സ്വാഗതം
WELCOME

News Update..

Thursday, May 23, 2013

സീപോര്‍ട്ട്-എയര്‍പോര്‍ട്ട് റോഡ്: രണ്ടാം ഘട്ടം യാഥാര്‍ഥ്യമാകുന്നു Madhyamam News Feeds

സീപോര്‍ട്ട്-എയര്‍പോര്‍ട്ട് റോഡ്: രണ്ടാം ഘട്ടം യാഥാര്‍ഥ്യമാകുന്നു Madhyamam News Feeds

Link to

സീപോര്‍ട്ട്-എയര്‍പോര്‍ട്ട് റോഡ്: രണ്ടാം ഘട്ടം യാഥാര്‍ഥ്യമാകുന്നു

Posted: 23 May 2013 12:13 AM PDT

 

ആലുവ: കൊച്ചി തുറമുഖത്തെ കേരളത്തിന്‍െറ ഐ.ടി വ്യവസായ ഹബ്ബായ തൃക്കാക്കര വഴി നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളവുമായി ബന്ധിപ്പിക്കാന്‍ വിഭാവനം  ചെയ്തിട്ടുള്ള എയര്‍പോര്‍ട്ട്-സീപോര്‍ട്ട് റോഡിന്‍െറ രണ്ടാം ഘട്ടം യാഥാര്‍ഥ്യമാക്കുന്നതിന് നടപടിയായി. 
കൊച്ചിയിലെ ഗതാഗതക്കുരുക്ക് പരിഹരിക്കാനുള്ള ദൗത്യത്തിന്‍െറ പ്രധാന ചുവടുവെപ്പുമാണ് ഈ പദ്ധതി. 660 കോടി ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതിയുടെ ആദ്യ റീച്ചിന്‍െറ നിര്‍മാണോദ്ഘാടനം വ്യാഴാഴ്ച മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിര്‍വഹിക്കും. 
48.67 കോടിയുടെ ഭരണാനുമതി ലഭിച്ച മഹിളാലയം-ചൊവ്വര ഭാഗമാണ് ആദ്യം നിര്‍മിക്കുന്നത്. കളമശേരി-മഹിളാലയം, ചൊവ്വര-എയര്‍പോര്‍ട്ട് റീച്ചുകള്‍ ഇതിന് പിന്നാലെ നിര്‍മിക്കും.
ആലുവ തോട്ടുംമുഖത്തുനിന്ന് 400 മീറ്റര്‍ നീളമുള്ള ഒരു പാലം തുരുത്തിലേക്കും ഇവിടെ നിന്ന് ചൊവ്വരക്ക് 100 മീറ്റര്‍ നീളമുള്ള ഒരു പാലവും കൂടാതെ 530 മീറ്റര്‍ റോഡ് നിര്‍മാണവും ഉള്‍പ്പെടുന്നതാണ് ആദ്യ റീച്ച്. എട്ട് മീറ്റര്‍ കാരേജ് വേയും ഇരുവശങ്ങളിലും ഒന്നര മീറ്റര്‍ നടപ്പാതയും അരമീറ്റര്‍ വീതിയില്‍ കെര്‍ബുകളും അടക്കം പാലങ്ങളുടെ മൊത്തം വീതി 12 മീറ്ററാണ്. റോഡ് അന്താരാഷ്ട്ര നിലവാരത്തിലാകും പൂര്‍ത്തിയാക്കുക. 24 മാസം കൊണ്ട്  റോഡ് പൂര്‍ത്തിയാകും. ചെറിയാന്‍ വര്‍ക്കി കണ്‍സ്ട്രക്ഷന്‍ കമ്പനിയാണ് നിര്‍മാണം ഏറ്റെടുത്തിട്ടുള്ളത്. 2001ല്‍ എയര്‍പോര്‍ട്ട്-സീപോര്‍ട്ട് റോഡിന്‍െറ ഒന്നാം ഘട്ടത്തിന്‍െറ പണികള്‍ നടക്കുന്ന സമയത്തുതന്നെ രണ്ടാം ഘട്ടത്തിന്‍െറ അലൈന്‍മെന്‍റ് തീരുമാനിക്കുകയും സ്ഥലം കല്ലിട്ട് തിരിക്കുകയും ചെയ്തിരുന്നു. ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ ആരംഭിച്ചെങ്കിലും ധനസമാഹരണത്തിന് കഴിയാതിരുന്നതിനാല്‍ പൂര്‍ത്തിയാക്കാന്‍ സാധിച്ചില്ല. പിന്നീട് വിവിധ മാര്‍ഗങ്ങളിലൂടെ ഫണ്ട് ലഭ്യമാക്കാന്‍ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. വി.കെ. ഇബ്രാഹിംകുഞ്ഞ് പൊതുമരാമത്ത് മന്ത്രിയായതോടെ പദ്ധതി നടത്തിപ്പിന് ഊര്‍ജിത ശ്രമം ആരംഭിച്ചതാണ് ഇപ്പോള്‍ ഫലം കണ്ടത്. 
പദ്ധതി ഒറ്റ ഘട്ടമായി നടപ്പാക്കുന്നതിന് ബുദ്ധിമുട്ടായിരിക്കുമെന്നതിനാല്‍ പദ്ധതി മൂന്ന് സെക്ഷനുകള്‍ ആക്കാന്‍ തീരുമാനിച്ചതും ഇതേ തുടര്‍ന്നാണ്.
അതിനിടെ, കളമശേരി മുതല്‍ മഹിളാലയം വരെയുള്ള ഭാഗത്തിന്‍െറ ഭൂമി ഏറ്റെടുക്കാനുള്ള നടപടി ക്രമങ്ങള്‍ പൂര്‍ത്തിയായി വരികയാണ്.
സീപോര്‍ട്ട്-എയര്‍പോര്‍ട്ട് റോഡ് രണ്ടാം ഘട്ടം പൂര്‍ത്തിയാകുന്നതോടെ ആലുവ, കളമശേരി, തൃക്കാക്കര, തൃപ്പൂണിത്തുറ നിയമസഭാ മണ്ഡലങ്ങളുടെ വികസനത്തില്‍ നാഴികക്കല്ലായി പദ്ധതി മാറുമെന്നാണ് പ്രതീക്ഷിക്കുന്നത്. 
എയര്‍പോര്‍ട്ട്-സീപോര്‍ട്ട് റോഡിന്‍െറ രണ്ടാം ഘട്ടമായി പെരിയാറിന് കുറുകെ തീര്‍ക്കുന്ന രണ്ട് പാലങ്ങളുടെ നിര്‍മാണോദ്ഘാടനമാണ് വ്യാഴാഴ്ച ഉച്ചക്ക് 12.30 ന് ആലുവ തോട്ടുംമുഖം കവലയില്‍ മുഖ്യമന്ത്രി നിര്‍വഹിക്കുന്നത്. 
മന്ത്രി ഇബ്രാഹിംകുഞ്ഞ് അധ്യക്ഷത വഹിക്കും. റോഡ്സ് ആന്‍ഡ് ബ്രിഡ്ജസ് ഡെവലപ്മെന്‍റ് കോര്‍പറേഷന്‍െറ മേല്‍നോട്ടത്തിലാണ് നിര്‍മാണം. 
 

