സ്വാഗതം
WELCOME

News Update..

Friday, May 10, 2013

ആസിഡ് മാലിന്യം: സംസ്കരണ പ്ളാന്‍റുകള്‍ ആര്‍.ഡി.ഒ പരിശോധിച്ചു Madhyamam News Feeds

ആസിഡ് മാലിന്യം: സംസ്കരണ പ്ളാന്‍റുകള്‍ ആര്‍.ഡി.ഒ പരിശോധിച്ചു Madhyamam News Feeds

Link to

ആസിഡ് മാലിന്യം: സംസ്കരണ പ്ളാന്‍റുകള്‍ ആര്‍.ഡി.ഒ പരിശോധിച്ചു

Posted: 09 May 2013 11:49 PM PDT

ഒല്ലൂര്‍: വ്യവസായ എസ്റ്റേറ്റില്‍ വീണ്ടും പ്രവര്‍ത്തനാനുമതി നല്‍കിയ എട്ട് സ്ഥാപനങ്ങളിലെ  മാലിന്യ സംസ്കരണ പ്ളാന്‍റുകള്‍ ആര്‍.ഡി.ഒയും സംഘവും പരിശോധിച്ച് തെളിവെടുത്തു.  ഈ സ്ഥാപനങ്ങളുടെ  പ്രവര്‍ത്തനം പൂര്‍ണമായും തൃപ്തികരമല്ലെന്ന് ആര്‍.ഡി.ഒ.  സി.പി. സാജന്‍ അഭിപ്രായപ്പെട്ടു. മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.വൈകാതെ കലക്ടര്‍ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കും. മലിനീകരണ നിയന്ത്രണ ബോര്‍ഡ് എന്‍ജിനീയര്‍ ടി.എ. തങ്കച്ചന്‍, ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരായ  ടി.പി. ചന്ദ്രന്‍, സി.എഫ്. വര്‍ഗീസ്, കൗണ്‍സിലര്‍ ജയ മുത്തിപ്പീടിക, വ്യവസായ സ്ഥാപനങ്ങളുടെ സംഘടന പ്രസിഡന്‍റ് സിജോ ജോയ്, ശശി പോട്ടയില്‍, സമര സമിതി ഭാരവാഹികളായ ശശി പുല്ലത്തറ, ഷൈജോണ്‍ വാഴപ്പറമ്പില്‍ എന്നിവരും സംഘത്തില്‍ ഉണ്ടായിരുന്നു.ജില്ലാ കലക്ടര്‍ നേരിട്ട് എത്തി അന്വേഷിച്ച് മുഴുവന്‍ പ്ളാന്‍റുകളുടെയും പ്രവര്‍ത്തനം നിറുത്തിവെക്കാന്‍  നേരത്തെ ഉത്തരവിട്ടിരുന്നു. ഇതിനെ തുടര്‍ന്ന്  28 സ്ഥാപനങ്ങള്‍ അടച്ച് പൂട്ടി. പിന്നീട് എട്ട് എണ്ണത്തിന്‍െറ പ്രവര്‍ത്തനം തൃപ്തികരമാണെന്ന് മലിനീകരണ നിയന്ത്രണ ബോര്‍ഡ് റിപ്പോര്‍ട്ട് നല്‍കി. ഇതനുസരിച്ചാണ് ഈ സ്ഥാപനങ്ങള്‍ തുറക്കാന്‍ കലക്ടര്‍ അനുമതി നല്‍കിയത്. എന്നാല്‍ ഇവയുടെ പ്രവര്‍ത്തനത്തിനെതിരെ സമരസമിതി രംഗത്തുവന്നു. ഇതേ തുടര്‍ന്നാണ് പരിശോധനക്ക്  സംഘം എത്തിയത്.
 

പഴശ്ശി ഇറിഗേഷന്‍ ഇന്‍സ്പെക്ഷന്‍ ബംഗ്ളാവിന് ശാപമോക്ഷമാകുന്നു

Posted: 09 May 2013 11:44 PM PDT

തളിപ്പറമ്പ്: ഉദ്ഘാടനം കഴിഞ്ഞ് 20 വര്‍ഷം പൂര്‍ത്തിയായ പഴശ്ശി ജലസേചന പദ്ധതിയുടെ ഇന്‍സ്പെക്ഷന്‍ ബംഗ്ളാവിന് ശാപമോക്ഷമാകുന്നു. സര്‍ക്കാര്‍ അംഗീകരിച്ച ടൂറിസ്റ്റ് ഡസ്റ്റിനേഷനായ പറശ്ശിനിക്കടവിലെ പ്രകൃതിരമണീയമായ കുന്നിന്‍പുറത് 1993  മേയ് ഒമ്പതിന് അന്നത്തെ ജലസേചന മന്ത്രി ടി.എം. ജേക്കബ് ഉദ്ഘാടനം ചെയ്ത ബംഗ്ളാവാണ് അധികൃതരുടെ അനാസ്ഥമൂലം സാമൂഹികവിരുദ്ധരുടെ അനാശാസ്യ കേന്ദ്രമായി മാറിയത്.
ലക്ഷക്കണക്കിന് രൂപ ചെലവഴിച്ച് നിര്‍മിച്ച കെട്ടിടത്തിന്‍െറ വയറിങ്, പ്ളംബിങ്, സാനിട്ടറി ഉപകരണങ്ങളും ജനലുകളും വാതിലുകളും പൂര്‍ണമായും അടിച്ച് നശിപ്പിച്ചിരിക്കയാണ്. മിക്ക സാധനങ്ങളും ഇവിടെനിന്ന്  സാമൂഹികവിരുദ്ധര്‍ കടത്തിയതായും പരാതിയുണ്ട്. ഉദ്ഘാടനശേഷം ഇവിടെ നവീകരണ പ്രവൃത്തി നടത്തുകയോ അധികൃതര്‍ തിരിഞ്ഞുനോക്കിയിട്ടോ ഇല്ല.
കെട്ടിടത്തിന്‍െറ ശോച്യാവസ്ഥയെക്കുറിച്ചറിഞ്ഞ തളിപ്പറമ്പ് എം.എല്‍.എ ജയിംസ് മാത്യു സ്ഥലം സന്ദര്‍ശിക്കുകയും കെട്ടിടത്തിന്‍െറ ഫോട്ടോയെടുത്ത് ജലസേചന മന്ത്രിക്ക് സമര്‍പ്പിക്കുകയും ചെയ്തതോടെയാണ് കെട്ടിടത്തിന് ശാപമോക്ഷമാകുന്നത്. കെട്ടിടം ഡി.ടി.പി.സിക്ക് കൈമാറണമെന്ന എം.എല്‍.എയുടെ നിര്‍ദേശം മന്ത്രി പരിഗണിച്ചെങ്കിലും ഇതിന് തുടര്‍നടപടിയായിട്ടില്ല.
ജലസേചന വകുപ്പ് തന്നെ ആറുലക്ഷം ചെലവഴിച്ചാണ് കെട്ടിടം പുനര്‍നിര്‍മിക്കാന്‍ ഒരുങ്ങുന്നത്. ഇതിന്‍െറ പ്രവൃത്തി ടെന്‍ഡറായി കഴിഞ്ഞതായും എം.എല്‍.എ അറിയിച്ചു. നശിപ്പിക്കപ്പെട്ട ഉപകരണങ്ങള്‍ പുനഃസ്ഥാപിച്ച് കെട്ടിടം ഭംഗിയാക്കുന്നതോടൊപ്പം ആവശ്യമായ വാച്ച്മാന്‍, കെയര്‍ടേക്കര്‍, കിച്ചന്‍ സ്റ്റാഫ് എന്നിവരെകൂടി നിയമിച്ചാല്‍ സാമൂഹികവിരുദ്ധ ശല്യം ഒഴിവാക്കാന്‍ സാധിക്കും. ഇതോടൊപ്പം ചെറിയ വാടക ഈടാക്കി ചെറുപരിപാടികള്‍ക്ക് നല്‍കിയാല്‍ പ്രകൃതിരമണീയമായ സ്ഥലത്തെ കെട്ടിടം ഏറെ ഉപയോഗപ്പെടുത്താനും സാധിക്കുമെന്ന് എം.എല്‍.എ പറഞ്ഞു.
 

