സ്വാഗതം
WELCOME

News Update..

Friday, December 5, 2014

ബിസ്‌നസ് ക്ളാസില്‍ യാത്ര; കെജ് രിവാളിനെതിരെ പ്രതിയോഗികള്‍ Madhyamam News Feeds

ബിസ്‌നസ് ക്ളാസില്‍ യാത്ര; കെജ് രിവാളിനെതിരെ പ്രതിയോഗികള്‍ Madhyamam News Feeds

Link to

ബിസ്‌നസ് ക്ളാസില്‍ യാത്ര; കെജ് രിവാളിനെതിരെ പ്രതിയോഗികള്‍

Posted: 05 Dec 2014 01:16 AM PST

Image: 

ന്യൂഡല്‍ഹി: ദുബായിലേക്ക് ബിസ്‌നസ് ക്ളാസില്‍ യാത്ര ചെയ്ത ആം ആദ്മി പാര്‍ട്ടി (എ.എ.പി) നേതാവ് അരവിന്ദ് കെജ് രിവാളിനെതിരെ രാഷ്ട്രീയ പ്രതിയോഗികള്‍ രംഗത്ത്. കെജ് രിവാളിന്‍െറ യഥാര്‍ഥ മുഖം വ്യക്തമായി എന്നാണ് എതിരാളികള്‍ ആരോപിക്കുന്നത്.

ദുബൈയിലേക്കും ന്യൂയോര്‍ക്കിലേക്കുമായാണ് കെജ് രിവാള്‍ പുറപ്പെട്ടത്.  സാമൂഹ്യമാറ്റത്തിന് പ്രചോദനം നല്‍കിയ ഏഷ്യയിലെ മികച്ച യുവനേതാവിനുള്ള പുരസ്കാരം കെജ് രിവാള്‍ ദുബൈയില്‍ സ്വീകരിക്കും. അതിനുശേഷം ന്യൂയോര്‍ക്കിലേക്ക് പോകുന്ന കെജ് രിവാള്‍ കൊളംബിയ യൂണിവേഴ്സിറ്റിയില്‍ സംസാരിക്കും. പാര്‍ട്ടി പ്രവര്‍ത്തകരുടെ വിരുന്നിലും അദ്ദേഹം പങ്കെടുക്കും.

കെജ് രിവാളിന്‍െറ ശരിയായ മുഖം ജനങ്ങള്‍ അറിഞ്ഞുവെന്ന് കോണ്‍ഗ്രസ് പറഞ്ഞു. പറയുന്നത് ചെയ്യാതിരിക്കുകയും പറയാത്തത് ചെയ്യുകയുമാണ് എ.എ.പിയുടെ നയം. ഒരു ഭാഗത്ത് അവര്‍ സാധാരണ ജനങ്ങളെക്കുറിച്ച് സംസാരിക്കുന്നു. മറുവശത്ത് ഫണ്ട് പിരിക്കാനെന്ന പേരില്‍ അതിന്‍െറ നേതാവ് ഉയര്‍ന്ന ക്ളാസില്‍ യാത്ര ചെയ്യുന്നു. ആ പാര്‍ട്ടിയുടെ ലക്ഷ്യം എന്താണെന്ന് ഇതില്‍ നിന്ന് വ്യക്തമാവുന്നുവെന്നും കോണ്‍ഗ്രസ് വക്താവ് ശോഭ ഓസ ആരോപിച്ചു.

മുമ്പ് കെജ് രിവാളിനെ സന്ദര്‍ശിച്ചപ്പോള്‍ അദ്ദേഹത്തിന്‍െറ കുറെ പൊലീസുകാരുണ്ടായിരുന്നെന്ന് കേന്ദ്രമന്ത്രി രാജീവ് പ്രതാപ് റൂഡി പറഞ്ഞു. ഞാനിത് അദ്ദേഹത്തോട് പറഞ്ഞിരുന്നു. പൊതുജീവിതത്തിലെ ലാളിത്യവും മറ്റും അധരസേവ മാത്രമാണെന്നും കെജ് രിവാളിന്‍െറ ഈ മുഖം ഡല്‍ഹിയിലെ ജനങ്ങള്‍ അറിയണമെന്നും റൂഡി പറഞ്ഞു.

അതേസമയം വിഷയത്തില്‍ വിശദീകരണവുമായി എ.എ.പി രംഗത്തെത്തി. കെജ് രിവാളിന്‍െറ പരിപാടിയെക്കുറിച്ച് നേരത്തെ വ്യക്തമാക്കിയതാണെന്നും ഇതില്‍ ഒരു വിവാദത്തിന്‍െറ ആവശ്യമില്ലെന്നും പ്രസ്താവനയില്‍ പാര്‍ട്ടി പറഞ്ഞു. ഐ.ഐ.ടിയിലെ തന്‍െറ ബാച്ചിലുള്ളവരാണ് കെജ് രിവാളിന് ടിക്കറ്റ് നല്‍കിയതെന്നും പാര്‍ട്ടി വ്യക്തമാക്കി. എകണോമി ക്ളാസില്‍ യാത്ര ചെയ്യാനായിരുന്നു കെജ് രിവാള്‍ ആഗ്രഹിച്ചിരുന്നത്. എന്നാല്‍ സംഘാടകരുടെ നിര്‍ബന്ധം കാരണമാണ് അദ്ദേഹം ബിസ്‌നസ് ക്ളാസില്‍ യാത്ര ചെയ്തതെന്നും എ.എ.പി നേതാവ് അശുതോഷ് പറഞ്ഞു. വ്യവസായികള്‍ നല്‍കുന്ന ജെറ്റ് വിമാനത്തില്‍ നരേന്ദ്രമോദി യാത്ര ചെയ്തപ്പോള്‍ ആരും ഇത്തരത്തില്‍ വിവാദം ഉണ്ടാക്കിയില്ലെന്നും അശുതോഷ് പറഞ്ഞു.

കോഴിക്കോട്ട് ഞായറാഴ്ച തെരുവില്‍ ചുംബനം

Posted: 05 Dec 2014 12:59 AM PST

Image: 

കോഴിക്കോട്: ചുംബന സമരത്തിന്‍െറ രണ്ടാം ഭാഗം 'കിസ് ഇന്‍ ദി സ്ട്രീറ്റ്' എന്ന പേരില്‍ കോഴിക്കോട്ട്  നടക്കുന്നു. ഡിസംബര്‍ എഴിന് വൈകുന്നേരം മൊഫ്യൂസില്‍ സ്റ്റാന്‍ഡ് പരിസരത്തു സമരം നടത്തുമെന്ന് കിസ് ഇന്‍ ദി സ്ട്രീറ്റ്  കൂട്ടായ്മ ഫേസ്ബുക്ക് പേജിലൂടെ പ്രഖ്യാപിച്ചു.

കൊച്ചിയിലെ സമരത്തില്‍ നിന്ന് വ്യത്യസ്തമായി കോഴിക്കോട് സമരത്തിന് സാമൂഹിക രംഗത്തെ പ്രമുഖരുടെ പിന്തുണയുണ്ട്. ചുംബനം^  അധികാരം^ പൊതുഇടം എന്ന പേരില്‍ ഫേസ്ബുക്ക് കൂട്ടായ്മ ഡിസംബര്‍ നാലിന് നളന്ദ ഓഡിറ്റോറിയത്തില്‍ സെമിനാര്‍ നടത്തിയിരുന്നു. സെമിനാറില്‍ കെ.അജിത, നളിനി ജമീല,  ടി.പി ബീനീഷ്, കെ.വേണു, കെ.കെ ബാബുരാജ്, സിവിക് ചന്ദ്രന്‍, കല്‍പറ്റ നാരായണന്‍, ദീദി ദാമോദരന്‍, ജയന്‍ ചെറിയാന്‍, രാഹുല്‍ പശുപാലന്‍, സിസ്റ്റര്‍ ജെസ്മി, കെ.ടി കുഞ്ഞിക്കണ്ണന്‍, ഷെറിന്‍ വര്‍ഗീസ് തുടങ്ങിയവര്‍ പങ്കെടുത്തു.

സദാചാര വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടന്നെന്ന് ആരോപിച്ച് കോഴിക്കോട് ഡൗണ്‍ടൗണ്‍ കോഫി ഷോപ്പ് യുവ മോര്‍ച്ച പ്രവര്‍ത്തകര്‍ അടിച്ചു തകര്‍ത്തത് വിവാദമായിരുന്നു. ഇതാണ് കൊച്ചിയില്‍ കിസ്സ് ഓഫ് ലവ് എന്ന പേരില്‍ ചുംബന സമരം നടത്താന്‍ മുഖ്യകാരണമായി ചൂണ്ടിക്കാട്ടിയത്. കോഴിക്കോട്ടെ പരിപാടിക്ക് സംഘാടകര്‍ പൊലീസിനോട് അനുമതി ആവശ്യപ്പെട്ടിട്ടില്ല. ക്രമസമാധാന പ്രശ്നം ഉണ്ടാകുമെങ്കില്‍ ഇടപെടാനാണ് പൊലീസ് തീരുമാനം.

വൈദികരെ ആക്രമിച്ച സംഭവത്തില്‍ രണ്ടുപേര്‍ കൂടി പിടിയില്‍

Posted: 05 Dec 2014 12:40 AM PST

കാട്ടാക്കട: ക്രിസ്ത്യന്‍ കോളജില്‍ പരീക്ഷ എഴുതാന്‍ അനുവദിക്കാത്തതിനാല്‍ ബിരുദ വിദ്യാര്‍ഥി ആത്മഹത്യക്ക് ശ്രമിച്ചതിനെതുടര്‍ന്ന് എസ്.എഫ്.ഐ നടത്തിയ സമരത്തിനിടെ വൈദികരെ ആക്രമിച്ച കേസില്‍ രണ്ടുപേരെകൂടി കാട്ടാക്കട പൊലീസ് അറസ്റ്റ് ചെയ്തു. കോളജിലെ ബിരുദ വിദ്യാര്‍ഥി കല്ലിയൂര്‍ ശരത് നിവാസില്‍ ശരണ്‍(19), ഡി.വൈ.എഫ്.ഐ പ്രദേശിക നേതാവ് പൂവച്ചല്‍ കുറക്കോണം തടത്തരികത്ത് വീട്ടില്‍ വിപിന്‍ (24) എന്നിവരാണ് അറസ്റ്റിലായത്. ഇവരെ കാട്ടാക്കട കോടതിയില്‍ ഹാജരാക്കി. എസ്.എഫ്.ഐ പ്രവര്‍ത്തകരുടെ ആക്രമണത്തിനിരയായ കാട്ടാക്കട സി.എസ്.ഐ വൈദിക ജില്ലാ അധ്യക്ഷന്‍ റവ. മോഹന്‍ദാസ്, അസോസിയേറ്റ് പാസ്റ്റര്‍ റവ. ഷിബു എന്നിവരെ സംഭവദിവസം തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും തുടര്‍ന്ന് കാട്ടാക്കടയില്‍ ദക്ഷിണകേരളാ മഹാ ഇടവകയുടെ നേതൃത്വത്തില്‍ വിശ്വാസികള്‍ കാട്ടാക്കട സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ഓഫിസിലേക്ക് മാര്‍ച്ച് നടത്തുകയും ചെയ്തിരുന്നു. ആക്രമിച്ച കേസില്‍ രണ്ട് എസ്.എഫ്.ഐ പ്രവര്‍ത്തകരെ അടുത്ത ദിവസംതന്നെ അറസ്റ്റ് ചെയ്തിരുന്നു. സമരദിവസം പൊലീസ് പകര്‍ത്തിയ വീഡിയോയും ഫോട്ടോകളുമാണ് പ്രതികളെ തിരിച്ചറിയാന്‍ സഹായിച്ചതെന്ന് എസ്.ഐ രതീഷ് പറഞ്ഞു.

പാര്‍ലമെന്‍റിന് മുന്നില്‍ രാഹുലിന്‍െറ വായമൂടി പ്രതിഷേധം

Posted: 04 Dec 2014 10:37 PM PST

Image: 

ന്യൂഡല്‍ഹി: വിവാദ പ്രസ്താവന നടത്തിയ കേന്ദ്രമന്ത്രി നിരഞ്ജന്‍ ജ്യോതിയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷ പ്രതിഷേധം പാര്‍ലമെന്‍റിന്‍െറ ഇരു സഭകളെയും സ്തംഭിപ്പിച്ചു. പാര്‍ലമെന്‍റിന് പുറത്ത് രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് എം.പിമാര്‍ ഗാന്ധി പ്രതിമക്കു മുന്നില്‍ കറുത്ത തുണി കൊണ്ട് വായമൂടിക്കെട്ടി പ്രതിഷേധിച്ചു. പ്രതിപക്ഷ കക്ഷികളും ധര്‍ണയില്‍ പങ്കാളികളായി. മന്ത്രിയുടെ ക്ഷമാപണം സ്വീകരിച്ച് സഭാ നടപടികളുമായി മുന്നോട്ടുപോകാന്‍ സഹകരിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ലോക്സഭയില്‍ ആവശ്യപ്പെട്ടു.  ഇന്നലെ രാജ്യസഭയിലും മോദി ഇക്കാര്യം ആവശ്യപ്പെട്ടിരുന്നു.

അതേസമയം പ്രക്ഷോഭത്തില്‍ ടി.എം.സിയുമായി സഹകരിക്കില്ളെന്ന് സി.പി.എം നേതാവ് ബുദ്ധദേവ് ഭട്ടാചര്യ വ്യക്തമാക്കി. അണ്ണാ ഡി.എം.കെ, ടി. ആര്‍.എസ്  എന്നീ  പ്രതിപക്ഷ കക്ഷികള്‍ പ്രതിഷേധത്തില്‍ നിന്ന് വിട്ടുനിന്നു.
 

ബാര്‍ കോഴ: അന്വേഷണം വിജിലന്‍സ് അവസാനിപ്പിക്കുന്നു

Posted: 04 Dec 2014 10:35 PM PST

Image: 

തിരുവനന്തപുരം: ധനമന്ത്രി കെ.എം മാണിക്കെതിരെയുള്ള ബാര്‍ കോഴ ആരോപണത്തിലുള്ള അന്വേഷണം വിജിലന്‍സ് അവസാനിപ്പിക്കുന്നു. കേസില്‍ ഇനി മൊഴിയെടുക്കേണ്ട എന്ന് വിജിലന്‍സ് തീരുമാനിച്ചു. ഇതുവരെയുള്ള അന്വേഷണത്തിന്‍െറ അടിസ്ഥാനത്തില്‍ റിപ്പോര്‍ട്ട് തയാറാക്കാനും തീരുമാനമായി. റിപ്പോര്‍ട്ട് ഒരാഴ്ചക്കകം സമര്‍പ്പിക്കും. മാണിക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്യുന്ന കാര്യത്തില്‍ നിയമോപദേശം തേടും.

ബാറുടമകളുടെ അസോസിയേഷന്‍ നേതാവ് രാജ്കുമാര്‍ ഉണ്ണിയടക്കം നിരവധി പേര്‍ വിജിലന്‍സിന് മൊഴി നല്‍കാനെത്തിയിരുന്നില്ല. ഒരു മാസത്തെ സമയമാണ് മൊഴി നല്‍കാന്‍ ബാറുടമകള്‍ ആവശ്യപ്പെട്ടത്. എന്നാല്‍ ഇത് അനുവദിക്കേണ്ടെന്നും വിജിലന്‍സ് തീരുമാനിച്ചു.

ധനമന്ത്രി കെ.എം മാണിക്കെതിരെ ബാര്‍ അസോസിയേഷന്‍ നേതാവ് ബിജു രമേശാണ് കോഴ വാങ്ങിയെന്ന ആരോപണമുന്നയിച്ചത്. അടച്ചിട്ട ബാറുകള്‍ തുറക്കാന്‍ പണം ആവശ്യപ്പെട്ടെന്ന് ഒരു ചാനല്‍ ചര്‍ച്ചക്കിടെയാണ് ബിജു രമേശ് പറഞ്ഞത്. മണിക്കൂറുകള്‍ക്കകം കൂടുതല്‍ തെളിവുകള്‍ പുറത്തുവിടുമെന്നും ബിജു രമേശ് പറഞ്ഞിരുന്നു.

കശ്മീരില്‍ തീവ്രവാദി ആക്രമണം: 13 പേര്‍ കൊല്ലപ്പെട്ടു

Posted: 04 Dec 2014 08:49 PM PST

Image: 

ശ്രീനഗര്‍: കശ്മീരിലെ ബാരാമുല്ലയില്‍ സൈനിക ക്യാമ്പിനു നേര്‍ക്കുണ്ടായ തീവ്രവാദി ആക്രമണത്തില്‍ 13 പേര്‍ കൊല്ലപ്പെട്ടു. ഏഴ് സൈനികരും മൂന്ന് പൊലീസുകാരും മൂന്ന് തീവ്രവാദികളുമാണ് ആക്രമണത്തില്‍ കൊല്ലപ്പെട്ടത്.

നിയന്ത്രണരേഖയ്ക്കു സമീപം ഉറി സെക്ടറിലുള്ള സൈനിക ക്യാമ്പിനു നേരെ വെള്ളിയാഴ്ച പുലര്‍ച്ചെ 3.30നാണ് ആക്രമണം ഉണ്ടായത്. മൂന്ന് പേരടങ്ങുന്ന തീവ്രവാദി സംഘം നുഴഞ്ഞു കയറുകയും സൈനിക ക്യാമ്പിനു നേരെ വെടിയുതിര്‍ക്കുകയുമായിരുന്നു. ശക്തമായ തിരിച്ചടിയില്‍ മൂന്ന് തീവ്രവാദികളെയും സൈന്യം വധിച്ചു.

ഡിസംബര്‍ എട്ടിനു പ്രധാനമന്ത്രി നരേന്ദ്ര മോദി കശ്മീര്‍ സന്ദര്‍ശിക്കാനിരിക്കെയാണ് ആക്രമണം. ജമ്മു കശ്മീരില്‍ നടക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് അതിര്‍ത്തിയില്‍ തീവ്രവാദി ആക്രമണം ശക്തമായിട്ടുണ്ട്.

