സ്വാഗതം
WELCOME

News Update..

Saturday, June 29, 2013

സൂര്യനെല്ലി പുനരന്വേഷണം: കുര്യനെ പ്രതിചേര്‍ക്കേണ്ടതില്ലെന്ന് വിധി Madhyamam News Feeds

സൂര്യനെല്ലി പുനരന്വേഷണം: കുര്യനെ പ്രതിചേര്‍ക്കേണ്ടതില്ലെന്ന് വിധി Madhyamam News Feeds

Link to

സൂര്യനെല്ലി പുനരന്വേഷണം: കുര്യനെ പ്രതിചേര്‍ക്കേണ്ടതില്ലെന്ന് വിധി

Posted: 29 Jun 2013 12:50 AM PDT

Image: 

തൊടുപുഴ: സൂര്യനെല്ലി കേസ് പുനരന്വേഷിക്കണമെന്നാവശ്യപ്പെട്ട് പെണ്‍കുട്ടി നല്‍കിയ ഹരജി തൊടുപുഴ ജില്ലാ സെഷന്‍സ് കോടതി തള്ളി. ധര്‍മരാജന്റെ വെളിപ്പെടുത്തലുകളെ അടിസ്ഥാനപ്പെടുത്തി കേസില്‍ പുനരന്വേഷണം വേണമെന്നാണ് കോടതിയില്‍ നല്‍കിയ ക്രിമിനല്‍ റിവിഷന്‍ പെറ്റീഷനില്‍ പെണ്‍കുട്ടി ആവശ്യപ്പെട്ടത്. എന്നാല്‍, ധര്‍മരാജന്റെ വെളിപ്പെടുത്തല്‍ മുഖവിലക്കെടുക്കാനാവില്ലെന്നും ധര്‍മരാജന്‍ ഈ കേസില്‍ പ്രതിയാണെന്നും കോടതി വിലയിരുത്തി. കൂടാതെ, വെളിപ്പെടുത്തല്‍ ധര്‍മരാജന്‍ തന്നെ നിഷേധിച്ചിട്ടുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി.

രാജ്യസഭ  ഉപാധ്യക്ഷന്‍ പി.ജെ. കുര്യനെ  അംബാസഡര്‍ കാറില്‍ കുമളി ഗെസ്റ്റ് ഹൗസില്‍ എത്തിച്ചിരുന്നെന്ന് ഒളിവില്‍ കഴിയവെ ധര്‍മരാജന്‍ ഒരു ചാനലിന് അഭിമുഖം നല്‍കിയിരുന്നു. എന്നാല്‍,മേയ് 29 ന് കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ മുമ്പ് പറഞ്ഞതെല്ലാം ധര്‍മരാജന്‍ തിരുത്തി. ജൂണ്‍ 23 ന് കേസില്‍ വിശദ വാദം കേട്ട കോടതി വിധി പറയാന്‍ 29 ലേക്ക് മാറ്റുകയായിരുന്നു.

നേരത്തേ, പീരുമേട് മജിസ്ട്രേറ്റ് കോടതി ഹരജി തള്ളിയതിനെ തുടര്‍ന്നാണ് പെണ്‍കുട്ടി തൊടുപുഴ കോടതിയെ  സമീപിച്ചത്.

മോസ്കോയില്‍ നടക്കുന്ന ഗ്യാസ് ഉച്ചകോടിയില്‍ ഖത്തര്‍ പങ്കെടുക്കും

Posted: 29 Jun 2013 12:17 AM PDT

Image: 

ദോഹ: മോസ്കോയില്‍ നടക്കുന്ന രണ്ടാമത് അന്താരാഷ്ട്ര ഗ്യാസ് ഉച്ചകോടിയില്‍ പങ്കെടുക്കുമെന്ന് പെ¤്രടാളിയം വ്യവസായ മന്ത്രാലയത്തെ ഉദ്ധരിച്ച് ഖത്തര്‍ ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
സമ്മേളനത്തില്‍ പങ്കടെുക്കാന്‍ പെ¤്രടാളിയം വ്യവസായ മന്ത്രി ഇന്നലെ റഷ്യന്‍ തലസ്ഥാനമായ മോസ്കോയിലേക്ക് പുറപ്പെട്ടു.
എണ്ണ ഉല്‍പാദന രാജ്യങ്ങളുടെ ഉച്ചകോടിയില്‍ ഖത്തര്‍ സംഘത്തെ മന്ത്രി നയിക്കും.
എണ്ണ ഉപഭോഗ രാഷ്ട്രരങ്ങളുമായി പുതിയ കാര്യങ്ങള്‍ സംവദിക്കുക, എണ്ണ ഉല്‍പാദന രാജ്യങ്ങള്‍ക്കിടയിലെ ബന്ധം കൂടുതല്‍ മെച്ചപ്പെടുത്തുക, ഗ്യാസ് വ്യവസായം കൂടുതല്‍ മെച്ചപ്പെടുത്തുക  തുടങ്ങിയ 2011ല്‍ ദോഹയില്‍ നടന്ന ഒന്നാമത് അന്താരാഷ്ട്ര ഉച്ചകോടിയിലെടുത്ത തീരുമാനങ്ങള്‍ ഈ ഉച്ചകോടിയില്‍ ചര്‍ച്ച ചെയ്യുമെന്ന് ഖത്തര്‍ പെ¤്രടാളിയം പ്രസ്താവനയില്‍ പറഞ്ഞു.
ഉച്ചകോടിക്ക് മുന്നോടിയായി നടക്കുന്ന മന്ത്രി തല ഉച്ചകോടിയിലും പെ¤്രടാളിയം വ്യവസായ മന്ത്രി പങ്കെടുക്കും.

പേഴ്സനല്‍ സ്റ്റാഫ് നിയമനത്തില്‍ പാര്‍ട്ടി ഇടപെടും -ചെന്നിത്തല

Posted: 29 Jun 2013 12:13 AM PDT

Image: 

കോഴിക്കോട്: മുഖ്യമന്ത്രിയുടെയും മറ്റുമന്ത്രിമാരുടെയും പേഴ്സനല്‍ സ്റ്റാഫുകളെ നിയമിക്കുന്നതില്‍ ഇനി മുതല്‍ പാര്‍ട്ടി ഇടപെടുമെന്ന് കെ.പി.സി.സി പ്രസിഡന്‍റ് രമേശ് ചെന്നിത്തല പറഞ്ഞു. മുഖ്യമന്ത്രിയുടെ പേഴ്സനല്‍ സ്റ്റാഫംഗങ്ങള്‍ക്കെതിരായ ആരോപണങ്ങള്‍ സര്‍ക്കാറിന് ക്ഷീണം ഉണ്ടാക്കിയതായും ചെന്നിത്തല കോഴിക്കോട്ട് കോണ്‍ഗ്രസ് പൊതുയോഗത്തില്‍ പറഞ്ഞു.

