സ്വാഗതം
WELCOME

News Update..

Friday, July 5, 2013

ഇശ്റത്ത് ജഹാന്‍ വ്യാജ ഏറ്റുമുട്ടല്‍ ഗൂഢാലോചനയുടെ ചുരുളഴിയുന്നു; മോഡിക്കും പങ്കെന്ന് Madhyamam News Feeds

ഇശ്റത്ത് ജഹാന്‍ വ്യാജ ഏറ്റുമുട്ടല്‍ ഗൂഢാലോചനയുടെ ചുരുളഴിയുന്നു; മോഡിക്കും പങ്കെന്ന് Madhyamam News Feeds

Link to

ഇശ്റത്ത് ജഹാന്‍ വ്യാജ ഏറ്റുമുട്ടല്‍ ഗൂഢാലോചനയുടെ ചുരുളഴിയുന്നു; മോഡിക്കും പങ്കെന്ന്

Posted: 05 Jul 2013 12:31 AM PDT

Image: 

അഹമദാബാദ്: ഇശ്റത്ത് ജഹാന്‍ വ്യാജ ഏറ്റുമുട്ടല്‍ കൊല സംബന്ധിച്ച ഗൂഢാലോചനയുടെ ചുരുളഴിയുന്നു. ഇശ്റത്ത് ജഹാനെയും മറ്റ് മൂന്ന് പേരുടെയും കൊല, മുഖ്യമന്ത്രി നരേന്ദ്രമോഡിയുടെ അനുമതിയോടെയായിരുന്നുവെന്ന് ഗുജറാത്ത് പൊലീസ് ഓഫീസര്‍ ഡി.എച്ച് ഗോസ്വാമി മൊഴി നല്‍കി. ക്രൈംബ്രാഞ്ച് ഡി. ഐ. ജി ഡി. ജി വന്‍സാര ജൂനിയര്‍ ഓഫീസര്‍ ജി.എല്‍ സിംഗാളുമായി നടത്തിയ സംഭാഷണത്തില്‍ നിന്നാണ് വ്യാജ ഏറ്റുമുട്ടല്‍ കൊലയില്‍ മോഡിയുടെ പങ്കിനെക്കുറിച്ച് തനിക്ക് സൂചന ലഭിച്ചതെന്നും ഗോസ്വാമി പറഞ്ഞു. ഏറ്റുമുട്ടല്‍ നടന്ന 2004ല്‍  ഡപ്യൂട്ടി കമ്മീഷണറായിരുന്നു വന്‍സാര. മജിസ്ട്രേറ്റിന്‍്റെ മുന്നിലാണ് ഗോസ്വാമി മൊഴി നല്‍കിയത്.

വ്യാജ ഏറ്റുമുട്ടല്‍ നടക്കുന്നതിന്‍്റെ രണ്ട് ദിവസം മുമ്പ് ഇശ്റത്തിനെുയും മറ്റു മൂന്ന് പേരെയും വധിക്കുന്നതിനെ കുറിച്ച് അഹമദാബാദിലെ ക്രൈംബ്രാഞ്ച് ഓഫീസില്‍ ഗൂഡാലോചന നടന്നിരുന്നത്രെ. ഐ.ബി ഗുജറാത്ത് സ്റ്റേഷന്‍ ചീഫ് രാജേന്ദ്രകുമാര്‍, ജോയിന്‍്റ് പൊലീസ് കമീഷണറായിരുന്ന പി.പി പാണ്ഡെ എന്നിവരും സംഘത്തിലുണ്ടായിരുന്നു. സംഭാഷണത്തിനിടെ, പദ്ധതിയെക്കുറിച്ച് മുഖ്യമന്ത്രിയുമായി സംസാരിക്കാന്‍ രാജേന്ദ്രകുമാര്‍ വന്‍സാരയോട് ആവശ്യപ്പെട്ടു. ക്രൈംബ്രാഞ്ച് ഓഫീസര്‍ സിംഗാള്‍ ഏറ്റുമുട്ടല്‍ നടത്താന്‍ വിസമ്മതിച്ചപ്പോള്‍ മുഖ്യമന്ത്രിയുടെ അനുമതിയുണ്ടെന്ന് വന്‍സാര അറിയിക്കുകയായിരുന്നുവെന്നും ഗോസ്വാമിയുടെ മൊഴിയില്‍ പറയുന്നു. ഗുഢാലോചന നടക്കുന്നത് താന്‍ ഒളിച്ച് കേള്‍ക്കുയായിരുന്നുവെന്നാണ് മൊഴി.

മൊഴിയുടെ കൂടുതല്‍ വിശദാംശങ്ങള്‍ സി. ബി. ഐ അന്വേഷിക്കും. ഐ. ബി, പൊലീസ് ഉദ്യോഗസ്ഥര്‍ക്കോപ്പം ഉന്നത രാഷ്ട്രീയ നേതാക്കളും ഇശ്റത്ത് ജഹാന്‍ വ്യാജ ഏറ്റുമുട്ടല്‍ ഗൂഢാലോചനയില്‍ പങ്കാളികളാണെന്നാണ് സി. ബി. ഐ വിലയിരുന്നത്. ഇത് വ്യക്തമാക്കുന്നതിനുള്ള തെളിവുകള്‍ ശേഖരിക്കുകയാണ് ഇപ്പോള്‍ സിബിഐ.
 

തെരഞ്ഞെടുപ്പിനു മുമ്പ് സൗജന്യങ്ങള്‍ വാഗ്ദാനം ചെയ്യുന്നത് നിര്‍ത്തണമെന്ന് സുപ്രീംകോടതി

Posted: 05 Jul 2013 12:30 AM PDT

Image: 

ന്യൂദല്‍ഹി: തെരഞ്ഞെടുപ്പിനു മുന്നോടിയായി പൊതുജനങ്ങള്‍ക്ക് സൗജന്യങ്ങള്‍ വാഗ്ദാനം ചെയ്യുന്നത് രാഷ്ട്രീയ പാര്‍ട്ടികളും സ്ഥാനാര്‍ഥികളും നിര്‍ത്തണമെന്ന് സുപ്രീംകോടതി. ജനങ്ങള്‍ക്ക് ലാപ് ടോപ്, ടെലിവിഷന്‍ തുടങ്ങിയവ സൗജന്യമായി വിതരണം ചെയ്യുന്നത് നിയമവിരുദ്ധമല്ല. നിലവിലെ നിയമപ്രകാരം കൈക്കൂലിയുടെ പരിധിയിലും വരില്ല. എന്നാല്‍ ഈ സൗജന്യങ്ങള്‍ വോട്ടെടുപ്പില്‍ ജനങ്ങളെ സ്വാധീനിക്കുകയും ജനാധിപത്യത്തിന്റെ അടിത്തറ ഇളക്കുകയും ചെയ്യുന്നുണ്ട്. രാഷ്ട്രീയ പാര്‍ട്ടികളും സ്ഥാനാര്‍ഥികളും സൗജന്യങ്ങള്‍ വിതരണം ചെയ്യുന്നത് തടയാന്‍ നിയമനിര്‍മാണം നടത്തണമെന്നും സുപ്രീംകോടതി ആവശ്യപ്പെട്ടു.

