സ്വാഗതം
WELCOME

News Update..

Thursday, November 28, 2013

അന്വേഷണ സംഘത്തിനു മുന്നില്‍ ഹാജരാകാന്‍ തേജ്പാല്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ടു Madhyamam News Feeds

അന്വേഷണ സംഘത്തിനു മുന്നില്‍ ഹാജരാകാന്‍ തേജ്പാല്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ടു Madhyamam News Feeds

Link to

അന്വേഷണ സംഘത്തിനു മുന്നില്‍ ഹാജരാകാന്‍ തേജ്പാല്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ടു

Posted: 28 Nov 2013 01:09 AM PST

Image: 

ന്യൂദല്‍ഹി: സഹപത്രപ്രവര്‍ത്തകയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ തെഹല്‍ക മുന്‍ എഡിറ്റര്‍  തരുണ്‍ തേജ്പാല്‍ അന്വേഷണ സംഘത്തിനു മുന്നില്‍ ഹാജരാകാന്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ടു.   ഗോവ പോലീസിന്‍്റെ ക്രൈംബ്രാഞ്ച് വിഭാഗത്തിനാണ് തരുണ്‍ തേജ്പാല്‍ രണ്ടു ദിവസം കൂടി ആവശ്യപ്പെട്ട് കത്ത് നല്‍കിയിരിക്കുന്നത്. ശനിയാഴ്ച ഉച്ചക്ക് മുമ്പായി അന്വേഷണ സംഘത്തിനു മുമ്പ് നേരിട്ട് ഹാജരാകാമെന്നും അന്വേഷണവുമായി പൂര്‍ണമായും സഹികരിക്കുമെന്നും തേജ്പാല്‍ അറിയിച്ചു.
ചോദ്യം ചെയ്യിനായി വ്യാഴാഴ്ച മൂന്നിന് മുമ്പ് ഹാജരാകണമെന്ന് തരുണ്‍ തേജ്പാലിനോട് ഗോവ പോലീസ് ആവശ്യപ്പെട്ടിരുന്നു. ചോദ്യം ചെയ്തതിനുശേഷം തേജ്പാലിനെ അറസ്റ്റ് ചെയ്തേക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. നാളെയാണ് തേജ്പാലിന്‍്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍  ദല്‍ഹി ഹൈകോടതി വിധി പറയുക.

സ്റ്റാന്‍ഡിങ് കമ്മിറ്റി അധ്യക്ഷയില്ലാതെ പഠനയാത്ര; ഭരണപക്ഷത്ത് ഭിന്നത

Posted: 28 Nov 2013 12:37 AM PST

Subtitle: 
കോര്‍പറേഷന്‍ കൗണ്‍സില്‍

കൊല്ലം:  ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി അധ്യക്ഷയെ അവഗണിച്ച് മാലിന്യസംസ്കരണ സംവിധാനത്തെക്കുറിച്ച് പഠിക്കാന്‍ നടത്തിയ യാത്രയെച്ചൊല്ലി കോര്‍പറേഷന്‍ കൗണ്‍സിലില്‍ വിവാദം. ചെയര്‍പേഴ്സണ്‍ സി.പി.ഐയിലെ ഹണി ബഞ്ചമിന്‍ അറിയാതെ സി.പി.എമ്മിലെ എസ്. ജയനും ഹെല്‍ത്ത് വിഭാഗം ഉദ്യോഗസ്ഥനും ചേര്‍ത്തലയിലേക്ക് നടത്തിയ യാത്രയാണ് ഭരണപക്ഷത്തെ ഭിന്നസ്വരത്തിനും ബഹളത്തിനും ഇടയാക്കിയത്. സ്റ്റാന്‍ഡിങ്  കമ്മിറ്റി അധ്യക്ഷസ്ഥാനത്ത് പാവയായി തുടരാന്‍ താല്‍പര്യമില്ലെന്നും ഇക്കാര്യം പാര്‍ട്ടി നേതൃത്വത്തെ അറിയിച്ചതായും ഹണി വ്യക്തമാക്കി.
നഗരത്തിലെ പൗള്‍ട്രി ഫാമുകളില്‍നിന്നുള്ള മാലിന്യം സംസ്കരിക്കാനുള്ള സംവിധാനത്തെക്കുറിച്ച് പഠിക്കാനാണ് ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റിയില്‍ അംഗമായ എസ്. ജയന്‍ ചേര്‍ത്തലയില്‍ പോയത്. നവംബര്‍ രണ്ടിനായിരുന്നു യാത്ര. എന്നാല്‍, ഇക്കാര്യം ചെയര്‍പേഴ്സണ്‍ എന്ന നിലയില്‍ തന്നെ അറിയിച്ചില്ലെന്ന് ഹണി വിശദീകരിച്ചു. കോഴിമാലിന്യ സംസ്കരണ പദ്ധതി നടപ്പാക്കുന്നതിനെക്കുറിച്ചറിയാന്‍ ചേര്‍ത്തലയിലെ കമ്പനി അധികൃതര്‍ ഫോണില്‍ വിളിച്ചപ്പോഴാണ് സന്ദര്‍ശനം അറിഞ്ഞതെന്നും ഹണി പറഞ്ഞു.
ചേര്‍ത്തല യാത്രയുമായി ബന്ധപ്പെട്ട് കൂടുതല്‍ വിശദീകരണത്തിന് ഹണി ശ്രമിച്ചെങ്കിലും മേയര്‍ പ്രസന്ന ഏണസ്റ്റ് ഇടപെട്ടു. ഹണി എല്‍.ഡി.എഫിന്‍െറ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സനാണെന്നും ഇത്തരം അഭിപ്രായങ്ങളൊക്കെ കൗണ്‍സില്‍ യോഗത്തിലല്ല ഉന്നയിക്കേണ്ടതെന്നും മേയര്‍ പറഞ്ഞു. എന്നാല്‍, തനിക്ക് പറയാനുള്ള കാര്യങ്ങള്‍ കേള്‍ക്കണമെന്നും അതിന് അനുവദിക്കണമെന്നുമുള്ള നിലപാടിലായിരുന്നു ഹണി.
എല്ലാ കാര്യങ്ങളും മേയര്‍ക്ക് നേരിട്ട് നടത്തണമെങ്കില്‍ സ്റ്റാന്‍ഡിങ് കമ്മിറ്റികളുടെ ആവശ്യമില്ലെന്ന് ഹണി പറഞ്ഞു. തുടര്‍ന്ന് ഇരുവരുംതമ്മില്‍ വാദപ്രതിവാദമുണ്ടായി. താന്‍ മറുപടി പറയേണ്ട വിഷയങ്ങളില്‍ ഇടപെട്ട് ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി  മുന്‍ ചെയര്‍പേഴ്സണ്‍ ആര്‍.എസ്.പിയിലെ മീനാകുമാരി സംസാരിച്ചതിനെയും ഹണി വിമര്‍ശിച്ചു.
ജില്ല്ളാ വികസനസമിതിയില്‍ ഉയര്‍ന്ന നിര്‍ദേശത്തെ തുടര്‍ന്നാണ് കോഴിമാലിന്യം സംസ്കരിക്കുന്ന സംവിധാനത്തെക്കുറിച്ച് അന്വേഷിക്കാന്‍ തീരുമാനിച്ചതെന്ന് മേയര്‍ പറഞ്ഞു. ചേര്‍ത്തലയില്‍ താനും ഡെപ്യൂട്ടി മേയറും ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സനുമടക്കം സന്ദര്‍ശിക്കുമെന്നും പൊതുചര്‍ച്ചക്കുള്ള മറുപടിയില്‍ അവര്‍ പറഞ്ഞു. സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സനെ അവഗണിച്ച് സി.പി.എം കൗണ്‍സിലര്‍ നടത്തിയ യാത്രയെ മുന്‍ ഡെപ്യൂട്ടി മേയര്‍ കൂടിയായ സി.പി.ഐയിലെ അഡ്വ. ജി. ലാലുവും വിമര്‍ശിച്ചു. ചെയര്‍പേഴ്സനെ കടത്തിവെട്ടി ആരും പോകേണ്ടതില്ലെന്നും എല്ലാവര്‍ക്കും അന്തസ്സും അഭിമാനവുമുണ്ടെന്നും ലാലു പറഞ്ഞു. സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സനെ ഒഴിവാക്കി ഭരണപക്ഷം നടത്തുന്ന നടപടികള്‍ ശരിയല്ലെന്ന് പ്രതിപക്ഷ നേതാവ് ജോര്‍ജ് ഡി. കാട്ടിലും കുറ്റപ്പെടുത്തി.
നഗരശുചീകരണത്തിന് 100 സി.എല്‍.ആര്‍ തൊഴിലാളികളെകൂടി എംപ്ളോയ്മെന്‍റ് എക്്സ്ചേഞ്ച് വഴി നിയമിക്കാന്‍ തീരുമാനിച്ചതായി പൊതുചര്‍ച്ചക്ക് മേയര്‍ മറുപടി നല്‍കി. കൗണ്‍സിലില്‍ ചോദ്യങ്ങള്‍ ഉന്നയിക്കുന്ന ഇപ്പോഴത്തെ രീതിക്കുപകരം നേരത്തേ എഴുതി നല്‍കുന്ന സംവിധാനം നടപ്പാക്കുമെന്ന് മേയര്‍ പറഞ്ഞു. ഇങ്ങനെ ചെയ്യുമ്പോള്‍ വ്യക്തമായ ഉത്തരം നല്‍കാനും ഫയലുകള്‍ പരിശോധിച്ച് തീരുമാനം അറിയിക്കാനുമാകും. കൊല്ലം ഫെസ്റ്റുമായി ബന്ധപ്പെട്ട് ഏത് അന്വേഷണവും നേരിടാന്‍ തയാറാണെന്നും മേയര്‍ പറഞ്ഞു. സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ എം. നൗഷാദ്, കൗണ്‍സിലര്‍മാരായ സി.വി.അനില്‍കുമാര്‍, മാജിതാ വഹാബ്, പ്രേം ഉഷാര്‍, റോബിന്‍, എന്‍. നൗഷാദ്, അശോക് കുമാര്‍, ഉദയാ സുകുമാരന്‍, കമാലുദ്ദീന്‍, മീനാകുമാരി എന്നിവരും ചര്‍ച്ചയില്‍ പങ്കെടുത്തു.

