സ്വാഗതം
WELCOME

News Update..

Friday, March 6, 2015

ബജറ്റ് അവതരണ ദിവസം നിയമസഭ വളയും ^എല്‍.ഡി.എഫ് Madhyamam News Feeds

ബജറ്റ് അവതരണ ദിവസം നിയമസഭ വളയും ^എല്‍.ഡി.എഫ് Madhyamam News Feeds

Link to

ബജറ്റ് അവതരണ ദിവസം നിയമസഭ വളയും ^എല്‍.ഡി.എഫ്

Posted: 06 Mar 2015 12:37 AM PST

Image: 

തിരുവനന്തപുരം: ബജറ്റ് അവതരണ ദിവസം നിയമസഭ വളയാന്‍ ഇടതുമുന്നണി യോഗം തീരുമാനിച്ചു. സഭക്ക് അകത്തും പുറത്തും പ്രക്ഷോഭം സംഘടിപ്പിക്കാനും ബജറ്റിന് തലേദിവസം മുതല്‍ സമരം ആരംഭിക്കാനും ധാരണയായി. കെ.എം.മാണിയെ ബജറ്റ് അവതരിപ്പിക്കാന്‍ അനുവദിക്കില്ളെന്നും ഇടതുമുന്നണി വ്യക്തമാക്കി. സമരം നിയന്ത്രിക്കുന്നതിനും രൂപരേഖ തയാറാക്കുന്നതിനും ഉപസമിതിയെ നിയമിച്ചു.

ബജറ്റ് അവതരിപ്പിക്കുന്ന ദിവസം സംസ്ഥാന വ്യാപകമായി പ്രക്ഷോഭങ്ങള്‍ നടത്തും. എല്ലാ സര്‍ക്കാര്‍ ഓഫീസുകളും ഉപരോധിക്കാനും യോഗം തീരുമാനിച്ചിട്ടുണ്ട്. സി.പി.എം സമ്മേളനത്തില്‍ നിന്നും വിട്ടുനിന്ന പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദനും യോഗത്തില്‍ പങ്കെടുത്തിരുന്നു.
 

അമ്മ മരിച്ചിട്ടും അനിത അരങ്ങില്‍ നിന്ന് ഇറങ്ങിയില്ല

Posted: 05 Mar 2015 10:07 PM PST

Image: 
Subtitle: 
നീലിയായി ചമയമണിഞ്ഞ അനിത ശെല്‍വിയുടെ ഉള്ളില്‍ സങ്കടക്കടല്‍ ഇരമ്പുകയാണെന്നറിയാതെ തിങ്ങിനിറഞ്ഞ സദസ്സ് ആ അഭിനയത്തികവിനെ കൈയടിച്ച് എതിരേറ്റു

ഗുരുവായൂര്‍: അരങ്ങിലെ ഓരോ ഇടവേളകളിലും ‘നീലി’ വേദിക്ക് പിറകില്‍ വന്ന് പൊട്ടിക്കരഞ്ഞു. പിന്നെ കണ്ണീര് തുടച്ച് വീണ്ടും വേദിയില്‍ കയറി ആടി, പാടി, പ്രണയിച്ചു. നീലിയായി ചമയമണിഞ്ഞ അനിത ശെല്‍വിയുടെ ഉള്ളില്‍ ഒരു സങ്കടക്കടല്‍ ഇരമ്പുകയാണെന്നറിയാതെ തിങ്ങിനിറഞ്ഞ സദസ്സ് ആ അഭിനയത്തികവിനെ കൈയടിച്ച് എതിരേറ്റു. പെറ്റമ്മയുടെ മരണ വാര്‍ത്ത സൃഷ്ടിച്ച വേദന ഉള്ളിലൊതുക്കിയാണ് അനിത ശെല്‍വി അരങ്ങില്‍ നീലിയായി ജീവിച്ചത്.  ഓരോ രംഗത്തിന് ശേഷവും തിരശ്ശീലക്ക് പിന്നില്‍ വന്ന് അനിത പൊട്ടിക്കരയുമ്പോള്‍ കെ.പി.എ.സിയുടെ നാടക സംഘമൊന്നാകെ വിതുമ്പുകയായിരുന്നു. ഗുരുവായൂര്‍ നഗരസഭയുടെ നിശാഗന്ധി സര്‍ഗോത്സവത്തില്‍ വ്യാഴാഴ്ച വൈകീട്ട് അരങ്ങേറിയ കെ.പി.എ.സിയുടെ നീലക്കുയിലാണ് ഒരു നടിയുടെ ആത്മസമര്‍പ്പണത്തിന്‍െറ അരങ്ങായി മാറിയത്. നാടകസംഘം ചാവക്കാട്ട് എത്തിയപ്പോഴാണ് അനിത ശെല്‍വിയുടെ മാതാവ് പത്തനംതിട്ട കല്ലുവിളയില്‍ സുമതി മരിച്ച വാര്‍ത്ത ഫോണിലൂടെ വിളിച്ചു പറയുന്നത്.

ഒരുവര്‍ഷമായി സുഖമില്ലാതിരിക്കുകയാണെങ്കിലും തന്നെ യാത്രയയക്കുമ്പോഴും കാര്യമായ പ്രശ്നങ്ങളൊന്നും ഇല്ലാതിരുന്ന അമ്മയുടെ മരണവാര്‍ത്ത അനിത ശെല്‍വിയെ ഉലച്ചു. പൊട്ടിക്കരയുന്ന അനിതയെ സംഘത്തിലെ മറ്റുള്ളവര്‍ ആശ്വസിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും അവര്‍ക്ക് ദു$ഖമടക്കാനായില്ല. ഒടുവില്‍ അനിതയെ രാത്രി ഒമ്പതിനുള്ള ട്രെയിനില്‍ നാട്ടിലേക്കയക്കാനായി ചിന്ത. നായികയായി നീലിയുടെ വേഷം എങ്ങനെ കൈകാര്യം ചെയ്യുമെന്ന് അപ്പോഴും രൂപമുണ്ടായില്ല. അവസ്ഥ മനസ്സിലാക്കിയ നഗരസഭ അധികൃതരും വേണമെങ്കില്‍ നാടകം മാറ്റിവെക്കാമെന്ന് അറിയിച്ചു. എന്നാല്‍, എല്ലാവരെയും അദ്ഭുതപ്പെടുത്തിക്കൊണ്ട് താന്‍ തന്‍െറ വേഷം അഭിനയിച്ചേ മടങ്ങുന്നുള്ളൂവെന്ന് അനിത അറിയിച്ചു. തന്‍െറ അവസ്ഥ സദസ്സിന് ഒരു തരിമ്പുപോലും മനസ്സിലാക്കാനാവാത്ത വിധത്തില്‍ ‘നീലക്കുയിലിലെ’ കേന്ദ്ര കഥാപാത്രമായ നീലിയെ അവര്‍ അരങ്ങില്‍ അവതരിപ്പിച്ചു. നാടകത്തിന് തിരശ്ശീല വീണതോടെ അനിതയോടൊപ്പം നാടകസംഘം ഒന്നാകെ പൊട്ടിക്കരയുകയായിരുന്നു. വ്യാഴാഴ്ച രാത്രി ഗുരുവായൂരില്‍ തങ്ങാനാണ് നാടകസംഘം ഉദ്ദേശിച്ചിരുന്നതെങ്കിലും നാടകം കഴിഞ്ഞയുടന്‍ സംഘം മടങ്ങി. അനിതയെ എറണാകുളത്തുനിന്നും കാര്‍മാര്‍ഗം കോന്നിയിലെ വീട്ടിലേക്കയക്കുമെന്ന് ട്രൂപ് മാനേജര്‍ പ്രദീപ് തോപ്പില്‍ പറഞ്ഞു.
 

'നിസാമിനെ രക്ഷിക്കാന്‍ ഇടപെട്ടത് മുന്‍ ഡി.ജി.പി എം.എന്‍. കൃഷ്ണമൂര്‍ത്തി'

Posted: 05 Mar 2015 09:41 PM PST

Image: 

തിരുവനന്തപുരം: ചന്ദ്രബോസ് വധക്കേസില്‍ ചീഫ് വിപ്പ് പി.സി ജോര്‍ജ് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് കൈമാറിയ തെളിവുകള്‍ ഉള്‍പെടുന്ന കത്ത് പുറത്തായി.  ഡി.ജി.പിക്ക് വേണ്ടി മുന്‍ ഡി.ജി.പി എം.എന്‍. കൃഷ്ണമൂര്‍ത്തിയാണ് നിസാമിനെ രക്ഷിക്കാന്‍ ഇടപെട്ടതെന്ന് കത്തില്‍ പറയുന്നു. കൃഷ്ണമൂര്‍ത്തിയും മുന്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ ജേക്കബ് ജോബും തമ്മിലുള്ള 40 മിനുട്ട് ദൈര്‍ഘ്യമുള്ള സംഭാഷണത്തിന്‍റെ  സി.ഡിയും ഡി.ജി.പിയുടെ പങ്ക് വ്യക്തമാക്കുന്ന വിശദമായ കത്തുമാണ് പി.സി. ജോര്‍ജ് മുഖ്യമന്ത്രിക്ക് നല്‍കിയത്. ഡി.ജി.പിയുടെ മറ്റ് ഇടപാടുകളും കത്തില്‍ വിവരിക്കുന്നുണ്ട്. ചന്ദ്രബോസ് ആക്രമിക്കപ്പെടുമ്പോള്‍ ഡി.ജി.പിയായിരുന്നു എം.എന്‍ കൃഷ്ണമൂര്‍ത്തി.

എന്നാല്‍ ഒരു സാമൂഹ്യവിരുദ്ധനുമായും തനിക്ക് ബന്ധമില്ളെന്ന് എം.എന്‍ കൃഷ്ണമൂര്‍ത്തി പ്രതികരിച്ചു. നിസാമിനു വേണ്ടി ആര്‍ക്കും വിളിച്ചിട്ടില്ല. ഇത്തരത്തിലുള്ള ആളുകളുമായി ബന്ധപ്പെടുന്ന ആളല്ല താനെന്നും അദ്ദേഹം പറഞ്ഞു. ചിലര്‍ വെറുതെ കഥയുണ്ടാക്കുകയാണ്. സംശയമുള്ളവര്‍ക്ക് തന്‍്റെ മൊബൈല്‍ ഫോണ്‍ പരിശോധിക്കാമെന്നും കൃഷ്ണമൂര്‍ത്തി വ്യക്തമാക്കി. സസ്പെന്‍ഷനെക്കുറിച്ച് സംസാരിക്കാന്‍ എസ്.പി ജേക്കബ് ജോബ് തന്നെ വിളിച്ചിരുന്നുവെന്നും കൃഷ്ണമൂര്‍ത്തി പറഞ്ഞു.

തൃശൂരിലെ വ്യവസായി വൈദീശ്വരനെ അറിയില്ല. ഇയാള്‍ ഉള്‍പ്പെട്ടിട്ടുള്ള തട്ടിപ്പുകേസില്‍ ഇടപെട്ടിട്ടുമില്ല- കൃഷ്ണമൂര്‍ത്തി കൂട്ടിച്ചേര്‍ത്തു. രണ്ടര കോടിയുടെ മറ്റൊരു തട്ടിപ്പുകേസിലും കൃഷ്ണമൂര്‍ത്തി ഇടപ്പെട്ടിരുന്നുവെന്ന് പി.സി.ജോര്‍ജ് മുഖ്യമന്ത്രിക്ക് നല്‍കിയ കത്തില്‍ ആരോപിച്ചിരുന്നു.

എം.എന്‍. കൃഷ്ണമൂര്‍ത്തി  ഫെബ്രുവരി 28 നാണ് സര്‍വിസില്‍ നിന്ന് വിരമിച്ചത്. 1984 ബാച്ച് ഐ.പി.എസ് ഉദ്യോഗസ്ഥനായ ഇദ്ദേഹം പൊലീസ് ആസ്ഥാനത്ത് കമ്യൂണിറ്റി പൊലീസിങ്ങിന്‍െറ ചുമതലയാണ് വഹിച്ചിരുന്നത്.  സംസ്ഥാനത്ത് നാല് ഡി.ജി.പി തസ്തികകളാണ് കേന്ദ്രം അനുവദിച്ചിട്ടുള്ളത്. ഇത് മറികടന്നാണ് 2014 ഒക്ടോബര്‍ 28ന് സംസ്ഥാനത്തിന്‍െറ പ്രത്യേക അധികാരം ഉപയോഗിച്ച് രണ്ട് അധിക തസ്തികകള്‍ കൂടി സൃഷ്ടിച്ചത്. എം.എന്‍. കൃഷ്ണമൂര്‍ത്തിക്കും വിജിലന്‍സ് മേധാവി വിന്‍സന്‍ എം. പോളിനും വേണ്ടിയായിരുന്നു ഇത്. അന്നത്തെ ചീഫ് സെക്രട്ടറി ഇ.കെ. ഭരത് ഭൂഷണിന്‍െറ ശക്തമായ എതിര്‍പ്പ് മറികടന്നായിരുന്നു തീരുമാനം.

 

പ്രതിപക്ഷ ബഹിഷ്കരണത്തിനിടെ നിയമസഭാ സമ്മേളനം തുടങ്ങി

Posted: 05 Mar 2015 08:52 PM PST

Image: 

തിരുവനന്തപുരം:ധനമന്ത്രി കെ.എം മാണിക്കെതിരായ പ്രതിപക്ഷ ബഹളത്തിനും ബഹിഷ്കരണത്തിനുമിടെ കേരള നിയമസഭയുടെ പതിമൂന്നാം സമ്മേളനം തുടങ്ങി. ഗവര്‍ണര്‍ ജസ്റ്റിസ് പി. സദാശിവത്തിന്‍െറ നയപ്രഖ്യാപന പ്രസംഗത്തോടെയാണ് സമ്മേളനത്തിന് തുടക്കമായത്.  മാണിയെ ബജറ്റ് അവതരിപ്പിക്കാന്‍ അനുവദിക്കില്ളെന്ന ഉറച്ച നിലപാടില്‍ പ്രതിപക്ഷം സഭ ബഹിഷ്കരിച്ചു. പ്ളക്കാര്‍ഡുകളും ബാനറുകളുമായി സഭയിലെ ത്തിയ പ്രതിപക്ഷം മുദ്രാവാക്യം വിളിക്കുകയും നയപ്രഖ്യാപനത്തിനായി ഗവര്‍ണര്‍ എത്തിയപ്പോള്‍ സഭയില്‍ നിന്നിറങ്ങിപ്പോവുകയുമായിരുന്നു.

വിഴിഞ്ഞം, മട്രോ പദ്ധതികളില്‍ സമയബന്ധിതമായി നടപ്പാക്കുമെന്ന് നയപ്രഖ്യാപന പ്രസംഗത്തില്‍ ഗവര്‍ണര്‍ പറഞ്ഞു. കണ്ണൂര്‍ വിമാനത്താവളം 2016 മെയ് മാസത്തില്‍ പൂര്‍ത്തിയാക്കും. ഭൂരഹിത കേരളം പദ്ധതിയുടെ രണ്ടാം ഘട്ടം നടപ്പാക്കും. 45 മീറ്ററില്‍ ഹൈവേ വികസനവുമായി മുന്നോട്ട് പോകും. 7093 ഏക്കര്‍ ഭൂമി ഭൂരരഹിതരായ ആദിവാസികള്‍ക്ക് നല്‍കുമെന്നും ഗവര്‍ണര്‍ പറഞ്ഞു.
 

