സ്വാഗതം
WELCOME

News Update..

Sunday, May 25, 2014

കുട്ടികളെ കൊണ്ടുവന്ന സംഭവം: ബാലാവകാശ കമീഷന്‍ തെളിവെടുത്തു Madhyamam News Feeds

കുട്ടികളെ കൊണ്ടുവന്ന സംഭവം: ബാലാവകാശ കമീഷന്‍ തെളിവെടുത്തു Madhyamam News Feeds

Link to

കുട്ടികളെ കൊണ്ടുവന്ന സംഭവം: ബാലാവകാശ കമീഷന്‍ തെളിവെടുത്തു

Posted: 25 May 2014 01:16 AM PDT

Image: 

പാലക്കാട്: അയല്‍ സംസ്ഥാനങ്ങളില്‍ നിന്ന് മതിയായ രേഖകളില്ലാതെ കോഴിക്കോട്ടേക്ക് ട്രെയിന്‍ മാര്‍ഗം കുട്ടികളെ കൊണ്ടുവന്ന സംഭവത്തില്‍ ബാലാവകാശ കമീഷന്‍ തെളിവെടുപ്പ് നടത്തി. സംഭവത്തെകുറിച്ച് വിശദമായി അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ പാലക്കാട് ജില്ലാ കലക്ടര്‍ക്ക് കമീഷന്‍ നിര്‍ദേശം നല്‍കി. വിശദ അന്വേഷണം നടത്തി നടപടി സ്വീകരിക്കുമെന്ന് കലക്ടര്‍ കെ. രാമചന്ദ്രന്‍ വാര്‍ത്താലേഖകരോട് പറഞ്ഞു.

ഝാര്‍ഖണ്ഡ്, ബിഹാര്‍ എന്നീ സംസ്ഥാനങ്ങളില്‍ നിന്നാണ് രേഖകളില്ലാതെ കോഴിക്കോട് മുക്കം മുസ്ലിം ഓര്‍ഫനേജിലേക്ക് ട്രെയിന്‍ മാര്‍ഗം 466 കുട്ടികളെയാണ് ഇന്നലെ കൊണ്ടുവന്നത്. സംഭവം വിവാദമായതോടെ കുട്ടികളെ പാലക്കാട് റെയില്‍വേ പൊലീസ് കസ്റ്റഡിയിലെടുത്തു. രേഖകളില്ലാതെ കുട്ടികളെ കൊണ്ടുവന്നതിന് ഹ്യൂമന്‍ ട്രാഫിക്കിങ് നിരോധ നിയമപ്രകാരവും ബാലാവകാശ നിയമപ്രകാരവും ഓര്‍ഫനേജ് അധികൃതര്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.

കുട്ടികളെ പാലക്കാട് ജില്ലാ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിക്ക് കൈമാറിയിട്ടുണ്ട്.

പഴകുളം മധുവിനെപ്പോലുളള കോണ്‍ഗ്രസ് നേതാക്കള്‍ ബുദ്ധിശൂന്യതയെ അലങ്കാരമാക്കിയവര്‍ –എ.ഐ.വൈ.എഫ്

Posted: 25 May 2014 12:22 AM PDT

പത്തനംതിട്ട: വിമാനത്താവള കമ്പനിയുടെ അച്ചാരം വാങ്ങി സമരത്തില്‍ ജനങ്ങള്‍ക്കൊപ്പം നിലയുറപ്പിച്ചിരിക്കുന്ന രാഷ്ട്രീയ നേതാക്കള്‍ക്കെതിരെ വസ്തുതാവിരുദ്ധമായ കണക്കുകളുമായി പ്രസ്താവനയിറക്കുന്ന പഴകുളം മധുവിനെപ്പോലുളള കോണ്‍ഗ്രസ് നേതാക്കള്‍ ബുദ്ധി ശൂന്യതയെ അലങ്കാരമാക്കിയിരിക്കുന്നവരാണെന്ന് എ.ഐ.വൈ.എഫ് ജില്ലാ പ്രസിഡന്‍റ് അനീഷ് ചുങ്കപ്പാറയും സെക്രട്ടറി അഡ്വ. കെ.ജി. രതീഷ്കുമാറും അഭിപ്രായപ്പെട്ടു.
വിമാനത്താവള വിരുദ്ധ സമരത്തിന്‍െറ നേട്ടം കൊയ്തത് ആരെന്ന് വസ്തുനിഷ്ഠമായി മനസ്സിലാക്കാന്‍ മധുവിനെപ്പോലുളളവര്‍ മെനക്കെടണം. വോട്ടിന്‍െറ കണക്കുകള്‍ പോലും നോക്കാതെ പ്രസ്താവനയുമായി ഇറങ്ങുന്ന അല്‍പ്പത്തരം അവസാനിപ്പിക്കണം. വിമാനത്താവളപദ്ധതി പ്രദേശം ഉള്‍ക്കൊളളുന്ന ആറന്മുള മല്ലപ്പുഴശേരി പഞ്ചായത്തുകളില്‍ മുന്നിലെത്തിയത് എല്‍.ഡി.എഫ് സ്ഥാനാര്‍ഥി പീലിപ്പോസ് തോമസാണെന്നു മനസ്സിലാക്കാന്‍ വലിയ പണ്ഡിത്യമൊന്നും വേണ്ട. പത്രം വായിച്ചാല്‍ മാത്രം മതിയായിരുന്നു. എല്ലായിടത്തും കോണ്‍ഗ്രസ് ലീഡ് ചെയ്തപ്പോള്‍ ഇവിടെ എന്തുകൊണ്ട് പിറകില്‍ വന്നു എന്ന് വിശദീകരിക്കേണ്ട ബാധ്യത പഴകുളം മധുവെന്ന നേതാവിനുണ്ട്.
അഡ്വ. ശിവദാസന്‍ നായര്‍ എം.എല്‍.എയുടെ ബൂത്തില്‍ കോണ്‍ഗ്രസ് മൂന്നാം സ്ഥാനത്തായ വിവരം മധുവിനെ ആരെങ്കിലും പറഞ്ഞു മനസ്സിലാക്കുന്നത് നന്നായിരിക്കും. ഈ ബൂത്തില്‍ ഒന്നാം സ്ഥാനത്ത് എത്തിയതും എല്‍.ഡി .ഫ് സ്ഥാനാര്‍ഥിയായിരുന്നു. പഴകുളം മധുവിന്‍െറ സ്വന്തം ബൂത്തില്‍ കോണ്‍ഗ്രസ് മൂന്നാം സ്ഥാനത്തായി ഇവിടെയും ഒന്നാം സ്ഥാനത്ത് എല്‍.ഡി.എഫും രണ്ടാം സ്ഥാനത്ത് ബി.ജെ.പിയുമായിരുന്നു. താമരക്ക് വോട്ട് ചെയ്തിട്ട് നടത്തുന്ന ഈ കാപട്യം ലജ്ജാകരമാണ്. സ്വന്തം കണ്ണിലെ കോലെടുത്തിട്ടു വേണം മറ്റുള്ളവരുടെ കണ്ണില്‍ കരടുണ്ടോ എന്ന് തിരക്കിപ്പോകാന്‍, ആറന്മുളയില്‍ എല്ലാ രാഷ്ട്രീയപാര്‍ട്ടികളും ചേര്‍ന്നുണ്ടാക്കിയ സമരസമിതി നേതൃത്വത്തിലാണ് സമരം നടക്കുന്നത്. ഈ സമിതിയുടെ പരിപാടികളില്‍ അരഡസനോളം കോണ്‍ഗ്രസ് എം.എല്‍.എ മാര്‍ പങ്കെടുത്തതിനെ പറ്റി മധു അറിയാഞ്ഞതാണോ വി.എം. സുധീരനും വി.ഡി. സതീശനും അടക്കമുള്ള സംസ്ഥാന കോണ്‍ഗ്രസ് നേതാക്കള്‍ എല്ലാ പിന്തുണയും സമരത്തിന് വാഗ്ദാനം ചെയ്തിട്ടുണ്ട്. സുധീരന്‍ ആറന്മുളയിലെത്തി പിന്തുണ പ്രഖ്യാപിച്ചിരുന്നു. കെ.പി.സി.സി എക്സിക്യൂട്ടിവ് അംഗം മാലത്തേ് സരളാദേവി മേയ് 22ന് ആറന്മുളയില്‍ നടന്ന നൂറാംദിന സമരത്തിന് നേതൃത്വം നല്‍കാനും ഉണ്ടായിരുന്നു. ഇടതുപക്ഷമോ കമ്യൂണിസ്റ്റുകാരോ വര്‍ഗീയ ശക്തികളെ വളര്‍ത്താന്‍ ശ്രമിച്ചിട്ടില്ല എന്നതാണ് യാഥാര്‍ഥ്യമെന്നിരിക്കെ ഉത്സവപറമ്പിലെ മോഷ്ടാവിനെപ്പോലെ കള്ളന്‍ കള്ളന്‍ എന്നു വിളിച്ചുപറഞ്ഞ് രക്ഷപ്പെടാനുളള തന്ത്രമാണ് പഴകുളം മധുവിന്‍െറ നേതൃത്വത്തില്‍ നടക്കുന്നതെന്നും എ.ഐ.വൈ.എഫ് നേതാക്കള്‍ ആരോപിച്ചു.

