സ്വാഗതം
WELCOME

News Update..

Tuesday, July 2, 2013

ഇറാഖില്‍ വീണ്ടും സ്ഫോടനം; 33 പേര്‍ കൊല്ലപ്പെട്ടു Madhyamam News Feeds

ഇറാഖില്‍ വീണ്ടും സ്ഫോടനം; 33 പേര്‍ കൊല്ലപ്പെട്ടു Madhyamam News Feeds

Link to

ഇറാഖില്‍ വീണ്ടും സ്ഫോടനം; 33 പേര്‍ കൊല്ലപ്പെട്ടു

Posted: 02 Jul 2013 12:20 AM PDT

Image: 

ബഖൂബ: ഇറാഖില്‍ ദിയാല പ്രവിശ്യയിലുണ്ടായ ഇരട്ട ബോംബ് സ്ഫോടനങ്ങളില്‍ 33 പേര്‍ കൊല്ലപ്പെട്ടു. തിങ്കളാഴ്ച വൈകുന്നേരം ഇറാഖി പട്ടാളക്കാരന്റെ ശവസംസ്കാര ചടങ്ങിനിടെയാണ് സ്ഫോടനമുണ്ടായത്. ശിയാ വിഭാഗത്തെ ലക്ഷ്യമിട്ടായിരുന്നു ആക്രമണമെന്നാണ് സൂചന.

വടക്കന്‍ ബാഗ്ദാദിലെ ശിയാ കേന്ദ്രത്തിന് നേരെയുണ്ടായ ചാവേറാക്രമണത്തില്‍ 23 പേരും ബഖൂബയിലെ കഫെയിലുണ്ടായ സ്ഫോടനത്തില്‍ 10 പേരുമാണ് കൊല്ലപ്പെട്ടത്.                         

കഴക്കൂട്ടം ഗുണ്ടകളുടെ കേന്ദ്രമാകുന്നു; ജനം ഭീതിയില്‍

Posted: 02 Jul 2013 12:08 AM PDT

കഴക്കൂട്ടം: ടൗണ്‍ ഗുണ്ടകളുടെ വിഹാര കേന്ദ്രമാകുന്നതായി ആരോപണം. ഒരു രക്തച്ചൊരിച്ചിലിനിയുമുണ്ടാകുമോ എന്ന ഭീതിയലാണ് പ്രദേശവാസികള്‍. കഴക്കൂട്ടം കേന്ദ്രമാക്കി ഗുണ്ടകളുടെ പ്രവര്‍ത്തനം ശക്തിപ്രാപിക്കുന്നതിനന്‍െറ പ്രാരംഭ ലക്ഷണമാണ് ഇടക്കിടെ കഴക്കൂട്ടത്ത് പ്രത്യക്ഷപ്പെടുന്ന ബോംബുകള്‍.
മുമ്പ് ഗുണ്ടകളുടെ സങ്കേതമായിരുന്നു കഴക്കൂട്ടം. കൊലപാതകവും ആക്രമണ പരമ്പരകളും തുടര്‍ക്കഥയായിരുന്നു. എന്നാല്‍ ചില ഗുണ്ടാ നേതാക്കളുടെ കൊലയോടെ ശാന്തമായെങ്കിലും മണല്‍ മാഫിയയും മയക്കുമരുന്ന് മാഫിയയും സജീവമാണ്. കുടിപ്പകകള്‍ വീണ്ടും സജീവമാകുന്നതായും പറയപ്പെടുന്നു. ഇടക്കാലത്ത് ജയില്‍വാസം കഴിഞ്ഞിറങ്ങിയ ഗുണ്ടകളും ടെക്നോപാര്‍ക്കിന് സമീപത്തായി ചേരികളായി തിരിഞ്ഞ് സംഘബലം കൂട്ടുന്നതായും നാട്ടുകാര്‍ പറയുന്നു. അടുത്തകാലത്ത് കുടിപ്പകക്ക് സമാനമായ രീതിയില്‍ ഗുണ്ടകള്‍ നടത്തിയ ആക്രമണങ്ങളോട് പൊലീസ് നിഷ്ക്രിയ നിലപാടാണ് സ്വീകരിച്ചത്. 
ഗുണ്ടകളുമായി ചില പ്രാദേശിക രാഷ്ട്രീയ നേതാക്കള്‍ അടുത്ത ബന്ധം പുലര്‍ത്തുന്നതായി സൂചനയുണ്ട്. കഴക്കൂട്ടം, കഠിനംകുളം, തുമ്പ, ശ്രീകാര്യം, മംഗലപുരം ഉള്‍പ്പെടെയുള്ള പൊലീസ് സ്റ്റേഷനുകളില്‍ പിടികൂടുന്ന സാമൂഹിക വിരുദ്ധരുടെ രക്ഷകരായി ചില നേതാക്കന്മാര്‍ സ്ഥിരമായി എത്തുന്നത് പൊലീസുകാരുടെ മനോവീര്യം കെടുത്തുന്നതായി ആരോപണമുണ്ട്. പൊലീസ് പിടികൂടുന്നവരെ പുറത്തിറക്കി നിര്‍ബന്ധിച്ച് ആശുപത്രിയില്‍ എത്തിച്ച് പൊലീസുകാര്‍ക്കെതിരെ തിരിയുന്ന രീതിയും ഈയിടെ വര്‍ധിച്ചുവരുന്നു. അധികാരമുപയോഗിച്ച് സ്ഥലം മാറ്റും എന്ന ഭീഷണിയില്‍ ഭയക്കുന്ന ഉദ്യോഗസ്ഥര്‍ പ്രതികളെ പിടികൂടാന്‍പോലും വിമുഖത കാട്ടുന്നുവെന്നാണ് ആരോപണം. 
ഇത്തരം രാഷ്ട്രീയ ഇടപെടലുകള്‍ ഗുണ്ടകള്‍ക്ക് വളരാന്‍ സഹായകമാകുന്നതായി പ്രദേശവാസികള്‍ പറയുന്നു. കഴക്കൂട്ടത്തെ കോളനികള്‍ കേന്ദ്രമാക്കിയാണ് ഗുണ്ടാ സംഘങ്ങളുടെ പ്രവര്‍ത്തനം. ബോംബുകള്‍ കണ്ടെത്തിയിട്ടും പൊലീസ് അന്വേഷണം വഴിമുട്ടിയ നിലയാണ്.
 

