സ്വാഗതം
WELCOME

News Update..

Tuesday, June 25, 2013

ഉത്തരഖണ്ഡില്‍ മഴ തുടരുന്നു; പത്ത് മലയാളികളെക്കുറിച്ച് വിവരമില്ല Madhyamam News Feeds

ഉത്തരഖണ്ഡില്‍ മഴ തുടരുന്നു; പത്ത് മലയാളികളെക്കുറിച്ച് വിവരമില്ല Madhyamam News Feeds

Link to

ഉത്തരഖണ്ഡില്‍ മഴ തുടരുന്നു; പത്ത് മലയാളികളെക്കുറിച്ച് വിവരമില്ല

Posted: 25 Jun 2013 12:15 AM PDT

Image: 

ഡറാഡൂണ്‍: ഉത്തരഖണ്ഡില്‍ 8000 പേര്‍ ഇപ്പോഴും ഒറ്റപ്പെട്ടു കിടക്കുന്നതായി റിപ്പോര്‍ട്ട്. മോശം കാലാവസ്ഥയും തുടരുന്ന മഴയും രക്ഷാപ്രവര്‍ത്തനങ്ങളെ ചൊവ്വാഴ്ചയും ബാധിച്ചു. മഴ കനത്തതോടെ മണ്ണിടിഞ്ഞ് വീണ്ടും റോഡ് ഗതാഗതം തടസ്സപ്പെട്ടു. മൂടല്‍മഞ്ഞ് കാരണം ഹെലികോപ്ടറുകളും പ്രളയബാധിത പ്രദേശങ്ങളിലേക്ക് അയക്കാനായിട്ടില്ല. കുടുങ്ങിക്കിടക്കുന്നവരില്‍ പലരുടെയും ആരോഗ്യ നില മോശമായിട്ടുണ്ട്. കാലാവസ്ഥ മെച്ചപ്പെട്ടാലുടന്‍ ഹെലികോപ്ടറുകള്‍ ഉപയോഗിച്ച് രക്ഷാപ്രവര്‍ത്തനം പുനരാരംഭിക്കുമെന്ന് കമാന്‍ഡര്‍ ക്യാപ്റ്റന്‍ ആര്‍.എസ്. ബ്രാര്‍ പറഞ്ഞു. അതേസമയം, ബുധനാഴ്ച വരെ മഴ തുടരുമെന്ന് കാലാവസ്ഥ കേന്ദ്രങ്ങള്‍ മുന്നറിയിപ്പ് നല്‍കി.

അതിപ്രളയത്തില്‍ കുടുങ്ങിയ മറ്റു പത്ത് മലയാളികളെക്കുറിച്ച് വിവരമില്ല. ഗോല്‍ച്ചറില്‍ ആറു മലയാളികള്‍ കുടുങ്ങിക്കിടക്കുകയാണെന്ന് വിവരം ലഭിച്ചിട്ടുണ്ട്. ശിവഗിരി മഠത്തിലെ രണ്ട് സന്യാസിമാരടക്കം 19 ഓളം തീര്‍ഥാടകര്‍ ബദരീനാഥിലെ ബോലാഗിരി ആശ്രമത്തില്‍ അഭയം തേടിയിട്ടുണ്ട്. ബദരീനാഥില്‍ മാത്രം 5000 ല്‍ അധികം ആളുകളാണ് രക്ഷാപ്രവര്‍ത്തകരുടെ സഹായം കാത്തിരിക്കുന്നത്.

കനത്ത മഴയും മണ്ണിടിച്ചിലും കാരണം തിങ്കളാഴ്ച 1000 ആളുകളെ മാത്രമാണ് പ്രളയബാധിത പ്രദേശങ്ങളില്‍ നിന്നും മാറ്റാനായത്. ബദരീനാഥില്‍ കുടുങ്ങിയ തീര്‍ഥാടകരെ രക്ഷിക്കാന്‍ മഴ മൂലം തിങ്കളാഴ്ച ഒറ്റ ഹെലികോപ്ടറുകള്‍ക്കും സഹസ്രാധാര ഹെലിപ്പാഡില്‍ നിന്ന് പുറപ്പെടാനായിരുന്നില്ല. ഔദ്യോഗിക കണക്ക് അനുസരിച്ച് 680 മൃതദേഹങ്ങള്‍ കണ്ടെടുത്തു. അതേസമയം അനൗദ്യോഗിക കണക്കനുസരിച്ചും ദുരന്ത നിവാരണ മന്ത്രി യശ്പാല്‍ ആര്യ പറയുന്നതനുസരിച്ചും മരണസംഖ്യ 5000 കവിയും.

അതിനിടെ, കേദാര്‍നാഥില്‍ മരിച്ചവരെ ദഹിപ്പിക്കാനായി 50 ടണ്‍ മരവും നെയ്യം ഒരുക്കാനുള്ള ശ്രമത്തിലാണ് ഉത്തരാഖണ്ഡ് സര്‍ക്കാര്‍. മഴ മാറിയാലുടന്‍ മൃതദേഹങ്ങള്‍ കൂട്ടമായി ദഹിപ്പിക്കും. മൃതദേഹങ്ങള്‍ ചീഞ്ഞഴുകി രോഗങ്ങള്‍ വ്യാപിക്കാനുള്ള സാധ്യത കണക്കിലെടുത്താണ് കൂട്ട സംസ്കാരത്തിന് ഒരുങ്ങുന്നത്. രോഗങ്ങള്‍ പടര്‍ന്നുപിടിക്കാന്‍ തുടങ്ങിയതായാണ് റിപ്പോര്‍ട്ട്. സംസ്കാരത്തിന് പുരോഹിതരെ സര്‍ക്കാര്‍ ഏര്‍പ്പെടുത്തും.