പശ്ചിമഘട്ട സംരക്ഷണത്തിന്‍്റെ വഴി -2

Posted: 27 Nov 2013 11:38 PM PST

Image: 

ഗാഡ്ഗില്‍ റിപ്പോര്‍ട്ട് നിലവിലില്ല

കെ.സി. ജോസഫ്

മാധവ് ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനെതിരെ സംസ്ഥാന സര്‍ക്കാര്‍  ഉന്നയിച്ച എതിര്‍പ്പുകള്‍കൂടി കണക്കിലെടുത്താണ് കൂടുതല്‍ പഠനത്തിനായി കസ്തൂരിരംഗനെ നിയോഗിച്ചത്. ഗാഡ്ഗില്‍ റിപ്പോര്‍ട്ട് ഇപ്പോള്‍ നിലവിലില്ല. കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിലും മലയോര മേഖലയുടെ താല്‍പര്യങ്ങള്‍ക്ക്  ഗുണകരമല്ലാത്ത ചില പരാമര്‍ശങ്ങളുണ്ട്.  ഇതിനെപ്പറ്റി പഠിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ സമിതിയെ നിയോഗിച്ചിട്ടുണ്ട്. നാലംഗ വിദഗ്ധസമിതി പഠനം ആരംഭിച്ചുകഴിഞ്ഞു. ഈ സമിതിയുടെ റിപ്പോര്‍ട്ടിലെ കണ്ടത്തെലുകളുടെ അടിസ്ഥാനത്തില്‍ മാത്രമേ അന്തിമതീരുമാനമെടുക്കുകയുള്ളൂ വെന്ന് കേന്ദ്രസര്‍ക്കാര്‍ ഉറപ്പുനല്‍കിയിട്ടുണ്ട്.
മലയോര കര്‍ഷകരുടെ താല്‍പര്യങ്ങള്‍ക്ക് ദോഷകരമായ രീതിയിലുള്ള ഒരു ശിപാര്‍ശയും യു.ഡി.എഫ് സര്‍ക്കാര്‍ നടപ്പാക്കില്ല. പൊതുജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കാത്ത വിധത്തില്‍ പരിസ്ഥിതി സംരക്ഷണം ഉറപ്പുവരുത്തുക എന്നതാണ് സര്‍ക്കാറിന്‍െറ നിലപാട്.
കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടില്‍ ശിപാര്‍ശചെയ്ത അഞ്ച് നിര്‍ദേശങ്ങളെപ്പറ്റി ആര്‍ക്കും വലിയ വിയോജിപ്പില്ല. എന്നാല്‍, റിപ്പോര്‍ട്ട് ജനങ്ങളെ ബോധ്യപ്പെടുത്തുന്നതില്‍ വന്ന പിഴവും പൊതുവായ ധാരണക്കുറവുമാണ് ഒരുവിഭാഗം സമരവുമായി രംഗത്തിറങ്ങാന്‍ കാരണം. ജനങ്ങള്‍ക്ക് ധാരണയുണ്ടാകാന്‍  റിപ്പോര്‍ട്ടിന്‍െറ മലയാള പരിഭാഷ ബന്ധപ്പെട്ട മേഖലകളില്‍ എത്തിച്ചുകഴിഞ്ഞിട്ടുണ്ട്. ജനങ്ങള്‍ക്ക് ചില ആശങ്കകള്‍ ഇപ്പോഴും ഉണ്ട്. അത് സ്വാഭാവികമാണ്. അത് പരിഹരിക്കാന്‍ നടപടികള്‍ സ്വീകരിക്കും. ഇതിനെ തല്‍പരകക്ഷികള്‍ മുതലെടുക്കാന്‍ അനുവദിക്കില്ല.
ഇപ്പോള്‍ കേന്ദ്രത്തിന്‍െറ പെട്ടെന്നുള്ള വിജ്ഞാപനത്തിന് കാരണം സുപ്രീംകോടതിയുടെ ഗ്രീന്‍ ട്രൈബ്യൂണല്‍ ആവശ്യപ്പെട്ട പ്രകാരം ഓഫിസ് മെമ്മോറാണ്ടമായി പുറപ്പെടുവിച്ചതാണ്. റിപ്പോര്‍ട്ടിന്‍െറ പരിധിയില്‍ വരുന്ന സംസ്ഥാനങ്ങളിലെ എല്ലാ സംഘടനകള്‍ക്കും അഭിപ്രായം രേഖപ്പെടുത്താന്‍ ഓഫിസ് മെമ്മോറാണ്ടത്തില്‍ അവസരം തന്നിട്ടുണ്ട്. കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിന്‍െറ അടിസ്ഥാനത്തിലുള്ള കരട് വിജ്ഞാപനം പുറപ്പെടുവിക്കാനിരിക്കുന്നതേയുള്ളൂ. ജനപ്രതിനിധികളുടെയും  തദ്ദേശവാസികളുടെയും അഭിപ്രായങ്ങളും നിര്‍ദേശങ്ങളും ഉള്‍ക്കൊള്ളിക്കാനും ആശങ്കകള്‍ പരിഹരിക്കാനും കഴിയും.
  സാമുദായിക നേതാക്കളും മതമേലധ്യക്ഷന്മാരും മലയോരമേഖലയിലെ കര്‍ഷകരുടെ ആശങ്കകള്‍ നിമിത്തം സമരത്തില്‍ പങ്കുചേര്‍ന്നതില്‍ കുറ്റംപറയാന്‍ കഴിയില്ല.  അത് സ്വാഭാവികമാണ്. എന്നാല്‍, രാഷ്ട്രീയലക്ഷ്യം മാത്രമാണ് പ്രതിപക്ഷം ലക്ഷ്യമിടുന്നത്.  ഭരണത്തിലിരിക്കുമ്പോള്‍ അനുകൂലിക്കുകയും അല്ലാത്തപ്പോള്‍ എന്തിനെയും എതിര്‍ക്കുകയും ചെയ്യുക എന്നതാണ് സി.പി.എമ്മിന്‍െറ നയം.  കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിനെപ്പറ്റി ചര്‍ച്ചചെയ്യാനും പൊതുനിലപാട് സ്വരൂപിക്കാനും മുഖ്യമന്ത്രി വിളിച്ചുകൂട്ടിയ അഖിലകക്ഷി യോഗം ബഹിഷ്കരിച്ച പ്രതിപക്ഷ കക്ഷികള്‍ ഹര്‍ത്താല്‍ നടത്തിയത് രാഷ്ട്രീയ മുതലെടുപ്പിനാണ്.  
യോഗങ്ങളില്‍ പങ്കെടുത്ത് അഭിപ്രായം പറയുന്നതിനു പകരം തെരുവിലേക്ക് കാര്യങ്ങള്‍ വലിച്ചിഴക്കാനുള്ള പ്രതിപക്ഷശ്രമം ആത്മാര്‍ഥതയോടെയല്ല. ലോക്സഭാ തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് നാട്ടില്‍ കലാപമുണ്ടാക്കാനും നിയമവാഴ്ച തകര്‍ക്കാനും സി.പി.എം നടത്തുന്ന ബോധപൂര്‍വമായ ശ്രമങ്ങള്‍ കേരളജനത തിരിച്ചറിയുകതന്നെ ചെയ്യും.

