സ്വാഗതം
WELCOME

News Update..

Wednesday, December 10, 2014

പാക്‌ പ്രധാനമന്ത്രിയാകാൻ മോഹം: മലാല Madhyamam News Feeds

പാക്‌ പ്രധാനമന്ത്രിയാകാൻ മോഹം: മലാല Madhyamam News Feeds

Link to

പാക്‌ പ്രധാനമന്ത്രിയാകാൻ മോഹം: മലാല

Posted: 10 Dec 2014 12:00 AM PST

Image: 
ലണ്ടൻ: പാകിസ്താന്‍ പ്രധാനമന്ത്രിയാകണമെന്ന് മലാല യൂസഫ്‌ സായിക്ക് മോഹം. ബുധനാഴ്ച നൊബേല്‍ സമ്മാനം സ്വീകരിക്കുന്നതിന്‍െറ മുന്നോടിയായി ബി.ബി.സിക്ക് നൽകിയ അഭിമുഖത്തിലാണ് മലാല മനസ്സ് തുറന്നത്.
 

യു.കെയിലെ പഠനം പൂർത്തിയാക്കിയ ശേഷം നാട്ടിലേക്ക് മടങ്ങണം. രാജ്യത്തിന്‌ വേണ്ടി ജീവിക്കണമെന്നാണ് എന്‍െറ ആഗ്രഹം. പാകിസ്താന്‍െറ പിന്നോക്കാവസ്ഥ മാറണം. രാജ്യത്ത് എല്ലാ കുട്ടികൾക്കും വിദ്യാഭ്യാസം ലഭിക്കണം ^മലാല പറഞ്ഞു.
 

തന്നെ ഏറെ ആകർഷിച്ച രാഷ്ട്രീയ നേതാവാണ്‌ ബേനസീർ ഭൂട്ടോ. രാഷ്ട്രീയത്തിലൂടെ രാജ്യത്തെ സേവിക്കാൻ അവസരം കിട്ടിയാൽ ഞാൻ അത് തെരഞ്ഞെടുക്കും. നൊബേല്‍ സമ്മാനം എനിക്ക് വിലമതിക്കാൻ ആവാത്തതാണ്. ഇത് കൂടുതൽ ധൈര്യവും ആത്മവിശ്വാസവും നൽകുന്നു. എന്നോടൊപ്പം ധാരാളം പേർ ഉണ്ടെന്ന ബോധ്യം കൂടുതൽ ശക്തി പകരുന്നു. ദൈവത്തോടും എന്നോട് തന്നെയും മറുപടി പറയേണ്ടവളാണ് താനെന്നും മലാല പറഞ്ഞു.

ഇന്ത്യ^പാക്‌ പ്രധാനമന്ത്രിമാർ നൊബേല്‍ സമ്മാനദാന ചടങ്ങിൽ പങ്കെടുക്കണമെന്നായിരുന്നു ആഗ്രഹമെന്ന് മലാല സൂചിപ്പിച്ചു . ഇന്ത്യക്കാരനായ കൈലാഷ് സത്യാർഥിക്കൊപ്പമാണ് മലാല ഇന്ന് സമ്മാനം സ്വീകരിക്കുന്നത് .

 

ബാറുകളുടെ പ്രവര്‍ത്തനാനുമതി ജനുവരി 20വരെ നീട്ടി

Posted: 09 Dec 2014 11:43 PM PST

Image: 
Subtitle: 
പ്രത്യാഘാതങ്ങളെകുറിച്ച് പഠനം നടത്തുമെന്ന് സര്‍ക്കാര്‍

കൊച്ചി: സംസ്ഥാനത്തെ ബാറുകളുടെ പ്രവര്‍ത്തനാനുമതി ജനുവരി 20വരെ ഹൈകോടതി നീട്ടി നല്‍കി. ത്രീ, ഫോര്‍ സ്റ്റാര്‍ ബാറുകളുടെ പ്രവര്‍ത്തനാനുമതിയാണ് ഡിവിഷന്‍ ബെഞ്ച് നീട്ടി നല്‍കിയത്. അതേസമയം, പ്രവര്‍ത്തനാനുമതി നല്‍കിയ ഇടക്കാല ഉത്തരവ് നീക്കണമെന്ന് ചൂണ്ടിക്കാട്ടി കെ.സി.ബി.സി മദ്യവിരുദ്ധസമിതി സമര്‍പ്പിച്ച ഹരജി ഹൈകോടതി തള്ളി.

മദ്യനയം സംസ്ഥാനത്തെ വിനോദ സഞ്ചാര^തൊഴില്‍ മേഖലകളിലുണ്ടാക്കുന്ന പ്രത്യാഘാതങ്ങളെകുറിച്ച് പഠനം നടത്തുമെന്ന് സംസ്ഥാന സര്‍ക്കാര്‍ ഹൈകോടതിയെ അറിയിച്ചു. ഇതിനായി ടൂറിസം, തൊഴില്‍ സെക്രട്ടറിമാരെ ചുമതലപ്പെടുത്തിയിട്ടുണ്ട്. മൂന്നാഴ്ചക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് നിര്‍ദേശിച്ചിട്ടുള്ളതെന്നും അഡ്വക്കെറ്റ് ജനറല്‍ കോടതിയെ അറിയിച്ചു.

വിഷയത്തില്‍ രേഖാമൂലമുള്ള തീരുമാനം എ.ജി കോടതിയില്‍ സമര്‍പ്പിച്ചു. ബാര്‍ കേസുകള്‍ പരിഗണിക്കുന്നത് നാലാഴ്ചത്തേക്ക് നീട്ടണമെന്ന് സര്‍ക്കാര്‍ കോടതിയില്‍ ആവശ്യപ്പെട്ടു.

ഇടക്കാല ഉത്തരവ് നീക്കണമെന്ന് ചൂണ്ടിക്കാട്ടി കെ.സി.ബി.സി മദ്യവിരുദ്ധസമിതി സമര്‍പ്പിച്ച ഹരജി ഹൈകോടതി തള്ളി. ഹരജിയില്‍ അപാകതകള്‍ ഉണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസുമാരായ കെ.ടി ശങ്കരന്‍, പി. രാജന്‍ ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് ഹരജി തള്ളിയത്. ജനുവരി 14ന് കേസ് വീണ്ടും പരിഗണിക്കും.

മതപരിവര്‍ത്തനത്തെ ചൊല്ലി പാര്‍ലമെന്‍റില്‍ ബഹളം

Posted: 09 Dec 2014 11:11 PM PST

Image: 

ന്യൂഡല്‍ഹി: യു.പിയിലെ ആഗ്ര ജില്ലയില്‍  മുസ്ലിം കുടുംബങ്ങളെ ആര്‍.എസ്.എസ് മതപരിവര്‍ത്തനം ചെയ്യിപ്പിച്ചെന്ന വിവാദത്തെ ചൊല്ലി പാര്‍ലമെന്‍റില്‍ ബഹളം. സ്വാധി നിരഞ്ജന്‍ ജ്യോതിയുടെ ‘രാമന്‍്റെ മക്കള്‍’പരാമര്‍ശവും സുഷമ സ്വരാജിന്‍റെ ‘ഗീത ദേശീയ ഗ്രന്ഥ’മാക്കുമെന്ന പ്രസ്താവനയും ഉയര്‍ത്തിയ വിവാദം കെട്ടടങ്ങവെയാണ് മതപരിവര്‍ത്തനത്തെ ചൊല്ലി ഇരു സഭകളും പ്രക്ഷുബ്ദമായത്.

ആഗ്രയില്‍ തീവ്ര വലതുപക്ഷ ഹിന്ദു സംഘടനകള്‍ ആയ ഹിന്ദു ധര്‍മ ജാഗ്രന്‍ സമാന്‍ വിഭാഗും ബജ്റംഗദളും ചേര്‍ന്ന്  57 മുസ് ലിം കുടുംബങ്ങളെ ഹിന്ദു മതത്തിലേക്ക് പരിവര്‍ത്തനം ചെയ്യിച്ചു എന്നതായിരുന്നു ആര്‍.എസ്.എസിന്‍റെ അവകാശവാദം.  
ഇന്ത്യയുടെ മതേതര മൂല്യത്തെ തകര്‍ക്കാനുള്ള ശ്രമമാണ് ഇതെന്ന് ബി.എസ്.പി അധ്യക്ഷ മായാവതി പറഞ്ഞു. ആര്‍.എസ്.എസ് കൂടാതെ മറ്റു ഹിന്ദു സംഘടനകള്‍ക്കും മതപരിവര്‍ത്തനത്തില്‍ പങ്കുണ്ട്. ബി.ജെ.പിയാണ് ഈ സംഭവത്തിന് പിന്നിലെന്നും മായാവതി ആരോപിച്ചു.

നിര്‍ബന്ധിതമായ മതപരിവര്‍ത്തനം ക്രിമിനല്‍ കുറ്റമാണെന്നും രാജ്യത്ത് ഇത്തരം സംഭവങ്ങളുണ്ടാവുകയാണെങ്കില്‍ അത് കലാപങ്ങളിലേക്ക് നയിക്കുമെന്നും കോണ്‍ഗ്രസ് നേതാവ് മനീഷ് തിവാരി പറഞ്ഞു.
ഇന്ത്യന്‍ ഭരണഘടനയോടുള്ള ജനങ്ങളുടെ ബഹുമാനം നിലനിര്‍ത്താന്‍ കഴിയണമെന്ന് സി.പി.ഐ നേതാവ് സീതാറാം യെച്ചൂരി രാജ്യസഭയില്‍ ആവശ്യപ്പെട്ടു.
ആഗ്രയില്‍ നടന്ന മതപരിവര്‍ത്തനം നിര്‍ബന്ധിതമായിരുന്നില്ളെന്നും കുടംബങ്ങള്‍ സ്വമേധയാ ഹിന്ദുമതത്തിലേക്ക് മാറിയതാണെന്നുമാണ് അറിഞ്ഞതെന്ന് മാനവവിഭവ ശേഷി വകുപ്പ് സഹമന്ത്രി ശങ്കര്‍ കഥേരിയ പറഞ്ഞു.
സര്‍ക്കാര്‍ മതേതര മൂല്യത്തിലൂന്നിയാണ് പ്രവര്‍ത്തിക്കുന്നതെന്ന് ന്യൂനപക്ഷ വകുപ്പ് മന്ത്രി മുക്താര്‍ അബ്ബാസ് നഖ്വി പ്രസ്താവിച്ചു.

 

മങ്കട 66 കെ.വി സബ് സ്റ്റേഷന്‍ ജനുവരിയില്‍ പൂര്‍ത്തിയാകും

Posted: 09 Dec 2014 10:55 PM PST

മങ്കട: പാലക്കത്തടത്തിന് സമീപം പ്രവൃത്തി തുടരുന്ന 66 കെ.വി സബ് സ്റ്റേഷന്‍ 2015 ജനുവരി 31ന് പൂര്‍ത്തിയാകും.
ടി.എ. അഹമ്മദ് കബീര്‍ എം.എല്‍.എ നിയമസഭയില്‍ ഉന്നയിച്ച ചോദ്യത്തിന് മറുപടിയായി വൈദ്യുതി മന്ത്രി ആര്യാടന്‍ മുഹമ്മദാണ് ഇക്കാര്യം വ്യക്തമാക്കിയത്. സബ് സ്റ്റേഷനും ബന്ധപ്പെട്ട ലൈന്‍ നിര്‍മാണവും ഉള്‍പ്പെടെ 62 ശതമാനത്തോളം പ്രവൃത്തി പൂര്‍ത്തീകരിച്ചതായും മന്ത്രി വ്യക്തമാക്കി.
2011 ഡിസംബറില്‍ ഹൈദരാബാദ് കേന്ദ്രമായ ആസ്റ്റര്‍ കമ്പനിക്ക് ഒരുവര്‍ഷത്തേക്ക് കരാര്‍ നല്‍കിയതായിരുന്നു മങ്കട സബ് സ്റ്റേഷന്‍െറ പ്രവൃത്തികള്‍.
മങ്കട, അങ്ങാടിപ്പുറം, കൂട്ടിലങ്ങാടി, മക്കരപ്പറമ്പ് തുടങ്ങിയ പഞ്ചായത്തുകളിലെ രൂക്ഷമായ വൈദ്യുതി ക്ഷാമത്തിന് പരിഹാരമായേക്കാവുന്ന 66 കെ.വി സബ് സ്റ്റേഷന്‍െറ പ്രവൃത്തി തുടങ്ങിയിട്ട് ഈ മാസാവസാനത്തോടെ മൂന്ന് വര്‍ഷം തികയും.
2012 ഡിസംബറില്‍ പൂര്‍ത്തിയാകുമെന്ന് പ്രഖ്യാപിച്ച് നിര്‍മാണം തുടങ്ങിയ സബ് സ്റ്റേഷന്‍െറ പ്രവൃത്തി ആ വര്‍ഷം തന്നെ മുടങ്ങി. പിന്നീട് ഇതേ കമ്പനിക്കു തന്നെ കരാര്‍ പുതുക്കി നല്‍കുകയാണുണ്ടായത്. അതിനുശേഷം 2013 ആഗസ്റ്റില്‍ ഉദ്ഘാടനം നടത്തുമെന്ന് പറഞ്ഞിരുന്നു. എന്നാല്‍, തൊഴിലാളികളുടെ കുറവും പാറപൊട്ടിച്ച് സ്ഥലമൊരുക്കാന്‍ പ്രതീക്ഷിച്ചതില്‍ അധികം ശ്രമം ആവശ്യമായി വന്നതിനാലും നിര്‍മാണം സമയബന്ധിതമായി പൂര്‍ത്തിയാക്കാനായില്ല.
ഏറ്റവുമൊടുവില്‍ 2014 ഒക്ടോബര്‍ 30നകം പ്രവൃത്തി പൂര്‍ത്തിയാക്കാം എന്ന വ്യവസ്ഥയിലത്തെി. നാമമാത്രമായ തൊഴിലാളികളെയുംകൊണ്ട് ഈ കാലയളവില്‍ പ്രവര്‍ത്തനം ഇഴഞ്ഞു നീങ്ങുകയായിരുന്നു.
കരാറെടുത്ത കമ്പനിയുടെ സാമ്പത്തിക പ്രതിസന്ധിമൂലം സെപ്റ്റംബറില്‍ വീണ്ടും പ്രവൃത്തി നിലച്ചു.
തുടര്‍ന്ന് ഒക്ടോബറില്‍ വീണ്ടും പ്രവൃത്തി തുടങ്ങി. കനത്ത മഴയും ക്വാറികളുടെ സമരവും കെ.എസ്.ഇ.ബിയില്‍നിന്ന് പണം ലഭിക്കാനുള്ള താമസവുമാണ് പ്രവൃത്തികള്‍ നിന്നുപോകാന്‍ കാരണമെന്ന് ആസ്റ്റര്‍ കമ്പനി പ്രതിനിധികള്‍ പറയുന്നു.

പാലക്കാട്–പൊള്ളാച്ചി ഗേജ്മാറ്റം: പ്രവൃത്തി തുടങ്ങിയിട്ട് ആറ് വര്‍ഷം

Posted: 09 Dec 2014 10:50 PM PST

കൊല്ലങ്കോട്: പാലക്കാട്-പൊള്ളാച്ചി ഗേജ്മാറ്റപ്പണി തുടങ്ങിയിട്ട് ബുധനാഴ്ച ആറ് വര്‍ഷം തികയുന്നു. 2008 ഡിസംബര്‍ പത്തിനാണ് പൊള്ളാച്ചി-പാലക്കാട് മീറ്റര്‍ഗേജ് പൊളിച്ചുമാറ്റി ബ്രോഡ്ഗേജാക്കുന്നതിനുള്ള പണി ആരംഭിച്ചത്. രണ്ട് വര്‍ഷംകൊണ്ട് പൂര്‍ത്തീകരിക്കുമെന്നായിരുന്നു വാഗ്ദാനം. ഏഴ് വര്‍ഷം തികയുമ്പോഴും പ്രവൃത്തി പൂര്‍ത്തിയായിട്ടില്ല.
പാലക്കാട് ഡിവിഷന് കീഴിലെ പണിയാണ് ഇഴയുന്നത്. ഫണ്ട് ലഭ്യതയുടെ കുറവില്ളെന്ന് ദക്ഷിണ റെയില്‍വേ ചീഫ് എന്‍ജിനീയര്‍ പ്രഫുല്‍വര്‍മ അടുത്തിടെ കൊല്ലങ്കോട് സ്റ്റേഷന്‍ പരിശോധനക്കത്തെിയപ്പോള്‍ പറഞ്ഞിരുന്നെങ്കിലും മിക്കയിടത്തും പ്രവൃത്തികള്‍ ഇഴഞ്ഞാണ് നീങ്ങുന്നത്. റെയില്‍വേ ആക്ഷന്‍ കമ്മിറ്റികളും വിവിധ രാഷ്ട്രീയ പാര്‍ട്ടികളും സമരത്തിനിറങ്ങിയതോടെയാണ് പത്തുമാസങ്ങള്‍ക്കുമുമ്പ് കുറച്ചെങ്കിലും പണികള്‍ പുരോഗമിക്കാന്‍ ആരംഭിച്ചത്. പാലം, മെറ്റലിങ്, ട്രാക്ക്, സിഗ്നല്‍, പ്ളാറ്റ്ഫോറം, ഗ്രില്‍, കോണ്‍ക്രീറ്റ് വേലി, സ്റ്റേഷന്‍ എന്നിങ്ങനെ വേര്‍തിരിച്ചാണ് റെയില്‍വേ കരാറുകള്‍ നല്‍കിയത്.
തുടക്കത്തില്‍ ഇത് ഏറ്റെടുത്ത കമ്പനികള്‍ കൃത്യസമയത്ത് നിര്‍മാണം പൂര്‍ത്തീകരിക്കാത്തതാണ് ആറ് വര്‍ഷമായിട്ടും പണി നീളാന്‍ കാരണമെന്ന് റെയില്‍വേ പാസഞ്ചേഴ്സ് അസോസിയേഷന്‍ ഭാരവാഹികള്‍ പറയുന്നു.
52 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള പാലക്കാട്-പൊള്ളാച്ചി ഗേജ്മാറ്റം തുടങ്ങി പത്തുമാസത്തിനുശേഷമാണ് 62 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള പൊള്ളാച്ചി-പഴനി റൂട്ടില്‍ ഗേജ്മാറ്റത്തിന് തുടക്കംകുറിച്ചത്.
ഈ റൂട്ടില്‍ ജനുവരിയോടെ സര്‍വീസ് ആരംഭിക്കാനുള്ള പരീക്ഷണ ഓട്ടം നടത്തിക്കൊണ്ടിരിക്കുന്ന റെയില്‍വേ പാലക്കാട്-പൊള്ളാച്ചി ഗേജ്മാറ്റത്തിന്‍െറ പണി പൂര്‍ണതയിലത്തെിക്കാന്‍ ഇപ്പോഴും പരിശ്രമിക്കുന്നില്ളെന്ന് അസോസിയേഷന്‍ ആരോപിക്കുന്നു. പാലക്കാട് ഡിവിഷനിലെ കിണത്തുക്കടവുമുതല്‍ പാലക്കാട് വരെയുള്ള ലൈന്‍പണികളിലെ അപാകതയും പരിഹരിച്ചിട്ടില്ല. പാതയോടുള്ള റെയില്‍വേ അവഗണനക്കെതിരെ അസോസിയേഷന്‍ ബുധനാഴ്ച വൈകീട്ട് കൊല്ലങ്കോട് റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് റീത്ത് വെച്ച് പ്രതിഷേധ സമരം നടത്തുന്നുണ്ട്.

