സ്വാഗതം
WELCOME

News Update..

Tuesday, November 11, 2014

കൊട്ടക്കാമ്പൂര്‍ ഭൂമി വിവാദം വീണ്ടും സജീവ ചര്‍ച്ചയാകുന്നു Madhyamam News Feeds

കൊട്ടക്കാമ്പൂര്‍ ഭൂമി വിവാദം വീണ്ടും സജീവ ചര്‍ച്ചയാകുന്നു Madhyamam News Feeds

Link to

കൊട്ടക്കാമ്പൂര്‍ ഭൂമി വിവാദം വീണ്ടും സജീവ ചര്‍ച്ചയാകുന്നു

Posted: 11 Nov 2014 01:15 AM PST

മൂന്നാര്‍: തമിഴര്‍ക്ക് നല്‍കിയ കൊട്ടക്കാമ്പൂരിലെ ഭൂമികള്‍ സ്വകാര്യ വ്യക്തികളുടെ പക്കലത്തെിയതിനെ കുറിച്ച് റവന്യൂ അഡീഷനല്‍ ചീഫ് സെക്രട്ടറി ഡോ. നിവേദിത പി.ഹരന്‍ സര്‍ക്കാറിന് അന്വേഷണ റിപ്പോര്‍ട്ട് നല്‍കിയതോടെ കൊട്ടക്കാമ്പൂര്‍ ഭൂമി വിവാദം വീണ്ടും സജീവചര്‍ച്ചയാകുന്നു. അഡ്വ. ജോയ്സ് ജോര്‍ജ് എം.പിക്കെതിരെ കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് ഉയര്‍ത്തിക്കൊണ്ടുവന്ന വിവാദത്തില്‍ നീണ്ട ഇടവേളക്ക് ശേഷമാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. ജോയ്സിന്‍െറ കുടുംബാംഗങ്ങള്‍ക്ക് കൊട്ടക്കാമ്പൂരില്‍ ഏക്കര്‍ കണക്കിന് ഭൂമിയുണ്ടെന്നും സര്‍ക്കാര്‍ തമിഴ ്വംശജര്‍ക്ക് അനുവദിച്ച ഭൂമി ഇവര്‍ കൈയടക്കിവെച്ചിരിക്കുകയാണെന്നുമായിരുന്നു ആരോപണം.
വട്ടവട പഞ്ചായത്തിലെ കടവരിക്ക് തൊട്ടടുത്ത വാര്‍ഡായ കൊട്ടക്കാമ്പൂര്‍ ഈസ്റ്റിലാണ് ജോയ്സ് ജോര്‍ജിന്‍െറ വിവാദ ഭൂമിയുള്ളത്. ജോയ്സിന്‍െറ പിതാവ് ആറുപേരില്‍നിന്ന് പവര്‍ ഓഫ് അറ്റോര്‍ണി എഴുതി വാങ്ങിയ ഭൂമി പിന്നീട് ജോയ്സിന്‍െറയും ഭാര്യയുടെയും പേരിലാക്കിയെന്നാണ് ആരോപണം. 2001 സെപ്റ്റംബറില്‍ ദേവികുളം തഹസില്‍ദാര്‍ ഒരേ ദിവസം ആറ് പേര്‍ക്ക് പട്ടയം അനുവദിച്ച ഭൂമി അടുത്തമാസം ജോയ്സ് ജോര്‍ജിന്‍െറ പിതാവ് ആ പേരില്‍ നിന്ന് പവര്‍ ഓഫ് അറ്റോര്‍ണി എഴുതി വാങ്ങി സ്വന്തമാക്കുകയായിരുന്നത്രെ. മേഖലയില്‍ വ്യാപകമായി വ്യാജ പട്ടയങ്ങളും വിതരണം ചെയ്തിട്ടുണ്ടെന്ന ആരോപണം കൂടി ഉയര്‍ന്നതോടെ കൊട്ടക്കാമ്പൂരിലെ മുഴുവന്‍ ഭൂമികളെക്കുറിച്ചും അന്വേഷണം നടത്തുന്നതിന് സര്‍ക്കാര്‍ ഉത്തരവിടുകയായിരുന്നു.
അന്വേഷണത്തിന്‍െറ ആദ്യ പടിയായി റവന്യൂ, വനം വകുപ്പ് സെക്രട്ടറിമാര്‍ കൊട്ടക്കാമ്പൂരില്‍ നേരിട്ടത്തെി അന്വേഷണം നടത്തുകയും നിരവധി കര്‍ഷകരുടെ ഭൂമികള്‍ വിവിധ രാഷ്ട്രീയ നേതാക്കള്‍ കൈയടക്കിവെച്ചതായി കണ്ടത്തെി സര്‍ക്കാറിന് റിപ്പോര്‍ട്ട് നല്‍കുകയും ചെയ്തു. സര്‍ക്കാര്‍ ഭൂമിയില്‍ റവന്യൂ, വനം വകുപ്പുകളുടെ മൗനാനുവാദത്തോടെ തടികള്‍ വെട്ടിക്കടത്തുകയാണെന്നും ഇതിന് പിന്നില്‍ ജില്ലാ ഭരണകൂടത്തിന് പങ്കുള്ളതായും ഉദ്യോഗസ്ഥ തലത്തില്‍ വീഴ്ച സംഭവിച്ചതായും റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ടായിരുന്നു. തുടര്‍ന്ന് മന്ത്രിസഭ ചേര്‍ന്ന് കൊട്ടക്കാമ്പൂരിലെ ഭൂമിപ്രശ്നത്തില്‍ നടപടിയെടുക്കാന്‍ തീരുമാനിക്കുകയും അന്വേഷണ ചുമതല അഡീഷനല്‍ ചീഫ് സെക്രട്ടറി നിവേദിത പി.ഹരനെ ഏല്‍പിക്കുകയുമായിരുന്നു.

കട്ടച്ചിറയിലെ കരമണല്‍ ഖനനം ഭീഷണിയാകുന്നു

Posted: 11 Nov 2014 01:07 AM PST

പാലാ: നിയമങ്ങള്‍ കാറ്റില്‍ പറത്തി കട്ടച്ചിറയിലെ കരമണല്‍ ഖനനം ജനജീവിതം ദുസ്സഹമാക്കുന്നതായി പരാതി.
നിലവില്‍ മൂന്ന് ഖനന കേന്ദ്രങ്ങളാണ് ഈ ഭാഗത്തുള്ളത്. ഇതിനുപുറമെ മൂന്ന് എണ്ണത്തിനുകൂടി അനുമതി ലഭിച്ചതാണ് പരാതിക്ക് കാരണമായത്. കിടങ്ങൂര്‍ പഞ്ചായത്തിലെ ബ്ളോക്-16ല്‍ സര്‍വേ നമ്പര്‍ മൂന്നിലാണ് പുതിയ കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. പഞ്ചായത്ത് റോഡില്‍നിന്ന് 15 മീറ്റര്‍ അകലവും പൊതുമരാമത്ത് റോഡില്‍നിന്ന് 50 മീറ്റര്‍ അകലവും പാലിക്കണമെന്ന മാനദണ്ഡങ്ങളെല്ലാം ഖനന കേന്ദ്രങ്ങള്‍ ലംഘിച്ചിരിക്കുകയാണ്.
നിയമപ്രകാരം റോഡില്‍നിന്നുള്ള അകലം പാലിക്കുന്നത് ഉറപ്പുവരുത്തേണ്ട ഉദ്യോഗസ്ഥര്‍ തന്നെയാണ് ഖനനാനുമതി നല്‍കിയിരിക്കുന്നത്്. ഇതോടെ നിയമലംഘനങ്ങള്‍ ചോദ്യംചെയ്യാന്‍ ആളില്ലാത്ത അവസ്ഥയാണ്.
കട്ടച്ചിറ തോടും മീനച്ചിലാറും സംഗമിക്കുന്നതിന് സമീപമാണ് ഖനന കേന്ദ്രങ്ങള്‍. റോഡില്‍നിന്ന് 15 മീറ്റര്‍ വിട്ട് 10 മീറ്റര്‍ ആഴത്തില്‍ ഖനനത്തിനായി കുഴിക്കാനാണ് പാലാ പൊതുമരാമത്ത് അധികൃതര്‍ അനുമതി നല്‍കിയത്. ഇത് നിയമലംഘനമാണന്ന്് ആരോപണമുയര്‍ന്നപ്പോള്‍ ഖനനകേന്ദ്രത്തിന് സമീപമുള്ള കട്ടച്ചിറ-പുന്നത്തറ പള്ളിക്കടവ് റോഡ് പൊതുമരാമത്ത് റോഡല്ളെന്ന് ഉദ്യോഗസ്ഥര്‍ സര്‍ട്ടിഫൈ ചെയ്യുകയായിരുന്നു. ഇത് പൊതുമരാമത്ത് റോഡാണെന്ന് ശിലാഫലകം സ്ഥാപിച്ചിട്ടുമുണ്ട് .
ആധുനിക മോട്ടോറുകളുപയോഗിച്ച് പമ്പിങ് നടത്തി കരമണല്‍ ഖനനം ചെയ്യുന്നത് സമീപ പ്രദേശങ്ങളിലെ വീടുകളെയും പുരയിടങ്ങളെയും അപകടാവസ്ഥയിലാക്കിയിരിക്കുകയാണ്. കിണറുകളിലെ വെള്ളം കലങ്ങുകയും ജലനിരപ്പ് താഴുകയും ചെയ്യുകയാണ്.
പുരയിടങ്ങളിലെ മണ്ണ് ഇടിഞ്ഞുതാഴുകയും വേലിക്കെട്ടുകള്‍ തകരുകയും ചെയ്യുന്നുണ്ട്. മാനദണ്ഡങ്ങള്‍ ലംഘിച്ച് കോടികളുടെ കരിമണല്‍ ഇവിടെനിന്ന് കടത്തുന്നുണ്ടെന്ന് നാട്ടുകാര്‍ പറയുന്നു. അമിത ഖനനം മൂലം ആറ്റുതീരം പലയിടത്തും ഇടിഞ്ഞുവീഴുന്നത് പതിവാണ്. മീനച്ചിലാറിന് തീരത്തുള്ള പുരയിടങ്ങളുടെയും കുറുകെയുള്ള പാലങ്ങളുടെയും സ്ഥിതി അകടകരമാണ്. ശക്തമായ പൈലിങ്ങും പമ്പിങ് യന്ത്രങ്ങളുടെ പ്രവര്‍ത്തനവും നിരവധി വീടുകള്‍ക്കും കേടുപാടുണ്ടാക്കുന്നു. പഞ്ചായത്ത് അധികൃതരും ഇതിന് കൂട്ടുനില്‍ക്കുകയാണെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. വലിയ വാഹനങ്ങള്‍ ഓടി റോഡും തകര്‍ന്നു. റോഡ് തങ്ങളുടേതല്ളെന്ന നിലപാടിലാണ് പഞ്ചായത്തും പൊതുമരാമത്ത് വകുപ്പും. ആറിനോടുചേര്‍ന്ന നിരവധി ഏക്കര്‍ പുറമ്പോക്ക് ഭൂമികള്‍ കൈയേറിയാണ് ഖനനം നടത്തുന്നത്.
ഖനനത്തിന്‍െറ ഭാഗമായി പ്രദേശത്തെ പുറമ്പോക്കില്‍ നിന്ന മരങ്ങളെല്ലാം മുറിച്ചുകടത്തിയ നിലയിലാണ്. കഴിഞ്ഞ ഏപ്രിലില്‍ റവന്യൂ അധികൃതര്‍ ആറ്റുപുറമ്പോക്ക് അളന്ന് തിട്ടപ്പെടുത്തിയിരുന്നു. നൂറുമീറ്റര്‍ നീളത്തിലും 30 മീറ്റര്‍ വീതിയിലും നിന്ന മരങ്ങളാണ് മുറിച്ചുനീക്കിയത്.
മീനച്ചിലാറിന് 50 മീറ്റര്‍ ഖനന നിരോധനമേഖലയായി പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ഇവിടെയും ഖനനം സുലഭമാണ്. പരാതിയുമായി നാട്ടുകാര്‍ രംഗത്തുണ്ടെങ്കിലും ജിയോളജിക്കല്‍ ഡിപ്പാര്‍ട്മെന്‍റിലത്തെിയാല്‍ റവന്യൂവിലത്തൊനും റവന്യൂവില്‍ ചെന്നാല്‍ തിരിച്ചും പരാതിപ്പെടാനാണ് പറയുന്നത്. ഇത്തരം കേന്ദ്രങ്ങളില്‍ ഉദ്യോഗസ്ഥര്‍ രാത്രി രഹസ്യസന്ദര്‍ശനം നടത്താറുണ്ടെന്നും ആക്ഷേപമുണ്ട്.