ആദിവാസികള്‍ക്ക് നല്ലത് ഗാഡ്ഗില്‍ നിര്‍ദേശങ്ങള്‍

എം. ഗീതാനന്ദന്‍

പശ്ചിമഘട്ടത്തിന്‍െറ സംരക്ഷണം തമിഴ്നാട്, കേരളം, കര്‍ണാടക, ഗോവ, മഹാരാഷ്ട്ര, ഗുജറാത്ത് തുടങ്ങിയ ആറ് സംസ്ഥാനങ്ങളുടെയും 25 കോടി ജനങ്ങളുടെയും പ്രശ്നം മാത്രമായി ചുരുക്കിക്കൂടാ.
ആയിരക്കണക്കിന് വരുന്ന ജീവജാലങ്ങളുടെയും ഉപഭൂഖണ്ഡത്തിന്‍െറയും ലോകത്തിന്‍െറയും നിലനില്‍പിന്‍െറ ഭാഗമായി പരിഗണിക്കേണ്ട സുപ്രധാന വിഷയമാണ്.
 പ്രകൃതിയുടെ നിയമങ്ങളുമായി മനുഷ്യന്‍ സമരസപ്പെടുന്നില്ളെങ്കില്‍ ആദ്യം തിരിച്ചടിയേല്‍ക്കുക മനുഷ്യസമൂഹത്തിനായിരിക്കും. ഈ പശ്ചാത്തലത്തിലാണ് മാധവ് ഗാഡ്ഗില്‍ റിപ്പോര്‍ട്ട് പ്രാധാന്യമര്‍ഹിക്കുന്നത്. ലഭ്യമായ സ്ഥിതിവിവരങ്ങളും വിപുലമായ നിലയില്‍ വിദഗ്ധരുടെ അഭിപ്രായവും സമാഹരിച്ചാണ് അന്തിമറിപ്പോര്‍ട്ട് തയാറാക്കിയത്. ജൈവവൈവിധ്യ മൂല്യം, പശ്ചിമഘട്ടങ്ങളുടെ പാരിസ്ഥിതിക മൂല്യം, പശ്ചിമഘട്ടനിരകളുടെ തനതു പാരിസ്ഥിതികസ്വഭാവം എന്നിവയാണ് റിപ്പോര്‍ട്ട് തയാറാക്കുന്നതിന് സ്വീകരിച്ച ഘടകങ്ങള്‍. 8200 ഹെക്ടര്‍ വീതമുള്ള 2200 യൂനിറ്റുകളായി തിരിച്ചാണ് ഒന്ന്, രണ്ട്, മൂന്ന് എന്നീ ക്രമത്തില്‍ പരിസ്ഥിതിലോല മേഖലകള്‍ തിരിച്ചത്.
കര്‍ഷകര്‍ക്ക് ദ്രോഹകരമായ ഒരു നിര്‍ദേശവും റിപ്പോര്‍ട്ടിലില്ല. പരിസ്ഥിതി ലോലമേഖലകളിലെ എല്ലാ നിയന്ത്രണവും പ്രാദേശിക ഭരണകൂടങ്ങള്‍ക്കും തദ്ദേശീയരായ ആദിവാസി സമൂഹങ്ങള്‍ക്കുമാണെന്നതാണ് റിപ്പോര്‍ട്ടിന്‍െറ പ്രാധാന്യം.
ഖനനം പോലുള്ള പ്രകൃതിവിരുദ്ധ നടപടികള്‍ ഘട്ടംഘട്ടമായി കുറക്കാനും നിയന്ത്രിക്കാനും റിപ്പോര്‍ട്ട് ഊന്നിപ്പറയുന്നു. പരിസ്ഥിതി ലോലമേഖലകളുടെ നിയന്ത്രണത്തിന് വ്യത്യസ്ത തലങ്ങളിലുള്ള അതോറിറ്റിയും നിര്‍ദേശിക്കുന്നു. ഈ റിപ്പോര്‍ട്ട് അട്ടിമറിച്ചാണ് കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിന് രൂപംനല്‍കുന്നത്.
പാരിസ്ഥിതിക പ്രാധാന്യമുള്ള മേഖലയെ 37 ശതമാനമായി ചുരുക്കി. ശാസ്ത്രീയമായ അളവുകോല്‍ സ്വീകരിച്ചില്ല.  ഇത് 123 വില്ളേജുകളിലേക്കും ചുരുക്കി. സംരക്ഷണത്തിനുള്ള തുടര്‍സംവിധാനങ്ങളുമില്ല. ജനാധിപത്യപരമായ ഭരണസംവിധാനങ്ങളെ റിപ്പോര്‍ട്ട് ഗൗരവപൂര്‍വം കണക്കിലെടുത്തില്ല. കേന്ദ്രസര്‍ക്കാര്‍ റിപ്പോര്‍ട്ടിനെ യാന്ത്രികമായി സ്വീകരിച്ചതാണ് നിലവിലുള്ള വിവാദങ്ങള്‍ക്ക് കാരണം.
ഗാഡ്ഗില്‍-കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടുകള്‍ ഒന്നും ആവശ്യമില്ളെന്ന സമീപനമാണ് സംഘടിത രാഷ്ട്രീയപാര്‍ട്ടികളും മതസ്ഥാപനങ്ങളും സ്വീകരിച്ചിരിക്കുന്നത്.
ഇത് ഫലത്തില്‍ നിക്ഷിപ്ത താല്‍പര്യക്കാരായ ഖനനമാഫിയകളെ സംരക്ഷിക്കുന്നതായി ജനങ്ങള്‍ ആശങ്കപ്പെടുന്നു. കേരളത്തിന്‍െറയും മാനവരാശിയുടെയും പൊതുവായ താല്‍പര്യത്തില്‍നിന്ന് കുടിയേറ്റ കര്‍ഷകരെ ഒറ്റപ്പെടുത്താനേ ഇത് സഹായിക്കുകയുള്ളൂ.
 സമീപകാലത്ത് കേരളം കണ്ട പ്രതിലോമപരമായ പ്രസ്ഥാനമാണ് ഗാഡ്ഗില്‍ വിരുദ്ധ പ്രക്ഷോഭമെന്ന് പറയാം.
കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് ‘തത്ത്വത്തില്‍’ അംഗീകരിച്ച് കേന്ദ്രസര്‍ക്കാര്‍ ഇറക്കിയ വിജ്ഞാപനത്തില്‍ പശ്ചിമഘട്ട സംരക്ഷണത്തിനുള്ള സമഗ്രസമീപനമില്ല.  
അത് പുന$പരിശോധിക്കപ്പെടണം. ഗാഡ്ഗില്‍ റിപ്പോര്‍ട്ടിലെ നിര്‍ദേശങ്ങള്‍ വിപുലമായ ചര്‍ച്ചക്ക് വിധേയമാക്കപ്പെടുകയും സ്വീകരിക്കപ്പെടുകയും വേണം.