പരിഷ്കരിച്ച തൊഴില്‍ നിയമം ഉടന്‍ പ്രാബല്യത്തില്‍ വരും -പ്രധാനമന്ത്രി

Posted: 04 Dec 2014 08:29 PM PST

Image: 

ദോഹ: രാജ്യത്തെ പരിഷ്കരിച്ച തൊഴില്‍ നിയമം ഏറെ വൈകാതെ പ്രാബല്യത്തില്‍ വരുമെന്ന് പ്രധാനമന്ത്രി ശൈഖ് അബ്ദുല്ല ബിന്‍ നാസര്‍ ആല്‍ഥാനി വ്യക്തമാക്കി. സ്പോണ്‍സര്‍ഷിപ്പുമായി ബന്ധപ്പെട്ട വിഷയത്തില്‍ വലിയ മാറ്റമാണ് പ്രതീക്ഷിക്കുന്നത്. മൂന്ന് ദിവസമായി റിട്ട്സ് കാള്‍ട്ടന്‍ ഹോട്ടലില്‍ നടന്നുവരുന്ന ചേംബര്‍ ഓഫ് കോമേഴ്സ് സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് ബിന്‍ ആല്‍ഥാനി ശൂറ യോഗത്തില്‍ നടത്തിയ പ്രഖ്യാപനങ്ങള്‍ നടപ്പില്‍ വരുത്താന്‍ പ്രത്യേകം കമ്മിറ്റി രൂപവല്‍കരിച്ച് പ്രവര്‍ത്തനമരംഭിച്ചതായും അദ്ദേഹം പറഞ്ഞു.
രാജ്യത്തെ സാമ്പത്തിക വാണിജ്യ മേഖലയില്‍ നിക്ഷേപത്തിന് യോജിച്ച അന്തരീക്ഷം സൃഷ്ടിക്കുന്ന കാര്യത്തില്‍ ഭരണകൂടം പ്രതിഞ്ജാബന്ധമാണ്. തൊഴില്‍ മേഖലയില്‍ വലിയ മുന്നേറ്റത്തിന് കാരണമാകുന്ന പരിഷ്കാരങ്ങളാണ് ആഗ്രഹിക്കുന്നമത്. വിവിധ മന്ത്രാലയങ്ങളോട് രാജ്യം മുന്നോട്ട് വെക്കുന്ന ലക്ഷ്യത്തിലേക്കത്തെുന്നതിന് വേണ്ടിയുള്ള പദ്ധതികള്‍ ആവിഷ്കരിച്ച് സമര്‍പ്പിക്കാന്‍ ആവശ്യപ്പട്ടിരിക്കുകയാണ്. അടുത്ത അഞ്ച് വര്‍ഷത്തേക്ക് വികസനത്തിനുള്ള ഭൂമി ഏറ്റെടുക്കുന്നതടക്കമുള്ള നടപടികള്‍ മുമ്പോട്ട് നീക്കാന്‍ പ്രത്യേക മന്ത്രി തല സമിതിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. ആരോഗ്യ, വാണിജ്യ, വ്യവസായ, ടൂറിസം മേഖലക്ക് വേണ്ടിയുള്ള പുതിയ പദ്ധതികള്‍ ആരംഭിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. സാമ്പത്തിക മേഖലയില്‍ വലിയ നിക്ഷേപം പ്രതീക്ഷിച്ചിച്ചുകൊണ്ട് രാജ്യത്തെ നിയമ വ്യവസ്ഥയില്‍ തന്നെ വലിയ മാറ്റത്തിന് ശ്രമിച്ചുകൊണ്ടിരിക്കുകയാണ്.
ഇന്ധന വിലയില്‍ ആഴ്ചകളായി നീണ്ടുനില്‍ക്കുന്ന വിലയിടിവ് പൊതുവെ ഖത്തറിന്‍െറയും അയല്‍ രാജ്യങ്ങളുടെയും  സാമ്പത്തിക പ്രതിസന്ധിക്ക് കാരണമാകേണ്ടതാണ്.
എന്നാല്‍ ഖത്തറിന്‍െറ സാമ്പത്തിക ക്രമം ഈ പ്രതിസന്ധിയെ മറികടക്കാന്‍ പ്രാപ്തമാണെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. പെട്രോളിയം ഉല്‍പന്നങ്ങള്‍ക്കും ഈ വിലയിടിവ് ബാധകമാകുമെന്നതിനാല്‍ ബദല്‍ സംവിധാനം സംബന്ധിച്ച് സജീവ ആലോചനകള്‍ നടക്കേണ്ടതുണ്ട്.
ഇവിടെയാണ് സ്വകാര്യ മേഖലയുടെ പ്രസക്തി. ലോകത്തിന്‍െറ വിവിധ മേഖലയകളില്‍ നിന്ന് നിക്ഷേപം സ്വീകരിക്കാന്‍ ഈ മേഖലയില്‍ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി അദ്ദേഹം അഭിപ്രായപ്പെട്ടു.
2015 ഓടെ സാമ്പത്തിക മേഖലയില്‍ 6.5 ശതമാനത്തിന്‍െറ വളര്‍ച്ച പ്രതീക്ഷിക്കുന്നുണ്ട്. സ്വകാര്യ നിക്ഷേപകര്‍ക്ക് കൂടി അനുഗുണമായ രീതിയലുള്ള നിയമങ്ങളാണ് രാജ്യത്തുള്ളത്. അതുകൊണ്ട് തന്നെ വരും വര്‍ഷങ്ങളില്‍ വലിയ തോതിലുള്ള നിക്ഷേപം പ്രതീക്ഷിക്കുന്നതായി പ്രധാനമന്ത്രി പറഞ്ഞു.
സാമ്പത്തിക രംഗത്ത് സ്വകാര്യ മേഖലയുടെ വളര്‍ച്ച മുന്‍നിര്‍ത്തിയുളള നയനിലപാടുകളായിരിക്കും വരും വര്‍ഷങ്ങളില്‍ ഗവണ്‍മെന്‍റ് സ്വീകരിക്കുക.  രാജ്യത്തിന്‍െറ വികസനങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങളിലായിരിക്കും ഗവണ്‍മെന്‍റ് ശ്രദ്ധിക്കുക. സാമ്പത്തിക മേഖലയില്‍ സ്വാകാര്യ മേഖല നടത്തുന്ന പ്രവര്‍ത്തനങ്ങളുടെ മേല്‍നോട്ടവും അതിനാവശ്യമായ നിയമ നിര്‍മ്മാണങ്ങളും സര്‍ക്കാര്‍ നടത്തും.
 

പഞ്ചാബില്‍ തിമിര ശസ്ത്രക്രിയക്ക് വിധേയരായ 14 പേരുടെ കാഴ്ച നഷ്ടപ്പെട്ടു

Posted: 04 Dec 2014 08:28 PM PST

Image: 

അമൃത്സര്‍: പഞ്ചാബില്‍ തിമിര ശസ്ത്രക്രിയക്ക് വിധേയരായ 14 പേര്‍ക്ക് കാഴ്ച നഷ്ടമായി. ഗുര്‍ദാസ്പുര്‍ ജില്ലയിലെ ഖുമാന്‍ ഗ്രാമത്തില്‍ പത്ത് ദിവസം മുമ്പ് സന്നദ്ധ സംഘടന നടത്തിയ ക്യാമ്പില്‍ ശാസ്ത്രക്രിയക്ക് വിധേയരായവര്‍ക്കാണ് കാഴ്ച നഷ്ടമായത്.  കാഴ്ച നഷ്ടപ്പെട്ട 16 പേര്‍ പോലീസിന് പരാതി നല്‍കിയതോടെയാണ് സംഭവം പുറംലോകം അറിഞ്ഞത്. എന്നാല്‍ ക്യാമ്പില്‍ ശസ്ത്രക്രിയക്ക് വിധേയരായ 60 പേരുടെയും കാഴ്ച തകരാറിലായിട്ടുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്.

ശസ്ത്രക്രിയ നടത്തിയ ഡോക്ടര്‍മാരെ കുറിച്ചുള്ള അന്വേഷണം തുടങ്ങിയതായി അമൃത്സര്‍ ഡി.സി.പി രവി ഭഗത് പറഞ്ഞു. അമൃത്സര്‍, ഗുര്‍ദാസ്പുര്‍ ജില്ലകളില്‍ നിന്നുള്ളവരാണ് ക്യാമ്പില്‍ പങ്കെടുത്തത്. 60 പേരെയും വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇവരില്‍ മിക്കവരുടെയും കാഴ്ച പൂര്‍ണമായും നഷ്ടപ്പെട്ടുവെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.

മതിയായ ശുചിത്വം പാലിക്കാതെയാണ് ക്യാമ്പ് സംഘടിപ്പിച്ചതെന്ന ആരോപണം ഉയര്‍ന്നിട്ടുണ്ട്. അധികൃതരുടെ അനുമതി വാങ്ങുന്നത് അടക്കമുള്ള മാനദണ്ഡങ്ങള്‍ ക്യാമ്പ് സംഘടിപ്പിച്ചവര്‍ പാലിച്ചില്ളെന്നും റിപ്പോര്‍ട്ടുണ്ട്.

 

കൃഷ്ണയ്യരുടെ നിര്യാണത്തില്‍ വ്യാപക അനുശോചനം

Posted: 04 Dec 2014 08:19 PM PST

Image: 

ദുബൈ: ജസ്റ്റിസ് വി.ആര്‍. കൃഷ്ണയ്യരുടെ  വിയോഗത്തില്‍ വിവിധ പ്രവാസി സംഘടനകളും കൂട്ടായ്മകളും അനുശോചിച്ചു.
കൊയിലാണ്ടി എന്‍.ആര്‍.ഐ  ഫോറം അനുശോചനയോഗത്തില്‍ രതീഷ് കുമാര്‍, റിയാസ് ഹൈദര്‍, ഹാഷിം പുന്നക്കല്‍ ,ദിനേശ് നായര്‍ ,മുസ്തഫ പൂക്കാട് എന്നിവര്‍ സംസാരിച്ചു കൃഷ്ണയ്യര്‍  ബാല്യകാലം ചെലവഴിച്ചത് കോഴിക്കോട് ജില്ലയിലെ കൊയിലാണ്ടിയിലായിരുന്നു. അദ്ദേഹത്തിന്‍െറ പിതാവ് രാമചന്ദ്ര അയ്യര്‍ കൊയിലാണ്ടി, കോഴിക്കോട്, തലശ്ശേരി കോടതികളിലെ തിരക്കേറിയ അഭിഭാഷകനായിരുന്നു. കൊയിലാണ്ടി കോതമംഗലത്തെ അദ്ദേഹത്തിന്‍െറ വസതി ഈ അടുത്തകാലം വരെ നിലനിന്നിരുന്നു. കോതമംഗലം എല്‍. പി സ്കൂളിലാണ് കൃഷ്ണയ്യര്‍  പ്രാഥമിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയതെന്ന് സംഘടന പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി.
ദുബൈ: കൃഷ്ണയ്യ ര്‍ നീതിന്യായ സംവിധാനത്തിന് മാനുഷിക മുഖം നല്‍കിയ നിയമജ്ഞനായിരുന്നെന്ന്  യൂത്ത് ഇന്ത്യ യു.എ.ഇ കേന്ദ്ര കമ്മിറ്റി അനുശോചന സന്ദേശത്തില്‍ പറഞ്ഞു.  
സാധാരണക്കാരന് കോടതികളെ പ്രാപ്യമാക്കിയതില്‍ പ്രധാന പങ്കുവഹിച്ചയാളായിരുന്നു അദ്ദേഹം.ജനാധിപത്യത്തിനും മതേതരത്വത്തിനും മാനവ സൗഹൃദത്തിനും വേണ്ടി നിലകൊണ്ട അതുല്യ വ്യക്തിത്വമായിരുന്നു. സാമൂഹിക പ്രശ്നങ്ങളില്‍ ഇടപെടുമ്പോള്‍ ഭരണാധികാരികളുടെ മുമ്പില്‍ വസ്തുതകള്‍ ശരിയായി അവതരിപ്പിച്ച് പരിഹരിക്കാന്‍ കൃഷ്ണയ്യര്‍ക്ക് കഴിഞ്ഞുവെന്നും യൂത്ത് ഇന്ത്യ സന്ദേശത്തില്‍ അനുസ്മരിച്ചു.
ഷാര്‍ജ: വി.ആര്‍ കൃഷ്ണയ്യരുടെ നിര്യാണത്തില്‍ ഇന്ത്യന്‍ അസോസിയേഷന്‍ ഷാര്‍ജ അനുശോചിച്ചു. ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥയുടെ കുലപതികളില്‍ ഒരാളായ അദ്ദേഹം പ്രഗത്ഭ ഭരണാധികാരിയും  മികച്ച മനുഷ്യ സ്നേഹിയുമായിരുന്നു.ഏത് വിഷയത്തിലും സാധാരണക്കാരനു നീതി ഉറപ്പാക്കി സത്യത്തിന്‍െറയും നീതിയുടേയും ഭാഗത്ത് ആദ്ദേഹം ഉറച്ച് നിന്നതായി സംഘടന പ്രസ്താവനയില്‍  പറഞ്ഞു. അദ്ദേഹത്തിന്‍െറ കുടുംബാഗങ്ങളുടെയും നാടിന്‍െറയും തീരാദുഖത്തില്‍ അസോസിയേഷനും പങ്ക് ചേരുന്നതായി പ്രസി. കെ. ബാലകൃഷ്ണന്‍, ജന. സെക്രട്ടറി അഡ്വ. വൈ.എ റഹീം, ട്രഷറര്‍ ബിജുസോമന്‍ എന്നിവര്‍ പറഞ്ഞു.
ദുബൈ: മനുഷ്യ സ്നേഹത്തിന്‍െറ ഉദാത്ത മാതൃകയായ വടവൃക്ഷമാണ് നഷ്ടമായിരിക്കുന്നതെന്ന് ജസ്റ്റിസ് വി.ആര്‍. കൃഷ്ണയ്യരുടെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തി കൊണ്ട് യുവകലാ സാഹിതി യു.എ.ഇ സെന്‍ട്രല്‍ കമ്മിറ്റി അഭിപ്രായപ്പെട്ടു. നീതിയുടെ കാവലാള്‍, സാമൂഹ്യ പരിഷ്കര്‍ത്താവ്, തൊഴിലാളികള്‍ക്കും സാധാരണക്കാര്‍ക്കും വേണ്ടി നിലകൊണ്ട പോരാളി എന്നീ നിലകളില്‍ കൃഷ്ണയ്യര്‍ എന്നും സ്മരിക്കപ്പെടുമെന്നും പ്രസിഡന്‍റ് അഡ്വ. നജ്മുദ്ദീന്‍, ജന.സെക്രട്ടറി വിനയ ചന്ദ്രന്‍ എന്നിവര്‍ അനുശോചന പത്രകുറിപ്പില്‍ അഭിപ്രായപ്പെട്ടു.
അബൂദബി: മനുഷ്യാവകാശ പ്രവര്‍ത്തകനും നിയമജ്ഞനുമായിരുന്ന ജസ്റ്റിസ് വി.ആര്‍ കൃഷ്ണയ്യരുടെ വേര്‍പാടില്‍ ഇന്ത്യന്‍ കള്‍ചറല്‍ സൊസൈറ്റി യു.എ.ഇ പ്രസിഡണ്ട് ടി.എം ഹസന്‍  അനുശോചിച്ചു.  ഭരണകൂട ഭീകരതക്കെതിരെയും മനുഷ്യാവകാശങ്ങള്‍ക്ക് വേണ്ടിയും ഉയര്‍ന്നു കേട്ട ശബ്ദമാണ് നിലച്ചത്. ഇന്ത്യ മനുഷ്യാവകാശങ്ങളുടെ ശവപ്പറമ്പ് ആയി മാറുന്ന വര്‍ത്തമാനകാല അവസ്ഥയില്‍ കൃഷ്ണയ്യരുടെ വിയോഗം  സമൂഹത്തിനു കനത്ത ആഘാതമാണ്.
അബൂദബി: അനീതിക്കും മനുഷ്യാവകാശ ധ്വംസനത്തിനുമെതിരെ എക്കാലവും നിലകൊണ്ട മാനുഷിക മൂല്യങ്ങളുടെ കാവലാളെയാണ് ജസ്റ്റിസ്. വി. ആര്‍. കൃഷ്ണയ്യരുടെ വിയോഗം കൊണ്ട് നഷ്ടമായതെന്ന് അബൂദബി കേരള സോഷ്യല്‍ സെന്‍റര്‍ പ്രസിഡന്‍റ് എം.യു. വാസു, ജനറല്‍ സെക്രട്ടറി സഫറുള്ള പാലപ്പെട്ടി എന്നിവര്‍ അനുശോചന സന്ദേശത്തില്‍ അറിയിച്ചു.