പാര്‍ട്ടിക്കുള്ളില്‍ പ്രശ്നങ്ങളെന്ന് രാഹുല്‍: ഗ്രൂപ്പിസം അവസാനിപ്പിക്കണമെന്ന് സുധീരന്‍

Posted: 09 Dec 2014 10:08 PM PST

Image: 

തിരുവനന്തപുരം: സംസ്ഥാനത്ത് പാര്‍ട്ടിക്കുള്ളില്‍ പ്രശ്നങ്ങള്‍ നിലനില്‍ക്കുന്നുണ്ടെന്ന്   കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ഇക്കാര്യങ്ങള്‍ ചര്‍ച്ചകളിലൂടെ പരിഹരിക്കും.  കോണ്‍ഗ്രസിന്‍റെ  നയം എല്ലാവരേയും യോജിപ്പിച്ചു കൊണ്ടുപോവുന്നതാണെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്ത് നടന്നുകൊണ്ടിരിക്കുന്ന കെ.പി.സി.സി നിര്‍വാഹക സമിതി യോഗത്തില്‍ പങ്കെടുക്കാനത്തെിയ രാഹുല്‍ ഗാന്ധി മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു.  

ഗ്രൂപ്പിസം പാര്‍ട്ടിയെ ദോഷമായി ബാധിച്ചുവെന്ന് കെ.പി.സി.സി പ്രസിഡന്‍റ് വി.എം സുധീരന്‍ ആരോപിച്ചു.സാധാരണക്കാരായ പ്രവര്‍ത്തകര്‍ ഗ്രൂപ്പിസത്തില്‍ വിശ്വസിക്കുന്നില്ല. ഒരു പാര്‍ട്ടിയില്‍ നിന്ന് മറ്റൊരു പാര്‍ട്ടിയിലേക്ക് മാറുന്നതുപോലെ ഗ്രൂപ്പുമാറുന്ന പ്രവണത ഒഴിവാക്കണം. ഒറ്റകെട്ടായി മുന്നോട്ടു പോയാല്‍ കോണ്‍ഗ്രസിന് സ്ഥാനം നിലനിര്‍ത്താന്‍ കഴിയും.  ഗ്രൂപ്പിസം അവസാനിപ്പിച്ചില്ളെങ്കില്‍ പാര്‍ട്ടിക്ക് സി.പി.എമ്മിന്‍റെ അവസ്ഥ ഉണ്ടാകുമെന്നും അദ്ദേഹം കുട്ടിച്ചേര്‍ത്തു.

അഴിമതിക്കാര്‍ക്കെതിരെ കര്‍ശന നടപടി വേണം. രാഷ്ട്രീയ താല്‍പര്യങ്ങള്‍ക്കായി അഴിമതി ആരോപണങ്ങള്‍ ഉന്നയിക്കുന്നത് ശരിയല്ല. ജനപക്ഷയാത്രയില്‍ നടത്തിയ ഫണ്ട് പിരിവ് മാതൃകാപരമാണെന്നും ഫണ്ട് എ.ഐ.സി.സിക്കും ഒരു ഭാഗം സാധാരണക്കരായ പ്രവര്‍ത്തകര്‍ക്കും നല്‍കുമെന്നും അദ്ദേഹം യോഗത്തില്‍ അറിയിച്ചു.
 

സര്‍വേ അദാലത് : കലക്ടറേറ്റില്‍ പ്രത്യേക സെല്‍ പ്രവര്‍ത്തനം തുടങ്ങി

Posted: 09 Dec 2014 09:46 PM PST

കല്‍പറ്റ: റവന്യൂ-സര്‍വേ വകുപ്പുകളുമായി ബന്ധപ്പെട്ട പരാതികള്‍ പരിഹരിക്കുന്നതിന് റവന്യൂ മന്ത്രി ജനുവരിയില്‍ വയനാട്ടില്‍ സര്‍വേ അദാലത് നടത്തുമെന്ന് ജില്ലാ കലക്ടര്‍ വി. കേശവേന്ദ്രകുമാര്‍ അറിയിച്ചു.
അതിര്‍ത്തി തര്‍ക്കം, വിസ്തീര്‍ണ വ്യത്യാസം, റീസര്‍വേ സബ് ഡിവിഷന്‍, റീസര്‍വേ വ്യത്യാസം, തണ്ടപ്പേര്‍മാറ്റം, പട്ടയം ലഭിക്കല്‍, ഭൂവിനിയോഗം, ഭൂമിയുടെ തരംമാറ്റം തുടങ്ങിയവയുമായി ബന്ധപ്പെട്ട പരാതികള്‍ അദാലത്തില്‍ പരിഗണിക്കും.
ചികിത്സാ ധനസഹായം, ദേശീയ കുടുംബക്ഷേമ പദ്ധതി പ്രകാരമുള്ള ആനുകൂല്യങ്ങള്‍, പ്രകൃതിക്ഷോഭവുമായി ബന്ധപ്പെട്ട നഷ്ടപരിഹാരം തുടങ്ങിയവ ലഭിക്കാത്തത് സംബന്ധിച്ചും പരാതി നല്‍കാവുന്നതാണ്.
പരാതികള്‍ നിയമക്കുരുക്കിലോ കോടതി വ്യവഹാരങ്ങളിലോ ഉള്‍പ്പെടാത്തവയായിരിക്കണമെന്ന് അദ്ദേഹം പറഞ്ഞു. വില്ളേജ് ഓഫിസുകള്‍, താലൂക്ക് ഓഫിസുകള്‍, മാനന്തവാടി സബ് കലക്ടര്‍ ഓഫിസ്, കലക്ടറേറ്റ് എന്നിവിടങ്ങളില്‍ 20ന് വൈകീട്ട് അഞ്ചു വരെ പരാതികള്‍ സ്വീകരിക്കും. ഇതിന് കലക്ടറേറ്റില്‍ ശിരസ്തദാര്‍ പി.പി. കൃഷ്ണന്‍കുട്ടി, സീനിയര്‍ സൂപ്രണ്ട് ഐ.പി. പോള്‍ അലക്സാണ്ടര്‍ എന്നിവര്‍ നോഡല്‍ ഓഫിസര്‍മാരായി പ്രത്യേക സെല്‍ രൂപവത്കരിച്ചു. പരാതി സ്വീകരിച്ചയുടന്‍ രസീത് നല്‍കും.
പരാതികള്‍ ബന്ധപ്പെട്ട ഓഫിസിലേക്ക് അയച്ച് ഉടന്‍ പരിഹാരം കാണും. അദാലത് ദിവസം പരാതിക്കാരന്‍ രസീതുമായി ഹാജരാകണം.
റേഷന്‍കാര്‍ഡുമായി ബന്ധപ്പെട്ട പരാതികള്‍ അദാലത്തില്‍ പരിഗണിക്കില്ളെന്നും അദ്ദേഹം പറഞ്ഞു. വിശദവിവരങ്ങള്‍ക്ക് 04936-202251.

അഡലെയ്ഡ് ടെസ്റ്റ്: ആസ്‌ട്രേലിയ 7ന് 517; ക്ലാര്‍ക്കിനും സ്മിത്തിനും സെഞ്ച്വറി

Posted: 09 Dec 2014 09:28 PM PST

Image: 

അഡലെയ്ഡ്: ഇന്ത്യക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിന്‍െറ രണ്ടാം ദിവസം കളി നിര്‍ത്തുമ്പോള്‍ ആസ്ട്രേലിയ ശക്തമായ നിലയില്‍. ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 571 റണ്‍സ് എന്ന നിലയിലാണ് ഓസീസ് ഇന്ന് കളി അവസാനിപ്പിച്ചത്. വെളിച്ചക്കുറവുണ്ടായതിനെ ത്തുടര്‍ന്ന് കുറച്ചുനേരം കളി നിര്‍ത്തിവെച്ചതിന് ശേഷമാണ് ഇന്നത്തെ കളി അവസാനിച്ചത്.

ഓസീസിന് വേണ്ടി സ്റ്റീവന്‍ സ്മിത്തും (പുറത്താകാതെ 162) മൈക്കല്‍ ക്ളാര്‍ക്കും (128) സെഞ്ച്വറി നേടി. കരണ്‍ ശര്‍മയുടെ പന്തില്‍ പൂജാര പിടിച്ചാണ് ക്ളാര്‍ക്ക് പുറത്തായത്. ക്ളാര്‍ക്കിന്‍െറ 27ാമത്തെ സെഞ്ച്വറിയാണിത്. ടെസ്റ്റിന്‍െറ ഒന്നാം ദിവസം ഡേവിഡ് വാര്‍ണറും സെഞ്ച്വറി നേടിയിരുന്നു. കളി നിര്‍ത്തുമ്പോള്‍ സ്മിത്തും റണ്ണെടുക്കാതെ മിച്ചല്‍ ജോണ്‍സണുമാണ് ക്രീസില്‍.  

ആറ് വിക്കറ്റ് നഷ്ടത്തില്‍ 354 റണ്‍സ് എന്ന നിലയിലാണ് ഒന്നാം ദിവസത്തെ കളി അവസാനിച്ചത്. ഇന്ത്യന്‍ ബൗളിംഗ് നിരയില്‍ മുഹമ്മദ് ഷമി, വരുണ്‍ ആരോണ്‍, കരണ്‍ ശര്‍മ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. ഇഷാന്ത് ശര്‍മ ഒരു വിക്കറ്റെടുത്തു. മത്സരത്തില്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ക്ക് ആസ്ട്രേലിയന്‍ ബാറ്റ്സ്മാന്‍മാര്‍ക്കെതിരെ കാര്യമായ ആധിപത്യം ഉണ്ടാക്കാനായിട്ടില്ല.

അഴിമതിയാരോപണം: പ്രതിപക്ഷ ബഹളം, നിയമസഭ ഇന്നത്തേക്ക് പിരിഞ്ഞു

Posted: 09 Dec 2014 08:53 PM PST

Image: 

തിരുവനന്തപുരം: മന്ത്രി ഇബ്രാഹിംകുഞ്ഞിന്‍െറ ഓഫീസിനെതിരായ അഴിമതിയാരോപണങ്ങള്‍ അന്വേഷിക്കണമെന്ന ആവശ്യം അനുവദിക്കാത്തത് പ്രതിപക്ഷ ബഹളത്തിലും നിയമസഭ ഇന്നത്തേക്ക് പിരിയുന്നതിലും കലാശിച്ചു. വിഷയം ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ടുള്ള അടിയന്തര പ്രമേയത്തിന് സി.പി.ഐയിലെ വി.എസ് സുനില്‍ കുമാറാണ് നോട്ടീസ് നല്‍കിയത്. മുഖ്യമന്ത്രിയുടെയും പൊതുമരാമത്ത് മന്ത്രിയുടെയും വിശദീകരണത്തെ തുടര്‍ന്ന് സ്പീക്കര്‍ അനുമതി നിഷേധിച്ചു. ഇതേതുടര്‍ന്ന് ബഹളംവെച്ച പ്രതിപക്ഷം സഭയുടെ നടുത്തളത്തില്‍ കുത്തിയിരിപ്പ് നടത്തി. സബ്മിഷന്‍ സമയം വെട്ടിച്ചുരുക്കിയ സ്പീക്കര്‍, ബില്ലുകള്‍ പാസാക്കി സഭ ഇന്നത്തേക്ക് പിരിയുന്നതായി അറിയിച്ചു.

യു.ഡി.എഫ് മന്ത്രിസഭയിലെ ഭൂരിഭാഗം മന്ത്രിമാരും അഴിമതിക്കാരെന്ന് വി.എസ് സുനില്‍ കുമാര്‍ പറഞ്ഞു. അഴിമതിക്കാരെ സര്‍ക്കാര്‍ സംരക്ഷിക്കുന്നു. കെ.ബി ഗണേഷ് കുമാര്‍ എം.എല്‍.എ മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയിട്ടും സംഭവം അന്വേഷിച്ചില്ളെന്നും സുനില്‍കുമാര്‍ ആരോപിച്ചു.

മന്ത്രിസഭയിലെ മറ്റ് മന്ത്രിമാരും അഴിമതി നടത്തുന്നുണ്ട്. ധനമന്ത്രി കെ.എം മാണി ബജറ്റ് വിറ്റു കാശുണ്ടാക്കുന്നു. നികുതി കൂട്ടുന്നതിനും കുറക്കുന്നതിനും കാശ് വാങ്ങുന്നു. ഇതുകൂടാതെ വിദ്യാഭ്യാസ മന്ത്രി പി.കെ അബ്ദുറബ്ബ് ജീവനക്കാരില്‍ നിന്ന് പിരിവ് നടത്തുന്നു. ഭക്ഷ്യമന്ത്രി അനൂപ് ജേക്കബിനെതിരെയും അഴിമതി ആരോപണങ്ങള്‍ ഉയര്‍ന്നിട്ടുണ്ടെന്നും സുനില്‍ കുമാര്‍ ചൂണ്ടിക്കാട്ടി.

വിവിധ ആവശ്യങ്ങള്‍ക്കായി എം.എല്‍.എമാര്‍ മന്ത്രിയുടെ ഓഫീസുമായി നേരിട്ട് ഇടപെടാറുണ്ടെന്ന് വി.കെ ഇബ്രാഹിംകുഞ്ഞ് സഭയെ അറിയിച്ചു. പാലത്തിന്‍െറ അപ്രോച്ച് റോഡിന് ഫണ്ട് അനുവദിക്കുന്നത് സംബന്ധിച്ച് വി.എസ് സുനില്‍കുമാര്‍ തന്‍െറ ഓഫീസിനെ സമീപിച്ചിരുന്നു. ഇക്കാര്യം ധനമന്ത്രിയുമായി താന്‍ സംസാരിക്കുകയും ഫണ്ട് അനുവദിപ്പിക്കുകയും ചെയ്തിരുന്നു. സുതാര്യമായ പ്രവര്‍ത്തനങ്ങളാണ് പൊതുമരാമത്ത് വകുപ്പ് നടത്തുന്നത്. ആരോപണം ഉന്നയിച്ച അംഗം ഇന്ന് സഭയില്‍ ഹാജരല്ളെന്നും ഇബ്രാഹിംകുഞ്ഞ് ചൂണ്ടിക്കാട്ടി.

ഗണേഷിന്‍െറ ആരോപണം ചട്ടവിരുദ്ധമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി സഭയെ അറിയിച്ചു. ആരോപണങ്ങള്‍ എഴുതി നല്‍കിയിട്ടില്ല. പൊതുമരാമത്ത് വകുപ്പിലെ പ്രവര്‍ത്തനങ്ങള്‍ സുതാര്യമാണ്. ഇ^ടെണ്ടര്‍, ഇ^പേയ്മെന്‍റ് അടക്കം കാര്യക്ഷമമായ പ്രവര്‍ത്തനങ്ങള്‍ നടപ്പില്‍ വരുത്തി. ആരോപണങ്ങളില്‍ അവ്യക്തതയുണ്ടെന്നും അതിനാല്‍ അന്വേഷിക്കാനാവില്ളെന്നും മുഖ്യമന്ത്രി ആമുഖ പ്രസംഗത്തില്‍ ചൂണ്ടിക്കാട്ടി. ലോക്സഭാ സീറ്റ് വിറ്റെന്ന ആരോപണം കേട്ട ഏക പാര്‍ട്ടി സി.പി.ഐ അല്ളേയെന്ന് വി.എസ് സുനില്‍ കുമാറിനോട് മുഖ്യമന്ത്രി ചോദിച്ചു.

മന്ത്രിമാര്‍ക്കെതിരായ ആരോപണങ്ങള്‍ എഴുതി നല്‍കണമെന്ന് സ്പീക്കര്‍ വ്യക്തമാക്കി. എന്നാല്‍ മാത്രമേ ആരോപണം സംബന്ധിച്ച് പരിശോധിക്കാനും വിശദീകരണം നല്‍കാനും മന്ത്രിമാര്‍ക്ക് സാധിക്കൂ. അതാണ് നിയമസഭയുടെ കീഴ് വഴക്കമെന്നും ശൂന്യവേളയില്‍ സ്പീക്കര്‍ റൂളിങ് നല്‍കി.

യൂബെര്‍ ടാക്സി മാനഭംഗം: സംഭവം നടന്നത് പൊലീസ് സ്റ്റേഷന് സമീപം

Posted: 09 Dec 2014 08:50 PM PST

Image: 

ന്യൂഡല്‍ഹി: യുവതി കാറിനുള്ളില്‍ ബലാത്സംഗം ചെയ്യപ്പെട്ടത് മൂന്നു പൊലീസ് സ്റ്റേഷനുകള്‍ സ്ഥിതി ചെയ്യുന്ന സ്ഥലത്തിന് അടുത്ത്. സ്വന്തം വസതിക്ക് മൂന്നു കിലോമീറ്റര്‍ അകലെ വെച്ചാണ് പീഡിപ്പിക്കപ്പെട്ടതെന്ന് യുവതി തിരിച്ചറിഞ്ഞതായി പൊലീസ് പറഞ്ഞു.

ഡ്രൈവര്‍ കാറ് നിര്‍ത്തിയ സാക്കിറ ബ്രിഡ്ജിന് അടുത്തായി പൊലീസ് സ്റ്റേഷനുണ്ട്. സംഭവം നടന്ന വെള്ളിയാഴ്ച രാത്രി പ്രദേശത്ത് അഞ്ചു പൊലീസ് വാഹനങ്ങള്‍ പട്രോളിങ് നടത്തുന്നുണ്ടായിരുന്നു. എന്നാല്‍ സംഭവം പൊലീസിന്‍്റെ ശ്രദ്ധയില്‍പ്പെട്ടിരുന്നില്ല.

