സ്വാഗതം
WELCOME

News Update..

Wednesday, July 3, 2013

സിം കാര്‍ഡ് ലഭിക്കാന്‍ ഇനി വിരലടയാളവും നല്‍കണം Madhyamam News Feeds

സിം കാര്‍ഡ് ലഭിക്കാന്‍ ഇനി വിരലടയാളവും നല്‍കണം Madhyamam News Feeds

Link to

സിം കാര്‍ഡ് ലഭിക്കാന്‍ ഇനി വിരലടയാളവും നല്‍കണം

Posted: 03 Jul 2013 01:12 AM PDT

Image: 

ന്യൂദല്‍ഹി: മൊബൈല്‍ സിം കാര്‍ഡുകളുടെ ദുരുപയോഗം തടയാന്‍ പുതിയ നീക്കവുമായി ഭരണകൂടം. സിം കാര്‍ഡുടമകള്‍ക്ക് അത് അനുവദിക്കുന്നതിനു മുമ്പ് വിരലടയാളമോ മറ്റെന്തെങ്കിലും ശാരീരിക അടയാളങ്ങളോ  (ബയോ മെട്രിക്) ശേഖരിക്കാന്‍ ടെലികോം വകുപ്പിന്
നിര്‍ദേശം നല്‍കി. കുറ്റവാളികളും തീവ്രവാദികളും മൊബൈല്‍ സിം കാര്‍ഡുകള്‍ ദുരുപയോഗം ചെയ്യുന്ന സാഹചര്യത്തലില്‍ നിലവില്‍ പിന്തുടര്‍ന്നുപോരുന്ന സംവിധാനങ്ങള്‍ ഫലപ്രദമാവുന്നില്ളെന്ന കാരണത്താലാണ് ആഭ്യന്തര മന്ത്രാലയത്തിന്‍്റെ നീക്കം. ഇതിന് പുറമെ, മുഴുവന്‍ ഉപയോക്താക്കളുടെയും ബയോമെട്രിക് അടയാളങ്ങള്‍ ശേഖരിച്ച്  ദേശീയ രഹസ്യാന്വേഷണ ശൃംഖലയുമായി ബന്ധിപ്പിക്കണമെന്നും മന്ത്രാലയം നിര്‍ദേശിക്കുന്നു. ദേശീയ സുരക്ഷാ കേന്ദ്രത്തില്‍ ഈ വിവരങ്ങള്‍ ക്രോഡീകരിക്കുന്നതിനുവേണ്ടിയാണ് ഇത്.
ടെലികോം സേവനങ്ങള്‍ ലഭ്യമാക്കുന്നവര്‍ അടക്കമുള്ള ഇടനിലക്കാരുമായി ഇക്കാര്യത്തില്‍ അഭിപ്രായം തേടുമെന്നും മന്ത്രാലയത്തിലെ ഉദ്യോഗസ്ഥന്‍ അറിയിച്ചു. സിം കര്‍ഡുകള്‍ കൂട്ടമായി വില്‍പന നടത്തുന്ന അനാരോഗ്യകരമായ കിടമത്സരം ശ്രദ്ധയില്‍പെട്ടിട്ടുണ്ടെന്നും അത് മറികടക്കുന്നതിനുകൂടി ഇതുവഴി സാധിക്കുമെന്നും  പറയുന്നു. സിം കാര്‍ഡ് അനുവദിക്കുന്നതിനു മുമ്പ് ഉപയോക്താവിന്‍്റെ അടയാള പരിശോധന സേവന ദാതാവ് നടത്തിയിരിക്കണമെന്ന് കഴിഞ്ഞ വര്‍ഷം ടെലികോം വകുപ്പ്  ഉത്തരവിട്ടിരുന്നു. എന്നാല്‍, സിം കാര്‍ഡുകളുമായി ബന്ധപ്പെട്ട് ഇതിന്‍്റെ ചില്ലറ വില്‍പന രംഗത്തുള്ളവര്‍  തെറ്റിദ്ധരിപ്പിക്കുന്നവിധത്തിലുള്ള വിവരങ്ങളാണ് നല്‍കുന്നതെന്ന് രാജ്യത്തുടനീളമുള്ള സംസ്ഥാനങ്ങളിലെ പൊലീസ് വ്യാപകമായി പരാതിപ്പെട്ടു.  
ആഭ്യന്തര സുരക്ഷയുമായി ബന്ധപ്പെട്ട് കഴിഞ്ഞ മാസം നടന്ന സംസ്ഥാന മുഖ്യമന്ത്രിമാരുടെ യോഗത്തില്‍ വ്യാജ രേഖകള്‍ ഉപയോഗിച്ച് തീവ്രവാദികളും കുറ്റവാളികളും സിം കാര്‍ഡുകള്‍  തരപ്പെടുത്തുന്നതായി ഉയര്‍ന്നുവന്ന പശ്ചാത്തലത്തില്‍ ആണ് ഈ വിഷയം പരിഗണിച്ചതെന്ന് ഉദ്യോഗസ്ഥന്‍ പറഞ്ഞു. ബയോ മെട്രിക് വിശദാംശങ്ങള്‍ രേഖപ്പെടുത്തണമെന്ന് കാണിച്ച് ദല്‍ഹി പൊലീസ് കമ്മീഷണര്‍ നീരജ് കുമാര്‍ ആഭ്യന്തര മന്ത്രാലയത്തിന് കത്ത് എഴുതുകയും ചെയ്തിരുന്നു.

