സ്വാഗതം
WELCOME

News Update..

Thursday, August 22, 2013

ബ്രാഡ് ലി മാനിങിന് 35 വര്‍ഷം തടവ് Madhyamam News Feeds

ബ്രാഡ് ലി മാനിങിന് 35 വര്‍ഷം തടവ് Madhyamam News Feeds

Link to

ബ്രാഡ് ലി മാനിങിന് 35 വര്‍ഷം തടവ്

Posted: 22 Aug 2013 12:20 AM PDT

Image: 

ന്യൂയോര്‍ക്ക്: വിക്കീലീക്സിന് നയതന്ത്ര രഹസ്യങ്ങള്‍ ചോര്‍ത്തി നല്‍കിയ അമേരിക്കന്‍ സൈനികന്‍ ബ്രാഡ് ലി മാനിങിന് 35 വര്‍ഷം തടവുശിക്ഷ. ഇദ്ദേഹത്തെ സൈന്യത്തില്‍ നിന്ന് പുറത്താക്കുമെന്നും സൈനിക ജഡ്ജ് ഉത്തരവില്‍ പറഞ്ഞു. 90 വര്‍ഷംവരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ് മാനിങിനെതിരെ ചുമത്തിയത്. 60 വര്‍ഷമെങ്കിലും തടവു വിധിക്കണമെന്ന് പ്രോസിക്യൂഷന്‍ വാദിച്ചു.

എന്നാല്‍, 25 വര്‍ഷത്തില്‍ കൂടുതല്‍ തടവു വിധിക്കരുതെന്നും പ്രസിദ്ധീകരിക്കാവുന്ന രേഖകള്‍ ആണ് മാനിങ് ചോര്‍ത്തി നല്‍കിയവയില്‍ ചിലതെന്നും അദ്ദേഹത്തിന്‍്റെ അഭിഭാഷകന്‍ വാദിച്ചു.

ചാരവൃത്തി നിയമങ്ങളുടെ ലംഘനം അടക്കം  20 കുറ്റങ്ങള്‍  സൈനിക ജഡ്ജ് ഈ 25കാരനില്‍ കഴിഞ്ഞമാസം ചുമത്തിയിരുന്നു. തടവു ശിക്ഷയുടെ മൂന്നില്‍ ഒന്ന് അനുഭവിച്ചു തീരുമ്പോള്‍ മാനിങിന് പരോള്‍ ലഭിച്ചേക്കും.

ഇറാഖ്, അഫ്ഗാന്‍ യുദ്ധ മേഖലയില്‍ യു.എസ് ഇടപെട്ടതുമായി ബന്ധപ്പെട്ട ഏഴു ലക്ഷത്തോളം രേഖകള്‍ ആണ് മാനിങ് വിക്കിലീക്സിന് ചോര്‍ത്തിയത്. ബഗ്ദാദില്‍ സിവിലിയന്‍മാരുടെ മരണത്തിനിടയാക്കി യു.എസ് ഹെലികോപ്ടര്‍ നടത്തിയ ആക്രമണത്തിന്‍്റെ വീഡിയോയും ഇതില്‍പെടും.
 

തൊഴിലുറപ്പ് പദ്ധതിക്ക് പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിക്കും -മിഹിര്‍ഷാ

