സ്വാഗതം
WELCOME

News Update..

Thursday, November 6, 2014

സൗദിയില്‍ വാഹനാപകടത്തില്‍ മൂന്നു മലയാളികള്‍ മരിച്ചു Madhyamam News Feeds

സൗദിയില്‍ വാഹനാപകടത്തില്‍ മൂന്നു മലയാളികള്‍ മരിച്ചു Madhyamam News Feeds

Link to

സൗദിയില്‍ വാഹനാപകടത്തില്‍ മൂന്നു മലയാളികള്‍ മരിച്ചു

Posted: 05 Nov 2014 11:57 PM PST

Image: 

ജിദ്ദ: മലയാളി യുവാക്കള്‍ സഞ്ചരിച്ച വാഹനം മറിഞ്ഞ് മൂന്നു പേര്‍ മരിച്ചു. മലപ്പുറം ജില്ലക്കാരായ രണ്ടു പേരും ഒരു കോഴിക്കോട് സ്വദേശിയുമാണ് മരിച്ചത്. രണ്ടു പേര്‍ക്ക് പരിക്കേറ്റു. മലപ്പുറം എടവണ്ണ മുണ്ടേങ്ങരയിലെ തച്ചുപറമ്പന്‍ സഹല്‍ (27), മലപ്പുറം പുളിക്കലിനടുത്ത് ഐക്കരപ്പടിയിലെ കിഴക്കുംകര വീട്ടില്‍ മുഹമ്മദ് ഫാറൂഖ് (31), കോഴിക്കോട് അരക്കിണര്‍ സ്വദേശി നടുവിലകത്ത് ആശിഖ് (27) എന്നിവരാണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന സമീര്‍, യാസിര്‍ എന്നിവര്‍ പരിക്കുകളോടെ ആശുപത്രിയിലാണ്.
ദമ്മാമില്‍ നിന്നു ജിദ്ദയിലേക്ക് ഫുട്ബാള്‍ ടൂര്‍ണമെന്‍റില്‍ പങ്കെടുക്കാന്‍ വരികയായിരുന്ന സംഘമാണ് വ്യാഴാഴ്ച പുലര്‍ച്ചെ അപകടത്തില്‍ പെട്ടത്. ഇവര്‍ സഞ്ചരിച്ച പ്രാഡോ കാര്‍ റിയാദിനും ത്വാഇഫിനുമിടയില്‍ ദിലം എന്ന സ്ഥലത്തു മറിയുകയായിരുന്നു. സഹിലും, ഫാറൂഖും സംഭവ സ്ഥലത്ത് തന്നെ മരിച്ചു. ഗുരുതര പരിക്കേറ്റ ആശിഖിനെ ത്വാഇഫിലേക്ക് വിദഗ്ധ ചികിത്സക്കായി കൊണ്ടുപോകാന്‍ ഒരുങ്ങുന്നതിനിടയിലാണ് മരണം. മരിച്ച സഹലിന്‍െറ കുടുംബം ദമ്മാമിലുണ്ട്, മുഹമ്മദ് ഫാറൂഖ് അടുത്തയാഴ്ച അവധിക്ക് നാട്ടില്‍ പോകുന്നതിനുള്ള ഒരുക്കത്തിലായിരുന്നു. മൃതദേഹങ്ങള്‍ ദിലം ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍.

 

രജനികാന്ത് ഒരിക്കലും രാഷ്ട്രീയത്തില്‍ പ്രവേശിക്കരുതെന്ന് തമിഴ്നാട് കോണ്‍ഗ്രസ്

Posted: 05 Nov 2014 11:48 PM PST

Image: 

ചെന്നൈ: രജനികാന്ത് ഒരിക്കലും രാഷ്ട്രീയത്തില്‍ പ്രവേശിക്കരുതെന്ന് തമിഴ്നാട് കോണ്‍ഗ്രസ് അധ്യക്ഷനായി ചുമതലയേറ്റ ഇ.വി.കെ.എസ് ഇളങ്കോവന്‍. ഇത് തന്‍െറ വ്യക്തിപരമായ അഭിപ്രായമാണ്.രജനിക്ക് എല്ലാ രാഷ്ട്രീയ പാര്‍ട്ടികളിലും ആരാധകരുണ്ട്. തമിഴ് ജനത എല്ലാതരത്തിലും ബഹുമാനിക്കുന്ന വ്യക്തിയാണ് അദ്ദേഹമെന്നും ഇളങ്കോവന്‍ പി.ടി.ഐയോട് വ്യക്തമാക്കി. അതോടൊപ്പം രജനികാന്തടക്കം മതേതരത്വത്തോട് സമര്‍പ്പണം ചെയ്ത എല്ലാവരേയും കോണ്‍ഗ്രസിലേക്ക് ക്ഷണിക്കുന്നതായും ഇളങ്കോവന്‍ പറഞ്ഞു.

അവിഹിത സ്വത്ത് സമ്പാദന കേസില്‍ ജയലളിത ശിക്ഷിക്കപ്പെട്ട സാഹചര്യത്തില്‍ 2016ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ തമിഴ്നാട് മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി രജനികാന്തിനെ ഉയര്‍ത്തി കാണിക്കാന്‍ ബി.ജെ.പിയുടെ നീക്കം നടത്തി വരുന്നുണ്ട്. കൂടാതെ ഉടന്‍ രൂപീകരിക്കാനിരിക്കുന്ന ജി.കെ വാസന്‍െറ പുതിയ പാര്‍ട്ടിക്ക് രജനിയുടെ പിന്തുണ തേടുകയും ചെയ്തിരുന്നു. ഇതിനെ തടയിടുകയാണ് ഇളങ്കോവന്‍െറ ലക്ഷ്യം.

തമിഴ്നാട് പി.സി.സി പ്രസിഡന്‍റായി മുന്‍ കേന്ദ്രമന്ത്രി ഇളങ്കോവനെ നിയമിച്ച ഹൈക്കമാന്‍റ് നടപടിയില്‍ പ്രതിഷേധിച്ച്  ജി.കെ വാസന്‍ കോണ്‍ഗ്രസ് വിട്ടിരുന്നു.1996ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ എ.ഐ.എ.ഡി.എം.കെയുമായി സഖ്യമുണ്ടാക്കാനുള്ള കോണ്‍ഗ്രസ് കേന്ദ്രനേതൃത്വത്തിന്‍െറ തീരുമാനത്തില്‍ പ്രതിഷേധിച്ചാണ് ജി.കെ. മൂപ്പനാരുടെ നേതൃത്വത്തില്‍ പാര്‍ട്ടി പിളര്‍ന്നത്. മൂപ്പനാരുടെ നിലപാട് തള്ളി നരസിംഹറാവു ജയലളിതയുമായി സഖ്യം പ്രഖ്യാപിച്ചതാണ് അന്ന് പിളര്‍പ്പിന് കാരണമായത്. തുടര്‍ന്ന് മൂപ്പനാരുടെ നേതൃത്വത്തില്‍ തമിഴ് മാനില കോണ്‍ഗ്രസ് (ടി.എം.സി) രൂപം കൊണ്ടു. പിന്നീട് 96ല്‍ ഡി.എം.കെയുമായി ചേര്‍ന്ന് ടി.എം.സി മത്സരിച്ചിരുന്നു. ആദ്യം ഉശിരു കാട്ടിയ പാര്‍ട്ടിയുടെ ശക്തി പിന്നീട് ക്ഷയിച്ചു. 2002ല്‍ ടി.എം.സി കോണ്‍ഗ്രസില്‍ ലയിക്കുകയായിരുന്നു.

1991-’96 ഭരണകാലത്തെ ജയലളിത സര്‍ക്കാറിന്‍െറ അഴിമതി ഭരണത്തിനെതിരായി ’96ലെ നിയമസഭാ തെരഞ്ഞെടുപ്പ് വേളയില്‍ രജനികാന്ത് നടത്തിയ പ്രസ്താവന തമിഴക രാഷ്ട്രീയത്തില്‍ വലിയ ചലനങ്ങളാണ് സൃഷ്ടിച്ചത്. നിങ്ങള്‍ ജയലളിതയെ വീണ്ടും അധികാരത്തിലേറ്റിയാല്‍ ദൈവത്തിന് പോലും നിങ്ങളെ രക്ഷിക്കാനാവില്ല എന്നായിരുന്നു രജനി അന്ന് പ്രസംഗത്തില്‍ വ്യക്തമാക്കിയത്.

അതേസമയം രജനികാന്തിനെ പാര്‍ട്ടിയില്‍ ചേര്‍ക്കാന്‍ ബി.ജെ.പി കേന്ദ്ര നേതൃത്വവും ശ്രമം തുടങ്ങി. അവിഹിത സ്വത്ത് സമ്പാദന കേസില്‍ ജയലളിത ശിക്ഷിക്കപ്പെട്ട സാഹചര്യത്തില്‍ 2016ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ തമിഴ്നാട് മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി രജനികാന്തിനെ ഉയര്‍ത്തി കാണിക്കാനാണ് ബി.ജെ.പിയുടെ നീക്കം.

രജനിയുടെ പുതിയ സിനിമയായ ‘ലിങ്കാ’ പടത്തിന്‍െറ ബംഗളൂരുവിലെ ചിത്രീകരണവേളയില്‍ കര്‍ണാടക മുന്‍ മുഖ്യമന്ത്രി യെദിയൂരപ്പ, ബി.ജെ.പി സംസ്ഥാന പ്രസിഡന്‍റ് ഈശ്വരപ്പ തുടങ്ങിയവര്‍ രജനികാന്തിനെ സന്ദര്‍ശിച്ചിരുന്നു. രജനി രസികര്‍ മണ്‍റം ബംഗളൂരു യൂണിറ്റ് പ്രസിഡന്‍റ് ഇളവരശനും രജനിയെ സന്ദര്‍ശിച്ച് രാഷ്ട്രീയത്തിലേക്ക് ഇറങ്ങണമെന്ന് അഭ്യര്‍ഥിച്ചു. നരേന്ദ്രമോദിയുമായി രജനികാന്തിന് അടുത്ത സൗഹൃദമാണുള്ളത്.

ലോക്സഭാ തെരഞ്ഞെടുപ്പ് സമയത്ത് രജനികാന്ത് രാഷ്ട്രീയ നിലപാട് വ്യക്തമാക്കാതെ മൗനം പാലിക്കുകയായിരുന്നു. സിനിമയും രാഷ്ട്രീയവും ഇടകലര്‍ന്ന തമിഴക മണ്ണില്‍ രജനിയെപോലുള്ള താരത്തെ മുന്‍നിര്‍ത്തി വേരുറപ്പിക്കാനുള്ള നീക്കമാണ് ബി.ജെ.പി നടത്തുന്നത്.
തമിഴ്നാടിലെ എല്ലാ പാര്‍ട്ടികളും തങ്ങളുടെ പാര്‍ട്ടിയില്‍ ചേരാന്‍ രജനിയെ ക്ഷണിച്ചിരുന്നു. അതേസമയം രജനികാന്തിന് തമിഴക രാഷ്ട്രീയത്തില്‍ സാധ്യതകളുണ്ടെങ്കിലും അദ്ദേഹം അനുകൂല തീരുമാനമെടുക്കില്ളെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍.
 

സി.ബി.ഐ അന്വേഷണം: സാറാ ജോസഫിന്‍െറ ഹരജി തള്ളി

Posted: 05 Nov 2014 11:34 PM PST

Image: 

കൊച്ചി: ബാര്‍ കോഴ ആരോപണം സംബന്ധിച്ച അന്വേഷണം സി.ബി.ഐക്ക് വിടണമെന്നാവശ്യപ്പെട്ട് എഴുത്തുകാരി സാറാ ജോസഫ് സമര്‍പ്പിച്ച ഹരജി ഹൈകോടതി തള്ളി. വിഷയത്തില്‍ ഹൈകോടതി ഇടപെടേണ്ട സാഹചര്യമില്ളെന്നും കോടതി വ്യക്തമാക്കി. സാറാ ജോസഫിന്‍െറ ഹരജി അപക്വമെന്നും ഹൈകോടതി ചൂണ്ടിക്കാട്ടി.

ബാര്‍ കോഴ വിവാദത്തില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച വിജിലന്‍സ് അന്വേഷണം കണ്ണില്‍ പൊടിയിടാനാണെന്നും പ്രഹസനമാകുമെന്നും ചൂണ്ടിക്കാട്ടിയാണ് ആം ആദ്മി സംസ്ഥാന കണ്‍വീനര്‍ കൂടിയായ സാറാ ജോസഫ് ഹൈകോടതിയെ സമീപിച്ചത്. ആഭ്യന്തര വകുപ്പ്, വിജിലന്‍സ് ഡയറക്ടര്‍, സി.ബി.ഐ എന്നിവരെ എതിര്‍ കക്ഷികളാക്കിയാണ് ഹരജി നല്‍കിയത്.

ജാര്‍ഖണ്ഡില്‍ ഐ.എസ് ടീഷര്‍ട്ട് ധരിച്ച യുവാക്കളെ ചോദ്യംചെയ്തു

Posted: 05 Nov 2014 11:16 PM PST

Image: 

ധന്‍ബാദ്: ജാര്‍ഖണ്ഡില്‍ ഐ.എസിന്‍റെ ടീഷര്‍ട്ട് ധരിച്ചതായി കണ്ടെത്തിയ രണ്ടു യുവാക്കളെ പൊലീസ് ചോദ്യം ചെയ്തു. ധന്‍ബാദില്‍ നടന്ന മുഹറം റാലിയില്‍ പാക്കിസ്താന്‍ എന്നും ഐ.എസ്.ഐ.എസ് എന്നും എഴുതിയിരുന്ന ടീഷര്‍ട്ടാണ് രണ്ട് യുവാക്കള്‍ ധരിച്ചിരുന്നത്. മാധ്യമങ്ങള്‍ യുവാക്കളുടെ ചിത്രങ്ങള്‍ പുറത്തുവിട്ടതോടെയാണ് പൊലീസ് ഇവരെ കസ്റ്റഡിയിലെടുത്തത്.

കൂടാതെ പാകിസ്താന്‍ പതാക ആലേഖനം ചെയ്ത ടീ ഷര്‍ട്ട് ധരിച്ചയാളെയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ചോദ്യം ചെയ്ത ശേഷം യുവാക്കളെ വിട്ടയച്ചതായി ദന്‍ബാദ് എസ്.പി ഹേമന്ത് ഥോപ്പോ പറഞ്ഞു.

തമിഴ്നാട്ടിലെ രാമനാഥപുരത്ത് ഐ.എസ് ചിഹ്നം ആലേഖനം ചെയ്ത ടീ ഷര്‍ട്ട് ധരിച്ചതിന് രണ്ട് യുവാക്കളെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. സമൂഹ്യ മാധ്യമങ്ങളില്‍ ഇവരുടെ ചിത്രം വ്യാപകമായ സാഹചര്യത്തിലാണ് ഇവരെ പൊലീസ് അറസ്റ്റ് ചെയ്തത്.

ഐ.എസില്‍ ചേരാനായി സൗദിയിലേക്ക് കടക്കാന്‍ ശ്രമിച്ച മുന്‍ ഗൂഗ്ള്‍ ജീവനക്കാരനെ  കഴിഞ്ഞ മാസം ഹൈദരാബാദില്‍ ചോദ്യംചെയ്തിരുന്നു. ഇന്ത്യയിലെ യുവാക്കളെ ഓണ്‍ലൈന്‍ വഴി റിക്രൂട്ട് ചെയ്യാന്‍ ശ്രമം നടക്കുന്നതായി രാജ്യത്തെ വിവിധ സുരക്ഷാ ഏജന്‍സികള്‍ കണ്ടെത്തിയിട്ടുണ്ട്. കശ്മീരില്‍ കഴിഞ്ഞ ഈദ് ദിനത്തില്‍ ഐ.എസ് പതാക ഒരു പാര്‍ക്കില്‍ പരസ്യമായി പ്രദര്‍ശിപ്പിച്ചത് വിവാദത്തിന് വഴിവെച്ചിരുന്നു.
 

സംസ്ഥാന സ്പെഷല്‍ സ്കൂള്‍ കലോത്സവത്തിന് ഇന്ന് തിരിതെളിയും

Posted: 05 Nov 2014 11:10 PM PST

കണ്ണൂര്‍: മാനസിക, ശാരീരിക ല്ലുവിളികളെ അതിജീവിക്കാന്‍ പൊരുതുന്ന കുട്ടികളുടെ പ്രതിഭ മാറ്റുരക്കുന്ന സംസ്ഥാന സ്പെഷല്‍ സ്കൂള്‍ കലോത്സവത്തിന് ഇന്ന് കണ്ണൂരില്‍ തിരിതെളിയും.
രാവിലെ ഒമ്പതിന് മുനിസിപ്പല്‍ ഹൈസ്കൂളിലെ വേദികളില്‍ മത്സരം ആരംഭിക്കും. തുടര്‍ന്ന് 10.30ന് വിദ്യാഭ്യാസ മന്ത്രി പി.കെ. അബ്ദുറബ്ബ് ഉദ്ഘാടനം ചെയ്യും. എ.പി. അബ്ദുല്ലക്കുട്ടി എം.എല്‍.എ അധ്യക്ഷത വഹിക്കും.
മൂന്നുദിവസം നീണ്ടുനില്‍ക്കുന്ന കലാമേളയില്‍ പങ്കെടുക്കാന്‍ സംസ്ഥാനത്തിന്‍െറ വിവിധ ഭാഗങ്ങളില്‍നിന്ന് ഇന്നലെ രാവിലെ മുതല്‍ കുട്ടികള്‍ എത്തിത്തുടങ്ങിയിരുന്നു. ഉച്ച രണ്ടുമണിയോടെ രജിസ്ട്രേഷന്‍ ആരംഭിച്ചു. വിജയികള്‍ക്ക് സമ്മാനിക്കുന്ന സ്വര്‍ണക്കപ്പ് കണ്ണൂരിലത്തെിച്ചിട്ടുണ്ട്.
267 സ്കൂളുകളില്‍ നിന്നായി 2500ഓളം വിദ്യാര്‍ഥികള്‍ പങ്കെടുക്കും. ഏഴു വേദികളാണ് ഒരുക്കിയത്. തൊണ്ണൂറോളം ഇനങ്ങളില്‍ മത്സരങ്ങള്‍ നടക്കും. പ്രധാന വേദിയുള്‍പ്പെടെ അഞ്ചു വേദികളും മുനിസിപ്പല്‍ സ്പോര്‍ട്സ് സ്കൂള്‍ കോമ്പൗണ്ടില്‍ തന്നെയാണ്.
ദൂരെയുള്ള വേദികളില്‍ മത്സരങ്ങള്‍ നടത്തി കുട്ടികളെ കഷ്ടപ്പെടുത്തേണ്ടെന്നതിനെ തുടര്‍ന്നാണ് ഇങ്ങനെ വേദികള്‍ സജ്ജീകരിച്ചിരിക്കുന്നത്. മുനിസിപ്പല്‍ സ്കൂളിലെ പ്രധാന വേദിയിലാണ് ഉദ്ഘാടനം നടക്കുക. ജൂബിലി ഹാളാണ് രണ്ടാമത്തെ വേദി.
മൂന്ന്, അഞ്ച്, ആറ് വേദികള്‍ സ്കൂളിലെ വിവിധ ഹാളുകളിലാണ് ഒരുക്കിയിരിക്കുന്നത്. സ്പോര്‍ട്സ് കൗണ്‍സില്‍ ഹാളാണ് അഞ്ചാം വേദി. കലക്ടറേറ്റ് മൈതാനമാണ് ഏഴാം വേദി. ബാന്‍റ് ഡിസ്പ്ളേ മത്സരങ്ങളാണ് ഇവിടെ നടക്കുന്നത്.
രുചി വിളമ്പാന്‍ പഴയിടം മോഹനന്‍ നമ്പൂതിരി
കണ്ണൂര്‍: സ്പെഷല്‍ സ്കൂള്‍ കലോത്സവത്തിനത്തെുന്ന കുരുന്നുകള്‍ക്ക് രുചി പകരുന്നത് പഴയിടം മോഹനന്‍ നമ്പൂതിരി. നിരവധി സംസ്ഥാന കലോത്സവങ്ങള്‍ക്ക് സദ്യയൊരുക്കി കൈവഴക്കമുള്ള പഴയിടത്തെ തന്നെ സംഘാടകര്‍ നിര്‍ബന്ധപൂര്‍വം കണ്ണൂരിലത്തെിക്കുകയായിരുന്നു.
ഇന്നലെ രാത്രി മുതല്‍ക്കു തന്നെ കുട്ടികള്‍ക്കായി ഇദ്ദേഹം സദ്യയൊരുക്കി തുടങ്ങുകയും ചെയ്തു. മുനിസിപ്പല്‍ സ്കൂളിലെ ബാസ്ക്കറ്റ് ബോള്‍ കോര്‍ട്ടിനു പുറകിലാണ് ഭക്ഷണപ്പന്തല്‍ ഒരുക്കിയിരിക്കുന്നത്.
ഇന്നത്തെ മെനു: രാവിലെ ഉപ്പുമാവും കറിയും ചായയും. ഉച്ചയൂണിന് ചോറ്, സാമ്പാര്‍, അവിയല്‍, പുളിശ്ശേരി, തോരന്‍, അച്ചാര്‍, പച്ചടി, പാല്‍പ്പായസം. വൈകീട്ട് ചായയും പരിപ്പുവടയും. രാത്രിയില്‍ ചോറും സാമ്പാറും രസവും എരിശേരിയും അച്ചാറും.
സ്വര്‍ണക്കപ്പ്
കണ്ണൂര്‍: സംസ്ഥാന സ്കൂള്‍ കലോത്സവത്തില്‍ നിന്നും വിഭിന്നമായി ജില്ലാ തലത്തിലുള്ള മത്സരങ്ങള്‍ സ്പെഷല്‍ സ്കൂള്‍ കലോത്സവത്തില്‍ പ്രതീക്ഷിക്കേണ്ട.
സ്പെഷല്‍ സ്കൂളുകള്‍ തമ്മിലാണ് മത്സരങ്ങള്‍ നടക്കുക. ഏറ്റവും മികച്ച സ്കൂളിനാണ് സ്വര്‍ണക്കപ്പ് സമ്മാനിക്കുക.
അപ്പീലിന് അവധിയില്ല
കണ്ണൂര്‍: സ്പെഷല്‍ സ്കൂള്‍ മത്സരങ്ങളിലും അപ്പീലിന് പഞ്ഞമുണ്ടാകില്ളെന്നാണ് സംഘാടകരുടെ അഭിപ്രായം. സ്കൂളുകള്‍ തമ്മിലുള്ള മത്സരം കടുക്കുമെന്നതിനാലാണ് അപ്പീലുകളുടെ എണ്ണമേറുമെന്ന് കരുതുന്നത്.
കലോത്സവ മാന്വല്‍ പ്രകാരം മൂന്ന് വിധികര്‍ത്താക്കളാണ് മത്സരം വിലയിരുത്തുക. വിധിയില്‍ അപാകതയുണ്ടെന്നു കരുതിയാല്‍ ജനറല്‍ കണ്‍വീനര്‍ക്ക് അപ്പീല്‍ നല്‍കാം. മുന്നൂറു രൂപയാണ് അപ്പീല്‍ ഫീസ്. വിധി അനുകൂലമായാലും പ്രതികൂലമായാലും ഈ പണം തിരികെ നല്‍കില്ല.