വീടുകള്‍ തകര്‍ന്നു, മരം വീണു, വൈദ്യുതി തടസ്സപ്പെട്ടു, റോഡ് ഒലിച്ചുപോയി

Posted: 24 Jun 2013 11:35 PM PDT

കൊല്ലം: ജില്ലയില്‍ മഴക്കെടുതി തുടരുന്നു. കനത്തമഴയില്‍  ഒട്ടേറെ വീടുകള്‍ തകര്‍ന്നു. മരം പിഴുതും ഒടിഞ്ഞും വീണ് ഗതാഗതം തടസ്സപ്പെട്ടു. കൊല്ലത്ത് വന്‍ പുളിവാകമരം  വീണ് ഗ്രൗണ്ട് വാട്ടര്‍ വകുപ്പിന്‍െറ കെട്ടിടത്തിന് ഭാഗികമായി കേടുപാടുപറ്റി. മണിക്കൂറുകളോളം വളപ്പില്‍നിന്ന് പുറത്തിറങ്ങാനാകാതെ വഴിയും അടഞ്ഞു. തിങ്കളാഴ്ച വൈകുന്നേരം നാലോടെ കുരീപ്പുഴയില്‍ പ്രവര്‍ത്തിക്കുന്ന രണ്ടുനില ഓഫിസ് കെട്ടിടത്തിനുമുകളിലേക്കാണ് മരം വീണത്. നിരവധി വാഹനങ്ങള്‍ ഈ സമയം കെട്ടിടവളപ്പിലുണ്ടായിരുന്നു. അവയ്ക്കൊന്നും കേടുപറ്റിയിട്ടില്ല.
വലിയ മരമായതിനാല്‍  പുറത്തേക്കിറങ്ങാനുള്ള വഴി അടഞ്ഞുപോയതാണ് ജീവനക്കാരെയുള്‍പ്പെടെ ബുദ്ധിമുട്ടിലാക്കിയത്.വാഹനങ്ങളും ഉള്ളില്‍ അകപ്പെട്ടു. തുടര്‍ന്ന് ചാമക്കട ഫയര്‍സ്റ്റേഷനില്‍നിന്ന് യൂനിറ്റെത്തി രണ്ട് മണിക്കൂറോളം പരിശ്രമിച്ചാണ് മരം  വെട്ടിമാറ്റി വഴിയൊരുക്കിയത്. മരം വീണ് കെട്ടിടത്തിന്‍െറ ഷെയ്ഡിന് കേടുപാടുണ്ട്. ചാമക്കട ഫയര്‍സ്റ്റേഷനിലെ അസിസ്റ്റന്‍റ് സ്റ്റേഷന്‍ ഓഫിസര്‍ രാജേന്ദ്രന്‍, ഫയര്‍മാന്മാരായ ശശിധരന്‍, ബിനുകുമാര്‍, സൂരജ്മുരളി, വിനോദ്, എം.എസ്. ജയന്‍ എന്നിവര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വംനല്‍കി.
കുണ്ടറ: രണ്ട് ദിവസമായി തുടരുന്ന കനത്ത മഴയില്‍ കുണ്ടറയിലും പരിസരത്തും വ്യാപക നാശനഷ്ടം സംഭവിച്ചു. കൊറ്റങ്കര പുത്തന്‍കുളങ്ങര ക്ഷേത്രത്തിന് സമീപം സജീവന്‍െറ രണ്ട് മുറിയുള്ള വീട് പൂര്‍ണമായി തകര്‍ന്നു. രണ്ട് പെണ്‍കുഞ്ഞുങ്ങളും ഭാര്യയും സജീവും വീടിനുള്ളില്‍ നില്‍ക്കുമ്പോഴായിരുന്നു ആസ്ബസ്റ്റോസ് ഷീറ്റ് മേഞ്ഞ മേല്‍ക്കൂര തകര്‍ന്നത്. ഇവര്‍ കുട്ടികളെയും എടുത്ത് പുറത്തേക്കോടിയതിനാല്‍  ദുരന്തം ഒഴിവായി.  ഈ നിര്‍ധന കുടുംബം അയല്‍വീട്ടിലാണ് അഭയം പ്രാപിച്ചിട്ടുള്ളത്.
കേരളപുരം ഞെട്ടയില്‍ കോണ്‍ഗ്രസ് പ്രാദേശിക നേതാവ് ഞെട്ടയില്‍ പ്രദീപിന്‍െറ മകന്‍ പ്രവീണ്‍ കുമാറിന്‍െറ  വീടിന്‍െറ കോണ്‍ക്രീറ്റ് ചിമ്മിനിയും അടുക്കളയുമാണ് തകര്‍ന്നത്. പുലര്‍ച്ചെ അഞ്ചോടെ പെയ്ത ശക്തമായ മഴയിലാണ് ഇത് നിലം പൊത്തിയത്. കോണ്‍ക്രീറ്റ് ചിമ്മിനിവീണ് സമീപത്തെ കക്കൂസും തകര്‍ന്നു. 
ഞെട്ടയില്‍ ഗീതാഭവനില്‍ സതീശന്‍െറ വീടിന്‍െറ പിന്‍ഭാഗത്തെ ഭിത്തി തിങ്കളാഴ്ച പുലര്‍ച്ചെ രണ്ടോടെയാണ് തകര്‍ന്നത്. ഈ മുറിയില്‍ ആരും ഉണ്ടായിരുന്നില്ല. കേരളപുരം കെ.പി.പി ജങ്ഷനില്‍ പുത്തന്‍വിളയില്‍ ബിനുവിന്‍െറ വീടിന്‍െറ അടുക്കളയും ചിമ്മിനിയും പൂര്‍ണമായി തകര്‍ന്നു. തിങ്കളാഴ്ച രാവിലെ ആറോടെയാണ് തകര്‍ന്നത്. 
കേരളപുരം കെ.പി.പി ജങ്ഷനില്‍ പുത്തന്‍വിള വീട്ടില്‍ ബിനുവിന്‍െറ അടുക്കള പൂര്‍ണമായി തകര്‍ന്നു. ശബ്ദംകേട്ട് വീടിനുള്ളിലുണ്ടായിരുന്നവര്‍ പുറത്തേക്കോടി രക്ഷപ്പെട്ടു.
ചീരങ്കാവ് ഇ.എസ്.ഐയിലേക്കുള്ള റോഡില്‍ മരംവീട് അര മണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു. കുണ്ടറ നിന്ന് ഫയര്‍ ഫോഴ്സ് എത്തിയാണ് മരം മുറിച്ചുമാറ്റിയത്. കുണ്ടറ സബ് സ്റ്റേഷനില്‍ അടിക്കടി തകരാറുണ്ടായതിനെ തുടര്‍ന്ന് കുണ്ടറയിലും പരിസരത്തും ഉച്ചക്ക് ശേഷം നാല് മണിക്കൂറോളം വൈദ്യുതി തകരാറുണ്ടായി.കരുനാഗപ്പള്ളി: താലൂക്കില്‍ രണ്ട് വീടുകളും ഒരു കിണറും കൂടി ഇടിഞ്ഞുതകര്‍ന്നു. വീടുകള്‍ ഭാഗികമായും കിണര്‍ പൂര്‍ണമായും ഇടിഞ്ഞുതാണു. തഴവ ഗ്രാമപഞ്ചായത്തില്‍ രണ്ട് റോഡുകള്‍ പൂര്‍ണമായും വെള്ളക്കെട്ടില്‍ തകര്‍ന്നു. കുലശേഖരപുരം പഞ്ചായത്തില്‍ ആദിനാട് വടക്ക് അനില്‍ഭവനില്‍ ശ്രീദേവിയുടെ വീട്, ആദിനാട് വടക്ക് കൃഷ്ണഭവനം രാധാകൃഷ്ണപിള്ളയുടെ വീട് എന്നിവയാണ് ഭാഗികമായി തകര്‍ന്നത്. പടനായര്‍കുളങ്ങര വടക്ക് മുണ്ടകപ്പാടത്തിനുസമീപം മാണികകട ഹാരിസിന്‍െറ കിണറാണ് പൂര്‍ണമായും തകര്‍ന്നത്. കരുനാഗപ്പള്ളിയില്‍ 38 ഓളം വീടുകള്‍ പൂര്‍ണമായും ഭാഗികമായും തകര്‍ന്നിട്ടുണ്ട്. 
കാലവര്‍ഷക്കെടുതിയില്‍ തഴവ ഗ്രാമപഞ്ചായത്തിലെ ഒമ്പതാം വാര്‍ഡ് കുതിരപ്പന്തി-മുല്ലശേരിമുക്ക് റോഡ്, കറുത്തേരി സ്കൂള്‍-തഴവ റോഡുമാണ് വെള്ളക്കെട്ടില്‍ പൂര്‍ണമായും തകര്‍ന്നിട്ടുള്ളത്. കരുനാഗപ്പള്ളിയുടെ പടിഞ്ഞാറന്‍മേഖലയിലെ ഗ്രാമീണറോഡുകള്‍ പൂര്‍ണമായും തകര്‍ന്ന നിലയിലാണ്.മരുതൂര്‍കുളങ്ങരയില്‍ ഹോമിയോ താലൂക്കാശുപത്രിക്കുസമീപം നിരവധി വീടുകള്‍ വെള്ളക്കെട്ടായിമാറി. മരുതൂര്‍കുളങ്ങര തെക്ക് കിണറുവിളയില്‍ സോമന്‍, അയല്‍വാസികളായ കുട്ടന്‍, തങ്കച്ചന്‍ എന്നിവരുടെ വീടുകള്‍ പൂര്‍ണമായും വെള്ളം കയറി നശിച്ചു. സൂനാമി കോളനികള്‍ തുടങ്ങി താഴ്ന്നപ്രദേശം മുഴുവന്‍ വെള്ളത്തിന്‍െറ പിടിയിലാണ്. കൃഷികള്‍ക്ക് വ്യാപകനാശം സംഭവിച്ചിട്ടുമുണ്ട്. കരുനാഗപ്പള്ളിയുടെ കിഴക്കന്‍മേഖലയായ തൊടിയൂര്‍, തഴവ പ്രദേശങ്ങളും വെള്ളക്കെട്ടായി. തൊടിയൂര്‍ ആര്യന്‍പാടം കൃഷി നശിച്ചിട്ടുണ്ട്. പള്ളിക്കലാറിലെ ആര്യന്‍പാടം വെള്ളപ്പൊക്കഭീഷണി യിലാണ്.

