സ്വാഗതം
WELCOME

News Update..

Monday, August 19, 2013

ഓണപ്പരീക്ഷ അടുത്തു; പ്ളസ്വണ്‍ സീറ്റിന് കാത്തിരിപ്പ് തുടരുന്നു Madhyamam News Feeds

ഓണപ്പരീക്ഷ അടുത്തു; പ്ളസ്വണ്‍ സീറ്റിന് കാത്തിരിപ്പ് തുടരുന്നു Madhyamam News Feeds

Link to

ഓണപ്പരീക്ഷ അടുത്തു; പ്ളസ്വണ്‍ സീറ്റിന് കാത്തിരിപ്പ് തുടരുന്നു

Posted: 19 Aug 2013 12:06 AM PDT

മലപ്പുറം: ഓണപ്പരീക്ഷ അടുക്കാറായിട്ടും എസ്.എസ്.എല്‍.സി വിജയിച്ച മുഴുവന്‍ പേര്‍ക്കും ജില്ലയില്‍ സീറ്റുറപ്പുവരുത്തുമെന്നുള്ള സര്‍ക്കാര്‍ വാഗ്ദാനം നടപ്പിലായില്ല. പുതിയ സ്കൂളിനും ബാച്ചിനുമായി വിദ്യാര്‍ഥികള്‍ കാത്തിരിപ്പിലാണ്.  അഞ്ചാം സപ്ളിമെന്‍ററി അലോട്ട്മെന്‍റ് പ്രകാരമുള്ള പ്രവേശം ശനിയാഴ്ച എല്ലാ ജില്ലകളിലും പൂര്‍ത്തിയായി. മിക്കവരും ഓപണ്‍ സ്കൂളിനെ ശരണം തേടി. 
രാഷ്ട്രീയ വിവാദങ്ങളില്‍പ്പെട്ടാണ് സ്കൂളുകളും ബാച്ചുകളും അനുവദിക്കുന്നത് അനന്തമായി നീണ്ടത്. ബാച്ചുകള്‍ക്ക് അപേക്ഷ സ്വീകരിച്ച് സൂക്ഷ്മ പരിശോധന പൂര്‍ത്തിയാക്കിയെങ്കിലും മന്ത്രിസഭ ഉപസമിതി പരിശോധന നടന്നിട്ടില്ല. ചില കേസുകളുള്ളതിനാല്‍ ഹൈകോടതി അനുമതിയോടെ മാത്രമേ സര്‍ക്കാറിന് ഇക്കാര്യത്തില്‍ ഇനി തീരുമാനമെടുക്കാന്‍ സാധിക്കൂ. ഇതിനാല്‍ വീണ്ടും നടപടി വൈകുമെന്നാണ് സൂചന.  അടുത്ത കാബിനറ്റിലും തീരുമാനം ഉണ്ടാവാന്‍ സാധ്യത കുറവാണ്. 
 ഹയര്‍ സെക്കന്‍ഡറി പഠന സൗകര്യമില്ലാത്ത 148 പഞ്ചായത്തുകളില്‍ പുതിയ ഹയര്‍സെക്കന്‍ഡറി അനുവദിക്കാനാണ് സര്‍ക്കാര്‍ തീരുമാനം. മലപ്പുറത്ത് രണ്ട് പഞ്ചായത്തുകളില്‍ മാത്രമാണ് ഹയര്‍സെക്കന്‍ഡറി ഇല്ലാത്തത്. ഇതുകൊണ്ട് ജില്ലയിലെ പ്രശ്നം പരിഹരിക്കപ്പെടില്ല. 
സര്‍ക്കാര്‍, എയ്ഡഡ് മേഖലയില്‍ ആവശ്യാനുസരണം അധിക ബാച്ചുകള്‍ അനുവദിച്ചാല്‍ മാത്രമേ ജില്ലയിലെ സീറ്റിന്‍െറ കുറവ് തീരൂ. 
സീറ്റുകള്‍ അപര്യാപ്തമായ എറണാകുളം മുതലുള്ള വടക്കന്‍ ജില്ലകളില്‍  പഞ്ചായത്ത് പരിഗണന ഇല്ലാതെ ഹയര്‍സെക്കന്‍ഡറി അനുവദിക്കാന്‍ സര്‍ക്കാര്‍ ഉത്തരവുണ്ടെങ്കിലും ഇതിനായുള്ള നടപടി തുടങ്ങിയിട്ടുപോലുമില്ല. ഈ വര്‍ഷം ഏകജാലകം വഴിയുള്ള അലോട്ട്മെന്‍റിന്‍െറ കാലതാമസവും കുട്ടികളെയും രക്ഷിതാക്കളെയും വലച്ചു. 
പ്രധാന അലോട്ട്മെന്‍റുകള്‍ രണ്ടാക്കി ചുരുക്കിയതിനാല്‍ നല്ലൊരു ശതമാനം കുട്ടികള്‍ക്കും ഇഷ്ടപ്പെട്ട സ്കൂളില്‍ പ്രവേശം ലഭിച്ചില്ല. രണ്ട് ഘട്ടമായാണ് പത്ത് ശതമാനം സീറ്റ് വര്‍ധിപ്പിച്ചത്. ഇത് ഒറ്റയടിക്ക് വര്‍ധിപ്പിച്ചിരുന്നെങ്കില്‍ കുറച്ച് കുട്ടികള്‍ക്കെങ്കിലും നേരത്തെ പ്രവേശം നേടാമായിരുന്നു. ഏകജാലകം വഴിയുള്ള പ്രവേശത്തിനുള്ള മോണിറ്ററിങ് സംവിധാനവും ഫലപ്രദമായില്ലെന്ന് ആക്ഷേപമുണ്ട്. 
 

