സ്വാഗതം
WELCOME

News Update..

Wednesday, March 4, 2015

ഐ.എസ്.ആര്‍.ഒ ചാരക്കേസ്: അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയില്ല Madhyamam News Feeds

ഐ.എസ്.ആര്‍.ഒ ചാരക്കേസ്: അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയില്ല Madhyamam News Feeds

Link to

ഐ.എസ്.ആര്‍.ഒ ചാരക്കേസ്: അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയില്ല

Posted: 04 Mar 2015 12:20 AM PST

Image: 

കൊച്ചി: വിവാദമായ ഐ.എസ്.ആര്‍.ഒ ചാരക്കേസില്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന സിംഗ്ള്‍ ബെഞ്ച് വിധി ഹൈകോടതി ഡിവിഷന്‍ ബെഞ്ച് തള്ളി. ആക്ടിങ് ചീഫ് ജസ്റ്റിസ് അശോക് ഭൂഷണ്‍, ജസ്റ്റിസ് എ.എം ഷെഫീഖ് എന്നിവരടങ്ങിയ ബെഞ്ചാണ് വിധി പ്രഖ്യാപിച്ചത്.

ചാരക്കേസ് അന്വേഷണ സംഘത്തിലെ അംഗങ്ങളായ സിബി മാത്യൂസ്, കെ.കെ ജോഷ്വ എന്നിവര്‍ നല്‍കിയ അപ്പീല്‍ പരിഗണിച്ചാണ് കോടതി വിധി. ഒരു വരി വിധിയാണ് ജസ്റ്റിസ് എ.എം ഷെഫീഖ് വായിച്ചത്.

കുറ്റക്കാരായ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് ശിക്ഷ വാങ്ങി നല്‍കുമെന്ന് കേസിലെ പരാതിക്കാരന്‍ നമ്പി നാരായണന്‍ പ്രതികരിച്ചു. അപ്രതീക്ഷിതമായ വിധിയാണ് ഹൈകോടതിയുടേത്. ഹൈകോടതി ഡിവിഷന്‍ ബെഞ്ച് വിധിക്കെതിരെ സുപ്രീംകോടതിയില്‍ ഹരജി നല്‍കുമെന്നും നാരായണന്‍ മാധ്യമങ്ങളോട് പറഞ്ഞു.
 

കെജ് രിവാളും യോഗേന്ദ്ര യാദവും പ്രശാന്ത് ഭൂഷണും രാജിവെച്ചു

Posted: 04 Mar 2015 12:10 AM PST

Image: 

ന്യൂഡല്‍ഹി: ആം ആദ്മി പാര്‍ട്ടിയില്‍ വലിയ പൊട്ടിത്തെറിക്ക് വഴിവെച്ച് മുതിര്‍ന്ന നേതാക്കളുടെ കൂട്ടരാജി. സ്ഥാപക നേതാക്കളായ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ് രിവാള്‍, യോഗേന്ദ്ര യാദവ്, അഡ്വ. പ്രശാന്ത് ഭൂഷണ്‍ എന്നിവരാണ് രാജി പ്രഖ്യാപിച്ചത്. കെജ് രിവാള്‍ പാര്‍ട്ടി ദേശീയ കണ്‍വീനര്‍ പദവിയും യോഗേന്ദ്ര യാദവും അഡ്വ. പ്രശാന്ത് ഭൂഷണും രാഷ്ട്രീയകാര്യ സമിതിയിലെ സ്ഥാനങ്ങളുമാണ് രാജിവെച്ചത്.

ഡല്‍ഹി മുഖ്യമന്ത്രി, പാര്‍ട്ടി ദേശീയ കണ്‍വീനര്‍ എന്നീ പദവികള്‍ ഒരുമിച്ചു വഹിക്കുന്നതായി പാര്‍ട്ടി നേതാക്കള്‍ക്കിടയില്‍ വിമര്‍ശം ഉയര്‍ന്ന സാഹചര്യത്തിലാണ് കെജ് രിവാളിന്‍െറ രാജി. എന്നാല്‍, ഡല്‍ഹി ഭരണത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ വേണ്ടിയാണ് രാജിയെന്നും പാര്‍ട്ടിയെയും ഭരണത്തെയും ഒന്നിച്ചു നയിക്കുക അമിത ഭാരമാണെന്നുമാണ് കെജ് രിവാളിന്‍െറ വിശദീകരണം. രാജിക്കത്ത് കെജ് രിവാള്‍ ദേശീയ നിര്‍വാഹക സമിതിക്ക് കൈമാറി.

അതേസമയം, കെജ് രിവാളിന്‍െറ രാജി വാര്‍ത്ത പുറത്തു വന്നതിന് പിന്നാലെയാണ് മുതിര്‍ന്ന നേതാക്കളായ യോഗേന്ദ്ര യാദവും അഡ്വ. പ്രശാന്ത് ഭൂഷണും രാജി പ്രഖ്യാപിച്ചത്. പാര്‍ട്ടിയുടെ പരമോന്നത ഘടകമായ രാഷ്ട്രീയകാര്യ സമിതിയില്‍ നിന്നാണ് ഇരുവരും രാജിവെച്ചത്.

നിര്‍ണായക ദേശീയ നിര്‍വാഹക സമിതി യോഗം ഇന്നു ചേരാനിരിക്കെയാണ് പാര്‍ട്ടി പ്രവര്‍ത്തകരെയും നേതാക്കളെയും ഞെട്ടിച്ചു കൊണ്ടുള്ള മൂവരുടെയും രാജി പ്രഖ്യാപനം. അതേസമയം, ബംഗളൂരുവില്‍ ചികിത്സക്ക് പോകുന്നതിനാല്‍ നിര്‍വാഹക സമിതി യോഗത്തില്‍ കെജ് രിവാള്‍ പങ്കെടുക്കില്ല. നേതാക്കളുടെ രാജി ഇന്നത്തെ നിര്‍വാഹക സമിതി യോഗത്തില്‍ ചര്‍ച്ചയാകുമെന്നാണ് റിപ്പോര്‍ട്ട്.

വിവാദ അഭിമുഖം: രാജ്യസഭയില്‍ വനിതാ എം.പിമാരുടെ പ്രതിഷേധം

Posted: 03 Mar 2015 10:57 PM PST

Image: 

ന്യൂഡല്‍ഹി: ഡല്‍ഹി കൂട്ടബലാത്സംഗക്കേസിലെ പ്രതിയുമായി ബി.സി.സി അഭിമുഖത്തിന് അനുമതി നല്‍കിയ സംഭവത്തില്‍ രാജ്യസഭ സ്തംഭിച്ചു. സംഭവത്തില്‍ പ്രതിഷേധിച്ച് പ്രതിപക്ഷ വനിതാ എം.പിമാര്‍ നടുത്തളത്തിലിറങ്ങി. സമാജ് വാദി പാര്‍ട്ടി എം.പി ജയാ ബച്ചന്‍െറ നേതൃത്വത്തിലാണ് പ്രതിഷേധം അരങ്ങേറിയത്.

സംഭവത്തില്‍ അടിയന്തര അന്വേഷണം പ്രഖ്യാപിക്കണമെന്ന് പ്രതിപക്ഷ എം.പിമാര്‍ ആവശ്യപ്പെട്ടു. ബഹളത്തെ തുടര്‍ന്ന് സഭാ നടപടികള്‍ നിര്‍ത്തിവെച്ചു. ഇതേതുടര്‍ന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ് രാജ്യസഭയില്‍ വിശദീകരണം നല്‍കി. 2013 ഏപ്രിലില്‍ അന്നത്തെ യു.പി.എ സര്‍ക്കാരാണ് അഭിമുഖത്തിന് ഉപാധികളോടെ അനുമതി നല്‍കിയതെന്നു രാജ്നാഥ് സിങ് പറഞ്ഞു.

സുരക്ഷാലംഘനം പാടില്ല, സാമൂഹ്യ പ്രതിബദ്ധത പുലര്‍ത്തണം, മുകേഷ് സിങ്ങിനെ കൂടാതെ മറ്റു പ്രതികളെ അഭിമുഖം നടത്തരുത് എന്നിവയായിരുന്നു ഉപാധികള്‍. എന്നാല്‍, ബി.ബി.സി ഈ ഉപാധികള്‍ ലംഘിച്ചു. ഇതിനെതിരെ നിയമനടപടി സ്വീകരിക്കും. അനുമതിയില്ലാതെ അഭിമുഖം സംപ്രേഷണം ചെയ്യാന്‍ അനുവദിക്കില്ളെന്നും സഭക്ക് ആഭ്യന്തര മന്ത്രി ഉറപ്പുനല്‍കി.

സംഭവത്തില്‍ ഉത്കണ്ഠയുണ്ടെന്ന് ആഭ്യന്തര സഹമന്ത്രി മുഖ്താര്‍ അബ്ബാസ് നഖ് വി രാജ്യസഭയില്‍ നേരത്തെ അറിയിച്ചിരുന്നു. ഇതേക്കുറിച്ച് അന്വേഷണം നടത്തും. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും നഖ് വി വ്യക്തമാക്കി. നടപടിയെടുത്ത ശേഷം അക്കാര്യം സഭയെ അറിയിക്കണമെന്ന് ഉപാധ്യക്ഷന്‍ പി.ജെ കുര്യന്‍ റുളിങ് നല്‍കുകയും ചെയ്തു.

വാണിജ്യനികുതി പരിശോധന തടയല്‍: പനമരത്ത് നിരവധി പേര്‍ക്കെതിരെ കേസ്

Posted: 03 Mar 2015 10:51 PM PST

പനമരം: മുന്‍കൂര്‍ നോട്ടീസ് നല്‍കാതെ പനമരത്തെ സ്വര്‍ണക്കട വാണിജ്യനികുതി ഉദ്യോഗസ്ഥര്‍ പരിശോധിച്ചതിലും പനമരം വ്യാപാരി വ്യവസായി ഏകോപന സമിതി പ്രവര്‍ത്തകരെ അകാരണമായി അറസ്റ്റ് ചെയ്യുന്നതിലും പ്രതിഷേധിച്ച് മാര്‍ച്ച് 11ന് ബുധനാഴ്ച വാണിജ്യനികുതി ഡെപ്യൂട്ടി കമീഷണര്‍ ഓഫിസിലേക്ക് പ്രതിഷേധ മാര്‍ച്ചും അന്ന് ജില്ലാ ഹര്‍ത്താലും നടത്താന്‍ ഏകോപന സമിതി ജില്ലാ കമ്മിറ്റി തീരുമാനിച്ചു.
വന്‍കിടക്കാരെ ഒഴിവാക്കി, ചെറുകിടക്കാരെ പീഡിപ്പിക്കുന്ന നടപടിയില്‍ ഇ.ടി. ഹംസയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം പ്രതിഷേധിച്ചു. വ്യാപാരി ദ്രോഹ നിലപാട് തുടരുന്നപക്ഷം, അടുത്ത തദ്ദേശ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫിനെതിരെ രംഗത്തിറങ്ങാന്‍ യോഗം തീരുമാനിച്ചതായാണ് സൂചന.
പനമരത്ത് ശനിയാഴ്ച വാണിജ്യനികുതി ഇന്‍റലിജന്‍സ് ഉദ്യോഗസ്ഥര്‍ സ്വര്‍ണക്കട പരിശോധിക്കുന്നത് തടസ്സപ്പെടുത്തിയെന്നും കൂട്ടംകൂടി നിന്ന് മാര്‍ഗതടസ്സം സൃഷ്ടിച്ചെന്നും കാണിച്ച് വ്യാപാരി വ്യവസായി ഏകോപന സമിതി പനമരം യൂനിറ്റിലെ 17 പേരുടെയും കണ്ടാലറിയാവുന്ന 50 പേരുടെയും പേരില്‍ ഐ.പി.സി 193/15, 143, 147, 283 r/w 149 വകുപ്പ് പ്രകാരം കേസെടുത്തതായി പനമരം പൊലീസ് അറിയിച്ചു.
വാണിജ്യനികുതി ഡെപ്യൂട്ടി കമീഷണറുടെ പരാതിപ്രകാരം കൃത്യവിലോപം തടസ്സപ്പെടുത്തിയതിന് മറ്റൊരു കേസുകൂടിയെടുത്തതായി പനമരം പൊലീസ് സ്റ്റേഷനിലെ എ.എസ്.ഐ വിജയന്‍ അറിയിച്ചു.

ഹോക്കി നാഷനല്‍സ്: കേരള ടീം ക്യാമ്പിനായി സ്റ്റേഡിയമൊരുങ്ങുന്നു

Posted: 03 Mar 2015 10:48 PM PST

കൊല്ലം: ജൂനിയര്‍-സീനിയര്‍ ഹോക്കി നാഷനല്‍സിനുള്ള കേരള ടീമിന്‍െറ പരിശീലന ക്യാമ്പിന് കൊല്ലം ഹോക്കി സ്റ്റേഡിയം വേദിയാകും. ടീം സെലക്ഷന്‍ പ്രക്രിയ പൂര്‍ത്തിയായാല്‍ ഈ മാസം തന്നെ ക്യാമ്പ് ആരാംഭിക്കാനാണ് നീക്കം. ഹോക്കി സ്റ്റേഡിയത്തില്‍ അവശേഷിക്കുന്ന നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ കൂടി പൂര്‍ത്തിയാകേണ്ടതുണ്ട്. നാളെ മുതല്‍ ജോലികളാരംഭിക്കുമെന്നാണ് അറിയുന്നത്. പുരുഷ വിഭാഗം സീനിയര്‍ നാഷനല്‍ ലീഗ് ഏപ്രില്‍ 16 മുതല്‍ മഹാരാഷ്ട്രയിലും വനിത വിഭാഗം ഉത്തര്‍പ്രദേശിലുമാണ് നടക്കുക. നാഷനല്‍ ജൂനിയര്‍ ലീഗ് ഏപ്രില്‍ ഒന്ന് മുതല്‍ മൈസൂരില്‍ തുടങ്ങും. ജൂനിയര്‍ നാഷനല്‍സിലുള്ള ടീമുകളുടെ സെലക്ഷന്‍ കൊല്ലത്ത് നടത്താനാണ് ആലോചിക്കുന്നത്. എന്നാല്‍, ഇക്കാര്യത്തില്‍ അന്തിമ തീരുമാനമായിട്ടില്ല.
സമയപരിമിതിയാണ് ജൂനിയര്‍ ടീം നേരിടുന്ന പ്രധാന വെല്ലുവിളി. അധികവും എസ്.എസ്.എസ്.എല്‍.സി പ്രായത്തിലുള്ള വിദ്യാര്‍ഥികളാവാമെന്നതിനാല്‍ പൊതു പരീക്ഷ കഴിഞ്ഞശേഷമേ സെലക്ഷനോ ക്യാമ്പോ നടത്താനാവൂ. ഏപ്രില്‍ ഒന്നിന് മത്സരമാരംഭിക്കുമെന്നതിനാല്‍ 28ന് ക്യാമ്പ് അവസാനിപ്പിക്കുകയും വേണം. സീനിയര്‍ ടീമിന്‍െറ ക്യാമ്പ് സെലക്ഷന്‍ എറണാകുളത്താണ് നിശ്ചയിച്ചിട്ടുള്ളത്. മൂന്നാഴ്ചയോളം സമയം കിട്ടുമെന്നതിനാല്‍ സീനിയര്‍ ടീമുകള്‍ക്ക് വലിയ ബുദ്ധിമുട്ടുണ്ടാകില്ല. മുന്‍ വര്‍ഷങ്ങളില്‍നിന്ന് വ്യത്യസ്തമായി പരിശീലനം ഇത്തവണ മുതല്‍ കൊല്ലത്തെ സിന്തറ്റിക് ടര്‍ഫിലാണെന്നതാണ് പ്രത്യേകത. ദേശീയ ഗെയിംസില്‍ മികച്ച പ്രകടം കാഴ്ചവെക്കാനായതിന്‍െറ സ്വാഭാവിക ആവേശം നാഷനല്‍സില്‍ കരുത്താകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
സ്റ്റേഡിയത്തിന്‍െറ മുന്‍ഭാഗത്തും പരിശീലന മൈതാനത്തിന്‍െറ വശങ്ങളിലും തറയോട് നിരത്തലും ചില മുറികളുടെ അറ്റകുറ്റപ്പണികളുമാണ് ശേഷിക്കുന്നത്. എന്നാല്‍, സിന്തറ്റിക് ടര്‍ഫ് നനയ്ക്കുന്നതിന് ജലദൗര്‍ലഭ്യം ഏറെ ബുദ്ധിമുട്ടാകുന്നുണ്ട്. മെയിന്‍ ഫീല്‍ഡും പരിശീലന മൈതാനവും നനയ്ക്കുന്നതിന് ദിനംപ്രതി 60000 ലിറ്ററോളം വെള്ളം വേണം. ദേശീയ ഗെയിംസ് നടന്നപ്പോള്‍ ഫയര്‍ഫോഴ്സ്, വാട്ടര്‍ അതോറിറ്റി എന്നിവയുടെ സഹകരണത്തോടെയാണ് വെള്ളമത്തെിച്ചിരുന്നത്. ഇപ്പോള്‍ ആശ്രമാം ചില്‍ഡ്രന്‍സ് പാര്‍ക്കിലെ കുഴല്‍കിണറിനെയാണ് ആശ്രയിക്കുന്നത്. 1.5 ലക്ഷം ലിറ്റര്‍ വെള്ളം വരെ സംഭരിക്കാന്‍ ശേഷിയുള്ള ടാങ്ക് സ്റ്റേഡിയത്തിന് അനുബന്ധമായി സ്ഥാപിച്ചിട്ടുണ്ടെങ്കിലും ജലസ്രോതസ്സിന്‍െറ കാര്യത്തില്‍ മാത്രം ഇതുവരെ ഹോക്കി സ്റ്റേഡിയം സ്വയം പര്യാപ്തമായിട്ടില്ല. സ്റ്റേഡിയത്തില്‍ ബോര്‍വെല്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് കലക്ടര്‍ക്ക് കത്ത് നല്‍കിയിട്ടുണ്ടെന്നാണ് വിവരം. അന്താരാഷ്ട്ര നിലവാരത്തിലുള്ള സജ്ജീകരണങ്ങളോടെയാണ് സ്റ്റേഡിയം ഒരുക്കിയിട്ടുള്ളതെന്നും ഇന്ത്യയിലെ എണ്ണപ്പെടുന്ന അഞ്ച് പ്രധാന സിന്തറ്റിക് ടര്‍ഫ് ഹോക്കി സ്റ്റേഡിങ്ങളില്‍ ഒന്ന് കൊല്ലത്തേതാണെന്നും ഹോക്കി ഇന്ത്യ ഭാരവാഹികള്‍ സാക്ഷ്യപ്പെടുത്തിയിരുന്നു. ഉപയോഗിക്കുന്ന വെള്ളം റീ സൈക്ളിങ് ചെയ്ത് വീണ്ടും ഉപയുക്തമാക്കാനുള്ള സംവിധാനങ്ങള്‍ ടര്‍ഫിന് അനുബന്ധമായി ഒരുക്കിയിട്ടുണ്ടെങ്കിലും കാര്യക്ഷമമല്ല.

