സ്വാഗതം
WELCOME

News Update..

Sunday, December 14, 2014

ഐ.എസ് ട്വിറ്റര്‍ കേസ്: മെഹ്ദിയെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു Madhyamam News Feeds

ഐ.എസ് ട്വിറ്റര്‍ കേസ്: മെഹ്ദിയെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു Madhyamam News Feeds

Link to

ഐ.എസ് ട്വിറ്റര്‍ കേസ്: മെഹ്ദിയെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു

Posted: 14 Dec 2014 01:20 AM PST

Image: 

ബംഗളൂരു: ഐ.എസ് ട്വിറ്റര്‍ കേസില്‍ പിടിയിലായ പശ്ചിമബംഗാള്‍ സ്വദേശി മെഹ്ദി മസൂദ് ബിശ്വാസിനെ അഞ്ചു ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു. ശനിയാഴ്ച രാത്രി മജിസ്ട്രേറ്റിനു മുന്നില്‍ ഹാജരാക്കിയ മെഹ്ദിയെ അഞ്ചു ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയില്‍ വിടുകയായിരുന്നു.
യു.എ.പി.എ, ഐ.പി.സി 125, ഐ.ടി ആക്ട് എന്നിവ പ്രകാരമാണ് ഇയാള്‍ക്കെതിരെ കേസ് എടുത്തിരിക്കുന്നത്. ഷാമി വിറ്റ്നസ് എന്ന ഐ.എസ് അനുഭാവമുള്ള ട്വിറ്റര്‍ അക്കൗണ്ട് ഉപയോഗിച്ചിരുന്നത് താനാണെന്ന് മെഹ്ദി സമ്മതിച്ചിട്ടുണ്ട്.

ശനിയാഴ്ച രാവിലെ മെഹ്ദിയുടെ ബംഗളൂരുവിലെ താമസസ്ഥലത്തുവെച്ച് സൈബര്‍ സെല്ലിന്‍്റെ സഹായത്തോടുകൂടിയാണ് യുവാവിനെ പൊലീസ് പിടികൂടിയത്.
2012 മുതല്‍ ഇയാള്‍ ബംഗളൂരുവിലെ ഒരു ബഹുരാഷ്ട്ര കമ്പനിയില്‍ ജോലി ചെയ്തു വരികയായിരുന്നുവെന്നും എഞ്ചിനിയറിങ് ബിരുദധാരിയായ യുവാവ് ഐ.എസ് പ്രവര്‍ത്തകരുമായി ബന്ധം പുലര്‍ത്തിയിരുന്നതായും പൊലീസ് അറിയിച്ചു.
ഐ.എസുമായി ബന്ധപ്പെട്ട വാര്‍ത്തകളും വിവരങ്ങളും ട്വിറ്റര്‍ വഴി പ്രചരിപ്പിക്കലായിരുന്നു യുവാവിന്‍റെ രീതി. 17,700 ഫോളേവേഴ്സ് ഉള്ള ഇയാളുടെ അക്കൗണ്ടില്‍ കൂടുതലും ബ്രിട്ടീഷ് പൗരന്‍മായിരുന്നു.

റിട്ടയേര്‍ഡ് ഇലക്ട്രിസിറ്റി ജീവനക്കാരന്‍റെ മകനാണ് 24കാരനായ മെഹ്ദി. ചാനല്‍ ഫോര്‍ പുറത്തുവിട്ട വാര്‍ത്തയും അതിനെ തുടര്‍ന്ന് ഇന്ത്യന്‍ അധികൃതര്‍ നടത്തിയ അന്വഷണവുമാണ് മെഹ്ദിയെ കുടുക്കിയത്.

‘ട്രീറ്റ്’ റസ്റ്റാറന്‍റുകള്‍ക്ക് സര്‍ക്കാര്‍ സഹായം നല്‍കും –മന്ത്രി

Posted: 14 Dec 2014 12:40 AM PST

പരപ്പനങ്ങാടി: തനത് ഭക്ഷണ വിഭവങ്ങള്‍ പ്രചരിപ്പിക്കുന്ന 'ട്രീറ്റ്' റസ്റ്റാറന്‍റുകള്‍ക്ക് സബ്സിഡി അടക്കമുള്ള ധനസഹായം നല്‍കുമെന്ന് ടൂറിസം മന്ത്രി എ.പി. അനില്‍കുമാര്‍. ജില്ലാ ടൂറിസം പ്രമാഷന്‍ കൗണ്‍സിലിന്‍െറ ട്രീറ്റ് റസ്റ്റാറന്‍റുകളില്‍ ആദ്യത്തേത് പരപ്പനങ്ങാടിയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മലപ്പുറത്തിന്‍െറ തനത് ഭക്ഷണ വിഭവങ്ങള്‍ ഗുണനിലവാരത്തോടെ സഞ്ചാരികളില്‍ എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് മലപ്പുറം ഡി.ടി.പി.സി തനത് റസ്റ്റാറന്‍റുകള്‍ ആരംഭിച്ചത്. ജൈവ ഉല്‍പന്നങ്ങള്‍ കൊണ്ടുള്ള വിഭവങ്ങളാണ് ഇവിടെ ലഭിക്കുക. ഭക്ഷണം കഴിക്കാനത്തെുന്നവര്‍ക്ക് പാചകം കാണാനും ഇഷ്ടാനിഷ്ടങ്ങള്‍ക്കനുസരിച്ച് വിഭവങ്ങള്‍ തെരഞ്ഞെടുക്കാനും അവസരമുണ്ടാകും. ജൈവ ഉല്‍പന്നങ്ങള്‍ ലഭ്യമാക്കാന്‍ ജില്ലയിലെ ജൈവ കര്‍ഷകരുമായി ഡി.ടി.പി.സി ധാരണയിലത്തെിയിട്ടുണ്ട്.
മില്‍മയുടെ കൗണ്ടര്‍, വിവിധ നാടന്‍ ഉല്‍പന്നങ്ങളുടെ വില്‍പന എന്നിവയും ഇവിടെയുണ്ടാകും. രാവിലെ എട്ട് മുതല്‍ രാത്രി 10 വരെയാണ് പ്രവര്‍ത്തനം. ജനുവരിയില്‍ നിലമ്പൂര്‍, പെരിന്തല്‍മണ്ണ എന്നിവിടങ്ങളിലും തുടര്‍ന്ന് ജില്ലയിലെ മറ്റ് സ്ഥലങ്ങളിലും ഒമ്പത് റസ്റ്റാറന്‍റുകള്‍ കൂടി പ്രവര്‍ത്തനമാരംഭിക്കും. സ്വകാര്യ സംരംഭകരുടെ സഹായത്തോടെയാണ് ഡി.ടി.പി.സിയുടെ പുതിയ സംരംഭം യാഥാര്‍ഥ്യമാക്കിയത്. വനിതാ വികസന കോര്‍പറേഷന്‍ വഴി സംരംഭത്തിന് നാല് ശതമാനം പലിശക്ക് 10 ലക്ഷം രൂപ വരെ ധനസഹായം ലഭിക്കും.
ചടങ്ങില്‍ പരപ്പനങ്ങാടിയിലെ ജൈവ കര്‍ഷകരെ മന്ത്രി പൊന്നാടയണിയിച്ചു. വിദ്യാഭ്യാസ മന്ത്രി പി.കെ. അബ്ദുറബ്ബ് അധ്യക്ഷത വഹിച്ചു. ഉമ്മര്‍ ഒട്ടുമ്മല്‍, ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് സീനത്ത് ആലിബാപ്പു, വൈസ് പ്രസിഡന്‍റ് പി.കെ. മുഹമ്മദ് ജമാല്‍, ഡി.ടി.പി.സി എക്സിക്യൂട്ടിവ് അംഗങ്ങളായ എ.കെ.എ. നസീര്‍, എം.കെ. മുഹ്സിന്‍, ഡി.ടി.പി.സി സെക്രട്ടറി വി. ഉമ്മര്‍കോയ എന്നിവര്‍ സംസാരിച്ചു.

ജയ്പൂരില്‍ ഗ്യാസ് ടാങ്കര്‍ പൊട്ടിത്തെറിച്ച് 10 മരണം

Posted: 14 Dec 2014 12:39 AM PST

Image: 

ജയ്പൂര്‍: ജയ്പൂരില്‍ ഗ്യാസ് ടാങ്കര്‍ പൊട്ടിത്തെറിച്ച് 10 പേര്‍ മരിച്ചു. 12 പേര്‍ക്ക് പരിക്കേറ്റു. മരിച്ചവരില്‍ ആറു വയസുള്ള ഒരു കുട്ടിയും ഉള്‍പ്പെടുന്നു. ദക്ഷുല്‍(6), രാധമോഹന്‍(40), വിനോദ്(37)എന്നിവരാണ് മരിച്ചത്.

ഭീല്‍പൂരിനടുത്ത് ഡല്‍ഹി-ജയ്പൂര്‍ ദേശീയ പാതയില്‍ ശനിയാഴ്ച അര്‍ധരാത്രിയാണ് അപകടമുണ്ടായത്.അപകടത്തെ തുടര്‍ന്ന് ദേശീയ പാതയില്‍ സമീപത്തുണ്ടായിരുന്ന ഏഴു വാഹനങ്ങള്‍ക്ക് തീപിടിച്ചു. പരിക്കേറ്റവരെ സമീപത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി പൊലീസ് അറിയിച്ചു.

ജാതി പറഞ്ഞ് അധിക്ഷേപം: ചെന്നിത്തലക്ക് വി.എസിന്‍റെ കത്ത്

Posted: 13 Dec 2014 11:53 PM PST

Image: 

തിരുവനന്തപുരം:  കേരള സര്‍വകലാശാല പ്രോ വൈസ് ചാന്‍സലര്‍ ഡോ. എന്‍. വീരമണികണ്ഠനോട് അപമര്യാദയായി പെരുമാറുകയും ജാതി പറഞ്ഞ് ആക്ഷേപിക്കുകയും ചെയ്ത സംഭവത്തില്‍ നടപടി ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലക്ക് കത്ത് നല്‍കി. വീരമണികണ്ഠനെ അപമാനിക്കുയും വീട് ആക്രമിക്കുകയും ചെയ്തതില്‍ സെനറ്റ് അംഗവും കെ.പി.സി.സി. സെക്രട്ടറിയുമായ ജ്യോതികുമാര്‍ ചാമക്കാലക്കെതിരെ നടപടിയെടുക്കണമെന്നും വി.എസ് കത്തില്‍ ആവശ്യപ്പെട്ടു.
സംഭവത്തില്‍ ജ്യോതികുമാര്‍ ചാമക്കാലയുടെ പങ്ക് അന്വേഷിച്ചു നടപടിയെടുക്കാന്‍ ഗവര്‍ണര്‍ നേരത്തെ നിര്‍ദേശം നല്‍കിയിരുന്നു.

സിന്‍ഡിക്കേറ്റ് തെരഞ്ഞെടുപ്പു ഉടന്‍ വേണമെന്നാവശ്യപ്പെട്ടു കോണ്‍ഗ്രസ് സംഘടനകള്‍ ഒകേ്ടാബര്‍ 14 മുതല്‍ 18വരെ സത്യഗ്രഹ സമരം സംഘടിപ്പിച്ചിരുന്നു. ഇതിനിടെയാണ് പ്രോ വൈസ് ചാന്‍സിലറുടെ വീടിനു നേരേയും സര്‍വകലാശാല ആസ്ഥാനത്തും ആക്രമണമുണ്ടായത്. വീടാക്രമിച്ച സംഭവത്തില്‍ പൊലീസിന്‍റെ അന്വേഷണം നടന്നുവരികയാണ്.

കാക്കിപ്പട മടങ്ങി, സംഘര്‍ഷമൊഴിഞ്ഞു; ചലച്ചിത്രമേള ഉത്സവത്തിമിര്‍പ്പിലേക്ക്

Posted: 13 Dec 2014 11:30 PM PST

Image: 

തിരുവനന്തപുരം: നിറക്കാഴ്ചകളുടെ മൂന്നാം ദിനത്തില്‍ അന്താരാഷ്ട്ര ചലച്ചിത്രമേള ഉത്സവത്തിമിര്‍പ്പിലേക്ക്. കനത്ത പൊലീസ് സന്നാഹവും ബാരിക്കേഡുകളും സുരക്ഷാപരിശോധനകളും കൊണ്ട് വീര്‍പ്പുമുട്ടിയ മേള ഞായറാഴ്ചയോടെ ശാന്തമായ അന്തരീക്ഷം തിരിച്ചുപിടിച്ചു. ഇപ്പോള്‍ ഡെലിഗേറ്റുകള്‍ക്ക് ഒപ്പത്തിനൊപ്പം നില്‍ക്കാന്‍ ശ്രമിച്ച കാക്കിപ്പടയില്ല; ഉപദേശങ്ങളും ആക്രോശങ്ങളുമായി പാഞ്ഞുനടന്ന സംഘാടകരും പത്തിമടക്കി മെല്ളെ പിന്‍വാങ്ങിത്തുടങ്ങി. അതോടെ ചലച്ചിത്രപ്രേമികളും ശാന്തരായി; എല്ലാവരും ഇപ്പോള്‍ തിയറ്ററുകള്‍ക്കു മുന്നില്‍ അച്ചടക്കത്തോടെ ക്യൂ നില്‍ക്കുന്നു. പിനൊന്നരയുടെ പ്രദര്‍ശനത്തിന് കൈരളിക്കു മുന്നില്‍ 10 മണിയോടെതന്നെ ആയിരക്കണക്കിനു ഡെലിഗേറ്റുകളാണ് ക്യൂനില്‍ക്കുന്നത്. ന്യൂ തിയറ്ററിലും ഇതേസമയം അഞ്ചൂറിലേറെ പേര്‍ ക്യൂവിലകയി. മറ്റു തിയറ്ററുകളിലും വളരെ നേരത്തെ നീണ്ട ക്യൂ രൂപം കൊള്ളുന്നുണ്ട്.
ഇന്നലെ രാത്രിയില്‍ വരെ ശക്തമായ കാവലും പരിശോധനയും മേളയുടെ നിറംകെടുത്തിയിരുന്നു. അല്‍പ്പമാത്രം തുറന്ന ഗേറ്റുകളിലൂടെ പാസു കാണിച്ച് പരിശോധിച്ചുറപ്പുവരുത്തി മാത്രമാണ്
ഡെലിഗേറ്റുകളെ അകത്തുകയറ്റിയത്. സംഘാടകരുടെയും പെലീസിന്‍െറയും നിയന്ത്രണങ്ങളും പെരുമാറ്റവും ഇന്നലെ സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചിരുന്നു. തറയിലിരുന്ന് സിനിമ കാണാന്‍ അനുവദിക്കില്ളെന്നും എഴുന്നേറ്റു പുറത്തുപോകണമെന്നും തിയറ്ററിനകത്തുകയറി ആവശ്യപ്പെട്ട അക്കാദമി മേധാവിയെ ഡെലിഗേറ്റുകള്‍ കൂവി പുറത്താക്കി. ‘തറയിലിരുന്നു സിനിമ കാണുന്നത് നിയമവിരുദ്ധമാണ്’ എന്നു വിളിച്ചു പറഞ്ഞ അദ്ദഹേത്തോട് ‘എങ്കില്‍ എല്ലാവര്‍ക്കും ഇരിക്കാന്‍ സീറ്റുകൊണ്ടു വാ’ എന്നു ഡെലിഗേറ്റുകള്‍ ആവശ്യപ്പെട്ടു. ‘അണ്ണാ... സിനിമ എങ്ങനെ കാണണമെന്ന് ഞങ്ങളു തിരുമാനിച്ചോളാം. അണ്ണന്മാണ് മേള വൃത്തിയായി നടത്താന്‍ നോക്ക്’ എന്ന് ഒരു ഡെലിഗേറ്റ് വിളിച്ചുപറഞ്ഞതോടെ അദ്ദഹേം മെല്ളെ പുറത്തേക്കു പോയി. ‘സിനിമാസ്വാദകര്‍ക്കുള്ളതാണ് ചലച്ചിത്രമേള. അത് ഉദ്യോഗസ്ഥ മേളയാക്കരുത്.’ ഡെലിഗേറ്റുകള്‍ ആവശ്യപ്പെട്ടു.
ഇന്നലെ രാവിലെ ഒമ്പതരയുടെ പ്രദര്‍ശനം കാണാന്‍ എട്ടുമണിയോടെ ഡെലിഗേറ്റുകള്‍ തിയറ്ററുകളിലത്തെി. വൈകീട്ട് ആറരയുടെ പ്രദര്‍ശനത്തിന് നാലു മണിക്കുതന്നെ കൈരളി തിയറ്ററിനു മുന്നില്‍ ക്യൂ തുടങ്ങിയിരുന്നു. കൂവലും ആര്‍പ്പുവിളിയുമായി ക്യൂ ഒടുവില്‍ ആള്‍ക്കൂട്ടമായി. അഞ്ചുമണിയോടെ ഡെലിഗേറ്റുകള്‍ തിയറ്ററിനകത്തേക്ക് തള്ളിക്കയറി. അഞ്ചകോലോടെ തിയറ്റര്‍ നിറഞ്ഞുകവിഞ്ഞു. സീറ്റു നിറഞ്ഞതോടെ പലരും തറയിലേക്കിരുന്നു. ആറര വരെ ക്ഷമയോടെ കാത്തിരുന്നാണ് ആയിരക്കണക്കിന് ഡെലിഗേറ്റുകള്‍ സിനിമ കണ്ടത്.
പൊലീസ് സേനയെ ഇന്ന് രാവിലെ മുതല്‍ പിന്‍വലിച്ചതോടെ മേളയുടെ ഉല്‍സവാന്തരീക്ഷം തിരികെ വന്നു. ‘സംഘാടകരില്‍ ചിലര്‍ക്ക് ആദ്യമായി ചലച്ചിത്രമേള കാണുന്നതിന്‍െറ പക്വതക്കുറവ് കാണാനുണ്ട്. അതുകൂടി മാറിക്കിട്ടിയാല്‍ മേള പഴയ ആവേശം തിരിച്ചുപിടിക്കും.’ പതിനഞ്ചു വര്‍ഷമായി മേളക്കത്തെുന്ന മുതിര്‍ന്ന ‘ചലച്ചിത്ര തീര്‍ഥാടകന്‍’ പറഞ്ഞു.ദായോം പന്ത്രണ്ടും എന്ന ചിത്രത്തിന്‍െറ സംവിധായകനായ ഹര്‍ഷദ് അഭിപ്രായപ്പെട്ടതിങ്ങനെ: ‘നല്ല പാക്കേജുകള്‍. കുറേ നല്ല ചിത്രങ്ങളുണ്ട്. മൂന്നും നാലും സ്ക്രീനിംഗുമുണ്ട്. നല്ല സിനിമകള്‍ തെരഞ്ഞെടുത്തു കാണാം. ഇത് നല്ല മേളയാവും.’

