സ്വാഗതം
WELCOME

News Update..

Wednesday, August 14, 2013

മുര്‍സി അനുകൂല സമരക്കാര്‍ക്കു നേരെ സൈനികാക്രമണം;നിരവധി മരണം Madhyamam News Feeds

മുര്‍സി അനുകൂല സമരക്കാര്‍ക്കു നേരെ സൈനികാക്രമണം;നിരവധി മരണം Madhyamam News Feeds

Link to

മുര്‍സി അനുകൂല സമരക്കാര്‍ക്കു നേരെ സൈനികാക്രമണം;നിരവധി മരണം

Posted: 13 Aug 2013 11:47 PM PDT

Image: 

കൈറോ: ഈജിപ്തില്‍ മുര്‍സി അനുകൂലികള്‍ക്കു നേരെ സൈന്യം നടത്തിയ വെടിവെപ്പില്‍ നിരവധി പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. നഹ്ദ സ്ക്വയറില്‍ പ്രതിഷേധകര്‍ക്കു നേരെ കണ്ണീര്‍വാതക പ്രയോഗമടക്കമുള്ള ആക്രമണം സൈന്യം നടത്തിയതായാണ് സൂചന. 15 പേരെങ്കിലും കൊല്ലപ്പെട്ടതായാണ് റോയിട്ടര്‍ റിപ്പോര്‍ട്ട് ചെയ്തു.

ക്യാമ്പുകള്‍ ബുള്‍ഡോസര്‍ ഉപയോഗിച്ച് തകര്‍ത്തു. നഹ്ദയിലേക്കുള്ള പാതകള്‍ സൈന്യം അടച്ചിട്ടുണ്ട്. നസര്‍ നഗരത്തിലും സൈന്യം അഴിഞ്ഞാടി. ഇവിടെ മുര്‍സി അനുകൂലികള്‍ക്കുനേരെ നിരവധി തവണ വെടിയുതിര്‍ത്തു. കറുത്ത പുക പ്രദേശത്താകെ വ്യാപിച്ചിരിക്കുകയാണ്. ഹെലികോപ്ടറുകള്‍ റോന്തു ചുറ്റുന്നുമുണ്ട്. ഒട്ടനവധി പേര്‍ കൊല്ലപ്പെട്ടിട്ടുണ്ട്. ഇവിടെയുള്ള അവസ്ഥ ഞങ്ങള്‍ക്കു വിവരിക്കാനാവില്ല മുര്‍സി അനുകൂലിയായ ലൈല പറഞ്ഞു.  

 

ഉപരോധ സമരം പിന്‍വലിച്ചതിന് പിന്നില്‍ ഭരണ-പ്രതിപക്ഷ ഗൂഢാലോചന -കെ.കെ രമ

Posted: 13 Aug 2013 11:36 PM PDT

Image: 

തിരുവനന്തപുരം: സോളാര്‍ വിഷയത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി രാജിവെച്ച് ജുഡീഷ്യല്‍ അന്വേഷണം നേരിടണമെന്നാവശ്യപ്പെട്ട് എല്‍.ഡി.എഫ് നടത്തിയ സെക്രട്ടേറിയറ്റ് ഉപരോധ സമരം പെട്ടെന്ന് അവസാനിപ്പിച്ചതില്‍ ഗൂഢാലോചനയുണ്ടെന്ന് കെ.കെ രമ ആരോപിച്ചു. ഏഷ്യാനെറ്റ് ന്യൂസിന് നല്‍കിയ പ്രത്യേക അഭിമുഖത്തിലാണ്, കൊല്ലപ്പെട്ട ആര്‍.എം.പി നേതാവ് ടി.പി ചന്ദ്രശേഖരന്‍്റെ വിധവയായ രമ ആരോപണവുമായി രംഗത്തത്തെിയത്.
ഭരണ-പ്രതിപക്ഷ മുന്നണിയിലെ പ്രമുഖ നേതാക്കള്‍ നടത്തിയ ഗൂഢാലോചനയുടെ ഫലമായാണ് സമരം ലക്ഷ്യം നേടുന്നതിന് മുമ്പ് തന്നെ അവസാനിപ്പിച്ചത്. എല്‍.ഡി.എഫിനെയും സി.പി.എമ്മിനെയും ഏറെ പ്രതിരോധത്തിലാക്കിയ ലാവലിന്‍, ടി.പി വധം, ജയകൃഷ്ണന്‍ മാസ്റ്റര്‍ വധം തുടങ്ങിയ കേസുകള്‍ ഒതുക്കിതീര്‍ക്കുന്നതിന് ഇരു മുന്നണികളും നടത്തിയ ‘അഡ്ജസ്റ്റ്മെന്‍്റാണ്’ ഇന്നലെ കണ്ടത്.
സമരത്തില്‍ നിന്ന് പിന്‍മാറില്ല എന്ന് കഴിഞ്ഞ ദിവസം ഉച്ചവരെ വീരവാദം മുഴക്കിയ സി.പി.എം നേതൃത്വം പെട്ടെന്ന് തീരുമാനം മാറ്റുകയായിരുന്നു. ഇതിലൂടെ, ലക്ഷക്കണക്കിന് പാര്‍ട്ടി പ്രവര്‍ത്തകരെയാണ് നേതൃത്വം വിഡ്ഡികളാക്കിയത്. ഇതിന് സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ മറുപടി പറയണം -രമ പറഞ്ഞു.
ടി.പി വധക്കേസില്‍ അന്വേഷണം മോഹനന്‍ മാസ്റ്റര്‍ക്ക് അപ്പുറം പോകുന്നതിനെ സി.പി.എം നേതൃത്വം ഭയപ്പെടുന്നുണ്ട്. അന്വേഷണം അട്ടിമറിക്കാന്‍ ഭരണപക്ഷവും കൂട്ടുനിന്നു. ഇതിന്‍െറയെല്ലാം തെളിവുകള്‍ തന്‍്റെ പക്കലുണ്ട്. എന്നാല്‍, നിയമപ്രശ്നങ്ങളുള്ളതിനാല്‍ പുറത്തുവിടുന്നില്ല. യഥാര്‍ഥ കുറ്റവാളികള്‍ ശിക്ഷിക്കപ്പെടും വരെ നിയമ പോരാട്ടം തുടരുമെന്നും രമ വ്യക്തമാക്കി.
അതേസമയം, രമയുടെ ആരോപണം സി.പി.എം നേതാവ് ഡോ.തോമസ് ഐസക് നിഷേധിച്ചു. വ്യക്തമായ കാഴ്ചപ്പാടിന്‍്റെ അടിസ്ഥാനത്തിലാണ് സമരം പിന്‍വലിച്ചതെന്ന് അദ്ദേഹം പ്രതികരിച്ചു.

