സ്വാഗതം
WELCOME

News Update..

Monday, November 25, 2013

സൂര്യനെല്ലി: പെണ്‍കുട്ടിയുടെ വാദം കേള്‍ക്കാതെ കുര്യനെ കുറ്റവിമുക്തനാക്കിയത് ശരിയല്ല -ഹൈകോടതി Madhyamam News Feeds

സൂര്യനെല്ലി: പെണ്‍കുട്ടിയുടെ വാദം കേള്‍ക്കാതെ കുര്യനെ കുറ്റവിമുക്തനാക്കിയത് ശരിയല്ല -ഹൈകോടതി Madhyamam News Feeds

Link to

സൂര്യനെല്ലി: പെണ്‍കുട്ടിയുടെ വാദം കേള്‍ക്കാതെ കുര്യനെ കുറ്റവിമുക്തനാക്കിയത് ശരിയല്ല -ഹൈകോടതി

Posted: 24 Nov 2013 11:00 PM PST

Image: 
Subtitle: 
കേസ് പൂര്‍ത്തിയാക്കാന്‍ ജനുവരി 31 വരെ സമയം.

കൊച്ചി: സൂര്യനെല്ലി കേസില്‍ പെണ്‍കുട്ടിയുടെ വാദം  കേള്‍ക്കാതെ പി.ജെ കുര്യനെ കുറ്റവിമുക്തനാക്കിയത് ശരിയല്ളെന്ന് ഹൈകോടതി. പി.ജെ. കുര്യനെ കുറ്റവിമുക്തനാക്കിയ ഹൈകോടതി ഉത്തരവ് പുന$പരിശോധിക്കണമെന്ന് ആവശ്യപ്പെട്ടു സൂര്യനെല്ലി പെണ്‍കുട്ടി നല്‍കിയ ഹരജി പരിഗണിക്കുന്നതിനിടെയാണ് ഹൈകോടതിയുടെ നിരീക്ഷണം. ഹരജി പരിഗണിച്ച ജസ്റ്റിസ് ഭവദാസ് കേസ് വിധി പറായാന്‍ മാറ്റിവച്ചു.
 

2006 ല്‍ പി.ജെ കുര്യനെ കുറ്റവിമുക്തനാക്കി ഹൈകോടതി വിധി പറയുമ്പോള്‍ പെണ്‍കുട്ടി കേസില്‍ കക്ഷിയായിരുന്നില്ല. ഇതു ചോദ്യം ചെയ്താണ് പെണ്‍കുട്ടി ഹൈകോടതിയില്‍ പുന$പരിശോധനാ ഹരജി നല്‍കിയത്.
അതേസമയം സൂര്യനെല്ലി കേസുമായി ബന്ധപ്പെട്ട അപ്പീലുകള്‍ തീര്‍പ്പാക്കാന്‍ സുപ്രീംകോടതി കൂടുതല്‍ സമയം അനുവദിച്ചു. നേരത്തെ  സമയപരിധി ഡിസംബര്‍ 31 ആയി നിശ്ചയിച്ചിരുന്നു. ഇതാണ് ജനുവരി 31 വരെ നീട്ടി നീട്ടി നല്‍കിയത്.

ക്രിമിനല്‍ ലോകത്തേക്ക് കുട്ടിക്കുറ്റവാളികളുടെ തള്ളിക്കയറ്റം

Posted: 24 Nov 2013 10:51 PM PST

തൃശൂര്‍: ക്രിമിനല്‍ ലോകത്തേക്ക് കൗമാരക്കാരുടെ തള്ളിക്കയറ്റം. സംസ്ഥാനത്ത് കഴിഞ്ഞ ആറുമാസത്തിനിടെ വിവിധ കേസുകളിലായി  പിടിയിലായവരും നിരീക്ഷണത്തിലുള്ളവരും കൗമാരക്കാരാണ്. ഇവര്‍ക്ക് സഹായം ചെയ്തുകൊടുക്കുന്നത് പൊലീസ് നിരീക്ഷണത്തിലുള്ള ക്രിമിനലുകളും. പൊലീസ് രഹസ്യാന്വേഷണ വിഭാഗത്തിന്‍െറ പഠനത്തിലാണ് ഇക്കാര്യം വ്യക്തമായത്. ഇതത്തേുടര്‍ന്ന് ഗുണ്ടാ ലിസ്റ്റിലുള്ളവരെക്കുറിച്ച് പരിശോധനയും കൗമാരക്കാരെ  നിരീക്ഷിക്കലും പൊലീസ് ശക്തമാക്കി. സംസ്ഥാനത്തെ വിവിധ പൊലീസ് സ്റ്റേഷനുകളില്‍ അടുത്തിടെ അറസ്റ്റിലായവരില്‍ പുതിയ കുറ്റവാളികളായ കൗമാരക്കാര്‍ ഇരുന്നൂറിലധികം പേരുണ്ടെന്നാണ് പൊലീസിന്‍െറ റിപ്പോര്‍ട്ട്. തൃശൂര്‍ ജില്ലയില്‍ മാത്രം 22 കൗമാരക്കാരാണ് മുമ്പ് കേസില്‍ പെടാത്തവരും ക്രിമിനല്‍ പശ്ചാത്തലമില്ലാത്തവരുമായി അറസ്റ്റിലായത്.
ജില്ലയില്‍ കഴിഞ്ഞ ദിവസം അറസ്റ്റിലായ ബൈക്ക് മോഷ്ടിച്ച് മാല പൊട്ടിക്കുന്ന സംഘത്തിലെ നാലുപേരും ആദ്യമായാണ് പൊലീസിന്‍െറ കൈയിലാവുന്നത്. വിദ്യാര്‍ഥികളടങ്ങുന്ന ഈ സംഘത്തെ ചോദ്യം ചെയ്തതില്‍ തൃശൂര്‍, എറണാകുളം ജില്ലകളിലായി നടത്തിയ നിരവധി കവര്‍ച്ചകളെയും പുതിയ കുറ്റവാളികളെയും കുറിച്ച ഞെട്ടിക്കുന്ന വിവരങ്ങളാണ് പൊലീസിന് ലഭിച്ചത്.
ഗുണ്ടാ ആക്ടില്‍ അറസ്റ്റിലായ ശേഷം ഉപാധികളോടെ ജാമ്യത്തിലിറങ്ങിയവര്‍ പുറമെ ശാന്തരാണെങ്കിലും അവരുടെ ഓപറേഷന്‍ നടക്കുന്നുണ്ട്. കഴിഞ്ഞ ദിവസം ഒല്ലൂര്‍ പൊലീസ് പിടികൂടിയ ഗുണ്ടാ നേതാവ് കടവി രഞ്ജിത്തിനെ പുതിയ കുറ്റവാളികളെ നിരീക്ഷിക്കുന്നതിനിടെയാണ് കണ്ടെത്തിയത്. ജില്ലയിലേക്ക് പ്രവേശിക്കരുതെന്ന വ്യവസ്ഥ ജാമ്യത്തിലിറങ്ങി ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ രഞ്ജിത്ത് ലംഘിച്ചുവെന്നാണ് പൊലീസിന് ലഭിച്ച വിവരം. ഇയാളെ ചോദ്യം ചെയ്തതില്‍ കുറ്റകൃത്യമേഖലയിലേക്ക് പുതിയ ആളുകള്‍ എത്തുന്നതിന്‍െറ വിവരം ലഭിച്ചെന്നാണ് പൊലീസ് സൂചിപ്പിച്ചത്.
ആറുമാസത്തിനിടെ വിവിധ കുറ്റകൃത്യങ്ങളിലായി സംസ്ഥാനത്ത് പൊലീസ് പിടികൂടിയ ചെറുപ്പക്കാരില്‍ ഭൂരിപക്ഷവും എന്തെങ്കിലും ക്രിമിനല്‍ പശ്ചാത്തലമുള്ളവരല്ലെന്നാണ് അന്വേഷണത്തില്‍ കണ്ടെത്തിയത്. രാഷ്ട്രീയം, ബ്ളേഡ്പലിശ, വാഹനപിടിത്തം, സ്വര്‍ണം- മയക്കുമരുന്ന് കള്ളക്കടത്ത്, ക്വട്ടേഷന്‍ തുടങ്ങിയ മേഖലകളായിരുന്നു ഗുണ്ടാസംഘങ്ങളുടെ പ്രവര്‍ത്തനമേഖല. ഗുണ്ടകള്‍ തമ്മിലെ ചേരിപ്പോരും പൊലീസിന്‍െറ ശക്തമായ ഇടപെടലും മൂലം ഗുണ്ടാവിളയാട്ടം ഒതുക്കാനായി. അപൂര്‍വമായി പലയിടത്തും ഗുണ്ടകള്‍ തലപൊക്കിയിരുന്നെങ്കിലും അവര്‍ക്ക് അധികം ആയുസ്സുണ്ടായിരുന്നില്ല. ഗുണ്ടാ നിയമം അനുസരിച്ചുള്ള പൊലീസിന്‍െറ ഇടപെടലാണ് ഇതില്‍ വിജയത്തിന് സഹായിച്ചത്. ഇതോടെ ഗുണ്ടാലിസ്റ്റും പൊലീസ് അടച്ചുവെച്ചു. ഇടവേളക്ക് ശേഷം ഗുണ്ടാലിസ്റ്റ് പൊടിതട്ടിയെടുക്കാനും  പുതുതലമുറയെ കര്‍ശനമായി നിരീക്ഷിക്കാനുമാണ് ആഭ്യന്തരവകുപ്പിന്‍െറ നിര്‍ദേശം.