Posted: 21 Aug 2013 11:24 PM PDT

തിരുവനന്തപുരം: വേതനം നല്‍കുന്നതില്‍ കാലതാമസം വരുത്തുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ  കര്‍ശനനടപടി ഉള്‍പ്പെടെയുള്ള വ്യവസ്ഥകളോടെ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുമായി  ബന്ധപ്പെട്ട് പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിക്കുമെന്ന് ആസൂത്രണ കമീഷന്‍ അംഗം ഡോ. മിഹിര്‍ഷാ പറഞ്ഞു. കേരള സംസ്ഥാന പ്ളാനിങ് ബോര്‍ഡ് സംഘടിപ്പിച്ച ‘എം.ജി.എന്‍.ആര്‍.ഇ.ജി.എസ്- തൊഴില്‍ വളര്‍ച്ചയും ഇന്ത്യന്‍ ഗ്രാമീണ മേഖലയുടെ വികസനവും’ എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. 
ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി അവകാശാധിഷ്ഠിത പദ്ധതിയാണ്. എന്നാല്‍, പദ്ധതിയുമായി ബന്ധപ്പെട്ട വേതനം നല്‍കുന്നതില്‍ കാലതാമസമുണ്ടാകുന്നുണ്ടെന്ന പരാതി വ്യാപകമാണ്. 
15 ദിവസം കഴിഞ്ഞിട്ടും വേതനം നല്‍കാന്‍ കാലതാമസം വരുത്തുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി കൈക്കൊള്ളുന്ന വ്യവസ്ഥ ഇതുസംബന്ധിച്ച ആക്ടിന്‍െറ സെക്ഷന്‍ 25 പ്രകാരം നിലവിലുണ്ട്. എന്നാല്‍, ഇത് ഫലപ്രദമായി നടപ്പാക്കുന്നതിനുള്ള നടപടികള്‍ കൈക്കൊള്ളാനാണ് ഉദ്ദേശിക്കുന്നത്. 2006ലാരംഭിച്ച തൊഴിലുറപ്പ് പദ്ധതി ഇന്ന് ഇന്ത്യയിലെ ഏറ്റവും വലിയ പദ്ധതിയായി മാറിയിരിക്കുകയാണ്. എന്നാല്‍, ഇപ്പോഴും ഈ പദ്ധതിയെക്കുറിച്ച് പലരും അജ്ഞരാണ്. പദ്ധതി അഴിമതിമുക്തവും സുതാര്യവുമാക്കുന്നതിന് സോഷ്യല്‍ ഓഡിറ്റിങ് സംവിധാനം ഏര്‍പ്പെടുത്തും. ആന്ധ്രാപ്രദേശാണ് ഈ വിഷയത്തില്‍ മാതൃക കാട്ടിയിട്ടുള്ളത്. അവര്‍ ഇതിനായി സോഷ്യല്‍ ഓഡിറ്റിങ് ഡയറക്ടറേറ്റ് സ്ഥാപിച്ചിട്ടുണ്ട്. എല്ലാ സംസ്ഥാനത്തും ഈ സംവിധാനം ഏര്‍പ്പെടുത്താനാണ് ഉദ്ദേശിക്കുന്നത്. പദ്ധതിയുടെ നടത്തിപ്പിന് ഫുള്‍ടൈം പ്രോഗ്രാം ഓഫിസര്‍മാരുടെ സേവനവും ലഭ്യമാക്കണം. അതിനുള്ള നടപടികളും കൈക്കൊള്ളും. 
പഞ്ചായത്തീരാജ് സംവിധാനത്തെ കൂടുതല്‍ ശക്തിപ്പെടുത്താന്‍ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി പ്രകാരം സാധിച്ചു.  കഴിഞ്ഞ പഞ്ചവത്സരപദ്ധതിയില്‍ ഈ പദ്ധതിക്കായി 600 കോടിയാണ് മാറ്റിവെച്ചതെങ്കില്‍ ഇപ്പോള്‍ അത് ആറായിരം കോടിയായി. തൊഴിലുറപ്പ്  പദ്ധതിയുമായി ബന്ധപ്പെട്ട് ചില പ്രശ്നങ്ങളുണ്ട്. ആ പ്രശ്നങ്ങള്‍ ദൂരീകരിക്കാനുള്ള പദ്ധതികളും ആവിഷ്കരിക്കുന്നുണ്ട്. 
നിലവിലെ കണക്ക് പ്രകാരം രാജ്യത്തെ അഞ്ച് കോടി കുടുംബങ്ങള്‍ക്ക് തൊഴിലുറപ്പ് പദ്ധതി പ്രകാരമുള്ള നേട്ടം ലഭിക്കുന്നു. ഇതുവരെ രണ്ട് ലക്ഷം കോടി രൂപയാണ് ഈ പദ്ധതിക്കായി അനുവദിച്ചിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു.  വികേന്ദ്രീകരണമാതൃകയില്‍ കേരളത്തില്‍ നിന്നാണ് ഏറ്റവുമധികം നിര്‍ദേശങ്ങള്‍ ലഭിച്ചിട്ടുള്ളത്. ജനാധിപത്യത്തെയും വികസനത്തെയും ബന്ധപ്പെടുത്തുന്ന പദ്ധതിയാണിതെന്നും പദ്ധതിയുമായി ബന്ധപ്പെട്ട മാര്‍ഗനിര്‍ദേശങ്ങള്‍ തയാറാക്കാന്‍ നിയോഗിച്ച സമിതിയുടെ അധ്യക്ഷന്‍ കൂടിയായ ഡോ. മിഹിര്‍ഷാ പറഞ്ഞു.  
പ്ളാനിങ് ബോര്‍ഡ് വൈസ് ചെയര്‍മാന്‍ കെ.എം. ചന്ദ്രശേഖര്‍ ആമുഖപ്രഭാഷണം നടത്തി. ആസൂത്രണബോര്‍ഡംഗങ്ങളായ ജി. വിജയരാഘവന്‍, സി.പി. ജോണ്‍, സി.ഡി.എസ് ഡയറക്ടര്‍ ഡോ. പുലാപ്രെ ബാലകൃഷ്ണന്‍, ചീഫ് ഇക്കണോമിക് അഡൈ്വസര്‍ ഡോ. അനുരാധ ബലറാം എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് ഈ വിഷയത്തില്‍  ചര്‍ച്ചയും നടന്നു.

ജയാനന്ദനെ കരൂപ്പടന്നയില്‍ കണ്ടതായി സൂചന: പൊലീസ് തിരച്ചില്‍ നടത്തി

Posted: 21 Aug 2013 11:21 PM PDT

കരൂപ്പടന്ന: ജയില്‍ ചാടിയ റിപ്പര്‍ ജയാനന്ദനെ കണ്ടതായി സൂചന ലഭിച്ചതിനെ തുടര്‍ന്ന് കരൂപ്പടന്ന പെഴുംകാട് ചീപ്പുചിറയില്‍ പൊലീസ് വ്യാപക തിരച്ചില്‍ നടത്തി. ബുധനാഴ്ച ഉച്ചയോടെയാണ് പെഴുംകാട് കാട്ടകത്ത് അസീസിന്‍െറ കനോലി കനാലിന്‍െറ തീരത്തുള്ള ഇരുനില വീടിനടുത്ത് ജയാനന്ദനെന്ന് തോന്നിക്കുന്ന ആളെ കണ്ടത്. 
വീട്ടുടമസ്ഥനും കുടുംബവും വിദേശത്ത് ആയതിനാല്‍ പെഴുംകാട് സ്വദേശിനിയായ തെരുവില്‍ റെഹീന സെയ്തുവാണ് വീടും സ്ഥലവും നോക്കുന്നത്. ഇന്നലെ ഇവിടെ പണിക്കാര്‍ ഉണ്ടായിരുന്നതിനാല്‍ അന്വേഷിക്കാനെത്തിയപ്പോഴാണ് റെഹീന മുഷിഞ്ഞ വസ്ത്രധാരിയായ ആള്‍ വീട്ടുവളപ്പിനടുത്ത് പുഴയോരത്ത് നില്‍ക്കുന്നത് കണ്ടത്. മൂന്ന് ഏക്കറോളം വരുന്ന വീട്ടുവളപ്പിന്‍െറ ഒരു ഭാഗം പുഴയും വിജനമായ കാടുമാണ്. റെഹീന ഇയാളോട് പോകാന്‍ ആവശ്യപ്പെട്ടപ്പോള്‍ മുഷ്ടി ചുരട്ടി ഭീഷണിപ്പെടുത്തി. തുടര്‍ന്ന് റെഹീന ഓടി രക്ഷപ്പെട്ടു. സമീപം മറ്റൊരു പറമ്പില്‍ മീന്‍വല കെട്ടുകയായിരുന്ന ചാണേലിപറമ്പില്‍ അബ്ദുല്‍ ജബ്ബാറും ഇയാളെ കണ്ടു. ഇത് ജയാനന്ദനാണെന്ന് തോന്നിയ ജബ്ബാറാണ് പൊലീസിനെയും നാട്ടുകാരെയും വിവരമറിയിച്ചത്. തുടര്‍ന്ന് ഇരിങ്ങാലക്കുടയില്‍ നിന്നും പൊലീസെത്തി. 
മാളയില്‍ നിന്ന് പ്രത്യേക അന്വേഷണ സംഘവുമെത്തി. നൂറ് കണക്കിന് നാട്ടുകാരുടെ സഹായത്തോടെ വ്യാപകമായി തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. 
 