 

കണ്‍സ്യൂമര്‍ഫെഡ് ഗോഡൗണില്‍ നാല് ലക്ഷത്തിന്‍െറ മരുന്ന് തിരിമറി

Posted: 13 Aug 2013 11:36 PM PDT

കൊല്ലം:  ഡ്രഗ്സ് കണ്‍ട്രോള്‍ വിജിലന്‍സ് വിഭാഗം കണ്‍സ്യൂമര്‍ഫെഡിന്‍െറ മരുന്നുഗോഡൗണില്‍ നടത്തിയ റെയ്ഡില്‍ ക്രമക്കേടുകള്‍ കണ്ടെത്തി.  ചാമക്കടയിലെ  നീതി മെഡിക്കല്‍ വെയര്‍ഹൗസ് ഗോഡൗണിലായിരുന്നു പരിശോധന.  \
അസിസ്റ്റന്‍റ് ഡ്രഗ് സ്കണ്‍ട്രോളര്‍ ജോണിന്‍െറ നേതൃത്വത്തില്‍ ചൊവ്വാഴ്ച നടത്തിയ പരിശോധനയില്‍  നാല് ലക്ഷത്തോളം രൂപയുടെ  മരുന്ന് തിരിമറി നടന്നതായി വ്യക്തമായി. രജിസ്റ്ററില്‍ രേഖപ്പെടുത്തിയ നാലു ലക്ഷത്തിന്‍െറ മരുന്ന് നീതി മെഡിക്കല്‍ സ്റ്റോറുകള്‍ക്ക് വിതരണം ചെയ്തിട്ടില്ലെന്ന് നേരത്തെ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ്. 
പരാതിയെത്തുടര്‍ന്ന് എം.ഡിയുടെ നിര്‍ദേശപ്രകാരം കണ്‍സ്യൂമര്‍ഫെഡ് അധികൃതര്‍ നടത്തിയ പരിശോധനയില്‍ രജിസ്റ്ററില്‍ രേഖപ്പെടുത്തിയ 1.35 ലക്ഷത്തിന്‍െറ മരുന്ന് സ്റ്റോക്കില്‍ കുറവുള്ളതായും സ്റ്റോക്കില്‍പെടാത്ത 1.40 ലക്ഷത്തിന്‍െറ മരുന്ന് സൂക്ഷിച്ചിരുന്നതായും കണ്ടെത്തി. മരുന്ന് ഗോഡൗണില്‍നിന്ന് നീതി മെഡിക്കല്‍ സ്റ്റോറുകള്‍ക്ക് നല്‍കിയതായി രജിസ്റ്ററില്‍ രേഖപ്പെടുത്തിയിരുന്നു. 
എന്നാല്‍, ബന്ധപ്പെട്ട മെഡിക്കല്‍ സ്റ്റോറുകളില്‍ മരുന്ന് ലഭിച്ചിട്ടില്ലെന്ന് ഡ്രഗ്സ് കണ്‍ട്രോളറുടെ പരിശോധനയില്‍ വ്യക്തമായി. അഞ്ചലിലെ നീതി മെഡിക്കല്‍ സ്റ്റോറിന് മരുന്ന് നല്‍കിയതിന്‍െറ 35 ബില്ലുകളാണുണ്ടായിരുന്നത്. ഈ മെഡിക്കല്‍ സ്റ്റോറുമായി ബന്ധപ്പെട്ടപ്പോള്‍ മരുന്ന് ലഭിച്ചിട്ടില്ലെന്ന് തെളിഞ്ഞു. 
മരുന്ന് സ്വകാര്യ മെഡിക്കല്‍ സ്റ്റോറുകള്‍ക്ക് മറിച്ചു വിറ്റതായാണ് സംശയിക്കുന്നത്. ഇത്തരത്തില്‍ മറിച്ചു നല്‍കിയതില്‍ മനോരോഗികള്‍ക്ക് നല്‍കുന്ന എപ്റ്റോയിന്‍, ലിവ്രിയം, അല്‍ട്രാക്സ് മരുന്നുകളും ഉള്‍പ്പെടുന്നു. ഡോക്ടറുടെ കുറിപ്പടിയുടെ അടിസ്ഥാനത്തില്‍ മാത്രം വില്‍ക്കുന്ന മയക്കുമരുന്നുകളാണിവ. 
ക്രമക്കേട് നടന്ന കാലത്ത് വെയര്‍ഹൗസിന്‍െറ ചുമതലയുള്ള മാനേജരെയും ജീവനക്കാരിയെയും സ്ഥലംമാറ്റിയിരുന്നു. ഇവരില്‍നിന്ന് ഡ്രഗ്സ് കണ്‍ട്രോള്‍ വിജിലന്‍സ് പിന്നീട് മൊഴിയെടുക്കും. പരിശോധന സമയത്ത് ഗോഡൗണിലുണ്ടായിരുന്ന ജീവനക്കാരില്‍നിന്ന് അസിസ്റ്റന്‍റ് ഡ്രഗ്സ് കണ്‍ട്രോളര്‍ മൊഴിയെടുത്തു. 
ബില്‍ കോപ്പിയും ലയബിലിറ്റി രജിസ്റ്ററും അന്വേഷണ സംഘം പിടിച്ചെടുത്തു. ക്രമക്കേട് സംബന്ധിച്ച് വിജിലന്‍സിനും പരാതി ലഭിച്ചിട്ടുണ്ട്. 
 

