സ്വാഗതം
WELCOME

News Update..

Tuesday, March 17, 2015

സംവരണത്തിന്‍െറ മാനദണ്ഡം ജാതി മാത്രമാവരുത് ^സുപ്രീംകോടതി Madhyamam News Feeds

സംവരണത്തിന്‍െറ മാനദണ്ഡം ജാതി മാത്രമാവരുത് ^സുപ്രീംകോടതി Madhyamam News Feeds

Link to

സംവരണത്തിന്‍െറ മാനദണ്ഡം ജാതി മാത്രമാവരുത് ^സുപ്രീംകോടതി

Posted: 17 Mar 2015 12:41 AM PDT

Image: 

ന്യൂഡല്‍ഹി: സംവരണത്തിനു വേണ്ടി പിന്നാക്കാവസ്ഥ തിരുമാനിക്കുന്നത് ജാതി മാത്രം നോക്കിയാവരുതെന്ന് സുപ്രീംകോടതി. പിന്നാക്കാവസ്ഥയെന്നാല്‍ സാമ്പത്തികമോ വിദ്യാഭ്യാസപരമോ ആയ പിന്നാക്കാവസ്ഥയല്ളെന്നും സാമൂഹ്യ പിന്നാക്കാവസ്ഥയാണെന്നും സുപ്രീംകോടതി വ്യക്തമാക്കി. ജാട്ടുകളെ ഒ.ബി.സി പട്ടികയില്‍ ഉള്‍പ്പെടുത്തി 27 ശതമാനം സംവരണം നല്‍കിയ മുന്‍ യു.പി.എ സര്‍ക്കാരിന്‍െറ  നടപടിക്കെതിരെ ഒ.ബി.സി രക്ഷാസമിതി സമര്‍പ്പിച്ച ഹരജി പരിഗണിക്കവെയാണ് കോടതി  ഈ ഉത്തരവ് നല്‍കിയത്. ഹരജി അനുവദിച്ച കോടതി യു.പി.എ സര്‍ക്കാരിന്‍െറ തീരുമാനം റദ്ദാക്കുകയും ചെയ്തു.

കഴിഞ്ഞ കാലത്ത് ഒരു ജാതിയെ തെറ്റായി ഒ.ബി.സി പട്ടികയില്‍ ഉള്‍പെടുത്തി എന്നതിനാല്‍ വീണ്ടും അതേ തെറ്റ് ആവര്‍ത്തിക്കാനുള്ള കാരണമല്ളെന്ന് കോടതി നിരീക്ഷിച്ചു. രാഷ്ട്രീയമായി സംഘടിച്ച ജാട്ടുകള്‍ക്ക് സംവരണം ആവശ്യമില്ളെന്നും പരമോന്നത കോടതി ചൂണ്ടിക്കാട്ടി.

ഗുജറാത്ത്, ഹിമാചല്‍ പ്രദേശ്, ഹരിയാന, രാജസ്ഥാന്‍, ഉത്തര്‍പ്രദേശ്, ഡല്‍ഹി, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിലെ ജാട്ട് വോട്ട് ബാങ്ക് ലക്ഷ്യമാക്കിയാണ് കോണ്‍ഗ്രസ് സര്‍ക്കാര്‍ ഈ വിഭാഗത്തെ ഒ.ബി.സി ലിസ്റ്റില്‍ പെടുത്തിയത്. പിന്നീട് വന്ന ബി.ജെ.പി സര്‍ക്കാര്‍ ഈ തീരുമാനത്തെ പിന്തുണക്കുകയാണ് ചെയ്തത്.

ലോക് സഭ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് തൊട്ടുമുമ്പാണ് കേന്ദ്രസര്‍ക്കാര്‍ ജാട്ടുകളെ മറ്റു പിന്നാക്ക വിഭാഗത്തില്‍ ഉള്‍പ്പെടുത്തി വിജ്ഞാപനമിറക്കിയത്. ഈ തീരുമാനം പിന്നാക്ക വിഭാഗങ്ങള്‍ക്കുള്ള ദേശീയ കമ്മീഷന്‍െറ ശിപാര്‍ശക്ക് എതിരാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഒ.ബി.സി രക്ഷാസമിതി കോടതിയെ സമീപിച്ചത്.

പഞ്ചായത്തുകള്‍ കോര്‍പറേഷനില്‍ ലയിപ്പിക്കല്‍: ജില്ലാ പഞ്ചായത്ത് യോഗത്തില്‍ പ്രതിഷേധം

Posted: 17 Mar 2015 12:25 AM PDT

തൃശൂര്‍: അടാട്ട്, കോലഴി പഞ്ചായത്തുകള്‍ കോര്‍പറേഷനില്‍ ലയിപ്പിക്കുന്നതു സംബന്ധിച്ച് ജില്ലാ പഞ്ചായത്ത് യോഗത്തില്‍ തര്‍ക്കം. അടാട്ട് ഡിവിഷന്‍ പ്രതിനിധിയായ ഭരണപക്ഷാംഗം അനില്‍ അക്കര ഇറങ്ങിപ്പോയി. ലയിപ്പിക്കുന്ന വിഷയത്തില്‍ ജില്ലാ പഞ്ചായത്ത് നിലപാട് വ്യക്തമാക്കിയില്ളെങ്കില്‍ താന്‍ യോഗത്തില്‍ പങ്കെടുക്കില്ളെന്ന് മുന്നറിയിപ്പ് നല്‍കി.
ജില്ലാ പഞ്ചായത്തിന്‍െറ ജലസമൃദ്ധി പദ്ധതി രേഖ കീറിയെറിഞ്ഞാണ് അനില്‍ അക്കര ഇറങ്ങിപ്പോയത്. യോഗം ആരംഭിച്ചയുടന്‍ അനില്‍ അക്കരയാണ് രണ്ട് പഞ്ചായത്തുകള്‍ കോര്‍പറേഷനില്‍ കൂട്ടിച്ചേര്‍ക്കുന്ന കാര്യം ഉന്നയിച്ചത്. ജില്ലാ പഞ്ചായത്തിനെ ബാധിക്കുന്ന കാര്യമല്ലാത്തതിനാല്‍ ചര്‍ച്ച ചെയ്യേണ്ടതില്ളെന്നാണ് പ്രസിഡന്‍റ് അടക്കമുള്ളവര്‍ സ്വീകരിച്ച നിലപാട്. ഇതോടെ, ജില്ലാ പഞ്ചായത്ത് 10 കോടി വകയിരുത്തിയ എട്ട് പഞ്ചായത്തുകള്‍ക്കുള്ള ജലസമൃദ്ധി പദ്ധതിയുടെ ഭാവി എന്താകുമെന്ന് യോഗം ചര്‍ച്ച ചെയ്യണമെന്ന് അനില്‍ ആവശ്യപ്പെട്ടു. അക്കാര്യം അജണ്ടയില്‍ ഇല്ളെന്നും പിന്നീട് ചര്‍ച്ച ചെയ്യാമെന്നും പ്രസിഡന്‍റ് സി.സി. ശ്രീകുമാര്‍ പറഞ്ഞു. ഇതോടെ പ്രതിഷേധവുമായി അനില്‍ എഴുന്നേറ്റു.
പുഴക്കല്‍ പുഴ കേന്ദ്രീകരിച്ച് മെഡിക്കല്‍ കോളജ് ഉള്‍പ്പെടുന്ന എട്ട് പഞ്ചായത്തുകള്‍ക്ക് ജലം ലഭ്യമാക്കുന്ന ജില്ലാ പഞ്ചായത്ത് പദ്ധതി രണ്ട് പഞ്ചായത്തുകള്‍ കോര്‍പറേഷനില്‍ ലയിപ്പിക്കുന്നതോടെ ഇല്ലാതാകുമെന്ന് അനില്‍ പറഞ്ഞു. തന്‍െറ ഡിവിഷന്‍ ഉള്‍പ്പെടുന്ന പ്രദേശത്തിന്‍െറ ഭാവിയെക്കുറിച്ചാണ് ഉന്നയിച്ചത്. പദ്ധതിയും സ്ഥലവും നഷ്ടപ്പെടുത്തുന്ന നടപടികള്‍ക്ക് കൂട്ടുനില്‍ക്കാനാവില്ളെന്നും അനില്‍ പറഞ്ഞു.
കഴിഞ്ഞ 13നാണ് രണ്ട് പഞ്ചായത്തുകള്‍ കോര്‍പറേഷനില്‍ കൂട്ടിച്ചേര്‍ക്കുന്നത് സംബന്ധിച്ച ഹിയറിങ് തിരുവനന്തപുരത്ത് നടന്നത്. കോര്‍പറേഷനും ജില്ലാ പഞ്ചായത്തും അടാട്ട്, കോലഴി പഞ്ചായത്തുകളും ഭരിക്കുന്നത് കോണ്‍ഗ്രസാണ്.

ഭരണപക്ഷ എം.എല്‍.എമാര്‍ക്കെതിരെ പീഡനത്തിന് കേസ് എടുക്കണം^വി.എസ്

Posted: 17 Mar 2015 12:16 AM PDT

Image: 

തിരുവനന്തപുരം: നിയമ സഭയില്‍ വനിതാ എം.എല്‍.എമാരെ അവഹേളിച്ച ഭരണപക്ഷ എം.എല്‍.എമാര്‍ക്കെതിരെ പീഡനക്കുറ്റത്തിനു കേസെടുക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍. ജമീലാ പ്രകാശം അടക്കമുള്ള അഞ്ചു ഇടതുപക്ഷ വനിതാ എം.എല്‍.എമാരുമൊത്ത് പത്രസമ്മേളനം നടത്തിയാണ് വി.എസ് ഭരണപക്ഷത്തിനെതിരെ ആഞ്ഞടിച്ചത്.

സ്പീക്കറുടെ നടപടി തരം താണതാണെന്നും സഭയില്‍ ദുശ്ശാസനന്‍മാര്‍ അഴിഞ്ഞാടിയപ്പോള്‍ മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയും കാഴ്ചക്കാരായി നിന്നുവെന്നും വി.എസ് ആരോപിച്ചു. വൃദ്ധനായ മാണിയുടെ കവിളില്‍ ഉമ്മവെച്ച് ഭരണപക്ഷ എം.എല്‍.എമാര്‍ സഭയെ ചുംബന സമര വേദിയാക്കി മാറ്റി. മുന്‍പ് ചുംബന സമരം നടത്താന്‍ വന്നവരെ അറസ്റ്റ് ചെയ്തത് ചെന്നിത്തലയുടെ പൊലീസ് ആയിരുന്നു. ഇതുപോലെ മാണിയുടെ കയ്യില്‍ വിലങ്ങുവെക്കാന്‍  പൊലീസ് തയാറാവുമോ എന്നും വി.എസ് ചോദിച്ചു.

പുരാണത്തില്‍ പാഞ്ചാലിയെ അപമാനിച്ച ദുശ്ശാസനന്‍റെ ഗതി എന്തായിരുന്നുവെന്ന് താന്‍ പറയുന്നില്ളെന്നും  വനിതാ എം.എല്‍.എമാരോട് മോശമായി പെരുമാറിയ ശിവദാസന്‍ നായരെയും ഷിബു ബേബി ജോണിനെയും എം.എ. വാഹിദിനെയും ഡൊമിനിക് പ്രസന്‍റേഷനെയും അടിയന്തിരമായി ചികില്‍സക്ക് വിധേയമാക്കണമെന്നും വി.എസ് പറഞ്ഞു.

സഭയില്‍ കഴിഞ്ഞ ദിവസം താന്‍ നടത്തിയ പ്രസംഗത്തില്‍ അണ്‍ പാര്‍ലമെന്‍ററി ആയിട്ട് ഒന്നുമില്ലായിരുന്നു. തന്‍റെ പ്രസംഗം സഭാരേഖകളില്‍ നിന്നു നീക്കം ചെയ്തു. എന്നാല്‍, ജനങ്ങളുടെ മനസില്‍ നിന്ന് അത് നീക്കം ചെയ്യാനാവില്ളെന്നും വി.എസ് പറഞ്ഞു. സഭയില്‍ പറഞ്ഞ അതേ കാര്യങ്ങള്‍ മാധ്യമപ്രവര്‍ത്തകര്‍ക്കുമുമ്പില്‍ വി.എസ് വായിച്ചു കേള്‍പ്പിച്ചു.

അഴിമതി വീരനായ ധനമന്ത്രി ബജറ്റ് അവതരിപ്പിക്കാന്‍ പാടില്ളെന്നും അവതരിപ്പിച്ചാല്‍ അതുമൂലമുണ്ടാവുന്ന എല്ലാ പ്രശ്നങ്ങള്‍ക്കും ഉത്തരവാദി മാണിയും സര്‍ക്കാറും ആയിരിക്കുമെന്നും നേരത്തെ തന്നെ തങ്ങള്‍ പറഞ്ഞിരുന്നു. എന്നാല്‍, ഇതു വകവെക്കാതെ ബജറ്റ് അവതരിപ്പിക്കാനുള്ള ശ്രമത്തിനെതിരെ ന്യായമായി പ്രതികരിച്ച പ്രതിപക്ഷ എം.എല്‍.എമാരെ കുറ്റവാളികള്‍ ആക്കാനുള്ള നീക്കം ഒരു നിലക്കും അംഗീകരിക്കില്ല.

നിയമസഭയിലെ എല്ലാ കുഴപ്പങ്ങള്‍ക്കും കാരണം കെ.എം മാണിയാണെന്നും ഇടത് എം.എല്‍.എമാര്‍ക്കെതിരായ നടപടി ഇരട്ടത്താപ്പാണെന്നും അദ്ദേഹം ആരോപിച്ചു.  സഭയിലെ ദൃശ്യങ്ങള്‍ കാണാതെയാണ് പ്രതിപക്ഷ എം.എല്‍.എമാര്‍ക്കെതിരെ കേസെടുത്തത്.  ബജറ്റവതരിപ്പിച്ച ശേഷം വള്ളം കളി ജയിച്ചവരെപ്പോലെയാണ് യു.ഡി.എഫ് എം.എല്‍.എമാര്‍ കൈയ്യടിച്ചത്. ലഡു വിതരണം സഭയുടെ ഏതു ചട്ടപ്രകാരമാണെന്നു സ്പീക്കര്‍ വ്യക്തമാക്കണമെന്നും വി.എസ് ആവശ്യപ്പെട്ടു.

കാട്ടാമ്പള്ളി ടൂറിസം പദ്ധതികാടുകയറി നശിക്കുന്നു

Posted: 17 Mar 2015 12:11 AM PDT

പുതിയതെരു: കാട്ടാമ്പള്ളി ഇറിഗേഷന്‍ പദ്ധതിക്കു സമീപത്തെ കാട്ടാമ്പള്ളി ടൂറിസം പദ്ധതി മേഖല കാടുകയറി നശിക്കാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങള്‍ അഞ്ചുകഴിയുന്നു. സാമൂഹികവിരുദ്ധര്‍ ഇവിടം താവളമാക്കി അഴിഞ്ഞാടുന്നതും പതിവാണ്.
വളപട്ടണം പുഴയുടെ കൈവഴിയായ കാട്ടാമ്പള്ളി പുഴയില്‍ ജലയാത്ര ഉള്‍പ്പെടെയുള്ളവ ലക്ഷ്യമാക്കി 2008-09 സാമ്പത്തിക വര്‍ഷത്തില്‍ എ.പി. അബ്ദുല്ലക്കുട്ടി എം.പിയുടെ പ്രാദേശിക വികസനഫണ്ടില്‍നിന്നും 10 ലക്ഷം രൂപ ചെലവാക്കി നിര്‍മിച്ചതാണ് ഈ ടൂറിസം പദ്ധതി.
പുതിയതെരു-മയ്യില്‍ റോഡില്‍ കാട്ടാമ്പള്ളി പാലത്തിനു സമീപം വലതുഭാഗത്തായി അര ഏക്കറിലധികം വരുന്ന ഭൂമിയില്‍ പുഴയോടു ചേര്‍ന്ന് കരിങ്കല്‍ ഭിത്തികളാല്‍ ചുറ്റപ്പെട്ട് മനോഹരമായ ബോട്ടുജെട്ടിയും വാഹന പാര്‍ക്കിങ് ഏരിയയും സിമന്‍റ് ഇന്‍റര്‍ലോക് ചെയ്ത നടപ്പാതയും ഉള്‍പ്പെടെയുള്ളതാണ് പദ്ധതി. ചെങ്കല്ലില്‍ സിമന്‍റ് പൂശി അതിനുമുകളില്‍ കാസ്റ്റ് അയേണ്‍ ഗ്രില്‍സ് ഉപയോഗിച്ച് മനോഹരമായ ചുറ്റുമതിലോടുകൂടി സംരക്ഷിക്കപ്പെട്ടിരുന്നു. പദ്ധതി പൂര്‍ത്തീകരിച്ച് അഞ്ചു വര്‍ഷം പിന്നിടുമ്പോള്‍ ഗുണനിലവാരമില്ലാത്ത വസ്തുക്കള്‍ ഉപയോഗിച്ച് നിര്‍മിച്ച ബോട്ടുജെട്ടി പൂര്‍ണമായും പുഴയില്‍ മുങ്ങിത്താഴ്ന്നു.
ചുറ്റുമതിലിന്‍െറ ഭാഗമായ കാസ്റ്റ് അയേണ്‍ സാമൂഹികവിരുദ്ധര്‍ പൂര്‍ണമായും മുറിച്ചുകടത്തിയിട്ടുമുണ്ട്.
ബോട്ടുജെട്ടിയിലേക്കുള്ള നടപ്പാത ഏതുനിമിഷവും പുഴയിലേക്ക് തകര്‍ന്നുതാഴുന്ന നിലയിലാണ്. പദ്ധതിയൊരുക്കിയതുതന്നെ അശാസ്ത്രീയമായാണെന്നാണ് നാട്ടുകാരുടെ വിലയിരുത്തല്‍. ഈ ടൂറിസം പദ്ധതി വേണ്ടിയിരുന്നത് പുതിയതെരു-മയ്യില്‍ റോഡില്‍ ഇടതുഭാഗത്തായി കാട്ടാമ്പള്ളി ഷട്ടറിനു സമീപമായിരുന്നുവെന്നാണ് നാട്ടുകാരുടെ അഭിപ്രായം.
എങ്കിലേ, മാട്ടൂല്‍-വളപട്ടണം-പറശ്ശിനിക്കടവ് ജലഗതാഗത വകുപ്പിന്‍െറ യാത്രാബോട്ട് സര്‍വീസിന് ഈ ജെട്ടിയിലത്തൊനാവൂ. നിലവില്‍ ജെട്ടി റോഡിനു വലതുഭാഗത്തായതിനാല്‍ ബോട്ട് സര്‍വീസ് നടത്താന്‍ സാധിക്കാത്തവിധം കാട്ടാമ്പള്ളി ഇറിഗേഷന്‍െറ ഷട്ടറുണ്ട്.