 

വിലവര്‍ധന മുന്നില്‍ കണ്ട് പൂഴ്ത്തിവെപ്പ്: ജില്ലയില്‍ പാചകവാതക ക്ഷാമം

Posted: 21 Aug 2013 11:16 PM PDT

പാലക്കാട്: വിലവര്‍ധന മുന്നില്‍ കണ്ട് എണ്ണക്കമ്പനികളും ഡീലര്‍മാരും പൂഴ്ത്തിവെപ്പ് തുടങ്ങിയതോടെ ജില്ലയില്‍ എല്‍.പി.ജി സിലിണ്ടര്‍ ക്ഷാമം രൂക്ഷം. ഒരു മാസത്തിലേറെയായി ജില്ലയുടെ വിവിധ ഭാഗങ്ങളിലെ മിക്ക ഏജന്‍സികളുടെയും സിലിണ്ടര്‍ വിതരണം അവതാളത്തിലാണ്. ഇപ്പോള്‍ 435-450 രൂപക്ക് ലഭിക്കുന്ന സിലിണ്ടറിന്‍െറ വില സെപ്റ്റംബര്‍ ഒന്നുമുതല്‍ 950-1000 രൂപയായി വര്‍ധിക്കുന്നതോടെ പൂഴ്ത്തിവെപ്പിലൂടെ ലക്ഷങ്ങള്‍ കൊയ്യാമെന്ന കണക്കുകൂട്ടലിലാണ് എണ്ണക്കമ്പനികളും വിതരണക്കാരും. 25,000 മുതല്‍ 40,000 വരെ കണക്ഷനുകളുള്ള പാചകവാതക ഏജന്‍സികളാണ് ജില്ലയിലേത്. കുറഞ്ഞത് 1000 സിലിണ്ടറെങ്കിലും പൂഴ്ത്തിവെച്ചാല്‍ രണ്ടാഴ്ചക്കകം വിലവ്യത്യാസമനുസരിച്ച് അഞ്ചു ലക്ഷം രൂപ ഒറ്റയടിക്ക് നേടാം.
 ആധാറും ബാങ്ക് അക്കൗണ്ടും പാചകവാതക കണക്ഷനുമായി ലിങ്ക് ചെയ്ത ഉപഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടിലേക്ക് സബ്സിഡി തുകയായ 435 രൂപ എത്തുമെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നത്. ആധാര്‍ രജിസ്ട്രേഷന്‍ 50 ശതമാനം പോലും പൂര്‍ത്തിയാവാത്ത ജില്ലയില്‍ ആധാര്‍-ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ നല്‍കിയവര്‍ക്ക് സബ്സിഡി ലഭിച്ചാല്‍ തന്നെ ഒരു സിലിണ്ടറിന് 500 രൂപയിലേറെ നല്‍കേണ്ട അവസ്ഥയാണ്.ഫലത്തില്‍ സബ്സിഡി കിട്ടുന്നവര്‍ക്ക് പോലും 50 മുതല്‍ 100 രൂപ വരെ അപ്രഖ്യാപിത വിലവര്‍ധനയാണ് ഡയറക്ട് ബെനിഫിറ്റ് ട്രാന്‍സ്ഫര്‍ പദ്ധതി ജില്ലയിലെയും സംസ്ഥാനത്തെ മൊത്തവും ജനങ്ങള്‍ക്കുമേല്‍ അടിച്ചേല്‍പിച്ചതിലൂടെ നടപ്പാക്കുന്നത്. 
അവസരം മുതലെടുത്ത് പരമാവധി ഉയര്‍ന്ന വിലക്ക് വില്‍ക്കാന്‍ എണ്ണക്കമ്പനികളും നേരത്തേ ഒരുക്കം തുടങ്ങി. സാധാരണ അയക്കുന്നതിന്‍െറ പകുതിയില്‍ താഴെ ലോഡാണ് ഈ മാസം കിട്ടിയതെന്ന് ഡീലര്‍മാര്‍ പറയുന്നു. എത്തിയ ലോഡ് പോലും പൂര്‍ണമായി വിതരണം ചെയ്യാതെ പൂഴ്ത്തിവെച്ച് ലാഭമുണ്ടാക്കാന്‍ ചില ഡീലര്‍മാരും ഒരുങ്ങി.
 

