സ്വാഗതം
WELCOME

News Update..

Tuesday, December 16, 2014

ഇറ്റാലിയന്‍ നാവികരുടെ ഹരജി സുപ്രീംകോടതി തള്ളി Madhyamam News Feeds

ഇറ്റാലിയന്‍ നാവികരുടെ ഹരജി സുപ്രീംകോടതി തള്ളി Madhyamam News Feeds

Link to

ഇറ്റാലിയന്‍ നാവികരുടെ ഹരജി സുപ്രീംകോടതി തള്ളി

Posted: 16 Dec 2014 12:22 AM PST

Image: 

ന്യൂഡല്‍ഹി: രണ്ട് മാസം കൂടി ഇറ്റലിയില്‍ തുടരാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് കടല്‍ക്കൊലക്കേസ് പ്രതിയായ ഇറ്റാലിയന്‍ നാവികന്‍ മാസിമിലാനോ ലാത്തോറെ സമര്‍പ്പിച്ച ഹരജി സുപ്രീംകോടതി തള്ളി. ഹൃദയശസ്ത്രക്രിയക്കായി ജാമ്യം നീട്ടിനല്‍കണമെന്നായിരുന്നു ലാത്തോറെയുടെ അപേക്ഷ. ക്രിസ്തുമസിന് നാട്ടില്‍ പൊകണമെന്ന മറ്റൊരു നാവികനായ സാല്‍വതോറെ ഗിരോണെയുടെ അപേക്ഷയും കോടതി തള്ളി. ചീഫ് ജസ്റ്റിസ് എച്ച്.എല്‍ ദത്തുവിന്‍െറ ബെഞ്ചാണ് ഹരജികള്‍ തള്ളിയത്. വെടിവെപ്പില്‍ മരിച്ചവര്‍ക്കും അവകാശങ്ങളുണ്ടെന്ന് അപേക്ഷ തള്ളിക്കൊണ്ട് ചീഫ് ജസ്റ്റിസ് പറഞ്ഞു.

2012ല്‍ കേരളാ തീരത്ത് രണ്ട് മീന്‍പിടിത്തക്കാരെ വെടിവെച്ച് കൊന്ന കേസ് അവസാനിച്ചിട്ടില്ലെന്ന് കോടതി പറഞ്ഞു. നിയമം എല്ലാവര്‍ക്കും ബാധകമാണ്. വിചാരണ കൃത്യമായി മുന്നോട്ടുപോകണമെന്നും കോടതി നിരീക്ഷിച്ചു.

കഴിഞ്ഞ സെപ്റ്റംബറിലാണ് മസ്തിഷ്കാഘാതത്തെത്തുടര്‍ന്ന് ഇറ്റലിയില്‍ പോകാന്‍ ലാത്തോറെയെ സുപ്രീംകോടതി അനുവദിച്ചത്. നാലു മാസം സമയം നല്‍കിയ കോടതി ജനുവരി 16ന് മടങ്ങിയത്തെണമെന്നാണ് നിര്‍ദേശം നല്‍കിയത്.

മുതിര്‍ന്ന അഭിഭാഷകന്‍ സോളി സൊറാബ്ജിയാണ് നാവികര്‍ക്ക് വേണ്ടി ഹാജരായത്. ജനുവരി എട്ടിന് ലാത്തോറെക്ക് ഹൃദയശസ്ത്രക്രിയയുണ്ടെന്നും മൂന്ന് മാസം കൂടി നീട്ടി നല്‍കണമെന്നുമാണ് സൊറാബ്ജി കോടതിയിയെ അറിയിച്ചത്. എന്നാല്‍ സമയം നീട്ടി നല്‍കാന്‍ കഴിയില്ലെന്ന് സൊറാബ്ജിയോട് ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. നാവികര്‍ക്ക് അവകാശങ്ങളുള്ളതുപോലെ ഇരകള്‍ക്കും അവകാശങ്ങളുണ്ട്. അന്വേഷണം പൂര്‍ത്തിയായിട്ടില്ല. കേസില്‍ കുറ്റപത്രംവരെ സമര്‍പ്പിച്ചിട്ടില്ല. ദയവായി അയാളോട് തിരിച്ചുവരാന്‍ ആവശ്യപ്പെടൂ ^കോടതി നിര്‍ദേശിച്ചു.

രാത്രിയിലെ നിശബ്ദതയില്‍ പറഞ്ഞ തുര്‍ക്കി കഥ

Posted: 16 Dec 2014 12:10 AM PST

Image: 
തുര്‍ക്കി സിനിമകള്‍ക്ക് മേളയില്‍ മികച്ച സ്വീകരണമാണ് ലഭിക്കുന്നത്. തുര്‍ക്കി സിനിമയായ ദ നൈറ്റ് ഓഫ് സൈലന്‍സ് കാണാനായി ഒന്നര മണിക്കൂറിലധികമാണ്  പലരും നട്ടുച്ചക്ക് ശ്രീകുമാര്‍ തിയേറ്ററിന് മുന്നില്‍ വരി നിന്നത്. വെയിലിന്റെ ചൂടില്‍ നിന്ന് രക്ഷ നേടാന്‍ പലരും തല ബാഗ് കൊണ്ട് മറച്ചു നില്‍കുന്ന കാഴ്ച ദൂരെ നിന്ന്് കാണുമ്പോള്‍ വരിയായി ബാഗുകള്‍ തൂക്കിയിട്ടിരിക്കുന്നത് പോലെയായിരുന്നു. 
 
റൈസ് സിലിക് സംവിധാനം ചെയ്ത നൈറ്റ് ഓഫ് സൈലന്‍സ് തുടക്കം മുതല്‍ അവസാനം വരെ കാണികളെ ചിരിപ്പിക്കുന്നതും അതിലുപരി ചിന്തിപ്പിക്കുന്നതുമായിരുന്നു. വൃദ്ധനായ ഒരാള്‍ കൗമാരക്കാരിയെ തുര്‍ക്കിയിലെ സാമ്പ്രദായിക രീതിയില്‍ വിവാഹം കഴിക്കുന്നു. അവരുടെ ആദ്യ രാത്രി സംഭവിക്കുന്ന കാര്യങ്ങളാണ് ചിതത്തിന്റെ ഇതിവൃത്തം. ജയിലില്‍ നിന്ന്് ഈയിടെ പുറത്തിറങ്ങിയതായിരുന്നു വൃദ്ധനായ അയാള്‍. അയാളുടെ കൂടെ കിടക്കാനുള്ള ഭയം കാരണം അവള്‍ ഭര്‍ത്താവിന്റെ ശ്രദ്ധ തിരിക്കാനായി അയാളെ കൊണ്ട് കഥകള്‍ പറയിപ്പിക്കുന്നു. ഒരേ സമയം കുട്ടിത്തവും നിശ്കളങ്കതയുമുള്ള കൊച്ചു കുട്ടിയായ അവളുടെ കഥകള്‍ പറയാനും കഥകള്‍ കേള്‍ക്കാനുമുള്ള താല്‍പര്യത്തിനു മുന്നില്‍ അയാള്‍ പകച്ചുപോകുന്നു. എങ്ങിനെയും അവളെ കിടത്തുന്നതിനായി അവള്‍ പറയുന്ന കാര്യങ്ങളെല്ലാം അയാള്‍ ചെയ്തു കൊടുക്കുന്നു. കുട്ടിയെ പോലെ ആ വൃദ്ധന്‍ അവളോടൊപ്പം കളിക്കാന്‍ വരെ ശ്രമിക്കുന്നു. എന്നാല്‍ അവളാകട്ടെ കിടക്കാതിരിക്കാന്‍ പുതിയ പുതിയ കാര്യങ്ങള്‍ പറഞ്ഞ് സമയം നീട്ടിക്കൊണ്ടുപോകുന്നു. പക്ഷേ വീട്ടില്‍ നിന്ന്് പറഞ്ഞ് കൊടുത്തത് പോലെ ഭര്‍ത്താവിന്റെ അടിമയെ പോലെ അയാളുടെ കാര്യങ്ങളെല്ലാം അവള്‍ ചെയ്തു കൊടുക്കുന്നുമുണ്ട്. അവരുടെ കഥപറച്ചിലും കളിയും പുലര്‍ച്ച വരെ തുടരുന്നു. പിറ്റേന്ന് പുലര്‍ച്ചെ രക്തം പുരണ്ട കിടക്ക വിരികാണുന്നതോടെയാണ് വിവാഹം ശുഭകരമായെന്നാണ് അവിടുത്തെ സമ്പ്രദായം. രാവിലെ ഇത് കാണാനായി വരുന്നവര്‍ എന്ത് വിചാരിക്കുമെന്ന്് കരുതി അവളെ എങ്ങിനെയും കിടത്താന്‍ അയാള്‍ അവള്‍ പറയുന്ന പലതും അനുസരിക്കുന്നു. എന്നാല്‍ അവള്‍ക്ക് അയാളുടെ മീശ ഭയമുള്ളത് കൊണ്ടാണ് കിടക്കാത്തത് എന്ന് പറയുന്നത് കേട്ട് അയാള്‍ പകച്ചുപോകുന്നു. എങ്കിലും അയാള്‍ മീശയും കളയുന്നു. എന്നാല്‍ മീശ പോയതോടെ അയാളുടെ പൗരുഷവും പോയെന്ന് അയാള്‍ക്ക് മനസ്സിലാകുന്നു. പുലര്‍ച്ചെ രക്്തംപുരണ്ട വിരിപ്പ് കാണാന്‍ വരുന്നവരുടെ മാനക്കേട് ഭയന്ന് അയാള്‍ വെടിവെച്ച് ആത്മഹത്്യ ചെയ്യുന്നു.
 
പുരുഷാധിപത്യത്തിന് കീഴിലെ സ്തരീകളുടെ അവസ്ഥയാണ് ചിത്രത്തിലുടെ സംവിധായകന്‍ പറയാന്‍ ശ്രമിച്ചത്. വിവാഹം ഒരു കമ്പോളമാണെന്നും അവിടെ പലപ്പോഴും സ്ത്രീകള്‍ ഒരു ചരക്ക് മാത്രമായി മാറുന്നു. സ്‌നേഹമോ പ്രണയമോ അല്ല മറിച്ച് കുടുംബത്തിന്റെ അന്തസ് കാത്തു സൂക്ഷിക്കുക എന്ന ഒരു ലക്ഷ്യം മാത്രമായി പലപ്പോഴും വിവാഹം മറുന്നു. തുര്‍ക്കി വിഭാഗത്തില്‍ നിറഞ്ഞ കയ്യടി നേടിയ ചിത്രമാണ് നൈറ്റ് ഓഫ് സൈലന്‍സ്.

ഐ.ടി തലസ്ഥാനത്ത് കുറ്റകൃത്യങ്ങള്‍ പെരുകുന്നു

Posted: 15 Dec 2014 11:21 PM PST

കഴക്കൂട്ടം: സംസ്ഥാനത്തെ ഐ.ടി കേന്ദ്രമായ കഴക്കൂട്ടത്ത് കുറ്റകൃത്യങ്ങള്‍ പെരുകുന്നു. ലക്ഷങ്ങളുടെയും കോടികളുടെയും തട്ടിപ്പുകള്‍ നടന്നതിന് പുറമെ, തൊഴില്‍ തട്ടിപ്പുകളും വ്യാപകമാണ്. അന്യസംസ്ഥാനക്കാര്‍ നടത്തുന്ന തട്ടിപ്പുകളും അന്യസംസ്ഥാന തൊഴിലാളികളെ തട്ടിപ്പിനിരയാക്കുന്നതും വ്യാപകമാണ്. പലപ്പോഴും ഇത്തരം കുറ്റകൃത്യങ്ങളില്‍ പ്രതികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരാന്‍ പൊലീസിനാകുന്നില്ല. അന്യസംസ്ഥാനത്തുനിന്ന് എത്തുന്ന തൊഴിലാളികള്‍ എത്ര എന്നതിന് കൃത്യമായ കണക്ക് അധികൃതരുടെ കൈവശമില്ല.
പ്രദേശത്ത് വന്‍ ഫ്ളാറ്റ്, വില്ല സമുച്ചയങ്ങള്‍ ഉയര്‍ന്നുപൊങ്ങുകയാണ്. ഫ്ളാറ്റുകളില്‍ പണിയെടുക്കുന്നതില്‍ 80 ശതമാനവും അന്യസംസ്ഥാനക്കാരാണ്. കൃത്യമായ രേഖകള്‍ നല്‍കി, അനുമതി തേടി പ്രദേശത്ത് തങ്ങുന്ന ഇത്തരം തൊഴിലാളികള്‍ ചുരുക്കമാണ്. കാര്യവട്ടത് ഉയരുന്ന ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ പണിയെടുക്കുന്ന തൊഴിലാളികളില്‍ ഏറെയും അന്യസംസ്ഥാന തൊഴിലാളികളാണ്.
മിക്കവര്‍ക്കും മികച്ച ശമ്പളമോ താമസസൗകര്യമോ നല്‍കാന്‍ തൊഴിലുടമകള്‍ തയാറായിട്ടില്ല. തൊഴിലാളികള്‍ക്ക് മാസങ്ങളോളം ശമ്പളം നല്‍കാത്ത അവസ്ഥയുണ്ട്. പൊലീസില്‍ പരാതി നല്‍കിയാലും നടപടി ഉണ്ടാകാറില്ളെന്ന് ആരോപണമുണ്ട്. അന്യസംസ്ഥാന തൊഴിലാളികള്‍ക്കിടയില്‍ കുറ്റകൃത്യങ്ങള്‍ പെരുകുന്നതായി പൊലീസ് വൃത്തങ്ങള്‍ സൂചന നല്‍കുന്നു. തിരിച്ചറിയല്‍ രേഖകളില്ലാത്തതിനാല്‍ ഇവര്‍ പിടിക്കപ്പെടാറില്ല. കുറ്റകൃത്യങ്ങള്‍ ചെയ്തശേഷം ഒളിവില്‍ കഴിയുന്നവരും ഇവര്‍ക്കിടയിലുണ്ട്. മദ്യ മയക്കുമരുന്ന് ലോബിയും ലേബര്‍ ക്യാമ്പുകള്‍ ചുറ്റിപ്പറ്റി സജീവമാണ്. കഴക്കൂട്ടം ടെക്നോപാര്‍ക്ക്, ടെക്നോസിറ്റി പ്രദേശങ്ങളില്‍ രണ്ടുവര്‍ഷത്തിനിടെ മയക്കുമരുന്ന് മാഫിയ ശക്തമാണ്. ഇടക്കിടെ നാട്ടില്‍ പോയി മടങ്ങുന്നുവെന്ന വ്യാജേന എത്തുന്ന അന്യസംസ്ഥാന തൊഴിലാളികള്‍ മയക്കുമരുന്ന് മാഫിയയുടെ 'കാരിയര്‍'മാരായി പ്രവര്‍ത്തിക്കുന്നുണ്ട്.
അന്യസംസ്ഥാനക്കാര്‍ താമസിക്കുന്നത് കാലിത്തൊഴുത്തിന് സമാനമായ അന്തരീക്ഷത്തിലാണ്. നിരനിരയായി കെട്ടിയ ഷെഡുകളില്‍ നിരവധി പേരാണ് കഴിയുന്നത്. നൂറിലധികം പേര്‍ താമസിക്കുന്ന ഷെഡുകളും പ്രദേശത്തുണ്ട്. ആവശ്യമായ സുരക്ഷാ സംവിധാനങ്ങളുമില്ലാതെയാണ് അന്യദേശത്തൊഴിലാളികള്‍ പണിയെടുക്കുന്നത്.
കെട്ടിട സമുച്ചയങ്ങളുടെ മുകള്‍ നിലകളില്‍ പണിയുന്നവര്‍ക്കുപോലും സുരക്ഷാബെല്‍റ്റുകളോ ഹെല്‍മറ്റോ തൊഴിലുടമകള്‍ നല്‍കാറില്ല. ഇത്തരത്തില്‍ ബഹുനില മന്ദിരങ്ങളുടെ മുകളില്‍നിന്ന് വീണുമരിച്ച അന്യസംസ്ഥാന തൊഴിലാളികള്‍ നിരവധിയാണ്. ടെക്നോപാര്‍ക്കിന് സമീപം ജീവനക്കാരിയെ അജ്ഞാതര്‍ ആക്രമിച്ച സംഭവം ഒരുവര്‍ഷം മുമ്പ് കഴക്കൂട്ടത്തെ പിടിച്ചുകുലുക്കിയിരുന്നു.
എന്നാല്‍, പ്രതിയെ പിടികൂടാന്‍ പൊലീസിന് കഴിഞ്ഞില്ല. ടെക്നോപാര്‍ക്കില്‍ ജോലി എന്ന തലക്കെട്ടില്‍ പരസ്യം ചെയ്ത് ഉദ്യോഗാര്‍ഥികളെ ആകര്‍ഷിച്ച് പണം തട്ടുന്നതും പതിവാണ്.

