സ്വാഗതം
WELCOME

News Update..

Thursday, August 15, 2013

ഉപരോധത്തിന്‍െറ വിലങ്ങുകളഴിച്ച് തലസ്ഥാനം വീണ്ടും തിരക്കിലേക്ക് Madhyamam News Feeds

ഉപരോധത്തിന്‍െറ വിലങ്ങുകളഴിച്ച് തലസ്ഥാനം വീണ്ടും തിരക്കിലേക്ക് Madhyamam News Feeds

Link to

ഉപരോധത്തിന്‍െറ വിലങ്ങുകളഴിച്ച് തലസ്ഥാനം വീണ്ടും തിരക്കിലേക്ക്

Posted: 14 Aug 2013 10:53 PM PDT

തിരുവനന്തപുരം: എല്‍.ഡി.എഫിന്‍െറ സെക്രട്ടേറിയറ്റ് ഉപരോധത്തില്‍ ബന്ദിയാക്കപ്പെട്ട തലസ്ഥാനനഗരം വീണ്ടും തിരക്കിലമര്‍ന്നു. ഏറെക്കുറെ രണ്ട് ദിവസം സ്തംഭിച്ച നഗരജീവിതം ബുധനാഴ്ച സാധാരണനിലയിലേക്ക് മടങ്ങി. സെക്രട്ടേറിയറ്റിന് അവധിയായതിനാല്‍ ഇതരജില്ലകളില്‍ നിന്നുള്ളവരുടെ തിരക്കില്ലായിരുന്നു. ഉപരോധത്തിന്‍െറ രണ്ട് ദിനങ്ങളിലും പൂര്‍ണമായും സ്തംഭിച്ച എം.ജി റോഡില്‍ ബുധനാഴ്ച കടകമ്പോളങ്ങള്‍ തുറന്നുപ്രവര്‍ത്തിച്ചു. എന്നാല്‍ സെക്രട്ടേറിയറ്റിന്‍െറ അവധി വ്യാപാരത്തെ ബാധിച്ചു. വന്‍കിട വസ്ത്രവ്യാപാര സ്ഥാപനങ്ങള്‍ ഉള്‍പ്പെടെയുള്ളവ രണ്ട് ദിവസവും അടഞ്ഞുകിടക്കുകയായിരുന്നു. പ്രധാന റോഡുകള്‍ ഗതാഗതത്തിന് തുറന്നതാണ് നഗരവാസികളുടെ ഏറ്റവുംവലിയ ആശ്വാസം. സെക്രട്ടേറിയറ്റിലേക്ക് എത്തുന്ന 13 റോഡുകള്‍ ഉപരോധത്തില്‍ സ്തംഭിച്ചത് നഗരജീവിതത്തെ വലച്ചിരുന്നു. ഉപരോധം പിന്‍വലിച്ചെങ്കിലും സ്വാതന്ത്ര്യദിന അവധി കൂടി കഴിഞ്ഞാല്‍ മാത്രമേ തലസ്ഥാനം പൂര്‍വസ്ഥിതിയിലേക്ക് മടങ്ങിയെത്തൂ. 
ഉപരോധം വഴിയുണ്ടായ മാലിന്യനീക്കം യുദ്ധകാലാടിസ്ഥാനത്തിലാണ് നഗരസഭ പൂര്‍ത്തിയാക്കിയത്. പേപ്പറുകളും കുപ്പികളും അടിച്ചുകൂട്ടി നഗരസഭയുടെ പലഭാഗങ്ങളില്‍ കൊണ്ടുപോയി തള്ളിയിട്ടുണ്ട്. റോഡുകള്‍ അടിച്ചുവാരുകയും ചെയ്തു. എന്നാല്‍ നഗരത്തിലെ വിവിധ ഭാഗങ്ങളില്‍ ഒരുക്കിയ താല്‍കാലിക കക്കൂസുകള്‍ നീക്കിയിട്ടില്ല. ഇവ മാറ്റാന്‍ വൈകുന്നത് ആരോഗ്യപ്രശ്നങ്ങള്‍ക്കിടയാക്കും. സമരത്തിനെത്തിയവരില്‍ ഒട്ടേറെ പേര്‍ ബുധനാഴ്ചയോടെയാണ് തലസ്ഥാനം വിട്ടത്. ചൊവ്വാഴ്ച റെയില്‍വേ സ്റ്റേഷനിലും കെ.എസ്.ആര്‍.ടി.സിയിലും അനുഭവപ്പെട്ട തിരക്ക് ബുധനാഴ്ച രാവിലെ വരെ തുടര്‍ന്നു. 

ഈജിപ്ത് പട്ടാള ഭരണകൂടത്തിനെതിരെ രൂക്ഷവിമര്‍ശവുമായി ഖത്തര്‍

Posted: 14 Aug 2013 10:42 PM PDT

Image: 

