സ്വാഗതം
WELCOME

News Update..

Sunday, May 26, 2013

രമേശ് ചെന്നിത്തലയെ പിന്തുണച്ച് മുരളീധരന്‍ രംഗത്ത് Madhyamam News Feeds

രമേശ് ചെന്നിത്തലയെ പിന്തുണച്ച് മുരളീധരന്‍ രംഗത്ത് Madhyamam News Feeds

Link to

രമേശ് ചെന്നിത്തലയെ പിന്തുണച്ച് മുരളീധരന്‍ രംഗത്ത്

Posted: 26 May 2013 12:32 AM PDT

Image: 

തിരുവനന്തപുരം: കെ.പി.സി.സി അധ്യക്ഷന്‍ രമേശ് ചെന്നിത്തലയെ പിന്തുണച്ച് കെ. മുരളീധരന്‍ രംഗത്ത്. രമേശിനോട് മുഖ്യമന്ത്രി ചെയ്തതു ശരിയായില്ലെന്ന് മുരളീധരന്‍ അഭിപ്രായപ്പെട്ടു. മുമ്പ് തനിക്കുണ്ടായ അതേ അനുഭവമാണ് ഇപ്പോള്‍ രമേശിനുണ്ടായിരിക്കുന്നത്. വിഷയത്തില്‍ ഹൈക്കമാന്‍ഡ് ഉടന്‍ ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. രമേശ് ചെന്നിത്തല ഔദ്യോഗികമായി പരാതിപ്പെട്ടിട്ടില്ലെങ്കിലും അദ്ദേഹത്തിന് മുറിവേറ്റിട്ടുണ്ടെന്ന കാര്യത്തില്‍ സംശയമില്ലെന്നും മുരളീധരന്‍ പറഞ്ഞു.

 

മഴയെത്തും മുമ്പേ ആരോഗ്യമേഖലയിലെ പ്രശ്നങ്ങള്‍ പരിഹരിക്കണം -ജില്ലാ വികസന സമിതി

Posted: 26 May 2013 12:13 AM PDT

കല്‍പറ്റ: കോളറ തുടങ്ങിയ പകര്‍ച്ചവ്യാധികള്‍ പടരാനുള്ള സാധ്യത നിലനില്‍ക്കുന്നതിനാല്‍ മഴക്കാലത്തിനു മുമ്പ് ജില്ലയിലെ ആരോഗ്യമേഖലയിലെ പ്രശ്നങ്ങള്‍ പരിഹരിക്കണമെന്ന് ജില്ലാ വികസന സമിതി യോഗം ആവശ്യപ്പെട്ടു.
ഡോക്ടര്‍മാരുടെതുള്‍പ്പെടെ ആരോഗ്യമേഖലയിലെ ഒഴിവുകള്‍ ഉടന്‍ നികത്തണം. അവധിയിലുളള ഉദ്യോഗസ്ഥരുണ്ടെണ്ടങ്കില്‍ അവധി റദ്ദാക്കി തിരിച്ചുകൊണ്ടുവരണം. ഇതു സംബന്ധിച്ച് മാനന്തവാടി ബ്ളോക് പഞ്ചായത്ത് പ്രസിഡന്‍റ് സി. അബ്ദുല്‍ അശ്റഫ് ഉന്നയിച്ച പ്രമേയം യോഗം അംഗീകരിച്ചു.  
പൊതുസ്ഥലങ്ങളില്‍ മലമൂത്ര വിസര്‍ജനം നടത്തുന്നത് മഴവെള്ളത്തിലൂടെ കുടിവെള്ള സ്രോതസ്സുകളില്‍ കലരാന്‍ ഇടയാകുന്നു. കോളറ പോലുള്ള പകര്‍ച്ചവ്യാധികള്‍ പകരാന്‍ ഇതാണ് പ്രധാന കാരണം. കോളനികളിലും മറ്റും ആധുനിക രീതിയിലുളള ടോയ്ലെറ്റുകള്‍ സ്ഥാപിക്കണം.
ഇത് ഉപയോഗപ്പെടുത്തുന്നതെന്ന് ഉറപ്പുവരുത്തണം. ജില്ലയിലെ 25 കോളനികളില്‍ ആധുനിക ടോയ്ലെറ്റ് സൗകര്യം ഒരുക്കുന്നതിനായി ഇതിനകം സര്‍ക്കാര്‍ 2.65 കോടി രൂപ അനുവദിച്ചു.  75 കോളനികളില്‍ കൂടി ടോയ്ലെറ്റുകള്‍ സ്ഥാപിക്കുന്നതിനുളള പദ്ധതി സര്‍ക്കാറിന്‍െറ പരിഗണനക്കായി സമര്‍പ്പിച്ചിട്ടുണ്ട്. 7.5 കോടി രൂപയോളം ചെലവുവരുന്ന പദ്ധതിക്ക് എത്രയും വേഗം അനുമതി ലഭ്യമാക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. ഇന്ദിര ആവാസ് യോജന പ്രകാരം അനുവദിക്കുന്ന വീടുകളുടെ നിര്‍മാണത്തിന് ജില്ലാ സഹകരണ ബാങ്ക് ഉള്‍പ്പെടെയുള്ള സഹകരണ ബാങ്കുകള്‍ വായ്പ അനുവദിക്കാത്ത സാഹചര്യത്തില്‍ ഈ ധനസഹായം സംസ്ഥാന സര്‍ക്കാര്‍ പണമായി അനുവദിക്കണം.
കഴിഞ്ഞ വര്‍ഷത്തെ വാഴകൃഷി നാശത്തില്‍ നഷ്ടമുണ്ടായവര്‍ക്ക് നഷ്ടപരിഹാരത്തുക അനുവദിക്കണം. അടിയന്തര വരള്‍ച്ചാ ദുരിതാശ്വാസത്തിന്‍െറ ഭാഗമായി കിണറുകള്‍ കുഴിക്കാന്‍ ഇതിനകം അനുമതി ലഭിച്ചവയില്‍ പണി പൂര്‍ത്തിയാക്കാനുള്ള കാലാവധി ദീര്‍ഘിപ്പിക്കുന്നതടക്കമുള്ള പ്രമേയങ്ങളും യോഗം  അംഗീകരിച്ചു.
ജില്ലയില്‍ ഇ. ഡിസ്ട്രിക്ട് പദ്ധതി നടപ്പാക്കിയ സാഹചര്യത്തില്‍ അക്ഷയ കേന്ദ്രങ്ങള്‍ വഴിയുളള സേവനങ്ങള്‍ക്ക് കാലതാമസം നേരിടുന്നുണ്ട്. കൂടുതല്‍ സേവനം ആവശ്യമുളള പ്രദേശങ്ങളില്‍ അക്ഷയ കേന്ദ്രങ്ങളുടെ എണ്ണം കൂട്ടാനുളള നടപടികള്‍ ത്വരിതപ്പെടുത്തണമെന്നും യോഗം തീരുമാനിച്ചു.
എ.ഡി.എം എന്‍.ടി. മാത്യു അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് വൈ. പ്രസിഡന്‍റ് എ. ദേവകി, മാനന്തവാടി ബ്ളോക് പഞ്ചായത്ത് പ്രസിഡന്‍റ് സി. അബ്ദുള്‍ അശ്റഫ,്  ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ്സ് അസോസിയേഷന്‍ പ്രസിഡന്‍റ് എം.എ. ജോസഫ്, ജില്ലാ പ്ളാനിങ് ഓഫിസര്‍ കെ.ജി. സജീവ് എന്നിവര്‍ പങ്കെടുത്തു.  

