സ്വാഗതം
WELCOME

News Update..

Saturday, July 20, 2013

ശെയ്ഖ് ജാസിം കപ്പ് ഫുട്ബാള്‍ ഇന്നു മുതല്‍ Madhyamam News Feeds

ശെയ്ഖ് ജാസിം കപ്പ് ഫുട്ബാള്‍ ഇന്നു മുതല്‍ Madhyamam News Feeds

Link to

ശെയ്ഖ് ജാസിം കപ്പ് ഫുട്ബാള്‍ ഇന്നു മുതല്‍

Posted: 20 Jul 2013 12:15 AM PDT

Image: 

ദോഹ: ശെയ്ഖ് ജാസിം കപ്പ് ഫുട്ബാള്‍ ടൂര്‍ണമെന്‍റ് ഇന്ന് തുടങ്ങും. ഈ വര്‍ഷത്തെ ഖത്തറിലെ ഫുട്ബാള്‍ സീസണിനും ഇതോടൊപ്പം തുടക്കമാവും. നാലു ഗ്രൂപ്പുകളിലെ എട്ടു ടീമുകളാണ് ഇന്ന് രാത്രി 9.45ന് തുടങ്ങുന്ന ഉദ്ഘാടന മല്‍സരങ്ങളില്‍ ഏറ്റുമുട്ടുക.
ഇന്ന് നടക്കു മല്‍സരങ്ങളില്‍ ഗ്രൂപ്പ് എയില്‍ നിലവിലെ ചാമ്പ്യന്‍മാരായ അല്‍ റയ്യാന്‍ അല്‍ അറബിയെയും (ഖത്തര്‍ സ്പോര്‍ട്സ് ക്ളബ്ബ്), അല്‍ ഗറാഫ അല്‍ മര്‍ക്കിയ്യയെയും (അല്‍ഖോര്‍ സ്റ്റേഡിയം), ഗ്രൂപ്പ് ബിയില്‍ അല്‍ ജയ്ശ് അല്‍ ശമാലിനെയും (അല്‍ അഹ്്ലി ഗ്രൗണ്ട്), ഖത്തര്‍ സ്പോര്‍ട്സ് ക്ളബ്ബ് അല്‍ ശഹാനിയ്യയെയും (ഗറാഫ സ്റ്റേഡിയം)നേരിടും. ഖത്തര്‍ സ്റ്റാര്‍ ലീഗിന് മുന്നോടിയായി നടക്കുന്ന ടൂര്‍ണമെന്‍റിന് വന്‍പ്രാധാന്യമാണ് രാജ്യത്തെ ഫുട്ബാള്‍ ക്ളബ്ബുകള്‍ കല്‍പ്പിക്കുന്നത്.
1977 മുതല്‍ നടുവരുന്ന ശെയ്ഖ് ജാസിം കപ്പിനായുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി സംഘാടകര്‍ അറിയിച്ചു. 12 തവണ ജേതാക്കളായ അല്‍ സദ്ദാണ് ജേതാക്കളുടെ പട്ടികയില്‍ ഏറ്റവും മുന്നിലുള്ളത്. അല്‍ അറബി ആറു തവണ കപ്പ് നേടിയിട്ടുണ്ട്.

വെസ്റ്റ് റിഫ സ്ഫോടനത്തെ യു.എന്‍ സെക്രട്ടറി ജനറല്‍ അപലപിച്ചു

Posted: 20 Jul 2013 12:10 AM PDT

Image: 

