സ്വാഗതം
WELCOME

News Update..

Saturday, September 28, 2013

മലപ്പുറത്തിന്‍െറ വിദ്യാഭ്യാസമുന്നേറ്റം ആത്മവിശ്വാസം നല്‍കുന്നു -മുഖ്യമന്ത്രി Madhyamam News Feeds

മലപ്പുറത്തിന്‍െറ വിദ്യാഭ്യാസമുന്നേറ്റം ആത്മവിശ്വാസം നല്‍കുന്നു -മുഖ്യമന്ത്രി Madhyamam News Feeds

Link to

മലപ്പുറത്തിന്‍െറ വിദ്യാഭ്യാസമുന്നേറ്റം ആത്മവിശ്വാസം നല്‍കുന്നു -മുഖ്യമന്ത്രി

Posted: 28 Sep 2013 12:31 AM PDT

കൊളത്തൂര്‍: വിദ്യാഭ്യാസരംഗത്ത് മലപ്പുറം ജില്ല സാധിച്ച അദ്ഭുതാവഹമായ മുന്നേറ്റം സംസ്ഥാനത്തെ മുഴുവന്‍ ജനങ്ങള്‍ക്കും ആത്മവിശ്വാസം പകരുന്നുണ്ടെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. കൊളത്തൂരില്‍ മങ്കട ഗവ. കോളജ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ശ്രമിച്ചാല്‍ പരിമിതികള്‍ക്കിടയിലും ഏത് രംഗത്തും മുന്നേറാം എന്നതിന്‍െറ തെളിവാണ് മലപ്പുറം ജില്ല. സാക്ഷരതയില്‍ കേരളം ഒന്നാം സ്ഥാനത്താണെങ്കിലും ഉന്നത വിദ്യാഭ്യാസ രംഗത്ത് ബഹുദൂരം പിറകിലാണ്. രാജ്യത്തെ നൂറ് ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പട്ടിക തയാറാക്കിയാല്‍ ഒന്നുപോലും കേരളത്തില്‍ നിന്നുണ്ടാവില്ല.
ഇത് മറികടക്കാന്‍ വിദ്യാഭ്യാസ രംഗത്ത് കൂടുതല്‍ അവസരങ്ങള്‍ ഉണ്ടാക്കേണ്ടിയിരിക്കുന്നു. തെരഞ്ഞെടുത്ത കോളജുകള്‍ക്ക് സ്വയംഭരണാവകാശം നല്‍കാനുള്ള നടപടി ഇതിന്‍െറ ഭാഗമാണ്.
രക്ഷിതാക്കളും വിദ്യാര്‍ഥികളും ആഗ്രഹിക്കുന്ന വിദ്യാഭ്യാസം നമ്മുടെ നാട്ടില്‍നിന്ന് തന്നെ കരസ്ഥമാക്കാന്‍ കഴിയുന്ന സ്ഥിതി വൈകാതെ കേരളത്തിലുണ്ടാകും. ചെറുപ്പക്കാര്‍ ജോലി അന്വേഷിച്ച് നടക്കേണ്ടവരല്ല, ജോലി സൃഷ്ടിക്കേണ്ടവരാണ് എന്ന് തിരിച്ചറിഞ്ഞുള്ള പദ്ധതികള്‍ സര്‍ക്കാര്‍ നടപ്പാക്കുന്നുണ്ട്.
ഈയര്‍ഥത്തിലുള്ള സ്റ്റുഡന്‍റ്സ് ആന്‍ഡ് യൂത്ത് എന്‍റര്‍പ്രണര്‍ഷിപ്പ് പ്രോഗ്രാമിന് വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. രാജ്യത്തെ ഏറ്റവും വികസിതമായ സംസ്ഥാനങ്ങളുടെ പട്ടികയിലാണ് കേരളം.
വിദ്യാഭ്യാസ രംഗത്തെ പദ്ധതികള്‍ ന്യായങ്ങള്‍ പറഞ്ഞ് നടപ്പാക്കാതിരിക്കുന്ന നേതൃത്വമല്ല സംസ്ഥാനത്തിന് വേണ്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു. വിദ്യാഭ്യാസ മന്ത്രി പി.കെ. അബ്ദുറബ്ബ് അധ്യക്ഷത വഹിച്ചു.
 