 
 

മസ്കത്ത് എണ്ണ ശുദ്ധീകരണ ശാലയില്‍ തീപിടിത്തം; നാലു പേര്‍ക്ക് പരിക്ക്

Posted: 04 Dec 2014 08:04 PM PST

Image: 

മസ്കത്ത്: തലസ്ഥാന നഗരിയിലെ എണ്ണ ശുദ്ധീകരണ ശാലയിലുണ്ടായ പൊട്ടിത്തെറിയും തീപിടിത്തവും പരിഭ്രാന്തി പരത്തി. വ്യാഴാഴ്ച ഉച്ചക്കു ശേഷം മിന അല്‍ ഫഹലിലെ  ഒമാന്‍ ഓയില്‍ റിഫൈനറീസ് ആന്‍ഡ് പെട്രോളിയം ഇന്‍ഡസ്ട്രീസ് കമ്പനിയുടെ എണ്ണ ശുദ്ധീകരണ ശാലയിലാണ് തീപിടിത്തമുണ്ടായത്. അപകടം സംഭവിച്ചയുടന്‍ ജീവനക്കാരെ ശാലയില്‍ നിന്ന് ഒഴിപ്പിച്ചു. സംഭവത്തില്‍ നാലു പേര്‍ക്ക് പരിക്കേറ്റതായി സിവില്‍ ഡിഫന്‍സ് അറിയിച്ചു.
അതേസമയം, മൂന്നു പേര്‍ക്ക് പൊള്ളലേറ്റതായി കമ്പനി അധികൃതര്‍ ഫേസ്ബുക് പേജിലൂടെ അറിയിച്ചു. തീ കൂടുതല്‍ പടരാതെ നിയന്ത്രിക്കാനും ജീവനക്കാരെ ഒഴിപ്പിക്കാനും സാധിച്ചതിനാല്‍ വന്‍ ദുരന്തമാണ് ഒഴിവായത്. തീപിടിത്തം ഉണ്ടായ ഉടന്‍ തൊഴിലാളികളെ മുഴുവന്‍ കമ്പനിയില്‍ നിന്ന് ഒളിപ്പിച്ചതായി സംഭവസ്ഥലത്തുണ്ടായിരുന്ന മലയാളികളില്‍ ഒരാള്‍ ‘ഗള്‍ഫ് മാധ്യമ’ത്തോട് പറഞ്ഞു.
പ്രതിദിനം 85,000 ബാരല്‍ എണ്ണ ശുദ്ധീകരിക്കുന്നതാണ് മിന അല്‍ ഫഹലിലെ കമ്പനി. വ്യാഴാഴ്ച ഉച്ചക്കുശേഷം ഇവിടെയുള്ള ട്രീറ്റ്മെന്‍റ് യൂനിറ്റുകളിലൊന്നില്‍ പൊട്ടിത്തെറിയും തീപിടിത്തവും ഉണ്ടാവുകയായിരുന്നു. തീപിടിച്ചതിനെ തുടര്‍ന്ന് എണ്ണ ശുദ്ധീകരണ ശാലയിലെ വാതകക്കുഴലിലൂടെ തീയും പുകയും പുറത്തത്തെി. കറുത്ത പുക മസ്കത്ത് നഗരത്തിന്‍െറ വിവിധ ഭാഗങ്ങളില്‍ നിന്ന് കാണാമായിരുന്നു. പുക ഉയര്‍ന്നതോടെ ജനങ്ങളും പരിഭ്രാന്തരായി. കമ്പനി അധികൃതരും സിവില്‍ ഡിഫന്‍സും പെട്രോളിയം ഡെവലപ്മെന്‍റ് ഓര്‍ഗനൈസേഷനും ചേര്‍ന്ന് തീ നിയന്ത്രണ വിധേയമാക്കിയതിനാലാണ് വന്‍ ദുരന്തം ഒഴിവായത്. എണ്ണ ഉല്‍പന്നങ്ങളിലേക്ക് തീ പടരാതിരുന്നതും ചോര്‍ച്ച സംഭവിക്കാതിരുന്നതും അപകടം ഒഴിവാക്കാന്‍ സഹായകമായി. അപകടത്തില്‍ പരിക്കേറ്റ നാലു പേരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി സിവില്‍ ഡിഫന്‍സ് അറിയിച്ചു. ഇവര്‍ക്ക് സാരമായി പരിക്കേറ്റിട്ടുണ്ട്. തീപിടിത്തം നിയന്ത്രണ വിധേയമാണെന്നും തൊഴിലാളികളെ മുഴുവന്‍ ഒഴിപ്പിച്ചതായും സിവില്‍ ഡിഫന്‍സ് ട്വിറ്റര്‍ അക്കൗണ്ടിലൂടെ അറിയിച്ചു. തീപിടിത്തത്തിനും അപകടത്തിനും പിന്നിലെ കാരണം വ്യക്തമല്ല.
 

എണ്ണ വിലയിടിവ് വികസന പ്രവര്‍ത്തനങ്ങളെ ബാധിക്കില്ല –മന്ത്രി

Posted: 04 Dec 2014 07:52 PM PST

Image: 

കുവൈത്ത് സിറ്റി: രാജ്യാന്തര വിപണിയില്‍ എണ്ണ വിലയിലുണ്ടാവുന്ന വന്‍ തകര്‍ച്ച രാജ്യത്തെ വികസന പ്രവര്‍ത്തനങ്ങളെ ബാധിക്കില്ളെന്ന് എണ്ണ മന്ത്രി ഡോ. അലി അല്‍ഉമൈര്‍. എണ്ണ വിലയിടിവുമായി ബന്ധപ്പെട്ട് ജനങ്ങളെ ബാധിക്കുന്ന ആരോഗ്യം, വിദ്യാഭ്യാസം, അടിസ്ഥാനസൗകര്യം തുടങ്ങിയ മേഖലകളിലൊന്നും പ്രതിസന്ധിയുണ്ടാവില്ളെന്ന് അദ്ദേഹം പാര്‍ലമെന്‍റില്‍ വ്യക്തമാക്കി. നടപ്പു സാമ്പത്തിക വര്‍ഷത്തിലെ ബജറ്റുമായി ബന്ധപ്പെട്ട് പാര്‍ലമെന്‍റില്‍ നടന്ന ചര്‍ച്ചക്കിടെ ഉയര്‍ന്ന ചോദ്യങ്ങള്‍ക്ക് മറുപടി പറയവെയാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. എണ്ണ വിലത്തകര്‍ച്ച മൂലം രാജ്യത്തിന്‍െറ ബജറ്റില്‍ ഇതുവരെ കമ്മി പ്രകടമായിട്ടില്ളെന്ന് വ്യക്തമാക്കിയ അലി അല്‍ഉമൈര്‍ വിലയിടിവ് തുടരുകയാണെങ്കില്‍ ഭാവിയില്‍ കമ്മി ബജറ്റിന് സാധ്യതയുണ്ടെന്നും കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ ഏപ്രില്‍ മുതല്‍ അടുത്ത മാര്‍ച്ച് വരെയുള്ള സാമ്പത്തിക വര്‍ഷത്തെ വികസന പ്രവര്‍ത്തനങ്ങളൊക്കെ മുറക്ക് നടക്കുന്നുണ്ട്. ഇവയെ  എണ്ണ വിലയിടിവ് ബാധിച്ചിട്ടില്ല -മന്ത്രി പറഞ്ഞു.
എണ്ണ ഉല്‍പാദനം വെട്ടിക്കുറച്ച് രാജ്യതാല്‍പര്യങ്ങളെ ഹനിക്കുന്ന നടപടികളൊന്നും കുവൈത്തിന്‍െറ ഭാഗത്തുനിന്നുണ്ടാവില്ളെന്ന് മന്ത്രി പാര്‍ലമെന്‍റില്‍ ഉറപ്പുനല്‍കി. എണ്ണ ഉല്‍പാദക രാജ്യങ്ങളുടെ കൂട്ടായ്മയായ ഒപെകും ഉല്‍പാദനം കുറക്കുന്നതിന് എതിരാണ്. വിലയുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ സാധ്യമാവുന്ന നടപടികള്‍ സ്വീകരിക്കാന്‍ കുവൈത്ത് മറ്റ് ഒപെക് രാജ്യങ്ങളില്‍ സ്വാധീനം ചെലുത്തുന്നുണ്ട് -അലി അല്‍ഉമൈര്‍ വ്യക്തമാക്കി. കഴിഞ്ഞമാസം 27ന് വിയനയില്‍ നടന്ന ഒപെക് യോഗത്തില്‍ എണ്ണ ഉല്‍പാദനം കുറക്കുന്നത് സംബന്ധിച്ച് ചര്‍ച്ച നടന്നിരുന്നു. എന്നാല്‍, അത് വേണ്ടതില്ളെന്നായിരുന്നു യോഗ തീരുമാനം. ആഗോളതലത്തില്‍ പ്രതിദിനം 90 ദശലക്ഷം ബാരല്‍ എണ്ണ ഉല്‍പാദിപ്പിക്കുന്നുണ്ട്. ഇതില്‍ 30 ദശലക്ഷം ബാരല്‍ മാത്രമാണ് ഒപെക് രാജ്യങ്ങള്‍ ഉല്‍പാദിപ്പിക്കുന്നത്. കുവൈത്തിന്‍േറതാകട്ടെ 2.7 ദശലക്ഷം ബാരലും. ഒപെക് രാജ്യങ്ങള്‍ ഉല്‍പാദനം കുറച്ചതുകൊണ്ടുമാത്രം കാര്യമില്ല എന്ന് ഇതില്‍നിന്ന് വ്യക്തമാണ്. പ്രതിദിനം 1.8 ദശലക്ഷം ബാരല്‍ എണ്ണയാണ് അധികമായി ഉല്‍പാദിപ്പിക്കപ്പെടുന്നത്. ഇത് കുറയണമെങ്കില്‍ ഒപെകില്‍ അംഗങ്ങളല്ലാത്ത രാജ്യങ്ങളും ഉല്‍പാദനം കുറക്കണം.  എണ്ണവിലയിടിവ് കുറക്കാന്‍ ഉല്‍പാദനം കുറക്കണമെന്ന് ഒപെക് രാജ്യങ്ങളോട് ആവശ്യപ്പെടുന്നവര്‍ സ്വന്തംനിലയില്‍ എണ്ണ ഉല്‍പാദനം വര്‍ധിപ്പിക്കുകയാണ്. അതിനാല്‍ ഒപെക് രാജ്യങ്ങള്‍ ഉല്‍പാദനം കുറച്ചതുകൊണ്ട് മാത്രം പ്രയോജനമില്ല -മന്ത്രി വ്യക്തമാക്കി. എണ്ണ മാത്രമാണ് നിലവില്‍ കുവൈത്തിന്‍െറ വരുമാന സ്രോതസ്സെന്ന് പറഞ്ഞ മന്ത്രി വരുമാന സ്രോതസ്സുകള്‍ വൈവിധ്യവത്കരിച്ചുകൊണ്ട് മാത്രമേ ഭാവിയിലുണ്ടായേക്കാവുന്ന കമ്മി നികത്താനവൂ എന്ന് ചൂണ്ടിക്കാട്ടി. അതോടൊപ്പം, രാജ്യത്തെ പ്രധാന എണ്ണ പദ്ധതികള്‍ പൂര്‍വാധികം ശക്തിയോടെ മുന്നോട്ടുകൊണ്ടുപോകാന്‍ തന്നെയാണ് സര്‍ക്കാറിന്‍െറ നീക്കമെന്നും അദ്ദേഹം അറിയിച്ചു.
 

നൈജീരിയയില്‍ ബോക്കോഹറാം ആക്രമണത്തില്‍ 12 മരണം

Posted: 04 Dec 2014 06:53 PM PST

Image: 

ലഗോസ്: നൈജീരിയയുടെ വടക്കന്‍ പ്രവിശ്യയായ ഗോംബെയില്‍ ബോക്കോഹറാം തീവ്രവാദികളുടെ ആക്രമണത്തില്‍ 12 പേര്‍ കൊല്ലപ്പെട്ടു. ഗോംബെയിലെ ബജോഗ നഗരത്തില്‍ വെള്ളിയാഴ്ച പുലര്‍ച്ചെയാണ് സംഭവം. പ്രഭാത പ്രാര്‍ഥനക്കായി എത്തിയ വിശ്വാസികളാണ് ആക്രമണത്തിനിരയായത്. വാനുകളില്‍ എത്തിയ തീവ്രവാദി സംഘം ഇവര്‍ക്കു നേരെ വെടിയുതിര്‍ക്കുകയായിരുന്നു. കൂടാതെ സമീപത്തെ സര്‍ക്കാര്‍ കെട്ടിടങ്ങള്‍ക്കു നേരെയും വെടിയുതിര്‍ത്തു. മൂന്നു മണിക്കൂര്‍ നേരം ഭീകരാന്തരീക്ഷം സൃഷ്ടിച്ച ശേഷമാണ് സംഘം മടങ്ങിയത്. കഴിഞ്ഞ വെള്ളിയാഴ്ച കനോയില്‍ മുസ്ലിം പള്ളിയില്‍ ബൊക്കോഹറാം നടത്തിയ ആകമണത്തില്‍ 120 ലധികം പേരാണ് കൊല്ലപ്പെട്ടത്.

ജെ.എസ്.എസ് ഇടതു മുന്നണിയിലേക്ക്

Posted: 04 Dec 2014 06:46 PM PST

Image: 

ആലപ്പുഴ: ജെ.എസ്.എസ് ഇടതുമുന്നണിയുടെ ഭാഗമായെന്ന് മുതിര്‍ന്ന നേതാവ് കെ.ആര്‍. ഗൗരിയമ്മ. തന്നെ വസതിയില്‍ സന്ദര്‍ശിച്ച ഇടതുമുന്നണി കണ്‍വീനര്‍ വൈക്കം വിശ്വനുമായി കൂടിക്കാഴ്ച നടത്തിയ ശേഷമായിരുന്നു ഗൗരിയമ്മയുടെ പ്രതികരണം.

ഗൗരിയമ്മയുടെ ആലപ്പുഴ ചാത്തനാട്ടുള്ള വസതിയില്‍ എത്തിയാണ് വൈക്കം വിശ്വന്‍ കൂടിക്കാഴ്ച നടത്തിയത്. ഇരുവരും തമ്മിലുള്ള കൂടിക്കാഴ്ച അരമണിക്കൂറോളം നീണ്ടുനിന്നു. തുടര്‍ന്നാണ് മുന്നണി പ്രവേശം സംബന്ധിച്ച് ഗൗരിയമ്മ മാധ്യമപ്രവര്‍ത്തകരോട് പ്രതികരിച്ചത്.

എന്നാല്‍ ജെ.എസ്.എസിനെ ഘടകകക്ഷിയാക്കുന്നതിനെ കുറിച്ച് നിലപാട് വ്യക്തമാക്കാന്‍ വൈക്കം വിശ്വന്‍ തയാറായില്ല. തുടര്‍ന്നും ജെ.എസ്.എസുമായി സഹകരണമുണ്ടാകുമെന്ന്  അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

യു.ഡി.എഫ് ബന്ധം ഉപേക്ഷിച്ച ജെ.എസ്.എസ് സ്വതന്ത്ര നിലപാട് സ്വീകരിച്ച് വരികയായിരുന്നു. കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിന് മുമ്പായി ഇടതുമുന്നണിയുമായി ധാരണയിലത്തെിയ ജെ.എസ്.എസ് അവര്‍ക്ക് വേണ്ടി തെരഞ്ഞെടുപ്പ് പ്രചരണത്തില്‍ സജീവമായിരുന്നു.  എന്നാല്‍ മുന്നണി പ്രവേശം ആവശ്യപ്പെട്ട് ജെ.എസ്.എസ് എല്‍.ഡി.എഫ് നേതൃത്വത്തിന് നല്‍കിയ കത്ത് ഇതുവരെ പരിഗണിക്കപ്പെട്ടിരുന്നില്ല.
 

 

വി. ആര്‍ കൃഷ്ണയ്യരുടെ സംസ്കാരം വൈകുന്നേരം ആറിന്

Posted: 04 Dec 2014 06:33 PM PST

Image: 

കൊച്ചി: അന്തരിച്ച ജസ്റ്റിസ് വി.ആര്‍.കൃഷ്ണയ്യരുടെ സംസ്കാരം ഇന്ന് വൈകിട്ട് ആറിന് കൊച്ചി രവിപുരം ശ്മശാനത്തില്‍ നടക്കും. മൃതദേഹം രാവിലെ ഒമ്പതുമുതല്‍ മൂന്ന് വരെ കടവന്ത്ര രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ പൊതുദര്‍ശനത്തിന് വെക്കും. എം.ജി.റോഡിലെ വസതിയായ സദ്ഗമയയില്‍ ഇന്നലെ വൈകിട്ട് പൊതുദര്‍ശനത്തിനുവച്ച മൃതദേഹത്തില്‍ സമൂഹത്തിന്‍റെ നാനാതുറകളില്‍പെട്ടവര്‍ ആദരാഞ്ജലി അര്‍പ്പിച്ചു.

കൃഷ്ണയ്യരോടുള്ള ആദരസൂചകമായി നിയമസഭ വെള്ളിയാഴ്ചത്തേക്ക് പിരിഞ്ഞു. കൃഷ്ണയ്യരുടെ വിയോഗത്തില്‍ ദു:ഖം രേഖപ്പെടുത്തി നിയമസഭ പിരിയുമെന്നു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നേരത്തെ  അറിയിച്ചിരുന്നു. സംസ്ഥാനത്തെ എല്ലാ കോടതികള്‍ക്കും വെള്ളിയാഴ്ച സര്‍ക്കാര്‍ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. കീഴ്കോടതികള്‍ക്കും ട്രൈബ്യൂണലുകള്‍ക്കും എറണാകുളം അഡ്വക്കറ്റ് ജനറല്‍ ഓഫിസിനും അവധി ബാധകമായിരിക്കും.

മനുഷ്യന്‍െറ മൗലികാവകാശങ്ങള്‍ക്കും സാമൂഹികനീതിക്കും വേണ്ടി ആയുഷ്കാലം മുഴുവന്‍ അവിശ്രാന്തം പോരാടിയ ധിഷണാശാലിയായ ന്യായാധിപനായിരുന്നു  ജസ്റ്റിസ് വി.ആര്‍ കൃഷ്ണയ്യര്‍. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍  വ്യാഴാഴ്ച വൈകുന്നേരമായിരുന്നു അന്ത്യം.

വാര്‍ധക്യസഹജമായ അസുഖത്തത്തെുടര്‍ന്ന് വീട്ടില്‍ വിശ്രമത്തിലായിരുന്ന കൃഷ്ണയ്യരെ, രോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് നവംബര്‍ 24നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രക്തത്തില്‍ ശ്വേത രക്താണുക്കളുടെ അളവ് വര്‍ധിച്ച തോതിലായിരുന്നു. ശനിയാഴ്ച തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ച കൃഷ്ണയ്യര്‍ക്ക് തിങ്കളാഴ്ച പക്ഷാഘാതമുണ്ടായി. വൃക്കയുടെ പ്രവര്‍ത്തനം താളംതെറ്റിയതിനൊപ്പം ശ്വാസനാളത്തില്‍ അണുബാധയുമുണ്ടായിരുന്നു. രണ്ടുദിവസം അദ്ദേഹത്തിന് ട്യൂബ് വഴി ഭക്ഷണം നല്‍കിയെങ്കിലും വ്യാഴാഴ്ച രാവിലെ ബോധരഹിതനാവുകയായിരുന്നു. അന്ത്യസമയത്ത്  മകന്‍ പരമേശ് കൃഷ്ണയ്യരും മരുമകള്‍ ഇന്ദ്രാണിയും സമീപത്തുണ്ടായിരുന്നു.

വൈകുന്നേരം ആറു മണിയോടെ  മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ മൃതദേഹം പൊതു ദര്‍ശനത്തിന് വെച്ചു. തുടര്‍ന്ന്, എറണാകുളത്തെ വസതിയായ സദ്ഗമയയിലേക്ക് കൊണ്ടു പോയി. സംസ്കാരം നാളെ വൈകിട്ട് ആറിന് എറണാകുളം രവിപുരം വൈദ്യുതി ശ്മശാനത്തില്‍ നടക്കും.

കഴിഞ്ഞ നവംബര്‍ 15ന് നൂറിന്‍റെ നിറവില്‍ എത്തിയ അദ്ദേഹം നിരവധി ആദരങ്ങള്‍ ഏറ്റുവാങ്ങിയിരുന്നു. ഏഴു വര്‍ഷക്കാലം സുപ്രീംകോടതി ജഡ്ജ് പദം അലങ്കരിച്ചിട്ടുണ്ട്. പ്രഭാഷകന്‍,  എഴുത്തുകാരന്‍ എന്നീ നിലകളിലും പ്രശസ്തനായ കൃഷ്ണയ്യര്‍ എഴുപതില്‍പരം പുസ്തകങ്ങളും രചിച്ചിട്ടുണ്ട്.