ഇടുക്കി മെഡിക്കല്‍ കോളജ്: മെഡിക്കല്‍ കൗണ്‍സില്‍ സംഘം സന്ദര്‍ശനം നടത്തും

Posted: 25 May 2014 12:19 AM PDT

തൊടുപുഴ: ഇടുക്കി ഗവ.മെഡിക്കല്‍ കോളജിന്‍െറ പ്രിന്‍സിപ്പലായി ഡോ.എം.എ. രവീന്ദ്രനെ നിയമിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കിയതായി റോഷി അഗസ്റ്റിന്‍ എം.എല്‍.എ അറിയിച്ചു. അഡ്മിനിസ്ട്രേറ്റീവ് ഓഫിസറായി എ.ആര്‍. സുരേശന്‍, സീനിയര്‍ സൂപ്രണ്ടായി പി.എം. ഇഖ്ബാല്‍ എന്നിവരും നിയമിതരായി. നാലു ക്ളര്‍ക്കുമാരെയും നിയമിച്ചിട്ടുണ്ട്. ജില്ലാ മെഡിക്കല്‍ ഓഫിസ് കെട്ടിടത്തിലാണ് മെഡിക്കല്‍ കോളജിന്‍െറ ഭരണ നിര്‍വഹണ വിഭാഗം പ്രവര്‍ത്തിക്കുക. മെഡിക്കല്‍ ഓഫിസ് കലക്ടറേറ്റ് സമുച്ചയത്തിലേക്ക് മാറ്റും.
കോളജിന്‍െറ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ കലക്ടര്‍ അജിത് പാട്ടീലിന്‍െറ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ സ്പെഷല്‍ ഓഫിസര്‍ ഡോ.പി.ജി.ആര്‍. പിള്ള ഇതുവരെയുള്ള പുരോഗതി വിവരിച്ചു.
രണ്ടാഴ്ചക്കുള്ളില്‍ ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സിലിന്‍െറ സംഘം ജില്ലാ ആശുപത്രിയും മെഡിക്കല്‍ കോളജിന്‍െറ നിര്‍മാണം നടക്കുന്ന സ്ഥലങ്ങളും സന്ദര്‍ശിക്കും. കോളജിന്‍െറ സ്റ്റാഫ് ക്വാര്‍ട്ടേഴ്സ്, ഹോസ്റ്റലുകള്‍, ലൈബ്രറി എന്നിവക്കായി വിവിധ വകുപ്പുകളുടെ കൈവശമിരിക്കുന്ന കെട്ടിടങ്ങള്‍ അറ്റകുറ്റപ്പണി നടത്തി പുന$ക്രമീകരിക്കാന്‍ സര്‍ക്കാറിന്‍െറ അനുമതി തേടിയിട്ടുണ്ട്. പട്ടികവര്‍ഗ വികസന വകുപ്പ്, ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍, വൈദ്യുതി ബോര്‍ഡ്, വനം വകുപ്പ് എന്നിവയുടെ കൈവശമുള്ള കെട്ടിടങ്ങളില്‍ മെഡിക്കല്‍ കോളജിന് കൈമാറാവുന്നവ ഏറ്റെടുത്ത് നവീകരിച്ച് സൗകര്യങ്ങളൊരുക്കാനാണ് ആലോചിക്കുന്നത്.
ഇടുക്കി അടക്കമുള്ള മെഡിക്കല്‍ കോളജുകളെ സംബന്ധിച്ച് ജൂണ്‍ ആറിന് തിരുവനന്തപുരത്ത് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ യോഗം ചേരുന്നുണ്ടെന്ന് എം.എല്‍.എ പറഞ്ഞു. ഇടുക്കിയിലെ കോളജുമായി ബന്ധപ്പെട്ട് നിര്‍ണായക തീരുമാനങ്ങള്‍ യോഗത്തില്‍ കൈക്കൊള്ളുമെന്നാണ് പ്രതീക്ഷ. മെഡിക്കല്‍ കൗണ്‍സില്‍ സംഘം സന്ദര്‍ശനത്തിനെത്തുന്നതിന് മുമ്പ് ജില്ലാ ആശുപത്രിയില്‍ 300 ബെഡുകള്‍ക്ക് സൗകര്യമൊരുക്കും. നിര്‍മാണപ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കണമെന്നും രാവും പകലും പണി നടക്കണമെന്നും എം.എല്‍.എ നിര്‍ദേശിച്ചു. രണ്ടാം വര്‍ഷത്തേക്കുള്ള ക്ളാസുകള്‍ക്ക് സൗകര്യമൊരുക്കണമെങ്കില്‍ അതിനുള്ള ഒരുക്കം ഇപ്പോഴേ തുടങ്ങണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വാഴത്തോപ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ജോയി വര്‍ഗീസ്, അഡീഷനല്‍ ഡി.എം.ഒ ഡോ.സുരേഷ് വര്‍ഗീസ് എന്നിവരും പങ്കെടുത്തു.