മനാമ: തറാവീഹ് നമസ്കാരത്തിനിടെ വെസ്റ്റ് റിഫയില്‍ പള്ളിക്ക് സമീപമുണ്ടായ സ്ഫോടനത്തെ യു.എന്‍ സെക്രട്ടറി ജനറല്‍ ബാന്‍കിമൂണ്‍ അപലപിച്ചു. ബഹ്റൈനിലെ അക്രമ പ്രവര്‍ത്തനങ്ങളില്‍ ആശങ്ക പ്രകടിപ്പിച്ച അദ്ദേഹം സംഘര്‍ഷമുണ്ടാക്കുന്നതിന് പകരം പരസ്പര സംവാദത്തിലൂടെ പ്രശ്നങ്ങള്‍ പരിഹരിക്കാനും പരിഷ്കരണ പ്രവര്‍ത്തനങ്ങളെ പിന്തുണക്കാനും നിര്‍ദേശിച്ചു.
രാജ്യ സുരക്ഷക്കും ഐക്യത്തിനും ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കാന്‍ രാജാവ് ഹമദ് ബിന്‍ ഈസാ ആല്‍ഖലീഫ ഉന്നതതല യോഗത്തില്‍ നിര്‍ദേശം നല്‍കി. വെസ്റ്റ് റിഫ സ്ഫോടനത്തിന്‍െറ പശ്ചാതലത്തില്‍ പ്രധാനമന്ത്രി പ്രിന്‍സ് ഖലീഫ ബിന്‍ സല്‍മാന്‍ ആല്‍ഖലീഫയുടെ നേതൃത്വത്തിലുള്ള ഉന്നതതല സംഘവുമായി സഫറിയ പാലസില്‍ കൂടിക്കാഴ്ച നടത്തുകയായിരുന്നു അദ്ദേഹം. കിരീടാവകാശിയും ഒന്നാം ഉപപ്രധാനമന്ത്രിയുമായ പ്രിന്‍സ് സല്‍മാന്‍ ബിന്‍ ഹമദ് ആല്‍ഖലീഫ, സുപ്രീം കൗണ്‍സില്‍ ഫോര്‍ ഇസ്ലാമിക് അഫയേഴ്സ് ഹെഡ് ശൈഖ് അബ്ദുല്ല ബിന്‍ ഖാലിദ് ആല്‍ഖലീഫ, ഉപപ്രധാനമന്ത്രി ശൈഖ് മുഹമ്മദ് ബിന്‍ മുബാറക് ആല്‍ഖലീഫ, പാര്‍ലമെന്‍റ് സ്പീക്കര്‍ ഖലീഫ ബിന്‍ അഹ്മദ് അദ്ദഹ്റാനി, ആഭ്യന്തര മന്ത്രി ശൈഖ് റാശിദ് ബിന്‍ അബ്ദുല്ലാ ആല്‍ഖലീഫ, ഷൂറ കൗണ്‍സില്‍ ചെയര്‍മാന്‍ അലിസാലിസ് അല്‍സാലിഹ്, മറ്റ് ഉന്ന ഉദ്യോഗസ്ഥര്‍ എന്നിവര്‍ കൂടിക്കാഴ്ചയില്‍ പങ്കെടുത്തു. പൗരന്മാരുടെ സുരക്ഷക്ക് സ്വീകരിക്കേണ്ട നടപടികള്‍ സംബന്ധിച്ച് യോഗം ചര്‍ച്ച ചെയ്തു. രാജ്യത്തെ നിലവിലെ സുരക്ഷാ സ്ഥിതിഗതികളെക്കുറിച്ച് ആഭ്യന്തര മന്ത്രി രാജാവിനോട് വിശദീകരിച്ചു. രാജ്യത്തിന്‍െറയും ഇവിടുത്തെ ജനങ്ങളുടെയും സുരക്ഷക്ക് ഭീഷണി സൃഷ്ടിക്കുന്ന, മത മൂല്യങ്ങള്‍ക്കും ധാര്‍മികതക്കും നിരക്കാത്ത തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ എന്ത് വിലകൊടുത്തും തടയണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
അതിനിടെ, സ്ഫോടനത്തിലെ പ്രതികളെ അറസ്റ്റ് ചെയ്തിട്ടില്ലെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഇതുസംബന്ധിച്ച് സോഷ്യല്‍ മീഡിയയിലുണ്ടായ പ്രചാരണം ശരിയല്ല. പ്രതികളെ പിടികൂടുന്നതിനായി പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ടെന്ന് മന്ത്രാലയം വ്യക്തമാക്കി.
സ്ഫോടനത്തെ കുവൈത്ത് അംബാസഡര്‍ അപലപിച്ചു. ഇത്തരം തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ അറബ് രാജ്യങ്ങളുടെ സല്‍പേരിന് കളങ്കം ചാര്‍ത്തുന്നതാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ബഹ്റൈന്‍ ഫെഡറേഷന്‍ ഓഫ് എക്സ്പാട്രിയറ്റ് അസോസിയേഷന്‍ ജന. സെക്രട്ടറി ബെറ്റ്സി മത്തായിസന്‍ സ്ഫോടനത്തെ അപലപിച്ചു. രാജാവിന്‍െറ നേതൃത്വത്തിലുള്ള ഭരണകൂടത്തിന് കീഴില്‍ രാജ്യം ഒറ്റക്കെട്ടാണെന്നും അക്രമവും വിഭാഗീയതയും നാടിന്‍െറ സമാധാനം കെടുത്തുമെന്നും അവര്‍ ചൂണ്ടിക്കാട്ടി. ബഹ്റൈന്‍ സഹിഷ്ണുതയുടെയും സമാധാനത്തിന്‍െറയും നാടാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. രാജ്യത്തോടും ഇവിടുത്തെ ജനതയോടുമുള്ള അക്രമമാണ് സ്ഫോടനമെന്ന് നാഷനല്‍ ഇവാഞ്ചലിക്കല്‍ ചര്‍ച്ചിലെ റവ. ഹാനി അസിസ് അഭിപ്രായപ്പെട്ടു. എല്ലാ മതങ്ങളും അത്തരം പ്രവര്‍ത്തനങ്ങള്‍ നിരാകരിക്കുമെന്നും അക്രമങ്ങള്‍ക്കെതിരെ ഐക്യപ്പെടുമെന്നും അദ്ദേഹം പ്രത്യാശിച്ചു.

 

വര്‍ണവിവേചനത്തിന്റെ പേരില്‍ താനും വെടിയേറ്റ് കൊല്ലപ്പെടുമായിരുന്നെന്ന് ഒബാമ

Posted: 19 Jul 2013 11:45 PM PDT

Image: 

വാഷിങ്ടണ്‍: വെടിയേറ്റു കൊല്ലപ്പെട്ട കറുത്തവര്‍ഗക്കാരന്‍ ട്രിവിയോണ്‍ മാര്‍ട്ടിന്‍െറ അവസ്ഥ 35 വര്‍ഷങ്ങള്‍ക്ക് മുമ്പ് തനിക്കുമുണ്ടാകുമായിരുന്നെന്ന് യു.എസ് പ്രസിഡന്‍റ് ബാറക്ക് ഒബാമ.  യു.എസില്‍ വളരെ കുറച്ച് കറുത്ത വര്‍ഗക്കാര്‍ മാത്രമേ വര്‍ണവിവേചനത്തിന് വിധേയമാവാത്തവരായുള്ളൂവെന്നും അദ്ദേഹം പറഞ്ഞു. മാര്‍ട്ടിന്‍ വേടിയേറ്റ് കൊല്ലപ്പെട്ട കേസില്‍ പ്രതിയായ ജോര്‍ജ് സിമ്മര്‍മാനെ വെറുതെ വിട്ട കോടതി നടപടിയെക്കുറിച്ച് ഇതാദ്യമായാണ് ഒബാമ പ്രതികരിക്കുന്നത്.