തെരഞ്ഞെടുപ്പ് വാഗ്ദാനമായി തമിഴ്നാട്ടില്‍ നിലവിലെ എ.ഐ.ഡി.എം.കെ സര്‍ക്കാരും കഴിഞ്ഞ ഡി.എം.കെ സര്‍ക്കാരും ജനങ്ങള്‍ക്ക് സൗജന്യങ്ങള്‍ വിതരണങ്ങള്‍ ചെയ്തതിനെതിരെ സമര്‍പ്പിച്ച ഹരജിയിലാണ് കോടതി വിധി. ദല്‍ഹിയിലെ അഭിഭാഷകനായ എസ്.സുബ്രമണ്യം ബാലാജിയാണ് ഹരജി നല്‍കിയത്. ലാപ് ടോപ്, ഫാനുകള്‍, കളര്‍ ടെലിവിഷന്‍ തുടങ്ങിയ സൗജന്യങ്ങളാണ് തമിഴ്നാട്ടില്‍ ഇരു രാഷ്ട്രീയ പാര്‍ട്ടികളും വിതരണം ചെയ്തിരുന്നത്.

 

സര്‍ക്കാരിനെതിരായ നീക്കങ്ങളെ യു.ഡി.എഫ് ഒറ്റക്കെട്ടായി നേരിടും -രമേശ് ചെന്നിത്തല

Posted: 05 Jul 2013 12:12 AM PDT

Image: 

തിരുവനന്തപുരം: സര്‍ക്കാരിനെതിരായ നീക്കങ്ങളെ യു.ഡി.എഫ് ഒറ്റകെട്ടായി നേരിടുമെന്ന് കെ.പി.സി.സി പ്രസിഡന്‍്റ് രമേശ് ചെന്നിത്തല. മുന്നണിയിലെ പ്രശ്നങ്ങള്‍ ചര്‍ച്ചചെയ്യാന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും യു.ഡി.എഫ് കണ്‍വീനര്‍ പി.പി തങ്കച്ചനുമായും നടത്തിയ കൂടിക്കാഴ്ചക്ക് ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സര്‍ക്കാറിനെ തകര്‍ക്കാനുള്ള  ബോധപൂര്‍വ്വമായ നീക്കങ്ങളെ രാഷ്ട്രീയമായി നേരിടും.
യൂ.ഡി.എഫ് ഒറ്റക്കെട്ടാണ്. ഏതു പ്രശ്നങ്ങളെയും ശക്തമായി നേരിടും. യു.ഡി.എഫ് ശക്തിപ്പെടുത്തുന്നതിന്റെഭാഗമായി ചെറിയ കക്ഷികള്‍ ഉള്‍പ്പെടെയുള്ളവരുടെ പ്രശ്നങ്ങള്‍ മുന്നണിയില്‍  ചര്‍ച്ച ചെയ്യും. ഘടകകക്ഷികളുടെ പ്രശ്നങ്ങള്‍ സമയബന്ധിതമായി ചര്‍ച്ചചെയ്ത് പരിഹാരം കാണും. മുന്നണിയിലെ പ്രശ്നം സംബന്ധിച്ച്, കഴിഞ്ഞ ദിവസം  ലീഗ് സെക്രട്ടേറിയറ്റ് കൈകൊണ്ട  തീരുമാനങ്ങളെ  സ്വാഗതം ചെയ്യുന്നതായും ചെന്നിത്തല അറിയിച്ചു.
മുഖ്യമന്ത്രിക്ക് യു.ഡി.എഫിന്റെും ജനങ്ങളുടെയും പൂര്‍ണ പിന്തുണയുണ്ട്. നിയമസഭ കൂടാന്‍ അനുവദിക്കാതെ മുഖ്യമന്ത്രിയുള്‍പ്പെടെയുള്ളവരെ തടഞ്ഞുവെച്ചും കരിങ്കൊടി കാണിച്ചുമുള്ള പ്രതിപക്ഷത്തിന്റെപ്രാകൃത നടപടികളില്‍ അപലപിക്കുന്നു.  ദുഷ്ടലാക്കോടെ പ്രതിപക്ഷം നടത്തുന്ന പ്രചരണത്തെ ജനങ്ങള്‍ അംഗീകരിക്കില്ലെന്ന് ഉറപ്പുണ്ട്.  നിലവിലുള്ള വിവാദത്തില്‍ അന്വേഷണം നടക്കുന്നുണ്ട്.  അന്വേഷണവുമായി സഹകരിക്കുന്നുണ്ടെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

ഫോണ്‍ വിളിക്കുന്നത് കുറ്റമല്ല. ആരും ആരെ വിളിക്കുന്നതും തടയാന്‍ കഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. മന്ത്രിമാരെയും മറ്റും സംശയത്തിന്റെനിഴലില്‍ നിര്‍ത്തുന്നതില്‍ യോജിക്കുന്നില്ല.

സോളാര്‍ തട്ടിപ്പ് കേസില്‍ ആഭ്യന്തരവകുപ്പിന് വീഴ്ച പറ്റിയിട്ടില്ലെന്ന് ചെന്നിത്തല വ്യക്തമാക്കി. ഫോണ്‍ ചോര്‍ച്ച സംബന്ധിച്ച് തിരുവഞ്ചൂരിനെ മന്ത്രി സ്ഥാനത്തു നിന്ന് മാറ്റേണ്ട സാഹചര്യമില്ല.   ഫോണ്‍ കോളുകള്‍ ചോര്‍ന്നതിനെ കുറിച്ച് എ.ഡി.ജി.പി ഇന്‍്റലിജന്‍സ് അന്വേഷണത്തിന് ശേഷം പ്രതികരിക്കാമെന്നും ചെന്നിത്തല വ്യക്തമാക്കി.
 