കാറിടിച്ച് വീട്ടമ്മയുടെ മരണം: സഹോദരങ്ങളായ മൂന്നുപേര്‍ കീഴടങ്ങി

Posted: 15 Dec 2014 11:18 PM PST

കരുനാഗപ്പള്ളി: അയല്‍വാസിയുടെ കാറിടിച്ച് വീട്ടമ്മ കൊല്ലപ്പെട്ട സംഭവത്തില്‍ സഹോദരങ്ങളായ മൂന്നുപേര്‍ കരുനാഗപ്പള്ളി പൊലീസില്‍ കീഴടങ്ങി. കുലശേഖരപുരം നീലികുളം വവ്വാക്കാവ് ചെമ്പന്‍ചേരില്‍ത്തറയില്‍ അനില്‍കുമാര്‍ (42), ഓച്ചിറ ചങ്ങന്‍കുളങ്ങര ചിത്തിരയില്‍ ഹരിസുധന്‍ (24), കുലശേഖരപുരം നീലികുളം വവ്വാക്കാവ് ചെമ്പന്‍ ചേരിത്തറയില്‍ അനിരുദ്ധന്‍ (39) എന്നിവരാണ് തിങ്കളാഴ്ച വൈകീട്ട് കരുനാഗപ്പള്ളി സി.ഐ കെ.എ. വിദ്യാധരന്‍െറ മുമ്പാകെ കീഴടങ്ങിയത്. ഇവര്‍ ഒന്നുമുതല്‍ മൂന്നുവരെ പ്രതികളാണ്. നാലാം പ്രതിയും അനില്‍കുമാറിന്‍െറ ഭാര്യാപിതാവുമായ ഹരിപ്പാട് ചേപ്പാട് ഇഞ്ചകോട്ടേജില്‍ വീട്ടില്‍ ശിവന്‍കുട്ടി (52)യെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഡിസംബര്‍ 11ന് രാവിലെയാണ് നീലികുളം വയ്യാ വീട്ടില്‍ ഷീല (ഗ്ളോറി -56), മകന്‍ അനീഷ് (26) എന്നിവര്‍ സഞ്ചരിച്ച ബൈക്കില്‍ അനില്‍കുമാര്‍ ഓടിച്ച കാറിടിച്ച് ഷീല മരിച്ചത്. കാര്‍ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇപ്പോള്‍ കീഴടങ്ങിയവരും ഇടിച്ച കാറിലുണ്ടായിരുന്നുവെന്ന് അറസ്റ്റിലായ ശിവന്‍കുട്ടി മൊഴിനല്‍കിയതിനെതുടര്‍ന്ന് ഇവര്‍ക്കായി തെരച്ചില്‍ നടന്നുവരികയായിരുന്നു.
സംഭവത്തിന്ശേഷം പ്രതികള്‍ തമിഴ്നാട്ടിലെ തെങ്കാശി, മധുര തുടങ്ങിയ സ്ഥലങ്ങളില്‍ കഴിയുകയായിരുന്നു. ഷീലയും മകന്‍ അനീഷും സഞ്ചരിച്ച ബൈക്കിനെ പിന്തുടര്‍ന്നാണ് വാഹനമിടിപ്പിച്ചതെന്ന് പ്രതികള്‍ സമ്മതിച്ചതായി പൊലീസ് പറഞ്ഞു. അനില്‍കുമാറാണ് കാറോടിച്ചിരുന്നത്. കരുനാഗപ്പള്ളി ശൈഖ് മസ്ജിദ് (താജ് മഹല്‍ പള്ളിക്ക്) സമീപത്ത് വെച്ചാണ് ബൈക്കില്‍ കാറിടിച്ചത്. റോഡില്‍ വീണ ഷീലയുടെ ദേഹത്തുകൂടി കാര്‍കയറ്റിയിറക്കുകയും ചെയ്തു.
പ്രതികളെ നാലുപേരെയും കസ്റ്റഡിയില്‍ വാങ്ങി കൂടുതല്‍ ചോദ്യംചെയ്യലിന് വിധേയരാക്കും. കഴിഞ്ഞവര്‍ഷം അനില്‍കുമാറിന്‍െറ ഭാര്യ സൗദിയില്‍ ദുരൂഹസാഹചര്യത്തില്‍ തൂങ്ങിമരിച്ചത് ഷീലയുടെ മകന്‍ അരുണ്‍കുമാര്‍ കാരണമാണെന്നതിനെച്ചൊല്ലിയുള്ള വൈരാഗ്യമാണ് കൊലയിലേക്ക് നയിച്ചതെന്നാണ് പൊലീസിന്‍െറ നിഗമനം. സഹോദരങ്ങള്‍ മൂവരും പ്രവാസികളാണ്. രണ്ടുപേര്‍ സൗദിയിലും ഒരാള്‍ ദുബൈയിലും. എല്ലാവരും ബന്ധുവിന്‍െറ വിവാഹത്തില്‍ പങ്കെടുക്കാന്‍ രണ്ടാഴ്ച മുമ്പാണ് നാട്ടിലത്തെിയത്.

കെ.എസ്.ആര്‍.ടി.സി ഷോപ്പിങ് കോംപ്ളക്സ് നിര്‍മാണം ജനുവരിയില്‍ തുടങ്ങും

Posted: 15 Dec 2014 11:09 PM PST

പത്തനംതിട്ട: കെ.എസ്.ആര്‍.ടി.സി ഷോപ്പിങ് കോംപ്ളക്സിന്‍െറയും പുതിയ ഗാരേജിന്‍െറയും തറക്കല്ലിടല്‍ ജനുവരി ഒടുവില്‍ നടത്തുമെന്ന് കെ. ശിവദാസന്‍ നായര്‍ എം.എല്‍.എ അറിയിച്ചു. തിങ്കളാഴ്ച ഗതാഗത മന്ത്രിയുമായും ഉന്നത വകുപ്പ് ഉദ്യോഗസ്ഥരുമായി എം.എല്‍.എ നടത്തിയ ചര്‍ച്ചകള്‍ക്കൊടുവിലാണ് തീരുമാനം.
ഷോപ്പിങ് കോംപ്ളക്സിന്‍െറയും പുതിയ ബസ് ടെര്‍മിനലിന്‍െറയും നിര്‍മാണത്തിനായി 10 കോടിയുടെ ടെന്‍ഡര്‍ നടപടി പൂര്‍ത്തിയായി.
എം.എല്‍.എയുടെ ആസ്തി വികസന ഫണ്ടില്‍നിന്ന് നിര്‍മാണത്തിനായി രണ്ടുകോടി രൂപയും അനുവദിച്ചു.
ചര്‍ച്ചയില്‍ പത്തനംതിട്ടയില്‍നിന്ന് ബംഗളൂരുവിലേക്കും ചെങ്ങന്നൂരില്‍നിന്ന് തെങ്കാശി-പളനി, മധുരയിലേക്കും അന്തര്‍ സംസ്ഥാന ബസ് സര്‍വീസ് ആരംഭിക്കാനും തീരുമാനമായി.
ശബരിമല തീര്‍ഥാടനം കഴിഞ്ഞാലുടന്‍ തന്നെ പത്തനംതിട്ട ഡിപ്പോയില്‍നിന്ന് ജനുറം സര്‍വീസുകള്‍ ആരംഭിക്കുമെന്ന് ഗതാഗതമന്ത്രി ഉറപ്പ് നല്‍കിയതായി എം.എല്‍.എ അറിയിച്ചു.

ലക്ഷ്മണരേഖ കടക്കരുതെന്ന് എം.പിമാരോട് മോദി

Posted: 15 Dec 2014 11:05 PM PST

Image: 

ന്യൂഡല്‍ഹി: ബി.ജെ.പി എം.പിമാരുടെ വിവാദ പ്രസ്താവനകളെ വിമര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. എം.പിമാര്‍ ലക്ഷ്മണരേഖ കടക്കരുതെന്ന് ബി.ജെ.പി പാര്‍ലമെന്‍ററി യോഗത്തില്‍ മോദി പറഞ്ഞു. വിവാദ പ്രസ്താവനകള്‍ സര്‍ക്കാറിനെയും പാര്‍ട്ടിയെയും പ്രതിസന്ധിയിലാക്കുന്നു. ഇത്തരം പ്രസ്താവനകളില്‍ നിന്ന് ജനപ്രതിനിധികള്‍ മാറിനില്‍ക്കണമെന്നും മോദി ആവശ്യപ്പെട്ടു.

കേന്ദ്രമന്ത്രി സാധ്വി നിരഞ്ജന്‍ ജ്യോതി, എം.പിമാരായ സാക്ഷി മഹാരാജ്, യോഗി ആദിത്യനാഥ് എന്നിവര്‍ നടത്തിയ വിവാദ പ്രസ്താവനകളുടെ പശ്ചാത്തലത്തിലാണ് മോദി ജനപ്രതിനിധികള്‍ക്ക് നിര്‍ദേശം നല്‍കിയത്. പ്രസ്താവനകള്‍ക്കെതിരെ പ്രതിപക്ഷം ഒറ്റക്കെട്ടായാണ് പാര്‍ലമെന്‍റില്‍ പ്രതിഷേധിക്കുന്നത്.

അതിനിടെ മതപരിവര്‍ത്തന വിഷയത്തില്‍ രാജ്യസഭ ഇന്നും ബഹളമയമായി. വിഷയത്തില്‍ പ്രധാനമന്ത്രി പാര്‍ലമെന്‍റില്‍ പ്രതികരിക്കണമെന്നാണ് പ്രതിപക്ഷത്തിന്‍െറ ആവശ്യം. എന്നാല്‍ മതപരിവര്‍ത്തനം ഒഴികെ മറ്റെന്തും ചര്‍ച്ചക്കെടുക്കാമെന്ന് പാര്‍ലമെന്‍ററി കാര്യ മന്ത്രി വെങ്കയ്യ നായിഡു അറിയിച്ചു. എന്നാല്‍ പ്രതിപക്ഷം ഇത് അംഗീകരിക്കാന്‍ തയാറാകാത്തതിനെ ത്തുടര്‍ന്ന് രാജ്യസഭ  നിര്‍ത്തിവെച്ചിരിക്കുകയാണ്.

സെന്‍സെക്സില്‍ വന്‍ ഇടിവ്

Posted: 15 Dec 2014 10:32 PM PST

Image: 

മുംബൈ: ഓഹരി വിപണിയില്‍ വന്‍ ഇടിവ്. ക്രൂഡ് ഓയില്‍ വിലയിടിവ് അടക്കമുള്ള പ്രതിസന്ധികളാണ് ഓഹരി വിപണിയില്‍ തിരിച്ചടി നേരിടാന്‍ കാരണമായി വിദഗ്ധര്‍ വിലയിരുത്തുന്നത്. മുംബൈ ഓഹരി സൂചികയില്‍ 361.98 പോയിന്റാണ് ഇന്ന് നഷ്ടമുണ്ടായത്. സെന്‍സെക്സ് 26,946.39 ലും നിഫ്റ്റി 8112.95ലുമാണ് വ്യാപാരം നടക്കുന്നത്. നിഫ്റ്റിയില്‍ 106 പോയിന്‍റ് നഷ്ടമാണ് ഇന്ന് രേഖപ്പെടുത്തിയത്.

ഹിന്‍ഡല്‍കോ, ഭെല്‍,  ഒ.എന്‍.ജി.സി, ഐ.സി.ഐ.സി.ഐ ബാങ്ക്, ഗെയില്‍ എന്നിവയാണ് നഷ്ടത്തില്‍. ഇന്‍ഫോസിസ്, സിപ്ള, എച്ച്.ഡി.എഫ്.സി എന്നിവയാണ് ലാഭത്തില്‍ വ്യാപാരം നടക്കുന്നത്.

ബാര്‍ അനുമതി: കോണ്‍ഗ്രസില്‍ ശീതസമരം രൂക്ഷം

Posted: 15 Dec 2014 10:28 PM PST

കായംകുളം: വിവാദ ബാര്‍ അനുമതി വിഷയത്തില്‍ കോണ്‍ഗ്രസിനുള്ളില്‍ ശീതസമരം രൂക്ഷമായതോടെ കായംകുളത്ത് നഗരസഭാ ഭരണം അവതാളത്തില്‍.
കോണ്‍ഗ്രസിന്‍െറ അച്ചടക്ക നടപടിക്ക് വിധേയയായ ചെയര്‍പേഴ്സണുമായി ഒരു നിലക്കും സഹകരിക്കേണ്ടതില്ളെന്ന് ഭൂരിപക്ഷം യു.ഡി.എഫ് കൗണ്‍സിലര്‍മാരും തീരുമാനിച്ചതോടെയാണ് അഭിപ്രായ വ്യത്യാസം ഭരണരംഗത്തെ ബാധിച്ചത്. വിവാദ ബാര്‍ ഫയലില്‍ ക്രമക്കേട് വരുത്തിയതില്‍ ചെയര്‍പേഴ്സണിന്‍െറ ഭാഗത്തുനിന്ന് വീഴ്ചയുണ്ടായി എന്ന അന്വേഷണ കമീഷന്‍െറ നിഗമനത്തിന്‍െറ അടിസ്ഥാനത്തിലാണ് ചെയര്‍പേഴ്സണായ രാജശ്രീ കോമളത്തിനെതിരെ പാര്‍ട്ടി നേതൃത്വം നടപടി സ്വീകരിച്ചത്. എന്നാല്‍ സമ്മര്‍ദങ്ങള്‍ക്ക് വഴങ്ങി ചെയര്‍പേഴ്സണ്‍ സ്ഥാനം രാജിവെക്കില്ളെന്ന നിലപാട് രാജശ്രീ സ്വീകരിച്ചതോടെ കോണ്‍ഗ്രസ് നേതൃത്വവും വെട്ടിലായി.
അധികാരമേറ്റ് ആറുമാസം കഴിഞ്ഞുമാത്രമേ അവിശ്വാസം അവതരിപ്പിക്കാന്‍ കഴിയൂവെന്നത് ചേരിപ്പോര് രൂക്ഷമാക്കാന്‍ സഹായിക്കുന്ന പ്രധാന ഘടകമാണ്. ഒരു മാസം മുമ്പാണ് രാജശ്രീ കോമളത്ത് ചെയര്‍പേഴ്സണായി അധികാരമേറ്റത്. ഭരണത്തിന് നേതൃത്വം നല്‍കേണ്ട ചെയര്‍പേഴ്സണും വൈസ് ചെയര്‍മാനും നഗരസഭയിലേക്ക് പേരിന് മാത്രമാണ് വന്നുപോകുന്നത്. ദൈനംദിന പ്രവര്‍ത്തനങ്ങള്‍ നടന്നുപോകുന്നുവെന്നല്ലാതെ ഭരണപരമായ തീരുമാനം എടുക്കാന്‍ കഴിയാത്തത് പ്രതിസന്ധിക്ക് ആക്കം കൂട്ടുന്നു.
അതേസമയം നഗരഭരണത്തിലെ അഴിമതിക്കും ഭരണസ്തംഭനത്തിനുമെതിരെ പ്രതിപക്ഷവും ശക്തമായ നിലപാടുമായി രംഗത്തുണ്ട്. 18ന് സി.പി.എമ്മിന്‍െറ നേതൃത്വത്തില്‍ നഗരസഭ ഉപരോധിക്കുന്നുണ്ട്. ഇടതുപക്ഷ മുന്നണിയുടെ നേതൃത്വത്തില്‍ തുടര്‍ സമരപരിപാടികളുമുണ്ടാകും. തിങ്കളാഴ്ച നഗരസഭയിലേക്ക് മാര്‍ച്ച് നടത്തിയ ബി.ജെ.പി നഗരകവാടത്തിന് മുന്നില്‍ ഒരാഴ്ച സത്യഗ്രഹം തുടരുകയാണ്. രണ്ട് ബി.ജെ.പി കൗണ്‍സിലര്‍മാരാണ് സത്യഗ്രഹം അനുഷ്ഠിക്കുന്നത്.
ഇതിനിടെ വിഷയം അന്വേഷിക്കാന്‍ കെ.പി.സി.സി ചുമതലപ്പെടുത്തിയ ഉപസമിതി 18ന് തെളിവെടുപ്പിനായി കായംകുളത്ത് എത്തുമെന്നാണ് സൂചന. വിവാദ ബാര്‍ ഫയലിലെ ക്രമക്കേട്, കോഴ ആരോപണം എന്നിവയാണ് പ്രധാനമായും ഉപസമിതി അന്വേഷിക്കുന്നത്. ഇതിനൊപ്പം ഫയലില്‍ ക്രമക്കേട് വരുത്താന്‍ ചെയര്‍പേഴ്സണിനെ പ്രേരിപ്പിച്ച 'ബാഹ്യശക്തിയെ' കുറിച്ചും അന്വേഷിക്കുമെന്നാണ് അറിയുന്നത്.
ഇവരുടെ റിപ്പോര്‍ട്ട് കൂടി ലഭിച്ചശേഷമേ വിഷയത്തില്‍ കെ.പി.സി.സിയുടെ കൃത്യമായ തീരുമാനം വരുകയുള്ളൂ. അതേസമയം കായംകുളം മജിസ്ട്രേറ്റ് കോടതിയുടെ നിര്‍ദേശപ്രകാരം ഫയല്‍ തിരുത്തിയ വിഷയത്തില്‍ കായംകുളം പൊലീസ് ചെയര്‍പേഴ്സണിനും ഭര്‍ത്താവിനുമെതിരെ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. എന്‍.വൈ.സി ദേശീയ സെക്രട്ടറി അഡ്വ. മുജീബ് റഹ്മാന്‍ ഫയല്‍ ചെയ്ത കേസിലാണ് നടപടി.

