സ്വാഗതം
WELCOME

News Update..

Saturday, November 9, 2013

ജില്ലാ ശാസ്ത്രോത്സവം: ഹയര്‍സെക്കന്‍ഡറിയില്‍ കോഴിക്കോട് സിറ്റി, എല്‍.പിയില്‍ പേരാമ്പ്ര ജേതാക്കള്‍ Madhyamam News Feeds

ജില്ലാ ശാസ്ത്രോത്സവം: ഹയര്‍സെക്കന്‍ഡറിയില്‍ കോഴിക്കോട് സിറ്റി, എല്‍.പിയില്‍ പേരാമ്പ്ര ജേതാക്കള്‍ Madhyamam News Feeds

Link to

ജില്ലാ ശാസ്ത്രോത്സവം: ഹയര്‍സെക്കന്‍ഡറിയില്‍ കോഴിക്കോട് സിറ്റി, എല്‍.പിയില്‍ പേരാമ്പ്ര ജേതാക്കള്‍

Posted: 09 Nov 2013 12:31 AM PST

പേരാമ്പ്ര: ഹയര്‍സെക്കന്‍ഡറി വിഭാഗം ശാസ്ത്രമേളയില്‍ കോഴിക്കോട് സിറ്റിയും എല്‍.പി വിഭാഗത്തില്‍ പേരാമ്പ്ര ഉപജില്ലയും ജേതാക്കളായി.
എച്ച്.എസ്.എസ് വിഭാഗത്തില്‍ ചേവായൂര്‍ രണ്ടും പേരാമ്പ്ര മൂന്നും സ്ഥാനം നേടി. എല്‍.പിയില്‍ കോഴിക്കോട് റൂറല്‍ രണ്ടാംസ്ഥാനം നേടിയപ്പോള്‍ നാദാപുരം മൂന്നാമതെത്തി. എച്ച്.എസ്.എസ് വിഭാഗത്തില്‍ ഏറ്റവും കൂടുതല്‍ പോയന്‍റ് നേടി ആതിഥേയരായ പേരാമ്പ്ര എച്ച്.എസ്.എസ് മിന്നുന്ന പ്രകടനം പുറത്തെടുത്തു. ബാലുശ്ശേരി ജി.ജി.എച്ച്.എസ്.എസ് രണ്ടും സെന്‍റ് ജോസഫ്സ്  ആംഗ്ളോ ഇന്ത്യന്‍ മൂന്നും സ്ഥാനം നേടി. എല്‍.പി വിഭാഗത്തില്‍ ജി.എല്‍.പി.എസ് ആനക്കാംകുന്ന് ഒന്നും, ജി.യു.പി.എസ് നടുവട്ടം രണ്ടും സ്ഥാനം നേടിയപ്പോള്‍ ആരാമ്പ്രം ജി.യു.പി.എസും വളയത്തൂര്‍ ജി.എല്‍.പി.എസും മൂന്നാംസ്ഥാനം പങ്കിട്ടു.
ഗണിത ശാസ്ത്രമേള യു.പി വിഭാഗത്തില്‍ വടകരയും ഹയര്‍സെക്കന്‍ഡറി വിഭാഗത്തില്‍ കോഴിക്കോട് സിറ്റിയും ജേതാക്കളായി. ഐ.ടി മേളയില്‍ യു.പി വിഭാഗത്തില്‍  വടകരയും ഹൈസ്കൂള്‍ വിഭാഗത്തില്‍ ചേവായൂരും ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ കുന്നുമ്മല്‍ ഉപജില്ലയും ജേതാക്കളായി. യു.പി വിഭാഗത്തില്‍ ചേവായൂര്‍, പേരാമ്പ്ര ഉപജില്ലകള്‍ രണ്ടും മൂന്നും സ്ഥാനം നേടി. ഹൈസ്കൂള്‍ വിഭാഗത്തില്‍ രണ്ടാംസ്ഥാനം പേരാമ്പ്ര നേടിയപ്പോള്‍ കുന്നുമ്മല്‍ മൂന്നാമതെത്തി. ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ ചേവായൂരും കോഴിക്കോട് റൂറല്‍ ഉപജില്ലയും യഥാസമയം രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി. യു.പി ഐ.ടി മേളയില്‍ ചേവായൂര്‍ പ്രസന്‍േറഷന്‍ എച്ച്.എസ്.എസ് സ്കൂള്‍ ഒന്നാംസ്ഥാനം നേടി. തൃക്കുറ്റിശ്ശേരി ജി.യു.പി രണ്ടാം സ്ഥാനവും എസ്.ജി.എം.എസ്.ബി.എസ് വടകര മുന്നാം സ്ഥാനവും നേടി. എച്ച്.എസ് വിഭാഗത്തിലും പ്രസന്‍േറഷന്‍ എച്ച്.എസ്.എസ് ഒന്നാമതെത്തിയപ്പോള്‍ കെ.ടി.ഇ.എസ് എച്ച്.എസ്.എസ് കായക്കൊടി രണ്ടാം സ്ഥാനവും ജെ.എം.എം.എച്ച്.എസ്.എസ് പുതുപ്പണം മൂന്നാം സ്ഥാനവും നേടി.
ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ വട്ടോളി നാഷനല്‍ എച്ച്.എസ്.എസ്, ചേവായൂര്‍ സില്‍വര്‍ഹില്‍സ്, റഹ്മാനിയ വികലാംഗ വിദ്യാലയം എന്നിവര്‍ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി.
  സമാപനസമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ്  കാനത്തില്‍ ജമീല ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ആര്‍.ശശി അധ്യക്ഷത വഹിച്ചു. കെ.പി. രവീന്ദ്രന്‍, രതി എണ്ണപിലാക്കൂല്‍, ഡി.ഡി.ഇ എന്‍. അമ്മത്, എം. കുഞ്ഞമ്മദ്, വടകര ഡി.ഇ.ഒ ഗിരീഷ്കുമാര്‍, കെ.എം. മുഹമ്മദ്, വി. ആലീസ് മാത്യു, ബിന്ദു ആവള, ഇ. പ്രദീപ്കുമാര്‍ എന്നിവര്‍ സംസാരിച്ചു.
 