കോണ്‍, ലീഗ് അംഗങ്ങളെ തീര്‍ഥാടനത്തിന് ‘വിട്ട്’ അജണ്ട പാസാക്കാന്‍ നീക്കം

Posted: 13 Dec 2014 11:17 PM PST

കോഴിക്കോട്: മുക്കം പഞ്ചായത്ത് ഭരണസമിതിയിലെ ഓരോ കോണ്‍ഗ്രസ്, ലീഗ് അംഗങ്ങളെ ശബരിമല, ഉംറ തീര്‍ഥാടനത്തിന് 'പറഞ്ഞയച്ച്' ടൗണിലെ സ്റ്റാര്‍ ഹോട്ടലിന് ബാര്‍ ലൈസന്‍സ് അനുവദിക്കാന്‍ ഗൂഢനീക്കം.
ജനങ്ങളുടെ ശക്തമായ എതിര്‍പ്പുമൂലം പലതവണ മാറ്റിവെച്ച ബാര്‍ അജണ്ട അടുത്ത ചൊവ്വാഴ്ച ചേരുന്ന ഭരണസമിതി യോഗത്തില്‍ പാസാക്കിയെടുക്കാനാണ് ചില പ്രാദേശിക നേതാക്കളുടെ നേതൃത്വത്തില്‍ രഹസ്യതന്ത്രം മെനയുന്നത്.
21 അംഗ ഭരണസമിതിയില്‍ പത്തംഗങ്ങളുള്ള എല്‍.ഡി.എഫ് ആണ് മുക്കം ഗ്രാമപഞ്ചായത്ത് ഭരിക്കുന്നത്. ലീഗിന് അഞ്ചും കോണ്‍ഗ്രസിന് നാലും , വെല്‍ഫെയര്‍ പാര്‍ട്ടിയുടെ പിന്തുണയുള്ള സ്വതന്ത്രയും ഒരു ബി.ജെ.പി അംഗവും ഭരണസമിതിയിലുണ്ട്. പ്രതിപക്ഷത്തെ 11 പേര്‍ ഒരുമിച്ചാല്‍ ബാര്‍ അജണ്ട പാസാകില്ളെന്നിരിക്കെ, രണ്ട് പേരെ തീര്‍ഥാടനത്തിനു പറഞ്ഞയച്ച് ഏതു വിധേനയും പാസാക്കാനാണ് രാഷ്ട്രീയ-മദ്യമാഫിയയുടെ നീക്കം. ഹോട്ടലുടമയുമായി പാര്‍ട്ടിയിലെ ചില നേതാക്കള്‍ക്ക് അടുത്ത ബന്ധമുള്ളതിനാല്‍ എല്‍.ഡി.എഫിന് ബാര്‍ വരുന്നതിനോട് മുമ്പെതന്നെ എതിര്‍പ്പില്ല.
മുക്കം-അരീക്കോട് റോഡില്‍ ടൗണിന്‍െറ മധ്യത്തിലായി ഇരുവഴിഞ്ഞിപ്പുഴയുടെ തീരത്താണ് 'മലയോരം' സ്റ്റാര്‍ ഹോട്ടല്‍ പ്രവര്‍ത്തിക്കുന്നത്.
2013 ഫെബ്രുവരിയില്‍ ഹോട്ടലിന് ബാര്‍ലൈസന്‍സ് നേടാന്‍ നീക്കം നടന്നിരുന്നു. പഞ്ചായത്തിന്‍െറ എന്‍.ഒ.സിക്കായി അപേക്ഷ നല്‍കിയതറിഞ്ഞ് മുക്കം ബാര്‍വിരുദ്ധ ആക്ഷന്‍ കമ്മിറ്റി പ്രവര്‍ത്തകര്‍ ഇതിനെതിരെ അന്ന് രംഗത്തിറങ്ങി. ലൈസന്‍സ് നല്‍കരുതെന്നാവശ്യപ്പെട്ട് 21 ഭരണസമിതി അംഗങ്ങള്‍ക്കും ആക്ഷന്‍ കമ്മിറ്റി കത്ത് നല്‍കി. ഇതേ തുടര്‍ന്ന് ഭരണസമിതി അപേക്ഷ തള്ളുകയും ചെയ്തു.
ഇതിനെതിരെ ഹോട്ടലുടമ ഹൈകോടതിയെ സമീപിച്ചു. എക്സൈസ് വകുപ്പിന്‍േറതടക്കം സര്‍വ അനുമതിയും ലഭിച്ചതിനാല്‍ എന്‍.ഒ.സി അനുവദിക്കുന്നതിന് പഞ്ചായത്ത് ഭരണസമിതിക്ക് നിര്‍ദേശം നല്‍കണമെന്നായിരുന്നു 2013 മാര്‍ച്ച് 21 സമര്‍പ്പിച്ച ഹരജിയിലെ ആവശ്യം. ബാര്‍വിരുദ്ധ ആക്ഷന്‍ കമ്മിറ്റി കണ്‍വീനര്‍ സാലിഹ് കൊടപ്പന കേസില്‍ കക്ഷി ചേര്‍ന്നതോടെ ഹരജി മാറ്റിവെച്ചു.
എന്‍.ഒ.സി നല്‍കേണ്ടത് പഞ്ചായത്ത് ആയതിനാല്‍ പഞ്ചായത്ത് ഭരണസമിതിയെ സമീപിക്കണമെന്ന് ഹൈകോടതി 2013 ഒക്ടോബറില്‍ ഉത്തരവിട്ടു. എന്‍.ഒ.സി നല്‍കാനും തള്ളാനുമുള്ള എല്ലാ അധികാരവും ഗ്രാമപഞ്ചായത്തിനാണെന്നും ഉത്തരവില്‍ വ്യക്തമാക്കിയിരുന്നു. ഈ ഉത്തരവ് ഇറങ്ങുന്നതിനുമുമ്പ് ഹോട്ടലുടമ ബിയര്‍പാര്‍ലര്‍ ലൈസന്‍സിനായി 2014 സെപ്റ്റംബര്‍ 22ന് പഞ്ചായത്തില്‍ അപേക്ഷ നല്‍കുകയുണ്ടായി. വിഷയം അജണ്ടയില്‍ വന്നെങ്കിലും നാട്ടുകാരുടെ കനത്ത പ്രതിഷേധമൂലം പിന്നീടത് അജണ്ടയില്‍നിന്ന് ഒഴിവാക്കി. ഇതിനിടെ ഹോട്ടലിന് ഫോര്‍സ്റ്റാര്‍ പദവി നേടിയെടുത്തതായും പറയുന്നു.
ഹൈകോടതി നിര്‍ദേശമനുസരിച്ച് അടുത്തിടെ ഹോട്ടലുടമ വീണ്ടും പഞ്ചായത്തില്‍ അപേക്ഷ നല്‍കി. രണ്ട് അംഗങ്ങള്‍ 'ഒഴിവായാല്‍' നിഷ്പ്രയാസം അജണ്ട പാസാക്കാമെന്ന് ഭരണസമിതിയിലെ ചിലര്‍ ഹോട്ടലുടമക്ക് ഉറപ്പുനല്‍കിയതായി പറയുന്നു. ഇതിനിടയിലാണ് നേതാവായ ലീഗ് അംഗം ഉംറക്ക് പോകാന്‍ തീരുമാനിച്ചത്.
അദ്ദേഹം ഞായറാഴ്ച വൈകീട്ട് കുടുംബസമേതം യാത്ര പുറപ്പെടും. കോണ്‍ഗ്രസ് അംഗം ശബരിമലക്ക് പോകുന്നതോടെ 'രണ്ടംഗങ്ങളുടെ ഒഴിവ് ഉറപ്പായിരിക്കയാണ്'.
യു.ഡി.എഫിന്‍െറ മദ്യനയത്തിന് വിരുദ്ധമായി തന്ത്രം മെനഞ്ഞ സംഭവം ചില ലീഗ് നേതാക്കള്‍ സംസ്ഥാന നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്.
ബാര്‍ അജണ്ട പാസായാല്‍ അംഗങ്ങള്‍ക്കെതിരെ നടപടി ഉണ്ടായേക്കും.

ലഹരി മുക്ത ഭാരതമാണ് തന്‍്റെ സ്വപ്നം: മോദി

Posted: 13 Dec 2014 11:14 PM PST

Image: 

ന്യൂഡല്‍ഹി: ലഹരി മുക്ത ഭാരതമാണ് തന്‍റെ സ്വപ്നമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ലഹരിയുടെ ഉപയോഗമാണ് സമൂഹം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയെന്നും മോദി പറഞ്ഞു. 'മന്‍ കി ബാത്'എന്ന പേരിലുള്ള റേഡിയോ പ്രഭാഷണത്തിലെ മൂന്നാം ഭാഗത്തിലാണ് മോദിയുടെ പരാമര്‍ശം. ലഹരിയുടെ ഉപയോഗം തടയാന്‍ സംസ്ഥാനങ്ങളിലെ പൊലീസ് സംവിധാനങ്ങള്‍ക്ക് മാത്രമേ സാധിക്കുവെന്നും മോദി പറഞ്ഞു.

മയക്ക് മരുന്ന മാഫിയകളുടെ പണം തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കുപയോഗിച്ചേക്കാമെന്ന ആശങ്കയും മോദി പ്രകടിപ്പിച്ചു. ലഹരിക്കെതിരായ പോരാട്ടത്തില്‍ എല്ലാവരും പങ്കാളികളാകണമെന്നും മോദി ആഹ്വാനം ചെയ്തു. ലഹരിയുടെ ഉപയോഗത്തെ കുറിച്ച് ബോധവത്കരണ പരിപാടികള്‍ സംപ്രേഷണം ചെയ്ത മാധ്യമങ്ങള്‍ക്ക് നന്ദിയുണ്ടെന്നും മോദി പറഞ്ഞു.

 

മംഗള്‍യാന്‍ ധൃതി പിടിച്ച് നടപ്പാക്കിയത് യു.പി.എയുടെ രാഷ്ട്രീയ താല്‍പര്യത്തിന്: മാധവന്‍ നായര്‍

Posted: 13 Dec 2014 10:19 PM PST

Image: 

കോഴിക്കോട്: ഇന്ത്യയുടെ ചൊവ്വാ പര്യവേഷണ ദൗത്യമായ മംഗള്‍യാന്‍ ധൃതി പിടിച്ച് നടപ്പാക്കിയത് യു.പി.എയുടെ രാഷ്ട്രീയ താല്‍പര്യത്തിന് വേണ്ടിയെന്ന് ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍മാന്‍ ജി. മാധവന്‍ നായര്‍. മീഡിയവണ്‍ ചാനലിനോടാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

നേരത്തെ നിശ്ചയിച്ച പദ്ധതിയില്‍ നിന്ന് മാറി മംഗള്‍യാന്‍ ധൃതി പിടിച്ച് നടപ്പാക്കിയത് യു.പി.എയുടെ രാഷ്ട്രീയ താല്‍പര്യത്തിന് വേണ്ടിയാണ്. ബഹിരാകാശ ഗവേഷണത്തിനായുള്ള കേന്ദ്ര വിഹിതത്തിന്‍റെ പകുതി മാത്രമാണ് വിനിയോഗിക്കപ്പെടുന്നതെന്നും ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍മാന്‍ കുറ്റപ്പെടുത്തി.

രാജ്യം ആഘോഷപൂര്‍വ്വം കൊണ്ടാടിയ മംഗള്‍യാന്‍ ദൗത്യം സാങ്കേതികതയുടെ വിജയം മാത്രമായിരുന്നുവെന്നും യു.പി.എയുടെ രാഷ്ട്രീയ താത്പര്യങ്ങളാണ് മംഗള്‍യാന്‍ പദ്ധതിക്ക് പിന്നില്‍ പ്രവര്‍ത്തിച്ചതെന്ന് സംശയിക്കുന്നതായും മാധവന്‍ നായര്‍ പറഞ്ഞു. ഓരോ വര്‍ഷവും ബഹിരാകാശ ഗവേഷണത്തിനായി നല്ളൊരു വിഹിതം കേന്ദ്ര സര്‍ക്കാര്‍ നീക്കിവെക്കാറുണ്ട്. എന്നാല്‍ പദ്ധതികള്‍ ആസൂത്രണം ചെയ്യന്നതിലെ പിഴവ് മൂലം ഇതില്‍ പകുതിയും വിനിയോഗിക്കപ്പെടാതെ പോകുകയാണെന്നും മാധവന്‍ നായര്‍ കുറ്റപ്പെടുത്തി. ഐ.എസ്.ആര്‍.ഒക്ക് ഒരു ടീം ലീഡര്‍ ഇല്ലാത്തതാണ് ഇതിന് പ്രധാന കാരണം. ആന്‍ട്രിക്സ് - ദേവാസ് കരാറില്‍ ആരോപണ വിധേയനായപ്പോള്‍ തന്‍്റെ ഭാഗം കേള്‍ക്കാതെ പോയെന്നും സര്‍ക്കാര്‍ പദവികളില്‍ നിന്ന് തന്നെ വിലക്കേര്‍പ്പെടുത്തിയതിന് പിന്നില്‍ ആരുടെയൊക്കെയോ താല്‍പര്യങ്ങള്‍ ഉണ്ടെന്നും മാധവന്‍ നായര്‍ പറഞ്ഞു. സര്‍ക്കാര്‍ പദവികളില്‍ നിന്ന് മാറ്റിനിര്‍ത്തപ്പെട്ടെങ്കിലും ചെറു യാത്ര വിമാനങ്ങള്‍ തുടങ്ങുന്നതിന് താന്‍ മുന്നോട്ടുവെച്ച നിര്‍ദേശം പരിഗണിക്കപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
 

ഓപ്പറേഷന്‍ കുബേര തട്ടിപ്പെന്ന് മാവോയിസ്റ്റ് ലഘുലേഖ

Posted: 13 Dec 2014 09:20 PM PST

Image: 

കല്‍പറ്റ: ഓപ്പറേഷന്‍ കുബേര തട്ടിപ്പെന്ന് മാവോയിസ്റ്റ് ലഘുലേഖ. ജനകീയ വിമോചന ഗറില്ലാ സേന കബനീ ദളത്തിന്‍്റെ വാര്‍ത്താ ബുള്ളറ്റിനായ കാട്ടുതീയിലാണ് ഓപ്പറേഷന്‍ കുബേര തട്ടിപ്പെന്ന് പറയുന്നത്. പൊലീസും ബ്ളേഡ് മാഫിയയും തമ്മിലുള്ള ഫോണ്‍ സംഭാഷണവും ലഘുലേഖയിലുണ്ട്.

വെള്ളമുണ്ട സ്റ്റേഷനിലെ പൊലീസുകാരനും ഒരു ബ്ളേഡ് പലിശക്കാരനും തമ്മിലുള്ള ഫോണ്‍ സംഭാഷണത്തിന്‍റെ വിശദാംശങ്ങളാണ് കാട്ടുതീയില്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഓപ്പറേഷന്‍ കുബേരയുടെ ഭാഗമായി ഉടന്‍ വീട്ടില്‍ റെയ്ഡുണ്ടാകുമെന്ന്പൊലീസുകാരന്‍ പലിശക്കാരനോട് പറഞ്ഞവിവരങ്ങളുടെ വിശദാംശങ്ങള്‍ ലഘുലേഖയിലുണ്ട്.

പ്രധാനപ്പെട്ട രേഖകള്‍ മാറ്റി ഏതാനും രേഖകള്‍ അവിടെ വെക്കണമെന്നും തുടക്കത്തില്‍ ചില പ്രശ്നങ്ങളുണ്ടാകും പിന്നീട് പരിഹരിക്കാമെന്നും പൊലീസുകാരന്‍ പറഞ്ഞതായി ലഘുലേഖയിലുണ്ട്.

 

ജി.സി.സി റെയില്‍ ആന്‍ഡ് മെട്രോ സമ്മേളനം ജനുവരി 11നും 12നും

Posted: 13 Dec 2014 08:21 PM PST

Image: 

മസ്കത്ത്: ജി.സി.സി റെയില്‍ ആന്‍ഡ് മെട്രോ സമ്മേളനം ജനുവരി 11, 12 തീയതികളില്‍ മസ്കത്തിലെ അല്‍ ബുസ്ത്താന്‍ പാലസ് ഹോട്ടലില്‍ നടക്കും. ഒമാന്‍ ഗതാഗത-വാര്‍ത്താവിനിമയ മന്ത്രാലയമാണ് സമ്മേളനത്തിന് ആതിഥ്യം വഹിക്കുന്നത്. റെയില്‍, മെട്രോ വ്യവസായവും സേവനവുമായി ബന്ധപ്പെട്ട ജി.സി.സിയില്‍ നടക്കുന്ന ആദ്യ സംയുക്ത സമ്മേളനത്തിനാണ് ഒമാന്‍ ആതിഥ്യം വഹിക്കുന്നത്. റെയില്‍ മേഖലയിലെ നിക്ഷേപത്തിലൂടെ ജി.സി.സി രാജ്യങ്ങള്‍ക്ക് പരമാവധി മെച്ചം ലഭിക്കുന്നതിനും സുസ്ഥിര വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ചാലക ശക്തിയായി പ്രവര്‍ത്തിക്കുന്നതിനും  ലക്ഷ്യംവെച്ചാണ് സമ്മേളനം നടക്കുന്നത്. ചെറുകിട- ഇടത്തരം സ്ഥാപനങ്ങള്‍ ഉള്‍പ്പെടെ സ്വകാര്യ മേഖലക്കും നിക്ഷേപകര്‍ക്കും പരിശീലനത്തിനും സേവനത്തിനും ഉള്ള പദ്ധതികളും സമ്മേളനത്തില്‍ അവതരിപ്പിക്കും.
റെയില്‍വേ മേഖലയില്‍ നേരിടുന്ന വെല്ലുവിളികള്‍ വിജയകരമായി നേരിടുന്നതിന് സ്വകാര്യ മേഖലക്ക് ആവശ്യമായ സഹായങ്ങളും സമ്മേളനത്തിലൂടെ ലഭിക്കും. സ്വകാര്യ മേഖലയുടെ പങ്കാളിത്തം ഉയര്‍ത്തുന്നതിനുള്ള പദ്ധതികള്‍ക്കും നയങ്ങള്‍ക്കും രൂപംനല്‍കും. ജി.സി.സി രാജ്യങ്ങളിലെ റെയില്‍, മെട്രോ നയം രൂപവത്കരിക്കുന്നവര്‍, വിദഗ്ധര്‍ തുടങ്ങിയര്‍ പങ്കെടുക്കും.