മെട്രോ: ഗതാഗത നിയന്ത്രണങ്ങളില്‍ ധാരണയില്ല; യാത്രക്കാര്‍ ദുരിതത്തില്‍

Posted: 15 Dec 2014 10:25 PM PST

ആലുവ: മെട്രോ റെയിലുമായി ബന്ധപ്പെട്ട് ഗതാഗത നിയന്ത്രണങ്ങളില്‍ വ്യക്തമായ ധാരണയില്ലാത്തത് ജനങ്ങളെ ദുരിതത്തിലാക്കുന്നു.
സ്വകാര്യ ബസുകള്‍ തോന്നിയ പോലെ സര്‍വിസ് നടത്തുന്നതാണ് പ്രശ്നമാകുന്നത്. മെട്രോ നിര്‍മാണവുമായി ബന്ധപ്പെട്ട് ആലുവ നഗരത്തിലെ പ്രധാന റോഡുകളിലൊന്നായ ബൈപാസിലെ സര്‍വിസ് റോഡ് അധികൃതര്‍ അടച്ചുകെട്ടി.
ആലുവ ബൈപാസില്‍നിന്ന് പുളിഞ്ചുവട് ഭാഗത്തേക്കടക്കം, ഗതാഗതക്കുരുക്കില്‍ നിന്നൊഴിവായി, ജനങ്ങള്‍ക്ക് എളുപ്പത്തിലത്തൊന്‍ കഴിയുന്ന റോഡാണ് അധികൃതര്‍ മെട്രോനിര്‍മാണത്തിന്‍െറ മറവില്‍ ഒരു മുന്നറിയിപ്പുമില്ലാതെ അടച്ചത്.
ഇതോടെ ആലുവ നഗരത്തിലെ ഗതാഗതക്കുരുക്കും ഏറി. ഒരു വര്‍ഷം മുമ്പ്, നഗരത്തില്‍ ഏര്‍പ്പെടുത്തിയ ഗതാഗത പരിഷ്കാര നടപടികളുടെ ഭാഗമായി അടച്ചുകെട്ടിയ സര്‍വിസ് റോഡിലൂടെയായിരുന്നു അങ്കമാലി, വരാപ്പുഴ, ചെങ്ങമനാട്, മാഞ്ഞാലി, മാള, തൃശൂര്‍, ഏലൂര്‍, പറവൂര്‍ ഭാഗങ്ങളിലേക്കുള്ള ബസുകള്‍ വന്നുപോയിരുന്നത്. ഇതിനായി മാര്‍ക്കറ്റ് ഭാഗത്ത് താല്‍ക്കാലിക ബസ്സ്റ്റോപ്പും പൊലീസ് അനുവദിച്ചിരുന്നു.
ആലുവ സ്വകാര്യ ബസ്സ്റ്റാന്‍ഡില്‍നിന്നുള്ള തൃശൂര്‍, മാഞ്ഞാലി ഭാഗത്തേക്കുള്ള സ്വകാര്യ-കെ.എസ്.ആര്‍.ടി.സി ബസുകളും ആലുവ ബൈപാസ് റോഡിലൂടെ സര്‍വിസ് റോഡ് വഴി മാര്‍ക്കറ്റിന് സമീപത്തെ ബസ്സ്റ്റോപ്പിലത്തെി എന്‍.എച്ചില്‍ പ്രവേശിച്ചായിരുന്നു യാത്ര.
എന്നാല്‍, നാലുദിവസമായി റോഡ് പൂര്‍ണമായും അടച്ചുകെട്ടിയതോടെ ഈ ഭാഗത്തേക്കുള്ള യാത്രക്കാരാണ് പെരുവഴിയിലായത്.
ബസുകളുടെ ഊഴം നോക്കി ബൈപാസ് ബസ്സ്റ്റോപ്പിലത്തെുന്ന യാത്രക്കാരെ നോക്കുകുത്തിയാക്കിയാണ് സ്വകാര്യ ബസുകളുടെ ഇപ്പോഴത്തെ യാത്ര. ദിനംപ്രതി നൂറുകണക്കിനാളുകള്‍ എത്തുന്ന ബൈപാസ് ബസ്സ്റ്റോപ്പിലേക്കത്തൊതെയുള്ള സ്വകാര്യബസുകളുടെ നിയമലംഘനത്തിന് പൊലീസ് അധികൃതരും കൂട്ടുനില്‍ക്കുകയാണെന്നാണ് നാട്ടുകാരുടെ പരാതി. സര്‍വിസ് റോഡ് അടച്ചുപൂട്ടിയതോടെ ആലുവ നഗരത്തിലുണ്ടായിട്ടുള്ള സ്വകാര്യബസുകളുടെ അനധികൃത യാത്രക്കെതിരെ പൊലീസ് ഒരു നടപടിയും കൈക്കൊണ്ടിട്ടില്ല.

കാര്‍ബൈഡിട്ട ചെറുനാരങ്ങ: നടപടി നീളുന്നു

Posted: 15 Dec 2014 10:07 PM PST

തൃശൂര്‍: മാരക ആരോഗ്യ പ്രശ്നങ്ങളുണ്ടാക്കുന്ന കാര്‍ബൈഡുമായി ഒരു ലോഡ് ചെറുനാരങ്ങ ശക്തന്‍ മാര്‍ക്കറ്റിലത്തെിയത് മര്‍ച്ചന്‍റ്സ് അസോസിയേഷന്‍ ഭാരവാഹിയുടെ വ്യാപാര സ്ഥാപനത്തിലേക്ക്. ചെറുനാരങ്ങയില്‍ കാര്‍ബൈഡ് സ്ഥിരീകരിച്ചിട്ടും ഭക്ഷ്യസുരക്ഷാ വിഭാഗത്തിന്‍െറ കെടുകാര്യസ്ഥതമൂലം നടപടി നീളുകയാണ്.
ഈമാസം നാലിന് രാത്രിയാണ് ആന്ധ്രയില്‍നിന്ന് തൃശൂര്‍ മാര്‍ക്കറ്റിലേക്ക് കൊണ്ടുവന്ന ചെറുനാരങ്ങയില്‍ കാര്‍ബൈഡ് കണ്ടത്. 430 ചാക്ക് ചെറുനാരങ്ങയാണ് ഉണ്ടായിരുന്നത്. തൊഴിലാളികളും ലോറി ഡ്രൈവറും തമ്മിലുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് പരിശോധനയിലാണ് കാര്‍ബൈഡ് കണ്ടത്. തൊഴിലാളികളുമായുള്ള തര്‍ക്കത്തെ തുടര്‍ന്ന് ഈസ്റ്റ് പൊലീസ് ലോറി ഡ്രൈവറെ കസ്റ്റഡിയിലെടുത്തു. ലോറി ഭക്ഷ്യസുരക്ഷാ വിഭാഗത്തിന് കൈമാറുകയും ചെയ്തു. അടുത്തദിവസം പരിശോധനകള്‍ പൂര്‍ത്തിയാക്കി സാമ്പിള്‍ കാക്കനാട് റീജനല്‍ ലാബില്‍ പരിശോധനക്ക് അയച്ചു.
എന്നാല്‍, ഇതിന്‍െറ റിപ്പോര്‍ട്ട് പുറത്തുവിടാനും വകുപ്പ് വൈകിപ്പിച്ചു. മാധ്യമങ്ങളുടെ നിരന്തര ഇടപെടലിനെ തുടര്‍ന്നാണ് കാര്‍ബൈഡാണെന്ന് ഉദ്യോഗസ്ഥര്‍ ഉറപ്പിച്ചത്. നാരങ്ങയടങ്ങിയ ലോറി പിടിച്ചിട്ട് ആഴ്ചകള്‍ പിന്നിട്ടിട്ടും തുടര്‍നടപടി ഉണ്ടായിട്ടില്ല. തിരുവനന്തപുരത്തുനിന്ന് റിപ്പോര്‍ട്ട് വന്നിട്ടില്ളെന്നാണ് തൃശൂരിലെ ഉദ്യോഗസ്ഥരുടെ വാദം.
എന്നാല്‍, ഭക്ഷ്യവസ്തുക്കളില്‍ കാര്‍ബൈഡ് സാന്നിധ്യം സ്ഥിരീകരിച്ചാല്‍ എത്തിക്കുന്ന സ്ഥാപനത്തിനും എത്തിച്ചവര്‍ക്കുമെതിരെ തടവുശിക്ഷ നല്‍കാമെന്നാണ് നിയമം.
അതുകൊണ്ടുതന്നെ സംഭവം ഒതുക്കാനാണ് റിപ്പോര്‍ട്ട് വൈകിപ്പിക്കുന്നതെന്ന് ആരോപണമുണ്ട്. നേരത്തെ മാമ്പഴം, ആപ്പിള്‍ എന്നിവയില്‍ കാര്‍ബൈഡ് ഉപയോഗിക്കുന്നത് കണ്ടത്തെിയതിനെ തുടര്‍ന്ന് പരിശോധന ശക്തമാക്കിയിരുന്നു.
ഇടവേളക്ക് ശേഷമാണ് ചെറുനാരങ്ങയിലും കാര്‍ബൈഡ് ഉപയോഗം കണ്ടത്തെുന്നത്. എന്നാല്‍, കാര്‍ബൈഡ് കൈയോടെ പിടികൂടിയിട്ടും നഗരത്തിലെ പഴവര്‍ഗ വില്‍പന കേന്ദ്രങ്ങളോ, ശീതളപാനീയ വില്‍പന കേന്ദ്രങ്ങളിലോ പരിശോധനക്കുപോലും ഭക്ഷ്യസുരക്ഷ വിഭാഗം ഇറങ്ങിയിട്ടില്ല.
ഭക്ഷ്യസുരക്ഷാ വിഭാഗം വിട്ടുകൊടുത്താലേ കോര്‍പറേഷന്‍ ആരോഗ്യവിഭാഗത്തിന് ഇത് നശിപ്പിച്ചു കളയാനുള്ള നടപടികളിലേക്ക് കടക്കാനാവൂ. ഈസ്റ്റ് പൊലീസ് സ്റ്റേഷന് സമീപം വഴിയോരത്ത് അനാഥപ്രേതം പോലെ കിടക്കുകയാണ് ലോറി.

വിദ്യാര്‍ഥി സമരം: വിക്ടോറിയ കോളജിന്‍െറ സ്വയംഭരണ പദവി അപേക്ഷ അയച്ചില്ല

Posted: 15 Dec 2014 10:02 PM PST

പാലക്കാട്: വിദ്യാര്‍ഥികളുടെയും അധ്യാപകരുടെയും എതിര്‍പ്പിനെ തുടര്‍ന്ന് ഗവ. വിക്ടോറിയ കോളജിന്‍െറ സ്വയംഭരണ പദവിക്കായുള്ള അപേക്ഷ അയച്ചില്ല. ഇതുസംബന്ധിച്ച് ഉയര്‍ന്ന പൊതുവായ ആശങ്ക കൊളീജിയറ്റ് എജുക്കേഷന്‍ ഡയറക്ടറെ അറിയിച്ചതായി അധികൃതര്‍ വ്യക്തമാക്കി. നാക് എ അക്രഡിറ്റേഷനുള്ള ഗവ. വിക്ടോറിയ കോളജിന് സ്വയംഭരണ പദവിക്ക് അപേക്ഷിക്കാന്‍ കൊളീജിയറ്റ് എജുക്കേഷന്‍ ഡയറക്ടര്‍ പ്രിന്‍സിപ്പല്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. തിങ്കളാഴ്ച വൈകീട്ട് അഞ്ചിനകം അപേക്ഷ സമര്‍പ്പിക്കാനായിരുന്നു നിര്‍ദേശം. ധിറുതി പിടിച്ച് അപേക്ഷ നല്‍കുന്നതിനെതിരെ വ്യാഴാഴ്ച ചേര്‍ന്ന സ്റ്റാഫ് കൗണ്‍സില്‍ യോഗത്തില്‍ വ്യാപക എതിര്‍പ്പുയര്‍ന്നിരുന്നു. കൂടിയാലോചന ഇല്ലാതെ അപേക്ഷ നല്‍കരുതെന്നായിരുന്നു അധ്യാപക സംഘടനകളുടെ നിലപാട്. തിങ്കളാഴ്ച അപേക്ഷ നല്‍കുന്നതിനെതിരെ എസ്.എഫ്.ഐ നേതൃത്വത്തില്‍ വിദ്യാര്‍ഥികള്‍ സമരവും തുടങ്ങി. ഇതേതുടര്‍ന്ന് പ്രിന്‍സിപ്പലുമായി അധ്യാപകരും വിദ്യാര്‍ഥി പ്രതിനിധികളും നടത്തിയ ചര്‍ച്ചയിലാണ് അപേക്ഷ അയക്കേണ്ടതില്ളെന്ന് തീരുമാനിച്ചത്. അധ്യാപക, വിദ്യാര്‍ഥി സംഘടനാ പ്രതിനിധികളുടെ പൊതുവായ ആശങ്ക അറിയിച്ചുള്ള കത്ത് ഡയറക്ടര്‍ക്ക് നല്‍കാനും തീരുമാനിച്ചു. പട്ടാമ്പി സംസ്കൃത കോളജിന് സ്വയംഭരണ പദവി നല്‍കുന്നതിനെതിരെയും എതിര്‍പ്പുണ്ട്.

