സ്വാഗതം
WELCOME

News Update..

Saturday, August 24, 2013

അഫ്ഗാന്‍ കൂട്ടക്കൊല; യു.എസ് സൈനികന് ജീവപര്യന്തം Madhyamam News Feeds

അഫ്ഗാന്‍ കൂട്ടക്കൊല; യു.എസ് സൈനികന് ജീവപര്യന്തം Madhyamam News Feeds

Link to

അഫ്ഗാന്‍ കൂട്ടക്കൊല; യു.എസ് സൈനികന് ജീവപര്യന്തം

Posted: 24 Aug 2013 12:36 AM PDT

Image: 

വാഷിംങ്ടണ്‍: 16 അഫ്ഗാന്‍ സിവിലിയന്‍മാരെ കൂട്ടക്കൊല ചെയ്ത സംഭവത്തില്‍ അമേരിക്കന്‍ സൈനികന് ജീവപര്യന്തം തടവ്. പരോള്‍ ഇല്ലാത്ത തടവാണ് വിധിച്ചത്.  ഇറാഖ്, അഫ്ഗാന്‍ യുദ്ധങ്ങളിലെ ഏറ്റവും ദാരുണ സംഭവങ്ങളിലൊന്നാണ് കഴിഞ്ഞ വര്‍ഷം നടന്ന ഈ കൂട്ടക്കൊല. കേസില്‍ വാദം അവസാനിച്ചതിനെ തുടര്‍ന്ന് സൈനിക ജഡ്ജ് റോബര്‍ട്ട്, ബെയില്‍സിനെതിരെ ശിക്ഷ പ്രഖ്യാപിക്കുകയായിരുന്നു.
40 കാരനായ ബെയില്‍സ് നടത്തിയ ഡ്രോണ്‍ ആക്രമണമാണ് നിരപരാധികളുടെ ജീവന്‍ എടുത്തത്. എന്നാല്‍, കുറ്റവാളിയെന്ന് കണ്ടത്തെിയ ബെയില്‍സിനെ വധശിക്ഷയില്‍ നിന്നും ഒഴിവാക്കുകയായിരുന്നു. താന്‍ നടത്തിയ കൃത്യത്തില്‍ ഖേദം പ്രകടിപ്പിച്ച ബെയില്‍സ് ഇത് ഭീരുത്വമാര്‍ന്ന ചെയ്തിയായിപ്പോയെന്നും പറഞ്ഞു.
കാണ്ഡഹാര്‍ പ്രവിശ്യയിലെ ക്യാമ്പ് ബെലെംപെയിലെ സൈനിക വ്യൂഹത്തില്‍ ആയിരുന്നു ബെയ്ല്‍സ്. അര്‍ധ രാത്രിയില്‍ ആണ് ബെയ്ല്‍സ് രണ്ട് ഗ്രാമങ്ങള്‍ക്കുമേല്‍ ആക്രമണം അഴിച്ചുവിട്ടത്.  കൊല്ലപ്പെട്ട കുട്ടിയുടെ, പേടിച്ച് അലറിക്കരയുന്ന ചിത്രംകാണിച്ച് ഇയാള്‍ക്ക് പരോള്‍ അനുവദിക്കരുതെന്ന് പ്രോസിക്യൂട്ടര്‍ ജെയ് മോര്‍സി വാദിച്ചു.

അയോധ്യയാത്രയില്‍ ഉറച്ച് വി.എച്ച്.പി; നേരിടാന്‍ സര്‍വസജ്ജമായി യു.പി സര്‍ക്കാര്‍

Posted: 24 Aug 2013 12:00 AM PDT

Image: 

അയോധ്യ: അയോധ്യയിലേക്ക് നടത്തുന്ന യാത്രയില്‍ നിന്ന് പിന്നോട്ടിലെന്ന്  വി.എച്ച്.പി ഭീഷണി ഉയര്‍ത്തിയതോടെ യു.പിയിലെ ഇരട്ട നഗരങ്ങളായ അയോധ്യയും ഫൈസാബാദും അതീവ ജാഗ്രതയില്‍. വിലക്ക് മറികടന്ന് യാത്രയുമായി മുന്നോട്ടു പോവുന്ന വി.എച്ച്.പി പ്രവര്‍ത്തകരെ നേരിടാന്‍ സര്‍വ സജ്ജമായി അഖിലേഷ് സര്‍ക്കാരും ഒരുങ്ങി.   70 വി.എച്ച്.പി നേതാക്കള്‍ക്കെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു.
അയോധ്യയെ ചുറ്റി 300 കിലോമീറ്റര്‍ ‘പരികര്‍മ യാത്ര’ക്കാണ്് ഞായറാഴ്ച വി.എച്ച്.പി തുടക്കമിടുക. മുഖ്യമന്ത്രി അഖിലേഷ് യാദവ് യാത്രക്ക് നേരത്തെ തന്നെ നിരോധം പ്രഖ്യാപിച്ചെങ്കിലും അത് വകവെക്കാതെ മുന്നോട്ടു പേവാന്‍ ആണ് വി.എച്ച്.പി തീരുമാനം.  

നിരോധം ലംഘിക്കുന്നപക്ഷം  കടുത്ത നടപടികള്‍ നേരിടേണ്ടി വരുമെന്ന സന്ദേശമാണ് സൈനിക സാന്നിധ്യം നല്‍കുന്നത്. സുരക്ഷാസേന അയോധ്യയില്‍ ഫ്ളാഗ് മാര്‍ച്ച് നടത്തി. കലാപ വിരുദ്ധ സേന അയോധ്യയില്‍ ഉടനീളം റോന്തു ചുറ്റിക്കൊണ്ടിരിക്കുകയാണ്. 144 വകുപ്പ് പ്രകാരം പൊതുസ്ഥലങ്ങളില്‍ കൂടിച്ചേരുന്നത് നിരോധിച്ചിട്ടുണ്ട്. യാത്ര കടന്നുപോവുന്ന ആറു ജില്ലകളില്‍ ഇത് ഏര്‍പെടുത്തിയിട്ടുണ്ട്. ഈ മേഖലയിലെല്ലാം സൈറണുകളും സ്ഥാപിച്ചിട്ടുണ്ട്. യാത്ര ചെന്നുചേരുന്ന 42 പോയന്‍റുകളില്‍ സീല്‍ ചെയ്ത് ബാരിക്കേഡുകള്‍ സ്ഥാപിച്ചിട്ടുണ്ട്. യാത്രയുടെ ആദ്യ ഇടത്താവളമായ, അയോധ്യയില്‍നിന്നും 15 കിലോമീറ്റര്‍ അകലെയുള്ള മഗധയില്‍ പൊലീസ് സി.സി.ടി.വി കാമറകള്‍ സ്ഥാപിച്ചിട്ടുണ്ട്. കാവി സന്യാസി നേതാക്കളുടെ നീക്കങ്ങള്‍ സസൂക്ഷമം നിരീക്ഷിച്ചുവരികയാണ് സര്‍ക്കാര്‍.

