സ്വാഗതം
WELCOME

News Update..

Monday, June 17, 2013

ഉത്തരേന്ത്യയില്‍ മണ്‍സൂണ്‍ കനത്തു; 20 മരണം Madhyamam News Feeds

ഉത്തരേന്ത്യയില്‍ മണ്‍സൂണ്‍ കനത്തു; 20 മരണം Madhyamam News Feeds

Link to

ഉത്തരേന്ത്യയില്‍ മണ്‍സൂണ്‍ കനത്തു; 20 മരണം

Posted: 16 Jun 2013 11:56 PM PDT

Image: 

ന്യൂദല്‍ഹി: ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലും കാലവര്‍ഷം ശക്തമായി. തിങ്കളാഴ്ചയും തുടരുന്ന ശക്തമായ മഴയില്‍ ജനജീവിതം താറുമാറായി. മഴയിലും പ്രളയത്തിലും ഗുജറാത്തില്‍ 12പേരും ഉത്തരാഖണ്ഡില്‍ എട്ട് പേരും മരിച്ചതായി റിപ്പോര്‍ട്ടുണ്ട്. ഇടിമിന്നലേറ്റും ഒഴുക്കില്‍ പെട്ടുമാണ് ഉത്തരാഖണ്ഡിലെ സൗരാഷ്ട്രയില്‍ എട്ട് പേര്‍ മരിച്ചത്. അഹമ്മദാബാദില്‍ ഓട്ടോറിക്ഷയില്‍ മരം വീണ് ഒരു കുടുംബത്തിലെ രണ്ടു പേര്‍ മരിച്ചു. ഗുജറാത്തില്‍ കഴിഞ്ഞ ദിവസങ്ങളെ അപേക്ഷിച്ച് ഏറ്റവും ശക്തമായ മഴയാണ് ഞായറാഴ്ച ലഭിച്ചത്.

ഉത്തരാഖണ്ഡിലെ ഉത്തര്‍കാശി, ചമോലി ജില്ലകളിലെ നിരവധി റോഡുകളും പാലങ്ങളും ശക്തമായ മഴയില്‍ ഒലിച്ചുപോയി. പ്രേം നഗറിലെ ന്യു മിതി ബേരിയിലെ ബഹുനില കെട്ടിടം പുര്‍ണമായി തകര്‍ന്ന് പത്ത് വയസുകാരനുള്‍പ്പെടെ കുടംബത്തിലെ മൂന്ന് പേര്‍ മരിച്ചു. രുദ്രപയാഗ് ജില്ലയിലുണ്ടായ മണി്ണടിച്ചിലില്‍ അഞ്ചിലധികം പേര്‍ക്ക് പരിക്കേറ്റതായി ദുരന്ത നിവാരണ സംഘം ഓഫീസര്‍ മീര കെന്ദൂര പറഞ്ഞു.  ഗംഗ നദിയും പോഷക നദികളായ മന്ദാകിനി, അളകനന്ദ എന്നിവയും കവിഞ്ഞൊഴുകുകയാണ്.

കാലാവസ്ഥ മോശമായതിനാല്‍ കേദാര്‍നാഥ്, ബദരിനാഥ്, ഛാര്‍ ധാം യാത്രകള്‍ താത്കാലികമായി നിര്‍ത്തിവെച്ചു. കഴത്ത മഴയിലും പ്രളയത്തിലും റോഡുകള്‍ തടസപ്പെട്ടതിനാല്‍ ആയിരക്കണക്കിന് തീര്‍ഥാര്‍ടകര്‍ പലയിടങ്ങളിലായി കുടുങ്ങിക്കിടക്കുകയാണ്. ഗംഗ നദിയുടെ അടുത്ത് താമസിക്കുന്ന കുടുംബങ്ങളെ മാറ്റി പാര്‍പ്പിച്ചിട്ടുണ്ടെന്ന് ഉത്തരാഖണഡ് ദുരന്ത നിവാരണ മന്ത്രി യശ്പാല്‍ ആര്യ പറഞ്ഞു. റോഡുകളും പാലങ്ങളും ഒലിച്ചു പോയതിനാല്‍ നിരവധി ഗ്രാമങ്ങള്‍ ഒറ്റപ്പെട്ട സ്ഥിതിയിലാണ്. തീര്‍ഥാടന കേന്ദ്രങ്ങളിലേക്കുള്ള പ്രധാന പാതയായ ഗംഗോത്രി ഹൈവേ അടച്ചിട്ടു. മഴ രാജ്യത്തിന്റെസാമ്പത്തിക തലസ്ഥാനമായ മുംബൈയിലും കനത്ത നാശനഷ്ടം വരുത്തി.

ആറിലധികം വിമാനങ്ങള്‍ ഞായറാഴ്ച രാത്രി യാത്ര റദ്ദാക്കി. ശക്തമായ മഴയില്‍ രണ്ട് പേര്‍ മരിച്ചു. രത്നഗിരി, ലോണാവാല, ഖേദ് ജില്ലകളില്‍ പ്രളയമുണ്ടായതായി റിപ്പോര്‍ട്ടുണ്ട്. അതേസമയം, വരള്‍ച്ച ബാധിച്ച മഹാരാഷ്ട്രയിലെ സതാറ ഉള്‍പ്പെടെയുള്ള ജില്ലകളില്‍ മഴയെത്തിയത് ജനങ്ങളില്‍ നല്ല പ്രതികരണമാണുണ്ടാക്കിയത്. മധ്യ മഹാരാഷ്ട്ര, വടക്കന്‍ കര്‍ണാടക, ദക്ഷിണ കര്‍ണാടക, മറാത്താവാഡ, വിദര്‍ഭ മേഖലകളില്‍ 61 ശതമാനം അധികം മഴ ലഭിച്ചതായി കാലാവസ്ഥ നിരീക്ഷണ  കേന്ദ്രം ഡയറക്ടര്‍ ജനറല്‍ ലക്ഷ്മണ്‍ സിങ് റാത്തോര്‍ പറഞ്ഞു.

പ്രതീക്ഷിച്ചതിലും രണ്ടാഴ്ച മുന്നേയാണ് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ കാലവര്‍ഷമെത്തിയത്. 52 വര്‍ഷങ്ങള്‍ക്ക് ശേഷം ആദ്യമായാണ് ഇത്രയും നേരത്തെ കാലവര്‍ഷമെത്തുന്നത്. ആഴ്ചകള്‍ക്ക് മുമ്പ് ശക്തമായി ചുടനുഭവപ്പെട്ടിരുന്ന ദല്‍ഹി ഉള്‍പ്പെടെയുള്ള നഗരങ്ങളില്‍ മഴ ശക്തമായതോടെ ചൂട് കുറയുകയും റോഡുകളെല്ലാം വെള്ളത്തിനടിയിലാകുകയും ചെയ്തു. ദല്‍ഹിയില്‍ ഞായറാഴ്ച 36.6 മില്ലി മീറ്റര്‍ മഴ ലഭിച്ചു. പഞ്ചാബ്, രാജസ്ഥാന്‍, ഛണ്ഡീഖഡ് സംസ്ഥാനങ്ങളില്‍ ചുട് കാര്യമായി കുറഞ്ഞു. ഉത്തര്‍പ്രദേശില്‍ ശക്തമായ മഴ വരും ദിവസങ്ങളിലും തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഹരിയാനയില്‍ യമുന നദി കരകവിഞ്ഞ് ഒഴുകിയതിനാല്‍ ലപാറ ഗ്രാമത്തിലെ 50ധികം പേര്‍ ഒറ്റപ്പെട്ടു. ഗ്രാമീണരുടെ രക്ഷക്ക് സൈന്യത്തേയും ദുരന്ത നിവാരണ സേനയേയും വിന്ന്യസിച്ചു. ഒഡീഷയില്‍ നിരവധി ഏക്കര്‍ കൃഷിയിടങ്ങള്‍ വെള്ളത്തിനടിയിലായി.