ജമ്മുകശ്മീരിലും ജാര്‍ഖണ്ഡിലും നാലാം ഘട്ട വോട്ടിങ് പുരോഗമിക്കുന്നു

Posted: 13 Dec 2014 08:16 PM PST

Image: 

ശ്രീനഗര്‍: ജമ്മുകശ്മീര്‍,ഝാര്‍ഖണ്ഡ് നിയമസഭകളിലേക്കുള്ള നാലാംഘട്ട വോട്ടിങ് പുരോഗമിക്കുന്നു. ജമ്മുകശ്മീരിലെ 18 മണ്ഡലങ്ങളിലേക്കും ഝാര്‍ഖണ്ഡിലെ 15 മണ്ഡലങ്ങളിലേക്കുമാണ് വോട്ടെടുപ്പ്.ജമ്മുകശ്മീര്‍ മുഖ്യമന്ത്രി ഉമര്‍ അബ്ദുള്ളയും പി.ഡി.പി നേതാവ്  മുഫ്തി മുഹമ്മദ് സയീദും ഈ ഘട്ടത്തില്‍ ജനവിധി തേടുന്നുണ്ട്. ശ്രീനഗര്‍ നാഷണല്‍ കോണ്‍ഫറന്‍സിന്‍െറയും തെക്കന്‍ കശ്മീര്‍ പി.ഡി.പിയുടെയും ശക്തികേന്ദ്രങ്ങളാണ്.

ഝാര്‍ഖണ്ഡില്‍ 217 സ്ഥാനാര്‍ഥികളാണ് ജനവിധി തേടുന്നത്. മൂന്ന് മന്ത്രിമാരും 11 എം.എല്‍.എമാരും ഇതില്‍ ഉള്‍പ്പെടുന്നു. മൂന്നാംഘട്ടത്തില്‍ ധന്‍വാര്‍ സീറ്റില്‍ മത്സരിച്ച മുന്‍മുഖ്യമന്ത്രി ബാബുലാല്‍ മിറാന്‍ഡി, ഇത്തവണ ഗിരിധ് മണ്ഡലത്തിലും മത്സരിക്കുന്നുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദി, ബി.ജെ.പി. അധ്യക്ഷന്‍ അമിത് ഷാ, ബോളിവുഡ് നടനും എം.പിയുമായ വിനോദ് ഖന്ന തുടങ്ങിയവര്‍ നാലാംഘട്ട തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ജമ്മുകശ്മീരിലത്തെിയിരുന്നു.  

കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ക്കുവേണ്ടി പാര്‍ട്ടി അധ്യക്ഷ സോണിയാഗാന്ധി, നേതാക്കളായ ഗുലാംനബി ആസാദ്, സൈഫുദീന്‍ സോസ് എന്നിവര്‍ പ്രചാരണത്തിനത്തെി. ഡിസംബര്‍ 23നാണ് വോട്ടെണ്ണല്‍.
 

ബാര്‍ ലൈസന്‍സ് നിയമോപദേശം: ഭരണമുന്നണിയില്‍ വിവാദം കൊഴുക്കുന്നു

Posted: 13 Dec 2014 08:09 PM PST

Image: 

തിരുവനന്തപുരം: ബാര്‍ ലൈസന്‍സ് പുതുക്കാന്‍ നിയമോപദേശം തേടിയതിനെചൊല്ലി ഭരണമുന്നണിയില്‍ വിവാദം കൊഴുക്കുന്നു. മന്ത്രി കെ.എം. മാണിയെ പ്രതിയാക്കി വിജിലന്‍സ് കേസ് രജിസ്റ്റര്‍ ചെയ്തതിന് പിന്നാലെയാണ് നിയമോപദേശത്തിന്‍െറ പേരില്‍ പരസ്യ വിഴുപ്പലക്കല്‍ ആരംഭിച്ചത്.
നിയമവകുപ്പ് അറിയാതെ ബാര്‍ ലൈസന്‍സ് പുതുക്കാന്‍ എക്സൈസ് വകുപ്പ് ശ്രമിച്ചെന്ന് തെളിയിക്കുന്ന രേഖകളുടെ പകര്‍പ്പ് മാണി ഗ്രൂപ് കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. മാണിയുടെ നിരപരാധിത്വം ബോധ്യപ്പെടുത്താന്‍ മന്ത്രിസഭാ യോഗത്തിന്‍െറ മിനുട്സ് പുറത്തുവിട്ടതിന് പിന്നാലെ അപകടം മണത്ത മുഖ്യമന്ത്രിയും എക്സൈസ് മന്ത്രി കെ. ബാബുവും ശനിയാഴ്ച പരസ്യ പ്രതികരണവുമായി രംഗത്തിറങ്ങി. ബാര്‍ ലൈസന്‍സ് വിഷയത്തില്‍ എക്സൈസ് വകുപ്പ് നിയമോപദേശം തേടിയത് നിയമവകുപ്പിന്‍െറ അറിവോടെയാണെന്നും മറിച്ചുള്ളത് മാധ്യമങ്ങളുടെ വ്യാഖ്യാനങ്ങളാണെന്നുമാണ് മുഖ്യമന്ത്രി ഇക്കാര്യത്തില്‍ പ്രതികരിച്ചത്. കൂടുതല്‍ വിശദീകരിക്കാനും അദ്ദേഹം തയാറായില്ല.
എന്നാല്‍, ഇപ്പോള്‍ പുറത്തുവന്ന രേഖകള്‍ മുഖ്യമന്ത്രിയുടെ വാദം ശരിയല്ളെന്ന് വ്യക്തമാക്കുന്നതാണ്. എക്സൈസ് വകുപ്പ് നേരിട്ട് അഡ്വക്കറ്റ് ജനറലിന്‍െറ നിയമോപദേശം തേടുകയായിരുന്നു. എക്സൈസ് മന്ത്രിയുടെ വാക്കുകളും അക്കാര്യം അടിവരയിടുന്നു. എ.ജിയില്‍നിന്ന് നേരിട്ട് നിയമോപദേശം വാങ്ങാന്‍ വകുപ്പിന് അവകാശമുണ്ടെന്നാണ് അദ്ദേഹത്തിന്‍െറ നിലപാട്. പുതിയ നിയമം നിര്‍മിക്കുമ്പോള്‍ മാത്രമാണ് നിയമവകുപ്പ് വഴി എ.ജിയുടെ നിയമോപദേശം തേടേണ്ടതെന്ന് മന്ത്രി ബാബു അവകാശപ്പെടുന്നു. പക്ഷേ, മദ്യനയം ഉള്‍പ്പെടെ തീരുമാനിക്കുന്ന കാര്യമാകുമ്പോള്‍ നിയമവകുപ്പ് വഴിയാണ് എ.ജിയില്‍നിന്ന് നിയമോപദേശം തേടേണ്ടിയിരുന്നതെന്നാണ് പറയുന്നത്.
ബാര്‍ ലൈസന്‍സുമായി ബന്ധപ്പെട്ട ഫയല്‍ നിയമവകുപ്പിന് ലഭിച്ച് മണിക്കൂറുകള്‍ക്കകം മടക്കിനല്‍കിയിരിക്കെ ഫയല്‍ പിടിച്ചുവെച്ചുവെന്ന ആക്ഷേപത്തില്‍ കഴമ്പില്ളെന്ന് മാണി ഗ്രൂപ് ചൂണ്ടിക്കാട്ടുന്നു.
ബാര്‍ ഉടമകളെ സ്വാധീനിക്കുന്നതിന് ബാര്‍ ലൈസന്‍സ് പുതുക്കുന്നതുമായി ബന്ധപ്പെട്ട സുപ്രധാന ഫയല്‍ കെ.എം. മാണി കൈകാര്യം ചെയ്യുന്ന നിയമവകുപ്പ് പിടിച്ചുവെച്ചെന്ന ആരോപണത്തിന്‍െറ മുനയൊടിക്കുകയെന്ന തന്ത്രമാണ് മാണി ഗ്രൂപ് ഇപ്പോള്‍ പുറത്തെടുത്തിരിക്കുന്നത്. കോഴക്കേസില്‍ കോണ്‍ഗ്രസില്‍നിന്ന് പ്രതീക്ഷിച്ച നീതി ലഭിച്ചില്ളെന്ന പരാതി മാണിക്കുണ്ട്. അതിനാലാണ് സുപ്രധാന രേഖകളുടെ പിന്‍ബലത്തോടെ തിരിച്ചടിക്കാന്‍ മാണി ഗ്രൂപ് മുന്നോട്ടുവന്നത്.
 

കുവൈത്ത് അധിനിവേശ നഷ്ടപരിഹാരം: സാവകാശം തേടി ഇറാഖ്

Posted: 13 Dec 2014 07:52 PM PST

Image: 

കുവൈത്ത് സിറ്റി: അധിനിവേശ നഷ്ടപരിഹാരമായി നല്‍കാനുള്ള കുടിശ്ശിക അടച്ചുതീര്‍ക്കാന്‍ സാവകാശം നല്‍കണമെന്ന് ഇറാഖ് കുവൈത്തിനോട് അഭ്യര്‍ഥിച്ചു. നഷ്ടപരിഹാരമായി നല്‍കാനുള്ള തുകയിലെ അവസാന ഗഡുവായ 460 കോടി ഡോളര്‍ നല്‍കുന്നതിനാണ് ഇറാഖ് സാവകാശം തേടിയത്. ആഗോളവിപണിയില്‍ എണ്ണവിലയിലുണ്ടായ വന്‍ വിലയിടിവിന്‍െറയും ഇസ്ലാമിക സ്റ്റേറ്റിനെതിരായ പോരാട്ടത്തിന്‍െറയും പശ്ചാത്തലത്തില്‍ നഷ്ടപരിഹാര കുടിശ്ശിക അടച്ചുതീര്‍ക്കാന്‍ ഒന്നോ രണ്ടോ വര്‍ഷത്തെ സാവകാശം നല്‍കണമെന്ന് കുവൈത്തിനോട് അഭ്യര്‍ഥിച്ചതായി ഇറാഖ് വിദേശകാര്യ മന്ത്രി ഹോഷിയാര്‍ സബരിയാണ് അറിയിച്ചത്. കുവൈത്തിന്‍െറ ഭാഗത്തുനിന്ന് അനുകൂല പ്രതികരണമുണ്ടാവുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സദ്ദാം ഹുസൈന്‍െറ സൈന്യം രണ്ട് പതിറ്റാണ്ട് മുമ്പ് അധിനിവേശം നടത്തിയതിനെ തുടര്‍ന്നുണ്ടായ നാശനഷ്ടങ്ങള്‍ക്കുള്ള നഷ്ടപരിഹാരമായി കുവൈത്തിന് ഇറാഖ് 5240 കോടി ഡോളര്‍ നല്‍കണമെന്ന് ഐക്യരാഷ്ട്രസഭയാണ് തീരുമാനിച്ചത്. യു.എന്‍ നഷ്ടപരിഹാര കമീഷന്‍ (യു.എന്‍.സി.സി) വഴിയാണ് നഷ്ടപരിഹാരം കൈമാറ്റം ചെയ്തിരുന്നത്. ഏഴുമാസം നീണ്ടുനിന്ന അധിനിവേശത്തിനിടെ കുവൈത്തിലെ 700ഓളം എണ്ണക്കിണറുകളാണ് ഇറാഖ് തീയിട്ട് നശിപ്പിച്ചത്. അധിനിവേശത്തില്‍നിന്ന് മോചനം നേടിയിട്ടും മാസങ്ങളോളം തീയണക്കാന്‍ പറ്റാത്തവിധമായിരുന്നു പല എണ്ണക്കിണറുകളും. ഇതുകൂടാതെ ഇറാഖ് സൈന്യം കുവൈത്തില്‍നിന്ന് വിലപിടിപ്പുള്ള പല വസ്തുക്കളും കടത്തിക്കൊണ്ടുപോവുകയും ചെയ്തു. കുവൈത്ത് എയര്‍വേസിന്‍െറ വിമാനങ്ങള്‍ വരെ ഇറാഖ് സൈന്യം നശിപ്പിക്കുകയും കടത്തിക്കൊണ്ടുപോവുകയും ചെയ്തിരുന്നു.
ഇറാഖ് എണ്ണവില്‍പനയിലൂടെ നേടുന്ന തുകയുടെ 30 ശതമാനമാണ് ആദ്യഘട്ടത്തില്‍ കുവൈത്തിന് ലഭിച്ചിരുന്നത്. പിന്നീട് ഇത് 25 ശതമാനമാക്കി കുറക്കുകയും സദ്ദാം ഹുസൈന്‍ ഭരണത്തിന്‍െറ അന്ത്യത്തിനുശേഷം ഇത് അഞ്ചുശതമാനമാക്കുകയും ചെയ്തു. ആറുമാസം മുമ്പ് ലഭിച്ച ഗഡുവോടെ ഇതുവരെ 4780 ഡോളര്‍ ഇറാഖ് കുവൈത്തിന് നഷ്ടപരിഹാര ഇനത്തില്‍ നല്‍കിക്കഴിഞ്ഞു. ബാക്കിയുള്ള 460 കോടി ഡോളറാണ് നിലവില്‍ കുടിശ്ശികയായുള്ളത്.
സദ്ദാം ഹുസൈന്‍െറ ഭരണത്തിന് അവസാനമായതോടെ കുവൈത്തുമായുള്ള ബന്ധം മെച്ചപ്പെട്ടുവന്ന അവസ്ഥയില്‍ നഷ്ടപരിഹാരത്തുക എത്രയുംവേഗം അടച്ചുതീര്‍ക്കുക എന്ന നിലപാടിലായിരുന്നു ഇറാഖ് സര്‍ക്കാര്‍. സമീപകാലത്ത് അടുത്തടുത്ത് തന്നെ ഗഡുക്കള്‍ നല്‍കുകയും ചെയ്തിരുന്നു. അടുത്തവര്‍ഷത്തോടെ ബജറ്റില്‍ കുടിശ്ശിക മുഴുവന്‍ അടച്ചുതീര്‍ക്കാനുള്ള തുക വകയിരുത്താന്‍ തീരുമാനിച്ചിരുന്നതായും സബരി പറഞ്ഞു. ഇതിനിടെ ഇസ്ലാമിക് സ്റ്റേറ്റിനെതിരായ പോരാട്ടം ശക്തമാക്കുന്നതിനുള്ള നടപടികള്‍ രാജ്യത്തിന്‍െറ സാമ്പത്തിക സ്ഥിതിയെ വല്ലാതെ ബാധിച്ചു. ഇതോടൊപ്പം എണ്ണ വിലയിലുണ്ടായ ഇടിവും പ്രതിസന്ധി സൃഷ്ടിച്ചു. ആഗ്രഹമുണ്ടെങ്കിലും സമയബന്ധിതമായി നഷ്ടപരിഹാരത്തുക അടച്ചുതീര്‍ക്കാനുള്ള സാഹചര്യം നിലവില്‍ രാജ്യത്തിനില്ളെന്നും അവസ്ഥ മനസ്സിലാക്കി കുവൈത്ത് സാവകാശം നല്‍കുമെന്ന പ്രതീക്ഷയിലാണെന്നും വിദേശമന്ത്രി കൂട്ടിച്ചേര്‍ത്തു. കുടിശ്ശികക്ക് സാവകാശം നല്‍കണമെന്ന ഇറാഖിന്‍െറ അപേക്ഷ കുവൈത്തിനോടാണെങ്കിലും തീരുമാനമെടുക്കേണ്ടത് യു.എന്‍.സി.സിയാണ്. എന്നാല്‍, കുവൈത്തിന്‍െറ ഭാഗത്തുനിന്ന് സമ്മതം ലഭിച്ചാല്‍ മാത്രമേ യു.എന്‍.സി.സി ഈ അപേക്ഷ പരിഗണിക്കുകയുള്ളു. ഒപ്പം രാജ്യാന്തര സമൂഹത്തിന്‍െറ പിന്തുണയും വേണം. അടുത്തയാഴ്ച യു.എന്‍ മധ്യസ്ഥതയില്‍ ഇറാഖും കുവൈത്തും ഇതുസംബന്ധിച്ച ചര്‍ച്ച നടത്തുമെന്ന് ഹോഷിയാര്‍ സബരി വ്യക്തമാക്കി. ഈമാസം 18ന് യു.എന്‍.സി.സി ഗവേണിങ് കൗണ്‍സില്‍ ജനീവയില്‍  ചേരുന്നുണ്ട്. ഈ യോഗത്തില്‍ ഇതുസംബന്ധിച്ച ചര്‍ച്ചയും തീരുമാനവുമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്

