സ്വാഗതം
WELCOME

News Update..

Wednesday, May 1, 2013

സരബ് ജിത്തിനെ രക്ഷിക്കാനാവില്ലെന്ന് മെഡിക്കല്‍ ബുള്ളറ്റിന്‍ Madhyamam News Feeds

സരബ് ജിത്തിനെ രക്ഷിക്കാനാവില്ലെന്ന് മെഡിക്കല്‍ ബുള്ളറ്റിന്‍ Madhyamam News Feeds

Link to

സരബ് ജിത്തിനെ രക്ഷിക്കാനാവില്ലെന്ന് മെഡിക്കല്‍ ബുള്ളറ്റിന്‍

Posted: 01 May 2013 01:31 AM PDT

Image: 

ലാഹോര്‍: ജയിലിലുണ്ടായ ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ് അബോധാവസ്ഥയില്‍ കഴിയുന്ന  ഇന്ത്യന്‍ തടവുകാരന്‍ സരബ് ജിത് സിങ്ങിനെ രക്ഷിക്കാനാവില്ലെന്ന് മെഡിക്കല്‍ ബുള്ളറ്റിന്‍. വെന്‍്റിലേറ്ററിന്റെസഹായത്തോടെ ജീവന്‍ നിലനിര്‍ത്തുന്ന 49 കാരനായ സരബ് ജിത്തിനെ അബോധാവസ്ഥയില്‍ നിന്നും തിരികെ കൊണ്ടുവരാന്‍ കഴിയില്ലെന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു. സരബ് ജിത്തിന് മസ്തിഷ്ക മരണം സംഭവിച്ചതായി ചൊവ്വാഴ്ച മെഡിക്കല്‍ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. എന്നാല്‍ പിന്നീട് ആശുപത്രി വൃത്തങ്ങള്‍ ഈ വാര്‍ത്ത നിഷേധിക്കുകയായിരുന്നു.
സരബ്ജിത്തിന്റെനില അതീവ ഗുരുതരമാണെന്നും ആന്തരിക രക്തസ്രാവം നിലക്കാതെ ശസ്ത്രക്രിയ നടത്താനാവില്ലന്നെും കഴിഞ്ഞ ദിവസം ഡോക്ടര്‍മാര്‍ വ്യക്തമാക്കിയിരുന്നു.

അതേസമയം,  സരബ്ജിതിനെതിരായ ആക്രമണം  പാകിസ്താന്‍ ഗൂഢാലോചനയാണെന്ന് സഹോദരി ദല്‍ബീര്‍ കൗര്‍ ആരോപിച്ചു. ഇന്ത്യന്‍ സര്‍ക്കാരിന്റെഅവഗണന നിരാശാജനകമാണ്. സരബ്ജിത്തിന്റെജീവന്‍ രക്ഷിക്കാന്‍ സര്‍ക്കാരിന്റെഭാഗത്തുനിന്ന് ഉറച്ച നീക്കങ്ങളൊന്നുമുണ്ടായിട്ടില്ല. സര്‍ക്കാരിന്റെഅവഗണനക്കെതിരെ നിരാഹാര സമരം തുടങ്ങുമെന്നും സഹോദരി വാഗ അതിര്‍ത്തിയില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.ഗുരുതരാവസ്ഥയില്‍ കഴിയുന്ന സരബ് ജിത്തിനെ ചികിത്സിക്കാന്‍ ഇന്ത്യയില്‍ നിന്നുള്ള വിദഗ്ദ്ധ ഡോക്ടര്‍മാരെ അനുവദിക്കണമെന്നും ഇക്കാര്യത്തിനായി സമ്മര്‍ദ്ദം ചെലുത്താന്‍   യു.പി.എ അധ്യക്ഷ സോണിയാഗാന്ധിയെ സന്ദര്‍ശിക്കുമെന്നും ദല്‍ബീര്‍ കൗര്‍ പറഞ്ഞു.

ലാഹോറിലെ ജിന്ന ആശുപത്രിയില്‍ കഴിയുന്ന സരബ്ജിത് സിങ്ങിനെ സന്ദര്‍ശിച്ച ശേഷം ബന്ധുക്കള്‍ ബുധനാഴ്ച രാവിലെയാണ്  വാഗ അതിര്‍ത്തിവഴി ഇന്ത്യയിലെത്തിയത്.  സഹോദരി ദല്‍ബിര്‍ കൗര്‍ , ഭാര്യ സുഖ്പ്രീത് കൗര്‍ , മക്കളായ സ്വപന്‍ദീപ്, പൂനം എന്നിവരാണ് സരബ് ജിത്തിനെ സന്ദര്‍ശിക്കാന്‍ ഞായറാഴ്ച ലാഹോറിലേക്ക് പോയത്.

1990ല്‍ ലാഹോറിലുണ്ടായ ബോംബ് സ്ഫോടനവുമായി ബന്ധപ്പെട്ട് വധശിക്ഷക്ക് വിധിക്കപ്പെട്ട സരബ്ജിത് കോട്ട് ലഖ്പത് ജയിലില്‍ വെള്ളിയാഴ്ചയാണ് സഹതടവുകാരാല്‍ ആക്രമിക്കപ്പെട്ടത്.
 

