സ്വാഗതം
WELCOME

News Update..

Sunday, September 22, 2013

പൊന്നാനി മണ്ഡലം യു.ഡി.എഫിലെ അനൈക്യം തീര്‍ന്നേക്കും Madhyamam News Feeds

പൊന്നാനി മണ്ഡലം യു.ഡി.എഫിലെ അനൈക്യം തീര്‍ന്നേക്കും Madhyamam News Feeds

Link to

പൊന്നാനി മണ്ഡലം യു.ഡി.എഫിലെ അനൈക്യം തീര്‍ന്നേക്കും

Posted: 22 Sep 2013 12:24 AM PDT

പൊന്നാനി: മണ്ഡലത്തിലെ ആലങ്കോട്, നന്നംമുക്ക് പഞ്ചായത്തുകളില്‍ കോണ്‍ഗ്രസും മുസ്ലിംലീഗും തമ്മിലുള്ള അനൈക്യം തീരാന്‍ സാധ്യത തെളിയുന്നു. ശനിയാഴ്ച യു.ഡി.എഫ് നേതാക്കള്‍ ചങ്ങരംകുളത്ത് ചേര്‍ന്ന യോഗത്തിലാണ് പ്രശ്നങ്ങള്‍ ഉടന്‍ തീര്‍ക്കാന്‍ ധാരണയായത്. ആലങ്കോട് പഞ്ചായത്ത് പ്രസിഡന്‍റ് സ്ഥാനം ഒഴിയാന്‍ മുസ്ലിം ലീഗ് നേരത്തെ തന്നെ തയാറായിട്ടുണ്ട്. ഇക്കാര്യം  ശനിയാഴ്ച യോഗത്തിലും ലീഗ് നേതാക്കള്‍ അറിയിച്ചു. അതേസമയം, വെളിയങ്കോട് പഞ്ചായത്ത് പ്രസിഡന്‍റ് സ്ഥാനം ഒഴിയാന്‍ കോണ്‍ഗ്രസ് നേതാക്കളും സന്നദ്ധത അറിയിച്ചതായി അറിയുന്നു. ഞായറാഴ്ച കോണ്‍ഗ്രസും മുസ്ലിം ലീഗും ആലങ്കോട്, നന്നംമുക്ക്, വെളിയങ്കോട് പഞ്ചായത്ത് കമ്മിറ്റികള്‍ വെവ്വേറെ ചേര്‍ന്ന്  ഇക്കാര്യത്തെപ്പറ്റി അഭിപ്രായ ഐക്യമുണ്ടാക്കിയതിനുശേഷം മണ്ഡലം യു.ഡി.എഫ് നേതൃയോഗം ചേരാനാണ് തീരുമാനം.
നടക്കാനിരിക്കുന്ന ചങ്ങരംകുളം സഹകരണ ബാങ്ക് തെരഞ്ഞെടുപ്പില്‍ ഒമ്പത് സീറ്റുള്ളത് പതിനൊന്നായി വര്‍ധിച്ച സാഹചര്യത്തില്‍ വര്‍ധിച്ച രണ്ടു സീറ്റുകള്‍ ലീഗും കോണ്‍ഗ്രസും ഓരോന്ന് വീതം പങ്കിടാനും തീരുമാനമായി. അതേസമയം, ചങ്ങരംകുളം ബാങ്ക് പ്രസിഡന്‍റ് സ്ഥാനം രണ്ടര വര്‍ഷം ലീഗ് ചോദിച്ചത് അനുഭാവപൂര്‍വം പരിഗണിക്കാമെന്ന് കോണ്‍ഗ്രസ് നേതൃത്വം അറിയിച്ചതായാണ് സൂചന. പൊന്നാനി നഗരസഭ യു.ഡി.എഫിലെ പടലപ്പിണക്കങ്ങള്‍ യോഗം ചര്‍ച്ച ചെയ്തില്ല. ഇവിടെ ലീഗിലെ നഗരസഭ ചെയര്‍പേഴ്സന്‍ പി. ബീവി സ്ഥാനം ഒഴിയണമെന്ന് ചില കോണ്‍ഗ്രസ് കൗണ്‍സിലര്‍മാര്‍  ആവശ്യം ഉന്നയിച്ചിരുന്നു. പക്ഷേ, ഇക്കാര്യത്തില്‍ ചര്‍ച്ചകള്‍ നടന്നില്ല.
ചര്‍ച്ചയില്‍ കോണ്‍ഗ്രസിനെ പ്രതിനിധീകരിച്ച് പി.ടി. അജയ്മോഹന്‍, ടി.വി. സുരേന്ദ്രന്‍ എന്നിവരും ലീഗിനെ പ്രതിനിധീകരിച്ച് അഷ്റഫ് കോക്കൂര്‍, പി.പി. യൂസഫലി, വി.പി. ഹുസൈന്‍ കോയ തങ്ങള്‍, മണാളത്ത് മുഹമ്മദ് എന്നിവരും പങ്കെടുത്തു.

സ്വജനപക്ഷപാതവും അഴിമതിയും

Posted: 22 Sep 2013 12:15 AM PDT

Image: 