പൊതുസ്ഥലത്ത് മാലിന്യം തള്ളുന്നവരെ പിടികൂടാന്‍ സ്ക്വാഡ്

Posted: 25 May 2014 12:07 AM PDT

കാസര്‍കോട്: കാസര്‍കോട് നഗരസഭ, ജില്ലാ വെക്ടര്‍ കണ്‍ട്രോള്‍ യൂനിറ്റ്, ജനറല്‍ ആശുപത്രി എന്നിവയുടെ ആഭിമുഖ്യത്തില്‍ രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കും മഴക്കാല പൂര്‍വ ശുചീകരണ പ്രവര്‍ത്തന പരിപാടിക്കും തുടക്കമിട്ടു.
നഗരസഭാ ഹാളില്‍ നടന്ന ചടങ്ങില്‍ ചെയര്‍മാന്‍ ടി.ഇ. അബ്ദുല്ല ഉദ്ഘാടനം നിര്‍വഹിച്ചു. നഗരസഭാ വികസനകാര്യ ചെയര്‍മാന്‍ അബ്ബാസ് ബീഗം അധ്യക്ഷത വഹിച്ചു. ആരോഗ്യകാര്യ സ്ഥിരം സമിതി ചെയര്‍മാന്‍ ഇ. അബ്ദുറഹ്മാന്‍കുഞ്ഞ് മാസ്റ്റര്‍ സ്വാഗതവും ക്ഷേമകാര്യ ചെയര്‍പേഴ്സന്‍ ആയിശത്ത് റുമൈസ റഫീഖ് നന്ദിയും പറഞ്ഞു.
വ്യാപാര, വ്യവസായ സ്ഥാപന പ്രതിനിധികള്‍, ഹോട്ടലുടമകള്‍, റസിഡന്‍റ് അസോസിയേഷന്‍ പ്രതിനിധികള്‍, വിദ്യാലയങ്ങളിലെ ഹെഡ്മാസ്റ്റര്‍മാര്‍, റോട്ടറി പ്രസിഡന്‍റ്, നഗരസഭയിലെ മുഴുവന്‍ അങ്കണവാടി പ്രവര്‍ത്തകര്‍, മറ്റു സന്നദ്ധ സംഘടനാ പ്രവര്‍ത്തകര്‍, ആരോഗ്യ പ്രവര്‍ത്തകര്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, ആശാ പ്രവര്‍ത്തകര്‍ എന്നിവര്‍ പങ്കെടുത്തു.വാര്‍ഡ് അടിസ്ഥാനത്തില്‍ മാലിന്യങ്ങള്‍ ശേഖരിക്കാനും ബോധവത്കരണത്തിലൂടെ പ്ളാസ്റ്റിക് അടങ്ങിയ മാലിന്യങ്ങളുടെ തോത് കുറക്കാനും തീരുമാനിച്ചു.
നഗരപ്രദേശത്തെ ഓട വൃത്തിയാക്കി മാലിന്യങ്ങള്‍ നീക്കം ചെയ്യും. പൊതുസ്ഥലങ്ങളില്‍ മാലിന്യം നിക്ഷേപിക്കുന്നവരെ കണ്ടെത്തി നിയമനടപടി സ്വീകരിക്കും. മാലിന്യങ്ങള്‍ നിക്ഷേപിക്കുന്നവരെ കണ്ടെത്താന്‍ പ്രത്യേക സ്ക്വാഡ് രൂപവത്കരിക്കും. 41 മൈക്രോണില്‍ കുറവുള്ള പ്ളാസ്റ്റിക് നഗരസഭയില്‍ നിരോധിക്കാനും തീരുമാനിച്ചു. ഏറ്റവും വൃത്തിയുള്ള വാര്‍ഡിന് പ്രത്യേക സമ്മാനം നല്‍കും. 'എന്‍െറ വീടും തൊട്ടടുത്തുള്ള രണ്ട് വീടിന്‍െറ പരിസരങ്ങളും ഞാന്‍ തന്നെ വൃത്തിയാക്കും' എന്ന വിഷയം സംബന്ധിച്ച് വിദ്യാലയങ്ങളില്‍ ശുചിത്വ ഉദ്ബോധന ക്ളാസുകള്‍ നടത്തും. കിണറുകള്‍ ക്ളോറിനേറ്റ് ചെയ്യും.
സ്വകാര്യ ആശുപത്രികളിലെ മാലിന്യം സുരക്ഷിതത്വത്തോടെ കൈകാര്യം ചെയ്യണമെന്ന് നിര്‍ദേശിച്ചു. സാംക്രമിക രോഗങ്ങള്‍ യഥാസമയം ആരോഗ്യവകുപ്പിന് റിപ്പോര്‍ട്ട് ചെയ്യണം. അന്യസംസ്ഥാന തൊഴിലാളികളെ പരിശോധിച്ച് നിരീക്ഷണം നടത്തുകയും താമസ സൗകര്യം, പ്രാഥമിക സൗകര്യങ്ങള്‍ എന്നിവ സംബന്ധിച്ച് വിവരശേഖരണം നടത്തുകയും ചെയ്യും.
നഗരസഭാ ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ എന്‍. രാജന്‍, ജില്ലാ വെക്ടര്‍ കണ്‍ട്രോള്‍ യൂനിറ്റിലെ ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ അഷ്റഫ്, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ദിനേശന്‍ എന്നിവര്‍ ക്ളാസെടുത്തു. ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ പി.കെ. നാരായണന്‍ നന്ദി പറഞ്ഞു.

യു.എന്‍ ദൗത്യത്തിനിടെ കൊല്ലപ്പെട്ട ഇന്ത്യന്‍ സൈനികര്‍ക്ക് മരണാനന്തര ബഹുമതി

Posted: 25 May 2014 12:06 AM PDT

Image: 

യുനൈറ്റഡ് നേഷന്‍സ്: ഐക്യരാഷ്ട്ര സഭയുടെ സമാധാനദൗത്യസേനയില്‍ പ്രവര്‍ത്തിക്കുന്നതിനിടെ കൊല്ലപ്പെട്ട എട്ട് ഇന്ത്യന്‍ സൈനികര്‍ക്ക് മരണാനന്തര ബഹുമതി. ലെഫ്റ്റനന്‍റ് കേണല്‍ മഹിപാല്‍ സിംഗ്, ലാന്‍സ് നായിക്ക് നന്ദ് കിഷോര്‍ ജോഷി, ഹവില്‍ദാര്‍ ഹീരാ ലാല്‍, നായിബ് സുബേദാര്‍ ശിവകുമാര്‍ പാല്‍, ഹവില്‍ദാര്‍ ഭാരത് സസമാല്‍ എന്നിവരാണ് മരണാനന്തര ബഹുമതിക്ക് അര്‍ഹരായവര്‍.

