സ്വാഗതം
WELCOME

News Update..

Thursday, June 27, 2013

മുസ്ലിം ഉന്നമനത്തിന് ‘ബി.ജെ.പി ചാര്‍ട്ടര്‍’ Madhyamam News Feeds

മുസ്ലിം ഉന്നമനത്തിന് ‘ബി.ജെ.പി ചാര്‍ട്ടര്‍’ Madhyamam News Feeds

Link to

മുസ്ലിം ഉന്നമനത്തിന് ‘ബി.ജെ.പി ചാര്‍ട്ടര്‍’

Posted: 27 Jun 2013 12:53 AM PDT

Image: 

ന്യൂദല്‍ഹി: ‘മതേതര പ്രതിബദ്ധത’ തെളിയിക്കാന്‍ മുസ്ലിംകളുടെ സമഗ്രവികസനത്തിനുള്ള പദ്ധതിരേഖ തയാറാക്കുമെന്ന് ബി.ജെ.പി അറിയിച്ചു. നരേന്ദ്ര മോഡിയെ ഉയര്‍ത്തിക്കാണിച്ചതോടെ മുഖ്യധാരയില്‍നിന്ന് ഒറ്റപ്പെട്ട ബി.ജെ.പി, മുസ്ലിം വോട്ട് ബാങ്ക് ഭിന്നിപ്പിക്കാനാണ് ‘ന്യൂനപക്ഷ ചാര്‍ട്ടറു’മായി തെരഞ്ഞെടുപ്പിനിറങ്ങുന്നതെന്ന് വിലയിരുത്തപ്പെടുന്നു. ‘ന്യൂനപക്ഷ ശാക്തീകരണത്തിന്   ദര്‍ശന രേഖ’ എന്ന പേരിലുള്ള ചാര്‍ട്ടര്‍ തയാറാക്കാന്‍ പാര്‍ട്ടി അധ്യക്ഷന്‍ രാജ്നാഥ് സിങ് വൈസ് പ്രസിഡന്‍റ് മുഖ്താര്‍ അബ്ബാസ് നഖ്വി അധ്യക്ഷനായി  സമിതിയെ നിയോഗിച്ചു. ബി.ജെ.പി വക്താവ് സയ്യിദ് ഷാനവാസ് ഹുസൈന്‍, ബി.ജെ.പി ന്യൂനപക്ഷ മോര്‍ച്ച പ്രസിഡന്‍റ് അബ്ദുല്‍ റശീദ് അന്‍സാരി എന്നിവര്‍ സമിതി അംഗങ്ങളാണ്.
നരേന്ദ്ര മോഡിയെ കാണിച്ച് മുസ്ലിംകളെ പേടിപ്പിച്ച് കോണ്‍ഗ്രസ് നടത്തുന്ന പ്രചാരണത്തോടെ പാര്‍ട്ടി ഹിന്ദുത്വ കക്ഷിയായി ഒറ്റപ്പെടുമെന്നും ന്യൂനപക്ഷവോട്ടുകള്‍ ഒന്നടങ്കം കോണ്‍ഗ്രസില്‍ കേന്ദ്രീകരിക്കുമെന്നും മുന്നില്‍ക്കണ്ട് മുസ്ലിം വോട്ട് ബാങ്ക് ഭിന്നിപ്പിക്കാന്‍ ഉദ്ദേശിച്ചാണ് ബി.ജെ.പി പദ്ധതി തയാറാക്കുന്നത്. ‘ദര്‍ശന രേഖ’ അടുത്ത പൊതുതെരഞ്ഞെടുപ്പിനുമുമ്പ് ന്യൂനപക്ഷങ്ങളിലെത്തിക്കുമെന്ന് സമിതി അധ്യക്ഷന്‍ മുഖ്താര്‍ അബ്ബാസ് നഖ്വി വ്യക്തമാക്കി. മതപണ്ഡിതരുമായി കൂടിയാലോചിച്ചാണ് രേഖ തയാറാക്കുകയെന്ന് നഖ്വി തുടര്‍ന്നു.  ‘യഥാര്‍ഥ ന്യൂനപക്ഷ വികസനം’ ലക്ഷ്യം വെക്കുന്ന ബി.ജെ.പി രേഖ ന്യൂനപക്ഷങ്ങളുടെ പേരില്‍ നടത്തുന്ന  മതേതര കാപട്യം തുറന്നുകാണിക്കുമെന്നും നഖ്വി അവകാശപ്പെട്ടു.
ഗുജറാത്ത് വംശഹത്യക്കുള്ള പ്രായശ്ചിത്തമാണോ ഇതെന്ന് ചോദിച്ചപ്പോള്‍ ഏതെങ്കിലും സമുദായത്തോടുള്ള ക്ഷമാപണമോ പ്രീണനമോ അല്ലെന്നായിരുന്നു നഖ്വിയുടെ പ്രതികരണം. മോഡിയുടെ ഗുജറാത്ത് വംശഹത്യയും വ്യാജ ഏറ്റുമുട്ടലുകളും പ്രചരിപ്പിച്ചാല്‍ ഭീകരത ആരോപിച്ചുള്ള മുസ്ലിം വേട്ട കോണ്‍ഗ്രസിനെതിരെ തിരിച്ച് പ്രയോഗിക്കുമെന്ന സൂചന കൂടിയാണ് ബി.ജെ.പി നല്‍കുന്നത്. ‘ഭീകരരാണെന്ന സങ്കല്‍പം സൃഷ്ടിച്ച് മുസ്ലിംകളെ അരക്ഷിതബോധത്തിലാക്കിയിരിക്കുകയാണ്. മഹാരാഷ്ട്ര, ദല്‍ഹി, ആന്ധ്രപ്രദേശ്, ഉത്തര്‍പ്രദേശ് സംസ്ഥാനങ്ങളില്‍ മുസ്ലിം യുവാക്കളെ അറസ്റ്റ് ചെയ്തതാണ് അവര്‍ ഭീകരരാണെന്ന സങ്കല്‍പം സൃഷ്ടിച്ചത്. മുസ്ലിം വേട്ട കാര്യമായും നടന്നത്  കോണ്‍ഗ്രസും മറ്റു ബി.ജെ.പി ഇതര പാര്‍ട്ടികളും ഭരിക്കുന്ന സംസ്ഥാനങ്ങളിലാണ്. ആദ്യം അറസ്റ്റ് ചെയ്യുക, പിന്നീട് നിരപരാധികളാണെന്ന് പറയുക. ഇതാണ് മുസ്ലിം സമുദായത്തില്‍ അരക്ഷിതബോധം വളര്‍ത്തിയത്. ഈ കാപട്യം രേഖ തുറന്നുകാണിക്കും’’-നഖ്വി പറഞ്ഞു.
ഹജ്ജ്, മുസ്ലിം സംവരണം, ഉര്‍ദു, വഖഫ് തുടങ്ങി പരമ്പരാഗത മുസ്ലിം പ്രശ്നങ്ങളിലല്ല ബി.ജെ.പി രേഖ കേന്ദ്രീകരിക്കുകയെന്ന് നഖ്വി തുറന്ന് പറഞ്ഞു. മുസ്ലിം വോട്ടുബാങ്കില്‍ നിന്ന് ശിയാ വിഭാഗത്തെ അടര്‍ത്തിയെടുക്കാനുള്ള പാര്‍ട്ടി തന്ത്രത്തിന്‍െറ ഭാഗമാണിതെന്ന് കരുതപ്പെടുന്നു. ഈ വിഷയങ്ങളില്‍ സുന്നി വിഭാഗങ്ങളില്‍ നിന്ന് വ്യത്യസ്തമായ സമീപനമാണ് ശിയാക്കള്‍ക്കുള്ളത്. അതേസമയം, ശിയാക്കളെ കൂടി ബാധിച്ച ഭീകരവേട്ട ബി.ജെ.പിയും ഏറ്റെടുക്കുമെന്നും നഖ്വി വ്യക്തമാക്കിയിട്ടുണ്ട്.
ഉത്തര്‍പ്രദേശില്‍ നിന്നുള്ള ശിയാ നേതാവായ നഖ്വി സുന്നീ വഖഫ് ബോര്‍ഡിന് കീഴിലുള്ള ബാബരി മസ്ജിദ് തര്‍ക്കത്തില്‍ ലഖ്നോയിലെ വലിയൊരു വിഭാഗം ശിയാക്കളെക്കൊണ്ട് ബി.ജെ.പി അനുകൂല നിലപാട് എടുപ്പിച്ചിരുന്നു. ഉത്തര്‍പ്രദേശില്‍ സുന്നികള്‍ക്കും ശിയാക്കള്‍ക്കും വെവ്വേറെ വഖഫ് ബോര്‍ഡുകളായതിനാല്‍ ഇരുകൂട്ടരുടെയും വഖഫ് താല്‍പര്യങ്ങളും വ്യത്യസ്തമാണ്. മുസ്ലിം സംവരണത്തിലും കുടുതല്‍ ആനുകൂല്യം ലഭിക്കുക സുന്നികള്‍ക്കായിരിക്കുമെന്ന ധാരണ ശിയാക്കളിലുണ്ട്. ഇതിനെയും തങ്ങള്‍ക്ക് അനുകൂലമാക്കി മാറ്റാന്‍ ബി.ജെ.പിക്ക് കഴിയും. പുതിയ തന്ത്രത്തിന്‍െറ ടെസ്റ്റ് ഡോസ് എന്ന നിലയില്‍ ന്യൂദല്‍ഹി താല്‍ക്കത്തോറ സ്റ്റേഡിയത്തില്‍ ബി.ജെ.പി നടത്തിയ റാലിക്ക് പിന്നിലും നഖ്വിയും അദ്ദേഹത്തിന്‍െറ വലംകൈയായ യുവ ശിയാ നേതാവുമായിരുന്നു. വന്‍തോതില്‍ മുസ്ലിം സ്ത്രീകളെയടക്കം റാലിക്കെത്തിക്കാന്‍ കഴിഞ്ഞതും ശിയാ ബന്ധങ്ങളിലൂടെയാണ്.