പുറത്തിറങ്ങുമ്പോള്‍ പലരും പിന്തുടരുന്നതുള്‍പ്പെടെയുള്ള വര്‍ണവിവേചനം തനിക്കും നേരിടേണ്ടി വന്നിട്ടുണ്ടെന്ന് ഒബാമ പറഞ്ഞു. പക്ഷേ ഇപ്പോള്‍ രാജ്യത്തെ ക്രിമിനല്‍ നിയമത്തിലെ വര്‍ണവിവേചനത്തെക്കുറിച്ച് ആഫ്രിക്കന്‍ അമേരിക്കക്കാര്‍ ബോധവാന്‍മാരാണ്. സിമ്മര്‍മാന്റെ സ്ഥാനത്ത് ഒരു കറുത്തവര്‍ഗക്കാരനായിരുന്നെങ്കില്‍ സ്ഥിതി മറ്റൊന്നാകുമായിരുന്നു.

അതേസമയം, രാജ്യത്തെ വര്‍ണവിവേചനത്തെ കുറിച്ച് പുനരാലോചന വേണമെന്നാവശ്യപ്പെട്ട ഒബാമ, ഇക്കാര്യത്തില്‍ ഓരോ തലമുറയുടേയും മനോഭാവത്തില്‍ മാറ്റം വരുന്നുണ്ടെന്ന് പ്രതീക്ഷ പ്രകടിപ്പിച്ചു. കോടതി വിധിയില്‍ സമാധാനപരമായി പ്രതികരിച്ച ട്രിവിയോണ്‍  മാര്‍ട്ടിന്റെ കുടുംബത്തെ അദ്ദേഹം പ്രശംസിച്ചു.  

2012 ഫെബ്രുവരിയിലാണ് നിരായുധനും കറുത്ത വര്‍ഗക്കാരനുമായ ട്രിവിയോണ്‍ മാര്‍ട്ടിന്‍ വെടിയേറ്റ് കൊല്ലപ്പെട്ടത്. കേസിലെ പ്രതിയായ ജോര്‍ജ് സിമ്മര്‍മാനെ ഫ്ളോറിഡയിലെ കോടതി കഴിഞ്ഞാഴ്ച വെറുതെ വിട്ടിരുന്നു. കോടതി വിധിക്കെതിരെ യു.എസിലെ വിവിധ നഗരങ്ങളില്‍ ശക്തമായ പ്രതിഷേധ പ്രകടനങ്ങള്‍ അരങ്ങേറിയിരുന്നു.  
 

എന്‍ഡോസള്‍ഫാന്‍ തളിക്കുമ്പോള്‍ ജനങ്ങള്‍ മാറി നില്‍ക്കണമായിരുന്നു -ജസ്റ്റിസ് രാചന്ദ്രന്‍ നായര്‍

Posted: 19 Jul 2013 11:30 PM PDT

Image: 

കാസര്‍കോട്: എന്‍ഡോസള്‍ഫാന്‍ തളിക്കുമ്പോള്‍ ജനങ്ങള്‍ മാറി നില്‍ക്കണമായിരുന്നെന്ന് ജസ്റ്റിസ് സി.എന്‍. രാമചന്ദ്രന്‍ നായര്‍. സ്വയം മാറി താമസിച്ചിരുന്നെങ്കില്‍ പ്രശ്നങ്ങള്‍ ഒഴിവാക്കാമായിരുന്നെന്നും അദ്ദേഹം പറഞ്ഞു. ദുരിതബാധിതര്‍ക്ക് വേണ്ടി ട്രൈബ്യൂണല്‍ സ്ഥാപിക്കുന്നത് സംബന്ധിച്ച് പഠിക്കാന്‍ കാസര്‍കോട്ടെത്തിയപ്പോഴാണ് ജസ്റ്റിസ് രാമചന്ദ്രന്‍നായര്‍ പ്ലാന്റേഷന്‍ കോര്‍പറേഷനെ ന്യായീകരിച്ച് സംസാരിച്ചത്.

എന്‍ഡോസള്‍ഫാന്‍ ഇരകളോട് സര്‍ക്കാര്‍ മൃദു സമീപനമാണ് സ്വീകരിക്കുന്നത്. നിയമപരമായി പ്രവര്‍ത്തിച്ചതിനാല്‍ കീടനാശിനി നിര്‍മാതാക്കളെയും അത് തളിച്ചവരെയും കുറ്റപ്പെടുത്താനാവില്ലെന്നും ജസ്റ്റിസ് രാമചന്ദ്രന്‍ നായര്‍ പറഞ്ഞു.

എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്ക് നീതി ലഭ്യമാക്കുന്നതിനു വേണ്ടിയാണ് പ്രത്യേക ട്രൈബ്യൂണല്‍ സ്ഥാപിക്കാന്‍ നേരത്തെ തീരുമാനിച്ചത്. എന്നാല്‍ ട്രൈബ്യൂണല്‍ വേണമെന്നില്ലെന്നും കാസര്‍കോട്ടേത് ആരോഗ്യപ്രശ്നമാണെന്നുമാണ് ജസ്റ്റിസ് രാമചന്ദ്രന്‍നായരുടെ നിലപാട്.