 

ശ്രീശാന്തും ജിജുവും ഒരുമിച്ചുള്ള സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്തായി

Posted: 26 May 2013 12:08 AM PDT

Image: 

ന്യൂദല്‍ഹി: ഐ.പി.എല്‍ വാതുവെപ്പ് കേസില്‍ അറസ്റ്റിലായ ശ്രീശാന്തും സുഹൃത്ത് ജിജു ജനാര്‍ദ്ദനനും ഹോട്ടലില്‍ ഒരുമിച്ചുള്ള ദൃശ്യങ്ങള്‍ പുറത്തായി. വാതുവെപ്പ് നടന്ന മേയ് ഒമ്പതിലെ മത്സരത്തിന് ശേഷം പുലര്‍ച്ചെ ചണ്ഡീഗഡിലെ ഹോട്ടല്‍ വരാന്തയിലൂടെ ഇരുവരും നടക്കുന്നതിന്റെ സി.സി.ടി.വി ദൃശ്യങ്ങളാണ് പുറത്തായത്. ഇവരോടൊപ്പം ഒരു യുവതിയുമുണ്ടായിരുന്നു. ഇത് ആരാണെന്നും ഇവര്‍ക്ക് വാതുവെപ്പ് കേസുമായി ബന്ധമുണ്ടോയെന്നും പൊലീസ് അന്വേഷിച്ച് വരികയാണ്.

ശ്രീശാന്തിനൊപ്പം അറസ്റ്റിലായ അങ്കിത് ചവാനും ദൃശ്യങ്ങളിലുണ്ട്. വാതുവെപ്പ് നടന്ന രാജസ്ഥാന്‍ -കിങ്‌സ് ഇലവന്‍ പഞ്ചാബ് ടീമുകള്‍ താമസിച്ചിരുന്നത് ഈ ഹോട്ടലിലാണ്.

അതിനിടെ, പൊലീസ് കസ്റ്റഡിയിലുള്ള ശ്രീശാന്തിനെ അമ്മ സാവിത്രി ദേവിയും സഹോദരി നിവേദിതയും സന്ദര്‍ശിച്ചു. ശനിയാഴ്ച വൈകിട്ടാണ് ലോധി കോളനിയില്‍ ദല്‍ഹി പൊലീസിലെ പ്രത്യേക സെല്ലിന്റെ കസ്റ്റഡിയില്‍ കഴിയുന്ന ശ്രീശാന്തിനെ ഇരുവരും കണ്ടത്. വാതുവെപ്പുമായി ബന്ധപ്പെട്ട് മെയ് 16നാണ് ശ്രീശാന്ത് ഉള്‍പ്പെടെയുള്ളവരെ പൊലീസ് അറസ്റ്റ് ചെയ്തത്.
 

നിയമസഹായം കാത്ത് 500ഓളം ഇന്ത്യന്‍ തടവുകാര്‍ പാക്ജയിലില്‍

Posted: 26 May 2013 12:00 AM PDT

Image: 

അമൃത് സര്‍: നിയമ സഹായം ലഭിക്കാത്തതിനാല്‍  500ഓളം ഇന്ത്യന്‍ തടവുകാര്‍ കഴിഞ്ഞ ഒമ്പത് മാസമായി രാജ്യത്തേക്ക് മടങ്ങാനാവാതെ പാകിസ്താന്‍ ജയിലില്‍ കഴിയുന്നതായി റിപ്പോര്‍ട്ട്. കറാച്ചിയിലെ മാലിര്‍ ജയിലിലാണ്  ഇത്രയും തടവുകാരുള്ളതെന്ന് ശനിയാഴ്ച ഇവിടെനിന്നും മോചിപ്പിക്കപ്പെട്ട 45 മല്‍സ്യത്തൊഴിലാളികള്‍ പറഞ്ഞു. പാക് സമുദ്രാതിര്‍ത്തി ലംഘിച്ചതിനെ തുടര്‍ന്നാണ് ഇവര്‍ തടവിലായത്. എത്രയും പെട്ടെന്ന് സര്‍ക്കാര്‍ ഇവര്‍ക്ക് ഇന്ത്യയിലേക്ക് മടങ്ങാനാവശ്യമായ നിയമസഹായം ലഭ്യമാക്കണമെന്ന് ജയില്‍ മോചിതരായ മല്‍സ്യത്തൊഴിലാളികള്‍ ആവശ്യപ്പെട്ടു.

 