എന്‍.സി.ഡി പ്രോഗ്രാം പാതിവഴിയില്‍; പ്രമേഹ പരിശോധന മുടങ്ങി

Posted: 09 May 2013 11:39 PM PDT

ചെറുവത്തൂര്‍: പ്രമേഹം, രക്താതിസമ്മര്‍ദം തുടങ്ങിയ ജീവിതശൈലീ രോഗങ്ങള്‍ നിയന്ത്രിക്കുന്നതിനായി സര്‍ക്കാര്‍ തലത്തില്‍ നടപ്പാക്കിയ നോണ്‍ കമ്യൂണിക്കബിള്‍ ഡിസീസസ് കണ്‍ട്രോള്‍ പ്രോഗ്രാം (എന്‍.സി.ഡി) പാതിവഴിയിലായി. പ്രമേഹ പരിശോധനയും മരുന്ന് വിതരണവുമാണ് ഇതുവഴി മുഖ്യമായും നടപ്പാക്കേണ്ടതെങ്കിലും തുടങ്ങി മാസങ്ങള്‍ പിന്നിടുമ്പോള്‍തന്നെ മിക്ക പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലും ഇവ മുടങ്ങി. ഇതുമൂലം ആശുപത്രികളിലെത്തുന്ന രോഗികള്‍ കൃത്യമായി ചികിത്സ കിട്ടാതെ മടങ്ങുകയാണ്.
എല്ലാ ചൊവ്വാഴ്ചകളിലും ഉച്ച രണ്ടുമുതല്‍ നാലുവരെ രോഗനിര്‍ണയ ക്ളിനിക്കും ബുധനാഴ്ചകളില്‍ പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ മരുന്നു വിതരണവുമാണ് എന്‍.സി.ഡി പ്രോഗ്രാമില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. എന്നാല്‍, പ്രമേഹം പരിശോധിക്കാനുള്ള സംവിധാനം എല്ലാ കുടുംബക്ഷേമ കേന്ദ്രങ്ങളിലും ഇല്ലാതായി. പ്രാഥമികാരോഗ്യ കേന്ദ്രങ്ങളില്‍ പ്രമേഹം പരിശോധിക്കാനുള്ള സ്ട്രിപ് തീര്‍ന്നിട്ട് മാസങ്ങളായി. ക്ളിനിക്കില്‍ രജിസ്റ്റര്‍ ചെയ്ത രോഗികള്‍ക്ക് സൗജന്യമായി നല്‍കുമെന്ന് പ്രഖ്യാപിച്ച ഇന്‍സുലിനും പ്രാഥമികാരോഗ്യ കേന്ദ്രങ്ങളില്‍ ലഭിക്കുന്നുമില്ല. ഇത് സ്ഥിരമായി മരുന്ന് ഉപയോഗിക്കേണ്ട നിര്‍ധന രോഗികള്‍ക്ക് ഏറെ ബുദ്ധിമുട്ടുണ്ടാക്കുകയാണ്.
ക്ളിനിക്കുകളില്‍ നിലവില്‍ നടക്കുന്നത് രക്തസമ്മര്‍ദ പരിശോധന മാത്രമാണ്. ദൂരസ്ഥലങ്ങളില്‍നിന്നെത്തുന്ന രോഗികള്‍ രക്തസമ്മര്‍ദം പരിശോധിച്ച് മടങ്ങേണ്ട അവസ്ഥയിലാണ്. ഇവര്‍ മരുന്നിനായി ബുധനാഴ്ചകളില്‍ ഒ.പിയിലെത്തണം.
പടന്ന, ചെറുവത്തൂര്‍ എന്നിവിടങ്ങളില്‍ ചൊവ്വാഴ്ചകളില്‍ 200ഓളം പ്രമേഹ രോഗികളാണ് ചികിത്സക്കായി എത്തുന്നത്. എന്നാല്‍, പ്രമേഹ പരിശോധനയും മരുന്നും മുടങ്ങിയതിനാല്‍ രോഗികള്‍ ഏറെ പ്രയാസം അനുഭവിക്കുന്നു. എന്‍.ആര്‍.എച്ച്.എം ഫണ്ടുകള്‍ ഉപയോഗപ്പെടുത്തി എല്ലാ ചികിത്സ കേന്ദ്രങ്ങളിലും ആവശ്യത്തിന് മരുന്നുകള്‍ ലഭ്യമാക്കണമെന്നതാണ് രോഗികളുടെ ആവശ്യം.
പകര്‍ച്ചവ്യാധികള്‍, തെറ്റായ ഭക്ഷണരീതി, വ്യായാമക്കുറവ്, ലഹരിപദാര്‍ഥങ്ങളുടെ ഉപയോഗം, മാനസിക പിരിമുറുക്കം എന്നിവ സമ്മാനിക്കുന്ന ജീവിതശൈലീ രോഗങ്ങള്‍ ദിവസേന വര്‍ധിച്ചുവരുമ്പോഴാണ് പദ്ധതി നിലക്കുന്നത്.