ഗുവാഹതി ഹൈകോടതി വിധിക്കെതിരെ കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍

Posted: 09 Nov 2013 12:07 AM PST

Image: 

ന്യൂദല്‍ഹി: കേന്ദ്ര അന്വേഷണ ഏജന്‍സിയായ സി.ബി.ഐയുടെ രൂപവത്കരണം തന്നെ അസാധുവാണെന്ന ഗുവാഹതി ഹൈകോടതി വിധിക്കെതിരെ കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍ ഹരജി നല്‍കി. വിഷയം അടിയന്തരമായി പരിഗണിക്കണമെന്നും കേന്ദ്രം ആവശ്യപ്പെട്ടു.  സുപ്രീംകോടതിക്ക് ഇന്ന് അവധിയായതിനാല്‍ കേന്ദ്രത്തിന്‍്റെ ഹരജിയില്‍ വൈകിട്ട് ചീഫ് ജസ്റ്റിസ് പി.സദാശിവത്തിന്‍്റെ വസതിയില്‍ വെച്ച് വാദം കേള്‍ക്കും.

ഗുഹാവതി ഹൈകോടതി വിധിയുടെ പശ്ചാത്തലത്തില്‍ 2 ജി അഴിമതിക്കേസില്‍ ഉള്‍പ്പെടെയുള്ള  പ്രതികള്‍ സി.ബി.ഐക്കെതിരെ  കോടതിയെ സമീപിക്കുമെന്ന് വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് കേന്ദ്രസര്‍ക്കാര്‍ അടിയന്തരമായി സുപ്രീംകോടതിയെ സമീപിച്ചത്.

ഹൈകോടതി വിധിക്കെതിരെ അപ്പീല്‍ നല്‍കണമെന്ന് സി.ബി.ഐ ഡയറക്ടര്‍ രഞ്ജിത്ത് സിന്‍ഹ  കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. കേന്ദ്ര പേഴ്സണല്‍ മന്ത്രാലയത്തിന്‍്റെ ചുമതലയുള്ള മന്ത്രി വി നാരായണസ്വാമി, സി.ബി. ഐ ഡയറക്ടര്‍ രഞ്ജിത്ത് സിന്‍ഹ, അറ്റോര്‍ണി ജനറല്‍ ഗുലാം ഇ വഹന്‍വതി എന്നിവര്‍ വെള്ളിയാഴ്ച ചര്‍ച്ചകള്‍ നടത്തിയിരുന്നു.

വിഷയത്തില്‍  മന്ത്രി വി.നാരായണസ്വാമി പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങുമായും നിയമമന്ത്രി കപില്‍ സിബലുമായും കൂടിക്കാഴ്ച നടത്തിയിരുന്നു.    

1963 ഏപ്രില്‍ ഒന്നിന് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്‍െറ പ്രമേയം വഴിയാണ് സി.ബി.ഐക്ക് രൂപം നല്‍കിയതെന്നും അതുകൊണ്ടുതന്നെ ഈ ബലത്തില്‍ സി.ബി.ഐക്ക് പ്രവര്‍ത്തിക്കാനാവില്ളെന്നും രൂപീകരണം അസാധുവാണെന്നും ജസ്റ്റിസുമാരായ ഇഖ്ബാല്‍ അഹ്മദ് അന്‍സാരി, ഇന്ദിര ഷാ എന്നിവരുടെ ഡിവിഷന്‍ ബെഞ്ച് വിധിക്കുകയായിരുന്നു. കേവലം എക്സിക്യൂട്ടീവ് ഉത്തരവ് വഴി അന്വേഷണ അധികാരമുള്ള പൊലീസ് സേന രൂപവത്കരിക്കാനാകില്ല.  കോടതിവിധി വഴി, സി.ബി.ഐ കുറ്റകൃത്യങ്ങള്‍ അന്വേഷിക്കുന്നതിനുള്ള നിയമസാധുതയുള്ള പൊലീസ് സേനയല്ലാതാകും. സി.ബി.ഐ നിലവില്‍ നടത്തുന്ന അന്വേഷണങ്ങളും നിലക്കും. ’63ല്‍ ആഭ്യന്തര സെക്രട്ടറി വി.വിശ്വനാഥനാണ് സി.ബി.ഐ രൂപവത്കരിച്ചുള്ള പ്രമേയത്തില്‍ ഒപ്പുവെച്ചതെന്ന് കോടതി ചൂണ്ടിക്കാട്ടിയിരുന്നു.

2001ല്‍ ക്രിമിനല്‍ ഗൂഢാലോചന, വഞ്ചന തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തി തനിക്കെതിരെ സി.ബി.ഐ സമര്‍പ്പിച്ച എഫ്.ഐ.ആര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് അസമിലെ ബി.എസ്.എന്‍.എല്‍ ജീവനക്കാരനായ നവേന്ദ്ര കുമാര്‍ നല്‍കിയ റിട്ട് ഹരജി പരിഗണിച്ചായിരുന്നു ഹൈകോടതി വിധി.
 

നെടുമ്പാശേരി സ്വര്‍ണ കടത്ത്; നാലു പേര്‍ക്കെതിരെ കൊഫേപോസ

Posted: 08 Nov 2013 11:42 PM PST

Image: 

നെടുമ്പാശേരി: നെടുമ്പാശേരി സ്വര്‍ണകടത്തു കേസില്‍ ഫയാസ് അടക്കം നാലു പ്രതികള്‍ക്കെതിരെ കെഫേപോസ ചുമത്തി. കസ്റ്റംസിന്‍്റെ ആവശ്യപ്രകാരമാണ് കൊഫേപോസ ബോര്‍ഡിന്‍്റെ ഈ നടപടി. സ്ഥിരമായി സാമ്പത്തിക കുറ്റകൃത്യങ്ങളില്‍ ഏര്‍പെടുന്നവരെ തടയാനുള്ളതാണ് ഈ നിയമം.  ഫയാസിനു പുറമെ ആസിഫ,ആരിഫ,ഹാരിസ് എന്നിവര്‍ക്കെതിരെയാണ് കൊഫേപോസ ചുമത്തിയത്. ഈ നിയമമനുസരിച്ച് പ്രതികളെ വിചാരണ കൂടാതെ ഒരു വര്‍ഷം വരെ തടവില്‍ ഇടാന്‍ കഴിയും.
 

