സ്വാഗതം
WELCOME

News Update..

Monday, December 23, 2013

ആം ആദ്മി പാര്‍ട്ടിക്ക് നിരുപാധിക പിന്തുണയില്ല -കോണ്‍ഗ്രസ് Madhyamam News Feeds

ആം ആദ്മി പാര്‍ട്ടിക്ക് നിരുപാധിക പിന്തുണയില്ല -കോണ്‍ഗ്രസ് Madhyamam News Feeds

Link to

ആം ആദ്മി പാര്‍ട്ടിക്ക് നിരുപാധിക പിന്തുണയില്ല -കോണ്‍ഗ്രസ്

Posted: 23 Dec 2013 03:22 AM PST

Image: 

ന്യൂദല്‍ഹി: ദല്‍ഹിയില്‍ സര്‍ക്കാര്‍ രൂപീകരണത്തിന് ആം ആദ്മി പാര്‍ട്ടിക്ക് നിരുപാധിക പിന്തുണ നല്‍കിയിട്ടില്ളെന്ന് കോണ്‍ഗ്രസ് ദല്‍ഹി ഘടകം. പുറത്ത് നിന്നുള്ള പിന്തുണയാണ് കോണ്‍ഗ്രസ് നല്‍കിയിട്ടുള്ളതെന്നും പി.സി.സി അധ്യക്ഷന്‍ ജയ് പ്രകാശ് അഗര്‍വാള്‍ എം.പി അറിയിച്ചു.

കോണ്‍ഗ്രസ് പിന്തുണ സ്വീകരിക്കാനുള്ള എ.എ.പി തീരുമാനത്തെ മുന്‍ മുഖ്യമന്ത്രി ഷീല ദീക്ഷിത് സ്വാഗതം ചെയ്തു. വാഗ്ദാനങ്ങള്‍ പാലിക്കാന്‍ എ.എ.പിക്ക് സാധിക്കട്ടെയെന്ന് അവര്‍ ആശംസിച്ചു. മോശം പ്രകടനം നടത്തിയാല്‍ പിന്തുണ പിന്‍വലിക്കുമെന്നും ഷീല ദീക്ഷിത് മാധ്യമങ്ങളോട് പറഞ്ഞു.

ആം ആദ്മി പാര്‍ട്ടി ജനങ്ങളെ വഞ്ചിച്ചെന്ന് ബി.ജെ.പി പാര്‍ലമെന്‍ററി പാര്‍ട്ടി നേതാവ് ഡോ. ഹര്‍ഷവര്‍ധന്‍ ആരോപിച്ചു.

സര്‍ക്കാറിന്‍െറ സൗജന്യ യൂനിഫോം: ബാധ്യത പി.ടി.എക്കും രക്ഷിതാക്കള്‍ക്കും

Posted: 22 Dec 2013 11:24 PM PST

വടശേരിക്കര: സംസ്ഥാന സര്‍ക്കാര്‍ സ്കൂള്‍ വിദ്യാര്‍ഥികള്‍ക്കുവേണ്ടി നടപ്പിലാക്കുന്ന സൗജന്യ യൂനിഫോം പദ്ധതിക്ക് തുച്ഛമായ തുക മാത്രം നല്‍കി ബാക്കിയുള്ള ബാധ്യത പി.ടി.എ കമ്മിറ്റികളുടെ തലയില്‍ കെട്ടിവെക്കുവാനുള്ള നീക്കത്തിനെതിരെ വ്യാപകമായ പ്രതിഷേധം.
സൗജന്യ യൂനിഫോം ലഭിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് നിക്കറിനു പകരം പാന്‍റ്സ് വേണമോ എന്നും എല്ലാ പെണ്‍കുട്ടികള്‍ക്കും ദുപ്പട്ട നല്‍കണോ എന്നും പി.ടി.എ കമ്മിറ്റികള്‍ക്ക് തീരുമാനിക്കാമെന്നാണ് വിദ്യാഭ്യാസവകുപ്പ് വ്യകത്മാക്കുന്നത്. ഒന്നു മുതല്‍ എട്ടുവരെ ക്ളാസിലെ വിദ്യാര്‍ഥികള്‍ തങ്ങള്‍ക്കു ലഭിക്കുന്ന 400 രൂപ കൊണ്ട് രണ്ടുജോഡി യൂനിഫോം വാങ്ങണം.ഇതിനായി 80 കോടി ഖജനാവില്‍നിന്ന് ചെലവാകുമ്പോള്‍ വന്‍ സാമ്പത്തിക ബാധ്യത ഉണ്ടാകുമെന്നാണ് സര്‍ക്കാര്‍ ഭാഷ്യം.
അതേസമയം 400 രൂപ മുടക്കി നിക്കറും മുറിക്കൈയന്‍ ഷര്‍ട്ടും വാങ്ങിക്കാന്‍ കഴിയില്ലെന്നിരിക്കെ പാന്‍റ്സ് വാങ്ങാമെന്ന് തീരുമാനിച്ചാല്‍ പി.ടി.എ കമ്മിറ്റികള്‍ സാമ്പത്തിക ബാധ്യതയിലാകും.ദുപ്പട്ടക്കും പാന്‍റ്സിനുമുള്ള അധികച്ചെലവ് പി.ടി.എ വഹിക്കണമെന്നാണ് വിദ്യാഭ്യാസ വകുപ്പിന്‍െറ തീരുമാനം. യൂനിഫോം തയ്ക്കാതെ വിദ്യാര്‍ഥികള്‍ക്ക് വിതരണം ചെയ്താലും വിദ്യാഭ്യാസ വകുപ്പിന് എതിര്‍പ്പില്ല. സൗജന്യ യൂനിഫോം പ്രഖ്യാപിച്ച് അധ്യയനവര്‍ഷം തീരാറായപ്പോള്‍ രക്ഷാകര്‍ത്താക്കളെക്കൊണ്ടും പി.ടി.എ കൊണ്ടും അധികസാമ്പത്തിക ചെലവ് വരുത്തിവെച്ച് സര്‍ക്കാറിന്‍െറ സൗജന്യമായി വ്യാഖ്യാനിക്കുന്നത് പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്.
പണം മുടക്കാനുണ്ടെങ്കില്‍ സൗജന്യയൂനിഫോം പദ്ധതി ഒമ്പതാം ക്ളാസ് മുതല്‍ മുകളിലേക്ക് വ്യാപിപ്പിക്കുവാനും പി.ടി.എകള്‍ക്ക് ഈ പദ്ധതിയില്‍ സ്വാതന്ത്ര്യമുണ്ട്.സര്‍ക്കാര്‍ അനുവദിക്കുന്ന 400 രൂപ ഏതൊക്കെ തുണിക്കമ്പനികളില്‍ എത്തിച്ചേരണമെന്നതിലും മുമ്പേ ധാരണ ഉണ്ടാക്കിയിട്ടുണ്ട്. ഇത്തരത്തില്‍ കണ്ടെത്തിയ എട്ട് കമ്പനികളുടെ പട്ടിക സര്‍ക്കാര്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
അങ്ങനെ സര്‍ക്കാര്‍ നടപ്പിലാക്കുന്ന പദ്ധതിക്കുവേണ്ടി സര്‍ക്കാര്‍ നിര്‍ദേശിക്കുന്ന കമ്പനിയില്‍നിന്ന് തുണിത്തരങ്ങള്‍ വാങ്ങി കൈക്കാശ് മുടക്കി യൂനിഫോമാക്കി ഈ അധ്യയനവര്‍ഷത്തില്‍ ഉപയോഗിക്കാന്‍ കഴിയുമെന്ന് ഒട്ടുമിക്ക പി.ടി.എ കള്‍ക്കും ഉറപ്പില്ല.അഥവ സാധ്യമായാല്‍ തന്നെ അടുത്ത അധ്യയനവര്‍ഷത്തില്‍ ഇതേ യൂനിഫോം തന്നെ ഉപയോഗിക്കാന്‍ കഴിയുമെന്നും പ്രതീക്ഷയില്ല.
 

