സ്വാഗതം
WELCOME

News Update..

Sunday, August 18, 2013

അല്‍ജസീറ അമേരിക്കന്‍ ചാനല്‍ ചൊവ്വാഴ്ച സംപ്രേഷണം തുടങ്ങും Madhyamam News Feeds

അല്‍ജസീറ അമേരിക്കന്‍ ചാനല്‍ ചൊവ്വാഴ്ച സംപ്രേഷണം തുടങ്ങും Madhyamam News Feeds

Link to

അല്‍ജസീറ അമേരിക്കന്‍ ചാനല്‍ ചൊവ്വാഴ്ച സംപ്രേഷണം തുടങ്ങും

Posted: 17 Aug 2013 11:47 PM PDT

Image: 

ദോഹ: അല്‍ജസീറ ചാനല്‍ ശൃംഖല ഒരുചുവട് കൂടി മുന്നോട്ടുവെച്ച് അമേരിക്കന്‍ ചാനല്‍ ചൊവാഴ്ച സംപ്രേഷണമാരംഭിക്കും. ഖത്തര്‍ ആസ്ഥാനമായ ചാനല്‍ ഇിനി അമേരിക്കയിലെ 40 മില്യന്‍ വീടുകളിലേക്ക് കൂടിയെത്തും.
അമേരിക്കന്‍ പ്രേക്ഷകര്‍ അല്‍ജസീറയെ എങ്ങനെ സ്വീകരിക്കുമെന്നത് ഇതിനികംതന്നെ മാധ്യമ നിരീക്ഷകര്‍ക്കിയില്‍ ചര്‍ച്ചയായിട്ടുണ്ട്. ചാനലിന്‍െറ നിലവിലുള്ള സി.ഇ.ഒ ഈഹാബ് അല്‍ ശിഹാബിയെ പുതിയ ചാനലിന്‍െറ എക്സിക്യൂട്ടീവ് ഓഫീസറായി നിശ്ചയിച്ചു കഴിഞ്ഞു. തുര്‍ക്കി ചാനലിന്‍െറ ചുമതല വഹിചിരുന്നതും ഇദ്ദേഹമായിരുന്നു. അമേരിക്കയിലെ പ്രമുഖ 10 നഗരങ്ങളില്‍ ചാനലിന്‍െറ ഓഫിസ് തുറക്കുമെന്നും ചാനല്‍ വൃത്തങ്ങള്‍ അറിയിച്ചു.

ബസ് വീട്ടിലേക്ക് പാഞ്ഞുകയറി 45 പേര്‍ക്ക് പരിക്ക്

Posted: 17 Aug 2013 11:07 PM PDT

അഞ്ചാലുംമൂട്: നിയന്ത്രണം വിട്ട സ്വകാര്യബസ് വീട്ടിലേക്ക് ഇടിച്ചുകയറി സ്കൂള്‍ വിദ്യാര്‍ഥികളടക്കം 45 പേര്‍ക്ക് പരിക്ക്. കൊല്ലം-അഞ്ചാലുംമൂട് -കുണ്ടറ റൂട്ടില്‍ ചെമ്മക്കാട് മേല്‍പാലത്തിന് സമീപം ശനിയാഴ്ച രാവിലെ ഒമ്പതോടെയാണ് സംഭവം.  ഈ റൂട്ടില്‍ സര്‍വീസ് നടത്തുന്ന വിഷ്ണുമായ(മമ്മി) എന്ന ബസാണ് അപകടത്തില്‍പെട്ടത്. ചെമ്മക്കാട് മേല്‍പാലത്തിന് സമീപം ലക്ഷ്മിസദനത്തില്‍ വാടകക്ക്  താമസിച്ചു വന്ന രത്നാകരന്‍ പിള്ളയുടെ വീട്ടിലേക്കാണ് ബസ് ഇടിച്ചുകയറിയത്. 
സാരമായി പരിക്കേറ്റ ഇവരുടെ മകള്‍  സൗമ്യ(21) യെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഡീന (16) വെള്ളിമണ്‍, അമ്പിളി (44) ചിറ്റുമല, ബിജി (38) കാഞ്ഞിരകോട്, സൗമ്യ (24) ചെമ്മക്കാട് എന്നിവരെ ജില്ലാ ആശുപത്രിയില്‍ നിന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് റഫര്‍ ചെയ്തിട്ടുണ്ട്.ഗുരുതരമായി പരിക്കേറ്റ ബസ്ഡ്രൈവര്‍ ചന്ദനത്തോപ്പ് കുഴിയം വിജയഭവനില്‍ ഷിബു(24)വിനെ കൊല്ലത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.  ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചവര്‍ : (പേര്, വയസ്സ്, സ്ഥലം ക്രമത്തില്‍) ജയ (45) ഇടയ്ക്കിടം, ഇജാസ് (17) ഇളമ്പള്ളൂര്‍, പ്രശാന്ത് (23) ചന്ദനത്തോപ്പ്, രാഹുല്‍ രാജ് (14) കുഴിയം, വാസുദേവന്‍പിള്ള (64) കുഴിമതിക്കാട്, സീമ (33) പെരുമണ്‍, അരവിന്ദാക്ഷന്‍ (48) വെള്ളിമണ്‍, ഷൈജ (40) വെള്ളിമണ്‍, സവിത (26) കുണ്ടറ, സുമി (18) നന്നാരിക്കല്‍, മായാ ജോസഫ് (35) പേരയം, ശ്രീകുമാര്‍ (30) പെരുമണ്‍, സണ്ണി ഓടനാവട്ടം, ആശ (32) വെള്ളിമണ്‍, അജിത് (15) പെരുമ്പുഴ, ഷീജാ സുനില്‍ (36) ചെറുമൂട്, സുനിത (35) വെള്ളിമണ്‍, ബിന്ദു (34) പടപ്പക്കര, ബാലചന്ദ്രന്‍ (35) മുളവന.
കടവൂരിലെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചവര്‍.
രാധാമണി (49)കിഴക്കേകല്ലട, അജീഷ് (14) ചെറുമൂട്, ആതിര ബി.കുട്ടന്‍ ചാറുകാട്, റോജോ (20) വെള്ളിമണ്‍, റോഷ്നി (30) നെടുമ്പന, ദീപ (13) കുഴിയം, റിനി (21) വെള്ളിമണ്‍, രാജമ്മ (59) പോരുവഴി, നിര്‍മല (42) പേരയം, ഷെയ്ന്‍ (21) വെള്ളിമണ്‍, ആശ (23) വെള്ളിമണ്‍, ശാന്ത (കാഞ്ഞിരംകുഴി), മൃദുല (21) ചാറുകാട്, അജിത (15) വെള്ളിമണ്‍, റോഷന്‍ പള്ളിമുക്ക്,  എലിസബത്ത് (48) മുളവന, കാര്‍ത്തിക രാജ് (16) ചാറുകാട്, ജൂബി (20) കുണ്ടറ, അതുല്‍ (15) നെടുമ്പായിക്കുളം, ഷാനി (വെള്ളിമണ്‍), കണ്ണന്‍ (16) വെള്ളിമണ്‍ .
വായനശാല ജങ്ഷനില്‍ നിന്ന് അമിത വേഗത്തില്‍ ഇറക്കം ഇറങ്ങി വന്ന ബസ് മേല്‍പാലത്തിലെ കയറ്റം കയറുന്നതിന് മുമ്പ് നിയന്ത്രണം വിടുകയായിരുന്നത്രേ. എന്നാല്‍ ബൈക്ക് യാത്രികനെ രക്ഷപ്പെടുത്താന്‍ ശ്രമിക്കുന്നതിനിടെയാണ് അപകടത്തില്‍പെട്ടതെന്ന്  ബസ് ജീവനക്കാര്‍ പറയുന്നു. എന്താണ് സംഭവിച്ചതെന്നറിയില്ളെന്നും എന്തോ പൊട്ടുന്ന ശബ്ദം കേട്ടെന്നും ഞൊടിയിടയില്‍ ബസ് വശത്തേക്ക് പാഞ്ഞുപോകുകയാരുന്നുവെന്നും യാത്രക്കാരിലൊരാള്‍ പറഞ്ഞു. 
അപകടത്തില്‍പെട്ടവരില്‍ ഏറെയും സ്കൂള്‍ വിദ്യാര്‍ഥികളാണ്. യാത്രക്കാരുടെ നിലവിളികേട്ട് ഓടിക്കൂടിയ നാട്ടുകാരാണ് അപകടത്തില്‍പെട്ടവരെ ആശുപത്രിയിലത്തെിച്ചത്. ബസിന്‍െറ മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്നു.  ബസിന്‍െറ വശങ്ങള്‍ വെട്ടിപ്പൊളിച്ചാണ് നാട്ടുകാര്‍ ബസിലകപ്പെട്ടവരെ രക്ഷിച്ചത്. അഞ്ചാലുംമൂട് പൊലീസും കൊല്ലം, കുണ്ടറ, കടപ്പാക്കട എന്നിവിടങ്ങളില്‍ നിന്നത്തെിയ ഫയര്‍ഫോഴ്സും സമീപവാസികളും  ചേര്‍ന്നാണ്  രക്ഷാപ്രവര്‍ത്തനം നടത്തിയത്. വേഗത്തിലും സമയോചിതവുമായ രക്ഷാപ്രവര്‍ത്തനമാണ്് അപകടത്തിന്‍െറ തീവ്രത കുറച്ചത്. അഞ്ചുപേരുടെ നില ഗുരുതരമാണ്. 
ബസിന്‍െറ അമിതവേഗമാണ് കാരണമെന്ന് പരിക്കേറ്റവര്‍ പറയുന്നു. രത്നാകരന്‍പിള്ളയുടെ  മകള്‍ സൗമ്യക്കാണ് പരിക്കേറ്റത്. അടുത്തമാസം 18 നാണ് സൗമ്യയുടെ വിവാഹം.  ചിങ്ങം ഒന്ന് ആയതിനാല്‍ കൊല്ലത്തെ ടെക്സ്റ്റൈല്‍സ് സ്ഥാപനത്തിലെ ജീവനക്കാരായ പെണ്‍കുട്ടികള്‍ കേരളീയ വേഷത്തിലാണ് വീട്ടില്‍ നിന്ന് തിരിച്ചത്. ആശുപത്രിയിലത്തെിയ ബന്ധുക്കള്‍ രക്തത്തില്‍ കുളിച്ച് കിടന്ന പെണ്‍മക്കളെ  കണ്ടതോടെ  കൂട്ട നിലവിളിയായി.

