സ്വാഗതം
WELCOME

News Update..

Thursday, September 5, 2013

സോളാര്‍ കേസില്‍ മുഖ്യമന്ത്രിക്ക് പങ്കുണ്ടെന്ന് കരുതുന്നില്ല -എ.ഡി.ജി.പി Madhyamam News Feeds

സോളാര്‍ കേസില്‍ മുഖ്യമന്ത്രിക്ക് പങ്കുണ്ടെന്ന് കരുതുന്നില്ല -എ.ഡി.ജി.പി Madhyamam News Feeds

Link to

സോളാര്‍ കേസില്‍ മുഖ്യമന്ത്രിക്ക് പങ്കുണ്ടെന്ന് കരുതുന്നില്ല -എ.ഡി.ജി.പി

Posted: 05 Sep 2013 12:57 AM PDT

Image: 

കൊച്ചി: സോളാര്‍ കേസില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് പങ്കുണ്ടെന്ന് കരുതുന്നില്ളെന്ന് കേസില്‍ അന്വഷണചുമതല വഹിക്കുന്ന എ.ഡി.ജി.പി ഹേമചന്ദ്രന്‍. കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ ആണ് ഇക്കാര്യം വ്യക്തമാക്കിയത്. മുഖ്യമന്ത്രിക്ക് ഇതില്‍ പങ്കുള്ളതായി അന്വേഷണ സംഘം നടത്തിയ ചോദ്യം ചെയ്യലില്‍ ശ്രീധരന്‍ നായര്‍ പറഞ്ഞിട്ടില്ളെന്നും എ.ഡി.ജി.പി പറഞ്ഞു.
മുഖ്യമന്ത്രിയുടെ ഗണ്‍മാനായ സലിംരാജിനും പേഴ്സണല്‍ സ്റ്റാഫ് അംഗമായിരുന്ന ജിക്കുമോനും കേസില്‍ പങ്കില്ല. ഇത് വ്യക്തമായതിനാല്‍ ആണ് ഇവരുടെ പേരില്‍ കേസ് എടുക്കാത്തതെന്നും എ.ഡി.ജി.പി പറയുന്നു.  ശ്രീധരന്‍ നായര്‍ മുഖ്യമന്ത്രിയെ കണ്ടതായി പറയുന്ന ദൃശ്യങ്ങള്‍ മുഖ്യമന്ത്രിയുടെ ഒഫീസിലെ  സി.സി.ടി.വി ക്യാമറയില്‍ നിന്നും വീണ്ടെടുക്കാനായിട്ടില്ളെന്നം ക്യാമറകളുടെ ഹാര്‍ഡ് ഡിസ്ക് പത്തനംതിട്ട കോടതിയില്‍ നല്‍കിയിരിക്കുകയാണെന്നും എ.ഡി.ജി.പി കോടതിയില്‍ പറഞ്ഞു.  
 

ഇറാഖില്‍ വെടിവെപ്പില്‍ ശിയാ കുടുംബത്തിലെ 16 പേര്‍ കൊല്ലപ്പെട്ടു

Posted: 05 Sep 2013 12:17 AM PDT

Image: 

ബഗ്ദാദ്: വെടിവെപ്പും സ്ഫോടനങ്ങളും തുടര്‍ക്കഥയാവുന്ന ഇറാഖില്‍ ബുധനാഴ്ച രാത്രിയില്‍ കൊല്ലപ്പെട്ടത് ഒരു ശിയാ കുടുംബത്തിലെ 16 പേര്‍. മരിച്ചവരില്‍ ആറു കുട്ടികളും എട്ടു സ്ത്രീകളുമാണ്. കിഴക്കന്‍ ബഗ്ദാദിലെ ലത്തീഫിയ നഗരത്തില്‍ അര്‍ധരാത്രിക്കുശേഷം നടന്ന വെടിവെപ്പില്‍ ആണ് ഇവര്‍ ജീവന്‍ വെടിഞ്ഞത്.
രാത്രിയില്‍ വീട്ടില്‍ അതിക്രമിച്ചു കടന്ന അക്രമി ആദ്യം തന്‍്റെ പിതാവിനുനേര്‍ക്ക് നാലു തവണ വെടിവെച്ചു. പിന്നെ രണ്ട് സഹോദരങ്ങളുടെ നേര്‍ക്കും  വീട്ടിലുള്ള എല്ലാവരുടെ നേര്‍ക്കും വെടിയുതിര്‍ത്തു. വീടിന്‍്റെ പിറകുവശത്തെ വാതിലിലൂടെയാണ് ഞാന്‍ രക്ഷപ്പെട്ടത് - അക്രമത്തിനിരയായ കുടുംബത്തിലെ ഹനീന്‍ മുദീര്‍ പറഞ്ഞു.
നിരവധി കാര്‍ബോബ് സ്ഫോടനങ്ങളിലും വെടിവെപ്പിലും ചൊവ്വാഴ്ച 60 പേര്‍ കൊല്ലപ്പെട്ടിരുന്നു. ഇതിനു തൊട്ടുടന്‍ ആണ് പുതിയ സംഭവം. അക്രമത്തിന്‍്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. ശിയാ കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് ഇറാഖില്‍ അടുത്തിടെയായി അക്രമങ്ങള്‍ ഏറിവരികയാണ്. കഴിഞ്ഞ അഞ്ചു മാസത്തിനിടെ നാലായിരത്തിലേറെ പേര്‍ ആണ് ഇവിടെ കൊല്ലപ്പെട്ടതെന്ന് യു.എന്‍ കണക്കുകള്‍ വ്യക്തമാക്കുന്നു. യു.എസ് സേനാ പിന്‍മാറ്റം നടന്ന് പതിനെട്ട് മാസം കഴിഞ്ഞിട്ടും രാജ്യത്ത് രക്തചൊരിച്ചിലിന് ശമനമായിട്ടില്ല.