ഡല്‍ഹിയിലെ ധനകാര്യ സ്ഥാപനത്തില്‍ എക്സിക്യൂട്ടീവ് ആയി ജോലി ചെയ്യുന്ന 27 കാരിയാണ് പീഡനത്തിനിരയായത്. സംഭവത്തില്‍ ടാക്സി ഡ്രൈവറെ അറസ്റ്റ് ചെയ്യുകയും യൂബെര്‍ ടാക്സിസര്‍വീസുകള്‍ നിരോധിക്കുകയും ചെയ്തിരുന്നു.

ദുബൈ ചലച്ചിത്രോത്സവത്തിന് ഇന്ന് തുടക്കം

Posted: 09 Dec 2014 08:49 PM PST

Image: 

ദുബൈ: ലോക പ്രശസ്ത ഭൗതിക ശാസ്ത്രജ്ഞന്‍ സ്റ്റീഫന്‍ ഹോക്കിങിന്‍െറ ജീവിതം പറയുന്ന ‘ദ തിയറി ഓഫ് എവരിതിങ്’ പ്രദര്‍ശനത്തോടെ 11ാമത് ദുബൈ അന്താരാഷ്ട്ര ചലച്ചിത്രോത്സവ (ഡിഫ്)ത്തിന് ബുധനാഴ്ച തിരശ്ശീല ഉയരും. ഇന്ന് രാത്രി എട്ടുമണിക്ക് മുഖ്യവേദിയായ മദീനത്ത് അറീനയിലാണ് ഉദ്ഘാടന ചടങ്ങും ആദ്യ സിനിമാ പ്രദര്‍ശനവും.
ലോകത്തെ ഏറ്റവും മികച്ച സിനിമകളുടെ വലിയൊരു നിരയാണ് എട്ടു ദിവസത്തെ മേളയില്‍ പ്രദര്‍ശിപ്പിക്കുന്നത്.  48 രാജ്യങ്ങളില്‍ നിന്ന് 34 ഭാഷകളിലായി 118 ചിത്രങ്ങള്‍ ഇത്തവണ പ്രദര്‍ശിപ്പിക്കും. രാജീവ് രവിയുടെ ‘ഞാന്‍ സ്റ്റീവ് ലോപസ്’ ആണ് മേളയിലെ ഏക മലയാള സിനിമ. മൊത്തം ഏഴ് ചിത്രങ്ങളാണ് ഇന്ത്യയില്‍ നിന്നുള്ളത്. 55 സിനിമകളുടെ ആദ്യ അന്താരാഷ്ട്ര പ്രദര്‍ശനത്തിന് മേള വേദിയാകും.
റസല്‍ ക്രോവിന്‍െറ ‘ദി വാട്ടര്‍ ഡിവൈനര്‍’, ചൈനീസ് ചിത്രമായ ‘ഡിയറസ്റ്റ്’, റോബര്‍ട്ട് കനോലിയുടെ ‘പേപ്പര്‍ പ്ളെയിന്‍സ്’, ഫ്രാന്‍കോയിസ് ഗിറാര്‍ഡിന്‍െറ ‘ബോയ്കൊയര്‍’, സ്വദേശി സംവിധായകന്‍ വലീദ് അല്‍ ഷെഹിയുടെ ‘ഡോള്‍ഫിന്‍സ്’, അലക്സാണ്ടര്‍ കോഫ്റിയുടെ ‘സാന്താക്ളോസ്’, ആന്‍ഡ്രിയ ഡി സ്റ്റെഫാനോയുടെ ‘എസ്കോബാര്‍ പാരഡൈസ്: ലോസ്റ്റ്’, മുഹമ്മദ് റാശിദ് ബൂഅലിയുടെ ‘ദി സ്ലീപിങ് ട്രീ, ദാവൂദ് അബ്ദുല്‍ സായിദിന്‍െറ ‘ഒൗട്ട് ഓഫ് ഓര്‍ഡിനറി’, ഡാമിയന്‍ ഷിഫ്രോണിന്‍െറ ‘വൈല്‍ഡ് ടെയില്‍സ്’, ആമിര്‍ റംസസിന്‍െറ ‘കൈറോ ടൈം’, മോര്‍ട്ടിന്‍ ടില്‍ഡമിന്‍െറ ‘ദി ഇമിറ്റേഷന്‍ ഗെയിം’ തുടങ്ങിയവയാണ് ഈ വര്‍ഷം പ്രദര്‍ശിപ്പിക്കുന്ന പ്രധാന ചിത്രങ്ങള്‍.
മേളക്കത്തെുന്ന പ്രമുഖരുടെ കൂട്ടത്തില്‍ ബോളിവുഡ് താരങ്ങളായ ജോണ്‍ അബ്രഹാം, അനില്‍ കപൂര്‍, നാന പടേക്കര്‍, പരേഷ് റാവല്‍ എന്നിവരും ഉള്‍പ്പെടും. പ്രശസ്ത ഹിന്ദി ഗായിക ആശാ ഭോസ്ലെക്കാണ് ഇത്തവണ ഡിഫ് സമഗ്ര സംഭാവനാ പുരസ്കാരം.  പ്രമുഖ ഈജിപ്ഷ്യന്‍ നടന്‍ നൂറുല്‍ ശരീഫും സമഗ്ര സംഭാവനാ പുരസ്കാരത്തിന് അര്‍ഹനായി. ഇരുവര്‍ക്കും ഉദ്ഘാടന ചടങ്ങില്‍ പുരസ്കാരം സമ്മാനിക്കു.
മദീനത്ത് ജുമൈറയിലെ മദീനത്ത് അരീനയിലായിരിക്കും റെഡ് കാര്‍പറ്റ് ഗാലയും പ്രധാന പ്രദര്‍ശനങ്ങളും. മദീന തിയറ്റര്‍, സൂക് മദീനത്ത് ജുമൈറ, വോക്സ് സിനിമാസ്, മാള്‍ ഓഫ് ദി എമിറേറ്റ്സ് എന്നിവിടങ്ങളിലും പ്രദര്‍ശനങ്ങളുണ്ടാകും. പൊതുജനങ്ങള്‍ക്കായുള്ള സൗജന്യ പ്രദര്‍ശനം ജുമൈറ ബീച്ച് റെസിഡന്‍സിക്ക് എതിര്‍വശത്തെ ’ദി ബീച്ചി’ലാണ്.
ടിക്കറ്റുകള്‍  www.dubaifilmfest.com എന്ന വെബ്സൈറ്റിലൂടെ ലഭിക്കും.

സ്വര്‍ണവില 200 രൂപ വര്‍ധിച്ചു; പവന് 20,000 രൂപ

Posted: 09 Dec 2014 08:45 PM PST

Image: 

കൊച്ചി: സ്വര്‍ണം പവന് 200 രൂപ വര്‍ധിച്ച് 20,000 രൂപയായി. 25 രൂപ വര്‍ധിച്ച് 2,500 രൂപയാണ് ഗ്രാം സ്വര്‍ണത്തിന്‍െറ വില. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി 20,000ല്‍ താഴെയായിരുന്നു സ്വര്‍ണത്തിന്‍െറ വില. രാജ്യാന്തര വിപണിയിലെ മാറ്റമാണ് ആഭ്യന്തരവിപണിയിലും പ്രതിഫലിച്ചത്.

അമ്മമാര്‍ വിയര്‍പ്പൊഴുക്കുന്നു; പൊന്നുംകുടങ്ങളെ പോറ്റാന്‍

Posted: 09 Dec 2014 08:13 PM PST

Image: 

തിരുവനന്തപുരം: മെഡല്‍പ്രതീക്ഷയില്ളെങ്കില്‍പോലും മക്കളുടെ പ്രകടനങ്ങള്‍ കാണാന്‍ നിരവധി മാതാപിതാക്കള്‍ അനന്തപുരിയിലത്തെിയിട്ടുണ്ട്. ഡിസ്കസ് ത്രോയില്‍ നാലാം തവണയും സ്വര്‍ണം നേടിയ ഇ. നിഷക്കും കഴിഞ്ഞ വര്‍ഷം ഇരട്ട സ്വര്‍ണം തേടി ഇത്തവണ വെങ്കലത്തോടെ തുടങ്ങിയ ജിന്‍സി ബെന്നിക്കും പക്ഷേ അതിന് ഭാഗ്യമില്ളെന്ന് മാത്രമല്ല, അച്ഛനെ നഷ്ടപ്പെട്ട ഇവര്‍ക്ക് വേണ്ട അന്നംതേടി കഷ്ടപ്പെടുകയാണ് അമ്മമാര്‍. ജിന്‍സിയെ മറികടന്ന് സീനിയര്‍ ഗേള്‍സ് ഷോട്ട്പുട്ടില്‍ ഹാട്രിക് സ്വര്‍ണം സ്വന്തമാക്കിയ സുജി എസ്. റാണിയുടെ കുടുംബത്തെ പോറ്റാന്‍ അധ്വാനിക്കുന്നതും അമ്മ തന്നെ. കണ്ണീര്‍ പൊടിയുന്ന മൂന്ന് കഥകള്‍ പറയാനുണ്ട് ഇവര്‍ക്ക്.

വേദനകള്‍ക്കിടെ നാലാമതും നിഷ
പ്രോത്സാഹിപ്പിക്കാനും ലാളിക്കാനും അച്ഛനോ അമ്മയോ വീട്ടിലില്ലാത്ത നിഷ സംസ്ഥാന മീറ്റില്‍ മത്സരിക്കാനിറങ്ങിയശേഷം ഡിസ്കസ് ത്രോയിലെ സ്വര്‍ണം ആര്‍ക്കും വിട്ടുകൊടുത്തിട്ടില്ല. 2011ല്‍ സബ് ജൂനിയറിലും തുടര്‍ന്ന് തുടര്‍ച്ചയായ മൂന്നു വര്‍ഷം ജൂനിയര്‍ വിഭാഗത്തിലും പാലക്കാട് പറളി എച്ച്.എസ്.എസിലെ ഈ മിടുക്കി ഒന്നാം സ്ഥാനത്തത്തെി. എറിഞ്ഞത് 32.08 മീറ്റര്‍. കഴിഞ്ഞ വര്‍ഷം വെള്ളി നേടിത്തന്ന ഹാമര്‍ത്രോയിലും നിഷ മത്സരിക്കുന്നുണ്ട്. സ്വര്‍ണം ലഭിച്ചതിന്‍െറ സന്തോഷമൊന്നും പക്ഷേ ആ മുഖത്ത് കാണാനില്ല.
റെയില്‍വേയില്‍ ജീവനക്കാരനായിരുന്നു പിതാവ് കുട്ടി നാരായണന്‍. പനി ബാധിച്ച് ഒരു വര്‍ഷം മുമ്പാണ് ഇദ്ദേഹം മരിച്ചത്. മാതാവ് സലീഖത്ത് കുവൈത്തില്‍ ജോലി ചെയ്യുന്നു. ലീവ് കിട്ടാഞ്ഞതിനാല്‍ പ്രിയതമന്‍െറ മൃതദേഹം അവസാനമായി ഒരു നോക്ക് കാണാനും സലീഖത്തിന് കഴിഞ്ഞില്ല.  അച്ഛനൊപ്പമായിരുന്നു നിഷയും കായികതാരം തന്നെയായ സഹോദരന്‍ ഷാജഹാനും താമസം. ജീവിതവഴിയില്‍ നിഷയെ അവളേക്കാള്‍ രണ്ടു വയസ്സ് മാത്രം കൂടുതലുള്ള ഏട്ടനെ ഏല്‍പിച്ചാണ് കുട്ടി നാരായണന്‍ യാത്രയായത്. ഇതോടെ ഇരുവരും പാലക്കാട് എടത്തറയിലെ മാതൃവീട്ടിലേക്ക് പോന്നു. 2012ല്‍ തിരുവനന്തപുരത്ത് സലീഖത്ത് നിഷക്കൊപ്പമത്തെിയിരുന്നു. ഷാജഹാന്‍ ഇപ്പോള്‍ എന്‍ജിനീയറിങ് വിദ്യാര്‍ഥിയാണ്. അച്ഛനില്ലാത്ത കുട്ടികളെ പോറ്റാന്‍ മണലാരണ്യത്തില്‍ കഷ്ടപ്പെടേണ്ട ഗതികേടിലാണ് സലീഖത്ത്.

ഇക്കുറി മെഡല്‍ കാണാന്‍ ജിന്‍സിയുടെ പപ്പയില്ല
കഴിഞ്ഞ ക്രിസ്മസിന് ഇരട്ട സ്വര്‍ണവുമായി ജിന്‍സി വരുന്നത് കാത്തിരിക്കുകയായിരുന്നു പിതാവ് ബെന്നി. യൗവനത്തില്‍തന്നെ അര്‍ബുദത്തിന്‍െറ പിടിയിലമര്‍ന്ന ഇടുക്കി കുമളി പുറ്റ്യടി എരുമത്താനത്ത് ബെന്നി ജോസഫിനെ രോഗത്തിന്‍െറ വേദനയേക്കാള്‍ പ്രയാസപ്പെടുത്തിയിരുന്നത് പറക്കമുറ്റാത്ത മൂന്ന് പെണ്‍മക്കളുടെ ഭാവിയായിരുന്നു. ഏതാനും മാസങ്ങള്‍ക്കുശേഷം ബെന്നി എന്നെന്നേക്കുമായി ഇവരെ വിട്ടുപിരിഞ്ഞു. ഇതോടെ അമ്മ ലിസിയുടെ ചുമലിലായി കുടുംബം. കൃഷിപ്പണിക്കാരനായിരുന്നു ബെന്നി. 37ാം വയസ്സില്‍ കാന്‍സര്‍ ബാധിച്ചതോടെ ഇദ്ദേഹത്തിന് ജോലിക്ക് പോകാന്‍ പറ്റാതായി. ഏലത്തോട്ടത്തില്‍ തൊഴിലെടുത്ത് കിട്ടുന്ന തുച്ഛമായ വരുമാനംകൊണ്ടാണ് ലിസി ഭര്‍ത്താവിന്‍െറ ചികിത്സയും മക്കളുടെ കാര്യങ്ങളുമെല്ലാം നോക്കിയിരുന്നത്. ഒരു കുഞ്ഞുവീടാണ് ഇവര്‍ക്കുള്ളത്. തന്‍െറ നേട്ടങ്ങളെല്ലാം ബിന്നി പപ്പക്ക് സമര്‍പ്പിക്കുന്നു.
നൂറ്റാണ്ട് പഴക്കമുള്ള എറണാകുളം മാതിരപ്പള്ളി ജി.വി.എച്ച്.എസ്.എസിന്‍െറ ചരിത്രത്തിലെ ആദ്യ സ്വര്‍ണമാണ് കഴിഞ്ഞ വര്‍ഷം ജൂനിയര്‍ ഷോട്ട്പുട്ടില്‍ ജിന്‍സി നേടിയത്. പിന്നാലെ  ജാവലിന്‍ത്രോയിലും ഒന്നാം സ്ഥാനം. ഹാമര്‍ത്രോയില്‍ നിലവിലെ മീറ്റ് റെക്കോഡ് തകര്‍ത്തെങ്കിലും നിര്‍ഭാഗ്യത്താല്‍ മെഡല്‍ നഷ്ടമായി. ഇത്തവണ സീനിയര്‍ വിഭാഗത്തിലായിരുന്നു ഈ പ്ളസ് വണ്‍ വിദ്യാര്‍ഥിനിയുടെ മത്സരം. ഇതേ സ്കൂളിലെ വിദ്യാര്‍ഥിനിയാണ് സ്വര്‍ണം നേടിയ സുജി റാണി. ജിന്‍സിയുടെ അനുജത്തിമാരായ ജീന പത്താം ക്ളാസിലും ബെറ്റി ഏഴാം ക്ളാസിലും പഠിക്കുന്നു. സ്പ്രിന്‍റ് താരമായ ബെറ്റി ഇപ്പോള്‍ ജിന്‍സിക്കൊപ്പം മാതിരപ്പള്ളിയിലെ സ്പോര്‍ട്സ് സ്കൂളിലുണ്ട്.

ഹാട്രിക് റാണി സുജിയുടെ കഥ
കഴിഞ്ഞ ദേശീയ സ്കൂള്‍ മീറ്റില്‍ മെഡല്‍ നേടിയവരില്‍ വീടില്ലാത്തവരുണ്ടെങ്കില്‍ നിര്‍മിച്ചുനല്‍കുമെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനത്തെ തുടര്‍ന്ന് സുജി എസ്. റാണിയുടെ കുടുംബം മുട്ടാത്ത വാതിലുകളില്ല. പക്ഷേ, അധികൃതര്‍ കൈമലര്‍ത്തിയപ്പോള്‍ ഇവര്‍ തീര്‍ത്തും നിരാശയിലായി. വാഗ്ദാനലംഘനം നടത്തിയവര്‍ക്കു നേരെയായിരുന്നു മാതിരപ്പള്ളി സ്കൂളിലെ ഈ പ്ളസ് ടു വിദ്യാര്‍ഥിനി ഇന്നലെ ഷോട്ട്പുട്ട് എറിഞ്ഞത്.  11.32 മീറ്റര്‍ എറിഞ്ഞ് ഹാട്രിക് സ്വര്‍ണം ഈ മിടുക്കി സ്വന്തമാക്കി.
നാടായ തിരുവനന്തപുരം പൊഴിയൂരില്‍ പലചരക്കുകട നടത്തിയാണ് പിതാവ് സന്തോഷ് കുടുംബം നോക്കുന്നത്. ഇടക്ക് അപകടത്തില്‍പെട്ട് വിശ്രമത്തിലായ ഇദ്ദേഹത്തെ ഇപ്പോള്‍ പല രോഗങ്ങളും വേട്ടയാടുന്നുണ്ട്. സന്തോഷ് വീട്ടിലിരിപ്പായപ്പോള്‍ ഭാര്യ റാണി ഇദ്ദേഹം ചെയ്തിരുന്ന ജോലി നോക്കാന്‍ നിര്‍ബന്ധിതയായി. ഇപ്പോള്‍ അധിക സമയവും റാണിയാണ് കടയില്‍. ഇതല്ലാതെ മറ്റു വഴിയില്ളെന്ന് സന്തോഷ് പറയുന്നു. കഴിഞ്ഞ ദേശീയ മീറ്റില്‍ വെങ്കലം നേടി കേരളത്തിന്‍െറ അഭിമാനമുയര്‍ത്തിയിരുന്നു സുജി.