പോസ്കോക്കെതിരായ ഹൈകോടതി വിധി സുപ്രീംകോടതി റദ്ദാക്കി

Posted: 09 May 2013 11:35 PM PDT

Image: 

ന്യൂദല്‍ഹി: പോസ്കോ കമ്പനിക്കെതിരായ ഒഡീഷ ഹൈകോടതി വിധി സുപ്രീംകോടതി വിധി റദ്ദാക്കി. ഒഡീഷയിലെ കാണ്ഡഹാര്‍ ജില്ലയില്‍ പോസ്കോ കമ്പനിക്ക് ഇരുമ്പയിര്‍ ഖനനത്തിന് അനുമതി നല്‍കുന്ന കാര്യം കേന്ദ്രസര്‍ക്കാറിന് തീരുമാനിക്കാമെന്ന് സുപ്രീംകോടതി വ്യക്തമാക്കി.

അതേസമയം, കമ്പനിക്കെതിരെ പ്രദേശവാസികള്‍ നടത്തുന്ന സമരത്തെ കണ്ടില്ലെന്ന് നടിക്കരുതെന്നും സുപ്രീംകോടതി നിര്‍ദേശിച്ചിട്ടുണ്ട്.

പോസ്കോ കമ്പനിക്ക് ഒഡീഷ സര്‍ക്കാര്‍ ഖനനത്തിനായി നേരത്തെ പച്ചക്കൊടി കാണിച്ചിരുന്നു. ഇതിനെതിരെ ജിയോളജിക്കല്‍ മിനറല്‍ റിസോഴ്സ് മാനേജ്മെന്‍്റ് സര്‍വീസ് (ജിയോമൈന്‍) ആണ് ഹൈകോടതിയെ സമീപിച്ചത്. ഇതത്തേുടര്‍ന്ന് 2010ല്‍ പോസ്കോക്ക് ഹൈകോടതി ഖനനാനുമതി നിഷേധിക്കുകയായിരുന്നു

ലോകത്തെ ഏറ്റവും വലിയ നാലാമത്തെ സ്റ്റീല്‍ നിര്‍മാതാക്കളാണ് ദക്ഷിണ കൊറിയന്‍ കമ്പനിയായ പോസ്കോ. ഇരുമ്പയിര്‍ ഖനനത്തിനായി പോസ്കോ കമ്പനിക്കായി സ്ഥലമേറ്റെടുക്കുന്നതിനെതിരെ നാട്ടുകാര്‍ ചെറുത്തുനില്‍പ് തുടരുകയാണ്.

വരള്‍ച്ച: ജില്ലയില്‍ 7.18 കോടിയുടെ പദ്ധതികള്‍ക്ക് ഭരണാനുമതി

Posted: 09 May 2013 11:31 PM PDT

പാലക്കാട്: ജില്ലയിലെ വരള്‍ച്ചാ ദുരിതാശ്വാസ പ്രവൃത്തികള്‍ക്ക് ഒരു മാസത്തിനിടെ 7,17,79,996 രൂപയുടെ ഭരണാനുമതി നല്‍കിയതായി കലക്ടറുടെ ചുമതലയുള്ള എ.ഡി.എം കെ.വി. വാസുദേവന്‍ അറിയിച്ചു.  ജില്ലയുടെ വരള്‍ച്ച കണക്കിലെടുത്ത് പദ്ധതികള്‍ക്ക് അടിയന്തര പ്രാധാന്യം നല്‍കി അനുമതി നല്‍കാന്‍ സര്‍ക്കാര്‍ നിര്‍ദേശിച്ചതിനെ തുടര്‍ന്നാണ് നടപടി. ഇതനുസരിച്ച് 2013 ഏപ്രില്‍ ഒന്ന് മുതലാണ് ഇത്രയും തുക വിനിയോഗിക്കാന്‍ അനുമതി നല്‍കിയത്.
ഇതിന്‍െറ ഭാഗമായി 214 പ്രോജക്ടുകള്‍ നടപ്പാക്കും. മുഴുവന്‍ ഗ്രാമപഞ്ചായത്തുകള്‍ക്കും ടാങ്കര്‍ ലോറികളില്‍ കുടിവെള്ളം വിതരണം ചെയ്യാന്‍ 50,000 രൂപ വീതം മുന്‍കൂറായി നല്‍കിയിട്ടുണ്ട്. അട്ടപ്പാടി മേഖലയിലെ പ്രത്യേകത പരിഗണിച്ച് ഇവിടത്തെ മൂന്ന് ഗ്രാമപഞ്ചായത്തുകള്‍ക്ക് മുന്‍കൂറായി ഒരു ലക്ഷം രൂപ വീതം നല്‍കിയിട്ടുണ്ട്. തുക ചെലവഴിച്ച് വിശദാംശങ്ങള്‍ ലഭ്യമാക്കുന്ന മുറക്ക് കൂടുതല്‍ തുക നല്‍കും.  
ചെറുകിട ജലസേചന പദ്ധതികള്‍,  പൈപ്പ് ലൈന്‍ നീളം കൂട്ടല്‍, കിണര്‍ നവീകരിക്കല്‍, കുഴല്‍ കിണര്‍ കുഴിക്കല്‍, കുളം നവീകരിക്കല്‍ തുടങ്ങിയ പദ്ധതികള്‍ക്കാണ് ഭരണാനുമതി നല്‍കിയത്.
 