മറ്റു പ്രധാന പ്രഖ്യാപനങ്ങള്‍

  • വിഴിഞ്ഞം തുറമുഖ നിര്‍മാണം ഉടന്‍ തുടങ്ങും
  • തിരുവനന്തപുരത്തും കോന്നിയിലും പുതിയ മെഡിക്കല്‍ കൊളേജുകള്‍
  • പട്ടികജാതി വിദ്യാര്‍ത്ഥികളില്‍ മികവ് പുലര്‍ത്തുന്ന കുട്ടികള്‍ക്ക് അവാര്‍ഡ്
  • ശെന്തുരുണി, കോന്നി ഇക്കോ ടൂറിസം പദ്ധതികള്‍ ഈ വര്‍ഷം പൂര്‍ത്തിയാകും
  • വയനാട്ടിലും നിലമ്പൂരിലും ആനത്താവളം.
  • നഗരങ്ങളില്‍ മള്‍ടി ലെവല്‍ പാര്‍ക്കിങ്
  • ആദിവാസികള്‍ക്ക് ഗുരുകുലം പദ്ധതി
  • തെരുവുകളില്‍ എല്‍.ഇ.ഡി ബള്‍ബുകള്‍
  • ഹൈവേ ആംബുലന്‍സ് സര്‍വീസുകള്‍ ആരംഭിക്കും
  • റോഡ് സുരക്ഷ ഉറപ്പാക്കാന്‍ ശുഭ യാത്രാ പദ്ധതികള്‍
  • എല്ലാ പ്രധാന പതാകളിലും സ്പീഡ് റഡാറും ക്യാമറയും സ്ഥാപിക്കും
  • 2016 ഓടെ എല്ലാ സ്കൂളുകളും ക്യാമ്പസുകളും ലഹരി മുക്ത സോണാക്കും
  • ഐ.ടി.ഐകളില്‍ പ്ളേസ്മെന്‍റ് സെല്‍ രൂപീകരിക്കും
  • കോഴിക്കോടിനെ മൂന്നാമത് ഐ.ടി ആസ്ഥാനമാക്കും
  • കാരുണ്യകേരളം പദ്ധതില്‍ ആരോഗ്യ പരിശോധന സൗജന്യമാക്കും
  • കൂടുതല്‍ മാവേലി സ്റ്റോറുകള്‍ സൂപ്പര്‍മാര്‍ക്കറ്റുകളാക്കും
  • 7093 ഏക്കര്‍ ഭൂമി ഭൂരരഹിതരായ ആദിവാസികള്‍ക്ക് നല്‍കും
  • 2016ല്‍ കേരളം ജൈവ സംസ്ഥാനമാകും
  • ഭൂമി ഏറ്റെടുക്കല്‍ നടപടി  വേഗത്തിലാക്കും
  • പട്ടികജാതി വിഭാഗത്തില്‍ നിന്നുള്ള സംരംഭകര്‍ക്ക് പ്രത്യേക പരിഗണന
  • വന്യ മൃഗങ്ങളുടെ ആക്രമണത്തില്‍ മരണപ്പെടുന്നവരുടെ ആശ്രിതര്‍കുള്ള സഹായധനം മൂന്ന് ലക്ഷത്തില്‍ നിന്ന് അഞ്ച് ലക്ഷമാക്കി ഉയര്‍ത്തി
  • സമുദ്രോത്പന്നങ്ങളുടെ കയറ്റുമതിക്കും സംസ്കരണത്തിനും ഫുഡ് പാര്‍ക്ക് സ്ഥാപിക്കും
  • വെറ്റിനറി -കാര്‍ഷിക സര്‍വകലാശാലകളില്‍ കര്‍ഷകരുടെ മക്കള്‍ക്ക് സംവരണം
  • കെ.എസ്.ആര്‍.ടി.സി കൂടുതല്‍ ബസുകള്‍ നിരത്തിലിറക്കും
  • കൊറിയര്‍ സര്‍വീസും പാര്‍സസല്‍ സര്‍വീസും തുടങ്ങാന്‍ നടപടിയെടുക്കും
  • കുസാറ്റിനെ ദേശീയ നിലവാരമുള്ള ഗവേഷണ സ്ഥാപനമാക്കും
  • രണ്ട് വര്‍ഷത്തിനുള്ളില്‍ ഐടി മേഖലയില്‍ 80000 തൊഴിലവസരങ്ങള്‍
  • 400 ദിവസത്തിനുള്ളില്‍ 100 പാലങ്ങള്‍ നിര്‍മ്മിക്കും.
  • കഴക്കൂട്ടം അടൂര്‍ സുരക്ഷാ ഇടനാഴി ഈ വര്‍ഷം നിര്‍മ്മിക്കും.
  • ജവഹര്‍ ഹൗസിങ് സ്കീം വഴി പാവപ്പെട്ടവര്‍ക്ക് വീട് നല്‍കും.
  • കൈത്തറി വ്യവസായം, കേരള ഹാന്‍ഡ്ലൂം എന്ന പേരില്‍ വിപുലീകരിക്കും
  • കേരള സംസ്ഥാന വ്യാവസായി വികസന കോര്‍പ്പറേഷന്‍
  • ഭാരത് പെട്രോളിയം കൊച്ചി യൂണിറ്റിന്‍്റെ ഉല്‍പ്പാദനം കൂട്ടും
  • എല്‍.എന്‍.ജി പദ്ധതിക്ക് ഗെയിലിന് എല്ലാവിധ സഹായസഹകരണങ്ങള്‍ നല്‍കും
  • പൈപ്പ് വഴിയുള്ള എല്‍.എന്‍.ജി കൊച്ചി സിറ്റി ഗ്യാസ് സ്കീമിലൂടെ കൊച്ചിയിലെ ഉപഭോക്താക്കള്‍ക്ക് എത്തിക്കാന്‍ പദ്ധതി
  • ഇ - ഡിസ്ട്രിക്ട് പദ്ധതി എല്ലാ ജില്ലകളിലേക്കും വ്യാപിപ്പിക്കും
  •  ഈ മാസം തന്നെ എല്ലാ പഞ്ചായത്തുകളിലേക്കും ഹൈസ്പീഡ് ഇന്‍്റര്‍നെറ്റ് പദ്ധതി
  • തിരുവനന്തപുരം നഗര റോഡ് പുനര്‍നിര്‍മാണപദ്ധതി ഈ വര്‍ഷം പൂര്‍ത്തിയാക്കും

കായംകുളം കായലിലെ കരിമണല്‍ പരിശോധന ഇന്ന് തുടങ്ങിയേക്കും

Posted: 05 Mar 2015 08:45 PM PST

കായംകുളം: കായംകുളം കായലിലെ കരിമണല്‍ സാന്നിധ്യം സംബന്ധിച്ച പരിശോധനകള്‍ വെള്ളിയാഴ്ച തുടങ്ങിയേക്കും. ഇന്ത്യന്‍ റെയര്‍ എര്‍ത്ത് ലിമിറ്റഡിനാണ് വിദഗ്ധ പഠനത്തിനുള്ള ചുമതല കൈമാറിയിരിക്കുന്നത്. കായലിലെ പരിശോധനാ സാഹചര്യങ്ങള്‍ കായലും പരിസരവും സന്ദര്‍ശിച്ച ഐ.ആര്‍.ഇ സംഘം വിലയിരുത്തിയ ശേഷമാണ് വെള്ളിയാഴ്ച മുതല്‍ പരിശോധന ആരംഭിക്കാന്‍ തീരുമാനിച്ചത്. അതേസമയം, കായലില്‍ കരിമണല്‍ സാന്നിധ്യമില്ളെന്ന് വരുത്തിത്തീര്‍ക്കാനുള്ള ശ്രമങ്ങള്‍ക്ക് ഖനനലോബിയും തുടക്കംകുറിച്ചിട്ടുണ്ട്.
പരിശോധനാഫലം അട്ടിമറിക്കുന്നതിനുള്ള ഇടപെടലുകളാണ് ഇവര്‍ നടത്തുന്നത്. കായലിനടിയില്‍നിന്ന് പരിശോധനക്ക് മണ്ണ് ശേഖരിക്കാനുള്ള ചുമതല ഖനന കമ്പനിക്ക് നല്‍കണമെന്നാണ് കരിമണല്‍ ലോബിയുടെ സമ്മര്‍ദം. എന്നാല്‍, സമ്മര്‍ദങ്ങള്‍ക്ക് വഴങ്ങി ഐ.ആര്‍.ഇ പരിശോധനഫലം അട്ടിമറിച്ചാല്‍ നിയമപരമായ മാര്‍ഗങ്ങളിലൂടെ നേരിടുമെന്നാണ് ഖനന വിരുദ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നത്. കായലിലെ കരിമണല്‍ സാന്നിധ്യം സംബന്ധിച്ച് ഐ.ആര്‍.ഇ നല്‍കിയ പഠന റിപ്പോര്‍ട്ടിന്‍െറ അടിസ്ഥാനത്തിലാണ് കായലിലെ ഖനനം തടയാന്‍ തദ്ദേശ ജനപ്രതിനിധികള്‍ രംഗത്തിറങ്ങിയതെന്നതാണ് ശ്രദ്ധേയം. സൂനാമിക്കുശേഷം കായംകുളം പൊഴിമുഖത്ത് തിരയേറ്റം ശക്തമായതിനാല്‍ കായലില്‍ വന്‍തോതില്‍ കരിമണല്‍ അടിഞ്ഞുകൂടിയിട്ടുണ്ടെന്നും ഇതില്‍ 45 ശതമാനവും കരിമണലാണെന്നുമാണ് ഇവര്‍ നേരത്തേ റിപ്പോര്‍ട്ട് നല്‍കിയിരുന്നത്. അസംസ്കൃത വസ്തുക്കളുടെ ദൗര്‍ലഭ്യം കാരണം പ്രതിസന്ധി നേരിടുന്നതിനാല്‍ കായലില്‍ ഖനനം നടത്താന്‍ അനുമതി വേണമെന്ന് നേരത്തേ തന്നെ ഇവര്‍ ആവശ്യപ്പെട്ടിരുന്നു. ഈ സാഹചര്യത്തില്‍ ഇവരുടെ പഠന റിപ്പോര്‍ട്ടിന് ഏറെ പ്രസക്തിയുണ്ട്. ഇതിനിടെ, കായലില്‍നിന്നുള്ള മണ്ണ് ശേഖരിച്ച് ബദല്‍ പരിശോധന നടത്താനുള്ള നീക്കം ഖനനവിരുദ്ധരും നടത്തുന്നുണ്ട്.

ബലാത്സംഗക്കേസ് പ്രതിയെ ജയിലില്‍നിന്ന് വലിച്ചിറക്കി തല്ലിക്കൊന്നു

Posted: 05 Mar 2015 08:40 PM PST

Image: 

കൊഹിമ: ബലാത്സംഗക്കേസ് പ്രതിയെ ജയിലില്‍നിന്ന് വലിച്ചിറക്കി നാട്ടുകാര്‍ തല്ലിക്കൊന്നു. വ്യാഴാഴ്ച വൈകീട്ട് ആറോടെ നാഗാലാന്‍ഡിലെ ദിമാപൂരിലാണ് സംഭവം. ലൈംഗികാതിക്രമത്തില്‍ പ്രതിഷേധിച്ച് നടന്ന റാലിക്കുശേഷം വിദ്യാര്‍ഥികളുള്‍പ്പെടെ ക്ഷുഭിത ജനക്കൂട്ടം ജില്ലാ ജയിലിലേക്ക് തള്ളിക്കയറി പ്രതിയെ വലിച്ച് പുറത്തിറക്കി തല്ലിക്കൊല്ലുകയായിരുന്നു. പൊലീസ് ആകാശത്തേക്ക് വെടിവെക്കുകയും കണ്ണീര്‍വാതകം പ്രയോഗിക്കുകയും ചെയ്തു. ഇതില്‍ 20ഓളം പേര്‍ക്ക് പരിക്കുണ്ട്. ഇതത്തേുടര്‍ന്ന് ജനക്കൂട്ടം പൊലീസ് വാഹനങ്ങളുള്‍പ്പെടെ തല്ലിത്തകര്‍ത്ത് തീയിട്ടു. പൊലീസ് സ്ഥലത്ത് കര്‍ഫ്യൂ പ്രഖ്യാപിച്ചു.

നാഗാ യുവതിയെ ബലാത്സംഗം ചെയ്ത ബംഗ്ളാദേശി കുടിയേറ്റക്കാരനെന്ന് സംശയിക്കുന്ന, അസമില്‍നിന്നുള്ള സെയ്ദ് ഫരീദ് ഖാനാണ് (35) കൊല്ലപ്പെട്ടത്. സെക്കന്‍ഡ് ഹാന്‍ഡ് കാറുകളുടെ വില്‍പന നടത്തുന്ന ഇയാള്‍, ഫെബ്രുവരി 23ന് യുവതിയെ പലയിടങ്ങളിലായി കൊണ്ടുപോയി പീഡിപ്പിച്ചെന്നായിരുന്നു പരാതി. വലിച്ചിറക്കി നഗ്നനായി തെരുവിലൂടെ നടത്തുകയും ഇരുചക്ര വാഹനത്തില്‍ക്കെട്ടി വലിച്ചിഴക്കുകയും ചെയ്തശേഷമായിരുന്നു ആക്രമണം. നാഗാ സ്റ്റുഡന്‍റ്സ് ഫെഡറേഷന്‍, നാഗാ വുമന്‍സ് ഹോഹോ എന്നിവയുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധ പ്രകടനം. സംസ്ഥാന സര്‍ക്കാര്‍ അന്വേഷണത്തിന് ഉന്നതതല സംഘത്തെ നിയോഗിച്ചിട്ടുണ്ട്.

തൊഴിലാളികള്‍ സംരക്ഷണത്തിന് ഹൈകോടതിയില്‍

Posted: 05 Mar 2015 08:37 PM PST

നീലേശ്വരം: കിനാനൂര്‍-കരിന്തളം പഞ്ചായത്തിലെ തലയടുക്കത്ത് പൊതുമേഖലാ സ്ഥാപനമായ കെ.സി.സി.പി നടത്തുന്ന ലാറ്ററേറ്റ് ഖനനം വീണ്ടും വിവാദത്തിലേക്ക്. തലയടുക്കം ഖനനം നടത്തുന്ന തൊഴിലാളികള്‍ ജോലിക്ക് പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് ഹൈകോടതിയില്‍ വ്യാഴാഴ്ച ഹരജി ഫയല്‍ ചെയ്തു. ചൈനാ ക്ളേ വര്‍ക്കേഴ്സ് യൂനിയനാണ് ഹരജി ഫയല്‍ ചെയ്തത്.
തലയടുക്കത്ത് സി.ഐ.ടി.യു, ഐ.എന്‍.ടി.യു.സി സംഘടനയിലെ 40ഓളം തൊഴിലാളികള്‍ ജോലി ചെയ്യുന്നുണ്ട്.
ഫെബ്രുവരി ആറിന് കെ.സി.സി.പി കമ്പനി അധികൃതര്‍ പൊലീസ് സംരക്ഷണത്തിനുവേണ്ടി മറ്റൊരു ഹരജി ഫയല്‍ ചെയ്തിരുന്നു. ഇതിന്‍െറ കേസില്‍ ഹാജരാകാന്‍ ബഹുജന സമരസമിതി നേതാക്കള്‍ക്ക് ഹൈകോടതി നോട്ടീസയച്ചു. തിങ്കളാഴ്ച ഇവര്‍ കോടതിയില്‍ ഹാജരാകണം.
അതിനിടെ, ചായ്യോത്ത് മുതല്‍ കാലിച്ചാമരം വരെയുള്ള വ്യാപാരികള്‍ നാളെ രാവിലെ ഒമ്പത് മുതല്‍ കടകളടച്ച് ബഹുജന സമരസമിതിക്ക് പിന്തുണ നല്‍കും. ഖനന സ്ഥലത്ത് സമരസമിതി നടത്തുന്ന സത്യഗ്രഹം തുടരുകയാണ്.