പ്രതിഭാ തിളക്കത്തില്‍ ജില്ലാ ശാസ്ത്രമേളക്ക് തുടക്കം

Posted: 11 Nov 2014 01:01 AM PST

തിരുവനന്തപുരം: കുരുന്നുകളുടെ പ്രതിഭാതിളക്കത്തില്‍ ജില്ലാ ശാസ്ത്ര, പ്രവൃത്തിപരിചയ, ഗണിത, സാമൂഹിക ശാസ്ത്ര, ഐ.ടി മേളക്ക് തുടക്കം.
തിരുവനന്തപുരം കോട്ടണ്‍ഹില്‍ ഗവ. ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്കൂളിലാണ് ത്രിദിനമേള നടക്കുന്നത്. നാട് നേരിടുന്ന ബഹുമുഖ പ്രതിസന്ധികള്‍ക്ക് പരിഹാരവഴികളുമായാണ് മേളയിലെ മത്സരങ്ങളില്‍ പങ്കെടുക്കാന്‍ വിദ്യാര്‍ഥികള്‍ എത്തിയത്. പരിസ്ഥിതി മലിനീകരണം, ഊര്‍ജ പ്രതിസന്ധി, മാലിന്യസംസ്കരണം തുടങ്ങിയ വിഷയങ്ങളിലെ വ്യത്യസ്ത മാതൃകകളുമായാണ് കുട്ടികള്‍ മേളയിലത്തെിയത്. 12 ഉപജില്ലകളില്‍ നിന്നുള്ള പതിനായിരത്തോളം വിദ്യാര്‍ഥികള്‍ പങ്കെടുക്കുന്നുണ്ട്. ബഹിരാകാശ ഗവേഷണരംഗത്ത് മംഗള്‍യാന്‍ വഴി രാജ്യം എത്തിപ്പിടിച്ച നേട്ടങ്ങളുടെ മഹത്വവും മേളയില്‍ പ്രകടമായി.
ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് ആര്‍.കെ. അന്‍സജിത റസല്‍ ഉദ്ഘാടനം ചെയ്തു. കോട്ടണ്‍ഹില്‍ ഹൈസ്കൂള്‍ ഹെഡ്മിസ്ട്രസ് സുജന അധ്യക്ഷത വഹിച്ചു. നഗരസഭ വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷ കെ.എസ്. ഷീല, പ്രതിപക്ഷ നേതാവ് ജോണ്‍സണ്‍ ജോസഫ്, വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ പി.എ. ഹാരിഫാള്‍ ബീഗം, പ്രിന്‍സിപ്പല്‍ എസ്. മിനി, പി.ടി.എ പ്രസിഡന്‍റ് കെ. മോഹന്‍ദാസ്, സുരേഷ് തെങ്ങുംകോട് എന്നിവര്‍ സംസാരിച്ചു.
12ന് നടക്കുന്ന സമാപനസമ്മേളനം മേയര്‍ കെ. ചന്ദ്രിക ഉദ്ഘാടനം ചെയ്യും. മേളയുടെ ആദ്യദിനം ശാസ്ത്ര, സാമൂഹിക ശാസ്ത്ര, ഗണിത ശാസ്ത്ര, ഐ.ടി മേളകളിലെ മത്സര ഇനങ്ങളാണ് പ്രധാനമായും നടന്നത്.
രണ്ടാം ദിനം പ്രവൃത്തി പരിചയ, സാമൂഹിക ശാസ്ത്ര മേള എന്നിവയിലെ മത്സരവും പൊതുജനങ്ങള്‍ക്കായുള്ള പ്രദര്‍ശനവും നടക്കും. പുറമെ ശാസ്ത്ര നാടകം, ടാലന്‍റ് സെര്‍ച് പരീക്ഷ, ക്വിസ്, ഐ.ടി മേള, ഡിജിറ്റല്‍ പെയിന്‍റിങ്, മലയാളം ടൈപ്പിങ് തുടങ്ങിയവയില്‍ മത്സരം നടക്കും.

കായല്‍ കാഴ്ചകള്‍ ആസ്വദിക്കാന്‍ ഇനി ‘ഹോപ് ഓണ്‍ ഹോപ് ഓഫ്’ ബോട്ടുകള്‍

Posted: 11 Nov 2014 12:14 AM PST

അരൂര്‍: കായല്‍ കാഴ്ചകള്‍ ആസ്വദിക്കാന്‍ കൊച്ചി കായലില്‍ 'ഹോപ് ഓണ്‍ ഹോപ് ഓഫ്' ബോട്ടുകള്‍ എത്തുന്നു. ബസ് സ്റ്റോപ്പുകളില്‍ സ്പീഡ് കുറക്കുമ്പോള്‍ തന്നെ യാത്രക്കാര്‍ കയറുകയും ഇറങ്ങുകയും ചെയ്യുന്ന ബസുകളെ അനുകരിച്ചാണ് ജെട്ടികളിലത്തെിയാലുടന്‍ തടസ്സങ്ങളില്ലാതെ യാത്രക്കാര്‍ക്ക് ഇറങ്ങാനും കയറാനും കഴിയുന്ന ഹോപ് ഓണ്‍ ഹോപ് ഓഫ് ബോട്ടുകള്‍ ഇറക്കുന്നത്.
13ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി മറൈന്‍ ഡ്രൈവില്‍ ഫ്ളാഗ് ഓഫ് ചെയ്യുന്നതോടെ ഒറ്റ ടിക്കറ്റില്‍ പകല്‍ മുഴുവന്‍ യാത്രചെയ്യാനുള്ള മൂന്ന് ബോട്ടുകള്‍ കായലില്‍ കുതിച്ചുതുടങ്ങും. രാവിലെ ബോള്‍ഗാട്ടിയില്‍നിന്ന് തുടങ്ങുന്ന യാത്ര മറൈന്‍ ഡ്രൈവ്, എറണാകുളം ജെട്ടി, വൈപ്പിന്‍, ഫോര്‍ട്ടുകൊച്ചി, ഐലന്‍ഡ്, മട്ടാഞ്ചേരി കറങ്ങി കായലും കടലും തീരക്കാഴ്ചകളും കണ്ട് തിരിച്ചത്തെും. ബിനാലെയുടെ നാടായ കൊച്ചിയിലേക്ക് സ്വാഗതം ചെയ്ത് കായലിലേക്ക് ഇറക്കുന്ന ബോട്ടുകളുടെ പ്രതലം പ്രസിദ്ധ ചിത്രകാരന്മാരുടെ സൃഷ്ടികള്‍ കൊണ്ട് ആലേഖനം ചെയ്തിരിക്കുകയാണ്. ബോട്ടില്‍ ചിത്രം വരച്ച ചിത്രകാരന്മാരുടെ പൂര്‍ണ വിവരങ്ങള്‍ ബോട്ടില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.
25 പേര്‍ക്ക് ഇരുന്ന് യാത്രചെയ്യാന്‍ കഴിയുംവിധം പൂര്‍ണ സുരക്ഷാ ക്രമീകരണങ്ങളോടെ ബോട്ട് രൂപകല്‍പന ചെയ്തിരിക്കുന്നത് അരൂരിലെ സമുദ്ര ഷിപ്യാര്‍ഡാണ്. ബോട്ടിന്‍െറ ഡിസൈന്‍ കൊച്ചിന്‍ യൂനിവേഴ്സിറ്റിയുടെ ഷിപ് ടെക്നോളജി വിഭാഗം അംഗീകരിച്ചിട്ടുള്ളതാണ്. വിനോദസഞ്ചാര വകുപ്പ് ഇന്ത്യയിലാദ്യമായാണ് ഹോപ് ഓണ്‍ ഹോപ് ഓഫ് ബോട്ട് നീറ്റിലിറക്കുന്നത്.

പെന്‍ഷന്‍ വിതരണത്തിലെ അലംഭാവം: നഗരസഭയില്‍ അന്വേഷണം തുടങ്ങി

Posted: 10 Nov 2014 10:48 PM PST

മട്ടാഞ്ചേരി: പെന്‍ഷനുകളുടെ വിതരണ കാര്യത്തില്‍ നഗരസഭ പുലര്‍ത്തുന്ന അലംഭാവം സംബന്ധിച്ച് കൊച്ചി കോടതി ലീഗല്‍ സര്‍വീസ് അസോസിയേഷന്‍ അന്വേഷണം തുടങ്ങി. മൂന്നുവര്‍ഷം വരെ പഴക്കമുള്ള വാര്‍ധക്യകാല, വിധവ പെന്‍ഷനുകളുടെ അപേക്ഷകള്‍ സോണല്‍ ഓഫിസുകളില്‍ കെട്ടിക്കിടക്കുന്ന വാര്‍ത്ത നേരത്തേ 'മാധ്യമം' റിപ്പോര്‍ട്ട് ചെയ്തിരുന്നു.
കൊച്ചി നഗരസഭാ യോഗത്തില്‍ കൗണ്‍സിലര്‍ മുംതാസ് ടീച്ചറാണ് നഗരസഭയുടെ പള്ളുരുത്തി സോണല്‍ ഓഫിസില്‍ മൂന്നുവര്‍ഷം വരെ പഴക്കമുള്ള അപേക്ഷകള്‍ തുറന്നുപോലും നോക്കാതെ കെട്ടിക്കിടക്കുന്ന കാര്യം ഉന്നയിച്ചത്. വാര്‍ത്തയുടെ അടിസ്ഥാനത്തില്‍ കെല്‍സ എക്സിക്യൂട്ടിവ് ചെയര്‍മാന്‍ ജസ്റ്റിസ് തോട്ടത്തില്‍ ബി. രാധാകൃഷ്ണനാണ് കൊച്ചി ലീഗല്‍ സര്‍വീസ് അസോസിയേഷനോട് സംഭവത്തില്‍ അന്വേഷണം നടത്തി തിങ്കളാഴ്ച റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ നിര്‍ദേശിച്ചത്. അന്വേഷണത്തില്‍ നിരവധിപേര്‍ വര്‍ഷങ്ങളായി അപേക്ഷ സമര്‍പ്പിച്ച് കാത്തിരിക്കുന്നത് മനസ്സിലായി. പലരില്‍നിന്നും നേരിട്ട് തെളിവെടുപ്പ് നടത്തിയാണ് കൊച്ചി കോടതി കെല്‍സ സെക്രട്ടറി വിവരം ശേഖരിച്ചത്. നൂറുകണക്കിനാളുകള്‍ സര്‍ക്കാറിന്‍െറ പെന്‍ഷനും പ്രതീക്ഷിച്ച് കാത്തിരിക്കുകയാണെന്ന് തെളിഞ്ഞിട്ടുണ്ട്. വ്യാഴാഴ്ച കൊച്ചി കോടതിയില്‍ കൊച്ചി നഗരസഭയുടെ പശ്ചിമകൊച്ചി മേഖലയിലെ കൗണ്‍സിലര്‍മാരുടെ യോഗം വിളിച്ച് കൂടുതല്‍ വിവരങ്ങള്‍ ആരായും. ഡിസംബര്‍ ആറിന് ദേശീയ അദാലത് കൊച്ചിയില്‍ സംഘടിപ്പിക്കും. ഉദ്യോഗസ്ഥ അനാസ്ഥ സംബന്ധിച്ച പ്രശ്നങ്ങളും അദാലത്തിന് മുന്നില്‍ വരുമെന്നാണ് വിവരം.

നിറ്റ ജലാറ്റിന്‍ ആക്രമിച്ചത് മാവോയിസ്റ്റുകളാണെന്ന് സ്ഥിരീകരിച്ചിട്ടില്ല ^ആഭ്യന്തരമന്ത്രി

Posted: 10 Nov 2014 10:28 PM PST

Image: 

ന്യൂഡല്‍ഹി/ കൊച്ചി: പനമ്പള്ളി നഗറിലെ നിറ്റ ജലാറ്റിന്‍ കമ്പനിയുടെ ഓഫീസ് അടിച്ചു തകര്‍ത്ത സംഭവത്തിന് പിന്നില്‍ മാവോയിസ്റ്റുകളാണെന്ന് സ്ഥിരീകരിച്ചിട്ടില്ളെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. ഇക്കാര്യത്തില്‍ കൂടുതല്‍ അന്വേഷണം ആവശ്യമാണെന്നും  ചെന്നിത്തല പറഞ്ഞു.
അതേസമയം ഓഫീസ് ആക്രമിച്ച സംഭവത്തില്‍ പ്രതികള്‍ക്കെതിരെ ഭീകരവിരുദ്ധ നിയമം ഭീകരവിരുദ്ധ നിയമം(യു.എ.പി.എ) ചുമത്തി.

കണ്ടാലറിയാവുന്ന ഒമ്പത് പേരെ  പ്രതികളാക്കി കേസെടുത്തു. ആക്രമണം ആസൂത്രിതമാണെന്ന് പൊലീസ് പറഞ്ഞു. സ്റ്റേഷനുകളില്‍ ഡ്യൂട്ടി മാറുന്ന സമയം നോക്കിയാണ് ആക്രമണം നടന്നതെന്നും പ്രതികള്‍ക്കായി  അന്വേഷണം ഊര്‍ജിതമാക്കിയെന്നും പൊലീസ് പറഞ്ഞു.

മാവോയിസ്റ്റ് ലഘുലേഖകള്‍ സംഭവ സ്ഥലത്തു നിന്ന് കണ്ടത്തെിയിരുന്നു. കുടിവെള്ള ക്ഷാമം രൂക്ഷമാകുമ്പോള്‍ കാതികൂടത്ത് കമ്പനി ലക്ഷകണക്കിന് ലിറ്റര്‍ വെള്ളമാണ് ഊറ്റുന്നതെന്നും തദ്ദേശീയര്‍ക്ക് ജോലി നല്‍കാത്ത കമ്പനിക്കെതിരെ സായുധ ശക്തികൊണ്ട് മറുപടി നല്‍കണമെന്നും ലഘുലേഖയില്‍ പറയുന്നു. തിങ്കളാഴ്ച രാവിലെയാണ്  കൊച്ചി പനമ്പള്ളി നഗറിലെ നിറ്റ ജലാറ്റിന്‍ കമ്പനിയുടെ കോര്‍പറേറ്റ് ഓഫീസ് മുഖംമൂടി ധരിച്ചത്തെിയ സംഘം അടിച്ചു തകര്‍ത്തത്.