 

മൂന്ന് പതിറ്റാണ്ടായി പുനരധിവാസ ഭൂമിക്ക് അവകാശമില്ലാതെ സാംനഗര്‍ നിവാസികള്‍

Posted: 16 Jun 2013 11:43 PM PDT

കുളത്തൂപ്പുഴ: തെന്മല കല്ലട ജലസേചന പദ്ധതിപ്രദേശത്തുനിന്ന് കുടിയൊഴിപ്പിച്ച് സാംനഗറില്‍ പുനരധിവസിപ്പിച്ച 390 കുടുംബങ്ങളാണ് സ്വന്തമായി ലഭിച്ച പുനരധിവാസ ഭൂമിക്ക് അവകാശം സ്ഥാപിച്ചു കിട്ടാന്‍ വര്‍ഷങ്ങളായി സര്‍ക്കാര്‍ മന്ദിരങ്ങളുടെ വാതിലുകളില്‍ മുട്ടുന്നത്. നാടിന്‍െറ നന്മക്കായി സ്വന്തം കിടപ്പാടവും കൃഷിഭൂമിയും വിട്ടു നല്‍കിയ കുടുംബങ്ങളെ പാക്കേജ് തയാറാക്കിയ പാര്‍ട്ടിയും പുനരധിവാസം നടപ്പില്‍ വരുത്തിയതുമുതലുള്ള സര്‍ക്കാറുകളും അവഗണിക്കുകയായിരുന്നു. 
അന്തരിച്ച മുന്‍ എം.എല്‍.എ സാം ഉമ്മന്‍െറ കാലത്താണ് ഡാം സംഭരണി പ്രദേശത്ത് താമസിക്കുന്നവരെ കുടിയൊഴിപ്പിച്ച് കുളത്തൂപ്പുഴ-  ആനക്കുഴി ഭാഗത്തെ വനപ്രദേശം വെട്ടിത്തെളിച്ച് പുനരധിവസിപ്പിക്കുന്നതിനുള്ള പാക്കേജ് തയാറാക്കിയത്. എന്നാല്‍ പുനരധിവാസം പൂര്‍ത്തീകരിക്കുന്നതിനുമുമ്പായി 1983 ഒക്ടോബര്‍ 24ന് ആകസ്മികമായാണ് സാംഉമ്മന്‍ വിടപറഞ്ഞത്. തുടര്‍ന്ന്  1985ല്‍ മാംമൂട്, കളംകുന്ന്, കുറവന്‍കോണം, മാധവന്‍കോണം, നെടുവന്നൂര്‍ കടവ്, ഈറ്റപ്പടപ്പ് തുടങ്ങിയ പ്രദേശങ്ങളിലെ  390 കര്‍ഷകരാണ് തങ്ങളുടെ നൂറുമേനി വിളയിക്കുന്ന കൃഷിഭൂമി വിട്ടൊഴിഞ്ഞ് പുനരധിവാസ പ്രദേശത്തേക്ക് ചേക്കേറിയത്. സാംഉമ്മനോടുള്ള ആദരസൂചകമായാണ് പുനരധിവാസ പ്രദേശത്തിന് സാംനഗര്‍ എന്ന് പേര് നല്‍കിയത്.
ഇവരെ പുനരധിവസിപ്പിക്കുമ്പോള്‍ പട്ടയം, പാര്‍പ്പിടം, വെളിച്ചം, കുടിവെള്ളം തുടങ്ങി നിരവധി വാഗ്ദാനങ്ങള്‍ നല്‍കിയ അധികാരികള്‍ പിന്നീട് ഇങ്ങോട്ട് തിരിഞ്ഞുനോക്കിയതേ ഇല്ല. ഏക്കര്‍ കണക്കിന് കൃഷി ഭൂമി ഉണ്ടായിരുന്ന ഇവര്‍ക്ക് ലഭിച്ചത് പന്ത്രണ്ട് സെന്‍റ് മാത്രം. ഇരുപത്തൊമ്പത് വര്‍ഷമായി സ്വന്തം ഭൂമിയുടെ പട്ടയത്തിനായി ഇവര്‍ മുട്ടാത്ത വാതിലുകളില്ല. പ്രദേശവാസികളുടെയും പുനലൂര്‍ എം.എല്‍.എയുടെയും ഇടപെടലിനെത്തുടര്‍ന്ന് കഴിഞ്ഞ സര്‍ക്കാറിന്‍െറ കാലത്ത് നിയമസഭാ പെറ്റീഷന്‍ കമ്മിറ്റി സാംനഗര്‍ സന്ദര്‍ശിച്ച് തെളിവെടുപ്പ് നടത്തുകയും വിതരണം ചെയ്ത ഭൂമിയുടെ മൂന്നിരട്ടിയിലധികം ഭൂമി വനംവകുപ്പിന് ഇവര്‍ വിട്ടുനല്‍കിയിട്ടുണ്ടെന്ന് കണ്ടെത്തുകയും ഇവര്‍ക്ക് പട്ടയം അനുവദിക്കണമെന്ന് ശിപാര്‍ശ നല്‍കുകയും ചെയ്തു. എന്നാല്‍ ഇതും ചുവപ്പുനാടയില്‍ കുരുങ്ങി. 
കഴിഞ്ഞദിവസം കുളത്തൂപ്പുഴയില്‍ സാംഉമ്മന്‍ അനുസ്മരണ ചടങ്ങില്‍ പങ്കെടുക്കാനായി മന്ത്രിമാരായ കെ.എം. മാണി, പി.ജെ. ജോസഫ് എന്നിവരും മറ്റ് പ്രമുഖരും എത്തിയെങ്കിലും സാംനഗര്‍ നിവാസികളുടെ പട്ടയപ്രശ്നം സംബന്ധിച്ച് യാതൊന്നും പറഞ്ഞില്ലെന്നും പാര്‍ട്ടിയും മന്ത്രിമാരും തങ്ങളെ ബോധപൂര്‍വം മറക്കുകയാണെന്നും ആക്ഷന്‍ കൗണ്‍സില്‍ ആരോപിക്കുന്നു. നിരവധി തവണ റവന്യു മന്ത്രിയെയും മുഖ്യമന്ത്രിയെയും കണ്ട് നിവേദനങ്ങള്‍ സമര്‍പ്പിച്ചുവെങ്കിലും വനഭൂമിയായിരുന്ന പ്രദേശത്തിന് പട്ടയം നല്‍കണമെങ്കില്‍ വനംവകുപ്പിന്‍െറ അനുമതി ആവശ്യമാണെന്നും ഇത് ലഭിച്ചാല്‍ പട്ടയം നല്‍കാമെന്നുമാണ് അധികൃതരുടെ വിശദീകരണം. 

മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ഇടതു യുവജനസംഘടനകളുടെ മാര്‍ച്ച്

Posted: 16 Jun 2013 11:30 PM PDT

Image: 

തിരുവനന്തപുരം: സോളാര്‍ തട്ടിപ്പ് കേസില്‍ ആരോപണവിധേയനായ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി രാജി വെക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇടത് യുവജനസംഘടനകള്‍ പ്രതിഷേധ മാര്‍ച്ച് നടത്തുന്നു. കനത്ത മഴയെ അവഗണിച്ചാണ് മൂന്നൂറോളം വരുന്ന ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ കോഴിക്കോട് കളക്ടറേറ്റിലേക്ക് മാര്‍ച്ച് നടത്തിയത്. മാര്‍ച്ച് തടഞ്ഞ പൊലീസിന് നേര്‍ക്ക് നേരിയ തോതില്‍ കല്ലേറുണ്ടായെങ്കിലും ആര്‍ക്കും പരിക്കേറ്റതായി വിവരമില്ല.