വടശേരിക്കരയില്‍ പൈപ്പ് പൊട്ടല്‍ തുടര്‍ക്കഥ; പരിഹാരത്തിന് നടപടിയില്ല

Posted: 19 Aug 2013 12:01 AM PDT

വടശേരിക്കര: വടശേരിക്കരയില്‍ പൈപ്പുപൊട്ടല്‍  പതിവാകുന്നു.നഗരത്തിന്‍െറ പല ഭാഗത്തും ദിവസങ്ങളോളം കുടിവെള്ളം ലഭ്യമല്ല.വടശേരിക്കര ജലവിതരണ പദ്ധതിയില്‍ നിന്ന് ടൗണിന്‍െറ വിവിധ ഭാഗങ്ങളിലേക്ക് പോകുന്ന പൈപ്പുകളാണ് ദിനേന പൊട്ടിപ്പൊളിഞ്ഞ് ജലദൗര്‍ലഭ്യവും ഗതാഗത തടസ്സവും സൃഷ്ടിക്കുന്നത്. 
വടശേരിക്കര ചമ്പോണ്‍ ജങ്ഷനിലെ പഴയ പ്രീമെട്രിക് ഹോസ്റ്റലിന് സമീപം പൈപ്പുപൊട്ടി മൂന്നുമാസം മുമ്പ് രൂപപ്പെട്ട കുഴി ഇനിയും മൂടിയിട്ടില്ല. കൂടാതെ ടൗണിലെ ബസ് സ്റ്റോപ്പിന് സമീപവും പോസ്റ്റ് ഓഫിസ് ജങ്ഷനിലും പൈപ്പ്പൊട്ടല്‍ പതിവാണ്.ഫെഡറല്‍ ബാങ്കിന് സമീപം പൈപ്പ്പൊട്ടി വെള്ളം ഒഴുകിക്കൊണ്ടിരിക്കുകയായിരുന്നു.ഇതു പരിഹരിച്ച് ഒരാഴ്ചക്കുള്ളില്‍ തന്നെ സെന്‍റ് മേരീസ് ഓര്‍ത്തഡോക്സ് പള്ളിക്ക് സമീപം ശബരിമല പാതയില്‍ പൈപ്പുപൊട്ടി എണ്ണൂറോളം കുടുംബങ്ങള്‍ക്ക് കുടിവെള്ളം മുട്ടി. ഇവിടെ പൈപ്പിന് നേരത്തേതന്നെ ചോര്‍ച്ച ഉണ്ടായിരുന്നെങ്കിലും വെള്ളം ഭൂമിക്കടിയിലെ ഓവുചാല്‍ വഴി ഒഴുകിപ്പോകുമായിരുന്നെന്നതിനാല്‍ ചോര്‍ച്ച പരിഹരിക്കാന്‍ അധികൃതര്‍ തയാറായിരുന്നില്ല. വ്യാഴാഴ്ച  തകരാര്‍ താല്‍ക്കാലികമായി പരിഹരിച്ചെങ്കിലും കുടിവെള്ളം നാട്ടുകാര്‍ക്ക് സുഗമമായി പരിഹരിച്ചിട്ടില്ല.
 