ഇരിങ്ങാലക്കുടയില്‍ ടിപ്പര്‍ ലോറിയിടിച്ച് അമ്മയും മകനും മരിച്ചു

Posted: 10 Nov 2014 10:10 PM PST

Image: 

തൃശൂര്‍: ഇരിങ്ങാലക്കുടയില്‍ ടിപ്പര്‍ ലോറി സ്കൂട്ടറിലിടിച്ച് അമ്മയും മകനും മരിച്ചു.  കൊടുങ്ങല്ലൂര്‍ സ്വദേശി കൃഷ്ണകുമാറിന്‍െറ ഭാര്യ പായിങ്ങാട് തെക്കേടത്ത് സൂര്യ (26), മകന്‍ അഹസ് കൃഷ്ണ എന്നിവരാണ് മരിച്ചത്.

കരുപടന്ന കോണത്തുകുന്നില്‍ ഇന്ന് രാവിലെ 8.45 ഓടെയാണ് അപകടം. മകനെ സ്കൂളിലേക്ക് കൊണ്ടു വിടാനായി റോഡിലിറങ്ങിയപ്പോഴാണ് ടിപ്പര്‍ ലോറി (ടോറസ്) ഇരുവരെയും ഇടിച്ചിട്ടത്. ഇരുവരും സംഭവ സ്ഥലത്തു വച്ചു തന്നെ മരണപ്പെട്ടു. സ്കൂള്‍ സമയങ്ങളില്‍ ടിപ്പര്‍ ലോറികള്‍ റോഡിലിറക്കരുതെന്ന നിയമം ലംഘിക്കുന്നത് പ്രദേശത്ത് പതിവാണ്. കൊടുങ്ങല്ലൂര്‍ സെന്‍റ് ജോസഫ് കോണ്‍വെന്‍റ് ഒന്നാം ക്ളാസ് വിദ്യാര്‍ത്ഥിയാണ് അഹസ് കൃഷ്ണ.
 

തെരഞ്ഞെടുപ്പില്‍ മത്സരിക്കണമെങ്കില്‍ വീട്ടില്‍ ശൗചാലയം വേണം

Posted: 10 Nov 2014 09:55 PM PST

Image: 

ഗാന്ധിനഗര്‍: വീട്ടില്‍ ശൗചാലയമില്ലാത്തവര്‍ക്ക് തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ യോഗ്യതയില്ളെന്ന് ഗുജറാത്ത് സര്‍ക്കാര്‍. മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ ഉള്‍പ്പെടെയുള്ള തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് മത്സരിക്കണമെങ്കില്‍ വീട്ടില്‍ ശൗചാലയം ഉണ്ടായിരിക്കണമെന്ന നിബന്ധനയാണ് ഗുജറാത്ത് സര്‍ക്കാര്‍ മുന്നോട്ടുവെച്ചിരിക്കുന്നത്. ഈ വ്യവസ്ഥയുള്‍ക്കൊള്ളുന്ന തദ്ദേശ സ്വയംഭരണ നിയമ ഭേദഗതി ബില്‍  ഗുജറാത്ത് നിയമസഭ തിങ്കളാഴ്ച  പാസാക്കി.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യല്‍ നിര്‍ബന്ധമാക്കിയ തീരുമാനത്തിനു പുറമെയാണ് മത്സരിക്കാനുള്ള മാനദണ്ഡങ്ങളിലൊന്നായി വീട്ടില്‍ ശൗചാലയം വേണമെന്നതും ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇത്തരം നിയമനിര്‍മാണം കൊണ്ടുവരുന്ന ആദ്യ സംസ്ഥാനമാണ് ഗുജറാത്ത്.
ജില്ലാ, താലൂക്ക്, വില്ളേജ്, പഞ്ചായത്ത്, മുനിസിപാലിറ്റി, മുന്‍സിപ്പല്‍ കോര്‍പറേഷന്‍ എന്നിവിടങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ മത്സരിക്കണമെങ്കില്‍ വീട്ടില്‍ ശൗചാലയമുണ്ടായിരിക്കണം. തെരഞ്ഞെടുപ്പിന് മുമ്പ് ശൗചാലയമുണ്ടെന്നത് തെളിവ് ഹാജരാക്കി സത്യവാങ്മൂലം നല്‍കണം. നിലവില്‍ തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ള എല്ലാവരും ആറു മാസത്തിനുള്ളില്‍ വീട്ടില്‍ ശൗചാലയമുണ്ടെന്ന് കാണിക്കുന്ന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്നും സംസ്ഥാന റോഡ്, ബില്‍ഡിങ് വകുപ്പു മന്ത്രി നിഥിന്‍ പട്ടേല്‍ അറിയിച്ചു.
മുന്‍സിപ്പല്‍ കോര്‍പറേഷനിലേക്കുള്ള ഉപതെഞ്ഞെടുപ്പ് ഇനിമുതല്‍ ഒഴിവു വന്ന് ആറു മാസത്തിനുള്ളില്‍ നടത്തേണ്ടതാണെന്നും ഭേദഗതിയില്‍ വ്യവസ്ഥ ചെയ്യുന്നു.

മൂന്നു മാസമായിരുന്നു ഇതുവരെ ഉപതിരഞ്ഞെടുപ്പ് നടത്താനുള്ള സമയപരിധി. ഇതു കൂടാതെ, ഒരു പ്രദേശത്തെ വില്ളേജ് ആയി പ്രഖ്യാപിക്കാനുള്ള കുറഞ്ഞ ജനസംഖ്യ ഇനിമുതല്‍ 25,000 ആയിരിക്കും. നിലവില്‍ ഇത് 15,000 ആയിരുന്നു. 1991ലെ സെന്‍സസ് പ്രകാരമായിരുന്നു പഴയ കണക്കെങ്കില്‍ 2011 സെന്‍സസിനെ അടിസ്ഥാനമാക്കിയാണ് വ്യത്യാസം വരുത്തുന്നതെന്നും പട്ടേല്‍ അറിയിച്ചു.
തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് സ്ത്രീകള്‍ക്ക് 50 ശതമാനം സംവരണവും ബില്ലില്‍ വ്യവസ്ഥ ചെയ്യന്നു.

വനം കൈയേറ്റം : സംയുക്ത സര്‍വേ ഇന്ന് തുടങ്ങും

Posted: 10 Nov 2014 09:55 PM PST

നിലമ്പൂര്‍: ഭൂരഹിതര്‍ക്ക് വസിക്കാനും കൃഷി ആവശ്യത്തിനുമായി പതിച്ചുനല്‍കാന്‍ വനംവകുപ്പ് റവന്യൂ വകുപ്പിന് കൈമാറിയ വനഭൂമിയിലെ കൈയേറ്റം ഒഴിപ്പിക്കാനുള്ള രേഖകളുടെ ശേഖരണം തിങ്കളാഴ്ച പൂര്‍ത്തിയായി. റീസര്‍വേ ഓഫിസില്‍നിന്നുള്ള രേഖകളും റവന്യൂ വകുപ്പിന്‍െറ കൈവശമുള്ള രേഖകളുമാണ് ശേഖരിച്ചത്. ഇതുപ്രകാരമുള്ള വനാതിര്‍ത്തി സര്‍വേ ചൊവ്വാഴ്ച തുടങ്ങും. ഡെപ്യൂട്ടി കലക്ടറുടെ നേതൃത്വത്തില്‍ വനം, സര്‍വേ, റവന്യൂ വകുപ്പുകള്‍ ചേര്‍ന്നാണ് ഫീല്‍ഡ് സര്‍വേ നടത്തുക.
നിലമ്പൂര്‍ നോര്‍ത് ഡിവിഷന്‍ പരിധിയിലെ എടവണ്ണ റെയ്ഞ്ചിന് കീഴിലാണ് വനംകൈയേറ്റം കണ്ടത്തെിയത്. എടവണ്ണ, ഊര്‍ങ്ങാട്ടിരി, പെരകമണ്ണ, പുള്ളിപ്പാടം, വെറ്റിലപ്പാറ വില്ളേജുപരിധികളിലാണ് വനഭൂമി കൈയേറ്റം സംശയിക്കപ്പെടുന്നത്. ഇവിടെയുള്ള ക്വാറികളില്‍ ചിലത് വനഭൂമിയിലാണ് പ്രവര്‍ത്തിക്കുന്നതെന്ന വനംവകുപ്പിന്‍െറ റിപ്പോര്‍ട്ടിന്‍െറ അടിസ്ഥാനത്തില്‍ ഇവയുടെ പ്രവര്‍ത്തനം കലക്ടര്‍ നിര്‍ത്തിവെപ്പിച്ചിരുന്നു.
പ്രാഥമികമായി നടന്ന രേഖകളുടെ പരിശോധനയില്‍ ഇവയില്‍ രണ്ടെണ്ണം പ്രവര്‍ത്തിക്കുന്നത് വനഭൂമിയിലാണെന്ന് കഴിഞ്ഞദിവസം കണ്ടത്തെിയിരുന്നു. ക്വാറികള്‍ക്ക് വില്ളേജ്, മൈനിങ് ആന്‍ഡ് ജിയോളജി വകുപ്പുകള്‍ നല്‍കിയ രേഖകള്‍ കലക്ടറുടെയും ആര്‍.ഡി.ഒയുടെയും നിര്‍ദേശപ്രകാരം റദ്ദാക്കുകയും ചെയ്തു.
സംയുക്ത വനാതിര്‍ത്തി സര്‍വേ പൂര്‍ത്തിയാവുന്നതുവരെ തല്‍സ്ഥിതി തുടരാനാണ് കലക്ടറുടെ നിര്‍ദേശം.
1971ലെ വനം നിക്ഷിപ്തമാക്കലും പതിച്ചുനല്‍കലും നിയമപ്രകാരം മഞ്ചേരി കോവിലകത്തുനിന്ന് വനംവകുപ്പ് ഏറ്റെടുത്തതാണ് കുട്ടാടന്‍, ചെക്കുന്ന് മലവാരങ്ങള്‍. 1978ല്‍ ഇതില്‍പ്പെട്ട 1365 ഹെക്ടര്‍ സ്ഥലം ഭൂരഹിതര്‍ക്ക് പതിച്ചുനല്‍കാന്‍ റവന്യൂ വകുപ്പിന് കൈമാറിയിരുന്നു. ഇതില്‍ കൃഷിയോഗ്യമായ 642 ഹെക്ടര്‍ ഭൂരഹിതര്‍ക്ക് അഞ്ച് ഏക്കര്‍ വീതം പതിച്ചുകൊടുത്തെങ്കിലും ബാക്കി 723 ഹെക്ടര്‍ റവന്യൂ അധീനതയില്‍ നിലനിര്‍ത്തി. ഈ ഭൂമിയാണ് പിന്നീട്ട് കൈയേറ്റക്കാരുടെ പിടിയിലായത്.