പാപ്പിനിശ്ശേരിയില്‍ കരാറുകാരുടെ ട്രാഫിക് ഭരണം

Posted: 05 Mar 2015 08:34 PM PST

പാപ്പിനിശ്ശേരി: കെ.എസ്.ടി.പി മേല്‍പാലം നിര്‍മാണത്തിന്‍െറ അവസാന ഘട്ടത്തില്‍ മാത്രം ഏര്‍പ്പെടുത്തുമെന്ന് പറഞ്ഞിരുന്ന ഗതാഗത നിയന്ത്രണം നേരത്തെ തന്നെ കരാറുകാരുടെ താല്‍പര്യപ്രകാരം അടിച്ചേല്‍പിക്കുകയാണെന്ന് പരാതി. നിര്‍മാണം ഒച്ചിന്‍െറ വേഗതയില്‍ നീക്കുകയും അതിന്‍െറ പേരില്‍ ജനത്തെ ദുരിതത്തിലാക്കുകയുമാണെന്നാണ് പരാതി. ഇരുചക്ര വാഹനങ്ങള്‍ക്ക് പോലും കടന്നുപോകാനുള്ള വഴി നീക്കിവെക്കാതെ കാട്ടിലെപള്ളി-എം.എം ആശുപത്രി മേഖലയില്‍ നിയന്ത്രണമേര്‍പ്പെടുത്തിയതാണ് വിവാദമായിരിക്കുന്നത്. ഹാജി റോഡിലേക്കുള്ള വഴിതടഞ്ഞ് ബാപ്പിക്കാന്‍തോട് വഴി ഗതാഗതം തിരിച്ചുവിട്ടതും വൈകി ചെയ്യേണ്ട നിയന്ത്രണമായിരുന്നുവെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.
ഇരുചക്ര വാഹനങ്ങള്‍ക്കുപോലും വഴി നീക്കിവെക്കാതെ കാട്ടിലെപള്ളി മേഖലയില്‍ ഗതാഗതം നിയന്ത്രിച്ചപ്പോള്‍ അതിനനുസരിച്ച് നിര്‍മാണജോലി ത്വരിതപ്പെടുത്തിയിട്ടൊന്നുമില്ല. ആശുപത്രി, വിദ്യാലയം എന്നിവിടങ്ങളിലേക്ക് കാല്‍നടയായി എത്തുന്നവര്‍ക്ക് പോലും മാര്‍ഗതടസ്സമുണ്ടാക്കിയിരിക്കുകയാണ്.
റോഡില്‍ ഡ്രില്ല് ചെയ്യുമ്പോഴുള്ള യന്ത്രത്തിന്‍െറ ആയാസകരമായ ഉപയോഗത്തിന് സ്ഥലം ആവശ്യമാണ്. ഇപ്പോള്‍ മേഖലയില്‍ ഡ്രില്ലിങ് തുടങ്ങിയാലും ഒരു ഭാഗത്ത് ഇരുചക്ര വാഹനങ്ങള്‍ക്കെങ്കിലും വഴി നീക്കിവെക്കാനാവും. പാലത്തിന്‍െറ തൂണ്‍ പണിയേണ്ടതിന് കമ്പികെട്ടുന്ന ജോലിയാണിപ്പോള്‍ വഴിയാത്ര പോലും തടഞ്ഞ് കാട്ടിലെപള്ളി മേഖലയില്‍ നടക്കുന്നത്. സാധാരണ ഇത്തരം അടിസ്ഥാന ജോലികള്‍ സമീപത്തെ പറമ്പുകള്‍ വാടകക്കെടുത്ത് ഉപയോഗിച്ചാണ് ചെയ്യാറ്. അതിനുള്ള ചെലവ് ലാഭിക്കാനാണ് ജനത്തെ ദുരിതത്തിലാക്കി കരാറുകാര്‍ തങ്ങളുടെ താല്‍പര്യം നടപ്പാക്കുന്നതെന്നാണ് പരാതി. പൊലീസ് ഇതിന്‍െറ ബലിയാടാവുകയാണ്. കരാറുകാരുടെ താല്‍പര്യപ്രകാരം വാഹനങ്ങള്‍ വഴിതിരിച്ചുവിടുന്ന ഡ്യൂട്ടിയാണ് പൊലീസ് നിര്‍വഹിക്കുന്നത്.
സമീപത്തെ നിരവധി വീടുകളിലേക്ക് വാഹനം കയറ്റാനോ ഇറക്കാനോ കഴിയാത്ത വിധം വഴി തടയപ്പെട്ടു. മേല്‍പാലം നിര്‍മാണം റെയില്‍വേ ഗേറ്റിന്‍െറ അരികിലത്തെുമ്പോഴും അവിടെ ഡ്രില്ലിങ് ജോലി തുടങ്ങുമ്പോഴുമാണ് കൂടുതല്‍ നിയന്ത്രണം വേണ്ടിവരുക.
അത്രത്തോളം നിര്‍മാണം പുരോഗമിച്ചിട്ടില്ല. അതിന് മുമ്പ് അനാവശ്യമായി റോഡ് തടയുന്നുവെന്നാണ് വ്യാപാരികളുടെയും പരിസരത്തെ വീട്ടുകാരുടെയും ആശുപത്രി, സ്കൂള്‍ അധികൃതരുടെയും പരിഭവം.
ഹാജി റോഡിലേക്കുള്ള ഗതാഗതത്തിന് വഴി നീക്കിവെച്ചാണ് മേല്‍പാലം തൂണ്‍ സ്ഥാപിക്കാനുള്ള ജോലി തുടരാന്‍ നിര്‍ദേശിക്കപ്പെട്ടിരുന്നത്. എന്നാല്‍, പെട്ടെന്ന് റോഡ് അടച്ച് ബാപ്പിക്കാന്‍തോട് വഴി തിരിച്ചുവിടുകയായിരുന്നു. ഈ മേഖലയില്‍ റോഡ് മെക്കാഡം ടാറിങ് ചെയ്തു. പക്ഷേ, സ്വകാര്യ വ്യക്തിയുമായി നിയമപ്രശ്നമുള്ള മേഖല വരെ മാത്രമേ ടാര്‍ ചെയ്യാനായുള്ളു. എന്നാല്‍, ബാപ്പിക്കാന്‍ തോട് റോഡിലേക്ക് കുഞ്ഞിപ്പള്ളിയില്‍ നിന്ന് യു ടേണ്‍ എടുത്ത് പോകാന്‍ പെടാപ്പാട് പെടുകയാണ് വാഹനങ്ങള്‍.

നഗരസഭാ വികസന സെമിനാര്‍: ചെറുകിട കുടിവെള്ളപദ്ധതികള്‍ക്ക് മുന്‍ഗണന

Posted: 05 Mar 2015 08:28 PM PST

പത്തനംതിട്ട: ഈ വര്‍ഷത്തെ പദ്ധതിയില്‍ ചെറുകിട കുടിവെള്ളപദ്ധതികള്‍ക്ക് മുന്‍ഗണന നല്‍കുമെന്ന് നഗരസഭാ ചെയര്‍മാന്‍ എ. സുരേഷ് കുമാര്‍. കുട്ടികളുടെ അത്യാധുനിക പാര്‍ക്കും വാര്‍ഡുതോറും വികസന കേന്ദ്രങ്ങളും ഈ വര്‍ഷം നഗരസഭയില്‍ ആരംഭിക്കാന്‍ നടപടി സ്വീകരിക്കും. നഗരസഭയുടെ വികസന സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
നഗരസഭയിലെ ഓരോ വാര്‍ഡിലും ഏറ്റവും സാമ്പത്തിക പിന്നാക്കാവസ്ഥയില്‍ നില്‍ക്കുന്ന ഒരു കുടുംബത്തിന് വീട്, ഭിന്നശേഷിയുള്ളവര്‍ക്ക് മുച്ചക്ര വാഹനം, എല്‍.പി, യു.പി സ്കൂളുകള്‍ക്ക് ഇന്‍റര്‍നെറ്റ്, ടെലിഫോണ്‍, ഇ-ലേണിങ് വിദ്യാഭ്യാസം, നഗരസഭാ കാര്യാലയത്തില്‍ ഊര്‍ജ സംരക്ഷണത്തിന്‍െറ ഭാഗമായി സൗരോര്‍ജ സംവിധാനം സ്ഥാപിക്കല്‍, സ്കൂളുകള്‍ക്ക് ലാബ് സൗകര്യം തുടങ്ങിയവയും ഏര്‍പ്പെടുത്തും. വനിതകള്‍ക്കായി ഡി.ടി.പി സെന്‍റര്‍, വിവിധ സ്വയം തൊഴില്‍ യൂനിറ്റുകള്‍ക്കായി വിപണനകേന്ദ്രം സ്ഥാപിക്കാന്‍ കെട്ടിടം, മുക്കുഴിപ്പാലം എന്നിവയും ഈ വര്‍ഷത്തെ പദ്ധതിയില്‍ ഉണ്ടാകും. സ്ത്രീകള്‍ക്ക് ചപ്പാത്തി നിര്‍മാണ യൂനിറ്റും സാനിട്ടറി നാപ്കിന്‍ നിര്‍മാണ യൂനിറ്റും ആരംഭിക്കും. ലൈബ്രറിയുടെയും നഗരസഭയുടെയും ഡാറ്റ ഡിജിറ്റലൈസേഷന്‍ നടത്തും.
32 വാര്‍ഡുകളിലായി കുടിവെള്ളം, വൈദ്യുതി, റോഡ് എന്നിവക്കായി 446 പദ്ധതികളാണ് ഈ വര്‍ഷം നഗരസഭ തയാറാക്കുന്നത്. നഗരസഭാ പ്രദേശത്തെ കുടിവെള്ളപ്രശ്നം പരിഹരിക്കാന്‍ ചെറുകിട കുടിവെള്ളപദ്ധതികള്‍ക്ക് പ്രത്യേകം പ്രധാന്യം നല്‍കുമെന്ന് ചെയര്‍മാന്‍ പറഞ്ഞു.
ഇതിനായി ഗ്രൗണ്ട് വാട്ടര്‍ ഡിപ്പാര്‍ട്മെന്‍റില്‍നിന്ന് കുഴല്‍ക്കിണര്‍ കുഴിച്ച് ടാങ്കുകള്‍ നിര്‍മിച്ച് കുടിവെള്ളം എത്തിക്കുന്ന പദ്ധതികള്‍ തയാറാക്കും. നഗരസഭാ പ്രദേശത്തെ ഗതാഗതപ്രശ്നം പരിഹരിക്കാന്‍ സര്‍ക്കുലര്‍ ബസ് സര്‍വീസും ആരംഭിക്കും. കാഴ്ചയില്ലാത്തവര്‍ക്ക് ബ്രെയ്ലി കമ്പ്യൂട്ടര്‍, ഹൈ-ടെക് ഫാമിങ്, ജൈവ പച്ചക്കറി കൃഷി എന്നിവക്ക് പ്രോത്സാഹനം, തെങ്ങുകയറ്റ യന്ത്രങ്ങള്‍ നല്‍കല്‍, നഗരസഭാ പ്രദേശത്തെ ക്ളബുകള്‍ക്ക് സ്പോര്‍ട്സ് കിറ്റ് വിതരണം തുടങ്ങി 66 പുതിയ പദ്ധതികളും നഗരസഭ വിഭാവനം ചെയ്തിട്ടുണ്ട്. വൈസ് ചെയര്‍പേഴ്സണ്‍ ആനി സജി അധ്യക്ഷത വഹിച്ചു. എം.സി. ഷരീഫ്, കുഞ്ഞൂഞ്ഞമ്മ വര്‍ഗീസ്, കെ.ആര്‍. അരവിന്ദാക്ഷന്‍ നായര്‍, കെ. ജാസിംകുട്ടി, മുണ്ടുകോട്ടക്കല്‍ സുരേന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു. നഗരസഭാ കൗണ്‍സില്‍ അംഗങ്ങളായ വി.എ. ഷാജഹാന്‍, ബിജി ജോസഫ്, പി.കെ. അനീഷ്, ആര്‍. സാബു, എസ്. ഷൈലജ, സിജി എബി, പൊന്നമ്മ ശശി, മിനി വിത്സണ്‍, ബി. മണിയമ്മ, പ്രിയ പ്രസാദ്, ബാബു വിളവിനാല്‍ എന്നിവര്‍ വിവിധ വര്‍ക്കിങ് ഗ്രൂപ്പുകള്‍ക്ക് നേതൃത്വം നല്‍കി.

പ്രതിരോധ കുത്തിവെപ്പ്: ദേശീയതലത്തില്‍ കോട്ടയം മുന്നില്‍

Posted: 05 Mar 2015 08:26 PM PST

കോട്ടയം: പ്രതിരോധ കുത്തിവെപ്പ് എടുക്കുന്നവരുടെ പട്ടികയില്‍ രാജ്യത്ത് കോട്ടയം മുന്നില്‍. ജില്ലയില്‍ 93.6 ശതമാനം പേര്‍ പ്രതിരോധ കുത്തിവെപ്പ് എടുത്തിട്ടുണ്ട്. അതേസമയം, അഞ്ചാംപനി പ്രതിരോധ കുത്തിവെപ്പ് എടുത്തവര്‍ 94 ശതമാനം മാത്രമാണ്. പ്രതിരോധ കുത്തിവെപ്പ് പട്ടികയില്‍ നേരത്തേ ഒന്നാം സ്ഥാനം നേടിയിരുന്ന സംസ്ഥാനമായിരുന്ന കേരളം ഇപ്പോള്‍ മൂന്നാം സ്ഥാനത്താണ്.
ഇതിന് കാരണം പ്രതിരോധ കുത്തിവെപ്പുകള്‍ക്കെതിരെ നടക്കുന്ന പ്രചാരണങ്ങളാണെന്ന് ശിശുരോഗ വിദഗ്ധരുടെ സംഘടനയായ ഇന്ത്യന്‍ അക്കാദമി ഓഫ് പീഡിയാട്രിക്സ് (ഐ.എ.പി) ഭാരവാഹികള്‍ പറഞ്ഞു. പ്രതിരോധ കുത്തിവെപ്പിനെക്കുറിച്ച് അവബോധം സൃഷ്ടിക്കാന്‍ ലോക അഞ്ചാംപനി ദിനമായ ശനിയാഴ്ച അസോസിയേഷന്‍ പ്രതിരോധ കുത്തിവെപ്പ് ദിനമായി ആചരിക്കും. പ്രതിരോധ കുത്തിവെപ്പ് മൂലമാണ് വസൂരി, പോളിയോ തുടങ്ങിയ മാരകരോഗങ്ങളെ നിര്‍മാര്‍ജനം ചെയ്യാന്‍ കഴിഞ്ഞത്. എന്നാല്‍, അടുത്തിടെ കുത്തിവെപ്പിനെതിരെ തെറ്റിദ്ധാരണ പരത്തുന്ന പ്രചാരണം വര്‍ധിക്കുകയാണ്.
വിവിധ സംശയങ്ങളും തെറ്റിദ്ധാരണകളും നീക്കം ചെയ്യാനാണ് പ്രതിരോധ കുത്തിവെപ്പ് ദിനമായി ആചരിക്കുന്നത്. കോട്ടയം ജില്ല രാജ്യത്തുതന്നെ കുത്തിവെപ്പ് എടുക്കുന്നവരുടെ എണ്ണത്തില്‍ മുന്നിലാണെങ്കിലും ഏഴ് ശതമാനത്തോളം പേര്‍ ഇതില്‍ പങ്കാളികളാകുന്നില്ളെന്നത് ആശങ്ക പരത്തുന്നുണ്ട്. കുത്തിവെപ്പ് മൂലം ശിശുമരണങ്ങള്‍ വളരെ കുറഞ്ഞതായും ഭാരവാഹികള്‍ പറഞ്ഞു. സ്കൂള്‍ പ്രവേശത്തിനുമുമ്പ് പ്രതിരോധ കുത്തിവെപ്പ് കാര്‍ഡ് നിര്‍ബന്ധമാക്കണമെന്ന് ആവശ്യപ്പെട്ട് സര്‍ക്കാറിന് നിവേദനം നല്‍കുമെന്നും ഇവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
വിദേശ രാജ്യങ്ങളില്‍ സ്കൂള്‍ പ്രവേശത്തിനുമുമ്പ് കുത്തിവെപ്പ് കാര്‍ഡ് നിര്‍ബന്ധമാണ്. ഇന്ത്യയില്‍ പ്രഫഷനല്‍ കോഴ്സുകള്‍ക്കും പാസ്പോര്‍ട്ടിന് അപേക്ഷിക്കുമ്പോഴും കുത്തിവെപ്പ് കാര്‍ഡ് നല്‍കണം. പ്രതിരോധ മരുന്നുകള്‍ക്കെതിരെ നടക്കുന്ന പ്രചാരണങ്ങള്‍ തെറ്റിദ്ധാരണ പരത്തുന്നതാണെന്നും ഇത്തരം വാദങ്ങള്‍ തള്ളിക്കളയണമെന്നും അവര്‍ ആവശ്യപ്പെട്ടു. ഐ.എ.പി കോട്ടയം പ്രസിഡന്‍റ് ഡോ. കെ.പി. ജയപ്രകാശ്, സെക്രട്ടറി ഡോ. സുനു ജോണ്‍, ട്രഷറര്‍ ഡോ. ജിസ് തോമസ്, എന്‍.എന്‍.എഫ് പ്രസിഡന്‍റ് ഡോ. സി. ജയകുമാര്‍, ഐ.എ.പി കേരള ന്യൂറോളജി ചാപ്റ്റര്‍ പ്രസിഡന്‍റ് ഡോ. പി.ആര്‍. ജയകുമാര്‍, ഐ.സി.എച്ച് കോട്ടയം സൂപ്രണ്ട് ഡോ. പി. സവിത എന്നിവര്‍ പങ്കെടുത്തു.