വെള്ളിനേഴി കലാഗ്രാമത്തെ പരിപോഷിപ്പിക്കാന്‍ നടപടി -ടി.കെ.എ. നായര്‍

Posted: 24 Nov 2013 10:29 PM PST

ചെര്‍പ്പുളശ്ശേരി: വെള്ളിനേഴി കലാഗ്രാമത്തെ പ്രോത്സാഹിപ്പിക്കുന്നതിന് നടപടികള്‍ സ്വീകരിക്കുമെന്ന് പ്രധാനമന്ത്രിയുടെ ഉപദേഷ്ടാവ് ടി.കെ.എ. നായര്‍. വെള്ളിനേഴി ഒളപ്പമണ്ണ മന സന്ദര്‍ശിച്ചശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഒളപ്പമണ്ണ മന സംരക്ഷണവും കലാഗ്രാമത്തിന്‍െറ പരിപോഷണവും കേന്ദ്ര സര്‍ക്കാറിന്‍െറ ഏതെങ്കിലും പദ്ധതിയില്‍ ഉള്‍പ്പെടുത്താന്‍ ശ്രമിക്കുമെന്നും അദ്ദേഹം അറിയിച്ചു. വെള്ളിനേഴി കലാഗ്രാമത്തെ യുനെസ്കോയുടെ പൈതൃകഗ്രാമ പട്ടികയില്‍ ഉള്‍പ്പെടുത്തുന്നതിന് ശ്രമിക്കണമെന്ന അപേക്ഷ ഡി.ടി.പി.സി പ്രതിനിധിയും ഒളപ്പമണ്ണ മനയെ സംരക്ഷിക്കുന്നതിന് സാമ്പത്തിക സഹായം അനുവദിക്കണമെന്ന നിവേദനം ഒ.എന്‍. ദാമോദരനും   കൈമാറി. മനയെ കേരള കലാമണ്ഡലത്തിന്‍െറ പഠന-ഗവേഷണ കേന്ദ്രമാക്കണമെന്ന അപേക്ഷ വൈസ് ചാന്‍സലര്‍ പി.എന്‍. സുരേഷിന് നല്‍കി.
വെള്ളിനേഴിയില്‍ മ്യൂസിയം, സാംസ്കാരിക കെട്ടിട സമുച്ചയം തുടങ്ങിയവ നിര്‍മിക്കുമെന്ന് ഡി.ടി.പി.സി സെക്രട്ടറി ടി.എ. പത്മകുമാര്‍ അറിയിച്ചു.
ടി.കെ.എ. നായര്‍ക്ക് ഒളപ്പമണ്ണ മനയില്‍ ഊഷ്മള സ്വീകരണമാണ് ലഭിച്ചത്.
മനയിലെ പഴയ ചീനഭരണി, ബ്രിട്ടീഷ് ഭരണകാലത്തെ അളവുതൂക്ക ഉപകരണങ്ങള്‍, വിളക്കുകള്‍ എന്നിവ സൂക്ഷിക്കുന്ന അറ, ഭദ്രകാളി ക്ഷേത്രം, ഗ്രന്ഥശാല തുടങ്ങിയവ അദ്ദേഹം നോക്കി കണ്ടു. മനയില്‍ കുട്ടികളെ സംഗീതം അഭ്യസിപ്പിക്കുന്ന വെള്ളിനേഴി സുബ്രഹ്മണ്യനോട് ടി.കെ.എ. നായര്‍ കുശലാന്വേഷണവും നടത്തി.
തുടര്‍ന്ന് വെള്ളിനേഴി കലാഗ്രാമത്തെക്കുറിച്ച് വീഡിയോ പ്രസന്‍േറഷന്‍ നടന്നു. ഡി.ടി.പി.സി, അടയ്ക്കാപുത്തൂര്‍ സംസ്കൃതി എന്നിവയുടെ ഉപഹാരം ടി.കെ.എ. നായര്‍ക്ക് സമര്‍പ്പിച്ചു. ഡി.ടി.പി.സി അടയ്ക്കാപുത്തൂര്‍ കണ്ണാടിയാണ് സമ്മാനിച്ചത്. കേരള കലാമണ്ഡലം കല്‍പിത സര്‍വകലാശാല വൈസ് ചാന്‍സലര്‍ പി.എന്‍. സുരേഷ്, ജില്ലാ കലക്ടര്‍ കെ. രാമചന്ദ്രന്‍, ഒ.എന്‍. ദാമോദരന്‍, വെള്ളിനേഴി ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് സി.ജി. ഗീത, വൈസ്  പ്രസിഡന്‍റ് ഹരിദാസ്, ഡി.ടി.പി.സി സെക്രട്ടറി ടി.എ. പത്മകുമാര്‍, വെള്ളിനേഴി അച്യുതന്‍കുട്ടി, മട്ടന്നൂര്‍ ശങ്കരന്‍കുട്ടി തുടങ്ങിയവര്‍ പങ്കെടുത്തു. അടയ്ക്കാപുത്തൂര്‍ സംസ്കൃതിയുടെ ആല്‍മരത്തൈ ഒളപ്പമണ്ണ മനയില്‍ ടി.കെ.എ. നായര്‍ നട്ടു.