അബ്ദുല്ല രാജാവിന് ഈജിപ്ത് പ്രസിഡന്റിന്റെ നന്ദി

Posted: 17 Aug 2013 11:02 PM PDT

Image: 

ജിദ്ദ: ഭീകരതക്കെതിരെ ഈജിപ്തിനൊപ്പം നിലകൊള്ളുമെന്ന് വ്യക്തമാക്കി സൗദി ഭരണാധികാരി അബ്ദുല്ല രാജാവ് നടത്തിയ പ്രസ്താവനയില്‍ ഈജിപ്തിലെ ഇടക്കാല പ്രസിഡന്റ് അദ്ലി മന്‍സൂര്‍ കൃതജ്ഞത പ്രകടിപ്പിച്ചു. ഭീകരതയെ നേരിടുന്നതില്‍ ഈജിപ്ത് ഭരണകൂടത്തിനും ജനതക്കും പിന്തുണ അറിയിച്ച ഇരുഹറം സേവകന്റെ പ്രസ്താവന ശിഥിലീകരണശക്തികളെ നേരിടാന്‍ കരുത്തു പകരുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഈജിപ്ത് ചരിത്രത്തിലുടനീളം പ്രതിസന്ധികളെ നേരിടുകയും അറബ് മുസ്ലിം സമൂഹങ്ങളുടെ പിന്തുണയോടെ അതിനെ അതിജീവിക്കുകയും ചെയ്തിട്ടുണ്ട്. പ്രതിസന്ധി ഘട്ടങ്ങളാണ് സമൂഹങ്ങളുടെയും നേതാക്കളുടെയും പ്രതിബദ്ധതയുടെ മാറ്റുരക്കുന്നത്. തന്റെ നിലപാട് ആവര്‍ത്തിച്ചുറപ്പിച്ച അബ്ദുല്ല രാജാവ് നേരു പറയാതിരിക്കാനാവില്ലെന്നു ഉറക്കെ പ്രഖ്യാപിച്ചിരിക്കുകയാണ്. അബ്ദുല്ല രാജാവിന്റെ പ്രഖ്യാപനത്തിനു ചെവികൊടുക്കാന്‍ അദ്ലി മന്‍സൂര്‍ അറബ് മുസ്ലിം സമൂഹങ്ങളോട് അഭ്യര്‍ഥിച്ചു.
സൗദി ഭരണാധികാരിയുടെ പ്രസ്താവന ഇടക്കാല ഗവണ്‍മെന്റിനെ പിന്തുണക്കുന്ന ഈജിപ്തിലെ കക്ഷികള്‍ സ്വാഗതം ചെയ്തു. തങ്ങളെ മാനിച്ചവരെ പരിഗണിക്കുകയും ശത്രുത പുലര്‍ത്തിയവരോട് അതേ നാണയത്തില്‍ തിരിച്ചടിക്കുകയുമാണ് ഈജിപ്തിന്റെ പാരമ്പര്യമെന്നും സ്വന്തം താല്‍പര്യത്തിനു വിരുദ്ധമായ ബാഹ്യ ഇടപെടലിനെ നിരാകരിക്കാനുള്ള ഈജിപ്തുകാരുടെ തീരുമാനത്തെ പിന്തുണച്ച സൗദി രാജാവിന്റെ പ്രഖ്യാപനം സ്വാഗതാര്‍ഹമാണെന്നും സൈനികഭരണകൂടത്തിന്റെ ആരോഹണത്തിനു പിന്നില്‍ പ്രധാന പങ്കുവഹിച്ച 'തമര്‍റുദ്' പ്രതികരിച്ചു. വിഷമസന്ധികളിലെല്ലാം ഈജിപ്തിനൊപ്പം നിന്ന സൗദി രാജകുടുംബ്ധിന്റെ പിന്തുണപ്രഖ്യാപനം സ്വാഭാവികമാണെന്നും അമേരിക്കന്‍ താല്‍പര്യങ്ങളെ പിന്തുണക്കുന്ന ഖത്തറിന്റെ നിലപാടില്‍ നിന്നു മാറി സൗദിയുടെ വഴിയെ നീങ്ങാന്‍ അറബ് മുസ്ലിം സമൂഹങ്ങള്‍ തയാറാകണമെന്നും ഭരണകൂടത്തെ പിന്തുണക്കുന്ന ഈജിപ്ഷ്യന്‍ ഡമോക്രാറ്റിക് പാര്‍ട്ടി പാര്‍ലമെന്ററികാര്യ സെക്രട്ടറി അയ്മന്‍ അബുല്‍അലാ പറഞ്ഞു. ബ്രദര്‍ഹുഡിനെ പിന്തുണച്ച് ഈജിപ്തിന്റെ ആഭ്യന്തരകാര്യങ്ങളില്‍ ഇടപെടുന്ന അമേരിക്കയുടെയും ഖത്തറിന്റെയും തുര്‍ക്കിയുടെയും നിലപാടില്‍ അയ്മന്‍ പ്രതിഷേധിച്ചു. നാസിറിസ്റ്റ് പാര്‍ട്ടി നേതാവ് ഡോ. മുഹമ്മദ് അബുല്‍അലാ, അഭിഭാഷകസമിതിയുടെ സാരഥി സാമിഹ് ആശൂര്‍ എന്നിവരും അബ്ദുല്ല രാജാവിന്റെ പ്രസ്താവനയെ അഭിനന്ദിച്ചു.