ശുദ്ധജല പൈപ്പ് പൊട്ടി ജബല്‍ അലിയില്‍ വെള്ളപ്പൊക്കം; വന്‍ നാശം

Posted: 19 Jul 2013 11:27 PM PDT

Image: 

ദുബൈ: ഇബ്നുബത്തൂത്ത മാളിന് സമീപം ശുദ്ധജല പൈപ്പ്പൊട്ടിയുണ്ടായ വെള്ളപ്പൊക്കം  കൊടും നാശം വിതച്ചു. ഗാലണ്‍ കണക്കിന് വെള്ളം കുത്തിയൊലിച്ചതോടെ മാളിന്‍െറ പരിസരവും സമീപത്തെ റോഡുകളും മുഴവന്‍ വെള്ളത്തിലായി. നിരവധി കാറുകള്‍ വെള്ളത്തില്‍ മുങ്ങി. മണിക്കുറുകളോളം ഗതാഗതം മുടങ്ങി. വൈദ്യതി ഷോര്‍ട്ട് സര്‍ക്യൂട്ടിനെതുടര്‍ന്ന് ചെറിയതോതില്‍ തീപ്പിടിത്തമുണ്ടായതായും റിപ്പോര്‍ട്ടുണ്ട്. വ്യാഴാഴ്ച രാത്രി ഒമ്പതര മണിയോടെയാണ് സംഭവം. ആര്‍ക്കും ജീവാപയമോ പരിക്കോ ഇല്ല. സമീപത്തെ ജബല്‍ അലി ഡിസ്കവറി ഗാര്‍ഡന്‍സ് പ്രദേശത്തെ ആയിരക്കണക്കിന് താമസക്കാര്‍ വീട്ടില്‍ നിന്ന് പുറത്തുപോകാനോ വീട്ടിലേക്ക് പോകാനോ സാധിക്കാതെ ഒരുരാത്രി മുഴുവന്‍ കുടുങ്ങി. അപകടം നടക്കുമ്പോള്‍ പുറത്തായിരുന്നവരില്‍ പലരും വെള്ളിയാഴ്ച രാവിലെയാണ്  താമസ സ്ഥലത്തെത്തിയത്.
മാളിനുള്ളില്‍ നൂറുകണക്കിനാളുകള്‍ പുറത്തിറങ്ങാനാകാതെ മണിക്കൂറുകളോളം കുടുങ്ങി. പുറത്തിറങ്ങിയവര്‍ വാഹനം കിട്ടാതെ വിഷമിച്ചു. രാത്രി മുഴുവന്‍ ദുബൈ ഇലക്ട്രിസിററി,വാട്ടര്‍ അതോറിറ്റി (ദെവ) ജീവനക്കാര്‍ കഠിനാധ്വാനം നടത്തിയാണ് ചോര്‍ച്ച അടച്ചത്. മാളിനു സമീപത്തെ റോഡുകളും ഡിസ്കവറി ഗാര്‍ഡന്‍സ് ജനവാസകേന്ദ്രവും പൊലീസ് വളഞ്ഞ ശേഷമായിരുന്നു രക്ഷാ പ്രവര്‍ത്തനം. വെള്ളിയാഴ്ച വൈകിട്ടോടെ വെള്ളം ഏറെക്കുറെ വറ്റിയെങ്കിലും കാറുകള്‍ നീക്കാനായിട്ടില്ല. മിക്ക കാറുകളുടെയും എന്‍ജിനില്‍ വെള്ളംകയറിയിട്ടുണ്ട്. കാര്‍ പാര്‍ക്കില്‍ മുട്ടുവരെ വെള്ളം നിറഞ്ഞതായും വെള്ളത്തിന് നല്ല ചൂടുണ്ടായിരുന്നെന്നും ദൃക്സാക്ഷികള്‍ പറഞ്ഞു. 24,000ത്തിലേറെ അപാര്‍ട്ട്മെന്‍റുകളിലായി 60,000 ത്തോളം പേരാണ് ഡിസ്കവറി ഗാര്‍ഡന്‍സില്‍ താമസിക്കുന്നത്.
വെള്ളപ്പാച്ചിലിനെ തുടര്‍ന്ന് സ്ഫോടന ശബ്ദം കേട്ടതായും സമീപവാസികള്‍ പറഞ്ഞു. ഇബ്നുബത്തൂത്ത മാളിലെ ചൈന സെക്ഷനു പുറത്താണ് കൂടുതല്‍ നാശനഷ്ടമുണ്ടായത്. ഇവിടത്തെ സിനിമാ കാര്‍ പാര്‍ക്കിന് സമീപം താഴ്ചയുള്ള സ്ഥലങ്ങളില്‍ ചെളി കലര്‍ന്ന വെള്ളം കെട്ടിക്കിടന്നു. എന്നാല്‍ മാളിലേക്ക് വെള്ളം കടന്നില്ലെന്ന് ജീവനക്കാര്‍ പറഞ്ഞു. ഡിസ്കവറി ഗാര്‍ഡന്‍സിന് പുറത്തു പാര്‍ക്ക് ചെയ്ത കാറുകളിലും വെള്ളം കയറി. നാശനഷ്ടമുണ്ടായ കാറുടമകള്‍ക്ക് നഷ്ടപരിഹാരത്തിന് അര്‍ഹതയുണ്ടാകുമെന്ന് ‘ദെവ’ അധികൃതര്‍ അറിയിച്ചു. കാറുടമകള്‍ കാര്‍ സ്വന്തമായി വന്നെടുത്ത് കേടുപാടുകള്‍ സംബന്ധിച്ച ഒരു ഗാരേജില്‍ നിന്നുള്ള റിപ്പോര്‍ട്ട് അധികാരികള്‍ക്ക് കൈമാറണം.
1.20  മീറ്റര്‍ വ്യാസമുള്ള പ്രധാന കുടിവെള്ള പൈപ്പാണ് പൊട്ടിയത്. പ്രദേശത്തേക്ക് ശുദ്ധജലം എത്തിക്കുന്ന പ്രധാന കുഴലാണിത്. വെള്ളപ്പൊക്കത്തെതുടര്‍ന്ന്  വൈദ്യതി ഷോര്‍ട്ട് സര്‍ക്യൂട്ടും വൈദ്യുതി മുടക്കവുമുണ്ടായതായി ഇവിടത്തുകാര്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. വെള്ളിയാഴ്ച അര്‍ധരാത്രിയോടെയാണ് ഈ ഭാഗത്ത് ഗതാഗതം പുന:സ്ഥാപിക്കാനായത്.
            