അരിപ്പ ഭൂസമരത്തിന് ആറുമാസം തികയുന്നു; ഇന്ന് മുഖ്യമന്ത്രിയുമായി ചര്‍ച്ച

Posted: 03 Jul 2013 12:00 AM PDT

കുളത്തൂപ്പുഴ: ആദിവാസി ദലിത് മുന്നേറ്റ സമരസമിതിയുടെ നേതൃത്വത്തില്‍ കൃഷിഭൂമി ആവശ്യപ്പെട്ട് ജനുവരി ഒന്നിനാരംഭിച്ച ഭൂസമരം ബുധനാഴ്ച ആറുമാസം പിന്നിടുന്നു.
മുഖ്യമന്ത്രിയുടെ പ്രത്യേക താല്‍പര്യപ്രകാരം സംസ്ഥാന സര്‍ക്കാര്‍ സമരസമിതി നേതാക്കളുമായി ഉച്ചക്ക് ചര്‍ച്ച നടത്തും. സെക്രട്ടേറിയറ്റ് ഹാളില്‍ നടക്കുന്ന ചര്‍ച്ചയിലേക്ക് സമരസമിതി നേതാക്കളെ ക്ഷണിച്ചിട്ടുണ്ട്. ഇന്നലെ പത്തനാപുരം തഹസില്‍ദാര്‍ വഴി സമരസമിതി നേതാക്കള്‍ക്ക് കത്ത് എത്തിച്ചിരുന്നു. സ്ത്രീകളും കുട്ടികളും വൃദ്ധരുമടക്കം ആയിരത്തഞ്ഞൂറോളം വരുന്ന സമരക്കാര്‍ ആറുമാസമായി സമരഭൂമിയില്‍ തന്നെ കുടില്‍ കെട്ടി കഴിയുകയാണ്. സ്വന്തമായി കൃഷിഭൂമി ആവശ്യപ്പെട്ട് സമരത്തിലേര്‍പ്പെട്ട ഭൂസമരക്കാര്‍ ഇതിനോടകം റവന്യൂ ഭൂമിയിലെ തരിശുനിലങ്ങളും പാഴ്ഭൂമികളും കൃഷി യോഗ്യമാക്കി കൃഷിയിറക്കിക്കഴിഞ്ഞു. നെല്‍വയലുകള്‍ ഞാറ്റടിക്ക് തയാറായിക്കഴിഞ്ഞു.
 തങ്ങളുടെ സമരം യഥാര്‍ഥ ആവശ്യങ്ങള്‍ക്കുവേണ്ടിയാണെന്ന് സര്‍ക്കാറിനെയും സമൂഹത്തെയും ബോധ്യപ്പെടുത്താനും അതുവഴി സ്വയംപര്യാപ്തത കൈവരിക്കാനും കൃഷിയിലൂടെ സമരക്കാര്‍ ശ്രമിച്ചു. നിരവധി സാമൂഹിക-രാഷ്ട്രീയ -മനുഷ്യാവകാശ സംഘടനകള്‍ പിന്തുണയുമായെത്തിയതോടെ സമരം ശക്തമായി.
മുമ്പ് നിരവധിതവണ കലക്ടര്‍ വഴി നടത്തിയ ചര്‍ച്ചകളില്‍ മൂന്നു സെന്‍റ് ഭൂമി നല്‍കി ഭൂസമരം പരിഹരിക്കാനായി സര്‍ക്കാര്‍ നിര്‍ദേശം വെച്ചെങ്കിലും കൃഷിഭൂമിയെന്ന ആവശ്യത്തില്‍ സമരക്കാര്‍ ഉറച്ചുനില്‍ക്കുകയായിരുന്നു.
 ഇതത്തേുടര്‍ന്ന് പല ചര്‍ച്ചകളും പരിഹാരമാകാതെ പിരിയുകയും ചെയ്തു. ഇന്ന് നടക്കുന്ന ചര്‍ച്ചയിലും തങ്ങളുടെ ആവശ്യങ്ങളില്‍ നിന്ന് പിന്നാക്കം പോകുന്ന നിലപാടില്ലെന്നാണ് സമരസമിതി നേതാക്കള്‍ നല്‍കുന്ന സൂചന. അതേസമയം ഭൂസമരം രമ്യമായി പരിഹരിക്കാന്‍ സര്‍ക്കാറില്‍ വിവിധ രാഷ്ട്രീയ പാര്‍ട്ടികളില്‍ നിന്നുള്ള സമ്മര്‍ദം ശക്തമായി.
ചര്‍ച്ചയില്‍ സമരസമിതിയെ പ്രതിനിധീകരിച്ച് സംസ്ഥാന പ്രസിഡന്‍റ് ശ്രീരാമന്‍ കൊയ്യോന്‍, സംസ്ഥാന സെക്രട്ടറി സി.കെ. തങ്കപ്പന്‍, സംസ്ഥാന വൈസ് പ്രസിഡന്‍റ് വെള്ളാര്‍ അഷ്ടപാലന്‍, കൊല്ലം ജില്ലാ സെക്രട്ടറി ഏറം അബ്ദുല്‍സലാം തുടങ്ങിയവര്‍ പങ്കെടുക്കും.
 

പി.ആര്‍.ഡി മുന്‍ ഡയറക്ടര്‍ ഫിറോസിനെതിരെ ലുക്ക് ഔട്ട് നോട്ടീസ്

Posted: 02 Jul 2013 11:54 PM PDT

Image: 

തിരുവനന്തപുരം: സോളാര്‍ തട്ടിപ്പു കേസുമായി ബന്ധപ്പെട്ട് സസ്പെന്‍ഷനിലായ പി.ആര്‍.ഡി ഡയറക്ടര്‍ എ.ഫിറോസിനെതിരെ പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു.
ചൊവ്വാഴ്ച മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതിനെ തുടര്‍ന്ന് ഫിറോസിനെ ഒളിവിലാണെന്ന് പൊലീസ് അറിയിച്ചിരുന്നു. ഫിറോസ് വിമാനത്താവളം വഴി രക്ഷപ്പെടാന്‍ സാധ്യതയുള്ള സാഹചര്യത്തിലാണ് ലുക്ക് ഔട്ട് നോട്ടീസ്.