ഇ-മണല്‍ അട്ടിമറിക്കാന്‍ ഹൈടെക് തരികിടകള്‍

Posted: 15 Dec 2014 09:57 PM PST

കാഞ്ഞങ്ങാട്: സര്‍ക്കാര്‍ മുദ്രയോടുകൂടി വ്യാജ മണല്‍പാസ് പിടികൂടിയിട്ടും പഞ്ചായത്ത് സെക്രട്ടറിമാരുടെയും കടവ് സൂപ്പര്‍വൈസര്‍മാരുടെയും ഒത്താശയോടെ ജില്ലയിലെ ഇ-മണല്‍ പദ്ധതി വ്യാപകമായി അട്ടിമറിക്കുന്നു. പദ്ധതിയുടെ പേരില്‍ അംഗീകൃത കടവുകള്‍ കേന്ദ്രീകരിച്ചുള്ള അനധികൃത മണല്‍ക്കൊള്ള തകൃതിയായതോടെ സാധാരണക്കാരുടെ ഭവന നിര്‍മാണമുള്‍പ്പെടെ അവതാളത്തിലായി.
പഞ്ചായത്ത് സെക്രട്ടറിമാരില്‍നിന്നും വ്യാജ അലോട്ട്മെന്‍റ് സംഘടിപ്പിച്ചാണ് ഇ-മണലിന്‍െറ മറവിലുള്ള പ്രധാന തട്ടിപ്പ്. ഇ-മണലിന് സമര്‍പ്പിക്കുന്ന 'നിര്‍മാണ്‍' അപേക്ഷയില്‍ വ്യാജരേഖകള്‍ സമര്‍പ്പിച്ചാണ് മണല്‍ മാഫിയ അലോട്ട്മെന്‍റ് സംഘടിപ്പിക്കുന്നത്. ചില പഞ്ചായത്ത് സെക്രട്ടറിമാര്‍ ഇതിന് കൂട്ടുനില്‍ക്കുന്നതായും ആരോപണമുണ്ട്. ഒരു വ്യക്തിക്ക് പരമാവധി അനുവദിക്കുന്ന മണലിന്‍െറ അളവ് നിയന്ത്രിച്ചിട്ടുണ്ട്. നിര്‍മാണ പ്രവൃത്തി നടക്കുന്ന സ്ഥലം സന്ദര്‍ശിച്ച് ബോധ്യപ്പെട്ടതിന്‍െറ അടിസ്ഥാനത്തിലാണ് പഞ്ചായത്ത് സെക്രട്ടറി അനുമതി നല്‍കേണ്ടത്. എന്നാല്‍, പരിശോധന നടത്താതെ അനര്‍ഹര്‍ക്ക് യഥേഷ്ടം മണല്‍ ലഭിക്കുന്നതിനുള്ള സാഹചര്യമാണ് ഒരുക്കുന്നത്.
ഡ്രൈവര്‍മാര്‍ ഇത്തരത്തില്‍ അനുമതി സംഘടിപ്പിച്ച് ആവശ്യക്കാര്‍ക്ക് വന്‍ തുകക്ക് മണല്‍ ഇറക്കിക്കൊടുക്കുകയാണ്. ഒരേ പാസില്‍തന്നെ നിരവധി ലോഡ് മണല്‍ വിതരണം നടത്തുന്നതും വ്യാപകമാണ്. പാസില്ലാതെ വരുന്ന വാഹനങ്ങള്‍ക്കും ചില കടവ് സൂപ്പര്‍വൈസര്‍മാര്‍ ലോഡ് അനുവദിക്കുന്നുണ്ട്. മണല്‍ കൊണ്ടുപോകുന്ന സമയം രജിസ്റ്ററിലും പാസിലും രേഖപ്പെടുത്തണം. സമയത്തില്‍ കൃത്രിമം കാണിക്കാതിരിക്കാനായി പാസില്‍ സമയം രേഖപ്പെടുത്തിയ ഭാഗം സെല്ളോ ടാപ്പിട്ട് ഒട്ടിക്കണമെന്നാണ് ചട്ടം. എന്നാല്‍, പാസില്‍ സമയമോ കൃത്യമായ തീയതിയോ കുറിക്കാതെയാണ് നല്‍കുന്നത്. ഒരു പാസിന്‍െറ മറവില്‍ നിരവധി ലോഡ് കടത്താനാണ് അധികൃതരുടെ അറിവോടെ ഇങ്ങനെ ചെയ്യുന്നത്. പൊലീസിന്‍െറയോ റവന്യൂ അധികൃതരുടെയോ പരിശോധന ഉണ്ടെന്നറിഞ്ഞാല്‍ വഴിയില്‍വെച്ചാണ് പാസില്‍ തീയതിയും സമയവും കുറിക്കുന്നത്.
സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സര്‍ക്കാറിന് ഇത്തരം തട്ടിപ്പിലൂടെ കോടികളുടെ നഷ്ടമാണുണ്ടാകുന്നത്. കൂടാതെ അനുവദിച്ചതില്‍ കൂടുതല്‍ മണല്‍ എടുക്കുന്നത് കടുത്ത പാരിസ്ഥിതിക പ്രശ്നങ്ങള്‍ക്കും ഇടയാക്കുന്നതായി പരിസ്ഥിതി പ്രവര്‍ത്തകര്‍ പറയുന്നു. ഇതിനിടെ, വ്യാജ മണല്‍പാസ് നിര്‍മാണ കേന്ദ്രത്തിലെ റെയ്ഡില്‍ തെളിവുകള്‍ പിടിച്ചെടുത്തിട്ടും അധികൃതര്‍ക്ക് അനക്കമില്ല.
തട്ടിപ്പിന്‍െറ മറവില്‍ മണല്‍ മാഫിയ കൊള്ളലാഭം ഈടാക്കുന്നതിനാല്‍ മണല്‍ ലഭിക്കാതെ സമയബന്ധിതമായി ഭവന നിര്‍മാണം പോലും പൂര്‍ത്തിയാക്കാനാവാതെ വിഷമിക്കുകയാണ് ജനങ്ങള്‍. ഇതുമൂലം പലര്‍ക്കും സര്‍ക്കാര്‍ സഹായം മുടങ്ങുന്ന സാഹചര്യവുമുണ്ട്.
കുമ്പള (അഞ്ച്), മഞ്ചേശ്വരം, മംഗല്‍പാടി (11), ചെമ്മനാട് (അഞ്ച്), ചെങ്കള (ഒമ്പത്), ഉളുവാര്‍, കിദൂര്‍, കീഴൂര്‍, ഉദുമ, ചേരൂര്‍, മുസോടി, ചളിയങ്കോട് എന്നിവിടങ്ങളിലായി 44 കടവുകളിലാണ് ജില്ലയിലെ ഇ-മണല്‍ കേന്ദ്ര ങ്ങള്‍.
സര്‍ക്കാറിന് കടുത്ത സാമ്പത്തിക നഷ്ടവും പരിസ്ഥിതി നാശവും ഉണ്ടാക്കുന്ന വിധത്തില്‍ ഈ കടവുകളില്‍നിന്നും ദിവസവും ടണ്‍കണക്കിന് ലോഡ് മണലാണ് അനധികൃതമായി കടത്തുന്നത്. കടവില്‍നിന്നും എടുക്കാവുന്ന മണലിന് നിയന്ത്രണമുണ്ടെങ്കിലും അനുവദിച്ചതിന്‍െറ മൂന്നിരട്ടിവരെ മണലാണ് കടത്തുന്നത്. പരിസ്ഥിതി പ്രവര്‍ത്തകര്‍ നിരവധി തവണ ജില്ലാ അധികാരികള്‍ക്ക് പരാതി നല്‍കിയെങ്കിലും മണല്‍കൊള്ള തടയാന്‍ നടപടിയുണ്ടായിട്ടില്ല.

പട്ടികജാതി വികസനം : 88.82 ലക്ഷത്തിന്‍െറ പ്രവൃത്തികള്‍ക്ക് ഭരണാനുമതി

Posted: 15 Dec 2014 09:53 PM PST

കണ്ണൂര്‍: ജില്ലാ കലക്ടര്‍ പി. ബാലകിരണിന്‍െറ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലാതല പട്ടികജാതി വികസന വര്‍ക്കിംഗ് ഗ്രൂപ് (കോര്‍പ്പസ് ഫണ്ട്) ജില്ലയില്‍ 88,82,814 രൂപയുടെ പ്രവൃത്തികള്‍ക്ക് ഭരണാനുമതി നല്‍കി. ജില്ലാ പ്ളാനിങ്ങ് ഓഫീസര്‍ അജയകുമാര്‍ മീനോത്ത്, അസി.ജില്ലാ പട്ടികജാതി വികസന ഓഫിസര്‍ കെ.ജെ. മൈക്കിള്‍ എന്നിവര്‍ പങ്കെടുത്തു.
അനുമതി നല്‍കിയ പദ്ധതികള്‍: മുല്ലക്കൊടി- അയര്‍ മുനമ്പ് ഹരിജന്‍ കോളനി റോഡ് സൈഡ് സംരക്ഷണ ഭിത്തി (മയ്യില്‍ പഞ്ചായത്ത്) 18.4 ലക്ഷം, കോറളായി തുരുത്തി കോളനി ശ്മശാന നിര്‍മാണം (മയ്യില്‍ പഞ്ചായത്ത്) 9.2 ലക്ഷം, ചിടങ്ങില്‍ കോളനിയില്‍ കുന്നിടിയല്‍ ഭാഗത്ത് സംരക്ഷണ ഭിത്തി (ചെറുകുന്ന് പഞ്ചായത്ത്) 25 ലക്ഷം, അരിയില്‍ചാല്‍ കോളനി ശ്മശാനം വൈദ്യുതീകരണം (മാട്ടൂല്‍ പഞ്ചായത്ത്) 72814 രൂപ, എടാട്ട് വളളുവ കോളനി ജലവിതരണം(കുഞ്ഞിമംഗലം പഞ്ചായത്ത്) 10 ലക്ഷം, ഇല്ലിപ്പുറം കോളനി സാംസ്കാരിക നിലയത്തിന്‍െറ ഒന്നാം നില നിര്‍മാണം(തളിപ്പറമ്പ് മുനിസിപ്പാലിറ്റി) 10 ലക്ഷം, പടിഞ്ഞാറെചാല്‍ എസ്.സി കോളനി റോഡ് റീ ടാറിങ്ങ്(പട്ടുവം) 10 ലക്ഷം, നിലവിലുള്ള ജലവിതരണം വാണിയങ്കര കോളനിയിലേക്ക് ദീര്‍ഘിപ്പിക്കുന്നത് (തളിപ്പറമ്പ് മുനിസിപ്പാലിറ്റി) 5.5 ലക്ഷം.

പയ്യോളിയില്‍ 10 കടകളില്‍ മോഷണം

Posted: 15 Dec 2014 09:49 PM PST

പയ്യോളി: ടൗണില്‍ 10 കടകളില്‍ മോഷണം. ശബ്ദം കേട്ട് എത്തിയ രണ്ടുപേര്‍ക്ക് മോഷ്ടാക്കളുടെ മര്‍ദനമേറ്റു. തിങ്കളാഴ്ച പുലര്‍ച്ചെ മൂന്നരയോടെയാണ് സംഭവം. പരപ്പില്‍ കുഞ്ഞിക്കണ്ണന്‍െറ നോവല്‍ ബേക്കറി, കളത്തില്‍ ഹസന്‍െറ ലിയാലി ഫാന്‍സി, ചെട്ട്യാംവീട്ടില്‍ ഷരീഫിന്‍െറ സി.വി. സ്വീറ്റ്സ്, എം.ഡി. രാഘവന്‍െറ ജനത ബേക്കറി, മിസ്രി കുഞ്ഞമ്മദിന്‍െറ കെ.വി.കെ. മില്‍മ ബൂത്ത്, വിശ്വനാഥന്‍െറ ബാര്‍ബര്‍ഷാപ്പ്, പെയിന്‍റ് ഹൗസ്, എസ്.ബി.എസ് പച്ചക്കറി, എ.പി. മെഡിക്കല്‍സ്, പി.ബി.എസ് പച്ചക്കറി എന്നീ കടകളിലാണ് പൂട്ടുപൊളിച്ച് മോഷ്ടാക്കള്‍ അകത്തുകയറിയത്.
നോവല്‍ ബേക്കറിയില്‍നിന്ന് 13,760 രൂപയും കെ.പി.കെ മില്‍മ ബൂത്തില്‍നിന്ന് 500 രൂപയും ഐസ്ക്രീം, സോഫ്റ്റ് ഡ്രിങ്ക്സ്, സി.വി. സ്വീറ്റ്സില്‍നിന്നും പാക്കറ്റ് മിഠായികള്‍, ജനത ബേക്കറി, ലിയാലി ഫാന്‍സി എന്നിവിടങ്ങളില്‍നിന്ന് ആയിരത്തില്‍ താഴെ രൂപയുമാണ് കവര്‍ന്നത്.
കടവരാന്തയില്‍ കിടന്നുറങ്ങുകയായിരുന്ന ചെരിപ്പുകുത്തി മുസ്തഫ (39), ഉന്തുവണ്ടി കച്ചവടക്കാരന്‍ പന്തീരാങ്കാവ് കോരംപറമ്പില്‍ അബ്ദുല്‍അസീസ് (50) എന്നിവര്‍ക്കാണ് മോഷ്ടാക്കളുടെ മര്‍ദനമേറ്റത്. പൂട്ടുപൊളിക്കുന്ന ശബ്ദം കേട്ടുണര്‍ന്ന ഇവര്‍ കടയുടെ ഭാഗത്തുചെന്ന് നോക്കിയപ്പോഴാണ് മോഷ്ടാക്കള്‍ മര്‍ദിച്ചത്. പയ്യോളി ടൗണിലും പരിസരത്തും ആവശ്യത്തിന് തെരുവുവിളക്ക് ഇല്ലാത്തത് മോഷ്ടാക്കള്‍ക്ക് സൗകര്യമായിരിക്കുകയാണ്. ടൗണ്‍ ഇരുട്ടിലായതാണ് മോഷണപരമ്പരക്ക് കാരണമായതെന്ന് വ്യാപാരികള്‍ പറയുന്നു. രാത്രി പൊലീസ് പട്രോളിങ് ഇല്ലാത്തതും മോഷ്ടാക്കള്‍ക്ക് അനുഗ്രഹമാവുകയാണ്. മോഷണവിവരമറിഞ്ഞ് പയ്യോളി എസ്.ഐ ജി. ശശീന്ദ്രന്‍െറ നേതൃത്വത്തില്‍ പൊലീസ് സംഘം സ്ഥലത്തത്തെി തെളിവുകള്‍ ശേഖരിച്ച് കേസെടുത്ത് അന്വേഷണം തുടങ്ങി.

കോട്ടപ്പടിയും പയ്യനാടും ഫ്ളഡ്ലിറ്റില്‍ മിന്നും

Posted: 15 Dec 2014 09:46 PM PST

മലപ്പുറം: ജില്ല്ളയിലെ പ്രധാന മൈതാനങ്ങളായ മഞ്ചേരി പയ്യനാട് സ്പോര്‍ട്സ് കോംപ്ളക്സ് സ്റ്റേഡിയത്തിലും കോട്ടപ്പടി ഫുട്ബാള്‍ മൈതാനത്തും ഫ്ളഡ്ലിറ്റ് ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ ഏര്‍പ്പെടുത്താന്‍ ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ ജനറല്‍ബോഡി യോഗം തീരുമാനിച്ചു. ഇതിനായി വിവിധ തരത്തില്‍ ഫണ്ട് സ്വരൂപിക്കും.
പയ്യനാട്ട് നടന്ന ഫെഡറേഷന്‍ കപ്പും കോട്ടപ്പടിയിലെ സംസ്ഥാന സീനിയര്‍ ചാമ്പ്യന്‍ഷിപ്പും വന്‍വിജയമായ സാഹചര്യത്തില്‍ പരമാവധി ഫുട്ബാള്‍ മത്സരങ്ങള്‍ കൊണ്ട് വരികയാണ് ആദ്യ ലക്ഷ്യം. ഇതിലൂടെ ലഭിക്കുന്ന തുക സ്റ്റേഡിയം വികസനത്തിന് മുതല്‍ക്കൂട്ടാവുമെന്നാണ് വിലയിരുത്തല്‍. ഫെഡറേഷന്‍ കപ്പും സീനിയര്‍ ഫുട്ബാള്‍ ചാമ്പ്യന്‍ഷിപ്പും താല്‍ക്കാലിക ലൈറ്റിന് കീഴിലാണ് നടത്തിയത്. ഇതിന് വന്‍തുക ചെലവായി. കോട്ടപ്പടിയിലാണ് ആദ്യം ഫ്ളഡ്ലിറ്റ് സ്ഥാപിക്കുക. 80 ലക്ഷം രൂപ ചെലവാകുമെന്നാണ് പ്രാഥമിക കണക്ക്. ഇതിനായി എന്‍ജിനീയര്‍മാര്‍ സ്ഥലം സന്ദര്‍ശിച്ചു. എസ്റ്റിമേറ്റ് തയാറാക്കുന്നുണ്ട്. പയ്യനാട്ട് ലൈറ്റിന് അഞ്ച് കോടി വേണ്ടിവരുമെന്നാണ് പ്രാഥമിക നിഗമനം. കോട്ടപ്പടി സ്റ്റേഡിയത്തില്‍ ഇരിപ്പിടങ്ങളുടെ എണ്ണം കൂട്ടുക ബുദ്ധിമുട്ടാണ്.
എന്നാല്‍ പയ്യനാട്ട് ഗാലറിയുടെ രണ്ട് ഭാഗങ്ങള്‍ ഉയര്‍ത്തി 15000 പേര്‍ക്ക് കൂടി ഇരിപ്പിടമൊരുക്കാന്‍ ആലോചനയുണ്ട്. ഇതോടെ അരലക്ഷത്തോളം പേര്‍ക്ക് ഇവിടെ കളി ആസ്വദിക്കാനാവും. ഭാവിതാരങ്ങളെ ലക്ഷ്യമിട്ട് കായിക പരിശീലനത്തിനുള്ള സൗകര്യങ്ങളും സജ്ജമാക്കും. കേരള ഫുട്ബാള്‍ അസോസിയേഷന്‍െറയും ജില്ലാ ഫുട്ബാള്‍ അസോസിയേഷന്‍െറയും സഹകരണത്തോടെയുള്ള പ്രവര്‍ത്തനമാവും നടത്തുക. ഇതിനായി സമിതി ഉടന്‍ രൂപവത്കരിക്കും.
യോഗത്തില്‍ ജില്ലാ കലക്ടര്‍ കെ. ബിജു അധ്യക്ഷത വഹിച്ചു. ജില്ലാ സ്പോര്‍ട്സ് കൗസില്‍ പ്രസിഡന്‍റ് എ. ശ്രീകുമാര്‍, വൈസ് പ്രസിഡന്‍റ് എസ്.കെ. ഉണ്ണി, എക്സി. സെക്രട്ടറി വി. ഗീത, സ്പോര്‍ട്സ് കൗണ്‍സില്‍ അംഗങ്ങളായ കെ.എ. നാസര്‍, ഋഷികേശ് കുമാര്‍ എന്നിവര്‍ പങ്കെടുത്തു.