നെല്ലിയാമ്പതിയില്‍ ഫാം ടൂറിസവും; 14 കോടിയുടെ പദ്ധതിക്ക് അനുമതി

Posted: 28 Sep 2013 12:31 AM PDT

പാലക്കാട്: പാട്ടക്കരാര്‍ ലംഘനത്തിന്‍െറ പേരില്‍ എസ്റ്റേറ്റ് കൈവശക്കാരും വനം വകുപ്പും തമ്മില്‍ തര്‍ക്കം നിലനില്‍ക്കുന്ന നെല്ലിയാമ്പതിയില്‍ ഫാം ടൂറിസം ആരംഭിക്കാന്‍ വമ്പന്‍ പദ്ധതിയുമായി കൃഷി വകുപ്പ് രംഗത്ത്. പ്രകൃതിക്ക് കോട്ടം വരാത്ത വിധത്തിലെന്ന് പറഞ്ഞ് 857 ഏക്കര്‍ വിസ്തൃതിയുള്ള കൃഷിവകുപ്പിന്‍െറ ഓറഞ്ച് ഫാം കേന്ദ്രമാക്കി 14 കോടി രൂപ ചെലവില്‍ രണ്ട് പദ്ധതികളാണ് പ്രാവര്‍ത്തികമാക്കുന്നത്. വര്‍ഷംതോറും ഊട്ടിയില്‍ അരങ്ങേറുന്നതുപോലെ അടുത്ത ഫെബ്രുവരിയില്‍ ഫ്ളവര്‍ ഷോ നടത്തുന്നതുള്‍പ്പെടെ ആദ്യഘട്ട പ്രവൃത്തിക്കുള്ള തുക ഇതിനകം അനുവദിച്ചിട്ടുണ്ട്. ഇതുസംബന്ധിച്ച ഔദ്യാഗിക പ്രഖ്യാപനം ഉടന്‍ ഉണ്ടാവും. സംസ്ഥാനത്ത് കൃഷി വകുപ്പിന്‍െറ കീഴില്‍ യാഥാര്‍ഥ്യമാവുന്ന പ്രധാന ഫാം ടൂറിസം പദ്ധതിയായിരിക്കും നെല്ലിയാമ്പതിയിലേതെന്ന് പറയപ്പെടുന്നു. പാവപ്പെട്ടവരുടെ ഊട്ടി എന്നറിയപ്പെടുന്ന നെല്ലിയാമ്പതിയിലേക്ക് വിനോദസഞ്ചാരത്തിന് എത്തുന്നവര്‍ക്ക് വേണ്ട കാഴ്ചയൊരുക്കുകയാണ് കൃഷി വകുപ്പിന്‍െറ പ്രധാന ലക്ഷ്യം. ഓറഞ്ച് ഫാം പോലെ വിസ്തൃതമായ മറ്റൊരു കൃഷിയിടം സംസ്ഥാനത്ത് ഒരു വിനോദസഞ്ചാര കേന്ദ്രത്തിലും കൃഷി വകുപ്പിന് നിലവിലില്ല. ഇക്കോ ടൂറിസത്തിന്‍െറ പേരില്‍ വനം വകുപ്പ് നടത്തിയ പ്രഖ്യാപനങ്ങള്‍ വെറും വാക്കായ സാഹചര്യത്തിലാണ് കൃഷി വകുപ്പിന്‍െറ രംഗപ്രവേശം.
നബാര്‍ഡിന്‍െറ ദേശീയ റൂറല്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഫണ്ടില്‍നിന്ന് കൃഷിവകുപ്പിന് വായ്പയായി ലഭിക്കുന്ന 4.5 കോടി രൂപയുടേതാണ് ഫാം ടൂറിസം പദ്ധതികളിലൊന്ന്. ഓറഞ്ച് ഫാമിലെ റോഡ് സൗകര്യം വര്‍ധിപ്പിക്കല്‍, വന്യമൃഗശല്യം ഇല്ലാതാക്കുന്ന വിധത്തില്‍ ഉയരത്തിലുള്ള വേലി, മൂന്ന് ചെക്ഡാമുകള്‍ ആകര്‍ഷകമാക്കല്‍, വിസ്മൃതിയിലായ ആന്തൂറിയം പ്രോജക്ടിന്‍െറ പുനര്‍നിര്‍മിതി എന്നിവക്കാണ് തുക വിനിയോഗിക്കുക. മലമ്പുഴയിലെ കൃഷി വകുപ്പിന്‍െറ എന്‍ജിനീയറിങ് വിഭാഗമാണ് പദ്ധതി പ്രകാരമുള്ള പ്രവൃത്തികള്‍ ഏറ്റെടുക്കുകയെന്ന് ടൂറിസം പദ്ധതിക്ക് വേദിയൊരുക്കുന്ന ഓറഞ്ച് ഫാം മാനേജരും കൃഷി ഓഫിസറുമായ പ്രമോദ് ‘മാധ്യമ’ത്തോട് പറഞ്ഞു. പദ്ധതിയുമായി ബന്ധപ്പെട്ട് സര്‍ക്കാറിന്‍െറ നിര്‍ദേശം ലഭിച്ചുകഴിഞ്ഞു.
കേന്ദ്രസര്‍ക്കാറിന്‍െറ രാഷ്ട്രീയ കൃഷി വികാസ് യോജന മുഖേന അനുവദിച്ച 9.5 കോടി രൂപയുടെ പദ്ധതിയും ഇതോടൊപ്പം ഓറഞ്ച് ഫാമില്‍ ടൂറിസം വികസനത്തിന് നടപ്പാക്കും. ഈ തുകയില്‍ ആദ്യഘട്ടമായി ഒരു കോടി രൂപ അനുവദിച്ചു. മൂന്ന് വര്‍ഷത്തെ കാലാവധിയുള്ള പദ്ധതിയനുസരിച്ച് വിനോദസഞ്ചാരികളെ ആകര്‍ഷിക്കുന്ന നിരവധി സംവിധാനങ്ങള്‍ ഒരുക്കുന്നുണ്ട്.
പഴം-പച്ചക്കറി എന്നിവയുടെ വിത്ത് മുതല്‍ സംസ്കരണം വരെയുള്ള പ്രക്രിയകള്‍ നേരില്‍ കാണാന്‍ അവസരമൊരുക്കുന്നതിന് പുറമെ ട്രെയിനിങ് സെന്‍റര്‍, പ്രദര്‍ശന കേന്ദ്രം എന്നിവയും സജ്ജീകരിക്കും. കൃഷിക്കാര്‍ ഉല്‍പാദിപ്പിക്കുന്ന പഴം-പച്ചക്കറി എന്നിവയുടെ സംസ്കരണത്തിനും ഇവിടെ സൗകര്യമുണ്ടാവും.  ആദ്യഘട്ടമായി അനുവദിച്ച തുക നടപ്പ് സാമ്പത്തിക വര്‍ഷം തന്നെ ചെലവഴിക്കാനാണ് നിര്‍ദേശം.
എല്ലാ വര്‍ഷവും മേയില്‍ ഊട്ടിയില്‍ നടക്കുന്ന ഫ്ളവര്‍ഷോ മാതൃകയില്‍ നെല്ലിയാമ്പതിയില്‍ പുഷ്പ പ്രദര്‍ശനം നടത്താനും തീരുമാനമായിട്ടുണ്ട്. നടപ്പ് സാമ്പത്തിക വര്‍ഷം  ഇതിന് 50 ലക്ഷം രൂപയാണ് അനുവദിച്ചതെന്ന് കൃഷി ഓഫിസര്‍ വ്യക്തമാക്കി. ഫാമിനോട് ചേര്‍ന്ന 18 ഏക്കറോളം വരുന്ന കുന്നത്തുപാടി മലയില്‍  പ്രദര്‍ശനത്തിന് സ്ഥിരം സംവിധാനം ഏര്‍പ്പെടുത്തുന്നത് കൃഷി വകുപ്പിന്‍െറ പരിഗണനയിലാണ്. ഇത്തവണത്തെ ഫ്ളവര്‍ ഷോക്കുള്ള പ്രാരംഭ പ്രവര്‍ത്തനം ഉദ്യോഗസ്ഥര്‍ ആരംഭിച്ചുകഴിഞ്ഞു.
 