വന്യജീവി ആക്രമണം: പ്രതിരോധവുമായി വനംവകുപ്പ്

Posted: 05 Mar 2015 08:21 PM PST

തൊടുപുഴ: ജനവാസ മേഖലകളില്‍ വന്യജീവികളുടെ ആക്രമണം തടയാന്‍ തെരഞ്ഞെടുക്കപ്പെട്ട പ്രദേശങ്ങളില്‍ വനം വകുപ്പിന്‍െറ നേതൃത്വത്തില്‍ നടപടി ആരംഭിച്ചു. സോളാര്‍ വൈദ്യുതി ഉപയോഗിച്ച് ഇടുക്കിയില്‍ 16.30 കിലോമീറ്റര്‍ ദൂരവും തേക്കടിയില്‍ 12.10 കിലോമീറ്റര്‍ ദൂരവും വൈദ്യുതി വേലികളുടെ നിര്‍മാണം പൂര്‍ത്തിയായിക്കഴിഞ്ഞു. വൈല്‍ഡ് ലൈഫ് ഇടുക്കി ഡിവിഷന്‍െറ ക്യാമ്പുകളുടെ സമീപത്തായി 750 മീറ്റര്‍ ദൂരത്തില്‍ ആനയുടെ ആക്രമണത്തില്‍നിന്ന് രക്ഷ നേടുന്നതിനായി ട്രഞ്ചുകളും ഇടുക്കി ആദിവാസി സെറ്റില്‍മെന്‍റ് മേഖലകള്‍ കേന്ദ്രീകരിച്ച് അഞ്ചര കിലോമീറ്റര്‍ ദൂരത്തില്‍ കയ്യാലകളുടെയും നിര്‍മാണം പൂര്‍ത്തിയായി.
മൂന്നാര്‍ വൈല്‍ഡ് ലൈഫ് ഡിവിഷന്‍െറ ഭാഗമായി ചിന്നാര്‍, ഇരവികുളം നാഷനല്‍ പാര്‍ക് തുടങ്ങിയ മേഖലകള്‍ കേന്ദ്രീകരിച്ച് സോളാര്‍ വൈദ്യുതിയുടെ സാധ്യതകള്‍ ഉപയോഗപ്പെടുത്തി വൈദ്യുത വേലികളും ഇവ സ്ഥാപിക്കാന്‍ സാധിക്കാത്ത ഇടങ്ങളില്‍ ട്രഞ്ചുകളും സ്ഥാപിച്ചു കഴിഞ്ഞു. ഷോലാ നാഷനല്‍ പാര്‍ക്, ചിന്നാര്‍ തുടങ്ങിയ മേഖഖലകളില്‍ ആനയുടെ പെട്ടെന്നുള്ള ആക്രമണം തടയുന്നതിന് കയ്യാലകളുടെ നിര്‍മാണവും പൂര്‍ത്തിയായിട്ടുണ്ട്.
വന്യജീവികളുടെ ആക്രമണം തടയുന്നതിന് മുള്ളുകള്‍ നിറഞ്ഞ അഗേവ് ചെടികള്‍ വേലിയുടെ രൂപത്തില്‍ വെച്ച് പിടിപ്പിക്കുന്നതിനുള്ള നടപടി മൂന്നാര്‍ ഫോറസ്റ്റ് വിഭാഗം പരീക്ഷണാര്‍ഥം ആരംഭിച്ചിട്ടുണ്ട്. സാധാരണക്കാരായ കര്‍ഷകര്‍ക്കും ഇത്തരം വേലികളുടെ നിര്‍മാണത്തിലൂടെ വന്യജീവികളുടെ ആക്രമണം തടയാന്‍ കഴിയുമെന്ന് വനംവകുപ്പധികൃതര്‍ പറയുന്നു. വളര്‍ത്തുമൃഗങ്ങളുടെയും നാണ്യവിളകളുടെയും വീടുകളുടെയും നാശനഷ്ടത്തിന് പരമാവധി 75000 രൂപയുടെ ധനസഹായം നല്‍കും. വന്യജീവികളുടെ ആക്രമണത്തില്‍ പരിക്കേല്‍ക്കുന്ന വ്യക്തികള്‍ക്ക് ചികിത്സാ ധനസഹായമായി 75000 രൂപ മാനദണ്ഡമനുസരിച്ച് ലഭിക്കും.
വന്യജീവികളുടെ ആക്രമണത്തില്‍ നാശനഷ്ടങ്ങള്‍ സംഭവിക്കുന്ന കര്‍ഷകരുടെ നാണ്യവിളകള്‍ക്കും വളര്‍ത്തുമൃഗങ്ങള്‍ക്കും വീടുകളുടെ കേടുപാടുകള്‍ക്കും മാനദണ്ഡങ്ങള്‍ക്കനുസരിച്ച് ഒരു വര്‍ഷം പരമാവധി നാല് തവണയാണ് ധനസഹായം ലഭിക്കുന്നത്.

ചിട്ടിക്കമ്പനി ഉടമകള്‍ ലക്ഷങ്ങളുമായി മുങ്ങി

Posted: 05 Mar 2015 08:17 PM PST

കരുനാഗപ്പള്ളി: നിക്ഷേപകരെ കബളിപ്പിച്ച് ചിട്ടിക്കമ്പനി ഉടമകള്‍ മുങ്ങി. നിക്ഷേപകര്‍ നഗരസഭാ ചെയര്‍മാന്‍െറയും കൗണ്‍സിലര്‍മാരുടെയും നേതൃത്വത്തില്‍ ആക്ഷന്‍ കൗണ്‍സില്‍ രൂപവത്കരിച്ചു. കരുനാഗപ്പള്ളി തറയില്‍ ജങ്ഷനില്‍ 'ശ്രീഗുരുകുലം' പേരില്‍ ആറാട്ടുപുഴ, തേവലക്കര സ്വദേശികളുടെ ഉടമസ്ഥതയില്‍ നടത്തിവന്ന ചിട്ടിക്കമ്പനിയാണ് നിക്ഷേപകരെ കബളിപ്പിച്ചത്. 10,000 രൂപ മുതല്‍ ഒരുലക്ഷം രൂപവരെ പണം നിക്ഷേപിച്ച നൂറുകണക്കിന് പേരാണ് തട്ടിപ്പിനിരയായത്.
ഒരുമാസംമുമ്പ് കരുനാഗപ്പള്ളി പൊലീസിന്‍െറ മധ്യസ്ഥതയില്‍ പണം തിരികെ ക്കൊടുക്കാമെന്ന് ഉടമകള്‍ ഉറപ്പുനല്‍കിയിരുന്നു. തുടര്‍ന്ന് നിക്ഷേപകര്‍ക്ക് ഓരോരുത്തരുടെയും തുകയുടെ 30 ശതമാനം കുറച്ച് 70 ശതമാനം സംഖ്യ മാര്‍ച്ച് അഞ്ചിന് നല്‍കുമെന്നും സമ്മതിച്ചിരുന്നു.
ഇത് വിശ്വസിച്ച നിക്ഷേപകര്‍ വ്യാഴാഴ്ച പണം തിരികെലഭിക്കുമെന്ന പ്രതീക്ഷയില്‍ പൊലീസ് സ്റ്റേഷനില്‍ തടിച്ചുകൂടിയെങ്കിലും നിരാശയായിരുന്നു ഫലം. പിന്നീട് നിക്ഷേപകര്‍ നഗരസഭാ കാര്യാലയത്തിലത്തെി ചെയര്‍മാന്‍ എച്ച്. സലിമിനെയും കൗണ്‍സിലര്‍മാരെയും കണ്ട് പ്രശ്നം അവതരിപ്പിച്ചു. തുടര്‍ന്നാണ് പ്രശ്നംപരിഹരിക്കാനും ചിട്ടിക്കമ്പനി ഉടമകളില്‍നിന്ന് പണം തിരികെവാങ്ങുന്നതിനുമായി ആക്ഷന്‍ കൗണ്‍സില്‍ രൂപവത്കരിച്ചത്. യോഗത്തില്‍ കെ.ജി. രവി അധ്യക്ഷതവഹിച്ചു. ആക്ഷന്‍ കൗണ്‍സില്‍ ചെയര്‍മാനായി നഗരസഭാ കൗണ്‍സിലര്‍ ബോബന്‍ ജി. നാഥിനെ തെരഞ്ഞെടുത്തു.

വനംവകുപ്പിലെ ഇ-ലേലം: വ്യാപാരികള്‍ സമരത്തിലേക്ക്

Posted: 05 Mar 2015 08:15 PM PST

പുനലൂര്‍: വനംവകുപ്പില്‍ പുറമേക്കുള്ള കമ്പനിയെ ഇടനിലക്കാരായി നടപ്പാക്കിയ ഇ-ലേലം മൂലം വ്യാപാരം നിലച്ച സംസ്ഥാനത്തെ ചെറുകിട തടിവ്യാപാരികള്‍ സമരത്തിലേക്ക്. കാലങ്ങളായി കുറ്റമറ്റ രീതിയില്‍ വനംവകുപ്പ് നേരിട്ട് വില്‍പന നടത്തിയിരുന്ന തടികളും മറ്റു വനവിഭവങ്ങളും കഴിഞ്ഞ നവംബര്‍ മുതല്‍ ഇ-ലേലമാക്കി. ആദ്യം ഡിപ്പോകളിലെ തടിലേലവും തുടര്‍ന്ന് ഡമ്പിങ് ഡിപ്പോകളിലെ കഴകളും മറ്റു വിഭവങ്ങളും ഇ-ലേലത്തിലാക്കി. വനംവകുപ്പിലെ ചില ഉന്നത ഉദ്യോഗസ്ഥരാണ് പുതിയ പരിഷ്കാരത്തിന് പിന്നില്‍. വന്‍ തുക കമീഷന്‍ നല്‍കി എം.എസ്.ടി.സി എന്ന കമ്പനിയെയാണ് വനംവകുപ്പ് ഇതിന് ഇടനിലക്കാരാക്കിയത്. വനംവകുപ്പിന്‍െറ തടിയും മറ്റു വിഭവങ്ങളും ലേലത്തിലെടുത്തുവന്നിരുന്ന ആയിരക്കണക്കിന് വരുന്ന ചെറുകിട കച്ചവടക്കാരെ ഈ രംഗത്തുനിന്നും പിന്തള്ളി വന്‍കിട കുത്തകകള്‍ക്ക് ഈ രംഗം തീറെഴുതുകയാണെന്ന ആക്ഷേപം ആദ്യംമുതലേ ഉയര്‍ന്നിരുന്നു. പുതിയ പരിഷ്കാരത്തില്‍ പ്രതിഷേധിച്ച്, മിക്ക കച്ചവടക്കാരും പുതിയ കമ്പനിയില്‍ രജിസ്റ്റര്‍ ചെയ്യണമെന്ന വ്യവസ്ഥയില്‍നിന്നും വിട്ടുനിന്നു.
ഇ-ലേലത്തിലെ നടപടിക്രമങ്ങളും മറ്റു നൂലാമാലകളും ചെറുകിട കച്ചവടക്കാരുടെ ഈ ആരോപണം സാധൂകരിക്കുന്നതാണ്. പുതിയ ലേലസമ്പ്രദായം സര്‍ക്കാര്‍ ഖജനാവിന് വന്‍ നഷ്ടം വരുത്തുന്നതാണെന്ന ആക്ഷേപവും ശരിയാണെന്ന് തെളിഞ്ഞു.
ഇ-ലേലത്തിലെ അപാകത കാരണം കുറെ മാസമായി നിരവധി കച്ചവടക്കാര്‍ ഈ രംഗത്തുനിന്നും പിന്മാറി. അടുത്തിടെ ഡമ്പിങ് ഡിപ്പോകളിലെ കഴവില്‍പനയും ഇ-ലേലത്തിലാക്കിയതോടെ മിക്ക കച്ചവടക്കാരും വഴിയാധാരമായി. വനംമന്ത്രിയടക്കമുള്ളവരുടെ ശ്രദ്ധയില്‍പെടുത്തിയിട്ടും പരിഹാരമുണ്ടാകാത്തതിനെ തുടര്‍ന്നാണ് സംസ്ഥാനതലത്തില്‍ കച്ചവടക്കാര്‍ സമരവുമായി രംഗത്തിറങ്ങുന്നത്.
ആദ്യപടിയായി സതേണ്‍ സര്‍ക്കിള്‍ ടിമ്പര്‍ മര്‍ച്ചന്‍റ്സ് അസോസിയേഷന്‍െറ നേതൃത്വത്തില്‍ ഈമാസം 11ന് തിരുവനന്തപുരം ചീഫ് കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ് ഓഫിസ് പടിക്കല്‍ കൂട്ടധര്‍ണ നടത്തും.

പ്രതിപക്ഷം നയപ്രഖ്യാപന പ്രസംഗം ബഹിഷ്കരിച്ചു

Posted: 05 Mar 2015 08:14 PM PST

Image: 

തിരുവനന്തപുരം: ധനമന്ത്രി കെ.എം മാണി രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗം ബഹിഷ്കരിച്ചു. പ്ളക്കാര്‍ഡുകളും ബാനറുകളുമായി സഭയി ലത്തെിയ പ്രതിപക്ഷം മുദ്രാവാക്യം വിളിക്കുകയും നയപ്രഖ്യാപനത്തിനായി ഗവര്‍ണര്‍ എത്തിയപ്പോള്‍ സഭയില്‍ നിന്നിറങ്ങിപ്പോവുകയുമായിരുന്നു.

ബാര്‍കോഴ കേസില്‍ കല്‍തുറുങ്കില്‍ കഴിയേണ്ട ധനമന്ത്രി കെ.എം മാണി രാജിവെക്കണമെന്നാവശ്യപ്പെട്ടാണ് സഭ ബഹിഷ്കരിക്കുന്നതെന്ന് പ്രതിപക്ഷനേതാവ് വി.എസ് അച്യുതാനന്ദന്‍ നിയമസഭക്ക് പുറത്ത് മാധ്യമങ്ങളോട് പറഞ്ഞു. അതേസമയം ഗവര്‍ണര്‍ ജസ്റ്റിസ് പി.സദാശിവത്തിന്‍െറ നയപ്രഖ്യാപന പ്രസംഗം സഭയില്‍ തുടരുകയാണ്.

നാണം കെട്ട അഴിമതി നടത്തിയ മാണി രാജിവെക്കണമെന്നാവശ്യപ്പെട്ട ്ഇടതുപക്ഷം നടത്തുന്ന പ്രക്ഷോഭ പരിപാടികള്‍ ആരംഭിച്ചിട്ട് മാസങ്ങള്‍ കഴിഞ്ഞു. 13-ാം തീയതി വരെ മാണിക്കെതിരെ നിയമസഭക്ക് അകത്തും പുറത്തും ശക്തമായ പ്രക്ഷോഭങ്ങള്‍ നടത്തും. മാണി ബജറ്റ് അവതരിപ്പിക്കുന്ന് തടയണമെന്നാവശ്യപ്പെട്ടപ്പോള്‍ ഇക്കാര്യം പരിഗണിക്കാമെന്ന് ഗവര്‍ണര്‍ വ്യക്തമാക്കിയെന്നും വി.എസ് പറഞ്ഞു.