തിരുവനന്തപുരത്ത് ജനാധിപത്യ മഹിളാ അസോസിയേഷന്റെയും ആര്‍.വൈ.എഫിന്റെയും പ്രവര്‍ത്തകരാണ് വിവിധയിടങ്ങളില്‍ മാര്‍ച്ച് നടത്തുന്നത്. പ്രതിഷേധക്കാര്‍ മുഖ്യമന്ത്രിയുടെ കോലം കത്തിച്ചു. ദേശീയപാത ഉപരോധിച്ചു.

കൊച്ചി കാക്കനാട് ഡി.വൈ.എഫ്.ഐ മാര്‍ച്ച് അക്രമാസക്തമായി. പ്രവര്‍ത്തകരെ പിരിച്ചുവിടാന്‍ പൊലീസ് ലാത്തിചാര്‍ജ്ജ് നടത്തി.
 

ആറ്റിങ്ങല്‍ കവര്‍ച്ച: പ്രത്യേക അന്വേഷണ സംഘം രൂപവത്കരിച്ചു

Posted: 16 Jun 2013 11:24 PM PDT

ആറ്റിങ്ങല്‍: സ്വകാര്യ ധനകാര്യ സ്ഥാപനം കൊള്ളയടിച്ച സംഭവത്തില്‍ പ്രത്യേക അന്വേഷണസംഘം രൂപവത്കരിച്ചു. ആറ്റിങ്ങല്‍ ട്രഷറിക്ക് എതിര്‍വശത്തുള്ള പോപുലര്‍ ഫിനാന്‍സിന്‍െറ ബ്രാഞ്ച് ഓഫിസില്‍ നാല് ജീവനക്കാരെ ബന്ദിയാക്കി ഒന്നരക്കിലോ സ്വര്‍ണവും 5.78 ലക്ഷം രൂപയും കവര്‍ന്ന സംഭവം അന്വേഷിക്കാനാണ് പ്രത്യേകസംഘത്തെ രൂപവത്കരിച്ചത്. 
ആറ്റിങ്ങല്‍ ഡിവൈ.എസ്.പി ആര്‍. പ്രതാപന്‍നായര്‍ നേതൃത്വംനല്‍കുന്ന ടീമില്‍ ആറ്റിങ്ങല്‍ സി.ഐ എം.ഐ. ഷാജി, വര്‍ക്കല സി.ഐ എസ്. ഷാജി, വെഞ്ഞാറമൂട് സി.ഐ പി. വേലായുധന്‍നായര്‍, ഡി.ജി.പിയുടെ സ്പെഷല്‍ ഇന്‍വെസ്റ്റിഗേഷന്‍ സപ്പോര്‍ട്ടിങ് ടീം അംഗങ്ങള്‍, ഡിവൈ.എസ്.പിയുടെ സ്ക്വാഡ് അംഗങ്ങള്‍ എന്നിവര്‍ ഉള്‍പ്പെടും. 
കവര്‍ച്ചാസംഭവത്തില്‍ നാലുപേര്‍ ഉള്‍പ്പെട്ടതായി പൊലീസിന് വ്യക്തമായ സൂചന ലഭിച്ചു. നാലാമത്തെയാള്‍ വെള്ള മുണ്ടുടുത്ത അമ്പത് വയസ്സ് തോന്നിക്കുന്ന വ്യക്തിയാണ്. ഇദ്ദേഹം പോപുലര്‍ ഫിനാന്‍സിന്‍െറ പ്രവേശകവാടത്തില്‍ നിലയുറപ്പിച്ചിരുന്നു. സംഭവം നടക്കുന്ന സമയത്ത് ഇത്തരത്തിലൊരാള്‍ അവിടെ നിന്നെന്ന വിവരം മറ്റ് പല സൂചനകളിലേക്കും വഴിതെളിച്ചിട്ടുണ്ട്. ശാസ്ത്രീയതെളിവുകളുടെ ശേഖരണത്തിനാണ് അന്വേഷണസംഘം മുന്‍തൂക്കം നല്‍കുന്നത്. 
കൊള്ള നടന്ന സ്ഥാപനത്തില്‍ നിന്ന് ലഭിച്ച ചില ബില്ലുകള്‍ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്. ശ്രീകാര്യത്തെ ഹോട്ടല്‍ ബില്ലും ഇതില്‍ ഉള്‍പ്പെടും. ബില്ല് ഇഷ്യു ചെയ്ത സ്ഥാപനങ്ങളില്‍ ശനിയാഴ്ച ഉച്ചക്കുമുമ്പ് തന്നെ പൊലീസ് ഉദ്യോഗസ്ഥരെത്തി അന്വേഷണം നടത്തി. ഈ സ്ഥാപനങ്ങളിലെയും സമീപ സ്ഥാപനങ്ങളിലെയും കാമറാ ദൃശ്യങ്ങളും പരിശോധിച്ചു. 
ഫിനാന്‍സിലെ സിസി ടി.വി കാമറയില്‍ പതിഞ്ഞ ചിത്രങ്ങള്‍ ബന്ധപ്പെട്ട സ്ഥാപനങ്ങളിലെ ജീവനക്കാരെ കാണിച്ചിരുന്നു. അന്വേഷണത്തെ വഴിതെറ്റിക്കാന്‍ ബോധപൂര്‍വം കൊണ്ടിട്ടവയാണോ ഈ ബില്ലുകളെന്ന സംശയവും ഉദ്യോഗസ്ഥര്‍ പ്രകടിപ്പിക്കുന്നുണ്ട്. കവര്‍ച്ചാസംഘം ലഹരി ഉപയോഗിച്ചിരുന്നതായാണ് പൊലീസ് നിഗമനം. ജീവനക്കാരുടെ മൊഴി ഈ സാധ്യത ശക്തിപ്പെടുത്തുന്നുണ്ട്. ആറ്റിങ്ങല്‍ നഗരത്തിലെ ബാറുകളിലെ സിസി ടി.വി ദൃശ്യങ്ങള്‍, ദേശീയപാതയില്‍ പോപുലര്‍ ഫിനാന്‍സ് പ്രവര്‍ത്തിക്കുന്നതിന് സമീപമുള്ള സ്വകാര്യസ്ഥാപനങ്ങളുടെ മുന്‍ഭാഗത്തുള്ള സിസി ടി.വി ദൃശ്യങ്ങളെല്ലാം പൊലീസ് പരിശോധിച്ചു. രണ്ടാഴ്ചക്കിടയിലെ ലോഡ്ജുകളിലെയും ഹോട്ടലുകളിലെയും താമസക്കാരെക്കുറിച്ചും അന്വേഷിക്കുന്നുണ്ട്. 
സമാനസ്വഭാവമുള്ള സംഭവങ്ങളെയും പഠനവിധേയമാക്കുന്നുണ്ട്. കേരളത്തിന് പുറത്ത് ഇത്തരത്തില്‍ ധനകാര്യ സ്ഥാപനം കൊള്ളയടിച്ച സംഭവങ്ങള്‍ നിരവധി ഉണ്ടായിട്ടുണ്ട്. 
സിസി ടി.വിയില്‍ പതിഞ്ഞ മുഖങ്ങളോട് സാദൃശ്യമുള്ള കേരളത്തിലെ ക്രിമിനല്‍ പശ്ചാത്തലമുള്ള വ്യക്തികളുടെ ലിസ്റ്റ് തയാറാക്കിയിട്ടുണ്ട്. ഇവരെക്കുറിച്ചും ഒരു ടീം അന്വേഷിക്കുന്നുണ്ട്. പ്രതികള്‍ മൂന്നുപേരും വ്യക്തമായ മലയാളം സംസാരിച്ചിരുന്നതിനാല്‍ മലയാളികള്‍ തന്നെയായിരിക്കും പിന്നിലെന്ന ധാരണയാണ് അന്വേഷണോദ്യോഗസ്ഥര്‍ക്കുള്ളത്. 
ആറ്റിങ്ങലിലെയും സമീപപ്രദേശങ്ങളിലെയും ടവര്‍ പരിധികള്‍ക്ക് കീഴിലെ മൊത്തം മൊബൈല്‍ സംഭാഷണങ്ങളും നിരീക്ഷണവിധേയമാക്കും. 
കൊള്ളക്ക് പിന്നില്‍ പ്രഫഷനലുകളല്ലെന്ന നിഗമനത്തിലും അന്വേഷണോദ്യോഗസ്ഥര്‍ എത്തിയിട്ടുണ്ട്. കവര്‍ച്ചക്ക് സ്ഥാപനത്തിനുള്ളില്‍ കയറിയവര്‍ ഈരംഗത്തെ പുതുമുഖങ്ങളായിരിക്കുമെന്ന വിലയിരുത്തലിലാണ് പൊലീസ്. എന്നാല്‍ ഇവര്‍ നടത്തിയ ആസൂത്രണം പ്രഫഷനലുകളെ വെല്ലുന്നതാണ്. 
ശനിയാഴ്ച മിഥുനമാസം ഒന്ന് ആയിരുന്നു. മലയാളമാസം ഒന്ന് സാധാരണ മലയാളികള്‍ സ്വര്‍ണ ഉരുപ്പടികള്‍ പണയപ്പെടുത്താനോ പണമിടപാട് സ്ഥാപനങ്ങളില്‍ പോകാനോ സാധ്യത കുറവാണ്. ഇക്കാരണത്താല്‍ ഈ ദിവസം തിരക്ക് വളരെ കുറവുമായിരിക്കും.  