കേന്ദ്ര സര്‍ക്കാറില്‍ പേഴ്സനല്‍ സ്റ്റാഫുകളെ നിയമിക്കുമ്പോള്‍ ഇന്‍റലിജന്‍സിന്റെയും പൊലീസിന്റെയും റിപ്പോര്‍ട്ടുകള്‍ തേടാറുണ്ട്. എന്നാല്‍ കേരളത്തില്‍ ഇരുമുന്നണികളും അധികാരത്തില്‍ വരുമ്പോള്‍ മന്ത്രിമാരാണ് അവരുടെ പേഴ്സനല്‍ സ്റ്റാഫുകളെ നിയമിക്കുന്നത്. എന്നാല്‍ ഇനി യു.ഡി.എഫ് മന്ത്രിമാര്‍ പേഴ്സനല്‍ സ്റ്റാഫുകളെ നിയമിക്കുമ്പോള്‍ അവരുടെ യോഗ്യതയും സ്വഭാവശുദ്ധിയും പരിശോധിക്കും -ചെന്നിത്തല വ്യക്തമാക്കി.

പേഴ്സനല്‍ സ്റ്റാഫുകള്‍ക്ക് പൂര്‍ണ സ്വാതന്ത്ര്യം നല്‍കിയാലുള്ള പ്രശ്നങ്ങളാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നതെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.

അബൂദബിയില്‍ ടാക്സി വില്ലേജ് വരുന്നു

Posted: 29 Jun 2013 12:02 AM PDT

Image: 

അബൂദബി: ടാക്സി ഡ്രൈവര്‍മാര്‍ക്ക് കൂടുതല്‍ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുന്നതിന്‍െറ ഭാഗമായി അബൂദബിയില്‍ ടാക്സി വില്ലേജ് വരുന്നു. 18000 ഡ്രൈവര്‍മാര്‍ക്ക് താമസ സൗകര്യം ഒരുക്കുന്ന ടാക്സി വില്ലേജിന്‍െറ മാസ്റ്റര്‍ പ്ളാന്‍ തയാറായി കഴിഞ്ഞു. അബൂദബി പ്ളാന്‍ 2030ന്‍െറ ഭാഗമായി ട്രാന്‍സ് എ.ഡി നടപ്പാക്കുന്ന ടാക്സി വില്ലേജിന്‍െറ നിര്‍മാണം 2015ഓടെ പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ട്രാന്‍സ് എ.ഡിയുടെ ഔദ്യാഗിക ന്യൂസ് ലെറ്ററില്‍ വ്യക്തമാക്കുന്നു.
ഡ്രൈവര്‍മാര്‍ക്കൊപ്പം ടെക്നീഷ്യന്‍മാര്‍, അഡ്മിനിസ്ട്രേറ്റീവ് സ്റ്റാഫ്, വര്‍ക്കര്‍മാര്‍ എന്നിവര്‍ക്കെല്ലാം താമസ സൗകര്യം ലഭ്യമാകും. ടാക്സി സര്‍വീസ് നടത്തുന്ന കമ്പനികള്‍ക്ക് വര്‍ക്ഷോപ്പുകള്‍ ആരംഭിക്കാനുള്ള സൗകര്യവും ഉണ്ടാകും. 8000 ടാക്സി കാറുകള്‍ പാര്‍ക്ക് ചെയ്യാനുള്ള സൗകര്യവും ഇവിടെ ഏര്‍പ്പെടുത്തും.  
ഗതാഗത വകുപ്പുമായി സഹകരിച്ചാണ് ടാക്സി വില്ലേജ് പദ്ധതി നടപ്പാക്കുന്നത്. ഉപഭോക്താക്കള്‍ക്ക് മികച്ച സൗകര്യം ഏര്‍പ്പെടുത്തുന്നതിനൊപ്പം ടാക്സി ഡ്രൈവര്‍മാരുടെ ആവശ്യങ്ങള്‍ കൂടി പരിഹരിക്കുകയെന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്.

കാലിഫോര്‍ണിയയില്‍ സ്വവര്‍ഗ വിവാഹത്തിനുള്ള സ്റ്റേ നീക്കി

Posted: 28 Jun 2013 11:36 PM PDT

Image: 

സാന്‍ഫ്രാന്‍സിസ്കോ: അമേരിക്കയിലെ കാലിഫോര്‍ണിയയില്‍ സ്വവര്‍ഗ വിവാഹത്തിന് ഏര്‍പ്പെടുത്തിയിരുന്ന നിരോധം നീക്കി. സാന്‍ഫ്രാന്‍സിസ്കോയിലെ ഒന്‍പതാം സര്‍ക്യൂട്ട് കോടതിയാണ് സ്വവര്‍ഗ വിവാഹത്തിന് ഏര്‍പ്പെടുത്തിയിരുന്ന സ്റ്റേ നീക്കിയത്.

നിരോധം നീക്കിയ ഉടനെ സാന്‍ഫ്രാന്‍സിസ്കോയില്‍ ഒരു സ്വവര്‍ഗ വിവാഹം നടന്നു. സാന്‍ഡി സ്റ്റിയര്‍ എന്ന അമ്പതുകാരിയും ക്രിസ് പെറി എന്ന നാല്‍പ്പത്തിയെട്ടുകാരിയുമാണ് വിവാഹിതരായത്. 2008 നവംബറിനു ശേഷം ആദ്യമായാണ് രാജ്യത്ത് സ്വവര്‍ഗ വിവാഹം നടക്കുന്നത്.

നിരോധം നീക്കിയതോടെ കാലിഫോര്‍ണിയയില്‍ നിരവധി പേര്‍ സ്വവര്‍ഗ വിവാഹത്തിന് തയാറാകുന്നതായാണ് റിപ്പോര്‍ട്ട്.

