന്‍. ശക്തന്‍ റൂളിങ് നല്‍കി. അതേസമയം, ലീഗിന്‍െറ സംസ്ഥാന അധ്യക്ഷനായിരിക്കുന്നിടത്തോളം കാലം തങ്ങള്‍ വിമര്‍ശത്തിന് അതീതനല്ളെന്ന് ശ്രീരാമകൃഷ്ണന്‍ പറഞ്ഞു.

കാലിക്കറ്റ് സര്‍വകലാശാലയിലെ ഹോസ്റ്റല്‍ സംബന്ധിച്ച പ്രശ്നങ്ങള്‍ പരിഹരിച്ചതായി വിദ്യാഭ്യാസ മന്ത്രി പി.കെ അബ്ദുറബ്ബ് സഭയെ അറിയിച്ചു. വിദ്യാര്‍ഥികളുടെ ഭക്ഷണകാര്യം മാത്രമാണ് പരിഹരിക്കാനുള്ളതെന്ന് അദ്ദേഹം വ്യക്തമാക്കി.

കാലിക്കറ്റ് സര്‍വകലാശാലയിലെ വിദ്യാര്‍ഥികള്‍ ഉള്‍പ്പെടുന്ന പ്രധാന പ്രശ്നങ്ങള്‍ പരിഹരിച്ചതായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വിശദീകരിച്ചു. ചില്ലറ പ്രശ്നങ്ങള്‍ മാത്രമാണ് പരിഹരിക്കാനുള്ളതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

മുഖ്യമന്ത്രിയുടെയും വിദ്യാഭ്യാസ മന്ത്രിയുടെയും വിശദീകരണത്തെ തുടര്‍ന്ന് പ്രതിപക്ഷത്തിന്‍െറ അടിയന്തര പ്രമേയത്തിന് ഡെപ്യൂട്ടി സ്പീക്കര്‍ അനുമതി  നിഷേധിച്ചു.

സ്വര്‍ണവിലയില്‍ മാറ്റമില്ല; പവന് 19,720 രൂപ

Posted: 08 Dec 2014 08:55 PM PST

Image: 

കൊച്ചി: സംസ്ഥാനത്ത് രണ്ടാം ദിവസവും സ്വര്‍ണവിലയില്‍ മാറ്റമില്ല. ഗ്രാമിന് 2,465 രൂപയിലും പവന് 19,720 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്.

കഴിഞ്ഞ വാരത്തില്‍ ശനിയാഴ്ചയാണ് സ്വര്‍ണവില 19,720ലേക്ക് താഴ്ന്നത്. ഈ വില മാറ്റമില്ലാതെ തുടരുകയായിരുന്നു.

അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണവില ഉയര്‍ന്നു. ഒൗണ്‍സ് സ്വര്‍ണത്തിന് 6.48 ഡോളര്‍ കൂടി 1,201.18 ഡോളറിലെത്തി.

അര്‍ധവിദഗ്ധ തൊഴിലുകളില്‍ വിസ നിരോധം ആറു മാസത്തേക്കുകൂടി നീട്ടി

Posted: 08 Dec 2014 08:37 PM PST

Image: 

മസ്കത്ത്: ഒമാനില്‍ അര്‍ധവിദ്ഗ്ധ തൊഴിലുകളില്‍ പ്രവാസികള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന വിസ നിരോധം ആറു മാസത്തേക്കു കൂടി നീട്ടിക്കൊണ്ട് തൊഴില്‍ മന്ത്രാലയം ഉത്തരവ് പുറപ്പെടുവിച്ചു.
മരാശാരി, കല്ലാശാരി, കൊല്ലന്‍, ലോഹസംസ്കരണ തൊഴിലാളി തുടങ്ങിയ മേഖലകളിലെ വിസ നിരോധമാണ് നീട്ടിയത്.
ജനുവരി ഒന്നു മുതല്‍ ആറു മാാസം കൂടി നിരോധം തുടരുമെന്ന് മന്ത്രാലയം പുറപ്പെടുവിച്ച ഉത്തരവില്‍ വ്യക്തമാക്കി.
പുതിയ വിസകള്‍ നല്‍കുന്നതിന് മാത്രമാണ് നിയന്ത്രണമെന്നും പുതുക്കുന്നതിന് പ്രശ്നമില്ളെന്നും അറിയിച്ചിട്ടുണ്ട്. സര്‍ക്കാര്‍ പദ്ധതികള്‍ ഏറ്റെടുത്ത് നടപ്പാക്കുന്ന അന്താരാഷ്ട്ര നിലവാരമുള്ളതും മികച്ചതുമായ കമ്പനികള്‍ക്ക് വിസ നിരോധം ബാധകമല്ല.
റിയാദയില്‍ രജിസ്റ്റര്‍ ചെയ്ത ചെറുകിട- ഇടത്തരം സ്ഥാപനങ്ങളെയും വിസ നിരോധത്തില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്. 2014 ജനുവരി ഒന്നിനാണ് അര്‍ധവിദഗ്ധ തൊഴിലുകളില്‍ ആറു മാസത്തേക്ക് നിരോധം ആദ്യം ഏര്‍പ്പെടുത്തിയത്. ഇത് രണ്ടാം തവണയാണ് നീട്ടുന്നത്.  
അതേസമയം സെയില്‍സ്, മാര്‍ക്കറ്റിങ് മേഖലകളില്‍ വിസ നിരോധം നീട്ടി ഏതാനും ദിവസങ്ങള്‍ക്കു മുമ്പ് തൊഴില്‍ മന്ത്രാലയം ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ശുചീകരണ, നിര്‍മാണ മേഖലകളിലും വിസ നിരോധം നിലനില്‍ക്കുന്നുണ്ട്.
 രാജ്യത്തെ തൊഴില്‍ വിപണിയുടെ ക്രമീകരണത്തിനും സ്വദേശികളുടെ നിയമനം പ്രോത്സാഹിപ്പിക്കുന്നതിനുമാണ് വിസ നിരോധം നടപ്പാക്കുന്നതെന്നാണ് സര്‍ക്കാര്‍ വിശദീകരിക്കുന്നത്.
അതേസമയം, വിസ നിരോധം തുടരുന്നതുമൂലം മലയാളികളടക്കം നിരവധി പേര്‍ ഒമാനിലെ അവസരങ്ങള്‍ ലഭിക്കാതെ ബുദ്ധിമുട്ടുന്നുണ്ട്.
ജീവനക്കാരെ നിയമിക്കാന്‍ സാധിക്കാതെ തൊഴിലന്വേഷകരും പ്രയാസപ്പെടുന്നുണ്ട്.

അഡലെയ്ഡ്‌ ടെസ്റ്റ്: വാര്‍ണര്‍ക്ക് സെഞ്ച്വറി

Posted: 08 Dec 2014 08:27 PM PST

Image: 

അഡലെയ്ഡ്‌: ഇന്ത്യ^ ആസ്ട്രേലിയ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഡേവിഡ് വാര്‍ണറുടെ സെഞ്ച്വറി മികവില്‍ ഓസീസ് മികച്ച സ്കോറിലേക്ക് ബാറ്റു വീശുന്നു. ഒടുവില്‍ വിവരം കിട്ടുമ്പോള്‍ രണ്ടു വിക്കറ്റ് നഷ്ടത്തില്‍ 206 റണ്‍സെന്ന നിലയിലാണ് കംഗാരുക്കള്‍.  116 റണ്‍സാണ് വാര്‍ണറുടെ ബാറ്റില്‍ നിന്ന് ഇതുവരെ പിറന്നിരിക്കുന്നത്. അര്‍ധസെഞ്ച്വറി നേടിയ(60) ക്യാപ്റ്റന്‍ മൈക്കല്‍ ക്ളാര്‍ക്ക് കളിക്കിടെ പരിക്കേറ്റതിനെ തുടര്‍ന്ന് പിന്മാറി. സ്റ്റീവന്‍ സ്മിത്താണ് ഇപ്പോള്‍ ക്രീസില്‍.

നേരത്തേ ടോസ് നേടിയ ആസ്ട്രേലിയ ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. ക്രിസ് റോജേഴ്സ് 9 റണ്‍സെടുത്ത് ഇശാന്ത് ശര്‍മയുടെ പന്തില്‍ പുറത്തായി. 14 റണ്‍സെടുത്ത ഷെയ്ന്‍ വാട്സണ്‍ വരുണ്‍ ആരോണിന് വിക്കറ്റ് സമ്മാനിച്ചും മടങ്ങി. ക്യാപ്റ്റന്‍ മൈക്കല്‍ ക്ളാര്‍ക്കും ഡേവിഡ് വാര്‍ണറും ക്രീസിലത്തെി  പതിയെ ബാറ്റിങില്‍ താളം കണ്ടത്തെുകയായിരുന്നു.

ഫിലിപ് ഹ്യൂസിന്‍്റെ ഓര്‍മകളിലാണ് അഡ്ലെയ്ഡില്‍ മത്സരം അരങ്ങേറുന്നത്. ഹ്യൂസിന്‍്റെ ടെസ്റ്റ് നമ്പരായ 408 ജേഴ്സിയില്‍ പതിച്ചാണ് ഓസീസ് ടീം ഇന്നിറങ്ങിയത്. സ്പെഷലിസ്റ്റ് സ്പിന്നറായി ലെഗ്സ്പിന്നര്‍ കരണ്‍ ശര്‍മയെ ടീമില്‍ ഉള്‍പ്പെടുത്തിയാണ് ഇന്ത്യ അവസാന ഇലവനെ ഇറക്കിയിരിക്കുന്നത്. ശര്‍മയുടെ അരങ്ങേറ്റ മത്സരമാണിത്.

 

ജമ്മു കശ്മീര്‍, ഝാര്‍ഖണ്ഡ് മൂന്നാംഘട്ട വോട്ടെടുപ്പ് പുരോഗമിക്കുന്നു

Posted: 08 Dec 2014 08:05 PM PST

Image: 

ശ്രീനഗര്‍/റാഞ്ചി: ജമ്മു കശ്മീര്‍, ഝാര്‍ഖണ്ഡ് നിയമസഭകളിലേക്കുള്ള മൂന്നാംഘട്ട വോട്ടെടുപ്പ് പുരോഗമിക്കുന്നു. ഉച്ചവരെയുള്ള കണക്ക് പ്രകാരം കശ്മീരില്‍ 27.03 ശതമാനവും ഝാര്‍ഖണ്ഡില്‍ 30 ശതമാനവും പോളിങ് നടന്നതായി തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. കശ്മീരില്‍ രാവിലെ എട്ട് മണിക്ക് പോളിങ് തുടങ്ങിയെങ്കിലും കനത്ത മഞ്ഞുവീഴ്ചയുള്ളതിനാല്‍ മന്ദഗതിയിലാണ് പുരോഗമിക്കുന്നത്.

ഝാര്‍ഖണ്ഡില്‍ നക്സലുകളും സുരക്ഷാസേനയും തമ്മില്‍ ഏറ്റുമുട്ടലുണ്ടായി. രാവിലെ ആറിന് ധര്‍വാര്‍ മണ്ഡലത്തിലെ കെന്‍ദുവ പഹരിയിലുണ്ടായ വെടിവെപ്പ് 15 മിനിട്ട് നീണ്ടു നിന്നു. സുരക്ഷാ സൈനികര്‍ ശക്തമായി തിരിച്ചടിച്ചതോടെ നക്സലുകള്‍ പിന്മാറി. നാല് നക്സലുകള്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടുണ്ട്.