ചെറുമല താഴ്വാരത്ത് കാട്ടാനകള്‍ വീണ്ടുമിറങ്ങി

Posted: 27 Jun 2013 12:12 AM PDT

മുണ്ടൂര്‍: ചെറുമലയുടെ താഴ്വാര പ്രദേശങ്ങളില്‍ കാട്ടാനക്കൂട്ടത്തിന്‍െറ തേര്‍വാഴ്ച വീണ്ടും. കൃഷിനാശം വ്യാപകമായുണ്ട്. ഒടുവങ്ങാടും പരിസര പ്രദേശങ്ങളിലുമാണ് ഒരു കൊമ്പനും രണ്ടാനകളും ജനവാസമേഖലയിലിറങ്ങി കൃഷി നശിപ്പിച്ചത്.
വന്യമൃഗശല്യം തടയാന്‍ സ്ഥാപിച്ച പ്രതിരോധ വേലി ചവിട്ടി മറിച്ചാണ് ആനകള്‍ നാട്ടിലിറങ്ങിയത്. മോഴിക്കുന്നത്ത് ദമയന്തി, പ്രകാശന്‍ എന്നിവരുടെ കായ്ഫലമുള്ള തെങ്ങും ഫലവൃക്ഷങ്ങളും കാട്ടാനകള്‍ പിഴുതിട്ടു. കനത്ത മഴയിലും കാട്ടാനകള്‍ ജനവാസമേഖലയില്‍ വിഹരിക്കുകയാണ്. ചൊവ്വാഴ്ച അര്‍ധരാത്രി കാടിറങ്ങി വന്ന ആനക്കൂട്ടത്തെ നാട്ടുകാര്‍ സംഘടിച്ച് പാട്ടകൊട്ടിയും പടക്കം പൊട്ടിച്ചും വനമേഖലയിലേക്ക് തിരിച്ചുവിട്ടു.

മണിപ്പാല്‍ കൂട്ടബലാത്സംഗം: രണ്ടു പേര്‍ പിടിയില്‍

Posted: 26 Jun 2013 11:47 PM PDT

Image: 

മംഗലാപുരം: മണിപ്പാലില്‍ മലയാളി മെഡിക്കല്‍ വിദ്യാര്‍ഥിനി കൂട്ടബലാത്സംഗത്തിനിരയായ സംഭവത്തില്‍ രണ്ടു പേരെ പൊലീസ് അറസ്റ്റ് ചെയ്തു. മംഗാലാപുരം ഇരിയടുക്ക സ്വദേശികളായ ഹരീഷ്, യോഗേഷ് എന്നിവരാണ് പിടിയിലായത്. ഹരീഷിനെ പൊലീസ് ചോദ്യം ചെയ്യുകയാണ്. അറസ്റ്റിലായ യോഗേഷ് വിഷം കഴിച്ച് ആത്മഹത്യക്കു ശ്രമിച്ചതിനെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയിലാണ്. മൂന്നാം പ്രതി ആനന്ദിനു വേണ്ടി തെരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്. ഇയാള്‍ ഗോവയിലുണ്ടെന്നാണ് പൊലീസ് സംശയിക്കുന്നത്.

സംഭവം കഴിഞ്ഞ് ആറു ദിവസത്തിനു ശേഷമാണ് പ്രതികളെ പിടികൂടിയത്. വിദ്യാര്‍ഥിനിയെ തട്ടിക്കൊണ്ടുപോയ ഓട്ടോറിക്ഷ പോലും കണ്ടെത്താനാവാത്തത് കടുത്ത പ്രതിഷേധത്തിനിടയാക്കിയിരുന്നു. പ്രതികളെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് പൊലീസും സര്‍വകലാശാല അധികൃതരും ഇനാം പ്രഖ്യാപിച്ചിരുന്നു.

മുഖ്യപ്രതിയുടെ രേഖാചിത്രവും സംഭവ ദിവസം രാത്രി പതിനൊന്നരയോടെ കസ്തൂര്‍ബാ മെഡിക്കല്‍ കോളജ് ലൈബ്രറിക്ക് മുന്നിലൂടെ ഓട്ടോറിക്ഷ കടന്നുപോകുന്ന ദൃശ്യങ്ങളും പൊലീസ് കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. ഇതേതുടര്‍ന്ന് കര്‍ണാടകയില്‍ നിന്നും കേരളത്തില്‍ നിന്നുമായി നിരവധി പേര്‍ പൊലീസുമായി ബന്ധപ്പെട്ടിരുന്നു. 7000ത്തോളം ഓട്ടോറിക്ഷകളെക്കുറിച്ചുള്ള വിവരങ്ങള്‍ പൊലീസ് ശേഖരിച്ച് പരിശോധിച്ചു. ഉഡുപ്പി എസ്.പി ബോറലിംഗഗൗഡയുടെ നേതൃത്വത്തിലുള്ള എട്ട് സംഘങ്ങളാണ് കേസ് അന്വേഷിക്കുന്നത്.