ശുചിത്വമിഷന്‍ ഫണ്ട് ചെലവഴിച്ചില്ലെങ്കില്‍ സെക്രട്ടറിമാര്‍ക്കെതിരെ നടപടി -കലക്ടര്‍

Posted: 23 May 2013 12:09 AM PDT

 

ആലപ്പുഴ: മഴക്കാലപൂര്‍വ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്കായി ശുചിത്വമിഷന്‍ പഞ്ചായത്തുകള്‍ക്കും നഗരസഭകള്‍ക്കും നല്‍കുന്ന തുക യഥാസമയം ഫലപ്രദമായി വിനിയോഗിക്കാതിരുന്നാല്‍ സെക്രട്ടറി അടക്കമുള്ള ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് കലക്ടര്‍ എന്‍. പത്മകുമാര്‍. മഴക്കാലപൂര്‍വ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് കലക്ടറേറ്റില്‍ ചേര്‍ന്ന അവലോകന യോഗത്തില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം. 
 തുക ചെലവഴിക്കുന്നതില്‍ വീഴ്ചവരുത്തുന്നത് അംഗീകരിക്കാനാകില്ല. ഫണ്ട് ചെലവഴിക്കല്‍ സെക്രട്ടറിമാരുടെ ചുമതലയാണ്. അതില്‍നിന്ന് ഒഴിഞ്ഞുമാറാനാകില്ല. ആരോഗ്യസുരക്ഷക്ക് മുന്‍ഗണന നല്‍കിയാണ് പ്രതിരോധ-ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് ഫണ്ട് അനുവദിക്കുന്നത്. 
കഴിഞ്ഞ സാമ്പത്തികവര്‍ഷത്തെ ഫണ്ട്  പൂര്‍ണമായി 45 ദിവസത്തിനുള്ളില്‍ ഫലപ്രദമായി ചെലവഴിച്ചില്ലെങ്കില്‍ കര്‍ശന നടപടിയെടുക്കും. മഴക്കാലം മുന്നില്‍കണ്ട് ശുചീകരണ-ബോധവത്കരണ-പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ശരിയായ ആസൂത്രണത്തോടെ കര്‍മ പരിപാടി തയാറാക്കി നടപ്പാക്കണം. ഈ വര്‍ഷത്തെ കര്‍മപരിപാടി തയാറാക്കി ഒരാഴ്ചക്കകം ശുചിത്വമിഷന് സമര്‍പ്പിക്കണം. പഞ്ചായത്തുകളും നഗരസഭകളും കര്‍മപരിപാടി തയാറാക്കുന്നതിനായി പ്രത്യേക യോഗം വിളിക്കണം. 
വാര്‍ഡ്തലത്തില്‍ ശുചിത്വകൂട്ടായ്മകള്‍ സംഘടിപ്പിച്ച് സ്ക്വാഡ് രൂപവത്കരിച്ച് അവരുടെ നേതൃത്വത്തില്‍ മാലിന്യപ്രശ്നങ്ങളുള്ള സ്ഥലങ്ങള്‍, കൊതുകുപെരുകാന്‍ സാധ്യതയുള്ള സ്ഥലങ്ങള്‍ എന്നിവ കണ്ടെത്തി ശുചിത്വ റിപ്പോര്‍ട്ട് തയാറാക്കണം. റിപ്പോര്‍ട്ടുകള്‍ ക്രോഡീകരിക്കുന്നതിന് നഗരസഭ/പഞ്ചായത്ത് തലത്തില്‍ മൂന്നംഗ കമ്മിറ്റിയെ ചുമതലപ്പെടുത്തണം. ഈ റിപ്പോര്‍ട്ടിന്‍െറ അടിസ്ഥാനത്തില്‍ കര്‍മ പരിപാടി തയാറാക്കണം.
2012-13ല്‍ ജില്ലയിലെ അഞ്ച് നഗരസഭകള്‍ക്ക് 1,86,0000 രൂപയാണ് ശുചിത്വമിഷന്‍ അനുവദിച്ചത്. ഇതില്‍ മാര്‍ച്ച് 31 വരെ 1,40,5100 രൂപ ചെലവഴിച്ചു. 4,54,900 രൂപ ചെലവഴിക്കാനുണ്ട്.  73 പഞ്ചായത്തുകള്‍ക്ക് അനുവദിച്ച 1,18,60,000 രൂപയില്‍ 69,89,742 രൂപ ചെലവഴിച്ചു.
യോഗത്തില്‍ ശുചിത്വമിഷന്‍ ജില്ലാ കോഓഡിനേറ്റര്‍ പി.ജി. രാജന്‍ബാബു, അസിസ്റ്റന്‍റ് കോഓഡിനേറ്റര്‍ ശ്രീകുമാര്‍ വലിയമഠം, വിവിധ വകുപ്പ് ഉദ്യാഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
 