എന്‍െറ വൈപ്പിന്‍ ലഹരി മരുന്ന് വിമുക്തം പദ്ധതി ; നാലാം ഘട്ടത്തിന് തുടക്കമായി

Posted: 16 Mar 2015 11:58 PM PDT

വൈപ്പിന്‍ : വൈപ്പിന്‍ കരയെ മയക്കുമരുന്ന് വിമുക്ത പ്രദേശമായി മാറ്റാന്‍ റെസിഡന്‍റ്സ് അസോസിയേഷനുകളും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും സന്നദ്ധ സംഘടനകളും ചേര്‍ന്നാരംഭിച്ച 'എന്‍െറ വൈപ്പിന്‍ ലഹരി മരുന്ന് വിമുക്തം' പദ്ധതിയുടെ നാലാം ഘട്ടത്തിന് വന്‍ ജനപങ്കാളിത്തത്തോടെ തിങ്കളാഴ്ച തുടക്കമായി.
ഞാറക്കല്‍ ജയ്ഹിന്ദ് മൈതാനിയില്‍ നിന്നാരംഭിച്ച റാലി ഞാറക്കല്‍ സി. ഐ. ടി.എം. വര്‍ഗീസ് ഫ്ളാഗ് ഓഫ് ചെയ്തു. റാലിക്കുശേഷം ഞാറക്കല്‍ പൊലീസ് സ്റ്റേഷന്‍ അങ്കണത്തില്‍ ഒരുക്കിയ വേദിയില്‍ നടന്ന സമ്മേളനത്തില്‍ വെച്ച് ചലച്ചിത്രതാരം സുരാജ് വെഞ്ഞാറമ്മൂട് നാലാംഘട്ടം ഉദ്ഘാടനം ചെയ്തു. കര്‍മസമിതി ചെയര്‍ പേഴ്സണും വൈപ്പിന്‍ ബ്ളോക് പഞ്ചായത്ത് പ്രസിഡന്‍റുമായ അഡ്വ. സൗജത്ത് അബ്ദുല്‍ ജബ്ബാര്‍ അധ്യക്ഷത വഹിച്ചു. ആലുവ ഡിവൈ.എസ്.പി. പി.കെ. വിജയപ്പന്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു. അഡീഷനല്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍സ് അഡ്വ. കെ.ഐ. അബ്ദുല്‍ റഷീദ് ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ജനമൈത്രി പോലീസ് നടത്തിയ മത്സരങ്ങളിലെ വിജയികള്‍ക്ക് തിരക്കഥാകൃത്ത് ബെന്നി പി. നായരമ്പലം സമ്മാനങ്ങള്‍ നല്‍കി. ജനറല്‍ കണ്‍വീനര്‍ അനില്‍ പ്ളാവിയന്‍സ് പദ്ധതി വിശദീകരിച്ചു. ജില്ലാ പഞ്ചായത്തംഗം കെ. ആര്‍. സുഭാഷ്, അനിതാ ബാബു, വി.പി. ജോസ്, ഫാ. ജോസപ് ബിനു, കെ. കെ. രഘുരാജ്, രാജഗോപാല്‍ ഡി. കോമത്ത്, പി. ജെ. പോള്‍, സുനില്‍കുമാര്‍, ഞാറക്കല്‍ എസ്.ഐ. അനൂപ് എന്നിവര്‍ സംസാരിച്ചു. ഞാറക്കല്‍ പഞ്ചായത്ത് പ്രസിഡന്‍റ് ജൂഡ് പുളിക്കല്‍ സ്വാഗതവും ഞാറക്കല്‍ സി.ഐ. ടി. എം. വര്‍ഗീസ് നന്ദിയും പറഞ്ഞു. നാലാം ഘട്ടമായി വാര്‍ഡ് തല പ്രവര്‍ത്തനങ്ങള്‍ക്കാണ് തുടക്കമിടുന്നത്.
ബോധവത്കരണത്തിന് പുറമെ ഓരോ പ്രദേശങ്ങളിലെയും ലഹരി മരുന്ന് ഉപയോഗം സംബന്ധിച്ച വിവരങ്ങള്‍ രഹസ്യമായി അധികൃതര്‍ക്ക് നല്‍കാനും ലഹരി വിമുക്തരാകുന്നവരെ പുനരധിവസിപ്പിക്കുന്നതിനും ഈ ഘട്ടത്തില്‍ ലക്ഷ്യമിടുന്നു. നാലാം ഘട്ടമായ വാര്‍ഡു തല പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനവും ലഹരിക്കെതിരെയുള്ള ബോധവത്കരണ റാലിയും ഞാറക്കല്‍ വെച്ച് നടന്നു. ഞാറക്കല്‍ അസീസി വിദ്യാനികേതനിലെ കുട്ടികളുടെ ബാന്‍ഡ്മേളം , ഞാറക്കല്‍ ടാലന്‍റ് പബ്ളിക് സ്കൂളിലെ കുട്ടികളുടെ സ്കേറ്റിങ്, എടവനക്കാട് എസ്.ഡി.പി. വൈ. കെ.പി.എം. ഹൈസ്കൂളിലെ സ്റ്റുഡന്‍റ് പൊലീസ് കേഡറ്റുകള്‍, വിവിധ റെസിഡന്‍റ്സ് അസോസിയേഷനുകളിലെ അംഗങ്ങള്‍, ഞാറക്കല്‍ മര്‍ച്ചന്‍റ്സ് യൂനിയന്‍ അംഗങ്ങള്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, ടൂ ആന്‍ഡ് ഫോര്‍ വീലേഴ്സ് അസോസിയേഷന്‍ അംഗങ്ങള്‍ തുടങ്ങിയവര്‍ റാലിയില്‍ പങ്കാളികളായി. റാലിയിലെ സ്ത്രീകളുടെ പങ്കാളിത്തം ശ്രദ്ധേയമായി.

നഗരത്തിലെ റോഡ് കൈയേറ്റം ഒഴിപ്പിക്കാന്‍ നടപടി

Posted: 16 Mar 2015 11:52 PM PDT

ആലപ്പുഴ: നഗരത്തിലെ റീസര്‍വേ നടപടികള്‍ക്കുശേഷം സര്‍ക്കാര്‍ ഭൂമി കൈയേറിയതായി കണ്ടത്തെിയവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് കലക്ടര്‍ എന്‍. പത്മകുമാര്‍.
റോഡുകളിലെ അനധികൃത കൈയേറ്റങ്ങള്‍ ഒഴിപ്പിക്കുന്നതിന് മുന്നോടിയായി കലക്ടറേറ്റില്‍ വിളിച്ച രാഷ്ട്രീയ പാര്‍ട്ടികളുടെയും കച്ചവട-തൊഴിലാളി സംഘടനാ നേതാക്കളുടെയും യോഗത്തിലാണ് കലക്ടര്‍ ഇക്കാര്യം വ്യക്തമാക്കിയത്. നഗരത്തിലെ പല റോഡുകളിലും വീതിക്കുറവുകൊണ്ടും കൈയേറ്റം മൂലവും ഗതാഗതക്കുരുക്ക് നിത്യസംഭവമാണ്. റോഡപകടങ്ങളും ഏറി.
ഈ സാഹചര്യത്തിലാണ് ജില്ലാ ഭരണകൂടം നടപടികളുമായി രംഗത്തിറങ്ങുന്നത്.
അനധികൃത കൈയേറ്റവും റോഡിലേക്ക് ഇറക്കിക്കെട്ടിയ നിര്‍മാണങ്ങളും പ്രാഥമികഘട്ടത്തില്‍ അടയാളപ്പെടുത്തും. തുടര്‍ന്ന് ഭൂമി കൈയേറിയവര്‍ക്ക് നോട്ടീസ് നല്‍കും. സര്‍വേ പ്രകാരമാണ് അടയാളപ്പെടുത്തല്‍ നടത്തുക. വഴിയരികില്‍ അനധികൃതമായി കൂട്ടിയിട്ട് ഗതാഗതതടസ്സം സൃഷ്ടിക്കുന്ന മെറ്റല്‍, ചരല്‍, മണ്ണ്, പൂഴി എന്നിവ അറിയിപ്പുകൂടാതെ നീക്കം ചെയ്യുകയും കസ്റ്റഡിയിലെടുക്കുകയും ചെയ്യും.
നഗരത്തിലെ ഗതാഗതക്കുരുക്കിന് ഇടയാക്കുന്ന വഴിയോരക്കച്ചവടക്കാരെ പുനരധിവസിപ്പിക്കുന്നതിനുള്ള സാധ്യത ആരായും.
വഴിയോരക്കച്ചവടക്കാരെ രജിസ്റ്റര്‍ ചെയ്യുന്നതിനുള്ള നടപടി നടന്നുവരുകയാണ്. ലഭിച്ച അപേക്ഷകള്‍ പരിഗണിച്ച് ഈ മാസം അവസാനം നഗര കച്ചവടക്കമ്മിറ്റി കൂടാന്‍ നഗരസഭാ പ്രതിനിധിയോട് കലക്ടര്‍ നിര്‍ദേശിച്ചു. റീസര്‍വേ നടപടി പൂര്‍ത്തിയായ ഭാഗങ്ങളില്‍ സര്‍ക്കാര്‍ ഭൂമി കൈയേറിയിട്ടുള്ളതായി കണ്ടത്തെിയിട്ടുണ്ടെന്ന് സര്‍വേ നടപടികള്‍ക്ക് നേതൃത്വം നല്‍കുന്ന സബ്കലക്ടര്‍ ഡി. ബാലമുരളി പറഞ്ഞു. കാല്‍നടക്കുള്ള സ്ഥലം ഒഴിച്ചിട്ടുകൊണ്ട് വേണം വഴിയോരകച്ചവടമെന്ന് കലക്ടര്‍ പറഞ്ഞു.
നഗരത്തിനുള്ള മാസ്റ്റര്‍ പ്ളാന്‍ തയാറാക്കി 2010 ല്‍ നഗരസഭക്ക് നല്‍കിയതായി നാറ്റ്പാക് പ്രതിനിധി യോഗത്തില്‍ പറഞ്ഞു. റോഡരികിലെ കൈയേറ്റങ്ങളും ഗതാഗതത്തിന് തടസ്സമുണ്ടാക്കുന്ന അനധികൃത നിര്‍മാണങ്ങളും ഒഴിപ്പിക്കുന്നതിന് പി.ഡബ്ള്യൂ.ഡി., റവന്യൂ, പൊലീസ് വിഭാഗങ്ങളുടെ സഹായം നഗരസഭക്ക് നല്‍കുമെന്നും കലക്ടര്‍ പറഞ്ഞു.
നഗരസഭാ അതിര്‍ത്തിയിലെ റോഡരികില്‍ അനധികൃതമായി സാധനങ്ങള്‍ കൂട്ടിയിട്ടാല്‍ ഉടന്‍ അത് ഏറ്റെടുക്കാനും പിഴ ഈടാക്കാനും നഗരസഭാ പ്രതിനിധിയോട് ആവശ്യപ്പെട്ടു.
ഒരാഴ്ചക്കുള്ളില്‍ കോണ്‍വെന്‍റ് സ്ക്വയര്‍ മുതല്‍ കിഴക്കോട്ട് പഴവങ്ങാടി ജങ്ഷന്‍ വരെയും തിരുവമ്പാടി മുതല്‍ വലിയകുളം കലക്ടറേറ്റ് വഴി കോണ്‍വെന്‍റ് സ്ക്വയര്‍ വരെയും റോഡരികിലെ ഗതാഗത തടസ്സമുണ്ടാക്കുന്ന മെറ്റല്‍, ചരല്‍, മണ്ണ്, പൂഴി എന്നിവയും അനധികൃത ഗതാഗത തടസ്സങ്ങളും ഒഴിപ്പിക്കാന്‍ അദ്ദേഹം നിര്‍ദേശിച്ചു.
യോഗത്തില്‍ ആര്‍.ടി.ഒ. എം. സുരേഷ്, ടൂറിസം ഡെപ്യൂട്ടി ഡയറക്ടര്‍ ജയകുമാരി, ടൗണ്‍ പ്ളാനര്‍ ഇന്ദു വിജയനാഥ്, പി.ഡബ്ള്യൂ.ഡി. അസി. എന്‍ജിനീയര്‍ കെ. നാസര്‍, നഗരസഭാ പ്രതിനിധി എന്‍.കെ. വിജയകുമാര്‍, രാഷ്ട്രീയ-സംഘടനാനേതാക്കള്‍ എന്നിവര്‍ പങ്കെടുത്തു.

ഇസ്രായേല്‍ തെരഞ്ഞെടുപ്പ്: വോട്ടെടുപ്പ് തുടങ്ങി

Posted: 16 Mar 2015 11:10 PM PDT

Image: 

തെല്‍ അവീവ്: രാഷ്ട്രീയ അനിശ്ചിതത്വങ്ങള്‍ക്കൊടുവില്‍ ഇസ്രായേല്‍ പാര്‍ലമെന്‍റിലേക്കുള്ള വോട്ടെടുപ്പ് തുടങ്ങി. രാവിലെ ഏഴിന് ആരംഭിച്ച വോട്ടെടുപ്പില്‍ രാത്രി 10 വരെ വോട്ടര്‍മാര്‍ക്ക് സമ്മതിദാനാവകാശം രേഖപ്പെടുത്താം. 28ാം പാര്‍ലമെന്‍റിലേക്കുള്ള 120 പ്രതിനിധികളെ തെരഞ്ഞെടുക്കാനാണ് വോട്ടെടുപ്പ് നടക്കുന്നത്. മൂന്നു കോടി വോട്ടര്‍മാര്‍ക്കായി രാജ്യത്തൊട്ടാകെ 10,000 പോളിങ് ബൂത്തുകളാണ് സജ്ജമാക്കിയിട്ടുള്ളത്. പ്രധാനമന്ത്രി ബിന്യമിന്‍ നെതന്യാഹുവിന് അഗ്നി പരീക്ഷയായേക്കാവുന്ന തെരഞ്ഞെടുപ്പിനെ ലോകം ഏറെ ആകാംക്ഷയോടെയാണ് ഉറ്റുനോക്കുന്നത്.

തെരഞ്ഞെടുപ്പ് പ്രചാരണത്തിന്‍െറ അവസാനഘട്ടങ്ങളില്‍ നെതന്യാഹുവിന്‍െറ ലിക്കുഡ് പാര്‍ട്ടി കടുത്ത പ്രതിരോധത്തിലാണ്. പുറത്തുവന്ന അഭിപ്രായ സര്‍വേകളില്‍ ഭൂരിഭാഗവും നെതന്യാഹുവിന്‍െറ രാഷ്ട്രീയ അന്ത്യമാണ് പ്രവചിക്കുന്നത്. ലേബര്‍ പാര്‍ട്ടിയുടെ ഐസക് ഹെര്‍സോഗും ഹത്നുവ പാര്‍ട്ടിയുടെ സിപ്പി ലിവ്നിയും ചേര്‍ന്ന് രൂപവത്കരിച്ച സയണിസ്റ്റ് യൂനിയനാണ് ലിക്കുഡ് പാര്‍ട്ടിക്ക് വലിയ വെല്ലുവിളി ഉയര്‍ത്തുന്നു.

സയണിസ്റ്റ് യൂനിയന്‍ സഖ്യത്തിന് 120ല്‍ 27 സീറ്റും ലിക്കുഡ് പാര്‍ട്ടിക്ക് 21 സീറ്റും ലഭിക്കുമെന്നാണ് അഭിപ്രായ സര്‍വേകള്‍ പ്രവചിക്കുന്നത്. അറബ് പാര്‍ട്ടികള്‍ ഒറ്റക്കെട്ടായി നില്‍ക്കുന്നതും മത്സരത്തെ സങ്കീര്‍ണമാക്കുമെന്നാണ് വിലയിരുത്തല്‍. നിലവില്‍ അറബ് കക്ഷികള്‍ക്ക് പാര്‍ലമെന്‍റില്‍ 11 സീറ്റുണ്ട്. കേവല ഭൂരിപക്ഷത്തിന് 60 സീറ്റ് വേണം. അതുപോലെ 3.5 ശതമാനത്തില്‍ കൂടുതല്‍ വോട്ട് ലഭിച്ചാലേ പാര്‍ട്ടികള്‍ക്ക് പാര്‍ലമെന്‍റില്‍ അംഗത്വം ലഭിക്കൂ.  

2013ല്‍ അധികാരമേറ്റ നെതന്യാഹു സര്‍ക്കാര്‍ കാലാവധി പൂര്‍ത്തിയാകാന്‍ രണ്ട് വര്‍ഷം ശേഷിക്കെയാണ് കഴിഞ്ഞ ഡിസംബറില്‍ പാര്‍ലമെന്‍റ് പിരിച്ചുവിട്ട് പുതിയ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. സഖ്യകക്ഷികള്‍ക്കിടയില്‍ രൂപപ്പെട്ട കടുത്ത അഭിപ്രായ ഭിന്നതയെ തുടര്‍ന്നായിരുന്നു ഇത്. ലിക്കുഡ് പാര്‍ട്ടി മുന്‍കൈ എടുത്ത് തയാറാക്കിയ ജൂതരാഷ്ട്ര ബില്ലും 2014ലെ ചില ബജറ്റ് നിര്‍ദേശങ്ങളുമായിരുന്നു ഈ ഭിന്നതക്ക് കാരണം.