പ്രതിരോധപ്രവര്‍ത്തനത്തില്‍ പൊതുജന പങ്കാളിത്തം വേണം-മന്ത്രി കെ. ബാബു

Posted: 16 Jun 2013 11:16 PM PDT

കൊച്ചി: പകര്‍ച്ചവ്യാധി പ്രതിരോധപ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കുന്നതിന്‍െറ ഭാഗമായി നടത്തുന്ന പ്രവര്‍ത്തനങ്ങളില്‍ പൊതുജന പങ്കാളിത്തം ഉറപ്പുവരുത്തണമെന്ന് ഫിഷറീസ് മന്ത്രി കെ. ബാബു പറഞ്ഞു. പകര്‍ച്ചവ്യാധികള്‍ തടയാന്‍ സര്‍ക്കാര്‍ എല്ലാ നടപടിയും സ്വീകരിച്ചിട്ടുണ്ട്. പൊതുജന പങ്കാളിത്തം കൂടി ഉണ്ടെങ്കിലേ മഴക്കാല രോഗങ്ങള്‍ തടയാന്‍ കഴിയൂവെന്നും അദ്ദേഹം പറഞ്ഞു.
 ഡ്രൈഡേ ആചരണത്തിന്‍െറ ജില്ലാതല ഉദ്ഘാടനം തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയില്‍ സുസ്ഥിര നഗര വികസന പദ്ധതിയിലുള്‍പ്പെടുത്തി നിര്‍മിക്കാനുദ്ദേശിക്കുന്ന ഡയാലിസിസ് സെന്‍ററിന്‍െറ ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയായെന്നും നിര്‍മാണം ജൂലൈയോടെ ആരംഭിക്കാന്‍ കഴിയുമെന്നും കെ. ബാബു കൂട്ടിച്ചേര്‍ത്തു. ജില്ലയില്‍  ഞായറാഴ്ച ഡ്രൈഡേ ആചരിച്ചു. എല്ലാ തദ്ദേശ ഭരണസ്ഥാപന തലങ്ങളിലും ജനപ്രതിനിധികളുടെ നേതൃത്വത്തില്‍ ആരോഗ്യ-സന്നദ്ധ പ്രവര്‍ത്തകര്‍ വീടുകള്‍ സന്ദര്‍ശിച്ച് കൊതുകുകളുടെ ഉറവിട നശീകരണം സംബന്ധിച്ച് നിര്‍ദേശങ്ങള്‍ നല്‍കി. ഈ മാസം 23,30 തീയതികളിലും ഡ്രൈഡേ ആചരിക്കും.
തൃപ്പൂണിത്തുറ നഗരസഭ ചെയര്‍മാന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ വൈസ് ചെയര്‍പേഴ്സണ്‍ തിലോത്തമ സുരേഷ്, ആരോഗ്യ വിഭാഗം ജില്ല മെഡിക്കല്‍ ഓഫിസര്‍ ഡോ. ഹസീന മുഹമ്മദ്, തൃപ്പൂണിത്തുറ നഗരസഭ മെംബര്‍മാരായ നന്ദകുമാര്‍  വര്‍മ, ശകുന്തള ജയകുമാര്‍, പി.പി  യൂനിറ്റ് മെഡിക്കല്‍ ഓഫിസര്‍ ഡോ.ശ്രീധരകുമാര്‍, തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. മണിയോഗിദാസ് തുടങ്ങിയവര്‍ സംസാരിച്ചു.
പറവൂര്‍ നിയോജക മണ്ഡലത്തിലെ ഡ്രൈ ഡേ ആചരണ പ്രവര്‍ത്തനം വി.ഡി. സതീശന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. കുന്നത്തുനാട് കുമാരപുരം പി.എച്ച്.സിയില്‍ നടന്ന പ്രതിരോധപ്രവര്‍ത്തനങ്ങള്‍ വി.പി. സജീന്ദ്രന്‍ എം.എല്‍.എയും തൃക്കാക്കര മണ്ഡലത്തില്‍ ബെന്നി ബഹനാന്‍ എം.എല്‍.എ, ആലുവ മണ്ഡലത്തില്‍ അന്‍വര്‍ സാദത്ത് എം.എല്‍.എ, അങ്കമാലിയില്‍ ജോസ് തെറ്റയില്‍ എം.എല്‍.എ, പെരുമ്പാവൂര്‍ മണ്ഡലത്തില്‍ സാജുപോള്‍ എം.എല്‍.എ, കോതമംഗലം മണ്ഡലത്തില്‍ ടി.യു. കുരുവിള എം.എല്‍.എ, എറണാകുളം മണ്ഡലത്തില്‍ ഹൈബി ഈഡന്‍ എം.എല്‍.എ, കൊച്ചി മണ്ഡലത്തില്‍ ഡൊമിനിക് പ്രസന്‍േറഷന്‍ എം.എല്‍.എ എന്നിവര്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഉദ്ഘാടനം ചെയ്തു.
കളമശേരിയില്‍ ഡ്രൈഡേ ആചരണം മുനിസിപ്പല്‍ ചെയര്‍മാന്‍ ജമാല്‍ മണക്കാടന്‍, വൈപ്പിന്‍ നിയോജക മണ്ഡലത്തില്‍ ബ്ളോക് പഞ്ചായത്ത് പ്രസിഡന്‍റ് ഏലിയാമ്മ ഐസക്,പിറവം നിയോജക മണ്ഡലത്തില്‍ ബ്ളോക് പഞ്ചായത്ത് പ്രസിഡന്‍റ് ഐഷ മാധവന്‍ എന്നിവര്‍ നേതൃത്വം നല്‍കി.
 