കൊച്ചുകൊച്ചു കണ്ടുപിടിത്തങ്ങളുടെ വലിയ ശിഹാബുദ്ദീന്‍

Posted: 28 Jun 2013 11:35 PM PDT

Image: 

അബൂദബി: കണ്ടുപിടിത്തങ്ങളുടെ ആശാനും ജനറല്‍ ഇലക്ട്രിക്സ് എന്ന കമ്പനിയുടെ സ്ഥാപകനുമായ തോമസ് ആല്‍വാ എഡിസനെ മലപ്പുറം കാടാമ്പുഴ മേല്‍മുറി മൂക്കിലപീടികയിലെ ശിഹാബുദ്ദീന് അറിയില്ല. പാഠപുസ്തകങ്ങളില്‍ എന്നോ പഠിച്ച അറിവ് പോലും എഡിസനെ കുറിച്ച് ഈ 27 കാരന്‍െറ ഓര്‍മയിലില്ല. പക്ഷേ എഡിസന്‍െറ ജീവിതത്തിന്‍െറ ചില ഓര്‍മപ്പെടുത്തലുകളിലൂടെയാണ് ശിഹാബുദ്ദീന്‍െറ കടന്നുപോക്ക്. എഡിസന്‍െറ പ്രാഥമിക വിദ്യാഭ്യാസം വീട്ടിലിരുന്നായിരുന്നുവെങ്കില്‍ ശിഹാബുദ്ദീന്‍ പത്താം ക്ളാസോടെ പഠനം അവസാനിപ്പിച്ചു. പത്ര വില്‍പനക്കാരനും ടെലിഗ്രാഫ് ഓഫിസിലെ തൊഴിലാളിയുമായാണ് എഡിസന്‍ ജീവിതം ആരംഭിച്ചതെങ്കില്‍ ശിഹാബുദ്ദീന്‍ മില്ലിലെ ജീവനക്കാരനും അറബിയുടെ മജ്ലിസിന്‍െറ കാവല്‍ക്കാരനുമായാണ് ജീവിത വൃത്തി നിവര്‍ത്തിക്കുന്നത്. എഡിസന്‍ ലോകം കണ്ട മഹാനായ ശാസ്ത്രജ്ഞനാണെങ്കില്‍ ശിഹാബുദ്ദീനെ ലോകം അറിയുക പോലുമില്ല. എഡിസന്‍െറ പല കണ്ടുപിടിത്തങ്ങളും തന്‍െറ ജോലി എളുപ്പമാക്കുന്നതിനുള്ള പരീക്ഷണങ്ങളായിരുന്നു. ശിഹാബുദ്ദീനും സമാന രീതിയില്‍ തന്നെയാണ് ചിന്തിക്കുന്നത്. തന്‍െറ ജോലി എളുപ്പമാക്കുന്ന, നിത്യ ജീവിതത്തില്‍ ഉപകാരപ്രദമായ കാര്യങ്ങളാണ് ഈ ചെറുപ്പക്കാരന്‍െറ ബുദ്ധിയിലൂടെ പുറത്തുവരുന്നത്.
മോട്ടോര്‍ സ്വയം നിയന്ത്രിക്കാനുള്ള ഉപകരണം, മോഷണം തടയാനുള്ള ഉപകരണം, ഗേറ്റ് മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് തുറക്കാനുള്ള ഉപകരണം, കാര്‍ പോര്‍ച്ചിന്‍െറ ഷട്ടര്‍ തുറക്കാനുള്ള ഉപകരണം, എ.സിയും ലൈറ്റുകളും നിശ്ചിത സമയത്ത് പ്രവര്‍ത്തിപ്പിക്കാനും പ്രവര്‍ത്തന രഹിതമാക്കാനുമുള്ള സംവിധാനം... തുടങ്ങി ശിഹാബിന്‍െറ കണ്ടുപിടിത്തങ്ങള്‍ നിരവധിയാണ്. അബൂദബിയില്‍ അറബിയുടെ മജ്ലിസിന്‍െറ കാവല്‍ക്കാരനായി മൂന്ന് വര്‍ഷം മുമ്പ് എത്തിയത് മുതലാണ് ശിഹാബുദ്ദീന്‍െറ കണ്ടുപിടിത്തങ്ങള്‍ കൂടുതല്‍ ശ്രദ്ധേയമാകുന്നത്. ഒരു സാധാരണ മൊബൈല്‍, റിലേ ഡയോഡ്, കപ്പാസിറ്റര്‍ തുടങ്ങി ചെറിയ സാധനങ്ങള്‍ മാത്രമാണ് ശിഹാബുദ്ദീന്‍െറ കണ്ടുപിടിത്തങ്ങള്‍ക്ക് ആവശ്യം.
നാട്ടിലായിരിക്കുമ്പോഴാണ് ടാങ്കിലേക്ക് വെള്ളമടിക്കുന്ന മോട്ടോറിന്‍െറ പ്രവര്‍ത്തനം സ്വയം നിയന്ത്രിക്കുന്ന ഉപകരണം ശിഹാബുദ്ദീന്‍ കണ്ടുപിടിക്കുന്നത്. വെള്ളം തീരുന്നത് അനുസരിച്ച് മോട്ടോര്‍ അടിക്കാനും ടാങ്ക് നിറയുമ്പോള്‍ ഓഫ് ചെയ്യാനുമുള്ള ബുദ്ധിമുട്ട് പരിഹരിക്കുന്നതിനൊപ്പം വെള്ളം നഷ്ടപ്പെടുത്താതിരിക്കുകയെന്ന ലക്ഷ്യം കൂടിയുണ്ടായിരുന്നു കണ്ടുപിടിത്തത്തിന് പിന്നില്‍. ഓട്ടോമാറ്റിക് സംവിധാനത്തിലൂടെയുള്ള മോട്ടോര്‍ സ്വിച്ച് വികസിപ്പിച്ചാണ് നാല് വര്‍ഷം മുമ്പ് ഈ കണ്ടുപിടിത്തം നടത്തിയത്. ട്രാന്‍സിസ്റ്റര്‍, ഡയോഡ്, കപ്പാസിറ്റര്‍, റെസിസ്റ്റര്‍ എന്നിവ ഉപയോഗിച്ചാണ് ഈ ഉപകരണം നിര്‍മിച്ചത്. ഈ സംവിധാനം അനുസരിച്ച് ടാങ്കില്‍ വെള്ളം നിറഞ്ഞാല്‍ മോട്ടോര്‍ പ്രവര്‍ത്തന രഹിതമാകും. ടാങ്കില്‍ വെള്ളം തീരുമ്പോള്‍ അലാം മുഴങ്ങുകയും എല്‍.ഇ.ഡി ബള്‍ബ് പ്രകാശിക്കുകയും ചെയ്യും. മോട്ടോറില്‍ നിന്ന് ടാങ്കിലേക്ക് വെള്ളം വരുന്ന പൈപ്പ് വേര്‍പെടുകയോ കിണറിലോ കുളത്തിലോ ഉള്ള ഫുട്വാല്‍വ് വെള്ളത്തിന് മുകളിലാകുകയോ ചെയ്താല്‍ സ്ക്രീന്‍ വഴി അറിയാനുള്ള സംവിധാനവുമുണ്ട്. മോട്ടോറും ടാങ്കും 500 മീറ്റര്‍ വ്യത്യാസത്തില്‍ വരെയാണെങ്കിലും ഈ ഉപകരണം പ്രവര്‍ത്തിപ്പിക്കാനാകുമെന്ന് ശിഹാബുദ്ദീന്‍ പറയുന്നു. നിര്‍മിക്കാന്‍ 750 രൂപ മാത്രമാണ് ചെലവ് വരുക.