ഹജ്ജിന്‍െറയും ഇരുഹറമുകളുടെയും വിജ്ഞാനകോശം തയാറാവുന്നു

Posted: 13 Dec 2014 07:38 PM PST

Image: 

ജിദ്ദ: ഹജ്ജിന്‍െറയും ഇരുഹറമുകളുടെയും ചരിത്രവും വര്‍ത്തമാനവും തത്ത്വവും പ്രയോഗവും ഇഴ ചേര്‍ത്തുള്ള ബൃഹത്തായ വിജ്ഞാനകോശം വര്‍ഷങ്ങളുടെ അത്യധ്വാനത്തിനു ശേഷം സാക്ഷാത്കാരത്തിലേക്ക്. പൗരാണികകാലം തൊട്ട് ഹജ്ജിനു വേണ്ടി എത്തിച്ചേര്‍ന്നവരുടെ ഭൂഖണ്ഡങ്ങളും പ്രദേശങ്ങളും സന്ദര്‍ശിച്ചും അവിടെ നിന്നുള്ള ചരിത്രരേഖകള്‍ പെറുക്കിക്കൂട്ടിയും ലോകത്തിന്‍െറ വിവിധ ഭാഗങ്ങളില്‍ നിന്ന് ചിത്രങ്ങളും വീഡിയോകളും ഓര്‍മാവശിഷ്ടങ്ങളുമായി ലഭിച്ച വിലപ്പെട്ട പ്രമാണങ്ങളും ചേര്‍ത്തുവെച്ചു തയാറാക്കുന്ന ഈ ബൃഹദ് പദ്ധതി സൗദി കിരീടാവകാശി അമീര്‍ സല്‍മാന്‍ ബിന്‍ അബ്ദുല്‍അസീസിന്‍െറ മേല്‍നോട്ടത്തിലാണ് നടന്നുവരുന്നത്. റിയാദില്‍ അമീര്‍ സല്‍മാന്‍ അധ്യക്ഷനായ കിങ് അബ്ദുല്‍അസീസ് ഫൗണ്ടേഷന്‍ ഫോര്‍ റിസര്‍ച്ച് ആന്‍ഡ് ആര്‍ക്കൈവ്സ് (ദാറ) ആണ് ഈ അത്യപൂര്‍വ ആധികാരികരേഖ നിര്‍മിക്കുന്നത്.
ഏഴു വര്‍ഷം മുമ്പ് അമീര്‍ സല്‍മാന്‍ റിയാദ് ഗവര്‍ണറായിരിക്കുമ്പോള്‍ തുടക്കമിട്ട പദ്ധതി രാജ്യത്തിനകത്ത് എഴുപതും പുറത്ത് വിവിധ മുസ്ലിം നാടുകളില്‍ അറുപതും ഗവേഷണ പ്രോജക്ടുകള്‍ നടത്തിയ ശേഷമാണ് ബൃഹദ് ചരിത്രസമാഹരണം തയാറാകുന്നത്. 22195 രേഖകളുടെ സമാഹരണം പൂര്‍ത്തിയായിക്കഴിഞ്ഞു. ഇതില്‍ 3800 എണ്ണം ഹജ്ജ്, ഇരുഹറമുകള്‍ എന്നിവയുടെ വിവിധ കാലയളവുകളിലെ വിവിധ തരം ഫോട്ടോകളാണ്. പുസ്തകങ്ങള്‍, ലേഖനം, അക്കാദമിക് പ്രബന്ധം, കൈയെഴുത്ത് പ്രതികള്‍, ചിത്രങ്ങള്‍, വീഡിയോ ക്ളിപ്പിങ്ങുകള്‍ എന്നിവയെല്ലാം അടങ്ങുന്നതാണ് വിജ്ഞാനകോശം. സൗദി അറേബ്യ, അറബ് മുസ്ലിം നാടുകള്‍, ആഫ്രിക്ക, യൂറോപ്പ്, അമേരിക്ക, ഏഷ്യ പസിഫിക് എന്നിവിടങ്ങളിലെ മുസ്ലിം സമൂഹങ്ങളില്‍ എന്നിവിടങ്ങളിലെല്ലാം വര്‍ക്ക്ഷോപ്പുകളും സെമിനാറുകളും സംഘടിപ്പിച്ചും അവിടങ്ങളിലെ ഗവേഷകരുടെ സംഭാവനകള്‍ സ്വീകരിച്ചുമാണ് യത്നം പൂര്‍ത്തീകരിക്കുന്നത്. ദക്ഷിണേഷ്യയിലെ ചരിത്രരേഖകളുടെ സമാഹരണത്തിനായി ഡല്‍ഹി ജാമിഅ മില്ലിയ്യ ഇസ്ലാമിയ്യയുമായി സഹകരിച്ചാണ് പരിപാടികള്‍ സംഘടിപ്പിച്ചത്.
അച്ചടിഗ്രന്ഥമായും ഇലക്ട്രോണിക് ഡിവൈസുകളായും എന്‍സൈക്ളോപീഡിയ ലോകമെങ്ങും ലഭ്യമാക്കുകയാണ് സംഘാടകരുടെ ലക്ഷ്യം. ഹജ്ജിന്‍െറയും ഇരുഹറമുകളുടെയും സമഗ്രമായ ഒരു ഡാറ്റാബേസ് ആയിരിക്കും ഇതെന്ന് ‘ദാറ’യുടെ ഇന്‍ഫര്‍മേഷന്‍ മാനേജര്‍ ഇനാമുല്ല പറയുന്നു. ഇസ്ലാമികപൂര്‍വ കാലം, പ്രവാചകഘട്ടം, നാലു ഖലീഫമാര്‍, അമവി, അബ്ബാസി, മംലൂക്, ഉസ്മാനി രാജഭരണകാലം, സൗദി രാജഭരണം എന്നീ ഘട്ടങ്ങളിലെ ഹജ്ജിന്‍െറ ചരിത്രം, മക്കയുടെയും മദീനയുടെയും ചരിത്രം, ഇരുഹറമുകളുടെയും വികസനകഥ, ഹജ്ജിന്‍െറ സഞ്ചാരപഥങ്ങള്‍, മുത്വവ്വിഫുമാരുടെ കഥ തുടങ്ങിയ ചരിത്രവര്‍ത്തമാനങ്ങള്‍ ഇതില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്.  പൂര്‍വചരിത്രത്തിനൊപ്പം ഹജ്ജിന്‍െറ അനുഷ്ഠാനസ്ഥലങ്ങള്‍, തീര്‍ഥാടകനീക്കങ്ങള്‍, സന്ദര്‍ശകരുടെയും ഉംറ തീര്‍ഥാടകരുടെയും നീക്കങ്ങള്‍, സര്‍ക്കാര്‍ സ്വകാര്യസ്ഥാപനങ്ങളുടെ ഹജ്ജ് സ്ഥിതിവിവരങ്ങള്‍ എന്നിവയും എന്‍സൈക്ളോപീഡിയയുടെ ഭാഗമായുണ്ട്. ഹജ്ജുമായി ബന്ധപ്പെട്ട് ഗവേഷണത്തിനോ പഠനത്തിനോ മുതിരുന്നയാര്‍ക്കും ഒരു വിവരവും വിട്ടുപോകാത്ത രീതിയിലാണ് ഈ ബൃഹദ്രചന ചിട്ടപ്പെടുത്തിയിരിക്കുന്നത്.
115 ഗവേഷകസംഘങ്ങളാണ് ഈ രംഗത്ത് പ്രവര്‍ത്തിച്ചത്. വിവിധ വിഷയങ്ങളിലായി 432 ഗവേഷകര്‍ നീണ്ട വര്‍ഷങ്ങള്‍ വിവരസമാഹരണത്തില്‍ മുഴുകി. വിവരസമാഹരണം, അവലോകനം, സൂക്ഷ്മപരിശോധന, രേഖപ്പെടുത്തല്‍ എന്നിങ്ങനെ നാലു ഘട്ടങ്ങള്‍ പിന്നിട്ടാണ് ലോകത്തെ ഏറ്റവും വിപുലമായ ഈ ചരിത്രരേഖ അനുവാചകര്‍ക്കു മുന്നിലത്തെുക.

തോക്കുകളുടെ നിഴല്‍ വീണ ഇരുള്‍നിലങ്ങളിലെ നിലവിളികള്‍

Posted: 13 Dec 2014 07:05 PM PST

Image: 

തിരുവനന്തപുരം: നിരാലംബരും നിസ്സഹായരുമായ ജനങ്ങളുടെ ജീവിതത്തിനുമേല്‍ തോക്കുകളുടെ കരിനിഴല്‍ പതിയുന്ന സാമൂഹികാവസ്ഥയെ തീക്ഷ്ണമായി വരച്ചിട്ട ‘കം റ്റു മൈ വോയ്സ്’ എന്ന തുര്‍ക്കി ചിത്രത്തോടെ 19ാമത് രാജ്യാന്തര ചലച്ചിത്രമേളയിലെ കണ്‍ട്രി ഫോക്കസ് വിഭാഗത്തിന് തുടക്കമായി. 100 വര്‍ഷം തികയുന്ന തുര്‍ക്കി സിനിമ കീഴടക്കിയ പുതിയ ഒൗന്നത്യങ്ങളുടെ ദൃശ്യസാക്ഷ്യങ്ങളായ എട്ട് സിനിമകളാണ് പ്രദര്‍ശിപ്പിക്കുന്നത്. സമകാലിക ലോകസിനിമയിലെ അതികായനായ തുര്‍ക്കി സംവിധായകന്‍ നൂരി ബില്‍ജെ സീലാന്‍ മേളയില്‍ പങ്കെടുക്കുന്നുണ്ട്. ഈ വര്‍ഷം കാന്‍ മേളയില്‍ പാം ദി ഓര്‍ ലഭിച്ച അദ്ദേഹത്തിന്‍െറ ഏറ്റവും പുതിയ ദൃശ്യശില്‍പം ‘വിന്‍റര്‍ സലീപ്’ ലോക സിനിമാവിഭാഗത്തിലാണ് പ്രദര്‍ശിപ്പിക്കുന്നത്.
ഹുസൈന്‍ കരാബെ സംവിധാനം ചെയ്ത ‘കം റ്റു മൈ വോയ്സ്’ രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ ഉഴുതുമറിച്ചിട്ട ഭൂമികയില്‍ അതിജീവനത്തിന്‍െറ വഴികള്‍ തേടുന്ന സാധാരണക്കാരുടെ വേദനകളിലേക്കാണ് കാമറ തിരിക്കുന്നത്. കിഴക്കന്‍ തുര്‍ക്കിയിലെ കുര്‍ദിഷ് മലയോരഗ്രാമത്തിലെ ബര്‍ഫി എന്ന മുത്തശ്ശിയുടെയും ജിയാന്‍ എന്ന പേരക്കുട്ടിയുടെയും അനുഭവങ്ങളിലൂടെയാണ് സംവിധായകന്‍ സായുധ ഏറ്റുമുട്ടലുകള്‍ തകര്‍ത്തെറിഞ്ഞ സാമൂഹികാവസ്ഥയെ വരച്ചിടുന്നത്. ഗ്രാമീണര്‍ തോക്ക് ഒളിപ്പിച്ചുവെച്ചിട്ടുണ്ടെന്ന ധാരണയില്‍ പ്രാദേശിക സായുധസേന ബര്‍ഫിയുടെ മകന്‍ തെമോയെ അറസ്റ്റു ചെയ്തിരിക്കുകയാണ്. ജിയാന്‍െറ പിതാവിനെ മോചിപ്പിക്കാന്‍ തോക്ക് തിരഞ്ഞുനടക്കുകയാണ് നിരപരാധികളായ ഇരുവരും. രണ്ടു പ്രായത്തിലുള്ള സ്ത്രീകളുടെ സഹനങ്ങള്‍ പ്രതിഫലിപ്പിക്കുന്ന ഫ്രെയിമുകളില്‍നിന്ന് അവരുടെ നിശ്ശബ്ദമായ നിലവിളികള്‍ ഉയര്‍ന്നുകേള്‍ക്കുന്നു. കുര്‍ദിഷ് മേഖലയിലെ തുര്‍ക്കി സേനയുടെ അധിനിവേശമാണ് കഥയുടെ രാഷ്ട്രീയ പശ്ചാത്തലം. പൊരുതാന്‍ കരുത്തുള്ള പുരുഷന്മാരെ മുഴുവന്‍ ഒളിപ്പിച്ചുവെച്ച ആയുധങ്ങളുടെ പേരു പറഞ്ഞ് സൈന്യം തടവിലിട്ടിരിക്കുകയാണ്. പരമ്പരാഗത കുര്‍ദിഷ് സംഗീതമാണ് പശ്ചാത്തലത്തില്‍ ഉപയോഗിച്ചിരിക്കുന്നത്.
രാഷ്ട്രീയ സമ്മര്‍ദത്തിന് വഴങ്ങാതെ സിനിമ നിര്‍മിക്കുന്ന ഹുസൈന്‍ കരാബെക്ക് ഭരണകൂടത്തില്‍നിന്ന് ധനസഹായം ലഭിക്കുന്നില്ല. രാജ്യത്തിനകത്തെ മേളകളില്‍ തന്‍െറ ചിത്രങ്ങള്‍ക്ക് പ്രവേശം കിട്ടാന്‍ അദ്ദേഹത്തിന് പൊരുതേണ്ടിവരുന്നു. കുര്‍ദിഷ് ന്യൂനപക്ഷങ്ങളുടെ പ്രശ്നങ്ങളെ അഭിസംബോധന ചെയ്യുന്ന അദ്ദേഹത്തിന്‍െറ ആദ്യകാല രാഷ്ട്രീയ ചിത്രങ്ങള്‍ക്ക് ഭരണകൂട പിന്തുണ കിട്ടിയിരുന്നു. ഇപ്പോള്‍ ഭരണകക്ഷിയുടെ അജണ്ട മാറിയതാണ് സര്‍ഗാത്മക സ്വാതന്ത്ര്യത്തിന് വിലങ്ങുതടിയായിരിക്കുന്നത്. നിര്‍മാണഘട്ടത്തില്‍ തന്നെ സെന്‍സര്‍ഷിപ് നേരിടുന്നതിനാല്‍ ചെറുബജറ്റിലുള്ള, ഓണ്‍ലൈനിലൂടെ വിതരണംചെയ്യുന്ന മൈക്രോ മൂവികള്‍ നിര്‍മിക്കാനൊരുങ്ങുകയാണിപ്പോള്‍ ഹുസൈന്‍ കാരാബെ.
സമകാലിക ലോകസിനിമ വിഭാഗത്തില്‍ പ്രദര്‍ശിപ്പിച്ച ‘കോണ്‍ ഐലന്‍ഡ്’ ശ്രദ്ധേയമായി. ജര്‍മനി, ഫ്രാന്‍സ്, ജോര്‍ജിയ, ഹംഗറി, ചെക് റിപ്പബ്ളിക്, കസാഖ്സ്താന്‍ സംയുക്ത സംരംഭമായ ഈ ചിത്രം രണ്ടു രാഷ്ട്രങ്ങള്‍ക്കിടയിലെ സംഘര്‍ഷങ്ങളില്‍പെട്ട് മനുഷ്യവാസമില്ലാത്ത ദ്വീപിലത്തെിപ്പെടുന്ന മുത്തച്ഛന്‍െറയും പേരക്കുട്ടിയുടെയും കഥ പറയുന്നു. ‘പടിഞ്ഞാറിലേക്കുള്ള പുതുപ്രയാണങ്ങള്‍’ എന്ന വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയ ഏറ്റവും പുതിയ ആറ് ചൈനീസ് ചിത്രങ്ങളിലൊന്നായ ‘ആറ്റ’യും പ്രേക്ഷകശ്രദ്ധ പിടിച്ചുപറ്റി.
തിയറ്ററുകളില്‍ ലഭ്യമായ സീറ്റുകളുടെ ഇരട്ടിയിലധികം പ്രതിനിധികള്‍ ഉള്ളതിനാല്‍ ഭൂരിഭാഗം പേര്‍ക്കും ആഗ്രഹിച്ച ചിത്രങ്ങള്‍ കാണാനാവുന്നില്ല.