കാറ്റിലും മഴയിലും നിരവധി വീടുകള്‍ക്ക് നാശം

Posted: 16 Jun 2013 11:09 PM PDT

Subtitle: 
വെള്ളപ്പൊക്കക്കെടുതിയില്‍ ജനജീവിതം
ആലപ്പുഴ: കാലവര്‍ഷത്തോ ടൊപ്പം  ആഞ്ഞടിച്ച കാറ്റും കൂടിയായപ്പോള്‍ ജില്ലയുടെ പലഭാഗത്തും നിരവധി വീടുകള്‍ക്ക് നാശം. തീരദേശമേഖലയില്‍ കടലാക്രമണത്തിന്‍െറ കഷ്ടതകളും നഷ്ടങ്ങളും മത്സ്യത്തൊഴിലാളികള്‍ക്കും ഇതര ഭാഗങ്ങളില്‍ വെള്ളപ്പൊക്കവും മലിനജലവുമ ാണ്  ദുരിതമാവുന്നത്. താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളക്കെട്ടിലാണ്. ആലപ്പുഴ നഗരത്തിന്‍െറ പടിഞ്ഞാറന്‍ മേഖലയില്‍ നിരവധി വീടുകള്‍ വെള്ളത്താല്‍ ചുറ്റപ്പെട്ടു. 
ഇടറോഡുകളില്‍ വെള്ളം കെട്ടിക്കിടന്ന് യാത്ര ദുസ്സഹമായി. അതോടൊപ്പം മാലിന്യം ഒഴുകി ഇടത്തോടുകള്‍ കവിഞ്ഞ് വീട്ടുമുറ്റത്തേക്ക് എത്തുന്നത് ആരോഗ്യപ്രശ്നങ്ങളും ഉണ്ടാക്കുന്നു.
 

അരൂരില്‍ 25 വീട് തകര്‍ന്നു

അരൂര്‍: ശനിയാഴ്ച രാത്രിയുണ്ടായ ശക്തമായ ചുഴലിക്കാറ്റില്‍ അരൂര്‍ പഞ്ചായത്തില്‍ കുമ്പളങ്ങി കായലിന്‍െറ തീരമേഖലയിലെ 25 വീടിന് നാശമുണ്ടായി. പഞ്ചായത്ത് 14ാം വാര്‍ഡിലാണ് നാശനഷ്ടം കൂടുതല്‍. വീടുകളുടെ മേല്‍ക്കൂരകളെല്ലാം കാറ്റില്‍ നിലംപൊത്തി. വൈദ്യുതി വിതരണവും നിലച്ചു. ഓടും ഷീറ്റും കൊണ്ടുള്ള മേല്‍ക്കൂരയാണ് കൂടുതലും നിലംപതിച്ചത്. പുതുവലില്‍ സുകുമാരന്‍െറ വീടിന്‍െറ മേല്‍ക്കൂര പൂര്‍ണമായും തകര്‍ന്നു. ഉദയന്‍െറ വീടിന്‍െറ മേല്‍ക്കൂരയിലെ ഓടുകള്‍ പറന്നുപോയി. ചക്കനാട്ട് വില്‍സന്‍െറ വീടിന്‍െറ ഓടുകളും ഷീറ്റുകളും കാറ്റ് കൊണ്ടുപോയി. പുത്തന്‍നികര്‍ത്തില്‍ എബി പുതുതായി നിര്‍മിക്കുന്ന വീടിന്‍െറ മേല്‍ക്കൂര ആംഗ്ളയറോടെ നിലംപതിച്ചു. മുഴുവന്‍ വീടുകളുടെയും വിവരങ്ങള്‍ അധികാരികള്‍ ശേഖരിച്ചുവരികയാണ്. ലക്ഷക്കണക്കിന് രൂപയുടെ നാശനഷ്ടം ഉണ്ടായെന്നാണ് പ്രാഥമിക വിവരം. പ്രദേശത്ത് മണിക്കൂറുകളോളം കാറ്റ് വീശി.

 

കാറ്റില്‍ ചങ്ങനാശേരിയില്‍ കനത്ത നഷ്ടം

Posted: 16 Jun 2013 10:56 PM PDT

ചങ്ങനാശേരി: ശക്തമായ കാറ്റിലും മഴയിലും കുരിശുംമൂട്ടില്‍ വീടിന്‍െറ അടുക്കള ഇടിഞ്ഞുവീണു. അടുക്കളയില്‍ നില്‍ക്കുകയായിരുന്ന വീട്ടമ്മ അദ്ഭുതകരമായി രക്ഷപ്പെട്ടു. കുരിശുംമൂട് ചീരഞ്ചിറ മേട്ടൈപറമ്പില്‍ പ്രിയ രാജുവാണ് (35)രക്ഷപ്പെട്ടത്. ഞായറാഴ്ച പുലര്‍ച്ചെ 5.45നാണ് സംഭവം.
 രാവിലെ അടുക്കളയില്‍ പാചകത്തിലേര്‍പ്പെട്ടിരിക്കെ വീടിന്‍െറ കല്‍ഭിത്തിയില്‍ ഇളക്കംകണ്ട വീട്ടമ്മ മുറിയിലെത്തി ഭര്‍ത്താവിനെ വിളിച്ചുണര്‍ത്തി. ഭിത്തിയുടെ മുകള്‍ഭാഗം ഉള്‍പ്പെടെ താഴേക്ക് ഇടിഞ്ഞുവീഴുന്നുണ്ടായിരുന്നു. സ്ളാബ് ഉള്‍പ്പെടെ വലിയശബ്ദത്തോടെ നിലംപതിച്ചു. ഭിത്തിതകര്‍ന്നുവീഴുന്നതിനിടയില്‍ അടുക്കളയിലുണ്ടായിരുന്ന സാധാന സാമഗ്രികള്‍ പ്രിയയും ഭര്‍ത്താവും ചേര്‍ന്ന് മുറിയിലേക്ക് മാറ്റി.
 അടുക്കളഭാഗവും ഒരുമുറിയും പൂര്‍ണമായും നശിച്ചു. സമീപത്തെ വീടും ഭാഗീകമായി നശിച്ചു. ചീരംഞ്ചിറ പുതുപ്പറമ്പില്‍ പി.ഡി. ഡേവിസിന്‍െറ വീടാണ് ഭാഗീകമായി നശിച്ചത്. പുഴവാത് താമരശേരിചിറയില്‍ രാജുവിന്‍െറ വീടിന് മുകളില്‍ സമീപ പുരയിടത്തിലെ മരം കടപുഴകി വീണു. വീടിന്‍െറ ഷീറ്റുകള്‍ തകര്‍ന്നു.
ഏറ്റുമാനൂര്‍: ശനിയാഴ്ച രാത്രിയിലുണ്ടായ ശക്തമായ കാറ്റില്‍ ഏറ്റുമാനൂര്‍, നീണ്ടൂര്‍, മാന്നാനം, പേരൂര്‍, തെള്ളകം, കൈപ്പുഴ, അതിരമ്പുഴ പ്രദേശങ്ങളില്‍ കനത്ത നാശം ഉണ്ടായി. റബര്‍, തേക്ക്, ജാതി, വാഴ തുടങ്ങിയവ വ്യാപകമായി നശിച്ചു. 
യൂനിവേഴ്സിറ്റി പ്രദേശത്തും അമ്മന്‍ചേരി റോഡിലും മരങ്ങള്‍ വീണ് ഗതാഗതം തടസ്സപ്പെട്ടു. അതിരമ്പുഴയിലെ നാല്‍പ്പാത്തി മലയില്‍ 16 വീടുകള്‍ തകര്‍ന്നു. പേരൂരില്‍ കരിയാറ്റപുഴ സാധുമന്ദിരം ലജി ഭാസ്കരന്‍െറ പുരയിടത്തിലെ തേക്ക് വൈദ്യുതി ലൈനില്‍ വീണു.
 പേരൂര്‍ പാറശേരില്‍ മാത്യു, വാളംപറമ്പില്‍ തോമസ്, വട്ടത്തുണ്ടത്തില്‍ ബിനോയ് ദേവസ്യ, വലിയവീട്ടില്‍ ഭവാനിയമ്മ, മങ്ങാട്ടുപറമ്പില്‍ പി.കെ. തോമസ്, പുളിവേലില്‍ ലൂക്കോസ്, തട്ടാരത്തില്‍ പി.വി. കുര്യന്‍, പന്നകത്തില്‍ മണി, അമ്പനാട്ടുതാഴെ കുരുവിള ചെറിയാന്‍, കരോട്ടുതറ കെ.കെ. അനുമോള്‍, നിരപ്പുകാലായില്‍ രവി, എടച്ചേരില്‍ കമലമ്മ തുടങ്ങിയവരുടെ വീടുകള്‍ തകര്‍ന്നു.
 