 

തീരമേഖലയിലെ ഒമ്പത് ഹോട്ടലുകള്‍ പൂട്ടിച്ചു; മൂന്നിടത്ത് പിഴ ചുമത്തി

Posted: 02 Jul 2013 12:03 AM PDT

കൊല്ലം: ജില്ലയില്‍  തീരമേഖലയിലെ ഹോട്ടലുകളിലും ലഘു ഭക്ഷണശാലകളിലും  ഭക്ഷ്യസുരക്ഷാ വിഭാഗത്തിന്‍െറ പരിശോധന.  വൃത്തിഹീനമായി കണ്ട ഒമ്പത്  ഹോട്ടലുകള്‍ പൂട്ടാന്‍ നിര്‍ദേശം നല്‍കി. നിര്‍ദേശങ്ങള്‍ പാലിക്കാതിരുന്ന മൂന്ന് ഹോട്ടലുകള്‍ക്ക് 20,000 രൂപ പിഴയിട്ടു.അടിസ്ഥാന സൗകര്യങ്ങളൊരുക്കാതിരുന്ന  ആറ് ഹോട്ടലുകള്‍ക്ക് നോട്ടീസും നല്‍കി. 
ജില്ലാ ഭക്ഷ്യസുരക്ഷാ ഓഫിസര്‍ എ.കെ. മിനിയുടെ നേതൃത്വത്തില്‍ തിങ്കളാഴ്ച രാവിലെ 8.45 മുതല്‍ വൈകുന്നേരം 3.30 വരെ പള്ളിത്തോട്ടം, വാടി, ജോനകപ്പുറം, കാവല്‍, അഞ്ചുകല്ലുംമൂട്, തിരുമുല്ലവാരം, ഇരവിപുരം എന്നിവിടങ്ങളിലാണ് റെയ്ഡ് നടന്നത്.  തിരുവനന്തപുരത്ത് നിന്നുള്ള ഉദ്യോഗസ്ഥരടങ്ങിയ സംഘമുള്‍പ്പെടെ രണ്ട് ടീമായി തിരിഞ്ഞായിരുന്നു പരിശോധന. 
ശുചിതമില്ലായ്മയുള്‍പ്പെടെ വൃത്തിഹീനമായ സാഹചര്യമാണ് അധികയിടങ്ങളിലും കാണാനായത്. തീരപ്രദേശമായതിനാല്‍ അധികവും ചെറിയ ഹോട്ടലുകളാണ്.  വാടി, കാവല്‍ എന്നിവിടങ്ങളിലെ ഒമ്പത്  ഹോട്ടലുകളാണ് അടച്ചുപൂട്ടാന്‍ നിര്‍ദേശം നല്‍കിയത്. പലയിടങ്ങളിലും പാത്രം കഴുകുന്നതുവരെ വൃത്തിയില്ലാത്ത  വെള്ളം കൊണ്ടാണ്. വാടിയിലെ ഒരു  ഹോട്ടലില്‍  പാചകത്തിന് ഉപയോഗിക്കുന്ന വെള്ളത്തില്‍ കൂത്താടികള്‍ കണ്ടെത്തി. വെള്ളം വാട്ടര്‍ അതോറിറ്റിയുടെ പൈപ്പ് ലൈനില്‍ നിന്നുള്ളതാണെന്നാണ് കടയുടമ പറഞ്ഞത്. എന്നാല്‍ വെള്ളം ദിവസങ്ങളോളം പഴക്കമുള്ളതാണെന്ന് കണ്ടെത്തിയിട്ടുണ്ട്. പാത്രത്തില്‍ അടച്ചു മൂടിയ നിലയിലുമായിരുന്നു. ഇവിടെ നിന്ന് സംഘം വെള്ളത്തിന്‍െറ സാമ്പിള്‍ ശേഖരിച്ചിട്ടുണ്ട്. 
കാവലിലെ ഒരു ഹോട്ടലില്‍ പുഴുകയറിയ നിലയില്‍ 60 കിലോയോളം അരിയും സംഘം കണ്ടെത്തി. ഇവ കടക്കാരെ കൊണ്ടുതന്നെ നശിപ്പിച്ചു. വാടിയില പലചരക്ക് കടയോട് ചേര്‍ന്ന് ധാന്യങ്ങള്‍ പൊടിക്കുന്ന മില്ലില്‍ നടത്തിയ പരിശോധനയില്‍ 65 കിലോ പൂത്ത മുളക് കണ്ടെത്തി. ഇവ ഉടമയെ കൊണ്ട്  വെള്ളമൊഴിച്ച് നശിപ്പിച്ചു. മിക്കയിടങ്ങളിലും  പാചകത്തിന് ഉപയോഗിക്കുന്ന സാധനങ്ങള്‍ അധികവും ഗുണനിലവാരമില്ലാത്തതാണ്.  ചില ഹോട്ടലുകളില്‍ ആഹാരസാധനങ്ങളില്‍ അമിതമായി നിറം  കലര്‍ത്തുന്നതും കണ്ടെത്തിയിട്ടുണ്ട്.   
ഭക്ഷണഹാള്‍ നല്ലരീതിയില്‍  നവീകരിച്ചെങ്കിലും പല സ്ഥലത്തും അടുക്കളയില്‍ വേണ്ട മാനണ്ഡങ്ങള്‍ പാലിച്ചിട്ടില്ല .അധികഹോട്ടലുകളിലും രൂക്ഷമായ ഈച്ചശല്യവും കണ്ടെത്തിയിട്ടുണ്ട്. ഹോട്ടലിന്‍െറ പരിസരത്ത് മഴവെള്ളം ചെളികലര്‍ന്ന നിലയില്‍ കെട്ടി നില്‍ക്കുന്നതും ശ്രദ്ധയില്‍പെട്ടിട്ടുണ്ട്. പാചകക്കാരുള്‍പ്പെടെയുളള  ഹോട്ടല്‍ തൊഴിലാളികള്‍ വേണ്ടത്ര ശുചിത്വം പാലിക്കുന്നില്ലെന്നതാണ് മറ്റൊരു പ്രധാന കണ്ടെത്തല്‍.  ഇത് സംബന്ധിച്ച് നേരത്തെ  നിരവധി പരാതികള്‍ ഉയര്‍ന്നിരുന്നു. 
തിരുവനന്തപുരത്ത് നിന്നുള്ള സംഘം ദേശീയപാതയിലെ ചില ഹോട്ടലുകളിലും പരിശോധന നടത്തി. ഇതില്‍ പള്ളിമുക്ക്, പാരിപ്പള്ളി, ചാത്തന്നൂര്‍ എന്നിവിടങ്ങളിലെ മൂന്ന് ഹോട്ടലുകള്‍ക്ക് 10000, 5000, 5000 എന്നിങ്ങനെ 20000 രൂപ പിഴയിട്ടിട്ടുണ്ട്.
എ.കെ. മിനിയുടെ നേതൃത്വത്തില്‍ ഭക്ഷ്യ സുരക്ഷാ ഓഫിസര്‍മാരായ കെ.വി. ഷിബു, വി.ഹരിലാല്‍, കെ.തുളസീധരന്‍, ശ്രീകല, പ്രീത എന്നിവരടങ്ങിയ സംഘവും ഭൂസുധ, ജയകുമാര്‍, അജയകുമാര്‍, സതീഷ്കുമാര്‍, ഗൗരീഷ്, അജി എന്നിവരടങ്ങിയ തിരുവനന്തപുരത്ത് നിന്നുള്ള സംഘവുമാണ് ഇന്നലെ റെയ്ഡിന് നേതൃത്വം നല്‍കിയത്.
 

