സ്വാഗതം
WELCOME

News Update..

Tuesday, May 21, 2013

അറബ് വിപ്ളവത്തിലേക്ക് നയിച്ചത് ദാരിദ്ര്യവും മനുഷ്യാവകാശ ലംഘനവും-അമീര്‍ Madhyamam News Feeds

അറബ് വിപ്ളവത്തിലേക്ക് നയിച്ചത് ദാരിദ്ര്യവും മനുഷ്യാവകാശ ലംഘനവും-അമീര്‍ Madhyamam News Feeds

Link to

അറബ് വിപ്ളവത്തിലേക്ക് നയിച്ചത് ദാരിദ്ര്യവും മനുഷ്യാവകാശ ലംഘനവും-അമീര്‍

Posted: 21 May 2013 12:23 AM PDT

Image: 

ദോഹ: ഏകാധിപത്യവും അടിച്ചമര്‍ത്തലും അഴിമതിയും മുഖമുദ്രയാക്കിയ ഭരണകൂടങ്ങള്‍ക്ക് കീഴില്‍ ദാരിദ്ര്യവും തൊഴിലില്ലായ്മയും മാന്യമായ ജീവിതസാഹചര്യങ്ങളില്ലാത്തതും മനുഷ്യാവകാശലംഘനങ്ങളുമാണ് അറബ് വിപ്ളവങ്ങള്‍ക്ക് കാരണമായതെന്ന സത്യം വിസ്മരിക്കരുതെന്ന് അമീര്‍ ശൈഖ് ഹമദ് ബിന്‍ ഖലീഫ ആല്‍ഥാനി. റിട്സ് കാള്‍ട്ടണ്‍ ഹോട്ടലില്‍ പതിമൂന്നാമത് ദോഹ ഫോറം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ലോകം തുടര്‍ച്ചയായ മാറ്റങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചുകൊണ്ടിരിക്കുകയാണെന്ന് അമീര്‍ ചൂണ്ടിക്കാട്ടി. രാഷ്ട്രീയരംഗത്ത് മാത്രമല്ല സാമ്പത്തിക, സാമൂഹിക, ബൗദ്ധിക, മാനുഷിക രംഗങ്ങളിലെല്ലാം ഈ മാറ്റം പൊതുവില്‍ ദൃശ്യമാണ്. ഇത്തരം മാറ്റങ്ങള്‍ ഏറ്റവുമധികം ബാധിച്ചിട്ടുള്ളത് അറബ് ലോകത്തെയാണ്. സമഗ്രപരിഷ്കണത്തിനുവേണ്ടിയുള്ള ജനങ്ങളുടെ മുറവിളിയാണ് ആധുനിക അറബ്ലോകത്തിന്‍െറ ഏറ്റവും വലിയ സവിശേഷതയെന്നും അമീര്‍ അഭിപ്രായപ്പെട്ടു.
1967ല്‍ അധീനപ്പെടുത്തിയ അറബ് അതിര്‍ത്തികളില്‍ നിന്ന് ഇസ്രായേല്‍ പിന്‍മാറുകയും ഫലസ്തീന്‍ ജനതയുടെ അവകാശങ്ങള്‍ അംഗീകരിച്ചുകൊണ്ട് ജറൂസലം തലസ്ഥാനമായി ഫലസ്തീന്‍ രാഷ്ട്രം രൂപംകൊള്ളുകയും ചെയ്യുന്നതുവരെ മേഖലയില്‍ സുരക്ഷയും സുസ്ഥിരതയും ഉണ്ടാകില്ലെന്ന് അമീര്‍  പറഞ്ഞു. അന്താരാഷ്ട്ര നിയമങ്ങള്‍ കാറ്റില്‍ പറത്തിക്കൊണ്ട് ജറൂസലമിനെ ജൂതവത്കരിക്കാനുള്ള ശ്രമങ്ങളില്‍ നിന്ന് ഇസ്രായേല്‍ പിന്‍മാറണമെന്ന് അമീര്‍ ആവശ്യപ്പെട്ടു. ഇസ്രായേലുമായി സമാധാന സന്ധിയിലെത്തണമെന്ന വാദഗതികള്‍ക്ക് അറബ് വസന്ത വിപ്ളവത്തിന് ശേഷം പ്രസക്തി നഷ്ടപ്പെട്ടിരിക്കുകയാണ്. ഭരണാധികാരികളുമായി നടത്തുന്ന രാഷ്ട്രീയ ചര്‍ച്ചകളും വിലപേശലുകളും ഇനി അറബ് ജനത അംഗീകരിക്കില്ലെന്നതാണ് യാഥാര്‍ഥ്യം. രാഷ്ട്രീയ, സാമ്പത്തിക മേഖലകളില്‍ തീരുമാനമെടുക്കുന്നതില്‍ ജനങ്ങളുടെ പങ്കാളിത്തം ഉറപ്പുവരുത്തുകയായിരുന്നു അറബ് വിപ്ളവങ്ങളുടെ മുഖ്യലക്ഷ്യം.
കൂടിയാലോചനാ വ്യവസ്ഥയില്‍ അധിഷ്ഠിതമായ ജനാധിപത്യമാണ് ഇസ്ലാമിക വിശ്വാസത്തിന്‍െറ സവിശേഷതയെന്ന് അമീര്‍ ഓര്‍മപ്പെടുത്തി. നീതിയും സമത്വവും പുലരുകയാണ് അതിന്‍െറ ലക്ഷ്യം. പരിഷ്കരണവും പരിവര്‍ത്തനവും അംഗീകരിക്കാത്തവര്‍ കാലത്തിന്‍െറയും ആധുനിക സമൂഹത്തിന്‍െറയും തുടിപ്പുകള്‍ മനസ്സിലാക്കാത്തവരാണ്. കേവലം മുദ്രാവാക്യങ്ങളിലും ആദര്‍ശങ്ങളിലും ജീവിക്കാന്‍ ജനങ്ങള്‍ തയാറല്ല. ആയിരക്കണക്കിന് നിരപരാധികളെ ദുരിതത്തിലേക്ക് തള്ളിവിടുകയും ജനലക്ഷങ്ങളെ അഭയാര്‍ഥികളാക്കി മാറ്റുകയും ചെയ്ത സിറിയന്‍ പ്രതിസന്ധി മൂന്നാം വര്‍ഷത്തിലേക്ക് കടന്നിട്ടും വന്‍ശക്തികളായ രാഷ്ട്രങ്ങള്‍ക്കോ അറബ് അന്താരാഷ്ട്ര വേദികള്‍ക്കോ പരിഹാരം കാണാന്‍ കഴിയാത്തത് ഖേദകരമാണെന്നും അമീര്‍ പറഞ്ഞു. ലോക വ്യാപാരരംഗത്ത് ഉണര്‍വ്വ് നല്‍കുന്ന വിധത്തില്‍ ദോഹ സ്വതന്ത്ര വ്യപാര ചര്‍ച്ചകള്‍ പൂര്‍ത്തീകരിക്കണമെന്നും അദ്ദേഹം നിര്‍ദേശിച്ചു.
ഉദ്ഘാടന സെഷനില്‍ പ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ ശൈഖ് ഹമദ് ബിന്‍ ജാസിം ബിന്‍ ജബര്‍ ആല്‍ഥാനി സ്വാഗതം പറഞ്ഞു. ഫോറം ഇതുവരെ കൈവരിച്ച നേട്ടങ്ങള്‍ അദ്ദേഹം വിശദീകരിച്ചു. സെനഗല്‍ പ്രസിഡന്‍റ് മാകി സാല്‍, തുനീഷ്യന്‍ പ്രധാനമന്ത്രി അലി അല്‍റായിദ് എന്നിവര്‍ സംസാരിച്ചു. ഉദ്ഘാടന സെഷന് ശേഷം മേഖലയിലെ സമാധാനവും വികസനവും എന്ന വിഷയത്തെ അധികരിച്ചുനടന്ന ചര്‍ച്ചയില്‍ മുന്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി ഗോര്‍ഡന്‍ ബ്രൗണ്‍, മുന്‍ ഫ്രഞ്ച് പ്രധാനമന്ത്രതി ഫ്രാന്‍കോയിസ് ഫിര്‍ട്ടണ്‍, മ്യൂണിക് സെക്യൂരിറ്റി ചെയര്‍മാന്‍ വൂള്‍ഫ് ഗാംഗ് ഇഷിംഗര്‍ എന്നിവരും സംസാരിച്ചു. മൂന്ന് ദിവസത്തെ ഫോറം നാളെ സമാപിക്കും.