ദോഹ: പുറത്താക്കപ്പെട്ട ഈജിപ്ത് പ്രസിഡന്‍റ് മുഹമ്മദ് മുര്‍സിയെ അനുകൂലിച്ച് റാബിഅ അദവിയ്യ ചത്വരത്തിലും അല്‍നഹ്ദ ചത്വരത്തിലും സമാധാനപരമായി സമരം നടത്തുന്ന പ്രക്ഷോഭകരെ ക്രൂരമായ അടിച്ചമര്‍ത്തുന്ന പട്ടാള ഭരണകൂടത്തിന്‍െറ നീക്കത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഖത്തര്‍. നിരായുധരും സാധരണക്കാരുമായ പ്രക്ഷോഭകരെ നീക്കം ചെയ്യുന്നത് സമാധാനം നിലനിര്‍ത്തിയാണെന്ന് ഉറപ്പാക്കാന്‍ അധികാരത്തിലിരിക്കുന്നവര്‍ ശ്രദ്ധിക്കണമെന്നാണ് ഖത്തര്‍ ആഗ്രഹിക്കുന്നതെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
പ്രക്ഷോഭകര്‍ക്കെതിരായ എല്ലാതരം ആക്രമങ്ങളെയും ഖത്തര്‍ അപലപിക്കുന്നതായും ജയിലിലടക്കപ്പെട്ട മുസ്്ലിം ബ്രദര്‍ഹുഡ് നേതാക്കളെ മോചിപ്പിക്കണമെന്നും ആവശ്യപ്പെട്ടു. പ്രതിസന്ധി പരിഹാരത്തിന് ഏറ്റവും ഉചിതവും സുരക്ഷിതവുമായ വഴി സംഭാഷണം മാത്രമാണെന്നും ഇത് ഏതെങ്കിലും വിഭാഗത്തെ ഒഴിവാക്കിയല്ല എല്ലാവരെയും ഉള്‍പ്പെടുത്തിയാണ് നടക്കേണ്ടതെന്നും ഖത്തര്‍ വ്യക്തമാക്കി. രാഷ്ട്രീയ തടവുകാരെയും മുര്‍സി ഉള്‍പ്പെടെയുള്ളവര്‍ക്കെതിരായ പ്രോസിക്യൂഷന്‍ നടപടികളും അവസാനിപ്പിക്കുന്നത് സംഭാഷണ പ്രക്രിയയെ ക്രിയാത്മകമാക്കുന്നതിന് സഹായകമാകുമെന്നും ഖത്തര്‍ പറഞ്ഞു. ജനുവരി 15 വിപ്ളവം സമധാനപരമായ പ്രതിഷേധത്തിന്‍റെ ഉത്തമ ഉദാഹരണം ആയിരുന്നു.
അത്തരമൊരു പ്രതിഷേധ പരിപാടി മാത്രമാണ് ഇപ്പോള്‍ റാബിയ ആദവിയയിലും നടന്നുവരുന്നത്. അതിനാല്‍ അടിച്ചമര്‍ത്തല്‍ നയം അവസാനിപ്പിക്കണം. പ്രകടനക്കാര്‍ക്ക് അതിനുള്ള സ്വാതന്ത്ര്യം വകവെച്ച് കൊടുക്കുകയും വേണം. അല്ലാത്ത പക്ഷം വളരെ മോശം ഭാവിയാണ് ഈജിപ്തിനെ കാത്തിരികുന്നത്. സമാധാനപരമായ മാര്‍ഗങ്ങള്‍, ചര്‍ച്ചകള്‍ എന്നിവ വഴി പ്രശ്നം പരിഹരിക്കപ്പെടണമെന്നാണ് ഖത്തര്‍ ആഗ്രഹിക്കുന്നത്- വിദേശകാര്യമന്ത്രാലയ വക്താവ് പറഞ്ഞു.