പാകിസ്താന്‍ വെടിനിര്‍ത്തല്‍ ലംഘനം തുടര്‍ക്കഥയാക്കുന്നു

Posted: 17 Aug 2013 10:58 PM PDT

Image: 

ശ്രീനഗര്‍: വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചുകൊണ്ട് പാകിസ്താന്‍െറ ഭാഗത്തു നിന്ന് പ്രകോപനം കനക്കുന്നു. ഇന്ന് രാവിലെയും അതിര്‍ത്തിയിലെ മെഹന്ദര്‍ മേഖലയില്‍ ഇന്ത്യന്‍ പോസ്റ്റുകള്‍ക്കുനേരെ പാക് സൈന്യം വെടിയുതിര്‍ത്തു. ആര്‍ക്കും പരിക്കേറ്റതായി റിപ്പോര്‍ട്ടില്ല.

ഇതോടെ പത്തു ദിവസത്തിനുള്ളില്‍ 19 ാമത് തവണയാണ് വെടിനിര്‍ത്തല്‍ ലംഘനം നടക്കുന്നത്. എന്നാല്‍, ഇന്ത്യന്‍ സൈനിക പോസ്റ്റുകളെ ലക്ഷ്യമിട്ടല്ല ആക്രമണം നടത്തിയതെന്ന് മുതിര്‍ന്ന പാക് സൈനിക ഉദ്യോഗസ്ഥന്‍ അറിയിച്ചു.  ഞായറാഴ്ച പുലര്‍ച്ചെ കുപ്വാര ജില്ലയില്‍ പാകിസ്താനില്‍നിന്നുള്ള നുഴഞ്ഞുകയറ്റ ശ്രമം തകര്‍ത്തതായി ഇന്ത്യന്‍ സൈന്യം അവകാശപ്പെട്ടു.

ഒമാനില്‍ ദേശീയ ഭക്ഷ്യസുരക്ഷാ സംഘം രൂപവത്കരിക്കുന്നു

Posted: 17 Aug 2013 10:49 PM PDT

Image: 

മസ്കത്ത്: രാജ്യത്ത് വികസിച്ചുകൊണ്ടിരിക്കുന്ന ഭക്ഷ്യവിതരണ-സേവന മേഖലയില്‍ ഗുണമേന്മയും നിലവാരവും ഉറപ്പുവരുത്താന്‍ ദേശീയ ഭക്ഷ്യസുരക്ഷാ സംഘം രൂപവത്കരിക്കാന്‍ ഒമാന്‍ സര്‍ക്കാര്‍ അനുമതി നല്‍കി. ദേശീയപ്രാധാന്യമുള്ള കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ അടുത്തിടെ സംഗമിച്ച മന്ത്രിസഭാ യോഗമാണ് ഇതിന് പച്ചക്കൊടി കാണിച്ചത്.
റീജനല്‍ മുനിസിപ്പാലിറ്റീസ് ആന്‍ഡ് വാട്ടര്‍ റിസോഴ്സസ് മന്ത്രാലയത്തിന്റെ കീഴിലായിരിക്കും ദേശീയ ഭക്ഷ്യസുരക്ഷാ സംഘം രൂപവത്കരിക്കുക. മരുന്നുകളുടെ സുരക്ഷയും സംഘത്തിന്റെ പരിശോധനാപരിധിയില്‍ വരും. ഇതിന്റെ ഭാഗമായി ഭക്ഷ്യ സുരക്ഷ-ഗുണമേന്മ കേന്ദ്രത്തിന് തുടക്കം കുറിക്കും.
രാജ്യത്ത് ഉല്‍പാദിപ്പിക്കുന്നതും ഇറക്കുമതി ചെയ്യുന്നതുമായ ഭക്ഷ്യവസ്തുക്കള്‍ പരിശോധിക്കുന്നതിന് സെന്‍ട്രല്‍ റഫറല്‍ ലബോറട്ടറി സ്ഥാപിക്കാനും തീരുമാനിച്ചിട്ടുണ്ട്.
രാജ്യത്തെ ഭക്ഷ്യസുരക്ഷാ പരിശോധനാ സംവിധാനത്തെ ശക്തിപ്പെടുത്തുന്നതിന് ഇത്തരത്തിലുള്ള ലബോറട്ടറികള്‍ സ്വകാര്യ മേഖലയിലും സ്ഥാപിക്കണമെന്ന് മന്ത്രിസഭ ആഹ്വാനം ചെയ്തു. ഭക്ഷണപദാര്‍ഥങ്ങളുടെയും മരുന്നുകളുടെയും സുരക്ഷ ഉറപ്പുവരുത്തുന്നതിനുള്ള പരിശോധനയും കണക്കെടുപ്പും നവീകരിക്കുകയും ആധുനികവത്കരിക്കുകയും ചെയ്യും.
ഭക്ഷ്യസുരക്ഷ മുന്‍നിര്‍ത്തി സര്‍ക്കാര്‍ നേരത്തെ തന്നെ നിരവധി നടപടികളെടുത്തു വരുന്നുണ്ട്. റമദാന്‍ മാസത്തില്‍ രാജ്യത്തെ ഭക്ഷണശാലകളില്‍ വ്യാപക റെയ്ഡ് നടത്തിയിരുന്നു. മായം ചേര്‍ത്തതും കാലാവധി തീര്‍ന്നതുമായ ടണ്‍ കണക്കിന് ഭക്ഷണപദാര്‍ഥങ്ങള്‍ ഈ റെയ്ഡുകളില്‍ പിടിച്ചെടുത്ത് നശിപ്പിച്ചു.
നേരത്തെ, ബ്രസീലില്‍നിന്ന് ഇറക്കുമതി ചെയ്ത എഴുപതോളം ടണ്‍ ഫ്രോസണ്‍ കോഴിയിറച്ചി ഗുണമേന്മ കുറവായതിനാല്‍ തിരിച്ചയച്ചിരുന്നു. നിലവാരം പുലര്‍ത്താത്ത മാംസം വിതരണം ചെയ്തതിന് ചില കമ്പനികള്‍ക്ക് വിലക്കേര്‍പ്പെടുത്തുകയും ചെയ്തിട്ടുണ്ട്.