ഗണേഷ് കുമാറിനെ വീണ്ടും മന്ത്രിയാക്കുന്നത് ധാര്‍മികതയല്ല -പി.സി ജോര്‍ജ്

Posted: 21 May 2013 12:12 AM PDT

Image: 

തിരുവനന്തപുരം: ഗണേഷ് കുമാറിനെ വീണ്ടും മന്ത്രിയാക്കുന്നത് ധാര്‍മികതയല്ലെന്ന് സര്‍ക്കാര്‍ ചീഫ് വിപ്പ് പി.സി ജോര്‍ജ്. യാമിനി തങ്കച്ചിയുടെ ആരോപണങ്ങള്‍ ഇപ്പോഴും കോടതിയില്‍ നില്‍ക്കുകയാണെന്നും ഗണേഷ് പാപിയായി തുടരുകയാണെന്നും ജോര്‍ജ് പറഞ്ഞു. തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തിലാണ് ചീഫ് വിപ്പ് ഇക്കാര്യം പറഞ്ഞത്.

ഗണേഷിനെ മന്ത്രിയാക്കുകയാണെങ്കില്‍ കേരള കോണ്‍ഗ്രസ് (ബി)ക്ക് കാബിനറ്റ് റാങ്കോടു കൂടി മുന്നാക്ക വികസന കോര്‍പറേഷന്‍ ചെയര്‍മാന്‍ സ്ഥാനം നല്‍കാനാകില്ല. കേരള കോണ്‍ഗ്രസ് (ബി)ക്ക് രണ്ട് കാബിനറ്റ് റാങ്കുകള്‍ നല്‍കിയാല്‍ ഒരു എം.എല്‍.എ മാത്രമുള്ള മറ്റു പാര്‍ട്ടികള്‍ക്കും ഇത്തരത്തില്‍ കാബിനറ്റ് റാങ്ക് പദവികള്‍ നല്‍കേണ്ടി വരുമെന്നും പി.സി ജോര്‍ജ് പറഞ്ഞു. ബാലകൃഷ്ണപിള്ളക്ക് കാബിനറ്റ് റാങ്കോടെ മുന്നാക്ക വികസന കോര്‍പറേഷന്‍െറ ചെയര്‍മാന്‍ സ്ഥാനം നല്‍കാമെന്ന് യു.ഡി.എഫ് യോഗത്തില്‍ തീരുമാനിച്ചതാണ്. ഇനി അത് നല്‍കാതിരിക്കുന്നത് അദ്ദേഹത്തെ അപമാനിക്കുന്നതിന് തുല്യമാണെന്നും പി.സി ജോര്‍ജ് വ്യക്തമാക്കി.

ഗണേഷ് കുമാറിനെ വീണ്ടും മന്ത്രിയാക്കണമെന്ന് എന്‍.എസ്.എസ് ആവശ്യപ്പെട്ടതായി അറിയില്ല. യു.ഡി.എഫിന്റെകാര്യത്തില്‍ ഇടപെടില്ലെന്ന് എന്‍.എസ്.എസ് വ്യക്തമാക്കിയിട്ടുള്ളതാണ്. ജി. സുകുമാരന്‍ നായര്‍ കുടുംബത്തില്‍ പിറന്നവനാണ്. അദ്ദേഹം രണ്ടഭിപ്രായം പറയില്ലെന്നും ജോര്‍ജ് കൂട്ടിച്ചേര്‍ത്തു.

കെ.ബി. ഗണേഷ്കുമാറിനെ മന്ത്രിസ്ഥാനത്ത് തിരികെ എടുക്കണമെന്ന് കേരള കോണ്‍ഗ്രസ് (ബി) യു.ഡി.എഫ് നേതൃത്വത്തോട് കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. മുന്നാക്ക വികസന കോര്‍പറേഷന്‍ ചെയര്‍മാന്‍ സ്ഥാനം ഏറ്റെടുക്കാന്‍ ബലകൃഷ്ണ പിള്ള സന്നദ്ധനാണെന്നും ജനറല്‍ സെക്രട്ടറി സി. വേണുഗോപാലന്‍ നായര്‍ വ്യക്തമാക്കിയിട്ടുണ്ട്.  

തിങ്കളാഴ്ച എന്‍.എസ്.എസ് ആസ്ഥാനത്തെത്തി ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍നായരുമായി കൂടിക്കാഴ്ച നടത്തിയ ആര്‍. ബാലകൃഷ്ണപിള്ളയോട് ഗണേഷ് കുമാറിനെ വീണ്ടും മന്ത്രിയാക്കണമെന്ന് സംഘടനാ നേതൃത്വം ആവശ്യപ്പെട്ടിരുന്നു. കൂടിക്കാഴ്ചക്കു ശേഷം തലസ്ഥാനത്ത് മടങ്ങിയെത്തിയതിന് പിന്നാലെയാണ് പാര്‍ട്ടി നിലപാട് മുഖ്യമന്ത്രിയെയും കെ.പി.സി.സി പ്രസിഡന്‍റിനെയും പിള്ള ഗ്രൂപ്പ് ജനറല്‍ സെക്രട്ടറി നേരില്‍കണ്ട് അറിയിച്ചത്. ഭാര്യയുമായുള്ള പ്രശ്നങ്ങളെ തുടര്‍ന്ന് ഏപ്രില്‍ ഒന്നിനാണ് ഗണേഷ് കുമാര്‍ മന്ത്രി സ്ഥാനം ഒഴിഞ്ഞത്.

ചൂട് കൂടുന്നു; ഉച്ചവിശ്രമത്തിന് അറിയിപ്പ് കാത്ത് തൊഴിലാളികള്‍

Posted: 21 May 2013 12:11 AM PDT

Image: 