ചിലങ്ക ബീച്ചില്‍ കടല്‍ക്ഷോഭം രൂക്ഷം; 10 വീടുകള്‍ തകര്‍ച്ചാ ഭീഷണിയില്‍

Posted: 01 Jul 2013 11:57 PM PDT

വാടാനപ്പള്ളി: വാടാനപ്പള്ളി ചിലങ്ക ബീച്ചില്‍ കടല്‍ക്ഷോഭം രൂക്ഷം. 10 വീടുകള്‍ തകര്‍ച്ചാ ഭീഷണിയില്‍. 200ഓളം കാറ്റാടി മരങ്ങളും 30ഓളം തെങ്ങുകളും കടപുഴകി. തിങ്കളാഴ്ച വൈകീട്ടാണ് കടല്‍ ഇരമ്പിയത്. ആലിപുരക്കല്‍ ചന്ദ്രികയുടെ വീടിന്‍െറ സെപ്റ്റിക് ടാങ്ക് തകര്‍ന്നു. ഇവരുടെ വീട് ഏതുനിമിഷവും കടലെടുക്കുന്ന അവസ്ഥയിലാണ്. കുന്നത്ത് ബാബു, വിശ്വംഭരന്‍, നമ്പി പരീച്ചി ശോഭ, പള്ളത്ത് മനോഹരന്‍, ഇത്തിക്കാട്ട് ചന്ദ്രിക, ആലയില്‍ ഹരി എന്നിവരുടെ വീടുകളും കടലെടുക്കുന്ന അവസ്ഥയിലാണ്. 20 മീറ്ററോളം ദൂരം കടലെടുത്തു. 
ആര്‍ത്തിരിമ്പിയാണ് തിരമാല കര തുരന്ന് അടിച്ചുകയറുന്നത്. നിരവധി തെങ്ങുകളും മരങ്ങളും വീഴാറായ അവസ്ഥയിലാണ്. കടല്‍ ഇരമ്പുന്നതോടെ വീട്ടുകാര്‍ ഭീതിയിലാണ്. 
രണ്ടാഴ്ച മുമ്പ് കടലാക്രമണ പ്രദേശം ചാവക്കാട് തഹസില്‍ദാറും ജനപ്രതിനിധികളും സന്ദര്‍ശിച്ചപ്പോള്‍ ചിലങ്ക ബീച്ചില്‍ ഉടന്‍ കരിങ്കല്ലടിക്കുമെന്ന് ഉറപ്പ് നല്‍കിയിരുന്നു. എന്നാല്‍, നടപടി ഉണ്ടായില്ലെന്ന് നാട്ടുകാര്‍ പറഞ്ഞു. കരിങ്കല്ല് അടിച്ചിരുന്നെങ്കില്‍ കടല്‍ ഇത്ര അധികം കയറില്ലായിരുന്നു. 
അതേസമയം, തഹസില്‍ദാറുടെ നിര്‍ദേശപ്രകാരം പൊക്കാഞ്ചേരി ബീച്ചില്‍ കരിങ്കല്ല് അടിച്ചിരുന്നു. കടലാക്രമണം ഇനിയും ശക്തമായാല്‍ ചിലങ്ക ബീച്ചില്‍ നിരവധി വീടുകള്‍ നിലം പൊത്തുന്ന അവസ്ഥയാണ്. 

