സ്വാഗതം
WELCOME

News Update..

Saturday, May 11, 2013

കര്‍ണാടക: നിയമസഭയില്‍ 200ലധികം കോടീശ്വരന്മാര്‍ Madhyamam News Feeds

കര്‍ണാടക: നിയമസഭയില്‍ 200ലധികം കോടീശ്വരന്മാര്‍ Madhyamam News Feeds

Link to

കര്‍ണാടക: നിയമസഭയില്‍ 200ലധികം കോടീശ്വരന്മാര്‍

Posted: 11 May 2013 12:27 AM PDT

Image: 

ബംഗളൂരു: കര്‍ണാടക നിയമസഭ കോടീശ്വരന്മാരാല്‍ സമ്പന്നം. നിയമസഭയിലേക്ക് പുതുതായി തെരഞ്ഞെടുക്കപ്പെട്ട 225 അംഗങ്ങളില്‍ 200 പേരും കോടീശ്വരന്‍മാരാണെന്നാണ് റിപ്പോര്‍ട്ട്. നാമനിര്‍ദേശപത്രിക സമര്‍പ്പണ സമയത്ത് ഇവര്‍ വെളിപ്പെടുത്തിയ സ്വത്തുവിവരങ്ങള്‍ പരിശോധിച്ച് സര്‍ക്കാരിതര സംഘടനയായ കര്‍ണാടക ഇലക്ഷന്‍ വാച്ച് (കെ.ഇ.ഡബ്ലു) ആണ് ഇക്കാര്യം പുറത്തുവിട്ടത്. 218 പേരുടെ സ്വത്തുവിവരങ്ങളാണ് സംഘടന പരിശോധിച്ചത്. ഇതില്‍ 203 പേരും കോടീശ്വരന്‍മാരാണ്. മൊത്തം അംഗങ്ങളില്‍ 93 ശതമാനം പേരും കോടീശ്വരന്‍മാരാണെന്ന് ചുരുക്കം. കഴിഞ്ഞ നിയമസഭയില്‍ 63 ശതമാനം പേരായിരുന്നു കോടീശ്വരന്‍മാര്‍.

223 അംഗ നിയമസഭയില്‍ 121 സീറ്റുകളിലും വിജയിച്ച കോണ്‍ഗ്രസ് തന്നെയാണ് കോടീശ്വരന്‍മാരുടെ പട്ടികയിലും മുന്‍പന്തിയിലുള്ളത്. സ്വത്തുവകകള്‍ പരിശോധിച്ച 118 പേരില്‍ 112 പേരും കോണ്‍ഗ്രസുകാരാണ്. കോടീശ്വരന്‍മാരുടെ കാര്യത്തില്‍ രണ്ടാം സ്ഥാനത്ത് ബി.ജെ.പിയാണ്. ബി.ജെ.പിയുടെ 40 അംഗങ്ങളില്‍ 37 പേരും ഈ പട്ടികയില്‍പ്പെടുന്നു. ജനതാദള്‍ സെക്കുലറിന്റെ 38 പേരുടെ സ്വത്ത് പരിശോധിച്ചതില്‍ 36 പേരും കോടീശ്വരന്‍മാരാണ്. മൊത്തം 40 അംഗങ്ങളാണ് ജെഡി-എസിനുള്ളത്.

കോടീശ്വരന്മാരുടെ കാര്യത്തില്‍ മാത്രമല്ല, ക്രിമിനല്‍ പശ്ചാത്തലമുള്ളവരുടെ കാര്യത്തിലും ഇത്തവണത്തെ നിയമസഭ 'സമ്പുഷ്ട'മാണ്. 218 അംഗങ്ങളില്‍ 74 പേരും ക്രിമിനല്‍ കേസുകളില്‍ പ്രതികളാണ്. ഇവരില്‍ 39 പേര്‍ കൊലപാതക ശ്രമം, തട്ടിക്കൊണ്ടുപോകല്‍, സ്ത്രീകള്‍ക്കു നേരേയുള്ള അതിക്രമം തുടങ്ങിയ ഗുരുതരമായ കുറ്റകൃത്യങ്ങളില്‍ പ്രതിയായിട്ടുള്ളവരാണ്. ഇതിലും കോണ്‍ഗ്രസ് തന്നെയാണ് മുന്നില്‍. 74 പേരില്‍ 37 പേര്‍ കോണ്‍ഗ്രസ് അംഗങ്ങളാണ്. 13, 12 എന്നിങ്ങനെയാണ് ബി.ജെ.പിയുടെയും ജെഡി-എസിന്റെയും ക്രമിനല്‍ അംഗങ്ങളുടെ കണക്ക്.

ബി.എസ്. യെദിയൂരപ്പയുടെ കെ.ജെ.പിയുടെ ആറ് അംഗങ്ങള്‍ മാത്രമേ വിജയിച്ചിട്ടുള്ളൂ എങ്കിലും ഇവരില്‍ മൂന്നു പേരും ക്രമിനിലുകളാണ്. ബി.എസ്.ആര്‍ കോണ്‍ഗ്രസിന്റെ നാലില്‍ രണ്ടംഗങ്ങളാണ് ക്രിമിനല്‍ പട്ടികയില്‍ ഇടം പിടിച്ചിരിക്കുന്നത്. കര്‍ണാടകയില്‍ വിജയിച്ച ഏക സമാജ്‌വാദി പാര്‍ട്ടി അംഗം ക്രമിനല്‍ പട്ടികയിലും ഉള്‍പ്പെട്ടിട്ടുണ്ട്.