പരികര്‍മ യാത്ര ഒരുകാരണവശാലും അനുവദിക്കില്ളെന്നും മതിയായ സൈന്യത്തെ വിന്യസിച്ചിട്ടുണ്ടെന്നും ഫ്ളാഗ്മാര്‍ച്ചിന് നേതൃത്വം നല്‍കി ഫൈസാബാദ് ജില്ലാ മജിസ്ട്രേറ്റ് വിപിന്‍ കുമാര്‍ പറഞ്ഞു. നിലവില്‍ ആറായിരം പൊലീസിനെയും അര്‍ധസൈനിക വിഭാഗത്തെയും വിന്യസിച്ചിട്ടുണ്ട്. 1600 അര്‍ധസൈനികരെ കൂടി രംഗത്തിറക്കാനിരിക്കുകയാണ്. വി.എച്ച്.പി നേതാവ് അശോക് സിംഗാളിനെ ഇന്ന് വീട്ടു തടങ്കലില്‍ ആക്കിയിരുന്നുവെങ്കിലും രണ്ടു മണിക്കൂറിനുശേഷം  ദല്‍ഹിയിലേക്ക് തിരിക്കാന്‍ അനുമതി നല്‍കി.  മുഖ്യമന്ത്രി അഖിലേഷ് യാദവ്  തന്‍്റെ ഇന്നത്തെ എല്ലാ ഒൗദ്യോഗിക പരിപാടികളും  മാറ്റിവെച്ചിട്ടുണ്ട്. ഭരണ-രാഷ്ട്രീയ തലത്തില്‍ യോഗങ്ങള്‍ നടന്നുവരികയാണ്.

മ്യാന്മര്‍സേന മണിപ്പൂരിലെ ഇന്ത്യന്‍ അതിര്‍ത്തി കയ്യേറിയെന്ന്

Posted: 23 Aug 2013 10:50 PM PDT

Image: 

ഇംഫാല്‍: ചൈനയില്‍നിന്നുള്ള ഭീഷണിക്കുശേഷം അയല്‍രാജ്യമായ മ്യാന്‍മറില്‍നിന്നും ഇന്ത്യക്ക് ഭീഷണി?  മണിപ്പൂരിലെ ചന്ദേല്‍ ജില്ലയിലെ അതിര്‍ത്തി ഗ്രാമമായ ഹോലന്‍ഫായില്‍ മ്യാന്മര്‍ സൈന്യം അതിക്രമിച്ചു കടന്നതായും ഇവിടെ താല്‍ക്കാലിക താവളം നിര്‍മിച്ചുകൊണ്ടിരിക്കുകയും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. എന്നാല്‍, ഇന്ത്യ-മ്യാന്‍മര്‍ അതിര്‍ത്തിയില്‍ കാവലിലേര്‍പ്പെട്ട അസം റൈഫിള്‍സ് ഇക്കാര്യത്തില്‍ ഇതുവരെ ഒൗദ്യോഗിക വിശദീകരണം നല്‍കിയിട്ടില്ല. അസം റൈഫിള്‍സിലെ ചില സൈനികരെ ഉദ്ധരിച്ചാണ് റിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുന്നത്. ഈ വിവരം സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തിന് കൈമാറിയതായും ഒരു ഉദ്യോഗസ്ഥന്‍ അറിയിച്ചു.
ചന്ദേല്‍ ജില്ലയിലെ ഇന്ത്യാ-മ്യാന്‍മര്‍ അതിര്‍ത്തിയില്‍ വേലികെട്ടുന്ന ജോലിക്കായി കമ്മിറ്റി രൂപവല്‍ക്കരിക്കാന്‍ മണിപ്പൂര്‍ സര്‍ക്കാര്‍ തീരുമാനിച്ചതിന് തൊട്ടുടന്‍ ആണ് അതിര്‍ത്തി കയ്യേറ്റം പുറത്തുവന്നത്.  അതിര്‍ത്തിയിലെ വലിയൊരു ഇന്ത്യന്‍ പ്രദേശം മ്യാന്‍മറിന്‍്റെ കയ്യിലകപ്പെടുന്നു എന്നു ചൂണ്ടികാണിച്ച് നിരവധി സാമൂഹ്യ സംഘടനകളും പ്രതിപക്ഷവും മണിപ്പൂര്‍ സര്‍ക്കാറിനെതിരെ പ്രതിഷേധവുമായി രംഗത്തുവന്നിരുന്നു.
മ്യാന്‍മറുമായി 398 കിലോമീറ്റര്‍ അതിര്‍ത്തിയാണ് മണിപ്പൂര്‍ പങ്കിടുന്നത്. ഇപ്പോള്‍ മ്യാന്‍മറിന്‍്റെ കയ്യേറ്റം കണ്ടത്തെിയെന്നു പറയുന്ന ഹോലന്‍ഫായില്‍ ഇന്തോ-മ്യാന്‍മര്‍ വാണിജ്യ ബന്ധം മെച്ചപ്പെടുത്തുന്നത് ലക്ഷ്യമിട്ട് ടൗണ്‍ഷിപ്പ് നിര്‍മാണത്തിന് സംസ്ഥാന സര്‍ക്കാര്‍ പദ്ധതിയിട്ടിരുന്നു.