ലീഗിലെ ചേരിപ്പോര് സമാധാനാന്തരീക്ഷത്തിന് ഭീഷണിയാവുന്നു

Posted: 25 May 2013 11:49 PM PDT

പാറക്കടവ്: ഇച്ഛാശക്തിയില്ലാത്ത ലീഗ് നേതൃത്വത്തിന് കീഴില്‍ അണികള്‍ പോര്‍വിളികളുമായി തെരുവിലിറങ്ങുമ്പോള്‍ നാട്ടുകാര്‍ ആശങ്കയില്‍. മേയ് 17ന് ജുമുഅ നമസ്കാരത്തിനുശേഷം പ്രവര്‍ത്തകര്‍ ചേരിതിരിഞ്ഞ് ഏറ്റുമുട്ടിയതോടെയാണ് സംഘര്‍ഷങ്ങള്‍ക്ക് തുടക്കമായത്. നിരവധി പേര്‍ക്ക് പരിക്കേറ്റ സംഭവത്തില്‍ വളയം പൊലീസ് സ്റ്റേഷനില്‍നിന്ന് ജാമ്യത്തിലിറങ്ങി തിരിച്ചുപോകുന്നതിനിടെ  മൂന്ന് കാറുകള്‍ക്ക് നേരെ ആക്രമണമുണ്ടായി. ഒരേ  കക്ഷിയില്‍പെട്ടവരായതുകൊണ്ടും ഉന്നതങ്ങളില്‍നിന്നുള്ള സമ്മര്‍ദം കൊണ്ടും നിസ്സാര വകുപ്പുകള്‍ ചേര്‍ത്താണ് പൊലീസ് കേസെടുത്തത്. ഇത് അക്രമികള്‍ക്ക് പ്രചോദനമായി.
കഴിഞ്ഞതവണ തെരുവില്‍ ഏറ്റുമുട്ടിയവര്‍ 24ന് ജുമുഅ നമസ്കാരത്തിനുശേഷം വീണ്ടും അക്രമത്തിന് വേദിയാക്കിയത് പള്ളിയും മുറ്റവുമായിരുന്നു. സംഭവത്തില്‍ ആറ് പേര്‍ക്കാണ് പരിക്കേറ്റത്. മഹല്ല് കേന്ദ്രീകരിച്ച് ലീഗ് നേതാക്കള്‍ സമാധാനത്തിന് ആഹ്വാനം ചെയ്ത് ചൂടാറും മുമ്പാണ് അണികള്‍ പോരാടിയത്. ബ്രദേഴ്സ് ക്ളബ് എന്ന കടലാസ് സംഘടന സംഘടിപ്പിച്ച ഷട്ടില്‍ ടൂര്‍ണമെന്‍റ് രാത്രി 10 മണിക്ക് ശേഷം പൊലീസ് നിര്‍ത്തിവെച്ചതോടെയാണ് ഉമ്മത്തൂരില്‍ വര്‍ഷങ്ങളായി നിലനില്‍ക്കുന്ന ചേരിതിരിവ് വീണ്ടും പുറത്തുവന്നത്. ഒരു വിഭാഗം പൊലീസില്‍ സ്വാധീനം ചെലുത്തി കളി നിര്‍ത്തിവെപ്പിച്ചുവെന്ന് ആക്ഷേപം ഉയര്‍ന്നതോടെ സംഘര്‍ഷത്തിന് തുടക്കമായി. ഡിവൈ.എസ്.പി ഉദ്ഘാടനം ചെയ്യുമെന്നറിയിച്ച ടൂര്‍ണമെന്‍റില്‍നിന്ന് അദ്ദേഹം പിന്മാറി. പിന്നീട് ക്ഷണിച്ച ഉദ്യോഗസ്ഥനും പിന്മാറിയതോടെ സംഘര്‍ഷ സാധ്യത പുറത്തറിഞ്ഞിരുന്നു.
2000ത്തില്‍ മേഖലയിലുണ്ടായ സംഘര്‍ഷ സമയത്ത് ലീഗ് നേതൃത്വത്തിന് കീഴില്‍ ഒരു കുടുംബത്തിന്‍െറ തണലില്‍ പിറവിയെടുത്ത സംഘാംഗങ്ങള്‍ വേര്‍പിരിഞ്ഞതോടെയാണ് ഉമ്മത്തൂരില്‍ അശാന്തി ഉടലെടുത്തത്. വേര്‍പിരിഞ്ഞവര്‍ തമ്മില്‍ നേതൃത്വത്തിന് തലവേദനയായി ചെറുതും വലുതുമായ നിരവധി സംഘട്ടനങ്ങളാണ് ഉണ്ടാക്കിയത്. ഇവരില്‍നിന്ന് വന്‍ ആയുധശേഖരവും പൊലീസ് പിടിച്ചെടുത്തിരുന്നു. രണ്ടുവര്‍ഷം മുമ്പ് നോമ്പുകാലത്ത് രണ്ട് തവണയാണ് ഇരു വിഭാഗവും ഉമ്മത്തൂര്‍ പള്ളിയില്‍നിന്ന് ഏറ്റുമുട്ടിയത്. ഇക്കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ 15ാം വാര്‍ഡില്‍നിന്ന് ലീഗ് റെബല്‍ വിജയിച്ചിരുന്നു. റെബല്‍ സ്ഥാനാര്‍ഥിയുടെ വാര്‍ഡിലെ വികസന പ്രവര്‍ത്തനങ്ങളില്‍നിന്ന് ഒരു വിഭാഗം വിട്ടുനില്‍ക്കാന്‍ പ്രമേയവും പാസാക്കി. പിന്നണി നിന്നവര്‍ തിരിച്ച് ലീഗിലേക്ക് മടങ്ങിയതോടെ സമാധാനാന്തരീക്ഷം നിലനിന്നെങ്കിലും വര്‍ഷങ്ങളായുള്ള കുടിപ്പക നീങ്ങിയില്ല. ഇരു ഗ്രൂപ്പുകള്‍ക്കും പൊലീസിലെ ഉന്നതരുമായുള്ള ബന്ധം കാരണം അക്രമങ്ങളെ നോക്കിനില്‍ക്കുന്ന പൊലീസിനെയാണ് കാണാന്‍ കഴിയുന്നത്. ലീഗിലെ പ്രമുഖര്‍ക്ക് ഇരു ഗ്രൂപ്പുകളോടുമുള്ള രഹസ്യ ബന്ധമാണ് അക്രമങ്ങള്‍ക്ക് അറുതി വരുത്താന്‍ കഴിയാതെ പോകാന്‍ കാരണമെന്നത് പരസ്യമായ രഹസ്യമാണ്.
 

വാതുവെപ്പ്: മെയ്യപ്പനെ ബി.സി.സി.ഐ സസ്‌പെന്‍ഡ് ചെയ്തു

Posted: 25 May 2013 11:42 PM PDT

Image: 

മുംബൈ: ഐ.പി.എല്‍ വാതുവെപ്പ് കേസില്‍ അറസ്റ്റിലായ ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ സി.ഇ.ഒയും ബി.സി.സി.ഐ പ്രസിഡന്റ് എന്‍. ശ്രീനിവാസന്റെ മരുമകനുമായ ഗുരുനാഥ് മെയ്യപ്പനെ ബി.സി.സി.ഐ സസ്‌പെന്‍ഡ് ചെയ്തു. ക്രിക്കറ്റുമായും ഐ.പി.എല്‍ ടീമായ ചെന്നൈ സൂപ്പര്‍ കിങ്്‌സുമായും ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്നതില്‍ നിന്നും ബി.സി.സി.ഐ മെയ്യപ്പനെ വിലക്കിയിട്ടുണ്ട്. അതേസമയം, മെയ്യപ്പന്റെ ചെന്നൈയിലെ വീട്ടില്‍ പൊലീസ് റെയ്ഡ് നടത്തി. മുംബൈ പൊലീസിലെ നാലംഗ സംഘമാണ് റെയ്ഡ് നടത്തിയത്. മൊബൈല്‍ ഫോണുകളും ലാപ്‌ടോപ്പുകളും പിടിച്ചെടുത്തിട്ടുണ്ട്.

കേസില്‍ നേരത്തെ അറസ്റ്റിലായ സിനിമ, സീരിയല്‍ നടന്‍ വിന്ദു ധാരാസിങ്ങിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് വെള്ളിയാഴ്ച രാത്രി മെയ്യപ്പനെ മുംബൈ ക്രൈംബ്രാഞ്ച് അറസ്റ്റു ചെയ്തത്. ശനിയാഴ്ച കോടതിയില്‍ ഹാജരാക്കിയെ മെയ്യപ്പന്‍ പൊലീസ് കസ്റ്റഡിയിലാണ്.