 

കുടിവെള്ള വിതരണം കാര്യക്ഷമമല്ലെന്ന;് ടാങ്കര്‍ തടഞ്ഞ് പ്രതിഷേധിച്ചു

Posted: 11 May 2013 12:01 AM PDT

 

ചെങ്ങമനാട്: പഞ്ചായത്തിലെ ഒന്നാം വാര്‍ഡിലെ പാലപ്രശേരി കോന്നംകോട് ഭാഗത്ത് ടാങ്കര്‍ലോറിയിലെത്തിക്കുന്ന കുടിവെള്ള വിതരണം കാര്യക്ഷമമല്ലെന്നാരോപിച്ച് പ്രദേശവാസികള്‍ വെള്ളിയാഴ്ച കുടിവെള്ളമെത്തിച്ച ടാങ്കര്‍ലോറി മണിക്കൂറോളം തടഞ്ഞിട്ട് പ്രതിഷേധിച്ചു.
 കോന്നംകോട് ഭാഗത്ത് ആഴ്ചയില്‍ രണ്ടുദിവസം മാത്രമാണ് ടാങ്കറെത്തുന്നത്.
  വാര്‍ഡിലെ മറ്റുപ്രദേശങ്ങളില്‍ ദിവസവും വെള്ളമെത്തിക്കുന്നുണ്ടെന്നുമായിരുന്നു അവരുടെ പരാതി.
ഇത് സംബന്ധമായി വാര്‍ഡംഗത്തോടും ബന്ധപ്പെട്ട മറ്റ് അധികാരികളോടും പരാതി നല്‍കിയെങ്കിലും ഫലം കണ്ടില്ലെന്നാരോപിച്ചായിരുന്നു പ്രതിഷേധം. ലോറി തടഞ്ഞതുമൂലം മറ്റ് പ്രദേശങ്ങളില്‍ വെള്ളമെത്തിക്കാന്‍ വൈകി. തുടര്‍ന്ന് ചെങ്ങമനാട് എസ്.ഐ സി.പി.ഹാപ്പിയുടെ നേതൃത്വത്തില്‍ പൊലീസും, വില്ലേജധികൃതരും ഇടപെട്ടാണ് ലോറി വിട്ടയച്ചത്.
 ബി.ജെ.പി ചെങ്ങമനാട് പഞ്ചായത്ത് സെക്രട്ടറി ടി.രാജന്‍, വിമല ഗോപിനാഥ്, സുപ്രിയ മുരളി, വിദ്യ രാജന്‍, സുഹറ അലി, രശ്മി ബിദ്ര, ഹലീമ നവാബ് തുടങ്ങിയവരാണ് പ്രതിഷേധിച്ചത്. അതേ സമയം ആരോപണം അടിസ്ഥാന രഹിതമാണെന്ന് വാര്‍ഡംഗം റുഖിയ അബ്ദുസ്സലാം പറഞ്ഞു. ടാങ്കര്‍ ലോറിയില്‍ മുഴുവന്‍ പ്രദേശങ്ങളിലും കുടിവെള്ളമെത്തിച്ച് വരികയാണ്.
 ജലവിതരണം തടസ്സപ്പെടുന്നത് ഒഴിവാക്കാനും, സുതാര്യമായി വിതരണം ചെയ്യാനും നടപടി സ്വീകരിച്ചിട്ടുണ്ടെന്നും റുഖിയ അബ്ദുസ്സലാം പറഞ്ഞു. 

പരസ്യം കണ്ട് തൊഴില്‍ തെരഞ്ഞെടുക്കരുത് -മന്ത്രി കെ.സി. വേണുഗോപാല്‍

Posted: 10 May 2013 11:55 PM PDT

 

ആലപ്പുഴ: പരസ്യങ്ങളിലെ വര്‍ണപ്രപഞ്ചം കണ്ട് യുവജനങ്ങള്‍ തൊഴില്‍ജീവിതം തെരഞ്ഞെടുക്കരുതെന്ന് കേന്ദ്രസഹമന്ത്രി കെ.സി. വേണുഗോപാല്‍. സംസ്ഥാന യുവജനക്ഷേമബോര്‍ഡ് സംഘടിപ്പിക്കുന്ന വ്യക്തിത്വവികസന കളരിയുടെ ജില്ലാതല ഉദ്ഘാടനം കാട്ടൂര്‍ സര്‍വോദയപുരം സോഷ്യോ എക്കണോമിക് യൂനിറ്റ് ഫൗണ്ടേഷന്‍ ഹാളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സിവില്‍ ഏവിയേഷന്‍ ഡയറക്ടറുടെ അംഗീകാരമില്ലാത്ത ഏവിയേഷന്‍ കോഴ്സുകള്‍ പൂര്‍ത്തീകരിച്ച പതിനയ്യായിരത്തോളം പേര്‍ സംസ്ഥാനത്തുണ്ട്. ഇതില്‍ നാല്‍പ്പതോളം പേര്‍ക്ക് മാത്രമാണ് തൊഴില്‍ ലഭിച്ചത്. 
തൊഴില്‍ തെരഞ്ഞെടുക്കുമ്പോള്‍  അഭിരുചിക്കാണ് പ്രാധാന്യം നല്‍കേണ്ടത്. എങ്കില്‍ ജീവിതത്തില്‍ തിളങ്ങാനാകും.  മക്കളുടെ ജോലിയെക്കുറിച്ചുള്ള മാതാപിതാക്കളുടെ ഉത്കണ്ഠ മുതലെടുത്താണ് അംഗീകാരമില്ലാത്ത കോഴ്സുകളില്‍ ആളെ ചേര്‍ക്കുന്നത്. മാതാപിതാക്കളുടെ താല്‍പ്പര്യം മാത്രം നോക്കി മെഡിക്കല്‍, എന്‍ജിനീയറിങ് കോഴ്സുകള്‍ക്ക് കുട്ടികളെ ചേര്‍ക്കുന്നത് ആശാസ്യമല്ല. ഒരുവര്‍ഷം 15 മുതല്‍ 20 വരെ പ്രവേശ പരീക്ഷകളാണ് മാതാപിതാക്കള്‍ കുട്ടികളെക്കൊണ്ട് എഴുതിക്കുന്നത്. കുട്ടികള്‍ക്ക് താല്‍പ്പര്യമില്ലാത്ത തൊഴില്‍ തെരഞ്ഞെടുത്താല്‍ അത് അടിച്ചേല്‍പ്പിക്കപ്പെട്ട ജോലിയാവും. ശോഭനമായ ഭാവി കെട്ടിപ്പടുക്കുന്ന തൊഴില്‍ജീവിതം തെരഞ്ഞെടുക്കാന്‍ ഒരു മികച്ച സംവിധാനമില്ലാത്തതാണ് കേരളം നേരിടുന്ന പ്രതിസന്ധി. പരീക്ഷയെ മാത്രം നേരിടാനുള്ള വിദ്യാഭ്യാസമല്ല വേണ്ടത്. പ്രഫഷനല്‍ കോഴ്സുകള്‍ക്ക് പഠിക്കുന്ന വിദ്യാര്‍ഥികളടക്കം പത്രം വായനയിലൂടെയും മറ്റും ദൈനംദിനം അറിവുസമ്പാദിക്കണം.  പഠിക്കാന്‍ ഒരാള്‍ക്ക് കഴിവില്ലെന്ന് പറയുന്ന കാഴ്ചപ്പാടും വിലയിരുത്തലും ശരിയല്ല. ഒരുമേഖലയില്‍ അല്ലെങ്കില്‍ മറ്റൊരു മേഖലയില്‍ പഠനമികവ് പുലര്‍ത്തുന്നവരാണ് എല്ലാവരും -മന്ത്രി പറഞ്ഞു.
സംസ്ഥാന യുവജനക്ഷേമബോര്‍ഡ് അംഗം സി.അര്‍. മഹേഷ് അധ്യക്ഷത വഹിച്ചു. കേരളോത്സവത്തില്‍ വിജയികളായ നിബു ജെ. നൈനാന്‍, എസ്. ആദര്‍ശ്, പ്രിയങ്ക ഹരിദാസ്, ആതിര, ഭാരതദര്‍ശന്‍ യാത്രയില്‍ അംഗങ്ങളായിരുന്ന രാജേഷ് മങ്ങാട്, ടി. യശോധരന്‍, കെ.എസ്. സുജിത്ത്, വനിതാക്യാമ്പ് ലീഡര്‍ ജെ. പ്രസീത എന്നിവര്‍ക്ക്  മന്ത്രി ഉപഹാരം നല്‍കി. മികച്ച യൂത്ത്ക്ളബായി തെരഞ്ഞെടുക്കപ്പെട്ട സാന്ത്വനം ചാരിറ്റബിള്‍ ട്രസ്റ്റ്,  യുവ നാടക ക്ളബായ പട്ടണക്കാട് ശ്രീശങ്കര സാംസ്കാരികവേദി എന്നിവക്കുള്ള ഉപഹാരവും അദ്ദേഹം വിതരണം ചെയ്തു. ജില്ലായൂത്ത് പ്രോഗ്രാം ഓഫിസര്‍ കെ.ജി. പ്രദീപ്കുമാര്‍, ലിസി പോള്‍, രാഹുല്‍ എന്നിവര്‍ സംസാരിച്ചു.