ഓപറേഷന്‍ ബ്ളേഡ് -2: മൂന്ന് പേര്‍ അറസ്റ്റില്‍; വാഹനങ്ങളും രേഖകളും പിടിച്ചെടുത്തു

Posted: 22 May 2013 11:52 PM PDT

 

തിരുവനന്തപുരം: കൊള്ളപ്പലിശക്കാര്‍ക്കെതിരെയും ബ്ളേഡ്മാഫിയക്കെതിരെയും പൊലീസ് കഴിഞ്ഞദിവസം ആരംഭിച്ച ‘ഓപറേഷന്‍ ബ്ളേഡിന്’ തുടര്‍ച്ചയായി ഓപറേഷന്‍ ബ്ളേഡ്-2 എന്ന പേരില്‍ ബുധനാഴ്ചയും തലസ്ഥാനത്ത് റെയ്ഡ് നടന്നു. നഗരത്തിലെ 15 വീടുകളില്‍ നടത്തിയ പരിശോധനയില്‍ 250ഓളം രേഖകള്‍ പിടിച്ചെടുത്തു. കുപ്രസിദ്ധ ഗുണ്ട പേട്ട മുരുകന്‍ അടക്കം അഞ്ച് പേര്‍ക്കെതിരെ കേസെടുത്തു. മൂന്ന് പേരെ അറസ്റ്റ് ചെയ്തു. മുരുകന്‍െറ വീട്ടില്‍ നിന്ന് നൂറോളം രേഖകളും അഞ്ച് ബൈക്കുകളും രണ്ട് ആക്ടീവ സ്കൂട്ടറുകളും പിടിച്ചെടുത്തു. 
പേട്ട ചായക്കുടി ലെയ്നില്‍ 38/1705 പ്രത്യുഷ് (32), നെട്ടയം വിശ്വാസ്വീട്ടില്‍ ദേവദാസ് (41), കരമന അവിട്ടം വീട്ടില്‍ ഷൈന്‍ (40) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇവരില്‍നിന്ന് 28 ബ്ളാങ്ക് ചെക്കുകളും 33 മുദ്രപ്പത്രങ്ങളും രണ്ട് വീതം പ്രോമിസറി നോട്ടുകളും സ്റ്റാമ്പ് പേപ്പറുകളും കണ്ടെടുത്തു. 
ഗുണ്ടാനേതാക്കളായ ഓംപ്രകാശ്, പുത്തന്‍പാലം രാജേഷ് ഉള്‍പ്പെടെയുള്ളവരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. തുടര്‍ച്ചയെന്നോണം കഴിഞ്ഞദിവസം റൂറല്‍ എസ്.പി തോമസ്കുട്ടിയുടെ നേതൃത്വത്തില്‍  ‘ഓപറേഷന്‍ കുബേര’ എന്ന പേരിലും റെയ്ഡ് നടന്നിരുന്നു. റൂറല്‍ മേഖലയില്‍ നടന്ന പരിശോധനയില്‍ 21 ലക്ഷം രൂപയും 300ലധികം രേഖകളും പിടികൂടുകയും ചെയ്തു. എന്നാല്‍ റൂറല്‍ മേഖലയില്‍ നടത്തിയ റെയ്ഡിന്‍െറ വിവരങ്ങള്‍ ബ്ളേഡ് മാഫിയയിലെ ചിലര്‍ക്കും ഗുണ്ടകള്‍ക്കും ചോര്‍ന്നുകിട്ടിയതായി ആരോപണമുണ്ട്. റൂറല്‍ മേഖലയിലെ ചില വമ്പന്‍ ബ്ളേഡുകാരന്മാരുടെ വസതികളില്‍ പൊലീസ് പരിശോധന നടത്തിയില്ലെന്ന് ആക്ഷേപവുമുണ്ട്. പുത്തന്‍പാലം രാജേഷുമായി അടുത്ത ബന്ധമുള്ളവരുടെ വീടുകളിലായിരുന്നു ബുധനാഴ്ച പ്രധാനമായും റെയ്ഡ് നടന്നത്. 
ഗുണ്ടാനേതാക്കളുടെ ബിനാമികളായി ചിലര്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന വിവരവും ലഭിച്ചിരുന്നു. അതിന്‍െറ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് രാജേഷിന്‍െറ ബിനാമിയായ  പ്രതീഷ്,  ഷൈന്‍, സര്‍ക്കാര്‍ ഓഫിസിലെ ഡ്രൈവറായ ദേവദാസ് എന്നിവര്‍  അറസ്റ്റിലായത്. പ്രതീഷിന്‍െറ വീട്ടില്‍നിന്ന് രണ്ട് ചെക്കുകളും മൂന്ന് പ്രോമിസറി നോട്ടും രണ്ട് ആര്‍.സി ബുക്കും രണ്ട് ഒപ്പിട്ട സ്റ്റാമ്പ് പേപ്പറും പിടിച്ചെടുത്തു. ഷൈനിന്‍െറ വീട്ടില്‍നിന്ന് 20 രേഖകളാണ് പിടിച്ചെടുത്തത്. ദേവദാസിന്‍െറ വീട്ടില്‍നിന്ന് 22 ബ്ളാങ്ക് ചെക് ലീഫുകളും 12 മറ്റ് രേഖകളും കണ്ടെടുത്തു. കണ്‍ട്രോള്‍ റൂം അസിസ്റ്റന്‍റ് കമീഷണര്‍ റെജി ജേക്കബ്, സി.ഐ പ്രമോദ്കുമാര്‍ ഉള്‍പ്പെടെ നഗരത്തിലെ നൂറോളം പൊലീസ് ഓഫിസര്‍മാരാണ് ഓപറേഷനില്‍ പങ്കെടുത്തത്. 
കഴിഞ്ഞ ദിവസം പുത്തന്‍പാലം രാജേഷിന്‍െറ വീടിനടുത്തു നിന്ന് പിടിച്ചെടുത്ത ഫോര്‍ഡ് എന്‍ഡവര്‍ കാര്‍ വലിയതുറ പൊലീസ് സ്റ്റേഷന്‍ വളപ്പില്‍ സൂക്ഷിച്ചിരിക്കുകയാണ്. മുത്തൂറ്റ് എം. പോള്‍ വധക്കേസിലെ തൊണ്ടി മുതലാണ് ഇതെന്നാണ് പൊലീസ് പറയുന്നത്.  ഓംപ്രകാശിന്‍െറ ഉടമസ്ഥതയിലുള്ള കാറാണിതെന്ന് പറയപ്പെടുന്നുണ്ടെങ്കിലും    ബിനാമിയായ ജോണ്‍ ബാസ്റ്റ്യനാണ് രേഖകളില്‍ ഉടമ. അപ്രാണി കൃഷ്ണകുമാര്‍ വധക്കേസില്‍ ഓംപ്രകാശ് ജയിലിലായതോടെ  പുത്തന്‍പാലം രാജേഷിന്  കാര്‍ കൈമാറുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. രാജേഷ് ഈ കാര്‍ കണ്ണമ്മൂലയിലെ ഒരു വീട്ടില്‍ ഒളിപ്പിച്ചിരിക്കുകയായിരുന്നു. ഇവിടെനിന്നാണ് പൊലീസ് കണ്ടെടുത്തത്. 