അതിനിടെ, വാതുവെപ്പില്‍ മെയ്യപ്പന്റെ പങ്ക് വ്യക്തമായ സാഹചര്യത്തില്‍ ബി.സി.സി.ഐ പ്രസിഡന്റ് എന്‍.ശ്രീനിവാസനു മേല്‍ രാജിക്കായി സമ്മര്‍ദ്ദം ഏറി. എന്നാല്‍ രാജിവെക്കില്ലെന്ന ഉറച്ച നിലപാടിലാണ് ശ്രീനിവാസന്‍. ഐ.പി.എല്‍ ഫൈനല്‍ നടക്കുന്ന ഞായറാഴ്ച ബി.സി.സി.ഐയിലെ പ്രമുഖര്‍ കൊല്‍ക്കത്തയില്‍ ഒത്തുചേരുന്നുണ്ട്. ശ്രീനിവാസന്റെ രാജിക്കാര്യം അനൗദ്യോഗികമായി ചര്‍ച്ചക്ക് വരുമെന്നാണ് വിവരം. ശ്രീനിവാസന്‍ ഇന്ന് മാധ്യമങ്ങളെ കാണുമെന്ന് അറിയിച്ചിട്ടുണ്ട്.
 

ഓട്ടോകള്‍ക്കൊരു ചരമഗീതം

Posted: 25 May 2013 11:19 PM PDT

Image: 

നമ്മുടെ നാട്ടില്‍ സകലമാന കലുങ്കുകളിലും വായില്‍ നോക്കിയിരുന്നവര്‍ക്ക്് ഏറ്റവും കൂടുതല്‍ പണി കൊടുത്തവരാണ് ബജാജ്. രാവിലെ വെറുംവയറ്റില്‍ കവലയിലത്തെിയിരുന്നവരുടെയൊക്കെ കൈയില്‍ അവര്‍ നിസ്സാരവിലക്ക് ഓരോ ഓട്ടോറിക്ഷകള്‍ വെച്ചുകൊടുത്തപ്പോള്‍ ഓരോ കുടുംബംവീതം രക്ഷപ്പെട്ടു. ഒപ്പം യാത്രാക്ളേശം നാടുനീങ്ങുകയും ചെയ്തു. ഇപ്പോള്‍ എവിടെ നോക്കിയാലും കാക്കകളെക്കാള്‍ കൂടുതല്‍ ഓട്ടോറിക്ഷകളുണ്ട്. പക്ഷേ, ഈ പണി ജനകീയമാക്കിയ ബജാജിന്‍െറ നില അത്ര ശോഭനമല്ല. പെട്രോളിന് വിലകൂടിയതോടെ ഓട്ടോത്തൊഴിലാളികള്‍ ഒന്നടങ്കം ഡീസല്‍ യൂനിയനുണ്ടാക്കി. അവിടെ പിയാഗ്യോയും മഹീന്ദ്രയുമൊക്കെയാണ് കേമന്മാര്‍. പോരാത്തതിന് അതുല്‍, കുമാര്‍ തുടങ്ങിയ പുതുമുഖങ്ങള്‍ തങ്ങളെക്കൊണ്ട് പറ്റുന്നത്ര പാര വെക്കുന്നുണ്ട്. ലോകത്തെ ഏറ്റവും വലിയ ത്രിചക്ര വാഹന നിര്‍മാതാക്കളാണെങ്കിലും പണ്ടത്തെ പ്രതാപം പോയെന്ന് പറയാതെ വയ്യ. ബജാജ് പല നമ്പറുകളുമിറക്കി നോക്കിയെങ്കിലും ഓട്ടോ മുതലാളിമാരുടെയടുത്ത് ചെലവായില്ല. പക്ഷേ, ഈ ഓട്ടോക്കാര്‍ക്ക് ബജാജിനെ ശരിക്കറിയില്ല. തങ്ങളെ ഒഴിവാക്കുന്നവര്‍ക്കിട്ട് ഒരുഗ്രന്‍ പാര വെച്ചിരിക്കുകയാണ് അവര്‍. ഇനി ജനങ്ങള്‍ ഓട്ടോയില്‍ കയറില്ല. ഏതാനും വര്‍ഷത്തിനകം മുച്ചക്ര ഓട്ടോകള്‍ മ്യൂസിയത്തില്‍ മാത്രമാകുമെന്നുപോലും ബജാജ് ആരാധകര്‍ വീമ്പിളക്കുന്നുണ്ട്.
നാട്ടുകാരെക്കൊണ്ട് പറയിക്കാന്‍ ബജാജ് ഇറക്കിയ വിദ്വാനാണ് ആര്‍.ഇ 60. ഇവന് ചക്രം നാലാണ്. തൊഴില്‍ ഓട്ടോയുടേതും. ഇന്ത്യന്‍ വാഹനവിപണിയില്‍ ക്വാഡ്രിസൈക്കിള്‍ എന്ന പുതിയ വിഭാഗത്തിന് കേന്ദ്ര സര്‍ക്കാര്‍ അനുവാദം കൊടുത്തതാണ് ബജാജിന് തുണയായത്. ഓട്ടോകള്‍ക്കും കാറിനുമിടയിലാണ് ഇതിന്‍െറ സ്ഥാനം. ടാറ്റയും മാരുതിയും ഈ തീരുമാനത്തിനെതിരെ രംഗത്തുവന്നതാണ്. പക്ഷേ, പ്രയോജനമുണ്ടായില്ല. കണ്ടാല്‍ കാറുപോലെയിരിക്കും എന്നതാണ് ആര്‍.