ദേശീയപാതയോരത്ത് എന്തുമാവാം; ചോദിക്കാനും പറയാനും ആരും വരില്ല

Posted: 10 Nov 2014 09:52 PM PST

വടകര: ദേശീയപാതയോരത്തെ അനധികൃത കൈയേറ്റങ്ങള്‍ക്കെതിരെ നടപടികള്‍ സ്വീകരിക്കുന്നില്ളെന്ന ആക്ഷേപം ശക്തമാകുന്നു.
നിലവിലെ സാഹചര്യത്തില്‍ ദേശീയപാതയോരത്ത് ആര്‍ക്കും എന്തുമാവാം എന്നാണ് അവസ്ഥ. കഴിഞ്ഞ താലൂക്ക് വികസന സമിതിയില്‍ ഈ വിഷയം ചര്‍ച്ചയാവുകയും ഇക്കാര്യത്തില്‍ നടപടി സ്വീകരിക്കാന്‍ ദേശീയപാത വകുപ്പ് അധികൃതരോട് ആവശ്യപ്പെട്ടിരിക്കുകയുമാണ്.
ദേശീയപാതയില്‍നിന്ന് സ്വകാര്യവ്യക്തികളുടെ ഭൂമിയിലേക്ക് പ്രവേശ സൗകര്യം നല്‍കുന്നതില്‍ ക്രമക്കേട് നടക്കുന്നെന്ന പരാതി വകുപ്പുമേലധികാരികള്‍ക്കും മറ്റും നല്‍കിയെങ്കിലും നടപടി സ്വീകരിക്കുന്നില്ളെന്ന ആക്ഷേപം ശക്തമാണ്. പാതയോരത്തു സ്ഥാപിച്ച സുരക്ഷാകുറ്റികള്‍ ഇളക്കിമാറ്റി സ്വകാര്യകെട്ടിടങ്ങളിലേക്കും വയല്‍ നികത്തുന്ന സംഘത്തിനും വിട്ടുവീഴ്ച ചെയ്തുകൊടുക്കുന്നുവെന്നതാണ് പരാതി. കോണ്‍ക്രീറ്റ് നിര്‍മിത കുറ്റികള്‍ തമ്മില്‍ രണ്ടു മീറ്ററിലധികം വ്യത്യാസമുണ്ടെങ്കിലും വലിയ ലോറികള്‍ നിര്‍ബാധം കടന്നുപോകാന്‍ ഇവ മാറ്റിക്കൊടുക്കുന്നത് ബന്ധപ്പെട്ടവര്‍ തന്നെയാണെന്നാണ് ആക്ഷേപം.
സ്വകാര്യകെട്ടിടങ്ങളിലേക്കും പറമ്പിലേക്കും വഴിയുണ്ടാക്കുന്നതിന് ദേശീയപാതവിഭാഗവുമായി നിബന്ധനകള്‍ക്ക് വിധേയമായി കരാറുണ്ടാക്കി നിശ്ചിതഫീസ് നല്‍കിയാലേ പ്രവേശം സാധ്യമാകൂവെന്നാണ് നിയമം. എന്നാല്‍ ജില്ലയില്‍ പലഭാഗത്തും ഇത്തരം നിബന്ധനകള്‍ പാലിക്കാറില്ല. ഇതുസംബന്ധിച്ച് വിവരാവകാശപ്രകാരം പരാതി നല്‍കിയപ്പോള്‍ അധികൃതര്‍ നല്‍കിയ മറുപടി ഇതിന് വ്യക്തമായ ഉദാഹരണമായി മാറുകയാണ്. എലത്തൂര്‍ മുതല്‍ പൂഴിത്തലവരെയുള്ള 50കിലോമീറ്റര്‍ ദൂരത്തിലധികമുള്ള ദേശീയപാതയില്‍ ഇതിനകം ഒരു വ്യക്തി മാത്രമേ നിബന്ധനകള്‍ പാലിച്ച് വഴിവാങ്ങിയിട്ടുള്ളൂവെന്നാണ് വിവരാവകാശ പ്രകാരം ജാഗ്രതാട്രസ്റ്റ് നല്‍കിയ ചോദ്യത്തിന് ലഭിച്ച മറുപടി. ഇതുപ്രകാരം മഠത്തില്‍ എ.പി. മൂസഹാജിയാണ് നിയമം പാലിച്ച ഏക വ്യക്തി. നിയമം പാലിക്കാത്തവര്‍ കൈയേറ്റമാണ് നടത്തിയതെന്ന് അറിയാമെങ്കിലും നടപടിയെടുത്തതായി അറിവില്ളെന്നും അധികൃതര്‍ സമ്മതിക്കുന്നു.
സ്വകാര്യവ്യക്തികള്‍ക്കു പുറമെ പഞ്ചായത്തുകളും നഗരസഭകളും ഇക്കാര്യത്തില്‍ കൈയേറ്റക്കാരാണെന്ന് പറയുന്നു. പലയിടത്തും നിയമപ്രകാരമല്ലാതെ വഴിവെട്ടിയിട്ടുണ്ട്. അപകടകരമായി സ്ഥാപിച്ച കൂറ്റന്‍ പരസ്യബോര്‍ഡുകളെപ്പറ്റിയും അധികൃതര്‍ മൗനം പാലിക്കുന്നതായാണ് പരാതി.
ഇത്തരം ബോര്‍ഡുകളെപ്പറ്റി വ്യക്തികളും സംഘടനകളും നല്‍കിയ പരാതിയിലൊന്നും നടപടിയുണ്ടായിട്ടില്ല. അപകടകരമായ നിലയിലുള്ള പരസ്യബോര്‍ഡുകള്‍ പലതും കലക്ടറുടെ നിര്‍ദേശപ്രകാരം നേരത്തേ മാറ്റിയിട്ടുണ്ടെങ്കിലും ദേശീയപാതയ്ക്കരികിലെ ബോര്‍ഡുകളില്‍ പലതും നിയമം ലംഘിക്കുന്നവയാണ്. പലവേളകളിലായി പാതയോരത്തു നടത്തുന്ന മേളകള്‍ക്കെതിരെയും നാളിതുവരെ നടപടിയെടുത്തില്ല. പലപ്പോഴും തിരക്കേറിയ പാതയോരത്താണിത്തരം മേളകള്‍ സജീവമാകുന്നത്. ഗതാഗതത്തിനു തടസ്സമാകുന്ന വിധത്തില്‍ ചന്തകള്‍ നടത്തിയാലും ചോദിക്കാനും പറയാനും ആരും മിനക്കെടാറില്ളെന്നതാണ് വസ്തുത. ഇക്കാര്യത്തില്‍ ദേശീയപാത വിഭാഗത്തിനൊപ്പം പൊലീസിനും ഇടപെടാമെങ്കിലും അലംഭാവം തുടരുകയാണ്.

സുഷമ സ്വരാജിന് ദുബൈയില്‍ ഊഷ്മള സ്വീകരണം

Posted: 10 Nov 2014 09:23 PM PST

Image: 

ദുബൈ: മൂന്നു ദിവസത്തെ യു.എ.ഇ സന്ദര്‍ശനത്തിനായി കേന്ദ്ര വിദേശ, പ്രവാസി കാര്യ മന്ത്രി സുഷമ സ്വരാജ് തിങ്കാഴ്ച രാത്രി ദുബൈയിലത്തെി.  ഇന്ത്യന്‍ സ്ഥാനപതി ടി.പി. സീതാറാം, യു.എ.ഇ. വിദേശകാര്യ അണ്ടര്‍ സെക്രട്ടറി ഷിഹാബ് അല്‍ ഫാഹിം, ദുബൈ ഇന്ത്യന്‍ കോണ്‍സുല്‍ ജനറല്‍ അനുരാഗ് ഭൂഷണ്‍, ഡെപ്യൂട്ടി ഹെഡ് ഓഫ് മിഷന്‍ നീത ഭൂഷണ്‍,  പ്രമുഖ വ്യവസായി എം.എ. യൂസഫലി എന്നിവര്‍ ചേര്‍ന്ന്  ദുബൈ വിമാനത്താവളത്തില്‍ അവരെ സ്വീകരിച്ചു.
യു.എ.ഇ വിദേശകാര്യ മന്ത്രി ശൈഖ് അബ്ദുല്ല ബിന്‍ സായിദ് ആല്‍ നഹ്യാന്‍െറ ക്ഷണം സ്വീകരിച്ചാണ് പ്രവാസി കാര്യ ചുമതലയും കൂടിയുള്ള സുഷമ എത്തുന്നത്.
മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനിടെ പരസ്പര സഹകരണം അടക്കമുള്ള വിഷയങ്ങള്‍ യു.എ.ഇ നേതാക്കളുമായി ചര്‍ച്ച ചെയ്യും.
ചൊവ്വാഴ്ച വൈകിട്ട് ദുബൈ ഗ്രാന്‍റ് ഹയാത്ത് ഹോട്ടലില്‍ ഇന്ത്യന്‍ കോണ്‍സുലേറ്റിന്‍െറ ആഭിമുഖ്യത്തില്‍ സുഷമ സ്വാരാജിനും യു.എ.ഇ സാംസ്കാരിക, യുവജന,സാമൂഹിക വികസന മന്ത്രി ശൈഖ് നഹ്യാന്‍ ബിന്‍ മുബാറക്ക് ആല്‍ നഹ്യാനും വേണ്ടി പ്രത്യേക വിരുന്ന് ഒരുക്കുന്നുണ്ട്. ടെ വിവിധ യു.എ.ഇ നേതാക്കളുമായി ചര്‍ച്ചകള്‍ നടത്തുന്നതിനൊപ്പം പ്രവാസി ഇന്ത്യന്‍ സമൂഹവുമായി സുഷമ സ്വരാജ് കൂടിക്കാഴ്ചയും നടത്തുമെന്നാണ് അറിയുന്നത്.

പാകിസ്താനില്‍ ബസും ട്രക്കും കൂട്ടിയിടിച്ച് 50 മരണം

Posted: 10 Nov 2014 09:17 PM PST

Image: 

ഇസ്ലാമാബാദ്: പാകിസ്താനില്‍ ബസും ട്രക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ 50 പേര്‍ മരിച്ചു. 25 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ദക്ഷിണ സിന്ധ് പ്രവിശ്യയിലെ സുക്കൂര്‍ ജില്ലയിലെ തെഹരി ബൈപാസില്‍ ചൊവ്വാഴ്ച രാവിലെയാണ് അപകടമുണ്ടായത്. മരിച്ചവരില്‍ സ്ത്രീകളും കുട്ടികളും ഉള്‍പെടും.

അമിതവേഗതയിലുള്ള ബസ് മറ്റൊരു വാഹനത്തെ മറികടക്കാനുള്ള ശ്രമത്തിനിടെ നിയന്ത്രണംവിട്ട് എതിര്‍ദിശയില്‍ വന്ന ട്രക്കില്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ട്രക്കില്‍ ഉണ്ടായിരുന്ന ഗ്യാസ് സിലണ്ടര്‍ പൊട്ടിത്തെറിച്ച് ബസ് കത്തുകയായിരുന്നു. ബസില്‍ 80 യാത്രക്കാരുണ്ടായിരുന്നു. സ്വാത്-കറാച്ചി റൂട്ടിലോടുന്ന ബസാണ് അപകടത്തില്‍ പെട്ടത്. മരണസംഖ്യ ഇനിയും ഉയരാനിടയുണ്ട്.അപകടത്തെ തുടര്‍ന്ന് സൈന്യവും പൊലീസും സംഭവ സ്ഥലത്തത്തെി.

വേതനസുരക്ഷാനിയമം തൊഴിലാളികള്‍ക്ക് ഗുണകരം

Posted: 10 Nov 2014 09:11 PM PST

Image: 

റിയാദ്: സൗദി തൊഴില്‍ മന്ത്രാലയം നടപ്പാക്കിവരുന്ന വേതന സുരക്ഷാനിയമം സ്വദേശികളും വിദേശികളുമായ ജോലിക്കാര്‍ക്ക് ഗുണകരമാണെന്നും മന്ത്രാലയത്തിന്‍െറ താല്‍പര്യങ്ങള്‍ക്ക് ഉപരി തൊഴിലാളികളുടെ അവകാശങ്ങളും പുതിയ നിയമത്തില്‍ സംരക്ഷിക്കപ്പെടുമെന്നും മന്ത്രാലയ വൃത്തങ്ങള്‍ വ്യക്തമാക്കി. 500ന് മുകളില്‍ ജോലിക്കാരുള്ള സ്ഥാപനങ്ങളില്‍ വേതനസുരക്ഷാനിയമം നടപ്പാക്കുന്നതിന്‍െറ ഭാഗമായി തൊഴില്‍ മന്ത്രാലയം സംഘടിപ്പിച്ച പണിപ്പുരയിലാണ് മന്ത്രാലയത്തിലെ പരിശോധന വിഭാഗം ഉപദേഷ്ടാവ് ഫൈസല്‍ അല്‍ ഉതൈബി ഇക്കാര്യം വ്യക്തമാക്കിയത്.
തൊഴിലാളികളുടെ ശമ്പളം ഒരു മാസം വൈകിയാല്‍ മന്ത്രാലയത്തിന് നല്‍കിയ വിവരത്തിന്‍െറ അടിസ്ഥാനത്തില്‍ ഇ-മെയില്‍ മുഖേന സ്ഥാപന അധികൃതരെ വിവരം ധരിപ്പിക്കുകയും ആവശ്യമാണെങ്കില്‍ സ്ഥാപനത്തില്‍ നേരിട്ട് വന്ന് പരിശോധന നടത്തുകയും ചെയ്യും. ശമ്പളം രണ്ട് മാസം വൈകുന്ന സാഹചര്യത്തില്‍ വര്‍ക്പെര്‍മിറ്റ് എടുക്കലും പുതുക്കലും ഒഴികെയുള്ള തൊഴില്‍ മന്ത്രാലയത്തിന്‍െറ സേവനങ്ങള്‍ മരവിപ്പിക്കും. മൂന്നാം മാസവും ശമ്പളം വൈകിയാല്‍ മന്ത്രാലയത്തിന്‍െറ എല്ലാ ഇലക്ട്രോണിക് സേവനങ്ങളും നിര്‍ത്തിവെക്കും. അതോടൊപ്പം തൊഴിലാളികള്‍ക്ക് തൊഴിലുടമയുടെ അനുവാദം കൂടാതെ തന്നെ മറ്റൊരു സ്ഥാപനത്തിലേക്ക് സ്പോണ്‍സര്‍ഷിപ്പ് മാറാവുന്നതാണെന്നും ഫൈസല്‍ അല്‍ഉതൈബി പറഞ്ഞു. നിലവിലെ സ്പോണ്‍സര്‍ നല്‍കിയ വര്‍ക്ക് പെര്‍മിറ്റ് കാലാവധിയുള്ളതാണെങ്കിലും ഇത്തരത്തില്‍ സ്പോണ്‍സര്‍ഷിപ്പ് മാറാവുന്നതാണെന്ന് അല്‍ഉതൈബി വിശദീകരിച്ചു.
വേതനസംരക്ഷണ നിയമമനുസരിച്ച് തൊഴിലാളികളുടെ ശമ്പളം ബാങ്ക് അക്കൗണ്ട് വഴിയാണ് നല്‍കേണ്ടത്. സ്വന്തമായി അക്കൗണ്ട് ഇല്ലാത്ത ജോലിക്കാര്‍ക്ക് അക്കൗണ്ട് തുറക്കാന്‍ കമ്പനി സൗകര്യം ചെയ്യണം. തൊഴില്‍ മന്ത്രാലം നിശ്ചയിച്ച വേതനസുരക്ഷാനിയമമനുസരിച്ച് തയാറാക്കിയ ഫോര്‍മാറ്റിലാണ് ശമ്പള വിവരങ്ങള്‍ ബാങ്കിനും മന്ത്രാലയത്തിനും നല്‍കേണ്ടത്. ജോലിക്കാര്‍ക്ക് ബാങ്ക് ശമ്പളം ട്രാന്‍സ്ഫര്‍ ചെയ്ത വിവരങ്ങള്‍ കമ്പനി കൈപ്പറ്റിയ ശേഷം ആ വിവരവും തൊഴില്‍ മന്ത്രാലയത്തെ ഇലക്ട്രോണിക് രീതിയില്‍ അറിയിച്ചിരിക്കണം. അടിസ്ഥാന ശമ്പളം, ഹൗസ് അലവന്‍സ്, മറ്റു ആനുകൂല്യങ്ങള്‍ എന്നിവയും ശമ്പളത്തില്‍ നിന്ന് എന്തെങ്കിലും പിടിക്കുന്നുണ്ടെങ്കില്‍ ആ വിവരവും ശമ്പളം ട്രാന്‍സ്ഫര്‍ ചെയ്യുന്ന സമയത്ത് വ്യക്തമാക്കിയിരിക്കണം. വേതന, ആനുകൂല്യങ്ങളില്‍ മാറ്റമുണ്ടാവുമ്പോള്‍ ആ വിവരവും തൊഴില്‍ മന്ത്രാലയത്തെ മുന്‍കൂട്ടി അറിയിച്ചിരിക്കണം. മന്ത്രാലയത്തിന് ലഭിച്ച വിവരവും ട്രാന്‍സ്ഫര്‍ ചെയ്ത സംഖ്യയുടെ വിശദാംശങ്ങളും തമ്മില്‍ യോജിക്കുന്നില്ളെങ്കില്‍ മന്ത്രാലയം ഇ-മെയില്‍ മുഖേന വിശദീകരണം തേടും. മറുപടി തൃപ്തികരമല്ളെങ്കില്‍ സ്ഥാപനത്തില്‍ നേരിട്ട് വന്ന് പരിശോധന നടത്തും.
പരിശോധന വിഭാഗം ഉപദേഷ്ടാവ് ഫൈസല്‍ അല്‍ഉതൈബിക്ക് പുറമെ വേതനസുരക്ഷാപദ്ധതി മേധാവി ഇബ്രാഹീം അന്നാസിര്‍, സൗദി അറേബ്യന്‍ മോണിറ്ററി ഏജന്‍സി (സാമ), ജനറല്‍ ഓര്‍ഗ¤ൈസഷന്‍ ഓഫ് സോഷ്യല്‍ ഇന്‍ഷൂറന്‍സ് (ഗോസി) എന്നിവയുടെ പ്രതിനിധികള്‍ എന്നിവരും പണിപ്പുരയില്‍ പങ്കെടുത്തു. നാല് ഘട്ടങ്ങളിലായാണ് സൗദി തൊഴില്‍ മന്ത്രാലയം സേവനസുരക്ഷാനിയമം രാജ്യത്ത് നടപ്പാക്കിയത്.
3000ന് മുകളില്‍ ജോലിക്കാരുള്ള സ്ഥാപനങ്ങളില്‍ ആദ്യ ഘട്ടത്തിലും 2000ന് മുകളില്‍ തൊഴിലാളികളുള്ള സ്ഥാപനങ്ങളില്‍ രണ്ടാം ഘട്ടത്തിലും നിയമം നടപ്പാക്കിയിരുന്നു.
1000ല്‍ കൂടുതല്‍ ജോലിക്കാരുള്ള സ്ഥാപനങ്ങളില്‍ മൂന്നാം ഘട്ടത്തില്‍ നിയമം നടപ്പാക്കി. നവംബര്‍ മുതല്‍ പ്രാബല്യത്തില്‍ വന്ന നാലാം ഘട്ടത്തില്‍ 500 തൊഴിലാളികളുള്ള സ്ഥാപനങ്ങളിലും നിയമം നടപ്പാക്കിയ സാഹചര്യത്തിലാണ് മന്ത്രാലയം പണിപ്പുര സംഘടിപ്പിച്ചത്.