2013ല്‍ ദക്ഷിണ സുഡാനില്‍ സേവനത്തിനിടെ കൊല്ലപ്പെട്ട ഇന്ത്യന്‍ സൈനികരുടെ ധൈര്യത്തെയും ത്യാഗത്തെയും മുന്‍നിര്‍ത്തിയാണ് ഉന്നതപുരസ്കാരം സമ്മാനിക്കുന്നതെന്ന് യു.എന്‍ സെക്രട്ടറി ജനറല്‍ ബാന്‍ കീ മൂണ്‍ അറിയിച്ചു. യു.എന്‍ സൈന്യത്തോടൊപ്പം അകമ്പടി പോകുമ്പോള്‍ ജൊംഗളിയില്‍വെച്ച് 200 ഓളം വരുന്ന അക്രമികള്‍ പതിയിരുന്ന് സൈനികരെ ആക്രമിക്കുകയായിരുന്നു.

രണ്ടാമത്തെ യു.എന്‍ സെക്രട്ടറി ജനറല്‍ ഹമ്മാര്‍സ് ജോല്‍ഡിന്‍െറ പേരിലുള്ള അവാര്‍ഡ് അന്താരാഷ്ട്ര യു.എന്‍ സമാധാനസേനാ ദിനമായ മെയ് 29ന് സമ്മാനിക്കും.

പദ്ധതി നിര്‍വഹണം: വിമുഖത കാട്ടുന്നവര്‍ക്ക് എതിരെ നടപടി –ജില്ലാ പഞ്ചായത്ത്

Posted: 24 May 2014 11:59 PM PDT

കണ്ണൂര്‍: ജില്ലാ പഞ്ചായത്ത് പദ്ധതികളോട് നിഷേധ നിലപാട് സ്വീകരിക്കുന്ന നിര്‍വഹണ ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് ജില്ലാ പഞ്ചായത്ത് യോഗം ആവശ്യപ്പെട്ടു. ഉദ്യോഗസ്ഥര്‍ ചുമതല നിര്‍വഹിക്കാന്‍ തയാറായില്ലെങ്കില്‍ പദ്ധതി പ്രവര്‍ത്തനങ്ങളെ പ്രതികൂലമായി ബാധിക്കുമെന്ന് പ്രസിഡന്‍റ് പ്രഫ. കെ.എ. സരള പറഞ്ഞു.
പകര്‍ച്ചേതര വ്യാധികളുമായി ബന്ധപ്പെട്ട 50 ലക്ഷം രൂപയുടെ പദ്ധതി നടപ്പാക്കാന്‍ ബുദ്ധിമുട്ടുണ്ടെന്നും നിര്‍വഹണ ഉദ്യോഗസ്ഥന്‍െറ ചുമതലയില്‍ നിന്ന് മാറ്റണമെന്നുമുള്ള ഡി.എം.ഒയുടെ കത്തിന്‍െറ പശ്ചാത്തലത്തില്‍ പി.കെ. ശബരീഷ് കുമാറാണ് പ്രശ്നം ഉന്നയിച്ചത്. ഡി.എം.ഒ ജില്ലാ പഞ്ചായത്ത് യോഗങ്ങളില്‍ പങ്കെടുക്കുകയോ ജില്ലാ പഞ്ചായത്തിന്‍െറ പ്രവര്‍ത്തനങ്ങളുമായി സഹകരിക്കുകയോ ചെയ്യുന്നില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഡി.എം.ഒയുടെ നിലപാടില്‍ നടപടി സ്വീകരിക്കണമെന്ന് ഡോ. കെ.വി. ഫിലോമിനയും പറഞ്ഞു. ആരോഗ്യ മേഖലയിലെ പ്രവര്‍ത്തനങ്ങളോട് മുഖം തിരിഞ്ഞു നില്‍ക്കുന്ന സമീപനമാണ് ഡി.എം.ഒയുടേതെന്ന് പി.പി. ദിവ്യ അഭിപ്രായപ്പെട്ടു. പ്രതിപക്ഷ നേതാവ് അഡ്വ. കെ.ജെ. ജോസഫും ഡി.എം.ഒയുടെ നിലപാടിനെ വിമര്‍ശിച്ചു. ആരോഗ്യ രംഗത്തെ പദ്ധതികളുടെ നിര്‍വഹണ ഉദ്യോഗസ്ഥനായി ജില്ലാ പഞ്ചായത്ത് സെക്രട്ടറിയെ നിയോഗിക്കണമെന്ന് പറയുന്നത് അംഗീകരിക്കാനാവില്ലെന്ന് വൈസ് പ്രസിഡന്‍റ് ടി. കൃഷ്ണന്‍ അഭിപ്രായപ്പെട്ട. ഡി.എം.ഒയുടെ നിലപാട് ഗൗരവമായി കാണണമെന്ന് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്‍റിങ് കമ്മിറ്റി ചെയര്‍പേഴ്സന്‍ പി. റോസയും പറഞ്ഞു. മഴക്കാലത്തിന് മുമ്പ് ജില്ലയിലെ എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും പി.എച്ച്.സികളിലുമുള്ള ഡോക്ടര്‍മാരുടെ ഒഴിവ് നികത്തണമെന്ന് എം.വി. രാജീവന്‍ ആവശ്യപ്പെട്ടു.
ഏറ്റെടുത്ത റോഡ് പ്രവൃത്തി പൂര്‍ത്തിയാക്കാത്ത കരാറുകാരെ ഒഴിവാക്കാന്‍ നടപടി വേണമെന്ന് ഡെയ്സിമാണി ആവശ്യപ്പെട്ടു. പ്രവൃത്തി ഏറ്റെടുക്കാതിരിക്കുകയും ഭാഗികമായി പണി നടത്തി കാലതാമസം വരുത്തുകയും ചെയ്യുന്ന കരാറുകാരെ മാറ്റുന്നത് ആലോചിക്കുമെന്ന് പൊതുമരാമത്ത് സ്റ്റാന്‍റിങ് കമ്മിറ്റി ചെയര്‍മാന്‍ കെ. നാരായണന്‍ പറഞ്ഞു. നഗരത്തിലെ റോഡുകളുടെ ശോച്യാവസ്ഥ ഇരിട്ടി ബ്ളോക് പഞ്ചായത്ത് പ്രസിഡന്‍റ് കെ. ശ്രീധരന്‍ യോഗത്തില്‍ ഉന്നയിച്ചു. നഗരസഭയുടെ അധികാര പരിധിയിലുള്ള കാര്യമായതിനാല്‍ ജില്ലാ പഞ്ചായത്തിന് ഒന്നും ചെയ്യാനാവില്ലെന്ന് പ്രസിഡന്‍റ് മറുപടി നല്‍കി. ജില്ലാ ആശുപത്രി ഡയാലിസിസ് കേന്ദ്രത്തിന്‍റ സുഗമമായ പ്രവര്‍ത്തനത്തിന് ജനറേറ്റര്‍ സ്ഥാപിക്കണമെന്ന് എടക്കാട് ബ്ളോക് പഞ്ചായത്ത് പ്രസിഡന്‍റ് വി.കെ. പ്രകാശിനി ആവശ്യപ്പെട്ടു.
വിവിധ സ്റ്റാന്‍റിങ് കമ്മിറ്റികളുടെ റിപ്പോര്‍ട്ട് ടി. കൃഷ്ണന്‍, ഒ. രതി, എ.പി. സുജാത, കെ. നാരായണന്‍, പി. റോസ എന്നിവര്‍ അവതരിപ്പിച്ചു. 2014-15 വര്‍ഷത്തെ സ്പില്‍ ഓവര്‍ പദ്ധതികള്‍ യോഗം അംഗീകരിച്ചു. മേയ് 30നകം പുതിയ പദ്ധതികളുടെ ഡാറ്റ എന്‍ട്രി പൂര്‍ത്തിയാക്കി അംഗീകാരം നേടിയിരിക്കണമെന്ന് ജില്ലാപഞ്ചായത്ത് പ്രസിഡന്‍റ് അറിയിച്ചു. അംഗങ്ങളായ പി. മാധവന്‍ മാസ്റ്റര്‍, പി.പി. മഹമൂദ്, എം. കുഞ്ഞിരാമന്‍, കെ. രവീന്ദ്രന്‍ മാസ്റ്റര്‍, കെ. സത്യഭാമ, കെ.എം. സപ്ന, തളിപ്പറമ്പ് ബ്ളോക് പഞ്ചായത്ത് പ്രസിഡന്‍റ് മനു തോമസ് തുടങ്ങിയവര്‍ പങ്കെടുത്തു.