ഊര്‍ജിത പങ്കാളിത്ത ആസൂത്രണം; ജില്ലയില്‍നിന്നും 26 പഞ്ചായത്തുകള്‍

Posted: 05 Nov 2014 11:05 PM PST

കാസര്‍കോട്: മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായി സാമൂഹിക പിന്നാക്കാവസ്ഥ പരിഗണിച്ച് ജില്ലയിലെ നാലു ബ്ളോക്കുകളിലെ 26 ഗ്രാമപഞ്ചായത്തുകളെ ഊര്‍ജിത പങ്കാളിത്ത ആസൂത്രണ പ്രക്രിയയില്‍ ഉള്‍പ്പെടുത്തി. ഇതിന്‍െറ ഭാഗമായി മഞ്ചേശ്വരം, കാറഡുക്ക, കാഞ്ഞങ്ങാട്, പരപ്പ എന്നീ ബ്ളോക്കുകളില്‍ വരുന്ന 26 പഞ്ചായത്തുകളിലെ 443 വാര്‍ഡുകളില്‍ വിശദമായ സര്‍വേ നടത്തും. സംസ്ഥാനത്തെ 50 ബ്ളോക്കുകളെയാണ് പദ്ധതിയനുസരിച്ച് തെരഞ്ഞെടുത്തിട്ടുള്ളത്.
ഉപജീവനത്തിനായി കാര്‍ഷിക പ്രവൃത്തികളെ ആശ്രയിക്കുന്ന കുടുംബങ്ങളുടെ എണ്ണം, കര്‍ഷകതൊഴിലാളികള്‍, സാക്ഷരതാ നിലവാരം, സ്ത്രീ സാക്ഷരതാ നിലവാരം, വൈദ്യുതി എത്താത്ത വീടുകളുടെ എണ്ണം, ശുദ്ധജല ലഭ്യതക്കുള്ള പ്രയാസങ്ങള്‍, കക്കൂസുകളില്ലാത്ത വീടുകള്‍, എസ്.സി, എസ്.ടി ജനസംഖ്യ, മൊത്തം ബി.പി.എല്‍ കുടുംബങ്ങളുടെ എണ്ണം എന്നീ സൂചകങ്ങളാണ് പ്രദേശങ്ങളുടെ പിന്നാക്കാവസ്ഥ നിര്‍ണയിക്കുന്നതിനായി തെരഞ്ഞെടുത്ത മാനദണ്ഡങ്ങള്‍.
ബ്ളോക്തലത്തില്‍ രൂപവത്കരിച്ചിട്ടുള്ള സര്‍വേ സംഘങ്ങള്‍ ഗ്രാമപഞ്ചായത്ത് പ്രദേശത്തെ ഓരോ ഭൂപ്രദേശങ്ങളും വീടുകളും സന്ദര്‍ശിച്ച് വിവരങ്ങളും ആവശ്യങ്ങളും രേഖപ്പെടുത്തും. ഇതിന്‍െറ അടിസ്ഥാനത്തിലാണ് 2015-16 സാമ്പത്തിക വര്‍ഷത്തില്‍ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ പ്രവൃത്തികള്‍ ഏറ്റെടുക്കാന്‍ അനുമതി ലഭിക്കുക. മഹാത്മാഗാന്ധി എന്‍.ആര്‍.ഇ.ജി.എസിന്‍െറ ഭേദഗതിയിലൂടെ സമൂഹത്തിലെ ദുര്‍ബല ജനവിഭാഗങ്ങളുടെയും ഭൂപരിഷ്കരണം വഴി കൃഷിഭൂമി ലഭിച്ചവരുടെയും ജീവനോപാധികള്‍ സൃഷ്ടിക്കുന്നതിനും പുരയിടം കൃഷിക്കും പച്ചക്കറി-പഴം കൃഷികള്‍ക്കും മൃഗസംരക്ഷണത്തിനും മത്സ്യകൃഷിക്കുമുള്ള ഒട്ടനവധി അടിസ്ഥാന സൗകര്യങ്ങള്‍ ചെയ്തുകൊടുക്കും.
ദുര്‍ബല ജനവിഭാഗങ്ങളുടെ പുരയിടങ്ങള്‍ തട്ടുകളായി തിരിക്കുക, ഐ.എ.വൈ വീടുകള്‍ക്കാവശ്യമായ തൊഴില്‍ ദിനങ്ങള്‍ നല്‍കുക, കക്കൂസ് നിര്‍മാണത്തിനാവശ്യമായ തൊഴില്‍ ദിനങ്ങള്‍ നല്‍കുക, പച്ചക്കറി കൃഷി ചെയ്യുന്നതിനുള്ള തടങ്ങള്‍, കിണറുകള്‍, കമ്പോസ്റ്റ് പിറ്റുകള്‍, മഴക്കുഴികള്‍, ചകിരിക്കുഴികള്‍, കോഴിക്കൂടുകള്‍, ആട്ടിന്‍കൂടുകള്‍, തൊഴുത്തുകള്‍, മത്സ്യം ഉണക്കുന്നതിനുള്ള പ്ളാറ്റ്ഫോറം എന്നിവ ഇത്തരത്തില്‍ ചെയ്തുകൊടുക്കും. കുടുംബശ്രീ ഗ്രൂപ്പുകള്‍ക്കും എസ്.എച്ച്.ജികള്‍ക്കും പ്രവൃത്തികള്‍ ചെയ്യുന്നതിനുള്ള വര്‍ക്ക് ഷെഡുകള്‍, വിപണന സ്ഥാപനങ്ങള്‍ക്കാവശ്യമായ കെട്ടിടങ്ങള്‍, സംഭരണശാലകള്‍, പൊതുസ്ഥലങ്ങളില്‍ കുളം കുഴിക്കല്‍, തടയണകള്‍, കിണറുകള്‍, ചിറകള്‍, റോഡുകള്‍, കളിസ്ഥലങ്ങള്‍, വനവവത്കരണം,കലുങ്കുകള്‍ എന്നിവയും മഹാത്മാഗാന്ധി എന്‍.ആര്‍.ഇ.ജി.എസില്‍ ഉള്‍പ്പെടുത്തി ചെയ്യാം.
ഓരോ പ്രദേശത്തേക്കും ഭവനങ്ങളിലേക്കും പദ്ധതിയുടെ പരമാവധി പ്രയോജനം എത്തിക്കുന്നതിന് ജനപ്രതിനിധികളും പൊതുജനങ്ങളും സര്‍വേയുമായി സഹകരിക്കണമെന്ന് ദാരിദ്ര്യ ലഘൂകരണ വിഭാഗം പ്രോജക്ട് ഡയറക്ടര്‍ അഭ്യര്‍ഥിച്ചു.

എടപ്പാളില്‍ അനധികൃത മണ്ണ് കടത്ത് വ്യാപകം

Posted: 05 Nov 2014 10:57 PM PST

എടപ്പാള്‍: എടപ്പാള്‍ മേഖയില്‍ മണ്ണ് മാഫിയ പിടിമുറുക്കുന്നു. പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തകരുടെ ശക്തമായ ഇടപെടലിനെ തുടര്‍ന്ന് ഒരു പരിധിവരെ എടപ്പാള്‍ മേഖലയില്‍ മണ്ണെടുപ്പും വയല്‍നികത്തലും നിലച്ചതിനിടയില്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ പിന്തുണയോടെ മണ്ണ് മാഫിയ എടപ്പാള്‍ മേഖലയില്‍ വീണ്ടും തഴച്ചുവളരുകയാണ്.
ഇതോടൊപ്പം ടിപ്പര്‍ലോറി ഉടമയായ നടുവട്ടം സ്വദേശി നൗഷാദിനെ ചങ്ങരംകുളം എസ്.ഐ ശശിധരന്‍ മേലയില്‍ സ്റ്റേഷനില്‍വെച്ച് മര്‍ദിച്ചെന്ന ആരോപണവും വിവാദമായിരിക്കുകയാണ്. എസ്.ഐ കസ്റ്റഡഡിയിലെടുത്ത നൗഷാദിന്‍െറ ഉടമസ്ഥതയിലുള്ള മണ്ണ് നിറച്ച ടിപ്പര്‍ ലോറി അയിലക്കാടുനിന്നുമാണ് ബുധനാഴ്ച പിടികൂടുന്നത്.
നടുവട്ടം എസ്റ്റേറ്റ് പറമ്പില്‍നിന്ന് പൂക്കരത്തറ ദാറുല്‍ ഹിദായ ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ ഗ്രൗണ്ട് നികത്താന്‍ മണ്ണ് കൊണ്ടുപോകുന്നതിനാണ് മൈനിങ് ജിയോളജി വകുപ്പ് അനുമതി നല്‍കിയിരിക്കുന്നത്.
ഈ അനുമതിയുടെ മറവില്‍ അഞ്ച് ടിപ്പര്‍ ലോറികളില്‍ മണ്ണെടുത്ത് അയിലക്കാട്ടെ ഒരു വീടിന്‍െറ തറയില്‍ നിക്ഷേപിക്കുകയായിരുന്നു. ഇതിനിടെയാണ് എസ്.ഐ ടിപ്പര്‍ ലോറികള്‍ പിടികൂടുന്നത്.
എസ്റ്റേറ്റ് പറമ്പില്‍നിന്നും മണ്ണെടുക്കുന്നതിന് മൈനിങ് ജിയോളജി വകുപ്പില്‍നിന്നും അനുമതി വാങ്ങി നല്‍കിയത് ഭരണകക്ഷിയിലെ പ്രമുഖ കക്ഷിയുടെ ഒരു പ്രാദേശിക നേതാവാണ്. ഇവിടെനിന്നും മണ്ണെടുക്കുന്ന ടിപ്പര്‍ലോറികള്‍ പലതും പ്രമുഖ രാഷ്ട്രീയ പാര്‍ട്ടി, സംഘടന നേതാക്കളുടെ ബിനാമികളുടെ പേരിലുള്ളതാണെന്ന ആരോപണവും ശക്തമാണ്.

കോഫി ഷോപ് ആക്രമണം: മുന്‍കൂര്‍ ജാമ്യാപേക്ഷ നാളേക്ക് മാറ്റി

Posted: 05 Nov 2014 10:50 PM PST

കോഴിക്കോട്: സദാചാര പൊലീസ് ചമഞ്ഞ് നഗരത്തിലെ ഡൗണ്‍ ടൗണ്‍ ഹോട്ടല്‍ അടിച്ചുതകര്‍ത്തുവെന്ന കേസില്‍ ഏഴ് യുവമോര്‍ച്ച പ്രവര്‍ത്തകര്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ അഡീഷനല്‍ ജില്ലാ സെഷന്‍സ് ജഡ്ജ് കെ. രമേഷ്ഭായ് നവംബര്‍ ഏഴിന് മാറ്റി. യുവമോര്‍ച്ച സംസ്ഥാന സെക്രട്ടറി നരിപ്പറ്റ കുറ്റിയുള്ള പറമ്പില്‍ കെ.പി. പ്രകാശ്ബാബു, ചേവായൂര്‍ കമല്‍ നിവാസില്‍ കെ.പി. പ്രശോഭ്, ഉണ്ണികുളം ഇരിമ്പോട്ട് പൊയിലില്‍ ഇ.പി. ബബീക്, നടക്കാവ് ഷൈപുരത്തില്‍ ഷൈബു, നടുവട്ടം കേലത്ത് പ്രബീഷ്, മലാപ്പറമ്പ് പീടികത്തൊടി വിജിത്ത്കുമാര്‍, കെവേരി താഴത്തയില്‍ റിജില്‍ എന്നിവരാണ് മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയത്.
ഇവരില്‍ പ്രകാശ് ബാബുവും ബബീഷും പൊലീസ് അറസ്റ്റ് ചെയ്തതിനെ തുടര്‍ന്ന് റിമാന്‍ഡിലായതിനാല്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ അപ്രസക്തമായി. ഒക്ടോബര്‍ 23ന് 15ഓളം വരുന്ന സംഘം കോഫിഷോപ് അടിച്ചു തകര്‍ത്ത് 2.5 ലക്ഷം രൂപയുടെ നഷ്ടമുണ്ടാക്കിയെന്നും വധ ഭീഷണിമുഴക്കിയെന്നുമാണ് വെള്ളയില്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസ്. പ്രതികള്‍ക്കുവേണ്ടി അഡ്വ. എം. അശോകന്‍ ഹാജരായി.

ബാര്‍കോഴ: സി.പി.എം ആവശ്യം അര്‍ഥശൂന്യമെന്ന് വി.എം സുധീരന്‍

Posted: 05 Nov 2014 10:01 PM PST

Image: 

കണ്ണൂര്‍: ബാര്‍ കോഴ ആരോപണം പ്രത്യേകസംഘം അന്വേഷിക്കണമെന്ന സി.പി.എം ആവശ്യം അര്‍ഥശൂന്യമെന്ന് കെ.പി.സി.സി അധ്യക്ഷന്‍ വി.എം സുധീരന്‍. ജനപക്ഷ യാത്രയുടെ ഭാഗമായി കണ്ണൂരില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് ഇക്കാര്യമറിയിച്ചത്. കോടതി പരിഗണിക്കേണ്ട വിഷയം ഒരു രാഷ്ട്രീയ പാര്‍ട്ടി പറയുന്നത് യുക്തിരഹിതമാണെന്നും സുധീരന്‍ പറഞ്ഞു.

കോഴ ആരോപണം സംബന്ധിച്ച് കോടതിയുടെ പരിഗണനയില്‍ ഒരു കേസ് പോലുമില്ല. ജനങ്ങളുടെ മുമ്പില്‍ എന്തെങ്കിലും പറയാന്‍ വേണ്ടി മാത്രമാണ് സി.പി.എം പുതിയ ആവശ്യം ഉന്നയിക്കുന്നത്. ബാര്‍ വിഷയത്തില്‍ സി.പി.എം ആഴത്തിലുള്ള ആഭ്യന്തര പ്രശ്നങ്ങള്‍ നേരിടുകയാണെന്നും സുധീരന്‍ ചൂണ്ടിക്കാട്ടി.

ധനമന്ത്രി കെ.എം. മാണിക്കെതിരായ ആരോപണത്തെ ഗൗരവമായി കാണുന്നില്ല. ഒരു ബാര്‍ അടക്കാന്‍ തന്നെ ഏറെ പ്രശ്നങ്ങള്‍ നേരിടുന്ന സാഹചര്യത്തില്‍ സംസ്ഥാനത്തെ 730 ബാറുകള്‍ അടക്കാന്‍ യു.ഡി.എഫ് തീരുമാനിച്ചതിനു പിന്നില്‍ ഒരു പ്രലോഭനവും ഉണ്ടായില്ളെന്ന് വ്യക്തമാണ്. നിലനില്‍പ്പിനു വേണ്ടി എന്തും ചെയ്യാനും പറയാനും മടിക്കാത്തവരാണ് ബാറുടമകള്‍ എന്നും സുധീരന്‍ പറഞ്ഞു.