പരിഷ്കരണത്തിന് അകാല ചരമം; കുണ്ടറയില്‍ വണ്‍വേ സംവിധാനം പിന്‍വലിച്ചു

Posted: 22 May 2013 11:48 PM PDT

 

കുണ്ടറ: ഒരുമാസമായി കുണ്ടറയില്‍ നടപ്പാക്കിവന്നിരുന്ന വണ്‍വേ പരിഷ്കാരം പിന്‍വലിച്ചു.  എം.എ.ബേബി എം.എല്‍.എ.യുടെ സാന്നിധ്യത്തില്‍ ചേര്‍ന്ന യോഗമാണ് തീരുമാനമെടുത്തത്. കഴിഞ്ഞമാസം ഒമ്പതിന് ചേര്‍ന്ന ട്രാഫിക് പരിഷ്കരണ കമ്മിറ്റിയുടെയും, വിവിധ സംഘടനകളുടെയും യോഗം ട്രാഫിക് പരിഷ്കരണത്തിന്‍െറ ഭാഗമായി ഒരു പാക്കേജായിരുന്നു മുന്നോട്ട് വെച്ചിരുന്നത്. 
അതില്‍ ഒന്ന് മാത്രമായിരുന്നു വണ്‍വേ സമ്പ്രദായം. ഇത് നടപ്പാക്കുമ്പോള്‍ ഇളമ്പള്ളൂര്‍ മുതല്‍ മുക്കട വരെയുള്ള ദേശീയപാതയില്‍ വാഹനങ്ങളുടെ തിരക്ക് ഗണ്യമായി കുറക്കുക എന്നതാണ് ലക്ഷ്യമിട്ടിരുന്നത്. വണ്‍വേ സമ്പ്രദായം നടപ്പാക്കിയതോടെ ഇത് ഫലപ്രദമെന്ന് തെളിയുകയും ചെയ്തു. ഇത് വഴി തദ്ദേശവാസികള്‍ക്കും ചില സ്ഥാപനങ്ങളിലെത്തുന്നവര്‍ക്കും  സൗകര്യങ്ങള്‍ ഇല്ലാതായി. ഇവരുടെ എതിര്‍പ്പിന് ശക്തി പകരാന്‍ സമാന ചിന്താഗതിക്കാരെയും കൂട്ടുപിടിച്ചു. തുടര്‍ന്ന് പഞ്ചായത്ത് വണ്‍വേ പിന്‍വലിക്കണമെന്ന പ്രമേയം കലക്ടര്‍ക്ക് നല്‍കി. സ്വകാര്യ ബസുകള്‍  ഇന്ധനലാഭത്തിന്‍െറയും സമയത്തിന്‍െറയും കണക്കുപറഞ്ഞ് പരിഷ്കാരത്തെ എതിര്‍ത്തു.
ചൊവ്വാഴ്ച നടന്ന യോഗത്തില്‍ ഒന്നര കിലോമീറ്റര്‍ ചുറ്റളവില്‍ വരുത്തിയ വണ്‍വേ പരിഷ്കാരത്തിന്‍െറ ശാസ്ത്രീയ അടിസ്ഥാനത്തിലുള്ള നേട്ട-കോട്ട വിശകലനമുണ്ടായില്ല. മുന്‍ യോഗങ്ങളില്‍ പങ്കെടുത്തതില്‍ ഭൂരിഭാഗവും ഈ യോഗത്തിനെത്തിയിരുന്നില്ല. പങ്കെടുത്തവരില്‍ ഭൂരിഭാഗവും വണ്‍വേ സമ്പ്രദായം വേണ്ടെന്ന അഭിപ്രായക്കാരുമായിരുന്നു. തുടര്‍ന്ന് എം.എ.ബേബി എം.എല്‍.എയും ഇവര്‍ക്ക് അനുകൂലമായ അഭിപ്രായം പ്രകടിപ്പിക്കുകയായിരുന്നു. ജില്ലാ പഞ്ചായത്തംഗം ജഗദീശന്‍ ആശുപത്രിമുക്കിലെ ഫുട്പാത്ത് കൈയേറി സ്ഥാപിച്ചിരുന്ന കടകള്‍ പൊലീസ് നീക്കം ചെയ്തതിനെ ചോദ്യം ചെയ്യുകയും, അത് പുന$സ്ഥാപിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു. എതിര്‍പ്പ് പ്രകടിപ്പിച്ചവര്‍ ആരുംതന്നെ ട്രാഫിക് പരിഷ്കാര പാക്കേജിലെ മറ്റ് കാര്യങ്ങല്‍ പരാമര്‍ശിച്ചില്ല.  റോഡ് കൈയേറ്റങ്ങള്‍ ഒഴിപ്പിക്കല്‍,ഓട്ടോ സ്റ്റാന്‍ഡുകളുടെയും, ബസ് സ്റ്റോപ്പുകളുടെയും പുന$ക്രമീകരണങ്ങള്‍, പോക്കറ്റ് റോഡുകള്‍ ഉപയോഗപ്പെടുത്തല്‍ തുടങ്ങിയ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാതെയാണ് യോഗം പിരിഞ്ഞത്.
പഞ്ചായത്ത് പ്രസിഡന്‍റ് ശോഭന ശ്രീനിവാസന്‍ അധ്യക്ഷത വഹിച്ചു. എം.എ.ബേബി എം.എല്‍.എ., ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ എസ്.എല്‍. സജികുമാര്‍, ജില്ലാ പഞ്ചായത്തംഗം എന്‍. ജഗദീശന്‍, ഡെപ്യൂട്ടി കലക്ടര്‍ വര്‍ഗീസ് പണിക്കര്‍, ആര്‍.ടി.ഒ.ശാമുവേല്‍, ഡിവൈ.എസ്.പി. കെ.എം.ആന്‍േറാ, എം.വി.ഐ  ഡി.മഹേഷ്, നാഷനല്‍ ഹൈവേ വിഭാഗം ഓവര്‍സിയര്‍ ജയപ്രകാശ്, പെരിനാട് പഞ്ചായത്ത് പ്രസിഡന്‍റ് പി. ശകുന്തള, ചിറ്റുമല ബ്ളോക് പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ബി. രഘൂത്തമന്‍പിള്ള, ആര്‍. സേതുനാഥ്, ജോണ്‍ പാട്ടണ്ണാവില്‍, സോമശേഖരന്‍പിള്ള, ഡി. സാംസണ്‍, ഷനീര്‍, ശിവന്‍ വേളിക്കാട്, അഷ്ടമുടി ഹിലാല്‍, നൗഷാദ്, കുണ്ടറ സോമന്‍, ലാല്‍സണ്‍, സി.കെ. രമണന്‍, ഗീതാ രാജു, അശോക്കുമാര്‍, മുക്കൂട് രഘു, സതീഷ് വര്‍ഗീസ്, അഹമ്മദ് കബീര്‍, ഷൈല വില്‍സന്‍, എല്‍. അനില്‍കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. 
 