ഒറ്റപ്പാലം കെ.എസ്.ഇ.ബി ഓഫിസില്‍ ജനത്തിന് ദുരിതം

Posted: 05 Sep 2013 12:17 AM PDT

ഒറ്റപ്പാലം: കാല്‍ ലക്ഷത്തില്‍പ്പരം ഉപഭോക്താക്കളുള്ള ഒറ്റപ്പാലം കെ.എസ്.ഇ.ബി ഓഫിസില്‍ ബില്ലടക്കാന്‍ മൂന്നാം നിലയില്‍ ഏക കൗണ്ടറൊരുക്കി ജനത്തെ വലക്കുന്നു. വ്യക്തികളും സംഘടനകളും വൈദ്യുതി ബില്ലടക്കാന്‍ ഗ്രൗണ്ട് ഫ്ളോറില്‍ ഒരു കൗണ്ടര്‍ കൂടി സജ്ജീകരിക്കണമെന്ന് നിരവധി തവണ ആവശ്യപ്പെട്ടിട്ടും ഫലമില്ലെന്ന് നാട്ടുകാര്‍ പരാതിപ്പെടുന്നു.
മണിക്കൂറുകള്‍ കാത്തുനിന്നിട്ടും പണം അടക്കാനാവാതെ മടങ്ങിയ ഉപഭോക്താവിന്‍െറ കണക്ഷന്‍ വിച്ഛേദിക്കപ്പെട്ടതും ക്യൂവില്‍ കാത്തുനിന്ന് വീട്ടമ്മ കുഴഞ്ഞുവീണതും ദുരിതമാണ്.
നഗരത്തിന് കിഴക്ക്, തോട്ടു പാലത്തിന് സമീപം നഗരസഭയുടെ മാര്‍ക്കറ്റ് കോംപ്ളക്സിന്‍െറ ഏറ്റവും മുകളിലുള്ള നിലയിലാണ് കെ.എസ്.ഇ.ബി ഓഫിസ്. അവശ വിഭാഗക്കാര്‍ക്ക് കെട്ടിടത്തിന്‍െറ മൂന്നാം നിലയിലെത്താനാകാത്ത സ്ഥിതിയാണ്. നേരത്തെ ടി.ബി റോഡില്‍ ഓഫിസ് പ്രവര്‍ത്തിച്ചിരുന്നത് രണ്ട് കൗണ്ടറുകളോടെയാണ്. ഒന്നിലേറെ കൗണ്ടറുകള്‍ താഴത്തെ നിലയില്‍ പ്രവര്‍ത്തിപ്പിക്കണമെന്നതാണ് നാട്ടുകാരുടെ ആവശ്യം. അതേസമയം, ഈ ആവശ്യം വൈദ്യുതി ബോര്‍ഡിന് സമര്‍പ്പിച്ചിട്ടുണ്ടെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്.
 

ആകാശത്തുനിന്ന് വീണ ഉപകരണം ഭീതി പരത്തി

Posted: 05 Sep 2013 12:12 AM PDT

പാണ്ടിക്കാട്: ആകാശത്തുനിന്ന് വീണ അജ്ഞാത ഉപകരണം ഭീതിയും പിന്നീട് കൗതുകവുമുണര്‍ത്തി. പൂളമണ്ണ വളവില്‍ കോട്ടക്കുന്ന് തൊണ്ടിയില്‍ കുഞ്ഞിപ്പയുടെ റബര്‍ തോട്ടത്തിലാണ് രണ്ട് ദിവസം മുമ്പ് തൊഴിലാളികള്‍ ഉപകരണം കണ്ടത്. പാരച്യൂട്ടിന്‍െറ ഭാഗം അടര്‍ന്ന് വീണതുപോലെ റബര്‍ മരങ്ങള്‍ക്ക് മുകളില്‍ തങ്ങി നില്‍ക്കുന്നതായാണ് ആദ്യം കണ്ടതെങ്കിലും കാര്യമായി എടുത്തില്ല. കഴിഞ്ഞ ദിവസത്തെ കനത്ത മഴയിലും കാറ്റിലും ഇത് മരത്തില്‍നിന്ന് താഴെ വീഴുകയായിരുന്നു. രണ്ട് റീ ചാര്‍ജ് ബാറ്ററികള്‍, ട്രാന്‍സ്മിറ്ററുകള്‍, വയറുകള്‍, ബ്ളാഡറിന്‍െറ രൂപത്തിലെ വലിയ ഷീറ്റ് എന്നിവയാണ് ഉണ്ടായിരുന്നത്. ബാറ്ററികളും ട്രാന്‍സ്മീറ്ററുകളും കണ്ടതോടെ ബോംബെന്ന് കരുതി നാട്ടുകാര്‍ പൊലീസില്‍ വിവരമറിയിച്ചു. പാണ്ടിക്കാട് എസ്.ഐ കെ.ടി. ചന്ദ്രന്‍െറ നേതൃത്വത്തിലെ പൊലീസ് സംഘമെത്തി പരിശോധിച്ചു. മലപ്പുറത്ത് നിന്ന് ബോംബ് സ്ക്വാഡിനെയും വരുത്തി. വിദഗ്ധ പരിശോധനയില്‍ സ്ഫോടക വസ്തുവല്ലെന്ന് സ്ഥിരീകരിച്ചു. ഭീതി മാറിയതോടെ കാഴ്ചക്കാരായി ആളുകള്‍ തടിച്ചുകൂടി. ഉപകരണം പാണ്ടിക്കാട് പൊലീസ് സ്റ്റേഷനിലേക്കും പിന്നീട് മലപ്പുറത്തേക്കും കൊണ്ടുപോയി. തുടര്‍ന്നുള്ള പരിശോധനയില്‍ അന്തരീക്ഷ ഊഷ്മാവ് അളക്കാന്‍ വേണ്ടി ഐ.എസ്.ആര്‍.ഒ പോലുള്ള കേന്ദ്രങ്ങളില്‍ നിന്നയക്കുന്ന ഉപകരണമാണെന്ന് കണ്ടെത്തി. ബാറ്ററിയുടെ ചാര്‍ജ് കഴിഞ്ഞതിനാല്‍ ഉപകരണം താഴെ വീണതാവുമെന്നും പൊലീസ് പറഞ്ഞു.
 