33ാമത് ഷാര്‍ജ അന്താരാഷ്ട്ര പുസ്തകമേളക്ക് തുടക്കം

Posted: 05 Nov 2014 09:58 PM PST

Image: 

ഷാര്‍ജ: നശീകരണ പ്രവര്‍ത്തനങ്ങളും അക്രമങ്ങളും അവസാനിപ്പിച്ച് സാഹിത്യത്തിലൂടെയും സാംസ്കാരിക പരിപാടികളിലൂടെയും ഇസ്ലാമിന്‍െറ സമാധാന സന്ദേശം പ്രചരിപ്പിക്കാന്‍ അറബ് സമൂഹം തയാറാകണമെന്ന് യു.എ.ഇ സുപ്രീം കൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് ആല്‍ ഖാസിമി ആഹ്വാനം ചെയ്തു. ‘എല്ലാവര്‍ക്കും ഓരോ പുസ്തകം’ എന്ന പ്രമേയത്തില്‍ നടക്കുന്ന 33ാമത് ഷാര്‍ജ അന്താരാഷ്ട്ര പുസ്തകമേള എക്സ്പോ സെന്‍ററില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
അസഹിഷ്ണുതയും മനുഷ്യത്വപരമല്ലാത്ത പ്രവൃത്തികളും ഒരിക്കലും ഇസ്ലാമിന്‍െറ രീതിയല്ല. നിര്‍ഭാഗ്യവശാല്‍ അറബ് ലോകത്ത് ഇപ്പോള്‍ നടക്കുന്നത് ഇത്തരം പ്രവര്‍ത്തനങ്ങളാണ്. ഇസ്ലാമിക സംസ്കാരവും കലയും പ്രചരിപ്പിക്കാന്‍ ഷാര്‍ജ നിരന്തരം പരിശ്രമങ്ങള്‍ നടത്തിവരുന്നുണ്ട്. എന്നാല്‍ വളരെ ചെറിയ ഇത്തരം ശ്രമങ്ങള്‍ വേണ്ടത്ര പിന്തുണയില്ലാത്തതിനാല്‍ ഫലമില്ലാതെ പോകുകയാണ്. അറബ് ലോകത്തിന്‍െറ പൂര്‍ണ പിന്തുണയില്ലാതെ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ട് കൊണ്ടുപോകാന്‍ കഴിയില്ല. ഭീകരവാദത്തിനെതിരെയും അക്രമത്തിനെതിരെയും ശക്തമായ നിലപാട് സ്വീകരിക്കാന്‍ അറബ് ലോകം മുന്നോട്ടുവരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഷാര്‍ജയുടെ ബ്രിട്ടീഷ് അധിനിവേശ കാലഘട്ടത്തെക്കുറിച്ച് താന്‍ രചിച്ച ‘തഹ്ത് റയാത് അല്‍ ഇഹ്തിലാല്‍’ (അധിനിവേശത്തിന്‍െറ കൊടിക്കീഴില്‍) എന്ന പുസ്തകത്തിന്‍െറ പ്രകാശനം ശൈഖ് സുല്‍ത്താന്‍ ചടങ്ങില്‍ നിര്‍വഹിച്ചു. ഈ വര്‍ഷത്തെ സാംസ്കാരിക വ്യക്തിത്വ പുരസ്കാരം ഇസ്ലാമിക് എജുക്കേഷണല്‍, സയന്‍റിഫിക് ആന്‍ഡ് കള്‍ചറല്‍ ഓര്‍ഗനൈസേഷന്‍ ഡയറക്ടര്‍ ജനറല്‍ ഡോ. അബ്ദുല്‍ അസീസ് ബിന്‍ ഉസ്മാന്‍ അല്‍ തുവൈരിജിക്ക് സമ്മാനിച്ചു. അറബ്- ഇസ്ലാമിക ലോകത്തിന് നല്‍കിയ ധിഷണാപരമായ സംഭാവനകളും വ്യക്തിഗത നേട്ടങ്ങളും പരിഗണിച്ചാണ് പുരസ്കാരത്തിന് ഇദ്ദേഹത്തെ തെരഞ്ഞെടുത്തത്. ഇസ്ലാമിക സംസ്കാരം പ്രചരിപ്പിക്കാന്‍ ശൈഖ് സുല്‍ത്താന്‍ നടത്തുന്ന പരിശ്രമങ്ങളെ തുവൈരിജി മറുപടി പ്രസംഗത്തില്‍ പ്രശംസിച്ചു.
പുസ്തകമേളയോടനുബന്ധിച്ച വിവിധ അവാര്‍ഡുകള്‍ ചടങ്ങില്‍ വിതരണം ചെയ്തു. മികച്ച സ്വദേശി പ്രസാധകനുള്ള അവാര്‍ഡ് മദാരിക് പബ്ളിഷിങിനാണ്. മികച്ച അറബ് പ്രസാധകന്‍: അല്‍ ഫറാബി, മികച്ച അറബ് ഇതര പ്രസാധകന്‍: ടാഷന്‍ പബ്ളിഷിങ്, ക്രിയാത്മക സ്വദേശി രചയി
താവ്: ഡോ. സുആദ് ആല്‍ ആമിരി, മികച്ച സ്വദേശി അക്കാദമിക് പുസ്തകം: ഡോ. യൂസുഫ് അല്‍ ഹസന്‍, യു.എ.ഇയില്‍ പ്രസിദ്ധീകരിച്ച മികച്ച സ്വദേശി പുസ്തകം: ലൈവ് ഫ്രം യു.എ.ഇ, മികച്ച അറബി ഫിക്ഷന്‍: മന്‍സൂറ ഇസ്സുദ്ദീന്‍, മികച്ച വിദേശ ഫിക്ഷന്‍: ഡേവിഡ് ബാല്‍ഡാകി, മികച്ച വിദേശ നോണ്‍ ഫിക്ഷന്‍: യൂസുഫ് ഇസ്ലാം, അറബി ഭാഷയിലുള്ള മികച്ച കുട്ടികളുടെ പുസ്തകം: ജൂലിയ ജോണ്‍സണ്‍ എന്നിവര്‍ അവാര്‍ഡ് ഏറ്റുവാങ്ങി.
ഫെഡറല്‍ നാഷണല്‍ കൗണ്‍സില്‍ സ്പീക്കര്‍ മുഹമ്മദ് അല്‍ മുര്‍റ്, യു.എ.ഇ സാംസ്കാരിക-യുവജന- സാമൂഹിക ക്ഷേമ മന്ത്രി ശൈഖ് നഹ്യാന്‍ ബിന്‍ മുബാറക് ആല്‍ നഹ്യാന്‍, വിദേശകാര്യ സഹമന്ത്രി അന്‍വര്‍ ഗര്‍ഗാശ്, ഷാര്‍ജ ഉപഭരണാധികാരിയും കിരീടാവകാശിയുമായ ശൈഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് ബിന്‍ സുല്‍ത്താന്‍ ആല്‍ ഖാസിമി, ഉപഭരണാധികാരി ശൈഖ് അബ്ദുല്ല ബിന്‍ സാലിം ആല്‍ ഖാസിമി, ശൈഖ് ഖാലിദ് ബിന്‍ സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് ആല്‍ ഖാസിമി, റൂളേഴ്സ് ഓഫിസ് ഡയറക്ടര്‍ ശൈഖ് ഇസ്സാം ബിന്‍ സഖര്‍ ആല്‍ ഖാസിമി, സെന്‍ട്രല്‍ ഡിപാര്‍ട്മെന്‍റ് ഓഫ് ഫിനാന്‍സ് ചെയര്‍മാന്‍ ശൈഖ് മുഹമ്മദ് ബിന്‍ സഊദ് ആല്‍ ഖാസിമി, ഷാര്‍ജ മീഡിയ കോര്‍പറേഷന്‍ ചെയര്‍മാന്‍ ശൈഖ് സുല്‍ത്താന്‍ ബിന്‍ അഹ്മദ് ആല്‍ ഖാസിമി, ശുരൂഖ് ചെയര്‍പേഴ്സണ്‍ ശൈഖ ബുദൂര്‍ ബിന്‍ത് സുല്‍ത്താന്‍ ആല്‍ ഖാസിമി തുടങ്ങിയവര്‍ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തു.
11 ദിവസം നീളുന്ന മേളയില്‍ 59 രാജ്യങ്ങളില്‍ നിന്ന് 1256 പ്രസാധകരാണ് പങ്കെടുക്കുന്നത്. 14 ലക്ഷത്തോളം തലക്കെട്ടുകളില്‍ പുസ്തകങ്ങള്‍ അണിനിരത്തിയിരിക്കുന്നു. രാവിലെ 10 മുതല്‍ രാത്രി 11 വരെയാണ് മേള. വെള്ളിയാഴ്ച വൈകിട്ട് നാലുമുതല്‍ രാത്രി 11 വരെ. പാര്‍ക്കിങ് സൗജന്യം.

രാജ്യപുരോഗതിക്ക് റിപ്പബ്ലിക്കന്മാരുമായി സഹകരിക്കും: ഒബാമ

Posted: 05 Nov 2014 09:36 PM PST

Image: 

വാഷിങ്ടണ്‍: രാജ്യത്തിന്‍െറ പുരോഗതിക്ക് റിപ്പബ്ളിക്കന്‍ പാര്‍ട്ടിയുമായി സഹകരിച്ച് പ്രവര്‍ത്തിക്കുമെന്ന് യു.എസ് പ്രസിഡന്‍റ് ബറാക് ഒബാമ. ജനപ്രതിനിധി സഭയിലും സെനറ്റിലും കനത്ത തിരിച്ചടി നേരിട്ട സാഹചര്യത്തിലാണ് ഒബാമ തന്‍െറ നിലപാട് വ്യക്തമാക്കിയത്. എബോള രോഗത്തിനും ഇറാഖ്, സിറിയ എന്നീ രാജ്യങ്ങളിലെ ഐ.എസ് തീവ്രവാദികള്‍ക്കെതിരായ പോരാട്ടങ്ങള്‍ക്കും പിന്തുണ നല്‍കേണ്ടതുണ്ടെന്നും ഒബാമ ചൂണ്ടിക്കാട്ടി.

ആഫ്രിക്കയില്‍ പടര്‍ന്നു പിടിക്കുന്ന എബോള രോഗം തടയാന്‍ കനത്ത നടപടി സ്വീകരിക്കേണ്ടതുണ്ട്. ഡോക്ടര്‍മാര്‍ക്കും ശാസ്ത്രജ്ഞര്‍ക്കും മറ്റ് സന്നദ്ധ സേനകള്‍ക്കും ധനസഹായം അനുവദിക്കുന്നതിനുള്ള പ്രമേയമാണ് യു.എസ് കോണ്‍ഗ്രസിന്‍െറ പരിഗണനക്കായി ആദ്യമായി സര്‍ക്കാര്‍ സമര്‍പ്പിക്കുന്നത്. ഐ.എസിനെതിരായ നീക്കത്തിനുള്ള പുതിയ അനുമതിക്കുള്ള പ്രമേയമാണ് രണ്ടാമത്തേതെന്നും ഒബാമ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

അമേരിക്കന്‍ പൊതു തെരഞ്ഞെടുപ്പില്‍ പ്രസിഡന്‍റ് ബറാക് ഒബാമയുടെ നേതൃത്വത്തിലുള്ള ഡെമോക്രാറ്റിക് പാര്‍ട്ടി ശക്തമായ തിരിച്ചടിയാണ് നേരിട്ടത്. പാര്‍ലമെന്‍റിന്‍െറ അധോസഭയായ ജനപ്രതിനിധി സഭയില്‍ വിജയം ആവര്‍ത്തിച്ച റിപ്പബ്ളിക്കന്‍ പാര്‍ട്ടി ഉപരിസഭയായ സെനറ്റിലും ഭൂരിപക്ഷം നേടി. കോണ്‍ഗ്രസില്‍ റിപ്പബ്ളിക്കന്മാര്‍ 244ഉം ഡെമോക്രാറ്റുകള്‍ 179ഉം സെനറ്റില്‍ യഥാക്രമം 52ഉം 45ഉം സീറ്റുകള്‍ നേടി. ഗവര്‍ണര്‍ തെരഞ്ഞെടുപ്പില്‍ റിപ്പബ്ളിക്കന്മാര്‍ 31ഉം ഡെമോക്രാറ്റുകള്‍ 17ഉം സീറ്റുകളില്‍ വിജയിച്ചു.

കൊറിയന്‍ പര്യടനം : നിരവധി കരാറുകളില്‍ ഒപ്പുവെച്ചു

Posted: 05 Nov 2014 09:27 PM PST

Image: 

ദോഹ: ഒൗദ്യോഗിക സന്ദര്‍ശനാര്‍ഥം കൊറിയിലത്തെിയ ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് ആല്‍ഥാനി കൊറിയന്‍ പ്രസിഡന്‍റ് പാര്‍ക്ക് ഗ്യൂന്‍ ഹെയുമായി കൂടികാഴ്ച നടത്തി. ഖത്തറും കൊറിയയും തമ്മില്‍ നിരവധി കരാറുകളില്‍ ഒപ്പുവെച്ചു. ഇന്നലെ രാവിലെ കൊറിയന്‍ തലസ്ഥാനമായ സോളിലെ ബ്ളു ഹൗസിലാണ് അമീറും കൊറിയന്‍ പ്രസിഡന്‍റും തമ്മില്‍ ചര്‍ച്ച നടത്തിയത്. ഇരു രാജ്യങ്ങളും തമ്മിലല്‍ വിവിധ മേഖലകളിലുള്ള ബന്ധങ്ങള്‍ സംബന്ധിച്ചും അവ ശക്തിപ്പെടുത്തുതിനെ കുറിച്ചും ഇരുവരും സംസാരിച്ചു.
ചര്‍ച്ചയില്‍ അമീറിനെ അനുഗമിക്കുന്ന മന്ത്രിമാര്‍ ഉള്‍പ്പെടെയുളള ഖത്തര്‍ സംഘവും കൊറിയന്‍ മന്ത്രിമാരും ഉയര്‍ന്ന ഉദ്യോഗസ്ഥരും സംബന്ധിച്ചു. പ്രധാനമന്ത്രി ചുംഗ് ഹോങ്ങ് വോണുമായും അമീര്‍ കൂടിക്കാഴ്ച നടത്തി. സൈനിക മേഖലയില്‍ ഖത്തറും കൊറിയയും സഹകരിക്കുന്നതിനുളള കരാറിലും രാഷ്ട്രത്തലവന്‍മാരുടെ സാനിധ്യത്തില്‍ ഇരു രാജ്യത്തിന്‍െറയും പ്രതിനിധികള്‍ ഒപ്പുവെച്ചു. ഊര്‍ജ്ജ മന്ത്രി ഡോ. മുഹമ്മദ് ബിന്‍ സാലിഹ് അല്‍സാദ കൊറിയന്‍ സ്മാര്‍ട്ട് ഗ്രിഡ് ഇന്‍സ്റ്റിറ്റ്യൂട്ട് സി.ഇഒയുമായി ജല വൈദ്യുത രംഗത്തെ കരാറുകള്‍ ഒപ്പിട്ടു.
ഖത്തര്‍ യൂനിവേഴ്സിറ്റി പ്രസിഡന്‍റ് ഡോ. ശൈഖ അബ്ദുല്ല അല്‍ മിസ്നദും കൊറിയന്‍ ഫൗണ്ടേഷന്‍ പ്രസിഡന്‍റ് ഹ്യൂന്‍ സിക് യുവുമായും കരാര്‍ ഒപ്പിട്ടു. അടുത്ത വര്‍ഷം മുതല്‍ ഖത്തര്‍ യൂനിവേഴ്സിറ്റിയില്‍ കൊറിയന്‍ ഭാഷയും ബന്ധപ്പെട്ട മറ്റ് കോഴ്സുകളും പഠിപ്പിക്കുന്നത് സംബന്ധിച്ച കരാറുകളാണ് ഒപ്പിട്ടത്.
ആരോഗ്യ മേഖലയിലും വൈദ്യശാസ്ത്ര രംഗങ്ങളിലും സഹകരിച്ച് പ്രവര്‍ത്തിക്കാനുളള ധാരണ പത്രത്തില്‍ സുപ്രീം കൗണ്‍സില്‍ ഓഫ് ഹെല്‍ത്ത്, ഖത്തര്‍ ആരോഗ്യ മന്ത്രാലയം പ്രതിനിധികളും കൊറിയന്‍ ആരോഗ്യ സാമൂഹ്യക്ഷേ മന്ത്രാലയ പ്രതിനിധികളും ഒപ്പുവെച്ചു. യുവജന രംഗത്ത് സഹകരിച്ച് പ്രവര്‍ത്തിക്കാനുള ധാരണ പത്രത്തിലും ബാങ്കിങ് രംഗത്ത് സഹകരണം വര്‍ധിപ്പിക്കാനുളള ധരാണ പത്രങ്ങളിലും ഇരു രാജ്യങ്ങളുടെയും പ്രതിനിധികള്‍ ഒപ്പുവെച്ചു.
കൂടാതെ വിവര സാങ്കേതി വിദ്യ, നിക്ഷേപം, സാങ്കേതിക വിദ്യ തുടങ്ങിയ മേഖലകളില്‍ സഹകരിച്ച് പ്രവര്‍ത്തിക്കാനുളള ധാരണ പത്രത്തിലും ഖത്തറിന്‍െറയും കൊറിയയുടെയും പ്രതിനിധികള്‍ ഒപ്പുവെച്ചു. കഴിഞ്ഞ ദിവസം കൊറിയയിലത്തെിയ അമീര്‍ രണ്ട് ദിസവത്തെ സന്ദര്‍ശനം പൂര്‍ത്തിയാക്കി ഇന്നലെ ഖത്തറിലേക്ക് തിരിച്ചു. കൊറിയന്‍ ഡെപ്യൂട്ടി വിദേശ കാര്യമന്ത്രി ലി ക്യുയാങ്ങ് സ്യൂ, ഖത്തര്‍ അംബാസഡര്‍ മുഹമ്മദ് ബിന്‍ അബ്ദുല്ല അല്‍ ദുഹൈമി, ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ ചേര്‍ന്ന് സോളിലെ സൈനിക വിമാന്ധാവളത്തില്‍ അമീറിനെ യാത്രയാക്കി.
 

മാണി രാജിവെക്കണം; സി.പി.ഐ പ്രക്ഷോഭത്തിലേക്ക്

Posted: 05 Nov 2014 09:20 PM PST

Image: 

തിരുവനന്തപുരം: ബാര്‍ കോഴ വിവാദത്തില്‍ ആരോപണം നേരിടുന്ന ധനമന്ത്രി കെ.എം മാണി രാജിവെക്കണമെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്‍. ആരോപണ വിധേയനായ മാണി രാജിവെച്ചില്ളെങ്കില്‍ മന്ത്രിസഭയില്‍ നിന്ന് ഒഴിവാക്കണം. സംഭവത്തില്‍ മാണി ജുഡീഷ്യല്‍ അന്വേഷണം നേരിടണം. മന്ത്രി മാണി രാജി വെക്കണമെന്ന് ആവശ്യപ്പെട്ട് സി.പി.ഐ ജനകീയ പ്രക്ഷോഭം നടത്താന്‍ തീരുമാനിച്ചതായും പന്ന്യന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

സംസ്ഥാനത്ത് യു.ഡി.എഫ് കോഴ മുന്നണിയായി മാറിയെന്ന് പന്ന്യന്‍ രവീന്ദ്രന്‍ വിമര്‍ശിച്ചു. ധനകാര്യ വകുപ്പ് കുത്തഴിഞ്ഞു. ജനങ്ങള്‍ക്കുമേല്‍ അധിക നികുതി ഭാരമാണ് സര്‍ക്കാര്‍ കെട്ടിവെച്ചിരിക്കുന്നത്. കൂടാതെ വെള്ളക്കരവും വര്‍ധിപ്പിച്ചു. യു.ഡി.എഫ് സര്‍ക്കാറിന്‍റെ ജനവിരുദ്ധ നടപടികളാണ് ജനങ്ങള്‍ അനുഭവിച്ചു കൊണ്ടിരിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.

ബാര്‍ വിഷയത്തില്‍ മറ്റു ചില മന്ത്രിമാരും കോഴ വാങ്ങിയിട്ടുണ്ടെന്നാണ് ആരോപണം. ഇതിലും വിശ്വാസ്യ യോഗ്യമായ അന്വേഷണം വേണം. ബാര്‍ കോഴ വിവാദത്തില്‍ മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് സി.പി.ഐ നവംബര്‍ 12 ന് സെക്രട്ടറിയേറ്റ് മാര്‍ച്ച് നടത്തുമെന്നും പന്ന്യന്‍ അറിയിച്ചു.
മാണിയെ ഇടതു മുന്നണിയിലേക്ക് വേണ്ട. ബാര്‍കോഴ വിവാദത്തില്‍ യോജിച്ച നിലപാട് എടുക്കുന്നതില്‍ എല്‍.ഡി.എഫിന് വീഴ്ചപറ്റി. എല്‍.ഡി.എഫ് ഒറ്റകെട്ടായി പ്രവര്‍ത്തിക്കേണ്ട സമയമാണിതെന്നും പന്ന്യന്‍ വ്യക്തമാക്കി.

സംസ്ഥാനത്ത് പൊലീസ് ബി.ജെ.പിയുടെ ആഞ്ജാനുവര്‍ത്തികളായാണ് പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

സ്വര്‍ണവില വീണ്ടും കുറഞ്ഞു; പവന് 19,400 രൂപ

Posted: 05 Nov 2014 08:51 PM PST

Image: 

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുറഞ്ഞു. പവന് 200 രൂപ കുറഞ്ഞ് 19,400 രൂപയായി. ഗ്രാമിന് 25 രൂപ കുറഞ്ഞ് 2,425 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. ആഗോള വിപണിയിലെ മാറ്റമാണ് ആഭ്യന്തര വിപണിയില്‍ പ്രതിഫലിച്ചത്.