ഉത്തരേന്ത്യയില്‍ വീണ്ടും ഭൂചലനം

Posted: 01 May 2013 12:57 AM PDT

Image: 

ന്യൂദല്‍ഹി: ഉത്തരേന്ത്യയില്‍ വിവിധയിടങ്ങളില്‍ വീണ്ടും ഭൂചലനം. ബുധനാഴ്ച ഉച്ചക്ക് 12.30ഓടെയാണ് റിക്ടര്‍ സ്‌കെയിലില്‍ 5.8 തീവ്രത രേഖപ്പെടുത്തിയ ചലനം അനുഭവപ്പെട്ടത്. ജമ്മു-കശ്മീരിനും ഹിമാചല്‍ പ്രദേശിനും ഇടയിലുള്ള പ്രദേശമാണ് ചലനത്തിന്റെ പ്രഭവകേന്ദ്രം. ദല്‍ഹി, ശ്രീനഗര്‍, വാഗ, നോയിഡ എന്നിവിടങ്ങളിലാണ് ചലനം അനുഭവപ്പെട്ടത്. ഇതിന് പുറമെ പാകിസ്താനിലെ ഇസ്ലാമാബാദിലും ലാഹോറിലും ചലനം അനുഭവപ്പെട്ടതായാണ് വിവരം.

ഭൂചലനത്തെ തുടര്‍ന്ന് വീടുകളില്‍ നിന്നും ഓഫീസുകളില്‍ നിന്നും ആളുകള്‍ പുറത്തേക്ക് ഓടി. ആളപായമോ നാശനഷ്ടമോ ഉണ്ടായതായി റിപ്പോര്‍ട്ടില്ല.

ഉത്തരേന്ത്യയില്‍ കഴിഞ്ഞ ഒരു മാസത്തിനിടെ ഉണ്ടാകുന്ന മൂന്നാമത്തെ ഭൂചലനമാണ് ഇത്.

 

കോളറ: 37 പേര്‍ക്ക് രോഗലക്ഷണം, മൂന്ന് മരണം

Posted: 30 Apr 2013 11:39 PM PDT

കല്‍പറ്റ: ജില്ലയില്‍ ഈ വര്‍ഷം ഇതുവരെ 37 പേര്‍ക്ക് കോളറ രോഗലക്ഷണമുള്ളതായും മൂന്നു പേര്‍ മരിച്ചതായും എ.ഡി.എം എന്‍.ടി മാത്യു, ഡെപ്യൂട്ടി ഡി.എം.ഒ ഡോ. ശ്രീകുമാര്‍, ഡോ. അജയന്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഇതില്‍ നാലുപേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. കോളറ പടരാതിരിക്കാന്‍ എല്ലാ മുന്‍കരുതലുകളും എടുത്തിട്ടുണ്ട്.
എന്നാല്‍, രോഗം പൂര്‍ണമായി തടയാന്‍ സാധിച്ചിട്ടില്ല. 2011-12 വര്‍ഷത്തില്‍ 69 കോളറ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. എട്ടുപേര്‍ മരിച്ചു. 2010-11 വര്‍ഷത്തില്‍ 114 കോളറ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ ആറുപേരാണ് മരിച്ചത്. ജില്ലയില്‍ നിന്ന് കര്‍ണാടകയിലേക്ക് ഇഞ്ചികൃഷിക്കായും മറ്റും പോയവരില്‍ നിന്നാണ് ജില്ലയില്‍ രോഗം എത്തുന്നത്. ഇവരില്‍ ഭൂരിഭാഗവും ആദിവാസികളാണ്.
കഴിഞ്ഞ തവണകളില്‍ മൈസൂരില്‍ കോളറബാധ റിപ്പോര്‍ട്ട് ചെയ്തതിന് ശേഷം ഉടന്‍തന്നെ വയനാട്ടിലും രോഗമെത്തി. കര്‍ണാടകയില്‍ ജോലിക്കു പോയി അവിടെ നിന്ന് രോഗം ബാധിച്ചതിന് ശേഷമാണ് ജില്ലയില്‍ തൊഴിലാളികള്‍ മടങ്ങിയെത്തുന്നത്. കോളനികളില്‍ ഏറക്കാലം താമസിച്ചതിനു ശേഷമാണ് ആദിവാസികളായ തൊഴിലാളികള്‍ ആശുപത്രികളില്‍ ചികിത്സ തേടുന്നത്. ആദിവാസി രോഗികള്‍ക്ക് ആശുപത്രികളില്‍ കൂടെ നില്‍ക്കാന്‍ ആളില്ലാത്തത്  പ്രശ്നം സൃഷ്ടിക്കുന്നു. ട്രൈബല്‍ പ്രമോട്ടര്‍മാരെ ഉപയോഗിച്ച് ഇതിന് പരിഹാരമുണ്ടാക്കും. അയല്‍ സംസ്ഥാനങ്ങളിലെ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ ഏപ്രില്‍ 16ന് യോഗം ചേര്‍ന്നിരുന്നു. മറ്റ് സംസ്ഥാനങ്ങളില്‍ കോളറ റിപ്പോര്‍ട്ട് ചെയ്താല്‍ ഉടന്‍തന്നെ വിവരം വയനാട്ടിലും എത്തുന്നുണ്ട്. ഇതിനാല്‍ പ്രതിരോധ നടപടികള്‍ മുന്‍കൂട്ടി എടുക്കാറുണ്ട്.
മുട്ടില്‍ കൊളവയല്‍, 50ാംമൈല്‍ കോളനിക്കരികിലൂടെ ഒഴുകുന്ന പുഴയില്‍ കോളിഫോം ബാക്ടീരിയയുടെ കൗണ്ട്  1600ആണ്. ഇത് ഭയാനകമായ അവസ്ഥയാണ്. ഇവിടെയുള്ള കിണറുകളും മലിനമാണ്. സൂപ്പര്‍ ക്ളോറിനേഷന്‍  കിണറുകളില്‍ നടത്താമെങ്കിലും പുഴകളില്‍ അസാധ്യമാണ്.
മുട്ടില്‍ യതീംഖാനയിലെ മാലിന്യം പുഴയിലേക്ക് തള്ളുന്നതിനെതിരെ ആരോഗ്യവകുപ്പ് നോട്ടീസ് നല്‍കിയിട്ടുണ്ട്. 