അനധികൃത മദ്യവില്‍പന; വ്യാപാര സ്ഥാപനങ്ങളുടെ ലൈസന്‍സ് റദ്ദാക്കും -കലക്ടര്‍

Posted: 05 Sep 2013 12:04 AM PDT

Subtitle: 
ജില്ലാതല ജനകീയ കമ്മിറ്റി
തൊടുപുഴ: അനധികൃത മദ്യവില്‍പന നടത്തുന്ന വ്യാപാരസ്ഥാപനങ്ങളുടെ ലൈസന്‍സ് റദ്ദുചെയ്യുമെന്ന്  കലക്ടര്‍ അജിത് പാട്ടീല്‍ അറിയിച്ചു.  ഓണക്കാല സുരക്ഷയോടനുബന്ധിച്ച് കലക്ടറേറ്റില്‍ നടന്ന ജില്ലാതല ജനകീയ കമ്മിറ്റിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഓണാഘോഷഭാഗമായി ജില്ലയിലെ പലസ്ഥലങ്ങളിലും വ്യാജമദ്യത്തിന്‍െറ ഉപയോഗം കൂടാന്‍ സാധ്യതയുണ്ട്. 
ജാഗ്രതകൈക്കൊള്ളാന്‍ കലക്ടര്‍ ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദേശം നല്‍കി. ചെക് പോസ്റ്റുകളില്‍ കര്‍ശന പരിശോധന നടപ്പാക്കും. തമിഴ്നാട്ടില്‍നിന്നുള്ള സ്പിരിറ്റിന്‍െറ വരവും കഞ്ചാവ്, പുകയില ഉല്‍പന്നങ്ങളുടെ കള്ളക്കടത്തും തടയാനും അവയുടെ ഉപയോഗം നിയന്ത്രിക്കാനും  നടപടി ത്വരിതപ്പെടുത്തും. ഇടമലക്കുടി,  ശാന്തന്‍പാറ, കമ്പംമെട്ട്, മറയൂര്‍ ഭാഗങ്ങളില്‍ വ്യാപകരീതിയില്‍ കഞ്ചാവുകൃഷി നടക്കുന്നതായി പരാതിയുണ്ട്.  അവക്കെതിരെ പൊലീസ്, എക്സൈസ്, ഫോറസ്റ്റ് വകുപ്പുകളുടെ സംയുക്ത പരിശോധനയുണ്ടാകും. 
വ്യാജമദ്യവില്‍പന തടയാന്‍ ആക്ഷന്‍ റാപിഡ് ഫോഴ്സിന്‍െറ സേവനം ശക്തമാക്കും. പീരുമേട്, കുമളി, നെടുങ്കണ്ടം, രാജാക്കാട് മേഖലകളില്‍ മദ്യം വില്‍ക്കുന്ന വ്യാപാര സ്ഥാപനങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കും. മദ്യപിച്ച് വാഹനം ഓടിക്കുന്നവര്‍ക്കെതിരെയും ഓട്ടോകളിലും മറ്റു വാഹനങ്ങളിലും മദ്യപിക്കുന്നവര്‍ക്കെതിരെയും  നടപടി സ്വീകരിക്കും. രാജാക്കാട്, ഉടുമ്പന്നൂര്‍ മേഖലയില്‍ എക്സൈസ് വിഭാഗത്തിന്‍െറ ഓഫിസുകള്‍ തുറക്കുന്നകാര്യം സജീവ പരിഗണനയിലാണ്. സ്കൂളുകള്‍ക്ക് സമീപം പുകയില ഉല്‍പന്നങ്ങള്‍ വില്‍ക്കുന്ന കടകളില്‍ പരിശോധന നിര്‍ബന്ധമാക്കി. ഷാപ്പുകളില്‍ കള്ളിന്‍െറ വീര്യം കൂട്ടാന്‍ രാസവസ്തുക്കള്‍ ഉപയോഗിക്കുന്നവര്‍ക്കെതിരെ എക്സൈസ് ഡിപ്പാര്‍ട്ട്മെന്‍റിനുപുറമെ ആരോഗ്യവിഭാഗത്തിന്‍െറ പരിശോധനയും ഉണ്ടാകും. ലഹരിവസ്തുക്കളുടെ ഉപയോഗം ക്രമാതീതമായി വര്‍ധിച്ച സാഹചര്യത്തില്‍ തോപ്രാംകുടി, പണിക്കന്‍കുടി സ്കൂളുകളില്‍ ബോധവത്കരണ ക്ളാസ് നടത്തി. വാഹനപരിശോധനയില്‍ ആഡംബരകാറുകളുടെയും ടിപ്പറുകളുടെയും ബസുകളുടെയും ഡ്രൈവര്‍മാരെ പരിശോധിക്കും. ചെക് പോസ്റ്റുകളില്‍ കാമറ സ്ഥാപിക്കാന്‍  നടപടി  പൂര്‍ത്തിയായി. പരാതികള്‍ ചെക് പോസ്റ്റുകളിലെ കണ്‍ട്രോള്‍ റൂമുകളില്‍ അറിയിക്കാം. തമിഴ്നാട്ടില്‍നിന്നുള്ള വ്യാജമദ്യത്തിന്‍െറ കള്ളക്കടത്ത് തടയാന്‍ തേനി കലക്ടറുമായി ചേര്‍ന്ന് തമിഴ്നാട് പൊലീസിന്‍െറ സഹായത്തോടെ പരിശോധന വ്യാപിപ്പിക്കും. 
യോഗത്തില്‍ അഴുത ബ്ളോക് പഞ്ചായത്ത് പ്രസിഡന്‍റ് ശാന്തി രമേഷ്, രാജാക്കാട് പഞ്ചായത്ത് മെംബര്‍ ബെന്നി പാലാക്കാട്, എ.ഡി.എം പി.എന്‍. സന്തോഷ്, ഡെപ്യൂട്ടി എക്സൈസ് കമീഷണര്‍ മുഹമ്മദ് സയിദ്, നര്‍ക്കോട്ടിക് ഓഫിസര്‍ എം. രാമസ്വാമി, മൂന്നാര്‍ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ കെ. സുരേന്ദ്രന്‍, എന്‍.സി.പി ജില്ലാ പ്രസിഡന്‍റ് അനില്‍ കൂവപ്ളാക്കല്‍, എസ്.ജെ.ഡി പ്രസിഡന്‍റ് മാത്യൂസ് പടിഞ്ഞാറയില്‍, സി.പി. കൃഷ്ണന്‍, വിവിധ ജില്ലാതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