സസ്പെന്‍ഷന്‍ തനിക്ക് മണ്ണാങ്കട്ടയാണെന്ന് ഇ.പി ജയരാജന്‍

Posted: 16 Mar 2015 10:55 PM PDT

Image: 

കണ്ണൂര്‍: നിയമസഭയില്‍ സ്പീക്കറുടെ ഡയസ് അടക്കമുള്ളവ തകര്‍ത്ത സംഭവത്തില്‍ അഭിമാനം തോന്നുന്നുവെന്ന് സി.പി.എം കേന്ദ്രകമ്മിറ്റിയംഗം ഇ.പി ജയരാജന്‍ എം.എല്‍.എ. സഭാ സമ്മേളനത്തില്‍ നിന്നുള്ള സസ്പെന്‍ഷന്‍ തനിക്ക് മണ്ണാങ്കട്ടയാണെന്നും ജയരാജന്‍ പറഞ്ഞു.

നാടിന്‍െറയും സംസ്ഥാനത്തിന്‍െറയും ശബ്ദം സഭയില്‍ ഉയര്‍ത്താന്‍ സാധിച്ചു. ഉമ്മന്‍ചാണ്ടിയുടെ ചെലവിലല്ല താന്‍ എം.എല്‍.എയായത്. ജനങ്ങളോടാണ് തനിക്ക് ബാധ്യതയെന്നും ജയരാജന്‍ ചൂണ്ടിക്കാട്ടി.

സ്പീക്കറുടെ ഡയസില്‍ കയറി അക്രമം നടത്തിയ ജയരാജന്‍ അടക്കമുള്ള അഞ്ച് ഇടതു എം.എല്‍.എമാരെ ഈ സമ്മേളനകാലത്തു നിന്നു  സസ്പെന്‍ഡ് ചെയ്തിരുന്നു. സ്പീക്കറുടെ കസേര ഡയസില്‍ നിന്നു നടുത്തളത്തിലേക്ക് വലിച്ചെറിഞ്ഞ ജയരാജന്‍െറ പ്രവൃത്തിയാണു സസ്പെന്‍ഷന് വഴിവെച്ചത്.

ജില്ല കത്തുന്നു; എവിടെ ഫയര്‍മാന്‍?

Posted: 16 Mar 2015 10:49 PM PDT

മലപ്പുറം: വേനല്‍ കനക്കവെ ജില്ലയില്‍ തീപിടിത്തം നിത്യസംഭവമാകുമ്പോള്‍ അഗ്നിശമന സേന നേരിടുന്ന പ്രയാസങ്ങളും രൂക്ഷമാവുന്നു. ജീവനക്കാരുടെയും സജ്ജീകരണങ്ങളുടെയും കുറവും കേസുകളുടെ എണ്ണത്തിലുണ്ടായ വര്‍ധനയുമാണ് പ്രതിസന്ധിയുടെ ആഴം വര്‍ധിപ്പിക്കുന്നത്.
പുതിയ ഫയര്‍ സ്റ്റേഷനുകള്‍ സ്ഥാപിക്കുമെന്ന പ്രഖ്യാപനവും എങ്ങുമത്തെിയിട്ടില്ല. ജില്ലയിലെ ഫയര്‍ സ്റ്റേഷനുകളില്‍ 62 ഫയര്‍മാന്മാരെ കൂടി വേണം. പൊന്നാനിയിലും നിലമ്പൂരും 15 വീതവും മലപ്പുറത്തും തിരൂരും 13 വീതവും പെരിന്തല്‍മണ്ണയില്‍ ആറും പേരുടെ ഒഴിവാണുള്ളത്. ഓരോ സ്റ്റേഷനിലും ശരാശരി 25 ഫയര്‍മാന്മാര്‍ വേണ്ടിടത്താണ് ഇത്രയും കുറവ്. സമാനപ്രശ്നം എല്ലാ ജില്ലകളിലുമുണ്ടെങ്കിലും മലപ്പുറത്താണ് ഏറ്റവും വലിയ പ്രതിസന്ധി. പുതിയ ഫയര്‍മാന്മാരെ നിയമിക്കുന്നതിന് പി.എസ്.സി അഡൈ്വസ് മെമോ അയച്ചതാണ് ഇക്കാര്യത്തില്‍ എടുത്തുപറയത്തക്ക ആശ്വാസം. മൊബൈല്‍ ടാങ്ക് യൂനിറ്റുകളും കുറവാണ്. നിലമ്പൂരിലും തിരൂരിലും മാത്രമാണ് രണ്ടെണ്ണമുള്ളത്. മലപ്പുറം ഫയര്‍ സ്റ്റേഷനില്‍ രണ്ടാമത്തേത് ചെറിയ യൂനിറ്റാണ്.
ഇതാവട്ടെ തകരാറിലും. മറ്റു ജില്ലാ ആസ്ഥാനങ്ങളില്‍ മൂന്ന് യൂനിറ്റുകള്‍ ഉള്ളപ്പോഴാണ് ഈ അവഗണന. വലിയ മേഖല ഉള്‍ക്കൊള്ളുന്ന മലപ്പുറത്തിന്‍െറ ആവശ്യകത നോക്കുമ്പോള്‍ മൊബൈല്‍ ടാങ്ക് യൂനിറ്റുകള്‍ കുറവാണെന്ന് ഫയര്‍ അഡീഷനല്‍ ഡിവിഷന്‍ ഓഫിയര്‍ അഷ്റഫലി ചൂണ്ടിക്കാട്ടുന്നു. കഴിഞ്ഞ വര്‍ഷവും ഇത്തവണയും ഏറ്റവുമധികം ഫയര്‍ കോളുകള്‍ വന്നത് മലപ്പുറം സ്റ്റേഷനിലേക്കാണ്. മഞ്ചേരി, കോട്ടക്കല്‍ ഉള്‍പ്പെടെ പ്രധാന നഗരങ്ങളും ഇതിന് കീഴിലാണ് വരുന്നത്.
രണ്ട് ഭാഗത്തുനിന്ന് ഒരേസമയം വിളി വന്നാല്‍ കാര്യങ്ങള്‍ അവതാളത്തിലാവും. കോട്ടക്കല്‍ മേഖലയില്‍ തീപ്പിടിത്തമോ മറ്റോ ഉണ്ടായാല്‍ ജനങ്ങളുടെ ബുദ്ധിമുട്ട് മനസ്സിലാക്കി തിരൂരിലേക്കും വിവരങ്ങള്‍ കൈമാറാറുണ്ടെന്ന് മലപ്പുറം സ്റ്റേഷന്‍ ഓഫിസര്‍ സി. ബാബുരാജന്‍ പറയുന്നു. മഞ്ചേരിയില്‍ ഫയര്‍ സ്റ്റേഷന്‍ വേണമെന്ന ആവശ്യത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. എന്നാല്‍, സ്വന്തമായി സ്ഥലവും കെട്ടിടവുമുള്ള സ്ഥലങ്ങളില്‍ മാത്രമേ പുതിയവ ആരംഭിക്കുന്നതിന് മുന്‍ഗണന നല്‍കി വരുന്നുള്ളൂവെന്നാണ് പി. ഉബൈദുല്ല എം.എല്‍.എയുടെ ചോദ്യത്തിന് മറുപടിയായി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല കഴിഞ്ഞയാഴ്ച നിയമസഭയില്‍ പറഞ്ഞത്.
ഇത് മഞ്ചേരിയുടെ സാധ്യതക്ക് വീണ്ടും മങ്ങലേല്‍പ്പിച്ചു. വളാഞ്ചേരിയിലും എ.ആര്‍ നഗറിലെ കുന്നുംപുറത്തും ഫയര്‍ സ്റ്റേഷനുകള്‍ സ്ഥാപിക്കാന്‍ നടപടി തുടങ്ങിയിട്ടുണ്ട്.

നഗരത്തില്‍ കൂടുതല്‍ സ്വകാര്യ ബസ് സര്‍വിസുകള്‍ പഠനത്തിന് ശേഷം

Posted: 16 Mar 2015 10:27 PM PDT

തിരുവനന്തപുരം: നഗരത്തില്‍ കൂടുതല്‍ സ്വകാര്യ ബസ് സര്‍വിസുകള്‍ വിശദപഠനത്തിന് ശേഷം മാത്രം അനുവദിക്കാന്‍ റീജനല്‍ ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി യോഗത്തില്‍ തീരുമാനം. കലക്ടര്‍ ബിജു പ്രഭാകറിന്‍െറ അധ്യക്ഷതയില്‍ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളിലായിരുന്നു യോഗം. നാറ്റ്പാക്കിന്‍െറ നേതൃത്വത്തില്‍ എന്‍ജിനീയറിങ് കോളജുകളിലെ ട്രാന്‍സ്പോര്‍ട്ട് വിഭാഗങ്ങളുടെ സഹകരണത്തോടെ യാത്രക്കാരുടെ ആവശ്യങ്ങളും കൂടുതല്‍ ബസുകളുടെ ആവശ്യകതയും സംബന്ധിച്ച് പഠനം നടത്തി മൂന്നു മാസത്തിനുള്ളില്‍ റിപ്പോര്‍ട്ട് നല്‍കും. ഇതുപരിഗണിച്ച് ആവശ്യമുള്ള റൂട്ടുകളില്‍ കൂടുതല്‍ സര്‍വിസ് ആരംഭിക്കും. പുതിയ റൂട്ടുകളില്‍ കെ.എസ്.ആര്‍.ടി.സിക്കായിരിക്കും മുന്‍ഗണന. കെ.എസ്.ആര്‍.ടി.സിക്ക് സര്‍വിസ് നടത്താന്‍ കഴിയാത്ത റൂട്ടുകളില്‍ സ്വകാര്യബസുകള്‍ക്ക് പുതിയ പെര്‍മിറ്റ് അനുവദിക്കും.
റൂട്ട് മാറ്റത്തിനായി സ്വകാര്യബസുകള്‍ നല്‍കിയ അപേക്ഷകള്‍ കെ.എസ്.ആര്‍.ടി.സി, പൊതുജനങ്ങള്‍ തുടങ്ങിയവരുടെ അഭിപ്രായമറിഞ്ഞശേഷം പരിഗണിക്കാന്‍ യോഗം തീരുമാനിച്ചു. ഈ അപേക്ഷകള്‍ കലക്ടറേറ്റ് വെബ്സൈറ്റില്‍ (trivandrum.gov.in) പ്രസിദ്ധീകരിക്കും. ആക്ഷേപവും അഭിപ്രായങ്ങളും 15 ദിവസത്തിനുള്ളില്‍ അതത് ആര്‍.ടി.ഒമാരെ അറിയിക്കാം. അതുകൂടി പരിഗണിച്ച ശേഷമായിരിക്കും തീരുമാനം. എല്ലാ സ്ഥലത്തും സ്വകാര്യബസുകള്‍ അവസാനിക്കുന്ന പോയന്‍റില്‍ എത്തിച്ചേരുന്നതും പോകുന്നതുമായ സമയം രേഖപ്പെടുത്തണം. ഇത് അധികൃതരും റെസിഡന്‍റ് അസോസിയേഷനുകളും ഉള്‍പ്പെടെയുള്ളവര്‍ പരിശോധിക്കും. നിര്‍ദേശം ലംഘിക്കുന്ന ബസുകള്‍ക്കെതിരെ നടപടിയെടുക്കും. കുടപ്പനക്കുന്നില്‍ യാത്ര അവസാനിപ്പിക്കുന്ന എല്ലാ സ്വകാര്യബസുകളും സിവില്‍ സ്റ്റേഷന്‍വരെ നീട്ടാനും തീരുമാനമായി. ട്രിപ് മുടക്കുന്ന സ്വകാര്യ ബസുകള്‍ക്കും പെര്‍മിറ്റ് മാനദണ്ഡങ്ങള്‍ ലംഘിക്കുന്ന കോണ്‍ട്രാക്ട് കാരിയേഴ്സിനുമെതിരെ കര്‍ശന നടപടി സ്വീകരിക്കും. പിടിക്കപ്പെട്ടാല്‍ പെര്‍മിറ്റ് റദ്ദാക്കല്‍ ഉള്‍പ്പെടെ നടപടികളെടുക്കും. സമാന്തര വാഹനങ്ങള്‍ സര്‍വിസുകള്‍ ഏതെങ്കിലും സ്ഥലങ്ങളില്‍ അനധികൃത സ്റ്റാന്‍ഡ് സജ്ജീകരിച്ച് സര്‍വിസ് നടത്തുന്നുണ്ടെങ്കില്‍ ഉടനടി മാറ്റാന്‍ എല്ലാ പൊലീസ് സ്റ്റേഷനുകള്‍ക്കും നിര്‍ദേശം നല്‍കാനും യോഗം തീരുമാനിച്ചു. അടുത്ത ആര്‍.ടി.എ യോഗം ഏപ്രില്‍ ആറിന് ചേരും. യോഗത്തില്‍ ഡെപ്യൂട്ടി ട്രാന്‍സ്പോര്‍ട്ട് കമീഷണര്‍ എന്‍.കെ. രവീന്ദ്രനാഥന്‍, തിരുവനന്തപുരം-ആറ്റിങ്ങല്‍ ആര്‍.ടി.ഒമാര്‍, പൊലീസ് ഉദ്യോഗസ്ഥര്‍, കെ.എസ്.ആര്‍.ടി.സി, സ്വകാര്യബസ് പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

കൊല്ലം റെയില്‍വേ സ്റ്റേഷന്‍ രണ്ടാം ടെര്‍മിനല്‍: അന്തിമ സര്‍വേ പൂര്‍ത്തിയായി

Posted: 16 Mar 2015 10:24 PM PDT

കൊല്ലം: കൊല്ലം റെയില്‍വേ സ്റ്റേഷനില്‍ രണ്ടാം പ്രവേശ കവാടം (സെക്കന്‍ഡ് എന്‍ട്രി ടെര്‍മിനല്‍) നിര്‍മിക്കുന്നതിന്‍െറ ഭാഗമായി ക്വാര്‍ട്ടേഴ്സുകളില്‍ താമസിക്കുന്നവരുടെ പുനരധിവാസം ഉടനുണ്ടാകുമെന്ന് തിരുവനന്തപുരം ഡിവിഷന്‍ സീനിയര്‍ സെക്ഷന്‍ എന്‍ജിനീയര്‍ എ.ആര്‍. അനില്‍കുമാര്‍ പറഞ്ഞു. ടെര്‍മിനലിന്‍െറ സ്ഥലമെടുപ്പ് സംബന്ധിച്ച് അവസാനഘട്ട സര്‍വേക്കത്തെിയതായിരുന്നു അദ്ദേഹം. റെയില്‍വേ ഫുട്ഓവര്‍ ബ്രിഡ്ജ് രണ്ടാംകവാടം വരെ നീട്ടുന്ന വിധത്തിലാണ് സര്‍വേ പൂര്‍ത്തിയായത്.
പത്തടി വീതിയിലും 130 മീറ്റര്‍ നീളത്തിലുമാണ് നടപ്പാലം നീട്ടുന്നത്. ഇവിടെ താമസിക്കുന്ന 13 ജീവനക്കാരുടെ കുടുംബങ്ങളെ ഉപാസന ആശുപത്രിക്ക് സമീപത്തെ ക്വാര്‍ട്ടേഴ്സിലേക്ക് പുനരധിവസിപ്പിക്കും. സ്വകാര്യ വ്യക്തികളുടെ സ്ഥലം ഏറ്റെടുക്കാതെ റെയില്‍വേയുടെ സ്ഥലം മാത്രം ഉപയോഗിച്ചാണ് ടെര്‍മിനല്‍ പൂര്‍ത്തീകരിക്കുക. ആദ്യ സര്‍വേയില്‍ കാര്യമായ മാറ്റം വരുത്തിയിട്ടില്ല. കുഴിയായി കിടക്കുന്ന പ്രദേശങ്ങള്‍ മണ്ണിട്ട് നികത്തുന്ന പ്രവര്‍ത്തനങ്ങളാണ് ആദ്യം നടത്തുക. സാങ്കേതിക പ്രശ്നങ്ങളില്‍ കുരുങ്ങാതെ വേഗത്തില്‍ പ്രവേശ കവാടം സാധ്യമാക്കാനാണ് വീണ്ടും സര്‍വേ നടത്തിയത്.
നിര്‍മാണത്തിനായി റെയില്‍വേ ബജറ്റില്‍ 5.85 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. സംസ്ഥാന സര്‍ക്കാര്‍ വിഹിതമായ 1.99 കോടി ഉള്‍പ്പെടെ 7.84 കോടിയാണ് പദ്ധതിക്ക് ലഭ്യമായിരിക്കുന്നത്. ആവശ്യമെങ്കില്‍ കൂടുതല്‍ പണം കിട്ടാനുള്ള സാധ്യതകള്‍ പരിഗണനയിലാണ്. എം.പിമാരുടെ ഫണ്ടില്‍നിന്ന് പണം ലഭ്യമാക്കുന്നതിന് നടപടി തുടങ്ങി. സീനിയര്‍ സെക്ഷന്‍ എന്‍ജിനീയര്‍മാരായ നാരായണ്‍ നമ്പൂതിരി, ജോയി, എന്‍. ഗോപി എന്നിവര്‍ സര്‍വേക്ക് നേതൃത്വം നല്‍കി.

മാണി ബാധ്യത ആകുമെന്ന് സര്‍ക്കാര്‍^കെ.പി.സി.സി യോഗത്തില്‍ വിമര്‍ശം

Posted: 16 Mar 2015 10:15 PM PDT

Image: 

തിരുവനന്തപുരം: കെ.എം മാണി കോണ്‍ഗ്രസിന് വന്‍ ബാധ്യത ആകുമെന്ന് സര്‍ക്കാര്‍ കെ.പി.സി.സി ഏകോപനസമിതി യോഗത്തില്‍ വിമര്‍ശം. മാണിയുടെ പേരില്‍ പാര്‍ട്ടിക്ക്  കനത്ത വില കൊടുക്കേണ്ടി വരുമെന്ന് കോട്ടയം ഡി.സി.സി പ്രസിഡന്റ് ടോമി കല്ലാനി യോഗത്തില്‍ തുറന്നടിച്ചു.
നിയമസഭയിലെ പ്രതിപക്ഷ അതിക്രമത്തിനെതിരെ യു.ഡി.എഫ് ആഹ്വാനം ചെയ്ത  കരിദിനാചരണം കോട്ടയം ജില്ലയില്‍, പ്രത്യേകിച്ച് പാലായില്‍ വേണ്ടപോലെ നടന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. മാണിക്കെതിരെ ഉയര്‍ന്ന അഴിമതി ആരോപണങ്ങളില്‍ വസ്തുത ഉണ്ടെന്നാണ് ജനം വിശ്വസിക്കുന്നത്. പാലായിലെയും  കോട്ടയത്തെയും  ജനങ്ങള്‍  മാത്രമല്ല, കേരളത്തിലെ ഭൂരിഭാഗം ജനങ്ങള്‍  അങ്ങിനെ വിശ്വസിക്കുന്നു. കേരളാ കോണ്‍ഗ്രസുകാര്‍ പോലും അത് വിശ്വസിക്കുന്നുണ്ടെന്ന് ടോമി കല്ലാനി പറഞ്ഞു.

