സ്വാഗതം
WELCOME

News Update..

Wednesday, May 22, 2013

റയ്യാന്‍ മുനിസിപ്പാലിറ്റിയില്‍ അശ്ഗാല്‍ വന്‍ വികസന പദ്ധതികള്‍ നടപ്പാക്കുന്നു Madhyamam News Feeds

റയ്യാന്‍ മുനിസിപ്പാലിറ്റിയില്‍ അശ്ഗാല്‍ വന്‍ വികസന പദ്ധതികള്‍ നടപ്പാക്കുന്നു Madhyamam News Feeds

Link to

റയ്യാന്‍ മുനിസിപ്പാലിറ്റിയില്‍ അശ്ഗാല്‍ വന്‍ വികസന പദ്ധതികള്‍ നടപ്പാക്കുന്നു

Posted: 21 May 2013 11:56 PM PDT

Image: 

ദോഹ: റയ്യാന്‍ മുനിസിപ്പാലിറ്റിയുടെ ഭാഗമായ റൗദത്ത് ലഗ്ദീം, ബനീ ഹാജിര്‍ (നോര്‍ത്ത്) പ്രദേശങ്ങളിലെ അടിസ്ഥാനസൗകര്യ വികസനത്തിനായി പബ്ളിക് വര്‍ക്സ് അതോറിറ്റി (അശ്ഗാല്‍) വിപുലമായ പദ്ധതികള്‍ നടപ്പാക്കുന്നു. രണ്ട് പ്രദേശങ്ങള്‍ക്കും ആധുനിക മുഖം നല്‍കാന്‍ ലക്ഷ്യമിട്ടുള്ള പദ്ധതികളാണ് നടപ്പാക്കുന്നതെന്ന് ഇതിന്‍െറ ആദ്യഘട്ടത്തെക്കുറിച്ച് വിശദീകരിക്കാന്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ അശ്ഗാലിലെ റോഡ് പദ്ധതി വകുപ്പ് മാനേജര്‍ എഞ്ചിനീയര്‍ സൗദ് അല്‍ തമീമി അറിയിച്ചു.
റയ്യാനിലെ ഈ പ്രദേശങ്ങളില്‍ അടുത്തിടെയാണ് സ്വദേശികള്‍ക്ക് പ്ളോട്ടുകള്‍ അനുവദിച്ചത്.  പ്രദേശത്തെ പാര്‍പ്പിടയൂണിറ്റുകളുടെയും വിദ്യാഭ്യാസസ്ഥാപനങ്ങളുടെയും കച്ചവടകേന്ദ്രങ്ങളുടെയും പരിസരപ്രദേശങ്ങളുടെയുമെല്ലാം സമഗ്രവികസനം ലക്ഷ്യമിട്ടുള്ളതാണ് പദ്ധതി. പദ്ധതി പൂര്‍ത്തിയാകുന്നതോടെ പുതിയ റോഡ് ശൃംഖലയും അഴുക്കുചാല്‍ ശൃംഖലയും ട്രാഫിക് സിഗ്നലുകളും നിലവില്‍ വരും. പ്രദേശത്തെ പ്രധാന റോഡുകളെ തമ്മിലും ദോഹ റോഡ് ശൃംഖലയുമായും ബന്ധിപ്പിച്ചുകൊണ്ട് പുതിയ റോഡുകള്‍ നിര്‍മിക്കും. ശുദ്ധജല വിതരണം, ഗതാഗതം, ഊര്‍ജ വിതരണം. വാര്‍ത്താവിനിമയ സസൗകര്യങ്ങള്‍ തുടങ്ങിയ അവശ്യ സേവനങ്ങളെല്ലാം പ്രദേശവാസികള്‍ക്ക് ഉറപ്പാക്കും. പ്രദേശവാസികളുടെ ബുദ്ധിമുട്ടുകള്‍ കുറച്ചുകൊണ്ടാകും പദ്ധതികള്‍ നടപ്പാക്കുക. ഇതിന്‍െറ ഭാഗമായി സ്കൂള്‍ പരിസരങ്ങളിലെ നിര്‍മാണ ജോലികള്‍ വേനലവധിക്കാത്തും അവധിദിനങ്ങളിലും നടത്താനാണ് ഉദ്ദേശിക്കുന്നത്. ജോലി നടക്കുന്ന സ്ഥലങ്ങളില്‍ യാത്രാ സുഗമമാക്കുന്നതിന് ബദല്‍ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തും. പദ്ധതി പൂര്‍ത്തിയാകുന്നതോടെ പ്രദേശവാസികള്‍ക്ക് ലോകനിലവാരത്തിലുള്ള സേവനങ്ങളും സൗകര്യങ്ങളുമാകും ലഭ്യമാകുകയെന്ന് അശ്ഗാല്‍ അധികൃതര്‍ പറഞ്ഞു. കാര്‍പാര്‍ക്കിങിനും കാല്‍നടയാത്രക്കാര്‍ക്കും സൈക്കിള്‍ സവാരിക്കാര്‍ക്കും പ്രത്യേക സൗകര്യങ്ങള്‍ ഒരുക്കും. സുരക്ഷാ നടപടികള്‍ക്ക് മുന്‍ഗണന നല്‍കിയാകും പദ്ധതികള്‍ നടപ്പാക്കുക.
പദ്ധതി രണ്ട് ഘട്ടങ്ങളായി നടപ്പാക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. 23 കിലോമീറ്റര്‍ നീളം വരുന്ന ഉള്‍റോഡുകളുടെയും മറ്റ് റോഡുകളുടെയും  രൂപകല്‍പ്പനയാണ് ഒന്നാം ഘട്ടത്തിന്‍െറ പ്രധാന ഭാഗം. അല്‍ റയ്യാന്‍ മുനിസിപ്പാലിറ്റിയുടെയും പദ്ധതിയുടെ കരാറെടുത്തിട്ട കമ്പനികളുടെയും പ്രതിനിധികളും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

ഈസ്റ്റേണ്‍ ഹിദ്ദ് സിറ്റി പദ്ധതിക്ക് കിരീടാവകാശി തറക്കല്ലിട്ടു

Posted: 21 May 2013 11:48 PM PDT

Image: 

മനാമ: ഈസ്റ്റേണ്‍ ഹിദ്ദ് സിറ്റി പദ്ധതിക്ക് കഴിഞ്ഞ ദിവസം ഒന്നാം ഉപപ്രധാനമന്ത്രിയും കിരീടാവകാശിയുമായ പ്രിന്‍സ് സല്‍മാന്‍ ബിന്‍ ഹമദ് ആല്‍ഖലീഫ തറക്കല്ലിട്ടു. രാജാവ് ഹമദ് ബിന്‍ ഈസ ആല്‍ഖലീഫയെ പ്രതിനിധീകരിച്ചാണ് അദ്ദേഹം ചടങ്ങിനെത്തിയത്.
പദ്ധതിക്ക് മുഴുവന്‍ പിന്തുണയും അറിയിച്ച അദ്ദേഹം രാജ്യത്തിന്‍െറ സാമ്പത്തിക വളര്‍ച്ചയില്‍ ഇത് വളരെയധികം പ്രയോജനം ചെയ്യുമെന്ന് വ്യക്തമാക്കി. രാജാവ് ഹമദ് ബിന്‍ ഈസ ആല്‍ഖലീഫ നടപ്പാക്കിക്കൊണ്ടിരിക്കുന്ന വിവിധ പരിഷ്കരണ പദ്ധതികളുടെ ഭാഗമായാണ് ഇത്തരമൊരു വന്‍കിട പദ്ധതിക്ക് തുടക്കമിടാന്‍ സാധിച്ചിട്ടുള്ളത്. രാജ്യത്തിന്‍െറ വളര്‍ച്ചയും വികാസവും ജനങ്ങളുടെ പുരോഗതിക്കും ഉയര്‍ച്ചക്കും കാരണമാകുമെന്ന കാര്യത്തില്‍ സംശയമില്ല. എല്ലാവര്‍ക്കും നീതിയും സമത്വവും പ്രദാനം ചെയ്യുന്നതിനാണ് ഭരണകൂടം ശ്രമിക്കുന്നത്. രാജ്യത്തിന്‍െറ ശക്തിയും സമാധാനവും കുടികൊള്ളുന്നത് നീതിയും സമത്വവും വ്യാപകമാവുമ്പോഴാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
പാര്‍പ്പിടകാര്യ മന്ത്രി ബാസിം ബിന്‍ യഅ്ഖൂബ് അല്‍ഹമര്‍ രാജാവ് ഹമദ് ബിന്‍ ഈസ ആല്‍ഖലീഫക്കും പ്രധാനമന്ത്രി പ്രിന്‍സ് ഖലീഫ ബിന്‍ സല്‍മാന്‍ ആല്‍ഖലീഫ, കിരീടാവകാശി പ്രിന്‍സ് സല്‍മാന്‍ ബിന്‍ ഹമദ് ആല്‍ഖലീഫ എന്നിവര്‍ക്ക് പ്രത്യേകം ആശംസകള്‍ നേര്‍ന്നു. 4500 പാര്‍പ്പിട യൂണിറ്റുകളുള്‍ക്കൊള്ളുന്നതാണ് ഈസ്റ്റേന്‍ ഹിദ്ദ് സിറ്റി പദ്ധതി. മുഹറഖ് ഗവര്‍ണറേറ്റ് പരിധിയിലെ 2009 മുതലുള്ള പാര്‍പ്പിട അപേക്ഷകര്‍ക്ക് പദ്ധതി പ്രകാരം പാര്‍പ്പിട യൂനിറ്റുകള്‍ ലഭിക്കുമെന്ന് മന്ത്രി അറിയിച്ചു.
 