സപൈ്ളകോ നെല്ല് സംഭരണം മന്ദഗതിയില്‍; കര്‍ഷകര്‍ ആശങ്കയില്‍

Posted: 22 May 2013 11:45 PM PDT

 

കുന്നംകുളം: സപൈ്ളകോ നെല്ല് സംഭരിക്കല്‍ വൈകുന്നതോടെ  കര്‍ഷകര്‍ ദുരിതത്തില്‍. അമിത പലിശക്ക് പണം വായ്പയെടുത്ത് കൃഷി ചെയ്ത് ശേഖരിച്ച നെല്ല്  ഇപ്പോഴും പലയിടത്തും കൂട്ടികിടക്കുന്നതാണ് കര്‍ഷകരെ ആശങ്കയിലാക്കിയ ത്. മങ്ങാട് കോള്‍പടവ് സംഘത്തിന്‍െറ നേതൃത്വത്തില്‍ 250 ഏക്കര്‍ കൃഷിയിടത്തുനിന്ന് കൊയ്തെടുത്ത നെല്ല് സപൈ്ളകോ സംഭരിക്കാന്‍ വൈകുന്നത്   ബുദ്ധിമുട്ടിന് കാരണമായി. 
കൂടാതെ മഴ ശക്തി പ്രാപിക്കുമോ എന്ന ആശങ്കയും കര്‍ഷകര്‍ക്കുണ്ട്. മങ്ങാട് ക്ഷേത്ര വളപ്പ്, വെട്ടിക്കടവ് തുടങ്ങി പല ഭാഗങ്ങളിലായി 300 ടണ്‍ നെല്ല് ശേഖരിച്ചിട്ടുണ്ട്. നെല്ലിലെ ജലാംശം കൂടുതലാണെന്ന കാരണത്തിലാണ് സപൈ്ളകോ നെല്ല് ശേഖരണം വൈകിക്കുന്നതത്രേ.  പുറമെ കയറ്റിയിറക്ക് തൊഴിലാളികളുടെ ലഭ്യതക്കുറവും ഇതിന് കാരണമായിട്ടുണ്ട്.
നെല്ല് ശേഖരിച്ചുവെക്കാന്‍ പടവ് സംഘത്തിന്‍െറ നേതൃത്വത്തില്‍ വേണ്ടത്ര ചാക്ക് വിതരണം ചെയ്തില്ലെന്നും ആക്ഷേപമുണ്ട്. മഴ പെയ്താല്‍ കൂട്ടിയിട്ട നെല്ല് നനയുക മാത്രമല്ല വീണ്ടും കയറ്റിക്കൊണ്ടുപോകുന്നതില്‍ കാലതാമസം നേരിടുമോ എന്ന ആശങ്കയും ഉയര്‍ന്നിട്ടുണ്ട്. ഇതുസംബന്ധിച്ച് കര്‍ഷകര്‍ ഉയര്‍ത്തിയ പ്രതിഷേധത്തിനൊടുവില്‍ ബുധനാഴ്ച സപൈ്ളകോ നെല്ല് ശേഖരണം ആരംഭിച്ചെങ്കിലും അതും മന്ദഗതിയിലാണ് . ഒരു ദിവസം 10 ലോഡ് നെല്ല് മാത്രമെ കയറ്റി പോകാനാകൂ. കോള്‍പടവ് സംഘത്തിന്‍െറ ഭാരവാഹികളുടെ പിടിപ്പുകേടാണ് സപൈ്ളകോ നെല്ല് ശേഖരണത്തില്‍ വരുത്തുന്ന വീഴ്ചയെന്നും ആരോപണമുണ്ട്. 17 രൂപക്കാണ് നെല്ല് ശേഖരണം ഇപ്പോള്‍ ആരംഭിച്ചിട്ടുള്ളത്.
 