വനിതാസംഘമുണ്ടാക്കി കോടികള്‍ തട്ടിയ നാലുപേര്‍ പിടിയില്‍

Posted: 28 Sep 2013 12:27 AM PDT

പുനലൂര്‍: ഗ്രാമീണ പരിശീലന കേന്ദ്രത്തിന്‍െറ മറവില്‍ കുടുംബശ്രീ മാതൃകയില്‍ സ്ത്രീകളുടെ സംഘമുണ്ടാക്കി കോടികള്‍ തട്ടിയെടുത്ത സംഘത്തലവന്‍ ഉള്‍പ്പെടെ നാലുപേരെ  പുനലൂര്‍ പൊലീസ് അറസ്റ്റ്ചെയ്തു. 
പുനലൂരില്‍ ഉള്‍പ്പെടെ ജില്ലയുടെ കിഴക്കന്‍ മേഖലയിലെ പല സ്ഥലങ്ങളിലും കൂടാതെ കോന്നി, അടൂര്‍, ആലപ്പുഴ തുടങ്ങിയ സ്ഥലങ്ങളിലും ഈ സ്ഥാപനം നടത്തിപ്പുകാര്‍ ആയിരക്കണക്കിന് സ്ത്രീകളെ പറ്റിച്ച് കോടികള്‍ തട്ടിയെടുത്തതായാണ് വിവരം. പുനലൂര്‍ തൊളിക്കോട്ട്  പ്രവര്‍ത്തിച്ചുവന്ന സമൃദ്ധി റൂറല്‍ ട്രെയ്നിങ് സെന്‍റര്‍ എന്ന സ്ഥാപനത്തിന്‍െറ തലവന്‍ തിരുവനന്തപുരം വഞ്ചിയൂര്‍ ടി.സി 27/1/4/23 ല്‍ തോംസണ്‍ ലോറന്‍സ്(45), തൊളിക്കോട്ടെ സ്ഥാപനത്തിലെ ഫീല്‍ഡ് സ്റ്റാഫുകളായ പുനലൂര്‍ കോമളംകുന്ന് സുനീഷ് ഭവനില്‍ സി. സുനില്‍ (42), ഭാര്യ സുധ (35), കുതിരച്ചിറ വൈഷ്ണവം അപ്പാര്‍ട്ട്മെന്‍റില്‍ ശാരിജ (29) എന്നിവരാണ് പിടിയിലായത്. 
ഇതില്‍ തോംസണ്‍ ലോറന്‍സിനെ ആലപ്പുഴ ഡച്ച് സ്ക്വയറില്‍ നിന്നും മറ്റുള്ളവരെ പുനലൂരില്‍ നിന്നുമാണ് അറസ്റ്റ് ചെയ്തത്. തൊളിക്കോട്ടെ സ്ഥാപനം പൊലീസ് റെയ്ഡ് ചെയ്ത് നിക്ഷേപതട്ടിപ്പിന്‍െറ രേഖകള്‍ പിടിച്ചെടുത്തു. ഓഫിസ് സീല്‍ ചെയ്തിട്ടുണ്ട്. ഓരോ സ്ഥലത്തും വനിതകള്‍ക്ക് വിവിധ രംഗങ്ങളില്‍ പരിശീലനം നല്‍കി സംരംഭങ്ങള്‍ തുടങ്ങാന്‍ വായ്പ തരപ്പെടുത്തി കൊടുക്കാമെന്ന് പറഞ്ഞാണ് സ്ഥാപനം തുടങ്ങുന്നത്. 
ഇതിനായി ഫീല്‍ഡ് സ്റ്റാഫുകളെ ഉപയോഗിച്ച് സ്ത്രീകളെ സംഘടിപ്പിച്ച് കുടുംബശ്രീ മാതൃകയില്‍ ഗ്രൂപ്പുകള്‍ ഉണ്ടാക്കും. ബാങ്ക് വായ്പ തരപ്പെടുത്തിക്കൊടുക്കാമെന്ന് പറഞ്ഞ് പ്രാഥമിക നിക്ഷപമായി ഒരു ഗ്രൂപ്പില്‍ നിന്ന് 10000 രൂപ സ്ഥാപനം നടത്തുന്നവര്‍ പിരിച്ചെടുക്കും. വായ്പയും നിക്ഷേപവും നല്‍കാതെ സ്ഥാപനനടത്തിപ്പുകാര്‍ മുങ്ങുകയാണ് പതിവ്. 
തൊളിക്കോട്ട് പണം നല്‍കിയവര്‍ തിരികെ കിട്ടാതെ വന്നപ്പോള്‍ സ്ഥാപനത്തിലത്തെി ബഹളമുണ്ടാക്കിയതോടെയാണ് തട്ടിപ്പ് പുറത്തുവന്നത്. ഇതിനെതുടര്‍ന്ന് യൂത്ത്കോണ്‍ഗ്രസുകാര്‍ കഴിഞ്ഞദിവസം ഈ സ്ഥാപനത്തിലേക്ക് മാര്‍ച്ച് നടത്തി ഓഫിസ് തല്ലിത്തകര്‍ത്തിരുന്നു. 
പണം നഷ്ടപ്പെട്ടവര്‍ പുനലൂര്‍ പൊലീസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്നാണ് അന്വേഷണം തുടങ്ങിയത്.  സംസ്ഥാനത്ത് 16 ഇടങ്ങളില്‍ സമൃദ്ധി എന്ന പേരില്‍ തട്ടിപ്പ് നടത്തിയതായി പൊലീസ് പറഞ്ഞു. ജില്ലയില്‍ അഞ്ചല്‍, കടയ്ക്കല്‍, കൊട്ടാരക്കര തുടങ്ങിയ സ്ഥലങ്ങളില്‍ നിന്ന് 7000 ത്തോളം ഗ്രൂപ്പുകളുണ്ടാക്കി വന്‍തുക കബളിപ്പിച്ചെടുത്തതായാണ് വിവരം. 
പ്രമുഖ വ്യക്തികളുടെ ഫോട്ടോ പതിച്ച വര്‍ണമാഗസിനുകള്‍ അച്ചടിച്ച് വിതരണം ചെയ്ത് ആളുകളുടെ വിശ്വാസം ആര്‍ജിച്ചാണ് തട്ടിപ്പ് നടത്തിയിരുന്നത്.    വെള്ളിയാഴ്ച രാവിലെ 11 ഓടെ  തെളിവെടുപ്പിനായി തൊളിക്കോട്ടെ ഓഫിസില്‍ കൊണ്ടുവന്ന പ്രതികളെ പണം നഷ്ടപ്പെട്ട സ്ത്രീകളടക്കമുള്ളവര്‍ അസഭ്യം വിളിക്കുകയും ആക്രമിക്കാന്‍ ശ്രമിക്കുകയും ചെയ്തു. 
ഓഫിസില്‍നിന്ന് നിരവധി വ്യാജസീലുകള്‍, മറ്റ് രേഖകള്‍, പാസ് ബുക്കുകള്‍ തുടങ്ങിയവ പൊലീസ് കണ്ടെടുത്തു. പിരിച്ചെടുത്ത തുക എന്തുചെയ്തെന്നതിനെ ക്കുറിച്ച് കൂടുതല്‍ അന്വേഷണത്തിലേ അറിയാന്‍ കഴിയുകയുള്ളൂവെന്ന് പൊലീസ് പറഞ്ഞു. പ്രതികളെ പുനലൂര്‍ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. 
പുനലൂര്‍ ഡിവൈ.എസ്.പി കെ.എല്‍. ജോണ്‍കുട്ടി ,എസ്.ഐ കെ.എസ്. ഗോപകുമാര്‍, സി.പി.ഒ മാരായ അമീന്‍, രാജീവ്, സുരേഷ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്.