സോളാര്‍ തട്ടിപ്പ് കേസ് പ്രതികളായ ബിജു രാധാകൃഷ്ണനും സരിതക്കുമൊപ്പം  സാമ്പത്തിക തട്ടിപ്പുകേസില്‍ ഫിറോസിനെ മൂന്നാം പ്രതിയാക്കി 2010 നവംബറില്‍ അഡീഷനല്‍ സി.ജെ.എം കോടതിയില്‍ കേസ് ഫയല്‍ ചെയ്തിട്ടുണ്ട്.  2009ല്‍ തിരുവനന്തപുരം സ്വദേശിയായ സലീംകബീര്‍ നല്‍കിയ പരാതിയില്‍ മെഡിക്കല്‍ കോളജ് പൊലീസ് രജിസ്റ്റര്‍ ചെയ്ത തട്ടിപ്പുകേസിലാണ് ഫിറോസ് മുന്‍കൂര്‍ ജാമ്യം തേടിയത്. ബിജുവും സരിതയും ചേര്‍ന്ന് എ.ഡി.ബിയുടെ ദക്ഷിണേന്ത്യന്‍ മേധാവികളാണെന്ന് പറഞ്ഞ് 40ലക്ഷം സലീംകബീറില്‍ നിന്ന് തട്ടിയെന്നാണ് കേസ്. തട്ടിപ്പിലൂടെ നേടിയ 40ലക്ഷത്തില്‍ നിന്ന് അഞ്ചുലക്ഷം രൂപയും സ്വര്‍ണ മോതിരവും കാറും ഫിറോസ് ബിജുവില്‍ നിന്ന് കൈപ്പറ്റിയെന്നും സര്‍ക്കാര്‍ അഭിഭാഷകന്‍ ചൊവ്വാഴ്ച കോടതിയില്‍ ആരോപിച്ചിരുന്നു.
കേസില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയതിനുശേഷം ഫിറോസ് ഒളിവില്‍ പോവുകയായിരുന്നു. എന്നാല്‍ ഫിറോസ് ഒളിവില്‍ പോയിട്ടില്ലെന്നും ഹെക്കോടതിയില്‍ ജാമ്യാപേക്ഷ നല്‍കുമെന്നും അഭിഭാഷകന്‍ അറിയിച്ചു.
 

അണികള്‍ ലൈവാണ്; ലീഗിനും വേണം ‘ലൈക്’

Posted: 02 Jul 2013 11:19 PM PDT

Image: 

മലപ്പുറം: കെ.പി.സി.സി അധ്യക്ഷന്‍ രമേശ് ചെന്നിത്തല ഉള്‍പ്പെടെയുള്ളവരുടെ വിവാദ പ്രസ്താവനകളുണ്ടാക്കിയ പ്രതിസന്ധിയില്‍ പതിവു പോലെ സമരസത്തിനൊരുങ്ങിയ മുസ്ലിംലീഗ് നേതൃത്വത്തെ തിരുത്തിയത് പാര്‍ട്ടിയുടെ യുവജന അണികള്‍. മുമ്പും ഇത്തരം സാഹചര്യങ്ങളുണ്ടായപ്പോള്‍ അനുരഞ്ജന ചര്‍ച്ചക്ക് ക്ഷണിക്കുന്ന മാത്രയില്‍   ലീഗിന്‍െറ രോഷം തണുപ്പിക്കാന്‍ കോണ്‍ഗ്രസിന്് കഴിഞ്ഞിരുന്നു. എന്നാല്‍,  സോഷ്യല്‍ നെറ്റ്വര്‍ക്കുകളിലും മറ്റും നടക്കുന്ന ചര്‍ച്ചകളില്‍ അണികള്‍ പ്രകടിപ്പിക്കുന്ന വികാരം അവഗണിച്ച് മുന്നോട്ടുപോവുന്നത് തിരിച്ചടിയാവുമെന്ന വിലയിരുത്തലിലാണ് ലീഗ്. നാട്ടിലും മറുനാട്ടിലും ഓണ്‍ലൈനില്‍ കൂടുതല്‍ സമയം ചെലവഴിക്കുന്ന തലമുറ ഏറെ ലൈവാണെന്നത് പാര്‍ട്ടിയുടെ തീരുമാനങ്ങളെയും സ്വാധീനിക്കുന്നു.

മുമ്പൊക്കെ പ്രശ്നങ്ങളുണ്ടായാല്‍ പേരിന് യോഗം ചേരുകയും തീരുമാനമെടുക്കാന്‍ സംസ്ഥാന അധ്യക്ഷനെ ചുമതലപ്പെടുത്തുകയുമായിരുന്നു ലീഗിന്‍െറ രീതി. തുടര്‍ന്ന് വരുന്ന പ്രഖ്യാപനങ്ങള്‍ സ്വീകരിക്കുകയല്ലാതെ പ്രവര്‍ത്തകര്‍ക്ക് മറ്റു മാര്‍ഗങ്ങളുണ്ടായിരുന്നില്ല. പുതിയ പ്രശ്നത്തിലും നേതൃത്വം കീഴടങ്ങല്‍ മനോഭാവം കാണിക്കുമോയെന്ന ഭയം പ്രവര്‍ത്തകര്‍ക്കുണ്ട്. ആത്മാഭിമാനം പണയം വെക്കരുതെന്ന് മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്‍റ് കഴിഞ്ഞ ദിവസം പ്രസ്താവിച്ചത് ഈ വികാരം ഉള്‍ക്കൊണ്ടാണ്. ഇപ്പോള്‍ അണികളുടെ ഓരോ ചലനവും അപ്പപ്പോള്‍ അറിയുന്ന നേതൃത്വത്തിന് അവരെ അവഗണിച്ച് മുന്നോട്ടുപോവുകയെന്നത് ശ്രമകരമാണ്.

