സ്വാഗതം
WELCOME

Monday, June 3, 2013

വസ്തു ഇടപാട് നികുതി നിലവില്‍ വന്നു; ‘പാന്‍’ ഇല്ലെങ്കില്‍ നികുതി 20 ശതമാനം Madhyamam News Feeds

വസ്തു ഇടപാട് നികുതി നിലവില്‍ വന്നു; ‘പാന്‍’ ഇല്ലെങ്കില്‍ നികുതി 20 ശതമാനം Madhyamam News Feeds

Link to

വസ്തു ഇടപാട് നികുതി നിലവില്‍ വന്നു; ‘പാന്‍’ ഇല്ലെങ്കില്‍ നികുതി 20 ശതമാനം

Posted: 03 Jun 2013 12:55 AM PDT

Image: 

ന്യൂദല്‍ഹി: റിയല്‍ എസ്റ്റേറ്റ് മേഖലയിലെ കള്ളപ്പണത്തിനെതിരെ കേന്ദ്ര സര്‍ക്കാര്‍ യുദ്ധത്തിന്. ‘പാന്‍’ വെളിപ്പെടുത്താതെ നടത്തുന്ന വസ്തു ഇടപാടുകള്‍ക്ക് 20 ശതമാനം നികുതി ചുമത്തി കേന്ദ്ര ധനമന്ത്രാലയം ഉത്തരവ് പുറത്തിറക്കി. വസ്തു വാങ്ങുന്നയാള്‍ നികുതി ഇടാക്കി സര്‍ക്കാറിലേക്ക് അടക്കണമെന്നാണ് ഉത്തരവ്. ഉത്തരവ് ശനിയാഴ്ച്ച നിലവില്‍ വന്നു.

50 ലക്ഷത്തിന് മുകളിലുള്ള കൃഷി ഭൂമി ഒഴികെയുള്ള സ്ഥാവര വസ്തുക്കളുടെ ഇടപാടുകള്‍ക്ക് ഒരു ശതമാനം നികുതി ഏര്‍പ്പെടുത്തുമെന്ന് കഴിഞ്ഞ കേന്ദ്ര ബജറ്റില്‍ പ്രഖ്യാപിച്ചിരുന്നു. ഇത് നടപ്പാക്കിക്കൊണ്ടുള്ള ഉത്തരവിലാണ് ‘പാന്‍’ ഇല്ലാത്ത വസ്തു ഇടപാടുകള്‍ക്ക് 20 ശതമാനം നികുതി ഏര്‍പ്പെടുത്തിയത്.

റിയല്‍ എസ്റ്റേറ്റ് മേഖല ഇന്ത്യയിലെ കള്ളപ്പണ നീക്കത്തിന്റെമുഖ്യ കേന്ദ്രമാണെന്ന വിലയിരുത്തലിലാണ് ഈ നീക്കം. സ്റ്റാമ്പ് ഡ്യൂട്ടി വെട്ടിക്കുന്നതിനും വസ്തു ഇടപാട് തുക വന്‍ തോതില്‍ കുറച്ച് കാണിക്കുന്നുണ്ട്. 50 ലക്ഷത്തിന് മുകളിലുള്ള വസ്തു ഇടപാടുകള്‍ക്ക് ടി.ഡി.എസ് വരുന്നതോടെ നികുതി സംബന്ധിച്ച് ഭാവിയില്‍ ഉണ്ടാകുന്ന എല്ലാ ബാധ്യതകളും വസ്തു വാങ്ങുന്നയാള്‍ക്കാവും. വസ്തു വാങ്ങുന്ന ആളാണ് നികുതി തുക ഓണ്‍ലൈനായി ആദായ നികുതി വകുപ്പിന്റെ കൗണ്ടില്‍ ഇടുകയോ അല്ലെങ്കില്‍ നിശ്ചിത ബാങ്ക് ശാഖകളില്‍ അടയ്ക്കുകയോ ചെയ്യേണ്ടത്.