‘മണി’ചരിതം

Posted: 13 Dec 2014 06:58 PM PST

Image: 

മര്‍ത്യജീവിതം പുല്‍ക്കൊടിപോലെ ക്ഷണികമെന്ന് ബൈബ്ള്‍. രാഷ്ട്രീയ ജീവിതത്തിലും ഇത് സത്യമാണെന്ന് കാണിച്ചുതരാന്‍ ദൈവം ഒരുക്കിവെച്ചതാണ് മാണിസാറിന്‍െറ ജീവിതമെന്ന് തോന്നിപ്പോകും. റബര്‍പാലൊഴുകുന്ന കാനാന്‍ ദേശമായ പാലായിലെ മാണിക്യത്തിനെ റബര്‍ പന്തുപോലെ ഒരുപിടി ബാറുകാര്‍ തട്ടിത്തെറിപ്പിച്ചപ്പോള്‍ രാഷ്ട്രീയ കേരളം മാത്രമല്ല അരാഷ്ട്രീയ കേരളവും സദാചാര കേരളവുമെല്ലാം ഞെട്ടി. ചാനലുകളില്‍ ഇപ്പോള്‍ മാണിസാറിനെ കാണുന്ന ആരും മൂക്കത്തു വിരല്‍വെച്ച് പറയും. ‘എങ്ങനെ നടന്ന മനുഷ്യനായിരുന്നു. പയറുമണിപോലെ ഓടിച്ചാടി നടന്നതല്ളേ. ഇപ്പോഴിതാ പയറുവള്ളിപോലെ ഒടിഞ്ഞുകുത്തി നില്‍ക്കുന്നു’. പഴയപോലെ ചിരിയില്ല; കളിയില്ല. ആ പ്രസരിപ്പില്ല. ആകപ്പാടെ ഒരു കുപ്പിയിലായ മായാവിയുടെ മട്ട്. ദിവസവും പറ്റിയാല്‍ മൂന്നുനേരമെങ്കിലും കുളിക്കും. തൂവെള്ള മുണ്ടും ജുബ്ബയേ അണിയു. ദൈവവിചാരം നല്ലപോലെയുണ്ട്. എന്നിട്ടും ഈ മനുഷ്യന് ഈ ഗതി വന്നല്ളോ എന്നാണ് എല്ലാവരും പറയുന്നത്.
ഒട്ടിച്ചുവെച്ചപോലെ ഒരു പുഞ്ചിരി എപ്പോഴും മുഖത്തുണ്ടാകും. ആരോടും വാത്സല്യത്തോടെ ഇടപെടും. പരിചയമില്ലാത്തയാളാണെങ്കിലും ചേര്‍ത്ത് പിടിച്ച് ചോദിക്കും -മാണിസാറെന്താ മോന് ചെയ്ത് തരേണ്ടത്. ഇതില്‍ വീഴാതിരിക്കാന്‍ ആര്‍ക്കുമാകില്ല. എപ്പോഴും ഫ്രഷ് ആണ് കരിങ്ങോഴക്കല്‍ മാണി എന്ന കെ.എം. മാണി. പാലാക്കാരുടെ സ്വന്തം കുഞ്ഞുമാണി. ആ ഇമേജിലാണ് ഇപ്പോള്‍ കറപുരണ്ടിരിക്കുന്നത്. അതും കേരള കോണ്‍ഗ്രസിന് അമ്പതാണ്ട് തികഞ്ഞ വേളയില്‍. മാണിസാര്‍ എന്തുപറഞ്ഞാലും ആരുമൊന്ന് ചെവിയോര്‍ക്കുമായിരുന്നു. അധ്വാനവര്‍ഗ സിദ്ധാന്തത്തിന്‍െറ ഉപജ്ഞാതാവിന് എന്തുകാര്യം പറയുമ്പോഴും ഒരു അധീശത്വമുണ്ടായിരുന്നു. അതൊക്കെയാണ് ബാര്‍ മുതലാളിമാര്‍ ഒറ്റ രാത്രികൊണ്ട് കുളമാക്കിയത്. പിന്നില്‍ കളിച്ചത് ആരാണെന്നൊക്കെ മാണിസാറിന് അറിയാഞ്ഞിട്ടല്ല. പക്ഷേ, എന്ത് ചെയ്യാന്‍. വെട്ട് ചെറുതായിരുന്നില്ല. കുതികാലിനുതന്നെ കിട്ടി വെട്ട്. ഇടതുമുന്നണിയിലേക്കെന്നല്ല, ഒരിടത്തേക്കും ഇനി ഞാനില്ളേയെന്ന് പറയിച്ചു മാണിസാറിനെക്കൊണ്ട്.
പതിറ്റാണ്ടുകള്‍ നീണ്ട രാഷ്ട്രീയ ജീവിതം ഇതുപോലൊരു ബാറില്‍തട്ടി വീഴുമെന്ന് ശത്രുക്കള്‍പോലും കരുതിയിട്ടുണ്ടാകില്ല. അല്ളെങ്കില്‍ ആഗ്രഹിച്ചിട്ടുണ്ടാകില്ല. അത്താഴം മുടക്കാന്‍ നീര്‍ക്കോലി മതിയല്ളോ. ബാറുടമകളില്‍നിന്ന് ഒരുകോടി രൂപ കോഴ വാങ്ങിയെന്ന ആരോപണത്തില്‍ തിരുവനന്തപുരം വിജിലന്‍സ് ആന്‍ഡ് ആന്‍റി കറപ്ഷന്‍ ബ്യൂറോ രജിസ്റ്റര്‍ ചെയ്ത കേസില്‍ കെ.എം. മാണിയെന്ന രാഷ്ട്രീയ തന്ത്രജ്ഞന്‍ ആലിലപോലെ ആടിയുലയുകയാണ്. എന്താക്കെയായിരുന്നു ഒരു വര്‍ഷം മുമ്പ്. സരിത നായര്‍ കേരള രാഷ്ട്രീയത്തെയും യു.ഡി.എഫ് സര്‍ക്കാറിനെയും കൈവെള്ളയിലിട്ട് അമ്മാനമാടിയപ്പോള്‍ ‘ദേ ഇപ്പം ശരിയാക്കിത്തരാം’ എന്ന മട്ടിലാണ് ഇടതുപക്ഷം മാണി സാറിനെ മുഖ്യമന്ത്രിയാക്കാന്‍ നടന്നത്. മുഖ്യമന്ത്രി ആയി, ആയില്ല എന്ന മട്ടിലായിരുന്നു കാര്യങ്ങള്‍. മാണി മുഖ്യമന്ത്രിയാകുമെന്ന് ചാനലുകളില്‍ ബ്രേക്കിങ് ന്യൂസ് ഒഴുകിപ്പരന്നു. എല്ലാം കേട്ട്, ഒരു കള്ളച്ചിരിയോടെ മാണിസാര്‍ പറഞ്ഞു, ഏയ്, അങ്ങനെയൊന്നുമില്ളെന്നേ. എന്തൊക്കെയോ ഉണ്ടെന്ന് നാട്ടുകാര്‍ക്കറിയാമായിരുന്നു.
റെക്കോഡുകള്‍ ഏറെ പോക്കറ്റിലാക്കിയ മാണിസാര്‍ ഒരു കോടി രൂപ പോക്കറ്റിലാക്കിയെന്ന് വിശ്വസിക്കാന്‍ മടിച്ചവര്‍ ആദ്യം ഏറെയാണ്. നിയമസഭയില്‍ ഏറ്റവും കൂടുതല്‍ വര്‍ഷം അംഗമായ ആള്‍, ഏറ്റവും കൂടുതല്‍ കാലം മന്ത്രി, ഏറ്റവും കൂടുതല്‍ ബജറ്റ് അവതരിപ്പിച്ച മന്ത്രി, ഏറ്റവും കൂടുതല്‍ മന്ത്രിസഭകളില്‍ പ്രവര്‍ത്തിച്ച നിയമസഭാംഗം -നേട്ടങ്ങള്‍ ഏറെയാണ് കെ.എം.മാണിയുടെ പേരില്‍.
പാലാ സംവരണ മണ്ഡലമാണോയെന്ന് ചിലപ്പോള്‍ ചോദിച്ചുപോകും. അത്രക്കുമുണ്ട് പാലയും മാണിസാറും തമ്മിലെ പൊരുത്തം.  തനിക്ക് രണ്ട് ഭാര്യമാരുണ്ടെന്ന് മാണിസാര്‍ പറയും. ഒന്ന് ജീവിത സഖിയാക്കിയ കുട്ടിയമ്മ. രണ്ടാമത്തേത് പാലാ മണ്ഡലം. 1965ല്‍ പാലാ മണ്ഡലം രൂപവത്കരിച്ചതുമുതല്‍ ഇന്നുവരെ മാണിസാറല്ലാതെ വിജയിച്ചിട്ടില്ല. കന്നിയങ്കത്തില്‍ സ്വതന്ത്രനായ വി.ടി. തോമസിനെ 9585 വോട്ടിന് തോല്‍പിച്ച് വിജയരഥമുരുട്ടാന്‍ തുടങ്ങിയതാണ്. ഒരു മണ്ഡലത്തില്‍നിന്ന് ഏറ്റവും കൂടുതല്‍ തവണ വിജയിയായതും മാണിസാര്‍ തന്നെ. 1990ല്‍ കേന്ദ്രത്തില്‍ ചന്ദ്രശേഖര്‍ സര്‍ക്കാറില്‍ കെ.എം. മാണി ഊര്‍ജ മന്ത്രിയായേക്കുമെന്ന് അവസാന നിമിഷം വരെ കേട്ടതാണ്. അഞ്ചു ദിവസം ഡല്‍ഹിയില്‍ കാത്തുകെട്ടിക്കിടന്നത് മിച്ചം. അഴിമതി ആരോപണങ്ങള്‍ ഇതിനുമുമ്പും കെ.എം. മാണിക്കെതിരെ ഉയര്‍ന്നിട്ടുണ്ട്. ഗ്രാഫൈറ്റ് അഴിമതിക്കേസിലും പ്രധാനമന്ത്രിയുടെ പ്രകൃതിക്ഷോഭ ഫണ്ട് സ്വന്തക്കാര്‍ക്ക് നല്‍കിയെന്നും മതികെട്ടാന്‍ ഭൂമിയിലും മാണിക്കെതിരെ ആരോപണങ്ങള്‍ ഉയര്‍ന്നു. അപ്പോഴൊന്നും ഉലഞ്ഞിട്ടില്ല രാഷ്ട്രീയത്തിലെ ഈ ഭീഷ്മാചാര്യന്‍.
മാണിയുടെ ‘അധ്വാനവര്‍ഗ സിദ്ധാന്തവും രാഷ്ട്രീയ സാമ്പത്തിക പഠനങ്ങളും’ എന്ന പുസ്തകം കേരള കോണ്‍ഗ്രസിന്‍െറ ദാസ് കാപിറ്റലാണ്. തൊഴിലാളിയുടെ കമ്യൂണിസ്റ്റ് നിര്‍വചനത്തില്‍ അധ്വാനിക്കുന്നവരും കഷ്ടപ്പെടുന്നവരുമായ എല്ലാവരും ഉള്‍പ്പെടാത്തതിനാല്‍ തൊഴിലാളി വര്‍ഗം എന്നതിന് പകരം അധ്വാന വര്‍ഗം എന്ന പദമാണ് ഉത്തമമമെന്ന് സിദ്ധാന്തിച്ചു. 1933 ജനുവരി 30ന് മീനച്ചില്‍ താലൂക്കിലെ മരങ്ങാട്ടുപള്ളിയില്‍ കര്‍ഷക കുടുംബത്തില്‍ തൊമ്മന്‍ മാണിയുടെയും ഏലിയാമ്മയുടെയും മകനായി ജനിച്ച മാണി മദ്രാസ് ലോ കോളജില്‍നിന്ന് നിയമ ബിരുദം നേടി. പിന്നീട് ഹൈകോടതി ജഡ്ജിയായ പി. ഗോവിന്ദ മേനോന്‍െറ കീഴില്‍ 1965ല്‍ കോഴിക്കോട്ട് അഭിഭാഷകനായി തുടങ്ങി. മുനിസിപ്പല്‍ കൗണ്‍സില്‍ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയായ മേനോനുവേണ്ടി കോഴിക്കോട്ടെ പൊതുയോഗങ്ങളില്‍ പ്രസംഗിച്ച് രാഷ്ട്രീയഗോദയിലേക്ക് ചുവടുവെച്ചു. 1975ലാണ് ആദ്യം മന്ത്രിയാകുന്നത്. അച്യുതമോനോന്‍ മന്ത്രിസഭയില്‍ ധനകാര്യമന്ത്രി. അങ്ങനെ ഉയരങ്ങളില്‍നിന്ന് ഉയരങ്ങളിലേക്ക് കുതിച്ച മാണിസാറിനെയാണ് ബാറുകാര്‍ കുപ്പിയിലാക്കിയത്. കുപ്പിപൊട്ടിച്ച് മാണിസാര്‍ പുറത്തുവരുമോയെന്നറിയാന്‍ കാത്തിരിക്കുകയാണ് രാഷ്ട്രീയ കേരളം.