നാല് ദിവസത്തെ സ്ഥിരതക്ക് ശേഷം നവംബര്‍ അഞ്ചിനാണ് സ്വര്‍ണവിലയില്‍ കുറവ് രേഖപ്പെടുത്തിയത്. ചൊവ്വാഴ്ച 19,680 രൂപയായിരുന്ന പവന്‍ വില ബുധനാഴ്ച 19,600 രൂപയിലേക്ക് താഴുകയായിരുന്നു.

അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണം ഒൗണ്‍സിന് 01.70 ഡോളര്‍ താഴ്ന്ന് 1,143.70 ഡോളറിലെത്തി.

ബിഹാര്‍ മുഖ്യമന്ത്രി മരുമകനെ പേഴ്സണല്‍ സ്റ്റാഫില്‍ നിന്ന് പുറത്താക്കി

Posted: 05 Nov 2014 08:32 PM PST

Image: 

പാറ്റ്ന: രാഷ്ട്രീയ വിവാദത്തെ തുടര്‍ന്ന് മരുമകനെ പേഴ്സണല്‍ സ്റ്റാഫില്‍ നിന്ന് ബിഹാര്‍ മുഖ്യമന്ത്രി ജിതന്‍ റാം മഞ്ചി പുറത്താക്കി. ഇളയ മകളുടെ ഭര്‍ത്താവ് ദേവേന്ദ്ര മഞ്ചിയെയാണ് പുറത്താക്കിയത്. ഇയാളെ കഴിഞ്ഞ ജൂണിലാണ് പേഴ്സണല്‍ അസിസ്റ്റന്‍റ് ആയി റാം മഞ്ചി നിയമിച്ചത്. നിയമനം വിവാദമായതോടെ മുഖ്യ പ്രതിപക്ഷമായ ബി.ജെ.പി റാം മഞ്ചിക്കെതിരെ രംഗത്തു വരികയായിരുന്നു.

തന്‍െറ പ്രതിച്ഛായ കളങ്കപ്പെടാതിരിക്കാനാണ് പേഴ്സണ്‍ അസിസ്റ്റന്‍റ് തസ്തികയില്‍ നിന്ന് മരുമകന്‍ രാജിവെച്ചതെന്ന് ജിതിന്‍ റാം മഞ്ചി വാര്‍ത്താലേഖകരോട് പറഞ്ഞു.

2006ല്‍ ജിതിന്‍ റാം മഞ്ചി സാമൂഹ്യ ക്ഷേമ മന്ത്രിയായിരുന്നപ്പോള്‍ മരുമകന്‍ ദേവേന്ദ്ര മഞ്ചി അദ്ദേഹത്തിന്‍െറ പേഴ്സണ്‍ അസിസ്റ്റന്‍റ് ആയിരുന്നു. എന്നാല്‍, ഭാര്യാ പിതാവ് മുഖ്യമന്ത്രിയായത് കൊണ്ടാണ് തന്നെ ലക്ഷ്യമിടുന്നതെന്ന് ദേവേന്ദ്ര ആരോപിക്കുന്നു.

കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ജനതാദള്‍ യുനൈറ്റഡ് കനത്ത തോല്‍വി നേരിട്ട സാഹചര്യത്തില്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ രാജിവെച്ചിരുന്നു. ഇതേതുടര്‍ന്നാണ് മുതിര്‍ന്ന നേതാവായ ജിതിന്‍ റാം മഞ്ചി മുഖ്യമന്ത്രിയായത്.
 

ആശങ്കകള്‍ക്കറുതി; ആഹ്ളാദം പരത്തി സുല്‍ത്താന്‍െറ ടെലിവിഷന്‍ സന്ദേശം

Posted: 05 Nov 2014 07:56 PM PST

Image: 

മസ്കത്ത്: മാസങ്ങള്‍ നീണ്ട ആശങ്കകള്‍ക്കറുതിവരുത്തി ഒമാന്‍ ഭരണാധികാരി സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സഈദ് രാജ്യത്തെ  അഭിസംബോധന ചെയ്തു. ടെലിവിഷനിലൂടെ ബുധനാഴ്ച രാവിലെയാണ് അദ്ദേഹം രാജ്യത്തെ അഭിസംബോധന ചെയ്തത്. രാജ്യത്തിന്‍െറ ദേശീയദിനത്തോടനുബന്ധിച്ച് പൗരന്മാര്‍ക്ക് ആശംസ നേരുന്നതിനാണ് ജര്‍മനിയിലെ വസതിയില്‍നിന്ന് സുല്‍ത്താന്‍ ദേശീയ ടെലിവിഷന്‍ ചാനലായ ഒമാന്‍ ടി.വിയില്‍ പ്രത്യക്ഷപ്പെട്ടത്. കഴിഞ്ഞ ജൂലൈ ഒമ്പതിന് ചികിത്സക്കായി ജര്‍മനിയില്‍ പോയ ശേഷം ആദ്യമായാണ് സുല്‍ത്താന്‍ ടിവിയില്‍ പ്രത്യക്ഷപ്പെടുന്നത്.
ആധുനിക ഒമാനെ രൂപപ്പെടുത്തുന്നതിനും ശോഭനമായ ഭാവിയിലേക്ക് നയിക്കുന്നതിനും അവസരം നല്‍കിയ അല്ലാഹുവിനെ സ്തുതിച്ചാണ് നാലു മിനിറ്റ് നീണ്ട സന്ദേശം ആരംഭിക്കുന്നത്. നവോത്ഥാനത്തിനു ശേഷം ശക്തമായ അടിത്തറകളില്‍ ഊന്നിയാണ് രാജ്യത്തിന്‍െറ മുന്നോട്ടുള്ള പ്രയാണമെന്ന് പറഞ്ഞ അദ്ദേഹം ദേശീയദിനാഘോഷ വേളയില്‍ രാജ്യത്തില്ലാതെപോകുന്നത് ദൈവഹിതമാണെന്ന് പറഞ്ഞു. പരിശോധനകളില്‍ ശുഭസൂചനകളാണ് ലഭിക്കുന്നത്. ആരോഗ്യത്തില്‍ പുരോഗതിയുണ്ടെന്നും ചികിത്സ ഇനിയും തുടരേണ്ടിവരുമെന്നും സുല്‍ത്താന്‍ കൂട്ടിച്ചേര്‍ത്തു. ഒമാനി ജനതക്കും സായുധസേനക്കും ആശംസകളറിയിച്ച അദ്ദേഹം രാജ്യത്തിനായുള്ള പ്രാര്‍ഥനകളോടെയാണ് പ്രഭാഷണം അവസാനിപ്പിച്ചത്. ഉപപ്രധാനമന്ത്രി സയ്യിദ് ഫഹദ് ബിന്‍ മഹ്മൂദ്, ഉപദേശകന്‍ സയ്യിദ് ശിഹാബ് ബിന്‍ താരിഖ്, ദിവാന്‍ ഓഫ്  റോയല്‍ കോര്‍ട്ട് മന്ത്രി സയ്യിദ് ഖാലിദ് ബിന്‍ ഹിലാല്‍ എന്നിവരുമായി സുല്‍ത്താന്‍ ജര്‍മനിയിലെ വസതിയില്‍ ബുധനാഴ്ച കൂടിക്കാഴ്ച നടത്തി.
സുല്‍ത്താന്‍െറ അസാന്നിധ്യത്തെ കുറിച്ച് നാളുകളായി കിംവദന്തികള്‍ പ്രചരിച്ചുവരുകയായിരുന്നു.  അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ട്  സുല്‍ത്താന്‍ ടി.വിയില്‍ പ്രത്യക്ഷപ്പെട്ടത് പ്രവാസികളടക്കം രാജ്യനിവാസികള്‍ക്ക് ആഹ്ളാദം പകര്‍ന്നു. വാട്ട്സ്ആപ്പിലും സോഷ്യല്‍ നെറ്റ്വര്‍ക്കിങ് സൈറ്റുകളിലും സുല്‍ത്താന്‍െറ പ്രസംഗം സ്വദേശികളും വിദേശികളും വ്യാപകമായി പങ്കുവെച്ചു. മത്രയടക്കം സൂഖുകളില്‍ ദേശീയദിനാഘോഷത്തിനുള്ള വസ്തുക്കള്‍ വാങ്ങാനായി സ്വദേശികള്‍ കൂട്ടത്തോടെ ഒഴുകിയത്തെി. പലരും സുല്‍ത്താന്‍ തിരിച്ചത്തെുമെന്ന പ്രതീക്ഷ പങ്കുവെച്ചതായി വ്യാപാരികള്‍ പറഞ്ഞു. മത്രയില്‍ അത്തറുകള്‍ വില്‍ക്കുന്ന വനിതകള്‍ ദേശീയ പതാകകളുമേന്തി നൃത്തംവെച്ചത് ആവേശം പകര്‍ന്നു. ഗ്രാന്‍ഡ് മാളിലടക്കം പലയിടങ്ങളിലും സ്വദേശികള്‍ ആഹ്ളാദസൂചകമായി പ്രകടനം നടത്തി. ഖുറം ബീച്ച് റോഡില്‍ സന്ധ്യയോടെ നൂറു കണക്കിന് സ്വദേശികള്‍ ഒത്തുകൂടി. പാട്ടും നൃത്തവുമായി മണിക്കൂറുകളോളം ഇവിടെ ഏറെ സമയം ഗതാഗത കുരുക്ക് അനുഭവപ്പെട്ടു.
 

ഇന്ത്യന്‍ കമ്യൂണിറ്റി സ്കൂള്‍: കേന്ദ്ര സര്‍ക്കാര്‍ ഇടപെടണമെന്ന് ആവശ്യം

Posted: 05 Nov 2014 07:46 PM PST

Image: 
Subtitle: 
പ്രധാനമന്ത്രിക്ക് നിവേദനം സമര്‍പ്പിക്കാന്‍ ആക്ഷന്‍ കമ്മിറ്റി ഒപ്പുശേഖരണം തുടങ്ങി

കുവൈത്ത് സിറ്റി: കുവൈത്തിലെ ഇന്ത്യന്‍ സമൂഹത്തിന്‍െറ പൊതുസ്വത്തായ ഇന്ത്യന്‍ കമ്യൂണിറ്റി സ്കൂളിലെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ കേന്ദ്ര സര്‍ക്കാറിന്‍െറ ഇടപെടല്‍ അഭ്യര്‍ഥിച്ച് പ്രധാനമന്ത്രിക്ക് നിവേദനം സമര്‍പ്പിക്കുന്നതിന് ആക്ഷന്‍ കമ്മിറ്റി ഒപ്പുശേഖരണം തുടങ്ങി. സ്കൂളിന്‍െറ നടത്തിപ്പില്‍ സുതാര്യതയും ജനാധിപത്യവും ഉറപ്പുവരുത്താനുള്ള നടപടികള്‍ ആവശ്യപ്പെട്ട് കമ്യൂണിറ്റി സ്കൂള്‍ അധികൃതരുടെ വര്‍ഷങ്ങളായുള്ള കെടുകാര്യസ്ഥതക്കെതിരെ ഇന്ത്യന്‍ സമൂഹത്തിലെ പ്രമുഖ സംഘടനകള്‍ ചേര്‍ന്ന് രൂപംനല്‍കിയ ഇന്ത്യന്‍ കമ്യൂണിറ്റി ആക്ഷന്‍ കമ്മിറ്റിയാണ് നിവേദനം സമര്‍പ്പിക്കുന്നത്.
പ്രധാനമന്ത്രി, വിദേശകാര്യ മന്ത്രി, പ്രവാസികാര്യ മന്ത്രി, മാനവ വിഭവശേഷി മന്ത്രി, കുവൈത്തിലെ ഇന്ത്യന്‍ അംബാസഡര്‍ എന്നിവര്‍ക്കാണ് നിവേദനം സമര്‍പ്പിക്കുക. ഇന്ത്യന്‍ സ്കൂള്‍ കുവൈത്ത് എന്ന പേരില്‍ സ്ഥാപിക്കപ്പെട്ട് പിന്നീട് ഇന്ത്യന്‍ കമ്യൂണിറ്റി സ്കൂളായി മാറിയ സ്ഥാപനത്തിന്‍െറ നടത്തിപ്പുമായി ബന്ധപ്പെട്ട് നിരവധി പ്രശ്നങ്ങള്‍ നിലനില്‍ക്കുന്നതായും അവ പരിഹരിക്കുന്നതിന് കേന്ദ്ര സര്‍ക്കാറിന്‍െറ ഭാഗത്തുനിന്ന് അടിയന്തര ഇടപെടല്‍ ഉണ്ടാവണമെന്നും നിവേദനത്തില്‍ ചൂണ്ടിക്കാട്ടുന്നു. ആറ് ആവശ്യങ്ങളാണ് നിവേദനത്തില്‍ ആക്ഷന്‍ കമ്മിറ്റി കേന്ദ്ര സര്‍ക്കാറിന്‍െറ മുന്നില്‍വെക്കുന്നത്.
1. സ്കൂളിന്‍െറ നടത്തിപ്പ് നിയന്ത്രിക്കുന്ന ബോര്‍ഡ് ഓഫ് ട്രസ്റ്റീസിനെ ഇന്ത്യന്‍ എംബസിയുടെ നേരിട്ടുള്ള നിയന്ത്രണത്തില്‍ ജനാധിപത്യപരമായ രീതിയില്‍ തെരഞ്ഞെടുക്കുക.
2. സ്പോണ്‍സറുടെ ഇടപെടലുകള്‍ സ്കൂളിന്‍െറയും ഇന്ത്യന്‍ സമൂഹത്തിന്‍െറയും താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്നതാണെന്നും ബോര്‍ഡ് ഓഫ് ട്രസ്റ്റീസ് ഒപ്പുവെച്ച വിവിധ കരാറുകള്‍ സ്കൂളിനും ഇന്ത്യന്‍ സമൂഹത്തിനും ഗുണകരമായവയാണെന്നും ഉറപ്പുവരുത്തുക.
3. സ്കൂളിന് പുതുതായി അനുവദിക്കപ്പെട്ട ഭൂമിയുടെ ഉടമസ്ഥാവകാശം സ്കൂള്‍ മാനേജ്മെന്‍റിനും അതുവഴി ഇന്ത്യന്‍ സര്‍ക്കാറിനുമാണെന്ന് ഉറപ്പുവരുത്തുക. പുതിയ സ്ഥലത്തെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക്  ആവശ്യമാണെങ്കില്‍ പുതിയ സ്പോണ്‍സറെ കണ്ടത്തെുക.
4. സ്കൂള്‍ ഭരണഘടനയില്‍ ആവശ്യമായ ഭേദഗതികള്‍ വരുത്താന്‍ മുന്‍കൈയെടുക്കുക. നിലവിലെ ബോര്‍ഡ് ഓഫ് ട്രസ്റ്റീസ് തെരഞ്ഞെടുപ്പ് മാനദണ്ഡം മാറ്റി പാരന്‍റ് അഡൈ്വസറി കൗണ്‍സിലും ഇന്ത്യന്‍ എംബസിയില്‍ രജിസ്റ്റര്‍ചെയ്ത സാമൂഹിക, സാംസ്കാരിക സംഘനകളില്‍നിന്നുള്ള രണ്ട് അംഗങ്ങളുമടങ്ങിയ ഇലക്ടറല്‍ കോളജ് ഇന്ത്യന്‍ സമൂഹത്തില്‍നിന്ന് നേരിട്ട് ബോര്‍ഡ് അംഗങ്ങളെ തെരഞ്ഞെടുക്കുന്ന സംവിധാനം നിലവില്‍വരണം. സ്കൂളിലെ അധ്യാപകരില്‍നിന്നുള്ള രണ്ട് അംഗങ്ങളെയും ബോര്‍ഡില്‍ ഉള്‍പ്പെടുത്താം. ബോര്‍ഡ് ചെയര്‍മാന്‍െറ കാലാവധി പരമാവധി മൂന്നു വര്‍ഷവും അംഗങ്ങളുടേത് രണ്ട് വര്‍ഷവുമാക്കി നിജപ്പെടുത്തണം.
5. 1999 മുതലുള്ള എല്ലാ ഇടപാടുകളുടെയും സോഷ്യല്‍, ഫൈനാന്‍ഷ്യല്‍ ഓഡിറ്റ് നടത്തി ഇന്ത്യന്‍ സമൂഹത്തിനു മുന്നില്‍ അവതരിപ്പിക്കുക. സ്കൂളില്‍നിന്ന് മുമ്പ് ചിലര്‍ അനധികൃതമായി കൈക്കലാക്കിയ എല്ലാ തുകയും തിരിച്ചുപിടിക്കാനുള്ള നടപടികള്‍ ത്വരിതപ്പെടുത്തുകയും കുവൈത്ത് നിയമവ്യവസ്ഥയില്‍നിന്ന് സ്കൂളിനനുകൂലമായ വിധിയുണ്ടാവാന്‍ ഊര്‍ജിത ശ്രമം നടത്തുകയും ചെയ്യുക.
6. ഭരണഘടനക്ക് വിരുദ്ധമായി 14 വര്‍ഷമായി തുടരുന്ന നിലവിലെ കൗണ്‍സില്‍ ഓഫ് എല്‍ഡേഴ്സ് പിരിച്ചുവിട്ട് പുന$സംഘടിപ്പിക്കുക. ഇന്ത്യന്‍ എംബസിയിലെ ഉന്നത ഉദ്യോഗസ്ഥനെ കൗണ്‍സില്‍ അംഗമാക്കുകയും ബോര്‍ഡ് ഓഫ് ട്രസ്റ്റീസിലെ സ്ഥിരം ക്ഷണിതാവാക്കുകയും ചെയ്യുക.