‘മുഖ്യധാര’യില്‍ നിന്ന് വരുന്ന വാര്‍ത്തകളും അഭിപ്രായങ്ങളും ആവിഷ്കാരങ്ങളും ലീഗിന് എതിരാണെന്നതിനാല്‍ ഓണ്‍ലൈനില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ ഇതിന് മറുപടിയുമായി സജീവമാണ്. പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളെപ്പോലും അവഹേളിച്ച് കോണ്‍ഗ്രസുകാരിട്ട കാര്‍ട്ടൂണുകള്‍ ഫേസ്ബുക്കിലും മറ്റുമുണ്ട്. കെ. മുരളീധരന്‍ തെരഞ്ഞെടുപ്പ് കാലങ്ങളില്‍ അനുഗ്രഹം വാങ്ങാന്‍ പാണക്കാട്ട് വന്നതിന്‍െറ സചിത്ര വാര്‍ത്തകളും രമേശ് ചെന്നിത്തലയുടെ പഴയ ലീഗ് അനുകൂല പ്രസ്താവനകളും പോസ്റ്റ് ചെയ്താണ് പ്രവര്‍ത്തകര്‍ തിരിച്ചടിക്കുന്നത്. ആര്യാടന്‍ മുഹമ്മദിനെതിരെ അല്‍പം രൂക്ഷമായ ഭാഷ തന്നെ ഉപയോഗിക്കുന്നു.

 പ്രവര്‍ത്തകരെപ്പോലെത്തന്നെ നല്ലൊരു വിഭാഗം നേതാക്കളും കമ്പ്യൂട്ടര്‍ സാക്ഷരരാണ്. അണികളുടെ അഭിപ്രായപ്രകടനങ്ങള്‍ അവര്‍ സസൂക്ഷ്മം നിരീക്ഷിക്കുന്നുണ്ട്. കഴിഞ്ഞത് മറക്കുന്നവരല്ല ഈ തലമുറയെന്ന സത്യം പാര്‍ട്ടി തിരിച്ചറിയുന്നു.  

 

ഐ.പി.എല്‍ വാതുവെപ്പ്: ശ്രീശാന്തിനെതിരായ മൊഴിയില്‍ നിന്ന് ജിതേന്ദ്ര ജയിന്‍ പിന്മാറി

Posted: 02 Jul 2013 11:15 PM PDT

Image: 

ന്യൂദല്‍ഹി: ഐ.പി.എല്‍ വാതുവെപ്പ് കേസില്‍ ശ്രീശാന്തിനെതിയി വാതുവെപ്പുകാരന്‍ ജിതേന്ദ്ര  ജയിന്‍ നല്‍കിയ മൊഴിയില്‍ നിന്ന് പിന്മാറി. ശ്രീശാന്തിനെതിരായി മൊഴി നല്‍കിയത് പൊലീസിന്റെ സമ്മര്‍ദ്ദം മൂലമാണെന്നാണ് ജിതേന്ദ്ര  ജയിന്‍ പറഞ്ഞു.

സാകേത് കോടതിയിലെ അഡീഷണല്‍ സെഷന്‍സ് ജഡ്ജ് രേണു ഭട്ട്നാഗറിനു മുന്നിലാണ് ജിത്തു എന്ന പേരിലറിയപ്പെടുന്ന വാതുവെപ്പകാരന്‍  ജിതേന്ദ്ര  ജയിന്‍ മൊഴി മാറ്റിയത്. റിമാന്‍ഡ് കാലാവധികഴിഞ്ഞതിനെ തുടര്‍ന്ന് കോടതിയില്‍ ഹാജരാക്കിയപ്പോഴാണ് ജിത്തു മൊഴി മാറ്റിയത്.

കേസിലെ 29ാം പ്രതിയാണ്  ജിതേന്ദ്ര. ജൂണ്‍ 28 ന് അഹമ്മദാബാദില്‍ നിന്നുമാണ് ഇയാളെ ദല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തത്.
ക്രിക്കറ്റ് താരങ്ങളായ ശ്രീശാന്ത്, അജിത് ചാന്‍ഡില, അങ്കിത് ചവാന്‍ എന്നിവരുമായി ബന്ധപ്പെടാന്‍ വാതുവെപ്പുകാരെ അയച്ചതും
പണം കൈമാറിയതും ജിത്തു വഴിയാണെന്നായിരുന്നു പൊലീസിന്റെ വാദം. ജിത്തുവിന്റെ മൊഴിമാറ്റം ദല്‍ഹി പൊലീസിന് കനത്ത തിരിച്ചടിയായിരിക്കുകയാണ്.
 