വീടുകളിലും സ്ഥാപനങ്ങളിലും കവര്‍ച്ച നടത്തുന്ന തസ്കര വീരന്‍മാരെ പിടികൂടാനുള്ള ഉപകരണവും ശിഹാബുദ്ദീന്‍ വികസിപ്പിച്ചിട്ടുണ്ട്. വാഹന മോഷ്ടാക്കളെ പിടികൂടാനും ശിഹാബുദ്ദീന്‍െറ കണ്ടുപിടിത്തം സഹായിക്കും. സാധാരണ മൊബൈല്‍ ഫോണ്‍, റിലേ ഡയോഡ്, കപ്പാസിറ്റര്‍ എന്നിവ ഉപയോഗിച്ചാണ് ഇതിന്‍െറ നിര്‍മാണം. വീടിന്‍െറ വാതില്‍, ഗേറ്റ്, ചുമര്, സേഫ് എവിടെ വേണമെങ്കിലും ഈ ഉപകരണം ഘടിപ്പിക്കാം. കതകും സേഫും ഗേറ്റും ബലമായി തുറക്കുകയോ ചുമര്‍ തുരക്കുകയോ ചെയ്താല്‍ വീടിന്‍െറ ഉടമസ്ഥന്‍െറ മൊബൈല്‍ ഫോണിലേക്ക് കോള്‍ വരുന്ന സംവിധാനത്തിലൂടെയാണ് ഉപകരണം പ്രവര്‍ത്തിക്കുന്നത്. വീട്ടിലേക്ക് ആരെങ്കിലും വന്നാലും ഈ സംവിധാനം വഴി അറിയാനാകും. ഉപകരണത്തില്‍ ഘടിപ്പിച്ചിട്ടുള്ള മൊബൈല്‍ ഫോണില്‍ നിന്നാണ് ഉടമസ്ഥന്‍െറ നമ്പറിലേക്ക് കോള്‍ വരുന്നത്. വാഹനത്തിന്‍െറ ഡോര്‍, ഗ്ളാസ് തുടങ്ങി എവിടെ വേണമെങ്കിലും ഈ ഉപകരണം ഘടിപ്പിക്കാന്‍ കഴിയുമെന്ന് ശിഹാബുദ്ദീന്‍ പറയുന്നു. വാഹനം മോഷ്ടിച്ചുകൊണ്ടുപോയാലും അകത്ത് മൊബൈല്‍ ഫോണ്‍ ഉള്ളതിനാല്‍ സിഗ്നലുകള്‍ വഴി കണ്ടുപിടിക്കാന്‍ എളുപ്പമാണ്. 450 ദിര്‍ഹമാണ് ഈ ഉപകരണം നിര്‍മിച്ച് ഘടിപ്പിക്കുന്നതിന് ചെലവ് വരുന്നത്.
ഗേറ്റിന് പുറത്തെ കോളിങ് ബെല്ല് അടിച്ചാല്‍ പൂട്ടിയിട്ട ഗേറ്റ് തുറക്കാന്‍ കഴിയുന്ന സംവിധാനവും വികസിപ്പിച്ചെടുത്തിട്ടുണ്ട്. ഗേറ്റിന് അകത്തും തൊട്ടടുത്തുമായി ഘടിപ്പിച്ച രണ്ട് ചെറിയ ഇലക്ട്രോണിക് സംവിധാനങ്ങള്‍ വഴിയാണ് ഉപകരണത്തിന്‍െറ പ്രവര്‍ത്തനം. ഗേറ്റിന് പുറത്തെ കോളിങ് ബെല്‍ അടിക്കുമ്പോള്‍ അകത്തെ സംവിധാനത്തില്‍ ഘടിപ്പിച്ചിട്ടുള്ള മൊബൈല്‍ ഫോണില്‍ നിന്ന് ശിഹാബുദ്ദീന്‍െറ മൊബൈല്‍ ഫോണിലേക്ക് കോള്‍ വരും. തിരിച്ച് ശിഹാബിന്‍െറ ഫോണില്‍ നിന്ന് ഈ നമ്പറിലേക്ക് വിളിച്ചാല്‍ ഗേറ്റ് തുറക്കാന്‍ സാധിക്കും. ശിഹാബിന്‍െറ മൊബൈലിലേക്ക് സന്ദര്‍ശകര്‍ വിളിച്ചാലും പുറത്തെവിടെയാണെങ്കിലും ഗേറ്റ് തുറന്നുനല്‍കാന്‍ സാധിക്കും. ലോകത്ത് എവിടെ നിന്നും ഈ ഉപകരണം പ്രവര്‍ത്തിപ്പിക്കാന്‍ സാധിക്കുമെന്ന് ശിഹാബുദ്ദീന്‍ പറഞ്ഞു. മുമ്പ് മജ്ലിസില്‍ സന്ദര്‍ശകര്‍ വരുമ്പോള്‍ താന്‍ തന്നെ വന്ന് ഗേറ്റ് തുറന്നുകൊടുക്കണമായിരുന്നു. ഈ ഉപകരണം സാധിച്ചതോടെ ഇടക്ക് പുറത്തുപോകാന്‍ സാധിക്കും. ഉപകരണത്തില്‍ ഘടിപ്പിച്ചിട്ടുള്ള ഫോണിലേക്ക് വിളിച്ചാല്‍ ഗേറ്റിന് സമീപത്തെ ലൈറ്റ് പ്രകാശിക്കുകയും പുറത്തുവന്നയാള്‍ക്ക് ഗേറ്റ് തുറക്കാനും സാധിക്കും. മൊബൈല്‍ ഫോണ്‍, റിലേ ഡയോഡ്, കപ്പാസിറ്റര്‍ തുടങ്ങിയവ ഉപയോഗിച്ചുള്ള ഈ സംവിധാനത്തിന് 500 ദിര്‍ഹത്തോളമാണ് ചെലവ് വരുക. സമാന സംവിധാനം കാര്‍ പോര്‍ച്ചിന്‍െറ ഷട്ടര്‍ തുറക്കാനും ഉപയോഗിക്കാം.
ഗേറ്റില്‍ ഏര്‍പ്പെടുത്തിയ സംവിധാനത്തിന് പുറമെ താന്‍ സ്ഥലത്തില്ലെങ്കിലും തന്‍െറ ജോലികള്‍ ചെയ്യാനുള്ള സംവിധാനങ്ങളും ശിഹാബ് ഏര്‍പ്പെടുത്തിയിട്ടുണ്ട്. മജ്ലിസിലേക്ക് സന്ദര്‍ശകര്‍ എത്തുന്നതിന് മുമ്പ് ഓട്ടോമാറ്റിക്കായി എ.സി.യും ലൈറ്റുകളും ഓണ്‍ ചെയ്യാനുള്ള സംവിധാനമാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഉച്ചക്ക് രണ്ട് മണിയാകുമ്പോഴേക്കും മജ്ലിസിലെ എ.സി. പ്രവര്‍ത്തിച്ചുതുടങ്ങും. വൈകുന്നേരം ആറോടെ ലൈറ്റുകളും പ്രകാശിക്കും. ഒന്നോ രണ്ടോ ദിവസം താന്‍ ഇല്ലെങ്കിലും പുതിയ കണ്ടുപിടിത്തങ്ങള്‍ വഴി മജ്ലിസിലെ കാര്യങ്ങള്‍ സുഖമായി നടന്നുപോകുമെന്ന് ഈ യുവാവ് പറയുന്നു. ഇടക്ക് തനിക്ക് പുറത്തുപോകാനും സാധിക്കും.
ചെറുപ്പത്തിലേ തന്നെ കൊച്ചു കണ്ടുപിടിത്തങ്ങള്‍ നടത്തിയിരുന്നു ഈ മിടുക്കന്‍. പത്താം ക്ളാസ് കഴിഞ്ഞ് എ.സി. മെക്കാനിക്ക് കോഴ്സിന് ചേര്‍ന്നെങ്കിലും തനിക്ക് അറിയാവുന്ന കാര്യങ്ങള്‍ മാത്രമാണ് അവിടെ പഠിപ്പിക്കുന്നതെന്നതിനാല്‍ നാല് മാസം കഴിഞ്ഞ് നിര്‍ത്തുകയായിരുന്നു. ക്ഷമയും പരീക്ഷണങ്ങള്‍ക്കുള്ള മനസ്സും ഉണ്ടെങ്കില്‍ കണ്ടുപിടിത്തങ്ങള്‍ നടത്താന്‍ ആര്‍ക്കും സാധിക്കുമെന്ന് ഇദ്ദേഹം പറയുന്നു. ഈ സംവിധാനങ്ങള്‍ ഘടിപ്പിച്ച് നല്‍കണമെന്ന് ആവശ്യപ്പെട്ട് നിരവധി പേര്‍ സമീപിക്കുന്നുണ്ടെന്നും ശിഹാബ് പറയുന്നു.

