സ്വാഗതം
WELCOME

News Update..

Wednesday, July 17, 2013

കുഴികളെത്ര താണ്ടണം നഗരം കടക്കാന്‍ Madhyamam News Feeds

കുഴികളെത്ര താണ്ടണം നഗരം കടക്കാന്‍ Madhyamam News Feeds

Link to

കുഴികളെത്ര താണ്ടണം നഗരം കടക്കാന്‍

Posted: 16 Jul 2013 11:58 PM PDT

തൃശൂര്‍: നഗരത്തിലെ ഗതാഗത സംവിധാനം താറുമാറാക്കുന്ന വിധത്തില്‍ റോഡുകളുടെ നില ദയനീയമായി. പ്രധാന റോഡുകളെല്ലാം വലിയ ചളിക്കുളങ്ങളായി. ഇതിനിടെ കാന നിര്‍മാണം കൂടിയായതോടെ കാല്‍നട പോലും ദു$സഹമായി. 
മഴ പെയ്താല്‍ പല റോഡിലൂടെയും ഗതാഗതം മുടങ്ങും. വെള്ളക്കെട്ടാണ്  കാരണം. ഇത് മുന്നില്‍ക്കണ്ട് കാനകള്‍ നിര്‍മിക്കാനോ പ്രധാന കാനകള്‍ യഥാസമയം വൃത്തിയാക്കാനോ അധികൃതര്‍ ശ്രമിച്ചില്ല. ഏറെ ഒച്ചപ്പാടിനിടയാക്കിയ ദിവാന്‍ജി ജങ്ഷനിലെ റോഡ് വികസനം ഏറെക്കുറെ പൂര്‍ത്തിയായി. എന്നാല്‍, മറ്റ് റോഡുകളുടെ കാര്യം ഇപ്പോഴും എങ്ങുമെത്തിയില്ല. താല്‍ക്കാലിക പരിഹാരമായി ക്വാറി വേസ്റ്റിട്ട് നിറച്ച കുഴികള്‍ കനത്ത മഴയില്‍ വീണ്ടും പ്രത്യക്ഷപ്പെട്ടുകഴിഞ്ഞു. 34 കോടി ചെലവഴിച്ച്  നടപ്പാക്കാന്‍ പോകുന്ന മെക്കാഡം ടാറിങ് മാത്രമാണ് നഗരസഭയുടെ ഏക പദ്ധതി. അതിനായി മഴ കഴിയും വരെ കാക്കണം. അതുവരെ നഗരത്തിലെത്തുന്നവര്‍ക്ക് ഈ കുഴികള്‍ താണ്ടി യാത്ര ചെയ്യേണ്ടിവരും. 

ബാംഗ്ളൂര്‍ നഗരത്തില്‍ വംശീയവെറിയുടെ ഇരയായി ആഫ്രിക്കന്‍ സ്വദേശി

Posted: 16 Jul 2013 11:53 PM PDT

Image: 

ബാഗ്ളൂര്‍: ബാഗ്ളൂരില്‍ ഒരുസംഘം ആളുകളുടെ ക്രൂരമര്‍ദനത്തിനിരയായ ആഫ്രിക്കന്‍ വംശജന്‍ വെളിപ്പെടുത്തിയത് വര്‍ണ-വംശീയ വെറിയുടെ ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍.  സംഭവം ബാംഗ്ളൂരിലെ മറ്റു ആഫ്രിക്കന്‍ വംശജരെ ഭീതിയില്‍ ആഴ്ത്തിയിരിക്കുകയാണ്.

ആഫ്രിക്കയിലെ ചാദ് സ്വദേശിയായ വാന്‍ഡന്‍ തിമോത്തിയെ ജൂലൈ ഒമ്പതിന് 12 ഓളം വരുന്ന സംഘം മോട്ടോര്‍ബൈക്കുകളില്‍ എത്തി വംശീയമായ അധിക്ഷേപങ്ങള്‍ ചൊരിഞ്ഞ് മൃഗീയമായി ആക്രമിക്കുകയായിരുന്നു. നീ നീഗ്രോയാണ് എന്നലറിക്കൊണ്ടായിരുന്നു ക്രൂര മര്‍ദനമെന്ന് അദ്ദേഹം പറഞ്ഞു. ആരും തന്നെ സഹായിക്കാന്‍ എത്തിയില്ല. എന്തിനാണ്  നിങ്ങള്‍ അങ്ങനെ പറയുന്നതെന്ന് കരഞ്ഞുചോദിച്ചപ്പോള്‍ നീ വിദേശിയണെന്നും ഇത് നിന്‍്റെ രാജ്യമല്ളെന്നും ആയിരുന്നു മറുപടി.

ഐ.ടി പ്രൊഫഷനല്‍ ആയ തിമോത്തി ഇന്ത്യക്കാരിയായ ബ്യൂലയെ വിവാഹം ചെയ്ത് രണ്ടു പെണ്‍മക്കളുമൊത്ത് പത്തു വര്‍ഷത്തിലേറെയായി  ഇവിടെ ജീവിച്ചുവരികയായിരുന്നു. മകളെ സ്കൂളില്‍നിന്ന് കൊണ്ടുവരികയായിരുന്നു ഈ 44കാരന്‍. രണ്ടുപേര്‍ ബൈക്കിലത്തെി വഴി തടയുകയും  മോശമായ വാക്കുകള്‍ പറഞ്ഞ് അകാരണമായി അടിക്കുകയും ചെയ്തു. ഇവര്‍ക്കൊപ്പം പത്തോളം വരുന്ന ആളുകള്‍ ചേര്‍ന്ന് മര്‍ദിച്ചു. വലിയ കല്ലുകൊണ്ട് പിറകില്‍ ശക്തമായി ഇടിച്ചുവെന്നും ചോര വാര്‍ന്നൊഴുകുന്ന രൂപത്തില്‍ റോഡില്‍ ഉപേക്ഷിച്ച് കടന്നുകളഞ്ഞെന്നും തിമോത്തി പറഞ്ഞു.