ഖറദാവിക്ക് ഇന്‍റര്‍പോള്‍ വാറന്‍റ്: പ്രതിഷേധം ശക്തമാവുന്നു

Posted: 09 Dec 2014 08:08 PM PST

Image: 

ദോഹ: ലോക മുസ്ലിം പണ്ഡിതസഭ അധ്യക്ഷന്‍ ഡോ. യൂസുഫുല്‍ ഖറദാവിയെ ഇന്‍റര്‍പോള്‍ അറസ്റ്റ് ചെയ്യാനുള്ള റെഡ് നോട്ടീസില്‍ ഉള്‍പ്പെടുത്തിയതില്‍ പ്രതിഷേവം വ്യാപകമാവുന്നു. ലോക മുസ്ലിംകള്‍ ആദരിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന ഖറദാവിക്കെതിരെ ഇന്‍റര്‍പോള്‍ ഇറക്കിയിരിക്കുന്ന നോട്ടീസിനെതിരെ സോഷ്യല്‍ മീഡിയകളില്‍ പ്രതിഷേധം ശക്തമായിട്ടുണ്ട്. ഇന്‍റര്‍പോള്‍ തീരുമാനത്തെ എതിര്‍ത്ത് ‘ഖറദാവി തീവ്രവാദിയല്ല’ എന്ന ഹാഷ് ടാഗില്‍ ഫേസ്ബുകിലും ട്വിറ്റിലും നൂറുക്കണക്കിനാളുകള്‍ പ്രതികരിച്ചിട്ടുണ്ട്. താന്‍ ആരെയും കൊല്ലുകയോ കൊല്ലാന്‍ പ്രേരിപ്പിക്കുകയോ ചെയ്തിട്ടില്ളെന്ന് തന്‍െറ വെബ്സൈറ്റിലൂടെ ഖറദാവിയും പ്രതികരിച്ചു.
രാജ്യത്തിന് പുറത്തുകഴിയുന്ന ഈജിപ്തിലെ മുസ്ലിം ബ്രദര്‍ഹുഡ് നേതാക്കളെ അറസ്റ്റ് ചെയ്യാനായി ഇന്‍റര്‍പോള്‍ ഇറക്കിയ പട്ടികയിലാണ് യൂസുഫുല്‍ ഖറദാവിയും ഉള്‍പ്പെട്ടിരിക്കുന്നത്. ഈജിപ്ത് ഭരണകൂടത്തിന്‍െറ ആവശ്യത്തെ തുടര്‍ന്നാണ് ഇന്‍റര്‍പോള്‍ നോട്ടീസ് ഇറക്കിയത്. 2011-ലെ വിപ്ളവ സമയത്ത് തടവുകാരെ ജയില്‍ ഭേദിക്കാന്‍ പ്രേരിപ്പിച്ചുവെന്നതാണ് അദ്ദേഹത്തിനെതിരായ പ്രധാന ആരോപണം. ഹുസ്നി മുബാറക്കിനെ സ്ഥാന ഭ്രഷ്ടനാക്കിയ മുല്ലപ്പൂ വിപ്ളവ കാലത്ത് കൊലപാതകങ്ങള്‍ക്കും അക്രമത്തിനും പ്രേരണയും സഹായവും സഹകരണവും ചെയ്തുവെന്ന കുറ്റങ്ങളും അദ്ദേഹത്തിനെതിരെ ചുമത്തിയിട്ടുണ്ട്. ഇന്‍റര്‍പോളിന്‍െറ വെബ്സൈറ്റിലെ റെഡ് നോട്ടീസില്‍ വെള്ളിയാഴ്ചയാണ് 88 വയസുള്ള ഖറദാവിയുടെ പേര് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഏത് നിലവാരമനുസരിച്ചാണ് ഇന്‍റര്‍പോള്‍ പ്രവര്‍ത്തിക്കുന്നതെന്ന് അറിയില്ളെന്ന് ഈജിപ്തിലെ ടെലിവിഷന്‍ ചാനലിന് നല്‍കിയ ടെലിഫോണ്‍ അഭിമുഖത്തില്‍ അദ്ദേഹം കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഖത്തറില്‍ ജീവിക്കുമ്പോള്‍ എങ്ങനെയാണെനിക്ക് ഈജിപ്തിലെ ജയില്‍ തുറന്ന് തടവുകാരെ സ്വതന്ത്രരാക്കാന്‍ കഴിയുക. ഖത്തര്‍ പൗരത്വമുള്ള താന്‍ ഖത്തരി പാസ്പോര്‍ട്ട് മാത്രമാണ് യാത്രക്ക് ഉപയോഗിക്കുന്നത്.
ആ സമയത്ത് ഞാന്‍ ഖത്തര്‍ വിട്ടിരുന്നോ എന്ന് അവര്‍ക്ക് പരിശോധിച്ചാല്‍ മനസിലാകും. ആകാശത്ത് അദൃശ്യനായി പറന്നുചെല്ലാന്‍ തനിക്ക് കഴിയില്ളെന്നും അദ്ദേഹം പ്രതികരിച്ചു.
ഈജിപ്തില്‍ മുസ്ലിം ബ്രദര്‍ഹുഡ് പിന്തുണയോടെ അധികാരമേറ്റ മുഹമ്മദ് മുര്‍സിയെ പുറത്താക്കി അധികാരത്തില്‍ വന്ന ഈജിപ്തിലെ സൈനിക ഭരണകൂടത്തെ ഖറദാവി പരസ്യമായി എതിര്‍ത്തിരുന്നു.
സൈനിക ഭരണകൂടത്തെ പിന്തുണച്ച സൗദി അറേബ്യയേയും യു.എ.ഇ യെയും വിമര്‍ശിക്കുകയും ചെയ്തു. കൊലയാളികള്‍ക്കെതിരെ ഈജിപ്തിലെ ജനങ്ങള്‍ക്കൊപ്പം നിലയുറപ്പിക്കാന്‍ അദ്ദേഹം സൗദി അറേബ്യയോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഖറദാവിയെ കൈമാറണമെന്ന ഈജിപ്തിന്‍െറ ആവശ്യം ഖത്തര്‍ നേരത്തെ നിരാകരിച്ചിരുന്നു. അതേസമയം, അദ്ദേഹം ഖത്തര്‍ വിടുകയോ ഖത്തര്‍ ഗവണ്‍മെന്‍റ് അദ്ദേഹത്തിനെതിരെ നിലപാട് സ്വീകരിക്കുകയോ ചെയ്യാത്തിടത്തോളം കാലം ഇന്‍റര്‍പോള്‍ നോട്ടീസ് കൊണ്ട് ഈജിപ്തിന് പ്രയോജനമുണ്ടാവില്ല.
 

കൊമ്പുകുലുക്കി ഗണേഷ്

Posted: 09 Dec 2014 07:48 PM PST

Image: 
Subtitle: 
നിയമസഭാ സമിതിയെക്കൊണ്ട് അന്വേഷിപ്പിക്കണം

തിരുവനന്തപുരം: പൊതുമരാമത്ത് മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞിന്‍െറ ഓഫിസ് കേന്ദ്രീകരിച്ച് കോടികളുടെ അഴിമതി നടക്കുന്നതായി ഭരണപക്ഷ അംഗവും മുന്‍മന്ത്രിയുമായ കെ.ബി. ഗണേഷ്കുമാര്‍ നിയമസഭയില്‍ ആരോപിച്ചു.  മന്ത്രിയുടെ അസിസ്റ്റന്‍റ് പ്രൈവറ്റ് സെക്രട്ടറി എ. നസിമുദ്ദീന്‍, സ്പെഷല്‍ പ്രൈവറ്റ് സെക്രട്ടറി എം.അബ്ദുല്‍റാഫി, അഡീഷനല്‍ പേഴ്സനല്‍ അസിസ്റ്റന്‍റ് ഐ.എം. അബ്ദുല്‍റഹ്മാന്‍ എന്നിവരെ കേന്ദ്രീകരിച്ചാണ് അഴിമതി. പൊതുമരാമത്ത് സെക്രട്ടറി ടി.ഒ. സൂരജിനെതിരെ വിജിലന്‍സ് നടപടി ഉണ്ടായ വേളയില്‍ ഇതിനേക്കാള്‍ വലിയ കാട്ടുപോത്തുകളെ താന്‍ നിയമസഭയില്‍ വെളിപ്പെടുത്തുമെന്ന് പ്രസംഗിച്ചിരുന്നു. ഇതാണ് വെളിപ്പെടുത്തുന്നതെന്നും ഗണേഷ് വിശദീകരിച്ചു. ശബരിമലയിലേക്കുള്ള പാതയായ പുനലൂര്‍-മൂവാറ്റുപുഴ റോഡിന്‍െറ തകര്‍ച്ചയെ ക്കുറിച്ച് ശ്രദ്ധക്ഷണിക്കല്‍ അവതരിപ്പിക്കവേയാണ് അഴിമതിയാരോപണം ഉന്നയിച്ചത്.  ആരോപണം നിയമസഭാ സമിതിയെ കൊണ്ട് അന്വേഷിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

സൂരജ് ഒറ്റക്കല്ല, അഞ്ച് പേര്‍ ചേര്‍ന്ന് മോഷ്ടിച്ചാല്‍ എല്ലാവരെയും പിടിക്കണം. തുടര്‍ന്നാണ് മന്ത്രിയുടെ മൂന്ന് പേഴ്സനല്‍ സ്റ്റാഫംഗങ്ങളെ പേരെടുത്ത് പറഞ്ഞത്. എം.എല്‍.എ എന്ന നിലയില്‍ തനിക്ക് അപമാനം സഹിക്കേണ്ടി വന്നു. എം.എല്‍.എയുടെ ഫയല്‍ വന്നാല്‍ നീക്കാന്‍ അവര്‍ക്ക് സമയമില്ല. ഫയല്‍ പിടിച്ചുവെക്കുന്നു.തന്‍െറ സുഹൃത്ത് എന്ന നിലയില്‍ മന്ത്രിയെ  അഴിമതി ബോധ്യപ്പെടുത്തേണ്ടതുണ്ട്. മന്ത്രിപ്പണി പോയതുകൊണ്ട് ആരോപണം ഉന്നയിക്കുന്നതൊന്നുമല്ല. മന്ത്രിസ്ഥാനം സ്വയം രാജിവെച്ചതാണ്.ആരെങ്കിലും പുറത്താക്കിയതല്ല. മന്ത്രിയാകാന്‍ ആഗ്രഹവുമില്ല. എം.എല്‍.എ എന്ന നിലയില്‍ തനിക്ക് പറയാനുള്ള വേദി ഇതാണ്. എം.എല്‍.എമാരോട് മാന്യമായി പെരുമാറുന്നയാളാണ് കുഞ്ഞാലിക്കുട്ടി. അങ്ങയുടെ പാര്‍ട്ടിയിലെ മന്ത്രിയുടെ സ്റ്റാഫില്‍പെട്ടവരെ പറ്റിയാണ് പറയുന്നതെന്നും ശ്രദ്ധയോടെ കേള്‍ക്കണമെന്നും കുഞ്ഞാലിക്കുട്ടിയോട് ഗണേഷ് പറഞ്ഞു. നസിമുദ്ദീനെക്കുറിച്ച് വിജിലന്‍സ് അന്വേഷണമുള്ളതിനാല്‍ മാര്‍ച്ചില്‍ മാറ്റാന്‍ തീരുമാനിച്ചതല്ളേ? മുഖ്യമന്ത്രിയുടെ ഓഫിസിലെ ചിലര്‍ കുഴപ്പം കാണിക്കുന്നുണ്ടായിരുന്നു. അവരെ അദ്ദേഹം പറഞ്ഞുവിട്ടു.

പദ്ധതിയേതര അക്കൗണ്ടില്‍നിന്ന് റോഡിനായി എന്തെങ്കിലും തരുമോ എന്ന് ചോദിച്ചപ്പോള്‍ അങ്ങനെയൊരു ഹെഡ് ഇല്ലല്ളോ എന്ന് മന്ത്രി തന്നോട് പറഞ്ഞു. എന്നാല്‍ ജനഹൃദയങ്ങളിലൂടെ എന്ന പ്രസിദ്ധീകരണത്തില്‍ സ്വന്തം മണ്ഡലത്തില്‍ 394 ഗ്രാമീണറോഡുകള്‍ ഇതേ ഫണ്ടുപയോഗിച്ച് പുനരുദ്ധരിച്ചുവെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ഒരു നബാര്‍ഡ് റോഡിന് വേണ്ടി ഒരു എം.എല്‍.എ മന്ത്രി ഓഫിസില്‍ തെണ്ടുമ്പോള്‍ അദ്ദേഹം ചോദിക്കുകയാണ്, ഈ ഗണേഷ്കുമാറിന്‍െറ റോഡ് കൊടുക്കാന്‍ പറ്റുമോ എന്ന്. സൈഡിലിരിക്കുന്ന ഈ മൂന്ന് മാന്യന്മാര്‍ പറയും പറ്റില്ളെന്ന്. അത് പറയുമ്പോള്‍ ലജ്ജിച്ച് ഇറങ്ങിപ്പോരേണ്ടിവന്നു. താന്‍ നിയമസഭയില്‍ ഓടിളക്കി വന്നവനല്ല. തെരഞ്ഞെടുക്കപ്പെട്ടുവന്നവനാണ്. ഫയലുകള്‍ ഏതെന്ന് വ്യക്തമാക്കാം.

മുഴുവന്‍ പറയാന്‍ സമ്മതിക്കില്ളെങ്കില്‍  നിയമസഭാ സമിതിയെ വെച്ച് ഇത് അന്വേഷിക്കട്ടെ. സമിതി മുമ്പാകെ എല്ലാ ഫയലുകളും ഹാജരാക്കാം. താന്‍ പറയുന്നതില്‍ കഴമ്പുണ്ടെന്ന് കണ്ടാല്‍ സി.ബി.ഐക്കോ സമിതി തീരുമാനിക്കുന്ന അന്വേഷണസംഘത്തിനോ വിടണം. ഇക്കാര്യത്തില്‍ പ്രതികരിക്കേണ്ട ചുമതല അദ്ദേഹത്തിന്‍െറ കക്ഷി നേതാവായ കുഞ്ഞാലിക്കുട്ടിക്കാണ്. മന്ത്രിക്കെതിരെയല്ല, മന്ത്രിയുടെ ഓഫിസിനെതിരെയാണ് ആരോപണം ഉന്നയിക്കുന്നത്. എക്സിക്യൂട്ടിവ് എന്‍ജിനീയറുടെ സ്ഥലംമാറ്റത്തിന് 30 മുതല്‍ 60ലക്ഷം വരെയാണ് വാങ്ങുന്നതെന്ന് പത്രങ്ങള്‍ പറയുന്നുണ്ടെന്നും ഗണേഷ് ആരോപിച്ചു.

പ്രവാസി സാമൂഹിക പ്രവര്‍ത്തകന്‍ അബ്ദുല്‍ സലീം നിര്യാതനായി

Posted: 09 Dec 2014 07:40 PM PST

Image: 

മസ്കത്ത്: മസ്കത്തിലെ പ്രമുഖ സാമൂഹിക പ്രവര്‍ത്തകനും മസ്കത്ത് ഇസ്ലാഹി സെന്‍റര്‍ മുന്‍ പ്രസിഡന്‍റുമായ മലപ്പുറം അരീക്കോട് തച്ചന്നൂര്‍ പരപ്പന്‍ ഉമ്മര്‍- ഫാത്തിമ ദമ്പതികളുടെ മകന്‍ അബ്ദുല്‍ സലീം (50) നിര്യാതനായി. പ്രമേഹം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്നാണ് മരണം.  ഭാര്യ: സുഹറ. മക്കള്‍: സഫീല, സുഫൈല്‍, യഹ്യ. സഹോദരങ്ങള്‍: സക്കീര്‍, മുജീബ്, ഷഹബാനത്ത്. അല്‍ അമീറാത്ത് ഖബര്‍സ്ഥാനില്‍ ഖബറടക്കി.
20 വര്‍ഷം മുമ്പ് ഒമാനിലെ പ്രമുഖ നിര്‍മാണ കമ്പനിയായ തീജാനിയിലാണ് ആദ്യം ജോലിക്കത്തെിയത്. പിന്നീട് ശാത്തി അല്‍ഖലീജ് കമ്പനിയുടെ ക്ളീനിങ് വിഭാഗം തലവനായി സേവനമനുഷ്ഠിക്കുകയായിരുന്നു. അഞ്ചു വര്‍ഷം മുമ്പാണ് ഇദ്ദേഹം മസ്കത്ത് ഇസ്ലാഹി സെന്‍ററിന്‍െറ പ്രസിഡന്‍റായത്. എല്ലാവരോടും ഏറെ സൗമ്യമായി പെരുമാറുന്ന സലീമിന് എല്ലാ മത വിഭാഗത്തിലുംപെട്ടവരുടെ വന്‍ സുഹൃദ് ശൃംഖലയുണ്ടായിരുന്നു. അതിനാല്‍, അല്‍ അമിറാത്തില്‍ ജനാസ കാണാന്‍ ജാതിമത ഭേദമന്യേ നിരവധി പേര്‍ എത്തിയിരുന്നു. ജനാസ കാണാനത്തെിയ ഒരു ക്രിസ്ത്യന്‍ സുഹൃത്ത് പൊട്ടിക്കരഞ്ഞതും ഈ ബന്ധം കാരണമായിരുന്നു.
മൂന്നു ദിവസം മുമ്പ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇദ്ദേഹത്തിന് പെട്ടെന്ന് രോഗം മൂര്‍ച്ഛിക്കുകയായിരുന്നു. ഉപ്പയെ കാണാന്‍, നാട്ടില്‍ പഠിക്കുന്ന മക്കളായ സഫീലയും സുഫൈലും എത്തുമ്പോഴേക്ക് ഇന്നു രാവിലെ ആറോടെ സലീം മരിച്ചിരുന്നു.
കെ.ഐ.എ സജീവ പ്രവര്‍ത്തകനായ അബ്ദുസ്സലാം വാഴക്കാട് സഹോദരീ ഭര്‍ത്താവാണ്.