പണ്ഡിറ്റ് കറുപ്പന്‍െറ പ്രതിമ തകര്‍ത്തു; മരടില്‍ നാളെ ധീവരസഭ ഹര്‍ത്താല്‍

Posted: 24 May 2014 11:49 PM PDT

മരട്: സാമൂഹിക പരിഷ്കര്‍ത്താവും കവിയുമായ പണ്ഡിറ്റ് കറുപ്പന്‍െറ പ്രതിമ തകര്‍ത്തതില്‍ പ്രതിഷേധിച്ച് മരട് നഗരസഭ പരിധിയില്‍ തിങ്കളാഴ്ച ഹര്‍ത്താല്‍ നടത്തുമെന്ന് ധീവരസഭ നേതാക്കള്‍ അറിയിച്ചു. കുണ്ടന്നൂര്‍ നോര്‍ത്തിലെ പണ്ഡിറ്റ് കറുപ്പന്‍െറ അര്‍ധകായ പ്രതിമ റവന്യൂ ഉദ്യോഗസ്ഥര്‍ എക്സ്കവേറ്റര്‍ ഉപയോഗിച്ച് പിഴുതുമാറ്റിയതിനെതിരെയാണ് ഹര്‍ത്താല്‍.
കുണ്ടന്നൂര്‍ പണ്ഡിറ്റ് കറുപ്പന്‍ നഗറിലെ മത്സ്യോല്‍പാദന സഹകരണ സംഘത്തിന്‍െറ 11 സെന്‍റ് ഭൂമി സംബന്ധിച്ച് ധീവരസഭയും റവന്യൂ വകുപ്പും തമ്മിലുള്ള തര്‍ക്കമാണ് ശനിയാഴ്ച രാവിലെ നാടകീയ രംഗങ്ങള്‍ക്ക് വഴിവെച്ചത്. കറുപ്പന്‍െറ ജന്മദിനാഘോഷത്തിന്‍െറ ഭാഗമായി ശനിയാഴ്ച രാവിലെ പ്രതിമയില്‍ പുഷ്പാര്‍ച്ച നടത്തിയിരുന്നു. ഇതിനുപിന്നാലെ റവന്യൂ ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി എക്സ്കവേറ്റര്‍ ഉപയോഗിച്ച് പ്രതിമ പിഴുതുമാറ്റി. ഉടന്‍ പ്രതിഷേധവുമായി നാട്ടുകാര്‍ തടിച്ചുകൂടി. തുടര്‍ന്ന് പൊലീസും സ്ഥലത്തെത്തി.
1968ല്‍ കുണ്ടന്നൂര്‍ മത്സ്യോല്‍പാദക സഹകരണ സംഘം 11 സെന്‍റ് ഭൂമി വിലയ്ക്ക് വാങ്ങിയിരുന്നു. ഇവിടെ സംഘം ഓഫിസും പ്രവര്‍ത്തിച്ചിരുന്നു. സംഘത്തിന്‍െറ നേതൃത്വത്തില്‍ മത്സ്യഫെഡില്‍നിന്ന് വായ്പയെടുത്ത് ഫിഷിങ് ബോട്ടുവാങ്ങി. എന്നാല്‍, ബോട്ട് കേടായതിനെ തുടര്‍ന്ന് മത്സ്യബന്ധനം നടത്താന്‍ കഴിയാതെ വന്നതിനാല്‍ വായ്പ തിരിച്ചടക്കാന്‍ കഴിയാതായി. തുടര്‍ന്ന് ബോട്ടും സംഘത്തിന്‍െറ ഓഫിസ് ഉപകരണങ്ങളും ജപ്തി ചെയ്തു. ബാക്കിവന്ന തുക കുടിശ്ശികയായി. കുടിശ്ശിക തുക അടക്കാതെ വന്നതിനാല്‍ ഭൂമി സര്‍ക്കാറിലേക്ക് കണ്ടുകെട്ടുകയായിരുന്നു. പി.ജെ. ജോസഫ് റവന്യൂ മന്ത്രിയായപ്പോള്‍ സംഘം മന്ത്രിക്ക് നിവേദനം നല്‍കിയതിനെ തുടര്‍ന്ന് കുടിശ്ശിക തുക 10 ഗഡുക്കളായി അടക്കാന്‍ നിര്‍ദേശം നല്‍കി. എന്നാല്‍, ട്രഷറിയില്‍ പണമടക്കാന്‍ ചെന്ന സംഘം ഭാരവാഹികള്‍ക്ക് ഇതുസംബന്ധിച്ച രേഖ ഹാജരാക്കാന്‍ കഴിയാതെവന്നതിനാല്‍ ട്രഷറിയില്‍ കുടിശ്ശിക തുകയുടെ ആദ്യ ഗഡു അടക്കാന്‍ കഴിഞ്ഞില്ല. ഏതാണ്ട് രണ്ടുകൊല്ലം മുമ്പ് ഈ ഭൂമി ഒളിമ്പ്യന്‍ മേഴ്സികുട്ടന് വീടുവെക്കുന്നതിന് നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ധീവരസഭയുടെ എതിര്‍പ്പിനെ തുടര്‍ന്ന് തീരുമാനം മാറ്റുകയായിരുന്നു. സ്ഥലം എം.എല്‍.എ ഫിഷറീസ് മന്ത്രി കെ. ബാബുവിന്‍െറ നിര്‍ദേശത്തെ തുടര്‍ന്ന് കോടതിയില്‍ നല്‍കിയിരുന്ന കേസില്‍നിന്ന് സഭ പിന്മാറുകയും വീണ്ടും സര്‍ക്കാറിലേക്ക് അപേക്ഷ നല്‍കുകയും ചെയ്തു. എന്നാല്‍, കലക്ടര്‍ നല്‍കിയ റിപ്പോര്‍ട്ടിനെ തുടര്‍ന്ന് ഈ ഭൂമി റവന്യൂ വകുപ്പിന്‍െറതാണെന്നും ഇത് നല്‍കാന്‍ നിര്‍വാഹമില്ലെന്നും മുഖ്യമന്ത്രി സഭയെ അറിയിച്ചു. ഇതേതുടര്‍ന്ന് സഭ വീണ്ടും കോടതിയെ സമീപിച്ചിരിക്കുകയാണ്. ഇതിനിടെയാണ് പുതിയ സംഭവ വികാസങ്ങള്‍ ഉടലെടുത്തത്. കലക്ടറുടെ നിര്‍ദേശത്തെ തുടര്‍ന്ന് റവന്യൂഭൂമി തിരിച്ചുപിടിക്കുക മാത്രമാണ് തങ്ങള്‍ ചെയ്തതെന്നാണ് റവന്യൂ അധികൃതര്‍ പറയുന്നത്.