ഒരു ഇരയുടെ വിലാപം

മുഹമ്മദ്കുട്ടി എളമ്പിലാക്കോട്

പശ്ചിമഘട്ട പരിസ്ഥിതി സംരക്ഷണത്തിന്‍െറ പേരിലുള്ള കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് മലയോര കര്‍ഷകരെ മാത്രമല്ല, നാട്ടിന്‍പുറത്തെ സാധാരണ ജനത്തെയും ഏറെ പ്രതികൂലമായി ബാധിക്കും. പതിനായിരക്കണക്കിന് സാധാരണക്കാര്‍ തിങ്ങിത്താമസിക്കുന്നതാണ് എന്‍െറ ജന്മനാടായ ചാലിയാര്‍ പഞ്ചായത്ത്. അകമ്പാടം, കുറുമ്പലങ്ങോട് വില്ളേജുകളിലായി വ്യാപിച്ചുകിടക്കുന്ന ഈ പ്രദേശത്തെ മുഴുവന്‍ അതീവ പരിസ്ഥിതിലോല (ഇ.എസ്.എ) വിഭാഗത്തിലാണ് കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ജനസാന്ദ്രതയേറിയ തൊട്ടടുത്ത ചുങ്കത്തറ, വഴിക്കടവ്, കരുളായി, അമരമ്പലം തുടങ്ങിയ 10 വില്ളേജുകളും പരിസ്ഥിതിലോല പട്ടികയില്‍ തന്നെ. കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിന്‍െറ പേരില്‍ കാടിളക്കുന്നവര്‍ പ്രചരിപ്പിക്കുംപോലെ ഭയാനകമായി അതിലില്ളെന്ന് വാദിക്കുന്നവര്‍പോലും അംഗീകരിക്കും, ഇ.എസ്.എ പ്രദേശത്ത് പാറപൊട്ടിക്കല്‍, മണലെടുപ്പ് എന്നിവ റിപ്പോര്‍ട്ട് വിലക്കിയിട്ടുണ്ടെന്നത്.
ക്വാറി, മണല്‍ എന്നു കേള്‍ക്കുമ്പോഴേക്കും മാഫിയ, മാഫിയ എന്ന ഒച്ചപ്പാടുകളില്‍ ജീവിതഭാരം പേറിയുള്ള സാധാരണക്കാരന്‍െറ ദീനവിലാപങ്ങള്‍ മുങ്ങിപ്പോകുന്നു. 20000 ച.മീറ്ററിലൊന്നും വേണ്ട, 200 ച.മീറ്ററില്‍ ഒരു പുരത്തറ കെട്ടാന്‍പോലും കരിങ്കല്ല് കിട്ടാത്ത ദുരവസ്ഥയാണ്  നാട്ടിന്‍പുറത്തെ പതിനായിരങ്ങള്‍ നേരിടാന്‍ പോകുന്നത്. പരിസ്ഥിതിലോല പ്രദേശങ്ങളെന്നു വിധിക്കപ്പെട്ട സമീപപഞ്ചായത്തുകളിലും ലഭ്യമല്ലാതാകുന്ന കരിങ്കല്ല് പാവങ്ങള്‍ എവിടെനിന്ന് കൊണ്ടുവരും? ദൂരെദിക്കിലെങ്ങാനുമുണ്ടാകാനിടയുള്ള കല്ല്, മണല്‍ അടക്കമുള്ള അസംസ്കൃത വസ്തുക്കള്‍ അനേകമിരട്ടി വിലകൊടുത്ത് അതിലേറെ ട്രാന്‍സ്പോര്‍ട്ടിങ് ചാര്‍ജുമൊടുക്കിവേണം സൈറ്റിലത്തെിക്കാന്‍. ഫലത്തില്‍, മുതുകൊടിഞ്ഞുകിടക്കുന്ന സാധാരണക്കാരന്‍െറ നെഞ്ചത്തുകയറിയുള്ള ക്വാറി, മണല്‍ മാഫിയയുടെ തേര്‍വാഴ്ചക്ക് ആക്കംകൂട്ടാനേ തന്നാട്ടില്‍നിന്ന് അത്യാവശ്യത്തിനുപോലും കല്ലും മണലുമെടുക്കാന്‍ പാടില്ല എന്ന നിരോധം വഴിവെക്കൂ.
കച്ചവട-മാഫിയ ലോബികള്‍ ഭീകരമായ തോതില്‍ പുറമേക്ക് ഈ പ്രദേശങ്ങളില്‍നിന്ന് കല്ലും മണലും കട്ടുകടത്തുന്നത് നിരോധിക്കാനും നിരീക്ഷിക്കാനും വനം-പരിസ്ഥിതി വകുപ്പ് വിചാരിച്ചാല്‍ നിഷ്പ്രയാസം സാധിക്കും. തേക്ക്, വീട്ടി തുടങ്ങിയ മരങ്ങള്‍ അനധികൃതമായി പുറമേക്ക് മുറിച്ചുകൊണ്ടുപോകുന്നത് തടയാന്‍ വനം വകുപ്പിന്‍െറ ചെക്പോസ്റ്റ് കാവല്‍ ഇപ്പോള്‍തന്നെ നിലവിലുണ്ടല്ളോ.
ഇ.എസ്.എ ഗണത്തില്‍പെടുത്തിയിട്ടുള്ള വില്ളേജുകളില്‍ നികുതി സ്വീകരിക്കുന്നത് അധികൃതര്‍ നിര്‍ത്തിവെച്ചിരിക്കുന്നു. ഈ പ്രദേശത്തെ പാവങ്ങളെ അക്ഷരാര്‍ഥത്തില്‍തന്നെ ഇത് ശ്വാസംമുട്ടിച്ചിരിക്കുകയാണ്. ഇടുക്കി കാന്തല്ലൂര്‍ റെയ്ഞ്ച് ഓഫിസര്‍, വില്ളേജ് ഓഫിസര്‍ക്കു നല്‍കിയ തെറ്റിദ്ധാരണാജനകമായ അറിയിപ്പിനു കിട്ടിയ അമിതപ്രചാരമാണ് ഇങ്ങനെ വസ്തുനികുതിയെടുക്കാതിരിക്കുന്നതിലേക്കും ക്രയവിക്രയം തടയുന്നതിലേക്കും വഴിവെച്ചതെന്ന് പത്രവാര്‍ത്ത കണ്ടു (ഗള്‍ഫ് മാധ്യമം, നവംബര്‍ 22). കേവലമൊരു ജാതി സര്‍ട്ടിഫിക്കറ്റിനുവേണ്ടി വില്ളേജോഫിസിലത്തെുന്ന ഏഴയെ പോലും നിയമ നൂലാമാലകള്‍ പറഞ്ഞ് വട്ടംചുറ്റിച്ച് മടക്കിയയക്കാം എന്ന കാര്യത്തില്‍ വിദഗ്ധരാണ് മിക്ക വില്ലജ് അധികാരികളും. അത്തരക്കാര്‍ക്ക് പരിസ്ഥിതിലോല നിയമമെന്ന വജ്രായുധംകൂടി കിട്ടിയാല്‍ ഇ.എസ്.എ സോണിലെ സാധാരണക്കാരന്‍െറ ജീവിതം പാടെ വഴിമുട്ടും. അതിനൊക്കെ കേസും ധര്‍ണയും ചാനലും ചര്‍ച്ചയുമായി നടക്കാന്‍ പാങ്ങില്ലാത്ത പാവങ്ങള്‍ കുടിയൊഴിഞ്ഞ് വല്ല പട്ടണച്ചേരി മാളങ്ങളിലും ഒളിക്കുകയേ നിവൃത്തിയുള്ളൂ! എന്നിട്ട് പശ്ചിമഘട്ട പരിസ്ഥിതിയില്‍ കാട്ടാനകള്‍ സൈ്വരവിഹാരം നടത്തട്ടെ, സിംഹവാലന്മാര്‍ മാമരങ്ങളില്‍ ചാഞ്ചാടിക്കളിക്കട്ടെ, മീനുകള്‍ പുളച്ചുതിമിര്‍ക്കട്ടെ, പറവകള്‍ രാകിപ്പറന്നുല്ലസിക്കട്ടെ... അങ്ങനെ ഒട്ടും മനുഷ്യപ്പറ്റില്ലാത്ത, നൂറുശതമാനവും മൃഗവാസ യോഗ്യമായ സുന്ദര സുമോഹന പരിസ്ഥിതി പശ്ചിമഘട്ടത്തില്‍ പച്ചച്ചു കൊഴുക്കട്ടെ. കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് വിജയിപ്പൂതാക!
ഇ.എസ്.എ സോണിലെ മലയോരവാസികളായ കൂലി (കന്നുകാലി!) ക്ളാസുകാര്‍ കരണ്ടുതീര്‍ക്കുന്നതെന്ന് വിശ്വസിക്കപ്പെടുന്നതിനേക്കാള്‍ ആയിരമായിരമിരട്ടി വിസ്തൃതിയുള്ള വനമാണ് വര്‍ഷംതോറും പശ്ചിമ ഘട്ടത്തില്‍ കാട്ടുതീ തിന്നുതീര്‍ക്കുന്നത്. കുംഭം മുതല്‍ ഇടവം വരെയുള്ള നാലുമാസക്കാലയളവില്‍ ഒരു നിയന്ത്രണവുമില്ലാതെ അല്ളെങ്കില്‍, വനംവകുപ്പിന്‍െറ എല്ലാവിധ ഫയര്‍ലൈന്‍ പ്രഹസനങ്ങളെയും മറികടന്ന് ലക്ഷക്കണക്കിന് ഹെക്ടര്‍ വനഭൂമി വര്‍ഷംതോറും കാട്ടുതീ നക്കിത്തുടക്കുന്നു. നീണ്ട നൂറ്റാണ്ടുകളിലൂടെ പ്രകൃതി ധ്യാനിച്ചണിയിച്ചൊരുക്കിയ അമൂല്യമായ തമാല വനങ്ങള്‍ മുഴുവന്‍ നിമിഷനേരം കൊണ്ട് കാട്ടുതീയില്‍ വെന്തൊടുങ്ങുന്നത് കരള്‍ പിളരുന്ന വേദനയോടെ കണ്ടുനില്‍ക്കേണ്ടിവന്നിട്ടുണ്ട്. പരിസ്ഥിതി നാശത്തിന്‍െറ ഭയാനകമായ ഈ കാട്ടുതീ വാഴ്ചയെ ഫലപ്രദമായി നിയന്ത്രിക്കാന്‍ കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടില്‍ പക്ഷേ, ശാസ്ത്രീയമായ നിര്‍ദേശങ്ങളില്ല. ഒഴുക്കന്‍ മട്ടില്‍ ഒന്നു പരാമര്‍ശിച്ചുപോകുന്നു എന്നു മാത്രം. നൂതന മാര്‍ഗങ്ങള്‍ അവലംബിച്ച് നമുക്കും കാട്ടുതീ കെടുത്താനായാല്‍ ചൊവ്വാ പര്യവേക്ഷണ ദൗത്യംപോലെ തന്നെ പ്രാധാന്യമുള്ള പ്രവൃത്തിയാകുമതെന്ന കാര്യത്തില്‍ സംശയമില്ല.
ഒന്നേ പറയാനുള്ളൂ -മണ്ണിലിറങ്ങിവന്ന്, ആദ്യമായി പ്രദേശവാസികളായ മനുഷ്യരുടെ, സഹജീവികളുടെ ആവാസവ്യവസ്ഥയെ സാദരം അംഗീകരിക്കുക. ശേഷം വില്ളേജോഫിസുകള്‍ വഴിയുള്ള സൂക്ഷ്മമായ ഗ്രൗണ്ട് സര്‍വേയിലൂടെ സ്ഥലവും പരിസ്ഥിതിയും ഗ്രാസ് റൂട്ട് ലെവലില്‍ അനുഭവിച്ച് പഠിച്ചറിഞ്ഞ് റിപ്പോര്‍ട്ട് മാറ്റിപ്പണിയുക. ശരിയാണ്, തിടുക്കത്തില്‍ നടക്കില്ല ഈ പ്രക്രിയ. വര്‍ഷങ്ങള്‍തന്നെ അതിനു വേണ്ടിവന്നേക്കാം. എന്നാല്‍, മണ്ണില്‍ (വിണ്ണിലല്ല) നോക്കിയുള്ള അത്തരം സൂക്ഷ്മമായ അനുഭവപഠനങ്ങളിലൂടെ പശ്ചിമഘട്ടത്തിലെ മനുഷ്യരെയും മണ്ണിനെയും പ്രകൃതിയെയും നാനാജാതി ജന്തുകുല വൈവിധ്യങ്ങളെയും ഒരുപോലെ സംരക്ഷിച്ചു പരിപാലിക്കാനാകുന്ന വഴി തീര്‍ച്ചയായും തെളിഞ്ഞുകിട്ടും.

