സ്വാഗതം
WELCOME

News Update..

Wednesday, June 12, 2013

താലിബാനുമായി ചര്‍ച്ച നടത്തണം: യു.എസ് കമാന്‍ഡര്‍ Madhyamam News Feeds

താലിബാനുമായി ചര്‍ച്ച നടത്തണം: യു.എസ് കമാന്‍ഡര്‍ Madhyamam News Feeds

Link to

താലിബാനുമായി ചര്‍ച്ച നടത്തണം: യു.എസ് കമാന്‍ഡര്‍

Posted: 12 Jun 2013 12:07 AM PDT

Image: 

കാബൂള്‍: താലിബാനുമായി ചര്‍ച്ച നടത്തേണ്ടത് അനിവാര്യമാണെന്ന് അഫ്ഗാനിലെ നാറ്റോ സേനയുടെ പിന്മാറ്റത്തിന്റെചുമതലയുള്ള യു.എസ് കമാന്‍ഡര്‍ ജനറല്‍ ജോസഫ് ഡെന്‍ഫോര്‍ഡ്. രാജ്യ സുരക്ഷയും സുസ്ഥിരതയും ഉറപ്പുവരുത്താനാണിത്. നാറ്റോ സേനയുടെ പിന്മാറ്റത്തിന് ശേഷം അഫ്ഗാന്‍ സേനക്ക് അന്താരാഷ്ട്ര സമൂഹത്തിന്റെപിന്തുണ ആവശ്യമാണെന്ന് അദ്ദേഹം ബി.ബി.സിയോട് പറഞ്ഞു. അന്തരാഷ്ട്ര പിന്തുണ നല്‍കിയില്ലെങ്കില്‍ അവിടുത്തെ ജനാധിപത്യവും സ്ത്രീ സ്വാതന്ത്ര്യവും വീണ്ടും ഇല്ലാതാവുമെന്നും അദ്ദേഹം മുന്നറിയിപ്പു നല്‍കി.  രാജ്യത്തെ പുരോഗതിയെ കുറിച്ച് യാതൊരു ഉറപ്പും പറയാനാവില്ലെന്ന് അദ്ദേഹം  കുട്ടിച്ചേര്‍ത്തു.

അടുത്തയാഴ്ചയോടെ അവസാനത്തെ ജില്ലയുടെ നിയന്ത്രണവും അഫ്ഗാന്‍ സര്‍ക്കാറിന് കൈമാറും. 2014ഓടെ നാറ്റോ സേന രാജ്യത്ത് പൂര്‍ണമായും പിന്മാറുമെന്നാണ് പ്രതീക്ഷിക്കുന്നത്.  
 

പ്രതിരോധം പാളുന്നു; ഡെങ്കിബാധിതര്‍ കൂടുന്നു

Posted: 12 Jun 2013 12:05 AM PDT

തിരുവനന്തപുരം: പ്രതിരോധ പ്രവര്‍ത്തനവും പ്രഖ്യാപനങ്ങളും കാര്യക്ഷമമാകുന്നില്ല, ജില്ലയില്‍ ഡെങ്കിപ്പനി ബാധിച്ചവരുടെ എണ്ണം കൂടുന്നു. ചൊവ്വാഴ്ച ജില്ലയിലെ വിവിധ സര്‍ക്കാര്‍ ആശുപത്രികളില്‍ ചികിത്സ തേടിയത് 2452 പേരാണ്. ഇതില്‍ 53 പേര്‍ക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു. ഒരാള്‍ക്ക് എലിപ്പനിയും അഞ്ചുപേര്‍ക്ക് ടൈഫോയ്ഡും പിടിപെട്ടിട്ടുണ്ട്. ഈ വര്‍ഷം ജില്ലയില്‍ ഒരു ദിവസം ഡെങ്കിപ്പനിബാധിതര്‍ അമ്പത് കടക്കുന്നത് ആദ്യമാണ്. ആരോഗ്യവകുപ്പിന്‍െറ പ്രതിരോധ നിയന്ത്രണങ്ങള്‍ കാര്യക്ഷമമല്ലെന്ന് വ്യക്തമാക്കുന്നതാണ് തലസ്ഥാന ജില്ലയില്‍ ഡെങ്കിബാധിതരുടെ എണ്ണം വീണ്ടും വര്‍ധിക്കുന്നതിലൂടെ വ്യക്തമാകുന്നത്. പ്രതിരോധ നടപടിക്കൊപ്പം പ്രഖ്യാപനങ്ങളില്‍ പലതും കാര്യക്ഷമമായി നടപ്പാക്കാനാവാത്തതിനാല്‍ ജില്ലയില്‍ പനിബാധിക്കുന്നവരില്‍ പ്രതിദിനം കുറവില്ലെന്ന് ആരോഗ്യവകുപ്പിന്‍െറ കണക്കുകള്‍തന്നെ പറയുന്നു. നെടുമങ്ങാട്, ആര്യനാട്, വിളപ്പില്‍, പൂവാര്‍, വട്ടിയൂര്‍ക്കാവ്, തിരുവല്ലം, കള്ളിക്കാട്, മലയിന്‍കീഴ്, കരകുളം, കല്ലറ, കുറ്റിച്ചല്‍, കാട്ടാക്കട, പനവൂര്‍, വാമനപുരം, വീരണകാവ്, ചെമ്പൂര്‍, വിഴിഞ്ഞം, കല്ലിയൂര്‍, മലയാടി, മുക്കോല, അരുവിക്കര, ബാലരാമപുരം, കുന്നത്തുകാല്‍, മാനെല്ലൂര്‍, പള്ളിച്ചല്‍, കുന്നപ്പുഴ, കഞ്ഞിരംപാറ, നേമം, തിരുമല, പാപ്പനംകോട്, കുര്യാത്തി, പേരൂര്‍ക്കട, പള്ളിമുക്ക്, വഞ്ചിയൂര്‍, കുമാരപുരം എന്നിവിടങ്ങളിലാണ് ഡെങ്കിബാധിതരെ കണ്ടെത്തിയത്. കാട്ടാക്കടയിലാണ് ഒരാള്‍ക്ക് എലിപ്പനി സ്ഥിരീകരിച്ചത്. ശാസ്തമംഗലത്ത് ഒരാളില്‍ മലേറിയയും കണ്ടെത്തി. ഞായറാഴ്ച പനിബാധിച്ച് മരിച്ച സുബിന്‍ സദാശിവന്‍െറ മരണം ഡെങ്കിമൂലമാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.
പനി പടരുന്നത് മാറ്റമില്ലാതെ തുടരുമ്പോഴും പരാതി പ്രവാഹമാണ് താലൂക്ക്-ജില്ലാ ആശുപത്രികളില്‍നിന്നുയരുന്നത്. നഗരത്തിലും ഗ്രാമപ്രദേശങ്ങളിലും മലയോര മേഖലകളിലും ജനങ്ങള്‍ക്ക് ആശ്രയമായ ഹെല്‍ത്ത് സെന്‍ററുകളിലെ ഡോക്ടര്‍മാരുടെയും നഴ്സുമാരുടെയും കുറവ് പരാതിക്കിടയാക്കുന്നു. പകര്‍ച്ചവ്യാധി പടരുമ്പോള്‍ പരിസര ശുചീകരണത്തിന്‍െറ കാര്യത്തിലും അനാസ്ഥ ഉണ്ടാകുന്നതായും പരാതിയുണ്ട്. വിതുര, പെരിങ്ങമ്മല, പാലോട് ഭാഗങ്ങളില്‍ പകര്‍ച്ചപ്പനി ശക്തമാണ്. ഇവരില്‍ ഡെങ്കി, എലിപ്പനി ബാധിതരുമുണ്ട്.
പല പ്രദേശങ്ങളിലും മാസങ്ങളായി നീക്കം ചെയ്യാത്ത മാലിന്യങ്ങള്‍ ജീര്‍ണിച്ച് ദുര്‍ഗന്ധം പരത്തുന്നു. ഈ മാലിന്യക്കൂനകളില്‍ കൊതുകും ഈച്ചയും പെരുകുന്ന അവസ്ഥയാണ്. വീടുകളിലെയും കച്ചവടസ്ഥാപനങ്ങളിലെയും മലിനജലം ഒഴുക്കിവിടുന്ന ഓടകള്‍ ഒഴുക്കു നിലച്ച് ഭീതിപരത്തുന്നു. വിഴിഞ്ഞം ഉള്‍പ്പെടെയുള്ള തീരദേശങ്ങളിലും പ്രതിരോധം വേണ്ടത്ര ഫലപ്രദമല്ല. മത്സ്യ-മാംസ അവശിഷ്ടങ്ങള്‍ നിറഞ്ഞ തോടുകള്‍ പലയിടത്തും മഴയില്‍ പൊട്ടിയൊഴുകുന്നു. ശുചീകരണം പലയിടത്തും നടക്കുന്നില്ല. സര്‍ക്കാര്‍ ആശുപത്രികളിലെ അപര്യാപ്തതകള്‍ രോഗികളെ ഇപ്പോഴും വലക്കുകയാണ്. കുടിവെള്ളത്തിന് പുറമേ പ്രാഥമിക സൗകര്യങ്ങള്‍പോലും പലയിടത്തുമില്ല. എന്നാല്‍, ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കാന്‍ എല്ലാ നടപടികളും ചെയ്തുവരുന്നതായി ജില്ലാ ആരോഗ്യവകുപ്പ് അധികൃതര്‍ പറയുന്നു.
 