വന്യമൃഗങ്ങള്‍ നാട്ടിലിറങ്ങുന്നു; പ്രതിരോധ പ്രവൃത്തികള്‍ പ്രഖ്യാപനത്തിലൊതുങ്ങി

Posted: 26 Jun 2013 11:46 PM PDT

സുല്‍ത്താന്‍ ബത്തേരി: വന്യജീവി ശല്യം നേരിടാന്‍ സര്‍ക്കാര്‍ 10 കോടി രൂപ ബജറ്റില്‍ വകയിരുത്തിയെങ്കിലും പ്രവൃത്തികള്‍ പ്രഖ്യാപനത്തിലൊതുങ്ങി. വയനാട് വന്യജീവികേന്ദ്രത്തില്‍നിന്ന് വനാതിര്‍ത്തിയിലെ പ്രതിരോധ നടപടികള്‍ക്ക് ശിപാര്‍ശകള്‍ അയച്ചിട്ടുണ്ടെങ്കിലും ബജറ്റ് പ്രഖ്യാപനവുമായി ബന്ധപ്പെട്ട് പദ്ധതികള്‍ സമര്‍പ്പിക്കാന്‍ നിര്‍ദേശങ്ങളുണ്ടായിട്ടില്ലെന്ന് വയനാട് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ റോയി പി. തോമസ് പറഞ്ഞു.
വയനാടന്‍ വനാതിര്‍ത്തി പ്രദേശങ്ങള്‍ ഒന്നടങ്കം ഇപ്പോള്‍ വന്യജീവി ഭീതിയിലാണ്. കാലവര്‍ഷമായതോടെ ശല്യം വര്‍ധിച്ചു. വനാതിര്‍ത്തികളില്‍ നിര്‍മിച്ച വൈദ്യുതി കമ്പിവേലികള്‍ പലതും പ്രവര്‍ത്തനരഹിതമാണ്. നിര്‍മാണത്തിലെ അശാസ്ത്രീയതയും അറ്റകുറ്റപ്പണി മുടങ്ങിയതുമാണ് കാരണം. വനം വകുപ്പ് നേരിട്ടും പഞ്ചായത്തുകള്‍ തൊഴിലുറപ്പ് പദ്ധതിയിലും നിര്‍മിച്ച കിടങ്ങുകള്‍ മിക്കയിടങ്ങളിലും പാതി നികന്നു. കിടങ്ങുകള്‍ നിരത്തി കാട്ടാനകള്‍ യഥേഷ്ടം നാട്ടിലിറങ്ങുകയാണ്. അതേസമയം, ബത്തേരി-പുല്‍പള്ളി സംസ്ഥാന പാതയോരത്ത് ഏതാണ്ട് ഒന്നര കി. മീ. നീളമുള്ള കല്‍മതില്‍ വന്യജീവികളെ ഫലപ്രദമായി തടയാമെന്ന് തെളിയിച്ച് നിലനില്‍ക്കുന്നുണ്ട്.
വര്‍ഷങ്ങളായി മതിലിന് കേടുപാടുകളൊന്നും സംഭവിച്ചിട്ടുമില്ല. വന്യജീവികള്‍ മൂലം കോടിക്കണക്കിന് രൂപയുടെ കാര്‍ഷികനഷ്ടമാണ് ഓരോ വര്‍ഷവും വയനാട്ടിലുണ്ടാവുന്നത്. ബത്തേരി ടൗണ്‍ അടക്കം വനാതിര്‍ത്തി മേഖല ആനപ്പേടിയിലാണ്. പൂതാടി പഞ്ചായത്തിലെ വാകേരി, രണ്ടാം നമ്പര്‍, തേന്‍കുഴി, ബത്തേരി പഞ്ചായത്തിലെ പഴുപ്പത്തൂര്‍, കട്ടയാട്, മുള്ളന്‍കുന്ന്, സത്രംകുന്ന്, കോട്ടക്കുന്ന്, കുപ്പാടി തുടങ്ങി പുല്‍പള്ളി വരെയും നൂല്‍പുഴ പഞ്ചായത്തും വന്യജീവി ആക്രമണ ഭീഷണിയിലാണ്.

ആസ്ട്രേലിയന്‍ പ്രധാനമന്ത്രിയായി കെവിന്‍ റഡ് സ്ഥാനമേറ്റു

Posted: 26 Jun 2013 11:37 PM PDT

Image: 

മെല്‍ബണ്‍:പാര്‍ട്ടി തെരഞ്ഞെടുപ്പില്‍ ജൂലിയ ഗില്ലാര്‍ഡിനെ പിന്തള്ളി ലേബര്‍ പാര്‍ട്ടിയുടെ മുന്‍ നിര നേതാവ് കെവിന്‍ റെഡ് പ്രധാനമന്ത്രി സ്ഥാനത്തേക്ക്. വ്യാഴാഴ്ച രാവിലെ കാന്‍ബറയില്‍ നടന്ന ലളിതമായ ചടങ്ങില്‍ അദ്ദേഹം പ്രധാനമന്ത്രിയായി സത്യപ്രതിഞ്ജ ചെയ്തു. അന്തോണി ആല്‍ബനീസ് ഉപപ്രധാനമന്ത്രിയായും ക്രിസ് ബോവന്‍ ട്രഷററായും ചുമതലയേറ്റു.
ഉണര്‍വ്വോടെയും ലക്ഷ്യബോധത്തോടെയുമാണ് വീണ്ടും പ്രവര്‍ത്തന മണ്ഡലത്തിലേക്കിറങ്ങുന്നതെന്ന്  അദ്ദേഹം പാര്‍ലമെന്‍്റില്‍ പറഞ്ഞു. സഹജീവികളാണെന്ന ബോധത്തോടെ പരസ്ചപരം ബഹുമാനിച്ചും സ്നേഹിച്ചും മുന്നോട്ട് നീങ്ങണമെന്ന് സഹരപവര്‍ത്തകരോട് ആവശ്യപ്പെട്ടു.

ബുധനാഴ്ച നടന്ന പാര്‍ട്ടി തെരഞ്ഞെടുപ്പില്‍ കെവിന് 57 വോട്ട് ലഭിച്ചപ്പോള്‍ ഗില്ലാര്‍ഡിന് 45 വോട്ടാണ് ലഭിച്ചത്. 2010ല്‍ പ്രധാനമന്ത്രിയായിരുന്ന കെവിന്‍ റഡിനെ വീഴ്ത്തിയാണ് ജൂലിയ ഗില്ലാര്‍ഡ് രാജ്യത്തെ ആദ്യ വനിതാ പ്രധാനമന്ത്രിയായത്. തുടര്‍ന്ന് റഡിന് തന്‍െറ മന്ത്രിസഭയില്‍ വിദേശകാര്യവകുപ്പ് നല്‍കി. തനിക്ക് പ്രധാനമന്ത്രിയുടെ പിന്തുണയുണ്ടെന്ന് കരുതുന്നില്ലെന്നു പറഞ്ഞുകൊണ്ട് അദ്ദേഹം 2012ല്‍ ഈ സ്ഥാനമൊഴിഞ്ഞു.
 സെപ്റ്റംബറില്‍ രാജ്യത്ത് പൊതുതെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് പ്രധാനമന്ത്രി സ്ഥാനത്തേക്ക് കെവിന്‍ തിരിച്ചുവരുന്നത്. എന്നാല്‍,  തെരഞ്ഞെടുപ്പില്‍ ലേബര്‍ പാര്‍ട്ടിക്ക് വിജയസാധ്യതയില്ലെന്നാണ് അഭിപ്രായസര്‍വേകള്‍ നല്‍കുന്ന സൂചന.
 