ഗള്‍ഫ് മാധ്യമം ബഹുദൂരം മുന്നില്‍

Posted: 21 May 2013 11:40 PM PDT

Image: 

പ്രവാസി മലയാളികളുടെ സുപ്രഭാതങ്ങളിലെ ആദ്യ വിരുന്നുകാരനായ ‘ഗള്‍ഫ് മാധ്യമം’ മിഡില്‍ ഈസ്റ്റില്‍ വായനക്കാരുടെ എണ്ണത്തില്‍ കുതിപ്പ് തുടരുന്നു. പ്രഥമ അന്താരാഷ്ട്ര ഇന്ത്യന്‍ ദിനപത്രമായ ‘ഗള്‍ഫ് മാധ്യമ’ത്തിന്‍െറ ഗള്‍ഫ് മേഖലയിലെ മൊത്തം വായനക്കാരുടെ എണ്ണം മറ്റ് ഇന്ത്യന്‍ പത്രങ്ങളേക്കാള്‍ 70 ശതമാനത്തിലേറെയാണെന്ന് ഈ മേഖലയിലെ ഔദ്യാഗിക അന്താരാഷ്ട്ര ഏജന്‍സിയായ ഇപ്സോസിന്‍െറ (IPSOS) 2012ലെ നാഷനല്‍ റീഡര്‍ഷിപ്പ് സര്‍വേ (എന്‍.ആര്‍.എസ്) റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. രണ്ടാം സ്ഥാനത്തുള്ള ഇന്ത്യന്‍ പത്രത്തേക്കാള്‍ 60 ശതമാനത്തിലധികം വായനക്കാരുടെ മനസ്സില്‍ ഇടംപിടിച്ചാണ് ‘ഗള്‍ഫ് മാധ്യമം’ ബഹുദൂരം മുന്നേറുന്നതെന്ന് റിപ്പോര്‍ട്ട് സാക്ഷ്യപ്പെടുത്തുന്നു. സൗദി അറേബ്യ, യു.എ.ഇ, ബഹ്റൈന്‍, ഖത്തര്‍, ഒമാന്‍, കുവൈത്ത് തുടങ്ങി എല്ലാ ജി.സി.സി രാഷ്ട്രങ്ങളിലും എഡിഷനുകളുള്ള ഏക ഇന്ത്യന്‍ പത്രമായ ‘ഗള്‍ഫ് മാധ്യമം’ ഗള്‍ഫ് മേഖലയില്‍ ഇന്ത്യന്‍ ഭാഷാ പ്രസിദ്ധീകരണങ്ങളില്‍ ഒന്നാം സ്ഥാനത്താണ്.
ഏറ്റവും കൂടുതല്‍ ഇന്ത്യന്‍ ദിനപത്രങ്ങള്‍ പ്രസിദ്ധീകരിക്കുന്ന യു.എ.ഇയില്‍ വായനക്കാരുടെ എണ്ണത്തില്‍ 2012ല്‍ മുന്‍വര്‍ഷത്തേക്കാള്‍ 20 ശതമാനം വര്‍ധനവോടെയാണ് ‘ഗള്‍ഫ് മാധ്യമം’ ഒന്നാം സ്ഥാനം അലങ്കരിക്കുന്നത്. യു.എ.ഇക്ക് പുറമേ, ആദ്യമായി ഇപ്സോസ് സര്‍വേ നടന്ന സൗദി അറേബ്യയിലും ‘ഗള്‍ഫ് മാധ്യമം’ ഒന്നാം സ്ഥാനത്താണ്. സൗദി അറേബ്യയില്‍ ഔദ്യാഗിക അംഗീകാരത്തോടെ നാല് എഡിഷനുകളിലായി പ്രസിദ്ധീകരിക്കുന്ന ഏക അന്യഭാഷാ പത്രവും ഗള്‍ഫ് മാധ്യമമാണ്.
ബഹ്റൈനിലെ മൊത്തം മലയാള പത്രവായനക്കാരുടെ 72 ശതമാനവും ‘ഗള്‍ഫ് മാധ്യമം’ തെരഞ്ഞെടുക്കുന്നു. ഇംഗ്ളീഷ് അടക്കമുള്ള ഭാഷാപത്രങ്ങളില്‍ രണ്ടാം സ്ഥാനവും ബഹ്റൈനില്‍ ഗള്‍ഫ് മാധ്യമത്തിനുണ്ട്. ഖത്തറിലും ഗള്‍ഫ് മാധ്യമത്തിന്‍െറ വായനക്കാര്‍ ഇതര ഇന്ത്യന്‍ ദിനപത്രങ്ങളേക്കാള്‍ 70 ശതമാനത്തില്‍ കൂടുതലാണ്.
 

സുല്‍ത്താന്‍ ഖാബൂസുമായി ജോണ്‍കെറി കൂടിക്കാഴ്ച നടത്തി

Posted: 21 May 2013 11:34 PM PDT

Image: 

മസ്കത്ത്: രണ്ടു ദിവസത്തെ ഔദ്യാഗിക സന്ദര്‍ശനത്തിനായി മസ്കത്തിലെത്തിയ അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി ജോണ്‍ കെറി ഒമാന്‍ ഭരണാധികാരി സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സഈദുമായി കൂടിക്കാഴ്ച നടത്തി.
മധ്യ പൗരസ്ത്യ മേഖലയില്‍ സമാധാന ദൗത്യവുമായി നടത്തുന്ന യാത്രയുടെ ഭാഗമായാണ് അദ്ദേഹം മസ്കത്തില്‍ എത്തിയത്. വിവിധ മേഖലകളില്‍ ഇരു രാജ്യങ്ങള്‍ക്കിടയിലുള്ള സഹകരണം ശക്്തിപ്പെടുത്തി മുന്നോട്ടു പോകണമെന്ന് ഇരുവരും ആവശ്യപ്പെട്ടു. മേഖലയിലെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണേണ്ടതിന്‍െറ ആവശ്യകതയും കൂടിക്കാഴ്ചയില്‍ ചര്‍ച്ചാ വിഷയമായി. അമേരിക്കന്‍ കമ്പനിയുമായി 2.1 ബില്യണ്‍ അമേരിക്കന്‍ ഡോളറിന്‍െറ ആയുധ ഇടപാടിന് അന്തിമ രൂപം നല്‍കുന്നതിന്‍െ ഭാഗം കൂടിയാണ് അദ്ദേഹത്തിന്‍െറ സന്ദര്‍ശനമെന്നാണ് സൂചന. അമേരിക്കന്‍ കമ്പനിയായ റേതോണുമായാണ് ഒമാന്‍ ഇത്രയും തുകക്കുള്ള കരാര്‍ ആലോചിക്കുന്നത്. കമ്പനി വികസിപ്പിച്ചെടുത്ത പ്രതിരോധ സംവിധാനം വാങ്ങുന്നതിനാണ് കരാര്‍. ജോണ്‍ കെറി അമേരിക്കന്‍ സെനറ്റിലായിരിക്കുമ്പോള്‍ പ്രത്യേക താല്‍പര്യമെടുത്താണ് ഇതിന്‍െറ പ്രാഥമിക നടപടികള്‍ തുടങ്ങിയത്.
ഒമാന്‍ വിദേശകാര്യ മന്ത്രി യൂസുഫ് ബിന്‍ അലവി ബിന്‍ അബ്ദുല്ല, അമേരിക്കന്‍ അംബാസഡര്‍ ഗ്രെറ്റ ക്രിസ്റ്റീന്‍ ഹോള്‍ട്സ് എന്നിവരും ചര്‍ച്ചയില്‍ പങ്കെടുത്തു. ഒമാനിലെ മുതിര്‍ന്ന നേതാക്കളുമായും കെറി കൂടിക്കാഴ്ച നടത്തി. സിറിയ, ഇസ്രായേല്‍-ഫലസ ്തീന്‍ പ്രശ്നങ്ങളില്‍ പരിഹാരം കാണുക എന്നതും സന്ദര്‍ശനത്തിന്‍െറ ലക്ഷ്യങ്ങളിലൊന്നാണ്. അമ്മാന്‍, ജറൂസലം, റാമല്ല എന്നിവിടങ്ങളിലും അദ്ദേഹം സന്ദര്‍ശനം നടത്തും. ആഫ്രിക്കന്‍ ഐക്യസംഘടനയുടെ ഗോള്‍ഡന്‍ ജൂബിലി ആഘോഷത്തിലും അമ്മാനില്‍ നടക്കുന്ന ലോക സാമ്പത്തിക ഫോറത്തിലും ജോണ്‍ കെറി പങ്കെടുക്കും.