ഝാര്‍ഖണ്ഡില്‍ ജെ.വി.എം^ബി.ജെ.പി പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടി. സംഭവത്തില്‍ ജെ.വി.എം സ്ഥാനാര്‍ഥിയും എം.എല്‍.എയുമായ അരവിന്ദ് കുമാര്‍ സിങ് അടക്കം 11 പേരെ പൊലീസ് അറസ്റ്റ് ചെയ്തു.

കശ്മീരിലെ ബാരാമുള്ള ജില്ലയിലെ പോളിങ് സ്റ്റേഷന് നേരെ അജ്ഞാതന്‍ പെട്രോള്‍ ബോംബ് എറിഞ്ഞു. ഗുല്‍മാര്‍ഗ് നിയോജക മണ്ഡലത്തിലെ പോളിങ് സ്റ്റേഷനു നേരെയാണ് ബോംബേറുണ്ടായത്.

കശ്മീരിലെ 16ഉം ഝാര്‍ഖണ്ഡിലെ 17ഉം സീറ്റുകളിലേക്കാണ് പോളിങ് പുരോഗമിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ തീവ്രവാദി ആക്രമണം നടന്ന ഉറി, സോപാള്‍ അടക്കമുള്ള മണ്ഡലങ്ങളും ഇതില്‍പ്പെടും. തീവ്രവാദി, നക്സല്‍ ഭീഷണി കണക്കിലെടുത്ത് വന്‍ സുരക്ഷ സംവിധാനം ഇരു സംസ്ഥാനങ്ങളിലും ഏര്‍പ്പെടുത്തിയിട്ടുണ്ട്.  

കശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുല്ലയും മൂന്ന് മന്ത്രിമാരുമാണ് മൂന്നാംഘട്ടത്തില്‍ ജനവിധി തേടുന്ന പ്രമുഖര്‍. മുന്‍ മുഖ്യമന്ത്രി ബാബുലാല്‍ മറാണ്ടിയും സംസ്ഥാന മന്ത്രിസഭയിലെ മൂന്ന് മന്ത്രിമാരുമാണ് ഝാര്‍ഖണ്ഡില്‍ ജനവിധി തേടുന്ന പ്രമുഖ നേതാക്കള്‍.

എം.വി വര്‍ഷക്ക് ഇരട്ട സ്വര്‍ണം; മരിയ ജയ്സന് മീറ്റ് റെക്കോഡ്

Posted: 08 Dec 2014 07:47 PM PST

Image: 

തിരുവനന്തപുരം: സംസ്ഥാന സ്കൂള്‍ കായികമേളയില്‍ എം.വി വര്‍ഷക്ക് ഇരട്ട സ്വര്‍ണം. സീനിയര്‍ പെണ്‍കുട്ടികളുടെ 5000 മീറ്റര്‍ ഓട്ടത്തിലാണ് വര്‍ഷയുടെ രണ്ടാം സ്വര്‍ണം നേട്ടം. ഇന്നലെ സീനിയര്‍ പെണ്‍കുട്ടികളുടെ 3000 മീറ്ററില്‍ വര്‍ഷ സ്വര്‍ണം നേടിയിരുന്നു. പാലക്കാട് പറളി സ്കൂള്‍ വിദ്യാര്‍ഥിയാണ് വര്‍ഷ. ഇരട്ട സ്വര്‍ണം നേടാനായതില്‍ പരിശീലകനോടാണ് കടപ്പാടെന്ന് വര്‍ഷ വാര്‍ത്താലേഖകരോട് പറഞ്ഞു.

സീനിയര്‍ പെണ്‍കുട്ടികളുടെ പോള്‍വാട്ടില്‍ മരിയ ജയ്സന് മീറ്റ് റെക്കോഡോടെ സ്വര്‍ണം. പാല സെന്‍റ് മേരീസ് എച്ച്.എസ്.എസിലെ താരമാണ് മരിയ.

സീനിയര്‍ പെണ്‍കുട്ടികളുടെ അഞ്ച് കിലോമീറ്റര്‍ നടത്തത്തില്‍ പറളി സ്കൂളിന്‍െറ കെ.ടി. നീന (25:57:00 മിനിട്ട്) സ്വര്‍ണം നേടി. സീനിയര്‍ ആണ്‍കുട്ടികളുടെ അഞ്ച് കിലോമീറ്റര്‍ നടത്തത്തില്‍ കെ.ആര്‍. സുജിത്ത് സ്വര്‍ണം നേടിയിട്ടുണ്ട്. കോഴിക്കോട് പുല്ലൂരാപാറ സ്കൂളിലെ താരമായ സുജിത്ത് 22:42:51 മിനിട്ടിലാണ് മത്സരം പൂര്‍ത്തിയാക്കിയത്.

ജൂനിയര്‍ പെണ്‍കുട്ടികളുടെ ഡിസ്കസ്ത്രോയില്‍ പാലക്കാട് പറളിയുടെ നിഷ ഇ. സ്വര്‍ണം നേടി.

എറണാകുളം, പാലക്കാട്, കോഴിക്കോട് ജില്ലകളാണ് മെഡല്‍ പട്ടികയില്‍ ആദ്യ മൂന്ന് സ്ഥാനങ്ങളില്‍ മുന്നേറുന്നത്.

ഇന്ത്യ-ആസ്ട്രേലിയ ടെസ്റ്റ് പരമ്പരക്ക് ഇന്ന് തുടക്കം

Posted: 08 Dec 2014 06:55 PM PST

Image: 
Subtitle: 
ധോണിയില്ല; അഡ്ലെയ്ഡില്‍ ഇന്ത്യയെ കോഹ്ലി നയിക്കും മൈക്കല്‍ ക്ളാര്‍ക് ഓസീസിനെ നയിക്കും

അഡ്ലെയ്ഡ്: ആസ്ട്രേലിയക്കെതിരെ ചൊവ്വാഴ്ച ആരംഭിക്കുന്ന ടെസ്റ്റ് പരമ്പരയിലെ ആദ്യമത്സരത്തില്‍ ഇന്ത്യന്‍ ടീമിനെ വിരാട് കോഹ്ലി നയിക്കും. മഹേന്ദ്ര സിങ് ധോണിയുടെ പരിക്ക് ഭേദമാകാത്തതിനെ തുടര്‍ന്നാണിത്. അതേസമയം, പരിക്കിന്‍െറ പിടിയിലായിരുന്ന മൈക്കല്‍ ക്ളാര്‍ക്ക് ഫിറ്റ്നസ് വീണ്ടെടുത്തതോടെ ഓസിസ് ടീമിനെ അദ്ദേഹംതന്നെ നയിക്കുമെന്ന് ഉറപ്പായിട്ടുണ്ട്.

ഈ മാസം നാലിന് തുടങ്ങേണ്ടിയിരുന്ന ആദ്യടെസ്റ്റ് ആസ്ട്രേലിയന്‍ താരം ഫില്‍ ഹ്യൂസിന്‍െറ മരണത്തെ തുടര്‍ന്ന് ഒമ്പതിലേക്ക് മാറ്റുകയായിരുന്നു. ഒന്നാം ടെസ്റ്റില്‍ ടീമിനെ നയിക്കുമെന്ന് വാര്‍ത്താസമ്മേളനത്തില്‍ കോഹ്ലിയും വ്യക്തമാക്കിയിട്ടുണ്ട്. നാല് മത്സരങ്ങളാണ് പരമ്പരയിലുള്ളത്.  പേസര്‍മാരെ തുണക്കുന്ന ആസ്ട്രേലിയന്‍ പിച്ചുകളില്‍ പരമ്പരക്ക് മുന്നോടിയായി നടന്ന  സന്നാഹമത്സരങ്ങളില്‍ ബാറ്റ്സ്മാന്‍മാര്‍ക്ക് മോശമല്ലാത്ത പ്രകടനം പുറത്തെടുക്കാനായത് ഇന്ത്യന്‍ ക്യാമ്പിന് ആശ്വാസം നല്‍കുന്നുണ്ട്. ശിഖര്‍ ധവാന്‍ മാത്രമാണ് ഇക്കാര്യത്തില്‍ നിരാശപ്പെടുത്തിയത്. ബൗളര്‍മാരേക്കാള്‍ പരമ്പരയില്‍ സന്ദര്‍ശകരുടെ പ്രതീക്ഷയും ബാറ്റിങ് നിരയിലാണ്.

ഹ്യൂസിന്‍െറ മരണം ഓസിസ് ടീമിനെ മാനസികമായി ബാധിച്ചിട്ടുണ്ടെങ്കിലും ക്യാപ്റ്റന്‍ ക്ളാര്‍ക്ക് ഫിറ്റ്നസ് വീണ്ടെടുത്ത് മടങ്ങിയത്തെിയത് അവര്‍ക്ക് ഗുണം ചെയ്യും. ആഭ്യന്തര മത്സരത്തിനിടെ പേസര്‍ സീന്‍ ആബട്ടിന്‍െറ ബൗണ്‍സര്‍ തലക്കേറ്റതാണ് ഹ്യൂസിന്‍െറ മരണത്തിനിടയാക്കിയത്.
എന്നാല്‍, ഇക്കാരണത്താല്‍ ഇന്ത്യക്കെതിരെ ബൗണ്‍സര്‍ എറിയാന്‍ മടിക്കേണ്ടതില്ളെന്നാണ് കോച്ച് ഡാരന്‍ ലെമാന്‍ ഓസിസ് ബൗളര്‍മാര്‍ക്ക് നല്‍കിയ നിര്‍ദേശം.  

കഴിഞ്ഞ വര്‍ഷം ബോര്‍ഡര്‍-ഗവാസ്കര്‍ ട്രോഫിക്ക് വേണ്ടി ഇന്ത്യയില്‍ വെച്ച് നടന്ന പരമ്പരയില്‍ ഇന്ത്യ 4-0ത്തിന് വിജയം സ്വന്തമാക്കിയിരുന്നു. എന്നാല്‍, അതിന് മുമ്പുള്ള വര്‍ഷത്തില്‍ ആസ്ട്രേലിയയില്‍ വെച്ച് ഇന്ത്യ ഇതേ മാര്‍ജിനില്‍ പരമ്പര തോല്‍ക്കുകയായിരുന്നു.
ടീം ഇവരില്‍ന ിന്ന്: വിരാട് കോഹ്ലി (ക്യാപ്റ്റന്‍), ചേതേശ്വര്‍ പൂജാര, അജിന്‍ക്യ രഹാനെ, രോഹിത് ശര്‍മ, സുരേഷ് റെയ്ന, വൃദ്ധിമാന്‍ സാഹ, രവീന്ദ്ര ജദേജ, ആര്‍. അശ്വിന്‍, കരണ്‍ ശര്‍മ, ഇശാന്ത് ശര്‍മ, മുഹമ്മദ് ഷമി, വരുണ്‍ ആരോണ്‍, ഉമേഷ് യാദവ്, ഭുവനേശ്വര്‍ കുമാര്‍, കെ.എല്‍. രാഹുല്‍, നമന്‍ ഓജ, എം.എസ.് ധോണി.ആസ്ട്രേലിയ: മൈക്കല്‍ ക്ളാര്‍ക്ക് (ക്യാപ്റ്റന്‍), ഡേവിഡ് വാര്‍ണര്‍,  ക്രിസ് റോജേഴ്സ്, ഷെയ്ന്‍ വാട്സന്‍, സ്റ്റീവ് സ്മിത്ത്, മിച്ചല്‍ മാര്‍ഷ്, ബ്രാഡ് ഹഡിന്‍, മിച്ചല്‍ ജോണ്‍സണ്‍, റയാന്‍ ഹാരിസ്, പീറ്റര്‍ സിഡില്‍, നഥാന്‍ ലിയോണ്‍, ജോഷ് ഹസ്ല്‍വുഡ്.
 