കേന്ദ്രതീരുമാനം ജില്ലക്കും ആഘാതമാവും

Posted: 14 Aug 2013 10:36 PM PDT

Subtitle: 
പാചകവാതക സബ്സിഡി ഡി.ബി.ടി പദ്ധതിക്ക് കീഴില്‍
പാലക്കാട്: തിരക്കുപിടിച്ച് സെപ്റ്റംബര്‍ ഒന്നുമുതല്‍ കേരളത്തെ ഒന്നടങ്കം ഡയറക്ട് ബെനിഫിറ്റ് ട്രാന്‍സ്ഫര്‍ (ഡി.ബി.ടി) പദ്ധതിക്ക് കീഴില്‍ കൊണ്ടുവരാനുള്ള  കേന്ദ്ര പെട്രോളിയം മന്ത്രാലയത്തിന്‍െറ തീരുമാനം ജില്ലയിലെ ജനങ്ങള്‍ക്കും കനത്ത ആഘാതമാവും. പാചകവാതക കണക്ഷനുകളുമായി ആധാര്‍, ബാങ്ക് അക്കൗണ്ട് നമ്പര്‍ ലിങ്ക് ചെയ്യുന്ന പ്രവൃത്തി ജില്ലയില്‍ പ്രാഥമികഘട്ടം പോലും പിന്നിട്ടില്ലെന്ന് അധികൃതര്‍ പരസ്യമായി സമ്മതിക്കുന്നതാണ്. ഈ സാഹചര്യത്തില്‍ അടുത്തമാസം മുതല്‍ സബ്സിഡിയില്ലാതെ മുഴുവന്‍ തുകയും നല്‍കി പാചകവാതകം വാങ്ങേണ്ട ഗതികേടിലാണ് ഉപഭോക്താക്കള്‍. ജൂണ്‍ ഒന്നിന്  ഡി.ബി.ടി പദ്ധതി നടപ്പാക്കിയ 20 ജില്ലകളില്‍ ഉള്‍പ്പെടുന്ന കേരളത്തിലെ വയനാട്ടിലും പത്തനംതിട്ടയിലും പകുതിയില്‍ താഴെ ഉപഭോക്താക്കള്‍ പോലും തങ്ങളുടെ ആധാര്‍-ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ ഇനിയും നല്‍കിയിട്ടില്ല.  ആധാര്‍ ലിങ്കിങ് പ്രാഥമികഘട്ടം പോലും പിന്നിടാത്ത മറ്റു ജില്ലകളിലും ധിറുതിപിടിച്ച് പദ്ധതി അടിച്ചേല്‍പിച്ചത് ഉപഭോക്താക്കള്‍ക്കൊപ്പം പാചകവാതക ഏജന്‍സികളെയും ബന്ധപ്പെട്ട വകുപ്പുദ്യോഗസ്ഥരെയും വെട്ടിലാക്കി.
80 ശതമാനം ഉപഭോക്താക്കളെങ്കിലും ആധാര്‍ നമ്പര്‍ പാചകവാതക കണക്ഷനുമായി ലിങ്ക് ചെയ്ത ജില്ലകളിലാണ് ഡി.ബി.ടി നടപ്പാക്കുന്നതെന്നാണ് കേന്ദ്രസര്‍ക്കാറിന്‍െറ വിശദീകരണം. എന്നാല്‍, പാലക്കാട് ഉള്‍പ്പെടെയുള്ള ജില്ലകളില്‍ പകുതിയില്‍ താഴെ ഉപഭോക്താക്കള്‍ മാത്രമാണ് ഇതുവരെ ആധാര്‍ നമ്പര്‍ നല്‍കിയതെന്ന് ഗ്യാസ് ഏജന്‍സികള്‍ അറിയിച്ചതായി സിവില്‍ സപൈ്ളസ് ഉദ്യോഗസ്ഥര്‍ പറയുന്നു. ഒരിക്കല്‍ നടപ്പാക്കിയാല്‍ പിന്നീട് എന്തൊക്കെ പ്രശ്നങ്ങള്‍ നേരിട്ടാലും പദ്ധതിയില്‍നിന്ന് പിന്മാറാന്‍ എണ്ണക്കമ്പനികളും കേന്ദ്രസര്‍ക്കാറും തയാറാവില്ലെന്ന് പറയപ്പെടുന്നു. മാനദണ്ഡങ്ങള്‍ പൂര്‍ത്തീകരിച്ച് എല്ലാ ഉപഭോക്താക്കള്‍ക്കും സബ്സിഡി ലഭിക്കാന്‍ വര്‍ഷങ്ങളെടുക്കും. ഫലത്തില്‍ അയല്‍സംസ്ഥാനമായ തമിഴ്നാട്ടില്‍ 400 രൂപ നല്‍കി ജനങ്ങള്‍ പാചകവാതകം വാങ്ങുമ്പോള്‍ വിപണിവിലയായ 900 രൂപയിലേറെ നല്‍കേണ്ട ഗതികേടിലേക്കാണ് മലയാളികളും എത്തിപ്പെടുന്നത്.
ആധാറും ബാങ്ക് അക്കൗണ്ടും ലിങ്ക് ചെയ്തവര്‍ക്ക് വര്‍ഷത്തില്‍ ഒമ്പത് സിലിണ്ടറുകള്‍ക്ക് മാത്രമാണ് സബ്സിഡി ലഭിക്കുക. സിലിണ്ടര്‍ ബുക്ക് ചെയ്താലുടന്‍ സബ്സിഡി തുകയായ 435 രൂപ ബാങ്ക് അക്കൗണ്ടിലെത്തുമെന്നാണ് കേന്ദ്രസര്‍ക്കാര്‍ വാഗ്ദാനം. എന്നാല്‍, ജൂണ്‍ ഒന്നുമുതല്‍ പദ്ധതി നടപ്പാക്കിയ വയനാട്, പത്തനംതിട്ട ജില്ലകളിലെ ബാങ്ക് അക്കൗണ്ട് ലിങ്ക് ചെയ്ത അപൂര്‍വം ഉപഭോക്താക്കള്‍ക്കുപോലും അഡ്വാന്‍സ് സബ്സിഡി കിട്ടിയിട്ടില്ല. വിപണിവിലയായ 917 രൂപ നല്‍കി സിലിണ്ടര്‍ വാങ്ങിയ ശേഷം മാത്രമേ സബ്സിഡി തുക ബാങ്ക് അക്കൗണ്ടുകളിലെത്തൂ എന്നാണ് ഗ്യാസ് ഏജന്‍സികളുടെ വിശദീകരണം. എന്നാല്‍, ജീവനക്കാരുടെ കുറവ്, സോഫ്റ്റ്വെയര്‍ തകരാറ് തുടങ്ങിയ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി ഇതും മുടങ്ങിയിരിക്കുകയാണ്. 410 രൂപക്ക് ലഭിച്ചിരുന്ന സിലിണ്ടര്‍ 1000 രൂപയോളം മുടക്കി വാങ്ങേണ്ട ഗതികേടിലാണ് കഴിഞ്ഞ മൂന്നു മാസമായി ഈ രണ്ടു ജില്ലകളിലെയും ദാരിദ്ര്യരേഖക്ക് താഴെയുള്ളവരടക്കമുള്ള ജനങ്ങള്‍. 
കേരളത്തിലെ മറ്റു ജില്ലകളില്‍ 40-50 ശതമാനം ഉപഭോക്താക്കള്‍ പോലും ഇനിയും ആധാര്‍ നമ്പര്‍ നല്‍കിയിട്ടില്ലെന്നാണ് ഗ്യാസ് ഏജന്‍സികളും സിവില്‍ സപൈ്ളസ് ഉദ്യോഗസ്ഥരും പറയുന്നത്. ഇതുസംബന്ധിച്ച് എണ്ണക്കമ്പനി, ഗ്യാസ് ഏജന്‍സി  എന്നിവയുടെ പ്രതിനിധികളുമായി സംസ്ഥാന സര്‍ക്കാര്‍ ഉന്നത ഉദ്യോഗസ്ഥര്‍ ഇടക്കിടെ അവലോകനയോഗങ്ങള്‍ നടത്തിവരികയാണ്. ആധാര്‍ ലിങ്കിങ് എങ്ങുമെത്തിയിട്ടില്ലെന്നാണ് കഴിഞ്ഞ ദിവസം നടന്ന അവലോകനയോഗത്തില്‍ ഗ്യാസ് ഏജന്‍സികള്‍ അറിയിച്ചതെന്ന് സിവില്‍സപൈ്ളസ് വകുപ്പിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരിലൊരാള്‍ പറഞ്ഞു. സബ്സിഡികള്‍ക്കും ഇതര ആനുകൂല്യങ്ങള്‍ക്കും ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കിയ കേന്ദ്രസര്‍ക്കാര്‍ അത് കൃത്യസമയത്ത് നല്‍കുന്ന കാര്യത്തില്‍ കാട്ടുന്ന കടുത്ത അനാസ്ഥയാണ് ഇതിന് കാരണം. പലര്‍ക്കും രജിസ്റ്റര്‍ ചെയ്ത് വര്‍ഷങ്ങള്‍ കഴിഞ്ഞാണ് ആധാര്‍ കാര്‍ഡ് ലഭിക്കുന്നത്. 
എല്‍.പി.ജി ഉപഭോക്താക്കള്‍ ആധാര്‍ നമ്പര്‍ നല്‍കാന്‍ ഒക്ടോബര്‍ 31 വരെ സമയമുണ്ടെന്നും ഇതിനുശേഷമേ ഡി.ബി.ടി പദ്ധതി നടപ്പാക്കുകയുള്ളൂവെന്നും സിവില്‍ സപൈ്ളസ് വകുപ്പ് നേരത്തേ അറിയിച്ചിരുന്നു. മാത്രമല്ല, ഉപഭോക്താക്കളുടെ ആധാര്‍ നമ്പര്‍ ബന്ധപ്പെട്ട എണ്ണക്കമ്പനിയുടെ വെബ്സൈറ്റില്‍ നല്‍കണമെന്നു മാത്രമാണ് വയനാട്, പത്തനംതിട്ട ഒഴികെയുള്ള ജില്ലകളിലെ ഗ്യാസ് ഏജന്‍സികള്‍ക്ക് നിര്‍ദേശം ലഭിച്ചത്. ബാങ്ക് അക്കൗണ്ടിന്‍െറ കാര്യത്തില്‍ നിര്‍ദേശങ്ങളൊന്നും കിട്ടിയിട്ടില്ലെന്ന് ഏജന്‍സികള്‍ പറയുന്നു. ഈ അനിശ്ചിതത്വത്തിനിടയിലാണ് ഡി.ബി.ടി പരീക്ഷണത്തിന് കേന്ദ്ര പെട്രോളിയം മന്ത്രാലയം ‘യുദ്ധകാല നടപടി’ സ്വീകരിച്ചത്. 
 