അനധികൃത ബി.പി.എല്‍ കാര്‍ഡ്: റേഷന്‍സാധനങ്ങളുടെ വില ഈടാക്കാന്‍ ഉത്തരവ്

Posted: 09 May 2013 11:27 PM PDT

മലപ്പുറം: ബി.പി.എല്‍ പട്ടികയില്‍ അനധികൃതമായി ഇടം നേടി കുറഞ്ഞ വിലക്ക് റേഷന്‍ സാധനങ്ങള്‍ കൈപ്പറ്റിയ വ്യക്തിയില്‍ നിന്ന് പിഴയായി സാധനങ്ങളുടെ വില ഈടാക്കാന്‍ ജില്ലാ കലക്ടര്‍ എം.സി മോഹന്‍ദാസ് ഉത്തരവിട്ടു. മൊറയൂര്‍ വില്ലേജില്‍ മോങ്ങം ചെറുവത്തൂര്‍ 229 -ാം നമ്പര്‍ റേഷന്‍ കടയില്‍ നിന്ന് ബി.പി.എല്‍ കാര്‍ഡ് ഉപയോഗിച്ച് മോങ്ങം കറുത്തേടത്ത് വീട്ടിലെ പാലന്‍തൊടിക മുഹമ്മദ് ഹാജി 2009 മുതല്‍ വാങ്ങിയ റേഷന്‍ സാധനങ്ങളുടെ വിലയായ 33,452 രൂപ ഈടാക്കാനാണ് കലക്ടറുടെ ചേബറില്‍ നടന്ന ഹിയറിങിന് ശേഷം ഉത്തരവിട്ടത്.
സ്വകാര്യവ്യക്തി നല്‍കിയ പരാതിയെ തുടര്‍ന്ന് അസി. ഡവലപ്മെന്‍റ് കമീഷണര്‍ (ജനറല്‍), ദാരിദ്ര്യ ലഘൂകരണ വിഭാഗം പ്രൊജക്ട്് ഡയറക്ടര്‍, താലൂക്ക് സപൈ്ള ഓഫിസര്‍, വില്ലേജ് ഓഫിസര്‍, എന്നിവരടങ്ങുന്ന സ്ക്വാഡിനെ പരാതി പരിശോധിക്കാന്‍ കലക്ടര്‍ നിയോഗിച്ചിരുന്നു. തുടര്‍ന്ന് മേയ് മൂന്നിന് റേഷന്‍ കടയിലെത്തി പരിശോധിച്ച സംഘം പരാതിയില്‍ പറഞ്ഞ പ്രകാരം ഇയാള്‍ ബി.പി.എല്‍ കാര്‍ഡിന് അര്‍ഹനല്ലെന്ന് കണ്ടെത്തി.
ജില്ലാതല സമിതിക്കും പൂക്കോട്ടൂര്‍ - മൊറയൂര്‍ വില്ലേജ് ഓഫിസര്‍മാര്‍ക്കും പരാതി സംബന്ധിച്ച് പ്രത്യേക റിപ്പോര്‍ട്ടും നല്‍കിയിട്ടുണ്ട്.
ഇദ്ദേഹത്തിന്‍െറ പേരില്‍ മൊറയൂര്‍ വില്ലേജില്‍ രണ്ട് ഏക്കര്‍ 97.5 സെന്‍റ് സ്ഥലവും പൂക്കോട്ടൂര്‍ വില്ലേജില്‍ രണ്ട് ഏക്കര്‍ 81 സെന്‍റ് സ്ഥലവുമുണ്ട്. ഈ രണ്ട് ഭൂമിയിലെയും കാര്‍ഷിക വിളകളില്‍ നിന്ന് പ്രതിവര്‍ഷം 71,000 രൂപ വരുമാനമുണ്ട്. 12 മുറികളുള്ള കെട്ടിടങ്ങള്‍ സ്വന്തമായുള്ളതില്‍ വാടക ഇനത്തില്‍ പ്രതിവര്‍ഷം 36,000 രൂപയും ലഭിക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
മേയ് മൂന്നിന് സ്ക്വാഡ് പരിശോധന നടത്തുമ്പോള്‍ ബി.പി.എല്‍  കാര്‍ഡ് കൈവശം വെച്ചിരുന്ന വ്യക്തി മേയ് ഒമ്പതിന് ഹിയറിങ്ങിനെത്തുന്നതിനിടെ എ.പി.എല്‍ കാര്‍ഡിലേക്ക് സ്വമേധയാ മാറിയിരുന്നു.
അരി 24,931 രൂപ, ഗോതമ്പ് 4984 രൂപ, പഞ്ചസാര 3537 എന്നിങ്ങനെ വാങ്ങിയ വിലയാണ് ഈടാക്കിയത്.
 

മാനന്തവാടി സബ് ജയില്‍ ഇനി ജില്ലാജയില്‍

Posted: 09 May 2013 11:21 PM PDT

മാനന്തവാടി: ഏറെക്കാലത്തെ മുറവിളികള്‍ക്ക് ഒടുവില്‍ മാനന്തവാടി സബ് ജയിലിനെ ജില്ലാജയില്‍ ആയി ഉയര്‍ത്തി. ബുധനാഴ്ച  ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് തീരുമാനം കൈക്കൊണ്ടത്. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി രണ്ട് മാസം കൊണ്ട് ജില്ലാ ജയിലിന്‍െറ പ്രവര്‍ത്തനം ആരംഭിക്കാനാണ് ലക്ഷ്യമിടുന്നത്.  2007ലാണ് ക്ളബ്കുന്നില്‍ 1.60 ഏക്കര്‍ സ്ഥലത്ത് സബ് ജയില്‍ പ്രവര്‍ത്തനം തുടങ്ങിയത്. വയനാട്ടില്‍ ജില്ലാജയില്‍ ഇല്ലാത്തതിനാല്‍ സബ്ജയില്‍ സ്ഥാപിക്കണമെന്ന ആവശ്യം ശക്തമായിരുന്നു. ഇതിനിടയിലാണ് സര്‍ക്കാറിന്‍െറ നടപടി.
ഒരുമാസംവരെ തടവ് ശിക്ഷ ലഭിക്കുന്നവരെയും റിമാന്‍ഡ് തടവുകാരെയുമാണ് സബ്ജയിലില്‍ പാര്‍പ്പിക്കുന്നത്. ഇതില്‍ കൂടുതല്‍ തടവ് ശിക്ഷയുള്ളവരെ കോഴിക്കോട് ജില്ലാ ജയിലിലും കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലുമാണ് താമസിപ്പിക്കുന്നത്.
ജില്ലാ ജയിലായി ഉയരുന്നതോടെ മാനന്തവാടിയില്‍ ആറ് മാസംവരെ തടവിന് ശിക്ഷിക്കുന്നവരെ താമസിപ്പിക്കാനാകും. നിലവില്‍ സബ്ജയിലില്‍ ഒരു സൂപ്രണ്ട്, നാല് ഹെഡ് വാര്‍ഡന്മാര്‍, ഒമ്പത് വാര്‍ഡന്മാര്‍ എന്നീ തസ്തികകളാണ് ഉള്ളത്. നാല് വാര്‍ഡന്മാരുടെ ഒഴിവുകള്‍ നിലനില്‍ക്കുന്നുണ്ട്.
ജില്ലാ ജയില്‍ ആകുന്നതോടെ സൂപ്രണ്ട് തസ്തിക ജയിലര്‍ എന്നായി മാറും. ഒരു ഡെപ്യൂട്ടി ജയിലറും ഉണ്ടാകും. ആറ് മാസം തടവിന് ശിക്ഷിക്കപ്പെടുന്ന തടവുകാര്‍ക്ക് ജയിലില്‍ വിവിധ പണികള്‍ നല്‍കേണ്ടിവരും. ഇതിന് ആവശ്യമായി വരുന്ന ജീവനക്കാര്‍ നിലവിലില്ല. ഇപ്പോഴത്തെ സാഹചര്യത്തില്‍ നിലവിലുള്ള ജീവനക്കാരെ ഉപയോഗിച്ച് ജില്ലാ ജയില്‍ പ്രവര്‍ത്തിപ്പിക്കാനാണ് അധികൃതരുടെ തീരുമാനം. വൈത്തിരി സബ് ജയിലിനെ ജില്ലാ ജയിലാക്കി ഉയര്‍ത്താന്‍ ആലോചിച്ചിരുന്നുവെങ്കിലും സുരക്ഷാ കാരണങ്ങളാല്‍ ഉപേക്ഷിക്കുകയായിരുന്നു.
മാനന്തവാടി ജയിലില്‍ 80 പേരെ താമസിപ്പിക്കാനുള്ള സൗകര്യം ഉണ്ട്. ഇപ്പോള്‍ 100 പേരെ പാര്‍പ്പിക്കുന്നുണ്ട്. വനിതാ ബ്ളോക്കിന്‍െറ നിര്‍മാണ പ്രവൃത്തികള്‍ പൂര്‍ത്തീകരിച്ചു കഴിഞ്ഞു. ഇതുകൂടി  പ്രവര്‍ത്തിച്ച് തുടങ്ങിയാല്‍ കൂടുതല്‍ പേരെ പാര്‍പ്പിക്കാനാവും.
 