ഷാര്‍ജ: പകല്‍ സമയങ്ങളില്‍ താപനിലയിലുണ്ടാകുന്ന വര്‍ധന കണക്കിലെടുത്ത് അധികൃതരുടെ ഭാഗത്തുനിന്ന് ഉച്ചവിശ്രമത്തിനുള്ള അറിയിപ്പ് വേഗത്തില്‍ ഉണ്ടാകണമെന്ന പ്രാര്‍ഥനയിലാണ് പുറം ജോലികളില്‍ ഏര്‍പ്പെടുന്ന തൊഴിലാളികള്‍. ഉത്തരവ് ലഭിക്കുന്നതിന് മുമ്പ് തന്നെ ചില കമ്പനികള്‍ ജോലി സമയങ്ങളില്‍ മാറ്റം വരുത്തിയത് തുണയായിട്ടുണ്ട്. ഉത്തരവുണ്ടായാല്‍ മധ്യാഹ്ന വിശ്രമം നിര്‍ബന്ധമായി നല്‍കണമെന്നാണ് വ്യവസ്ഥ. ഇത് പാലിച്ചില്ലെങ്കില്‍ കമ്പനികളെ കരിമ്പട്ടികയില്‍ പെടുത്തുകയും പിഴ ചുമത്തുകയും ചെയ്യും. മുന്‍ വര്‍ഷങ്ങളില്‍ നിരവധി കമ്പനികളാണ് ഇത്തരം നടപടികള്‍ക്ക് വിധേയരായത്.
അന്തരീക്ഷ ഈര്‍പ്പത്തിലുണ്ടാകുന്ന വര്‍ധനയും ചൂടും സഹിക്കാനാവുന്നില്ലെന്ന് ഈ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ ‘ഗള്‍ഫ് മാധ്യമ’ത്തോട് പറഞ്ഞു. ശുദ്ധജലത്തിന്‍െറയും പോഷകാഹാരത്തിന്‍െറയും കുറവ് തൊഴിലാളികളുടെ ആരോഗ്യത്തെ ഗുരുതരമായി ബാധിക്കുന്ന ഘടകങ്ങളാണ്. പല കമ്പനികളും നിയമത്തില്‍ പറയുന്ന വ്യവസ്ഥകള്‍ പാലിക്കാത്തത് ഈ രംഗത്ത് പ്രവര്‍ത്തിക്കുന്നവരുടെ ജീവന് തന്നെ ഭീഷണിയാവാറുണ്ട്. ജോലി സ്ഥലത്ത് ശുദ്ധജലം നിര്‍ബന്ധമായി വെച്ചിരിക്കണമെന്നാണ് വ്യവസ്ഥ. എന്നാല്‍ പല സ്ഥലത്തും ഇത് ലഭിക്കാറില്ലെന്നാണ് മുന്‍കാല വാര്‍ത്തകള്‍ സൂചിപ്പിക്കുന്നത്. നിര്‍ജലീകരണം, സൂര്യാഘാതം പോലുള്ള വന്‍ ഭീഷണികളാണ് ചൂടുകാലത്ത് തൊഴിലാളികള്‍ അഭിമുഖീകരിക്കേണ്ടി വരിക. കൃത്യസമയത്ത് വൈദ്യസഹായം ലഭിച്ചില്ലെങ്കില്‍ ജീവാപായമുണ്ടാകും.
ചൂടുകാലത്തുണ്ടാകുന്ന ഇത്തരം പ്രശ്നങ്ങള്‍ക്ക് പെട്ടെന്ന് പരിഹാരം കാണാന്‍ തൊഴില്‍ രംഗത്തുള്ളവര്‍ പ്രാഥമിക ശുശ്രൂഷ അറിഞ്ഞിരിക്കുന്നത് ജീവന്‍ രക്ഷിക്കാന്‍ സഹായകമാകുമെന്നാണ് വിദഗ്ധര്‍ പറയുന്നത്. തുച്ഛമായ വേതനമാണ് നിര്‍മാണ മേഖലയില്‍ നിന്ന് ലഭിക്കുന്നത്. ഇത് ചിലപ്പോള്‍ ഭക്ഷണത്തിനും ദൈനംദിന കാര്യങ്ങള്‍ക്കും തികയാറില്ല. പലരും ഭക്ഷണത്തിനുള്ള വകയില്‍ കുറവ് വരുത്തിയാണ് നാട്ടിലെ ആവശ്യങ്ങള്‍ക്ക് പണം കണ്ടെത്താറുള്ളത്. രാവിലെ താമസ സ്ഥലത്ത് നിന്ന് കൊണ്ടുവരുന്ന ചോറില്‍ വെള്ളം ഒഴിച്ച് കഴിക്കുന്ന തൊഴിലാളികളെ കണ്ണീരോടെ നോക്കി നിന്നിട്ടുണ്ടെന്ന് ഈ രംഗത്ത് വര്‍ഷങ്ങളായി പ്രവര്‍ത്തിക്കുന്ന യമന്‍ സ്വദേശി അബ്ദുല്‍ ഫത്താഹ് പറഞ്ഞു. ജോലി സ്ഥലത്ത് തളര്‍ന്ന് വീഴുന്ന തൊഴിലാളിയുമായി ഡോക്ടറെ സമീപിച്ചാല്‍ ആഹാരം വാങ്ങിക്കൊടുത്താല്‍ തീരുന്ന പ്രശ്നമേയുള്ളൂവെന്നാണ് പറയാറുള്ളതെന്ന് ഫത്താഹ് പറഞ്ഞു. എന്നാല്‍ ഉച്ച വിശ്രമത്തിന്‍െറ പരിധിയില്‍ വരാത്ത ഡെലിവറി ബോയികളും സ്ക്രാപ്പുകളിലും കഫ്തീരിയകളിലും ജോലിചെയ്യുന്നവരും വേനല്‍ എങ്ങനെ കഴിച്ചുകൂട്ടുമെന്ന ആശങ്കയിലാണ്.
 

വേനല്‍ കനത്തു; തൊഴിലാളികള്‍ക്ക് ജൂണ്‍ ഒന്നു മുതല്‍ ഉച്ച വിശ്രമം

Posted: 20 May 2013 11:57 PM PDT

Image: 

മസ്കത്ത്: ഒമാനില്‍ വേനല്‍ ചൂട് കൂടിയതിനെ തുടര്‍ന്ന് ജൂണ്‍ ഒന്ന് മുതല്‍ തൊഴിലാളികള്‍ക്ക് ഉച്ചക്ക് ശേഷം വിശ്രമം അനുവദിക്കാന്‍ തൊഴില്‍മന്ത്രാലയം കര്‍ശന നിര്‍ദേശം നല്‍കി.
ഇതനുസരിച്ച് തുറസായ സ്ഥലത്ത് ജോലിയെടുക്കുന്നവര്‍ക്ക് തൊഴിലുടമകള്‍ ഉച്ചക്ക് പന്ത്രണ്ടര മുതല്‍ വൈകുന്നേരം മൂന്നരവരെ വിശ്രമം നല്‍കണം. ആഗസ്റ്റ് അവസാനം വരെ ഈ നിര്‍ദേശം പാലിക്കാന്‍ നിര്‍മാണ മേഖലയിലുള്ള മുഴുവന്‍ സ്ഥാപനങ്ങളും ബാധ്യസ്ഥരാണ്. തൊഴില്‍ മന്ത്രാലയത്തിന്‍െറ നിര്‍ദേശം പാലിക്കുന്നുവെന്ന് ഉറപ്പുവരുത്താന്‍ അധികൃതരുടെ ഭാഗത്തു നിന്ന് വ്യാപക പരിശോധനയു
ണ്ടാകും.
നിര്‍ദേശം അവഗണിച്ച് തൊഴിലാളികള്‍ക്ക് വിശ്രമം നല്‍കാത്ത സ്ഥാപനങ്ങള്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്ന് മന്ത്രാലയത്തിലെ തൊഴിലാളി ക്ഷേമവിഭാഗം ഡയറക്ടര്‍ സാലിം ബിന്‍ സഈദ് അല്‍ ബാദി മുന്നറിയിപ്പ് നല്‍കി.
35 മുതല്‍ 38 ഡിഗ്രിവരെയാണ് നിലവില്‍ രാജ്യത്തിന്‍െറ വിവിധ ഭാഗങ്ങളിലെ താപ നില. കത്തുന്ന ചൂടില്‍ സൂര്യതാപം ഏല്‍ക്കുന്നതുള്‍പ്പെടെയുള്ള ആരോഗ്യ പ്രശ്നങ്ങള്‍ ഒഴിവാക്കുന്നതിന്‍െറ ഭാഗമായാണ് തൊഴിലാളികള്‍ക്ക് വിശ്രമം നല്‍കാനുള്ള നിര്‍ദേശം.