മൂന്നര പതിറ്റാണ്ടിനിടെ ആദ്യമായി ഇറാന്‍- യു.എസ് പ്രസിഡന്‍്റുമാര്‍ ഫോണില്‍ സംസാരിച്ചു

Posted: 28 Sep 2013 12:12 AM PDT

Image: 

വാഷിംങ്ടണ്‍: 34 വര്‍ഷങ്ങള്‍ക്കുശേഷം ആദ്യമായി ഇറാന്‍-യു.എസ് പ്രസിഡന്‍്റുമാര്‍ ഫോണില്‍ സംസാരിച്ചു. ഇറാന്‍്റെ ആണവ വിഷയമാണ് പ്രധാനമായും യു.എസ് പ്രസിഡന്‍്റ്  ബറാക് ഒബാമയും ഇറാന്‍ പ്രസിഡന്‍്റ് ഹസന്‍ റൂഹാനിയും  ചര്‍ച്ച ചെയ്തത്. ഇറാന്‍െറ ആണവ നയത്തില്‍ ഇരുവരും ഉടക്കി നില്‍ക്കെയാണ് ഈ ഫോണ്‍ സംഭാഷണം.
ഇറാന്‍ നേതൃത്വവുമായി പുരോഗമനപരമായ ബന്ധത്തിന് നല്ല അവസരമാണ് കൈവന്നിരിക്കുന്നതെന്ന് ഒബാമ അറിയിച്ചു. പാശ്ചാത്യ രാജ്യങ്ങള്‍ ദീര്‍ഘകാലമായി സംശയിക്കുന്നതുപോലെ ആണവ ബോംബുകള്‍ തങ്ങള്‍ നിര്‍മിക്കുന്നില്ളെന്ന് റൂഹാനി പറഞ്ഞു.  അനുയോജ്യമായ ആണവ ഉടമ്പടിയില്‍  ഇറാന്‍ ഉടന്‍ എത്തിച്ചേരുമെന്ന് റൂഹാനി നേരത്തെ പറഞ്ഞിരുന്നു.
ഇറാന്‍െറ ആണവ പരിപാടി സംബന്ധിച്ച തര്‍ക്കത്തിന് പരിഹാരം കാണാനാവുമെന്ന് പ്രതീക്ഷിക്കുന്നതായി ഫോണ്‍ സംഭാഷണത്തിനുശേഷം ഒബാമ അറിയിച്ചു. സാഹചര്യങ്ങള്‍ നേരത്തേയുള്ളതില്‍ നിന്ന് മാറിയിരിക്കുകയാണെന്ന് സംഭാഷണത്തിനുശേഷം റൂഹാനിയും പ്രതികരിച്ചു.
യു.എസില്‍ നടക്കുന്ന യു.എന്‍ ജനറല്‍ അസംബ്ളിയില്‍ പങ്കെടുക്കാന്‍ തിരിക്കുന്നതിന് തൊട്ടുമുമ്പാണ്  റൂഹാനി ഒബാമയെ ഫോണില്‍ വിളിച്ചതെന്ന് ഇറാനിയന്‍ വാര്‍ത്താ ഏജന്‍സിയായ ‘ഇര്‍ന’ പുറത്തുവിട്ടു. ഇരുവരുടെയും സംഭാഷണം 15 മിനിട്ടുനേരം നീണ്ടു നിന്നതായി വൈറ്റ്ഹൗസ് വൃത്തങ്ങള്‍ അറിയിച്ചു. ഇറാനില്‍ കഴിയുന്ന അമേരിക്കന്‍ തടവുകാരുടെ കാര്യവും ഒബാമ ഫോണ്‍ സംഭാഷണത്തില്‍ ഉന്നയിച്ചു.

കടക്കെണിയുടെ ട്രാക്കില്‍ അത്ലറ്റിക് ചാമ്പ്യന്‍ഷിപ്

Posted: 27 Sep 2013 11:53 PM PDT

കണ്ണൂര്‍:  സര്‍ക്കാര്‍ സഹായമില്ലാത്തതിനാല്‍ ജില്ലാ അത്ലറ്റിക് അസോസിയേഷന്‍ പ്രവര്‍ത്തനങ്ങള്‍ ട്രാക്ക് തെറ്റുന്നു.   കടത്തില്‍ മുങ്ങിയാണ്  അസോസിയേഷന്‍ ഈ വര്‍ഷത്തെ ജില്ലാ ചാമ്പ്യന്‍ഷിപ് മാങ്ങാട്ടുപറമ്പ് കെ.എ.പി ഗ്രൗണ്ടില്‍ ആരംഭിച്ചത്.   മീറ്റ് നടത്തിയ വകയില്‍ അസോസിയേഷന്‍ സെക്രട്ടറിക്കും ട്രഷറര്‍ക്കും വലിയ തുകകളാണ് ബാധ്യത വന്നിരിക്കുന്നത്.  
ഭാവിയിലെ കായിക താരങ്ങളെ കണ്ടെത്താനുള്ള വേദിയൊരുക്കുന്ന ജില്ലാതല അത്ലറ്റിക് അസോസിയേഷനുകള്‍ക്ക് പ്രതിവര്‍ഷം ലഭിക്കുന്ന സര്‍ക്കാര്‍ സഹായം 5000 രൂപ മാത്രമാണ്.  ജില്ലാ ചാമ്പ്യന്‍ഷിപ്പടക്കം നടത്തി റിപ്പോര്‍ട്ട് നല്‍കിയാലാണ് നാമമാത്രമായ ഈ തുക അസോസിയേഷന് ലഭിക്കുക.  കുട്ടികള്‍ക്ക് മത്സരിക്കുന്നതിനുള്ള സൗകര്യമൊരുക്കലും മത്സരത്തിനിടക്കുള്ള ശീതള പാനീയം നല്‍കലും ഒഫീഷ്യല്‍സിനെ കൊണ്ടുവരുന്നതുമടക്കമുള്ള എല്ലാ ചെലവുകളും അസോസിഷേയന്‍ തന്നെ വഹിക്കണം.
മീറ്റില്‍നിന്ന് തെരഞ്ഞെടുക്കപ്പെടുന്ന കുട്ടികള്‍ക്ക് സംസ്ഥാന തല മത്സരങ്ങളില്‍ പങ്കെടുക്കാനുള്ള യാത്രാചെലവും താമസ സൗകര്യവും അതത് ജില്ലാ അസോസിയേഷനാണ് ഒരുക്കേണ്ടത്. ജില്ലാ മീറ്റ് നടന്നാല്‍ കുറഞ്ഞത് 50,000 രൂപയെങ്കിലും ഇവര്‍ക്ക് ചെലവു വരും.
സ്പോണ്‍സര്‍മാരെ കണ്ടെത്തിയും മറ്റുമാണ് കുറച്ച് തുക സംഘടിപ്പിക്കുന്നത്. വലിയ ജനശ്രദ്ധയാകര്‍ഷിക്കുന്ന മീറ്റ് അല്ലാത്തതിനാല്‍ സ്പോണ്‍സര്‍മാര്‍ക്കും പണം നല്‍കുന്നതില്‍ വലിയ താല്‍പര്യമില്ല. പലപ്പോഴും അസോസിയേഷന്‍ അംഗങ്ങള്‍ സ്വന്തം കൈയില്‍നിന്ന് പണമെടുത്താണ് കാര്യങ്ങള്‍ നടത്തുന്നത്.
മീറ്റ് നടത്തുന്നതിന് കുട്ടികളില്‍ നിന്ന് 40 രൂപ ഫീസായി ഈടാക്കുന്നുണ്ട്. നേരത്തെ അത് 20 രൂപയായിരുന്നു. ഗ്രൗണ്ടിനടക്കം വാടക നല്‍കേണ്ടതിനാല്‍ പണം വാങ്ങാതെ തരമില്ലെന്ന് സംഘാടകര്‍ പറയുന്നു. 10, 12 വയസ്സുള്ള കുട്ടികളില്‍നിന്ന് ഈ ഫീസ് ഈടാക്കുന്നില്ല.
സംസ്ഥാന അത്ലറ്റിക് അസോസിയേഷന് പണമുണ്ടെങ്കിലും ജില്ലകളിലെ പ്രവര്‍ത്തനത്തിന് ഇത് അനുവദിക്കുന്നില്ല. നിരവധി മീറ്റിങ്ങുകളില്‍ ഈ വിഷയം ഉന്നയിച്ചിട്ടുണ്ടെങ്കിലും അസോസിയേഷന്‍െറ ആവശ്യങ്ങളെ നിരാകരിക്കുകയായിരുന്നു.
പ്രവര്‍ത്തനത്തിന് പണമില്ലാത്തതു കാരണം അഫിലിയേറ്റ് ചെയ്ത സ്കൂളുകളുടെയും ക്ളബുകളുടെയും പ്രവര്‍ത്തനത്തെ സഹായിക്കാനും അസോസിയേഷന് കഴിയുന്നില്ല.