മൂപ്പന്മാര്‍ പറയുന്നു ഭൂമി തിരിച്ചുപിടിക്കണം

Posted: 13 Dec 2014 06:55 PM PST

Image: 
Subtitle: 
അട്ടപ്പാടിയിലെ വംശഹത്യകള്‍ -3

സംഭവിക്കുന്ന കാര്യങ്ങളെക്കുറിച്ച് അട്ടപ്പാടിയിലെ മൂപ്പന്മാര്‍ക്ക്  നല്ല ബോധ്യമുണ്ട്. എന്നാല്‍, അവര്‍ നിസ്സഹായരാണ്. മൂപ്പന്മാര്‍  ഇപ്പോഴും ആവശ്യപ്പെടുന്നത് അന്യാധീനപ്പെട്ട ആദിവാസി ഭൂമി തിരിച്ചുപിടിക്കണമെന്നാണ്. നഷ്ടപ്പെട്ട ഭൂമിയെക്കുറിച്ച് അവര്‍ക്ക് അറിയാമെന്ന് മൂപ്പന്‍ കൗണ്‍സിലിന്‍െറ പ്രസിഡന്‍റ് സംസാരിക്കുന്നതില്‍നിന്ന് വ്യക്തം. അദ്ദേഹത്തിന്‍െറ ചെറിയച്ഛന്‍െറ പേരില്‍ 12 ഏക്കര്‍ ഉണ്ടായിരുന്നു. അത് പാട്ടത്തിനു നല്‍കിയവര്‍ കൈയടക്കി.  എല്ലാവര്‍ക്കും പരാതി നല്‍കി. കലക്ടര്‍ക്കും പട്ടികവര്‍ഗ ഓഫിസിലും പരാതി നല്‍കിയിരുന്നു. ഷോളയൂരാണ് ഭൂമി നഷ്ടപ്പെട്ടത്. റോഡിന്‍െറ മുന്നിലുള്ള കൃഷിഭൂമി പിടിച്ചെടുത്തവര്‍ കൃഷിചെയ്യുന്നില്ല. അവിടം കാടുകയറിക്കിടക്കുന്നു. തമിഴ്നാട്ടുകാരുടെ കൈയിലാണ് ഭൂമി. ആനകെട്ടിയിലും അവര്‍ക്ക് ഭൂമിയുണ്ട്. തങ്ങള്‍ ആര്‍ക്കും ഭൂമി എഴുതിക്കൊടുത്തിട്ടില്ല. ആര്‍.ഡി.ഒ വന്നിരുന്നു. ഭൂമി തിരിച്ചുകൊടുക്കണമെന്ന് പറഞ്ഞു. എന്നാല്‍, വക്കീലും ഗുണ്ടകളും അഗളിയിലെ സഖാവും (കോണ്‍ഗ്രസ് നേതാവിനെയാണ് ഇവര്‍ സഖാവ് എന്ന് വിളിക്കുന്നത്) ഭൂമി തിരിച്ചുപിടിക്കാനാവില്ളെന്നുപറഞ്ഞു. ആര്‍.ഡി.ഒ തിരിച്ചുപോയി. സെക്രട്ടേറിയറ്റിന് മുന്നില്‍ നടക്കുന്ന സമരത്തിന് മൂപ്പന്മാരുടെ പിന്തുണയില്ല. തങ്ങള്‍ക്ക ്പകരം ഭൂമി വേണ്ട. തങ്ങള്‍ കൃഷി ചെയ്ത ഭൂമി ലഭിക്കണം. 80 മൂപ്പന്മാരാണ് അട്ടപ്പാടിയിലുള്ളത്. അടുത്തിടെ മൂപ്പന്മാരുടെ യോഗം നടന്നു. തമ്പ് എന്ന എന്‍.ജി.ഒ.സംഘടനയാണ് മൂപ്പന്മാരുടെ യോഗം വിളിച്ചത്.
1970കള്‍ക്കുശേഷമാണ് വലിയ തോതില്‍ കുടിയേറ്റമുണ്ടായത്. ആദ്യകാലത്തെ കുടിയേറ്റം ആദിവാസി ജീവിതത്തിന് വലിയ പ്രതിസന്ധിയുണ്ടാക്കിയില്ല. എന്നാല്‍, പിന്നീടുണ്ടായ കുടിയേറ്റം ആദിവാസികളുടെ ജീവിതവും സംസ്കാരവും തകര്‍ത്തു. വന്‍തോതിലുള്ള ഭൂമി കൈയേറ്റം നടന്നു. അന്യാധീനപ്പെട്ട ആദിവാസി ഭൂമി തിരിച്ചുപിടിക്കാന്‍ 1975ല്‍ നിയമം പാസാക്കിയതോടെ അല്‍പം ആത്മവിശ്വാസമുണ്ടായി. പിന്നീട് നിയമം നടപ്പാക്കാന്‍ സര്‍ക്കാറിന് ആത്മാര്‍ഥതയുണ്ടായില്ല. സര്‍ക്കാര്‍ സംവിധാനം മുഴുവന്‍ കുടിയേറ്റക്കാര്‍ക്കൊപ്പമായിരുന്നു. അന്ന് അട്ടപ്പാടിയിലെ പ്രധാന പാര്‍ട്ടി സി.പി.ഐ ആയിരുന്നു. അവരുടെ നേതാക്കളെല്ലാം കുടിയേറ്റക്കാര്‍ക്കൊപ്പമായിരുന്നുവെന്ന് മൂപ്പന്‍ പറയുന്നു. 1986നുശേഷം വ്യാജരേഖയുണ്ടാക്കിയാണ് ഭൂമി കൈയേറല്‍.
വില്ളേജ്- സബ്രജിസ്ട്രാര്‍ ഓഫിസുകള്‍ ഭൂ മാഫിയയുടെ നിയന്ത്രണത്തിലായിരുന്നു. ആരുടെ ഭൂമിക്കുമേല്‍ ആര്‍ക്കും പരാതി നല്‍കാമെന്ന് നിയമത്തിലുണ്ടായിരുന്നു. ഭൂമി ആര്‍ക്കാണ് നല്‍കിയതെന്ന്് ആദിവാസികള്‍ക്ക് അറിയില്ല. ഭൂമിയുടെ രേഖ കൈയിലില്ല. എന്നാലും പരാതി നല്‍കി.
ഭൂമി അന്യാധീനപ്പെട്ടവരെ ഉദ്യോഗസ്ഥര്‍ വിളിക്കും, വ്യക്തമായ രേഖയില്ലാത്തതിനാല്‍ മടക്കിയയക്കും. ഭൂമി കൈയേറിയവരുടെ കൈയില്‍ ഭൂരേഖകളെല്ലാം ഉണ്ട്. മാത്രമല്ല, 1999ല്‍ നിയമം വന്നതോടെ തിരിച്ചെടുക്കേണ്ട ഭൂപരിധി രണ്ടര ഹെക്ടറാക്കി ഉയര്‍ത്തി. ആദിവാസികള്‍ക്ക് ഹെക്ടറും ഏക്കറുമൊന്നും അറിയില്ലായിരുന്നു. ഇങ്ങനെ എല്ലാ തരത്തിലും ഉദ്യോഗസ്ഥരും രാഷ്ട്രീയക്കാരും ചേര്‍ന്ന് ആദിവാസികളെ പറ്റിച്ചു. പാലൂരിലെ അനുഭവം വിവരിച്ച ആദിവാസി അക്കാലത്തെ സി.പി.ഐ നേതാക്കള്‍ ഭൂമി കൈയേറ്റത്തിന് കൂട്ടുനിന്നതിന്‍െറ ഓര്‍മകള്‍ പങ്കുവെച്ചു.
സുബ്ബയ്യന്‍ സബ് കലക്ടറായി എത്തിയപ്പോഴാണ് അല്‍പമെങ്കിലും സര്‍ക്കാര്‍ പ്രവര്‍ത്തനം ശക്തമായത്. മരിച്ച ആദിവാസിയുടെ മൃതദേഹത്തിന്‍െറ കൈവിരല്‍ പതിപ്പിച്ച് ഭൂമി തട്ടിയെടുത്ത സംഭവം വരെ നടന്നിരുന്നു. സുബ്ബയ്യന്‍ ഭൂമി കൈയേറിയ ഗൗണ്ടര്‍ക്കെതിരെ ശക്തമായ നടപടിയെടുത്തു. ആദിവാസികള്‍ക്കൊപ്പംനിന്ന ഏക ഉദ്യോഗസ്ഥന്‍ സുബ്ബയ്യനാണെന്ന് എല്ലാവരും പറയുന്നു. എന്നാല്‍, പൊലീസ് ഉദ്യോഗസ്ഥര്‍ സുബ്ബയ്യനെയും കെണിയില്‍പെടുത്തി. കൈയേറ്റക്കാര്‍ സുബ്ബയ്യനെ കൈയേറ്റംചെയ്യുന്ന അവസ്ഥയുണ്ടായി. പലയിടത്തും സ്റ്റേ ഉത്തരവ് വരുന്നതിന് മുമ്പ് ഭൂമി ആദിവാസികള്‍ക്ക് പിടിച്ചുനല്‍കി.
 ചില കേസുകളില്‍ വാദിക്കാന്‍ അഭിഭാഷകരെ കിട്ടിയില്ല. എറണാകുളത്ത് ആദിവാസികള്‍ വക്കീലിനെ തേടിയലഞ്ഞു. നിയമസഹായം നല്‍കുമെന്ന് പറയുന്നവരെയൊക്കെ സമീപിച്ചു. മുന്നുദിവസം രാത്രി ബസ്സ്റ്റാന്‍ഡില്‍ കിടന്നുറങ്ങി. ഒടുവില്‍ ഒന്നും നടത്താനാവാതെ മടങ്ങി. റവന്യു ഓഫിസര്‍മാര്‍ കേസ് വിളിച്ചപ്പോള്‍ മതിയായ രേഖ ഹാജരാക്കാത്തതിനാല്‍ നഷ്ടപ്പെട്ട ഭൂമിയുമുണ്ട്. ഇതെല്ലാം അതിജീവിച്ചാണ് 995 പരാതികള്‍ പരിഗണിക്കപ്പെട്ടത്. ശരാശരി ഏഴ് ഏക്കര്‍ കണക്കാക്കിയാല്‍ 7000 ഏക്കറോളം ഭൂമിയെങ്കിലും മടക്കിയെടുക്കേണ്ടതാണ്.  
സര്‍ക്കാര്‍ ഭൂമിക്കുപകരം ഭക്ഷണം തരാമെന്നാണ് പറയുന്നത്. അതിനായി നടപ്പാക്കിയ ഊരുകളിലെ സാമൂഹിക അടുക്കള പരാജയമായി. അങ്കണവാടികളില്‍ മുഴുവന്‍ ചെള്ളുനിറഞ്ഞിരിക്കുന്നു. കുട്ടികളുടെ ദേഹത്തേക്കാണ് ചെള്ളു കയറുന്നത്. പോഷകാഹാരമായി അമൃതംപൊടി മുതല്‍ അരി, പയര്‍, ഗോതമ്പ് തുടങ്ങിയെല്ലാത്തിലും ചെള്ളാണ്. അത്ര മോശമായ സാധനങ്ങളാണ് ആദിവാസികള്‍ക്ക് കഴിക്കാനായി സര്‍ക്കാറും കുടുംബശ്രീയും (കാലിത്തീറ്റയേക്കാള്‍ മോശമായ അമൃതംപൊടി വിതരണം ചെയ്തുവെന്ന് സി.എ.ജി ചൂണ്ടിക്കാണിച്ചിരുന്നു) ചേര്‍ന്ന് എത്തിക്കുന്നത്. ഇത് ആദിവാസികള്‍ക്ക് എന്തിനാണ് വിതരണം ചെയ്യുന്നതെന്ന് രാഷ്ട്രീയക്കാരാരും ചിന്തിച്ചിട്ടില്ല. ഉദ്യോഗസ്ഥരും പഞ്ചായത്ത് അംഗം മുതല്‍ എം.എല്‍.എ വരെയുള്ളവരും ഇതൊന്നും അറിയുന്നില്ളേയെന്നാണ് മൂപ്പന്‍ ചോദിക്കുന്നത്. സര്‍ക്കാര്‍ നല്‍കുന്ന പണം ആദിവാസികള്‍ക്ക് ലഭിക്കുന്നത് ചെള്ളുകയറിയ സാധനങ്ങളുടെ രൂപത്തിലാണ്. അടുക്കളയിലേക്ക് ആദിവാസികള്‍ നേരിട്ട് വാങ്ങിയിരുന്ന പച്ചക്കറി, പാല്‍ എന്നിവക്ക് പൈസ നല്‍കാത്തതിനാല്‍ കച്ചവടക്കാര്‍ നല്‍കുന്നില്ല. ഇതിന്‍െറ പണത്തെ ചൊല്ലി ഐ.ഡി.ഡി.എസും സീമ ഭാസ്കറും തമ്മില്‍ പരസ്യമായ വാക്കേറ്റം നടന്നു.
സര്‍ക്കാര്‍ വകുപ്പുതലത്തിലുള്ള വിലയിരുത്തല്‍ ബഹു കേമമാണെന്ന് മൂപ്പന്മാര്‍ പറയുന്നു. മന്ത്രി പി.കെ. ജയലക്ഷ്മിക്ക് ആദിവാസികളുടെ സങ്കടം കേള്‍ക്കാന്‍  താല്‍പര്യമില്ല. അട്ടപ്പാടിയിലെ ശിശുമരണത്തെക്കുറിച്ച് വിലയിരുത്താനത്തെിയ മന്ത്രിയെ തായ്കുലം ഗിരിജന്‍ സമാജം മൂപ്പന്മാര്‍ തുടങ്ങി 30 ലധികം ആദിവാസികള്‍ കാത്തുനിന്നു. എന്നാല്‍, കോണ്‍ഗ്രസ് നേതാവ് പി.സി. ബോബി പൊലീസ് ശൈലിയില്‍ മന്ത്രിയുമായി പോയി.  പട്ടിണിമരണത്തിന്‍െറ റിവ്യൂ മീറ്റിങ്ങില്‍ സി.പി.എം, സിപി.ഐ, കോണ്‍ഗ്രസ് നേതാക്കള്‍ തമ്മിലുള്ള ഏറ്റുമുട്ടലാണ് നടന്നത്. അവര്‍ രാഷ്ട്രീയം മാത്രം സംസാരിക്കുന്നു. ഉദ്യോഗസ്ഥരും രാഷ്ട്രീയക്കാരും യോഗം നടത്തുന്നത് ആദിവാസികള്‍ക്കുവേണ്ടിയല്ളെന്നാണ് മൂപ്പന്മാരുടെ അഭിപ്രായം.
(തുടരും)

പൂമാല സ്കൂളിലൊരു അമ്മക്കട

Posted: 13 Dec 2014 06:43 PM PST

Image: 

തൊടുപുഴ: ഹയര്‍ സെക്കന്‍ഡറി ക്ളാസുകളിലെ സമയമാറ്റം മക്കളുടെ ആരോഗ്യത്തെ വലക്കുമോ എന്ന ആശങ്കക്ക് പരിഹാരം കാണാന്‍  രക്ഷിതാക്കള്‍ രംഗത്തത്തെിയതോടെ സ്കൂളില്‍ സുന്ദരനൊരു കടയൊരുങ്ങി.   ചൂടു ചായ മുതല്‍ അട വരെ  കിട്ടുന്ന കട. അമ്മമാര്‍ തന്നെ പാചകവും വിളമ്പലും നടത്തുന്നതിനാല്‍ കുട്ടികള്‍  കടക്ക് ‘അമ്മക്കട’എന്ന പേരുമിട്ടു.  
ആദിവാസി ഗോത്ര മേഖലയായ പൂമാലയിലെ ഗവ. ട്രൈബല്‍ ഹയര്‍സെക്കന്‍ഡറി സ്കൂളിലാണ് മൂന്ന് മാസമായി അമ്മക്കട പ്രവര്‍ത്തിക്കുന്നത്. ഹയര്‍സെക്കന്‍ഡറിയില്‍ രാവിലെ ഒമ്പത് മുതല്‍ വൈകുന്നേരം 4.45 വരെയാണ് പ്രവര്‍ത്തന സമയം. സ്കൂളിലേക്ക് കിലോമീറ്ററുകള്‍ കാല്‍നടയായും മറ്റും സഞ്ചരിച്ചാണ് വിദ്യാര്‍ഥികളില്‍ പലരും എത്തുന്നത്. രാവിലെ 7.30 നെങ്കിലും വീട്ടില്‍ നിന്നിറങ്ങിയാലേ സ്കൂളിലത്തൊന്‍ കഴിയൂ. പല വിദ്യാര്‍ഥികളും ഭക്ഷണം പോലും കഴിക്കാതെയാണ് സ്കൂളിലേക്ക് ഓടുന്നത്. ഇത് കുട്ടികളെ ബാധിക്കുമെന്ന ആശങ്കയിലായിരുന്നു രക്ഷിതാക്കളില്‍ ഭൂരിഭാഗവും.
അടുത്തിടെ സ്കൂളില്‍ മാതൃസംഗമത്തില്‍ ആവലാതികളുമായി രക്ഷിതാക്കള്‍ ഒത്തുചേര്‍ന്നപ്പോഴാണ് അമ്മക്കട എന്ന ആശയം ഉടലെടുക്കുന്നത്. പി.ടി.എയില്‍ ചര്‍ച്ച ചെയ്തപ്പോള്‍ സ്കൂള്‍ അധികൃതരും എതിര്‍പ്പ് പ്രകടിപ്പിച്ചില്ല. തുടര്‍ന്ന്  കുട്ടികള്‍ക്കായി പി.ടി.എയുടെ സഹായത്തോടെ ലഘുഭക്ഷണ ശാല ആരംഭിക്കുകയായിരുന്നു.  സ്കൂളിനോട് ചേര്‍ന്നാണ്  ഭക്ഷണ ശാല. ചായ, അട, കൊഴുക്കട്ട തുടങ്ങിയ ലഘുഭക്ഷണങ്ങളും പേന, പേപ്പര്‍, റബര്‍ തുടങ്ങി അത്യാവശ്യം വേണ്ട സ്കൂള്‍ ഉപകരണങ്ങളും ലഭിക്കും. ചൂടുവെള്ളം സൗജന്യം. വീട്ടില്‍ നിര്‍മിക്കുന്ന ഭക്ഷണ സാധനങ്ങള്‍ കടയിലത്തെിച്ച് കുറഞ്ഞ വിലയ്ക്കാണ് കുട്ടികള്‍ക്ക് വില്‍ക്കുന്നത്. രണ്ട് അമ്മമാര്‍ എപ്പോഴും കടയിലുണ്ടാകും. കടയില്‍ നിന്ന് ലഭിക്കുന്ന വരുമാനത്തില്‍ നിന്ന് ഇവര്‍ക്ക് കൂലിയും നല്‍കുന്നുണ്ട്.
എണ്ണയില്‍ പൊരിച്ച വസ്തുക്കള്‍ വില്‍ക്കുന്നതില്‍ കടുത്ത നിയന്ത്രണമുണ്ട്. കുട്ടികളുടെ സുരക്ഷിതത്വവും ആരോഗ്യവും  ഉറപ്പാക്കാന്‍ അമ്മക്കടയിലൂടെ കഴിയുന്നു. മാലിന്യ വിമുക്ത സ്കൂള്‍ പരിസരം ഉറപ്പുവരുത്താനും സംരംഭം സഹായകമാകുന്നതായി സ്കൂള്‍ അധികൃതരും ചൂണ്ടിക്കാട്ടുന്നു. പി.ടി.എ പ്രസിഡന്‍റ് ശശികുമാര്‍, മാതൃ സംഗമം പ്രസിഡന്‍റ് സുമതി രവീന്ദ്രന്‍, ബിന്ദു സുബി, ജയ എന്നിവരാണ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്.

രാജ്യസഭാ സീറ്റിനായി മുസ്ലിംലീഗില്‍ ചരടുവലി സജീവം

Posted: 13 Dec 2014 05:32 PM PST

Image: 

തിരുവനന്തപുരം: ഒഴിവുവരുന്ന രാജ്യസഭാ സീറ്റുകളില്‍ ഒന്ന് ലക്ഷ്യമിട്ട് മുസ്ലിംലീഗില്‍ ചരടുവലി മുറുകുന്നു. 2015 ഏപ്രിലില്‍ സംസ്ഥാനത്ത് നിന്ന് ഒഴിവുവരുന്ന മൂന്ന് സീറ്റുകളില്‍ ഒന്ന് പാര്‍ട്ടിക്ക് ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ലീഗില്‍ ചര്‍ച്ചകള്‍ നടക്കുന്നത്. വയലാര്‍ രവി, എം.പി. അച്യുതന്‍, പി. രാജീവ് എന്നിവരുടെ കാലാവധിയാണ് ഏപ്രില്‍ 21ന് പൂര്‍ത്തിയാവുന്നത്.
നിലവിലെ സാഹചര്യത്തില്‍ യു.ഡി.എഫിന് ലഭിക്കാവുന്ന  രണ്ട് സീറ്റുകളില്‍ ഒന്നാണ് ലീഗ് ലക്ഷ്യമിടുന്നത്. ഇക്കാര്യത്തില്‍ യു.ഡി.എഫില്‍ ധാരണയുണ്ടെന്നാണ് ലീഗ് കേന്ദ്രങ്ങള്‍ പറയുന്നത്. ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ. മജീദിന്‍െറ പേരാണ് ചര്‍ച്ചകളില്‍ പ്രധാനമായും ഉയര്‍ന്നിട്ടുള്ളത്. മറ്റൊരുപേര് മുന്‍ രാജ്യസഭാംഗം പി.വി. അബ്ദുല്‍ വഹാബിന്‍േറതാണ്. ഇതിനുപുറമെ മുന്‍ രാജ്യസഭാംഗവും നിലവില്‍ നിയമസഭാംഗവുമായ ദേശീയ സെക്രട്ടറി എം.പി. അബ്ദുസ്സമദ് സമദാനി, പാര്‍ട്ടി സംസ്ഥാന ട്രഷറര്‍ പി.കെ.കെ. ബാവ എന്നിവരുടെ പേരുകളും ഉയരുന്നുണ്ട്.
ഇതില്‍ പാര്‍ട്ടി ജനറല്‍ സെക്രട്ടറി എന്ന നിലയില്‍ മജീദിനെ രാജ്യസഭയിലേക്കയക്കാനാണ് നേതൃതലത്തിലുള്ള താല്‍പര്യം. എന്നാല്‍ നേരത്തെ രാജ്യസഭാംഗമായിരുന്ന വഹാബിന് പിന്നീട് ഒൗദ്യോഗികപദവികളൊന്നും നല്‍കിയിട്ടില്ല. നിയമസഭാ തെരഞ്ഞെടുപ്പില്‍ അദ്ദേഹത്തെ പരിഗണിച്ചതുമില്ല.പാര്‍ട്ടി സംസ്ഥാന ഘടകത്തില്‍ കര്‍ശനമായി നടപ്പാക്കിയ ഒരാള്‍ക്ക് ഒരുപദവിനയം മജീദിന് തടസ്സമാണ്.
അഖിലേന്ത്യാ ഭാരവാഹിത്വമുള്ള പാര്‍ട്ടി എം.പിമാരുടെ കാര്യത്തില്‍ അഖിലേന്ത്യാ കമ്മിറ്റിയാണ് തീരുമാനമെടുക്കേണ്ടതെന്ന നിലപാടാണ് നേരത്തെ സ്വീകരിച്ചത്. ഇ. അഹമ്മദും ഇ.ടി. മുഹമ്മദ് ബഷീറും പി.കെ. കുഞ്ഞാലിക്കുട്ടിയും സമദാനിയും  ഭാരവാഹിത്വങ്ങള്‍ തുടരുന്നത് ഈ നിലപാടിന്‍െറ ഭാഗമായാണ്. ഈ ആനുകൂല്യത്തിന്‍െറ പേരില്‍ മജീദിനെ ജനറല്‍ സെക്രട്ടറിയായി തുടരാനും അനുവദിച്ചേക്കും.  
എം.പി പദവിയുള്ള സമയത്ത് സംസ്ഥാന ജനറല്‍ സെക്രട്ടറി പദവി ഇ.ടി. മുഹമ്മദ് ബഷീര്‍ മജീദിനൊപ്പം പങ്കിട്ടതും ഇതിനുള്ള ന്യായമായി പാര്‍ട്ടി കേന്ദ്രങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. യു.ഡി.എഫിന് ലഭിക്കുന്ന രണ്ടില്‍ ഒന്ന് കോണ്‍ഗ്രസിനും. രണ്ടാമത്തേത് ലീഗിനും ലഭിക്കുമെന്ന പ്രതീക്ഷയാണ് പാര്‍ട്ടിക്കുള്ളത്.ലീഗിന് രണ്ട് രാജ്യസഭാംഗങ്ങള്‍ ഉണ്ടായിരുന്നിടത്ത് നിന്നാണ് ഒരംഗംപോലുമില്ലാത്ത അവസ്ഥയിലേക്ക് പാര്‍ട്ടി മാറിയത്. അഞ്ചാംമന്ത്രി വിവാദത്തിന് പിന്നാലെ ഒഴിവ് വന്ന രാജ്യസഭാ സീറ്റിലേക്ക് ലീഗിന് അവകാശവാദമുന്നയിച്ചതുമില്ല. അഞ്ചാംമന്ത്രി സ്ഥാനത്തിനായി രാജ്യസഭാ സീറ്റില്‍ അവകാശവാദം ഉന്നയിക്കാതിരുന്നത് അക്കാലത്ത് പാര്‍ട്ടിക്കകത്ത് വിവാദമായിരുന്നു. ഇതിനിടെ രണ്ടാമത്തെ സീറ്റിലേക്ക് ലീഗിന് കൂടി സമ്മതനായ വ്യക്തിയെ കൊണ്ടുവരണമെന്ന നിര്‍ദേശം യു.ഡി.എഫിനകത്തുണ്ട്. പ്രമുഖ വ്യവസായി എം.എ. യൂസുഫലിയുടെ പേരാണ് ഇതിനായി ഉയര്‍ന്നുകേള്‍ക്കുന്നത്. ഇത് ലീഗ് അംഗീകരിക്കുമോ എന്ന് വ്യക്തമല്ല.