ദുബൈയുടെ ഓളപ്പരപ്പില്‍ ലോക ജൂനിയര്‍ നീന്തല്‍ ചാമ്പ്യന്‍ഷിപ്പ്

Posted: 23 Aug 2013 10:28 PM PDT

Image: 

ദുബൈ: ഒക്ടോബറില്‍ നടക്കുന്ന അണ്ടര്‍ 17 ഫിഫ ലോകകപ്പ് ഫുട്ബാള്‍ ചാമ്പ്യന്‍ഷിപ്പിന് മുമ്പേ മറ്റൊരു ലോക മത്സരത്തിന്  ദുബൈയില്‍ കേളികൊട്ട്. നാലാമത് ലോക ജൂനിയര്‍ നീന്തല്‍ ചാമ്പ്യന്‍ഷിപ്പിന് തിങ്കളാഴ്ച  ഹംദാന്‍ സ്പോര്‍ട്സ് കോംപ്ലക്സില്‍  തുടക്കംകുറിക്കുന്നു. 91 രാജ്യങ്ങളില്‍ നിന്നുള്ള  നീന്തല്‍ താരങ്ങളും ഓഫീഷ്യലുകളുമായി ആയിരത്തോളം പേര്‍ ദുബൈയിലെത്തിക്കഴിഞ്ഞു. തിങ്കളാഴ്ച മുതല്‍  ആറുദിവസം  നീന്തല്‍കുളത്തിലെ ഓളപ്പരപ്പില്‍ പുതിയ വേഗതാരങ്ങളുടെ കിരീടധാരണമായിരിക്കും.
18 വയസ്സിനു താഴെയുള്ളവര്‍ക്കായി 2006ല്‍ തുടങ്ങിയ ലോക ജൂനിയര്‍ നീന്തല്‍ മത്സരം രണ്ടു വര്‍ഷത്തിലൊരിക്കലാണ് നടക്കുക. 2006ല്‍ ബ്രസീലും 2008ല്‍ മെക്സിക്കോയും 2011ല്‍ പെറുവും ആഥിത്യം വഹിച്ച ചാമ്പ്യന്‍ഷിപ്പ് ഇതാദ്യമായാണ് ഏഷ്യന്‍ ജലവിതാനത്തില്‍ എത്തുന്നത്.
യു.എ.ഇ നീന്തല്‍ ഫെഡറേഷന്‍, ദുബൈ സ്പോര്‍ട്സ് കൗണ്‍സിലിന്റെ സഹകരണത്തോടെയാണ് ചാമ്പ്യന്‍ഷിപ്പ് നടത്തുന്നത്.
 ഒളിമ്പിക് നിലവാരമുള്ള രണ്ടു 50 മീറ്റര്‍ നീന്തല്‍കുളങ്ങളും ഒരു ഡൈവിങ് പുളുമാണ് എമിറേറ്റ്സ് റോഡിലെ ഹംദാന്‍ സ്പോര്‍ട്സ് കോംപ്ലക്സില്‍ ഇതിനായി സജ്ജീകരിച്ചിരിക്കുന്നത്.
15,000 കാണികള്‍ക്ക് ഇവിടെ ഇരിപ്പിട സൗകര്യമുണ്ട്. 38 ഇനങ്ങളില്‍ വിജയപീഠം കയറാനായി 873 താരങ്ങളാണ് മത്സരിക്കുന്നത്. ഇവര്‍ക്കൊപ്പം 363 ഒഫീഷ്യലുകളും ദുബൈയിലെത്തും. 14 മുതല്‍ 17 വയസ്സുവരെയുള്ള പെണ്‍കുട്ടികളും 15 മുതല്‍ 18 വരെ പ്രായമുള്ള ആണ്‍കുട്ടികളുമാണ് ജലരാജനും ജലറാണിയുമാകാന്‍ മത്സരിക്കുക.
ബ്രസീലിലെ റിയോഡി ജനീറോയില്‍ നടന്ന ആദ്യ ചാമ്പ്യന്‍ഷിപ്പില്‍ ഇറ്റലിയായിരുന്നു ചാമ്പ്യന്‍മാരെങ്കില്‍ അവസാനത്തെ രണ്ടു ചാമ്പ്യന്‍ഷിപ്പിലും അമേരിക്കയുടെ മുന്നേറ്റമായിരുന്നു. ഹാട്രിക് കിരീടം തേടിയാണ് അവരുടെ വരവ്. 58 രാജ്യങ്ങള്‍ പങ്കെടുത്ത 2011ലെ മൂന്നമത് പതിപ്പില്‍ 42 പുതിയ മീറ്റ് റെക്കോര്‍ഡുകള്‍ പിറന്നത് ഇതുവരെ നടന്നതിലെ ഏറ്റവും മികച്ച ചാമ്പ്യന്‍ഷിപ്പാക്കി മാറ്റി. നീന്തല്‍കുളത്തിലെ ശക്തരായ അമേരിക്കയും ബ്രിട്ടനും ചൈനയും റഷ്യയുമെല്ലാം ഒളിമ്പ്യന്‍മാരുള്‍പ്പെടെയുള്ള മികച്ച താരങ്ങളുമായാണ് മെഡല്‍വേട്ട ലക്ഷ്യമിട്ടെത്തുന്നത്.
ആഗസ്റ്റ് 31 വരെ നീളുന്ന ചാമ്പ്യന്‍ഷിപ്പില്‍ ദിവസവും രാവിലെ 10 മണി മുതല്‍ രാത്രി 12.30 വരെ മത്സരങ്ങളുണ്ടാകും. വൈകിട്ട് ആറു മുതല എട്ടുവരെയായിരിക്കും സെമി, ഫൈനല്‍ മത്സരങ്ങള്‍.
ടിക്കറ്റ് മത്സരവേദിയിലെ കൗണ്ടറുകളില്‍ നിന്ന് ലഭിക്കും.
ദിവസ ടിക്കറ്റിന് 20 ദിര്‍ഹവും സീസണ്‍ ടിക്കറ്റിന് 80 ദിര്‍ഹവുമാണ് നിരക്ക്. വി.ഐ.പി ടിക്കറ്റിന് യഥാക്രമം 40,120 ദിര്‍ഹം നല്‍കണം.
ചാമ്പ്യന്‍ഷിപ്പ് കാലയളവില്‍ മത്സരവേദിയിലേക്ക് രാവിലെയും വൈകിട്ടും മാള്‍ ഓഫ് എമിറേറ്റ്സില്‍ നിന്നും ദുബൈ മാളില്‍ നിന്നും സൗജന്യ ബസ് സര്‍വീസുണ്ടാകുമെന്ന് സംഘാടകര്‍ അറിയിച്ചു.
 