നടപ്പാവുന്നത് അന്താരാഷ്ട്ര
സമ്മേളനത്തിലെ നിര്‍ദേശം

മസ്കത്ത്: ദേശീയ ഭക്ഷ്യസുരക്ഷാ സംഘം രൂപവത്കരിക്കാനുള്ള ഒമാന്‍ സര്‍ക്കാറിന്റെ നീക്കത്തില്‍ നടപ്പാവുന്നത് കഴിഞ്ഞ വര്‍ഷം മസ്കത്തില്‍ സംഘടിപ്പിച്ച അന്താരാഷ്ട്ര ഭക്ഷ്യസുരക്ഷാ സമ്മേളനത്തിലെ പ്രധാന നിര്‍ദേശം. 2012 നവംബര്‍ ആറ് മുതല്‍ എട്ടു വരെ നടന്ന സമ്മേളനത്തില്‍ അവതരിപ്പിച്ച സെമിനാറുകള്‍ ദേശീയ ഭക്ഷ്യസുരക്ഷാ ഏജന്‍സി രൂപവത്കരിക്കുന്നതിന്റെ ആവശ്യകത എടുത്തുകാട്ടിയിരുന്നു.
അയര്‍ലന്റിലെ ഭക്ഷ്യ-ഉപഭോക്തൃ അഭിഭാഷകന്‍ പ്രഫ. റെയ്മണ്ടോ റൂര്‍കെയായിരുന്നു ഏജന്‍സി രൂപവത്കരണം സംബന്ധിച്ച ശില്‍പശാല നയിച്ചത്. ദേശീയ ഭക്ഷ്യസുരക്ഷാ ഏജന്‍സി രൂപവത്കരിച്ചാലുള്ള ഗുണങ്ങള്‍, ഇത്തരം ഏജന്‍സികള്‍ കൊണ്ട് ഭക്ഷ്യസുരക്ഷ വര്‍ധിക്കുന്നുണ്ടോ, ഏജന്‍സി രൂപവത്കരിക്കാന്‍ സര്‍ക്കാര്‍ എന്തൊക്കെ നടപടികള്‍ കൈക്കൊള്ളണം എന്നീ കാര്യങ്ങളിലൂന്നി വിശദമായ പ്രബന്ധമാണ് അന്ന് അദ്ദേഹം അവതരിപ്പിച്ചത്. അമേരിക്ക, കാനഡ, ബ്രിട്ടന്‍, അയര്‍ലന്റ്, ഫ്രാന്‍സ്, സ്വീഡന്‍, ഫിന്‍ലാന്റ് എന്നിവിടങ്ങളിലെ ഏജന്‍സികളുടെ പ്രവര്‍ത്തനം അദേഹം വിശദീകരിച്ചു. ഭക്ഷ്യവിതരണ-സേവനരംഗത്തെ വെല്ലുവിളികളെ അഭിമുഖീകരിക്കാന്‍ ഇത്തരമൊരു ഏജന്‍സി അനിവാര്യമാണെന്ന് പ്രഫ. റെയ്മണ്ടോ റൂര്‍കെ ഊന്നിപ്പറഞ്ഞിരുന്നു.
സൗദി അറേബ്യയും അബൂദബിയും പോലുള്ള ജി.സി.സി രാജ്യങ്ങളില്‍ പോലും ഭക്ഷ്യസുരക്ഷാ  ഏജന്‍സികള്‍ക്ക് മാതൃക ഉണ്ടായിരിക്കെ ഒമാന് അത്തരമൊന്ന് രൂപവത്കരിക്കുന്നത് വളരെ എളുപ്പമാണ്.
ആഭ്യന്തര, അന്താരാഷ്ട്ര വിപണിയിലെ സാഹചര്യം പരിഗണിച്ച് ഏതു തരത്തിലുള്ള ഏജന്‍സിയാണ് രൂപവത്കരിക്കേണ്ടത് എന്ന് നിശ്ചയിക്കാന്‍ ഒരു കമ്മിറ്റിയോ കര്‍മസേനയോ രൂപവത്കരിക്കണമെന്ന് അദ്ദേഹം നിര്‍ദേശിച്ചിരുന്നു.  
ഒമാന്‍ രൂപവത്കരിക്കുന്ന ഏജന്‍സി ഭക്ഷണപദാര്‍ഥങ്ങള്‍ക്ക് പുറമെ മരുന്നും പരിശോധനാവിധേയമാക്കുന്നതിനാല്‍ അമേരിക്കന്‍ മാതൃകയാണ് രാജ്യം സ്വീകരിക്കുന്നതെന്ന് വ്യക്തമാണ്. യൂറോപ്യന്‍ ഭക്ഷ്യസുരക്ഷാ ഏജന്‍സികള്‍ കൃഷിയിടം മുതല്‍ ഭക്ഷണമേശ വരെ (ഫാം ടു ഫോര്‍ക്) സുരക്ഷാവലയം തീര്‍ക്കുമ്പോള്‍ അമേരിക്കയില്‍ ഇതേ ഏജന്‍സി തന്നെയാണ് മരുന്നുകളുടെ സുരക്ഷയും ഉറപ്പുവരുത്തുന്നത്. സൗദി അറേബ്യയിലും ഇതേ രീതിയിലാണ് ഭക്ഷ്യസുരക്ഷാ ഏജന്‍സി പ്രവര്‍ത്തിക്കുന്നത്.