ആണവ നിരായുധീകരണ ചര്‍ച്ച: അന്തിമ ധാരണയായില്ല

Posted: 10 Nov 2014 09:06 PM PST

Image: 

മസ്കത്ത്: ആണവ നിരായുധീകരണവുമായി ബന്ധപ്പെട്ട് മസ്കത്തിലെ അല്‍ ബുസ്താന്‍ പാലസ് ഹോട്ടലില്‍ നടക്കുന്ന ഇറാനും വന്‍ശക്തി രാജ്യങ്ങളുമായുള്ള ചര്‍ച്ചയില്‍ അന്തിമധാരണയായില്ളെന്ന് സൂചന. അന്തിമ ചര്‍ച്ച ഈ മാസം 18ന് നടക്കുമെന്ന് എ.എഫ്.പി റിപ്പോര്‍ട്ട് ചെയ്തു. വിയനയിലാണ് അടുത്ത ചര്‍ച്ച.
അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി ജോണ്‍ കെറി, ഇറാന്‍ വിദേശകാര്യ മന്ത്രി ജാവേദ് സാരീഫ്, യൂറോപ്യന്‍ യൂനിയന്‍ ഉപദേഷ്ടാവ് കാതറിന്‍ ആഷ്ടണ്‍ എന്നിവരാണ് ചര്‍ച്ചയില്‍ പങ്കെടുക്കുന്നത്. ഒമാന്‍ വിദേശകാര്യ മന്ത്രി യൂസുഫ് ബിന്‍ അലവി അബ്ദുല്ലയാണ് ചര്‍ച്ചക്ക് മധ്യസ്ഥത വഹിക്കുന്നത്. ആണവ നിരായുധീകരണ വിഷയത്തില്‍ ദീര്‍ഘകാല കരാറിലത്തൊന്‍ ഈ മാസം 24 വരെയാണ് വന്‍ ശക്തി രാജ്യങ്ങള്‍ ഇറാന് സമയം നല്‍കിയിരിക്കുന്നത്. പ്രശ്നം രമ്യമായി പരിഹരിക്കുമെന്ന കാര്യത്തില്‍ ശുഭാപ്തിവിശ്വാസമുള്ളതായി ഒമാന്‍ വിദേശകാര്യ മന്ത്രി പറഞ്ഞു. ഇറാനും യൂറോപ്യന്‍ യൂനിയനും അമേരിക്കയും തമ്മിലുള്ള ബന്ധം സാധാരണ ഗതിയിലാക്കാന്‍ കഴിഞ്ഞ അഞ്ചു വര്‍ഷമായി ഒമാന്‍ യത്നിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. പ്രശ്നം പരിഹരിക്കുന്നത് മേഖലക്ക് മുഴുവന്‍ ഗുണം ചെയ്യുമെന്നും വിദേശകാര്യ മന്ത്രി പറഞ്ഞു. പ്രശ്നപരിഹാര ചര്‍ച്ചക്കാവശ്യമായ എല്ലാ സൗകര്യങ്ങളും ഒമാന്‍ ഒരുക്കുമെന്നും അദ്ദേഹം പറഞ്ഞു. ഞായറാഴ്ചത്തെ ചര്‍ച്ചയില്‍ തന്നെ ചില പുരോഗതികള്‍ ഉണ്ടായിരുന്നതായും അദ്ദേഹം പറഞ്ഞു.
എന്നാല്‍, ഇറാനും യൂറോപ്യന്‍ രാജ്യങ്ങളും തമ്മില്‍ ഇപ്പോഴും നല്ല അകല്‍ച്ചയുണ്ടെന്നും ഇവ പരിഹരിക്കാനുള്ള സാധ്യത വിദൂരത്താണെന്നും അമേരിക്കന്‍ പ്രസിഡന്‍റ് ബറാക് ഒബാമ സി.ബി.എസ് ടെലിവിഷന് ഞായാഴ്ച നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരുന്നു. ആണവായുധ നിര്‍മാണവുമായി ഇറാന്‍ മുന്നോട്ടുപോവില്ളെന്ന ഉറപ്പു ലഭിച്ചാല്‍ മാത്രമേ പ്രശ്നം പൂര്‍ണമായി പരിഹരിക്കാന്‍ കഴിയുകയുള്ളൂവെന്നും ഒബാമ പറഞ്ഞു.
ഇറാന്‍ രഹസ്യമായി ആണവായുധങ്ങള്‍ നിര്‍മിക്കുമെന്ന് പാശ്ചാത്യ രാജ്യങ്ങള്‍ സംശയിക്കുന്നതായും ഒബാമ അഭിപ്രായപ്പെട്ടു. ആണവ വിഷയത്തില്‍ ഇറാന്‍ ആത്മീയ നേതാവുമായി ബന്ധപ്പെട്ടില്ളെന്നും അദ്ദേഹം പറഞ്ഞു.വിഷയം സമയ പരിധിക്കുള്ളില്‍ പരിഹരിക്കാന്‍ സാധ്യതയില്ളെന്ന് ഇറാന്‍ രാഷ്ട്രീയ നിരീക്ഷകരെ ഉദ്ധരിച്ചുകൊണ്ട് എ.എഫ്.പി റിപ്പോര്‍ട്ട് ചെയ്തു.
ഇറാന്‍ പ്രശ്നപരിഹാരത്തിന് കൂടുതല്‍ സമയപരിധി ചോദിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. വിഷയത്തില്‍ നീണ്ട ചര്‍ച്ചയാണ് മസ്കത്തില്‍ നടന്നത്. ഞായറാഴ്ച അഞ്ചു മണിക്കൂറിലധികം ചര്‍ച്ച നടന്നിരുന്നു.

സ്വര്‍ണവില വീണ്ടും കുറഞ്ഞു

Posted: 10 Nov 2014 09:02 PM PST

Image: 

കൊച്ചി: സ്വര്‍ണ വില വീണ്ടും കുറഞ്ഞു. പവന് 200 രൂപ കുറഞ്ഞ് 19600 രൂപയിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്.  ഗ്രാമിന് 25 രൂപ കുറഞ്ഞ്  2450 രൂപയായി.
 

ഛത്തിസ്ഗഡില്‍ വന്ധ്യംകരണ ശസ്ത്രക്രിയക്കു വിധേയരായ എട്ടു സ്ത്രീകള്‍ മരിച്ചു

Posted: 10 Nov 2014 08:35 PM PST

Image: 
Subtitle: 
നാലു ഡോക്ടര്‍മാരെ സസ്പെന്‍ഡ് ചെയ്തു

 ബിലാസ്പൂര്‍: ഛത്തിസ്ഗഡ് സര്‍ക്കാര്‍ നടത്തിയ സ്ത്രീകള്‍ക്കുള്ള വന്ധ്യംകരണ ക്യാമ്പില്‍ ശസ്ത്രക്രിയക്കു വിധേയരായ എട്ടു സ്ത്രീകള്‍ മരിച്ചു. ദേഹാസാസ്ഥ്യത്തെ തുടര്‍ന്ന് 52 പേരെ വിവിധ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 15 സ്ത്രീകള്‍ ഗുരുതരാവസ്ഥയിലാണ്.  

ബിലാസ്പൂരില്‍ ഛത്തിസ്ഗഡ് സര്‍ക്കാര്‍ ശനിയാഴ്ച നടത്തിയ കുടുംബാസൂത്രണ ക്യാമ്പില്‍ 83 സ്ത്രീകളാണ് വന്ധ്യംകരണം ശസ്ത്രക്രിയക്ക് വിധേയരായത്. ആരോഗ്യ മന്ത്രി അമര്‍ അഗര്‍വാളിന്‍്റെ ജന്മദേശമായ തഗദ്പുര്‍ ജില്ലയിലെ പെന്‍ഡാരി ഏരിയിലാണ് ക്യാമ്പ് സംഘടിപ്പിച്ചിരുന്നത്.
ശസ്ത്രക്രിയക്കു ശേഷം ഛര്‍ദ്ദി, കഠിനമായ വയറുവേദന, കുറഞ്ഞ രക്തസമ്മര്‍ദ്ദം തുടങ്ങിയ ലക്ഷണങ്ങളെ തുടര്‍ന്നാണ്  സ്ത്രീകള്‍ ആശുപത്രിയിലത്തെിയത്.

സംഭവത്തില്‍ ശസ്ത്രക്രിയ ചെയ്ത നാലു ഡോക്ടര്‍മാരെ അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തു.  ഇവര്‍ക്കെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തു. മരിച്ചവരുടെ മൃതദേഹങ്ങള്‍ ഇന്ന് പോസ്റ്റ്മോര്‍ട്ടം ചെയ്യും.
അതേസമയം, സ്ത്രീകളുടെ  മരണം ശസ്ത്രക്രിയയുമായി ബന്ധപ്പെട്ടല്ളെന്ന് ആരോഗ്യ വകുപ്പ് അധികൃതര്‍ പ്രതികരിച്ചു. ശസ്ത്രക്രിയയില്‍ ഒരു തരത്തിലുള്ള വീഴ്ചയുമുണ്ടായിട്ടില്ളെന്നും അധികൃതര്‍ വ്യക്തമാക്കി.

സംഭവത്തില്‍ അന്വേഷണം നടത്താന്‍ ഛത്തിസ്ഗഡ് സര്‍ക്കാര്‍ മൂന്നംഗ സമിതിയെ ചുമതലപ്പെടുത്തി. സംഭവത്തില്‍ സര്‍ക്കാര്‍ അനുശോചനം രേഖപ്പെടുത്തുകയും നഷ്ടപരിഹാരം പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് രണ്ടു ലക്ഷം രൂപയും ചികിത്സയില്‍ കഴിയുന്നവര്‍ക്ക് 50,000 രൂപയും സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കും.

വിദേശപര്യടനത്തിനായി പ്രധാനമന്ത്രി ഇന്ന് പുറപ്പെടും

Posted: 10 Nov 2014 08:31 PM PST

Image: 

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിദേശ പര്യടനം ഇന്നാരംഭിക്കും. 10 ദിവസം നീളുന്ന പര്യടനത്തില്‍ പ്രധാനമന്ത്രി മ്യാന്‍മര്‍, ആസ്ട്രേലിയ, ഫിജി എന്നീ രാജ്യങ്ങള്‍ സന്ദര്‍ശിക്കും.