കര കാണാതെ ആറു മാസം; ദുരിതക്കടലില്‍ നാല് മലയാളികളടക്കം 13 കപ്പല്‍ ജീവനക്കാര്‍

Posted: 16 Jun 2013 10:52 PM PDT

Image: 

അബൂദബി: ആറ് മാസം തുടര്‍ച്ചയായി കര കാണാതെ ദുരിത ജീവിതം നയിക്കുന്ന കപ്പല്‍ ജീവനക്കാരുടെ പ്രശ്‌നത്തിന് ഇനിയും പരിഹാരമായില്ല. സിംഗപ്പൂര്‍ കമ്പനിയുടെ ഐ.എന്‍. മോംഗര്‍ എന്ന എണ്ണക്കപ്പലില്‍ ജോലിക്ക് കയറിയ നാല് മലയാളികള്‍ അടക്കം 13 ജീവനക്കാരുടെ ജീവിതമാണ് ദുരിതമയമായി തുടരുന്നത്. ആറ് മാസത്തെ ശമ്പളവും വാങ്ങി എങ്ങനെയെങ്കിലും കര പറ്റിയാല്‍ മതിയെന്നാണ് ജീവനക്കാര്‍ ഇപ്പോള്‍ പറയുന്നത്. പത്ത് ദിവസത്തിലധികം കൂരിരുട്ടില്‍ കഴിയേണ്ടി വന്ന ഇവര്‍ക്ക് ജോലിക്ക് കയറിയ ശേഷം ഇതുവരെ ശമ്പളവും ലഭിച്ചിട്ടില്ല.

ഖോര്‍ഫുക്കാന്‍ തീരത്ത് നിന്ന് 14 നോട്ടിക്കല്‍ മൈല്‍ അകലെ കടലില്‍ ഒരു സുരക്ഷാ സംവിധാനവുമില്ലാതെയാണ് തങ്ങള്‍ കഴിയുന്നതെന്ന് ജീവനക്കാര്‍ പറയുന്നു. പൊളിക്കാന്‍ കൊണ്ടുപോകാന്‍ തീരുമാനിച്ച കപ്പലിന്റെ അകവും പുറവും ഒരേ പോലെ അപകടകരമാണ്. പൈപ്പുകള്‍ തുരുമ്പെടുത്ത് ദ്രവിച്ച നിലയിലാണ്. സാധാരണ സാറ്റലൈറ്റ് ഫോണ്‍ നല്‍കാറുണ്ടെങ്കിലും തങ്ങള്‍ക്ക് ആ സൗകര്യവുമില്ല. രക്ഷാ ബോട്ടുകളുടെ സ്ഥിതിയും പരിതാപകരമാണ്. ആര്‍ക്കെങ്കിലും അസുഖം ബാധിച്ചാല്‍ എന്തു ചെയ്യുമെന്ന് പോലും വ്യക്തമല്ലെന്ന് കപ്പലിലെ മലയാളി ജീവനക്കാരന്‍ 'ഗള്‍ഫ് മാധ്യമ'ത്തോട് പറഞ്ഞു. എംബസിയും ഇന്ത്യന്‍ സര്‍ക്കാറും ഇടപെട്ട് എങ്ങനെയെങ്കിലും തങ്ങളുടെ പ്രശ്‌നം പരിഹരിക്കണമെന്നും ഇയാള്‍ അഭ്യര്‍ഥിക്കുന്നു. വീട്ടുകാര്‍ കടം വാങ്ങിയാണ് ജീവിക്കുന്നത്. വായ്പയുടെ തവണകള്‍ അടക്കാത്തത് പ്രശ്‌നമായിട്ടുണ്ടെന്നും ഇവര്‍ പറയുന്നു.

അതേസമയം, ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥര്‍ ബന്ധപ്പെട്ടത് ജീവനക്കാര്‍ക്ക് ആശ്വാസമായിട്ടുണ്ട്. സിംഗപ്പൂരിലെ ഹൈക്കമീഷനുമായും കപ്പലിന്റെ മുംബൈയിലെ ഏജന്റുമായും വിഷയം സംസാരിച്ചിട്ടുണ്ടെന്നും എംബസി ഉദ്യോഗസ്ഥര്‍ കപ്പല്‍ ജീവനക്കാരെ അറിയിച്ചിട്ടുണ്ട്്. രണ്ട് ദിവസത്തിനകം പ്രശ്‌നം പരിഹരിക്കപ്പെടുമെന്ന പ്രതീക്ഷയിലാണ് കപ്പല്‍ ജീവനക്കാര്‍.  തേഡ് എന്‍ജിനീയര്‍ തിരുവനന്തപുരം കുടപ്പനക്കുന്ന് സ്വദേശി സ്മിജിന്‍ സുബ്രഹ്മണ്യം (28), കോതമംഗലം സ്വദേശി ശ്രീജിത് എസ്.കുമാര്‍ (32), ഇടക്കൊച്ചി സ്വദേശി ജോഷി (54), കലൂരില്‍ താമസിക്കുന്ന ലക്ഷദ്വീപ് സ്വദേശി കെ.അലി (45) എന്നിവരാണ് കപ്പലില്‍ കുടുങ്ങിയ മലയാളികള്‍. ഇവരെ കൂടാതെ ഒമ്പത് ഇന്ത്യക്കാരും രണ്ട് പാകിസ്താനികളുമാണ് കപ്പലിലുള്ളത്.