പൊലീസുകാര്‍ക്കെതിരെ ലോകായുക്ത അന്വേഷണം

Posted: 05 Mar 2015 08:10 PM PST

തൃശൂര്‍: കള്ളക്കേസെടുത്തുവെന്നും അപമര്യാദയായി പെരുമാറിയെന്നുമുള്ള പരാതിയില്‍ എസ്.ഐ ഉള്‍പ്പടെ പൊലീസുകാര്‍ക്കെതിരെ ലോകായുക്തയുടെ അന്വേഷണം. തൃശൂര്‍ വെസ്റ്റ് സബ് ഇന്‍സ്പെക്ടര്‍ പി.ആര്‍. ബിജോയ്, പാവറട്ടി സ്റ്റേഷനിലെ ഗ്രേഡ് എസ്.ഐമാരായ എന്‍.എസ്. ജയകുമാര്‍, കെ. രാഘവന്‍, സീനിയര്‍ പൊലീസ് ഓഫിസര്‍ രാധാകൃഷ്ണന്‍ എന്നിവര്‍ക്കെതിരെയാണ് ലോകായുക്ത ജസ്റ്റിസ് പയസ് സി. കുര്യാക്കോസ്, ഉപലോകായുക്ത ജസ്റ്റിസ് കെ.കെ. ദിനേശന്‍ എന്നിവരടങ്ങുന്ന ഡിവിഷന്‍ ബെഞ്ച് അന്വേഷണത്തിന് ഉത്തരവിട്ടത്. പാവറട്ടി സ്വദേശി കുന്നഞ്ചേരി മുകുന്ദന്‍െറ ദുരൂഹമരണത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് രൂപവത്കരിച്ച ആക്ഷന്‍ കൗണ്‍സില്‍ അംഗമായിരുന്ന പാവറട്ടി മരുതയൂര്‍ സ്വദേശി എം.കെ. അനില്‍കുമാറിന്‍െറ പരാതിയിലാണ് നടപടി.
ആക്ഷന്‍ കൗണ്‍സിലിന്‍െറ പരാതിയില്‍ പാവറട്ടി സ്റ്റേഷനിലെ എസ്.ഐ ആയിരുന്ന ബിജോയിക്കെതിരെ ചാവക്കാട് കോടതി കേസെടുത്തതിലുള്ള പ്രതികാരത്തില്‍ അനിലിനെതിരെ അപമര്യാദയായി പെരുമാറിയെന്നും കള്ളക്കേസ് എടുത്തുവെന്നുമാണ് പരാതി. ഹരജിയില്‍ പ്രാഥമിക വാദം പൂര്‍ത്തിയാക്കിയും തെളിവുകള്‍ പരിശോധിച്ചുമാണ് ലോകായുക്ത അന്വേഷണത്തിന് ഉത്തരവിട്ടത്. മൂന്നാഴ്ചക്കകം വിശദീകരണം ആവശ്യപ്പെട്ട് പൊലീസുകാര്‍ക്ക് നോട്ടീസ് അയക്കാനും ഉത്തരവായി. ലോകായുക്തയുടെ അന്വേഷണ വിഭാഗം എസ്.പിയാണ് കേസ് അന്വേഷിക്കുക. ഏപ്രില്‍ 29ന് കേസ് വീണ്ടും പരിഗണിക്കും. ഹരജിക്കാരനുവേണ്ടി അഡ്വ. പി.കെ. സുരേഷ്ബാബു ഹാജരായി.

മനം നിറച്ച് മണ്ണാര്‍ക്കാട് പൂരത്തിന് കൊടിയിറക്കം

Posted: 05 Mar 2015 08:06 PM PST

മണ്ണാര്‍ക്കാട്: കണ്ണിനും കാതിനും കുളിര്‍മയേകി മനസ്സ് നിറഞ്ഞാടിയ സാംസ്കാരിക ഘോഷയാത്രയോടെ മണ്ണാര്‍ക്കാട് പൂരത്തിന് സമാപനം.
വള്ളുവനാട്ടിലെ പ്രധാന ക്ഷേത്രോത്സവങ്ങളിലൊന്നായ അരക്കുര്‍ശ്ശി ഉദയാര്‍കുന്ന് ഭഗവതി ക്ഷേത്രത്തിലെ എട്ടുനാള്‍ നീണ്ടപൂരാഘോഷങ്ങള്‍ക്കാണ് വ്യാഴാഴ്ച സമാപനമായത്. സ്ഥാനീയ ചെട്ടിയാന്‍മാരെ ആദരിച്ച് ആനയിക്കുന്ന ചെട്ടിവേലയെന്ന സാംസ്കാരിക ഘോഷയാത്രയില്‍ ആയിരങ്ങള്‍ പങ്കെടുത്തു. വിവിധ ദേശവേലകളുടെ അകമ്പടിയോടെയാണ് വൈകീട്ട് നാലോടെ നെല്ലിപ്പുഴയില്‍നിന്ന് ഘോഷയാത്ര ആരംഭിച്ചത്. വാദ്യമേളങ്ങളും നിശ്ചല ദൃശ്യങ്ങളും നാടന്‍ കലാരൂപങ്ങളും പൂക്കാവടി, മയില്‍പ്പീലി കാവടി, ഗജവീരന്‍മാര്‍, കരോക്കെ ഗാനമേള, കാളവേല, ആദിവാസി കലാരൂപങ്ങള്‍ എന്നിവയും അണിനിരന്ന ഘോഷയാത്ര കാണാന്‍ നഗരത്തിന്‍െറ ഇരുദേശങ്ങളിലുമായി ആയിരക്കണക്കിന് ആളുകള്‍ ഒത്തുകൂടി.
നഗരം ചുറ്റി ഘോഷയാത്ര രാത്രി എട്ടോടെ ക്ഷേത്ര മൈതാനത്തത്തെി. ദേശവേലകള്‍ ക്ഷേത്ര സന്നിധിയിലത്തെി ദേവിയെ വണങ്ങി പിരിഞ്ഞു. തുടര്‍ന്ന് ആറാട്ട് നടന്നു. 21 പ്രദക്ഷിണം പൂര്‍ത്തിയാക്കി അത്താഴ പൂജയോടെ പൂരാഘോഷത്തിന് കൊടിയിറങ്ങി. ഘോഷയാത്രക്ക് അഡ്വ. എന്‍. ഷംസുദ്ദീന്‍ എം.എല്‍.എ, പൂരാഘോഷ കമ്മിറ്റി ഭാരവാഹികളായ എം. പുരുഷോത്തമന്‍, കെ.സി. സച്ചിദാനന്ദന്‍, ടി.ആര്‍. സെബാസ്റ്റ്യന്‍ എന്നിവര്‍ നേതൃത്വം നല്‍കി. സാംസ്കാരിക ഘോഷയാത്ര വീക്ഷിക്കാന്‍ ഒറ്റപ്പാലം സബ് കലക്ടര്‍ പി.ബി. നൂഹ് ബാവയും സ്ഥലത്തത്തെി.

തിരൂരില്‍ ജ്വല്ലറിയുടെ ചുമര്‍ തുരന്ന് അഞ്ച് കിലോ വെള്ളിയും 27 പവന്‍ സ്വര്‍ണവും കവര്‍ന്നു

Posted: 05 Mar 2015 08:01 PM PST

തിരൂര്‍: നഗരമധ്യത്തില്‍ പ്രവര്‍ത്തിക്കുന്ന ജ്വല്ലറിയുടെ ചുമര്‍ തുരന്ന് അഞ്ച് കിലോ വെള്ളിയും 27 പവന്‍ സ്വര്‍ണവും കവര്‍ന്നു. ടൗണ്‍ഹാള്‍ റോഡിലെ തെയ്യമ്പാട്ടില്‍ ജ്വല്ലറിയിലാണ് മോഷണം. ജ്വല്ലറിയുടെ പിന്‍ഭാഗത്തെ ചുമര്‍ തുരന്ന് അകത്തുകടന്ന സംഘം കവര്‍ച്ചാ ദൃശ്യങ്ങള്‍ പതിഞ്ഞ സി.സി.ടി.വിയുടെ കണ്‍ട്രോള്‍ യൂനിറ്റും കൊണ്ടുപോയി.
താഴെപ്പാലം ബൈപാസ് റോഡരികിലെ കാടുമൂടിയ ഭാഗത്ത് കൂടിയാണ് മോഷ്ടാക്കള്‍ ജ്വല്ലറിയിലത്തെിയതെന്ന് കരുതുന്നു. ഇവിടെയുള്ള വാഴത്തോട്ടത്തില്‍ സംഘം തമ്പടിച്ച സൂചനകളുണ്ട്. കവര്‍ച്ചക്കുശേഷം ഇതുവഴി തന്നെ രക്ഷപ്പെട്ടതായും കരുതുന്നു. രണ്ട് കല്ലുകള്‍ തുരന്നുമാറ്റിയ നിലയിലാണ്. ചുമരിനോട് ചേര്‍ന്നുണ്ടായിരുന്ന ഷോക്കേസ് തകര്‍ത്താണ് അകത്തുകടന്നത്. ഇവിടെ മേശയില്‍ സൂക്ഷിച്ച വെള്ളിയും പഴയ സ്വര്‍ണാഭരണങ്ങളുമാണ് കൊണ്ടുപോയത്.
മൊത്തം ഒമ്പത് ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. രാവിലെ കട തുറക്കുമ്പോഴാണ് മോഷണവിവരം അറിയുന്നത്. ജ്വല്ലറിക്കകത്തുനിന്ന് കമ്പിപ്പാര, ഉളി, വലിയ സ്ക്രൂഡ്രൈവര്‍, ചവണ തുടങ്ങിയവ ലഭിച്ചു. സാധനങ്ങളെല്ലാം വാരിവലിച്ചിട്ട നിലയിലാണ്. സ്വര്‍ണമെന്ന് തോന്നിക്കുന്ന ഫാന്‍സി ആഭരണങ്ങളും കൊണ്ടുപോയവയിലുള്‍പ്പെടുന്നു.
സി.സി.ടി.വിയുടെ കണ്‍ട്രോള്‍ യൂനിറ്റ് ഷോക്കേസിനോട് ചേര്‍ന്ന അലമാരയിലാണ് സൂക്ഷിച്ചിരുന്നത്. ഇത് നഷ്ടമായതിനാല്‍ കവര്‍ച്ചാ ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചില്ല.
മലപ്പുറത്ത് നിന്നത്തെിയ ഡോഗ് സ്ക്വാഡിലെ നായ ജ്വല്ലറിക്കകത്തുനിന്ന് മണംപിടിച്ച് താഴെപ്പാലം ബൈപാസിലൂടെ ബോട്ട് ജെട്ടി ഭാഗം വരെ ഓടി. തിരൂര്‍ ഡിവൈ.എസ്.പി വി. ഹസൈനാര്‍, സി.ഐ കെ.എം. മുഹമ്മദ് ഹനീഫ, ക്രൈം ഡിറ്റാച്മെന്‍റ് സ്ക്വാഡിലെ പ്രമോദ്, അസീസ്, രാജേഷ് തുടങ്ങിയവര്‍ സ്ഥലത്തത്തെി തെളിവുകള്‍ ശേഖരിച്ചു. വിരലടയാള വിദഗ്ധരും സ്ഥലത്തത്തെി.

മുക്കത്ത് ക്രഷര്‍ ഉല്‍പന്നങ്ങള്‍ക്ക് തോന്നിയ വില

Posted: 05 Mar 2015 07:59 PM PST

മുക്കം: ക്വാറികളും ക്രഷര്‍ യൂനിറ്റുകളും ഏറെ പ്രവൃത്തിക്കുന്ന മലയോര മേഖലയായ മുക്കത്ത് ക്രഷര്‍ ഉല്‍പന്നങ്ങള്‍ക്ക് തോന്നിയ വില. മറ്റു ജില്ലകളെ താരതമ്യം ചെയ്യുമ്പോള്‍ ഇരട്ടിയിലധികമാണ് എംസാന്‍ഡിനും മെറ്റലിനും വിവിധ യൂനിറ്റുകള്‍ ഈടാക്കുന്നത്. ഇതിനെതിരെ അനിശ്ചിതകാല സമരപരിപാടികള്‍ക്ക് നേതൃത്വം നല്‍കുമെന്നും അതിന്‍െറ സൂചകമായി വന്‍തോതില്‍ വിലവര്‍ധിപ്പിച്ച കച്ചേരിയിലെ 'പ്യൂവര്‍സാന്‍ഡ്' യൂനിറ്റിലേക്ക് മാര്‍ച്ച് 12ന് മാര്‍ച്ചും ധര്‍ണയും സംഘടിപ്പിക്കുമെന്ന് മുക്കം മേഖലാ കണ്‍സ്ട്രക്ഷന്‍ വര്‍ക്കേഴ്സ് ആന്‍ഡ് സൂപര്‍വൈസേഴ്സ് അസോസിയേഷന്‍ ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
എംസാന്‍ഡിനും മെറ്റലിനും താങ്ങാന്‍കഴിയാത്ത വിധത്തിലാണ് വിലവര്‍ധന. കോണ്‍ക്രീറ്റ് ആവശ്യത്തിനുള്ള എംസാന്‍ഡിന് പാലക്കാട് ഒരു ഫൂട്ടിന് 35 രൂപയാണെന്നിരിക്കെ മുക്കത്ത് അത് 55 മുതല്‍ 60 രൂപവരെയാണ്. തേപ്പിനാവശ്യമായ എംസാന്‍ഡിന് ഒരു ഫൂട്ടിന് 40 രൂപയാണ്. എന്നാല്‍, മുക്കത്ത് ഈടാക്കുന്നത് 67 രൂപവരെയാണ് എറണാകുളത്തും തൃശൂരിലും മുക്കത്തെ അപേക്ഷിച്ച് വില തുച്ഛമാണ്. മെറ്റലിന് ഒരു ഫൂട്ടിന് 24 രൂപയാണെങ്കില മുക്കത്ത് 30 രൂപയാണ് ഈടാക്കുന്നത്.
മൂന്നു മാസത്തിനിടെ ക്രഷര്‍ യൂനിറ്റുകള്‍ക്ക് തോന്നുന്ന വിലയാണ് വര്‍ധിപ്പിച്ചത്. എന്നാല്‍, ക്വാറി-ക്രഷര്‍ അസോസിയേഷന്‍ നിശ്ചയിച്ച വിലക്ക് ഒരു'വില'യുമില്ല. സ്വദേശികള്‍ക്ക് വീട് നിര്‍മാണത്തിനും മറ്റുമൊക്കെയായി എംസാന്‍ഡിനും മെറ്റലിനുമായി മാസങ്ങളോളം കാത്തുനില്‍ക്കേണ്ടിവരുമ്പോള്‍ പുറത്തേക്ക് നന്നായി ലോഡുകള്‍ പോകുന്നുണ്ട്.
ഓരോ ലോഡിനും വ്യത്യസ്തമായ വിലയാണെന്നും ആക്ഷേപമുണ്ട്. നേരത്തേ ക്രഷര്‍ ഉല്‍പന്നങ്ങളുടെ വിലവര്‍ധനവിനെതിരെ മുക്കത്ത് പ്രതിഷേധങ്ങള്‍ ഉണ്ടായിരുന്നു. ഇതിന്‍െറ ഭാഗമായി വിലയും കുറച്ചിരുന്നു. എന്നാല്‍, ഏറെ വര്‍ധിപ്പിച്ച വിലയില്‍നിന്ന് അല്‍പം കുറക്കുകയാണ് ചെയ്തത്.
ചെറുകിട കരാറുകാര്‍ക്കും പൊതുജനങ്ങള്‍ക്കും ഏറെ തിരിച്ചടിയായി മാറിയിരിക്കുകയാണ് വിലവര്‍ധന.
സി.ഡബ്ള്യു.എസ്.എ മുക്കം മേഖലാ പ്രസിഡന്‍റ് കെ. ഷാജികുമാര്‍, സെക്രട്ടറി എം. ഗംഗാധരന്‍, പ്രഭാകരന്‍ മുക്കം, ഇ.വി. മനോജ് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

വിശുദ്ധ ഗോക്കള്‍ക്ക് മുന്നില്‍ തോല്‍ക്കുന്ന ജനത

Posted: 05 Mar 2015 07:42 PM PST

Image: 

മഹാരാഷ്ട്രയില്‍ കഴിഞ്ഞദിവസം നിലവില്‍വന്ന സമ്പൂര്‍ണ ഗോവധ നിരോധനിയമം ചൂടേറിയ വിവാദത്തിന് വഴിവെക്കാന്‍പോകുന്നത് ഈ വിഷയത്തിലടങ്ങിയ സാമൂഹികവും സാമ്പത്തികവും സാംസ്കാരികവുമായ മാനങ്ങള്‍ നമ്മുടേതു പോലുള്ള മതേതര ജനാധിപത്യസമൂഹത്തില്‍ ചില മൗലിക പ്രശ്നങ്ങള്‍ ഉയര്‍ത്തുന്നതുകൊണ്ടാണ്. കഴിഞ്ഞ 19 വര്‍ഷമായി രാഷ്ട്രപതിയുടെ അംഗീകാരം കാത്തുകഴിഞ്ഞ, ഗോവധം പൂര്‍ണമായി നിരോധിക്കുകയും അത് ലംഘിക്കുന്നവര്‍ക്ക് കടുത്ത ശിക്ഷ അനുശാസിക്കുകയും ചെയ്യുന്ന 1996ലെ മഹാരാഷ്ട്ര മൃഗസംരക്ഷണ (ഭേദഗതി) ബില്ലിന് എന്തുകൊണ്ട് കോണ്‍ഗ്രസ് നേതാവുകൂടിയായിരുന്ന രാഷ്ട്രപതി പ്രണബ് മുഖര്‍ജി കൂടുതല്‍ ആലോചിക്കാതെ അംഗീകാരം നല്‍കി എന്ന ചോദ്യത്തിന് മാറിയ രാഷ്ട്രീയ സാഹചര്യം മറിച്ചൊരു തീരുമാനമെടുക്കുന്നതില്‍നിന്ന് അദ്ദേഹത്തെ പിന്തിരിപ്പിച്ചിട്ടുണ്ടാവാം എന്നാണ് അനുമാനിക്കേണ്ടത്. ഏതാനും ബി.ജെ.പി എം.പിമാര്‍ തന്നെ സമീപിച്ച് ബില്ലിന്മേല്‍ അംഗീകാരം ആവശ്യപ്പെട്ടപ്പോഴേക്കും മഹാരാഷ്ട്ര പോലൊരു സംസ്ഥാനത്ത് അത്തരമൊരു നിയമം പ്രാബല്യത്തില്‍വരുന്നതോടെ നേരിടേണ്ടിവന്നേക്കാവുന്ന ഭവിഷ്യത്തുകളെക്കുറിച്ച് മുന്‍പിന്‍ ചിന്തിക്കാതെ വിശുദ്ധ ഗോമാതാവിനെ മാത്രം ഓര്‍ത്തു ചാര്‍ത്തിയ കൈയൊപ്പ് വര്‍ത്തമാനകാല ഇന്ത്യന്‍ രാഷ്ട്രീയ-സാമൂഹിക അന്തരീക്ഷത്തില്‍ കടുംകൈ ആയിപ്പോയി. പശുവിന്‍െറയോ കാളയുടെയോ ഇറച്ചി കൈവശംവെക്കുകയോ വില്‍ക്കുകയോ കയറ്റുമതി ചെയ്യുകയോ ചെയ്യുന്നത് മേലില്‍ അഞ്ചുവര്‍ഷം തടവും പതിനായിരം രൂപ പിഴയും ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്. ബി.ജെ.പി-ശിവസേന സഖ്യം വാഴുന്ന ആ സംസ്ഥാനത്ത് നിയമപാലകരായിരിക്കില്ല; മറിച്ച്, സേനയുടെയും വി.എച്ച്.പിയുടെയും ബാനറില്‍ തെരുവുഗുണ്ടകളായിരിക്കും നിയമം നടപ്പാക്കാന്‍ പോകുന്നതെന്ന് ഇതിനകം വ്യക്തമായിക്കഴിഞ്ഞു.