സൗദി എയര്‍ലൈന്‍സിനെ ഏവിയേഷന്‍ അതോറിറ്റിയില്‍നിന്ന് വേര്‍പെടുത്താന്‍ ശൂറ നിര്‍ദേശം

Posted: 20 May 2013 11:54 PM PDT

Image: 

റിയാദ്: സൗദി എയര്‍ലൈന്‍സിനെ സൗദി ഏവിയേഷന്‍ അതോറിറ്റിയില്‍നിന്ന് വേര്‍പെടുത്താനും സ്വതന്ത്ര മേധാവിത്വത്തിന് കീഴിലാക്കാനുമുള്ള സാധ്യതയെക്കുറിച്ച് പഠിക്കണമെന്ന് ശൂറ കൗണ്‍സില്‍ നിര്‍ദേശിച്ചു. ഏവിയേഷന്‍ അതോറിറ്റി മേധാവി സൗദി എയര്‍ലൈന്‍സിന് പുറമെ രാജ്യത്ത് പുതുതായി നിലവില്‍ വരുന്ന മറ്റു എയര്‍ലൈനുകളുടെയും മേല്‍നോട്ടം വഹിക്കേണ്ടതിനാല്‍ അതോറിറ്റി മേധാവി സൗദി എയര്‍ലൈന്‍സ് മേധാവിയായി തുടരുന്നത് ആരോഗ്യകരമല്ലെന്നാണ് ശൂറയുടെ വിലയിരുത്തല്‍.
സൗദി എയര്‍ലൈന്‍സിന്‍െറ യാത്ര ചെയ്യാത്ത ടിക്കറ്റ് റീ-ഫണ്ട് ചെയ്യാനുള്ള നടപടി ലളിതമാക്കണമെന്ന് ശൂറ നിര്‍ദേശിച്ചു. പണമായോ ഇലക്ട്രോണിക് സംവിധാനത്തിലോ എടുത്ത ടിക്കറ്റുകളുടെ റീ-ഫണ്ട് ഉപഭോക്താവ് നിര്‍ദേശിക്കുന്ന ബാങ്ക് അക്കൗണ്ടിലേക്ക് തിരിച്ച് നല്‍കുന്ന സംവിധാനം നടപ്പാക്കണമെന്നാണ് ശൂറയുടെ നിര്‍ദേശം. സൗദി എയര്‍ലൈന്‍സിന്‍െറ നിശ്ചിത ഓഫിസുകളില്‍നിന്ന് ഫണ്ട് ലഭ്യതയനുസരിച്ച് പണമായി മാത്രമേ ടിക്കറ്റ് റീ-ഫണ്ട് ചെയ്യുന്നുള്ളൂ എന്നത് യാത്രക്കാര്‍ക്ക് ഏറെ പ്രയാസം സൃഷ്ടിച്ചിരുന്നു. സൗദി എയര്‍ലൈന്‍സിന്‍െറ വാര്‍ഷിക റിപ്പോര്‍ട്ട് അവലോകനം ചെയ്യവെയാണ് ശൂറ സുപ്രധാന നിര്‍ദേശങ്ങള്‍ മുന്നോട്ടുവെച്ചത്. എയര്‍ലൈന്‍സിന്‍െറ പ്രവര്‍ത്തന പുരോഗതി വിലയിരുത്താനുതകുന്ന ഘടകങ്ങള്‍ (കെ.പി.ഐ) റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തണമെന്നും ശൂറ നിര്‍ദേശിച്ചു.
 

അക്രമികള്‍ രക്ഷപ്പെടുത്തിയ തടവുകാരില്‍ മൂന്ന് പേര്‍ കൂടി പിടിയില്‍

Posted: 20 May 2013 11:43 PM PDT

Image: 

മനാമ: ജയിലില്‍നിന്ന് കോടതിയിലേക്ക് കൊണ്ടുപോകുമ്പോള്‍ അക്രമികള്‍ രക്ഷപ്പെടുത്തിയ സംഘത്തിലെ മൂന്ന് പേരെ പൗരന്മാരുടെ സഹായത്തോടെ പിടികൂടിയതായി പബ്ളിക് സെക്യൂരിറ്റി ചീഫ് താരിഖ് അല്‍ഹസന്‍ അറിയിച്ചു. സുരക്ഷാ കാരണങ്ങളാല്‍ അറസ്റ്റ് ചെയ്ത തടവുകാരെ രക്ഷപ്പെടാന്‍ സഹായിച്ച അക്രമികള്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. സംഘത്തിലെ ഒരാളെ ഇതിനകം പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. മറ്റ് മൂന്ന് പേര്‍ക്കായാണ് അന്വേഷണം നടക്കുന്നത്. ഇവരെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും എന്തുവിലകൊടുത്തും അക്രമികള്‍ നീതിക്ക് മുന്നില്‍ ഹാജരാക്കപ്പെടുമെന്നും അദ്ദേഹം വ്യക്തമാക്കി. തടവുകാര്‍ രക്ഷപ്പെടാനിടയായ സാഹചര്യത്തെക്കുറിച്ചും അന്വേഷിക്കുന്നുണ്ട്. ജയിലില്‍നിന്ന് കൊണ്ടുപോകുന്നതില്‍ എന്തെങ്കിലും തരത്തിലുള്ള സുരക്ഷാ പാളിച്ച ഉണ്ടായിട്ടുണ്ടോയെന്നതിനെക്കുറിച്ചാണ് ഉന്നത തലത്തില്‍ അന്വേഷണം നടക്കുന്നത്. ഇക്കാര്യങ്ങളില്‍ ഉടനെ വ്യക്തത വരുമെന്നാണ് പ്രതീക്ഷ. അക്രമികളെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ അടുത്ത പൊലീസ് സ്റ്റേഷനിലൊ 999 എന്ന ഹോട്ട്ലൈന്‍ നമ്പറിലൊ അറിയിക്കണമെന്നും പൊലീസ് മേധാവി അഭ്യര്‍ഥിച്ചു.
ഞായറാഴ്ച രാവിലെയാണ് ഡ്രൈഡോക് ജയിലില്‍നിന്ന് കോടതിയിലേക്ക് ബസില്‍ കൊണ്ടുപോവുകയായിരുന്ന തടവുകാരെ അക്രമികള്‍ സിനിമാ സ്റ്റെയിലില്‍ രക്ഷപ്പെടുത്തിയത്. രണ്ട് കാറുകളിലായി എത്തിയ അക്രമികള്‍ മനപ്പൂര്‍വം അപകടമുണ്ടാക്കി തടവുകാര്‍ക്ക് രക്ഷപ്പെടാന്‍ സൗകര്യമൊരുക്കുകയായിരുന്നു. സംഭവം നടന്നയുടന്‍ പൊലീസിന്‍െറ പഴുതടച്ച പരിശോധനയില്‍ ഒരു തടവുകാരനെയും അക്രമിയെയും പിടികൂടിയിരുന്നു.
 

സ്വര്‍ണവിലയില്‍ മുന്നേറ്റം: പവന്‍വില 20,000ത്തില്‍

Posted: 20 May 2013 09:30 PM PDT

Image: 

കൊച്ചി: ദിവസങ്ങളായി ഇടിഞ്ഞ സ്വര്‍ണവിലയില്‍ ശക്തമായ മുന്നേറ്റം. പവന് 480 രൂപ വര്‍ധിച്ച് 20,000 രൂപയിലെത്തി. ഒരു ഗ്രാം സ്വര്‍ണത്തിന് 60 രൂപയാണ് ഒറ്റയടിക്ക് കൂടിയത്. ഇതോടെ വില 2,500 രൂപയായി.

കഴിഞ്ഞ ബുധനാഴ്ച മുതല്‍ സ്വര്‍ണവിലയില്‍ ഇടിവ് തുടരുകയായിരുന്നു. അഞ്ചു ദിവസങ്ങളിലായി 960 രൂപയുടെ ഇടിവുണ്ടായി. തിങ്കളാഴ്ച പവന് 160 രൂപ കുറഞ്ഞ് 19,520 രൂപയായിരുന്നു. ഒരു മാസത്തിനിടയിലെ ഏറ്റവും താഴ്ന്ന നിരക്കാണിത്. ആ നിലയില്‍ നിന്നാണ് ഇന്ന് തിരിച്ചുവരവ് നടത്തിയത്.