അനാസ്ഥ: നഗരസഭക്ക് കോടികളുടെ സഹായം നഷ്ടമായെന്ന് റിപ്പോര്‍ട്ട്

Posted: 26 Jun 2013 11:26 PM PDT

കോഴിക്കോട്: വേണ്ട സമയത്ത് നടപടിയെടുക്കാത്തതിനാല്‍ നഗരസഭക്ക് രണ്ട് കോടിയിലേറെ രൂപയുടെ സഹായം നഷ്ടപ്പെട്ടതായി സംസ്ഥാന സര്‍ക്കാറിന്‍െറ ലോക്കല്‍ ഫണ്ട് ഓഡിറ്റ് റിപ്പോര്‍ട്ട്. 2010-11 സാമ്പത്തിക വര്‍ഷത്തെ ഓഡിറ്റ് റിപ്പോര്‍ട്ടിലാണ് ഇത്തരം നിരവധി പരാമര്‍ശങ്ങള്‍ ഉള്ളത്. എം. ഭാസ്കരനും 2010 നവംബര്‍ ഒമ്പത്മുതല്‍ പ്രഫ. എ.കെ. പ്രേമജവും മേയര്‍മാരായ കാലത്തെ കണക്കുകളാണ് പുറത്തുവന്നത്.
കേന്ദ്ര സര്‍ക്കാറിന്‍െറ നഗര വികസന മന്ത്രാലയം 2011 ഫെബ്രുവരി മാസം രാജ്യത്തെ തെരഞ്ഞെടുത്ത 20 നഗരങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ സര്‍വീസ് ലെവല്‍ ബെഞ്ച് മാര്‍ക്ക് (എസ്.എല്‍.ബി) എന്ന പദ്ധതിയില്‍ 1.15 കോടി കേന്ദ്ര സഹായം നഷ്ടമായെന്ന് റിപ്പോര്‍ട്ടിലുണ്ട്. കുടിവെള്ള വിതരണം, മലിനജല നിര്‍മാര്‍ജനം തുടങ്ങിയ വിവിധ മേഖലകളില്‍ അഭിവൃദ്ധിയുണ്ടാക്കാനുള്ള പദ്ധതിയാണിത്. 2009 മേയ് മാസം ഇതിനായി കമ്മിറ്റി രൂപവത്കരിച്ചെങ്കിലും തുടര്‍ പ്രവര്‍ത്തനം കാര്യമായി നടന്നില്ല. 2010 ഏപ്രില്‍ 30നകം കര്‍മപദ്ധതി തയാറാക്കി  സമര്‍പ്പിക്കേണ്ടിയിരുന്നുവെങ്കിലും സെപ്റ്റംബര്‍ 14നാണ് സമര്‍പ്പിച്ചതെന്നും അപ്പോഴേക്കും ഒന്നാം ഗഡു ഗ്രാന്‍ഡ് വിനിയോഗിക്കാനുള്ള കാലാവധി കഴിഞ്ഞിരുന്നുവെന്നും റിപ്പോര്‍ട്ടിലുണ്ട്.
മെഡി. കോളജിലെത്തുന്ന രോഗികള്‍ക്കും കൂടെയുള്ളവര്‍ക്കും സര്‍ക്കാര്‍ നടപ്പിലാക്കിത്തുടങ്ങിയ ‘വിശപ്പുനഗരം’ പദ്ധതിയില്‍ യഥാസമയം നടപടിയെടുക്കാത്തതിനാല്‍ ഒരു കോടി രൂപയുടെ ധനസഹായം നഷ്ടപ്പെടുത്തിയതായും അഴിമതി വിരുദ്ധ കാമ്പയിന്‍ കമ്മിറ്റി പ്രവര്‍ത്തകനായ കെ.പി. വിജയകുമാറിന് വിവരാവകാശ നിയമ പ്രകാരം ലഭിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. പദ്ധതി തുടര്‍ന്ന് നടപ്പാക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയെങ്കിലും മേല്‍ക്കമ്മിറ്റി തുടര്‍ നടപടികളെടുത്തില്ല.
കോര്‍പറേഷന്‍ ഇ.എം.എസ് സ്റ്റേഡിയത്തില്‍ ഫ്ളഡ് ലൈറ്റ് സൗകര്യം ഏര്‍പ്പെടുത്താന്‍ ഹഡ്കോയില്‍നിന്ന് വായ്പയെടുത്തതില്‍ ദീര്‍ഘവീക്ഷണമില്ലായ്മ മൂലം നഗരസഭക്ക് വെറുതെ ബാധ്യത വന്നു.
പലിശയടക്കം ഇതിനകം 1.44 കോടി  രൂപ അടച്ചുകഴിഞ്ഞെങ്കിലും ഗ്രാന്‍ഡ് സ്റ്റാന്‍ഡ് ഉള്‍പ്പെടെ അടിസ്ഥാന സൗകര്യങ്ങള്‍ തയാറാക്കാന്‍ പറ്റാത്തതിനാല്‍ അന്താരാഷ്ട്ര-ദേശീയ നിലവാരത്തിലുള്ള മത്സരങ്ങള്‍ സ്റ്റേഡിയത്തില്‍ നടത്താനായില്ല. അതിനാല്‍ ഫ്ളഡ് ലൈറ്റ് വായ്പ അനാവശ്യ കടബാധ്യതയാണെന്നാണ് കണ്ടെത്തല്‍.
ജവഹര്‍ലാല്‍ നെഹ്റു നാഷനല്‍ അര്‍ബന്‍ റിന്യൂവല്‍ മിഷന്‍ രണ്ടാം ഘട്ടത്തില്‍ കോഴിക്കോട് നഗരത്തെ ഉള്‍പ്പെടുത്തുന്നതിന്‍െറ മുന്നോടിയായി സിറ്റി ഡെവലപ്മെന്‍റ് പ്ളാന്‍ തയാറാക്കാന്‍ കണ്‍സല്‍ട്ടന്‍സിയെ നിയമിച്ചതില്‍ അപാകതയുണ്ട് എന്നും കണ്ടെത്തി. കണ്‍സല്‍ട്ടന്‍സി നിയമന പ്രക്രിയ സുതാര്യമല്ല.
ടാഗോര്‍ ഹാള്‍ വളപ്പില്‍ സ്ഥാപിച്ച ബയോഗ്യാസ് പ്ളാന്‍റ് പ്രവര്‍ത്തിക്കാത്തതിനാല്‍ 9.14 ലക്ഷം രൂപ പാഴ്ചെലവായി.
നികുതി-നികുതിയേതരയിനങ്ങളില്‍ നഗരസഭക്ക് 5.15 കോടി രൂപ പിരിഞ്ഞുകിട്ടാനുണ്ട്. വൈ.എം.സി.എ ക്രോസ് റോഡില്‍ മൂന്നു നില ഷോപ്പിങ് കോംപ്ളക്സ് കം കമ്യൂണിറ്റി ഹാള്‍ പണിതപ്പോള്‍ കാര്‍ പാര്‍ക്കിങ് സൗകര്യം ഇല്ലാതെ പെര്‍മിറ്റ് നല്‍കി. മണല്‍ വില്‍പന തുക നഗരസഭയുടെ ഫണ്ടില്‍ അടക്കാതെ നേരിട്ട് ചെലവഴിച്ചിട്ടുണ്ട്. നഗരത്തിലെ സ്വകാര്യ ആശുപത്രികളുടെ രജിസ്ട്രേഷന്‍ യഥാവിധി പുതുക്കുന്നില്ലെന്നും ഓഡിറ്റ് റിപ്പോര്‍ട്ടിലുണ്ട്.
നഗരസൗന്ദര്യവത്കരണത്തിന്‍െറ ഭാഗമായി പ്രതിമകള്‍ സ്ഥാപിക്കുന്നതിന് മുന്‍കൂര്‍ തുക നല്‍കിയെങ്കിലും പണി പൂര്‍ത്തിയാക്കാത്തതിനെ തുടര്‍ന്ന് തുക തിരികെ ഈടാക്കിയിട്ടില്ല.
വിവിധ ആവശ്യങ്ങള്‍ക്കായി നഗരസഭ അനുവദിച്ച വായ്പകളുടെയും മുന്‍കൂര്‍ നല്‍കിയ തുകയുടെയും കൃത്യമായ വിവരം വാര്‍ഷിക കണക്കില്‍ ലഭ്യമല്ലെന്നും ഓഡിറ്റ് റിപ്പോര്‍ട്ടിലുണ്ട്.

ഖത്തര്‍ ദുരിതമനുഭവിക്കുന്നവര്‍ക്കൊപ്പം നില്‍ക്കും: അമീര്‍ ശൈഖ് തമീം

Posted: 26 Jun 2013 11:14 PM PDT

Image: 