ജീവനക്കാരും ഉപകരണങ്ങളുമില്ലാതെ ഇടുക്കി ഫയര്‍സ്റ്റേഷന്‍

Posted: 04 Jul 2013 11:09 PM PDT

ചെറുതോണി: മഴക്കാലമായതോടെ മണ്ണിടിച്ചിലും മരം വീഴലും നിത്യ സംഭവമായെങ്കിലും രക്ഷാപ്രവര്‍ത്തനത്തിന് മതിയായ ജീവനക്കാരും ഉപകരണങ്ങളുമില്ലാതെ ഇടുക്കി ഫയര്‍ സ്റ്റേഷന്‍ നോക്കുകുത്തിയാകുന്നു. കഴിഞ്ഞ ഒരുമാസത്തിനുള്ളില്‍ 24 തവണയാണ് ഇടുക്കി നേര്യമംഗലം റോഡിലും തൊടുപുഴ -പുളിയന്മല ദേശീയപാതയിലും അടിമാലി -ഇടുക്കി റോഡിലും ഗതാഗത സ്തംഭനമുണ്ടായത്.
അപകട സ്ഥലത്തെത്താന്‍ രണ്ട് ഫയര്‍ എന്‍ജിനുകളാണ് ഫയര്‍ സ്റ്റേഷനിലുള്ളത്. രണ്ടും കേടായി വര്‍ക്ഷോപ്പിലാണ്. ഇതിന് പകരം മൂന്നാറില്‍നിന്ന് കൊണ്ടുവന്ന കാലപ്പഴക്കം വന്ന മറ്റൊരു ഫയര്‍ എന്‍ജിനാണ് ഉപയോഗിക്കുന്നത്. രക്ഷാപ്രവര്‍ത്തനത്തിന് ആകെ നല്‍കിയിട്ടുള്ളത് രണ്ട് തൂമ്പകള്‍ മാത്രമാണ്. മരംവെട്ടാനുപയോഗിക്കുന്നത് നാട്ടുകാര്‍ സൗജന്യമായി നല്‍കിയ വട്ടവാളും. വാക്കത്തി വേണമെങ്കില്‍ സമീപത്തെ വീടുകളില്‍നിന്ന് കടമെടുക്കണം. എമര്‍ജന്‍സി ടെണ്ടര്‍ വാഹനമില്ലാത്ത സംസ്ഥാനത്തെ ഏക ജില്ലയും ഫയര്‍സ്റ്റേഷനുമാണ് ഇടുക്കി. കഴിഞ്ഞ വര്‍ഷം കാലവര്‍ഷത്തിന് മുമ്പ് എമര്‍ജന്‍സി ടെണ്ടര്‍ വാഹനമനുവദിക്കുമെന്ന് മന്ത്രി പി.ജെ. ജോസഫ് പ്രഖ്യാപിച്ചെങ്കിലും നടപ്പായില്ല. കാലപ്പഴക്കം ചെന്ന ഒരു ആംബുലന്‍സ് ഉണ്ടെങ്കിലും കേടായാല്‍ നന്നാക്കാന്‍ മെക്കാനിക്കില്ല.
സമീപത്തെ വര്‍ക്ഷോപ്പുകള്‍ ഫയര്‍ സ്റ്റേഷനിലെ വാഹനങ്ങള്‍ നന്നാക്കാന്‍ മടിക്കുന്നു. 10 വര്‍ഷം മുമ്പുള്ള നിരക്കാണ് ഇപ്പോഴും വര്‍ക്ഷോപ്പുകള്‍ക്ക് നല്‍കുന്നത്. അതുകൊണ്ട് അവര്‍ പലപ്പോഴും ഒഴിഞ്ഞുമാറും. വെള്ളത്തിലുണ്ടാകുന്ന അപകടങ്ങളില്‍ സഹായം നല്‍കാന്‍ വേണ്ടത്ര സന്നാഹമില്ലാത്തതിനാല്‍ കഴിയാറില്ല. വെണ്‍മണിയില്‍ രണ്ട് വിദ്യാര്‍ഥികള്‍ കയത്തില്‍ മുങ്ങി മരിച്ചത് ഒരു മാസം മുമ്പാണ്. മഴക്കാലം ശക്തി പ്രാപിച്ചതോടെ ഒഴുക്കിലും കയത്തിലും ആരെങ്കിലും അപകടത്തില്‍പെട്ടാല്‍ നോക്കി നില്‍ക്കാനേ ഇടുക്കി ഫയര്‍ സ്റ്റേഷന്‍ അധികൃതര്‍ക്ക് കഴിയൂ.
നീന്തല്‍ പരിശീലനം നേടിയ ഫയര്‍മാന്മാര്‍ ആരുമില്ല. പരിശീലനത്തിന് വിടാന്‍ ജീവനക്കാരുമില്ല. വെള്ളത്തിനടിയില്‍ മുങ്ങുന്നതിനുള്ള ഉപകരണങ്ങളും സെര്‍ച്ച് ലൈറ്റുമില്ല. ജില്ലയില്‍ നീന്തല്‍ പരിശീലനം നേടിയ അഞ്ച് ഫയര്‍മാന്മാരാണുള്ളത്. ഇവരാകട്ടെ തൊടുപുഴ ഫയര്‍ സ്റ്റേഷനില്‍ മാത്രമായി സേവനമനുഷ്ഠക്കുന്നു. വളരെക്കാലത്തെ നിരന്തര സമ്മര്‍ദത്തിന്‍െറ ഫലമായാണ് ഇടുക്കി ഫയര്‍ സ്റ്റേഷന് ഒരു യമഹാ ബോട്ട് അനുവദിച്ചത്. ഇടുക്കി, ചെറുതോണി അണക്കെട്ടുകള്‍ക്ക് സമീപമായത് കൊണ്ടാണ് ബോട്ട് അനുവദിച്ചത്. പക്ഷേ അത് ഇടുക്കി അണക്കെട്ടില്‍ ഇറക്കണമെങ്കില്‍ തിരുവനന്തപുരത്ത് നിന്ന് രേഖാമൂലം അനുവാദം കിട്ടണം. 
റോഡിനും വീടിന് മുകളിലും മരം വീഴുമ്പോള്‍ പെട്ടെന്ന് മുറിച്ച് മാറ്റുന്നതിനുള്ള യന്ത്രവും കിണറുകളിലും മറ്റും വിഷവാതകം നിറയുമ്പോള്‍ വാതകം പുറത്തേക്ക് വലിച്ച് കളയുന്ന മെഷീനും ചുവപ്പുനാടയില്‍ കുരുങ്ങിക്കിടക്കാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളായി. അപകടത്തില്‍പെട്ട വാഹനങ്ങള്‍ പെട്ടെന്ന് ഉയര്‍ത്തി മാറ്റി രക്ഷാപ്രവര്‍ത്തനം നടത്തുന്നതിനുള്ള വാഹനം ഇനിയും അനുവദിച്ചിട്ടില്ല.
24 ജീവനക്കാര്‍ വേണ്ട സ്റ്റേഷനില്‍ 12 പേരുടെ കസേര ഒഴിഞ്ഞുകിടക്കുന്നു. രണ്ടു പേര്‍ മിക്കവാറും അവധിയിലായിരിക്കും. 12 ഫയര്‍മാന്മാര്‍ വേണമെങ്കിലും ആകെ രണ്ട് പേര്‍ മാത്രമാണുള്ളത്. 50 മീറ്റര്‍ ചുറ്റളവിലാണ് ഇടുക്കി ഫയര്‍ സ്റ്റേഷനുള്ളത്. ഇതിനുള്ളില്‍ നിന്നുതിരിയാനിടമില്ലാതെയാണ് ജീവനക്കാര്‍ കഴിയുന്നത്. ലക്ഷങ്ങള്‍ മുടക്കിയാണ് കെട്ടിടം നിര്‍മിച്ചതെങ്കിലും മിക്ക ഭാഗങ്ങളും ചോര്‍ന്നൊലിക്കുകയാണ്. അമിത വാടക കൊടുത്ത് ജില്ലാ ഫയര്‍ സ്റ്റേഷന്‍ ഇപ്പോഴും കട്ടപ്പനയിലാണ് പ്രവര്‍ത്തിക്കുന്നത്. റേഷന്‍ മണിയായി 90 രൂപയാണ് ജീവനക്കാര്‍ക്ക് നല്‍കുന്നത്. ഇവരോടൊപ്പം ജോലി ചെയ്യുന്ന പൊലീസുകാര്‍ക്ക് ഇതിന്‍െറ മൂന്നിരട്ടിയാണ് നല്‍കുന്നത്. ജീവനക്കാര്‍ക്ക് താമസിക്കാന്‍ ക്വാര്‍ട്ടേഴ്സ് സൗകര്യമില്ല. കുടുംബമായി എത്തിയിട്ടുള്ള ജീവനക്കാര്‍ അമിത വാടക നല്‍കി ചെറുതോണിയിലും ഇടുക്കിയിലും താമസിക്കേണ്ടി വരുന്നു.
ആവശ്യത്തിന് ഫര്‍ണിച്ചറില്ല. ദുര്‍ഘടം പിടിച്ച വഴികളും ദൂരക്കൂടുതലും കാരണം പലപ്പോഴും അപകട സ്ഥലത്ത് എത്തണമെങ്കില്‍ മണിക്കൂറുകള്‍ പിടിക്കും. അപ്പോഴേക്കും നാട്ടുകാരുടെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം കഴിഞ്ഞിരിക്കും. ഇതുമൂലം പലപ്പോഴും കാഴ്ചക്കാരുടെ വിമര്‍ശങ്ങള്‍ കേട്ട് മടങ്ങേണ്ടി വരും. ഉപകരണങ്ങളുടെയും ജീവനക്കാരുടെയും കുറവ് മൂലം പലപ്പോഴും പൂര്‍ണ തോതില്‍ രക്ഷാപ്രവര്‍ത്തനം നടത്താനും കഴിയാറില്ല.