വിവാദഭൂമിയിലെ താമസക്കാര്‍ തൃശങ്കുവില്‍

Posted: 02 Jul 2013 11:06 PM PDT

തൃശൂര്‍: കൂര്‍ക്കഞ്ചേരി സോമില്ലിന് സമീപം ഒരേക്കര്‍ 53സെന്‍റ് ഭൂമി ആരുടെതെന്ന അന്വേഷണം മുറുകുന്നതിനിടെ അവിടെ താമസിക്കുന്ന 22 വീട്ടുകാര്‍ തൃശങ്കുവില്‍. പട്ടയം നല്‍കണമെന്ന പതിറ്റാണ്ടുകളുടെ പഴക്കമുള്ള  അവരുടെ ആവശ്യത്തിനുമേല്‍ കരിനിഴല്‍ വീഴ്ത്തിയാണ് വിവാദം കത്തുന്നത്. 
100 വര്‍ഷത്തോളമായി കൈവശം വെച്ച വാസസ്ഥലമാണ് ഇപ്പോള്‍ അളന്ന് തിട്ടപ്പെടുത്തുന്നത്. കോര്‍പറേഷന്‍ അനുമതിയോടെ പുതിയ വീടുകള്‍ വെച്ചും വൈദ്യുതി, വാട്ടര്‍ കണക്ഷനുകള്‍ എടുത്തും താമസിക്കുന്നവരാണ് ഇവരിലധികവും. 1993 വരെ വില്ലേജില്‍ ഭൂമിയുടെ കരം അടച്ച് രസീത് കൈപ്പറ്റിയവരും കൂട്ടത്തിലുണ്ട്. ഇടക്കാലത്ത് സ്ഥലം നഗരസഭയുടെ രജിസ്റ്ററിലും വില്ലേജ് റെക്കോര്‍ഡിലും മുന്‍സിപ്പല്‍ വെളിപ്പറമ്പാണെന്ന് രേഖാമൂലം തൃശൂര്‍ തഹിസില്‍ദാര്‍ അറിയിച്ചിട്ടുമുണ്ട്. ഇതോടെ ഈ സ്ഥലം വില്‍ക്കാനോ ധനകാര്യ സ്ഥാപനങ്ങളില്‍ നിന്ന് വായ്പ എടുക്കാനോ മറ്റ് ആനുകൂല്യങ്ങള്‍ ലഭിക്കാനോ ആവാത്ത അവസ്ഥ ഇവര്‍ക്കുണ്ടായി. പണം മുടക്കിയും പരമ്പരാഗതമായും ലഭിച്ച ഭൂമിയില്‍ ഒന്നും ചെയ്യാനാവാത്ത അവസ്ഥയില്‍ തലമുറകളായി ബുദ്ധിമുട്ടുകയാണവര്‍. 
അധികൃതര്‍ നേരത്തെ വിവരം അറിയിച്ചിരുന്നുവെങ്കില്‍ പുതുതായി വീട് വാങ്ങിയവരെങ്കിലും അബദ്ധത്തില്‍ നിന്ന് രക്ഷപ്പെടുമായിരുന്നു. കോര്‍പറേഷനെ വിഷയം അറിയിച്ചപ്പോള്‍ നിയമോപദേശ പ്രകാരം കൗണ്‍സിലില്‍ വിഷയം ചര്‍ച്ച ചെയ്ത് പട്ടയം നല്‍കുന്നതിന് വിരോധമില്ലെന്ന് ഒരിക്കല്‍ അറിയിച്ചതാണ്. വിവരം തദ്ദേശ സ്വയംഭരണ വകുപ്പിനെ അറിയിക്കുകയുമുണ്ടായി. 
തുടര്‍ന്ന്  ഇക്കാര്യത്തില്‍ അനുകൂല നിലപാട് എടുക്കണമെന്ന സങ്കടഹരജി നഗരകാര്യ മന്ത്രി മഞ്ഞളാംകുഴി അലിക്ക്  2012 ആഗസ്റ്റ് ഒന്നിന് നല്‍കി. ഇതിന് മറുപടി പ്രതീക്ഷിച്ചിരിക്കെയാണ് കഴിഞ്ഞ കോര്‍പറേഷന്‍ കൗണ്‍സിലില്‍ ഭൂമിയുടെ നിജസ്ഥിതി സംബന്ധിച്ച് അന്വേഷിക്കാനും സ്ഥലം ആരുടേതാണെന്ന് അറിഞ്ഞ് അളന്ന് തിട്ടപ്പെടുത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും കോര്‍പറേഷന്‍ സെക്രട്ടറിയെ ചുമതലപ്പെടുത്തിയത്.
കൗണ്‍സിലര്‍ സ്മിനി ഷിജോയാണ് ഇക്കാര്യം കൗണ്‍സിലിന്‍െറ ശ്രദ്ധയില്‍കൊണ്ടുവന്നത്. വിവരാവകാശ രേഖയില്‍ ഇത് കോര്‍പറേഷന്‍ ഭൂമിയാണെന്ന് കൗണ്‍സിലര്‍ പറഞ്ഞു. 
പുറമ്പോക്ക് ഭൂമിയെന്ന പേരില്‍ ഇവിടെ നിരവധി കുടുംബങ്ങള്‍  താമസിക്കുന്നുണ്ട്. ഈ കുടുംബങ്ങള്‍ക്ക് പട്ടയം നല്‍കണമെന്ന് കൗണ്‍സിലര്‍മാര്‍ ആവശ്യപ്പെട്ടു. എന്നാല്‍, ഇക്കാര്യത്തില്‍ സെക്രട്ടറിയുടെ റിപ്പോര്‍ട്ട് വന്ന ശേഷം വീണ്ടും കൗണ്‍സില്‍ ചേര്‍ന്ന് തീരുമാനം എടുക്കേണ്ട ഗതികേടാണ് ഇപ്പോഴുള്ളത്. അതിനിടെ പട്ടയം വാങ്ങിതരാമെന്ന് അറിയിച്ച് സെന്‍റിന് 50,000 രൂപ വരെ ഇവരില്‍ നിന്ന് ഒരു രാഷ്ട്രീയ നേതാവ് ഈടാക്കിയതായും ആരോപണം ഉയര്‍ന്നു. ഇതുകഴിഞ്ഞ കൗണ്‍സില്‍ യോഗത്തില്‍ ബഹളത്തിന് ഇടയാക്കിയിരുന്നു.  

രഹസ്യ സംഘടനാ കേസ്: 69 പേര്‍ക്ക് തടവ്

Posted: 02 Jul 2013 11:06 PM PDT

Image: 