രക്ഷിതാക്കളുടെ തിരക്ക്; ഐ.ഇ.ഡി സ്കോളര്‍ഷിപ്പ് വിതരണം താളം തെറ്റി

Posted: 14 Aug 2013 10:28 PM PDT

മലപ്പുറം: ജില്ലയിലെ പ്ളസ്വണ്‍, പ്ളസ്ടു വിദ്യാര്‍ഥികള്‍ക്കുള്ള ഐ.ഇ.ഡി സ്കോളര്‍ഷിപ്പ് വിതരണം താളം തെറ്റി. മലപ്പുറം എം.എസ്.പി സ്കൂളിലായിരുന്നു ഐ.ഇ.ഡി സ്കോളര്‍ഷിപ്പ് വിതരണം ചെയ്യുമെന്നറിയിച്ചത്. എന്നാല്‍, പലര്‍ക്കും സ്കോളര്‍ഷിപ്പ് ലഭിക്കില്ലെന്നറിഞ്ഞതോടെ രക്ഷിതാക്കള്‍ രോഷാകുലരായി. ബുധനാഴ്ച രാവിലെ മുതല്‍ ആയിരത്തിലധികം രക്ഷിതാക്കളാണ് സ്കോളര്‍ഷിപ്പ് വാങ്ങാന്‍ സ്കൂളിലെത്തിയത്. മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റുമായി എത്താനായിരുന്നു വിദ്യാര്‍ഥികളോട് പ്രിന്‍സിപ്പല്‍മാര്‍ നിര്‍ദേശിച്ചിരുന്നത്. കുട്ടികളെ ആവശ്യമില്ലെങ്കിലും ഇതറിയാതെ പലരും വിദ്യാര്‍ഥികളുമായാണ് എത്തിയത്. ഇവര്‍ക്കാവശ്യമായ സൗകര്യം ഇവിടെ ഒരുക്കിയിരുന്നില്ല. 
എം.എസ്.പി ഓഡിറ്റോറിയത്തിന്‍െറ കമ്യൂണിറ്റി ഹാളിലും പുറത്തും റോഡിലും ഗ്രൗണ്ടിലുമെല്ലാം രക്ഷിതാക്കള്‍ നിറഞ്ഞുകവിഞ്ഞിരുന്നു. നിരവധി പേര്‍ എത്തിയെങ്കിലും 400 പേര്‍ക്ക് മാത്രമേ സ്കോളര്‍ഷിപ്പ് വിതരണം ചെയ്യുകയുള്ളുവെന്ന് കോഴിക്കോട് ഹയര്‍സെക്കന്‍ഡറി റീജനല്‍ ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫിസില്‍നിന്ന് നിര്‍ദേശമുണ്ടെന്ന് അധികൃതര്‍ അറിയിച്ചു. ഇതോടെ രക്ഷിതാക്കള്‍ രോഷാകുലരായി. വിദ്യാര്‍ഥികള്‍ കഴിഞ്ഞ വര്‍ഷം ബാങ്ക് അക്കൗണ്ട് എടുക്കുകയും ഇത് കോഴിക്കോട് ആര്‍.ഡി.ഡി ഓഫിസിലേക്ക് അയക്കുകയും ചെയ്തിരുന്നു. തുക ഈ അക്കൗണ്ടിലേക്കിട്ടാല്‍ നിരവധിപേര്‍ ഇവിടെ എത്തേണ്ട അവസ്ഥയില്ലായിരുന്നുവെന്ന് രക്ഷിതാക്കള്‍ പറയുന്നു. മുന്‍വര്‍ഷങ്ങളില്‍ പ്രിന്‍സിപ്പല്‍മാര്‍ മുഖേനയാണ് ഐ.ഇ.ഡി സ്കോളര്‍ഷിപ്പ് വിദ്യാര്‍ഥികള്‍ക്ക് നല്‍കിയിരുന്നത്. കഴിഞ്ഞ മാര്‍ച്ച് 31ന് മുമ്പ് നല്‍കേണ്ട സ്കോളര്‍ഷിപ്പാണ് ഇപ്പോള്‍ നല്‍കുന്നത്. അതേസമയം 400 പേര്‍ക്ക് നല്‍കിയാല്‍ മതിയെന്ന നിര്‍ദേശം നല്‍കിയിട്ടില്ലെന്ന് ആര്‍.ഡി.ഡി സബുന്നീസാ ബീവീ മാധ്യമത്തോട് പറഞ്ഞു. ബുധനാഴ്ച വന്നവര്‍ക്കെല്ലാം നല്‍കാനുള്ള പണം തികയില്ലെന്നും അവര്‍ പറഞ്ഞു. 
 