കല്‍ക്കരിപ്പാടം അഴിമതി: മന്‍മോഹന്‍ സിങ്ങിന്‍െറ മൊഴിയെടുക്കാന്‍ നിര്‍ദേശം

Posted: 15 Dec 2014 09:23 PM PST

Image: 

ന്യൂഡല്‍ഹി: കല്‍ക്കരിപ്പാടം അഴിമതിക്കേസില്‍ മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിന്‍െറ മൊഴിയെടുക്കാന്‍  നിര്‍ദേശം. കേസ് പരിഗണിക്കുന്ന പ്രത്യേക കോടതിയാണ് സി.ബി.ഐ സംഘത്തിന് നിര്‍ദേശം നല്‍കിയത്.

കുമാരമംഗലം ബിര്‍ളയുടെ ഉടമസ്ഥതിലുള്ള ഹിന്‍ഡാല്‍കോക്ക് 2005 ല്‍ കല്‍ക്കരിപ്പാടം ലൈസന്‍സ് അനുവദിച്ചത് സംബന്ധിച്ച് വീണ്ടും അന്വേഷണം നടത്താനും കോടതി ഉത്തരവിട്ടു. കേസ് അവസാനിപ്പിക്കണമെന്ന സി.ബി.ഐ റിപ്പോര്‍ട്ട് തള്ളിക്കൊണ്ടാണ്  കോടതി ഉത്തരവ്. കേസില്‍ മന്‍മോഹന്‍ സിങ്ങിന്‍െറ മൊഴി രേഖപ്പെടുത്താനും ഈ മാസം 27 ന് മുമ്പ് അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും കോടതി നിര്‍ദേശിച്ചു. ലൈസന്‍സ് അനുവദിച്ച സമയത്ത് കല്‍ക്കരി മന്ത്രാലയത്തിന്‍െറ ചുമതല വഹിച്ചിരുന്നത് മന്‍മോഹന്‍ സിങ്ങായിരുന്നു.

2005 ലാണ് ഒഡിഷയിലെ തലാബിറയിലെ രണ്ട് കല്‍ക്കരി ബ്ളോക്കുകള്‍ നിയമപരമല്ലാത്ത രീതിയില്‍ ഹിന്‍ഡാല്‍കോക്ക് അനുവദിച്ചത്. കേസില്‍ മുന്‍ കല്‍ക്കരി സെക്രട്ടറി പി.സി പരേഖ്, വ്യവസായി കുമാരമംഗലം ബിര്‍ള എന്നിവര്‍ക്കെതിരെ തെളിവില്ലാത്തതിനാല്‍ കേസ് അവസാനപ്പിക്കാന്‍ അനുമതി നല്‍കണമെന്ന് സി.ബി.ഐ കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. മന്‍മോഹന്‍ സിങ്ങിന്‍െറ മൊഴി രേഖപ്പെടുത്താതിരുന്നതിനെ നേരത്തെ കോടതി വിമര്‍ശിച്ചിരുന്നു.

ദേശീയ ദിനാഘോഷത്തിന് ഗോത്രങ്ങള്‍ ഒരുങ്ങി

Posted: 15 Dec 2014 08:09 PM PST

Image: 

ദോഹ: രാജ്യത്തെ വിവിധ ഗോത്രങ്ങള്‍ ദേശീയ ദിനാഘോഷം കെങ്കേമമാക്കാന്‍ ഒരുങ്ങി. ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ ഏറ്റവും ആകര്‍ഷകമായ ടെന്‍റുകളും കവാടങ്ങളും ഒരുക്കാനുള്ള തകൃതിയായ പ്രവര്‍ത്തനങ്ങള്‍ നടന്നുവരികയാണ്.
മുന്‍വര്‍ഷങ്ങളില്‍ നിന്ന് വ്യത്യസ്തമായി വലിയ ആഘോഷങ്ങളാണ് പല ഗോത്രങ്ങളും സംഘടിപ്പിക്കുന്നത്. ഓരോ ഗോത്രങ്ങളും തങ്ങളുടെ മേഖലകളില്‍ വലിയ ആഘോഷ പരിപാടികള്‍ സംഘടിപ്പിക്കുന്നതിന് പുറമെ അല്‍ റഫ സ്ട്രീറ്റില്‍ ഓരോ ഗോത്രങ്ങളും പ്രത്യേകം പ്രത്യേകം ടെന്‍റുകളും ഒരുക്കുന്നുന്നു.
രണ്ട് ദിവസം നീണ്ട് നില്‍ക്കുന്ന ആഘോഷ പരിപാടികളാണ് ഒരുക്കുന്നതെന്ന് ഗോത്രങ്ങളുമായി ബന്ധപ്പെട്ടവര്‍ വ്യക്തമാക്കി. ടെന്‍റുകള്‍, കാര്‍പെറ്റ്, വിശാലമായ ഇരിപ്പിട സൗകര്യങ്ങള്‍ എന്നിവക്ക് പുറമെ വിഭവ സമൃദ്ധമായ ഭക്ഷണവും പാരമ്പര്യ ആഘോഷ പരിപാടികളും ഒരുക്കുന്നുണ്ട്. ടെന്‍റുകളുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഈ പ്രദേശത്ത് സജീവമായി നടന്നുവരികയാണ്. ഇന്ന് വൈകുന്നേരത്തോടെ തന്നെ പല ടെന്‍റുകളും ആഘോഷ പരിപാടികള്‍ക്ക് വേണ്ടി ഒരുങ്ങിക്കഴിയും.
ഖത്തറിന്‍െറ കല വരുന്നായി അറിയപ്പെടുന ‘അര്‍ദ’ക്ക് പുറമെ ഗള്‍ഫ് നാടുകളില്‍ സാധാരണയായി കണ്ടുവരുന്ന വിവിധ തരം നാടോടി നൃത്തങ്ങള്‍ ഈ ടെന്‍റുകളില്‍ ഒരുക്കുമെന്ന് സംഘാടകര്‍ വ്യക്തമാക്കി. രണ്ട് ദിവസം പൂര്‍ണമായും ആഘോഷ ഭരിതമാക്കാനുള്ള ഒരുക്കങ്ങളാണ് നടന്ന് വരുന്നത്.
നാളെ വൈകുന്നേരത്തോടെ ടെന്‍റുകളില്‍ ആഘോഷ പരിപാടികള്‍ ആരംഭിക്കും.
 

രൂപ താഴോട്ട്; ഒരു ദിര്‍ഹത്തിന് 17 ന് മുകളില്‍

Posted: 15 Dec 2014 07:52 PM PST

Image: 

ദുബൈ: ചെറിയൊരു ഇടവേളക്ക് ശേഷം രൂപയുടെ മൂല്യം വീണ്ടും താഴോട്ട്. 10 മാസത്തെ ഏറ്റവും വലിയ മൂല്യത്തകര്‍ച്ചയാണ് രൂപക്ക് തിങ്കളാഴ്ച ഉണ്ടായത്. നാലുമാസത്തിനിടയിലെ ഏറ്റവും വലിയ ഒരു ദിവസ വീഴ്ചയുമാണിത്.
തിങ്കളാഴ്ച വിപണി വ്യാപാരം അവസാനിപ്പിക്കുമ്പോള്‍ ഒരു ദിര്‍ഹത്തിന് 17.10 രൂപ എന്നതായിരുന്നു അവസ്ഥ. അതായത് 58.48  ദിര്‍ഹമുണ്ടെങ്കില്‍1000 രൂപയാക്കി മാറാം. എന്നാല്‍  ഇന്നലെ രാത്രി   ദിര്‍ഹംവീണ്ടും താഴ്ന്ന് 17.28 രൂപ വരെ എത്തി.
തിങ്കളാഴ്ച രാവിലെ 16.99 രൂപയില്‍ തുടങ്ങിയ വിനിമയമുല്യം  തുടര്‍ച്ചയായി താഴോട്ടുപോവുകയായിരുന്നു. ഇടക്കിടെ ചാഞ്ചാട്ടവും കാണിച്ചു. ഡോളറിന് 62.50 രൂപ എന്ന രാവിലത്തെ നിലവാരം രാത്രി 63.30 വരെ എത്തി. വെള്ളിയാഴ്ച ഡോളറിന് 62.29 രൂപയും യൂ.എ.ഇ ദിര്‍ഹത്തിന് 16.92 രൂപയും എന്ന നിലവാരത്തിലായിരുന്നു പണവിനിമയ വിപണി വ്യാപാരം അവസാനിപ്പിച്ചത്. രണ്ടു ദിവസത്തെ അവധിക്കു ശേഷം തിങ്കളാഴ്ച വ്യാപാരം പുനരാരംഭിച്ചപ്പോള്‍ സ്ഥിതിയാകെ മാറി.
അതായത് ഒറ്റദിവസം കൊണ്ട് രൂപക്ക് ഡോളറിനെതിരെ ഒരു രൂപയുടെയും  ദിര്‍ഹത്തിനെതിരെ 36 പൈസയുടെയും നഷ്ടമുണ്ടായി.
എന്നാല്‍ ഈ ഇടിവിന്‍െറ ഗുണം അധികം പ്രവാസികള്‍ക്കും മുതലാക്കാനായില്ല. മാസം പകുതി പിന്നിട്ട അവസരത്തിലായതിനാല്‍ പലരും ശമ്പളം നാട്ടിലേക്ക് അയച്ചുകഴിഞ്ഞിരുന്നു. നല്ല മൂല്യത്തിനായി കാത്തിരുന്നവര്‍ കഴിഞ്ഞദിവസങ്ങളിലെ മെച്ചപ്പെട്ട വിനിമയ നിരക്കില്‍ അയക്കുകയും ചെയ്തു. ഒറ്റ ദിവസംകൊണ്ട് ഇത്ര താഴോട്ടുപോകുമെന്ന് ആരും കരുതിയില്ല.
ഈ നില രണ്ടുദിവസം കൂടി തുടരുമെന്നാണ് വിദഗ്ധര്‍ പറയുന്നത്.  ധനവിനിമയ സ്ഥാപനങ്ങളിലെല്ലാം കഴിഞ്ഞ ദിവസങ്ങളില്‍ നല്ല തിരക്കായിരുന്നു.  എല്ലാ വികസ്വര രാജ്യ കറന്‍സികള്‍ക്കും ഇടിവുണ്ടായെങ്കിലും വ്യവസായിക ഉത്പാദന നിരക്കിലുണ്ടായ അപ്രതീക്ഷിത ഇടിവ് സാമ്പത്തിക വളര്‍ച്ചയെ ബാധിക്കുമോ എന്ന ആശങ്കയാണ് രൂപയുടെ മൂല്യത്തകര്‍ച്ചക്ക് ആഘാതം കൂട്ടിയത്.  ഇന്തോനേഷ്യന്‍ കറന്‍സിയായ റുപിയക്കാണ് ഏറ്റവും വലിയ അടി കിട്ടിയത്. 16 വര്‍ഷത്തെ ഏറ്റവും വലിയ തകര്‍ച്ചയാണ് തിങ്കളാഴ്ച റുപിയക്ക് സംഭവിച്ചത്.
2013 സെപ്ററംബര്‍ മൂന്നിനാണ് രൂപയുടെ ഏറ്റവും വലിയ വിലയിടിവ് രേഖപ്പെടുത്തിയത്. അന്ന് ഒരു യു.എ.ഇ ദിര്‍ഹത്തിന് 18.55 രൂപ ലഭിച്ചിരുന്നു. പ്രവാസികള്‍ കടം വാങ്ങിയും ചെലവു ചുരുക്കിയും നാട്ടിലേക്ക് പണമയച്ച കാലമായിരുന്നു അത്. ആയിരം രൂപ നാട്ടിലത്തെിക്കാന്‍ 53.90 ദിര്‍ഹം  മതിയായിരുന്നു.
പിന്നീട് റിസര്‍വ് ബാങ്കിന്‍െറ ഇടപെടലിനെതുടര്‍ന്ന് രൂപ നില മെച്ചപ്പെടുത്തി സ്ഥിരത കൈവരിച്ചു. ഇതിനിടയിലാണ്് ആഗോള വിപണിയിലെ എണ്ണ വിലയിടിവും ഡോളര്‍ ശക്തി പ്രാപിച്ചതും കാരണം രൂപ താഴോട്ടുപോകാന്‍ തുടങ്ങിയത്.

സ്വര്‍ണവിലയില്‍ മാറ്റമില്ല; പവന് 20,200 രൂപ

Posted: 15 Dec 2014 07:19 PM PST

Image: 

കൊച്ചി: സ്വര്‍ണവില മാറ്റമില്ലാതെ തുടരുന്നു. പവന് 20,200 രൂപയിലാണ് ഇന്നും വ്യാപാരം നടക്കുന്നത്. 2,525 ആണ് ഗ്രാം സ്വര്‍ണത്തിന്റെ വില. ഇന്നലെയാണ് പവന് 80 രൂപ വര്‍ധിച്ചത്.

20,000 ത്തില്‍ താഴെ പോയ സ്വര്‍ണവില ഡിസംബര്‍ പത്തിനാണ് 20,200 ആയത്. പിന്നീടുള്ള ദിവസങ്ങളില്‍ ചാഞ്ചാട്ടമുണ്ടായെങ്കിലും വില 20,000ല്‍ കുറഞ്ഞിരുന്നില്ല. അന്താരാഷ്ട്ര വിപണിയിലെ മാറ്റമാണ് രാജ്യത്തെ വിപണിയിലും പ്രകടമായത്.
 

