സ്വാഗതം
WELCOME

News Update..

Thursday, June 20, 2013

കാറ്റും മഴയും ശക്തം; വീട് തകര്‍ന്നു Madhyamam News Feeds

കാറ്റും മഴയും ശക്തം; വീട് തകര്‍ന്നു Madhyamam News Feeds

Link to

കാറ്റും മഴയും ശക്തം; വീട് തകര്‍ന്നു

Posted: 19 Jun 2013 11:25 PM PDT

കുളത്തൂപ്പുഴ: രണ്ട് ദിവസമായി കുളത്തൂപ്പുഴയിലും പരിസര പ്രദേശങ്ങളിലും തുടരുന്ന ശക്തമായ കാറ്റിലും മഴയിലും മരങ്ങള്‍ കടപുഴകി വീടുതകര്‍ന്നു. പ്രദേശത്ത് വൈദ്യുതി ബന്ധവും പൂര്‍ണമായി നിലച്ചു. 
ചോഴിയക്കോട് പണയില്‍ വീട്ടില്‍ സത്യവതിയുടെ വീടാണ് ചൊവ്വാഴ്ച രാത്രി നിലം പൊത്തിയത്. രണ്ടുദിവസം മുമ്പുണ്ടായ ശക്തമായ മഴയില്‍ ഈ വീടിന്‍െറ കുറച്ചുഭാഗം തകര്‍ന്നിരുന്നു. ചൊവ്വാഴ്ച വില്ലേജോഫിസര്‍ സ്ഥലത്തെത്തി നഷ്ടം കണക്കാക്കി പോയതിന് പിന്നാലെ രാത്രിയിലാണ് മേല്‍ക്കൂരയടക്കം നിലംപൊത്തിയത്. 
മഴ ശക്തമായതോടെ കല്ലടയാറ്റിലും കൈതോടുകളിലും സമീപതോടുകളിലും നീരൊഴുക്ക് ക്രമാതീതമായി ഉയര്‍ന്നിട്ടുണ്ട്. ഒഴുക്ക് ശക്തമായതോടെ കല്ലടയാറിന് കുറുകെ മാടാപ്പാറ കടവിലുണ്ടായിരുന്ന ചങ്ങാട കടത്ത് ദിവസങ്ങളായി നിലച്ചിരിക്കുകയാണ്. കടത്ത് നിലച്ചതോടെ ഡാലിക്കരിക്കം, മാത്രക്കരിക്കം നിവാസികള്‍ക്ക് കല്ലടയാറ് കടക്കാനാവാത്ത അവസ്ഥയിലാണ്. കുഞ്ഞുമാന്‍തോട് കര കവിഞ്ഞതോടെ പ്രദേശത്തെ ആദിവാസി കോളനികളായ കുളമ്പി, മട്ടക്കരിക്കം, പെരുവഴിക്കാല, രണ്ടാംമൈല്‍ തുടങ്ങിയ പ്രദേശങ്ങളും ഒറ്റപ്പെടുന്ന അവസ്ഥയിലാണ്. 
കല്ലടയാറില്‍ ജലനിരപ്പുയര്‍ന്നതോടെ താഴ്ന്ന പ്രദേശങ്ങളിലും തീരത്തും താമസിക്കുന്നവര്‍ വെള്ളപ്പൊക്ക ഭീഷണിയിലുമാണ്. വനംവകുപ്പിന്‍െറ മണല്‍ ശേഖരണ പ്രവര്‍ത്തനങ്ങള്‍ നിലച്ചു. വനസംരക്ഷണ സമിതി പ്രവര്‍ത്തകര്‍ മില്‍പ്പാലം, ചോഴിയക്കോട് കടവുകളിലായി കല്ലടയാറിന്‍െറ തീരത്ത് ശേഖരിച്ചിരുന്ന മണല്‍ വെള്ളപ്പൊക്കത്തില്‍ ഒലിച്ചുപോയി. പ്രദേശത്ത് പുഴയില്‍ നിന്നും തെന്മല ഡാം വൃഷ്ടിപ്രദേശങ്ങളില്‍ നിന്നും മത്സ്യബന്ധനം നടത്തി ഉപജീവനം നടത്തിയിരുന്നവര്‍ ജലനിരപ്പുയര്‍ന്നതോടെ തൊഴിലെടുക്കാനാവാത്ത സ്ഥിതിയിലാണ്. 