വരള്‍ച്ച: ജില്ലക്ക് 4.5 കോടിയുടെ പദ്ധതി

Posted: 09 May 2013 11:19 PM PDT

കോഴിക്കോട്: ജില്ലയില്‍ വരള്‍ച്ചാ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക്  4.5 കോടി രൂപയുടെ ഭരണാനുമതി. 497 പദ്ധതികള്‍ക്കായി ഇത് ചെലവഴിക്കുമെന്ന് എ.ഡി.എം കെ.പി രമാദേവി അറിയിച്ചു. കുടിവെള്ള വിതരണത്തിനായി കോഴിക്കോട്, കൊയിലാണ്ടി, വടകര തഹസില്‍ദാര്‍മാര്‍ക്ക് 20 ലക്ഷം, 15 ലക്ഷം, 10 ലക്ഷം രൂപ എന്നിങ്ങനെ വേറെയും അനുവദിച്ചിട്ടുണ്ട്. കുടിവെള്ള വിതരണത്തിന് പഞ്ചായത്തുകള്‍ക്ക് അര ലക്ഷം രൂപ വീതം അഡ്വാന്‍സ് തുക നല്‍കി.
ഭരണാനുമതി നല്‍കിയ പ്രവൃത്തികള്‍ ഇവയാണ്. കിണര്‍ ആഴം കൂട്ടലും അറ്റകുറ്റപ്പണിയും -178, പൊതുകുളം നന്നാക്കല്‍ -20, തടയണ അറ്റകുറ്റപ്പണി -18, പൈപ്പ് ലൈന്‍ നീട്ടലും പമ്പ് സെറ്റ് മാറ്റലും -106, കുടിവെള്ള പദ്ധതി -45, കുഴല്‍ കിണര്‍ അറ്റകുറ്റപ്പണി - 118, ടാങ്ക് -2.

ബംഗ്ലാദേശ് കെട്ടിട ദുരന്തം: മരണം 1000 കവിഞ്ഞു

Posted: 09 May 2013 10:53 PM PDT

Image: 

ധാക്കാ: ബംഗ്ലാദേശില്‍ കഴിഞ്ഞമാസം കെട്ടിടം തകര്‍ന്നുവീണുണ്ടായ അപകടത്തില്‍ മരിച്ചവരുടെ എണ്ണം ആയിരം കവിഞ്ഞു. രക്ഷാപ്രവര്‍ത്തകര്‍ ഇപ്പോഴും കെട്ടിടത്തിന്റെ അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് മൃതദേഹങ്ങള്‍ പുറത്തെടുത്തുകൊണ്ടിരിക്കുകയാണ്. അടുത്തദിവസങ്ങളിലായി കൂടുതല്‍ മൃതദേഹങ്ങള്‍ കിട്ടിയതോടെയാണ് മരണസംഖ്യ 1021 ആയി ഉയര്‍ന്നത്. വ്യാഴാഴ്ച രാവിലെ മുതല്‍ 130 മൃതദേഹങ്ങള്‍ പുറത്തെടുത്തതായി അധികൃതര്‍ അറിയിച്ചു.

ഏപ്രില്‍ 24നാണ് തലസ്ഥാന നഗരത്തിന് 30 കിലോമീറ്റര്‍ അകലെ റാണ പ്ലാസ വാണിജ്യ സമുച്ചയം തകര്‍ന്നുവീണത്. മൂന്ന് വസ്ത്രനിര്‍മാണ യൂനിറ്റുകള്‍, ബാങ്ക് ശാഖ, മൂ്ന്നൂറിനടുത്ത് കടകള്‍ എന്നി പ്രവര്‍ത്തിച്ചിരുന്ന എട്ടുനില കെട്ടിടമാണ് തകര്‍ന്നുവീണത്. 25000 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. അപകടസ്ഥലത്തുനിന്നും 2437 പേരെ സുരക്ഷിതരായി രക്ഷപ്പെടുത്തിയിരുന്നു. രക്ഷാപ്രവര്‍ത്തനം വെള്ളിയാഴ്ചയോടെ അവസാനിപ്പിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ. കെട്ടിട അവശിഷ്ടങ്ങള്‍ ബുള്‍ഡോസര്‍ ഉപയോഗിച്ച് നീക്കുകയാണ്.
 

പാകിസ്താനിലെ ജനവിധി ആരെ തുണക്കും?