ആവേശത്തുടക്കം; ഒടുക്കം ആശയക്കുഴപ്പം

Posted: 13 Aug 2013 11:22 PM PDT

തിരുവനന്തപുരം: തലസ്ഥാനത്തെ സമരചരിത്രത്തില്‍ ഇടംപിടിച്ച സെക്രട്ടേറിയറ്റ് ഉപരോധത്തിന്‍െറ രണ്ടാം നാളിലും ചോരാത്ത ആവേശവുമായി അണികള്‍ ഒഴുകിയെത്തി. അതേസമയം, സമരം പിന്‍വലിച്ച പ്രഖ്യാപനം ഉണ്ടായതോടെ പ്രവര്‍ത്തകര്‍ ആശയക്കുഴപ്പത്തിലായി. 
അസൗകര്യങ്ങള്‍ക്ക് തലവെച്ച് നിരത്തുകളിലും ഫുട്പാത്തുകളിലും  അന്തിയുറങ്ങിയവര്‍ നേരം പുലര്‍ന്നതോടെ സമരാവേശം നിറച്ച് സെക്രട്ടേറിയറ്റിന് മുന്നില്‍ ഇരമ്പിയെത്തി. ഒമ്പത് മണിയോടെതന്നെ സെക്രട്ടേറിയറ്റ് പരിസരവും എം.ജി റോഡും ജനനിബിഡമായി. പ്രാഥമിക കൃത്യങ്ങള്‍ക്ക് നഗരത്തില്‍ പലയിടത്തും ഒരുക്കിയ താല്‍ക്കാലിക സൗകര്യങ്ങള്‍ പരിഭവങ്ങളില്ലാതെ ഉപയോഗിച്ചാണ് പ്രവര്‍ത്തകര്‍ രണ്ടാം ദിനം സമരച്ചൂടിലേക്ക് എത്തിയത്. നഗരത്തിലെ പൊതുകുളങ്ങളിലും ശൗചാലയങ്ങളിലും പാര്‍ട്ടി പ്രവര്‍ത്തകരുടെയും മറ്റും വീടുകളിലെത്തിയാണ് ആയിരങ്ങള്‍ കുളിച്ചൊരുങ്ങിയത്. തുടര്‍ന്ന് ഭക്ഷണശാലകളിലെത്തി  പ്രാതല്‍ കഴിച്ചശേഷമാണ് പ്രവര്‍ത്തകര്‍ സമരമുഖത്തെത്തിയത്. രാവിലെ എട്ടിന് ശേഷം പ്രകടനമായാണ് ചെറുസംഘങ്ങള്‍ ഉപരോധകേന്ദ്രങ്ങളിലേക്ക് നീങ്ങിയത്. 
സെക്രട്ടേറിയറ്റ് പരിസരം കഴിഞ്ഞാല്‍ കൂടുതല്‍ സമരക്കാര്‍ അണിനിരന്ന ബേക്കറി ജങ്ഷനില്‍ രാവിലെ മുതല്‍ അണികളെ നിയന്ത്രിക്കാന്‍ നേതാക്കള്‍ ക്യാമ്പ് ചെയ്തിരുന്നു. ആദ്യദിവസത്തെ  സംഘര്‍ഷത്തിന്‍െറ സാഹചര്യത്തിലായിരുന്നു നേതാക്കളുടെ കരുതല്‍. തോമസ് ഐസക്, എസ്. ശര്‍മ, എളമരം കരീം, എം.വി. ഗോവിന്ദന്‍ തുടങ്ങിയവര്‍  രാവിലെതന്നെ ഇവിടെയുണ്ടായിരുന്നു. സ്വകാര്യ ബസ്കടത്തിവിടുന്നതുമായി ബന്ധപ്പെട്ട് രാവിലെ ഇവിടെ നേരിയ സംഘര്‍ഷമുണ്ടായി. എതിര്‍പ്പിനെ തുടര്‍ന്ന് ബസ് തിരിച്ചുവിട്ടു.  
എം.ജി റോഡില്‍ പാളയം മുതല്‍ പുളിമൂട് ജങ്ഷന്‍ വരെ റോഡില്‍ പായ, തുണി, പേപ്പര്‍ എന്നിവ വിരിച്ചാണ് സമരക്കാര്‍ തിങ്കളാഴ്ച രാത്രി അന്തിയുറങ്ങിയത്. ഉപരോധകേന്ദ്രങ്ങളിലും സമരക്കാര്‍ കിടന്നുറങ്ങി. 
രാത്രി ഒന്നരയോടെ അഞ്ച് മിനിറ്റ് നീണ്ട ചാറ്റല്‍ മഴയുണ്ടായി. കയറിനില്‍ക്കാന്‍ ഇടമില്ലാത്തവര്‍ റോഡില്‍തന്നെ കിടന്നു. പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ളവര്‍ തിങ്കളാഴ്ച പാതിരവരെ  സെക്രട്ടേറിയറ്റിന് മുന്നിലെ സമരപ്പന്തലില്‍ ഉണ്ടായിരുന്നു. ഉമ്മന്‍ ചാണ്ടിയുടെയുടെയും സരിതയുടെയും മുഖംമൂടി ധരിച്ച് പ്രകടനമായാണ് ചൊവ്വാഴ്ച പലരും സമരകേന്ദ്രങ്ങളില്‍ എത്തിയത്. സി.പി.എം പോളിറ്റ് ബ്യൂറോ അംഗം വൃന്ദ കാരാട്ട് എത്തി സമരക്കാരെ അഭിവാദ്യം ചെയ്തു. ബേക്കറി ജങ്ഷനില്‍ മലയാളത്തില്‍ പ്രസംഗിക്കാനുള്ള വൃന്ദയുടെ ശ്രമം അണികളില്‍ ചിരിയും ആവേശവും പടര്‍ത്തി. നേതാക്കളുടെ പ്രസംഗം മുറുകുന്നതിനിടെ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചെന്ന വാര്‍ത്ത വന്നതോടെ  സമരക്കാര്‍ ആവേശത്തിലായി. ഉച്ചക്ക് 12.15ഓടെ എം.വി. ഗോവിന്ദന്‍ വേദിയിലെത്തി ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ച വിവരം അറിയിച്ചതോടെ സമരക്കാര്‍ ആഘോഷം തുടങ്ങി. സമരം പിന്‍വലിക്കുന്നതിന്‍െറ സൂചന നല്‍കിയ ഗോവിന്ദന്‍ പ്രവര്‍ത്തകരോട് സെക്രട്ടേറിയറ്റിന് മുന്നിലേക്ക് നീങ്ങാന്‍ നിര്‍ദേശിച്ചു. 
പുളിമൂട് ജങ്ഷന്‍, നന്ദാവനം ജങ്ഷന്‍, ബേക്കറി ജങ്ഷന്‍ തുടങ്ങിയ ഭാഗങ്ങളിലെ സമരക്കാര്‍ പ്രകടനമായി എത്തിയതോടെ എം.ജി റോഡില്‍ ജനസഞ്ചയമായി. ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചെങ്കിലും മുഖ്യമന്ത്രിയുടെ രാജിയെന്ന ആവശ്യത്തിന് ഇനിയും പോരാട്ടം ബാക്കിയാണെന്ന നേതാക്കളുടെ സന്ദേശം നെഞ്ചേറ്റി ആയിരങ്ങള്‍ സമരക്കൊടി മടക്കി നാട്ടിലേക്ക് മടങ്ങാനുള്ള തിരക്കിലായി.