ചൂടുകാല രോഗങ്ങള്‍: തൊഴിലാളികള്‍ക്കിടയില്‍ ബോധവല്‍ക്കരണവുമായി എച്ച്.എം.സി

Posted: 23 Aug 2013 10:19 PM PDT

Image: 

ദോഹ: വേനല്‍ ചൂട് മാറ്റമില്ലാതെ തുടരുന്ന സാഹചര്യത്തില്‍,  ചൂടുകാലവുമായി അസുഖങ്ങള്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതിനെത്തുടര്‍ന്ന് താഴ്ന്ന വരുമാനക്കാരായ തൊഴിലാളികള്‍ക്കിടയില്‍ ബോധവല്‍ക്കരണവുമായി ഹമദ് മെഡിക്കല്‍ കോര്‍പറേഷന്‍ രംഗത്തെത്തി. കൊടുംചൂടില്‍ പുറംജോലികള്‍ ചെയ്യുന്നവര്‍ക്കും അവരുടെ സ്പോണ്‍സര്‍മാര്‍ക്കുമിടയിലാണ് ബോധവല്‍ക്കരണ കാമ്പയിന്‍.
കഴിഞ്ഞയാഴ്ച മുതല്‍ ചൂട് കൂടിയതിനെത്തുടര്‍ന്നുണ്ടായ നിര്‍ജ്ജലീകരണം പോലുള്ള ശാരീരിക പ്രശ്നങ്ങളുമായി ഹമദ് മെഡിക്കല്‍ കോര്‍പറേഷന്‍ എമര്‍ജന്‍സിയില്‍ പ്രതിദിനം 30ലേറെ തൊഴിലാളികള്‍ എത്തുന്ന സാഹചര്യത്തിലാണിത്. ഇവരില്‍ മിക്കവറും നിര്‍മാണത്തൊഴിലാളികളാണെന്ന് 'കുല്ലുനാ' സുരക്ഷ കാമ്പയിന്‍ ചെയര്‍മാന്‍ ഡോ. ഖാലിദ് അബ്ദൂര്‍ സൈഫുദ്ദീന്‍ പറഞ്ഞു.
ബീറ്റ് ദി ഹീറ്റ് എന്ന പേരില്‍ നാലാഴ്ച നീണ്ടുനില്‍ക്കുന്ന കാമ്പയിനിലൂടെ ചൂടുമായി ബന്ധപ്പെട്ട അസുഖങ്ങളുടെ ലക്ഷണങ്ങളെക്കുറിച്ചും പരമാവധി വെള്ളം കുടിക്കുകയും തണലിലേക്ക് മാറിനില്‍ക്കുകയും ചെയ്യേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും ബോധവല്‍ക്കരിക്കുകയാണ് അധികൃതരുടെ ലക്ഷ്യം. കാമ്പയിന്റെ ഭാഗമായി വെള്ളം, കൂളറുകള്‍, തൊപ്പികള്‍, പഴങ്ങള്‍ തുടങ്ങിയവ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള വര്‍ക്ക് സൈറ്റുകളിലും പൊതുസ്ഥലങ്ങളിലും വിതരണം ചെയ്യും.  ശക്തമായ ദാഹം, ക്ഷീണം, തലവേദന, ചര്‍ദ്ദി, തളര്‍ച്ച, തലകറക്കം, കുഴഞ്ഞുവീഴല്‍, പേശീവലിവ്, ഒരു കാര്യത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ കഴിയാതിരിക്കല്‍, ശരീരോഷ്മാവില്‍ പെട്ടെുണ്ടാവുന്ന വര്‍ധന തുടങ്ങിയവ നിര്‍ജലീകരണത്തിന്റെ ലക്ഷണങ്ങളാണ്.
ഇത്തരം ലക്ഷണങ്ങളുണ്ടായാല്‍ വെള്ളം കുടിക്കുകയും വെയിലില്‍ നിന്ന് മാറി വിശ്രമിക്കുകയും ചെയ്യണമെന്നും എന്നിട്ടും നിലനില്‍ക്കുകയാണെങ്കില്‍ ഉടന്‍ ഡോക്ടറെ സമീപിക്കുകയും ചെയ്യണമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദേശം നല്‍കുന്നു. കഴിഞ്ഞ മാസം മാത്രം ഖത്തറില്‍ 32 നേപ്പാളികള്‍ മരിക്കാനിടയായത് താപനിലയുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ മൂലമാണെന്ന് വിലയിരുത്തപ്പെട്ടിരുന്നു.

രൂപയുടെ തകര്‍ച്ച: എന്‍.ആര്‍.ഐ ബോണ്ടിന് സാധ്യതയേറി

Posted: 23 Aug 2013 10:15 PM PDT

Image: 