ജലപാത നിര്‍മാണത്തിന്‍െറ മറവില്‍ കോടികളുടെ മണല്‍ കടത്ത്

Posted: 03 Mar 2015 10:46 PM PST

ആറ്റിങ്ങല്‍: സര്‍ക്കാര്‍ ഉത്തരവ് ലംഘിച്ച് ഉള്‍നാടന്‍ ജലപാത നിര്‍മാണത്തിന്‍െറ മറവില്‍ അഞ്ചുതെങ്ങ് നെടുങ്ങണ്ടയില്‍ കോടികളുടെ മണല്‍കടത്ത്.
ഉദ്യോഗസ്ഥ-രാഷ്ട്രീയ ലോബിയുടെ പിന്തുണയോടെയാണ് രാത്രിയെന്നോ പകലെന്നോ ഇല്ലാതെ മണല്‍ഖനനവും കടത്തും നടക്കുന്നതെന്ന് ആക്ഷേപം. ആറ് ഡ്രഡ്ജറുകളും ഏഴ് എക്സ്കവേറ്ററും ഇരുപതോളം ടിപ്പറുകളുമാണ് ഇതിനായി ഉപയോഗിക്കുന്നത്. പ്രതിദിനം 20 ലക്ഷം രൂപയുടെ മണല്‍ കടത്തുന്നതായി അറിയുന്നു. കൊല്ലം-കോട്ടപ്പുറം ജലപാതയുടെ ഭാഗമായാണ് അഞ്ചുതെങ്ങ് നെടുങ്ങണ്ട ഒന്നാം പാലത്തിന് സമീപം നിര്‍മാണം.
നേരത്തേ ടി.എസ് കനാലിന്‍െറ ഭാഗമായിരുന്ന ജലപാതയുടെ നവീകരണത്തിനും പാര്‍ശ്വഭിത്തി നിര്‍മാണത്തിനുമാണ് കരാര്‍ നല്‍കിയിരുന്നത്. ഇതിന്‍െറ ഭാഗമായി കനാലിലെ പായലും ചേറും നീക്കംചെയ്ത് കനാല്‍ പരിധിക്ക് പുറത്തേക്ക് മാറ്റണം. എന്നാല്‍, ഈ നിര്‍ദേശത്തിന്‍െറ മറവിലാണ് മണല്‍ ഖനനം.
ഇതുസംബന്ധിച്ച് പരാതികള്‍ ഉണ്ടായതിനെ തുടര്‍ന്ന് മണല്‍നീക്കം തടഞ്ഞ് സര്‍ക്കാര്‍ ഉത്തരവിട്ടിരുന്നു. 2008 മേയ് 19നാണ് 20/2008/സി.എസ്.ഐ.എന്‍.ഡി നമ്പറായി അഡീഷനല്‍ ചീഫ് സെക്രട്ടറി പുറപ്പെടുവിച്ച ഉത്തരവില്‍ നീക്കംചെയ്യുന്ന മണല്‍ നിശ്ചയിച്ച് അറിയിക്കുന്ന യാര്‍ഡില്‍ ശേഖരിക്കണമെന്നും അത് കടത്തിക്കൊണ്ടുപോകരുതെന്നും നിര്‍ദേശിച്ചിരിക്കുന്നത്.
കരാറില്‍ പറഞ്ഞിട്ടുള്ള ഏറ്റവും കുറഞ്ഞ അളവില്‍ മാത്രമേ ആഴവും വീതിയും വര്‍ധിപ്പിക്കാവൂ എന്നും ഈ ഉത്തരവ് വ്യക്തമാക്കിരുന്നു. അതേസമയം, ഇതിനുശേഷവും ചില ഉദ്യോഗസ്ഥരുടെ പിന്തുണയോടെ ചില കരാറുകാര്‍ മണല്‍കൊള്ള തുടരുകയാണ്. 2008ലെ ഉത്തരവിനുശേഷം ഇത്തരത്തില്‍ മണല്‍ നീക്കം ചെയ്യേണ്ടിവരുന്നെങ്കില്‍ അതിന്‍െറ റോയല്‍റ്റി സര്‍ക്കാറിന് ലഭ്യമാക്കാനുള്ള നിര്‍ദേശവും ഉള്‍നാടന്‍ ജലപാത വകുപ്പിന് നല്‍കിയിരുന്നു.
പക്ഷേ, ഈ നിര്‍ദേശങ്ങളെല്ലാം കാറ്റില്‍പറത്തുകയാണ് കരാറുകാര്‍. കൂടാതെ, സര്‍ക്കാറിന്‍െറ വിവിധ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ വൈകുന്നതിന് കാരണമായി പറയപ്പെടുന്നത് ഡ്രഡ്ജിങ് യൂനിറ്റുകള്‍ കിട്ടാനില്ളെന്നാണ്. എന്നാല്‍, ഇതേ സമയം തന്നെയാണ് മണല്‍ഖനനത്തിന്‍െറ അനന്തസാധ്യതകള്‍ ഉള്ളിടത്ത് ഡ്രഡ്ജിങ് യൂനിറ്റുകള്‍ക്ക് ഒരു ക്ഷാമവുമില്ലാത്തതും.
രണ്ടു മാസമായി തുടരുന്ന നവീകരണ പ്രവര്‍ത്തനങ്ങള്‍ക്കിടെ കോടികളുടെ മണല്‍ ഇവിടെനിന്ന് നീക്കം ചെയ്തിട്ടുണ്ടെന്നും നാട്ടുകാര്‍ പറയുന്നു.

മത്സ്യത്തൊഴിലാളികള്‍ക്ക് മണ്ണെണ്ണ പെര്‍മിറ്റ്: സംയുക്തപരിശോധന എട്ടിന്

Posted: 03 Mar 2015 10:32 PM PST

ആലപ്പുഴ: മത്സ്യബന്ധന നൗകകളില്‍ ഘടിപ്പിക്കുന്ന ഒൗട്ട്ബോര്‍ഡ് എന്‍ജിനുകളുടെയും നൗകകളുടെയും ഭൗതികപരിശോധന സിവില്‍ സപൈ്ളസ്-ഫിഷറീസ്-മത്സ്യഫെഡ് ഉദ്യോഗസ്ഥര്‍ സംയുക്തമായി ഞായറാഴ്ച നടത്തും.
രാവിലെ എട്ടുമുതല്‍ വൈകീട്ട് അഞ്ചുവരെ ജില്ലയിലെ 36 കേന്ദ്രങ്ങളിലാണ് പരിശോധന. ഇതുസംബന്ധിച്ച് വകുപ്പുതല ഉദ്യോഗസ്ഥരുടെ യോഗം അഡീഷനല്‍ ജില്ലാ മജിസ്ട്രേറ്റ് ടി.ആര്‍. ആസാദിന്‍െറ അധ്യക്ഷതയില്‍ കലക്ടറേറ്റില്‍ ചേര്‍ന്നു.
പെര്‍മിറ്റ് അനുവദിക്കുന്നതിന് എന്‍ജിനുകളുടെ കാലപ്പഴക്കം 15 വര്‍ഷമായി നിജപ്പെടുത്തിയിട്ടുണ്ട്. 2000 ജനുവരി ഒന്നുമുതല്‍ വാങ്ങിയ എന്‍ജിനുകള്‍ക്കാണ് പെര്‍മിറ്റ് അനുവദിക്കുക. എന്‍ജിന്‍െറ കാലപ്പഴക്കം കണക്കാക്കുന്നതിന് അത് വാങ്ങിയ ബില്‍ (ഒറിജിനല്‍ ഇല്ലാത്ത സാഹചര്യത്തില്‍ ഫോട്ടോകോപ്പി) പരിശോധിക്കും. ബില്‍ ഇല്ളെങ്കില്‍ രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റില്‍ എന്‍ജിന്‍ നിര്‍മിച്ച വര്‍ഷം എന്ന ഭാഗത്ത് ചേര്‍ത്തിട്ടുള്ള വര്‍ഷം കണക്കാക്കും. സാധാരണഗതിയില്‍ ഒരു വ്യക്തിക്ക് പരമാവധി രണ്ട് എന്‍ജിനുകള്‍ക്കുമാത്രമേ പെര്‍മിറ്റ് ശിപാര്‍ശ ചെയ്യാന്‍ പാടുള്ളൂ. എന്നാല്‍, ഇന്‍ബോര്‍ഡ് എന്‍ജിന്‍ ഉടമകള്‍ക്ക് രണ്ട് കാരിയര്‍ വള്ളം ഉള്ള പക്ഷം ഒന്നിനു രണ്ട് എന്ന ക്രമത്തില്‍ പരമാവധി നാല് എന്‍ജിനുകള്‍ക്ക് പെര്‍മിറ്റിന് ശിപാര്‍ശ ചെയ്യാം.
മത്സ്യത്തൊഴിലാളി ക്ഷേമനിധി പാസ് ബുക്, എന്‍ജിന്‍െറ ബില്ല്, രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് (സര്‍ട്ടിഫിക്കറ്റ് ലഭിച്ചിട്ടില്ളെങ്കില്‍ രജിസ്ട്രേഷനുവേണ്ടി ഫീസ് അടച്ച ടി.ആര്‍ അഞ്ച് രസീത്), റേഷന്‍ കാര്‍ഡ്, നിലവിലെ പെര്‍മിറ്റ് എന്നിവയാണ് ഉദ്യോഗസ്ഥര്‍ പരിശോധിക്കുക.
മേല്‍പറഞ്ഞ ഏതെങ്കിലും രേഖ ഹാജരാക്കിയിട്ടില്ളെന്ന കാരണം കൊണ്ടുമാത്രം പെര്‍മിറ്റിന് ശിപാര്‍ശ ചെയ്യാതിരിക്കില്ല. വള്ളം, എന്‍ജിന്‍ എന്നിവ പരിശോധിച്ച് ബോധ്യപ്പെടുകയാണെങ്കില്‍ പ്രസ്തുത രേഖ ഹാജരാക്കുന്ന മുറക്ക് പെര്‍മിറ്റ് നല്‍കാവുന്നതാണെന്ന് ശിപാര്‍ശ ചെയ്യാന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ഇതുവരെ നടത്തിയ ഏകദിനപരിശോധനകളില്‍നിന്ന് വ്യത്യസ്തമായി മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്ത നൗകകളും എന്‍ജിനുകളുമാണ് പരിശോധനക്ക് വിധേയമാക്കുന്നത്. ഇതിന് എന്‍ജിനുകള്‍ പരിശോധനാകേന്ദ്രത്തിന് സമീപം സൂക്ഷിക്കണം. വൈകീട്ട് അഞ്ചുവരെ എന്‍ജിന്‍ പരിശോധനാസംഘത്തിന്‍െറ അധീനതയിലായിരിക്കും. കടലില്‍ പോകുന്ന വള്ളങ്ങള്‍ക്കുമാത്രമേ പെര്‍മിറ്റിന് ശിപാര്‍ശ ചെയ്യാവു.
2015 ഫെബ്രുവരി 21 വരെയായിരുന്നു അപേക്ഷ സ്വീകരിക്കുന്നതിന് സമയം. ഏതെങ്കിലും കാരണത്താല്‍ ആ തീയതിക്കകം അപേക്ഷിക്കാത്തവര്‍ പരിശോധനാകേന്ദ്രത്തില്‍ അപേക്ഷയുമായി എത്തുകയാണെങ്കില്‍ അവരുടെ അപേക്ഷ, രേഖകളുടെ പകര്‍പ്പ് എന്നിവ സ്വീകരിക്കുകയും എന്‍ജിനും വള്ളവും പരിശോധിക്കുകയും ചെയ്യും. ഇപ്രകാരം സ്വീകരിക്കുന്ന അപേക്ഷകള്‍ സംബന്ധിച്ച വിവരം പ്രത്യേക പട്ടികയായാണ് പരിഗണിക്കുക. യോഗത്തില്‍ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ എസ്. മഹേഷ്, ജില്ലാ സപൈ്ള ഓഫിസര്‍ എസ്. ലൈലാബായി, മത്സ്യഫെഡ് ജില്ലാ മാനേജര്‍ പി.ടി. ജോസഫ് തുടങ്ങിയവര്‍ പങ്കെടുത്തു.

ഹാജിയാര്‍പള്ളി പമ്പ് ഹൗസ് തകരാറില്‍; പ്രദേശത്ത് മൂന്നാഴ്ചയായി കുടിവെള്ളമില്ല

Posted: 03 Mar 2015 10:26 PM PST

മലപ്പുറം: ഹാജിയാര്‍ പള്ളി പമ്പ് ഹൗസ് തകരാറിലായതിനെ തുടര്‍ന്ന് പ്രദേശത്ത് മൂന്നാഴ്ചയിലേറെയായി കുടിവെള്ള വിതരണം മുടങ്ങി. മലപ്പുറം നഗരസഭയിലെ ഇത്തിള്‍പറമ്പ്, പൈത്തിനിപറമ്പ്, പുല്‍പ്പറമ്പ്, വട്ടപ്പറമ്പ് പ്രദേശങ്ങളിലെ ആയിരക്കണക്കിന് കുടുംബങ്ങളാണ് ഇതുമൂലം കഷ്ടത്തിലായത്.
ചൊവ്വാഴ്ച രാവിലെ വാര്‍ഡ് കൗണ്‍സിലറടക്കമുള്ള നാട്ടുകാര്‍ വാട്ടര്‍ അതോറിറ്റി എക്സി. എന്‍ജിനീയറുമായി നടത്തിയ ചര്‍ച്ചയില്‍ താല്‍ക്കാലിക സംവിധാനം ഒരുക്കാമെന്ന് അദ്ദേഹം ഉറപ്പുനല്‍കി. ഹാജിയാര്‍പള്ളി പമ്പ് ഹൗസിലെ രണ്ട് മോട്ടോറുകളിലൊന്ന് രണ്ടുവര്‍ഷങ്ങള്‍ക്ക് മുമ്പ് കത്തിയതിനെ തുടര്‍ന്ന് തകരാറിലായിരുന്നു. മൂന്നാഴ്ച മുമ്പ് 90 കുതിരശക്തിയുള്ള രണ്ടാമത്തെ മോട്ടോറും തകരാറിലായതോടെ പമ്പിങ് പൂര്‍ണമായും നിലച്ചു. താല്‍ക്കാലിക ബദല്‍ സംവിധാനമായി മേല്‍മുറി ഭാഗത്തേക്ക് കുടിവെള്ളം വിതരണം ചെയ്യുന്ന പെരുമ്പറമ്പ് വാട്ടര്‍ ടാങ്കിലേക്ക് വെള്ളമടിച്ചു തുടങ്ങിയിട്ടുണ്ട്. ഇത് ഇത്തിള്‍പറമ്പ്, പൈത്തിനിപറമ്പ് ഭാഗങ്ങളിലെ താഴ്ന്ന പ്രദേശങ്ങളില്‍ മാത്രമേ ലഭിക്കുന്നുള്ളൂ.
ഉയര്‍ന്ന പ്രദേശങ്ങളിലുള്ളവര്‍ക്ക് കുടിവെള്ളം ലഭ്യമല്ല. ഈ പ്രദേശങ്ങളിലേക്ക് ടാങ്കറുകളില്‍ കുടിവെള്ളമത്തെിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. പരിഹാരമായില്ളെങ്കില്‍ വീട്ടമ്മമാരടക്കമുള്ളവര്‍ നഗരസഭയിലേക്ക് മാര്‍ച്ച് നടത്താനാണ് തീരുമാനം.