നഗരവീഥികളെ ധന്യമാക്കി വിശ്വാസപ്രഖ്യാപന റാലി

Posted: 24 Nov 2013 10:11 PM PST

കൊല്ലം: വിശ്വാസവര്‍ഷാഘോഷങ്ങളുടെ സമാപനംകുറിച്ച് കൊല്ലം രൂപതയുടെ ആഭിമുഖ്യത്തില്‍ ഞായറാഴ്ച നടന്ന വിശ്വാസപ്രഖ്യാപന റാലി നഗരവീഥികളെ അക്ഷരാര്‍ഥത്തില്‍ ധന്യമാക്കി. രൂപതയുടെ പരമാധ്യക്ഷന്‍ ഡോ. സ്റ്റാന്‍ലി റോമന്‍ നയിച്ച റാലിയില്‍ പതാകകളേന്തിയും ക്രിസ്തുരാജ സ്തുതികള്‍ ആലപിച്ചും ശുഭ്രവസ്ത്രധാരികളായ പതിനായിരങ്ങളാണ് അണിനിരന്നത്.
രൂപത വികാരി ജനറല്‍ മോണ്‍ കെ.ജെ. യേശുദാസ്, മോണ്‍. ജയിംസ് പുത്തന്‍പുര, മോണ്‍ ഫെര്‍ഡിനാന്‍റ് കായാവില്‍, സംഘാടക സമിതി ഭാരവാഹികളായ ഫാ. ജോസഫ് ഡാനിയേല്‍, സെബാസ്റ്റ്യന്‍ തോമസ്, ജെയിന്‍ ആന്‍സില്‍ ഫ്രാന്‍സിസ്, സജീവ് പരിശവിള തുടങ്ങിയവര്‍ രൂപതയുടെ ബാനറില്‍ അണിനിരന്ന് റാലി നയിച്ചു. റാലിയുടെ മുന്നോടിയായി നൂറുകണക്കിന് വിശാസികള്‍ പേപ്പല്‍ പതാകകളും വഹിച്ച് ഫ്രാന്‍സിസ് മാര്‍പ്പാപ്പക്കും ക്രിസ്തുരാജനും കൊല്ലം രൂപതക്കും കൊല്ലം മെത്രാനും ജയ്വിളിച്ച് നടത്തിയ ബൈക്ക് റാലി ഏറെ ആകര്‍ഷകമായി.
ബാന്‍ഡ് മേളം, ചെണ്ടമേളം, മുത്തുക്കുടകള്‍, നിശ്ചലദൃശ്യങ്ങള്‍ തുടങ്ങിയവ റാലിക്ക് മികവേകി.
വിവിധ ഇടവകകളില്‍ നിന്നുള്ള വിശ്വാസികള്‍ ഫ്രാന്‍സിസ് മാര്‍പ്പാപ്പയുടെ ചിത്രം ആലേഖനം ചെയ്ത ബാനറുകള്‍ക്ക് പിന്നിലാണ് റാലിയില്‍ അണിചേര്‍ന്നത്. കുരിശുരൂപവും തോളിലേന്തിയ അള്‍ത്താര ബാലകര്‍, വൈദികര്‍, വൈദിക വിദ്യാര്‍ഥികള്‍, സന്യസ്തര്‍, കൊണ്‍ഫ്രിയ സഭ, ജീസസ് യൂത്ത് പ്രവര്‍ത്തകര്‍, രൂപതയുടെ വിവിധ വിദ്യാഭ്യാസസ്ഥാപനങ്ങളിലെ അധ്യാപകരും വിദ്യാര്‍ഥികളുമടക്കമുള്ളവര്‍, നഴ്സിങ് സ്ഥാപനങ്ങളിലെ അധ്യാപകരും വിദ്യാര്‍ഥിനികളുമെല്ലാം വിശ്വാസം പ്രഘോഷിച്ച് റാലിയുടെ ഭാഗമായി.
തങ്കശേരി, തുയ്യം, കടവൂര്‍, കാഞ്ഞിരകോട്, നീണ്ടകര, ചവറ സൗത്ത്, മാവേലിക്കര, കൊട്ടിയം ഫൊറോനകളില്‍ നിന്നുള്ള വിശ്വാസികളാണ് റാലിയില്‍ പങ്കെടുത്തത്.
ക്രിസ്തുരാജ തിരുനാളിന്‍െറയും വിശ്വാസവര്‍ഷ സമാപനത്തിന്‍െറയും ആഘോഷപരിപാടികള്‍ ഇന്നലെ ഉച്ചകഴിഞ്ഞ് 2.30ന് കൊല്ലം ഫാത്തിമ മാതാ തീര്‍ഥാടന കേന്ദ്രത്തില്‍ ദിവ്യകാരുണ്യ ആരാധനയോടെയാണ് ആരംഭിച്ചത്. വൈകുന്നേരം നാലോടെ സെന്‍റ് അലോഷ്യസ് സ്കൂള്‍ അങ്കണത്തില്‍ നിന്നാണ് റാലി തുടങ്ങിയത്. കല്ലുപാലം, ചാമക്കട, ചിന്നക്കട വഴി റാലി സെന്‍റ് ജോസഫ്സ് സ്കൂളില്‍ എത്തി. രാത്രി ഏഴോടെയാണ് റാലിയുടെ അവസാനഭാഗം സ്കൂള്‍ അങ്കണത്തില്‍ എത്തിയത്. തുടര്‍ന്ന് ഫാ.ഫ്രാങ്ക്ളിന്‍ ഫ്രാന്‍സിസ് വിശ്വാസ പ്രഘോഷണം നടത്തി. കൊല്ലം ബിഷപ് ഡോ. സ്റ്റാന്‍ലി റോമന്‍ സമാപന സന്ദേശം നല്‍കി വിശ്വാസ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. സമാപന സമ്മേളനത്തില്‍ വിവിധ സ്കൂളുകളും ഇടവകകളും സ്ഥാപനങ്ങളും കലാപരിപാടികള്‍ അവതരിപ്പിച്ചു.