സച്ചാര്‍ സമിതി ഭരണഘടനാ വിരുദ്ധം -ഗുജറാത്ത് സര്‍ക്കാര്‍

Posted: 27 Nov 2013 11:36 PM PST

Image: 

ന്യൂദല്‍ഹി: രജീന്ദര്‍ സച്ചാര്‍ കമ്മിറ്റി ഭരണഘടനാവിരുദ്ധമെന്ന് ഗുജറാത്ത് സര്‍ക്കാര്‍ സുപ്രീംകോടതിയില്‍. ഇത് മുസ്ലിംകളെ മാത്രം സഹായിക്കാന്‍ ലക്ഷ്യമിട്ട് ഉള്ളതാണെന്നും സുപ്രീംകോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ പറയുന്നു. മുസ്ലിംകളുടെ സാമൂഹ്യ-സാമ്പത്തിക സ്ഥിതിഗതികള്‍ മാത്രം പരിഗണിച്ചാണ് പ്രധാനമന്ത്രിയുടെ ഒഫീസ് 2005ല്‍ സച്ചാര്‍ പാനല്‍ ഉണ്ടാക്കിയതെന്നതും മറ്റു മതന്യൂനപക്ഷങ്ങളെ അവഗണിച്ചുവെന്നും തുടങ്ങിയ രൂക്ഷ വിമര്‍ശങ്ങളാണ് ഗുജറാത്ത് സര്‍ക്കാര്‍ ഉന്നയിച്ചിരിക്കുന്നത്.

യു.പി.എയുടെ ന്യൂനപക്ഷ സ്കോളര്‍ഷിപ്പ് നടപ്പാക്കാത്തതില്‍ നരേന്ദ്രമോഡി സര്‍ക്കാറിനെതിരെ ഗുജറാത്ത് ഹൈകോടതി നേരത്തെ വിമര്‍ശമുന്നയിച്ചിരുന്നു. കേന്ദ്രത്തിന്‍്റെ പദ്ധതിയെ ഉയര്‍ത്തിക്കാണിച്ചുകൊണ്ട് ഹൈകോടതി നടത്തിയ വിധിയെ വെല്ലുവിളിച്ച് ഗുജറാത്ത് സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു. ഇതില്‍ ആണ് സച്ചാര്‍ സമിതിയുടെ ഭരണഘടനാ സാധുതയെ ചോദ്യം ചെയ്തത്.

പ്രധാനമന്ത്രിയുടെ ഒഫീസിലെ 15 ഇന പദ്ധതിയുടെ ഭാഗമായി 2008 ല്‍ പ്രാബല്യത്തില്‍ വന്നതാണ് മുസ്ലിംകള്‍ അടക്കം അഞ്ച് ന്യൂനപക്ഷ മതവിഭാഗങ്ങളിലെ വിദ്യാര്‍ഥികള്‍ക്കായുള്ള സ്കോളര്‍ഷിപ്പ്. കേന്ദ്ര സര്‍ക്കാര്‍ ആണ് ഇതിലെ 75 ശതമാനം തുകയും വകയിരുത്തുന്നത്. ഗുജറാത്തിലെ മുസ്ലിം ന്യൂനപക്ഷങ്ങളുടെ പിന്നാക്കവസ്ഥയില്‍ മോഡി സര്‍ക്കാര്‍ ഏറെ പഴി കേട്ടിരുന്നു. ഈ സാഹചര്യത്തില്‍ ആണ് ഗുജറാത്ത് ഹൈകോടതി സര്‍ക്കാറിനെതിരായി വിധി പറഞ്ഞത്. എന്നാല്‍, സ്കോളര്‍ഷിപ്പിനായി ചെലവഴിക്കേണ്ട തുക അല്ല, മറിച്ച് ഈ വിഷയത്തിന്‍്റെ ഭരണഘടനാ സാധുതയാണ് പ്രശ്നമെന്നും വിധിയെ വെല്ലുവിളിച്ച് സത്യവാങ്മൂലത്തില്‍ ഗുജറാത്ത് സര്‍ക്കാര്‍ വാദിച്ചു.