കുന്നംകുളത്ത് തെരുവ് യുദ്ധം

Posted: 13 Aug 2013 11:06 PM PDT

Subtitle: 
ആറുപേര്‍ക്ക് പരിക്ക്; പൊലീസ് സ്റ്റേഷന്‍ ഉപരോധിച്ചു
കുന്നംകുളം: സോളാര്‍ വിഷയവുമായി ബന്ധപ്പെട്ട്  യൂത്ത് കോണ്‍ഗ്രസ്- സി.പി.എം പ്രവര്‍ത്തകര്‍ നടത്തിയ പ്രകടനങ്ങള്‍ക്കൊടുവില്‍ നഗരത്തില്‍ തെരുവ് യുദ്ധം. നഗരത്തില്‍ മണിക്കൂറുകളോളം ഭീകരാന്തരീക്ഷം സൃഷ്ടിച്ച സംഘട്ടനത്തിനൊടുവില്‍ സി.പി.എമ്മിന്‍െറ നേതൃത്വത്തില്‍ പൊലീസ് സ്റ്റേഷന്‍ ഉപരോധിച്ചു. തുടര്‍ന്ന് നഗരത്തില്‍ പ്രകടനവും നടന്നു. ഇരുവിഭാഗങ്ങളും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ നാല് കോണ്‍ഗ്രസ്- യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കും രണ്ട് സി.പി.എം പ്രവര്‍ത്തകര്‍ക്കും പരിക്കേറ്റു. 
തലക്ക് ഗുരുതര പരിക്കേറ്റ യൂത്ത് കോണ്‍ഗ്രസ് നിയോജക മണ്ഡലം പ്രസിഡന്‍റ് എം.എം. സലീം (28), സേവാദള്‍ നിയോജക മണ്ഡലം ചെയര്‍മാന്‍ അഡ്വ. മാത്യു ചാക്കപ്പന്‍, യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്‍റ് ബിജു പ്രസാദ് (25), ചൊവ്വന്നൂര്‍ മണ്ഡലം ജനറല്‍ സെക്രട്ടറി രാഹുല്‍ ഇടയത്ത് (23) എന്നിവരെ കുന്നംകുളം റോയല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 
ഡിവൈ.എഫ്.ഐ ബ്ളോക്ക് സെക്രട്ടറി കെ.ബി. ജയന്‍ (35), പോര്‍ക്കുളം പഞ്ചായത്തംഗവും ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകനുമായ ഷറഫുദ്ദീന്‍ (30) എന്നിവര്‍ക്കും പരിക്കേറ്റിട്ടുണ്ട്. സംഘട്ടനത്തിനിടെ സി.പി.എം ഏരിയാ സെക്രട്ടറി എം. ബാലാജി, നഗരസഭ മുന്‍ ചെയര്‍മാന്‍ പി.ജി. ജയപ്രകാശ് എന്നിവര്‍ക്കും മര്‍ദനമേറ്റു. സലീം, മാത്യു ചാക്കപ്പന്‍ എന്നിവരുടെ തലക്ക് മുറിവേറ്റിട്ടുണ്ട്. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ നടന്ന പ്രകടനത്തിനിടെ സി.പി.എം, ഡി.വൈ.എഫ്.ഐ എന്നിവയുടെ ഫ്ളക്സ് ബോര്‍ഡുകള്‍ വലിച്ചുകീറിയതാണ് സി.പി.എം പ്രവര്‍ത്തകരെ പ്രകോപിപ്പിച്ചത്. 
ചീഫ് വിപ്പ് പി.സി. ജോര്‍ജ്, സി.പി.എം സെക്രട്ടറി പിണറായി വിജയന്‍ എന്നിവരുടെ കോലം പ്രകടനത്തിനൊടുവില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കുന്നംകുളം ജങ്ഷനില്‍ കത്തിക്കുന്നതിനിടെ സി.പി.എമ്മിന്‍െറ ബോര്‍ഡും കത്തിച്ചു. പിന്നീട് ഇത് ചോദ്യം ചെയ്യാന്‍ സി.പി.എം പ്രവര്‍ത്തകര്‍ എത്തിയത് വാക്കേറ്റത്തിനും തുടര്‍ന്ന് സംഘട്ടനത്തിലും കലാശിക്കുകയായിരുന്നു. 
നഗരസഭ എം.ജി ഷോപ്പിങ് കോംപ്ളക്സ് കെട്ടിടത്തിന് സമീപത്തുവെച്ച് ഇരുവിഭാഗം നേതാക്കള്‍ ഉള്‍പ്പെടെ സംഘട്ടനത്തിലേര്‍പ്പെടുകയായിരുന്നു. സംഭവസമയം കുന്നംകുളം പൊലീസ് ഉണ്ടായിരുന്നുവെങ്കിലും കൂട്ടത്തല്ലിനിടെ പ്രവര്‍ത്തകരെ പിടിച്ചുനീക്കാന്‍ കഴിയാതെ വന്നു. ഇതിനടിയില്‍ രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഓടി സ്റ്റേഷനില്‍ അഭയം തേടി. എസ്.ഐ മാധവന്‍കുട്ടി, സി.ഐ ബാബു കെ. തോമസ് എന്നിവരുടെ നേതൃത്വത്തില്‍ വന്‍ പൊലീസ് സംഘം നഗരത്തില്‍ നിലയുറപ്പിച്ചിരിക്കുകയാണ്. ബസ് സമരത്തില്‍ വലഞ്ഞ് വാഹനം കാത്തുനിന്ന യാത്രക്കാര്‍ സംഭവം കണ്ട് പരിഭ്രാന്തരായി. വ്യാപാരസ്ഥാപനങ്ങള്‍ പലതും ഷട്ടറുകള്‍ അടച്ചുപൂട്ടി. പിന്നീട് ഇരുവിഭാഗം പ്രവര്‍ത്തകരും ഗുരുവായൂര്‍ റോഡിലും ഏറ്റുമുട്ടി. അക്രമം നിയന്ത്രണവിധേയമാക്കാന്‍ പൊലീസും ഏറെ പാടുപെട്ടു.

സംയുക്ത റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ മനുഷ്യാവകാശ കമീഷന്‍ ഉത്തരവ്

Posted: 13 Aug 2013 11:00 PM PDT

Subtitle: 
മലമ്പുഴയിലെ ആശുപത്രി മാലിന്യ സംസ്കരണം

പാലക്കാട്: മലമ്പുഴ മാന്തുരുത്തിയിലെ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍െറ അധീനതയിലുള്ള ആശുപത്രി മാലിന്യ സംസ്കരണകേന്ദ്രത്തിനെതിരായ പരാതിയില്‍ അടുത്ത സിറ്റിങ്ങിന് മുമ്പുതന്നെ പഞ്ചായത്ത്, മലിനീകരണ നിയന്ത്രണ ബോര്‍ഡ് എന്നിവയോട് സംയുക്ത അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ മനുഷ്യാവകാശ കമീഷന്‍ അംഗം ആര്‍. നടരാജന്‍ ഉത്തരവിട്ടു. ഗവ. ഗസ്റ്റ് ഹൗസില്‍ ചൊവ്വാഴ്ച ചേര്‍ന്ന മനുഷ്യാവകാശ കമീഷന്‍ സിറ്റിങ്ങില്‍ പരാതികള്‍ പരിഗണിക്കുകയായിരുന്നു അദ്ദേഹം. ഫോറം ഫോര്‍ മലബാര്‍ റൈറ്റ്സ് ജില്ലാ കമ്മിറ്റി  ചെയര്‍മാന്‍ ഡോ. പി. എസ്. പണിക്കര്‍, പ്രദേശവാസികള്‍, മലമ്പുഴ പ്രൊട്ടക്ഷന്‍ കൗണ്‍സില്‍ പ്രസിഡന്‍റ് എ. ഭാസ്കരന്‍ എന്നിവരാണ് പരാതി നല്‍കിയത്. 