തിരൂര്‍-കോഴിക്കോട് റൂട്ടില്‍ ബസ് പണിമുടക്ക് തുടരുന്നു

Posted: 24 Nov 2013 10:10 PM PST

Subtitle: 
ഇന്നുമുതല്‍ തിരൂര്‍ താലൂക്കില്‍ സമരം നിലപാടില്‍ മാറ്റമില്ലെന്ന് പൊലീസ് ഇന്ന് ചര്‍ച്ച

പരപ്പനങ്ങാടി: ട്രാഫിക് ചട്ടം ലംഘിച്ചതിന് പൊലീസ് നിയമനടപടി സ്വീകരിച്ചതില്‍ പ്രതിഷേധിച്ച് ബസ് ജീവനക്കാര്‍ തുടങ്ങിയ മിന്നല്‍ പണിമുടക്കിന് മൂന്ന് ദിവസമായിട്ടും പരിഹാരമായില്ല. തിരൂര്‍, കോഴിക്കോട്, ചാലിയം, യൂനിവേഴ്സിറ്റി റൂട്ടിലാണ് ബസുകള്‍ പ്രതിഷേധ പണിമുടക്ക് നടത്തുന്നത്. ഇതേതുടര്‍ന്ന് യാത്രക്കാര്‍ പ്രയാസപ്പെടുകയാണ്. പാരലല്‍ സര്‍വീസും കെ.എസ്.ആര്‍.ടി.സി.യേയുമാണ് യാത്രക്കാര്‍ ആശ്രയിക്കുന്നത്. അതേസമയം, തിങ്കളാഴ്ച വൈകുന്നേരം താനൂര്‍ സി.ഐ ഓഫിസില്‍ ബന്ധപ്പെട്ടവരുമായി ചര്‍ച്ച നടത്തുമെന്ന് തിരൂര്‍ ഡിവൈ.എസ്.പി സെയ്താലി പറഞ്ഞു.
എന്നാല്‍, ബസ് ജീവനക്കാരുടെ മിന്നല്‍ പണിമുടക്ക് നീതീകരിക്കാനാകില്ലെന്നും നിയമലംഘകര്‍ക്കെതിരെയുള്ള പൊലീസ് നടപടി സ്വാഭാവികമാണെന്നും പ്രൈവറ്റ് ബസ് ഓണേഴ്സ് അസോസിയേഷന്‍ താലൂക്ക് പ്രസിഡന്‍റ് എ.ടി. അലി പറഞ്ഞു. സമരം തുടരുമെന്നും തിങ്കളാഴ്ച പൊലീസ് നടത്തുമെന്ന് പറയുന്ന ചര്‍ച്ചയിലേക്ക് തങ്ങളെ ക്ഷണിച്ചിട്ടില്ലെന്നും ബസ് ജീവനക്കാരുടെ കോഓഡിനേഷന്‍ കമ്മിറ്റി നേതാക്കള്‍ പറഞ്ഞു.
തിങ്കളാഴ്ച സമരം പരപ്പനങ്ങാടി-തിരൂര്‍-കോഴിക്കോട് റൂട്ടിന് പുറമെ തിരൂര്‍ താലൂക്കിലേക്ക് മുഴുവന്‍ വ്യാപിപ്പിക്കുമെന്ന് തൊഴിലാളി നേതാക്കളായ ജാഫര്‍ ഉണ്ണിയാല്‍, മൂസ പരന്നേക്കാട്, ദിനേശന്‍, റാഫി തിരൂര്‍, സച്ചിദാനന്ദന്‍, സുന്ദരന്‍ തിരൂര്‍ എന്നിവര്‍ അറിയിച്ചു. ബസ് ജീവനക്കാര്‍ റോഡോരത്തുവെച്ച് യാത്രക്കാരെ കയറ്റിയിറക്കിയതില്‍ ഒരു നിയമലംഘനവുമില്ലെന്നും നാല് ബസ് ജീവനക്കാരെ ജയിലിലടച്ച നടപടി അപലപനീയമാണെന്നും നേതാക്കള്‍ പറഞ്ഞു. അതേസമയം, നിയമപരമായ നടപടിക്രമങ്ങളില്‍ ആരോടും വിവേചനമോ വിട്ടുവീഴ്ചയോ ഇല്ലെന്നും നിലപാട് കര്‍ശനമായി തുടരുമെന്നും എസ്.ഐ അനില്‍കുമാര്‍ പറഞ്ഞു. തിരൂര്‍-കോഴിക്കോട് റൂട്ടിലെ യാത്രക്കാര്‍ക്ക് സൗകര്യപ്രദമായ ഒരു ബസ്സ്റ്റാന്‍ഡ് പണിയാന്‍ ഗ്രാമപഞ്ചായത്തിന് കഴിയാത്തതാണ് പ്രശ്നങ്ങളുടെ മര്‍മമെന്നും യഥാര്‍ഥ പ്രതി പഞ്ചായത്താണെന്നും ഐ.എന്‍.ടി.യു.സി മണ്ഡലം പ്രസിഡന്‍റ് അബ്ദുല്‍ ഗഫൂര്‍ സി.പി.എം നേതാവ് എം.പി. സുരേഷ്ബാബു എന്നിവര്‍ പറഞ്ഞു.
സമരത്തിന് എത്രയും പെട്ടെന്ന് പരിഹാരമുണ്ടാക്കണമെന്ന് എസ്.ടി.യു നേതാവ് ടി. കുട്ട്യാവ, സി.പി.എം എല്‍.സി സെക്രട്ടറി എം.പി. സുരേഷ്ബാബു, വെല്‍ഫെയര്‍ പാര്‍ട്ടി പഞ്ചായത്ത് പ്രസിഡന്‍റ് ഇ.എസ്. സുലൈമാന്‍ എന്നിവര്‍ ആവശ്യപ്പെട്ടു. ബസ് സമരം വിദ്യാര്‍ഥികളെയും ദുരിതത്തിലാക്കിയിരിക്കുകയാണ്.
 