 

യു.പി ‘മോഡി’ പരീക്ഷണത്തിലേക്ക്

Posted: 20 May 2013 09:10 PM PDT

Image: 
Subtitle: 
വിശ്വസ്തന്‍ അമിത്ഷാക്ക് യു.പിയുടെ ചുമതല

ന്യൂദല്‍ഹി: അടുത്ത പൊതുതെരഞ്ഞെടുപ്പില്‍ പ്രമുഖ സംസ്ഥാനമായ യു.പിയില്‍ ഗുജറാത്ത് മോഡല്‍ ഹിന്ദുത്വ രാഷ്ട്രീയം പയറ്റാന്‍ ബി.ജെ.പിയുടെ കരുനീക്കം. ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോഡി ലഖ്നോവില്‍ ലോക്സഭാ സ്ഥാനാര്‍ഥി ആകാനുള്ള സാധ്യതകള്‍ ബലപ്പെടുത്തി യു.പിയിലെ പാര്‍ട്ടി കാര്യങ്ങളുടെ ചുമതല മോഡിയുടെ വലംകൈയായ അമിത്ഷായെ ഏല്‍പിച്ചു. മോഡിവിരുദ്ധനായ സഞ്ജയ് ജോഷിയെ സംസ്ഥാന ചുമതലയില്‍നിന്ന് പുറന്തള്ളി.
 സൊഹ്റാബുദ്ദീന്‍ വ്യാജ ഏറ്റുമുട്ടല്‍ കൊലക്കേസില്‍ പ്രധാന പ്രതിയായി ഗുജറാത്ത് ആഭ്യന്തര സഹമന്ത്രിസ്ഥാനം രാജിവെക്കാന്‍ അമിത്ഷാ നിര്‍ബന്ധിതനായിരുന്നു. തുടര്‍ന്ന് അറസ്റ്റിലായി. ഇപ്പോള്‍ ജാമ്യത്തിലാണ്. ഗുജറാത്തില്‍ പ്രവേശിക്കുന്നതിന് ഇടക്കാലത്ത് അമിത്ഷായെ കോടതി വിലക്കിയിരുന്നു. ക്രിമിനല്‍ പശ്ചാത്തലമുള്ള അമിത്ഷായെ പാര്‍ട്ടി ജനറല്‍ സെക്രട്ടറിയാക്കിയതിനു പിന്നാലെയാണ് യു.പി ചുമതല ഏല്‍പിച്ചത്. ബാബരി മസ്ജിദ് തകര്‍ത്ത് ഹിന്ദുത്വം വളര്‍ത്തിയ യു.പിയില്‍ ബി.ജെ.പിയുടെ നീക്കങ്ങള്‍ വര്‍ഗീയ ധ്രുവീകരണത്തെക്കുറിച്ച പുതിയ ആശങ്കകള്‍ ഉയര്‍ത്തുന്നതാണ്.
 മിക്ക സംസ്ഥാനങ്ങളിലും ദുര്‍ബലമായി നില്‍ക്കുന്ന ബി.ജെ.പി 80 ലോക്സഭാ സീറ്റുള്ള യു.പിയെ കേന്ദ്രീകരിച്ച് തീവ്രഹിന്ദുത്വത്തിലൂടെ പരമാവധി സീറ്റ് പിടിക്കാന്‍ ശ്രമിക്കുന്നുവെന്നാണ് സൂചന.
രാജ്യത്ത് ഏറ്റവും കൂടുതല്‍ ലോക്സഭാ സീറ്റുള്ള യു.പിയില്‍ കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് കിട്ടിയത് 10 സീറ്റു മാത്രമാണ്. കോണ്‍ഗ്രസിന് 21 സീറ്റു കിട്ടി.  ’98ല്‍ ഇവിടെനിന്ന് ബി.ജെ.പിക്ക് കിട്ടിയത് 50 എം.പിമാരെയാണ്.  ഗോവയില്‍ അടുത്തമാസം എട്ട്, ഒമ്പത് തീയതികളില്‍ ദേശീയ നിര്‍വാഹക സമിതി യോഗം നടക്കുന്നതിനു മുമ്പാണ് മോഡിക്കു പുറമെ വിശ്വസ്തര്‍ക്കും പാര്‍ട്ടി അധ്യക്ഷന്‍ രാജ്നാഥ്സിങ് വലിയ റോള്‍ നല്‍കിയത്. മറ്റു സംസ്ഥാനങ്ങളില്‍ ബി.ജെ.പിക്ക് കുറയുന്ന സീറ്റുകളില്‍ ഒരു പങ്ക് ഒരിക്കല്‍ ഹിന്ദുത്വത്തിന്‍െറ വിളനിലമായിരുന്ന യു.പിയില്‍നിന്ന് സമാഹരിക്കാനുള്ള സാധ്യതയാണ് ബി.ജെ.പി തേടുന്നത്.  രാജ്നാഥ്സിങ്ങിന്‍െറ തീരുമാനത്തോട് എല്‍.കെ. അദ്വാനി, സുഷമ സ്വരാജ് തുടങ്ങിയവര്‍ക്ക് എതിര്‍പ്പുണ്ട്.
വരുണ്‍ഗാന്ധിക്കാണ് പശ്ചിമ ബംഗാളിന്‍െറ ചുമതല. ആന്ധ്രയില്‍നിന്നുള്ള മുന്‍മന്ത്രി ബന്ദാരു ദത്താത്രേയയെ ബി.ജെ.പി അഖിലേന്ത്യാ വൈസ് പ്രസിഡന്‍റാക്കി. കേരള ഘടകത്തിന്‍െറ ചുമതലയും അദ്ദേഹത്തിനാണ്.

പരിശോധിച്ച് ‘പണി’തരുന്ന ‘ലാഭോ’റട്ടറികള്‍

Posted: 20 May 2013 08:48 PM PDT

Image: 