ഡെങ്കിപ്പനി മരണം വീണ്ടും; ആരോഗ്യവകുപ്പ് നിസ്സംഗത തുടരുന്നു

Posted: 03 Jun 2013 12:26 AM PDT

കോട്ടയം: പനിബാധിതരുടെ എണ്ണം വര്‍ധിക്കുന്നതിനൊപ്പംവൃദ്ധന്‍ ഡെങ്കിപ്പനിബാധിച്ച് മരിച്ചു. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരുന്ന ആര്‍പ്പൂക്കര തൊണ്ണംകുഴി വടകര ഔസപ്പാണ് (75) മരിച്ചത്. 
അതേസമയം, ഞായറാഴ്ച പനിബാധിതരുടെ എണ്ണത്തില്‍ കുറവുണ്ടായെന്നാണ് ആരോഗ്യവകുപ്പ് റിപ്പോര്‍ട്ട്. ജില്ലയിലെ വിവിധസര്‍ക്കാര്‍ ആശുപത്രികളില്‍ 382പേര്‍ മാത്രമാണ് ചികിത്സതേടിയെത്തിയതെന്നാണ് അധികൃതര്‍ പറയുന്നത്. സ്വകാര്യ ആശുപത്രികളില്‍ ചികിത്സതേടിയവരുടെ എണ്ണം മൂന്നിരട്ടിയിലധികം വരും. പ്രാഥമികാരോഗ്യകേന്ദ്രങ്ങള്‍ ഉള്‍പ്പെടെയുള്ള 84 സര്‍ക്കാര്‍ ആശുപത്രികളില്‍ 61 സ്ഥലങ്ങളില്‍ കണക്കാക്കിയ റിപ്പോര്‍ട്ടാണിത്. ശനിയാഴ്ച പനിബാധിതരുടെ എണ്ണം 816 ആയിരുന്നു. 
ഞായറാഴ്ച ഡെങ്കിപ്പനി റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. അതേസമയം, കുട്ടികളുടെ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നവരില്‍ 40 പേര്‍ക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചതായി അനൗദ്യോഗിക കണക്കുണ്ട്.  കഴിഞ്ഞയാഴ്ച 54 പേരില്‍ ഡെങ്കിപ്പനി സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അറിയിച്ചു. 
യഥാര്‍ഥ കണക്ക് ഇതിന്‍െറ അഞ്ചിരട്ടിയിലേറെ വരുമെന്നാണ് അറിയുന്നത്.  കോട്ടയത്തെ ഒരു സ്വകാര്യ ആശുപത്രിയില്‍ കഴിഞ്ഞ ദിവസം 25പേരില്‍ ഡെങ്കിപ്പനി  സ്ഥിരീകരിച്ചിട്ടുണ്ട്. ആരോഗ്യവകുപ്പിന്‍െറ റിപ്പോര്‍ട്ടില്‍  വൈറല്‍ പനിയും വയറിളക്കവും മാത്രമാണ് വര്‍ധിച്ചിട്ടുള്ളത്.  വയറിളക്കം ബാധിച്ച് 16പേര്‍ ചികിത്സതേടിയിട്ടുണ്ട്. പനിബാധിച്ച് ഈയാഴ്ചമാത്രം 5796 പേരും  വയറിളക്കംബാധിച്ച് 290 പേരും ചികിത്സ തേടിയിട്ടുണ്ട്.യഥാര്‍ഥ കണക്കുകള്‍ പുറത്തുവിടാതിരിക്കുന്ന ആരോഗ്യവകുപ്പ് അധികൃതര്‍ക്കെതിരെ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്.  

അധ്യയനവര്‍ഷത്തലേന്ന് കെട്ടിടം പൊളിച്ചു; വിദ്യാര്‍ഥികള്‍ പെരുവഴിയില്‍

Posted: 03 Jun 2013 12:07 AM PDT

തൃത്താല: അധ്യയനം തുടങ്ങുന്നതിന് മൂന്ന് ദിവസം മുമ്പ് സ്കൂള്‍ കെട്ടിടം പൊളിച്ചതോടെ കുട്ടികള്‍ പെരുവഴിയിലായി. തൃത്താല ഉപജില്ലയിലെ കക്കാട്ടിരി ജി.യു.പി സ്കൂളിലാണ് അധികൃതരുടെ നടപടി കുട്ടികളെയും രക്ഷിതാക്കളെയും ആശങ്കയിലാഴ്ത്തിയത്. പട്ടിത്തറ പഞ്ചായത്തില്‍നിന്ന് സ്കൂളിന്‍െറ അറ്റകുറ്റപണിക്കായി നാലര ലക്ഷം രൂപ അനുവദിച്ചിരുന്നു. എന്നാല്‍, മാര്‍ച്ച് 31നകം പണിപൂര്‍ത്തിയാക്കാന്‍ കരാറുകാരെയും ഏര്‍പ്പെടുത്തിയിരുന്നു.
 പണിയെടുക്കാന്‍ കരാറുകാരനും നടപ്പാക്കാന്‍ സ്കൂള്‍ അധികൃതരും തയാറായില്ല. തുടര്‍ന്ന് മൂന്ന് ദിവസം മുമ്പ് പണിക്കായി ക്ളാസ്മുറികള്‍ പൊളിക്കുകയായിരുന്നു. മഴയും കൂടിയായതോടെ പണിപൂര്‍ത്തിയാക്കാനായില്ല. മഴ നനഞ്ഞ് ചുമരുകളും അപകട ഭീഷണിയിലാണ്. അതേസമയം, ഫണ്ട് വകമാറ്റിയെന്നും കരാറുകാരന്‍ മറ്റൊരാളെ ചുമതലപ്പെടുത്തിയതാണ് പണിവൈകാന്‍ കാരണമെന്നും ആരോപണമുണ്ട്. 1939ല്‍ സ്ഥാപിച്ച സ്കൂള്‍ ഇപ്പോഴും അടിസ്ഥാനസൗകര്യത്തില്‍ പിറകിലാണ്. 600 വിദ്യാര്‍ഥികളും 20 അധ്യാപകരും ഉണ്ട്. മൂത്രപുരയും പാചകപുരയും വൃത്തിഹീനമാണെന്ന് രക്ഷിതാക്കള്‍ പറയുന്നു. 
സ്കൂളധികൃതരുടെ നടപടിയില്‍ രോഷാകുലരായ രക്ഷിതാക്കളും നാട്ടുകാരും സ്ഥലത്ത് തടിച്ചുകൂടി. കലക്ടര്‍ക്കും വിദ്യാഭ്യാസവകുപ്പ് അധികൃതര്‍ക്കും പരാതി നല്‍കിയിട്ടുണ്ട്. എന്നാല്‍, പ്രവേശ ദിവസം ഒരു ബുദ്ധിമുട്ടുകളും ഉണ്ടാകില്ലെന്ന് പ്രധാനാധ്യാപിക സുലോചന അറിയിച്ചു. 
 