മസ്കത്ത്: പ്രവാസികളെ ആശ്രയിച്ച് രൂപയുടെ മൂല്യത്തകര്‍ച്ച മറികടക്കാന്‍ ഇന്ത്യന്‍ സര്‍ക്കാര്‍. പ്രവാസികളില്‍നിന്ന് ധനസമാഹരണം ലക്ഷ്യമിട്ട് എന്‍.ആര്‍.ഐ ബോണ്ടുകളിറക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. ആഭ്യന്തര ബാങ്കിങ് മേഖലയില്‍നിന്ന് എതിര്‍പ്പുയരുമ്പോഴും എന്‍.ആര്‍.ഐ ബോണ്ടുകളിലാണ് സര്‍ക്കാര്‍ പ്രതീക്ഷ പുലര്‍ത്തുന്നത്.
 എന്‍.ആര്‍.ഐക്കാരെ ലക്ഷ്യമിട്ട് ബോണ്ട് ഇറക്കുന്നത് ഉള്‍പ്പെടെയുള്ള ഒരു സാധ്യതയും തള്ളിക്കളയാനാവില്ലെന്ന് ഇന്ത്യന്‍ ധനകാര്യമന്ത്രി പി. ചിദംബരം പ്രസ്താവിച്ചിട്ടുണ്ട്. എല്ലാ മാര്‍ഗങ്ങളും പരിഗണനയിലാണ്. ഏതെങ്കിലുമൊരു മാര്‍ഗം ഒഴിവാക്കിയെന്ന് പറയുന്നത് പൂര്‍ണമായും തെറ്റാണ്. എന്‍.ആര്‍.ഐ ബോണ്ട് ഇറക്കുന്ന നടപടി സര്‍ക്കാര്‍ ഉപേക്ഷിച്ചില്ലേയെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു മന്ത്രി.
എല്ലാ മാര്‍ഗങ്ങളും ആരായുന്ന കൂട്ടത്തില്‍ വിദേശ ഇന്ത്യക്കാര്‍ക്ക് ബോണ്ട് വില്‍പന നടത്തി ധനം സമാഹരിക്കുന്നതും പരിഗണനയിലാണെന്ന് കഴിഞ്ഞ ദിവസം ധനകാര്യ മന്ത്രാലയത്തിലെ ഉന്നതവൃത്തങ്ങള്‍ വെളിപ്പെടുത്തിയിരുന്നു. വിദേശ ഇന്ത്യക്കാര്‍ക്ക് വേണ്ടി ദീര്‍ഘകാല നിക്ഷേപ പദ്ധതികള്‍ ആവിഷ്കരിക്കുന്നത് സര്‍ക്കാര്‍ ആലോചിക്കുകയാണെന്നും അതുവഴി അവര്‍ക്ക് രാജ്യത്തിന്റെ വളര്‍ച്ചയില്‍ പങ്കുകാരാവുകയും നേട്ടം കൈവരിക്കുകയും ചെയ്യാമെന്ന് പ്രവാസികാര്യമന്ത്രി വയലാര്‍ രവിയും പറഞ്ഞിട്ടുണ്ട്. നിലവില്‍ വിദേശ ഇന്ത്യക്കാരുടെ നിക്ഷേപങ്ങള്‍ കൂടുതലും ഹ്രസ്വകാല സ്വഭാവത്തിലുള്ളതാണ്. വിദേശ ഇന്ത്യക്കാര്‍ക്ക് അവസരം നല്‍കുന്നതിന് വേണ്ടി എന്‍.ആര്‍.ഐ ബോണ്ട് പോലുള്ള ദീര്‍ഘകാല നിക്ഷേപ പദ്ധതികളാണ് തങ്ങള്‍ പരിഗണിക്കുന്നത് - അഞ്ചാമത് ദ്വിവാര്‍ഷിക പ്രവാസി സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു വയലാര്‍ രവി.  
ഇന്ത്യന്‍ രൂപയെ രക്ഷിക്കാന്‍ വിദേശത്തുള്ള ഇന്ത്യക്കാരെ ഉദ്ദേശിച്ച് ബോണ്ടിറക്കുന്ന കാര്യമാണ് സര്‍ക്കാര്‍ മുഖ്യമായി പരിഗണിക്കുന്നതെന്ന് കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടെ വ്യാവസായിക സംഘടനാ റിപ്പോര്‍ട്ടില്‍ പറയുന്നു.  സുതാര്യമായ നയങ്ങളിലൂടെ വിദേശനിക്ഷേപം ആകര്‍ഷിച്ച് പ്രതിസന്ധിക്ക് പരിഹാരം കാണുകയാണ് വേണ്ടതെന്നും റിപ്പോര്‍ട്ട് നിര്‍ദേശിക്കുന്നു. അതേസമയം, രൂപ വില്‍പന നടത്തി ഡോളര്‍ വാങ്ങാവുന്ന തരത്തില്‍ എണ്ണക്കമ്പനികള്‍ക്കായി റിസര്‍വ് ബാങ്ക് ഡോളര്‍ ജാലകം തുറന്നേക്കുമെന്നും റിപ്പോര്‍ട്ടില്‍ അഭിപ്രായപ്പെട്ടു.  രൂപയുടെ മൂല്യത്തകര്‍ച്ച നേരിടാന്‍ നേരത്തെ മൂന്ന് തവണ മാത്രമേ ഇന്ത്യ എന്‍.ആര്‍.ഐ ബോണ്ട് ഇറക്കിയിട്ടുള്ളൂ. 1991, 1998, 2001 വര്‍ഷങ്ങളിലായിരുന്നു ഇത്. '91ല്‍ ഇന്ത്യ ഡെവലപ്മെന്റ് ബോണ്ട്സ്, '98ല്‍ റിസര്‍ജന്റ് ഇന്ത്യ ബോണ്ട്സ്, 2001ല്‍ ഇന്ത്യ മില്ലേനിയം ഡെപോസിറ്റ്സ് എന്നീ പേരുകളിലാണ് ബോണ്ടുകള്‍ ഇറക്കിയത്. 1.6 ബില്യന്‍ ഡോളര്‍, 4.8 ബില്യന്‍ ഡോളര്‍, 5.5 ബില്യന്‍ ഡോളര്‍ എന്നിങ്ങനെയാണ് ഈ ബോണ്ടുകളില്‍നിന്ന്  യഥാക്രമം സമാഹരിച്ചിരുന്നത്. നിലവിലെ സാഹചര്യത്തില്‍ ബോണ്ട് ഇറക്കിയാല്‍ 20 ബില്യന്‍ ഡോളര്‍ സമാഹരിക്കാനാവുമെന്നാണ് സര്‍ക്കാര്‍ കണക്കുകൂട്ടുന്നത്.
അതേസമയം, ബോണ്ടുകളെ അനുകൂലിച്ചും എതിര്‍ത്തും ബാങ്കിങ് മേഖലകളില്‍ സ്വരമുയരുന്നുണ്ട്. വിദേശ ബാങ്കുകള്‍ ബോണ്ടുകളെ അനുകൂലിക്കുമ്പോള്‍ ഇന്ത്യന്‍ ബാങ്കുകള്‍ എതിര്‍ക്കുകയാണ്. നിലവിലെ പ്രതിസന്ധി പരിഹരിക്കാന്‍ സര്‍ക്കാറിന്റെ കൈയിലെ മികച്ച ആയുധമാണ് ബോണ്ടുകളെന്ന് ലണ്ടന്‍ ആസ്ഥാനമായ എച്ച്.എസ്.ബി.സി ബാങ്കിന്റെ ഇന്ത്യന്‍ ഹെഡ് നൈന ലാല്‍ കിദ്വായി പറഞ്ഞു. ഏന്നാല്‍, ബോണ്ടുകളിറക്കുന്നതില്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ചെയര്‍മാന്‍ പ്രതീപ് ചൗധരി ആശങ്ക പ്രകടിപ്പിച്ചു. ബാങ്കിങ് രംഗം മലീമസമാക്കാനേ ബോണ്ട് ഉപകരിക്കൂ എന്നാണ് അദ്ദേഹം പ്രതികരിച്ചത്.
ബോണ്ടിറക്കുന്നതില്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യക്കും അനുകൂല നിലപാടല്ല ഉള്ളത്. രാജ്യത്തിന്റെ സാമ്പത്തിക സുസ്ഥിരതയെ ബാധിക്കുന്ന നടപടിയാണ് ഇതെന്ന് കഴിഞ്ഞ മാസം അവസാനത്തില്‍ ആ.ബി.ഐ ഗവര്‍ണര്‍ ഡി. സുബ്ബറാവു അഭിപ്രായപ്പെട്ടിരുന്നു.   ഇന്ത്യയില്‍ സര്‍ക്കാര്‍ ബോണ്ട് മാര്‍ക്കറ്റ് കോര്‍പറേറ്റ് ബോണ്ട് മാര്‍ക്കറ്റിനേക്കള്‍ വിപുലമാണ്. ഏതൊരു നിക്ഷേപത്തെ പോലെയും സര്‍ക്കാര്‍ ബോണ്ടിനും റിസ്ക് ഫാക്ടറുകളുണ്ടെങ്കിലും താരതമ്യേന കുറവാണെന്നതാണ് ആകര്‍ഷണീയത.  
 