സോളാര്‍ കേസില്‍ വി.എസിന് തിരിച്ചടി; ഹരജി തള്ളി

Posted: 03 Mar 2015 10:10 PM PST

Image: 

കൊച്ചി: സോളാര്‍ കേസില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍ സമര്‍പ്പിച്ച ഹരജി ഹൈകോടതി തള്ളി. ജുഡീഷ്യല്‍ കമ്മീഷന്‍െറ അന്വേഷണം തുടരുന്ന സാഹചര്യത്തില്‍ കേസ് സി.ബി.ഐ അന്വേഷിക്കേണ്ട സാഹചര്യമില്ളെന്ന് കോടതി നിരീക്ഷിച്ചു. ആവശ്യമെങ്കില്‍ ഹരജിക്കാരന് വീണ്ടും കോടതിയെ സമീപിക്കാമെന്നും ആക്ടിങ് ചീഫ് ജസ്റ്റിസ് അശോക് ഭൂഷണ്‍, ജസ്റ്റിസ് എ.എം ഷെഫീഖ് എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി.

സോളാര്‍ ഇടപാടു സംബന്ധിച്ച് നിലവിലുള്ള കേസുകളില്‍ അന്വേഷണം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്. രണ്ടു കേസുകള്‍ കോടതിക്ക് പുറത്ത് ഒത്തുതീര്‍പ്പായി. അതിനാല്‍ സിബിഐ അന്വേഷണം ആവശ്യമില്ല. കൂടാതെ ഹരജിക്കാര്‍ സമാന ആവശ്യം ഉന്നിയിച്ചിട്ടില്ളെന്നും സര്‍ക്കാര്‍ അഭിഭാഷന്‍ കോടതിയെ അറിയിച്ചു.

മുഖ്യമന്ത്രി അടക്കമുള്ളവര്‍ക്ക് പങ്കാളിത്തമുള്ള കേസില്‍ സംസ്ഥാന പൊലീസിന്‍െറ അന്വേഷണം തൃപ്തികരമല്ളെന്നാണ് ഹരജിയില്‍ വി.എസ് ചൂണ്ടിക്കാട്ടിയിരുന്നത്. കൂടാതെ എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ്, കമ്പനികാര്യ വകുപ്പ്, ആദായനികുതി വകുപ്പ് എന്നിവയുടെ സഹായത്തോടെ 36 കേസുകളിലും സി.ബി.ഐ അന്വേഷണം പ്രഖ്യാപിക്കണമെന്നും ആവശ്യപ്പെട്ടിരുന്നു.

 

മാവൂര്‍ കാന്‍സര്‍ സെന്‍റര്‍: തുടര്‍നടപടിക്കായി മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പലിന് ശിപാര്‍ശ

Posted: 03 Mar 2015 10:05 PM PST

മാവൂര്‍: തെങ്ങിലക്കടവിലെ മലബാര്‍ കാന്‍സര്‍ സെന്‍ററിന്‍െറ കാര്യത്തില്‍ വീണ്ടും പ്രതീക്ഷ. സെന്‍റര്‍ പ്രവര്‍ത്തിപ്പിക്കുന്നതിനുവേണ്ട തുടര്‍നടപടിക്കായി മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പലിന് നിര്‍ദേശം നല്‍കി.
ഗവണ്‍മെന്‍റ് സെക്രട്ടറി ഡോ. കെ. ഇളങ്കോവനാണ് കോഴിക്കോട് മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ ഡോ. സി. രവീന്ദ്രന് നിര്‍ദേശം നല്‍കിയത്. നേരത്തേ 2014 ഒക്ടോബര്‍ 28ന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ സ്ഥലം എം.എല്‍.എ, മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍, ഗവ. സെക്രട്ടറി എന്നിവരുടെ സാന്നിധ്യത്തില്‍ നടന്ന യോഗത്തില്‍ അടിയന്തര നടപടി കൈക്കൊള്ളാന്‍ തീരുമാനിച്ചിരുന്നു.
എന്നാല്‍, ഇതുവരെ ഒരു പുരോഗതിയും ഉണ്ടായിരുന്നില്ല. അതിനിടെ വീണ്ടും അഡ്വ. പി.ടി.എ റഹീം എം.എല്‍.എ കേരള ഹെല്‍ത്ത് ആന്‍ഡ് ഫാമിലി വെല്‍ഫെയര്‍ ഡിപ്പാര്‍ട്ട്മെന്‍റുമായി നടത്തിയ ഇടപെടലോടെയാണ് ഇപ്പോള്‍ കാന്‍സര്‍ സെന്‍ററിന്‍െറ കാര്യത്തില്‍ പുരോഗതിയുണ്ടായത്. ഗവ. സെക്രട്ടറിയുടെ നിര്‍ദേശമനുസരിച്ച് തെങ്ങിലക്കടവിലെ കാന്‍സര്‍ സെന്‍റര്‍ കോഴിക്കോട് മെഡിക്കല്‍ കോളജിന് കീഴിലെ സബ് സെന്‍റര്‍ ആയി പ്രവര്‍ത്തിപ്പിക്കുന്നതിനുള്ള നടപടി ത്വരിതപ്പെടുത്തണമെന്നാണ് അറിയിച്ചത്. അതിന് മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ മുന്‍കൈ എടുക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്. അതോടെ 2010 ഡിസംബര്‍ 18ന് സര്‍ക്കാറിന് സൗജന്യമായി ലഭിച്ച മാവൂര്‍ തെങ്ങിലക്കടവിലെ മലബാര്‍ കാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഇനിയെങ്കിലും പുതിയ പദ്ധതി ആരംഭിക്കുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാര്‍.

അച്ചടക്കം ലംഘിച്ചിട്ടുണ്ടെങ്കില്‍ നടപടിയെടുക്കാം ^യോഗേന്ദ്ര യാദവ്

Posted: 03 Mar 2015 09:48 PM PST

Image: 

ന്യൂഡല്‍ഹി: അച്ചടക്കം ലംഘിച്ചിട്ടുണ്ടെങ്കില്‍ തനിക്കെതിരെ ഏതു നടപടി വേണമെങ്കിലും എടുക്കാമെന്ന് ആം ആദ്മി പാര്‍ട്ടി ഉപദേശകന്‍ യോഗേന്ദ്ര യാദവ്. രാഷ്ട്രീയകാര്യ സമിതി പുനഃസംഘടിപ്പിക്കണമെന്നാണ് തന്‍െറ നിലപാട്. പദവികളെക്കാള്‍ ഉയരത്തിലാണ് പാര്‍ട്ടിയുടെ സ്ഥാനം. വൈകിട്ടോടെ ശുഭകരമായ വാര്‍ത്തകള്‍ കേള്‍ക്കാമെന്നും യോഗേന്ദ്ര യാദവ് വ്യക്തമാക്കി.

യോഗേന്ദ്ര യാദവിനും പ്രശാന്ത് ഭൂഷണും എതിരെ എ.എ.പിയിലെ മറ്റൊരു നേതാവ് നവീന്‍ ജയ്ഹിന്ദ് രംഗത്തെത്തി. പാര്‍ട്ടിയെ രണ്ടായി വിഭജിക്കാനുള്ള നീക്കമാണ് ചിലര്‍ നടത്തിയതെന്ന് നവീന്‍ ആരോപിച്ചു. പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങളാണ് അവര്‍ ചെയ്തത്. ദേശീയ കണ്‍വീനര്‍ അരവിന്ദ് കെജ്  രിവാള്‍ സൗമ്യനാണെന്നും സംഘടനയില്‍ കുത്തിതിരിപ്പുണ്ടാക്കാനാണ് ചിലര്‍ ശ്രമിക്കുന്നതെന്നും നവീന്‍ ചൂണ്ടിക്കാട്ടി.

ആം ആദ്മി പാര്‍ട്ടിയുടെ നിര്‍ണായക ദേശീയ നിര്‍വാഹക സമിതി യോഗം ഇന്ന് ചേരും. ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ പാര്‍ട്ടി അധ്യക്ഷ സ്ഥാനത്തു നിന്ന് ഒഴിയണമെന്നും താന്‍പോരിമ നിലപാട് തിരുത്തണമെന്നും വാദിക്കുന്ന അഡ്വ. പ്രശാന്ത് ഭൂഷണ്‍, പ്രഫ. യോഗേന്ദ്ര യാദവ് എന്നിവര്‍ക്കെതിരെ നടപടി വേണമെന്ന ആവശ്യമാണ് യോഗത്തില്‍ മുഖ്യ ചര്‍ച്ചയാവുക. ഇരുവരെയും രാഷ്ട്രീയകാര്യ സമിതിയില്‍ നിന്ന് പുറത്താക്കണമെന്നാണ് അശുതോഷ്, ദിലീപ് പാണ്ഡേ, സഞ്ജയ് സിങ് അടക്കമുള്ള നേതാക്കള്‍ ആവശ്യപ്പെടുന്നത്.

അതേസമയം, ശരീരത്തിലെ പ്രമേഹം കലശലായതോടെ ചികിത്സക്കും വിശ്രമത്തിനുമായി അരവിന്ദ് കെജ്രിവാള്‍ അഞ്ചാം തീയതി മുതല്‍ പത്തു ദിവസം അവധിയിലാണ്. ഉപമുഖ്യമന്ത്രി മനീഷ് സിസോദിയക്കായിരിക്കും ഈ ദിവസങ്ങളില്‍ ഭരണചുമതല. കടുത്ത ചുമക്കും പ്രമേഹത്തിനും യോഗയും പ്രകൃതിചികിത്സയും സമന്വയിപ്പിച്ച ചികിത്സക്കായി കെജ് രിവാള്‍ ബംഗളൂരുവിലേക്ക് പോകും. ദേശീയ നിര്‍വാഹക സമിതി യോഗത്തില്‍ കെജ് രിവാള്‍ പങ്കെടുക്കില്ല.
 

പാകിസ്താനെതിരെ യു.എ.ഇക്ക് 340 റണ്‍സ് വിജയലക്ഷ്യം

Posted: 03 Mar 2015 09:18 PM PST

Image: 

നേപ്പിയര്‍: ലോകകപ്പ് ക്രിക്കറ്റില്‍ പാകിസ്താനെതിരെ യു.എ.ഇക്ക് 340 റണ്‍സ് വിജയലക്ഷ്യം. നിശ്ചിത അമ്പത് ഓവറില്‍ പാകിസ്താന്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 339 റണ്‍സെടുത്തു. അഹ്മദ് ഷെഹ്സാദിന്‍െറയും ഹാരിസ് സുഹൈലിന്‍െറയും മിസ്ബാഹുല്‍ ഹഖിന്‍െറ യും അര്‍ധസെഞ്ച്വറികളുടെ മികവിലാണ് പാകിസ്താന്‍ മികച്ച സ്കോറിലെത്തിയത്.

ടോസ് നേടിയ യു.എ.ഇ പാകിസ്താനെ ബാറ്റിങ്ങിനയക്കുകയായിരുന്നു. നാല് റണ്‍സെടുത്ത നസീര്‍ ജംഷീദ് തുടക്കത്തില്‍ തന്നെ പുറത്തായെങ്കിലും രണ്ടാം വിക്കറ്റില്‍ അഹ്മദ് ഷെഹ്സാദും ഹാരിസ് സുഹൈലും നിലയുറപ്പിച്ചു.രണ്ടാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 160 റണ്‍സെടുത്തു. 93 റണ്‍സെടുത്ത അഹമ്മദ് ഷെഹ്സാദും 70 റണ്‍സെടുത്ത ഹാരിസ് സുഹൈലുമാണ് പാക് ഇന്നിങ്സിന് അടിത്തറയിട്ടത്.  ക്യാപ്ടന്‍ മിസ്ബാഹുല്‍ ഹഖ് 65 ഉം ഷുഹൈബ് മഖ്സൂദ് 45 ഉം റണ്‍സ് നേടി. യു.എ.ഇക്കായി മഞ്ജുല ഗുരുജ് നാല് വിക്കറ്റെടുത്തു.
നേരത്തേ നടന്ന മൂന്ന് കളികളില്‍ ഒരെണ്ണത്തില്‍ മാത്രമാണ് പാകിസ്താന് ജയിച്ചത്. എന്നാല്‍ യു.എ.ഇ ഒന്നില്‍ പോലും ജയിച്ചില്ല.  ഇരു ടീമുകള്‍ക്കും ഇന്ന് ജയം അനിവാര്യമാണ്.

വിപണികളില്‍ വന്‍ മുന്നേറ്റം; സെന്‍സെക്സ് 30,000 കടന്നു

Posted: 03 Mar 2015 08:55 PM PST

Image: 

മുംബൈ: അപ്രതീക്ഷിതമായി റിസര്‍വ് ബാങ്ക് റിപ്പോ നിരക്ക് കുറച്ചതിനെ തുടര്‍ന്ന് ഓഹരി വിപണയില്‍ വന്‍ മുന്നേറ്റം. ബോംബെ ഓഹരി സൂചികയായ സെന്‍സെക്സ് ആദ്യമായി 30,000 പോയന്‍റ് കടന്നു. ദേശീയ സൂചികയായ നിഫ്റ്റി 9,000 ന് മുകളിലാണ് വ്യാപാരം നടത്തുന്നത്.
29,593.73 ലാണ് കഴിഞ്ഞ ദിവസം സെന്‍സെക്സ് വ്യാപാരം അവസാനിപ്പിച്ചത്. ഇന്ന് 400 പോയന്‍റിനുമേല്‍  ഉയര്‍ന്നാണ് റെക്കോഡ് ഭേദിച്ചത്. ബാങ്കിങ് ഓഹരികളാണ് വന്‍തോതില്‍ ഉയര്‍ന്നത്.

കോഴിക്കോട് വിമാനത്താവളം റണ്‍വേ പൂട്ടുന്നതിനെതിരെ പ്രവാസികള്‍

Posted: 03 Mar 2015 08:36 PM PST

Image: 

ദോഹ: കോഴിക്കോട് വിമാനത്താവളം ഭാഗികമായി അടച്ചിടാനുളള നീക്കം പുനപരിശോധിക്കണമെന്ന് കള്‍ച്ചറല്‍ ഫോറം ഖത്തറും മലബാര്‍ ചേംബര്‍ ഓഫ് കൊമേഴ്സും ആവശ്യപ്പെട്ടു. കള്‍ച്ചറല്‍ ഫോറം നേതാക്കള്‍ മലബാര്‍ ചേംബര്‍ ഓഫ് കൊമേഴ്സ് ഭാരവാഹികളുമായി നടത്തിയ ചര്‍ച്ചക്ക് ശേഷം സംയുക്ത പ്രസ്താവനയിലാണ് ഇത് ആവശ്യപ്പെട്ടത്.
ഏറ്റവും തിരക്കുളള സമയത്ത് റണ്‍വേ അടച്ചിടുന്നത് മലബാറില്‍ നിന്നുളള പ്രവാസികള്‍ക്ക് വലിയ യാത്ര പ്രതിസന്ധി സൃഷ്ടിക്കും. വലിയ വിമാനങ്ങള്‍ റദ്ദാക്കുന്നത് മറ്റ് വിമാന കമ്പനികളുടെ ടിക്കറ്റ് വിലവര്‍ധനവിനും ടിക്കറ്റ് ലഭിക്കാതിരിക്കാനും കാരണമാകും. റണ്‍വേ ഭാഗികമായി അടച്ചിടാതെ തന്നെ ഇതിന് മുമ്പും കോഴിക്കോട് എയര്‍പോര്‍ട്ടില്‍ അറ്റകുറ്റ പണികള്‍ നടന്നിട്ടുണ്ട്. വിമാനങ്ങള്‍ റദ്ദാക്കാതെ തന്നെ ഉചിതമായ സമയം കണ്ടത്തെി അറ്റകുറ്റപണികള്‍ നടത്തണമെന്നും പണി കൃത്യസമയത്ത് പൂര്‍ത്തിയാക്കാനാവശ്യമായ സമഗ്ര പദ്ധതി ആവിഷ്ക്കരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. മഴക്കാലമായതിനാല്‍ പണി കൃത്യസമയത്ത് പൂര്‍ത്തിയാക്കാന്‍ കഴിയാതെ വന്നാല്‍ അന്താരാഷ്ട്ര വിമാന കമ്പനികള്‍ സര്‍വീസില്‍ നിന്ന് പിന്‍മാറാന്‍ കാരണമാകുമെന്നും ഇത് ഭാവിയില്‍ അന്താരഷ്ട്ര പദവി നഷ്ടപ്പെടാനിടയാകുമോ എന്ന ആശങ്കയുണ്ടെന്നും യോഗം അഭിപ്രായപ്പെട്ടു. ഈ വിഷയത്തില്‍ കള്‍ച്ചറല്‍ ഫോറം പ്രവാസികളില്‍ നിന്ന ഒപ്പ് ശേഖരണം നടത്തി കേന്ദ്ര സിവില്‍ ഏവിയേഷന്‍ മന്ത്രി, എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ ചെയര്‍മാന്‍, കേരള മുഖ്യമന്ത്രി, കേരളത്തില്‍ നിന്നുളള എം.പിമാര്‍, കാലിക്കറ്റ് എയര്‍പോര്‍ട്ട് ചെയര്‍മാന്‍, എയര്‍പോര്‍ട്ട് അതോറിറ്റി റീജ്യണല്‍ ചെയര്‍മാന്‍ എന്നിവര്‍ക്ക് നിവേദനം നല്‍കുമെന്നും കള്‍ച്ചറല്‍ ഫോറം നേതാക്കള്‍ വ്യക്തമാക്കി.
മലബാര്‍ ചേംബര്‍ ഓഫ് കൊമോഴ്സ് ഓഫീസില്‍ ചേര്‍ യോഗത്തില്‍ മലബാര്‍ ചേംബര്‍ ഓഫ് കൊമേഴ്സ് ചെയര്‍മാന്‍ പി.വി. ഗംഗാധരന്‍, കള്‍ച്ചറല്‍ ഫോറം വൈസ് പ്രസിഡന്‍റ് സുഹൈല്‍ ശാന്തപുരം, ചേംബര്‍ പ്രസിഡന്‍റ് സി. മോഹന്‍, സെക്രട്ടറി എം.എ. മെഹബൂബ്, വെല്‍ഫെയര്‍ പാര്‍ട്ടി കോഴിക്കോട് ജില്ല ജനറല്‍ സെക്രട്ടറി അബ്ദുറഹ്മാന്‍, പ്രവാസി വകുപ്പ് സെക്രട്ടറി അസ്ലം ചെറുവാടി, ജില്ല കമ്മറ്റി അംഗം അഡ്വ. സകരിയ്യ, മലബാര്‍ ചേംബര്‍ ഓഫ് കൊമേഴ്സ് അംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു.

