സ്വാഗതം
WELCOME

News Update..

Wednesday, June 5, 2013

ഗുജറാത്ത് ഉപതെരഞ്ഞെടുപ്പ്: ബി.ജെ.പി തൂത്തുവാരി Madhyamam News Feeds

ഗുജറാത്ത് ഉപതെരഞ്ഞെടുപ്പ്: ബി.ജെ.പി തൂത്തുവാരി Madhyamam News Feeds

Link to

ഗുജറാത്ത് ഉപതെരഞ്ഞെടുപ്പ്: ബി.ജെ.പി തൂത്തുവാരി

Posted: 05 Jun 2013 12:37 AM PDT

Image: 

ന്യൂദല്‍ഹി: ഗുജറാത്ത് ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് വന്‍ തിരിച്ചടി. തെരഞ്ഞെടുപ്പ് നടന്ന, പോര്‍ബന്തറടക്കം ആറ് സീറ്റുകളും ഭരണകക്ഷിയായ ബി.ജെ.പി തൂത്തുവാരി. മുന്‍ കോണ്‍ഗ്രസ് അംഗമായിരുന്ന, ബി.ജെ.പി നേതാവ് വിറ്റല്‍ റഡാഡിയയാണ്  പോര്‍ബന്തറില്‍ നിന്ന് വിജയിച്ചത്. രണ്ട് ലോക്സഭാ സീറ്റുകളിലും നാല് നിയമസഭാ സീറ്റുകളിലുമാണ് തെരഞ്ഞെടുപ്പ് നടന്നത്.

ഗുജറാത്ത് ബി.ജെ.പിയുടെ ശക്തി കേന്ദ്രമാണെന്ന് ജനങ്ങള്‍ ഒരിക്കല്‍ കൂടി തെളിയിച്ചതായും നരേന്ദ്രമോഡി സര്‍ക്കാറിന്റെവികസന നയങ്ങളാണ് വന്‍ വിജയത്തിന് കാരണമെന്നും ബി.ജെ.പി നേതാവ് അമിത് ഷാ പറഞ്ഞു.   

പ്രതിപക്ഷമായ കോണ്‍ഗ്രസിനുള്ള ‘ലിറ്റ്മസ്’ പരീക്ഷണമായാണ് തെരഞ്ഞെടുപ്പ് കണക്കാക്കിയിരുന്നത്.  വിജയിക്കുമെന്ന ആത്മവിശ്വാസത്തോടെയാണ് ഇരുപാര്‍ട്ടികളും തെരഞ്ഞെടുപ്പ് ഗോദയിലിറങ്ങിയത്. നിലവില്‍ നിയമസഭയിലെ 182 അംഗങ്ങളില്‍  ബി.ജെ.പിക്ക് 115 എം.എല്‍.എമാരും കോണ്‍ഗ്രസിന് 57 എം.എല്‍.എമാരുമാണുള്ളത്.
 