കോഴിക്കോട്ട് സ്വകാര്യ ബസുകളില്‍ വിദ്യാര്‍ഥികള്‍ക്ക് വിലക്ക്

Posted: 27 Sep 2013 11:50 PM PDT

കോഴിക്കോട്: പാളയം സ്റ്റാന്‍ഡിലെ ബസുകളില്‍ വിദ്യാര്‍ഥികളെ കയറ്റുന്നില്ലെന്ന് പരാതി. മെഡിക്കല്‍ കോളജ്, പെരുമണ്ണ ഭാഗങ്ങളിലേക്കുള്ള വിദ്യാര്‍ഥികള്‍ക്കാണ് കൂടുതല്‍ അവഗണന അനുഭവിക്കേണ്ടിവരുന്നത്. സ്റ്റാന്‍ഡിലെത്തുന്ന വിദ്യാര്‍ഥികളോട് ബസ് പുറപ്പെടാനാകുമ്പോള്‍ കയറാമെന്ന് പറഞ്ഞ് തടഞ്ഞുനിര്‍ത്തും. ബസ് ഇളകിത്തുടങ്ങുമ്പോള്‍ കയറാന്‍ പറയും. ചാടിക്കയറാന്‍ കഴിയുന്നവര്‍ ബസില്‍ കയറിപ്പറ്റും. മറ്റുള്ളവര്‍ അടുത്ത ബസ് തേടണം. അടുത്ത ബസിന് കാത്തുനില്‍ക്കുമ്പോള്‍ മുന്നിലെ ബസില്‍ പോകാത്തതിന് ചീത്ത വേറെയും കേള്‍ക്കണം. കൂടാതെ ആദ്യം പറഞ്ഞതുപോലെ ബസ് ഇളകുംവരെ കാത്തുനില്‍ക്കണം. നാലുപേരില്‍ കൂടുതല്‍ വിദ്യാര്‍ഥികളെ കയറ്റില്ല.  ഇതുമൂലം വിദ്യാര്‍ഥികള്‍ വീട്ടിലെത്താന്‍ വൈകുകയാണ്. കൂടുതലും പെണ്‍കുട്ടികളെയാണ് ബസ് ജീവനക്കാര്‍ ബുദ്ധിമുട്ടിക്കുന്നത്. പാരലല്‍ കോളജുകളില്‍ ആര്‍.ടി.ഒ ഒപ്പിട്ട പാസാണ് നല്‍കുന്നത്. എന്നാല്‍, ബസ് ജീവനക്കാര്‍ ഇതംഗീകരിക്കുന്നില്ലത്രെ. കഴിഞ്ഞ വര്‍ഷങ്ങളില്‍ പാസ്ബുക്കായിരുന്നു. ഇപ്പോള്‍ ഒറ്റഷീറ്റാണ്. ബുക്ക് വേണമെന്നാണ് ചില ബസുകാരുടെ നിലപാട്. കൂടാതെ ബസില്‍ സീറ്റുണ്ടെങ്കിലും വിദ്യാര്‍ഥികളെ ഇരിക്കാന്‍ അനുവദിക്കില്ല. യാത്രക്ക് സര്‍ക്കാര്‍  തുക നല്‍കുന്നുണ്ടെങ്കിലും ഔാര്യം ചെയ്തുകൊടുക്കുന്ന രീതിയിലാണ് ബസ് ജീവനക്കാരുടെ പെരുമാറ്റമെന്നാണ് വിദ്യാര്‍ഥികളുടെ പരിഭവം.
 