ഡല്‍ഹി തോല്‍ക്കണേ, ഞങ്ങള്‍ ജയിക്കണേ...! പ്രാര്‍ഥനയോടെ കേരളം

Posted: 08 Dec 2014 06:53 PM PST

Image: 
Subtitle: 
ചെന്നൈയിന്‍ x ഡല്‍ഹി ഡൈനാമോസ് (വൈകു. 4.30 മുതല്‍) •ബ്ളാസ്റ്റേഴ്സ് x പുണെ എഫ്.സി (വൈകു. 7.00 മുതല്‍)

കൊച്ചി: ഓരോ ടീമിനും 13 മത്സരങ്ങള്‍ കഴിഞ്ഞ ഐ.എസ്.എല്ലില്‍ ചൊവ്വാഴ്ച 100 മീറ്റര്‍ ഫൈനല്‍ പോലൊരു ദിനം. ആരും വീഴാം എന്തും സംഭവിക്കാം. ചെന്നൈയില്‍ ചെന്നൈയിന്‍െറ ജയത്തിനും കൊച്ചിയില്‍ പുണെക്കെതിരെ തകര്‍പ്പന്‍ ജയം നേടണേ എന്നീ പ്രാര്‍ഥനകളുമായി കേരള ബ്ളാസ്റ്റേഴ്സ് ബൂട്ടണിയും. ഒപ്പം പ്രാര്‍ഥനയോടെ ലക്ഷം ആരാധകരും. ഐ.എസ്.എല്ലിലെ അവസാന ലീഗ് മത്സരത്തില്‍ വൈകീട്ട് ഏഴിനാണ് ബ്ളാസ്റ്റേഴ്സ് പുണെയെ സ്വന്തം തട്ടകത്തില്‍ നേരിടുന്നത്. എന്നാല്‍, 4.30ന് ചെന്നൈയില്‍ നടക്കുന്ന ചെന്നൈയിന്‍-ഡല്‍ഹി ഡൈനാമോസ് മത്സരത്തിലേക്കാവും കണ്ണും കാതും. ഡല്‍ഹി തോറ്റാല്‍ പുണെക്കെതിരെ ജയത്തോടെ സെമി സാധ്യത ഏതാണ്ടുറപ്പിക്കാനാവും. ഡല്‍ഹി ജയിച്ചാല്‍ ബ്ളാസ്റ്റേഴ്സിന്‍െറ സാധ്യത പകുതി അടയും. പുണെയെ തോല്‍പിച്ച് ബുധനാഴ്ച അത്ലറ്റികോ കൊല്‍ക്കത്തക്കെതിരെ ഗോവ എഫ്.സിയുടെ ജയത്തിന് പ്രാര്‍ഥനയോടെ കാത്തിരിക്കേണ്ടിവരും സചിനും കൂട്ടരും.

പോയന്‍റ് പട്ടികയില്‍ ചെന്നൈയിനും (22), ഗോവയും (21) സെമി ഉറപ്പിച്ചുകഴിഞ്ഞു. ശേഷിക്കുന്ന രണ്ടുസ്ഥാനങ്ങളിലേക്ക് നാലുടീമുകള്‍ക്കും തുല്യസാധ്യത. കൊല്‍ക്കത്ത (18), ഡല്‍ഹി (17), ബ്ളാസ്റ്റേഴ്സ് (16), പുണെ (16) എന്നിവരാണ് ഒരു കളിയും ബാക്കി ഭാഗ്യത്തിനുമായി കാത്തിരിക്കുന്നത്.

ലീഗ് മത്സരങ്ങള്‍ ഇന്നും നാളെയുമായി പൂര്‍ത്തിയാകും. ബുധനാഴ്ച കൊല്‍ക്കത്ത ഗോവയെയും നോര്‍ത് ഈസ്റ്റ് മുംബൈ സിറ്റിയെയും നേരിടും. പതിവുപോലെ ഗോളടിക്കാന്‍ മറക്കുന്നതാണ് ബ്ളാസ്റ്റേഴ്സിനെ വേട്ടയാടുന്നത്. ചെന്നൈയിനെതിരെ പ്രതിരോധിച്ച് കളിച്ച് തോറ്റശേഷം അവസാനമത്സരത്തില്‍ നോര്‍ത് ഈസ്റ്റിനോട് ഗോള്‍രഹിത സമനില വഴങ്ങിയാണ് ബാക്ഫുട്ടിലായത്. നിറഞ്ഞുകവിഞ്ഞ ഗാലറിക്കുമുന്നില്‍ ഡസന്‍ കണക്കിന് അവസരം ലഭിച്ചിട്ടും ബ്ളാസ്റ്റേഴ്സ് ഗോളടിച്ചില്ല. പ്രതിരോധവും മധ്യനിരയും മികച്ച കളി പുറത്തെടുത്തിട്ടും പന്ത് വലയിലാക്കാന്‍ മിടുക്കുള്ള മുന്നേറ്റമില്ലാത്തതാണ് തിരിച്ചടിയായത്. ഇയാന്‍ ഹ്യൂമിനൊപ്പം, ഹോം ഗ്രൗണ്ടില്‍ തിളങ്ങിയ ഗുസ്മാവോ എത്തിയാല്‍ കാര്യങ്ങള്‍ എളുപ്പമാവുമെങ്കിലും ടീമിനകത്തെ പ്രശ്നങ്ങള്‍ ഇരുവരെയും ഒന്നിച്ച് പ്ളേയിങ് ഇലവനിലത്തെിക്കുന്നില്ല. നോര്‍ത് ഈസ്റ്റിനെതിരെ മുഴു സമയവും കളിച്ച മിലാഗ്രസ് ഗോണ്‍സാല്‍വസ് തീര്‍ത്തും പരാജയവുമായിരുന്നു. ആദ്യപാദത്തില്‍ ഏറ്റുമുട്ടിയപ്പോള്‍ പുണെക്കെതിരെ ബ്ളാസ്റ്റേഴ്സ് 2-1ന് ജയിച്ചിരുന്നു. ജയിക്കുമെന്ന് കോച്ച് ഡേവിഡ് ജയിംസ് ആവര്‍ത്തിക്കുന്നുണ്ടെങ്കിലും ഗ്രൗണ്ടില്‍ തെളിയിച്ചാല്‍ ഇനി ആരാധകര്‍ വാക്കിനെ വിശ്വസിക്കും. അല്ളെങ്കില്‍, തങ്ങളുടെ റോള്‍ ഭംഗിയാക്കിയെന്ന് ഒരിക്കല്‍ കൂടി പ്രഖ്യാപിച്ച് ഫുട്ബാളിനെ പ്രണയിക്കുന്ന ആരാധകര്‍ ആശംസകള്‍ നേര്‍ന്ന് ഇന്ന് മടങ്ങും. സെമിയില്‍ കടന്നാല്‍, ഒരുമത്സരത്തിനു കൂടി കൊച്ചി വേദിയാവും.
 

പാക് ശിശുവിന് സ്നേഹത്തിന്‍െറ മുഖമൊരുക്കി ഇന്ത്യ

Posted: 08 Dec 2014 06:42 PM PST

Image: 
Subtitle: 
ചെന്നൈയിലെ അപൂര്‍വ ശസ്ത്രക്രിയ പൂര്‍ണ വിജയം

ചെന്നൈ: ഒന്നര വയസ്സുകാരനായ പാകിസ്താന്‍ ശിശു നുഅ്മാന്‍ അര്‍ശദിന് വലുതായാല്‍ ഇന്ത്യക്കാരുടെ സ്നേഹത്തെക്കുറിച്ച് മാത്രമേ പറയാനുണ്ടാകൂ. കാരണം, മുഖത്ത് അപൂര്‍വ വൈകല്യവുമായി ജനിച്ച അവന് ശസ്ത്രക്രിയയിലൂടെ സുന്ദരമായ മുഖം നല്‍കിയത് ചെന്നൈയിലെ ഡോക്ടര്‍മാര്‍. കറാച്ചി സ്വദേശിയായ നുഅ്മാന്‍ അര്‍ശദിന് ബി.എം.പി (ബോണ്‍ മോര്‍ഫോജെനിറ്റിക് പ്രോട്ടീന്‍സ്) സാങ്കേതിക വിദ്യ ഉപയോഗിച്ച് നടത്തിയ ശസ്ത്രക്രിയയിലൂടെയാണ് മുഖം വീണ്ടെടുക്കാനായത്.  ലക്ഷത്തിലൊരാള്‍ക്ക് മാ ്രതം സംഭവിക്കാനിടയുള്ള അപൂര്‍വ വൈകല്യമായ ബൈലാറ്ററല്‍ ടെസ്സിയേഴ്സ് ഫേഷ്യല്‍ ക്ളഫ്റ്റ് ടൈപ്പ് നാല് എന്ന വൈകല്യമായിരുന്നു അര്‍ശദ് അലി-റസിയ ദമ്പതികളുടെ മകന് ഉണ്ടായിരുന്നത്. മൂക്ക്, കവിള്‍, വായ, കണ്ണ് തുടങ്ങിയവയെല്ലാം ഒട്ടിച്ചേര്‍ന്ന് ഒന്നാവുകയും ഒരു കണ്ണ് തീരെ ഇല്ലാതിരിക്കുകയും ചെയ്യുന്ന അവസ്ഥ. ഒരു കണ്ണിന് 40 ശതമാനം കാഴ്ച മാത്രമാണ് ഉണ്ടായിരുന്നത്. കാഴ്ചശക്തി നഷ്ടപ്പെടാതെ മുഖം പുനര്‍നിര്‍മിക്കുകയാണ് ശസ്ത്രക്രിയയിലൂടെ ചെയ്തത്. ചെന്നൈ ടെയ്നാംപേട്ടിലെ ബാലാജി ദന്താശുപത്രിയിലായിരുന്നു അപൂര്‍വ ശസ്ത്രക്രിയ. ശസ്ത്രക്രിയക്ക് ശേഷം സാധാരണ നിലയിലത്തെിയ നുഅ്മാന്‍ ചൊവ്വാഴ്ച പാകിസ്താനിലേക്ക് മടങ്ങും. ഒരു വര്‍ഷത്തിനു ശേഷം രണ്ടാം ഘട്ട ചികിത്സ ആരംഭിക്കുമെന്ന് ചികിത്സക്ക് നേതൃത്വം നല്‍കിയ ഡോ. ബാലാജി വ്യക്തമാക്കി.