ശമനമില്ലാതെ പനി; 5906 പേര്‍ ചികിത്സ തേടി

Posted: 19 Jun 2013 11:18 PM PDT

തിരുവനന്തപുരം: പനിക്ക് ശമനമില്ല. ഡെങ്കിപ്പനിയും ശക്തമാകുന്നു. മഴ കനത്തതോടെ പനി കൂടുതലായി പടരുമെന്ന ഭീതിയും നിലനില്‍ക്കുന്നു. ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ മാത്രം 5906 പേര്‍ക്ക് പനിബാധിച്ചതായാണ് ആരോഗ്യ വകുപ്പിന്‍െറ കണക്കുകള്‍. ഈ രണ്ട് ദിവസങ്ങളില്‍ മാത്രം 97 പേര്‍ക്കാണ് ഡെങ്കിപ്പനി സ്ഥിരീകരിച്ചു. 
ചൊവ്വാഴ്ച 2584 പേര്‍ പനി ബാധിച്ചെത്തിയപ്പോള്‍ 43 പേര്‍ക്കാണ്  ഡെങ്കി കണ്ടെത്തിയത്. ആറ് പേര്‍ക്ക് എലിപ്പനിയും എട്ട് പേര്‍ക്ക് ടൈഫോയ്ഡും കണ്ടെത്തി. ഒരാള്‍ക്ക് മലേറിയയും സ്ഥിരീകരിച്ചു. ബുധനാഴ്ച 2422 പേര്‍ പനി ബാധിതരായി എത്തിയപ്പോള്‍ 54 പേര്‍ക്കാണ് ഡെങ്കിപ്പനി പിടിപെട്ടത്. രണ്ട് പേര്‍ക്ക് എലിപ്പനിയും നാല് പേര്‍ക്ക് മലേറിയയും കണ്ടെത്തി. കാഞ്ഞിരംകുളം, മലയിന്‍കീഴ്, പുത്തന്‍തോപ്പ്, ബാലരാമപുരം, വെണ്‍പകല്‍, നേമം, കുന്നത്ത്കാല്‍, കാട്ടാക്കട, പള്ളിച്ചല്‍, വട്ടിയൂര്‍ക്കാവ്, തിരുവല്ലം, പാങ്ങപ്പാറ, മാറനല്ലൂര്‍, കോട്ടുകാല്‍, തോന്നയ്ക്കല്‍, കരകുളം, വേളി, വിഴിഞ്ഞം, അരുവിക്കര, നെടുമങ്ങാട്, വാമനപുരം, കള്ളിക്കാട്, കല്ലിയൂര്‍, പൂജപ്പുര, കണ്ണമ്മൂല, പേരൂര്‍ക്കട, പാലോട്, ചിറ്റാറ്റിന്‍കര, കേശവദാസപുരം, മഞ്ചാടിമൂട്, മാണിക്യവിളാകം, കുമാരപുരം, തിരുമല, ശംഖുംമുഖം, കവടിയാര്‍, കുഞ്ചാലുംമൂട് ഭാഗങ്ങളിലാണ് ബുധനാഴ്ച ഡെങ്കി കണ്ടെത്തിയത്. നേമം, ബാലരാമപുരം ഭാഗങ്ങളില്‍ ചൊവ്വാഴ്ചയും കരകുളം, കല്ലറ, ചെമ്പൂര്‍, പേരൂര്‍ക്കട, എ.കെ.ജി നഗര്‍ എന്നിവിടങ്ങളില്‍ ബുധനാഴ്ചയും എലിപ്പനി സ്ഥിരീകരിച്ചു. നേമത്താണ് മലേറിയ കണ്ടെത്തിയത്. 
മഴ ശക്തമായതോടെ വയറിളക്ക രോഗങ്ങളും കൂടുതലായി റിപ്പോര്‍ട്ട് ചെയ്യാനുണ്ട്. ചൊവ്വാഴ്ച 134 ഉം ബുധനാഴ്ച 169 ഉം പേരാണ് ഇത്തരത്തില്‍ എത്തിയത്. മഴയില്‍ വെള്ളക്കെട്ടും മലിനജലവും കൊതുകും ഈച്ചയും പെറ്റുപെരുകാന്‍ ഇടയാക്കുന്നുണ്ട്. ഇത് വരും ദിവസങ്ങളില്‍ പകര്‍ച്ച വ്യാധികള്‍ ഉണ്ടാകുമോ എന്ന ഭീതിയും ജനിപ്പിക്കുന്നു. നഗരത്തില്‍  മാലിന്യ പ്രശ്നം രൂക്ഷമായതിനാല്‍ പനി കൂടുതല്‍ ഭീഷണിയാകുന്നു. വട്ടിയൂര്‍ക്കാവ്, തിരുവല്ലം, പാങ്ങപ്പാറ, വിഴിഞ്ഞം, പൂജപ്പുര, കണ്ണമ്മൂല, പേരൂര്‍ക്കട, കേശവദാസപുരം, മാണിക്യവിളാകം, കുമാരപുരം, തിരുമല, മണ്ണന്തല, കരമന, വേളി തുടങ്ങിയ നഗരസഭാ പരിധിയിലെ സ്ഥലങ്ങളില്‍ ഡെങ്കി ബാധിതരുടെ എണ്ണം കൂടുതലാണെന്ന് ആരോഗ്യ വകുപ്പ് പറയുന്നു. നേമം, പേരൂര്‍ക്കട ഭാഗങ്ങളിലാണ് എലിപ്പനിയും കണ്ടെത്തിയത്. 
മഴ ശക്തമായി തുടര്‍ന്നാല്‍ ആരോഗ്യ വകുപ്പിന്‍െറ പ്രതിരോധ പ്രവര്‍ത്തനങ്ങളും തടസ്സം നേരിടും. കൊതുക് നശീകരണം ഉള്‍പ്പെടെ പനി പടരുന്നത് തടയാന്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കണമെന്നാണ് കഴിഞ്ഞ ദിവസങ്ങളിലെ പനി ബാധിതരുടെ എണ്ണം സൂചിപ്പിക്കുന്നത്. 
 