നാട് വിറച്ചു ചിറ്റാര്‍ നീലിപിലാവില്‍ കാട്ടാനയിറങ്ങി

Posted: 04 Jul 2013 11:02 PM PDT

ചിറ്റാര്‍: നീലിപിലാവ് കിഴക്കേക്കരയില്‍ വ്യാഴാഴ്ച പകല്‍ ജനവാസകേന്ദ്രത്തില്‍ ഒറ്റയാന്‍ ഇറങ്ങി നാടിനെ വിറപ്പിച്ചു. 
രാവിലെ ടാപ്പിങ് തൊഴിലാളിയായ  പേഴുംകാട്ടില്‍ മജുവിന്‍െറ കൃഷിയിടത്തിലാണ് ആനയെ നാട്ടുകാര്‍ കണ്ടത്. 
ആനയുടെ ആക്രമണത്തില്‍നിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കവെ വീണ് വനപാലകന് പരിക്കേറ്റു. ചിറ്റാര്‍ ഫോറസ്റ്റ് റേഞ്ച് ഓഫിസിലെ ബീറ്റ് ഓഫിസര്‍ പി.അഭിലാഷിനാണ് പരിക്കേറ്റത്.
ആനയിറങ്ങിയതറിഞ്ഞ് നാട്ടുകാര്‍ കിഴക്കേക്കരയിലേക്ക് ഒഴുകിയെത്തി. തുടര്‍ന്ന് നാട്ടുകാര്‍ ആനയെ വനത്തിലേക്ക് ഓടിച്ചു വിടാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. കൊച്ചുപുരക്കല്‍ മണി, കിഴക്കേക്കരയില്‍ രാജു എന്നിവരുടെ വാഴ റബര്‍, കവുങ്ങ് എന്നിവ ആന നശിപ്പിച്ചു. 
നാട്ടുകാര്‍ പടക്കം പൊട്ടിച്ചും കല്ലെറിഞ്ഞും പാട്ടകൊട്ടിയും ആനയെ കാട്ടിലേക്ക് കയറ്റാനുള്ള ശ്രമവും വിഫലമായതോടെ വനപാലകരെ വിവരം അറിയിച്ചു. 
വനപാലകരെത്തി ആനയെ കട്ടിലേക്ക് കയറ്റാനുള്ള ശ്രമവും നടന്നില്ല.ഉച്ചക്ക് ഒരുമണിയോടെയാണ് കൊമ്പന്‍ കാടുകയറിയത്. 
 വനാതിര്‍ത്തിയില്‍ ആന നിലയുറപ്പിച്ചതിനാല്‍ വനപാലകര്‍ സംഭവസ്ഥലത്തുണ്ട്.  
രണ്ടുദിസവം മുമ്പ് നീലിപിലാവിലും തെക്കേക്കരയിലും കൃഷി നശിപ്പിച്ചത് ഇതേ ആനയാണെന്ന് നാട്ടുകാര്‍ പറയുന്നു. വാഴയും റബറും കവുങ്ങും  നശിപ്പിച്ചിരുന്നു. 
രണ്ടു വര്‍ഷം മുമ്പ് ഇവിടെ ഒറ്റയാന്‍ ഇറങ്ങി കൃഷി നശിപ്പിച്ചിരുന്നു. 
എന്നാല്‍, പിന്നീട് ആന ജനവാസകേന്ദ്രത്തില്‍ ചെരിഞ്ഞിരുന്നു. 
പ്രദേശത്തെ  വനാതിര്‍ത്തിയില്‍ വന്യമൃഗങ്ങള്‍ ഇറങ്ങാതിരിക്കാനുള്ള കിടങ്ങുകളോ വേലികളോ ഇല്ലാത്തതാണ് വന്യമൃഗങ്ങള്‍ ഇറങ്ങാന്‍ കാരണ മാകുന്നതെന്ന് നാട്ടുകാര്‍ പറയുന്നു. 
മഴയും ചക്കയുടെ സീസണും ആയതിനാലാണ് ആന ജനവാസ കേന്ദ്രത്തില്‍ ഇറങ്ങുന്നതെന്ന് വനപാലകര്‍ പറയുന്നു. 
 