വിരലടയാളം: നാലാം വാരവും തര്‍ഹീല്‍ ജനനിബിഡം

Posted: 11 Jun 2013 11:49 PM PDT

Image: 

ജിദ്ദ: ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ നിന്നു ഔ്പാസ് ലഭിച്ചവരുടെ വിരലടയാളമെടുപ്പിന്‍െറ നാലാം ഊഴത്തില്‍ ചൊവ്വാഴ്ച രാത്രി എട്ടു വരെ 713 പേര്‍ അടയാളമെടുത്തു. 1261 പേര്‍ക്കാണ് കോണ്‍സുലേറ്റ് ടോക്കണ്‍ നല്‍കിയിരുന്നത്. ദിവസം പിന്നിടുമ്പോള്‍ ആയിരത്തോളം പേരുടെ നടപടിക്രമം പൂര്‍ത്തിയാകും. ബുധനാഴ്ച രാവിലെയോടെ മാത്രമേ ഈയാഴ്ചത്തെ ഇന്ത്യക്കാരുടെ അടയാളമെടുപ്പ് പൂര്‍ത്തിയാവൂ. മുന്‍ അനുഭവങ്ങളൂടെ വെളിച്ചത്തില്‍ ജിദ്ദയിലെ സാമൂഹികപ്രവര്‍ത്തകരുടെ സഹകരണത്തോടെ ഇന്ത്യന്‍ കോണ്‍സുലേറ്റ് കാഴ്ചവെച്ച ചിട്ടയാര്‍ന്ന പ്രവര്‍ത്തനം മൂലം അനാവശ്യമായ പ്രയാസങ്ങളില്‍ നിന്നു ജനം രക്ഷപ്പെട്ടു. കഴിഞ്ഞ മൂന്നു ദിവസങ്ങളിലായി കോണ്‍സുലേറ്റില്‍ നിന്നു വിതരണം ചെയ്ത ടോക്കണിന്‍െറ അടിസ്ഥാനത്തിലായിരുന്നു ചൊവ്വാഴ്ച വിരലടയാളമെടുപ്പിനുള്ള ക്രമീകരണമൊരുക്കിയിരുന്നത്. ടോക്കണ്‍ നമ്പര്‍ അനുസരിച്ച് കോണ്‍സുലേറ്റ് ശേഖരിച്ച പേരുവിവര പട്ടിക തര്‍ഹീല്‍ അധികൃതര്‍ക്ക് കൈമാറി. അവിടെ പ്രാഥമികപരിശോധനക്കു ശേഷം ലഭിക്കുന്ന പട്ടികയിലെ പേരുവിവരങ്ങള്‍ സന്നദ്ധപ്രവര്‍ത്തകര്‍ സമയബന്ധിതമായി ആളുകളെ അറിയിച്ചു. അതനുസരിച്ചു ആളുകള്‍ ക്രമനമ്പറില്‍ ക്യൂനിന്നു ശാന്തമായി അടയാളമെടുപ്പിനു നീങ്ങി. കോണ്‍സുലേറ്റിലെ ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ തര്‍ഹീല്‍ ഉദ്യോഗസ്ഥര്‍ വിരലടയാളമെടുപ്പ് പൂര്‍ത്തിയാക്കി നമ്പറും സീലും നല്‍കി കോണ്‍സുലേറ്റിനു രേഖകള്‍ കൈമാറി. കോണ്‍സുലേറ്റ് അധികൃതര്‍ ബന്ധപ്പെട്ടവരുടെ ടെലഫോണ്‍ നമ്പര്‍ രേഖപ്പെടുത്തുന്നതോടെ നടപടിക്രമം പൂര്‍ത്തിയായി. വിരലടയാളമെടുപ്പിനു ശേഷം പരിശോധനയില്‍ പ്രശ്നങ്ങള്‍ കണ്ടെത്തിയില്ലെങ്കില്‍ പരമാവധി രണ്ടാഴ്ചക്കകം ഫൈനല്‍ എക്സിറ്റ് സ്റ്റാമ്പ് ചെയ്ത പാസ്പോര്‍ട്ട് കോണ്‍സുലേറ്റില്‍ നിന്നു ലഭ്യമാകുമെന്ന് നേരത്തേ അറിയിച്ചിട്ടുണ്ട്.
ടോക്കണ്‍ നമ്പര്‍ ലഭിച്ചവര്‍ക്കാണു പരിഗണനയെന്നു മുന്‍കൂട്ടി അറിയിച്ചിട്ടും വിവരമറിയാതെ നിരവധിയാളുകള്‍ തര്‍ഹീലിലെത്തിയിരുന്നു. ഇവര്‍ക്കു ടോക്കണ്‍ നല്‍കാനുള്ള കൗണ്ടര്‍ തര്‍ഹീലിന്‍െറ പുറത്തു തുറന്നു. പൊരിവെയിലത്തു വരിനിന്ന ആളുകളുടെ നടപടിക്രമങ്ങള്‍ സന്നദ്ധപ്രവര്‍ത്തകര്‍ അത്യുല്‍സാഹപൂര്‍വം പൂര്‍ത്തിയാക്കി. വിരലടയാളമെടുപ്പിനെത്തിയ ആളുകളെ തര്‍ഹീലിനകത്തെ വിശാലമായ പുറം സെല്ലുകളിലിരുത്തിയതു കാരണം പൊരിവെയിലില്‍ നിന്നു രക്ഷ കിട്ടി. കോണ്‍സുലേറ്റിന്‍െറ വക പഴവും കേക്കും ജ്യൂസുമടങ്ങുന്ന ലഘുഭക്ഷണം വിതരണം ചെയ്തിരുന്നു. ദാഹിച്ചുവലഞ്ഞവര്‍ക്ക് കെ.എം.സി.സി ജിദ്ദ കമ്മിറ്റിയുടെ കുടിവെള്ള വിതരണം ഏറെ ആശ്വാസകരമായി. ജിദ്ദ കേരളൈറ്റ്സ് ഫോറവും ‘ഐവ’യും ഭക്ഷണമൊരുക്കിയിരുന്നു.
ഇത്രയധികം പേരുണ്ടെങ്കിലും ഇന്ത്യക്കാര്‍ക്കായി തര്‍ഹീലിലെ രേഖ പരിശോധനാസെല്ലില്‍ ഒരാള്‍ മാത്രമായത് പലപ്പോഴും സമയനഷ്ടം വരുത്തി. അവിടെ ക്രമനമ്പര്‍ തെറ്റിയതു മൂലം ഊഴം വൈകിയതിനാല്‍ പലരും അക്ഷമ പ്രകടിപ്പിക്കുന്നുണ്ടായിരുന്നു. വിരലടയാളമെടുപ്പും ഫൈനല്‍ എക്സിറ്റ് സ്റ്റാമ്പും ലഭിച്ചിട്ടും രേഖ ശരിയായില്ലെന്നു പറഞ്ഞ് വിമാനത്താവളത്തില്‍ നിന്നു മടങ്ങേണ്ടി വന്ന ഒരാള്‍ സന്നദ്ധപ്രവര്‍ത്തകന്‍െറ മുന്നില്‍ ആവലാതിയുമെത്തി. എല്ലാം പൂര്‍ത്തിയായ ശേഷവും ഇതുപോലെ പിന്നെയും ഓരോ ആഴ്ചയും തര്‍ഹീലില്‍ വരേണ്ടിവരുന്നവരുണ്ടെന്നും ഇവരുടെ കാര്യത്തില്‍ കോണ്‍സുലേറ്റ് ഇടപെട്ട് പരിഹാരമുണ്ടാക്കണമെന്നും സന്നദ്ധപ്രവര്‍ത്തകര്‍ പറഞ്ഞു.
കോണ്‍സല്‍ ജനറല്‍ ഫൈസ് അഹ്മദ് കിദ്വായിയുടെ നേതൃത്വത്തില്‍ തര്‍ഹീലിലെത്തിയ കോണ്‍സുലേറ്റിലെ ഉദ്യോഗസ്ഥര്‍ തര്‍ഹീല്‍ അധികാരികള്‍ക്കൊപ്പം നിന്നു കാര്യങ്ങള്‍ എളുപ്പമാക്കി. ഹജ് കോണ്‍സല്‍ മുഹമ്മദ് നൂര്‍ റഹ്മാന്‍ ശൈഖ്, കോണ്‍സല്‍മാരായ ഡോ. ഇര്‍ശാദ് അഹ്മദ്, രാജ്കുമാര്‍, ജീവനക്കാരായ അഖ്ദസ് ജീലാനി, താരീഖ്, ജാവേദ്, ആസിം എന്നിവര്‍ രേഖകള്‍ ചിട്ടപ്പെടുത്തുന്നതിന് മേല്‍നോട്ടം വഹിച്ചു. പ്ളീസ് ഇന്ത്യയുടെ മുസ്തഫ കീത്തടത്ത്, നവോദയയുടെ നവാസ് വെമ്പായം, സൈദ് കൂട്ടായി, ന്യൂ ഏജിന്‍െറ ബി.പി.കുമാര്‍, വാജിസ് ആനക്കയം, കെ.എം.സി.സിയുടെ അഹമ്മദ് പാളയാട്ട്, മജീദ് പുകയൂര്‍, സാബില്‍ മമ്പാട്, ഇ.പി. ഉബൈദുല്ല, പി.എം.എ. ജലീല്‍ തുടങ്ങിയ സന്നദ്ധപ്രവര്‍ത്തകര്‍ അവരെ സഹായിച്ചു.
 