കടല്‍ക്ഷോഭം: പൊക്കാഞ്ചേരി ബീച്ചില്‍ രണ്ട് റിസോര്‍ട്ടുകള്‍ തകര്‍ന്നു

Posted: 19 Jun 2013 11:15 PM PDT

വാടാനപ്പള്ളി: വാടാനപ്പള്ളി പൊക്കാഞ്ചേരി ബീച്ചിലുണ്ടായ കടല്‍ക്ഷോഭത്തില്‍ രണ്ട് റിസോര്‍ട്ടുകള്‍ തകര്‍ന്നു. നിരവധി കാറ്റാടിമരങ്ങളും കടപുഴകി. കടല്‍ഭിത്തി തകര്‍ന്ന് 40 മീറ്ററോളം വീതിയില്‍ ഒരുകിലോമീറ്ററോളം ദൂരത്തില്‍ കടലെടുത്തു. ബുധനാഴ്ച വൈകീട്ടാണ് വേലിയേറ്റമുണ്ടായത്. കര തുരന്ന് തിരയടിച്ചുകയറി. വീടുകളിലേക്ക് വെള്ളം കയറുന്നത് തടയാന്‍  മണല്‍ചാക്കുകള്‍ നിരത്തിവ രുന്നു. കടലോരത്തെ നിരവധി വീടുകള്‍ ഭീഷണിയിലാണ്. റിസോര്‍ട്ടുകള്‍  നിലംപൊത്താറായ നിലയിലാണ്.കടലാക്രമണ പ്രദേശം ചാവക്കാട് തഹസില്‍ദാര്‍ മുഹമ്മദ് റഫീഖ്, വാടാനപ്പള്ളി വില്ലേജോഫിസര്‍ മനോജ്, ജില്ലാ പഞ്ചായത്തംഗം സി.എം. നൗഷാദ്, പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് പി.എസ്. സൂരത്ത്കുമാര്‍, പഞ്ചായത്തംഗങ്ങളായ സുഗന്ധിനി ഗിരി, സുബൈദ മുഹമ്മദ്, ആര്‍.എം. താരിഖ് എന്നിവര്‍ സന്ദര്‍ശിച്ചു.

ബാബുനഗറില്‍ പനി പടരുന്നു

Posted: 19 Jun 2013 11:08 PM PDT

Subtitle: 
10 പേര്‍ക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു
മറയൂര്‍: മറയൂര്‍ പഞ്ചായത്തിലെ ബാബുനഗര്‍ മേഖലയില്‍ പനി പടരുന്നു. പ്രദേശത്തെ പത്തോളം പേര്‍ക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു. വീടുകള്‍ തോറും പനി പടരുമ്പോള്‍ വേണ്ടത്ര രീതിയിലുള്ള ചികിത്സ ലഭ്യമാകാത്തത് ജനങ്ങളെ വലക്കുന്നുണ്ട്.
മറയൂരില്‍ സ്ഥിതി ചെയ്യുന്ന കമ്യൂണിറ്റി ഹെല്‍ത്ത് സെന്‍ററാണ് അഞ്ചുനാട്ടിലെ ജനങ്ങളുടെ ഏക ആശ്രയം. എന്നാല്‍, ഇവിടെ ഡെങ്കിപ്പനിക്ക് വേണ്ടത്ര ചികിത്സ ലഭിക്കുകയോ പനി മൂലം വരുന്ന വ്യക്തികളുടെ രക്തം പരിശോധിച്ച് അവര്‍ക്ക് ഏത് രോഗാണുവാണ് ബാധിച്ചിരിക്കുന്നതെന്ന് വ്യക്തമാക്കാന്‍ സൗകര്യമില്ല. മറയൂരിലെ സ്വകാര്യ ലാബുകളില്‍ ഡെങ്കിപ്പനി സ്ഥിരീകരിക്കുന്നതിനാവശ്യമായ സ്ട്രിപ്പുകള്‍ വന്നിട്ടുണ്ടെങ്കിലും ഒരു തവണ പരിശോധിക്കുന്നതിന് 600 രൂപ മുടക്കേണ്ട സാഹചര്യമാണ് നിലനില്‍ക്കുന്നത്.
കൂലിത്തൊഴിലാളികളും ആദിവാസികളുമടങ്ങുന്ന മറയൂര്‍, കാന്തല്ലൂര്‍ മേഖലയിലെ ജനങ്ങള്‍ ഉപജീവനത്തിനായി ബുദ്ധിമുട്ടുന്ന സാഹചര്യത്തില്‍ ഇത്രയും ഉയര്‍ന്ന വിലയില്‍  ഡെങ്കിപ്പനി ഉണ്ടോയെന്ന് പരിശോധിച്ച് തിരിച്ചറിയേണ്ട സ്ഥിതിയാണുള്ളത്. വിവിധ സ്വകാര്യ ആശുപത്രികളിലായി നൂറുകണക്കിനാളുകള്‍ കിടത്തിച്ചികിത്സ തേടുകയും 500 ഓളം ആളുകള്‍ ഒ.പി വിഭാഗത്തില്‍ ചികിത്സ തേടുകയും ചെയ്യുമ്പോള്‍ മറയൂരിലെ കമ്യൂണിറ്റി ഹെല്‍ത്ത് സെന്‍ററിലെ 10 കിടക്കയും ഒഴിഞ്ഞുകിടക്കുകയാണ്.
ചികിത്സ തേടിയെത്തുന്ന രോഗികളെ ഒബ്സര്‍വേഷന്‍െറ പേരില്‍ കിടത്തി, വൈകുന്നേരങ്ങളില്‍ വീട്ടിലേക്ക് തിരികെ അയക്കുന്ന രീതിയാണ് മറയൂരില്‍ ആരോഗ്യ വകുപ്പ് ചെയ്യുന്നത്. ഈ സാഹചര്യത്തില്‍ ചികിത്സ ലഭിക്കുന്നതിന് വേണ്ടി കിലോമീറ്ററുകള്‍ യാത്ര ചെയ്ത് അന്യസംസ്ഥാനമായ തമിഴ്നാട്ടിലെ ഉദുമല്‍പേട്ട, കോയമ്പത്തൂര്‍, ഒട്ടംഛത്രം തുടങ്ങിയ സ്ഥലങ്ങളിലെ സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികളെയാണ് നാട്ടുകാര്‍ അഭയം പ്രാപിച്ചിരിക്കുന്നത്. സ്വകാര്യ ആശുപത്രികളിലെ വമ്പിച്ച തുക താങ്ങാനാകാത്ത കാരണത്താല്‍ ചികിത്സ തേടാതെ കഴിയുന്നവരും നിരവധിയാണ്.
ആരോഗ്യവകുപ്പ് അധികൃതരും ആശാ പ്രവര്‍ത്തകരുടെയും പഞ്ചായത്ത് മെംബര്‍മാരുടെയും നേതൃത്വത്തില്‍ ബാബുനഗര്‍ ഭാഗം കേന്ദ്രീകരിച്ച് ഫോഗിങ്ങും ബോധവത്കരണവും നടത്തുന്നുണ്ടെങ്കിലും പ്രദേശങ്ങളില്‍ പകര്‍ച്ചപ്പനി പടരുകയാണ്. മറയൂരിലെ കമ്യൂണിറ്റി ഹെല്‍ത്ത് സെന്‍ററില്‍ ഉടന്‍ ഡോക്ടര്‍മാരുടെയും നഴ്സുമാരുടെയും ക്ഷാമം പരിഹരിക്കുകയും ഡെങ്കിപ്പനിക്കാവശ്യമായ ചികിത്സ സജ്ജമാക്കുകയും ചെയ്തില്ലെങ്കില്‍ ആശുപത്രിയിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്താനിരിക്കുകയാണ് വിവിധ രാഷ്ട്രീയ സംഘടനകള്‍.
 