ഡാറ്റാ സെന്‍റര്‍ കൈമാറ്റ കേസ്: യു.ഡി.എഫില്‍ പ്രതിഷേധം ശക്തമാകുന്നു

Posted: 27 Sep 2013 11:23 PM PDT

Image: 

തിരുവനന്തപുരം: ഡാറ്റാ സെന്‍റര്‍ കൈമാറ്റ കേസ് സി.ബി.ഐ അന്വേഷിക്കേണ്ടെന്ന സര്‍ക്കാര്‍ നിലപാടിനെതിരെ യു.ഡി.എഫില്‍ പ്രതിഷേധം ശക്തമാകുന്നു. വിവാദ ഇടനിലക്കാരന്‍ ടി.ജി. നന്ദകുമാറിന് വേണ്ടിയാണ് മന്ത്രിസഭാ തീരുമാനം അട്ടിമറിച്ചതെന്ന് കേരളാ കോണ്‍ഗ്രസ്-എം നേതാവും ചീഫ് വിപ്പുമായ പി.സി. ജോര്‍ജ് ആരോപിച്ചു. സര്‍ക്കാര്‍ ഉത്തരവിറങ്ങാത്ത വിവരം മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനാണ് ചോര്‍ത്തി നല്‍കിയത്. നന്ദകുമാറിനെ മന്ത്രി ഫോണില്‍ വിളിക്കുന്നത് താന്‍ നേരിട്ട് കേട്ടിട്ടുണ്ട്. നന്ദകുമാര്‍-തിരുവഞ്ചൂര്‍ വലിയ ഗൂഢാലോചന നടന്നിട്ടുണ്ടെന്നും ജോര്‍ജ് പറഞ്ഞു.

സി.ബി.ഐ അന്വേഷണം വേണ്ടെന്ന് തീരുമാനിച്ചത് കോണ്‍ഗ്രസ് പാര്‍ട്ടി അറിയാതെയെന്ന് കോണ്‍ഗ്രസ് നേതാവ് കെ. മുരളീധരന്‍. സര്‍ക്കാര്‍ നിലപാട് പാര്‍ട്ടി തീരുമാനത്തിന് എതിരാണ്. സി.ബി.ഐ അന്വേഷണം വേണമെന്നാണ് യു.ഡി.എഫ് നിലപാട്. പ്രശ്നം മുഖ്യമന്ത്രിയുടെയും കെ.പി.സി.സിയുടെയും ശ്രദ്ധയില്‍പ്പെടുത്തും. ടി.പി. ചന്ദ്രശേഖരന്‍ വധക്കേസിലും സിപിഎമ്മിന് കരുത്തേകുന്ന സമീപനമാണ് സര്‍ക്കാര്‍ സ്വീകരിച്ചതെന്നും മുരളീധരന്‍ പറഞ്ഞു.

പി.സി. ജോര്‍ജിന്റെ ആരോപണങ്ങളെ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ തള്ളിക്കളഞ്ഞു. ആരോപണങ്ങളില്‍ കഴമ്പില്ലെന്ന് തിരുവഞ്ചൂര്‍ പറഞ്ഞു. ഒരു വിട്ടുവീഴ്ചയും താന്‍ ചെയ്ട്ടില്ല. വിട്ടുവീഴ്ച ചെയ്യാന്‍ തന്നെ കിട്ടില്ല. ചാരപ്പണിയും ചോര്‍ത്തലും നടത്തുന്നത് ആരാണെന്ന് എല്ലാവര്‍ക്കും അറിയാമെന്നും തിരുവഞ്ചൂര്‍ വ്യക്തമാക്കി.

അതേസമയം, പി.സി. ജോര്‍ജിന്റെ ആരോപണം തെറ്റാണെന്ന് വിവാദ ഇടനിലക്കാരന്‍ ടി.ജി. നന്ദകുമാര്‍. ഡാറ്റാ സെന്‍റര്‍ കൈമാറ്റ കേസ് സി.ബി.ഐക്ക് കൈമാറാന്‍ മന്ത്രിസഭാ തീരുമാനിച്ചിട്ടില്ല. മന്ത്രിസഭാ തീരുമാനിക്കാത്ത കാര്യങ്ങള്‍ എങ്ങനെയാണ് ചോര്‍ത്തുന്നത്. ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനുമായി നല്ല ബന്ധമാണ്. എന്നാല്‍ വഴിവിട്ട സഹായം തേടിയിട്ടില്ല. എ.കെ. ആന്‍റണി സര്‍ക്കാരിന്റെ തീരുമാനം നടപ്പാക്കുക മാത്രമാണ് വി.എസ്. അച്യുതാനന്ദന്‍ ചെയ്തത്. സി.ബി.ഐ അന്വേഷണം എ.കെ. ആന്‍റണിയിലേക്ക് നീങ്ങുമെന്ന് സര്‍ക്കാര്‍ ഭയപ്പെടുന്നു. ആരോപണം ജോര്‍ജ് തെളിയിക്കട്ടെയെന്നും നന്ദകുമാര്‍ വെല്ലുവിളിച്ചു.

മന്ത്രവാദക്കേസ്: മാതാപിതാക്കള്‍ സൗദി ജയിലില്‍; കുരുന്നുസഹോദരങ്ങള്‍ പെരുവഴിയിലും

Posted: 27 Sep 2013 11:06 PM PDT

Image: 