രണ്ടേക്കര്‍ കണ്ടല്‍കാടുകള്‍ വെട്ടി നശിപ്പിച്ചു

Posted: 30 Apr 2013 11:31 PM PDT

കോഴിക്കോട്: കോട്ടൂളി തണ്ണീര്‍ത്തടത്തിന്‍െറ ഭാഗമായ രണ്ടേക്കറോളം വരുന്ന പ്രദേശത്തെ കണ്ടല്‍കാടുകള്‍ വെട്ടിനശിപ്പിച്ചു. അരയിടത്തുപാലം-സരോവരം റോഡിനോട് ചേര്‍ന്ന് കല്യാണ്‍ സാരീസിന്‍െറ പിറകുഭാഗത്തായുള്ള കണ്ടല്‍കാടുകളാണ് അവശിഷ്ടങ്ങള്‍പോലും ബാക്കിയില്ലാത്തവിധം വെട്ടിവെളുപ്പിച്ചത്. രാത്രിയുടെ മറവിലാണ് ഈ നിയമവിരുദ്ധ പ്രവര്‍ത്തനം നടത്തിയതെന്ന് നാട്ടുകാര്‍ പറയുന്നു.
സംസ്ഥാനത്തുതന്നെ ഏറ്റവുമധികം കണ്ടല്‍വനങ്ങളുള്ള പ്രദേശങ്ങളിലൊന്നാണ് കോട്ടൂളി തണ്ണീര്‍തട മേഖല. സരോവരം ബയോ പാര്‍ക്കിനോട് ചേര്‍ന്ന ഏക്കര്‍ കണക്കിന് സ്ഥലത്തായി വ്യാപിച്ചുകിടക്കുന്നതാണിത്.  
മണ്ണിട്ട് നികത്തുന്നതിന് മുന്നോടിയായാണ് കണ്ടല്‍ക്കാടുകള്‍ വെട്ടിമാറ്റിയതെന്നാണ് സൂചന. നേരത്തേയും കോട്ടൂളി തണ്ണീര്‍തട മേഖലയിലെ കണ്ടല്‍ക്കാടുകള്‍ തീയിട്ട് നശിപ്പിക്കാന്‍ ശ്രമം നടന്നിരുന്നു.
വെട്ടിമാറ്റിയ പ്രദേശങ്ങളില്‍ കോട്ടൂളി സ്പെഷല്‍ വില്ലേജ് ഓഫിസര്‍ ടി. പ്രസാദ് പരിശോധന നടത്തി. കണ്ടല്‍വനങ്ങള്‍ വെട്ടിമാറ്റിയത് പരിശോധനയില്‍ ബോധ്യപ്പെട്ടതായും കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കലക്ടര്‍, ആര്‍.ഡി.ഒ, തഹസില്‍ദാര്‍ എന്നിവര്‍ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
പ്രഫ. ടി. ശോഭീന്ദ്രന്‍ മാസ്റ്ററുടെ നേതൃത്വത്തില്‍ പരിസ്ഥിതി പ്രവര്‍ത്തകരും സ്ഥലത്തെത്തി. തണ്ണീര്‍ത്തടങ്ങളും കണ്ടല്‍വനങ്ങളും കൈയേറാനുള്ള ഭൂമാഫിയയുടെ നീക്കം ചെറുക്കുമെന്ന് ശോഭീന്ദ്രന്‍ മാസ്റ്റര്‍ പറഞ്ഞു. ഭാവിയില്‍ ഇതേ പ്രശ്നങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

 

ഇന്ത്യയിലേക്ക് ഒന്നര ലക്ഷം സീറ്റുകള്‍ വേണമെന്ന് ഗള്‍ഫ് വിമാന കമ്പനികള്‍

Posted: 30 Apr 2013 11:10 PM PDT

Image: 