Posted: 09 May 2013 10:30 PM PDT

Image: 

പാകിസ്താന്‍െറ 66 വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമായി, പൊതുതെരഞ്ഞെടുപ്പിലൂടെ അധികാരത്തിലേറിയ ഒരു സര്‍ക്കാര്‍ അഞ്ചുവര്‍ഷം പൂര്‍ത്തിയാക്കി പടിയിറങ്ങിയതിനെ തുടര്‍ന്ന് വീണ്ടും ഒരു ജനാധിപത്യ സര്‍ക്കാറിനെ വാഴിക്കാന്‍ നാളെ(ശനിയാഴ്ച) 8,61,89,802 സമ്മതിദായകര്‍ പോളിങ് ബൂത്തുകളിലേക്ക് നീങ്ങുകയാണ്. പോളിങ് തടസ്സപ്പെടുത്തുമെന്നും അട്ടിമറി നടത്തുമെന്നും തഹ്രീകെ താലിബാനെപ്പോലുള്ള തീവ്രവാദി സംഘടനകളുടെ ഭീഷണിയുണ്ടെങ്കിലും ഒരുപരിധിവരെ വോട്ടെടുപ്പ് സമാധാനപരമായി നടക്കുമെന്നാണ് പ്രതീക്ഷ. 35 സ്ത്രീസംവരണ സീറ്റുകളും 10 അമുസ്ലിം ന്യൂനപക്ഷ സീറ്റുകളും ഉള്‍പ്പെടെ 342 ദേശീയ അസംബ്ളി സീറ്റുകളിലേക്കും പഞ്ചാബിലെ 297ഉം സിന്ധിലെ 130ഉം ഖൈബര്‍-പക്തൂന്‍ക്വായിലെ 99ഉം ബലൂചിസ്താനിലെ 51ഉം പ്രവിശ്യാ നിയമസഭാ സീറ്റുകളിലേക്കുമുള്ള തെരഞ്ഞെടുപ്പാണ് നാളെ ഒരേയവസരത്തില്‍ നടക്കുന്നത്. 250 രാഷ്ട്രീയ പാര്‍ട്ടികളുടെ 4600 സ്ഥാനാര്‍ഥികള്‍ മത്സരരംഗത്തുണ്ട്.
ഇത$പര്യന്തമുള്ള ചരിത്രത്തില്‍ അധികകാലവും ആഭ്യന്തരഛിദ്രതയും അസ്ഥിരതയും സൈനികവാഴ്ചയും അനുഭവിക്കേണ്ടിവന്ന പാകിസ്താന്‍ ഈ തെരഞ്ഞെടുപ്പിനെ നേരിടുന്നതും വലിയ ശുഭപ്രതീക്ഷയോടെയല്ല. സാമ്പത്തിക പ്രതിസന്ധിയും വന്‍ വിലക്കയറ്റവും അപ്രതിരോധ്യമായ അഴിമതിയും രാജ്യത്തിന്‍െറ ചിരകാല പ്രശ്നങ്ങളായി തുടരവെ സൈ്വരജീവിതത്തിനും ക്രമസമാധാനത്തിനും കടുത്ത ഭീഷണി ഉയര്‍ത്തിക്കൊണ്ട് സ്ഫോടനങ്ങളും ഭീകരകൃത്യങ്ങളും ദിനേന ആവര്‍ത്തിക്കുകയാണ്. അതോടൊപ്പം താലിബാനെയും മറ്റു തീവ്രവാദിക്കൂട്ടങ്ങളെയും നേരിടാനെന്നപേരില്‍, അഫ്ഗാനിസ്താനില്‍ താവളമടിച്ച അമേരിക്കന്‍ പട നിരന്തരം നടത്തുന്ന വ്യോമാക്രമണങ്ങള്‍ക്കിരയാവുന്നത് നൂറുകണക്കിന് നിരപരാധികളാണ്. അമേരിക്കയുടെ മുഖത്തുനോക്കി അരുത് എന്ന് ചങ്കൂറ്റത്തോടെ പറയാനുള്ള ത്രാണിപോലും ഭരണാധികാരികള്‍ക്കോ പട്ടാളമേധാവികള്‍ക്കോ ഇല്ല. സി.ഐ.എയുടെയും നാനാവിധ വിദേശ ചാരശൃംഖലകളുടെയും വിഹാരരംഗംകൂടിയാണ് പാകിസ്താന്‍െറ ആഭ്യന്തരം.
തികഞ്ഞ നിസ്സഹായതയുടെയും ബലഹീനതയുടെയും ബാക്കിപത്രവുമായി ഇലക്ഷന്‍ ഗോദയിലിറങ്ങിയ പീപ്ള്‍സ് പാര്‍ട്ടിക്ക് നേതൃത്വം നല്‍കാന്‍പോലും കരുത്തന്മാര്‍ രംഗത്തില്ല. ബേനസീറിന്‍െറ ഭര്‍ത്താവ് ആസിഫ് അലി സര്‍ദാരി രാജ്യത്തിന്‍െറ പ്രസിഡന്‍റ് പദവിയിലിരുന്നതല്ലാതെ അദ്ദേഹത്തെപ്പറ്റി അഭിമാനകരമായി ഒന്നും പി.പി.പിക്ക് ചൂണ്ടിക്കാട്ടാനില്ല. പ്രചാരണരംഗത്തുനിന്ന് സര്‍ദാരി മാറിനില്‍ക്കുകയും ചെയ്യുന്നു. പാര്‍ട്ടി പ്രസിഡന്‍റ് പദവിയില്‍ അവരോധിതനായ ഇരുപത്തഞ്ചുകാരന്‍ ബിലാവല്‍ ഭുട്ടോ അമ്മയുടെ ഗതിയോര്‍ത്താവണം അതിവേഗം രംഗംവിട്ട് സ്വന്തം ദേഹരക്ഷയെക്കുറിച്ച ആശങ്കയുമായി കഴിയുന്നു. ഈ സാഹചര്യത്തില്‍ പി.പി.