നിതാഖാത് സമയപരിധി നവംബര്‍ നാലു വരെ നീട്ടി

Posted: 01 Jul 2013 11:55 PM PDT

Image: 

ജിദ്ദ: സൗദി അറേബ്യയില്‍ നിതാഖാത് കാലാവധി നാലു മാസത്തേക്ക് നീട്ടി സൗദി രാജാവ് ഉത്തരവിട്ടു. നവംബര്‍ നാലു വരെയാണ് സമയപരിധി നീട്ടിയിരിക്കുന്നത്. സൗദി തൊഴില്‍ മന്ത്രാലയം വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചതാണ് ഇക്കാര്യം. ഇളവുകാലയളവ് ബുധനാഴ്ച അവസാനിക്കാനിരിക്കെയാണ് സമയപരിധി നീട്ടിയിരിക്കുന്നത്.

ജീവിതം വഴിമുട്ടി നാട്ടിലേക്ക് മടങ്ങാന്‍ തുനിഞ്ഞ നിരവധി മലയാളികളടക്കമുള്ള ഇന്ത്യന്‍ പ്രവാസികള്‍ക്ക് സൗദി രാജാവിന്‍െറ ഈ ഉത്തരവ് താത്കാലിക ആശ്വാസമായി. നേരത്തെ, നിശ്ചയിച്ച സമയപരിധിക്കുള്ളില്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിക്കാനാവാതെ സ്വദേശികളും വിദേശികളും  കഴിഞ്ഞ ദിസവങ്ങളില്‍ പരക്കം പായുകയായിരുന്നു

കെ.എസ്.ഇ.ബി ഓഫിസ് പഴയ കെട്ടിടത്തില്‍ തന്നെ

Posted: 01 Jul 2013 11:26 PM PDT

പത്തനംതിട്ട: വൈദ്യുതി ഭവന്‍ ഉദ്ഘാടനം കഴിഞ്ഞ് രണ്ടര മാസം കഴിഞ്ഞിട്ടും ജില്ലാ ആസ്ഥാനത്തെ കെ.എസ്.ഇ.ബി ഓഫിസുകള്‍ പുതിയ കെട്ടിടത്തിലേക്ക് മാറിയില്ല. ഏപ്രില്‍ 11നാണ് മന്ത്രി ആര്യാടന്‍ മുഹമ്മദ് കെട്ടിടത്തിന്‍െറ ഉദ്ഘാടനം നിര്‍വഹിച്ചത്. നാലരക്കോടി ചെലവില്‍ നിര്‍മിച്ച കെട്ടിടത്തിന് ചുറ്റും കാടുകയറിയ നിലയിലാണ്.  ജില്ലാ ആസ്ഥാനത്തെ വൈദ്യുതി ഓഫിസുകള്‍ ഒരു കുടക്കീഴില്‍  കൊണ്ടുവരുന്നതിനാണ് വൈദ്യുതി ഭവന്‍ നിര്‍മിച്ചത്. രണ്ടു നിലകളിലായി 25,000 ചതുരശ്ര അടി വിസ്തീര്‍ണമാണ് കെട്ടിടത്തിനുള്ളത്. കെട്ടിട നിര്‍മണത്തിന് 5.85 കോടിയായിരുന്നു അടങ്കല്‍തുക. എന്നാല്‍, കരാര്‍ പ്രകാരം മുഴുവന്‍ പണിയും 4.5 കോടിക്ക് രണ്ടുവര്‍ഷം കൊണ്ട് പൂര്‍ത്തിയാക്കുകയായിരുന്നു. ഇതുവഴി ഒരുകോടിയില്‍ അധികം രൂപ വൈദ്യുതി വകുപ്പിന് ലാഭം ഉണ്ടാക്കാന്‍ കഴിഞ്ഞു. നിര്‍മാണത്തിന് മേല്‍നോട്ടം വഹിച്ച ഉദ്യോഗസ്ഥര്‍ക്ക് മന്ത്രി ഉദ്ഘാടനച്ചടങ്ങില്‍ വെച്ച് 10,000 രൂപ വീതം പാരിതോഷികവും ഗുഡ് സര്‍വീസ് എന്‍ട്രിയും നല്‍കി അനുമോദിച്ചിരുന്നു.
ഓരോ ഓഫിസിന്‍െറയും മുറികള്‍ പ്രത്യേകമായി വേര്‍തിരിക്കാത്തതാണ് പ്രവര്‍ത്തനം ആരംഭിക്കുന്നതിന് തടസ്സമെന്ന് പറയുന്നു. ഉദ്ഘാടനത്തിന് ശേഷമാണ് ടെണ്ടര്‍ ക്ഷണിച്ചത്. ഇലക്ട്രിക്കല്‍ സര്‍ക്കിള്‍ ഡെപ്യൂട്ടി ചീഫ് എന്‍ജിനീയര്‍ ഓഫിസ്, ജില്ലയുടെ മുഴുവന്‍ പ്രസരണ വിഭാഗത്തിന്‍െറ ചുമതലയുള്ള ട്രാന്‍സ്മിഷന്‍ ഡിവിഷന്‍ ഓഫിസ്, ജില്ലാ റീജനല്‍ ഓഡിറ്റിങ് ഓഫിസ്, ഇലക്ട്രിക്കല്‍ ഡിവിഷന്‍ എക്സിക്യൂട്ടീവ് എന്‍ജിനീയറുടെ ഓഫിസ് എന്നിവയാണ് ഇവിടേക്ക് മാറ്റുന്നത്.