‘കര്‍ഷകരെ വലക്കുന്ന ശിപാര്‍ശകള്‍ ഒഴിവാക്കണം’

Posted: 24 Nov 2013 09:58 PM PST

Subtitle: 
സമിതിക്ക് മുമ്പാകെ റോഷി അഗസ്റ്റ്യന്‍ എം.എല്‍.എ കത്തുനല്‍കി

ചെറുതോണി: കസ്തൂരിരംഗന്‍  റിപ്പോര്‍ട്ട് അംഗീകരിച്ചും പശ്ചിമഘട്ട  മേഖലയെ പരിസ്ഥിതി ദുര്‍ബല പ്രദേശമാക്കിക്കൊണ്ടുള്ള കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിന്‍െറ വിജ്ഞാപനം ഇടുക്കി ജില്ലയിലെ ജനജീവിതം ദുസ്സഹമാക്കുമെന്ന് റോഷി അഗസ്റ്റ്യന്‍ എം.എല്‍.എ. കര്‍ഷകര്‍ക്ക് ദോഷംചെയ്യുന്ന ശിപാര്‍ശകള്‍ റിപ്പോര്‍ട്ടില്‍നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട്  സംസ്ഥാന സര്‍ക്കാര്‍ നിയോഗിച്ച വിദഗ്ധ സമിതി മുമ്പാകെ എം.എല്‍.എ കത്തുനല്‍കി.
ഇ.എസ്.എ പ്രഖ്യാപിക്കുന്ന  പ്രദേശങ്ങളില്‍  ജനജീവിതം ദുസ്സഹമാകുമെന്നതിനാലാണ് ഗാഡ്ഗില്‍ റിപ്പോര്‍ട്ടില്‍ ഭേദഗതി വരുത്തി കസ്തൂരിരംഗന്‍ പശ്ചിമഘട്ടത്തെ കള്‍ച്ചറല്‍ ഭൂപ്രദേശമെന്നും നാച്വറല്‍ ഭൂപ്രദേശമെന്നും രണ്ടായി തിരിച്ചത്. സ്വാഭാവിക ഭൂപ്രദേശത്തെ ചതുരശ്ര കിലോമീറ്റര്‍ ചുറ്റളവില്‍ 100ല്‍ കൂടുതല്‍ ആളുകള്‍ ഇല്ലാത്തതാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതില്‍നിന്നുതന്നെ ഇ.എസ്.എ ആയ സ്വാഭാവിക ഭൂപ്രദേശത്ത് ജനജീവിതം ദുസ്സഹമാണെന്ന് വ്യക്തമാണ്. ഇതിനാലാണ് ഊട്ടി, കൊടൈക്കനാല്‍, നീലഗിരി, കുടക് തുടങ്ങിയ സ്ഥലങ്ങളിലെ ഭൂരിഭാഗം പ്രദേശങ്ങളും ഇ.എസ്.എ യില്‍നിന്ന് ഒഴിവാക്കിയത്.
ഇടുക്കി ജില്ലയിലെ 48 വില്ലേജുകളിലും പുതിയ വിജ്ഞാപനത്തോടെ വികസന പ്രവര്‍ത്തനങ്ങള്‍ക്കെല്ലാം മൊറട്ടോറിയം പ്രഖ്യാപിക്കപ്പെടും. വിജ്ഞാപനം വന്ന് രണ്ടുവര്‍ഷത്തിനകം സംസ്ഥാന സര്‍ക്കാര്‍ മാസ്റ്റര്‍ പ്ളാന്‍ തയാറാക്കി കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിന് നല്‍കണം. ഇത് അംഗീകരിച്ചാല്‍ മാത്രമെ വികസന പ്രവര്‍ത്തനങ്ങള്‍ ഇവിടെ സാധ്യമാവൂ.
2006ലെ പരിസ്ഥിതി  ആഘാത നിയമവും ഇവിടെ ബാധകമാകും. ഇതനുസരിച്ച് വികസന പദ്ധതികളെ എ, ബി ഗണങ്ങളായി തിരിച്ചിട്ടുണ്ട്. എ ഗണത്തില്‍പ്പെടുന്ന വന്‍ പദ്ധതികള്‍ക്ക് കേന്ദ്ര സര്‍ക്കാറിന്‍െറയും ബി ഗണത്തിലുള്ളവക്ക് സംസ്ഥാന സര്‍ക്കാറിന്‍െറയും പരിസ്ഥിതി ആഘാത പഠന റിപ്പോര്‍ട്ട് ആവശ്യമാണ്.
പശ്ചിമഘട്ടത്തെ ആറ് സംസ്ഥാനങ്ങളില്‍ അഞ്ചിടത്തും സാംസ്കാരിക ഭൂപ്രദേശത്തിനേക്കാള്‍ കുറഞ്ഞ വിസ്തൃതിയാണ് സ്വാഭാവിക ഭൂപ്രദേശത്തിനുള്ളത്. കേരളത്തില്‍ മാത്രം ഇതു തിരിച്ചാണ്. ഇവിടെ 12447 ചതുരശ്ര കിലോമീറ്റര്‍ കള്‍ച്ചറല്‍ പ്രദേശവും 13108 ചതുരശ്ര കിലോമീറ്റര്‍ നാച്വറല്‍ ഭൂപ്രദേശവുമാണ് റിപ്പോര്‍ട്ടിലുള്ളത്. പാല്‍ സംസ്കരണ കേന്ദ്രങ്ങള്‍, അറവുശാലകള്‍ തുടങ്ങിയവ നിരോധിക്കപ്പെടുന്ന റെഡ് കാറ്റഗറിയിലും ഭക്ഷ്യ, പച്ചക്കറി സംസ്കരണ കേന്ദ്രങ്ങള്‍, മത്സ്യസംസ്കരണ കേന്ദ്രങ്ങള്‍, കാപ്പി, പള്‍പ്പിങ്ങും സംസ്കരണവും, ധാന്യമില്ലുകള്‍, ടയര്‍ റിട്രേഡ്, വാഹന വര്‍ഷോപ് സര്‍വീസ് സെന്‍ററുകള്‍, ഭക്ഷണ ശാലകള്‍ തുടങ്ങിയവ സമീപ ഭാവിയില്‍ നിരോധിക്കാവുന്നവ ഓറഞ്ച് കാറ്റഗറിയിലുമാണ്.
മൂന്നില്‍ കൂടുതല്‍  പശുക്കളെ വളര്‍ത്തുന്നതും 30ല്‍ കൂടുതല്‍ കോഴികളെ വളര്‍ത്തുന്നതും മലിനീകരണ നിയമത്തിന്‍ കീഴില്‍ ഓറഞ്ച് ഗണത്തില്‍പ്പെടും. ഇത് ഫലത്തില്‍  മലയോര കര്‍ഷകരുടെ ജീവിതം ദുഷ്കരമാക്കും. ജില്ലയലെ ജനവാസ കേന്ദ്രങ്ങളെ ഇ.എസ്.എയുടെ പരിധിയില്‍ കൊണ്ടുവരുന്നത് ഭരണഘടന നല്‍കുന്ന തുല്യനീതിയുടെ നിഷേധമാണെന്നും റോഷി അഗസ്റ്റ്യന്‍ എം.എല്‍.എ നിവേദനത്തില്‍ വ്യക്തമാക്കി.
 