ജില്ലയില്‍ പനി പടരുന്നു; ജനം ഭീതിയില്‍

Posted: 05 Jun 2013 12:01 AM PDT

കൊല്ലം: പ്രതിരോധപ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുന്നതിനിടയിലും ജില്ലയില്‍ പനി പടരുന്നു. വൈറല്‍ പനിക്കൊപ്പം ഡെങ്കിപ്പനിയും വ്യാപകമാവുകയാണ്.    ഡെങ്കിപ്പനിമൂലം ചൊവ്വാഴ്ച ജില്ലയില്‍ നാല് പേര്‍ മരിച്ചത് ആശങ്കവര്‍ധിപ്പിച്ചിട്ടുണ്ട്.  പട്ടാഴി നടുത്തേരി പാലക്കുന്നില്‍ കിഴക്കേതില്‍  ഉഷാകുമാരി (38), പോരേടം മുട്ടത്തുകോണം ചരുവിള പുത്തന്‍വീട്ടില്‍ ദേവരാജന്‍പിള്ള (56)  മടത്തറ ശിവന്‍മുക്ക് തടത്തരികത്ത് വീട്ടില്‍ സജീര്‍ (26), പോരുവഴി കമ്പലടി ഷമീര്‍ മന്‍സിലില്‍ അബ്ദുല്‍ സലാം (50) എന്നിവരാണ് മരിച്ചത്.  സ്വകാര്യ ആശുപത്രികളും പനിയുമായി ബന്ധപ്പെട്ട ‘ട്രീറ്റ്മെന്‍റ് പ്രോട്ടോകോള്‍’ (ചികിത്സാ ക്രമം)  പിന്തുടരണമെന്ന് കലക്ടര്‍ നിര്‍ദേശിച്ചു.
ചൊവ്വാഴ്ച ജില്ലയില്‍  അഞ്ച് പേര്‍ക്കുകൂടി ഡെങ്കിപ്പനി സ്ഥിരീകരിച്ചിട്ടുണ്ട്.  ഏഴ് പേര്‍ മഞ്ഞപ്പിത്ത ചികിത്സയിലുണ്ട്. പല പ്രദേശങ്ങളിലും പനിക്കൊപ്പം  ചിക്കന്‍പോക്സും പടരുന്നുണ്ട്. ചിക്കന്‍പോക്സ് ബാധിതരായ എട്ട് പേര്‍ സര്‍ക്കാര്‍ ആശുപത്രികളില്‍  ചൊവ്വാഴ്ച  ചികിത്സതേടി. വൈറല്‍ പനി ബാധിച്ച 1061 പേര്‍ ഇന്നലെ ചികിത്സക്കെത്തി. ഇവരില്‍ പനി മൂര്‍ച്ഛിച്ച 57 പേരെ  ഐ.പി വിഭാഗത്തില്‍ പ്രവേശിപ്പിച്ചു.  പനിബാധിതര്‍ ആശുപത്രി വാര്‍ഡുകളില്‍ നിറഞ്ഞതിനാല്‍ പുതുതായി എത്തുന്നവരെ കിടത്തി ചികിത്സിക്കാനാവാത്ത അവസ്ഥ സര്‍ക്കാര്‍ ആശുപത്രികളിലുണ്ട്.                           
പകര്‍ച്ചപ്പനി പ്രതിരോധപ്രവര്‍ത്തനങ്ങളുടെ ഭാഗമായി സ്വകാര്യ ആശുപത്രി ഡോക്ടര്‍മാര്‍ക്കായി നടത്തിയ യോഗത്തിലാണ് ‘ട്രീറ്റ്മെന്‍റ് പ്രോട്ടോകോള്‍’ നിര്‍ബന്ധമായും പാലിക്കാന്‍ കലക്ടര്‍ നിര്‍ദേശം നല്‍കിയത്. പനിയുടെ തീവ്രതയും അനുബന്ധരോഗങ്ങളുടെയും അടിസ്ഥാനത്തില്‍  എ, ബി, സി വിഭാഗത്തില്‍ ഉള്‍പ്പെടുത്തി ചികിത്സ നടത്തണം. കാറ്റഗറി എ വിഭാഗക്കാര്‍ക്ക് പാരസെറ്റാമോള്‍ പോലെ ലഘു മരുന്നുകളും വിശ്രമവും മതിയാവും. ബി, സി കാറ്റഗറിയിലെ രോഗികള്‍ക്ക്  വിദഗ്ധചികിത്സ ഉറപ്പാക്കണം.
സ്വകാര്യ ആശുപത്രികളില്‍ പനി വാര്‍ഡ് സജ്ജമാക്കണം. വെന്‍റിലേഷന്‍, ജനല്‍, വാതില്‍ എന്നിവിടങ്ങളില്‍ കൊതുക് കടക്കാത്തവിധം വല സജ്ജമാക്കണം. ഡെങ്കിപ്പനി ബാധിതര്‍ക്ക് കൊതുകുവല ഉപയോഗിക്കണം. പകര്‍ച്ചപ്പനി ചികിത്സക്ക് ആവശ്യമായ മരുന്നുകള്‍ ശേഖരിച്ചിരിക്കണം. ഗര്‍ഭിണികള്‍ക്ക് പനിയുണ്ടായാല്‍ പകര്‍ച്ചപ്പനി പ്രതിരോധമരുന്ന് നല്‍കി
 അവരെ നിരീക്ഷിക്കുകയും ആവശ്യമെങ്കില്‍  റഫര്‍ ചെയ്യുകയും വേണം. പ്രമേഹബാധിതര്‍, വൃക്കരോഗികള്‍, ഹൃദ്രോഗികള്‍, കുട്ടികള്‍ എന്നിവര്‍ക്ക് കൂടുതല്‍ ശ്രദ്ധനല്‍കണം.
രോഗികളുടെ കണക്കുകള്‍ ഉച്ചക്ക് മൂന്നിന് മുമ്പ് ജില്ലാ മെഡിക്കല്‍ ഓഫിസര്‍ക്ക് കൈമാറണമെന്നും കലക്ടര്‍ അറിയിച്ചു.

സൈബര്‍സിറ്റിക്കായി എച്ച്.ഡി.ഐ.എല്‍ വാങ്ങിയ ഭൂമി മറിച്ചുവില്‍ക്കാന്‍ ശ്രമം

Posted: 04 Jun 2013 11:58 PM PDT

Image: 

കൊച്ചി: കളമശ്ശേരിയില്‍ സൈബര്‍ സിറ്റിക്കായി വാങ്ങിയ ഭൂമി എച്ച്.ഡി.ഐ.എല്‍ മറിച്ചുവില്‍ക്കാനൊരുങ്ങുന്നു.  70 ഏക്കര്‍ ഭൂമി വില്‍ക്കാന്‍ എച്ച്.ഡി.ഐ.എല്‍ പത്ര പരസ്യം നല്‍കിയിട്ടുണ്ട്. എച്ച്.എം.ടിയുടെ ഉടമസ്ഥതയിലുണ്ടായിരുന്ന ഭൂമി 2002ല്‍ എളമരം കരീം വ്യവസായ മന്ത്രിയായിരുന്ന കാലത്താണ് സൈബര്‍ സിറ്റി നിര്‍മാണത്തിനായി എച്ച്.ഡി.ഐ.എല്ലിന് കൈമാറിയത്്. വ്യാവസായിക ആവശ്യങ്ങള്‍ക്ക് മാത്രമെന്ന ഉപാധിയോടെയാണ് എച്ച്.ഡി.ഐ.എല്‍ ഭൂമി വാങ്ങിയത്.

70,000 പേര്‍ക്ക് തൊഴിലവസരങ്ങള്‍ വാഗ്ദാനം ചെയ്യുന്ന സൈബര്‍ സിറ്റി പദ്ധതിക്കുവേണ്ടിയാണ് എച്ച്. ഡി.ഐ.എല്ലിന്‍്റെ  ഉപകമ്പനിയുടെ ഉടമസ്ഥതയിലുള്ള ബ്ളൂ സ്റ്റാര്‍ റിയാല്‍റ്റേഴ്സ് ഭൂമി വാങ്ങിയത്.