ആരോഗ്യ ഇന്‍ഷുറന്‍സ്; ജില്ലയില്‍ ചേരാനുള്ളത് 27,000 കുടുംബങ്ങള്‍

Posted: 24 May 2014 11:40 PM PDT

ആലപ്പുഴ: 2014-'15 വര്‍ഷത്തേക്കുള്ള ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയില്‍ അംഗമാകാനുള്ള അവസരം 31ന് അവസാനിക്കാനിരിക്കെ ജില്ലയില്‍ ഇനിയും അംഗമാകാനുള്ളത് 27,000 കുടുംബം. 31നകം പദ്ധതിയില്‍ അംഗമായില്ലെങ്കില്‍ ഈ കുടുംബങ്ങള്‍ക്ക് 2015 മാര്‍ച്ച് 31 വരെയുള്ള സൗജന്യ ചികിത്സസൗകര്യം നഷ്ടമാകും.
ഇത് ഒഴിവാക്കുന്നതിനായി ജില്ലയിലെ 12 ബ്ളോക്കുതലങ്ങളില്‍ നിശ്ചയിച്ച ദിവസങ്ങളില്‍ അവസാന സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്്.
31,803 കുടുംബങ്ങള്‍ കൂടി 2014-'15 വര്‍ഷത്തേക്ക് പുതുതായി സ്മാര്‍ട്ട് കാര്‍ഡ് എടുക്കുന്നതിന് അക്ഷയകേന്ദ്രങ്ങളില്‍ പേര് രജിസ്റ്റര്‍ ചെയ്തിരുന്നു. ആകെ 3,48,720 കുടുംബങ്ങള്‍ക്കാണ് ഈ സാമ്പത്തിക വര്‍ഷത്തില്‍ ജില്ലയില്‍ അംഗമാകാന്‍ അര്‍ഹതയുള്ളത്. ഗ്രാമപഞ്ചായത്ത്-നഗരസഭാതലത്തില്‍ ഇതുവരെ 3,21,465 കുടുംബങ്ങള്‍ പദ്ധതിയില്‍ അംഗമായിട്ടുണ്ട്.
ഇതിനായി ഒരുക്കിയിട്ടുള്ള ബ്ളോക്കുതല കേന്ദ്രങ്ങളുടെ വിശദവിവരം ചുവടെ. 26,27,28 തീയതികളില്‍ പട്ടണക്കാട് ബ്ളോക് പരിധിയിലുള്ളവര്‍ക്ക് ബ്ളോക് പഞ്ചായത്ത് ഹാളിലും തൈക്കാട്ടുശേരി ബ്ളോക് പരിധിയിലുള്ളവര്‍ക്ക് ഓടമ്പള്ളി ഗവ.യു.പി സ്കൂളിലും കഞ്ഞിക്കുഴി ബ്ളോക് പഞ്ചായത്ത് പരിധിയിലുള്ളവര്‍ക്ക് കഞ്ഞിക്കുഴി ബ്ളോക് ഹാളിലും വെളിയനാട് ബ്ളോക് പരിധിയിലുള്ളവര്‍ക്ക് ബ്ളോക് ഹാളിലും ചമ്പക്കുളം ബ്ളോക് പരിധിയിലുള്ളവര്‍ക്ക് ബ്ളോക് ഹാളിലും ഇതിനുള്ള സൗകര്യമുണ്ടാകും. ആര്യാട് ബ്ളോക് പരിധിയിലുള്ളവര്‍ക്ക് 26,27, തീയതികളില്‍ ലൂഥറന്‍സ് സ്കൂളിലും 28ാം തീയതി മണ്ണഞ്ചേരി പഞ്ചായത്ത് ഹാളിലുമാണ് സ്മാര്‍ട്ട് കാര്‍ഡ് ലഭ്യമാക്കാനുള്ള അവസരം.
29,30,31 തീയതികളില്‍ അമ്പലപ്പുഴ ബ്ളോക് പരിധിയിലുള്ളവര്‍ക്ക് അമ്പലപ്പുഴ ക്ഷേത്രത്തിനു സമീപമുള്ള കുഞ്ചന്‍നമ്പ്യാര്‍ സ്മാരകത്തിലും ഹരിപ്പാട് ബ്ളോക് പരിധിയിലുള്ളവര്‍ക്ക് ഹരിപ്പാട് പഞ്ചായത്ത് കമ്യൂണിറ്റി ഹാളില്‍വെച്ചും മാവേലിക്കര ബ്ളോക് പരിധിയിലുള്ളവര്‍ക്ക് ബ്ളോക് ഹാളില്‍വെച്ചും മുതുകുളം ബ്ളോക്കിലുള്ളവര്‍ക്ക് മുതുകുളം ബ്ളോക് ഓഫിസ് ഹാളില്‍വെച്ചും ചെങ്ങന്നൂര്‍ ബ്ളോക്കിലുള്ളവര്‍ക്ക് പുലിയൂര്‍ പഞ്ചായത്ത് ഹാളിലും ഭരണിക്കാവ് ബ്ളോക്കിലുള്ളവര്‍ക്ക് ഭരണിക്കാവ് ബ്ളോക് ഹാളിലും സൗകര്യമുണ്ട്. ആലപ്പുഴ നഗരസഭാ പരിധിയിലുള്ളവര്‍ക്ക് 26 മുതല്‍ 31 വരെ കലക്ടറേറ്റിനു സമീപമുള്ള മുഹമ്മദന്‍സ് ഗവ.എല്‍.പി സ്കൂളിലും പഴവീട് ക്ഷേത്രത്തിന് തെക്ക് ഭാഗത്തുള്ള കണിയാകുളം എസ്.എന്‍.ഡി.പി ഹാളിലും കാര്‍ഡ് പുതുക്കാനുള്ള സൗകര്യമുണ്ടാകും. ചേര്‍ത്തല, കായംകുളം, മാവേലിക്കര, ചെങ്ങന്നൂര്‍ നഗരസഭാ പരിധിയിലുള്ള അര്‍ഹരായവര്‍ നിശ്ചിത തീയതികളില്‍ അടുത്തുള്ള ബ്ളോക്കുതല കേന്ദ്രങ്ങളിലെത്തണം. ഫോണ്‍: 8136994446, 8136802428, 9349008234, 8136802433.
2013-'14 വര്‍ഷത്തില്‍ പദ്ധതിയില്‍ അംഗമാകുകയും കുടുംബനാഥന്‍ അപകടത്തില്‍ മരണപ്പെടുകയും ചെയ്ത ഒമ്പത് കേസാണ് ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്തത്. ഇതുമായി ബന്ധപ്പെട്ട് അനന്തരാവകാശികള്‍ക്ക് രണ്ടുലക്ഷം രൂപയാണ് സഹായമായി പദ്ധതി നടത്തിപ്പിന്‍െറ സംസ്ഥാന നോഡല്‍ ഏജന്‍സിയായ ചിയാക് നല്‍കുന്നത്. ഇതില്‍ ഒരുകുടുംബത്തിന് സഹായനിധി നല്‍കിയിട്ടുണ്ട്. മറ്റുള്ളവര്‍ക്ക് തിങ്കളാഴ്ച ധനസഹായം കൈമാറും.