അബൂദബിയില്‍ 18 ലക്ഷം ദിര്‍ഹമിന്‍െറ മോഷണം നടത്തിയ പാകിസ്താന്‍ സംഘം പിടിയില്‍

Posted: 11 Jun 2013 11:14 PM PDT

Image: 

അബൂദബി: സെക്യൂരിറ്റി ജീവനക്കാരെ കെട്ടിയിട്ട ശേഷം വിവിധ കമ്പനികളില്‍ മോഷണം നടത്തിയ അഞ്ചംഗ സംഘത്തെ അബൂദബി പൊലീസ് പിടികൂടി. പാകിസ്താന്‍ സ്വദേശികളാണ് പിടിയിലായത്. രണ്ട് മാസത്തിനിടെ മഫ്റഖ്, മുസഫ എന്നിവിടങ്ങളിലെ വ്യവസായ മേഖലകളിലെ അഞ്ച് കമ്പനികളില്‍ നിന്ന് 18 ലക്ഷം ദിര്‍ഹം വിലവരുന്ന പണവും സാധനങ്ങളുമാണ് ഇവര്‍ കവര്‍ന്നത്.  ട്രാന്‍സ്പോര്‍ട്ടിങ്, കോണ്‍ട്രാക്റ്റിങ്, മാനുഫാക്ചറിങ് കമ്പനികളിലായിരുന്നു മോഷണം. പണം, ചെമ്പ്, ഡീസല്‍ ബാരലുകള്‍ എന്നിവയാണ് കവര്‍ന്നത്.
സെക്യൂരിറ്റി ജീവനക്കാരെ കെട്ടിയിട്ട ശേഷം നിരീക്ഷണ കാമറകളുടെ ബന്ധം വേര്‍പെടുത്തി മോഷണം നടത്തുകയായിരുന്നു ഇവരുടെ രീതിയെന്ന് അബൂദബി പൊലീസ് അന്വേഷണ വിഭാഗം മേധാവി കേണല്‍ ഡോ. റാശിദ് മുഹമ്മദ് ബുര്‍ഷിദ് പറഞ്ഞു. പ്രതികള്‍ കുറ്റം സമ്മതിച്ചതായും മോഷണത്തിന്‍െറ രീതികള്‍ വെളിപ്പെടുത്തിയതായും അദ്ദേഹം പറഞ്ഞു.
മുഖംമൂടി ധരിച്ച് രാത്രിയുടെ അവസാന മണിക്കൂറുകളിലായിരുന്നു ഇവര്‍ മോഷണം നടത്തിയിരുന്നത്. ആയുധങ്ങളുമായി സ്ഥാപനങ്ങളിലെത്തി സുരക്ഷാ ജീവനക്കാരെ കെട്ടിയിട്ട ശേഷം നിരീക്ഷണ കാമറകളുടെ ബന്ധം വേര്‍പെടുത്തും. തുടര്‍ന്ന് സ്ഥാപനങ്ങളില്‍ കടന്ന് പണവും മറ്റ് സാധനങ്ങളും കവരുകയാണ് ചെയ്തിരുന്നത്. വലിയ കെട്ടിടങ്ങളിലും കൂടുതല്‍ സെക്യൂരിറ്റി ജീവനക്കാരുള്ള സ്ഥലങ്ങളിലും രണ്ട് സംഘങ്ങളായാണ് മോഷണം നടത്തിയിരുന്നത്. അഞ്ച് കവര്‍ച്ചകള്‍ക്കിടെ 11 സെക്യൂരിറ്റി ജീവനക്കാരെയാണ് ഇവര്‍ ആക്രമിക്കുകയും ബന്ധനസ്ഥരാക്കുകയും ചെയ്തത്. ചില സെക്യൂരിറ്റി ഗാര്‍ഡുകള്‍ കെട്ടഴിച്ച് അധികൃതരെ വിവരം അറിയിച്ചപ്പോള്‍ മറ്റ് ചിലരെ അടുത്ത ദിവസം രാവിലെയാണ് കണ്ടെത്തിയത്.
രണ്ട് വാഹനങ്ങളാണ് മോഷണത്തിന് ഉപയോഗിച്ചിരുന്നത്. പണം മാത്രം മോഷ്ടിക്കാന്‍ പോകുമ്പോള്‍ കാറും ഡീസലും ചെമ്പും ലക്ഷ്യമിട്ട് കവര്‍ച്ച നടത്തുമ്പോള്‍ വലിയ വാഹനവുമാണ് ഉപയോഗിച്ചിരുന്നത്. മോഷണം നടന്ന സ്ഥാപനങ്ങള്‍ക്ക് അകത്ത് നിന്ന് ഇവര്‍ക്ക് സഹായം ലഭിച്ചതായും സൂചനയുണ്ട്. അഞ്ച് സംഭവങ്ങളിലും ഒരേ രീതിയിലാണ് മോഷണം നടത്തിയത്.  നിയമപരമായി യു.എ.ഇയില്‍ ജോലി ചെയ്തിരുന്നവരായിരുന്നു പ്രതികള്‍. ഇവര്‍ പകല്‍ സമയം ജോലി ചെയ്ത ശേഷം രാത്രി മോഷണത്തിന് ഇറങ്ങുകയായിരുന്നു.
കമ്പനികളിലെ സുരക്ഷാ ജീവനക്കാര്‍ക്ക് പരിശീലനം ലഭിച്ചിരുന്നുവെങ്കില്‍ എളുപ്പത്തില്‍ ഇവരെ കുറിച്ചുള്ള വിവരം ലഭിക്കുമായിരുന്നുവെന്ന് ഡോ. റാശിദ് മുഹമ്മദ് ബുര്‍ഷിദ് പറഞ്ഞു. കമ്പനി ഉടമകള്‍ ഓഫിസ് സമയത്തിന് ശേഷം വാതിലുകളും ജനലുകളും പൂട്ടിയെന്ന് ഉറപ്പുവരുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
 

ഇന്ത്യയും കുവൈത്തും ചര്‍ച്ച നടത്തി

Posted: 11 Jun 2013 10:50 PM PDT

Image: 
Subtitle: 
ശിക്ഷാ ബാക്കി സ്വന്തം രാജ്യത്ത് അനുഭവിക്കല്‍

കുവൈത്ത് സിറ്റി: കുറ്റവാളികളുടെ ശിക്ഷാ ബാക്കി ഇന്ത്യയില്‍ അനുഭവിക്കാന്‍ സൗകര്യം നല്‍കുന്നത് സംബന്ധിച്ച് ഇന്ത്യയും കുവൈത്തും തമ്മില്‍ ചര്‍ച്ച നടത്തി. ഇന്ത്യയില്‍നിന്നെത്തിയ പ്രതിനിധി സംഘവും കുവൈത്ത് നീതിന്യായ മന്ത്രാലയ പ്രതിനിധികളും തമ്മിലാണ് ഇതുസംബന്ധിച്ച കരടുവ്യവസ്ഥകള്‍ക്ക് രൂപംനല്‍കുന്നതിന്‍െറ ഭാഗമായി കൂടിക്കാഴ്ച നടത്തിയത്.
കുവൈത്ത് നീതിന്യായ മന്ത്രാലയം അസിസ്റ്റന്‍റ് അണ്ടര്‍ സെക്രട്ടറി സകരിയ അന്‍സാരിയുടെ നേതൃത്വത്തിലുള്ള സംഘവും ഇന്ത്യന്‍ നീതിന്യായ മന്ത്രാലയവുമായി ബന്ധപ്പെട്ട ഔദ്യാഗിക സംഘവും ഈ വിഷയത്തില്‍ സ്വീകരിക്കാവുന്ന നടപടികളും മറ്റും ചര്‍ച്ച ചെയ്തു. ഇരുരാജ്യങ്ങളിലും കോടതിവിധികളുടെ അടിസ്ഥാനത്തില്‍ ശിക്ഷ അനുഭവിക്കുന്നവരെ പരസ്പരം കൈമാറുന്നതിനെക്കുറിച്ച് ചര്‍ച്ച നടത്തി. മറ്റ് വിദേശ രാജ്യങ്ങളുമായി കുവൈത്ത് നീതിന്യായ മന്ത്രലയത്തിന്‍െറ ബന്ധവും സഹകരണവും ശക്തിപ്പെടുത്തുക എന്നതാണ് ഇത്തരം ചര്‍ച്ചകള്‍കൊണ്ടും കരാറുകള്‍കൊണ്ടും ലക്ഷ്യമിടുന്നതെന്നും സകരിയ അന്‍സാരി പറഞ്ഞു. കുവൈത്തും ഇന്ത്യയും നീതിന്യായ മേഖലയില്‍ ആശയങ്ങളും ചിന്തകളും പരസ്പരം കൈമാറുന്ന കാര്യത്തില്‍ വളരെക്കാലം മുതല്‍ക്ക് ബന്ധം നിലനിര്‍ത്തിപ്പോരുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. കോടതിവിധികളുടെ അടിസ്ഥാനത്തില്‍ ശിക്ഷാകാലാവധി അതത് രാജ്യങ്ങളില്‍ അനുഭവിക്കാന്‍ അവസരം നല്‍കുന്നത് മനുഷ്യാവകാശ സംരക്ഷണവും അവരുടെ കുടുംബങ്ങള്‍ക്ക് തങ്ങളുടെ പൗരന്‍മാരെ സന്ദര്‍ശിക്കാനും മറ്റും അവസരം നല്‍കുന്നതുമാണെന്ന് അദ്ദേഹം പറഞ്ഞു. ഈ വിഷയവുമായി ബന്ധപ്പെട്ട് ഇരുരാജ്യങ്ങളും തമ്മില്‍ 2007ല്‍ സഹകരണ കരാര്‍ ഒപ്പുവെച്ചിരുന്നു. അതിന്‍െറ തുടര്‍ച്ചയായിരുന്നു ഇപ്പോഴത്തെ ചര്‍ച്ച.
ചര്‍ച്ച മുന്നോട്ടുപോവുകയും ശിക്ഷാ കാലാവധി സ്വന്തം രാജ്യത്ത് അനുഭവിക്കാവുന്ന സാഹചര്യം ഉരുത്തിരിയുകയും ചെയ്താല്‍ കുവൈത്ത് ജയിലുകളില്‍ കഴിയുന്ന നിരവധി ഇന്ത്യക്കാര്‍ക്ക് അത് ഗുണം ചെയ്തേക്കും. നിലവില്‍ 1161 ഇന്ത്യക്കാര്‍ കുവൈത്ത് ജയിലുകളിലുണ്ട്.
 