യുവതിയെ കൊന്ന് തീകൊളുത്തിയ സംഭവം: ഭര്‍തൃമാതാവും അറസ്റ്റില്‍

Posted: 17 Aug 2013 10:47 PM PDT

നെടുമങ്ങാട്:  യുവതിയെ കൊന്ന് സെപ്റ്റിക് ടാങ്കില്‍ തള്ളിയ സംഭവത്തില്‍ ഭര്‍തൃമാതാവ് ലില്ലിഭായിയെ പൊലീസ് അറസ്റ്റ് ചെയ്തു. കൊല്ലപ്പെട്ട ആനാട് വേട്ടമ്പള്ളി തവലോട്ടുകോണം നാല്സെന്‍റ്  കോളനി ജീന നിവാസില്‍ സുനിതയുടെ (33) മൃതദേഹം ശനിയാഴ്ച രാവിലെ 11.30ന് സെപ്റ്റിക് ടാങ്കില്‍നിന്നും പുറത്തെടുത്ത് പോസ്റ്റുമോര്‍ട്ടം ചെയ്തു. റൂറല്‍ എസ്.പി തോമസ്കുട്ടി, നെടുമങ്ങാട് ഡിവൈ.എസ്.പി വേണുഗോപാല്‍, സി.ഐ സുരേഷ്കുമാര്‍, എസ്.ഐ ബൈജു, ആര്‍.ആര്‍ തഹസീല്‍ദാര്‍ ബൈജു, മെഡിക്കല്‍ കോളജ്-പൊലീസ് ഫോറന്‍സിക് വിഭാഗം ഉദ്യോഗസ്ഥര്‍, പഞ്ചായത്ത് പ്രസിഡന്‍റ് പി.എന്‍. ഷീല എന്നിവരുടെ സാന്നിധ്യത്തിലാണ് മൃതദേഹം പുറത്തെടുത്തത്. മൂന്ന് മണിക്കൂര്‍കൊണ്ടാണ് നടപടി പൂര്‍ത്തിയാക്കിയത്. തലയടിച്ച് വീണ് അമിത രക്തസ്രാവത്തെ തുടര്‍ന്ന് മരിച്ചെന്നാണ് പ്രാഥമിക റിപ്പോര്‍ട്ടെന്ന് അന്വേഷണസംഘത്തിന് നേതൃത്വം നല്‍കുന്ന സി.ഐ സുരേഷ്കുമാര്‍ പറഞ്ഞു. ഈ മാസം രണ്ടിന് രണ്ട് പെണ്‍മക്കള്‍ക്കൊപ്പം സുനിതയെ വേട്ടമ്പള്ളിയിലെ വീട്ടില്‍ ആന്‍റണി കൂട്ടിക്കൊണ്ടുവന്നു. അന്ന് ചെറിയ തോതില്‍ വഴക്കും ബഹളവുമുണ്ടായതായി പൊലീസ് പറയുന്നു. മൂന്നാംതീയതി സുനിതയെ ആരോ ഫോണ്‍ ചെയ്തുവെന്നതിന്‍െറ പേരില്‍ ആന്‍റണി പ്രശ്നമുണ്ടാക്കി. തുടര്‍ന്ന് എട്ടും അഞ്ചും വയസ്സുള്ള മക്കളുടെ സാന്നിധ്യത്തില്‍ സുനിതയുടെ കൈ അടിച്ചൊടിച്ചു. നിലവിളിച്ച് പ്രാണരക്ഷാര്‍ഥം പുറത്തേക്ക് ഇറങ്ങിഓടിയ സുനിതയെ പിന്നാലെയത്തെി ആന്‍റണി വഴിയിലൂടെ വലിച്ചിഴച്ച് വീടിനുള്ളില്‍ കയറ്റി തടിക്കമ്പുകൊണ്ട് കാലുകളും തല്ലിയൊടിച്ചു. 
തലയിലും അടിച്ചു. നിലത്തുവീണ പിടഞ്ഞ സുനിതയെ തലമുടി ചുറ്റിപ്പിടിച്ച് ചുവരിലിടിച്ചതോടെ തലപൊട്ടി ബോധരഹിതയായി. മരണം ഉറപ്പാക്കിയ ആന്‍റണി നേരത്തേ വാങ്ങി സൂക്ഷിച്ചിരുന്ന മണ്ണെണ്ണയൊഴിച്ച് കത്തിച്ചു. ഇതിനിടെ പെണ്‍മക്കളെ ലില്ലിഭായി തൊട്ടടുത്തുള്ള തന്‍െറ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി. കത്തിക്കരിഞ്ഞ മൃതദേഹം മൂന്ന് ദിവസം പായയില്‍ പൊതിഞ്ഞ് കിടപ്പുമുറയില്‍ സൂക്ഷിച്ചു. അഞ്ചിന് രാവിലെ ലില്ലിഭായിയും ആന്‍റണിയും ചേര്‍ന്ന് പേരൂര്‍ക്കട കോണ്‍വെന്‍റില്‍ സുനിതയുടെ മക്കളെ കൊണ്ടാക്കി. അഞ്ചിന് ഉച്ചകഴിഞ്ഞ് മൂന്ന് വാഴക്കന്നുമായി എത്തിയ ആന്‍റണി സെപ്റ്റിക് ടാങ്കിനടുത്ത് കുഴിയെടുത്ത് നട്ടു. കൂട്ടത്തില്‍ സെപ്റ്റിക് ടാങ്കിലേക്ക് ചാല് വെട്ടി കുഴിയെടുത്ത് മൃതദേഹം അതുവഴി ടാങ്കിനുള്ളില്‍ തള്ളിയിടുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. 
സംഭവങ്ങള്‍ക്ക് ഒത്താശ ചെയ്തതിനാണ്  മാതാവ് ലില്ലിഭായിയെ രണ്ടാം പ്രതിയാക്കി അറസ്റ്റ് ചെയ്തതെന്ന് സി.ഐ സുരേഷ്കുമാര്‍ പറഞ്ഞു. പോസ്റ്റുമോര്‍ട്ടത്തിനുശേഷം ഉച്ച് രണ്ടിന് വീട്ടുവളപ്പില്‍ സംസ്കാരം നടത്തി. മരണവിവരം അറിയിക്കാത്തതിനാല്‍ മക്കളെ ഇന്നലെ വീട്ടില്‍ കൊണ്ടുവന്ന് മൃതദേഹം കാണിച്ചിരുന്നില്ല. പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കും.
 

കോണ്‍സുലേറ്റിന് മുന്നില്‍ പ്രകടനം നടത്തിയ ഈജിപ്ത് സ്വദേശികളെ നാടുകടത്താന്‍ സാധ്യത

Posted: 17 Aug 2013 10:19 PM PDT

Image: 