അവധി ദിവസങ്ങളിലെ കണ്‍സെഷന്‍ തുടരും

Posted: 22 May 2013 11:35 PM PDT

 

കാസര്‍കോട്: ബസ്സ്റ്റോപ്പുകളിലും യാത്രക്കിടയിലും വിദ്യാര്‍ഥികള്‍ നേരിടുന്ന പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് നടപടി സ്വീകരിക്കാന്‍ ജില്ലാതല സ്റ്റുഡന്‍റ്സ് ട്രാവല്‍സ് ഫെസിലിറ്റി കമ്മിറ്റി യോഗം തീരുമാനിച്ചു. 
കഴിഞ്ഞവര്‍ഷത്തെ രീതിയില്‍  ഈ വര്‍ഷവും വിദ്യാര്‍ഥികള്‍ക്ക് കണ്‍സെഷന്‍ പാസ് അനുവദിക്കും. അവധി ദിവസങ്ങളില്‍ സ്കൂളില്‍ പഠനത്തിന് പോകുന്ന കുട്ടികള്‍ക്കുള്ള കണ്‍സെഷന്‍ തുടരാനും തീരുമാനിച്ചു.ബസുടമകളുടെ സംഘടന തയാറാക്കുന്ന കാര്‍ഡില്‍ കണ്‍സെഷന്‍ കാര്‍ഡിന് ആര്‍.ടി.ഒയുടെ ഒപ്പും സീലും പതിച്ചാണ് വിദ്യാര്‍ഥികള്‍ക്ക് നല്‍കുക. ടൗണ്‍ ടു ടൗണ്‍ ഒഴികെയുള്ള കെ.എസ്.ആര്‍.ടി.സി ഓര്‍ഡിനറി ബസുകളില്‍ വിദ്യാര്‍ഥികള്‍ക്ക് കണ്‍സെഷന്‍ അനുവദിക്കണമെന്ന് കെ.എസ്.ആര്‍.ടി.സിയെ നേരത്തേതന്നെ അറിയിച്ചിട്ടുണ്ടെന്ന് അധികൃതര്‍ വ്യക്തമാക്കി. 
ആര്‍.ടി.ഒ പി.ടി. എല്‍ദോ, ജോ. ആര്‍.ടി.ഒ ഒ.കെ. അനില്‍, ബസ് ഓണേഴ്സ് അസോ. പ്രസിഡന്‍റ് കെ. ഗിരീശന്‍, സെക്രട്ടറി വി.എം. ശ്രീപതി, ഡി.ഡി.ഇ. ശ്രീകൃഷ്ണ അഗ്ഗിത്തായ, ഡിവൈ.എസ്.പി. വി.കെ.പ്രഭാകരന്‍, വിദ്യാര്‍ഥി സംഘടന നേതാക്കളായ അനീഷ് അതിയടുക്കം, വി. ധനേഷ് എന്നിവര്‍ പങ്കെടുത്തു. 

എംപ്ളോയ്മെന്‍റ് എക്സ്ചേഞ്ച് നിര്‍ദേശം അവഗണിച്ച് സര്‍വകലാശാലയില്‍ അസി. ഇന്‍റര്‍വ്യൂ

Posted: 22 May 2013 11:32 PM PDT

 