കനോലി കനാലിലെ നടപ്പാലങ്ങള്‍ അപകട ഭീഷണിയില്‍

Posted: 03 Jun 2013 12:05 AM PDT

താനൂര്‍: വര്‍ഷക്കാലം വന്നതോടെ കനോലി കനാലിന് കുറുകെയുള്ള പാലങ്ങള്‍ അപകട ഭീഷണി ഉയര്‍ത്തുന്നു. കനോലി കനാലിന് കുറുകെ താനൂര്‍, താനാളൂര്‍, നിറമരുതൂര്‍ പഞ്ചായത്തുകളിലെ കിഴക്കന്‍ -പടിഞ്ഞാറന്‍ മേഖലകളെ ബന്ധിപ്പിക്കുന്ന നിരവധി പാലങ്ങളുണ്ട്. ഇവയില്‍ മരപ്പാലങ്ങളും, ദ്രവിച്ച കോണ്‍ക്രീറ്റ് പാലങ്ങളും തുരുമ്പു പിടിച്ച ഇരുമ്പു പാലങ്ങളുമാണ്. 
താനൂര്‍ പഞ്ചായത്തിലെ ബദര്‍ പള്ളി -കെ.പി.എന്‍.എം റോഡിന് കുറുകെയുള്ള മരപ്പാലത്തിന് ഇപ്പോഴും ശാപമോക്ഷമായിട്ടില്ല. ചിറക്കല്‍ കെ.പി.എന്‍.എം സ്കൂളിലേക്ക് എത്തുന്ന ആല്‍ബസാര്‍, ഫാറൂഖ് പള്ളി ഭാഗത്തെ നൂറുകണക്കിന് കുട്ടികള്‍ ആശ്രയിക്കുന്നത് ഈ പാലത്തെയാണ്. കനാലില്‍ വെള്ളം ഉയരുന്നതോടെ പാലം അപകടാവസ്ഥയിലാവും. മന്ത്രി എ.പി. അനില്‍കുമാറും കലക്ടറും പാലം സന്ദര്‍ശിക്കുകയും വേണ്ട നടപടികള്‍ കൈക്കൊള്ളുമെന്ന് നാട്ടുകാര്‍ക്ക് ഉറപ്പുനല്‍കുകയും ചെയ്തിരുന്നു.
പരിയാപുരം വില്ലേജ്, ചിറക്കല്‍, മൂലക്കല്‍ ഭാഗങ്ങളിലേക്കും ആളുകള്‍ കാല്‍നടയായി പോകുന്ന ഒട്ടുംപുറം -മണ്ണുംപുറം മരപ്പാലവും അപകടാവസ്ഥയിലാണ്. ഇതിനടുത്ത് നിര്‍മിച്ചിരിക്കുന്ന ചീര്‍പ്പും യാത്രക്ക് പ്രയോജനപ്പെടുത്താറുണ്ട്. എന്നാല്‍, പൂരപ്പുഴയില്‍ നിന്ന് ശുദ്ധ ജലം ഒഴുക്കി വിടാനുള്ള ചീര്‍പ്പ് നിര്‍മാണം ഇപ്പോഴും പൂര്‍ത്തിയായിട്ടില്ല. നിലവിലുള്ള ചീര്‍പ്പിന്‍െറ പലഭാഗവും നശിച്ചു.
വാഹനയാത്രക്ക് പ്രയോജനപ്പെടുന്ന തരത്തില്‍  മൂന്ന് പഞ്ചായത്തുകളില്‍ മൂന്ന് പാലങ്ങളാണ് ഉള്ളത്. താനൂര്‍ വാഴക്കതെരു അങ്ങാടിയിലെ കൂനന്‍ പാലം, ബ്ളോക്ക് റോഡുപാലം, ഉണ്യാല്‍ പാലം എന്നിവയാണവ. ഇതില്‍ ബ്ളോക്കു റോഡുപാലം വര്‍ഷങ്ങളായി തുറന്നുകൊടുത്തെങ്കിലും ഉദ്ഘാടനം നടന്നിട്ടില്ല. 
കനാലിലെ ചാപ്പപ്പടി, എടക്കടപ്പുറം, പുതിയ കടപ്പുറം ഭാഗങ്ങളിലെ കോണ്‍ക്രീറ്റ് പാലങ്ങള്‍ ദ്രവിച്ച നിലയിലാണ്.
പാലങ്ങള്‍ പുതുക്കി നിര്‍മിക്കുകയും മരപ്പാലങ്ങള്‍ ഉള്ളിടത്ത് കോണ്‍ക്രീറ്റ് പാലങ്ങള്‍ നിര്‍മിക്കുകയും വേണം. കിഴക്കന്‍-പടിഞ്ഞാറന്‍ പ്രദേശങ്ങളെ ബന്ധിപ്പിക്കുന്ന റോഡുകള്‍ക്കു കുറുകെ പാലങ്ങള്‍ വന്നാല്‍ ഇരുഭാഗത്തെയും ജനങ്ങള്‍ക്ക് പ്രയോജനപ്പെടും.
 