2,300 കോടി രൂപയോളം സൈബര്‍ സിറ്റിക്കായി ഇവിടെ നിക്ഷേപിക്കുമെന്നായിരുന്നു എച്ച്.ഡി.ഐ.എല്‍ വ്യക്തമാക്കിയിരുന്നത്. എന്നാല്‍ ഇതുവരെ  ഒരുവിധത്തിലുള്ള നിര്‍മാണ പ്രവര്‍ത്തനവും നടന്നില്ല. പദ്ധതികള്‍ക്കായി നല്‍കിയ ഭൂമിയില്‍ നിര്‍മാണ പ്രവര്‍ത്തനം നടത്താത്തവര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് യു.ഡി.എഫ് ഗവണ്‍മെന്‍്റ് പ്രഖ്യാപിച്ചതിനു പിന്നാലെയാണ് ഭൂമിക്കച്ചവട പരസ്യം പുറത്തുവന്നിരിക്കുന്നത്. 2002ല്‍ സെന്‍്റിന് 1,34,000 രൂപ നിരക്കില്‍  വാങ്ങിയ ഭൂമി എട്ട് ലക്ഷം രൂപ നിരക്കിലാണ് വില്‍ക്കാന്‍ ശ്രമിക്കുന്നത്.

വികസനത്തിന്‍െറ ഗുണഫലം എല്ലാവരിലുമെത്തി -മന്ത്രി ജയലക്ഷ്മി

Posted: 04 Jun 2013 11:43 PM PDT

കല്‍പറ്റ: ജില്ലയിലെ എല്ലാ വിഭാഗത്തിലുംപെട്ടവരിലേക്ക് വികസനത്തിന്‍െറ ഗുണഫലം എത്തിക്കാനായെന്നും ശ്രീചിത്രാ മെഡിക്കല്‍ സെന്‍ററും മെഡിക്കല്‍കോളജും സമീപഭാവിയില്‍ ജില്ലയില്‍ യാഥാര്‍ഥ്യമാകുമെന്നും മന്ത്രി പി.കെ. ജയലക്ഷ്മി പറഞ്ഞു.
യു.ഡി.എഫ് മന്ത്രിസഭയുടെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് ജിനചന്ദ്ര ഓഡിറ്റോറിയത്തില്‍ ജില്ലാതല പരിപാടികള്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. രണ്ടാംഘട്ട സീപ്ളെയിന്‍ പദ്ധതിയില്‍ ജില്ലയെയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ബൈപാസ് അടക്കമുള്ള വലിയ പദ്ധതികള്‍ തുടങ്ങി. 14 സ്കൂളുകള്‍ അപ്ഗ്രേഡ് ചെയ്തു. ടൂറിസം രംഗത്തും വികസന പദ്ധതികള്‍ യാഥാര്‍ഥ്യമാകുന്നതായും മന്ത്രി പറഞ്ഞു.
എം.വി. ശ്രേയാംസ്കുമാര്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. പാചകവാതക സബ്സിഡികള്‍ ആധാര്‍ ബന്ധിത ബാങ്ക് അക്കൗണ്ട് വഴി വിതരണം ചെയ്യുന്ന പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം എം.ഐ. ഷാനവാസ് എം.പി നിര്‍വഹിച്ചു. സംസ്ഥാനത്ത് പത്തനംതിട്ട, വയനാട് ജില്ലകളില്‍ മാത്രമാണ് ആദ്യഘട്ടത്തില്‍ പദ്ധതി നടപ്പാക്കുന്നത്. രണ്ട് ജില്ലകളിലെ 4.2 ലക്ഷം ഉപഭോക്താക്കള്‍ക്ക് പ്രയോജനം ലഭിക്കും. പട്ടയങ്ങളും മറ്റ് ആനുകൂല്യങ്ങളും വിതരണം ചെയ്യുന്നതിന്‍െറ ഉദ്ഘാടനം ഐ.സി. ബാലകൃഷ്ണന്‍ എം.എല്‍.എ  നിര്‍വഹിച്ചു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍നിന്നുള്ള ധനസഹായം, ദേശീയ കുടുംബക്ഷേമപദ്ധതിയുടെ ധനസഹായം, സുഗന്ധഗിരി പദ്ധതിയുടെ ഭാഗമായ ഭവനനിര്‍മാണ ധനസഹായം, വ്യവസായസംരംഭകര്‍ക്കുള്ള ധനസഹായം, ജില്ലയിലെ 10 സഹകരണ ബാങ്കുകള്‍ക്ക് റിവോള്‍വിങ് ഫണ്ട് ഇനത്തില്‍ സര്‍ക്കാര്‍ അനുവദിച്ച രണ്ട് കോടിയുടെ ധനസഹായം, കൃഷിവകുപ്പിന്‍െറ വിവിധ സബ്സിഡികള്‍, പട്ടികവര്‍ഗ അയല്‍ക്കൂട്ടങ്ങള്‍ക്കുള്ള കോര്‍പസ്ഫണ്ട് എന്നിവയും വിതരണം ചെയ്തു. കര്‍ഷക കടാശ്വാസ കമീഷന്‍ മുഖേന വായ്പാ ബാധ്യതയില്‍നിന്ന് മുക്തിനേടിയ കര്‍ഷകര്‍ക്കുള്ള ബാധ്യതാരഹിത സര്‍ട്ടിഫിക്കറ്റുകളും വിതരണം ചെയ്തു. 2012ല്‍ ജില്ലയിലെ മികച്ച ക്ഷീരകര്‍ഷകനായും മികച്ച സമ്മിശ്ര കര്‍ഷകനായും തെരഞ്ഞെടുക്കപ്പെട്ട ലില്ലി മാത്യു, സി.ജെ. സെബാസ്റ്റ്യന്‍ എന്നിവരെ ആദരിച്ചു.
‘കുളിര്‍മയും പച്ചപ്പും’ പദ്ധതിയുടെ  ഭാഗമായ ഫലവൃക്ഷത്തൈ വിതരണം ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് കെ.വി. ശശി ഉദ്ഘാടനംചെയ്തു. കലക്ടര്‍ കെ.ജി. രാജു സ്വാഗതവും ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ ഇ. സജീവ് നന്ദിയും പറഞ്ഞു.