മ്യാന്‍മറില്‍ നടക്കുന്ന ആസിയാന്‍ ഉച്ചകോടിയില്‍ മോദി പങ്കെടുക്കും. മ്യാന്‍മര്‍ പ്രസിഡന്‍റ് നായ് പൈയുമായും പ്രതിപക്ഷ നേതാവും നൊബെല്‍ ജേതാവുമായ ആങ് സാന്‍ സൂചിയുമായും അദ്ദേഹം ചര്‍ച്ച നടത്തും. ശേഷം ഓസ്ട്രേലിയയിലേക്കു പോവും. ബ്രിസ്ബെയിനില്‍ വെച്ച് നടക്കുന്ന ജി-20 രാജ്യങ്ങളുടെ ഉച്ചകോടിയിലും മോദി പങ്കെടുക്കും. ഇരു ഉച്ചകോടിയിലും പങ്കെടുക്കുന്ന രാഷ്ട്രത്തലവന്മാരുമായി അദ്ദേഹം ചര്‍ച്ച നടത്തും. ആസ്ട്രേലിയയിലെ ഇന്ത്യന്‍ സമൂഹം ഒരുക്കുന്ന സ്വീകരണ പരിപാടിയിലും പ്രധാനമന്ത്രി പങ്കെടുക്കും. ആസ്ട്രേലിയന്‍ പ്രധാനമന്ത്രി ടോണി ആബട്ടുമായി മോദി ചര്‍ച്ച നടത്തും.

28 വര്‍ഷത്തിനു ശേഷമാണ് ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി ആസ്ട്രേലിയ സന്ദര്‍ശിക്കുന്നത്. 1986ല്‍ രാജീവ് ഗാന്ധിയാണ് ഒടുവില്‍ ഓസ്ട്രേലിയ സന്ദര്‍ശിച്ച ഇന്ത്യന്‍ പ്രധാനമന്ത്രി.

പി.ഡി.പി എം.എല്‍.എ തോക്കേന്തി നില്‍ക്കുന്ന ചിത്രം വിവാദത്തില്‍

Posted: 10 Nov 2014 08:01 PM PST

Image: 

ശ്രീനഗര്‍: ജമ്മു നിയമസഭാംഗത്തിന്‍െറ എ.കെ 47 തോക്കേന്തിയ ചിത്രം വിവാദമാകുന്നു. പീപ്പിള്‍ ഡെമോക്രാറ്റിക് പാര്‍ട്ടി  എം.എല്‍.എ ജാവേദ് മുസ്തഫ മിറാണ് എ.കെ 47 തോക്കുമായി പരസ്യമായി നിന്നത്. മുസ്തഫ മിര്‍ ആയുധധാരിയായ മറ്റൊരാള്‍ക്കൊപ്പം തോക്കുമായി നില്‍ക്കുന്ന ചിത്രം സോഷ്യല്‍ മീഡിയ വഴി പ്രചരിക്കുകയായിരുന്നു.

വിവാദങ്ങള്‍ കൊഴുത്തതോടെ തന്‍്റെ ജീവന് ഭീഷണിയുണ്ടെന്നും സ്വരക്ഷക്കുവേണ്ടിയാണ് തോക്ക് കയ്യിലെടുത്തതെന്നും മുസ്തഫ മിര്‍ പ്രതികരിച്ചു.
നിയമസഭാ തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ ബാക്കി നില്‍ക്കെ മുസ്തഫാ മിറിന്‍റെ വിവാദ ചിത്രം പുറത്തുവന്നത് തെരഞ്ഞെടുപ്പില്‍ പി.ഡി.പിയെ ബാധിക്കും.

ഈ മാസമാദ്യം നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് നാസിര്‍ അസ്ലം വാനിയുടെ മകന്‍ തോക്കുമായി നില്‍ക്കുന്ന ചിത്രം നവമാധ്യമങ്ങള്‍ വഴി പ്രചരിച്ചിരുന്നു.  തന്‍റെ മകന് പൊലീസ് ഓഫീസറായി രാജ്യത്തെ സേവിക്കണമെന്നാണ് ആഗ്രഹമെന്നും അതിനാല്‍ തോക്ക് കയ്യിലെടുത്തതില്‍ കുറ്റകരമായി എന്താണുള്ളതെന്നുമായിരുന്നു വാനി അന്ന് പ്രതികരിച്ചത്.
 

ബിദൂനികള്‍ക്ക് ആഫ്രിക്കന്‍ രാജ്യത്ത് പൗരത്വ വാഗ്ദാനം

Posted: 10 Nov 2014 06:51 PM PST

Image: 

കുവൈത്ത് സിറ്റി: വര്‍ഷങ്ങളായി രാജ്യത്തെ നീറുന്ന വിഷയങ്ങളിലൊന്നായി തുടരുന്ന ബിദൂനികളുടെ (പൗരത്വമില്ലാത്ത വിഭാഗം) പൗരത്വ പ്രശ്നത്തിന് പുതിയ പരിഹാര നിര്‍ദേശവുമായി സര്‍ക്കാര്‍ രംഗത്ത്. ബിദൂനികള്‍ക്ക് ആഫ്രിക്കന്‍ രാജ്യമായ കൊമോറോസ് ദ്വീപില്‍ പൗരത്വം നല്‍കാമെന്ന വാഗ്ദാനമാണ് ആഭ്യന്തര മന്ത്രാലയം മുന്നോട്ടുവെച്ചിരിക്കുന്നത്.
കൊമോറോസിന്‍െറ പൗരത്വം സ്വീകരിക്കുന്നവര്‍ക്ക് കുവൈത്തില്‍ താമസ അനുവാദം (റെസിഡന്‍റ് പെര്‍മിറ്റ്), സൗജന്യ വിദ്യാഭ്യാസം, ആരോഗ്യ പരിരക്ഷ, തൊഴിലവസരം എന്നിവ നല്‍കും -ആഭ്യന്തര മന്ത്രാലയത്തിലെ സിറ്റിസണ്‍ഷിപ് ആന്‍ഡ് പാസ്പോര്‍ട്ട്സ് വിഭാഗം അസിസ്റ്റന്‍റ് അണ്ടര്‍ സെക്രട്ടറി മേജര്‍ ജനറല്‍ മാസിന്‍ അല്‍ജര്‍റാഹ് അറിയിച്ചു. രാജ്യത്ത് കോറോമോസിന്‍െറ എംബസി തുറക്കുന്നതിനുള്ള നടപടികള്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണെന്നും അത് പൂര്‍ത്തിയായാലുടന്‍ ഇതുസംബന്ധിച്ച നടപടിക്രമങ്ങള്‍ക്ക് തുടക്കമാവുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആഫ്രിക്കന്‍ ഭൂഖണ്ഡത്തില്‍പ്പെടുന്ന കൊമോറോസ് ദ്വീപ് ആഫ്രിക്കന്‍ യൂനിയനിലും അറബ് ലീഗിലും അംഗത്വമുള്ള ചെറുരാജ്യമാണ്.
ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ആഫ്രിക്കയുടെ കിഴക്കന്‍ തീരത്ത് മൊസാംബിക്കിന്‍െറ വടക്കുകിഴക്കായും മഡഗാസ്കറിന്‍െറ വടക്കുപടിഞ്ഞാറായും സ്ഥിതിചെയ്യുന്ന 1,862 ച. കി.മീറ്റര്‍ വിസ്തീര്‍ണമുള്ള രാജ്യത്തെ ജനസംഖ്യ 7,98,000 ആണ്. നാല് പ്രമുഖ ദ്വീപുകളും നിരവധി ചെറുദ്വീപുകളുമടങ്ങുന്ന രാജ്യത്ത് പ്രാദേശികഭാഷയായ കൊമോറിയന്‍, അറബി, ഫ്രഞ്ച് ഭാഷകളാണ് പ്രചാരത്തിലുള്ളത്. ഫ്രഞ്ച് കോളനിയായിരുന്ന രാജ്യം 1975ലാണ് സ്വാതന്ത്ര്യം നേടിയത്. ജനങ്ങളില്‍ പകുതിയും അന്താരാഷ്ട്ര ദാരിദ്രരേഖക്ക് (ദിവസത്തില്‍ 1.25 ഡോളറിന് താഴെ വരുമാനമുള്ളവര്‍) താഴെയുള്ളവരാണ്. രണ്ട് ദശകത്തിലധികമായി കുവൈത്തില്‍ പരിഹരിക്കപ്പെടാതെ തുടരുന്ന പ്രശ്നമാണ് ബിദൂനികളുടേത്. നിലവില്‍ രാജ്യത്ത് 1,10,000ത്തോളം ബിദൂനികളുണ്ടെങ്കിലും അതില്‍ 34,000 പേര്‍ മാത്രമാണ് സര്‍ക്കാര്‍ മുന്നോട്ടുവെക്കുന്ന മാനദണ്ഡങ്ങള്‍ പ്രകാരം പൗരത്വത്തിന് അര്‍ഹതയുള്ളവര്‍ എന്നാണ് അധികൃതരുടെ നിലപാട്. ബാക്കിയുള്ളവര്‍, കുവൈത്ത് എണ്ണസമ്പന്നമായതോടെ മറ്റു രാജ്യങ്ങളില്‍നിന്ന് നിയമവിരുദ്ധമായി കുടിയേറിയവരോ അവരുടെ പിന്‍തലമുറയോ ആണ്. ഇവര്‍ കുവൈത്തിലത്തെിയ ശേഷം തങ്ങളുടെ യഥാര്‍ഥ പാസ്പോര്‍ട്ടുകള്‍ നശിപ്പിച്ചുകളയുകയായിരുന്നുവെന്നാണ് കരുതപ്പെടുന്നത്. ഇത്തരക്കാര്‍ക്ക് പൗരത്വം നല്‍കാനാവില്ളെന്നതാണ് സര്‍ക്കാര്‍ നിലപാട്. സമീപകാലത്തായി രാജ്യത്ത് പൗരത്വവും മറ്റു മൗലികാവകാശങ്ങളും ആവശ്യപ്പെട്ടുള്ള ബിദൂനികളുടെ പ്രകടനങ്ങളും റാലികളും വ്യാപകമായിരുന്നു. ബിദൂനികള്‍ ഏറെയുള്ള ജഹ്റയിലെ തൈമയില്‍ കേന്ദ്രീകരിച്ച് നടക്കുന്ന പ്രകടനങ്ങളെ സര്‍ക്കാര്‍ ശക്തമായാണ് നേരിട്ടിരുന്നത്. ഇതിനിടെയാണ് പുതിയ പരിഹാര നിര്‍ദേശവുമായി സര്‍ക്കാര്‍ രംഗത്തത്തെിയിരിക്കുന്നത്.
എന്നാല്‍, ദരിദ്രരാജ്യമായി കണക്കാക്കപ്പെടുന്ന കൊമോറോസിലേക്കുള്ള പൗരത്വ വാഗ്ദാനം ബിദൂനികള്‍ എങ്ങനെ സ്വീകരിക്കുമെന്നത് ചോദ്യചിഹ്നമായി അവശേഷിക്കുന്നു.
 

ജി.സി.സി പവര്‍ ലിങ്ക് പദ്ധതി വഴി അഞ്ച് ബില്യന്‍ ഡോളര്‍ ലാഭിക്കാന്‍ സാധിക്കുമെന്ന് പഠനം

Posted: 10 Nov 2014 06:45 PM PST

Image: 