അബൂദബി: അന്താരാഷ്ട്ര സമൂഹത്തിന്‍െറ വരെ ശ്രദ്ധയാകര്‍ഷിച്ച രഹസ്യ സംഘടനാ കേസില്‍ 69 പേര്‍ക്ക് തടവ് ശിക്ഷ. മൂന്ന് മുതല്‍ 15 വര്‍ഷം വരെ തടവിനാണ് ഇവരെ ശിക്ഷിച്ചത്. 13 സ്ത്രീകളടക്കം 25 പേരെ യു.എ.ഇ സുപ്രീംകോടതിയിലെ സ്റ്റേറ്റ് സെക്യൂരിറ്റി കോടതി വെറുതെ വിട്ടു. പ്രതികളുടെ കുടുംബാംഗങ്ങള്‍, പൊലീസ് ഉദ്യോഗസ്ഥര്‍, അഭിഭാഷകര്‍, മാധ്യമപ്രതിനിധികള്‍, മനുഷ്യാവകാശ പ്രവര്‍ത്തകര്‍ തുടങ്ങി 500 ഓളം പേര്‍ തിങ്ങിനിറഞ്ഞ കോടതി മുറിയിലാണ് ജഡ്ജി ഫലാഹ് അല്‍ ഹാജെര്‍ വിധി പ്രഖ്യാപിച്ചത്. മൊത്തം 94 പേരാണ് പ്രതിപ്പട്ടികയിലുണ്ടായിരുന്നത്. ഇവരില്‍ പത്ത് പേരുടെ അസാന്നിധ്യത്തിലായിരുന്നു വിധി പ്രഖ്യാപനം. ഈ പത്ത് പേരില്‍ എട്ട് പേര്‍ക്ക് 15 വര്‍ഷം വീതം തടവ് ശിക്ഷ വിധിച്ചു. 56 പേര്‍ പത്ത് വര്‍ഷം വീതം തടവ് അനുഭവിക്കണം. അഞ്ച് പേര്‍ക്ക് മൂന്ന് മുതല്‍ ഏഴ് വര്‍ഷം വരെയാണ് കോടതി തടവ് ശിക്ഷ വിധിച്ചത്. പ്രതിപ്പട്ടികയില്‍ ഉള്‍പ്പെട്ട സ്ത്രീകളെല്ലാം കുറ്റമുക്തരാക്കപ്പെട്ടു. 81 പുരുഷന്‍മാരും 13 സ്ത്രീകളുമാണ് പട്ടികയിലുണ്ടായിരുന്നത്. ഇവരില്‍ പത്ത് പുരുഷന്‍മാരെ പിടികൂടാന്‍ സാധിച്ചിട്ടില്ല. എല്ലാവരും യു.എ.ഇ പൗരന്‍മാരാണ്.
കോടതി വിധിക്കെതിരെ അപ്പീല്‍ നല്‍കാന്‍ കഴിയില്ല. ഇതുവരെ അനുഭവിച്ച തടവും ശിക്ഷയില്‍ ഉള്‍പ്പെടും. യു.എ.ഇ പീനല്‍ കോഡിന്‍െറ 155, 160, 169, 170, 171, 180, 182 തുടങ്ങിയ വിവിധ വകുപ്പുകള്‍ അനുസരിച്ചാണ് ശിക്ഷ. കുറ്റാരോപിതര്‍ക്ക് 15 വര്‍ഷം വീതം തടവ് നല്‍കണമെന്നാണ് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടിരുന്നത്. രഹസ്യ സംഘടന രൂപവത്കരിച്ച്  ഭരണകൂടത്തെ അട്ടിമറിക്കാന്‍ ശ്രമിച്ചു എന്നതായിരുന്നു ഇവര്‍ക്കെതിരെയുള്ള പ്രധാന കുറ്റം.  94 പ്രതികളില്‍ ഭൂരിപക്ഷം പേരും കുറ്റം നിഷേധിച്ചപ്പോള്‍ ഏതാനും പേര്‍ തങ്ങള്‍ക്ക് സംഘടനയുമായി ബന്ധമുണ്ടെന്ന് സമ്മതിച്ചിരുന്നു. എന്നാല്‍, ഈജിപ്തിലെ മുസ്ലിം ബ്രദര്‍ഹുഡുമായി ബന്ധമുണ്ടായിരുന്നില്ലെന്നും പരിഷ്കരണ ശ്രമത്തിനപ്പുറം മറ്റ് പ്രവര്‍ത്തനമൊന്നും ഉണ്ടായിരുന്നില്ലെന്നും ഇവര്‍ വ്യക്തമാക്കിയിരുന്നു. കോടതിയില്‍ സന്നിഹിതരായ 84 പ്രതികള്‍ക്ക് വേണ്ടി ആറ് അഭിഭാഷകരാണ് ഹാജരായത്.
ഫെഡറല്‍ സുപ്രീംകോടതിയില്‍ മാര്‍ച്ച് മുതലാണ് കേസിന്‍െറ വിചാരണ ആരംഭിച്ചത്. നാല് മാസത്തിനിടെ 13 തവണയിലധികമാണ് വിചാരണ നടന്നത്. മുസ്ലിം ബ്രദര്‍ഹുഡുമായി ബന്ധമുണ്ടെന്ന് സംശയിച്ചിരുന്ന 300ലധികം പേരെ ഏതാനും വര്‍ഷങ്ങളായി നിരീക്ഷിച്ചതിന് ശേഷമാണ് 2012 ആഗസ്റ്റോടെ അറസ്റ്റു ചെയ്യുന്നത്. രാജ്യ സുരക്ഷക്ക് ഭീഷണിയായതിനെ തുടര്‍ന്നായിരുന്നു അറസ്റ്റ്. 2013 ജനുവരി 27ന് കേസ് കോടതിക്ക് കൈമാറി. മാര്‍ച്ച് നാലിനാണ് കേസിലെ വിചാരണ ആരംഭിച്ചത്. പ്രതികളുടെ അഭിഭാഷകരിലൊരാള്‍ മാധ്യമങ്ങളെ വിചാരണ റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ നിന്ന് വിലക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും കോടതി അനുവദിച്ചില്ല. ഇതിനിടെ, പ്രതിപ്പട്ടികയില്‍ ഉള്‍പ്പെട്ട വനിത ഹൃദയ ശസ്ത്രക്രിയക്ക് അമേരിക്കയില്‍ പോകാന്‍ അനുവാദം ചോദിച്ചിരുന്നു. കോടതി മെഡിക്കല്‍ രേഖകള്‍ ആവശ്യപ്പെട്ടു. പിന്നീട് മേയ് 11ന് യു.എ.ഇ പ്രസിഡന്‍റ് ശൈഖ് ഖലീഫ ബിന്‍ സായിദ് ആല്‍ നഹ്യാന്‍ ഇവര്‍ക്ക് സര്‍ക്കാര്‍ ചെലവില്‍ അമേരിക്കയില്‍ ചികില്‍സ നേടാന്‍ അനുമതി നല്‍കി.
മേയ് 20, 21 തീയതികളിലായി അന്തിമ വാദം പൂര്‍ത്തിയാക്കിയ ശേഷം ജൂലൈ രണ്ടിന് വിധിപ്രഖ്യാപനത്തിനായി കേസ് മാറ്റുകയായിരുന്നു.  
അതേസമയം, അപ്പീല്‍ പോകാന്‍ സാധിക്കില്ലെങ്കിലും ശിക്ഷിക്കപ്പെട്ടവര്‍ക്ക് മാപ്പ് നല്‍കണമെന്ന് ആവശ്യപ്പെട്ട് യു.എ.ഇ പ്രസിഡന്‍റ് ശൈഖ് ഖലീഫ ബിന്‍ സായിദ് ആല്‍ നഹ്യാനെ സമീപിക്കുമെന്ന് പ്രതികളുടെ അഭിഭാഷകരിലൊരാള്‍ അബൂദബി ടി.വി.യോട് പറഞ്ഞു.
 