ഇ 60ന് ശത്രുക്കളെയുണ്ടാക്കുന്നത്. ടാറ്റയുടെ നാനോയും സുസുക്കിയുടെ ചെറുകാറുകളും ഇനി നാട്ടുകാര്‍ വാങ്ങുമോയെന്നതാണ് പ്രധാന ആശങ്ക. ഉറച്ച മേല്‍ക്കൂരയും വാതിലുകളുമുള്ളതിനാല്‍ ഓട്ടോയെക്കാള്‍ ജനം ഇഷ്ടപ്പെടുമെന്നുറപ്പാണ്. ഇപ്പോള്‍ ഡീസല്‍ ഓട്ടോകള്‍ക്ക് ഒന്നേമുക്കാല്‍ ലക്ഷം രൂപ വിലയുണ്ട്. പക്ഷേ, ബജാജിന്‍െറ പുതിയ കുഞ്ഞിന് ഒരു ലക്ഷത്തിനടുത്തായിരിക്കും വില. ഒരു ലക്ഷത്തിന്‍െറ കാറുണ്ടാക്കാന്‍ നടന്ന ടാറ്റക്കാണ് ഇതില്‍ ഏറ്റവും കൂടുതല്‍ നാണക്കേട്. മാത്രമല്ല, മാജിക് ഐറിസ് എന്ന വണ്ടിയില്‍ ഓട്ടോക്കൂലി മാത്രം ഈടാക്കി ആളുകളെക്കയറ്റുന്ന ടാറ്റയുടെ പരിപാടിയും ഇതോടെ നിലക്കും. ടാറ്റയും സുസുക്കിയും ഒരുപോലെ പാരവെച്ചതുകൊണ്ടാവാം ആര്‍.ഇ 60നെ പൊതുഗതാഗതത്തിന് മാത്രമേ ഉപയോഗിക്കാവൂ എന്നാണ് സര്‍ക്കാര്‍ ഉത്തരവ്. അതായത് പ്രൈവറ്റ് രജിസ്ട്രേഷന്‍ കിട്ടില്ല. മാത്രമല്ല, കാര്‍ എന്ന് വിളിക്കാനും പാടില്ല. കാറുകളില്‍ നിന്ന് തിരിച്ചറിയാന്‍ ‘ക്യൂ’ എന്ന് എഴുതിവെച്ച് മാത്രമേ ഓടിക്കാനാവൂ. യൂറോപ്പില്‍ പണ്ടേയുള്ള സാധനമാണ് ക്വാഡ്രിവീലര്‍. 450 കിലോ വരെ ഭാരമുള്ള ചെറിയവണ്ടികള്‍ യാത്രക്കും 600 കിലോയുള്ള വലിയത് സാധനങ്ങള്‍ കടത്താനുമാണ് ഉപയോഗിക്കുക. എന്‍ജിന്‍െറ കരുത്ത് പരമാവധി 20 പി.എസ് വരെയേ ഉണ്ടാവൂ. സ്പീഡ് കുറവായതിനാല്‍ അപകടവും കുറവായിരിക്കും. ഏതാണ്ട് ഈ മാനദണ്ഡങ്ങളൊക്കെയാണ് നമ്മുടെ നാട്ടിലും നടപ്പാവുക. കമ്പനികള്‍ തമ്മിലെ മത്സരം കൂടുമ്പോള്‍ ഇത്തരം വണ്ടികള്‍ക്കും പ്രൈവറ്റ് രജിസ്ട്രേഷന്‍ കിട്ടുമെന്നാണ് വാഹനപ്രേമികളുടെ കണക്കുകൂട്ടല്‍. 200 സി.സി വാട്ടര്‍കൂള്‍ നാല് വാല്‍വ് ഡി.ടി.എസ്.ഐ എന്‍ജിനാണ് ബജാജിന്‍െറ ക്വാഡ്രിവീലറിനുള്ളത്. 20 എച്ച്.പി കരുത്ത് നല്‍കുന്ന ഇതിന് ഒരു ലിറ്റര്‍ പെട്രോളുകൊണ്ട് 35 കി.മീ. പോകാനാവും. മണിക്കൂറില്‍ 70 കി.മീ. ആണ് പരമാവധി വേഗം. 3.5 മീറ്റര്‍ സ്ഥലം കിട്ടിയാല്‍ വട്ടംതിരിച്ചെടുക്കാം. ആകെ ഭാരം 400 കി.ഗ്രാം. 2012 ജനുവരി മൂന്നിന് ദല്‍ഹി ഓട്ടോ എക്സ്പോയില്‍ പ്രത്യക്ഷപ്പെട്ട ഇവനെ ഏത് നിമിഷവും റോഡില്‍ കാണാം. 2010ല്‍ റെനോക്കും നിസ്സാനുമൊപ്പമാണ് ബജാജ് ഈ വാഹനം വികസിപ്പിക്കാന്‍ തുടങ്ങിയത് എന്നതിനാല്‍ ഗുണമേന്മയുടെ കാര്യത്തില്‍ പേടിക്കേണ്ട. കാര്‍ഡ്രൈവറും ഓട്ടോഡ്രൈവറുമല്ലാത്ത പുതിയ തൊഴിലാളി വിഭാഗത്തിന് യൂനിയനുണ്ടാക്കുന്ന കാര്യം മാത്രം ഇനി ആലോചിച്ചാല്‍ മതി. എന്തെന്നാല്‍ ബജാജ് തെളിച്ച വഴിയിലൂടെ ഇത്തരം നിരവധി വണ്ടികള്‍ വരുന്നുണ്ട്. ഓട്ടോയുടെ പിന്നിലിരിക്കുന്ന സ്റ്റെപ്പിനി മുന്നില്‍ ഘടിച്ചാല്‍ ക്വാഡ്രിവീലറാകും എന്നതാണ് കാരണം.