ഇത്തരമൊരു അവസഥയില്‍ തന്‍്റെ ഭര്‍ത്താവിനെ കാണേണ്ടിവന്നതിനെ ഭയക്കുന്നുവെന്നും ഇന്ത്യക്കാരിയെന്ന നിലയില്‍ താന്‍ ലജ്ജിക്കുന്നുവെന്നും ബ്യൂല പ്രതികരിച്ചു. പതിനായിരത്തോളം ആഫ്രിക്കന്‍ വിദ്യാര്‍ഥികള്‍ ആണ് ബാംഗ്ളൂര്‍ നഗരത്തില്‍ ഉള്ളത്.  തങ്ങളും വര്‍ണ-വംശീയവെറിയുടെ ഇരകളായിട്ടുണ്ടെന്ന് ഇവരില്‍ പലരും വെളിപ്പെടുത്തുന്നു. സംഭവത്തില്‍ പ്രതിഷേധിച്ച് വെള്ളിയാഴ്ച നഗരത്തില്‍ റാലി സംഘടിപ്പിക്കാനുള്ള ഒരുക്കത്തില്‍ ആണ് ഇവര്‍.
തിമോത്തിക്ക് ഒന്നിലേറെ ശസ്ത്രക്രിയകള്‍ വേണ്ടിവരുമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. സംഭവത്തില്‍  രണ്ട് പേരെ മാത്രമാണ് പൊലീസ് ഇതുവരെ അറസ്റ്റ് ചെയ്തത്.

റെക്കോഡ് വേഗത്തില്‍ ഉയരുന്നു, ഒറ്റപ്പാലം മിനി സിവില്‍സ്റ്റേഷന്‍

Posted: 16 Jul 2013 11:51 PM PDT

ഒറ്റപ്പാലം: പദ്ധതി നിര്‍മാണങ്ങള്‍ ഒച്ചിഴയും വേഗത്തിലായ ഒറ്റപ്പാലത്ത് മിനി സിവില്‍സ്റ്റേഷന്‍ കെട്ടിടം ദ്രുതഗതിയില്‍ ഉയരുന്നു.
ശിലയിട്ട് ഒമ്പതുമാസം പിന്നിട്ടപ്പോള്‍ 3891 ചതുരശ്ര മീറ്റര്‍ വിസ്തൃതിയുള്ള കെട്ടിടത്തിന്‍െറ നാലുനിലകളുടെയും കോണ്‍ക്രീറ്റ് പൂര്‍ത്തിയായി. രണ്ടുവര്‍ഷംകൊണ്ട് നിര്‍മാണം പൂര്‍ത്തിയാക്കാനുള്ള ലക്ഷ്യത്തോടെ 2012 ഒക്ടോബര്‍ അഞ്ചിനാണ് ശിലാസ്ഥാപനം നടന്നത്.
ഒറ്റപ്പാലത്തും പരിസരപ്രദേശങ്ങളിലുമായി വാടക കെട്ടിടങ്ങളിലും മറ്റും ചിതറി കിടക്കുന്ന വിവിധ സര്‍ക്കാര്‍ ഓഫിസുകളെ ഒരു കുടക്കീഴില്‍ കൊണ്ടുവരികയെന്ന ലക്ഷ്യമാണ് മിനി സിവില്‍സ്റ്റേഷനെന്ന സ്വപ്ന പദ്ധതിക്ക് പിന്നിലുള്ളത്.
ഒറ്റപ്പാലം ആര്‍.എസ് റോഡിലെ കോടതി വളപ്പില്‍ മിനി സിവില്‍സ്റ്റേഷന്‍ നിര്‍മിക്കാനായിരുന്നു ആദ്യ തീരുമാനം. സ്ഥലം അളന്നുതിട്ടപ്പെടുത്തലും എസ്റ്റിമേറ്റ് തയാറാക്കലും പൂര്‍ത്തിയാക്കി നിര്‍മാണത്തിനൊരുങ്ങവെ, ബാര്‍ അസോസിയേഷന്‍ പ്രതിനിധികള്‍ എതിര്‍പ്പുമായി രംഗത്തുവന്നത് തടസ്സമായി. തുടര്‍ന്നാണ് കണ്ണിയംപുറത്ത് നിര്‍മാണം തുടങ്ങിയത്. കാഞ്ഞിരപ്പുഴ ഇറിഗേഷന്‍െറ അധീനതയിലെ 56 സെന്‍റ് സ്ഥലം വിട്ടുകിട്ടിയതാണ് കാര്യങ്ങള്‍ എളുപ്പമാക്കിയത്. എം. ഹംസ എം.എല്‍.എയുടെ നിരന്തര പരിശ്രമം ഇതിന് സഹായകമായി.
6.71 കോടി രൂപ കെട്ടിട നിര്‍മാണത്തിനും 59 ലക്ഷം രൂപ വൈദ്യുതീകരണത്തിനും എന്ന ക്രമത്തിലാണ് എസ്റ്റിമേറ്റ്. മഞ്ചേരിയിലെ കണ്‍സ്ട്രക്ഷന്‍ കമ്പനിക്കാണ് ചുമതല.
ഒറ്റപ്പാലം ജോയന്‍റ് ആര്‍.ടി.ഒ, സബ് ട്രഷറി, താലൂക്ക് സ്റ്റാറ്റിസ്റ്റിക്കല്‍, എക്സൈസ് സര്‍ക്കിള്‍, റെയ്ഞ്ച്, ലേബര്‍, ഐ.സി.ഡി.എസ്, റീസര്‍വേ, കെ.എസ്.ഇ.ബി, വ്യവസായ, ലാന്‍ഡ് ട്രൈബ്യൂണല്‍, സെയില്‍സ് ടാക്സ് തുടങ്ങിയ 27 സുപ്രധാന സര്‍ക്കാര്‍ ഓഫിസുകള്‍ ഇവിടേക്കെത്തും.
ഒറ്റപ്പാലത്ത് അനുവദിച്ച ഫിലിം സിറ്റി ഉയരുന്നത് മിനി സിവില്‍സ്റ്റേഷന് സമീപമാണ്. ഇവ യാഥാര്‍ഥ്യമാകുന്നതോടെ കണ്ണിയംപുറം പ്രദേശത്തിന്‍െറ മുഖഛായ മാറും.
 