കുവൈത്ത് സിറ്റി: ഈജിപ്തിലെ കൂട്ടക്കൊലയില്‍ പ്രതിഷേധിച്ച് കുവൈത്തിലെ കോണ്‍സുലേറ്റിന് മുന്നില്‍ പ്രകടനം നടത്തിയ ഈജിപ്ത് സ്വദേശികളെ നാടുകടത്താന്‍ സാധ്യതയെന്ന് റിപ്പോര്‍ട്ട്.
താമസ നിയമം ലംഘിച്ചുവെന്ന് ആരോപിച്ചാണ് ഇവര്‍ക്കെതിരെ ഭരണകൂടം നടപടിയെടുക്കാനൊരുങ്ങുന്നത്. കൂട്ടക്കൊലയില്‍ പ്രതിഷേധിച്ച് കുവൈത്തിലെ അമേരിക്കന്‍ എംബസിക്ക് മുന്നിലും കഴിഞ്ഞ ദിവസം പ്രകടനം നടന്നിരുന്നു. നിരവധി സ്വദേശികളും പ്രകടനത്തില്‍ പങ്കെടുത്തു.
ഈജിപ്ത് കോണ്‍സുലേറ്റിന് മുന്നില്‍ നടന്ന പ്രകടനത്തില്‍ സ്ത്രീകളും കുട്ടികളുമടക്കം നിരവധി പേര്‍ പങ്കെടുത്തിരുന്നു. മുഹമ്മദ് മുര്‍സിക്ക് അനുകൂലമായ മുദ്രാവാക്യങ്ങളും പ്ലക്കാര്‍ഡുകളും ഉയര്‍ത്തിയാണ് ഇവര്‍ തടിച്ചുകൂടിയത്. കുവൈത്തും ഈജിപ്തും തമ്മിലുള്ള നയതന്ത്ര ബന്ധത്തെ ബാധിക്കുമെന്നതിനാലാണ് ഇവര്‍ക്കെതിരെ നടപടിയെടുക്കാനൊരുങ്ങുന്നതെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. പ്രകടനത്തില്‍ പങ്കെടുത്തവരെ കണ്ടെത്താന്‍ മാധ്യമങ്ങളില്‍ പ്രസിദ്ധീകരിച്ച ചിത്രങ്ങളും സി.സി.ടി.വി ദൃശ്യങ്ങളും പരിശോധിക്കും.
അതിനിടെ, ഈജിപ്തിലെ സൈനിക നടപടിയെ പിന്തുണച്ച് കുവൈത്ത് എം.പി സഫ അല്‍ ഹാശിം രംഗത്തെത്തിയിട്ടുണ്ട്. ബ്രദര്‍ഹുഡ് കലാപകാരികളെ അടിച്ചമര്‍ത്തുന്നതില്‍ സൈന്യം സ്തുത്യര്‍ഹമായ സേവനമാണ് നിര്‍വഹിച്ചതെന്ന് അവര്‍ പറഞ്ഞു.
അതേസമയം, സിറിയയില്‍ ബശ്ശാറുല്‍ അസദ് പോലും ചെയ്യാത്ത കാര്യമാണ് ഈജിപ്തില്‍ സൈനിക ഭരണകൂടം ചെയ്തതെന്ന് മുന്‍ എം.പി ഡോ. ജമാന്‍ അല്‍ ഹര്‍ബാഷ് അഭിപ്രായപ്പെട്ടു. മുര്‍സി സര്‍ക്കാറിനെ സൈനിക അട്ടിമറിയിലൂടെ പുറത്താക്കിയതിന് ശേഷം കുവൈത്ത് ഈജിപ്തിന് നാല് ബില്യണ്‍ ഡോളറിന്റെ സഹായം നല്‍കിയിരുന്നു.

യൂത്ത് കോണ്‍ഗ്രസ് നേതാവിന്‍െറ കൊലയില്‍ വ്യാപക പ്രതിഷേധം

Posted: 17 Aug 2013 10:03 PM PDT

തൃശൂര്‍: അയ്യന്തോളില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ് ലാല്‍ജി കൊള്ളന്നൂരിനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തില്‍ വ്യാപക പ്രതിഷേധം. കൊലപാതകത്തെ വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ അപലപിച്ചു.  ജില്ലയിലെ ജനജീവിതം അരക്ഷിതമാക്കുന്ന ഗുണ്ടാ- ക്രിമിനല്‍ സംഘങ്ങളെ സംരക്ഷിക്കുന്നത് കോണ്‍ഗ്രസ് നേതാക്കള്‍ അവസാനിപ്പിക്കണമെന്ന് സി.പി.എം ജില്ലാ സെക്രട്ടറി എ.സി. മൊയ്തീന്‍ ആവശ്യപ്പെട്ടു. കോണ്‍ഗ്രസിലെ ഗ്രൂപ്പ് പോരില്‍ കഴിഞ്ഞ രണ്ടരമാസത്തിനിടയില്‍ രണ്ടുപേരാണ് കൊല്ലപ്പെട്ടത്. ഗുണ്ടാ- ക്രിമിനല്‍ സംഘങ്ങള വഴിവിട്ട് സഹായിക്കുന്ന ഉന്നത കോണ്‍ഗ്രസ് നേതാക്കളും അവരുടെ ഇംഗിതത്തിന് പ്രവര്‍ത്തിക്കുന്ന പൊലീസുമാണ് ഈ കൊലപാതകങ്ങള്‍ക്ക് ഉത്തരവാദികള്‍. വെള്ളിയാഴ്ച അയ്യന്തോളില്‍ നടന്ന കൊലപാതകം കോണ്‍ഗ്രസ് ഗ്രൂപ്പുപോരിന്‍െറയും ക്രിമിനലുകളെ സംരക്ഷിക്കുന്നതിന്‍െറയും ഫലമാണ്. കഴിഞ്ഞ രണ്ട്  കൊലപാതകങ്ങളിലെ ഗൂഢാലോചന പുറത്തുകൊണ്ടുവരണമെന്നും ജനങ്ങളുടെ സൈ്വര്യജീവിതം ഉറപ്പുവരുത്തണമെന്നും എ.സി. മൊയ്തീന്‍ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. 
ജില്ലയിലെ പേരെടുത്ത ക്രിമിനല്‍ സംഘങ്ങള്‍ വിവിധ ഗ്രൂപ്പുകളുടെയും നേതാക്കളുടെയും പിറകില്‍ അണിനിരന്നപ്പോള്‍ പൊലീസ് കാഴ്ച്ചക്കാരായെന്ന് ഡി.വൈ.എഫ്.ഐ ജില്ലാ കമ്മിറ്റി കുറ്റപ്പെടുത്തി. ജനകീയ സമരങ്ങളെ അടിച്ചമര്‍ത്താന്‍ നേതൃത്വം കൊടുക്കുന്ന പൊലീസ് തുടര്‍ച്ചയായി ഉണ്ടായ കോണ്‍ഗ്രസ് ക്രിമിനല്‍ സംഘങ്ങളുടെ അഴിഞ്ഞാട്ടത്തോട് നിഷ്ക്രിയത്വം പാലിച്ചതാണ് അക്രമങ്ങള്‍ തുടര്‍ക്കഥയാകാന്‍ കാരണമെന്നും ഡി.വൈ.എഫ്.ഐ പ്രസ്താവനയില്‍ പറഞ്ഞു. 
ഗ്രൂപ്പുപോരിന്‍െറ മറവിലുള്ള കൊലപാതക രാഷ്ട്രീയം അവസാനിപ്പിക്കാന്‍ യൂത്ത് കോണ്‍ഗ്രസ്, കോണ്‍ഗ്രസ് നേതൃത്വം തയാറാവണമെന്ന് എ.ഐ.വൈ.എഫ് ജില്ലാ കമ്മിറ്റി പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
 രണ്ട് കൊലപാതകത്തിന് പിറകിലും കോണ്‍ഗ്രസ്, യൂത്ത് കോണ്‍ഗ്രസ് ജില്ലാ- സംസ്ഥാന നേതൃത്വങ്ങളുടെ പങ്കുണ്ട്. ജില്ലയില്‍നിന്നുള്ള മന്ത്രിയുടെ നേതൃത്വത്തില്‍ ഇരുസംഭവങ്ങളും തണുപ്പിക്കാനും കേസുകളെ നിര്‍ജീവമാക്കാനും ശ്രമം നടക്കുന്നുണ്ട്.
  സ്വന്തം പാര്‍ട്ടിയിലെ പ്രതിയോഗികളെ കൊന്നൊടുക്കുന്ന കോണ്‍ഗ്രസ് നേതൃത്വം കൊല്ലപ്പെട്ട മധുവിന്‍െറയും ലാല്‍ജിയുടെയും കുടുംബങ്ങളോടും പൊതുജനങ്ങളോടും മാപ്പ് പറയണമെന്നും എ.ഐ.വൈ.എഫ് ജില്ലാ സെക്രട്ടറി ടി. പ്രദീപ് കുമാര്‍ ആവശ്യപ്പെട്ടു. 
കോണ്‍ഗ്രസ് അക്രമ സംഭവങ്ങള്‍ക്ക് കടിഞ്ഞാണിടാന്‍ കോണ്‍ഗ്രസ് നേതൃത്വം തയാറാകണമെന്നും അക്രമങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ പൊലീസ് ശക്ത  നടപടികള്‍ കൈക്കൊള്ളണമെന്നും ബി.ജെ.പി ജില്ലാ പ്രസിഡന്‍റ് എ. നാഗേഷ് ആവശ്യപ്പെട്ടു. 
കോണ്‍ഗ്രസിലെ ഗ്രൂപ്പ് രാഷ്ട്രീയത്തിന്‍െറ പേരില്‍ അടിക്കടി ഉണ്ടാകുന്ന കൊലപാതകങ്ങളെക്കുറിച്ചും അതിന്‍െറ പിന്നാമ്പുറത്തെക്കുറിച്ചും നിഷ്പക്ഷമായ അന്വേഷണം നടത്തണമെന്ന് സി.പി.ഐ ജില്ലാ സെക്രട്ടറി സി.എന്‍. ജയദേവന്‍ ആവശ്യപ്പെട്ടു. 
ജനജീവിതത്തെ ഭീതിയിലാഴ്ത്തുന്ന കൊലപാതക രാഷ്ട്രീയം അവസാനിപ്പിക്കാന്‍ പ്രതികളെ മാത്രം പിടികൂടിയാല്‍പോര. അതിനുപിറകിലെ ഗൂഢാലോചനയും പുറത്തുകൊണ്ടുവരണമെന്നും സി.പി.ഐ ജില്ലാ സെക്രട്ടറി പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
 