വടവാതൂര്‍ മാലിന്യപ്രശ്നം വീണ്ടും പുകയുന്നു

Posted: 18 Aug 2013 11:40 PM PDT

കോട്ടയം: വടവാതൂര്‍ മാലിന്യപ്രശ്നത്തില്‍ നടത്തിയ സമരം ഒത്തുതീര്‍പ്പിലെത്തിയിട്ടും കോട്ടയം നഗരസഭ കാട്ടുന്ന അനാസ്ഥക്കെതിരെ വിജയപുരം പഞ്ചായത്ത് വീണ്ടും രംഗത്ത്.
നഗരസഭ തുടരുന്ന അലംഭാവത്തിനെതിരെ പഞ്ചായത്ത് പ്രസിഡന്‍റ് ബൈജു ചെറുകോട്ടയില്‍ തിങ്കളാഴ്ച 11ന് കലക്ടര്‍ വി.അജിത്കുമാറിന് കത്ത് നല്‍കും. വടവാതൂര്‍ ഡമ്പിങ് യാര്‍ഡിന്‍െറ കാര്യത്തില്‍ തുടര്‍നടപടി കൈക്കൊള്ളാത്തതില്‍ പൂര്‍ണ അതൃപ്തി രേഖപ്പെടുത്തിയും അടിയന്തര പ്രശ്നപരിഹാരം ആവശ്യപ്പെട്ടുമാണ് കത്ത് നല്‍കുന്നത്. 
മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍െറ സാന്നിധ്യത്തില്‍ കോട്ടയത്ത് നഗരസഭ ചെയര്‍മാന്‍ എം.പി. സന്തോഷ്കുമാറും വിജയപുരം പഞ്ചായത്ത് പ്രസിഡന്‍റ് ബൈജു ചെറുകോട്ടയിലും ചേര്‍ന്ന് ഒപ്പുവെച്ച ധാരണാപത്രത്തിന്‍െറ അടിസ്ഥാനത്തിലാണ് സമരം അവസാനിപ്പിച്ചത്. ഇതനുസരിച്ച് 2013 ഡിസംബര്‍ 31 ന് ധാരണാപത്രത്തിലെ കാലാവധി അവസാനിക്കും. 
ഇതിനിടെ, നഗരത്തില്‍ പുതിയ മാലിന്യപദ്ധതികള്‍ ആവിഷ്കരിച്ച് നടപ്പാക്കാന്‍ കലക്ടര്‍ വി.അജിത് കുമാറിന്‍െറ നേതൃത്വത്തില്‍ നഗരസഭ-പഞ്ചായത്ത് അധികൃതര്‍ കൊടുങ്ങല്ലൂരിലെ മാലിന്യ പ്ളാന്‍റ് സന്ദര്‍ശിച്ച് വിലയിരുത്തിയിരുന്നു. സന്ദര്‍ശനം കഴിഞ്ഞ് മൂന്നാഴ്ച പിന്നിട്ടിട്ടും പ്രശ്നപരിഹാരത്തിന് ഒരു ചര്‍ച്ചയും നടത്താന്‍ നഗരസഭ തയാറാകാത്ത സാഹചര്യത്തിലാണ് പഞ്ചായത്തിന്‍െറ നടപടി. 
കൊടുങ്ങല്ലൂരിലെ  മാലിന്യ സംസ്കരണ പദ്ധതികള്‍ പ്രായോഗികമാണെന്നാണ് വിജയപുരം പഞ്ചായത്തിന്‍െറ വിലയിരുത്തല്‍. എന്നാല്‍,അഞ്ച് ടണ്‍ മാലിന്യം മാത്രം സംസ്കരിക്കുന്ന പദ്ധതി കോട്ടയത്തിന് അപ്രായോഗികമാണെന്ന കണ്ടെത്തലാണ് നഗരസഭയുടേത്. ഇതുമൂലമാണ് തുടര്‍നടപടി അനിശ്ചിതത്വത്തിലായത്. 
മാലിന്യപ്രശ്നം പരിഹരിക്കാന്‍ ലഭിച്ച കോടിക്കണക്കിന് രൂപ ഫലപ്രദമായി വിനിയോഗിക്കാത്ത നഗരസഭ തികഞ്ഞ അനാസ്ഥയാണ് കാട്ടുന്നതെന്ന് വിജയപുരം പഞ്ചായത്ത് പ്രസിഡന്‍റ് ബൈജു ചെറുകോട്ടയില്‍ ‘മാധ്യമ’ത്തോട് പറഞ്ഞു. വടവാതൂര്‍ ഡമ്പിങ് യാര്‍ഡിലെ മാലിന്യങ്ങളും നഗരത്തിലെ ഖരമാലിന്യങ്ങള്‍ ഉറവിടങ്ങളില്‍തന്നെ വേര്‍തിരിച്ചും സംസ്കരിക്കുമെന്ന് ഉറപ്പുനല്‍കിയ നഗരസഭ ഇതുവരെയായി പാലിച്ചിട്ടില്ല. മൂന്നര മാസത്തിനുള്ളില്‍ ജൈവ മാലിന്യങ്ങള്‍ എങ്ങനെ വേര്‍തിരിച്ച് സംസ്കരിക്കുമെന്നതില്‍ ആശങ്കയുണ്ട്.  ധാരണപ്രകാരം അനുവദിച്ച സമയം ഒരു കാരണവശാലും നീട്ടിനല്‍കില്ലെന്ന് അദ്ദേഹം മുന്നറിയിപ്പ്നല്‍കി.  
പ്രശ്നം പരിഹരിക്കാന്‍ ഫണ്ട് തടസ്സമല്ലെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. മാലിന്യനിക്ഷേപത്തിന് സ്ഥലം നഗരപരിധിയില്‍ കണ്ടെത്തിയാല്‍ പ്രക്ഷോഭത്തിന് വഴിയൊരുങ്ങുമെന്ന ആശങ്കയും അധികൃതര്‍ക്കുണ്ട്. ഇതിനൊപ്പം ഉറവിട മാലിന്യസംസ്കരണം നടപ്പാക്കി ഒരു പരിധിവരെ മാലിന്യത്തോത് കുറക്കാമെന്നാണ് നഗരസഭയുടെ വിലയിരുത്തല്‍. ഇതിനായി ബയോഗ്യാസ് പ്ളാന്‍റ്, പൈപ്പ് കമ്പോസ്റ്റ് പദ്ധതികള്‍ നടപ്പാക്കുമെന്ന് പറയുന്നതല്ലാതെ ഇവയൊന്നും വാര്‍ഡുകളിലേക്ക് എത്തിയിട്ടില്ല. 
വടവാതൂരില്‍ ക്യാപിങ് നടത്താന്‍ അനുവദിച്ച 1.51 കോടിയും ഉറവിടമാലിന്യ സംസ്കരണം പൂര്‍ത്തിയാക്കാന്‍ ശുചിത്വമിഷന്‍ അനുവദിച്ച 1.24 കോടിയും ശരിയായി വിനിയോഗിക്കാന്‍ നഗരസഭക്ക് കഴിഞ്ഞില്ലെന്ന് ആക്ഷേപമുണ്ട്. 
ജൂണ്‍ 17 നാണ് വിജയപുരം പഞ്ചായത്തിന്‍െറ നേതൃത്വത്തില്‍ വടവാതൂര്‍ ഡമ്പിങ്യാര്‍ഡ് അടച്ചുപൂട്ടിയ സമരംനടന്നത്. മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍െറയും കലക്ടര്‍ വി.അജിത്കുമാറിന്‍െറയും നേതൃത്വത്തില്‍ പലതവണ ചര്‍ച്ചകള്‍ക്കൊടുവിലാണ് ധാരണയിലെത്തിയത്. 
 