സാധാരണക്കാര്‍ക്കും താഴത്തെട്ടിലുള്ളവര്‍ക്കും വേണ്ടി നീതിപീഠത്തിന് അകത്തും പുറത്തും അദ്ദേഹം ഉയര്‍ത്തിയ ശബ്ദം 'നീതിയുടെ കാവലാള്‍' എന്ന വിശേഷണം ഏറ്റുവാങ്ങി.

ഐക്യ കേരളം രൂപം കൊണ്ട ശേഷം 1957ല്‍ നടന്ന ആദ്യ തെരഞ്ഞെടുപ്പില്‍ തലശേരി നിയമസഭാ  മണ്ഡലത്തില്‍ നിന്നു വിജയിച്ച കൃഷ്ണയ്യര്‍ ഇ.എം.എസ് മന്ത്രിസഭയില്‍ ആഭ്യന്തര ^നിയമമന്ത്രിയായിരുന്നു. രാജ്യത്ത് ശ്രദ്ധേയമായ നിരവധി വിധി ന്യായങ്ങള്‍ എഴുതിയ പ്രഗത്ഭ നിയമജ്ഞനായിരുന്നു അദ്ദേഹം.

1915 നവംബര്‍ 15 ന് പാലക്കാട്ട് ശേഖരീപുരം വൈദ്യനാഥപുരം രാമയ്യരുടെയും നാരായണിയുടെയും മകനായി ജനനം. ഭാര്യ പരേതയായ ശാരദാംബാള്‍. രമേശ് (അമേരിക്ക), പരമേശ് (ചെന്നൈ) എന്നിവര്‍ മക്കളാണ്.

ഫോട്ടോ: കര്‍മനിരതം ഈ ജീവിതം

സ്വര്‍ണ വില കുറഞ്ഞു; പവന് 19,800 രൂപ

Posted: 04 Dec 2014 06:30 PM PST

Image: 

കൊച്ചി: സ്വര്‍ണവില കുറഞ്ഞു. പവന് 120 രൂപ കുറഞ്ഞ് 19,800 രൂപയായി.  ഗ്രാമിന് 15 രൂപ കുറഞ്ഞ് 2475 രൂപയായി. കഴിഞ്ഞ മൂന്ന് ദിവസമായി പവന് 19920 രൂപയായായിരുന്നു.  
 

നീതിയുടെ അവസാനവാക്ക്

Posted: 04 Dec 2014 05:54 PM PST

Image: 

നിയമത്തില്‍ അവസാനവാക്ക് സുപ്രീം കോടതിയുടേതാകാം. പക്ഷേ നീതിയുടെ അവസാനവാക്ക് കൃഷ്ണയ്യരുടേതാണ്. ഇംഗ്ളണ്ടിന് ലോര്‍ഡ് ഡെന്നിങ് എന്നതുപോലെയാണ് നമുക്ക് കൃഷ്ണയ്യര്‍. നൂറ് പിന്നിട്ട് ആറാഴ്ച കഴിഞ്ഞാണ് 1999ല്‍ ഡെന്നിങ് അന്തരിച്ചത്. നാല്‍പത് വര്‍ഷം ന്യായാധിപനായിരുന്ന് ഡെന്നിങ് ആര്‍ജിച്ച യശസ് കേവലം പന്ത്രണ്ട് വര്‍ഷത്തെ ന്യായാധിപജീവിതം കൊണ്ട് നേടിയെടുക്കാന്‍ കൃഷ്ണയ്യര്‍ക്ക് കഴിഞ്ഞു. ഒന്നും എഴുതാതെയും അവിടെയുണ്ടായിരുന്നു എന്നതിന് ഒരു തെളിവും അവശേഷിപ്പിക്കാതെയും പിരിയുന്ന ജഡ്ജിമാരുണ്ട്. അവര്‍ക്കിടയിലാണ് കൃഷ്ണയ്യര്‍ അത്ഭുതമായി മാറിയത്. ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും മഹാനായ ന്യായാധിപന്‍ എന്നാണ് ഇംഗ്ളിഷുകാര്‍ ഡെന്നിങ്ങിനെ വിശേഷിപ്പിക്കുന്നത്. ഡെന്നിങ്ങിനോട് ഒട്ടും അനാദരവില്ലാതെ ആ വിശേഷണം നമുക്ക് നമ്മുടെ പ്രിയപ്പെട്ട കൃഷ്ണയ്യര്‍ക്ക് നല്‍കാം.
1973 മുതല്‍ 1980 വരെയാണ് കൃഷ്ണയ്യര്‍ സുപ്രീം കോടതിയില്‍ ജഡ്ജിയായിരുന്നത്. അതിനുശേഷം വ്യാഴവട്ടം മൂന്നായെങ്കിലും കൃഷ്ണയ്യര്‍ വിസ്മൃതനായില്ല. ഇന്ത്യയിലെ കോടതികളിലും നിയമസദസുകളിലും പഠനമുറികളിലും നിത്യവും ആദരവോടെ ഉച്ചരിക്കപ്പെടുകയും ഉദ്ധരിക്കപ്പെടുകയും ചെയ്യുന്ന പേരാണ് കൃഷ്ണയ്യര്‍. ഭരണഘടനയോ ക്രിമിനല്‍ നിയമമോ സിവില്‍ നിയമമോ ഏതുമാകട്ടെ അവിടെയെല്ലാം കൃഷ്ണയ്യരുടെ സ്പര്‍ശവും സാന്നിധ്യവുമുണ്ട്. നിയമത്തിന്‍െറ സര്‍വതലങ്ങളെയും സ്പര്‍ശിച്ചുവെന്ന് മാത്രമല്ല അവിടെയെല്ലാം മാഞ്ഞുപോകാത്ത അടയാളങ്ങള്‍ പതിപ്പിക്കാനും അദ്ദേഹത്തിനു കഴിഞ്ഞു. വിധിന്യായങ്ങളില്‍ പറഞ്ഞതിനേക്കാള്‍ കൂടുതല്‍ കാര്യങ്ങള്‍ അദ്ദേഹം ലേഖനങ്ങളിലൂടെയും പ്രഭാഷണങ്ങളിലൂടെയും പറഞ്ഞു. കേരള നിയമ പരിഷ്കരണ കമ്മീഷന്‍ ചെയര്‍മാന്‍ എന്ന നിലയില്‍ അദ്ദേഹം തയാറാക്കിയ ബൃഹത്തായ റിപ്പോര്‍ട്ട് അദ്ദേഹത്തിന്‍െറ പാണ്ഡിത്യത്തിന്‍െറയും വീക്ഷണത്തിന്‍െറയും അനുഭവജ്ഞാനത്തിന്‍െറയും മനോഹരമായ മിശ്രിതമാണ്.
വിസ്മയകരമാണ് കൃഷ്ണയ്യരുടെ വളര്‍ച്ചയും ഉയര്‍ച്ചയും. കമ്യൂണിസത്തോടുള്ള ആഭിമുഖ്യവും അടുപ്പവും ജഡ്ജിയാകുന്നതിന് അയോഗ്യതയായി കണക്കാക്കിയിരുന്ന കാലത്താണ് കമ്യൂണിസ്റ്റ് മന്ത്രിസഭയില്‍ അംഗമായിരുന്ന കൃഷ്ണയ്യര്‍ എട്ട് വര്‍ഷം കഴിഞ്ഞ് ഹൈക്കോടതിയില്‍ ജഡ്ജിയായത്. ജഡ്ജി മന്ത്രിയായിട്ടുണ്ട്. പക്ഷേ മന്ത്രി ജഡ്ജിയാകുന്നത് ആദ്യമായിരുന്നു. സ്വന്തം നിലപാടുകളില്‍ ഉറച്ചുനിന്നുകൊണ്ടായിരുന്നു അദ്ദേഹം ന്യായാധിപപദവി സ്വീകരിച്ചത്. സോഷ്യലിസമെന്നത് ഭരണഘടനയില്‍ ഒൗപചാരികമായി സന്നിവേശിപ്പിക്കപ്പെട്ട നാല്‍പത്തിരണ്ടാം ഭേദഗതിക്കുമുമ്പേ കൃഷ്ണയ്യര്‍ സോഷ്യലിസ്റ്റായിരുന്നു. പലരും അതിനുശേഷവും സോഷ്യലിസ്റ്റായില്ല.
പ്രസിദ്ധമായ കേശവാനന്ദ ഭാരതി കേസില്‍ സര്‍ക്കാരിന് അനഭിമതരായിത്തീര്‍ന്ന മൂന്ന് ജഡ്ജിമാര്‍ രാജിവയ്ക്കാന്‍ നിര്‍ബന്ധിതരായ കാലത്താണ് കൃഷ്ണയ്യര്‍ സുപ്രീം കോടതിയിലേക്ക് വിളിക്കപ്പെട്ടത്. ഹൈക്കോടതിയില്‍ അദ്ദേഹം ചീഫായിരുന്നില്ല. അദ്ദേഹം അംഗമായിരുന്ന കമ്യൂണിസ്റ്റ് മന്ത്രിസഭയെ പിരിച്ചുവിടുന്നതിന് കോണ്‍ഗ്രസ് പ്രസിഡന്‍റ് എന്ന നിലയില്‍ നെഹ്റുവിനെ പ്രേരിപ്പിച്ച ഇന്ദിര ഗാന്ധി പ്രധാനമന്ത്രിയായിരിക്കുന്ന കാലം. സര്‍ക്കാറുമായി സഹകരിക്കുന്ന ജഡ്ജിയെ ആയിരുന്നു ഇന്ദിര ഗാന്ധിക്ക് ആവശ്യം. കൃഷ്ണയ്യരില്‍ അങ്ങനെ എന്തെങ്കിലും പ്രതീക്ഷ ഇന്ദിര ഗാന്ധിക്ക് ഉണ്ടായിരുന്നുവെങ്കില്‍ അത് തിരുത്തുന്നതിന് അധികകാലം വേണ്ടിവന്നില്ല.
കരുണാര്‍ദ്രമായ നീതിയില്‍ അധിഷ്ഠിതമായ നിയമവ്യവസ്ഥയാണ് കൃഷ്ണയ്യരുടെ മതം. നീതിയുടെ ഉപകരണം മാത്രമാണ് നിയമം. പ്രൗഢമായ വിധിന്യായങ്ങളിലൂടെ അദ്ദേഹം നിയമനിര്‍മാതാവായി. മന:സാക്ഷിയുടെ അംഗീകാരത്തോടെ ആ നിയമതത്വങ്ങള്‍ രാജ്യം ഏറ്റെടുത്തു. അതുല്യവും അനുപമവുമാണ് കൃഷ്ണയ്യരുടെ ഭാഷ. ഇക്കാര്യത്തില്‍ അദ്ദേഹം ഡെന്നിങ്ങില്‍നിന്ന് വ്യത്യസ്തനാണ്. ലളിതമായിരുന്നു ഡെന്നിങ്ങിന്‍െറ ശൈലി. ജനങ്ങളുടെ ന്യായാധിപന്‍ ജനങ്ങള്‍ക്കു മനസിലാകുന്ന ഭാഷയിലെഴുതി. മോശ മുതല്‍ ശ്രീനാരായണ ഗുരു വരെ കാര്യങ്ങള്‍ ലളിതമായി പറഞ്ഞവരാണ്. ആശയങ്ങളുടെ വിപ്ളവത്തിന് കരുത്തുള്ള ഭാഷയുടെ കവചം ആവശ്യമാണെന്ന് കൃഷ്ണയ്യര്‍ കരുതി. നിയമത്തോടൊപ്പം ഇംഗ്ളിഷ് ഭാഷയെയും അദ്ദേഹം പുന:സൃഷ്ടിക്കുകയായിരുന്നു. നവീനവും സാഹസികവുമായ ചിന്തയുടെ അപരിചിതമായ വനസ്ഥലികളില്‍ നിന്ന് അപ്രതീക്ഷിതമായത്തെുന്ന കാട്ടാളന്‍െറ താണ്ഡവമായി മാറി അദ്ദേഹത്തിന്‍െറ ഭാഷ. താണ്ഡവത്തിലും സര്‍ഗാത്മകതയുണ്ട്. സൃഷ്ടിക്കേണ്ടത് സൃഷ്ടിക്കുകയും സംഹരിക്കേണ്ടത് സംഹരിക്കുകയും ചെയ്തുകൊണ്ടായിരുന്നു കൃഷ്ണയ്യരുടെ മുന്നേറ്റം. മൗലികമായ സക്രിയത അനായാസമായിരുന്നില്ല. നിയമത്തിന്‍െറ വൈവിധ്യമാര്‍ന്ന ശബ്ദാവലിയില്‍ ഇടം കിട്ടിയവയാണ് അദ്ദേഹം സൃഷ്ടിച്ച പദങ്ങള്‍. ബൗദ്ധികമായ അധ്വാനം അദ്ദേഹത്തെ തളര്‍ത്താതിരുന്നത് നമ്മുടെ സൗഭാഗ്യം.
നിലപാടുകള്‍ തെറ്റിധാരണയ്ക്ക് കാരണമായിട്ടുണ്ട്. അലഹബാദ് ഹൈക്കോടതി വിധിക്കെതിരെയുള്ള ഇന്ദിര ഗാന്ധിയുടെ അപ്പീല്‍ വെക്കേഷന്‍ കോടതിയില്‍ ഏകനായി കൈകാര്യം ചെയ്യേണ്ടിവന്ന സന്ദര്‍ഭം അദ്ദേഹത്തെ അനുകൂലമായും പ്രതികൂലമായും വിലയിരുത്തുന്നതിനുള്ള മാനദണ്ഡമായി. സ്റ്റേ എന്ന ഒറ്റവാക്കില്‍ ഒരു പക്ഷേ അടിയന്തരാവസ്ഥ ഒഴിഞ്ഞുപോകുമായിരുന്നു എന്ന് കരുതുന്നവരുണ്ട്. അതൊരു വീണ്ടുവിചാരം മാത്രമാണ്. സംഭവിക്കേണ്ടത് എങ്ങനെയും സംഭവിക്കുമായിരുന്നു. നിയമത്തിന്‍െറയും കീഴ്വഴക്കങ്ങളുടെയും അടിസ്ഥാനത്തില്‍ നിയന്ത്രിതവും സോപാധികവുമായ സ്റ്റേ മാത്രമാണ് കൃഷ്ണയ്യര്‍ നല്‍കിയത്. അതായിരുന്നു ശരി എന്ന് പില്‍ക്കാലത്ത് സാര്‍വത്രികമായി വിലയിരുത്തപ്പെട്ടു. സുപ്രീം കോടതിയുടെ ചരിത്രത്തിലെ സമ്മോഹനമായ മുഹൂര്‍ത്തമെന്നാണ് എച്ച്.എം സീര്‍വായ് ആ ഉത്തരവിനെ വിശേഷിപ്പിച്ചത്. കൃഷ്ണയ്യരുടെ കടുത്ത വിമര്‍ശകനായിരുന്നു ഭരണഘടനാപണ്ഡിതനായ സീര്‍വായ്. കൃഷ്ണയ്യരുടെ നിലപാടുകള്‍ മാത്രമല്ല ഭാഷയും സീര്‍വായിയുടെ പരിഹാസത്തിന് പാത്രമായിട്ടുണ്ട്. നിയമിക്കുന്നവരുടെ ഇംഗിതത്തിന് നിയമിതര്‍ വഴങ്ങേണ്ടി വരുമെന്ന ധാരണ കൃഷ്ണയ്യര്‍ തിരുത്തി.
സുപ്രീം കോടതിയുടെ സവിശേഷവും സക്രിയവുമായ പരിവര്‍ത്തനഘട്ടത്തില്‍ കൃഷ്ണയ്യര്‍ അവിടെയുണ്ടായിരുന്നുവെന്നത് ഇന്ത്യന്‍ നീതിവ്യവസ്ഥയുടെ നേട്ടമായി. അടിയന്തരാവസ്ഥയുടെ അപമാനവും മാലിന്യവും കഴുകിക്കളയുന്നതിന് നീതിയുടെ ഗംഗയെ തിലക് മാര്‍ഗിലൂടെ ഒഴുക്കിയ അഭിനവ ഹെര്‍ക്കുലീസായി മാറി കൃഷ്ണയ്യര്‍. സാഹസികമായ ഈ ദൗത്യത്തില്‍ പി.എന്‍ ഭഗവതി, ഡി. എ ദേശായി, ഒ. ചിന്നപ്പ റെഡ്ഡി എന്നിങ്ങനെ സമര്‍ത്ഥരായ ന്യായാധിപന്മാരുടെ സംയുക്തമായ പിന്‍ബലവും അദ്ദേഹത്തിനുണ്ടായി. എ.കെ ഗോപാലനില്‍നിന്ന് മേനക ഗാന്ധിയിലേക്കും അവിടെനിന്ന് സുനില്‍ ബത്രയിലേക്കും പരമോന്നത കോടതി പരിവര്‍ത്തനം ചെയ്യപ്പെടുകയായിരുന്നു. ഭരണഘടനയുടെ നാസാരന്ധ്രങ്ങളിലേക്ക് മനുഷ്യാവകാശങ്ങളുടെ ജീവന്‍ നിശ്വസിപ്പിക്കുന്ന ഉപകരണമായി അനുഛേദം 21 രൂപാന്തരപ്പെട്ടു. നിര്‍ദേശകതത്വങ്ങള്‍ക്ക് മൗലികാവകാശങ്ങള്‍ക്കൊപ്പം പദവിയും പ്രാധാന്യവുമുണ്ടായി.
അനുഭവങ്ങളും സാഹചര്യങ്ങളുമാണ് ഒരു ന്യായാധിപനെ വാര്‍ത്തെടുക്കുന്നത്. കോര്‍പറേറ്റ് താത്പര്യങ്ങള്‍ സംരക്ഷിക്കുന്ന അഭിഭാഷകര്‍ ന്യായപീഠത്തിലത്തെുമ്പോള്‍ ആഗോളീകരണകാലത്തെ വിപണിയുടെ വക്താക്കളും മൂലധനത്തിന്‍െറ സംരക്ഷകരുമാകുന്നു. സമ്പന്നമായ സാഹചര്യങ്ങളില്‍ ജനിച്ചു വളര്‍ന്ന കൃഷ്ണയ്യര്‍ എന്നും സാധാരണക്കാര്‍ക്കൊപ്പമായിരുന്നു. സാധാരണക്കാരുടെ അഭിഭാഷകനായിരുന്നു അദ്ദേഹം.
കമ്യൂണിസ്റ്റായിരുന്നതിന്‍െറ പേരില്‍ അദ്ദേഹത്തിന് ജയിലില്‍ ഒരു മാസം നീണ്ട ഏകാന്തവാസം അനുഭവിക്കേണ്ടിവന്നിട്ടുണ്ട്. വര്‍ഷങ്ങള്‍ക്കുശേഷം ബന്ധിതനായ ഒരു തടവുകാരനെ സുപ്രീം കോടതി ജഡ്ജിയെന്ന നിലയില്‍ കണ്ടപ്പോള്‍ കണ്ണൂര്‍ ജയിലില്‍ ചങ്ങലയില്‍ കിടന്ന കെ പി ആര്‍ ഗോപാലനെയാണ് അദ്ദേഹം ഓര്‍ത്തത്. തടവുകാരും അവകാശങ്ങളുടെ ഉടമകളായ മനുഷ്യരാണെന്ന പ്രഖ്യാപനം ഉണ്ടായത് അങ്ങനെയാണ്. നീതിദേവതയുടെ കണ്‍കെട്ടുകള്‍ അഴിഞ്ഞുവീണ സുനില്‍ ബത്ര കേസിലെ കൃഷ്ണയ്യരുടെ വിധി തടവുകാരുടെ മാഗ്ന കാര്‍ട്ടയായി മാറി.
കോടതി ഉത്തരവനുസരിച്ച് വീട്ടേണ്ടതായ കടം വീട്ടാന്‍ പണമില്ലാത്തയാളെ ജയിലിലേക്കയക്കുന്നത് ശരിയല്ളെന്ന ജോളി ജോര്‍ജ് വര്‍ഗീസ് കേസിലെ വിധി അന്നുവരെയുള്ള നിലപാടുകളെ പാടേ തിരുത്തി. സിവില്‍ നടപടിക്രമത്തിലെ അന്‍പത്തിയൊന്നാം വകുപ്പ് ഭരണഘടനയിലെ അനുഛേദം ഇരുപത്തിയൊന്നിന്‍െറ വെളിച്ചത്തില്‍ കൃഷ്ണയ്യര്‍ വായിച്ചെടുത്തത് അദ്ദേഹത്തിനുമാത്രം സാധ്യമാകുന്ന നീതിബോധത്തിന്‍െറ അടിസ്ഥാനത്തിലായിരുന്നു. അംഗീകൃതമായ നിലപാടുകളെ തിരുത്തുന്നതിന് ഡെന്നിങ് പ്രകടിപ്പിച്ചിരുന്ന അന്യാദൃശമായ കൗശലമാണ് ഈ കേസില്‍ കൃഷ്ണയ്യര്‍ പ്രകടിപ്പിച്ചത്.
നടപടിക്രമങ്ങളുടെ യാന്ത്രികമായ നിയന്ത്രണത്തില്‍നിന്നും പരിമിതികളില്‍നിന്നും കൃഷ്ണയ്യര്‍ നിയമത്തെ മോചിപ്പിച്ചു. സമ്പന്നന്‍െറ കോടതിയെ അദ്ദേഹം ദരിദ്രന്‍െറ കോടതിയാക്കി. അന്ത്യോദയ എന്ന മാനവധര്‍മം അതിനുള്ള മന്ത്രമായി. ആര്‍ക്കും ആര്‍ക്കുവേണ്ടിയും കോടതിയെ സമീപിക്കാമെന്ന അവസ്ഥയുണ്ടായി. പൊതുതാത്പര്യ വ്യവഹാരത്തിന്‍െറ പിതൃത്വം പി എന്‍ ഭഗവതിയുടെ പേരിലാണ് പൊതുവെ അറിയപ്പെടുന്നതെങ്കിലും രത്ലാം മുനിസിപ്പാലിറ്റി കേസില്‍ കൃഷ്ണയ്യരാണ് വിപ്ളവകരമായ ആ സരണി ആദ്യം തുറന്നത്. അദ്ദേഹം അവകാശങ്ങളുടെ സംരക്ഷകന്‍ മാത്രമല്ല സ്രഷ്ടാവ് കൂടിയായാണ്. ഇന്ത്യയില്‍ ഇങ്ങനെ ഒരാള്‍ മാത്രം. ആ ആള്‍ നമ്മുടെ സ്വന്തമെന്നത് നമ്മുടെ ഭാഗ്യവും അഭിമാനവും ആകുന്നു.