വിശ്വസ്തര്‍ കുരുങ്ങുന്നു; മമതക്ക് പിന്നാലെ ബി.ജെ.പി

Posted: 13 Dec 2014 11:40 AM PST

Image: 
Subtitle: 
മുകുള്‍ റോയിയും സി.ബി.ഐ നിരീക്ഷണത്തില്‍

ന്യൂഡല്‍ഹി: ബംഗാളില്‍ അധികാരത്തിലേറിയ ശേഷം മമത ബാനര്‍ജി നേരിടുന്ന ഏറ്റവും വലിയ തിരിച്ചടിയാണ് കോടികളുടെ ശാരദ ചിട്ടി തട്ടിപ്പ് കേസില്‍ മന്ത്രി മദന്‍ മിത്രയുടെ അറസ്റ്റ്. മമതയുടെ വിശ്വസ്തനെ സി.ബി.ഐ വിലങ്ങണിയിച്ചതിന്‍െറ പശ്ചാത്തലം ബംഗാള്‍ രാഷ്ട്രീയത്തിലെ പുതിയ അടിയൊഴുക്കുകളാണ്. പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പില്‍ വോട്ടുവിഹിതം ഒമ്പതില്‍നിന്ന് 16 ശതമാനത്തിലേക്ക് ഉയര്‍ത്തിയ ബി.ജെ.പിക്ക്  2017ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ വലിയ മോഹങ്ങളുണ്ട്.
മമതയും തൃണമൂല്‍ ഭരണവും മോദി-അമിത് ഷാ ടീമിന്‍െറ ഉന്നമാണ്. മദന്‍ മിത്രയുടെ പൊടുന്നനെയുള്ള അറസ്റ്റിന് പിന്നില്‍ കേന്ദ്രത്തിന്‍െറ തിരക്കഥ ആരോപിക്കപ്പെടുന്നത് അതിനാലാണ്. ധൈര്യമുണ്ടെങ്കില്‍ എന്നെയും അറസ്റ്റ് ചെയ്യൂ എന്ന്  മമത മോദി സര്‍ക്കാറിനോട് ആക്രോശിക്കുന്നതിന്‍െറ കാരണവും മറ്റൊന്നല്ല.
  തൃണമൂല്‍ കോണ്‍ഗ്രസിന്‍െറ സ്ഥാപക നേതാക്കളിലൊരാളാണ് മദന്‍ മിത്ര. മമതയുടെ മൂന്ന് വിശ്വസ്തരില്‍ പ്രധാനി. മറ്റൊരു വിശ്വസ്തനും മുന്‍ കേന്ദ്ര റെയില്‍വേ മന്ത്രിയുമായ മുകുള്‍ റോയിയും സി.ബി.ഐ നിരീക്ഷണത്തിലാണ്.  മമതയുടെ പെയിന്‍റിങ് 1.86 കോടി നല്‍കിയാണ് ശാരദ ചിട്ടി ഫണ്ട് കമ്പനി ഉടമ സുധീപ്ത സെന്‍ വാങ്ങിയത്.  അതിന്‍െറ പേരില്‍ ചിട്ടികേസില്‍ മമതയെവരെ ചോദ്യം ചെയ്തേക്കുമെന്നും സൂചനയുണ്ട്.
ശാരദ ചിട്ടി കേസില്‍ സി.ബി.ഐ  മമതക്കുമേല്‍ കുരുക്കു മുറുക്കുകയാണെന്ന് ചുരുക്കം.  മമതയെ മെരുക്കാന്‍ ബര്‍ദ്വാന്‍ സ്ഫോടനം ബി.ജെ.പി ആയുധമാക്കുകയാണ്. സ്ഫോടന കേസ് അനേഷിക്കുന്ന കേന്ദ്ര ഏജന്‍സി എന്‍.ഐ.എ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്നത് സംസ്ഥാന സര്‍ക്കാറിനെയാണ്. എന്‍.ഐ.എ പുറത്തുവിടുന്ന വിവരങ്ങള്‍ പൊക്കിപ്പിടിച്ച് മമത അതിര്‍ത്തിക്കപ്പുറത്തെ തീവ്രവാദികള്‍ക്ക് വളം വെക്കുന്നുവെന്ന് ബംഗാളിലെ ബി.ജെ.പി മുറവിളി കൂട്ടുമ്പോള്‍ മമത വിയര്‍ക്കുന്നു.
 34 അംഗങ്ങളുള്ള തൃണമൂല്‍ ലോക്സഭയില്‍ കോണ്‍ഗ്രസിനേക്കാള്‍ വീര്യമുള്ള പ്രതിപക്ഷമാണ്. ബി.ജെ.പി ബംഗാള്‍ ലക്ഷ്യമിടുമ്പോള്‍ കേന്ദ്രത്തില്‍ തിരിച്ചടിക്കാന്‍ ശ്രമിക്കുന്ന മമത,  മോദി സര്‍ക്കാറിനെതിരായ വിഷയങ്ങളെല്ലാം കോണ്‍ഗ്രസിനേക്കാള്‍ ആവേശത്തില്‍ ഏറ്റെടുത്ത് രംഗത്തുവരുന്നു.
പ്രധാനമന്ത്രിപദമേറ്റ ശേഷം മോദിയുമായി കൂടിക്കാഴ്ച നടത്തിയിട്ടില്ലാത്ത മുഖ്യമന്ത്രികൂടിയാണ് മമത. ആസൂത്രണ കമീഷന്‍ ഉടച്ചുവാര്‍ക്കല്‍ ചര്‍ച്ചക്ക് മോദി വിളിച്ച യോഗത്തിനുപോലും മമത വന്നില്ളെന്നത് ഇരുവരും തമ്മിലുള്ള വൈരത്തിന്‍െറ ആഴമാണ് കാണിക്കുന്നത്.
24 ലക്ഷം നിക്ഷേപകരില്‍നിന്നായി 20,000 കോടിയാണ് ശാരദ ചിട്ടിക്കമ്പനി തട്ടിയത്. ഇതില്‍ മമതയുടെ പാര്‍ട്ടിക്കാര്‍ക്ക് ബന്ധമുണ്ടെന്നതിന് തെളിവ് നേരത്തേ പുറത്തുവന്നതുമാണ്.  തൃണമൂല്‍ എം.പിമാരായ കുനാല്‍ ഘോഷും ശ്രിന്‍ജോയ് ബോസും ഉള്‍പ്പെടെയുള്ള നേതാക്കള്‍ നേരത്തേ സി.ബി.ഐയുടെ പിടിയിലുമാണ്.
അതുകൊണ്ടുതന്നെ, വംഗനാട് പിടിക്കാന്‍  സി.ബി.ഐയും എന്‍.ഐ.എയും കൈയിലുള്ള മോദിയും അമിത് ഷായും നടത്തുന്ന കരുനീക്കങ്ങള്‍ മമതക്ക് വലിയ തലവേദന സൃഷ്ടിച്ചുകൊണ്ടേയിരിക്കുമെന്ന കാര്യത്തില്‍ സംശയമില്ല.

ചെന്നൈയിനെതിരെ കൊമ്പന്മാര്‍ കണക്ക് തീര്‍ത്തു

Posted: 13 Dec 2014 11:26 AM PST

Image: 
Subtitle: 
റൊണാള്‍ഡോക്ക് ഇരട്ടഗോള്‍

കൊച്ചി: ബ്ളാസ്റ്റേഴ്സ് കണക്കു തീര്‍ത്ത് കൊടുത്തു. മുതലും പലിശയും കൂട്ടുപലിശയുമായി കേരള ബ്ളാസ്റ്റേഴ്സ് ചെന്നൈയിന്‍ വലയില്‍ നിക്ഷേപിച്ചത് മൂന്ന് എണ്ണംപറഞ്ഞ ഗോളുകള്‍. ഐ.എസ്.എല്‍ പ്രാഥമിക റൗണ്ടില്‍ സമ്പൂര്‍ണ ആധിപത്യം പുലര്‍ത്തിയ ചെന്നൈയിനെ ചിത്രത്തില്‍ നിന്നേ നിഷ്പ്രഭമാക്കുന്ന പ്രകടനമായിരുന്നു കൊച്ചി കലൂര്‍ സ്റ്റേഡിയത്തില്‍ ബ്ളാസ്റ്റേഴ്സ് കാഴ്ച്ചവെച്ചത്. ലീഗിലെ ബ്ളാസ്റ്റേഴ്സിന്‍െറ ഏറ്റവും മികച്ച പ്രകടനം. ചെന്നൈയിന്‍െറ പ്രതിരോധ നിരയിലെ പിഴവുകളെല്ലാം മുതലാക്കാന്‍ ബ്ളാസ്റ്റേഴ്സിനായി.
പുണെ സിറ്റിയുമായി കളിച്ച ടീമില്‍ നാല് മാറ്റങ്ങള്‍ വരുത്തിയാണ് ഡേവിഡ് ജയിംസ് ബ്ളാസ്റ്റേഴ്സിനെ കളത്തിലിറക്കിയത്. സെഡ്രിക് ഹെങ്ബര്‍ട്ട്, സന്ദേശ് ഝിങ്ഗന്‍, പെഡ്രോ ഗുസ്മാവോ, ഗോണ്‍സാല്‍വസ് എന്നിവര്‍ക്ക് പകരം മൈക്കിള്‍ ചോപ്ര, കോളിന്‍ ഫാല്‍വെ, ഇഷ്ഫാഖ് അഹമ്മദ്, നിര്‍മല്‍ ഛേത്രി എന്നിവരെ ഉള്‍പ്പെടുത്തി. തീരുമാനം ശരിവെക്കും വിധമായിരുന്നു കേരളത്തിന്‍െറ നീക്കങ്ങള്‍. എട്ടാം മിനിറ്റിലെ നീക്കത്തിലൂടെ തന്നെ നിര്‍മല്‍ ഛേത്രി അത് തെളിയിച്ചു. ഛേത്രിയുടെ ഹെഡര്‍ പക്ഷേ ചെന്നൈയിന്‍ ഗോളി ബ്രാസിഗ്ളിയാനോ കൈയിലൊതുക്കി.
രണ്ടുമിനിറ്റ്,
രണ്ട് ഗോളുകള്‍
സ്റ്റേഡിയത്തെ ഇളക്കിമറിച്ച് രണ്ട് മിനിറ്റിനിടെ പിറന്നത് രണ്ട് ഗോളുകളാണ്. 26ാം മിനിറ്റില്‍ തന്നെ ബ്ളാസ്റ്റേഴ്സ് ചെന്നൈയിന്‍ വല കുലുക്കിയെങ്കിലും ഓഫ്സൈഡായിരുന്നു. 24ാം മിനിറ്റില്‍ വിക്ടര്‍ ഫോര്‍കാഡയെ പിന്നില്‍നിന്ന് തള്ളി എറിക് ജെംബ മഞ്ഞക്കാര്‍ഡ് സ്വന്തമാക്കിയതാണ് ബ്ളാസ്റ്റേഴ്സിന് ഫ്രീകിക്കിന് വഴിയൊരുക്കിയത്. കിക്ക് എടുത്തത് ഇയാന്‍ ഹ്യൂം. വളഞ്ഞുചെന്ന് ബാള്‍ മാക്അലിസ്റ്ററുടെ തലയില്‍ തട്ടി ചെന്നൈയിന്‍െറ വലയിലത്തെി. ഗോള്‍ എന്നുറപ്പിച്ച് അലറി വിളിച്ച ഗാലറിയെ നിരാശയിലാഴ്ത്തി ഓഫ്സൈഡ് വിളി വന്നു. ജമീ മാക്അലിസ്റ്റര്‍ ആയിരുന്നു ഓഫ്സൈഡില്‍. നിരാശക്ക് ഒരുമിനിറ്റ് ആയുസ്സേ ഉണ്ടായിരുന്നുള്ളൂ. 27ാം മിനിറ്റില്‍ ഫോര്‍കാഡയുടെ പാസ് ബോക്സിനുള്ളില്‍ ലഭിച്ച ഇഷ്ഫാഖ് അഹമ്മദിന്‍െറ ഷോട്ട് ചെന്നൈയിന്‍ ഗോളി ബ്രാസിഗ്ളിയാനോയെ കാഴ്ചക്കാരനാക്കി വലയിലേക്ക് (1-0). കുപ്പായമൂരി ആഹ്ളാദം പ്രകടിപ്പിച്ച ഇഷ്ഫാഖിന് മഞ്ഞക്കാര്‍ഡും ലഭിച്ചു.
രണ്ടുമിനിറ്റിനകം ഇയാന്‍ ഹ്യൂമിന്‍െറ വകയായിരുന്നു രണ്ടാം ഗോള്‍. സ്റ്റീഫന്‍ പിയേഴ്സണിന്‍െറ ക്രോസ് ലഭിച്ച ഇഷ്ഫാഖ് അഹമ്മദ് ഹ്യൂമിന് പാസ് നല്‍കി. ചെന്നൈയിന്‍െറ മലയാളി താരം ഡെന്‍സന്‍െറ ദേഹത്ത് ഇടിച്ച പന്ത് നേരെ ഹ്യൂമിന്‍െറ കാലുകളിലേക്ക്. 10ാം നമ്പര്‍ താരത്തിന്‍െറ ഷോട്ടിന് ലക്ഷ്യം തെറ്റിയുമില്ല (2-0).
പകരക്കാരന്‍െറ മൂന്നാം ഗോള്‍
83ാം മിനിറ്റില്‍ ഇഷ്ഫാഖ് കളം വിട്ടെങ്കിലും ആ കുറവ് നികത്തുന്നതായി സുശാന്ത് മാത്യുവിന്‍െറ വരവ്. പകരക്കാരനായി ഇറങ്ങി, പകരം വെക്കാനാകാത്ത ഗോള്‍ നേടിയാണ് സുശാന്ത് ബ്ളാസ്റ്റേഴ്സിനെ വ്യക്തമായ ലീഡിലത്തെിച്ചത്. 90ാം മിനിറ്റില്‍ ബെര്‍ണാഡ് മെന്‍ഡി കൈവിട്ട പന്ത് ലഭിച്ച സുശാന്ത് മൈക്കിള്‍ സില്‍വസ്റ്ററിനെ കബളിപ്പിച്ച് മുന്നേറി സുരക്ഷിതമായി വലയിലത്തെിക്കുകയായിരുന്നു (3-0).
സന്തോഷംകൊണ്ട് കുപ്പായമൂരിയ സുശാന്തിനും കിട്ടി മഞ്ഞക്കാര്‍ഡ്.
മറുപടി ഗോളിനായുള്ള ചെന്നൈയിന്‍െറ ശ്രമങ്ങള്‍ നിഷ്പ്രഭമാക്കിയ ബ്ളാസ്റ്റേഴ്സ് ഗോളി സന്ദീപ് നന്ദിക്കാണ് നന്ദിപറയേണ്ടത്.
45ാം മിനിറ്റില്‍ ഗോളെന്ന് ഉറപ്പിച്ച മൈക്കിള്‍ സില്‍വസ്റ്ററിന്‍െറ തകര്‍പ്പന്‍ ഷോട്ട് സന്ദീപ് പറന്നുയര്‍ന്ന് തട്ടിക്കളഞ്ഞു. ഉടമ സചിന്‍െറയും ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളായ യുവരാജ് സിങ്, സഹീര്‍ ഖാന്‍ എന്നിവരുടെയും സാന്നിധ്യവും കേരള ആരാധകരെ ആവേശത്തിലാക്കി.