108 ആംബുലന്‍സ് സര്‍വീസ് തട്ടിപ്പ് അന്വേഷിക്കണമെന്ന് വി.എസ്

Posted: 01 Jul 2013 11:22 PM PDT

Image: 

തിരുവനന്തപുരം: 108 ആംബുലന്‍സ് സര്‍വീസ് തട്ടിപ്പ് വിശദമായി അന്വേഷിക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍ ആവശ്യപ്പെട്ടു. തട്ടിപ്പില്‍ വയലാര്‍ രവിയുടെയും പി. ചിദംബരത്തിന്റെയും മക്കളുടെ പങ്ക് വ്യക്തമാണെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

പി. ചിദംബരത്തിന്റെ മകന്‍ കാര്‍ത്തി ചിദംബരം ഡയറക്ടര്‍മാരില്‍ ഒരാളാണെന്നും അതുകൊണ്ടാണ് തട്ടിപ്പിന് സംസ്ഥാന സര്‍ക്കാര്‍ കൂട്ടുനിന്നതെന്നും വി.എസ് ആക്ഷേപിച്ചു. വയലാര്‍ രവിയുടെ മകന്‍ രവീകൃഷ്ണ കമ്പനിയുടെ ഡയറക്ടര്‍ അല്ലെന്ന വാദം തെറ്റാണെന്നും വി.എസ് പറഞ്ഞു.

മുഖ്യമന്ത്രി യു.എന്‍  പുരസ്കാരം തിരിച്ചു നല്‍കണമെന്ന് വി.എസ്

തിരുവനന്തപുരം: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ജനസമ്പര്‍ക്ക പരിപാടിക്ക് ഐക്യരാഷ്ട്ര സഭ നല്‍കിയ പുരസ്കാരം തിരികെ നല്‍കണമെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍. മുഖ്യമന്ത്രിയും അദ്ദേഹത്തിന്‍്റെ  ഓഫീസും സ്വാധീനിച്ചാണ് യു.എന്‍ അവാര്‍ഡ് തരപ്പെടുത്തിയതെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യയില്‍ ആദ്യമായല്ല ഈ പുരസ്കാരം ലഭിക്കുന്നതെന്ന് പറഞ്ഞ വി.എസ്  ഇതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി നടത്തിയ പ്രചാരണങ്ങള്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും  മറ്റു പല സംസ്ഥാനങ്ങള്‍ക്കും നേരത്തെ ഈ പുരസ്കാരം ലഭിച്ചിട്ടുണ്ടെന്നും പറഞ്ഞു. എന്നാല്‍, അവിടുത്തെ മുഖ്യമന്ത്രിമാരാരും വാങ്ങാന്‍ പോയിട്ടില്ല. അഴിമതിക്കും തട്ടിപ്പിനും കൂട്ടു നില്‍ക്കുന്ന മുഖ്യമന്ത്രി അവാര്‍ഡ് സ്വീകരിക്കാനും അതിന്‍്റെ പരസ്യത്തിനും കോടിക്കണക്കിന് രൂപ പൊതു ഖജനാവില്‍നിന്നും ചെലവാക്കിയെന്നും വി.എസ് കുറ്റപ്പെടുത്തി.

 