ഏഷ്യ പസഫിക് ഡെന്‍റല്‍ ഫെഡറേഷന്‍ പ്രസിഡന്‍റ് ഡോ. ആസിഫാണ് നുഅ്മാനെ ചെന്നൈയിലെ ആശുപത്രിയിലേക്ക് കൊണ്ടുവന്നത്. ചികിത്സക്കാവശ്യമായ ചെലവും അസോസിയേഷന്‍ വഹിച്ചു. കറാച്ചിയിലെ കര്‍ഷക കുടുംബത്തിലെ അംഗങ്ങളാണ് ദമ്പതികള്‍. ഇന്ത്യയിലേക്ക് വരുന്നതിനെ പലരും നിരുത്സാഹപ്പെടുത്തുകയും ഭയപ്പെടുത്തുകയും ചെയ്തിരുന്നെന്നും പ്രചരിപ്പിക്കുന്നതുപോലെയല്ല ഇവിടത്തെ അന്തരീക്ഷമെന്ന് മനസ്സിലാക്കാന്‍ കഴിഞ്ഞുവെന്നും പിതാവ് അര്‍ശദ് അലി പറഞ്ഞു. നുഅ്മാന്‍ അര്‍ശദിന് ഇടത് കണ്ണ് ജന്മനാ ഉണ്ടായിരുന്നില്ല. ഭാഗികമായി മാത്രമാണ് വലതുകണ്ണിന് കാഴ്ചയുണ്ടായിരുന്നത്. മൂക്ക്, വായ എന്നിവ ശസ്ത്രക്രിയയിലൂടെ നിര്‍മിക്കുകയാണ് ചെയ്തതെന്നും ഡോ. ബാലാജി പറഞ്ഞു. ഇതാദ്യമായാണ് ഇന്ത്യയില്‍ ഇത്തരം മുഖശസ്ത്രക്രിയ നടത്തുന്നതെന്നും അദ്ദേഹം അവകാശപ്പെട്ടു.
 

‘ഐസിസ്’ തന്നെയാണോ നമ്മുടെ ഏറ്റവും വലിയ ശത്രു?

Posted: 08 Dec 2014 06:31 PM PST

Image: 
Subtitle: 
''സത്യത്തില്‍ ആരാണ് നമ്മുടെ ശത്രുക്കളെന്ന് തിരിച്ചറിയണം. മുസ്ലിംകള്‍, ഇറാഖികള്‍, സിറിയക്കാര്‍, റഷ്യക്കാര്‍... ഇവരൊക്കെയാകാം. പക്ഷേ, അത് ഇസ്രായേലാകില്ല, ഒരിക്കലും'' -പ്രശസ്ത മാധ്യമ പ്രവര്‍ത്തകന്‍ റോബര്‍ട്ട് ഫിസ്ക് എഴുതുന്നു.

ഭൂമിയിലെ ഏറ്റവും നിശ്ശൂന്യനായ ‘സമാധാന പാലകന്‍’ മനുഷ്യ സംസ്കാരത്തിനു മുന്നിലെ ‘ഏറ്റവും വലിയ വെല്ലുവിളി’യെ പരിചയപ്പെടുത്താന്‍ അറബി സംജ്ഞ ഉപയോഗിച്ചിരിക്കുന്നു. അറബ് ലോകത്ത് ഇസ്ലാമിക് സ്റ്റേറ്റ് ഇന്‍ ഇറാഖ് ആന്‍റ് ലെവന്തിനെ ദാഇശ് എന്നാണ് ജോണ്‍ കെറി (യു.എസ് സ്റ്റേറ്റ് സെക്രട്ടറി) വിളിച്ചിരിക്കുന്നത്. നാം അതിനെ ‘ഐസിസ്’ എന്നോ ‘ഐസില്‍’ എന്നോ വിളിക്കുന്നു. ഓര്‍മിക്കാന്‍ സുഖമുള്ളതുകൊണ്ട് മാധ്യമ പ്രവര്‍ത്തകരില്‍ പലര്‍ക്കും ഐസിസ് ആണ് താല്‍പര്യം. അത് ഒരു ഈജിപ്ഷ്യന്‍ ദേവതയുടെ നാമമാണെന്നതുതന്നെ ഒന്നാമത്തെ കാര്യം. ഒരു യൂനിവേഴ്സിറ്റിയോടു ചേര്‍ന്നുള്ള പുഴയും ലോര്‍ഡ് ഗ്രാന്‍താമിന്‍െറ ഡൗണ്‍ടൗണ്‍ ആബിയിലെ നായയും അതേ പേരുകാരാണെന്നതും അനുബന്ധം.

അമേരിക്കന്‍ മാധ്യമ പ്രവര്‍ത്തകരില്‍ പലരും കെറി എന്തിനാണ് അങ്ങനെ വിളിച്ചതെന്ന് ഉത്കണ്ഠപ്പെടുന്നവരാണ്- പി.എല്‍.ഒ എന്ന ഫലസ്തീനി മോചന പ്രസ്ഥാനത്തെ ഫതഹ് എന്നാണ് നാം വിളിക്കാറെങ്കിലും. 2011ല്‍ അറബ് വസന്തത്തിന്‍െറ കേന്ദ്ര ബിന്ദുവായിരുന്ന സ്വാതന്ത്ര്യ ചത്വരത്തെ അതിന്‍െറ അറബി പദമായ തഹ്രീര്‍ എന്നും നാം ഇപ്പോഴും വിളിച്ചുകൊണ്ടിരിക്കുന്നുവെങ്കിലും. പക്ഷേ, തഹ്രീര്‍ ചത്വരത്തിന് ആ പേര് വരാന്‍ കാരണമായത് എന്തുകൊണ്ടെന്ന് പലരും വിശദീകരിച്ചുകണ്ടില്ല. ഈജിപ്ഷ്യന്‍ അധിനിവേശ കാലത്ത് ബ്രിട്ടീഷ് സൈനിക ക്യാമ്പുകള്‍ ഇവിടെയായിരുന്നു പ്രവര്‍ത്തിച്ചിരുന്നെന്നതും ഒരാളെ പോലും കടത്താതെ സൂക്ഷിച്ച ഇടം ഒടുവില്‍ നാട് മോചിതമായപ്പോള്‍ സ്വാതന്ത്ര്യത്തിന്‍െറ പ്രതീകമായി മാറുകയായിരുന്നെന്നും നാം പങ്കുവെക്കാന്‍ ഇഷ്ടപ്പെടില്ല.

വിഷയം അതല്ല, 1979 മുതല്‍ ഇറാന്‍ ആയിരുന്നില്ളേ, ലോകത്തെ ഏറ്റവും വലിയ വെല്ലുവിളി? അല്‍പം കഴിഞ്ഞ്, ബ്രിട്ടീഷ് പ്രധാനമന്ത്രി ഉള്‍പ്പെടെ പരിചയപ്പെടുത്തിയത് സദ്ദാം ഹുസൈനാണ് മനുഷ്യ സംസ്കാരം കണ്ട ഏറ്റവും വലിയ ശത്രുവെന്നായിരുന്നു. വ്യാപക നശീകരണ ശേഷിയുള്ള ആയുധങ്ങളും അല്‍ഖാഇദ ബന്ധവുമായിരുന്നത്രെ കാരണം. അതേ കാരണം കൊണ്ടുതന്നെ, പിന്നീട് മനുഷ്യ സംസ്കാരം കണ്ട ഏറ്റവും വലിയ ശത്രുവായി ഉസാമ ബിന്‍ ലാദിന്‍ അവതരിപ്പിക്കപ്പെട്ടു.

ഇന്നിപ്പോള്‍ യു.എസ്, ബ്രിട്ടന്‍, കാനഡ, ആസ്ട്രേലിയ രാജ്യങ്ങളുടെ സഖ്യത്തിനൊപ്പം ‘ദാഇശ്’ വിരുദ്ധ പോരാട്ടത്തിനിറങ്ങിയതോടെ ഇറാന്‍ നല്ലപിള്ളയായിരിക്കുന്നു. പലര്‍ക്കും ഓര്‍മയുണ്ടോ എന്നറിയില്ല, കെറി തന്നെയാണ് ഒരു വര്‍ഷം മുമ്പ് പറഞ്ഞിരുന്നത്, അമേരിക്ക ബശ്ശാറുല്‍ അസദിനെ ആക്രമിക്കാന്‍ പോകുന്നെന്ന്.
പിന്നീട്, ഐസിസിനെതിരെ ആക്രമണത്തില്‍ കൂട്ടുകൂടാമെന്ന വ്യവസ്ഥയില്‍ ഇളവ് ചെയ്തു.
എന്‍െറ സംശയം അവിടെയും തീരുന്നില്ല. കുഞ്ഞുങ്ങള്‍ക്ക് എന്തു വിലയാണ് നാം കല്‍പിക്കുന്നത്. 2002ല്‍ ഗസ്സയിലെ താമസ സ്ഥലത്ത് ഇസ്രായേല്‍ നടത്തിയ ആക്രമണത്തില്‍ ഏഴു കുഞ്ഞുങ്ങളുള്‍പ്പെടെ 14 സിവിലിയന്മാര്‍ അരുംകൊല ചെയ്യപ്പെട്ടിരുന്നു. ബുഷ് ഭരണകൂടം ആകെ പ്രതികരിച്ചത്, ഇത്രയും കടുത്ത പ്രതികരണം സമാധാനത്തെ പ്രോത്സാഹിപ്പിക്കുന്നില്ളെന്നു മാത്രം. കുഞ്ഞുങ്ങളെ അരുംകൊല നടത്തല്‍ ഇത്തിരി കൂടിപ്പോയ പ്രതികരണം മാത്രമായിരുന്നു അദ്ദേഹത്തിന്.
സത്യത്തില്‍ ആരാണ് നമ്മുടെ ശത്രുക്കളെന്നതാണ് പ്രശ്നം. മുസ്ലിംകള്‍, ഇറാഖികള്‍, സിറിയക്കാര്‍, റഷ്യക്കാര്‍... ഇവരൊക്കെയാകാം. പക്ഷേ, അത് ഇസ്രായേലാകില്ല, ഒരിക്കലും. അമേരിക്കക്കാരുമാകില്ല. അവര്‍ ഉദ്ദേശിക്കുന്ന തലമുറകളും നാഗരികതയും ഏതാണെന്നു മാത്രം മനസ്സിലാക്കിയാല്‍ ഈ വിവേചനം പിടികിട്ടും.

•കടപ്പാട് ഇന്‍ഡിപെന്‍ഡന്‍റ്
 

കേരളത്തിന്‍െറ പക്ഷിപ്പനിപ്പേടി

Posted: 08 Dec 2014 06:04 PM PST

Image: 

കേരളം രോഗളമാകാന്‍ തുടങ്ങിയിട്ട് കാലം ഒത്തിരിയായി. എലിപ്പനി, മങ്കിപ്പനി, പന്നിപ്പനി, തക്കാളിപ്പനി തുടങ്ങി സകലമാന സസ്യജീവജാലങ്ങളുടെയും പേരില്‍ കാക്കത്തൊള്ളായിരംതരം പനികള്‍. ഈ ആണ്ടിലെ പ്രധാന സന്ദര്‍ശകന്‍ മഞ്ഞപ്പിത്തമാണ്. വര്‍ഗ, വര്‍ണ ഭേദമില്ലാതെ കാസര്‍കോട് മുതല്‍ കന്യാകുമാരിവരെ മലയാളിക്ക് കിട്ടിയ മഞ്ഞള്‍പ്രസാദം. മാരകരോഗങ്ങളുടെ കാര്യത്തില്‍ കേരളത്തിന്‍െറ നേട്ടങ്ങള്‍ക്ക് ഒരു കോട്ടവും തട്ടിയിട്ടുമില്ല. കേരളം ഒരു കാന്‍സര്‍വാര്‍ഡാണെന്ന് തോന്നിപ്പിക്കുമാറ് കാര്യങ്ങള്‍ കൈവിട്ടിരിക്കുന്നു. (ശ്രീമതി ടീച്ചര്‍ക്ക് നന്ദി. ഈയിടെ പാര്‍ലമെന്‍റില്‍ ഈ വിഷയം ഉന്നയിക്കുകയും കേന്ദ്രത്തില്‍നിന്നുള്ള ധനസഹായം ഉറപ്പുവരുത്തുകയും ചെയ്തല്ളോ). കരളും വൃക്കയും ഹര്‍ത്താലിനേക്കാള്‍ വ്യാപ്തിയില്‍ പണിമുടക്കാന്‍ തുടങ്ങിയിരിക്കുന്നു. എന്‍െറ കരളേയെന്ന് വിളിക്കാന്‍പോലും മലയാളിക്കിപ്പോള്‍ പേടിയാണ്. അതിലേറെ ദയനീയമാണ് മാനസികാരോഗ്യത്തിന്‍െറ സ്ഥിതി. നാട് മുഴുവന്‍ അശാന്തഹൃദയരായ മനുഷ്യരെക്കൊണ്ട് പ്രക്ഷുബ്ധമായിരിക്കുന്നു. മദ്യശാലകളിലും ഭക്തിശാലകളിലും കൗണ്‍സലിങ് സെന്‍ററുകളിലും ജനപ്രളയമാണ്.