ജില്ലാ ആശുപത്രി ആക്രമണം: നാലുപേര്‍ കൂടി പിടിയില്‍

Posted: 22 Dec 2013 11:15 PM PST

കോട്ടയം: ജില്ലാ ആശുപത്രിയില്‍ അര്‍ധരാത്രി എമര്‍ജന്‍സി തിയറ്റര്‍ അടിച്ചുതകര്‍ത്ത് ജീവനക്കാരെ ആക്രമിച്ച സംഭവത്തില്‍ നാലുപേര്‍ കൂടി അറസ്റ്റില്‍. ചെങ്ങളം പാണംപറമ്പില്‍ അനിരുദ്ധന്‍ (28), ചെങ്ങളം തട്ടാംപറമ്പില്‍ ശരത്കുമാര്‍ (21), കുമരകം സൗമ്യസദനത്തില്‍ ശ്യാംബാബു (24), ചെങ്ങളം കുന്നുംപുറത്ത് അര്‍ജുന്‍ (25) എന്നിവരെയാണ് കോട്ടയം ഡിവൈ.എസ്.പി വി. അജിത്കുമാര്‍, വെസ്റ്റ് സി.ഐ എ.ജെ. തോമസ് എന്നിവരുടെ നേതൃത്വത്തില്‍ ഷാഡോ പൊലീസ് സംഘം കുമളിയില്‍നിന്ന് പിടികൂടിയത്. രണ്ടുപേര്‍ നേരത്തേ അറസ്റ്റിലായിരുന്നു. ഇതോടെ സംഭവത്തിലെ എല്ലാ പ്രതികളും പിടിയിലായതായി പൊലീസ് പറഞ്ഞു.
കഴിഞ്ഞ തിങ്കളാഴ്ച അര്‍ധരാത്രിയിലാണ് സംഘം ആശുപത്രിയില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്. സംഘത്തില്‍ ഉണ്ടായിരുന്ന ഒരാളുടെ പതിനഞ്ചില്‍ കടവ് ഭാഗത്തെ ബന്ധുവീട്ടില്‍ കെട്ടുനിറ ചടങ്ങിനിടെ സംഘട്ടനമുണ്ടായി. സമീപത്തെ വാനിന്‍െറ ചില്ല് അടിച്ചുപൊട്ടിക്കുന്നതിനിടെ ഇവരില്‍ ഒരാളുടെ കൈക്ക് പരിക്കേറ്റു. ഇയാളെ ജില്ലാ ആശുപത്രിയില്‍ എത്തിച്ചവരാണ് ചികിത്സ വൈകിയെന്ന് ആരോപിച്ച് അക്രമം നടത്തിയത്.
പൊലീസ് എത്തുംമുമ്പ് സംഘം രക്ഷപ്പെട്ടു.  ഇടയാഴം, വെച്ചൂര്‍ ഭാഗങ്ങളിലെ ബന്ധുവീടുകളില്‍ കഴിഞ്ഞ സംഘം പിന്നീട് കുമളിയിലേക്ക് കടന്നു. സംഘാംഗങ്ങളായ ചെങ്ങളം ചങ്കുളത്തുകാവിന് സമീപം ഇടക്കരിച്ചിറ വീട്ടില്‍ ജഗേഷ് (27), തോപ്പില്‍ വീട്ടില്‍ ഷിജു (29) എന്നിവരാണ് കാറില്‍ നാട്ടിലേക്ക് വരുന്നതിനിടെ കഴിഞ്ഞ ദിവസം പിടിയിലായത്.
മറ്റ് നാലുപേര്‍ കുമളിയില്‍നിന്ന് സേലം വഴി ബംഗളൂരുവിലേക്ക് കടന്നു. ഇവിടെ മജസ്റ്റിക്കില്‍ മുറിയെടുത്ത് താമസിച്ച സംഘം പണം തീര്‍ന്നതോടെ കുമളിയിലേക്ക് മടങ്ങുകയായിരുന്നു. ഗള്‍ഫുകാരനെ തലക്കടിച്ച് പരിക്കേല്‍പിച്ചതടക്കം കുമരകത്തെ നാല് കേസുകളില്‍ പ്രതിയാണ് ശ്യാം ബാബു.
 ഇയാളുടെ മാതാവ് ജില്ലാ ആശുപത്രിയിലെ മുന്‍ ജീവനക്കാരിയാണ്. ആശുപത്രിയിലെ ഒരു നഴ്സിങ് അസിസ്റ്റന്‍റ് ശ്യാംബാബുവിന്‍െറ വീട്ടില്‍ പേയിങ് ഗെസ്റ്റായി താമസിക്കുന്നുമുണ്ട്. ശരത്കുമാര്‍ നേരത്തേ ഗള്‍ഫിലായിരുന്നു. പൊലീസിനെ ആക്രമിച്ച കേസില്‍ പ്രതിയാണ് അര്‍ജുന്‍.
കുമരകം എസ്.ഐ അരുണ്‍, വെസ്റ്റ് എസ്.ഐ അനൂപ് ജോസ്, എ.എസ്.ഐ ഡി.സി വര്‍ഗീസ്, സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍ ഐ. സജികുമാര്‍, സിവില്‍ പൊലീസ് ഓഫിസര്‍ പി.എന്‍. മനോജ് എന്നിവര്‍ അടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്.
 