പെരിന്തല്‍മണ്ണയെ കോര്‍പറേഷന്‍െറ ഭാഗമാക്കരുത് –നഗരസഭാ കൗണ്‍സില്‍

Posted: 24 May 2014 09:53 PM PDT

പെരിന്തല്‍മണ്ണ: നഗരസഭയെ ഉള്‍പ്പെടുത്തി മലപ്പുറം ആസ്ഥാനമായി കോര്‍പറേഷന്‍ രൂപവത്കരിക്കാനുള്ള ശ്രമം ഉപേക്ഷിക്കണമെന്ന് പെരിന്തല്‍ണ്ണ നഗരസഭ കൗണ്‍സിലിന്‍െറ പ്രത്യേക യോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
സര്‍ക്കാര്‍ ഇത് സംബന്ധിച്ച് ഒരു തീരുമാനവും എടുത്തിട്ടില്ളെന്നിരിക്കെ പ്രമേയം അനവസരത്തിലുള്ളതാണെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തി. പെരിന്തല്‍മണ്ണയെ കോര്‍പറേഷന്‍െറ ഭാഗമാക്കരുതെന്ന ഒറ്റവരിയില്‍ ഒതുക്കിയാല്‍ പിന്താങ്ങാമെന്ന് പ്രതിപക്ഷം പറഞ്ഞതോടെ പ്രമേയം ഐകകണ്ഠ്യേന പാസായി.
വളര്‍ന്നുകൊണ്ടിരിക്കുന്ന നഗരത്തെ മുരടിപ്പിക്കാനേ കോര്‍പറേഷന്‍ ഉപകരിക്കൂ എന്നും ഇത് സംബന്ധിച്ച് ചില രാഷ്ട്രീയ കേന്ദ്രങ്ങള്‍ നടത്തുന്ന ചര്‍ച്ചകളെ അപലപിക്കുകയാണെന്നും ചെയര്‍പേഴ്സന്‍ നിഷി അനില്‍രാജ് അവതരിപ്പിച്ച പ്രമേയം പറയുന്നു.
മലപ്പുറവുമായി ഭൂമിശാസ്ത്രപരവും സാംസ്കാരികവുമായി വ്യത്യസ്തമായ പ്രദേശമാണ് പെരിന്തല്‍മണ്ണ. നിര്‍ദേശം അധികാര വികേന്ദ്രീകരണത്തിന്‍െറ തത്വത്തിന് എതിരാണ്. കോര്‍പറേഷന്‍ രൂപവത്കരിക്കാന്‍ മാനദണ്ഡങ്ങള്‍ പൂര്‍ത്തീകരിച്ചിട്ടില്ല. കോര്‍പറേഷന്‍ വന്നാല്‍ പെരിന്തല്‍മണ്ണ നിവാസികള്‍ക്ക് കൈയത്തെും ദൂരത്തുള്ള സേവനങ്ങള്‍ക്ക് കിലോമീറ്ററുകള്‍ സഞ്ചരിക്കേണ്ടി വരും.
ഒന്നിലേറെ തദ്ദേശ സ്ഥാപനങ്ങള്‍ ഒന്നാകുന്നതോടെ ഇവിടെ നിലവില്‍ ജോലിചെയ്യുന്ന ജീവനക്കാരുടെ എണ്ണം ഒറ്റ സ്ഥാപനമാക്കുന്നതിന് ആനുപാതികമായി കുറയും.
അടിസ്ഥാന സൗകര്യങ്ങളിലും വ്യക്തിഗത ആനുകൂല്യങ്ങളിലും ഇപ്പോള്‍ കിട്ടുന്ന സേവനം മൂന്നിലൊന്നായി കുറയും. നഗരസഭയെ കോര്‍പറേഷനില്‍ ഉള്‍പ്പെടുത്തിയുള്ള എത് നീക്കത്തെയും ചെറുക്കുമെന്നും പ്രമേയത്തില്‍ പറയുന്നു.
ജില്ലയില്‍ തങ്ങളുടെ ഏക നഗരസഭ ഭരണവും നഷ്ടപ്പെടുമെന്ന ഭീതിയാണ് സി.പി.എമ്മിനെന്ന് പ്രതിപക്ഷ നേതാവ് പച്ചീരി ഫാറൂഖ് ചൂണ്ടിക്കാട്ടി.
വൈസ് ചെയര്‍മാന്‍ എം. മുഹമ്മദ് സലീം, വി. മോഹന്‍, താമരത്ത് ഉസ്മാന്‍, എം.കെ. ശ്രീധരന്‍, ഷീബാഗോപാല്‍, വി. ചിത്രാംഗദന്‍, പത്തത്ത് ജാഫര്‍, ചേരിയില്‍ മമ്മി എന്നിവരും ചര്‍ച്ചയില്‍ പങ്കെടുത്തു. ചെയര്‍പേഴ്സന്‍ നിഷി അനില്‍രാജ് അധ്യക്ഷത വഹിച്ചു.