മാലിന്യസംസ്കരണശാലയില്‍നിന്ന് രാത്രികാലങ്ങളില്‍ പുറന്തള്ളുന്ന പുകയും പാടശേഖരങ്ങളിലേക്കും ജലാശയങ്ങളിലേക്കും ഒഴുക്കിവിടുന്ന മലിനജലവും പ്രദേശത്തെ ജനജീവിതം ദുസ്സഹമാക്കുന്നു. ഇന്‍സിനേറ്റര്‍ ശരിയായി പ്രവര്‍ത്തിക്കുന്നില്ല. മലിനജലം പുറന്തള്ളുന്നതിനുള്ള അഴുക്കുചാല്‍ നിര്‍മാണം ഇതുവരെ ആരംഭിച്ചിട്ടില്ല. പാടശേഖരം മലിനജലമൊഴുകി കൃഷിക്കനുയോജ്യമല്ലാതായതായും വിള കരിഞ്ഞുണങ്ങിയതായും ഇതുസംബന്ധിച്ച് കഴിഞ്ഞ വര്‍ഷം നല്‍കിയ പരാതിയില്‍ നടപടിയൊന്നുമായില്ലെന്നും പരാതിക്കാര്‍ ആരോപിച്ചു. 
കൊല്ലങ്കോട് ഗ്രാമപഞ്ചായത്തില്‍ അനധികൃതമായി പ്രവര്‍ത്തിക്കുന്ന സ്വകാര്യ പന്നിവളര്‍ത്തല്‍ കേന്ദ്രത്തിനെതിരെ പഞ്ചായത്ത് അധികൃതരും ആരോഗ്യപ്രവര്‍ത്തകരും നടപടിയെടുക്കുന്നില്ലെന്ന് മുതലമട തമിഴ് നല സംഘം നല്‍കിയ പരാതിയില്‍ അന്വേഷണം നടത്താന്‍ അധികൃതരോട് കമീഷന്‍ ഉത്തരവിട്ടു.
കാര്‍ഷിക വായ്പാ കുടിശ്ശികയുടെ റവന്യു റിക്കവറിക്ക് പ്രഖ്യാപിച്ച മൊറട്ടോറിയം ദേശസാത്കൃത-വാണിജ്യ ബാങ്കുകള്‍ക്കുകൂടി ബാധകമാക്കണമെന്നും മുന്‍കാല പ്രാബല്യം നല്‍കണമെന്നുമുള്ള കേരള കര്‍ഷക കൂട്ടായ്മയുടെ പരാതിയില്‍ അന്വേഷിച്ച് നടപടിയെടുക്കാമെന്ന് കമീഷനംഗം പറഞ്ഞു. 
നിലവില്‍ 2012-13 കാര്‍ഷികവായ്പകള്‍ക്കു മാത്രമാണ് ഈ ആനുകൂല്യം ലഭ്യമാകുക. ഹൗസിങ് ബോര്‍ഡ്, കോഓപറേറ്റീവ് ഹൗസിങ് ഫെഡറേഷന്‍, പിന്നാക്ക വിഭാഗ വികസന കോര്‍പറേഷന്‍, വെജിറ്റബിള്‍ ആന്‍ഡ് ഫ്രൂട്ട് പ്രമോഷന്‍ കൗണ്‍സില്‍ എന്നീ സര്‍ക്കാര്‍ ഏജന്‍സികള്‍, സഹകരണബാങ്കുകള്‍ എന്നിവയില്‍നിന്നെടുത്ത കാര്‍ഷിക വായ്പകള്‍ക്ക് മാത്രമാണ് ഒരു വര്‍ഷത്തേക്ക് ഈ ആനുകൂല്യം  പ്രഖ്യാപിച്ചത്. ഭൂരിഭാഗം കര്‍ഷകരും ദേശസാത്കൃത-വാണിജ്യ ബാങ്കുകളില്‍നിന്നാണ് വായ്പയെടുത്തതെന്ന് പരാതിയില്‍ ചൂണ്ടിക്കാട്ടി.  
21 പരാതികള്‍ പരിഗണിച്ചതില്‍ ഏഴു പരാതികള്‍ തീര്‍പ്പായി. അടുത്ത സിറ്റിങ് സെപ്റ്റംബര്‍ 24ന് നടക്കും.