ദുബൈ: ഇന്ത്യയിലേക്ക് കൂടുതല്‍ പ്രതിവാര സീറ്റുകള്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഗള്‍ഫിലെ പ്രമുഖ വിമാന കമ്പനികള്‍ രംഗത്ത്. യു.എ.ഇയിലെ എമിറേറ്റ്സ്, എയര്‍ അറേബ്യ എന്നിവക്ക് പുറമെ ഖത്തര്‍ എയര്‍വെയ്സും അധിക സീറ്റുകള്‍ ആവശ്യപ്പെടുന്നു. സൗദി എയര്‍ലൈന്‍സും അധിക സീറ്റ് ആവശ്യപ്പെട്ടേക്കും. അതേസമയം, ടര്‍ക്കിഷ് എയര്‍ലൈന്‍സ് ദല്‍ഹിയില്‍നിന്നും മുംബൈയില്‍നിന്നും കൂടുതല്‍ സര്‍വീസിന് അനുമതി തേടുന്നുണ്ട്.
ഗള്‍ഫിലെ വിമാന കമ്പനികളുടെ ഏതാണ്ട് 500 സര്‍വീസുകളാണ് ഓരോ ആഴ്ചയും ഇന്ത്യയിലേക്കുള്ളത്. എമിറേറ്റ്സ്-185, എയര്‍ അറേബ്യ-111, ഖത്തര്‍ എയര്‍വെയ്സ്-95, ഇത്തിഹാദ്-63 എന്നിങ്ങനെ സര്‍വീസുകളുണ്ട്.
യു.എ.ഇ ദേശീയ വിമാന കമ്പനിയായ ഇത്തിഹാദ് ഇന്ത്യയിലെ സ്വകാര്യ വിമാന കമ്പനിയായ ജെറ്റ് എയര്‍വെയ്സിന്‍െറ 24 ശതമാനം ഓഹരികള്‍ വാങ്ങിയതിന് പുറമെ അബൂദബിയില്‍നിന്ന് ഇന്ത്യയിലേക്ക് പ്രതിവാര സീറ്റുകള്‍ 50,000 ആക്കി വര്‍ധിപ്പിക്കാന്‍ ഇന്ത്യയും യു.എ.ഇയും ധാരണയിലെത്തുകയും ചെയ്തു. ഈ രണ്ട് നടപടികളിലൂടെയും ഇത്തിഹാദ് ഇന്ത്യന്‍ വ്യോമയാന മേഖലയില്‍ കൂടുതല്‍ സ്വാധീനം ചെലുത്താന്‍ തുടങ്ങിയ സാഹചര്യത്തിലാണ് അധിക സീറ്റുകള്‍ ആവശ്യപ്പെട്ട് ഇതര വിമാന കമ്പനികളും രംഗത്തുവന്നത്. ഇതോടെ ഇന്ത്യന്‍ സെക്ടറില്‍ മത്സരം മുറുകി.
അബൂദബിയില്‍നിന്ന് ഇന്ത്യയിലേക്ക് അനുവദിച്ച 50,000 സീറ്റുകളും ഇത്തിഹാദിനാണ് ലഭിക്കുക. ഇത് തങ്ങളെ പ്രതികൂലമായി ബാധിക്കുമെന്ന ആശങ്ക മറ്റു വിമാന കമ്പനികള്‍ക്കുണ്ട്. മാത്രമല്ല, സീറ്റുവര്‍ധന വേണമെന്ന് ഇവര്‍ നേരത്തേ ആവശ്യപ്പെടുന്നുണ്ട്. എമിറേറ്റ്സ്, എയര്‍ അറേബ്യ, ഖത്തര്‍ എയര്‍വെയ്സ് എന്നീ കമ്പനികള്‍ ഇന്ത്യയിലേക്ക് അധിക സീറ്റിന് ശക്തമായ സമ്മര്‍ദം ചെലുത്തുന്നതായി ആഗോള വ്യോമയാന കണ്‍സള്‍ട്ടിങ് ഏജന്‍സിയായ സെന്‍റര്‍ ഫോര്‍ ഏഷ്യ പസഫിക് ഏവിയേഷന്‍ (സി.എ.പി.എ) റിപോര്‍ട്ടിലും പറയുന്നു. പ്രത്യേകിച്ച് ഇന്ത്യയിലെ ‘ടയര്‍-2’ സിറ്റികളിലേക്കുള്ള സര്‍വീസിന്‍െറ കാര്യത്തില്‍ കടുത്ത മത്സരമുണ്ടാകും.
ആഗോള സാമ്പത്തിക മാന്ദ്യത്തില്‍ യൂറോപിലെയും മറ്റും പല വിമാന കമ്പനികളും തകര്‍ന്നപ്പോള്‍, ബഹ്റൈന്‍ ഒഴികെയുള്ള ഗള്‍ഫ് രാജ്യങ്ങളിലെ വിമാന കമ്പനികളുടെ നില കൂടുതല്‍ മെച്ചപ്പെടുകയാണ് ചെയ്തത്. പ്രത്യേകിച്ച് ഇത്തിഹാദ്, എമിറേറ്റ്സ്, എയര്‍ അറേബ്യ, ഖത്തര്‍ എയര്‍വെയ്സ്, സൗദി എയര്‍ലൈന്‍സ് എന്നിവ മികച്ച നേട്ടമുണ്ടാക്കി. അതിനാല്‍ ഇവര്‍ വന്‍ തോതില്‍ പുതിയ വിമാനങ്ങള്‍ക്ക് ഓര്‍ഡര്‍ നല്‍കി. വിവിധ കമ്പനികളുടെ ഓര്‍ഡര്‍ പ്രകാരം ഏതാണ്ട് 400 വിമാനങ്ങള്‍ വാങ്ങുന്നുണ്ട്. ഇതില്‍ 90 എണ്ണം വലിയ വിമാനങ്ങളാണ്. ഇവരുടെ പ്രധാന ലക്ഷ്യം ഇന്ത്യയാണ്. ലോകത്തെ ഏറ്റവും വലിയ യാത്രാ വിമാനം എ-380 ഇന്ത്യന്‍ സര്‍വീസിന് ഉപയോഗിക്കാനും ഗള്‍ഫിലെ കമ്പനികള്‍ അനുമതി തേടുന്നു. നിലവില്‍ വിദേശ കമ്പനികളുടെ എ-380ന് ഇന്ത്യ അനുമതി നല്‍കുന്നില്ല.
ഈയിടെ കേന്ദ്ര സര്‍ക്കാര്‍ പുറത്തുവിട്ട റിപോര്‍ട്ട് പ്രകാരം ഇന്ത്യയിലെ രാജ്യാന്തര യാത്രക്കാരില്‍ 22 ശതമാനം പേരെയും കൊണ്ടുപോകുന്നത് എമിറേറ്റ്സ്, എയര്‍ അറേബ്യ, ഖത്തര്‍ എയര്‍വെയ്സ് എന്നിവയാണ്. ഇതില്‍ 13.04 ശതമാനം എമിറേറ്റ്സിനാണ്. 2011-12ല്‍ കിങ്ഫിഷര്‍ ഒഴികെയുള്ള ഇന്ത്യന്‍ വിമാന കമ്പനികളുടെ വിഹിതം 21 ശതമാനമാണ്.
ഇന്ത്യയിലേക്ക് യാത്രക്കാരെ എത്തിക്കുന്നതില്‍ ഇന്ത്യന്‍ ദേശീയ വിമാന കമ്പനിയായ എയര്‍ ഇന്ത്യയേക്കാള്‍ മുന്നിലാണ് എമിറേറ്റ്സ്. 2011-12ല്‍ 4.532 ദശലക്ഷം പേരാണ് എമിറേറ്റ്സ് വിമാനങ്ങളില്‍ ഇന്ത്യയിലേക്ക് പറന്നത്. ഇന്ത്യയിലെ 10 കേന്ദ്രങ്ങളിലേക്ക് ആഴ്ചയില്‍ 185 സര്‍വീസുകള്‍ ഇവര്‍ നടത്തുന്നു. 2011-12 വര്‍ഷത്തെ കണക്ക് പ്രകാരം ഇന്ത്യന്‍ വ്യോമയാന മേഖലയുടെ 13.04 ശതമാനമാണ് എമിറേറ്റ്സ് കൈയടക്കിയത്. 2011-12ല്‍ ഇന്ത്യന്‍ സര്‍വീസുകളിലൂടെ എമിറേറ്റ്സ് 7,083 ദശലക്ഷം ദിര്‍ഹം നേടി.