സംക്രാന്തി വാണിഭത്തിന് തുടക്കം

Posted: 16 Jul 2013 11:34 PM PDT

കോട്ടയം: ജില്ലയുടെ ‘ഓപണ്‍ എയര്‍ ഹൈപ്പര്‍മാര്‍ക്കറ്റായ’ സംക്രാന്തി വാണിഭത്തിന് തുടക്കമായി. കര്‍ക്കടകം ഒന്നുമുതല്‍ സംക്രാന്തി കവലക്ക് സമീപവും പാക്കില്‍ ശ്രീധര്‍മ ശാസ്താക്ഷേത്രത്തിന് സമീപം മൈതാനത്തുമാണ് വാണിഭത്തിന് തുടക്കമായത്. 
ഒരുകാലത്ത് അപ്പനമ്മമാരെയൊഴികെ എല്ലാം കിട്ടുന്ന ഇടമായിരുന്നു സംക്രാന്തി വാണിഭം. കാലം നിറം കെടുത്തിയെങ്കിലും പതിവുപോലെ ഇക്കുറിയും കര്‍ക്കടകം ഒന്നിന് വാണിഭത്തിന് തുടക്കമിട്ടു. സംക്രാന്തിവാണിഭത്തില്‍ രണ്ടുദിവസമാണ് പ്രധാനമായും കച്ചവടം. എന്നാല്‍, ‘ഫര്‍ണിച്ചര്‍’ വില്‍പ്പന ഒരുമാസത്തോളം തുടരും. 
പാക്കനാരുടെ പെരുമ പേറുന്ന പാക്കില്‍ ധര്‍മശാസ്താ ക്ഷേത്ര മൈതാനത്ത് സംക്രാന്തി വാണിഭം 30 ദിവസം നീളും. പാക്കനാരും കുടുംബവും ഇവിടെ ആല്‍മരച്ചുവട്ടില്‍ കുട്ടയും വട്ടിയും വില്‍പന നടത്തിയതിന്‍െറ തുടര്‍ച്ചയായാണ് സംക്രാന്തിവാണിഭം. വട്ടിയും കുട്ടയും തഴപ്പായയുമായിരുന്നു ആദ്യകാലത്ത് വില്‍പ്പന. ഒരുമാസം ഇവിടെ താമസിച്ച് ഉല്‍പന്നങ്ങള്‍ നിര്‍മിച്ചായിരുന്നു കച്ചവടം. പിന്നീട് സംക്രാന്തി വലിയ വിപണിയായി വികസിച്ചു. കിഴക്കുപടിഞ്ഞാറന്‍ കാര്‍ഷിക മേഖലകളിലെ കൈത്തൊഴിലുകാരുടെ സംഗമമാണ് വാണിഭത്തിന്‍െറ പ്രത്യേകത. 
ജില്ലയുടെ പടിഞ്ഞാറന്‍ പ്രദേശമായ ചെമ്പ്, തലയാഴം, മറവന്‍തുരുത്ത്, ടി.വി പുരം, ഉദയനാപുരം, ഉല്ലല, കല്ലറ, ആര്‍പ്പൂക്കര, നീണ്ടൂര്‍ തുടങ്ങിയ പഞ്ചായത്തുകളില്‍ കാര്‍ഷികരംഗത്ത് നിലമുഴലും വിത്തിടലും ഞാറുനടീലും കഴിഞ്ഞ് പഞ്ഞക്കര്‍ക്കടകത്തെ കാത്തിരിക്കുന്ന സമയത്ത് മറ്റ് തൊഴിലില്ലാതെ വരുമ്പോള്‍ കര്‍ഷകത്തൊഴിലാളി സ്ത്രീകള്‍ തഴ ഉപയോഗിച്ച് കിടക്കപ്പായയും നെല്ലും കപ്പയും ഉണക്കുന്ന ചിക്കുപായും നെയ്യും. വയലിറമ്പില്‍ വളരുന്ന കൈതത്തഴയുടെ മുള്ള് കളഞ്ഞ് ചീകിയൊരുക്കി വൃത്താകൃതിയില്‍ മെടഞ്ഞ് ഉണക്കിയെടുത്താണ് പായ നെയ്യാന്‍ തഴ ഒരുക്കുന്നത്. ഇത് പാലില്‍ തിളപ്പിച്ച് ‘പട്ടുമെത്ത’ പോലുള്ള തഴപ്പായയും നെയ്തിരുന്നു. മലയോര മേഖലകളിലെ കര്‍ഷകത്തൊഴിലാളികള്‍ ഈറ്റ ഉപയോഗിച്ച് മുറം, വട്ടി, കുട്ട, ചൂരല്‍കൊട്ടകള്‍ തുടങ്ങിയവയുടെ നെയ്ത്തും ഇതിനൊപ്പം തുടങ്ങും. കൃഷിക്കാവശ്യമായ തൂമ്പ, കോടാലി, മണ്‍വെട്ടി, കമുകിന്‍തടി ഒരുക്കിയെടുക്കുന്ന തൂമ്പാക്കൈ എന്നിവയും തടികൊണ്ടുളള കട്ടില്‍, അലമാര, മേശ, കസേര തുടങ്ങിയ ഫര്‍ണിച്ചറുകളും കളിപ്പാട്ടങ്ങളും നിര്‍മിക്കും. ഇതോടൊപ്പം ദൂരദേശങ്ങളില്‍ നിന്ന് ഉരല്‍, ഉലക്ക, ആട്ടുകല്ല്, അരകല്ല് എല്ലാം എത്തും.വൈക്കം തുടങ്ങിയ പടിഞ്ഞാറന്‍ മേഖലകളിലെ സ്ത്രീകള്‍ മണ്‍കലവും ചട്ടിയും കുടവുമൊക്കെ നിര്‍മിച്ച് സംക്രമ വാണിഭത്തിന് കാത്തിരിക്കുന്നുണ്ടാകും. പരമ്പരാഗത കൈത്തൊഴിലുകാര്‍ നിര്‍മിക്കുന്ന ചിരട്ടത്തവി,വിവിധയിനം പാത്രങ്ങള്‍, ഉറി, അടച്ചുവാറ്റി, ചൂല് എന്നിവയുമെത്തിയിരുന്നു. അരിവാള്‍, വാക്കത്തി, കറിക്കത്തി തുടങ്ങിയ ഉല്‍പ്പന്നങ്ങളുമായി കൊല്ലപ്പണിക്കാരും വാണിഭത്തില്‍ സജീവമാകും. തടി ഉല്‍പ്പന്നങ്ങള്‍ക്ക് പ്രത്യേകമായൊരിടം സംക്രമവാണിഭത്തിന്‍െറ പ്രത്യേകതയാണ്. ഇവിടെ കട്ടില്‍ മുതല്‍ കൊരണ്ടി വരെ എത്തും. വാണിഭം തീരുംമുമ്പേ ഇവ മുഴുവന്‍ വിറ്റഴിയുകയും ചെയ്യും. ഇതോടൊപ്പം നടീല്‍ വസ്തുക്കളും അരിയും അവലും പച്ചക്കറിയും ഉണക്കമീനും പലഹാരങ്ങളും എല്ലാം ഇവിടെ കിട്ടുമായിരുന്നു. പഴയ പ്രതാപം സംക്രാന്തി വാണിഭത്തിനില്ലെങ്കിലും ഇന്നും ഓരോകര്‍ക്കടകവും നാട് ആഘോഷിക്കുകയാണ്.