ഫിലിപ്പീന്‍ യുവതിയുടെ കൊല: മൂന്നു മലയാളികളുടെ വിധി ഈമാസം 28ന്

Posted: 09 Dec 2014 07:37 PM PST

Image: 

ഈവര്‍ഷം ഫെബ്രുവരി 11നാണ് ഫര്‍വാനിയ പാകിസ്താന്‍ സ്കൂളിനു സമീപത്തെ ഫ്ളാറ്റില്‍ യുവതി കൊല്ലപ്പെട്ടത്
കുവൈത്ത് സിറ്റി: ഫിലിപ്പീന്‍ യുവതിയെ കൊന്ന് ഫ്ളാറ്റിന് തീയിട്ട കേസില്‍ പിടിയിലായ മൂന്നു മലയാളികളുടെ വിധി ഈമാസം 28ന്. ക്രിമിനല്‍ കോടതിയില്‍ വിചാരണ പൂര്‍ത്തിയാക്കിയ കേസില്‍ ജഡ്ജി മിത്അബ് അല്‍ആര്‍ദിയുടെ നേതൃത്വത്തിലുള്ള ബെഞ്ചാണ് വിധി പ്രസ്താവിക്കുക.
കോഴിക്കോട് സ്വദേശികളായ മൂന്നു പേരാണ് കേസില്‍ പിടിയിലായത്. താമരശ്ശേരി സ്വദേശി അജിത് അഗസ്റ്റിന്‍, ഈങ്ങാപ്പുഴക്കാരന്‍ ടിജോ തോമസ്, ബാലുശ്ശേരിയിലെ തുഫൈല്‍ എന്നിവരാണിവര്‍. ഈവര്‍ഷം ഫെബ്രുവരി 11നാണ് ഫര്‍വാനിയ പാകിസ്താന്‍ സ്കൂളിന് സമീപം ബഹുനില കെട്ടിടത്തിലെ ഫ്ളാറ്റില്‍ തീപിടിത്തമുണ്ടാവുകയും ഫിലിപ്പീന്‍ യുവതിയായ ഇസ്ത്രീല കാബ കുജാന്‍ എന്ന ജമീല ഗോണ്‍സാലസിനെ മരിച്ച നിലയില്‍ കണ്ടത്തെുകയും ചെയ്തത്. തീപിടിത്തത്തെ തുടര്‍ന്നാണ് യുവതി മരിച്ചതെന്നായിരുന്നു പ്രാഥമിക നിഗമനം. എന്നാല്‍, മൃതദേഹം ഫോറന്‍സിക് പരിശോധനക്ക് വിധേയമാക്കിയപ്പോഴാണ് തീപിടിത്തത്തിനുമുമ്പുതന്നെ യുവതി കൊല്ലപ്പെട്ടിരുന്നു എന്ന് തെളിഞ്ഞത്. സംഭവസ്ഥലത്തുനിന്ന് അജിത് അഗസ്റ്റിന്‍െറ സിവില്‍ ഐ.ഡി കിട്ടിയതിനെ തുടര്‍ന്നാണ് ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തതെന്നും ചോദ്യംചെയ്യലില്‍ ഇയാള്‍ കുറ്റം സമ്മതിക്കുകയായിരുന്നുവെന്നും പൊലീസ് വ്യക്തമാക്കിയിരുന്നു.
പലിശക്ക് പണം കടം കൊടുക്കാറുണ്ടായിരുന്ന യുവതിയില്‍നിന്ന് വന്‍ സംഖ്യ വാങ്ങിയിരുന്ന അജിത് അത് തിരിച്ചടക്കാതിരിക്കാന്‍ യുവതിയെ കഴുത്ത് ഞെരിച്ച് കൊല്ലുകയും തെളിവു നശിപ്പിക്കാന്‍ സുഹൃത്തുക്കളുടെ സഹായത്തോടെ ഫ്ളാറ്റിന് തീകൊളുത്തുകയുമായിരുന്നുവെന്നാണ് കേസ്. പ്രമുഖ ബേക്കറി സ്ഥാപനത്തില്‍ ജോലിചെയ്യുന്ന അജിത് ഫിലിപ്പീന്‍കാരിയുടെ ഇടനിലക്കാരനായി നിന്ന് പലര്‍ക്കും പണം പലിശക്കെടുത്ത് നല്‍കിയിരുന്നതായും പറയപ്പെടുന്നു. ഇയാള്‍ ജോലിചെയ്യുന്ന സ്ഥാപനത്തിലെ സഹപ്രവര്‍ത്തകരാണ് ടിജോ തോമസും ബാലുശ്ശേരിക്കാരന്‍ തുഫൈലും. കൊലപാതകത്തിനും തെളിവ് നശിപ്പിക്കലിനും സഹായിച്ചതായി അജിത് മൊഴി നല്‍കിയതിനെ തുടര്‍ന്നാണ് ഇവര്‍ പിടിയിലായത്. അതേസമയം, കൊല നടത്തിയതായി ആധികാരികമായി തെളിയിക്കാന്‍ പ്രോസിക്യൂഷന് സാധിച്ചിട്ടില്ളെന്നതിനാല്‍ വിധി മലയാളികള്‍ക്കനുകൂലമാവുമെന്നാണ് പ്രതിഭാഗം അഭിഭാഷകരുടെ പ്രതീക്ഷയെന്ന് മലയാളിയായ മന്‍ദൂബ് അബ്ദുല്‍ അസീസ് കൂനൂള്‍മാട് ‘ഗള്‍ഫ് മാധ്യമ’ത്തോട് പറഞ്ഞു. ബശ്ശാര്‍ നസാര്‍, അബ്ദുല്‍ കരീം സഖ്റാന്‍, ഫാദില്‍ അല്‍ജുമൈരി എന്നിവരാണ് പ്രതികള്‍ക്കുവേണ്ടി കേസ് വാദിക്കുന്ന അഭിഭാഷകര്‍.
 

ദമസ്താനിലും കര്‍സകാനിലും ബോംബാക്രമണം; രണ്ടുപേര്‍ കൊല്ലപ്പെട്ടു

Posted: 09 Dec 2014 07:28 PM PST

Image: 

മനാമ: ദമസ്താനിലും കര്‍സകാനിലുമുണ്ടായ ബോംബാക്രമണങ്ങളില്‍ രണ്ടുപേര്‍ കൊല്ലപ്പെട്ടു. ദമിസ്താനില്‍ പൊലീസുകാരനും കര്‍സകാനില്‍ സ്വദേശി പൗരനുമാണ് മരിച്ചത്. ദമസ്താനില്‍ തിങ്കളാഴ്ച രാത്രിയുണ്ടായ ആക്രമണത്തില്‍ അലി മുഹമ്മദ് അലി എന്ന പൊലീസുകാരനാണ് കൊല്ലപ്പെട്ടതെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. റിമോട്ടില്‍ പ്രവര്‍ത്തിക്കുന്ന നാടന്‍ ബോംബാണ് പൊട്ടിത്തെറിച്ചത്. ജോര്‍ഡന്‍ പൗരനായ ഇയാള്‍ സംഭവസമയത്ത് ജോലിയിലായിരുന്നുവെന്ന് പൊതുസുരക്ഷാ വിഭാഗം മേധാവി മേജര്‍ ജനറല്‍ താരിഖ് അല്‍ ഹസന്‍ പറഞ്ഞു. ജോര്‍ഡനും ബഹ്റൈനും തമ്മില്‍ ഒപ്പിട്ട കരാര്‍ പ്രകാരം പരിശീലനത്തിനായാണ് ഇയാള്‍ രാജ്യത്തത്തെിയത്. കര്‍സകാനിലെ ബോംബ് സ്ഫോടനത്തില്‍ സ്വദേശിയായ ഉസാമ അബ്ദുല്‍ കരീം അല്‍ ബസ്രിയാണ് മരിച്ചത്. ഒരു ഏഷ്യക്കാരന് പരിക്കേറ്റു. ഇയാള്‍ ഏത് രാജ്യക്കാരനാണെന്ന് വ്യക്തമല്ല.
സ്ഫോടന വിവരമറിഞ്ഞയുടന്‍ പൊലീസ് സ്ഥലത്തത്തെി. തെളിവുകള്‍ ശേഖരിച്ച ശേഷം അന്വേഷണം ആരംഭിച്ചതായി അദ്ദേഹം പറഞ്ഞു. സ്ഫോടനം നടന്ന സ്ഥലം പൊലീസ് വലയത്തിലാണ്. ഇങ്ങോട്ടുള്ള റോഡുകളില്‍ പരിശോധന ശക്തമാക്കിയിട്ടുണ്ട്. അതേസമയം, ഹിസ്ബുല്ലയാണ് ആക്രമണത്തിന് പിന്നിലെന്ന് ബഹ്റൈന്‍ വിദേശകാര്യ മന്ത്രി ഖാലിദ് ബിന്‍ അഹ്മദ് ആല്‍ ഖലീഫ ട്വിറ്ററിലൂടെ ആരോപിച്ചു. ആക്രമണത്തില്‍ പങ്കില്ളെന്ന് പ്രധാന പ്രതിപക്ഷ കക്ഷിയായ അല്‍ വിഖാഫ് മൂവ്മെന്‍റ് അറിയിച്ചിട്ടുണ്ട്. പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പ് പൂര്‍ത്തിയായതിന് ശേഷമുണ്ടാകുന്ന ആദ്യ ആക്രമണമാണിത്. ഈവര്‍ഷമുണ്ടായ ആക്രമണങ്ങളില്‍ കൊല്ലപ്പെടുന്ന അഞ്ചാമത്തെ പൊലീസുകാരനാണ് അലി മുഹമ്മദ് അലി. ഫെബ്രുവരിയിലുണ്ടായ ആക്രമണത്തില്‍ ഒരു പൊലീസുകാരന്‍ കൊല്ലപ്പെട്ടിരുന്നു. മാര്‍ച്ചിലുണ്ടായ ബോംബ് സ്ഫോടനത്തില്‍ യു.എ.ഇ സ്വദേശിയടക്കം മൂന്ന് പൊലീസുകാരാണ് മരിച്ചത്.  
ബോംബാക്രമണത്തിനെതിരെ വിവിധ കോണുകളില്‍ നിന്ന് പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. എല്ലാവിധ മാനുഷിക മൂല്യങ്ങള്‍ക്കും എതിരാണ് ആക്രമണമെന്ന് ബഹ്റൈനിലെ കുവൈത്ത് അംബാസഡര്‍ ശൈഖ് അസ്സാം അല്‍ മുബാറക് അസ്വബാഹ് പറഞ്ഞു. ആക്രമണത്തെ കുവൈത്ത് ശക്തമായി അപലപിക്കുന്നു. തീവ്രവാദത്തെ എല്ലാ മതങ്ങളും തള്ളിപ്പറഞ്ഞതാണ്. ഇത്തരം ആക്രമണങ്ങള്‍ കൊണ്ട് ബഹ്റൈന്‍െറ പുരോഗതിക്ക് തടയിടാനാകില്ല. കൊല്ലപ്പെട്ട പൊലീസുകാരന്‍െറ കുടുംബത്തെ അദ്ദേഹം അനുശോചനം അറിയിച്ചു. ഇത്തരം അക്രമങ്ങളെ ഒരിക്കലും ന്യായീകരിക്കാന്‍ കഴിയില്ളെന്ന് ബഹ്റൈനിലെ ജര്‍മന്‍ അംബാസഡര്‍ സബൈന്‍ ടോഫ്മാന്‍ പറഞ്ഞു. രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ കുറച്ച് പരസ്പര വിശ്വാസം സൃഷ്ടിച്ചതിന് ശേഷം രാജ്യത്തെ പുരോഗതിയിലേക്ക് നയിക്കാനുള്ള ഭരണകൂടത്തിന്‍െറ ശ്രമങ്ങള്‍ക്ക് തിരിച്ചടിയാണ് ഇത്തരം അക്രമസംഭവങ്ങളെന്ന് അവര്‍ കൂട്ടിച്ചേര്‍ത്തു.
 

അഫ്സലിനും ആതിരക്കും ബിബിനും ഇരട്ട സ്വര്‍ണം

Posted: 09 Dec 2014 07:14 PM PST

Image: 
Subtitle: 
അഫ്സലിന് ദേശീയ റെക്കോഡ്, ആതിരക്ക് മീറ്റ് റെക്കോഡ്

തിരുവനന്തപുരം: സംസ്ഥാന സ്കൂള്‍ കായികമേളയുടെ മൂന്നാം ദിനം സീനിയര്‍ ആണ്‍കുട്ടികളുടെ 1500 മീറ്റര്‍ ഓട്ടത്തില്‍ മുഹമ്മദ് അഫ്സലിന് ഡബിളും ദേശീയ റെക്കോഡും. പാലക്കാട് പറളി സ്കൂളിലെ താരമായ അഫ്സല്‍ കഴിഞ്ഞ 5000 മീറ്ററില്‍ സ്വര്‍ണം നേടിയിരുന്നു.

ജൂനിയര്‍ വിഭാഗം 1500 മീറ്ററില്‍ കെ.ആര്‍. ആതിരക്ക് മീറ്റ് റെക്കോഡോടെ ഇരട്ട സ്വര്‍ണം. സ്വന്തം റെക്കോഡാണ് ആതിര മറികടന്നത്. 4 മിനിട്ട് 32 സെക്കന്‍ഡിലാണു പുതിയ മീറ്റ് റെക്കോഡ്. കഴിഞ്ഞ ദിവസം 3000 മീറ്ററില്‍ സ്വര്‍ണം നേടിയിരുന്ന ആതിര, കോഴിക്കോട് നെല്ലിപ്പോയ് സ്കൂളിലെ താരമാണ്.

സീനിയര്‍ ആണ്‍കുട്ടികളുടെ 1500 മീറ്റര്‍ ഓട്ടത്തില്‍ ബിബിന്‍ ജോര്‍ജ് (04:07.62) ഇരട്ട സ്വര്‍ണം നേടി. കഴിഞ്ഞ ദിവസം 3000 മീറ്റര്‍ ഓട്ടത്തില്‍ ബിബിന്‍ സ്വര്‍ണം നേടിയിരുന്നു. കോതമംഗലം മാര്‍ ബേസിലിന്‍െറ താരമാണ്.

ജൂനിയര്‍ ആണ്‍കുട്ടികളുടെ പോള്‍വാട്ടില്‍ ഐ.എസ് രഞ്ജിത്തിന് സ്വര്‍ണം. കോതമംഗലം സെന്‍റ് ജോര്‍ജ് സ്കൂളിലെ താരമാണ് രഞ്ജിത്ത്.

സീനിയര്‍ വിദ്യാര്‍ഥികളുടെ ഹൈജംപില്‍ എറണാകുളത്തിന്‍െറ മനു ഫ്രാന്‍സിസിന് സ്വര്‍ണം കരസ്ഥമാക്കി.

സബ് ജൂനിയര്‍ വിദ്യാര്‍ഥികളുടെ ലോങ്ജംപില്‍ ആലപ്പുഴയുടെ പി.ജെ മുഹമ്മദ് അസ് ലം സ്വര്‍ണം നേടി.

ജൂനിയര്‍ പെണ്‍കുട്ടികളുടെ ഹാമര്‍ത്രോയില്‍ ആലപ്പുഴയുടെ ബിനിത മേരി തോമസിന് സ്വര്‍ണം. പറളിയുടെ കെ.ഇ നിഷ വെള്ളിയും എറണാകുളത്തിന്‍െറ ഐശ്വര്യ വെങ്കവും നേടി.

ജൂനിയര്‍ ആണ്‍കുട്ടികളുടെ 5000 മീറ്റര്‍ നടത്ത മത്സരത്തില്‍ അനീഷ് എ. സ്വര്‍ണം നേടി. പാലക്കാട് പറളി സ്കൂളിലെ താരമാണ്.

ജൂനിയര്‍ പെണ്‍കുട്ടികളുടെ 3000 മീറ്റര്‍ നടത്തത്തില്‍ കെ.ആര്‍. സുജിത (14:39.84) സ്വര്‍ണം നേടി. കഴിഞ്ഞ ദിവസം 5000 മീറ്റര്‍ നടത്തത്തില്‍ സ്വര്‍ണം നേടിയ സുജിത്തിന്‍െറ സഹോദരിയാണ് സുജിത.

സീനിയര്‍ പെണ്‍കുട്ടികളുടെ 1500 മീറ്ററില്‍ കോഴിക്കോടിന്‍െറ  തെരേസ ജോസഫ് (4:41.61) സ്വര്‍ണം നേടി.

മെഡല്‍ പട്ടികയില്‍ എറണാകുളം, പാലക്കാട്, കോഴിക്കോട് ജില്ലകള്‍ ആദ്യ മൂന്ന് സ്ഥാനങ്ങളില്‍ മുന്നേറുന്നു.

ദണ്ഡന റിപ്പോര്‍ട്ട് പുറത്ത്; ‘സി.ഐ.എ അമേരിക്കക്കാരെ തെറ്റിദ്ധരിപ്പിച്ചു’

Posted: 09 Dec 2014 06:33 PM PST

Image: 
Subtitle: 
യു.എസിന്‍െറ ചരിത്രത്തിലെ കളങ്കം ^അയാന്‍ ഫീന്‍സ്റ്റെന്‍

വാഷിങ്ടണ്‍: അമേരിക്കയിലെ സെപ്റ്റംബര്‍ 11 ആക്രമണത്തിനുശേഷം അല്‍ഖാഇദ ബന്ധം സംശയിച്ച് അന്വേഷണ ഏജന്‍സിയായ സി.ഐ.എ നടത്തിയ ക്രൂരമായ ചോദ്യം ചെയ്യലുകള്‍ സംബന്ധിച്ച റിപ്പോര്‍ട്ട് പുറത്ത്. എന്താണ് തങ്ങള്‍ ചെയ്തുകൊണ്ടിരിക്കുന്നതെന്നത് സംബന്ധിച്ച് സി.ഐ.എ അമേരിക്കക്കാരെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നെന്നും സെനറ്റ് ഇന്‍റലിജന്‍സ് കമ്മറ്റിയിലെ ഡെമോക്രാറ്റുകള്‍ സമാഹരിച്ച റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

ഇത്തരത്തിലുള്ള വിവരശേഖരണം ഏതെങ്കിലും തരത്തിലുള്ള ഭീഷണി ഒഴിവാക്കുന്നതിന് ഉപകരിച്ചിട്ടില്ളെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
2002നും 2007നുമിടയില്‍ പ്രസിഡന്‍റ് ജോര്‍ജ് ഡബ്ള്യു.ബുഷിന്‍െറ ഭരണകാലത്ത് നടന്ന ക്രൂര പീഡന വിവരങ്ങളാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. രഹസ്യകേന്ദ്രങ്ങളില്‍ അനങ്ങാനാവാത്ത വിധം ബന്ധനസ്ഥനാക്കിയശേഷം മുങ്ങിമരണത്തിന്‍െറ തോന്നലുളവാക്കുന്നവിധം ശ്വാസം തടസ്സപ്പെടുത്തിക്കൊണ്ട് മുഖത്തുകൂടി വെള്ളമൊഴുക്കല്‍, ഉറക്കം തടയല്‍, മര്‍ദനം, അപമാനം, മഞ്ഞ് കട്ടകളും മറ്റും ഉപയോഗിച്ചുള്ള പീഡനമുറകള്‍ തുടങ്ങിയ ക്രൂരരീതികളാണ് ചോദ്യം ചെയ്യലിന് ഉപയോഗിച്ചിരുന്നതെന്ന് റിപ്പോര്‍ട്ട് പറയുന്നു.