 
 

കാലവര്‍ഷം: അപ്പര്‍കുട്ടനാട് വെള്ളത്തില്‍

Posted: 19 Jun 2013 11:05 PM PDT

തിരുവല്ല: കാലവര്‍ഷം ശക്തമായതോടെ അപ്പര്‍ കുട്ടനാട്ടിലെ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയിലായി. മണിമല, അച്ചന്‍കോവില്‍, പമ്പ നദികള്‍ പല സ്ഥലങ്ങളിലും കര കവിഞ്ഞ് ഒഴുകുകയാണ്. തിരുവല്ല താലൂക്കിന്‍െറ  പടിഞ്ഞാറന്‍ പ്രദേശങ്ങളായ നിരണം, കടപ്ര, പെരിങ്ങര, നെടുമ്പ്രം പഞ്ചായത്തുകളിലാണ് വെള്ളപ്പൊക്കം ശക്തമായത്. പമ്പ തീരമുള്‍പ്പെടുന്ന പരുമല, വളഞ്ഞവട്ടം, കടപ്ര, മാന്നാര്‍, സൈക്കിള്‍മുക്ക്, തേവേരി, ഒന്നാംകുരിശ്, തോട്ടടി,കൊമ്പന്‍കേരി, ഇരതോട് ഭാഗങ്ങളിലെല്ലാം വീടുകളില്‍ വെള്ളം കയറി. നിരണം ഗ്രാമപഞ്ചായത്തിലെ വാഴയില്‍ ലക്ഷംവീട് കോളനി,അംബേദ്കര്‍ കോളനി,ആശാരിപറമ്പില്‍ കോളനി എന്നിവിടങ്ങളിലും വെള്ളം കയറി.
നിരണം പ്രാഥമിക ആരോഗ്യകേന്ദ്രത്തിന്‍െറ പരിസരത്തും വെള്ളം കയറിയിട്ടുണ്ട്.തേവേരിയില്‍ അമ്പതോളം കുടുംബങ്ങള്‍ വെള്ളം കയറിയതോടെ ഒറ്റപ്പെട്ടു. കടപ്ര പഞ്ചായത്തിലെ കണ്ടന്‍കാളി റോഡും വെള്ളത്തിനടിയിലായി. വള്ളക്കാലി, ഇളമത, ഇരതോട് എന്നിവിടങ്ങളിലും  വെള്ളം കയറി. പെരിങ്ങര ഗ്രാമപഞ്ചായത്തിലെ വേങ്ങള്‍,ഇടിഞ്ഞില്ലം, അഴിയിടത്തുചിറ,മേപ്രാല്‍, ചാത്തങ്കരി പ്രദേശങ്ങളിലും വെള്ളപ്പൊക്ക ഭീഷണിയിലാണ്. 
കെ.എസ്.ഇ.ബി മണിപ്പുഴ,നിരണം,കടപ്ര പ്രദേശങ്ങളിലെ അപകട സാധ്യതയുള്ള സ്ഥലങ്ങളില്‍ വൈദ്യുതി വിച്ഛേദിച്ചതായി എക്സി.എന്‍ജിനീയര്‍ അറിയിച്ചു. ഇവിടെയുള്ള വിവിധ സ്കൂളുകളില്‍ അടിയന്തര പുനരധിവാസ സംവിധാനം ക്രമീകരിക്കാന്‍ ആവശ്യമായ നടപടി സ്വീകരിക്കുമെന്നും തിരുവല്ല ആര്‍.ഡി.ഒ  എ.ഗോപകുമാര്‍ മാധ്യമത്തോട് പറഞ്ഞു.