ദോഹ: അമീറായി ചുമതലയേറ്റ ശൈഖ് തമീം ബിന്‍ ഹമദ് ആല്‍ഥാനി ഖത്തരി ജനതയെ അഭിസംബോധനചെയ്തു. പിതാവ് ശൈഖ് ഹമദ് ബിന്‍ ഖലീഫ ആല്‍ഥാനിക്ക് നന്ദി പറഞ്ഞുകൊണ്ട് തുടങ്ങിയ പ്രസംഗത്തില്‍ അദ്ദേഹം തുടങ്ങിവെച്ച പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്തു മുന്നോട്ടുപോകുമെന്ന് അമീര്‍ പറഞ്ഞു. എല്ലാ മതങ്ങളേയും ബഹുസ്വരതയേയും ആദരിക്കുകയും അംഗീകരിക്കുകയും ചെയ്യുമെന്ന് പറഞ്ഞ അദ്ദേഹം അറബ് മേഖലയിലെ രാജ്യങ്ങളുടെ ആത്മാഭിമാനം ഉയര്‍ത്തിപ്പിടിക്കാന്‍ ശ്രമിക്കുമെന്നും പ്രഖ്യാപിച്ചു. പ്രസംഗത്തിന്‍െറ പ്രസക്തഭാഗങ്ങള്‍ ഇങ്ങനെയാണ്.
ദീര്‍ഘവീക്ഷണത്തോടെ 18 വര്‍ഷത്തോളം രാജ്യം ഭരിച്ച പിതാവിന് ഞാന്‍ ആദ്യമായി നന്ദിപറയുന്നു. സ്വജനതയുടെയും രാജ്യത്തിന്‍െറയും ഉന്നമനത്തിന് വേണ്ടി അദ്ദേഹം അവിരാമം പണിയെടുത്തു. നമ്മുടെ പേരും പ്രശസ്തിയും ഉയര്‍ത്തി. അദ്ദേഹത്തിന്‍െറ ഭരണകാലത്ത് നമ്മുടെ രാജ്യം എല്ലാ അര്‍ഥത്തിലും പുരോഗമിച്ചു. പിതാവിന്‍െറ ഭരണം അദ്ദേഹത്തിന്‍െറ മഹത്തായ സേവനങ്ങള്‍, രാജ്യ സേവനത്തിനായി നടത്തിയ സമ്പൂര്‍ണ സമര്‍പ്പണവും അങ്ങേയറ്റത്തെ വിട്ടുവീഴ്ചയും വിശാലതയും ഒത്തിണങ്ങിയ അദ്ദേഹത്തിന്‍െറ അതുല്യ വ്യക്തിത്വം ഖത്തരിന്‍െറ ചരിത്രത്തിലെ നിര്‍ണായക കാലഘട്ടം തന്നെയായിരുന്നു. അദ്ദേഹം ഖത്തര്‍ ജനതയുടെ മനസുകളില്‍ ഇടം നേടി. ജനതയെ അകമഴിഞ്ഞു സ്നേഹിച്ചു. പിതാവ് ഖത്തര്‍ ഭരണമേറ്റെടെുത്ത കാലത്ത് വികസിക്കാനോ വളരാനോ കഴിയാത്ത  അവികസിത രാജ്യമായിരുന്നു. അടിസ്ഥാന സൗകര്യങ്ങള്‍ വളരെ മോശമായിരുന്നു. ജീവിത നിലവാരവും താരതമ്യേന വളരെതാണതായിരുന്നു. ഒരു ഉന്നത നേതാവിന്‍െറ എല്ലാ സവിശേഷതയോടുംകൂടി പിതാവ് നടത്തിയ ശക്തമായ ആസൂത്രണത്തിലൂടെ ഖത്തര്‍ ജനതയുടെ വിശ്വാസം നേടിയെടുക്കുകയും രാജ്യത്തെ വികസനത്തിന്‍െറ പാതയില്‍ നയിക്കുകയും ചെയ്തു. അദ്ദേഹം നടത്തിയ ധീരമായ ചുവടുവെപ്പുകള്‍ ഇല്ലായിരുന്നുവെങ്കില്‍ രാജ്യത്തിന് ഗ്യാസ്, പെ¤്രടാള്‍, അടിസ്ഥാന സൗകര്യവികസനം എന്നീ മേഖലകളില്‍ ഇന്ന് കാണുന്ന പുരോഗതിയും വളര്‍ച്ചയും ഒരിക്കലും നേടാന്‍ കഴിയുമായിരുന്നില്ല.
ഭരണം പോലെ തന്നെ സമ്പൂര്‍ണ്ണ ആരോഗ്യവാനായിരിക്കെയും ഖത്തര്‍ വന്‍ വികസിത രാജ്യമായി വളര്‍ന്നുകൊണ്ടിരിക്കെയും അദ്ദേഹത്തിന്‍െറ സ്ഥാന ത്യാഗവും അതുല്യവും മുന്‍ മാതൃകയില്ലാത്തതുമാണ്. ഖത്തര്‍ ഇന്ന് ലോക ഭൂപടത്തില്‍ നിര്‍ണായക രാഷ്ട്രമാണ്. അദ്ദേഹത്തേിന്‍െറ നടപടികള്‍ പലരിലും അസൂയ ഉണ്ടാകിയിട്ടുണ്ട്. അവര്‍ രാജ്യത്തിനെതിരെ പല അപവാദങ്ങളും പ്രച്ചരിപ്പിക്കുന്നുമുണ്ട്.
ഖത്തര്‍ സന്തുലിത സമീപനം സ്വീകരിച്ച രാജ്യമാണ്. നാം ഇതുവരെ ശീലിച്ച വിനയം മുറുകെ പിടിക്കണം. അഹങ്കാരം നമ്മെ ചീത്ത കാര്യങ്ങളിലേക്ക് നയിക്കും. അമീര്‍ ലോകത്തിന് ധാരാളം നല്‍കി കൊണ്ടിരിക്കെ ഭരണം എന്നെ ഏല്‍പിച്ചു. ആ വിശ്വാസം സാക്ഷാല്‍ക്കരിക്കാന്‍ ഞാന്‍ ശ്രമിക്കും.
ദൈവത്തെ സാക്ഷിനിര്‍ത്തി ഞാന്‍ പറയുന്നു, ഇപ്പോള്‍ എന്നില്‍ ഏല്‍പ്പിക്കപെട്ട ദൗത്യം ഞാന്‍ ആത്മാര്‍ഥമായി നിര്‍വഹിക്കാന്‍ ശ്രമിച്ചിട്ടുണ്ട്. ഇപ്പോള്‍  ഉത്തരവാദിത്വം വളരെ ഭാരിച്ചതാണ്. അതില്‍ ഞാന്‍ അഭിമാനം കൊള്ളുന്നു. ഖത്തര്‍ ഒരു രാജ്യമെന്ന നിലക്ക് ചില മുന്‍ഗണന ക്രമങ്ങള്‍ മുന്നോട്ടു വെക്കുന്നു. മനുഷ്യന്‍, സമൂഹം, സാമ്പത്തികം, രാഷ്ട്രീയം, സംസാകരികം എന്നിവയാണത്. നാം അറബ് ഇസ്ലാമിക ലോകത്തിന്‍െറ ഒരു ഭാഗമാണ്. അതോടൊപ്പം ലോക സമൂഹത്തിന്‍െയും കൂടി ഭാഗമാണ്. അമീറിന്‍െറ മാറ്റം എന്നതിന്‍െറ അര്‍ഥം രാജ്യം നേരുടുന്ന വെല്ലുവിളികളും ഉത്തരവാദിത്തങ്ങളും മാറിയെന്നല്ല. ഇന്ന് നമ്മുടെ രാജ്യത്തിലെ എല്ലാ മന്ത്രലയങ്ങള്‍ക്കും