കോണ്‍ഗ്രസ് നേതാവ് നികത്തിയ നെല്‍പ്പാടം പൂര്‍വ സ്ഥിതിയിലാക്കണമെന്ന കലക്ടറുടെ ഉത്തരവിന് പുല്ലുവില

Posted: 10 May 2013 11:49 PM PDT

 

തിരുവല്ല: അനധികൃതമായി നികത്തിയ പാടശേഖരം മണ്ണ് നീക്കി പൂര്‍വസ്ഥിതിയിലാക്കണമെന്ന് കലക്ടര്‍ ഉത്തരവിട്ട് ഒരു വര്‍ഷമായിട്ടും കോണ്‍ഗ്രസ് നേതാവിന് കുലുക്കമില്ല. 
2012 ജൂണ്‍ ഒന്നിന് നികത്തിയ ഭൂമിയില്‍ നട്ടുപിടിപ്പിച്ച കാര്‍ഷിക വിളകളില്‍നിന്ന് നേതാവ് വിളവെടുപ്പ് തുടങ്ങി. ഡി.സി.സി ജനറല്‍ സെക്രട്ടറി നിരണം കടപ്ര കൊച്ചുപറമ്പില്‍ അഡ്വ.എന്‍.ഷൈലാജിന്‍െറയും ഭാര്യ സുജയുടെയും ഉടമസ്ഥതയിലുള്ള നിരണം വില്ലേജില്‍ ബ്ളോക് ഒന്നില്‍ റീസര്‍വേ 646/9 ല്‍പ്പെട്ട 37.15 ആര്‍ പാടശേഖരമാണ് നികത്തിയത്. നിരണം -കടപ്ര വില്ലേജോഫിസ് അതിര്‍ത്തിയില്‍പ്പെടുന്ന മണ്ണംതോട്ടുവഴിയിലുള്ള സ്ഥലമായതിനാല്‍ രണ്ട് വില്ലേജോഫിസര്‍മാരും നടപടി സ്വീകരിക്കാന്‍ തയാറായിരുന്നില്ല. 
പാടശേഖരം പൂര്‍വസ്ഥിതിയിലാക്കണമെന്ന് കലക്ടര്‍ ഉത്തരവ് പുറപ്പെടുവിച്ച അന്ന് രാത്രി നിര്‍ദിഷ്ട സ്ഥലത്ത് 600 വാഴത്തൈകളും 65 തെങ്ങിന്‍തൈകളും നട്ടുപിടിപ്പിക്കുകയായിരുന്നു. 14 ദിവസത്തിനകം നിര്‍ദിഷ്ട സ്ഥലം പൂര്‍വ സ്ഥിതിയിലാക്കിയില്ലെങ്കില്‍ തിരുവല്ല ആര്‍.ഡി.ഒയുടെ നേതൃത്വത്തില്‍ ഉത്തരവ് നടപ്പാക്കണമെന്നും അതിന് ചെലവാകുന്ന പണം ഇനത്തില്‍ 25,000 രൂപ വസ്തു ഉടമയില്‍നിന്ന് ഈടാക്കാനും കലക്ടര്‍ ഉത്തരവില്‍ പറഞ്ഞിരുന്നു. ഇതിനുപിന്നാലെ തിരുവല്ല ആര്‍.ഡി.ഒ അവധിയില്‍ പ്രവേശിക്കുകയും പിന്നീട് കലക്ടറും ആര്‍.ഡി.ഒയും സ്ഥലം മാറി പോവുകയുമായിരുന്നു. അപ്പര്‍ കുട്ടനാട്ടിലെ നിരണം മണ്ണംതോട്ടുവഴി റോഡിലെ ഒരേക്കര്‍ പാടശേഖരം നികത്തുന്നതിനെതിരെ തദ്ദേശവാസികള്‍ വില്ലേജോഫിസര്‍ക്കും തിരുവല്ല ആര്‍.ഡി.ഒ ക്കും പരാതി നല്‍കിയെങ്കിലും നടപടി സ്വീകരിക്കാത്തതിനെ തുടര്‍ന്ന് കലക്ടര്‍ക്ക് നേരിട്ട് പരാതി നല്‍കുകയായിരുന്നു. പരാതി സ്വീകരിച്ച കലക്ടര്‍ രഹസ്യമായി നിര്‍ദിഷ്ട സ്ഥലത്തെത്തുകയും നിരണം വില്ലേജോഫിസറെയും തിരുവല്ല തഹസില്‍ദാറെയും നിര്‍ദിഷ്ട സ്ഥലത്ത് വിളിച്ചുവരുത്തി മേല്‍ നടപടി സ്വീകരിക്കാന്‍ നിര്‍ദേശിക്കുകയായിരുന്നു.  അനധികൃതമായി നികത്തിയ സ്ഥലത്ത് കൃഷി ഇറക്കിയത് തദ്ദേശവാസികള്‍ പിഴുതെടുക്കുമെന്നറിഞ്ഞ് ഭൂവുടമ ഹൈകോടതിയുടെ സംരക്ഷണ ഉത്തരവുണ്ടെന്ന് പറഞ്ഞ്   പൊലീസ് സംരക്ഷണം തേടുകയായിരുന്നു. ഹൈകോടതി ഉത്തരവ് ചോദിച്ച പുളിക്കീഴ് എസ്.ഐയെ കോണ്‍ഗ്രസ് നേതാവ് മന്ത്രിയുടെ തണലില്‍ ഭീഷണിപ്പെടുത്തിയാണ് വരുതിയിലാക്കിയതെന്നും ആരോപണമുയര്‍ന്നിരുന്നു.
അനധികൃതമായി നികത്തിയ പാടശേഖരങ്ങള്‍ പൂര്‍വസ്ഥിതിയിലാക്കാനും അങ്ങനെയുള്ള മണ്ണ് റെയില്‍വേ പാത ഇരട്ടിപ്പിക്കലിന് നല്‍കണമെന്നും തിരുവല്ല ആര്‍.ഡി.ഒ കാര്യാലയത്തില്‍ നടന്ന സര്‍വകക്ഷി യോഗത്തില്‍ തീരുമാനമെടുത്തിരുന്നു. മണ്ണിന്‍െറ അഭാവത്താല്‍ തിരുവല്ല -ചെങ്ങന്നൂര്‍ റെയില്‍പാത ഇരട്ടിപ്പിക്കല്‍ പണി രണ്ടാഴ്ചയായി തടസ്സപ്പെട്ട നിലയിലാണ്. 