 

സോളാര്‍ തട്ടിപ്പ്: ടെനി ജോപ്പന് പലതവണ പണം നല്‍കിയതായി പ്രതികള്‍

Posted: 19 Jul 2013 11:04 PM PDT

Image: 

തിരുവനന്തപുരം: സോളാര്‍ തട്ടിപ്പുകേസില്‍ അറസ്റ്റിലായ  ടെനി ജോപ്പന് രണ്ടു ലക്ഷം രൂപ നല്‍കിയതായി സരിത എസ്. നായരുടെ മൊഴി. തിരുവനന്തപുരത്തെ ഒരു ഹോട്ടലില്‍ വെച്ചായിരുന്നു പണം നല്‍കിയതെന്നാണ് സരിതയുടെ മൊഴി. പല ഘട്ടങ്ങളിലായി ജോപ്പന് സഹായം  നല്‍കിയിട്ടുണ്ടെന്നും സരിത അന്വേഷണ സംഘത്തോട് വെളിപ്പെടുത്തി.

ജോപ്പന് സരിത പലതവണ പണം നല്‍കിയതായി ബിജു രാധാകൃഷ്ണനും മൊഴി നല്‍കി. ജോപ്പന് നല്‍കാന്‍ 20 ലക്ഷം രൂപ താന്‍ സരിതക്ക് നല്‍കിയിരുന്നു. ജോപ്പനുമായുള്ള പണമിടപാടുകളില്‍ അമര്‍ഷമുണ്ടായിരുന്നതായും ബിജു പറഞ്ഞു. മറ്റു പലര്‍ക്കും നല്‍കാന്‍ പണം സരിതയെ ഏല്‍പ്പിച്ചിരുന്നതായും ബിജു അന്വേഷണ സംഘത്തോട് പറഞ്ഞിട്ടുണ്ട്.

എന്നാല്‍ ജോപ്പന്‍ പണം കൈപറ്റിയതിന്റെ തെളിവുകള്‍ ലഭിച്ചിട്ടില്ലെന്ന് അന്വേഷണ സംഘം വ്യക്തമാക്കി.  ബിജു രാധാകൃഷ്ണന്റെയും സരിതയുടേയും മൊഴികള്‍ പൂര്‍ണമായി വിശ്വാസ യോഗ്യമല്ലെന്നാണ് അന്വേഷണ സംഘം വിലയിരുത്തുന്നത്.

ഷാഫി മേത്തറുടെ രാജി വ്യക്തിപരമെന്ന് മുഖ്യമന്ത്രി

Posted: 19 Jul 2013 10:42 PM PDT

Image: 

തിരൂര്‍: മുന്‍ സാമ്പത്തിക ഉപദേഷ്ടാവ് ഷാഫി മേത്തറുടെ  രാജി തികച്ചും വ്യക്തിപരമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ഷാഫിയുടെ രാജിയില്‍ യാതൊരു ദുരൂഹതയുമില്ല. സമ്മര്‍ദ്ദം ചെലുത്തിയല്ല അദ്ദേഹത്തെ രാജി വെപ്പിച്ചത്. വ്യക്തിപരമായ കാരണങ്ങള്‍ ബോധ്യപ്പെട്ടതിനാലാണ് രാജി അംഗീകരിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു.

മലപ്പുറം തിരൂരില്‍ മലയാള സര്‍വ്വകലാശാലയുടെ ആസ്ഥാനമന്ദിരം ഉദ്ഘാടനം ചെയ്യാനെത്തിയ മുഖ്യമന്ത്രി മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു.

കഴിഞ്ഞ ഒന്നര മാസത്തിനുള്ളില്‍ ഷാഫി മേത്തറുടെ യാത്രാചെലവ് കേവലം രണ്ടു ലക്ഷം രൂപയാണ്. നവംബറില്‍ വേള്‍ഡ് ഇക്കണോമിക് ഫോറം കൗണ്‍സില്‍ യോഗത്തില്‍ ഷാഫി പങ്കെടുത്തിരുന്നു. ചീഫ് വിപ്പ് പി.സി. ജോര്‍ജ് പ്രചരിപ്പിപ്പിക്കുന്നതുപോലെ കാര്യങ്ങള്‍ ശരിയല്ല. സാമ്പത്തിക ഉപദേഷ്ടാവിനെ നിയമിക്കുന്നത് കോണ്‍ഗ്രസ് നേതൃത്വമാണ് -ഉമ്മന്‍ചാണ്ടി വ്യക്തമാക്കി.

സോളാര്‍ തട്ടിപ്പ് കേവലം സാമ്പത്തിക ക്രമക്കേട് മാത്രമാണ്. ഇതില്‍ ചില്ലി കാശുപോലും സര്‍ക്കാരിന് നഷ്ടമായിട്ടില്ല. ഇത്തരം തട്ടിപ്പുകള്‍ കേരളത്തില്‍ മുമ്പും ഇപ്പോഴും നടക്കുന്നുണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

റൂവി നഗരം നവീകരണത്തിലേക്ക്; പഴയ കെട്ടിടങ്ങള്‍ ഓര്‍മയാകുന്നു

Posted: 19 Jul 2013 10:32 PM PDT

Image: 