മാവോവാദി ഭീഷണി നേരിടാന്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകള്‍ ഒന്നിച്ച് മുന്നോട്ടു വരണം- പ്രധാനമന്ത്രി

Posted: 04 Jun 2013 11:22 PM PDT

Image: 

ന്യൂദല്‍ഹി: രാജ്യത്തെ ഏറ്റവും വലിയ ആഭ്യന്തര ഭീഷണിയായി മാറിക്കൊണ്ടിരിക്കുന്ന നക്സലിസത്തെ നേരിടാന്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകള്‍ ഒന്നിച്ചു മുന്നോട്ടുവരണമെന്ന് പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങ് ആഹ്വാനം ചെയ്തു. ദേശീയ ഭീകര വിരുദ്ധ കേന്ദ്രം (എന്‍.സി.ടി.സി)സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് ന്യുദല്‍ഹിയില്‍ വിളിച്ചു ചേര്‍ത്ത മുഖ്യമന്ത്രിമാരുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തെ 34 നക്സല്‍ ബാധിത മേഖലകളില്‍ സുരക്ഷയും നിരീക്ഷണവും ശക്തമാക്കിയിട്ടുണ്ട്. മാവോയിസ്റ്റഎ ആക്രമണങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ തിങ്കളാഴ്ച സര്‍വകക്ഷി യോഗം വിളിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഛത്തിസ്ഗഢിലെ നക്സല്‍ ആക്രമണം ജനാധിപത്യത്തിനും രാഷ്ട്രീയ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയാകുന്നതിനുള്ള ജനങ്ങളുടെ സ്വാതന്ത്ര്യത്തിനും എതിരായ കൈയേറ്റമാണെന്ന് യോഗത്തില്‍ സംസാരിച്ച ആഭ്യന്തരമന്ത്രി സുശീല്‍ കുമാര്‍ ഷിന്‍ഡെ അഭിപ്രായപ്പെട്ടു. രാജ്യത്ത് ശക്തമായിക്കൊണ്ടിരിക്കുന്ന തീവ്രവാദത്തെ ചെറുക്കാന്‍ കൂടുതല്‍ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

എന്‍.സി.ടി.സി സ്ഥാപിക്കുന്നതില്‍ കോണ്‍ഗ്രസിതര സംസ്ഥാന സര്‍ക്കാറുകളുടെ എതിര്‍പ്പ് മറികടക്കാനുള്ള ശ്രമത്തിന്‍്റെ ഭാഗമായാണ് ഇന്ന് മുഖ്യമന്ത്രിമാരുടെ പ്രത്യേക യോഗം ചേര്‍ന്നത്. ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോഡിയും ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറും എന്‍.സി.ടി.സിയെ എതിര്‍ക്കുമെന്നറിയുന്നു. എന്‍.സി.ടി.സിക്കെതിരെ നേരത്തെ തന്നെ രംഗത്തുള്ള മമതാ ബാനര്‍ജിയും ജയലളിതയും യോഗത്തില്‍ പങ്കെടുക്കുന്നില്ല. മുഖ്യമന്ത്രിമാര്‍ക്ക് സംസാരിക്കാന്‍ കേവലം പത്തു മിനിറ്റ് മാത്രം അനുവദിച്ചതില്‍ പ്രതിഷേധിച്ചാണ് ജയലളിത യോഗം ബഹഷ്കരിച്ചത്. കേരളത്തില്‍ നിന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് പകരം ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനാണ് യോഗത്തില്‍ പങ്കെടുക്കുന്നത്.

 

ഖത്തര്‍ ആരോഗ്യ ഇന്‍ഷൂറന്‍സ് നിയമം പ്രഖ്യാപിച്ചു

Posted: 04 Jun 2013 11:16 PM PDT

Image: 

ദോഹ: എല്ലാ മേഖലകളിലേയും തൊഴിലാളികള്‍ക്ക് ഇന്‍ഷൂറന്‍സ് ബാധകമാക്കി ഖത്തര്‍ ആരോഗ്യ ഇന്‍ഷൂറന്‍സ് നിയമം പ്രഖ്യാപിച്ചു. ഏറെക്കാലത്തെ കാത്തിരിപ്പിന് ശേഷം അമീര്‍ ഷെയ്ഖ് ഹമദ് ബിന്‍ ഖലീഫ ആല്‍ഥാനിയാണ് ചൊവ്വാഴ്ച 2103ലെ ഏഴാം നമ്പര്‍ നിയമം പ്രഖ്യാപിച്ചതെന്ന് ഖത്തര്‍ ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. വിദേശ തൊഴിലാളികള്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കുമടക്കം എല്ലാ തൊഴിലുടമകളും ഇന്‍ഷൂറന്‍സ് സംവിധാനമേര്‍പ്പെടുത്തണമെന്നത് പുതിയ നിയമപ്രകാരം നിര്‍ബന്ധമായി. ബിസിനസ്, ടൂറിസ്റ്റ് വിസകളിലെത്തുന്നവരും രാജ്യത്ത് തങ്ങുന്ന കാലയളവിലേക്ക് ഇന്‍ഷൂറന്‍സ് കവറേജ് എടുത്തിരിക്കണം. വീട്ടുജോലിക്കാര്‍ക്ക് സ്പോണ്‍സര്‍മാര്‍ ആരോഗ്യ ഇന്‍ഷൂറന്‍സ് കവറേജ് നല്‍കണം. പുതിയ നിയമമനുസരിച്ച് ഇന്‍ഷൂറന്‍സ് കവറേജ് ഇല്ലാതെ ആര്‍ക്കും രാജ്യത്ത് തങ്ങാനാവില്ല. ഖത്തര്‍ പൗരന്‍മാര്‍ക്കും ഖത്തര്‍ പൗരന്‍മാരെ വിവാഹം ചെയ്ത വിദേശി സ്ത്രീകള്‍ക്കും വിദേശികളെ വിവാഹം ചെയ്ത ഖത്തരി സ്ത്രീകളുടെ മക്കള്‍ക്കും ഗവണ്‍മെന്‍റ് സൗജന്യ ഇന്‍ഷൂറന്‍സ് കവറേജ് നല്‍കും. ഇന്‍ഷൂറന്‍സ് ഏര്‍പ്പെടുത്താതെ വിദേശ തൊഴിലാളികള്‍ക്കോ അവരുടെ ആശ്രിതര്‍ക്കോ റെസിഡന്‍റ് പെര്‍മിറ്റ് അനുവദിക്കാനും പാടില്ല. ഔദ്യാഗിക വിജ്ഞാപനം പുറപ്പെടുവിപ്പിച്ച നിയമം തിങ്കളാഴ്ച മുതല്‍ പ്രാബല്യത്തില്‍ വന്നു. സുപ്രിം കൗണ്‍സില്‍ ഓഫ് ഹെല്‍ത്തിനായിരിക്കും ഇന്‍ഷൂറന്‍സ് സംവിധാനത്തിന്‍െറ മേല്‍നോട്ട ചുമതല. ഇന്‍ഷൂറന്‍സ് വ്യവസ്ഥകള്‍ പാലിക്കുന്നുണ്ടേയെന്ന് കര്‍ശനമായി നിരീക്ഷിക്കും. എസ്.സി.എച്ച് നോഡല്‍ ഏജന്‍സിയെ കണ്ടെത്തിയാണ് ഇന്‍ഷൂറന്‍സ് സംവിധാനം നടപ്പാക്കുക.