"മംഗള്‍യാന്‍" വിജയകരമായി മൂന്നാം ഭ്രമണപഥം വികസിപ്പിച്ചു

Posted: 08 Nov 2013 10:45 PM PST

Image: 

ബംഗളൂരു: ഇന്ത്യ വിക്ഷേപിച്ച ചൊവ്വാ പര്യവേക്ഷണ പേടകം "മംഗള്‍യാന്‍" വിജയകരമായി മൂന്നാം ഭ്രമണപഥം വികസിപ്പിച്ചു. പുലര്‍ച്ചെ 2.10തോടെ ഐ.എസ്.ആര്‍.ഒയുടെ ബംഗളൂരുവിലെ കമാന്‍ഡ് സെന്‍്ററില്‍ നിന്ന് നല്‍കിയ നിര്‍ദേശം അനുസരിച്ചാണ് ഭ്രമണപഥം വികസിപ്പിച്ചത്. മംഗള്‍യാനെ 707 സെക്കന്‍ഡ് ജ്വലിപ്പിച്ചാണ് 71,636 കിലോമീറ്ററിലേക്ക് ഭ്രമണപഥം വികസിപ്പിച്ചത്.

വെള്ളിയാഴ്ച രണ്ടാംഘട്ടമായി ഭ്രമണപഥം 40,186 കിലോമീറ്ററിലേക്ക് വികസിപ്പിച്ചിരുന്നു. ചൊവ്വാഴ്ച വിക്ഷേപിച്ച ഉപഗ്രഹത്തിന്റെ ആദ്യ ഭ്രമണപഥം വികസിപ്പിക്കല്‍ വ്യാഴാഴ്ചയാണ് നടന്നത്. നവംബര്‍ പതിനൊന്ന് (1,00,000 കിലോമീറ്റര്‍), പതിനാറ് (1,92,000 കിലോമീറ്റര്‍) തിയതികളിലാണ് അടുത്ത കമാന്‍ഡുകള്‍ മംഗള്‍യാനിലേക്ക് നല്‍കുക.

25 ദിവസത്തിനിടെ അഞ്ചുതവണ ഇങ്ങനെ ഭ്രമണപഥം വികസിപ്പിച്ചതിന് ശേഷമാണ് ഡിസംബര്‍ ഒന്നിന് നിര്‍ണായകമായ ഘട്ടത്തില്‍ പര്യവേക്ഷണ പേടകം എത്തുക. ആറാം തവണ ഭ്രമണപഥം വികസിപ്പിച്ച് ഭൂമിയുടെ ആകര്‍ഷണവലയം ഭേദിച്ച് സൂര്യന്റെ വലയത്തിലേക്ക് മാറുകയും ചൊവ്വയിലേക്ക് "മംഗള്‍യാന്‍" യാത്ര ആരംഭിക്കുകയും ചെയ്യും.

ഗള്‍ഫ് എയര്‍ പ്രഖ്യാപനം എയര്‍ ഇന്ത്യക്ക് തിരിച്ചടി

Posted: 08 Nov 2013 10:16 PM PST

Image: 