84 അനധികൃത പണമിടപാട് കേന്ദ്രങ്ങളില്‍ റെയ്ഡ്; രേഖകളും ലക്ഷക്കണക്കിന് രൂപയും പിടിച്ചെടുത്തു

Posted: 10 May 2013 11:45 PM PDT

 

കോട്ടയം: ജില്ലയിലെ അനധികൃത പണമിടപാട് കേന്ദ്രങ്ങളില്‍ പൊലീസ് നടത്തിയ റെയ്ഡില്‍ നിരവധി രേഖകളും ലക്ഷക്കണക്കിന് രൂപയും കണ്ടെടുത്തു. ചിട്ടി സ്ഥാപന ഉടമ അടക്കം 13  പേരെ അറസ്റ്റ് ചെയ്തു. ജില്ലയില്‍ 14 കേസുകള്‍ രജിസ്റ്റര്‍ ചെയ്തതായും പൊലീസ് അറിയിച്ചു. 
84 സ്ഥലങ്ങളിലാണ് ജില്ലാ പൊലീസ് ചീഫ് എം.പി.ദിനേശിന്‍െറ നിര്‍ദേശാനുസരണം ഡിവൈ.എസ്.പിമാരുടെ നേതൃത്വത്തില്‍ പരിശോധന നടത്തിയത്. വെള്ളിയാഴ്ച രാവിലെ ഏഴരക്ക് ആരംഭിച്ച റെയ്ഡ് പലയിടത്തും വൈകുന്നേരത്തോടെയാണ് പൂര്‍ത്തിയായത്. ലക്ഷങ്ങളുടെ ഇടപാടുകള്‍ സംബന്ധിച്ച രേഖകളാണ് പിടിച്ചെടുത്തത്.കുമരകം തെക്കുംഭാഗം ഇടത്തിപ്പറമ്പില്‍ സജീവിന്‍െറ വീട്ടില്‍ നിന്ന് ബ്ളേഡ് പിരിവിന്‍െറ രേഖകള്‍ കണ്ടെടുത്തു. അയര്‍ക്കുന്നം മാമ്പള്ളി പ്രമോദിന്‍െറ വീട്ടില്‍ നിന്ന് ഒമ്പത് ബ്ളാങ്ക് ചെക്കുകളും മൂന്നു മുദ്രപത്രങ്ങളും ഒരു ഉടമ്പടി പത്രവും ആറ് ആധാരങ്ങളും 3,95,000 രൂപയുമാണ് പിടികൂടിയത്. പ്രമോദിനെ അറസ്റ്റ് ചെയ്തു. 
ചങ്ങനാശേരി തുരുത്തിക്കരയില്‍ പുതുപ്പറമ്പില്‍ ഹരിദാസിന്‍െറ വീട്ടില്‍ നിന്ന് ആറ് പ്രോമിസറി നോട്ടുകളും മുദ്രപത്രവും ബ്ളാങ്ക് ചെക്കും 34,665 രൂപയും കണ്ടെടുത്തു. ഹരിദാസിനെ അറസ്റ്റ് ചെയ്തു. 
വാകത്താനം പിച്ചനാട്ടുകളം കുന്നേല്‍വീട്ടില്‍ വത്സമ്മയുടെ വീട്ടില്‍ നിന്ന് നാല് ബ്ളാങ്ക് ചെക്കുകളും ആറ് മുദ്രപത്രങ്ങളുമാണ് പിടികൂടിയത്. വത്സമ്മയെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. 
മണിമല ഹോളി മാഗി പള്ളിക്ക് സമീപം കടന്തോട്ട്വീട്ടില്‍ ബെന്നിയുടെ വീട്ടില്‍ നിന്ന് ഓട്ടോറിക്ഷ, ബൈക്ക് തുടങ്ങിയ വാഹനങ്ങളുടെ ഒറിജിനല്‍ ആര്‍.സി ബുക്കുകള്‍ പിടിച്ചെടുത്തു. ബെന്നിക്കെതിരെയും കേസെടുത്തു.  കാഞ്ഞിരപ്പള്ളി കൂവപ്പള്ളി മണക്കാട്ട് വീട്ടില്‍ ഭാസ്കരന്‍ നായര്‍, മകന്‍ സജി എന്നിവരുടെ വീടുകളില്‍ നിന്ന് ബ്ളാങ്ക് മുദ്രപത്രവും ഒരുകരം അടച്ച രസീതും, നാല് അക്കൗണ്ട് ബുക്കുകളും വിവിധ രസീതുകളും ബ്ളേഡ് പിരിവിന്‍െറ ബുക്കും പിടികൂടി. സജിയെ അറസ്റ്റ് ചെയ്തു. 