സൂക്ഷ്മ കൃഷി പദ്ധതി പരീക്ഷിക്കാതെ ഉപേക്ഷിക്കുന്നു

Posted: 22 Dec 2013 11:00 PM PST

Subtitle: 
സര്‍ക്കാര്‍ അനുവദിച്ചത് അഞ്ച് കോടി

കാസര്‍കോട്: സൂക്ഷ്മ കൃഷി  പദ്ധതി ജില്ലയില്‍ പരീക്ഷിക്കാതെ ഉപേക്ഷിക്കുന്നു. പ്രായോഗികമല്ലെന്ന മുന്‍വിധിയോടെയാണിത്. ജില്ലക്ക് അഞ്ച് കോടിയാണ് ഈ പദ്ധതിക്കായി സര്‍ക്കാര്‍ അനുവദിച്ചത്.    തുറസ്സായ നിലമൊരുക്കി കണിക ജല സേചനവും ഇതേ രീതിയില്‍ വളവും നല്‍കുന്ന സൂക്ഷ്മ കൃഷിയാണ് പദ്ധതിയിട്ടത്. ഈ സംരംഭത്തിലേര്‍പ്പെടുന്ന കര്‍ഷകര്‍ക്ക് ഹെക്ടറിന് 40,000 രൂപ (40 ശതമാനം) പ്രകാരം സബ്സിഡി നല്‍കും.
പ്രഥമ ഘട്ടത്തില്‍ 500 ഹെക്ടറില്‍ കൃഷിക്കുള്ള രണ്ട് കോടി 2012-13 വര്‍ഷം സര്‍ക്കാര്‍ അനുവദിച്ചു. അവശേഷിക്കുന്ന മൂന്ന് കോടി രണ്ടാം ഘട്ടമായി നടപ്പ് സാമ്പത്തിക വര്‍ഷം ലഭിക്കേണ്ടതായിരുന്നു. എന്നാല്‍, ആദ്യ ഗഡു വിനിയോഗിക്കാത്തതിനാല്‍ തുടര്‍ ഫണ്ടും മുടങ്ങി.     കാസര്‍കോടിന്‍െറ സാഹചര്യം ഈ പദ്ധതിക്ക് അനുയോജ്യമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കൃഷി വകുപ്പ് അധികൃതര്‍ പിന്മാറുന്നത്. തമിഴ്നാട്ടിലെ കാലാവസ്ഥക്ക് ചേരുന്ന കൃഷി രീതി ഇവിടെ പരീക്ഷിച്ചാല്‍ വിജയിക്കില്ല.
വര്‍ഷം മുഴുവന്‍ സമാന കാലാവസ്ഥയാവണം. ഇവിടെ മഴക്കാലത്ത് ഈരീതി അവലംബിക്കാനാവില്ലെന്നും അധികൃതര്‍ പറയുന്നു.    അതേസമയം സബ്സിഡി നിരക്കിലെ വ്യത്യാസമാണ് പദ്ധതി നടപ്പാക്കാതിരിക്കാന്‍ കാരണമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. കണിക ജലസേചന കൃഷിക്ക്   ഹെക്ടറിന് 75,000 രൂപ (75ശതമാനം) സബ്സിഡി ലഭിക്കുന്നുണ്ട്.  കണിക രീതിയില്‍ നടത്തേണ്ട സൂക്ഷ്മ കൃഷിക്ക് സമ്പൂര്‍ണ സബ്സിഡി ഏര്‍പ്പെടുത്തണമെന്ന ആവശ്യമാണ് കര്‍ഷകര്‍ ഉന്നയിക്കുന്നതെന്നും കൃഷി ജോയന്‍റ് ഡയറക്ടര്‍ കാര്യാലയ അധികൃതര്‍ പറയുന്നു.
 