ജിദ്ദ: പഴവും പലഹാരവുമായി ആശുപത്രി വാര്‍ഡിലെത്തിയ മുഹമ്മദലി പടപ്പറമ്പിനെ ഒന്നര വയസ്സുകാരന്‍ അബ്ദുല്ല പരിചിതഭാവത്തില്‍ ഒന്നു നോക്കിനിന്നു. അദ്ദേഹം കൈനീട്ടിയപ്പോള്‍ അവന്‍ ഓടിക്കയറി മാറില്‍ ഒട്ടിപ്പിടിച്ചു കിടന്നു. അപ്പോഴേക്കും നാലു വയസ്സുകാരി സൈനബും ആറു വയസ്സുള്ള ഇരട്ടകളായ ഇസ്മാഈലും അബ്ദുല്‍അസീസും കവറില്‍ നിന്ന് പലഹാരങ്ങളെടുത്ത് വാരിവലിച്ചു തിന്നു തുടങ്ങി. എല്ലാം കണ്ട് കണ്ണീര്‍പാടുണങ്ങിയ കണ്ണുകളുമായി കൂട്ടത്തില്‍ മൂത്തവന്‍ പതിനൊന്നുകാരന്‍ അബ്ദുറഹ്മാന്‍ നിസ്സംഗം നോക്കി നിന്നു.
ശറഫിയ്യ അല്‍റയ്യാന്‍ ആശുപത്രിയില്‍ ഇന്ത്യന്‍ കോണ്‍സുലേറ്റ് അഭയം നല്‍കിയ ഒറീസക്കാരായ ഈ പിഞ്ചുകുഞ്ഞുങ്ങള്‍ കാഴ്ചക്കാരുടെ നെഞ്ചു ലക്കും. മാതാപിതാക്കള്‍ ത്വാഇഫില്‍ ജയിലിലായതിനെ തുടര്‍ന്ന് മൂന്നാഴ്ചയോളം ദുരിതം തിന്ന കുഞ്ഞുങ്ങളെ വ്യാഴാഴ്ച കോണ്‍സുലേറ്റ് ഉദ്യോഗസ്ഥന്‍ ജാവേദിന്‍െറ നേതൃത്വത്തിലുള്ള സംഘമാണ് ജിദ്ദയിലെത്തിച്ച് ആശുപത്രിയില്‍ മാനേജര്‍ ടി.പി. ശുഐബിന്‍െറ സഹകരണത്തോടെ താത്കാലിക അഭയമൊരുക്കിയത്.
ഒഡിഷയില്‍ ഭുവനേശ്വറിനുസമീപം കേന്ദ്രപ്പാഡ ജില്ലക്കാരായ നിസാം-നൂറ ദമ്പതികളുടെ മക്കളാണ് കുഞ്ഞുങ്ങള്‍. നിസാം ത്വാഇഫിനു സമീപം തുര്‍ബയില്‍ സ്വദേശിയുടെ വീട്ടില്‍ 17 വര്‍ഷമായി ഡ്രൈവറാണ്. ഭാര്യ നൂറ അവിടെത്തന്നെ വീട്ടുവേലക്കാരിയും. വീട്ടിലെ മറ്റൊരു വേലക്കാരിയായ ഇന്തോനേഷ്യക്കാരിയുമായി ചേര്‍ന്ന് സ്പോണ്‍സര്‍ക്കും ഭാര്യക്കുമെതിരെ ആഭിചാരവും മന്ത്രവാദവും നടത്തിയെന്ന കേസിലാണ് ഈ ദമ്പതികള്‍ പൊലീസ് അറസ്റ്റിലും ജയിലിലുമായത്. മന്ത്രവാദത്തിന് ഉപയോഗിച്ച നൂലും ഏലസും മറ്റുപകരണങ്ങളും ഇവരില്‍ നിന്നു പൊലീസ് കണ്ടെടുത്തിരുന്നുവത്രെ. ഇത് നാട്ടില്‍ നിന്ന് കൊണ്ടുവന്നതാണെന്ന് ഇരുവരും കുറ്റസമ്മതം നടത്തുകയും ചെയ്തു. ശമ്പളം വര്‍ധിപ്പിക്കാന്‍ സ്പോണ്‍സര്‍ക്ക് സദ്ബുദ്ധി വരുത്താനും മറ്റു ദുരിതങ്ങള്‍ തീര്‍ക്കാനുമായിരുന്നുവത്രെ മന്ത്രവാദം. മന്ത്രവാദവും അനുബന്ധ പ്രവര്‍ത്തനങ്ങളും സൗദിയില്‍ നിരോധിച്ചതും  ശിക്ഷാര്‍ഹമായ കുറ്റവുമാണ്. കേസ് തെളിയിക്കപ്പെട്ടാല്‍ മൂവര്‍ക്കും മൂന്നോ നാലോ വര്‍ഷത്തെ ശിക്ഷ ലഭിക്കാം.
മൂവരെയും പൊലീസ് കൊണ്ടുപോയതോടെ ദമ്പതികളുടെ കുഞ്ഞുങ്ങളെ സ്പോണ്‍സര്‍ വീട്ടില്‍ നിന്നിറക്കി. അവര്‍ താമസിച്ചിരുന്ന റൂമില്‍ അടച്ചിരിപ്പായിരുന്നു പിന്നീട്. പരിചയക്കാര്‍ കൊണ്ടുവരുന്ന ഭക്ഷണം കഴിച്ചാണ് കഴിഞ്ഞിരുന്നതെന്ന് മൂത്തവന്‍ അബ്ദുറഹ്മാന്‍ ‘ഗള്‍ഫ് മാധ്യമ’ത്തോട് പറഞ്ഞു. തുര്‍ബയിലെയും ത്വാഇഫിലെയും സാമൂഹികപ്രവര്‍ത്തകര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് കോണ്‍സുലേറ്റില്‍ നിന്നുള്ളവര്‍ സ്ഥലത്തെത്തി കുട്ടികളെ ഏറ്റെടുത്ത് ജിദ്ദയിലേക്ക് കൊണ്ടുവരികയായിരുന്നു.
വീട്ടിലുള്ളവരെ വിവരമറിയിച്ചിട്ടുണ്ട്. കേസിന്‍െറ ഗതി നോക്കി കുട്ടികളുടെ കാര്യത്തില്‍ എന്തു ചെയ്യാന്‍ കഴിയും എന്നു നോക്കുകയാണ് കോണ്‍സുലേറ്റ് അധികൃതര്‍. അതുവരെ ഇവര്‍ക്ക് വീട് അല്‍റയ്യാന്‍ ക്ളിനിക്കിലെ മുറി തന്നെ. ഒന്നര വയസ്സുകാരന് പാല്‍പൊടി കലക്കി കുടിച്ചും ജ്യൂസ് നുകര്‍ന്നും കഥയൊന്നുമറിയാതെ കളിക്കുന്നു. മറ്റുള്ളവര്‍ക്കും ഉപ്പയും ഉമ്മയും ജയിലിലാണെന്നല്ലാതെ എന്തു പറ്റിയെന്ന കാര്യം മനസ്സിലായിട്ടില്ല. ആശുപത്രി ജനലരികിലിരുന്ന് ജിദ്ദയിലെ നഗരക്കാഴ്ചകള്‍ കണ്ടിരിക്കുകയാണവര്‍. എല്ലാവരുടെയും കാര്യം നോക്കി മുതിര്‍ന്നവന്‍ വരണ്ട കണ്ണുമായി ഇരിക്കുന്നു. സാമൂഹികപ്രവര്‍ത്തകന്‍ മുഹമ്മദലി പടപ്പറമ്പ് ആശുപത്രി അധികൃതരുടെ നിര്‍ദേശാനുസരണം കുഞ്ഞുങ്ങളുടെ പരിചരണത്തിനു രംഗത്തുണ്ട്.
 