മധ്യാഹ്ന പുറംജോലി വിലക്ക് ജൂണ്‍ ഒന്ന് മുതല്‍

Posted: 21 May 2013 11:31 PM PDT

Image: 

കുവൈത്ത് സിറ്റി: രാജ്യത്ത് ഉച്ചനേരത്തുള്ള പുറംജോലി വിലക്ക് അടുത്ത മാസം മുതല്‍ പ്രാബല്യത്തില്‍വരുമെന്ന് സാമൂഹിക,  തൊഴില്‍ മന്ത്രാലയം വ്യക്തമാക്കി. ജൂണ്‍ ഒന്ന് മുതല്‍ ആഗസ്ത് 31 വരെ മൂന്ന് മാസത്തേക്കാണ് വിലക്ക്. ഈ കാലയളവില്‍ രാവിലെ 11 മണിമുതല്‍ വൈകുന്നേരം നാല് മണി വരെ  സൂര്യതാപം ഏല്‍ക്കുന്ന തരത്തില്‍ തുറന്ന സ്ഥലങ്ങളില്‍ ജോലി ചെയ്യുന്നതിനാണ് വിലക്ക്.
രാജ്യത്ത് ചൂട് കനക്കുന്ന ഈമാസങ്ങളില്‍ തൊഴിലാളികള്‍ക്ക് സൂര്യാഘാതം പോലുള്ള അപകടങ്ങള്‍ ഏല്‍ക്കാതിരിക്കുന്നതിനാണ് പതിവുപോലെ ഇക്കുറിയും മധ്യാഹ്ന ജോലി വിലക്ക് ഏര്‍പ്പെടുത്തുന്നതെന്നും മന്ത്രാലയം അണ്ടര്‍ സെക്രട്ടറി ജമാല്‍ അല്‍ ദൂസരി അറിയിച്ചു. മന്ത്രാലയത്തിന്‍െറ വിലക്ക് ലംഘിച്ച് തൊഴിലാളികളെ കൊണ്ട് നിര്‍മാണ മേഖലയിലും മറ്റും പണിയെടുപ്പിക്കുന്നത് കണ്ടെത്താന്‍ പരിശോധന ഏര്‍പ്പെടുത്തും.
വിലക്ക് ലംഘിക്കുന്ന തൊഴിലുടമകളുടെ ഫയലുകള്‍ മരവിപ്പിക്കുന്നത് ഉള്‍പ്പെടെയുള്ള നടപടികള്‍ കൈകൊള്ളാനാണ് അധികൃതരുടെ നീക്കം. തൊഴിലുടമകളെ പോലെ തൊഴിലാളികളും ഇക്കാര്യത്തില്‍ ജാഗ്രത കാണിക്കണമെന്ന്  അധികൃതര്‍ കൂട്ടിച്ചേര്‍ത്തു. മുന്‍ വര്‍ഷങ്ങളില്‍ വിലക്ക് ഉച്ചക്ക് 12 മണി മുതല്‍ വൈകുന്നേരം നാല് വരെയായിരുന്നു. ചൂട് കൂടുതലായതിനെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം മുതലാണ് വിലക്ക് സമയം നേരത്തേയാക്കിയത്.
 

രമേശ് മുഖ്യമന്ത്രിക്കെതിരെ സംസാരിക്കുമെന്ന് കരുതുന്നില്ലെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍

Posted: 21 May 2013 11:20 PM PDT

Image: 

തിരുവനന്തപുരം: മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കും യു.ഡി.എഫ് സര്‍ക്കാരിനുമെതിരെ കെ.പി.സി.സി അധ്യക്ഷന്‍ രമേശ് ചെന്നിത്തല പരസ്യ പ്രസ്താവന നടത്തുമെന്ന് കരുതുന്നില്ലെന്ന് ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. ഒരു ഇംഗ്ലീഷ് ദിനപത്രത്തില്‍ വന്ന രമേശ് ചെന്നിത്തലയുടെ അഭിമുഖത്തെക്കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ചെന്നിത്തല അടക്കമുള്ള കോണ്‍ഗ്രസിലെ നേതാക്കള്‍ വളരെ അനുഭവ പരിചയമുള്ളവരാണ്. എല്ലാ കാര്യങ്ങളും അദ്ദേഹത്തിന് അറിയാം. ഇത്ര നിസാരമായി അദ്ദേഹം പ്രതികരിക്കുമെന്ന് താന്‍ വിശ്വസിക്കില്ലെന്നും മന്ത്രി പറഞ്ഞു.
 