ഡീസല്‍ വിലവര്‍ധനയുടെ പേരില്‍ കേരളത്തില്‍ 7030 രൂപയില്‍ താഴെ വരുമാനമുള്ള 2000 കെ.എസ്.ആര്‍.ടി.സി ബസുകള്‍ റദ്ദാക്കുന്നതില്‍ ജനതാല്‍പര്യങ്ങളേക്കാള്‍ അഴിമതിയും സാമ്പത്തിക കച്ചവടങ്ങളുമാണുള്ളത്. ഈ റദ്ദാക്കലിലൂടെ കോര്‍പറേഷനുണ്ടായ പ്രതിദിന വരുമാന നഷ്ടം 1.4 കോടിയാണ്. കൂടാതെ യാത്രികര്‍ മുഴുവന്‍ സ്വകാര്യ ബസുകളിലേക്ക് മാറി. ഇതോടെ സ്വകാര്യ ബസുകള്‍ക്ക് പ്രതിദിനം 1000 മുതല്‍ 1500 രൂപ വരെ വരുമാനം കൂടി. ഇതാണ് കെ.എസ്.ആര്‍.ടി.സി ബസുകള്‍ റദ്ദാക്കുന്നതിന് പിന്നിലെ  രഹസ്യ അജണ്ടകളിലൊന്ന്.
ഡിപോകളില്‍ ഡീസല്‍ കുറവാണെങ്കില്‍ വരുമാനം കുറഞ്ഞ സര്‍വീസുകള്‍ മാത്രം റദ്ദാക്കാനാണ്  കോര്‍പറേഷന്‍ നിര്‍ദേശം. ഒരു കിലോമീറ്റര്‍ ഓടുമ്പോള്‍ കിട്ടുന്ന വരുമാനം കണക്കിലെടുത്താണ്തീരുമാനമെടുക്കേണ്ടതെങ്കിലും   ഓരോ ഡിപോയിലെയും ഉദ്യോഗസ്ഥരുടെ സൗകര്യമനുസരിച്ചാണ് സര്‍വീസുകള്‍ റദ്ദാക്കുന്നത്.  നല്ല വരുമാനമുള്ള സര്‍വീസുകള്‍ റദ്ദാക്കുന്നതിനെതിരെ ജീവനക്കാര്‍തന്നെ പ്രതിഷേധം ഉയര്‍ത്തുമ്പോള്‍ തടയിടാന്‍ അറ്റകുറ്റപ്പണിയുടെ പേരില്‍ സര്‍വീസ് റദ്ദാക്കും. ഇങ്ങനെ ഓരോ ഡിപോയിലും 10 മുതല്‍ 15 വരെ സര്‍വീസുകള്‍ സ്ഥിരമായി റദ്ദാക്കപ്പെട്ടിട്ടുണ്ട്.
 മധ്യകേരളത്തിലെ വിവിധ ഡിപോകളില്‍ ജോലിചെയ്യുന്ന നിരവധി ജീവനക്കാര്‍ അടുത്ത ബന്ധുക്കളുടെ പേരില്‍ സ്വകാര്യ ബസ് സര്‍വീസുകള്‍ നടത്തുന്നുണ്ട്. ഇടുക്കി, കോട്ടയം ജില്ലകളില്‍ മാത്രം ഇവരുടെ എണ്ണം 20 കവിയും. വിരമിച്ച ജീവനക്കാരില്‍ പലരും സ്വകാര്യ ബസ് കമ്പനികള്‍ തന്നെ നടത്തുന്നു. ബസ് വ്യവസായം നടത്തുന്ന മുന്‍ ഗതാഗത മന്ത്രിമാരുടെയും രാഷ്ട്രീയ നേതാക്കളുടെയും ബന്ധുക്കള്‍ സ്വാധീനം ചെലുത്തി സര്‍വീസുകള്‍ റദ്ദാക്കുന്നത് ഇതിനുപുറമെയാണ്.
ബസുകള്‍ റദ്ദാക്കുന്നത് കെ.എസ്.ആര്‍.ടി.സിയെ വീണ്ടും നഷ്ടത്തിലാക്കുമെന്നതാണ് സത്യം. വണ്ടി ഓടിയാലും ഇല്ളെങ്കിലും ഫിക്സഡ് കോസ്റ്റ് കെ.എസ്.ആര്‍.ടി.സി തന്നെ വഹിക്കണം. 2000ത്തില്‍ താഴെ സര്‍വീസുകള്‍ 300 കിലോമീറ്റര്‍ പ്രതിദിനം ഓടുന്നുണ്ടെന്ന് കണക്കാക്കിയാല്‍ റദ്ദാക്കുന്നത് ആറുലക്ഷം കിലോമീറ്ററാണ്. മൊത്തം ഓടുന്ന 15 ലക്ഷം കിലോമീറ്ററില്‍ ആറുലക്ഷം എന്നാല്‍ 40 ശതമാനം എന്നര്‍ഥം. ഒരു പൈസ വരുമാനമില്ളെങ്കിലും റദ്ദാക്കുന്ന ആറുലക്ഷം കിലോമീറ്ററിന് പ്രതിദിനം ഫിക്സഡ് കോസ്റ്റായി ആറുലക്ഷം രൂപ ചെലവാകും.
മാറുന്ന സാഹചര്യങ്ങള്‍ക്കനുസരിച്ച് കോര്‍പറേഷനെ മുന്നോട്ടു നയിക്കാന്‍ താല്‍പര്യമുള്ളവരും കെല്‍പുള്ളവരും തലപ്പത്ത് ഇല്ലാത്തതാണ് കെ.എസ്.ആര്‍.ടി.സിയുടെ ശാപം. റോഡ് ട്രാന്‍സ്പോര്‍ട്ട് കോര്‍പറേഷന്‍ ആക്ട് പ്രകാരം ഐ.എ.എസോ തുല്യയോഗ്യതയോ ഉള്ളവരായിരിക്കണം കോര്‍പറേഷന്‍െറ നിര്‍ണായക സ്ഥാനങ്ങളില്‍ ഉണ്ടാകേണ്ടത്. മറ്റ് സംസ്ഥാനങ്ങളിലെ ട്രാന്‍സ്പോര്‍ട്ട് കോര്‍പറേഷനുകളില്‍ ഇത്തരം സ്ഥാനത്തെല്ലാം ഐ.എ.എസുകാരെയാണ് നിയോഗിച്ചിരിക്കുന്നത്. കേരളത്തില്‍തന്നെ 500 ജീവനക്കാര്‍പോലുമില്ലാത്ത പൊതുമേഖലാ സ്ഥാപനങ്ങള്‍ നയിക്കുന്നത് ഐ.എ.എസുകാരാണ്. ഒരു കെ.എസ്.ആര്‍.ടി.സി ഡിപോയില്‍പോലും ഇതിലധികം ജീവനക്കാരുണ്ട്. എന്നിട്ടും കെ.എസ്.ആര്‍.ടി.സിയില്‍ ചെയര്‍മാന്‍ ആന്‍ഡ് മാനേജിങ് ഡയറക്ടര്‍ തസ്തികയില്‍ മാത്രമാണ് ഈ യോഗ്യതയുള്ളവരെ നിയമിക്കുന്നത്. മിക്ക ഉയര്‍ന്ന നിയമനങ്ങളും സ്വജനപക്ഷപാതവും അഴിമതി നിറഞ്ഞതുമായത് കെ.എസ്.ആര്‍.ടി.സിയെ തകര്‍ക്കുന്നതില്‍ വലിയപങ്കാണ് വഹിക്കുന്നത്. എതിര്‍ക്കേണ്ട യൂനിയനുകള്‍ കുറ്റകരമായ മൗനത്തിലും.
കെ.എസ്.ആര്‍.ടി.സിയുടെ ഭരണപരമായ ഘടനയനുസരിച്ച് ദൈനംദിന പ്രവര്‍ത്തനത്തില്‍ സി.എം.ഡിയേക്കാള്‍ ഇടപെടല്‍ നടത്താന്‍ കഴിയുന്നയാള്‍ ജനറല്‍ മാനേജറാണ്. ഐ.എ.എസുകാര്‍ ഇരുന്നിരുന്ന ഈ തസ്തിക നിര്‍ത്തി  എക്സിക്യൂട്ടിവ് ഡയറക്ടറാക്കി  കണ്ടക്ടര്‍, മെക്കാനിക് തസ്തികകളില്‍ ജോലിയില്‍ പ്രവേശിക്കുന്നവര്‍ക്ക് സ്ഥാനക്കയറ്റം നല്‍കുന്ന തസ്തികയാക്കി.
ഈ ചുമതലയേല്‍ക്കുന്നവര്‍ കുറച്ചുനാളിനകം വിരമിക്കല്‍ പതിവായതോടെ കോര്‍പറേഷന്‍ നടത്തിപ്പിന് 2010 ഏപ്രിലില്‍ ജനറല്‍ മാനേജര്‍ തസ്തിക പുനഃസ്ഥാപിച്ചു.  പെന്‍ഷനും വേതനവും മറ്റ് ആനുകൂല്യങ്ങളുമടക്കം 80,000  രൂപ പ്രതിമാസം നല്‍കുന്ന ഈ നിയമനം അനധികൃതവും ചട്ടവിരുദ്ധവുമായിരുന്നു. ഇതിനു ചെലവഴിച്ച അധികതുക തിരിച്ചുപിടിക്കണമെന്നാവശ്യപ്പെട്ട് അക്കൗണ്ടന്‍റ് ജനറല്‍ കെ.എസ്.ആര്‍.ടി.സിക്ക് കത്തയച്ചതോടെ ജനറല്‍ മാനേജറുടെ സേവനം കോര്‍പറേഷന്‍ അവസാനിപ്പിച്ചു. നിയമാനുസൃത യോഗ്യതയുള്ള പുതിയ ആളെ നിയമിച്ചുമില്ല. ഇതാണ് അവിടെ നടക്കുന്ന ഭരണനിര്‍വഹണം.