പാചക വാതക സബ്സിഡി ഇനി ആധാര്‍ ഉള്ളവര്‍ക്ക് മാത്രം

Posted: 14 Aug 2013 10:17 PM PDT

Subtitle: 
*ഒരുവര്‍ഷം മുമ്പ് അപേക്ഷിച്ചവര്‍ക്കും ആധാര്‍ കിട്ടിയില്ല *എന്‍റോള്‍മെന്‍റ് സ്ളിപ് നഷ്ടപ്പെട്ടവര്‍ നിരവധി *കാര്‍ഡ് ഉള്ളവര്‍ക്ക് സബ്സിഡി കിട്ടുന്നില്ലെന്ന് പരാതി
പത്തനംതിട്ട: പാചക വാതക സബ്സിഡി സെപ്റ്റംബര്‍ ഒന്ന് മുതല്‍ ആധാര്‍ കാര്‍ഡ് ഉള്ളവര്‍ക്ക് മാത്രം. പത്തനംതിട്ട ജില്ലയില്‍ 2, 82,000 പാചക വാതക ഉപഭോക്താക്കളില്‍ 2,50,000 പേരാണ് ഇതിനകം ബാങ്ക് അക്കൗണ്ട് എടുത്തിട്ടുള്ളത്. ഇതില്‍ 1,56,000 പേര്‍ മാത്രമേ ആധാര്‍ കാര്‍ഡ് ബാങ്കുമായി ബന്ധിപ്പിച്ചിട്ടുണ്ട്. ആധാര്‍ കാര്‍ഡിന് അപേക്ഷിച്ചിട്ടുള്ള പലര്‍ക്കും അത് ഇനിയും  ലഭിക്കാത്തതാണ് പ്രധാന കാരണം.  
ഒരുവര്‍ഷം മുമ്പ് അപേക്ഷിച്ചവര്‍ക്കുപോലും കാര്‍ഡ് ലഭിച്ചിട്ടില്ല. ആധാര്‍ കാര്‍ഡ്  ലഭിക്കാത്തവര്‍ക്ക് ലിങ്ക് ചെയ്യാനും കഴിയില്ല. പലരുടെയും എന്‍റോള്‍മെന്‍റ് സ്ളിപ് കൈവശം നിന്ന് നഷ്ടപ്പെട്ടത് കാരണം അക്ഷയ കേന്ദ്രങ്ങളില്‍ അന്വേഷിച്ചാലും പ്രയോജനം ഇല്ലാത്ത സ്ഥിതിയാണിപ്പോള്‍. പുതിയ ആധാര്‍ കാര്‍ഡ് ലഭിക്കണമെങ്കില്‍ ഏറെ സമയവും എടുത്തേക്കും.  ആധാര്‍ കാര്‍ഡ് കോപ്പി അക്കൗണ്ടുള്ള ബാങ്കിലും ഗ്യാസ് ഏജന്‍സികളിലും നല്‍കിയിട്ടും പലര്‍ക്കും സബ്സിഡി തുക ബാങ്കില്‍  എത്തിയിട്ടില്ല. 
ഗ്യാസ് ഏജന്‍സിയില്‍ അന്വേഷിക്കുമ്പോള്‍ അക്കൗണ്ട് ആധാര്‍ ബന്ധിതമായിട്ടില്ല എന്നാണ് ഏജന്‍സികള്‍ പറയുന്നത്. എന്നാല്‍, ബാങ്കില്‍ അന്വേഷിക്കുമ്പോള്‍ അക്കൗണ്ട് ആധാറുമായി ബന്ധിപ്പിച്ചെന്നും ഗ്യാസ് ഏജന്‍സികളിലെ കുഴപ്പമാണെന്നുമാണ് ബാങ്കുകാര്‍ പറയുന്നത്. 
ആദ്യം സബ്സിഡി തുക ബാങ്ക് മുഖേന ലഭിച്ചവര്‍ക്ക് രണ്ടാമത്തെ തവണ സിലിണ്ടര്‍ എടുത്തപ്പോള്‍ സബ്സിഡി ലഭിച്ചില്ലെന്ന പരാതികളും വ്യാപകമായിട്ടുണ്ട്. ആധാര്‍ ലിങ്ക് ചെയ്തിട്ടില്ലെന്ന കാരണം പറഞ്ഞ് ഗ്യാസ് ഏജന്‍സികള്‍ നിശ്ചിത തുകയെക്കാള്‍ കൂടുതല്‍ വാങ്ങുന്നതായും പരാതിയുണ്ട്. കമ്പ്യൂട്ടര്‍ സംവിധാനത്തിലെ തകരാര്‍, ജീവനക്കാരുടെ കുറവ് ഇവയൊക്കെ കാരണം ഏറെ നാളായി ഗ്യാസ് ഏജന്‍സികളുടെ പ്രവര്‍ത്തനം അവതാളത്തിലാണ്്.
ഗ്രാമപ്രദേശങ്ങളിലും മറ്റ് വാഹനത്തില്‍ പാചക വാതകം എത്തിക്കുന്നതും തടസ്സപ്പെടുന്നുണ്ട്. ഇതോടെ പലരും വാഹനങ്ങള്‍ വിളിച്ചാണ് ഗ്യാസ് ഏജന്‍സികളില്‍ എത്തി സിലിണ്ടറുകള്‍ കൊണ്ടുപോകുന്നത്.പന്തളം തെക്കേക്കര, കുടമുക്ക്, ചന്ദനപ്പള്ളി, കൊടുമണ്‍ പ്രദേശങ്ങളില്‍ ഒരു മാസമായി പാചക വാതക വിതരണം നടക്കുന്നില്ല. ഇവിടങ്ങളില്‍ ഉള്ളവര്‍ വാഹനം വിളിച്ചാണ് പത്തനംതിട്ടയില്‍ എത്തി സിലിണ്ടര്‍ എടുക്കുന്നത്. പത്തനംതിട്ട സരോജ് ഗ്യാസ് ഏജന്‍സിയില്‍ ഉച്ചക്ക് ശേഷമാണ് ഇപ്പോള്‍ പാചക വാതക സിലിണ്ടര്‍ വിതരണം ചെയ്യുന്നത്. 
ബുധനാഴ്ച രാവിലെ ഓട്ടോകളില്‍ എത്തിയവര്‍ക്ക് സിലിണ്ടര്‍ നല്‍കാഞ്ഞത് ഉപഭോക്താക്കളും ജീവനക്കാരും തമ്മിലെ വാക്കേറ്റത്തിനും കാരണമായി.പലരും ഉച്ചക്കുശേഷം വീണ്ടും വാഹനം വിളിച്ചാണ് സിലിണ്ടര്‍ കൊണ്ടുപോയത്. ഇതുകാരണം രണ്ടുതവണ വാഹനം വിളിക്കുന്ന ഇനത്തില്‍ പലര്‍ക്കും 600 രൂപയും അതിന് മുകളിലും വാഹന കൂലി നല്‍കേണ്ടിയും വന്നു. ഏജന്‍സികളില്‍ ഫോണ്‍ വിളിച്ചാലും എടുക്കാറില്ലെന്ന് ഉപഭോക്താക്കള്‍ പരാതി പറഞ്ഞു.പേര് മാറ്റവുമായി ബന്ധപ്പെട്ട് നാലും അഞ്ചും തവണ വരെ ആളുകള്‍ ഗ്യാസ് ഏജന്‍സികളില്‍ കയറി ഇറങ്ങുന്നുണ്ട്. ആഗസ്റ്റ് 917 രൂപയാണ് സബ്സിഡി രഹിത നിരക്ക്. സബ്സിഡിയുള്ള നിരക്ക് 443 രൂപയുമാണ്. മുഴുവന്‍ തുകയും അടച്ചാല്‍ മാത്രമേ സബ്സിഡി തുക കഴിച്ചുള്ള തുക അവരുടെ ബാങ്ക് അക്കൗണ്ടിലേക്ക് എത്തുകയുള്ളൂ.
 