തെറ്റ് പറ്റിയാല്‍ ഏറ്റുപറയാന്‍ മടിക്കില്ല -ഉമ്മന്‍ചാണ്ടി

Posted: 24 Jun 2013 11:11 PM PDT

തിരുവനന്തപുരം: തെറ്റ് പറ്റിയാല്‍ ഏറ്റുപറയാന്‍ മടിക്കില്ലെന്നും അത് തിരുത്തി മുന്നോട്ടുപോകുമെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ഗാന്ധിപാര്‍ക്കില്‍ യു.ഡി.എഫ് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച രാഷ്ട്രീയവിശദീകരണസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനങ്ങളുമായുള്ള ബന്ധമാണ് എന്‍െറ ശക്തി. അത് ഉപേക്ഷിക്കാന്‍ തയാറല്ല. തെറ്റ് പറ്റാതെ പ്രവര്‍ത്തിക്കണമെങ്കില്‍ ഇപ്പോള്‍ ചെയ്യുന്ന നൂറ് കാര്യങ്ങളില്‍ പത്ത് കാര്യങ്ങള്‍ മാത്രമേ ചെയ്യാന്‍ കഴിയൂ. 
വില്ലേജ് ഓഫിസറുടെ പണിയാണ് മുഖ്യമന്ത്രിയെടുക്കുന്നതെന്ന് പ്രതിപക്ഷം പരിഹസിച്ചതില്‍ പരിഭവമില്ല. വില്ലേജ് ഓഫിസര്‍ക്കും പരിഹരിക്കാനാവാത്ത ഊരാക്കുടുക്കുകള്‍ ഉണ്ടാകാറുണ്ട്. അതാണ് പരിഹരിക്കാന്‍ ശ്രമിച്ചത്. 
നീതിയും ന്യായവും നടപ്പാക്കുന്നതില്‍ വിട്ടുവീഴ്ചയില്ല. അതിനെതിരെ എന്ത് ആക്ഷേപം ഉന്നയിച്ചാലും പിറകോട്ട് പോകാന്‍ തയാറല്ല. അധികാരത്തെക്കാള്‍ വലുതായി കാണുന്നത് ജനങ്ങളുടെ ഇഷ്ടത്തിനൊത്ത് പ്രവര്‍ത്തിക്കുക എന്നതാണ്. ഇന്നലെകളില്‍ എല്‍.ഡി.എഫ് ചെയ്ത നൂറുനൂറ് കാര്യങ്ങള്‍ ഫയലുകളില്‍  ഉണ്ട്. അത് പ്രതിരോധത്തിനായി ഉപയോഗിക്കില്ല. 
കുറ്റം ചെയ്ത ഒരാളും നിയമത്തിന്‍െറ പിടിയില്‍ നിന്ന് രക്ഷപ്പെടില്ല. നിരപരാധികളെ ബലിയാടാക്കുകയുമില്ല. സോളാര്‍ തട്ടിപ്പ് സംഘത്തിനെതിരെ സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ തെറ്റാണെന്ന് പറയാന്‍ പ്രതിപക്ഷത്തിന് സാധിച്ചിട്ടില്ല. അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിക്കുകയും മറുപടി പറയാന്‍ അനുവദിക്കാതിരിക്കുകയുമാണ് പ്രതിപക്ഷമെന്നും മുഖ്യമന്ത്രി പറഞ്ഞു. 
ഓലപ്പാമ്പ് കാണിച്ച് സര്‍ക്കാറിനെയും യു.ഡി.എഫിനെയും  പേടിപ്പിക്കാന്‍ നോക്കേണ്ടെന്ന് സമ്മേളനം ഉദ്ഘാടനം ചെയ്ത കെ.പി.സി.സി പ്രസിഡന്‍റ് രമേശ് ചെന്നിത്തല പറഞ്ഞു. രാഷ്ട്രീയ സമരമാണ് പ്രതിപക്ഷം നടത്തുന്നതെങ്കില്‍ അതിനെ രാഷ്ട്രീയമായി നേരിടാന്‍ യു.ഡി.എഫിനും കോണ്‍ഗ്രസിനും കരുത്തുണ്ട്.  പാവങ്ങളുടെ നേതാവായ ഉമ്മന്‍ചാണ്ടിയുടെ പ്രതിച്ഛായ തകര്‍ക്കാനുള്ള ശ്രമങ്ങളെ കോണ്‍ഗ്രസ് ഒറ്റക്കെട്ടായി നേരിടുമെന്നും  ചെന്നിത്തല പറഞ്ഞു. 
ഉറങ്ങാന്‍ വേണ്ടി നിയമസഭയില്‍ വരുന്ന അച്യുതാനന്ദന്‍ ഉണര്‍ന്നാല്‍ നാട്ടുകാര്‍ക്ക് വേണ്ടാത്തതാണ് പറയുകയെന്ന് മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു. വി.എസ് സഭയില്‍ ഉറങ്ങുന്നതാണ് കേരളത്തിന് നല്ലതെന്ന് മന്ത്രി കെ.എം. മാണി പറഞ്ഞു. ഇത്രമാത്രം അധ$പതിച്ച പ്രതിപക്ഷനേതാവിനെ കേരളം കണ്ടിട്ടില്ല. 
ജോസ് തെറ്റയില്‍ ജനാധിപത്യപരമായി പ്രവര്‍ത്തിക്കുന്നയാളാണെന്നാണ് പ്രതിപക്ഷനേതാവ് പറഞ്ഞത്. ജനാധിപത്യപരമായി പ്രവര്‍ത്തിക്കുന്നത് കഴിഞ്ഞദിവസം കണ്ടല്ലോ എന്നും മാണി പരിഹസിച്ചു. 
യു.ഡി.എഫ് കണ്‍വീനര്‍ പി.പി. തങ്കച്ചന്‍, മന്ത്രിമാരായ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, കെ.പി. മോഹനന്‍, ഷിബു ബേബി ജോണ്‍, അനൂപ് ജേക്കബ്, എ.പി. അനില്‍കുമാര്‍,  കെ. ബാബു, കെ.പി.സി.സി വൈസ് പ്രസിഡന്‍റ് എം.എം. ഹസന്‍, ജോണി നെല്ലൂര്‍, സി.പി. ജോണ്‍, പി.സി. വിഷ്ണുനാഥ് എം.എല്‍.എ തുടങ്ങിയവര്‍ സംസാരിച്ചു. ഡി.സി.സി പ്രസിഡന്‍റ് കെ. മോഹന്‍കുമാര്‍ അധ്യക്ഷത വഹിച്ചു. ബീമാപള്ളി റഷീദ് സ്വാഗതവും കെ.കെ. ചെറിയാന്‍ നന്ദിയും പറഞ്ഞു.      

താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തില്‍

Posted: 24 Jun 2013 10:56 PM PDT

കൊടുങ്ങല്ലൂര്‍: കനത്തമഴയില്‍ ശ്രീനാരായണപുരം പഞ്ചായത്തിലെ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളക്കെട്ടിലായി. ചന്ദന പരിസരത്ത് വെള്ളക്കെട്ട് രൂക്ഷമാണ്. ചാണാടി കൃഷ്ണന്‍, ദേവരാജന്‍, വാഴൂര്‍ വിശ്വംഭരന്‍, നാലുമാക്കല്‍ അനില്‍, മുല്ലശേരി സുനില്‍, കാവുങ്ങല്‍ പുരുഷോത്തമന്‍, സുബ്രഹ്മണ്യന്‍, പൂതോട്ട് കൃഷ്ണന്‍കുട്ടി, മണിമോഹന്‍, പ്രേമന്‍ ആറ്റാശേരി എന്നിവരുടെ വീടുകളില്‍ വെള്ളം കയറി. കൊതുകുശല്യവും രൂക്ഷമാണ്. ജനങ്ങള്‍ പകര്‍ച്ചവ്യാധി ഭീതിയിലാണ്. പരാതിയെ തുടര്‍ന്ന് മതിലകം എസ്.ഐ സ്ഥലമുടമകളുമായി ബന്ധപ്പെട്ട് വെള്ളക്കെട്ട് ഒഴിവാക്കാന്‍ നടപടി ആരംഭിച്ചു.
കയ്പമംഗലം: എടത്തിരുത്തി -കയ്പമംഗലം പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന ചിറക്കല്‍ -ചെറുപുഴ തോടിന്‍െറ ഒഴുക്ക് നിലച്ചതോടെ ചളിങ്ങാട് കിഴക്ക് കോഴിത്തുമ്പിലും ഏറാക്കച്ചാലിലുമായി അമ്പതോളം വീടുകള്‍ വെള്ളത്തില്‍. സെപ്റ്റിക്  മാലിന്യം കലര്‍ന്ന വെള്ളം കെട്ടിക്കിടന്ന് പ്രദേശം രോഗാതുരമാണ്. വൃദ്ധരും കുട്ടികളുമടങ്ങുന്ന കുടുംബങ്ങള്‍ പുറത്തിറങ്ങാന്‍ പോലും കഴിയാത്ത അവസ്ഥയിലാണ്.
കോഴിത്തുമ്പിലെ മതിലകത്തുവീട്ടില്‍ ബാവ, താനത്തുപറമ്പില്‍ ആരിഫ ബഷീര്‍, പുത്തംപുരയില്‍ സുല്‍ഫിക്കര്‍, കുറപ്പത്ത് കുഞ്ഞയ്യപ്പന്‍, പെരിങ്ങാട്ട് സുബ്രഹ്മണ്യന്‍, പടിയത്ത് കുഞ്ഞിക്കോരന്‍ തുടങ്ങിയവരുടെ മുപ്പതോളം വീടുകളും ഏറാക്കച്ചാലിലെ ഇരുപതോളം വീടുകളുമാണ്  വെള്ളത്തില്‍ മുങ്ങിയത്. സ്വകാര്യ വ്യക്തികള്‍ സമീപത്തെ ചിറകളും ഉപതോടുകളും നികത്തിയതും ചെറുപുഴതോട് ശുചീകരിക്കാത്തതുമാണ് വെള്ളക്കെട്ട് രൂക്ഷമാക്കിയത്. മഴ വരും മുമ്പ് നിരവധിതവണ എടത്തിരുത്തി പഞ്ചായത്തധികൃതരെ വിവരം ധരിപ്പിച്ചിരുന്നെങ്കിലും വാഗ്ദാനങ്ങള്‍ നല്‍കി വഞ്ചിക്കുകയായിരുന്നുവെന്ന് നാട്ടുകാര്‍ പറയുന്നു. വെള്ളക്കെട്ടൊഴിവാക്കാന്‍ ഈ ഭാഗത്തേക്ക് അനുവദിച്ച കല്‍പൊടി മറ്റിടങ്ങളിലേക്ക് മാറ്റി പഞ്ചായത്ത് പക്ഷഭേദം കാണിച്ചുവെന്നും നാട്ടുകാര്‍ ആരോപിക്കുന്നു.
 ചെന്ത്രാപ്പിന്നി: കനത്ത മഴമൂലം എടത്തിരുത്തി പഞ്ചായത്തിന്‍െറ വിവിധ പ്രദേശങ്ങളില്‍ നാനൂറിലേറെ വീടുകള്‍ വെള്ളത്തിലായി. മൂന്ന് വീടുകള്‍ ഭാഗികമായി തകര്‍ന്നു. കാക്കര വേലായുധന്‍, പള്ളിപ്രം സുമതി, പേരകുളം സന്തോഷ് എന്നിവരുടെ വീടുകളാണ് തകര്‍ന്നത്. ചെന്ത്രാപ്പിന്നി സെന്‍ററിന് തെക്ക് ഭാഗത്ത് അറപ്പത്തോട് കരകവിഞ്ഞ് ദേശീയപാത വെള്ളത്തിലായി.
ചെന്ത്രാപ്പിന്നി മണ്ഡലാക്കല്‍, ചാമക്കാല, തലാപുരം, മാണിയംതാഴം, എരാക്കല്‍, കോഴിതുമ്പ് മിച്ചഭൂമി കോളനി, പാപ്പാടം, അയ്യംപടി കോളനി, പൈനൂര്‍ എന്നിവിടങ്ങളിലാണ് വീടുകള്‍ വെള്ളത്തിലായത്. ആരും താമസം മാറാന്‍ തയാറാകാത്തതിനാല്‍ ദുരിതാശ്വാസക്യാമ്പ് തുറന്നിട്ടില്ലെന്ന്  വില്ലേജധികൃതര്‍ അറിയിച്ചു.
കാട്ടൂര്‍ പഞ്ചായത്തിന്‍െറ താഴ്ന്ന പ്രദേശങ്ങളില്‍ നൂറിലേറെ വീടുകള്‍ വെള്ളത്തിലാണ്.  ചെമ്പന്‍ചാല്‍, പറയന്‍കടവ്, മധുരംപിള്ളി, ഉപ്പുംതുരുത്തി, തെക്കുംപാടം, മുനയം പ്രദേശങ്ങളിലാണ് വീടുകള്‍ വെള്ളത്തിലായത്. കനോലി കനാല്‍ പലഭാഗത്തും കരകവിഞ്ഞൊഴുകുകയാണ്. കൂത്താമാക്കല്‍ റെഗുലേറ്ററിന്‍െറ പതിമൂന്ന് ഷട്ടറുകള്‍ ഉയര്‍ത്തി വെള്ളം ഒഴുക്കുന്നുണ്ട്.  
ചെറുതുരുത്തി: ദേശമംഗലം ഗ്രാമപഞ്ചായത്തില്‍ മഴയും കാറ്റും കനത്ത നാശം വിതച്ചു. തലശേരി അന്തിമഹാകാളന്‍കാവ് റോഡില്‍ കരീപ്പാലി വീട്ടില്‍ കാര്‍ത്യായനിയുടെ വീട്ടുവളപ്പിലെ തേക്ക് മരം റോഡിലേക്ക് വീണ് ഗതാഗതം സ്തംഭിച്ചു. വൈദ്യുതി പോസ്റ്റുകള്‍ ഒടിഞ്ഞ് വീഴുകയും കമ്പികള്‍ പൊട്ടുകയും ചെയ്തതിനെ തുടര്‍ന്ന് മേഖല ഇരുട്ടിലായി. ആറ്റങ്ങോട്ടുകര-ദേശമംഗലം ബൈപാസ് റോഡില്‍ തേക്ക് വീണ് ഗതാഗതം സ്തംഭിച്ചു. വെളത്തേടത്ത് രവിയുടെ വീട്ടുവളപ്പിലെ തേക്കാണ് കടപുഴകി വീണത്. പ്രദേശത്തും വൈദ്യുതി വിതരണം താറുമാറായി.
എരുമപ്പെട്ടി: അറ്റകുറ്റപ്പണി നടന്നുകൊണ്ടിരുന്ന വീടിന്‍െറ ചുമര്‍ ശക്തമായ മഴയില്‍ ഇടിഞ്ഞുവീണു. എരുമപ്പെട്ടി സെന്‍റ് മേരീസ് ആശുപത്രിക്ക് സമീപത്തെ പാലത്തിന് അടുത്തുള്ള ഷീറ്റ് മേഞ്ഞ വീടിന്‍െറ ചുമരുകളാണ് തിങ്കളാഴ്ച വൈകീട്ട് ഇടിഞ്ഞുവീണത്. വീടിന്‍െറ അടിത്തറ ബലപ്പെടുത്തുന്ന ജോലി നടന്നുകൊണ്ടിരിക്കെയാണ് സംഭവം. ജോലിക്കാര്‍ പോയ നേരമായതിനാല്‍ ആളപായമൊഴിവായി. എരുമപ്പെട്ടി മുരിങ്ങത്തേരി ജോയിയുടെ ഉടമസ്ഥതയിലുള്ളതാണ് വീട്. 
 കഴിഞ്ഞ ദിവസമുണ്ടായ ശക്തമായ കാറ്റിലും മഴയിലും വെള്ളറക്കാട് -തിപ്പിലശേരി റോഡിലെ കൈതമാട്ടത്തിന് സമീപം റോഡരികിലെ പ്ളാവ് കടപുഴകി വീണ് ഗതാഗതം സ്തംഭിച്ചു. സമീപത്തെ പള്ളിയുടെ മുകളില്‍ മരക്കൊമ്പുകള്‍ തട്ടി ഷീറ്റ് മേഞ്ഞ ഭാഗം ഭാഗികമായി പൊളിഞ്ഞു. കുന്നംകുളത്തുനിന്നും ഫയര്‍ഫോഴ്സ് എത്തിയാണ് മരക്കൊമ്പുകള്‍ വെട്ടിമാറ്റി ഗതാഗതം പുന$സ്ഥാപിച്ചത്. സ്റ്റേഷന്‍ ഓഫിസര്‍ കെ.എസ്. പ്രസന്നകുമാര്‍ നേതൃത്വം നല്‍കി.
ആമ്പല്ലൂര്‍: കനത്ത കാറ്റില്‍ കല്ലൂരില്‍ തെങ്ങ് വീണ് രണ്ട് വീടുകള്‍ തകര്‍ന്നു. തറയില്‍ വേലായുധന്‍െറ ഓടുമേഞ്ഞ വീടും സമീപത്തെ തറയില്‍ അക്കിയുടെ വീടിന്‍െറ ഒരുഭാഗവുമാണ് തകര്‍ന്നത്. വേലായുധന്‍െറ വീട്ടിനുള്ളില്‍ പിഞ്ചുകുഞ്ഞടക്കം ആറുപേര്‍ ഉണ്ടായിരുന്നു. ശബ്ദം കേട്ട് ഇവര്‍ പുറത്തേക്കിറങ്ങി ഓടിയതിനാല്‍ ആളപായം ഒഴിവായി.വില്ലേജ്, പഞ്ചായത്തധികൃതര്‍ സ്ഥലത്തെത്തി.
കൊടകര: കനത്ത മഴയെത്തുടര്‍ന്ന് മറ്റത്തൂര്‍ പഞ്ചായത്തിലെ വാസുപുരത്ത്  ഓടിട്ട കെട്ടിടം തകര്‍ന്നുവീണു. വാസുപുരം ചെരുപറമ്പില്‍ പൈലന്‍െറ കടയോടുചേര്‍ന്നുള്ള കെട്ടിടമാണ് ഭാഗികമായി തകര്‍ന്നുവീണത്. ആളപായമുണ്ടായിട്ടില്ല. 
 