കോട്ടയത്ത് സംഘര്‍ഷം മുഖ്യമന്ത്രിക്ക് വഴി നീളെ കരിങ്കൊടി

Posted: 04 Jul 2013 10:51 PM PDT

കോട്ടയം: റെയില്‍വേ സ്റ്റേഷനില്‍ വന്നിറങ്ങിയ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് മുന്നില്‍ കരിങ്കൊടിയുമായി ഇടതുയുവജന സംഘടന പ്രവര്‍ത്തകര്‍ ചാടിവീണു. 
വ്യാഴാഴ്ച വൈകുന്നേരം 5.45ന് തിരുവനന്തപുരം-ചെന്നൈ മെയിലില്‍ തൊടുപുഴയിലേക്ക് പോകാന്‍ എത്തിയതായിരുന്നു മുഖ്യമന്ത്രി. എസ്.എഫ്.ഐ, ഡി.വൈ.എഫ്.ഐ, എ.ഐ.വൈ.എഫ് പ്രവര്‍ത്തകര്‍ റെയില്‍വേ സ്റ്റേഷന് മുന്നിലെ റോഡില്‍ പലയിടങ്ങളിലായി നിന്നാണ് പ്രതിഷേധിച്ചത്. ജില്ല പൊലീസ് ചീഫ് എം.വി. ദിനേശിന്‍െറ നേതൃത്വത്തില്‍ പ്രതിഷേധം മുന്നില്‍ കണ്ട് കനത്ത സുരക്ഷ ഏര്‍പ്പെടുത്തിയിരുന്നു.
ട്രെയിന്‍ സ്റ്റേഷനില്‍ എത്തിയതോടെ പ്ളാറ്റ്ഫോമില്‍ നിന്ന് മുദ്രാവാക്യം വിളിച്ച നാലുപ്രവര്‍ത്തകരെ പൊലീസ് ഉടന്‍ പിടികൂടി ജീപ്പില്‍ കയറ്റി കൊണ്ടുപോയി. വി.ഐ.പി ഗേറ്റിലൂടെ മുഖ്യമന്ത്രി കാറിനടുത്തേക്ക് നീങ്ങിയതും റെയില്‍വേ സ്റ്റേഷന്‍ റോഡിലുണ്ടായിരുന്ന നൂറോളം പ്രവര്‍ത്തകര്‍ കരിങ്കൊടിയുമായി പൈലറ്റ് ജീപ്പിന് മുന്നില്‍ നിലയുറപ്പിച്ചു. ഇവരെ നീക്കാന്‍ പൊലീസുകാര്‍ ശ്രമിച്ചതോടെ നേരിയ സംഘര്‍ഷം ഉടലെടുത്തു. വന്‍പൊലീസ് സംഘം പ്രവര്‍ത്തകരെ വളഞ്ഞ് മാറ്റി മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തെ കൊണ്ടുപോയി. കാറിന്‍െറ ചില്ല്താഴ്ത്തിയിട്ടിരുന്ന മുഖ്യമന്ത്രിയുടെ കണ്‍മുന്നിലാണ് പ്രവര്‍ത്തകര്‍ കരിങ്കൊടി ഉയര്‍ത്തിയത്. മുഖ്യമന്ത്രി കടന്നുപോയയുടന്‍ പ്രവര്‍ത്തകര്‍ പ്രകടനമായി കോട്ടയം ഈസ്റ്റ് പൊലീസ് സ്റ്റേഷനിലേക്ക് നീങ്ങി ഉപരോധം ആരംഭിച്ചു. പിടികൂടിയ പ്രവര്‍ത്തകരെ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഉപരോധം. എസ്.എഫ്.ഐ ജില്ല പ്രസിഡന്‍റ് ജെയ്ക് തോമസ്, ഏരിയ  സെക്രട്ടറി കെ.ബി. ബിബിന്‍, കെ.എസ്. ദീപു, സുരേഷ്, വി.ആര്‍. രാജേഷ്, പി.എസ്. ശരത് എന്നിവരെ പൊലീസ് മര്‍ദിച്ചെന്ന് ഡി.വൈ.എഫ്.ഐ ആരോപിച്ചു. 
സമാധാനപരമായി സമരം ചെയ്ത ഇടതുയുവജനസംഘടന  പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തത് ജനാധിപത്യ വ്യവസ്ഥയോടുള്ള വെല്ലുവിളിയാണെന്ന് എ.ഐ.വൈ.എഫ് ജില്ല എക്സിക്യൂട്ടീവ് ആരോപിച്ചു. പ്രതിഷേധ സമരത്തിന് എ.ഐ.വൈ.എഫ് ജില്ല സെക്രട്ടറി അഡ്വ. വി.എസ്. മനുലാല്‍, സംസ്ഥാന ജോയന്‍റ് സെക്രട്ടറി അഡ്വ. പ്രശാന്ത് രാജന്‍, സംസ്ഥാന സമിതിയംഗം മനോജ് ജോസഫ്, എ.ഐ.എസ്.എഫ് സംസ്ഥാന ജോയന്‍റ് സെക്രട്ടറി ശുഭേഷ് സുധാകരന്‍, സുരേഷ് കെ. ഗോപാല്‍, ലിജോയ് കുര്യന്‍, അശോക് കുമാര്‍, പ്രദീപ് നെടുംകുന്നം, രാജേഷ് ചെങ്ങളം, ഫിലിപ്പ് ഉലഹന്നാന്‍ എന്നിവര്‍ നേതൃത്വം നല്‍കി.
ഇടതുപക്ഷ വിദ്യാര്‍ഥി- യുവജനസംഘടന  പ്രവര്‍ത്തകരെ അകാരണമായി കസ്റ്റഡിയിലെടുത്ത് മര്‍ദിച്ച കോട്ടയം ഈസ്റ്റ് സി.ഐ റിജോ പി. ജോസഫിനെ സസ്പെന്‍ഡ് ചെയ്യണമെന്നാവശ്യപ്പെട്ട് ഡി.വൈ.എഫ്.ഐ- എസ്.എഫ്.ഐ നേതൃത്വത്തില്‍ വെള്ളിയാഴ്ച ഈസ്റ്റ് സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തും. രാവിലെ 10നാണ് മാര്‍ച്ച്. മര്‍ദനത്തില്‍ പ്രതിഷേധിച്ച് ജില്ലയിലെ മേഖലാ, ബ്ളോക് കേന്ദ്രങ്ങളില്‍ പ്രകടനത്തിന് ഡി.വൈ.എഫ്.ഐ ജില്ല പ്രസിഡന്‍റ് പി.എന്‍. ബിനുവും സെക്രട്ടറി കെ. രാജേഷും ആഹ്വാനം ചെയ്തു.  
പാലാ: തൊടുപുഴയില്‍ പരിപാടിയില്‍ പങ്കെടുക്കാന്‍ പോയ മുഖ്യമന്ത്രിക്കുനേരെ വഴിനീളെ കരിങ്കൊടി. ട്രെയിന്‍ മാര്‍ഗം കോട്ടയത്ത് എത്തിയ മുഖ്യമന്ത്രിയെ തൊടുപുഴക്കുള്ള യാത്രാമധ്യേ  കിടങ്ങൂര്‍, മുത്തോലി, പുലിയന്നൂര്‍, പാലാ എന്നിവിടങ്ങളില്‍ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചു. പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു.