കോട്ടയത്ത് പൊലീസ് സ്റ്റേഷന് സമീപം മോഷണം; ലക്ഷങ്ങളുടെ നഷ്ടം

Posted: 19 Jun 2013 10:58 PM PDT

കോട്ടയം: വെസ്റ്റ്പൊലീസ് സ്റ്റേഷനിലേക്ക് തിരിയുന്ന പള്ളിപ്പുറത്ത്കാവ് ജങ്ഷനിലെ നാലുകടകളിലെ മോഷണം വ്യാപാരികളെ ഞെട്ടിച്ചു.
 ജനമൈത്രി പൊലീസ് സ്റ്റേഷന്‍ കൂടിയായ വെസ്റ്റ് സ്റ്റേഷനില്‍നിന്ന് 150 മീറ്റര്‍ മാത്രം ദൈര്‍ഘ്യമുള്ള ജങ്ഷനിലൂടെയാണ് രാത്രിയും പകലും പൊലീസ് വാഹനങ്ങള്‍ ചീറിപ്പായുന്നത്.പൊലീസ് സാന്നിധ്യം ഏറെയുണ്ടായിട്ടും വഴിയോരത്തെ കടകളിലെ മോഷണം പൊലീസ് അറിഞ്ഞില്ല.
നഗരത്തിലെ മോഷണവും കുറ്റകൃത്യവും തടയാന്‍ അടുത്തിടെ മിഴിതുറന്ന കാമറകണ്ണുകള്‍ക്കും മോഷ്ടാവിനെ കൈയോടെ പിടികൂടാനായില്ല. ഈ ജാള്യംമറച്ചുവെക്കാന്‍ സംഭവത്തെ നിസ്സാരവത്കരിക്കാനാണ് പൊലീസ് ആദ്യംശ്രമിച്ചത്. 
കോട്ടയം സ്റ്റാര്‍ ജങ്ഷന്‍ മുതല്‍ കോടിമതവരെയുള്ളഭാഗത്ത് ആറോളം പുതിയകാമറകളാണ് സ്ഥാപിച്ചിട്ടുള്ളത്. ഇതില്‍ ഏറെയും ആഭ്യന്തരമന്ത്രിയുടെ വീട്ടിലേക്ക് തിരിയുന്ന ജങ്ഷനായ പള്ളിപ്പുറത്ത്കാവിലാണ്. വെസ്റ്റ് സ്റ്റേഷനിലേക്ക് പോകുന്നവഴിയില്‍ സ്ഥിതിചെയ്യുന്ന വര്‍ക്ഷോപ്പില്‍ ബുധനാഴ്ച പുലര്‍ച്ചെ രണ്ടിന് അപരിചിതനായ ഒരാള്‍ നന്നാക്കാന്‍ ഇട്ടിരുന്ന ആംബുലന്‍സിന് സമീപം ചുറ്റിത്തിരിഞ്ഞതായി സമീപവാസികള്‍ പറയുന്നു.
പൊലീസ് സ്റ്റേഷന്‍ അടുത്തായതിനാല്‍ വേണ്ടത്ര സുരക്ഷിതത്വം വ്യാപാരികളും പുലര്‍ത്താറില്ല. 1.68 ലക്ഷം രൂപ അപഹരിച്ച പൈ്ളവുഡ് വിതരണ ഏജന്‍സിയില്‍ വിവിധദിവസങ്ങളിലായി കലക്ഷന് എത്തുന്ന തുക ഒരുമിച്ചാണ് ബാങ്കില്‍ നിക്ഷേപിച്ചിരുന്നത്. 
രാത്രിയില്‍ പൊലീസിന്‍െറ പട്രോളിങ് സുഗമമാക്കാന്‍ നിരവധി പുതിയ വാഹനങ്ങള്‍ അനുവദിക്കുകയും ചെയ്തിരുന്നു.ജില്ലാപൊലീസ് മേധാവി എം.പി.ദിനേശ് ചാര്‍ജെടുത്തശേഷം വിവിധപ്രദേശങ്ങളില്‍നിന്ന് പിടികിട്ടാപ്പുള്ളികളായ 89പേരെ പിടികൂടിയിരുന്നു. സേനയുടെ പ്രവര്‍ത്തനം കാര്യക്ഷമമാണെന്ന് അവകാശപ്പെടുമ്പോഴും ശാസ്ത്രീയമായ സംവിധാനങ്ങളും വാഹനസൗകര്യങ്ങളും വിപുലപ്പെടുത്തിയിട്ടും സ്റ്റേഷനിലേക്കുള്ള വഴിയിലെ ലക്ഷങ്ങളുടെ കവര്‍ച്ച പൊലീസിന് നാണക്കേടായി. 