എറണാകുളത്ത് ബോട്ടുകളുടെ എണ്ണം കുറക്കുന്നു

Posted: 18 Aug 2013 11:30 PM PDT

കൊച്ചി: നഷ്ടക്കണക്കില്‍നിന്ന് കരകയറാന്‍ എറണാകുളത്ത് ബോട്ടുകളുടെ എണ്ണം അധികൃതര്‍ വെട്ടിക്കുറക്കുന്നു. തിങ്കളാഴ്ച ഉച്ചക്ക് രണ്ട് മുതലാണ് ഒരു ബോട്ട് സര്‍വീസ് അവസാനിപ്പിക്കുന്നത്. എന്നാല്‍, ദിവസവേതനക്കാരുടേതുള്‍പ്പെടെ നിരവധി ജീവനക്കാര്‍ക്ക് തൊഴില്‍ നഷ്ടപ്പെടുന്ന തീരുമാനത്തിന് ജലഗതാഗത വകുപ്പിന്‍െറ അനുമതി വാങ്ങിയിട്ടില്ലെന്നും ആരോപണമുണ്ട്. 
വെട്ടിക്കുറക്കുന്ന ബോട്ടിന് പകരം കൂടുതല്‍ സര്‍വീസ് നടത്തി ജലഗതാഗത വകുപ്പിനെ ലാഭത്തിലാക്കാമെന്നാണ് എറണാകുളം ജെട്ടി അധികൃതരുടെ വാദം. യാത്രക്കാരെ ബുദ്ധിമുട്ടിക്കുന്നതും 15ലേറെ പേരുടെ തൊഴിലിനെ നേരിട്ടും അല്ലാതെയും ബാധിക്കുന്നതുമായ  തീരുമാനത്തിന് പിന്നില്‍ ജെട്ടിയിലെ ചില ഉന്നതരുടെ ഏകപക്ഷീയമായ തീരുമാനമാണ്. ഇതുപ്രകാരം അറുപതോളം ഡ്യൂട്ടി ദിവസ വേതനക്കാരായ ജീവനക്കാര്‍ക്ക് നഷ്ടമാകും. 
നിലവില്‍ എട്ട് ബോട്ടുകളാണ് ജെട്ടിയില്‍ സര്‍വീസ് നടത്തുന്നത്. അതിലൊന്ന് ഒഴിവാക്കി മറ്റ് ബോട്ടുകള്‍ കൊണ്ട് പത്തോളം അധിക സര്‍വീസുകള്‍ നടത്താനാണ് തീരുമാനം. എന്നാല്‍, സര്‍വീസ് ക്രമീകരണത്തെകുറിച്ചോ മറ്റോ സൂചിപ്പിക്കുന്ന അറിയിപ്പ് ജീവനക്കാര്‍ക്കോ യൂനിയന്‍ നേതാക്കള്‍ക്കോ പാസഞ്ചേഴ്സ് അസോസിയേഷനോ നല്‍കിയിട്ടില്ല. 
കഴിഞ്ഞമാസം മന്ത്രി ആര്യാടന്‍ മുഹമ്മദ് കൊച്ചിയിലൊരു ചടങ്ങിനെത്തിയപ്പോള്‍ ജലഗതാഗത സര്‍വീസ് നഷ്ടത്തിലാണെന്ന് സൂചിപ്പിച്ചിരുന്നു. വകുപ്പിന്‍െറ വരുമാനം എട്ടു കോടി രൂപയും ചെലവ് 28 കോടി രൂപയുമാണ്. സര്‍വീസ് ക്രമീകരണത്തോടെ മിക്കബോട്ടുകളുടെയും സമയത്തില്‍ കാര്യമായ വ്യത്യാസമുണ്ടാകും. ഓണത്തോടനുബന്ധിച്ച് ആരംഭിക്കാന്‍ പോകുന്ന വൈറ്റില -കാക്കനാട് ബോട്ട് സര്‍വീസിന് വേണ്ടിയാണ് ക്രമീകരണമെന്നാണ് ജെട്ടിയുടെ അധികൃതര്‍ അനൗദ്യോഗികമായി നല്‍കുന്ന വിശദീകരണം. 
എന്നാല്‍, അശാസ്ത്രീയമായ ക്രമീകരണം എറണാകുളം ജെട്ടിയെ ആശ്രയിച്ച് പോകുന്ന വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെയുള്ളവരെ  ബാധിക്കും. ജീവനക്കാരുടെ എണ്ണം കുറക്കുന്നത് മറ്റ് ജീവനക്കാര്‍ക്ക് പീഡനമാകുമെന്നും ആരോപണമുണ്ട്. 
ആറര മണിക്കൂര്‍ എന്ന ജോലി സമയം പലപ്പോഴും 10 മണിക്കൂറിലേറെ നീളുന്നുണ്ട്. എന്നാല്‍, ഇത് ഒരു ഡ്യൂട്ടിയായി മാത്രമാണിപ്പോഴും പരിഗണിക്കുന്നത്. പുതിയ തീരുമാനം ജോലിഭാരം വീണ്ടും വര്‍ധിപ്പിക്കുമെന്നാണ് ആശങ്ക. യൂനിയനുകളുടെ നേതൃത്വത്തില്‍ തൊഴിലാളികള്‍ പ്രക്ഷോഭത്തിനൊരുങ്ങുകയാണ്.