കരിങ്കൊടി കേസുകളില്‍ പൊലീസ് തുടര്‍നടപടി ഊര്‍ജിതമാക്കി

Posted: 14 Aug 2013 10:11 PM PDT

Subtitle: 
നിയമനടപടികളില്‍ വലഞ്ഞ് യുവജന പ്രവര്‍ത്തകര്‍
കോട്ടയം: സോളാര്‍ തട്ടിപ്പുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കും കരിങ്കൊടി കാണിച്ച കേസ് നടപടികള്‍ പൊലീസ് ഊര്‍ജിതമാക്കി. ഇടതുപക്ഷ യുവജന സംഘടന പ്രവര്‍ത്തകര്‍ക്കെതിരെയാണ് കൂടുതല്‍ കേസുകളും. സ്റ്റേഷന്‍ ജാമ്യത്തില്‍ പുറത്തിറങ്ങിയ പ്രവര്‍ത്തകര്‍ കേസുകളുടെ തുടര്‍നടപടികള്‍ നേരിടുകയാണ്. മുഖ്യമന്ത്രിക്ക് എതിരെ കരിങ്കൊടി പ്രയോഗം ഉള്‍പ്പെടെ സമരപരിപാടികള്‍ തുടരാന്‍ ഇടതുപാര്‍ട്ടികള്‍ തീരുമാനിച്ച അവസ്ഥയില്‍ ഇനിയും കേസുകള്‍ പെരുകാനും സാധ്യതയേറി.
ജില്ലയിലെ ഡി.വൈ.എഫ്.ഐ, എ.ഐ.വൈ.എഫ് പ്രവര്‍ത്തകരാണ് കൂടുതല്‍ കേസുകളില്‍ അകപ്പെട്ടത്. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനും സ്വന്തം മണ്ഡലങ്ങളിലെ പരിപാടികളില്‍ നിശ്ചയമായും പങ്കെടുക്കുമെന്നതിനാല്‍ കരിങ്കൊടി സമരം തീക്ഷ്ണമായത് കോട്ടയത്താണ്. എ.ഐ.വൈ.എഫിന്‍െറ 500ഓളം പ്രവര്‍ത്തകര്‍ കേസില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. വൈക്കത്ത് യൂത്ത് കോണ്‍ഗ്രസ്-എ.ഐ.വൈ.എഫ് സംഘര്‍ഷമുണ്ടായ സംഭവത്തില്‍ നാലു കേസ് എടുത്തിരുന്നു. 
പത്തുപേരെ കേസില്‍ റിമാന്‍ഡ് ചെയ്തു. നാല്‍പത് പേര്‍ക്കെതിരെ നേരിട്ടും കണ്ടാലറിയാവുന്ന മറ്റ് 300 പേര്‍ക്കെതിരെയും കേസെടുത്തു. നെടുങ്കുന്നത്ത് 15 പേര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തിയാണ് കേസ്. കോട്ടയത്ത് അഞ്ചുകേസുകള്‍ സമരവുമായി ബന്ധപ്പെട്ട് എടുത്തു. ഇതില്‍ ഒന്നില്‍ ജാമ്യമെടുക്കാത്തവരെ വീട്ടില്‍ എത്തി അറസ്റ്റ് ചെയ്യുമെന്ന് ബുധനാഴ്ച പൊലീസ് നേതാക്കള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു.
ഡി.വൈ.എഫ്.ഐക്കാര്‍ക്കെതിരെ ജില്ലയില്‍ 100ഓളം കേസുകള്‍ എടുത്തിട്ടുണ്ടെന്നാണ് കണക്ക്. ഒരാള്‍ക്കെതിരെ തുടര്‍ച്ചയായി ഒമ്പത് കേസുകള്‍ വരെ ചുമത്തിയ സാഹചര്യമുണ്ട്. മൊത്തം 120 പേരോളം വിവിധ കേസുകളില്‍ കുടുങ്ങിയിട്ടുണ്ടെന്നാണ് വിലയിരുത്തല്‍. കേസില്‍ വാറന്‍റുകള്‍ നല്‍കിത്തുടങ്ങിയിട്ടുണ്ട്. കസ്റ്റഡിയില്‍ എടുക്കുമെന്ന മുന്നറിയിപ്പിനെ തുടര്‍ന്ന് പ്രവര്‍ത്തകര്‍ സ്റ്റേഷന്‍ ജാമ്യം എടുത്ത് താല്‍ക്കാലിക രക്ഷ നേടുകയായിരുന്നു. കോട്ടയത്തിന് പുറമെ അമയന്നൂര്‍, കറുകച്ചാല്‍ പ്രദേശങ്ങളിലെ സമരങ്ങളുമായി ബന്ധപ്പെട്ടാണ് ഡി.വൈ.എഫ്.ഐക്കാര്‍ക്ക് എതിരെ കൂടുതല്‍ കേസുകളും ചുമത്തിയത്.
മുഖ്യമന്ത്രിയെ പൊതുപരിപാടികളില്‍ പങ്കെടുക്കാന്‍ അനുവദിക്കില്ലെന്ന സി.പി.എം നേതൃത്വത്തിന്‍െറ തീരുമാനം കൂടുതല്‍ പ്രശ്നത്തിലാഴ്ത്തുക ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരെയാകും. ഫലത്തില്‍ നാലും അഞ്ചും കേസുകള്‍ ചുമത്തപ്പെട്ട് ഗതികെട്ട് അലയുന്ന പ്രവര്‍ത്തകര്‍ കൂടുതല്‍ കേസുകളിലേക്ക് വഴിച്ചിഴക്കപ്പെടും. പൊലീസ് മര്‍ദനത്തിന് പുറമേ ജോലി സാധ്യതകളെ വരെ പ്രതിസന്ധിയിലാക്കുന്ന കേസുകളിലും കുടുങ്ങുന്നത് ഇടത് യുവജന പ്രവര്‍ത്തകരെ ആശങ്കയില്‍ ആഴ്ത്തുകയാണ്.