 

കാലവര്‍ഷം: വ്യാപക നാശനഷ്ടം

Posted: 16 Jun 2013 10:46 PM PDT

നെടുങ്കണ്ടം: ഹൈറേഞ്ചില്‍ കാലവര്‍ഷം കനത്തതോടെ നാശനഷ്ടം. മൂന്നുദിവസമായി തിമര്‍ത്തുപെയ്യുന്ന മഴയിലും കാറ്റിലും ഉടുമ്പന്‍ചോല താലൂക്കില്‍ രണ്ടുവീടുകള്‍ തകര്‍ന്നു. കവുന്തി പ്ളാവില പുത്തന്‍വീട്ടില്‍ മുരളി, മഞ്ഞപ്പാറ കൂടപ്പുഴ ആന്‍റണി ജോസഫ് എന്നിവരുടെ വീടുകളാണ് തകര്‍ന്നത്. മുരളിയുടെ വീട് പ്ളാവ് കടപുഴകി വീണും ആന്‍റണിയുടെ വീട് മണ്ണിടിഞ്ഞുവീണുമാണ് തകര്‍ന്നത്. 
നെടുങ്കണ്ടം പഞ്ചായത്ത് 18 ാം വാര്‍ഡിലെ കൗന്തിയില്‍ ശനിയാഴ്ച രാത്രി 11ന് വീടിന് സമീപം നിന്നിരുന്ന പ്ളാവ് കടപുഴകി മുരളിയുടെ വീടിന് മേല്‍ വീഴുകയായിരുന്നു. വീട് ഏതാണ്ട് പൂര്‍ണമായി തകര്‍ന്നു. പ്ളാവും നിറയെ ചക്കയും വീണ് വീടിന്‍െറ ആസ്ബസ്റ്റോസ് ഷീറ്റും ചുവരുകളും വീട്ടുപകരണങ്ങളും തകര്‍ന്നു. മുരളിയുടെ ഭാര്യ ഉഷയും മക്കളായ രഞ്ജിത്, രഞ്ജിത എന്നിവരും വീട്ടിലുണ്ടായിരുന്നു. രഞ്ജിതയുടെ ശരീരത്ത് ചക്കവീണ് ചെറിയ മുറിവുണ്ടായതൊഴിച്ചാല്‍ മറ്റാര്‍ക്കും പരിക്കില്ലാതെ രക്ഷപ്പെട്ടു. 
ഞായറാഴ്ച പുലര്‍ച്ചെ 3.30 ഓടെ മണ്ണിടിഞ്ഞുവീണാണ് മഞ്ഞപ്പാറയില്‍ ആന്‍റണിയുടെ വീട് തകര്‍ന്നത്. വീടിന്‍െറ പിന്‍വശത്തെ തിട്ട ഇടിഞ്ഞുവീഴുകയും ഭിത്തി തകര്‍ന്ന് മണ്ണും കല്ലും വീടിനുള്ളിലേക്ക് വീഴുകയായിരുന്നു. ശബ്ദം കേട്ട് ഞെട്ടി ഉണര്‍ന്ന വീട്ടുകാര്‍ ഓടിമാറിയതിനാല്‍ പരിക്കുകളില്ലാതെ രക്ഷപ്പെട്ടു. ആന്‍റണിയുടെ പ്രായമായ മാതാപിതാക്കളും ഭാര്യയും കൈക്കുഞ്ഞടക്കം മൂന്ന് കുട്ടികളുമാണ് വീട്ടിലുണ്ടായിരുന്നത്. വീടിന്‍െറ പിന്‍വശത്തെ ബാക്കി തിട്ടയും ഏതുനിമിഷവും ഇടിഞ്ഞുവീഴാവുന്ന അവസ്ഥയിലാണ്. വീട്ടുകാര്‍ താല്‍ക്കാലിക ഷെഡ് നിര്‍മിച്ച് മാറിതാമസിക്കുകയാണ്. ശക്തമായ മഴയും കാറ്റും മൂലം താലൂക്കിന്‍െറ വിവിധ ഭാഗങ്ങളില്‍ മരം കടപുഴകിയും ചില്ലകള്‍ വീണും വൈദ്യുതി വിതരണം പലയിടങ്ങളിലും നിലച്ചിരിക്കുകയാണ്. ഉടുമ്പന്‍ചോല മേഖലയില്‍ വൈദ്യുതി മുടങ്ങിയിട്ട് ഒരാഴ്ചയായി. റോഡുകള്‍ പലതും തോടുകളായി ഒഴുകുകയാണ്. 
 

സൗരോര്‍ജ വിളക്ക്: പരാതികള്‍ ജില്ലയിലും ‘കത്തുന്നു’