പുലിയൂര്‍ പഞ്ചായത്തില്‍ വ്യാജ രേഖ നിര്‍മാണം

Posted: 04 Sep 2013 11:55 PM PDT

Subtitle: 
ആരോപണം പഞ്ചായത്ത് പ്രസിഡന്‍റിനും സി.പി എം ലോക്കല്‍ സെക്രട്ടറിക്കുമെതിരെ
ചെങ്ങന്നൂര്‍: പുലിയൂര്‍  പഞ്ചായത്ത് സെക്രട്ടറിയുടെ പേരില്‍ വ്യാജ രേഖ ചമച്ച് ആലപ്പുഴ ജില്ലാ കലക്ടര്‍ക്കും ചെങ്ങന്നൂര്‍ ആര്‍.ഡി.ഒ ക്കും മറ്റു സര്‍ക്കാര്‍ വകുപ്പ് അധികാരികള്‍ക്കും നല്‍കിയതായി പരാതി.
ഇതുസംബന്ധിച്ച് പഞ്ചായത്ത് മുന്‍ അംഗം തിങ്കളാമുറ്റം വാര്‍ഡില്‍ പുന്നാട്ട് ഫിലിപ്പ് ജോണ്‍   വിവരാവകാശ നിയമ പ്രകാരമുള്ള രേഖകളുടെ അടിസ്ഥാനത്തില്‍ സംസ്ഥാന പൊലീസ് മേധാവി, ഇന്‍റലിജന്‍സ് എ.ഡി.ജി.പി, എറണാകുളം റേഞ്ച് ഐ.ജി എന്നിവര്‍ക്ക് പരാതി നല്‍കി.
പഞ്ചായത്ത് പ്രസിഡന്‍റ് രേഖ റെജി, 13ാംവാര്‍ഡ് മെംബറും സി.പി.എം പുലിയൂര്‍ ലോക്കല്‍ സെക്രട്ടറിയുമായ അഡ്വ. പി.ഡി. സന്തോഷ്കുമാര്‍ എന്നിവരുടെ ആലോചനയോടും അറിവോടും കൂടിയാണ് പഞ്ചായത്തില്‍ നിന്ന് വ്യാജരേഖകള്‍ ചമച്ച് അധികാരികള്‍ക്ക് നല്‍കിയതെന്ന് പരാതിയില്‍ ആരോപിക്കുന്നു.
പഞ്ചായത്തിന്‍െറ ഒൗദ്യോഗിക ലെറ്റര്‍ പാഡ്, ഓഫിസ് സീല്‍, പഞ്ചായത്ത് സെക്രട്ടറിയുടെ അഡ്രസ് സീല്‍ എന്നിവ ഉപയോഗിച്ച് പഞ്ചായത്ത് സെക്രട്ടറിയുടെ അറിവോ സമ്മതമോ പഞ്ചായത്ത് തീരുമാനങ്ങളോ ഇല്ലാതെ  സെക്രട്ടറിയുടെ ഒപ്പുകള്‍ വ്യാജമായി രേഖപ്പെടുത്തി വ്യാജ രേഖകള്‍ ചമച്ച്  ആലപ്പുഴ ജില്ലാ കലക്ടര്‍ക്കും ചെങ്ങന്നൂര്‍ ആര്‍.ഡി.ഒ ക്കും കെ.എസ്.ഇ.ബി ഓഫിസിലും സമര്‍പ്പിച്ചിട്ടുള്ളതായി പറയുന്നു.
പുലിയൂര്‍ വില്ളേജില്‍ തോനക്കാട്  മുറിയില്‍ പുത്തന്‍പറമ്പില്‍ വീട്ടില്‍ പി.ഡി അഗസ്റ്റിന്‍ ചെളി ഖനനം ചെയ്യുന്നതിനുളള അനുവാദം  ലഭിക്കുന്നതിലേക്കായി കലക്ടര്‍ക്ക്  സമര്‍പ്പിച്ച പഞ്ചായത്തിന്‍െറ തീരുമാനവും കത്തും വ്യാജമാണ്. ഇതില്‍ സെക്രട്ടറിയുടെ വ്യാജ ഒപ്പാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ഇങ്ങനെയൊരു തീരുമാനവും കത്തും പഞ്ചായത്ത് നല്‍കിയിട്ടില്ല.