മനാമ: ജി.സി.സി പവര്‍ ഗ്രിഡ് ലിങ്ക് പദ്ധതി വഴി മൊത്തം അഞ്ച് ബില്യന്‍ ഡോളര്‍ ലാഭിക്കാന്‍ സാധിക്കുമെന്ന് ഇതുസംബന്ധിച്ച പഠനം വ്യക്തമാക്കുന്നതായി വൈദ്യൂത-ജല അതോറിറ്റി കാര്യ മന്ത്രി ഡോ. അബ്ദുല്‍ ഹുസൈന്‍ ബിന്‍ അലി മിര്‍സ വ്യക്തമാക്കി. ‘ജി.സി.സി പവര്‍ കോണ്‍ഫ്രന്‍സ് 2014’നോടനുബന്ധിച്ച് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വൈദ്യുതോല്‍പാദന മേഖലയില്‍ കൂടുതല്‍ നിക്ഷേപ സംരംഭങ്ങളുമായി ജി.സി.സി രാഷ്ട്രങ്ങള്‍ മുന്നോട്ട് വരേണ്ടതുണ്ട്.
ജി.സി.സി ഏകീകൃത പവര്‍ ഗ്രിഡ് ലിങ്ക് പദ്ധതി നടപ്പിലാക്കുക വഴി ഇന്ധനം, പ്രവര്‍ത്തനച്ചെലവ് എന്നീ ഇനത്തില്‍ മാത്രം 1.8 ബില്യന്‍ ഡോളര്‍ ലാഭിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. 53ഓളം ഗവേഷണ പ്രബന്ധങ്ങള്‍ സമ്മേളനത്തില്‍ അവതരിപ്പിക്കും. ഇതില്‍ 20 എണ്ണം ബഹ്റൈനടക്കമുള്ള ജി.സി.സി രാഷ്ട്രങ്ങളില്‍ നിന്നാണ്.
ജി.സി.സി രാഷ്ട്രങ്ങളിലെ സാമ്പത്തിക വളര്‍ച്ച ലക്ഷ്യമിട്ടുകൊണ്ടുള്ള വൈദ്യുത പദ്ധതികള്‍ ആവിഷ്കരിക്കാന്‍ സാധിക്കണം. അതിനുള്ള ചര്‍ച്ചകളും പഠനങ്ങളും സമ്മേളത്തിലുണ്ടാകൂമെന്ന് അദ്ദേഹം പറഞ്ഞു. എല്ലാ ജി.സി.സി രാഷ്ട്രങ്ങള്‍ക്കും തനതായ വൈദ്യുത ഉല്‍പാദന രീതികളും വിതരണ ശൃംഘലകളുമുണ്ടെന്ന് ജി.സി.സി പവര്‍ ഇന്‍റര്‍കണക്ഷന്‍ അതോറിറ്റി ചെയര്‍മാന്‍ ഡോ. മത്വര്‍ അന്നിയാദി വ്യക്തമാക്കി.
പരമ്പരാഗത ഊര്‍ജ്ജ സ്രോതസ്സും ആണവ ഊര്‍ജവൂം സംയുക്തമായി ഉപയോഗിച്ചാണ് യു.എ.ഇ വൈദ്യൂതി ഉല്‍പാദിപ്പിക്കുന്നത്. ജി.സി.സി രാഷ്ട്രങ്ങളില്‍ നാല് ആണവ ഊര്‍ജ പദ്ധതികളാണ് രൂപകല്‍പന ചെയ്യുന്നത്്. ഇതിലാദ്യത്തേത് 2017 ലും രണ്ടാമത്തേത് 2018ലും മൂന്നാമത്തേത് 2019ലും അവസാനത്തേത് 2029 ലും സ്ഥാപിക്കാനാണ് പദ്ധതി.
പരമ്പരാഗത ഊര്‍ജ സ്രോതസ്സുകള്‍ക്ക് പകരം ബദല്‍ ഊര്‍ജ സ്രോതസ്സുകള്‍ പൂര്‍ണമായി ഉപയോഗിക്കുന്നതിനുള്ള നീക്കം യു.എ.ഇ നടത്തുന്നുണ്ട്. 2030 ഓടെ അത്തരം പദ്ധതികള്‍ വിജയത്തിലത്തെുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഡോ. മത്വര്‍ പറഞ്ഞു.
വൈദ്യുതി ഉല്‍പാദന-വിതരണ മേഖലകളില്‍ ജി.സി.സി രാഷ്ട്രങ്ങള്‍ ഉയര്‍ന്ന സാങ്കേതിക വിദ്യകളും പുതിയ ഊര്‍ജ സ്രോതസ്സുകളും ഉപയോഗിക്കാന്‍ ശ്രമിക്കണമെന്ന് നേരത്തെ സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് വൈദ്യൂത-ജല അതോറിറ്റി അഫയേഴ്സ് മന്ത്രി ഡോ. അബ്ദുല്‍ ഹുസൈന്‍ ബിന്‍ അലി മിര്‍സ ആവശ്യപ്പെട്ടു.
ജി.സി.സി സെക്രട്ടറി ജനറലിന്‍െറ സാന്നിധ്യത്തില്‍ നടന്ന സമ്മേളനത്തില്‍ ഗള്‍ഫ് രാഷ്ട്രങ്ങളില്‍ നിന്നുള്ള പ്രമുഖരും ഊര്‍ജ മേഖലയിലെ സ്ഥാപനങ്ങളുടെ പ്രതിനിധികളും പങ്കെടുക്കുന്നുണ്ട്.
സമ്മേളനത്തിലത്തെിച്ചേര്‍ന്ന അതിഥികളെ സ്വാഗതം ചെയ്ത മന്ത്രി ഇതിന് ആതിഥ്യം വഹിക്കാന്‍ സാധിച്ചതില്‍ രാജാവ് ഹമദ്് ബിന്‍ ഈസ ആല്‍ഖലീഫ, പ്രധാനമന്ത്രി പ്രിന്‍സ് ഖലീഫ ബിന്‍ സല്‍മാന്‍ ആല്‍ഖലീഫ, കിരീടാവകാശി പ്രിന്‍സ് സല്‍ബാന്‍ ബിന്‍ ഹമദ് ആല്‍ഖലീഫ എന്നിവര്‍ക്ക് പ്രത്യേകം നന്ദി അറിയിച്ചു.
കഴിഞ്ഞ വര്‍ഷങ്ങളില്‍ സമ്മേളനം വിജയം കൈവരിച്ചത് പോലെ ഇപ്രാവശ്യവും അതിന്‍െറ ഫലപ്രാപ്തിയുണ്ടാകട്ടെയെന്ന് മന്ത്രി ആശംസിക്കുകയൂം ചെയ്തു. വൈദ്യൂത-ജല അതോറിറ്റി അഫയേഴ്സ് ചീഫ് എക്സിക്യുട്ടീവ് ശൈഖ് നവാഫ് ബിന്‍ ഇബ്രാഹിം ബിന്‍ ഹമദ് ആല്‍ഖലീഫയടക്കമുള്ള ഉന്നത ഉദ്യോഗസ്ഥരും സമ്മേളനത്തില്‍ പങ്കെടുക്കുന്നുണ്ട്.

മന്ത്രിസഭാ വികസനത്തില്‍ വീഴ്ചകള്‍, ദൗര്‍ബല്യങ്ങള്‍

Posted: 10 Nov 2014 06:14 PM PST

Image: 
Subtitle: 
റെയില്‍വേ മന്ത്രിയാക്കിയ സുരേഷ് പ്രഭു മുംബൈയില്‍ ആദര്‍ശ് ഫ്ളാറ്റ് വിവാദത്തില്‍പ്പെട്ടയാള്‍

ന്യൂഡല്‍ഹി: മന്ത്രിമാരുടെ വകുപ്പു നിര്‍ണയം കഴിഞ്ഞതോടെ നയവൈകല്യങ്ങള്‍ക്കുപുറമെ, കേന്ദ്രമന്ത്രിസഭയുടെ ദൗര്‍ബല്യങ്ങളും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രത്യേക താല്‍പര്യങ്ങളും കൂടുതല്‍ വെളിച്ചത്തായി. ആര്‍.എസ്.എസിനും ഹിന്ദുത്വ അജണ്ടകള്‍ക്കും യോജിച്ചവരും വിശ്വസ്തരുമായ പ്രതിഭകളുടെ ദാരിദ്ര്യം മോദിസര്‍ക്കാര്‍ നേരിടുന്നു. അഴിമതിക്കെതിരെ പടവാള്‍ ഉയര്‍ത്തി കേവലഭൂരിപക്ഷം നേടിയ നരേന്ദ്ര മോദി ആരോപണവിധേയരെയും മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. മറ്റു പാര്‍ട്ടികള്‍ വിട്ടുവന്നവര്‍ക്ക് കൂടുതല്‍ പരിഗണന കൊടുത്തു.  

 എണ്ണം ചുരുക്കി മെച്ചപ്പെട്ട ഭരണം കാഴ്ചവെക്കുമെന്നായിരുന്നു ആദ്യപ്രഖ്യാപനം. 44 മന്ത്രിമാരുമായി ഭരണം മുന്നോട്ടു കൊണ്ടുപോകാന്‍ കഴിയില്ളെന്നു വന്നതോടെയാണ് മന്ത്രിമാരുടെ എണ്ണം 65ലേക്ക് ഉയര്‍ത്തിയത്. പ്രാദേശിക രാഷ്ട്രീയ, ജാതി, സംഘ്പരിവാര്‍ താല്‍പര്യങ്ങളും കണക്കിലെടുക്കാതിരിക്കാന്‍ പറ്റാതായി. അതേസമയം, ബി.ജെ.പിയിലെ പരിചയ സമ്പന്നരെ മോദി-അമിത് ഷാ സംഘത്തിന് വിശ്വാസമില്ല. മോദി വരക്കുന്ന വരക്കപ്പുറം പോവില്ളെന്ന് ഉറപ്പുള്ള ‘പുതുമുഖ’ങ്ങളാണ് പുതിയ മന്ത്രിപ്പട്ടികയില്‍ കൂടുതല്‍.

രണ്ടാമന്‍ രാജ്നാഥ് സിങ്ങാണെങ്കിലും, മോദിയുടെ ഉറ്റതോഴന്‍ അരുണ്‍ ജെയ്റ്റ്ലിയാണ് മന്ത്രിസഭയുടെ നെടുംതൂണ്‍. ധനം, പ്രതിരോധം, കോര്‍പറേറ്റ് കാര്യം എന്നീ വകുപ്പുകളും വാണിജ്യ വകുപ്പിന്‍െറ മേല്‍നോട്ട ചുമതലയും ഏല്‍പിച്ചുകൊടുത്ത ജെയ്റ്റ്ലിയുടെ ജോലിഭാരം ലഘൂകരിക്കുന്നതിന് മന്ത്രിസഭാ വികസനത്തില്‍ പ്രത്യേക പരിഗണന കൊടുത്തിരുന്നു. പ്രതിരോധം മനോഹര്‍ പരീകര്‍ക്ക് നല്‍കിയെങ്കിലും വാര്‍ത്താവിതരണ-പ്രക്ഷേപണ വകുപ്പു കൂടി വിശ്വസ്ത സുഹൃത്തിനെ ഏല്‍പിച്ചിരിക്കുകയാണ് മോദി.

പ്രകാശ് ജാവ്ദേക്കര്‍ തിളങ്ങിയില്ളെന്നതു മാത്രമല്ല ഇതിന് കാരണം. പാര്‍ട്ടി-സംഘ്-ഭരണ അജണ്ടകള്‍ മാധ്യമങ്ങളിലൂടെ സമര്‍ഥമായി സന്നിവേശിപ്പിക്കുന്നതിന് കഴിവുള്ള ഒരാള്‍ വാര്‍ത്താവിതരണ-പ്രക്ഷേപണ വകുപ്പില്‍ മോദിക്ക് ആവശ്യമുണ്ട്. ഇതിന് ജെയ്റ്റ്ലിയല്ലാതെ മറ്റൊരാളെ മോദിക്ക് വിശ്വാസമില്ല. ഗോവ മുഖ്യമന്ത്രിസ്ഥാനത്തുനിന്ന് മനോഹര്‍ പരീകറെ രാജിവെപ്പിക്കുകയല്ലാതെ, ആര്‍.എസ്.എസിലെ സമവാക്യങ്ങള്‍ക്കു യോജിച്ച വിധത്തില്‍ പ്രതിരോധ വകുപ്പു നല്‍കാനൊരു പരിചയ സമ്പന്നനെ കണ്ടത്തൊനും മോദിക്ക് കഴിഞ്ഞില്ല.
ജെ.പി. നദ്ദയെ ആരോഗ്യമന്ത്രിസ്ഥാനത്തിരുത്തി ഡോ. ഹര്‍ഷ്വര്‍ധനെ ശാസ്ത്ര-സാങ്കേതിക വകുപ്പിലേക്ക് ഒതുക്കിയത് വിവാദമായി. അഖിലേന്ത്യാ മെഡിക്കല്‍ സയന്‍സസ് ഇന്‍സ്റ്റിറ്റ്യൂട്ടിലെ അഴിമതി വിവരങ്ങള്‍ വെളിച്ചത്താക്കിയ മുഖ്യ വിജിലന്‍സ് ഓഫിസര്‍ സജീവ് ചതുര്‍വേദിയെ തല്‍സ്ഥാനത്തുനിന്ന് മാറ്റിയത് നദ്ദയുടെ സമ്മര്‍ദത്തെ തുടര്‍ന്നായിരുന്നെന്ന് ആം ആദ്മി പാര്‍ട്ടി ആരോപിച്ചു. അടുത്തയാളുകള്‍ക്ക് വേണ്ടിയാണ് നദ്ദ കളിച്ചത്.

അഴിമതിക്കെതിരെ വായ്ത്താരി മുഴക്കിയവര്‍ നദ്ദക്ക് ആരോഗ്യമന്ത്രിസ്ഥാനം നല്‍കുകയും ഹര്‍ഷ്വര്‍ധനെ ഒതുക്കുകയുമാണ് ചെയ്തതെന്ന് ആപ് ചൂണ്ടിക്കാട്ടുന്നു. റെയില്‍വേ മന്ത്രിയാക്കിയ സുരേഷ് പ്രഭു മുംബൈയില്‍ ആദര്‍ശ് ഫ്ളാറ്റ് വിവാദത്തില്‍ ഉള്‍പ്പെട്ടയാളാണെന്ന യാഥാര്‍ഥ്യവും ഇതിനൊപ്പമുണ്ട്. വന്‍കിട സ്വകാര്യവത്കരണ പരിപാടികള്‍ മുന്നോട്ടുകൊണ്ടുപോവുകയാണ് ഭാവിയില്‍ സുരേഷ് പ്രഭുവിന്‍െറ പ്രധാന ദൗത്യമെന്നത് മറ്റൊരു വശം.

ഏകകക്ഷി ഭരണമല്ല, ഏകവ്യക്തി ഭരണമാണ് കേന്ദ്രത്തില്‍ നടക്കുന്നതെന്നാണ് കോണ്‍ഗ്രസ് കുറ്റപ്പെടുത്തിയത്. സംശുദ്ധ ഭരണം വാഗ്ദാനം ചെയ്ത മോദി, വിവാദവിധേയരെ മാറ്റിനിര്‍ത്തുമോ എന്ന് പാര്‍ട്ടി വക്താവ് അജയ്മാക്കന്‍ ചോദിച്ചു.