വിലക്ക് നീങ്ങി; ഡ്രീംലൈനര്‍ ഇന്ന് മുതല്‍ വീണ്ടും പറക്കും

Posted: 30 Apr 2013 10:39 PM PDT

Image: 

ദോഹ: കഴിഞ്ഞ ജനുവരിയില്‍ നിര്‍ത്തിവെച്ച ബോയിങ് 787 ഡ്രീംലൈനര്‍ വിമാനങ്ങളുടെ സര്‍വീസ് ഖത്തര്‍ എയര്‍വെയ്സ് ഇന്ന് പുന:രാരംഭിക്കും. ദോഹയില്‍ നിന്ന് ദുബൈയിലേക്കുള്ള പ്രത്യേക വിമാനത്തോടെയാണ് മൂന്ന് മാസങ്ങള്‍ക്ക് ശേഷം സര്‍വീസ് പുന:രാരംഭിക്കുന്നത്.
കഴിഞ്ഞ ജനുവരിയിലാണ് ഖത്തര്‍ എയര്‍വെയ്സിന് ഡ്രീംലൈനര്‍ വിമാനങ്ങള്‍ ലഭിച്ചത്. ദുബൈ, ലണ്ടന്‍ റൂട്ടുകളിലേക്കുള്ള സര്‍വീസുകള്‍ക്കാണ് ഇവ ഉപയോഗിച്ചിരുന്നത്. എന്നാല്‍, ജപ്പാന്‍ എയര്‍ലൈന്‍സിന്‍െറയും ഓള്‍ നിപ്പോണ്‍ എയര്‍ലൈന്‍സിന്‍െറയും ഡ്രീംലൈനര്‍ വിമാനങ്ങളിലെ ബാറ്ററി അമിതമായി ചൂടാകുന്നതായി കണ്ടെത്തിയതിനെത്തുടര്‍ന്ന് ഇത്തരം വിമാനങ്ങള്‍ സര്‍വീസിന് ഉപയോഗിക്കുന്നത് താല്‍ക്കാലികമായി നിര്‍ത്തിവെക്കാന്‍ യു.എസ് ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്ട്രേഷന്‍ (എഫ്.എ.എ) എല്ലാ വിമാനക്കമ്പനികള്‍ക്കും നിര്‍ദേശം നല്‍കുകയായിരുന്നു. യൂറോപ്യന്‍ വ്യോമയാന സുരക്ഷാ ഏജന്‍സിയുടെ അംഗീകാരത്തോടെയായിരുന്നു ഈ നിര്‍ദേശം. ബാറ്ററി സംവിധാനം പരിഷ്കരിച്ചതിനെത്തുടര്‍ന്ന് വിലക്ക് നീക്കിക്കൊണ്ട് എഫ്.എ.എ കഴിഞ്ഞ വ്യാഴാഴ്ച ഉത്തരവ് പുറപ്പെടുവിച്ചതോടെയാണ് സര്‍വീസ് പുന:രാരംഭിക്കാന്‍ ഖത്തര്‍ എയര്‍വെയ്സ് തീരുമാനിച്ചത്. പരിഷ്കരിച്ച ബാറ്ററി വിമാനത്തില്‍ പ്രത്യേക സ്റ്റെയിന്‍ലെസ് സ്റ്റീല്‍ പെട്ടിയിലായിരിക്കും സ്ഥാപിക്കുക. ഇവയുടെ പ്രവര്‍ത്തനത്തിന് കൂടുതല്‍ ശീതീകരിച്ച അന്തരീക്ഷവും ഒരുക്കിയിട്ടുണ്ട്. സ്റ്റീല്‍ പെട്ടിയില്‍ നിന്ന് പുറത്തേക്ക് വെന്‍റിലേഷന്‍ പൈപ്പ് സ്ഥാപിച്ചിട്ടുള്ളതിനാല്‍ വിമാനങ്ങളുടെ മറ്റ് ഭാഗങ്ങളിലേക്ക് പുക പടരില്ല.
വിലക്ക് വന്നതോടെ പുതിയ റൂട്ടുകളില്‍ സര്‍വീസ് തുടങ്ങുന്നത് നീട്ടിവെക്കാനും ഡ്രീംലൈനറുകള്‍ക്ക് പകരം മറ്റ് വിമാനങ്ങള്‍ ഏര്‍പ്പെടുത്താനും വിമാനക്കമ്പനികള്‍ നിര്‍ബന്ധിതമായിരുന്നു. ലോകത്തെ വിവിധ വിമാനക്കമ്പനികളുടെ കീഴിലായി നിലവില്‍ അമ്പതോളം ഡ്രീംലൈനര്‍ വിമാനങ്ങളാണ് സര്‍വീസ് നടത്തുന്നത്.