സ്കൂള്‍ സ്പോണ്‍സറുടെ നിയന്ത്രണത്തില്‍
കുവൈത്ത് സിറ്റി: ഇന്ത്യന്‍ കമ്യൂണിറ്റി സ്കൂള്‍ നടത്തിപ്പിന്‍െറ ചുമതല ബോര്‍ഡ് ഓഫ് ട്രസ്റ്റീസിനാണെങ്കിലും നിലവില്‍ കാര്യങ്ങള്‍ നിയന്ത്രിക്കുന്നത് സ്പോണ്‍സര്‍. ബോര്‍ഡിലെ അധികാര വടംവലിയെ തുടര്‍ന്നുള്ള പ്രശ്നങ്ങളാണ് നിയന്ത്രണം സ്പോണ്‍സറുടെ കൈയിലത്തെുന്നതിലേക്ക് നയിച്ചത്. ഏറക്കാലം ബോര്‍ഡിനെ നിയന്ത്രിച്ചിരുന്ന വൈസ് ചെയര്‍മാന്‍ രാജന്‍ ദാനിയേല്‍ പുറത്താവുകയും പിന്നാലെ ബോര്‍ഡിന്‍െറ നിയന്ത്രണം സ്വന്തമാക്കാന്‍ ശ്രമിച്ച ചെയര്‍മാന്‍ അശോക് കല്‍റക്ക് കാലാവധി കഴിഞ്ഞതിനെ തുടര്‍ന്ന് സ്ഥാനമൊഴിയേണ്ടിവരുകയും ചെയ്തതോടെയാണ് സ്കൂള്‍ ഭരണം സ്പോണ്‍സര്‍രാജിലേക്ക് നീങ്ങിയത്. ചെയര്‍മാനില്ലാത്ത അവസ്ഥയില്‍ നിലവില്‍ വൈസ് ചെയര്‍മാന്‍, സെക്രട്ടറി എന്നിവര്‍ക്കാണ് സൈനിങ് അതോറിറ്റിയെങ്കിലും സ്പോണ്‍സറാണ് കാര്യങ്ങള്‍ നിയന്ത്രിക്കുന്നത്.
സ്കൂള്‍ ഭരണം നടത്തുന്ന ബോര്‍ഡ് ഓഫ് ട്രസ്റ്റീസിന്‍െറ തെരഞ്ഞെടുപ്പ് രീതിയിലും അവര്‍ സ്കൂള്‍ നടത്തിക്കൊണ്ടുപോവുന്ന രീതിയിലും ഇന്ത്യന്‍ സമൂഹത്തിലെ പ്രമുഖ സംഘങ്ങള്‍ പരാതി ഉന്നയിച്ചുതുടങ്ങിയിട്ട് വര്‍ഷങ്ങളായി. സ്കൂള്‍ നടത്തിപ്പില്‍ ഇന്ത്യന്‍ എംബസിയുടെ നേരിട്ടുള്ള ഇടപെടല്‍ പലതവണ ആവശ്യപ്പെട്ടിട്ടും ഫലമുണ്ടായിരുന്നില്ല. ഇതിനിടെയാണ് ബോര്‍ഡ് അംഗങ്ങള്‍ക്കിടയില്‍തന്നെയുള്ള പടലപ്പിണക്കത്തെ തുടര്‍ന്ന് ചെയര്‍മാനും വൈസ് ചെയര്‍മാനുമായി ഏറക്കാലം ബോര്‍ഡ് ഭരിച്ച രാജന്‍ ദാനിയേല്‍ പുറത്താവുന്നതും തുടര്‍ന്ന് നിയന്ത്രണം കൈപ്പിടിയിലൊതുക്കാന്‍ ശ്രമിച്ച അശോക് കല്‍റ ചെയര്‍മാന്‍ സ്ഥാനത്തുനിന്ന് നിഷ്കാസിതനാവുന്നതും.
ദാനിയേല്‍ പുറത്തായ ഘട്ടത്തില്‍ ബോര്‍ഡിനെ തന്‍െറ ചൊല്‍പ്പടിക്ക് നിര്‍ത്തി സ്കൂള്‍ ഭരണം കൈപ്പിടിയിലൊതുക്കാന്‍ കല്‍റ തന്നെയാണ് സ്പോണ്‍സറെ ബോര്‍ഡ് മീറ്റിങ്ങിലടക്കം പങ്കെടുപ്പിച്ച് സ്കൂള്‍ നടത്തിപ്പില്‍ നേരിട്ട് ഇടപെടുവിച്ചത്. പിന്നീട് ചെയര്‍മാന്‍സ്ഥാനം നഷ്ടമായെങ്കിലും സ്കൂള്‍ നടത്തിപ്പിന്‍െറ നിയന്ത്രണം കൈവിടാതിരിക്കാനാണ് കല്‍റ സ്പോണ്‍സറെ മുന്നില്‍നിര്‍ത്തി കളിക്കുന്നത് എന്നാണ് ആക്ഷേപം. സ്കൂളിനായി പുതിയ സ്ഥലം ലഭിച്ചതടക്കമുള്ള വന്‍ സാമ്പത്തിക ഇടപാടുകള്‍ നടക്കുന്ന ഘട്ടത്തില്‍ നിയന്ത്രണം തങ്ങളുടെ കൈയില്‍തന്നെ നിലനില്‍ക്കണമെന്നതാണ് ബോര്‍ഡിന്‍െറ നിയന്ത്രണം പിടിക്കാന്‍ ശ്രമിക്കുന്ന സ്ഥാപിത താല്‍പര്യക്കാരുടെ ലക്ഷ്യം. കേന്ദ്ര സര്‍ക്കാറിനെ ഇടപെടുവിച്ച് ഇതിന് പരിഹാരം കാണുക മാത്രമാണ് ഇന്ത്യന്‍ സമൂഹത്തിന് മുന്നിലുള്ള പോംവഴി.
 

ഭീകരാക്രമണം: മരണം പത്തായി; പിന്നില്‍ ഐ.എസ് തീവ്രവാദികള്‍

Posted: 05 Nov 2014 07:04 PM PST

Image: 

റിയാദ്: സൗദിയുടെ കിഴിക്കന്‍ പ്രവിശ്യയിലെ അല്‍ഹസയില്‍ തിങ്കളാഴ്ചയുണ്ടായ വെടിവെപ്പിലും റിയാദ്, അല്‍ഖസീം പ്രവിശ്യകളിലുണ്ടായ ഏറ്റുമുട്ടലിലുമായി കൊല്ലപ്പെട്ടവരുടെ എണ്ണം പത്തായി. തിങ്കളാഴ്ച രാത്രി അഞ്ച് പേര്‍ സംഭവസ്ഥലത്തുവെച്ചു മരിച്ചിരുന്നു. ബുറൈദയില്‍ ചൊവ്വാഴ്ച രാത്രിയുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് സുരക്ഷാ ഭടന്മാരും തീവ്രവാദ ബന്ധമുള്ള രണ്ട് പേരും കൊല്ലപ്പെട്ടിരുന്നു. ബുറൈദയില്‍ സംഘട്ടനം നടന്ന ഹയ്യുല്‍ മുഅല്ലീമീനിലുള്ള ഇസ്തിറാഹയില്‍ നിന്ന് സംഭവത്തില്‍ പങ്കുള്ള ഒരാളുടെ ജഡം ബുധനാഴ്ച കണ്ടെടുത്തു. ഇതോടെ സംഭവങ്ങളില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം പത്തായി ഉയര്‍ന്നുവെന്ന് ആഭ്യന്തര മന്ത്രാലയ വൃത്തങ്ങള്‍ വ്യക്തമാക്കി. വെടിവെപ്പിനത്തെുടര്‍ന്ന് അറസ്റ്റ് ചെയ്യപ്പെട്ടവരുടെ എണ്ണം 15 ആയി.
അല്‍ഹസയിലെ ദാല്‍വയില്‍ നടന്ന വെടിവെപ്പിലെ പ്രതികള്‍ ഇറാഖില്‍ നിന്ന് സൗദിയിലേക്ക് നുഴഞ്ഞുകയറിയ ഐ.എസ് ബന്ധമുള്ള സ്വദേശിയാണെന്ന് പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായതായി സുരക്ഷ വക്താവിനെ ഉദ്ധരിച്ച് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇറാഖിലും സിറിയയിലും പോരാട്ടത്തില്‍ പങ്കെടുത്ത, സൗദി പൗരത്വമുള്ളവര്‍ രാജ്യത്ത് പ്രശ്നം സൃഷ്ടിക്കാന്‍ ഉദ്ദേശിച്ച് നടത്തിയ ആക്രമണമാണ് കഴിഞ്ഞ ദിവസങ്ങളില്‍ നടന്നതെന്നാണ് ആഭ്യന്തര മന്ത്രാലയത്തിന്‍െറ നിഗമനം. പിടിക്കപ്പെട്ടവരില്‍ ഭൂരിപക്ഷം പേരും സൗദി പൗരന്മാരാണെന്നും സുരക്ഷാ വക്താവ് കൂട്ടിച്ചേര്‍ത്തു.
രാജ്യത്തിന്‍െറ ഒന്നിലധികം മേഖലകളില്‍ ഒരേ സമയം പ്രശ്നമുണ്ടാക്കി സുരക്ഷാ ഭീഷണി സൃഷ്ടിക്കാനാണ് പ്രശ്നക്കാര്‍ ഉദ്ദേശിച്ചിരുന്നത്. കിഴക്കന്‍ പ്രവിശ്യയിലെ അല്‍ഹസക്ക് പുറമെ റിയാദ് പ്രവിശ്യയിലെ ശഖ്റ, അല്‍ഖസീം പ്രവിശ്യയിലെ ബുറൈദ എന്നിവിടങ്ങളില്‍ തിങ്കളാഴ്ച രാത്രിയും ചൊവ്വാഴ്ച രാവിലെയുമായി പ്രശ്നങ്ങള്‍ സൃഷ്ടിച്ചത് ഇതേ സംഘമാണെന്നും സുരക്ഷ വക്താവ് വ്യക്തമാക്കി.
കഴിഞ്ഞ ദിവസങ്ങളില്‍ കിഴക്കന്‍ പ്രവിശ്യയിലെ ദമ്മാം, അല്‍ ഖോബാര്‍, സൈഹാത്, ഖതീഫ് എന്നിവിടങ്ങളില്‍ ശക്തമായ പരിശോധന നടന്നു.
സംഭവം കഴിഞ്ഞ 24 മണിക്കൂറുകള്‍ക്കകം പ്രതികളെ പിടികൂടിയതായി കിഴക്കന്‍ പ്രവിശ്യ പൊലീസ് വക്താവ് സിയാദ് ആലു റുഖൈതി അറിയിച്ചു. മേഖലയിലെ പ്രമുഖ പള്ളികള്‍, വ്യവസായ കേന്ദ്രങ്ങള്‍ എന്നിവ പൊലീസ് നിരീക്ഷണത്തിലാണ്. പല ഭാഗത്തും ചെക്ക് പോസ്റ്റുകള്‍ നിര്‍മിച്ച് ആളുകളെ സൂക്ഷ്മമായ പരിശോധനക്ക് വിധേയമാക്കുന്നുണ്ട്.
ബുറൈദയിലുണ്ടായ ഏറ്റുമുട്ടലില്‍ വീരമൃത്യു വരിച്ച ദ്രുതകര്‍മ സേനയിലെ മുഹമ്മദ് ഹമദ് അല്‍ അന്‍സി, തുര്‍ക്കി ബിന്‍ റഷീദ് അര്‍റഷീദ് എന്നിവരുടെ മൃതദേഹങ്ങള്‍ ബുധനാഴ്ച ജന്മനാടുകളില്‍ സംസ്കരിച്ചു. മുഹമ്മദ് അല്‍അന്‍സിയുടെ ഖബറടക്കം ബുറൈദയിലെ മുവത്വ ശ്മശാനത്തില്‍ നടന്നു. ഒമ്പതു വര്‍ഷം മുമ്പ് അല്‍റസ്സില്‍ അക്രമികളുമായുണ്ടായ ഏറ്റുമുട്ടലില്‍ മുഹമ്മദ് അല്‍അന്‍സിക്ക് സാരമായ പരിക്കേറ്റിരുന്നു.
തുര്‍ക്കി ബിന്‍ റഷീദിന്‍െറ മൃതദേഹം സ്വദേശമായ ഹാഇലില്‍ ബുധനാഴ്ച സുഹ്ര്‍ നമസ്കാരത്തിനു ശേഷം വന്‍ജനാവലിയുടെ സാന്നിധ്യത്തില്‍ ഖബറടക്കി. ഗവര്‍ണര്‍ അമീര്‍ സുഊദ് ബിന്‍ അബ്ദുല്‍ മുഹ്സിന്‍ ബിന്‍ അബ്ദുല്‍അസീസ് ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കാനത്തെിയിരുന്നു.

എന്‍.സി.സി പരിശീലനത്തിനിടെ വെടിയേറ്റ് ചികിത്സയിലായിരുന്ന വിദ്യാര്‍ഥി മരിച്ചു

Posted: 05 Nov 2014 07:02 PM PST

Image: 

ബംഗളൂരു: എന്‍.സി.സി ക്യാമ്പിലെ പരിശീലനത്തിനിടെ വെടിയേറ്റ് ചികിത്സയിലായിരുന്ന വിദ്യാര്‍ഥി മരിച്ചു. കോഴിക്കോട് വടകര കുരിക്കിലാട് സ്വദേശി അനസാണ് (18) മരിച്ചത്. കല്ലിക്കണ്ടി എന്‍.എ.എം കോളജ് ഒന്നാം വര്‍ഷ ബി.കോം വിദ്യാര്‍ഥിയാണ്. ബംഗളൂരുവിലെ എയര്‍ഫോഴ്സ് ആശുപത്രിയില്‍ വെച്ചായിരുന്നു മരണം.

കൂത്തുപറമ്പ് നിര്‍മലഗിരി കോളജില്‍ നടക്കുന്ന എന്‍.സി.സി ദശദിന ക്യാമ്പിലെ ആയുധ പരിശീലനത്തിനിടെയാണ് അനസിന് അബദ്ധത്തില്‍ വെടിയേറ്റത്. നെഞ്ചിന് വലതുവശത്തായാണ് വെടിയേറ്റത്.  തലശ്ശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയിലെ പ്രഥമ ശുശ്രൂഷക്കുശേഷം അനസിനെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. പിന്നീട് വിദഗ്ധ ചികിത്സക്കായി ബംഗളൂരിവിലേക്ക് മാറ്റുകയായിരുന്നു. എസ്.എല്‍.ആര്‍, എല്‍.എം.ജി തോക്കുകള്‍ ഉപയോഗിച്ച് പരിശീലിക്കുന്നതിനിടെയാണ് അപകടമുണ്ടായത്.

പരിശീലകരുടെ ഗുരുതര വീഴ്ചയാണ് അപകടത്തിനിടയാക്കിയതെന്ന് ആരോപണമുണ്ട്. പൂര്‍ണ സുരക്ഷിതത്വം ഉറപ്പാക്കിയശേഷം മാത്രമേ വെടിവെപ്പ് പരിശീലനം നടത്താന്‍ പാടുള്ളൂവെന്നാണ് നിയമം. ആ സമയം ടാര്‍ഗറ്റ് പോയന്‍റിലേക്ക് ആരെയും കടത്തിവിടാനും പാടില്ല. എന്നാല്‍, ചായ കുടിക്കാന്‍ പോയ അനസിനെ നിര്‍ബന്ധിച്ച് ഫയറിങ് റെയ്ഞ്ചിലേക്കത്തെിച്ച് ടാര്‍ഗറ്റ് ഷീറ്റ് മാറ്റാന്‍ നിര്‍ദേശിക്കുകയായിരുന്നെന്ന് പറയപ്പെടുന്നു. ഇതാണ് അപകടത്തിനിടയാക്കിയത്.

കാസര്‍കോട് മുതല്‍ പാലക്കാട് വരെയുള്ള വിവിധ കോളജുകളിലെയും സമീപത്തെ സ്കൂളുകളിലെ എട്ട്, ഒമ്പത് ക്ളാസുകളിലെയും എന്‍.സി.സി കാഡറ്റുകളാണ് പരിശീലനത്തിനുണ്ടായിരുന്നത്. സംഭവത്തില്‍ കൂത്തുപറമ്പ് പൊലീസ് കേസെടുത്തിരുന്നു.

രണ്ടാം ഏകദിനം ഇന്ന്‌: ജയം തുടരാന്‍ ഇന്ത്യ

Posted: 05 Nov 2014 06:37 PM PST

Image: 

അഹ്മദാബാദ്:  ആദ്യ ഏകദിനത്തിലെ കൂറ്റന്‍ ജയം ആവര്‍ത്തിക്കാനൊരുങ്ങി ഇന്ത്യ ഇന്ന് ശ്രീലങ്കക്കെതിരെ രണ്ടാം പോരാട്ടത്തിനിറങ്ങുന്നു. പരിചയസമ്പത്തു കുറഞ്ഞ ലങ്കന്‍ ബൗളിങ്ങിനെ തച്ചുടച്ച് മൊട്ടേരയിലെ സര്‍ദാര്‍ പട്ടേല്‍ സ്റ്റേഡിയത്തിലും ബാറ്റിങ് മികവ് പുറത്തെടുത്താന്‍ കഴിയുമെന്നാണ് വിരാട് കോഹ്ലിയുടെയും സംഘത്തിന്‍െറയും പ്രതീക്ഷ. എന്നാല്‍, ആദ്യ മത്സരത്തില്‍ അപ്രതീക്ഷിതമായി തകര്‍ന്നടിഞ്ഞ ലങ്കന്‍ ബാറ്റിങ്നിര തിരിച്ചുവരവിനായുള്ള വഴികളാണ് മൊട്ടേരയില്‍ തേടുന്നത്. ഇന്ത്യ ശിഖര്‍ ധവാന്‍െറയും അജിന്‍ക്യ രഹാനെയുടെയും സെഞ്ച്വറി മികവില്‍ കുതിച്ചപ്പോള്‍ തിലകരത്നെ ദില്‍ഷന്‍, കുമാര്‍ സംഗക്കാര, മഹേല ജയവര്‍ധനെ എന്നീ അതികായന്മാര്‍ ഉള്‍പ്പെടുന്ന സന്ദര്‍ശക ബാറ്റിങ് ശീട്ടുകൊട്ടാരം പോലെ തകര്‍ന്നതാണ് കട്ടക്കില്‍ 169 റണ്‍സിന്‍െറ തോല്‍വിയിലേക്ക് അവരെ നയിച്ചത്. ഇന്ത്യയുടെ മുന്‍നിരയെ ആദ്യം തന്നെ പുറത്താക്കുന്നതിനൊപ്പം, തങ്ങളുടെ മുന്‍നിര ഉത്തരവാദിത്തം ഏറ്റെടുത്താല്‍ മാത്രമേ ലങ്കക്ക് തിരിച്ചടിക്കാന്‍ കഴിയൂ.

ചൂളംവിളിച്ച് റെയില്‍വേ

Posted: 05 Nov 2014 06:21 PM PST

Image: 
Subtitle: 
ദേശീയ സീനിയര്‍ ഓപണ്‍ അത്ലറ്റിക് മീറ്റില്‍ റെയില്‍വേ കിരീടം നിലനിര്‍ത്തി •ടിപ്ള്‍ ജംപില്‍ കേരളത്തിന്‍െറ എം.വി. ഷീനക്ക് സ്വര്‍ണം

ന്യൂഡല്‍ഹി:  54ാമത് ദേശീയ സീനിയര്‍ ഓപണ്‍ അത്ലറ്റിക് മീറ്റില്‍ റെയില്‍വേ ഓവറോള്‍ ചാമ്പ്യന്‍ഷിപ് നിലനിര്‍ത്തി.  സര്‍വിസസാണ് റണ്ണര്‍അപ്. പുരുഷവിഭാഗത്തില്‍ ചാമ്പ്യന്‍ഷിപ് സര്‍വിസസിനാണ്.  എട്ടു ടീമുകള്‍ മത്സരിച്ച മീറ്റില്‍ ഏഴാം സ്ഥാനത്താണ് കേരളം.  ഒരു സ്വര്‍ണവും നാലു വെങ്കലവുമാണ് കേരളത്തിന്‍െറ നേട്ടം.  എന്നാല്‍, ചാമ്പ്യന്മാരായ റെയില്‍വേയുടെയും സര്‍വിസസിന്‍െറയും കുതിപ്പിന് കരുത്തുപകര്‍ന്നത് മലയാളി താരങ്ങളാണ്. 

മീറ്റിലെ മികച്ച വനിതാ താരമായി ടിന്‍റു ലൂക്കയും പുരുഷതാരമായി  ലോങ്ജംപര്‍  അങ്കിത് ശര്‍മയും തെരഞ്ഞെടുക്കപ്പെട്ടു. ട്രിപ്ള്‍ ജംപില്‍ എം.വി. ഷീനയാണ്  കേരളത്തിന്‍െറ മാനംകാത്ത സ്വര്‍ണം നേടിയത്.  12.99 മീറ്റര്‍ ചാടിയ  ഷീന  തൃശൂര്‍ ചേലക്കര സ്വദേശിനിയാണ്. കോതമംഗലം മാര്‍ അത്തനേഷ്യസ് കോളജില്‍ പി.ജിക്ക് പഠിക്കുന്നു.  12.87 മീറ്റര്‍ ചാടിയ  എറണാകുളം സ്വദേശിനി റെയില്‍വേയുടെ  അമിത ബേബിക്കാണ് ഈ ഇനത്തില്‍ വെള്ളി.  

വനിതകളുടെ 10,000 മീറ്ററില്‍ മുതിര്‍ന്ന മലയാളിതാരം പ്രീജ ശ്രീധറിന്  വെള്ളിയില്‍   തൃപ്തിപ്പെടേണ്ടിവന്നു. റെയില്‍വേയുടെ തമിഴ്താരം എല്‍. സൂര്യയാണ്  ഈ ഇനത്തില്‍ സ്വര്‍ണം നേടിയത്. 100, 200 മീറ്റര്‍, 4x100 റിലേ എന്നിവയില്‍ മുന്നിലത്തെി റെയില്‍വേയുടെ തമിഴ്താരം മണികണ്ഠന്‍ അറുമുഖം  ട്രിപ്ള്‍ സ്വര്‍ണം നേടി.  5000 മീ, 1500 മീ. സ്വര്‍ണം നേടി റെയില്‍വേയുടെ മലയാളിതാരം ഒ.പി. ജെയ്ഷ, 800 മീ, 4x400 റിലേ എന്നിവയില്‍ മുന്നിലത്തെിയ  ടിന്‍റു ലൂക്ക എന്നിവര്‍ ഡബ്ള്‍ സ്വര്‍ണനേട്ടത്തിന് ഉടമകളായി.  