ഓഹരിക്ക് മികച്ച വില ലഭിക്കാന്‍ സ്മാര്‍ട്ട് ഓര്‍ഡര്‍ റൂട്ടിങ്

Posted: 25 May 2013 11:16 PM PDT

Image: 

ഓഹരി വിപണി എന്നത് വിശാല പ്രപഞ്ചമാണ്. സ്വന്തമായ ഭാഷയും നിയമങ്ങളും കളിക്കാരുമുള്ള വിശാല ലോകം. ലോകത്ത് മറ്റേത് പരമ്പരാഗത നിക്ഷേപങ്ങളേക്കാളും ദീര്‍ഘകാലത്തേക്ക് ലാഭകരവും ഏറ്റവും ഉയര്‍ന്ന നിരക്കിലുള്ള നേട്ടം ലഭ്യമാക്കുന്നതും ഓഹരി വിപണിയാണ്. ഈ ലോകം എങ്ങനെ നീങ്ങുമെന്ന് പലപ്പോഴും സാധാരണക്കാര്‍ക്കുപോലും പ്രവചിക്കാനാവും.  
ഓഹരി വിപണിയിലെ നിക്ഷേപയാത്ര തുടങ്ങാന്‍ ആദ്യം വേണ്ടത് കമ്പനികളുടെ പ്രവര്‍ത്തനരീതിയും അവയുടെ പ്രവര്‍ത്തനം എങ്ങനെ നിക്ഷേപകരുടെ നിക്ഷേപങ്ങളുടെ മൂല്യത്തെ ബാധിക്കുന്നുവെന്നും മനസ്സിലാക്കുകയാണ്. സാധാരണ ഗതിയില്‍ ഒരു നിക്ഷേപകന്‍ തെരഞ്ഞെടുക്കുക മികച്ച രീതിയില്‍ ലാഭമുണ്ടാക്കുകയും നല്ല ലാഭവിഹിതം നിക്ഷേപകര്‍ക്ക് നല്‍കുകയും ചെയ്യുന്ന കമ്പനികളുടെ ഓഹരികളായിരിക്കും. കമ്പനി മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്നില്ളെങ്കില്‍ നിക്ഷേപകര്‍ക്ക് നേട്ടമുണ്ടാവില്ളെന്ന തീരുമാനത്തില്‍ അവര്‍ എത്തും. ഇതില്‍നിന്ന് ഒന്ന് വ്യക്തം- ഓരോ നിക്ഷേപകനും അവരുടെ അറിവിനനുസരിച്ച്  ഊഹാപോഹങ്ങള്‍ തുടങ്ങുന്നു. ഇതിനൊപ്പം നിക്ഷേപകരെ അലട്ടുന്ന മറ്റൊരു പ്രശ്നമാണ് സ്റ്റോക് എക്സ്ചേഞ്ചുകളില്‍നിന്ന് ഏറ്റവും മികച്ച വില എങ്ങനെ ലഭിക്കുമെന്നത്.
ഈ പ്രശ്നത്തിന് പരിഹാരമായി ചെറുകിട നിക്ഷേപകര്‍ക്കും ഇനി സാങ്കേതികവിദ്യയുടെ വികാസത്തിന്‍െറ നേട്ടം ഉപയോഗപ്പെടുത്താം. ദേശീയ തലത്തില്‍ തന്നെ പ്രവര്‍ത്തിക്കുന്ന സ്റ്റോക് എക്സ്ചേഞ്ചുകളുടെ എണ്ണം കൂടിത്തുടങ്ങിയതോടെ ഓഹരികള്‍ ഏറ്റവും കുറഞ്ഞ നിരക്കില്‍ ഏത് എക്സ്ചേഞ്ചില്‍നിന്ന് വാങ്ങാം, ഏത് എക്സ്ചേഞ്ചില്‍ ഏറ്റവും ഉയര്‍ന്ന വിലക്ക് വില്‍ക്കാം എന്ന ചോദ്യങ്ങളും ഉയരുക സ്വാഭാവികം. ഒരു മുഴുനീള സസ്പെന്‍സ് സിനിമ കാണുന്നതു പോലെയാണ് ഓഹരി ഇടപാടുകള്‍. ഓരോ സെക്കന്‍ഡിലും ഒരു കൈ്ളമാക്സാണ്.
ഏറ്റവും കുറഞ്ഞ നിരക്കില്‍ ഓഹരി വാങ്ങുകയും സാധ്യമായ ഏറ്റവും ഉയര്‍ന്ന നിരക്കില്‍ വില്‍ക്കുകയും ചെയ്താലേ നിക്ഷേപകര്‍ക്ക് ഏറ്റവും മികച്ച നേട്ടം ലഭിക്കൂ. പ്രധാന ഓഹരി വിപണികളെല്ലാം ഒരേ സമയം പരിശോധിച്ച് ഏറ്റവും ഉയര്‍ന്ന വില എവിടെയെന്ന് നോക്കി വില്‍ക്കാന്‍ പ്രയാസമാണ്. ഇതുവഴി ഏറ്റവും മികച്ച അവസരം നിക്ഷേപകര്‍ക്ക് കൈമോശം വരുകയും ചെയ്യും.
എന്നാല്‍, നിക്ഷേപകരുടെ ഈ ആവശ്യം മനസ്സിലാക്കി കാലത്തിനൊത്ത് നീങ്ങുന്ന ഒരു പുതിയ സാങ്കേതികവിദ്യ നിക്ഷേപകരുടെ രക്ഷക്ക് എത്തുന്നു. ‘സ്മാര്‍ട്ട് ഓഡര്‍ റൂട്ടിങ്’ (എസ്.ഒ.ആര്‍) എന്നറിയപ്പെടുന്ന സാങ്കേതിക വിദ്യയാണ് നിക്ഷേപകരുടെ പ്രശ്നങ്ങള്‍ക്ക് പരിഹാരമാവുന്നത്. ഏത് എക്സ്ചേഞ്ചിലാണോ (ഇപ്പോള്‍ ബോംബെ ഓഹരി വിപണി അല്ളെങ്കില്‍ ദേശീയ ഓഹരി വിപണി) നിക്ഷേപകരെ സംബന്ധിച്ചിടത്തോളം ഏറ്റവും മികച്ച വില, ആ നിലവാരത്തില്‍ ഇടപാട് നടത്താന്‍ സഹായകമാകുന്ന സംവിധാനമാണ് എസ്.ഒ.ആര്‍. വില്‍ക്കാന്‍ അല്ളെങ്കില്‍ വാങ്ങാനുള്ള ഓര്‍ഡര്‍ നല്‍കുമ്പോള്‍ എസ്.ഒ.ആര്‍ ഓപ്ഷന്‍ സെലക്ട് ചെയ്യുക മാത്രമാണ് നിക്ഷേപകര്‍ ചെയ്യേണ്ടത്. ഏത് എക്സ്ചേഞ്ചിലാണോ നിക്ഷേപകനെ സംബന്ധിച്ചിടത്തോളം ഏറ്റവും മികച്ച വില, ആ വിലക്ക് ഇടപാട് തനിയെ നടക്കും. ആഗോളതലത്തില്‍ ഈ സംവിധാനം ഏറെ പ്രചാരം നേടിക്കഴിഞ്ഞു. ഇന്ത്യയിലും ഇതിന്‍െറ ആവശ്യകത ശക്തമായി തുടങ്ങിയതോടെ പ്രമുഖ ബ്രോക്കര്‍മാരെല്ലാം നിക്ഷേപകര്‍ക്ക് ഈ സൗകര്യം ലഭ്യമാക്കാന്‍ ശ്രമം തുടങ്ങിക്കഴിഞ്ഞു.

(കൊട്ടാക്ക് സെക്യൂരിറ്റീസ് എക്സിക്യൂട്ടിവ്
വൈസ് പ്രസിഡന്‍റാണ് ലേഖകന്‍)

32ന്‍െറ നിറവില്‍ ജി.സി.സി

Posted: 25 May 2013 10:18 PM PDT

Image: 