ഫലസ്തീന്‍ ഇടക്കാല പ്രധാനമന്ത്രിയായി റാമി ഹംദല്ലയെ നിയമിച്ചു

Posted: 03 Jun 2013 12:01 AM PDT

Image: 

ജറൂസലം: ഇടക്കാല ഫലസ്തീന്‍ പ്രധാനമന്ത്രിയായി വെസ്റ്റ് ബാങ്കിലെ അന്‍-നജാ ദേശീയ സര്‍വലകലാശാലയിലെ പ്രൊഫസറും പ്രസിഡന്‍്റുമായ റാമി ഹംദല്ലയെ നിയമിച്ചു. ഫലസ്തീനിലെ ഔ ദ്യാഗിക വാര്‍ത്താ ഏജന്‍സിയായ 'വഫ'യാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.

രാജ്യത്തെ സാമ്പത്തിക നയങ്ങളില്‍ പ്രസിഡന്‍്റ് മഹമൂദ് അബ്ബാസുമായുള്ള അഭിപ്രായ ഭിന്നതയെ തുടര്‍ന്ന് പ്രധാനമന്ത്രിയായിരുന്ന സലാം ഫയ്യദ് ഏപ്രില്‍ പകുതിയോടെ രാജി വെച്ചിരുന്നു. ഈ ഒഴിവിലേക്കാണ് 54കാരനായ റാമി ഹംദല്ലയെ നിയമിച്ചിരിക്കുന്നത്.

അന്താരഷാട്ര തലത്തില്‍ പ്രശസ്തനായ സാമ്പത്തിക വിദഗ്ധനാണെങ്കിലും റാമി ഹംദല്ലക്ക് രാഷ്ട്രീയ-ഭരണകാര്യങ്ങളില്‍ പ്രവര്‍ത്തിച്ച പരിചയമില്ല.

മഹമൂദ് അബ്ബാസുമായുള്ള അഭിപ്രായ വ്യത്യാസങ്ങളെ തുടര്‍ന്ന് ധനമന്ത്രി നബീല്‍ ഖസീസും നേരത്തെ രാജിവെച്ചിരുന്നു.
 

സ്വാതന്ത്ര്യസമര സേനാനികള്‍ക്കുള്ള പെന്‍ഷന്‍ പദ്ധതിയില്‍ ക്രമക്കേട്

Posted: 03 Jun 2013 12:00 AM PDT

Image: 

ന്യൂദല്‍ഹി: സ്വാതന്ത്ര്യസമര സേനാനികള്‍ക്കുള്ള കേന്ദ്രസര്‍ക്കാരിന്റെ പെന്‍ഷന്‍ പദ്ധതിയില്‍ ക്രമക്കേടുള്ളതായി കണ്ടെത്തല്‍. ആഭ്യന്തര മന്ത്രാലയത്തിന്റെ ഇന്റേണല്‍ ഓഡിറ്റിലാണ് ഇക്കാര്യം കണ്ടെത്തിയത്. സംഘടിതമായ ക്രമക്കേടിന്റെ സൂചനകളുണ്ടെന്നു ജനുവരിയില്‍ സമര്‍പ്പിച്ച ഓഡിറ്റ് റിപ്പോര്‍ട്ടില്‍ പറയുന്നു.

ഒരേ വ്യക്തിക്ക് ഒന്നിലധികം പെന്‍ഷന്‍, മരിച്ചുപോയ വ്യക്തിയുടെ പേരില്‍ പെന്‍ഷന്‍, വ്യാജമേല്‍വിലാസത്തില്‍ പെന്‍ഷന്‍ തുടങ്ങി നിരവധി ക്രമക്കേടുകളാണു കണ്ടെത്തിയത്. ഓരോന്നും സര്‍ക്കാരിനു പ്രതിവര്‍ഷം രണ്ടരലക്ഷത്തോളം രൂപയുടെ നഷ്ടമുണ്ടാക്കുന്നതാണെന്ന് റിപോര്‍ട്ടില്‍ പറയുന്നു.  

42,624 പേരുള്ള പെന്‍ഷന്‍ പട്ടികയില്‍ 6,478 പേരുടെ വിലാസം പോലും ലഭ്യമല്ല. സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ഇന്ത്യന്‍   ബാങ്ക്, യുണൈറ്റഡ് ബാങ്ക് ഓഫ് ഇന്ത്യ, ബാങ്ക് ഓഫ് ഇന്ത്യ, സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഹൈദരാബാദ് എന്നീ ബാങ്കുകളിലെ പെന്‍ഷന്‍ അക്കൗണ്ടുകളിലാണു പ്രധാനമായും തട്ടിപ്പ് നടന്നിരിക്കുന്നത്. ഇതില്‍ 45 ശതമാനം പെന്‍ഷന്‍ വിതരണം ചെയ്തിരിക്കുന്നത് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ കൂടിയാണ്. ഇവിടെ ആയിരത്തോളം വ്യാജ അക്കൗണ്ടുകള്‍ ഉണ്ടെന്നാണ് കണ്ടെത്തിയിരിക്കുന്നത്.