ശൈഖ് സായിദിന്‍െറ ചിത്രങ്ങളുമായി ലോകത്തിലെ ഏറ്റവും വലിയ ആല്‍ബം

Posted: 04 Jun 2013 11:02 PM PDT

Image: 

അബൂദബി: യു.എ.ഇ രാഷ്ട്രപിതാവ് ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ ആല്‍ നഹ്യാന്‍െറ അപൂര്‍വവും ചരിത്രപ്രാധാന്യവുമുള്ള ഫോട്ടോകള്‍ അണിനിരക്കുന്ന ലോകത്തിലെ ഏറ്റവും വലിയ ആല്‍ബം അബൂദബിയില്‍ പുറത്തിറക്കി. സായിദ് ഹയര്‍ ഓര്‍ഗനൈസേഷന്‍ ഫൊര്‍ ഹ്യുമാനിറ്റേറിയന്‍ കെയര്‍ ആന്‍ഡ് സ്പെഷല്‍ നീഡ്സ് (ഇസഡ്.എച്ച്.ഒ) എമിറേറ്റ്സ് പാലസില്‍ സംഘടിപ്പിച്ച ‘വിശ്വാസ്യതയുടെ സ്പര്‍ശം’ എന്ന പരിപാടിയിലാണ് 210 കളര്‍-ബ്ളാക്ക് ആന്‍ഡ് വൈറ്റ് ഫോട്ടോകളുള്ള ആല്‍ബം അവതരിപ്പിച്ചത്. 5.5 മീറ്റര്‍ വീതിയും 4.5 മീറ്റര്‍ ഉയരവുമുള്ള ആല്‍ബം ഇതോടകം ഗിന്നസ് ബുക്ക് ഓഫ് വേള്‍ഡ് റെക്കോര്‍ഡ്സില്‍ ഇടംപിടിച്ചിട്ടുണ്ട്്.
ഇസഡ്.എച്ച്.ഒയിലെ പ്രത്യേക പരിചരണം ആവശ്യമായവര്‍ ശേഖരിച്ച ഫോട്ടോകളാണ് ആല്‍ബത്തില്‍ ഉപയോഗിച്ചിരിക്കുന്നത്. എമിറേറ്റ്സ് ഹെറിറ്റേജ് ക്ളബിന്‍െറയും വര്‍ഷങ്ങളോളം ശൈഖ് സായിദിന്‍െറ യാത്രകളിലും ആഘോഷവേളകളിലും സഹചാരിയായിരുന്ന ഫോട്ടോഗ്രാഫര്‍ അബ്ദുല്ല അല്‍ കഅബിയുടെയും സഹകരണത്തോടെയാണ് ഫോട്ടോകള്‍ ശേഖരിച്ചത്.
വേണ്ട സാഹചര്യം ഒരുക്കി കൊടുത്താല്‍ പ്രത്യേക പരിചരണം ആവശ്യമായവര്‍ സാധാരണ ജനങ്ങളേക്കാള്‍ ക്രിയാത്മകത പ്രകടിപ്പിക്കുമെന്ന് തെളിയിക്കുകയായിരുന്നു പദ്ധതിയുടെ ലക്ഷ്യമെന്ന് ഇസഡ്.എച്ച്.ഒ ഡെപ്യൂട്ടി ചെയര്‍മാനും സെക്രട്ടറി ജനറലുമായ മുഹമ്മദ് ഫദില്‍ അല്‍ ഹമേലി പറഞ്ഞു.    
ശൈഖ് സായിദിന്‍െറ ജീവകാരുണ്യ-ജനസേവന പ്രവര്‍ത്തനങ്ങളുടെ വിവരണം കൂടിയാണ് ആല്‍ബമെന്ന് ഇസഡ്.എച്ച്.ഒയിലെ സ്പെഷല്‍ നീഡ്സ് വിഭാഗം മേധാവി മറിയം സൈഫ് അല്‍ ഖുബൈസി പറഞ്ഞു.
 