ജില്ലയിലെ ലീഗ്-കോണ്‍ഗ്രസ് അസ്വാരസ്യം പരിഹരിക്കാന്‍ പ്രാരംഭ ചര്‍ച്ച

Posted: 21 Aug 2013 11:14 PM PDT

മലപ്പുറം: ജില്ലയിലെ ലീഗ്-കോണ്‍ഗ്രസ് അസ്വാരസ്യം പരിഹരിക്കാന്‍ പ്രാരംഭ ചര്‍ച്ച തുടങ്ങിയതായി ഡി.സി.സി പ്രസിഡന്‍റ് ഇ. മുഹമ്മദ്കുഞ്ഞി വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. കൂടുതല്‍ ചര്‍ച്ചകള്‍ വൈകാതെ നടക്കും. പ്രശ്നങ്ങള്‍ ഇരുപാര്‍ട്ടി നേതൃത്വങ്ങളും ഇടപെട്ട് ജില്ലാതലത്തില്‍ പരിഹരിക്കും. എല്ലാകാലത്തും മുന്നണിയില്‍ പാര്‍ട്ടികള്‍ തമ്മില്‍ അസ്വാരസ്യങ്ങള്‍ ഉണ്ടായിട്ടുണ്ട്. അത്തരത്തിലുള്ള അസ്വാരസ്യം മാത്രമാണ് ഇപ്പോഴുമുള്ളത്. ലോക്സഭ തെരഞ്ഞെടുപ്പിന് മുമ്പ് മുന്നണിയിലെ പ്രശ്നങ്ങള്‍ പൂര്‍ണമായും പരിഹരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. 
കോണ്‍ഗ്രസ് സ്വന്തം നിലക്ക് പ്രചാരണ പരിപാടി ആരംഭിച്ചതില്‍ തെറ്റില്ല. ലീഗിനും ആ രീതി സ്വീകരിക്കാം. മുന്നണി എന്ന നിലയില്‍  സഹകരിച്ച് പ്രവര്‍ത്തിച്ചാല്‍ മതി. യു.ഡി.എഫ് സംവിധാനത്തില്‍ സംസ്ഥാന തലത്തില്‍ ലീഗിന് പരാതിയുണ്ടെങ്കില്‍ അത് കെ.പി.സി.സി പ്രസിഡന്‍റിനോടും മുഖ്യമന്ത്രിയോടും പറയട്ടെ. ഇഫ്ളു, അലീഗഢ് വിഷയത്തില്‍ യൂത്ത്ലീഗ് നടത്തുന്നത് കേന്ദ്രസര്‍ക്കാറിനെതിരായ സമരമാണെന്ന് അഭിപ്രായമില്ല. അലീഗഢ് ഉള്‍പ്പെടെയുള്ള പദ്ധതികളുടെ കാര്യത്തില്‍ ജില്ലക്ക് സര്‍ക്കാര്‍ പരിഗണന നല്‍കിയിട്ടുണ്ട്. ഇഫ്ളു വിഷയത്തില്‍ മന്ത്രി ശശി തരൂരിനെ കാണുമെന്നും ഡി.സി.സി പ്രസിഡന്‍റ് അറിയിച്ചു.
 

നദീതീര സംരക്ഷണത്തിന് പത്തനംതിട്ടക്ക് 3.76 കോടി

Posted: 21 Aug 2013 11:01 PM PDT

പത്തനംതിട്ട: സംസ്ഥാനത്തെ നദികളുടെ തീര സംരക്ഷണത്തിന് വിവിധ പദ്ധതികള്‍ നടപ്പാക്കുന്നതിനായി റിവര്‍ മാനേജ്മെന്‍റ് ഫണ്ടില്‍ നിന്ന് ഒമ്പത് ജില്ലക്ക് 46.50 കോടി  അനുവദിച്ചതായി  മന്ത്രി അടൂര്‍ പ്രകാശ് അറിയിച്ചു. പത്തനംതിട്ട ജില്ലക്ക് 3.76 കോടിയാണ് അനുവദിച്ചത്. 
നദികളുടെ വശങ്ങളിലെ ഭിത്തികള്‍ ബലപ്പെടുത്തിയും ഇല്ലാത്ത സ്ഥലങ്ങളില്‍ പുതിയവ നിര്‍മിച്ചും നദികളുടെ ശോഷണവും കൈയേറ്റവും തടയുന്നതുള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങള്‍ക്കാണ് പണം അനുവദിച്ചത്. കാലവര്‍ഷത്തിന്‍െറ ആധിക്യവും അടിക്കടി ഉണ്ടാകുന്ന വെള്ളപ്പൊക്കവും നദീതീര ഭിത്തികളുടെ ബലക്ഷയത്തിന് കാരണമായിട്ടുള്ളത് കണക്കിലെടുത്ത് ജില്ലാ വിദഗ്ധ സമിതികളുടെ ശിപാര്‍ശകള്‍ കഴിഞ്ഞ ദിവസം കൂടിയ സംസ്ഥാന ഉന്നതതല സമിതി ചര്‍ച്ച ചെയ്തതിന്‍െറ അടിസ്ഥാനത്തിലാണ് അടിയന്തരമായി തുക അനുവദിക്കാന്‍ തീരുമാനിച്ചിട്ടുള്ളതെന്ന് മന്ത്രി പറഞ്ഞു. 
ജലദൗര്‍ലഭ്യം നേരിടുന്ന പ്രദേശങ്ങളിലെ കൃഷി ആവശ്യങ്ങള്‍ക്ക് വെള്ളം ലഭ്യമാക്കുന്നതിനുള്ള ചെക്ഡാമുകള്‍ക്കും പണം അനുവദിച്ചിട്ടുണ്ട്. നദീതീരങ്ങളിലെ കടവുകളും ജെട്ടികളും കാലപ്പഴക്കത്താല്‍ ബലഹീനമായിട്ടുള്ളതിനാല്‍ ഇവ ബലപ്പെടുത്തേണ്ടതും അനിവാര്യമായതായി മന്ത്രി പറഞ്ഞു. 
കാലവര്‍ഷത്തെ തുടര്‍ന്നുണ്ടായ സ്ഥിതിഗതികള്‍ നേരിടുന്നതിനുള്ള നടപടിയുടെ ഭാഗമായി കൂടിയാണ് നദീതീരങ്ങള്‍ സംരക്ഷിക്കുന്നതിനും ബലപ്പെടുത്തുന്നതിനും തീരുമാനിച്ചിട്ടുള്ളത്. നിശ്ചിത ആവശ്യങ്ങള്‍ക്ക് അനുവദിച്ചിട്ടുള്ള തുക ഫലപ്രദമായി യഥാസമയം ഉപയോഗപ്പെടുത്തുന്നതിന് മന്ത്രി ജില്ലാ ഭരണകൂടങ്ങള്‍ക്ക് നിര്‍ദേശം നല്‍കി. 
 