റവന്യൂ വകുപ്പ് രേഖകള്‍ ഹാരിസണ്‍സിന്‍െറ വ്യാജ നിര്‍മിതിയെന്ന് സ്ഥിരീകരണം

Posted: 16 Jul 2013 11:33 PM PDT

പത്തനംതിട്ട: റവന്യൂ വകുപ്പിന്‍െറ ആധികാരിക രേഖകളായ സെറ്റില്‍മെന്‍റ് രജിസ്റ്ററുകളും ഭൂപടങ്ങളും ഹാരിസണ്‍സ് മലയാളം കമ്പനി സൃഷ്ടിച്ചുനല്‍കിയ വ്യാജ രേഖകളാണെന്ന് വിജിലന്‍സ് അന്വേഷണത്തില്‍ സ്ഥിരീകരിച്ചു. ഹാരിസണ്‍സിന് ഭൂമിയുള്ള ജില്ലകളിലെ വില്ലേജ് ഓഫിസുകള്‍ മുതല്‍ സംസ്ഥാന സെന്‍ട്രല്‍ സര്‍വേ ഓഫസിലെ വരെ രേഖകള്‍ ഇതില്‍പെടും. 
എല്ലാനിയമങ്ങളെയും വെല്ലുവിളിച്ച് വ്യാജ രേഖ ചമക്കല്‍, തെളിവ്  നശിപ്പിക്കല്‍ തുടങ്ങി നിരവധി ക്രിമിനല്‍ കുറ്റങ്ങളാണ് കമ്പനി ചെയ്തിരിക്കുന്നതെന്ന് ഇതോടെ വ്യക്തമായി. വനം കൈയേറി കമ്പനി എസ്റ്റേറുകള്‍ സ്ഥാപിക്കുകയും  പിന്നീട് ഉടമസ്ഥാവകാശ രേഖകള്‍ ചമക്കുകയുമായിരുന്നു. 
ഹാരിസണ്‍സിന്‍െറ 1600/1923 നമ്പര്‍ ആധാരത്തിന്‍െറ സാധുത സംബന്ധിച്ച് ഹൈകോടതി നിര്‍ദേശ പ്രകാരം നടന്ന അന്വേഷണത്തിലാണ് റവന്യൂ വകുപ്പിന്‍െറ കൈവശമുള്ള ആധികാരിക രേഖകള്‍വരെ ഹാരിസണ്‍സ് നിര്‍മിച്ച വ്യാജ രേഖകളാണെന്ന് കണ്ടെത്തിയത്. 1923ല്‍ എഴുതിത്തയാറാക്കിയതെന്ന് പറഞ്ഞ് കമ്പനി ഹൈകോടതിയില്‍ ഹാജരാക്കിയ 1600/1923 നമ്പര്‍ ആധാരത്തില്‍ 1964ന് ശേഷമുള്ള പുതിയ മലയാളം ലിപികളും മറ്റും കണ്ടതിനെത്തുടര്‍ന്നാണ് സാധുത പരിശോധിക്കാന്‍ വിജിലന്‍സിനെ ചുമതലപ്പെടുത്തിയത്. 1970 കളിലാണ് ഈ വ്യാജ ആധാരം ചമച്ചതെന്നാണ് വിജിലന്‍സ് നിഗമനം.  ഭൂപടങ്ങള്‍ നിര്‍മിച്ചത് ഹാരിസണ്‍സിന്‍െറ ആദ്യകാല ഉടമയായിരുന്ന ബ്രിട്ടീഷുകാരനായ ജോണ്‍ മക്കി ആണെന്നും കണ്ടെത്തി. 1600/1923 നമ്പര്‍ ആധാര പ്രകാരം സംസ്ഥാനത്ത് നാല് ജില്ലകളിലായി 25000 ഏക്കറിലേറെ ഭൂമിയാണ് കമ്പനിയുടെ കൈവശമുള്ളത്. 
ഈ ആധാരം  തിരുവിതാംകൂര്‍ രാജമുദ്ര പതിച്ച മുദ്രപ്പത്രത്തിലാണ് എഴുതിയിരിക്കുന്നത്. ഈ മുദ്രപ്പത്രം വ്യാജമാണെന്നാണ് വിജിലന്‍സ് നിഗമനം. ജോണ്‍ ഡിക്കിന്‍സണ്‍ എന്ന ബ്രിട്ടീഷ് കമ്പനിയുടെ വാട്ടര്‍മാര്‍ക്കുള്ള ബോണ്ട് പേപ്പറിലാണ് മുദ്രപ്പത്രം തയാറാക്കിയിരിക്കുന്നത്. 1923 കാലത്തുള്ള തിരുവിതാംകൂറിലെ മറ്റ് ആധാരങ്ങളെല്ലാം തിരുവിതാംകൂറിന്‍െറ ശംഖ് മുദ്ര വാട്ടര്‍മാര്‍ക്കുള്ള സ്വന്തം മുദ്രപ്പത്രങ്ങളിലാണുള്ളത്. സര്‍ക്കാറില്‍നിന്ന് ഗ്രാന്‍റുകള്‍ക്കും വായ്പകള്‍ക്കും അപേക്ഷിക്കുന്നതിന് അപേക്ഷയോടൊപ്പം കൈവശ ഭൂമിയുടെ ഭൂപടങ്ങളും ഹാജരാക്കണമായിരുന്നു. അതിനായി ജോണ്‍ മക്കി നിര്‍മിച്ച ഭൂപടങ്ങള്‍ പിന്നീട് ജോണ്‍ മക്കിയുടെ ഒപ്പ് മായ്ച ശേഷം റവന്യൂ വകുപ്പ് ഓഫിസുകളിലെ രേഖയായി മാറ്റിയെടുക്കുകയായിരുന്നു. ഒറിജിനല്‍ രേഖകള്‍ നശിപ്പിച്ച ശേഷമാണ് വ്യാജ രേഖകള്‍ സ്ഥാപിച്ചത്. ഉദ്യോഗസ്ഥരുടെ സഹായത്തോടെയാണ് കമ്പനി ഇത് സാധിച്ചെടുത്തത്. സംസ്ഥാന സെന്‍ട്രല്‍ ആര്‍ക്കൈവ്സില്‍നിന്ന് ഒറിജിനല്‍ രേഖകള്‍ വിജിലന്‍സ് കണ്ടെടുത്തിരുന്നു. 
ഹാരിസണ്‍സിന് ഭൂമിയുള്ള നാല് ജില്ലകളിലെ സര്‍വേ വകുപ്പിന്‍െറ ജില്ല, താലൂക്ക്, വില്ലേജ് ഓഫിസുകളില്‍ സൂക്ഷിക്കുന്ന ലിത്തോ മാപ്പുകളും സെറ്റില്‍മെന്‍റ് രജിസ്റ്ററുകളും ഹാരിസണ്‍സ് വ്യാജമായി നിര്‍മിച്ചു നല്‍കിയതാണെന്നാണ് വിജിലന്‍സ് സ്ഥിരീകരിക്കുന്നത്. കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലെ ഭൂമിയുടെ അവകാശം തെളിയിക്കുന്നതിന് മൂന്നാറില്‍ ടാറ്റ നിര്‍മിച്ച ഭൂപടങ്ങള്‍ക്ക് സമാനമായ നിര്‍മിതിയാണ് ഹാരിസണ്‍സും നടത്തിയിരിക്കുന്നത്. 
സര്‍ക്കാര്‍ രേഖകളിലില്ലാത്ത വ്യാജ സര്‍വേ നമ്പരുകള്‍ ഉണ്ടാക്കി രേഖ ചമച്ച് അവയുടെ പേരില്‍ പട്ടയങ്ങള്‍ നിര്‍മിച്ച് ഭൂമി പോക്കുവരവ് നടത്തി കരമൊടുക്കി രസീത് സമ്പാദിച്ചിട്ടുണ്ട്. അവ കോടതികളില്‍ ഹാജരാക്കിയാണ് ഭൂമിയുടെ ഉടമസ്ഥാവകാശം സ്ഥാപിച്ച് അനുകൂല വിധികള്‍ നേടിയെടുക്കുന്നത്. 