പത്തനംതിട്ട ഡിപ്പോയില്‍ ജീവനക്കാരുടെ മിന്നല്‍ പണിമുടക്ക്; ശബരിമല തീര്‍ഥാടകര്‍ വലഞ്ഞു

Posted: 24 Nov 2013 09:56 PM PST

Subtitle: 
ഗവി ബസ് ഡ്രൈവറെ സ്വകാര്യ ബസ് ജീവനക്കാര്‍ മര്‍ദിച്ചു, മൂന്ന് പേര്‍ അറസ്റ്റില്‍

ചിറ്റാര്‍: സമയക്രമം പാലിച്ചില്ലെന്ന് ആരോപിച്ച് പത്തനംതിട്ട- ഗവി റൂട്ടിലോടുന്ന കെ.എസ്.ആര്‍.ടി.സി ബസ് തടഞ്ഞ് ഡ്രൈവറെ സ്വകാര്യബസ് ജീവനക്കാര്‍ മര്‍ദിച്ചു. സംഭവത്തില്‍ പ്രതിഷേധിച്ച് പത്തനംതിട്ട ഡിപ്പോയില്‍ ജീവനക്കാര്‍ ഒരു മണിക്കൂര്‍ പണിമുടക്കി.  മൂന്ന് സ്വകാര്യബസ് ജീവനക്കാരെ പത്തനംതിട്ട, ചിറ്റാര്‍ പോലീസ് അറസ്റ്റു ചെയ്തു.
പത്തനംതിട്ട- ഗവി റൂട്ടിലോടുന്ന വേണാട് ബസിലെ ഡ്രൈവറായ തണ്ണിത്തോട് പൊന്‍പുഴ, കൂത്താടിമണ്ണില്‍ സുഭാഷിനാണ് (34) മര്‍ദനമേറ്റത്. ഞായറാഴ്ച രാവിലെ  എട്ടിന്  സീതത്തോട്ടിലാണ് സംഭവം. സമയത്തെച്ചൊല്ലിയുളള തര്‍ക്കമാണ് അക്രമത്തില്‍ കലാശിച്ചത്.
 രാവിലെ 6.20 ന്  പുറപ്പെടുന്ന കെ.എസ്.ആര്‍.ടി.സി യും 6.25 ന് പുറപ്പെടുന്ന സ്വകാര്യബസും ഏറെനാളായി സമയത്തെച്ചൊല്ലിതര്‍ക്കമുണ്ടായിരുന്നു. ഞായറാഴ്ച ഇരുബസും ഒരേസമയത്താണ് പുറപ്പെട്ടത്. വടശേരിക്കര മുതല്‍ ബസ് ജീവനക്കാര്‍ തമ്മില്‍ തര്‍ക്കമായി.  കൂരാന്‍പാറയില്‍  എത്തിയപ്പോള്‍  വാക്കേറ്റമുണ്ടായി. സീതത്തോട്ടില്‍ ഗവി ബസിനെ  മറികടന്ന സ്വകാര്യ ബസ് റോഡിന് കുറുകേയിട്ടു. ഡ്രൈവര്‍ ഷിനു, കണ്ടക്ടര്‍ റോബിന്‍മാത്യു എന്നിവര്‍ ചേര്‍ന്ന്  കെ.എസ്.ആര്‍.ടി.സി ഡ്രൈവര്‍ സുഭാഷിനെ അസഭ്യം പറയുകയും ബസില്‍നിന്ന് പിടിച്ചിറക്കി മര്‍ദിക്കുകയുമായിരുന്നുവെന്ന്  പൊലിസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു.
 യാത്രക്കാര്‍ ഇടപെട്ടതോടെ സ്വകാര്യ ബസ് ജീവനക്കാര്‍ കടന്നു. പരിക്കേറ്റ സുഭാഷിനെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതോടെ അടുത്ത ബസില്‍ പത്തനംതിട്ട ഡിപ്പോയില്‍ എത്തിച്ച് ജനറല്‍  ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആങ്ങമൂഴിയില്‍നിന്ന് മറ്റൊരു ഡ്രൈവര്‍എത്തി ഗവി സര്‍വീസ് പുനരാരംഭിച്ചു.    സംഭവത്തില്‍ പ്രതിഷേധിച്ച് രാവിലെ പത്തോടെ പത്തനംതിട്ട ഡിപ്പോയില്‍ ജീവനക്കാര്‍ മിന്നല്‍ പണിമുടക്ക് നടത്തി.
ശബരിമല തീര്‍ഥാടകര്‍ ഉള്‍പ്പെടെ യാത്രക്കാര്‍ വലഞ്ഞു. പെട്ടെന്ന് പ്രഖ്യാപിച്ച പണിമുടക്ക് കണ്ട് കോര്‍പ്പറേഷന്‍െറ ഉയര്‍ന്ന ഉദ്യോഗസ്ഥരും അമ്പരന്നു. പത്തനംതിട്ട ഡിവൈ.എസ്.പിയുടെ നേതൃത്വത്തില്‍ ജീവനക്കാരുമായി ചര്‍ച്ച നടത്തി മര്‍ദിച്ചവര്‍ക്കെതിരെ നടപടിയെടുക്കാമെന്ന ഉറപ്പിന്‍മേലാണ് സമരം പിന്‍വലിച്ചത്. ഉച്ചയോടെ പ്രത്യേക പൊലീസ് സംഘം   പുല്ലംപളളി ബസിലെ ജീവനക്കാരായ ഷിബു, റോബിന്‍, മനോജ് എന്നിവരെ അറസ്റ്റ് ചെയ്തു. പ്രതികളെ റിമാന്‍ഡ് ചെയ്തു.
 