ഏഴ് മെട്രോ സ്റ്റേഷനുകള്‍ക്കുള്ള സ്ഥലം ഒരാഴ്ചക്കകം കൈമാറും

Posted: 19 Jun 2013 10:55 PM PDT

കൊച്ചി: മെട്രോ റെയില്‍ പദ്ധതിയില്‍ ഏഴ് സ്റ്റേഷനുകള്‍ക്കുള്ള സ്ഥലം ഒരാഴ്ചക്കകം കൊച്ചി മെട്രോ റെയില്‍ കോര്‍പറേഷന്‍ മുഖേന ഡി.എം.ആര്‍.സിക്ക് കൈമാറുമെന്ന് കലക്ടര്‍ പി.ഐ. ഷെയ്ഖ് പരീത് അറിയിച്ചു. 
ഏറ്റെടുക്കുന്ന സ്ഥലത്തിന്‍െറ വില സംബന്ധിച്ച് ഉടമകളുമായി ബുധനാഴ്ച രാത്രി കലക്ടര്‍ നടത്തിയ ചര്‍ച്ചയില്‍ ധാരണയിലെത്തിയതിനെ തുടര്‍ന്നാണ് ഭൂമി കൈമാറ്റത്തിന് വഴിയൊരുങ്ങിയത്. വിലയുടെ 80 ശതമാനം ഉടനെ നല്‍കിയാണ് ഭൂമി ഏറ്റെടുക്കുക. 
ബാക്കി സംസ്ഥാന ഉന്നതതല സമിതിയുടെ തീരുമാനത്തിന് വിധേയമായി കൈമാറും. അമ്പാട്ടുകാവ്, മുട്ടം, കൊച്ചി സര്‍വകലാശാല (കുസാറ്റ്), ഇടപ്പള്ളി ചങ്ങമ്പുഴപാര്‍ക്ക്, കലൂര്‍, തൈക്കൂടം, പേട്ട സ്റ്റേഷനുകളുടെ സ്ഥലമാണ് ഒരാഴ്ചക്കകം ഡി.എം.ആര്‍.സിക്ക് കൈമാറുന്നത്. ഇതില്‍ കലൂര്‍ ഒഴികെ മറ്റെല്ലായിടത്തും സ്ഥലവില സംബന്ധിച്ച് ഉടമകള്‍ കലക്ടറുമായി ധാരണയിലെത്തി. കൂടിയ നിരക്ക് ആവശ്യപ്പെട്ട കലൂരില്‍ പൊന്നുംവില നടപടിയിലൂടെ അടിസ്ഥാനവില കോടതിയില്‍ കെട്ടിവെച്ച് ഭൂമി ഏറ്റെടുക്കും. ഇതിനുള്ള നടപടികള്‍ക്ക് കഴിഞ്ഞ ദിവസം തുടക്കം കുറിച്ചിരുന്നു. 
ഭൂമി ഏറ്റെടുക്കലിന് 4(1) വിജ്ഞാപനം പുറപ്പെടുവിച്ച പത്തിടങ്ങളില്‍ രണ്ട് സ്റ്റേഷനുകളുടെയും ഒരു കോറിഡോറിന്‍െറയും നടപടികള്‍ മാത്രമാണ് ഇനി ശേഷിക്കുന്നത്. പുളിഞ്ചോട്, എളംകുളം സ്റ്റേഷനുകള്‍ക്കും എം.ജി റോഡ് വടക്കേയറ്റത്തെ കോറിഡോറിനും സ്ഥലം ഏറ്റെടുക്കാനുള്ള നടപടികളും പുരോഗമിക്കുകയാണെന്ന് ഡെപ്യൂട്ടി കലക്ടര്‍ (മെട്രോ) കെ.പി. മോഹന്‍ദാസ് പിള്ള അറിയിച്ചു. മുട്ടം യാര്‍ഡ് നിര്‍മാണത്തിന് ഡി.എം.ആര്‍.സി ഏറ്റവുമൊടുവില്‍ ആവശ്യപ്പെട്ട 18 ഏക്കര്‍ സ്ഥലവും ഉടന്‍ കൈമാറും. ഈ ഭൂമിയുടെ മുന്‍കൂര്‍ കൈവശാവകാശം ജില്ലാഭരണകൂടത്തിന് കൈമാറാന്‍ ഉടമകള്‍ സന്നദ്ധരായതിനെ തുടര്‍ന്നാണിത്. സര്‍ക്കാര്‍ നിശ്ചയിക്കുന്ന നിരക്കില്‍ ഭൂമി വിട്ടുനല്‍കാമെന്ന് ഉടമകള്‍ കലക്ടറെ അറിയിച്ചു.
ഇടപ്പള്ളി ചങ്ങമ്പുഴ പാര്‍ക്ക് സ്റ്റേഷന് ഏറ്റെടുക്കുന്ന സ്ഥലത്തിന് സെന്‍റിന് 24 ലക്ഷം രൂപയാണ് വില നിര്‍ണയിച്ചത്. പൂണിത്തുറ വില്ലേജില്‍ പേട്ട, തൈക്കൂടം സ്റ്റേഷനുകള്‍ക്കായി ഏറ്റെടുക്കുന്ന സ്ഥലത്തിന്‍െറ സ്വഭാവമനുസരിച്ച് 16.5 ലക്ഷം രൂപ മുതല്‍ 21 ലക്ഷം രൂപ വരെ ലഭിക്കും. അമ്പാട്ടുകാവിലും മുട്ടത്തും സെന്‍റിന് 17 ലക്ഷമാണ് നിരക്ക്. കുസാറ്റ് സ്റ്റേഷനായി ഏറ്റെടുക്കുന്ന സ്ഥലത്തിന് 20 മുതല്‍ 21 ലക്ഷം രൂപവരെയാണ് ധാരണയിലെത്തിയത്.  നിരക്കുകള്‍ സംബന്ധിച്ച് സ്ഥലമുടമകള്‍ ബുധനാഴ്ച കലക്ടര്‍ മുമ്പാകെ സമ്മതപത്രം ഒപ്പിട്ടു. 
വിട്ടുവീഴ്ച ചെയ്ത സ്ഥലം ഉടമകളെ കലക്ടര്‍ അഭിനന്ദിച്ചു. കൊച്ചി മെട്രോ റെയില്‍ കോര്‍പറേഷന്‍ അസി. ജനറല്‍ മാനേജര്‍ സുബ്രഹ്മണ്യ അയ്യര്‍, ഓഫിസ് മാനേജര്‍ റാഫി, തഹസില്‍ദാര്‍മാരായ അനില്‍കുമാര്‍, തുളസീധരന്‍, തൃക്കാക്കര നോര്‍ത്, പൂണിത്തുറ വില്ലേജ് ഓഫിസര്‍മാര്‍ എന്നിവരും സ്ഥലമുടമകളുമായി നടത്തിയ ചര്‍ച്ചയില്‍ പങ്കെടുത്തു.
 