തേജസ്വിനി കരകവിഞ്ഞു; താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയില്‍

Posted: 04 Jul 2013 10:46 PM PDT

ചെറുവത്തൂര്‍: കനത്ത മഴയെ തുടര്‍ന്ന് തേജസ്വിനി കരകവിഞ്ഞതോടെ ചെറുവത്തൂരിലെ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയിലായി. ചെറുവത്തൂരിന്‍െറ പടിഞ്ഞാറന്‍ പ്രദേശങ്ങളായ കാരി, കുറ്റിവയല്‍, മീന്‍കടവ്, പൊടോതുരുത്തി, എരിഞ്ഞിക്കീല്‍, പതിക്കാല്‍, അച്ചാംതുരുത്തി, കാടങ്കോട്, മടക്കര, മയ്യിച്ച, അരണായി, കോണായി, പാലത്തേര, കയ്യൂര്‍-ചീമേനിയിലെ കയ്യൂര്‍, പൊതാവൂര്‍, വെള്ളാട്ട്, ക്ളായിക്കോട്, കുണ്ട്യം, ചന്ദ്രവയല്‍, തളിയന്‍മാട എന്നിവിടങ്ങളും വെള്ളത്തിനടിയിലായി.
 മയ്യിച്ച, കാര്യങ്കോട് എന്നിവിടങ്ങളിലെ 50ഓളം വീടുകളില്‍ വെള്ളം കയറി. പുറത്തിറങ്ങാന്‍പോലും കഴിയാത്തത്തതിനെ തുടര്‍ന്ന് പലരും ബന്ധുവീടുകളിലേക്ക് സ്ഥലംമാറിപ്പോയി.
കയ്യൂരിലെ അരയാക്കടവ് പൂര്‍ണമായും വെള്ളത്തിനടിയിലായി. ഈ ഭാഗങ്ങളിലെ കൃഷി പൂര്‍ണമായും നശിച്ചു. തേജസ്വിനിയിലെ മലവെള്ളമെത്തിയത് കയ്യൂര്‍, ചെറിയാക്കര, വെള്ളാട്ട് പ്രദേശങ്ങളില്‍ കനത്ത വെള്ളപ്പൊക്കമുണ്ടാക്കി. കയ്യൂര്‍ ആല്‍ക്കീഴില്‍ ക്ഷേത്രം, കയ്യൂര്‍ രക്തസാക്ഷി മണ്ഡപം എന്നിവ വെള്ളത്തിനടിയിലായി.
കയ്യൂരിലെ ടി.കെ. കൊട്ടന്‍, പി. സത്യന്‍, എ. സുരേശന്‍, പി.കെ. രാഘവന്‍, എ.കെ. മാധവി, സി.വി. കുമാരന്‍, കെ. വെള്ളച്ചി, കെ.വി. ബാലന്‍, കെ. അമ്പൂഞ്ഞി, വി. രാഘവന്‍ എന്നിവരുടെ കുടുംബങ്ങളെ മാറ്റി താമസിപ്പിച്ചു. നെല്ല്, വാഴ എന്നീ കൃഷികള്‍ വ്യാപകമായി നശിച്ചു. 
 ദുരിതാശ്വസ പ്രവര്‍ത്തനങ്ങള്‍ക്ക് വില്ലേജ് ഓഫിസര്‍മാര്‍ നേതൃത്വം നല്‍കി.