മനാമ: ഡിസംബര്‍ 15 മുതല്‍ തിരുവനന്തപുരത്തേക്ക് സര്‍വീസ് തുടങ്ങാനുള്ള ‘ഗള്‍ഫ് എയര്‍’ പ്രഖ്യാപനം തിരിച്ചടിയാകുന്നത് എയര്‍ഇന്ത്യക്ക്. തിരക്കേറിയ റൂട്ടില്‍ പ്രത്യേകിച്ച് ഒരു കാരണവുമില്ലാതെ സര്‍വീസ് നിര്‍ത്തിയ എയര്‍ ഇന്ത്യ എകസ്പ്രസിന്‍െറ നടപടിക്കെതിരെ പ്രവാസി സംഘടനകളില്‍നിന്ന് ശക്തമായ പ്രതിഷേധം ഉയര്‍ന്നെങ്കിലും അധികൃതര്‍ ചെവികൊണ്ടില്ല. ഇതുസംബന്ധിച്ച് നിരവധി നിവേദനങ്ങളും വിവിധ സംഘടനകള്‍ നല്‍കിയിരുന്നു.
വ്യോമയാന സഹമന്ത്രി കെ.സി. വേണുഗോപാല്‍ ബഹ്റൈന്‍ സന്ദര്‍ശിച്ച വേളയിലും ഇതുസംബന്ധിച്ച് ശക്തമായ ആവശ്യം ഉന്നയിക്കുകയുണ്ടായി. പൈലറ്റ് ക്ഷാമം തീരുന്ന മുറക്ക് സര്‍വീസ് പുനരാരംഭിക്കാമെന്ന് പറഞ്ഞതല്ലാതെ പ്രാവര്‍ത്തികമായില്ല. ബഹ്റൈന്‍ എയര്‍ അടച്ചുപൂട്ടിയതോടെ നേരിട്ടുള്ള സര്‍വീസ് നിലച്ച തിരുവനന്തപുരം സെക്ടറില്‍ നഷ്ടത്തിന്‍െറ കണക്കേ പറയാനുണ്ടായിരുന്നില്ല. എന്നിട്ടും സര്‍വീസ് പുന:സ്ഥാപിക്കാതിരുന്ന എയര്‍ ഇന്ത്യ എക്സ്പ്രസിന് ഇപ്പോള്‍ ഗള്‍ഫ് എയറിന്‍െറ കടന്നുവരവ് ശക്മായ അടിയായിരിക്കയാണ്. ഇനി എയര്‍ ഇന്ത്യ എക്സ്പ്രസ് സര്‍വീസ് തുടങ്ങാന്‍ തീരുമാനിച്ചാലും മെച്ചപ്പെട്ട യാത്രാ സൗകര്യങ്ങളുള്ള ഗള്‍ഫ് എയറിനെയാണ് യാത്രക്കാര്‍ കൂടുതലായി ആശ്രയിക്കുയെന്ന് ചൂണ്ടിക്കാട്ടപ്പെടുന്നു.
ബഹ്റൈനില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് മാത്രമല്ല,  സൗദി, കുവൈത്ത്, ഖത്തര്‍, ഒമാന്‍ തുടങ്ങിയ രാജ്യങ്ങളില്‍നിന്നും കണക്ഷന്‍ ഫൈ്ളറ്റിനെ ആശ്രയിച്ച് ബഹ്റൈന്‍ വഴി തിരുവനന്തപുരത്തേക്ക് പോകാന്‍ യാത്രക്കാര്‍ക്ക് സാധിക്കും.
മുമ്പ് എയര്‍ ഇന്ത്യ എക്സ്പ്രസും ബഹ്റൈന്‍ എയറും സര്‍വീസ് നടത്തിയ സമയത്തും ഇങ്ങനെ ധാരാളം വിദേശി യാത്രക്കാര്‍ തിരുവനന്തപുരത്തേക്ക് പോകാന്‍ ബഹ്റൈന്‍ എയര്‍പോര്‍ട്ടിനെ ആശ്രയിച്ചിരുന്നു. അമേരിക്ക, യൂറോപ്പ് എന്നിവിടങ്ങളിലേക്കുള്ള സര്‍വീസിനാണ് ഗള്‍ഫ് എയര്‍ ഇപ്പോള്‍ മുന്തിയ പരിഗണന നല്‍കുന്നതെങ്കിലും നിലവില്‍ ദല്‍ഹി, മുംബൈ, ചെന്നൈ എന്നിവിടങ്ങിലേക്ക് ദിവസവും രണ്ട് സര്‍വീസ് വീതവും കൊച്ചിയിലേക്ക് എല്ലാ ദിവസവും സര്‍വീസ് നടത്തുന്നുണ്ട്. കമ്പനിയെ കൂടുതല്‍ ലാഭത്തിലാക്കുന്നതിന്‍െറ ഭാഗമായാണ് യാത്രക്കാരുടെ തിരക്ക് അനുഭവപ്പെടുന്ന സെക്ടറുകള്‍ കണ്ടെത്തി പുതിയ സര്‍വീസ് ആരംഭിക്കാന്‍ ഗള്‍ഫ് എയര്‍ തീരുമാനമെടുത്തിരിക്കുന്നത്. നന്നായി പഠനം നടത്തിയ ശേഷമാണ് ഗള്‍ഫ് എയര്‍ തിരുവനന്തപുരം സര്‍വീസ് ആരംഭിക്കുന്നതെന്ന് ചുരുക്കം. ഇക്കാര്യങ്ങളെല്ലാം വ്യക്തമായി അറിയാമായിരുന്നിട്ടും സര്‍വീസ് പുന:സ്ഥാപിക്കാതിരുന്ന എയര്‍ ഇന്ത്യയുടെ നടപടി പരക്കെ വിമര്‍ശിക്കപ്പെടുന്നുണ്ട്. മൃതദേഹം കൊണ്ടുപോകുന്നതടക്കം എയര്‍ ഇന്ത്യ എക്സ്പ്രസ് സര്‍വീസ് നടത്തുമ്പോഴുള്ള ചില പ്രത്യേക സൗകര്യങ്ങള്‍ മറ്റേത് കമ്പനി സര്‍വീസ് നടത്തിയാലും മലയാളിക്ക് ലഭിക്കില്ല. ഗള്‍ഫ് എയര്‍ സര്‍വീസ് ലാഭകരമാക്കുന്നതിന് നിരവധി പരിഷ്കരണ നടപടികളാണ് സ്വീകരിച്ചുവരുന്നത്. ഇതിന്‍െറ ഭാഗമായി ജീവനക്കാര്‍ക്ക് വളണ്ടിയറി റിട്ടയര്‍മെന്‍റിന് അവസരം നല്‍കുകയും പിരിഞ്ഞു പോകുന്നവര്‍ക്ക് ആകര്‍ഷകമായ ആനുകൂല്യങ്ങള്‍ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. വളണ്ടിയറി റിട്ടയര്‍മെന്‍റ് പദ്ധതിയില്‍ നിരവധി ഉദ്യോഗസ്ഥര്‍ പിരിഞ്ഞുപോയി. പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്തുന്നതിന്‍െറ ഭാഗമായി കഴിഞ്ഞ ഡിസംബറില്‍ പ്രഖ്യാപിച്ച പുന:സംഘാടനം ഏറെ പുരോഗമിച്ചു. ഉപപ്രധാനമന്ത്രി ശൈഖ് ഖാലിദ് ബിന്‍ അബ്ദുല്ല ആല്‍ഖലീഫയുടെ നേതൃത്വത്തിലുള്ള പുതിയ ഡയറക്ടര്‍ ബോര്‍ഡ് പ്രവര്‍ത്തനം ശക്തമാക്കുന്നതിന്‍െറ പാതയിലാണ്.  ഇതിന്‍െറ ഭാഗമായി ഈവര്‍ഷം അവസാനത്തോടെ പ്രവര്‍ത്തന ചെലവ് 24 ശതമാനം കുറക്കാനുള്ള തീരുമാനവും ഫലം കണ്ടു. നഷ്ടം 200 മില്യന്‍ ദിനാറില്‍നിന്ന് 100 മില്യന്‍ ദിനാറായി കുറക്കാനും കഴിഞ്ഞു.

സ്കൂള്‍ കേന്ദ്രീകരിച്ച് സെക്സ് റാക്കറ്റ്; മനുഷ്യാവകാശ കമ്മീഷന്‍ അന്വേഷിക്കും

Posted: 08 Nov 2013 09:44 PM PST

Image: 

കോഴിക്കോട്: കോഴിക്കോട് പെരുവണ്ണാമുഴിക്കടുത്ത് സ്കൂള്‍ കേന്ദ്രീകരിച്ചുള്ള സെക്സ് റാക്കറ്റില്‍ പെട്ട് പെണ്‍കുട്ടി ആത്മഹത്യ ചെയ്യാനിടയായ സംഭവത്തില്‍ മുനുഷ്യാവകാശ കമ്മീഷന്‍ അന്വേഷണം നടത്തുമെന്ന് കമ്മീഷന്‍ അംഗം കെ.ഇ ഗംഗാധരന്‍.