സ്നേഹോത്സവം തീര്‍ത്ത് ‘സേവനം’ ഓണാഘോഷം

Posted: 27 Sep 2013 10:51 PM PDT

Image: 

ദുബൈ: താലപ്പൊലിയും ശിങ്കാരിമേളവും മാവേലിയൂം മുത്തുക്കുടകളും പുലികളിയും അണിനിരന്ന ആഘോഷപ്പൊലിമയില്‍ കേരളത്തനിമയോടെ പ്രവാസലോകത്തും ഓണാഘോഷം. സേവനം സെന്‍റര്‍ ദുബൈയുടെ ഓണാഘോഷം വര്‍ണപ്പൊലിമകൊണ്ടും ജന സാന്നിധ്യം കൊണ്ട് ശ്രദ്ധേയമായി.
കേരളീയ വേഷത്തില്‍ സ്ത്രീ പുരുഷന്‍മാരും കുട്ടികളും ഓടിനടന്നപ്പോള്‍  അല്‍ ഖിസൈസിലെ ഇന്ത്യന്‍ അക്കാദമി സ്്കൂള്‍ അങ്കണവും ഓഡിറ്റോറിയവും മറ്റൊരു കേരളമായി. ജാതിമത ഭേദമന്യേ നൂറുകണക്കിനാളുകള്‍ പങ്കെടുത്ത മുഴുദിവസം നീണ്ട പരിപാടികള്‍ പ്രശസ്ത സിനിമാ നടന്‍ മനോജ് കെ.ജയനാണ് ഉദ്ഘാടനം ചെയ്തത്. ഓണം ആഘോഷിക്കാന്‍ ദുബൈ വരമമെന്നായിരിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞപ്പോള്‍ വന്‍ കൈയടി ഉയര്‍ന്നു.
രാവിലെ ഒമ്പതു മണിക്ക് വിളക്കുകൊളുത്തി പ്രാര്‍ഥനയോടെ ആരംഭിച്ച ഓണഘോഷപരിപാടികളുടെ ഔചാരിക ഉദ്ഘാടനത്തിന് മുമ്പ് സമൂഹഗാനവൂം തിരുവാതിരക്കളിയും മറ്റും അരങ്ങേറി. തുടര്‍ന്ന് വേദിയിലേക്ക് വിശിഷ്ടാതിഥികളെ തെയ്യത്തിന്‍െറയും വാദ്യഘോഷങ്ങളോടെയും അകമ്പടിയോടെ ആനയിച്ചു.
ഉദ്ഘാടന ചടങ്ങില്‍ സേവനം സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്‍റ് എം.കെ.രാജന്‍ അധ്യക്ഷത വഹിച്ചു. ദുബൈ ഇന്ത്യന്‍ കോണ്‍സുലേറ്റിലെ കോണ്‍സുല്‍ മുരളീധരന്‍, ഐ.സി. ഡബ്ള്യു.സി. ചെയര്‍മാന്‍  കുമാര്‍, സേവനം സെന്‍ട്രല്‍ കമ്മിറ്റി  സെക്രട്ടറി പ്രദീപ് കുമാര്‍, ദുബൈ എമിറേറ്റ്സ് പ്രസിഡന്‍റ് ഭാസ്കരന്‍ സുഭാഷ്, ഷാര്‍ജ പ്രസിഡന്‍റ് പി.വേണുഗോപാല്‍, അജ്മാന്‍ പ്രസിഡന്‍റ് ഷാജി എന്നിവര്‍ സംസാരിച്ചു. ജനറല്‍ കണ്‍വീനര്‍ സമ്പത്ത് കുമാര്‍ സ്വാഗതവും സെന്‍ട്രല്‍ കമ്മിറ്റി ട്രഷറര്‍ ബാബു കണ്ടരശ്ശേരി നന്ദിയും പറഞ്ഞു. വിഭവ സമൃദ്ധമായ ഓണസദ്യക്കുശേഷം കുട്ടികളുടെ കലാപരിപാടിയും പ്രശസ്ത പിന്നണി ഗായകര്‍ അവതരിപ്പിച്ച ഗാനമേളയും ഹാസ്യപരിപാടിയും അരങ്ങേറി.
 

ശാന്തിഗിരി സൗഹൃദക്കൂട്ടായ്മ

Posted: 27 Sep 2013 10:30 PM PDT

Image: 

ദുബൈ: സ്നേഹത്തിന്‍െറയും സാഹോദര്യത്തിന്‍െറയും സന്ദേശമുയര്‍ത്തി ശാന്തിഗിരി സൗഹൃദ കൂട്ടായ്മ ദുബൈ കറാമ സെന്‍ററില്‍ നടന്നു. സാമൂഹിക നന്മയിലൂന്നിയ നവോഥാനവും വ്യക്തികളുടെ വളര്‍ച്ചയും സാമൂഹിക വികാസത്തിന് അനിവാര്യമാണെന്ന് ശാന്തിഗിരി ആശ്രമം ജന. സെക്രട്ടറി സ്വാമി ചൈതന്യ ജ്ഞാനതപസ്വി പറഞ്ഞു.
മതാതീതമായ ആത്മീയ കൂട്ടായ്മകള്‍ പൊതുസമൂഹത്തില്‍ കൂടുതലായി ഉണ്ടാകേണ്ടത് ആവശ്യമാണെന്ന് ശാന്തിഗിരി ആശ്രമം ഓര്‍ഗനൈസിങ് സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി പറഞ്ഞു. ആരോഗ്യരംഗത്തും സാംസ്കാരിക രംഗത്തും യു.എ.ഇയിലെ വിവിധ സ്ഥലങ്ങളില്‍ ശാന്തിഗിരിയുടെ പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
സ്നേഹവും സമാധാനവുമാണ് സമൂഹത്തിനാവശ്യമെന്നും സമൂഹത്തിന് പരിണാമം സംഭവിക്കേണ്ടത് സ്നേഹത്തിലൂടെയാണെന്നും ശിവഗിരി മഠത്തിലെ സ്വാമി സൂക്ഷ്മാനന്ദ പറഞ്ഞു.
 അതിനായി സമൂഹം ഒരുമിച്ച് പ്രവര്‍ത്തിക്കണമെന്നും അദ്ദേഹം പറഞ്ഞു. സ്വാമി ഗുരുമിത്രന്‍, സ്വാമി സ്നേഹാത്മ, സ്വാമി ജനനന്മ, സ്വാമി സൂക്ഷ്മാനന്ദ, ഐ.സി.ഡബ്ള്യു.സി കണ്‍വീനര്‍ കെ. കുമാര്‍, മനോജ് ജോര്‍ജ്, പി.കെ. ഹക്കീം, എം.എം. ബഷീര്‍, ശശി നായര്‍, എം. നസീര്‍, ഗുരുകുലം വിജയന്‍, സി. സുകുമാരന്‍, ഡോ. സത്യനാരായണന്‍, കൃഷ്ണന്‍ കൂടാച്ചേരി, വീരു, പ്രിയകുമാര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
യു.എ.ഇയിലെ വിവിധ ഭാഗങ്ങളിലുള്ള ശാന്തിഗിരി ആശ്രമത്തിന്‍െറ അഭ്യുദയകാംക്ഷികള്‍ പങ്കെടുത്തു. ഗാനസുധയും വിവിധ കലാപരിപാടികളും നടന്നു.
 

No comments:

Post a Comment

english malayalam dictionary

വിരുന്നുകാര്...

poomottu

Dsgd: by ASLAM PADINHARAYIL

Back to TOP