മൂന്നാറില്‍ നിന്നകന്ന് വിനോദ സഞ്ചാരികള്‍

Posted: 14 Aug 2013 10:06 PM PDT

Subtitle: 
മഴ ഗതാഗത തടസ്സം: ടൂറിസം മേഖലക്ക് തിരിച്ചടി
മൂന്നാര്‍: കനത്ത മഴയും ഗതാഗത തടസ്സവും മൂന്നാറിലേക്കുള്ള വിനോദ സഞ്ചാരികളുടെ ഒഴുക്കിന് വിഘാതമായി. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് ചെറിയ ശതമാനം സന്ദര്‍ശകര്‍ മാത്രം മൂന്നാറിലെത്തുന്നത് ടൂറിസം മേഖലക്ക് തിരിച്ചടിയാവുകയാണ്. 
മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളിലെ കനത്ത തിരക്കിന് ശേഷം തിരക്ക് പ്രതീക്ഷിച്ച ജൂണ്‍ മുതലാണ് അപ്രതീക്ഷിതമായി പേമാരിയെത്തുന്നത്. 
കനത്ത മഴയും മണ്ണിടിച്ചിലും നിമിത്തം മൂന്നാറിലേക്കുള്ള പ്രധാന റോഡുകളെല്ലാം അടഞ്ഞതോടെ വിദേശീയരടക്കം സഞ്ചാരികള്‍ക്ക് ഇവിടേക്ക് എത്താന്‍ കഴിയാതെവന്നു. മണ്‍സൂണ്‍ ടൂറിസത്തിന്‍െറ സൗന്ദര്യം ആസ്വദിക്കാന്‍ വിദേശികള്‍ പതിവായി മഴക്കാലത്ത് എത്തുന്ന രീതിക്ക് ഇത്തവണ മാറ്റം സംഭവിച്ചു. വിദേശ സന്ദര്‍ശകര്‍ക്ക് പ്രിയപ്പെട്ട തേക്കടി, മൂന്നാര്‍ മേഖലകളിലേക്ക് വളരെ കുറച്ചുപേര്‍ മാത്രമാണ് ഇത്തവണ എത്തിയത്.
ജൂലൈ മുതല്‍ സെപ്റ്റംബര്‍ വരെ ഉണ്ടാകാറുള്ള തിരക്ക് കുറഞ്ഞത് വ്യാപാര-ഹോട്ടല്‍ മേഖലക്ക് തിരിച്ചടിയായി. ഏറെ പണം മുടക്കി ബിസിനസ് ചെയ്യുന്ന റിസോര്‍ട്ട് ഉടമകളും കാര്യമായ ബുക്കിങ് ഇല്ലാതെ നിരാശരായിരിക്കുകയാണ്. 
മുന്‍ വര്‍ഷങ്ങളില്‍ ഗള്‍ഫ് നാടുകളില്‍നിന്ന് ധാരാളം വിനോദ സഞ്ചാരികള്‍ എത്തിയിരുന്നു. കനത്ത മഴ ഇവരുടെ വരവിനും തടസ്സമായി. ചായക്കട മുതല്‍ ടാക്സിയും റിസോര്‍ട്ടും വരെ ടൂറിസത്തെ ആശ്രയിക്കുന്ന മൂന്നാറില്‍ ഇത്തവണ കാലവര്‍ഷം സമ്മാനിച്ചത് വന്‍ നഷ്ടമാണ്. മഴ കനത്തതോടെ തോട്ടങ്ങള്‍ക്ക് അവധി നല്‍കിയതും ജനം വീടിന് പുറത്തിറങ്ങാത്തതും വ്യാപാര മേഖലയെ മന്ദീഭവിപ്പിച്ചു. കൊച്ചി-ധനുഷ്കോടി ദേശീയപാതയിലെ ദുര്‍ഘടാവസ്ഥ സന്ദര്‍ശകര്‍ക്ക് മടുപ്പായതും തിരിച്ചടിയായി. തേക്കടിയിലെത്തി മടങ്ങുന്ന രീതിയാണ് ഏറെ സന്ദര്‍ശകരും പുലര്‍ത്തിയത്. 
പ്രകൃതിയുടെ താണ്ഡവവും അധികൃതരുടെ അലംഭാവവും ഒന്നിച്ചതോടെ മൂന്നാറിലെ ടൂറിസം സീസണിന്‍െറ ഭൂരിഭാഗം സമയവും നഷ്ടമായതിന്‍െറ ദു$ഖത്തിലാണ് വിനോസഞ്ചാര മേഖല.
 