കണ്ണനാകുഴിയില്‍ അനധികൃത മണ്ണെടുപ്പ്; 11 വാഹനങ്ങള്‍ പിടികൂടി

Posted: 18 Aug 2013 11:26 PM PDT

ചാരുംമൂട്: കണ്ണനാകുഴിയിലെ അനധികൃത മണ്ണെടുപ്പ് കേന്ദ്രത്തില്‍ നിന്നും നിരവധി ടിപ്പര്‍ലോറികളും എക്സ്കവേറ്ററുകളും പൊലീസ് പിടികൂടി. താമരക്കുളം കണ്ണനാകുഴി കവറാട്ട് ജങ്ഷന് സമീപത്ത് നിരപ്പായ ഭൂമി കുഴിച്ച് മണ്ണെടുപ്പ് നടത്തിയ സ്ഥലത്തുനിന്നാണ് ഒമ്പത് ടിപ്പറുകളും രണ്ട് എക്സ്കവേറ്ററുകളും പൊലീസ് പിടികൂടിയത്. കഴിഞ്ഞ കുറേ നാളുകളായി രാപകല്‍ വ്യത്യാസമില്ലാതെ ഇവിടെ മണ്ണ് ഖനനം നടക്കുകയായിരുന്നു. വള്ളികുന്നം പഞ്ചായത്തിലെ മണ്ണുലോബിയാണ് ഇതിന് പിന്നില്‍. ഞായറാഴ്ച രാവിലെ സ്ഥലത്ത് നൂറുകണക്കിന് ലോറികളാണ് ഉണ്ടായിരുന്നത്. എന്നാല്‍, പൊലീസ് എത്തിയപ്പോള്‍ ബാക്കിയുള്ളവ മുങ്ങി.
ചെങ്ങന്നൂര്‍ ഡിവൈ.എസ്.പി പ്രസന്നന്‍പിള്ളയുടെ നിര്‍ദേശപ്രകാരം മാവേലിക്കര സി.ഐ ജോണ്‍സന്‍െറ നേതൃത്വത്തിലുള്ള പ്രത്യേക സ്ക്വാഡാണ് അനധികൃത ഖനന സ്ഥലത്തുനിന്നും വാഹനങ്ങള്‍ പിടികൂടിയത്. വള്ളികുന്നം പൊലീസ് സ്റ്റേഷനിലെ അഡീഷനല്‍ എസ്.ഐ ചന്ദ്രബാബു, സിവില്‍ പൊലീസ് ഓഫിസര്‍മാരായ ശ്രീകുമാര്‍, നൗഷാദ്, രാജേന്ദ്രന്‍ എന്നിവരും പങ്കെടുത്തു. മാവേലിക്കര താലൂക്ക് വികസന സമിതിയുടെയും നാട്ടുകാരുടെയും നിരന്തരമായുള്ള പരാതിയുടെ അടിസ്ഥാനത്തില്‍ ഖനന സ്ഥലങ്ങളില്‍ പരിശോധന ശക്തമാക്കുമെന്ന് സി.ഐ ജോണ്‍സണ്‍ അറിയിച്ചു.
താമരക്കുളം പഞ്ചായത്തിലെ വിവിധ ഭാഗങ്ങളില്‍ ഖനന നിരോധ ഉത്തരവ് നിലനില്‍ക്കെ വ്യാപകമായി മണ്ണ് ഖനനം നടത്തുന്നതായി പരാതി ഉയര്‍ന്നിരുന്നു. അനധികൃത ഖനനം നടക്കുന്ന പ്രദേശങ്ങളില്‍ മഴക്കാലത്തുപോലും രൂക്ഷമായ കുടിവെള്ളക്ഷാമമാണ് നേരിടുന്നത്. ഖനനം മൂലം കിണറുകളില്‍ ജലനിരപ്പ് താഴെയായതിനാല്‍ ഇത്തരം പ്രദേശങ്ങളില്‍ ഇപ്പോഴും പൈപ്പുവെള്ളത്തെയാണ് നാട്ടുകാര്‍ ആശ്രയിക്കുന്നത്. അനധികൃത ഖനനങ്ങള്‍ക്കെതിരെ രംഗത്തുവരാത്തത് ഗുണ്ടകളെ ഭയന്നാണെന്ന് നാട്ടുകാര്‍ പറയുന്നു. ഖനനം നടക്കുന്നത് യഥാസമയം അറിയിച്ചാല്‍ റവന്യൂ അധികൃതര്‍ സ്ഥലത്ത് എത്താറില്ലെന്നും ആക്ഷേപമുണ്ട്.