തിരുവനന്തപുരത്ത് വീണ്ടും കുടിവെള്ള വിതരണ പൈപ്പ് പൊട്ടി

Posted: 11 Jun 2013 10:34 PM PDT

Image: 

തിരുവനന്തപുരം: തലസ്ഥാനത്ത് പേരൂര്‍ക്കട -നെടുമങ്ങാട് റോഡില്‍ വഴയില പാലത്തിന് സമീപം കുടിവെള്ള വിതരണ പൈപ്പ് പൊട്ടി. അരുവിക്കരയില്‍ നിന്നും നഗരത്തിലേക്ക് വെള്ളം കൊണ്ടുവരുന്ന പൈപ്പാണ് രാവിലെ എട്ടു മണിയോടെ പൊട്ടിയത്. ഇതോടെ നഗരത്തിലേക്കുള്ള ജലവിതരണം തടസ്സപ്പെട്ടു.

പൈപ്പ് പൊട്ടിയതോടെ റോഡില്‍ വെള്ളം നിറഞ്ഞു. വാഹനങ്ങള്‍ക്ക് ഇതുവഴി കടന്നുപോകാന്‍ കഴിയാത്ത സ്ഥിതിയായി. സമീപത്തെ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്റെ പമ്പ് ശക്തമായ ജലമൊഴുക്കില്‍ തകര്‍ന്നു. പെട്രോള്‍പമ്പിലേക്ക് മരങ്ങള്‍ ഒടിഞ്ഞുവീഴുകയും മതില്‍ തകരുകയും പമ്പിനുള്ളില്‍ പാകിയിരുന്ന ടൈലുകള്‍ മുഴുവന്‍ തകരുകയും ചെയ്തു. 13 വര്‍ഷത്തെ കാലപ്പഴക്കമുള്ള സിമന്റ് പൈപ്പാണ് തകര്‍ന്നത്. പൈപ്പിന്റെ പരമാവധി കാലാവധി 10 വര്‍ഷമാണ്.

കുഴികളും മറ്റും തിരിച്ചറിയാനാകാതെ വാഹനങ്ങള്‍ വെള്ളത്തില്‍ മുങ്ങി. വെള്ളംപൊങ്ങി റോഡ് നിറഞ്ഞതോടെ സമീപത്തെ പുരയിടത്തിലേക്കും വെള്ളം ഇറങ്ങിയിരുന്നു. ഏറെ നേരത്തിന് ശേഷമാണ് വാല്‍വ് പൂട്ടി വെള്ളമൊഴുക്ക് നിയന്ത്രിച്ചത്. രണ്ടു മണിക്കൂറുകള്‍ കഴിഞ്ഞ് റോഡിലെ വെള്ളം ഒഴുകിപ്പോയതിന് ശേഷമാണ് ഇതുവഴിയുള്ള ഗതാഗതം പുന:സ്ഥാപിച്ചത്.

വിവരമറിഞ്ഞ് വാട്ടര്‍അതോറിറ്റി അധികൃതര്‍ സ്ഥലത്തെത്തി സ്ഥിതിഗതികള്‍ വിലയിരുത്തി. പൈപ്പ് പൊട്ടിയ ഉടന്‍ തന്നെ പമ്പിങ് നിര്‍ത്താനായത് വലിയ അപകടം ഒഴിവാക്കി. ആറ്റുകാല്‍ പൊങ്കാലയുടെ തലേന്ന് പൊട്ടിയ പൈപ്പ് തന്നെയാണ് ഇത്തവണയും പൊട്ടിയത്.
 

കുടിവെള്ള വിതരണം സ്വകാര്യവത്കരിക്കുന്നുവെന്ന്: നിയമസഭയില്‍ പ്രതിപക്ഷ ബഹളം

Posted: 11 Jun 2013 10:15 PM PDT

Image: 

തിരുവനന്തപുരം: സംസ്ഥാനത്തെ കുടിവെള്ള വിതരണം സ്വകാര്യവത്കരിക്കുന്നുവെന്ന് ആരോപിച്ച് നിയമസഭയില്‍ പ്രതിപക്ഷ ബഹളം. സിയാല്‍ മോഡല്‍ കുടിവെള്ള കമ്പനി രൂപവത്കരിക്കുന്നതു വഴി കുടിവെള്ള വിതരണം സര്‍ക്കാര്‍ സ്വകാര്യ മേഖലക്ക് കൈമാറുകയാണെന്ന് പ്രതിപക്ഷം ആരോപിച്ചു.

ചോദ്യോത്തരവേളയില്‍ കോടിയേരി ബാലകൃഷന്‍, രാജു എബ്രഹാം, കെ.വി അബ്ദുള്‍ ഖാദര്‍ എന്നിവരാണ് വിഷയം ഉന്നയിച്ചത്.

കുടിവെള്ളത്തിന്റെ വില കുറക്കുക മാത്രമാണ് ലക്ഷ്യമെന്നും വാട്ടര്‍ അതോറിറ്റിയെ ഇത് ബാധിക്കില്ലെന്നും ജലവിഭവ വകുപ്പ് മന്ത്രി പി.ജെ ജോസഫ് ചോദ്യത്തിന് മറുപടി പറഞ്ഞു.
 

നമ്പാടനും കോസലനും

Posted: 11 Jun 2013 09:38 PM PDT

Image: 