കേരളത്തിലിപ്പോള്‍ രണ്ടു വര്‍ഗങ്ങളാണ് വല്ലാതെ പെറ്റുപെരുകുന്നത്. ജ്യോതിഷികളും ഡോക്ടര്‍മാരും. ഒരു കണക്കെടുപ്പ് നടത്തിയാല്‍ തട്ടുകടകളേക്കാള്‍ കൂടുതല്‍ ആശുപത്രികളും തൊഴിലുറപ്പ് തൊഴിലാളികളേക്കാള്‍ കൂടുതല്‍ ജ്യോതിഷികളും കേരളത്തിലുണ്ടെന്ന് കണ്ടത്തൊനാവും. മനുഷ്യന്‍െറ അശാന്തിയും അനാരോഗ്യവുമാണ് അവരുടെ നിക്ഷേപങ്ങള്‍. പതിനായിരക്കണക്കിന് കുടുംബങ്ങളാണ് ഇതുമൂലം ഓരോ വര്‍ഷവും കുത്തുപാളയെടുക്കുന്നത്. ചുരുക്കത്തില്‍, മരുന്നിനും വൈദ്യനും മന്ത്രവാദിക്കും പണയംവെച്ച ഒരു ഉടലാണ് ഇന്ന് മലയാളി. ആര്‍ത്തിയും ആശങ്കയുമാണ് അയാളുടെ മൗലികവികാരങ്ങള്‍.

കേരളത്തില്‍ മനുഷ്യര്‍ക്കു മാത്രമല്ല, മറ്റു ജീവികള്‍ക്കും  രക്ഷയില്ലാതായിരിക്കുന്നു. കന്നുകാലികളെ പിടികൂടിയ കുളമ്പുരോഗം ശമിക്കാന്‍ തുടങ്ങിയിട്ട് മാസങ്ങളായില്ല. ആയിരക്കണക്കിന് മാടുകളാണ് കര്‍ഷകരെ കണ്ണീരിലാഴ്ത്തിക്കൊണ്ട് മണ്ണോടുമണ്ണായത്. തെങ്ങിന്‍െറ മണ്ടരിരോഗവും കമുകിന്‍െറ മഹാളിയും കുരുമുളകിന്‍െറ ദ്രുതവാട്ടവും വാഴയുടെ കൂമ്പുചീയലും അനവരതം തുടരുന്നു. ഒരു പതിറ്റാണ്ടു മുമ്പാണ് കായലുകള്‍ ശുദ്ധജലമത്സ്യങ്ങളുടെ ശവപ്പറമ്പായി തീര്‍ന്നത്. ആ രോഗത്തിന് എപ്പിസ്യൂട്ടിക് അള്‍സറേറ്റിവ് സിന്‍ഡ്രം (ചീയല്‍ രോഗം) എന്നൊരു പേരുവിളി മാത്രമേ അന്ന് ആസ്ഥാന വിദഗ്ധന്മാര്‍ക്ക് നടത്താനായുള്ളൂ. മരുന്നുമായോ കൊലക്കത്തിയുമായോ ആരും അന്ന് കായലുകളിലേക്ക് പുറപ്പെട്ടുപോയില്ല. എന്തായാലും ചുരുങ്ങിയ വര്‍ഷങ്ങള്‍കൊണ്ട് മീനുകള്‍ രോഗത്തെ അതിജീവിച്ചു. പ്രകൃതി എന്ന മഹാവൈദ്യന്‍െറ സുകൃതം.
ഇപ്പോള്‍ ഭീഷണി നേരിടുന്നത് പക്ഷികളാണ്. കുട്ടനാടന്‍ മേഖലയില്‍നിന്ന് ഈയിടെ വരാന്‍ തുടങ്ങിയ സ്തോഭജനകമായ വാര്‍ത്തകള്‍ അതാണ് തെളിയിക്കുന്നത്. നെടുമുടി പ്രദേശത്തെ വയലുകളില്‍ താറാവുകള്‍ കൂട്ടത്തോടെ ചത്തത് പക്ഷിപ്പനി (എച്ച്5എന്‍1) മൂലമാണെന്ന് ആരോഗ്യവകുപ്പ് സ്ഥിരീകരിച്ചതോടെയാണ് വാര്‍ത്തകള്‍ക്ക് തീപിടിച്ചത്. ആലപ്പുഴയിലെ നാലു കേന്ദ്രങ്ങളിലും കോട്ടയത്തെ രണ്ടു കേന്ദ്രങ്ങളിലുമാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്. തുടര്‍ന്ന് കോട്ടയം, ആലപ്പുഴ, പത്തനംതിട്ട എന്നീ ജില്ലകളിലായി ഒന്നര ലക്ഷത്തോളം താറാവുകളെ ആരോഗ്യവകുപ്പിന്‍െറ കാര്‍മികത്വത്തില്‍ ദ്രുതകര്‍മസേന കൊന്നൊടുക്കി. ഇനി രണ്ടര ലക്ഷം താറാവുകളെക്കൂടി ഉന്മൂലനംചെയ്യുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍, അതേ ജില്ലകളിലെ 10 കേന്ദ്രങ്ങളില്‍നിന്ന് പിന്നീട് പരിശോധനക്കയച്ച സാമ്പ്ളുകളില്‍ പക്ഷിപ്പനി ലക്ഷണങ്ങള്‍ ഉണ്ടായിരുന്നില്ളെന്നും ആരോഗ്യവകുപ്പ് വ്യക്തമാക്കുന്നുണ്ട്. എങ്കില്‍ പിന്നെ എന്തിനാണ് ശേഷിച്ച താറാവുകളെ കൊല്ലുന്നത്?

ഈ രോഗം പരത്തുന്നത് ദേശാടനപ്പക്ഷികളാണെന്നാണ് വിദഗ്ധമതം. എങ്കില്‍ എന്തുകൊണ്ടാണ് ദേശാടനപ്പക്ഷികള്‍ കൂട്ടത്തോടെ ചാവാത്തത്. അനാദികാലമായി തുടരുന്ന ഒരു പ്രഹേളികയാണ് പക്ഷികളുടെ ദേശാടനം. പരിസ്ഥിതിയുടെ അലിഖിതമായ ചില നിയമങ്ങളും അനിവാര്യതയുമാണ് ഭൂഖണ്ഡങ്ങളും വന്‍കരകളും താണ്ടിയുള്ള ഈ ദേശാടനത്തില്‍ പ്രവര്‍ത്തിക്കുന്നത്. പക്ഷികളുടെ ലോകം പണ്ടേ ആഗോളീകരിക്കപ്പെട്ടിരുന്നുവെന്ന് ചുരുക്കം. എന്നാല്‍, കാലാവസ്ഥാവ്യതിയാനം ദേശാടനപ്പക്ഷികള്‍ക്കും ചിത്രശലഭങ്ങള്‍ക്കും വലിയ വെല്ലുവിളി ഉയര്‍ത്തിയിട്ടുണ്ടെന്ന് പഠനങ്ങള്‍ സൂചിപ്പിക്കുന്നു. വടക്കുകിഴക്ക് അമേരിക്കയില്‍നിന്ന് മധ്യമെക്സികോയില്‍ പോയി പ്രജനനം നടത്തി തിരിച്ചുവരാറുള്ള നിശാശലഭങ്ങള്‍ കഴിഞ്ഞവര്‍ഷം പ്രജനനം നടത്താതെ തിരിച്ചുവരുകയുണ്ടായി. കാലാവസ്ഥാവ്യതിയാനം അവയുടെ അതിജീവനരീതികളെ ഗുരുതരമായി ബാധിക്കാന്‍ തുടങ്ങിയിട്ടുണ്ട് എന്നതിന്‍െറ ഒരു ഉദാഹരണമാണ് അത്. എച്ച്5എന്‍1 വൈറസിന് രാസത്വരകമായി കാലാവസ്ഥാവ്യതിയാനം പ്രവര്‍ത്തിക്കുന്നുണ്ടോയെന്ന് പഠിക്കേണ്ടതാണ്. കുട്ടനാടന്‍ മേഖലയിലെ മലിനീകരണമാണ് ഈ രോഗത്തിന് കാരണമെന്ന പരിസ്ഥിതി പ്രവര്‍ത്തകരുടെ അഭിപ്രായവും ചെവിക്കൊള്ളണം. പ്രതിവര്‍ഷം 500 ടണ്‍ കീടനാശിനിയും 20,000 ടണ്‍ രാസവളവും കുട്ടനാടന്‍ പാടശേഖരങ്ങളില്‍ പ്രയോഗിക്കുന്നുണ്ടെന്നാണ്  അവര്‍ പറയുന്നത്. മാത്രമല്ല, പ്ളാസ്റ്റിക് മാലിന്യവും വന്‍തോതിലുണ്ട്. ഇത്രയും വിഷമാലിന്യങ്ങള്‍ കുമിഞ്ഞുകൂടിയ പ്രദേശത്ത് ഇരതേടുന്ന താറാവുകള്‍ക്ക് അവയുടെ സ്വാഭാവികമായ പ്രതിരോധശേഷി എങ്ങനെ നിലനിര്‍ത്താന്‍ സാധിക്കും. വൈറസുകള്‍ ക്ഷോഭിക്കാന്‍ ഈ സാഹചര്യം ധാരാളം. പക്ഷികളെപ്പോലെ വൈറസുകളും അനാദികാലം മുതല്‍ ഈ ഭൂമുഖത്ത് ഉണ്ടാവണമല്ളോ. വൈറസിന് മ്യൂട്ടേഷന്‍ സംഭവിക്കാമെന്നല്ലാതെ അവയിപ്പോള്‍ ജന്മമെടുത്തതേയുള്ളൂവെന്ന് ആരും പറയുമെന്നു തോന്നുന്നില്ല.