യൂത്ത്കോണ്‍ഗ്രസ്-ഡി.വൈ.എഫ്.ഐ സംഘര്‍ഷം: ആറുപേര്‍ക്ക് പരിക്ക്

Posted: 18 Aug 2013 11:13 PM PDT

ഉദുമ: മാങ്ങാട് ആര്യടുക്കം കോളനിയില്‍ ഡി.വൈ.എഫ്.ഐ-യൂത്ത്കോണ്‍ഗ്രസ് സംഘര്‍ഷത്തില്‍ സ്ത്രീയടക്കം ആറുപേര്‍ക്ക് പരിക്കേറ്റു.
യൂത്ത്കോണ്‍ഗ്രസ് ഉദുമ മണ്ഡലം സെക്രട്ടറി ഗോപിനാഥ് മീത്തല്‍വീട് (33), സുധീഷ് (19), പ്രജീഷ് (16), ഷീജ (26), ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരായ ഷാജു, ഷൈജു എന്നിവര്‍ക്കാണ് പരിക്കേറ്റത്. ശനിയാഴ്ച രാത്രി എട്ട് മണിയോടെയാണ് ഒരു സംഘം  ആര്യടുക്കം കോളനിയിലുളള വീടുകളില്‍ കയറി അക്രമം അഴിച്ചു വിട്ടത്. മാങ്ങാട് സ്ഥാപിച്ച കൊടിമരങ്ങളും നശിപ്പിച്ചിട്ടുണ്ട്.
പുലര്‍ച്ചെ ഡി.സി.സി അംഗം കുഞ്ഞിക്കേളു നായരുടെ വീടിന് നേരെ അക്രമ ശ്രമമുണ്ടായതായും പരാതിയുണ്ട്. ശബ്ദം കേട്ട് വീട്ടുകാര്‍ ഉണര്‍ന്നപ്പോള്‍  അക്രമികള്‍ ഓടി രക്ഷപ്പെടുകയായിരുന്നു.
അക്രമ സംഭവത്തില്‍  ബേക്കല്‍ പൊലീസ് 11 പേര്‍ക്കെതിരെ കേസെടുത്തു. 
ഡി.വൈ.എഫ്.ഐ  പ്രവര്‍ത്തകന്‍ ഷാജി ഗോപാലന്‍െറ പരാതിയില്‍ രാമന്‍, വിജേഷ്, പ്രദീഷ്, കുട്ടു, സുനില്‍, സച്ചിന്‍ എന്നീ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കും, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ സുശീല്‍ കുമാറിന്‍െറ പരാതിയില്‍ ഷാജി, ഗോപാലന്‍, വൈശാഖ്, സനല്‍ എന്നിവര്‍ക്കുമെതിരെയാണ് കേസ്.
 പ്രദേശത്ത് പൊലീസ് കാവല്‍  ഏര്‍പ്പെടുത്തി. 

ചേലോറ, എളയാവൂര്‍ പഞ്ചായത്തുകളില്‍ സ്ഥലം അടയാളപ്പെടുത്തി

Posted: 18 Aug 2013 11:06 PM PDT

Subtitle: 
അതിവേഗ റെയില്‍പാത
കണ്ണൂര്‍: അതിവേഗ റെയില്‍പാതക്കായി ചേലോറ, എളയാവൂര്‍ പഞ്ചായത്തുകളില്‍ സ്ഥലം അടയാളപ്പെടുത്തി. കേരള ഹൈ സ്പീഡ് റെയില്‍ കോര്‍പറേഷന്‍െറ നേതൃത്വത്തിലാണ് അടയാളപ്പെടുത്തല്‍ ആരംഭിച്ചത്. ചേലോറ  പഞ്ചായത്തില്‍ തങ്കേക്കുന്ന്, തിലാന്നൂര്‍ 11,12,13 വാര്‍ഡുകള്‍, എളയാവൂര്‍ സൗത്ത്, പാതിരപ്പറമ്പ്, എന്‍.എസ് പെട്രോള്‍ പമ്പ് ഭാഗം, കണ്ണോത്തുംചാല്‍ കിഴക്കുഭാഗം എന്നിവിടങ്ങളിലാണ് സ്ഥലം അടയാളപ്പെടുത്തിയിരിക്കുന്നത്.
മഞ്ഞക്കളര്‍ പെയിന്‍റ് ഉപയോഗിച്ച് റോഡുകളിലും വൈദ്യുതി പോസ്റ്റുകളിലുമാണ് അടയാളമിട്ടിരിക്കുന്നത്. കെ.എച്ച്.എസ്.ആര്‍.സി.എല്‍ എന്നും ചെയിനേജെന്നും രേഖപ്പെടുത്തിയിട്ടുണ്ട്. 
ഇപ്പോള്‍ രേഖപ്പെടുത്തിയിടത്തോ, അതിന്‍െറ ഇടതു വലതു ഭാഗങ്ങളിലായിട്ടോ മൂന്നു കിലോമീറ്റര്‍ വീതിയിലാണ് പദ്ധതിക്കായി സ്ഥലമേറ്റെടുക്കുകയെന്നാണ് ഹൈ സ്പീഡ്  റെയില്‍ അധികൃതര്‍ അറിയിച്ചിരുന്നത്. അതിനാല്‍,  ജനങ്ങള്‍ ഭയത്തോടെയാണ് നടപടികളെ കാണുന്നത്. മണിക്കൂറില്‍ മുന്നൂറു കിലോമീറ്റര്‍ വേഗതയില്‍ പായുന്ന ട്രെയിനുകള്‍ക്കായി ഒരുക്കുന്ന അതിവേഗ പാതയുടെ നീളം 521 കിലോമീറ്ററാണ്. ജില്ലയിലെ പ്രധാന ജനവാസ കേന്ദ്രങ്ങളെ കീറിമുറിച്ചാണ് പാത കടന്നുപോവുക. സംസ്ഥാനത്ത് 1,500 കുടുംബങ്ങളെ പദ്ധതി വരുമ്പോള്‍ മാറ്റിപ്പാര്‍പ്പിക്കേണ്ടി വരുമെന്നാണ് അധികൃതര്‍ പറയുന്നത്. എന്നാല്‍, ഐക്യരാഷ്ട്രസംഘടനയിലെ ഭക്ഷ്യ-കാര്‍ഷിക സംഘടനയുടെ ചീഫ് ഡോ. സി.ടി.എസ് നായര്‍ നടത്തിയ പഠനത്തില്‍ 75,000 കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിക്കേണ്ടി വരുമെന്നും ഇത്തരത്തിലുള്ള പദ്ധതി ലോകത്ത് ഒരിടത്തും ജയിച്ചിട്ടില്ലെന്നും ചൂണ്ടിക്കാണിക്കുന്നു. 
അതിവേഗ പാതക്കായി സ്ഥലം അടയാളപ്പെടുത്തിയ സാഹചര്യത്തില്‍ അതിവേഗ റെയില്‍പാത വിരുദ്ധ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ചേലോറ, എളയാവൂര്‍ പ്രദേശത്തുള്ളവരുടെ യോഗം ആഗസ്റ്റ് 20ന് വൈകീട്ട് അഞ്ചിന് തിലാന്നൂര്‍ വായനശാലയില്‍ നടക്കും. പാതക്കെതിരെ 24ന് ശാസ്ത്ര സാഹിത്യ പരിഷത്തിന്‍െറ നേതൃത്വത്തില്‍ പ്രചാരണജാഥയും നടക്കുന്നുണ്ട്.
 