യു.എസിന്‍െറ ചരിത്രത്തിലെ കളങ്കം എന്നാണ് കമ്മിറ്റിയുടെ അധ്യക്ഷ അയാന്‍ ഫീന്‍സ്റ്റെന്‍ റിപ്പോര്‍ട്ടിനെ വിശേഷിപ്പിച്ചത്. 6000 പേജുകളിലായാണ് സി.ഐ.എയുടെ ക്രൂരതകള്‍ വിശദീകരിച്ചിരിക്കുന്നത്. അതേസമയം, നിരവധി ജീവനുകള്‍ സംരക്ഷിക്കാന്‍ ചോദ്യം ചെയ്യലുകള്‍ ഉപകരിച്ചിട്ടുണ്ടെന്നായിരുന്നു സി.ഐ.എയുടെ പ്രതികരണം. തീവ്രവാദ വിരുദ്ധ പോരാട്ടത്തില്‍ അത് നിര്‍ണായകമായിരുന്നെന്നും സി.ഐ.എ പറയുന്നു. അതിനിടെ, റിപ്പോര്‍ട്ട് പുറത്തുവിടുന്നതിന്‍െറ പശ്ചാത്തലത്തില്‍ അപകടസാധ്യത മുന്നില്‍ക്കണ്ട് വൈറ്റ്ഹൗസ് രാജ്യത്തെ എംബസികളില്‍ സുരക്ഷാ മുന്‍ കരുതല്‍ സ്വീകരിച്ചിട്ടുണ്ട്.

പീഡന വിവരങ്ങള്‍ പരസ്യപ്പെടുത്തുന്നതിനെതിരെ യു.എസില്‍ പൊതു അഭിപ്രായം ഉയര്‍ന്നതിനെ തുടര്‍ന്ന് റിപ്പോര്‍ട്ട് വൈകുകയായിരുന്നു. പീഡനത്തിന്‍െറ സകല പരിധികളും കാറ്റില്‍ പറത്തി സി.ഐ.എ നടത്തിയ ചോദ്യംചെയ്യല്‍ വിവാദമായതിനെ തുടര്‍ന്ന് പ്രസിഡന്‍റ് ബറാക് ഒബാമ ഇതിനെ വിമര്‍ശിച്ചിരുന്നു.

ആഫ്രിക്കന്‍ ഒച്ചിന് ഇനി കീഴടക്കാനുള്ളത് വയനാടും ഇടുക്കിയും മാത്രം

Posted: 09 Dec 2014 06:26 PM PST

Image: 
Subtitle: 
മെനഞ്ചൈറ്റിസിന് ഇടയാക്കും

തിരുവനന്തപുരം: ആഫ്രിക്കന്‍ ഒച്ചുകള്‍ ഇനി കേരളത്തില്‍ കീഴടക്കാനുള്ളത് വയനാടും ഇടുക്കിയും മാത്രം. ബാക്കി ജില്ലകള്‍ ആഫ്രിക്കന്‍ ഒച്ചിന്‍െറ പിടിയില്‍ അകപ്പെട്ടെന്ന് വിദഗ്ധര്‍. ഇവയുടെ നിയന്ത്രണം സംബന്ധിച്ച് സെന്‍റര്‍ ഫോര്‍ ഇന്നവേഷന്‍ ഇന്‍ സയന്‍സ് ആന്‍ഡ് സോഷ്യല്‍ ആക്ഷനും (സിസ) കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സിലും (കെ.എസ്.സി.എസ്.ടി.ഇ) സംഘടിപ്പിച്ച സെമിനാറില്‍ സംബന്ധിച്ച വിദഗ്ധരാണ് ഇക്കാര്യം വ്യക്തമാക്കിയത്.

സംസ്ഥാനത്ത് 92 സ്ഥലങ്ങളില്‍ ആഫ്രിക്കന്‍ ഒച്ചുകളുടെ ശക്തമായ സാന്നിധ്യമുണ്ടെന്ന് കണ്ടത്തെി. ഒരു ഒച്ചില്‍ തന്നെ ആണും പെണ്ണും ഉള്ളതിനാല്‍ പെട്ടെന്ന് മുട്ടയിടാന്‍ പറ്റുന്ന ഇവ 500ഓളം ഇനം ചെടികളാണ് തിന്ന് നശിപ്പിക്കുന്നത്. വേനല്‍ക്കാലത്ത് ദിവസങ്ങളോളം ആഹാരമില്ലാതെ മണ്ണിനടിയില്‍ കഴിയാനാകുന്ന ഇവ മഴക്കാലത്താണ് പുറത്തേക്ക് വ്യാപിക്കുന്നത്. സസ്യങ്ങള്‍ക്ക് മാത്രമല്ല മനുഷ്യനിലും രോഗം പരത്തുന്നവയാണ് ഒച്ചുകളെന്നും വിദഗ്ധര്‍ വ്യക്തമാക്കി. ഇവയുടെ ശരീരത്തിലെ നിരാവിരകള്‍ സ്പര്‍ശം വഴി മനുഷ്യശരീരത്തില്‍ പ്രവേശിക്കുകയും മെനഞ്ചൈറ്റിസിന് കാരണമാവുകയും ചെയ്യുന്നു. ഇത്തരത്തില്‍ കേരളത്തില്‍ 17 കേസുകള്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

ഇവയെ നിയന്ത്രിക്കാന്‍ ഉപ്പ് വിതറുന്നത് ശരിയായ മാര്‍ഗമല്ളെന്നും വിദഗ്ധര്‍ ചൂണ്ടിക്കാട്ടി. ഉപ്പിട്ടാല്‍ ചാകുമെങ്കിലും അവയുടെ മാംസം ചീഞ്ഞ് ബാക്ടീരിയ ബാധിച്ച് മനുഷ്യര്‍ക്ക് മറ്റ് അസുഖങ്ങള്‍ക്ക് കാരണമാവും. അതിനാല്‍ കോപ്പര്‍സള്‍ഫേറ്റും പുകയിലയും 60:25 ഗ്രാം അനുപാതത്തില്‍ കലര്‍ത്തിയുള്ള ലായനിയാണ് പ്രയോജനകരം. ഇത് തളിച്ചാല്‍ മണ്ണിനടിയിലുള്ള മുട്ടകളും നശിക്കും. തുറമുഖങ്ങളില്‍ തടി കൊണ്ടുവരുന്നതിലൂടെയാണ് ഇവ കേരളത്തില്‍ എത്തുന്നതെന്നും ഇതില്‍ ഭൂരിഭാഗവും ബര്‍മയില്‍നിന്നാണെന്നും പ്രബന്ധം അവതരിപ്പിച്ചവര്‍ ചൂണ്ടിക്കാട്ടി.

ഒച്ചുകള്‍ മൂലം ഓരോ രംഗത്തുമുണ്ടായ നഷ്ടം എത്രയെന്ന് തിട്ടപ്പെടുത്തണം. തുറമുഖങ്ങളെ ക്വാറന്‍ഡൈന്‍ ചെയ്യുക, ആഫ്രിക്കന്‍ ഒച്ചുകളെ സംബന്ധിച്ച പഠനം നടത്താന്‍ കെ.എഫ്.ആര്‍.ഐയെ നോഡല്‍ ഏജന്‍സിയായി ചുമതലപ്പെടുത്തുക, ഇവയെക്കുറിച്ച അവബോധം നല്‍കാന്‍ തദ്ദേശസ്ഥാപനങ്ങള്‍ക്ക് കില പരിശീലനം നല്‍കുക, ഒച്ചുകളില്‍നിന്ന് ഗുണകരമായവ ലഭ്യമാകുമോ എന്ന് പരിശോധിക്കുക തുടങ്ങിയ നിര്‍ദേശങ്ങള്‍ മന്ത്രി കെ.പി. മോഹനന് സമര്‍പ്പിച്ചു.

സെമിനാറില്‍ സിസ ഡയറക്ടര്‍ ഡോ.സി.കെ. പീതാംബരന്‍, ബംഗളൂരു ഐ.ഐ.എച്ച്.ആറിലെ ഡോ. എം. ജയശങ്കര്‍, കെ.എഫ്.ആര്‍.ഐ എന്‍റമോളജിസ്റ്റ് ഡോ. ടി.വി. സജീവ്,  അലക്സ് ജോണ്‍, വെള്ളായണി കാര്‍ഷിക കോളജിലെ ഡോ. ആര്‍. നാരായണ എന്നിവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു.

കാട്ടുപോത്തുകളോട് വേദമോതല്‍

Posted: 09 Dec 2014 06:16 PM PST

Image: 

രണ്‍ജി പണിക്കര്‍ തിരക്കഥയും സംഭാഷണവും എഴുതിയില്ളെങ്കിലും ഗണേഷ്കുമാറിന്‍െറ ഡയലോഗിന് പഞ്ച് കുറവുണ്ടാകില്ളെന്ന് മന്ത്രി ഇബ്രാഹിംകുഞ്ഞും ലീഗുകാരും അറിഞ്ഞ ദിവസമായിരുന്നു ഇന്നലെ. കോടികളുടെ അഴിമതി ആരോപണത്തില്‍ മന്ത്രി ഇബ്രാഹിംകുഞ്ഞ് മാത്രമല്ല, സാക്ഷാല്‍ കുഞ്ഞാലിക്കുട്ടിപോലും ഒന്നു കിടുങ്ങി.  പൊതുമരാമത്ത് സെക്രട്ടറി സ്ഥാനത്തുനിന്ന് സസ്പെന്‍ഡ് ചെയ്യപ്പെട്ട ടി.ഒ. സൂരജിനെക്കൂടി കൊണ്ടുവന്നതോടെ ആരോപണത്തിന് എരിവും പുളിയുമായി. എന്നാല്‍, എറിയാന്‍ അറിയുന്നവന്‍െറ കൈയില്‍ ദൈവം വടി കൊടുക്കില്ളെന്ന് പറഞ്ഞപോലെയായിരുന്നു പ്രതിപക്ഷത്തിന്‍െറ കാര്യം. സൂരജ് അഴിമതിക്ക് മന്ത്രിയുടെ ഓഫിസുമായി ബന്ധമുണ്ടെന്ന അടക്കംപറച്ചില്‍ സഭയില്‍ ഒരു യു.ഡി.എഫുകാരനായ മുന്‍ മന്ത്രി പേരെടുത്ത് പറഞ്ഞ് ഉന്നയിച്ചിട്ട് ഉപയോഗിക്കാന്‍ കഴിയാതിരുന്ന പ്രതിപക്ഷം അവസാനം ഇടപെടാന്‍ ബില്ലിന്‍െറ ചര്‍ച്ച വരെ കാത്തിരുന്നു.

 സൂരജിനെ കൂടാതെയുള്ള കാട്ടുപോത്തുകളെ മുമ്പ് പറഞ്ഞതുപോലെ ഒന്നൊന്നായി ഗണേഷ് വെളിപ്പെടുത്തി. ചെയറിലിരുന്ന സി.പി. മുഹമ്മദിന് ചട്ടവും കീഴ്വഴക്കവും പേപ്പര്‍ നോക്കി വായിച്ചാല്‍ മതി.  എഴുതിക്കൊടുത്ത് ആരോപണം ഉന്നയിക്കണം എന്ന് ചെയര്‍ പറഞ്ഞപ്പോള്‍ അങ്ങനെയെങ്കില്‍ ആരോപണം മറ്റൊരു മന്ത്രിക്കെതിരെയുമുണ്ടാകുമെന്നായി ഗണേഷ്.

എം.എല്‍.എമാരോട് മാന്യമായി പെരുമാറുന്ന അങ്ങയുടെ പാര്‍ട്ടിയിലെ മന്ത്രിയുടെ സ്റ്റാഫില്‍പെട്ടവരാണ് കുറ്റക്കാരെന്നും ഇടപെടണമെന്നും കൂട്ടത്തില്‍ കുഞ്ഞാലിക്കുട്ടിയോട് അഭ്യര്‍ഥന. ഓട് പൊളിച്ച് വന്നവനല്ല താനെന്ന ഓര്‍മപ്പെടുത്തലും.  കളമശ്ശേരി മുനിസിപ്പാലിറ്റിയില്‍ മാത്രം 103 റോഡുകള്‍. 15 പാലങ്ങള്‍. ഒരു പഞ്ചായത്തില്‍ മാത്രം 64 റോഡുകള്‍. അതുകൊണ്ട് ഇതെല്ലാം ഒന്ന് അന്വേഷിക്കുന്നത് നന്നായിരിക്കും. അതിന് നിയമസഭാ സമിതിയെ നിയോഗിക്കണം.

സഭയില്‍ പറയാന്‍ അനുവദിച്ചില്ളെങ്കില്‍ മാധ്യമങ്ങള്‍ക്ക് നല്‍കാം എന്ന് പറഞ്ഞ ഗണേഷിലായിരുന്നു മാധ്യമങ്ങളുടെ പ്രതീക്ഷ. ആരുടെയോ പ്രേതം ഗണേഷ്കുമാറില്‍ ആവേശിച്ചെന്നായി ഇബ്രാഹികുഞ്ഞ്.  മൂന്ന് പേഴ്സനല്‍ സ്റ്റാഫും പരമശുദ്ധരെന്ന് മന്ത്രി സര്‍ട്ടിഫിക്കറ്റും നല്‍കി. പ്രതിപക്ഷം ബില്ലിന്‍െറ ചര്‍ച്ച അനുവദിച്ചില്ല. തളത്തിലിറങ്ങി മുദ്രാവാക്യംവിളിയായി.

രാഹുല്‍ ഗാന്ധിയെ സ്വീകരിക്കാന്‍ പോകാന്‍ വഴി അന്വേഷിക്കുന്ന കോണ്‍ഗ്രസ് അംഗങ്ങള്‍ക്ക് പ്രതിപക്ഷത്തിന്‍െറ പ്രതിഷേധത്തിലായിരുന്നു പ്രതീക്ഷകളത്രയും. പ്രതിപക്ഷം മുദ്രാവാക്യംവിളിച്ച് സഭ സ്തംഭിച്ചു.  ഇതോടെ നടപടികള്‍ സെക്കന്‍ഡുകള്‍ക്കകം പൂര്‍ത്തിയാക്കി  സഭ പിരിഞ്ഞു. ഇരട്ട ശമ്പളം പറ്റുന്ന ‘മാന്യനായ’ കാലിക്കറ്റ് സര്‍വകലാശാല വി.സിയെ പ്രത്യേകം സൂക്ഷിക്കണമെന്നായിരുന്നു അടിയന്തര പ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചപ്പോള്‍ വി.എസിന്‍െറ ഭരണപക്ഷത്തിനുള്ള ഉപദേശം.

മുസഫര്‍നഗര്‍ കലാപ ഇരകള്‍ കുടിയിറക്കിന്‍െറ വക്കില്‍

Posted: 09 Dec 2014 06:15 PM PST

Image: 
Subtitle: 
മനുഷ്യാവകാശ ദിനത്തില്‍ ഇവര്‍ മരണത്തണുപ്പിലേക്ക്

ന്യൂഡല്‍ഹി: ഞങ്ങള്‍ക്കു പണം വേണ്ട, ആരുടെയും ഒൗദാര്യവും വേണ്ട. പക്ഷേ, ഞങ്ങളുടെ അന്തസ്സും അവകാശങ്ങളും ഞങ്ങള്‍ക്കവകാശപ്പെട്ടതാണ്, അതു മാത്രമാണ് ചോദിക്കുന്നതും. രാജ്യത്തെ രാഷ്ട്രീയ മാറ്റത്തിനുതന്നെ കാരണമായ സാമുദായിക ധ്രുവീകരണത്തിന് വഴിയൊരുക്കിയ യു.പിയിലെ മുസഫര്‍നഗര്‍ കലാപത്തെ തുടര്‍ന്ന് നാടുംവീടും വിട്ട് ദുരിതാശ്വാസ കേന്ദ്രങ്ങളില്‍ അഭയംതേടിയ മനുഷ്യരുടെ വാക്കുകളാണിത്. സ്വന്തംനാട്ടില്‍നിന്ന് ആട്ടിയോടിക്കപ്പെട്ട ഇവരെ എല്ലുറഞ്ഞുപോകുന്ന ഉത്തരേന്ത്യന്‍ ശൈത്യത്തില്‍ പെരുവഴിയിലേക്ക് ഇറക്കിവിടാനൊരുങ്ങുകയാണ് ഭരണകൂടം.

ഷാമിലി ജില്ലയിലെ മലക്പൂര്‍, ദഭേരി ഖുര്‍ദ്,  നൂര്‍പൂര്‍ ഖുര്‍ഗാന്‍, സുന്‍ഹേതി, ബര്‍വാനി ക്യാമ്പുകളില്‍ കഴിയുന്ന ഇരുനൂറ്റമ്പതിലേറെ കുടുംബങ്ങളോട് ഉടനടി കുടിയിറങ്ങാനാണ് ജില്ലാ അധികാരികള്‍ ഉത്തരവിട്ടിരിക്കുന്നത്. കലാപം കത്തിയ സോറം, പുര മഹാദേവി, ചക്രോലി, കുട്ബ, കുട്ബി, ബിട്വാധ, ഭാജു, ഭാഗ്പത് ഗ്രാമങ്ങളില്‍ നിന്നുള്ള കുട്ടികളും വൃദ്ധരുമടക്കമുള്ള അഭയാര്‍ഥികള്‍ വനംവകുപ്പ് വക ഭൂമിയില്‍ അടിസ്ഥാനസൗകര്യങ്ങ ള്‍ പോലുമില്ലാതെയാണ് കഴിയുന്നത്. എന്നാല്‍, ഇവര്‍ കലാപ ഇരകളല്ളെന്നും അഞ്ചു ലക്ഷം നഷ്ടപരിഹാരം കിട്ടുമെന്ന് മോഹിച്ച് ക്യാമ്പുകളില്‍ തുടരുകയാണെന്നുമാണ് ഉദ്യോഗസ്ഥരുടെ ഭാഷ്യം.