ജില്ലയുടെ ശ്രദ്ധ ഇന്ന് നാഗമ്പടത്തേക്ക്

Posted: 24 Nov 2013 09:50 PM PST

Subtitle: 
രണ്ടുസ്ഥലങ്ങളില്‍നിന്ന് മാര്‍ച്ച്; കരുതലോടെ ആഭ്യന്തരവകുപ്പ്

കോട്ടയം: ജില്ലയുടെ മുഴുവന്‍ ശ്രദ്ധയും ഇന്ന് നാഗമ്പടത്തേക്ക്. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ജനങ്ങളുടെ പരാതി കേള്‍ക്കാന്‍ തിങ്കളാഴ്ച രാവിലെ ഒമ്പതിന് എത്തുമ്പോള്‍ ശക്തമായ ജനകീയ പ്രതിഷേധമുയര്‍ത്താനുള്ള ഒരുക്കത്തിലാണ് പ്രതിപക്ഷമായ എല്‍.ഡി.എഫ്.
കണ്ണൂരില്‍ മുഖ്യമന്ത്രിക്ക് കല്ലേറില്‍ പരിക്കേറ്റ സംഭവത്തിന്‍െറ പശ്ചാത്തലത്തില്‍ ഇനിയൊരു ചീത്തപ്പേര് ഏല്‍ക്കാതിരിക്കാന്‍ അതീവശ്രദ്ധയിലാണ് ആഭ്യന്തരവകുപ്പ്. കല്ലേറില്‍ ഉമ്മന്‍ ചാണ്ടിക്കാണ് പ്രത്യക്ഷ പരിക്കേറ്റതെങ്കിലും പരോക്ഷമായി പരിക്കിന്‍െറ ആഘാതം എല്‍.ഡി.എഫിനായിരുന്നു. ഈ സംഭവം മുഖ്യമന്ത്രിക്കെതിരെ നടന്നുവന്ന പ്രതിഷേധ സമരങ്ങളുടെ മുനയൊടിച്ചതായി എല്‍.ഡി.എഫിലെ കക്ഷികള്‍തന്നെ അഭിപ്രായപ്പെട്ടിരുന്നു. അതുകൊണ്ടു തന്നെ പക്വതയോടെയുള്ള പ്രതിഷേധത്തിനായിരിക്കും സാധ്യത. എന്നാല്‍, സുരക്ഷക്കായി ജില്ലാ പൊലിസ് മേധാവിയുടെ നേതൃത്വത്തില്‍ 1500 പേരുടെ സേനയാണ് തയാറായിരിക്കുന്നത്.
ജില്ലയിലെ മുഴുവന്‍ സ്റ്റേഷനുകളിലെയും സി.ഐ, എസ്.ഐമാര്‍ക്ക് ചുമതല നല്‍കിയിട്ടുണ്ട്. വിവിധ സ്റ്റേഷന്‍ ഡ്യൂട്ടികള്‍ നല്‍കിയിരുന്ന ക്യാമ്പ് പൊലീസുകാരെ മുഖ്യമന്ത്രിയുടെ സുക്ഷക്കായി തിരിച്ചു വിളിച്ചുകഴിഞ്ഞു. 200 വനിത പൊലിസുകാരും ഉണ്ടാകും.
മഫ്തിയില്‍ സ്റ്റേഡിയത്തിനകത്തും പുറത്തും രഹസ്യപൊലീസുമുണ്ടാവും. 5000 പേര്‍ പ്രതിഷേധസമരത്തിനെത്തുമെന്നാണ് ഇന്‍റലിജന്‍സ് റിപ്പോര്‍ട്ട്. രാവിലെ 8.30 ന്് രണ്ടു കേന്ദ്രങ്ങളില്‍ നിന്നാണ് സ്റ്റേഡിയത്തിലേക്ക് മാര്‍ച്ച്. കോട്ടയം, ചങ്ങനാശേരി, പുതുപ്പള്ളി, കാഞ്ഞിരപ്പള്ളി, മുണ്ടക്കയം, കൂട്ടിക്കല്‍, കോരുത്തോട്, പാറത്തോട്, എലിക്കുളം എന്നിവിടങ്ങളില്‍ നിന്നുള്ളവര്‍ എന്‍.ജി.ഒ യൂനിയന്‍ ഓഫിസിന് സമീപത്തു നിന്നും മറ്റ് സ്ഥലങ്ങളില്‍ നിന്നുള്ളവര്‍ പഴയ പൊലീസ് സ്റ്റേഷന്‍ മൈതാനിയില്‍ നിന്നും മാര്‍ച്ച് തുടങ്ങും. നാഗമ്പടത്തെത്തുന്നതിന് മുമ്പ് തടയാനാണ് പൊലീസിന്‍െറ തീരുമാനം. സമരത്തിന് മുമ്പുതന്നെ മുഖ്യമന്ത്രിയെയും മന്ത്രിമാരെയും സ്റ്റേഡിയത്തിനുള്ളില്‍ എത്തിക്കാനാണ് പൊലീസിന്‍െറ തീരുമാനം.

പൂര്‍വകാല സിനിമാപ്രവര്‍ത്തകരെ ആദരിച്ചു

Posted: 24 Nov 2013 09:37 PM PST

Subtitle: 
'കൊച്ചിയുടെ വെള്ളിത്തിരയ്ക്ക് ആദരവ്'