ഇന്ത്യ-ചൈന ധാരണ: വ്യാപാര-വ്യവസായ ലോകം പ്രതീക്ഷയില്‍

Posted: 21 May 2013 10:58 PM PDT

Image: 
Subtitle: 
ലക്ഷ്യം 10,000 കോടി ഡോളറിന്‍െറ വ്യാപാരം

ചൈനീസ് പ്രധാനമന്ത്രി ലി കെക്വിയാങ്ങിന്‍െറ സന്ദര്‍ശനത്തോടനുബന്ധിച്ച് പരസ്പര വ്യാപാരം സംബന്ധിച്ച് ഇരുരാഷ്ട്രങ്ങളും തമ്മിലുണ്ടാക്കിയ ധാരണകള്‍ വ്യാപാരവ്യവസായ ലോകത്തിന് പ്രതീക്ഷയായി. ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാരം 2015 ഓടെ 10,000 കോടി ഡോളര്‍ കടത്താനാണ് ധാരണയിലെത്തിയത്. വ്യാപാരം 6,000 കോടി ഡോളറിലെത്തിക്കാന്‍ 2010ല്‍ ഇരുരാജ്യങ്ങളും ധാരണയിലെത്തിയിരുന്നു.  ഈ ലക്ഷ്യം കൈവരിച്ച സാഹചര്യത്തിലാണ് പുതിയ ലക്ഷ്യം നിര്‍ണയിച്ചത്. 2012-13 വര്‍ഷം 6,700 കോടി ഡോളറിന്‍േറതായിരുന്നു വ്യാപാരം. ഇതില്‍തന്നെ ചൈനീസ് ഉല്‍പന്നങ്ങളുടെ വന്‍തോതിലുള്ള ഇറക്കുമതി മൂലം ഇന്ത്യക്ക് പ്രതികൂലമായിരുന്ന വ്യപാരക്കമ്മി മെച്ചപ്പെടുത്തുന്നതിനുള്ള ധാരണയും ഇന്ത്യന്‍ വ്യവസായ ലോകത്തിന് പ്രതീക്ഷ നല്‍കുന്നതാണ്.
ഉഭയകക്ഷി ബന്ധം മെച്ചപ്പെട്ടതിനെത്തുടര്‍ന്ന് ഇന്ത്യ-ചൈന വ്യാപാരത്തില്‍ കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടെ വന്‍തോതിലുള്ള വര്‍ധനയാണ് ഉണ്ടായത്. 2001-02ല്‍ 210 കോടി ഡോളറിന്‍േറതായിരുന്ന വ്യാപാരം 2011-12 ല്‍ 7,560 കോടി ഡോളറിന്‍േറതായി വളര്‍ന്നിരുന്നു. എന്നാല്‍, കഴിഞ്ഞ സാമ്പത്തിക വര്‍ഷം അത് കുറഞ്ഞ് 6,780 കോടി ഡോളറായി. ഇന്ത്യയുടെ വ്യാപാര പങ്കാളികളില്‍ നാലാം സ്ഥാനമാണ് നിലവില്‍ ചൈനക്ക്. 2011-12ല്‍ ചൈനക്ക് മൂന്നാം സ്ഥാനമായിരുന്നു.
എന്നാല്‍, ചൈനയില്‍നിന്ന് ഇറക്കുമതി വന്‍തോതില്‍ വര്‍ധിക്കുകയും ഇന്ത്യയില്‍നിന്നുള്ള കയറ്റുമതി വിവിധ കാരണങ്ങളാല്‍ കുറയുകയുമായിരുന്നു. 2011-12ല്‍ 1,810 കോടി ഡോളറിന്‍േറതായിരുന്ന കയറ്റുമതി 2012-13ല്‍ 1350 കോടി ഡോളറിന്‍േറതായാണ് കുറഞ്ഞത്.   2012-13ല്‍ ഇന്ത്യയുടെ ചൈനയുമായുള്ള വ്യാപാരക്കമ്മി 4,080 കോടി ഡോളറായിരുന്നു. കറന്‍റ് അക്കൗണ്ട് കമ്മി വന്‍തോതില്‍ ഉയര്‍ന്ന് ഗുരുതര സ്ഥിതിയിലെത്തിയ സാഹചര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ ചൈനയുമായുള്ള വ്യാപാരകമ്മിയെയും ഗൗരവമായാണ് സമീപിച്ചിരുന്നത്. ഇന്ത്യയില്‍നിന്നുള്ള കയറ്റുമതി വര്‍ധിപ്പിക്കുന്നതിന് ചൈനീസ് സര്‍ക്കാറുമായി കേന്ദ്രം പല തവണ ചര്‍ച്ച നടത്തിയിരുന്നു. ഇത് ഏറക്കുറെ ഫലപ്രാപ്തിയിലെത്തിക്കുന്നതിനാണ് ചൈനീസ് പ്രധാനമന്ത്രിയുടെ സന്ദര്‍ശനം വഴിയൊരുക്കിയിരിക്കുന്നത്.
ചൈനീസ് പ്രധാനമന്ത്രിയുമായി ഒപ്പിട്ട ധാരണാപത്രങ്ങളില്‍ മൂന്നെണ്ണം ഇന്ത്യയില്‍നിന്നുള്ള കയറ്റുമതിക്ക് ഗുണകരമാവുമെന്നാണ് പ്രതീക്ഷ. മത്സ്യ-മാംസ കയറ്റുമതി, ഔധ കയറ്റുമതി, ഐ.ടി സേവന കയറ്റുമതി എന്നിവയാണിവ. ഇന്ത്യയില്‍നിന്നുള്ള പോത്തിറച്ചി കയറ്റുമതി ഏറെക്കാലമായി ചൈന തടഞ്ഞിരിക്കുകയായിരുന്നു. മൃഗങ്ങളുടെ വിവിധ രോഗങ്ങള്‍ ചൂണ്ടിക്കാട്ടിയായിരുന്നു ഇത്. എന്നാല്‍, അന്താരാഷ്ട്ര മാനദണ്ഡങ്ങള്‍ക്കനുസരിച്ചായിരിക്കും കയറ്റുമതിയെന്ന് ചൈനയെ ബോധ്യപ്പെടുത്താന്‍ ഇന്ത്യക്കായി. അഗ്രികള്‍ച്ചര്‍ ആന്‍ഡ് ഫുഡ് പ്രൊമോഷന്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയും ചൈനീസ് ജനറല്‍ അഡ്മിനിസ്ട്രേഷന്‍ ഓഫ് ക്വാളിറ്റി സൂപ്പര്‍വിഷന്‍, ഇന്‍സ്പെക്ഷന്‍ ആന്‍ഡ് ക്വാറന്‍ൈറനുമായാണ് ഇതു സംബന്ധിച്ച ധാരണ ഒപ്പുവെച്ചിരിക്കുന്നത്.
രണ്ടുകൊല്ലം കൊണ്ടുതന്നെ ഇറച്ചി കയറ്റുമതി 100 കോടി ഡോളര്‍ കടക്കുമെന്നാണ് അഗ്രികള്‍ച്ചര്‍ ആന്‍ഡ് ഫുഡ് പ്രൊമോഷന്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ പ്രതീക്ഷ.
മറൈന്‍ പ്രൊഡക്ട്സ് എക്സ്പോര്‍ട്ട് ഡെവലപ്മെന്‍റ് അതോറിറ്റി ഓഫ് ഇന്ത്യയും ചൈനയിലെ തത്തുല്യ സമിതിയും ഒപ്പുവെച്ച ധാരണ മത്സ്യ കയറ്റുമതിക്കും സഹായകമാകും. ഗുണനിലവാര പരിശോധന സംബന്ധിച്ച ചൈനയുടെ പുതിയ നിബന്ധനകള്‍ ഇന്ത്യയുടെ മത്സ്യ ഉല്‍പന്ന കയറ്റുമതി വന്‍തോതില്‍ കുറയുന്നതിന് ഇടയാക്കിയിരുന്നു.  മറൈന്‍ പ്രൊഡക്ട്സ് എക്സ്പോര്‍ട്ട് ഡെവലപ്മെന്‍റ് അതോറിറ്റി ഓഫ് ഇന്ത്യ നല്‍കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ ചൈന അംഗീകരിക്കുമെന്നാണ് പുതിയ ധാരണ. മുരുന്നുകയറ്റുമതി സംബന്ധിച്ച രജിസ്ട്രേഷന്‍ നടപടികള്‍ ലളിതമാക്കാനുള്ള ധാരണ ജനറിക് മരുന്നുകളുടെ വന്‍ വിപണിയായ ചൈനയിലേക്ക് ഇന്ത്യന്‍ കമ്പനികളുടെ പ്രവേശം ലളിതമാക്കും. വര്‍ക്ക് പെര്‍മിറ്റ്, ബിസിനസ് ടാക്സ് നിയമങ്ങള്‍ തുടങ്ങിയവ ഇന്ത്യന്‍ ഐ.ടി കമ്പനികള്‍ക്ക് ഉണ്ടാക്കിയിരുന്ന ബുദ്ധിമുട്ട് ഒഴിവാക്കുക വഴി ഐ.ടി സേവന കയറ്റുമതിയിലും വന്‍ വളര്‍ച്ചയാണ് പ്രതീക്ഷിക്കുന്നത്.
ഇതിനുപുറമേ അനില്‍ അംബാനിയുടെയും ചൈന ഡെവലപ്മെന്‍റ് ബാങ്ക് തലവന്‍ ചെന്‍ യുവാന്‍െറയും നേതൃത്വത്തിലുള്ള ഇന്ത്യ-ചൈന സി.ഇ.ഒ ഫോറത്തിന്‍െറ നിര്‍ദേശങ്ങളും ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ കൂടുതല്‍ വ്യാപാര, വ്യവസായ സഹകരണത്തിന് വഴിയൊരുക്കുമെന്നാണ് കരുതുന്നത്.
ചൊവ്വാഴ്ച 142 കോടിയോളം വരുന്ന 20 കരാറുകളാണ് ഇന്ത്യന്‍ കമ്പനികളും ചൈനീസ് കമ്പനികളും ഒപ്പുവെച്ചത്.
ഊര്‍ജം, ടെക്സ്റ്റൈല്‍സ്, ഫിനാന്‍സ് എന്നിങ്ങനെ വിവിധ മേഖലകളിലെ കമ്പനികളാണ് സി.ഐ. ഐ, ഫിക്കി, അസോചെം എന്നിവയുടെ നേതൃത്വത്തില്‍ നടന്ന ചര്‍ച്ചയില്‍ കരാറിലെത്തിയത്.

ഔദ്യോഗികമായി അഭിമുഖം നല്‍കിയിട്ടില്ലെന്ന് ചെന്നിത്തല

Posted: 21 May 2013 10:30 PM PDT

Image: 

തിരുവനന്തപുരം: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരെ രൂക്ഷവിമര്‍ശം നടത്തിയ അഭിമുഖം വിവാദമായതോടെ ഔദ്യോഗികമായി അഭിമുഖം നല്‍കിയിട്ടില്ലെന്ന് രമേശ് ചെന്നിത്തല വ്യക്തമാക്കി. അഭിമുഖത്തെ കുറിച്ച് ചോദിച്ച മാധ്യമപ്രവര്‍ത്തകരോട് 'ഔദ്യോഗികമായി ഒരു അഭിമുഖവും ആര്‍ക്കും നല്‍കിയിട്ടില്ല' എന്ന് മാത്രമായിരുന്നു ചെന്നിത്തലയുടെ പ്രതികരണം. അഭിമുഖത്തില്‍ പറഞ്ഞ കാര്യങ്ങള്‍ ചെന്നിത്തല നിഷേധിച്ചില്ല.