ഈജിപ്തിലെ ജയിലില്‍ 36 പേരെ സൈന്യം കൂട്ടക്കൊല ചെയ്തു

Posted: 18 Aug 2013 10:55 PM PDT

Image: 

കൈറോ: കടുത്ത മനുഷ്യാവകാശ ലംഘനങ്ങള്‍ തുടരുന്ന ഈജിപ്തില്‍ ജയിലിലേക്ക് മാറ്റുന്നതിനിടെ 36 ബ്രദര്‍ഹുഡ് പ്രവര്‍ത്തകരെ  സൈന്യം കൂട്ടക്കുരുതിക്കിരയാക്കി. ജയിലിലെ പൊലീസ് കസ്റ്റഡിയില്‍നിന്ന് രക്ഷപ്പെടാനുള്ള ശ്രമത്തിനിടെയാണ് ഇവര്‍ കൊല്ലപ്പെട്ടതെന്ന് പൊലീസ് പറഞ്ഞു.

ജയിലിലെ ഒരു ഉദ്യോഗസ്ഥനെ ബന്ദിയാക്കി  കൊലപ്പെടുത്തിയതിനെ തുടര്‍ന്ന് പൊലീസ് ഇവര്‍ക്കു നേരെ നിറയൊഴിക്കുകയായിരുന്നുവെന്ന് ഈജിപ്ഷ്യന്‍ ആഭ്യന്തരമന്ത്രാലയം അറിയിച്ചു. ഇവര്‍ രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിടെ പൊലീസ് കണ്ണീര്‍ വാതകം പ്രയോഗിച്ചതായും മന്ത്രാലയം അറിയിച്ചു.

കഴിഞ്ഞ ദിവസം അല്‍ഫതഹ് പള്ളിയില്‍ കുടുങ്ങിയ മുര്‍സി അനകൂലികളെ അവിടെ നിന്ന് ഒഴിപ്പിച്ച് കൈറോവിലെ അബൂ സബാല്‍ ജയിലിലേക്ക് മാറ്റവെയാണ് രക്ഷപ്പെടാന്‍ ശ്രമിച്ചത്. ഇതോടെ ഈജിപ്തില്‍ സൈനികാതിക്രമത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം ആയിരം കവിഞ്ഞു. എന്നാല്‍, ഇതിന്‍്റെ മൂന്നിരട്ടിയോളം വരും യഥാര്‍ഥ കണക്കെന്ന് ബ്രദര്‍ഹുഡ് പറയുന്നു.

ജുഡീഷ്യല്‍ അന്വേഷണം നേരിടാന്‍ തയാര്‍ -മുഖ്യമന്ത്രി

Posted: 18 Aug 2013 10:53 PM PDT

Image: 

തിരുവനന്തപുരം: സോളാര്‍ തട്ടിപ്പു കേസില്‍ ജുഡീഷ്യല്‍ അന്വേഷണം നേരിടാന്‍ തയാറാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഇംഗ്ളീഷ് ദിനപത്രമായ ഡെക്കാന്‍ ക്രോണിക്കിളിനു നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി. സോളാര്‍ തട്ടിപ്പു കേസുമായി ബന്ധപ്പെട്ടുള്ള പ്രതിപക്ഷത്തിന്റെ ആവശ്യങ്ങളോട് സര്‍ക്കാറിന് തുറന്ന സമീപനമാണുള്ളതെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.

ജുഡീഷ്യല്‍ അന്വേഷണം നടക്കുമ്പോള്‍ മന്ത്രിമാര്‍ രാജിവെച്ച പാരമ്പര്യമില്ല. ഇ.എം.എസ്. സര്‍ക്കാരിന്റെ കാലത്ത് അരി കുംഭകോണവുമായി ബന്ധപ്പെട്ട് ജുഡീഷ്യല്‍ അന്വേഷണം നേരിട്ട ഭക്ഷ്യമന്ത്രി കെ.സി. ജോര്‍ജ് രാജിവെച്ചിരുന്നില്ളെന്നും ഉമ്മന്‍ചാണ്ടി ചൂണ്ടിക്കാട്ടി.

മുഖ്യമന്ത്രിയെയും ജുഡീഷ്യല്‍ അന്വേഷണത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തണമെന്ന് ഇടതു മുന്നണി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, തന്നെയോ തന്റെ ഓഫീസിനെയോ അന്വേഷണ പരിധിയില്‍ ഉള്‍പ്പെടുത്തില്ളെന്ന നിലപാടായിരുന്നു ഉമ്മന്‍ചാണ്ടി സ്വീകരിച്ചിരുന്നത്. ഇതേതുടര്‍ന്ന്, മുഖ്യമന്ത്രി തല്‍സ്ഥാനത്തു തുടര്‍ന്നാല്‍ നിഷ്പക്ഷമായ അന്വേഷണം നടക്കില്ളെന്നും അദ്ദേഹം മാറി നില്‍ക്കണമെന്നും പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍ ആവശ്യപ്പെട്ടിരുന്നു.