Posted: 16 Jun 2013 10:38 PM PDT

പത്തനംതിട്ട: സംസ്ഥാന ഭരണത്തെ പിടിച്ചുകുലുക്കുന്ന ടീം  സോളാര്‍ കമ്പനിയുടെ സൗരോര്‍ജ വിളക്ക് തട്ടിപ്പിന് ജില്ലയില്‍  നിരവധി പേര്‍ ഇരയായി. കമ്പനിയുടെ നേതൃസ്ഥാനത്ത് ഉണ്ടായിരുന്ന  ചെങ്ങന്നൂര്‍ സ്വദേശി സരിത എസ്. നായരും രണ്ടാം ഭര്‍ത്താവ് കുളക്കട സ്വദേശിയായ ബിജു രാധാകൃഷ്ണനും ജില്ലയില്‍നിന്ന് ഒന്നരക്കോടി രൂപ  തട്ടിയെടുത്തതായാണ് സൂചന. 
സരിത പേര് മാറ്റിപ്പറഞ്ഞ് പലരെയും സമീപിച്ചിട്ടുണ്ട്. നന്ദിനി എസ്. നായര്‍, ലക്ഷ്മി എസ്.നായര്‍ എന്നപേരിലും ഇവര്‍ അറിയപ്പെടുന്നുണ്ട്. ഇവരുടെ ആദ്യ ഭര്‍ത്താവ് ആറന്മുള സ്വദേശിയാണ്. സംഭവം സംസ്ഥാനത്താകെ കത്തിപ്പടരുന്നതിനിടെയാണ് തട്ടിപ്പിനിരായായവര്‍ പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. പണം നഷ്ടപ്പെട്ട് വന്‍നഷ്ടം സംഭവിച്ചവര്‍ പലരും സമൂഹത്തിന്‍െറ ഉന്നത ശ്രേണിയിലുള്ളവരാണ്. 
കമ്പനി ഉടമകളും ഡോക്ടര്‍മാരും ജില്ലയില്‍ തട്ടിപ്പിനിരയായിട്ടുണ്ട്. നാണക്കേട് ഭയന്നാണ് പലരും പരാതി നല്‍കാതിരുന്നതെന്നാണ് അറിയുന്നത്. കൂടുതല്‍ പേര്‍ ഇനിയും പരാതിയുമായി എത്തുമെന്നാണ് സൂചന. എന്നാല്‍, ജില്ലാ പൊലീസിന് ആറന്മുള കോടിതിയിലെ കേസുമായി ബന്ധപ്പെട്ട് സരിതയെ പിടികിട്ടാപുള്ളിയായി പ്രഖ്യാപിച്ച സംഭവം മാത്രമേ അറിയുകയുള്ളൂ. തട്ടിപ്പിനിരയായ പലരും നേരിട്ട് കോടതിയെ സമീപിക്കുന്നുമുണ്ട്.
ജില്ലയില്‍ ആറന്മുള, തിരുവല്ല, കോന്നി, മല്ലപ്പള്ളി, കോയിപ്രം, റാന്നി പ്രദേശങ്ങളില്‍ തട്ടിപ്പിനിരയായവര്‍ രംഗത്തെത്തിയിട്ടുണ്ട്. സരിത മുമ്പ് കേരള ഹൗസിങ് ഫിനാന്‍സ് ലിമിറ്റഡ് (കെ.എസ്.എഫ്.ഇ) കോഴഞ്ചേരി ശാഖാ അസിസ്ന്‍റ് മാനേജരായിരിക്കുമ്പോള്‍ മൂന്നര ലക്ഷം രൂപ തട്ടിയതിന് 2005 ല്‍ ആറന്മുള പൊലീസ് കേസെടുത്തിരുന്നു. കേസില്‍ പത്തനംതിട്ട ജുഡീഷ്യല്‍ ഫസ്റ്റ് ക്ളാസ് മജിസ്ട്രേറ്റ് കോടതി പിടികിട്ടാപുള്ളിയായി പ്രഖ്യാപിച്ചിരുന്നു. 
വാറണ്ടുണ്ടായിട്ടും 2009 വരെ പ്രതിയെ പിടികൂടി കോടതിയിലെത്തിക്കൊന്‍ പൊലീസിന് കഴിഞ്ഞില്ല. ബിജു രാധാകൃഷ്ണനുമായി ചേര്‍ന്ന് ആറന്മുളയിലെത്തി സൗരോര്‍ജ പ്ളാന്‍റ് എം.ഡി ചമഞ്ഞ് വിദേശ മലയാളി ഉള്‍പ്പെടെയുള്ളവരില്‍നിന്ന് 1.9 കോടി രൂപ തട്ടിയതായും അറിയുന്നു. ഇതുസംബന്ധിച്ച് ഇതുവരെ പരാതികള്‍ ഉണ്ടായിട്ടില്ല.  ക്രഡിറ്റ് ഇന്ത്യ കമ്പനിയില്‍ ഓഹരി നല്‍കാമെന്ന് പറഞ്ഞ് കോടികള്‍ തട്ടിയതായും പറയപ്പെടുന്നു.
പണം തട്ടിയതിന് സരിതക്കെതിരെ കോയിപ്രം പൊലീസ് സ്റ്റേഷനിലും പരാതി ലഭിച്ചു. പൂവത്തൂര്‍ സ്വദേശി ജോര്‍ജ് മാത്യുവാണ് 65,000 രൂപ സൗരോര്‍ജ വിളക്ക് സ്ഥാപിക്കാനായി തട്ടിയെടുത്തെന്ന് കാണിച്ച് പരാതി നല്‍കിയത്. ലക്ഷ്മി ആര്‍. നായര്‍ എന്ന പേരിലാണ് സരിത ഇദ്ദേഹത്തെ സമീപിച്ചത്. സോളാര്‍ പാനല്‍ സ്ഥാപിക്കാനായി ഒരുലക്ഷം രൂപ  മുന്‍കൂര്‍ വാങ്ങി കബളിപ്പിച്ചതായി മല്ലപ്പള്ളി സ്വദേശി കടുവാക്കുഴി പട്ടേരില്‍ പി.എ. എബ്രഹാം മല്ലപ്പളളി സി.ഐക്ക് പരാതി നല്‍കി. 4.75 ലക്ഷം രൂപയുടെ വിളക്ക് സ്ഥാപിക്കാനായാണ് മുന്‍കൂര്‍ തുക കൈപ്പറ്റിയത്. പത്രപരസ്യം കണ്ടാണ് എബ്രഹാം പേര് രജിസ്റ്റര്‍ ചെയ്യുന്നത്. തുടര്‍ന്ന് ആര്‍.ബി. നായര്‍ എന്ന പേരില്‍ ബിജു രാധാകൃഷ്ണനും കമ്പനി വൈസ് പ്രസിഡന്‍റായി ജോസിന്‍ വര്‍ഗീസും വീട്ടിലെത്തി കരാര്‍ ഉറപ്പിച്ച് ഒരുലക്ഷം രൂപ കൈപ്പറ്റി. 
ഇവിടെ സ്റ്റാന്‍ഡ്  സ്ഥാപിക്കാനായി മല്ലപ്പള്ളിയിലെ വര്‍ക്ഷോപ്പില്‍ ഇവര്‍ 14,000 രൂപ മുന്‍കൂര്‍ നല്‍കി. പിന്നീട് മൊബൈല്‍ ഫോണ്‍ ഓഫാക്കി ഇവര്‍ മുങ്ങി. റാന്നി തെക്കെപ്പുറം പതാലില്‍ മാത്യു തോമസില്‍നിന്ന് രണ്ടുലക്ഷം രൂപ തട്ടിയെടുത്തെന്ന കേസില്‍ റാന്നി പൊലീസ് സരിതയെ കസ്റ്റഡിയില്‍ വാങ്ങാന്‍ നീക്കം തുടങ്ങി. മാത്യുവിന്‍െറ വീട്ടില്‍ സൗരോര്‍ജ പാനല്‍ സ്ഥാപിക്കാനായി ലക്ഷ്മി നായര്‍ എന്ന പേരില്‍ കഴിഞ്ഞവര്‍ഷം ജൂലൈയില്‍ റാന്നിയിലെത്തിയാണ് ഇവര്‍ രണ്ടുലക്ഷത്തിന്‍െറ ചെക് വാങ്ങിയത്. തുടര്‍ന്ന് ഇദ്ദേഹത്തിന്‍െറ പിതാവ് സി.എം. തോമസ് റാന്നി കോടതിയില്‍ പരാതി നല്‍കുകയായിരുന്നു. 
തിരുവല്ല നെടുമ്പ്രം മണക്ക് ആശുപത്രി ഉടമ ഡോ.പീറ്റര്‍ മണക്കിന്‍െറ വീട്ടില്‍ സൗരോര്‍ജ വിളക്ക് സ്ഥാപിക്കാമെന്ന് പറഞ്ഞ് നാലുലക്ഷം തട്ടിയെടുത്ത് സരിതയും ബിജുവും  മുങ്ങിയതായും പരാതിയുണ്ട്. 
 ഡോക്ടര്‍ പുളിക്കീഴ് പൊലീസിലാണ് പരാതി നല്‍കിയത്.  കാലാവധി കഴിഞ്ഞും സൗരോര്‍ജ വിളക്ക് യൂനിറ്റ് വീട്ടില്‍ സ്ഥാപിക്കാഞ്ഞതിനെ തുടര്‍ന്ന് ഡോ.പീറ്റര്‍ മണക്ക് ലക്ഷ്മി നായരുടെ പക്കല്‍നിന്ന് മുന്‍കൂര്‍ തുക തിരികെ ആവശ്യപ്പെട്ടെങ്കിലും പണം നല്‍കാതെ ഇവര്‍ മുങ്ങി.
 കോന്നി അട്ടച്ചാക്കല്‍ മല്ലേലില്‍ ഇന്‍ഡസ്ട്രീസ് ഉടമ ശ്രീധരന്‍ നായര്‍ക്ക് 40 ലക്ഷം രൂപയാണ് നഷ്ടപ്പെട്ടത്.  
പാലക്കാട് കിന്‍ഫ്ര പാര്‍ക്കില്‍ ഇദ്ദേഹത്തിന്‍െറ ഉടമസ്ഥതയിലുള്ള സ്ഥാപനത്തില്‍ സോളാര്‍ പാനല്‍ വെക്കുന്നതിനായാണ് 40 ലക്ഷത്തിന്‍െറ ചെക് നല്‍കിയത്. ഇതിനായി ശ്രീധരന്‍ നായരെ മുഖ്യമന്ത്രിയുടെ ഓഫിസില്‍ കൊണ്ടുപോയി വിശ്വാസം നേടിയെടുത്തു.  കഴിഞ്ഞ ബുധനാഴ്ച ഇദ്ദേഹം പത്തനംതിട്ട മജിസ്ട്രേറ്റ് കോടതിയില്‍ കേസ് ഫയല്‍ ചെയ്തത്. 
സരിത, ആറന്മുള സ്വദേശിയായ ആദ്യ ഭര്‍ത്താവില്‍നിന്ന് 50 പവനിലധികം സ്വര്‍ണവും പത്തുലക്ഷത്തോളം രൂപയുമാണ് കൈക്കലാക്കിയത്. വ്യാജ ഒപ്പിട്ട് ചെങ്ങന്നൂരിലെ സഹകരണ ബാങ്കില്‍നിന്ന് വായ്പയും എടുത്തു. 

No comments:

Post a Comment

english malayalam dictionary

വിരുന്നുകാര്...

poomottu

Dsgd: by ASLAM PADINHARAYIL

Back to TOP