ഇന്ത്യന്‍ എക്സ്പ്രസ് ദിനപത്രത്തിന് നല്‍കിയ അഭിമുഖത്തിലാണ് മുഖ്യമന്ത്രിക്കെതിരെ രമേശ് ആഞ്ഞടിച്ചത്. മുഖ്യമന്ത്രിയുമായി ഇനി സന്ധിയില്ലെന്നും അദ്ദഹത്തേിന് അദ്ദേഹത്തിന്റെ വഴി നോക്കാമെന്നും തനിക്ക് തന്റെവഴിയായിരിക്കുമെന്നും രമേശ് വ്യക്തമാക്കി. സര്‍ക്കാരും പാര്‍ട്ടിയും തമ്മിലുള്ള ബന്ധം ഇനി പഴയതുപോലെയാകില്ല. സര്‍ക്കാരിന് എന്തങ്കെിലും തരത്തിലുള്ള തടസ്സം താനായിട്ട് ഉണ്ടാക്കുന്നുണ്ടോ എന്ന് ചോദിച്ച ചെന്നിത്തല മന്ത്രിയാകാന്‍ തനിക്ക് താല്‍പര്യമില്ല എന്ന് മുഖ്യമന്ത്രിയടക്കം എല്ലാവര്‍ക്കും അറിയാമായിരുന്നുവെന്ന് വ്യക്തമാക്കി.

കേരളയാത്രയുടെ അവസാനം തന്നെ വീണ്ടും വീണ്ടും നിര്‍ബന്ധിക്കുകയായിരുന്നു. ഇതെല്ലം തന്നെ അപമാനിക്കാനായിരുന്നുവെന്നാണ് ഇപ്പോള്‍ മനസിലാകുന്നതെന്നും അദ്ദഹേം തുറന്നടിച്ചു. ഗണേഷ് കുമാറിന്റെമന്ത്രിസഭാ പ്രവേശനത്തെ എതിര്‍ക്കുമെന്നും രമേശ് ചെന്നിത്തല അഭിമുഖത്തില്‍ വ്യക്തമാക്കി.
 

മാന്‍ ബുക്കര്‍ പ്രൈസ് ഇന്ന് പ്രഖ്യാപിക്കും

Posted: 21 May 2013 10:20 PM PDT

Image: 

ലണ്ടന്‍: 2013ലെ മാന്‍ ബുക്കര്‍ പ്രൈസ് ഇന്ന് പ്രഖ്യാപിക്കും. പുരസ്കാരത്തിനുള്ള ചുരുക്കപ്പട്ടികയില്‍ കന്നട സാഹിത്യകാരന്‍ യു.ആര്‍ അനന്തമൂര്‍ത്തി ഇടം നേടിയിട്ടുണ്ട്. അവസാന പത്തുപേരുടെ പട്ടികയില്‍ സ്ഥാനം പിടിച്ച ഏക ഇന്ത്യക്കാരനാണ് 80കാരനായ അനന്തമൂര്‍ത്തി. ലണ്ടനില്‍ പ്രഖ്യാപിക്കുന്ന മാന്‍ ബുക്കര്‍ പ്രൈസിന്റെ സമ്മാനത്തുക 50 ലക്ഷം രൂപയാണ്.

കന്നഡ ഭാഷയില്‍ പുതിയ മുന്നേറ്റത്തിന് തുടക്കം കുറിച്ച പ്രധാന എഴുത്തുകാരില്‍ ഒരാളായ അനന്തമൂര്‍ത്തി അഞ്ച് നോവലുകള്‍ രചിച്ചിട്ടുണ്ട്. ഇതിന് പുറമെ എട്ട് ചെറുകഥാ സമാഹാരങ്ങള്‍, മൂന്ന് കവിത സമാഹാരങ്ങളും അദ്ദേഹത്തിന്റേതായുണ്ട്. അനന്തമൂര്‍ത്തിയുടെ രചനകളെല്ലാം വിവിധ ഇന്ത്യന്‍, യൂറോപ്യന്‍ ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്തിട്ടുണ്ട്.

മൈസൂര്‍ സര്‍വകലാശാലയില്‍ ഇംഗ്ളീഷ് സാഹിത്യ പഠനം പൂര്‍ത്തിയാക്കിയ അദ്ദേഹം ബെര്‍മിംഗാം യൂനിവേഴിസിറ്റിയില്‍ നിന്ന് ഡോക്ടറേറ്റും നേടിയിട്ടുണ്ട്. 1966ല്‍ പ്രസിദ്ധീകരിച്ച സംസ്കാര, ഭാരതിപുര എന്നിവയാണ് പ്രശസ്ത നോവലുകള്‍. 'ഭാരതിപുര' സൗത്ത് ഏഷ്യന്‍ സാഹിത്യ പുരസ്കാരമായ ഡി.എസ്.സിയുടെ 2012 ലെ ചുരുക്കപ്പട്ടികയില്‍ ഇടംനേടിയിരുന്നു. 1994ല്‍ ജ്ഞാനപീഠവും 1998ല്‍ പത്മഭൂഷണും നേടിയിട്ടുണ്ട്.

ഹെല്‍ത്ത് ടൂറിസവും ആയൂര്‍വേദവും

Posted: 21 May 2013 10:00 PM PDT

Image: 