ട്രിപ്ള്‍ ജംപില്‍ റെയില്‍വേയുടെ മലയാളിതാരം രഞ്ജിത്ത് മഹേശ്വരി സ്വര്‍ണം നേടിയപ്പോള്‍ 1500 മീറ്ററില്‍ ഒ.എന്‍.ജി.സിയുടെ മലയാളി താരം സിനി അജിത്ത് മാര്‍കോസിനാണ് വെള്ളി. 1500 മീറ്ററില്‍ സര്‍വിസസിന്‍െറ മലയാളിതാരം ജിന്‍സണ്‍ ജോണ്‍സണ്‍ വെള്ളിയും  400 മീ. ഹര്‍ഡ്ല്‍സില്‍ റെയില്‍വേയുടെ മലയാളി താരം ജിതിന്‍പോള്‍ വെങ്കലവും നേടി. പുരുഷന്മാരുടെ 4x400 റിലേയില്‍ സ്വര്‍ണം നേടിയ സര്‍വിസസ് ടീമില്‍ മുഹമ്മദ് കുഞ്ഞി,  ജിതിന്‍ സെബാസ്റ്റ്യന്‍, ജിത്തുബേബി എന്നിവര്‍ മലയാളികളാണ്.

ഈ ഇനത്തില്‍ വെങ്കലം നേടിയ കേരളത്തിനുവേണ്ടി മനു സക്കറിയ, സി.എം. അജിത്ത്, ബിനുജോസ്, മുഹമ്മദ് അനസ് എന്നിവര്‍ ഓടി.  ടിന്‍റു ലൂക്ക, കെ. സിന്‍ഷ എന്നീ മലയാളികള്‍ ഉള്‍പ്പെട്ട ടീമാണ് വനിതകളുടെ  4x400 റിലേയില്‍ റെയില്‍വേക്ക് സ്വര്‍ണം നേടിക്കൊടുത്തത്.  
ഈ ഇനത്തില്‍ ജെസി ജോസഫ്, അലിന്‍റ ജോസഫ്, സുഖിന, ആല്‍ഗ വന്നിി എന്നിവരടങ്ങിയ ടീം കേരളത്തിനുവേണ്ടി വെങ്കലം നേടി.

കൊച്ചിയില്‍ ഇന്ന് സോക്കര്‍ കാര്‍ണിവല്‍

Posted: 05 Nov 2014 06:14 PM PST

Image: 

കൊച്ചി: അഞ്ചുനഗരങ്ങളില്‍ കളിച്ച് വിജയമധുരവും തോല്‍വിയുടെ കയ്പും സമനിലയുടെ ആശ്വാസവും നുകര്‍ന്ന് കേരള ബ്ളാസ്റ്റേഴ്സ് കാല്‍പ്പന്തിന്‍െറ ഹൃദയമണ്ണില്‍ ഇന്ന് പന്തുതട്ടും. എവേ മത്സരങ്ങളുടെ അഗ്നിപരീക്ഷയും കഴിഞ്ഞത്തെുന്ന സചിന്‍ ടെണ്ടുല്‍കറുടെ കൊമ്പന്മാരെ നേരിടാനത്തെുന്നത് ബ്രസീലിന്‍െറ സാക്ഷാല്‍ സീകോ തന്ത്രം മെനയുന്ന എഫ്.സി ഗോവ. തിരിച്ചുവരവിന് വിജയം അനിവാര്യമായ കരുത്തരുടെ അങ്കത്തിനാവും കലൂര്‍ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയം വേദിയാവുന്നത്. അഞ്ചുകളിയില്‍ ഒരു ജയവും ഒരു സമനിലയും മൂന്ന് തോല്‍വിയുമായി ഇരുവര്‍ക്കുമുള്ളത് നാല് പോയന്‍റുകള്‍. ഗോള്‍ വ്യത്യാസത്തിന്‍െറ ബലത്തില്‍ തലനാരിഴ ലീഡുമായി കേരള ബ്ളാസ്റ്റേഴ്സ് ഏഴും ഗോവ എട്ടും സ്ഥാനത്തും.

അവസാന മത്സരങ്ങളില്‍നിന്ന് നേടിയ കരുത്തുമായാണ് ഗോവയും കേരളവും ആറാം അങ്കത്തില്‍ മാറ്റുരക്കുന്നത്. പുണെയെ വീഴ്ത്തി (2-1) ടൂര്‍ണമെന്‍റിലെ ആദ്യജയം സ്വന്തമാക്കിയ ബ്ളാസ്റ്റേഴ്സ് അവസാന മത്സരത്തില്‍ മുംബൈ എഫ്.സിയോട് 1-0ത്തിന് തോറ്റെങ്കിലും ഫോമിലും റേറ്റിങ്ങിലും മുന്‍പന്തിയില്‍തന്നെ. തോല്‍വി ശാപം മാറാതെ കിതച്ച ഗോവന്‍ സംഘമാവട്ടെ അവസാന മത്സരത്തില്‍ ഡല്‍ഹി ഡൈനാമോസിനെ 2-1ന് വീഴ്ത്തിയാണ് ആദ്യജയം രുചിച്ചത്. നിര്‍ഭാഗ്യമായിരുന്നു ഇരുവര്‍ക്കും ഇതുവരെ വിനയായത്. കളിക്കകത്തെ കണക്കുകളില്‍ ബ്ളാസ്റ്റേഴ്സിനേക്കാള്‍ മുന്‍തൂക്കം ഗോവന്‍ സംഘത്തിനുതന്നെ. ക്രോസിലും ഷോട്ടിലും ബ്ളാസ്റ്റേഴ്സിനുമുന്നിലാണ് ഗോവയുടെ സ്ഥാനം. ഒരുകാലത്ത് ഇംഗ്ളീഷ് ഫുട്ബാള്‍ നിറഞ്ഞുനിന്ന രണ്ട് താരങ്ങളുടെ പോരാട്ടമെന്ന പ്രത്യേകതയുമുണ്ട്. മാര്‍ക്വി താരങ്ങളായ ഡേവിഡ് ജയിംസ് കേരള ഗോള്‍വലക്കുകീഴെ നെഞ്ചുവിരിക്കുമ്പോള്‍, ഗോവന്‍ മധ്യനിരയില്‍ റോബര്‍ട്ടോ പിറസ് നിറഞ്ഞാടും.

തിരുമുറ്റത്ത് കൊമ്പന്മാര്‍
ഫുട്ബാളിനെ നെഞ്ചേറ്റിയ കേരളത്തിന്‍െറ കളിയാരാധകര്‍ കാത്തിരുന്ന നിമിഷത്തിലേക്ക് വ്യാഴാഴ്ച സായാഹ്നത്തില്‍ സൂര്യന്‍ ഓടിമറയും. മിന്നിത്തെളിയുന്ന ഫ്ളഡ്ലൈറ്റ് പ്രഭക്കുകീഴെ മാസ്റ്റര്‍ ബ്ളാസ്റ്ററുടെ കൊമ്പന്മാര്‍ ബൂട്ടണിഞ്ഞ് മഞ്ഞക്കടലിന് നടുവിലേക്കിറങ്ങും. കേരളത്തിന്‍െറ വടക്കും തെക്കുനിന്നുമായി ഒഴുകിയത്തെുന്ന ആരാധകരെ സാക്ഷിയാക്കി പഴയപ്രതാപത്തിലേക്ക് വൈകുന്നേരം ഏഴിന് കിക്കോഫ്.
ടൂര്‍ണമെന്‍റില്‍ ഇതുവരെയുള്ള മത്സരങ്ങളിലെല്ലാം നന്നായി കളിച്ചുവെന്ന പെരുമയുമായാണ് ബ്ളാസ്റ്റേഴ്സ് കളത്തിലിറങ്ങുന്നത്. നോര്‍ത് ഈസ്റ്റ് യുനൈറ്റഡിനെതിരെ ഗുവാഹതിയിലും അത്ലറ്റികോ കൊല്‍ക്കത്തക്കെതിരെയും പൊരുതിക്കളിച്ച ശേഷം കീഴടങ്ങിയിട്ടും ബ്ളാസ്റ്റേഴ്സിനെ ആരാധകരും കൈവിട്ടിട്ടില്ല.

സെഡ്രിച് ഹെങ്ബര്‍ട് x ടോള്‍ഗെ ഒസ്ബി
ബ്ളാസ്റ്റേഴ്സിന്‍െറ പ്രതിരോധനിരയിലെ ഫ്രഞ്ചുഭടന്‍ സെഡ്രിച് ഹെങ്ബര്‍ട്ടും ഗോവന്‍ ആക്രമണനിരയിലെ കുന്തമുന ആസ്ട്രേലിയക്കാരന്‍ ടോള്‍ഗെ ഒസ്ബിയും തമ്മിലാവും ഇന്ന് ഗ്രൗണ്ടിലെ അങ്കം. പ്രതിരോധനിരയില്‍ കഴുകന്‍കണ്ണുകളുമായി ജാഗരൂകനാണ് സെഡ്രിച്. ഒറ്റയാന്‍െറ മെയ്കരുത്തുമായി സെഡ്രിച് പ്രതിരോധ ദൗത്യമേറ്റെടുക്കുമ്പോള്‍ സഹായികളായ നിര്‍മല്‍ ഛേത്രി, എര്‍വിന്‍ സ്പിറ്റ്സര്‍, ഗുര്‍വീന്ദര്‍ സിങ് തുടങ്ങിയവരെല്ലാം നിതാന്ത ജാഗ്രതയിലാവും. ഗോവയുടെ മുന്‍നിരയില്‍ മോഹന്‍ബഗാന്‍ താരമായ ടോള്‍ഗെയാണ് താരം. ഇന്ത്യന്‍ മണ്ണിലെ പരിചയസമ്പത്ത്, ഫെഡറേഷന്‍ കപ്പില്‍ കൊച്ചിയില്‍ കളിച്ച പരിചയം എല്ലാം ഒഗ്ബക്ക് ആത്മവിശ്വാസമാവും. ഡല്‍ഹിക്കെതിരായ മത്സരത്തില്‍ വിജയശില്‍പിയും ഒഗ്ബയായിരുന്നു. ബ്ളാസ്റ്റേഴ്സ് പ്രതിരോധം ഒഗ്ബ ടെസ്റ്റില്‍ നന്നായി പരീക്ഷിക്കപ്പെടും.

ഇയാന്‍ ഹ്യൂം x യൂനുസ് ബെന്‍ഗലൂന്‍
ഈ മൊട്ടത്തലയിലായിരുന്നു ബ്ളാസ്റ്റേഴ്സിന്‍െറ ഇതുവരെയുള്ള ഷൈനിങ്. കാലില്‍ പന്ത് കുരുങ്ങിയാല്‍ വിങ്ങിലൂടെ ഏത് പ്രതിരോധക്കോട്ടയും തകര്‍ത്ത് ചാട്ടുളി വേഗത്തില്‍ കുതിക്കാനുള്ള ഈ കാനഡക്കാരന്‍െറ കരുത്ത് ഇന്ത്യയൊട്ടാകെ അറിഞ്ഞുകഴിഞ്ഞു. ശരിയായ സമയത്ത്, ശരിയായ സ്ഥലത്ത്; ഇതാണ് ഹ്യൂമിന്‍െറ സ്റ്റൈല്‍. മുംബൈക്കെതിരെ ഹ്യൂം പരാജയമായപ്പോള്‍ വിജയിച്ചത് എതിരാളിയുടെ കത്രികപ്പൂട്ടായിരുന്നു. സ്വന്തം മണ്ണില്‍ സ്കോര്‍ ചെയ്യാനൊരുങ്ങുന്ന ഹ്യൂമിനെ വരിഞ്ഞുകെട്ടാനുള്ള തന്ത്രമാവും ഗോവ മെനയുന്നത്. ഈ ഉത്തരവാദിത്തം യൂനുസ് ബെന്‍ഗെലോന്‍ എന്ന ഫ്രഞ്ച് ഡിഫന്‍ഡറുടെ ചുമലിലാവും. കഴിഞ്ഞ അഞ്ചിലും മുഴുസമയവും കളിച്ച യൂനുസ് ഏല്‍പിച്ച ജോലിയില്‍ നൂറിന് നൂറ്. ഹൈബാളെടുക്കാനും എതിരാളിയുടെ മുന്നേറ്റത്തില്‍ പന്ത് റാഞ്ചാനും യൂനുസിന്‍െറ മിടുക്ക് ഇതിനകം കണ്ടുകഴിഞ്ഞു.
സന്ദേശ് ജിന്‍ഗാന്‍ x റോമിയോ ഫെര്‍ണാണ്ടസ്

ചണ്ഡിഗഢുകാരനായ ബ്ളാസ്റ്റേഴ്സ് ലെഫ്റ്റ്ബാക്കിന്‍െറ വില മുംബൈക്കെതിരായ മത്സരത്തില്‍ ആരാധകര്‍ അറിഞ്ഞുകഴിഞ്ഞു. പ്രതിരോധമൊരുക്കാനും അവശ്യഘട്ടങ്ങളില്‍ കയറിക്കളിക്കാനുമുള്ള മിടുക്കാണ് ജിന്‍ഗാനെ വിലയേറിയ താരമാക്കുന്നത്. വലതുവിങ്ങില്‍നിന്ന് പന്തുമായി കുതിക്കുന്ന ഗോവയുടെ റോമിയോ ഫെര്‍ണാണ്ടസിന് കുരുക്കൊരുക്കാനുള്ള ജോലി സന്ദേശില്‍ സുരക്ഷിതമെന്ന് കോച്ച് ട്രെവര്‍ മോര്‍ഗനും ഉറപ്പ്.

ഹോം x എവേ
ബ്ളാസ്റ്റേഴ്സിന്‍െറ ആദ്യ ഹോം മാച്ചെന്ന നിലയില്‍ ഗാലറി നിറഞ്ഞുകവിയുമെന്ന് കോച്ച് ട്രെവര്‍ മോര്‍ഗനും മാര്‍ക്വി താരം ഡേവിഡ് ജയിംസും ഉറപ്പിക്കുന്നു. ദൈര്‍ഘ്യമേറിയ എവേ പരീക്ഷ കഴിഞ്ഞത്തെുമ്പോള്‍ നാട്ടുകാരുടെ മുന്നില്‍ പാതിജയിച്ചവരായാവും ബ്ളാസ്റ്റേഴ്സിന്‍െറ പടപ്പുറപ്പാട്. ഇത് വെല്ലുവിളി ഉയര്‍ത്തുക എതിരാളിയായ ഗോവന്‍ ടീമിനെയാവും. കരുതലോടെയാണ് കളിക്കുന്നതെന്ന് കോച്ച് സീകോയും ശരിവെക്കുന്നു.

കനേഡിയന്‍ മൂല്യങ്ങള്‍ അമേരിക്കയുടേതിന് വഴിമാറുന്നു

Posted: 05 Nov 2014 05:58 PM PST

Image: 

2014 ഒക്ടോബര്‍ 24ന് ഏഴു മിനിറ്റ് കനേഡിയന്‍ ചരിത്രത്തില്‍ അവിസ്മരണീയമായി സ്ഥലംപിടിച്ചു. ഒരു ഭ്രാന്തന്‍ പാര്‍ലമെന്‍റ് മന്ദിരത്തിനുള്ളില്‍ വെടിയുതിര്‍ത്തു. സംഭവം നടക്കുമ്പോള്‍ പാര്‍ലമെന്‍റിനകത്തുണ്ടായിരുന്ന പ്രധാനമന്ത്രി സ്റ്റീഫന്‍ ഹാര്‍പറും പാര്‍ലമെന്‍റംഗങ്ങളും പരിഭ്രാന്തരായി. പാര്‍ലമെന്‍റ് മന്ദിരം സ്ഥിതിചെയ്യുന്ന പാര്‍ലമെന്‍റ് ഹില്‍ യുദ്ധപ്രതീതി ജനിപ്പിച്ചു. ചുറ്റും പട്ടാളം പരന്നു. ടാങ്കുകള്‍ നിലയുറപ്പിച്ചു. യുദ്ധവിമാനങ്ങളും ഹെലികോപ്ടറുകളും ആകാശത്ത് വട്ടംകറങ്ങി. ഒരു ഭ്രാന്തന്‍െറ ആക്രമണമികവില്‍ ലോകം അദ്ഭുതം കൂറി. ഇറാഖിലും സിറിയയിലും ഖിലാഫത്ത് പ്രഖ്യാപിച്ച അബൂബക്കര്‍ ബഗ്ദാദിയും പട്ടാളവും കനേഡിയന്‍ തലസ്ഥാനം പിടിച്ചടക്കിയോ എന്നുവരെ പലരും ആശങ്കിച്ചു.

ഭീകരത സമാധാനപ്രിയയായ കാനഡയെ ആവാഹിച്ചോ എന്ന് കുറെപ്പേര്‍ക്കെങ്കിലും തോന്നിപ്പോയി. പക്ഷേ, മണിക്കൂറുകള്‍കൊണ്ട് മലപോലെ വന്നത് മഞ്ഞുപോലെ ഉരുകി. അക്രമി കേവലം ഒരു മനോരോഗിയാണെന്ന് തിരിച്ചറിയാന്‍ അധികനേരം വേണ്ടിവന്നില്ല.
പാര്‍ലമെന്‍റിനു തൊട്ടടുത്തുള്ള യുദ്ധസ്മാരകം കാക്കുന്ന പട്ടാളക്കാരനെ വെടിവെച്ചിട്ടാണ് നവമുസ്ലിമായ മൈക്കല്‍ സെനാഫ്(മൈക്കല്‍ ബീബോ) പാര്‍ലമെന്‍റ് മന്ദിരത്തില്‍ നിഷ്പ്രയാസം കയറിപ്പറ്റിയത്. ഏതായാലും പാര്‍ലമെന്‍റിനുള്ളിലെ സെക്യൂരിറ്റി ഗാര്‍ഡിന്‍െറ വെടിയേറ്റ് മൈക്കല്‍ സെനാഫ് യമപുരി പൂകി.

ആരായിരുന്നു കാനഡയെ മിനിറ്റുകള്‍ പിടിച്ചുകുലുക്കിയ ഈ വില്ലന്‍? ഇസ്ലാം ആശ്ളേഷിച്ച ശേഷം മൈക്കല്‍ സെനാഫ് പഠനാര്‍ഥം സൗദി അറേബ്യയില്‍ പോകാന്‍ പ്ളാനിട്ടു. ഇസ്ലാം പഠനത്തോടൊപ്പം ലഹരി ശീലത്തില്‍നിന്നുള്ള മോചനവും തന്‍െറ യാത്രാലക്ഷ്യമായിരുന്നു. ഐ.എസിന്‍െറ ആവിര്‍ഭാവത്തിനുശേഷം ഇറാഖിലേക്കോ സിറിയയിലേക്കോ പോകുന്ന മുസ്ലിംകളെ പ്രത്യേകം നിരീക്ഷിച്ചു. ചോദ്യംചെയ്യുന്ന കനേഡിയന്‍ സെക്യൂരിറ്റി ഓഫിസര്‍മാര്‍ മൈക്കലിന്‍െറ പാസ്പോര്‍ട്ട് പിടിച്ചടക്കി യാത്ര തടഞ്ഞു. അവരുടെ ന്യായം? സൗദി അറേബ്യയും തുര്‍ക്കിയും വഴിയാണ് പലരും സിറിയയിലേക്കും ഇറാഖിലേക്കും പോകുന്നത്. ഇയാളും ആ ഇനത്തില്‍ പെട്ടതുതന്നെ. (കാനഡയില്‍നിന്ന് 60ലധികം പേര്‍ ജിഹാദിനായി അവിടെ എത്തിക്കഴിഞ്ഞിരുന്നു. അമേരിക്കയില്‍നിന്ന് 1600ലധികം പേരും). ബാക്കി സെനാഹിന്‍െറ മാതാവ് സുസാന്‍ ബീബോ പറയട്ടെ:

ഏതെങ്കിലും സംഘടനയുടെ ഭാഗമായിരുന്നു (സെനാഫ്) എന്ന് താന്‍ വിശ്വസിക്കുന്നില്ല. ഏതെങ്കിലും വലിയൊരു ആദര്‍ശത്തിന്‍െറ പേരിലോ ഏതെങ്കിലും രാഷ്ട്രീയ പ്രേരണയാലോ ചെയ്തതാണെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല. പാസ്പോര്‍ട്ട് നഷ്ടപ്പെട്ടതിലുള്ള നിരാശയില്‍നിന്ന് ഉടലെടുത്തതാണ് അവന്‍െറ കടുങ്കൈ. അതവനെ എന്തെങ്കിലും ചെയ്യാന്‍ പ്രേരിപ്പിച്ചു. ജീവിതവുമായി മുമ്പോട്ടുപോകാന്‍ കഴിയാതെ അരികിലാക്കപ്പെട്ടതായി അവനു തോന്നി. അവന്‍ ഭ്രാന്തനായിരുന്നു. കുടുങ്ങിയതായി അവനു തോന്നി. ഒരേയൊരു മോചനമാര്‍ഗം മരണമാണെന്ന് അവന്‍ മനസ്സിലാക്കി. തന്നെ സംബന്ധിച്ചിടത്തോളം മനോരോഗമാണ് ഈ ദുരന്തത്തിന്‍െറ കേന്ദ്രം.