മണല്‍വാരല്‍ നിരോധം പ്രാബല്യത്തില്‍

Posted: 22 Dec 2013 10:54 PM PST

Subtitle: 
നിര്‍മാണ മേഖല സ്തംഭനത്തിലേക്ക്

കണ്ണൂര്‍:   നിര്‍മാണമേഖലയെ പ്രതിസന്ധിയിലാക്കി  ഇന്നലെ മുതല്‍  ജില്ലയില്‍ മണല്‍വാരല്‍ നിരോധം നിലവില്‍ വന്നു. ദേശീയ ഹരിത ട്രൈബ്യൂണലിന്‍െറ ഉത്തരവിനെ തുടര്‍ന്നാണ്  തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കു കീഴിലുള്ള കടവുകളില്‍ മണല്‍ വാരുന്നത് ജില്ലാഭരണകൂടം വിലക്കിയത്.
ഹരിത ട്രൈബ്യൂണലിന്‍െറയും പരിസ്ഥിതി-കാലാവസ്ഥാ വകുപ്പ് ഡയറക്ടറുടെയും നിര്‍ദേശപ്രകാരമാണ് ഇ-മണല്‍ ഉള്‍പ്പെടെ മുഴുവന്‍ മണല്‍വാരലും നിര്‍ത്തലാക്കാന്‍ ജില്ലാ കലക്്ടര്‍ നിര്‍ദേശം നല്‍കിയത്.  ഹരിത ട്രൈബ്യൂണലിന്‍െറ ഉത്തരവിനെ തുടര്‍ന്ന് ജില്ലാ കലക്ടറേറ്റു വഴിയുള്ള ഇ-മണല്‍ പാസ് വിതരണം നേരത്തേ തന്നെ നിര്‍ത്തലാക്കിയിരുന്നു.   നദീതടങ്ങളില്‍ മണല്‍വാരാനും ഖനനം നടത്താനും ഇനി അധികൃതരുടെ മുന്‍കൂര്‍ അനുമതിയും പാരിസ്ഥിതികാനുമതിയും നിര്‍ബന്ധമാണ്. എന്നാല്‍, ഇതിനുള്ള നടപടിക്രമങ്ങള്‍ വ്യക്തമാക്കാത്തതിനാല്‍ മണല്‍ വാരല്‍ അനിശ്ചത കാലത്തേക്കു സ്തംഭിക്കുമെന്ന് കടവു ലേലം കൊണ്ടവര്‍ പറയുന്നു.
പുഴകളില്‍ നിന്നുള്ള മണല്‍വാരല്‍ എല്ലാ പരിധികളും ലംഘിച്ചതിനെ തുടര്‍ന്നായിരുന്നു എല്ലാവര്‍ക്കും മണല്‍ ലഭിക്കുന്നതിനായി   ഇ-മണല്‍ സംവിധാനം ഏര്‍പ്പെടുത്തിയത്. ഓരോ അലോട്ട്മെന്‍റിനും രണ്ടാഴ്ച മുമ്പ് പാസ് നല്‍കുന്ന രീതിയാണുണ്ടായിരുന്നത്.  
പാസുകള്‍ മറിച്ചു നല്‍കിയും, പാസ് വഴി നേടിയ മണല്‍ കരിഞ്ചന്തയില്‍ മറിച്ചു വില്‍ക്കുന്നതും നിത്യസംഭവമായിരുന്നു. അപേക്ഷിച്ച പലര്‍ക്കും പാസ് സമയത്തിനു ലഭിച്ചിരുന്നുമില്ല.  നിരോധം പ്രാബല്യത്തില്‍ വന്നതോടെ  കരിഞ്ചന്തയില്‍ മണല്‍ വില കുത്തനെ കൂട്ടിയിട്ടുണ്ട്.  നിര്‍മാണമേഖലയിലെയും വിവിധ ട്രേഡ് യൂനിയനുകളുടെയും  തൊഴിലാളികളുടെ ആശങ്ക പരിഹരിക്കാന്‍ നടപടിയെടുക്കാതെയാണ് ജില്ലാ ഭരണകൂടം ഉത്തരവ് നടപ്പാക്കുന്നതെന്നും  വന്‍കിട കരിങ്കല്‍പൊടി കമ്പനികളെ സഹായിക്കാനാണിതെന്നും ആരോപണമുയര്‍ന്നിട്ടുണ്ട്.അഴീക്കലിലെ ഡ്രഡ്ജിങ് അടക്കം നിലച്ചതിനാല്‍ നിര്‍മാണമേഖല സ്തംഭിക്കുന്നതിനാല്‍ നിരോധം നീക്കുന്നതിന് പ്രക്ഷോഭത്തിനൊരുങ്ങുകയാണ് തൊഴിലാളി സംഘടനകള്‍.