രണ്ട് സത്യസന്ധര്‍ കഴിഞ്ഞയാഴ്ച കടന്നുപോയി. ലോനപ്പന്‍ നമ്പാടനും കോസല രാമദാസും.
കേരള രാഷ്ട്രീയത്തിലെ ഏറ്റവും സുതാര്യമായ വ്യക്തിത്വങ്ങളിലൊന്നിന്‍െറ ഉടമയായ നമ്പാടന്‍ മാസ്റ്റര്‍ ഇടതുപക്ഷത്തായത് മാണിയുടെ കാലുമാറ്റക്കളിയുടെ ഭാഗമായാണ്. കരുണാകരനെയും മാണിയെയും അവരുടെ പരിശീലനം വഴി കിട്ടിയ മെയ്വഴക്കംകൊണ്ട് മലര്‍ത്തിയടിച്ച് തന്‍െറ വ്യക്തിത്വത്തിന്‍െറ മറ്റൊരുമുഖം രാഷ്ട്രീയ കേരളത്തിന്  കാട്ടിക്കൊടുക്കുകയും 1987ലെ മന്ത്രിസഭയില്‍ വീണ്ടും നായനാര്‍ക്കൊപ്പം പ്രവര്‍ത്തിക്കുകയും ചെയ്തത് പില്‍ക്കാല ചരിത്രം.
നമ്പാടന്‍െറ കൂടെ പ്രവര്‍ത്തിച്ച കാലയളവ് എന്‍െറ സിവില്‍ സര്‍വീസ് ജീവിതത്തിന്‍െറ നന്മകള്‍ മാത്രം ഓര്‍ക്കാനായി ദൈവം തമ്പുരാന്‍ എനിക്ക് കനിഞ്ഞു നല്‍കിയതാണ്. ദൈവത്തിന്‍െറ വത്സലഭാജനവും തിരുസഭയുടെ വിശ്വസ്തഭക്തനും കുണ്ടുകുളം -പഴയാറ്റില്‍ തിരുമേനിമാരെയും നായനാരെയും ഒപ്പത്തിനൊപ്പം സ്നേഹിക്കാന്‍ പോന്ന കഴിവുറ്റ രാഷ്ട്രീയനേതാവുമായിരുന്ന നമ്പാടന്‍ ഒരു അദ്ഭുതംതന്നെയാണ്.
നമ്പാടനോടൊപ്പം പ്രവര്‍ത്തിച്ചുതുടങ്ങുന്ന കാലത്ത് ഞാന്‍ സര്‍ക്കാറുദ്യോഗത്തില്‍  18 സംവത്സരങ്ങള്‍ പിന്നിട്ടിരുന്നു. അതിനുമുമ്പ് അടുത്തിടപെട്ട മന്ത്രിമാരില്‍ ഇത്ര ‘ജൂനിയര്‍’ ആയ ഒരാള്‍ ഉണ്ടായിരുന്നില്ല. തിരുവിതാംകൂര്‍ പ്രദേശത്തുനിന്ന് ഒരു കത്തോലിക്കാനേതാവിനെ മാണിക്ക് സഹിക്കാനാകുമായിരുന്നില്ല.
നമ്പാടനു പകരം ഒ. ലൂക്കോസിനെ മന്ത്രിയാക്കിയാല്‍ പാലായും കടുത്തുരുത്തിയും തമ്മിലുള്ള ദൂരക്കുറവ് തനിക്ക്  കെണിയാകുമെന്ന് തിരിച്ചറിഞ്ഞ ബുദ്ധിമാനായ മാണി രാവിലെ പാളയം പള്ളിയില്‍ വിശുദ്ധ കുര്‍ബാന അനുഭവിച്ച് മൂളിപ്പാട്ടും പാടി മുണ്ട് മാടിക്കുത്തി എം.എല്‍.എ ഹോസ്റ്റലിലേക്ക് അലസഗമനം നടത്തിയിരുന്ന നമ്പാടനോട് സത്യപ്രതിജ്ഞക്ക് സമയത്തിനു മുമ്പ് കൃത്യമായി എത്തണമെന്ന് പറഞ്ഞപ്പോള്‍ ‘ഓ, ഈ മാണിസാറിന്‍െറ ഒരു പെര്‍ഫക്ഷനിസം, ഞാന്‍ എം.എല്‍.എയല്ളേ! വരാതിരിക്കുമോ?’ എന്നായിരുന്നു നമ്പാടന്‍ പ്രതികരിച്ചത്. ‘ഹാ അതല്ല നമ്പാടാ, നിങ്ങളാണ് മന്ത്രി’ എന്ന് മാണി. ‘അയ്യോ, അതിന് പുതിയ ഷര്‍ട്ടൊന്നുമില്ലല്ളോ. ഈ മുഷിഞ്ഞുതുടങ്ങിയ ഷര്‍ട്ടുമായി...’ പുതിയത് വാങ്ങണമെന്ന് മാണി. കാശ് വീട്ടുകാരത്തിയുടെ കൈയിലാണെന്ന് നമ്പാടന്‍. പിന്നെ സ്കറിയാ തോമസ് മുതലാളി ഷര്‍ട്ട് വാങ്ങിച്ചുകൊടുത്തു. അങ്ങനെയാണ് നമ്പാടന്‍ മന്ത്രിയായത്.
നമ്പാടന്‍െറ വീട് ഒരു മഴക്കാലത്ത് ഇടിഞ്ഞുവീണു. ഇപ്പോള്‍ ലോണെടുത്ത് പുതിയ വീട് വെച്ചിട്ടുള്ളതായി അറിയാം. പഴയ നിയമവീടും പുതിയ നിയമവീടും ഞാന്‍ കണ്ടിട്ടില്ല. ഏതായാലും ആദ്യത്തേത് ഒരു പ്രൈമറി സ്കൂള്‍ അധ്യാപകന്‍െറ കൂരയായിരുന്നു. അത് താഴെ വീണപ്പോള്‍ കേട് പോക്കി വീണ്ടും കെട്ടിപ്പൊക്കാന്‍ മാസ്റ്ററുടെ കൈവശം പണം ഉണ്ടായിരുന്നില്ല. നാട്ടിലെ പാര്‍ട്ടിക്കാരുടെ സഹായം വേണ്ടിവന്നു ഈ രാജ്യത്തെ ഒരുമന്ത്രിക്ക്... ഗതാഗത മന്ത്രിക്ക് കൈക്കൂലി വാങ്ങിക്കാന്‍ എളുപ്പമല്ല. കെ.എസ്.ആര്‍.ടി.സിയുടെ ഭരണ നേതൃത്വം മാടമ്പിക്ക് മുന്നില്‍ ഓച്ചാനിച്ചു നില്‍ക്കുന്ന കുടിയാനാണെങ്കില്‍ വാഴക്കുല വെട്ടാം എന്ന് ഞാന്‍ സമ്മതിക്കുന്നു. അതിന് ഏഡ് മൂത്ത് ഐ.ജി ആകുന്നവരെ കിട്ടണം. നമ്പാടന്‍െറ കാലത്ത് ഐ.എ.എസുകാരും ഐ.പി.എസുകാരും ആയിരുന്നു. അതുകൊണ്ട് ആ വഴി പണം കിട്ടുമായിരുന്നില്ല. ഞങ്ങളെ മാറ്റി നാല് ചക്രം ഉണ്ടാക്കിക്കളയാം എന്ന് ആ മാന്യദേഹം ഒരിക്കലും ചിന്തിച്ചതുമില്ല. മന്ത്രിയുടെ വകുപ്പിന്‍െറ ഒരു ചെറിയഭാഗം മോട്ടോര്‍ വെഹിക്ക്ള്‍സ് ആണ്. താഴെ മുതല്‍ കൈക്കൂലിയുള്ളതായി ആരോപിക്കപ്പെടുന്നതാണ് ആ വകുപ്പ്. എന്നാലും മന്ത്രിക്ക് കിട്ടാന്‍ പഴുതില്ല. പ്രത്യേകം തുരന്നുണ്ടാക്കിയില്ളെങ്കില്‍ വെറുതെയിരിക്കുന്ന ആര്‍.ടി.ഒയെ സസ്പെന്‍ഡ് ചെയ്തിട്ട് തിരികെ കയറ്റാന്‍ കൈക്കൂലി ചോദിക്കുന്ന മന്ത്രിമാരും ഉണ്ടായിട്ടുള്ള നാടായതുകൊണ്ട് വേണമെങ്കില്‍ നമ്പാടന് വേരില്‍നിന്ന് ചക്ക പറിക്കാമായിരുന്നു. നമ്പാടന്‍ അത് ചെയ്തില്ല. ജനങ്ങള്‍ വിശ്വസിച്ചേല്‍പിച്ച പദവി വിശുദ്ധിയോടെ കാത്തുസൂക്ഷിക്കണം എന്ന് നിര്‍ബന്ധമായി വിചാരിച്ചിരുന്ന നമ്പാടന്‍ ആ കാര്യത്തില്‍ ഒരു ശ്രേഷ്ഠ മാതൃകയാണ്.
രണ്ടാമത് നമ്പാടന്‍െറ സഭാവിശ്വാസം. സംഘടിത സഭയെയും ഹയരാര്‍ക്കിയെയുമൊക്കെ വിര്‍ശിക്കേണ്ടിടത്ത് വിമര്‍ശിക്കുകയും പരിഹസിക്കേണ്ടിടത്ത് പരിഹസിക്കുകയും ചെയ്യുമെങ്കിലും തിരുസഭയുടെ വിശ്വാസം അക്ഷരംപ്രതി ജീവിതത്തില്‍ പാലിക്കുന്നയാളാണ് നമ്പാടന്‍. മന്ത്രിയായിരിക്കുമ്പോഴും നാട്ടിലെ പള്ളിപ്പെരുന്നാളിന് നേര്‍ച്ചയായി കുടപിടിച്ച് നടക്കുന്നത് അഭിമാനമായി കരുതിയിരുന്ന സത്യവിശ്വാസി. ഇടതുമുന്നണിയിലായാലും അരിവാള്‍ ചുറ്റിക അടയാളത്തിലായാലും കൈസര്‍ക്കുള്ളത് കൈസര്‍ക്കും ദൈവത്തിനുള്ളത് ദൈവത്തിനും എന്ന് ജീവിതംകൊണ്ട് തെളിയിച്ചു മാസ്റ്റര്‍.