രൂപയുടെ മൂല്യത്തില്‍ വീണ്ടും ഇടിവ്

Posted: 02 Jul 2013 10:55 PM PDT

Image: 

മുംബൈ: രാജ്യാന്തരതലത്തില്‍ ഡോളര്‍ വീണ്ടും ശക്തിപ്പെട്ടതോടെ രൂപയ്ക്ക് വീണ്ടും മൂല്യത്തകര്‍ച്ച. ബുധനാഴ്ച്ച രാവിലത്തെ ഇടപാടുകളില്‍ തന്നെ വിനിമയ നിരക്ക് ഡോളറിന് 60 രൂപയെന്ന നിലയിലും താഴേക്ക് പോയി. രാവിലെ 11 മണിയോടെ ഡോളറിന് 60.02 രൂപ എന്ന നിലയിലാണ് വിനിമയ നിരക്ക്. തുടക്കത്തിന് ഡോളറിന് 60.12 രൂപ എന്ന നിലയിലേക്ക് വരരെ വിനിമയ നിരക്ക് താഴ്ന്നിരുന്നു.
രാജ്യാന്തര വിപണിയില്‍ ഡോളറിനെതിരെ യൂറോയും ബുധനാഴ്ച്ച ഒരു മാസത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലയില്‍ എത്തി.

കനത്ത മഴ: ജില്ലയിലെ റോഡുകള്‍ തകര്‍ന്നു

Posted: 02 Jul 2013 10:51 PM PDT

പത്തനംതിട്ട: കനത്ത മഴയില്‍ ജില്ലയിലെ ഭൂരിഭാഗം റോഡും തകര്‍ന്നു. ഇതോടെ റോഡുകളില്‍ കൂടിയുള്ള സഞ്ചാരവും ദുഷ്കരമായി. നിശ്ശേഷം തകര്‍ന്ന് കുഴികള്‍ നിറഞ്ഞ റോഡുകളിലൂടെയുള്ള യാത്ര അപകടങ്ങളും വരുത്തിവെക്കുന്നു. റീടാര്‍ ചെയ്ത് മാസങ്ങള്‍ കഴിഞ്ഞ പല റോഡും  മഴയില്‍ പൂര്‍ണമായി തകര്‍ന്ന നിലയിലാണ്. റോഡ് നിര്‍മാണപ്രവര്‍ത്തനങ്ങളിലെ അപാകതയാണ് ഇത്രവേഗത്തില്‍ തകരാന്‍ കാരണമെന്ന് കരുതുന്നു. 
പത്തനംതിട്ട നഗരത്തില്‍ കണ്ണങ്കര മുതല്‍ കുമ്പഴ വരെയുള്ള റോഡ് തകര്‍ന്ന് ഗതാഗതം താറുമാറായിട്ട് ഏറെ നാളാകുന്നു. ആനപ്പാറയില്‍ റോഡ് തകര്‍ന്ന് കുഴികളില്‍ നിറയെ വെള്ളം കെട്ടിക്കിടക്കുകയാണ്. കുലശേഖരപതി ജങ്ഷനിലും സ്ഥിതി പരിതാപകരമാണ്. കണ്ണങ്കര ഭാഗത്ത് റോഡില്‍ ഓടയുടെ പണി നിലച്ചതും ഇവിടെ വെള്ളക്കെട്ട് രൂപപ്പെടുന്നതിന് കാരണമായിട്ടുണ്ട്. 
പത്തനംതിട്ട-കൈപ്പട്ടൂര്‍ റോഡില്‍ ഓമല്ലൂര്‍ ക്ഷേത്രം ജങ്ഷന്‍ മുതല്‍ മാര്‍ക്കറ്റ് വരെയുള്ള ഭാഗത്താണ് ഓടയുള്ളത്. മറ്റുള്ള ഭാഗങ്ങളില്‍ റോഡില്‍ വെള്ളക്കെട്ടാണ്. കൈപ്പട്ടൂര്‍-ഏഴംകുളം റൂട്ടില്‍ മിക്കയിടത്തും റോഡ് തകര്‍ന്ന് കുഴികളില്‍ വെള്ളം നിറഞ്ഞു കിടക്കുകയാണ്. കൈപ്പട്ടൂര്‍-തട്ട റൂട്ടില്‍ പലയിടത്തും ഓടകളില്ലാത്തതിനാല്‍ റോഡ് നിറഞ്ഞ് വെള്ളം ഒഴുകുന്നതോടെ റോഡിന്‍െറ പല ഭാഗങ്ങളും തകരാന്‍ തുടങ്ങിയിട്ടുണ്ട്. ഇരുചക്രവാഹന യാത്രക്കാര്‍ കുഴിയില്‍ വീഴുന്നതും പതിവായിട്ടുണ്ട്.
ജില്ലയിലെ മിക്ക റോഡുകളില്‍ കൂടിയും 45 ടണ്ണിലധികം ഭാരം വഹിക്കുന്ന ടോറസ് ഇനത്തിലുള്ള വാഹനങ്ങള്‍ നിരന്തരം ഓടുന്നതാണ് റോഡുകള്‍ വേഗത്തില്‍ തകരാന്‍ പ്രധാന കാരണം.