നഗരം വെള്ളത്തിലാകുമ്പോഴും ഓടകള്‍ അടഞ്ഞുതന്നെ

Posted: 27 Nov 2013 11:24 PM PST

Subtitle: 
അധികൃത അനാസ്ഥ

തിരുവനന്തപുരം: ചാറ്റല്‍ മഴയില്‍പോലും കിഴക്കേകോട്ടയും തമ്പാനൂരും വെള്ളത്തില്‍ മുങ്ങാന്‍ കാരണം ഓടയിലെ മണ്ണും ചവറും നീക്കാത്തത്. റോഡില്‍ പെയ്തിറങ്ങുന്ന വെള്ളം ഒഴുകിയിറങ്ങാന്‍ വഴിയില്ലാത്തതാണ് പെട്ടെന്ന് വെള്ളം ഉയരാന്‍ കാരണം.
പഴവങ്ങാടി ഗണപതിക്ഷേത്രത്തിന് മുന്നിലെ ഓടയുടെ സ്ളാബ് വര്‍ഷങ്ങള്‍ക്കുശേഷം കഴിഞ്ഞ മാസം തുറന്നിരുന്നു. കുറച്ചുഭാഗത്തെ ചെളിനീക്കിയശേഷം വീണ്ടും മൂടിയിട്ടു. ക്ഷേത്രത്തിന് മുന്നിലെ നാളികേര കച്ചവടക്കാര്‍ ഓടയിലേക്ക് താഴ്ത്തുന്ന കേടായ നാളികേരവും ചകിരിയുമെല്ലാം ചേര്‍ന്നാണ് ഓട നിറഞ്ഞുകിടക്കുന്നത്്.തമ്പാനൂര്‍ ബസ് സ്റ്റാന്‍ഡിന് അരികിലൂടെ ഒഴുകുന്ന ആമയിഴഞ്ചാന്‍ തോട്ടിലെ ചപ്പുചവറുകള്‍ അടുത്തിടെയൊന്നും നീക്കം ചെയ്തിട്ടില്ല. റെയില്‍വേ പാളത്തിന് അടിയിലൂടെ പോകുന്ന ഭാഗം ചവര്‍മൂടിയതിനുശേഷം ഒരടി മാത്രമാണ് വെള്ളം ഒഴുകാനുള്ളത്. അതിനാല്‍ ചെറിയ മഴ പെയ്യുമ്പോള്‍ ആമയിഴഞ്ചാന്‍ തോട് നിറയുന്നു.
എസ്.എസ് കോവില്‍ റോഡില്‍ നിന്നുള്ള ഓടയുടെ സ്ഥിതിയും ഇതുതന്നെയാണ്. ഓട ചെളി നിറഞ്ഞുകിടക്കുകയാണ്. ഇവിടെ നിന്ന് ആമയിഴഞ്ചാന്‍ തോട്ടിലേക്ക് പതിക്കുന്ന ഭാഗത്തെ ഓടയും ചെളി നിറഞ്ഞുകിടക്കുന്നു. ആമയിഴഞ്ചാന്‍ തോട് കടലില്‍ പതിക്കുന്ന ഭാഗത്തെ പൊഴി മുറിക്കാതെ കിടക്കുന്നതിനാല്‍  കനത്ത മഴ പെയ്യുമ്പോള്‍ വെള്ളം ഒഴുകിപ്പോകുന്നില്ല.മഴയില്‍ റോഡില്‍ വെള്ളം ഉയരാന്‍ കാരണം ആമയിഴഞ്ചാന്‍ തോട് കൈകാര്യംചെയ്യുന്ന ഇറിഗേഷന്‍ വകുപ്പും ദേശീയപാത കൈകാര്യംചെയ്യുന്ന പി.ഡബ്ള്യു.ഡി  ഉദ്യോഗസ്ഥരുടേയും അലംഭാവമാണ്. ചെറുമഴ പെയ്താല്‍തന്നെ കരമന പാലത്തില്‍ വെള്ളം കെട്ടിനില്‍ക്കുകയാണ്.
പാലത്തില്‍ നിന്ന് വെള്ളം ഒഴുകിപ്പോകാനുള്ള ദ്വാരങ്ങളിലെ മണ്ണ് മാറ്റാത്തതാണ് വെള്ളക്കെട്ടിന് കാരണം. ഇതേപറ്റി നാട്ടുകാര്‍ പരാതിപ്പെട്ടാലും കാര്യമില്ലാത്ത അവസ്ഥയാണ്. മഴ പെയ്ത് വെള്ളം ഉയര്‍ന്നാല്‍ ഇക്കാര്യം പരിശോധിക്കാന്‍ ഉദ്യോഗസ്ഥര്‍ എത്താറില്ല. മഴ തീര്‍ന്നശേഷമാണ് അവരെത്തുന്നത്. അവലോകനം നടത്തി ഉദ്യോഗസ്ഥര്‍ പിരിയുകയും ചെയ്യുന്നു.
 

20 വര്‍ഷം മുമ്പ് നല്‍കിയ ഭൂമിക്ക് പട്ടയം ലഭിച്ചില്ല

Posted: 27 Nov 2013 11:05 PM PST

വടക്കാഞ്ചേരി: പട്ടികജാതി- വര്‍ഗ വിഭാഗങ്ങള്‍ക്ക് 20 വര്‍ഷം മുമ്പ് നല്‍കിയ ഭൂമിക്ക് ഇതുവരെയും പട്ടയം ലഭിച്ചില്ല. ദേശമംഗലം പഞ്ചായത്തിലെ കിള്ളിക്കുന്ന് അംബേദ്കര്‍ ഗ്രാമത്തില്‍ ഭൂമി ലഭിച്ചവരാണ് പട്ടയത്തിനായി രണ്ട് പതിറ്റാണ്ടായി ഓഫിസുകള്‍ കയറിയിറങ്ങുന്നത്. പട്ടയം ലഭിക്കാത്തതിന് പിറകില്‍ അന്ന് സര്‍വീസിലിരുന്ന എ.ഡി.എം ഉള്‍പ്പെടെയുള്ള ചില റവന്യൂ ഉദ്യോഗസ്ഥരാണെന്ന് ഗ്രാമവാസികള്‍ പറയുന്നു.
1990ലാണ് ദേശമംഗലത്തെ കിള്ളിക്കുന്നില്‍ തിച്ചൂര്‍ വില്ലേജ് പഴയ സര്‍വേ 64ല്‍പെട്ട 72 ഏക്കര്‍ റവന്യൂ ഭൂമി നൂറോളം കുടുംബങ്ങള്‍ക്ക് വീതിച്ചുനല്‍കിയത്. വര്‍ഷം നീണ്ട അംബേദ്കര്‍ ജന്മശതാബ്ദി ആഘോഷത്തിന്‍െറ ഭാഗമായിരുന്നു സര്‍ക്കാര്‍ നടപടി.
തുടര്‍ന്ന് കിള്ളിക്കുന്ന് കോളനി ഡോ. അംബേദ്കര്‍ ഗ്രാമമായി പ്രഖ്യാപിച്ച് അന്നത്തെ കലക്ടര്‍ ദിനേശ് ശര്‍മ ഉത്തരവിട്ടു. ഗ്രാമത്തിലേക്ക് റോഡ്, കുടിവെള്ളം, വൈദ്യുതി തുടങ്ങിയ സൗകര്യങ്ങള്‍ക്കായി വികസന കര്‍മ പദ്ധതി തയാറാക്കി സര്‍ക്കാര്‍ ലഘുലേഖ പ്രസിദ്ധീകരിച്ചു. ഭൂമി ലഭിച്ചവരുടെതായി സര്‍ക്കാര്‍ രേഖയില്‍ സ്ഥാനം പിടിച്ചതിലധികവും വ്യാജ പേരുകളായിരുന്നു. ഈ പേരുകളിലുള്ള പട്ടയങ്ങള്‍ ദ്രുതഗതിയില്‍ തരപ്പെടുകയും ചെയ്തു. ഇത്തരം പട്ടയങ്ങള്‍ പിന്നീട് ഏക്കര്‍ കണക്കിന് വസ്തുവിന്‍െറ ഒറ്റപ്പട്ടയമായി അന്നത്തെ എ.ഡി.എമിന്‍െറ സഹോദരിയുടെയും തലപ്പിള്ളി ഡെപ്യൂട്ടി തഹസില്‍ദാരുടെ ബന്ധുവിന്‍െറയും ഉടമസ്ഥതയിലായി വീണ്ടും ക്രയവിക്രയം ചെയ്യപ്പെട്ടു.
സി.പി. ചാമി, സുന്ദരന്‍, പരമേശ്വരന്‍, വേലായുധന്‍, കൃഷ്ണന്‍കുട്ടി എന്നിവരാണ് ഇന്നും പട്ടയത്തിനായി അലയുന്നത്.
 