പി.വി അബ്ദുല്‍വഹാബ് മറുപടിയര്‍ഹിക്കുന്നില്ല -മന്ത്രി രവി

Posted: 30 Apr 2013 10:36 PM PDT

Image: 

റിയാദ്: ഇന്ത്യന്‍ മന്ത്രിമാരുടെ സൗദി സന്ദര്‍ശനത്തെ വിമര്‍ശിച്ച മുന്‍ രാജ്യസഭാംഗവും മുസ്ലിം ലീഗ് നേതാവുമായ പി.വി അബ്ദൂല്‍വഹാബ് മറുപടി അര്‍ഹിക്കുന്നില്ലെന്ന് പ്രവാസികാര്യമന്ത്രി വയലാര്‍ രവി. സൗദി സന്ദര്‍ശനം നടത്തുന്ന അദ്ദേഹം ഇന്ത്യയിലേക്ക് മടങ്ങും മുമ്പ് റിയാദില്‍ ‘ഗള്‍ഫ് മാധ്യമ’ത്തോട് പ്രതികരിക്കുകയായിരുന്നു. അബ്ദുല്ല രാജാവിനെ കണ്ട് പ്രവാസികളുടെ പ്രശ്നത്തിന് പരിഹാരം തേടാന്‍ പ്രധാനമന്ത്രിയാണ് എത്തേണ്ടിയിരുന്നതെന്നും വയലാര്‍ രവിയുടേയും ഇ. അഹമ്മദിന്‍െറയും നേതൃത്വത്തില്‍ നടന്ന മന്ത്രിതല സന്ദര്‍ശനംകൊണ്ട് പ്രയോജനമില്ലെന്നും തിങ്കളാഴ്ച ദുബൈയിലാണ് അബ്ദുല്‍ വഹാബ് പ്രസ്താവന നടത്തിയത്.
ചെറിയ കുട്ടികള്‍ പറയുന്നതിനെ അങ്ങിനെയാണ് കാണാറെന്നും അതിനോടൊന്നും പ്രതികരിക്കേണ്ട കാര്യമില്ലെന്നും റിയാദില്‍ ഒരു വിരുന്നുസല്‍ക്കാരത്തിനെത്തിയ മന്ത്രി വിശദീകരിച്ചു. അതേസമയം കുഞ്ഞാലിക്കുട്ടിയാണ് പറഞ്ഞതെങ്കില്‍ അതിനെ ആ ഗൗരവത്തോടെ കാണുമായിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രവാസി പ്രതിസന്ധിയുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്ന കാര്യത്തില്‍ സൗദിയിലെ മലയാള മാധ്യമങ്ങളുടേത് പോസിറ്റീവ് സമീപനമാണെന്നും ‘മാധ്യമം’ എന്‍െറ പത്രമാണെന്നും അദ്ദേഹം സ്വകാര്യ സംഭാഷണത്തിനിടെ സൂചിപ്പിച്ചു. നല്ല ബന്ധമാണ് ‘മാധ്യമ’വുമായുള്ളത്. സൗദി സന്ദര്‍ശനം സംതൃപ്തികരമാണെന്നും വലിയ പ്രതീക്ഷകളുമായാണ് മടങ്ങുന്നതെന്നും അദ്ദേഹം പറഞ്ഞു.
വൈകീട്ട് ഏഴിന് മുംബൈ വഴി ന്യൂദല്‍ഹിയിലേക്ക് പോകുന്ന എയര്‍ ഇന്ത്യയുടെ എ.ഐ 920 വിമാനത്തിലാണ് മന്ത്രിയും സംഘാംഗങ്ങളായ പ്രധാനമന്ത്രിയുടെ ഉപദേഷ്ടാവ് ടി.കെ.എ നായര്‍, പ്രവാസികാര്യമന്ത്രാലയം ജോയിന്‍റ് സെക്രട്ടറി ടി.കെ മനോജ്കുമാര്‍, ദല്‍ഹിയില്‍നിന്നുള്ള മലയാളി മാധ്യമ പ്രവര്‍ത്തകര്‍ എന്നിവരും മടങ്ങിയത്.
ഇന്ത്യന്‍ അംബാസഡര്‍ ഹാമിദലി റാവു, ഡി.സി.എം സിബി ജോര്‍ജ് എന്നിവരുടെ നേതൃത്വത്തില്‍ ഇന്ത്യന്‍ മിഷനിലെ ഉന്നതോദ്യോഗസ്ഥ സംഘം യാത്രയാക്കാനെത്തിയിരുന്നു. ഒ.ഐ.സി.സി പ്രസിഡന്‍റ് സി.എം കുഞ്ഞി കുമ്പളയുടെ നേതൃത്വത്തില്‍ റസാഖ് പൂക്കോട്ടുംപാടം, ശിഹാബ് കൊട്ടുകാട്, സലീം കളക്കര, ഷാജി സോണ, ഷാനവാസ്, നാസര്‍ കല്ലറ, മജീദ് ചിങ്ങോലി എന്നിവരും ഇന്ത്യന്‍ സംഘത്തെ യാത്രയാക്കാന്‍ റിയാദ് കിങ് ഖാലിദ് വിമാനത്താവളത്തിലെത്തി.