എസ്.ബി.ഐ നല്‍കിയ പുതിയ പട്ടിക പ്രകാരം   രണ്ടായിരത്തോളം പേര്‍ ഒഴിവാക്കപ്പെട്ടപ്പോള്‍ മൂവായിരത്തോളം പുതിയ പേരുകള്‍ പ്രത്യക്ഷപ്പെടുകയും ചെയ്തു.

റിപോര്‍ട്ടിന്റെ പശ്ചാത്തലത്തില്‍ അനര്‍ഹമായി പെന്‍ഷന്‍ നല്‍കിയ തുക തിരിച്ചുപിടിക്കണമെന്ന് ബാങ്കുകള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെങ്കിലും ഇതുവരെ നടപടിയുണ്ടായിട്ടില്ല.

1972ലാണ് സ്വതന്ത്ര സമ്മാന്‍ പെന്‍ഷന്‍ സ്‌കീം എന്ന പേരില്‍ പദ്ധതി ആരംഭിച്ചത്.

 

കൃഷ്ണഗിരി വളവില്‍ മണല്‍ചാക്ക് ഫലപ്രദമാകുന്നില്ല

Posted: 02 Jun 2013 11:57 PM PDT

മീനങ്ങാടി: ദേശീയപാതയിലെ കൃഷ്ണഗിരി വളവില്‍ മണ്ണൊഴുകിയെത്തുന്നത് തടയാന്‍ ഫലപ്രദമായ നടപടിയില്ല. അധികൃതരുടെ അശാസ്ത്രീയ നിര്‍മാണ രീതിയാണ് വാഹനങ്ങള്‍ക്ക് ഭീഷണിയായിരിക്കുന്നത്.വളവിനോടു ചേര്‍ന്നുള്ള കുന്നിന്‍ മുകളില്‍ വന്‍കിട കുടിവെള്ള പദ്ധതിയുമായി ബന്ധപ്പെട്ട നിര്‍മാണമാണ് നടക്കുന്നതെന്നാണ് വിവരം.
 കുന്ന് തുരന്ന് കുത്തനെയുള്ള ഇറക്കത്തില്‍ ദേശീയപാതയിലേക്ക് റോഡ് നിര്‍മിച്ചിട്ടുണ്ട്.മഴവെള്ളപ്പാച്ചിലില്‍ ഇവിടത്തെ മണ്ണ് മുഴുവന്‍ ദേശീയപാതയിലെത്തുകയാണ്. ഒരുമാസം മുമ്പ് ഇത് വിവാദമായപ്പോള്‍ അധികൃതര്‍ മണല്‍ ചാക്കുകള്‍ നിരത്തി. 
മഴ ശക്തമായതോടെ ചാക്ക് ഭിത്തികള്‍ ഫലപ്രദമല്ലാതായി. ദേശീയപാതയുടെ ഇരുവശത്തും പശ മണ്ണ് അടിഞ്ഞുകൂടിക്കിടക്കുകയാണ്. 
ഇത് നീക്കം ചെയ്തില്ലെങ്കില്‍ വാഹനങ്ങള്‍ തെന്നി നിയന്ത്രണം വിടും.കൃഷ്ണഗിരി വളവില്‍ നിര്‍മാണപ്രവര്‍ത്തനം തുടങ്ങിയിട്ട് ആറു മാസത്തിലേറെയായി. കുന്നിന്‍ മുകളില്‍ നിന്ന് താഴേക്ക് പാത നിര്‍മിച്ചപ്പോള്‍ മണ്ണൊലിപ്പ് മുന്നില്‍ കണ്ട് ശാസ്ത്രീയ നടപടി സ്വീകരിക്കാത്തത് അധികൃതരുടെ വീഴ്ചയാണ്.
ഇവിടെ ദേശീയപാതയിലേക്ക് വീഴാവുന്ന രീതിയില്‍ നില്‍ക്കുന്ന മരം നീക്കം ചെയ്യാനും നടപടിയില്ല. 
 