ചെളി ഖനനവുമായി ബന്ധപ്പെട്ട് ചെങ്ങന്നൂര്‍ ആര്‍.ഡി.ഒ ക്ക് സമര്‍പ്പിച്ചിട്ടുള്ളതും  പഞ്ചായത്ത് സെക്രട്ടറിയുടെ വ്യാജ ഒപ്പിട്ട് തയാറാക്കിയ വ്യാജ രേഖയാണ്. ആര്‍.ഡി.ഒ ക്ക് നല്‍കുന്നതിനായി സി8-585/13 നമ്പറിലുള്ള കത്തുകളൊന്നും പഞ്ചായത്തില്‍ നിന്ന് നല്‍കിയിട്ടില്ല.
പഞ്ചായത്ത് രേഖകള്‍ പ്രകാരം അനധികൃത കെട്ടിടമെന്ന് നോട്ടീസ് നല്‍കിയിരിക്കുന്ന സി.പി.എം ഓഫിസില്‍  വൈദ്യുതി കണക്ഷന്‍ ലഭിക്കുന്നതിലേക്കായി പഞ്ചായത്ത് അംഗവും ലോക്കല്‍ സെക്രട്ടറിയുമായ അഡ്വ. പി.ഡി സന്തോഷ്കുമാര്‍ നല്‍കിയ അപേക്ഷയോടൊപ്പം സമര്‍പ്പിച്ചിരിക്കുന്നത്  വ്യാജ ഉടമസ്ഥാവകാശ സര്‍ട്ടിഫിക്കറ്റാണ്. സെക്രട്ടറിയുടെ വ്യാജ ഒപ്പ് രേഖപ്പെടുത്തിയ സര്‍ട്ടിഫിക്കറ്റിലെ  സി4-928/13 എന്ന ഫയല്‍ നമ്പറും  7/61 എന്ന കെട്ടിട നമ്പറും വ്യാജമാണ്. 
പഞ്ചായത്ത് പ്രസിഡന്‍റ് അവരുടെ  ഗ്രാമസഭാ മിനുട്സ് ബുക്കില്‍ ഗ്രാമസഭാംഗങ്ങളായ വോട്ടര്‍മാരുടെ നിരവധി വ്യാജ ഒപ്പുകള്‍ രേഖപ്പെടുത്തി ക്വോറം ഉണ്ടാക്കുകയും ഗുണഭോക്താക്കളുടെ ലിസ്റ്റ് തന്‍െറ അറിവോടെ നിയമ വിരുദ്ധമായ  തിരുത്തലുകള്‍ നടത്തി ക്രമവിരുദ്ധമാക്കിയിട്ടുള്ളതാണെന്നും പറയുന്നു. 
 

പൂന്തുറ എസ്.ഐക്കെതിരെ വധശ്രമത്തിന് കേസെടുക്കണമെന്ന് വിഎസ്

Posted: 04 Sep 2013 11:53 PM PDT

Image: 

തിരുവനന്തപുരം: ആനയറയില്‍ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകനെ മര്‍ദിച്ച പൂന്തുറ ഗ്രേഡ് എസ്.ഐക്കെതിരെ വധശ്രമത്തിന് കേസെടുക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍. മുഖ്യമന്ത്രിയെ രക്ഷിക്കുന്നതിന് പൊലീസ് ഹീന മര്‍ദനമുറയാണ് പ്രയോഗിക്കുന്നത്. പ്രതിഷേധക്കാര്‍ക്കെതിരെ ഇത്തരം ഹീനവും മൃഗീയവുമായ മര്‍ദനമുറകള്‍ പ്രയോഗിക്കുന്നത് അംഗീകരിക്കാനാവില്ളെന്നും വി.എസ് പറഞ്ഞു.
പൊലീസ് മര്‍ദനത്തെ തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളെജില്‍ പ്രവേശിപ്പിച്ച ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകന്‍ ജയപ്രകാശിനെ സന്ദര്‍ശിച്ച ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