റാക്കറ്റില്‍ കുടുങ്ങിയ  പന്തിരിക്കര സ്വദേശിയായ 14കാരിയാണ് മൂന്ന് മാസം മുമ്പ് ആത്മഹത്യ ചെയ്തത്. മറ്റൊരു പ്ളസ് ടു വിദ്യാര്‍ഥിനി ആത്മഹത്യക്ക് ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. ഈ പെണ്‍കുട്ടി വഴിയാണ് പീഡനത്തിന്‍്റെ ഞെട്ടിക്കുന്ന കഥകള്‍ പുറംലോകം അറിഞ്ഞത്.

പന്തിരിക്കര സ്വദേശിയായ സെറീന എന്ന സ്ത്രീയുടെ നേതൃത്വത്തില്‍ ഒമ്പത് അംഗ സംഘം ഇവരടക്കം നിരവധി പേരെ പല സ്ഥലങ്ങളില്‍ കൊണ്ടുപോയി നഗ്നചിത്രങ്ങള്‍ കാണിച്ച് ഭീഷണിപ്പെടുത്തി പീഡിപ്പിക്കുകയായിരുന്നുവെന്ന് പെണ്‍കുട്ടി പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്. കേസില്‍ അറസ്റ്റ് ഇന്നുണ്ടായേക്കും. എന്നാല്‍, പൊലീസ് പ്രതികള്‍ക്കനുകൂലമായി പ്രവര്‍ത്തിക്കുകയായിരുന്നുഎന്ന ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്.

പെണ്‍കുട്ടിയുമായി സ്നേഹം നടിച്ച് സാജിദ് എന്നയാള്‍ സെറീനയുടെ സഹായത്തോടെ സുഹൃത്തുക്കള്‍ക്ക് പെണ്‍കുട്ടിയെ കാഴ്ച വെക്കുകയായിരുന്നു. ജാനകിക്കാട്ടിലും കോഴിക്കോട് ബീച്ചിനടുത്തുള്ള ലോഡ്ജിലും എത്തിച്ചാണ് നഗ്ന ചിത്രങ്ങള്‍ പകര്‍ത്തി പീഡനത്തിനിരയാക്കിയത്.

എട്ടാം ക്ളാസ് മുതല്‍  പീഡനത്തിനിരയാക്കി വരികയാണെന്നാണ് ആത്മഹത്യക്ക് ശ്രമിച്ച പെണ്‍കുട്ടിയുടെ രക്ഷിതാക്കള്‍ക്ക് കിട്ടിയ വിവരം. ഇക്കാര്യങ്ങള്‍ അറിയാതെ പോയ സ്കൂളധികൃതര്‍ക്കുനേരെയും ആക്ഷേപമുയര്‍ന്നിട്ടുണ്ട്.

ദേശീയദിനം: വിമാനക്കമ്പനികള്‍ ആനുകൂല്യം പ്രഖ്യാപിച്ചു

Posted: 08 Nov 2013 09:27 PM PST

Image: 