ജില്ലക്ക് അനുവദിച്ച പദ്ധതികളും പദ്ധതി 
വിഹിതവും (ലക്ഷം രൂപയില്‍) 
റാന്നി പെരുനാട് പഞ്ചായത്തില്‍ മാടമണ്‍ ഋഷികേശ ക്ഷേത്രക്കടവില്‍ പമ്പാനദി ഇടതുകര സംരക്ഷണ പ്രവൃത്തികള്‍ 22.50, കോന്നി പഞ്ചായത്തില്‍ മുരിയമംഗലത്തിന് സമീപം പഞ്ചായത്തുകടവിന് താഴെ അച്ചന്‍കോവിലാറിന് കുറുകെ തടയണ നിര്‍മാണം 34.50, ആറന്മുള വില്ലേജില്‍ ആറാട്ടുപുഴ പാലത്തിന് താഴെ പമ്പാനദി ഇടതുകര സംരക്ഷണ പ്രവൃത്തി ഏഴ് ലക്ഷം, 
കോട്ടാങ്ങല്‍ ഗ്രാമപഞ്ചായത്ത് അഞ്ചാം വാര്‍ഡില്‍ വാട്ടര്‍ അതോറിറ്റിയുടെ മലമ്പാറ പമ്പ് ഹൗസിന് താഴെ മണിമലയാറിന് കുറുകെ തടയണ നിര്‍മാണം 49, റാന്നി ഗ്രാമപഞ്ചായത്തില്‍ പാണ്ടിപ്പുറത്ത് കടവിനും ഐത്തല വാട്ടര്‍അതോറിറ്റി കിണറിനും താഴെ പമ്പാ നദിക്ക് കുറുകെ കരിങ്കല്‍ ചെക് ഡാം നിര്‍മാണം 61, വടശേരിക്കര ഗ്രാമപഞ്ചായത്തില്‍ കല്ലാര്‍ നദിക്ക് കുറുകെ പെങ്ങാട്ടുകടവ് തിരുവാഭരണ പാതയില്‍ കോസ്വേ നിര്‍മാണം 98, കോന്നി മണ്ഡലത്തില്‍ വള്ളിക്കോട് പഞ്ചായത്തില്‍ ഇടക്കടവില്‍ അച്ചന്‍കോവിലാറിന്‍െറ ഇടതുകരയിലെ കുളിക്കടവ് സംരക്ഷണ പ്രവൃത്തി എട്ട് ലക്ഷം, കോന്നി മണ്ഡലത്തില്‍ പ്രമാടം പഞ്ചായത്തില്‍ വെട്ടൂര്‍ മഹാവിഷ്ണുക്ഷേത്രത്തിന് സമീപം അച്ചന്‍കോവിലാറിന്‍െറ ഇടതുകരയിലുള്ള കടവിന്‍െറ സംരക്ഷണ പ്രവൃത്തി 18 ലക്ഷം, കല്ലാര്‍ നദിയുടെ പോഷക നദിയായ അടവിയാറിന് കുറുകെ തടയണ നിര്‍മാണം 76.

ഇനി ഓണ്‍ലൈന്‍ വഴിയും വിവരാവകാശ അപേക്ഷ നല്‍കാം

Posted: 21 Aug 2013 10:58 PM PDT

Image: 