ഗള്‍ഫ് എയര്‍ പാസഞ്ചേഴ്സ് അസോസിയേഷന്‍ പ്രക്ഷോഭത്തിലേക്ക്
ദോഹ: റണ്‍വേ വികസനത്തിന്‍െറ പേരില്‍ കോഴിക്കോട് വിമാനത്താവളം അടച്ചിടാനുള്ള എയര്‍പോര്‍ട്ട് അതോറിറ്റിയുടെ നീക്കത്തിനെതിരെ ഗള്‍ഫ് എയര്‍ പാസഞ്ചേഴ്സ് അസോസിയേഷന്‍ ഓഫ് കാലിക്കറ്റ് ഖത്തര്‍ (ഗപാക്) പ്രക്ഷോഭ പരിപാടികള്‍ക്ക് സംഘടിപ്പിക്കാന്‍ തീരുമാനിച്ചു. വ്യാഴാഴ്ച ചേര്‍ന്ന ഗപാക് എക്സിക്യുട്ടീവ് യോഗത്തില്‍ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.
പ്രധാനമന്ത്രി, വ്യോമയാന വകുപ്പുമന്ത്രി, കേരളത്തിലെ 29 പാര്‍ലമെന്‍റ് അംഗങ്ങള്‍, മുഖ്യമന്ത്രി എന്നിവര്‍ക്ക് നിവേദനം നല്‍കി. മലബാറിലെ വിമാനയാത്രക്കാരുടെ യാത്രാ സ്വപ്നങ്ങള്‍ക്ക് മങ്ങലേല്‍പ്പിക്കുന്ന അടച്ചുപൂട്ടല്‍ നടപടിയുമായി മുന്നോട്ടുപോയാല്‍ പ്രവാസികളെ അണിനിരത്തി ജനകീയ പ്രക്ഷോഭം ഉള്‍പ്പെടെയുള്ള സമര പരിപാടികള്‍ക്ക് ഗപാക് നേതൃത്വം നല്‍കുമെന്ന് യോഗം മുന്നറിയിപ്പ് നല്‍കി. കോഴിക്കോട് വിമാനത്താവള വികസനത്തിന് വേണ്ടി ഖത്തറിലെ പ്രവാസികളുടെ സംഭാവനകള്‍ വളരെ വിലപ്പെട്ടതാണെന്നും ഓ്പണ്‍ എയര്‍ പോളിസിയിലൂടെ ഖത്തര്‍ എയര്‍വേഴ്സ് ഉള്‍പ്പെടെയുള്ള വിദേശ വിമാനക്കമ്പനികളുടെ സേവനം ഉപയോഗപ്പെടുത്താനായത് ഗപാകിന്‍െറ ശ്രമഫലമായാണെന്ന് യോഗം വിലയിരുത്തി.
പ്രതിവര്‍ഷം 27 ലക്ഷത്തോളം യാത്രക്കാര്‍ സഞ്ചരിക്കുന്ന വിമാനത്താവളത്തിന്‍െറ പുരോഗതി തടസപ്പെടുത്താനുള്ള ശ്രമം ആരുടെ ഭാഗത്ത് നിന്നുണ്ടായാലും പ്രവാസി ശക്തി ഉപയോഗിച്ച് അതിനെ നേരിടുമെന്നും യോഗം മുന്നറിയിപ്പ് നല്‍കി. സ്കൂള്‍ വേനലവധി, രണ്ട് പെരുന്നാളുകള്‍, ഹജ്ജ്, ഓണം തുടങ്ങിയ ഏറ്റവും തിരക്കേറിയ കാലയളവില്‍ എയര്‍പോര്‍ട്ട് ഭാഗികമായി അടച്ചിടുന്നതും വലിയ വിമാനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തുന്നതും പ്രവാസികള്‍ക്ക് ഏറെ പ്രയാസം സൃഷ്ടിക്കുന്നതാണ്. അറ്റകുറ്റപണികള്‍ മഴക്കാലം കഴിഞ്ഞതിന് ശേഷം മാത്രമേ തുടങ്ങാന്‍ കഴിയൂ എന്നാണറിയുന്നത്. ഈ സാഹചര്യത്തില്‍ നേരത്തെ തന്നെ അടച്ചിടാനുള്ള തീരുമാനത്തിന് പിന്നില്‍ ഗൂഢാലോചന ഉണ്ടോ എന്നും സംശയിക്കേണ്ടിയിരിക്കുന്നു. എല്ലാ വിമാനത്താവളങ്ങളിലും നിശ്ചിത ഇടവേളകളില്‍ നടക്കുന്ന അറ്റകുറ്റപ്പണികള്‍ക്ക് ഒരു വിമാനത്താവളവും ഇത്ര നീണ്ട കാലയളവ് ഭാഗികമായി പോലും അടച്ചിടാറില്ല.
മലബാറിലെ വിമാന യാത്രികരുടെ സ്വപ്നങ്ങളുടെ ചിറകൊടിക്കുന്ന നടപടി എന്തുവിലകൊടുത്തും ചെറുക്കുമെന്നും കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശൂര്‍, വയനാട്, കണ്ണൂര്‍, കാസര്‍കോട് തുടങ്ങിയവിടങ്ങളിലെ യാത്രക്കാരുടെ അഭിലാഷത്തിനെതിര് നില്‍ക്കുന്നവരെ ശക്തമായി നേരിടുമെന്നും യോഗം മുന്നറിയിപ്പു നല്‍കി. കരീം അബ്ദുല്ല,  ശംസുദ്ദീന്‍ ഒളകര,  ഫരീദ് തിക്കോടി, ഇ.പി. അബ്ദുറഹ്മാന്‍, എം. ഉസ്മാന്‍, അഡ്വ. പി.എം. സുനില്‍കുമാര്‍, കെ.പി. നൂറുദ്ദീന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

 

റിപ്പോ നിരക്ക് കുറച്ചു; ഭവന, വാഹന വായ്പാ നിരക്ക് കുറഞ്ഞേക്കും

Posted: 03 Mar 2015 08:10 PM PST

Image: 

മുംബൈ:  റിസര്‍വ് ബാങ്ക് അപ്രതീക്ഷിതമായി റിപ്പോ നിരക്ക് കുറച്ചു. അടിസ്ഥാന നിരക്കില്‍ കാല്‍ ശതമാനം (.25%) കുറവാണ് വരുത്തിയത്. ഇതോടെ റിപ്പോ നിരക്ക് 7.75 ശതമാനത്തില്‍ നിന്ന് 7.5 ശതമാനമായി. വാണിജ്യ ബാങ്കുകള്‍ക്ക് റിസര്‍വ് ബാങ്ക് നല്‍കുന്ന ഹ്രസ്വകാല വായ്പയാണ് റിപ്പോ. റിസര്‍വ് ബാങ്ക് റിപ്പോ നിരക്ക് കുറച്ചതിനെ തുടര്‍ന്ന് വാണിജ്യ ബാങ്കുകള്‍ ഭവന, വാഹന വായ്പയുടെ പലിശ നിരക്ക് കുറക്കാന്‍ സാധ്യതയുണ്ട്.
അതേസമയം കരുതല്‍ ധനാനുപാതത്തില്‍(സി.ആര്‍.ആര്‍) മാറ്റം വരുത്തിയിട്ടില്ല.  സി.ആര്‍.ആര്‍ നാല് ശതമാനമാക്കി നിലനിര്‍ത്തി. ബാങ്കുകള്‍ നിക്ഷേപത്തിന് ആനുപാതികമായി റിസര്‍വ് ബാങ്കില്‍ സൂക്ഷിക്കേണ്ട തുകയാണ് സി. ആര്‍.ആര്‍.
 ഈ വര്‍ഷം രണ്ടാം തവണയാണ് റിസര്‍വ് ബാങ്ക് നിരക്കുകളില്‍ കുറവ് വരുത്തുന്നത്. പണപ്പെരുപ്പം കുറക്കാനുള്ള നടപടികളുടെ ഭാഗമായാണ് നിരക്ക് കുറച്ചത്.

ഒമാനിലെ ആദ്യ സൗരോര്‍ജ വൈദ്യുതി പദ്ധതി മേയില്‍ പ്രവര്‍ത്തനമാരംഭിക്കും

Posted: 03 Mar 2015 08:01 PM PST

Image: 

മസ്കത്ത്: പുനരുപയോഗിക്കാവുന്ന ഊര്‍ജോല്‍പാദന രംഗത്തെ സുപ്രധാന കുതിച്ചുചാട്ടമായി വാണിജ്യാടിസ്ഥാനത്തിലുള്ള രാജ്യത്തെ ആദ്യ സൗരോര്‍ജ വൈദ്യുതി പദ്ധതി മേയില്‍ പ്രവര്‍ത്തനമാരംഭിക്കും. ദോഫാര്‍ ഗവര്‍ണറേറ്റിലെ അല്‍ മസ്യൂനയിലാണ് പദ്ധതി ആരംഭിക്കുക. 303 കിലോവാട്ടാണ് പദ്ധതിയുടെ ശേഷിയെന്ന് റൂറല്‍ ഏരിയ ഇലക്ട്രിസിറ്റി കമ്പനി സി.ഇ.ഒ ഹമദ് ബിന്‍ സാലിം അല്‍ മഗ്ദാരി മസ്കത്തില്‍ അറിയിച്ചു. അമേരിക്കന്‍ കമ്പനിയായ ആസ്റ്റണ്‍ ഫീല്‍ഡിനും പ്രാദേശിക കമ്പനിയായ മള്‍ട്ടിടെക്കിനുമാണ് പദ്ധതിയുടെ ചുമതല. വൈദ്യുതി വിതരണ ശൃംഖലയുമായി ബന്ധിപ്പിക്കുന്ന ആദ്യ പുനരുപയോഗ ഊര്‍ജ പദ്ധതിയാകും ഇതെന്ന് സി.ഇ.ഒ പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട കരാറില്‍ റായ്കോ 2013 നവംബറിലാണ് ഒപ്പിട്ടത്. പ്ളാന്‍റില്‍ ഉല്‍പാദിപ്പിക്കുന്ന വൈദ്യുതി വാങ്ങുന്നതടക്കം വ്യവസ്ഥകള്‍ ഉള്‍ക്കൊള്ളുന്നതാണ് കരാര്‍. 8,000 സ്ക്വയര്‍ വിസ്തൃതിയുള്ളതാകും സൗരോര്‍ജ പ്ളാന്‍റ്. പി.വി. തിന്‍ ഫിലിംസ്, പോളി ക്രിസ്റ്റലൈന്‍ സാങ്കേതികതകള്‍ അടിസ്ഥാനമാക്കിയുള്ളതാകും പ്ളാന്‍െറന്ന് സി.ഇ.ഒ അറിയിച്ചു.
രാജ്യത്തെ ആദ്യ കാറ്റാടിപ്പാടത്തിന്‍െറ നിര്‍മാണ ജോലികള്‍ ജൂണില്‍ ആരംഭിക്കുമെന്നും ഹമദ് ബിന്‍ സാലിം അറിയിച്ചു. ദോഫാര്‍ വിലായത്തിലെ ഹര്‍വീലില്‍ രണ്ട് ലക്ഷം സ്ക്വയര്‍ മീറ്ററിലായി സ്ഥാപിക്കുന്ന പദ്ധതിയുടെ വൈദ്യുതോല്‍പാദന ശേഷി അമ്പത് മെഗാവാട്ടാണ്. 200 ദശലക്ഷം ഡോളര്‍ ചെലവില്‍ സ്ഥാപിക്കുന്ന പദ്ധതിയുടെ നിര്‍മാണ ചുമതല അബൂദബി ഫ്യൂച്ചര്‍ എനര്‍ജി കമ്പനിക്ക് (മസ്ദര്‍) ആണ്. 2016 ഒടുവില്‍ ഇത് പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷ. ഊര്‍ജോല്‍പാദന രംഗത്ത് സൗരോര്‍ജത്തെയും കാറ്റിനെയും കൂടുതലായി ആശ്രയിക്കുകയാണ് സര്‍ക്കാര്‍ നയമെന്നും സി.ഇ.ഒ പറഞ്ഞു. ഇതുവഴി ഊര്‍ജോല്‍പാദന രംഗത്ത് ഫോസില്‍ ഉല്‍പന്നങ്ങളുടെ ഉപയോഗം പരമാവധി കുറക്കുകയാണ് ലക്ഷ്യം. പുനരുപയോഗിക്കാവുന്ന ഊര്‍ജസ്രോതസ്സുകളിലൂടെ രാജ്യത്തിന് വൈദ്യുതിയുടെ 25 ശതമാനമെങ്കിലും ഉല്‍പാദിപ്പിക്കുകയാണ് ലക്ഷ്യമെന്നും ഹമദ് ബിന്‍ സാലിം കൂട്ടിച്ചേര്‍ത്തു.
നിലവില്‍ പ്രതിദിനം 282 മെഗാവാട്ട് വൈദ്യുതിയും 2.2 മില്യന്‍ ഇംപീരിയല്‍ ഗാലന്‍ ഡീസാലിനേറ്റഡ് വാട്ടറുമാണ് റായ്കോയുടെ ഉല്‍പാദന ശേഷി. ഗ്രാമീണ മേഖലയില്‍ 25,000 ഉപഭോക്താക്കളാണ് കമ്പനിക്കുള്ളത്.

ഇന്ത്യന്‍ തൊഴിലാളികളുടെ കുറഞ്ഞ വേതനം ഇനി 100 ദീനാര്‍

Posted: 03 Mar 2015 07:49 PM PST

Image: 

കുവൈത്ത് സിറ്റി: കുവൈത്തില്‍ ജോലിചെയ്യുന്ന ഇന്ത്യന്‍ തൊഴിലാളികളുടെ കുറഞ്ഞ വേതനം 100 ദീനാറായി ഉയര്‍ത്തിയതായി ഇന്ത്യന്‍ എംബസി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. ഇത്രയും വേതനം നല്‍കുന്ന തൊഴില്‍ കരാര്‍ മാത്രമേ എംബസി വഴി ഇനി അറ്റസ്റ്റ് ചെയ്യൂ.
18ാം നമ്പര്‍ വിസയിലുള്ള സാങ്കേതികവും അല്ലാത്തതുമായ തൊഴിലാളികള്‍ക്കും കാര്‍ഷിക തൊഴിലാളികള്‍ക്കുമെല്ലാം ഇത് ബാധകമാവും. കുവൈത്തിലെ നിയമപ്രകാരം കമ്പനികള്‍ നല്‍കേണ്ട ഭക്ഷണം, താമസം, മറ്റാനുകൂല്യങ്ങള്‍ എന്നിവ ഉള്‍പ്പെടാതെയാണ് കുറഞ്ഞ വേതനമായി 100 ദീനാര്‍ നല്‍കേണ്ടത്. നിലവില്‍ 70-80 ദീനാറാണ് ഇത്തരം തൊഴിലാളികളുടെ കുറഞ്ഞ വേതനം. കുവൈത്തിലെ നിലവിലെ തൊഴില്‍, ജീവിത സാഹചര്യമനുസരിച്ച് ഇത് കുറവാണെന്ന് വ്യക്തമായതിനാലാണ് ഉയര്‍ത്താന്‍ തീരുമാനിച്ചതെന്ന് എംബസി അധികൃതര്‍ വ്യക്തമാക്കി.
ഗാര്‍ഹിക തൊഴിലാളികളുടെ കുറഞ്ഞ വേതനവും അടുത്തിടെ എംബസി ഉയര്‍ത്തിയിരുന്നു. 70 ദീനാറുണ്ടായിരുന്നത് 100 ദീനാറായാണ് ഉയര്‍ത്തിയത്.
 

പ്രഫ. നൈനാന്‍ കോശി അന്തരിച്ചു

Posted: 03 Mar 2015 07:20 PM PST

Image: 

തിരുവനന്തപുരം: പ്രമുഖ നയതന്ത്ര വിദഗ്ധനും രാഷ്ട്രീയ നിരീക്ഷകനുമായ പ്രഫ. നൈനാന്‍ കോശി (81) അന്തരിച്ചു. രാവിലെ ഏഴു മണിയോടെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കടുത്ത ശ്വാസതടസത്തെ തുടര്‍ന്ന് ചൊവ്വാഴ്ചയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മൃതദേഹം തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. സംസ്കാരം രണ്ടു ദിവസം കഴിഞ്ഞ് പാളയം ക്രൈസ്റ്റ് സി.എസ്.ഐ പള്ളിയില്‍.