മനുഷ്യസ്നേഹിയായ നീതിന്യായ പോരാളി

Posted: 04 Dec 2014 05:48 PM PST

Image: 

സാധാരണ പൗരന്മാര്‍ക്കും അരികുവത്കരിക്കപ്പെട്ടവര്‍ക്കും നീതി നിഷേധിക്കപ്പെട്ടവര്‍ക്കും വേണ്ടി അഭിഭാഷകനും രാഷ്ട്രീയക്കാരനും മന്ത്രിയും ന്യായാധിപനും എഴുത്തുകാരനുമായ തന്‍െറ ജീവിതം ഉഴിഞ്ഞുവെച്ച അത്യപൂര്‍വ വ്യക്തിത്വമാണ് കഴിഞ്ഞ ദിവസം  ലോകത്തോട് വിടപറഞ്ഞ വൈദ്യനാഥപുരം രാമയ്യര്‍ കൃഷ്ണയ്യര്‍. കഴിഞ്ഞ നവംബര്‍ 15ന് ആ ധന്യജീവിതത്തിന്‍െറ നൂറാം പിറന്നാള്‍ ആഘോഷിക്കാനായി ‘സദ്ഗമ’യിലത്തെിയ വ്യത്യസ്ത ജീവിത തുറകളില്‍ നിന്നുള്ള ചെറിയവരും വലിയവരുമായ നാനാജാതി മതസ്ഥര്‍ ഒരുകാര്യത്തില്‍ ഏകാഭിപ്രായക്കാരായിരുന്നു, നൂറ്റാണ്ടുകാലം ജനങ്ങള്‍ക്ക് വേണ്ടിയാണ് അദ്ദേഹം ജീവിച്ചതെന്ന കാര്യത്തില്‍. മലബാറില്‍ അഭിഭാഷകനായി ജീവിതം ആരംഭിച്ചപ്പോള്‍ കൃഷിക്കാരെയും പാട്ടക്കാരെയും തൊഴിലാളികളെയും തൊഴിലാളിവര്‍ഗ നേതാക്കളെയും ആണ് അദ്ദേഹം മുഖ്യമായി പരിഗണിച്ചത്. സര്‍ക്കാര്‍ കമ്യൂണിസ്റ്റുകാരെ വേട്ടയാടുകയും അവര്‍ക്കെതിരെ കേസെടുക്കുകയും ചെയ്ത നാളുകളില്‍ കൃഷ്ണപിള്ളക്കും ഇ.എം.എസിനും എ.കെ.ജിക്കും അദ്ദേഹം നിയമസഹായം നല്‍കി. മദ്രാസ് നിയമസഭയിലേക്ക് സ്ഥാനാര്‍ഥിയായി മത്സരിച്ചത് ഒരു പാര്‍ട്ടിയുടെയും ടിക്കറ്റിലായിരുന്നില്ല, ജനപിന്തുണമാത്രം ലക്ഷ്യംവെച്ച് സ്വതന്ത്രനായിട്ടായിരുന്നു. ജനങ്ങള്‍ അദ്ദേഹത്തെ കൈയൊഴിഞ്ഞതുമില്ല. പിന്നീട് കേരള സംസ്ഥാന രൂപവത്കരണത്തിനുശേഷം നടന്ന പ്രഥമ തെരഞ്ഞെടുപ്പിലും തലശ്ശേരിയില്‍നിന്ന് സ്വതന്ത്രനായി ജയിച്ചുകയറി, ആദ്യത്തെ ഇ.എം.എസ് മന്ത്രിസഭയില്‍ ആഭ്യന്തരം, നിയമം, ജയില്‍ തുടങ്ങിയ വകുപ്പുകളുടെ ചുമതലയേറ്റപ്പോഴും പാരമ്പര്യങ്ങളെയും സാമ്പ്രദായിക ഭരണരീതികളെയും മാറ്റാനാണ് കൃഷ്ണയ്യര്‍ ശ്രമിച്ചത്. പൊലീസും ജയിലും അദ്ദേഹം പരിഷ്കരിച്ചു. തടവുപുള്ളികളും മനുഷ്യരാണെന്ന് അംഗീകരിച്ച് അവര്‍ക്ക് മനുഷ്യോചിതമായ ഭക്ഷണവും വേഷവും താമസവും ഉറപ്പുവരുത്തി.  28 മാസങ്ങള്‍ പിന്നിട്ട പ്രഥമ കമ്യൂണിസ്റ്റ് സര്‍ക്കാറിനെ നെഹ്റു സര്‍ക്കാര്‍ പിരിച്ചുവിട്ടപ്പോള്‍ അഭിഭാഷകവേഷത്തില്‍ വീണ്ടും കോടതിയിലത്തെിയ കൃഷ്ണയ്യര്‍ പിന്നീട് കേരള ഹൈകോടതി ജഡ്ജി, ഇന്ത്യന്‍ ലോ കമീഷന്‍ അംഗം, കേന്ദ്ര നിയമസഹായ വേദിയുടെ സാരഥി എന്നീ നിലകളിലെല്ലാം തിളങ്ങിയശേഷം പരമോന്നത കോടതിയില്‍ ന്യായാധിപനായി നിയമിതനായി. എഴുന്നൂറോളം വിധികളെഴുതിയ ആ പ്രതിഭാശാലി ഭരണഘടനാ ഖണ്ഡികകളുടെയും നിയമവ്യാഖ്യാന നൂലാമാലകളുടെയും കുരുക്കില്‍ മനുഷ്യജീവിതങ്ങളെ തളച്ചിടാനല്ല, സാമൂഹിക നീതിയുടെ വിശാല താല്‍പര്യങ്ങള്‍ക്ക് സര്‍വഥാ പ്രാധാന്യം നല്‍കി മുഖം നോക്കാതെ ജനങ്ങളെ സേവിക്കാനാണ് തന്‍െറ ജുഡീഷ്യല്‍ ജീവിതം ഉപയോഗപ്പെടുത്തിയത്. ഏതു മഹാപാപിയുടെയും ജീവനെടുക്കാന്‍ കോടതികള്‍ക്കവകാശമില്ളെന്ന് അന്ത്യശ്വാസം വരെ വാദിക്കാന്‍ കൃഷ്ണയ്യരെ പ്രേരിപ്പിച്ചത് അദ്ദേഹത്തിന്‍െറ അപരിമേയമായ നീതിബോധമാണ്. നിയമം മനുഷ്യര്‍ക്കുവേണ്ടിയാണ്, മനുഷ്യന്‍ നിയമത്തിനുവേണ്ടിയല്ല എന്നതായിരുന്നു അദ്ദേഹത്തിന്‍െറ സിദ്ധാന്തം.
ആയിരക്കണക്കിന് ജാതികളും മതങ്ങളും ഭാഷകളും സംസ്കാരങ്ങളും പുലരുന്ന ഇന്ത്യാ മഹാരാജ്യത്തിന്‍െറ ഭദ്രവും ആരോഗ്യകരവുമായ നിലനില്‍പിനും വികാസത്തിനും മതേതര ജനാധിപത്യ സോഷ്യലിസ്റ്റ് റിപ്പബ്ളിക് എന്ന ഭരണഘടനാ സങ്കല്‍പം പ്രത്യക്ഷരം പരിരക്ഷിക്കപ്പെടുകയും സാക്ഷാത്കരിക്കപ്പെടുകയും വേണമെന്ന് അദ്ദേഹം ഉറച്ചുവിശ്വസിക്കുകയും വാദിക്കുകയും ചെയ്തു. ഇതിന് വിഘാതം സൃഷ്ടിക്കുന്ന ശക്തികളെയും അധികാരികളെയും അദ്ദേഹം തുറന്നെതിര്‍ത്തു. സ്വതന്ത്രവും നിര്‍ഭയവുമെന്ന് പേരെടുത്ത ഇന്ത്യന്‍ ജുഡീഷ്യറിയെ അഴിമതിയുടെയും പക്ഷപാതിത്വത്തിന്‍െറയും വിവേചനത്തിന്‍െറയും പുഴുക്കുത്തുകള്‍ ബാധിച്ചുതുടങ്ങിയ ലക്ഷണങ്ങള്‍ കണ്ടപ്പോള്‍തന്നെ ധര്‍മരോഷം കൊണ്ട ആ പോരാളി അപകടകരമായ പ്രവണതയെ പരസ്യമായെതിര്‍ത്തു. മനുഷ്യാവകാശ കമീഷന്‍പോലുള്ള നിഷ്പക്ഷതയുടെയും നീതിയുടെയും ഗോപുരങ്ങളാവേണ്ട സ്ഥാപനങ്ങളുടെ തലപ്പത്ത് കളങ്കിതര്‍ കുടിയിരുത്തപ്പെടുന്നതില്‍ അദ്ദേഹം അസ്വസ്ഥനായി. അഭിശപ്തമായ വര്‍ഗീയ രാഷ്ട്രീയ കലാപങ്ങളെ തുറന്നപലപിച്ച കൃഷ്ണയ്യര്‍ സാധ്യമായേടത്തൊക്കെ കടന്നുചെന്ന് ജനകീയ വസ്തുതാന്വേഷണ സമിതികള്‍ക്ക് നേതൃത്വം നല്‍കി സത്യം പുറത്തുകൊണ്ടുവരാന്‍ പ്രയത്നിച്ചു. മുറിവേറ്റ മനസ്സുകളെ കൂട്ടിയിണക്കാന്‍ കിട്ടാവുന്നവരെയൊക്കെ കൂടെ കൂട്ടി. ബാബരി മസ്ജിദ് ധ്വംസനത്തെ തുടര്‍ന്ന് രാജ്യമാകെ സംഘര്‍ഷഭരിതമായപ്പോള്‍ ഹിന്ദു-മുസ്ലിം മൈത്രിയുടെ പുനര്‍നിര്‍മിതിക്കും ദേശീയ ഐക്യത്തിനും വേണ്ടി ഫോറം ഫോര്‍ ഡെമോക്രസി ആന്‍ഡ് കമ്യൂണല്‍ അമിറ്റി രൂപവത്കരിക്കാന്‍ മുന്‍നിരയിലുണ്ടായിരുന്ന അദ്ദേഹം തുടര്‍ന്ന് നടത്തിയ ഇടപെടലുകള്‍ മറക്കാനാവാത്തതാണ്. അതുപോലെ മനുഷ്യര്‍ തമ്മിലെ അകല്‍ച്ച ഇല്ലാതാക്കാനും മാനവികതയുടെ മഹാഭൂമികയില്‍ മതാചാര്യന്മാരെയും നേതാക്കളെയും ഒന്നിപ്പിക്കാനും വേണ്ടി നിലവില്‍ വന്ന ഇന്‍റര്‍ഫെയ്ത്ത് ഡയലോഗ് സെന്‍ററിന്‍െറ ക്രിയാത്മക യത്നങ്ങളിലും അദ്ദേഹം സജീവ പങ്കാളിയായിരുന്നു.
ബഹുമുഖങ്ങളായ സേവനങ്ങളുടെ അംഗീകാരമായി രാജ്യം പത്മവിഭൂഷണ്‍ നല്‍കി ആദരിച്ച ജസ്റ്റിസ് കൃഷ്ണയ്യര്‍ ആയുഷ്കാലത്തിലുടനീളം ജനങ്ങള്‍ നല്‍കിയ സ്നേഹാദരവുകളും പിന്തുണയുമാണ് യഥാര്‍ഥ ബഹുമതിയായി കണ്ടത്. 1987ല്‍ മാധ്യമം പത്രത്തിന്‍െറ പിറവി മുതല്‍ അതുമായി ആത്മബന്ധം പുലര്‍ത്തുകയും തന്‍െറ വിലയേറിയ സംഭാവനകള്‍കൊണ്ട് പത്രത്തെ അനുഗ്രഹിക്കുകയും ചെയ്ത ആ മനുഷ്യാവകാശ യോദ്ധാവിന്‍െറ സ്മരണക്ക് ഞങ്ങള്‍ ഹൃദയം നിറഞ്ഞ ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നു.
 

സഹധര്‍മിണിയുടെ സ്മരണക്കായി ഒരുക്കിയത് പുസ്തകപ്പുര

Posted: 04 Dec 2014 11:07 AM PST

Image: 

പാലക്കാട്: ജന്മനഗരവുമായുള്ള ബന്ധം ഒരളവുവരെ മുറിഞ്ഞെങ്കിലും അഗ്രഹാരങ്ങളുടെ നാടിന്‍െറ ഓര്‍മകളില്‍ വി.ആര്‍. കൃഷ്ണയ്യര്‍ എന്നുമുണ്ടായിരുന്നു. ശേഖരീപുരം അഗ്രഹാരത്തിനടുത്തെ വൈദ്യനാഥപുരത്ത് ജനിച്ചുവളര്‍ന്ന കൃഷ്ണയ്യര്‍ ഭാര്യ ശാരദയുടെ സ്മരണ നിലനിര്‍ത്താന്‍ നാട്ടില്‍ ഒരു പുസ്തകപ്പുര തന്നെയൊരുക്കി. ഭാര്യയുടെ സ്മാരകമായി സമര്‍പ്പിച്ച ഗ്രന്ഥാലയത്തിന്‍െറ നടത്തിപ്പുകാരില്‍ ഒരാളായതില്‍ അഭിമാനിക്കുന്ന ഡോ. എസ്.വി. രാമചന്ദ്രന് കൃഷ്ണയ്യരെകുറിച്ച് പറയാന്‍ വാക്കുകളേറെ. ഒലവക്കോട് അച്യുതമേനോന്‍ ആശുപത്രിയില്‍ ജോലിചെയ്യുന്ന ഡോക്ടര്‍ രാമചന്ദ്രന്‍ കൃഷ്ണയ്യരുടെ സഹോദരി വിജയലക്ഷ്മി അമ്മാളുടെ മകനാണ്.

‘ജനിച്ചതും ഇന്‍റര്‍മീഡിയറ്റ് വരെ ഗവ. വിക്ടോറിയ കോളജില്‍ പഠിച്ചതുമൊഴിച്ചാല്‍ പാലക്കാടുമായി അദ്ദേഹത്തിന് ബന്ധമില്ളെന്നാണ് പലരുടെയും ധാരണ. കല്‍പാത്തി അഗ്രഹാരത്തിന് സമീപം ട്വല്‍ത്ത് സ്ട്രീറ്റിലെ അനന്തനാരായണയ്യരുടെ മരുമകളും ആനന്ദാശ്രമത്തിലെ പരമേശ്വരയ്യരുടെ മകളുമാണ് കൃഷ്ണയ്യരുടെ ഭാര്യ ശാരദ. ഇപ്പോഴത്തെ വിക്ടോറിയ കോളജിനിപ്പുറം താരേക്കാട് വരെയുള്ള ഭാഗത്ത് ഒന്നര ഏക്കറോളം സ്ഥലം പരമേശ്വര അയ്യര്‍ക്കുണ്ടായിരുന്നു. ഈ ഭൂമിയില്‍ നിന്നാണ് കൃഷ്ണയ്യര്‍ ഗ്രന്ഥാലയത്തിനായി സ്ഥലം ദാനം ചെയ്തത്’. ^ രാമചന്ദ്രന്‍ ‘മാധ്യമ’ത്തോട് പറഞ്ഞു.