ആലങ്കോട് പഞ്ചായത്തില്‍ പ്രസിഡന്‍റ്, വൈസ് പ്രസിഡന്‍റ് സ്ഥാനങ്ങള്‍ മുസ്ലിംലീഗിന്

Posted: 13 Aug 2013 10:49 PM PDT

Subtitle: 
വൈസ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പ് കോണ്‍ഗ്രസ് ബഹിഷ്കരിച്ചു
ചങ്ങരംകുളം: ആലങ്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ്, വൈസ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍ മുസ്ലിംലീഗ് സ്ഥാനാര്‍ഥികള്‍ വിജയിച്ചു. ലീഗിന്‍െറ പ്രസിഡന്‍റ് സ്ഥാനാര്‍ഥി ഷാനവാസ് വട്ടത്തൂരിന് എട്ടും എതിര്‍സ്ഥാനാര്‍ഥി സി.പി.എമ്മിലെ പി. വിജയന് ആറും വോട്ടുകള്‍ ലഭിച്ചു. 
കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ടി.വി. സുലൈമാന്‍ തന്‍െറ വോട്ട് ഷാനവാസിന് നല്‍കി. കോണ്‍ഗ്രസിലെ മറ്റ് നാല് അംഗങ്ങള്‍ വോട്ടുചെയ്യാതെ വിട്ടുനിന്നു. 19 അംഗങ്ങളാണ് ഗ്രാമപഞ്ചായത്തിലുള്ളത്. ബാലറ്റില്‍ ഒപ്പിടാത്തതിനാല്‍ സി.പി.എം സ്വതന്ത്രന്‍െറ വോട്ട് അസാധുവായി.
 ഉച്ചക്ക് രണ്ടിന് നടന്ന വൈസ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍ ലീഗിന്‍െറ സല്‍മ മുഹമ്മദ് കുട്ടി തെരഞ്ഞെടുക്കപ്പെട്ടു. എതിര്‍സ്ഥാനാര്‍ഥി സി.പി.എമ്മിലെ കുമാരി വേലായുധനും സല്‍മ മുഹമ്മദ് കുട്ടിക്കും ഏഴ് വോട്ടുകള്‍ വീതമാണ് ലഭിച്ചത്. 
തുടര്‍ന്ന് നറുക്കെടുപ്പിലൂടെ സല്‍മ വിജയിക്കുകയായിരുന്നു.  വൈസ് പ്രസിഡന്‍റ് തെരെഞ്ഞെടുപ്പ് കോണ്‍ഗ്രസ് അംഗങ്ങള്‍ പൂര്‍ണമായും ബഹിഷ്കരിച്ചു. ലീഗുമായി ഭരണത്തില്‍ പങ്കാളിയാകാനോ സ്ഥാനമാനങ്ങള്‍ പങ്കുവെക്കാനോ താല്‍പര്യമില്ലാത്തതിനാലാണ് ബഹിഷ്കരണം. പഞ്ചായത്തിലെ ശേഷിക്കുന്ന വര്‍ഷം കോണ്‍ഗ്രസ് പ്രസിഡന്‍റ് പദവി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇത് നല്‍കാന്‍ ലീഗ് തയാറായില്ല. തുടര്‍ന്നുള്ള ചര്‍ച്ചയില്‍ ഒരു വര്‍ഷം കോണ്‍ഗ്രസിനും ഒരുവര്‍ഷം ലീഗിനും പ്രസിഡന്‍റ് പദവി പങ്കുവെക്കാമെന്ന ധാരണയിലെത്തി. 
എന്നാല്‍, ആദ്യത്തെ ഒരു വര്‍ഷം കോണ്‍ഗ്രസിന് പ്രസിഡന്‍റ് പദവി വേണമെന്നാവശ്യപ്പെട്ടപ്പോള്‍ ആദ്യവര്‍ഷം വേണമെന്ന് ലീഗും ശഠിച്ചു. തുടര്‍ന്നാണ് തിങ്കളാഴ്ച നടക്കേണ്ട പ്രസിഡന്‍റ്, വൈസ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പ് ചൊവാഴ്ചത്തേക്ക് മാറ്റിവെച്ചത്. ചര്‍ച്ചകള്‍ പരാജയപ്പെട്ടതിനാല്‍ മുസ്ലിം ലീഗും കോണ്‍ഗ്രസും സ്ഥാനാര്‍ഥികളെ മത്സരിപ്പിക്കാന്‍ തീരുമാനിച്ചു. 
എന്നാല്‍, ചൊവ്വാഴ്ച രാവിലെ ചേര്‍ന്ന കോണ്‍ഗ്രസ് യോഗം ലീഗുമായി ഭരണം പങ്കിടേണ്ടതില്ലെന്ന് തീരുമാനിക്കുകയായിരുന്നു. പ്രസിഡന്‍റ് സ്ഥാനം സി.പി.എമ്മിന് ലഭിക്കാതിരിക്കാനായി ഒരു വോട്ട് ചെയ്ത് പ്രതിഷേധം രേഖപ്പെടുത്തി.

ജനവാസമേഖലയില്‍ മെഡിസിറ്റി: പ്രതിഷേധം ശക്തമാകുന്നു

Posted: 13 Aug 2013 10:45 PM PDT

പത്തനംതിട്ട: മലയാലപ്പുഴ പഞ്ചായത്തിലെ ജനവാസ മേഖലകളില്‍ മെഡിസിറ്റി സ്ഥാപിക്കാനുള്ള സ്വകാര്യ കമ്പനിയുടെ ശ്രമത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നു. ആക്ഷന്‍ കൗണ്‍സില്‍ നേതൃത്വത്തില്‍ സമരപരിപാടികള്‍ ശക്തമാക്കാനാണ്  തീരുമാനം. ചെന്നൈ ആസ്ഥാനമായ സണ്‍ഷൈന്‍ എജുക്കേഷന്‍ ട്രസ്റ്റ് എന്ന സ്ഥാപനമാണ് മെഡിസിറ്റി സ്ഥാപിക്കാന്‍ ഒരുങ്ങുന്നത്. ചില ജനപ്രതിനിധികളും  പദ്ധതിക്ക് എല്ലാ സഹായവും വാഗ്ദാനം ചെയ്തെന്ന ആരോപണം ഉയര്‍ന്നുകഴിഞ്ഞു. 
ജില്ലയിലെ ചില ഉന്നത ഉദ്യോഗസ്ഥരും പദ്ധതിക്ക് അനുകൂല നിലപാടാണ് സ്വീകരിച്ചിട്ടുള്ളതെന്ന് പറയുന്നു. നിലവില്‍ 6.17 ഏക്കര്‍ സ്ഥലം  ഡെന്‍റല്‍ കോളജിനായി സണ്‍ഷൈന്‍ എജുക്കേഷന്‍ ട്രസ്റ്റ് ഇവിടെ വാങ്ങിയിട്ടുണ്ട്. ഇവരുടെ ബന്ധുവിന്‍െറ ആറ് ഏക്കര്‍ ഭൂമികൂടി വാങ്ങാന്‍ നീക്കം നടക്കുന്നുണ്ട്. ബാക്കി 88 ഏക്കറാണ് പദ്ധതിക്കായി ഏറ്റെടുക്കാന്‍ ട്രസ്റ്റ് ശ്രമം ആരംഭിച്ചത്. ലക്ഷങ്ങള്‍ വിലവരുന്ന ഭൂമിക്ക് തുച്ഛമായ തുകകൊടുത്ത് വാങ്ങാനാണ് ശ്രമം.
നേരത്തേ കമ്പനി വാങ്ങിയ ആറ് ഏക്കര്‍ ഭൂമി വര്‍ഷങ്ങള്‍ക്കുമുമ്പ് മലയാലപ്പുഴ വില്ലേജ് ഓഫിസ് അധികൃതര്‍ ജപ്തി ചെയ്തിരുന്നു. ഈ ഭൂമി പിന്നീട് ട്രസ്റ്റിന് ലഭിച്ചതിനെ സംബന്ധിച്ചും ദുരൂഹത ഉടലെടുത്തിട്ടുണ്ട്. 80 ഓളം കുടുംബങ്ങളെ കുടിയിറക്കിയെങ്കില്‍ മാത്രമേ ഇവിടെ മെഡിസിറ്റി സ്ഥാപിക്കാനും കഴിയൂ. ഇതില്‍ കൂടുതല്‍ പേരും പാവപ്പെട്ട ആളുകളും പട്ടികജാതി വിഭാഗത്തില്‍പ്പെട്ടവരുമാണ്.പഞ്ചായത്തിലെ 14 ാം വാര്‍ഡ് ഉള്‍പ്പെടുന്ന കോഴിക്കുന്നം, ചേറാടി തുടങ്ങിയ പ്രദേശങ്ങള്‍ ഇതില്‍പ്പെടും. മെഡിക്കല്‍ കോളജ്, ഡെന്‍റല്‍ കോളജ്, നഴ്സിങ് കോളജ്, ഫാര്‍മസി കോളജ് മറ്റ് അനുബന്ധ സ്ഥാപനങ്ങള്‍ എന്നിവ ചേര്‍ന്നാണ് മെഡിസിറ്റി സ്ഥാപിക്കുന്നതെന്നാണ് ട്രസ്റ്റ് ഭാരവാഹികള്‍ പറയുന്നത്. ഇതുസംബന്ധിച്ച് ട്രസ്റ്റ് ചെയര്‍മാന്‍ എം. എബ്രഹാം ബാബു നല്‍കിയ അപേക്ഷയില്‍ മേല്‍ മെഡിസിറ്റി പദ്ധതി തുടങ്ങുന്നതിന് കഴിഞ്ഞ ഏപ്രില്‍ 20 ന് കൂടിയ ഗ്രാമപഞ്ചായത്ത് കമ്മിറ്റി അനുമതി നല്‍കുകയും ചെയ്തിരുന്നു.
 ഇത്തരമൊരു പദ്ധതി ഇല്ലെന്നാണ് വിവരാവകാശ നിയമ പ്രകാരം ലഭിച്ച മറുപടിയില്‍ അധികൃതര്‍ വ്യക്തമാക്കുന്നത്. എന്നാല്‍, 101 ഏക്കറില്‍ മെഡിസിറ്റി തുടങ്ങുന്നതിനായി കലക്ടറേറ്റില്‍ ട്രസ്റ്റ് അപേക്ഷ നല്‍കിയതായാണ് സൂചന. 
ബന്ധപ്പെട്ടവര്‍ ഇക്കാര്യങ്ങള്‍ ഇപ്പോള്‍ മറച്ചുവെക്കാനാണ് ശ്രമിക്കുന്നത്. പദ്ധതിക്ക് പിന്നില്‍ ചിലര്‍ രാഷ്ട്രീയ മുതലെടുപ്പ് നടത്താനാണ് ശ്രമിക്കുന്നതെന്ന് മന്ത്രി അടൂര്‍ പ്രകാശ് വ്യക്തമാക്കിയിരുന്നു. 
ഇടതുമുന്നണിയാണ് ഗ്രാമപഞ്ചായത്ത് ഭരിക്കുന്നത്. അവര്‍ ഇത്തരം തീരുമാനമെടുക്കാനുള്ള സാഹചര്യം എന്താണെന്ന് ജനങ്ങളോട് വ്യക്തമാക്കണം.
 മറ്റാരെയെങ്കിലും ബലിയാടാക്കി രക്ഷപ്പെടാനുള്ള കള്ളക്കളിയായി മാത്രമേ പഞ്ചായത്തിന്‍െറ നടപടിയെ കാണാന്‍ കഴിയൂവെന്നുമാണ് മന്ത്രി പറയുന്നത്.
 