ലോകകപ്പ് യോഗ്യത; ഒമാന്‍ ഇറാഖിനെ തോല്‍പ്പിച്ചു

Posted: 04 Jun 2013 10:45 PM PDT

Image: 

മസ്കത്ത്: സുല്‍ത്താന്‍ ഖാബൂസ് സ്റ്റേഡിയത്തിലെ കളി മൈതാനത്ത് ആവേശാരവങ്ങള്‍ക്കിടയില്‍ അരേങ്ങറിയ ലോകകപ്പ് ഫുട്ബാള്‍ യോഗ്യത മത്സരത്തിലെ നിര്‍ണായക പോരാട്ടത്തില്‍  ഒമാന് ജയം. എതിരാളികളായ ഇറാഖിനെ എതിരില്ലാത്ത ഒരു ഗോളിനാണ് ഒമാന്‍ ടീം തോല്‍പ്പിച്ചത്. ഒന്നാം പകുതിയില്‍ അധികമായി ലഭിച്ച മൂന്നാം മിനിറ്റിലായിരുന്നു രാജ്യം കാത്തിരുന്ന ഗോള്‍ വന്നത്.
ഒമാന്‍ മുന്നേറ്റ നിരയിലെ ഇസ്മാഈല്‍ അജ്മിയുടെ ബൂട്ടില്‍ നിന്നാണ് ലോകകപ്പ് മോഹങ്ങള്‍ക്ക് ജീവന്‍ വെപ്പിച്ച ഗോള്‍ പിറന്നത്. കളിയിലുടനീളം പ്രതിരോധത്തിലൂന്നിയ ഇറാഖിന് വന്‍ വില കൊടുക്കേണ്ടി വരികയായിരുന്നു.
ബോഷര്‍ വിലായത്തിലെ മൈതാനത്ത് വൈകിട്ട് അഞ്ചു മണിക്കാണ് മത്സരം തുടങ്ങിയത്. രാജ്യത്തിന്‍െറ വിവിധ ഭാഗങ്ങളില്‍ നിന്ന് ആര്‍പ്പും ആരവവുമായി കാണികള്‍ ഉച്ച മുതല്‍ തന്നെ മൈതാനത്തേക്ക് ഒഴുകി. കൊട്ടും പാട്ടുമായി അവര്‍ ഗ്യാലറിയില്‍ ഇടം പിടിച്ചു. ഇറാഖിനെ പിന്തുണക്കാനായി അവരുടെ കാണികളും മൈതാനത്തെത്തി. ജീവന്മരണ പോരാട്ടത്തില്‍ സ്വന്തം മണ്ണിലൊരു വിജയം എന്ന ലക്ഷ്യത്തിലേക്ക് അജ്മിയുടെ ഗോളിലൂടെ ഒമാന്‍ നടന്നു കയറി. ഈ ജയത്തോടെ ഗ്രൂപ്പില്‍ ജപ്പാന് പിറകില്‍ ഒമ്പതു പോയന്‍റുമായി രണ്ടാം സ്ഥാനത്താണ് ഒമാന്‍. ഇന്നലെ ഇതേ ഗ്രൂപ്പില്‍ ജപ്പാനും ആസ്ത്രലിയയുമായി നടന്ന മത്സരം ഓരോ ഗോള്‍ വീതമടിച്ച് സമനിലയില്‍ പിരിഞ്ഞു. ജോര്‍ദാനുമായി നടക്കുന്ന മത്സരം ജയിക്കുകയും ആസ്ത്രേലിയ അടുത്ത രണ്ടു കളികളിലൊന്നില്‍ തോല്‍ക്കുകയും ചെയ്താല്‍ ഫുട്ബാളിന്‍െറ തമ്പുരാക്കന്മാരായ ബ്രസീലിന്‍െറ മണ്ണില്‍ നടക്കുന്ന ലോകകപ്പ് പോരാട്ടത്തില്‍ ആദ്യമായി പന്തു തട്ടാനുള്ള സുവര്‍ണാവസരം ഒമാന്‍ കളിക്കാര്‍ക്ക് ലഭിക്കും. ഗ്രൂപ്പില്‍ ഏറ്റവും ഒടുവില്‍ നില്‍ക്കുന്ന ഇറാഖുമായും ജോര്‍ദാനോടുമാണ് ആസ്ത്രേലിയയുടെ മത്സരങ്ങള്‍ എന്നതാണ് ഒമാന്‍െറ മുന്നിലുള്ള പ്രധാന തടസം. ഇതിലേതെങ്കിലും ഒരു മത്സരം സമനിലയിലാവുകയും ജോര്‍ദാനോട് ജയിക്കുകയും ചെയ്താല്‍ ഒമാന് ലോകകപ്പ് കളിക്കാം. 14 പോയന്‍റുമായി ഒന്നാം സ്ഥാനത്ത് നില്‍ക്കുന്ന ജപ്പാന്‍ നേരത്തേ തന്നെ യോഗ്യത നേടിയിട്ടുണ്ട്. ഒമാനോ ആസ്ത്രേലിയയോ എന്നതു മാത്രമാണ് ഇനി തീരുമാനമാകാനുള്ളത്. യൂറോപ്യന്‍ ക്ളബ് ഫുട്ബാളിന്‍െറ പരിചയ സമ്പത്തുമായി എത്തിയ സൂപ്പര്‍ താരവും ഗോള്‍കീപ്പറുമായ അലി ഹബ്്ശി തോളില്‍ ബാന്‍േറജണിഞ്ഞ് മൈതാനത്തെത്തിയത് കളിക്കാര്‍ക്ക് ആവേശം പകര്‍ന്നു. തോളെല്ലിന് ശസ്ത്രക്രിയ കഴിഞ്ഞതിനാല്‍ കളത്തിലിറങ്ങാന്‍ കഴിഞ്ഞില്ലെങ്കിലും ഹബ്ശിയുടെ സാന്നിധ്യം ടീമിന് ആത്മവിശ്വാസം പകര്‍ന്നു.
ഹബ്ശിക്കു പകരം സുവൈഖിന്‍െറ ഗോള്‍കീപ്പറാണ് ടീമിന്‍െറ വല കാത്തത്. രാജ്യം കാത്തിരിക്കുന്നു, ഒമാനും ജോര്‍ദാനും തമ്മിലുള്ള മത്സരത്തിനായി. അവിടെ ജയിക്കാനായാല്‍ ഒരു പക്ഷേ ചരിത്രം പിറക്കുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. അതുകൊണ്ടു തന്നെ അടുത്ത മത്സരങ്ങളിലേതെങ്കിലുമൊന്നില്‍ ആസ്ത്രേലിയയുടെ തോല്‍വി കാണാന്‍ ദേശീയ ടീമിന്‍െറ കളിക്കാര്‍ മാത്രമല്ല, കളിയാരാധകര്‍ ഒന്നടങ്കം കാത്തിരിക്കുന്നു.