ലൈബ്രറി യാഥാര്‍ഥ്യമായതിന് ശേഷം കൃഷ്ണയ്യര്‍ സന്ദര്‍ശിക്കാനത്തെിയിരുന്നു. ജില്ലാ കലക്ടര്‍ അധ്യക്ഷനായ സമിതിക്കാണ് ലൈബ്രറിയുടെ ഭരണചുമതല. കൃഷ്ണയ്യരുടെ മരുമകനായ രാമചന്ദ്രനും സമിതിയില്‍ അംഗമാണ്. ശാരദാ കൃഷ്ണയ്യരുടെ അമ്മാവന്‍െറ മകന്‍ വിശ്വനാഥ അയ്യര്‍ ഓഡിറ്ററായി പാലക്കാട് നഗരത്തിലുണ്ട്.

പിതാവിന്‍െറ ആഗ്രഹം സാധിച്ച മകന്‍

Posted: 04 Dec 2014 10:51 AM PST

Image: 

കൊച്ചി: പാലക്കാട് കല്‍പാത്തിപ്പുഴയുടെ തീരത്തുള്ള രാമനാഥപുരം. അവിടത്തെ പ്രൈമറി സ്കൂള്‍ അധ്യാപകനായിരുന്ന വെങ്കിടേശ്വര അയ്യര്‍ക്ക് ശമ്പളം രണ്ടു രൂപ. ആറംഗ കുടുംബത്തിന്‍െറ വയറ് കഴിയേണ്ട തുക. ഈ സാഹചര്യത്തിലാണ് മകന്‍ രാമയ്യര്‍ പട്ടിണികിടന്നു പഠിച്ച് പാലക്കാട് വിക്ടോറിയ കോളജില്‍നിന്ന് ബിരുദമെടുത്ത് ഹരിപ്പാട് സ്കൂളില്‍ അധ്യാപകനായത്. അപ്പോഴും മനസ്സിലുണ്ടായിരുന്നത് നിയമബിരുദമെടുത്ത് അഭിഭാഷകനാകണമെന്ന മോഹം. ദാരിദ്ര്യം കാരണം രാമയ്യര്‍ക്ക് നിയമ ബിരുദമെടുക്കാനായില്ല. പകരം പ്ളീഡര്‍ഷിപ് പരീക്ഷ പാസായി കൊയിലാണ്ടി മുന്‍സിഫ് കോടതിയിലും മജിസ്ട്രേറ്റ് കോടതിയിലും അഭിഭാഷകനായി. നല്ല പ്രാക്ടീസുണ്ടായിരുന്നതിനാല്‍ കുടുംബത്തെയും കൊയിലാണ്ടിയിലേക്ക് കൊണ്ടുവന്നു. അങ്ങനെയാണ് കൃഷ്ണയ്യരുടെ പ്രാഥമിക വിദ്യാഭ്യാസം കൊയിലാണ്ടി എലിമെന്‍ററി സ്കൂളില്‍ തുടങ്ങിയത്.

1915 നവംബര്‍ 15ന് പാലക്കാട്ട് ശേഖരീപുരം വൈദ്യനാഥപുരം രാമയ്യരുടെയും നാരായണിയുടെയും മകനായി ജനിച്ച കൃഷ്ണയ്യര്‍ ഹൈസ്കൂള്‍ വിദ്യാഭ്യാസം വരെ കൊയിലാണ്ടിയില്‍ തുടര്‍ന്നു. പാലക്കാട് വിക്ടോറിയ കോളജില്‍നിന്ന് ഇന്‍റര്‍ പാസായ ശേഷം അണ്ണാമല സര്‍വകലാശാലയില്‍നിന്ന് ബിരുദവും മദ്രാസ് സര്‍വകലാശാലയില്‍നിന്ന് നിയമബിരുദവും നേടി. അച്ഛന്‍െറ ആഗ്രഹപ്രകാരമാണ് നിയമപഠനത്തിലേക്ക് തിരിഞ്ഞത്. അണ്ണാമല സര്‍വകലാശാലയില്‍ പഠിക്കുമ്പോള്‍ സ്വരാജ് പ്രസ്ഥാനവുമായി അടുത്തതാണ് കൃഷ്ണയ്യരിലെ സാമൂഹിക ബോധത്തെ തട്ടിയുണര്‍ത്തിയത്. അവിടെ നടന്ന കോളജ് യൂനിയന്‍ തെരഞ്ഞെടുപ്പില്‍ മത്സരിച്ച് ജയിച്ച് സ്റ്റുഡന്‍റ് എഡിറ്റര്‍ സ്ഥാനത്തുമത്തെി. ഇതിനിടെ രാമയ്യര്‍ പ്രാക്ടീസ് തലശ്ശേരിയിലേക്ക് മാറ്റിയിരുന്നു. നിയമപഠനത്തിനുശേഷം തലശ്ശേരിയില്‍ പിതാവിന്‍െറ ശിക്ഷണത്തില്‍ 1938ല്‍ പ്രാക്ടീസ് തുടങ്ങി.

കമ്യൂണിസ്റ്റുകാരുടെ സ്വന്തം വക്കീല്‍
1940കളില്‍ കമ്യൂണിസ്റ്റുകാര്‍ നാടുമുഴുവന്‍ വേട്ടയാടപ്പെട്ട കാലത്ത് അവരുടെ സ്വന്തം വക്കീലായിരുന്നു കൃഷ്ണയ്യര്‍. കേസുകളുമായി എത്തുന്നതാകട്ടെ സാക്ഷാല്‍ പി. കൃഷ്ണപിള്ളയും. ഈ ബന്ധം എ.കെ.ജിയുടെയും കെ.പി.ആര്‍  ഗോപാലന്‍െറയുമൊക്കെ കേസുകള്‍ വാദിക്കുന്നതിലേക്ക് നയിക്കുകയും ഒടുവില്‍ കമ്യൂണിസ്റ്റുകാരുടെ സഹയാത്രികന്‍ എന്ന പേരില്‍ ജയില്‍വാസത്തിലേക്കുവരെ എത്തിക്കുകയും ചെയ്തു.

കമ്യൂണിസ്റ്റുകാരനല്ലാത്ത കമ്യൂണിസ്റ്റ് മന്ത്രി
1952ല്‍ നടന്ന പൊതുതെരഞ്ഞെടുപ്പില്‍ മദിരാശി നിയമസഭയിലേക്ക് മത്സരിച്ചുകൊണ്ടാണ് കൃഷ്ണയ്യര്‍ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് എത്തുന്നത്. കമ്യൂണിസ്റ്റ് പാര്‍ട്ടി, കിസാന്‍ മസ്ദൂര്‍ പ്രജാപാര്‍ട്ടി എന്നിവയുടെ പിന്തുണയോടെ മത്സരിച്ച് വിജയിച്ചു. 1956ല്‍ കേരളം രൂപവത്കരിച്ച് നാലുമാസത്തിനുശേഷം നടന്ന തെരഞ്ഞെടുപ്പില്‍ വിജയിച്ച് ഇ.എം.എസ്. നമ്പൂതിരിപ്പാടിന്‍െറ നേതൃത്വത്തിലുള്ള ആദ്യത്തെ കമ്യൂണിസ്റ്റ് മന്ത്രിസഭയില്‍ അംഗമായി. അപ്പോഴും പക്ഷേ, കൃഷ്ണയ്യര്‍ കമ്യൂണിസ്റ്റായില്ല. മരിക്കുന്നതുവരെ അദ്ദേഹം പറഞ്ഞിരുന്നത് താനൊരു ഗാന്ധിയനാണ് എന്നാണ്.
പ്രധാന വകുപ്പുകളായ ആഭ്യന്തരം, വൈദ്യുതി, ജയില്‍, നിയമം, സാമൂഹികക്ഷേമം, ജലം എന്നിവയാണ് കൃഷ്ണയ്യര്‍ കൈകാര്യം ചെയ്തത്.

സുപ്രീം കോടതിയില്‍
1965ല്‍ പാര്‍ട്ടി ചിഹ്നത്തില്‍ മത്സരിക്കണമെന്ന ഇ.എം.എസിന്‍െറ നിര്‍ദേശം നിരാകരിച്ച് കൃഷ്ണയ്യര്‍ സ്വതന്ത്രനായി മത്സരിച്ച് പരാജയപ്പെടുകയായിരുന്നു. തുടര്‍ന്ന്, അന്നത്തെ ചീഫ് ജസ്റ്റിസായിരുന്ന എം.എസ്. മേനോന്‍െറ നിര്‍ബന്ധത്തെ തുടര്‍ന്നാണ് കൃഷ്ണയ്യര്‍ ഹൈകോടതി ജഡ്ജിയാകുന്നത്. മൂന്നുവര്‍ഷം കഴിഞ്ഞ് ലോ കമീഷന്‍ അംഗമായി. അന്ന് ഇന്ദിര ഗാന്ധിയായിരുന്നു പ്രധാനമന്ത്രി. ഇന്ദിര ഗാന്ധിയുടെ മുഖ്യ ഉപദേശകനായ മോഹന്‍ കുമാരമംഗലത്തിന്‍െറ ശ്രമഫലമായാണ് കൃഷ്ണയ്യര്‍ സുപ്രീംകോടതിയിലത്തെുന്നത്. 1973 മുതല്‍ 1980 വരെ ഇന്ത്യയുടെ പരമോന്നത നീതിന്യായ കോടതിയില്‍ ന്യായാധിപനായിരുന്നു അദ്ദേഹം.

ബാങ്ക് ദേശസാല്‍കരണം മുഖ്യഅജണ്ടയായി കൊണ്ടുനടന്നിരുന്ന ഇന്ദിര ഗാന്ധിക്ക്, തന്‍െറ നിലപാടുകള്‍ക്ക് ഉതകുന്നയാളാണ് എന്ന് പറഞ്ഞാണ് മോഹന്‍ കുമാരമംഗലം കൃഷ്ണയ്യരുടെ കാര്യം മുന്നോട്ടുവെച്ചത്. കൃഷ്ണയ്യര്‍ ഉള്‍പ്പെട്ട സുപ്രീംകോടതി ബെഞ്ചാണ് ബാങ്ക് ദേശസാല്‍കരണം ശരിവെച്ചതും. ഇ.എം.എസിന്‍െറ നിര്‍ബന്ധത്തെ തുടര്‍ന്ന് 1987ല്‍ ഇടതുപക്ഷ പ്രസ്ഥാനങ്ങളുടെ പിന്തുണയോടെ അദ്ദേഹം രാഷ്ട്രപതി സ്ഥാനാര്‍ഥിയായെങ്കിലും പരാജയപ്പെടുകയായിരുന്നു.

ബഹുമതികള്‍
പ്രമുഖ വിദേശ, ഇന്ത്യന്‍ സര്‍വകലാശാലകളില്‍ വിസിറ്റിങ് പ്രഫസറായി പ്രവര്‍ത്തിച്ച  അദ്ദേഹം നിയമസംബന്ധിയായ ഒട്ടേറെ വിഖ്യാതഗ്രന്ഥങ്ങള്‍ രചിച്ചിട്ടുണ്ട്. ബംഗളൂരുവിലെ നാഷനല്‍ ലാ സ്കൂള്‍ ഓഫ് ഇന്ത്യ, കൊല്‍കത്തയിലെ ഭഗത്പൂര്‍ സര്‍വകലാശാല, അണ്ണാമല സര്‍വകലാശാല, ദക്ഷിണ ഭാരത ഹിന്ദി പ്രചാരസഭ, കേരള സംസ്കൃത അക്കാദമി, നോര്‍ത് ബംഗാള്‍ സര്‍വകശാലാ എന്നീ സ്ഥാപനങ്ങള്‍ ഡോക്ടര്‍ ബിരുദം നല്‍കി ആദരിച്ചു. 1999ല്‍ രാഷ്ട്രം പത്മവിഭൂഷണ്‍ നല്‍കി ആദരിച്ചു. ഇന്‍റര്‍നാഷനല്‍ ബാര്‍ കൗണ്‍സില്‍ ‘ലിവിങ് ലെജന്‍ഡ് ഓഫ് ലോ’ ബഹുമതി നല്‍കി ആദരിച്ചു.

1968ലെ സോവിയറ്റ്ലാന്‍ഡ് നെഹ്റു അവാര്‍ഡ്, വ്യവസായ ശാന്തിക്കുള്ള ജഹാംഗീര്‍ ഗാന്ധി അവാര്‍ഡ്്, ഇന്ത്യന്‍ സൊസൈറ്റി ഓഫ് ക്രിമിനോളജി, മുംബൈയിലെ ടാറ്റാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യല്‍ സയന്‍സ് എന്നിവയുടെ കുമാരപ്പ റെക്ലസ് അവാര്‍ഡ്, ബനാറസ് ഹിന്ദു സര്‍വകലാശാലയുടെ ദശരഥ് മാല്‍ സിങ്വി അവാര്‍ഡ്, ഭാരതീയ ദലിത് സാഹിത്യ അക്കാദമിയുടെ ബാബ സാഹബ് ബി.ആര്‍. അംബേദ്കര്‍ നാഷനല്‍ അവാര്‍ഡ്, ദേശീയ മനുഷ്യാവകാശ അവാര്‍ഡ്, വൈലോപ്പിള്ളി അവാര്‍ഡ്, 2000ലെ മനുഷ്യാവകാശത്തിനുള്ള ദേശീയ അവാര്‍ഡ്, കര്‍ദിനാള്‍ പടിയറ അവാര്‍ഡ് തുടങ്ങിയവ ജസ്റ്റിസ് കൃഷ്ണയ്യര്‍ക്ക് ലഭിച്ച എണ്ണമറ്റ അവാര്‍ഡുകളില്‍പെടുന്നു. 

ഇന്ത്യയും റഷ്യയും തമ്മിലുള്ള സൗഹൃദം ഊട്ടിയുറപ്പിക്കാന്‍ ജസ്റ്റിസ് കൃഷ്ണയ്യര്‍ നല്‍കിയ സംഭാവനകള്‍ കണക്കിലെടുത്ത് റഷ്യന്‍ സര്‍ക്കാര്‍ 2000 ഒക്ടോബര്‍ നാലിന് കൃഷ്ണയ്യര്‍ക്ക് ‘ഓര്‍ഡര്‍ ഓഫ് ഫ്രണ്ട്ഷിപ്’ എന്ന അത്യുന്നത പദവി നല്‍കി ആദരിച്ചു. ജസ്റ്റിസ് കൃഷ്ണയ്യരുടെ ഭാര്യ ശാരദാംബാള്‍ 1984 ആഗസ്റ്റ് 12 ന് അമേരിക്കയില്‍ വെച്ച് ഹൃദയസംബന്ധമായ അസുഖങ്ങള്‍ മൂലമാണ് മരിച്ചത്. രമേശ് (അമേരിക്ക), പരമേശ് (ചെന്നൈ) എന്നിവര്‍ മക്കളാണ്.
തയാറാക്കിയത്: സുനി അല്‍ഹാദി

ജനതാ പാര്‍ട്ടികള്‍ ലയനത്തിന്

Posted: 04 Dec 2014 10:42 AM PST

Image: 
Subtitle: 
ബി.ജെ.പിക്കെതിരെ മുലായം, ലാലു, നിതീഷ് ഒറ്റക്കെട്ട്; ആറു കക്ഷികള്‍ സഖ്യത്തില്‍

ന്യൂഡല്‍ഹി: ബി.ജെ.പിയും സംഘ്പരിവാറും മേല്‍ക്കൈ നേടിയ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ പുതിയ വഴിത്തിരിവ് സൃഷ്ടിക്കുന്ന വിധം ഒന്നായി നില്‍ക്കാന്‍ വിവിധ ജനതാ പാര്‍ട്ടികള്‍ തീരുമാനിച്ചു. സമാജ്വാദി പാര്‍ട്ടി, ജനതാദള്‍-യു, രാഷ്ട്രീയ ജനതാദള്‍, ജനതാദള്‍-എസ്, ഇന്ത്യന്‍ നാഷനല്‍ ലോക്ദള്‍, സമാജ്വാദി ജനതാപാര്‍ട്ടി എന്നീ ആറു പാര്‍ട്ടികളാണ് ലയനം ലക്ഷ്യമാക്കി മുന്നോട്ടു നീങ്ങുന്നത്. സഖ്യത്തിന്‍െറയും പുതിയ പാര്‍ട്ടി രൂപവത്കരണത്തിലേക്കുള്ള പ്രവര്‍ത്തനങ്ങളുടെയും ചുമതല ഉത്തര്‍പ്രദേശ് മുന്‍മുഖ്യമന്ത്രിയും സമാജ്വാദി പാര്‍ട്ടി നേതാവുമായ മുലായംസിങ്ങിനെ ഏല്‍പിച്ചു.