26 ഫലസ്തീന്‍ തടവുകാരെ ഇസ്രായേല്‍ വിട്ടയച്ചു

Posted: 13 Aug 2013 10:40 PM PDT

Image: 

ജറൂസലേം: ഇരു രാജ്യങ്ങളും തമ്മില്‍ നടക്കുന്ന സമാധാന ചര്‍ച്ചകളുടെ മുന്നോടിയായി ഇസ്രായേല്‍ 26 ഫല്സതീന്‍ തടവുകാരെ വിട്ടയച്ചു. ഇസ്രായേല്‍ പൗരന്‍മാരെ ആക്രമിച്ചുവെന്ന കുറ്റം ചുമത്തിയാണ് ഇവരില്‍ മിക്കവരെയും തടവില്‍ ഇട്ടത്. വിട്ടയക്കപ്പെട്ടവരില്‍ 11പേര്‍ റാമല്ലയില്‍നിന്നും 15 പേര്‍ ഗാസ മുനമ്പില്‍ നിന്നുമുള്ളവരാണ്. ഒരു വര്‍ഷത്തിനകം വിട്ടയക്കുമെന്ന് ഇസ്രായേല്‍ ഉറപ്പു നല്‍കിയ 104 പേരുടെ കൂട്ടത്തില്‍ ഉള്ളവരാണ് ഇവര്‍. മിക്കവരും 20 വര്‍ഷത്തോളമായി ജയിലഴികള്‍ക്കുള്ളിലായിരുന്നു. അഞ്ചു വര്‍ഷങ്ങള്‍ക്കുശേഷം ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ ഉള്ള നയതന്ത്ര ചര്‍ച്ച ഇന്ന് പുനനാരംഭിക്കുകയാണ്.