കുവൈത്ത് സിറ്റി: മൂന്ന് പതിറ്റാണ്ടുകള്‍ക്ക് മുമ്പ് ഗള്‍ഫ് മേഖലയിലെ പ്രമുഖ രാഷ്ട്രങ്ങളുടെ പ്രതിനിധികള്‍ അബൂദബിയില്‍ ഒരുമിച്ചുകൂടുമ്പോള്‍ അത് ഇത്ര വളര്‍ച്ച നേടിയ ഒരു സംഘത്തിന്‍െറ പിറവിയായിരിക്കുമെന്ന് ആരും കരുതിയിരിക്കില്ല. 1981 മെയ് 25നാണ് ഗള്‍ഫിലെ ആറു രാഷ്ട്രങ്ങള്‍ ഗള്‍ഫ് കോപറേഷന്‍ കൗണ്‍സില്‍ (ജി.സി.സി) എന്ന കൂട്ടായ്മക്ക് രൂപംനല്‍കിയത്. 32 വയസ്സ് പൂര്‍ത്തിയാവുന്ന ഈ വേളയില്‍ ജി.സി.സി കുതിപ്പുകള്‍ക്കും കിതപ്പുകള്‍ക്കുമിടയില്‍ ഏറെ വളര്‍ന്നിരിക്കുവെന്നതിന് ചരിത്രം സാക്ഷി.
ഇറാന്‍-ഇറാഖ് യുദ്ധത്തിന്‍െറ കാര്‍മേഘങ്ങള്‍ക്കിടയില്‍ മേഖല കുടുങ്ങിക്കിടക്കുന്നതിനിടെയാണ് ജി.സി.സിയുടെ പിറവി. ഈ രണ്ടു രാജ്യങ്ങളും കൂട്ടായ്മയിലില്ലെങ്കിലും ശക്തമായ സാന്നിധ്യങ്ങളായ സൗദി അറേബ്യ, യു.എ.ഇ, കുവൈത്ത്്, ഖത്തര്‍, ബഹ്റൈന്‍, ഒമാന്‍ എന്നീ രാഷ്ട്രങ്ങളുടെ സംഘബോധം പിന്നീടുള്ള മൂന്ന് ദശാബ്ദങ്ങളില്‍ മേഖലക്ക് കരുത്തായി മാറുന്ന കാഴ്ചയാണ് കണ്ടത്. അന്നത്തെ കുവൈത്ത് അമീര്‍ ശൈഖ് ജാബിര്‍ അല്‍ അഹ്മദ് അസ്വബാഹ്, യു.എ.ഇ പ്രസിഡന്‍റ് ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്യാന്‍ എന്നിവരാണ് ജി.സി.സി രൂപവല്‍ക്കരണത്തിന് മുന്‍കൈയെടുത്തത്.
1990 ആഗസ്റ്റ് രണ്ടിന് സദ്ദാം ഹുസൈന്‍െറ ഇറാഖ് സൈന്യം കുവൈത്ത് കൈയേറിയപ്പോള്‍ ഫലപ്രദമായി ഇടപെടാന്‍ ജി.സി.സിക്കായി. മണിക്കുറുകള്‍ക്കകം അധിനിവേശത്തെ ശക്തമായ ഭാഷയില്‍ അപലപിച്ച ജി.സി.സി കുവൈത്തിന്‍െറ മണ്ണില്‍നിന്ന് ഉപാധികളില്ലാതെ പിന്‍വാങ്ങണമെന്ന് ഇറാഖിനോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു. സൈനികമായി കുവൈത്തിനെ സഹായിക്കാനുള്ള സംവിധാനമില്ലായിരുന്നുവെങ്കിലും ലോകതലത്തില്‍ കുവൈത്തിനുവേണ്ട പിന്തുണ ലഭ്യമാക്കാന്‍ ജി.സി.സി നേതൃത്വം പൂര്‍ണമായി രംഗത്തിറങ്ങിയിരുന്നു. പിന്നീട് സഖ്യസൈന്യം കുവൈത്തിനെ അധിനിവേശകരില്‍നിന്ന് മോചിപ്പിക്കുന്നതിന് എത്തിയപ്പോള്‍ ജി.സി.സി രാജ്യങ്ങളിലെ സൈനികര്‍ അതിന്‍െറ ഭാഗഭാക്കായി. കൂടാതെ കുവൈത്തില്‍നിന്ന് അഭയംതേടിയെത്തിയവര്‍ക്ക് തങ്ങളുടെ രാജ്യത്തിന്‍െറ വാതിലുകള്‍ മലര്‍ക്കെ തുറന്നിടാനും മറ്റു ജി.സി.സി രാഷ്ട്രങ്ങള്‍ തയാറായി.
അധിനിവേശത്തിന്‍െറ അടുത്ത ദിവസം തന്നെ ഈജിപ്ഷ്യന്‍ തലസ്ഥാനമായ കൈറോയില്‍ യോഗം ചേര്‍ന്ന ജി.സി.സി വിദേശ മന്ത്രിമാര്‍ കുവൈത്തിനെ സഹായിക്കാന്‍ വേണ്ട നടപടികള്‍ക്ക് തുടക്കമിട്ടിരുന്നു. പിന്തുണയുമായി മുന്നിട്ടിങ്ങാന്‍ അറബ് ലീഗിനെ പ്രേരിപ്പിക്കാനും ജി.സി.സിക്കായി. അതേവര്‍ഷം ഡിസംബര്‍ 22ന് ഖത്തറിലെ ദോഹയില്‍ ചേര്‍ന്ന 11ാമത് ജി.സി.സി ഉച്ചകോടി കുവൈത്തിനുള്ള പിന്തുണ ആവര്‍ത്തിക്കുകയും സാധ്യമായ രീതിയിലെല്ലാം പിന്തുണക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുകയും ചെയ്തു. നയതന്ത്ര തലത്തിലും ചടുലമായ നീക്കങ്ങള്‍ നടത്തിയ ജി.സി.സിയുടെ കൂടി സമ്മര്‍ദഫലമായാണ് ഐക്യരാഷ്ട്രസഭ രക്ഷാ സമിതി 660, 678 നമ്പര്‍ പ്രമേയങ്ങള്‍ പാസാക്കിയത്.
ബാങ്കിങ്, കസ്റ്റംസ് തലങ്ങളിലുണ്ടാക്കാനായ സഹകരണമാണ് ജി.സി.സിയുടെ മറ്റു പ്രധാന നേട്ടങ്ങള്‍. അന്തര്‍ ഗള്‍ഫ് വ്യാപാരം മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ ബാങ്കുകള്‍ക്ക് ജി.സി.സി രാജ്യങ്ങളില്‍ ശാഖകള്‍ തുറക്കാനുള്ള നിബന്ധനകള്‍ ലഘൂകരിച്ചു. ഇതിന്‍െറ ഫലമായി 2005ല്‍ 32 ബില്യന്‍ ഡോളര്‍ ആയിരുന്ന അന്തര്‍ ഗള്‍ഫ് വ്യാപാരം 2012 ആയപ്പോഴേക്കും 100 ബില്യന്‍ ഡോളര്‍ പിന്നിട്ടു. കസ്റ്റംസ് നിരക്കുകള്‍ ഒന്നിപ്പിച്ചുകൊണ്ട് 2003ല്‍ നിലവില്‍വന്ന ജി.സി.സി കസ്റ്റംസ് ഉടമ്പടി ഈ മേഖലയില്‍ വമ്പന്‍ നേട്ടങ്ങളാണ് മേഖലക്ക് സമ്മാനിച്ചത്.
ജി.സി.സി രാജ്യങ്ങളിലേക്കുള്ള ഇറക്കുമതി വന്‍തോതില്‍ വര്‍ധിക്കാന്‍ ഇത് വഴിവെച്ചു. ഇതുകൂടാതെ 2007ല്‍ പൊതു ഗള്‍ഫ് വിപണി കൂടി തുറക്കാന്‍ തീരുമാനിച്ചതോടെ മേഖലയുടെ സാമ്പത്തിക രംഗത്ത് വന്‍ ഉണര്‍വാണ് ദൃശ്യമായത്. 2009ല്‍ കുവൈത്തില്‍ നടന്ന ഉച്ചകോടിയില്‍ തീരുമാനമായ സംയുക്ത പവര്‍ ഗ്രിഡും നിലവില്‍ പുരോഗമിക്കുന്ന ജി.സി.സി കറന്‍സിയും സാക്ഷാല്‍ക്കരിക്കപ്പെട്ടാല്‍ അവ ജി.സി.സിയുടെ തൊപ്പിയിലെ മറ്റൊരു പൊന്‍തൂവലാവും.