ലൈംഗികാരോപണങ്ങള്‍ക്കിടെ സി.പി.എം ജില്ലാ സെക്രട്ടേറിയറ്റ് ഇന്ന്

Posted: 01 Jul 2013 11:12 PM PDT

കൊച്ചി: പാര്‍ട്ടിക്കുള്ളിലും ഇടതുമുന്നണിയിലും ലൈംഗികാരോപണങ്ങള്‍ കത്തി നില്‍ക്കുമ്പോള്‍ എറണാകുളത്ത് സി. പി.എം ജില്ലാ നേതൃയോഗങ്ങള്‍ ചൊവ്വാഴ്ച ആരംഭിക്കും. സി.പി.എം പോളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്‍ പങ്കെടുക്കുന്ന ജില്ലാ സെക്രട്ടേറിയറ്റ് യോഗം ചൊവ്വാഴ്ച രാവിലെയും ജില്ലാ കമ്മിറ്റി ബുധനാഴ്ച രാവിലെയും കലൂര്‍ ലെനിന്‍ സെന്‍ററില്‍ ചേരും.  സ്വഭാവദൂഷ്യമുയര്‍ന്നിരിക്കുന്ന മുതിര്‍ന്ന നേതാവിനെതിരെയുള്ള അച്ചടക്ക നടപടി ചര്‍ച്ച ചെയ്യാനിരിക്കെയാണ് ജില്ലയിലെ ഇടത് എം.എല്‍.എയായ ജോസ് തെറ്റയിലും ആരോപണത്തില്‍പെട്ടിരിക്കുന്നത്. തെറ്റയിലിന്‍െറ രാജി സമ്മര്‍ദം മുറുകിയാല്‍ ഉപതെരഞ്ഞെടുപ്പ് നേരിടേണ്ടി വരുന്ന ജില്ല കൂടിയാണ് എറണാകുളം. 
വരാനിരിക്കുന്ന സമരപരിപാടികള്‍, ലോക്സഭാ തെരഞ്ഞെടുപ്പ് ഒരുക്കം, ഔദ്യാഗിക പക്ഷക്കാരനായ ജില്ലാ കമ്മിറ്റിയംഗത്തിനെതിരെയുള്ള ലൈംഗികാരോപണം, രണ്ട് വി.എസ് പക്ഷ നേതാക്കളെ പുറത്താക്കാനുളള മുളന്തുരുത്തി ഏരിയ കമ്മിറ്റിയുടെ തീരുമാനം എന്നിവയാണ് പ്രധാനമായും ചര്‍ച്ച ചെയ്യുക. വി.എസ് പക്ഷത്തിനെതിരെ ഉയര്‍ന്നിരിക്കുന്ന ചുമട്ടുതൊഴിലാളി യൂനിയന്‍ അംഗത്തിന്‍െറ ആത്മഹത്യയുമായി ബന്ധപ്പെട്ട ആരോപണവും ഔദ്യാഗിക വിഭാഗം കൊണ്ടുവരുമെന്നാണ് സൂചന. 
മുളന്തുരുത്തിയില്‍ മത്സ്യ തൊഴിലാളി ഫെഡറേഷന്‍ സംസ്ഥാന സെക്രട്ടറിയും സി.ഐ.ടി.യു ജില്ലാ ജോയന്‍റ് സെക്രട്ടറിയുമായ ടി. രഘുവരന്‍, ഉദയംപേരൂര്‍ ലോക്കല്‍ സെക്രട്ടറി പി.കെ. രാജു എന്നിവരെയാണ് പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കാന്‍ ഏരിയ കമ്മിറ്റി ശിപാര്‍ശ ചെയ്തിരിക്കുന്നത്. ഉദയംപേരൂര്‍ ഐ.ഒ.സി പ്ളാന്‍റിലെ കരാര്‍ തൊഴിലാളികളുടെ വേതനം പുതുക്കി നല്‍കുന്നതിനായി ഇടപെട്ട ഇരുവരുടെയും ഭാഗത്ത് ക്രമക്കേടുണ്ടായി എന്ന് ആരോപിച്ചുള്ള നടപടി ജില്ലാ സെക്രട്ടേറിയറ്റിലെ ഭൂരിപക്ഷം ഉപയോഗിച്ച് തള്ളിക്കാനാണ് വി.എസ് പക്ഷത്തിന്‍െറ ശ്രമം.
നിലവില്‍ ജില്ലയില്‍ നിന്നുള്ള സംസ്ഥാന കമ്മിറ്റിയംഗങ്ങള്‍ ഉള്‍പ്പെടെ സെക്രട്ടേറിയറ്റില്‍ പങ്കെടുക്കുന്ന19 പേരില്‍ 12 പേര്‍ വി.എസ് പക്ഷക്കാരും ഏഴുപേര്‍ ഔദ്യാഗിക പക്ഷക്കാരുമാണ്.
ഔദ്യാഗിക വിഭാഗക്കാരനും അഭിഭാഷകനുമായ നേതാവിനെതിരെ അയല്‍വാസിയായ സുഹൃത്ത് തന്നെയാണ് ഭാര്യയുമായുള്ള അവിഹിത ബന്ധം ആരോപിച്ച് പരാതി നല്‍കിയത്. സംസ്ഥാന സെക്രട്ടറി പിണറായി വിജയന് സമര്‍പ്പിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ നേതാവ് ഉള്‍പ്പെടുന്ന ഏരിയ കമ്മിറ്റി പ്രത്യേകയോഗം ചേര്‍ന്ന് ഇക്കാര്യത്തില്‍ തീരുമാനമെടുക്കാന്‍ ജില്ലാ കമ്മിറ്റിയെ ചുമതലപ്പെടുത്തിയിരിക്കുകയാണ്. നേതാവിനെതിരെ ഏരിയ കമ്മിറ്റിയില്‍ ഔദ്യാഗിക പക്ഷത്തുള്ള ഒരു വിഭാഗവും ഉറച്ചുനില്‍ക്കുന്നത് നേതൃത്വത്തെ കുഴക്കുന്നുണ്ട്. ഈ സാഹചര്യത്തില്‍ ഇവരെ അനുനയിപ്പിച്ച് അന്വേഷണ കമീഷനെ നിയോഗിച്ച് പരിഹാരം കാണാനുള്ള പരിശ്രമങ്ങളാണ് ഔദ്യാഗിക നേതൃത്വം ശ്രമിക്കുക. ഗുണ്ടാനേതാവ് തമ്മനം ഷാജിയെ ആക്രമിച്ച് പരിക്കേല്‍പിച്ച സംഭവത്തില്‍ സി.പി.എം പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയ പാടിവട്ടം സ്വദേശിയായ ചുമട്ടുതൊഴിലാളി അഷ്റഫ് തൂങ്ങിമരിച്ചതുമായി ബന്ധപ്പെട്ടാണ് വി.എസ് പക്ഷം പ്രതിക്കൂട്ടിലായിരിക്കുന്നത്. നിരപരാധിയായ ഭര്‍ത്താവ് പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയതിന്‍െറ മനോവിഷമത്തില്‍  തൂങ്ങി മരിക്കുകയായിരു ന്നെന്ന് ആരോപിച്ച് ഭാര്യ അസൂറയാണ് സി.പി.എം ജില്ലാ നേതൃത്വത്തിന് പരാതി സമര്‍പ്പിച്ചത്. പരാതി പാര്‍ട്ടി ഇതുവരെ പരിഗണിച്ചിട്ടില്ല.