എഴുത്തുകാരന്‍, ചിന്തകന്‍, സാമൂഹ്യ പ്രവര്‍ത്തകന്‍, വാഗ്മി എന്നീ നിലകളില്‍ പ്രശസ്തനായിരുന്നു. 1999ല്‍ മാവേലിക്കര ലോക്സഭാ മണ്ഡലത്തില്‍ പി.ജെ കുര്യനെതിരെ ഇടതു സ്ഥാനാര്‍ഥിയായി മത്സരിച്ചു.

വേള്‍ഡ് കൗണ്‍സില്‍ ഓഫ് ദ് ചര്‍ച്ചസ് ഓഫ് ഇന്‍റര്‍നാഷണല്‍ അഫേഴ്സിന്‍െറ ഡയറക്ടര്‍, സ്റ്റുഡന്‍റ് ക്രിസ്ത്യന്‍ മൂവ്മെന്‍റ് സെക്രട്ടറി, യു.എസിലെ ഹാര്‍വാര്‍ഡ് ലോ സ്കൂള്‍ ഫെലോ, നാഷണല്‍ ലോ സ്കൂള്‍ ഓഫ് ഇന്ത്യ യൂനിവേഴ്സിറ്റി ഫാക്കല്‍റ്റി അംഗം, കേരള വിദ്യാഭ്യാസ സമിതി ചെയര്‍മാന്‍, കേരള സര്‍വകാലാശാല സെനറ്റ് അംഗം, എ.കെ.പി.സി.ടി.എയുടെ സജീവ അംഗം എന്നീ പദവികള്‍ വഹിച്ചിട്ടുണ്ട്.

ക്രിസ്ത്യന്‍ വിദ്യാര്‍ഥി പ്രസ്ഥാനത്തിലൂടെ സാമൂഹ്യ പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്ന അദ്ദേഹം, വിമോചന ദൈവശാസ്ത്രം എന്ന ചിന്താസരണിയുടെ വക്താവായിരുന്നു. 1934 ഫെബ്രുവരി ഒന്നിന് തിരുവല്ല മുണ്ടിയപ്പള്ളി കാലാപറമ്പില്‍ കെ.വി കോശിയുടെയും മറിയാമ്മയുടെയും മകനായി ജനനം. ചങ്ങനാശേരി എസ്.ബി കോളജില്‍ നിന്നു ബിരുദം നേടി. സൊറപൂര്‍ സര്‍വകലാശാലയില്‍ നിന്നു ദൈവ ശാസ്ത്രത്തില്‍ ഓണററി ഡോക്ടറേറ്റ് നേടി. മനുഷ്യാവകാശങ്ങള്‍, നിരായൂധീകരണം എന്നിവയായിരുന്നു നൈനാന്‍ കോശിയുടെ മറ്റ് ഇഷ്ട മേഖലകള്‍. അന്താരാഷ്ട്ര നയതന്ത്ര വിഷയങ്ങള്‍ സംബന്ധിച്ച ദൃശ്യ മാധ്യമങ്ങളിലെ ചര്‍ച്ചകളില്‍ സ്ഥിരം സാന്നിധ്യമായിരുന്നു.

ആഗ്ര സെന്‍റ് ജോണ്‍ സര്‍വകലാശാലയില്‍ നിന്ന് ഇംഗ്ളീഷ് സാഹിത്യത്തില്‍ ബിരുദാനന്ത ബിരുദം നേടിയ അദ്ദേഹം, കോട്ടയം സി.എം.എസ് കോളജ്, ചങ്ങനാശേരി എസ്.ബി കോളജ്, തിരുവല്ല മാര്‍ത്തോമ കോളജ് എന്നിവടങ്ങളില്‍ അധ്യാപകനായിരുന്നു. മാവേലിക്കര ബിഷപ്പ് മൂര്‍ കോളജില്‍ വൈസ് പ്രിന്‍സിപ്പല്‍ പദവിയിലിരിക്കെ വിരമിച്ചു.

സഭയും രാഷ്ട്രവും, ഗള്‍ഫിനുമേല്‍ യാങ്കിക്കഴുകന്‍, ആണവഭാരതം: വിനാശത്തിന്‍െറ വഴിയില്‍, ആഗോളവത്കരണത്തിന്‍െറ യുഗത്തില്‍, ഭീകരവാദത്തിന്‍െറ പേരില്‍, ദൈവത്തിന് ഫീസ് എത്ര, ശിഥിലീകരിക്കപ്പെട്ട വിദ്യാഭ്യാസം, ചോംസ്കി നൂറ്റാണ്ടിന്‍െറ മനസാക്ഷി, ഭീകരവാദവും നവലോകക്രമവും, പള്ളിയും പാര്‍ട്ടിയും കേരളത്തില്‍, വാര്‍ ഓണ്‍ ടെറര്‍, റി ഓര്‍ഡറിങ് ദ് വേള്‍ഡ് എന്നിവയാണ് പ്രധാന കൃതികള്‍.

കൂട്ടബലാത്സംഗക്കേസിലെ പ്രതിയുടെ അഭിമുഖം: സംപ്രേഷണം വിലക്കി

Posted: 03 Mar 2015 07:19 PM PST

Image: 

ന്യൂഡല്‍ഹി: ഡല്‍ഹി കൂട്ടബലാത്സംഗക്കേസിലെ പ്രതി മുകേഷ് സിങ്ങുമായി ബ്രിട്ടീഷ് ഡോക്യുമെന്‍്ററി നിര്‍മാതാവ് നടത്തിയ അഭിമുഖം സംപ്രേഷണം ചെയ്യുന്നത് കേന്ദ്രസര്‍ക്കാര്‍ വിലക്കി. ബി.ബി.സിക്കുവേണ്ടി തയാറാക്കിയ ഡോക്യൂമെന്‍ററി സംപ്രേക്ഷണം ചെയ്യരുതെന്ന് വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം വാര്‍ത്താ ചാനലുകളോട് ആവശ്യപ്പെട്ടു. അഭിമുഖത്തിനെതിരെ രാജ്യമെങ്ങും പ്രതിഷേധം ശക്തമായ സാഹചര്യത്തിലാണ് കേന്ദ്രസര്‍ക്കാര്‍ നടപടി.

ബി.ബി.സി ചാനലിനായുള്ള ഡോക്യുമെന്‍ററിക്കായാണ് ബ്രിട്ടീഷ് ചലച്ചിത്രകാരി ലെസ്ലി യുഡ്വിന്‍ പ്രതി മുകേഷ്  സിങ്ങുമായി അഭിമുഖം നടത്തിയത്. വിവദത്തിന്‍െറ പശ്ചാത്തലത്തില്‍ തിഹാര്‍ ജയില്‍ ഡയറക്ടര്‍ ജനറലിനെ വിളിച്ചു വരുത്തി കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ്സിങ് വിശദീകരണം തേടി. അഭിമുഖത്തിന് അനുമതി നല്‍കിയപ്പോള്‍ ചട്ടങ്ങള്‍ പാലിച്ചിട്ടുണ്ടോ എന്നും പരിശോധിക്കും.

ഡോക്യുമെന്‍ററിക്കെതിരെ മാധ്യമ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് പ്രഥമവിവര റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നു ഡല്‍ഹി പൊലീസ് കമീഷണര്‍ ബി.എസ്. ബസ്സി വ്യക്തമാക്കിയിരുന്നു.

ബലാത്സംഗത്തിന്‍െറ ഉത്തരവാദി കൊല്ലപ്പെട്ട പെണ്‍കുട്ടിയാണെന്നും അവള്‍ നിശ്ശബ്ദമായി സഹകരിക്കുകയായിരുന്നു വേണ്ടതെന്നുമാണ് പ്രതി പറഞ്ഞത്.

 

സൗദി തൊഴില്‍ പരിശോധന കാമ്പയിന് തുടക്കമായി

Posted: 03 Mar 2015 07:07 PM PST

Image: 

റിയാദ്: സൗദി ആഭ്യന്തര, തൊഴില്‍ മന്ത്രാലയങ്ങള്‍ സംയുക്തമായി നടത്തുന്ന ‘വ്യവസ്ഥാപിതരാവുക’ കാമ്പയിന് തുടക്കമായി. തൊഴില്‍, ഇഖാമ നിയമലംഘനവുമായി ബന്ധപ്പെട്ട ബോധവത്കരണത്തിന് മന്ത്രാലയം വിവിധ മാധ്യമങ്ങള്‍ വഴി പരസ്യം ചെയ്ത് സ്ഥാപനങ്ങളോടും സ്വദേശികളും വിദേശികളുമായ വ്യക്തികളോടും നിയമാനുസൃതമായി മാറാന്‍ അഭ്യര്‍ഥിക്കുകയും ചെയ്തു. വിവിധ നിയമലംഘനത്തിന് നല്‍കുന്ന പിഴയും ശിക്ഷയും മന്ത്രാലയത്തിന്‍െറ ബഹുവര്‍ണ പരസ്യത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.
നുഴഞ്ഞുകയറ്റക്കാരെ ജോലി ചെയ്യിക്കുന്ന സ്ഥാപനത്തിന് 50,000 റിയാല്‍ പിഴയും സ്ഥാപനത്തിന് റിക്രൂട്ടിങ് വിലക്കും ഏര്‍പ്പെടുത്തും. ഇഖാമയോ രേഖകളോ ഇല്ലാത്തവരെയോ സ്പോണ്‍സര്‍ഷിപ്പിലല്ലാത്തവരെയോ ജോലി ചെയ്യിക്കുന്ന സ്ഥാപനത്തിന് 25,000 റിയാല്‍ പിഴയും റിക്രൂട്ടിങ് വിലക്കുമാണ് ശിക്ഷ. ഹജ്ജ്, ഉംറ, വിസിറ്റ് വിസകളില്‍ രാജ്യത്തത്തെിയ തീര്‍ഥാടകര്‍ വിസ കാലാവധി കഴിഞ്ഞിട്ടും തിരിച്ചുപോയിട്ടില്ളെങ്കില്‍ വിവരം നല്‍കാത്ത ഏജന്‍സിക്ക് 25,000 റിയാല്‍ പിഴ ചുമത്തും. കുറ്റം ആവര്‍ത്തിക്കുന്ന സാഹചര്യത്തില്‍ പിഴയും ശിക്ഷയും ഇരട്ടിക്കും. നിയമാനുസൃതമായി രാജ്യത്ത് തങ്ങാന്‍ ഇഖാമയുള്ള വിദേശികള്‍ സ്പോണ്‍സറുടെ കീഴിലല്ലാതെ ജോലി ചെയ്യുകയോ സ്വന്തമായി ബിസിനസ് നടത്തുകയോ ചെയ്താല്‍ 10,000 റിയാല്‍ പിഴ ചുമത്തി നാടുകടത്തും. ഇത്തരത്തില്‍ നാടുകടത്തപ്പെടുന്നവര്‍ക്ക് സൗദിയിലേക്ക് തിരിച്ചുവരുന്നതിന് ചുരുങ്ങിയത് രണ്ട് വര്‍ഷം വിലക്ക് ഏര്‍പ്പെടുത്തും. വിസ കാലാവധി തീര്‍ന്നിട്ടും രാജ്യം വിടാത്തവര്‍ക്ക് 15,000 റിയാല്‍ പിഴ ചുമത്തി നാടുകടത്താനാണ് നിയമം അനുശാസിക്കുന്നത്. നുഴഞ്ഞുകയറ്റക്കാര്‍ പിടിക്കപ്പെട്ടാല്‍ 15,000 റിയാല്‍ പിഴ ചുമത്തി ചുരുങ്ങിയത് ഒരു മാസത്തെ തടവിന് ശേഷം നാടുകടത്തും. നിയമവിരുദ്ധമായി രാജ്യത്ത് കഴിയുന്നവര്‍ക്കും നിയമാനുസൃതമല്ലാതെ തൊഴിലെടുക്കുന്നവര്‍ക്കും താമസം, തൊഴില്‍, വാഹനസൗകര്യം എന്നിവ നല്‍കുന്നതും കുറ്റകരമാണ്. 25,000നും 15,000 നുമിടക്ക് ഇത്തരക്കാര്‍ക്ക് പിഴ ചുമത്തും. അഭയം നല്‍കിയത് വിദേശിയാണെങ്കില്‍ നാടുകടത്തുകയും ചെയ്യും. ഈ ഗണത്തിലും കുറ്റം ആവര്‍ത്തിക്കുന്നവര്‍ക്ക് ശിക്ഷയും പിഴയും ഇരട്ടിയാക്കുമെന്ന് മന്ത്രാലയ വൃത്തങ്ങള്‍ വ്യക്തമാക്കി.

ഹൈകോടതി വിമര്‍ശം: ഉര്‍വശീശാപം ഉപകാരമായെന്ന് സുധീരന്‍ ക്യാമ്പ്

Posted: 03 Mar 2015 06:46 PM PST

Image: 
Subtitle: 
സുധീരനെതിരെ വിമര്‍ശമുണ്ടാകാന്‍ കാരണം നഗരസഭാ നിലപാടിലെ വീഴ്ച

കൊച്ചി: കെ.പി.സി.സി പ്രസിഡന്‍റ് വി.എം. സുധീരനെ കോടതി രൂക്ഷമായി വിമര്‍ശിക്കാന്‍ കാരണം കോണ്‍ഗ്രസ് ഭരിക്കുന്ന മരട് നഗരസഭ നിലപാടിലെ വീഴ്ച. നഗരസഭ ഓഫീസിന് തൊട്ടുള്ള പഞ്ചനക്ഷത്ര ഹോട്ടലായ ക്രൗണ്‍പ്ളാസക്ക് ബാര്‍ ലൈസന്‍സ് നല്‍കുന്നതുമായി ബന്ധപ്പെട്ട സത്യവാങ്മൂലമാണ് വിവാദത്തിനും വിമര്‍ശത്തിനും കാരണമായത്.
കേരളത്തില്‍ ബാര്‍ ലൈസന്‍സ് വിവാദമുണ്ടാകുന്നതിന് ആറുമാസം മുമ്പ്, 2014 ഫെബ്രുവരി 20നാണ് വി.എം. സുധീരന്‍ വിഷയത്തില്‍ പാര്‍ട്ടി നയം വ്യക്തമാക്കി സര്‍ക്കുലര്‍ ഇറക്കിയത്. പൊതുതാല്‍പര്യത്തിന് മുന്‍ഗണന നല്‍കി ഉചിത തീരുമാനം തദ്ദേശ സ്ഥാപനങ്ങള്‍ കൈക്കൊള്ളുമെന്ന പ്രതീക്ഷയിലാണ് മദ്യവില്‍പന ശാലകള്‍ക്ക് അനുവദിക്കുന്നതിനുള്ള അധികാരം സ്ഥാപനങ്ങള്‍ക്ക് നല്‍കിയത്. എന്നാല്‍, ചില സ്ഥാപനങ്ങള്‍  അധികാരം പൊതുതാല്‍പര്യത്തിന് വിരുദ്ധമായി ദുരുപയോഗം ചെയ്യുന്നുവെന്ന് ആക്ഷേപം ഉണ്ടായിട്ടുണ്ട്. ഭരണത്തിലില്ലാത്ത സ്ഥാപനങ്ങളില്‍  ഭരണപക്ഷം ഏകപക്ഷീയമായി മുന്നോട്ടുപോയാല്‍ വിയോജിക്കുകയും  പൊതുജനങ്ങളെ അറിയിക്കുകയും ചെയ്യണം. സര്‍ക്കുലറില്‍ വ്യക്തമാക്കുന്നു.
ഈ സര്‍ക്കുലറാണ്  നഗരസഭ അഭിഭാഷകന്‍ ഹൈകോടതിയില്‍ ഹാജരാക്കിയത്. ഇതിന്‍െറ അടിസ്ഥാനത്തിലാണ് ക്രൗണ്‍പ്ളാസക്ക് ബാര്‍ലൈസന്‍സ് നിഷേധിച്ചത് എന്ന് നഗരസഭ പോലും വാദിക്കാതിരിക്കെയാണ് സര്‍ക്കുലര്‍ കോടതിയില്‍ എത്തിച്ചത്.  ലൈസന്‍സ് നല്‍കാതിരുന്നത് കെ.പി.സി.സി പ്രസിഡന്‍റിന്‍െറ നിര്‍ദേശപ്രകാരമാണെന്ന് കോണ്‍ഗ്രസുകാരനായ നഗരസഭാ അധ്യക്ഷന്‍ ടി.കെ. ദേവരാജന്‍ ഒരിക്കല്‍പോലും പറഞ്ഞിട്ടില്ല. എന്നാല്‍, ഇക്കാര്യം കോടതിയെ ബോധ്യപ്പെടുത്തുന്നതില്‍ നഗരസഭ ശുഷ്കാന്തി കാട്ടിയില്ല.
ബാര്‍ ലൈസന്‍സ് തര്‍ക്കത്തില്‍ കോണ്‍ഗ്രസില്‍ വി.എം. സുധീരന്‍െറ എതിര്‍പക്ഷത്ത് നില്‍ക്കുന്ന എക്സൈസ് മന്ത്രി കെ. ബാബുവിന്‍െറ മണ്ഡലത്തിലാണ് മരട് നഗരസഭ. തദ്ദേശ  സ്ഥാപനങ്ങളിലെ ഭരണമുന്നണികള്‍ക്ക് പാര്‍ട്ടികളുടെ സംസ്ഥാന നേതൃത്വം പാര്‍ട്ടി നിലപാട് സംബന്ധിച്ച് വിശദീകരണവും നിര്‍ദേശവും നല്‍കുന്നത് പതിവാണ്. സുധീരന്‍ വിവാദ സര്‍ക്കുലര്‍ പുറപ്പെടുവിച്ച് നാലുമാസത്തിന് ശേഷമാണ്, കാഞ്ഞങ്ങാട്ടെ ബാറിന് അനുമതി നല്‍കിയതുമായി ബന്ധപ്പെട്ട് കാഞ്ഞങ്ങാട് നഗരസഭയിലെ  അംഗങ്ങള്‍ക്കെതിരെ നടപടിയെടുക്കാന്‍ മുസ്ലിം ലീഗ്  തീരുമാനിച്ചത്. കായംകുളം കുറ്റിത്തെരുവിലെ ബാറിന് അനുമതി നല്‍കിയതുമായി ബന്ധപ്പെട്ട വിവാദത്തിലും അതത് പാര്‍ട്ടികളുടെ സംസ്ഥാന നേതൃത്വം ഇടപെട്ടിരുന്നു. കോടതിപരാമര്‍ശത്തിന്‍െറ ബലത്തില്‍ സുധീരനെ വിമര്‍ശിക്കാന്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്തത്തെിയില്ല എന്നതും ശ്രദ്ധേയമാണ്.
എന്നാല്‍, കോണ്‍ഗ്രസില്‍ ഒരുവിഭാഗം  കോടതി പരാമര്‍ശത്തെ ആഹ്ളാദപൂര്‍വമാണ് സ്വീകരിച്ചത്. പരാമര്‍ശം ഉണ്ടായയുടന്‍ ‘സുധീരന്‍െറമേല്‍ അവസാനത്തെ ആണിയും അടിച്ചു’ എന്നാണ്, ബാര്‍ ലൈസന്‍സ് തര്‍ക്കത്തില്‍ സുധീരനോട് വിയോജിപ്പുള്ള ഒരു കോണ്‍ഗ്രസ് നേതാവ് പ്രതികരിച്ചത്. എന്നാല്‍, ഉര്‍വശീശാപം ഉപകാരമായി എന്ന നിലപാടിലാണ് സുധീരന്‍ അനുകൂലികള്‍. ബാര്‍ ലൈസന്‍സ് വിവാദം വീണ്ടും ചര്‍ച്ചയാവാനും, അടുത്ത സാമ്പത്തിക വര്‍ഷം മുതല്‍ ബാര്‍ലൈസന്‍സ് നല്‍കുന്നത് നിര്‍ത്തിവെക്കാനുള്ള ജനമുന്നേറ്റമുണ്ടാക്കാനും  കോടതി വിമര്‍ശം അവസരമുണ്ടാക്കുമെന്ന പ്രതീക്ഷയാണ് ഈ വിഭാഗത്തിന്.