കടലാക്രമണം രൂക്ഷം

Posted: 24 Jun 2013 10:39 PM PDT

കാസര്‍കോട്: കസബ കടപ്പുറത്ത് കടലാക്രമണം ശക്തമായി. ഒരു വീടും മൂന്ന് കിലോമീറ്ററോളം നീളത്തില്‍ കടല്‍ഭിത്തിയും  തിരമാലകള്‍ വിഴുങ്ങി.
നിരവധി തെങ്ങുകളും കാറ്റാടി മരങ്ങളും തിരമാലയുടെ ആക്രമണത്തില്‍പെട്ട് കടപുഴകി കടലിലേക്ക് ഒഴുകിപ്പോയി. നിരവധി വീടുകള്‍ ഏതുസമയത്തും കടലെടുക്കാവുന്ന അവസ്ഥയിലാണ്.
കസബ കടപ്പുറത്തെ കാര്‍ത്തിയുടെ വീടാണ് തിരമാലയില്‍പെട്ട് തകര്‍ന്നത്. മേല്‍ക്കൂരയുള്‍പ്പെടെ കടലിലേക്ക് ഒഴുകിപ്പോയി. ചുവരിന്‍െറ ഭാഗങ്ങള്‍ മാത്രമാണ് ശേഷിക്കുന്നത്. കടപ്പുറത്തുണ്ടായിരുന്ന ഷെഡും തിര വിഴുങ്ങി. കസബ മുതല്‍ കാവുഗോളി കടപ്പുറം വരെ കടല്‍ഭിത്തിയുടെ സ്ഥാനത്ത് കല്ലുകളുടെ അവശിഷ്ടംപോലും കാണാനില്ല. വീടുകള്‍ക്ക് സമീപത്തുവരെ കരയിടിഞ്ഞ് വന്‍ തിട്ട രൂപപ്പെട്ടിട്ടുണ്ട്. മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് ഇത്തവണ കടലാക്രമണം ഭീകരമാണെന്ന് തീരവാസികള്‍ പറയുന്നു. 
ഉദുമ കൊവ്വല്‍ ബീച്ചിലും രൂക്ഷമായ കടലാക്രമണം അനുഭവപ്പെട്ടു. നിരവധി തെങ്ങുകളും കാറ്റാടി മരങ്ങളും കടലെടുത്തു. ഇവിടെ കടല്‍ ഭിത്തി നിര്‍മിക്കണമെന്ന ആവശ്യം ഇനിയും പൂര്‍ണമായും യാഥാര്‍ഥ്യമായിട്ടില്ല.
ഉദുമ ജന്‍മ കടപ്പുറം മുതല്‍ കാപ്പില്‍ ബീച്ച് വരെ മൂന്ന് കിലോമീറ്ററോളം വരുന്ന തീരത്ത് കടല്‍ഭിത്തി നിര്‍മാണം തുടങ്ങിയിരുന്നെങ്കിലും 600 മീറ്റര്‍ മാത്രമേ പൂര്‍ത്തിയായുള്ളൂ.
 

ചോര്‍ന്നൊലിച്ച് സര്‍ക്കാര്‍ കെട്ടിടങ്ങള്‍; രേഖകള്‍ സൂക്ഷിക്കാന്‍ ഇടമില്ല

Posted: 24 Jun 2013 10:24 PM PDT

ചെറുപുഴ: മഴക്കാലത്ത് അടിയന്തര ദുരിതാശ്വാസം ലഭിക്കേണ്ട അവസ്ഥയിലാണ് പെരിങ്ങോം വില്ലേജ് ഓഫിസിന്‍െറയും ചെറുപുഴ കുടുംബക്ഷേമ ഉപകേന്ദ്രത്തിന്‍െറയും പുളിങ്ങോം പ്രാഥമികാരോഗ്യ കേന്ദ്രത്തിന്‍െറയും കെട്ടിടങ്ങള്‍. 
ജീവനക്കാര്‍ക്ക് നിന്നുതിരിയാന്‍ ഇടമില്ലാതെ കെട്ടിടങ്ങളില്‍ വിവിധ ആവശ്യങ്ങള്‍ക്കെത്തുന്നവര്‍ മഴ പെയ്യുമ്പോള്‍ കുടചൂടി നില്‍ക്കേണ്ട സ്ഥിതിയാണ്. പെരിങ്ങോം വില്ലേജ് ഓഫിസ് ചോര്‍ന്നൊലിക്കുന്നതിനാല്‍ രേഖകളും കമ്പ്യൂട്ടറുകളും നനയാതെ സൂക്ഷിക്കാന്‍ ജീവനക്കാര്‍ കഷ്ടപ്പെടുകയാണ്. വില്ലേജ് ഓഫിസര്‍ ഉള്‍പ്പെടെയുള്ള ആറു ജീവനക്കാരും മഴ പെയ്താല്‍ നനയാതെ ജോലി ചെയ്യാന്‍ ഇരിപ്പിടങ്ങളെടുത്ത് നടക്കേണ്ട അവസ്ഥയാണ്. 
പ്രതിദിനം ഇരുനൂറിലധികം പേര്‍ വിവിധ ആവശ്യങ്ങള്‍ക്കായി ഇവിടെയെത്താറുണ്ട്. രണ്ടുവര്‍ഷം മുമ്പ് കെട്ടിടത്തിന്‍െറ കോണ്‍ക്രീറ്റ് മേല്‍ക്കൂര അറ്റകുറ്റപ്പണി നടത്തിയെങ്കിലും ചോര്‍ച്ച മാറിയില്ല. നിര്‍മിതികേന്ദ്രം നടത്തിയ അറ്റകുറ്റപ്പണിയിലെ ക്രമക്കേടിനെതിരെ ആക്ഷേപമുയര്‍ന്നിരുന്നു.
പുളിങ്ങോം പ്രാഥമികാരോഗ്യ കേന്ദ്രം ചോര്‍ന്നൊലിക്കുന്നത് തടയാന്‍ കെട്ടിടത്തിന്‍െറ മുകളില്‍ പ്ളാസ്റ്റിക് ഷീറ്റ് വിരിച്ചിരിക്കുകയാണ്. മരുന്നുകള്‍ നനയാതെ സൂക്ഷിക്കാനും സംവിധാനമില്ല. ചെറുപുഴ പഞ്ചായത്തിലെ ഏക പ്രാഥമികാരോഗ്യ കേന്ദ്രമായ ഇവിടെ ജീവനക്കാരും രോഗികളും ഒരുപോലെ കഷ്ടപ്പെടുകയാണ്.
ചെറുപുഴ കുടുംബക്ഷേമ ഉപകേന്ദ്രത്തിന്‍െറ കെട്ടിടം തകര്‍ച്ചാഭീഷണിയിലാണ്. ചോര്‍ച്ച തടയാന്‍ പ്ളാസ്റ്റിക് ഷീറ്റ് വലിച്ചുകെട്ടിയിരിക്കുകയാണ്. ഭിത്തികള്‍ വീണ്ടുകീറിയും വാതിലിന്‍െറയും ജനലിന്‍െറയും കട്ടിലകള്‍ ചിതലരിച്ചുമാണുള്ളത്. ടോയ്ലറ്റാകട്ടെ പൊട്ടിപ്പൊളിഞ്ഞും. ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടറും പബ്ളിക് ഹെല്‍ത്ത് നഴ്സും ഉള്‍പ്പെടുന്ന ജീവനക്കാരും അപകടഭീതിയോടെയാണ് മഴക്കാലം തള്ളിനീക്കുന്നത്. 

പാമൊലിന്‍ കേസ്: വി.എസിന്റെ ഹരജി തള്ളി

Posted: 24 Jun 2013 10:22 PM PDT

Image: 

കൊച്ചി: പാമൊലിന്‍ കേസില്‍ പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍ സമര്‍പ്പിച്ച ഹരജി ഹൈകോടതി തള്ളി. ജസ്റ്റിസ് സതീഷ് ചന്ദ്രന്റെ ബെഞ്ചാണ് ഹരജി തള്ളിയത്. പാമൊലിന്‍ കേസില്‍ ഉമ്മന്‍ചാണ്ടിയെ കുറ്റ വിമുക്തനാക്കിയതിനെതിരെ ആയിരുന്നു ഹരജി. 1992ലെ പാമൊലിന്‍ ഇറക്കുമതി കേസില്‍ അന്ന് ധനമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടിക്ക് പങ്കില്ലെന്ന തൃശൂര്‍ വിജിലന്‍സ് കോടതി നടപടി ഹൈകോടതി ശരിവെച്ചു. രണ്ട് തവണ സമര്‍പ്പിച്ച അന്വേഷണ റിപ്പോര്‍ട്ടിലും ഉമ്മന്‍ ചാണ്ടിക്ക് പങ്കില്ലെന്നായിരുന്നു കണ്ടെത്തല്‍. എന്നാല്‍ അന്നൊന്നും കോടതിയെ സമീപിക്കാതിരുന്ന വി.എസ് ഇപ്പോള്‍ ഹരജി സമര്‍പ്പിച്ചതിന്റെ സാഹചര്യം എന്താണെന്ന് കോടതി ചോദിച്ചു. പാമൊലിന്‍ കേസുമായി ഉമ്മന്‍ചാണ്ടിയെ ബന്ധിപ്പിക്കുന്ന കണ്ണികളൊന്നുമില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.