മുട്ടം പഞ്ചായത്ത് പ്രസിഡന്‍റും വൈസ് പ്രസിഡന്‍റും രാജിവെച്ചു

Posted: 16 Jul 2013 11:22 PM PDT

തൊടുപുഴ: കോണ്‍ഗ്രസ് -കേരള കോണ്‍ഗ്രസ് എം ധാരണയനുസരിച്ച് മുട്ടം പഞ്ചായത്ത് പ്രസിഡന്‍റ് മരിയ ബേബിയും (കേരള കോണ്‍ഗ്രസ് എം), വൈസ് പ്രസിഡന്‍റ് കെ. രാജേഷും (കോണ്‍ഗ്രസ്) രാജിവെച്ചു. 
ചൊവ്വാഴ്ച 11.30 ന് മുട്ടം പഞ്ചായത്ത് സെക്രട്ടറി എം.എന്‍. വിജയന്‍െറ മുമ്പാകെയാണ് ഇരുവരും ഒന്നിച്ചെത്തി രാജി നല്‍കിയത്. ഇതോടെ പ്രസിഡന്‍റിന്‍െറ രാജിയെച്ചൊല്ലി രണ്ടാഴ്ചയായി  മുട്ടം പഞ്ചായത്തില്‍ നടന്നുവരുന്ന കോണ്‍ഗ്രസ് -കേരള കോണ്‍ഗ്രസ് അഭിപ്രായഭിന്നതക്ക് വിരാമമായി.
ഭരണസമിതിയില്‍ കോണ്‍ഗ്രസിന് ആറും കേരള കോണ്‍ഗ്രസ് എമ്മിന്  നാലും സീറ്റാണുള്ളത്. സി.പി.ഐക്ക് രണ്ടും ഒരു സി. പി.എം സ്വതന്ത്രനും ഉള്‍പ്പെടെ എല്‍.ഡി.എഫിന് മൂന്ന് സീറ്റുണ്ട്. എട്ടാം വാര്‍ഡംഗം ബീന ജോര്‍ജിനെ പ്രസിഡന്‍റാക്കാനാണ് ആറ് സീറ്റ് ലഭിച്ച കോണ്‍ഗ്രസ് തീരുമാനിച്ചിരുന്നതെങ്കിലും യു.ഡി.എഫ് ജില്ലാ കമ്മിറ്റിയിലുണ്ടായ ധാരണപ്രകാരം ആദ്യ രണ്ടര വര്‍ഷം കേരള കോണ്‍ഗ്രസിന് പ്രസിഡന്‍റ് സ്ഥാനം നല്‍കുകയായിരുന്നു. കാലാവധി പൂര്‍ത്തിയായ ശേഷം രാജിക്കാര്യം സംബന്ധിച്ച് ചര്‍ച്ചകള്‍ നടന്നതോടെയാണ് ഇരുകൂട്ടരും തമ്മില്‍ കൊമ്പുകോര്‍ത്തത്. രാജിക്കാര്യം സംബന്ധിച്ച് ചര്‍ച്ചകള്‍ നടത്താന്‍ ശ്രമിച്ചെങ്കിലും കേരള കോണ്‍ഗ്രസ് നേതാക്കള്‍ ഒഴിഞ്ഞുമാറുകയാണെന്ന് ആരോപിച്ച് കോണ്‍ഗ്രസ് നേതാക്കളാണ് ആദ്യം രംഗത്തെത്തിയത്. കാലാവധി കഴിഞ്ഞ് മാസങ്ങള്‍ പിന്നിട്ടിട്ടും പ്രസിഡന്‍റ് രാജിവെക്കാത്തതില്‍ പ്രതിഷേധിച്ച് വൈസ് പ്രസിഡന്‍റ് ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് അംഗങ്ങള്‍ കഴിഞ്ഞ ശനിയാഴ്ച പഞ്ചായത്ത് യോഗം ബഹിഷ്കരിക്കുകയും ചെയ്തിരുന്നു.
മരിയ ബേബി ഉടന്‍ രാജിവെച്ചില്ലെങ്കില്‍ കേരള കോണ്‍ഗ്രസ് നേതാക്കളുടെ പരിപാടികള്‍ ബഹിഷ്കരിക്കുമെന്നും സമരപരിപാടികള്‍ക്ക് നേതൃത്വം നല്‍കുമെന്നും കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി മുന്നറിയിപ്പും നല്‍കി. ഇതിന് മറുപടിയായി യു.ഡി.