ഒരു അത്യപൂര്‍വ പരീക്ഷണത്തിന്‍െറ വര്‍ത്തമാനം

Posted: 03 Mar 2015 06:05 PM PST

Image: 

ഇരട്ടസഹോദരങ്ങളായ സ്കോട് കെല്ലിയെയും മാര്‍ക് കെല്ലിയെയും പരിചയപ്പെടാം. അമേരിക്കന്‍ ബഹിരാകാശ ഗവേഷണ ഏജന്‍സിയായ നാസയുടെ ശൂന്യാകാശ യാത്രികരാണിവര്‍. ശൂന്യാകാശയാത്ര നിര്‍വഹിച്ച ഏക സഹോദരങ്ങളും ഇവര്‍തന്നെ. 180 ദിവസം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ ചെലവഴിച്ചിട്ടുണ്ട് സ്കോട്; മാര്‍ക് 80 ദിവസവും. ഈ മാസം അവസാനം സ്കോട് വീണ്ടും ബഹിരാകാശ നിലയത്തിലേക്ക് തിരിക്കുന്നു. ശാസ്ത്രലോകത്തിന്‍െറ കാലങ്ങളായുള്ള ഒരു സ്വപ്നപരീക്ഷണം യാഥാര്‍ഥ്യമാക്കുന്നതിനാണ് ഒരുവര്‍ഷം നീളുന്ന ദൗത്യത്തിന് അദ്ദേഹം ഒരുങ്ങുന്നത്. ഈ പരീക്ഷണത്തില്‍ സ്കോട് ഒറ്റക്കല്ല. കൂടപ്പിറപ്പായ മാര്‍ക്കുമുണ്ട്. അതെങ്ങനെ എന്നു പറയുന്നതിനുമുമ്പ് ആ സ്വപ്ന പരീക്ഷണത്തെക്കുറിച്ച് ചില കാര്യങ്ങള്‍ കുറിക്കാം. സിദ്ധാന്തത്തിന്‍െറ ഉപജ്ഞാതാവ് സാക്ഷാല്‍ ആല്‍ബര്‍ട്ട് ഐന്‍സ്റ്റൈന്‍തന്നെ. 1905ല്‍, അദ്ദേഹം തന്‍െറ ആപേക്ഷിക സിദ്ധാന്തം വിശദീകരിക്കുന്നതിനിടെ അനുബന്ധമെന്നോണം ഒരു പരികല്‍പന അവതരിപ്പിച്ചു: രണ്ട് ആറ്റോമിക് ക്ളോക്കുകളില്‍ ഒരെണ്ണം ഭൂമിയില്‍ സൂക്ഷിക്കുകയും മറ്റേത് കുറച്ചു നാളത്തെ ശൂന്യാകാശ യാത്രക്കുശേഷം തിരിച്ചു കൊണ്ടുവരുകയും ചെയ്താല്‍ അതിലെ സമയം ഭൂമിയില്‍വെച്ച ക്ളോക്കിനെക്കാള്‍ കുറവായിരിക്കും. ആപേക്ഷിക സിദ്ധാന്തത്തിന്‍െറ സ്വാഭാവിക ഫലമാണെന്നാണ് ആദ്യം വിചാരിച്ചത്. എന്നാല്‍, 1911ല്‍ സിദ്ധാന്തം കൂടുതല്‍ വിപുലമാക്കിയപ്പോഴാണ് ഇതിനകത്തൊരു പ്രഹേളികയുണ്ടെന്ന് ബോധ്യപ്പെട്ടത്. ഏറെ കൗതുകകരമായ ഒരു ഉദാഹരണത്തിലൂടെ ഈ പ്രഹേളിക വിശദമാക്കിയത് ഭൗതിക ശാസ്ത്രജ്ഞനായ  പോള്‍ ലാന്‍ഗെവിനാണ്.  ഒരു മനുഷ്യന്‍ ബഹിരാകാശ പേടകത്തില്‍ പ്രകാശത്തോടടുത്ത വേഗതയില്‍ കുറച്ചുകാലം സഞ്ചരിക്കുന്നുവെന്ന് കരുതുക. ഭൂമിയില്‍ തിരിച്ചത്തെുമ്പോള്‍ അയാളുടെ പക്കലുണ്ടായിരുന്ന വാച്ചില്‍ രണ്ടു വര്‍ഷം പിന്നിട്ടതായി വ്യക്തമാക്കുന്നു എന്നു കരുതുക. എന്നാല്‍, ഭൂമിയില്‍ അപ്പോഴേക്കും  200 വര്‍ഷം കടന്നുപോയിട്ടുണ്ടാകും. ഈ വിശദീകരണത്തെ കൂടുതല്‍ ജനപ്രിയമാക്കാന്‍ ഉദാഹരണത്തില്‍ കഥാപാത്രങ്ങളായി യുവാക്കളായ ഇരട്ട സഹോദരന്മാരെ സങ്കല്‍പിച്ചു ചില എഴുത്തുകാര്‍. ഇരട്ടകളില്‍ ഒരാള്‍ ബഹിരാകാശത്തേക്ക് യാത്ര തിരിക്കുന്നു. രണ്ട് വര്‍ഷത്തിനുശേഷം യാത്രികന്‍ തിരിച്ചത്തെുമ്പോഴേക്കും ഇവിടെയുണ്ടായിരുന്നയാള്‍ പടുവൃദ്ധനായിരിക്കും. യാത്ര ചെയ്തയാള്‍ക്ക് കാര്യമായ മാറ്റങ്ങളൊന്നും സംഭവിച്ചിട്ടുമുണ്ടാകില്ല. അങ്ങനെയാണ് ഐന്‍സ്റ്റൈന്‍െറ പ്രഹേളിക ‘ഇരട്ട പ്രഹേളിക’ എന്നറിയപ്പെട്ടു തുടങ്ങിയത്.
ഈ ഇരട്ടപ്രഹേളിക പരീക്ഷണത്തിനാണ് 51കാരായ സ്കോട്ടും മാര്‍ക്കും വിധേയരാകാന്‍ പോകുന്നത്. സ്കോട് ബഹിരാകാശയാത്ര നടത്തി ‘യുവത്വം’ സംരക്ഷിക്കാനൊരുങ്ങുമ്പോള്‍ മാര്‍ക് ഭൂമിയില്‍ മറ്റുചില പരീക്ഷണങ്ങള്‍ക്ക് വിധേയനാകും. എന്തായിരിക്കും ലോകം ഉറ്റു നോക്കുന്ന ഈ പരീക്ഷണത്തിന്‍െറ അനന്തരഫലം. ലാന്‍ ഗെവിനും നമ്മുടെ ജനപ്രിയ ശാസ്ത്രമെഴുത്തുകാരും സ്വപ്നം കണ്ടതുപോലെ സ്കോടും മാര്‍ക്കും തമ്മില്‍ ഈ പരീക്ഷണത്തിനൊടുവില്‍ കാര്യമായ പ്രായവ്യത്യാസമുണ്ടാകുമോ? തിയറി അനുസരിച്ച് സ്കോട് തിരിച്ചുവരുമ്പോഴേക്കും മാര്‍ക് കിളവനായിട്ടുണ്ടാകണം. എന്നാല്‍, ഇവിടെ അത്തരം അദ്ഭുതങ്ങളൊന്നും പ്രതീക്ഷിക്കേണ്ടതില്ല. അങ്ങനെ സംഭവിക്കണമെങ്കില്‍ പ്രകാശവേഗത്തില്‍ സഞ്ചരിക്കണം (സെക്കന്‍ഡില്‍ മൂന്ന് ലക്ഷം കിലോമീറ്റര്‍). നമ്മുടെ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിന്‍െറ (ഐ.എസ്.എസ്) വേഗം മണിക്കൂറില്‍ എകദേശം 25,500 കിലോമീറ്റര്‍ മാത്രമാണ് സഞ്ചരിക്കുക. ഈ വേഗത്തില്‍ സഞ്ചരിച്ച് 2016 മാര്‍ച്ചില്‍ സ്കോട് തിരിച്ചത്തെുമ്പോള്‍ മാര്‍ക്കുമായി കേവലം മൂന്ന് മില്ലി സെക്കന്‍ഡിന്‍െറ വ്യത്യാസമാണുണ്ടാകുക. ജന്മംകൊണ്ട് ഈ സ്വരൂപ ഇരട്ടകള്‍ തമ്മില്‍ ആറ് മിനിറ്റിന്‍െറ വ്യത്യാസമുണ്ടെന്നത് വേറെ കാര്യം. ഇങ്ങനെ നോക്കുമ്പോള്‍ പരീക്ഷണം ഒരു പരാജയമാണെന്ന് തോന്നാമെങ്കിലും ഭൗതികശാസ്ത്രത്തെ സംബന്ധിച്ച് ഈ മൂന്ന് മില്ലി സെക്കന്‍ഡും വളരെ പ്രധാനമാണ്.
ഗുരുത്വ രഹിതമായ (സീറോ ഗ്രാവിറ്റി) അവസ്ഥ, വികിരണ തോതിലുള്ള ഉയര്‍ച്ച തുടങ്ങിയ സന്ദര്‍ഭങ്ങളില്‍ ഒരാളുടെ ജൈവികമായ പ്രതികരണങ്ങള്‍ മനസ്സിലാക്കാനും മറ്റും ഈ പരീക്ഷണത്തിലൂടെ സാധിക്കും. മുമ്പ് ഇത് സാധിച്ചിരുന്നെങ്കിലും സമാനമായ അവസ്ഥയിലുള്ള മറ്റൊരാള്‍ ഭൂമിയിലുണ്ടാകുമ്പോള്‍ ഇവിടെ താരതമ്യ പഠനത്തിനുകൂടിയുള്ള ഒരു സാധ്യത നിലനില്‍ക്കുന്നുണ്ട്. മറ്റൊരര്‍ഥത്തില്‍, തീര്‍ത്തും വ്യത്യസ്തമായ സാഹചര്യത്തില്‍ ഒരേ ജനിതക രൂപരേഖയുള്ള ആളുകള്‍ എങ്ങനെ പ്രതികരിക്കുന്നുവെന്നറിയാന്‍ ഇതിലൂടെ കഴിയുന്നുണ്ട്. ഭൂമിയിലേതില്‍നിന്ന് വ്യത്യസ്തമായി ശൂന്യാകാശത്ത് ഒരാളുടെ ഒര്‍മശക്തിയില്‍ സംഭവിക്കുന്ന വ്യതിയാനം, യാത്രാസമയത്തെ രക്തചംക്രമണ സംവിധാനത്തിന്‍െറ പ്രവര്‍ത്തനം, ഡി.എന്‍.എ, ആര്‍.എന്‍.എ ഘടകങ്ങളില്‍ സംഭവിക്കുന്ന മാറ്റം, പ്രതിരോധ ശേഷിയിലെ വ്യതിയാനം തുടങ്ങി ഒട്ടേറെ പുതിയ വിവരങ്ങളും ഈ ഒരു വര്‍ഷത്തിനിടെ സ്കോടിലൂടെ നിരീക്ഷിക്കപ്പെടും.
പ്രായമാകല്‍ (ageing) ഒരു ജൈവികമായ പ്രക്രിയകൂടിയാണല്ളൊ. ഇരട്ടപ്രഹേളികയില്‍ അത് സമയത്തിന്‍െറ മാത്രം കാര്യവുമാണ്. എന്നാല്‍, നടക്കാനിരിക്കുന്ന പരീക്ഷണത്തില്‍ ഇവ രണ്ടും അന്വേഷിക്കപ്പെടും. ശൂന്യാകാശയാത്ര എവ്വിധമായിരിക്കും പ്രായമാകല്‍ എന്ന പ്രക്രിയയെ സ്വാധീനിക്കുക? നമ്മുടെ അന്നനാളത്തില്‍ കോടിക്കണക്കിന് ബാക്ടീരിയകളുണ്ട്. അവയില്‍ നമുക്ക് ഉപകാരമുള്ളതും അല്ലാത്തവയുമുണ്ട്. ശൂന്യകാശത്തുവെച്ച് സ്കോടിന്‍െറ വയറ്റിലുള്ള ബാക്ടീരിയകളുടെ സാമ്പ്ളുകള്‍ ശേഖരിക്കും. ശൂന്യാകാശത്ത് ഇവ എങ്ങനെ പ്രവര്‍ത്തിക്കുന്നുവെന്നതും നിരീക്ഷിക്കും. ഭാവിയില്‍ ബഹിരാകാശ യാത്രികരുടെ ഭക്ഷണക്രമം സംബന്ധിച്ച പുതിയ ആശയത്തിന് രൂപംനല്‍കാന്‍ ഇതിലൂടെ സാധിക്കും. ഇപ്പോള്‍തന്നെ, പല ഗഗനചാരികള്‍ക്കും അവരുടെ യാത്രക്കുശേഷം ശാരീരികമായി പല പ്രശ്നങ്ങളുമുള്ളതായി കണ്ടത്തെിയിട്ടുണ്ട്. ഇവയുടെയെല്ലാം കാരണങ്ങള്‍ സ്കോടിനെവെച്ച് നടത്തുന്ന പരീക്ഷണങ്ങളിലൂടെ വെളിപ്പെടുമെന്നുതന്നെ പ്രതീക്ഷിക്കണം. ശൂന്യാകാശത്ത് സ്കോട് എന്തെല്ലാം പരീക്ഷണത്തിന് വിധേയമാകുന്നുവോ, അതിന്‍െറയെല്ലാം പ്രതിബിംബ പരീക്ഷണത്തിന് ഭൂമിയില്‍ മാര്‍ക്കും തയാറാകും.  ഒരേ പരീക്ഷണം, ഒരേ സമയം ഭൂമിയിലും ആകാശത്തുംവെച്ച് നടത്തുന്നുവെന്ന അപൂര്‍വതയും ഇതിനുണ്ട്.
സ്കോടിനെ സംബന്ധിച്ച് ഈ യാത്ര തിരിച്ചുവരവിന്‍േറതു കൂടിയാണ്. 2010 നവംബറിലായിരുന്നു അദ്ദേഹം അവസാനമായി ബഹിരാകാശ നിലയത്തേക്ക് യാത്രതിരിച്ചത്. 44 ദിവസം അവിടെ ചെലവഴിച്ചു. ഇതിനിടയിലാണ് മാര്‍ക്കിന്‍െറ ഭാര്യ ഗബ്രിയേല ഗിഫോര്‍ഡ്സിനുനേരെ വധശ്രമമുണ്ടായത്. അരിസോണയില്‍ ആറുപേര്‍ കൊല്ലപ്പെട്ട വെടിവെപ്പില്‍ ഗിഫോര്‍ഡ്സ് തലനാരിഴക്ക് രക്ഷപ്പെടുകയായിരുന്നു. ഈ സംഭവം ബഹിരാകാശ നിലയത്തില്‍വെച്ചാണ് സ്കോട് അറിയുന്നത്. ഭൂമിയില്‍ തിരിച്ചത്തെിയ സ്കോട്, യാത്ര മതിയാക്കുകയായിരുന്നു. പിന്നീട് ചില്ലറ ഗവേഷണങ്ങളുമൊക്കെയായി കഴിയുകയായിരുന്നു അദ്ദേഹം. ഗീഫോര്‍ഡ്സ് അപകടത്തില്‍പെട്ടതിനുശേഷം മാര്‍ക് ഒരിക്കല്‍ക്കൂടി ബഹിരാകാശത്തത്തെി. വിഖ്യാതമായ എന്‍ഡവര്‍ ദൗത്യത്തിന്‍െറ കമാന്‍ഡറായിട്ടായിരുന്നു അത്.
‘സമീപ ഭാവിയില്‍ മനുഷ്യന്‍ ചൊവ്വയില്‍ കോളനി സ്ഥാപിക്കാനിരിക്കയാണ്. മാസങ്ങളോളം ശൂന്യാകാശത്തുകൂടി യാത്രചെയ്തുവേണം അവിടെയത്തൊന്‍. അതുകൊണ്ടുതന്നെ ശൂന്യാകാശത്ത് നമ്മുടെ ജീവിതം എങ്ങനെയായിരിക്കണമെന്ന് കൃത്യമായി അറിഞ്ഞിരിക്കേണ്ടതുണ്ട്. ആ യാത്രക്കുവേണ്ടി സാധ്യമായ മുഴുവന്‍ വിവരങ്ങളും ശേഖരിക്കുകയാണ് ഈ പരീക്ഷണത്തിന്‍െറ ലക്ഷ്യം’-അടുത്തിടെ ഒരു അഭിമുഖത്തില്‍ മാര്‍ക് കെല്ലി തന്‍െറ സഹോദരന്‍െറ യാത്രയെക്കുറിച്ച് പറഞ്ഞത് ഇങ്ങനെയായിരുന്നു. ഈ പരീക്ഷണം ശാസ്ത്രലോകത്തിന് മുതല്‍ക്കൂട്ടാവുമെന്നതില്‍ മാര്‍ക്കിന് ഒട്ടും സംശയമില്ല.
എന്നാല്‍, പരീക്ഷണയാത്രയില്‍ കാര്യമായൊന്നും പ്രതീക്ഷിക്കേണ്ടതില്ളെന്ന് കരുതുന്നവരുമുണ്ട്. ഒരു ജോടി ഇരട്ടകളെ മാത്രം വെച്ചുള്ള പരീക്ഷണം എങ്ങനെ വിജയിക്കുമെന്നാണ് ഇവര്‍ ചോദിക്കുന്നത്. ജനിതക രൂപരേഖ ഒന്നുതന്നെയാണെങ്കിലും 50ലധികം വര്‍ഷം ജീവിച്ച ഇരുവര്‍ക്കും ഒരുപാട് മാറ്റങ്ങള്‍ സംഭവിച്ചിരിക്കുന്നു. ഈ മാറ്റങ്ങള്‍ പരീക്ഷണത്തേയും ബാധിക്കുമെന്ന് ഇക്കൂട്ടര്‍ വാദിക്കുന്നു. ഫലം എന്തുതന്നെയായാലും നൂറ്റാണ്ടു പിന്നിട്ട ഒരു ശാസ്ത്ര പ്രഹേളികയുടെ രഹസ്യം തേടിയുള്ള ഈ യാത്ര ശാസ്ത്രചരിത്രത്തില്‍ നിര്‍ണായക സംഭവം തന്നെയായിരിക്കുമെന്നതില്‍ സംശയമില്ല.