രക്ഷാ സമിതി അംഗീകാരം; യു.എന്‍ ചാര്‍ട്ടറിലെ ചാപ് റ്റര്‍ ഏഴില്‍നിന്ന് ഇറാഖ് ഒഴിവായി

Posted: 28 Jun 2013 11:18 PM PDT

Image: 

കുവൈത്ത് സിറ്റി: കുവൈത്ത് അധിനിവേശത്തിനുശേഷം ഐക്യരാഷ്ട്ര സഭ പാസാക്കിയ പ്രമേയങ്ങളുടെ ഭാഗമായുള്ള ചാര്‍ട്ടറിലെ ചാപ്റ്റര്‍ ഏഴില്‍നിന്ന് ഇറാഖിനെ ഒഴിവാക്കുന്നതിന് രക്ഷാ സമിതി അംഗീകാരം നല്‍കി. ഇതോടെ നിബന്ധനകള്‍ കുറഞ്ഞ ചാപ്റ്റര്‍ ആറിലേക്ക് ഇറാഖ് മാറി.
ചാപ്റ്റര്‍ ഏഴിലെ നിബന്ധനകള്‍ ഇറാഖ് പൂര്‍ത്തിയാക്കിയതായി രണ്ടാഴ്ച മുമ്പ് ഇറാഖും കുവൈത്തും സംയുക്ത പ്രസ്താവനയില്‍ അറിയിച്ചിരുന്നു. കുവൈത്ത് പ്രധാനമന്ത്രി ശൈഖ് ജാബിര്‍ അല്‍ മുബാറക് അസ്വബാഹിന്‍െറ ഇറാഖ് സന്ദര്‍ശനത്തോടനുബന്ധിച്ച് ഇരുരാജ്യങ്ങളിലെയും വിദേശകാര്യ മന്ത്രിമാരായ ശൈഖ് സ്വബാഹ് അല്‍ ഖാലിദ് അസ്വബാഹും ഹോഷിയാര്‍ സബരിയും നടത്തിയ സംയുക്ത വാര്‍ത്താസമ്മേളനത്തിലാണ് ഇക്കാര്യം പ്രഖ്യാപിച്ചിരുന്നത്.
ഇത് വ്യക്തമാക്കി ഇരുരാജ്യങ്ങളും ഒപ്പുവെച്ച കരാറിന്‍െറ പകര്‍പ്പ് യു.എന്‍ സെക്രട്ടറി ജനറല്‍ ബാന്‍ കീ മൂണിന് കൈമാറിയിരുന്നു. സെക്രട്ടറി ജനറല്‍ ഇത് രക്ഷാ സമിതിക്ക് മുന്നില്‍ സമര്‍പ്പിക്കുകയും വ്യാഴാഴ്ച ചേര്‍ന്ന 15 അംഗ സമിതി ഐക്യകണ്ഠേന അംഗീകരിക്കുകയുമായിരുന്നു. നിബന്ധനകള്‍ പൂര്‍ത്തിയാക്കിയില്ലെങ്കില്‍ സൈനിക ഇടപെടലിനും ഉപരോധത്തിനും യു.എന്‍ ചാര്‍ട്ടറിലെ ചാപ്റ്റര്‍ ഏഴ് അനുവാദം നല്‍കുമ്പോള്‍ ചാപ്റ്റര്‍ ആറ് പ്രകാരം സമാധാനപരമായ മാര്‍ഗത്തിലുടെ മാത്രമേ യു.എന്നിന് ഇടപെടാനാവൂ. ചാപ്റ്റര്‍ ആറിലേക്ക് മാറിയതോടെ സൈനിക നടപടിയുടെയും ഉപരോധത്തിന്‍െറയും ആശങ്കകളില്ലാതെ ഇറാഖിന് മുന്നോട്ടുനീങ്ങാം. അതിര്‍ത്തി പുനര്‍നിര്‍ണയത്തിന്‍െറ കാര്യത്തിലുള്ള തര്‍ക്കങ്ങള്‍ പരിഹരിച്ചതാണ് ഇറാഖിന് തുണയായത്. അധിനിവേശ സമയത്ത് കുവൈത്തില്‍നിന്ന് ഇറാഖ് സൈന്യം പിടിച്ചുകൊണ്ടുപോയവരുടെയും കടത്തിക്കൊണ്ടുപോയ സാധനങ്ങളുടെയും കാര്യം ചാപ്റ്റര്‍ ആറിലേക്ക് മാറ്റാവുന്നതാണെന്ന് രക്ഷാ സമിതി വിലയിരുത്തുക കൂടി ചെയ്തതോടെ ചാപ്റ്റര്‍ ഏഴില്‍നിന്ന് ഇറാഖിനെ ഒഴിവാക്കാന്‍ തീരുമാനമാവുകയായിരുന്നു. അധിനിവേശത്തിന്‍െറ നഷ്ടപരിഹാരമായി കുവൈത്തിന് നല്‍കാനുള്ള 52 ബില്യന്‍ ഡോളറില്‍ ബാക്കിയുള്ള 11 ബില്യന്‍ 2015 ഓടെ നല്‍കാമെന്ന് ഇറാഖ് നല്‍കിയ ഉറപ്പും രക്ഷാ സമിതി കണക്കിലെടുത്തു.
തീരുമാനത്തെ ഇരുരാജ്യങ്ങളും സ്വാഗതം ചെയ്തു. അയല്‍ക്കാരും സഹോദര രാജ്യങ്ങളുമായ ഇറാഖിന്‍െറയും കുവൈത്തിന്‍െറയും ചരിത്രത്തില്‍ പുതിയ കാല്‍വെപ്പാണിതെന്നും സമാധാനപരമായ രീതികളിലൂടെ രാജ്യങ്ങള്‍ തമ്മിലുള്ള പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് ശരിയായ മാതൃകയാണിതെന്നും ഇറാഖ് വിദേശ മന്ത്രി ഹോഷിയാര്‍ സബരി അഭിപ്രായപ്പെട്ടു. ഇറാഖുമായുള്ള ഉഭയകക്ഷി ബന്ധം മെച്ചപ്പെടുന്നതിന്‍െറ സൂചനയാണിതെന്ന് കുവൈത്ത് വിദേശകാര്യ സെക്രട്ടറി ഖാലിദ് സുലൈമാന്‍ അല്‍ ജാറല്ല പറഞ്ഞു.
ചാപ്റ്റര്‍ ആറിന്‍െറ ഭാഗമായി ഇരുരാജ്യങ്ങളും കൂടുതല്‍ ഒത്തൊരുമയോടെ പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കാണാതായവരുടെയും നഷ്ടപ്പെട്ട സാധനങ്ങളെയും കാര്യത്തില്‍ യു.എന്‍ നിയോഗിച്ച ഉന്നത തല കോര്‍ഡിനേറ്റര്‍ ഗെന്നഡി താരാസോവിന്‍െറ സംഭാവനകളെയും അല്‍ ജാറല്ല പ്രകീര്‍ത്തിച്ചു.
 