കെജ് രിവാള്‍: നവ രാഷ്ട്രീയോദയം

Posted: 22 Dec 2013 10:47 PM PST

Image: 

ന്യൂദല്‍ഹി: ദല്‍ഹിയിലെ ഏറ്റവും പ്രായം കുറഞ്ഞ മുഖ്യമന്ത്രി എന്ന ചരിത്രം എഴുതിയാണ് അരവിന്ദ് കെജ് രിവാള്‍  അധികാരമേറുന്നത്. ഏഴാമത്തെ മുഖ്യമന്ത്രിയാകുന്ന ഹരിയാനക്കാരനായ കെജ് രിവാള്‍ ഇന്ത്യക്ക് അത്ര പഴക്കമേറിയ രാഷ്ട്രീയ നേതാവല്ല. രണ്ടു വര്‍ഷം മുമ്പ് അണ്ണാ ഹസാരെയുമൊത്ത് അഴിമതി വിരുദ്ധ സമരത്തിന് ഇറങ്ങിത്തിരിച്ചതോടെയാണ് ഈ മുന്‍ ഇന്ത്യന്‍ റെവന്യൂ സര്‍വീസ് ഒഫീസര്‍ ജനശ്രദ്ധയില്‍ പതിയുന്നത്.

ഹരിയാനയിലെ ഹിസാറില്‍ 1968 ആഗസ്റ്റ് 16ന് ബനിയാ കുടുംബത്തില്‍ ഗോബിന്ദ് റാന്‍ കെജ് രിവാള്‍ ഗീതാ ദേവി ദമ്പതികളുടെ മകനായി ജനനം. ഖരഖ്പൂരിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയില്‍ നിന്ന് ബിരുദം നേടിയതിനുശേഷം ടാറ്റ സ്റ്റീലില്‍ ചേര്‍ന്നു. 1992ല്‍ ഇവിടെ നിന്നും രാജി വെച്ചു. ഇന്‍്റകം ടാക്സ് വകുപ്പിലും അദ്ദേഹം സേവനമനുഷ്ഠിച്ചു. കൊല്‍ക്കത്തയില്‍ രാമ കൃഷ്ണ മിഷനൊപ്പം പ്രവര്‍ത്തിച്ചു. ഇടക്ക് നെഹ്റു യുവ കേന്ദ്രയുടെയും സഹയാത്രികനായി.

വിവരാവകാശ നിയമം യാഥാര്‍ഥ്യമാക്കുന്നതിലും ജനലോക് പാല്‍ ബില്‍ തയാറാക്കുന്നതിലും ഗാന്ധിയന്‍ അണ്ണാ ഹസാരെക്കൊപ്പം ഈ 45കാരന്‍ കാര്യമായ സംഭാവനകള്‍ അര്‍പിച്ചു. ദല്‍ഹിയിലെ മുനിസിപ്പല്‍ കോര്‍പറേഷന്‍, പൊതു വിതരണ സമ്പ്രദായം,ദല്‍ഹി വൈദ്യുതി ബോര്‍ഡ് തുടങ്ങി നിരവിധ ഭരണ തലങ്ങളില്‍  നടമാടുന്ന അഴിമതികള്‍ വിവരാവകാശ നിയമം ഫലപ്രദമായി വിനിയോഗിച്ച് പുറത്തുകൊണ്ടു വന്നു.

ദല്‍ഹിയില്‍ ജന്തര്‍മന്ദിറിനെ ഇളക്കി മറിച്ച ഹസാരെക്കൊപ്പം നടത്തിയ സമരം രാഷ്ട്രീയ പ്രവേശത്തിനുള്ള നിലമൊരുക്കല്‍ ആയിരുന്നു. സമര ജ്വാലയിലേക്ക് കൈപിടിച്ചുയര്‍ത്തിയ ഹസാരെ തന്നെ പിന്നീട് ആരോപണങ്ങളുടെയും അഭിപ്രായ വ്യത്യാസങ്ങളുടെയും നിഴലില്‍ കെജ്രിവാളിനെ ഉപേക്ഷിച്ചു.

2012 നവംബറില്‍ ആണ് സാധാരണ പൗരന്‍ എന്നര്‍ഥമുള്ള ‘ആം ആദ്മി’ പാര്‍ട്ടിയുമായി രാഷ്ട്രീയ രംഗത്തേക്ക് ഉറച്ച കാല്‍വെപ്പുകളുമായി കെജ് രിവാള്‍ ഇറങ്ങിത്തിരിച്ചത്. ഡിസംബര്‍ നാലിനു നടന്ന ദല്‍ഹി ലെജിസേറ്റിവ് അസംബ്ളി തെരഞ്ഞെടുപ്പില്‍ ആം ആദ്മി ആദ്യമായി കാല്‍ പതിപ്പിച്ചു. മൂന്നു തവണ  ഇന്ദ്രപ്രസ്ഥത്തെ നയിച്ച ഷീലാ ദിക്ഷിതിനെ 25,864ത്തിലധികം വോട്ടിന് തോല്‍പിച്ചാണ് കെജ് രിവാള്‍ അധികാര രാഷ്ട്രീയത്തിന്‍്റെ ഇടനാഴിയിലേക്ക് അതികായന്‍മാര്‍ക്കൊപ്പം നടന്നു കയറുന്നത്.

ദേവയാനിയുടെ പുതിയ നിയമനത്തിന് യു.എന്‍ അംഗീകാരം

Posted: 22 Dec 2013 10:46 PM PST

Image: 

ന്യൂയോര്‍ക്ക്: ദേവയാനി കോബ്രഗെഡെയെ യു.എന്നിലെ ഇന്ത്യന്‍ ദൗത്യസംഘത്തിലേക്ക് മാറ്റിയ നടപടിക്ക് ഐക്യരാഷ്ട്രസഭയുടെ അംഗീകാരം.