മഴ: നാലു മരണം കൂടി; 25 കുട്ടികളെ രക്ഷിച്ചു

Posted: 30 Apr 2013 10:31 PM PDT

Image: 

മസ്കത്ത്: രാജ്യത്തിന്‍െറ വിവിധ ഭാഗങ്ങളില്‍ ദുരിതം വിതച്ച് പെയ്ത മഴയില്‍ നാലു പേര്‍ക്കു കൂടി ജീവന്‍ നഷ്ടമായി. ദന്‍ഖ് എന്ന പ്രദേശത്ത് വാദിയിലെ ഒഴുക്കില്‍പെട്ട് രണ്ടു സ്വദേശികള്‍ മരിച്ചു. മഴയെ തുടര്‍ന്നുണ്ടായ വാഹനാപകടത്തില്‍ സഹമിലാണ് രണ്ടു കുട്ടികള്‍ മരിച്ചത്. മദയിലെ വാദി അല്‍ സറൂജില്‍ വെള്ളക്കെട്ടില്‍പെട്ട 25 കുട്ടികളെ പൊലീസ് രക്ഷപ്പെടുത്തി. ഇന്നലെ പലയിടങ്ങളിലും തെളിഞ്ഞ കാലാവസ്ഥയായിരുന്നു. എന്നാല്‍ ഉള്‍പ്രദേശങ്ങളില്‍ ഇപ്പോഴും ചിലയിടങ്ങളില്‍ മഴ തുടരുകയാണ്. തുടര്‍ച്ചയായി പെയ്ത കനത്ത മഴയിലും കാറ്റിലും നാശ നഷ്ടം നേരിട്ട പ്രദേശങ്ങളില്‍ ഉന്നത തല സംഘം സന്ദര്‍ശിച്ചു. അസിസ്റ്റന്‍റ് ഇന്‍സ്പെക്ടര്‍ പൊലീസ് ആന്‍റ് കസ്റ്റംസ് മേജര്‍ ജനറല്‍ ഹമദ് ബിന്‍ സുലൈമാന്‍ അല്‍ ഹാത്മി, സിവില്‍ ഡിഫന്‍സ് ജനറല്‍ അതോറിറ്റി ചെയര്‍മാന്‍ മേജര്‍ ജനറല്‍ അബ്ദുല്ല ബിന്‍ അലി അല്‍ ഹാര്‍ത്തി, സാമൂഹിക വികസന മന്ത്രാലയം അണ്ടര്‍ സെക്രട്ടറി ഡോ. യഹ്യ ബിന്‍ ബദ്ര്‍ മവാലി എന്നിവരാണ് ദാഖിറ ഗവര്‍ണറേറ്റിലെ വിവിധ പ്രദേശങ്ങള്‍ സന്ദര്‍ശിച്ചത്. ദാഖിറ ഗവര്‍ണര്‍ ശെയ്ഖ് സൈഫ് ബിന്‍ ഹുമൈറുമായി സംഘം ചര്‍ച്ച നടത്തി.
വ്യാപക നാശം വരുത്തിവെച്ച് രാജ്യത്തിന്‍െറ വിവിധ ഭാഗങ്ങളില്‍ തുടരുന്ന മഴ അടുത്ത ഒന്നു രണ്ടു ദിവസം കൂടി തുടരാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. മസ്കത്ത്, വടക്ക്-തെക്ക് ബാത്തിന, ബുറൈമി, മുസന്തം എന്നീ ഗവര്‍ണറേറ്റുകളില്‍ ശക്തമായ കാറ്റിന്‍െറ അകമ്പടിയോടെ മഴക്കു സാധ്യതയുണ്ടെന്നാണ് പ്രവചനം. ആവശ്യമായ മുന്‍കരുതലെടുക്കണമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. വാദികളില്‍ നിന്നും താഴ്ന്ന പ്രദേശങ്ങളില്‍ നിന്നും വിട്ടു നില്‍ക്കണമെന്നും അധികൃതര്‍ അറിയിച്ചു.