മാസ്റ്റര്‍ രണ്ടാംവട്ടം മന്ത്രിയായപ്പോഴും ഞങ്ങള്‍ ഒന്നിച്ചുണ്ടായിരുന്നു. കോഴിക്കോട് സര്‍വകലാശാലയിലെ സിന്‍ഡിക്കേറ്റ് തെരഞ്ഞെടുപ്പിനെതുടര്‍ന്ന് എന്നെ ഇ.ജ.മു ഒതുക്കിയപ്പോഴാണ് ഹൗസിങ് എന്ന ചെറിയ വകുപ്പില്‍ ഞാന്‍ ചെന്നുപെട്ടത്. അന്ന് ടി.കെ.ജി എന്ന ഒരു മാര്‍ക്സിസ്റ്റ് നേതാവായിരുന്നു പ്രൈവറ്റ് സെക്രട്ടറി. അദ്ദേഹം ഒരു ഇംഗ്ളീഷ് (?) പ്രഫസര്‍ ആയിരുന്നു. തികഞ്ഞ തറവാടി. ഞാനറിഞ്ഞിടത്തോളം സത്യസന്ധന്‍. ആരെയും തന്തക്ക് വിളിക്കാത്ത മാര്‍ക്സിസ്റ്റ്. നമ്പാടനും ടി.കെ.ജിയും റൊട്ടിയും ജാമും പോലെ ഒരു നല്ല കോമ്പിനേഷന്‍ ആയിരുന്നു. മാസ്റ്റര്‍ക്ക് സ്വതവെയുള്ള നര്‍മബോധവും ടി.കെ.ജിയുടെ വായനയും എന്‍െറ മനസ്സിലെ ആസ്വാദനക്ഷമതയും ഞങ്ങളുടെ സംഗമങ്ങളെ സാഹിത്യ സമ്പന്നവും നര്‍മ പുഷ്കലവുമാക്കി എന്ന് ഞാനോര്‍ക്കുന്നു.
നമ്പാടന്‍െറ നര്‍മബോധം പ്രസിദ്ധമാണ്. ഞങ്ങള്‍ ഒത്തിരുന്ന് ഫലിത ബിന്ദുക്കളുടെ മാലകള്‍ എത്രയോ കോര്‍ത്തിട്ടുണ്ട്.
വിനയമാണ് നമ്പാടനെ എന്നും അനുഗൃഹീതനാക്കിയിട്ടുള്ളത്. ഞാനെന്ന ഭാവം തീരെ ഇല്ല. എന്നുവെച്ച് പാരയുമായി ചെന്നാല്‍ കട്ടപ്പാര തിരിച്ച്വെക്കുകയും ചെയ്യും. അങ്ങനെയാണല്ളോ 1982ല്‍ കരുണാകരനെ വീഴ്ത്തിയത്. ഗോലിയാത്തിനെ വീഴ്ത്താന്‍ ദാവീദ് മതിയായിരുന്നു. കരുണാകരനെ ഒതുക്കാന്‍ നമ്പാടനും.
കെ.എസ്.ആര്‍.ടി.സിയിലെ കണ്ടക്ടര്‍മാര്‍ക്ക് ബോര്‍ഡ് തൂക്കാനുള്ള ശ്രമത്തില്‍ മാത്രമാണ് നമ്പാടന്‍ പരാജയപ്പെട്ടത്. രാഷ്ട്രീയത്തില്‍ സത്യസന്ധതയും നീതിബോധവും കൊണ്ടുനടക്കാന്‍ ക്ളേശിക്കേണ്ടതില്ല എന്ന് തന്‍െറ സംശുദ്ധമായ പൊതുജീവിതത്തിലൂടെ തെളിയിച്ചയാളാണ് നമ്പാടന്‍.
നമ്പാടനെപ്പോലെയുള്ളവരെ ഉള്‍ക്കൊള്ളാന്‍ നമ്മുടെ രാഷ്ട്രീയ വ്യവസ്ഥിതിക്ക് കഴിയണം എന്നത് ജനാധിപത്യത്തിന് നല്ല പദവി ഉറപ്പുവരുത്താന്‍ അത്യന്താപേക്ഷിതമാണ്.
കോസല രാമദാസുമായി ആദ്യം പരിചയപ്പെടുമ്പോള്‍ സഖാവ് മേയറും എം.എല്‍.എയും ആയിരുന്നു. 1967. ഞാന്‍ തിരുവനന്തപുരത്ത് സബ് കലക്ടര്‍. സി.പി.എമ്മില്‍നിന്ന് സഖാവ് മാറി. മേയര്‍ പദവിയും എം.എല്‍.എ സ്ഥാനവും ഒഴിഞ്ഞു. ആദര്‍ശം തലക്കുപിടിച്ചതാണ്. മാവോ സേതുങ് ആയിരുന്നു ആരാധനാമൂര്‍ത്തി.
എട്ടുപത്തുകൊല്ലം കഴിഞ്ഞാണ് പിന്നെ ഞങ്ങള്‍ തമ്മില്‍ കാണുന്നത്. കെ.എസ്.ആര്‍.ടി.സിയിലെ യൂനിയന്‍ നേതാവായിരുന്നു കോസലന്‍. അംഗീകാരം ഇല്ലാത്ത യൂനിയന്‍. അതുകൊണ്ട് ചര്‍ച്ചകളിലൊന്നും പങ്കെടുക്കാനാവില്ല. ആദര്‍ശശാലികളുടെ ആവലാതികളുമായി എന്നെ വന്നുകാണും. അംഗീകാരം ഉള്ള വല്യേട്ടന്മാരുമായി പൊതുവിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നു എന്നറിഞ്ഞാല്‍ അത് സംബന്ധിച്ച അഭിപ്രായങ്ങള്‍ എന്നെ അറിയിക്കും. അങ്ങനെയിരിക്കെ രണ്ട് സംഗതികള്‍ ഉണ്ടായി. ഒന്ന്, ഹിതപരിശോധന നടത്തി യൂനിയനുകളുടെ എണ്ണം കുറക്കാനുള്ള എന്‍െറ ശ്രമം പാളി. ആദരണീയനായ വരദരാജന്‍ നായര്‍ സാര്‍ ആയിരുന്നു യു.ഡി.എഫ് കണ്‍വീനര്‍ (എന്നാണോര്‍മ). ഞാന്‍ മന്ത്രിയെ വശത്താക്കി.  ബാലറ്റുപെട്ടികളൊക്കെ സംഘടിപ്പിച്ചു. അപ്പോള്‍ ഏകോപന സമിതി ഇടപെട്ടു.  മുഖ്യമന്ത്രി (ആന്‍റണിയോ പി.കെ.വിയോ എന്ന് ഓര്‍ക്കുന്നില്ല) തന്നെ നേരിട്ട് വിളിച്ചു.  ഹിതപരിശോധന വേണ്ട. രണ്ട്, സമാന്തരമായി കേരള കോണ്‍ഗ്രസിന്‍െറ ഒരു സംഘടനക്ക് അംഗീകാരം നല്‍കാന്‍ സമ്മര്‍ദം ഉണ്ടായി. സഭയുമായി ബന്ധമില്ളെങ്കിലും സി.എസ്.ഐ ഫെഡറേഷന്‍ എന്നായിരുന്നു പേര്. എന്‍െറ എതിര്‍പ്പ് വിലപ്പോയില്ല. മന്ത്രി രേഖാമൂലം എഴുതിത്തന്നു അംഗീകരിക്കണമെന്ന്. ഞാന്‍ കോസലനെ വിളിപ്പിച്ചു. ‘നിങ്ങളെയും അംഗീകരിക്കാന്‍ പോകുന്നു.’ സഖാവിന് വിശ്വസിക്കാനായില്ല. ‘മന്ത്രി സമ്മതിച്ചോ?’  സഖാവ് ‘എന്‍െറ തീരുമാനമാണ്’  ഞാന്‍. അന്ന് എനിക്ക് മുപ്പത്താറോ മുപ്പത്തിയേഴോ വയസ്സേ ഉള്ളൂ. വിവേകം വരുന്നത് 40 കഴിഞ്ഞാണല്ളോ! ഏതായാലും അങ്ങനെ വരദരാജന്‍ നായര്‍, കെ.സി. മാത്യു, എം.എം. ലോറന്‍സ്, ആര്‍. ബാലകൃഷ്ണപിള്ള, എ.സി. ജോസ്, കെ.സി. വാമദേവന്‍ എന്നീ അതികായര്‍ക്കൊപ്പം കോസലരാമദാസ് എന്ന അതികായനും പൊതുചര്‍ച്ചകളുടെ ഭാഗമായി. നേതാവ് അതികായനായാല്‍ അനുയായികളുടെ അംഗബലം അപ്രധാനമാവും. കെ.സി. മാത്യുവും കോസലനും ഒക്കെ ചര്‍ച്ചകളില്‍ തിളങ്ങുന്നത് അതുകൊണ്ടാണ്.
കോസലന്‍ എന്നെ മാവോയിസ്റ്റാക്കാന്‍ ശ്രമിച്ചിട്ടുണ്ട്. ഏതോ ഒന്നുരണ്ട് യോഗങ്ങളില്‍ ഞാന്‍ പ്രസംഗിച്ചിട്ടുമുണ്ട്: മാവോയിസ്റ്റ് യോഗമല്ല, ഇന്ത്യാ -ചൈനാ സൗഹൃദസംഘം.
നോക്കിയും കണ്ടും നിന്നെങ്കില്‍ കോസലന് മന്ത്രി ആകാമായിരുന്നു. അദ്ദേഹത്തിന്‍െറ തത്ത്വദീക്ഷ അതിന് അനുവദിച്ചില്ല.
നമ്പാടനും കോസലനും തമ്മില്‍ ധ്രുവാന്തരം ഉണ്ട് ആശയത്തിലും മസ്തിഷ്ക സിദ്ധികളിലും. എന്നാല്‍, ഇരുവരെയും ഒന്നിപ്പിച്ച ഒന്നുണ്ട്: സത്യസന്ധതയും വ്യക്തിത്വത്തിന്‍െറ ആര്‍ജവവും. ഇരുവര്‍ക്കും സ്നേഹബഹുമാനങ്ങളോടെ ആത്മശാന്തി നേരുന്നു.
 