പ്രധാനമന്ത്രി ഹാര്‍പര്‍ മുസ്ലിംകളെ കുറ്റപ്പെടുത്തുന്ന സ്വരത്തില്‍ സംസാരിക്കുകയുണ്ടായി. അദ്ഭുതമില്ല. 9/11  ഭീകരാക്രമണത്തെ തുടര്‍ന്ന് കുരിശുയുദ്ധ മന$സ്ഥിതി പ്രകടിപ്പിക്കുന്ന മുന്‍ അമേരിക്കന്‍ പ്രസിഡന്‍റ് ബുഷിന്‍െറ പ്രതിബദ്ധ ഭക്തനാണ് ഹാര്‍പര്‍. നവയാഥാസ്ഥിതികത്തിന്‍െറ വക്താവ്.

പക്ഷേ, ഇതര രാഷ്ട്രീയ പാര്‍ട്ടികള്‍ ഹാര്‍പറിന്‍െറ നിലപാടിനെതിരായി ശക്തമായി രംഗത്തുവന്നു. മുന്‍ പ്രധാനമന്ത്രി ട്രൂഡോവിന്‍െറ മകനും ലിബറല്‍ പാര്‍ട്ടി നേതാവുമായ ജസ്റ്റിന്‍ ട്രൂഡോ ധിറുതിപിടിച്ച നിഗമനങ്ങളില്‍ പ്രതിഷേധം തുടരുകയാണ്.
നാഷനല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി നേതാവ് തോമസ് മല്‍ക്കര്‍, ട്രൂഡോവിനോട് യോജിച്ചു. ഓട്ടവ വെടിവെപ്പുകാരന്‍ ഒരു കുറ്റവാളിയായിരുന്നു. ഭീകരപ്രവര്‍ത്തകനായിരുന്നില്ല എന്നദ്ദേഹം പറഞ്ഞു.

കനേഡിയന്‍ മുസ്ലിംകള്‍ പ്രതിരോധത്തിനായി മുന്നിട്ടിറങ്ങി. അവരുടെ സംഘടനകളും നേതാക്കളും പ്രസ്താവനകളിറക്കി ടെലിവിഷനില്‍ പ്രത്യക്ഷപ്പെട്ടു. കനേഡിയന്‍ ബ്രോഡ്കാസ്റ്റിങ് കോര്‍പറേഷനുമായും (സി.ബി.സി) മറ്റു ചാനലുകളുമായും ഇന്‍റര്‍വ്യൂകള്‍ നടത്തി. ജസ്റ്റിന്‍ ട്രൂഡോ മുസ്ലിം നേതാക്കളെ വിളിച്ചു. അദ്ദേഹത്തിന്‍െറ സഹകരണവും അനുതാപവും അറിയിച്ചു. ഐ.എസിനെ തള്ളിപ്പറഞ്ഞ് അപലപിച്ചു. കനേഡിയന്‍ മുസ്ലിം സംഘടനകളും നേതാക്കളും മുമ്പേതന്നെ പ്രസ്താവനകളിറക്കുകയും ജിഹാദിന് പോകാന്‍ ശ്രമിക്കുന്നവരെ നിരുത്സാഹപ്പെടുത്തുകയും ചെയ്തിരുന്നു.

അന്യനാടുകളെ വെട്ടിപ്പിടിച്ച ചരിത്രമില്ലാത്ത ലോകത്ത് ജീവിക്കാനേറ്റവും പറ്റിയ പ്രദേശമെന്ന് വിശേഷിപ്പിക്കപ്പെടുന്ന കാനഡ, ഒരു ഭ്രാന്തന്‍െറ വിക്രിയയില്‍ അമേരിക്കന്‍ മൂല്യങ്ങളിലേക്ക് വഴിമാറുകയാണോ? ബഹുസ്വരത കാനഡയുടെ അഭിമാനമാണ്. സംസ്കാര വൈവിധ്യവും കാനഡയുടെ വ്യതിരിക്തതയായി ഘോഷിക്കപ്പെടുന്നു. ഭിന്ന മത-സംസ്കാര-ഭാഷാ-വര്‍ണ വിഭാഗങ്ങള്‍ സഹവര്‍ത്തിത്വത്തിലും പരസ്പര ആദരവിലും ജീവിക്കുന്ന നാടാണ് കാനഡ. അതൊക്കെ മാറ്റാന്‍ മൈക്കല്‍ സെനാഫു എന്ന കിറുക്കന് സാധിച്ചുവോ? കാനഡയിലെ ഇന്നത്തെ ഏറ്റവും ചൂടുപിടിച്ച ചര്‍ച്ച അതാണ്. ചര്‍ച്ച തുടങ്ങിയിട്ടേയുള്ളൂ. അത് ദീര്‍ഘകാലം നീണ്ടുപോയേക്കാം. അമേരിക്കയുടെ ഭീകരവിരുദ്ധ യുദ്ധത്തിന്‍െറ ചുവടൊപ്പിച്ച് നീങ്ങാനാണ് ബുഷ് ഭക്തനായ ഹാര്‍പറിന്‍െറ നീക്കം.

ഗ്വണ്ടാനമോയും വാട്ടര്‍ബോര്‍ഡിങ്ങും ലോകത്ത് പലേടത്ത് രഹസ്യമായ സി.ഐ.എ സങ്കേതങ്ങളും ഒട്ടേറെ കരിനിയമങ്ങളും ബുഷിന്‍െറ ഭീകരവിരുദ്ധ യുദ്ധത്തിന്‍െറ വഴിയടയാളങ്ങളാണ്. ആ വഴിക്കാണോ കാനഡയുടെ നീക്കം? കാനഡയിലെ ഏറ്റവും പ്രചാരമുള്ള ദിനപത്രത്തില്‍-ടൊറന്‍േറാ സ്റ്റാര്‍-അതിന്‍െറ മുഖ്യപത്രാധിപാംഗമായ ഹാറൂണ്‍ സിദ്ദീഖി എഴുതുന്നു:

കഴിഞ്ഞയാഴ്ചത്തെ, രണ്ടു പേരുടെ ജീവന്‍ ഹോമിക്കപ്പെടുന്നതിനിടയാക്കിയ പാര്‍ലമെന്‍റ് ആക്രമണത്തിന് സ്റ്റീഫന്‍ ഹാര്‍പറും സുരക്ഷാവിഭാഗവും അമേരിക്കന്‍ ശൈലിയിലുള്ള വിശദീകരണമാണ് നല്‍കിയത്. ആക്രമണങ്ങള്‍ ഭീകരമെന്നവര്‍ വിശേഷിപ്പിച്ചു.
സെക്യൂരിറ്റി എസ്റ്റാബ്ളിഷ്മെന്‍റ് കൂടുതല്‍ അധികാരവും വിഭവങ്ങളും ആവശ്യപ്പെട്ടിരിക്കുന്നു. ഹാര്‍പര്‍ തല്‍ക്കാലം ബാധ്യതയേറ്റു. സ്പൈ ഏജന്‍സിക്ക് വിദേശത്ത്-വിദേശ നിയമങ്ങള്‍ ലംഘിച്ചുകൊണ്ടും-പ്രവര്‍ത്തിക്കാന്‍ അനുവാദം നല്‍കുന്ന ഒരു പുതിയ ബില്‍ പാസാക്കിയിട്ടുണ്ട്.
ഉമര്‍ ഖിദ്ര്‍ പോലെ ഇരട്ട പൗരത്വമുള്ളവരുടെ പൗരത്വം നിഷേധിക്കാന്‍ ഈ ബില്‍ സഹായകമാവും. സംശയമുള്ളവരുടെ ഫോണും ഓണ്‍ലൈനും മോണിറ്റര്‍ ചെയ്യാന്‍ ഈ ഏജന്‍സിക്ക് (ആര്‍.സി.എം.ബി) സൗകര്യം ചെയ്യുന്നു ഈ ബില്‍.

ചുരുക്കത്തില്‍ അമേരിക്കയിലെ കരിനിയമങ്ങള്‍ കാനഡയിലും നടപ്പാക്കാനാണ് ഹാര്‍പറുടെ ഉദ്യമം. ഒരു മനോരോഗി നടത്തിയ ആക്രമണത്തിന്‍െറ പശ്ചാത്തലത്തില്‍ ഒരു വലിയ മതവിഭാഗത്തിന് ഒന്നടങ്കം ഭീകരമുദ്ര ചാര്‍ത്താനുള്ള നീക്കം എത്രത്തോളം യുക്തിസഹമാണ്.

ധൂര്‍ത്തിന്‍െറ പ്രളയത്തില്‍ കുട്ടനാട്

Posted: 05 Nov 2014 05:51 PM PST

Image: 
Subtitle: 
പാക്കേജ് പ്രഖ്യാപിച്ചശേഷം മൂന്ന് വെള്ളപ്പൊക്കം കുട്ടനാടിനെ മുക്കി കടന്നുപോയി. വിഭാവനം ചെയ്ത വലുതും ചെറുതുമായ പദ്ധതികള്‍ എത്രമാത്രം പൂര്‍ത്തീകരിച്ചു എന്ന് നോക്കുമ്പോഴാണ് സര്‍ക്കാര്‍ പദ്ധതിയുടെ ദുര്‍ബലമായ സമീപനം കുട്ടനാട് പാക്കേജിനെയും വിഴുങ്ങിയത് എങ്ങനെ എന്ന് വ്യക്തമാകുക.

പാക്കേജുകളും കമീഷനുകളും നെല്ലറക്ക് പുത്തരിയല്ല. കഴിഞ്ഞ നാല് പതിറ്റാണ്ടിനിടയില്‍ അത്തരത്തില്‍ നിരവധി പഠനകമീഷനുകള്‍ കുട്ടനാട്ടില്‍ വന്നുപോയി. ഇപ്പോഴത്തെ പാക്കേജ് ആരൂപത്തില്‍ ആകുമെന്ന് ആരും പ്രതീക്ഷിച്ചില്ല. വികസനത്തിന്‍െറ പുതിയ കതിരുകള്‍ വിളയിക്കാമെന്ന് പ്രഖ്യാപിച്ചാണ്  കുട്ടനാട് പാക്കേജിന് രൂപം നല്‍കിയത്. കേവലം കൃഷിയില്‍ ഒതുങ്ങുന്നതായിരുന്നില്ല അത്. ആലപ്പുഴ, കോട്ടയം, പത്തനംതിട്ട ജില്ലകളിലെ 64 പഞ്ചായത്തുകള്‍ക്കും ഹെക്ടര്‍ കണക്കിന് പാടശേഖരങ്ങള്‍ക്കും അവിടത്തെ ജനതതിക്കും സമസ്തവികസന രൂപരേഖ ആസൂത്രണം ചെയ്താണ് പാക്കേജ് ഉദ്ഘാടനം ചെയ്യപ്പെട്ടത്. കുട്ടനാടിന്‍െറ തനത് ആവാസ വ്യവസ്ഥയും പരിസ്ഥിതി സംരക്ഷണവും മുഖ്യ ഇനമായിരുന്നു. 1840 കോടിയുടെ പദ്ധതി 2007ലാണ് സ്വാമിനാഥനെ കുട്ടനാടിന്‍െറ പ്രശ്നങ്ങള്‍ പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നിയാഗിച്ചത്. കുട്ടനാട്ടുകാരനായ സ്വാമിനാഥന്‍െറ പഠനം കൃഷിയില്‍ മാത്രം ഒതുങ്ങിയില്ല. കാര്‍ഷിക-അനുബന്ധ മേഖലകളിലും യന്ത്രവത്കൃത കൃഷിരീതിയുടെ പുരോഗതിയിലും വെള്ളപ്പൊക്കക്കെടുതികള്‍  ഇല്ലായ്മചെയ്യുന്നതിലും പഠനത്തില്‍ പ്രാധാന്യമുണ്ടായി.

2008 ജൂലൈയില്‍ റിപ്പോര്‍ട്ട് കേന്ദ്രസര്‍ക്കാര്‍ അംഗീകരിച്ചു. തുടര്‍ന്ന് നടപടികള്‍ തുടങ്ങി. എന്നാല്‍, 2010 സെപ്റ്റംബറിലാണ് ഒൗദ്യോഗിക ഉദ്ഘാടനം നടന്നത്. പാക്കേജ് പ്രഖ്യാപിച്ചശേഷം  കുട്ടനാടിനെ മൂന്ന് വലിയ വെള്ളപ്പൊക്കം മുക്കി കടന്നുപോയി. പഠനറിപ്പോര്‍ട്ട് വിഭാവനം ചെയ്ത വലുതും ചെറുതുമായ പദ്ധതികള്‍ എത്രമാത്രം പൂര്‍ത്തീകരിച്ചു എന്ന് നോക്കുമ്പോഴാണ് സര്‍ക്കാര്‍ പദ്ധതിയുടെ ദുര്‍ബലമായ സമീപനം കുട്ടനാട് പാക്കേജിനെയും വിഴുങ്ങിയത് എങ്ങനെ എന്ന് വ്യക്തമാകും. പണം ധൂര്‍ത്തടിക്കലിന്‍െറയും കെടുകാര്യസ്ഥതയുടെയും ഏകോപനമില്ലായ്മയുടെയും  ആകത്തെുകയാണ് പാക്കേജിന്‍െറ ഇന്നത്തെ ദുരവസ്ഥ. പ്രതീക്ഷകള്‍ ഇന്നും കുട്ടനാടന്‍ ജനത കൈവിട്ടിട്ടില്ല.

കേന്ദ്ര കൃഷി സഹമന്ത്രി ഡോ.സഞ്ജീവ് കുമാര്‍ ബാല്യന്‍ കഴിഞ്ഞ ജൂലൈ 15ന് പാര്‍ലമെന്‍റില്‍ കൊടിക്കുന്നില്‍ സുരേഷിന്‍െറ ചോദ്യത്തിന് മറുപടിയായി പറഞ്ഞത് കുട്ടനാട് പാക്കേജിന്‍െറ പ്രവര്‍ത്തനം 2012 ജൂലൈയില്‍ അവസാനിച്ചുവെന്നാണ്. അതുകേട്ടപ്പോള്‍ ആദ്യം ഞെട്ടിയത് കുട്ടനാട്ടുകാരല്ല. സംസ്ഥാന സര്‍ക്കാറാണ്. ഇത്രയും കാലം തോന്നിയതുപോലെ പാക്കേജിന്‍െറ പ്രവര്‍ത്തനങ്ങള്‍ നടത്തുകയും വെള്ളപ്പൊക്കക്കെടുതിയില്‍ കുട്ടനാട് മുങ്ങിയപ്പോള്‍ അലംഭാവം കാട്ടുകയും ചെയ്ത അധികാരികള്‍ക്ക് ഇനി പാക്കേജിന്‍െറ കീഴിലുള്ള പണം കിട്ടുകയില്ലല്ളോയെന്ന ആശങ്കയാണ് ഉണ്ടായത്. കഴിഞ്ഞ യു.പി.എ സര്‍ക്കാറിന്‍െറ കാലത്ത് രൂപംകൊടുത്ത കമീഷന്‍ നാലുവര്‍ഷം മുമ്പുതന്നെ അവസാനിച്ചുവെന്ന് പറയുന്നതിലെ യുക്തിയും വ്യക്തമല്ല. എന്തായാലും സംഭവം വിവാദമായതോടെ കേന്ദ്രകൃഷിമന്ത്രി കുട്ടനാട് സന്ദര്‍ശിച്ച് ഇക്കാര്യത്തില്‍ തീരുമാനമെടുക്കാമെന്ന് പറഞ്ഞിരിക്കുന്നു.

കുട്ടനാട്ടില്‍ പാക്കേജിന്‍െറ ഭാഗമായി എന്തു നടന്നൂവെന്ന് ബോധ്യമാകാന്‍ ഒന്നുമില്ല. അവിടവിടെ അതും കായല്‍നിലങ്ങളുടെ ഭാഗങ്ങളില്‍ നടത്തിയ ബണ്ടുനിര്‍മാണത്തിന്‍െറ പേരിലുള്ള പണം ധൂര്‍ത്തടി മാത്രം. ഓരോ വെള്ളപ്പൊക്കത്തിലും നിര്‍മിച്ച ബണ്ടിന് ബലക്ഷയംവരുന്നു. കാരണം അടിത്തട്ടിലെ ചെളിയുടെ താഴ്ച നിശ്ചയിച്ചതിലെ പൊരുത്തക്കേടുമൂലം പലയിടത്തും പൈല്‍ ആന്‍ഡ് സ്ളാബ് അടിത്തട്ടില്‍ മുട്ടാതെനില്‍ക്കുന്നു. ഇത് അടിയിലൂടെ പാടശേഖരങ്ങളില്‍ വെള്ളംകയറുന്ന സാഹചര്യമുണ്ടാക്കി. നെടുമുടി ഭാഗത്തുനടത്തിയ ബണ്ട്നിര്‍മാണം മാത്രമാണ് അല്‍പമെങ്കിലും ഭേദപ്പെട്ടത്. 1270 കോടിയുടെ പദ്ധതിക്ക് കേന്ദ്രം അനുമതി നല്‍കിയെങ്കിലും 446.68 കോടിയാണ് അനുവദിച്ചത്. അതില്‍ ചെലവഴിച്ചത് 382.15 കോടി മാത്രം. മുന്‍ഗണനാക്രമത്തിലുള്ള പദ്ധതികള്‍ എന്താണെന്നുപോലും സംസ്ഥാന സര്‍ക്കാറിന് നിശ്ചയമില്ല. വിവിധ കര്‍ഷകര്‍, പൊതുപ്രവര്‍ത്തകര്‍ എന്നിവര്‍ക്ക് പങ്കാളിത്തമുള്ള മോണിറ്ററിങ് കമ്മിറ്റിപോലും ഉണ്ടായിട്ടില്ല. ഇക്കാര്യത്തില്‍ സ്വാമിനാഥന്‍ കമീഷന്‍ നിര്‍ദേശിച്ച പലതും സംസ്ഥാന സര്‍ക്കാര്‍ വേണ്ടെന്നുവെച്ചു. ഫലത്തില്‍ നാഥനില്ലാത്ത അവസ്ഥയിലാണ് പാക്കേജ് മുന്നോട്ടുനീങ്ങിയത്.