ഉമ്മന്‍ചാണ്ടിക്ക് പങ്കില്ലെന്ന അന്വേഷണ റിപ്പോര്‍ട്ട് ശരിയല്ലെന്നും തെളിവുകള്‍ വിശകലനം ചെയ്യാതെയാണ് അന്വേഷണ സംഘത്തിന്റെ തീരുമാനമെന്നുമായിരുന്നു വി.എസിന്റെ ആരോപണം.   ഈ വിഷയത്തില്‍  തന്റെ തടസവാദം  വിജിലന്‍സ് കോടതി പരിഗണിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് വി.എസ് അച്യുതാനന്ദന്‍ ഹൈകോടതിയെ സമീപിച്ചത്. കേസില്‍ വിശദമായ അന്വേഷണം നടത്തിയിട്ടില്ലെന്നും  മുഖ്യമന്ത്രിയെന്ന നിലയില്‍ ഉമ്മന്‍ചാണ്ടിയെ രക്ഷിക്കാനായിരുന്നു ശ്രമമെന്നും അദ്ദേഹം ആരോപിച്ചിരുന്നു.

അതേസമയം കേസില്‍  ഇടപെടാന്‍ വി.എസിന് നിയമപരമായി അവകാശമില്ലെന്ന് സര്‍ക്കാര്‍ ഹൈകോടതിയെ ബോധിപ്പിച്ചു.

2012 ജനുവരി ഏഴിനാണ് വിജിലന്‍സ് സംഘം അന്വേഷണ റിപ്പോര്‍ട്ട് തൃശൂര്‍ വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിച്ചത്. പാമൊലിന്‍ ഇടപാടില്‍  ഉമ്മന്‍ ചാണ്ടിയെ പ്രതി ചേര്‍ക്കാന്‍ തെളിവുകളില്ലെന്ന് വിജിലന്‍സ് അന്വേഷണ സംഘത്തലവന്‍ സി.എന്‍ ശശിധരന്‍ തന്റെ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടി. 1992 ല്‍ പാമൊലിന്‍ ഇടപാട് നടക്കുമ്പോള്‍ ഉമ്മന്‍ ചാണ്ടിയായിരുന്നു കരുണാകരന്‍ മന്ത്രിസഭയിലെ ധനമന്ത്രി. ഇടപാടില്‍ ക്രമക്കേടുകള്‍  ഉണ്ടായിട്ടുണ്ടെങ്കില്‍ അന്ന് ധനമന്ത്രിയായിരുന്ന ഉമ്മന്‍ ചാണ്ടിയുടെ അറിവോടെയാണ്   നടന്നതെന്ന് ടി.എച്ച് മുസ്തഫ കോടതിയെ അറിയിച്ചതോടെയാണ് ഉമ്മന്‍ ചാണ്ടിയുടെ പങ്ക് അന്വേഷിക്കാന്‍ വിജിലന്‍സ് കോടതി നിര്‍ദേശം നല്‍കിയത്.  

 

ജോസ് തെറ്റയിലിന്‍െറ രാജിയാവശ്യപ്പെട്ട് പ്രതിഷേധം വ്യാപകം

Posted: 24 Jun 2013 10:18 PM PDT

അങ്കമാലി: ലൈംഗികാരോപണം ഉന്നയിക്കപ്പെട്ട ജോസ് തെറ്റയില്‍ എം.എല്‍.എയുടെ രാജിയാവശ്യപ്പെട്ട് പ്രതിഷേധം വ്യാപകമാകുന്നു. 
തിങ്കളാഴ്ച തെറ്റയിലിന്‍െറ അങ്കമാലിയിലുള്ള വീട്ടിലേക്ക് വിവിധ സംഘടനകള്‍ പ്രതിഷേധ മാര്‍ച്ച് നടത്തി. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ച് സംഘര്‍ഷാവസ്ഥയിലേക്കെത്തിയെങ്കിലും പൊലീസ് സംയമനം പാലിച്ചതിനാല്‍ അനിഷ്ട സംഭവങ്ങള്‍ ഒഴിവായി. തെറ്റയിലിനെതിരെ ആരോപണം ഉയര്‍ന്നപ്പോള്‍ മുതല്‍ അങ്കമാലിയിലുള്ള വീട്ടിലും വഴിയിലും പൊലീസ് കാവല്‍ ഏര്‍പ്പെടുത്തിയിരുന്നു. 
തിങ്കളാഴ്ച വിവിധ സംഘടനകള്‍ പ്രതിഷേധ മാര്‍ച്ച് നടത്തുമെന്ന് മുന്‍കൂട്ടിയറിഞ്ഞതിനെ തുടര്‍ന്ന് ആലുവ ഡിവൈ.എസ്.പി ബിജി ജോര്‍ജ്, സി.ഐ മാരായ വി. ബാബു, കെ.എ. അബ്ദുസ്സലാം എന്നിവരുടെ നേതൃത്വത്തില്‍ തെറ്റയിലിന്‍െറ വീട്ടിലും പരിസരങ്ങളിലും കനത്ത തോതില്‍ പൊലീസിനെ വിന്യസിച്ചിരുന്നു. സി.എസ്.എ ഹാളിനടുത്തുനിന്ന് തെറ്റയിലിന്‍െറ വീട്ടിലേക്കുള്ള റോഡിന്‍െറ കവാടത്തില്‍ ബാരിക്കേഡുകളും സ്ഥാപിച്ചു. ആദ്യം അമ്പതോളം വരുന്ന കെ.എസ്.യു പ്രവര്‍ത്തകരാണ് പ്രതിഷേധ മാര്‍ച്ച് നടത്തിയത്. ഏറെ നേരം പൊലീസുമായി ഉന്തും, തള്ളുമുണ്ടായെങ്കിലും മറ്റ് പ്രശ്നങ്ങളുണ്ടായില്ല. അതിന് ശേഷം പ്രവര്‍ത്തകര്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു. ഏറെ കഴിഞ്ഞിട്ടും പിന്തിരിയാതെ വന്നതോടെ പ്രവര്‍ത്തകരെ  പൊലീസ് അറസ്റ്റ് ചെയ്ത് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. അതോടെ സംഭവമറിഞ്ഞ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍  പൊലീസ് വാഹനം തടഞ്ഞ് കെ.എസ്.യു പ്രവര്‍ത്തകരെ ഇറക്കിക്കൊണ്ടുവരികയായിരുന്നു. അതിനിടെ മഹിള കോണ്‍ഗ്രസിന്‍െറ നേതൃത്വത്തിലും പ്രതിഷേധ മാര്‍ച്ച് ആരംഭിച്ചു. 
ബാരിക്കേഡുകള്‍ ഇല്ലാതിരുന്നതിനാലും വനിത  പൊലീസിന്‍െറ കുറവുകൊണ്ടും അവരെ  േപൊലീസിന് തടയാന്‍ സാധിച്ചില്ല. റോഡിലേക്ക് പ്രവേശിച്ച പ്രവര്‍ത്തകരെ കൂടുതല്‍ വനിത  പൊലീസിനെയെത്തിച്ച് തടഞ്ഞു. അതോടെ റോഡിന് മധ്യത്തില്‍ തെറ്റയിലിനെതിരെ മുദ്രാവാക്യമുയര്‍ത്തി പ്രതിഷേധിച്ചു. കെ.പി.സി.സി ജനറല്‍ സെക്രട്ടറി വത്സല പ്രസന്നകുമാര്‍ പ്രതിഷേധ യോഗം ഉദ്ഘാടനം ചെയ്തു. മഹിള പ്രവര്‍ത്തകര്‍ പിന്തിരിഞ്ഞതിന് തൊട്ടുപിറകെ  പൊലീസ് റോഡിന്‍െറ കവാടത്തില്‍ ബാരിക്കേഡുകള്‍ സ്ഥാപിച്ചു. അതിനിടെയാണ് ഓര്‍ക്കാപ്പുറത്ത് മാര്‍ക്കറ്റ് റോഡില്‍നിന്ന് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പാഞ്ഞടുത്തത്. കൂട്ടംകൂട്ടമായി ഓടിയെത്തി ബാരിക്കേഡുകള്‍ വലിച്ച് നീക്കിയതോടെ  പൊലീസിന് അത് തടയാന്‍ സാധിച്ചില്ല. കുറെ നേരം ഉന്തും തള്ളുമുണ്ടായി. അതിനിടെ, വലതുവശത്തെ കടവരാന്തയിലൂടെ കുറെ പ്രവര്‍ത്തകര്‍ റോഡിലേക്ക് കടന്നു. തൊട്ടുപിറകെ കൂടുതല്‍ പ്രവര്‍ത്തകര്‍ എത്തിയതോടെ  പൊലീസിന് അവരെ തടയാന്‍ സാധിച്ചില്ല. 
അഞ്ഞൂറോളം വരുന്ന പ്രവര്‍ത്തകര്‍ തെറ്റയിലിന്‍െറ വീട്ടില്‍ കടക്കാന്‍ ഓടിയെങ്കിലും ഗേറ്റിന് മുന്നില്‍ കൂടുതല്‍  പൊലീസിനെ വിന്യസിച്ചിരുന്നതിനാല്‍ വീടിനകത്ത് പ്രവേശിക്കാന്‍ സാധിച്ചില്ല. 
ഇവിടെയും ഏറെ നേരം  പൊലീസുമായി ഉന്തും തള്ളും നടന്നു. അതിനിടെ, ചില പ്രവര്‍ത്തകര്‍ വീടിനുനേരെ കല്ലെറിയുകയും ചെയ്തു. 
ഗേറ്റിന് മുന്നില്‍ കേന്ദ്രീകരിച്ച പ്രവര്‍ത്തകര്‍ തെറ്റയിലിനെതിരെ രൂക്ഷമായ മുദ്രാവാക്യമാണ് ഉയര്‍ത്തിയത്. അതിനിടയില്‍ പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്‍െറ കോലം പെട്രോള്‍ ഒഴിച്ച് കത്തിക്കുകയും ചെയ്തു. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്‍റ് ഡീന്‍ കുര്യാക്കോസ് ഉദ്ഘാടനം ചെയ്തു. 
കെ.പി.സി.സി സെക്രട്ടറി അഡ്വ.ബി.എ.അബ്ദുല്‍ മുത്തലിബ്, ചാലക്കുടി പാര്‍ലമെന്‍റ് പ്രസിഡന്‍റ് അഡ്വ.പി.ബി.സുനീര്‍, സെക്രട്ടറി ജിന്‍േറാ ജോണ്‍, മുന്‍ സംസ്ഥാന സെക്രട്ടറി മുഹമ്മദ് ഷിയാസ്, എം.ടി.ജയന്‍, നേതാക്കളായ സ്റ്റീഫന്‍ മാടവന, ഷൈജോ പറമ്പി, ആന്‍േറാ മാവേലി, രാജേഷ് മഠത്തിമൂല, ജെര്‍ളി കപ്രശ്ശേരി, എ.എ.അബ്ദുറഷീദ്, ഷാജന്‍ ഇട്ടന്‍, സെബി കിടങ്ങേന്‍, ഹുസൈന്‍ കല്ലറക്കല്‍, ടോണി വര്‍ഗീസ്, കെ.ഡി.ആന്‍റീഷ് എന്നിവര്‍ സംസാരിച്ചു. മഹിള കോണ്‍ഗ്രസ് സംഘടിപ്പിച്ച മാര്‍ച്ചില്‍ നേതാക്കളായ ജില്ല പഞ്ചായത്തംഗം അഡ്വ.ബിന്‍സി പോള്‍, നഗരസഭ വൈസ് ചെയര്‍പേഴ്സണ്‍ മേരി വര്‍ഗീസ്, ലാലി ജോഫിന്‍, ലിസി ബേബി, സരിത സുനില്‍ എന്നിവരാണ് നേതൃത്വം നല്‍കിയത്.
 ഉച്ചക്ക് എ.ബി.വി.പിയുടെ നേതൃത്വത്തിലും തെറ്റയിലിന്‍െറ വീട്ടിലേക്ക് മാര്‍ച്ച് നടത്തിയെങ്കിലും സി.എസ്.എ ഹാളിന് സമീപം  പൊലീസ് തടഞ്ഞു. 
തുടര്‍ന്ന് റോഡില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു. എ.ബി.വി.പി സംസ്ഥാന വൈസ് പ്രസിഡന്‍റ് ടിറ്റോ ജോണ്‍ ജോര്‍ജ് ഉദ്ഘാടനം ചെയ്തു. 
എം.വി.ശ്യാം ലാല്‍, ആര്‍.അമ്പാടി, എം.വി.ശരത്, പി.എന്‍.സന്ദീപ്, എം.അഖില്‍ എന്നിവര്‍ സംസാരിച്ചു. ജോസ് തെറ്റയില്‍ രാജിവെക്കുന്നതുവരെ പ്രതിഷേധം തുടരുമെന്നാണ് എല്ലാ സംഘടനകളും ഒന്നടങ്കം പ്രഖ്യാപിച്ചിരിക്കുന്നത്. 
 