മെട്രോ തൊഴില്‍ തര്‍ക്കം: ഇന്ന് ചര്‍ച്ച

Posted: 14 Aug 2013 09:59 PM PDT

Subtitle: 
സ്റ്റേഷന്‍ നിര്‍മാണം; പ്രാഥമിക രൂപരേഖ കൈമാറി
കൊച്ചി: മെട്രോ റെയില്‍ നിര്‍മാണവുമായി ബന്ധപ്പെട്ട കളമശേരി കാസ്റ്റിങ് യാര്‍ഡിലെ തൊഴില്‍ തര്‍ക്കം പരിഹരിക്കാന്‍ കലക്ടറുടെ സാന്നിധ്യത്തില്‍ വ്യാഴാഴ്ച ചര്‍ച്ച. കാസ്റ്റിങ് യാര്‍ഡിലെ തൊഴില്‍ തര്‍ക്കവുമായി ബന്ധപ്പെട്ട് തൊഴിലാളി സംഘടനകളുടെ പരാതി പരിഹരിക്കുന്നതിനാണ് കലക്ടറേറ്റില്‍ ഉച്ചക്ക് രണ്ടിന് ചര്‍ച്ച നടക്കുന്നത്. 
നിര്‍മാണത്തൊഴിലാളികള്‍ യാര്‍ഡിലെ ജോലിയില്‍ പങ്കാളിത്തം ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് കഴിഞ്ഞ ആഴ്ച യാര്‍ഡില്‍ ജോലികള്‍ തടസ്സപ്പെട്ടിരുന്നു. പ്രമുഖ യൂനിയനുകളിലെ പ്രാദേശിക തൊഴിലാളികളാണ് തങ്ങള്‍ക്ക് ജോലിയില്‍ പങ്കാളിത്തം ആവശ്യപ്പെട്ട് രംഗത്തുവന്നത്. മുതിര്‍ന്ന തൊഴിലാളി സംഘടന നേതാക്കള്‍ ഇടപെട്ടതിനെ തുടര്‍ന്നാണ് പിന്നീട് ഇവിടെ നിര്‍മാണ നടപടികള്‍ പുനരാരംഭിക്കുന്നതിനുള്ള  സാഹചര്യം സംജാതമായത്. 
അതേ സമയം കൊച്ചി മെട്രോ പദ്ധതിയുടെ സ്റ്റേഷന്‍ നിര്‍മാണത്തിനുള്ള പ്രാഥമിക രൂപരേഖ കൈമാറി. 
ഡിസൈനുമായി ബന്ധപ്പെട്ട നടപടികളുടെ ചുമതലയുള്ള ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ആര്‍ക്കിടെക്ചറിനാണ് രൂപരേഖ കൈമാറിയത്. ദല്‍ഹി മെട്രോ റെയില്‍ കോര്‍പറേഷന്‍െറ കണ്‍സള്‍ട്ടന്‍റുമാരായ എഗിസ് ഇന്ത്യയാണ് 17 സ്റ്റേഷനുകളുടെ പ്രാഥമിക രൂപരേഖ തയാറാക്കിയത്. കേരളത്തിന്‍െറ കാലാവസ്ഥയും സാംസ്കാരിക പൈതൃകവും കണക്കിലെടുത്ത് സ്റ്റേഷനുകള്‍ രൂപകല്‍പന ചെയ്യാന്‍ കെ.എം.ആര്‍.എല്‍ നിര്‍ദേശിച്ചിരുന്നു. 
പ്രാദേശികമായ പ്രത്യേകതകള്‍ പ്രതിഫലിപ്പിക്കുന്നതിനൊപ്പം കാറ്റും വെളിച്ചവും പരമാവധി ഉപയോഗപ്പെടുത്തിയാണ് 17 സ്റ്റേഷനുകളുടെ പ്രാഥമിക രൂപരേഖ തയാറാക്കിയിട്ടുള്ളത്. 
സോളാര്‍ പാനല്‍, മഴവെള്ള സംഭരണി എന്നിവ സ്ഥാപിക്കാനും നിര്‍ദേശമുണ്ട്.എഗിസ് ഇന്ത്യ തയാറാക്കിയ പ്രാഥമിക രൂപരേഖ ഡിസൈന്‍ ചുമതലയുള്ള ഇന്ത്യന്‍ ഇന്‍സ്റ്റിട്ട്യൂട്ട് ഓഫ് ആര്‍ക്കിടെക്ചറിന്‍െറ കൊച്ചി ചാപ്റ്ററിനാണ് കൈമാറിയിട്ടുള്ളത്. ഇക്കാര്യത്തില്‍ തുടര്‍നടപടികള്‍ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ആര്‍ക്കിടെക്ട് തീരുമാനിക്കും. 
മൊത്തം 22 സ്റ്റേഷനുകളാണ് കൊച്ചി മെട്രോക്കുള്ളത്. ശേഷിക്കുന്ന അഞ്ച് എണ്ണത്തിന്‍െറ രൂപരേഖ ഇന്‍സ്റ്റിട്ട്യൂട്ട് ഓഫ് ആര്‍ക്കിടെക്ചറിന്‍െറ നേതൃത്വത്തില്‍ ഉടന്‍ തയാറാക്കും. അഞ്ച് സംഘങ്ങളായി തിരിഞ്ഞാകും ഇന്ത്യന്‍ ഇന്‍സ്റ്റിട്ട്യൂട്ട് ഓഫ് ആര്‍ക്കിടെക്ചറിന്‍െറ പ്രതിനിധികള്‍ രൂപകല്‍പന തയാറാക്കുക.

കാറിനുള്ളില്‍ ഗൃഹനാഥന്‍ വെന്തുമരിച്ച സംഭവം : പൊലീസ് തെളിവെടുത്തു

Posted: 14 Aug 2013 09:54 PM PDT

ചെങ്ങന്നൂര്‍: കാറിനുള്ളില്‍ ഗൃഹനാഥന്‍ വെന്തുമരിച്ച കേസില്‍ പൊലീസ് സര്‍ജന്‍െറ നേതൃത്വത്തില്‍ സ്ഥലം സന്ദര്‍ശിച്ച് തെളിവ് ശേഖരിച്ചു. 
തിങ്കളാഴ്ച രാത്രി 7.45ഓടെ പാണ്ടനാട് മുതവഴി ഭാഗത്തെ ആള്‍ത്താമസമില്ലാത്ത വീടിന് സമീപത്താണ് കാറിന് തീപിടിച്ചത്. കാറിലുണ്ടായിരുന്ന കാടുവെട്ടൂര്‍ അനുജന്‍ കെ. വര്‍ഗീസാണ് മരിച്ചത്. ആത്മഹത്യയാണെന്ന പ്രാഥമിക നിഗമനത്തിലാണ് പൊലീസ്. പമ്പില്‍ നിന്ന് രണ്ടുലിറ്റര്‍ പെട്രോള്‍ അധികം വാങ്ങിയതും പൊലീസിന് ഇത്തരത്തിലുള്ള നിഗമനത്തിലെത്തുന്നതിന് കാരണമായി. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചശേഷം മാത്രമേ ഇക്കാര്യത്തില്‍ സ്ഥിരീകരണം ഉണ്ടാകൂവെന്ന് സി.ഐ എസ്. ബൈജുകുമാര്‍ പറഞ്ഞു. മര്‍ച്ചന്‍റ് നേവിയിലുള്ള മകന്‍ നിഥിന്‍ ജോലി ചെയ്യുന്ന കപ്പല്‍ യു.കെയില്‍ അടുത്തിട്ടുണ്ടെന്നും അവധിക്ക് നാട്ടിലെത്തിയ ശേഷം മാത്രമേ സംസ്കാരം നടത്തൂവെന്നും ബന്ധുക്കള്‍ പറഞ്ഞു.  
 
 

കാറില്‍നിന്ന് 1680 കുപ്പി വിദേശമദ്യം പിടികൂടി

Posted: 14 Aug 2013 09:52 PM PDT

കാസര്‍കോട്: ഹോണ്ട സിറ്റി കാറില്‍ കടത്തുകയായിരുന്ന 1680 കുപ്പി വിദേശമദ്യം ആദൂര്‍ പൊലീസ് പിടികൂടി. ബുധനാഴ്ച പുലര്‍ച്ചെ മുള്ളേരിയ ടൗണില്‍ വാഹനപരിശോധനക്കിടയിലാണ് മദ്യം പിടികൂടിയത്.
കെ.എല്‍ 58-ബി 3363 കാറില്‍ കടത്തിയ മദ്യമാണ് ബെള്ളൂര്‍ നാട്ടക്കല്‍ റോഡ് ജങ്ഷനില്‍വെച്ച് പിടികൂടിയത്. കാറിലുണ്ടായിരുന്ന രണ്ടുപേര്‍ ഓടി രക്ഷപ്പെട്ടു.
 

No comments:

Post a Comment

english malayalam dictionary

വിരുന്നുകാര്...

poomottu

Dsgd: by ASLAM PADINHARAYIL

Back to TOP