കൊച്ചി: കൊച്ചിയുടെ വെള്ളിത്തിരയെ ആദരിച്ചപ്പോള്‍ അത് മലയാള സിനിമക്കുള്ള ആദരവായി. കൊച്ചിയെ ഒഴിച്ചുനിര്‍ത്തി മലയാളത്തിന് മറ്റൊരു വെള്ളിത്തിരയില്ലെന്ന് ചടങ്ങില്‍ പങ്കെടുത്തവര്‍. മുന്‍നിരക്കാര്‍ക്കൊപ്പം പിന്നാമ്പുറത്തും സിനിമക്ക് ജീവിതം മാറ്റിവെച്ചവര്‍ക്കും പ്രണാമമര്‍പ്പിച്ച് സംഘടിപ്പിച്ച ‘കൊച്ചിയുടെ വെള്ളിത്തിരയ്ക്ക് ആദരവ്’  ചടങ്ങാണ് ശ്രദ്ധേയമായത്. ഇന്ത്യന്‍ സിനിമയുടെ 100ാം വാര്‍ഷികത്തോടനുബന്ധിച്ച് ഡി.വൈ.എഫ്.ഐ എറണാകുളം ബ്ളോക് കമ്മിറ്റിക്ക് കീഴിലുള്ള പോള്‍സണ്‍ സ്റ്റഡി സെന്‍ററാണ് പരിപാടി  സംഘിപ്പിച്ചത്.രാഘവന്‍ മാസ്റ്റര്‍ക്ക് അശ്രുപൂജയായി ശ്യാമസുന്ദര പുഷ്പമേ... എന്ന ഗാനം പുല്ലാംകുഴലില്‍ ആലപിച്ചാണ് ചടങ്ങിന് തുടക്കമായത്. ‘സോജാ രാജകുമാരി...’ പ്രായം തളര്‍ത്താത്ത ശബ്ദത്തില്‍ പാപ്പുക്കുട്ടി ഭാഗവതര്‍ പാടിയപ്പോള്‍ സദസ്സില്‍ കരഘോഷമുയര്‍ന്നു. പഴയതലമുറക്ക് ഹിറ്റായിരുന്ന ‘ഓപണ്‍ സീറോ വന്നു കഴിഞ്ഞാല്‍...’ പാട്ടുപാടി സീറോ ബാബുവും സദസ്സിനെ ഉണര്‍ത്തി.സംവിധായകന്‍ സിബി മലയില്‍ ചടങ്ങ് ഉദ്ഘാടനം ചെയ്തു. പാപ്പുക്കുട്ടി ഭാഗവതര്‍, മലയാള സിനിമയുടെ തുടക്കക്കാരില്‍ പ്രമുഖനായ നിര്‍മാതാവ്  ടി.ഇ. വാസുദേവന്‍, അര്‍ജുനന്‍ മാസ്റ്റര്‍, നടന്മാരായ പറവൂര്‍ ഭരതന്‍, ജനാര്‍ദനന്‍, മലയാള സിനിമയെ ആധുനികവത്കരിച്ച സംവിധായകന്‍ കെ. ജി. ജോര്‍ജ്, തിരക്കഥാകൃത്ത് ജോണ്‍പോള്‍, സംവിധായകന്‍ മോഹന്‍, സംഗീത സംവിധായകന്‍ ജെറി അമല്‍ദേവ്, പരസ്യകലയില്‍ അഗ്രഗണ്യനായ ആര്‍ടിസ്റ്റ് കിത്തോ, ഗായകന്‍ സീറോ ബാബു(കെ.ജെ .ബാബു), സിനിമ-മാധ്യമ നിരൂപകന്‍ ഡോ. സെബാസ്റ്റ്യന്‍ പോള്‍, സിനിമ ജേണലിസ്റ്റ് കെ.കെ. മേനോന്‍, ഹിന്ദി സിനിമ കേരളത്തിന് പരിചയപ്പെടുത്തിയ ഹിമ്മത്ത് സിങ്, ആദ്യകാല നടി ശൈലജ കൃഷ്ണദാസ്, ഫിലിം ഡെസ്പാച്ച് ഇ.എം. ജയിംസ് എന്നിവരെയാണ് ചടങ്ങില്‍ പൊന്നടയണിയിച്ചത്. മെമന്‍േറായും നല്‍കി. പറവൂര്‍ ഭരതന്‍െറ സന്ദേശം ചടങ്ങില്‍ വായിച്ചു. പ്രമുഖര്‍ക്കൊപ്പം മലയാള സിനിമയുടെ പിന്നാമ്പുറത്തുള്ളവരെയും ആദരിച്ചത് മാതൃകയാണെന്ന് മുഖ്യപ്രഭാഷണം നടത്തിയ പി. രാജീവ് എം.പി പറഞ്ഞു. മലയാള സിനിമയുടെ വേരുകള്‍ കണ്ടെത്താനും അവരെ ആദരിക്കാനും ചടങ്ങ് സഹായകരമായതായി ജോണ്‍ പോള്‍ പറഞ്ഞു. ചുരുങ്ങിയ ചെലവില്‍ ചിത്രങ്ങളെടുക്കാന്‍ പുതുതലമുറ നിര്‍മാതാക്കള്‍ തയാറാകണമെന്ന് ടി.ഇ. വാസുദേവന്‍ അഭിപ്രായപ്പെട്ടു. 99,000 രൂപക്ക് ‘കുട്ടിക്കുപ്പായം’ സിനിമയെടുത്ത കാര്യം അദ്ദേഹം ഓര്‍മിപ്പിച്ചു. സിനിമ തിയറ്ററിലെ പ്രദര്‍ശനം മാത്രമല്ല. നല്ല കഥയും  മികച്ച സ്ക്രിപ്റ്റുമുണ്ടെങ്കില്‍ സിനിമ വിജയിക്കുമെന്നും അദ്ദേഹം പറഞ്ഞു. കൊച്ചിയെ മാറ്റിനിര്‍ത്തി മലയാളത്തിന് മറ്റൊരു വെള്ളിത്തിരയില്ലെന്ന് ഡോ. സെബാസ്റ്റ്യന്‍ പോള്‍ പറഞ്ഞു. മലയാള സിനിമയുമായി അടുക്കാന്‍ ശ്രമിച്ചെങ്കിലും അകലം പാലിച്ചു. മുന്‍കാലങ്ങളില്‍ സിനിമ നിലനിന്നത് പത്രങ്ങളുടെ സഹായത്താലായിരുന്നു.
ഇന്ന് ടെലിവിഷനും മറ്റ് മാധ്യമങ്ങളും സിനിമയെ പ്രചാരത്തിലാക്കിയെന്നും അദ്ദേഹം പറഞ്ഞു. സ്വാഗതസംഘം ചെയര്‍മാന്‍ പി.ആര്‍. റെനീഷ് അധ്യക്ഷത വഹിച്ചു. പോള്‍സണ്‍ സ്റ്റഡി സെന്‍റര്‍ ചെയര്‍മാന്‍ ആര്‍. നിഷാദ് ബാബു സ്വാഗതവും ടി.എസ്.നൗഷാദ് നന്ദിയും പറഞ്ഞു. സംവിധായകരായ എ. കെ. സാജന്‍, മെക്കാര്‍ട്ടിന്‍, സോഹന്‍ സീനുലാല്‍, സംഗീത സംവിധായകരായ ബേണി, രാഹുല്‍രാജ്, നടന്‍ നിഷാന്ത് സാഗര്‍, നിഖില്‍ കെ. മേനോന്‍, ദിലേഷ് നായര്‍ എന്നിവരും ചടങ്ങില്‍ പങ്കെടുത്തു. സംഗീത സംവിധായകന്‍ കെ.എം. ഉദയന്‍ നയിച്ച ഗാനസന്ധ്യയും അരങ്ങേറി.
 

മഅ്ദനിയെ ആശുപത്രിയിലേക്ക് മാറ്റണമെന്ന സുപ്രീംകോടതി ഉത്തരവ് നടപ്പിലാക്കിയില്ല

Posted: 24 Nov 2013 09:28 PM PST

Image: 

ബംഗളൂരു: മഅ്ദനിക്ക് മണിപ്പാല്‍ ആശുപത്രിയില്‍ വിദഗ്ധ ചികിത്സ നല്‍കണമെന്ന സുപ്രീംകോടതി ഉത്തരവ് നടപ്പാക്കാത്തതിനെതിരെ വിചാരണ കോടതിയെ സമീപിക്കുമെന്ന് മഅ്ദനിയുടെ അഭിഭാഷകന്‍.

ബംഗളൂരു സ്ഫോടന കേസില്‍ വിചാരണ കാത്ത് പരപ്പന അഗ്രഹാര ജയിലില്‍ കഴിയുന്ന പി.ഡി.പി ചെയര്‍മാന്‍ അബ്ദുന്നാസിര്‍ മഅ്ദനിക്ക്  മണിപ്പാലില്‍ വിദഗ്ധ ചികിത്സ നല്‍കാന്‍ കഴിഞ്ഞ ആഴ്ചയാണ് സുപ്രീംകോടതി ഉത്തരവിട്ടത്.  എന്നാല്‍ ഉത്തരവ് കര്‍ണാടക സര്‍ക്കാര്‍ ഇതുവരെ നടപ്പാക്കിയിട്ടില്ളെന്ന് മഅ്ദനിയുടെ അഭിഭാഷകന്‍ പറഞ്ഞു. ദിവസം കഴിയുന്തോറും മഅ്ദനിയുടെ ആരോഗ്യ നില വഷളായിക്കൊണ്ടിരിക്കുകയാണെന്നും അഭിഭാഷകന്‍ വ്യക്തമാക്കി.

No comments:

Post a Comment

english malayalam dictionary

വിരുന്നുകാര്...

poomottu

Dsgd: by ASLAM PADINHARAYIL

Back to TOP