കര്‍ഷകരെ ആദരിക്കുന്ന ചടങ്ങുകള്‍ വിപുലമാക്കണം -ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ്

Posted: 17 Aug 2013 09:58 PM PDT

പാലക്കാട്: കാര്‍ഷികമേഖലയുടെ പ്രാധാന്യം മനസ്സിലാക്കി കാര്‍ഷികദിനാചരണ പരിപാടികളും മികച്ച കര്‍ഷകരെ ആദരിക്കുന്ന ചടങ്ങുകളും വിപുലമാക്കണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് ടി. എന്‍. കണ്ടമുത്തന്‍. ജില്ലാ മൃഗസംരക്ഷണവകുപ്പിന്‍െറ ആഭിമുഖ്യത്തില്‍ മൃഗസംരക്ഷണ കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന കര്‍ഷകദിനാചരണ പരിപാടികള്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മൃഗസംരക്ഷണ കര്‍ഷക അവാര്‍ഡ് വിതരണവും അദ്ദേഹം നിര്‍വഹിച്ചു. 
മികച്ച ക്ഷീരകര്‍ഷകനുള്ള പുരസ്കാരം പൊല്‍പ്പുള്ളി വൃന്ദാവനം ഫാമിലെ രാജീവും വിനോദും സമ്മിശ്ര കര്‍ഷകനുള്ള അവാര്‍ഡ് കാവശ്ശേരി കൃഷ്ണ സമ്മിശ്ര ഫാമിലെ ഗോപാലകൃഷ്ണനും ഏറ്റുവാങ്ങി. ക്ഷീരകര്‍ഷകന് 20,000 രൂപയും സമ്മിശ്രകര്‍ഷകന് 10,000 രൂപയുമാണ് സമ്മാനത്തുക.
ഇതോടൊപ്പം  കാലവര്‍ഷക്കെടുതിയില്‍ ദുരിതമനുഭവിക്കുന്ന ക്ഷീരകര്‍ഷകര്‍ക്ക് മൂന്നുലക്ഷം രൂപയുടെ ധനസഹായം വിതരണം ചെയ്തു. കറവപ്പശുക്കള്‍ക്ക് 15,000 രൂപയും കിടാരികള്‍ക്ക് 10,000 രൂപയും ചെറിയതൊഴുത്തിന് 1500 രൂപയും വലിയതൊഴുത്തിന് 2500 രൂപയുമാണ് ദുരിതാശ്വാസനിധിയിലൂടെ നല്‍കുന്നത്. ജില്ലയില്‍നിന്ന് 12 പേരാണ് ഇതിനര്‍ഹരായത്.
ചടങ്ങില്‍ സംസ്ഥാന കര്‍ഷകമിത്ര അവാര്‍ഡ് നേടിയ ഡോ. ലൈജു എം. ഫിലിപ്പിനെ ആദരിച്ചു. അദ്ദേഹത്തിന്‍െറ മൃഗസംരക്ഷണ പ്രവര്‍ത്തനങ്ങളെ ആസ്പദമാക്കി രചിച്ച ‘സഫലം’ പുസ്തകപ്രകാശനവും ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് നിര്‍വഹിച്ചു. ജില്ലാ മൃഗസംരക്ഷണ ഓഫിസര്‍ പുസ്തകം ഏറ്റുവാങ്ങി.
ജില്ലാപഞ്ചായത്ത് വികസന സ് റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ കെ. ഇ. ഹനീഫ അധ്യക്ഷത വഹിച്ച ചടങ്ങില്‍ നഗരസഭ കൗണ്‍സിലര്‍ നാസര്‍, ജില്ലാ മൃഗസംരക്ഷണ ഓഫിസര്‍ ഡോ. ടി.ആര്‍. ഗിരിജ, ഡെ. ഡയറക്ടര്‍ ശുദ്ധോധനന്‍ എന്നിവര്‍ പങ്കെടുത്തു.
 