കുട്ടനാട് പാക്കേജ് നടത്തിപ്പ് പ്രതിസന്ധിയില്‍

Posted: 24 Jun 2013 10:14 PM PDT

ആലപ്പുഴ: ഏറെ പ്രതീക്ഷയുണര്‍ത്തിയ കുട്ടനാട് പാക്കേജിന്‍െറ നടത്തിപ്പ് പാളം തെറ്റി. തിങ്കളാഴ്ച മങ്കൊമ്പില്‍ കേന്ദ്രമന്ത്രി കൊടിക്കുന്നില്‍ സുരേഷ് വിളിച്ചുചേര്‍ത്ത അവലോകന യോഗത്തില്‍ പാക്കേജിന്‍െറ നടത്തിപ്പ് ലക്ഷ്യത്തില്‍ നിന്ന് എത്രമാത്രം അകന്നുവെന്ന് വെളിവായി. പാക്കേജിന്‍െറ ശില്‍പി എം.എസ്. സ്വാമിനാഥന്‍ ലക്ഷ്യംവെച്ച കാര്യങ്ങള്‍ നടപ്പാക്കിയെടുക്കാന്‍ ഇനി കഴിയുമോ എന്ന വലിയ ആശങ്ക ഉള്ളിലൊതുക്കിയാണ് യോഗത്തില്‍ പങ്കെടുത്ത കര്‍ഷക പ്രതിനിധികള്‍ മടങ്ങിയത്. കുട്ടനാട് താലൂക്കിലെ പാടശേഖരങ്ങള്‍ക്ക് മുന്‍ഗണന നല്‍കി പുറംബണ്ട് സംരക്ഷണ ജോലികള്‍ നടപ്പാക്കുക, ഇതിനുള്ള എസ്റ്റിമേറ്റ് പാടശേഖരസമിതികളുടെ നേതൃത്വത്തില്‍ തയാറാക്കി അവര്‍ തന്നെ പദ്ധതി നടപ്പാക്കുക എന്നിങ്ങനെ രണ്ട് നിര്‍ദേശങ്ങളാണ് പ്രധാനമായും യോഗത്തിലുണ്ടായത്. 
ഇക്കാര്യത്തിലെ  ധാരണ മുഖ്യമന്ത്രിയെ ധരിപ്പിച്ച് പിന്നീട് പ്രോസ്പെരിറ്റി കൗണ്‍സിലില്‍ വെച്ച് അംഗീകാരം നേടാമെന്നാണ് യോഗത്തില്‍ പങ്കെടുത്ത ഇറിഗേഷന്‍ സെക്രട്ടറിയുടെ കൂടി ചുമതല വഹിക്കുന്ന അഡീഷനല്‍ ചീഫ് സെക്രട്ടറി വി.ജെ. കുര്യന്‍ പറഞ്ഞത്.  പുറംബണ്ട് സംരക്ഷണത്തിന് 771 കോടിയുടെ പദ്ധതിക്കാണ് കേന്ദ്രം ഇതിനകം അംഗീകാരം നല്‍കിയിരിക്കുന്നത്. ഇതില്‍ നൂറുകോടി രൂപക്കടുത്തുള്ള പദ്ധതികള്‍ക്ക് വിശദമായ പദ്ധതി രേഖയുടെ അടിസ്ഥാനത്തില്‍ ഭരണാനുമതിയുമായി കഴിഞ്ഞു. ഇതിനുശേഷമാണ് ഇപ്പോള്‍ പദ്ധതിക്ക് ചെലവ് കൂടിപ്പോയെന്ന വസ്തുത ഫലത്തില്‍ സര്‍ക്കാര്‍ തന്നെ അംഗീകരിക്കുന്നത്. ചെലവ് കുറച്ച് പദ്ധതി നടപ്പാക്കി എല്ലാ സ്ഥലത്തും പദ്ധതിയുടെ ആനുകൂല്യം ലഭ്യമാക്കാനുള്ള ശ്രമത്തിന്‍െറ ഭാഗമായാണ് പാടശേഖരങ്ങളെ കൊണ്ടുതന്നെ ജോലി ഏറ്റെടുത്ത് നടത്തിക്കാനുള്ള നിര്‍ദേശം. എന്നാല്‍, ഇത് എത്രമാത്രം പ്രായോഗികമാകുമെന്ന കാര്യത്തില്‍ ആശങ്കയുണ്ട്. നിലവിലെ മാനദണ്ഡങ്ങള്‍ക്കും വ്യവസ്ഥകള്‍ക്കും മാറ്റം വരുത്തി സര്‍ക്കാര്‍ ഇക്കാര്യത്തില്‍ അടിയന്തരമായി ഉത്തരവിറക്കേണ്ടതുണ്ട്. ഇത് പിന്നീട് പ്ളാനിങ് കമീഷനും അംഗീകരിക്കേണ്ടതുണ്ട്. ഇതിനൊക്കെ ഉണ്ടാകാവുന്ന കാലതാമസം ഇപ്പോഴത്തെ നിലയില്‍ ആര്‍ക്കും പ്രവചിക്കാനാവുന്നതല്ല. ഏറ്റവും കൂടുതല്‍ പ്രളയക്കെടുതികള്‍ അനുഭവിക്കുന്ന പ്രദേശങ്ങളിലെ പാടശേഖര സമിതികള്‍ ജോലി ഏറ്റെടുത്ത് നടത്താന്‍ സന്നദ്ധമാകും. എന്നാല്‍, അപ്പര്‍കുട്ടനാട്ടിലെയും കോട്ടയത്തെയും പത്തനംതിട്ടയിലെയും പാടശേഖരസമിതികള്‍ ഇതിന് തയാറായിക്കൊള്ളണമെന്നില്ല. ഇങ്ങനെ വരുമ്പോള്‍ പദ്ധതി നടത്തിപ്പ് രണ്ടുരീതിയില്‍ വീണ്ടും വരുന്നത് കൂടുതല്‍ സാങ്കേതിക പ്രശ്നങ്ങള്‍ സൃഷ്ടിക്കും. കുട്ടനാട് താലൂക്കിലെ പാടശേഖരങ്ങളില്‍ മുന്‍ഗണനാ അടിസ്ഥാനത്തില്‍ പദ്ധതി നടപ്പാക്കുക എന്ന നിര്‍ദേശം ഏറ്റവും കൂടുതല്‍ പ്രസക്തമാണെങ്കിലും പദ്ധതിയുടെ ഗുണഫലത്തിനുവേണ്ടി വാശി പിടിക്കുന്ന മറ്റ് സ്ഥലങ്ങളിലുള്ളവര്‍ പ്രത്യേകിച്ച് ജനപ്രതിനിധികള്‍ ഇതിനോട് എങ്ങനെ പ്രതികരിക്കുമെന്ന് കണ്ടറിയേണ്ടിയിരിക്കുന്നു. പാക്കേജ് തയാറായപ്പോള്‍ തന്നെ ഉയര്‍ന്ന പ്രധാന നിര്‍ദേശമായിരുന്നു മുന്‍ഗണനാ അടിസ്ഥാനത്തില്‍ പദ്ധതി നടപ്പാക്കണമെന്നത്. വെള്ളപ്പൊക്ക കെടുതി കൂടുതല്‍ അനുഭവിക്കേണ്ടിവരുന്ന കുട്ടനാട് താലൂക്കില്‍ തന്നെയാണ് ആദ്യം ജോലികള്‍ ഏറ്റെടുത്ത് ചെയ്യേണ്ടിയിരുന്നത്. എന്നാല്‍, കോട്ടയം പുതുപ്പള്ളിയും, എറണാകുളവും പത്തനംതിട്ടയുമൊക്കെ പദ്ധതി പ്രദേശങ്ങള്‍ ആയി മാറിയപ്പോള്‍ അര്‍ഹതപ്പെട്ട പ്രദേശങ്ങളൊക്കെ തഴയപ്പെട്ടു. 
കുട്ടനാട്ടിലാകട്ടെ നിലവില്‍ രണ്ടുകൃഷിയും ക്ളേശങ്ങള്‍ സഹിച്ച് നടത്തുന്ന പാടങ്ങള്‍ പകരം കൃഷി ചെയ്യാന്‍ യോഗ്യമല്ലെന്ന് എം.എസ്. സ്വാമിനാഥന്‍ അഭിപ്രായപ്പെട്ട റാണി, ചിത്തിര കായലുകളിലെ ജോലിയാണ് ആദ്യം ഏറ്റെടുത്തത്. എന്നാല്‍, ഈ ജോലികള്‍ ഇനിയും എങ്ങും എത്തിയിട്ടുമില്ല. 