അതേസമയം, വ്യാജരേഖ ചമക്കല്‍ കേസില്‍ നേരിട്ട് കോടതിയില്‍ ഹാജരാകുന്നതില്‍ നിന്ന് ദേവയാനിയെ ന്യൂയോര്‍ക്ക് കോടതി ഒഴിവാക്കി. നയതന്ത്ര പരിരക്ഷയുണ്ടെന്ന ദേവയാനിയുടെ വാദം അംഗീകരിച്ചാണ് കോടതി നടപടി. ജനുവരി 13 മുതല്‍ വിചാരണക്ക് നേരിട്ട് ഹാജരാകണമെന്നായിരുന്നു കോടതി നിര്‍ദേശിച്ചിരുന്നത്.

അതിനിടെ, ഇന്ത്യയിലെ നയതന്ത്ര ഉദ്യോഗസ്ഥരുടെ തിരിച്ചറിയല്‍ രേഖകള്‍ മടക്കി നല്‍കാനുള്ള സമയപരിധി ദീര്‍ഘിപ്പിക്കണമെന്ന് അമേരിക്ക ആവശ്യപ്പെട്ടു. തിരിച്ചറിയല്‍രേഖ മടക്കി നല്‍കാനുള്ള സമയപരിധി ഇന്ന് അവസാനിക്കുന്ന സാഹചര്യത്തിലാണിത്.

തോട്ടം തൊഴിലാളി പി.എഫ് വായ്പാ ചെക്കുകള്‍ ബാങ്കുകള്‍ മടക്കുന്നതായി പരാതി

Posted: 22 Dec 2013 10:33 PM PST

മേപ്പാടി: സഹകരണ ബാങ്കുകള്‍ മുഖേന അയക്കുന്ന തോട്ടം തൊഴിലാളികളുടെ പ്രൊവിഡന്‍റ് ഫണ്ട് വായ്പാ ചെക്കുകള്‍ കോഴിക്കോട് മാനാഞ്ചിറയിലെ ബാങ്ക് ശാഖയില്‍നിന്ന് പ്രത്യേക കാരണങ്ങളില്ലാതെ മടക്കുന്നതായി പരാതി.
റീജനല്‍ അസി. പി.എഫ് കമീഷണറുടെ അക്കൗണ്ട് എസ്.ബി.ഐ മാനാഞ്ചിറ ശാഖയിലാണ്. കലക്ഷന് ഇവിടേക്ക് അയക്കുന്ന ചെക്കുകള്‍ ‘മതിയായ ഫണ്ടില്ല’ എന്ന കാരണം പറഞ്ഞാണത്രെ മടക്കുന്നത്. ഇതുമൂലം പി.എഫ് അംഗങ്ങളായ തോട്ടം തൊഴിലാളികളുടെ ചികിത്സ, വിവാഹം, ഗ്രാറ്റ്വിറ്റി, ഭവനവായ്പ എന്നിവ മുടങ്ങുകയാണ്. തോട്ടം മേഖലയായ മേപ്പാടി, മൂപ്പൈനാട് പഞ്ചായത്തുകളിലെ തൊഴിലാളികളുടെ അക്കൗണ്ട് ഭൂരിഭാഗവും സഹകരണ ബാങ്കുകളിലാണ്. തൃക്കൈപ്പറ്റ സര്‍വീസ് സഹകരണ ബാങ്കില്‍ ആറായിരത്തോളം തോട്ടം തൊഴിലാളികള്‍ക്കാണ് അക്കൗണ്ടുള്ളത്. ജില്ലാ സഹകരണ ബാങ്ക് ശാഖകളിലും അക്കൗണ്ടുണ്ട്.
പി.എഫ് കമീഷണര്‍ അയക്കുന്ന ചെക്കുകള്‍ ഈ ബാങ്ക് അക്കൗണ്ടുകളിലൂടെയാണ് കലക്ഷന് അയക്കുന്നത്. അത് കോഴിക്കോട് ജില്ലാ സഹ. ബാങ്ക് മുഖേനയാണ് എസ്.ബി.ഐ ശാഖയിലെത്തുന്നത്.
ചെക്ക് മടക്കി അയക്കുന്നതോടെ ബാങ്കുകളുടെ കലക്ഷന്‍ ചാര്‍ജും ഫൈനുമായി 200ലധികം രൂപ തൊഴിലാളികള്‍ക്ക് നഷ്ടപ്പെടുന്നതായും പരാതിയുണ്ട്. പ്രശ്നം പി.എഫ് കമീഷണറുടെ ശ്രദ്ധയില്‍പെടുത്തിയപ്പോള്‍ ഏതെങ്കിലും ദേശസാല്‍കൃത ബാങ്കില്‍ അക്കൗണ്ടെടുത്ത് അതിലൂടെ അയക്കണമെന്ന മറുപടിയാണ് ലഭിക്കുന്നത്.
ഇത് സഹകരണ ബാങ്കുകളെ ദുര്‍ബലപ്പെടുത്താനുള്ള ലോബിയുടെ നീക്കമാണെന്ന് തൃക്കൈപ്പറ്റ സര്‍വീസ് സഹ. ബാങ്ക് ഡയറക്ടറും ഐ.എന്‍.ടി.യു.സി നേതാവുമായ ഒ. ഭാസ്കരന്‍ ആരോപിച്ചു.
 