വാഹന പണിമുടക്ക് പൂര്‍ണം

Posted: 04 Sep 2013 11:23 PM PDT

Subtitle: 
കാസര്‍കോട്ട് കടകള്‍ അടഞ്ഞു
കാസര്‍കോട്: ഇന്ധന വിലവര്‍ധനക്കെതിരെ മോട്ടോര്‍ വാഹന തൊഴിലാളി സംഘടനകളുടെ നേതൃത്വത്തില്‍ നടത്തിയ പണിമുടക്ക് ജില്ലയില്‍ പൂര്‍ണം. സ്വകാര്യബസ്, ഓട്ടോ, ടാക്സി സര്‍വീസുകള്‍ പൂര്‍ണമായി സ്തംഭിച്ചു. ചരക്ക് ഗതാഗതവും മുടങ്ങി.ഇന്ത്യന്‍ കോഫി ഹൗസ് ഉള്‍പ്പെടെ നഗരത്തിലെ ഭക്ഷണശാലകളും മിക്ക വ്യാപാര സ്ഥാപനങ്ങളും അടച്ചിട്ടത് പൊതുജനങ്ങളെ ബുദ്ധിമുട്ടിലാക്കി. വിദ്യാഭ്യാസ സ്ഥാപനങ്ങളും പ്രവര്‍ത്തിച്ചില്ല.
കാസര്‍കോട് റെയില്‍വേ സ്റ്റേഷന്‍ റോഡിലും ബാങ്ക് റോഡിലും സര്‍വീസ് നടത്തിയ ഓട്ടോറിക്ഷകളെ പണിമുടക്ക് അനുകൂലികള്‍ തടഞ്ഞു. 
സര്‍ക്കാര്‍ ഓഫിസുകളില്‍ ഹാജര്‍ നില കുറവായിരുന്നു. കെ.എസ്.ആര്‍.ടി.സി ബസുകള്‍ സര്‍വീസ് നടത്തിയത് യാത്രക്കാര്‍ക്ക് ആശ്വാസമായി.പണിമുടക്കിനെ അനുകൂലിച്ച് സംയുക്ത ട്രേഡ് യൂനിയന്‍ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നഗരത്തില്‍ പ്രകടനവും പൊതുയോഗവും നടത്തി.
പുതിയ ബസ്സ്റ്റാന്‍ഡ് പരിസരത്ത് ചേര്‍ന്ന യോഗം സി.ഐ.ടി.യു ജില്ലാ ജനറല്‍ സെക്രട്ടറി ടി.കെ. രാജന്‍ ഉദ്ഘാടനം ചെയ്തു. ഐ.എന്‍.ടി.യു.സി ജില്ലാ സെക്രട്ടറി കെ.വി. ദാമോദരന്‍ അധ്യക്ഷത വഹിച്ചു. മുഹമ്മദലി മഞ്ചത്തടുക്ക, എ. കേശവ, എ. വിശ്വനാഥ, ഗിരീശന്‍, ഖലീല്‍ പടിഞ്ഞാര്‍, മന്‍മോഹനന്‍ എന്നിവര്‍ സംസാരിച്ചു. എ.ഐ.ടി.യു.സി ജില്ലാ സെക്രട്ടറി മണികണ്ഠന്‍ സ്വാഗതം പറഞ്ഞു.പുരുഷോത്തമന്‍ ബട്ടംപാറ, ശാഫി ചാലക്കുന്ന്, ഹസൈനാര്‍ താനിയത്ത്, യു.എ. സുബൈര്‍, പി. കുഞ്ഞികൃഷ്ണന്‍, എസ്. ഉമേശ്, ശ്രീധരന്‍ ചെട്ടുംകുഴി എന്നിവര്‍ പ്രകടനത്തിന് നേതൃത്വം നല്‍കി.
കാഞ്ഞങ്ങാട്: പണിമുടക്ക് കാഞ്ഞങ്ങാട്ട് പൂര്‍ണമായിരുന്നു. സ്വകാര്യബസുകളും ടാക്സി വാഹനങ്ങളും നിരത്തിലിറങ്ങിയില്ല. കെ.എസ്.ആര്‍.ടി.സി സര്‍വീസ് നടത്തി.സ്വകാര്യ വാഹനങ്ങള്‍ നിരത്തിലിറങ്ങിയിരുന്നു. സ്വകാര്യബസുകളില്ലാത്തതിനാല്‍ നഗരത്തിലത്തെിയ യാത്രക്കാരുടെ എണ്ണം കുറവായിരുന്നു. ചുരുക്കം ചില കടകള്‍ മാത്രമേ തുറന്നുള്ളൂ.
രാവിലെ പണിമുടക്കിന് പിന്തുണയര്‍പ്പിച്ച് സംയുക്ത സമരസമിതിയുടെ നേതൃത്വത്തില്‍ കാഞ്ഞങ്ങാട്ടുനിന്ന് പുതിയകോട്ട വരെ പ്രകടനം നടന്നു. തുടര്‍ന്ന് നടന്ന പൊതുയോഗത്തില്‍ നെല്ലിക്കാട്ട് കുഞ്ഞമ്പു, സത്യനാഥ് ചെന്തളം, പി.വി. ബാലകൃഷ്ണന്‍, കെ.വി. ബാബു, കരീം കുശാല്‍നഗര്‍ എന്നിവര്‍ സംസാരിച്ചു.
 