ന്യൂദല്‍ഹി: വിവരങ്ങള്‍ സുതാര്യമായി ജനങ്ങളിലേക്ക് എത്തിക്കുന്ന വിവരാവകാശ നിയമത്തില്‍ (ആര്‍.ടി.ഐ)മറ്റൊരു സുപ്രധാന ചുവടുവെപ്പ്. വ്യക്തികള്‍ക്ക് ആര്‍.ടി.ഐ നിയമം വേഗത്തിലും ഫലപ്രദമായും ഉപയോഗിക്കാന്‍ ഇനി ഓണ്‍ലൈന്‍ മാര്‍ഗവും ഉപയോഗപ്പെടുത്താവുന്ന വിധത്തിലുള്ളതാണ് പുതിയ നീക്കം. ഇതിനായി www.rtionline.gov.in എന്ന വെബ്സൈറ്റും കേന്ദ്രം ആരംഭിച്ചുകഴിഞ്ഞു.
കടലാസിലെഴുതിയ അപേക്ഷകളുമായി  ഒഫീസുകള്‍ കയറിറങ്ങാതെ ജനങ്ങള്‍ക്ക് ഓണ്‍ലൈന്‍ വഴി അപേക്ഷ സമര്‍പിക്കാവുന്ന സുപ്രധാനമായ നീക്കമാണ്  സര്‍ക്കാര്‍ കൊണ്ടുവന്നതെന്ന്  വെബ്സൈറ്റ് ഉദ്ഘാടനം നിര്‍വഹിച്ച് പൊതുജനകാര്യ സഹമന്ത്രി വി. നാരായണ സ്വാമി പറഞ്ഞു. ജനങ്ങളുടെ കയ്യിലുള്ള ആയുധമാണ് ആര്‍.ടി.ഐ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എല്ലാ കേന്ദ്ര സര്‍ക്കാര്‍ മന്ത്രാലയങ്ങള്‍ക്ക് കീഴിലുമാണ് പ്രഥമഘട്ടത്തില്‍ ഓണ്‍ലൈന്‍ സൗകര്യം നടപ്പാക്കുന്നത്. 82 കേന്ദ്രസര്‍ക്കാര്‍ ഒഫീസുകളിലാണ് ഈ വെബ്്പോര്‍ട്ടല്‍ സൗകര്യം നിലവില്‍ വരുകയെന്നും മറ്റു സര്‍ക്കാര്‍ ഒഫീസുകളില്‍ ഉടന്‍ തന്നെ ഏര്‍പെടുത്തുമെന്നും മന്ത്രി പറഞ്ഞു. ഈ സൗകര്യം ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് എല്ലാ സംസ്ഥാനങ്ങള്‍ക്കും കത്തയക്കുമെന്നും അദ്ദേഹം അറിയിച്ചു.
2005ല്‍ ആണ് വിവരാവകാശനിയമം പ്രാബല്യത്തില്‍ വന്നത്.  സര്‍ക്കാറില്‍നിന്നുള്ള വിവരത്തിന് അപേക്ഷ നല്‍കിയ ആര്‍ക്കും അതിന് ബാധ്യസ്ഥമായ ഒഫീസുകള്‍ മുപ്പത് ദിവസത്തിനകം മറുപടി നല്‍കണമെന്നാണ് ഇതിലെ സുപ്രധാന വ്യവസ്ഥ. ഒരു അപേക്ഷക്ക് പത്തു രൂപ അപേക്ഷകന്‍ അടക്കണം. ഓണ്‍ലൈന്‍ വഴി അപേക്ഷിക്കുന്നവര്‍ ഇന്‍റര്‍നെറ്റ് ബാങ്കിംങ് സംവിധാനത്തിലൂടെ എസ്.ബി.ഐ വഴിയോ അനുബന്ധ ബാങ്കുകള്‍ വഴിയോ ആണ് ഈ ഫീസ് അടക്കേണ്ടത്.
അപേക്ഷ ഫയല്‍ ചെയ്യാന്‍ വെബ്സൈറ്റില്‍ നിഷ്കര്‍ഷിച്ച കോളത്തില്‍ അപേക്ഷ അപ്ലോഡ്ചെയ്യാം. 3000 വാക്കുകള്‍ ആയി അപേക്ഷയുടെ ദൈര്‍ഘ്യം നിജപ്പെടുത്തിയിരിക്കുന്നു. 3000ത്തില്‍ കൂടുതല്‍ വാക്കുകള്‍ ഉണ്ടെങ്കില്‍ അത്തരം അപേക്ഷ അറ്റാച്ച് ചെയ്യാനുള്ള സൗകര്യമുണ്ട്. അപേക്ഷ അപ്ലോഡ് ആവുന്നതിനനുസരിച്ച് അപേക്ഷകന്‍്റെ മൊബൈലില്‍ അലര്‍ട്ട് ലഭിച്ചുകൊണ്ടിരിക്കും. മറുപടിയും ഓണ്‍ലൈന്‍ വഴി ലഭ്യമാവും.
ആര്‍.ടി.ഐ അപേക്ഷകള്‍ ഫയല്‍ ചെയ്യുന്നതിന്‍്റെ അളവ് ഗണ്യമായി വര്‍ധിച്ചുകൊണ്ടിരിക്കുയാണെന്നും 2005-06വര്‍ഷങ്ങളില്‍ 24000 അപേക്ഷകള്‍ ആണ് ലഭിച്ചതെങ്കില്‍  ഇത് 2011-12ല്‍ 6.7ലക്ഷമായി ഉയര്‍ന്നുവെന്നും ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ അറിയിച്ചു.

എം.എല്‍ റോഡില്‍ കൂട്ടയിടി

Posted: 21 Aug 2013 10:55 PM PDT

Subtitle: 
ബ്രേക്കുപോയ ചരക്ക് ലോറി ഒമ്പത് വാഹനങ്ങളിലിടിച്ചു
കോട്ടയം: കോട്ടയം നഗരത്തില്‍ വാഹനങ്ങളുടെ കൂട്ടയിടി. ഇറക്കമിറങ്ങവേ നിയന്ത്രണംവിട്ട ചരക്ക് ലോറി ഒമ്പതു വാഹനങ്ങളില്‍ ഇടിച്ചു. ലോറിയുടെ അടിയില്‍പെട്ട സ്കൂട്ടര്‍ നിരക്കി വലിച്ചുകൊണ്ടുപോയി. ലോറിക്ക് എതിര്‍ ദിശയില്‍ വന്ന ഓട്ടോയും സ്കൂട്ടറും പൂര്‍ണമായി തകര്‍ന്നു.
 സംഭവത്തില്‍ ആറുപേര്‍ക്ക് പരിക്കേറ്റു. ഓട്ടോ ഡ്രൈവര്‍ മൂലേടം ചക്കാംകുഴിയില്‍ ജോസഫ് മാത്യു(50) ,യാത്രക്കാരായ പുതുപ്പള്ളി എരമല്ലൂര്‍ തോപ്പില്‍ മറിയാമ്മ (57), മകള്‍ ബ്ളസി (27) ,ചരക്ക് ലോറി ഡ്രൈവര്‍ കൊല്ലം ചവറ പുള്ളിപ്പറ കിഴക്കേതറയില്‍ അബ്ദുള്‍ സലിം(55), ക്ളീനര്‍ കരുനാഗപ്പള്ളി നൗഫീസാ മന്‍സില്‍ നൗഷാദ്(43), മിനി ലോറി ഡ്രൈവര്‍ ആര്‍പ്പൂക്കര കുന്നതൃക്കയില്‍ സജിത്(33) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ബുധനാഴ്ച വൈകുന്നേരം എം.എല്‍. റോഡിലാണ് സംഭവം. കൊല്ലത്തുനിന്ന് ചരക്കുമായി ചന്തക്കവലയിലേക്കു വന്ന ലോറിയാണ് അപകടത്തില്‍പെട്ടത്.
 ഇറക്കമിറങ്ങവേ നിയന്ത്രണം വിട്ട ലോറി എതിര്‍ ദിശയില്‍ വന്ന ഓട്ടോയെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. അപകടത്തില്‍ പൂര്‍ണമായും തകര്‍ന്ന ഓട്ടോ വെട്ടിപൊളിച്ചാണ് യാത്രികരെയും ഡ്രൈവറെയും പുറത്തെടുത്തത്. ഇടിയെ തുടര്‍ന്നും നില്‍ക്കാതെ മുന്നോട്ടുപോയ  ലോറി റോഡരികില്‍ പാര്‍ക്ക് ചെയ്തിരുന്ന മറ്റ് രണ്ട് ഓട്ടോകളിലും രണ്ട് പെട്ടി ഒട്ടോയിലും കാറിലും ഇടിച്ചു. റോഡരികില്‍ പാര്‍ക്ക് ചെയ്തിരുന്ന സ്കൂട്ടര്‍ ലോറിക്കടിയില്‍ അകപ്പെട്ടതോടെ മുന്നോട്ട് നിരങ്ങി നീങ്ങി മറ്റൊരു ലോറിയില്‍ ഇടിച്ചു നിന്നു. സ്കൂട്ടര്‍ ലോറിക്കടിയില്‍ അകപ്പെട്ട് പൂര്‍ണമായും തകര്‍ന്നു.
 ഓട്ടോയും റോഡരികില്‍ പാര്‍ക്ക് ചെയ്തിരുന്ന വാഹനങ്ങള്‍ ഉള്‍പ്പെടെ ഒമ്പത് വാഹനങ്ങളില്‍ ഇടിച്ചതിനുശേഷമാണ് ചരക്ക് ലോറി മറ്റൊരു ലോറിയില്‍തട്ടി നിന്നത്. അപകട സമയത്ത് നിരവധിപേര്‍ റോഡിലും സമീപ പ്രദേശങ്ങളിലെ കടകളിലും ഉണ്ടായിരുന്നു. നിയന്ത്രണം നഷ്ടമായെന്ന് മനസ്സിലായ ഡ്രൈവറും കിളിയും യാത്രക്കാരോട് ഓടിമാറാന്‍ ആവശ്യപ്പെടുകയായിരുന്നു. ഈ സമയമാണ് എതിര്‍ ദിശയില്‍വന്ന ഓട്ടോയില്‍ ലോറിയിടിച്ചത്. 
സംഭവത്തെ തുടര്‍ന്ന് ചരക്ക് ലോറി ഡ്രൈവര്‍ ബോധരഹിതനായി വീണു. ഇയാളെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
 