ജില്ലാ പഞ്ചായത്തിന്‍െറ 75.89 കോടിയുടെ പദ്ധതികള്‍ക്ക് അംഗീകാരം

Posted: 13 Aug 2013 10:39 PM PDT

കോട്ടയം: ജില്ലാപഞ്ചായത്തിന്‍െറ 75.89കോടി രൂപ ചെലവ് വരുന്ന 613 പദ്ധതികള്‍ക്ക് ജില്ലാ ആസൂത്രണ സമിതിയുടെ അംഗീകാരം. പട്ടികജാതി വിഭാഗത്തിന് 12.82 കോടിയുടെയും പട്ടികവര്‍ഗത്തിന് 2.13 കോടിയുടെയും കുട്ടികള്‍ക്കും ഭിന്നശേഷിയുള്ളവര്‍ക്കുമായി 2.48 കോടിയുടെയും പദ്ധതികള്‍ക്ക് രൂപം നല്‍കിയതായി ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് നിര്‍മല ജിമ്മി, വൈസ് പ്രസിഡന്‍റ് വില്‍സണ്‍ മാത്യു എന്നിവര്‍ കോട്ടയം പ്രസ്ക്ളബില്‍ ‘മീറ്റ് ദ പ്രസ്’ പരിപാടിയില്‍ അറിയിച്ചു.
ജില്ലയിലെ റോഡുകളുടെ പുനരുദ്ധാരണത്തിന് 7.56 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. സ്കൂളുകളുടെയും മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും അറ്റകുറ്റപ്പണിക്കും ഫര്‍ണിച്ചറിനുമായി 7.25 കോടി നീക്കിവെച്ചു. ജില്ലയിലെ പ്രധാന കേന്ദ്രങ്ങളില്‍ എല്‍.ഇ.ഡി ഹൈമാസ്റ്റ് ലൈറ്റുകള്‍ സ്ഥാപിക്കാന്‍ 1.65 കോടിയും പട്ടികജാതി കോളനികളില്‍ ഇത്തരം ലൈറ്റ് സ്ഥാപിക്കാന്‍ 35ലക്ഷം രൂപയും ചെലവഴിക്കും. ജില്ലയിലെ സര്‍ക്കാര്‍ ഹൈസ്കൂള്‍, ഹയര്‍ സെക്കന്‍ഡറി സ്കൂളുകളില്‍ മാലിന്യനിര്‍മാര്‍ജനത്തിന് ബയോഗ്യാസ് പ്ളാന്‍റുകള്‍ സ്ഥാപിക്കാന്‍ 6.62 ലക്ഷം രൂപയുടെയും സ്കൂളുകളില്‍ സോളാര്‍ പ്ളാന്‍റുകള്‍ സ്ഥാപിക്കാന്‍ 70 ലക്ഷം രൂപയുടെയും പദ്ധതികളാണ് ആവിഷ്കരിച്ചിരിക്കുന്നത്. 
വികലാംഗര്‍ക്ക് സ്കൂട്ടര്‍ നല്‍കുന്നതിന് 78 ലക്ഷത്തിന്‍െറയും പട്ടികജാതി വികലാംഗര്‍ക്ക് മാത്രമായി 31 ലക്ഷത്തിന്‍െറയും പദ്ധതികള്‍ക്ക് അംഗീകാരമായി. ജില്ലയെ പച്ചക്കറികൃഷിയില്‍ സ്വയംപര്യാപ്തമാക്കാന്‍ അഞ്ചുവര്‍ഷത്തെ സംഘകൃഷി പദ്ധതി നടപ്പാക്കും. ഈ വര്‍ഷം തെരഞ്ഞെടുക്കപ്പെട്ട കുടുംബശ്രീ യൂനിറ്റുകള്‍ക്ക് 23 ലക്ഷം രൂപ നല്‍കി പദ്ധതി വ്യാപിപ്പിക്കും. 
മണര്‍കാട് പ്രാദേശിക കോഴിവളര്‍ത്തല്‍ കേന്ദ്രത്തോടനുബന്ധിച്ച് ‘പക്ഷിക്കൂട്’ പൗള്‍ട്രി  പാര്‍ക്ക് ആരംഭിക്കാന്‍ 35 ലക്ഷത്തിന്‍െറ പദ്ധതി ആവിഷ്കരിച്ചു. വിദ്യാര്‍ഥികള്‍ക്കും മറ്റുമായി മ്യൂസിയവും അപൂര്‍വയിനം പക്ഷികളുടെ പ്രദര്‍ശനവും പദ്ധതിയുടെ ഭാഗമാണ്. ഇന്ദിര ആവാസ് യോജന പദ്ധതി പ്രകാരം ഭവനനിര്‍മാണത്തിന് രണ്ട് കോടി രൂപ നീക്കിവെച്ചിട്ടുണ്ട്. പട്ടികജാതി വിദ്യാര്‍ഥികള്‍ക്ക് പ്രഫഷനല്‍ കോഴ്സുകളുടെ എന്‍ട്രന്‍സ് പരിശീലനത്തിന് 40 ലക്ഷം ചെലവഴിക്കും. നാടന്‍ കലകളുടെ പ്രോത്സാഹനത്തിനും കേരളപ്പിറവി ദിനാഘോഷങ്ങള്‍ക്കുമായി പ്രത്യേക പദ്ധതി നടപ്പാക്കും. ജില്ലയിലെ സ്കൂളുകളിലെ താല്‍പര്യമുള്ള കുട്ടികള്‍ക്ക് നാടന്‍ പന്തുകളിയില്‍ പരിശീലനം നല്‍കും. സ്കൂളുകളില്‍ ഫര്‍ണിച്ചറും പഠനസാമഗ്രികളും ഒരുക്കാന്‍ 36 ലക്ഷത്തിന്‍െറ പദ്ധതിയാണ് നടപ്പാക്കുന്നത്. കാര്‍ഷികമേഖലയില്‍ ഗ്രീന്‍ഹൗസ് നിര്‍മാണം, ജില്ലാ കൃഷിത്തോട്ടം, സീഡ് ഫാം എന്നിവക്കും പ്രത്യേക പദ്ധതികളുണ്ട്.
എച്ച്.ഐ.വി ബാധിതര്‍ക്ക് പോഷകാഹാര വിതരണത്തിനും പാലിയേറ്റിവ് പരിചരണത്തിനുമായി പ്രത്യേക പദ്ധതികള്‍ നടപ്പാക്കും. പട്ടികജാതി കോളനികളില്‍ സൗരോര്‍ജ വിളക്കുകള്‍ സ്ഥാപിക്കും. ശബരിമല തീര്‍ഥാടകര്‍ക്ക് സൗകര്യങ്ങള്‍ ഒരുക്കുന്നതിന് 15 ലക്ഷം രൂപ ചെലവില്‍ ‘ഹരിവരാസനം’ പദ്ധതി നടപ്പാക്കും.  മീനച്ചിലാര്‍ ഉള്‍പ്പെടെ ജില്ലയിലെ പ്രധാന നദികളിലെ മലിനീകരണം തടയാനും തീരം സംരക്ഷിക്കാനുമായി ‘ഹരിതതീരം’ പദ്ധതി ആവിഷ്കരിച്ചിട്ടുണ്ട്. ഈരാറ്റുപേട്ട മുതല്‍ തിരുവാര്‍പ്പ് വരെ തീരം ശുചീകരിച്ച് സൗന്ദര്യവത്കരിക്കും. ഇതിന് സന്നദ്ധ സംഘടനകളെയും റെസിഡന്‍റ്സ് അസോസിയേഷനുകളെയും തൊഴിലുറപ്പ് പദ്ധതി അംഗങ്ങളെയും പങ്കെടുപ്പിച്ച് പരിപാടികള്‍ നടപ്പാക്കും. 
പത്താം ക്ളാസ് വിദ്യാര്‍ഥികള്‍ക്കായി വിദ്യാജ്യോതി,  പിന്നാക്ക വിഭാഗം വിദ്യാര്‍ഥികള്‍ക്കായി മിഷന്‍ 20-20, പത്ത്, 12ക്ളാസ് വിദ്യാര്‍ഥികള്‍ക്ക് കരിയര്‍ ഗൈഡന്‍സ് എന്നീ പദ്ധതികളും നടപ്പാക്കും. സെക്രട്ടറി പുഷ്പനാഥനും പങ്കെടുത്തു. പ്രസ് ക്ളബ് പ്രസിഡന്‍റ് ജോസഫ് സെബാസ്റ്റ്യന്‍ സ്വാഗതവും സെക്രട്ടറി ഷാലു മാത്യു നന്ദിയും പറഞ്ഞു.

No comments:

Post a Comment

english malayalam dictionary

വിരുന്നുകാര്...

poomottu

Dsgd: by ASLAM PADINHARAYIL

Back to TOP