ചെന്നൈയില്‍ കളിച്ചാടൂ

Posted: 15 Dec 2014 06:56 PM PST

Image: 
Subtitle: 
3-0ന്‍െറ ലീഡുമായി കേരള ബ്ളാസ്റ്റേഴ്സ് ചെന്നൈയിന്‍ എഫ്.സിക്കെതിരെ

ചെന്നൈ: ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്‍െറ സെമിപോരാട്ടത്തിന്‍െറ ആദ്യ പാദത്തില്‍, കൊച്ചിയിലെ പ്രിയപ്പെട്ട ആരാധകര്‍ക്ക് മുന്നില്‍ പൊട്ടിത്തെറിച്ച് ചെന്നൈയിന്‍ എഫ്.സിയെ മൂന്നായി വലിച്ചുകീറിയ കേരള ബ്ളാസ്റ്റേഴ്സിന് ഇന്ന് രണ്ടാംപാദ വെല്ലുവിളി.
എതിരാളികളുടെ പാളയത്തിലാണ് പോരാട്ടമെങ്കിലും 3-0ത്തിന്‍െറ ആദ്യപാദ ജയത്തിന്‍െറ ലഹരിയില്‍ ഭയാശങ്കകളില്ലാതെയാണ് ഡേവിഡ് ജയിംസും കൂട്ടരും ഇന്ന് ബൂട്ടണിയുക. ഗ്രൂപ് മത്സരങ്ങളിലെ തകര്‍പ്പന്‍ പ്രകടനങ്ങളുടെ മികവില്‍ ലീഗിലെ ഏറ്റവും മികച്ച ടീം എന്ന് പേരെടുത്ത ചെന്നൈയിനെ മൈതാനത്ത് കാഴ്ചക്കാരാക്കിയ കഴിഞ്ഞ കളിയിലെ കുതിപ്പുതന്നെയാണ് ബ്ളാസ്റ്റേഴ്സ് പടയുടെ ആത്മവിശ്വാസമുയര്‍ത്തുന്നത്. ഐ.എസ്.എല്‍ ഈ സീസണില്‍ കണ്ട ഏറ്റവും മികച്ച പോരാട്ടം പുറത്തെടുക്കാന്‍ കഴിഞ്ഞതിന്‍െറ ആത്മവിശ്വാസം. ഇശ്ഫാഖ് അഹ്മദും ഇയാന്‍ ഹ്യൂമും ആദ്യ പാദത്തില്‍ രണ്ടു മിനിറ്റിനിടയില്‍ നേടിയ ഗോളുകള്‍ ടീമിന്‍െറ വിജയത്തില്‍ നിര്‍ണായകമായപ്പോള്‍ സൂപ്പര്‍ സ്റ്റാര്‍ ഗോള്‍ എന്ന വിശേഷണം മത്സരം അവസാനിക്കുന്നതിന് നിമിഷങ്ങള്‍ക്ക് മുമ്പ് മലയാളി താരം സുശാന്ത് മാത്യുവിന്‍െറ ലോങ് റേഞ്ചറിന് സ്വന്തം. 83ാം മിനിറ്റില്‍ പകരക്കാരനായി ഗ്രൗണ്ടിലത്തെിയ സുശാന്ത് ഇഞ്ചുറി ടൈമില്‍, മധ്യവരയില്‍ ഹ്യൂമില്‍നിന്ന് കിട്ടിയ പന്തുമായി മുന്നേറി, ചെന്നൈയിന്‍െറ ശക്തിബിംബങ്ങളായ പ്രതിരോധഭടന്മാരായ മൈക്കല്‍ സില്‍വസ്റ്ററെയും അലക്സാഡ്രോ നെസ്റ്റയെയും കബളിപ്പിച്ച് ബോക്സിന് വെളിയില്‍നിന്ന് വലയുടെ ഇടതുമൂലയിലേക്ക് തൊടുത്തുവിട്ട ആ ഗോള്‍ ഗോളി ബ്രസീലിയാനോയെ കബളിപ്പിച്ച് തറഞ്ഞുനിന്നത് പതിനായിരക്കണക്കിന് ആരാധകഹൃദയങ്ങളിലാണ്.
മലയാളി, ഇന്ത്യന്‍, വിദേശ വേര്‍തിരിവുകളില്‍ ഒതുക്കാതെ ലീഗിലെതന്നെ അവിശ്വസനീയവും ഗംഭീരവും ഉജ്ജ്വലവുമായ ഗോള്‍നിമിഷം എന്നാണ് വയനാട്ടുകാരനായ സുശാന്തിന്‍െറ ഗോളിനെക്കുറിച്ച് ഫുട്ബാള്‍ പ്രേമികള്‍ പറയുന്നത്. ഇന്ന് ചെന്നൈയില്‍ സുശാന്തിന്‍െറ ബൂട്ടിന് കൂടുതല്‍ അവസരം കിട്ടാനുള്ള വഴിയും ഈ ഗോള്‍ തുറന്നുകഴിഞ്ഞു.
ഫൈനല്‍ ബര്‍ത്തിലേക്ക് ചെന്നൈയിന് നോട്ടമയക്കണമെങ്കില്‍ നാലു ഗോള്‍ വ്യത്യാസത്തില്‍ ഒരു ജയം അനിവാര്യം. എന്നാല്‍, കൊച്ചിയില്‍ ബ്ളാസ്റ്റേഴ്സ് താരങ്ങള്‍ പുറത്തെടുത്ത മിന്നും  ആക്രമണഫുട്ബാള്‍ ചെന്നൈയിന് കാര്യങ്ങള്‍ എളുപ്പമാക്കില്ല എന്നുള്ള സന്ദേശമാണ് നല്‍കുന്നത്. എതിര്‍വലയില്‍ പന്തത്തെിക്കുന്നതില്‍ ബ്ളാസ്റ്റേഴ്സ് താരങ്ങള്‍ കാണിച്ചിരുന്ന പിശുക്കിനാണ് ആ കളിയില്‍ അവസാനമായത്. മാര്‍കോ മറ്റെരാസിയുടെ ഒന്നാംതരം പ്രതിരോധ അടവുകളാണ് ആ കുതിപ്പിനു മുന്നില്‍ നമിച്ചുനിന്നത്. ഒപ്പം സ്വന്തം വലയില്‍ പന്ത് സ്വീകരിക്കുന്നതിലെ പിശുക്ക് ബ്ളാസ്റ്റേഴ്സ് തുടരുകയും ചെയ്തു. സന്ദീപ് നന്ദിയുടെ ഗോള്‍ കീപ്പിങ് പാടവവും സന്ദേശ് ജിങ്കാനും സെഡ്രിക് ഹെങ്ബര്‍ട്ടും ഇല്ലാതിരുന്നിട്ടും നിര്‍മല്‍ ഛേത്രിയുടെ നേതൃത്വത്തിലുള്ള പ്രതിരോധനിരയും എലാനോ ബ്ളൂമറിനെയും ബല്‍വന്ത് സിങ്ങിനെയും ജെജെ ലാല്‍പെഖുലയെയും പോലുള്ളവരെ അടക്കിനിര്‍ത്തി. അച്ചടക്കമാര്‍ന്ന ആ കളിയിലൂടെ വന്ന ഒന്നാംപാദത്തിലെ ജയത്തില്‍ തൂങ്ങി ഫൈനലിലേക്ക് കടക്കാമെന്ന ചിന്ത ഇന്ന്  ബ്ളാസ്റ്റേഴ്സ് എന്തായാലും പുറത്തെടുക്കില്ല. കാരണം, ഏതുനിമിഷവും അപകടകാരികളായി മാറാന്‍ കഴിയുന്നവരാണ് ചെന്നൈയിന്‍ മുന്നേറ്റം. ലീഗിലെ ടോപ് സ്കോറര്‍ എലാനോ ബ്ളൂമറിന് കൊച്ചിയില്‍ കാര്യമായൊന്നും ചെയ്യാന്‍ കഴിഞ്ഞില്ളെങ്കിലും തങ്ങളുടെ ഹോം ഗ്രൗണ്ടില്‍ വലിയ അപകടം വിതക്കാനുള്ള പടക്കോപ്പുകള്‍ കൈയിലുണ്ട്. കൊച്ചിയില്‍ 60,000 ബ്ളാസ്റ്റേഴ്സ് ആരാധകര്‍ അവരുടെ ആത്മവീര്യം കെടുത്തിയെങ്കില്‍ സ്വന്തം മടയില്‍ സ്ഥിതി മറിച്ചാകും.
മുംബൈ സിറ്റി എഫ്.സിക്കെതിരെ 5-1ന് ജയം നേടിയ പൂര്‍വചരിത്രം അവര്‍ക്കുണ്ട്. 24 ഗോളുകളാണ് അവര്‍ ഗ്രൂപ് ഘട്ടത്തിലെ 14 മത്സരങ്ങളിലായി അടിച്ചെടുത്തത്. യുവേഫ ചാമ്പ്യന്‍സ് ലീഗിലും മറ്റും കാണുന്നതുപോലെ ആദ്യ പാദത്തിലെ തോല്‍വിക്കുശേഷമുള്ളൊരു ഉയര്‍ത്തെഴുന്നേല്‍പ് ഏതുനിമിഷവും ചെന്നൈയിനില്‍നിന്ന് പ്രതീക്ഷിക്കാം. ഫൈനല്‍ ഉറപ്പിച്ചുകൊണ്ട് റഫറിയുടെ ഫൈനല്‍ വിസില്‍ മുഴങ്ങുന്നതുവരെ, അപകടം മുന്നില്‍ കണ്ട്, കൊച്ചിയില്‍ കാഴ്ചവെച്ച തകര്‍പ്പന്‍ ആക്രമണ ഫുട്ബാള്‍ വീണ്ടും പുറത്തെടുക്കുന്നതുതന്നെയായിരിക്കും ബ്ളാസ്റ്റേഴ്സിന് ഗുണം ചെയ്യുക.
ഫൈനലിലെ എതിരാളിയെ വിറപ്പിച്ചുനിര്‍ത്താനും അത് സചിന്‍െറ മഞ്ഞപ്പടയെ സഹായിക്കും.

മൂന്നു വര്‍ഷത്തിനുള്ളില്‍ ഇന്ത്യയിലേക്ക് ഒമാനി സഞ്ചാരികളുടെ എണ്ണത്തില്‍ ഇരട്ടി വര്‍ധന

Posted: 15 Dec 2014 06:52 PM PST

Image: 

മസ്കത്ത്: ഒമാനില്‍നിന്ന് ഇന്ത്യയിലേക്കുള്ള സഞ്ചാരികളുടെ എണ്ണത്തില്‍ വന്‍തോതില്‍ വര്‍ധനയുണ്ടായതായി കണക്കുകള്‍ വ്യക്തമാക്കുന്നു. മൂന്ന് വര്‍ഷത്തിനിടെ ഒമാനി സഞ്ചാരികളുടെ എണ്ണം ഇരട്ടിയായതായാണ് മസ്കത്തിലെ ഇന്ത്യന്‍ എംബസി വഴി വിതരണം ചെയ്ത വിസകളുടെ എണ്ണം പരിശോധിക്കുമ്പോള്‍ ബോധ്യമാകുന്നത്. 2011ല്‍ ഇന്ത്യ സന്ദര്‍ശിച്ച ഒമാനി പൗരന്മാര്‍ 39,000 മാത്രം ആയിരുന്നെങ്കില്‍ 2014 നവംബര്‍ വരെ 75,000 വിസകളാണ് ഇന്ത്യന്‍ എംബസി വിതരണം ചെയ്തത്. 2013ല്‍ 59,000 ഒമാനി പൗരന്മാര്‍ ഇന്ത്യ സന്ദര്‍ശിച്ചതായും ഒമാനിലെ ഇന്ത്യന്‍ അംബാസഡര്‍ ജെ.എസ്. മുകുള്‍ വ്യക്തമാക്കി.
ഒമാനികള്‍ക്ക് ഇന്ത്യയില്‍ ഏര്‍പ്പെടുത്തിയ വിസ ഓണ്‍ അറൈവല്‍ സംവിധാനവും ഇ ട്രാവല്‍ ഓതറൈസേഷനും സഞ്ചാരികളുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ധന വരുത്തുമെന്ന പ്രതീക്ഷയും നയതന്ത്ര പ്രതിനിധികള്‍ പ്രകടിപ്പിക്കുന്നു. പുതിയ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുന്നതിന്‍െറ ഭാഗമായി ഞായറാഴ്ച അല്‍ഖുവൈറിലെ ഇന്ത്യന്‍ എംബസി ഓഡിറ്റോറിയത്തില്‍ നടത്തിയ വിശദീകരണ പരിപാടിയില്‍ നിരവധി ട്രാവല്‍ ഏജന്‍സികളും മുതിര്‍ന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥരും പങ്കെടുത്തിരുന്നു.
പുതിയ സംവിധാനം നിലവില്‍ വന്നതോടെ വിസ ലഭിക്കുന്നതിനുള്ള കാലതാമസം ഒഴിവാകുമെന്നാണ് കണക്കുകൂട്ടല്‍. എംബസികളിലും മറ്റും സമയം ചെലവഴിക്കേണ്ട എന്നതിനാല്‍ കൂടുതല്‍ സ്വദേശികള്‍ വിനോദ സഞ്ചാരത്തിന് ഇന്ത്യക്ക് മുന്‍ഗണന നല്‍കുമെന്നും പ്രതീക്ഷിക്കുന്നു.
ഇപ്പോള്‍ 72 മണിക്കൂറിനകം ഒമാനി സ്വദേശികള്‍ക്ക് വിസ അനുമതി ലഭിക്കുന്നുണ്ട്. പ്രധാന ഇന്ത്യന്‍ വിമാനത്താവളങ്ങളില്‍ 60 ഡോളര്‍ ഫീസ് ഒടുക്കിയാല്‍ വിസ ലഭിക്കാനുള്ള സൗകര്യവും ഉണ്ട്.  നിലവിലെ ഒന്നിലധികം തവണ ഇന്ത്യയില്‍ പ്രവേശിക്കാന്‍ സൗകര്യമൊരുക്കുന്ന മള്‍ട്ടിപ്പിള്‍ എന്‍ട്രി വിസക്കും മറ്റ് വിസകള്‍ക്കും ഒപ്പമാണ് വിസ ഓണ്‍ അറൈവലും ഏര്‍പ്പെടുത്തിയിരിക്കും.
ഈ വിസ ലഭിക്കുന്നതിന് https://indianvisaonline.gov.in/visa/ എന്ന വെബ്സൈറ്റില്‍ അപേക്ഷ നല്‍കണം. അപേക്ഷക്കൊപ്പം പാസ്പോര്‍ട്ടിന്‍െറ പകര്‍പ്പും മറ്റ് ആവശ്യമായ രേഖകളും നല്‍കണം. അപേക്ഷ സമര്‍പ്പിച്ച് മൂന്ന് ദിവസത്തിനകം അപേക്ഷകന് വിസ സംബന്ധിച്ച വിവരം ലഭ്യമാകും. ഇതോടെ ഇന്ത്യയിലേക്ക് യാത്രചെയ്യാനുള്ള അവസരം ലഭ്യമാകും. ഇന്ത്യന്‍ വിമാനത്താവളത്തില്‍ എത്തിയാല്‍ ഇ ട്രാവല്‍ ഓതറൈസേഷന്‍ വഴി ലഭിച്ച പകര്‍പ്പ് സമര്‍പ്പിക്കുന്നതോടെ എമിഗ്രേഷന്‍ ഉദ്യോഗസ്ഥന്‍ ജൈവവിവരങ്ങള്‍ രേഖപ്പെടുത്തുകയും വിസ ലഭ്യമാക്കുകയും ചെയ്യുമെന്ന് അധികൃതര്‍ പറഞ്ഞു.
 