മസ്കത്ത്: നാല്‍പത്തിമൂന്നാം ദേശീയ ദിനത്തോടനുബന്ധിച്ച് വിവിധ വിമാനക്കമ്പനികള്‍ പ്രത്യേക ഓഫറുകള്‍ പ്രഖ്യാപിച്ചു. സര്‍ക്കാര്‍ അധീനതയിലുള്ള ഒമാന്‍ എയര്‍ മസ്കത്തില്‍നിന്നുള്ള എല്ലാ സെക്ടറിലേക്കും 18 ശതമാനം ഇളവ് നല്‍കി. ചില സെക്ടറുകളില്‍ നവംബര്‍ 30ന് മുമ്പ് യാത്ര ചെയ്യുന്നവര്‍ക്കാണ് ആനുകൂല്യം. ഗള്‍ഫ് എയറും ഒമാനില്‍നിന്നുള്ള സര്‍വീസുകള്‍ക്ക് ഇളവ് അനുവദിച്ചു. ലണ്ടന്‍, പാരീസ്, ഫ്രാങ്ക്ഫര്‍ട്ട്, ഇസ്തംബൂള്‍, ബഹ്റൈന്‍, ദമ്മാം, റിയാദ്, ദോഹ, കുവൈത്ത്, കറാച്ചി, ലാഹോര്‍, ഇസ്ലാമബാദ്, പെഷവാര്‍, ബാങ്കോക്ക്, അഡിസ് അബാബ, ഖാര്‍ത്തൂം, കെയ്റോ, അമ്മാന്‍, ബെയ്റൂത്ത് എന്നിവിട്ടങ്ങളിലേക്കാണ് ഇളവ് പ്രഖ്യാപിച്ചത്. നവംബര്‍ 25ന് മുമ്പ് യാത്ര ചെയ്യുന്നവര്‍ക്കാണ് ആനുകൂല്യം ലഭിക്കുക.
 ശ്രീലങ്കന്‍ എയര്‍, ഇത്തിഹാദ്, ഖത്തര്‍ എയര്‍വേസ് തുടങ്ങിയ വിമാനക്കമ്പനികളും ചെറുതും വലുതുമായ ഓഫറുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ചില വിമാനക്കമ്പനികള്‍ ഓഫറുകള്‍ നവംബര്‍ അവസാനത്തേക്ക് നീട്ടുകയും ചെയ്തിട്ടുണ്ട്. ഇനിയുള്ള ദിനങ്ങള്‍ ആഘോഷങ്ങളുടെയും ഓഫറുകളുടെയും ദിനമായിരിക്കും.
 ദേശീയദിനാഘോഷത്തിന് നാടും നഗരവും അണിഞ്ഞൊരുങ്ങുകയാണ്. പാതയോരങ്ങള്‍ ദേശീയ പതാകകളാലും അലങ്കാര വിളക്കുകളാലും അലംകൃതമാണ്.
സുല്‍ത്താന്‍ ഖാബൂസ് ഹൈവേയില്‍ മസ്കത്ത് മുതല്‍ ബര്‍ക വരെ പതാകകളും അലങ്കാര വിളക്കുകളും സ്ഥാപിക്കുന്ന പ്രവര്‍ത്തനങ്ങള്‍ മസ്കത്ത് മുനിസിപ്പാലിറ്റി ഒക്ടോബര്‍ അവസാനം  തന്നെ ആരംഭിച്ചിരുന്നു. സ്വകാര്യ സ്ഥാപനങ്ങളും സര്‍ക്കാര്‍ സ്ഥാപനങ്ങളും അലങ്കാര വിളക്കുകള്‍ സ്ഥാപിക്കുന്നുണ്ട്.
 പ്രധാന റോഡുകള്‍ക്ക് ഇരുവശവും ചെടികളും പൂക്കളും വെച്ചുപിടിപ്പിക്കുന്ന ജോലി മാസങ്ങള്‍ക്ക് മുമ്പ് തന്നെ ആരംഭിച്ചിരുന്നു. പ്രധാന റോഡുകളുടെയും ഉള്‍പ്രദേശങ്ങളിലെ റോഡുകളുടെയും വശങ്ങളില്‍ പൂച്ചെടികള്‍ വെച്ചുപിടിപ്പിച്ചിട്ടുണ്ട്. വിവിധ സ്ഥലങ്ങളില്‍ പൂക്കള്‍കൊണ്ട് ചിത്രങ്ങളും എംബ്ളങ്ങളും തീര്‍ത്തിട്ടുണ്ട്.
ദേശീയ ദിനത്തിന്‍െറ ഭാഗമായി രാജ്യത്ത് വിവിധ പരിപാടികള്‍ സംഘടിപ്പിക്കുന്നുണ്ട്. ഒമാന്‍ ഭരണാധികാരി സൂല്‍ത്താന്‍ ഖാബൂസ് ബിന്‍ സഈദ് വിവിധ സൈനിക വിഭാഗങ്ങളില്‍ സല്യൂട്ട് സ്വീകരിക്കുന്ന സൈനിക പരേഡ് ദേശീയ ദിനാഘോഷത്തിന്‍െറ പ്രധാന ചടങ്ങാണ്. ദേശീയ ദിനാഘോഷത്തില്‍ പങ്കെടുക്കാന്‍ വിദേശ രാജ്യങ്ങളില്‍ നിന്നുള്ള ഭരണാധികാരികളും പ്രതിനിധികളും എത്തും.മജ്ലിശു ശൂറയുടെയും മജ്ലിസുദ്ദൗലയുടെയും പ്രത്യേക സമ്മേളനങ്ങളും ചേരും. കുതിരപ്പന്തയം, ഒട്ടകയോട്ട മത്സരം എന്നിവയും സംഘടിപ്പിക്കുന്നുണ്ട്. രാജ്യത്തിന്‍െറ വിവിധ ഭാഗങ്ങളില്‍ദേശീയ ദിന റാലികളും പ്രത്യേക പരിപാടികളും സംഘടിപ്പിക്കും.
ദേശീയദിനമെത്തുന്നതോടെ ത്രിവര്‍ണത്തിലുള്ള തൊപ്പികളും വസ്ത്രങ്ങളും അണിഞ്ഞ് ആളുകള്‍ നഗരത്തിലിറങ്ങും. വാഹനങ്ങള്‍ ഒമാന്‍ പതാക വഹിക്കും. സുല്‍ത്താന്‍െറ ചിത്രവും രാജ്യചിഹ്നവും ഉള്ള ബാഡ്ജുകള്‍ ധരിച്ച് കുട്ടികളും ആഘോഷത്തില്‍ പങ്കെടുക്കും.
 

സ്വര്‍ണവില കുറഞ്ഞു; പവന് 22,240 രൂപ

Posted: 08 Nov 2013 09:04 PM PST

Image: 

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ 200 രൂപയുടെ കുറവ്. പവന് 200 രൂപ കുറഞ്ഞ് 22,240 രൂപയിലെത്തി. ഗ്രാമിന് 25 രൂപ താഴ്ന്ന് 2,780 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. വെള്ളിയാഴ്ച 80 രൂപ കുറഞ്ഞ് പവന്‍വില 22,440 രൂപയില്‍ എത്തിയിരുന്നു. ഇതുവരെയുള്ള ഏറ്റവും താഴ്ന്ന നിരക്കാണിത്.

തിങ്കളാഴ്ച 22,320 രൂപയും ചെവ്വാഴ്ച 22,400 രൂപയും ബുധനാഴ്ച 22,320 രൂപയും വ്യാഴാഴ്ച 22,520 രൂപയുമായിരുന്നു പവന്‍ വില.

അതേസമയം, അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണവില കുറഞ്ഞു. ഔണ്‍സിന് 20.50 ഡോളര്‍ താഴ്ന്ന് 1,288.00 ഡോളറിലെത്തി.

പ്രസിഡന്‍റ് തെരഞ്ഞെടുപ്പ്: മാലദ്വീപില്‍ വോട്ടെടുപ്പ് തുടങ്ങി

Posted: 08 Nov 2013 08:02 PM PST

Image: 

തിരുവനന്തപുരം/ മാലി: മാലദ്വീപില്‍ പ്രസിഡന്‍റ് തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് തുടങ്ങി. മൂന്നാം തവണയാണ് പുതിയ പ്രസിഡന്‍റിനായി വോട്ടെടുപ്പ് നടക്കുന്നത്. വോട്ട് രേഖപ്പെടുത്തുന്നതിനായി 475 പോളിങ് സ്റ്റേഷനുകളാണ് ഒരുക്കിയിട്ടുള്ളത്. 239,105 പേര്‍ക്ക് വോട്ട് ചെയ്യാന്‍ യോഗ്യതയുണ്ടെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. ഇന്ത്യയില്‍ തിരുവനന്തപുരത്തും ദല്‍ഹിയിലും പോളിങ് സ്റ്റേഷനുകളുണ്ട്. തിരുവനന്തപുരത്ത് 1400ലേറെ വോട്ടര്‍മാരാണുള്ളത്. തമിഴ്നാട്, കര്‍ണാടക എന്നിവിടങ്ങളിലെ മാലദ്വീപുകാര്‍ക്കും തിരുവനന്തപുരത്താണ് വോട്ട്.