സ്വന്തമായി ആസ്ഥാനങ്ങളും ഭരണ സിരാകേന്ദ്രങ്ങളുമുണ്ട്. ഓരോ വകുപ്പും ശക്തമായി മുന്നോട്ടുപോകുന്നു. പ്രായോഗിക മേഖലയിലെ പ്രശ്നങ്ങള്‍ ഇന്നും അതേപടി നിലനില്‍ക്കുന്നു. അടിസ്ഥാന സൗകര്യങ്ങള്‍ ഇനിയും വികസിക്കണം. വിഭവങ്ങുടെ ശരിയായ വിനിയോഗം, അടുത്ത തലമുറയെ കൂടി പരിഗണിച്ചുകൊണ്ട് പ്രകൃതി വിഭവങ്ങള്‍ ഉപയോഗിക്കല്‍ എന്നീ മേഖലകിളില്‍ ഇന്നും വെല്ലുവിളികള്‍ നിലവിലുണ്ട്. വികസന മേഖലയിലും വെല്ലുവിളികള്‍ ധാരാളമുണ്ട്. പ്രത്യകേിച്ച് മനുഷ്യ വിഭവശേഷി വികസനത്തില്‍. അതാണ് യഥാത്ഥത്തില്‍ നമ്മുടെ സമ്പത്ത്. ഗതാഗതം, വ്യവസായം, കായികം, യുവതയുടെ വളര്‍ച്ച, അടുത്ത തലമുറയെ കൂടി കണ്ടുകൊണ്ടുള്ള നിക്ഷേപം, വരുമാന മാര്‍ഗങ്ങള്‍ പോഷിപ്പിക്കല്‍, എന്നിവയുമായി നാം മുന്നോട്ടുപോകും. മന്ത്രാലയങ്ങളുടെ പ്രവര്‍ത്തനങ്ങളില്‍ പിതാവ് തുടങ്ങിവെച്ച പരിഷ്കരണങ്ങളും നാം തുടരും. നാം ചെലവഴിക്കുന്ന സമ്പത്തും മനുഷ്യവിഭവശേഷിയും ശരിയായി വിനിയോഗിക്കപ്പെടുന്നുവെന്ന് നമുക്ക് ഉറപ്പു വരുത്താന്‍ കഴിയണം. ഓരോരുത്തര്‍ക്ക് സൊന്തം അവകാശങ്ങളെ കുറിച്ച് ചിന്തിക്കാം.പക്ഷെ അതിനു മുമ്പ് രാജ്യത്തോടും സമൂഹത്തോടും തനിക്കുള്ള കടമകളെ കുറിച്ച് ഓരോരുത്തരും ഓര്‍ക്കണം.പ്രിയ രാജ്യ നിവാസികളെ,ഖത്തര്‍ ഇന്ന് ലോകത്തെ ഒരു നിര്‍ണായക രാഷ്ട്രമാണ്.അതോടൊപ്പം നാം നമ്മുടെ മൂല്യങ്ങമും ,തത്വങ്ങളും മുറുകെ പിടിക്കുന്നു.നാം ആരെയും പിന്‍ പറ്റുന്നില്ല.നമ്മുടെ കാഴ്ചപ്പാടിലൂടെ മുന്നോട്ടു പോകുന്നു.അയല്‍ രാജയ്ങ്ങലോടും അറബ് ലീഗിനോടും നല്ല ബന്തം പുലര്‍ത്തുന്നു.ദുരിധം അനുഭവിക്കുന്ന ജനതകൊപ്പം നില്‍ക്കുന്നു.പ്രത്യകേിച്ചും ഫലസ്തീന്‍ ജനത.ഇസ്രയേല്‍ അതിനിവേശ സൈന്യം മുഴുവന്‍ ഫലസ്തീന്‍ പ്രദേശങ്ങളില്‍ നിനും പിന്മാറണം എന്നും 1967 അവസ്ഥ തരിച്ചു കൊണ്ട് വരണം എന്നും,മുഴുവന്‍ അബയാര്തികള്‍ക്കും തിരിച്ചു വരാന്‍ അവസരം ഉദാക്കണം എന്നും കിഴക്കന്‍ ഖുട്സ് ഉള്‍പ്പെടെ സോത്നത്ര ഫലസ്തീന്‍ നിലവില്‍ വരണം എന്നും ഖത്തര്‍ ആഗ്രഹിക്കുന്നു.ഖത്തര്‍ സ്ഥാപകന്‍ ശൈഖ് ജാസിം ബിന്‍ മുഹമ്മദ് താനി തുടങ്ങി വെച്ച,പിതാവ് തുടര്‍ന്ന വഴിയില്‍ ഖത്തര്‍ മുന്നോട്ടു പോകും.അതില്‍ സുപ്രധാന കാര്യമാണ് മര്‍ദിതരേ സഹായിക്കുക എന്നത്.പ്രിയ രാജ്യ നിവാസികളെ.നാം കരുത്തുറ്റ ഒരു കെട്ടുറപ്പുള്ള രാഷ്ട്രമാണ്.നാം ഒരു രാഷ്ട്രീയ പാര്‍ട്ടി അല്ല.അതിനാല്‍ തന്നെ മുഴുവന്‍ ആളുകളോടും,രാജയ്ങ്ങലോടും നല്ല ബന്തം പുലര്‍ത്താന്‍ നാം ശ്രമിക്കുന്നു.
മേകല്യിലെ എല്ലാ പാര്‍ട്ടികളെയും കാഴ്ച പാടുകളെയും നാം ബഹുമാനിക്കുന്നു.മുസ്ലീംകള്‍ എന്നാ നിലക്ക് ബഹുസ്വരത അന്ഗീകരിക്കുന്ന്ന്വരാന് നാം.രാജ്യത്തിന് അകത്തും പുറത്തും ഉള്ള എല്ലാ മതങ്ങളെയും നാം ആദരിക്കുന്നു.
വംശീയ ചേരി തിരുവു കളെ നമുക്ക് അന്ഗീകരികാന്‍ കഴിയില്ല.ഇത്തരം ബിന്നിപ്പുകള്‍ രാജ്യത്തിന്‍്റെയും ലോകത്തിന്‍്റെയും വളര്‍ച്ചയെ പുറകോട്ടു അടിക്കും.അറബ് രാജ്യങ്ങളുടെ കാര്യത്തില്‍ ഒരു തരം വൈദേശിക ഇടപെടലും നാം അങ്ങീകരിക്കില്ല.അമേരിക്ക,യൂറോപ്പ്,ഏഷ്യ,ആഫ്രിക് എന്നിവിടങ്ങളിലെ രാജ്യങ്ങളുമായി പ്രശ്നാതിഷ്ട്ടിട സഹകരണം നമ്മുടെ നയമാണ്.അറബ് സമൂഹത്തിന്‍്റെ അവകാശങ്ങളും സോത്നത്ര്യവും തിരിച്ചു പിടിക്കാന്‍ നടത്തുന്ന ശ്രമങ്ങളില്‍ നാം പങ്കാളികള്‍ ആണ്.അഴിമതി,സ്വേച്ചതിപത്യം എന്നിവയ്ക്ക് നാം എതിരാണ്.നമുക്ക് ഒരുമിച്ചു ഇനിയും ഒരുപാട് ചെയ്യനുണ്ട്.ഒരിക്കല്‍ കൂടി പിതാവിന് വേണ്ടി ഞാന്‍ പ്രാര്‍ഥിക്കുന്നു.അദ്ദഹത്തേിന് ദീര്ഗായുസ്സും ആരോഗ്യവും ഉണ്ടാകാനും,വേണ്ട നിര്‍ദേശങ്ങള്‍ നല്‍കി എന്നും കൂടെ ഉണ്ടാകാനും.എല്ലാവര്ക്കും ദൈവ രക്ഷ ഉണ്ടാകട്ടെ.