കണ്ണൂര്‍: അനധികൃത നിയമനം നിര്‍ത്തണമെന്നുള്ള ജില്ല എംപ്ളോയ്മെന്‍റ് എക്സ്ചേഞ്ച് ഓഫിസറുടെ നിര്‍ദേശം അവഗണിച്ച് കണ്ണൂര്‍ സര്‍വകലാശാലയില്‍ അസിസ്റ്റന്‍റ് തസ്തികയിലേക്ക് ഇന്‍റര്‍വ്യൂ നടത്തി.  അസിസ്റ്റന്‍റ് തസ്തികയിലേക്കുള്ള ഒഴിവുകളിലേക്ക് ദിവസവേതനാടിസ്ഥാനത്തിലുള്ള താല്‍കാലിക നിയമനം നടത്താന്‍ ബുധനാഴ്ചയാണ് സര്‍വകലാശാല വാക് ഇന്‍ ഇന്‍റര്‍വ്യൂ നടത്തിയത്. പി.എസ്.സി ലിസ്റ്റ് നിലവിലില്ലാത്തതിനാലായിരുന്നു ഉദ്യോഗാര്‍ഥികളെ ഇന്‍റര്‍വ്യൂ നടത്താന്‍ തീരുമാനിച്ചത്.  എന്നാല്‍, പി.എസ്.സി ലിസ്റ്റ് നിലവിലില്ലെങ്കില്‍ എംപ്ളോയ്മെന്‍റ് എക്സ്ചേഞ്ച് മുഖേനയാണ് ഒഴിവുകള്‍ നികത്തേണ്ടത്. തങ്ങളെ അറിയിക്കാതെ ഇന്‍റര്‍വ്യൂ നടത്തുന്നത് ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്ന് എംപ്ളോയ്മെന്‍റ് എക്സ്ചേഞ്ച് അധികൃതര്‍ പ്രത്യേക ദൂതന്‍ മുഖേന ഇന്‍ര്‍വ്യൂ മാറ്റിവെക്കാന്‍ ബുധനാഴ്ച തന്നെ നിര്‍ദേശം നല്‍കിയെങ്കിലും സര്‍വകലാശാലാ അധികൃതര്‍ തയാറായില്ല.  
   അസിസ്റ്റന്‍റ് തസ്തികയിലേക്കുള്ള ഇന്‍റര്‍വ്യൂവില്‍ പങ്കെടുക്കാന്‍  700ലധികം ഉദ്യോഗാര്‍ഥികളാണ് എത്തിയത്. ഇവരില്‍ 150 പേരെയാണ് ഇന്‍റര്‍വ്യൂ നടത്തിയത്. ബാക്കിയുള്ളവരെ  ജൂണ്‍ 5,6,7 തീയതികളില്‍ ഇന്‍റര്‍വ്യൂ ചെയ്യും.  സര്‍വകലാശാലകള്‍ സ്വയംഭരണ സ്ഥാപനങ്ങളാണെങ്കിലും നേരിട്ട് നിയമനം നടത്തുന്നതിന് അധികാരമില്ല. 1959ലെ എംപ്ളോയ്മെന്‍റ് ആക്ട് പ്രകാരവും കംപല്‍സറി നോട്ടിഫിക്കേഷന്‍ ഓഫ് വേക്കന്‍സീസ് നിയമവുമനുസരിച്ച്  നിയമവിരുദ്ധമായ പ്രവര്‍ത്തനമാണ് സര്‍വകലാശാല നടത്തിയതെന്നാണ് എംപ്ളോയ്മെന്‍റ് എക്സ്ചേഞ്ച് അധികൃതര്‍ പറയുന്നത്. പരാതി ലഭിച്ചതിനെ തുടര്‍ന്നാണ് ഇന്‍റര്‍വ്യൂ നിര്‍ത്തിവെക്കണമെന്ന് പറഞ്ഞതെന്നും ഇവര്‍ പറയുന്നു. 
 എംപ്ളോയ്മെന്‍റ് എക്സ്ചേഞ്ച് വഴി നിയമനം നടത്തിയാല്‍ സര്‍വകലാശാലാ നിയമമനുസരിച്ചുള്ള പ്രതിഫലവും ആനുകൂല്യങ്ങളും നല്‍കണമെന്നതും എംപ്ളോയ്മെന്‍റ് എക്സ്ചേഞ്ചിനെ അറിയിക്കാതിരിക്കാനായുള്ള കാരണങ്ങളില്‍പ്പെടുന്നു. സ്ഥിരം ജീവനക്കാര്‍ക്കുള്ള ശമ്പളത്തിന് ആനുപാതികമായുള്ള ശമ്പളം നല്‍കുന്നതിനു പകരം ദിവസവേതനാടിസ്ഥാനത്തില്‍ നിയമിച്ചാല്‍ കുറച്ചു പണം മാത്രമേ ചെലവാകുകയുള്ളു. നിലവില്‍ അഞ്ചും ആറും വര്‍ഷമായി ഇത്തരത്തില്‍ സര്‍വകലാശാലയില്‍ ജോലി ചെയ്യുന്നവരുണ്ട്. 

കോണ്‍ഗ്രസിലെ പ്രശ്നം ഘടകകക്ഷികളുമായി ചര്‍ച്ച ചെയ്തിട്ടില്ല -കുഞ്ഞാലിക്കുട്ടി

Posted: 22 May 2013 11:30 PM PDT

Image: 

തിരുവനന്തപുരം: പുനഃസംഘടനയുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസിലുണ്ടായ പ്രശ്നം ഘടകകക്ഷികളോട് ചര്‍ച്ച ചെയ്തിട്ടില്ലെന്ന് വ്യവസായ മന്ത്രിയും മുസ്ലിം ലീഗ് നേതാവുമായ പി.കെ കുഞ്ഞാലിക്കുട്ടി. ഇപ്പോഴത്തെ ബഹളത്തെക്കുറിച്ച് മാധ്യമങ്ങളിലൂടെയുള്ള അറിവേ ഉള്ളൂ. ലീഗിനോട് ആരും ഒന്നും പറഞ്ഞിട്ടില്ല. അതുകൊണ്ടാണ് ലീഗ് പ്രതികരിക്കാത്തത്. കാള പെറ്റു എന്ന് കയറെടുക്കുന്ന സ്വഭാവം ലീഗിനില്ലെന്നും അദ്ദേഹം പറഞ്ഞു.

പ്രശ്നം കോണ്‍ഗ്രസ് തന്നെ ചര്‍ച്ച ചെയ്തു പരിഹരിക്കുമെന്നാണ് കരുതുന്നത്. ചില വിവാദങ്ങള്‍ കലങ്ങിത്തെളിയുന്നത് കൂടുതല്‍ കരുത്ത് പകരുമെന്നും കുഞ്ഞാലിക്കുട്ടി വാര്‍ത്താ സമ്മളനത്തില്‍ പറഞ്ഞു.