എഫ് ഭരിക്കുന്ന പഞ്ചായത്തുകളില്‍ കോണ്‍ഗ്രസ് പ്രതിനിധികളായ വൈസ് പ്രസിഡന്‍റുമാരും സ്റ്റാന്‍ഡിങ് കമ്മിറ്റി കണ്‍വീനര്‍മാരും മുന്‍ ധാരണപ്രകാരം രാജിവെക്കാന്‍ തയാറായാല്‍ മാത്രമേ പാര്‍ട്ടി പ്രതിനിധികളായ പഞ്ചായത്ത് പ്രസിഡന്‍റുമാര്‍ രാജിവെക്കുകയുള്ളൂവെന്ന് കോണ്‍ഗ്രസ് എം നിയോജക മണ്ഡലം  കമ്മിറ്റിയും എതിര്‍വാദം ഉന്നയിച്ചു. മുന്‍ ധാരണപ്രകാരം തന്നെയാണ് രാജിവെക്കുന്നതെന്നും മറ്റുള്ള അപവാദങ്ങള്‍ അടിസ്ഥാന രഹിതമാണെന്നും രാജിവെച്ച പ്രസിഡന്‍റ് മരിയ ബേബി പറഞ്ഞു.
പ്രസിഡന്‍റ് സ്ഥാനം വനിതക്ക് സംവരണം ചെയ്ത ഇവിടെ പുതിയ പ്രസിഡന്‍റായി കോണ്‍ഗ്രസ് സീറ്റില്‍ വിജയിച്ച വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ബീന ജോര്‍ജിനെ തെരഞ്ഞെടുക്കാനാണ് യു.ഡി.എഫില്‍ ധാരണയായിരിക്കുന്നത്. 
കേരള കോണ്‍ഗ്രസില്‍ ജയിച്ചെത്തിയ നാല് അംഗങ്ങളും വനിതകളാണ്. പ്രസിഡന്‍റ് സ്ഥാനാര്‍ഥിയെ ചര്‍ച്ചയിലൂടെ തീരുമാനിക്കുമെന്ന് കേരള കോണ്‍ഗ്രസ് അറിയിച്ചു.

ലാവലിന്‍ കേസില്‍ കുറ്റപത്രം വിഭജിച്ചു

Posted: 16 Jul 2013 11:14 PM PDT

Image: 

തിരുവനന്തപുരം: ലാവലിന്‍ കേസില്‍ കുറ്റപത്രം രണ്ടായി വിഭജിച്ചു. ഹൈകോടതി ഉത്തരവിനെ  തുടര്‍ന്ന് തിരുവനന്തപുരം സി.ബി. ഐ കോടതിയുടേതാണ് തീരുമാനം. കുറ്റപത്രം വിഭജിക്കണമെന്ന സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍െറ ഹരജി പരിഗണിച്ച് ഹൈകോടതി അനുമതി നല്‍കുകയായിരുന്നു.

കുറ്റപത്രത്തില്‍ ആകെ ഒമ്പത് പ്രതികള്‍ ആണ് ഉള്ളത്. ഇതില്‍ ഏഴാംപ്രതിയാണ് പിണറായി വിജയന്‍. ലാവലില്‍ കമ്പനിയെയും കമ്പനി പ്രതിനിധിയെയും ഇതില്‍ നിന്ന് ഒഴിവാക്കി. പിണറായി ഉള്‍പ്പെടെ മറ്റ് ആറ് പ്രതികള്‍ക്കെതിരായ കുറ്റപത്രത്തില്‍ വിചാരണ നടപടികള്‍ ഉടന്‍ ആരംഭിക്കും.
ഇതിനിടെ പ്രതിപ്പട്ടികയില്‍നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് പിണറായി വിജയന്‍ വിടുതല്‍ ഹരജി സമര്‍പിക്കുമെന്ന് അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. നേരത്തെ മൂന്നുപ്രതികള്‍ വിടുതല്‍ ഹരജി സമര്‍പിച്ചിരുന്നു. ഇതുള്‍പ്പെടെ നാലു ഹരജികള്‍ ഈ മാസം 31 ന് സി.ബി.ഐ കോടതി പരിഗണിക്കും. 2009ല്‍ ആണ് കേസില്‍ കുറ്റപത്രം സമര്‍പിച്ചത്.