പഠനത്തിന് തുടക്കം; ദുരിതയാത്രകള്‍ക്കും

Posted: 02 Jun 2013 11:52 PM PDT

കോഴിക്കോട്: മധ്യവേനലവധി കഴിഞ്ഞ് സ്കൂളുകള്‍ തുറന്നതോടെ വിദ്യാര്‍ഥികളുടെ യാത്രാദുരിതവും തുടങ്ങി. 
കോരിച്ചൊരിയുന്ന മഴയില്‍ പുസ്തകക്കെട്ടും പേറി, സ്റ്റോപ്പില്‍ നിര്‍ത്താത്ത ബസുകള്‍ക്ക് പിറകെ ഓടുന്ന കാഴ്ച രണ്ടുമാസത്തെ ഇടവേളക്കുശേഷം തിരിച്ചുവരുന്നു. സ്കൂളുകള്‍ തുറക്കുംമുമ്പെ പല സ്കൂളുകളിലും എസ്.എസ്.എല്‍.സി, സ്പെഷല്‍ ക്ളാസുകള്‍ തുടങ്ങിയിരുന്നു. വിദ്യാര്‍ഥികളോടുള്ള ബസ് ജീവനക്കാരുടെ നിലപാടില്‍ ഈ അധ്യയനവര്‍ഷവും മാറ്റമില്ലെന്നാണ് സൂചനകള്‍. 
കഴിഞ്ഞദിവസം എരഞ്ഞിപ്പാലം ബസ്സ്റ്റോപ്പില്‍നിന്ന് കയറുമ്പോള്‍ പെട്ടെന്ന് മുന്നോട്ടെടുത്ത ബസില്‍നിന്ന് വിദ്യാര്‍ഥിനികള്‍ മറിഞ്ഞുവീണെങ്കിലും വന്‍ അപകടം തലനാരിഴക്ക് ഒഴിവായി. നിര്‍ത്താതെപോയ ബസിന്‍െറ നമ്പറുമായി മാറാട് കോടതിക്കുമുന്നിലെ പൊലീസിന് മുന്നിലെത്തിയ പെണ്‍കുട്ടികളെ ആദ്യംകണ്ട ബസില്‍ കയറ്റിവിട്ട് അവര്‍   തടിയൂരി. പൊലീസില്‍നിന്ന് അനുകൂല നടപടികളില്ലാത്തതാണ് വിദ്യാര്‍ഥികളുടെ യാത്രാദുരിതത്തിന് മുഖ്യകാരണം. 
മൊഫ്യൂസില്‍ ബസ്സ്റ്റാന്‍ഡില്‍ അടച്ചിട്ട ഡോറുകള്‍ തുറക്കുന്നതും കാത്ത് കോരിച്ചൊരിയുന്ന മഴയില്‍ നില്‍ക്കുന്ന വിദ്യാര്‍ഥികളുടെ നീണ്ടനിര രണ്ടുമാസം മുമ്പുവരെ പതിവുകാഴ്ചയായിരുന്നു. അതേസ്ഥിതി തുടരാതിരിക്കാന്‍ ഈവര്‍ഷവും കാരണമില്ല. ബസ് സ്റ്റാര്‍ട്ടാക്കിയാല്‍ മാത്രമേ കുട്ടികള്‍ വണ്ടിയില്‍ കയറാവൂ എന്നാണ് അലിഖിതനിയമം. 
മഴയിലോ വെയിലിലോ സഹികെട്ട് അകത്തുകയറിയാല്‍ പിന്നെ അസഭ്യവര്‍ഷമായിരിക്കും. മറ്റു യാത്രക്കാരെപ്പോലെ പൊലീസുകാരും കണ്ണടക്കുമ്പോള്‍ നിയമലംഘനം വര്‍ധിക്കുന്നു. ബസ് പാസഞ്ചേഴ്സ് ഗൈഡുമാര്‍ എന്ന പേരില്‍  യാത്രക്കാരെ സഹായിക്കാന്‍ സ്ഥാപിതമായ സംവിധാനവും വിദ്യാര്‍ഥികള്‍ക്ക് തുണയാവുന്നില്ല.
 പലപ്പോഴും കാര്യങ്ങള്‍ നിയമലംഘനം നടത്തുന്ന ഒരു വിഭാഗത്തിന് അനുകൂലമാവുന്നു. വിദ്യാര്‍ഥികളെ കയറ്റി സര്‍വീസ് നടത്തുന്ന ബസുകാര്‍ക്കും ഇവരുടെ നടപടികള്‍ മാനക്കേടുണ്ടാക്കുന്നു. 
സ്കൂളുകള്‍ക്ക് സമീപത്തെ സ്റ്റോപ്പുകളില്‍ പൊലീസുകാരുണ്ടെങ്കിലേ ബസ് നിര്‍ത്തൂ എന്നാണ് സ്ഥിതി. ക്രിസ്ത്യന്‍കോളജ്, ഇംഗ്ളീഷ്പള്ളി, നടക്കാവ്, കാരപ്പറമ്പ്, വെസ്റ്റ്ഹില്‍ തുടങ്ങി പല സ്റ്റോപ്പുകളും സ്കൂള്‍നേരങ്ങളില്‍ ഒഴിവാക്കുന്ന ബസുകള്‍  നിരവധിയാണ്. 
 നഗരത്തിനുപുറത്ത് വിവിധ ഭാഗങ്ങളിലേക്ക് പോകേണ്ട സിറ്റി ബസുകളല്ലാത്തവ നിശ്ചിത എണ്ണത്തിലധികം കുട്ടികളെ മാത്രമേ കയറ്റൂ എന്ന ശാഠ്യത്തിലാണ്. ഇതിനാല്‍, വിദ്യാര്‍ഥികള്‍ വീടുകളിലും സ്കൂളുകളിലുമെത്താന്‍ ഏറെ സമയമെടുക്കുന്നു. വിദ്യാര്‍ഥികളുടെ നിരക്ക് ആനുപാതികമായി കൂടിയിട്ടും  സമീപനത്തില്‍ മാറ്റമുണ്ടായിട്ടില്ല.