സുപ്രീംകോടതി ഉത്തരവിന് പുല്ലുവില; നേതാക്കളുടെ വാഹനങ്ങളില്‍ ചുവന്ന ബോര്‍ഡ്

Posted: 22 Dec 2013 10:32 PM PST

കോഴിക്കോട്: സുപ്രീംകോടതി നിര്‍ദേശവും സര്‍ക്കാര്‍ ഉത്തരവും മറികടന്ന് ബോര്‍ഡ് ചെയര്‍മാന്മാരുടെ വാഹനങ്ങളില്‍ ചുവന്ന ബോര്‍ഡും- കേരള സ്റ്റേറ്റ് ബോര്‍ഡും ഘടിപ്പിച്ച് നിയമലംഘനം തുടരുന്നു. കാലിക്കറ്റ് ഡെവലപ്മെന്‍റ് അതോറിറ്റി ചെയര്‍മാന്‍, മെറ്റല്‍ ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍, കെ.എസ്.എച്ച്.പി.ഡബ്ള്യു.സി ചെയര്‍മാന്‍, മൈനോരിറ്റി ഡെവലപ്മെന്‍റ് ഫിനാന്‍സ് കോര്‍പറേഷന്‍ ചെയര്‍മാന്‍, ന്യൂനപക്ഷ കമീഷന്‍ ചെയര്‍മാന്‍, കെ.എസ്.എം.യു.എഫ്.സിയുടെ മാനേജിങ് ഡയറക്ടര്‍ തുടങ്ങി നിരവധിപേരുടെ വാഹനങ്ങളിലാണ് നിയമം ലംഘിച്ച് കേരള സ്റ്റേറ്റ് ബോര്‍ഡ് വെച്ച് ഓടുന്നത്. ന്യൂനപക്ഷ കമീഷന്‍ ചെയര്‍മാന്‍െറ വാഹനത്തില്‍ ചുവന്ന ബീക്കണ്‍ ലൈറ്റും ഘടിപ്പിച്ചിട്ടുണ്ട്.   മന്ത്രിമാരുടെയല്ലാത്ത ഒരു വാഹനത്തിലും ‘കേരള സ്റ്റേറ്റ്’ ബോര്‍ഡ് ഘടിപ്പിക്കാന്‍ അനുമതിയില്ലെന്ന് കോഴിക്കോട് ആര്‍.ടി.ഒ രാജീവ് പുത്തലത്ത് പറയുന്നു. സര്‍ക്കാര്‍ വകുപ്പുകള്‍ ആയാല്‍ പോലും ചുവന്ന ബോര്‍ഡ് ഉപയോഗിക്കാന്‍ അനുവാദമില്ല. നീല പ്രതലത്തില്‍ കറുത്ത അക്ഷരങ്ങളിലെഴുതിയ നിയമാനുസൃത ബോര്‍ഡുകള്‍  ഉപയോഗിക്കുന്നതിന് പകരമാണ് പലരും ചുവന്ന ബോര്‍ഡുകള്‍ ഉപയോഗിക്കുന്നത്.
ശനിയാഴ്ച വൈകീട്ട് കോഴിക്കോട് ടൗണ്‍ഹാളില്‍ പൊതുപരിപാടിയില്‍ പങ്കെടുക്കാനെത്തിയ ലീഗ് നേതാക്കള്‍ ഭൂരിഭാഗവും ചുവന്ന ബോര്‍ഡ് ഘടിപ്പിച്ച വാഹനങ്ങളിലാണ് വന്നിറങ്ങിയത്. ചുവന്ന ബീക്കണ്‍ ലൈറ്റും  ചുവന്ന ബോര്‍ഡും ഉപയോഗിക്കുന്നവരെ കര്‍ശനമായി നിയന്ത്രിക്കണമെന്ന് ഡിസംബര്‍ മൂന്നിന് സുപ്രീംകോടതി ഡിവിഷന്‍ ബെഞ്ച് ഉത്തരവിട്ടിരുന്നു. എന്നാല്‍, ഇതൊന്നും തങ്ങള്‍ക്ക് ബാധകമല്ലെന്ന നിലപാടിലാണ് നേതാക്കള്‍. വിവാഹം, മരണം തുടങ്ങിയ വേളകളില്‍ ചുവന്ന ബോര്‍ഡ് ഘടിപ്പിച്ച വാഹനത്തില്‍ എത്താനാണ് നേതാക്കള്‍ക്ക് താല്‍പര്യം. കാലിക്കറ്റ് ഡെവലപ്മെന്‍റ് അതോറിറ്റി ചെയര്‍മാന്‍ ഉപയോഗിക്കുന്ന കെ.എല്‍ 11 /AS 2121 നമ്പര്‍ ഹ്യുണ്ടായ് കാര്‍ എന്‍.പി. അബ്ദുല്‍ ഗഫൂര്‍ എന്നയാളുടെ പേരിലാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള വാഹനങ്ങളില്‍പോലും ‘ഗവ. ഓഫ് കേരള’ എന്നെഴുതരുതെന്ന് വ്യക്തമായ നിര്‍ദേശം  ഉള്ളപ്പോഴാണ് സ്വകാര്യ വാഹനങ്ങളിലടക്കം ചുവന്ന ബോര്‍ഡ് ഘടിപ്പിക്കുന്നത്. നേതാക്കളുടെ നിയമലംഘനത്തിനെതിരെ നടപടി സ്വീകരിച്ചാല്‍ മന്ത്രിതലത്തില്‍ നിന്നടക്കം ഭീഷണി ഉണ്ടാകുന്നതായി മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നു. ദൂരെ സ്ഥലങ്ങളിലേക്ക് സ്ഥലംമാറ്റുമെന്നാണ് ഭീഷണി. അതിനാല്‍ നിയമം  ലംഘിച്ച് ബീക്കണും ചുവന്ന ബോര്‍ഡും ഘടിപ്പിക്കുന്ന വാഹനങ്ങളുടെ ചിത്രം ട്രാന്‍സ്പോര്‍ട്ട് കമീഷണര്‍ക്ക്  ഇ-മെയില്‍ ചെയ്യാനാണ് ഉദ്യോഗസ്ഥരുടെ തീരുമാനം.