കാഞ്ഞിരപ്പള്ളി കൂവപ്പള്ളി വിഴിക്കത്തോട് പുറത്തയില്‍ സ്കറിയയുടെ വീട്ടില്‍ നിന്ന് കണക്ക് എഴുതിയിരുന്ന ഡയറി, നാല് രസീതുകള്‍, 13 രസീതുകുറ്റികള്‍ എന്നിവ പിടികൂടി. ഇയാളെയും അറസ്റ്റ് ചെയ്തു. കാഞ്ഞിരപ്പള്ളി ഇടക്കുന്നം കടുപ്പാറ വീട്ടില്‍ എബ്രഹാം കെ.ജോസഫിന്‍െറ വീട്ടില്‍ നിന്ന് പത്ത് ആധാരങ്ങള്‍, നാല് തുക എഴുതിയ ചെക്കുകള്‍, അഞ്ച് പ്രോമിസറി നോട്ടുകള്‍, മൂന്ന് ആധാരത്തിന്‍െറ പകര്‍പ്പ് എന്നിവ പിടികൂടി. എബ്രഹാം ജോസഫിനെ അറസ്റ്റ് ചെയ്തു. പൊന്‍കുന്നം ചിറക്കടവ് പടിഞ്ഞാറ്റുംഭാഗം നായ്ക്കകത്ത് സുരേന്ദ്രന്‍ നായരുടെ വീട്ടില്‍ നിന്ന് 50 രൂപയുടെ ഒപ്പിട്ട അഞ്ച് ബ്ളാങ്ക് മുദ്രപത്രങ്ങള്‍ പിടികൂടി. സുരേന്ദ്രനെ അറസ്റ്റ് ചെയ്തു. പാലാ പൂവരണി പനയ്ക്കല്‍ വീട്ടില്‍ ജോസിന്‍െറ വീട്ടില്‍ നിന്ന് നാല് ബ്ളാങ്ക് മുദ്രപ്പത്രങ്ങള്‍, മൂന്ന് ബ്ളാങ്ക് ചെക്കുകള്‍ എന്നിവ കണ്ടെടുത്തു. ഇയാളുടെ പേരിലും പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. 
പാലാ ളാലം കിഴതടിയൂര്‍ ചേന്നാട്ട് ജോയി ജോസഫിന്‍െറ വീട്ടില്‍ നിന്ന് ചിട്ടി നടത്തുന്ന എട്ട് ബുക്കുകള്‍ പിടിച്ചെടുത്തു. ഇയാളെ അറസ്റ്റ് ചെയ്തു. കിടങ്ങൂര്‍ കമ്മണ്ണൂര്‍ പാറ്റിയാന്‍ തോട്ടത്തില്‍ പി.ടി.ബേബിയുടെ വീട്ടില്‍ നിന്ന് വിവിധ ബാങ്കുകളുടെ ബ്ളാങ്ക് ചെക്കുകള്‍, മൂന്ന് മുദ്രപത്രങ്ങള്‍, പിരിവ് കണക്കുകള്‍ എഴുതി സൂക്ഷിച്ചിരുന്ന ബുക്ക് എന്നിവ പിടികൂടി. ബേബിയെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. 
കടുത്തുരുത്തി കോതനല്ലൂര്‍ കുറ്റത്താന്‍ പറമ്പില്‍ കുഞ്ഞുമോന്‍ തോമസിന്‍െറ വീട്ടില്‍ നിന്ന് എട്ട് ബ്ളാങ്ക് ചെക്കുകളും പത്ത് ബ്ളാങ്ക് മുദ്രപത്രങ്ങളും ഇടപാടുകള്‍ എഴുതി സൂക്ഷിച്ചിരുന്ന രണ്ട് ബുക്കുകളും പിടികൂടി.തോമസും അറസ്റ്റിലാണ്. വൈക്കം കുലശേഖരമംഗലം ടോള്‍ ജങ്ഷനിലെ സെന്‍റ് മേരീസ് ചിറ്റ്സ് ആന്‍ഡ് ഫിനാന്‍സ് സ്ഥാപനത്തില്‍ നിന്ന് നൂറുരൂപയുടെ ഒപ്പിട്ട മൂന്നു മുദ്രപത്രങ്ങളും 50 രൂപയുടെ ഒപ്പിട്ട ആറു മുദ്രപത്രങ്ങളും റവന്യൂ സ്റ്റാമ്പ് പതിച്ച ഏഴ് ബ്ളാങ്ക് വെള്ളപേപ്പറുകളും കണ്ടെടുത്തു. സ്ഥാപന ഉടമ തങ്കച്ചനെ അറസ്റ്റ് ചെയ്തു.
ജില്ലയില്‍ ബ്ളേഡ് ഇടപാടുകാര്‍ക്കും അനുമതിയില്ലാത്ത ധനകാര്യ സ്ഥാപനങ്ങള്‍ക്കുമെതിരെ പരാതി വ്യാപകമായിരുന്നു. പണമിടപാട്, ചിട്ടി സ്ഥാപനങ്ങള്‍ നടത്തുന്നതിന് അനുമതി ആവശ്യമാണ്. എന്നാല്‍ ഒരു അനുമതിയുമില്ലാതെ നിരവധി സ്ഥാപനങ്ങളാണ് ഇടപാടുകള്‍ നടത്തിവന്നിരുന്നത്.