പിക്ക് ഭരണത്തില്‍ രണ്ടാമൂഴം അധികമാരും പ്രവചിക്കുന്നില്ല. എന്നാല്‍, പാകിസ്താനിലെ രണ്ടാമത്തെ പ്രവിശ്യയായ സിന്ധിലെ കറാച്ചി ഒഴിച്ചുള്ള മേഖലയില്‍ ഭുട്ടോ കുടുംബത്തിന്‍െറ സ്വാധീനത്തിന് വലിയ ഇടിവ് പറ്റിയതായും വിലയിരുത്തപ്പെടുന്നില്ല. പിന്നെയാര്‍ക്കാണ് സാധ്യത എന്ന ചോദ്യത്തിന് മുന്‍ പ്രധാനമന്ത്രി നവാസ് ശരീഫിന്‍െറ മുസ്ലിംലീഗിന് എന്ന മറുപടിയാണ് സ്വാഭാവികമായി ലഭിക്കേണ്ടത്. പക്ഷേ, അതുറപ്പിച്ചുപറയാനും നിരീക്ഷകര്‍ തയാറല്ല. കാര്യമായ സഖ്യമോ മുന്നണിയോ ഇല്ലാതെ മിക്കവാറും പാര്‍ട്ടികള്‍ ഒറ്റക്കൊറ്റക്ക് ഭാഗ്യപരീക്ഷണത്തിനിറങ്ങിയതും കക്ഷികളുടെ എണ്ണപ്പെരുപ്പവുമാണ് ആശയക്കുഴപ്പമുണ്ടാക്കുന്നത്. ചൗധരി പര്‍വേസ് ഇലാഹി നയിക്കുന്ന പാകിസ്താന്‍ മുസ്ലിംലീഗ് (ഖാഇദെ അഅ്സം), മുന്‍ പട്ടാള ഭരണാധികാരി പര്‍വേസ് മുശര്‍റഫിന്‍െറ ഓള്‍ പാകിസ്താന്‍ മുസ്ലിംലീഗ്, ലഹാറോവിലെ സിദ്ധന്‍ പീര്‍ പഗാറോ സ്ഥാപിച്ച ഫങ്ഷനല്‍ മുസ്ലിംലീഗ് എന്നിങ്ങനെയുള്ള മുസ്ലിംലീഗുകളില്‍ ഒന്നുമായും നവാസ് ശരീഫിന്‍െറ പാര്‍ട്ടി ധാരണയുണ്ടാക്കിയിട്ടില്ല. എങ്കിലും ഏറ്റവും വലിയ പ്രവിശ്യയായ പഞ്ചാബില്‍ അദ്ദേഹത്തിന്‍െറ പാര്‍ട്ടിക്കുതന്നെയാണ് മുന്‍തൂക്കം. ഒരു കൂട്ടുകക്ഷി സര്‍ക്കാറിന് നവാസ് ശരീഫ് നേതൃത്വം നല്‍കിയേക്കുമെന്നാണ് പ്രവചനം.
ഏറ്റവും ഒടുവില്‍ ഇലക്ഷന്‍ റാലിക്കിടയില്‍ വീണ് പരിക്കേറ്റ മുന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ ഇംറാന്‍ഖാന്‍െറ തഹ്രീകെ ഇന്‍സാഫ് പാര്‍ട്ടിയാണ് കഴിഞ്ഞ തെരഞ്ഞെടുപ്പുകളില്‍നിന്ന് വ്യത്യസ്തമായി ഇത്തവണ ജനശ്രദ്ധ പിടിച്ചുപറ്റിയ കക്ഷി. അമേരിക്കന്‍ സാമ്രാജ്യത്വത്തോടുള്ള പരസ്യമായ വിരോധം പ്രകടിപ്പിക്കുകയും താലിബാനെക്കുറിച്ചുവരെ സൗമ്യമായി സംസാരിക്കുകയും ചെയ്യുന്ന ഇംറാന്‍ഖാന്‍ അമേരിക്കയില്‍നിന്ന് പണം സ്വീകരിച്ചതായ അപവാദം അദ്ദേഹത്തിന്‍െറ പ്രതിച്ഛായക്ക് മങ്ങലേല്‍പിച്ചിട്ടുണ്ട്.എങ്കിലും വലിയ കക്ഷികളിലൊന്നായി ഉയരാന്‍ ഇംറാന്‍ഖാന്‍െറ പാര്‍ട്ടിക്ക് സാധ്യമായേക്കുമെന്നാണ് സര്‍വേകളുടെ സൂചന.
കറാച്ചി ശക്തികേന്ദ്രമാക്കിയ മുത്തഹിദ ഖൗമി മൂവ്മെന്‍റ് കഴിഞ്ഞ സര്‍ക്കാറില്‍ പി.പി.പിയോടൊപ്പമായിരുന്നു. ഒടുവില്‍ പിണങ്ങിപ്പിരിഞ്ഞു. ഇന്ത്യയില്‍നിന്നുള്ള മുഹാജിറുകളുടെ മിലിറ്റന്‍റ് പാര്‍ട്ടിയായി അറിയപ്പെടുന്ന എം.ക്യു.എമ്മിനെ നയിക്കുന്നത് വര്‍ഷങ്ങളായി ലണ്ടനില്‍ പ്രവാസജീവിതം നയിക്കുന്ന അല്‍ത്താഫ് ഹുസൈനാണ്. സെക്കുലര്‍ പാര്‍ട്ടിയായ എം.ക്യു.എമ്മിന് മതസംഘടനകളുടെയും പാര്‍ട്ടികളുടെയും ഭാഗത്തുനിന്ന് ശക്തമായ എതിര്‍പ്പ് നേരിടേണ്ടിവരുന്നുണ്ടെങ്കിലും പാര്‍ട്ടിയുടെ ജനകീയാടിത്തറക്ക് ഉലച്ചില്‍ തട്ടിയിട്ടില്ല. അതുകൊണ്ട് ഭാവിയില്‍ രൂപംകൊള്ളാനിടയുള്ള കൂട്ടുകക്ഷി ഭരണത്തില്‍ ഒരു മുഖ്യപങ്കാളിയായിത്തീരാം എം.ക്യു.എം. ഖൈബര്‍ പക്തൂന്‍ക്വാ പ്രവിശ്യയില്‍ പ്രസ്താവ്യ സ്വാധീനമുള്ള ഖാന്‍ അബ്ദുല്‍ ഗഫാര്‍ഖാന്‍െറ ചെറുമകന്‍ അസ്ഫന്തിയാര്‍ വലിഖാന്‍ നയിക്കുന്ന ഇടതുപക്ഷ അവാമി നാഷനല്‍ പാര്‍ട്ടിക്കും ലഭിക്കാം പരിമിതമായ സീറ്റുകള്‍.