അഴിമതിക്കെതിരെ ഇന്ത്യയില്‍ വലിയ തോതില്‍ ജനവികാരം ഉയരുന്നുണ്ടെന്നും അത് കാണാതിരിക്കാന്‍ ആവില്ലെന്നും അഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. ലോക്‌സഭാ തെരഞ്ഞെടുപ്പിലെ തോല്‍വി ഇതിനു ഉദാഹരണമാണ്. ടുജിയും കല്‍ക്കരിപ്പാടവും മറ്റുമാണ് യു.പി.എയെ തോല്‍പിച്ചത്. അഴിമതി ആരോപണങ്ങള്‍ക്കിടയില്‍ സര്‍ക്കാറിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ മുങ്ങിപ്പോയി. സമാനമായ അന്തരീക്ഷമാണ് കേരളത്തില്‍ പ്രതിപക്ഷം ഉയര്‍ത്തിക്കൊണ്ടു വരുന്നതെന്ന് ചെന്നിത്തല ചൂണ്ടിക്കാട്ടി.

ജി.കാര്‍ത്തികേയന്റെ മരണത്തെ തുടര്‍ന്ന് ഒഴിവു വന്ന സീറ്റില്‍ ഭാര്യയെ മത്സരിപ്പിക്കാനുള്ള നീക്കത്തിനെതിരെ തിരുവനന്തപുരം ഡി.സി.സി പ്രസിഡന്റ് കെ.വി മോഹന്‍കുമാര്‍ രംഗത്ത് വന്നു. പാര്‍ട്ടിക്ക് വേണ്ടി പത്തും മുപ്പതും കൊല്ലം പണിയെടുക്കുന്നവരെ അവഗണിക്കുന്നത് ശരിയല്ല. പാര്‍ട്ടിയെ  അരാഷ്ട്രീയവല്‍ക്കരിക്കുകയാണ് ഇത്തരം നടപടികളിലൂടെയെന്ന് മോഹന്‍കുമാര്‍ കുറ്റപ്പെടുത്തി. ദേവസ്വം റിക്രൂട്ട്‌മെന്റ് ബോര്‍ഡില്‍ കോണ്‍ഗ്രസുമായി ഒരു ബന്ധവും ഇല്ലാത്തവരെയാണ് എടുത്തതെന്നും അദ്ദേഹം പറഞ്ഞു.

മന്ത്രി അനൂപ് ജേക്കബിനെതിരായ അഴിമതി ആരോപണങ്ങളില്‍ കഴമ്പുണ്ടെന്ന് പാലക്കാട് ഡി.സി.സി പ്രസിഡന്റ് സി.വി ബാലചന്ദ്രന്‍ പറഞ്ഞു. കെ.എം മാണി അവതരിപ്പിച്ച ബജറ്റ് കാഴ്ചപ്പാട് ഇല്ലാത്തതാണെന്ന് ഏറണാകുളം ഡി.സി.സി പ്രസിഡന്റ് വി.ജെ പൗലോസ് വിമര്‍ശിച്ചു. വിലക്കയറ്റം ഉണ്ടാക്കുന്ന ബജറ്റാണിത്. ഭരണത്തിന്റെ അവസാന വര്‍ഷം ഇങ്ങിനെയൊരു ബജറ്റ് അവതരിപ്പിക്കരുതായിരുന്നു.

നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് നടന്ന ലോക്‌സഭാ, പഞ്ചായത്ത് തെരഞ്ഞെടുപ്പുകളില്‍ വലിയ വിജയം നേടിയ യു.ഡി.എഫിന് നിയമസഭയില്‍ നേരിയ ഭൂരിപക്ഷം ആയിപ്പോയത് തോമസ് ഐസക്കിന്റെ ധനകാര്യ മാനേജ്‌മെന്റ് കൊണ്ടാണെന്ന് പൗലോസ് പറഞ്ഞു. എല്‍.ഡി.എഫ് അവസാന കാലത്ത് കരാറുകാര്‍ക്ക് ഒരു രൂപ കുടിശ്ശിക വെച്ചില്ല. ക്ഷേമ പെന്‍ഷനുകള്‍ എല്ലാം നല്‍കി. സര്‍ക്കാറിന്റെ മികച്ച പ്രവര്‍ത്തനവും വി.എസ് അച്യുതാനന്ദന്റെ അഴിമതി വിരുദ്ധ പ്രതിശ്ചായയുമാണ് എല്‍.ഡി.എഫിന് ഉയര്‍ന്ന വിജയം നേടിക്കൊടുത്തത്. യു.ഡി.എഫ് കഷ്ടിച്ച് രക്ഷപ്പെടുകയായിരുന്നെന്നു പൗലോസ് പറഞ്ഞു. വിലക്കയറ്റം ഉണ്ടാക്കുന്ന ബജറ്റ് വലിയ തിരിച്ചടി ആകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി .
ബജറ്റില്‍ ഇന്ധന വില കൂട്ടിയ സാഹചര്യത്തില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ എങ്ങിനെയാണ് സമരം ചെയ്യുകയെന്ന് കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരന്‍ ചോദിച്ചു. ഈ മാസം 25നു കേന്ദ്രത്തിനെതിരെ സമരം വെച്ചിരിക്കുകയാണ്. അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ ഇന്ധന വില ഇടിഞ്ഞിട്ടും ഇന്ത്യയില്‍ വര്‍ധിപ്പിക്കുന്നതിനെതിരെയാണ് സമരം. പെട്രോള്‍, ഡീസല്‍ വില ബജറ്റില്‍ കൂട്ടിയ ശേഷം ഇങ്ങനെയൊരു സമരം നടത്താനാകുമോയെന്ന് അദ്ദേഹം ആരാഞ്ഞു . മാര്‍ച് 25 നു വീണ്ടും ചേരാന്‍ തീരുമാനിച്ചാണ് യോഗം പിരിഞ്ഞത്.  
 

കന്യാസ്ത്രീ പീഡനവും പള്ളി തകര്‍ക്കലും: പ്രധാനമന്ത്രി റിപ്പോര്‍ട്ട് തേടി

Posted: 16 Mar 2015 09:43 PM PDT

Image: 

ന്യൂഡല്‍ഹി: പശ്ചിമബംഗാളില്‍ വൃദ്ധ കന്യാസ്ത്രീയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയ സംഭവത്തിലും ഹരിയാനയില്‍ പള്ളി തകര്‍ത്ത സംഭവത്തിലും പ്രധാനമന്ത്രി റിപ്പോര്‍ട്ട് തേടി. രണ്ടു സംഭവങ്ങളുടെയും നിജിസ്ഥിതി അറിയിക്കണമെന്നും കര്‍ശന നടപടി സ്വീകരിക്കണമെന്നുമാണ് സംസ്ഥാന സര്‍ക്കാരുകളോട് പ്രധാനമന്ത്രിയുടെ ഓഫീസ് നിര്‍ദേശിച്ചിട്ടുള്ളത്. റിപ്പോര്‍ട്ട് തേടിയ വിവരം ട്വിറ്ററിലൂടെയാണ് പ്രധാനമന്ത്രിയുടെ ഓഫീസ് പുറത്തുവിട്ടത്. ബംഗാളിലെയും ഹരിയാനയിലെയും സംഭവങ്ങള്‍ ആശങ്ക ഉളവാക്കുന്നതാണെന്നു പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.

ബംഗാളിലെ നാദിയ ജില്ലയില്‍ കോണ്‍വെന്‍റില്‍ അതിക്രമിച്ചു കടന്ന അക്രമികള്‍ വൃദ്ധ കന്യാസ്ത്രീയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കുകയും കവര്‍ച്ച നടത്തുകയും ചെയ്യുകയായിരുന്നു. സംഭവത്തില്‍ 10 പേരെ തിങ്കളാഴ്ച പൊലീസ് പിടികൂടിയിരുന്നു. കോണ്‍വെന്‍റിലെ സി.സി.ടി.വി കാമറയില്‍ പതിഞ്ഞ ദൃശ്യങ്ങള്‍ പരിശോധിച്ച പൊലീസ് നാലു പേരുടെ ദൃശ്യങ്ങള്‍ പുറത്തുവിട്ടിരുന്നു. വിവരങ്ങള്‍ നല്‍കുന്നവര്‍ക്ക് ലക്ഷം രൂപ ഇനാം പ്രഖ്യാപിച്ചിട്ടുണ്ട്.

ഹരിയാനയിലെ ഹിസ്സാര്‍ ജില്ലയിലെ കൈംറി ഗ്രാമത്തില്‍ നിര്‍മാണത്തിലിരിക്കുന്ന ക്രിസ്ത്യന്‍ പള്ളിയാണ് കഴിഞ്ഞ ദിവസം സംഘ്പരിവാര്‍ സംഘം തകര്‍ത്തത്. പള്ളിയിലെ കുരിശ് പിഴുതെറിഞ്ഞ അക്രമികള്‍ ആ സ്ഥാനത്ത് ഹനുമാന്‍ വിഗ്രഹം പ്രതിഷ്ഠിച്ചു. കാവിക്കൊടി ഉയര്‍ത്തിയ സംഘം പുരോഹിതനുനേരെ വധഭീഷണിയും മുഴക്കിയിട്ടുണ്ട്. ഫാദര്‍ സുഭാഷ് ചന്ദിന്‍െറ പരാതിയെ തുടര്‍ന്ന് 14 പേര്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.

മോദിയുടെ വിശ്വസ്തനായ ആര്‍.എസ്.എസ് പ്രചാരക് മനോഹര്‍ ലാല്‍ ഖട്ടറിന്‍െറ നേതൃത്വത്തിലുള്ള സര്‍ക്കാരാണ് ഹരിയാനയില്‍ ഭരണത്തിലുള്ളത്. ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസ് സര്‍ക്കാരിനെ മമത ബാനര്‍ജിയാണ് നയിക്കുന്നത്. രണ്ടു സംഭവങ്ങളും രാജ്യത്ത് വലിയ പ്രതിഷേധത്തിന് വഴിവെച്ചിരുന്നു.

സ്വര്‍ണവില കുറഞ്ഞു; പവന് 19,480 രൂപ

Posted: 16 Mar 2015 09:38 PM PDT

Image: 

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു. പവന് 200 രൂപ കുറഞ്ഞ് 19,480 രൂപയായി. ഗ്രാമിന് 25 രൂപ കുറഞ്ഞ് 2,435 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.

ശനിയാഴ്ച പവന്‍ വില 19,560 രൂപയായിരുന്നു. വാരാരംഭത്തില്‍ ഇത് 19,680 രൂപയായി ഉയര്‍ന്നു.

അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണവില ഒൗണ്‍സിന് 1.50 ഡോളര്‍ വര്‍ധിച്ച് 1,154.82 ഡോളറിലെത്തി.

ഓര്‍മയിലേക്ക് ഒരു മടക്കം

Posted: 16 Mar 2015 09:16 PM PDT

Image: 
Subtitle: 
14 ടീമുകളുടെ 42 വമ്പന്‍ പോരാട്ടങ്ങള്‍ക്ക് ശേഷം ഏകദിന ലോകകപ്പില്‍ ഇനി നോക്കൗട്ട് അങ്കങ്ങള്‍. ആസ്ട്രേലിയയിലെയും ന്യൂസിലന്‍ഡിലെയും വേദികളില്‍ റണ്ണൊഴുകിയും വിക്കറ്റുകള്‍ കൊഴിഞ്ഞും കടന്നുപോയ ദിനങ്ങള്‍. നാളെ മുതല്‍ ക്വാര്‍ട്ടര്‍ പോരുകള്‍. പൂള്‍ മത്സരങ്ങളില്‍ ഓര്‍മയില്‍ തങ്ങിനില്‍ക്കുന്ന ചില നിമിഷങ്ങള്‍

സിംബാബ്വെക്കെതിരെ 215 റണ്‍സ് അടിച്ചെടുത്ത ‘ഗെയ്ലിസം’. ലോകകപ്പിലെ ആദ്യ ഇരട്ട ശതകമാണ് വെസ്റ്റിന്‍ഡീസ് ഓപണര്‍ കാന്‍ബറയിലെ മനൂക ഓവലില്‍ കുറിച്ചത്. 1996ല്‍ ഗാരി കേഴ്സ്റ്റന്‍ നേടിയ 188 നോട്ടൗട്ടായിരുന്നു ഇതിനു മുമ്പുള്ള ലോകകപ്പിലെ ഉയര്‍ന്ന വ്യക്തിഗത സ്കോര്‍. ഏകദിനത്തില്‍ ഇന്ത്യക്കാരനല്ലാത്ത താരത്തിന്‍െറ ആദ്യ ഡബ്ള്‍ സെഞ്ച്വറി കൂടിയായിരുന്നു ഗെയ്ലിന്‍േറത്.

എ.ബി. ഡിവില്ലിയേഴ്സ്, ഏകദിന ക്രിക്കറ്റിലെ വേഗമേറിയ 150 റണ്‍സിനുടമ. 64 പന്തില്‍ ‘ഒന്നര സെഞ്ച്വറി’ തികച്ച നായകന്‍െറ മികവില്‍ ദക്ഷിണാഫ്രിക്ക വെസ്റ്റിന്‍ഡീസിനെ തറപറ്റിച്ചത് 257 റണ്‍സിന്. ഈ കളിയില്‍ 408 റണ്‍സ് വാരിയ ആഫ്രിക്കന്‍ ടീം, അടുത്ത മത്സരത്തില്‍ അയര്‍ലന്‍ഡിനെതിരെ നേടിയത് 411 റണ്‍സ്.

പാട്ട് നിര്‍ത്താന്‍ തീരുമാനിച്ചിട്ടും സ്വരത്തിന് മാറ്റമില്ല. ശ്രീലങ്കയുടെ സൂപ്പര്‍താരം കുമാര്‍ സങ്കക്കാരയുടെ തുടര്‍ച്ചയായ നാല് സെഞ്ച്വറികള്‍. ഈ നേട്ടം കുറിക്കുന്ന ആദ്യതാരം. ലോകകപ്പിനുശേഷം വിരമിക്കാനൊരുങ്ങുന്ന സങ്കയുടെ തന്ത്രങ്ങള്‍ ‘കമ്പനി’ കാണാനിരിക്കുന്നതേയുള്ളൂ.

ആസ്ട്രേലിയയില്‍ ത്രിരാഷ്ട്ര പരമ്പരയിലും മറ്റും തോറ്റമ്പിയ ഇന്ത്യക്ക് ജീവന്‍ നല്‍കിയത് പാകിസ്താനെതിരായ ജയമായിരുന്നു. കടുത്ത സമ്മര്‍ദത്തിനിടയില്‍ വിരാട് കോഹ്ലിയും ഫോമിലേക്കുയര്‍ന്ന മത്സരം പ്രാഥമിക റൗണ്ടിലെ മറ്റൊരു മായാത്ത ഓര്‍മയാണ്. ലോകകപ്പില്‍ പാകിസ്താനെതിരെ അപരാജിത മുന്നേറ്റം ഇന്ത്യ തുടരുകയാണ്.

വെസ്റ്റിന്‍ഡീസിനെ നാലു വിക്കറ്റിന് തോല്‍പിച്ച ഐറിഷ് മികവ്. നെല്‍സണിലെ സാക്സ്ടണ്‍ ഓവലില്‍ പുള്‍ ബിയിലെ തങ്ങളുടെ ആദ്യ മത്സരത്തിലായിരുന്നു അയര്‍ലന്‍ഡ് നിറഞ്ഞാടിയത്. 2007ല്‍ പാകിസ്താനെയും 2001ല്‍ ഇംഗ്ളണ്ടിനെയും തോല്‍പിച്ച അയര്‍ലന്‍ഡ് ടെസ്റ്റ് കളിക്കുന്ന ടീമിനെതിരെ നേടുന്ന മറെറാരു ജയം.

സ്വിങ് ബൗളിങ്ങിന്‍െറ സകല സൗന്ദര്യവും പുറത്തെടുത്ത് തീ തുപ്പിയ ടിം സൗത്തി. 33 റണ്‍സ് മാത്രം വഴങ്ങി ഇംഗ്ളണ്ടിനെതിരെ നേടിയ ഏഴ് വിക്കറ്റുകള്‍. ഏകദിന ക്രിക്കറ്റില്‍ ഒരു ന്യൂസിലന്‍ഡ് ബൗളറുടെ മികച്ച പ്രകടനം.

ലോകം മുഴുവന്‍ ക്രിക്കറ്റ് കളി പഠിപ്പിച്ചുകൊടുത്ത ഇംഗ്ളീഷുകാരുടെ മടക്കം. കവാത്ത് മറന്ന സായിപ്പ് ബംഗ്ളാദേശിനോട് 15 റണ്‍സിന് തോറ്റ് പുറത്ത്. ഒരിക്കലും ലോകകപ്പ് നേടിയിട്ടില്ളെന്ന ശാപം ഇംഗ്ളണ്ടിനെ വിടാതെ പിന്തുടരുന്നു.

മുഹമ്മദ് മഹ്മൂദുല്ല, ലോകമാമാങ്കത്തില്‍ സെഞ്ച്വറി നേടുന്ന ആദ്യ ബംഗ്ളാദേശുകാരന്‍. ഒന്നല്ല, രണ്ട് വട്ടം ഈ ബാറ്റ്സ്മാന്‍ മൂന്നക്കം തികച്ച് ടീമിനെ ക്വാര്‍ട്ടറിലത്തെിച്ചു. തുടര്‍ച്ചയായി രണ്ട് സെഞ്ച്വറി സ്വന്തമാക്കുന്ന ബംഗ്ളാദേശിന്‍െറ രണ്ടാമത്തെ ബാറ്റ്സ്മാന്‍.