വിദേശികളെ കുറക്കണമെന്നത് സര്‍ക്കാറിന്‍െറ പ്രഖ്യാപിത നയം -കുവൈത്ത് തൊഴില്‍ മന്ത്രി

Posted: 04 Jun 2013 10:33 PM PDT

Image: 

കുവൈത്ത് സിറ്റി: രാജ്യത്ത് നിലവില്‍ നടക്കുന്ന അധനികൃത താമസക്കാരുടെ ശുദ്ധീകരണ പ്രക്രിയക്കൊപ്പം വിദേശ തൊഴിലാളികളുടെ എണ്ണം കുറക്കുക എന്ന നയവുമായി സര്‍ക്കാര്‍ മുന്നോട്ട്. ഇക്കാര്യത്തില്‍ നേരത്തേ പ്രസ്താവന നടത്തിയിരുന്ന സാമൂഹിക, തൊഴില്‍ മന്ത്രി ദിക്റ അല്‍ റഷീദിയാണ് വിദേശികളെ കുറക്കുമെന്ന പ്രഖ്യാപനവുമായി വീണ്ടും രംഗത്തെത്തിയത്.
സ്വദേശി-വിദേശി ജനസംഖ്യ രാജ്യ താല്‍പര്യത്തിനനുസൃതമായി നിയന്ത്രിക്കാന്‍ കുവൈത്തിന് അവകാശവും ബാധ്യതയുമുണ്ടെന്നും അതിനുവേണ്ടി വിദേശികളെ കുറക്കണമെന്നത് സര്‍ക്കാറിന്‍െറ പ്രഖ്യാപിത നയമാണെന്നും കുവൈത്ത് സിറ്റിയിലെ സൂഖ് ഉദ്ഘാടനശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെ മന്ത്രി വ്യക്തമാക്കി. രാജ്യത്ത് സ്വദേശികളും വിദേശികളും തമ്മിലുള്ള അനുപാതം ഏറെ അസന്തുലിതമാണ്. അവിദഗ്ധ വിദേശ തൊഴിലാളികളുടെ ആധിക്യമാണ് ഇതിന് കാരണം. അത് ഇല്ലാതാക്കാന്‍ വിദേശികളുടെ എണ്ണം കുറക്കുക തന്നെ വേണം. അത് സര്‍ക്കാറിന്‍െറ പ്രഖ്യാപിത നയമാണ്. ഇതിനുള്ള നടപടികള്‍ തൊഴില്‍ മന്ത്രാലയം തുടങ്ങിയിട്ടുണ്ട്. തുടര്‍ നടപടികള്‍ വരും ദിവസങ്ങളില്‍ പ്രതീക്ഷിക്കാം -അല്‍ റഷീദി പറഞ്ഞു.
സ്വദേശി-വിദേശി അസന്തുലിതാവസ്ഥ ഇല്ലാക്കുന്നതിന് നിലവിലുള്ള സംവിധാനത്തിലെ പിഴവുകള്‍ പരിഹരിക്കേണ്ടതുണ്ട്. അതിന്‍െറ ഭാഗമായാണ് സ്വകാര്യ മേഖലയില്‍ കമേഴ്സ്യല്‍ വിസിറ്റ് വിസ തൊഴില്‍ വിസയിലേക്ക് മാറ്റുന്നതിന് നിയന്ത്രണമേര്‍പ്പെടുത്തിയത്. അത് ഇനിയും തുടരും. വിദഗ്ധ മേഖലകളില്‍ കുവൈത്തിന് വിദേശികളുടെ സേവനം ഇനിയുമേറെ ആവശ്യമാണെങ്കിലും അവിദഗ്ധരും നിലവാരമില്ലാത്തവരുമായ തൊഴിലാളികളെ രാജ്യത്തിന് ആവശ്യമില്ല. കമേഴ്സ്യല്‍ വിസിറ്റ് വിസ വഴിയെത്തുന്ന ഇത്തരക്കാര്‍ പിന്നീട് തൊഴില്‍ വിസയിലേക്ക് മാറി രാജ്യത്ത് തുടരുന്നത് ഒഴിവാക്കാന്‍ വേണ്ടിയാണ് ഈ നിയന്ത്രണം നടപ്പാക്കിത്തുടങ്ങിയതെന്ന് വ്യക്തമാക്കിയ മന്ത്രി അത് തുടരേണ്ടത് ആവശ്യമാണെന്നും കൂട്ടിച്ചേര്‍ത്തു.
രാജ്യത്തെ തൊഴില്‍ വിപണി പരിഷ്കരിക്കുകയാണ് തൊഴില്‍ മന്ത്രാലയത്തിന്‍െറ ദൗത്യമെന്നും അനധികൃത താമസക്കാര്‍ക്കെതിരെ നടപടിയെടുക്കുന്നത് സര്‍ക്കാറിന്‍െറ മറ്റു വിഭാഗങ്ങളുടെ ജോലിയാണെന്നും മന്ത്രി പറഞ്ഞു. പത്ത് വര്‍ഷത്തിനകം രാജ്യത്തെ വിദേശികളുടെ എണ്ണം പത്ത് ലക്ഷം കുറക്കുകയാണ് തൊഴില്‍ മന്ത്രാലയത്തിന്‍െറ ലക്ഷ്യമെന്ന് രണ്ടു മാസം മുമ്പ്  തൊഴില്‍ മന്ത്രി പ്രഖ്യാപിച്ചതോടെയാണ് രാജ്യത്ത് സ്വദേശിവല്‍ക്കരണം ശക്തമാവുന്നതായി സൂചനയുയര്‍ന്നത്. ഇതിന്‍െറ ഭാഗമായി കമേഴ്സ്യല്‍ വിസിറ്റ് വിസ തൊഴില്‍ വിസയിലേക്ക് മാറ്റുന്നത് നിര്‍ത്തലാക്കുകയും ഗാര്‍ഹിക വിസയില്‍നിന്ന് അതേ സ്പോണ്‍സറുടെ കീഴിലുള്ള തൊഴില്‍ വിസയിലേക്ക് മാറുന്നതിന് സാധാരണ നല്‍കാറുള്ള അനുവാദം ഇത്തവണയില്ല എന്ന് പ്രഖ്യാപിക്കുകയും ചെയ്ത് നടപടികള്‍ കര്‍ശനമാക്കിയിരുന്നു.
ഒരു ഭാഗത്ത് ആഭ്യന്തര മന്ത്രാലയത്തിന്‍െറ മേല്‍നോട്ടത്തില്‍ താമസ നിയമങ്ങള്‍ ലംഘിക്കുന്നവര്‍ക്കും സ്പോണ്‍സര്‍ മാറി ജോലി ചെയ്യുന്നവര്‍ക്കുമെതിരെ നടപടികള്‍ കര്‍ശനമാക്കുകയും നിയമ ലംഘനങ്ങള്‍ക്ക് പിടിക്കപ്പെടുന്നവരെ നാടുകടത്തുകയും ചെയ്യുന്നതിനിടെയാണ് തൊഴില്‍ മന്ത്രാലയവും ശക്തമായ സ്വദേശിവല്‍ക്കരണ നടപടികളുമായി മുന്നോട്ടുപോവുന്നത്. എല്ലാ വിഭാഗങ്ങളും കടുത്ത നടപടികള്‍ സ്വീകരിക്കുന്നത് തുടരുമ്പോള്‍ മലയാളികളടക്കമുള്ള പ്രവാസികളുടെ ജീവിതം അക്ഷരാര്‍ഥത്തില്‍ ദുഷ്കരമാവുകയാണ്.
 