വെള്ളം കിട്ടുന്നില്ലെന്ന് കര്‍ഷകര്‍

Posted: 27 Nov 2013 10:59 PM PST

Subtitle: 
കനാല്‍ അറ്റകുറ്റപ്പണിയില്‍ അപാകത

പല്ലശ്ശന: കനാല്‍ അറ്റകുറ്റപ്പണികളിലെ അപാകത മൂലം ജലസേചനത്തിന്് വെള്ളം ലഭിക്കുന്നില്ലെന്ന് കര്‍ഷകര്‍. മീങ്കര ജലസേചന പദ്ധതിയുടെ ഭാഗമായി പല്ലശ്ശന ഗ്രാമപഞ്ചായത്തിലെ പാറക്കളം മാരിയമ്മന്‍ കോവില്‍ മുതല്‍ നെല്ലിക്കപൊറ്റ വരെയുള്ള ഭാഗത്ത് കനാല്‍ അറ്റകുറ്റപ്പണി നടത്തിയപ്പോള്‍ നേരത്തേ ഉണ്ടായിരുന്ന 24 ഇഞ്ച് വ്യാസമുള്ള ഓവ് മാറ്റി ആറ് ഇഞ്ച് വ്യാസമുള്ള പി.വി.സി പൈപ്പ് സ്ഥാപിച്ചതാണ് പ്രതിസന്ധിക്ക് കാരണമായത്. നാല് പാടശേഖര സമിതികളിലായി ഏക്കര്‍കണക്കിന് കൃഷിയിടങ്ങള്‍ വെള്ളം കൃത്യമായി ലഭ്യമാകാതെ നടീലും വിതയും കഴിഞ്ഞ് ഉണക്ക് ഭീഷണി നേരിടുകയാണെന്ന് പ്രദേശത്തെ നെല്‍കര്‍ഷകര്‍ പറയുന്നു. അറ്റകുറ്റപ്പണി നടക്കുമ്പോള്‍ ഉദ്യോഗസ്ഥരോടും കരാറുകരോടും പ്രദേശത്തെ കര്‍ഷകരും പാടശേഖര സമിതി ഭാരവാഹികളും പലതവണ അപാകതകള്‍ ചൂണ്ടിക്കാണിച്ചിട്ടും പരിഹാരനടപടിയുണ്ടായില്ലത്രേ. രണ്ടു തവണ ഡാം തുറന്നപ്പോഴും നെല്ലിക്കപൊറ്റ ഭാഗത്ത് ആവശ്യത്തിന് വെള്ളം കൃഷിക്ക് ലഭ്യമായിട്ടില്ല.
കനാലിലെ അപാകതകള്‍ പരിഹരിച്ചില്ലെങ്കില്‍ സമരത്തിനിറങ്ങുമെന്ന് യൂത്ത്കോണ്‍ഗ്രസ് മുന്നറിയിപ്പ് നല്‍കി. പാടശേഖര സമിതികള്‍ മീങ്കര പദ്ധതി അസി. എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ക്ക് പരാതി നല്‍കി.

മൂര്‍ക്കനാട് പഞ്ചായത്ത് ഓഫിസ് മാര്‍ച്ചില്‍ അക്രമം

Posted: 27 Nov 2013 10:51 PM PST

Subtitle: 
26 ബി.എം.എസ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍

കൊളത്തൂര്‍: മൂര്‍ക്കനാട് ഗ്രാമപഞ്ചായത്ത് ഓഫിസിലേക്ക് ബി.എ ം.എസ് നടത്തിയ മാര്‍ച്ചില്‍ അക്രമം. ജനല്‍ ചില്ലുകളും കമ്പ്യൂട്ടറും തകര്‍ത്തു. പഞ്ചായത്ത് സെക്രട്ടറിയെ കൈയേറ്റം ചെയ്തു. പഞ്ചായത്ത് ഓഫിസില്‍ അതിക്രമിച്ച് കയറി പൊതുമുതല്‍ നശിപ്പിച്ചതിന് 26 പേരെ കൊളത്തൂര്‍ പൊലീസ് അറസ്റ്റ് ചെയ്തു. ഇവരെ പെരിന്തല്‍മണ്ണ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
ബുധനാഴ് രാവിലെ പത്തിനാണ് സംഭവം. മണല്‍ തൊഴിലാളികളോടുള്ള അവഗണന അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ടാണ് ബി.എം.എസ് മാര്‍ച്ച് നടത്തിയത്. കൊളത്തൂര്‍ എസ്.ഐ ഇ. വേലായുധന്‍െറ നേതൃത്വത്തിലെ ഏതാനും പൊലീസുകാര്‍ മാത്രമാണ് സ്ഥലത്തുണ്ടായിരുന്നത്. സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള പ്രതിഷേധക്കാര്‍ പ്രകോപനമില്ലാതെ ഓഫിസിനകത്ത് അതിക്രമിച്ചു കയറുകയായിരുന്നുവെന്ന് പഞ്ചായത്ത് പ്രസിഡന്‍റ് എം.ടി. സലീന പറഞ്ഞു. പ്രസിഡന്‍റ് സ്ഥലത്ത് ഉണ്ടായിരുന്നില്ല. പഞ്ചായത്ത് സെക്രട്ടറി മുഹമ്മദിനെ കഴുത്തിന് കുത്തിപ്പിടിച്ച്  ഭീഷണിപ്പെടുത്തുകയും ചെയ്തു. അഞ്ച് ലക്ഷം രൂപയുടെ നഷ്ടം വരുത്തിയതായി കാണിച്ച് പഞ്ചായത്ത് സെക്രട്ടറി പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് പരാതി നല്‍കി.
മൂന്ന് തൊഴിലാളികള്‍ക്ക് മണല്‍ കടവില്‍ ജോലി ചെയ്യാന്‍ ജില്ലാ കലക്ടര്‍ അനുമതി നല്‍കിയിട്ടും പഞ്ചായത്ത് അവസരം നിഷേധിച്ചതായാണ്  ബി.എം.എസിന്‍െറ ആരോപണം.  മാര്‍ച്ച് സംസ്ഥാന സെക്രട്ടറി പി. ശശിധരന്‍ ഉദ്ഘാടനം ചെയ്തു.
 

ബെര്‍ലുസ്കോണിയെ ഇറ്റാലിയന്‍ പാര്‍ലമെന്‍്റില്‍ നിന്നും പുറത്താക്കി

Posted: 27 Nov 2013 10:41 PM PST

Image: 

റോം: നികുതിവെട്ടിപ്പുകേസില്‍ മുന്‍ ഇറ്റാലിയന്‍ പ്രധാനമന്ത്രി സില്‍വിയോ ബെര്‍ലുസ്കോണിയെ പാര്‍ലമെന്‍്റില്‍ നിന്നും പുറത്താക്കി. ബുധനാഴ്ച സെനറ്റില്‍ നടന്ന വോട്ടെടുപ്പോടെയാണ് 77 കാരനായ ബെര്‍ലുസ്കോണിക്ക് പുറത്തേക്കുള്ള വഴി തുറന്നത്. എന്നാല്‍, ആറു വര്‍ഷം വരെയാണ് പുറത്താക്കല്‍ കാലാവധി എന്നതിനാല്‍ ബെര്‍ലുസ്കോണിയുടെ രാഷ്ട്രീയ ജീവിതത്തിന് അന്ത്യമായെന്ന് കരുതാനാവില്ല.