കൃഷിക്ക് പമ്പിങ് സബ്സിഡി ഉടന്‍ നല്‍കും -മന്ത്രി കെ.പി. മോഹനന്‍

Posted: 01 Jul 2013 11:07 PM PDT

Subtitle: 
മൃഗസംരക്ഷണ മേഖലയില്‍ 72.3 ലക്ഷത്തിന്‍െറ നഷ്ടം
ആലപ്പുഴ: ഒരിക്കല്‍ പുഞ്ചകൃഷി ചെയ്തശേഷം പാടങ്ങള്‍ തരിശിട്ടാല്‍ പിന്നീടുള്ള കൃഷിക്ക് പമ്പിങ് സബ്സിഡി നല്‍കില്ലെന്ന നിബന്ധന ഒഴിവാക്കി, എപ്പോള്‍ കൃഷി ചെയ്താലും ഇനിമുതല്‍ സബ്സിഡി നല്‍കുമെന്ന് കൃഷി മന്ത്രി കെ.പി. മോഹനന്‍ പറഞ്ഞു. ജില്ലയിലെ കൃഷിനാശം വിലയിരുത്തുന്നതിനുള്ള സന്ദര്‍ശനത്തിന് മുന്നോടിയായി കലക്ടറേറ്റില്‍ ചേര്‍ന്ന ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും പാടശേഖരസമിതി പ്രതിനിധികളുടെയും യോഗത്തില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം.
പമ്പിങ് സബ്സിഡി ഇനി വൈകില്ലെന്നും ബാങ്കുകളിലെ സാങ്കേതിക തകരാര്‍  മൂലമാണ് നേരത്തേ കാലതാമസം ഉണ്ടായതെന്നും മന്ത്രി പറഞ്ഞു. കൃഷിക്കും കന്നുകാലികള്‍ക്കും മറ്റുമുണ്ടായ നാശനഷ്ടത്തിന് നല്‍കേണ്ട ധനസഹായം, ആനുകൂല്യങ്ങള്‍ എന്നിവ നാളത്തെ മന്ത്രിസഭാ യോഗം പരിഗണിക്കുമെന്നും അദ്ദേഹം പറഞ്ഞു.
തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷത്തോടൊപ്പം മലവെള്ളവും ചേര്‍ന്ന് വന്‍തോതിലുള്ള കൃഷിനാശമാണ് ആലപ്പുഴയില്‍ ഉണ്ടായതെന്ന് പ്രിന്‍സിപ്പല്‍ കൃഷി ഓഫിസര്‍ യോഗത്തില്‍ റിപ്പോര്‍ട്ട് ചെയ്തു. ജൂണില്‍ മാത്രം ലഭിച്ചത് 800 മില്ലിമീറ്റര്‍ മഴയാണ്. കഴിഞ്ഞവര്‍ഷം ഇതേ സമയത്ത് ലഭ്യമായത് 226 മി.മീറ്ററായിരുന്നു. 
അഡീഷനല്‍ പുഞ്ചകൃഷിയിറക്കിയത് 3502 ഹെക്ടറിലാണ്. അതില്‍ 2042 ഹെക്ടര്‍ നശിച്ചു. ബാക്കി പൂര്‍ണമായും മുങ്ങിക്കിടക്കുന്നു.  404 ഹെക്ടറില്‍ വിരിപ്പു നെല്‍കൃഷി വിതച്ചതില്‍ 211 ഹെക്ടര്‍ നശിച്ചു. ബാക്കി നാശത്തിന്‍െറ വക്കിലാണ്. അതിശക്തമായ കാലവര്‍ഷം മൂലം പൊക്കാളി കൃഷി 10 ഹെക്ടറിലും കരനെല്‍കൃഷി 15 ഹെക്ടറിലും നശിച്ചു. ജില്ലയില്‍ ഇതുവരെ കണക്കാക്കിയിരിക്കുന്ന കൃഷിനാശം ഏകദേശം 15.66 കോടി രൂപയുടേതാണ്. ജില്ലയിലെ വിവിധയിടങ്ങളില്‍ 21 പാടശേഖരങ്ങളില്‍ 871.98 ഹെക്ടറില്‍ മടവീണു. രാമങ്കരി, ആലപ്പുഴ, ചമ്പക്കുളം പ്രദേശങ്ങളിലെ പാടശേഖരങ്ങളില്‍ വെള്ളപ്പൊക്കം മൂലം ബണ്ടുകള്‍ക്കുണ്ടായ അറ്റകുറ്റപ്പണികള്‍ക്കായി ആകെ 1.58 കോടി രൂപ ഇതിനകം ചെലവഴിച്ചിട്ടുണ്ട്. 1400 ഏക്കര്‍ വിസ്തൃതിയുള്ള ആര്‍ ബ്ളോക് മുഴുവനും മുങ്ങി. 
അടിയന്തരമായി പെട്ടി, പറ, മോട്ടോര്‍ എന്നിവ വാടകക്ക് എടുത്ത് വെള്ളം വറ്റിക്കണമെന്ന് കലക്ടര്‍ ഇറിഗേഷന്‍ വകുപ്പിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. കൃഷി നശിച്ചുപോയവര്‍ക്ക് വീണ്ടും വിതക്കുന്നതിനുവേണ്ടി കേരള സ്റ്റേറ്റ് സീഡ് ഡെവലപ്മെന്‍റ് അതോറിറ്റിയില്‍ നിന്ന് 153.824 ടണ്‍ വിത്ത് സൗജന്യമായി നല്‍കുന്നതിന് നടപടി സ്വീകരിച്ചതായും കൃഷിവകുപ്പ് അധികൃതര്‍ അറിയിച്ചു.
യോഗത്തില്‍ തോമസ് ചാണ്ടി എം. എല്‍.എ, കൃഷി വകുപ്പ് സെക്രട്ടറി കെ.ആര്‍. ജ്യോതിലാല്‍, കൃഷി അഡീഷനല്‍ ഡയറക്ടര്‍ സി.ആര്‍. രമേഷ്, എ.ഡി.എം കെ.പി. തമ്പി, ആലപ്പുഴ ആര്‍.ഡി.ഒ ആന്‍റണി ഡൊമിനിക്, പ്രിന്‍സിപ്പല്‍ കൃഷി ഓഫിസര്‍ പി.കെ. സജിത, ജില്ലാ മൃഗസംരക്ഷണ ഓഫിസര്‍ ഡോ. എ. ശോഭന, ജില്ലാ-ബ്ളോക്-ഗ്രാമ പഞ്ചായത്ത് ജനപ്രതിനിധികള്‍, പാടശേഖരസമിതി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