ആയിരക്കണക്കിന് വര്‍ഷം മുമ്പ് സതേണിക് ഗള്‍ഫിലെ ഹെവി സവാരിയ എന്ന ഒരു ചെറിയ നഗരത്തിലായിരുന്നു രോഗചികിത്സയുടെ ദേവനായ അത്കലോലിയോസിന്റെ ക്ഷേത്രം. രോഗശാന്തിയ്ക്കായി ഗ്രീക്ക് തീര്‍ത്ഥാടകര്‍ ഈ ക്ഷേത്രത്തിലേക്ക് നടത്തിയ യാത്രകളായിരിക്കാം മെഡിക്കല്‍ ടൂറിസത്തിന്റെ പ്രാരംഭ സങ്കല്പം. അതിനുശേഷം നൂറ്റാണ്ടുകളോളം അവികസിത രാജ്യങ്ങളില്‍ നിന്ന് വികസിതരാജ്യങ്ങളിലേക്ക് രോഗചികിത്സയ്ക്കായി ആധുനിക സൗകര്യങ്ങള്‍ തേടി നിരവധി ആളുകള്‍ യാത്ര നടത്തി.
എന്നാല്‍ ഇന്ന് വികസിതരാജ്യങ്ങളിലെ ചികിത്സയുടെ ഭാരിച്ച ചിലവുകള്‍ താങ്ങാന്‍ അവിടെയുളളവര്‍ക്ക് പോലും കഴിയാതെ വന്നിരിക്കുകയാണ്. മറുവശത്ത് വികസിതരാജ്യങ്ങളോട് കിടപിടിക്കുന്ന സാങ്കേതികമായ വളര്‍ച്ചയും സൗകര്യങ്ങളും ആരോഗ്യരംഗത്ത് വികസ്വര രാജ്യങ്ങളില്‍ നിലവില്‍ വന്നു. ചികിത്സയുടെ ചിലവ് വളരെയധികം കുറവാണ് താനും. ഇന്ത്യയില്‍ ഒരു ഹൃദയശസ്ത്രക്രിയയ്ക്ക് ആറായിരം മുതല്‍ പതിനായിരം വളരെ ഡോളര്‍ ആവശ്യമായി വരുമ്പോള്‍ യുഎസില്‍ അത് മുപ്പതായിരം ഡോളറിനും അന്‍പതിനായിരം ഡോളറിനും ഇടയിലാണ്. അതുകൊണ്ടാണ് ഏഷ്യന്‍ രാജ്യങ്ങളായ സിങ്കപ്പൂരും തായ്‌ലന്‍ഡും പിന്നെ ഇന്ത്യയും ഹെല്‍ത്ത് ടൂറിസ്റ്റുകളുടെ പ്രിയപ്പെട്ട കേന്ദ്രങ്ങളായി മാറിയത്. കാര്‍ഡിയാക് ബൈപാസ് സര്‍ജറി, ഐ സര്‍ജറി, ഹിപ് സര്‍ജറി, ബോണ്‍മാരോ ട്രാന്‍സ്പ്ലാന്റേഷന്‍ തുടങ്ങിയ ശസ്ത്രക്രിയകള്‍ക്കാണ് കൂടുതല്‍പേരും ഈ രാജ്യങ്ങളിലേക്ക് എത്തുന്നത്. 2006 ല്‍ 1,50,000 പേര്‍ മെഡിക്കല്‍ ടൂറിസ്റ്റുകള്‍ ഇന്ത്യയില്‍ എത്തിയതായി കണക്കാക്കുന്നു. അവര്‍ 450 മില്യണ്‍ ഡോളറിന്റെ വരുമാനമാണ് ഇന്ത്യയിലേക്ക് കൊണ്ടുവന്നത്. എല്ലാവര്‍ഷവും ഏതാണ്ട് മുപ്പത് ശതമാനം വര്‍ദ്ധന മെഡിക്കല്‍ ടൂറിസ്റ്റ് രംഗത്ത് ഉണ്ടാകുന്നുണ്ട്. 2012 ല്‍ മാത്രം 19.5 ബില്യണ്‍ ഡോളര്‍ മെഡിക്കല്‍ ടൂറിസം വഴി ഇന്ത്യയിലെത്തിയിട്ടുണ്ടെന്ന് കണക്കുകള്‍ പറയുന്നു. ഇന്ത്യയുടെ വരുമാനമാര്‍ഗത്തിന്റെ വലിയൊരു സാധ്യതയാണ് മെഡിക്കല്‍ ടൂറിസം വഴി തുറന്നുകിട്ടാനുളളത്.
ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തെ ആയൂര്‍വേദത്തിന്റെ കൂടി സ്വന്തം നാട് എന്ന്  വിശേഷിപ്പിക്കേണ്ടിയിരിക്കുന്നു. ഒരു വൈദികശാസ്ത്രമായ ആയൂര്‍വേദത്തിന് ഏതാണ്ട് 5000 ല്‍പരം വര്‍ഷത്തെ ചികിത്സാചരിത്രമാണ് രേഖപ്പെടുത്തിയിട്ടുള്ളത്. കേരളത്തിന്റെ ഭൂമിശാസ്ത്രപരവും കാലാവസ്ഥാപരവുമായ ഘടന മറ്റ് സംസ്ഥാനങ്ങളെക്കാളുപരി ഈ ശാസ്ത്രത്തിന്റെ ഫലസിദ്ധി കേരളത്തില്‍ കൂടുതല്‍ ലഭിക്കുന്നതിന് സഹായകരമാണ്. 24 മുതല്‍ 28 ഡിഗ്രി വരെ ഉള്ള താരതമ്യേന സുഖകരമായ കാലവസ്ഥാ, വര്‍ഷത്തില്‍ രണ്ടു പ്രാവശ്യം ലഭിക്കുന്ന മഴ, നിര്‍ലോഭമായി ലഭിക്കുന്ന ഔഷധസമ്പത്ത് ഏതാണ്ട് 900 ല്‍ പരം വിവിധ ഔഷധസസ്യസമ്പത്ത് എന്നിവയെല്ലാം ആയൂര്‍വേദത്തിന്റെ കേരളത്തിലെ വളര്‍ച്ചയ്ക്ക് കാരണഭൂതമാണ്.  
കേരളത്തിന്റെ വികസനപ്രക്രിയയില്‍ നിര്‍ണ്ണായക പങ്കുവഹിക്കുന്ന ഒന്നാണ് ഹെല്‍ത്ത് ടൂറിസം. ഏകദേശം മൂന്നര ലക്ഷത്തിലേറെ വിദേശികള്‍ കേരളത്തില്‍ പ്രതിവര്‍ഷം വന്നുപോകുന്നു എന്നാണ് കണക്കാക്കുന്നത്. തൊഴില്‍മേഖലയുമായി ബന്ധപ്പെട്ട് ചിന്തിക്കുകയാണെങ്കില്‍ ഏകദേശം നാല് ലക്ഷത്തോളം ആളുകള്‍ പ്രത്യക്ഷമായും പരോക്ഷമായും ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. പ്രതിവര്‍ഷം 3200 കോടിയോളം രൂപയുടെ വിദേശവരുമാനം കേരളത്തിന് നേടിത്തരുവാന്‍ ആയുര്‍വേദത്തിന് കഴിയുന്നു.
ഹെല്‍ത്ത് ടൂറിസവുമായി സംയോജിച്ച് മുന്നേറേണ്ട ഒന്നാണ് മെഡിക്കല്‍ ടൂറിസം. മെഡിക്കല്‍ ടൂറിസത്തില്‍ കേരളത്തിന്റെ പരമ്പാരാഗത ശാസ്ത്രമായ ആയുര്‍വേദവും സിദ്ധവും വളരെ നിര്‍ണ്ണായകമായ ഒരു പങ്കുവഹിക്കുന്നുണ്ട്. ഖേദകരമെന്ന് പറയട്ടെ മെഡിക്കല്‍ ടൂറിസത്തിന് വേണ്ടവിധത്തിലുള്ള ഒരു പ്രാധാന്യം നമ്മുടെ നാട്ടില്‍ കിട്ടുന്നില്ല. ഇത് മെഡിക്കല്‍ ടൂറിസത്തിന്റെ വളര്‍ച്ചയേയും ആയൂര്‍വേദം പോലുള്ള തനത് ചികിത്സാശാസ്ത്രങ്ങളുടെ വളര്‍ച്ചയെയും പിറകോട്ട് വലിക്കുന്നുണ്ട്.
ആയൂര്‍വേദം, ടൂറിസം വികസനരംഗത്ത് വളരെ നിര്‍ണ്ണായകമായ പങ്കുവഹിക്കുന്ന ഒന്നാണെങ്കില്‍ പോലും ഇതിന്റെ അപക്വമായ ഉപയോഗരീതി ആയൂര്‍വേദത്തെ സംബന്ധിച്ച് വിദേശികളുടെ ഇടയില്‍ തെറ്റിദ്ധാരണ ഉണ്ടാക്കുന്നതിനും ഈ ചികിത്സാരീതിയുടെ വികസനസാധ്യത ഇല്ലാതാക്കുന്നതിനും കാരണമാകുന്നു. ആയൂര്‍വേദം എന്നത് ഒരു ബോഡി മസാജ് മാത്രമായി ചിത്രീകരിക്കപ്പെടുമ്പോള്‍, അലോപ്പതി പോലുള്ള നൂതനചികിത്സാ സമ്പ്രദായങ്ങള്‍ക്ക് ചെയ്യാന്‍ കഴിയുന്ന എല്ലാ ഫലസിദ്ധികളും ആയൂര്‍വേദത്തിനും നല്‍കാന്‍ കഴിയുമെന്ന വസ്തുത മൂടപ്പെട്ട് പോവുകയാണ് ചെയ്യുന്നത്.
ആയുര്‍വേദത്തിന്റെ വളര്‍ച്ചയ്ക്ക് ടൂറിസം മേഖലയില്‍ കണ്ടുവരുന്ന തടസങ്ങളും തെറ്റിദ്ധാരണകളും താഴെ പറയുന്നവയാണ്.
1 ആയൂര്‍വേദം എന്നത് ഒരു മസാജ് മാത്രമാണെന്നോ റജുവിനേഷന്‍ തെറാപ്പി മാത്രമാണെന്നോ ഉള്ള തെറ്റിധാരണ. എന്നാല്‍ അലോപ്പതി പോലുള്ള നുതന വൈദ്യശാസ്ത്ര ശാഖകള്‍ക്ക് നല്‍കാന്‍ കഴിയുന്ന എല്ലാവിധ ഫലസിദ്ധിയും നല്കാന്‍ ആയുര്‍വേദത്തിന് കഴിയുമെന്നതാണ് യാഥാര്‍ത്ഥ്യം.
2. ആയൂര്‍വേദചികിത്സ വളരെ ചിലവേറിയ ഒന്നാണെന്ന മിഥ്യാധാരണ. ആയൂര്‍വേദ ഔഷധങ്ങളുടയും ചികിത്സകളുടെയും ചിലവ് താരതമ്യേന കൂടുതലാണെങ്കില്‍പോലും ഒരു രോഗത്തിന്റെ ശമനത്തിനുവേണ്ടി അലോപ്പതിയില്‍ വേണ്ടിവരുന്ന മൊത്തം ചിലവുമായി കണക്കാക്കുമ്പോള്‍ ചിലവ് തുലോം കുറവാണെന്ന് കാണാം. ഉദാഹരണമായി വിവിധയിനം ലാബ്‌ടെസ്റ്റുകള്‍, സ്‌കാനിംഗ് പോലുള്ള മറ്റ് പരിശോധനാ റിപ്പോര്‍ട്ടുകള്‍ എന്നിവ കണക്കാക്കിയാല്‍ ആയുര്‍വേദത്തില്‍ ചിലവ് തുലോം കുറവാണ്.
3. ആയൂര്‍വേദ ഔഷധങ്ങള്‍ ഉപയോഗിക്കാന്‍ ബുദ്ധിമുട്ടുള്ളവയും ആയൂര്‍വേദ ചികിത്സകള്‍ തരതമ്യനേ കഠിനവുമാണെന്ന തെറ്റിധാരണ. എന്നാല്‍ കഷായം പോലുള്ള ഔഷധങ്ങളുടെ രൂപത്തില്‍ നിന്നും ആയൂര്‍വേദം വളരെയേറെ മാറിയിരിക്കുന്നു. കയ്‌പേറിയതും ഉപയോഗിക്കാന്‍ വൈഷമ്യമുളളതുമായ പഴയരൂപത്തിന്‍നിന്നും ക്യാപ്‌സൂളുകള്‍, ടാബ്‌ലെറ്റുകള്‍, ഓയിന്‍മെന്റുകള്‍, നോണ്‍സ്റ്റിക്കി ഓയിലുകള്‍ എന്നിങ്ങനെ നൂതനരൂപത്തിലേക്ക് ആയൂര്‍വേദമരുന്നുകള്‍ എത്തിക്കഴിഞ്ഞിരിക്കുന്നു. ആയൂര്‍വേദഔഷധങ്ങള്‍ ഇപ്പോള്‍ അലോപ്പതി മരുന്നുകള്‍ പോലെതന്നെ ഈസിയായി കൊണ്ടുനടക്കാവുന്നതും ഉപയോഗിക്കാവുന്നതുമാണ്.
4. ആയൂര്‍വേദം വളരെ സാവകാശം മാത്രമെ രോഗത്തോട് പ്രതികരിക്കുന്നുള്ളു, അഥവാ അസുഖം മാറുന്നതിന് കൂടുതല്‍ സമയം വേണ്ടിവരുന്നു എന്ന തെറ്റായ കാഴ്ചപ്പാട്. ആയൂര്‍വേദ ഔഷധങ്ങളില്‍ വന്ന നവീകരണം, കൂടാതെ ഒറ്റമൂലിചികിത്സാ സമ്പ്രദായം, ഔഷധങ്ങളില്‍ ഉപയോഗിക്കുന്ന റോമെറ്റീരിയലുകളുടെ ശാസ്ത്രീയമായ വിശകലന പഠനം എന്നിവ ആയൂര്‍വേദ ഔഷധങ്ങളുടെ ഫലസിദ്ധി വളരെ വര്‍ദ്ധിപ്പിച്ചിരിക്കുന്നു.
കേരളത്തിലെ ആയൂര്‍വേദ ശാസ്ത്രം
കേരളത്തില്‍ 100 -ല്‍ പരം ഗവണ്‍മെന്റ് ആയൂര്‍വേദ ഹോസ്പിറ്റലുകളും 3000 ല്‍ പരം സ്വകാര്യ ഹോസ്പിറ്റലുകളും പ്രവര്‍ത്തിക്കുന്നു. ഇത് കൂടാതെ സ്വകാര്യമേഖലയിലും പൊതുമേഖലയിലുമായി ഏകദേശം 5000 -ല്‍ പരം ഡിസ്‌പെന്‍സറികളും പ്രവര്‍ത്തിക്കുന്നു. 800 - ഓളം ആയൂര്‍വേദ മെഡിസിന്‍ മാനുഫാച്ചറിംഗ് യൂണിറ്റുകള്‍ കേരളത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇതുകൂടാതെ റിസോര്‍ട്ടുകള്‍, സ്പാ, യോഗാ സെന്ററുകള്‍ എന്നിവയും ഉണ്ട്. ആയൂര്‍വേദത്തിന്റെ മുന്നോട്ടുള്ള വളര്‍ച്ചയ്ക്ക് ഉപയുക്തമായ വിധത്തില്‍ 16 ആയൂര്‍വേദ കോളേജുകളും പ്രവര്‍ത്തിക്കുന്നു.
മെഡിക്കല്‍ ടൂറിസവും കേരളവും
ആസൂത്രിതമായ പദ്ധതികളോ പ്രയത്‌നങ്ങളോ ഇല്ലാതെതന്നെ കേരളത്തില്‍ ആയൂര്‍വേദ ടൂറിസം വളരെയേറെ വളര്‍ച്ച പ്രാപിച്ചിട്ടുണ്ട്. ഇതില്‍ നിര്‍ണായക പങ്കുവഹിച്ചത് താഴെ പറയുന്ന ഘടകങ്ങളാണ്.
1. കേരള ആയൂര്‍വേദ എന്ന കണ്‍സെപ്റ്റ് ലോകശ്രദ്ധ ആകര്‍ഷിച്ചിരിക്കുന്നു. അതുപോലെ തന്നെ സിദ്ധാ സിസ്റ്റവും അന്തര്‍ദേശീയതലത്തില്‍ ശ്രദ്ധിക്കപ്പെട്ടുവരുന്നു.
2. വിദേശരാജ്യങ്ങളിലെ ഉയര്‍ന്ന ചികിത്സാചിലവുകള്‍
3. താരതമ്യേന ചിലവ് കുറഞ്ഞ ദേശീയ അന്തര്‍ദേശീയ യാത്രാചിലവുകള്‍.
4. സാങ്കേതികവളര്‍ച്ചയും ഗുണനിലവാരം ഉറപ്പാക്കുന്ന പദ്ധതികളും