ദി ഒബ്സര്‍വര്‍ മാഗസിന്‍െറ ശാസ്ത്രകാര്യലേഖകനാണ് റോബിന്‍ മെക് കി

കെ.പി.സി.സി പ്രസിഡന്‍റും ജുഡീഷ്യറിയും

Posted: 03 Mar 2015 05:52 PM PST

Image: 

കൊച്ചി മരട് നഗരസഭ പരിധിയില്‍പെട്ട കുണ്ടന്നൂരിലെ പഞ്ചനക്ഷത്ര ഹോട്ടലായ ക്രൗണ്‍ പ്ളാസക്ക് ബാര്‍ ലൈസന്‍സ് അനുവദിക്കുന്നതുമായി ബന്ധപ്പെട്ട ഹരജികള്‍ തീര്‍പ്പാക്കവെ കേരള ഹൈകോടതിയുടെ ഡിവിഷന്‍ ബെഞ്ച് കെ.പി.സി.സി പ്രസിഡന്‍റ് വി.എം. സുധീരന് നേരെ നടത്തിയ രൂക്ഷവിമര്‍ശം വിവാദങ്ങള്‍ക്ക് വഴിമരുന്നിട്ടത് സ്വാഭാവികമാണ്. മരട് നഗരസഭ പ്രസ്തുത ഹോട്ടലിന് എന്‍.ഒ.സി നല്‍കാന്‍ വിസമ്മതിച്ചത് കെ.പി.സി.സി പ്രസിഡന്‍റിന്‍െറ സര്‍ക്കുലര്‍ പ്രകാരമാണെന്ന വിലയിരുത്തലിന്‍െറ അടിസ്ഥാനത്തിലാണ് കോടതിയുടെ വിമര്‍ശം. കോണ്‍ഗ്രസ് ഭരിക്കുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ പുതിയ ബാറുകള്‍ക്ക് എന്‍.ഒ.സി നല്‍കരുതെന്നാവശ്യപ്പെടുന്ന കെ.പി.സി.സി പ്രസിഡന്‍റിന്‍െറ സര്‍ക്കുലര്‍ ഭരണഘടനക്ക് വിധേയമാകാത്ത ബാഹ്യശക്തിയുടെ ഇടപെടലാണെന്നാണ് കോടതിയുടെ നിരീക്ഷണം. രാഷ്ട്രീയ മേലാളന്മാരുടെ ഇത്തരം ആജ്ഞകള്‍ നിയമത്തിലുള്ള കൈകടത്തലാണെന്ന് ചൂണ്ടിക്കാട്ടിയ കോടതി, അത് പാലിക്കാന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കൊരു ബാധ്യതയുമില്ളെന്നും ഓര്‍മിപ്പിച്ചിരിക്കുന്നു. രണ്ടാഴ്ചക്കകം ക്രൗണ്‍ പ്ളാസ ഹോട്ടലിന് എന്‍.ഒ.സി നല്‍കണമെന്ന് കോടതി ഉത്തരവിട്ടിട്ടുമുണ്ട്. എന്നാല്‍, കാര്യങ്ങള്‍ ശരിയായി മനസ്സിലാക്കാതെയാണ് കോടതിയുടെ വിമര്‍ശമെന്നാണ് കെ.പി.സി.സി പ്രസിഡന്‍റ് സുധീരന്‍ ഇതിനോട് പ്രതികരിച്ചിരിക്കുന്നത്. കോടതിയുടെ പരാമര്‍ശങ്ങളോട് ശക്തമായി വിയോജിച്ച അദ്ദേഹം ഉത്തരവാദപ്പെട്ട പാര്‍ട്ടിയുടെ അധ്യക്ഷനെന്ന നിലയില്‍ ഇത്തരം നിര്‍ദേശങ്ങള്‍ ഇനിയും അണികള്‍ക്കും ജനപ്രതിനിധികള്‍ക്കും നല്‍കുമെന്നുകൂടി വ്യക്തമാക്കിയിട്ടുണ്ട്.
ഒരുവശത്ത് ജുഡീഷ്യറിയുടെ അധികാരങ്ങള്‍ രാഷ്ട്രീയ പാര്‍ട്ടികളും നേതാക്കളും മാനിക്കാതെ അതിനെ അവഹേളിക്കുകയും കോടതിയലക്ഷ്യക്കുറ്റം ക്ഷണിച്ചുവരുത്തുന്ന രീതിയില്‍ പെരുമാറുകയും ചെയ്യുന്നുവെന്നതാണ് പരാതിയെങ്കില്‍, മറുവശത്ത് കോടതികള്‍ രാഷ്ട്രീയ പാര്‍ട്ടികളുടെയും സര്‍ക്കാറുകളുടെയും ജനാധിപത്യപരമായ പ്രവര്‍ത്തനങ്ങളില്‍ അനര്‍ഹമായി ഇടപെടുന്നുവെന്ന ആരോപണത്തിന് വഴിവെച്ചിരിക്കുകയാണ് കേരള ഹൈകോടതി ബെഞ്ചിന്‍െറ നടേ ഉദ്ധരിച്ച പരാമര്‍ശങ്ങള്‍. തെരുവോരങ്ങളില്‍ റാലികളും പൊതുപരിപാടികളും വിലക്കുന്ന കേരള ഹൈകോടതി വിധിയെ വിമര്‍ശിക്കെ, ജഡ്ജിമാരെക്കുറിച്ച് മോശമായ പരാമര്‍ശങ്ങള്‍ നടത്തി എന്നതിന്‍െറ പേരിലാണ് സി.പി.എം നേതാവ് എം.വി. ജയരാജന്‍ നാലാഴ്ച ജയില്‍ശിക്ഷ അനുഭവിക്കേണ്ടിവന്നത്. അദ്ദേഹത്തിന്‍െറ പരാമര്‍ശങ്ങള്‍ ജുഡീഷ്യറിയെക്കുറിച്ച് അവമതിയുണ്ടാക്കി എന്ന ഹൈകോടതിയുടെ വിധി സുപ്രീംകോടതി ശരിവെക്കുകയായിരുന്നു. അതേയവസരത്തില്‍, കേരളത്തിലെ മുഖ്യഭരണകക്ഷിയുടെ തീരുമാനപ്രകാരം അതിന്‍െറ പ്രസിഡന്‍റ് അണികള്‍ക്ക് നല്‍കിയ നിര്‍ദേശത്തെ നിയമവാഴ്ചയിലുള്ള കൈകടത്തലായും ഭരണഘടനാ വിധേയമല്ലാത്ത ഇടപെടലായും കുറ്റപ്പെടുത്തിയ ഹൈകോടതി ബെഞ്ചിന്‍െറ നടപടി എത്രത്തോളം ഭരണഘടനാപരമാണ്, ജനാധിപത്യപരമാണ് എന്ന ചോദ്യങ്ങള്‍ ന്യായമായും ഉയരുന്നുണ്ട്. ഇന്ത്യന്‍ ഭരണഘടനയുടെ മാര്‍ഗദര്‍ശകതത്ത്വങ്ങളില്‍ ഇപ്പോഴും മാറ്റമില്ലാതെ തുടരുന്ന ഖണ്ഡികയാണ് മദ്യനിരോധം. അത് നടപ്പാക്കാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ ബാധ്യസ്ഥവുമാണ്. അതുപ്രകാരമാണ് കേരളത്തിലെ യു.ഡി.എഫ് സര്‍ക്കാര്‍ സംസ്ഥാനത്ത് ഘട്ടംഘട്ടമായി മദ്യനിരോധം ഏര്‍പ്പെടുത്താനുള്ള തെരഞ്ഞെടുപ്പ് വാഗ്ദാനം നടപ്പാക്കാന്‍ നടപടികള്‍ സ്വീകരിക്കുന്നതായി പ്രഖ്യാപിച്ചത്. ആ പ്രഖ്യാപനം ആത്മാര്‍ഥമായും പ്രതിബദ്ധതയോടെയും സര്‍ക്കാര്‍ നടപ്പാക്കുന്നില്ളെന്നും മദ്യക്കച്ചവടക്കാരുടെ താല്‍പര്യങ്ങള്‍ക്ക് പ്രഥമ പരിഗണന നല്‍കുന്നുവെന്നുമാണ് ജനങ്ങളുടെ ഭാഗത്തുനിന്നുള്ള പരാതി. എന്നാല്‍, വി.എം. സുധീരന്‍ കെ.പി.സി.സി പ്രസിഡന്‍റായി ചുമതലയേറ്റശേഷം മദ്യനിരോധ നടപടികള്‍ കാര്യക്ഷമമായി നടപ്പാക്കാന്‍ സര്‍ക്കാറിനെ പ്രേരിപ്പിച്ചുതുടങ്ങി എന്നെല്ലാവര്‍ക്കുമറിയാം. ഇതിനേറ്റവും പ്രയോജനകരമാണ് ബാര്‍/വിദേശമദ്യ വില്‍പനശാലകള്‍ക്ക് എന്‍.ഒ.സി നല്‍കാന്‍ തദ്ദേശസ്ഥാപനങ്ങളെ അധികാരപ്പെടുത്തുന്ന മുനിസിപ്പാലിറ്റി നിയമത്തിലെ 447(7) വകുപ്പ്. ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട പഞ്ചായത്തുകള്‍ക്കും നഗരസഭകള്‍ക്കും ഏകകണ്ഠമായോ ഭൂരിപക്ഷാഭിപ്രായ പ്രകാരമോ ബാറുകള്‍ക്ക് എന്‍.ഒ.സി നല്‍കുകയോ നിഷേധിക്കുകയോ ചെയ്യാം എന്നാണ് നേര്‍ക്കുനേരെ ഇതിനര്‍ഥം. മദ്യവര്‍ജനം ജീവിത ദൗത്യമായി കരുതിയ മഹാത്മാ ഗാന്ധിയെ രാഷ്ട്രപിതാവായി അംഗീകരിക്കുന്ന കോണ്‍ഗ്രസ് പാര്‍ട്ടിക്ക് ഭരണഘടനയിലെ ഒരു മാര്‍ഗദര്‍ശകതത്ത്വം സാധ്യമായ വിധത്തില്‍ നടപ്പാക്കണമെന്ന് നിഷ്കര്‍ഷിക്കാനും തദ്വിഷയകമായി ജനപ്രതിനിധികളായ സ്വന്തം അംഗങ്ങളെ ബോധവത്കരിക്കാനും പാടില്ളേ എന്നതാണ് ഈയവസരത്തില്‍ പ്രസക്തമായ ചോദ്യം. ഒരു സര്‍ക്കുലറിലൂടെ അപ്രകാരം ചെയ്തതിനപ്പുറം നിയമവാഴ്ചയെ ധിക്കരിക്കാനോ കോടതിയുടെ ഏതെങ്കിലും ഉത്തരവിനെ ചോദ്യം ചെയ്യാനോ അഥവാ കോടതിവിധിയെ മറികടക്കാനോ കെ.പി.സി.സി പ്രസിഡന്‍റ് സുധീരന്‍ മുതിര്‍ന്നിട്ടുണ്ടെന്ന് ധരിക്കാവുന്ന സാഹചര്യമില്ല. അതുകൊണ്ടുതന്നെ താനിനിയും ഇത്തരം നിര്‍ദേശങ്ങള്‍ അണികള്‍ക്ക് നല്‍കുകതന്നെ ചെയ്യുമെന്ന അദ്ദേഹത്തിന്‍െറ അഭിപ്രായം ജുഡീഷ്യറിയുടെ നേരെ ഉയര്‍ത്തിയ വെല്ലുവിളിയായി കാണേണ്ടതുമില്ല. കേരളത്തിന്‍െറ മഹാശാപമായ മദ്യത്തിന്‍െറയും ലഹരി സാധനങ്ങളുടെയും വ്യാപനത്തിന് തടയിടാനുള്ള യത്നങ്ങളില്‍ സഹകരണാത്മകമായ സമീപനമാണ് ബഹുമാനപ്പെട്ട ജുഡീഷ്യറിയില്‍നിന്ന് ജനങ്ങള്‍ പ്രതീക്ഷിക്കുന്നത്.