ഓടയില്‍ മാലിന്യം നിറഞ്ഞു; ഇടപ്പള്ളി ടോള്‍ വെള്ളക്കെട്ടില്‍

Posted: 16 Jul 2013 11:12 PM PDT

കളമശേരി: ഓടയില്‍ മാലിന്യം നിറഞ്ഞതോടെ ദേശീയപാത ഇടപ്പള്ളി ടോള്‍ വെള്ളക്കെട്ടിലായി. റോഡില്‍ മുട്ടോളം വെള്ളം നിറഞ്ഞതോടെ ടോള്‍ മുതല്‍ ദേശീയപാത സൗത് കളമശേരി വരെ മണിക്കൂറുകളോളം ഗതാഗതക്കുരുക്കിലായി.  ചൊവ്വാഴ്ച വൈകുന്നേരം നാലോടെ തുടങ്ങിയ കനത്ത മഴയിലാണ് റോഡ് വെള്ളത്തിലായത്. ടോള്‍ ബസ് സ്റ്റോപ്പിന് സമീപത്തെ മാലിന്യം ഒഴുകി പൊതുകാനയില്‍ തടസ്സം നേരിട്ടതാണ് വെള്ളക്കെട്ടിന് കാരണം. വെള്ളക്കെട്ടുമൂലം കാല്‍നടക്കാരും ചെറുവാഹനങ്ങളുമാണ് ഏറെ ദുരിതമനുഭവിക്കുന്നത്. വര്‍ഷങ്ങളായി മഴക്കാലത്ത് ഇടപ്പള്ളി ടോള്‍ ജങ്ഷനില്‍ വെള്ളക്കെട്ട് പതിവാണ്. പ്രദേശത്തുകാരുടെ നിരന്തര പ്രതിഷേധത്തിനൊടുവില്‍ നഗരസഭ മുന്നിട്ടിറങ്ങി പൊതുമരാമത്താണ് ലക്ഷങ്ങള്‍ ചെലവഴിച്ച് വെള്ളക്കെട്ട് ഒഴിവാക്കാന്‍ പദ്ധതി ഒരുക്കിയത്. ടോളില്‍നിന്ന് പുക്കാട്ടുപടിക്കുള്ള റോഡിന് കുറുകെ കാന പുനര്‍നിര്‍മിച്ചാണ് വെള്ളക്കെട്ടിന് പരിഹാരമാക്കിയത്. എന്നാല്‍, വീടുകളില്‍നിന്നും സ്ഥാപനങ്ങളില്‍നിന്നും സമീപ ഫ്ളാറ്റുകളില്‍നിന്നും വലിച്ചെറിയുന്ന മാലിന്യങ്ങളുടെ കവറുകള്‍ കാനയില്‍ ഒഴുകിയെത്തി കുടുങ്ങിക്കിടക്കുകയാണ്. ഇതുമൂലം   വെള്ളത്തിന്‍െറ ഒഴുക്ക് നഷ്ടപ്പെട്ടതാണ് റോഡ് വെള്ളത്തിലാകാന്‍ കാരണം.
 

സ്പോണ്‍സര്‍മാരെ തേടി കലക്ടറും സംഘവും ദല്‍ഹിക്ക്

Posted: 16 Jul 2013 11:09 PM PDT

ആലപ്പുഴ: നെഹ്റു ട്രോഫിക്ക് സ്പോ ണ്‍സര്‍മാരെ തേടി കലക്ടറും സംഘവും ദല്‍ഹിക്ക് പോയി. കലക്ടര്‍ എന്‍. പത്മകുമാര്‍, ആര്‍.ഡി.ഒ ആന്‍റണി ഡൊമിനിക്, എന്‍.ടി.ബി.ആര്‍ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം ആര്‍.കെ. കുറുപ്പുമാണ് സംഘത്തിലുള്ളത്. കേന്ദ്ര സഹമന്ത്രി കെ.സി. വേണുഗോപാലിന്‍െറ സഹായത്തോടെയാകും ഇവര്‍ ദല്‍ഹിയില്‍ സ്ഥാപനങ്ങളുമായി ബന്ധപ്പെടുക.
 ഒ.എന്‍.ജി, ഐ.ഒ.സി, പവര്‍ ഗ്രിഡ് കോര്‍പറേഷന്‍ തുടങ്ങിയ കേന്ദ്ര, പൊതുമേഖല സ്ഥാപനങ്ങളെയും, വോഡഫോണ്‍, എയര്‍സെല്‍ തുടങ്ങിയ മൊബൈല്‍ കമ്പനികളെയും സംഘം സമീപിക്കും. സ്പോണ്‍സര്‍മാരെ ക്ഷണിച്ച് പരസ്യം നല്‍കിയെങ്കിലും ആരും ഇതുവരെയും എത്താത്ത സാഹചര്യത്തിലാണ് എക്സിക്യൂട്ടീവ് കമ്മിറ്റിയിലെ തീരുമാനപ്രകാരം ഭാരവാഹികളുടെ ദല്‍ഹി യാത്ര.
മത്സരത്തില്‍ പങ്കെടുക്കുന്ന വള്ളങ്ങളുടെ ബോണസ് തുക 20 ശതമാനമെങ്കിലും വര്‍ധിപ്പിക്കണമെന്ന നിലപാടിലാണ് ക്ളബുകളുടെ അസോസിയേഷന്‍. ഈ ആവശ്യം ഉന്നയിച്ച് അസോസിയേഷന്‍ കലക്ടര്‍ക്ക് നിവേദനം നല്‍കിയിട്ടുണ്ട്. ഇക്കാര്യത്തില്‍ തീരുമാനം ഉണ്ടാകുന്നതുവരെ വള്ളങ്ങളുടെ രജിസ്ട്രേഷനില്‍ നിന്ന് വിട്ടുനില്‍ക്കാനും തീരുമാനിച്ചിട്ടുണ്ട്. ഇതിന്‍െറ അടിസ്ഥാനത്തില്‍ രജിസ്ട്രേഷന്‍ തീയതിയുടെ രണ്ടാംദിവസവും ഒരു വള്ളം പോലും രജിസ്ട്രേഷന്‍ നടത്തിയില്ല. ഉയര്‍ന്ന തുകക്ക് വള്ളംകളിക്ക് സ്പോണ്‍സറെ ലഭിച്ചാല്‍ മാത്രമേ വള്ളക്കാരുടെ ആവശ്യം നിറവേറ്റാനാകൂ. ഈ സാഹചര്യ ത്തിലാണ് ഏതു വഴിയും സ്പോണ്‍സറെ കണ്ടെത്താനുള്ള കലക്ടറുടെയും മറ്റും ദല്‍ഹി യാത്ര.
വെള്ളപ്പൊക്കം മൂലം കുട്ടനാട്ടിലുണ്ടായിരിക്കുന്ന സാഹചര്യമാണ് വള്ളക്കാരെ കര്‍ശന നിലപാട് സ്വീകരിക്കാന്‍ നിര്‍ബന്ധിതരാക്കിയിരിക്കുന്നത്.
 അടുത്ത കാലത്ത് മത്സരം കൂടുതല്‍ കടുത്തതിനാല്‍ പരിശീലനത്തിന് ഓരോ ക്ളബിനും വലിയ തുക ചെലവഴിക്കേണ്ടിവരുന്നുണ്ട്്. ഈ സാഹചര്യത്തില്‍ സംഘാടക സമിതിയില്‍ നിന്ന് കാര്യമായ സഹായം ലഭിച്ചാലേ ഇത്തവണ വള്ളങ്ങള്‍ക്ക് പരിശീലനം പൂര്‍ത്തിയാക്കാനാകൂ.
  ലഭിക്കുന്ന വരുമാനത്തില്‍ ചെറിയ ശതമാനം മാത്രമാണ് തുഴച്ചില്‍ക്കാര്‍ക്ക് ലഭിക്കുന്നതെന്നും കൂടുതല്‍ തുകയും കലാപരിപാടിയുടെയും മറ്റും പേരില്‍ ധൂര്‍ത്തടിക്കുകയാണെന്നും വള്ളക്കാര്‍ ആരോപിക്കുന്നു. 
തുഴച്ചില്‍ക്കാരുടെയും ക്ളബുകാരുടെയും പ്രതിനിധികള്‍ക്കൊന്നും നടത്തിപ്പില്‍ കാര്യമായ പങ്കാളിത്തം നല്‍കുന്നുമില്ല.