മൂന്നു പന്ത് ബാക്കിനില്‍ക്കേ, സ്കോട്ലന്‍ഡിനെതിരെ അഫ്ഗാനിസ്താന്‍ നേടിയ ഒരു വിക്കറ്റ് ജയം. ലോകപോരിടത്തിലെ കന്നിപ്രവേശത്തിലെ ആവേശകരമായ ജയം. സമിയുല്ല ഷെന്‍വാരിയുടെ 96 റണ്‍സിന്‍െറ ചിറകിലേറിയ ജയം.

ആതിഥേയരായ ആസ്ട്രേലിയക്ക് മുന്നില്‍ അഫ്ഗാനിസ്താന്‍ തകര്‍ന്നടിഞ്ഞ മത്സരം. 417 റണ്‍സടിച്ചെടുത്ത് കങ്കാരു ദിനോസറിന്‍െറ രൂപം പൂണ്ടപ്പോള്‍ അഫ്ഗാന്‍ കുഞ്ഞന്മാര്‍ തോറ്റത് 275 റണ്‍സിന്.

ദോഹയെ തണുപ്പിച്ച് മഴ

Posted: 16 Mar 2015 08:48 PM PDT

Image: 

ദോഹ: ഖത്തറില്‍ പലയിടത്തും ശക്തമായ മഴ ലഭിച്ചു. ചിലയിടങ്ങളില്‍ മഴയത്തെുടര്‍ന്ന് ഗതാഗത സ്തംഭനവുമുണ്ടായി. ദോഹയിലും വിവിധ ഭാഗങ്ങളിലുമാണ് ഇന്നലെ ഉച്ചയോടെ മഴ പെയ്തത്. തിങ്കളാഴ്ച പുലര്‍ച്ചെ ഒരു മണിയോടെ തന്നെ ചാറ്റല്‍ മഴ തുടങ്ങിയിരുന്നു. ഉച്ചക്ക് ശേഷമാണ് ശക്തമായി മഴ പെയ്തത്. അന്തരീക്ഷത്തെ തണുപ്പിക്കുന്ന തരത്തില്‍ മഴ ഏറെ നേരം പെയ്തു. ചെറിയ തോതില്‍ ഇടിമിന്നലുമുണ്ടായി. രാത്രിയും ഏറെ നേരം മഴ തുടര്‍ന്നു.
മെഡിറ്ററേനിയന്‍ കടലില്‍ രൂപപ്പെട്ട കാലാവസ്ഥയിലെ മാറ്റം ഖത്തറിലും പ്രതിഫലിക്കുമെന്നും ഇടിയോട് കൂടിയ മഴയു കാറ്റും പലയിടത്തും പ്രതീക്ഷിക്കാമെന്നും കാലാവസ്ഥാ നിരീക്ഷണ വകുപ്പ് കഴിഞ്ഞ ദിവസം മുന്നറിയിപ്പ് നല്‍കിയിരുന്നു. കടല്‍ തീരത്ത് വടക്കുകിഴക്ക് നിന്ന്  കാറ്റ് ശക്തി പ്രാപിക്കുമെന്നും കാലാവസ്ഥ കേന്ദ്രം അറിയിച്ചു. ഇത് 18 നോട്ടിക്കല്‍ മൈല്‍ വരെ വേഗത പ്രാപിക്കും. കടലില്‍ 15 നോട്ടിക്കല്‍ മൈല്‍ വരെ വേഗതയിലും കാറ്റടിക്കും. മൂന്നടി മുതല്‍ നാലടി വരെ തിരമാലകള്‍ ഉയരും. കാഴ്ച പരിധി അഞ്ചിനും എട്ടിനും കിലോ മീറ്ററിനിടയിലായിരിക്കുമെന്നും കേന്ദ്രം അറിയിച്ചു.
 

സ്പോണ്‍സര്‍ഷിപ്പില്‍ ഇല്ലാത്തയാള്‍ക്ക് തൊഴില്‍ നല്‍കിയാല്‍ പിഴ 5,000 ദീനാറാക്കും

Posted: 16 Mar 2015 08:33 PM PDT

Image: 

കുവൈത്ത് സിറ്റി: സ്വന്തം സ്പോണ്‍സര്‍ഷിപ്പില്‍ ഇല്ലാത്തയാളെ തൊഴില്‍ ചെയ്യിപ്പിച്ചാലുള്ള പിഴ വര്‍ധിപ്പിക്കുന്ന ഭേദഗതിപാര്‍ലമെന്‍റ് നിയമസമിതി പാസാക്കി.  ഞായറാഴ്ച ചെയര്‍മാന്‍ എം.പി മുബാറക് അല്‍ഹുറൈസിന്‍െറ അധ്യക്ഷതയില്‍ ചേര്‍ന്ന സമിതിയാണ് വിവിധ ഭേദഗതികള്‍ പാസാക്കുകയും ചിലത് തള്ളുകയും ചെയ്തത്. സ്വകാര്യ തൊഴില്‍ നിയമത്തിലെ 183ാം വകുപ്പ് ദേദഗതി ചെയ്തതാണ് ഇതില്‍ പ്രധാനം. സ്വന്തം സപോണ്‍സര്‍ഷിപ്പിലല്ലാത്തവരെ തൊഴിലെടുപ്പിച്ചാല്‍ പിഴ വര്‍ധിപ്പിക്കുന്നതാണ് ഈ ഭേദഗതി.
ഇങ്ങനെ ചെയ്യുന്ന സ്പോണ്‍സര്‍മാര്‍ക്ക് നേരത്തേയുണ്ടായിരുന്ന പരമാവധി 3,000 ദീനാര്‍ പിഴ ഭേദഗതി പ്രകാരം 5,000 ദീനാറായി ഉയരും. തൊഴിലാളികളെ സ്പോണ്‍സര്‍ മാറി ജോലി ചെയ്യിക്കുന്ന സംഭവങ്ങള്‍ വര്‍ധിച്ചതിനെ തുടര്‍ന്നാണ് ഇത്തരമൊരു ഭേദഗതി നിര്‍ദേശം തൊഴില്‍ മന്ത്രാലയം മുന്നോട്ടുവെച്ചത്. സ്വകാര്യ വിദ്യാഭ്യാസ നിയമം, കുവൈത്ത് ഇന്‍വെസ്റ്റ്മെന്‍റ് അതോറിറ്റി നിയമം, മുനിസിപ്പാലിറ്റി നിയമം, കമ്യൂണിക്കേഷന്‍ റെഗുലേഷന്‍ അതോറിറ്റി നിയമം തുടങ്ങിയവയിലെ ചെറിയ ഭേദഗതികളാണ് അംഗീകരിക്കപ്പെട്ട മറ്റുള്ളവ. അതേസമയം, സാമ്പത്തിക-നിക്ഷേപ സുപ്രീം കൗണ്‍സില്‍ രൂപവത്കരണം, പബ്ളിക് ഫണ്ട് സംരക്ഷണ നിയമം, ഓഡിറ്റ് ബ്യൂറോ എന്നിവയില്‍ നിര്‍ദേശിക്കപ്പെട്ട ഭേദഗതികള്‍ സമിതി തള്ളി. സമിതിയുടെ തീരുമാനങ്ങള്‍ ഉടന്‍ പാര്‍ലമെന്‍റിന്‍െറ അനുമതിക്കായി സമര്‍പ്പിക്കുമെന്ന് ചെയര്‍മാന്‍ മുബാറക് അല്‍ഹുറൈസന്‍ അറിയിച്ചു.
അതിനിടെ, പാര്‍ലമെന്‍റിന്‍െറ ഹ്യൂമന്‍ റിസോഴ്സ് ഡെവലപ്മെന്‍റ് സമിതിയും ഞായറാഴ്ച യോഗംചേര്‍ന്നു. എല്ലാ സര്‍ക്കാര്‍ സ്ഥാപനങ്ങളിലും ശാസ്ത്ര, സാങ്കേതിക വൈദഗ്ധ്യമുള്ള ജീവനക്കാരെ നിയമിക്കുന്നത് സംബന്ധിച്ച നിര്‍ദേശം യോഗം ചര്‍ച്ചചെയ്തു. ചുരുങ്ങിയത് 20 വര്‍ഷത്തെ പരിചയമുള്ളവരെയാണ് നിയമിക്കുകയെന്ന് സമിതി അധ്യക്ഷന്‍ എം.പി. അഹ്മദ് അല്‍ഖുതൈബി വ്യക്തമാക്കി.

സ്കൂള്‍ ബസുകളില്‍ സുരക്ഷ ഉറപ്പാക്കും, നിരക്ക് വര്‍ധിക്കും

Posted: 16 Mar 2015 08:30 PM PDT

Image: 

മസ്കത്ത്: ദാര്‍സൈത്ത് ഇന്ത്യന്‍ സ്കൂളില്‍ അടുത്ത അധ്യയനവര്‍ഷം മുതല്‍ ആരംഭിക്കുന്ന സ്കൂള്‍ ബസ് സമ്പ്രദായം കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്നതാണെന്ന് സ്കൂള്‍ ഡയറക്ടര്‍ബോര്‍ഡ് ചെയര്‍മാന്‍ വില്‍സണ്‍ വി.ജോര്‍ജ് പറഞ്ഞു. ബസുകള്‍ നേരിട്ട് സ്കൂളിന്‍െറ കീഴില്‍ അല്ളെങ്കിലും ഇതൊരു അംഗീകൃത നിയന്ത്രിത ഗതാഗത പദ്ധതിയായിരിക്കും.
 സ്കൂള്‍ മാനേജിങ് കമ്മിറ്റി ചുമതലപ്പെടുത്തിയ സുരക്ഷാ വിദഗ്ധരും സാങ്കേതിക വിദഗ്ധരും അടങ്ങിയ ടാസ്ക് ഫോഴ്സാണ് ബസുകളുടെ ഓട്ടം നിയന്ത്രിക്കുക. ഐ.വി.എം.എസ്, സീറ്റ് ബെല്‍റ്റ്, എയര്‍കണ്ടീഷന്‍, സ്പീഡ് ബ്രേക്കര്‍ അടക്കമുള്ള സംവിധാനങ്ങളുള്ള ബസുകളുടെ ഉടമകളുമായി അധികൃതര്‍ കരാറില്‍ ഒപ്പിട്ടുകഴിഞ്ഞു. അധികൃതര്‍ നിഷ്കര്‍ഷിക്കുന്ന സുരക്ഷാ മാനദന്ധങ്ങള്‍ പാലിക്കുന്ന ബസുടമകള്‍ക്കുമാത്രമാണ് അംഗീകാരം നല്‍കിയത്. ബസുകളില്‍ ഏര്‍പ്പെടുത്തുന്ന ഐ.വി.എം.എസ് സമ്പ്രദായം വാഹനമോടിക്കുന്നവരെ കൃത്യമായി നിരീക്ഷിക്കാന്‍ പറ്റുന്നതാണ്.
വാഹനത്തിന്‍െറ വേഗം, വാഹനം ബ്രേക് ചെയ്യുന്ന രീതി തുടങ്ങിയവ സംബന്ധമായ വിവരങ്ങള്‍ റെക്കോഡ് ചെയ്യാന്‍ കഴിയും. അതിനാല്‍,  വാഹനമോടിക്കുന്നവരെ കൃത്യമായി വിലയിരുത്താന്‍ കഴിയുമെന്ന് ചെയര്‍മാന്‍ പറഞ്ഞു. എന്നാല്‍, പുതിയ ബസ് സംവിധാനത്തില്‍ സീറ്റിങ് കപാസിറ്റിക്ക് അനുസരിച്ചു മാത്രമേ കുട്ടികളെ കൊണ്ടു പോകാന്‍ കഴിയുകയുള്ളൂ. ഓരോ കുട്ടിക്കും സീറ്റ് ബെല്‍റ്റ് നിര്‍ബന്ധവുമാണ്. അതിനാല്‍, കൂടുതല്‍ കുട്ടികളെ കൊണ്ടുപോവാന്‍ കഴിയില്ല. ഈ സൗകര്യങ്ങളുള്ളതിനാല്‍ പല റൂട്ടുകളിലും  നിലവില്‍ നല്‍കുന്നതിനെക്കാള്‍ 15 ശതമാനം നിരക്കുകള്‍ അധികം നല്‍കേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു.
അല്‍ നാദാ, സിബിഡി, ദാര്‍സൈത്ത്, ഹംരിയ്യ, എം.ബിഡി, മുംതാസ്, മസ്കത്ത്, മത്ര, ഒമാന്‍ ഹൗസ്, റൂവി, വാദീ അദൈ, വല്‍ജ എന്നിവിടങ്ങളിലേക്ക് 16 റിയാലാണ് ഈടാക്കുന്നത്. വാദി കബീര്‍ ഷെല്‍ പമ്പ് വരെ 18 റിയാല്‍ ഈടാക്കും. ശേഷം 20 റിയാല്‍ ഈടാക്കും.
അല്‍ അമിറാത്ത് 23റിയാല്‍, അല്‍ ഖുവൈര്‍ 23 റിയാല്‍, മദീന ഖാബൂസ് 23 റിയാല്‍, ഖുറം 23 റിയാല്‍, അല്‍ ഖുബ്റ 24 റിയാല്‍, അസൈബ 25 റിയാല്‍, ബോഷര്‍ 25 റിയാല്‍, ഗാല 25 റിയാല്‍ എന്നിങ്ങനെയാണ് സ്കൂള്‍ നിശ്ചയിച്ച നിരക്കുകള്‍. ചില റൂട്ടുകളില്‍ നേരത്തേ രക്ഷിതാക്കള്‍ നല്‍കുന്നതിനെക്കാള്‍ കുറഞ്ഞ നിരക്കാണ് ഈടാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. 17 ഗതാഗത കമ്പനികളുമായി അധികൃതര്‍ കരാറില്‍ ഏര്‍പ്പെട്ടിട്ടുണ്ട്.
ആദ്യഘട്ടത്തില്‍ സര്‍വീസ് നടത്താന്‍ 40 ഓളം ബസുകള്‍ വേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു. ഇതിന് സംവിധാനങ്ങള്‍ ഒരുക്കിക്കഴിഞ്ഞിട്ടുണ്ട്. ഈ സംവിധാനം താല്‍പര്യമുള്ളവര്‍ മാത്രം ഉപയോഗപ്പെടുത്തിയാല്‍ മതിയാവും.
ഒരേ പോയന്‍റിലുള്ള കുട്ടികളെ ഒരു ബസില്‍ തന്നെ കൊണ്ടുവരാന്‍ കഴിയുന്നതിനാല്‍ വാഹനങ്ങളുടെ കറങ്ങല്‍ ഒഴിവാക്കാന്‍ കഴിയുമെന്നും ഇത് കുട്ടികള്‍ക്ക് സമയലാഭമുണ്ടാക്കുമെന്നും അദ്ദേഹം പറഞ്ഞു. നിലവില്‍ സര്‍വീസ് നടത്തുന്നവര്‍ക്ക് അവസരം നല്‍കാന്‍ പുതിയ സമ്പ്രദായത്തിന് കഴിയും. നിലവില്‍ സര്‍വീസ് നടത്തുന്ന പലരും സ്കൂളുമായി കരാറുണ്ടാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
 

പ്രാണിയെ പേടിച്ച് കിവികള്‍

Posted: 16 Mar 2015 08:21 PM PDT

Image: 
Subtitle: 
ഓഷ്യാന ഡെയറി

ഓക്ലന്‍ഡിലെ ഈഡന്‍ പാര്‍ക്കിന് സമീപമുള്ള പ്രദേശങ്ങളിലത്തെുമ്പോള്‍ മഞ്ഞ നിറത്തിലുള്ള ഒരു ബോര്‍ഡ് ശ്രദ്ധയില്‍പെടും. ഈ മേഖലയില്‍നിന്ന് പഴവര്‍ഗങ്ങള്‍ പൂര്‍ണമായോ അല്ലാതെയോ പുറത്തേക്ക് കൊണ്ടുപോകരുതെന്ന് എഴുതിയ ബോര്‍ഡ്. പലയിടങ്ങളിലായി സ്ഥാപിച്ച പെട്ടിയില്‍ പഴങ്ങള്‍ നിക്ഷേപിക്കാനും ബോര്‍ഡില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിന് കാരണമെന്താണെന്ന് അന്വേഷിച്ചപ്പോഴാണ് കാര്യം പിടികിട്ടിയത്. ക്വീന്‍സ്ലന്‍ഡ് ഫ്രൂട്ട് ഫൈ്ള എന്ന തേനീച്ചവര്‍ഗത്തില്‍ പെട്ട പ്രാണിയെ പേടിച്ചാണ് ഈ നടപടി. ഓക്ലന്‍ഡ് മുഴുവനും ഇതുണ്ടെന്ന് കരുതേണ്ട. കഴിഞ്ഞ ഫെബ്രുവരിയില്‍ ഗ്രെ ലിന്‍ എന്ന സ്ഥലത്ത് ഒരു ക്വീന്‍സ്ലന്‍ഡ് ഫ്രൂട്ട് ഫൈ്ളയെ കണ്ടത്തെി. ഈ മേഖലയില്‍ പരിശോധന നടത്തുന്ന പ്രൈമറി ഇന്‍ഡസ്ട്രി വകുപ്പ് ഉദ്യോഗസ്ഥരാണ് ഇതിനെ കണ്ടത്തെിയത്. തുടര്‍ന്നാണ് ഈ ജാഗ്രത.

സംഗതി ചെറിയ ഒരു പ്രാണിയാണെങ്കിലും ആളൊരല്‍പം വില്ലനാണ്.  പഴങ്ങളും ചെടികളും നശിപ്പിക്കുന്നതില്‍ വിരുതനാണ് ഈ പ്രാണി. അതുകൊണ്ടുതന്നെ പെറ്റുപെരുകിയാല്‍ ന്യൂസിലന്‍ഡിന്‍െറ കാര്‍ഷിക മേഖലയെ തകര്‍ക്കാന്‍ ശക്തിയുണ്ട്. ശക്തമായ തിരച്ചിലിനൊടുവില്‍ ഈ പ്രാണിയെ കണ്ടത്തെിയ ഭാഗത്തുനിന്ന്  കുറച്ചകലെ ഒരു തോട്ടത്തില്‍ ഇവയുടെ ചെറിയൊരു കൂട്ടത്തെയും കണ്ടത്തൊനായി. ഉടനെതന്നെ ഇവയെയെല്ലാം നശിപ്പിച്ചെങ്കിലും ജാഗ്രതാ നിര്‍ദേശം പിന്‍വലിച്ചിട്ടില്ല. ഒന്നര കിലോമീറ്റര്‍ ചുറ്റുവട്ടം ജാഗ്രതാ മേഖലയാക്കി തിരിച്ച് മുന്നറിയിപ്പ് ബോര്‍ഡുകള്‍ വെച്ചു. ഈ മേഖലയില്‍നിന്ന് പഴവര്‍ഗങ്ങള്‍ പുറത്തേക്കു കൊണ്ടുപോകരുതെന്ന് നിര്‍ദേശം നല്‍കി. ശക്തമായ തിരച്ചില്‍ തുടങ്ങി.