 

മാവോവാദി ഭീഷണി നേരിടാന്‍ ദ്വിമുഖ പദ്ധതി

Posted: 13 Dec 2014 10:18 AM PST

Image: 

കല്‍പറ്റ: വയനാട്ടില്‍ മാവോവാദി സാന്നിധ്യം സ്ഥിരീകരിച്ച സാഹചര്യത്തില്‍ അവര്‍ക്കെതിരായ നീക്കം ശക്തമാക്കുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. ആദിവാസികളടക്കം ദുര്‍ബല വിഭാഗങ്ങള്‍ക്കിടയില്‍ മാവോവാദികള്‍ വേരുറപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തടയിടാന്‍ രണ്ട് തരത്തിലുള്ള പദ്ധതികള്‍ ആവിഷ്കരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. കര്‍ണാടക, തമിഴ്നാട് സംസ്ഥാനങ്ങളിലെ ആഭ്യന്തര മന്ത്രിമാരെ ഉള്‍പ്പെടുത്തി ഉടന്‍ യോഗം വിളിക്കും. ഇതിന് കേരളം മുന്‍കൈയെടുക്കും.
സുരക്ഷാ സംവിധാനം ശക്തമാക്കലും ക്ഷേമപ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കുകയുമാണ് ദ്വിമുഖ പദ്ധതി. ഇതിന്‍െറ ഭാഗമായി വയനാട്ടിലെ പൊലീസ് സംവിധാനം ശക്തിപ്പെടുത്തും. മലയോര മേഖലകളിലെ പൊലീസ് സ്റ്റേഷനുകളില്‍ അധികം സേനാംഗങ്ങളെ നിയമിക്കും. വനാതിര്‍ത്തികളില്‍ ജോലി ചെയ്യുന്ന പൊലീസുകാര്‍ക്ക് പ്രത്യേക പരിശീലനം നല്‍കും. തണ്ടര്‍ബോള്‍ട്ട്, ഭീകര വിരുദ്ധ സ്ക്വാഡ് സേനകളുടെ സേവനം മാവോവാദി സാന്നിധ്യമുള്ള മേഖലകളില്‍ ഊര്‍ജിതമാക്കും.
പിന്നാക്ക പ്രദേശങ്ങളുടെ ക്ഷേമവും വികസനവും മുന്‍നിര്‍ത്തിയുള്ള പ്രവര്‍ത്തനങ്ങളും ഊര്‍ജിതമാക്കും. ആദിവാസികളുടെ ഭൂമി, പാര്‍പ്പിടം, തൊഴില്‍ തുടങ്ങിയ അടിസ്ഥാന ആവശ്യങ്ങള്‍ക്ക് മുന്‍ഗണന നല്‍കും. പട്ടികവര്‍ഗ ജനവാസ മേഖലകളിലെ ഹൈസ്കൂളുകളില്‍ സ്റ്റുഡന്‍റ് പൊലീസ് കാഡറ്റ് സംവിധാനം ഏര്‍പ്പെടുത്തും. ഈ പ്രദേശങ്ങളിലെ പൊലീസ് സ്റ്റേഷനുകള്‍ ജനമൈത്രി സ്റ്റേഷനുകളാക്കുമെന്നും മന്ത്രി പറഞ്ഞു. കേരള പൊലീസ് സുസജ്ജമാണെന്നും ചെന്നിത്തല പറഞ്ഞു. വയനാട് ജില്ലയില്‍ ചുവടുറപ്പിക്കാനുള്ള മാവോവാദി ശ്രമം തടയാന്‍ മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികള്‍ ഒന്നിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.
കല്‍പറ്റ സിവില്‍ സ്റ്റേഷനില്‍ ഉന്നത ഉദ്യോഗസ്ഥരുടെയും രാഷ്ട്രീയകക്ഷി പ്രതിനിധികളുടെയും യോഗത്തിന് ശേഷം വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
 ആദിവാസികള്‍ക്കടക്കം നിര്‍ഭയമായി പൊലീസ് സ്റ്റേഷനുകളിലേക്ക് കടന്നുചെല്ലാനുള്ള സാഹചര്യമൊരുക്കണമെന്ന് ഓഫിസര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. ആദിവാസി മേഖലകളില്‍ ബോധവത്കരണം നടത്താന്‍ തയാറാവുമെന്ന് രാഷ്ട്രീയ പാര്‍ട്ടികള്‍ യോഗത്തില്‍ ഉറപ്പുനല്‍കി.
വയനാട്ടില്‍ നടപ്പാക്കുന്ന പദ്ധതികള്‍ മാവോവാദി സാന്നിധ്യം തിരിച്ചറിഞ്ഞ മറ്റ് നാല് ജില്ലകളില്‍ കൂടി നടപ്പിലാക്കും. മാവോവാദി സാന്നിധ്യം റിപ്പോര്‍ട്ട് ചെയ്ത കോളനികള്‍ ഡിസംബര്‍ 31, ജനുവരി ഒന്ന് തീയതികളില്‍  സന്ദര്‍ശിക്കുമെന്നും അന്ന് ആദിവാസി സംഘടനകളുടെ യോഗം വിളിക്കുമെന്നും മന്ത്രി പറഞ്ഞു. മന്ത്രി പി.കെ. ജയലക്ഷ്മി, എം.ഐ. ഷാനവാസ് എം.പി, ആഭ്യന്തര വകുപ്പ് അഡീഷനല്‍ സെക്രട്ടറി നളിനി നെറ്റോ, ജില്ലാ കലക്ടര്‍ കേശവേന്ദ്ര കുമാര്‍, ഇന്‍റലിജന്‍സ് എ.ഡി.ജി.പി ഹേമചന്ദ്രന്‍, ഉത്തരമേഖല എ.ഡി.ജി.പി. എന്‍. ശങ്കര്‍ റെഡ്ഡി, വയനാട് പൊലീസ് ചീഫ് പുട്ട വിമലാദിത്യ തുടങ്ങിയവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

ഐ.എസ്.എല്‍: കേരള ബ്ളാസ്റ്റേഴ്സിന് തകര്‍പ്പന്‍ ജയം

Posted: 13 Dec 2014 07:47 AM PST

Image: 
Subtitle: 
•കേരള ബ്ളാസ്റ്റേഴ്സ് -3 ചെന്നൈയിന്‍ എഫ്.സി -0

കൊച്ചി: പേര് അന്വര്‍ഥമായത് ഇപ്പോഴാണ്. കേരളം ശരിക്കും ബ്ളാസ്റ്റേഴ്സ് ആയി ആഞ്ഞടിച്ചപ്പോള്‍ ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്‍െറ (ഐ.എസ്.എല്‍) ആദ്യപാദ സെമിയില്‍ ചെന്നൈയിന്‍ എഫ്.സി തകര്‍ന്നടിഞ്ഞു. കളംനിറഞ്ഞാടിയ കേരളത്തിന്‍െറ ആധികാരികമായ മൂന്ന് ഗോളുകള്‍ക്ക് മറുപടി നല്‍കാനാകാതെയായിരുന്നു ചെന്നൈയുടെ കീഴടങ്ങല്‍. സ്കോര്‍: 3-0.
സെമി ജയിക്കാന്‍ ഭാഗ്യവും കാണികളുടെ പിന്തുണയും മാത്രം പോരാ, കളിക്കുകയും വേണമെന്ന് തിരിച്ചറിഞ്ഞ കേരളതാരങ്ങളുടെ നീക്കങ്ങള്‍ക്കാണ് ശനിയാഴ്ച കലൂര്‍ സ്റ്റേഡിയം സാക്ഷ്യംവഹിച്ചത്. തുടക്കം മുതല്‍ ആധിപത്യം പുലര്‍ത്തിയ ബ്ളാസ്റ്റേഴ്സ് 60,000ത്തിലേറെ കാണികളെ ആവേശ കൊടുമുടിയിലാക്കി രണ്ടു മിനിറ്റിനുള്ളില്‍ രണ്ട് ഗോള്‍ നേടി ആദ്യപകുതിയില്‍തന്നെ വ്യക്തമായ ലീഡിലത്തെി.
ഇഷ്ഫാഖ് അഹമ്മദും (27ാം മിനിറ്റ്), ഇയാന്‍ ഹ്യൂമും (29ാം മിനിറ്റ്) ആണ് ചെന്നൈ വല കുലുക്കിയത്. പകരക്കാരനായി ഇറങ്ങിയ സുശാന്ത് മാത്യു 90ാം മിനിറ്റില്‍ അത്യുഗ്രന്‍ ഗോളിലൂടെ ചെന്നൈയുടെ തകര്‍ച്ച പൂര്‍ണമാക്കി.
മൂന്ന് ഗോളിന്‍െറ ആധികാരിക വിജയം നല്‍കിയ ആത്മവിശ്വാസം കൈമുതലാക്കി 16ന് ചെന്നൈയില്‍ നടക്കുന്ന രണ്ടാംപാദ സെമി ജയിച്ച് ഫൈനലിലത്തൊമെന്ന പ്രതീക്ഷയിലാണ് കേരളം.

ദാവൂദിനെ വധിക്കുന്നതിന് അടുത്തെത്തി; തടഞ്ഞുകൊണ്ട് ഫോണ്‍ കോള്‍

Posted: 13 Dec 2014 07:08 AM PST

Image: 

ന്യൂഡല്‍ഹി: ഒരുവര്‍ഷം മുമ്പ്, ഇന്ത്യ തേടുന്ന ഏറ്റവും വലിയ കുറ്റവാളിയും 1993 മുംബൈ സ്ഫോടനക്കേസിലെ മുഖ്യപ്രതിയുമായ ദാവൂദ് ഇബ്രാഹിമിനെ വധിക്കുന്നതിന് ഇന്ത്യന്‍ കമാന്‍ഡോകള്‍ അടുത്തത്തെിയെന്ന് വെളിപ്പെടുത്തല്‍. പാകിസ്താന്‍ അഭയംനല്‍കുന്ന ദാവൂദിനെ അവിടെവെച്ച് വധിക്കാനായിരുന്നു ഇന്ത്യന്‍ രഹസ്യാന്വേഷണ സേനയായ റോയുടെ പദ്ധതി. എന്നാല്‍, അതീവരഹസ്യമായി തയാറാക്കിയ പദ്ധതി നടപ്പാക്കുന്നതിന് ഏതാനും നിമിഷങ്ങള്‍ക്ക് മുമ്പത്തെിയ ഒരു ഫോണ്‍ കോളിനെ തുടര്‍ന്ന് ഉപേക്ഷിക്കുകയായിരുന്നുവെന്ന വാര്‍ത്ത ദേശീയ ചാനലായ ഐ.ബി.എന്‍ 7 ആണ് പുറത്തുവിട്ടത്.  
മുംബൈ സ്ഫോടനത്തിന്‍െറ മുഖ്യസൂത്രധാരനായി പ്രവര്‍ത്തിച്ചതിനു പിന്നാലെ രണ്ടു പതിറ്റാണ്ടുകള്‍ക്ക് മുമ്പാണ് ദാവൂദ് ഇന്ത്യ വിട്ട് പാകിസ്താനില്‍ താവളമുറപ്പിച്ചത്. അന്നുമുതല്‍ അയാളെ കണ്ടത്തെുന്നതിന് ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍ നിരവധിശ്രമങ്ങള്‍ നടത്തിയെങ്കിലും അവയൊന്നും ഫലപ്രാപ്തിയിലത്തെിയില്ല. എന്നാല്‍, കഴിഞ്ഞ വര്‍ഷം നടത്തിയ ഓപറേഷനില്‍ കാര്യങ്ങളെല്ലാം ഇന്ത്യക്ക് അനുകൂലമായി വന്നു. ഒമ്പത് ഏജന്‍റുമാരെയാണ് ഓപറേഷനു വേണ്ടി റോ തെരഞ്ഞെടുത്തത്. സൂപ്പര്‍ ബോയ്സ് എന്നാണ് ഈ സംഘത്തിന് പേരിട്ടത്. സുഡാന്‍, ബംഗ്ളാദേശ്, നേപ്പാള്‍ എന്നീ രാജ്യങ്ങളിലെ പാസ്പോര്‍ട്ടാണ് അവര്‍ക്ക് നല്‍കിയത്.
ഈ ഓപറേഷനു വേണ്ടി ഇസ്രായേലിന്‍െറ രഹസ്യാന്വേഷണ സംഘടനയായ മൊസാദിന്‍െറ സജീവ പിന്തുണയും റോക്ക് ലഭിച്ചു. 2013 സെപ്റ്റംബര്‍ 13ന് ദാവൂദിന്‍െറ വധം നടപ്പാക്കാനായിരുന്നു തീരുമാനം. ചാനല്‍ വെളിപ്പെടുത്തല്‍ പ്രകാരം, ദാവൂദ് വര്‍ഷങ്ങളായി കറാച്ചിയിലാണ് താമസിക്കുന്നത്. എല്ലാ ദിവസവും ക്ളിപ്റ്റണ്‍ റോഡിലെ വീട്ടില്‍നിന്ന് ഡിഫന്‍സ് ഹൗസിങ് സൊസൈറ്റിയിലേക്ക് പോകും. ഈ അവസരമാണ് പദ്ധതി നടപ്പാക്കാന്‍ സൂപ്പര്‍ ബോയ്സ് തെരഞ്ഞെടുത്തത്. വഴിയിലുള്ള ഒരു ദര്‍ഗ കൃത്യം നടത്താന്‍ പറ്റിയ സ്ഥലമായും തെരഞ്ഞെടുത്തു. സെപ്റ്റംബര്‍ 13ന് നിശ്ചയിച്ച പ്രകാരം ഒമ്പത് കമാന്‍ഡോകളും റോഡിന്‍െറ വിവിധഭാഗങ്ങളിലായി നിലയുറപ്പിച്ചു.
ദാവൂദിന്‍െറ കാറിന്‍െറ വിവരങ്ങള്‍ കൂടാതെ അയാളുടെ പുതിയ രൂപം വെളിപ്പെടുത്തുന്ന ഒരു വിഡിയോയും അവര്‍ക്ക് ലഭിച്ചിരുന്നു. എന്നാല്‍, കൃത്യം നടപ്പാക്കുന്നതിന് നിമിഷങ്ങള്‍ക്കു മുമ്പ് എത്തിയ ഒരു അജ്ഞാത ഫോണ്‍ കോളില്‍ പദ്ധതി ഉപേക്ഷിച്ചു. ചാനലിന് ഈ വിവരങ്ങള്‍ നല്‍കിയ സ്രോതസ്സ്, ആരാണ് ഫോണ്‍ വിളിച്ചത്, എന്താണ് പദ്ധതി ഉപേക്ഷിക്കാന്‍ കാരണം എന്നിവയുള്‍പ്പെടെയുള്ള മറ്റുവിവരങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ളെന്നാണ് റിപ്പോര്‍ട്ട് പറയുന്നത്.

താജ്മഹല്‍ കാണാന്‍ ഓണ്‍ലൈന്‍ ടിക്കറ്റും

Posted: 13 Dec 2014 06:46 AM PST

Image: 

ആഗ്ര: ലോകാദ്ഭുതമായ താജ്മഹല്‍ കാണാനുള്ള ടിക്കറ്റിന് ഇനി ക്യൂ നിന്ന് മുഷിയേണ്ടതില്ല. ക്രിസ്മസ് ദിനം മുതല്‍ സന്ദര്‍ശക പാസുകള്‍ ഓണ്‍ലൈന്‍ വഴി ലഭ്യമാകും. സന്ദര്‍ശക പാസുകള്‍ വന്‍ വിലക്ക് കരിഞ്ചന്തയില്‍ വില്‍ക്കുന്ന സംഘങ്ങളെയും ഇതോടെ നിയന്ത്രിക്കാനാകുമെന്നാണ് അധികൃതരുടെ കണക്കുകൂട്ടല്‍. ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയിലെ ജീവനക്കാരനടക്കം കുറച്ചു പേരെ രണ്ടുവര്‍ഷം പാസുകള്‍ മറിച്ചുവിറ്റ കുറ്റത്തിന് ടൂറിസ്റ്റ് പൊലീസ് പിടികൂടിയിരുന്നു.
ഓരോ ദിവസവും നിശ്ചിത എണ്ണം എന്ന കണക്കില്‍ ഓണ്‍ലൈന്‍ വഴി ടിക്കറ്റ് നല്‍കുന്നതിലൂടെ സന്ദര്‍ശകരെ നിയന്ത്രിക്കാനുമാകും. ട്രെയിന്‍ ടിക്കറ്റ് ബുക്കിങ് സംവിധാനം പോലെ നിശ്ചിത കണക്ക് കഴിഞ്ഞുവരുന്ന ടിക്കറ്റുകള്‍ വെയ്റ്റിങ് ലിസ്റ്റില്‍ ഉള്‍പ്പെടുത്തും. തൊട്ടടുത്തദിവസം ഈ ടിക്കറ്റുകള്‍ പരിഗണിച്ച ശേഷമായിരിക്കും പുതിയത് സ്വീകരിക്കുക. ഇന്ത്യന്‍ റെയില്‍വേയും കേറ്ററിങ് ആന്‍ഡ് ടൂറിസം കോര്‍പറേഷനുമാണ് പുതിയ സംവിധാനം നിയന്ത്രിക്കുന്നത്.
ആദ്യമാസം പരീക്ഷണാടിസ്ഥാനത്തിലായിരിക്കും സംവിധാനം പ്രവര്‍ത്തിക്കുകയെന്ന് ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ(എ.എസ്.ഐ)യിലെ ഉദ്യോഗസ്ഥന്‍ പറഞ്ഞു. സന്ദര്‍ശകരെ നിരീക്ഷിക്കുന്നതിനും സാങ്കേതിക പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനും വേണ്ടിയാണിത്. ഓണ്‍ലൈനിന് പുറമെ പഴയരീതിയില്‍ താജ്മഹലിന്‍െറ മുന്നിലുള്ള കൗണ്ടറുകളിലും ടിക്കറ്റുകള്‍ ലഭ്യമാക്കും. റെയില്‍വേ ഇ-ടിക്കറ്റിങ് സംവിധാനം പോലെയാണ് ഇവിടെയും ഓണ്‍ലൈന്‍ ടിക്കറ്റിങ് നടപ്പാക്കുന്നതെന്ന് എ.എസ്.ഐ സൂപ്രണ്ട് എന്‍.കെ. പഥക് പറഞ്ഞു. തിരിച്ചറിയല്‍ രേഖ നല്‍കിയതിനു ശേഷമേ ഓണ്‍ലൈനില്‍ പാസ് ബുക്ക്ചെയ്യാന്‍ കഴിയൂ. 360 വര്‍ഷം പഴക്കമുള്ള ഈ വെണ്ണക്കല്‍ സ്മാരകത്തില്‍ തിരക്ക് നിയന്ത്രിക്കുന്നതിന്‍െറ ഭാഗമായി സന്ദര്‍ശകര്‍ക്ക് മന്ദിരത്തിനുള്ളില്‍ ചെലവഴിക്കാവുന്ന സമയം രണ്ട് മണിക്കൂറാക്കി കുറച്ചിരുന്നു.

No comments:

Post a Comment

english malayalam dictionary

വിരുന്നുകാര്...

poomottu

Dsgd: by ASLAM PADINHARAYIL

Back to TOP