രൂപ നില മെച്ചപ്പെടുത്തി; ഓഹരി വിപണിയിലും നേട്ടം

Posted: 04 Sep 2013 11:14 PM PDT

Image: 

മുംബൈ: ഡോളറിനെതിരെ കൂപ്പുകുത്തിയ രൂപ നില മെച്ചപ്പെടുത്തി. വ്യാഴാഴ്ച രാവിലെ വ്യാപാരത്തിന്‍്റെ തുടക്കത്തില്‍  ശക്തമായി തിരിച്ചുവന്ന രൂപ ഡോളറിനെതിരെ 65.54 എന്ന നിരക്കിലത്തെി. വിദേശവിനിമയ വിപണിയില്‍ ഡോളറിന് 67.07 എന്ന നിലയിലാണ് ബുധനാഴ്ച വ്യാപാരം അവസാനിപ്പിച്ചിരുന്നത്. രഘുറാം രാജന്‍ റിസര്‍വ് ബാങ്ക് ഗവര്‍ണറായി ചുമതലയേറ്റ ദിവസം രൂപയുടെ തിരിച്ചുവരവ് പ്രതീക്ഷ നല്‍കുന്നതാണ്.

രൂപ കരകയറിയതോടെ ഓഹരിവിപണികളിലും സമാനമായ ഉണര്‍വാണുണ്ടായത്. സെന്‍സെക്സ് 383 പോയിന്‍്റ് ഉയര്‍ന്ന് 18,950 ല്‍ എത്തി.  നിഫ്റ്റി 125 പോയിന്‍്റ്  ഉയര്‍ന്ന് 5,573 ല്‍ ആണ് വ്യാപാരം നടക്കുന്നത്.
റിസര്‍വ് ബാങ്കിന്‍്റെ നിര്‍ദേശത്തെ തുടര്‍ന്ന് പൊതുമേഖലാ ബാങ്കുകള്‍ വന്‍തോതില്‍ ഡോളര്‍ വിറ്റഴിച്ചതാണ് രൂപക്കു തുണയായത്. ഇന്ത്യന്‍ കമ്പനികളും വ്യക്തികളും വിദേശത്ത് നിക്ഷേപിക്കാവുന്ന തുകക്കുള്ള നിയന്ത്രണങ്ങളില്‍ റിസര്‍വ്ബാങ്ക് അയവുവരുത്തിയതും വിപണിക്ക് കരുത്തുനല്‍കി. ഇന്ത്യന്‍ കമ്പനികളും വ്യക്തികളും വിദേശത്ത് മൂലധനം നിക്ഷേപിക്കുന്നതും പണമയക്കുന്നതും സംബന്ധിച്ച് മൂന്നാഴ്ച മുമ്പ് കൊണ്ടുവന്ന നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തികൊണ്ട് ബുധനാഴ്ച രാവിലെ തന്നെ റിസര്‍വ് ബാങ്ക് പ്രഖ്യാപനം നടത്തിയിരുന്നു.

ഇന്ത്യന്‍ വളണ്ടിയര്‍മാരുടെ സേവനത്തില്‍ ഹജ്ജ് മന്ത്രിക്ക് സംതൃപ്തി

Posted: 04 Sep 2013 11:11 PM PDT

Image: 