പ്രാണിയെ കണ്ടപ്പോഴേ ഇത്രയും വലിയ സുരക്ഷയോ എന്ന് ഒരു പക്ഷേ വായനക്കാര്‍ ചിന്തിച്ചേക്കാം. എന്നാല്‍, ന്യൂസിലന്‍ഡ് കാര്‍ഷിക മേഖലയില്‍ മാത്രം കേന്ദ്രീകരിച്ചാണ് മുന്നോട്ടുപോകുന്നത്. കൃഷിയും അനുബന്ധ വ്യവസായങ്ങളും നശിച്ചാല്‍, പ്രകൃതിയുടെ സന്തുലിതാവസ്ഥക്ക് കോട്ടംവന്നാല്‍ രാജ്യത്തിന്‍െറ സാമ്പത്തിക അടിത്തറ തകരും. അതുകൊണ്ടാണ് ഈ രാജ്യത്തേക്ക് പുറത്തുനിന്ന് ചെടിയോ കായ്കളോ വിത്തുകളോ ഒന്നും കൊണ്ടുവരാന്‍ അനുവദിക്കാത്തത്. അതിശക്തമായ പരിശോധന വിമാനത്താവളങ്ങളില്‍ ഏര്‍പ്പെടുത്തിയതും ഇതിനാല്‍തന്നെ.

2012ന് ശേഷം നാലുതവണ ക്വീന്‍സ്ലന്‍ഡ് ഫ്രൂട്ട് ഫൈ്ളയെ ന്യൂസിലന്‍ഡില്‍ കണ്ടത്തെിയിട്ടുണ്ട്. പലയിടങ്ങളിലും മരത്തിലും മറ്റും ഇവയെ ആകര്‍ഷിക്കുന്ന, അതേസമയം ഇല്ലാതാക്കാന്‍ കഴിയുന്ന സാധനങ്ങള്‍ വെച്ച് നശിപ്പിക്കുന്നുണ്ട്.  അസുഖം വന്ന് ചികിത്സിക്കുന്നതിനെക്കാള്‍ നല്ലത്, അത് വരാതെ നോക്കുന്നതാണെന്ന് ന്യൂസിലന്‍ഡുകാര്‍ക്ക് നന്നായി അറിയാം. അതിനാല്‍ ജനങ്ങളും ഈ ഉദ്യമവുമായി സഹകരിക്കുന്നുണ്ട്.

താന്‍ തെരഞ്ഞെടുക്കപ്പെട്ടാല്‍ ഫലസ്തീന്‍ ഉണ്ടാകില്ലെന്ന്‌ നെതന്യാഹു

Posted: 16 Mar 2015 08:01 PM PDT

Image: 

തെല്‍അവീവ്: ഇസ്രായേല്‍ പൊതുതെരഞ്ഞെടുപ്പില്‍ പരാജയം ഭീതിയുള്ള പ്രധാനമന്ത്രി ബിന്യാമിന്‍ നെതന്യാഹു വിവാദ പ്രസ്താവനയുമായി രംഗത്ത്. താന്‍ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടാല്‍ ഫലസ്തീന്‍ എന്ന രാഷ്ട്രം തന്നെ ഉണ്ടാകില്ളെന്ന് നെതന്യാഹു പറഞ്ഞു. ഫലസ്തീന്‍ രാജ്യം സ്ഥാപിക്കാനുള്ള നീക്കമാണ് നടക്കുന്നത്. ഇസ്രായേലിനെ തുടച്ചുനീക്കാന്‍ തീവ്ര മുസ് ലിം വിഭാഗങ്ങള്‍ ശ്രമിക്കുന്നതായും നെതന്യാഹു ആരോപിച്ചു.

അതേസമയം, നെതന്യാഹുവിന്‍െറ പ്രസ്താവനയെ ഫലസ്തീന്‍ തളളിക്കളഞ്ഞു. വോട്ടു ബാങ്ക് ലക്ഷ്യമാക്കിയുള്ള പ്രസ്താവന ഇസ്രായേലിന്‍െറ ഭീകരതയെയാണ് സൂചിപ്പിക്കുന്നതെന്ന്  ഹമാസ് പ്രതികരിച്ചു. ഇസ്രായേലില്‍ ആരു തന്നെ അധികാരത്തിലെത്തിയാലും കാര്യമാക്കുന്നില്ളെന്ന് ഫലസ്തീന്‍ അധികൃതര്‍ അഭിപ്രായപ്പെട്ടിരുന്നു.

തെരഞ്ഞെടുപ്പ് പ്രചാരണത്തിന്‍െറ അവസാനഘട്ടങ്ങളില്‍ നെതന്യാഹുവിന്‍െറ ലിക്കുഡ് പാര്‍ട്ടി കടുത്ത പ്രതിരോധത്തിലാണ്. ലേബര്‍ പാര്‍ട്ടിയുടെ ഐസക് ഹെര്‍സോഗും ഹത്നുവ പാര്‍ട്ടിയുടെ സിപ്പി ലിവ്നിയും ചേര്‍ന്ന് രൂപവത്കരിച്ച സയണിസ്റ്റ് യൂനിയനാണ് ലിക്കുഡ് പാര്‍ട്ടിലുടെ പ്രധാന എതിരാളികള്‍. തോല്‍വി ഭയക്കുന്ന തീവ്ര വലതുപക്ഷ വോട്ടുകള്‍ ഉറപ്പിക്കാനുള്ള നെതന്യാഹുവിന്‍െറ അവസാന അടവു നയമാണ് വിവാദ പ്രസ്താവനയെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ അഭിപ്രായപ്പെട്ടു.  

28ാം പാര്‍ലമെന്‍റിലേക്കുള്ള 120 പ്രതിനിധികളെ തെരഞ്ഞെടുക്കാനുള്ള വോട്ടെടുപ്പ് ചൊവ്വാഴ്ച രാവിലെ ആരംഭിക്കും. മൂന്നു കോടി വോട്ടര്‍മാരാണ് സമ്മതിദാനാവകാശം വിനിയോഗിക്കുക.

സംസ്ഥാനത്ത് ബാങ്കുകളുടെ വായ്പ^നിക്ഷേപ അനുപാതം കുറയുന്നു

Posted: 16 Mar 2015 07:31 PM PDT

Image: 
Subtitle: 
വിദ്യാഭ്യാസവായ്പ നല്‍കിയതിലെ കിട്ടാക്കടം മുന്‍വര്‍ഷത്തേക്കാള്‍ കുറഞ്ഞു

തിരുവനന്തപുരം: കേരളത്തില്‍ വാണിജ്യബാങ്കുകളുടെ വായ്പ-നിക്ഷേപ അനുപാതം കുറയുന്നു. 2014 ഡിസംബര്‍ വരെ സംസ്ഥാനത്തെ വായ്പ-നിക്ഷേപ അനുപാതം  66.61 ശതമാനം ആണ്. കഴിഞ്ഞ മൂന്ന് വര്‍ഷങ്ങളിലെ കണക്കുകള്‍ പരിശോധിക്കുമ്പോള്‍ വായ്പ നല്‍കുന്നത് ക്രമാനുഗതമായി കുറയുകയാണ്. സഹകരണ മേഖലയുടെ വായ്പ-നിക്ഷേപ അനുപാതം ഈ കാലയളവില്‍ 64 ശതമാനം ആണ്.സംസ്ഥാനതല ബാങ്കേഴ്സ് യോഗത്തിലാണ് ഇത് സംബന്ധിച്ച വിവരങ്ങള്‍ വ്യക്തമായത്.വാണിജ്യബാങ്കുകളുടെ വായ്പ- നിക്ഷേപ അനുപാതം 2013 ഡിസംബറില്‍ 68.72 ശതമാനവും 2012 ഡിസംബറില്‍ 75.89 ശതമാനവുമായിരുന്നു.
ഇതോടെ സംസ്ഥാനത്ത് സര്‍ക്കാര്‍, സര്‍ക്കാറിതര പദ്ധതികള്‍ക്ക് വാണിജ്യ ബാങ്കുകളില്‍ നിന്ന് വായ്പ ലഭിക്കുന്നില്ളെന്ന വാദം ബലപ്പെടുകയാണ്.

2014 ഡിസംബറിലെ കണക്ക് പ്രകാരം ബാങ്കുകള്‍ വിദ്യാഭ്യാസവായ്പ നല്‍കിയതിലെ കിട്ടാക്കടം 961 കോടിയായി കുറഞ്ഞു. 2013 ഡിസംബറില്‍ 1069 കോടിയും 2012 ഡിസംബറില്‍ ഇത് 761 കോടിയുമായിരുന്നു.അതേസമയം ഭവന വായ്പ, സ്ത്രീ ഗുണഭോക്താക്കള്‍ക്കുള്ള വായ്പ എന്നിവയില്‍ ബാങ്കുകള്‍ക്കുള്ള കിട്ടാക്കടം മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് വര്‍ധിച്ചു. ഭവനവായ്പ നല്‍കിയതിലെ കിട്ടാക്കടം  2014 ഡിസംബറില്‍ 24153 കോടിയാണ്. 2013 ഡിസംബറില്‍ 21993 കോടിയും 2012 ഡിസംബറില്‍ 19898 കോടിയുമായിരുന്നു.

സ്ത്രീ ഗുണഭോക്താക്കള്‍ക്ക് നല്‍കിയ വായ്പ ഇനത്തില്‍ 2014 ഡിസംബര്‍ വരെയുള്ള കിട്ടാക്കടം 34899 കോടിയാണ്. 2103ഡിസംബറില്‍ ഇത് 29056 കോടിയും 2012 ഡിസംബറില്‍ 27843 കോടിയുമായിരുന്നു. 2014-15 സാമ്പത്തികവര്‍ഷം വാണിജ്യ ബാങ്കുകള്‍ മുന്‍ഗണനാ മേഖലക്ക് നല്‍കിയത് 66496 കോടിയുടെ വായ്പയാണ്. ലക്ഷ്യം വെച്ചതിന്‍െറ 71ശതമാനം  ആണിത്്. ഇതില്‍ സഹകരണ ബാങ്കുകളാണ് ഏറ്റവും അധികം തുക വായ്പ നല്‍കിയത് (24291 കോടി). ദേശസാല്‍കൃത ബാങ്കുകള്‍ രണ്ടാം സ്ഥാനത്താണ് (15385 കോടി). മുന്‍ഗണനാ മേഖലക്ക് വായ്പ നല്‍കിയതില്‍ ദേശസാല്‍കൃത, സ്വകാര്യ ബാങ്കുകളുടെ പ്രവര്‍ത്തനം സംസ്ഥാനത്ത് പിന്നിലാണ്. ബാങ്കുകളുടെ പ്രവര്‍ത്തനം പരിശോധിക്കുമ്പോള്‍ എസ്.ബി.ടിയാണ് ഏറ്റവും കൂടുതല്‍ വായ്പ മുന്‍ഗണനാ മേഖലക്ക് നല്‍കിയത്- 70138 കോടി. 55453 കോടി നല്‍കിയ കനറാ ബാങ്കാണ് രണ്ടാമത്. മുന്‍ഗണനാ മേഖലകള്‍ക്ക് വായ്പ നല്‍കുന്ന ജില്ലകളില്‍ മുന്നില്‍ തൃശൂരാണ് (86172 കോടി). പിന്നില്‍ എറണാകുളവും -69726 കോടി.

കാര്‍ഷികമേഖലക്ക് നല്‍കുന്ന വായ്പയില്‍ 2013-14 സാമ്പത്തിക വര്‍ഷത്തേക്കാള്‍ ഈ വര്‍ഷം 4687 കോടി വര്‍ധിച്ചു. ഡിസംബര്‍ 2014 വരെ 32994 കോടിയാണ് കാര്‍ഷിക മേഖലക്ക് ബാങ്കുകള്‍ വായ്പ നല്‍കിയത്. ദേശസാല്‍കൃത, സ്വകാര്യ ബാങ്കുകളേക്കാള്‍  റീജനല്‍ റൂറല്‍ ബാങ്കുകളാണ് (ആര്‍.ആര്‍.ബി) കാര്‍ഷികവായ്പ കൂടുതല്‍ നല്‍കിയത്. സ്വകാര്യ ബാങ്കുകളുടെ പ്രവര്‍ത്തനം കൂടുതല്‍ മെച്ചപ്പെടേണ്ടതുണ്ടെന്ന് എസ്.എല്‍.ബി.സി വിലയിരുത്തി.  ചെറുകിട-ഇടത്തരം മേഖലകള്‍ക്ക് 2014 ഡിസംബര്‍ വരെ 12364 കോടിയും സേവന മേഖലക്ക് 21138 കോടിയും വായ്പ നല്‍കി. സേവന മേഖലക്ക് നല്‍കിയ വായ്പയില്‍ 5032 കോടി രൂപയുടെ കുറവാണ് ബാങ്കുകള്‍ വരുത്തിയിരിക്കുന്നത്.

2014 ഡിസംബര്‍ വരെ സംസ്ഥാനത്ത് ബാങ്കുകളുടെ ആകെ നിക്ഷേപം 4,07,455 കോടി രൂപയായി. ഇതില്‍ ആഭ്യന്തര നിക്ഷേപം 3,02,882 കോടിയും പ്രവാസി മലയാളികളില്‍ നിന്നുള്ളത്  1,04,573 കോടിയുമാണ്.

സഭയില്‍ വീണ്ടും ഭരണ^പ്രതിപക്ഷ തന്ത്രങ്ങള്‍

Posted: 16 Mar 2015 07:16 PM PDT

Image: 
Subtitle: 
ബജറ്റ് ദിനത്തിലെ തന്ത്രങ്ങളുടെ ആവര്‍ത്തനമായിരുന്നു ഇന്നലെ

തിരുവനന്തപുരം: ബജറ്റ് അവതരണ ദിനത്തില്‍ ഭരണ^പ്രതിപക്ഷ കക്ഷികള്‍ പ്രയോഗിച്ച തന്ത്രങ്ങളുടെയും മറുതന്ത്രങ്ങളുടെയും ചെറു ആവര്‍ത്തനമായിരുന്നു തിങ്കളാഴ്ചയും. സ്പീക്കറുടെ ഡയസ് തല്ലിത്തകര്‍ത്ത എം.എല്‍.എമാര്‍ക്കെതിരെ നടപടി എടുക്കാനുറച്ചാണ് ഭരണപക്ഷം എത്തിയത്. നടപടിയെടുത്താല്‍ സസ്പെന്‍ഡ് ചെയ്തപ്പെട്ടവരുമായി സഭയുടെ ഇടനാഴിയില്‍ സമരത്തിന് തയാറായാണ് പ്രതിപക്ഷം എത്തിയത്. എന്നാല്‍, സഭക്കകത്ത് പ്രതിപക്ഷം സമരം ചെയ്യുമെന്ന് തെറ്റിദ്ധരിച്ച ഭരണപക്ഷം അത് ഒഴിവാക്കാനാണ് നിയമസഭ ചേരുന്നത് നാലു ദിവസത്തേക്ക് ഒഴിവാക്കാന്‍ തീരുമാനിച്ചത്.

രാവിലെ സഭ നിര്‍ത്തി സ്പീക്കര്‍ എന്‍. ശക്തന്‍ ആദ്യം പ്രതിപക്ഷവുമായാണ് ചര്‍ച്ച നടത്തിയത്. രണ്ടു കൂട്ടര്‍ക്കുമെതിരെ നടപടി വേണ്ടെന്നും ഇരുപക്ഷവും ക്ഷമിച്ച് സഭ ചേരാന്‍ സഹകരിക്കണമെന്നും അദ്ദേഹം നിര്‍ദേശം വെച്ചു. ഇത് സമ്മതിച്ച പ്രതിപക്ഷം പക്ഷേ മാണിയുമായി ബന്ധപ്പെട്ട ഒരു കാര്യത്തിലും സഹകരിക്കില്ളെന്നും വനിതാ എം.എല്‍.എമാരോട് മോശമായി പെരുമാറിയ ഭരണപക്ഷക്കാര്‍ക്കെതിരെ നടപടി വേണമെന്നും ആവശ്യപ്പെട്ടു. സ്പീക്കറുടെ ഡയസ് തകര്‍ത്തവര്‍ക്കെതിരെ നടപടി ഒഴിവാക്കാനാവില്ളെന്ന നിലപാടാണ് ഭരണപക്ഷം സ്വീകരിച്ചത്. തുടര്‍ന്നാണ് സസ്പെന്‍ഷന്‍ തീരുമാനം നടപ്പാക്കിയത്.

ഇത് കഴിഞ്ഞ ഉടന്‍ പ്രതിപക്ഷം നടുത്തളത്തില്‍ കുത്തിയിരുന്നു. ഈ സമയത്താണ് സഭക്കുള്ളില്‍ സമരം വരുമെന്ന ധാരണയില്‍ സഭ തല്‍ക്കാലം പിരിയുന്ന പ്രമേയം മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അവതരിപ്പിച്ചത്. പ്രമേയം മുഖ്യമന്ത്രി നേരത്തേതന്നെ കരുതിയിരുന്നു. സഭ പിരിഞ്ഞ സാഹചര്യത്തില്‍ ഇടനാഴിയിലെ സമരം ഒഴിവാക്കി അവര്‍ കവാടത്തിലേക്ക് പ്രകടനം നടത്തി പിരിയുകയായിരുന്നു.