അടുത്ത നാളുകളിലുണ്ടായ സ്വകാര്യ ബസ് അപകടങ്ങളുടെ വെളിച്ചത്തില്‍ കെ.എസ്.ആര്‍.ടി.സി അടക്കമുള്ള ബസുകളുടെ റണ്ണിങ് ടൈം നവംബര്‍ ഒന്ന് മുതല്‍ പുതുക്കി നിശ്ചയിക്കുകയാണ്. അതനുസരിച്ച് കെ.എസ്.ആര്‍.ടി.സിയിലെ ഒരു ഡബ്ള്‍ ഡ്യൂട്ടി  സംവിധാനത്തില്‍ ഒരു ഓര്‍ഡിനറി ബസ് ഒറ്റ വരി  പാതയിലൂടെ 336 കിലോമീറ്ററും രണ്ടുവരി പാതയിലൂടെ 374 കിലോമീറ്ററും നാലുവരി പാതയിലൂടെ 420 കിലോമീറ്ററും ഓടിക്കണം. എന്നാല്‍, കെ.എസ്.ആര്‍.ടി.സിയില്‍ 3712 ഓര്‍ഡിനറി ബസുകള്‍ പ്രതിദിനം ഓടുന്നത് ശരാശരി 249 കിലോമീറ്റര്‍ മാത്രമാണ്. പുതുക്കിയ റണ്ണിങ് ടൈം പ്രകാരം ഫാസ്റ്റ് പാസഞ്ചര്‍ 480 മുതല്‍ 560 കിലോമീറ്റര്‍ വരെയും സൂപ്പര്‍ഫാസ്റ്റ് 560 മുതല്‍ 672 കിലോമീറ്റര്‍ വരെയും ഓടണം. ഇതിന് തൊഴിലാളികള്‍ തയാറല്ളെന്ന് പ്രഖ്യാപിച്ചിരിക്കുന്നു.  ബസുകളുടെ പ്രതിദിന ഓട്ടത്തില്‍ കിലോമീറ്റര്‍ കൂട്ടാന്‍ യൂനിയനുകള്‍ തയാറല്ല. സ്വന്തം തൊഴില്‍ മേഖലയെ തകര്‍ക്കുന്ന യൂനിയനുകളും അടുത്ത സംസ്ഥാനത്തേക്ക് നോക്കി പഠിക്കണം.
 കേരളത്തില്‍ ഒരുദിവസം ഒരു ബസ് ഓടുന്ന ശരാശരി ദൂരം  262 കിലോമീറ്ററാണ്. തമിഴ്നാട്ടില്‍ ഇത് 486ഉം, കര്‍ണാടകയില്‍ 332ഉം, ആന്ധ്രയില്‍ 354ഉം ആണ്. പ്രതിദിനം ഓരോ ജീവനക്കാരനും ആനുപാതികമായി ബസ് ഓട്ടുന്ന ദൂരം യഥാക്രമം 38,76,69,64 കിലോമീറ്ററുമാണ്. ഒരു ലിറ്റര്‍ ഡീസലിന് ലഭിക്കുന്ന മൈലേജാകട്ടെ യഥാക്രമം 4.2, 5.5, 4.9, 5.1 എന്നിങ്ങനെയുമാണ്. സര്‍ക്കാര്‍ ബസുകളിലെ ജീവനക്കാര്‍ക്ക് പെന്‍ഷന്‍ നല്‍കുന്ന സംസ്ഥാനം കേരളം മാത്രമാണ്. മറ്റ് നടപടികള്‍ക്കൊപ്പം ജീവനക്കാര്‍ കൂടുതല്‍ അധ്വാനഭാരം ഏറ്റെടുത്താലേ പെന്‍ഷന്‍ അടക്കമുള്ള പ്രതിസന്ധി മറികടക്കാനാവൂ എന്ന് ചുരുക്കം.
സാമൂഹിക ഉത്തരവാദിത്തങ്ങള്‍ നിറവേറ്റാനാണ് കെ.എസ്.ആര്‍.ടി.സി നഷ്ടം സഹിച്ചും സര്‍വീസുകള്‍ നടത്തുന്നതെന്നാണ് യൂനിയനുകളും കോര്‍പറേഷന്‍ അധികൃതരും പറയുന്നത്. എന്നാല്‍, അഞ്ച് മിനിറ്റ് ഇടവിട്ട്  സ്വകാര്യബസുകള്‍ ഓടുന്ന റൂട്ടുകളില്‍ കടന്ന് കിലോമീറ്ററിന് 15 മുതല്‍ 20 രൂപ വരെ നഷ്ടം വരുത്തുന്ന സര്‍വീസുകളൊന്നും സാമൂഹിക ഉത്തരവാദിത്ത സര്‍വീസുകളായി കണക്കാക്കാനാവില്ല്ള. സ്വകാര്യ ബസുകളില്ലാത്തിടത്താണ് കെ.എസ്.ആര്‍.ടി.സി സാമൂഹിക ഉത്തരവാദിത്ത സര്‍വീസ് നടത്തേണ്ടത്. രാത്രി 10 നുശേഷവും രാവിലെ അഞ്ചിനുമുമ്പും എത്ര കെ.എസ്.ആര്‍.ടി.സി ഓര്‍ഡിനറി ട്രിപ്പുകള്‍ നടത്തുന്നെന്ന് പരിശോധിക്കുക. ആകെയുള്ള 22,272 പ്രതിദിന ഓര്‍ഡിനറി ട്രിപ്പുകളില്‍ 50ല്‍ താഴെ മാത്രമാണ് ഇത്തരം സര്‍വീസുകള്‍. കെ.എസ്.ആര്‍.ടി.സി വിതരണം ചെയ്യുന്ന വിദ്യാര്‍ഥി കണ്‍സെഷനുകള്‍ ഒന്നരലക്ഷത്തില്‍ താഴെയാണ്. ബസ് യാത്ര ചെയ്യുന്ന 20 ലക്ഷം വിദ്യാര്‍ഥികളില്‍ ബാക്കി 18.5 ലക്ഷവും സ്കൂള്‍ബസുകളെയും സ്വകാര്യ ബസുകളെയും മറ്റ് സമാന്തര സര്‍വീസുകളെയുമാണ് ആശ്രയിക്കുന്നത്.
സംസ്ഥാനത്ത് സ്വകാര്യബസുകള്‍ക്ക് സൂപ്പര്‍ക്ളാസ് പെര്‍മിറ്റ് നല്‍കേണ്ടെന്ന തീരുമാനം ഫലപ്രദമായി നടപ്പാക്കിയാല്‍ കെ.എസ്.ആര്‍.ടി.സി രക്ഷപ്പെടുമായിരുന്നു. എന്നാല്‍, ഇതിനുള്ള ഒരു നീക്കവും നടത്തിയില്ളെന്ന് മാത്രമല്ല, സ്വകാര്യ സൂപ്പര്‍ക്ളാസുകളെ കുറിച്ച് പഠനം നടത്താന്‍പോലും കോര്‍പറേഷന്‍ സന്നദ്ധമായിട്ടില്ല.
  മികച്ച മാനേജ്മെന്‍റ് വിദഗ്ധരെ കെ.എസ്.ആര്‍.ടി.സിയുടെ തലപ്പത്ത് നിയോഗിക്കണമെന്ന് കോര്‍പറേഷന്‍െറ പുനരുദ്ധാരണത്തെക്കുറിച്ച് പഠിച്ച വര്‍മ ആന്‍ഡ് വര്‍മ എന്ന സ്ഥാപനം ശിപാര്‍ശ ചെയ്തത് എന്നേ നടപ്പാക്കേണ്ടതായിരുന്നു.  നിര്‍ണായക തീരുമാനങ്ങളെടുക്കേണ്ട ഉദ്യോഗസ്ഥര്‍ മുതല്‍ സാധാരണ ജീവനക്കാര്‍ വരെയുള്ളവരുടെ സമീപനത്തില്‍ മാറ്റം വന്നെങ്കിലേ കോര്‍പറേഷനില്‍ പ്രതീക്ഷയര്‍പ്പിച്ചിട്ട് കാര്യമുള്ളൂ. ഗതാഗത മന്ത്രിക്ക് അത് നന്നാക്കാന്‍ ആത്മാര്‍ഥമായ ആഗ്രഹമുണ്ടോ എന്നത് അതിനേക്കാള്‍ പ്രസക്തമായ ചോദ്യം. അതല്ല, കിട്ടിയ അവസരം ഉപയോഗിച്ച് പൂട്ടിക്കാനാണെങ്കില്‍ ദയവു ചെയ്ത് ഇല്ലാക്കഥ പറഞ്ഞ് ജനങ്ങളെ വഞ്ചിക്കരുത്.
(അവസാനിച്ചു)