ജിദ്ദ: ഹജ്ജ് നാളുകളില്‍ പുണ്യസ്ഥലങ്ങളില്‍ ഇന്ത്യന്‍ ഹജ്ജ് മിഷന്‍െറ കീഴിലുള്ള വളണ്ടിയര്‍മാര്‍ കാഴ്ചവെക്കുന്ന പ്രകടനം മാതൃകാപരമാണെന്നും അടുത്ത ഹജ്ജിനും മശാഇര്‍ ട്രെയിന്‍ സ്റ്റേഷനുകളിലടക്കം പുണ്യസ്ഥലങ്ങളില്‍ വളണ്ടിയര്‍മാര്‍ക്ക് സേവനത്തിന് അനുമതി നല്‍കുമെന്നും സൗദി ഹജ്ജ് കാര്യമന്ത്രി ഡോ. ബന്ദര്‍ അല്‍ ഹജ്ജാര്‍. ഇന്ത്യയില്‍ നിന്നുള്ള തീര്‍ഥാടകരുടെ സേവനസൗകര്യങ്ങളുമായി ബന്ധപ്പെട്ട് കേന്ദ്ര വിദേശകാര്യ സഹമന്ത്രി ഇ. അഹമ്മദ് ജിദ്ദയില്‍ നടത്തിയ കൂടിക്കാഴ്ചയിലാണ് സൗദി ഹജ്ജ്കാര്യ മന്ത്രി ഇക്കാര്യം അറിയിച്ചത്. ഇന്ത്യന്‍ വളണ്ടിയര്‍മാരുടെ പ്രവര്‍ത്തനത്തില്‍ മന്ത്രി സന്തുഷ്ടി പ്രകടിപ്പിച്ചു. അതേസമയം വളണ്ടിയര്‍ സേവനത്തിനെത്തുന്നവര്‍ക്ക് ഹജ്ജ് നിര്‍വഹിക്കാനാവില്ലെന്ന് മന്ത്രി ഓര്‍മിപ്പിച്ചു. അനധികൃത തീര്‍ഥാടനത്തിനു ശ്രമിക്കുന്നവര്‍ക്ക് സൗദി ഗവണ്‍മെന്‍റ് ഉടന്‍ നാടുകടത്തലും 10 വര്‍ഷത്തെ വിലക്കും വിധിച്ചത് ഹജ്ജ് മന്ത്രി ബന്ദര്‍ അല്‍ഹജ്ജാര്‍ മന്ത്രി അഹമ്മദിന്‍െറ ശ്രദ്ധയില്‍ പെടുത്തി. ഇക്കാര്യത്തില്‍ ഇന്ത്യന്‍ പ്രവാസിസമൂഹത്തെ ബോധവത്കരിക്കാന്‍ മന്ത്രി ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഗവണ്‍മെന്‍റിന്‍െറ നിയമങ്ങള്‍ അനുസരിക്കുന്ന വിഷയത്തില്‍ പ്രവാസി സമൂഹം മാതൃക കാണിക്കണമെന്നും മന്ത്രി അഹമ്മദ് പിന്നീട് ജിദ്ദയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഹജ്ജ് മന്ത്രിയുമായുള്ള കൂടിക്കാഴ്ച ഫലപ്രദമായിരുന്നുവെന്ന് മന്ത്രി വ്യക്തമാക്കി. ഹാജിമാര്‍ക്ക് കൊണ്ടുപോകാവുന്ന സംസം പത്തില്‍ നിന്നു അഞ്ചു ലിറ്ററാക്കി കുറച്ചത് ശ്രദ്ധയില്‍ പെടുത്തിയിട്ടുണ്ട്. ഹജ്ജുമായി ബന്ധപ്പെട്ട കരാറില്‍ ഉള്‍പ്പെടുത്തിയ കാര്യങ്ങളില്‍ മാറ്റമുണ്ടാകുന്നത് അനുചിതമാണെന്ന് അംഗീകരിച്ച മന്ത്രി ഇക്കാര്യം സൗദി വ്യോമയാനവകുപ്പിന്‍െറ ശ്രദ്ധയില്‍ പെടുത്തുമെന്ന് ഉറപ്പുനല്‍കി. മശാഇര്‍ ട്രെയിന്‍ സൗകര്യം ഇത്തവണയും ഇന്ത്യക്കാര്‍ക്ക് ലഭ്യമാക്കുമെന്ന് ഉറപ്പു നല്‍കിയിട്ടുണ്ടെന്ന് മന്ത്രി അഹമ്മദ് പറഞ്ഞു.
സ്വകാര്യ ഹജ്ജ് ഗ്രൂപ്പുകള്‍ക്ക് നികുതി ചുമത്തിയത് ബിസിനസ് സംരംഭമെന്ന നിലക്കാണെന്നും തീര്‍ഥാടകര്‍ക്ക് ഒരു തരത്തിലുള്ള സാമ്പത്തികബാധ്യതയും ഗവണ്‍മെന്‍റ് അടിച്ചേല്‍പിച്ചിട്ടില്ലെന്നും ചോദ്യത്തിനു മറുപടിയായി മന്ത്രി പറഞ്ഞു. ഹജ്ജ് തീര്‍ഥാടനത്തിന് കേന്ദ്ര ഹജ്ജ് കമ്മിറ്റി വഴി വരുന്നവര്‍ അപേക്ഷ നല്‍കി സ്വന്തം ഊഴത്തിന്‍െറ ഭാഗ്യം കാത്തുനിന്നാണ്. എന്നാല്‍ അതിനൊന്നും മിനക്കെടാതെ സ്വകാര്യഗ്രൂപ്പുകള്‍ ചോദിക്കുന്ന പണം നല്‍കിയാണ് പ്രൈവറ്റ് ഗ്രൂപ്പില്‍ ഹാജിമാര്‍ വരുന്നത്. സ്വകാര്യഗ്രൂപ്പുകളുടെ തീര്‍ഥാടനത്തിനുള്ള സേവനകാര്യങ്ങളില്‍ ഉപാധികള്‍ വെക്കാമെന്നല്ലാതെ അവര്‍ ഈടാക്കുന്ന തുകക്ക് പരിധി വെക്കാനോ നിയന്ത്രിക്കാനോ ഗവണ്‍മെന്‍റിനു കഴിയില്ലെന്ന് മന്ത്രി പറഞ്ഞു. തീര്‍ഥാടകര്‍ക്ക് ഉറപ്പുനല്‍കുന്ന സേവനം ലഭ്യമാകുന്നില്ലെങ്കില്‍ പരാതിപ്പെടാമെന്നും ഇക്കാര്യം പരിശോധിച്ച് ശരിയെന്നു തെളിഞ്ഞാല്‍ അത്തരം സ്വകാര്യഗ്രൂപ്പുകളെ കരിമ്പട്ടികയില്‍ പെടുത്താന്‍ സംവിധാനമുണ്ടെന്നും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്ത കോണ്‍സല്‍ ജനറല്‍ ഫൈസ് അഹ്മദ് കിദ്വായിയും പറഞ്ഞു. ഹജ്ജ് കോണ്‍സല്‍ മുഹമ്മദ് നൂര്‍ റഹ്മാന്‍ ശൈഖും സംബന്ധിച്ചു.
 

No comments:

Post a Comment

english malayalam dictionary

വിരുന്നുകാര്...

poomottu

Dsgd: by ASLAM PADINHARAYIL

Back to TOP