വനഗ്രാമങ്ങളില്‍ കാട്ടാനകളുടെ തേരോട്ടം; നിസ്സഹായരായി ജനങ്ങള്‍

Posted: 16 Jul 2013 10:50 PM PDT

സുല്‍ത്താന്‍ ബത്തേരി: പുനരധിവാസ പദ്ധതി അനിശ്ചിതത്വത്തിലായ വനഗ്രാമങ്ങളില്‍ കാട്ടാനശല്യം ഇരട്ടിച്ചു. കുറിച്യാട്, പുത്തൂര്‍ വനഗ്രാമങ്ങളില്‍ കഴിഞ്ഞ ദിവസം കാട്ടാനക്കൂട്ടം കനത്ത നാശംവരുത്തി. പുത്തൂരില്‍ കുര്യാക്കോസിന്‍െറ രണ്ടരയേക്കര്‍ വരുന്ന കൃഷിയിടത്തിലെ ഇഞ്ചി, തെങ്ങ്, കമുക്, കാപ്പിച്ചെടികള്‍ ഒന്നടങ്കം നശിപ്പിച്ചു. 
വയനാടന്‍ വനമേഖലയിലെ ജനവാസകേന്ദ്രങ്ങളില്‍ കേന്ദ്ര സര്‍ക്കാറിന്‍െറ സ്വയംസന്നദ്ധ പുനരധിവാസ പദ്ധതി മോചനത്തിന്‍െറ വന്‍ പ്രതീക്ഷ നല്‍കിയിരുന്നു. ഓരോ കുടുംബത്തിനും മിനിമം 10 ലക്ഷം രൂപ ലഭ്യമാക്കുന്ന പദ്ധതി അമ്മവയല്‍, ഗോളൂര്‍ വനഗ്രാമങ്ങളില്‍ മാത്രമാണ് ഇതുവരെ പ്രാവര്‍ത്തികമായത്. കൊട്ടങ്കരയില്‍ പദ്ധതി ഭാഗികമായി നടപ്പാക്കി. ഇവിടെ അവശേഷിക്കുന്ന 12 കുടുംബങ്ങള്‍ നരകയാതന പേറിയാണ് ദിവസങ്ങള്‍ തള്ളിനീക്കുന്നത്. ഒന്നാംഘട്ട പുനരധിവാസ പദ്ധതിയില്‍ 12 വനഗ്രാമങ്ങളാണ് ഉള്‍പ്പെടുത്തിയിരുന്നത്. 80 കോടിയായിരുന്നു എസ്റ്റിമേറ്റ്. പദ്ധതി ചര്‍ച്ച തുടങ്ങിയതോടെ ഈ മേഖലയിലെ വന്യജീവി പ്രതിരോധ നടപടികള്‍ അവതാളത്തിലായി. ഇതോടെയാണ് വന്യജീവിശല്യം ഇരട്ടിച്ചത്. 
പുത്തൂരിന് തൊട്ടടുത്ത വെള്ളക്കോട് ഗ്രാമത്തില്‍ വിജേഷ് എന്ന യുവാവ് മൂന്നുമാസം മുമ്പ് കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു. പദ്ധതി ഉടന്‍ നടപ്പാവാത്തപക്ഷം വൈദ്യുതി കമ്പിവേലി സ്ഥാപിച്ച് വന്യജീവി പ്രതിരോധത്തിന് സംവിധാനമൊരുക്കുമെന്ന് വനം വകുപ്പ് അധികൃതര്‍ എം.എല്‍.എ മുഖേന ഉറപ്പുനല്‍കിയിരുന്നു. പക്ഷേ, ഒന്നും നടന്നില്ല. 
പതിറ്റാണ്ടുകളുടെ സമ്പാദ്യം ഒറ്റയടിക്ക് കൈവെടിയാന്‍ കഴിയാത്തതുകൊണ്ടും പോകാന്‍ വേറെ ഇടമില്ലാത്തതിനാലും ജീവന്‍ പണയംവെച്ചാണ് വനഗ്രാമങ്ങളില്‍ ജനങ്ങളുടെ ജീവിതം. 
 

No comments:

Post a Comment

english malayalam dictionary

വിരുന്നുകാര്...

poomottu

Dsgd: by ASLAM PADINHARAYIL

Back to TOP