നെടുമ്പ്രക്കാട് പാലം നിര്‍മാണം: പ്രതിസന്ധി തുടരുന്നു

Posted: 19 Jun 2013 10:50 PM PDT

ചേര്‍ത്തല: നെടുമ്പ്രക്കാട്- വിളക്കുമരം പാലം നിര്‍മാണ പ്രതിസന്ധി തുടരുന്നു. ഫണ്ട് അനുവദിച്ച് വര്‍ഷങ്ങളായിട്ടും പണി പുനരാരംഭിക്കാത്തത് അധികൃതരുടെ അലംഭാവം മൂലമാണെന്ന് പ്രദേശവാസികള്‍ ആരോപിച്ചു. മണ്‍ചിറയും പാലത്തിനുള്ള ഒരു ബീമും മാത്രമാണ് നിര്‍മിച്ചിട്ടുള്ളത്.  നാലുവര്‍ഷമായി  നിര്‍മാണപ്രവര്‍ത്തനം നടന്നിട്ടില്ല. മണല്‍ മോഷണം മൂലം മണ്‍ചിറ പല ഭാഗത്തും അപ്രത്യക്ഷമായി. 
പ്രദേശവാസികളുടെ സമരത്തെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍  കലക്ടര്‍ യോഗം വിളിച്ച് പാലത്തിനുള്ള അപ്രോച്ച് റോഡിന് സ്ഥലം ഏറ്റെടുക്കാനും അതിനുള്ള തുകയും തീരുമാനിച്ചു. ഇതുപ്രകാരം നെടുമ്പ്രക്കാട് ഭാഗത്ത് 98,000 രൂപയും വിളക്കുമരം 86,000, പരപ്പേല്‍ 76,000 എന്നിങ്ങനെ സ്ഥലത്തിന് വിലയിട്ടിരുന്നുവെങ്കിലും തുടര്‍ നടപടിയൊന്നും നടന്നില്ല. നെടുമ്പ്രക്കാടിനും വിളക്കുമരത്തിനും മധ്യേയുള്ള പരപ്പേല്‍ ഭാഗത്തെ ബന്ധിച്ച് ചിറകെട്ടി രണ്ടു പാലമായി നിര്‍മിക്കുന്ന പദ്ധതിക്ക് 2005 ല്‍ എ.കെ. ആന്‍റണിയാണ് ശിലയിട്ടത്. 
രണ്ടുകോടി  ചെലവിട്ട് രണ്ടുവര്‍ഷം കൊണ്ട് പൂര്‍ത്തിയാക്കാനായിരുന്നു ലക്ഷ്യം. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ഫണ്ട് അപര്യാപ്തമാണെന്ന് കണ്ട് സര്‍ക്കാര്‍ പിന്നീട് ആറര കോടിയായി വര്‍ധിപ്പിച്ചെങ്കിലും പാലത്തിന്‍െറ പ്രാഥമിക ഘട്ടത്തിലെ രൂപരേഖയില്‍ മാറ്റങ്ങള്‍ വരുത്തിയതിനാല്‍ ഈ തുകയും മതിയാകില്ലെന്ന് കണ്ട് കരാറുകാരന്‍ പിന്‍മാറി. തുടര്‍ന്ന് കരാര്‍തുക 17.80 കോടിയായി വര്‍ധിപ്പിച്ചെങ്കിലും നിര്‍മാണ പ്രതിസന്ധി ഇപ്പോഴും തുടരുന്നു.  പാലം പണി ഉടന്‍ ആരംഭിക്കണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാര്‍ പ്രദേശത്തെ സ്വാശ്രയ സംഘടനകളുടെ നേതൃത്വത്തില്‍ പ്രക്ഷോഭ പരിപാടികള്‍ക്ക് രൂപം നല്‍കുകയാണ്. 
 