കാഴ്ചകള്‍ കാണാന്‍ സഞ്ചാരികള്‍; ആശങ്കയില്‍ തീരദേശവാസികള്‍

Posted: 22 Sep 2013 12:14 AM PDT

തൊടുപുഴ: നിറഞ്ഞുതുളുമ്പുന്ന അണക്കെട്ട് കാണാനെത്തുന്നവര്‍, ആശങ്കയോടെ പരിശോധനകള്‍ പൂര്‍ത്തിയാക്കുന്ന ഉദ്യോഗസ്ഥര്‍, വിലപ്പെട്ടതെല്ലാം നഷ്ടമാകുമോ എന്ന ആശങ്കയില്‍ കഴിയുന്ന നാട്ടുകാര്‍ ഇതൊക്കെയാണ് ഇടുക്കി ഡാമിനും പരിസരത്തും ഇപ്പോഴുള്ള കാഴ്ചകള്‍.  ഇടുക്കി ആര്‍ച്ച് ഡാമിന് പുറമെ കുളമാവ് ഡാമും ചെറുതോണി ഡാമും ചേരുന്നതാണ് ഇടുക്കി ജലസംഭരണി. ഇത് നിറഞ്ഞാല്‍ പുറത്തേക്ക് ജലമൊഴുക്കാനുള്ള ഏക മാര്‍ഗം ചെറുതോണി ഡാമിലെ അഞ്ച് ഷട്ടറുകളാണ്.
 ഇത് ഉയര്‍ത്തുന്നതോടെ ജലം താഴ്വാരത്തിലേക്ക് കുതിച്ചൊഴുകും. പെരിയാറിനെ പാതിവഴിയില്‍ തടഞ്ഞുനിര്‍ത്തിയപ്പോള്‍ വറ്റിപ്പോയ പുഴയുടെ ഭാഗങ്ങളില്‍ പുതു ജീവിതം നട്ടുമുളപ്പിച്ചവരുടെ മുകളിലേക്ക് വാശിയോടെ പെരിയാര്‍ വീണ്ടുമെത്തും. ഈ കലിയില്‍ എന്തൊക്കെ തകര്‍ക്കപ്പെടുമെന്ന ആശങ്കയിലാണ് പലരും.
അണക്കെട്ട് തുറന്നാല്‍ ചെറുതോണി ആറിലൂടെ  ഒഴുകുന്ന ജലം വെള്ളക്കയത്തുവെച്ച് പെരിയാറില്‍ ചേരും.
ജില്ലാ ഭരണകൂടത്തിന്‍െറ കണക്കനുസരിച്ച് ഏഴ് വില്ലേജുകളില്‍നിന്ന് 92 കുടുംബങ്ങളെ രക്ഷിക്കേണ്ട സാഹചര്യമാണ് ഇപ്പോഴുള്ളത്.
എന്നാല്‍, കഞ്ഞിക്കുഴി 54, വാഴത്തോപ്പ് 13, വാത്തിക്കുടി 19, ഉപ്പുതോട് ഒമ്പത്, കൊന്നത്തടി ആറ് എന്നിങ്ങനെ 101 പേരെ മാറ്റണമെന്ന കണക്കും അധികൃതര്‍ ഉയര്‍ത്തുന്നുണ്ട്. മുമ്പ് അണക്കെട്ട് തുറന്നുവിട്ടപ്പോഴെല്ലാം ലക്ഷക്കണക്കിന് രൂപയുടെ നാശനഷ്ടമാണ് ഉണ്ടായത്. ഡാം തുറക്കുന്നതിന് മുമ്പ് വില്ലേജ് ഓഫിസര്‍മാരുടെ നേതൃത്വത്തില്‍ മാറി താമസിക്കേണ്ടവര്‍ക്ക് ജാഗ്രത നിര്‍ദേശം നല്‍കും.
ഇവരെ ഏറ്റവും അടുത്ത സ്കൂളുകളിലും മറ്റും താമസിപ്പിക്കാനാണ് നടപടിയെടുത്തിരിക്കുന്നതെന്ന് എ.ഡി.എം പി.എന്‍. സന്തോഷ് പറഞ്ഞു. ജനം മാറിത്താമസിക്കുമെന്നതിനാല്‍ ആളപായം ഒഴിവാക്കാമെങ്കിലും കിലോമീറ്ററുകള്‍ ദൂരത്തിലുള്ള ഏക്കറുകണക്കിന് ഭൂമിയിലെ കൃഷികള്‍ പെരിയാര്‍ കവര്‍ന്നെടുക്കും. പല സ്ഥലങ്ങളിലും പെരിയാറിലേക്ക് ഇറക്കി നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നടത്തിയിരിക്കുന്നതിനാല്‍ ആറിന് വീതി കുറഞ്ഞിരിക്കുകയാണ്. ഇത് മൂലം ജലം ദിശമാറി ഒഴുകാനും സാധ്യതയുണ്ട്.
ഡാം തുറക്കുന്നത് കാണാനെത്തുന്നവരെ നിയന്ത്രിക്കാനുള്ള സംവിധാനങ്ങളും അധികൃതര്‍ ഒരുക്കുന്നുണ്ട്. നുരഞ്ഞുപതഞ്ഞ് ചെറുതോണി ഡാമിന്‍െറ ഷട്ടറിലൂടെ ജലം പുറത്തേക്കൊഴുകുന്നത് കാണാന്‍ രണ്ട് പതിറ്റാണ്ട് മുമ്പ് നൂറുകണക്കിന് പേര്‍ എത്തിയിരുന്നു.
ചെറുതോണിയില്‍നിന്ന് കുതിക്കുന്ന വെള്ളം പെരിയാര്‍ കടന്നുപോകുന്ന കരിമ്പന്‍, പനംകുട്ടി, ലോവര്‍പെരിയാര്‍, നേര്യമംഗലം, ആലുവ തുടങ്ങിയ സ്ഥലങ്ങളിലെല്ലാം ഒഴുകി ഒടുവില്‍ അറബിക്കടലിലാണ് പതിക്കുക.
 

പമ്പാ മണപ്പുറത്തെ വെള്ളപ്പൊക്കം: ദേവസ്വം ബോര്‍ഡിന് വന്‍നഷ്ടം

Posted: 22 Sep 2013 12:07 AM PDT

ശബരിമല: പമ്പാ മണപ്പുറത്തെ വെള്ളം കയറിയതിനെത്തുടര്‍ന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് വന്‍ നഷ്ടം. മണപ്പുറത്ത് പാകിയിരുന്ന ഇന്‍റര്‍ലോക്ക് കട്ടകള്‍ ഇളകി നദിയിലേക്ക് ഒഴുകിപ്പോയ നിലയിലാണ്. ഇവിടെ കോണ്‍ക്രീറ്റ് ചെയ്ത ഭാഗങ്ങളും ഇളകിപ്പോയിട്ടുണ്ട്.
പമ്പാ ത്രിവേണി പുതിയ പാലം മുതല്‍ ആറാട്ട് കടവ് വരെയുള്ള മണപ്പുറത്ത് അയ്യപ്പന്മാര്‍ക്ക് വിരിവെക്കാനായിട്ടാണ്  ഇന്‍റര്‍ലോക്ക് കട്ടകള്‍ പാകിയത്. ത്രിവേണി പുതിയ പാലത്തിന്‍െറ ഇരുവശത്തെയും കോണ്‍ക്രീറ്റുകളും ഇളകിപ്പോയിട്ടുണ്ട്. പുതിയ പാലം മുതല്‍ ത്രിവേണി പഴയ പാലം വരെയാണ് കൂടുതല്‍ നാശനഷ്ടം ഉണ്ടായിട്ടുള്ളത്.
ബലിപ്പുരക്ക് സമീപത്തും തറകള്‍ ഇളകിപ്പോയിട്ടുണ്ട്. മണല്‍പ്പുറത്തെ നടപ്പന്തല്‍ നിറയെ ചളി അടിഞ്ഞുകിടക്കുന്നതിനാല്‍ ഈ ഭാഗത്തുകൂടി നടക്കാനും പറ്റാത്ത സ്ഥിതിയാണ്. പാര്‍ക്കിങ് ഗ്രൗണ്ടും ചളിക്കുളമായി കിടക്കുകയാണ്. ആറാട്ട് കടവ്, പഴയപാലം എന്നിവിടങ്ങളിലും ചളി കെട്ടിക്കിടക്കുന്നത് ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്.അപ്രതീക്ഷിതമായുണ്ടായ വെള്ളപ്പൊക്കത്തില്‍ പമ്പ മണപ്പുറത്തെ കച്ചവടക്കാര്‍ക്കും നഷ്ടം സംഭവിച്ചിട്ടുണ്ട്.
കടകളില്‍ സൂക്ഷിച്ചിരുന്ന സാധനങ്ങള്‍ മിക്കതും വെള്ളത്തിലാകുകയും ചെയ്തു. കനത്ത മഴയെ തുടര്‍ന്ന് കൊച്ചുപമ്പ, ആനത്തോട് ഡാമുകള്‍ തുറന്നുവിട്ടതിനെതുടര്‍ന്ന് വ്യാഴാഴ്ച രാത്രി പമ്പാ നദിയില്‍ കൂടുതല്‍ ജലം ഒഴുകിയെത്തി മണപ്പുറത്തേക്ക് ഇരച്ചുകയറിയാണ് നാശനഷ്ടങ്ങള്‍ ഉണ്ടായത്.
വെള്ളിയാഴ്ചയോടെയാണ്  വെള്ളം ഇറങ്ങിയത്. ശബരിമല സീസണ്‍ തുടങ്ങാന്‍ ഇനി ഒന്നര മാസം മാത്രമാണുള്ളത്.
ഇതിന് മുമ്പ് തകര്‍ന്ന ഭാഗങ്ങള്‍ പുനരുദ്ധരിച്ചില്ലെങ്കില്‍ സീസണ്‍ സമയത്ത് തീര്‍ഥാടകര്‍ ഏറെ ബുദ്ധിമുട്ടുകയും ചെയ്യും. കന്നിമാസ പൂജകള്‍ പൂര്‍ത്തിയാക്കി ശനിയാഴ്ച രാത്രി ശബരിമല നട അടച്ചു.
 