സംഘര്‍ഷാന്തരീക്ഷത്തില്‍ പയ്യാമ്പലം ശ്മശാനം പള്ളിക്കുന്ന് പഞ്ചായത്ത് ഏറ്റെടുത്തു

Posted: 04 Jul 2013 10:41 PM PDT

കണ്ണൂര്‍: സംഘര്‍ഷാന്തരീക്ഷത്തില്‍ പയ്യാമ്പലം പൊതുശ്മശാനം പള്ളിക്കുന്ന് പഞ്ചായത്ത് ഏറ്റെടുത്തു. ഹൈകോടതി വിധിയെ തുടര്‍ന്നാണ് ശ്മാശന നടത്തിപ്പ് പഞ്ചായത്ത് ഏറ്റെടുത്തത്. എന്നാല്‍, സ്ഥലത്തെത്തിയ പഞ്ചായത്ത് അധികൃതരെ പയ്യാമ്പലം തീയ സമുദായ ശവസംസ്കാര സഹായ സമിതി  പ്രവര്‍ത്തകര്‍ തടഞ്ഞത് ബഹളത്തിനിടയാക്കി. തുടര്‍ന്ന്, പൊലീസ് ഇടപെട്ട് രംഗം ശാന്തമാക്കുകയായിരുന്നു.  സംസ്കാര സമിതി  രസീത് നല്‍കിയ മൃതദേഹങ്ങള്‍ സംസ്കരിക്കാന്‍ സമിതിക്ക്  സാവകാശം നല്‍കിയ  പൊലീസ് തുടര്‍ന്നുള്ള സംസ്കാരങ്ങള്‍ പഞ്ചായത്തിന്‍െറ നേതൃത്വത്തില്‍ തന്നെ നടക്കുമെന്ന് അറിയിച്ചു. പഞ്ചായത്ത് ഏറ്റെടുത്തതിനുശേഷം ഇന്നലെ എട്ടു മൃതദേഹങ്ങള്‍കൂടി സംസ്കരിച്ചു.  
 പള്ളിക്കുന്ന് പഞ്ചായത്തിന് കീഴിലെ സ്ഥലത്ത് സ്ഥിതി ചെയ്യുന്ന പയ്യാമ്പലം തീയ പൊതുശ്മശാനം നടത്തുന്നവര്‍ക്കെതിരെ ഷാജി ചന്ദ്രോത്ത് എന്ന വ്യക്തി നല്‍കിയ ഹരജിയെ തുടര്‍ന്നാണ് ശ്മശാനം പഞ്ചായത്തിനോട് ഏറ്റെടുത്തു നടത്താന്‍ കോടതി നിര്‍ദേശിച്ചത്. ജൂണ്‍ മൂന്നിനായിരുന്നു വിധി. 
 വിധിയുടെ പകര്‍പ്പ് ലഭ്യമായതിനെ തുടര്‍ന്ന് ശ്മശാനം ഏറ്റെടുക്കുന്നതു സംബന്ധിച്ച് കഴിഞ്ഞ ദിവസം കലക്ടര്‍ക്കും തഹസില്‍ദാര്‍ക്കും ശ്മശാന സമിതി അംഗങ്ങള്‍ക്കും പള്ളിക്കുന്ന് പഞ്ചായത്ത് അധികൃതര്‍  നോട്ടീസ് നല്‍കിയിരുന്നു.  നടപടികള്‍ ചട്ടപ്രകാരമായിരിക്കുന്നതിന് പള്ളിക്കുന്ന് വില്ലേജ് ഓഫിസര്‍, തഹസില്‍ദാര്‍  ഉള്‍പ്പെടെയുള്ളവരുമായാണ് പ്രസിഡന്‍റ് പി.ടി. ദിവ്യ, വൈസ് പ്രസിഡന്‍റ്  പി.കെ. രാഗേഷ് എന്നിവര്‍ എത്തിയത്. എന്നാല്‍, കോടതി തീരുമാനം തങ്ങള്‍ക്കറിയില്ലെന്നും സമുദായ ശ്മശാനം ഏറ്റെടുക്കുന്നത് അനുവദിക്കില്ലെന്നും പറഞ്ഞ് ശ്മശാന സമിതി പ്രസിഡന്‍റ് കെ.എം. വിനോദ്, കെ.ജി. ബാബു എന്നിവരുടെ നേതൃത്വത്തില്‍ നാട്ടുകാര്‍ സംഘടിക്കുകയായിരുന്നു. കോടതി വിധി വന്നത് പയ്യാമ്പലം ശ്മശാന കമ്മിറ്റി എന്ന കമ്മിറ്റിയുടെ പേരിലാണെന്നും എന്നാല്‍ തീയ സമുദായ ശവസംസ്കാര സഹായ സമിതി എന്ന തങ്ങളുടെ രജിസ്ട്രേഡ് കമ്മിറ്റിയാണ് നൂറു വര്‍ഷത്തിലധികമായി ശ്മശാനം നടത്തുന്നതെന്നും ഇവര്‍ പറഞ്ഞു. എന്നാല്‍, ശ്മശാന സമിതി നേതാവ്  കെ.എം. വിനോദ് എന്നയാളുടെ പേരിലുള്ള സമിതി എന്ന് കോടതി രേഖയിലുണ്ടെന്ന് പഞ്ചായത്ത് അധികൃതരും പറഞ്ഞു. 
തര്‍ക്കം നീണ്ടതോടെ സംസ്കരിക്കാന്‍ കൊണ്ടുവന്ന മൃതദേഹങ്ങള്‍ പെരുവഴിയിലാകുമെന്നുകണ്ട കണ്ണൂര്‍ ഡിവൈ.എസ്.പി പി. സുകുമാരനും സി.ഐ വിനോദ് കുമാറും സമിതി അംഗങ്ങളെ പിന്തിരിപ്പിക്കുകയായിരുന്നു. പരാതിയുണ്ടെങ്കില്‍ കോടതിയില്‍ പറയണമെന്നും ശ്മശാനത്തില്‍ ബഹളമുണ്ടാക്കരുതെന്നും  പറഞ്ഞ് പ്രവര്‍ത്തകരെ ഇവര്‍ പുറത്തേക്ക്  മാറ്റി. ശവസംസ്കാരത്തിനായി സമിതി കൊണ്ടുവന്ന വിറകുകളും ചിരട്ടകളും എടുത്തു മാറ്റുന്നതിനും പൊലീസ്  സമയം നല്‍കി.  തുടര്‍ന്ന് ശ്മശാനം ഏറ്റെടുത്തതായി പ്രഖ്യാപിച്ച പഞ്ചായത്ത് അധികൃതര്‍ സംസ്കരിക്കാന്‍ കൊണ്ടുവന്ന മൃതദേഹങ്ങള്‍ക്ക് രസീത് നല്‍കി. കാച്ചി നാണി എന്ന സ്ത്രീയുടെ മൃതദേഹമാണ് പഞ്ചായത്ത് ഏറ്റെടുത്തതിനു ശേഷം ആദ്യം സംസ്കരിച്ചത്. ശ്മശാന സമിതി  സ്വീകരിച്ചുകൊണ്ടിരുന്ന 900 രൂപ തന്നെയായിരിക്കും സംസ്കാരത്തിന് ഈടാക്കുകയെന്ന് പഞ്ചായത്ത് അധികൃതര്‍ അറിയിച്ചു. പള്ളിക്കുന്ന് പഞ്ചായത്തിലുള്ളവരുടെ മൃതദേഹങ്ങള്‍ സൗജന്യമായിട്ടായിരിക്കും സംസ്കരിക്കുക. 
ശ്മശാനത്തിന്‍െറ ദൈനംദിന കാര്യങ്ങള്‍ നിര്‍വഹിക്കാന്‍ ഒരു സ്ഥിരം ജീവനക്കാരനെ ചുമതലപ്പെടുത്തും. സംസ്കാര കാര്യങ്ങള്‍ക്ക് സഹായിക്കുന്നതിനും ഒരാളെ നിയമിക്കും. ഓരോ സംസ്കാരത്തിനും 50 രൂപ വീതം ഇയാള്‍ക്ക് പ്രതിഫലം നല്‍കുന്നതിനും പഞ്ചായത്ത് തീരുമാനിച്ചിട്ടുണ്ട്. 