അപ്പര്‍കുട്ടനാട് മടവീഴ്ച ഭീഷണിയില്‍

Posted: 02 Jul 2013 10:44 PM PDT

കോട്ടയം: അപ്പര്‍കുട്ടനാട്ടിലെ നെല്‍ കര്‍ഷകര്‍ മടവീഴ്ച ഭീഷണിയില്‍. ഓരുവെള്ളം കയറി കൃഷിനശിച്ച് ദുരിതത്തിലായ കര്‍ഷകര്‍ക്ക് മടവീഴ്ചയും ദുരന്തമാവുകയാണ്.
വെച്ചൂര്‍, തലയാഴം മുതല്‍ തിരുവാര്‍പ്പുവരെ 15,000 ഏക്കറോളം നെല്‍കൃഷിയാണ് മടവീഴ്ച ഭീഷണി നേരിടുന്നത്. കുട്ടനാട് പാക്കേജുമായി ബന്ധപ്പെട്ട അശാസ്ത്രീയ ബണ്ട് നിര്‍മാണങ്ങളാണ് മടവീഴ്ചക്ക് കാരണം. വര്‍ഷങ്ങള്‍ക്കുശേഷമുണ്ടായ കനത്തമഴയിലും വെള്ളപ്പാച്ചിലിലും ബണ്ടുകള്‍ ഓരോന്നായി തകരുകയാണ്. 
തലയാഴം വനംബ്ളോക്കില്‍ കഴിഞ്ഞദിവസം മടവീണ് വിത കഴിഞ്ഞ പാടം പൂര്‍ണമായും വെള്ളത്തിലായി. ഇവിടെ 2500 ഏക്കറോളം പാടശേഖരത്തില്‍ വിത പൂര്‍ത്തിയാക്കിയിരുന്നു. ഇത് വെള്ളത്തില്‍ ഒലിച്ചുപോയി. 40 വര്‍ഷത്തിലേറെയായി കാലവര്‍ഷത്തിലും അപ്പര്‍കുട്ടനാട്ടില്‍ കൃഷി നടന്നുവരികയാണ്. പുറംബണ്ടുകളെ ബലപ്പെടുത്തിയാണ് കൃഷി നടത്തുന്നത്. ഇക്കൊല്ലം കുട്ടനാട് പാക്കേജിന്‍െറ ഭാഗമായി കല്‍ക്കെട്ടുകള്‍ നിര്‍മിച്ചും കോണ്‍ക്രീറ്റ് സ്ളാബുകള്‍ ഉപയോഗിച്ചും ബണ്ടുകള്‍ ബലപ്പെടുത്താനാണ് ശ്രമിച്ചത്. എന്നാല്‍, പാടശേഖരത്തിലെ ചിറകള്‍ ഉയര്‍ത്താനോ ബലപ്പെടുത്താനോ ശ്രമിച്ചില്ല. ഇതാണ് വ്യാപക മടവീഴ്ചക്ക് കളമൊരുക്കിയത്. കുറെ വര്‍ഷങ്ങളായി ശക്തമായ മഴയും വെള്ളപ്പൊക്കവുമില്ലാതിരുന്നതിനാല്‍ ബണ്ടുകള്‍ പരീക്ഷിക്കപ്പെട്ടിരുന്നില്ല. 
ഇത്തവണത്തെ മഴക്കൊപ്പമുണ്ടായ വെള്ളപ്പാച്ചിലിനെ തടഞ്ഞുനിര്‍ത്തുന്നതിന് ദുര്‍ബല പുറംബണ്ടുകള്‍ക്ക് കഴിഞ്ഞില്ല. ഓരുവെള്ളം കയറി പുഞ്ചകൃഷി നശിച്ച കര്‍ഷകര്‍ക്ക് കാലവര്‍ഷവും ഇരുട്ടടിയാണ് നല്‍കിയത്. ഏക്കറുകണക്കിന് കൃഷിയാണ് ഓരുവെള്ളം കയറി നശിച്ചത്. നഷ്ടപരിഹാരത്തിന് കര്‍ഷകര്‍ നിരന്തരസമരങ്ങള്‍ നടത്തിയിട്ടും അധികൃതര്‍ തിരിഞ്ഞുനോക്കിയില്ല. ജനുവരിയിലുണ്ടായ കൃഷിനാശം സന്ദര്‍ശിക്കാന്‍ മന്ത്രിയെത്തിയത് മാര്‍ച്ചില്‍. അന്ന് മന്ത്രിയുടെ വകയായി ദുരിതാശ്വാസപ്രഖ്യാപനമുണ്ടായെങ്കിലും തുടര്‍നടപടികളൊന്നും ഉണ്ടായില്ല. നഷ്ടം  സഹിച്ച് വീണ്ടും വിരുപ്പ് കൃഷിക്ക് ഇറങ്ങിയ കര്‍ഷകര്‍ക്കാണ് ഇരുട്ടടിയായി മടവീഴ്ചയുടെ ഭീഷണി നേരിടേണ്ടിവരുന്നത്. 
മടവീഴ്ചയില്‍ കൃഷിനശിച്ച കര്‍ഷകര്‍ക്ക് വിത്തും വളവും സൗജന്യമായി സര്‍ക്കാര്‍ നല്‍കിയില്ലെങ്കില്‍ പലരും കൃഷിതന്നെ ഉപേക്ഷിച്ച് പോകുന്ന അവസ്ഥയിലാണ്. മടവീണതുമൂലം കപ്പ, വാഴ തുടങ്ങിയ കൃഷികളും നശിച്ചിരുന്നു. വെള്ളപ്പൊക്കം മൂലം ഈ ഭാഗത്തെ ക്ഷീരകര്‍ഷകരും ദുരിതത്തിലാണ്. വീടുകളിലും പുരയിടങ്ങളിലും വെള്ളം കയറിയതോടെ കന്നുകാലികളെ എങ്ങനെ സംരക്ഷിക്കുമെന്ന ആശങ്കയിലാണ് കര്‍ഷകര്‍.
 

No comments:

Post a Comment

english malayalam dictionary

വിരുന്നുകാര്...

poomottu

Dsgd: by ASLAM PADINHARAYIL

Back to TOP