പുലിമടകളിലെ ഉള്ളുലയ്ക്കുന്ന കഥകളുമായി മൂര്‍ത്തി വീണ്ടും ജിദ്ദയില്‍

Posted: 28 Jun 2013 11:10 PM PDT

Image: 

ജിദ്ദ: തമിഴ് പുലിമടകളിലെ യുദ്ധാനന്തര ദുരിതത്തിന്‍െറ ഉള്ളുലയ്ക്കുന്ന കഥകളുമായി മൂര്‍ത്തി പഴയ ലാവണത്തില്‍ വീണ്ടും. മൂര്‍ത്തിയെ മറന്നോ? ജിദ്ദ കോണ്‍സുലേറ്റിന്‍െറ കവാടങ്ങള്‍ പ്രവാസികളുടെ പരിഭവങ്ങള്‍ക്കും പരാതികള്‍ക്കും മുന്നില്‍ തുറന്നുവെച്ച വെല്‍ഫെയര്‍ കോണ്‍സല്‍ എസ്.ഡി. മൂര്‍ത്തിയെ. നിതാഖാത്തിന്‍െറ ദുരിതപ്പെയ്ത്തിനിടയില്‍ പരാതിപരിഹാരത്തിനു വേഗം കൂട്ടാന്‍ കോണ്‍സല്‍ ജനറല്‍ ഫൈസ് അഹ്മദ് കിദ്വായി ആവശ്യപ്പെട്ടതനുസരിച്ച് ശ്രീലങ്കയിലെ ജാഫ്ന ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ നിന്നു ഏതാനും നാളുകളിലെ സേവനത്തിന് അദ്ദേഹം ഇപ്പോള്‍ ജിദ്ദ കോണ്‍സുലേറ്റിലുണ്ട്. സംശയത്തിന്‍െറയും സന്നിഗ്ധതകളുടെയും നടുവിലെ തിരക്കില്‍ നിന്ന് പഴയ പരിചയക്കൂട്ടത്തിനിടയില്‍ ഏതാനും നാളുകള്‍ ചെലവിടാന്‍ കിട്ടിയ സന്തോഷത്തിലാണ് മൂര്‍ത്തി.
പ്രവാസികളുടെ ദുരിതകഥകളില്‍ നിന്നു ശ്രീലങ്കന്‍ ഭരണകൂടത്തിന്‍െറയും തമിഴ്പുലികളുടെയും ഇടയില്‍ പെട്ടുപോയ തമിഴ്വംശജരുടെ പുനരധിവാസപ്രശ്നങ്ങളുടെ വറചട്ടിയിലേക്കായിരുന്നു തന്‍െറ പോക്കെന്ന് മൂര്‍ത്തി പറഞ്ഞു. എന്നാല്‍ ഇന്ത്യാഗവണ്‍മെന്‍റിന്‍െറ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടു പോകുമ്പോള്‍ തമിഴ്മക്കളുടെ മനസ്സു പിടിക്കാനും അവര്‍ക്ക് ആശ്വാസം പകരാനും ആവുന്നതിന്‍െറ സംതൃപ്തിയുണ്ട്. എന്നാലും ജിദ്ദയില്‍ ലഭിച്ചതുപോലെ സന്നദ്ധപ്രവര്‍ത്തകരുടെയും സംഘടനകളുടെയും സഹായം പോലൊരു പിന്തുണയില്ലാത്തതിന്‍െറ ദുഃഖവുമുണ്ട്. തമിഴ്പുലികളെ തുടച്ചുനീക്കിയ യുദ്ധത്തിനു ശേഷം ഇന്ത്യന്‍ ഭരണകൂടം അവര്‍ക്കു വേണ്ടി നടത്തുന്ന പുനരധിവാസ, ദുരിതാശ്വാസപ്രവര്‍ത്തനങ്ങള്‍ക്ക് അല്‍പാല്‍പമായി ജനപിന്തുണ ലഭിച്ചുവരുന്നതേയുള്ളൂ. യുദ്ധം തകര്‍ത്ത ജീവിതങ്ങള്‍ അവരുടെ മനോനില വീണ്ടെടുക്കാന്‍ പരുവപ്പെടുന്നേയുള്ളൂ. അത്രയും കാലം ക്ഷമയോടെ പ്രതിസന്ധികള്‍ തരണം ചെയ്തേ ഒക്കൂ. എങ്കിലും ഇന്ത്യ വളരെ കൂടുതല്‍ കാര്യങ്ങള്‍ ചുരുങ്ങിയ കാലയളവില്‍ ലങ്കയിലെ തമിഴ്വംശജര്‍ക്കായി ചെയ്തിട്ടുണ്ടെന്ന് മൂര്‍ത്തി എണ്ണിപ്പറയുന്നു.
അര ലക്ഷം പേര്‍ക്ക് വീടു നിര്‍മിച്ചുകൊടുക്കുന്ന പദ്ധതി പുരോഗമിക്കുകയാണ്. ഇതില്‍ ആയിരം പണികഴിപ്പിച്ച് കൈമാറിക്കഴിഞ്ഞു. 12,000 വീടുകള്‍ നിര്‍മാണത്തിലിരിക്കുന്നു. വീടുണ്ടാക്കി വിതരണം ചെയ്യുന്നതിനു പകരം രാജ്യത്തെവിടെയും കൂരയില്ലാത്തവര്‍ക്ക് അതിനാവശ്യമായ പണം മൂന്ന് തവണകളായി നല്‍കുകയാണ്. അതില്‍ തമിഴ്, മുസ്ലിം, സിംഹള ഭേദമൊന്നുമില്ല. മാധവാച്ചിയില്‍ നിന്നു ജാഫ്നയിലേക്ക് 143 കി.മീ ദൂരത്തിലും തലയ്മണ്ണാറിലേക്ക് 62 കി.മീ. ദൂരത്തിലും 400 ദശലക്ഷം രൂപ ചെലവിട്ട് നിര്‍മിക്കുന്ന റെയില്‍വേ ലൈന്‍ അടുത്ത വര്‍ഷം കമീഷന്‍ ചെയ്യും. യുദ്ധത്തില്‍ തകര്‍ന്ന കാങ്കേശന്‍ തുറൈ പോര്‍ട്ട് ഇതിനകം പുനര്‍നിര്‍മിച്ചു കഴിഞ്ഞു. ശ്രീലങ്കന്‍ ഭരണകൂടം അനുവദിക്കുന്ന മുറക്ക് തമിഴര്‍ക്ക് മത്സ്യബന്ധനത്തിനു കൂടി ഈ തുറമുഖം ഉപയോഗിക്കാനാകും. ജാഫ്നയില്‍ ഒരു ഫിഷ്നെറ്റ് ഫാക്ടറിയും ജാഫ്ന, കിള്ളിനോച്ചി, വാവുനിയ, മുള്ളൈത്തീവ് എന്നിവിടങ്ങളില്‍ നാല് ആശുപത്രികളും നിര്‍മിച്ചുനല്‍കി. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമായി 50,000 സൈക്കിള്‍ നല്‍കി. തകര്‍ന്ന ചരിത്രപ്രസിദ്ധമായ ക്ഷേത്രങ്ങള്‍ പുനര്‍നിര്‍മിച്ചു. തമിഴ്, മുസ്ലിം മത്സ്യത്തൊഴിലാളികള്‍ക്കായി 175 ബോട്ടുകളും 175 ഫിഷ്നെറ്റുകളും 175 മോട്ടോറുകളും വിതരണം ചെയ്തു.
യുദ്ധം സൃഷ്ടിച്ച മാനസികാഘാതം വളരെ വലുതാണ്. ഇതില്‍ നിന്നു ആളുകളെ കരകയറ്റുന്നതിന് മാനസികോല്ലാസ പരിപാടികളും വിനോദ ഉപാധികളും നമ്മുടെ ഗവണ്‍മെന്‍റ് ഒരുക്കിക്കൊടുക്കുന്നു. ആളുകള്‍ക്ക് ഹിന്ദി ഭാഷയും സംഗീതവും നൃത്തവും അഭ്യസിപ്പിക്കാനുള്ള കേന്ദ്രങ്ങള്‍, ഫിലിം ഫെസ്റ്റിവല്‍, ഇന്ത്യ കോര്‍ണര്‍ തുടങ്ങി വൈവിധ്യമാര്‍ന്ന പദ്ധതികള്‍ ഇതിന്‍െറ ഭാഗമായി നടത്തുന്നു.
ജീവനും ഉപജീവനത്തിനും സുരക്ഷിതത്വം ലഭിക്കുന്ന സ്വാതന്ത്ര്യം, രാജ്യത്തെ മറ്റു പൗരന്മാര്‍ക്കുള്ളതു പോലെ തുല്യനീതി-ഇതാണ് തമിഴ്മക്കളുടെ ആവശ്യം. ഇതുറപ്പു വരുത്തുകയാണ് ഇന്ത്യന്‍ മിഷന്‍െറ ലക്ഷ്യവും. ഇന്ത്യയുടെ പിന്തുണ രാജപക്ഷെ ഗവണ്‍മെന്‍റിനുണ്ടായിരുന്നതായി വിശ്വസിക്കുന്നതു കൊണ്ട് തമിഴരുടെ വിശ്വാസവും അവരുടെ ക്ഷേമപ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനാല്‍ സിംഹളരുടെ വിശ്വാസവും ആര്‍ജിക്കാന്‍ പ്രയാസമുണ്ട്. തമിഴ്വംശജരുടെ പ്രദേശങ്ങളിലേക്ക് ഇനിയും ലങ്കന്‍സര്‍ക്കാറിന്‍െറ സജീവ പരിഗണന എത്തിയിട്ടില്ല. ഫലഭൂയിഷ്ഠ പ്രദേശങ്ങളെല്ലാം സൈന്യം അതീവ സുരക്ഷാമേഖലയായി പ്രഖ്യാപിച്ച് വരുതിയിലാക്കിയിരിക്കുന്നു. കാങ്കേശന്‍ തുറൈ തുറമുഖം തമിഴര്‍ക്കു വിട്ടുകൊടുത്തിട്ടില്ല. അടുത്ത സെപ്റ്റംബറില്‍ വടക്കന്‍ പ്രവിശ്യാകൗണ്‍സിലിലേക്ക് തെരഞ്ഞെടുപ്പ് നടക്കുകയാണ്. 32 വര്‍ഷത്തിനു ശേഷം നടക്കുന്ന ഈ തെരഞ്ഞെടുപ്പില്‍ ആകെയുള്ള 38 സീറ്റില്‍ തമിഴര്‍ക്കു ഭൂരിപക്ഷം കിട്ടേണ്ടതാണ്. എന്നാല്‍ ഭരണകക്ഷിയായ ശ്രീലങ്കന്‍ ഫ്രീഡം പാര്‍ട്ടി അത് അനുവദിക്കുമോ എന്നു പറയാറായിട്ടില്ല. തമിഴ് പിന്തുണ തെളിയിക്കാനായി ഡഗ്ളസ് ദേവാനന്ദയുടെ ഈലം പീപ്പ്ള്‍സ് ഡെമോക്രാറ്റിക് പാര്‍ട്ടിയെയും റനില്‍ വിക്രമസിംഗെയുടെ യു.എന്‍.പിയെയും അവര്‍ കൂടെ നിര്‍ത്തുന്നുണ്ട്. എന്നാല്‍ തമിഴ് ദേശീയ സഖ്യത്തോട് എതിരിടാന്‍ അവര്‍ക്കാവില്ല. അതിനാല്‍ തെരഞ്ഞെടുപ്പിന്‍െറ ഗതി കാത്തിരുന്നു തന്നെ കാണണം-മൂര്‍ത്തി പറയുന്നു. തമിഴ്ജനതയുടെ വിശ്വാസമാര്‍ജിക്കാനും അവര്‍ക്കു സ്വാതന്ത്ര്യവും തുല്യതയും ലഭ്യമാക്കാനുമുള്ള പ്രവര്‍ത്തനങ്ങളുമായി കോണ്‍സല്‍ ജനറല്‍ മഹാലിംഗത്തിന്‍െറ നേതൃത്വത്തില്‍ 15 ഓഫിസര്‍മാരടങ്ങുന്ന ജാഫ്ന കോണ്‍സുലേറ്റിലെ ഇന്ത്യന്‍ മിഷന്‍ മുന്നോട്ടുപോകുകയാണ്. ജിദ്ദയിലെ നാളെണ്ണിയ ഡപ്യൂട്ടേഷന്‍ ജോലികള്‍ തീര്‍ത്തു ലങ്കയിലേക്കു തന്നെ പറക്കാനിരിക്കുമ്പോഴും ജിദ്ദയെ മനസ്സില്‍ നിന്നു പറിച്ചെറിയാനാവുന്നില്ല മൂര്‍ത്തിക്ക്. മൂര്‍ത്തിയുടെ പ്രവാസിസുഹൃത്തുക്കള്‍ക്കും അതേ.