മുലായത്തിന്‍െറ ഡല്‍ഹിയിലെ വസതിയില്‍ സമ്മേളിച്ച നേതാക്കളാണ് കാവിരാഷ്ട്രീയത്തിനെതിരെ മതനിരപേക്ഷ-ജനാധിപത്യ ചിന്താഗതിക്കാര്‍ ഒന്നിച്ചു നില്‍ക്കുന്ന കാര്യത്തില്‍ തീരുമാനമെടുത്തത്. ജനതാദള്‍-യു നേതാക്കളായ ശരത്യാദവ്, നിതീഷ്കുമാര്‍, ആര്‍.ജെ.ഡി നേതാവ് ലാലുപ്രസാദ് യാദവ്, ജനതാദള്‍-എസ് നേതാവും മുന്‍പ്രധാനമന്ത്രിയുമായ ദേവഗൗഡ, ഹരിയാനയിലെ ഐ.എന്‍.എല്‍.ഡി നേതാവ് ദുഷ്യന്ത് ചൗതാല, സമാജ്വാദി ജനതാപാര്‍ട്ടി നേതാവ് കമല്‍ മൊറാര്‍ക്ക എന്നിവര്‍ പങ്കെടുത്തു.
എന്നാല്‍, ലയനത്തിന് സമയമെടുക്കുമെന്ന് യോഗത്തിനുശേഷം ബിഹാര്‍ മുന്‍മുഖ്യമന്ത്രി നിതീഷ്കുമാര്‍ വാര്‍ത്താലേഖകരോട് പറഞ്ഞു. പാര്‍ലമെന്‍റിലും പുറത്തും സഖ്യമായി മുന്നോട്ടുപോകും. പൂര്‍ണ ഐക്യമുണ്ടാകുമ്പോള്‍ ഒറ്റപ്പാര്‍ട്ടിയായി തെരഞ്ഞെടുപ്പിനെ നേരിടും. ഇക്കാര്യത്തില്‍ മുലായംസിങ് തുടര്‍നടപടി സ്വീകരിക്കും. സമാന ചിന്താഗതിക്കാരായതിനാല്‍ ലയനം കടുപ്പമുള്ള കാര്യമല്ളെന്നും നിതീഷ് പറഞ്ഞു. കള്ളപ്പണം, കര്‍ഷക ആത്മഹത്യ തുടങ്ങിയ വിഷയത്തില്‍ കേന്ദ്രസര്‍ക്കാര്‍ കാട്ടുന്ന അലംഭാവത്തിനെതിരെ ഈ മാസം 22ന് ഡല്‍ഹിയില്‍ സംയുക്ത ധര്‍ണ നടത്തും.

തെറ്റായ വാഗ്ദാനങ്ങള്‍ നല്‍കി അധികാരത്തില്‍ വന്ന ബി.ജെ.പിക്കും കാവിരാഷ്ട്രീയത്തിനുമെതിരെ ശക്തമായ പ്രതിപക്ഷം ഉണ്ടാകണമെന്നും നിതീഷ്കുമാര്‍ പറഞ്ഞു. പ്രതിപക്ഷ ഐക്യത്തിന്‍െറ സന്ദേശവുമായാണ് മുന്നോട്ടുനീങ്ങുന്നത്. കൂടുതല്‍ പാര്‍ട്ടികളെ ഒന്നിച്ചുനിര്‍ത്താന്‍ ശ്രമിക്കും. ജനതാപരിവാറില്‍പെടാത്ത സമാന ചിന്താഗതിക്കാരെയും ക്ഷണിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
 പരസ്പരം പോരടിക്കാതെ ഒന്നിച്ചുനിന്നില്ളെങ്കില്‍ സ്വന്തം തട്ടകം തന്നെ നഷ്ടപ്പെടുമെന്ന സ്ഥിതിയാണ് സോഷ്യലിസ്റ്റ് ചിന്താധാരയുള്ള, ജനതാ കുടുംബത്തില്‍ പെട്ട പാര്‍ട്ടികളുടെ ലയനസാധ്യതക്ക് വഴി തുറക്കുന്നത്. ബി.ജെ.പി ഒറ്റക്ക് കേവല ഭൂരിപക്ഷം പിടിച്ച ലോക്സഭാ തെരഞ്ഞെടുപ്പില്‍, യു.പി ഭരിക്കുന്നതിനിടയില്‍ പോലും സമാജ്വാദി പാര്‍ട്ടിക്ക് കിട്ടിയത് 80ല്‍ അഞ്ചുസീറ്റാണ്. ബിഹാര്‍ ഭരിക്കുന്ന ജനതാദള്‍-യു 40ല്‍ രണ്ടു സീറ്റിലേക്ക് ഒതുങ്ങി. ആര്‍.ജെ.ഡിക്ക് ആറ്.
 ലയനം യാഥാര്‍ഥ്യമാകുമ്പോള്‍ രണ്ടാമത്തെ വലിയ പ്രതിപക്ഷ പാര്‍ട്ടി ജനതാപരിവാറിന്‍േറതായിരിക്കും. ബി.ജെ.പിക്കെതിരായ പ്രതിപക്ഷത്തിന്‍െറ യോജിച്ച മുന്നേറ്റത്തിനും ഇത് കളമൊരുക്കിയേക്കും. സമാജ്വാദി ജനതാദള്‍ എന്ന പേര് പുതിയ പാര്‍ട്ടിക്ക് കണ്ടുവെച്ചിട്ടുണ്ട്. കോണ്‍ഗ്രസും ഇടതുപാര്‍ട്ടികളും തൃണമൂല്‍ കോണ്‍ഗ്രസും ജനതാപരിവാറിന്‍െറ ഐക്യം താല്‍പര്യപൂര്‍വമാണ് കാണുന്നത്.

കേരളം പ്രാര്‍ഥനയോടെ കാത്തിരുന്നു; ഒടുവില്‍...

Posted: 04 Dec 2014 10:40 AM PST

Image: 

കൊച്ചി: കേരളം പ്രാര്‍ഥനയോടെ കാത്തിരുന്ന പത്ത് ദിനങ്ങള്‍ക്ക് വിരാമം. നവംബര്‍ 24ന് കൃഷ്ണയ്യരെ മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതുമുതല്‍ ലോകമെങ്ങുമുള്ള മലയാളി വിങ്ങുന്ന മനസ്സോടെ ശുഭപ്രതീക്ഷയുമായി കാത്തിരിക്കുകയായിരുന്നു. രോഗക്കിടക്കയില്‍നിന്ന് ‘സ്വാമി’ തിരിച്ചത്തെുമെന്നും പഴയതുപോലെ സാമൂഹിക പ്രശ്നങ്ങളില്‍ സാധാരണക്കാര്‍ക്കായി നീതിയുടെ ശബ്ദമുയര്‍ത്തുമെന്നും അവര്‍ പ്രതീക്ഷിക്കുകയും ചെയ്തു. പക്ഷേ, ഏവരെയും നിരാശപ്പെടുത്തി ‘സ്വാമി’ യാത്രയായി.

24ന് കൃഷ്ണയ്യര്‍ ആശുപത്രിയിലായത് മുതല്‍ പകലെന്നോ രാത്രിയെന്നോ ഇല്ലാതെ ലോകത്തിന്‍െറ നാനാ ഭാഗത്തുനിന്നും മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയിലേക്ക് അസുഖവിവരമാരാഞ്ഞ് ഫോണ്‍കാളുകള്‍ എത്തിക്കൊണ്ടിരുന്നു. മുപ്പത് വര്‍ഷമായി രക്തസമ്മര്‍ദത്തിന് ചികിത്സയിലായിരുന്ന കൃഷ്ണയ്യരില്‍ ആറുമാസം മുമ്പ് പക്ഷാഘാതത്തിന്‍െറ ചെറിയ ലക്ഷണങ്ങള്‍ കണ്ടിരുന്നു. ചിട്ടയായ ജീവിതശൈലി 99 വര്‍ഷവും അകറ്റിനിര്‍ത്തിയിരുന്ന അസുഖങ്ങള്‍ അദ്ദേഹത്തെ തേടിയത്തെിയത് അതോടെയാണ്.

പ്രമേഹവും കൊളസ്ട്രോളും മറ്റുമില്ലാതിരുന്ന കൃഷ്ണയ്യരുടെ ആരോഗ്യം എന്നും അദ്ദേഹത്തിന്‍െറ ഡോക്ടര്‍മാര്‍ക്ക് കൗതുകമായിരുന്നു. 99ാം വയസ്സിലും അദ്ദേഹം പടവെട്ടിയിരുന്നത് രോഗത്തോടായിരുന്നില്ല, അനീതിയോടായിരുന്നു. കടുകിട തെറ്റാത്ത ജീവിതചര്യയായിരുന്നു അതിന് അദ്ദേഹത്തെ പ്രാപ്തനാക്കിയതും. പുലര്‍ച്ചെ അഞ്ചുമണിക്ക് മുമ്പെഴുന്നേറ്റ് ഒരുപാല്‍കാപ്പിയും കുടിച്ചാണ് കൃഷ്ണയ്യരുടെ ദിവസം തുടങ്ങിയിരുന്നത്. വീട്ടില്‍ എത്തുന്ന പത്രങ്ങളുടെ തലക്കെട്ടുകള്‍ ഓടിച്ചുനോക്കിയ ശേഷം കുളിച്ച് ആറുമണിയോടെ അദ്ദേഹം എറണാകുളം ശിവക്ഷേത്രദര്‍ശനത്തിനത്തെുമായിരുന്നു.

പ്രാവുകള്‍ക്ക് തീറ്റയും കൊടുത്ത് മടങ്ങിയത്തെിയാല്‍ രാവിലെ ഒമ്പത് മണിയോടെ പ്രഭാതഭക്ഷണമായി തൈരും സാമ്പാറും മെഴുക്കുപുരട്ടിയുമെല്ലാം കൂട്ടിയുള്ള ഊണ്. ഇഡലിയോ ദോശയോ ഉച്ചഭക്ഷണം. വൈകുന്നേരം സായാഹ്ന നടത്തം. രാത്രി എട്ടുമണിയോടെ അത്താഴവും ഉറക്കവും. ഇങ്ങനെയുള്ള ചിട്ടയായ ജീവിതത്തിനാണ് ആറുമാസം മുമ്പ് പക്ഷാഘാതത്തിന്‍െറ ലക്ഷണങ്ങള്‍കണ്ടതോടെ താളംതെറ്റിയത്. അതോടെ രോഗങ്ങള്‍ ഒന്നൊന്നായി ആക്രമിച്ച് തുടങ്ങി.
രോഗങ്ങളെ പ്രതിരോധിക്കാന്‍ പലപ്പോഴും ആശുപത്രി വാസം നിര്‍ദേശിച്ചെങ്കിലും പൊതുപ്രശ്നങ്ങളോടുള്ള ബാധ്യതയും കടപ്പാടും പറഞ്ഞ് സ്നേഹപൂര്‍വം ഒഴിഞ്ഞ് മാറുകയായിരുന്നുവെന്ന് കൃഷ്ണയ്യരെ ചികിത്സിച്ചിരുന്ന ഡോ. മനു ആര്‍. വര്‍മ പറഞ്ഞു. വാര്‍ധക്യത്തിന്‍െറ അവശതകള്‍ വകവെക്കാതെ നൂറാം പിറന്നാള്‍ ആഘോഷങ്ങളില്‍ പങ്കെടുക്കുകകൂടി ചെയ്തതോടെ കൂടുതല്‍ അവശനായി. തുടര്‍ന്നാണ് നവംബര്‍ 24ന് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

‘നീതിയുടെ പോരാളി’യെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാനായി അന്ന് മുതല്‍ ഡോക്ടര്‍മാര്‍ അശ്രാന്ത പരിശ്രമത്തിലായിരുന്നു. ശനിയാഴ്ചയോടെ അദ്ദേഹത്തിന്‍െറ നില ഗുരുതരമായെങ്കിലും മലയാളി പ്രതീക്ഷ കൈവിട്ടില്ല. തിങ്കളാഴ്ച സ്ഥിതി വീണ്ടും വഷളായി. അപ്പോഴും അദ്ദേഹം സ്വബോധത്തിലായിരുന്നു. തിങ്കളാഴ്ച മുതല്‍ ട്യൂബ് വഴി ദ്രവരൂപത്തില്‍ ഭക്ഷണവും മരുന്നും നല്‍കിത്തുടങ്ങിയെങ്കിലും ശരീരത്തിന്‍െറ ഇടതുഭാഗത്ത് ക്ഷീണമനുഭവപ്പെട്ടു.  ചൊവ്വാഴ്ച ന്യൂറോ വിദഗ്ധര്‍ പരിശോധിച്ചശേഷം അദ്ദേഹത്തെ സി.ടി സ്കാനിന് വിധേയമാക്കി. അതിനിടെ അദ്ദേഹത്തിന് പക്ഷാഘാതവുമുണ്ടായി. ഓരോ ദിവസവും വിദഗ്ധരുടെ പാനല്‍ ആരോഗ്യനില വിലയിരുത്തുന്നുണ്ടായിരുന്നു.

എന്നാല്‍, വൃക്ക രോഗവും ഹൃദ്രോഗവും പക്ഷാഘാതവും എല്ലാം കൂടി അദ്ദേഹത്തെ ആക്രമിച്ചതോടെ ബുധനാഴ്ച വൈകുന്നേരത്തോടെ വിദഗ്ധ ഡോക്ടര്‍മാരും പ്രതീക്ഷ കൈവിട്ടു. ഏത് നിമിഷവും ഭയന്നത് സംഭവിക്കാം എന്ന ധാരണ പരന്നു. വ്യാഴാഴ്ച രാവിലെ അദ്ദേഹത്തിന് ബോധം നഷ്ടപ്പെടുകയും ചെയ്തു. അസാധാരണ നടപടിയായി വ്യാഴാഴ്ച വൈകുന്നേരം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ ആ വാര്‍ത്താ സമ്മേളനവും നടന്നു; കൃഷ്ണയ്യര്‍ ഇനി നമ്മോടൊപ്പമില്ല എന്ന് ലോകത്തെ അറിയിക്കാന്‍.

പൊലീസുകാരനെ വെറുതെ വിട്ടു; ന്യൂയോര്‍ക് പ്രതിഷേധത്തില്‍ മുങ്ങി

Posted: 04 Dec 2014 09:56 AM PST

Image: 
Subtitle: 
കേസിലെ മനുഷ്യാവകാശവശങ്ങളെക്കുറിച്ച് നീതികാര്യമന്ത്രാലയം അന്വേഷണം നടത്തും

ന്യൂയോര്‍ക്: അമേരിക്കയെ ഒരിക്കല്‍കൂടി വംശീയ കലാപത്തിന്‍െറ അരങ്ങാക്കി മാറ്റിയ സംഭവത്തിലും വെളുത്ത വര്‍ഗക്കാരനായ പൊലീസുകാരന്‍ കുറ്റക്കാരനല്ളെന്ന് കോടതി. അനധികൃത സിഗരറ്റ് വില്‍പന നടത്തിയെന്ന് ആരോപിച്ച് അറസ്റ്റ് ചെയ്യാനുള്ള ശ്രമത്തിനിടെ കറുത്ത വര്‍ഗക്കാരനായ എറിക് ഗാര്‍ണര്‍ എന്ന 43കാരനെ പൊലീസ് ‘കഴുത്തുഞെരിച്ചു’ കൊലപ്പെടുത്തിയ സംഭവത്തിലാണ് കോടതി ന്യൂയോര്‍ക് ഗ്രാന്‍ഡ് ജൂറി പ്രതിചേര്‍ക്കേണ്ടതില്ളെന്ന് തീരുമാനിച്ചത്. വിധിയില്‍ പ്രതിഷേധിച്ച് ന്യൂയോര്‍ക് നഗരത്തില്‍ ഉള്‍പെടെ യു.എസില്‍ കറുത്തവര്‍ഗക്കാര്‍ തെരുവിലിറങ്ങി.

ജൂലൈ 17ന് അനധികൃതമായ സിഗരറ്റ് വില്‍പനയാരോപിച്ച് ന്യൂയോര്‍ക്കില്‍ തെരുവില്‍ പൊലീസ് ഇയാളെ പിടികൂടുകയായിരുന്നു. മല്‍പിടിത്തത്തിനിടെ പൊലീസ് ബലപ്രയോഗത്തില്‍ ഇയാള്‍ ബോധരഹിതനാകുകയും മരിക്കുകയും ചെയ്തു. പൊലീസ് കഴുത്ത് ഞെരിക്കുന്ന സമയത്ത് തനിക്ക് ആസ്ത്മ രോഗമുണ്ടെന്ന് ഇയാള്‍ വിളിച്ചുപറയുന്നത് വ്യാപകമായി പ്രചരിച്ച വിഡിയോ ദൃശ്യങ്ങളിലുണ്ട്. ഈ സംഭവമാണ് ഫെര്‍ഗുസണിലും അമേരിക്കയുടെ മറ്റു ഭാഗങ്ങളിലും കറുത്ത വര്‍ഗക്കാര്‍ വ്യാപകമായി തെരുവിലിറങ്ങാനിടയാക്കിയതും മൈക്കല്‍ ബ്രൗണ്‍ എന്ന കറുത്ത യുവാവിന്‍െറ മരണത്തില്‍ കലാശിച്ചതും.

വിഡിയോ ദൃശ്യങ്ങളും സാക്ഷിമൊഴികളും ഉണ്ടായിട്ടും മതിയായ തെളിവുകളില്ളെന്ന് നിരത്തി ഡാനിയല്‍ പന്‍റാലിയോ എന്ന ഉദ്യോഗസ്ഥനെയാണ് ഗ്രാന്‍ഡ് ജൂറി വെറുതെ വിട്ടത്. കോടതി തീരുമാനം വന്നതോടെ നൂറുകണക്കിന് പ്രതിഷേധക്കാര്‍ ന്യൂയോര്‍ക് സിറ്റിയിലെ റോക്ഫെല്ലര്‍ സെന്‍ററിലും ടൈംസ് സ്ക്വയറിലും തടിച്ചുകൂടി. ടൈംസ് സ്ക്വയറിലേക്ക് നടന്ന മാര്‍ച്ചില്‍ 5000ത്തിലേറെപേര്‍ പങ്കെടുത്തു. 30ലേറെപ്പേരെ പൊലീസ് അറസ്റ്റ് ചെയ്തതായി ന്യൂയോര്‍ക് പൊലീസ് കമീഷണര്‍ വ്യക്തമാക്കി. വാഷിങ്ടണ്‍ ഡി.സിയിലുള്‍പ്പെടെ സമാധാനപരമായ പ്രതിഷേധങ്ങള്‍ അരങ്ങേറി. പലയിടത്തും മൗനപ്രതിഷേധ റാലികള്‍ നടന്നപ്പോള്‍ ചിലര്‍ ‘എനിക്ക് ശ്വസിക്കാനാകുന്നില്ളെ’ന്നും കഴുത്തുഞെരിച്ചുകൊല്ലരു’തെന്നുമുള്‍പ്പെടെ മന്ത്രിച്ചുകൊണ്ട് പ്രകടനം നടത്തി.