ആനവിലാസം കൊലപാതകം: കെട്ടഴിച്ചുവിടൂ എന്ന നിലവിളി കേട്ടു -സഹോദരി ആനന്ദലക്ഷ്മി

Posted: 10 May 2013 11:41 PM PDT

 

കുമളി: കാര്‍ഷികഗ്രാമമായ ആനവിലാസത്തെ നടുക്കിയ കൊലപാതകം പുറംലോകം അറിയാനിടയായത് കൊലക്കേസില്‍ പൊലീസ് പിടിയിലായ സുരേഷിന്‍െറ ഭാര്യ വാണിശ്രീയുടെ സഹോദരി ആനന്ദലക്ഷ്മിയുടെ വെളിപ്പെടുത്തല്‍. ആനവിലാസത്ത് പഞ്ചായത്തിന്‍െറ സാമ്പത്തിക സഹായത്തോടെ നിര്‍മിച്ച വീടുകളിലാണ് വാണിശ്രീയും സഹോദരി ആനന്ദലക്ഷ്മിയും ഭര്‍ത്താക്കന്മാര്‍ക്കൊപ്പം താമസിക്കുന്നത്. മദ്യലഹരിയിലെത്തി സുരേഷ് രാത്രി പതിവായി വഴക്കുണ്ടാക്കാറുണ്ടെങ്കിലും ഇതില്‍ സമീപവാസികള്‍ ഇടപെടാറില്ല. രാത്രിയിലെ വഴക്കിന് ശേഷം രാവിലെ സുരേഷും വാണിശ്രീയും വഴക്കെല്ലാം മറന്ന് സ്നേഹത്തോടെയാണ് കാണപ്പെടാറെന്ന് അയല്‍വാസികള്‍ പറയുന്നു. കൊലപാതകം നടന്നെന്ന് വ്യക്തമായ ഏപ്രില്‍ ഏഴിന് രാത്രി ഏറെ വൈകുവോളം വീട്ടില്‍നിന്ന് ബഹളം കേട്ടതായി ആനന്ദലക്ഷ്മി ഓര്‍ക്കുന്നു. ബഹളത്തിനിടെ എന്നെ കെട്ടഴിച്ച് വിടൂ എന്ന് ഭാര്യയുടെയും മകന്‍െറയും പേരെടുത്ത് പറഞ്ഞ് സുരേഷ് നിലവിളിച്ചിരുന്നതായി ആനന്ദലക്ഷ്മി പറഞ്ഞു. പതിവ് വഴക്കിനിടയിലെ കോലാഹലമായേ ഇത് കണക്കാക്കിയുള്ളൂ. എന്നാല്‍, പിറ്റേ ദിവസം മുതല്‍ സുരേഷിനെ കാണാതായെങ്കിലും നാഗര്‍കോവിലിന് പോയെന്നായിരുന്നു വാണിശ്രീ സഹോദരി ആനന്ദലക്ഷ്മിയോട് പറഞ്ഞത്. എന്നാല്‍, സുരേഷിന്‍െറ മൊബൈല്‍ ഫോണും ചെരിപ്പും വീട്ടില്‍ കാണപ്പെട്ടത് ആനന്ദലക്ഷ്മിയില്‍ നേരിയ സംശയത്തിനിടയാക്കി.
ഏലത്തോട്ടത്തില്‍ ജോലിക്ക് പോകാന്‍ പുലര്‍ച്ചെ അഞ്ചിന് എഴുന്നേറ്റ് തയാറെടുക്കുന്നതിനിടെ സുരേഷിന്‍െറ വീടിന്‍െറ പിന്‍ഭാഗത്ത് ആടുകളെ കെട്ടിയിടുന്ന സ്ഥലത്ത് വാണിശ്രീ മണ്ണ് ഇടിച്ചിടുന്നത് ആനന്ദലക്ഷ്മി കണ്ടത് സംശയത്തിന് കൂടുതല്‍ ബലമേകി. ഇതിനിടെ, സുരേഷിനെ കാണാതായത് സംബന്ധിച്ച് നാട്ടില്‍ ചില സംശയങ്ങള്‍ ഉയരുന്നെന്ന് മനസ്സിലാക്കി വാണിശ്രീ ദിവസങ്ങള്‍ക്ക് മുമ്പ് ഭര്‍ത്താവിനെ കാണാനില്ലെന്ന് കുമളി പൊലീസില്‍  പരാതി നല്‍കുകയും ചെയ്തു.
സഹോദരിയുടെ പ്രവൃത്തികളില്‍ സംശയം ബലപ്പെട്ടതോടെ വിവരം ആദ്യം ഭര്‍ത്താവ് സുന്ദരനോടും പിന്നീട് ആനവിലാസത്തെ ചില പാര്‍ട്ടി പ്രവര്‍ത്തകരെയും അറിയിക്കുകയായിരുന്നു. ഇതോടെയാണ് ഒരുമാസത്തിലധികം നീണ്ട സുരേഷിന്‍െറ തിരോധാനം കൊലപാതകമായി അവസാനിച്ചത്.

കാസര്‍കോട്ട് സായുധ ബറ്റാലിയന്‍ ക്യാമ്പ് പരിഗണനയില്‍-ആഭ്യന്തരമന്ത്രി

Posted: 10 May 2013 11:38 PM PDT

 