ഇബ്രയില്‍ നാല് നൂറ്റാണ്ട് പഴക്കമുള്ള പള്ളി പുതുക്കി പണിയുന്നു

Posted: 28 Jun 2013 10:53 PM PDT

Image: 

മസ്കത്ത്: ഇബ്രയില്‍ നാല് നൂറ്റാണ്ട് പഴക്കമുള്ള പള്ളി പുനര്‍നിര്‍മിക്കുന്നു. പുരാവസ്തു സ്മാരകമെന്ന നിലക്കാണ് 1666ല്‍ നിര്‍മിച്ച അല്‍ ഖനാതിര്‍ മസ്ജിദ് പുതുക്കി പണിയുന്നത്.
പുരാതന ഇസ്ലാമിക വാസ്തുശില്‍പ രീതിയനുസരിച്ചാണ് മസ്ജിദിന്‍െറ പുനര്‍നിര്‍മാണവും. പള്ളിയുടെ പഴമയും വാസ്തു ശില്‍പവും നഷ്ടപ്പെടാത്ത തരത്തിലുള്ള പുനര്‍നിര്‍മാണം പുരോഗമിക്കുകയാണ്.
ഒമാന്‍ ശൂറ കൗണ്‍സില്‍ അംഗം ശൈഖ് സാലിഹ് ബിന്‍ മുഹമ്മദ് അല്‍ മഅ്മരിയാണ് പുനര്‍നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുന്നത്. ചരിത്ര സാംസ്കാരിക ചിഹ്നങ്ങള്‍ കാത്ത് സൂക്ഷിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഇബ്രയിലെ സഫാല മേഖലയിലാണ് മസ്ജിദ് നിലനില്‍ക്കുന്നത്. 1666 ല്‍ നിര്‍മിച്ച മസ്ജിദ് 1989 ല്‍ പുതുക്കി പണിഞ്ഞിരുന്നു. അന്ന് മുതല്‍ ഈ മസ്ജിദ് ഇസ്ലാമിക കര്‍മശാസ്ത്രവും അറബി ഭാഷയും പഠിപ്പിക്കുന്ന കേന്ദ്രമായും പ്രവര്‍ത്തിച്ചിരുന്നു. മസ്ജിദിന്‍െറ നിര്‍മാണത്തിന് മേല്‍നോട്ടം വഹിക്കാന്‍ പ്രത്യേക കമ്മറ്റി രൂപവത്കരിച്ചതായി അദ്ദേഹം പറഞ്ഞു. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് 18 ലക്ഷം റിയാല്‍ ചെലവ് വരുമെന്ന് അദ്ദേഹം പറഞ്ഞു. മസ്ജിദിലേക്ക് റോഡും നിര്‍മിക്കുന്നുണ്ട്.

ജോപ്പന്റെ അറസ്റ്റ് സര്‍ക്കാര്‍ ആരെയും സംരക്ഷിക്കില്ലെന്നതിന് തെളിവ് -കുഞ്ഞാലിക്കുട്ടി

Posted: 28 Jun 2013 10:30 PM PDT

Image: 

മലപ്പുറം: സര്‍ക്കാര്‍ വഴിവിട്ട് ആരെയും സംരക്ഷിക്കില്ലെന്നതിന് തെളിവാണ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ മുന്‍ പേഴ്സനല്‍ സ്റ്റാഫംഗം ടെനി ജോപ്പന്റെ അറസ്റ്റെന്ന് മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി. ആഭ്യന്തരവകുപ്പ് വീഴ്ചകളില്ലാതെ പഴുതടച്ചാണ് അന്വേഷണം നടത്തിയത്. തെറ്റു ചെയ്തെന്ന് ബോധ്യമായാല്‍ ശക്തമായ ശിക്ഷാനടപടികള്‍ ഉണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.

ജീവനക്കാരന്‍ തെറ്റുചെയ്താല്‍ സര്‍ക്കാറിന് ഒരു ഭീഷണിയും ഉണ്ടാകേണ്ടതില്ലെന്നും കുഞ്ഞാലിക്കുട്ടി മലപ്പുറത്ത് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

No comments:

Post a Comment

english malayalam dictionary

വിരുന്നുകാര്...

poomottu

Dsgd: by ASLAM PADINHARAYIL

Back to TOP