19ാം നൂറ്റാണ്ടിന്‍െറ ആരംഭത്തില്‍തന്നെ കോഴികര്‍ഷകര്‍ ഈ രോഗം ശ്രദ്ധിച്ചിരുന്നു. എന്നാല്‍, 1997ലാണ് രോഗകാരണമായ എച്ച്5എന്‍1 വൈറസിനെ ചൈനയില്‍വെച്ച് കണ്ടത്തെുന്നത്. അതേ വര്‍ഷം ചൈനയിലെ വളര്‍ത്തുകോഴികളില്‍ വ്യാപകമായ രീതിയില്‍ ഈ രോഗം ബാധിക്കുകയുണ്ടായി. 14 ലക്ഷം കോഴികളെയാണ് അപ്പോള്‍ ചൈനീസ് അധികൃതര്‍ കൊന്നൊടുക്കിയത്. സാധാരണഗതിയില്‍ മനുഷ്യരെ ബാധിക്കില്ളെങ്കിലും 18 ആളുകള്‍ക്കും ഈ രോഗം ബാധിച്ചതായി കണ്ടത്തെുകയുണ്ടായി. അവരില്‍ ആറുപേര്‍ മരിക്കുകയും ചെയ്തു. 2003ലാണ് ഈ രോഗം കൂടുതല്‍ വ്യാപ്തിയില്‍ ആഞ്ഞടിച്ചത്. ചൈന, വിയറ്റ്നാം, തെക്കന്‍ കൊറിയ, തായ്ലന്‍ഡ്, ജപ്പാന്‍ തുടങ്ങിയ രാജ്യങ്ങളിലെല്ലാം പടര്‍ന്നുപിടിച്ചു. തുടര്‍ന്ന് കോടിക്കണക്കിന് കോഴികളെ ചുട്ടുകൊന്നു. എന്നാല്‍, മനുഷ്യരെ അപൂര്‍വമായി മാത്രമേ ബാധിച്ചിരുന്നുള്ളൂ. തായ്ലന്‍ഡില്‍ 2003ല്‍ രണ്ടു മരണവും റിപ്പോര്‍ട്ട് ചെയ്തു.

പലപ്പോഴായി ഏഷ്യ, ആഫ്രിക്ക, യുറോപ്പ് എന്നീ ഭൂഖണ്ഡങ്ങളിലെ 40ഓളം രാജ്യങ്ങളെ ഈ രോഗം പിടികൂടിയതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നുണ്ട്. എന്നാല്‍, വിചിത്രമായ കാര്യം രോഗം വ്യാപിച്ച പ്രദേശങ്ങളിലൊന്നും ദേശാടനപ്പക്ഷികളുടെ കൂട്ടമരണം റിപ്പോര്‍ട്ട് ചെയ്തതായി കാണുന്നില്ല. എന്താണ് അതിനര്‍ഥം. രോഗഹേതുക്കളായ വൈറസുകള്‍ ചുമക്കുന്നവര്‍ മാത്രമാണോ ഈ പക്ഷികള്‍? അങ്ങനെയെങ്കില്‍ ആ വൈറസുകളെ രോഗാവസ്ഥയിലത്തെിക്കാതെ പ്രതിരോധിക്കാനുള്ള ശേഷി ഈ പക്ഷികള്‍ക്കുണ്ടെന്നും സമ്മതിക്കേണ്ടിവരുമല്ളോ. കൃത്രിമഭക്ഷണം നല്‍കി, കൃത്രിമമായ അന്തരീക്ഷത്തിലോ മലിനമായ സാഹചര്യങ്ങളിലോ വളര്‍ത്തപ്പെടുന്ന പക്ഷികള്‍ക്ക് ഇത്തരത്തില്‍ പ്രതിരോധശേഷിയുണ്ടാവുക അസാധ്യമാണ്. അതുകൊണ്ട് വിശദമായ പഠനങ്ങള്‍ ഈ വിഷയത്തില്‍ നടക്കേണ്ടതുണ്ട്. കൊന്നൊടുക്കി രോഗനിര്‍മാര്‍ജനം ചെയ്യുകയെന്നത് ശാസ്ത്രീയമായ പ്രതിവിധിയല്ല.
 

ആസൂത്രണ കമീഷന് ആത്മശാന്തി

Posted: 08 Dec 2014 05:55 PM PST

Image: 

ആസൂത്രണ കമീഷന്‍ നിര്‍ത്തലാക്കി ‘നീതി ആയോഗ്’ കൊണ്ടുവരുന്നു എന്നമോദിയുടെ പ്രസ്താവന അപ്രതീക്ഷിതമായിരുന്നില്ല. കമീഷന്‍ കാലഹരണപ്പെട്ടെന്നും അതു പിരിച്ചുവിടുമെന്നും ആര്‍.എസ്.എസ്-ബി.ജെ.പി സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയപ്പോള്‍തന്നെ പ്രഖ്യാപിച്ചിരുന്നതാണ്. സാമ്പത്തിക മാനേജ്മെന്‍റില്‍ വിശേഷിച്ചും, സാമ്പത്തികഘടനയില്‍ പൊതുവെയും നവലിബറല്‍ മൂല്യങ്ങളില്‍ മാത്രം അധിഷ്ഠിതമായ ഹിന്ദുത്വഅജണ്ടകള്‍ ശക്തമായി കൊണ്ടുവരാന്‍ നീക്കം നടക്കുന്നതിന്‍െറ പശ്ചാത്തലത്തിലാണ്  ഈ തീരുമാനം ഉണ്ടായിരിക്കുന്നത് എന്ന് ശ്രദ്ധിക്കപ്പെടേണ്ടതാണ്. ഒരു ഭൂതാതുരത്വവും സൃഷ്ടിക്കാതെ ഇങ്ങനെ നമ്മുടെ രാജ്യത്തില്‍നിന്നും മനസ്സില്‍നിന്നും ഒഴിഞ്ഞുപോകേണ്ട സ്ഥാപനമാണോ ആസൂത്രണ കമീഷന്‍?

സ്വാതന്ത്ര്യം നേടിയ കാലത്തെ സാമ്പത്തികനയത്തിന്‍െറ അനിവാര്യ ഭാഗമായാണ് ആസൂത്രണകമീഷന്‍ നിലവില്‍വന്നത്. കൊളോണിയല്‍ വാഴ്ചയില്‍ ആകെ തകര്‍ന്നുപോയ സമ്പദ്വ്യവസ്ഥയെ അര്‍ധ ഫ്യൂഡല്‍ മുതലാളിത്ത ചട്ടക്കൂടില്‍നിന്നുകൊണ്ട് എങ്ങനെ പുനര്‍നിര്‍മിക്കാം എന്ന വെല്ലുവിളി ഇന്ത്യന്‍ ഭരണകൂടം നേരിട്ടതിന്‍െറ ബാക്കിപത്രമായിരുന്നു ആസൂത്രണകമീഷനും പഞ്ചവത്സര പദ്ധതികളും. പൂര്‍ണമായും വിപണിയുടെ അധീശത്വമുള്ള ഒരു സമ്പദ്വ്യവസ്ഥ ആഭ്യന്തരകമ്പോളം വികസിക്കുന്നതിന് കാലതാമസമുണ്ടാക്കും എന്ന ബോധം ഇന്ത്യന്‍ മൂലധനത്തിനും ഉണ്ടായിരുന്നു എന്നതാണ് പരമാര്‍ഥം. ആ അര്‍ഥത്തില്‍ അന്നത്തെ മുതലാളിത്ത പൊതുസമ്മിതിയുടെ ഭാഗമായിരുന്നു ആ നീക്കം.
എന്നാല്‍, ഇന്ന് തിരിഞ്ഞുനോക്കുമ്പോള്‍ ആസൂത്രണത്തിന്‍െറ ആദ്യദശകങ്ങള്‍ അന്ന് കമ്യൂണിസ്റ്റുകാരും മറ്റും കരുതിയിരുന്നതുപോലെ തികച്ചും മൂലധന താല്‍പര്യങ്ങള്‍ക്കുവേണ്ടി മാത്രം കൊണ്ടുവന്നതായിരുന്നു എന്നു വിശ്വസിക്കുന്നതിനു ബുദ്ധിമുട്ടുണ്ട്. ഇറക്കുമതി നിയന്ത്രണം എന്നത് ഒരു ചെറിയ കാര്യമായിരുന്നില്ല. അകത്തും പുറത്തുമുള്ള വ്യാപാരസമ്മര്‍ദങ്ങളെ അതിനു ചെറുക്കേണ്ടി വന്നിട്ടുണ്ട്. അനവധി നിയന്ത്രണങ്ങള്‍ വ്യാവസായികമേഖലയില്‍ ഉണ്ടായിരുന്നു. ഇത്തരം നിയന്ത്രണങ്ങള്‍ ഇല്ലാതെ ആസൂത്രണം അതിന്‍െറ ആത്യന്തികമായ അര്‍ഥത്തില്‍ സാധ്യമല്ല. സ്വകാര്യവിപണിയില്‍ എന്ത്, എത്രമാത്രം ഉല്‍പാദിപ്പിക്കപ്പെടണം എന്നത് ഭരണകൂടത്തിനു നിശ്ചയിക്കാന്‍ കഴിയുമ്പോള്‍ മാത്രമേ ആസൂത്രണം എന്ന പ്രക്രിയക്ക് പ്രസക്തി ഉണ്ടാവുന്നുള്ളൂ. ഇത്തരം വലിയ ഉത്തരവാദിത്തങ്ങള്‍ ഉണ്ടായിരുന്ന സ്ഥാപനമായിരുന്നു ആദ്യകാലത്തെ ആസൂത്രണ കമീഷന്‍.

ജോസഫ് സ്റ്റാലിന്‍ സോവിയറ്റ് യൂനിയനില്‍ നടപ്പാക്കിയ പഞ്ചവത്സരപദ്ധതിയുടെ മാതൃകയിലാണ് ഇന്ത്യയിലും ആസൂത്രണ സംവിധാനങ്ങള്‍ ആരംഭിച്ചത്. ആദ്യത്തെ മൂന്നു പഞ്ചവത്സരപദ്ധതികളും അടിസ്ഥാനവികസനത്തിനു ഊന്നല്‍നല്‍കുന്ന സാമ്പത്തിക വളര്‍ച്ചാ മാതൃകകളെ പിന്തുടര്‍ന്നിരുന്നു.

ഇന്ത്യയിലെ ആസൂത്രണത്തിന്‍െറ സമ്പദ്ശാസ്ത്രം തുടക്കംമുതല്‍തന്നെ മൃദുമാര്‍ക്സിസ്റ്റ് സമീപനം പുലര്‍ത്തുന്നതായിരുന്നു. നവകെയ്നീഷ്യന്‍ വളര്‍ച്ചാ മാതൃകകള്‍ (റോയ് ഹരോഡ്, ഈവ്സി ഡോമര്‍ തുടങ്ങിയവരുടേത്) ആയിരുന്നു ആദ്യ പഞ്ചവത്സരപദ്ധതി സ്വീകരിച്ചതെങ്കില്‍ കുറെക്കൂടി മാര്‍ക്സിസ്റ്റ് ഉള്ളടക്കമുള്ള മാതൃകയായിരുന്നു  രണ്ടാംപദ്ധതിയുടേത്.  അതിനായി പ്രശാന്തചന്ദ്ര മഹാല നോബീസ് എന്ന ഗണിതശാസ്ത്രജ്ഞന്‍ ആവിഷ്കരിച്ച ചട്ടക്കൂട് യാദൃശ്ചികമായിട്ടാണെങ്കിലും സോവിയറ്റ് സമ്പദ്ശാസ്ത്രജ്ഞന്‍ ഫെല്‍ദ്മാന്‍ 1928ല്‍ ആവിഷ്കരിച്ച മാര്‍ക്സിസ്റ്റ് മാതൃകക്ക് സമാനമായിരുന്നു. പൊതുമേഖലയുടെ വികാസവും ക്ഷേമരാഷ്ട്രസങ്കല്‍പവും, കാര്‍ഷികവ്യാവസായിക വികസനവും, സ്വാശ്രയത്വ പരീക്ഷണവും കൂടിക്കലര്‍ന്ന മിശ്രസമ്പദ്വ്യവസ്ഥയുടെ ഒരു പ്രത്യയശാസ്ത്രം ഇന്ത്യന്‍ ആസൂത്രണത്തിന്‍െറ അന്ത$സത്തയായി അക്കാലത്ത് നിലകൊണ്ടു.