2 ജി : ജെ.പി.സി യോഗം വെള്ളിയാഴ്ച ചേരും

Posted: 30 Apr 2013 10:30 PM PDT

Image: 

ന്യൂദല്‍ഹി: 2 ജി ക്രമക്കേടിനെക്കുറിച്ച് അന്വേഷിക്കുന്ന സംയുക്ത പാര്‍ലമെന്‍്ററി സമിതി(ജെ.പി.സി)  യോഗം വെള്ളിയാഴ്ച ചേരും. യോഗത്തില്‍ ജെ.പി.സി അന്വേഷണ റിപ്പോര്‍ട്ടിന് അന്തിമഅംഗീകാരം  നല്‍കും. റിപ്പോര്‍ട്ടിന് സമിതി അന്തിമ അംഗീകാരം നല്‍കിയാല്‍ മെയ് എട്ടിന് തന്നെ റിപ്പോര്‍ട്ട് പാര്‍ലമെന്‍്റില്‍ വെക്കും. യോഗം ചേരുന്നതു സംബന്ധിച്ച് വ്യാഴാഴ്ചയാണ് അംഗങ്ങള്‍ക്ക് അറിയിപ്പ് നല്‍കുമെന്ന് സമിതി ചെയര്‍മാന്‍ പി.സി ചാക്കോ അറിയിച്ചു.
നേരത്തെ ചേരാനിരുന്ന ജെ.പി.സി നിര്‍ണായക യോഗം തൃണമൂല്‍ എം.പി അംബികാ ബാനര്‍ജിയുടെ നിര്യാണത്തെ തുടര്‍ന്ന്  മാറ്റിവെക്കുകയായിരുന്നു.
 

ജനങ്ങള്‍ ഇരുട്ടത്ത്; മന്ത്രിമാര്‍ വൈദ്യുതി ധൂര്‍ത്ത് തുടരുന്നു

Posted: 30 Apr 2013 10:16 PM PDT

Image: 

തിരുവനന്തപുരം: കേരളത്തില്‍ വൈദ്യുതി ക്ഷാമം രൂക്ഷമായി തുടരുമ്പോഴും സംസ്ഥാനത്തെ മന്ത്രിമാരുടെ വൈദ്യുതി ധൂര്‍ത്ത് തുടരുകയാണ്. വൈദ്യുതി ഉപയോഗം കുറക്കണമെന്ന് ജനങ്ങളോട് ആഹ്വാനം ചെയ്യുന്ന മന്ത്രിമാരുടെ വൈദ്യുതി ബില്‍ ആരെയും ഞെട്ടിക്കുന്നതാണ്.

ധൂര്‍ത്തില്‍ ഒന്നാംസ്ഥാനം കൃഷിമന്ത്രി കെ.പി മോഹനനാണ്. 45,488 രൂപയാണ് മന്ത്രിയുടെ കഴിഞ്ഞ രണ്ടു മാസത്തെ വൈദ്യുതി ബില്‍. തൊട്ടുപിന്നില്‍ ധനമന്ത്രി കെ.എം മാണിയാണ്. 44,448 രൂപയാണ് ധനമന്ത്രിയുടെ വൈദ്യുതി ബില്‍. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി 42,814 രൂപയുടെ ബില്ലാണ് അടച്ചത്. ധൂര്‍ത്ത് ഉപേക്ഷിക്കണമെന്ന് ജനങ്ങളോട് നിരന്തരം ആഹ്വാനം ചെയ്യുന്ന വൈദ്യുതിമന്ത്രി ആര്യാടന്‍ മുഹമ്മദിന്റെ ബില്‍ ആകട്ടെ 39,923 രൂപയാണ്.

വൈദ്യുതി ഉപയോഗത്തിന്റെ കാര്യത്തില്‍ സര്‍ക്കാര്‍ ചീഫ് വിപ്പ് പി.സി. ജോര്‍ജിനെയാണ് മാതൃകയാക്കേണ്ടത്. 2,263 രൂപ മാത്രമാണ് ജോര്‍ജിന്റെ വൈദ്യുതി ബില്‍.

വൈദ്യുതി ക്ഷാമത്തിന്റെ പേരുപറഞ്ഞ് മണിക്കൂറുകളോളം ലോഡ്‌ഷെഡ്ഡിങ് ഏര്‍പ്പെടുത്തിയും അടിക്കടി നിരക്ക് വര്‍ധിപ്പിച്ചും ജനങ്ങളെ ഇരുട്ടിലാക്കിയാണ് മന്ത്രിമാര്‍ ഈ ധൂര്‍ത്ത് യഥേഷ്ടം തുടരുന്നത്.
 

No comments:

Post a Comment

english malayalam dictionary

വിരുന്നുകാര്...

poomottu

Dsgd: by ASLAM PADINHARAYIL

Back to TOP