മസ്കത്ത്: റൂവി നഗരത്തിലെ പഴയ കെട്ടിടങ്ങള്‍ പൊളിച്ചു മാറ്റി പുതിയ കെട്ടിടങ്ങള്‍ നിര്‍മിക്കുന്നു. ഇതോടെ വര്‍ഷങ്ങളായി പ്രതാപത്തോടെ തലയുയര്‍ത്തി നിന്ന പല കെട്ടിടങ്ങളും ഓര്‍മയാവുകയാണ്. നഗര നവീകരണത്തിന്‍െറ ഭാഗമായി ഇവയുടെ സ്ഥാനത്ത് ബഹുനില കെട്ടിടങ്ങളാണ് ഉയര്‍ന്ന് വരുന്നത്.
റൂവിയിലെ പഴയ കെട്ടിടങ്ങള്‍ക്കെല്ലാം മസ്കത്ത് നഗര സഭ പൊളിക്കാന്‍ നിര്‍ദേശം നല്‍കികഴിഞ്ഞു. റൂവിയുടെ ഹൃദയ ഭാഗമായ ഖാബൂസ് മസ്ജിദിന്‍െറ പിന്‍ ഭാഗത്തും മറ്റുമായി പത്തിലധികം കെട്ടിടങ്ങള്‍ അടുത്തിടെ പൊളിച്ചിരുന്നു.
മറ്റ് നിരവധി കെട്ടിടങ്ങളും പൊളിക്കാനുള്ള ഒരുക്കത്തിലാണ്. റൂവിയില്‍ വിദ്യാഭ്യാസ മന്ത്രാലയത്തിന്‍െറ കേന്ദ്ര ഓഫീസ് പ്രവര്‍ത്തിച്ചിരുന്ന കെട്ടിടവും പൊളിച്ചവയില്‍ ഉള്‍പ്പെടും. ഇത്തരം കെട്ടിടങ്ങള്‍ അധികവും താമസയിടങ്ങള്‍ ആയിരുന്നതിനാല്‍ താമസക്കാര്‍ക്ക് പുതിയ സ്ഥലം കണ്ടെത്തേണ്ടിവരും.
റൂവി നഗരത്തില്‍ നിരവധി വികസന പദ്ധതികള്‍ നടപ്പാക്കാന്‍ നഗര സഭ പദ്ധതിയിട്ടിട്ടുണ്ട്്. പഴയ കെട്ടിടങ്ങള്‍ പൊളിച്ചു മാറ്റുകയും നിലവാരവും സൗകര്യവും കൂടിയ പുതിയ കെട്ടിടങ്ങള്‍ നിര്‍മിക്കകയും ചെയ്യുന്നത് ഇതിന്‍െറ ഭാഗമാണ്. റൂവി നഗരത്തില്‍ രണ്ട് വര്‍ഷത്തിനുള്ളി 50ല്‍ അധികം പുതിയ കെട്ടിടങ്ങള്‍ ഉയര്‍ന്ന് വന്നിട്ടുണ്ട്. പുതിയ കെട്ടിടങ്ങള്‍ പലതും നിര്‍മാണം പൂര്‍ത്തിയാവുന്നുമുണ്ട്. ഇതില്‍ പപ്പു മാര്‍ക്കറ്റ് നിലനിന്നിരുന്ന സ്ഥലത്ത് ഉയരുന്ന വന്‍ ഹോട്ടല്‍ പദ്ധതിയും ഉള്‍പ്പെടും.
നഗരത്തില്‍ നിരവധി ഗല്ലികള്‍ ഉണ്ടായിരുന്നു. ആസ്ബറ്റോസ് കൊണ്ട് മേല്‍കൂര പണിത ഇത്തരം ഗല്ലികളില്‍ 80 ശതമാനവും അപ്രത്യക്ഷമായി കഴിഞ്ഞു. പഴമയുടെ ഓര്‍മയായി നിലനില്‍ക്കുന്ന ഇത്തരം ബാക്കി കെട്ടിടങ്ങളും ഉടന്‍ പൊളിച്ചു മാറ്റും. ഒറ്റ നിലയില്‍ നിര്‍മിച്ചിരുന്ന ഇത്തരം താല്‍കാലിക ഗല്ലികളൂടെ സ്ഥാനത്ത് ബഹുനില കെട്ടിടങ്ങളാണ് തല ഉയര്‍ത്തുന്നത്. താഴ്ന്ന വരുമാനക്കാരും തൊഴിലാളികളും ഇത്തരം ഗല്ലികളിലാണ് കൂട്ടമായി താമസിച്ചിരുന്നത്. ചെറിയ ഒരു കെട്ടിടത്തില്‍ 20ല്‍ അധികം പേര്‍ താമസിക്കുമായിരുന്നു.
പുതിയ കെട്ടിടങ്ങള്‍ ഉയര്‍ന്ന് വരുന്നത് നഗരത്തിന്‍െറ സൗന്ദര്യവും വെടിപ്പും വര്‍ദ്ധിപ്പിക്കുമെങ്കിലും താഴ്ന്ന വരുമാനക്കാരെ പ്രതികൂലമായി ബാധിക്കും. പഴയ കെട്ടിടങ്ങളില്‍ വര്‍ഷങ്ങളായി പഴയ വാടക നല്‍കിയിരുന്ന പലരും പുതിയ കെട്ടിടങ്ങളിലേക്ക് മാറുമ്പോള്‍ ഉയര്‍ന്ന വാടക നല്‍കേണ്ടി വരും. ഗല്ലികള്‍ ഇല്ലാതാവുന്നത് നിര്‍മാണ തൊളിലാളികളെയും രേഖകളില്ലാതെ കഴിയുന്നവരെയുമാണ് പ്രതികൂലമായി ബാധിക്കുന്നത്. ചെറിയ മുറിയില്‍ നിരവധി പേരാണ് ഇത്തരം ഗല്ലികളില്‍ കഴിയുന്നത്. പുതിയ കെട്ടിടങ്ങളില്‍ ഈ സൗകര്യങ്ങളൊന്നും അനുവദിക്കില്ല. ഇത്തരം ഗല്ലികളില്‍ ഷിഫ്റ്റായി തങ്ങുന്നതടക്കം നിരവധി അഡ്ജസ്റ്റുമെന്‍്റുകള്‍ നടക്കുന്നുണ്ട്. ഇത്തരം താമസയിടങ്ങളില്‍ കിടക്കുന്ന സ്ഥലത്തിനാണ് വാടക ഈടാക്കുന്നത്.
പുതിയ കെട്ടിടങ്ങള്‍ ഉയര്‍ന്ന് വരുന്നത് അവിദഗ്ദ തൊഴിലാളികള്‍ നെടുവീര്‍പ്പോടെയാണ് കാണുന്നത്. ഇത്തരം കെട്ടിടങ്ങളില്‍ വാടകക്ക് മുറിയോ ഫ്ളാറ്റോ എടുക്കുന്നത് അവര്‍ക്ക് ചിന്തിക്കാന്‍ പോലും കഴിയില്ല. ഈ ഫ്ളാറ്റുകളില്‍ മുറിയെടുക്കാന്‍ ഇവര്‍ക്ക് ആറുമാസത്തെ ശമ്പളമെങ്കിലും വേണ്ടി വരും. പുതിയ കെട്ടിടങ്ങളില്‍ മുറിയെടുക്കാന്‍ കരാര്‍ പത്രവും മറ്റും ആവശ്യമുള്ളതും ഇവരെ കുഴക്കും. കൂട്ടമായി താമസിക്കാനും കഴിയില്ല. നഗരത്തിന്‍െറ കുതിച്ചുയരുന്ന വികസനങ്ങള്‍ ഇത്തരക്കാര്‍ നെടുവീര്‍പ്പോടെയാണ് കാണുന്നത്.
നരഗത്തില്‍ നിരവധി കെട്ടിടങ്ങള്‍ ഉയര്‍ന്ന് വന്നെങ്കിലും വാടകയില്‍ വലിയ കുറവൊന്നുമുണ്ടായിട്ടില്ല. ഒഴിഞ്ഞ ഫ്ളാറ്റുകള്‍ നിരവധിയുണ്ടെങ്കിലും വാടക കുറയാത്തതിന് പിന്നില്‍ റിയല്‍ എസ്റ്റേറ്റാണെന്ന പരാതിയുണ്ട്. വാടക കിട്ടാതെ താമസയിടങ്ങള്‍ വര്‍ഷങ്ങളോളം അടച്ചിട്ടാലും വാടക കുറക്കരുതെന്ന നിലപാടാണ് റിയല്‍ എസ്റ്റേറ്റ് ലോബികള്‍ക്കുള്ളത്. നഗരത്തിലെ മിക്ക കെട്ടിടങ്ങളും ഇവര്‍ കയ്യിലൊതുക്കി കഴിഞ്ഞു. അതിനാല്‍ പുതിയ ബഹുനില കെട്ടിടങ്ങള്‍ എത്ര ഉയര്‍ന്ന് വന്നാലും വാടക പെട്ടെന്ന് കുറയാന്‍ സാധ്യതയില്ല.