വോട്ടെടുപ്പിന് മുന്നോടിയായി സ്വയം തന്നെ ഒരു ദിവസത്തെ ദുഖാചരണത്തിന് ബെര്‍ലുസ്കോണി ആഹ്വാനം നടത്തിയിരുന്നു. തന്‍്റെ പാര്‍ട്ടിയായ ‘ഫോര്‍സ ഇറ്റാലിയ’ നല്ളൊരു ഇറ്റലിക്കായുള്ള പോരാട്ടം തുടരുമെന്ന് ബെര്‍ലുസ്കോണി തന്‍്റെ പ്രസംഗത്തില്‍ പറഞ്ഞു.

വോട്ടെടുപ്പിനിടെ ചില നാടകീയ രംഗങ്ങളും അരങ്ങേറി. പുറത്താക്കല്‍ നടപടി തടയുന്നതിനായി ബെര്‍ലുസ്കോണിയെ പിന്തുണക്കുന്ന സെനറ്റ് അംഗങ്ങള്‍ ഒന്നിനു പിറകെ ഒന്നായി വോട്ട് ബഹിഷ്കരിക്കുന്നതായി പ്രഖ്യാപിച്ചു. ഡസന്‍ കണക്കിന് പ്രതിനിധികള്‍ പിന്തുണ അര്‍പിച്ച് നടുത്തളത്തില്‍ ഇറങ്ങി. അഴിമതിക്കറ പുരണ്ട മുന്‍ പ്രധാനമന്ത്രിയെ ദക്ഷിണാഫ്രിക്കയില്‍ വര്‍ണവിവേചനത്തിനെതിരെ പോരാടിയ നെല്‍സണ്‍ മണ്ടേലയോട് വരെ ഇതില്‍ ഒരു അംഗം ഉപമിച്ചു. പലരും കറുത്ത വേഷം ധരിച്ചാണ് സെനറ്റില്‍ ഹാജറായത്.

നേരത്തെ മൂന്നു തവണ പ്രധാനമന്ത്രി പദത്തില്‍ ഇരുന്ന ബെര്‍ലുസ്കോണിക്ക് ഇനി പാര്‍ലമെന്‍റില്‍ ഇരിപ്പിടം കാണില്ളെങ്കിലും ഇറ്റാലിയന്‍ രാഷ്ട്രീയത്തില്‍ തുടര്‍ന്നും സ്വാധീനം ചെലുത്താനാവുമെന്നാണ് ഇദ്ദേഹത്തിന്‍്റെ അനുയായികള്‍ കരുതുന്നത്.

ബെര്‍ലുസ്കോണിയുടെ കമ്പനിയായ മീഡിയാസെറ്റ് 2012 ഒക്ടോബറില്‍ യു.എസ് കമ്പനിയുമായി നടത്തിയ ഇടപാടില്‍ നികുതി വെട്ടിപ്പു നടത്തിയതായി കണ്ടത്തെിയിരുന്നു. അഴിമതി ആരോപണത്തിനു പുറമെ ലൈംഗിക പീഡനക്കേസിലും ബെര്‍ലുസ്കോണി കുറ്റക്കാരനാണെന്ന് കണ്ടത്തെിയിരുന്നു.

പൊന്നിന്‍ താരങ്ങള്‍ക്ക് മിന്നും സ്വീകരണം

Posted: 27 Nov 2013 10:38 PM PST

തിരുവല്ല: സംസ്ഥാന കായികമേളയില്‍ സ്വര്‍ണ മെഡല്‍ നേടിയ എവിന്‍ റിച്ചാര്‍ഡ് സജിക്കും വെള്ളി മെഡല്‍ നേടിയ ജോബിന്‍ ജയിംസിനും  ഇരവിപേരൂര്‍ സെന്‍റ് ജോണ്‍സ് ഹയര്‍സെക്കന്‍ഡറി  സ്കൂളും പൗരാവലിയും സംയുക്തമായി ഉജ്ജ്വല സ്വീകരണം നല്‍കി.
രാവിലെ  ഒമ്പതിന് തിരുവല്ല റെയില്‍വേ സ്റ്റേഷനില്‍ മെഡല്‍ ജേതാക്കളെയും സംസ്ഥാന കായിക താരങ്ങളായ അനുബാബു, റീബ അന്ന ജോര്‍ജ്, മൈഥിലി കൃഷ്ണന്‍, സുബിന്‍ സജി എന്നിവരേയും  കായികാധ്യാപകന്‍ അനീഷ് തോമസിനേയും സ്വീകരിച്ചു. ആന്‍േറാ ആന്‍റണി  എം.പി, എം.എല്‍.എമാരായ കെ.ശിവദാസന്‍ നായര്‍, മാത്യു ടി തോമസ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ്  ഡോ.സജി ചാക്കോ,  പഞ്ചായത്ത് പ്രസിഡന്‍റ്  എന്‍. രാജീവ്, സ്പോര്‍ട്ട്സ് കൗണ്‍സില്‍  പ്രസിഡന്‍റ് സലീം പി. ചാക്കോ, പ്രിന്‍സിപ്പില്‍ അന്നമ്മ രഞ്ജിനി ചെറിയാന്‍, പ്രഥമാധ്യാപിക ചേച്ചാ ജോണ്‍, മാനേജര്‍  ടി.ഡി  എബ്രഹാം എന്നിവര്‍  ചേര്‍ന്ന് സ്വീകരിച്ചു. സ്കൂള്‍ ബാന്‍റ്സെറ്റ്, കുട്ടികളുടെ ചെണ്ടമേളം  എന്‍.സി.സി കേഡറ്റ്സ്, റെഡ്ക്രോസ്, കരാട്ടേ ടീം എന്നിവയുടെ  അകമ്പടിയോടെ വിവിധ സ്കൂളുകളില്‍ സ്വീകരണം  നല്‍കി. നെല്ലാട് ജങ്ഷനില്‍നിന്ന് സ്വീകരണഘോഷയാത്ര  സ്കൂളിലെ അനുമോദന നഗറില്‍ എത്തി. അനുമോദന സമ്മേളനം  ഡോ. സജി ചാക്കോ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്‍റ്  എന്‍.രാജീവ്  അധ്യക്ഷതവഹിച്ചു.
സ്കൂള്‍ പി.ടി.എയും പൗരാവലിയും നല്‍കിയ ഉപഹാരങ്ങള്‍ പഞ്ചായത്ത് പ്രസിഡന്‍റ്സമ്മാനിച്ചു. ഈസ്റ്റ് കോഓപറേറ്റിവ്  ബാങ്കിന്‍െറ ഉപഹാരവും  കാഷ് അവാര്‍ഡും പ്രസിഡന്‍റ് കെ.ജയവര്‍മ നല്‍കി. ജില്ലാ പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി  ചെയര്‍മാന്‍ പഴകുളം മധു, മോളി മാത്യു,  ടി.ഡി.എബ്രഹാം, സ്പോര്‍ട്സ് കൗണ്‍സില്‍  പ്രസിഡന്‍റ് സലിം.പി.ചാക്കോ, ഡി.ഡി മാത്യു, എ.ഇ.ഒ കെ സുഗതന്‍, പഞ്ചായത്ത് അംഗം  സുധീഷ്, പ്രിന്‍സിപ്പല്‍  അന്നമ്മ രഞ്ജിനി ചെറിയാന്‍, ഹെഡ്മിസ്ട്രസ് ചേച്ചാ ജോണ്‍, സാബു ജോസഫ്,  പി.ടി. ജോണ്‍, ബിജുകുമാര്‍, ജയാ മനോജ് എന്നിവര്‍ സംസാരിച്ചു.
 

No comments:

Post a Comment

english malayalam dictionary

വിരുന്നുകാര്...

poomottu

Dsgd: by ASLAM PADINHARAYIL

Back to TOP