ബത്തേരി സഹ. ബാങ്ക് വിഭജന നടപടികളുമായി മുമ്പോട്ട്

Posted: 18 Aug 2013 10:24 PM PDT

Subtitle: 
കോടതിയെ സമീപിക്കുമെന്ന് ബി.ജെ.പി
സുല്‍ത്താന്‍ ബത്തേരി: ബത്തേരി സര്‍വീസ് സഹ. ബാങ്ക് വിഭജനത്തിന് ബാങ്ക് ജനറല്‍ ബോഡി അംഗീകാരം നല്‍കിയതായും നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാവുന്ന മുറക്ക് വിഭജനം യാഥാര്‍ഥ്യമാവുമെന്നും ബാങ്ക് അഡ്മിനിസ്ട്രേറ്റിവ് കമ്മിറ്റി കണ്‍വീനര്‍ എന്‍.എം. വിജയന്‍, അംഗങ്ങളായ ടി.ജെ. ജോസഫ്, ടി.എസ്. ജോര്‍ജ് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. എന്നാല്‍, ബാങ്ക് വിഭജനം അജണ്ടയാക്കി പൊതുയോഗം വിളിച്ചുചേര്‍ത്തിട്ടില്ലെന്നും ചര്‍ച്ച നടന്നിട്ടില്ലെന്നും മുന്‍ ബാങ്ക് പ്രസിഡന്‍റ് പി.സി. മോഹനന്‍ മാസ്റ്റര്‍ പറഞ്ഞു. അഡ്മിനിസ്ട്രേറ്റിവ് കമ്മിറ്റിയുടെ അനധികൃത നീക്കത്തിനെതിരെ നിയമത്തിന്‍െറ വഴിതേടും. പൊതുയോഗം വിളിച്ചത് നിയമാനുസൃതമല്ലെന്നും യോഗത്തില്‍ പങ്കെടുക്കാനെത്തിയ അംഗങ്ങള്‍ക്ക് ഒപ്പിടാന്‍ അവസരം നല്‍കിയില്ലെന്നും ആരോപിച്ച് കോണ്‍ഗ്രസ് നേതാവും മുന്‍ ബാങ്ക് പ്രസിഡന്‍റുമായ എം. രാമകൃഷ്ണന്‍ പരസ്യമായി രംഗത്തുവന്നു. നിലവില്‍ കോണ്‍ഗ്രസിന്‍െറ നാലണ അംഗം മാത്രമായ രാമകൃഷ്ണന്‍ ബി.ജെ.പിയുടെ ചട്ടുകമായി മാറിയിരിക്കുകയാണെന്നും ഇതിനെതിരെ പാര്‍ട്ടി അച്ചടക്ക നടപടിയുണ്ടാവുമെന്നും ബ്ളോക് കോണ്‍ഗ്രസ് പ്രസിഡന്‍റ് കൂടിയായ ടി.ജെ. ജോസഫ് പറഞ്ഞു. 
ബി.ജെ.പി നേതാവ് കെ.കെ. രാജന്‍, പാര്‍ട്ടി നേതാവും ബാങ്ക് പ്രസിഡന്‍റുമായിരുന്ന പി.സി. മോഹനന്‍ മാസ്റ്ററുമായി അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്ന് ഡയറക്ടര്‍ ബോര്‍ഡില്‍ നിന്ന് രാജിവെച്ചതോടെയാണ് ബാങ്ക് ഭരണം അനിശ്ചിതത്വത്തിലായത്. ബി.ജെ.പി നേതൃത്വത്തിലുള്ള ഭരണസമിതിക്ക് ഭൂരിപക്ഷം നഷ്ടപ്പെട്ടതോടെ സഹകരണ വകുപ്പ് പിരിച്ചുവിടുകയായിരുന്നു. ബി.ജെ.പി-കോണ്‍ഗ്രസ് ബന്ധം നിലനിന്നിരുന്ന ബാങ്കില്‍ ഇരുകൂട്ടരും പരസ്പരം ഇടഞ്ഞു. ഡി.സി.സി ജനറല്‍ സെക്രട്ടറി എന്‍.എം. വിജയന്‍ കണ്‍വീനറായി അഡ്മിനിസ്ട്രേറ്റിവ് കമ്മിറ്റി ബാങ്ക് ഭരണം ഏറ്റെടുത്തതോടെ ബി.ജെ.പി പ്രക്ഷോഭത്തിന്‍െറ പാതയിലായി. നൂറുകോടി രൂപയുടെ നിക്ഷേപവും 17,000ഓളം അംഗങ്ങളുമുള്ള ബാങ്കിന്‍െറ ഭരണം പിടിച്ചെടുക്കാനുള്ള നീക്കമായാണ് ബാങ്ക് വിഭജന നടപടികളെ ബി.ജെ.പി കാണുന്നത്. 
നിലവില്‍ ബത്തേരി, നെന്മേനി, നൂല്‍പുഴ ഗ്രാമപഞ്ചായത്തുകളുടെ പരിധിയില്‍ പ്രവര്‍ത്തിക്കുന്ന ബാങ്ക്, സര്‍ക്കാര്‍ മാനദണ്ഡം പാലിച്ച് പഞ്ചായത്ത് തലത്തില്‍ വിഭജിക്കുന്നുവെന്നാണ് യു.ഡി.എഫ് ഭാഷ്യം. രജിസ്ട്രാര്‍ക്ക് രേഖകള്‍ സമര്‍പ്പിച്ച് രണ്ടു മാസത്തിനകം ബാങ്ക് വിഭജനം പൂര്‍ത്തിയാക്കാനാണ് നീക്കം. 
 
 

No comments:

Post a Comment

english malayalam dictionary

വിരുന്നുകാര്...

poomottu

Dsgd: by ASLAM PADINHARAYIL

Back to TOP