ഫെര്‍ഗൂസണ്‍ പട്ടണത്തില്‍ മൈക്കല്‍ ബ്രൗണ്‍ എന്ന കറുത്തവര്‍ഗക്കാരനെ വെടിവെച്ചുകൊന്ന പൊലീസുകാരനെ കഴിഞ്ഞയാഴ്ച വെറുതെ വിട്ട കോടതി തീരുമാനവും സമാനപ്രതിഷേധത്തിന് വഴിവെച്ചിരുന്നു. ഇതിനിടെ, ഒഹായോയില്‍ കളിത്തോക്കുമായി നിന്ന കറുത്ത വര്‍ഗക്കാരനായ 12കാരനെ പൊലീസ് പ്രകോപനമില്ലാതെ വെടിവെച്ചുകൊന്നതും പ്രതിഷേധം ഇരട്ടിയാക്കി. അമേരിക്കയില്‍ കറുത്ത വര്‍ഗക്കാരോട് യു.എസ് നിയമവ്യവസ്ഥ എങ്ങനെ പെരുമാറുന്നുവെന്നത് സംബന്ധിച്ച ദീര്‍ഘകാലത്തെ സംവാദങ്ങള്‍ വീണ്ടും സജീവമാക്കിയിരിക്കുകയാണ്. പൊലീസിന്‍െറ പ്രകോപനസ്വഭാവം സംബന്ധിച്ചും ആരോപണങ്ങളുണ്ട്.
പ്രതിഷേധം ശക്തമായതോടെ സംഭവത്തിലെ മനുഷ്യാവകാശവശങ്ങളെക്കുറിച്ച് അന്വേഷണം നടത്തുമെന്ന് അറ്റോണി ജനറല്‍ എറിക് ഹോള്‍ഡര്‍ ഉറപ്പുനല്‍കി. രാജ്യത്ത് ഏതെങ്കിലും വിഭാഗത്തിന് തുല്യനീതി കിട്ടാതിരിക്കുന്നത് ഗൗരവമേറിയ പ്രശ്നമാണെന്നും അത് പരിഹരിക്കേണ്ടത് പ്രസിഡന്‍റ് എന്ന നിലയില്‍ തന്‍െറ ചുമതലയാണെന്നും ബറാക് ഒബാമ പ്രതികരിച്ചു.

വിവാദ പ്രസ്താവന: മന്ത്രിയുടെ രാജിക്ക് രാജ്യസഭ സ്തംഭിപ്പിച്ചു

Posted: 04 Dec 2014 09:52 AM PST

Image: 
Subtitle: 
പ്രസ്താവനയുമായി പ്രധാനമന്ത്രി; പ്രതിപക്ഷം വഴങ്ങിയില്ല

ന്യൂഡല്‍ഹി: ഒരുമിച്ചുനിന്ന പ്രതിപക്ഷത്തിന്‍െറ സമ്മര്‍ദത്തിന് വഴങ്ങി പ്രധാനമന്ത്രി നരേന്ദ്ര മോദി ഒടുവില്‍ രാജ്യസഭയിലത്തെി സ്വന്തം മന്ത്രിയുടെ വിദ്വേഷ പ്രസംഗത്തെക്കുറിച്ച് പ്രസ്താവന നടത്തി. പ്രസ്താവനയില്‍ തൃപ്തരാകാതിരുന്ന പ്രതിപക്ഷം വിദ്വേഷ പ്രസംഗം നടത്തിയ  നിരഞ്ജന്‍ ജ്യോതിക്കെതിരെ കേസെടുത്ത് അവരെ മന്ത്രിസഭയില്‍നിന്ന് പുറത്താക്കണമെന്ന ആവശ്യത്തില്‍ ഉറച്ചുനിന്നത് തുടര്‍ച്ചയായ നാലാം നാളും രാജ്യസഭ സ്തംഭിപ്പിച്ചു. അതേസമയം സര്‍ക്കാറിന് ഭൂരിപക്ഷമുള്ള ലോക്സഭയില്‍ സമാന പ്രസ്താവന നടത്താന്‍ പ്രധാനമന്ത്രി തയാറായില്ല.

രാവിലെ രാജ്യസഭ ചേര്‍ന്ന് പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് ഒരു പ്രാവശ്യം നിര്‍ത്തിവെച്ച് വീണ്ടും ചേര്‍ന്നപ്പോഴാണ് ഈ പാര്‍ലമെന്‍റ് സമ്മേളനത്തില്‍ ഇതാദ്യമായി മോദി രാജ്യസഭയിലത്തെി പ്രസ്താവന നടത്തിയത്. സ്വന്തം മന്ത്രിസഭയിലെ പുതിയ സഹമന്ത്രി നടത്തിയ പ്രസംഗം അറിഞ്ഞപ്പോള്‍ തന്നെ താന്‍ തള്ളിപ്പറഞ്ഞതാണെന്നും ഇത്തരം ഭാഷ ഉപയോഗിക്കരുതെന്ന് പാര്‍ട്ടി എം.പിമാര്‍ക്ക് നിര്‍ദേശം നല്‍കിയതാണെന്നും മോദി പറഞ്ഞു.  അവരുടെ ക്ഷമാപണം സ്വീകരിച്ച് രാജ്യത്തിന്‍െറ വിഷയങ്ങളുമായി മുന്നോട്ടുപോകാന്‍ പ്രതിപക്ഷത്തോട് അഭ്യര്‍ഥിച്ചു.  

മോദിയുടെ പ്രസംഗത്തിനിടയില്‍ മന്ത്രി എപ്പോഴാണ് ക്ഷമാപണം നടത്തിയതെന്ന് പ്രതിപക്ഷ എം.പിമാര്‍ വിളിച്ചുചോദിച്ചു. മോദിക്കുശേഷം എഴുന്നേറ്റ പാര്‍ലമെന്‍ററി കാര്യ മന്ത്രി വെങ്കയ്യ നായിഡു പ്രധാനമന്ത്രിയുടെ പ്രസ്താവന വന്ന സ്ഥിതിക്ക്  രാജ്യസഭ നടത്താന്‍ സമ്മതിക്കണമെന്ന് ഉപാധ്യക്ഷന്‍ പി.ജെ. കുര്യനോട് ആവശ്യപ്പെട്ടു. എന്നാല്‍ പ്രതിപക്ഷ എം.പിമാര്‍ പറ്റില്ളെന്ന് വിളിച്ചുപറഞ്ഞു.  ഭരണഘടനയെയും രാജ്യത്തെ നിയമസംഹിതയെയും മാനിക്കുന്നുണ്ടെങ്കില്‍ മന്ത്രി ചെയ്ത കുറ്റത്തിന് കേസെടുത്ത് അന്വേഷിക്കാനും മന്ത്രിസഭയില്‍ നിന്ന് അവരെ മാറ്റി നിര്‍ത്താനും പ്രധാനമന്ത്രി തയാറാകണമെന്ന് ആനന്ദ് ശര്‍മ ആവശ്യപ്പെട്ടു.

ശര്‍മയുടെ വാദം ഖണ്ഡിച്ച കുര്യന്‍ സഭ അജണ്ടയിലേക്ക് കടക്കുകയാണ് വേണ്ടതെന്ന് വാദിച്ചു. പറ്റില്ളെന്ന് പറഞ്ഞ് ഹനുമന്തറാവു അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കള്‍ വെല്ലിലേക്ക് കുതിച്ചു. എന്തുകൊണ്ട് പറ്റില്ളെന്ന് രോഷത്തോടെ ചോദിച്ച കുര്യന്‍ അജണ്ടയിലേക്ക് കടക്കാമെന്ന് ആവര്‍ത്തിച്ചു. പ്രധാനമന്ത്രി സഭയില്‍ വന്ന് പ്രസ്താവന നടത്തണമെന്നാണ് പ്രതിപക്ഷം ഇതുവരെ ആവശ്യപ്പെട്ടതെന്നും പ്രധാനമന്ത്രി അങ്ങനെ ചെയ്തെന്നും ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി പറഞ്ഞു.  

അജണ്ടയിലേക്ക് കടക്കാന്‍ പറ്റില്ളെന്ന് സി.പി.എമ്മിലെ പി. രാജീവ് ശഠിച്ചു. മന്ത്രി മാപ്പു പറഞ്ഞെന്ന പ്രധാനമന്ത്രിയുടെ വാദം സമ്മതിച്ചാല്‍ തന്നെയും മന്ത്രി കുറ്റം ചെയ്തെന്നാണ് അര്‍ഥമെന്ന് സി.പി.എം നേതാവ് സീതാറാം യെച്ചൂരി പറഞ്ഞു.  സഭ നിര്‍ത്തിവെക്കുകയല്ലാതെ കുര്യന് മാര്‍ഗമില്ലാതെ വന്നു. വീണ്ടും നാലുതവണ ചേര്‍ന്നപ്പോഴും അംഗങ്ങള്‍ നടുത്തളത്തിലിറങ്ങിയതിനാല്‍ സഭ പൂര്‍ണമായും നിര്‍ത്തിവെച്ചു.
ലോക്സഭയില്‍ ചോദ്യോത്തരവേളയില്‍ കോണ്‍ഗ്രസും ഇടതുപാര്‍ട്ടികളും തൃണമൂല്‍ കോണ്‍ഗ്രസും മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് വെല്ലിലിറങ്ങി. എന്നാല്‍ ബഹളം വകവെക്കാതെ സ്പീക്കര്‍ സുമിത്ര മഹാജന്‍ നടപടികളുമായി മുന്നോട്ടുപോയി.  പ്രധാനമന്ത്രിയുടെ പ്രസ്താവന വേണമെന്ന ആവശ്യവും സ്പീക്കര്‍ തള്ളിയതോടെ പ്രതിപക്ഷം ഇറങ്ങിപ്പോയി  സഭാനടപടികള്‍ പൂര്‍ണമായും ബഹിഷ്കരിച്ചു.

മോദി രാജ്യസഭയില്‍ പറഞ്ഞത്
‘ഏതൊരു വിഷയത്തിലാണോ വിവാദം നടന്നുകൊണ്ടിരിക്കുന്നത് ആ വിഷയത്തെക്കുറിച്ച് എനിക്ക് വിവരം ലഭിച്ചപ്പോള്‍ രാവിലെ എന്‍െറ പാര്‍ട്ടിയുടെ പാര്‍ലമെന്‍ററി പാര്‍ട്ടിയോഗമായിരുന്നു. ആ യോഗത്തില്‍ ഇത്തരം ഭാഷ പ്രയോഗിക്കുന്നത്് വളരെ ശക്തമായി താന്‍  എതിര്‍ത്തിരുന്നു. ഞാനിത്രയും കൂടി പറഞ്ഞിരുന്നു. നമ്മളെല്ലാവരും ഈ വക കാര്യങ്ങളില്‍നിന്ന് പുറത്തു കടക്കേണ്ടതുണ്ട്. തെരഞ്ഞെടുപ്പിന്‍െറ വാദവിവാദങ്ങളില്‍നിന്നും നാം പുറത്തുകടക്കേണ്ടതുണ്ട്. സഭയില്‍ ഇപ്പോള്‍ ഇക്കാര്യം പറയും മുമ്പാണ് ഞങ്ങളുടെ എല്ലാ എം.പിമാരുടെയും മുമ്പില്‍ ഈ വിഷയം സംസാരിച്ചത്.

ഈ മന്ത്രി മുമ്പ് മന്ത്രിയായിരുന്നില്ളെന്നും മന്ത്രിസഭയില്‍ ആദ്യമാണെന്നും നമുക്കെല്ലാവര്‍ക്കും അറിയാം. അവരുടെ പശ്ചാത്തലവും നമുക്കെല്ലാവര്‍ക്കും അറിയുന്നതാണ്. അവര്‍ ക്ഷമാപണം നടത്തുകയും ചെയ്തു. മന്ത്രി ക്ഷമാപണം നടത്തിയ ശേഷം ഈ  സഭയില്‍ ഇത്രയും മുതിര്‍ന്ന ആളുകളിരിക്കുമ്പോള്‍, ഇത്രയും പരിചയമുള്ള   ആളുകളിരിക്കുമ്പോള്‍ അവരുടെ ക്ഷമാപണത്തോടുള്ള നിലപാടെന്തായിരിക്കുമെന്ന കാര്യവും നമുക്ക് മനസ്സിലാക്കാവുന്നതാണ്. മന്ത്രി നടത്തിയ ക്ഷമാപണം നമുക്കെല്ലാവര്‍ക്കും കൂടിയുള്ള ഒരു സന്ദേശമാണ്. മേലിലും നമ്മള്‍ ചെയ്യാവുന്നതും ചെയ്യരുതാത്തതുമായ ഇത്തരം കാര്യങ്ങളില്‍ മര്യാദ കൈവിട്ടുപോകരുതെന്ന് ആശിക്കുന്നു. രാജ്യത്തിന്‍െറ കാര്യങ്ങള്‍ക്കായി മുന്നോട്ടുപോകാന്‍ അഭ്യര്‍ഥിക്കുകയും ചെയ്യുന്നു.’

ചെച്നിയയില്‍ വിമത ആക്രമണം; പൊലീസുകാരുള്‍പെടെ 16 മരണം

Posted: 04 Dec 2014 09:51 AM PST

Image: 

ഗ്രോസ്നി: ചെച്നിയയുടെ തലസ്ഥാനമായ ഗ്രോസ്നിയില്‍ തോക്കുധാരികള്‍ നടത്തിയ ആക്രമണത്തില്‍ 16 മരണം. 10 പൊലീസുകാരും ആറ് അക്രമികളുമാണ് കൊല്ലപ്പെട്ടത്. പൊലീസുകാരുള്‍പ്പെടെ 28 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ശക്തമായ സുരക്ഷാസന്നാഹമുള്ള ചെചന്‍ തലസ്ഥാനത്ത് രാത്രിയില്‍ ഇരച്ചുകയറിയ വിമത തോക്കുധാരികള്‍ ചെക്പോയന്‍റിലുണ്ടായിരുന്ന പൊലീസുകാരെ കീഴ്പ്പെടുത്തിയ ശേഷം ഒരു മാധ്യമസ്ഥാപനത്തിന്‍െറ കെട്ടിടവും സ്കൂളും കൈയേറുകയായിരുന്നു. അക്രമികളെ മണിക്കൂറുകള്‍ക്കകം കൊലപ്പെടുത്തിയതായി റഷ്യന്‍ പിന്തുണയോടെയുള്ള പ്രസിഡന്‍റ് റംസാന്‍ ഖദീറോവ് പറഞ്ഞു. സുരക്ഷാ സൈനികര്‍ ചെച്നിയയിലെ മുസ്ലിം സ്ത്രീകള്‍ക്കുനേരെ നടത്തുന്ന ആക്രമണത്തില്‍ പ്രതിഷേധിച്ചാണ് ആക്രമണമെന്നാണ് വിമതരുടെ പക്ഷം.
1994-96ലും 1999-2000ത്തിലും ചെച്നിയയില്‍ വിമതര്‍ പ്രതിഷേധം ശക്തമാക്കിയിരുന്നെങ്കിലും റഷ്യന്‍ സഹായത്തോടെ ഖദീറോവ് അടിച്ചമര്‍ത്തുകയായിരുന്നു. രണ്ടുതവണയും അധികാരമാറ്റത്തിലത്തൊതെ വിപ്ളവം അടിച്ചമര്‍ത്തിയത് ഭരണനേട്ടമായി പുടിന്‍ ആവര്‍ത്തിക്കുന്നതിനിടെയാണ് വീണ്ടും കലാപസൂചന നല്‍കി വന്‍ ആക്രമണമുണ്ടായത്.  സംഭവത്തില്‍ നാലുപേര്‍ കൊല്ലപ്പെട്ടതായാണ് റഷ്യന്‍ സര്‍ക്കാര്‍ നല്‍കുന്ന കണക്കുകള്‍. അക്രമികള്‍ കൈയേറിയ കെട്ടിടത്തില്‍ കുട്ടികള്‍ ഉണ്ടായിരുന്നില്ളെന്നാണ് പ്രാഥമിക സൂചന. മാധ്യമസ്ഥാപനത്തിന്‍െറ കെട്ടിടം പൂര്‍ണമായി അഗ്നിക്കിരയായി.
ചെചന്‍ വിമത നേതാവ് അസ്ലന്‍ ബ്യൂതുകയേവിന്‍െറ നിര്‍ദേശപ്രകാരമാണ് ആക്രമണമെന്ന് യൂട്യൂബില്‍ ലഭ്യമായ വിഡിയോയില്‍ അക്രമികള്‍ അവകാശപ്പെട്ടു.
 

ഗസ്സ ആക്രമണം: ശുജാഇയ്യയില്‍ അവശിഷ്ടങ്ങള്‍ നീക്കിത്തുടങ്ങി

Posted: 04 Dec 2014 09:44 AM PST

Image: 

ഗസ്സ സിറ്റി: ഗസ്സ മുനമ്പിലെ അടിസ്ഥാന സൗകര്യങ്ങള്‍ നാമാവശേഷമാക്കിയ ഇസ്രായേല്‍ ആക്രമണത്തിന്‍െറ ബാക്കിപത്രമായ ലക്ഷക്കണക്കിന് ടണ്‍ അവശിഷ്ടങ്ങള്‍ നീക്കം ചെയ്യല്‍ തുടങ്ങി. സ്വീഡന്‍ നല്‍കിയ 32 ലക്ഷം ഡോളര്‍ ഉപയോഗിച്ചാണ് ആക്രമണം ഏറ്റവും കൂടുതല്‍ ബാധിച്ച ശുജാഇയ്യ പട്ടണത്തില്‍നിന്ന് മൂന്നുമാസത്തിനുശേഷം അവശിഷ്ടങ്ങള്‍ ഒഴിവാക്കുന്നത്. ഗസ്സയിലുടനീളം 25 ലക്ഷം ടണ്‍ അവശിഷ്ടങ്ങള്‍ ഇസ്രായേല്‍ ആക്രമണത്തെ തുടര്‍ന്ന് ഉണ്ടായതായി ഫലസ്തീന്‍ പൊതുമരാമത്ത് മന്ത്രി മുഫീദ് അല്‍ഹുസൈന്‍ പറഞ്ഞു. ശുജാഇയ്യയില്‍ മാത്രം ചെറുതും വലുതുമായി ഒരു ലക്ഷത്തോളം കെട്ടിടങ്ങള്‍ക്ക് നാശം നേരിട്ടിട്ടുണ്ട്. 18,000 താമസ കേന്ദ്രങ്ങളും ഇതില്‍പെടും.
ബുള്‍ഡോസറുകളും മറ്റു സംവിധാനങ്ങളും ഉപയോഗിച്ചാണ് തകര്‍ന്ന കെട്ടിടങ്ങളും മറ്റും ഒഴിവാക്കുന്നത്. നീക്കം ചെയ്യല്‍ ഒരുവര്‍ഷമെടുക്കുമെന്നാണ് സൂചന.
ആക്രമണം ഗസ്സയെ പൂര്‍ണമായി തകര്‍ത്തിട്ടും ലോക രാജ്യങ്ങള്‍ വാഗ്ദാനം ചെയ്ത പുനരുദ്ധാരണ സഹായം ഇതുവരെ എത്തിയില്ളെന്ന് പരാതിയുണ്ട്.

No comments:

Post a Comment

english malayalam dictionary

വിരുന്നുകാര്...

poomottu

Dsgd: by ASLAM PADINHARAYIL

Back to TOP