ഗോവധനിരോധത്തെക്കുറിച്ച് സ്വാതന്ത്ര്യപൂര്‍വ കാലഘട്ടം തൊട്ട് രാജ്യത്ത് വിരുദ്ധ കാഴ്ചപ്പാടുകള്‍ നിലനില്‍ക്കുന്നുണ്ട്. പശുവിനെ ദൈവമായോ വിശുദ്ധ മൃഗമായോ സങ്കല്‍പിക്കുന്ന ബ്രാഹ്മണ്യവിഭാഗം ഗോമാതാവിനെ കൊല്ലുന്നത് പാപമായി വിശ്വസിക്കുന്നുണ്ടാവാം. അത്തരം വിശ്വാസത്തിന്‍െറ മതകീയ ന്യായയുക്തിയെ ആധികാരിക ചരിത്രകാരന്മാരും പണ്ഡിതന്മാരും ചോദ്യം ചെയ്തിട്ടുണ്ടെന്ന് മാത്രമല്ല, കാര്‍ഷിക സമ്പദ്വ്യവസ്ഥയുടെ നട്ടെല്ലായി നിന്ന പശുസമ്പത്തിന്‍െറ പരിരക്ഷ മാത്രമാണ് ഗോക്കള്‍ക്ക് പാവനത കല്‍പിക്കുന്നതിലേക്ക് വഴിവെച്ചതെന്നു കൂടി വിശദീകരിക്കപ്പെട്ടിട്ടുണ്ട്. ആ വിഷയത്തിലുള്ള തര്‍ക്കം അക്കാദമിക തലത്തില്‍ അനന്തമായി തുടര്‍ന്നേക്കാം. എന്നാല്‍, ഒരു വിഭാഗത്തിന്‍െറ വിശ്വാസപരവും ആചാരപരവുമായ അംശങ്ങള്‍ ഇതര വിഭാഗത്തിന്‍െറമേല്‍ അടിച്ചേല്‍പിക്കുന്നതിലെ ജനായത്ത നിരാസവും മതേതരരാഹിത്യവുമാണ് ഗോവധനിരോധ വിഷയത്തില്‍ ചര്‍ച്ചാവിഷയമാവേണ്ടത്. ഗോവധ നിരോധത്തിലൂടെ വലിയൊരു വിഭാഗം പൗരന്മാരുടെ ഭക്ഷണം തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യത്തിലാണ് ഭരണകൂടം ഇടപെടുന്നത്. ഗോമാംസം സാധാരണക്കാരന് കുറഞ്ഞ ചെലവില്‍ യഥേഷ്ടം ലഭിക്കുന്ന പോഷകാഹാരങ്ങളിലൊന്നാണ്. ബീഫ് കയറ്റുമതിചെയ്യുന്ന വിഷയത്തില്‍ ബ്രസീല്‍ കഴിഞ്ഞാല്‍ രണ്ടാം സ്ഥാനത്ത് ഇന്ത്യയാണ്. ഗോവധ നിരോധമില്ലാത്ത സംസ്ഥാനങ്ങളില്‍ പോലും പ്രസവിക്കുന്നതും പാല്‍ചുരത്തുന്നതുമായ പശുക്കളെ അറുക്കാറില്ല. മച്ചിപ്പശുക്കളെയും കാളകളെയുമാണ് മാംസത്തിന് ഉപയോഗിക്കാറ്. 1958ല്‍ അന്നത്തെ ചീഫ് ജസ്റ്റിസ് എസ്.ആര്‍. ദാസിന്‍െറ നേതൃത്വത്തിലുള്ള അഞ്ചംഗ ബെഞ്ചിന്‍െറ മുമ്പാകെ യു.പി, മധ്യപ്രദേശ്, ബിഹാര്‍ എന്നീ സംസ്ഥാനങ്ങള്‍ നടപ്പാക്കിയ ഗോവധ നിരോധ നിയമം പരിശോധനക്കു വന്നപ്പോള്‍ രാജ്യത്തെ പാവങ്ങളുടെ ഭക്ഷണമാണ് പശുവിന്‍െറയും പോത്തിന്‍െറയും ഇറച്ചിയെന്നും ‘ഉപയോഗശൂന്യമായ’ മൃഗങ്ങളെ അറുക്കുന്നത് വിലക്കാനാവില്ളെന്നും അസന്ദിഗ്ധമായി വിധിക്കുകയുണ്ടായി. ഒരു പ്രായം കഴിഞ്ഞാല്‍ പശുവിനെയും കാളയെയുമൊക്കെ ഒഴിവാക്കേണ്ടത് അതിന്‍െറ ഉടമയുടെകൂടി ആവശ്യമാണ്. അല്ലാത്തപക്ഷം ഇവറ്റകള്‍ക്കായി ‘ഗോകുലങ്ങള്‍’ പണിത് അവയുടെ സംരക്ഷണം ഏറ്റെടുക്കാന്‍ സര്‍ക്കാര്‍ മുന്നോട്ടുവരേണ്ടിവരും.

ലക്ഷക്കണക്കിനു കര്‍ഷകരെയും അറവുകാരെയും തൊഴില്‍പരമായും സാമ്പത്തികമായും പ്രതികൂലമായി ബാധിക്കുന്ന ഇപ്പോഴത്തെ നിരോധം സാമൂഹിക സംഘര്‍ഷങ്ങള്‍ക്ക് വഴിവെക്കുമെന്നതാണ് ഇത്തരം വിലക്കുകള്‍ നിലവിലുള്ള സംസ്ഥാനങ്ങളിലെ അനുഭവങ്ങള്‍ ഓര്‍മപ്പെടുത്തുന്നത്. ആറ് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളും കേരളവുമൊഴികെയുള്ള ഇടങ്ങളിലെല്ലാം ഗോവധനിരോധം നിലവിലുണ്ടെങ്കിലും ബീഫിനോടുള്ള ജനങ്ങളുടെ താല്‍പര്യം മുന്‍നിര്‍ത്തി ജമ്മു-കശ്മീര്‍ പോലുള്ള സംസ്ഥാനങ്ങള്‍ കര്‍ക്കശമായി നിയമം നടപ്പാക്കാറില്ളെന്ന് അവിടത്തെ പ്രതിമാസ ഉപഭോഗത്തിന്‍െറ കണക്കിലൂടെ കണ്ണോടിച്ചാല്‍ മനസ്സിലാവും. അതേസമയം, ഹിന്ദുത്വശക്തികള്‍ക്ക് മേല്‍ക്കൈയുള്ള മേഖലകളില്‍ മാംസാഹാരികളെ ‘രാജ്യദ്രോഹികളായി’ കണ്ട് നിയമം സ്വയം കൈയിലെടുക്കാന്‍ സംഘ്പരിവാര്‍ സംഘടനകള്‍ നടത്തുന്ന ചെയ്തികള്‍ ഫാഷിസത്തിന്‍െറ ബീഭത്സമുഖമാണ് തുറന്നുകാട്ടുന്നത്. പൗരന്മാരുടെ ഭക്ഷണശീലത്തില്‍ കൈകടത്താനുള്ള നീക്കം, ഭരണകൂടത്തിന്‍െറ ഭാഗത്തുനിന്നായാലും ശരി അത് ഫാഷിസംതന്നെയാണ്. ഇത് പൗരന്മാരോട്, വിശിഷ്യ സമൂഹത്തിന്‍െറ താഴേതട്ടില്‍ രണ്ടറ്റം കൂട്ടിമുട്ടിക്കാന്‍ പാടുപെടുന്ന ജനതയോടുള്ള യുദ്ധപ്രഖ്യാപനമാണ്. വിശുദ്ധ ഗോക്കളെ കൈകൂപ്പി നമിക്കുമ്പോള്‍ തോല്‍ക്കുന്നത് ഒരു മഹാരാജ്യത്തെ ജനകോടികളാണെന്ന് ബന്ധപ്പെട്ടവര്‍ മറക്കാതിരിക്കട്ടെ.

ബോധവല്‍ക്കരണം ശക്തമാക്കും –മന്ത്രി

Posted: 05 Mar 2015 07:41 PM PST

Image: 
Subtitle: 
ആധുനിക സാങ്കേതിക വിദ്യയുടെ ചതിക്കുഴികള്‍

മനാമ: ആധുനിക സാങ്കേതിക വിദ്യയുടെ അപകടങ്ങളെക്കുറിച്ച് ബോധവല്‍ക്കരണം ശക്തമാക്കുമെന്ന് ആഭ്യന്തര മന്ത്രി ലഫ്. ജനറല്‍ ശൈഖ് റാശിദ് ബിന്‍ അബ്ദുല്ല ആല്‍ഖലീഫ വ്യക്തമാക്കി. കഴിഞ്ഞ ദിവസം സംഘടിപ്പിച്ച ഇന്‍ഫര്‍മേഷന്‍ സെക്യൂരിറ്റി ഫോറം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പൊതു-സ്വകാര്യ മേഖലകളിലെ സുരക്ഷാമേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ പരിപാടിയില്‍ പങ്കെടുത്ത് തങ്ങളുടെ വീക്ഷണങ്ങള്‍ പങ്കുവച്ചു. സുരക്ഷിതമായ വിവരകൈമാറ്റം സാധ്യമാക്കുന്നതിന് വിവിധ വിഭാഗങ്ങള്‍ തമ്മിലുള്ള സഹകരണം അനിവാര്യമാണെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. വിവര സാങ്കേതിക വിദ്യയുടെ ഉപയോഗം മുന്‍കാലങ്ങളെ അപേക്ഷിച്ച് രാജ്യത്ത് വളരെയധികം വ്യാപിച്ചിട്ടുണ്ടെന്ന് സെന്‍ട്രല്‍ ഇന്‍ഫോര്‍മാറ്റിക് ഓര്‍ഗനൈസേഷന്‍ ഡയറക്ടര്‍ ഡോ. മുഹമ്മദ് അഹ്മദ് അല്‍ആമിര്‍ പറഞ്ഞു. സര്‍ക്കാരും ഇതര സംവിധാനങ്ങളുമായി ദിനേന അതിരുകളില്ലാത്ത വിവരങ്ങളാണ് കൈമാറുന്നത്. 2014ല്‍ ഓരോ ദിവസവും 3,000 ജി.ബി വിവരങ്ങളായിരുന്നു കൈമാറിയിരുന്നത്. സര്‍ക്കാര്‍ ഇ-സേവന മേഖല വ്യാപിപ്പിച്ചതിന്‍െറ തെളിവാണിതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സുരക്ഷിത വിവരകൈമാറ്റമെന്നത് ഇത്തരം ഘട്ടത്തില്‍ കൂടുതല്‍ അര്‍ഥവത്തായി മാറുകയാണ്്. ഈ മേഖലയില്‍ അന്താരാഷ്ട്ര തലത്തില്‍ വന്നുകൊണ്ടിരിക്കുന്ന മാറ്റങ്ങളെക്കുറിച്ച് മൈക്രോസോഫ്റ്റ് റീജ്യനല്‍ ഹെഡ് സിറില്‍ ഫവാസാന്‍ വിശദീകരിച്ചു. ഇലക്ട്രോണിക് വിവരങ്ങള്‍ കൃത്യമായി സൂക്ഷിക്കലും അത് ഹാക്ക് ചെയ്യാതെ സംരക്ഷിക്കലും വളരെ പ്രധാനപ്പെട്ട കാര്യമായി മാറി. വിവര സംരക്ഷണ വിഷയത്തില്‍ അന്താരാഷ്ട്ര നിയമങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഒരാളുടെ പക്കലുള്ള വിവരങ്ങള്‍ മറ്റൊരാളിലേക്ക് എത്തിപ്പോകുന്നതിനുള്ള സാധ്യതകള്‍ ഇന്ന്് വളരെക്കൂടുതലാണ്. അതോടൊപ്പം തന്നെ വിവരസാങ്കേതിക വിദ്യയുടെ അപകടങ്ങള്‍ അധികരിക്കുകയും ചെയ്യുന്നു. ഒരാളുടെയും അംഗീകാരമോ മുന്നറിയിപ്പോ കൂടാതെ മറ്റൊരാള്‍ക്ക് വിവരങ്ങള്‍ ശേഖരിക്കാനുള്ള സൗകര്യമുണ്ട്. സാങ്കേതിക വിദ്യയുടെ കുരുക്കില്‍ അകപ്പെടുകയും അതിന്‍െറ ലഹരിയില്‍ പെട്ടുപോവുകയൂം ചെയ്യുന്നവരും അനവധിയാണ്. മദ്യത്തിന്‍െറയും മയക്കുമരുന്നിന്‍െറയും ലഹരി പോലെ മാരകമാണിതെന്നും പുതിയ തലമുറയെ ഇതില്‍ നിന്ന് രക്ഷിക്കുന്നതിന് പദ്ധതികളുണ്ടാകണമെന്നും ആഭ്യന്തര മന്ത്രി അഭിപ്രായപ്പെട്ടു. ആഭ്യന്തര മന്ത്രാലയ അണ്ടര്‍ സെക്രട്ടറി, കസ്റ്റംഡ് ഡയറക്ടര്‍, പബ്ളിക് സെക്യൂരിറ്റി ചീഫ്, ഗവര്‍ണര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

അബൂദബി ട്രയാത്ലണ്‍: മറീന പരിസരത്ത് ഇന്നും നാളെയും ഗതാഗത നിയന്ത്രണം

Posted: 05 Mar 2015 06:47 PM PST

Image: 