ആറളം ഫാമിലേക്കുള്ള അഞ്ചു തൂക്കുപാലങ്ങള്‍ തകര്‍ച്ചയില്‍

Posted: 19 Jun 2013 10:40 PM PDT

ഇരിട്ടി/കേളകം: ആറളം ഫാമിലേക്കും ആദിവാസി പുനരധിവാസ മേഖലയിലേക്കും കടക്കാനുള്ള ചീങ്കണ്ണി, കക്കുവ പുഴകള്‍ക്ക് കുറുകെയുള്ള അഞ്ചു തൂക്കുപാലങ്ങള്‍ തകര്‍ച്ചയില്‍. 
ബ്ളോക് മൂന്നിലേക്ക് എത്താനുള്ള അമ്പലക്കണ്ടിയിലും ബ്ളോക് 13ലേക്കുള്ള പരിപ്പുതോടിലും ബ്ളോക് ഒമ്പതിലേക്കും ആറളം വന്യജീവി സങ്കേതത്തിലേക്കുമുള്ള വളയഞ്ചാലിലും ബ്ളോക് എട്ടിലേക്കുള്ള ഓടംതോടിലും വട്ടപ്പറമ്പിലുമുള്ള അഞ്ചു പാലങ്ങളാണ് പുനര്‍നിര്‍മിക്കാത്തതിനാല്‍ തകര്‍ന്നത്.
 അമ്പലക്കണ്ടി തൂക്കുപാലം  കാലപ്പഴക്കത്താല്‍ പാലത്തിലെ മരം ജീര്‍ണിച്ച് നശിക്കുകയും ഇരുമ്പുവടം പൊട്ടിയ നിലയിലുമാണ്. വിദ്യാര്‍ഥികളടക്കം നിരവധി പേര്‍ യാത്ര ചെയ്യുന്നതാണ് പാലം. പുഴയില്‍ വെള്ളം കനത്തതോടെ ജീവന്‍ പണയംവെച്ചാണ് ആളുകള്‍ മറുകര കടക്കുന്നത്. 
ആദിവാസി പുനരധിവാസ കുടുംബങ്ങളുടെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കുന്ന ട്രൈബല്‍ മിഷനോ ത്രിതല പഞ്ചായത്തുകളോ പാലം പുനര്‍നിര്‍മിക്കാന്‍ ഫണ്ട് അനുവദിക്കാത്തതാണ് പ്രതിസന്ധിക്ക് കാരണം. ബ്ളോക് 13ലെ പരിപ്പുതോട് പാലവും അമ്പലക്കണ്ടി പാലവും തകര്‍ന്നതിനാല്‍ നൂറുകണക്കിന് കുടുംബങ്ങള്‍ പുറംലോകവുമായി ബന്ധപ്പെടാനാവാതെ ഒറ്റപ്പെട്ടു. കഴിഞ്ഞ ദിവസം രോഗികളെ ആശുപത്രിയിലെത്തിക്കാനാവാത്ത ദുരവസ്ഥയുമുണ്ടായി.
 ഫാമിനുള്ളിലെ തോടുകള്‍ക്ക് കുറുകെയുള്ള മരപ്പാലങ്ങളും തകര്‍ന്നടിഞ്ഞു. തകര്‍ന്ന പാലങ്ങള്‍ പുനര്‍നിര്‍മിക്കാത്തതിനാല്‍ ദുരിതത്തിലായ കുടുംബങ്ങള്‍ പ്രക്ഷോഭത്തിനുള്ള ഒരുക്കത്തിലാണ്.
 

ഗേറ്റില്‍ ബസ് കടക്കുന്നതിനിടെ ട്രെയിന്‍ വന്നു; യാത്രക്കാരി ബോധരഹിതയായി

Posted: 19 Jun 2013 10:38 PM PDT

തൃക്കരിപ്പൂര്‍: തുറന്ന ഗേറ്റിലൂടെ ബസ് കടന്നുപോകുന്നതിനിടെ ട്രെയിന്‍ വരുന്നതുകണ്ട് ബസ് യാത്രക്കാരി ബോധരഹിതയായി. മറ്റുചിലര്‍ ബസില്‍ നിന്ന് പുറത്തേക്ക് ചാടി. മാണിയാട്ട് സ്വദേശി സുഹറ (37) യാണ് ബോധരഹിതയായത്. ഇവരെ തൃക്കരിപ്പൂരിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 
ഉദിനൂര്‍ റെയില്‍വേ ഗേറ്റില്‍ ബുധനാഴ്ച വൈകീട്ട് അഞ്ചോടെയാണ് സംഭവം. മംഗലാപുരത്തേക്കുള്ള കോയമ്പത്തൂര്‍ ഫാസ്റ്റ് ട്രെയിന്‍ കടന്നു പോയ ശേഷം ഗേറ്റ് തുറന്നപ്പോള്‍ കടക്കാന്‍ ശ്രമിച്ച കെ.എസ്.ആര്‍.ടി.സി ബസാണ് വന്‍ ദുരന്തത്തില്‍ നിന്ന് രക്ഷപ്പെട്ടത്. യാത്രക്കാര്‍ ട്രെയിന്‍ വരുന്നതുകണ്ട് നിലവിളിച്ചതോടെയാണ് യാത്രക്കാരി ബോധരഹിതയായത്. 
മംഗലാപുരം-ചെന്നൈ സൂപ്പര്‍ഫാസ്റ്റ് ട്രെയിനാണ് വടക്കുഭാഗത്തുനിന്നും വന്നത്. സിഗ്നല്‍ ലഭിക്കാഞ്ഞതിനെ തുടര്‍ന്ന് നിര്‍ത്തിയിട്ടിരുന്ന ട്രെയിന്‍  കണ്ടാണ് യാത്രക്കാര്‍ ബഹളം വെച്ചത്. ബസ് ഗേറ്റുകള്‍ക്ക് ഇടയിലേക്ക് കയറിയ നേരത്ത് ഗേറ്റ് അടക്കാനുള്ള സൈറണ്‍ മുഴക്കിയ ഗേറ്റ്മാന്‍ ഗേറ്റ് താഴ്ത്താന്‍ ശ്രമിച്ചതും പരിഭ്രാന്തി പരത്തി. 
ഇതിനകം ബസ് ഡ്രൈവര്‍ പയ്യന്നൂര്‍ ഡിപ്പോയിലെ പ്രസാദ് മനസ്സാന്നിധ്യം കൈവിടാതെ ബസ് ഗേറ്റിനു പുറത്തേക്ക് എത്തിക്കുകയും ചെയ്തു. പൊടുന്നനെ ബസ് പിറകോട്ടു നീങ്ങിയപ്പോള്‍ യാത്രക്കാരില്‍ ചിലര്‍ക്ക് നിസാര പരിക്കേറ്റു.  
 

No comments:

Post a Comment

english malayalam dictionary

വിരുന്നുകാര്...

poomottu

Dsgd: by ASLAM PADINHARAYIL

Back to TOP