നാലുകണ്ടം സ്കൂളിലെ പച്ചക്കറി കൃഷി സാമൂഹിക വിരുദ്ധര്‍ നശിപ്പിച്ചു

Posted: 22 May 2013 11:28 PM PDT

 

അലനല്ലൂര്‍: എടത്തനാട്ടുകര നാലുകണ്ടം പി.കെ.എച്ച്.എം.ഒ.യു.പി സ്കൂളിലെ പച്ചക്കറി  കൃഷി സാമൂഹിക വിരുദ്ധര്‍ നശിപ്പിച്ചു. ബുധനാഴ്ച രാവിലെയാണ് കൃഷി നശിപ്പിച്ചത് കുട്ടികള്‍ കണ്ടത്.
 അലനല്ലൂര്‍ ഗ്രാമ പഞ്ചായത്തിന്‍െറ സഹകരണത്തോടെ കൃഷി വകുപ്പിന്‍െറ സമഗ്ര പച്ചക്കറി വികസന പരിപാടിയുടെ ഭാഗമായി വിദ്യാര്‍ഥികള്‍ കൃഷി ചെയ്ത പച്ചക്കറി തോട്ടമാണിത്. വേനലവധിയിലും കുട്ടികള്‍ തോട്ടം പരിചരിച്ചിരുന്നു. 
ജില്ലയിലെ മികച്ച രണ്ടാമത്തെ സ്കൂള്‍ പച്ചക്കറി തോട്ടമെന്ന ബഹുമതി രണ്ടാഴ്ച മുമ്പാണ്  ജില്ലാ പഞ്ചായത്തില്‍നിന്ന് കിട്ടിയത്. വെള്ളരി, വെണ്ട, മത്തന്‍, പടവലം, വഴുതിന, ചീര, പയര്‍ തുടങ്ങിയ ഇനങ്ങളാണ് 20 സെന്‍റ് സ്ഥലത്ത് കൃഷി ചെയ്തത്. തോട്ടത്തിലെ പച്ചക്കറി ഉപയോഗിച്ചാണ് സ്കൂളില്‍ ഉച്ചഭക്ഷണമുണ്ടാക്കുന്നത്. വിളവെടുപ്പിന് പാകമായ പടവലമാണ് ഏറെയും നശിപ്പിച്ചിട്ടുള്ളത്. നാട്ടുകല്‍ എസ്.ഐ പി. രാജനും സംഘവും പച്ചക്കറി തോട്ടം പരിശോധിച്ചു. 

ആദിവാസി ക്ഷേമത്തിന് പഞ്ചായത്ത്തല മോണിറ്ററിങ് സമിതി -മന്ത്രി ജയലക്ഷ്മി

Posted: 22 May 2013 11:24 PM PDT

 

നിലമ്പൂര്‍: ആദിവാസി ക്ഷേമ പ്രവര്‍ത്തനങ്ങള്‍ വേഗത്തിലും സുതാര്യവുമാക്കുന്നതിന് മണ്ഡലം-പഞ്ചായത്ത് തലങ്ങളില്‍ മോണിറ്ററിങ് സമിതികള്‍ രൂപവത്കരിക്കാന്‍ മന്ത്രി പി.കെ. ജയലക്ഷ്മിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന അവലോകന യോഗത്തില്‍ തീരുമാനമായി. ജില്ലയിലെ ഉള്‍വനങ്ങളില്‍ ആദിവാസികള്‍ താമസിക്കുന്ന കോളനി സന്ദര്‍ശനത്തിനെത്തിയതായിരുന്നു മന്ത്രി.  പഞ്ചായത്ത് തലങ്ങളില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റുമാരെ ചെയര്‍മാന്‍മാരാക്കിയുള്ള സമിതികള്‍ക്കാണ് രൂപം നല്‍കുക. ഉദ്യോഗസ്ഥര്‍, ജനപ്രതിനിധികള്‍, പ്രമോര്‍ട്ടര്‍മാര്‍, പൊലീസ്, വനം ഉദ്യോഗസ്ഥര്‍ എന്നിവര്‍ സമിതികളില്‍ അംഗങ്ങളാകും. മാസത്തിലൊരിക്കല്‍ സമിതി യോഗം ചേര്‍ന്ന് കോളനികളിലെ കാര്യങ്ങള്‍ വിലയിരുത്തും. റിപ്പോര്‍ട്ട് നിയോജക മണ്ഡലം കമ്മിറ്റികള്‍ക്ക് സമര്‍പ്പിക്കും. കോളനികളിലെ മദ്യ ഉപയോഗം തടയാന്‍ പൊലീസിനെ ഉപയോഗിക്കും. 
ആയുര്‍വേദ ഡോക്ടര്‍മാരുടെ സേവനവും  ലഭ്യമാക്കും. ഇവര്‍ക്ക് കോളനികളിലെത്താന്‍ വനംവകുപ്പിന്‍െറ വാഹനം അനുവദിക്കും. പട്ടികവര്‍ഗ വകുപ്പിന്‍െറ ഫണ്ട് ഉപയോഗിച്ച് പഞ്ചായത്ത്തലങ്ങളില്‍ ട്രൈബല്‍ വളണ്ടിയര്‍മാരെ നിയമിക്കും. എ.ഡി.എം മുരളീധരന്‍, ഡി.എം.ഒ ഉമ്മര്‍ ഫാറൂഖ്, നിലമ്പൂര്‍ നഗരസഭാ ചെയര്‍മാന്‍ ആര്യാടന്‍ ഷൗക്കത്ത്, ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് പി. പുഷ്പവല്ലി, നിലമ്പൂര്‍ നോര്‍ത്, സൗത് ഡി.എഫ്.ഒമാരായ ജോര്‍ജി പി. മാത്തച്ചന്‍, സി.വി. രാജന്‍, ഐ.ഡി.ടി.പി പ്രോജക്ട് ഓഫിസര്‍ ജസിമോള്‍, സെക്ടര്‍ ഡയറക്ടര്‍ അരുണ്‍ഗിരി, ഡോ. കേദാര്‍നാഥ്, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, ജനപ്രതിനിധികള്‍,  വിവിധ വകുപ്പ് ജീവനക്കാര്‍എന്നിവര്‍ പങ്കെടുത്തു.
 

No comments:

Post a Comment

english malayalam dictionary

വിരുന്നുകാര്...

poomottu

Dsgd: by ASLAM PADINHARAYIL

Back to TOP