വിദൂഷകനും വാസ്തുപുരുഷും ദൃശ്യവിരുന്നാകും

Posted: 15 Dec 2014 06:51 PM PST

Image: 

തിരുവനന്തപുരം:  മേളയുടെ അഞ്ചാം ദിനമായ ചൊവ്വാഴ്ച വിവിധ രാജ്യങ്ങളില്‍ നിന്നുള്ള 46 ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും. മലയാളത്തിന്‍െറ ഹാസ്യചക്രവര്‍ത്തി സഞ്ജയന്‍െറ ജീവിതം തിരശ്ശീലയിലത്തെിച്ച ചിത്രം ‘വിദൂഷകന്‍’ ഇന്ന് ആദ്യപ്രദര്‍ശനത്തിനെ ത്തും. കൈരളിയില്‍ രാവിലെ ഒമ്പതിനാണ് പ്രദര്‍ശനം. മറാത്തി ജീവിത പശ്ചാത്തലത്തില്‍ അണിയിച്ചൊരുക്കിയ സുമിത്രാഭാവെയുടെ ‘വാസ്തുപുരുഷ്’ വൈകീട്ട് 6.45ന് ശ്രീവിശാഖില്‍ പ്രദര്‍ശിപ്പിക്കും.
മലയാളം സിനിമ ഇന്ന് വിഭാഗത്തില്‍ മുഹമ്മദ് കോയ സംവിധാനം ചെയ്ത ‘ആലിഫ്’ ആദ്യപ്രദര്‍ശനത്തിനത്തെും. മതവും പുരുഷ മേല്‍ക്കോയ്മയും പ്രമേയമാകുന്ന ചിത്രം 35 കാരിയായ ഫാത്തിമയുടെ  സംഘര്‍ഷഭരിതജീവിതത്തെക്കുറിച്ച് പറയുന്നു. കണ്ടംപററി മാസ്റ്റര്‍ ഇന്‍ ഫോക്കസ് വിഭാഗത്തില്‍ ഡാനിസ് തനോവിക്കിന്‍െറ ‘ഐസ് ഓഫ് വാര്‍’, ഹണി അബു ആസാദിന്‍െറ ‘പാരഡൈസ് നൗ’ എന്നീ ചിത്രങ്ങള്‍ ആദ്യപ്രദര്‍ശനത്തിനത്തെും.
ഹണി അബു ആസാദിന്‍െറ ‘ഐസ് ഓഫ് വാര്‍’ ശക്തമായ ചിത്രങ്ങളിലൊന്നാണ്. യുദ്ധം മനുഷ്യഹൃദയങ്ങളിലുണ്ടാക്കുന്ന ചുഴികളെക്കുറിച്ചാണ് ചിത്രം പറയുന്നത്. മനുഷ്യബോംബായി പൊട്ടിച്ചിതറാന്‍ തെരഞ്ഞെടുക്കപ്പെടുന്ന രണ്ടു സുഹൃത്തുക്കളുടെ കഥയാണ് ‘പാരഡൈസ് നൗ’. ലോകസിനിമാവിഭാഗത്തില്‍ ഇന്ന് 18 ചിത്രങ്ങള്‍. യഥാര്‍ഥ സംഭവത്തിന്‍െറ അടിസ്ഥാനത്തിലൊരുക്കിയ ചിത്രമാണ് ‘നോ വസ് ചൈല്‍ഡ്’.
നിഗൂഢതകള്‍ ചുരുള്‍നിവരുകയാണ് അലക്സാണ്ട്രോസ് അവ്റാനാസിന്‍െറ ‘മിസ് വയലന്‍സി’ല്‍. തുര്‍ക്കി സംസ്കാരത്തിന്‍െറയും ജീവിതരീതിയുടെയും കഥപറയാന്‍ ‘പണ്ടോറാസ് ബോക്സും’ ഇന്നത്തെും.
 

ഫലസ്തീന്‍െറ മുറിവിനാഴങ്ങള്‍ പകര്‍ത്തി ‘ഉമര്‍’; വന്യതയുടെ പൊരുള്‍ തേടി ‘വൈല്‍ഡ് ടെയ്ല്‍സ്’

Posted: 15 Dec 2014 06:44 PM PST

Image: 
Subtitle: 
യു.എ.ഇ, ഖത്തര്‍ സംയുക്ത സംരംഭമായ തീബ് വേറിട്ട ദൃശ്യാനുഭവമായി

തിരുവനന്തപുരം: മനുഷ്യാവസ്ഥയുടെ സങ്കീര്‍ണതകളും ദേശസംഘര്‍ഷങ്ങളുടെ ആവിഷ്കാരങ്ങളുമുള്‍പ്പെടെ വൈവിധ്യമാര്‍ന്ന പ്രമേയങ്ങളുമായി വന്ന ഒരുപിടി മികച്ച സിനിമകള്‍ 19ാമത് രാജ്യാന്തര ചലച്ചിത്രമേളയുടെ നാലാംദിവസം പ്രദര്‍ശിപ്പിക്കപ്പെട്ടു. ഫലസ്തീന്‍ ചിത്രമായ ‘ഉമര്‍’, അര്‍ജന്‍റീനയില്‍നിന്നുള്ള വൈല്‍ഡ് ടെയ്ല്‍സ്, യു.എ.ഇ ചിത്രമായ തീബ്, ഫ്രാന്‍സിന്‍െറ ബേഡ് പീപ്പ്ള്‍ എന്നിവ പ്രേക്ഷകരുടെ മനം കവര്‍ന്നു.
ചലച്ചിത്രപ്രവര്‍ത്തനത്തിന്‍െറ പാരമ്പര്യമില്ലാത്ത ഫലസ്തീന്‍, സിനിമ എന്ന മാധ്യമത്തിന്‍െറ സാധ്യതകള്‍ അവിശ്വസനീയമായ കൈയടക്കത്തോടെ കൈകാര്യം ചെയ്യുന്നതിന്‍െറ വിസ്മയക്കാഴ്ച കൂടിയാണ്  ‘ഉമര്‍’. അധിനിവേശത്തിനെതിരായ ചെറുത്തുനില്‍പിനുള്ള മൂര്‍ച്ചയേറിയ ആയുധംകൂടിയായി ഫലസ്തീന്‍ സിനിമ വളര്‍ന്നുവെന്നതിന്‍െറ ദൃശ്യസാക്ഷ്യവുമാണ് ഈ ചിത്രം. സംവിധായകനായ ഹാനി അബു ആസാദിനെ സമകാലിക ചലച്ചിത്രാചാര്യനായാണ് ഈ മേള അവതരിപ്പിക്കുന്നത്. അദ്ദേഹത്തിന്‍െറ പാരഡൈസ് നൗ, റാണാസ് വെഡിങ്, ദ കൊറിയര്‍ തുടങ്ങിയ ചിത്രങ്ങള്‍കൂടി മേളയില്‍ പ്രദര്‍ശിപ്പിക്കുന്നുണ്ട്.
ഇസ്രായേല്‍ നിര്‍മിച്ച വിഭജനത്തിന്‍െറ മതില്‍ മനുഷ്യബന്ധങ്ങള്‍ക്കിടയില്‍ പണിതുയര്‍ത്തിയ ഭീകരമായ നിര്‍മിതിയായി ഈ ചിത്രത്തില്‍ മാനംമുട്ടെ വളര്‍ന്നുനില്‍പുണ്ട്. എവിടെനിന്നെന്നറിയാതെ പാഞ്ഞത്തെുന്ന വെടിയുണ്ടകള്‍ക്കും സ്നേഹകാമനകളെ തടസ്സപ്പെടുത്തുന്ന വന്മതിലിനുമിടയില്‍ യൗവനകാലം കടന്നുപോകുന്ന ഉമറിന്‍െറ കഥയാണിത്. ഇസ്രായേലിന്‍െറ മൃഗീയമായ അധിനിവേശത്തിനു കീഴില്‍ ഞെരിഞ്ഞമരുന്ന വെസ്റ്റ്ബാങ്കില്‍ സ്വാഭാവികമായ മാനുഷികവികാരങ്ങള്‍ക്ക് ഇടമില്ളെന്ന് നാം വേദനയോടെ തിരിച്ചറിയുന്നു. അവിടെ സാഹചര്യങ്ങളുടെ ഇരകളായി സുഹൃത്തുക്കളും കളിക്കൂട്ടുകാരും കൊടിയ ശത്രുക്കളാകുന്നു. ആരാണ് ചെറുത്തുനില്‍പ് പോരാട്ടങ്ങളെ ഒറ്റിക്കൊടുക്കുന്നത് എന്ന സംശയദൃഷ്ടിയോടെ ഓരോരുത്തര്‍ക്കും അപരനെ നോക്കേണ്ടിവരുന്ന അവസ്ഥ അവിടെ ഇസ്രായേല്‍ സൃഷ്ടിച്ചിട്ടുണ്ട്. അതുകൊണ്ടാണ് ഉമറിന് അവന്‍െറ പ്രണയിനി നാദിയപോലും നഷ്ടപ്പെടുന്നത്. അങ്ങേയറ്റം നിസ്സഹായമായ സാഹചര്യത്തിലത്തെിച്ചാണ് ഫലസ്തീന്‍ പോരാളികളെ ഒറ്റിക്കൊടുക്കാനുള്ള ചാരന്മാരെ ഇസ്രായേല്‍ സൃഷ്ടിക്കുന്നതെന്ന് ചിത്രം പറയുന്നു. അങ്ങനെയൊരു അവസ്ഥയില്‍ പെട്ടുപോവുകയാണ് ഉമര്‍. അവന്‍ എവിടെയൊക്കെ പോകുന്നു എന്നറിയാന്‍ ഇസ്രായേലി രഹസ്യാന്വേഷണ ഉദ്യോഗസ്ഥര്‍ കാലില്‍ ഉപകരണം വെച്ചുപിടിപ്പിക്കുന്നു. പതിയിരുന്നുള്ള ആക്രമണനീക്കങ്ങളെക്കുറിച്ച് മുന്നറിവുനേടാനാണ് അവര്‍  ചാരന്മാരെ നിയോഗിക്കുന്നത്. അത് കളിക്കൂട്ടുകാരായ ഉമറിനെയും അംജദിനെയും താരകിനെയും പരസ്പരം വേര്‍പെടുത്തുന്നു. അപ്രതീക്ഷിതവും ചടുലവുമായ നീക്കത്തിലൂടെ ഇസ്രായേലി ഉദ്യോഗസ്ഥനെ ഉമര്‍ വെടിവെച്ചുകൊല്ലുന്ന ആവേശകരമായ ദൃശ്യത്തിലാണ് ചിത്രം അവസാനിക്കുന്നത്.
മനുഷ്യസ്വഭാവത്തിന്‍െറ വന്യമായ, ഇരുണ്ട മറുപുറങ്ങളിലേക്ക് കാമറ തിരിക്കുകയാണ് അര്‍ജന്‍റീനന്‍ ചിത്രമായ വൈല്‍ഡ് ടെയ്ല്‍സ്. ആറ് കഥകളിലൂടെയാണ് ചിത്രം പൂര്‍ണമാകുന്നത്. അക്രമവാസനയും പ്രതികാരവാഞ്ഛയും രൂപപ്പെടുന്ന സാഹചര്യങ്ങളെ പരിചയപ്പെടുത്തിക്കൊണ്ട് ആത്മപരിശോധനക്ക് ഓരോ പ്രേക്ഷകനെയും പ്രേരിപ്പിക്കുകയാണ് ഈ സിനിമ. ആക്രമണോത്സുകത എത്രത്തോളം നിഷ്ഫലവും നിരര്‍ഥകവുമാണെന്ന പ്രാപഞ്ചിക സത്യത്തിന് ചിത്രം കടുംനിറത്തില്‍ അടിവരയിടുന്നു. കറുത്ത ഫലിതത്തിന്‍െറ നാനാര്‍ഥങ്ങളിലൂടെയാണ് ഡാമിയന്‍ സിഫിറോണിന്‍െറ ഈ ചിത്രം വന്യതൃഷ്ണകളെ വെളിച്ചത്തുകൊണ്ടുവരുന്നത്.
യു.എ.ഇ, ഖത്തര്‍, ജോര്‍ഡന്‍, ബ്രിട്ടന്‍ സംയുക്ത സംരംഭമായ ‘തീബ് പ്രേക്ഷകപ്രശംസ പിടിച്ചുപറ്റി. ബിദോയിന്‍ ഗോത്രവര്‍ഗത്തില്‍പെട്ട സഹോദരന്മാരുടെ സാഹസികയാത്രയുടെ കഥ പറയുന്ന ഈ ചിത്രത്തിന്‍െറ സംവിധായകന്‍ നാജി അബു നൗവാര്‍ ആണ്. ഭ്രമകല്‍പനകളിലൂടെ സഞ്ചരിക്കുന്ന ഫ്രഞ്ച് ചിത്രം ‘ബേഡ് പീപ്പ്ള്‍’ വ്യത്യസ്തമായ ദൃശ്യാനുഭവമായി.
മേളയുടെ അഞ്ചാം ദിനമായ ചൊവ്വാഴ്ച വിവിധ രാജ്യങ്ങളില്‍ നിന്നുള്ള 46 ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും.

വീട്ടുവേലക്കാരി റിക്രൂട്ട്മെന്‍റ് : ഈടാക്കിയ ബാങ്ക് ഗാരന്‍റി തിരികെ നല്‍കണമെന്ന് ആഭ്യന്തര മന്ത്രാലയം

Posted: 15 Dec 2014 06:43 PM PST

Image: 

കുവൈത്ത് സിറ്റി: ഇന്ത്യയില്‍നിന്നുള്ള വീട്ടുവേലക്കാരികളെ റിക്രൂട്ട് ചെയ്യുന്നതിന് 720 ദീനാര്‍ ബാങ്ക് ഗാരന്‍റി നല്‍കണമെന്ന ഇന്ത്യന്‍ എംബസിയുടെ നിബന്ധനയെ ചൊല്ലി ഇന്ത്യയും കുവൈത്തും തമ്മിലുള്ള അഭിപ്രായഭിന്നത പരിഹാരമില്ലാതെ തുടരുന്നു. രണ്ടു രാജ്യങ്ങളും തങ്ങളുടെ നിലപാടില്‍ ഉറച്ചുനില്‍ക്കുന്നതിനിടെ നിബന്ധനയുടെ പേരില്‍ 300 പേരില്‍നിന്ന് ഈടാക്കിയ ബാങ്ക് ഗാരന്‍റി തിരികെ നല്‍കണമെന്ന ആവശ്യവുമായി കുവൈത്ത് ആഭ്യന്തര മന്ത്രാലയം രംഗത്തത്തെി.
ബാങ്ക് ഗാരന്‍റി നിബന്ധന അംഗീകരിക്കാനാവില്ളെന്നും ഇതുപ്രകാരം ഇന്ത്യന്‍ എംബസി ഈടാക്കിക്കഴിഞ്ഞ 300 സ്വദേശികളുടെ പണം ഉടന്‍ തിരികെ നല്‍കണന്മന്നും ആഭ്യന്തര മന്ത്രാലയത്തിലെ പാസ്പോര്‍ട്ട്, പൗരത്വകാര്യ അസിസ്റ്റന്‍റ് അണ്ടര്‍ സെക്രട്ടറി മേജര്‍ ജനറല്‍ ശൈഖ് മാസിന്‍ അല്‍ജര്‍റാഹ് അസ്സബാഹ് ആണ് ആവശ്യപ്പെട്ടത്. ബാങ്ക് ഗാരന്‍റി നിബന്ധന പിന്‍വലിക്കുന്നതിന് ഇന്ത്യന്‍ എംബസിക്ക് ഒരാഴ്ചത്തെ സമയം അനുവദിച്ചിട്ടുണ്ടെന്നും അതിനകം തീരുമാനം മാറ്റിയില്ളെങ്കില്‍ കടുത്ത നടപടികള്‍ നേരിടേണ്ടിവരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.
ഇന്ത്യയില്‍നിന്നുള്ള വീട്ടുവേലക്കാരികളെ റിക്രൂട്ട് ചെയ്യുന്നതിന് സ്പോണ്‍സര്‍ 720 ദീനാര്‍ (2500 ഡോളര്‍) ബാങ്ക് ഗാരന്‍റി നല്‍കണമെന്ന നിബന്ധന സെപ്റ്റംബര്‍ 13 മുതല്‍ ഇന്ത്യന്‍ എംബസി നടപ്പാക്കിയതോടെയാണ് പ്രശ്നങ്ങള്‍ തുടങ്ങിയത്. കുവൈത്തികള്‍ക്ക് അമിത സാമ്പത്തിക ഭാരമുണ്ടാക്കുന്ന നടപടിയാണെന്ന് ചൂണ്ടിക്കാട്ടി പാര്‍ലമെന്‍റ് അംഗങ്ങളും പ്രാദേശിക മാധ്യമങ്ങളും ഇതിനെതിരെ രൂക്ഷവിമര്‍ശവുമായി രംഗത്തത്തെിയതോടെ വിഷയം വിവാദമാവുകയായിരുന്നു. തീരുമാനം പിന്‍വലിക്കണമെന്ന് കുവൈത്ത് വിദേശകാര്യ മന്ത്രാലയം അണ്ടര്‍ സെക്രട്ടറി ഖാലിദ് സുലൈമാന്‍ ജാറുല്ല ഇന്ത്യന്‍ അംബാസഡര്‍ സുനില്‍ ജെയിനിനെ വിളിച്ചുവരുത്തി ആവശ്യപ്പെട്ടെങ്കിലും ഇന്ത്യന്‍ സര്‍ക്കാര്‍ ജി.സി.സി രാജ്യങ്ങളടക്കം 17 വിദേശരാജ്യങ്ങളുമായി ചര്‍ച്ച നടത്തിയതിന്‍െറ അടിസ്ഥാനത്തില്‍ 2007ല്‍ കൊണ്ടുവന്ന നിബന്ധനയാണിതെന്നും അത് നടപ്പാക്കുക മാത്രമാണ് എംബസി ചെയ്തതെന്നും അദ്ദേഹം മറുപടി നല്‍കിയിരുന്നു. ഇതത്തേുടര്‍ന്ന് ഇന്ത്യക്കാര്‍ക്ക് വിസാനിരോധം ഏര്‍പ്പെടുത്തുന്നതടക്കമുള്ള കടുത്ത നടപടികള്‍ക്ക് കുവൈത്ത് ഒരുങ്ങുന്നതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. ഇതിന്‍െറ ആദ്യപടിയായി ഇന്ത്യക്കാര്‍ക്ക് ഒരു തരത്തിലുള്ള വിസയും ഇഷ്യൂ ചെയ്യേണ്ടതില്ളെന്ന് ശൈഖ് മാസിന്‍ രാജ്യത്തെ ആറ് ഗവര്‍ണറേറ്റുകളിലെയും എമിഗ്രേഷന്‍ വകുപ്പ് മേധാവികള്‍ക്ക് നിര്‍ദേശം നല്‍കിയതായാണ് റിപ്പോര്‍ട്ട്. എന്നാല്‍, ഇതുസംബന്ധിച്ച് ഒൗദ്യോഗിക സ്ഥിരീകരണമൊന്നുമുണ്ടായിരുന്നില്ല.