കൃഷിപ്പെരുമയോര്‍മിച്ച് കര്‍ഷകദിനം

Posted: 17 Aug 2013 09:52 PM PDT

അരീക്കോട്: മികച്ച കര്‍ഷകരെ ആദരിച്ചും കാര്‍ഷിക വിജ്ഞാന പ്രശ്നോത്തരി നടത്തിയും കര്‍ഷക ദിനമാചരിച്ചു. അരീക്കോട് കൃഷിഭവന്‍െറയും ഗ്രാമപഞ്ചായത്തിന്‍െറയും സംയുക്താഭിമുഖ്യത്തില്‍ നടന്ന കര്‍ഷകദിനാചരണം വൈസ് പ്രസിഡന്‍റ് ശോഭനാ ഗോപിയുടെ അധ്യക്ഷതയില്‍ പ്രസിഡന്‍റ് പി.പി. സഫറുല്ല ഉദ്ഘാടനം ചെയ്തു. മികച്ച കര്‍ഷകരായി തെരഞ്ഞെടുത്ത ഉണിക്കാളിയില്‍ കര്‍ത്യായനി, കാരാണ്ടിയില്‍ കീരന്‍കുട്ടി, ചേലക്കോടന്‍ മുഹമ്മദ്ഹാജി, കെ. അച്യുതന്‍, സി. അബ്ദുസമദ് എന്നിവരെ പൊന്നാടയണിയിച്ചു. ബ്ളോക്ക് പഞ്ചായത്ത്  വൈസ് പ്രസിഡന്‍റ് അമ്പായത്തിങ്ങല്‍ മുനീറ, പഞ്ചായത്തംഗം ശിവാനന്ദന്‍, എന്‍.എം. രാജന്‍, കാര്‍ഷിക വികസന സമിതിയംഗങ്ങളായ അബ്ദുറഹ്മാന്‍, കല്ലട കുട്ടി ഹസന്‍, കൃഷി ഓഫിസര്‍ പി. സുന്ദരന്‍, അസിസ്റ്റന്‍റ് എ.പി. കുഞ്ഞാലിക്കുട്ടി, മീമ്പറ്റ മുഹമ്മദ് എന്നിവര്‍ സംസാരിച്ചു. 
അരീക്കോട്: ഊര്‍ങ്ങാട്ടിരി ഗ്രാമപഞ്ചായത്തിന്‍െറ ആഭിമുഖ്യത്തില്‍ കൃഷിഭവനില്‍ നടന്ന കര്‍ഷകദിനാഘോഷം അരീക്കോട് ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് എം.സി. മുഹമ്മദ് ഹാജി ഉദ്ഘാടനം ചെയ്തു. മികച്ച കര്‍ഷകരെ ചടങ്ങില്‍ ആദരിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് സബീന കണ്ണനാരി അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്‍റ് സി.ടി. അബ്ദുറഹ്മാന്‍, ഊര്‍ങ്ങാട്ടിരി സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്‍റ് ടി. മോഹന്‍ദാസ്, വികസന കാര്യ സ്ഥിരം സമിതിയധ്യക്ഷ കെ. റസീന അസീസ്, അംഗങ്ങളായ എന്‍.കെ. ഷൗക്കത്തലി, ഇ. അഹമ്മദ്കുട്ടി, എം. ജ്യോതിഷ്കുമാര്‍, കൃഷി ഓഫിസര്‍ ടി. നജ്മുദ്ദീന്‍, കെ. കോയസ്സന്‍, എസ്. മുഹമ്മദ്, പി.കെ. കുര്യന്‍ എന്നിവര്‍ സംസാരിച്ചു. 
പൂക്കോട്ടൂര്‍: ഗ്രാമപഞ്ചായത്തിന്‍െറയും കൃഷിഭവന്‍െറയും സംയുക്താഭിമുഖ്യത്തില്‍ നടന്ന കര്‍ഷകദിനാഘോഷം എം.എല്‍.എ. പി. ഉബൈദുല്ല ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് പി.എ. സലാം അധ്യക്ഷതവഹിച്ചു. മലപ്പുറം കൃഷി അസിസ്റ്റന്‍ഡ് ഡയറക്ടര്‍ പി. റസിയ ക്ളാസെടുത്തു. മലപ്പുറം ബ്ളോക്ക് പഞ്ചായത്ത് വൈസ്പ്രസിഡന്‍റ് സുബൈദ മോഴിക്കല്‍, സ്ഥിരംസമിതി ചെയര്‍മാന്‍ അസീസ്, എം. മുഹമ്മദ്, പി. ഖദീജ, അംഗങ്ങളായ കെ. മന്‍സൂര്‍, അസൈന്‍ നാലകത്ത്, വി. വിജയന്‍, എടത്തൊടി സക്കീന, സജ്ന, കാര്‍ഷിക വികസന സമിതി അംഗങ്ങളായ മുഹമ്മദ് ഷാ, സത്യന്‍, ബാലകൃഷ്ണന്‍, സി.ഡി.എസ് പ്രസിഡന്‍റ് ഫാത്തിമ എന്നിവര്‍ സംസാരിച്ചു. കക്കോടി കുഞ്ഞാലന്‍, സി. ബാലകൃഷ്ണന്‍, ബഷീര്‍ കുറ്റിപ്പള്ളിയാളി, ഗോപാലന്‍ പാറപ്പുറത്ത്, ഇ.പി. മീനാക്ഷി എന്നീ മാതൃകാ കര്‍ഷകരെ ചടങ്ങില്‍ ആദരിച്ചു. കാര്‍ഷിക ഉപകരണങ്ങളും വിതരണം ചെയ്തു. കൃഷി ഓഫിസര്‍ അബ്ദുറസാക്ക് സ്വാഗതവും കൃഷി അസിസ്റ്റന്‍ഡ് കെ. മനോജ് നന്ദിയും പറഞ്ഞു.
ആനക്കയം: ഇരുമ്പുഴി ജി.എം.യു.പി സ്കൂളിലെ ഹരിത ക്ളബിന്‍െറ ആഭിമുഖ്യത്തില്‍ കര്‍ഷദിനം ആചരിച്ചു. അന്യംനിന്നുപോകുന്ന കാര്‍ഷിക വൃത്തികളെ പരിചയപ്പെടുത്തിയും പഴയമയുടെ തനിമ നിലനിര്‍ത്തിയും കുട്ടികളുശട വിവിധ പരിപാടികള്‍ നടന്നു. പാളത്തൊപ്പികള്‍ ധരിച്ച് കുട്ടികള്‍ കൃഷിപ്പണികളില്‍ ഏര്‍പ്പെട്ടു. വാഴത്തൈ നട്ടുകൊണ്ട് ആനക്കയം ഗ്രാമപഞ്ചായത്ത് വൈസ്പ്രസിഡന്‍റ് നന്ദിനി ഗംഗാധരന്‍ ഉദ്ഘാടനം ചെയ്തു. കൃഷി പാട്ടുകളുടെ ആലാപനം പോസ്റ്റര്‍ പ്രദര്‍ശനം എന്നിവയും നടന്നു. പഞ്ചായത്തിലെ മികച്ച കര്‍ഷക വിദ്യാര്‍ഥിയായി തെരഞ്ഞെടുത്ത വിദ്യാലയത്തിലെ സി.കെ. ഫായിദിനെ അനുമോദിച്ചു. അധ്യാപകരായ സി.പി. അഷ്റഫ്, വി. രഞ്ജിത്ത്, വി. ബിന്ദു എന്നിവര്‍ നേതൃത്വംനല്‍കി.

No comments:

Post a Comment

english malayalam dictionary

വിരുന്നുകാര്...

poomottu

Dsgd: by ASLAM PADINHARAYIL

Back to TOP