ചുട്ടുപൊള്ളി കുവൈത്ത്

Posted: 19 Jul 2013 10:25 PM PDT

Image: 

കുവൈത്ത് സിറ്റി: രാജ്യം അതികഠിനമായ ചൂടിന്‍െറ പിടിയില്‍. സമീപ ദിവസങ്ങളിലായി വര്‍ധിച്ച അന്തരീക്ഷ ഊഷ്മാവ് വെള്ളിയാഴ്ച 50 ഡിഗ്രി സെല്‍ഷ്യസും കടന്ന് കുതിച്ചു. ഇന്നും അതേ അവസ്ഥയില്‍ തുടരുമെന്നാണ് പ്രവചനം. ഇതോടൊപ്പം ചൂടുകാറ്റും വീശുന്നതിനാല്‍ തന്നെ ജനജീവിതം ദുസ്സഹമായിരിക്കുകയാണ്. വെള്ളി, ശനി ദിവസങ്ങളില്‍ ചൂട് കനക്കുമെന്ന് കഴിഞ്ഞദിവസം കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഡയറക്ടര്‍ മുഹമ്മദ് കറം മുന്നറിയിപ്പ് നല്‍കിയിരുന്നു.
ഔദ്യാഗികമായി 50 ഡിഗ്രി സെല്‍ഷ്യസ് എത്തിയതായി അറിയിപ്പൊന്നും ഉണ്ടായിട്ടില്ലെങ്കിലും അതിലും മുകളിലാണ് ചൂട്. വാഹനങ്ങളിലും മറ്റും ഇന്നലെ 56 ഡിഗ്രി സെല്‍ഷ്യസ് വരെ കാണിച്ചു. ജൂണ്‍ പകുതിയോടെ തന്നെ കൂടിത്തുടങ്ങിയ ചൂട് ജൂലൈയിലേക്ക് കടന്നതോടെ കനത്തിരുന്നു. ജൂലൈ പകുതിയായതോടെ ഏറെ വര്‍ധിച്ച അവസ്ഥ ഈ മാസാവസാനം വരെ തുടരുമെന്നാണ് കരുതപ്പെടുന്നത്. റമദാനുമായതിനാല്‍ ജനങ്ങള്‍ ചൂടിനെ പ്രതിരോധിക്കാന്‍ ഏറെ പ്രയാസപ്പെടുന്ന അവസ്ഥയാണ്. വ്രാതാനുഷ്ഠാനത്തിന്‍െറ സമയം 15 മണിക്കൂറില്‍ ഏറെയാണ്. റമദാന്‍ പ്രമാണിച്ച് ജോലി സമയങ്ങളില്‍ മാറ്റം വരുത്തിയതാണ് കുറച്ചെങ്കിലും ആശ്വാസം പകരുന്നത്. സര്‍ക്കാര്‍ ഓഫീസുകളില്‍ നാലര മണിക്കൂര്‍ മാത്രമാണ് ജോലി സമയം. അത്രയില്ലെങ്കിലും സ്വകാര്യ സ്ഥാപനങ്ങളിലും ജോലി സമയം കുറവുണ്ട്.
വേനല്‍കാലത്ത് പുറം ജോലിക്ക് വിലക്കേര്‍പ്പെടുത്തിയത് തൊഴിലാളികള്‍ക്കും ആശ്വാസമേകുന്നു. ജൂണ്‍ ഒന്ന് മുതല്‍ ആഗസ്റ്റ് 31 വരെ രാവിലെ 11 മുതല്‍ വൈകീട്ട് നാലു മണി വരെ പുറത്ത് ജോലി ചെയ്യിക്കുന്നതിനാണ് വിലക്ക്. വിലക്കുള്ള സമയത്ത് തൊഴിലാളികളെ ജോലി ചെയ്യിക്കുന്ന കമ്പനികള്‍ക്കെതിരെ തൊഴില്‍ മന്ത്രാലയം കര്‍ശന നടപടി സ്വീകരിക്കുന്നുണ്ട്.
കൂടിക്കൊണ്ടിരിക്കുന്ന ചൂട് ആസന്നമായ തെരഞ്ഞെടുപ്പിനെയും ബാധിക്കുമെന്നാണ് വിലയിരുത്തല്‍. രാജ്യത്തിന്‍െറ ചരിത്രത്തിലാദ്യമായി റമദാനിലാണ് അരങ്ങേറുന്നത് എന്നതുതന്നെ തെരഞ്ഞെടുപ്പിന്‍െറ നിറംകെടുത്തിയിട്ടുണ്ട്. റമദാനായതിനാല്‍ ജനങ്ങളെ തെരഞ്ഞെടുപ്പ് ചൂട് പിടികൂടിയിട്ടില്ലെങ്കിലും ചൂട് സ്ഥാനാര്‍ഥികളെ വലക്കുന്നുണ്ട്. ദീവാനിയകളിലും തെരഞെഞടുപ്പ് പ്രചരണ ടെന്‍റുകളിലുമൊക്കെ ആളുകള്‍ താരതമ്യേന കുറവാണ്.