ക്വോട്ട കുറച്ചത് ഹജ്ജ് സേവനം മെച്ചപ്പെടുത്തും-സൗദി മന്ത്രി

Posted: 23 Aug 2013 10:06 PM PDT

Image: 

ജിദ്ദ: ഹറം വികസനപ്രവര്‍ത്തനങ്ങളുടെ പേരില്‍ ഈ വര്‍ഷം തീര്‍ഥാടകരുടെ എണ്ണം വെട്ടിക്കുറച്ചതിനാല്‍ ഹാജിമാര്‍ക്ക് കൂടുതല്‍ മികച്ച സേവനം തരപ്പെടുത്താനാവുമെന്ന് സൗദി ഹജ്ജ് മന്ത്രി ഡോ. ബന്ദര്‍ അല്‍ ഹജ്ജാര്‍ വ്യക്തമാക്കി. വിദേശതീര്‍ഥാടകരുടെ എണ്ണത്തില്‍ 20 ഉം സ്വtേദശികളുടെ എണ്ണത്തില്‍ 50 ഉം ശതമാനം കുറവു വരുത്തിയതിനാല്‍ ഹജ്ജിനെത്തുന്നവര്‍ക്ക് ഏറ്റവും മെച്ചപ്പെട്ട സേവനം ലഭ്യമാക്കാന്‍ ശ്രമിക്കണമെന്ന് അദ്ദേഹം ഉദ്യോഗസ്ഥരെ ഉണര്‍ത്തി. മക്കയില്‍ വിവിധ മുത്വവ്വിഫ് സ്ഥാപനങ്ങളുടെ ഹജ്ജ് ഒരുക്കങ്ങള്‍ പരിശോധിച്ച ശേഷം വാര്‍ത്താലേഖകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസം വിതരണകേന്ദ്രവും മക്ക, മദീന യാത്രക്കുള്ള ട്രാന്‍സ്പോര്‍ട്ട് സംവിധാനവും മന്ത്രി സന്ദര്‍ശിച്ചു വിലയിരുത്തി. ഈ വര്‍ഷം തീര്‍ഥാടകര്‍ക്ക് മക്കയുടെ താമസസ്ഥലങ്ങളില്‍ സംസം വിതരണം ചെയ്യുന്നതിന് സൗകര്യമൊരുക്കാന്‍ മന്ത്രി ആവശ്യപ്പെട്ടു.
അനധികൃതരെ തടയുന്നതിന് മക്കയുടെയും ഹറമിന്റെയും പ്രവേശമാര്‍ഗങ്ങളില്‍ ഇ-ട്രാക്ക് മോണിറ്ററിങ് സംവിധാനം ഏര്‍പ്പെടുത്തുമെന്ന് മന്ത്രി ഡോ. ഹജ്ജാര്‍ അറിയിച്ചു. ഈ വര്‍ഷം 104000 പേര്‍ക്കാണ് സൗദിയില്‍ നിന്നു ഹജ്ജിനു അനുമതി നല്‍കുന്നത്. ആഭ്യന്തരക്വോട്ടയുടെ 50 ശതമാനം വെട്ടിക്കുറച്ചതു കൊണ്ടാണിത്. ഹറമിന്റെ വികസനപ്രവര്‍ത്തനങ്ങള്‍ മൂലം തീര്‍ഥാടകരെ വിഷമിപ്പിക്കാതിരിക്കാനും അനിഷ്ടസംഭവങ്ങള്‍ ഒഴിവാക്കാനുമാണ് ഈ ക്രമീകരണം വരുത്തിയിരിക്കുന്നത്. അതിനാല്‍ മിനാ, അറഫ, മുസ്ദലിഫ എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ച് അനധികൃത തീര്‍ഥാടകരെ തടയുന്നതിനുള്ള അവസാനവഴിയും സ്വീകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. അനധികൃത തീര്‍ഥാടനം ഒഴിവാക്കാന്‍ രാജ്യത്തിനകത്ത് ഉള്ളവരോട് മന്ത്രി അഭ്യര്‍ഥിച്ചു. ഹജ്ജ് മാനേജ്മെന്റ് അവതാളത്തിലാക്കുന്നത് നിയമം ലംഘിച്ച് തീര്‍ഥാടനത്തിന് എത്തുന്നവരാണ്. കഴിഞ്ഞ വര്‍ഷം ഒന്നര ദശലക്ഷം ആളുകള്‍ അനധികൃതമായി ഹജ്ജിനെത്തി. അനാവശ്യമായ തിക്കിത്തിരക്കിനും വഴിയരികില്‍ താല്‍ക്കാലിക തമ്പുകള്‍ കെട്ടിയുയര്‍ത്തി മാര്‍ഗതടസ്സവും മലിനീകരണവും സൃഷ്ടിക്കാനും അനാവശ്യ അഗ്നിബാധക്കും കാരണമാകുന്നത് അനധികൃത തീര്‍ഥാടകരുടെ തള്ളിക്കയറ്റമാണെന്ന് പഠനങ്ങള്‍ തെളിയിക്കുന്നു. അതിനാല്‍ ഇതിനെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടികളാണ് ഗവണ്‍മെന്റ് സ്വീകരിക്കുകയെന്ന് മന്ത്രി മുന്നറിയിപ്പ് നല്‍കി.
ഇലക്ട്രോണിക് പരിശോധന സംവിധാനം ഏര്‍പ്പെടുത്തിയതോടെ രാജ്യത്ത് ഉംറ വിസക്കാര്‍ അനധികൃതമായി തങ്ങുന്നത് ഗണ്യമായ തോതില്‍ കുറച്ചുകൊണ്ടു വരാന്‍ കഴിഞ്ഞിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. എട്ടു വര്‍ഷം മുമ്പ് 5,40,000 പേര്‍ അനധികൃതമായി തങ്ങിയിരുന്നുവെങ്കില്‍ കഴിഞ്ഞ വര്‍ഷം അത് 8000 ല്‍ എത്തിയിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു.
 