സെപ്റ്റംബര്‍ ഏഴിന് നടന്ന ഒന്നാം ഘട്ട പ്രസിഡന്‍റ് തെരഞ്ഞെടുപ്പ് സുപ്രീം കോടതി റദ്ദാക്കുകയായിരുന്നു. വോട്ടര്‍ പട്ടികയിലെ ക്രമക്കേട് ആരോപിച്ച് ജംബൂരി (റിപ്പബ്ളിക്കന്‍)പാര്‍ട്ടിയിലെ ഖാസി ഇബ്രാഹിം സുപ്രീംകോടതിയെ സമീപിച്ചതിനെ തുടര്‍ന്നായിരുന്നു നടപടി. സെപ്റ്റംബര്‍ 28ന് രണ്ടാം ഘട്ട തെരഞ്ഞെടുപ്പിന് ഒരുക്കങ്ങള്‍ നടന്നെങ്കിലും പൊലീസ് ഇടപെട്ട് തടഞ്ഞു.

സുപ്രീംകോടതി വിധി വന്ന ശേഷം ഒക്ടോബര്‍ 19ന് തെരഞ്ഞെടുപ്പ് നടത്താന്‍ നിശ്ചയിച്ചിരുന്നെങ്കിലും സ്ഥാനാര്‍ഥികള്‍ വോട്ടര്‍പട്ടിക അംഗീകരിക്കാതിരുന്നതിനെതുടര്‍ന്ന് അവസാനനിമിഷം മാറ്റുകയായിരുന്നു. റദ്ദാക്കിയ തെരഞ്ഞെടുപ്പില്‍ മുന്‍ പ്രസിഡന്‍റും മാലദ്വീപ് ഡെമോക്രാറ്റിക് പാര്‍ട്ടി നേതാവുമായ മുഹമ്മദ് നഷീദാണ് കൂടുതല്‍ വോട്ട് നേടിയത്- 45.45 ശതമാനം. ദീര്‍ഘകാലം പ്രസിഡന്‍റായിരുന്ന മാമൂണ്‍ അബ്ദുല്‍ ഗയൂമിന്റെ അര്‍ധസഹോദരനും പ്രോഗ്രസീവ് പാര്‍ട്ടി സ്ഥാനാര്‍ഥിയുമായ യാമീന്‍ അബ്ദുല്ല 25.35 ശതമാനം വോട്ടോടെ രണ്ടാംസ്ഥാനത്ത് എത്തിയിരുന്നു.

ഭരണഘടനയനുസരിച്ച് 50 ശതമാനത്തിലധികം വോട്ട് നേടുന്നവരാണ് തെരഞ്ഞെടുക്കപ്പെടുക. ആര്‍ക്കും 50 ശതമാനത്തില്‍കൂടുതല്‍ വോട്ട് നേടാനായില്ളെങ്കില്‍ ആദ്യ രണ്ടു സ്ഥാനക്കാര്‍ വീണ്ടും മത്സരിക്കണം. ശനിയാഴ്ച രാത്രി 11.30ഓടെ ഔദ്യോഗിക ഫല പ്രഖ്യാപനമുണ്ടാകും. 11നാണ് ഇപ്പോഴത്തെ പ്രസിഡന്‍റ് വഹീദ് ഹസന്റെ കാലാവധി അവസാനിക്കുന്നത്. ഇദ്ദേഹം മത്സരരംഗത്തില്ല.
 

ലോക ചെസ് ചാമ്പ്യന്‍ഷിപ്: കിരീടത്തിലേക്ക് കരുനീക്കം

Posted: 08 Nov 2013 07:12 PM PST

Image: 
Subtitle: 
ആദ്യ മത്സരം ഇന്ന് വൈകുന്നേരം മൂന്നിന്, ഡി.ഡി. സ്പോര്‍ട്സിലും യൂ ട്യൂബിലും തത്സമയം