നെല്‍കര്‍ഷകര്‍ക്ക് ഇനിയും നഷ്ടപരിഹാരമില്ല

Posted: 22 Sep 2013 12:03 AM PDT

കോട്ടയം: പലവട്ടം കൃഷിനാശം സംഭവിച്ച് ജില്ലയിലെ നെല്‍കൃഷി മേഖലക്ക് കോടികളുടെ നഷ്ടം സംഭവിച്ചിട്ടും വരള്‍ച്ചക്കാലത്തെ നഷ്ടപരിഹാരം പോലും കര്‍ഷകര്‍ക്ക്   സര്‍ക്കാര്‍ നല്‍കിയില്ലെന്ന് പരാതി.  പലവട്ടം കൃഷിമന്ത്രിക്ക് നിവേദനം നല്‍കിയിട്ടും ജനപ്രതിനിധികളെക്കൊണ്ട് സമ്മര്‍ദം ചെലുത്തിയിട്ടും കര്‍ഷകരുടെ കണ്ണീരിന് മുന്നില്‍ മുഖംതിരിക്കുകയാണ് കൃഷി ഉദ്യോഗസ്ഥര്‍.  വെള്ളം കയറി കായലിലെ വാഴകൃഷി നശിച്ചതിന്‍െറ നഷ്ടപരിഹാരം കൃഷിഭവനുകളിലൂടെ നല്‍കുന്നുമുണ്ട്.
ഈവര്‍ഷം കടുത്ത വേനലില്‍ ജലസേചന സൗകര്യമില്ലാതെ അനേകം ഏക്കറിലെ നെല്‍കൃഷിയാണ് ജില്ലയില്‍ നശിച്ചത്. ഒപ്പം കായലില്‍ നിന്ന് ഓരുജലം കയറിയും വിളഞ്ഞ നെല്ല് ഉപയോഗശൂന്യമായി. മനുഷ്യ ഉപയോഗത്തിന് പറ്റാത്ത പാകമാകാതെ നശിച്ച നെല്ല് കാലിത്തീറ്റ നിര്‍മാണത്തിനായി സര്‍ക്കാര്‍ ഏജന്‍സിയെക്കൊണ്ട് ഏറ്റെടുക്കുമെന്ന് കൃഷിമന്ത്രി കെ.പി. മോഹനന്‍ പാടശേഖരങ്ങള്‍ സഞ്ചരിച്ച് ഉറപ്പുനല്‍കിയിരുന്നു. മന്ത്രിയുടെ ഉറപ്പ് വിശ്വസിച്ച് വൈക്കം,വെച്ചൂര്‍,തലയാഴം പ്രദേശങ്ങളിലെ 200 കര്‍ഷകര്‍ ചേര്‍ന്ന് 200 ടണ്‍ നെല്ല് വെച്ചൂര്‍ മോഡേണ്‍ റൈസ് മില്ലിന് കൈമാറി. എന്നാല്‍, ഇതുവരെ ഏറ്റെടുത്ത നെല്ലിന്‍െറ വില കര്‍ഷകര്‍ക്ക് നല്‍കിയിട്ടില്ല.
കര്‍ഷക സംഘടനകള്‍ ഇക്കാര്യം നിരന്തരം ആവശ്യപ്പെട്ടതിന് ശേഷം ഇപ്പോള്‍ ഒരുകിലോ നെല്ലിന് 6.80 പൈസ വീതം നല്‍കാമെന്ന നിലപാടിലാണ് റൈസ്മില്‍. അനേക ടണ്‍ നെല്ല് നശിച്ചതില്‍ നിന്ന് അല്‍പമെങ്കിലും ഉപയോഗിക്കാവുന്നവ അരിഞ്ഞെടുത്ത് കര്‍ഷകര്‍ കൊടുത്തതാണ് ഈ 200 ടണ്‍. ബാക്കി നെല്ല് തീയിട്ടും മറ്റും നശിപ്പിച്ചു.
കൃഷിനാശം സംഭവിച്ചാല്‍ നെല്ലിന്‍െറ തറവിലയായ 17രൂപയെങ്കിലും നല്‍കുന്നതായിരുന്നു മുമ്പത്തെ കീഴ്വഴക്കം. നശിച്ച നെല്ല് അക്കാലത്ത് താറാവ് കര്‍ഷകര്‍ക്ക് കൊടുത്തിരുന്നെങ്കില്‍ കിലോക്ക് 12 രൂപയെങ്കിലും ലഭിക്കുമായിരുന്നെന്ന് കര്‍ഷകര്‍ പറയുന്നു. 6000 ഹെക്ടര്‍ കൃഷിയാണ് വരള്‍ച്ചക്കാലത്ത് നശിച്ചതായി സര്‍ക്കാര്‍ കണക്കുകള്‍.
കേടുപറ്റിയ നെല്ല് സംഭരിച്ചതിന് എത്രരൂപ നല്‍കണമെന്നത് സംബന്ധിച്ച് കൃഷിവകുപ്പ് അറിയിച്ചിട്ടില്ലെന്നാണ് മില്ലില്‍നിന്ന് കര്‍ഷക സംഘടനകള്‍ക്ക് ലഭിക്കുന്ന മറുപടി. തങ്ങളുടെ ചെലവുകള്‍ കഴിച്ച് നല്‍കാനാകുന്ന തുകയാണ് 6.80 രൂപയെന്നും അധികൃതര്‍ വ്യക്തമാക്കുന്നു.
വേനല്‍ മാറി മഴ തുടങ്ങിയപ്പോഴും കര്‍ഷകരെ കാത്തിരുന്നത് കൃഷിനാശത്തിന്‍െറ പരമ്പരകള്‍ തന്നെയായിരുന്നു. ആര്‍പ്പൂക്കര, അയ്മനം, കല്ലറ തുടങ്ങിയ മേഖലകളില്‍ തുടര്‍ച്ചയായി  നാശം സംഭവിച്ചു. വരള്‍ച്ചയുടെ നഷ്ടപരിഹാരം ലഭിക്കും മുമ്പേ കാലവര്‍ഷത്തില്‍ ഇക്കുറി വെള്ളം ദിവസങ്ങളോളം പാടശേഖരങ്ങളില്‍ കെട്ടിക്കിടന്നു. വെള്ളം വറ്റിക്കാനും അനുബന്ധ ചെലവുകള്‍ക്കും മുമ്പെന്നത്തെക്കാളും വലിയ ചെലവാണ് കര്‍ഷകര്‍ നടത്തിയത്.
മഴക്കാലത്ത് അമിതമായി വെള്ളം കെട്ടിക്കിടന്നതുമൂലം നെല്ല് ഉല്‍പാദനം കുറഞ്ഞു. കൂടുതലായി കളകള്‍ പാടശേഖരങ്ങളില്‍ വളരുകയും ചെയ്തു. കാലാവസ്ഥ വ്യതിയാനം കൃഷിച്ചെലവ് വര്‍ധിപ്പിച്ചപ്പോള്‍ ഉല്‍പാദനം പകുതിയായി കുറഞ്ഞു. ഒരേക്കര്‍ കൃഷിക്ക് 20,000 രൂപ ചെലവുവരുമെന്നാണ് കര്‍ഷകരുടെ കണക്ക്. മികച്ച വിളവുണ്ടായാല്‍ രണ്ട് ടണ്‍ നെല്ല് ഇതില്‍നിന്ന് ഉല്‍പാദിപ്പിക്കാനാകും. പുതുക്കിയ സര്‍ക്കാര്‍ കണക്ക് അനുസരിച്ച് രണ്ട് ടണ്‍ നെല്ല് സംഭരിച്ചാല്‍ 36,000 രൂപ കര്‍ഷകന് ലഭിക്കണം. ഒരേക്കറില്‍ നിന്ന് 16,000 രൂപ കര്‍ഷകന് നേടാനാകുമെന്നാണ് വിലയിരുത്തല്‍. എന്നാല്‍, വരള്‍ച്ചക്കാലത്ത് ഒരേക്കറില്‍ നിന്ന് അഞ്ച് ക്വിന്‍റല്‍ മാത്രം നെല്ല് ലഭിച്ച കര്‍ഷകര്‍ ജില്ലയിലുണ്ട്.പുത്തന്‍ കായലിലും മറ്റും വെള്ളം കയറി വാഴകൃഷി നശിച്ചതില്‍ നഷ്ടപരിഹാരത്തുക കൃഷിഭവനുകള്‍ വഴി കൈമാറുന്നുണ്ട്. നെല്‍കര്‍ഷകരോട് ഇല്ലാത്ത ‘സഹാനുഭൂതി’ വാഴ കര്‍ഷകരോട് ഉദ്യോഗസ്ഥര്‍ കാണിക്കുന്നതിന് പിന്നില്‍ ദുരൂഹതയുണ്ടെന്നാണ് സംഘടനകളുടെ അഭിപ്രായം.
 