കാസര്‍കോട്: ജില്ലയില്‍ സംഘര്‍ഷം ഉണ്ടായാല്‍ കര്‍ശന നടപടി സ്വീകരിക്കുന്നതിനും പൊലീസിന്‍െറ പ്രവര്‍ത്തനം ഊര്‍ജിതപ്പെടുത്തുന്നതിനും സായുധ പൊലീസ് ബറ്റാലിയന്‍ സ്ഥാപിക്കുന്നത് സംബന്ധിച്ച് സര്‍ക്കാര്‍ ഗൗരവമായി ആലോചിക്കുന്നുണ്ടെന്ന് ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. പുലിക്കുന്നില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന പൊലീസ് കണ്‍ട്രോള്‍ റൂമിന്‍െറ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. ജില്ല പൊലീസിന് പുതുതായി അനുവദിച്ച 50 ബൈക്കുകള്‍, അഞ്ച് ടവേര കാറുകള്‍ എന്നിവയുടെ കൈമാറ്റവും മന്ത്രി നിര്‍വഹിച്ചു. 
ജില്ലയിലെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് ക്രമസമാധാനപാലനത്തിന് ജില്ല പൊലീസ് സേനക്ക് 15 എ.എസ്.ഐ., 10 പൊലീസ് ഡ്രൈവര്‍മാര്‍ എന്നിവര്‍ ഉള്‍പ്പെടെ  175 പൊലീസുകാരെ അധികം അനുവദിച്ചതായും മന്ത്രി അറിയിച്ചു. ക്രിമിനല്‍ കേസുകള്‍ കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന കാസര്‍കോട്, വിദ്യാനഗര്‍ പൊലീസ് സ്റ്റേഷനുകളിലാണ് ഇവരില്‍ കൂടുതല്‍ പേരെയും നിയമിക്കുക. പൊലീസുകാര്‍ക്ക് പുതിയ മൊബൈലും സിം കാര്‍ഡും നല്‍കും. 
കാഞ്ഞങ്ങാട്ട് പുതിയ കണ്‍ട്രോള്‍ റൂം തുറക്കും. ആവശ്യമായ  വാഹനങ്ങളും അനുവദിക്കും. കാസര്‍കോട് ട്രാഫിക് പൊലീസ് സ്റ്റേഷന്‍ ഉടന്‍ തുറക്കാന്‍ നടപടി സ്വീകരിക്കും. ട്രാഫിക് സ്റ്റേഷനില്‍  സര്‍ക്കിള്‍ ഇന്‍സ്പെക്ടരെ ഉടന്‍തന്നെ നിയമിക്കും.  ജില്ലയില്‍ 11,000 ക്രിമിനല്‍ കേസുകള്‍ നിലവിലുണ്ടെന്നും കേസുകളില്‍ നിയമപരമായി കര്‍ശന നടപടികളെടുക്കുമെന്നും മന്ത്രി പറഞ്ഞു.
നഗരസഭ കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ചടങ്ങില്‍ എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ അധ്യക്ഷത വഹിച്ചു. എം.എല്‍.എമാരായ ഇ. ചന്ദ്രശേഖരന്‍, കെ. കുഞ്ഞിരാമന്‍ (ഉദുമ), നഗരസഭ ചെയര്‍മാന്‍ ടി.ഇ. അബ്ദുല്ല, അഡീ. ഡയറക്ടര്‍ ജനറല്‍ ഓഫ് പൊലീസ് എന്‍. ശങ്കര്‍ റെഡ്ഡി, ഇന്‍സ്പെക്ടര്‍ ജനറല്‍ ഓഫ് പൊലീസ് ജോസ് ജോര്‍ജ്, ജില്ല പൊലീസ് മേധാവി എസ്. സുരേന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു.   

മാമ്പള്ളത്ത് കുടിവെള്ളം കിട്ടാക്കനി; കുടവുമായി വീട്ടമ്മമാര്‍ പഞ്ചായത്ത് ഓഫിസില്‍

Posted: 10 May 2013 11:32 PM PDT

 

നടുവില്‍: കുടിവെള്ളം കിട്ടാക്കനിയായതോടെ വീട്ടമ്മമാര്‍ കുടവുമായി പഞ്ചായത്ത് ഓഫിസിലേക്ക് മാര്‍ച്ച് നടത്തി. മാമ്പള്ളം-ചുള്ളിപള്ളം കോളനിയിലെ 50ഓളം ആദിവാസി കുടുംബങ്ങളാണ് രൂക്ഷമായ കുടിവെള്ളക്ഷാമത്തില്‍ ദുരിതംപേറുന്നത്. കുടിവെള്ളത്തിന് ആശ്രയിച്ചിരുന്ന കിണറിലെ വെള്ളംവറ്റിയതും കുഴല്‍കിണറുകളിലെ മോട്ടോറുകള്‍ തകരാറിലായതുമാണ് പ്രതിസന്ധി രൂക്ഷമാക്കിയത്.
ജനകീയ സമിതിയുടെ നേതൃത്വത്തില്‍ നടത്തിയ ധര്‍ണയില്‍ 30ഓളം പേര്‍ പങ്കെടുത്തു. സമിതി കണ്‍വീനര്‍ തോമസ് തേക്കാനം ഉദ്ഘാടനം ചെയ്തു. ജോസഫ് പേന്താനം, ലക്ഷ്മി രാഘവന്‍ തുടങ്ങിയവര്‍ സംസാരിച്ചു.പഞ്ചായത്ത് സെക്രട്ടറിയുമായി സമരക്കാര്‍ നടത്തിയ ചര്‍ച്ചയെതുടര്‍ന്ന് വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് പ്രദേശത്ത് മൂന്ന് ടാങ്കറുകളില്‍ വെള്ളം എത്തിച്ചു. മോട്ടോറുകള്‍ നന്നാക്കാന്‍ അടിയന്തര നടപടി സ്വീകരിക്കുമെന്ന് സെക്രട്ടറി സമരക്കാരെ അറിയിച്ചു.
 

കോട്ടോലില്‍ ജനപ്രതിനിധികളുടെ നേതൃത്വത്തില്‍ മണ്ണെടുപ്പ് തടഞ്ഞു

Posted: 10 May 2013 11:26 PM PDT

 