ലോക രാഷ്ട്രങ്ങളുടെ പട്ടികയില്‍ മികച്ച നേട്ടവുമായി യു.എ.ഇ

Posted: 26 Jun 2013 11:01 PM PDT

Image: 

അബൂദബി: സന്തുഷ്ടിയിലും മല്‍സര ക്ഷമതയിലും ലോക രാഷ്ട്രങ്ങളുടെ പട്ടികയില്‍ യു.എ.ഇക്ക് മികച്ച നേട്ടം. അറബ് ലോകത്തെ ഏറ്റവും മികച്ച സന്തുഷ്ട രാജ്യമായി യു.എ.ഇ തെരഞ്ഞെടുക്കപ്പെട്ടപ്പോള്‍, മല്‍സരക്ഷമതയുള്ള രാജ്യങ്ങളുടെ പട്ടികയില്‍ ലോകത്ത് എട്ടാം സ്ഥാനം നേടാനും സാധിച്ചു. സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ കാര്യക്ഷമതയില്‍ യു.എ.ഇ ഒന്നാം സ്ഥാനത്താണ്. സന്തുഷ്ട രാഷ്ട്രങ്ങളുടെ പട്ടികയില്‍ ലോകത്ത് 17ാം സ്ഥാനവും യു.എ.ഇക്കാണ്.
ഐക്യ രാഷ്ട്രസഭയുടെ വിവിധ റിപ്പോര്‍ട്ടുകള്‍ പ്രകാരമാണ് യു.എ.ഇ ലോക രാഷ്ട്രങ്ങളുടെ മുന്‍നിരയില്‍ എത്തിയത്. കൊളംബിയ സര്‍വകലാശാലയുടെ എര്‍ത്ത് ഇന്‍സ്റ്റിറ്റ്യൂട്ട് പുറത്തുവിട്ട വേള്‍ഡ് ഹാപ്പിനെസ് റിപ്പോര്‍ട്ടില്‍ 91 ശതമാനം നേട്ടമാണ് യു.എ.ഇ കൊയ്തത്. മികച്ച വരുമാനത്തിനൊപ്പം സാമൂഹിക സമത്വം, വിശ്വാസ്യത, ഭരണ കാര്യക്ഷമത തുടങ്ങിയ കാര്യങ്ങള്‍ പരിഗണിച്ചാണ് സന്തുഷ്ട രാജ്യങ്ങളുടെ പട്ടിക തയാറാക്കിയത്. ഡെന്‍മാര്‍ക്ക്, നോര്‍വേ, ഫിന്‍ലാന്‍റ്, ഹോളണ്ട് എന്നിവയാണ് ആദ്യ നാല് സ്ഥാനങ്ങളിലത്തെിയത്. ആഫ്രിക്കന്‍ രാഷ്ട്രങ്ങളാണ് ഏറ്റവും പിറകില്‍.  സ്കാന്‍ഡിനേവിയന്‍ രാഷ്ട്രങ്ങള്‍ക്ക് ലഭ്യമായ ഗോള്‍ഡ് പദവിക്കൊപ്പമാണ് യു.എ.ഇയുടെ സ്ഥാനവും. യൂറോപ്പിലെ രാജ്യങ്ങളിലെ ജനങ്ങള്‍ മൊത്തത്തില്‍ 75 ശതമാനം മാത്രം സന്തുഷ്ടരായപ്പോഴാണ് യു.എ.ഇ 91 ശതമാനം നേട്ടം കൊയ്തത്.  
പൗരന്മാരുടെ സന്തോഷം വര്‍ധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് വികസന പദ്ധതികള്‍ അംഗീകരിക്കുന്നതും നിയമങ്ങളും നയങ്ങളും നടപ്പാക്കുന്നതുമെന്നും യു.എ.ഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂം പറഞ്ഞു. ജനങ്ങളുടെ ആത്മാര്‍ഥതയും സമര്‍പ്പണവും യോജിച്ചുള്ള പ്രവര്‍ത്തനവും ഇല്ലാതെ ഇത്തരമൊരു നേട്ടം കൊയ്യാനാകില്ല. ലോകത്തെ ഏറ്റവും മികച്ചവരാകാനുള്ള കഠിനപ്രയത്നം തുടരും.  സ്വദേശികളുടെയും പ്രവാസികളുടെയും ജീവിത നിലവാരം ഉയര്‍ത്താനും അടുത്ത വര്‍ഷം ആദ്യ പത്ത് റാങ്കില്‍ എത്തുന്നതിനും എമിറേറ്റ്സ് കോമ്പറ്ററ്റീവ്നെസ് കൗണ്‍സില്‍ എര്‍ത്ത് ഇന്‍സ്റ്റിറ്റ്യൂട്ടുമായി സഹകരിച്ച് പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.  
25മാത് വേള്‍ഡ് കോംപറ്ററ്റീവ്നെസ് ഇയര്‍ബുക്ക് പ്രകാരമാണ് അറബ് ലോകത്തെ ഒന്നാമത്തെയും ലോകത്തെ എട്ടാമത്തെയും മല്‍സരക്ഷമതയുള്ള രാജ്യമായി യു.എ.ഇ തെരഞ്ഞെടുക്കപ്പെട്ടത്. ലോകത്ത് പത്താം സ്ഥാനം നേടിയ ഖത്തറാണ് യു.എ.ഇക്ക് പിന്നില്‍ സ്ഥാനം പിടിച്ച അറബ് രാജ്യം. സ്വിറ്റ്സര്‍ലാന്‍റിലെ ഇന്‍റര്‍നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്‍റ് ഡെവലപ്മെന്‍റാണ് റിപ്പോര്‍ട്ട് പുറത്തുവിട്ടത്. അമേരിക്ക, സ്വിറ്റ്സര്‍ലാന്‍റ്, ഹോങ്കോങ് എന്നിവയാണ് മല്‍സരക്ഷമതയില്‍ ആദ്യ മൂന്ന് സ്ഥാനങ്ങളിലത്തെിയ രാജ്യങ്ങള്‍.  സാമ്പത്തിക പ്രകടനം, സര്‍ക്കാര്‍ കാര്യക്ഷമത, കച്ചവട കാര്യക്ഷമത, അടിസ്ഥാന സൗകര്യ വികസനം എന്നീ നാല് ഘടകങ്ങള്‍ പരിഗണിച്ചാണ് റിപ്പോര്‍ട്ട് തയാറാക്കിയത്. ഭരണകൂടത്തിന്‍െറ കാര്യക്ഷമതയില്‍ നേടിയ മുന്നേറ്റമാണ് മല്‍സര ക്ഷമതയുള്ള രാജ്യങ്ങളുടെ പട്ടികയില്‍ മികച്ച സ്ഥാനം നേടാന്‍ യു.എ.ഇക്ക് സഹായകമായത്. സര്‍വേ ചെയ്ത 60 രാജ്യങ്ങളില്‍ ഭരണ കാര്യക്ഷമതയില്‍ ഒന്നാം സ്ഥാനത്തത്തൊന്‍ യു.എ.ഇക്ക് സാധിച്ചു.  
ഭരണ കാര്യക്ഷമത, സാമൂഹിക പരസ്പരാശ്രിതത്വം, മൂല്യങ്ങളും നിലപാടുകളും എന്നിവയില്‍ ഒന്നാം സ്ഥാനവും തൊഴില്‍ മേഖലയില്‍ അഞ്ചാം സ്ഥാനവും ബിസിനസ് പ്രാക്ടീസസില്‍ ആറാം സ്ഥാനവും മറ്റ് 19 മേഖലകളില്‍ മികച്ച സ്ഥാനവും മൊത്തം മല്‍സര കാര്യക്ഷമതയില്‍ ആദ്യ പത്ത് സ്ഥാനവും നേടാന്‍ സാധിച്ചതായി യു.എ.ഇ പ്രസിഡന്‍റ് ശൈഖ് ഖലീഫ ബിന്‍ സായിദ് ആല്‍ നഹ്യാന്‍ പറഞ്ഞു. ഭരണകാര്യക്ഷമതയില്‍ ഒന്നാമതത്തെിയത് വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂമിന്‍െറ മികച്ച പ്രവര്‍ത്തനങ്ങളുടെ ഫലമാണെന്നും ശൈഖ് ഖലീഫ പറഞ്ഞു. പ്രസിഡന്‍റ് ശൈഖ് ഖലീഫയുടെ നേതൃത്വത്തില്‍ എല്ലാ യു.എ.ഇ പൗരന്‍മാരും ഒത്തൊരുമയോടെ പ്രവര്‍ത്തിച്ചതിന്‍െറ ഫലമാണ് ഈ നേട്ടങ്ങളെന്ന് വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂം പറഞ്ഞു. രാജ്യത്തെ ഓരോ പൗരന്‍െറയും കാര്യങ്ങളിലും കരുതലുള്ള വ്യക്തിയാണ് നമ്മുടെ പ്രസിഡന്‍െറന്നും ശൈഖ് ഖലീഫ പറഞ്ഞു.  
 

ഭാര്യയെ ഇന്‍റര്‍പോള്‍ അറസ്റ്റ് ചെയ്തു; നടുക്കം വിട്ടുമാറാതെ തിരുവനന്തപുരം സ്വദേശി

Posted: 26 Jun 2013 10:48 PM PDT

Image: 