വനം വകുപ്പിന്‍െറ ഭൂമിയില്‍ അ നധികൃതമായി കഴിയുന്നത് അനുവദിക്കാനാവില്ളെന്നും ഉദ്യോഗസ്ഥര്‍ പറയുന്നു. ഇതു ചോദ്യംചെയ്ത രണ്ടുപേരെ കഴിഞ്ഞ ദിവസം പൊലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തു.  എന്നാല്‍, തിരിച്ചത്തെിയാല്‍ സുരക്ഷ ഉറപ്പാക്കാമെന്ന് ഭരണകൂടവും ഉറപ്പുനല്‍കുന്നില്ളെന്നും മടങ്ങിച്ചെന്നാല്‍ ഗ്രാമവാസികള്‍ വീണ്ടും ഉപദ്രവിക്കുമെന്ന ഭീതിമൂലമാണ്  ഇരകള്‍ ക്യാമ്പുകളില്‍ തുടരുന്നതെന്നും കലാപബാധിതര്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്ന അക്രം അഖ്തര്‍ പറയുന്നു.
 

വിവരങ്ങള്‍ക്ക് വിലങ്ങുവീഴുമ്പോള്‍

Posted: 09 Dec 2014 05:45 PM PST

Image: 
Subtitle: 
ഇന്ന് സാര്‍വദേശീയ മനുഷ്യാവകാശ ദിനം

ജനങ്ങളുടെ ശക്തമായ പ്രതിഷേധത്തെ അവഗണിക്കാന്‍ സര്‍ക്കാറിന് കഴിയില്ളെന്ന് വ്യക്തമാക്കുന്നതാണ് മഹാരാഷ്ട്രയിലെ ആന്‍റി കറപ്ഷന്‍ ബ്യൂറോയെ വിവരാവകാശ നിയമത്തിന്‍െറ പരിധിയിലേക്ക് തിരിച്ചുകൊണ്ടുവന്ന വിജ്ഞാപനം. ഭരണകാലത്തെ അഴിമതികള്‍ പുറത്തുവരാതിരിക്കാനാണ് കോണ്‍ഗ്രസ്^എന്‍.സി.പി സര്‍ക്കാര്‍ ഇലക്ഷന്‍ വിജ്ഞാപനം പുറപ്പെടുവിക്കുന്നതിന്‍െറ തലേദിവസം സംസ്ഥാനത്തെ അഴിമതി വിരുദ്ധ സംവിധാനത്തെ വിവരാവകാശ നിയമത്തിന്‍െറ പരിധിയില്‍നിന്ന് ഒഴിവാക്കി വിജ്ഞാപനം പുറപ്പെടുവിച്ചത്. മുന്‍ മുഖ്യമന്ത്രി പൃഥ്വീരാജ് ചൗഹാന്‍െറ ചുമതലയിലുള്ള പൊതുഭരണ വകുപ്പാണ് വിവാദ ഉത്തരവ് പുറത്തിറക്കിയത്. മുന്‍ ഉപമുഖ്യമന്ത്രി അജിത് പവാര്‍, എന്‍.സി.പി നേതാവ് സുനില്‍ ടാത്കരെ എന്നിവര്‍ക്കെതിരെ ഉയര്‍ന്ന അഴിമതി ആരോപണങ്ങളുടെ പശ്ചാത്തലത്തിലായിരുന്നു ഈ രഹസ്യ ഉത്തരവ്. ജലസേചന പദ്ധതിയുടെ പേരില്‍ കോടികളുടെ കുംഭകോണം നടന്നതായാണ് ഇരുവര്‍ക്കുമെതിരെ ഉന്നയിക്കപ്പെട്ട ആരോപണം. സെപ്റ്റംബര്‍ ആറിന് പുറപ്പെടുവിച്ച വിജ്ഞാപനം ഒക്ടോബര്‍ മധ്യത്തോടെയാണ് ബ്യൂറോയുടെ വെബ്സൈറ്റില്‍ പോലും പ്രസിദ്ധീകരിച്ചത്. ഈ വിജ്ഞാപനമാണ് ഇപ്പോള്‍ ഗവര്‍ണര്‍ സി. വിദ്യാസാഗര്‍ റാവു പിന്‍വലിച്ചത്.

ഒഴിവാക്കപ്പെട്ട സ്ഥാപനങ്ങള്‍
വിവരാവകാശ നിയമത്തിന്‍െറ 24ാം വകുപ്പു പ്രകാരം രഹസ്യാന്വേഷണം സുരക്ഷാ സ്ഥാപനങ്ങളെ നിയമത്തിന്‍െറ പരിധിയില്‍നിന്ന് ഒഴിവാക്കാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ക്ക് അധികാരമുണ്ട്. എന്നാല്‍, അഴിമതി ആരോപണങ്ങളെയും മനുഷ്യാവകാശ ലംഘനങ്ങളെയും സംബന്ധിച്ച വിവരങ്ങള്‍ ആവശ്യപ്പെടാന്‍ പൗരന് അവകാശമുണ്ടെന്ന് ഈ വകുപ്പ് പറയുന്നു. മനുഷ്യാവകാശ ധ്വംസനങ്ങളുമായി ബന്ധപ്പെട്ട വിവരങ്ങളാണ് ആവശ്യപ്പെടുന്നതെങ്കില്‍ വിവരാവകാശ കമീഷന്‍െറ അംഗീകാരത്തോടെയാണ് വെളിപ്പെടുത്തേണ്ടത്. 45 ദിവസമാണ് വിവരം നല്‍കാനുള്ള സമയ പരിധി. ചുരുക്കത്തില്‍ രണ്ടാം പട്ടികയില്‍ ഉള്‍പ്പെട്ട രഹസ്യാന്വേഷണ, സുരക്ഷാ ഏജന്‍സികളിലെ വിവരങ്ങള്‍ പൂര്‍ണമായും ഒഴിവാക്കാന്‍ നിയമം അനുവദിക്കുന്നില്ല. മനുഷ്യാവകാശ ലംഘനങ്ങളും അഴിമതിയുമായി ബന്ധപ്പെട്ട വിവരങ്ങളും നല്‍കണമെന്നതിനാല്‍ പബ്ളിക് ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍മാര്‍, അപ്പീല്‍ അധികാരികള്‍ എന്നിവരെ സര്‍ക്കാര്‍ സ്ഥാന നിര്‍ദേശം ചെയ്യേണ്ടതുണ്ട്. 24ാം വകുപ്പ് നല്‍കുന്ന അധികാരം ഉപയോഗിച്ച് കേന്ദ്ര സര്‍ക്കാര്‍ വരുത്തിയ ഭേദഗതി പ്രകാരം നിലവില്‍ 25 സംഘടനകളാണ് ഈ പട്ടികയിലുള്ളത്. കേന്ദ്ര സര്‍ക്കാര്‍ വിജ്ഞാപനം ചെയ്ത പട്ടികയിലെ ചില സ്ഥാപനങ്ങള്‍ രഹസ്യാന്വേഷണ ഏജന്‍സികളോ സുരക്ഷാ സ്ഥാപനങ്ങളോ അല്ല. ഈ ഭേദഗതി നിര്‍ദേശത്തെ അരുണ റോയിയെപ്പോലുള്ള സാമൂഹിക പ്രവര്‍ത്തകര്‍ എതിര്‍ക്കുകയുണ്ടായി. വിവരാവകാശ നിയമത്തിലെ 8 (1) വകുപ്പു പ്രകാരം നിലവില്‍ത്തന്നെ അന്വേഷണത്തെ തടസ്സപ്പെടുത്തുന്ന വിവരങ്ങള്‍ നല്‍കേണ്ടതില്ല. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്‍െറ ആവശ്യത്തെ തുടര്‍ന്നാണ് ഈ ഭേദഗതി കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്നത്. എന്നാല്‍, കേന്ദ്ര പേഴ്സനല്‍ മന്ത്രാലയം സി.ബി.ഐയെ ഒഴിവാക്കുന്നതിനെ എതിര്‍ത്തിരുന്നു എന്ന രേഖകള്‍ വിവരാവകാശ നിയമപ്രകാരംതന്നെ പുറത്തുവന്നതാണ്. രഹസ്യാന്വേഷണ ഏജന്‍സിയോ സുരക്ഷാ ഏജന്‍സിയോ അല്ല സി.ബി.ഐ എന്നാണ് ആ നോട്ടില്‍ വ്യക്തമാക്കിയിരുന്നത്.

വിവരാവകാശ നിയമത്തിന്‍െറ അന്തസ്സത്തക്ക് വിരുദ്ധമായാണ് കേന്ദ്രസര്‍ക്കാര്‍ സി.ബി.ഐ, എന്‍.ഐ.എ എന്നീ ഏജന്‍സികളെ നിയമപരിധിയില്‍നിന്ന് ഒഴിവാക്കിയതെന്നും അതിനാല്‍ ഈ ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹ്യൂമന്‍ റൈറ്റ്സ് ഡിഫന്‍സ് ഫോറം കേരള ഹൈകോടതിയെ സമീപിച്ചിരുന്നു. കേന്ദ്രത്തിന്‍െറ  ഹരജിയെ തുടര്‍ന്ന് ഈ ഹരജി സുപ്രീംകോടതിയിലേക്ക് മാറ്റുകയാണുണ്ടായത്.
എന്‍.ഐ.എ, സി.ബി.ഐ എന്നിവ രഹസ്യാന്വേഷണ ഏജന്‍സിയല്ല. കുറ്റാന്വേഷണ ഏജന്‍സിയാണ്. അറ്റോണി ജനറലായിരുന്ന ഗുലാം ഇ. വഹന്‍വതി നിയമമന്ത്രാലയത്തിനു നല്‍കിയ കുറിപ്പിലാണ് സി.ബി.ഐയെ ആര്‍.ടി.എ നിയമത്തിന്‍െറ പരിധിയില്‍നിന്ന് ഒഴിവാക്കണമെന്ന് ശിപാര്‍ശ ചെയ്തത്. സി.ബി.ഐയെ രണ്ടാം പട്ടികയില്‍ ഉള്‍പ്പെടുത്തുന്നത് ശരിയെങ്കില്‍ ചില ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കേണ്ടിവരും. സി.ബി.ഐയുടെ ഭരണകാര്യങ്ങള്‍, ഉദ്യോഗസ്ഥ നിയമനം, ബജറ്റ്, കണക്കുകള്‍, ഉദ്യോഗസ്ഥരുടെ പരിശീലനം എന്നീ വിവരങ്ങളും ഒഴിവാക്കണമോ?

സി.ബി.ഐ ശേഖരിക്കുന്ന രഹസ്യ വിവരങ്ങള്‍ക്ക് മാത്രമായി ഈ ഒഴിവാക്കല്‍ പരിമിതപ്പെടുത്തുമോ? അറ്റോണി ജനറലിന്‍െറ അഭിപ്രായത്തില്‍ രഹസ്യ വിവരങ്ങളുടെ ശേഖരണവും അതിനെ തുടര്‍ന്നുള്ള അന്വേഷണവും ‘ഇന്‍വെസ്റ്റിഗേഷന്‍’ എന്ന നിര്‍വചനത്തില്‍പെടുന്നു. അതുകൊണ്ടാണ് സി.ബി.ഐയെ ഉള്‍പ്പെടുത്തുന്നതിനെ അദ്ദേഹം ന്യായീകരിച്ചത്. രാജ്യത്തിന്‍െറ സാമ്പത്തിക സുരക്ഷയുമായി ബന്ധപ്പെട്ട നിരവധി കേസുകള്‍ സി.ബി.ഐയുടെ അന്വേഷണ പരിധിയിലാണ്. നിരവധി അഴിമതിക്കേസുകളുമുണ്ട് കൂട്ടത്തില്‍.

ഇത്തരം വിവരങ്ങള്‍ പുറത്തുവന്നാല്‍ രാജ്യസുരക്ഷയത്തെന്നെ അപകടത്തിലാക്കുമെന്ന് അദ്ദേഹം ആശങ്കപ്പെടുന്നു. രാജ്യസുരക്ഷയല്ല ചിലരുടെ ദേഹസുരക്ഷയാണ് ഒഴിവാക്കലിന് കാരണമെന്ന സന്ദേഹവും ഉയരുന്നുണ്ട്. സംശയാസ്പദമായ പശ്ചാത്തലമുള്ള സി.ബി.ഐ ഉദ്യോഗസ്ഥരുടെ വിശദാംശങ്ങള്‍ വിവരാവകാശ നിയമപ്രകാരം ചോദിച്ചതാണ് സി.ബി.ഐയെ ഒഴിവാക്കാനുള്ള പ്രധാന പ്രകോപനം. സി.ബി.ഐ അപേക്ഷ നിരാകരിച്ചെങ്കിലും വിവരം നല്‍കാനായിരുന്നു കേന്ദ്ര വിവരാവകാശ കമീഷന്‍െറ ഉത്തരവ്.

നിയമലംഘനം കേരളത്തിലും
നിയമത്തിലെ 24 (4) വകുപ്പ് നല്‍കുന്ന അധികാരം ഉപയോഗിച്ച് സംസ്ഥാന സര്‍ക്കാര്‍ എട്ട് ഏജന്‍സികളെയാണ് വിവരാവകാശനിയമത്തിന്‍െറ പരിധിയില്‍നിന്ന് ഒഴിവാക്കിയത്. 2002 ഫെബ്രുവരി ഏഴിന് പൊതുഭരണ വകുപ്പ് പുറപ്പെടുവിച്ച വിജ്ഞാപനം അനുസരിച്ചാണ് ഈ ഒഴിവാക്കല്‍ നിലവില്‍ വന്നത്. ഇതിലെ പല ഏജന്‍സികളും രഹസ്യാന്വേഷണ സുരക്ഷാ സ്ഥാപനങ്ങളല്ല. സംസ്ഥാനത്തെ കുറ്റാന്വേഷണ ഏജന്‍സികളെ സഹായിക്കുന്നവയാണ്. ഇവയുടെ പ്രവര്‍ത്തനങ്ങള്‍ രാജ്യരക്ഷയുമായോ കുറ്റാന്വേഷണവുമായോ ഒരു ബന്ധവുമില്ലാത്തതാണ്.
സ്പെഷല്‍ ബ്രാഞ്ച് സി.ഐ.ഡി, ക്രൈംബ്രാഞ്ച് സി.ഐ.ഡി, ഡിസ്ട്രിക്ട് സ്പെഷല്‍ ബ്രാഞ്ചസ് ഓഫ് ഓള്‍ ഡിസ്ട്രിക്സ് /സിറ്റീസ്, ഡിസ്ട്രിക്ട് ആന്‍ഡ് ക്രൈം റെക്കോഡ് ബ്യൂറോ, പൊലീസ് ടെലികമ്യൂണിക്കേഷന്‍ യൂനിറ്റ്, കോണ്‍ഫിഡന്‍ഷ്യല്‍ ബ്രാഞ്ച് ഇന്‍ ദ പൊലീസ് ഹെഡ്ക്വാര്‍ട്ടേഴ്സ്, കേരള ആന്‍ഡ് കോണ്‍ഫിഡന്‍ഷ്യല്‍ സെക്ഷന്‍സ് ഇന്‍ ഓള്‍ പൊലീസ് ഓഫിസസ് ഇന്‍ കേരള, സ്റ്റേറ്റ് ആന്‍ഡ് റീജനല്‍ ഫോറന്‍സിക് സയന്‍സ് ലബോറട്ടറീസ്, സ്റ്റേറ്റ് ആന്‍ഡ് ഡിസ്ട്രിക്ട് ഫിംഗര്‍പ്രിന്‍റ് ബ്യൂറോ എന്നീ വിഭാഗങ്ങളെയാണ് ഒഴിവാക്കിയിട്ടുള്ളത്. കൂടാതെ, ആഭ്യന്തര വകുപ്പിലെ (SS-A) (SS-B) വിഭാഗങ്ങളെ ഒഴിവാക്കപ്പെട്ട ഏജന്‍സികളില്‍നിന്ന് ലഭിക്കുന്ന രഹസ്യ സ്വഭാവമുള്ള രേഖകളെ സംബന്ധിച്ചിടത്തോളമുള്ള കാര്യങ്ങള്‍ 2013 ഏപ്രില്‍ 11ല്‍ പുറപ്പെടുവിച്ച ഉത്തരവ് പ്രകാരം ആര്‍.ടി.എ നിയമത്തിന്‍െറ പരിധിയില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
ഈ ഏജന്‍സികള്‍ സംസ്ഥാന പൊലീസിന് കീഴിലുള്ള ഉപവിഭാഗങ്ങളാണ്. ഒരുസംഘടനയുടെ ഏതെങ്കിലും ഉപവിഭാഗത്തെ മാത്രം നിയമത്തിന്‍െറ പരിധിയില്‍നിന്ന് ഒഴിവാക്കാന്‍ വിവരാവകാശ നിയമം അനുവദിക്കുന്നില്ല.

സംസ്ഥാന ക്രൈം റെക്കോഡ്സ് ബ്യൂറോ എങ്ങനെയാണ് അന്വേഷണ-സുരക്ഷാ സ്ഥാപനമാകുന്നത്? കേന്ദ്ര സര്‍ക്കാര്‍ പോലും ക്രൈം റെക്കോഡ്സ് ബ്യൂറോയെ ഒഴിവാക്കിയിട്ടില്ല എന്നോര്‍ക്കുക. ‘സംസ്ഥാന പൊലീസിന്‍െറ ഏതെങ്കിലും വിഭാഗത്തെ രഹസ്യാന്വേഷണത്തിന്‍െറ പേരിലോ രാജ്യസുരക്ഷയുടെ പേരിലോ ഒഴിവാക്കണമെങ്കില്‍ ആ വിഭാഗത്തില്‍ ഉദ്ഭവിച്ചതും രഹസ്യമായി സൂക്ഷിക്കുന്നതുമായ വിവരങ്ങള്‍ ഒഴിവാക്കുന്നതാണ് നിയമത്തിന്‍െറ അന്തസ്സത്തക്ക് ചേര്‍ന്ന നടപടി. പൊലീസ് വകുപ്പിന്‍െറ സാധാരണ കുറ്റാന്വേഷണ വിഭാഗത്തില്‍ ഉദ്ഭവിച്ചതും വിവരാവകാശ നിയമത്തിന്‍െറ പരിധിയില്‍ വരുന്നതുമായ ഒരു വിവരം ക്രൈംബ്രാഞ്ച്, ക്രൈം റെക്കോഡ്സ് ബ്യൂറോ തുടങ്ങിയ വിഭാഗങ്ങളിലേക്ക് മാറ്റിയതിന്‍െറ അടിസ്ഥാനത്തില്‍ 24ാം വകുപ്പു പ്രകാരം രഹസ്യമായി സൂക്ഷിക്കുന്നത് യുക്തിസഹമല്ല’-സംസ്ഥാന വിവരാവകാശ കമീഷനായിരുന്ന വി.വി. ഗിരി അഭിപ്രായപ്പെടുന്നു.