നൂറ്റാണ്ടിന്‍െറ മഹാമാരിയെന്ന് വിലയിരുത്തി രാജ്യം കോടിക്കണക്കിന് രൂപ എച്ച്.ഐ.വി പ്രതിരോധത്തിന് ചെലവിടുമ്പോള്‍ ആ മാരകരോഗം പടര്‍ത്തുന്നവരെ എന്തുപേരില്‍ വിളിക്കണം. എച്ച്.ഐ.വി ബാധിതരുടെ സംഘടനയായ സി.പി.കെ പ്ളസിലെ സജീവ പ്രവര്‍ത്തകര്‍ക്ക് ഇത്തരം നിരവധി പൊള്ളുന്ന അനുഭവങ്ങള്‍ പറയാനുണ്ട്. എയ്ഡ്സിന് മരുന്നു കണ്ടുപിടിച്ചെന്ന് പറഞ്ഞ് കോടികളുടെ തട്ടിപ്പു നടത്തിയ എറണാകുളത്തെ സ്ഥാപനം തന്നെയാണ് ഇവിടെയും വില്ലന്‍. ആറുവര്‍ഷം മുമ്പാണ് സംഭവം. സ്ഥാപനത്തിന്‍െറ ‘ദിവ്യൗഷധം’ പരീക്ഷിക്കയായിരുന്നു എച്ച്.ഐ.വി ബാധിതരായ തിരൂരിലെ ദമ്പതികള്‍. എറണാകുളം മരടിലെ ഒരു ലാബില്‍നിന്ന് എച്ച്.ഐ.വിയില്ല എന്ന പരിശോധനാ റിപ്പോര്‍ട്ട്  കിട്ടിയപ്പോള്‍ അവര്‍  അമ്പരന്നുപോയി.   ഒരു പത്രത്തിലും ചാനലിലും ഇതു സംബന്ധിച്ച് വാര്‍ത്തയും വന്നു. ഒരിക്കലും തിരിച്ചുകിട്ടില്ലെന്ന് കരുതിയ ജീവിതം വീണ്ടും തളിരിട്ടപ്പോള്‍ ദമ്പതികള്‍ സ്ഥാപന ഉടമയെ ദൈവദൂതനെപ്പോലെ നാടുനീളെ പുകഴ്ത്തി നടന്നു. ഒരു വര്‍ഷം കഴിഞ്ഞപ്പോള്‍ അവര്‍ക്ക് ഒരു കുട്ടിയായി. എന്നാല്‍, നവജാത ശിശുവിന് പനിവന്നപ്പോള്‍, സര്‍ക്കാര്‍ ആശുപത്രിയില്‍ പരിശോധന നടത്തിയപ്പോഴാണ് അവര്‍ ഞെട്ടിപ്പിക്കുന്ന ആ സത്യമറിഞ്ഞത്. കുട്ടി എച്ച്.ഐ.വി പോസിറ്റിവാണ്. ഒപ്പം തങ്ങള്‍ക്കും എയ്ഡ്സ് മാറിയിട്ടില്ലെന്ന് അവര്‍ തിരിച്ചറിഞ്ഞു. അതുവരെ അവര്‍ നടത്തിയ പരിശോധനകളെല്ലാം തട്ടിപ്പായിരുന്നു.  സ്ഥാപന ഉടമക്കുവേണ്ടി ലാബുകാര്‍ നടത്തിയ തിരിമറിയായിരുന്നു എച്ച്.ഐ.വി വിമുക്തി.  
ദമ്പതികള്‍ക്ക് ജീവിതം കൂനിന്മേല്‍ കുരുപോലെയായി. സ്ഥാപന ഉടമയും ലാബുകാരും ചതിച്ചില്ലായിരുന്നെങ്കില്‍  തങ്ങള്‍ എച്ച്.ഐ.വി ബാധിച്ച കുഞ്ഞിന് ജന്മം നല്‍കില്ലായിരുന്നെന്ന് അവര്‍ ആണയിടുന്നു. സ്ഥാപന ഉടമക്കെതിരെ നിയമനടപടി  സ്വീകരിച്ചെങ്കിലും ഒന്നിലും തെളിവില്ലെന്ന് പറഞ്ഞ് അയാള്‍ തടിതപ്പി. ‘ദിവ്യൗഷധം’ സര്‍ക്കാര്‍ നിരോധിച്ചെങ്കിലും രജിസ്ട്രേഷന്‍ ശ്രീലങ്കയിലേക്ക് മാറ്റി സ്ഥാപന ഉടമ ഇപ്പോഴും ഇരപിടിക്കുന്നു.  ഹതഭാഗ്യയായ ആ കുട്ടി ഇപ്പോള്‍ കണ്ണൂരിലെ ഒരു പുനരധിവാസ കേന്ദ്രത്തിലാണ്. പിതാവ് ഒരു വര്‍ഷംമുമ്പ് മരിച്ചു.എല്ലും തോലുമായി  മാതാവ് മരണാസന്നയാണ്.

ഇത്തരം ദാരുണ സംഭവങ്ങള്‍   ഒറ്റപ്പെട്ടതല്ല. വ്യാജചികിത്സകര്‍തന്നെ സ്ഥാപിക്കുന്ന ലാബുകള്‍ നിരവധിപേരുടെ ജീവിതം നശിപ്പിച്ചുകഴിഞ്ഞു. ഇതേപോലുള്ള രണ്ടു എച്ച്.ഐ.വി കേസുകള്‍   തിരുവനന്തപുരത്തും മാനന്തവാടിയിലും ഈയിടെയുണ്ടായി. തിരുവനന്തപുരത്തെ കുട്ടി ഇപ്പോള്‍ ജീവിച്ചിരിപ്പില്ല. വ്യാജ ചികിത്സകരില്‍നിന്ന് പണം വാങ്ങി തെറ്റായ റിപ്പോര്‍ട്ട് നല്‍കുന്ന ലാബുകാര്‍ നിരവധിയാണ്. മാത്രമല്ല പല കപട ചികിത്സകരും ഇപ്പോള്‍ സ്വന്തമായി ലാബ് നടത്തുന്നുമുണ്ട്.

തിരുവനന്തപുരത്തെ ഒരു സംഭവം ഇങ്ങനെ. രോഗിയായ മധ്യവയസ്കനോട് ശസ്ത്രക്രിയക്കു മുമ്പ് എച്ച്.ഐ.വിയും ഹെപ്പറ്റൈറ്റിസ്-ബിയും പരിശോധിക്കാന്‍ ഡോക്ടര്‍ കുറിപ്പെഴുതി. ഡോക്ടര്‍ പറഞ്ഞുവിട്ട ലാബിലാണ് പരിശോധന നടത്തിയത്. റിസല്‍ട്ട് വന്നപ്പോള്‍ എച്ച്.ഐ.വി പോസിറ്റിവ്. ഫലം അറിഞ്ഞ രോഗി അങ്കലാപ്പിലായി. സംശയം തീര്‍ക്കാന്‍ മറ്റൊരു ലാബില്‍കൂടി പരിശോധിച്ചു. അപ്പോള്‍ റിസല്‍ട്ട് നെഗറ്റിവ്. എന്താണ് സംഭവിച്ചതെന്ന് ചോദിച്ച രോഗിയോട് കമ്പ്യൂട്ടര്‍ തകരാര്‍ മൂലം പറ്റിയ തെറ്റാണെന്ന് പറഞ്ഞ് ലാബ് ടെക്നീഷ്യനും ഉടമയും അബദ്ധത്തില്‍നിന്ന് തലയൂരി.  അപ്പോഴേക്കും ഹൃദയാഘാതം വന്ന് രോഗി മരിക്കാതിരുന്നത് ഭാഗ്യമായി.

തെറ്റായ ലാബ് റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ ‘മരണത്തിന്‍െറ’ വക്കിലെത്തി തിരിച്ചുവന്നതാണ് എം.ഐ. ഷാനവാസ് എം.പി. ഉദരസംബന്ധമായ അസ്വസ്ഥതകളെ തുടര്‍ന്ന് എറണാകുളത്തെ ഒരു ഫൈവ്സ്റ്റാര്‍ ഹോസ്പിറ്റലില്‍ ചികിത്സക്കെത്തിയ അദ്ദേഹത്തിന് ഗുരുതര രോഗമാണെന്നാണ് ബയോപ്സിയില്‍ തെളിഞ്ഞത്. എല്ലാം അവസാനിക്കാറായെന്ന് സ്വയം കരുതിയിരുന്ന സാഹചര്യത്തിലാണ് അദ്ദേഹത്തിന്‍െറ ഡോക്ടറായ സഹോദരന്‍ എറണാകുളം ജനറല്‍ ആശുപത്രിയില്‍ പരിശോധന നടത്തി അത് ഗുരുതര രോഗമല്ലെന്ന് കണ്ടെത്തിയത്. അസുഖം പൂര്‍ണമായി മാറിയ ഷാനവാസ് ഇപ്പോഴും പൊതുരംഗത്ത് സജീവമാണ്.