കുവൈത്ത് സിറ്റി: ഭാര്യയെ കണ്‍മുന്നില്‍നിന്ന് ഇന്‍റര്‍പോള്‍ അറസ്റ്റ് ചെയ്തുകൊണ്ടുപോയതിന്‍െറ നടുക്കത്തിലാണ് തിരുവനന്തപുരം മഞ്ഞപ്പാറ കെ.പി. ഹൗസില്‍ സഫീര്‍ ഖാന്‍. ഭാര്യ നുസൈഫ ബീവിയെ ഈമാസം 12നാണ് കുവൈത്ത് സുപ്രീം കോടതിയിലെ ഇന്‍റര്‍പോള്‍ ഓഫീസില്‍വെച്ച് ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്തത്. അതിനുശേഷം ഭാര്യയെ കുറിച്ച് ഒരു വിവരവും കിട്ടാതെ വിഷമിക്കുകയാണ് സഫീര്‍.
ഒരു വര്‍ഷത്തോളമായി കുവൈത്തില്‍ സഫീര്‍ ജോലി ചെയ്യുന്ന ദാന ദര്‍ഖലീ ട്രേഡിങ് കമ്പനിക്ക് കീഴിലുള്ള ക്ളീനിങ് വിഭാഗം ജീവനക്കാരിയായിരുന്നു നുസൈഫയും. മുമ്പ് മൂന്നു വര്‍ഷത്തോളം സൗദിയിലെ ദമ്മാമില്‍ ജോലി ചെയ്തിരുന്ന നുസൈഫ പിന്നീടാണ് ഭര്‍ത്താവിനൊപ്പം കുവൈത്തിലേക്ക് വിമാനം കയറിയത്. കുവൈത്തിലേക്ക് വരാനായി കഴിഞ്ഞവര്‍ഷം ജൂണില്‍ നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ എത്തിയപ്പോള്‍ എമിഗ്രേഷന്‍ വിഭാഗത്തില്‍നിന്ന് യാത്ര അസാധ്യമാണെന്ന് കാണിച്ച് മടക്കി അയച്ചിരുന്നു. ഇതിന്‍െറ കാരണം അന്വേഷിച്ചപ്പോഴാണ് കവര്‍ച്ച നടത്തി നാടുവിട്ടതായി സൗദിയിലെ സ്പോണ്‍സര്‍ കേസ് നല്‍കിയതിനെ തുടര്‍ന്ന് ഇന്‍റര്‍പോള്‍ അന്വേഷിക്കുന്ന കാര്യം അറിയുന്നതെന്ന് സഫീര്‍ ‘ഗള്‍ഫ് മാധ്യമ’ത്തോട് പറഞ്ഞു. പിന്നീട് ദല്‍ഹിയിലെ ഇന്‍റര്‍പോള്‍ ആസ്ഥാനത്തുനിന്നും കിട്ടിയ ക്ളിയറന്‍സിന്‍െറ അടിസ്ഥാനത്തിലാണ് നുസൈഫ കുവൈത്തിലെത്തിയതെന്നും സഫീര്‍ പറഞ്ഞു. കുവൈത്ത് വിമാനത്താവളത്തിലും പിന്നീട് വിസ നടപടികള്‍ പൂര്‍ത്തിയാക്കിയപ്പോഴുമൊന്നും പ്രശ്നങ്ങളോ തടസ്സങ്ങളോ ഉണ്ടായിരുന്നില്ല. ഇടക്ക് കുവൈത്തിലെ ഇന്‍റര്‍പോള്‍ ഓഫീസില്‍നിന്ന് വിളിപ്പിച്ച് ചോദ്യംചെയ്തിരുന്നു. ഈ സമയത്ത് ജോലി ചെയ്യുന്ന കമ്പനിയുടെ മന്ദുബൂം അനുഗമിച്ചിരുന്നു. പിന്നീട് ഈ കേസിന്‍െറ പേരില്‍ നുസൈഫക്ക് യാത്രാവിലക്കും ഏര്‍പ്പെടുത്തി. ഈ മാസം 12ന് ആവശ്യപ്പെട്ടതുപ്രകാരം ഇന്‍റര്‍പോള്‍ ഓഫീസില്‍ എത്തിയപ്പോഴാണ് അറസ്റ്റ് ചെയ്തത്.
പിന്നീട് ഭാര്യയെ കാണാനിയിട്ടില്ലെന്നും കുവൈത്തിലെ ജയിലുകളിലെല്ലാം അന്വേഷിച്ചെങ്കിലും ഒന്നുമറിയാനായില്ലെന്നും സഫീര്‍ പറഞ്ഞു. എംബസിയുമായി ബന്ധപ്പെട്ടെങ്കിലും അവര്‍ക്കും വിവരമൊന്നുമില്ലെന്നാണത്രെ പറഞ്ഞത്. നിരന്തരം ബന്ധപ്പെട്ടതിന്‍െറ അടിസ്ഥാനത്തില്‍ കഴിഞ്ഞ ദിവസം എംബസിയില്‍നിന്നാണ് 12ന് അറസ്റ്റിലായ നുസൈഫയുടെ യാത്രാവിലക്ക് 13ന് തന്നെ നീക്കീയതായും പിറ്റേന്നുതന്നെ കുവെത്തില്‍നിന്ന് കൊണ്ടുപോയതായും അറിയുന്നത്.
എന്നാല്‍, ഭാര്യയെ സൗദിയിലേക്കാണോ കൊണ്ടുപോയത് എന്നുപോലും അറിയില്ലെന്ന് പറഞ്ഞ സഫീര്‍ സൗദിയിലുള്ള നുസൈഫയുടെ സഹോദരന്‍ മുഹമ്മദ് ദമ്മാമില്‍ അന്വേഷിച്ചിട്ടും വിവരമൊന്നും കിട്ടിയിട്ടില്ലെന്ന് കൂട്ടിച്ചേര്‍ത്തു. നാട്ടില്‍ നുസൈഫയുടെ മാതാപിതാക്കള്‍ നോര്‍ക്കക്ക് പരാതി നല്‍കിയിട്ടുണ്ട്. ഏതായാലും അടുത്ത ദിവസം തന്നെ നാട്ടിലേക്ക് തിരിക്കാനുള്ള ഒരുക്കത്തിലാണ് സഫീര്‍. അവിടെ ചെന്ന് മുഖ്യമന്ത്രിക്കും മറ്റും പരാതി നല്‍കി, സൗദിയില്‍ വിസിറ്റിങ് വിസയെടുത്ത് ചെന്നിട്ടായാലും ഭാര്യയുടെ വിവരമറിയാന്‍ ശ്രമിക്കാമെന്ന പ്രതീക്ഷയിലാണ് ഇദ്ദേഹം.

യു.എന്‍ പുരസ്കാര സമര്‍പ്പണം: മുഖ്യമന്ത്രി ഇന്ന് ബഹ്റൈനില്‍

Posted: 26 Jun 2013 10:42 PM PDT

Image: 

മനാമ: ഐക്യരാഷ്ട്ര സഭയുടെ പൊതുസേവന ദിനാചരണത്തിന്‍െറ ഭാഗമായുള്ള പുരസ്കാരം ഏറ്റുവാങ്ങാന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വ്യാഴാഴ്ച ബഹ്റൈനില്‍. കേരള സര്‍ക്കാരിന്‍െറ ജനസമ്പര്‍ക്ക പരിപാടിക്കാണ് യു.എന്നിന്‍െറ പുരസ്കാരം ലഭിച്ചത്.
ഇന്ന് വൈകീട്ട് അഞ്ചിന് ബഹ്റൈന്‍ നാഷനല്‍ തിയറ്ററിലാണ് ചടങ്ങ്. മുഖ്യമന്ത്രി കുടുംബസമേതം രാവിലെ 6.30ന് ഗള്‍ഫ് എയര്‍ വിമാനത്തിലാണ് ബഹ്റൈനില്‍ എത്തുക. മന്ത്രി കെ.സി. ജോസഫും അദ്ദേഹത്തോടൊപ്പമുണ്ടാകും. യു.എന്നിന്‍െറ അവാര്‍ഡ്ദാന പരിപാടി മിഡിലീസ്റ്റില്‍ ആദ്യമായാണ് സംഘടിപ്പിച്ചിരിക്കുന്നത്.
80 രാജ്യങ്ങളില്‍നിന്നുള്ള 700ഓളം പ്രതിനിധികള്‍ സമ്മേളനത്തില്‍ പങ്കെടുക്കുന്നുണ്ട്. ഇന്ന് രാവിലെ 10 മുതല്‍ നാഷനല്‍ തിയറ്ററില്‍ വിവിധ സെഷനുകളിലായി നടക്കുന്ന യോഗങ്ങളുടെ സമാപന ചടങ്ങിലാണ് പുരസ്കാര സമര്‍പ്പണം.  തുടര്‍ന്ന് സാംസ്കാരിക പരിപാടികളും അരങ്ങേറും. പൊതുസേവന രംഗത്തെ മികച്ച പ്രവര്‍ത്തനങ്ങള്‍ക്ക് 2003 മുതലാണ് ഐക്യരാഷ്ട്രസഭ പുരസ്കാരം നല്‍കി ആദരിക്കാന്‍ തുടങ്ങിയത്.
പൊതുരംഗം അഴിമതി മുക്തമാക്കുകയും സാധാരണക്കാരിലേക്ക് പൊതുസേവനങ്ങള്‍ സുതാര്യമായി എത്തിക്കുന്നതിന് സാഹചര്യമൊരുക്കുകയുമാണ് യു.എന്‍ പബ്ളിക് സര്‍വീസ് ഫോറത്തിലൂടെ ലക്ഷ്യമാക്കുന്നത്.
2002 ഡിസംബര്‍ 23ന് പാസാക്കിയ പ്രമേയം അനുസരിച്ചാണ് 2003 മുതല്‍ എല്ലാ വര്‍ഷവും ഇങ്ങനെയൊരു ദിനം ആചരിക്കാന്‍ യു.എന്‍ തീരുമാനിച്ചത്.
വ്യാഴാഴ്ച രാത്രി എട്ടിന് ഇന്ത്യന്‍ സ്കൂള്‍ ഓഡിറ്റോറിയത്തില്‍ ഒ.ഐ.സി.സി ഒരുക്കുന്ന പൗര സ്വീകരണത്തില്‍ മുഖ്യമന്ത്രി പങ്കെടുക്കും. വെള്ളിയാഴ്ച രാവിലെ 10.30ന് ന്യൂമില്ലനിയം സ്കൂള്‍ ഓഡിറ്റോറിയത്തില്‍ പുതുപ്പള്ളി അസോസിയേഷന്‍ മുഖ്യമന്ത്രിക്ക് സ്വീകരണം ഒരുക്കിയിട്ടുണ്ട്.
വൈകുന്നേരം 4.30ന് കേരളീയ സമാജത്തില്‍ നടക്കുന്ന സ്വീകരണത്തില്‍ പങ്കെടുത്ത ശേഷം രാത്രി എട്ടു മണിക്കുള്ള ഗള്‍ഫ് എയര്‍ വിമാനത്തില്‍ മുഖ്യമന്ത്രി കൊച്ചിയിലേക്ക് തിരിച്ചുപോകും.

No comments:

Post a Comment

english malayalam dictionary

വിരുന്നുകാര്...

poomottu

Dsgd: by ASLAM PADINHARAYIL

Back to TOP