രാഷ്ട്രത്തിന്‍െറ പരമാധികാരത്തെയും സാമ്പത്തിക താല്‍പര്യങ്ങളെയും വിദേശ സര്‍ക്കാറുമായുള്ള ബന്ധത്തെ ഉള്‍പ്പെടെ പ്രതികൂലമായി ബാധിക്കുന്ന വിവരങ്ങള്‍ നല്‍കേണ്ടതില്ളെന്ന 8 (1) (a) വകുപ്പ് പരാമര്‍ശിച്ചാണ് അഡീ. ചീഫ് സെക്രട്ടറി വി.ജെ. കുര്യന്‍ ഉത്തരവ് പുറപ്പെടുവിച്ചത്. ഈ ഉത്തരവില്‍, ‘സ്റ്റേറ്റ്’ എന്ന് നിയമത്തില്‍ പരാമര്‍ശിച്ചത് സൗകര്യാര്‍ഥം ‘സംസ്ഥാന’മാക്കി. വിദേശ രാജ്യങ്ങളുമായി ബന്ധപ്പെടേണ്ട ചുമതല സംസ്ഥാനങ്ങളുടേതല്ല എന്ന പ്രാഥമികമായ അറിവ് നമ്മുടെ ഉദ്യോഗസ്ഥര്‍ക്ക് ഇല്ലാത്തതല്ല. അവരുടെ സൗകര്യത്തിനുവേണ്ടി നിയമത്തിന് പുതിയ അര്‍ഥവും വ്യാഖ്യാനവും നല്‍കുകയാണ് ചെയ്യുന്നത്.

തമിഴ്നാടുമായുള്ള മുല്ലപ്പെരിയാര്‍ നദീജല തര്‍ക്കം സുപ്രീംകോടതിയുടെ പരിഗണനയിലുള്ളതാവാം ഈ ഉത്തരവിന്‍െറ പശ്ചാത്തലം. കോടതിയുടെ പരിഗണനയിലാണ് വിഷയം എന്നതുകൊണ്ടുമാത്രം വിവരം നിഷേധിക്കാന്‍ പാടില്ല. വിവരം പുറത്തുവിടരുതെന്ന് കോടതി ഉത്തരവിട്ടാല്‍ മാത്രമേ അത് നിഷേധിക്കാന്‍ ഉദ്യോഗസ്ഥന് നിയമം അധികാരം നല്‍കുന്നുള്ളൂ. മുല്ലപ്പെരിയാര്‍ കേസില്‍ കേരളം സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിന്‍െറ പകര്‍പ്പ് ഈ ഉത്തരവ് ചൂണ്ടിക്കാണിച്ചാണ് ജലവിഭവ വകുപ്പ് ഈ ലേഖകന് നിരാകരിച്ചത്. കോടതിയില്‍ കക്ഷികള്‍ സമര്‍പ്പിക്കുന്ന സത്യവാങ്മൂലത്തിന്‍െറ പകര്‍പ്പ് ആദ്യം നല്‍കേണ്ടത് എതിര്‍കക്ഷിക്കാണെന്ന വസ്തുതയാണ് ഇവിടെ വിസ്മരിക്കപ്പെട്ടത്. ഈ രേഖകള്‍ ഇനി ലഭിക്കാന്‍ തമിഴ്നാട് സര്‍ക്കാറിനോട് ചോദിക്കേണ്ടിവരും!

സര്‍ക്കാറുദ്യോഗസ്ഥരുടെ പ്രതിബദ്ധതയും പ്രവര്‍ത്തനങ്ങളിലെ സുതാര്യതയും ഉറപ്പുവരുത്തുന്നതിലൂടെ അഴിമതി അവസാനിപ്പിക്കുക എന്നതാണ് വിവരാവകാശ നിയമത്തിന്‍െറ ലക്ഷ്യം. ഈ ലക്ഷ്യം കൈവരിക്കണമെങ്കില്‍ അഴിമതികള്‍ അന്വേഷിക്കുന്ന ഏജന്‍സികളെയും പൊതുജന പരിശോധനക്ക് വിധേയമാക്കേണ്ടതുണ്ട്. സുതാര്യതക്കുള്ള നിയമത്തിന്‍െറ പരിധിയില്‍നിന്ന് കുതറിമാറാനുള്ള ഈ വിഭാഗങ്ങളുടെ ശ്രമങ്ങളെ പൗരസമൂഹം ചെറുക്കേണ്ടതുണ്ട്.

ചുംബിലാബിന്‍െറ മക്കള്‍ കാണാതെ പോവുന്നത്

Posted: 09 Dec 2014 05:38 PM PST

Image: 

ആഴ്ചകള്‍ക്കുമുമ്പ് കോഴിക്കോട്ടെ ഒരു റസ്റ്റാറന്‍റ് യുവതീ യുവാക്കളുടെ അഴിഞ്ഞാട്ടത്തിന് അവസരമൊരുക്കുന്നതായ വാര്‍ത്ത ഒരു ചാനല്‍ സംപ്രേഷണം ചെയ്തതിനെ തുടര്‍ന്ന് അതു തല്ലിത്തകര്‍ക്കാന്‍ ശ്രമിച്ച യുവമോര്‍ച്ച സംഘത്തിന്‍െറ ചെയ്തിക്കെതിരെ ‘കിസ് ഓഫ് ലവ്’ എന്ന പേരില്‍ രൂപപ്പെട്ട സോഷ്യല്‍ മീഡിയ കൂട്ടായ്മ സംഘടിപ്പിച്ച ചുംബനസമരം വൈറലായി പടര്‍ന്നുകൊണ്ടിരിക്കുന്നതാണ് സംസ്ഥാനത്തെ ഏറ്റവും ചൂടുള്ള സംഭവവികാസം. ആദ്യം കൊച്ചിയിലും പിന്നെ ഹൈദരാബാദിലും ഡല്‍ഹിയിലും ബംഗളൂരുവിലും ഒടുവില്‍, കോഴിക്കോട്ടും അരങ്ങേറിയ ചുംബനസമരങ്ങളും അതിനെതിരെ ചില തീവ്രവാദി സംഘടനകള്‍ നടത്തിയ അക്രമാസക്തമായ പ്രതിഷേധവും തമാശകാണാന്‍ തടിച്ചുകൂടിയ കാണികളും പൊലീസിന്‍െറ ദിശാബോധമില്ലാത്ത ഇടപെടലുമെല്ലാം ചേര്‍ന്ന് സമൂഹത്തിനും പുതുതലമുറക്കും നല്‍കുന്ന സന്ദേശം ആരോഗ്യകരമോ സംസ്കാരോചിതമോ ധാര്‍മികമോ അല്ളെന്ന് ചൂണ്ടിക്കാണിക്കാതെ വയ്യ.

2012 ഡിസംബറില്‍ ഡല്‍ഹിയില്‍ ബസ് യാത്രക്കാരിയായ വിദ്യാര്‍ഥിനിയെ ഏതാനും കശ്മലന്മാര്‍ അതിക്രൂരമായി ബലാത്സംഗം ചെയ്ത് കൊന്നതിന്‍െറ പശ്ചാത്തലത്തില്‍ സ്ത്രീപീഡനത്തിനെതിരെ രാജ്യത്തെയാകെ തട്ടിയുണര്‍ത്താനും നിയമനിര്‍മാണത്തിലൂടെ കടുത്ത ശിക്ഷ ഏര്‍പ്പെടുത്താന്‍ സര്‍ക്കാറിനെ നിര്‍ബന്ധിക്കാനും വഴിയൊരുക്കിയത് സോഷ്യല്‍ മീഡിയ നടത്തിയ വ്യാപകമായ പ്രതികരണമാണെന്ന് സമ്മതിക്കണം. എന്നാല്‍, ഇപ്പോള്‍ രൂപംകൊണ്ട കിസ് ഓഫ് ലവ് ഇതുപോലുള്ള ക്രിയാത്മക കൂട്ടായ്മയാണോ, അത് നേരായ വഴിക്കാണോ പുതിയ തലമുറയെ നയിക്കുന്നത് എന്ന കാര്യത്തില്‍ സഗൗരവമായ ആലോചന വേണ്ടതുണ്ട്. സ്വാതന്ത്ര്യത്തിന്‍െറയും ജനാധിപത്യത്തിന്‍െറയും പേരിലാണ് നടുറോഡിലും പൊതുസ്ഥലങ്ങളിലും ചുംബനസമരം എന്ന പേരില്‍ ആഭാസകരമായ ചെയ്തികള്‍ അരങ്ങേറുന്നത്. മനുഷ്യസമൂഹം എക്കാലത്തും സ്വകാര്യതയുടെ ചില അതിര്‍വരമ്പുകള്‍ കാത്തുസൂക്ഷിച്ചുവന്നിട്ടുണ്ട്.

അതാണ് മനുഷ്യനും ഇതര ജന്തുവര്‍ഗങ്ങളും തമ്മിലെ പ്രധാന വ്യത്യാസവും. പരിണാമത്തിലൂടെയാണ് മനുഷ്യന്‍ രൂപപ്പെട്ടതെന്ന് സിദ്ധാന്തിക്കുന്നവരും മനുഷ്യനായശേഷം അവര്‍ മൃഗങ്ങളെപ്പോലെ ഉടുതുണിയില്ലാതെ നടക്കുകയോ പരസ്യമായ ലൈംഗിക ചേഷ്ടകളിലേര്‍പ്പെടുകയോ സഭ്യേതരമായി പെരുമാറുകയോ ചെയ്യുന്നത് മാന്യമായി കരുതുന്നില്ല. അത്തരം അനാശാസ്യതകളെ വിലക്കുന്ന നിയമങ്ങള്‍ മിക്ക സമൂഹങ്ങളിലും ഉണ്ടുതാനും. അടച്ചിട്ട മുറികളിലോ സ്വകാര്യ സ്ഥലങ്ങളിലോ ചെയ്യുന്നതും പറയുന്നതുമായ കാര്യങ്ങളൊന്നും പരസ്യമായി ചെയ്യേണ്ടതല്ല എന്നതാണ് സാമാന്യ മാനവിക മര്യാദ. മറിച്ചായാല്‍ എന്തും എവിടെയും എങ്ങനെയും ചെയ്യാമെന്ന തെറ്റായ പാഠമാണ് ഇളംതലമുറകള്‍ പകര്‍ത്തുക. അതാകട്ടെ, സമൂഹത്തെയാകത്തെന്നെ അരാജകത്വത്തിലാഴ്ത്തും.

ചുംബനങ്ങള്‍ പലവിധമുണ്ടെന്നും എല്ലാം ലൈംഗികമല്ളെന്നും സിദ്ധാന്തിച്ചുകൊണ്ട് രംഗത്തിറങ്ങിയിരിക്കുന്ന മീഡിയയും സാംസ്കാരിക പ്രവര്‍ത്തകരും മനസ്സിലാക്കേണ്ട കാര്യം അതൊന്നും തിരിച്ചറിയാത്ത മന്ദബുദ്ധികളല്ല ചുംബനസമരത്തെ തള്ളിപ്പറയുന്നവരെന്ന വസ്തുതയാണ്. മാതാപിതാക്കള്‍ മക്കളെ ചുംബിക്കുന്നതോ ചിലര്‍ ആചാരപരമായി ആലിംഗനം ചെയ്യുന്നതോ ആയിനത്തില്‍പെടുന്ന മറ്റു പ്രവൃത്തികളോ അല്ല വിമര്‍ശിക്കപ്പെടുന്നത്. വിദ്യാലയങ്ങളിലെയും കലാലയങ്ങളിലെയും വിദ്യാര്‍ഥി, വിദ്യാര്‍ഥിനികളും മറ്റു കൗമാരക്കാരും പ്രണയത്തിന്‍െറ പേരില്‍ കൂട്ടായ്മകള്‍ സൃഷ്ടിച്ച് സിനിമകളില്‍പോലും നിയന്ത്രിക്കപ്പെട്ട ചെയ്തികള്‍ പരസ്യമായി ചെയ്യുമ്പോള്‍ അതു വിനാശകരമായ സദാചാരത്തകര്‍ച്ചക്ക് വഴിയൊരുക്കുന്നു എന്ന് അനുഭവം തെളിയിച്ചതുകൊണ്ടാണ് ചില സംയമനവും നിയന്ത്രണവും ഇക്കാര്യത്തില്‍ വേണമെന്നു പറയുന്നത്.

ഇവര്‍ വീറോടെ വാദിക്കുന്ന സ്വാതന്ത്ര്യവും ജനാധിപത്യാവകാശങ്ങളും നൂറു ശതമാനവും അനുവദിക്കുകയും അനുഭവിക്കുകയും ചെയ്യുന്ന പാശ്ചാത്യസമൂഹങ്ങളില്‍ എന്ത് സംഭവിക്കുന്നുവെന്ന് കണ്ണുതുറന്നു കാണണം. അമേരിക്കന്‍ സര്‍വകലാശാലകളില്‍ അതിഭീകരമായി വര്‍ധിക്കുന്ന ലൈംഗികാതിക്രമങ്ങള്‍ വൈറ്റ് ഹൗസിനെപ്പോലും അസ്വസ്ഥമാക്കുന്നു എന്ന വാര്‍ത്ത ഈ ഡിസംബര്‍ രണ്ടിനാണ് നമ്മുടെ മാധ്യമങ്ങളില്‍ വന്നത്. ആദ്യവര്‍ഷ വിദ്യാര്‍ഥിനികളെ എങ്ങനെ ലക്ഷ്യമിടാമെന്നും പിടിക്കപ്പെടാതെ ലൈംഗികാതിക്രമം നടത്താവുന്ന സ്ഥലങ്ങള്‍ ഏതൊക്കെയെന്നും വ്യക്തമാക്കുന്ന ഇ-മെയില്‍ സന്ദേശങ്ങളാണത്രെ യൂനിവേഴ്സിറ്റികളില്‍ വ്യാപകമായി പ്രചരിക്കുന്നത്. റിപ്പോര്‍ട്ട് പുറത്തുവന്നതോടെ പാര്‍ട്ടികളും സംഗമങ്ങളും പ്രശസ്തമായ വിര്‍ജീനിയ സര്‍വകലാശാല റദ്ദാക്കിയിരിക്കുകയാണ്.

യു.എസ് യൂനിവേഴ്സിറ്റി വിദ്യാര്‍ഥിനികളില്‍ അഞ്ചിലൊന്ന് ലൈംഗികാതിക്രമത്തിന് വിധേയരാവുന്നുണ്ടെന്ന കണക്കില്‍ ഞെട്ടിയ വൈറ്റ്ഹൗസ് വിപുലമായ ബോധവത്കരണത്തിനിറങ്ങിയിരിക്കുകയാണ്. അമേരിക്കന്‍ സൈന്യത്തിലും കഴിഞ്ഞവര്‍ഷം എട്ടു ശതമാനമാണ് ലൈംഗികാതിക്രമങ്ങളുടെ വര്‍ധന. ഇതൊക്കെയും പരസ്യചുംബനം പോലുള്ളവ അനുവദിക്കാത്തതുകൊണ്ടോ അനുവദിച്ചതുകൊണ്ടോ എന്ന് നമ്മുടെ ചുംബിലാബിന്‍െറ മക്കള്‍ വ്യക്തമാക്കണം. യഥാര്‍ഥത്തില്‍ സംഭവിക്കുന്നതിന്‍െറ 12 ശതമാനമേ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുള്ളൂ എന്നുകൂടി അറിയുമ്പോഴാണ് അസാന്മാര്‍ഗികതയുടെ ആഴം ബോധ്യപ്പെടുക. ഇവിടെയാകട്ടെ ഒന്നും ഒന്നരയും വയസ്സായ കുഞ്ഞുങ്ങളെ മുതിര്‍ന്ന കുട്ടികള്‍ ലൈംഗികാതിക്രമങ്ങള്‍ക്ക് വിധേയരാക്കുന്ന ഞെട്ടിക്കുന്ന സംഭവങ്ങള്‍ ദിനേന പുറത്തുവന്നുകൊണ്ടിരിക്കുകയാണ്. ചുംബനസമരക്കാരുടെ മാതൃക നേരില്‍കാണുന്ന കൊച്ചുകുട്ടികള്‍വരെ അതെങ്ങനെ ജീവിതത്തില്‍ പകര്‍ത്തുന്നു എന്ന തിക്തസത്യമാണ് നാം കാണേണ്ടത്.

ഭാരത സംസ്കാരത്തിന്‍െറ മഹിമ അവകാശപ്പെടുന്ന ചില തീവ്രവാദി സംഘടനകള്‍ അവസരമുപയോഗിച്ച് ബലപ്രയോഗത്തിനിറങ്ങുന്നത് തീര്‍ച്ചയായും അപലപിക്കപ്പെടേണ്ടതുതന്നെ. വാനര സേനകള്‍ക്ക് അവസരം സൃഷ്ടിച്ചുകൊടുക്കുകയാണ് തങ്ങള്‍ ചെയ്യുന്നതെന്ന് ചുംബനസമരക്കാരും ഓര്‍ത്തിരിക്കണം. പൊലീസ് ചുംബന സമരക്കാര്‍ക്കോ അതില്‍ പ്രതിഷേധിക്കുന്നവര്‍ക്കോ സംരക്ഷണമൊരുക്കുന്നില്ളെന്ന് വ്യക്തമാക്കുന്ന ആഭ്യന്തരമന്ത്രി ക്രമസമാധാനപാലനമെന്ന പ്രാഥമികദൗത്യം യഥാവിധി നിറവേറ്റാന്‍ സുരക്ഷാസേനയെ നിര്‍ബന്ധിക്കുകതന്നെവേണം. പൊതുസ്ഥലങ്ങളിലെ അഴിഞ്ഞാട്ടവും അതിക്രമങ്ങളും മുഖംനോക്കാതെ അടിച്ചമര്‍ത്തിയേപറ്റൂ.

No comments:

Post a Comment

english malayalam dictionary

വിരുന്നുകാര്...

poomottu

Dsgd: by ASLAM PADINHARAYIL

Back to TOP