റോഡ് തകര്‍ച്ചക്ക് കാരണം കരാറുകാരുടെ അത്യാര്‍ത്തി - മന്ത്രി

Posted: 21 Sep 2013 11:59 PM PDT

കളമശേരി: കേരളത്തിലെ റോഡുകളുടെ തകര്‍ച്ചക്ക് കാരണം കരാറുകാരുടെ അനാവശ്യധിറുതിയും അത്യാര്‍ത്തിയുമാണെന്ന് പൊതുമരാമത്ത് മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞ്.
ഓള്‍ കേരള ഗവ.കോണ്‍ട്രാക്ടേഴ്സ് അസോസിയേഷന്‍ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച കേരള റോഡ് കോണ്‍ക്ളേവ് ഇന്നോവേഷന്‍ 2013 ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. റോഡ് നിര്‍മാണത്തില്‍ എസ്റ്റിമേറ്റ് നിരക്ക് കുറച്ചെഴുതുന്നതും കരാറുകാര്‍ തമ്മിലെ മത്സരങ്ങളും ഒഴിവാക്കണം. കരാറുകാര്‍ മുതലാകാത്ത തരത്തില്‍ നിര്‍മാണം ഏറ്റെടുക്കുന്നത് റോഡ് തകര്‍ച്ചക്ക് കാരണമാകുന്നു. നല്ല നിലയില്‍ ടാറും മെറ്റലും ഉപയോഗിച്ചാല്‍ റോഡുകള്‍ തകരില്ല.
ഇക്കാര്യത്തില്‍ എന്‍ജിനീയര്‍മാരും കുറ്റക്കാരാണ്. സംസ്ഥാന റോഡുകളുടെ നിര്‍മാണത്തില്‍ അഞ്ചുവര്‍ഷത്തെ ഗ്യാരന്‍റി ഉറപ്പാക്കാന്‍ സര്‍ക്കാര്‍ നടപടിയെടുക്കുമെന്നും മന്ത്രി പറഞ്ഞു. കളമശേരി ഗവ.പോളിടെക്നിക് ഹാളില്‍ നടന്ന പരിപാടിയില്‍ അസോസിയേഷന്‍ ജില്ലാ പ്രസിഡന്‍റ് ജോണി പള്ളിപ്പാടന്‍ അധ്യക്ഷത വഹിച്ചു. ‘റോഡ് വികസനവും നിര്‍മാണപ്രവര്‍ത്തനങ്ങളും വസ്തുതയും യാഥാര്‍ഥ്യവും’  വിഷയത്തില്‍ നാട്പാക് ഡയറക്ടര്‍ ബി.ജി. ശ്രീദവി ക്ളാസെടുത്തു. ബില്‍ഡേഴ്സ് അസോസിയേഷന്‍ ചെയര്‍മാന്‍ അലക്സ് പെരുമാള്‍, ബിജി സ്റ്റീഫന്‍, പി.കെ. സതീശന്‍, ജോയ് ജോസഫ്, അസോസിയേഷന്‍ മധ്യമേഖല ചെയര്‍മാന്‍ കെ.എ. അബ്ദുല്ല, ജില്ലാ സെക്രട്ടറി എച്ച്. മുഹമ്മദ് എന്നിവര്‍ സംസാരിച്ചു.

വേഗപ്പൂട്ടില്ല: കെ.എസ്.ആര്‍.ടി.സി ബസുകള്‍ കട്ടപ്പുറത്ത്

Posted: 21 Sep 2013 11:57 PM PDT

ഹരിപ്പാട്: ഹരിപ്പാട് ഡിപ്പോയില്‍ വേഗപ്പൂട്ടുകള്‍ തകരാറിലായ കെ.എസ്.ആര്‍.ടി.സി ഫാസ്റ്റ് പാസഞ്ചറുകള്‍ കട്ടപ്പുറത്ത്. ഇത് നന്നാക്കാനുള്ള സാങ്കേതിക വിവരം അറിയാത്തതിനാല്‍ മെക്കാനിക്കുകള്‍ വണ്ടി മാറ്റിയിട്ടിരിക്കുകയാണ്.
കൊല്ലത്തേക്കും ആലപ്പുഴയിലേക്കും സര്‍വീസ് നടത്തുന്ന നാല് ബസുകളും സര്‍വീസ് നിര്‍ത്തിയവയുടെ കൂട്ടത്തിലുണ്ട്. കണ്ടക്ടറുടെ കുറവുമൂലം സര്‍വീസ് റദ്ദാക്കുന്നതും ഇവിടെ പതിവാണ്.
 ദിവസം നാലുലക്ഷത്തോളം രൂപ കലക്ഷന്‍ കിട്ടുന്ന റൂട്ടുകളിലെ സര്‍വീസുകളാണ് റദ്ദാക്കിയതില്‍ കൂടുതലും. സ്വകാര്യബസുകള്‍ ഇല്ലാത്ത കൊല്ലം, ആലപ്പുഴ റൂട്ടുകളില്‍ സര്‍വീസുകളുടെ കുറവ് യാത്രക്കാരെയും വലക്കുന്നു.
 

ചന്തിരൂര്‍ ഗവ.ആയുര്‍വേദ ആശുപത്രി ഇരുനിലയാക്കുന്നു

Posted: 21 Sep 2013 11:51 PM PDT

Subtitle: 
നിന്നുതിരിയാന്‍ ഇടമില്ല; വികസിപ്പിക്കാന്‍ സ്ഥലവും

അരൂര്‍: ചന്തിരൂര്‍ ഗവ.ആയുര്‍വേദ ആശുപത്രി  സ്ഥലം ഇല്ലാത്തതിനാല്‍ ‘മുകളിലേക്ക്’ വളരുന്നു. നിലവില്‍ ചന്തിരൂര്‍ സഹ.ബാങ്ക് അനുവദിച്ച 10 സെന്‍റ് സ്ഥലത്താണ് ഗവ. ആയുര്‍വേദ ആശുപത്രി നിര്‍മിച്ചിരിക്കുന്നത്. സ്ഥല പരിമിതിമൂലം ഏറെ ക്ളേശിച്ചാണ് പ്രവര്‍ത്തനം. ഇതിനിടെ കേന്ദ്രസര്‍ക്കാറിന്‍െറ ആയുഷ് പദ്ധതിയില്‍നിന്ന് അനുവദിച്ച 20 ലക്ഷം രൂപ ചെലവഴിച്ചുള്ള കെട്ടിട നിര്‍മാണം മുകളിലേക്കുള്ള നിലയാക്കാതെ നിവൃത്തിയില്ലാതായി. ഇപ്പോള്‍ 12 രോഗികളെ കിടത്തിച്ചികിത്സിക്കാനുള്ള സൗകര്യമേയുള്ളു. പുതിയ നില കൂടി വരുന്നതോടെ 20 രോഗികള്‍ക്ക് കിടത്തിച്ചികിത്സ തേടാനാകും.
മതിലിനുള്ളിലെ കെട്ടിടത്തില്‍ തിങ്ങിഞെരുങ്ങിയാണ് ആശുപത്രി പ്രവര്‍ത്തനം. മരുന്നുകള്‍ സൂക്ഷിക്കാനും മറ്റ് പ്രവര്‍ത്തനങ്ങള്‍ക്കും സ്ഥലപരിമിതി പ്രശ്നമാണ്. ദിനംപ്രതി 200ഓളം രോഗികള്‍ ചികിത്സതേടി എത്തുന്ന ഡിസ്പെന്‍സറിയും ആശുപത്രിയില്‍ തന്നെയാണ് പ്രവര്‍ത്തിക്കുന്നത്.
ഒ.പി വിഭാഗത്തില്‍ ഉള്ളവരും മരുന്നുവാങ്ങി പോകുന്നത് കഷ്ടത അനുഭവിച്ചതാണ്. ആശുപത്രിക്കായി വാങ്ങാന്‍ കഴിയുന്ന സ്ഥലം ചുറ്റുപാടുമുണ്ടെന്ന് നാട്ടുകാര്‍ പറയുന്നു. പഞ്ചായത്ത് സമിതി ശ്രദ്ധിച്ചാല്‍ ആശുപത്രി വികസനം കാര്യക്ഷമമാകുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
 