ഷഫീഖിന്റെ നിലയില്‍ നേരിയ പുരോഗതി

Posted: 19 Jul 2013 10:00 PM PDT

Image: 

കട്ടപ്പന: കേരളം മുഴുവന്‍ പ്രാര്‍ഥനയിലും ഉത്കണ്ഠയുടെ നിമിഷങ്ങളിലും കഴിയുന്നതിനിടെ പിതാവിന്റെയും രണ്ടാനമ്മയുടെയും മര്‍ദനത്തിനിരയായി വെന്റിലേറ്ററില്‍ കഴിയുന്ന ഷഫീഖിന്റെ നിലയില്‍ നേരിയ പുരോഗതി. ശ്വാസകോശത്തില്‍ കാര്യമായ അണുബാധയില്ലാത്തതും ചെറുതായി കൈകാലുകള്‍ അനക്കുന്നതുമാണ് നേരിയ പ്രതീക്ഷ നല്‍കുന്നത്. കുട്ടിയുടെ രക്തസമ്മര്‍ദ്ദം സാധാരണ നിലയിലാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. തലച്ചോറിലെ രക്തസ്രാവത്തിനും കുറവുണ്ടായിട്ടുണ്ട്. ഇതേതുടര്‍ന്ന് വെന്റിലേറ്ററിന്റെ ശക്തി കുറക്കാനുള്ള ശ്രമത്തിലാണ് ഡോക്ടര്‍മാര്‍.

അതേസമയം, നിരവധി പേരാണ് പ്രാര്‍ഥനയുമായി ഷഫീഖ് ചികിത്സയില്‍ കഴിയുന്ന ആശുപത്രിയിലെത്തുന്നത്. രാജാക്കാട്ട് മാതാപിതാക്കള്‍ പട്ടിക്കൂട്ടിലിട്ട് പീഡിപ്പിച്ച ആരോമല്‍ ഷഫീഖിന്റെ അവസ്ഥയറിഞ്ഞ് കഴിഞ്ഞ ദിവസം കാണാനെത്തിയിരുന്നു. സംസ്ഥാന വനിതാ കമീഷന്‍ അംഗം ഡോ. പ്രമീളാദേവി, കട്ടപ്പന സെന്‍റ് ജോര്‍ജ് ഹൈസ്കൂള്‍ കുട്ടികള്‍, കുമളി ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍ തുടങ്ങിയവരും ഷഫീഖിന് പ്രാര്‍ഥനാശംസകളുമായി ആശുപത്രിയില്‍ എത്തി.

അതിനിടെ, കുട്ടിയുടെ പിതാവ് കുമളി ഒന്നാംമൈല്‍ പുത്തന്‍പുരക്കല്‍ ഷരീഫ്, രണ്ടാനമ്മ അനീഷ എന്നിവരെ കസ്റ്റഡിയില്‍ വാങ്ങാനുള്ള ശ്രമം കുമളി പൊലീസ് ആരംഭിച്ചു. ഇതിനുള്ള അപേക്ഷ പീരുമേട് കോടതിയില്‍ നല്‍കി. വധശ്രമം, ബാലപീഡനം എന്നീ കുറ്റങ്ങളാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. കുട്ടിയുടെ രണ്ടാനമ്മയുടെ അമ്മ സുബൈദയെ കുമളി പൊലീസ് ചോദ്യം ചെയ്ത് വിട്ടയച്ചു. ഇവര്‍ പീഡനത്തിന് സാക്ഷിയാണ്.

No comments:

Post a Comment

english malayalam dictionary

വിരുന്നുകാര്...

poomottu

Dsgd: by ASLAM PADINHARAYIL

Back to TOP