കുട്ടനാടിനെക്കണ്ട് കൊതിക്കേണ്ട!

Posted: 11 Jun 2013 09:31 PM PDT

Image: 
Subtitle: 
ഇല്ലം നിറയാതെ;വല്ലം നിറയാതെ -3

നിറഞ്ഞ ജലാശയങ്ങള്‍, എക്കലും വളവും നിറഞ്ഞ ഭൂമി, ഒപ്പം കായല്‍ പരപ്പും. നെല്ലറയെന്നും ‘കേരളത്തിലെ ഹോളണ്ട്’ എന്നുമുള്ള വിശേഷണങ്ങള്‍ വേറെ. പരന്നുകിടക്കുന്ന നെല്‍പാടങ്ങള്‍. ഇതെല്ലാം ചേരുന്നതിനെ നാം കുട്ടനാട് എന്ന് വിളിക്കുന്നു. കേരളത്തെ ഊട്ടുന്ന കുട്ടനാട്ടില്‍നിന്ന് കേള്‍ക്കുന്നത് അത്ര നല്ല കാര്യങ്ങളല്ല. എന്നും തീറ്റിപ്പോറ്റാന്‍ കുട്ടനാടുണ്ടാകുമെന്ന് കരുതാന്‍ വരട്ടെ. ഈ പോക്കുപോയാല്‍ കുട്ടനാടിനെക്കണ്ട് അധികം മോഹിക്കേണ്ടി വരില്ല. 40,000 ഹെക്ടറോളം വരുന്നതാണ് കുട്ടനാട്. അതില്‍ കൂടുതലും ആലപ്പുഴ ജില്ലയില്‍. അതായത് 35,000 ഹെക്ടറോളം. ആലപ്പുഴ, കോട്ടയം, പത്തനംതിട്ട ജില്ലകളിലായി പരന്നുകിടക്കുന്ന കൃഷിമേഖല.
പഴമകളേറെയുണ്ട് പറയാന്‍ കുട്ടനാടിന്. പഴമനസ്സുകളില്‍ തെളിവുള്ളൊരു ഓര്‍മയായി ആ കാലം നിറയുന്നു. കോട്ടയത്തുനിന്നും ആലപ്പുഴയുടെ തെക്ക്, വടക്ക് ഭാഗങ്ങളില്‍നിന്നും വരെ തൊഴിലാളികള്‍ കുട്ടനാട്ടിലത്തെിയിരുന്നു. ഇവിടെ പന്തല്‍കെട്ടി താമസിച്ച് പണിചെയ്തു. തൊഴിലാളികള്‍ അധികമായപ്പോള്‍ നിയന്ത്രിക്കാന്‍ പൊലീസുകാര്‍ വരേണ്ടിവന്നു. അവര്‍ ചീട്ടുനല്‍കി തൊഴിലാളികളെ പാടത്തിറക്കി. കാലം മാറിയപ്പോള്‍ കോലവും ചര്യകളുമൊക്കെ മാറി. കൂലിയുമായി പിറകേ ചെന്നാലും എത്ര വേണമെങ്കിലും തരാമെന്നു പറഞ്ഞാലും രക്ഷയില്ല. തൊഴിലാളികളെല്ലാം മറ്റു പണിതേടി പോയപ്പോള്‍ നെല്‍കൃഷിക്ക് ആളെ കിട്ടാതായി.
നെല്ലിന് വില കൂടിയപ്പോഴും വരുമാനം കാര്യമായില്ളെന്ന് മുറവിളി കൂട്ടുന്ന കര്‍ഷകര്‍; യന്ത്രവത്കരണം വന്നപ്പോള്‍ പണിയില്ലാതായെന്ന് വിലപിക്കുന്ന തൊഴിലാളികള്‍; അതിനിടയില്‍ ചെലവിന്‍െറ കണക്ക് നിരത്തിക്കൊണ്ട് തനത് കര്‍ഷകരുടെ പിന്മാറ്റം; ഒപ്പം നിലംനികത്തലും. സങ്കീര്‍ണമായ പ്രശ്നങ്ങളുടെ നടുവിലാണ് കുട്ടനാട്. ഒരുവശത്ത് കൃഷി പ്രോത്സാഹിപ്പിക്കാന്‍ സര്‍ക്കാര്‍ നടപടികള്‍ പ്രഖ്യാപിക്കുന്നു; മറുവശത്ത് കുട്ടനാടിനെ നികത്തിക്കൊണ്ടിരിക്കുന്നു. 1980കളിലാണ് കൃഷിനിലങ്ങള്‍ നികത്താന്‍ തുടങ്ങിയത്. 2000ത്തില്‍ എത്തുമ്പോള്‍ 15,000 ഏക്കര്‍ നികത്തിയെന്ന് തൊഴിലാളി സംഘടനകള്‍ പറയുന്നു. ഇപ്പോള്‍ അവരുടെ കണക്കില്‍ 25,000 ഏക്കറോളം വരും. ലോവര്‍ കുട്ടനാടിനേക്കാള്‍ അപ്പര്‍ കുട്ടനാടന്‍ മേഖലയിലാണ് നികത്തല്‍ വ്യാപകമായത്. 50 ശതമാനത്തിലേറെ വയലുകള്‍ അപ്പര്‍ കുട്ടനാട്ടില്‍ നികത്തിയെന്നാണ് ഏകദേശ കണക്ക്. നികത്തിയ വയലില്‍ റിസോര്‍ട്ടുകളും കെട്ടിടങ്ങളും ഉയര്‍ന്നു. രാഷ്ട്രീയ പാര്‍ട്ടികള്‍ ഓഫിസ് നിര്‍മിച്ചു. കുട്ടനാടിന്‍െറ തലങ്ങും വിലങ്ങും റോഡുകളും പാലങ്ങളുമുണ്ടായി. യാത്രാസൗകര്യത്തിന്‍െറ പേരിലായിരുന്നു ഇതെല്ലാം. കൊയ്ത്ത് മുഴുവന്‍ കരാറുകാര്‍ക്കായിരുന്നു. യന്ത്രവത്കരണം സാവധാനത്തിലാണ് കുട്ടനാട്ടില്‍ എത്തിയത്. തൊഴിലാളികളുടെ പ്രതിഷേധമായിരുന്നു കാരണം. ഉഴവുതൊഴിലാളികളുടെ പണി പോകുമെന്ന് പറഞ്ഞ് 70കളില്‍ ട്രാക്ടര്‍ വിരുദ്ധ സമരമുണ്ടായി. പിന്നീട് ട്രാക്ടര്‍ വ്യാപകമായെന്നത് ചരിത്രം. തൊഴിലാളികള്‍ മറ്റു ജോലിക്ക് പോയി. പിന്നീട് മെതിയന്ത്രം വന്നു. കൊയ്ത്തുയന്ത്രം വന്നപ്പോഴാണ് വീണ്ടും സമരമുണ്ടായത്. തൊഴില്‍ ഉറപ്പാക്കണമെന്ന യൂനിയനുകളുടെ ആവശ്യം അംഗീകരിച്ചെങ്കിലും പില്‍ക്കാലത്ത് തൊഴിലാളിക്ഷാമം രൂക്ഷമായപ്പോള്‍ യന്ത്രങ്ങള്‍ കൂടാതെ വയ്യെന്നായി.
തൊഴില്‍ രീതികളെല്ലാം ഇന്ന് മാറി. എട്ടും പത്തും മണിക്കൂര്‍ ജോലി എന്നത് ആറു മണിക്കൂറായി. സ്ത്രീകള്‍ക്ക് പ്രത്യേക പരിഗണനയും. കഴിഞ്ഞ ഡിസംബര്‍ 15ന് അംഗീകരിച്ച തൊഴിലാളികളുടെ പുതുക്കിയ കൂലി പ്രകാരം കായല്‍ നിലങ്ങളില്‍ അഞ്ചുമണിക്കൂറും മറ്റു പാടശേഖരങ്ങളില്‍ ആറു മണിക്കൂറും മാത്രം സ്ത്രീകള്‍ ജോലി ചെയ്താല്‍ മതി. കൂലി 200ല്‍നിന്ന് 260 രൂപയാക്കി. പുരുഷന്മാര്‍ക്ക് ആറു മണിക്കൂറിന് 350ല്‍നിന്ന് 450 രൂപയും. വിതക്കും വളം ഇടീലിനും ഒരേക്കറിന് 210ല്‍നിന്ന് 300 രൂപയായി. മരുന്നടി, നടീല്‍ എന്നിവക്ക് ഒരേക്കറിന് 180ല്‍നിന്ന് 250 രൂപയായി. എന്നാല്‍, ജീവിതച്ചെലവുമായി പൊരുത്തപ്പെടുന്നതല്ല ഇതെന്ന് തൊഴിലാളികള്‍. കര്‍ഷകരുടെ പരാതി മറ്റൊന്നാണ്. നെല്ലിന് വില കൂടുമ്പോള്‍ കൂലി കൂട്ടുന്നുവെന്നാണ് അവരുടെ പരാതി. എന്നാല്‍, ഈ കൂലിക്കുപോലും തൊഴിലാളികളെ കിട്ടാനില്ല. മോഹക്കൂലിയും ആഹാരവും നല്‍കിയാലും വരാനാളില്ല. കലുഷിതമായ നെല്‍കൃഷി മേഖല ചിലപ്പോള്‍ വന്‍നഷ്ടങ്ങളുടെ കണക്ക് കാണിക്കും. അപൂര്‍വം വര്‍ഷങ്ങളിലാണ് നേട്ടമുണ്ടാകുന്നത്.
കുട്ടനാടിനുവേണ്ടിയുള്ള പദ്ധതികള്‍ക്ക് ഒരു പഞ്ഞവും ഉണ്ടായിട്ടില്ല. പ്രഥമ സംസ്ഥാന മന്ത്രിസഭയില്‍ അംഗമായിരുന്ന ജസ്റ്റിസ് വി.ആര്‍. കൃഷ്ണയ്യരുടെ നേതൃത്വത്തില്‍ തയാറാക്കിയ കുട്ടനാട് മാസ്റ്റര്‍ പ്ളാനില്‍ തുടങ്ങുന്നു ഇത്. പലകോണുകളില്‍ നിന്ന് പണം എത്തി വേമ്പനാട്ടുകായലിലൂടെ ഒഴുകിപ്പോയി. അവസാനമത്തെിയ കുട്ടനാട് പാക്കേജും ഇപ്പോള്‍ ഒച്ചിഴയുന്ന വേഗത്തിലാണ്.
ഡോ. എം.എസ്. സ്വാമിനാഥന്‍ നടത്തിയ പഠനത്തിന്‍െറ അടിസ്ഥാനത്തില്‍ 2008 ഒക്ടോബറില്‍ അംഗീകരിച്ച കുട്ടനാട് പാക്കേജ് അഞ്ചു വര്‍ഷം പൂര്‍ത്തിയാക്കാന്‍ ഇനി ഏതാനും മാസങ്ങളേയുള്ളൂ. പാക്കേജിന് അംഗീകാരം നേടിയെടുക്കാന്‍ കാണിച്ച താല്‍പര്യം പിന്നീട് സംസ്ഥാന സര്‍ക്കാറിന്‍െറ ഭാഗത്തുനിന്ന് ഉണ്ടായില്ല. അഞ്ചു വര്‍ഷം ആകുമ്പോള്‍ 1840 കോടിയുടെ പദ്ധതിയില്‍ ചെലവഴിച്ചത് 114.865 കോടി മാത്രം. കേന്ദ്രസര്‍ക്കാരിന്‍െറ 75 ശതമാനം വിഹിതവും സംസ്ഥാന സര്‍ക്കാരിന്‍െറ 25 ശതമാനവും ചേര്‍ത്തുള്ളതാണ് പാക്കേജ്. ഇതുവരെ 771.11 കോടിയുടെ പദ്ധതികള്‍ക്കാണ് അംഗീകാരം ലഭിച്ചത്. അതില്‍ കിട്ടിയത് കേന്ദ്രത്തില്‍നിന്ന് 63.675 കോടിയും സംസ്ഥാനത്തിന്‍െറ 51.190 കോടിയും.
ഒട്ടുമിക്ക പദ്ധതികളുടെയും വിശദമായ റിപ്പോര്‍ട്ട് നല്‍കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയാറായിട്ടില്ല. 12 വകുപ്പുകളുടെ ഏകോപനത്തിലൂടെ പാക്കേജ് നടപ്പാക്കണമെന്നാണ് നിര്‍ദേശം. അതില്‍ പ്രധാനം ജലവിഭവ വകുപ്പാണ്. 1840 കോടിയില്‍ 1520 കോടിയും ചെലവഴിക്കേണ്ടത് ഈ വകുപ്പിന്‍െറ മേല്‍നോട്ടത്തിലാണ്. വകുപ്പുകളുടെ ഏകോപനം എന്നൊന്ന് നടക്കുന്നേയില്ല. ഓരോ വര്‍ഷവും ജലവിഭവവകുപ്പ് പദ്ധതികളുടെ എസ്റ്റിമേറ്റ് പുതുക്കുന്ന ജോലിയിലാണ്. പാക്കേജ് പ്രഖ്യാപിച്ചതുപോലെ നടപ്പാക്കണമെങ്കില്‍ 5000 കോടി വേണമെന്നാണ് ഇപ്പോള്‍ പറയുന്നത്.
കാര്‍ഷിക യന്ത്രങ്ങള്‍ വാങ്ങുന്നതിന് 85 കോടിയാണ് പാക്കേജില്‍ വകയിരുത്തിയത്. 300 കൊയ്ത്തുമെതി യന്ത്രം വാങ്ങണമെന്നാണ് നിര്‍ദേശം. പാക്കേജ് പ്രഖ്യാപിച്ചശേഷം ഇതുവരെ എട്ട് സീസണ്‍ കൊയ്ത്ത് കുട്ടനാട്ടില്‍ കഴിഞ്ഞു. ഒരു യന്ത്രംപോലും ഇതിന്‍െറ പേരില്‍ എത്തിയില്ല. കൃഷിയും പാരിസ്ഥിതിക പുനരുജ്ജീവനവും ലക്ഷ്യമിട്ട പദ്ധതി നടപ്പാക്കാന്‍ ഇപ്പോള്‍ ഉത്തരവാദപ്പെട്ടവര്‍ ഇല്ലാത്ത സ്ഥിതിയാണ്. പദ്ധതിനിര്‍വഹണത്തില്‍ കര്‍ഷകര്‍ക്കോ കര്‍ഷകത്തൊഴിലാളി സമൂഹത്തിനോ പ്രാതിനിധ്യമില്ല. വകുപ്പുകളുടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ അധികാരമുള്ള അഡീഷനല്‍ ചീഫ് സെക്രട്ടറി റാങ്കുള്ള ഉദ്യോഗസ്ഥന് സ്വതന്ത്ര ചുമതല നല്‍കണമായിരുന്നു. പൊതുപ്രവര്‍ത്തകര്‍ക്കുകൂടി പങ്കാളിത്തമുള്ള നിര്‍വഹണ-മോണിറ്ററിങ് കമ്മിറ്റി രൂപവത്കരിച്ചില്ല. പകരം പ്രോസ്പെരിറ്റി കൗണ്‍സില്‍ എന്ന പേരില്‍ തിരുവനന്തപുരത്ത് നടക്കുന്ന ചര്‍ച്ച മാത്രമാണ് പാക്കേജിന്‍െറ പേരിലുള്ളത്. ടാസ്ക് ഇംപ്ളിമെന്‍േറഷന്‍ കമ്മിറ്റി രൂപവത്കരിക്കാന്‍ നിര്‍ദേശിച്ചെങ്കിലും അതുണ്ടായില്ല. പദ്ധതിനിര്‍വഹണത്തിന് ആവശ്യമായ ഉദ്യോഗസ്ഥരെപ്പോലും ഇതുവരെ നിയമിച്ചിട്ടില്ല. മറ്റു വകുപ്പുകളില്‍നിന്ന് വര്‍ക്കിങ് അറേഞ്ച്മെന്‍റ് എന്ന പേരില്‍ എത്തിയവര്‍ക്കാണ് ഇപ്പോള്‍ ചുമതല. ചുരുക്കത്തില്‍, നാഥനില്ലാത്ത പോലാണ് ഇപ്പോള്‍ കാര്യങ്ങളുടെ പോക്ക്.
(തുടരും)
 