ഉരുള്‍പൊട്ടല്‍ നാശം വിതച്ച പ്രദേശങ്ങള്‍ മന്ത്രി സന്ദര്‍ശിച്ചു

Posted: 21 Aug 2013 10:51 PM PDT

തൊടുപുഴ: പേമാരിയും ഉരുള്‍പൊട്ടലും നാശം വിതച്ച പ്രദേശങ്ങള്‍ മന്ത്രി അടൂര്‍ പ്രകാശ് സന്ദര്‍ശിച്ചു.
മൂന്നുപേരുടെ ജീവന്‍ പൊലിഞ്ഞ മലയിഞ്ചി, പറയാമല, പെരിങ്ങാശേരി, താഴെ മൂലക്കാട് മേഖലകളിലാണ് മന്ത്രി സന്ദര്‍ശനം നടത്തി യത്. ജില്ലയില്‍ പ്രകൃതിക്ഷോഭത്തില്‍ ഏറ്റവും കൂടുതല്‍ നഷ്ടമുണ്ടായ ഉടുമ്പന്നൂര്‍ ഗ്രാമപഞ്ചായത്തിനെ പ്രത്യേകമായി പരിഗണിക്കുമെന്ന് മന്ത്രി പറഞ്ഞു. ഉദ്യോഗസ്ഥരുടെയും ജനപ്രതിനിധികളുടെയും പ്രാഥമിക കണക്കുകള്‍ പ്രകാരം അഞ്ചുകോടി രൂപ പൊതുമരാമത്ത് ജോലികള്‍ക്കും, വീടുകള്‍ നഷ്ടപ്പെട്ടവര്‍ക്കും കൃഷി നശിച്ചവര്‍ക്കും മൂന്നുകോടിയുടെ നഷ്ടവും വിലയിരുത്തി. ദുരന്തഭൂമിയില്‍ എത്തി സേവന പ്രവര്‍ത്തനങ്ങള്‍ നടത്തിയ ജനപ്രതിനിധികളെയും വിവിധ വകുപ്പിലെ ഉദ്യോഗസ്ഥരെയും മന്ത്രി പ്രശംസിച്ചു.ഡി.സി.സി പ്രസിഡന്‍റ് റോയി കെ.പൗലോസ്, ഉടുമ്പന്നൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് കെ.ആര്‍. സോമരാജ്, ബ്ളോക് പഞ്ചായത്ത് പ്രസിഡന്‍റ് സിബി ദാമോദരന്‍, എ.ഡി.എം പി.എന്‍. സന്തോഷ്, പഞ്ചായത്ത് മെംബര്‍മാരായ ജോണ്‍സണ്‍ കുര്യന്‍, പി.എന്‍. സീതി, ലാലി ബേബി, രമ്യ റെജി, അഖിലേഷ് ദാമോദരന്‍, എം.ഇ. പത്മനാഭന്‍, സെജി ജോസഫ്, ബ്ളോക് പഞ്ചായത്ത് മെംബര്‍ മനോജ് തങ്കപ്പന്‍, തഹസില്‍ദാര്‍, വില്ലേജ് ഓഫിസര്‍, എസ്.സി.ബി പ്രസിഡന്‍റ് രാജീവ് രാജന്‍, മഹിളകോണ്‍ഗ്രസ് ജില്ലാ സെക്രട്ടറി ഹാജറ സെയ്തുമുഹമ്മദ്, സോമി പുളിക്കല്‍, ജോണി പുത്തിരിക്കല്‍, ടി.കെ. ശശികുമാര്‍ തുടങ്ങിയവര്‍ മന്ത്രിക്കൊപ്പമുണ്ടായിരുന്നു.