അബൂദബി: അബൂദബി ട്രയാത്ലണിന്‍െറ ഭാഗമായി വെള്ളി, ശനി ദിവസങ്ങളില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി. അബൂദബി മറീനക്ക് ചുറ്റുമാണ് പ്രധാനമായും ഗതാഗത നിയന്ത്രണമുണ്ടാകുക. അന്താരാഷ്ട്ര ട്രയാത്ലണ്‍ യൂനിയന്‍െറ ആദ്യ മത്സരമാണ് അബൂദബിയില്‍ നടക്കുന്നത്. പ്രൊഫഷനലുകള്‍ക്കും അമച്വര്‍ താരങ്ങള്‍ക്കും വേണ്ടി വെവ്വേറെ മത്സരങ്ങള്‍ നടക്കുന്നുണ്ട്.
മത്സരം നടക്കുന്ന വേദിക്ക് ചുറ്റുമുള്ള മറീന തിയറ്റര്‍ റോഡ് വെള്ളിയാഴ്ച രാവിലെ എട്ട് മുതല്‍ ഉച്ചക്ക് രണ്ട് വരെ അടച്ചിടും. മറീന മാളില്‍ നിന്ന് കോര്‍ണിഷിലേക്കുള്ള റോഡ് രാവിലെ 10.30 മുതല്‍ 11 വരെയും അടച്ചിടും.
ശനിയാഴ്ച പുലര്‍ച്ചെ മൂന്ന് മുതല്‍ വൈകുന്നേരം ഏഴ് വരെ കോര്‍ണിഷില്‍ നിന്ന് മറീന മാളിലേക്കുള്ള മറീന തിയറ്റര്‍ റോഡ് അടച്ചിടും.
മിന പോര്‍ട്ടിലേക്കുള്ള കോര്‍ണിഷ് റോഡിലും ശനിയാഴ്ച പുലര്‍ച്ചെ മൂന്ന് മുതല്‍ വൈകുന്നേരം മൂന്ന് വരെ ഗതാഗതം അനുവദിക്കില്ല. കോര്‍ണിഷിന്‍െറ കടലിനോട് ചേര്‍ന്നുള്ള റോഡ് വെള്ളി, ശനി ദിവസങ്ങളില്‍ പൂര്‍ണമായും അടച്ചിടും.  
പ്രൊഫഷനല്‍ താരങ്ങളും സൈക്ളിങും ഓട്ടവും കോര്‍ണിഷിന് ചുറ്റുമായും നീന്തല്‍ മത്സരം ബ്രേക്ക് വാട്ടറിലുമാണ് നടക്കുക. അതേസമയം, അമച്വര്‍ ട്രയാത്ലണിലെ മത്സരങ്ങള്‍ സാദിയാത്ത് ഐലന്‍റ് വരെ നീളും.  
ദുബൈയില്‍ നിന്ന് അബൂദബിയിലേക്ക് വരുന്നവര്‍ ഈസ്റ്റേണ്‍ റിങ് റോഡ് എക്സിറ്റ് എട്ടിലൂടെ ഹസ്സ ബിന്‍ സായിദ് സ്ട്രീറ്റിലും തുടര്‍ന്ന് കിങ് അബ്ദുല്ല ബിന്‍ അബ്ദുല്‍ അസീസ് അല്‍ സൗദ് സ്ട്രീറ്റിലും എയ്റ്റീന്‍ത് സ്ട്രീറ്റിലും അവിടെ നിന്ന് മറീന മാള്‍ റിങ് റോഡിലേക്കും എത്തണം. യാസ്, സാദിയാത്ത് ഐലന്‍റുകള്‍ വഴി ദുബൈയില്‍ നിന്ന് അബൂദബിയിലേക്ക് വരുന്നവര്‍ മിന ലിങ്ക്, ഹംദാന്‍ സ്ട്രീറ്റ്, മുബാറക്ക് ബിന്‍ മുഹമ്മദ് സ്ട്രീറ്റ്, ഖാലിദിയ്യ സ്ട്രീറ്റ്, കിങ് അബ്ദുല്ല ബിന്‍ അബ്ദുല്‍ അസീസ് അല്‍ സൗദ് സ്ട്രീറ്റ്, എയ്റ്റീന്‍ത് സ്ട്രീറ്റ് വഴി മറീന മാള്‍ റിങ് റോഡില്‍ എത്തണം.  കോര്‍ണിഷ് റോഡിലെ കാല്‍നടക്കാരെ പെഡസ്ട്രിയന്‍ ടണലുകളിലൂടെ മാത്രമേ റോഡ് മുറിച്ചുകടക്കാന്‍ അനുവദിക്കുകയുള്ളൂ.
യാത്രക്കാരുടെയും അത്ലറ്റുകളുടെയും സുരക്ഷിതത്വം കണക്കിലെടുത്ത് അബൂദബി മുനിസിപ്പാലിറ്റി, ഗതാഗത വകുപ്പ്, പൊലീസ് എന്നിവയുമായി സഹകരിച്ചാണ് ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചതെന്ന് സംഘാടകര്‍ പറഞ്ഞു.

നാലാം ജയം തേടി ഇന്ത്യ

Posted: 05 Mar 2015 06:30 PM PST

Image: 

പെര്‍ത്ത്: ഏതുനിമിഷവും അപകടകാരികളാകാന്‍ സാധ്യതയുള്ള വെസ്റ്റിന്‍ഡീസിനെ അച്ചടക്കമാര്‍ന്ന കളിയിലൂടെ ഒതുക്കാമെന്ന ശുഭപ്രതീക്ഷയുമായി ലോകകപ്പ് പൂള്‍ ബിയില്‍ തങ്ങളുടെ നാലാം മത്സരത്തില്‍ ഇന്ത്യ ഇന്നിറങ്ങും. പാകിസ്താന്‍, ദക്ഷിണാഫ്രിക്ക, യു.എ.ഇ എന്നിവര്‍ക്കെതിരെ പുറത്തെടുത്ത ആധികാരിക പ്രകടനമാണ് മഹേന്ദ്ര സിങ് ധോണിക്കും സംഘത്തിനും തുടര്‍ച്ചയായ നാലാംവിജയം എന്ന മോഹം സമ്മാനിക്കുന്നത്. കടലാസിലായാലും നിലവിലെ ഫോമിലായാലും ഇന്ത്യയോട് കിടപിടിക്കാനുള്ള തടിമിടുക്ക് ലോകകപ്പില്‍ ഇതുവരെ കരീബിയന്‍ ടീം പുറത്തെടുത്തിട്ടില്ല. ബാറ്റിങ്, ബൗളിങ്, ഫീല്‍ഡിങ് തുടങ്ങിയ മേഖലകളിലെല്ലാം ശോഭിച്ച് ഇന്ത്യ ഹാട്രിക് ജയം നേടിയപ്പോള്‍ അയര്‍ലന്‍ഡില്‍നിന്നും ദക്ഷിണാഫ്രിക്കയില്‍നിന്നും ദയനീയ തോല്‍വിയും പാകിസ്താനും സിംബാബ്വെക്കും എതിരെ ജയവുമാണ് വിന്‍ഡീസിന്‍െറ സമ്പാദ്യം.

ആദ്യ മൂന്നു മത്സരങ്ങളിലും 300ന് മുകളില്‍ സ്കോര്‍ നേടിയ വിന്‍ഡീസ് ബാറ്റിങ്ങിലെ വിള്ളലുകള്‍ കഴിഞ്ഞ മത്സരത്തില്‍ ദക്ഷിണാഫ്രിക്ക തുറന്നുകാട്ടിയിരുന്നു. ക്യാപ്റ്റന്‍ ജേസന്‍ ഹോള്‍ഡര്‍ ഉള്‍പ്പെടെയുള്ള ബൗളര്‍മാര്‍ അടിവാങ്ങിക്കൂട്ടുകയും ചെയ്തു. ഇന്ത്യക്കായി ടോപ് ഓഡര്‍ ബാറ്റ്സ്മാന്മാരെല്ലാം റണ്‍ കണ്ടത്തെിയപ്പോള്‍ ബൗളര്‍മാര്‍ വിമര്‍ശകരെപ്പോലും വിസ്മയിപ്പിക്കുന്ന പ്രകടനമാണ് കാഴ്ചവെച്ചത്.
സിംബാബ്വെക്കെതിരെ ആഞ്ഞടിച്ച ‘ഗെയ്ല്‍ കൊടുങ്കാറ്റാണ്’ വിന്‍ഡീസ് നിരയില്‍ അപകടസാധ്യതയുള്ള ഘടകമായി ധോണിയും കൂട്ടരും കാണുന്നത്. സിംബാബ്വെക്കെതിരെ 215 റണ്‍സ് അടിച്ചെടുത്ത ഗെയ്ല്‍, 10 ഓവര്‍ തികച്ച് പിടിച്ചുനിന്നാല്‍ വിന്‍ഡീസ് ബാറ്റിങ്ങിന് അത് ആത്മവിശ്വാസമാകുമെന്ന് ഇന്ത്യന്‍ പടക്കറിയാം. എന്നാല്‍, ദക്ഷിണാഫ്രിക്കക്കെതിരെയും (മൂന്ന് റണ്‍സ്) പാകിസ്താനെതിരെയും (നാല് റണ്‍സ്) അമ്പേ പരാജയപ്പെട്ട ഗെയ്ലിന്‍െറ ബാറ്റിങ് സ്ഥിരതയിലുള്ള ആശയക്കുഴപ്പം ഇന്ത്യന്‍ ബൗളര്‍മാര്‍ക്ക് മുതലാക്കാന്‍ കഴിയും. കൂടാതെ, ഇന്ത്യക്കെതിരായ ഗെയ്ലിന്‍െറ മുന്‍ പ്രകടനങ്ങളും ബൗളര്‍മാര്‍ക്ക് ആത്മവിശ്വാസം നല്‍കുന്നതാണ്. അശ്വിനും ഭുവനേശ്വര്‍ കുമാറിനും മുന്നില്‍ ഗെയ്ലിന് കണക്കുകൂട്ടലുകള്‍ തെറ്റിയ മുന്‍ അനുഭവങ്ങള്‍ നല്‍കുന്ന പാഠം ഇന്ത്യന്‍ ക്യാപ്റ്റന്‍ മുതലാക്കാതിരിക്കില്ല.

എന്നാല്‍, പരിക്കിന്‍െറ പിടിയില്‍നിന്ന് മോചിതനായ മുഹമ്മദ് ഷമിയെ ഇറക്കണോ അതോ ഗെയ്ല്‍ ഇഫക്ട് കണക്കിലെടുത്ത് ഭുവനേശ്വറിനെ ഇറക്കണോ എന്നതില്‍ ഇന്ത്യന്‍ ക്യാമ്പില്‍ ആശയക്കുഴപ്പം തലപൊക്കിയിട്ടുണ്ട്. ഇക്കാര്യത്തില്‍ ക്യാപ്റ്റന്‍ ധോണി എന്തു തീരുമാനിക്കുമെന്നത് ഇന്ന് ഗ്രൗണ്ടില്‍ കണ്ടറിയാം. ഭുവി പുറത്തിരുന്നാലും അശ്വിന്‍െറ കാരംബോളില്‍ ഗെയ്ലിന് തലവേദന സൃഷ്ടിക്കാമെന്ന സാധ്യത ക്യാപ്റ്റന് മുന്നിലുണ്ട്. ഗെയ്ല്‍ കഴിഞ്ഞാല്‍ ലെന്‍ഡ്ല്‍ സിമണ്‍സും മര്‍ലോണ്‍ സാമുവല്‍സുമാണ് വിന്‍ഡീസ് നിരയില്‍ അപകടമുയര്‍ത്താന്‍ കെല്‍പുള്ളവര്‍. ഇന്ത്യന്‍ നിരയില്‍, വൈസ്ക്യാപ്റ്റന്‍ വിരാട് കോഹ്ലിയുമായി ബന്ധപ്പെട്ടുള്ള ഓഫ്ഫീല്‍ഡ് വിവാദങ്ങള്‍ ടീമിന്‍െറ പ്രകടനത്തിന് മങ്ങലേല്‍പിക്കില്ല എന്ന പ്രതീക്ഷയിലാണ് ടീം. തെറിവിവാദത്തില്‍ കുടുങ്ങിയ കോഹ്ലിക്ക് പകരം അശ്വിനാണ് മത്സരത്തിന് തലേന്നുള്ള പതിവ് വാര്‍ത്താസമ്മേളനത്തിനൈത്തിയത്. മാധ്യമപ്രവര്‍ത്തകരുടെ പ്രവര്‍ത്തനത്തെ അശ്വിന്‍ പ്രശംസിക്കുകയും ചെയ്തു.
ശിഖര്‍ ധവാന്‍, രോഹിത് ശര്‍മ, വിരാട് കോഹ്ലി, അജിന്‍ക്യ രഹാനെ, സുരേഷ് റെയ്ന എന്നിവരെല്ലാം കഴിഞ്ഞ കളികളില്‍ മികച്ച സ്കോറുകളുമായി ഇന്ത്യന്‍ ഇന്നിങ്സിന് താങ്ങായിരുന്നു.

ക്യാപ്റ്റനല്ലായിരുന്നെങ്കില്‍ പ്രകടനത്തിന്‍െറ പേരില്‍ പുറത്തിരിക്കേണ്ട വിന്‍ഡീസ് നായകന്‍ ഹോള്‍ഡറുടെ നേതൃത്വത്തിലുള്ള ബൗളിങ്ങില്‍നിന്ന് അനായാസം റണ്‍സ് ചോര്‍ത്താന്‍ നിലവിലെ ഫോമില്‍ ഇന്ത്യന്‍താരങ്ങള്‍ക്ക് കഴിയുമെന്നാണ് കണക്കുകൂട്ടല്‍.

ആഘോഷവേളകളില്‍ ആകാശത്തേക്ക് വെടിയുതിര്‍ക്കുന്നത് കുറ്റകരം

Posted: 05 Mar 2015 06:26 PM PST

Image: 

മസ്കത്ത്: ആഘോഷവേളകളില്‍ ആകാശത്തേക്ക് വെടിയുതിര്‍ക്കുന്നത് ശിക്ഷാര്‍ഹമായ കുറ്റം. ഒൗഖാഫ് ആന്‍ഡ് റിലീജ്യസ് അഫയേഴ്സ് മന്ത്രാലയത്തിന്‍െറ നിര്‍ദേശപ്രകാരം ആര്‍.ഒ.പിയാണ് ഉത്തരവിറക്കിയത്. ആയുധങ്ങള്‍ ഉപയോഗിക്കുന്നതും ആഘോഷവേളകളില്‍ ആകാശത്തേക്ക് വെടിയുതിര്‍ക്കുന്നതും ശിക്ഷാര്‍ഹമായ കുറ്റമാണെന്ന് കാട്ടിയുള്ള സര്‍ക്കുലര്‍ പള്ളികളില്‍ വിതരണം ചെയ്തു. പള്ളികളില്‍ ആരാധനക്കത്തെുന്നവരെ ബോധവത്കരിക്കണമെന്ന് സര്‍ക്കുലര്‍ നിര്‍ദേശിക്കുന്നു. അനാവശ്യ വെടിവെപ്പ് നിരവധി സമയങ്ങളില്‍ മരണകാരണമായിട്ടുണ്ടെന്ന് സര്‍ക്കുലറില്‍ പറയുന്നു. നോര്‍ത് ശര്‍ഖിയയില്‍ 2014ല്‍ നടന്ന ആഘോഷ പരിപാടിയില്‍ വെടിവെപ്പിനെ തുടര്‍ന്ന് രണ്ട് സ്വദേശികള്‍ മരിച്ചതായി ആര്‍.ഒ.പി അടുത്തിടെ അറിയിച്ചിരുന്നു.
ഏഴ് കുട്ടികളടക്കം 16 പേര്‍ക്ക് വിവിധ സംഭവങ്ങളില്‍ പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. ഇതില്‍ ഒരാള്‍ക്ക് ഗുരുതര പരിക്കാണ്. തോക്കുകള്‍ വൃത്തിയാക്കുകയോ മറ്റുള്ളവരുടെ സാന്നിധ്യത്തില്‍ ഒരാള്‍ കളിക്കുമ്പോഴോ ആണ് അപകടം ഉണ്ടാകാറ്. വേട്ടക്കിടയിലും വിവാഹച്ചടങ്ങുകളില്‍ സന്തോഷ സൂചകമായി വെടിയുതിര്‍ക്കുമ്പോഴും മറ്റും മുമ്പ് അപകടങ്ങള്‍ ഉണ്ടായിട്ടുണ്ട്.
ആയുധങ്ങള്‍ പൊതുസ്ഥലത്ത് കൊണ്ടുപോകുന്നത് ആയുധ, വെടിമരുന്ന് നിരോധ നിയമപ്രകാരം നിരോധിച്ചതാണ്. ചെറുകിട പരമ്പരാഗത ആയുധങ്ങള്‍ ആര്‍.ഒ.പിയുടെ അനുമതിയോടെ കൊണ്ടുപോകാം.  ലൈസന്‍സില്ലാതെ ആകാശത്തേക്ക് നിറയൊഴിച്ചാല്‍ 200 റിയാല്‍ പിഴ ഈടാക്കണമെന്നതാണ് നിയമം. ആഘോഷ പരിപാടികളിലും മറ്റും നിറയൊഴിച്ചാല്‍ പിഴ സംഖ്യ 300 റിയാലായി വര്‍ധിക്കും. മൂന്നുമാസം വരെ തടവുശിക്ഷയും ഇതിനോടൊപ്പം നിയമം വ്യവസ്ഥ ചെയ്യുന്നുണ്ട്.
പരമ്പരാഗതമായ തോക്കുകള്‍ ലൈസന്‍സില്ലാതെ കൈവശംവെക്കുന്നതും നിയമവിരുദ്ധമാണ്. ഇവരില്‍നിന്ന് 100 റിയാല്‍ പിഴ ഈടാക്കുകയും ആയുധം പിടിച്ചെടുക്കുകയും ചെയ്യും. രണ്ടു വര്‍ഷം മുമ്പ് ചില ഗവര്‍ണറേറ്റുകളില്‍ പരമ്പരാഗത തോക്കുകളും ആയുധങ്ങളും രജിസ്റ്റര്‍ ചെയ്യാന്‍ നിര്‍ദേശം നല്‍കിയിരുന്നു.
 തുടര്‍ന്ന് 2013 ആഗസ്റ്റ്, മേയ് മാസങ്ങളിലായി 500ഓളം തോക്കുകളാണ് രജിസ്റ്റര്‍ ചെയ്തത്. വീടുകളില്‍ ആയുധങ്ങള്‍ സൂക്ഷിക്കുന്നത് ഒമാനി കുടുംബങ്ങള്‍ പരമ്പരാഗതമായി തുടര്‍ന്നുവരുന്ന ശീലമാണ്. ചിലര്‍ അലങ്കാരവസ്തുവായി ഉപയോഗിക്കുമ്പോള്‍ മറ്റുചിലര്‍ ആഘോഷ വേളകളില്‍ ഇത് ഉപയോഗിക്കാറുണ്ട്.
 