കണ്ണൂരില്‍ ജനസമ്പര്‍ക്ക പരിപാടി: 26 വരെ പരാതികള്‍ സമര്‍പ്പിക്കാം

Posted: 01 Jul 2013 10:57 PM PDT

കണ്ണൂര്‍: ആഗസ്റ്റ് 26ന് ജില്ലയില്‍ ജനസമ്പര്‍ക്ക പരിപാടി നടത്തും. ജൂലൈ 26 വരെ പരാതികള്‍ സമര്‍പ്പിക്കാം. ഉദ്ഘാടനചടങ്ങില്ലാതെയാണ് ഇത്തവണ  ജനസമ്പര്‍ക്ക പരിപാടി സംഘടിപ്പിക്കുന്നത്.  
അക്ഷയ സെന്‍ററിലൂടെ പരാതി സമര്‍പ്പിക്കുന്നതിനുള്ള ചെലവ് സര്‍ക്കാര്‍ വഹിക്കും.  
പരിപാടിക്ക് 15 ദിവസം മുമ്പ് ജില്ലയുടെ ചുമതലയുള്ള മന്ത്രി അവലോകനം നടത്താനും തീരുമാനമായി. നയപരമായ തീരുമാനം ആവശ്യമുള്ള പരാതികള്‍ മന്ത്രിസഭ പരിഗണിക്കും.  അവലോകന കമ്മിറ്റിയില്‍ മുഖ്യമന്ത്രി വീഡിയോ കോണ്‍ഫറന്‍സിലൂടെ പങ്കെടുക്കും.  അതിനും അഞ്ച് ദിവസം മുമ്പ് പരാതികളിന്മേല്‍ ജില്ലാ കലക്ടര്‍ റിപ്പോര്‍ട്ട് തയാറാക്കും. 
പരാതിക്കാരെ നേരിട്ട് കാണേണ്ട പരാതികള്‍ മാത്രമാണ് ജനസമ്പര്‍ക്ക പരിപാടിയില്‍ പരിഗണിക്കുക. നേരിട്ട് പരാതിയുമായി എത്തുന്നവരെയും മുഖ്യമന്ത്രി അവസാനം കാണും. അക്ഷയ സെന്‍ററുകള്‍ക്ക് പുറമെ താലൂക്ക് ഓഫിസുകളിലും കലക്ടറേറ്റിലും ഓണ്‍ലൈനായും പരാതി നല്‍കാം. പരിപാടികള്‍ക്കായി പ്രത്യേക വെബ്പോര്‍ട്ടല്‍ തയാറാക്കും.  
പരാതി സമര്‍പ്പിക്കുമ്പോള്‍ ലഭിക്കുന്ന നമ്പര്‍ ഉപയോഗിച്ച് തുടര്‍ന്നുള്ള വിവരങ്ങള്‍ അന്വേഷിക്കാം.  ജില്ലാ സെല്ലില്‍നിന്ന് പരാതികള്‍ ഓണ്‍ലൈനില്‍ ജില്ലാ ഓഫിസര്‍മാര്‍ക്ക് ലഭിക്കുകയും 15 ദിവസത്തിനകം പരാതി സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ നല്‍കാനുമാണ് പദ്ധതി.
പരാതിയിന്മേലുള്ള തീര്‍പ്പുകള്‍ വെബ്സൈറ്റില്‍ ലഭിക്കുന്നതോടൊപ്പം എസ്.എം.എസ് വഴി പരാതിക്കാരെ അറിയിക്കുകയും ചെയ്യും.  മുഖ്യമന്ത്രിയെ നേരിട്ട് കാണുന്നവരുടെ സമയക്രമം എസ്.എം.എസിലൂടെയും ഇ -പോസ്റ്റിലൂടെയും അറിയിക്കും.  ജില്ലയിലെ മന്ത്രിമാര്‍ക്ക് പുറമെ മറ്റ് മന്ത്രിമാരും പരിപാടിയില്‍ സംബന്ധിക്കും.
 

No comments:

Post a Comment

english malayalam dictionary

വിരുന്നുകാര്...

poomottu

Dsgd: by ASLAM PADINHARAYIL

Back to TOP