പ്രോസ്പിരിറ്റി കൗണ്‍സില്‍
അലങ്കാരം മാത്രമായി

മുഖ്യമന്ത്രിയുടെ മേല്‍നോട്ടത്തിലുള്ള പ്രോസ്പിരിറ്റി കൗണ്‍സില്‍ ചായകുടിച്ച് പിരിയാനുള്ള സംവിധാനം മാത്രമായി മാറി. ആറുവര്‍ഷത്തിനുള്ളില്‍ വിരലിലെണ്ണാവുന്ന യോഗങ്ങള്‍ മാത്രമേ കൗണ്‍സിലിന്‍േറതായി നടന്നിട്ടുള്ളൂ.  പദ്ധതി അനന്തമായി നീളുന്നതുമൂലം കോടികളുടെ നഷ്ടമാണ് സര്‍ക്കാറിനുള്ളത്. കേന്ദ്രം 75 ശതമാനവും സംസ്ഥാനം 25 ശതമാനവും എന്ന അനുപാതത്തിലാണ് വിഹിതവിനിയോഗം നിശ്ചയിച്ചത്. എന്നാല്‍, പലപദ്ധതികള്‍ക്കും അത് അപ്രായോഗികമായി മാറി. പാക്കേജിന്‍െറ പ്രവര്‍ത്തനം വൈകിപ്പിക്കാന്‍ അനുവദിക്കില്ളെന്നാണ് മുഖ്യമന്ത്രിയുടെ ഇപ്പോഴത്തെ ഉറപ്പ്. അടുത്ത വെള്ളപ്പൊക്കത്തിന് മുമ്പെങ്കിലും കൃഷി-അനുബന്ധ വിഷയങ്ങളില്‍ പദ്ധതികള്‍ നടപ്പാക്കി നെല്ലറയുടെ വികസനം സാധ്യമാക്കുകയെന്ന ലക്ഷ്യത്തിലേക്ക് എത്രമാത്രം പോകാന്‍കഴിയുമെന്നത് സംശയമാണ്.

പാക്കേജിലെ പ്രധാന
ശിപാര്‍ശകള്‍

  •  കുട്ടനാടിനെ വെള്ളപ്പൊക്കത്തില്‍നിന്നും ഉപ്പുവെള്ളത്തില്‍നിന്നും രക്ഷിക്കുക
  •  തണ്ണീര്‍മുക്കം ബണ്ടിന്‍െറയും തോട്ടപ്പള്ളി സ്പില്‍വേയുടെയും നവീകരണം പൂര്‍ത്തിയാക്കുക
  •  ആലപ്പുഴ-ചങ്ങനാശേരി കനാല്‍ ആഴംകൂട്ടി ഒഴുക്ക് സുഗമമാക്കുക.
  •  കായല്‍നിലങ്ങളുടെയും മറ്റ് പാടശേഖരങ്ങളുടെയും പുറംബണ്ട് ബലപ്പെടുത്തുക.
  •  കുട്ടനാടിനെ പ്രത്യേക കാര്‍ഷിക മേഖലയായി പ്രഖ്യാപിക്കുക.
  •  ജലസ്രോതസ്സുകള്‍ സംരക്ഷിക്കുക.
  •  കാര്‍ഷിക കലണ്ടര്‍ നടപ്പാക്കുക
  •  കാര്‍ഷിക യന്ത്രങ്ങള്‍ ആവശ്യത്തിന് വാങ്ങുക
  •  ഗവേഷണ വികസന പരിശീലനകേന്ദ്രം, നെല്ല് സംഭരണകേന്ദ്രം
  •  നാളികേര വികസനം, പഴം-പച്ചക്കറി കൃഷി, വിപണനം
  •  ഉള്‍നാടന്‍ മത്സ്യവികസനം
  •  ഫാം ടൂറിസം
  •  നാളികേരത്തിന്‍െറ മൂല്യവര്‍ധിത ഉല്‍പന്നനിര്‍മാണം
  •  കന്നുകാലിവളര്‍ത്തല്‍ പ്രോത്സാഹനം

നടപ്പാക്കിയവയില്‍
പ്രധാനപ്പെട്ടത്

  • ആറുവര്‍ഷക്കാലം പദ്ധതി ശിപാര്‍ശകളില്‍ എന്ത് നടപ്പായി എന്നത് പ്രധാനപ്പെട്ടതാണ്. ചെറിയ കാലയളവല്ല ഇത്.
  • അടിസ്ഥാന പ്രശ്നങ്ങള്‍പോലും പരിഹരിക്കപ്പെട്ടില്ല എന്നതാണ് വാസ്തവം. മറിച്ച അശാസ്ത്രീയമായ നിര്‍മാണ രീതികൊണ്ട് പാക്കേജ് നിര്‍ദേശങ്ങളെ തകിടം മറിക്കുന്നതും ആവാസവ്യവസ്ഥിതിക്കും പരിസ്ഥിതിക്കും ഭീഷണിയാകുന്നതുമായ പ്രവൃത്തികളാണ് ചെയ്തത്.
  • 1840 കോടി പദ്ധതിയായി തുടങ്ങിയത് ആറായിരം കോടിയായാലും മതിയാവാത്ത അവസ്ഥയായി.
  •  കായല്‍നിലങ്ങളില്‍ മുന്‍ഗണന തെറ്റിച്ച് നടത്തിയ പുറംബണ്ട് ബലപ്പെടുത്തല്‍. സി.ഡി ബ്ളോക്കുകള്‍ക്കും റാണി, ചിത്തര കായല്‍നിലങ്ങള്‍ക്കുമിടയില്‍ പമ്പ നദിക്ക് കുറുകെ ഉണ്ടായിരുന്ന ബണ്ട് നീക്കം ചെയ്ത് പുറം ബണ്ട് കോണ്‍ക്രീറ്റ് തൂണും സ്ളാബും കൊണ്ട് നിര്‍മിച്ചു. 20 കോടി ചെലവഴിച്ചു. അതുംഭാഗികമായി.
  •  യന്ത്രവത്കരണത്തിന്‍െറ ഭാഗമായി 100 കൊയ്ത്ത് യന്ത്രങ്ങളും 50 ട്രാക്ടറുകളും 50 ട്രില്ലറുകളും വാങ്ങി. എന്നിട്ടും കുട്ടനാട്ടിലെ കര്‍ഷകര്‍ ഇന്നും കൊയ്ത്തുകാലത്ത് യന്ത്രങ്ങള്‍ക്ക് തമിഴ്നാടിനെ ആശ്രയിക്കുന്നു.
  •  14 പാടശേഖരങ്ങളിലെ പുറംബണ്ട് കരിങ്കല്ല് ഉപയോഗിച്ച് ബലപ്പെടുത്തി.
  •  തണ്ണീര്‍മുക്കം ബണ്ടിന്‍െറ മൂന്നാംഘട്ട നവീകരണത്തിന് തുടക്കമിട്ടു.
  •  പശുക്കളെയും എരുമകളെയും വാങ്ങാന്‍ പണംനല്‍കി.

വീഴ്ചകള്‍

  • നാമമാത്ര പദ്ധതികള്‍മാത്രം
  • വകുപ്പുകളുടെ ആധിക്യംമൂലം ഏകോപനം ഉണ്ടായില്ല
  • മേല്‍നോട്ടം വഹിക്കാന്‍ സ്വതന്ത്ര ചുമതലയുള്ള ഉദ്യോഗസ്ഥനെ നിയമിച്ചില്ല
  • പാരിസ്ഥിതിക-ജൈവ വൈവിധ്യ-പഠന ഗവേഷണം നടത്തിയില്ല.
  • വിദഗ്ധ ഉപദേശം ഒരുകാര്യത്തിലും ഉണ്ടായില്ല
  • പദ്ധതികളുടെ മുന്‍ഗണനാക്രമം നിശ്ചയിച്ചില്ല, ആസൂത്രണമോ കൂടിയാലോചനയോ ഉണ്ടായില്ല.
  • കൃഷിയില്ലാത്ത മേഖലയില്‍ ബണ്ട് നിര്‍മാണത്തിന് മുന്‍ഗണന നല്‍കി കോടികള്‍ തുലച്ചു.
  • വെള്ളപ്പൊക്കം തടയല്‍ ശുദ്ധജലപദ്ധതികള്‍, ആരോഗ്യസംരക്ഷണം എന്നീ കാര്യങ്ങളില്‍ പരിഗണന ലഭിച്ചില്ല
  • വിവാദമുണ്ടായപ്പോഴാണ് തണ്ണീര്‍മുക്കം ബണ്ടിന്‍െറ നിര്‍മാണം ആറാംവര്‍ഷത്തില്‍ തുടങ്ങിയത്
  • കര്‍ഷക-കര്‍ഷകത്തൊഴിലാളികളുമായി വേണ്ടത്ര ചര്‍ച്ചകള്‍ നടത്തിയില്ല

     

കാലഹരണപ്പെട്ട നിയമങ്ങള്‍ എന്തിന് നിലനിര്‍ത്തണം?

Posted: 05 Nov 2014 05:43 PM PST

Image: 

കാലഘട്ടത്തിന് അനുയോജ്യമല്ലാത്തതും നീതിന്യായ വ്യവസ്ഥയില്‍ പ്രസക്തി നഷ്ടപ്പെട്ടതുമായ നിയമങ്ങള്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ലോ കമീഷന്‍ സമീപകാലത്ത് മൂന്നു റിപ്പോര്‍ട്ടുകള്‍ സമര്‍പ്പിക്കുകയുണ്ടായി. ഏറ്റവുമൊടുവിലായി സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ കാലഹരണപ്പെട്ട 73 നിയമങ്ങള്‍ പിന്‍വലിക്കണമെന്നാണ് കമീഷന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. മുമ്പ് നല്‍കിയ രണ്ട് റിപ്പോര്‍ട്ടുകളില്‍ 160 നിയമങ്ങള്‍ പൂര്‍ണമായോ ഭാഗികമായോ എടുത്തുകളയാന്‍ ശിപാര്‍ശ ചെയ്തിരുന്നു. നിയമസംഹിതയില്‍നിന്ന് അനാവശ്യമായവ തൂത്തുവാരി വൃത്തിയാക്കാനും മാറിയ സാമൂഹിക-സാമ്പത്തികാവസ്ഥയിലെ പ്രശ്നങ്ങള്‍ കൈകാര്യം ചെയ്യാന്‍ പ്രാപ്തമായ പുതിയ നിയമങ്ങള്‍ നിര്‍മിക്കാനും അമാന്തം കാട്ടരുത് എന്ന് ലോ കമീഷന്‍ മുമ്പ് പലവട്ടം ഭരണകൂടത്തെ ഓര്‍മപ്പെടുത്തിയതാണ്. കാലത്തിന്‍െറ അപ്രതിഹത പ്രവാഹത്തില്‍ നിയമം കാലഹരണപ്പെടുന്നത് മാറിവരുന്ന സാമൂഹിക ചുറ്റുപാടുമായി ഒത്തിണങ്ങിപ്പോവാന്‍ സാധിക്കാതെ വരുകയോ പുതിയ സാഹചര്യങ്ങളുടെ പ്രശ്നങ്ങളെ അഭിമുഖീകരിക്കുന്നതില്‍ പരാജയപ്പെടുകയോ ചെയ്യുമ്പോഴാണ്. ബ്രിട്ടീഷ് കോളനി ഭരണകാലത്ത് നിര്‍മിക്കപ്പെട്ട നിയമങ്ങളാണ് സ്വാതന്ത്ര്യലബ്ധിയുടെ 67 വര്‍ഷത്തിനു ശേഷവും നമ്മെ ഭരിക്കുന്നത്. ഇവയില്‍ വലിയൊരു ഭാഗം നിയമങ്ങള്‍ അറുപിന്തിരിപ്പനും പഴയ ഫ്യൂഡല്‍ സാമൂഹികക്രമം നിലനിര്‍ത്താനായി അധിനിവേശ സര്‍ക്കാര്‍ ഉണ്ടാക്കിയതുമാണ്. പൗരാവകാശത്തെക്കുറിച്ച് ഇന്നത്തെപ്പോലെ പുരോഗമനപരമായ കാഴ്ചപ്പാട് വെച്ചുപുലര്‍ത്താത്ത, ചൂഷണവിചാരഗതി ഭരണകൂടത്തെ നിയന്ത്രിച്ചിരുന്ന ഒരു കാലസന്ധിയില്‍ രൂപപ്പെട്ട നിയമങ്ങള്‍ സ്വാതന്ത്ര്യത്തിന്‍െറ അരുണോദയത്തോടെയെങ്കിലും ചരിത്രത്തിലേക്ക് വിലയം പ്രാപിക്കേണ്ടതായിരുന്നു. അതുണ്ടായില്ല എന്നു മാത്രമല്ല, പല നിയമങ്ങളും ആവശ്യമായ ഭേദഗതിക്ക് വിധേയമാവുകപോലും ചെയ്യാതെ ഇന്നും നിലനില്‍ക്കുന്നുവെന്നത് ഒരു ജനായത്ത ഭരണക്രമത്തിന്‍െറ കൊള്ളരുതായ്മയാണ് എടുത്തുകാട്ടുന്നത്.

1928ലെ ഹിന്ദുദായക്രമ നിയമം,1913, 30കളിലെ മുസല്‍മാന്‍ വഖഫ് നിയമം, 1925ലെ ബംഗാള്‍ ക്രിമിനല്‍ ലോ തുടങ്ങിയവ നിയമപുസ്തകത്തില്‍നിന്ന് വിപാടനം ചെയ്യണമെന്നാണ് ലോ കമീഷന്‍ ഒടുവില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. രാജ്യത്തെ ഏറ്റവും പഴക്കംചെന്ന, 1836ലെ ബംഗാള്‍ ഡിസ്ട്രിക്ട് ആക്ട് ഇപ്പോഴും പ്രാബല്യത്തിലുണ്ടെന്ന് അറിയുമ്പോഴാണ് ഈ ദിശയില്‍ ബന്ധപ്പെട്ടവരുടെ ശ്രദ്ധ അശ്ശേഷം പതിഞ്ഞിട്ടില്ളെന്ന് മനസ്സിലാവുന്നത്. വിവരസാങ്കേതിക വിദ്യയുടെ കടന്നുകയറ്റത്തോടെ ആശയവിനിമയ രംഗത്ത് നാം കുതിച്ചുചാടുകയും ടെലിഗ്രാഫ് സന്ദേശത്തിന്‍െറ യുഗം അവസാനിച്ചതായി  ഒൗദ്യോഗികമായി പ്രഖ്യാപിക്കുകയും ചെയ്തിട്ടും 1885ലെ ഇന്ത്യന്‍ ടെലിഗ്രാഫ് ആക്ടും 1933ലെ വയര്‍ലെസ് ടെലിഗ്രാഫ് ആക്ടും ഇന്നും നിയമപുസ്തകത്തില്‍ പൊടിപിടിച്ചുകിടക്കുന്നുണ്ട്. ഒരാളെ ബുദ്ധിമുട്ടിക്കണമെന്നോ സമാധാനം കെടുത്തണമെന്നോ തോന്നിയാല്‍ നിയമപാലകര്‍ കാലഹരണപ്പെട്ട ഈവക നിയമങ്ങളെ പുറത്തെടുത്ത് നിര്‍ദാക്ഷിണ്യം എടുത്തുപയോഗിക്കുകയാണ് പതിവ്. 1934ലെ എയര്‍ക്രാഫ്റ്റ് നിയമം അനുസരിച്ച് കുട്ടികള്‍ ബലൂണ്‍ പറത്തിക്കളിക്കുന്നതും പട്ടംപറപ്പിക്കുന്നതും തടയാവുന്നതാണ്. 500 ഡോളറിനു മുകളില്‍ മൂല്യമുള്ള വിദേശ നാണയങ്ങള്‍ ഒരാള്‍ കൈവശം വെക്കുകയാണെങ്കില്‍ ‘ഫെറ’ നിയമത്തിന്‍െറ  ലംഘനത്തിന് കേസെടുക്കാവുന്നതേയുള്ളൂ. കൊറിയര്‍ വഴി പാഴ്സല്‍ അയക്കുമ്പോഴെല്ലാം ഒരുതരത്തില്‍ 1885ലെ  ഇന്ത്യന്‍ പോസ്റ്റ് ഓഫിസ് ആക്ടിലെ വ്യവസ്ഥകള്‍ ലംഘിക്കപ്പെടുന്നുണ്ട്. ഇതുവരെ ഉപയോഗിക്കാത്ത എത്രയോ നിയമങ്ങള്‍ ഇപ്പോഴും പ്രാബല്യത്തിലുണ്ടെന്നാണ് ലോ കമീഷന്‍ ചൂണ്ടിക്കാട്ടുന്നത്.

നിയമം സമൂഹത്തിനു വേണ്ടിയുള്ളതാണെന്ന് സഹസ്രാബ്ദങ്ങള്‍ക്കു മുമ്പ് ലോകത്തെ പഠിപ്പിച്ച നിയമദാതാക്കളിലൊരാളാണ് ഹമുറാബി. സമൂഹത്തിന് സുഗമമായ പോക്കിന് വിഘാതം സൃഷ്ടിക്കുന്നതും പൗരാവകാശങ്ങള്‍ ഹനിക്കുന്നതുമായ ഏതു നിയമവും ഒരു വ്യവസ്ഥിതിക്കും ഇണങ്ങുന്നതല്ല. ബ്രിട്ടീഷ് സര്‍ക്കാര്‍ ഇന്ത്യന്‍ പ്രജകളെ അടക്കിഭരിക്കുന്നതിനും ഭരണകൂടത്തിന്‍െറ കൊള്ളരുതായ്മകള്‍ മറച്ചുപിടിക്കുന്നതിനും കൊണ്ടുവന്ന 1923ലെ ഒഫീഷ്യല്‍ സീക്രട്ട് ആക്ട് എടുത്തുകളയണമെന്ന് മനുഷ്യാവകാശ പ്രവര്‍ത്തകരും നിയമജ്ഞരും നിരന്തരം ആവശ്യപ്പെടുന്നുണ്ടെങ്കിലും ഇതുവരെ ഒരു ഗവണ്‍മെന്‍റും ഇക്കാര്യം ആലോചിക്കാന്‍പോലും മുന്നോട്ടുവന്നിട്ടില്ല. കേസുകള്‍ നീതിപീഠങ്ങളില്‍ കെട്ടിക്കിടക്കുന്നതും നീതി നിഷേധിക്കപ്പെടും വിധം തീര്‍പ്പുകള്‍ അനന്തമായി നീളുന്നതും നൂറ്റാണ്ടു മുമ്പുള്ള നടപടിക്രമങ്ങളുടെയും തെളിവ് ശേഖരണരീതിയുടെയും ഫലമായാണ്. 1898ലെ ക്രിമിനല്‍ പ്രൊസീജര്‍ കോഡും 1908ലെ സിവില്‍ പ്രൊസീജര്‍ കോഡുമാണ് കോടതി നടപടികളെ ഇന്നും നിയന്ത്രിക്കുന്നത്. സ്വാതന്ത്ര്യാനന്തരം ഈ നിയമങ്ങളില്‍ ചില ഭേദഗതികള്‍ കൊണ്ടുവന്നിരുന്നെങ്കിലും കോളനിവാഴ്ചയുടെ കരാളമുദ്രകള്‍ ഇപ്പോഴും തെളിഞ്ഞുകാണാനുണ്ട്. 1872ലെ തെളിവുനിയമം ഒന്നര നൂറ്റാണ്ടിന്‍െറ ശാസ്ത്ര-സാങ്കേതിക കുതിപ്പിനു ശേഷവും അതേപടി പിന്തുടരുന്നതിലെ പിടിപ്പുകേട് ബന്ധപ്പെട്ടവരെ വ്യാകുലപ്പെടുത്താറേയില്ല.  കാലം മാറിയതോ സാമൂഹിക, ശാസ്ത്രമേഖലയില്‍ നാം ബഹുദൂരം സഞ്ചരിച്ചതോ ജുഡീഷ്യറിക്ക് കണ്ടില്ളെന്നു നടിക്കേണ്ടിവരുന്നു. കാലഹരണപ്പെട്ട നിയമം വിപാടനം ചെയ്യുക എന്നത് കേന്ദ്ര സര്‍ക്കാറിന്‍െറ പ്രഖ്യാപിത നയമാണെന്നിരിക്കെ ലോ കമീഷന്‍െറ നിര്‍ദേശങ്ങള്‍ അതിന്‍െറ ഗൗരവമുള്‍ക്കൊണ്ട് എത്രയും പെട്ടെന്ന് പ്രയോഗവത്കരിക്കുമെന്ന് പ്രതീക്ഷിക്കാം.

No comments:

Post a Comment

english malayalam dictionary

വിരുന്നുകാര്...

poomottu

Dsgd: by ASLAM PADINHARAYIL

Back to TOP