വിഴിഞ്ഞം, മെട്രോ, ആറന്മുള : കോര്‍പറേറ്റുകള്‍ക്കു വേണ്ടി കേന്ദ്ര–സംസ്ഥാന ഒത്തുകളി

Posted: 03 Mar 2015 05:50 PM PST

Image: 
Subtitle: 
മോദിസര്‍ക്കാറിന്‍െറ താല്‍പര്യത്തിന് അനുസരിച്ച് തീരുമാനമെടുക്കാന്‍ ഉമ്മന്‍ ചാണ്ടി സര്‍ക്കാറിന്‍െറ പച്ചക്കൊടി

ന്യൂഡല്‍ഹി: വിഴിഞ്ഞം തുറമുഖം, കൊച്ചി മെട്രോ കോച്ച് നിര്‍മാണം, ആറന്മുള വിമാനത്താവളം എന്നിവയുടെ കാര്യത്തില്‍ രാഷ്ട്രീയ ചേരിതിരിവുകള്‍ മാറ്റിവെച്ച് കേന്ദ്ര-കേരള സര്‍ക്കാറുകള്‍ തമ്മില്‍ കോര്‍പറേറ്റുകള്‍ക്കു വേണ്ടി ഒത്തുകളിക്കുന്നു.
മൂന്നു പദ്ധതികളിലും മോദിസര്‍ക്കാറിന്‍െറ താല്‍പര്യത്തിന് അനുസൃതമായി തീരുമാനമെടുക്കുന്നതിന് ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ പച്ചക്കൊടി കാണിച്ചു.  പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഉറ്റസുഹൃത്തായ ഗൗതം അദാനിക്ക് വിഴിഞ്ഞം തുറമുഖ പദ്ധതി നിര്‍മാണക്കരാര്‍ ലഭിച്ചേക്കും. ആന്ധ്രപ്രദേശുകാരനായ നഗരവികസന മന്ത്രി വെങ്കയ്യ നായിഡുവിന്‍െറ ലോക്സഭാ മണ്ഡലത്തിലുള്ള ഫ്രഞ്ച് സ്ഥാപനമായ ആല്‍സ്റ്റം കോര്‍പറേഷന് കൊച്ചി മെട്രോ റോളിങ് സ്റ്റോക് നിര്‍മാണച്ചുമതല ലഭിച്ചു. റിലയന്‍സ് താല്‍പര്യമുള്ള ആറന്മുള വിമാനത്താവള പദ്ധതി കേന്ദ്രസര്‍ക്കാറിന് താല്‍പര്യമുണ്ടെങ്കില്‍ മുന്നോട്ടു നീക്കാമെന്നും കേരള സര്‍ക്കാര്‍ വ്യക്തമാക്കി.  മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, ഷിപ്പിങ് വകുപ്പിന്‍െറ ചുമതലയുള്ള മന്ത്രി കെ. ബാബു, ചീഫ് സെക്രട്ടറി ജിജി തോംസണ്‍ എന്നിവരുടെ നേതൃത്വത്തില്‍ ഡല്‍ഹിയിലത്തെിയ സംഘം മോദിസര്‍ക്കാറിന്‍െറ കോര്‍പറേറ്റ് താല്‍പര്യങ്ങള്‍ക്ക് അനുസൃതമായ ധാരണ രൂപപ്പെടുത്തിയാണ് നാട്ടിലേക്ക് മടങ്ങിയത്.  വിഴിഞ്ഞം തുറമുഖ നിര്‍മാണത്തിന് അദാനി ഗ്രൂപ്, എസ്സാര്‍ ഗ്രൂപ്, ശ്രേയി-ഒ.എച്ച.്എല്‍ ഗ്രൂപ് എന്നിവയാണ് താല്‍പര്യം പ്രകടിപ്പിച്ചിട്ടുള്ളത്. അദാനിക്ക് ഇതിനകം മുന്‍തൂക്കം ലഭിച്ചു കഴിഞ്ഞിട്ടുണ്ട്.
ഈ മാസം ഒമ്പതിന് മുംബൈയില്‍ മൂന്നു കമ്പനികളുമായും പ്രീ-ബിഡ് ചര്‍ച്ച നടത്താന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും ഷിപ്പിങ് മന്ത്രി നിതിന്‍ ഗഡ്കരിയുമായി നടന്ന ചര്‍ച്ചയില്‍ തീരുമാനമായി. ഭൂമി അടക്കം 8,000 കോടിയില്‍പരം രൂപയുടെ നിക്ഷേപം വരുന്ന പദ്ധതിക്ക് കരാര്‍ കിട്ടുന്ന കമ്പനി മുടക്കേണ്ടി വരുന്നത് 2500 കോടിയോളം മാത്രമാണ്.  വിഴിഞ്ഞം തുറമുഖത്തേക്ക് റെയില്‍പാത നിര്‍മിക്കാനുള്ള താല്‍പര്യം കേന്ദ്രം സ്വമേധയാ പ്രകടിപ്പിച്ചിട്ടുണ്ട്. എട്ടു കിലോമീറ്റര്‍ വരുന്ന പാതയാണിത്. ഇത്തരമൊരു ആവശ്യം മുന്നോട്ടുവെക്കാതെ തന്നെ, പാത കേന്ദ്രം നിര്‍മിക്കാമെന്ന് നിതിന്‍ ഗഡ്കരി അറിയിക്കുകയായിരുന്നു. കേന്ദ്രസര്‍ക്കാറിലുള്ളവര്‍ക്ക് വിഴിഞ്ഞം പദ്ധതിയിലുള്ള താല്‍പര്യം വ്യക്തമാക്കുന്ന മറ്റൊരു ചുവടാണിത്. കബോട്ടാഷ് നിയമത്തില്‍ ആവശ്യമായ ഇളവ് നല്‍കുമെന്ന ഉറപ്പും മോദിസര്‍ക്കാര്‍ നല്‍കിയിട്ടുണ്ട്.  
കൊച്ചി മെട്രോക്ക് വേണ്ടി റോളിങ് സ്റ്റോക് നിര്‍മിക്കുന്നതിന് വെങ്കയ്യ നായിഡുവിന്‍െറ മണ്ഡലത്തിലെ നെല്ലൂര്‍ ശ്രീസിറ്റി പ്രത്യേക സാമ്പത്തിക മേഖലയിലുള്ള ഫ്രഞ്ച് കമ്പനിയുമായി കരാറായിക്കഴിഞ്ഞു. കോച്ച് നിര്‍മാണത്തിന് ഈ മാസം 21ന് മന്ത്രി വെങ്കയ്യ നായിഡു തന്നെയാണ് തുടക്കം കുറിക്കുന്നത്. മെട്രോ ചുമതലയുള്ള മന്ത്രി ആര്യാടന്‍ മുഹമ്മദ് ചടങ്ങില്‍ പങ്കെടുക്കാന്‍ അന്ന് നെല്ലൂരിലെത്തും. മോദിസര്‍ക്കാറിന്‍െറ ‘ഇന്ത്യയില്‍ നിര്‍മിക്കാം’ പദ്ധതിയുടെകൂടി ഭാഗമാക്കിയിട്ടുണ്ട് ഈ നിര്‍മാണം.  ആറന്മുള വിമാനത്താവളത്തിന് കേരളത്തില്‍ ബി.ജെ.പിയും ആര്‍.എസ്.എസും എതിരായിരുന്നു. എന്നാല്‍, ഈ പദ്ധതിയെക്കുറിച്ച് ഇക്കഴിഞ്ഞ ദിവസം പാര്‍ലമെന്‍റില്‍വെച്ച സാമ്പത്തിക സര്‍വേ പരാമര്‍ശിക്കുന്നുണ്ട്. കേന്ദ്രം പദ്ധതിക്ക് അനുമതി നല്‍കി മുന്നോട്ടുനീങ്ങിയാല്‍ കേരള സര്‍ക്കാര്‍ അനുകൂലമായിരിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി വാര്‍ത്താലേഖകരോട് പറഞ്ഞു. കഴിഞ്ഞ സര്‍ക്കാറിന്‍െറ കാലത്തു കൊടുത്ത അനുമതി പിന്‍വലിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

കവിതക്ക് കാരണമായ കോളനിയില്‍ കാലം വരുത്തിയത് വിസ്മയകരമായ മാറ്റങ്ങള്‍

Posted: 03 Mar 2015 12:11 PM PST

Image: 
Subtitle: 
90 വര്‍ഷം മുമ്പ് സഹോദരന്‍ അയ്യപ്പന്‍െറ 'പുലക്കോളനി' എന്ന കവിതക്ക് പ്രചോദനമായ വി.ആര്‍ പുരം പുലയകോളനി വികസനം അതിന്‍െറ ഗുണഭോക്താക്കളെ അന്യവത്കരിക്കുന്നതിന്‍െറ നേര്‍ക്കാഴ്ചയാകുന്നു

ചാലക്കുടി: പുലയ സമുദായം അനുഭവിക്കുന്ന ചൂഷണവും ദാരിദ്ര്യവും കണ്ട് മനംനൊന്ത് സാമൂഹിക പരിഷ്കര്‍ത്താവായിരുന്ന സഹോദരന്‍ അയ്യപ്പന് 90 വര്‍ഷം മുമ്പ് ‘പുലക്കോളനി’ എന്ന കവിത എഴുതാന്‍ പ്രചോദനമായ ചാലക്കുടിയിലെ വിജയരാഘവപുരം പുലയകോളനിയില്‍ കാലംവരുത്തിയത് വിസ്മയകരമായ മാറ്റങ്ങള്‍. 90 വര്‍ഷം കൊണ്ട് ഉണ്ടാകാവുന്നതും ഉണ്ടാകേണ്ടതുമായ മാറ്റങ്ങളാണ് സംഭവിച്ചതെങ്കിലും അടിസ്ഥാനവര്‍ഗം സമൂഹത്തില്‍നിന്ന് അന്യവത്കരിക്കപ്പെടുന്നതിന്‍െറയും ക്രമേണ ഇല്ലാതാവുന്നതിന്‍െറയും നേര്‍ക്കാഴ്ചയായി നില്‍ക്കുകയാണിവിടം. വികസനം ഒരു സമൂഹത്തെ പുരോഗമനത്തിലേക്ക് കൈ പിടിച്ച് ഉയര്‍ത്തുകയല്ല, അപ്രത്യക്ഷമാക്കുകയാണ് ചെയ്യുന്നതെന്ന് വിജയരാഘവപുരം പുലയകോളനി പഠിപ്പിക്കുന്നു.
ഒമ്പത് പതിറ്റാണ്ടിനിടയില്‍ എല്ലാ ജാതിമതസ്ഥരും തിങ്ങിപ്പാര്‍ക്കുന്ന സ്ഥലമായി ഇവിടം മാറി. ദലിത് ജീവിത സംസ്കാരം എന്നേ പ്രദേശത്തോട് വിടപറഞ്ഞു. ഒരുകാലത്ത് ചാലക്കുടിയുടെയും സമീപ പ്രദേശങ്ങളിലെയും വീടുകളിലെ ആവശ്യങ്ങള്‍ക്കുള്ള കുട്ടയും പനമ്പും മുറവും നെയ്തിരുന്നത് ഇവിടെയായിരുന്നു. ഈറ്റയും മറ്റും കിട്ടാന്‍ വിഷമമായതോടെ ഇന്ന് ആ കൈത്തൊഴില്‍ സംസ്കാരവും പ്രദേശത്തുനിന്ന് അപ്രത്യക്ഷമാകുകയാണ്.
വി.ആര്‍ പുരത്തെ പുലയരുടെ ദയനീയ ജീവിതത്തില്‍ അനുതപിച്ച് സഹോദരന്‍ എഴുതിയ കവിത 1925 ഫെബ്രുവരി അഞ്ചിനാണ് കേരളത്തിലെ അന്നത്തെ പ്രധാന മാസികയായ ‘മിതവാദി’യില്‍ പ്രസിദ്ധപ്പെടുത്തുന്നത്.
‘‘ചാലക്കുടി സ്റ്റേഷനില്‍നിന്ന് ചൂള-
മൂതീത്തിരിക്കുന്നൊരു വണ്ടിനീങ്ങി
നേരെ വടക്കോട്ടുകുറച്ചുപോകുന്നേരം പുലക്കോളനി കണ്ടിടുന്നു’’ എന്നിങ്ങനെ ചാലക്കുടിയിലെ വലിയൊരു കുന്നിന്‍പുറമായ വിജയരാഘവപുരത്തിന്‍െറ ഭൂമിശാസ്ത്രത്തില്‍നിന്ന് ആരംഭിക്കുന്ന കവിത അവിടുത്തെ സാമൂഹിക ജീവിതത്തിന്‍െറ ദൈന്യങ്ങളിലൂടെയാണ് മുന്നേറുന്നത്. ചെങ്കല്‍ചുവരുകളുള്ള ഓലമേഞ്ഞ് ജീര്‍ണിച്ച വീടുകള്‍ കണ്ട് ദാരിദ്ര്യം പാളയമിട്ട് നില്‍ക്കുന്നതായി അയ്യപ്പന്‍ ഉപമിക്കുന്നു. ഇവിടെ നടമാടിയിരുന്ന ചൂഷണത്തെയും ദാരിദ്ര്യത്തെയും കുറിച്ച് അയ്യപ്പന്‍ കവിതയില്‍ വികാരം കൊള്ളുന്നു. പുലയരുടെ ഉന്നമനത്തിനായി കോളനി സ്ഥാപിച്ച കൊച്ചി ദിവാന്‍െറ കാരുണ്യത്തെ വാഴ്ത്തുന്ന അയ്യപ്പന്‍ അവരുടെ വിയര്‍പ്പിനെ ചൂഷണം ചെയ്യുന്ന ജന്മിത്വത്തെ രൂക്ഷമായി വിമര്‍ശിക്കുന്നു.
‘‘ദരിദ്രരെ ഞെക്കിയെടുത്ത ചാറാല്‍
പ്രഭുക്കളെപ്പോറ്റുകതന്നെയിന്നും... ’’; പാവപ്പെട്ട ഇവര്‍ വീട് മേയാന്‍ ഓലപോലും കിട്ടാന്‍ വിഷമിക്കുമ്പോള്‍ പാര്‍ക്കാന്‍ ആളില്ലാതിരുന്നിട്ടും മേടകള്‍ തീര്‍ക്കുന്ന പ്രഭുക്കളെ കവിതയില്‍ ശക്തമായി വിമര്‍ശിക്കുന്നുണ്ട്.
ദിവാന്‍ വിജയരാഘവനാചാരിയുടെ കൃപാകടാക്ഷത്തിലാണ് പുലയര്‍ക്ക് താമസിക്കാന്‍ ചാലക്കുടിയുടെ ഈ കുന്നിന്‍പുറത്ത് വര്‍ഷങ്ങള്‍ക്ക് മുമ്പ് കോളനി ആരംഭിച്ചത്. പുലയര്‍ക്ക് മാത്രമായ ഒരു കോളനി അന്ന് അവര്‍ അനുഭവിച്ച ജാതിപീഡനങ്ങളില്‍നിന്ന് ആശ്വാസമാകുമെന്ന് കരുതപ്പെട്ടിരുന്നു. അവര്‍ക്ക് ആരാധിക്കാന്‍ നടരാജ ക്ഷേത്രവും നിര്‍മിച്ചിരുന്നു.
പിന്നീട് വി.ആര്‍ പുരത്ത് 1949ല്‍ കസ്തൂര്‍ബാഗാന്ധി നാഷനല്‍ മെമ്മോറിയല്‍ ട്രസ്റ്റിന്‍െറ കീഴില്‍ കസ്തൂര്‍ബ കേന്ദ്രം പ്രവര്‍ത്തനം ആരംഭിച്ചു. ഗ്രാമത്തിലെ സ്ത്രീകളുടെ ക്ഷേമത്തിന് വേണ്ടിയുള്ള ഈ സ്ഥാപനത്തോടൊപ്പം ബാലവാടി, കൈത്തറി നെയ്ത്ത്കേന്ദ്രം, വായനശാല, മഹിളാസമാജം എന്നിവയും പ്രവര്‍ത്തിച്ചു. പിന്നീട് ഇവിടെ സര്‍ക്കാര്‍ സ്കൂള്‍ വന്നത്തെി. എന്നിട്ടും ചാലക്കുടിയിലെ ആര
ും തിരിഞ്ഞുനോക്കാത്ത അവികസിത പ്രദേശമായി വി.ആര്‍ പുരം ഏറെക്കാലം തുടര്‍ന്നു.
സഹോദരന്‍ അയ്യപ്പന്‍െറ പുലക്കോളനിയെന്ന കവിതക്ക് ഒരു നൂറ്റാണ്ടത്തെുമ്പോഴേക്കും പണ്ടത്തെ പുലക്കോളനിയില്‍നിന്ന് വി.ആര്‍ പുരം അടിമുടി മാറികുകയാണ്. പുലക്കോളനിയായ ഇവിടെനിന്ന് പുലയന്മാര്‍ പുരയിടം വിറ്റ് ഒഴിഞ്ഞുപോയി. ചാലക്കുടിയിലെ സ്ഥലത്തിന്‍െറ ഉയര്‍ന്നുവരുന്ന വിലയാണ് ഇതിന് പ്രധാന കാരണം.
പകരം ഈഴവരും നായന്മാരും മുസ്ലിംകളും ക്രിസ്ത്യാനികളും പുലയകോളനിയില്‍ കുടിയേറി. അങ്ങനെ ദലിത് സംസ്കാരത്തിന്‍െറ സ്ഥാനത്ത് സങ്കരസംസ്കാരം രൂപപ്പെട്ടു.
ഓല മേയാന്‍പോലും വകയില്ലാത്ത പണ്ടത്തെ വീടുകളുടെ സ്ഥാനത്ത് ബഹുനില ഹര്‍മ്യങ്ങള്‍ ഉയര്‍ന്നു. ചാലക്കുടി നഗരത്തോട് ചേര്‍ന്നു കിടക്കുന്ന പ്രദേശമായതിനാല്‍ സമ്പന്നരായ ആളുകള്‍ വിജയരാഘപുരത്ത് സ്ഥലംവാങ്ങി വീടുവെക്കാന്‍ മത്സരിക്കുകയാണ്.
ഈ മാറ്റങ്ങള്‍ക്ക് പിന്നില്‍ സഹോദരന്‍െറ കവിതയുടെ ശക്തിയുണ്ട്. ആ കവിതയാണ് ഈ പ്രദേശത്തിന്‍െറ പ്രശ്നങ്ങള്‍ പൊതുശ്രദ്ധയില്‍ കൊണ്ടുവന്നതും മറ്റങ്ങള്‍ക്ക് തുടക്കമിട്ടതും. വികസനത്തിന്‍െറ ഏതോ ദശാസന്ധിയില്‍ അത് യഥാര്‍ഥ ഗുണഭോക്താക്കളില്‍ നിന്ന് ആരോ റാഞ്ചിയെടുത്തു.  
 

No comments:

Post a Comment

english malayalam dictionary

വിരുന്നുകാര്...

poomottu

Dsgd: by ASLAM PADINHARAYIL

Back to TOP