മതം മാറിയാല്‍ ഇന്ത്യക്കാര്‍, അല്ലെങ്കില്‍ ബംഗ്ലാദേശികള്‍

Posted: 15 Dec 2014 06:19 PM PST

Image: 

കോടിക്കണക്കിന് മനുഷ്യര്‍ നെഞ്ചു ചേര്‍ത്ത്, കൈകള്‍ കോര്‍ത്ത് നമ്മളൊന്ന് എന്നു പ്രഖ്യാപിക്കുന്നതിന് സാക്ഷിയായ താജ്മഹലിന്‍െറ നാട്ടില്‍നിന്ന് കേള്‍ക്കുന്നത് ഭീതിയുടെയും വിദ്വേഷത്തിന്‍െറയും വര്‍ത്തമാനങ്ങള്‍. ജനങ്ങളെ വര്‍ഗീയമായി ഭിന്നിപ്പിച്ച് രാഷ്ട്രീയ നേട്ടം കൊയ്യാന്‍ നടത്തുന്ന ശ്രമം ഈ നാടിനെ അപകട മുനമ്പിലേക്കു തള്ളുകയാണിന്ന്്. താജ്മഹലിന്‍െറ ചരിത്രവും ഉടമാവകാശവും തിരുത്തിപ്പറഞ്ഞാണ് വെറുപ്പിന്‍െറ വിചാരധാരക്കാര്‍ ഇവിടെ അങ്കപ്പുറപ്പാട് തുടങ്ങിയത്. അറുപതോളം കുടുംബങ്ങളെ മതം മാറ്റിയെന്ന അവകാശ വാദം, മറ്റു കോണുകളിലും ഇതാവര്‍ത്തിക്കുമെന്ന ഭീഷണിയും. വിവാദ മതം മാറ്റം നടന്ന ആഗ്ര വേദ് നഗറിലത്തെിയ മാധ്യമം പ്രതിനിധി സവാദ് റഹ്മാന്‍ കണ്ട കാഴ്ചകള്‍., കേട്ട നേരുകള്‍...

ചെളിനിറഞ്ഞ് കാല്‍നടപോലും അസാധ്യമായ ഒരു പറമ്പില്‍ പഴകി ദ്രവിച്ച പ്ളാസ്റ്റിക് ഷീറ്റുകളും ഫ്ളക്സ്ബോര്‍ഡുകളും കൊണ്ടു നിര്‍മിച്ച കുറേ കൂരകള്‍, കീറിയ സാരികളും തകരപ്പാട്ടകളും തക്കാളിപ്പെട്ടികളും കൊണ്ടാണ് വാതിലുകള്‍. മുകളില്‍ തട്ടാതിരിക്കാന്‍ തല അല്‍പം കുനിച്ചാണ് അകത്തു കയറിയത്. എന്നാല്‍, അതിനുള്ളില്‍ താമസിക്കുന്ന സാധുക്കളുടെ സാക്ഷ്യം കേട്ടപ്പോള്‍ തല ശരിക്കും താഴ്ന്നു പോയി. പട്ടിണി പങ്കുവെച്ചു കഴിക്കുന്ന, ദാരിദ്ര്യരേഖയുടെ താഴെനില്‍ക്കാന്‍പോലും അനുവാദം ലഭിക്കാതെ പോയ ഈ മനുഷ്യരുടെ നെഞ്ചില്‍ ചവിട്ടി നിന്നാണ്  വര്‍ഗീയ ശക്തികള്‍ രാജ്യം പിടിച്ചടക്കാനുള്ള കുരുക്കുകളൊരുക്കുന്നത്.
ദാരിദ്ര്യപ്പൊള്ളലില്‍ പിടിച്ചുനില്‍ക്കാനാവാതെ, പിള്ള വയറുകള്‍ നിറക്കാന്‍ ബംഗാളില്‍നിന്നും ബിഹാറില്‍നിന്നും വണ്ടി കയറിയ ഒരു കൂട്ടം മനുഷ്യരാണിവര്‍. നാം ഉപയോഗിച്ച് വലിച്ചെറിയുന്ന പാഴ്വസ്തുക്കളില്‍ ഇവര്‍ ജീവിതം തിരയുന്നു. അനുഭവിച്ച ദുരിതങ്ങളും ഇടയില്‍ വല്ലപ്പൊഴും  വീണുകിട്ടുന്ന സന്തോഷപ്പൊട്ടുകളുമല്ലാതെ ഇത്ര കാലം ജീവിച്ചതിനോ പൗരത്വമോ ജനനമരണങ്ങളോ തെളിയിക്കാനോ രേഖകളൊന്നും ഇവരുടെ പക്കലില്ല. ഇന്ത്യന്‍ മുസ്ലിംകളുടെ സാമൂഹികാവസ്ഥയെക്കുറിച്ച് പഠിച്ച ജസ്റ്റിസ് സച്ചാര്‍ സമിതി ദലിതരെക്കാള്‍ പതിതമെന്ന് വിശേഷിപ്പിച്ച തരം ജീവിതങ്ങള്‍.

ഈ അരക്ഷിതാവസ്ഥയും ബലഹീനതയും മുതലെടുത്താണ് ബജ്റംഗ് ദള്‍, ധര്‍മ ജാഗരണ്‍ സമിതി തുടങ്ങിയ സംഘ്പരിവാര്‍ സംഘടനകള്‍ വേദ്നഗര്‍ കോളനിയിലെ പുരാനാ ഗിയാസ് ഗുദാം പ്രദേശത്ത് കടന്നു കയറ്റത്തിനു ശ്രമിച്ചത്. ഇവിടുത്തെ 56 കുടുംബങ്ങളില്‍നിന്നായി മുന്നൂറിലേറെപ്പേരെ ഹിന്ദുമതത്തിലേക്ക് മടക്കിയത്തെിച്ചുവെന്നാണ് സംഘ്പരിവാര്‍ അവകാശപ്പെട്ടത്. ഇവരുടെ മുന്‍ഗാമികള്‍ ഹിന്ദുക്കളായിരുന്നുവെന്നും പിന്മുറക്കാരെ ഇക്കാര്യം പറഞ്ഞു ബോധ്യപ്പെടുത്തി അവരുടെ സമ്മതത്തോടെ മതത്തിലേക്ക് തിരിച്ചത്തെിക്കുകയായിരുന്നുവെന്നും ചടങ്ങുകള്‍ക്കു നേതൃത്വം നല്‍കിയവര്‍ വാദിച്ചത് വലിയ വാര്‍ത്തയായി. ബി.ജെ.പിയുടെ പാര്‍ലമെന്‍റംഗങ്ങള്‍ ഈ ചെയ്തിയെ ന്യായീകരിക്കുകയും അവരുടെ കൂടി സാന്നിധ്യത്തില്‍ വമ്പിച്ച രീതിയില്‍ രാജ്യത്തിന്‍െറ മറ്റു ഭാഗങ്ങളിലും ഇതു സംഘടിപ്പിക്കുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തു. എന്നാല്‍, സംഘ്പരിവാര്‍ പച്ചക്കള്ളം പറയുകയാണെന്നു വ്യക്തമാക്കുന്നു കോളനിവാസികള്‍.

സമീപവാസിയാണെന്നു പരിചയപ്പെടുത്തി എത്തിയ നന്ദ് കിഷോര്‍ എന്നയാളും മകനും ബി.പി.എല്‍ കാര്‍ഡ് സംഘടിപ്പിച്ചു തരാമെന്നു വാഗ്ദാനം ചെയ്താണ് ചടങ്ങിലേക്കു കൊണ്ടുപോയത്. പൂര്‍വികരുടെ മതത്തെക്കുറിച്ച് തങ്ങള്‍ക്ക് അറിയില്ളെന്നും മതം മാറുന്നതിനെക്കുറിച്ച് മനസാ വാചാ കര്‍മണ ചിന്തിച്ചിട്ടില്ളെന്നുമാണ് മുര്‍ഷിദാ ബാനു എന്ന വീട്ടമ്മ പറഞ്ഞത്.   
‘ആദ്യം എന്‍െറ വീട്ടിലെ വൈദ്യുതി കട്ട് ചെയ്തു, രണ്ടു ദിവസം കഴിഞ്ഞ് ഒരാള്‍ വന്ന് എന്തെങ്കിലും ബുദ്ധിമുട്ടുണ്ടോ എന്നന്വേഷിച്ചു. കറണ്ട് കട്ടായ വിവരം പറഞ്ഞതും ആരെയോ ഫോണ്‍ ചെയ്തു പറഞ്ഞ് അരമണിക്കൂറിനകം പുന$സ്ഥാപിച്ചു. അടുത്തു താമസിക്കുന്ന ആളാണെന്നും ഇനിയെന്തെങ്കിലും പ്രശ്നങ്ങളുണ്ടെങ്കില്‍ അറിയിക്കണമെന്നും പറഞ്ഞാണ് മടങ്ങിയത്. രണ്ടു ദിവസം കഴിഞ്ഞ് അയാള്‍ വീണ്ടും വന്ന് താമസിക്കുന്ന സ്ഥലത്തുനിന്ന് ഒഴിയേണ്ടി വരുമെന്ന് കേട്ടല്ളോ എന്നന്വേഷിച്ചു.
വീടിരിക്കുന്ന സ്ഥലത്തിന്‍െറ ഉടമസ്ഥന്‍ പറഞ്ഞ് പൊലീസ് പിടിച്ചാല്‍ ഈ രാജ്യത്തുനിന്നും നിങ്ങളെല്ലാം പുറത്താകുമെന്ന് പേടിപ്പിച്ച ശേഷം ഒരു ബി.പി.എല്‍ കാര്‍ഡ് ഉണ്ടാക്കിയാല്‍ ഈ പ്രശ്നങ്ങളെല്ലാം തീരുമെന്ന പ്രതിവിധി അയാള്‍ നിര്‍ദേശിച്ചു. മോദി സര്‍ക്കാറിന് പാവങ്ങളെ സഹായിക്കാന്‍ ചില പദ്ധതികളുണ്ടെന്നും സ്വന്തമായി വീട്, സൗജന്യമായി വിദ്യാഭ്യാസ-ചികിത്സാ സൗകര്യങ്ങള്‍ എന്നിവ കിട്ടാന്‍ ബി.പി.എല്‍ കാര്‍ഡ് നിര്‍ബന്ധമാണെന്നും അയാള്‍ പറഞ്ഞു.

ബി.പി.എല്‍ കാര്‍ഡിനുള്ള ഫോറം പൂരിപ്പിച്ചു നല്‍കാമെന്നും വലിയ വലിയ ആളുകളോടും മീഡിയക്കാരോടും ഞങ്ങളുടെ വിഷമങ്ങള്‍ അറിയിക്കാമെന്നും പറഞ്ഞാണ് തിങ്കളാഴ്ചത്തെ പരിപാടിക്കു വരാന്‍ പറഞ്ഞത്. ഞങ്ങളുടെ സാധനങ്ങളുടെ ഗുദാം (ഗോഡൗണ്‍) ആയ പറമ്പ് അടിച്ചു വൃത്തിയാക്കിച്ച് അവിടെ വലിയ പന്തലിട്ടാണ് പരിപാടി നടത്തിയത്.
കാവിക്കൊടിയും ഷാളുകളുമണിഞ്ഞ കുറെയേറെ ആളുകളും മാധ്യമങ്ങളും നേരത്തേ തന്നെ എത്തിയിരുന്നു. പുരുഷന്മാരോട് തൊപ്പിവെക്കാന്‍ നിര്‍ദേശിച്ചു. പൂജാരിയും ചില നേതാക്കളും വന്ന് തിലകക്കുറി ചാര്‍ത്തി. പൂജാകുണ്ഡത്തിലേക്ക് എണ്ണയൊഴിക്കാനും മന്ത്രങ്ങള്‍ ഏറ്റുചൊല്ലാനും ആവശ്യപ്പെട്ടു. അറിയില്ളെന്നും കഴിയില്ളെന്നും പറഞ്ഞതോടെ തടിമിടുക്കുള്ള ചെറുപ്പക്കാര്‍ വന്ന് നിര്‍ബന്ധിക്കാന്‍ തുടങ്ങി. ആ സന്ദര്‍ഭത്തില്‍ എതിര്‍ക്കാന്‍ നിന്നാല്‍ ജീവന്‍പോലും അപകടത്തിലാകുമായിരുന്നു. അതുകൊണ്ട് അവര്‍ക്കു വഴങ്ങേണ്ടി വന്നു. തിലകമണിയിക്കുന്നതിന്‍െറയും തൊപ്പിയിട്ട ആളുകള്‍ എണ്ണ ഒഴിക്കുന്നതിന്‍െറയും നിരവധി ഫോട്ടോകളെടുത്തു.

ഞങ്ങള്‍ ഇസ്ലാം ഉപേക്ഷിച്ച് ഹിന്ദുക്കളായെന്ന് ഞങ്ങളല്ല അവരാണ് പത്രക്കാരോടു പറഞ്ഞത്. ഞങ്ങള്‍ ബംഗാളികളല്ല ബംഗ്ളാദേശികളാണെന്ന് പ്രചരിപ്പിക്കുകയാണ് അവര്‍. ഞങ്ങള്‍ ബംഗ്ളാദേശികളാണെങ്കില്‍ ബി.പി.എല്‍ കാര്‍ഡിന് അവര്‍ ഏര്‍പ്പാടു ചെയ്യാന്‍ പാടുണ്ടോ?’ -പ്രലോഭിപ്പിച്ചും ഭീഷണിപ്പെടുത്തിയും മതംമാറ്റത്തിനു ശ്രമിച്ച ശേഷം ഭരണത്തിന്‍െറയും സംഘബലത്തിന്‍െറയും തിണ്ണമിടുക്കില്‍ ഏതോ കേന്ദ്രത്തില്‍ ഒളിച്ചു പാര്‍ക്കുന്ന നന്ദ് കിഷോര്‍, നിങ്ങള്‍ മതം മാറ്റി എന്നു പറയുന്ന നൂര്‍ മുഹമ്മദിന്‍െറ ഈ ന്യായമായ ചോദ്യത്തിന് മറുപടി പറയാമോ?
                        (തുടരും)

No comments:

Post a Comment

english malayalam dictionary

വിരുന്നുകാര്...

poomottu

Dsgd: by ASLAM PADINHARAYIL

Back to TOP