കേരളത്തില്‍ എത്തുന്ന മെഡിക്കല്‍ ടൂറിസ്റ്റുകളുടെ ഏകദേശ സ്ഥിതിവിവരക്കണക്ക്
ഓള്‍ട്ടര്‍നേറ്റീവ് മെഡിസിന്‍     മോഡേണ്‍ മെഡിസിന്‍    
ജര്‍മ്മനി    22.2.%    മിഡില്‍ ഈസ്റ്റ്    26.46 %    
ഫ്രാന്‍സ്     13.14 %    ഇംഗ്ലണ്ട്    18.41 %    
സ്വിറ്റ്‌സര്‍ലന്റ്    12.88 %    ജര്‍മ്മനി    13.41 %    
അമേരിക്ക    12.29 %    അമേരിക്ക    12.44 %    
ഇംഗ്ലണ്ട്    7.29 %    മാലദീപ്     11.46 %    
ഇറ്റലി    7.20 %    ഫ്രാന്‍സ്    7.32 %    
റഷ്യ    6.78 %    ഓസ്‌ട്രേലിയ    3.84 %    
മിഡില്‍ ഈസ്റ്റ്    6.36 %    സ്‌പെയിന്‍    2.44 %    
ഡെന്‍മാര്‍ക്ക്     5.08 %    സ്വിറ്റ്‌സര്‍ലന്റ്    2.44 %    
ജപ്പാന്‍    4.66 %    ഈസ്റ്റ് ആഫ്രിക്ക    1.83 %    
സ്‌പെയിന്‍    1.69 %    കെനിയ    0.24 %    
കെനിയ    0.42 %            