ചെന്നൈ: വിശ്വം ജയിക്കാന്‍ സ്വന്തം മണ്ണില്‍ വിശ്വനാഥന്‍ ആനന്ദിന്‍െറ പടപ്പുറപ്പാട്. കന്നിക്കിരീടത്തിലേക്ക് തേരുതെളിക്കാന്‍ മാഗ്നസ് കാള്‍സനെന്ന നോര്‍വേക്കാരന്‍. ചതുരംഗക്കളത്തിന്‍െറ കറുപ്പിനും വെളുപ്പിനുമിടക്ക് ലോകകിരീടത്തിന്‍െറ തിളക്കം തേടുന്ന അതിപ്രഗല്ഭര്‍ കൂര്‍മബുദ്ധിയുടെ കളത്തില്‍ ഇന്നുമുതല്‍ കരുനീക്കിത്തുടങ്ങുന്നു. ജയിക്കുന്നതാരെന്നറിയാന്‍ ചെസിന്‍െറ കളത്തിനു പുറത്ത് കണ്ണിമചിമ്മാതെ ലോകവും.
ലോക ചെസ് ചരിത്രത്തിലെ ഇതുവരെയുള്ള ചാമ്പ്യന്മാരുടെ എണ്ണം 19 ആണ്. ആനന്ദ് നേടിയ കിരീടങ്ങളുടെ എണ്ണം അഞ്ച്. ആറാം കിരീടമോ 20ാം ചാമ്പ്യനോ? ചെന്നൈയുടെ സ്വന്തം ‘വിഷി’ ജയിച്ചാല്‍ ആറാം കിരീടവും തുടര്‍ച്ചയായ അഞ്ചാം കിരീടവും ആവും. കാള്‍സന്‍ ചെക്മേറ്റ് വിളിച്ചാല്‍ ലോക ചെസ് ചരിത്രത്തിലെ 20ാം ജേതാവാകും.
1886 മുതലാണ് ലോക ചെസ് ചാമ്പ്യന്‍ഷിപ് ആരംഭിച്ചത്. 1972ല്‍ നടന്ന ലോക ചാമ്പ്യന്‍ഷിപ്പില്‍ യു.എസ്.എസ്.ആറിന്‍െറ ആധിപത്യത്തിന് അന്ത്യം കുറിച്ച അമേരിക്കയുടെ ബോബി ഫിഷറിനോടാണ് കാള്‍സനെ മുന്‍ റഷ്യന്‍ ഗ്രാന്‍ഡ്മാസ്റ്ററും ചെസ് ജേണലിസ്റ്റുമായ സെര്‍ഗി ഷിപ്പോവ് ഉപമിക്കുന്നത്. ബോറിസ് സ്പാസ്കിയെയാണ് അന്ന് ഫിഷര്‍ അട്ടിമറിച്ചത്. കളി പൂര്‍ത്തിയാവുന്നതിന് മുമ്പേ ഫോണില്‍ വിളിച്ച് ഫിഷറിനോട് തോല്‍വി സമ്മതിക്കുകയായിരുന്നു ബോറിസ്. ഫിഷറിന് ശേഷം ഒന്നാം റാങ്കിലത്തെിയ ആദ്യ യൂറോപ്യനാണ് കാള്‍സന്‍. വിജയത്തിലേക്ക് തേര് തെളിച്ചാല്‍ നോര്‍ത് യൂറോപ്പിന്‍െറ ആദ്യ ലോക ചാമ്പ്യനാവും.
53ാമത് ലോക ചെസ് ചാമ്പ്യന്‍ഷിപ്പില്‍ അര്‍മീനിയയില്‍നിന്നുള്ള 58കാരന്‍ ആഷട്ട് വര്‍ദപെത്യന്‍ ആണ് ചീഫ് ആര്‍ബിറ്റര്‍. സീറോ ടോളറന്‍സ് സിസ്റ്റം ഉള്ളതിനാല്‍ സെക്കന്‍ഡുകള്‍ വൈകിയത്തെിയാല്‍ പോലും കളി അടിയറ വെക്കേണ്ടിവരും.
ഇത് കൃത്യനിഷ്ഠക്കാരനും കണിശക്കാരനുമായ ആനന്ദിന് പ്രയാസമില്ളെങ്കിലും ‘അലസന്‍ പയ്യന്‍’ കാള്‍സന് പ്രയാസമുണ്ടാക്കും. ഇത് അദ്ദേഹം തുറന്നു പറയുകയും ചെയ്തിട്ടുണ്ട്. കാള്‍സന്‍െറ ആദ്യ ലോക ചാമ്പ്യന്‍ഷിപ് പോരാട്ടമാണിത്.
വ്യാഴാഴ്ച നടന്ന ഉദ്ഘാടന ചടങ്ങില്‍ തമിഴ്നാട് മുഖ്യമന്ത്രി ജയലളിത കരുക്കള്‍ തീരുമാനിക്കാനുള്ള നറുക്കെടുത്തിരുന്നു. ആനന്ദ് ആദ്യകളിയില്‍ കറുത്ത കരുക്കളുമായി കാള്‍സനെ നേരിടും. ആനന്ദ് കിരീടം ചൂടിയ 2000, 2007, 2008, 2010, 2012 വര്‍ഷത്തെ ആദ്യ മത്സരങ്ങളില്‍ കറുത്ത കരുക്കളുമായായിരുന്നു തുടക്കം. മൊത്തം 12 മത്സരങ്ങളുള്ള ചാമ്പ്യന്‍ഷിപ്പില്‍ ആറുവീതം മത്സരങ്ങളില്‍ ഇരുവര്‍ക്കും വെള്ളയും കറുപ്പും കരുക്കള്‍ ലഭിക്കും.
ശനിയാഴ്ച ഉച്ചക്കുശേഷം മൂന്നിനാണ് ആദ്യ അങ്കം. ഇതിന് ശേഷം 11, 14, 17, 20, 23, 25 തീയതികള്‍ ഒഴികെയുള്ള ദിവസങ്ങളില്‍ ഉച്ചക്കുശേഷം മൂന്നിനാണ് മത്സരം. 12 മത്സരങ്ങള്‍ക്ക് ശേഷം പോയന്‍റ് നില തുല്യമാണെങ്കില്‍ ടൈബ്രേക്കറിലേക്ക് നീങ്ങും. ആവശ്യമായി വരുകയാണെങ്കില്‍ ഈ മാസം 28നാകും ടൈബ്രേക്കറും സമാപന ചടങ്ങും.
ലോക ക്ളാസിക്കല്‍ പോരില്‍ ആദ്യത്തെ 40 നീക്കങ്ങള്‍ക്ക് ഓരോ കളിക്കാരനും രണ്ടു മണിക്കൂര്‍ വീതമാണ് ലഭിക്കുക. അടുത്ത 20 നീക്കങ്ങള്‍ക്ക് ഒരു മണിക്കൂര്‍ വീതവും. ബാക്കി കളി 15 മിനിറ്റാണ്. ഒരു മണിക്കൂറിന് ശേഷമുള്ള ഓരോ നീക്കത്തിനും 30 സെക്കന്‍ഡാണ് സമയം.
ക്ളാസിക്കല്‍ പോരില്‍ കാള്‍സനെതിരെ മൂന്നിനെതിരെ ആറ് വിജയം ആനന്ദിനുണ്ടെങ്കിലും ഇവയെല്ലാം 2000ത്തിന് മുമ്പായിരുന്നു. കാള്‍സന്‍െറ മൂന്ന് ജയവും 2000ത്തിന് ശേഷവും.  ആനന്ദും കാള്‍സനും ഇതുവരെ ഏറ്റുമുട്ടിയത് 29 തവണ. ആറു തവണ വിജയം ആനന്ദിനൊപ്പം നിന്നു. മൂന്നുതവണ കാള്‍സനൊപ്പവും. 20 എണ്ണം സമനിലയിലായി.
അനുഭവവും റേറ്റിങ്ങും നേര്‍ക്കുനേര്‍ ഏറ്റുമുട്ടുന്ന മത്സരമാണിത്. ആനന്ദിനേക്കാള്‍ 21 വയസ്സ് കുറവാണ് കാള്‍സന്. കാള്‍സന്‍ ഫിഡെ റാങ്കിങ്ങില്‍ ഒന്നാം റാങ്കുകാരനും ആനന്ദ് ഏഴാം റാങ്കുകാരനുമാണ്. ആനന്ദിനേക്കാള്‍ 87 പോയന്‍റ് മുന്നിലാണ് കാള്‍സന്‍. 

No comments:

Post a Comment

english malayalam dictionary

വിരുന്നുകാര്...

poomottu

Dsgd: by ASLAM PADINHARAYIL

Back to TOP