വിലക്കയറ്റം: പ്രതിപക്ഷം സഭയില്‍ നിന്നും ഇറങ്ങിപ്പോയി

Posted: 11 Jun 2013 09:30 PM PDT

Image: 

തിരുവനന്തപുരം: വിലക്കയറ്റം സഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതിനെ തുടര്‍ന്ന് പ്രതിപക്ഷം നിയമസഭയില്‍ നിന്ന് ഇറങ്ങിപ്പോയി. പി. തിലോത്തമനാണ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയത്. വിലക്കയറ്റം നിയന്ത്രിക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്നും വിലക്കയറ്റത്തിന്റെപേരില്‍ സര്‍ക്കാര്‍ ജനങ്ങളെ കൊള്ളയടിക്കുകയാണെന്നും അദ്ദഹേം പറഞ്ഞു. കോണ്‍ഗ്രസിലെ തമ്മിലടി തീര്‍ക്കാന്‍ മാത്രമാണ് സര്‍ക്കാരിന് സമയമെന്നും പ്രതിപക്ഷം കുറ്റപ്പെടുത്തി.

ബ്രാന്‍റഡ് അരിയുടെ വില നോക്കി വിലക്കയറ്റമാണെന്ന് വിലയിരുത്താന്‍ കഴിയില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി മറുപടി പറഞ്ഞു. വിലക്കയറ്റം തടയാന്‍ കാര്യക്ഷമമായി ഇടപെടുന്നുണ്ടെന്ന് ഭക്ഷ്യ സിവില്‍ സപൈ്ളസ് വകുപ്പ് മന്ത്രി അനൂപ് ജേക്കബും വ്യക്തമാക്കി.

സര്‍ക്കാറിന്‍െറ മറുപടിയെ തുടര്‍ന്ന് സീപീക്കര്‍ അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചു. ഇതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം സഭ ബഹിഷ്കരിക്കുകയായിരുന്നു.

No comments:

Post a Comment

english malayalam dictionary

വിരുന്നുകാര്...

poomottu

Dsgd: by ASLAM PADINHARAYIL

Back to TOP