തൊഴില്‍ പരിശോധനക്ക് മന്ത്രാലയത്തിന് പ്രത്യേക പദ്ധതി

Posted: 02 Jun 2013 11:48 PM PDT

Image: 
റിയാദ്: തൊഴിലാളികളുടെ രേഖകള്‍ നിയമവിധേയമാക്കുന്നതിനുള്ള ഇളവുകാലം അവസാനിക്കുന്നതോടെ പരിശോധന ശക്തമാക്കാന്‍ തൊഴില്‍ മന്ത്രാലയം പദ്ധതി തയാറാക്കുന്നു. സ്ഥാപനങ്ങളില്‍ നിയമവിരുദ്ധ തൊഴിലാളികള്‍ ഇല്ലെന്ന് ഉറപ്പുവരുത്താന്‍ ദേശീയ റിക്രൂട്ടിങ് കമീഷനുമായി ചേര്‍ന്ന് പരിശോധന ശക്തമാക്കാനുള്ള പദ്ധതിക്കാണ് മന്ത്രാലയം രൂപംനല്‍കിയത്. 
ഇതിന്‍െറ ഭാഗമായി കമ്പനികള്‍ക്കും തൊഴിലാളികളെ ലഭ്യമാക്കുന്ന റിക്രൂട്ട്മെന്‍റ് സ്ഥാപനങ്ങള്‍ക്കും കമ്മിറ്റി കത്ത് കൈമാറിയതായാണ് വിവരം. തൊഴിലാളികള്‍ക്ക് പ്രത്യേക തിരിച്ചറിയല്‍ കാര്‍ഡ് വേണമെന്ന് കമ്മിറ്റി ആവശ്യപ്പെട്ടിട്ടുണ്ട്. തൊഴിലാളിയുടെ പേര്, ഇഖാമ നമ്പര്‍, തൊഴില്‍ സ്ഥാപനത്തിന്‍െറ പേര് തുടങ്ങിയവ തിരിച്ചറിയല്‍ കാര്‍ഡില്‍ രേഖപ്പെടുത്തണം. തൊഴിലാളി സ്ഥാപനത്തിന്‍െറ സ്പോണ്‍സര്‍ഷിപില്‍ തന്നെയുള്ള വ്യക്തിയാണോ എന്ന് തിരിച്ചറിയാനാണിത്. തൊഴിലാളികള്‍ക്ക് രേഖകള്‍ നിയമവിധേയമാക്കാന്‍ അനുവദിച്ച ഇളവുകാലം ജൂലൈ മൂന്നിന് അവസാനിക്കാനിരിക്കെയാണ് അനധികൃത തൊഴിലാളികള്‍ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നില്ലെന്ന് ഉറപ്പുവരുത്താന്‍ പരിശോധന സംവിധാനം ശക്തമാക്കുന്നത്. 
സര്‍ക്കാര്‍-സ്വകാര്യ മേഖലയില്‍ സേവനത്തിന് തൊഴിലാളികളെ വിട്ടുകൊടുക്കുന്ന റിക്രൂട്ടിങ് കമ്പനികളോടും തങ്ങളുടെ തൊഴിലാളികളെ സംബന്ധിച്ച് കൃത്യമായ വിവരങ്ങളടങ്ങുന്ന തിരിച്ചറിയല്‍ കാര്‍ഡ് ലഭ്യമാന്‍ നിര്‍ദേശിച്ചു. 
തൊഴില്‍ രേഖകള്‍ നിയമവിധേയമാണെന്ന് ഉറപ്പുവരുത്തുന്നതിന്‍െറ ഭാഗമായി സ്ഥാപനങ്ങളില്‍ വ്യാപകമായി തെരച്ചില്‍ നടപടികള്‍ക്ക് തുടക്കം കുറിച്ചത് തൊഴില്‍ മേഖലയെ പ്രതികൂലമായി ബാധിച്ചതിനെ തുടര്‍ന്നാണ് മൂന്ന് മാസക്കാലം തെരച്ചില്‍ നിര്‍ത്തിവെക്കാനും അതിനിടയില്‍ രേഖകള്‍ നിയമവിധേയമാക്കാനും രാജവിജ്ഞാപന പ്രകാരം ഇളവ് അനുവദിച്ചത്. ഇത് ജൂലൈ മൂന്നിന് (ശഅ്ബാന്‍ 24) അവസാനിക്കുന്നതോടെ വീണ്ടും തെരച്ചില്‍ നടപടികള്‍ ശക്തമാക്കുന്നതിനുള്ള ഒരുക്കങ്ങളാണ് തൊഴില്‍ മന്ത്രാലയം നടത്തുന്നത്. ഇതുമായി ബന്ധപ്പെട്ട് മന്ത്രാലയം ഇതിനകം മുന്നറിയിപ്പുകള്‍ നല്‍കിയിട്ടുണ്ട്. 
പിടിക്കപ്പെടുന്ന തൊഴിലുടമക്കും തൊഴിലാളിക്കുമെതിരെ രണ്ടു വര്‍ഷം തടവും ലക്ഷം റിയാല്‍ പിഴയുമുള്‍പ്പെടെയുള്ള ശിക്ഷയുണ്ടാകുമെന്ന് തൊഴില്‍ മന്ത്രാലയും ആഭ്യന്തര മന്ത്രാലയവും സംയുക്തമായി പുറത്തിറക്കിയ മാര്‍ഗരേഖയിലും വ്യക്തമാക്കി. ജൂലൈ മൂന്നിന് ശേഷം ഇളവുകാലയളവ് നീട്ടി നല്‍കുന്നതിനെക്കുറിച്ച് ഒരു സൂചനയും ലഭിച്ചിട്ടില്ലെന്നും ഇക്കാര്യത്തില്‍ അന്തിമ തീരുമാനമുണ്ടാകേണ്ടത് രാജവിജ്ഞാപനത്തിന്‍െറ അടിസ്ഥാനത്തിലാണെന്നും കഴിഞ്ഞ ദിവസം മന്ത്രാലയ വൃത്തങ്ങള്‍ വെളിപ്പെടുത്തിയിരുന്നു. അതേസമയം, ലക്ഷക്കണക്കിന് തൊഴിലാളികളുടെ രേഖകള്‍ നിയമവിധേയമാക്കാന്‍ അനുവദിച്ച സമയം അപര്യാപ്തമാണെന്നും നീട്ടിനല്‍കണമെന്നും വിവിധ കേന്ദ്രങ്ങളില്‍നിന്ന് അഭിപ്രായവും ആവശ്യവും ശക്തമായി. 