മൂന്നാം പദ്ധതിയുമായി ബന്ധപ്പെട്ട് പിന്നീട് കെ.എന്‍. രാജുവും അമര്‍ത്യാസെന്നും കൂടി രൂപംകൊടുത്ത സാമ്പത്തികസമീപനവും (രാജ്-സെന്‍ മാതൃക) ഒരു വലിയ പരിധിവരെ ഈ മാര്‍ക്സിസ്റ്റ് മാതൃകയെ പിന്തുടരുന്നതായിരുന്നു. ’60കളില്‍ വലതുപക്ഷ വ്യതിയാനത്തിന്‍െറ ആരോപണങ്ങള്‍ക്കിടയിലും കേന്ദ്രഭരണകൂടം പൊതുവേ പിന്തുടര്‍ന്നിരുന്നത് ഇന്നു സങ്കല്‍പിക്കാന്‍പോലും കഴിയാത്ത മുതലാളിത്തവിരുദ്ധ നടപടികളായിരുന്നു. കുത്തക നിയന്ത്രണ നിയമവും മറ്റും മൂര്‍ച്ച കൂട്ടിയതും ഇക്കാലത്താണ്. ഈ നയങ്ങളാണ് മൊറാര്‍ജി  ദേശായിയെയും മറ്റും കോണ്‍ഗ്രസില്‍നിന്ന് അകറ്റിയതും ജയപ്രകാശ് നാരായണും ആര്‍.എസ്.എസും  സി.പി.എമ്മും ഒക്കെയായി ചേര്‍ന്ന് വിശാല കോണ്‍ഗ്രസ് വിരുദ്ധചേരി രൂപവത്കരിക്കാന്‍  പ്രേരിപ്പിച്ചതും. ബാങ്കുകളുടെ ദേശസാത്കരണം, ഫ്യൂഡല്‍ പ്രീവിപ്പേഴ്സ് നിര്‍ത്തലാക്കിയ നിയമനിര്‍മാണം, കുത്തകനിയന്ത്രണം തുടങ്ങിയ നയങ്ങള്‍ തികഞ്ഞ ‘വലതുപക്ഷ മൂരാച്ചി’ എന്ന് നിസ്സംശയം വിളിക്കാവുന്ന മൊറാര്‍ജി ദേശായിയേയും മറ്റു സംഘടനാ കോണ്‍ഗ്രസുകാരേയും ചൊടിപ്പിച്ചിരുന്നു. മൊറാര്‍ജി ദേശായിയില്‍നിന്ന് ധനകാര്യവകുപ്പ് പിടിച്ചുവാങ്ങിയാണ് ഇന്ദിര ഗാന്ധി ബാങ്ക് ദേശസാത്കരണം നടപ്പിലാക്കിയത്. തുടര്‍ന്ന്, അപമാനിതനായി അദ്ദേഹം പുറത്തുപോവുകയായിരുന്നു. അദ്ദേഹത്തെ ധനകാര്യവകുപ്പില്‍നിന്ന് മാറ്റിയാല്‍ മാത്രമേ ബാങ്ക് ദേശസാത്കരണം നടക്കൂയെന്ന് ഇന്ദിര ഗാന്ധിക്ക് ബോധ്യമായിരുന്നു. മൊറാര്‍ജിയുടെയും കൂട്ടരുടെയും വിശാലമുന്നണി ’70കളില്‍ ശക്തമാവുകയും ഗുജറാത്തില്‍ അടിയന്തരാവസ്ഥക്കു തൊട്ടുമുമ്പും കേന്ദ്രത്തില്‍ അടിയന്തരാവസ്ഥക്കു ശേഷവും അധികാരത്തില്‍ വരുകയും ചെയ്തു. സി.പി.ഐയുമായി കോണ്‍ഗ്രസിന് നല്ല ബന്ധമാണ് ഉണ്ടായിരുന്നതെങ്കിലും ദേശീയതലത്തില്‍ ഈ സഖ്യം ഇല്ലാതായതായി ഞാന്‍ വായിച്ചത് ഫോറിന്‍ അഫയേഴ്സ് മാസികയുടെ 1977  ജൂലൈ ലക്കത്തില്‍ ലോയിഡ് റുഡോള്‍ഫും സൂസന്ന റുഡോള്‍ഫും ചേര്‍ന്നെഴുതിയ Election: Backing into the Future എന്ന ലേഖനത്തിലാണ്. ’77ലെ കോണ്‍ഗ്രസിന്‍െറ പരാജയത്തിനുള്ള കാരണമായി  സി.പി.ഐ-കോണ്‍ഗ്രസ് ബന്ധം തകര്‍ന്നതും മുസ്ലിം, ദലിത് രാഷ്ട്രീയം കോണ്‍ഗ്രസിനെ കൈവിട്ടതും ഇവര്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.     

ജനതാ പാര്‍ട്ടിയുടെ വരവിനുമുമ്പ് അടിയന്തരാവസ്ഥക്കാലത്തുതന്നെ ഉദാരവത്കരണ നയങ്ങളിലേക്ക് ഇന്ത്യ വഴുതിവീണിരുന്നു. ജനതാഭരണവും തുടര്‍ന്നുള്ള രാഷ്ട്രീയമാറ്റങ്ങളും ഇന്ദിര ഗാന്ധിയുടെ തിരിച്ചുവരവും മരണവും രാജീവ്ഭരണവും ഇന്ത്യയില്‍ ലോകബാങ്കിന്‍െറ പിടിമുറുക്കി. നവലിബറല്‍ നയങ്ങളുടെ പരീക്ഷണഭൂമിയായി ഇന്ത്യ വളരെ പെട്ടെന്നാണ് മാറിയത്.

നവലിബറല്‍ നയങ്ങള്‍ അടിസ്ഥാന സാമ്പത്തിക സമീപനമായി മാറുന്ന സാഹചര്യത്തില്‍ ക്രമേണ അസൂത്രണത്തിനും ആസൂത്രണ കമീഷനുതന്നെയും പ്രാധാന്യം നഷ്ടപ്പെടുകയായിരുന്നു. സ്വകാര്യമേഖലയെ നിയന്ത്രിക്കാനുള്ള ഭരണകൂടത്തിന്‍െറ അധികാരങ്ങള്‍ ഓരോന്നായി ‘ലൈസന്‍സ് രാജ്’ അവസാനിപ്പിക്കല്‍ എന്ന മുദ്രാവാക്യത്തിന്‍െറ മറവില്‍ എടുത്തുകളയുകയായിരുന്നു. ഭരണകൂടത്തിനു വിപണിക്കുമേല്‍ നിയന്ത്രണം നഷ്ടപ്പെട്ടുകഴിഞ്ഞാല്‍ പിന്നെ ആസൂത്രണം അപ്രസക്തമാവുന്നു. ആസൂത്രണം എല്ലാ അര്‍ഥത്തിലും സാമ്പത്തിക പ്രശ്നങ്ങള്‍ക്കുള്ള പരിഹാരമാണെന്ന് ഇവിടെ വിവക്ഷയില്ല. അന്തരിച്ച വി.ആര്‍. കൃഷ്ണയ്യര്‍ ’60കളില്‍ സോവിയറ്റ് യൂനിയന്‍ സന്ദര്‍ശിച്ചശേഷം എഴുതിയ പുസ്തകത്തില്‍ ആസൂത്രണം അവിടെ അപ്പാടെ പരാജയപ്പെടുന്നതിന്‍െറ സൂചനകള്‍ നല്‍കുന്നുണ്ട്. മോസ്കോ നഗരത്തില്‍ ആണികള്‍ ലഭിക്കാതെ ആളുകള്‍ ബുദ്ധിമുട്ടുന്ന കാര്യം സൂചിപ്പിച്ച് അദ്ദേഹം എഴുതിയത് സ്പുട്നിക്കുകള്‍ ഉണ്ടാക്കുന്ന രാജ്യം ആണികള്‍ ഉണ്ടാക്കാന്‍ മറക്കുന്നത് എന്തുകൊണ്ട് എന്നായിരുന്നു. അടിസ്ഥാന ദൗര്‍ലഭ്യങ്ങള്‍ തിരിച്ചറിയാനോ പരിഹരിക്കാനോ കഴിയാതെ ആസൂത്രണസംവിധാനം ജീര്‍ണിച്ചിരുന്നു.
ബ്യൂറോക്രസിയുടെ ആധിപത്യത്തില്‍ കേവലമായ ഒരനുഷ്ഠാനമാവുകയും സാമ്പത്തിക ജൈവോര്‍ജം  നഷ്ടപ്പെടുകയും ചെയ്യുമ്പോള്‍ ആസൂത്രണം പ്രത്യയശാസ്ത്രപരമായി പരാജയപ്പെടുന്നു. അത്തരത്തില്‍ തോല്‍പിക്കപ്പെട്ടവ കൂടിയാണ് ഇന്ത്യയിലെയും സോവിയറ്റ് യൂനിയനിലെതന്നെയും ആസൂത്രണ പരീക്ഷണങ്ങള്‍ എന്നതു വിസ്മരിക്കുന്നില്ല. ഈ പരാജയങ്ങള്‍ പലപ്പോഴും നവലിബറല്‍നയങ്ങള്‍ അടിച്ചേല്‍പിക്കാനുള്ള നീതിമത്കരണമായി അവതരിപ്പിക്കപ്പെട്ടിട്ടുമുണ്ട്.

പടിപടിയായി അപ്രസക്തമാക്കപ്പെട്ടതാണ് ഇന്ത്യയിലെ ആസൂത്രണപ്രക്രിയയും അതിനു ചുക്കാന്‍ പിടിച്ചിരുന്ന ആസൂത്രണ കമീഷനും എന്നത് ഹിന്ദുത്വ പരിവാറിന്‍െറ സാമ്പത്തിക  ആശയങ്ങള്‍ നടപ്പിലാക്കാനുള്ള മുന്നോടിയായി കമീഷനെ ഉന്മൂലനം ചെയ്യാന്‍  ഒരുങ്ങുന്ന മോദിക്ക് തുണയാവുകയാണ്. ആരും ശക്തമായി എതിര്‍ക്കാനില്ലാതെ രാജ്യത്തിന്‍െറ സാമ്പത്തിക പ്രക്രിയയില്‍ നിര്‍ണായകസ്ഥാനം വഹിച്ച ഒരു സ്ഥാപനം ഇല്ലാതാക്കപ്പെടുകയാണ്. ഹിന്ദുത്വത്തിന്‍െറ സാമ്പത്തിക അജണ്ടയില്‍ ആദ്യയിനമായി ഉപേക്ഷിക്കപ്പെടുമ്പോള്‍ ആരും ഒരു ഭൂതാതുരത്വവും അനുഭവിക്കാന്‍ ഇടയില്ലാത്തത്ര അന്യമായി കഴിഞ്ഞിരിക്കുന്നു ആസൂത്രണ സംവിധാനം എന്നത് മാറുന്ന കാലത്തിന്‍െറ ഒരടയാളം കൂടിയാണ്. എങ്കിലും, സിവില്‍ സമൂഹസംഘടനകള്‍ക്കും  അവശേഷിക്കുന്ന കോണ്‍ഗ്രസിനും കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്കും  ഈ നടപടിയെ  തുറന്നെതിര്‍ക്കാനും പാര്‍ലമെന്‍റിലും പുറത്തും ചര്‍ച്ച ആവശ്യപ്പെടാനും പ്രത്യയശാസ്ത്രപരമായും രാഷ്ട്രീയമായും ബാധ്യതയുണ്ട് എന്നു ഞാന്‍ വിശ്വസിക്കുന്നു.