 

വര്‍ക്പെര്‍മിറ്റ് പുതുക്കാത്ത സ്ഥാപനങ്ങള്‍ക്ക് വിസയില്ല: തൊഴില്‍ മന്ത്രാലയം

Posted: 22 Dec 2013 10:19 PM PST

Image: 
Subtitle: 
പെര്‍മിറ്റ് കാലാവധി തീര്‍ന്നവര്‍ക്ക് തൊഴിലുടമയുടെ അനുമതി കൂടാതെ സ്പോണ്‍സര്‍ഷിപ്പ് മാറാം

റിയാദ്: സൗദിയില്‍ വിദേശി തൊഴിലാളികളുടെ വര്‍ക് പെര്‍മിറ്റ് പുതുക്കാത്ത തൊഴിലുടമക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ തൊഴില്‍ മന്ത്രാലയം തീരുമാനിച്ചു. കാലാവധി തീര്‍ന്നിട്ടും വര്‍ക്പെര്‍മിറ്റ് പുതുക്കാത്ത സ്ഥാപനങ്ങള്‍ക്ക് വിസ നിഷേധിക്കുന്നത് ഉള്‍പ്പെടെയുള്ള നടപടി സ്വീകരിക്കുമെന്ന് തൊഴില്‍ സഹമന്ത്രി ഡോ. മുഫ്രിജ് സഅദ് അല്‍ഹഖബാനി പറഞ്ഞു. ഈ നിയമം മന്ത്രാലയം മുമ്പേ പ്രഖ്യാപിച്ചിരുന്നതാണെങ്കിലും നടപടിക്രമം ആരംഭിക്കുന്നത് ഇപ്പോഴാണെന്നും സഹമന്ത്രി വിശദീകരിച്ചു.
വര്‍ക്പെര്‍മിറ്റ് വിദേശതൊഴിലാളിയുടെ മൗലികാവകാശമാണ്. കാലാവധി തീരുന്നതിന് മുമ്പ് പെര്‍മിറ്റ് പുതുക്കേണ്ടത് തൊഴിലുടമയുടെ ബാധ്യതയാണ്. പെര്‍മിറ്റ് പുതുക്കാത്ത സാഹചര്യത്തില്‍ തൊഴിലുടമയുടെ അനുവാദം കൂടാതെ പച്ച, പ്ളാറ്റിനം ഗണത്തിലുള്ള സ്ഥാപനങ്ങളിലേക്ക് സ്പോണ്‍സര്‍ഷിപ്പ് മാറാന്‍ വിദേശി തൊഴിലാളിക്ക് സാധിക്കുമെന്നും ഡോ. അല്‍ഹഖബാനി പറഞ്ഞു. തൊഴിലാളി നിലവിലുള്ള സ്ഥാപനം നിതാഖാത്ത് വ്യവസ്ഥയില്‍ ഏത് ഗണത്തിലാണെന്നത് സ്പോണ്‍സര്‍ഷിപ്പ് മാറ്റത്തിന് പരിഗണിക്കില്ല. അതിനാല്‍ ചുവപ്പ്, മഞ്ഞ ഗണത്തിലുള്ള സ്ഥാപനങ്ങളിലെ തൊഴിലാളികള്‍ക്കും വര്‍ക്പെര്‍മിറ്റ് കാലാവധി തീരുന്നതനുസരിച്ച് പച്ച, പ്ളാറ്റിനം ഗണത്തിലുള്ള സ്ഥാപനത്തിലേക്ക് അനായാസം മാറാം. വര്‍ക്പെര്‍മിറ്റ് കാലാവധി കഴിഞ്ഞ് ഒരു മാസത്തിനകം തൊഴിലാളി പുതിയ തൊഴിലുടമയെ കണ്ടെത്തിയിരിക്കണം. അല്ലെങ്കില്‍ തൊഴിലാളിക്ക് ആഭ്യന്തര മന്ത്രാലയത്തിനു മുന്നില്‍ പരാതിപ്പെടാവുന്നതാണ്.
കാലാവധി തീരുന്നതിന്‍െറ ആറ് മാസം മുമ്പ്വരെ തൊഴില്‍ മന്ത്രാലയം വര്‍ക്പെര്‍മിറ്റ് പുതുക്കി നല്‍കുന്നുണ്ട്. തന്‍െറ കീഴിലുള്ള തൊഴിലാളി ജോലിയില്‍ തുടരേണ്ടതുണ്ടോ എന്ന് തൊഴിലുടമക്ക് തീരുമാനിക്കാന്‍ മതിയായ കാലാവധിയാണ് ആറ് മാസം. അതിനാല്‍ പെര്‍മിറ്റ് പുതുക്കാതെ അനിശ്ചിതമായി നീട്ടിക്കൊണ്ടുപോകുന്ന തൊഴിലുടമയുടെ അനാസ്ഥ ന്യായീകരിക്കാനാവില്ലെന്നും അത് തൊഴിലാളിയോടുള്ള അവകാശ ലംഘനമാണെന്നും സഹമന്ത്രി വിശദീകരിച്ചു. ഇത്തരം സാചര്യത്തില്‍ തൊഴില്‍ കരാര്‍ സ്വയം ദുര്‍ബലപ്പെടുത്തി പുതിയ തൊഴിലുടമയെ കണ്ടെത്താന്‍ തൊഴിലാളിക്ക് അവകാശമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

No comments:

Post a Comment

english malayalam dictionary

വിരുന്നുകാര്...

poomottu

Dsgd: by ASLAM PADINHARAYIL

Back to TOP