പാണാവള്ളിയിലും തൈക്കാട്ടുശേരിയിലും ദുരിതാശ്വാസ ക്യാമ്പുകള്‍

Posted: 24 Jun 2013 10:09 PM PDT

പൂച്ചാക്കല്‍: മഴക്കെടുതിയും വെള്ളക്കെട്ടും രൂക്ഷമായ പാണാവള്ളി, തൈക്കാട്ടുശേരി പഞ്ചായത്തുകളില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു. നൂറുകണക്കിന് കുടുംബങ്ങളാണ് വിവിധ ക്യാമ്പുകളില്‍ എത്തിയത്. പാണാവള്ളി എം.എ.എം.എല്‍.പി സ്കൂളില്‍ ഞായറാഴ്ച ആരംഭിച്ച ക്യാമ്പില്‍ 366 കുടുംബങ്ങളാണ് റേഷന്‍ കാര്‍ഡുമായി എത്തി രജിസ്റ്റര്‍ ചെയ്തത്. തിങ്കളാഴ്ച തുടങ്ങിയ തളിയാപറമ്പ് എല്‍.പി സ്കൂളിലെ 566 കുടുംബങ്ങളും തൃച്ചാറ്റുകുളം ഗവ. സ്കൂളിലെ ക്യാമ്പില്‍ 160 കുടുംബങ്ങളും പൂച്ചാക്കല്‍ ശ്രീകണ്ഠേശ്വരം എസ്.എന്‍.ഡി.എസ്.വൈ.യു.പി സ്കൂളില്‍ 442 കുടുംബങ്ങളും എത്തി.തൈക്കാട്ടുശേരി പഞ്ചായത്തിലെ അംബേദ്കര്‍ കോളനിയിലുള്ള  ഉളവെപ്പ് ഗവ. എല്‍.പി സ്കൂളില്‍ ഞായറാഴ്ച ആരംഭിച്ച ക്യാമ്പിലെ ഒന്ന്, രണ്ട് വാര്‍ഡുകളിലെ 329 കുടുംബങ്ങള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. തൈക്കാട്ടുശേരി പി.എസ് കവലയിലെ ഗവ. എല്‍.പി സ്കൂളില്‍ ഞായറാഴ്ച ദുരിതാശ്വാസ ക്യാമ്പ് തുറന്നെങ്കിലും തിങ്കളാഴ്ച രാവിലെ ആരെയും കാണാതിരുന്നതിനാല്‍ ക്യാമ്പ് പിരിച്ചുവിട്ടു. ജനങ്ങളുടെ പ്രതിഷേധത്തെ തുടര്‍ന്ന് വൈകുന്നേരം ക്യാമ്പ് പുനരാരംഭിക്കാന്‍ അധികൃതര്‍ നടപടി തുടങ്ങി.  പാണാവള്ളി എം.എ.എം എല്‍.പി സ്കൂളില്‍ പൊറ്റത്തേറ ഹരിജന്‍ കോളനിക്കാരാണ് ആദ്യം എത്തിയത്. പാണാവള്ളിയിലെ ഓടമ്പള്ളി ഗവ. യു.പി സ്കൂളില്‍ ക്യാമ്പ് തുടങ്ങുന്നതിന് തിങ്കളാഴ്ച വൈകുന്നേരത്തോടെ റവന്യൂ അധികൃതര്‍ നടപടി സ്വീകരിച്ചു. പാണാവള്ളി ഒന്ന്, രണ്ട്, മൂന്ന് വാര്‍ഡുകളിലുള്ളവരാണ് തൃച്ചാറ്റുകുളം സ്കൂളിലെ ക്യാമ്പിലുള്ളത്. എട്ട്, ഒമ്പത്, 10, 11, 12 വാര്‍ഡുകാരാണ് ശ്രീകണ്ഠേശ്വരം സ്കൂളിലെ ക്യാമ്പില്‍ എത്തിയത്. ക്യാമ്പുകളില്‍ ആരോഗ്യ പ്രവര്‍ത്തകരുടെ പ്രവര്‍ത്തനം സജീവമാണ്. വില്ലേജ് ഓഫിസര്‍ ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കി മേല്‍നോട്ടം വഹിക്കുന്നു. ആവശ്യത്തിനുള്ള ഭക്ഷണവും മരുന്നും വിതരണം ചെയ്യുന്നുണ്ട്. പ്രാഥമികാവശ്യങ്ങള്‍ക്ക് സ്കൂളുകളില്‍ മതിയായ സൗകര്യമില്ല.
ഇതിനിടെ അനര്‍ഹരായ നൂറുകണക്കിന് കുടുംബങ്ങളും ക്യാമ്പുകളിലെത്തി പേര് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. എന്നാല്‍, ഇവര്‍ ക്യാമ്പുകളില്‍ താമസിക്കാന്‍ തയാറായിട്ടില്ല. സര്‍ക്കാര്‍ പ്രഖ്യാപിച്ച ആനുകൂല്യങ്ങളില്‍ ആകൃഷ്ടരായാണ് അനര്‍ഹര്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. മഴയുടെ ശക്തി കുറഞ്ഞിട്ടുണ്ടെങ്കിലും വെള്ളം ഒഴുകിപോകാന്‍ മാര്‍ഗമില്ലാത്തതാണ് വെള്ളക്കെട്ട് രൂക്ഷമാകാന്‍ കാരണം.

No comments:

Post a Comment

english malayalam dictionary

വിരുന്നുകാര്...

poomottu

Dsgd: by ASLAM PADINHARAYIL

Back to TOP