പുഴകള്‍ സംരക്ഷിക്കാന്‍ സംരക്ഷണ സമിതികള്‍ ഒരുമിക്കുന്നു

Posted: 24 May 2014 09:48 PM PDT

കോഴിക്കോട്: മലിനീകരണവും കൈയേറ്റവും അനിയന്ത്രിതമായ മണല്‍ വാരലും കാരണം നശിക്കുന്ന, ജില്ലയിലെ പുഴകള്‍ സംരക്ഷിക്കാന്‍ പുഴ സംരക്ഷണസമിതികള്‍ ഒരുമിക്കുന്നു.
വിവിധസ്ഥലങ്ങളില്‍ പ്രവര്‍ത്തിക്കുന്ന സംരക്ഷണ സമിതികള്‍ ഒരുമിച്ച് കര്‍മപദ്ധതി തയാറാക്കി മുന്നോട്ടു പോവാനാണ് തീരുമാനം. ആദ്യ യോഗം കോഴിക്കോട്ട് അളകാപുരിയില്‍ ചേര്‍ന്നു. കുറ്റ്യാടിപ്പുഴ, ഇരുവഴിഞ്ഞിപ്പുഴ, പൂനൂര്‍പുഴ, ചാലിയാര്‍ പുഴ, കല്ലായിപ്പുഴ, മാമ്പുഴ തുടങ്ങിയ പുഴകളിലെ സംരക്ഷണ സമിതികളിലെ പ്രതിനിധികളാണ് ഒത്തുചേര്‍ന്നത്. അധികാരികളുടെ ശ്രദ്ധയില്ലായ്മയും അനധികൃത പ്രവര്‍ത്തനങ്ങളുടെ ആധിക്യവും കാരണം പുഴകള്‍ ദിനംപ്രതി നാശോന്മുഖമായിക്കൊണ്ടിരിക്കുകയാണെന്ന് യോഗം വിലയിരുത്തി. ബ്രിട്ടീഷുകാര്‍ നടത്തിയ സര്‍വേയാണ് ഇപ്പോഴും പുഴകള്‍ക്ക് ഉള്ളത്. ജില്ലയില്‍ മാമ്പുഴയില്‍ മാത്രമാണ് റീസര്‍വേ നടത്തിയത്. 22 ഏക്കറോളം പുഴ ഭൂമി സ്വകാര്യ വ്യക്തികള്‍ കൈയേറിയതായി സര്‍വേയില്‍ കണ്ടത്തെിയത്.
കല്ലായിപ്പുഴയുടെ തീരത്ത് 40 ഏക്കറോളം ഭൂമി കൈയേറിയതായി ജില്ലാ കലക്ടര്‍തന്നെ വ്യക്തമാക്കിയിട്ടും ഒഴിപ്പിക്കാന്‍ നടപടിയില്ല. കുറ്റ്യാടിപ്പുഴയിലെ കൈയേറ്റം സംബന്ധിച്ച് സംരക്ഷണ സമിതി ജില്ലാ കലക്ടറെ അടക്കം പരാതി അറിയിച്ചിട്ടും നടപടിയില്ല. ചാലിയാര്‍, ഇരുവഴിഞ്ഞി എന്നീ പുഴകളില്‍ അനിയന്ത്രിതമായ മണല്‍വാരലാണ് പ്രശ്നം. അനുവദിക്കപ്പെട്ടതിന്‍െറ നാലിരട്ടിയോളം അധികമാണ് അംഗീകൃത കടവുകളില്‍തന്നെ ഖനനം. അനധികൃത കടവുകളില്‍ ഇതിന്‍െറ പലയിരട്ടി അധികമാണ് മണലൂറ്റല്‍. മലിനീകരണം എല്ലാ പുഴകളിലെയും പ്രശ്നമാണ്. പൂനുര്‍ പുഴയിലാണ് ഇത് ഏറെ രൂക്ഷം. കോഴിക്കോട് നഗരത്തിലേക്കും മെഡിക്കല്‍ കോളജിലേക്കും അടക്കം നിരവധി കുടിവെള്ളപദ്ധതികള്‍ ഉള്ള പുഴയില്‍ സെപ്റ്റിക് ടാങ്ക് മാലിന്യമടക്കം നിക്ഷേപിക്കുന്നത് നിരന്തര പ്രശ്നമാണ്. നദീ സംരക്ഷണ അതോറിറ്റിയില്ലാത്തതാണ് പ്രശ്നങ്ങള്‍ക്ക് കാരണമെന്ന് യോഗം വിലയിരുത്തി. നിലവില്‍ റവന്യൂ, തദ്ദേശസ്ഥാപനങ്ങള്‍, ജലസേചനവകുപ്പ് തുടങ്ങിയവയാണ് പുഴയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചെയ്യുന്നത്. എന്നാല്‍, ഇക്കാര്യത്തില്‍ ഏകോപനമില്ലാത്തതിനാല്‍ നിയമലംഘനങ്ങള്‍ക്കെതിരെ നടപടിയെടുക്കാനും സംരക്ഷണപ്രവര്‍ത്തനങ്ങള്‍ നടത്താനും പറ്റുന്നില്ല. അതിനാല്‍ പുഴസംരക്ഷണ അതോറിറ്റി രൂപവത്കരിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. പാലങ്ങളില്‍ മാലിന്യ നിക്ഷേപം തടയാന്‍ നെറ്റുകള്‍ സ്ഥാപിക്കണം. പുഴവെള്ളം നിരന്തരം പരിശോധിക്കുകയും സ്ഥാപനങ്ങളില്‍നിന്നും മറ്റുമുള്ള അഴുക്കുചാലുകള്‍ നിയന്ത്രിക്കാന്‍ നടപടിയുണ്ടാവുകയും വേണം.
പുഴകളിലെ ജൈവ സമ്പത്തുകള്‍ നിര്‍ണയിക്കാന്‍ പഠനം വേണമെന്നും ഇത് സ്കൂള്‍ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തണമെന്നും യോഗം അഭിപ്രായപ്പെട്ടു. ജില്ലകളിലെ പുഴസംരക്ഷണ സമിതികളെ ഒരുമിപ്പിച്ചുകൊണ്ടുള്ള കൂട്ടായ്മയുടെ പ്രഖ്യാപനം ജൂണ്‍ അഞ്ചിന് പരിസ്ഥിതി ദിനത്തില്‍ കോഴിക്കോട്ട് നടത്തും. ഓരോ പുഴയുടെയും തീരത്തെ സംരക്ഷണപ്രവര്‍ത്തകള്‍, സാംസ്കാരിക പ്രവര്‍ത്തകര്‍, സന്നദ്ധപ്രവര്‍ത്തകര്‍ മറ്റു തല്‍പരര്‍ എന്നിവര്‍ പങ്കെടുക്കും. സംരക്ഷണ പ്രവര്‍ത്തനങ്ങളുമായി സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ താല്‍പര്യമുള്ളവര്‍ 9895394550 എന്ന ഫോണ്‍ നമ്പറില്‍ ബന്ധപ്പെടണമെന്ന് കണ്‍വീനര്‍ ഫൈസല്‍ പള്ളിക്കണ്ടി അറിയിച്ചു. യോഗത്തില്‍ എസ്.കെ. കുഞ്ഞിമോന്‍ അധ്യക്ഷത വഹിച്ചു. ഡോ. കെ.വി. ഹമീദ്, പി.എച്ച്. താഹ, ടി.പി. അബ്ദുല്‍ അസീസ്, സലാംനടുക്കണ്ടി, ടി.ജംഷീര്‍, മൊയ്തു കണ്ണങ്കോടന്‍, എസ്.വി. മുഹമ്മദ് അഷ്റഫ്, ടി.കെ.എ അസീസ്, പി.കോയ, സലീംബാബു, പി.കോയ എന്നിവര്‍ സംസാരിച്ചു. ഫൈസല്‍ പള്ളിക്കണ്ടി സ്വാഗതവും പി.പി. ഉമ്മര്‍കോയ നന്ദിയും പറഞ്ഞു.

No comments:

Post a Comment

english malayalam dictionary

വിരുന്നുകാര്...

poomottu

Dsgd: by ASLAM PADINHARAYIL

Back to TOP