ഗവര്‍ണറുടെ നിര്‍ദേശപ്രകാരം അന്വേഷണ കമീഷന്‍

Posted: 21 Sep 2013 11:43 PM PDT

Subtitle: 
വി.സിക്കെതിരെ കവിത

കണ്ണൂര്‍: സര്‍വകലാശാലയില്‍ ഗവര്‍ണര്‍ പങ്കെടുത്ത ഡി.ലിറ്റ് ദാന ചടങ്ങിനിടയില്‍ വി.സിയെ അധിക്ഷേപിച്ച് കവിതയെഴുതിയ സംഭവത്തില്‍ അന്വേഷണ കമീഷന്‍ രൂപവത്കരിച്ചു. സര്‍വകലാശാല ചാന്‍സലറായ ഗവര്‍ണറുടെ ഉത്തരവ് പ്രകാരമാണ് കമീഷന്‍ രൂപവത്കരിച്ചത്.
സിന്‍ഡിക്കേറ്റിന്‍െറ നേതൃത്വത്തിലുണ്ടാക്കിയ  കമ്മിറ്റിയില്‍ ഡോ. ജോണ്‍ ജോസഫ്, ഡോ. ലസിത, ഡോ. സജീവന്‍, പുത്തൂര്‍ മുസ്തഫ എന്നിവര്‍ അംഗങ്ങളാണ്. സെപ്റ്റംബര്‍ 27നകം അന്വേഷണ റിപ്പോര്‍ട്ട് ചാന്‍സലര്‍ക്ക് സമര്‍പ്പിക്കണമെന്നാണ് നിര്‍ദേശം. സര്‍വകലാശാല സ്റ്റാഫ് ഓര്‍ഗനൈസേഷന്‍ നല്‍കിയ പരാതിയിലാണ് ഗവര്‍ണര്‍ നിഖില്‍ കുമാറിന്‍െറ നിര്‍ദേശം.  ഡി.ലിറ്റ് ദാന ചടങ്ങിനിടയില്‍ ഡെപ്യൂട്ടി രജിസ്ട്രാര്‍ സുധീപ് ചന്ദ്രന്‍ നോട്ടീസ് വിതരണം ചെയ്യുന്ന ജോലിയില്‍ ഏര്‍പ്പെടുകയായിരുന്നുവെന്നാണ് ഓര്‍ഗനൈസേഷന്‍ ഗവര്‍ണര്‍ക്ക് നല്‍കിയ പരാതിയില്‍ പറഞ്ഞിരിക്കുന്നത്. പരിപാടി വിജയിപ്പിക്കുന്നതുമായിബന്ധപ്പെട്ട സംഘാടക സമിതിയുടെ ഓഡിയോ വീഡിയോ റെക്കോഡിങ് കമ്മിറ്റിയുടെ കണ്‍വീനറാണ് സുധീപ് ചന്ദ്രന്‍. എന്നാല്‍, അദ്ദേഹം ആ ജോലി നിര്‍വഹിക്കുന്നതിനുപകരം  ചടങ്ങുമായി ബന്ധമില്ലാത്ത നോട്ടീസ് നല്‍കുന്ന ജോലിയില്‍ ഏര്‍പ്പെടുകയായിരുന്നുവെന്ന് രജിസ്ട്രാര്‍ ബാലചന്ദ്രന്‍ കീഴോത്ത് പറഞ്ഞു.
ചാന്‍സലറുടെ പരിപാടി കൃത്യമായി പ്രോട്ടോകോള്‍ പ്രകാരമാണ് നടത്തുന്നത്. പ്രോട്ടോകോള്‍ ലംഘനമാണ് നടന്നതെന്നും പരാതിയില്‍ പറയുന്നു. ചടങ്ങിന്‍െറ ‘മിനുട്ട് ബൈ മിനുട്ട്’ രേഖപ്പെടുത്തണം. ചുമതലപ്പെട്ട ഓരോ ആളും അവരുടെ ജോലി നിര്‍വഹിക്കണം. എന്നാല്‍, അതൊന്നും ചെയ്യാതെ നോട്ടീസ് വിതരണം ചെയ്യുകയായിരുന്നു സുധീപ് ചന്ദ്രന്‍.  എന്താണ് നോട്ടീസിന്‍െറ ഉള്ളടക്കമെന്നത് വിഷയമല്ല. നോട്ടീസില്‍ കവിതയാണെന്നും വിശിഷ്ട വ്യക്തികളെ അപമാനിക്കുന്നതാണ് ഇതെന്ന് പിന്നീട് വ്യക്തമായതായും രജിസ്ട്രാര്‍ പറഞ്ഞു. കണ്ണൂര്‍ സര്‍വകലാശാലയില്‍ വൈസ് ചാന്‍സലറും എംപ്ളോയീസ് യൂനിയനും തമ്മിലുള്ള തര്‍ക്കമാണ് കവിതയെഴുത്തിലേക്കും വിവാദത്തിലേക്കും എത്തിച്ചത്. വൈസ് ചാന്‍സലര്‍ ഖാദര്‍ മാങ്ങാടിനെ അധിക്ഷേപിക്കുന്ന പരാമര്‍ശമാണ് സിന്‍ഡിക്കേറ്റിനെ പ്രകോപിപ്പിച്ചത്. ഇതിന്‍െറ പേരില്‍ സുധീപ് ചന്ദ്രനെതിരെയെടുക്കുന്ന നടപടി നിയമപരമായി നിലനില്‍ക്കുന്നതല്ല എന്നതിനെ തുടര്‍ന്നാണ് പ്രോട്ടോകോള്‍ പ്രശ്നത്തിലേക്ക് വിഷയത്തെ കൊണ്ടെത്തിച്ചത്. വി.സിയെയും സിന്‍ഡിക്കേറ്റിനെയും പിന്തുണക്കുന്ന കോണ്‍ഗ്രസ് അനുകൂല സംഘടനയായ സ്റ്റാഫ് ഓര്‍ഗനൈസേഷനെ ഉപയോഗിച്ച് ചാന്‍സലര്‍ക്ക് പരാതി നല്‍കുകയായിരുന്നു. ഇതോടെ നടപടികള്‍ ചാന്‍സലറായ ഗവര്‍ണറുടേതായി മാറി. സംഭവവുമായി ബന്ധപ്പെട്ട് വൈസ് ചാന്‍സലര്‍ ഖാദര്‍ മാങ്ങാട്, സുധീപ് ചന്ദ്രനോട് വിശദീകരണം ചോദിച്ചിരുന്നു. വി.സിയുടെ നടപടിക്കെതിരെ സര്‍വകലാശാലയില്‍ എംപ്ളോയീസ് യൂനിയന്‍െറ ആഭിമുഖ്യത്തില്‍ സമരം തുടരുകയാണ്.