ഈജിപ്തിലെ കൂട്ടക്കൊല: പ്രതിപക്ഷ നേതാക്കള്‍ ധര്‍ണ നടത്തി

Posted: 23 Aug 2013 09:54 PM PDT

Image: 

കുവൈത്ത് സിറ്റി: ഈജിപ്തിലെ സൈനിക കൂട്ടക്കൊലയില്‍ പ്രതിഷേധിച്ച് പ്രതിപക്ഷ നേതാക്കളുടെ നേതൃത്വത്തില്‍ കുവൈത്തിലെ ഇറാദ സ്ക്വയറില്‍ ധര്‍ണ നടത്തി. ബുധനാഴ്ച രാത്രി നടന്ന ധര്‍ണയില്‍ 200ഓളം പേര്‍ പങ്കെടുത്തു. ഈജിപ്തിലെ രക്തച്ചൊരിച്ചില്‍ അവസാനിപ്പിക്കുന്നത് സംബന്ധിച്ച് പ്രതിരോധ മന്ത്രി അബ്ദുല്‍ ഫത്താഹ് അല്‍സീസിയുമായി ജി.സി.സി രാജ്യങ്ങളിലെ പണ്ഡിതന്മാരും രാഷ്ട്രീയ നേതാക്കളും ചര്‍ച്ച നടത്താന്‍ തയാറാണെന്ന് ധര്‍ണയില്‍ സംസാരിച്ച കുവൈത്ത് മുന്‍ പാര്‍ലമെന്റ് അംഗം മുഹമ്മദ് ഹായിഫ് പറഞ്ഞു. ജി.സി.സി ഭരണാധികളാരും ചര്‍ച്ചകള്‍ക്ക് മുന്‍കൈയെടുക്കാത്ത സാഹചര്യത്തിലാണ് പൗരന്മാര്‍ മുന്നോട്ടുവരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഉപദേശങ്ങള്‍ ചെവിക്കൊള്ളാനും അതിനനുസരിച്ച് നടപടികള്‍ സ്വീകരിക്കാനും സീസി തയാറാകണം. ഈജിപ്തിലെ പണ്ഡിതന്മാരും യൂറോപ്യന്‍ നേതാക്കളും നടത്തുന്ന സമാധാന ശ്രമങ്ങള്‍ അദ്ദേഹം തള്ളിക്കളയുകയാണെന്നാണ് അറിഞ്ഞത്. ഇക്കാര്യത്തില്‍ മുസ്ലിം നേതാക്കള്‍ ഉത്തരവാദിത്വമേറ്റെടുത്ത് പ്രവര്‍ത്തിക്കണം. ഈജിപ്തിലെ പണ്ഡിതന്മാര്‍ അനീതികള്‍ക്കെതിരെ പ്രതികരിക്കുന്നുണ്ടെന്നാണ് അറിഞ്ഞത്. മാധ്യമങ്ങള്‍ അവിടെ നടക്കുന്ന യഥാര്‍ഥ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നില്ല. സിറിയന്‍ ജനതയെ പിന്തുണച്ച തങ്ങള്‍ക്ക് ഈജിപ്തില്‍ നടക്കുന്ന സംഭവങ്ങള്‍ക്കെതിരെ പ്രതികരിക്കാതിരിക്കാനാവില്ല. മുസ്ലിംകള്‍ മണലില്‍ തല പൂഴ്ത്തിയിരിക്കുന്നവരല്ലെന്ന് മനസ്സിലാക്കണം.  മര്‍ദകരെയും അവരെ സഹായിക്കുന്നവരെയും തങ്ങള്‍ വെളിച്ചത്ത് കൊണ്ടുവരുമെന്നും അദ്ദേഹം പറഞ്ഞു.

തടവറയില്‍നിന്ന് ലഡുവിന്‍െറ മധുരം; ആദ്യ ദിനം വിറ്റത് 100 കിലോവിലേറെ

Posted: 23 Aug 2013 08:22 PM PDT

Image: 

കണ്ണൂര്‍: ചപ്പാത്തിയും നേന്ത്രക്കായ ചിപ്സിനും പിന്നാലെ കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍ നാടിന് മധുരം പകരും. കേരളത്തിലെ ആദ്യത്തെ ജയില്‍ ലഡു ഉല്‍പാദകരെന്ന ബഹുമതിയുമായി കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നടന്ന ചടങ്ങില്‍ കൃഷിമന്ത്രി കെ.പി.മോഹനന്‍ ലഡു വില്‍പന ഉദ്ഘാടനം ചെയ്തു. ഉദ്ഘാടന ദിവസം തന്നെ 100 കിലോവിലേറെ ലഡു വിറ്റഴിഞ്ഞു.  
കേക്കും റൊട്ടിയും ഉല്‍പാദിപ്പിച്ച തൃശൂര്‍ ജയിലിന്‍െറ മാതൃകയാണ് കണ്ണൂരില്‍  ലഡു ഉല്‍പാദനത്തിലൂടെ പിന്തുടര്‍ന്നത്. അഞ്ച് പേരുള്ള ലഡു യൂനിറ്റിന്  മികച്ച ഉല്‍പാദന ശേഷിയുണ്ടാവും. ഒരു കിലോ, അര കിലോ വീതം പാക്കറ്റുകളിലായി ചപ്പാത്തി യൂനിറ്റുകളിലും മൊബൈല്‍ വാഹനങ്ങളിലും ലഭ്യമാകുന്ന ലഡുവിന് കിലോ വില 120 രൂപയാണ്. കടലപ്പൊടിയും പഞ്ചസാരയും വെളിച്ചെണ്ണയും മുന്തിരിയും മാത്രം ചേരുവയാക്കിയ ലഡുവിന് ബേക്കറികളിലെ കളര്‍ മിശ്രിതം ഉപയോഗിക്കില്ളെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു. അതിനാല്‍, നല്ല വിപണി കിട്ടുമെന്ന പ്രതീക്ഷ.
ജയില്‍ എംപ്ളോയീസ് വെല്‍ഫെയര്‍ കോ ഓപറേറ്റിവ് സൊസൈറ്റി ഉദ്ഘാടനവും മന്ത്രി നിര്‍വഹിച്ചു. സെന്‍ട്രല്‍ ജയില്‍ ചപ്പാത്തി കൗണ്ടറിന് പിറകില്‍ സ്ഥാപിച്ച കണ്‍സ്യൂമര്‍ സ്റ്റോറില്‍ നിന്ന് പൊതുജനങ്ങള്‍ക്കും ഉല്‍പന്നങ്ങള്‍ വാങ്ങാം. കണ്‍സ്യൂമര്‍ സ്റ്റോറിന്‍െറ ഉദ്ഘാടനം കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് പ്രഫ. കെ.എ. സരള നിര്‍വഹിച്ചു. എ.പി. അബ്ദുല്ലക്കുട്ടി എം.എല്‍.എ അധ്യക്ഷത വഹിച്ചു. സൊസൈറ്റിയിലേക്കുള്ള ആദ്യ നിക്ഷേപം മമ്പറം ദിവാകരന്‍ സ്വീകരിച്ചു. അംഗത്വ വിതരണം റബ്കോ ചെയര്‍മാന്‍ ഇ.നാരായണനും വായ്പ വിതരണം ജയില്‍ ഡി.ഐ.ജി ശിവദാസ് കെ. തൈപ്പറമ്പിലും നിര്‍വഹിച്ചു.കണ്ണൂര്‍ ബ്ളോക് പഞ്ചായത്ത് പ്രസിഡന്‍റ് എം.ഷൈജ, ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് കെ.പി.വിദ്യ എന്നിവര്‍ സംസാരിച്ചു. സൂപ്രണ്ട് ഇന്‍ചാര്‍ജ് അശോകന്‍ അരിപ്പ സ്വാഗതവും സൊസൈറ്റി സെക്രട്ടറി കെ.രാമചന്ദ്രന്‍ നന്ദിയും പറഞ്ഞു.
 