മെഡിക്കല്‍ ടൂറിസത്തിന് കേരളത്തിലെ അനുകൂല ഘടകങ്ങള്‍
1. കേരളത്തിലെ കുറഞ്ഞ ചികിത്സാചിലവുകള്‍
മറ്റ് ഏത് രാജ്യത്തെക്കാളും മികച്ച ചികിത്സ ചുരുങ്ങിയ ചിലവില്‍ കേരളത്തില്‍ ലഭ്യമാണ്. ഇന്ത്യയിലെ ചിലവ് ബ്രിട്ടനിലേക്കാള്‍ ഏകദേശം 1/6 മാത്രം. അമേരിക്കയുമായി താരതമ്യം ചെയ്യുമ്പോള്‍ 1/10 മാത്രം.
2. കേരളത്തിലെ ഡോക്‌ടേഴ്‌സിനെയും മറ്റ് ചികിത്സാസ്റ്റാഫുകളെയും അവരുടെ മനോഭാവത്തിന്റെയും ചികിത്സാനൈപുണ്യത്തിന്റെയും അടിസ്ഥാനത്തില്‍ ലോകം അംഗീകരിച്ചിരിക്കുന്നു.
3. മിക്കവാറും എല്ലാ മികച്ച ഹോസ്പിറ്റലുകളും എല്ലാത്തരം രോഗത്തിനുള്ള ചികിത്സ കൊടുക്കാന്‍ പര്യാപ്തമാണ്.
4. കേരളത്തിലെ ഹോസ്പിറ്റലുകളുടെ എക്കോഫ്രണ്ട്‌ലി അറ്റ്‌മോസ്ഫിയര്‍ ലോകം അംഗീകിച്ചിട്ടുണ്ട്.
5. ലോകമെമ്പാടുമുള്ള മലയാളികളള്‍ ആയൂര്‍വേദത്തിന്റെ ബ്രാന്റ് അംബാസിഡര്‍മാരായി പ്രവര്‍ത്തിക്കുന്നു.
മെഡിക്കല്‍ ടൂറിസത്തില്‍ ഗവണ്‍മെന്റിന്റെ പ്രാധാന്യം
പല സര്‍വേകളും കാണിക്കുന്നത് മെഡിക്കല്‍ ടൂറിസം വികസനത്തില്‍ ഗവണ്‍മെന്റിന്റെ നില വളരെ പരിതാപകരമാണെന്നാണ്. ഈ അവസ്ഥ മാറേണ്ടിയിരിക്കുന്നു. നമ്മുടെ സംസ്ഥാനത്തിന്റെ ടൂറിസത്തില്‍ നിന്നുള്ള വരുമാനത്തിന്റെ 40 % വും ആയൂര്‍വേദ മേഖലയില്‍ നിന്നുമാണ്. ഇത് മനസിലാക്കി ഈ മേഖലയില്‍ കൂടുതല്‍ ശക്തമായ ഇടപെടല്‍ നടത്താന്‍ സര്‍ക്കാര്‍ തയ്യാറാകണം. അന്യംനിന്നു വരുന്ന ഔഷധസസ്യങ്ങളെ കണ്ടെത്തി അവയുടെ ഉല്‍പ്പാദനം വികസിപ്പിക്കണം. അതുപോലെതന്നെ അനാരോഗ്യകരമായ രീതിയില്‍ ആയൂര്‍വേദത്തെ പ്രചരിപ്പിക്കുന്ന നിലവാരം കുറഞ്ഞ ആയൂര്‍വേദ സെന്ററുകളെ ആയൂര്‍വേദതലത്തിന്‍ നിയന്ത്രിക്കുകയും വേണം.
ടൂറിസം കേരളത്തിലെ സാമ്പത്തിക വളര്‍ച്ചയ്ക്ക് നിര്‍ണ്ണായകമായ ഒരു ഘടകമാണ്. കേരളമാണ് ഹെല്‍ത്ത് ടൂറിസത്തില്‍ ഏറ്റവും മുന്‍പന്തിയില്‍ നില്‍ക്കുന്ന ഇന്ത്യന്‍ സംസ്ഥാനം. 12 വര്‍ഷത്തോളമായി കേരളത്തില്‍ നടപ്പാക്കിവരുന്ന ആയൂര്‍വേദ വികസന പദ്ധതികള്‍ വളരെയേറെ മുന്നേറ്റം കൈവരിച്ചിട്ടുണ്ട്. കേരളത്തില്‍ വരുന്ന ടൂറിസ്റ്റുകളില്‍ ഏതാണ്ട് മുപ്പത് ശതമാനത്തോളം പേര്‍ ആയൂര്‍വേദ ചികിത്സ തേടുന്നുണ്ടെന്നാണ് കണക്ക്. ഈ രംഗത്ത് ഇനിയും വളരെയേറെ മുന്നേറാന്‍ നമുക്ക് കഴിയണം.
ആയൂര്‍വേദത്തിന്റെ വികസനത്തില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
1. വിദേശരാജ്യങ്ങളില്‍ ആയൂര്‍വേദത്തെ ഒരു മുഖ്യധാരാചികിത്സാരീതിയായി ഇതുവരെ  അംഗീകരിച്ചിട്ടില്ല. ഈ അവസ്ഥയ്ക്ക് മാറ്റമുണ്ടാകണം. ആയുര്‍വേദം ശരിയായ ഒരു ചികിത്സാശാസ്ത്രമാണെന്നും പാര്‍ശ്വഫലങ്ങള്‍ ഇല്ലാത്ത, ശാശ്വതപരിഹാരം നല്‍കുന്ന ആയൂര്‍വേദത്തെ ധൈര്യപൂര്‍വ്വം സമീപിക്കാമെന്നും ലോകം തിരിച്ചറിയേണ്ടതുണ്ട്.  ആയുര്‍വേദ ഔഷധങ്ങള്‍ വിദേശരാജ്യങ്ങളിലേക്ക് കയറ്റുമതി നടത്തുന്നതിന് ഇപ്പോള്‍ പല വിലക്കുകളും നിലനില്‍ക്കുന്നു. ഇതിനും മാറ്റം വരേണ്ടതുണ്ട്.
2. ആയൂര്‍വേദ ചികിത്സാരീതിയ്ക്ക് ഒരു സ്റ്റാന്റേഡൈസേഷന്‍ ഇതുവരെ നടപ്പിലാക്കിയിട്ടില്ല. ചികിത്സകര്‍ക്ക് മറ്റ് ശാസ്ത്രശാഖകളെപ്പോലെ പ്രത്യേക മാനദണ്ഡങ്ങള്‍ നിഷ്‌കര്‍ഷിക്കേണ്ടതും ചികിത്സയുടെ ഗുണമേന്‍മ ഉറപ്പുവരുത്തേണ്ടതുമാണ്. ഏകീകൃത ചികിത്സാചിലവ് നയം ഇല്ലാത്തതിനാല്‍ വിദേശികളെ പലരും ചൂഷണം ചെയ്യുന്ന സാഹചര്യവുമുണ്ട്. ഇത് ആയുര്‍വേദത്തെക്കുറിച്ച് തെറ്റായ മതിപ്പ് ഉണ്ടാക്കുവാന്‍ കാരണമാകുന്നു.
ഭാരതത്തിന്റെ തനത് ചികിത്സാ സമ്പ്രദായങ്ങളായ ആയുര്‍വേദയും സിദ്ധയുമെല്ലാം ഇന്ന് വിദേശികളെ കൂടുതല്‍ കൂടുതല്‍ ആകര്‍ഷിച്ചുവരുന്നു. ആയുര്‍വേദം ഒരു ചികിത്സാപദ്ധതി എന്നതിനേക്കാളുപരി ഒരു ജീവിതരീതിയായിത്തന്നെ മനസിലാക്കുവാനും പ്രവര്‍ത്തിതലത്തില്‍ എത്തിക്കുവാനും വിദേശികള്‍ ഇപ്പോള്‍ തയ്യാറാകുന്നുണ്ട്. ആയുര്‍വേദത്തെയും സിദ്ധത്തെയും ലോകനിലവാരത്തിലേക്ക് ഉയര്‍ത്തണമെങ്കില്‍ അതിന്റെ പഠനവും പ്രയോഗവും കുറെക്കൂടി ശാസ്ത്രീയവും സുതാര്യവുമാക്കേണ്ടിയിരിക്കുന്നു. അലോപ്പതി പോലുളള ചികിത്സാപദ്ധതികളില്‍ ശരിയായ ചികിത്സ നിശ്ചയിക്കാന്‍ പറ്റാത്ത വാതരോഗങ്ങള്‍, എല്ലിന്റെയും മറ്റും രോഗങ്ങള്‍ എന്നിവയ്ക്ക്  ആയുര്‍വേദത്തിലൂടെയും സിദ്ധത്തിലൂടെയും ചികിത്സ തേടാനാകുമെന്ന പ്രത്യാശ ഇന്ന് പാശ്ചാത്യര്‍ക്കുണ്ട്. അതിന് അവരുടെ ജീവിതനിലവാരം വച്ചുകൊണ്ടുളള സേവനദാതാക്കളായി നമുക്ക് മാറാന്‍ കഴിയുമെങ്കില്‍ ഭാരതത്തിന്റെ ഇപ്പോഴുളള വാര്‍ഷിക ബജറ്റിന്റെ അത്രയും തന്നെയുളള തുക ഹെല്‍ത്ത് ടൂറിസത്തിലൂടെ നമുക്ക് നേടാന്‍ കഴിയും. പ്രത്യേകിച്ച് വ്യവസായങ്ങള്‍ വളര്‍ത്തിയെടുക്കാന്‍ കഴിയാത്ത കേരളം പോലുളള ഒരു സംസ്ഥാനത്തില്‍ ഏറ്റവും യുക്തമായ ഒരു വരുമാന സ്രോതസ് കൂടിയായിരിക്കും മെഡിക്കല്‍ ടൂറിസം. ആധുനിക സൗകര്യങ്ങളുളള മെഡിക്കല്‍ സിറ്റികള്‍ കേരളത്തിന്റെ വിവിധ നഗരങ്ങളില്‍ സ്ഥാപിക്കേണ്ടിയിരിക്കുന്നു. അലോപ്പതിയുടെയും ആയുര്‍വേദത്തിന്റെയും സിദ്ധത്തിന്റെയും ഏറ്റവും മികച്ച ചികിത്സാസൗകര്യങ്ങള്‍ ഈ മെഡിസിറ്റികളില്‍ ഉണ്ടായിരിക്കണം. വാര്‍ത്താവിനിമയ സൗകര്യങ്ങളും വൃത്തി, വെടിപ്പ് തുടങ്ങിയവയും ഏറ്റവും മുന്തിയ രീതിയിലായിരിക്കണം. ഐ.ടി മേഖലകള്‍ക്ക് നമ്മള്‍ കൊടുത്തുകൊണ്ടിരുന്ന പ്രാധാന്യത്തിന്റെ പത്ത് ശതമാനമെങ്കിലും ഈ വഴിക്ക് നീക്കിവച്ചിരുന്നെങ്കില്‍ കേരളത്തിന്റെ അവസ്ഥ ഇന്ന് എത്ര മനോഹരമായിരുന്നിരിക്കും.? ഓര്‍ക്കുക ലോകത്ത് റീട്ടെയ്ല്‍ രംഗം കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ സാമ്പത്തികവിനിമയം നടക്കുന്നത് ആരോഗ്യരംഗത്താണ്.

No comments:

Post a Comment

english malayalam dictionary

വിരുന്നുകാര്...

poomottu

Dsgd: by ASLAM PADINHARAYIL

Back to TOP