ശ്രീനാരായണ ഗുരു സമാധി ദിനം ആചരിച്ചു

Posted: 21 Sep 2013 11:36 PM PDT

കല്‍പറ്റ: ശ്രീനാരായണ ഗുരുവിന്‍െറ സമാധി ദിനം ജില്ലയിലെങ്ങും ആചരിച്ചു. ഗുരുപൂജ, ഉപവാസം, സമൂഹ പ്രാര്‍ഥന, അന്നദാനം തുടങ്ങിയവയുണ്ടായി.
ശ്രീനാരായണ ധര്‍മസംഘം ട്രസ്റ്റ് ശിവഗിരി മഠം ഗുരുധര്‍മ പ്രചാരണ സഭ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സമാധി ദിനം ആചരിച്ചു.
ഗുരുസേവാശ്രമത്തിലും കേണച്ചിറ ടൗണിലും അനുസ്മരണ സമ്മേളനം നടത്തി. മദ്യനിരോധന സമിതി ജില്ലാ പ്രസിഡന്‍റ് ഡോ. പി. ലക്ഷ്മണന്‍ ഉദ്ഘാടനം ചെയ്തു. സഭാ ജില്ലാ പ്രസിഡന്‍റ് സി.കെ. മാധവന്‍ അധ്യക്ഷത വഹിച്ചു.  പൂതാടി പഞ്ചായത്ത് അംഗം വത്സലകുമാരി, ഗോപിനാഥന്‍ നായര്‍, പി.എ. ജെയിംസ്, ചന്ദ്രശേഖരന്‍ നായര്‍, ഖാലിദ് പനമരം, സി.കെ. ചെറിയാന്‍, വി.കെ. രാജേന്ദ്രന്‍ മാസ്റ്റര്‍, കെ.ആര്‍. ഗോപി, കെ.ആര്‍. ശ്രീധരന്‍, കെ.ആര്‍. സദാനന്ദന്‍ എന്നിവര്‍ സംസാരിച്ചു. ജില്ലാ സെക്രട്ടറി സി.കെ. ദിവാകരന്‍ സ്വാഗതവും സി. മുകുന്ദന്‍ നന്ദിയും പറഞ്ഞു.
കല്‍പറ്റ: എസ്.എന്‍.ഡി.പി യോഗം കല്‍പറ്റ യൂനിറ്റിന്‍െറ ആഭിമുഖ്യത്തില്‍ ശ്രീനാരായണ ഗുരുവിന്‍െറ സമാധിദിനം വിപുലമായ പരിപാടികളോടെ നടത്തി. പുഷ്പാര്‍ച്ചന, സമൂഹപ്രാര്‍ഥന എന്നീ ചടങ്ങുകള്‍ക്ക് യൂനിയന്‍ പ്രസിഡന്‍റ് കെ.ആര്‍. കൃഷ്ണന്‍, സെക്രട്ടറി എന്‍. മോഹനന്‍, എന്‍. മണിയപ്പന്‍, ശ്രീദേവി ബാബു, ഉഷാതമ്പി, എം.പി. പ്രകാശന്‍ കെ.ആര്‍.അഭില്‍കുമാര്‍, പി.ആര്‍. കൃഷ്ണദാസ്, വനിതാ സംഘം ഭാരവാഹികളായ പത്മിനി നാണപ്പന്‍, മല്ലിക ശശി, സുജാത മോഹനന്‍, പ്രസന്ന ബാബു, ബബിത അനീഷ്, ലക്ഷ്മി അജിത്ത് എന്നിവര്‍ നേതൃത്വം നല്‍കി. പൂജാ ചടങ്ങുകള്‍ക്ക് ചെല്ലപ്പന്‍ സ്വാമി മുണ്ടക്കൈ കാര്‍മികത്വം വഹിച്ചു.
കല്‍പറ്റ:എന്‍.എന്‍.ഡി.പി കല്‍പറ്റ ശാഖാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സമൂഹപ്രാര്‍ഥന, ഗുരുദേവ അനുസ്മരണ പ്രഭാഷണം എന്നീ പരിപാടികളോടെ ആചരിച്ചു. മുതിര്‍ന്ന അംഗമായ രാമവിലാസം രാമന്‍ ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. ശാഖാ സെക്രട്ടറി പി.കെ. മുരളി, വി.ജി. വിജയന്‍, എ.കെ. അനന്തന്‍, സി.എം. ലാല്‍, സി.എന്‍. രാജന്‍, വിജയന്‍ ഗൂഡല്ലായ്, എസ്. രാജു, സലി ചൂരിയാറ്റ, പ്രമീള ചന്ദ്രന്‍, പി.കെ. ചന്ദ്രശേഖരന്‍, സി.എം. രാജേഷ്, ദിലീപ് എന്നിവര്‍ സംസാരിച്ചു.
പുല്‍പള്ളി: എസ്.എന്‍.ഡി.പി പുല്‍പള്ളി യൂനിയന്‍െറ ആഭിമുഖ്യത്തില്‍ ഗുരുസമാധി ദിനം ആചരിച്ചു. വിശേഷാല്‍ ഗുരുപൂജ, ജപയജ്ഞം, സമൂഹ പ്രാര്‍ഥന, ഗുരുദേവ കൃതികളുടെ പാരായണം, അന്നദാനം എന്നീ ചടങ്ങുകള്‍ നടന്നു.
സെന്‍റര്‍ പുല്‍പള്ളി, എരിയപ്പിള്ളി, ടൗണ്‍ പുല്‍പള്ളി ശാഖായോഗങ്ങളുടെ സംയുക്താഭിമുഖ്യത്തില്‍ പുല്‍പള്ളി ഗുരുദേവ ക്ഷേത്രത്തില്‍ വിശേഷാല്‍ പൂജ, ഹവനം, ഗുരുദേവ കൃതികളുടെ പരായാണം, ഉപവാസ യജ്ഞം, അന്നദാനം, സമാധി സമ്മേളനം എന്നിവയുണ്ടായി.
 ക്ഷേത്രം ശാന്തി ജിതേഷ് ചുണ്ടുംമാക്കല്‍ കാമികത്വം വഹിച്ചു. പുല്‍പള്ളി യൂനിയന്‍ പ്രസിഡന്‍റ് കെ.ആര്‍. ജയരാജ്, യൂനിയന്‍ സെക്രട്ടറി കെ.എസ്. ബാബു കണ്ണക്കാപ്പറമ്പില്‍, എസ്.എന്‍.ഡി.പി  യോഗം ഇന്‍സ്പെക്ടിങ് ഓഫിസര്‍ പി.എന്‍. ശശി, പുല്‍പള്ളി ടൗണ്‍ ശാഖാ  പ്രസിഡന്‍റ് കേശവന്‍ നിരപ്പത്ത്, സെക്രട്ടറി എന്‍.ആര്‍. സുരേഷ്, എരിയപ്പിള്ളി ശാഖാ പ്രസിഡന്‍റ് എ.ആര്‍. കരുണാകരന്‍, സെക്രട്ടറി പി.എന്‍. സുന്ദരന്‍, സെന്‍റര്‍ പുല്‍പള്ളി ശാഖാ പ്രസിഡന്‍റ് പ്രദീപ്, സെക്രട്ടറി എ.എസ്. അരവിന്ദാക്ഷന്‍ മാസ്റ്റര്‍, പുല്‍പള്ളി യൂനിയന്‍ കൗണ്‍സില്‍ അംഗങ്ങളായ പി.എ. പരമേശ്വരന്‍, പിതാംബരന്‍ പുതുശ്ശേരിയില്‍, രവി പേപ്പതിയില്‍, വിശ്വംഭരന്‍ തുണ്ടിയില്‍, സന്തോഷ് ചക്കാലക്കല്‍, കെ.കെ. സോമനാഥന്‍ മാസ്റ്റര്‍ എന്നിവര്‍ നേതൃത്വം നല്‍കി. സമൂഹ പ്രാര്‍ഥനക്ക്  ഓമന, പ്രസന്നകുമാരി ടീച്ചര്‍, പത്മിനി കേശവന്‍ എന്നിവര്‍ നേതൃത്വം നല്‍കി.
പുല്‍പള്ളി യൂനിയന്‍ പരിധിയിലുള്ള കാപ്പിസെറ്റ്, അമരക്കുനി, ചെറ്റപ്പാലം, ആശ്രമക്കൊല്ലി, ശിശുമല, സീതാമൗണ്ട്, കബനിഗിരി, പട്ടാണിക്കൂപ്പ്, ആനപ്പാറ, കോളറാട്ടുകുന്ന് എന്നീ ശാഖായോഗങ്ങളുടെ ആഭിമുഖ്യത്തിലും ഗുരുദേവ സമാധി ആചരിച്ചു.
 

No comments:

Post a Comment

english malayalam dictionary

വിരുന്നുകാര്...

poomottu

Dsgd: by ASLAM PADINHARAYIL

Back to TOP