വീട് കുത്തിത്തുറന്ന് മോഷണം; സംഘത്തലവന്‍ അറസ്റ്റില്‍

Posted: 21 Aug 2013 10:46 PM PDT

കൊച്ചി: എറണാകുളം, മലപ്പുറം ജില്ലകളിലായി വീട് കുത്തിത്തുറന്ന് സ്വര്‍ണാഭരണങ്ങളും മറ്റും മോഷണം നടത്തുന്ന സംഘത്തിലെ പ്രധാനി പിടിയില്‍. മലപ്പുറം, വളാഞ്ചേരി, കാവുംപുറം, താണിയപ്പന്‍കുന്ന് മധുരക്കാട്ട് വീട്ടില്‍ നിജീഷിനെയാണ് (21) തൃക്കാക്കര അസി. കമീഷണര്‍ ബിജോ അലക്സാണ്ടറിന്‍െറ നേതൃത്വത്തിലെ പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്തത്. ഇരുചക്രവാഹനങ്ങള്‍ മോഷ്ടിക്കുന്ന സംഘത്തിലും കണ്ണിയാണിയാള്‍.
 ബുധനാഴ്ച പുലര്‍ച്ചെ ഇടപ്പള്ളി ജങ്ഷനില്‍നിന്ന് മോഷ്ടിച്ച യൂനികോണ്‍ ബൈക്കില്‍ സഞ്ചരിക്കെയാണ് ഇയാള്‍ അറസ്റ്റിലായത്. ചോദ്യം ചെയ്തതില്‍നിന്ന്  കഴിഞ്ഞ ജൂലൈ ഏഴിന് മലപ്പുറം കോട്ടക്കല്‍ ചികുണ്ട് ഭാഗത്ത് പൂന്തോട്ടത്ത് ജാഫറിന്‍െറ കെ.എല്‍. 55 കെ 1193 നമ്പര്‍ യൂനികോണ്‍ ബൈക്കും ജൂലൈ 28ന് ഇടപ്പള്ളി ഹൈസ്കൂളിനടുത്ത് വടകര സ്വദേശിയായ ജാബിര്‍ ബക്കറിന്‍െറ യൂനികോണ്‍ ബൈക്കും മോഷ്ടിച്ചതായി ഇയാള്‍ സമ്മതിച്ചിട്ടുണ്ട്. ജൂലൈ 29ന് മാമംഗലം-കരവേലില്‍ റോഡില്‍ സുരഭിയില്‍ ബാലകൃഷ്ണന്‍െറ വീട് കുത്തിത്തുറന്ന് രണ്ട് ലാപ്ടോപ്, രണ്ട് വാച്ച്, രണ്ട് സ്വര്‍ണ കോയിനുകള്‍, ഒരു ജോഡി കമ്മല്‍, കമ്പ്യൂട്ടര്‍ ഹാര്‍ഡ് ഡിസ്ക് എന്നിവ ഉള്‍പ്പടെ 92,000 രൂപയുടെ മുതല്‍ മോഷ്ടിച്ച കേസിലും പേരണ്ടൂര്‍ ടാഗോര്‍ ലെയ്നില്‍ ലക്ഷ്മി നിവാസില്‍ സനല്‍കുമാറിന്‍െറ വീട് കുത്തിത്തുറന്ന് ലാപ്ടോപ്പും സ്വര്‍ണക്കമ്മലുകളും മോഷ്ടിച്ച സംഭവത്തിലും ചങ്ങമ്പുഴ ശ്മശാനത്തിനടുത്ത് തുഷാരയില്‍ ശ്രീധരന്‍െറ വീട് കുത്തിത്തുറന്ന് സ്വര്‍ണ മോതിരവും 3500 രൂപയും ഡിജിറ്റല്‍ കാമറയും എ.ടി.എം കാര്‍ഡുകളും മോഷണം പോയ കേസിലും പ്രതിയുടെ നേതൃത്വത്തിലെ സംഘമാണ് ഉര്‍പ്പെട്ടിരിക്കുന്നതെന്ന് തെളിഞ്ഞതായി പൊലീസ് അറിയിച്ചു. 
മോഷണം നടത്തിയ ബൈക്കുകള്‍ നമ്പര്‍ മാറ്റിയശേഷം വീടുകളിലും മറ്റും മോഷണം നടത്താന്‍ ഉപയോഗിച്ചുവരികയായിരുന്നു. പ്രതിയുടെ കൈയില്‍നിന്ന് ഒരു ലാപ്ടോപ് കണ്ടെത്തിയിട്ടുണ്ട്. 
2010ല്‍ എറണാകുളത്തും മലപ്പുറത്തുമായി ബൈക്കില്‍ സഞ്ചരിച്ച് സ്ത്രീകളുടെ മാലപൊട്ടിച്ചതിന് 11ഓളം കേസുകള്‍ ഇയള്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്തിരുന്നു. അന്ന് എറണാകുളം സെന്‍ട്രല്‍ പൊലീസ് അറസ്റ്റ് ചെയ്തിരുന്നെങ്കിലും പ്രായപൂര്‍ത്തിയാകാത്തതിനാല്‍ നിജീഷിനെ ഏഴുമാസം ജുവനൈല്‍ ഹോമില്‍ പാര്‍പ്പിക്കുകയാണ് ചെയ്തത്. 
പുറത്തിറങ്ങിയ  ശേഷം 2012ല്‍ തിരൂര്‍ പൊലീസ് അറസ്റ്റ് ചെയ്ത ഇയാള്‍ ജയില്‍വാസം അനുഭവിച്ചശേഷം 2013 മാര്‍ച്ചില്‍ ജാമ്യത്തിലിറങ്ങി. ജയിലില്‍വെച്ച് പരിചയപ്പെട്ട മലപ്പുറം സ്വദേശിയായ നിസാമുദ്ദീനുമൊന്നിച്ച് എറണാകുളത്തെത്തി ഇടപ്പള്ളിയിലും പരിസരങ്ങളിലും മോഷണം നടത്തിവരികയായിരുന്നു. 
നിസാമുദ്ദീനെ നേരത്തേ ഹില്‍പാലസ് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. സംഘത്തിലെ മലപ്പുറം സ്വദേശികളായ രണ്ടുപേരെക്കുറിച്ച് അന്വേഷണം നടത്തിവരികയാണ്. പ്രതിയെ ആലുവ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

No comments:

Post a Comment

english malayalam dictionary

വിരുന്നുകാര്...

poomottu

Dsgd: by ASLAM PADINHARAYIL

Back to TOP