സസ്പെന്‍ഷനിലും ചരിത്രമായി 13ാം നിയമസഭ

Posted: 16 Mar 2015 06:57 PM PDT

Image: 
Subtitle: 
ഇ.പി. ജയരാജനും ശിവന്‍കുട്ടിക്കും രണ്ടാം സസ്പെന്‍ഷന്‍

തിരുവനന്തപുരം: സ്പീക്കറുടെ ഡയസ് തകര്‍ത്തത് ഉള്‍പ്പെടെ മുമ്പുണ്ടായിട്ടില്ലാത്ത പ്രതിപക്ഷ സമരത്തിനൊപ്പം അംഗങ്ങളുടെ സസ്പെന്‍ഷന്‍ കാര്യത്തിലും 13ാം കേരള നിയമസഭ ചരിത്രമായി. സഭാ ചരിത്രത്തിലെ 13ാം സസ്പെന്‍ഷനാണ് 13ാം സഭയുടെ 13ാം സമ്മേളനത്തില്‍ തിങ്കളാഴ്ച നടന്നത്. 13ാം സഭയുടെ വ്യത്യസ്ത സമ്മേളനങ്ങളിലായി മൂന്ന് തവണ അംഗങ്ങളെ സസ്പെന്‍ഡ് ചെയ്തു. തിങ്കളാഴ്ച അഞ്ച് പേര്‍ക്ക് ഒന്നിച്ചായിരുന്നു സസ്പെന്‍ഷന്‍.

ഇ.പി. ജയരാജന്‍, വി. ശിവന്‍കുട്ടി, കെ.ടി. ജലീല്‍, കെ. കുഞ്ഞമ്മദ് മാസ്റ്റര്‍, കെ. അജിത് എന്നിവര്‍ക്കാണ് സസ്പെന്‍ഷന്‍ ലഭിച്ചത്. 13ാം സഭയുടെ 12ാം സമ്മേളനത്തില്‍ വി. ശിവന്‍കുട്ടിയെ ഒരു ദിവസത്തേക്ക് സസ്പെന്‍ഡ് ചെയ്തിരുന്നു. ഇതേ സഭയുടെ രണ്ടാം സമ്മേളനത്തില്‍ 2011 ഒക്ടോബര്‍ 17ന് ടി.വി. രാജേഷും ജയിംസ് മാത്യുവും രണ്ട് ദിവസം സസ്പെന്‍ഷന് വിധേയരായി.
സഭാ ചരിത്രത്തില്‍ അഞ്ച് പേരുടെ സസ്പെന്‍ഷന്‍  രണ്ടാം തവണയാണ്. 1970 ജനുവരി 29നായിരുന്നു ആദ്യ സസ്പെന്‍ഷന്‍. അന്നും അഞ്ച് പേര്‍ക്കായിരുന്നു സസ്പെന്‍ഷന്‍.  സി.ബി.സി വാര്യര്‍, എ.വി. ആര്യന്‍, ഇ.എം. ജോര്‍ജ്, ടി.എം മീതിയന്‍, എന്‍.പി. തണ്ഡാര്‍ എന്നിവര്‍ക്ക് ലഭിച്ച സസ്പെന്‍ഷന്‍ തൊട്ടടുത്ത മാസം 27വരെ നീണ്ടു.

സഭാചരിത്രത്തില്‍ 28 പേര്‍ക്ക് ഇതുവരെ സസ്പെന്‍ഷന്‍ ലഭിച്ചു. സഭയിലെ രണ്ടാമത്തെ സസ്പെന്‍ഷന്‍ 1983 മാര്‍ച്ച് 28ന് എം.വി. രാഘവന്‍, കോടിയേരി ബാലകൃഷ്ണന്‍, കോലിയക്കോട് കൃഷ്ണന്‍ നായര്‍ എന്നിവര്‍ക്കായിരുന്നു. ‘83 മാര്‍ച്ച് 29ന് മൂന്നാമത്തെ സസ്പെന്‍ഷന്‍. അന്ന് കെ.ജെ. ജോര്‍ജ്, കെ. മൂസക്കുട്ടി, കെ.പി. രാമന്‍ എന്നിവര്‍ക്ക് സഭ തീരുന്നത് വരെയായിരുന്നു സസ്പെന്‍ഷന്‍. ‘84 ജൂലൈ 25ന് സി.ജി ജനാര്‍ദനനും ‘87 ജൂണ്‍ 30ന് എം.വി. രാഘവനും സസ്പെന്‍ഷന്‍ ലഭിച്ചു.

‘88 മാര്‍ച്ച് 16ന് ഡോ.എം.എ. കുട്ടപ്പനും സി.എം. സുന്ദരത്തിനും സസ്പെന്‍ഷന്‍ ലഭിച്ചു. ‘91 ഒക്ടോബര്‍ ഏഴിന് ഇ.പി. ജയരാജന്‍, എ. കണാരന്‍, കെ.പി. മമ്മു മാസ്റ്റര്‍, വി. കേശവന്‍ എന്നിവരും സസ്പെന്‍ഡ് ചെയ്യപ്പെട്ടു. ‘93 ഫെബ്രുവരി ഒമ്പതിന് എ. പത്മകുമാര്‍, എ. കണാരന്‍ എന്നിവര്‍ക്കും സസ്പെന്‍ഷനുണ്ടായി. 2001 ഒക്ടോബര്‍ 18ന് എം.വി. ജയരാജന്‍, രാജു എബ്രഹാം, പി.എസ്. സുപാല്‍ എന്നിവര്‍ക്കും സസ്പെന്‍ഷന്‍ ലഭിച്ചു.

എം.വി. രാഘവനും എ. കണാരനും നേരത്തെ രണ്ട് തവണ സസ്പെന്‍ഷന്‍ ലഭിച്ചിട്ടുണ്ട്. തിങ്കളാഴ്ചയിലെ നടപടിയോടെ ഇ.പി. ജയരാജനും വി. ശിവന്‍കുട്ടിക്കും രണ്ടാം സസ്പെന്‍ഷനായി. 13ാം സഭയില്‍ തന്നെ രണ്ട് സസ്പെന്‍ഷന്‍ എന്ന അപൂര്‍വ ചരിത്രമാണ് ശിവന്‍കുട്ടിയുടേത്.  

കെ. കരുണാകരന്‍ മുഖ്യമന്ത്രിയായിരിക്കെയാണ് കൂടുതല്‍ തവണ സസ്പെന്‍ഷന്‍ നടന്നത്; അഞ്ച് തവണ.  ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രിയായിരിക്കെ മൂന്നാം തവണയാണ് നടക്കുന്നത്. ഇ.കെ. നായനാരുടെ കാലത്ത് രണ്ടു തവണ നടന്നു.  

നെതന്യാഹുവിന് കാലിടറുന്നു

Posted: 16 Mar 2015 06:39 PM PDT

Image: 

ഇസ്രായേലില്‍ ചൊവ്വാഴ്ച നടക്കുന്ന പൊതുതെരഞ്ഞെടുപ്പ് പ്രധാനമന്ത്രി ബിന്യമിന്‍ നെതന്യാഹുവിന്‍െറ വാട്ടര്‍ലൂ ആകുമോ? മാധ്യമങ്ങള്‍ കെട്ടിപ്പൊക്കിയ യുദ്ധക്കൊതിയനായ നെതന്യാഹുവിന്‍െറ വ്യക്തിപ്രഭാവം തകര്‍ന്നടിയുന്നതിന്‍െറ വാര്‍ത്തകളാണ് തെല്‍ അവീവില്‍നിന്ന് വരാനിരിക്കുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. അമേരിക്കന്‍ കോണ്‍ഗ്രസില്‍ നടത്തിയ ഇറാന്‍ വിരുദ്ധ പ്രസംഗത്തിനു പിന്നാലെ നെതന്യാഹുവിന്‍െറ റേറ്റിങ് വര്‍ധിച്ചെന്നും ലിക്കുഡ് പാര്‍ട്ടി കൂടുതല്‍ സീറ്റുകള്‍ നേടി അധികാരം നിലനിര്‍ത്തുമെന്നും പ്രചാരണമുണ്ടായിരുന്നു. എന്നാല്‍, ഇലക്ഷന്‍ ദിനം അടുക്കുമ്പോള്‍ സ്ഥിതി മാറി. 120 അംഗ നെസറ്റില്‍ മുഖ്യ എതിരാളികളായ സയണിസ്റ്റ് യൂനിയന്‍, ലിക്കുഡിനെക്കാള്‍ മൂന്നോ നാലോ സീറ്റുകള്‍ അധികം നേടുമെന്നാണ് രണ്ട് അഭിപ്രായ സര്‍വേകള്‍ പറയുന്നത്. ഈയാഴ്ചത്തെ എല്ലാ അഭിപ്രായ വോട്ടെടുപ്പുകളിലും നെതന്യാഹു പിന്നിലാണ്. ബേജാറിലായ ലിക്കുഡ് നേതൃത്വം അണികള്‍ക്ക് അയച്ച എസ്.എം.എസ് സന്ദേശങ്ങള്‍ പാര്‍ട്ടി അകപ്പെട്ട പ്രതിസന്ധിയുടെ ആഴം വ്യക്തമാക്കുന്നു. ‘നാം പരാജയത്തിന്‍െറ വക്കിലാണെ’ന്ന് മുന്നറിയിപ്പ് നല്‍കുന്ന സന്ദേശം പരമാവധി വോട്ടുകള്‍ സമാഹരിച്ചില്ളെങ്കില്‍ മെററ്റ്സ് എന്ന ഇടതുപക്ഷ പാര്‍ട്ടിയും അറബികളും ഉള്‍പ്പെടുന്ന ഇടതുപക്ഷ സര്‍ക്കാറിനെ സഹിക്കേണ്ടിവരുമെന്ന് ഓര്‍മിപ്പിക്കുന്നു.

ജനവികാരവും പ്രധാനമന്ത്രിക്ക് ഏതിരാണ്. മാര്‍ച്ച് ഏഴിന് തെല്‍ അവീവിലെ റബിന്‍ സ്ക്വയറില്‍ നടന്ന റാലിയില്‍ പങ്കെടുത്ത പതിനായിരങ്ങള്‍ നെതന്യാഹുവിനെ പുറന്തള്ളി രാജ്യത്തെ രക്ഷിക്കാന്‍ ആവശ്യപ്പെടുന്ന കാഴ്ചക്കും ലോകം സാക്ഷിയായി. ഇസ്രായേലും ഫലസ്തീനും സ്വതന്ത്രരാജ്യങ്ങളായി നില്‍ക്കണമെന്ന് ആവശ്യപ്പെടുന്ന ‘വണ്‍ മില്യണ്‍ ഹാന്‍ഡ്സ്’ എന്ന സംഘടനയാണ് റാലി സംഘടിപ്പിച്ചത്. റാലിയെ അഭിസംബോധന ചെയ്ത മുന്‍ മൊസാദ് തലവന്‍ മെയര്‍ ദാഗന്‍ പറഞ്ഞത് ഇസ്രായേല്‍ ചരിത്രത്തിലെ ഏറ്റവും വലിയ നേതൃ പ്രതിസന്ധി അഭിമുഖീകരിക്കുന്നു എന്നാണ്. നെതന്യാഹുവിനെ പുറന്തള്ളിയില്ളെങ്കില്‍ രാജ്യം കനത്ത വില നല്‍കേണ്ടിവരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കുന്നു. നെതന്യാഹുവിന്‍െറ യു.എസ് കോണ്‍ഗ്രസ് പ്രസംഗം പാര്‍ട്ടിയെ ഒരുനിലക്കും സഹായിച്ചില്ളെന്നാണ് ജറൂസലം പോസ്റ്റും മആരിവും നടത്തിയ പാനല്‍ റിസര്‍ച് വോട്ടെടുപ്പ് സൂചിപ്പിക്കുന്നത്.

തെരഞ്ഞെടുപ്പാനന്തരം ലിക്കുഡിന്‍െറ നേതൃത്വത്തില്‍ വലതുപക്ഷ, മതകീയ പാര്‍ട്ടികള്‍ ഒത്തുചേര്‍ന്നാലും സയണിസ്റ്റ് യൂനിയന്‍ നേതൃത്വം നല്‍കുന്ന ഇടതുപക്ഷത്തിനു തന്നെയായിരിക്കും മുന്‍തൂക്കമെന്ന് റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നു. ലിക്കുഡ് അനുകൂലികളുടെ കേന്ദ്രമായി അറിയപ്പെടുന്ന ജറൂസലമിലെ പ്രശസ്തമായ മെഹാനെ യെഹൂദ മാര്‍ക്കറ്റിലെ പ്രചാരണത്തിന് സാധാരണ വലിയ മാധ്യമപ്പട നെതന്യാഹുവിനെ അനുഗമിക്കാറുണ്ട്. എന്നാല്‍, കഴിഞ്ഞ ദിവസം പാര്‍ട്ടി നേതൃത്വം മാധ്യമങ്ങളെ പൂര്‍ണമായും അകറ്റിനിര്‍ത്തിയത് വോട്ടര്‍മാരില്‍നിന്ന് ഉയരുന്ന പ്രതിഷേധം ഭയന്നാണെത്രെ.

ലേബര്‍ പാര്‍ട്ടി നേതാവ് ഇഷാക് ഹെര്‍സോഗും ഹത്നുവ (പ്രസ്ഥാനം) നേതാവ് സിപ്പി ലിവ്നിയും ചേര്‍ന്ന്  2014 ഡിസംബറില്‍ രൂപവത്കരിച്ചതാണ് സയണിസ്റ്റ് യൂനിയന്‍ എന്ന ഇടതുമധ്യ സഖ്യം. നെതന്യാഹു സര്‍ക്കാറില്‍ നിയമ മന്ത്രിയായിരുന്ന ലിവ്നിക്ക് ഫലസ്തീനുമായുള്ള സമാധാന ചര്‍ച്ചകളുടെ ചുമതല കൂടിയുണ്ടായിരുന്നു. സ്വതന്ത്ര ഫലസ്തീന്‍ രാഷ്ട്രമാവാമെന്ന നിലപാടുള്ള ലിവ്നിയെയും ധനമന്ത്രി യേര്‍ ലാപിദിനെയും ഡിസംബര്‍ രണ്ടിന് നെതന്യാഹു പുറത്താക്കുകയായിരുന്നു. ഇരുവരും ഗവണ്‍മെന്‍റിന്‍െറ പല നിലപാടുകളെയും വിമര്‍ശിച്ചതാണ് നെതന്യാഹുവിനെ പ്രകോപിപ്പിച്ചത്. ഇസ്രായേലിനെ ജൂതരാഷ്ട്രമായി പ്രഖ്യാപിക്കുന്ന വിവാദ ബില്ലിനെതിരെ ഇവര്‍ രംഗത്തുവന്നത് വലിയ കോളിളക്കമുണ്ടാക്കിയിരുന്നു. ഇരുവരെയും പുറത്താക്കിയതിനു പിന്നാലെ രണ്ടുവര്‍ഷം മാത്രം പ്രായമായ പാര്‍ലമെന്‍റ് പിരിച്ചുവിട്ട് ഇലക്ഷന് ശിപാര്‍ശ ചെയ്യുമ്പോള്‍ ജയിച്ചുവരാമെന്ന ആത്മവിശ്വാസത്തിലായിരുന്നു നെതന്യാഹു.

കഴിഞ്ഞ പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പിനുമുമ്പ് രൂപംകൊണ്ട ലിവ്നിയുടെ പാര്‍ട്ടിക്ക് നെസറ്റില്‍ ആറു സീറ്റുണ്ടായിരുന്നു. ഇത്തവണ മുന്നണി ജയിച്ചാല്‍ പ്രധാനമന്ത്രി പദവി മൂന്നുവര്‍ഷം വീതം ലേബര്‍ നേതാവ് ഹെര്‍സോഗും ലിവ്നിയും പങ്കിടാനാണ് ധാരണ. ഇസ്രായേലിലെ പഴക്കം ചെന്ന പാര്‍ട്ടികളിലൊന്നായ ലേബറിന് കഴിഞ്ഞ തവണ 15 സീറ്റാണ് കിട്ടിയത്. 2013ല്‍ ലിക്കുഡ് പാര്‍ട്ടി തീവ്ര വലതുപക്ഷ ദേശീയ പാര്‍ട്ടിയായ ഇസ്രായേല്‍ ബെയ്തെയ്നുവുമായി സഖ്യമുണ്ടാക്കിയാണ് മത്സരിച്ചത്. സഖ്യം 31 സീറ്റ് നേടി. ലിക്കുഡിന് തനിച്ച് 18 സീറ്റാണുണ്ടായിരുന്നത്. നെതന്യാഹുവിന് പ്രധാനമന്ത്രിയായി മൂന്നാമൂഴം വരാന്‍ ഇത് വഴിയൊരുക്കി. എന്നാല്‍, ലിക്കുഡിനെക്കാള്‍ ഒരു സീറ്റ് അധികം നേടിയ മുന്‍ പത്രപ്രവര്‍ത്തകന്‍ കൂടിയായ യേര്‍ ലാപിദിന്‍െറ യെഷ് അതിദായിരുന്നു ഏറ്റവും വലിയ ഒറ്റക്കക്ഷി. സയണിസ്റ്റ് യൂനിയന്‍െറ വര്‍ധിച്ചുവരുന്ന ജനപിന്തുണയില്‍ അമ്പരന്ന നെതന്യാഹു, കഴിഞ്ഞ ഗവണ്‍മെന്‍റില്‍ പങ്കാളികളായ യെഷ് അതിദിന്‍െറ പിന്തുണയോടെ കൂട്ടുകക്ഷി സര്‍ക്കാര്‍ ഉണ്ടാക്കാമെന്നും മോഹിച്ചിരുന്നു. എന്നാല്‍, നെതന്യാഹുവുമായി ഒരുനിലക്കും കൂട്ടുകൂടില്ളെന്ന് പാര്‍ട്ടി നേതാവ് ലാപിദ് പ്രഖ്യാപിച്ചതോടെ ആ മോഹവും അസ്തമിച്ചു. അധികാരക്കൊതിയനായ നെതന്യാഹുവിനെ ഒരുനിലക്കും നാലാമൂഴം പ്രധാനന്ത്രിയാവാന്‍ അനുവദിക്കില്ളെന്ന കടുത്ത നിലപാടിലാണ് ലാപിദ്. പൊതു ഖജനാവ് ദുരുപയോഗം ചെയ്തെന്ന ആരോപണം നെതന്യാഹുവും ഭാര്യ സാറയും നേരിടുന്നുണ്ട്.