ആസൂത്രണ വിരോധത്തിലെ ആസൂത്രണമെന്ത്?

Posted: 08 Dec 2014 05:48 PM PST

Image: 

ആസൂത്രണ കമീഷന്‍ പിരിച്ചുവിട്ട് ബദല്‍ സംവിധാനം ഏര്‍പ്പെടുത്താനുള്ള തന്‍െറ തീരുമാനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി മുന്നോട്ടുപോവുകയാണ്. ഇക്കാര്യത്തില്‍ തുടര്‍നടപടികള്‍ക്കായി വിളിച്ചുചേര്‍ത്ത മുഖ്യമന്ത്രിമാരുടെ യോഗത്തില്‍ സമവായമുണ്ടായില്ല. കൂടുതല്‍ ചര്‍ച്ചകള്‍ നടത്തുമെന്ന് ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി അറിയിച്ചിട്ടുണ്ട്. ബി.ജെ.പി മുഖ്യമന്ത്രിമാര്‍ പ്രധാനമന്ത്രിയെ പിന്താങ്ങുമ്പോള്‍ കോണ്‍ഗ്രസ് മുഖ്യമന്ത്രിമാര്‍ പൊതുവെ എതിര്‍ക്കുന്നു. വേണ്ടത്ര മുന്നാലോചനയില്ലാതെയാണ് ആസൂത്രണ കമീഷന്‍ ഇല്ലാതാക്കാനുള്ള തീരുമാനം മോദി എടുത്തതെന്ന ആക്ഷേപം നിലനില്‍ക്കുന്നു. അതേസമയം, ആസൂത്രണ കമീഷന്‍െറ പ്രസക്തി നഷ്ടപ്പെട്ടു എന്നാണ് സര്‍ക്കാറിന്‍െറ വാദം. ഇതിനു തെളിവായി മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിന്‍േറതായി മോദി എടുത്തുകാട്ടിയ പ്രസ്താവന തെറ്റായ ഉദ്ധരണിയാണെന്ന് ഇതിനകം തെളിഞ്ഞുകഴിഞ്ഞിട്ടുണ്ട്. ഒരു ഭാഗത്ത് കോണ്‍ഗ്രസിന്‍േറതായ അടയാളങ്ങള്‍ മായ്ച്ചുകളയാനുള്ള മോദിയുടെ നീക്കങ്ങള്‍; മറുഭാഗത്ത് ‘നെഹ്റു തുടങ്ങിവെച്ച’ ആസൂത്രണ കമീഷനോട് കോണ്‍ഗ്രസ് കാണിക്കുന്ന വൈകാരികാഭിനിവേശം. രണ്ടിലും മുന്നിട്ടുനില്‍ക്കുന്നത് രാജ്യതാല്‍പര്യമോ ജനക്ഷേമമോ അല്ല; വസ്തുത പോലുമല്ല. ഇന്ത്യയിലെ ആദ്യ ദേശീയ ആസൂത്രണ കമ്മിറ്റിയുടെ അധ്യക്ഷന്‍ നെഹ്റുവായിരുന്നെങ്കിലും ആസൂത്രണ കമീഷന്‍ എന്ന ആശയം ആദ്യമായി മുന്നോട്ടുവെച്ചത് സുഭാഷ് ചന്ദ്രബോസാണ് -1938ല്‍. നെഹ്റുവിനു പുറമെ ഡി.ആര്‍. ഗാഡ്ഗില്‍, ടി.ടി. കൃഷ്ണമാചാരി, അശോക്മത്തേ, മധുദന്തവതെ തുടങ്ങിയ അതികായന്മാന്‍ അതിനെ കക്ഷി രാഷ്ട്രീയത്തിനതീതമായ ഒരു സംവിധാനമായി കാണുകയും അപ്രകാരം അതിനെ നയിക്കുകയും ചെയ്തു. ആസൂത്രണ കമീഷന്‍െറ പ്രവര്‍ത്തനം തുടക്കത്തില്‍ സ്വതന്ത്രവും ഫലപ്രദവുമായിരുന്നു. 1970കള്‍ക്ക് ശേഷം ഉപാധ്യക്ഷന്മാര്‍ പലരും സര്‍ക്കാറിന്‍െറ കീഴുദ്യോഗസ്ഥരെപ്പോലെ വര്‍ത്തിച്ചു എന്നത് നേരാണ്. നവസാമ്പത്തിക നയങ്ങള്‍ വന്നതോടെ അതൊരു ശല്യമായി കണ്ട പശ്ചാത്തല ശക്തികളും ഉണ്ട്.

എന്നാല്‍, കമീഷന്‍െറ പ്രസക്തി ഒരിക്കല്‍പോലും സാമ്പത്തിക-രാഷ്ട്രീയ വിദഗ്ധരാരും ചോദ്യം ചെയ്തിട്ടില്ല. കമീഷന്‍ തങ്ങള്‍ക്കായി അംഗീകരിച്ച വാര്‍ഷിക പദ്ധതി ഏതെങ്കിലുമൊരു സംസ്ഥാനം തള്ളിയ ഒറ്റ സംഭവവുമുണ്ടായിട്ടില്ല. അതിന്‍െറ പ്രവര്‍ത്തനത്തിലെ വീഴ്ചകളും പോരായ്മകളും തിരുത്തുന്നതിനു പകരം കമീഷനേ വേണ്ടെന്ന് തീരുമാനിക്കാന്‍ പ്രധാനമന്ത്രിയെ പ്രേരിപ്പിച്ചത് എന്താണ്? ആസൂത്രണ കമീഷന്‍െറ പ്രവര്‍ത്തനരീതിമാറ്റണമെന്നു പറയുന്നതും കമീഷന്‍ തന്നെ വേണ്ടെന്നു പറയുന്നതും ഒരുപോലെയല്ലല്ളോ. തലവേദനയുണ്ടെന്നു വെച്ച് തലവെട്ടിക്കളയുകയോ എന്ന പഴയ ചോദ്യം ഉയര്‍ത്തേണ്ടിവരുന്നു. എല്ലാ സംസ്ഥാനങ്ങള്‍ക്കും ഒരേ മൂശയിലുള്ള ആസൂത്രണരേഖയാണ് കമീഷന്‍ തയാറാക്കുന്നത് എന്നതാണ് ഒരു വാദം. ഇത് അനുചിതമാണെങ്കില്‍, ആസൂത്രണരേഖ തയാറാക്കുന്നിടത്താണ് തിരുത്തുവേണ്ടത്. കമീഷനെക്കുറിച്ച് ഉയര്‍ന്ന മറ്റൊരു വിമര്‍ശം അതിന് പ്രവര്‍ത്തനസ്വാതന്ത്ര്യം വേണ്ടത്രയില്ല എന്നതായിരുന്നു. ഭരണഘടനാപദവി നല്‍കുകയായിരുന്നു അതിനുള്ള പരിഹാരം. വാസ്തവത്തില്‍ ഇപ്പോള്‍ കേന്ദ്രം കൊണ്ടുവരാന്‍പോകുന്ന സംവിധാനം ഫെഡറല്‍ സംവിധാനത്തെയും ആ സംവിധാനത്തിന്‍െറ സ്വതന്ത്രസ്വഭാവത്തെയും എങ്ങനെയാണ് പുഷ്ടിപ്പെടുത്തുകയെന്ന് വ്യക്തമാക്കപ്പെട്ടിട്ടില്ല. വിഭവ-ആസൂത്രണ കേന്ദ്രീകരണത്തിന്‍െറ പ്രതിലോമപരമായ ഒരുരീതിയാണ് വരാന്‍ പോകുന്നത് എന്ന ആശങ്ക അസ്ഥാനത്തല്ല. സാമ്പത്തിക വീതംവെപ്പ് കേന്ദ്രസര്‍ക്കാറിനെമാത്രം ആശ്രയിച്ചുള്ളതും അതുതന്നെ ധനമന്ത്രാലയത്തില്‍ കേന്ദ്രീകൃതമാകുന്നതും, അങ്ങനെ പ്രധാനമന്ത്രിയാല്‍ ഏകപക്ഷീയമായി നിയന്ത്രിക്കപ്പെടുന്നതുമായി മാറുമെന്നുപോലും ഉത്കണ്ഠപ്പെടുന്നവരുണ്ട്.

പുതിയ ലിബറല്‍ സാമ്പത്തിക കാലാവസ്ഥയുടെ പശ്ചാത്തലത്തില്‍ ഇത്തരം കേന്ദ്രീകരണം സൃഷ്ടിക്കുന്ന അപകടം വലുതാണ്. ആസൂത്രണ കമീഷന്‍ മാത്രമല്ല, ആസൂത്രണം തന്നെ വേണ്ട എന്ന കാഴ്ചപ്പാട് പുതിയനീക്കത്തിനു പിന്നിലുണ്ട് എന്നു സംശയിക്കണം. വാസ്തവത്തില്‍ പഞ്ചവത്സരപദ്ധതികള്‍ മുഖേന വരുമാനം പങ്കുവെക്കുകമാത്രമല്ല ആസൂത്രണ കമീഷന്‍ ചെയ്തുവന്നിട്ടുള്ളത്. രാജ്യത്തിന്‍െറ മൊത്തം സാമ്പത്തിക വികസനത്തിന് കാലാനുസൃതമായ ചട്ടക്കൂട് രൂപപ്പെടുത്തി വന്നത് കമീഷനാണ്. വിശാലമായ ആസൂത്രണത്തിനു വിധേയമായി വിഭവം നീക്കിവെക്കുന്നതില്‍ കേന്ദ്രമന്ത്രാലയങ്ങള്‍ക്കിടയിലും കേന്ദ്ര സംസ്ഥാനങ്ങള്‍ക്കിടയിലും മധ്യവര്‍ത്തിയായിരുന്നതും കമീഷന്‍തന്നെ. മാത്രമല്ല, സര്‍ക്കാറില്‍നിന്ന് സ്വതന്ത്രമായി നിലകൊണ്ട് പദ്ധതി നടത്തിപ്പിലെ കുതിപ്പും കിതപ്പും വീഴ്ചയും വിലയിരുത്താനും തിരുത്താനും ശേഷിയും അധികാരവും സ്വതന്ത്രമായ ആസൂത്രണ കമീഷനിലാണ് നിക്ഷിപ്തമാകേണ്ടത്. ജനകീയ വികസനത്തിന്‍െറ കാര്യത്തില്‍ രാജ്യത്തിന്‍െറ മനസ്സാക്ഷിതന്നെയാവും, അധികാരവും പ്രവര്‍ത്തനസ്വാതന്ത്ര്യവുമുള്ള ആസൂത്രണ കമീഷന്‍. അതിനെ ഇല്ലാതാക്കാന്‍ ആരുടെയൊക്കെയോ തോന്നലും താല്‍പര്യവും പോരാ. പകരമെന്ത് എന്നതു സംബന്ധിച്ച് കൃത്യതയും വ്യക്തതയും സമവായവും ഉണ്ടായതിന് ശേഷം മാത്രം തുടങ്ങേണ്ടതായിരുന്നു ആസൂത്രണ കമീഷന്‍ പിരിച്ചുവിടുന്നതു സംബന്ധിച്ച ആലോചനപോലും.

No comments:

Post a Comment

english malayalam dictionary

വിരുന്നുകാര്...

poomottu

Dsgd: by ASLAM PADINHARAYIL

Back to TOP