തിരുവനന്തപുരത്തെ ഒരു സ്വകാര്യ ആശുപത്രിയില്‍ നവജാത ശിശുക്കള്‍ മണിക്കൂറുകളുടെ വ്യത്യാസത്തില്‍ ഇക്കഴിഞ്ഞ ഏപ്രില്‍ 13ന് മരിച്ചത് പരിശോധനയിലെ പാകപ്പിഴമൂലമാണെന്ന് ഡോക്ടര്‍മാര്‍തന്നെ സമ്മതിക്കുന്നു.  ഹൃദയസംബന്ധമായ അസുഖവും ഡയഫ്രം വളര്‍ച്ചയില്ലാത്തതുമാണ് കുഞ്ഞുങ്ങളുടെ മരണത്തിന് കാരണമായത്. ഇതോടെ ആശുപത്രിയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന പരിശോധനാ കേന്ദ്രങ്ങളുടെ പാകപ്പിഴയാണ് പുറത്തുവരുന്നത്. ഗര്‍ഭാവസ്ഥയില്‍ മാതാവിന് നടത്തിയ പരിശോധനകള്‍ കൃത്യമായിരുന്നെങ്കില്‍ തുടക്കത്തില്‍തന്നെ കുഞ്ഞുങ്ങളുടെ രോഗം കണ്ടെത്താനും ചികിത്സ നല്‍കാനും കഴിയുമായിരുന്നുവെന്ന് ആശുപത്രി അധികൃതര്‍തന്നെ പറയുന്നു. പക്ഷേ, കുഞ്ഞുങ്ങളുടെ മരണത്തിലേക്ക് നയിച്ച വൈകല്യങ്ങള്‍ സ്കാനിങ് റിപ്പോര്‍ട്ടില്‍ തെളിഞ്ഞില്ല.
ഇക്കാര്യത്തില്‍ ജില്ലാ മെഡിക്കല്‍ ഓഫിസറുടെ നേതൃത്വത്തിലുള്ള അന്വേഷണത്തില്‍ ലാബുകാരുടെ കുഴപ്പം കണ്ടെത്താനായില്ലെങ്കിലും ഡോക്ടര്‍മാര്‍ അതില്‍ ഉറച്ചുനില്‍ക്കയാണ്. കഴിഞ്ഞ ആറുമാസത്തിനിടെ ഇവിടെ ആറ് കുട്ടികള്‍ വിവിധ കാരണങ്ങളാല്‍ മരിച്ചെന്നാണ് റിപ്പോര്‍ട്ട്.  

യോഗ്യതയില്ലാത്ത ടെക്നീഷ്യന്മാര്‍, നിലവാരമില്ലാത്ത പഠനസ്ഥാപനങ്ങള്‍, ലാബുകളിലെ തോന്നുന്ന പരിശോധനാ നിരക്ക്, പരിശോധനാ റിപ്പോര്‍ട്ടിലെ വ്യത്യാസങ്ങള്‍, ലാഭം മാത്രം നോക്കി ലാബ് നടത്തുന്ന ഉടമകള്‍, കമീഷന്‍ വാങ്ങി പരിശോധനക്ക് വിടുന്ന ഡോക്ടര്‍മാര്‍ തുടങ്ങി തെറ്റുകളുടെ കൂത്തരങ്ങായി മാറുകയാണ് കേരളത്തിലെ പ്രൈവറ്റ് മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ലബോറട്ടറികള്‍. ഇതിന്‍െറ ഇരകളാവുന്നതോ രോഗികളും.

നാളെ:
ഒന്ന് പരിശോധിച്ചാല്‍ മറ്റൊരു രോഗം  ഫ്രീ!

ചൊവ്വ വിളിക്കുന്നു

Posted: 20 May 2013 08:40 PM PDT

Image: 