ഇസ്രായേലിലെ അറബ് പൗരന്മാര്‍ അണിചേര്‍ന്ന ബലദ്, ഹദാശ്, ഇസ്ലാമിക് പാര്‍ട്ടിയായ തആല്‍, യുനൈറ്റഡ് അറബ് ലിസ്റ്റ് എന്നിവ ചേര്‍ന്ന് ജോയന്‍റ് ലിസ്റ്റ് എന്നപേരില്‍ മുന്നണിയായി മത്സരിക്കുന്നുണ്ട്. പിരിച്ചുവിട്ട നെസറ്റില്‍ ബലദിന് മൂന്നു സീറ്റുകളുണ്ട്. ഏറ്റവും കൗതുകകരമായത് ഒരു മുന്‍ പ്രധാനമന്ത്രി രൂപവത്കരിച്ച പാര്‍ട്ടി ഇത്തവണ മത്സരരംഗത്തില്ളെന്നതാണ്. ലിക്കുഡില്‍നിന്ന് തെറ്റിപ്പിരിഞ്ഞ് 2005ല്‍ അന്നത്തെ പ്രധാനമന്ത്രി ഏരിയല്‍ ഷാരോണ്‍ രൂപംനല്‍കിയ കാദിമ പാര്‍ട്ടിയാണ് ഇത്തവണ ചിത്രത്തില്‍ ഇല്ലാതെപോയത്. 2006ല്‍ 29 സീറ്റ് നേടി കാദിമ വലിയ ഒറ്റക്കക്ഷിയായപ്പോഴാണ് യഹൂദ് ഒല്‍മര്‍ട്ട് പ്രധാനമന്ത്രിയായത്. എന്നാല്‍, കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയുടെ അംഗബലം രണ്ടുസീറ്റില്‍ ഒതുങ്ങി. ലിവ്നി ഉള്‍പ്പെടെ പ്രമുഖ നേതാക്കള്‍ ഇതിനകം പാര്‍ട്ടി വിട്ടിരുന്നു. ഇത്തവണ നേതാവുപോലുമില്ലാത്ത പരുവത്തിലാണ് ഷാരോണിന്‍െറ പാര്‍ട്ടി.

ജന്മഭൂമിയുടെ വീണ്ടെടുപ്പിനു പോരാടുന്ന ഫലസ്തീനികളെ ഭീകരവാദികളെന്ന് ആക്ഷേപിക്കുകയും ഗസ്സ നിവാസികളോട് നിഷ്ഠുരമായ യുദ്ധം നടത്തി കൂട്ടക്കൊല നടത്തുകയും ചെയ്ത നെതന്യാഹു ഇത്തവണ പതിവ് ഫലസ്തീന്‍ വിരുദ്ധത പ്രചാരണായുധമാക്കാന്‍ തയാറായില്ളെന്നത് ശ്രദ്ധേയമാണ്. ഫലസ്തീന്‍െറ പേരില്‍ അന്താരാഷ്ട്ര തലത്തില്‍ കൂടുതല്‍ ഒറ്റപ്പെട്ടുതുടങ്ങിയെന്ന ബോധ്യമാണ് കളംമാറിച്ചവിട്ടി ഇറാനെതിരെ നീങ്ങാന്‍ നെതന്യാഹുവിനെ പ്രേരിപ്പിച്ചത്. ഫലസ്തീനുമായുള്ള സമാധാന ചര്‍ച്ചകള്‍ പൊളിച്ചതും ജൂതരാഷ്ട്ര പ്രഖ്യാപനം നടത്തിയതും ഗസ്സ യുദ്ധവുമൊക്കെ നെതന്യാഹുവിന്‍െറ ജനസമ്മതി ഇടിക്കുന്നതില്‍ മുഖ്യപങ്കുവഹിച്ച ഘടകങ്ങളാണ്.

ആണവ ഇറാന്‍ ഇസ്രായേലിന്‍െറ നിലനില്‍പിന് ഭീഷണിയാണെന്ന നെതന്യാഹുവിന്‍െറ വാചാടോപത്തിന് ഒരു അടിസ്ഥാനവുമില്ളെന്ന് ചാരസംഘടനയായ മൊസാദിന്‍െറ തലവന്മാര്‍ പലതവണ വ്യക്തമാക്കിയതാണ്. ഇപ്പോഴത്തെ തലവന്‍ താമിര്‍ പാര്‍ദോ നിയമനം ലഭിച്ച 2011 മുതല്‍ ഇത് ആവര്‍ത്തിക്കുന്നുണ്ട്. ആ വര്‍ഷം ഡിസംബറില്‍ തെല്‍ അവീവില്‍ 100 ഇസ്രായേലി സ്ഥാനപതിമാരെ അഭിസംബോധന ചെയ്ത് പാര്‍ദോ പറഞ്ഞത്, ‘ഇറാന്‍െറ ആണവ പരിപാടികളെ നാം നിരന്തരം എതിര്‍ക്കും. പക്ഷേ, ആ രാജ്യം ഇസ്രായേലിന്‍െറ നിലനില്‍പിന് ഭീഷണിയല്ല’ എന്നായിരുന്നു. അതിനു മുമ്പത്തെ മൊസാദ് മുഖ്യന്മാരായ മെയര്‍ ദാഗനും എഫ്രയിം ഹാലെവും ഇതുതന്നെ ആവര്‍ത്തിക്കുകയുണ്ടായി. 1995ല്‍ അന്നത്തെ പ്രധാനമന്ത്രി ഇഷാക് റബിന്‍ തുടങ്ങിവെച്ചതാണ് ഇറാന്‍ ഭീഷണിയെന്ന ഉമ്മാക്കി. 1883ല്‍ ഇറാഖിന്‍െറ ഓസിറാക് ആണവനിലയം ബോംബിട്ട് തകര്‍ത്തതുപോലെ ഇറാന്‍െറ ആണവനിലയങ്ങള്‍ (അന്ന് ഒരു നിലയം മാത്രമേ ഉണ്ടായിരുന്നുള്ളൂ) തകര്‍ക്കുമെന്നായിരുന്നു റബിന്‍െറ ഭീഷണി. റബിന്‍െറ പിന്‍ഗാമിയായി വന്ന നെതന്യാഹു തുടക്കത്തില്‍ ഇറാന്‍ വിരുദ്ധ നയം സ്വീകരിച്ചിരുന്നില്ല എന്നതാണ് വസ്തുത. ദേശീയ സുരക്ഷാ ഉപദേഷ്ടാവായി മൊസാദിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ യൂസി അറാദിനെ നിയമിച്ച നെതന്യാഹു, ഇസ്രായേലിന്‍െറ നിലനില്‍പിന് ഇറാന്‍ ഭീഷണിയാണെന്ന മുന്‍ ലേബര്‍ സര്‍ക്കാറിന്‍െറ നിലപാടുകളെ തള്ളുകയായിരുന്നു.

കുറെക്കാലം ഫലസ്തീന്‍ വിരുദ്ധതയും തുടര്‍ന്ന് ഇറാനെതിരെ യുദ്ധഭീഷണിയും മുഴക്കിയിട്ടും നെതന്യാഹുവില്‍ ജനങ്ങള്‍ക്ക് വിശ്വാസം നഷ്ടപ്പെട്ടുവെന്നത് ചെറിയ കാര്യമല്ല. സുരക്ഷയെച്ചൊല്ലിയുള്ള വാചകമടിയില്‍ ജനങ്ങള്‍ക്ക് താല്‍പര്യമില്ല. ഫലസ്തീനികളെ ശത്രുപക്ഷത്ത് പ്രതിഷ്ഠിക്കുന്നത് രാജ്യത്തിന് ഗുണകരമല്ളെന്ന് അവര്‍ക്ക് ബോധ്യപ്പെട്ടിരിക്കുന്നു. ജീവിത നിലവാരത്തെക്കുറിച്ചാണ് അവര്‍ക്ക് ആശങ്ക. ഭവനം, ജീവിതച്ചെലവ് തുടങ്ങിയവയാണ് 50 ശതമാനത്തിലേറെ വോട്ടര്‍മാരും മുഖ്യപ്രശ്നമായി കാണുന്നത്. ബിബി (നെതന്യാഹു) ആയാലും ബൂജി (ഹെര്‍സോഗ്) ആയാലും  അടിസ്ഥാന പ്രശ്നങ്ങള്‍ക്ക് പരിഹാരമുണ്ടാകണമെന്നാണ് അവര്‍ ആഗ്രഹിക്കുന്നത്. നെതന്യാഹുവിന്‍െറ അപകടകരമായ ആശയങ്ങളാണ് സമാധാനത്തിന് വിലങ്ങുതടി എന്നിരിക്കെ നെതന്യാഹു ഇല്ലാത്ത ഒരു സര്‍ക്കാറാണ് എന്തുകൊണ്ടും അഭികാമ്യം. പക്ഷേ, പോരടിച്ച പാര്‍ട്ടികള്‍ ചേര്‍ന്ന ദേശീയ ഐക്യ സര്‍ക്കാറാണ് പലപ്പോഴും ഇസ്രായേലില്‍ ഭരണം നടത്തിയിട്ടുള്ളത്. അതിനാല്‍ ഈ തെരഞ്ഞെടുപ്പിനുശേഷമുള്ള സര്‍ക്കാറിനെ പ്രവചിക്കുന്നതില്‍ അര്‍ഥമില്ല.

ഈശ്വരന്‍ വസിക്കുന്നത് നന്മനിറഞ്ഞ ഹൃത്തടത്തില്‍

Posted: 16 Mar 2015 06:36 PM PDT

Image: 

മതത്തിന്‍െറയും ദൈവത്തിന്‍േറയും പേരില്‍ വെറുപ്പിന്‍െറ പ്രചാരണം നമ്മുടെ നാട്ടില്‍ നാള്‍ക്കുനാള്‍ അധികരിച്ചുവരുകയാണ്.  ഇതര മതസ്ഥരെ തലയരിഞ്ഞും ജീവനോടെ ദഹിപ്പിച്ചും അവഹേളനങ്ങളുടെ ചിത്രംവരഞ്ഞും പരമാവധി പ്രകോപിപ്പിക്കുകയും  പരസ്പരം പോരടിപ്പിക്കുകയും  ചെയ്യുന്നതില്‍ എല്ലാ മതവിഭാഗങ്ങളിലേയും ഛിദ്രശക്തികള്‍ വിജയം വരിച്ചിരിക്കുന്നു. ലാഹോറിലെ ചര്‍ച്ചില്‍ നടന്ന സ്ഫോടനവും അസമില്‍ സുബ്രമണ്യസ്വാമിയുടെ പ്രസ്താവനയും ഹരിയാനയിലെ ആരാധനാലയങ്ങള്‍ തകര്‍ക്കലും നാഗാലാന്‍ഡിലെ മുസ്ലിം ചെറുപ്പക്കാരനെ കെട്ടിത്തൂക്കി കൊന്നതും ബംഗാളിലെ വൃദ്ധയായ കന്യാസ്ത്രീയെ മാനഭംഗപ്പെടുത്തിയതുമെല്ലാം ഈ പരമ്പരയുടെ കഴിഞ്ഞ ദിനങ്ങളില്‍ മാത്രം റിപ്പോര്‍ട്ട് ചെയ്ത സംഭവങ്ങള്‍. ഏഷ്യ, ആഫ്രിക്ക, യൂറോപ്പ് തുടങ്ങി എല്ലാ ഭൂഖണ്ഡങ്ങളിലും രാജ്യങ്ങളിലും മതവൈരം മൂലമുണ്ടാകുന്ന  അക്രമസംഭവങ്ങള്‍ അധികരിച്ചുവരുകയാണ്. വംശീയ പ്രസ്ഥാനങ്ങള്‍ക്കും പരമത വിദ്വേഷ സംഘടനകള്‍ക്കും വിശ്വാസികള്‍ക്കിടയില്‍ സ്വാധീനം വര്‍ധിക്കുന്നുവെന്നാണ് വിവിധ പഠനങ്ങള്‍ വ്യക്തമാക്കുന്നത്.

കുര്‍ബാന കൂടി ദൈവത്തോട് പാപമേറ്റുപറഞ്ഞ് വിശുദ്ധരാകാനായി ചര്‍ച്ചില്‍ ഒത്തുചേര്‍ന്നവരെ ഇല്ലാതാക്കിയാല്‍ സംസ്ഥാപിതമാകുമോ ഇസ്ലാമിന്‍െറ ദൈവനീതി?  ചര്‍ച്ചുകളും പള്ളികളും തകര്‍ത്ത് തരിപ്പണമാക്കി രാമനും ഹനുമാനും പ്രതിഷ്ഠിക്കപ്പെട്ടാല്‍ പുലരുമോ രാമരാജ്യം?  കുരിശുയുദ്ധ മനോഘടന ഉദ്ദീപിപ്പിച്ച് മുസ്ലിം ഉന്മൂലനം നടത്തിയാല്‍ എത്തിച്ചേരുമോ ഈശോയുടെ വാഗ്ദത്ത ഭൂമി? അല്ലായെന്നറിയാന്‍ മതഗ്രന്ഥങ്ങളുടെ ആഴവും പരപ്പും അന്വേഷിച്ചിറങ്ങേണ്ടതില്ല. കനിവിനായി കൈകൂപ്പി ദൈവത്തോട് അര്‍ഥിക്കാനിരിക്കുമ്പോള്‍ ഹൃദയത്തെ നിര്‍മലമാക്കുകയും ആത്മാവിനെ  ശാന്തതയിലേക്ക് വഴിനടത്തുകയും ചെയ്യുന്ന ദൈവചൈതന്യം അനുഭവിച്ചാല്‍ മതിയാകും.

സമകാലിക മതവിശ്വാസികളില്‍ ഒരു വിഭാഗം പരവിദ്വേഷം ഉല്‍പാദിപ്പിച്ച് ദൈവത്തെ ജീവിതത്തില്‍നിന്ന് പുറത്താക്കുകയാണ്. ചമ്മട്ടികൊണ്ടടിക്കണമെന്ന് ബൈബിളും നരകത്തിലെ വിറകാകുമെന്ന്  ഖുര്‍ആനും ഹീനനായി അധ$പതിക്കുമെന്ന്  വേദങ്ങളും ശപിച്ച പണ്ഡിതഭോഷന്മാരാണ് അവര്‍ക്ക് നേതൃത്വം വഹിക്കുന്നത്. അവര്‍ പിന്‍പറ്റുന്നതും പറയുന്നതും  സാത്താന്‍െറ വാക്കുകളും കര്‍മങ്ങളുമാണ്. മതവേഷത്തില്‍ സഞ്ചരിക്കുന്നത് പിശാചിന്‍െറ അനുചരരാണ്. അതിനാലാണ് നിരപരാധികളുടെ നിലവിളികളും കണ്ണീരും അവരെ ഇത്രമേല്‍ ആനന്ദതുന്ദിലരാക്കുന്നത്.  

ശരീരത്തെ ആസക്തികളില്‍നിന്നും മനസ്സിനെ  ദ്വേഷത്തില്‍നിന്നും മുക്തമാക്കി പരസ്നേഹത്തിന്‍െറ പുത്തനാകാശത്ത് വിരാജിക്കാനും സമഭാവനയുടെ ഉള്‍ക്കാഴ്ച നല്‍കാനുമുള്ളതാണ് മതവും ആത്മീയതയും. വെറുപ്പിന്‍െറയും അക്രമത്തിന്‍െറയും പൊരുളില്ലായ്മയോര്‍ത്ത് ലജ്ജിക്കുകയും  ജീവിതംതന്നെ എത്ര നിസ്സാരമെന്നറിഞ്ഞ് സ്നേഹം വിമോചനത്തിന്‍െറ വെളിച്ചമായി അപരനിലേക്ക് പരന്നൊഴുകുകയും   ചെയ്യുമ്പോഴാണ് ആത്മീയത ആകാശം തൊടുന്നത്. ദൗര്‍ഭാഗ്യവശാല്‍ ഇന്ന് മതം പുലരുന്നതായി പല വിശ്വാസികള്‍ക്കും ബോധ്യമാകുന്നത് ഇതര മതസ്ഥരുടെ കബന്ധങ്ങള്‍ മലപോലെ ഉയരുമ്പോഴാണ്, മറ്റ് ആരാധനാലയങ്ങളുടെ ഗോപുരങ്ങള്‍ മണ്ണില്‍ നിലംപതിക്കുമ്പോഴാണ്.

അതുകൊണ്ട്, എത്രയും വേഗം ദൈവവിശ്വാസികള്‍ അവരുടെ ആത്മീയതയെ കപടവിശ്വാസികളില്‍നിന്ന് വീണ്ടെടുത്തിട്ടില്ളെങ്കില്‍ ‘മതം’ സൃഷ്ടിക്കുന്ന ചങ്ങലകളില്‍ പിടഞ്ഞ് ഭൂമിയില്‍തന്നെ നരകയാതനയനുഭവിക്കാനായിരിക്കും മനുഷ്യന്‍െറ വിധി. ഈശ്വരവെളിച്ചം ഹൃത്തടത്തില്‍ പ്രകാശിപ്പിച്ച് അവര്‍ ഉറക്കെപ്പറയട്ടെ:  വെറുപ്പും വിദ്വേഷവും പ്രചരിപ്പിക്കുന്ന അമ്പലങ്ങളില്‍നിന്നും പള്ളികളില്‍നിന്നും ചര്‍ച്ചുകളില്‍നിന്നും ദൈവം എന്നോ വിടപറഞ്ഞിരിക്കുന്നുവെന്ന്. എല്ലാ വിശ്വാസികളും ഒത്തുചേര്‍ന്ന് പ്രഖ്യാപിക്കട്ടെ:   വെറുപ്പുല്‍പാദിപ്പിക്കുന്നവരുടെ നിയന്ത്രണത്തില്‍വീണ ദൈവ മന്ദിരങ്ങളിലല്ല,  സമഭാവനയും സ്നേഹവും വാഴുന്ന നന്മനിറഞ്ഞ ഹൃദയങ്ങളിലാണ് ഈശ്വരന്‍ വസിക്കുകയെന്ന്.

No comments:

Post a Comment

english malayalam dictionary

വിരുന്നുകാര്...

poomottu

Dsgd: by ASLAM PADINHARAYIL

Back to TOP