റോബന്റെ വിജയഗോള്‍; ബയറണിന് ചാമ്പ്യന്‍സ് ലീഗ് കിരീടം

Posted: 25 May 2013 10:11 PM PDT

Image: 

ലണ്ടന്‍: അട്ടിമറി വീരന്മാരായ ബൊറൂസിയ ഡോര്‍ട്മുണ്ടിനെ ഒന്നിനെതിരെ രണ്ട് ഗോളിന് മറികടന്ന ബയറണ്‍ മ്യൂണിക്കിന് ചാമ്പ്യന്‍സ് ലീഗ് ഫുട്ബാള്‍ കിരീടം.  ചരിത്രമുറങ്ങുന്ന വെംബ്ളി സ്റ്റേഡിയത്തില്‍ നടന്ന ‘അഖില ജര്‍മന്‍ ഫൈനലില്‍’ രണ്ടാം പകുതിയില്‍ മരിയോ മാന്‍ഡ്സൂകിച്ചും   ആര്‍യെന്‍ റോബനുമാണ് ജേതാക്കള്‍ക്കായി വലകുലുക്കിയത്.
ബൊറൂസിയയുടെ ഗോള്‍ പെനാല്‍റ്റി കിക്കിലൂടെ ഗുന്‍ഡോഗന്‍െറ ബൂട്ടില്‍ നിന്നായിരുന്നു. ഒരു വ്യാഴവട്ടത്തിനു ശേഷംചാമ്പ്യന്‍സ് ലീഗ് കിരീടത്തില്‍ മുത്തമിടുന്ന ബയറണിന് ഇത് അഞ്ചാം കിരീടമാണ്.
വമ്പന്‍ താരനിരയുമായത്തെിയ ബയറണിനെതിരെ കാലുവിറക്കാതെ പന്തു തട്ടി തുടങ്ങിയ ബൊറൂസിയ കളിയുടെ തുടക്കത്തില്‍ വെംബ്ളിയിലെ ആരാധകരെ കൈയിലെടുത്തു.
മധ്യനിരക്കാരന്‍ മരിയോ ഗ്വെ്സേയുടെ അഭാവത്തിലാണ്  ഡോര്‍ട്മുണ്ട് കളത്തിലിറങ്ങിയത്. മൂന്നാം മിനിറ്റില്‍ തന്നെ റോബര്‍ട്ട് ലെവന്‍ഡോവ്സ്കി  എതിരാളികളെ ഞെട്ടിച്ചു. കളി പത്തുമിനിറ്റ് പിന്നിട്ടപ്പോള്‍ ബയറണ്‍ ഗോളി മാനുവല്‍ ന്യൂയറുടെ മികച്ച സേവുകള്‍ ബൊറൂസിയക്ക് വിനയായി.
ലെവന്‍ഡോവ്സ്കിയുടെയും ജാക്കൂബ് ബ്ളാസികോവ്സ്കിയുടെയും മാര്‍കോ റെയ്സിന്‍െറയും മിന്നും ഷോട്ടുകള്‍ ന്യുയര്‍ കോര്‍ണര്‍ വഴങ്ങി രക്ഷപ്പെടുത്തി.
ഏറെനേരം കാഴ്ചക്കാരായിനിന്ന ബയറണിന് 26ാം മിനിറ്റില്‍ സുവര്‍ണാവസരം കൈവന്നു. ഫ്രാങ്ക് റിബറിയുടെ ഉഗ്രന്‍ ക്രോസില്‍ മാന്‍ഡ്സൂകിച്ച് പന്തിന് തലവെച്ചെങ്കിലും ഗോളിയും നായകനുമായ റോമന്‍ വെയ്ഡന്‍ഫെലര്‍ അദ്ഭുതകരമായി രക്ഷപ്പെടുത്തി. പിന്നീട് റോബന്‍െറ ഗോളെന്നുറച്ച നീക്കവും വെയ്ഡന്‍ഫെലര്‍ തടുത്തിട്ടു. 43ാം മിനിറ്റിലും ഗോളി റോബന് വിഘാതമായി.
രണ്ടാം പകുതിയില്‍ ബയറണ്‍ ആക്രമണത്തിന്‍െറ മൂര്‍ച്ച കൂട്ടി. റോബനുംതോമസ് മ്യൂളറും മാന്‍ഡ്സൂകിച്ചും ബൊറൂസിയയുടെഗോള്‍മുഖത്ത് വട്ടമിട്ടു.
കളി ഒരു മണിക്കൂര്‍ പിന്നിട്ടപ്പോള്‍ ബയറണ്‍ ലീഡ് നേടി. റിബറിയില്‍നിന്ന് സ്വീകരിച്ച പന്ത് കൃത്യമായി മറിച്ച്നല്‍കിയ റോബനാണ് മാന്‍ഡ്സൂകിച്ചിന്‍െറ ഗോളിന് സഹായമേകിയത്്. ഇടം കാല് കൊണ്ട് വലയിലേക്ക് തട്ടിയിട്ട് മാന്‍ഡ്സൂകിച്ച് ബയറണിനെ മുന്നിലത്തെിച്ചു.
എന്നാല്‍, റോയ്സിനെ പെനാല്‍റ്റി പ്രദേശത്ത്വെച്ച് ഡാന്‍െറ ഫൗള്‍ ചെയ്തതിന് 68ാം മിനിറ്റില്‍ റഫറി പെനാല്‍റ്റി സ്പോട്ടിലേക്ക് വിരല്‍ ചൂണ്ടി.
  കിക്കെടുത്ത ഗുന്‍ഡോഗന്‍ ന്യൂയറെ കബളിപ്പിച്ച് ബൊറൂസിയയെ സമനിലയിലത്തെിച്ചു.
കളി അധികസമയത്തേക്ക് നീങ്ങുമെന്ന് തോന്നിച്ച ഘട്ടത്തിലാണ് 89ാം മിനിറ്റില്‍ റോബന്‍ കിരീടമുറപ്പിച്ച ഗോള്‍ സ്വന്തമാക്കിയത്.
 

No comments:

Post a Comment

english malayalam dictionary

വിരുന്നുകാര്...

poomottu

Dsgd: by ASLAM PADINHARAYIL

Back to TOP