കഷ്ടിച്ച് ആറു മാസത്തിനുള്ളില്‍ ചൊവ്വയിലേക്കു സ്വന്തം ഉപഗ്രഹം അയക്കാനുള്ള തയാറെടുപ്പിലാണ് ഇന്ത്യ. ഒക്ടോബറില്‍ ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ കേന്ദ്രം (ഐ.എസ്.ആര്‍.ഒ) ശ്രീഹരിക്കോട്ടയില്‍നിന്ന് ‘മംഗള്‍യാന്‍’ ഉപഗ്രഹം വിക്ഷേപിക്കും. വിക്ഷേപണത്തിനുള്ള ഒരുക്കങ്ങള്‍ പുരോഗമിക്കുന്നതായി ഐ.എസ്.ആര്‍.ഒ വൃത്തങ്ങള്‍ അറിയിക്കുന്നു. 2012 ആഗസ്റ്റില്‍ കേന്ദ്രമന്ത്രിസഭ അംഗീകാരം നല്‍കുകയും സ്വാതന്ത്ര്യദിന പ്രസംഗത്തില്‍ പ്രധാനമന്ത്രി പ്രഖ്യാപിക്കുകയും ചെയ്ത ചൊവ്വാദൗത്യം നമ്മുടെ അയല്‍ഗ്രഹത്തിന്‍െറ അന്തരീക്ഷ പഠനമടക്കം അഞ്ച് പരീക്ഷണ-നിരീക്ഷണ ചുമതലകളാണ് നിര്‍വഹിക്കുക. പരീക്ഷണങ്ങള്‍ക്കാവശ്യമായ ഉപകരണങ്ങള്‍ ഐ.എസ്.ആര്‍.ഒക്ക് ലഭിച്ചുകഴിഞ്ഞു. പി.എസ്.എല്‍.വി റോക്കറ്റിലേറി ഒക്ടോബറില്‍ ഭൂമിവിടുന്ന ഉപഗ്രഹം നവംബര്‍ അവസാനവാരം ഭൂമിയുടെ ഭ്രമണപഥം ഭേദിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. മുന്നൂറോളം ദിവസമെടുത്ത്, 2014 സെപ്റ്റംബറില്‍ ചൊവ്വയുടെ ഭ്രമണപഥത്തിലെത്തുമെന്നും കരുതുന്നു.  ഇക്കൊല്ലം ഒക്ടോബര്‍-നവംബറില്‍ പുറപ്പെട്ടില്ലെങ്കില്‍ പിന്നെ 2016ലേ അതിന് കഴിയൂ. 26 മാസത്തിലൊരിക്കലാണ് ചൊവ്വ ഭൂമിയോട് ഇത്രയും അടുത്തെത്തുക. 450 കോടി രൂപ ചെലവുവരുന്ന ഈ പര്യവേക്ഷണയാത്ര ഇന്ത്യ ഇതുവരെ ഏറ്റെടുത്തതില്‍വെച്ച് ഏറ്റവും സങ്കീര്‍ണമായതാണ്. അമേരിക്ക, റഷ്യ, യൂറോപ്യന്‍ യൂനിയന്‍, ജപ്പാന്‍, ചൈന എന്നിവ മാത്രമാണ് ഇതിനകം ചൊവ്വയിലേക്ക് ആകാശയാനങ്ങള്‍ അയച്ചിട്ടുള്ളത്.
ചൊവ്വാ ദൗത്യം നേരിടുന്ന വെല്ലുവിളികള്‍ പലതാണ്. ആകാശപേടകത്തെ നിയന്ത്രിക്കുന്നതില്‍ ഏറെ ഉത്കണ്ഠ സൃഷ്ടിക്കുന്ന പ്രശ്നമാണ് ഭൂതലത്തില്‍നിന്ന് അങ്ങോട്ട് സന്ദേശമയക്കുന്നതിലും തിരിച്ച് സ്വീകരിക്കുന്നതിലും ഉണ്ടാകുന്ന അരമണിക്കൂറോളം നേരത്തിന്‍െറ കാലതാമസം. മറ്റൊരു വെല്ലുവിളി, ചൊവ്വയെ ലക്ഷ്യമാക്കി കുതിച്ചുവരുന്ന ഒരു ധൂമകേതുവാണ്. ഇന്ത്യന്‍ പേടകം ചൊവ്വയിലിറങ്ങുമെന്ന് കരുതുന്നത് 2014 സെപ്റ്റംബറിലാണ്; ഒക്ടോബറില്‍ ധൂമകേതു അതുവഴി കടന്നുപോകും. അതിന്‍െറ വാലിലെ മീഥേന്‍ നമ്മുടെ പേടകത്തിന്‍െറ പരീക്ഷണങ്ങള്‍ക്ക് ഇടങ്കോലിടുമോ എന്നാണ് ശങ്ക. ചൊവ്വയുടെ അന്തരീക്ഷത്തിലെ വാതകഘടന പഠനവിധേയമാക്കുമ്പോള്‍ വാല്‍നക്ഷത്രത്തില്‍നിന്നുള്ള വാതകം തെറ്റായ ഫലങ്ങളിലേക്ക് നയിച്ചേക്കാം. അതേസമയം, ഒരു ധൂമകേതുവിനെപ്പറ്റികൂടി പഠിക്കാനുള്ള അപൂര്‍വാവസരമാക്കി ഇതിനെ ഉപയോഗപ്പെടുത്താനാവില്ലേ എന്ന ചിന്തയും ചിലര്‍ക്കുണ്ട്. ബംഗളൂരുവിനടുത്തുള്ള കേന്ദ്രത്തില്‍നിന്ന് ‘മംഗള്‍യാന്‍’ ചൊവ്വവരെ എത്തിക്കുന്നതില്‍ വിജയിച്ചാല്‍ പോരാ; ചൊവ്വയോടടുത്ത ശേഷം അതിലെ ഉപകരണങ്ങള്‍ പുന$പ്രവര്‍ത്തിപ്പിക്കുന്നതും വലിയ വെല്ലുവിളിതന്നെ.
അഞ്ചുതരം പരീക്ഷണങ്ങള്‍ക്കുള്ള ഉപകരണങ്ങളാണ് ഉപഗ്രഹത്തില്‍ ഉണ്ടാവുക. ചൊവ്വയില്‍ മീഥേന്‍ എത്രയുണ്ടെന്ന് പരിശോധിക്കുന്ന സംവേദിനിയാണ് ഒന്ന്. സൂക്ഷ്മജീവികളില്‍നിന്നാണ് മീഥേന്‍ ഉല്‍പാദിപ്പിക്കപ്പെടുന്നത് എന്നതിനാല്‍ ചൊവ്വയിലെ മീഥേന്‍ സാന്നിധ്യം സ്ഥിരീകരിക്കുന്നതില്‍ വമ്പിച്ച താല്‍പര്യം ആഗോളതലത്തില്‍ തന്നെയുണ്ട്. ചൊവ്വയുടെ പ്രതലം പഠിക്കാനുള്ള തെര്‍മല്‍ ഇന്‍ഫ്രാറെഡ്  സ്പെക്ട്രോമീറ്റര്‍, കളര്‍ കാമറ, അന്തരീക്ഷത്തിലെ ഹൈഡ്രജന്‍ അളക്കാനുള്ള ഫൊട്ടോമീറ്റര്‍, അന്തരീക്ഷ പഠനത്തിനുള്ള ഉപകരണം എന്നിവയാണ് മറ്റുസജ്ജീകരണങ്ങള്‍. മുമ്മൂന്നു ദിവസം കൂടുമ്പോള്‍ ഒരു തവണ പേടകം ചൊവ്വയെ ചുറ്റും. ചില ഘട്ടങ്ങളില്‍ ചൊവ്വയുടെ ഉപരിതലത്തോട് 371 കി.മി വരെ അടുത്തെത്തും. പ്രശ്നങ്ങളെയും പ്രയാസങ്ങളെയും മറികടന്ന് ചൊവ്വാ ദൗത്യം വിജയിപ്പിക്കാന്‍ നമുക്കു കഴിഞ്ഞാല്‍ അത് നാടിനു മാത്രമല്ല, ലോകത്തിനുതന്നെ പ്രയോജനകരമാക്കാനാകും. ചൊവ്വയില്‍ ജീവനുണ്ടോ എന്നതും അവിടെ ജീവിക്കാനാവുമോ എന്നതും മനുഷ്യരാശിയെ സംബന്ധിച്ച് മര്‍മപ്രധാനമായ ചോദ്യങ്ങളായി തീര്‍ന്നിട്ടുണ്ട്. കഴിഞ്ഞ ആഗസ്റ്റില്‍ അമേരിക്കയുടെ ‘ക്യൂരിയോസിറ്റി’ ചൊവ്വയിലിറങ്ങിയതുതന്നെ പ്രധാനമായും ജീവന്‍െറ സാന്നിധ്യം തേടിയാണ്. അന്വേഷണം അത് തുടര്‍ന്നുകൊണ്ടിരിക്കുന്നു. ചൊവ്വാ ജീവികളെപ്പറ്റി മുമ്പുണ്ടായിരുന്ന സങ്കല്‍പങ്ങള്‍ വെറും ശാസ്ത്രഭാവന മാത്രമാണെന്ന് തെളിഞ്ഞിട്ടുണ്ടെങ്കിലും ആ ‘ചുവന്നഗ്രഹ’ത്തില്‍ സൂക്ഷ്മജീവികള്‍ ഉണ്ടെന്നോ ഉണ്ടായിരുന്നിരിക്കാമെന്നോ കരുതാന്‍ ന്യായമുണ്ട്. ഇന്ന് വരണ്ടുകിടക്കുന്ന ഈ ഗ്രഹത്തില്‍ പണ്ടെന്നോ ജലമുണ്ടായിരുന്നുവെന്ന് ശാസ്ത്രജ്ഞര്‍ ഇപ്പോള്‍ വിശ്വസിക്കുന്നു. വെള്ളമുള്ളിടത്ത് ജീവന്‍ ഉണ്ടാകാം -അതിന്‍െറ ലക്ഷണങ്ങള്‍ തേടുകയാണ് ശാസ്ത്രം. ചൊവ്വയില്‍ എത്തിനോക്കിയും ഇറങ്ങിനോക്കിയും അവിടെനിന്നുള്ള മണ്ണ് കൊണ്ടുവന്ന് പരിശോധിച്ചുമൊക്കെ ഇനിയും പഠനങ്ങള്‍ തുടരും. ആ പഠനങ്ങളിലേക്കുള്ള വലിയ സംഭാവനയായിത്തീരാവുന്നതാണ് നമ്മുടെ ‘മംഗള്‍യാന്‍’.
 കൂടുതല്‍ അറിവ് എന്നതുമാത്രമല്ല മനുഷ്യന്‍െറ ഉന്നം. വൈകാതെത്തന്നെ മറ്റു ഗ്രഹങ്ങളിലേക്ക് മനുഷ്യന്‍ ചേക്കേറേണ്ടിവരുമെന്ന് കരുതപ്പെടുന്നു. ചന്ദ്രനിലും ചൊവ്വയിലും വസിക്കാനും അവയെ കൂടുതല്‍ ദൂരയാത്രകള്‍ക്കുള്ള ഇടത്താവളങ്ങളാക്കാനും വഴിയന്വേഷിക്കുകയാണ് നാം. ചൊവ്വ നമുക്ക് വളരെ അടുത്തുള്ള ഗ്രഹമാണ്. ഇപ്പോള്‍ വാസയോഗ്യമല്ലെങ്കിലും, അതിന്‍െറ അന്തരീക്ഷം നന്നേ ലോലമാണെങ്കിലും ശാസ്ത്രം മുന്നേറുന്ന മുറക്ക് ഇത്തരം പ്രശ്നങ്ങള്‍ പരിഹരിക്കപ്പെടുമെന്നും 500 വര്‍ഷങ്ങള്‍ക്കുള്ളില്‍ മനുഷ്യന്‍ ചൊവ്വയില്‍ വാസം തുടങ്ങുമെന്നും ശാസ്ത്രജ്ഞര്‍ കരുതുന്നു. ചൂഷണത്തിനും വിനാശത്തിനും വേണ്ടിയല്ലാത്തിടത്തോളം ഇത്തരം ശാസ്ത്രസംരംഭങ്ങളെ ഏറെ പ്രതീക്ഷയോടെത്തന്നെ മനുഷ്യരാശി സ്വാഗതം ചെയ്യും.
 

No comments:

Post a Comment

english malayalam dictionary

വിരുന്നുകാര്...

poomottu

Dsgd: by ASLAM PADINHARAYIL

Back to TOP