മന്ത്രിസഭാ പുന:സംഘടന: രണ്ടു ദിവസത്തിനകം തീരുമാനമെന്ന് പി.പി തങ്കച്ചന്‍

Posted: 04 Jun 2013 10:30 PM PDT

Image: 

തിരുവനന്തപുരം: മന്ത്രിസഭാ പുന:സംഘടനയുമായി ബന്ധപ്പെട്ട പ്രശ്നത്തിന്  രണ്ടുദിവസത്തിനകം  തീരുമാനമുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായി   യു.ഡി.എഫ് കണ്‍വീനര്‍ പി.പി തങ്കച്ചന്‍.
രമേശിന് മന്ത്രിസഭയിലേക്ക് വരാന്‍ അനുമതി നല്‍കിയ കേന്ദ്രനേതൃത്വം മാന്യമായ സ്ഥാനം നല്‍കണമെന്ന് നിര്‍ദേശിച്ചിട്ടുണ്ട്. അതുകൊണ്ട്  ഇക്കാര്യത്തില്‍ ഘടകകക്ഷികളുമായി ചര്‍ച്ച നടത്തേണ്ട  ആവശ്യമില്ല. അതിനുള്ള ചര്‍ച്ചകള്‍ മുഖ്യമന്ത്രിയ്ക്കും രമേശ് ചെന്നത്തലയ്ക്കും ഇടയില്‍ നടക്കുകയാണ്. മന്ത്രിസഭാ പ്രവേശനവുമായി ബന്ധപ്പെട്ട ചര്‍ച്ചക്കായി  കെ.പി.സി.സി. പ്രസിഡന്‍്റ് രമേശ് ചെന്നിത്തലയെ കണ്ടശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

 മന്ത്രിസഭാ പ്രവേശനകാര്യത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും കെ.പി.സി.സി. പ്രസിഡന്‍്റ് രമേശ് ചെന്നിത്തലയും ബുധനാഴ്ച ചര്‍ച്ച നടത്തും.
ഹൈകമാന്‍ഡുമായി മുഖ്യമന്ത്രി നടത്തിയ ചര്‍ച്ചക്ക് ശേഷവും ഇരു ഗ്രൂപ്പുകളും നിലപാടില്‍ മാറ്റം വരുത്തിയിട്ടില്ളെങ്കിലും  ബുധനാഴ്ച നടക്കുന്ന ചര്‍ച്ചയില്‍ തീരുമാനമാകുമെന്നാണ്  പ്രതീക്ഷ. അതേസമയം, ആഭ്യന്തരവകുപ്പിനെ ചൊല്ലിയുള്ള തര്‍ക്കം രൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ പ്രശ്നപരിഹാരം ഇപ്പോഴും അകലെയാണ്.

No comments:

Post a Comment

english malayalam dictionary

വിരുന്നുകാര്...

poomottu

Dsgd: by ASLAM PADINHARAYIL

Back to TOP