രവിയും സുധീരനും വിളിച്ചു; ‘പ്രിയദോ’ മാത്രം കേട്ടില്ല

Posted: 23 Aug 2013 08:19 PM PDT

Image: 

ന്യൂദല്‍ഹി: വയലാര്‍ രവിയും വി.എം. സുധീരനും പലവട്ടം വിളിച്ചു. ‘പ്രിയദോ’ എന്ന വിളി പ്രിയരഞ്ജന്‍ദാസ് മുന്‍ഷി മാത്രം അറിഞ്ഞില്ല. കണ്ണുമാത്രം അനക്കാനുള്ള ശേഷിയുമായി ബോധം നഷ്ടപ്പെട്ട് അഞ്ചുവര്‍ഷമായി ഒരേകിടപ്പില്‍ കിടക്കുന്നയാള്‍ പ്രിയ സൃഹൃത്തുക്കളെ എങ്ങനെ തിരിച്ചറിയാന്‍?
 ദല്‍ഹിയിലെ അപ്പോളോ ആശുപത്രിയില്‍ 2605ാം നമ്പര്‍ മുറിയിലായിരുന്നു നൊമ്പരപ്പെടുത്തുന്ന രംഗം. ചിരകാല സുഹൃത്തുക്കളെ മാത്രമല്ല, ഒരിക്കല്‍ ജ്വരമായിരുന്ന ഫുട്ബാള്‍ മത്സരത്തിന്‍െറ ദൃശ്യങ്ങളോ ഇഷ്ടപ്പെട്ട രബീന്ദ്ര സംഗീതമോ ദാസ്മുന്‍ഷിയുടെ ചലനശേഷി തൊട്ടുണര്‍ത്തിയില്ല. ഭാര്യ ദീപയെയോ മക്കളെയോ അദ്ദേഹം തിരിച്ചറിയുന്നില്ല.
 എങ്കിലും ചികിത്സിക്കുന്ന ഡോക്ടര്‍മാരും ബന്ധുക്കളും പ്രതീക്ഷ ഇപ്പോഴും കൈവിട്ടിട്ടില്ല.
ഏതെങ്കിലും ഒരു സൗഭാഗ്യനിമിഷത്തില്‍ ഓര്‍മകള്‍ വീണ്ടെടുത്ത് ജീവിതത്തിലേക്ക് അദ്ദേഹം തിരിച്ചുവരുമെന്ന് വിശ്വസിക്കാനാണ് അവര്‍ക്കിഷ്ടം. പക്ഷേ, സ്റ്റെം സെല്‍ തെറപ്പിയെയും തോല്‍പിച്ച് ദാസ്മുന്‍ഷി ഒരേ കിടപ്പുതന്നെ.
 രവിക്കും സുധീരനും ദാസ്മുന്‍ഷിയുമായുള്ള അടുപ്പം പാര്‍ലമെന്‍റില്‍ തുടങ്ങിയതല്ല.
വിദ്യാര്‍ഥി രാഷ്ട്രീയം മുതല്‍ അടുത്തുതുടങ്ങിയവര്‍. ദാസ്മുന്‍ഷിയെ കാണാന്‍ വയലാര്‍ രവി, വി.എം. സുധീരന്‍, ആനുകാലിക പഠനങ്ങള്‍ക്കായുള്ള രാജീവ്ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ടിന്‍െറ ഡയറക്ടര്‍ മോഹന്‍ഗോപാല്‍ എന്നിവര്‍ എത്തുമ്പോള്‍ മലയാളിയായ നഴ്സ്, വിക്കി എന്ന കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരന്‍ എന്നിവരാണ് മുറിയിലുണ്ടായിരുന്നത്.
പരിചരിക്കുന്ന അവരോട് കാര്യങ്ങള്‍ തിരക്കി മടങ്ങാന്‍ മാത്രമാണ് നേതാക്കള്‍ക്കായത്.  കേന്ദ്രമന്ത്രിയായിരിക്കെ, 2008 ഒക്ടോബര്‍ 24നാണ് കുളിമുറിയില്‍ തെന്നിവീണ് ബോധം മറഞ്ഞ് ദാസ്മുന്‍ഷി ആശുപത്രിയിലായത്. അത് സജീവരാഷ്ട്രീയത്തില്‍ നിന്നുള്ള ദാസ്മുന്‍ഷിയുടെ തിരോധാനമായിരുന്നു.
 

No comments:

Post a Comment

english malayalam dictionary

വിരുന്നുകാര്...

poomottu

Dsgd: by ASLAM PADINHARAYIL

Back to TOP