പഴഞ്ഞി: വടക്കേ കോട്ടോലില്‍ നാട്ടുകാരുടെ എതിര്‍പ്പ് വകവെക്കാതെ സ്വകാര്യ വ്യക്തി നടത്തിയ മണ്ണെടുപ്പ് പഞ്ചായത്ത് പ്രസിഡന്‍റിന്‍െറ നേതൃത്വത്തില്‍ നാട്ടുകാര്‍ തടഞ്ഞു. 
കലക്ടര്‍ നല്‍കിയ സ്പെഷല്‍ ഉത്തരവിന്‍െറ മറവിലാണ് സ്വകാര്യവ്യക്തികളുടെ നീര്‍ത്തടങ്ങള്‍ നികത്താന്‍ ടിപ്പറുകളില്‍ മണ്ണ് നിറച്ച് പോയിരുന്നത്. 
വെള്ളിയാഴ്ച ഉച്ചക്ക് രണ്ടോടെ കടവല്ലൂര്‍ പഞ്ചായത്ത് പ്രസിഡന്‍റ് കെ. കൊച്ചനിയന്‍, വൈസ് പ്രസിഡന്‍റ് ഷാജിത സലീം, ചൊവ്വന്നൂര്‍ പഞ്ചായത്ത് പ്രസിഡന്‍റ് പത്മ വേണുഗോപാല്‍ എന്നിവവരുടെ നേതൃത്വത്തിലാണ് മണ്ണെടുപ്പ് തടഞ്ഞത്. 
വിവരമറിഞ്ഞെത്തിയ കുന്നംകുളം പൊലീസ്  ജനപ്രതിനിധികളോട് അപമര്യാദയായി പെരുമാറിയത് ബഹളത്തിനിടയാക്കി.  മണ്ണ് മാഫിയക്കെതിരെ പഞ്ചായത്ത് ഭരണസമിതി ഏകകണ്ഠമായി പ്രമേയം പാസാക്കിയിരുന്നു. 
എന്നാല്‍, പല ഘട്ടങ്ങളിലായി പഞ്ചായത്തിന്‍െറ ഉത്തരവ് മറികടന്ന് കലക്ടറില്‍നിന്ന് അവിഹിതമായി നേടിയെടുക്കുന്ന ഉത്തരവിന്‍െറ മറവില്‍ മണ്ണ് മാഫിയാ സംഘം കോട്ടോല്‍ പ്രദേശം മണ്ണെടുപ്പിന്‍െറ കേന്ദ്രമാക്കി. കലക്ടര്‍ നല്‍കിയ ഉത്തരവുകള്‍ പുന$പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് പഞ്ചായത്ത് ഭരണസമിതി റിവ്യൂ ഹരജി നല്‍കിയിരുന്നുവെങ്കിലും ഇതു വകവെക്കാതെ കലക്ടര്‍ മണ്ണെടുപ്പിനായി വീണ്ടും സ്പെഷല്‍ ഉത്തരവ് പുറപ്പെടുവിക്കുകയായിരുന്നു. 
പെരുമ്പിലാവ് സ്വദേശി രഘുവിന്‍െറ ഭാര്യ പത്മിനിയുടെ ഉടമസ്ഥതയിലുള്ള മൂന്നേക്കര്‍ സ്ഥലത്താണ് മണ്ണെടുപ്പ് നടത്തിയിരുന്നത്. 
ഈ സ്ഥലത്തിന് സമീപമാണ് നായാടി കോളനി സ്ഥിതി ചെയ്യുന്നത്. മണ്ണെടുപ്പുമായി ബന്ധപ്പെട്ട് ഹൈകോടതിയില്‍ കേസ് നിലനില്‍ക്കെയാണ് കലക്ടറുടെ പുതിയ ഉത്തരവ്. ഉത്തരവിനെതിരെ പഞ്ചായത്ത് വീണ്ടും റിവ്യൂ ഹരജി നല്‍കിയിട്ടുണ്ട്.
 

ടാങ്കര്‍ ലോറികള്‍ക്ക് കുടിവെള്ള വിതരണത്തിന് എഫ്.ബി.ഒ ലൈസന്‍സ് വേണം

Posted: 10 May 2013 11:21 PM PDT

 

കൊല്ലം: ജില്ലയില്‍ മഞ്ഞപ്പിത്തം പടര്‍ന്നു പിടിക്കാന്‍ സാധ്യയുണ്ടെന്ന ആരോഗ്യവകുപ്പിന്‍െറ റിപ്പോര്‍ട്ടിന്‍െറ അടിസ്ഥാനത്തില്‍ കലക്ടറേറ്റില്‍ കലക്ടറുടെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേര്‍ന്നു.
ക്ളോറിനേഷന്‍ ഉറപ്പുവരുത്താനും പൊട്ടിയ പൈപ്പുകള്‍ കാലതാമസം കൂടാതെ നന്നാക്കുവാനും വാട്ടര്‍ അതോറിറ്റിക്ക് നിര്‍ദേശം നല്‍കി. ടാങ്കര്‍ ലോറികളിലെ വെള്ളത്തിന് ഗുണനിലവാരം ഉറപ്പുവരുത്തുന്നതിന് ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കി. ടാങ്കര്‍ ലോറികളിലും മറ്റുവാഹനങ്ങളിലും കുടിവെള്ള വിതരണം ചെയ്യുന്നവര്‍ ഫുഡ് സേഫ്റ്റി ആക്ട് പ്രകാരം എഫ്.ബി.ഒ ലൈസന്‍സുകള്‍ എടുക്കണം. കുടിവെള്ളം വിതരണം ചെയ്യുന്നവര്‍ ഫുഡ്സേഫ്റ്റി ലൈസന്‍സ്, കുടിവെള്ളം പരിശോധിച്ച അംഗീകൃത ലാബ് റിപ്പോര്‍ട്ട്, ടാങ്കിന്‍െറ കോട്ടിങ്, ടാങ്കിന്‍െറ ശേഷി എന്നിവയുടെ തെളിവുകള്‍ ഉണ്ടായിരിക്കണം. ഈ രേഖകള്‍ ഇല്ലാതെ കുടിവെള്ളം വിതരണം ചെയ്താല്‍ വാഹനം പിടിച്ചെടുത്ത് നിയമനടപടി സ്വീകരിക്കും. ടാങ്കര്‍ കുടിവെള്ള ഉപഭോക്താക്കള്‍ പാലിക്കേണ്ട നിബന്ധനകളും കലക്ടര്‍ പുറപ്പെടുവിച്ചു. കുടിവെള്ളം വാങ്ങുന്നവര്‍ ഭക്ഷ്യസുരക്ഷാ ലൈസന്‍സുള്ള വിതരണക്കാരില്‍ നിന്നും മാത്രം വാങ്ങണമെന്ന് കലക്ടര്‍ അറിയിച്ചു. 
യോഗത്തില്‍ ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. കെ. സലില, ഡെപ്യൂട്ടി ഡി.എം.ഒ ഡോ.  എം. ഷാജി, ഡോ. കൃഷ്ണകുമാര്‍, ഡോ. പി.എസ്. രാകേഷ്, എ.കെ. മിനി, വാട്ടര്‍ അതോറിറ്റി എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ ടി.എസ്. സുധീര്‍ എന്നിവര്‍ പങ്കെടുത്തു. 
 

No comments:

Post a Comment

english malayalam dictionary

വിരുന്നുകാര്...

poomottu

Dsgd: by ASLAM PADINHARAYIL

Back to TOP