സജ വ്യവസായ മേഖലയില്‍ വന്‍ തീപിടിത്തം

Posted: 02 Jun 2013 11:36 PM PDT

Image: 
ദുബൈ: ഷാര്‍ജക്കടുത്ത സജ വ്യവസായ മേഖലയില്‍ വന്‍ തീപിടിത്തം. ഞായറാഴ്ച രാത്രി എട്ടേ മുക്കാലോടെയാണ് സജ വ്യവസായ മേഖലയിലെ കെമിക്കല്‍ കമ്പനിയില്‍ തീപിടിത്തമുണ്ടായത്. ഇഖ്മ സൂപ്പര്‍മാര്‍ക്കറ്റിന് സമീപത്തെ കമ്പനിയിലാണ് തീ പടര്‍ന്നത്. തീ പടര്‍ന്ന് പിടിച്ചതോടെ ആര്‍ക്കും കമ്പനിക്ക് സമീപത്തേക്ക് അടുക്കാനായില്ല. ഷാര്‍ജയില്‍ നിന്നും മറ്റും എത്തിയ നിരവധി സിവില്‍ ഡിഫന്‍സ് യൂനിറ്റുകള്‍ തീ കെടുത്താനുള്ള ശ്രമം ഊര്‍ജിതമായി നടത്തിവരികയാണ്. തീ കെടുത്തുന്നതിന് ദുബൈയില്‍ നിന്നും മറ്റ് എമിറേറ്റുകളില്‍ നിന്നും ഫയര്‍ എന്‍ജിനുകള്‍ സജയിലേക്ക് പോയിട്ടുണ്ട്. രണ്ട് മണിക്കൂറിന് ശേഷം രാത്രി 11 മണിയോടെയാണ് തീ ഏതാണ്ട് നിയന്ത്രണ വിധേയമായത്. രാത്രിയും തീ കെടുത്താനുള്ള ശ്രമങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണ്. നാല് തൊഴിലാളികളെ ആശുപത്രിയിലേക്ക് മാറ്റിയതായാണ് വിവരം. അല്‍ ഖാസിമി, കുവൈത്ത്, ദൈദ് ആശുപത്രികളിലാണ് പരിക്കേറ്റവരെ പ്രവേശിപ്പിച്ചിരിക്കുന്നത്. തീപിടിത്തം അറിഞ്ഞ് എത്തിയ ഫയര്‍ഫോഴ്സിനും മറ്റും ആദ്യം കമ്പനിക്ക് അടുത്തേക്ക് അടുക്കാനായില്ല. അകലെ നിന്ന് വെള്ളം ഒഴിച്ച് തീ കെടുത്താനാണ് ആദ്യം ശ്രമിച്ചത്. രണ്ട് മണിക്കൂറോളം ശ്രമിച്ചതിന് ശേഷമാണ് കമ്പനിക്ക് സമീപത്തേക്ക് അടുക്കാന്‍ സാധിച്ചത്. നിരവധി ഫര്‍ണിച്ചര്‍ കമ്പനികളും ലേബര്‍ ക്യാമ്പും ഈ പ്രദേശത്തുണ്ട്. തീപിടിത്തത്തിന് കാരണമോ നാശനഷ്ടമോ വ്യക്തമായിട്ടില്ല. സംഭവ സ്ഥലം പൊലീസ് ബന്തവസ്സിലാക്കിയിട്ടുണ്ട്. ആരെയും കയറ്റിവിടുന്നില്ല. 

No comments:

Post a Comment

english malayalam dictionary

വിരുന്നുകാര്...

poomottu

Dsgd: by ASLAM PADINHARAYIL

Back to TOP