‘നമുക്ക് മഹത്തായ സംസ്കാരമുണ്ട്, അതില്‍ സ്ത്രീക്ക് സ്ഥാനമില്ല’

Posted: 05 Mar 2015 06:15 PM PST

Image: 

ഒരു വനിതാദിനംകൂടി ആഗതമായിരിക്കെ ഇന്ത്യയെന്ന മൂന്നാംലോക രാജ്യത്ത് ജീവിക്കുന്ന ഓരോ സ്ത്രീയും കണ്ടിരിക്കേണ്ട ചിത്രമാണ് ലെസ്ലി ഉദ്വിന്‍ സംവിധാനം ചെയ്ത ‘ഇന്ത്യാസ് ഡോട്ടര്‍’. പുരുഷകേന്ദ്രീകൃതമായ സമൂഹത്തില്‍ തങ്ങള്‍ മാനസികമായും ശാരീരികമായും എത്രത്തോളം അടിമകളാണെന്ന് തിരിച്ചറിയാന്‍ ‘ഇന്ത്യയുടെ മകള്‍’ കാരണമായേക്കും.

2012 ഡിസംബറില്‍ 16ന് ഡല്‍ഹിയിലെ തെരുവില്‍ ഓടിക്കൊണ്ടിരുന്ന ബസില്‍ ആറുപേര്‍ ചേര്‍ന്ന് നിര്‍ഭയയെ കൂട്ടബലാത്സംഗം ചെയ്ത് തള്ളിയ സംഭവം പുനരാവിഷ്കരിച്ചുകൊണ്ടാണ് ഡോക്യുമെന്‍ററി തുടങ്ങുന്നത്. വേട്ടക്കാരുടെയും ഇരയുടെ മാതാപിതാക്കളുടെയും അഭിഭാഷകരുടെയും സംഭാഷണങ്ങളും ഇടക്കിടെ പ്രത്യക്ഷപ്പെടുന്നു. മകളുടെ ചിത്രം നിറഞ്ഞ ആല്‍ബവുമായി നിര്‍ഭയയുടെ മാതാപിതാക്കള്‍ മുന്നിലത്തെുമ്പോള്‍ നമുക്ക് തലകുനിക്കാതിരിക്കാനാവില്ല. നിര്‍ഭയ പിറന്നപ്പോള്‍ പെണ്‍കുട്ടിയായിട്ടും മധുരം വിതരണം ചെയ്തതിനെ നാട്ടുകാര്‍ ചോദ്യം ചെയ്തത് വിവരിക്കുമ്പോള്‍, നമ്മെ ഗ്രസിച്ച പ്രാകൃതമായ ചിന്താഗതികള്‍ക്ക് നേരെയുള്ള ഒരായിരം വിരല്‍ ചൂണ്ടലാകുന്നു അത്.

കേസില്‍ വധശിക്ഷക്ക് വിധിക്കപ്പെട്ട് കഴിയുന്ന പ്രതി മുകേഷ്, കുറ്റബോധമോ പശ്ചാത്താപമോ ഇല്ലാത്ത കണ്ണുകളുമായി ചിത്രത്തിന്‍െറ ആറാം മിനിറ്റില്‍ നമ്മുടെ മുന്നിലത്തെുന്നു. നല്ല പെണ്‍കുട്ടികള്‍ രാത്രി ഒമ്പതിന് പുറത്തിറങ്ങില്ല എന്ന് കൂസലില്ലാതെ പറഞ്ഞ് അയാള്‍ സംഭാഷണം തുടങ്ങുന്നു. പ്രായപൂര്‍ത്തിയാകാത്ത പ്രതിയടക്കം കേസിലെ പ്രതികളോരോരുത്തരും മുകേഷിന്‍െറ വിവരണത്തിലൂടെ ചിത്രത്തില്‍ വരുന്നു.
ദൈവം കണ്ണടച്ച രാത്രിയെക്കുറിച്ച് പട്രോളിങ് ഡ്യൂട്ടിയിലുണ്ടായിരുന്നു ഉദ്യോഗസ്ഥരും വിവരിക്കുന്നുണ്ട്. ഭമുകേഷ് എന്ന ക്രിമിനലിന്‍െറ വാക്കുകളെക്കാള്‍ നമ്മെ ഭയപ്പെടുത്തുക അയാള്‍ക്കുവേണ്ടി വാദിക്കുന്ന അഭിഭാഷകരുടെ അഭിപ്രായങ്ങളാണ്. പെണ്‍കുട്ടി പൂവ് പോലെയാണ്. പൂവിന് എപ്പോഴും സംരക്ഷണം ആവശ്യമാണ്. അല്ളെങ്കില്‍, അവള്‍ ഒരു വജ്രം പോലെയാണ്. അതിനെ നിങ്ങള്‍ തെരുവില്‍ വെച്ചാല്‍ അത് കവര്‍ച്ച ചെയ്യപ്പെടും. ആര്‍ക്കും അത് തടയാനാകില്ല. ഏറ്റവും മഹത്തായ സംസ്കാരമാണ് ഞങ്ങളുടേത്. അതില്‍ സ്ത്രീക്ക് സ്ഥാനമില്ല-അഭിഭാഷകന്‍ എം.എല്‍. ശര്‍മ പറയുന്നു.

കാഴ്ചക്കാരന്‍െറ മനസ്സില്‍ അലോസരമുണ്ടാക്കിയാണ് ഒരു മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ചിത്രം അവസാനിക്കുന്നത്. എന്ത് പ്രശ്നമുണ്ടായാലും പെണ്‍കുട്ടിക്കാണ് കുറ്റം. എന്തുകൊണ്ട് ആണ്‍കുട്ടിയെ ആരും ചോദ്യം ചെയ്യുന്നില്ളെന്ന നിര്‍ഭയയുടെ അമ്മയുടേതു പോലെ ഒരുപാട് ചോദ്യങ്ങള്‍ നിരന്തരം ഉയരേണ്ടതുണ്ടെന്ന് ‘ഇന്ത്യാസ് ഡോട്ടര്‍’ നമ്മെ ഓര്‍മപ്പെടുത്തുന്നു.

ബി.ജെ.പിയും കോണ്‍ഗ്രസും സി.പി.എമ്മും ഡോക്യുമെന്‍ററി കുരുക്കില്‍

Posted: 05 Mar 2015 06:13 PM PST

Image: 

ന്യൂഡല്‍ഹി: ദാരുണമായ ഡല്‍ഹി കൂട്ടമാനഭംഗം ആസ്പദമാക്കി ഇന്ത്യയിലെ സ്ത്രീകളുടെ സാമൂഹികാവസ്ഥയെക്കുറിച്ച് ബി.ബി.സി സംപ്രേഷണം ചെയ്ത ഡോക്യുമെന്‍ററി വന്‍വിവാദമായി മാറുമ്പോള്‍ കോണ്‍ഗ്രസും ബി.ജെ.പിയും സി.പിഎമ്മും വിയര്‍ക്കുന്നു. വധശിക്ഷക്ക് വിധിക്കപ്പെട്ട കുറ്റവാളിയുമായി, ബി.ബി.സിക്കുവേണ്ടി ബ്രിട്ടീഷ് സിനിമാ നിര്‍മാതാവ് ലെസ്ലി ഉദ്വിന്‍ തിഹാര്‍ ജയിലില്‍ കടന്ന് അഭിമുഖം നടത്തിയത് യു.പി.എ സര്‍ക്കാറിന്‍െറ കാലത്താണ്. രാജ്യത്തെ അപമാനിക്കുന്ന പടിഞ്ഞാറന്‍ രാജ്യങ്ങളുടെ ഗൂഢാലോചനയാണ് ഡോക്യുമെന്‍ററിയെന്ന് പാര്‍ലമെന്‍റില്‍ ആരോപണമുന്നയിച്ച ബി.ജെ.പി സര്‍ക്കാറിനാകട്ടെ, കിണഞ്ഞുശ്രമിച്ചിട്ടും ബി.ബി.സിയുടെ സംപ്രേഷണം തടയാന്‍ സാധിച്ചില്ല; അഭിമുഖത്തിന് ഉത്തരവാദികളായവര്‍ക്കെതിരെ അച്ചടക്ക നടപടി എടുക്കാനും സാധിച്ചില്ല.  

സി.പി.എം എത്തിപ്പെട്ടത് മറ്റൊരു കുരുക്കിലാണ്. മാധ്യമ സ്വാതന്ത്ര്യം, സ്ത്രീ പ്രശ്നം തുടങ്ങിയ വിഷയങ്ങളില്‍ സ്വീകരിച്ചുവരുന്ന പതിവു നിലപാടുകളില്‍നിന്ന് വ്യത്യസ്തമായി ഡോക്യുമെന്‍ററി നിരോധിക്കണമെന്ന ആവശ്യമാണ് പാര്‍ട്ടി എം.പിമാര്‍ കഴിഞ്ഞ ദിവസം പാര്‍ലമെന്‍റില്‍ ഉയര്‍ത്തിയത്. അതിനു നേതൃത്വം നല്‍കിയതാകട്ടെ, പി.കെ. ശ്രീമതിയുടെ നേതൃത്വത്തില്‍ കേരളത്തില്‍നിന്നുള്ള ലോക്സഭാംഗങ്ങളാണ്.  ഡോക്യുമെന്‍ററി നിരോധിക്കണമെന്നും അതിന്‍െറ ആവശ്യമില്ളെന്നും ശക്തമായ അഭിപ്രായഗതികള്‍ ഉയര്‍ന്നിരിക്കെയാണ്, ഇതില്‍നിന്ന് തികച്ചും വ്യത്യസ്തമായ ഊരാക്കുടുക്കില്‍ മൂന്നു പാര്‍ട്ടികളും എത്തിപ്പെട്ടത്.

കുറ്റവാളിയുടെ അധമ മനസ്സില്‍നിന്നുള്ള മോശം പ്രതികരണങ്ങള്‍ ഉള്‍ക്കൊള്ളിച്ച ഡോക്യുമെന്‍ററി സ്ത്രീയുടെ അഭിമാനവും സ്വത്വവും ചോദ്യം ചെയ്യുന്നത് കണക്കിലെടുക്കണമെന്നാണ് ഒരു വാദം. എന്നാല്‍ സ്ത്രീ നേരിടുന്ന സാമൂഹിക പ്രശ്നങ്ങള്‍ സമൂഹത്തിനുമുന്നില്‍ ഉയര്‍ത്തുന്ന ഡോക്യുമെന്‍ററി ചര്‍ച്ച ചെയ്യപ്പെടുകയാണ്, നിരോധിക്കുകയല്ല വേണ്ടെതെന്നാണ് മറുവാദം. ഡോക്യുമെന്‍ററിയിലെ കുറ്റവാളിയുടെ പരാമര്‍ശങ്ങള്‍, അയാള്‍ ചെയ്ത ക്രൂരകൃത്യത്തെക്കാള്‍ വലുതാണെന്ന മട്ടില്‍ വാദിക്കുന്നവരുടെ കൂട്ടത്തിലായി പോയതാണ് സി.പി.എമ്മിനെ വെട്ടിലാക്കിയത്. പൊതുസമൂഹത്തിനു ഉള്‍ക്കൊള്ളാന്‍ കഴിയാത്ത വാക്കുകളുള്ള ഡോക്യുമെന്‍ററി നിരോധിക്കണമെന്ന് ലോക്സഭയില്‍ പ്രധാനമായും ആവശ്യപ്പെട്ടത് സി.പി.എമ്മാണ്. പി.കെ. ശ്രീമതി, എ. സമ്പത്ത് എന്നിവര്‍ നിരോധിക്കണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ പി. കരുണാകരന്‍, എം.ബി. രാജേഷ്, പി.കെ. ബിജു തുടങ്ങിയവര്‍ പിന്താങ്ങി.

കോണ്‍ഗ്രസിനെ വെട്ടിലാക്കുന്ന വിഷയം ഇതാണ്: കീഴ്കോടതി കുട്ടിക്കുറ്റവാളി ഒഴികെയുള്ള പ്രതികള്‍ക്ക് വധശിക്ഷ വിധിച്ചെങ്കിലും കേസ് സുപ്രീംകോടതി മുമ്പാകെയാണ്. കോടതി മുമ്പാകെ കേസ് നിലനില്‍ക്കുമ്പോള്‍ തന്നെയാണ്, അതിസുരക്ഷയുള്ള തിഹാര്‍ ജയിലില്‍ അധികൃതരുടെ അനുമതിയോടെ തന്നെ അഭിമുഖം നടത്താന്‍ ബി.ബി.സിക്ക് കഴിഞ്ഞത്. ജയിലധികൃതര്‍ അഭിമുഖത്തിന് സമ്മതിക്കണമെങ്കില്‍ അന്നത്തെ ആഭ്യന്തരമന്ത്രി പി. ചിദംബരം മുതല്‍ ഭരണ നേതൃത്വത്തിലുള്ള ആരെങ്കിലും ഇടപെടാതെ പറ്റില്ല.  കോണ്‍ഗ്രസിനെ ഇക്കാര്യത്തില്‍ കുടുക്കാന്‍ വയ്യാത്ത കെണിയിലാണ് ബി.ജെ.പി.

അഭിമുഖത്തിന്‍െറ സംപ്രേഷണം വിലക്കിയും പാശ്ചാത്യ ഗൂഢാലോചനയായി ചിത്രീകരിച്ചും സ്ത്രീകളുടെ അഭിമാന സംരക്ഷകരായി ചമയാനാണ് കേന്ദ്രസര്‍ക്കാറിലുള്ളവര്‍ താല്‍പര്യം കാണിച്ചത്. കോടതി വിധി സമ്പാദിച്ചിട്ടും ബി.ബി.സി വകവെച്ചില്ല. സോഷ്യല്‍ മീഡിയ സൈറ്റുകള്‍ വഴി അഭിമുഖം വ്യാപകമായി പ്രചരിക്കുകയും ചെയ്തു. തൊട്ടുപിന്നാലെ സോഷ്യല്‍ മീഡിയയെയും ഇന്ത്യന്‍ മാധ്യമങ്ങളെയും വിലക്കി, മാധ്യമ സ്വാതന്ത്ര്യത്തിനു മൂക്കുകയറിട്ടതിന് പ്രതിക്കൂട്ടിലുമായി.

No comments:

Post a Comment

english malayalam dictionary

വിരുന്നുകാര്...

poomottu

Dsgd: by ASLAM PADINHARAYIL

Back to TOP