സ്കൂള്‍ ഉച്ചഭക്ഷണ പരിപാടി അവതാളത്തില്‍

Posted: 04 Jul 2013 10:36 PM PDT

പാലക്കാട്: പൊതുവിദ്യാലയങ്ങളില്‍ നടപ്പാക്കുന്ന സ്കൂള്‍ ഉച്ചഭക്ഷണ പരിപാടി പ്രതിസന്ധിയിലേക്ക്. സിവില്‍ സപൈ്ളസ് കോര്‍പറേഷനില്‍നിന്ന് നേരത്തെ അരി, പയര്‍, പരിപ്പ്, പാല്‍, മുട്ട എന്നിവ വിദ്യാലയങ്ങള്‍ക്ക് നേരിട്ട് വിതരണം ചെയ്തിരുന്നു. പച്ചക്കറി, പലചരക്ക്, വിറക് എന്നിവ സംഘടിപ്പിച്ച് ഉച്ചഭക്ഷണ വിതരണം നടത്താന്‍ സ്കൂള്‍ അധികൃതര്‍ക്ക് കഴിഞ്ഞ കാലങ്ങളില്‍ ബുദ്ധിമുട്ട് ഉണ്ടായിരുന്നില്ല. 2012-13 വര്‍ഷത്തെ പരിഷ്കരണത്തിലൂടെ വിദ്യാലയങ്ങള്‍ക്ക് അരി മാത്രമായി നല്‍കി മറ്റ് ഉല്‍പന്നങ്ങള്‍ കണ്ടെത്തി ഉച്ചഭക്ഷണം നല്‍കാന്‍ കുട്ടിയൊന്നിന് ആറ് രൂപ നിരക്കില്‍ തുകയനുവദിച്ചു. 200 കുട്ടികള്‍ പഠിക്കുന്ന ഒരു വിദ്യാലയത്തിന് പ്രതിമാസം 27,000 രൂപ ചെലവ് വരും. സര്‍ക്കാര്‍ വിഹിതമായ 24,000 രൂപ കഴിച്ച് ബാക്കി കണ്ടെത്തണം.
ഈ വര്‍ഷം ചെലവ് തുക 30,000ലേക്ക് ഉയര്‍ന്നെങ്കിലും സര്‍ക്കാര്‍ വിഹിതം പഴയതുതന്നെ. ഇതിനെല്ലാമുപരി കഴിഞ്ഞ വര്‍ഷത്തെ കുടിശ്ശികയായി പാലക്കാട് ജില്ലയില്‍ മാത്രം 70 ലക്ഷം രൂപ പ്രധാനാധ്യാപകര്‍ക്ക് നല്‍കാനുണ്ട്. 
ഇത്രയും തുക കുടിശ്ശിക നില്‍ക്കുമ്പോഴാണ് ജൂണില്‍ ഉച്ചഭക്ഷണ വിതരണം നടത്തിയത്. ഈ നില തുടര്‍ന്നാല്‍ ഉച്ചഭക്ഷണ പരിപാടി നിര്‍ത്തിവെക്കേണ്ടിവരുമെന്ന് പ്രധാനാധ്യാപകര്‍ മുന്നറിയിപ്പ് നല്‍കി. സ്കൂള്‍ ഉച്ചഭക്ഷണ പദ്ധതി നിര്‍ത്താനുള്ള സര്‍ക്കാറിന്‍െറ ആസൂത്രിത നീക്കമാണ് ഇതിന് പിന്നിലെന്ന് ആരോപണമുയര്‍ന്നിട്ടുണ്ട്.
കുടിശ്ശിക തുകയും മൂന്ന് മാസത്തെ അഡ്വാന്‍സും അനുവദിച്ച് പൊതു വിദ്യാലയങ്ങളുടെ ആകര്‍ഷണമായ ഉച്ചഭക്ഷണ പരിപാടി നിലനിര്‍ത്തണമെന്ന് പല്ലാവൂര്‍ ഗവ. എല്‍.പി സ്കൂള്‍ അധ്യാപക രക്ഷാകര്‍തൃ സമിതി ജനറല്‍ ബോഡി ആവശ്യപ്പെട്ടു. സി.എ. മണി അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപകന്‍ എ. ഹാറൂണ്‍, ബി. ഗീത, ടി.ഇ. ഷൈമ എന്നിവര്‍ സംസാരിച്ചു. ഭാരവാഹികള്‍: സി.എ. മണി (എസ്.എം.സി ചെയര്‍) കെ. അരവിന്ദാക്ഷന്‍ (വൈസ് ചെയര്‍) പീതാംബരന്‍ (പി.ടി.എ പ്രസി) ജ്യോതി (വൈസ് പ്രസി) പ്രമോദിനി (എം.പി.ടി.എ പ്രസി).
 

മഴ തുടരുന്നു; ദുരിതവും

Posted: 04 Jul 2013 10:34 PM PDT

Subtitle: 
കെടുതിയില്‍ നഷ്ടം 4.46 കോടി
മലപ്പുറം: ജില്ലയില്‍ കാലവര്‍ഷക്കെടുതിയില്‍ നഷ്ടം 4.46 കോടി. കനത്ത മഴയില്‍ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയിലായി. വ്യാപക കൃഷിനാശവുമുണ്ടായി. ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ ജില്ലയില്‍ പരക്കെ കനത്ത മഴയാണ് ലഭിച്ചത്. വ്യാഴാഴ്ചയും മഴ തുടര്‍ന്നു. കനത്ത മഴ കാരണം ഏറനാട്, നിലമ്പൂര്‍, പൊന്നാനി താലൂക്കുകളില്‍ വിദ്യാലയങ്ങള്‍ക്ക് വ്യാഴാഴ്ച അവധി നല്‍കിയിരുന്നു. 
മലയോര മേഖലയില്‍ മഴക്ക് കുറവില്ലാത്തതിനാല്‍ പുഴകളില്‍ ജലനിരപ്പ് അപായകരമായ നിലയിലാണ്. ചാലിയാര്‍, കടലുണ്ടി, ഭാരതപ്പുഴ എന്നിവയെല്ലാം ഇരുകരകളും മുട്ടിയാണ് ഒഴുകുന്നത്. 
കാലവര്‍ഷം തുടങ്ങിയശേഷം ജില്ലയില്‍ 104.81 ഹെക്ടറിലെ കൃഷി നശിച്ചതായി റവന്യു വകുപ്പ് റിപ്പോര്‍ട്ട് പറയുന്നു. 36.7 കോടിയാണ് നഷ്ടം. 28 വീടുകള്‍ പൂര്‍ണമായും 449 വീടുകള്‍ ഭാഗികമായും തകര്‍ന്നു. നഷ്ടം 101.24 ലക്ഷം. പത്തുപേരാണ് മരിച്ചത്. ബുധനാഴ്ച രണ്ട് കുട്ടികള്‍ തോട്ടില്‍ മുങ്ങിമരിച്ചു. കാളികാവ് അഞ്ചച്ചവടിയില്‍ ഒന്നര വയസ്സുകാരനും എ.ആര്‍ നഗര്‍ കാവുങ്ങല്‍പ്പാറയില്‍ മൂന്നര വയസ്സുകാരിയുമാണ് മരിച്ചത്. രണ്ട് ദിവസത്തെ മഴയില്‍ ഒരു വീട് പൂര്‍ണമായും 13 വീടുകള്‍ ഭാഗികമായും തകര്‍ന്നു. 21.03 ഹെക്ടര്‍ കൃഷി നശിച്ചു. വ്യാഴാഴ്ച രാവിലെ പത്തുവരെ ജില്ലയില്‍ 88.93 മില്ലിമീറ്റര്‍ മഴ ലഭിച്ചു. കാലവര്‍ഷം തുടങ്ങിയശേഷം 1290.03 മില്ലിമീറ്റര്‍ മഴയാണ് ലഭിച്ചത്. 
 

No comments:

Post a Comment

english malayalam dictionary

വിരുന്നുകാര്...

poomottu

Dsgd: by ASLAM PADINHARAYIL

Back to TOP