നേരത്തേ, എം.എം.എ (മുത്തഹിദ മജ്ലിസെ അമല്‍)യില്‍ ഒത്തുചേര്‍ന്നിരുന്ന പാകിസ്താന്‍ ജമാഅത്തെ ഇസ്ലാമി, മൗലാന ഫസ്ലുര്‍റഹ്മാന്‍ നേതൃത്വം നല്‍കുന്ന ജംഇയ്യത് ഉലമായെ ഇസ്ലാം, ജംഇയ്യതുല്‍ ഉലമാ പാകിസ്താന്‍ (നൂറാനി), ജംഇയ്യത് അഹ്ലെ ഹദീസ് തുടങ്ങിയ ഡസന്‍ കണക്കിന് പാര്‍ട്ടികളും ഗ്രൂപ്പുകളും ഇത്തവണ വേര്‍പിരിഞ്ഞു മത്സരിക്കുന്നതുകൊണ്ട് മത-രാഷ്ട്രീയ കൂട്ടായ്മ കാര്യമായ വെല്ലുവിളി ഉയര്‍ത്തുന്നില്ലെന്നാണ് സെക്കുലര്‍ പാര്‍ട്ടികളുടെ ആശ്വാസം. ഇവയില്‍ പ്രധാന സംഘടനകളുടെ ശക്തികേന്ദ്രമായ ഖൈബര്‍ പക്തൂന്‍ക്വാ പ്രവിശ്യ ഇടതുപക്ഷ എ.എന്‍.പിയുടെയും ആസ്ഥാനമാണ്. പി.പി.പിക്കും സംസ്ഥാനത്ത് മോശമല്ലാത്ത സ്വാധീനമുണ്ട്. ബഹുകോണ മത്സരത്തില്‍ ഇസ്ലാമിക പാര്‍ട്ടികളുടെ സ്ഥാനാര്‍ഥികളില്‍ മിക്കവര്‍ക്കും അടിതെറ്റാനാണ് സാധ്യത. തങ്ങള്‍ ഖൈബര്‍ പക്തൂന്‍ക്വായില്‍ മാത്രമല്ല കേന്ദ്രത്തിലും അധികാരത്തില്‍ വരുമെന്ന് ജമാഅത്തെ ഇസ്ലാമി അധ്യക്ഷന്‍ മുനവ്വര്‍ ഹസന്‍ ഇലക്ഷന്‍ റാലികളില്‍ അവകാശപ്പെട്ടത് വേറെകാര്യം. 2004ലെ തെരഞ്ഞെടുപ്പില്‍ എം.എം.എ ബാനറില്‍ ഇസ്ലാമിക പാര്‍ട്ടികളുടെ മുന്നണിയുണ്ടാക്കി വന്‍ മുന്നേറ്റം നടത്തിയ ഖാദി ഹുസൈന്‍ അഹ്മദിന്‍െറ പിന്‍ഗാമി മുനവ്വര്‍ ഹസനോ പാക് ജമാഅത്തെ ഇസ്ലാമി സെക്രട്ടറി ജനറല്‍ ലിയാഖത്ത് ബലൂചിനോ ഖാദി ഹുസൈന്‍െറ ചടുലതയോ സംഘാടക വൈഭവമോ ഇല്ലെന്നിരിക്കെ 2008ലെ തെരഞ്ഞെടുപ്പ് ബഹിഷ്കരിച്ച ജമാഅത്തിന് ഇത്തവണയും അദ്ഭുതമൊന്നും സൃഷ്ടിക്കാന്‍ കഴിയില്ലെന്നാണ് നിരീക്ഷകരുടെ വിലയിരുത്തല്‍. മധ്യപൗരസ്ത്യദേശത്തെ ഇളക്കിമറിച്ച അറബ് വസന്തക്കാറ്റൊന്നും പാകിസ്താനെ തഴുകിയതിന്‍െറ ലക്ഷണങ്ങളില്ല.
അരക്ഷിതരും അവഗണിതരുമായി കഴിയുന്ന പാകിസ്താനിലെ മതന്യൂനപക്ഷങ്ങള്‍ക്ക് തെരഞ്ഞെടുപ്പ് വന്നപ്പോള്‍ തുല്യനീതിയുടെയും തുല്യപരിഗണനയുടെയും വാഗ്ദാനപ്പെരുമഴ കാണാനായതാണ് കൗതുകകരമായ ഒരു കാര്യം. സെക്കുലര്‍ പാര്‍ട്ടികള്‍ മാത്രമല്ല, മത-രാഷ്ട്രീയ കക്ഷികളും ന്യൂനപക്ഷങ്ങളോട് അനുഭാവം പ്രകടിപ്പിക്കുന്നതില്‍ ഒട്ടും പിറകിലല്ല. ജമാഅത്തെ ഇസ്ലാമി വരെ അമുസ്ലിം ന്യൂനപക്ഷങ്ങള്‍ക്ക് ടിക്കറ്റ് നല്‍കിയിട്ടുണ്ട്. ദേശീയ അസംബ്ളിയില്‍ 10 സീറ്റുകള്‍ അഹ്മദികള്‍, ഹിന്ദുക്കള്‍, ക്രൈസ്തവര്‍ എന്നീ ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് സംവരണം ചെയ്തതാണ്. ജനങ്ങളില്‍ ഭൂരിപക്ഷവും മതസൗഹാര്‍ദത്തോടും മാനവികതയോടുമാണ് ആഭിമുഖ്യം പുലര്‍ത്തുന്നതെങ്കിലും യാഥാസ്ഥിതിക മതസംഘടനകള്‍ക്കും താലിബാനെപ്പോലുള്ള തീവ്രവാദികള്‍ക്കും വളക്കൂറുള്ള മണ്ണായിത്തന്നെ പാകിസ്താന്‍ തുടരുന്നുവെന്ന പുറംലോകത്തിന്‍െറ വിലയിരുത്തല്‍ വാസ്തവികമല്ലെന്നതിന് ഇനിയും തെളിവുകള്‍ ലഭിച്ചിട്ടുവേണം. ഏതായാലും, പോളിങ്ങിനുമുമ്പ് യാഥാര്‍ഥ്യമാവാതെപോയ മുന്നണി തെരഞ്ഞെടുപ്പനന്തരം രൂപംകൊള്ളാനുള്ള സാധ്യതകള്‍ ബാക്കിവെച്ചുകൊണ്ടാണ് അയല്‍നാട്ടിലെ സമ്മതിദായകര്‍ അഞ്ചുലക്ഷം ബാലറ്റ് പെട്ടികള്‍ നാളെ നിറക്കാന്‍ പോവുന്നത്.
l

No comments:

Post a Comment

english malayalam dictionary

വിരുന്നുകാര്...

poomottu

Dsgd: by ASLAM PADINHARAYIL

Back to TOP