ബാര്‍ ഗ്രൂപ്പുകളും കോര്‍ ഗ്രൂപ്പുകളും

Posted: 10 Nov 2014 06:08 PM PST

Image: 

ബാറുകാരെ സഹായിക്കാന്‍ സര്‍ക്കാറിലെ വമ്പന്മാര്‍ ശ്രമിക്കുന്നതിന്‍െറ ഫലമാണ് ഇപ്പോള്‍ നടക്കുന്ന ഓരോ സംഭവവികാസങ്ങളും. ബാറുകള്‍ അടഞ്ഞുകിടക്കുന്നതുകൊണ്ട് ബിവറേജ് ഒൗട്ട്ലെറ്റുകളില്‍ നീണ്ട ക്യൂ ആണെന്നും മദ്യം കിട്ടാതെ വരുമ്പോള്‍ വ്യാജമദ്യം വിപണിയില്‍ സുലഭമാവുകയും അതുവഴി സംസ്ഥാനത്ത്  മദ്യദുരന്തം ഉണ്ടാകാനുള്ള സാധ്യത കാണുന്നുവെന്നുമായിരുന്നു എക്സൈസ് മന്ത്രി പറഞ്ഞുകൊണ്ടിരുന്നത്. അപ്പോള്‍ നോട്ടീസു പോലും നല്‍കാതെ ബാറുകളൊക്കെ പൂട്ടിച്ചത് എന്തിനെന്ന് സംശയം ഉയരുന്നു. ഏതു തരത്തില്‍ നോക്കിയാലും ബാറുടമകള്‍ക്ക് സര്‍ക്കാര്‍ ചെയ്തുകൊടുത്ത ഉപകാരം ആയിരുന്നു അത്. മുന്നറിയിപ്പില്ലാതെയുള്ള ഈ പൂട്ടല്‍ തന്നെയാണ് അബ്കാരികള്‍ കോടതിയില്‍ ഉന്നയിച്ചതും അനുകൂലമായ വിധി നേടിയെടുക്കാന്‍ പ്രധാനമായും ഉപയോഗിക്കുന്നതും.  മദ്യനിയന്ത്രണം സര്‍ക്കാര്‍ നയമായതിനാല്‍ പൂട്ടിയ ബിവറേജസ് ഒൗട്ട്ലെറ്റുകള്‍ തുറക്കുന്നത് ധാര്‍മികതക്ക് എതിരാണ്.

ഫലത്തില്‍ ബാര്‍ കോഴ വിവാദം അവസാനിക്കുമ്പോള്‍ സര്‍ക്കാര്‍ മദ്യവില്‍പന കുറയുകയും സ്വകാര്യ ബാറുകള്‍ പൂര്‍വാധികം ശക്തി പ്രാപിക്കുകയും ചെയ്യും. സര്‍ക്കാര്‍ മദ്യം നിരോധിക്കാന്‍ ശ്രമിച്ചിട്ടും കോടതി അനുവദിക്കുന്നില്ല എന്നതാണ് ന്യായം. സംസ്ഥാനത്തെ സൂപ്പര്‍ക്ളാസ് സ്വകാര്യ ബസുകള്‍ക്ക് കെ.എസ്.ആര്‍.ടി.സിക്കുമേല്‍ ആധിപത്യം നേടിക്കൊടുക്കുന്നതിലും സമാനമായ തന്ത്രമാണ് പ്രയോഗിക്കപ്പെട്ടത്. രണ്ട് നാടകങ്ങളിലെയും അണിയറക്കാരും ഒരേ ആളുകള്‍ തന്നെയാണ്.

2011 ഡിസംബര്‍ എട്ടിന് മന്ത്രി കെ.എം. മാണി ഭരിക്കുന്ന നിയമവകുപ്പ് പുറപ്പെടുവിച്ച 187/2011 നമ്പര്‍ ഗവണ്‍മെന്‍റ് ഉത്തവ് പ്രകാരമാണ് ത്രീസ്റ്റാര്‍ ഹോട്ടലുകള്‍ക്ക് ബാര്‍ ലൈസന്‍സ് അനുവദിക്കേണ്ടതില്ളെന്ന് തീരുമാനിച്ചത്. 2011 ആഗസ്റ്റ് 17ന് പുറപ്പെടുവിച്ച ജി.ഒ. (എം.എസ്) 107/2011 ഉത്തരവിലൂടെ നിലവില്‍ വന്ന 2011-2012 വര്‍ഷത്തെ മദ്യനയത്തില്‍ പുതുതായി ബാറുകള്‍ അനുവദിക്കുമ്പോള്‍ രണ്ട് ബാറുകള്‍ തമ്മില്‍ പഞ്ചായത്തുകളില്‍ മൂന്നു കിലോമീറ്ററും മുന്‍സിപ്പല്‍, കോര്‍പറേഷന്‍ പ്രദേശങ്ങളില്‍ ഒരു കിലോമീറ്ററും ദൂരപരിധി വേണമെന്ന് നിശ്ചയിച്ചിരുന്നു. 2012 മാര്‍ച്ച് 27ന് ഇതുസംബന്ധിച്ച് നിയമഭേദഗതി കൊണ്ടുവരുകയും ചെയ്തു. നിരവധി ഹരജികളാണ് ഇതിനെതിരെ ഹൈകോടതിയില്‍ എത്തിയത്. പഴയ ഹോട്ടലുകളുടെ ബാര്‍ ലൈസന്‍സ് പുതുക്കാതിരിക്കാന്‍ സര്‍ക്കാര്‍ കണ്ടത്തെിയ വഴിയായി ബാര്‍ ഉടമകള്‍ ഇതിനെ വ്യാഖ്യാനിച്ചു.

ഹൈകോടതി വിധി സര്‍ക്കാറിന് എതിരായിരുന്നു. സുപ്രീംകോടതിയില്‍ നല്‍കിയ അപ്പീലില്‍ പുറപ്പെടുവിച്ച ഇടക്കാല ഉത്തരവില്‍ നിലവിലെ നിയമമനുസരിച്ച് സാധുതയുള്ള അപേക്ഷകള്‍ എട്ടാഴ്ചക്കകം സോപാധികമായി അനുവദിക്കാന്‍ നിര്‍ദേശം വന്നു. ഇതനുസരിച്ച സര്‍ക്കാര്‍ ഈ വിഷയത്തില്‍ സുപ്രീംകോടതിയിലെ സീനിയര്‍ അഭിഭാഷകനായ ഗോപാല്‍ സുബ്രഹ്മണ്യവുമായി വിശദമായ ചര്‍ച്ച നടത്തി.
സമഗ്രമായ മദ്യനയം രൂപവത്കരിക്കുന്നതിന് ഉന്നതതല സമിതിയെ നിയോഗിക്കാനായിരുന്ന ഗോപാല്‍ സുബ്രഹ്മണ്യം നിര്‍ദേശിച്ചത്. ഈ സമിതിയുടെ ശിപാര്‍ശയില്‍ തീരുമാനമെടുക്കും വരെ പുതിയ ലൈസന്‍സ് നല്‍കേണ്ടതില്ളെന്നും ശിപാര്‍ശ ചെയ്തിരുന്നു. ഫയല്‍ മന്ത്രിസഭാ യോഗത്തിന് സമര്‍പ്പിക്കാന്‍ മുഖ്യമന്ത്രി നിര്‍ദേശിച്ചു. മദ്യനയം രൂപവത്കരിക്കാന്‍ ഉന്നതതല സമിതിയെ നിയോഗിക്കുന്നതു സംബന്ധിച്ച് തീരുമാനമെടുക്കുകയാണ് വേണ്ടിയിരുന്നത്. എന്നാല്‍, ഉന്നതതല സമിതി എന്നത് ഏകാംഗ കമീഷന്‍ എന്നാക്കാനാണ് മന്ത്രിസഭ തീരുമാനിച്ചത്.
ഏകാംഗ കമീഷന്‍ ആരായിരിക്കണം എന്ന് തീരുമാനിക്കാന്‍ മുഖ്യമന്ത്രിയെയാണ് മന്ത്രിസഭായോഗം ചുമതലപ്പെടുത്തിയത്.

ഇതു സംബന്ധിച്ച ഉത്തരവ് 2013 ജനുവരി 16നാണ് പുറത്തിറങ്ങിയത്. ഈ ഫയല്‍ മുഖ്യമന്ത്രിക്ക് നല്‍കാന്‍ 2013 ജനുവരി 17ന് നികുതിവകുപ്പ് സെക്രട്ടറി നിര്‍ദേശിച്ചു. എന്നാല്‍, മുഖ്യമന്ത്രിക്ക് കിട്ടുംമുമ്പ് എക്സൈസ് മന്ത്രി കെ. ബാബുവിനാണ് ഈ ഫയല്‍ എത്തിയത്. ജസ്റ്റിസ് എം. രാമചന്ദ്രനെ ഏകാംഗ കമീഷനാക്കാവുന്നതാണെന്നും മുഖ്യമന്ത്രി ഇത് കണ്ട് അംഗീകരിക്കണമെന്നും കെ. ബാബു 2013 ജനുവരി 21ന് ഫയലില്‍ എഴുതി. ഇതിനിടയില്‍ അതേദിവസംതന്നെ മുഖ്യമന്ത്രിയും ഒപ്പുവെച്ചതോടെ എം. രാമചന്ദ്രന്‍ മദ്യനയം രൂപവത്കരിക്കാന്‍ നിയുക്തനായി. സര്‍ക്കാര്‍ മേഖലയും സ്വകാര്യ മേഖലയും ഏറ്റുമുട്ടുന്ന പൊതുഗതാഗത രംഗത്തെ നയങ്ങള്‍ക്കു പിന്നിലും ജസ്റ്റിസ് എം. രാമചന്ദ്രന്‍ തന്നെയായിരുന്നു.

കേരളത്തില്‍ ഫെയര്‍ റിവിഷന്‍ കമീഷന്‍ രൂപവത്കരിക്കാന്‍ 2010 മാര്‍ച്ച് മൂന്നിന് ചേര്‍ന്ന മന്ത്രിസഭാ യോഗം തീരുമാനമെടുക്കുമ്പോള്‍ ജസ്റ്റിസ് ആര്‍. ഭാസ്കരനെ അധ്യക്ഷനാക്കാനാണ് ഭരണനേതൃത്വത്തിലുള്ളവര്‍ ഉദ്ദേശിച്ചിരുന്നത്. എന്നാല്‍, അദ്ദേഹം സ്ഥാനം ഏറ്റെടുക്കാന്‍ വിസമ്മതിച്ചതോടെ നാടകീയമായി റിട്ട. ജസ്റ്റിസ് എം. രാമചന്ദ്രന് നറുക്ക് വീഴുകയായിരുന്നു. ജോസ് തെറ്റയിലായിരുന്നു അന്ന് ഗതാഗതമന്ത്രി. വിശ്വഹിന്ദു പരിഷത്തിന്‍െറ  മുഖപത്രമായ ‘ഹിന്ദുവിശ്വ’യുടെ പത്രാധിപ സമിതിക്ക് നേതൃത്വം നല്‍കുന്നതും എം. രാമചന്ദ്രനാണ്.  പഠനമൊക്കെ കഴിഞ്ഞിട്ടും നിലവാരമുണ്ടെന്ന് കണ്ടത്തെി ലൈസന്‍സ് പുതുക്കി നല്‍കിയ 313 ബാറുകളില്‍ എല്ലാം സ്റ്റാര്‍ ക്ളാസിഫിക്കേഷന്‍ ഉള്ളതാണോയെന്നുപോലും ഉറപ്പില്ല. വീണ്ടുമൊരു പരിശോധനക്ക് ആരും തയാറുമല്ല. നിലവാരമില്ലാത്തതിനാല്‍ പൂട്ടിയിട്ട ബാറുകളില്‍ പലതും ആഴ്ചകള്‍ക്കുള്ളില്‍ തുറക്കുകയും ചെയ്തിരുന്നു.

ബാറുകള്‍ എത്രയെന്നോ നിലവാരമുള്ള, തരംതിരിച്ച ഏകീകൃത കണക്കോ ആരുടെയും പക്കലില്ല. നിലവാരമില്ലാത്ത 418 ബാറുകള്‍ പൂട്ടിയെന്നാണ് പ്രചാരണമെങ്കിലും യഥാര്‍ഥത്തില്‍ പൂട്ടിയത് 408 ബാറുകള്‍ മാത്രമാണെന്ന് എക്സൈസ് വകുപ്പിന്‍െറ രേഖകള്‍ തെളിയിക്കുന്നു. 416 ബാറുകളാണ് നേരത്തേ ഉണ്ടായിരുന്നത്. ഇതില്‍ എട്ടെണ്ണം 2011ല്‍ നിര്‍ത്തിപ്പോയവയാണ്. എക്സൈസ് വകുപ്പിന്‍െറ പക്കലുള്ള പട്ടികയില്‍ ഇവയുടെ പ്രവര്‍ത്തനം നിലച്ചിരിക്കുകയാണെന്ന് രേഖപ്പെടുത്തിയിട്ടുമുണ്ട്.  എക്സൈസ് കമീഷണര്‍ ലിസ്റ്റ് തയാറാക്കിയപ്പോള്‍ രണ്ട് ബാറുകളുടെ പേര് ആവര്‍ത്തിക്കുകയും ചെയ്തു. ഇതെല്ലാംകൂടി ചേര്‍ന്നാണ് 418 ബാറുകള്‍ ആയത്. ഈ തെറ്റ് എല്ലാവരുടെയും ശ്രദ്ധയില്‍പെട്ടവയാണെങ്കിലും ആരും തിരുത്തിയില്ല. എക്സൈസ് തയാറാക്കിയ ബാറുകളുടെ പട്ടികയില്‍ 93ാം നമ്പറും 94ാം നമ്പറും ഒരേ ലൈസന്‍സ് നമ്പറിലുള്ള ബാറുകളുമാണ്.

(തുടരും)

വിവേകാനന്ദന്‍ കണ്ട കേരളം

Posted: 10 Nov 2014 05:54 PM PST

Image: 

വിവേകാനന്ദന്‍ കേരളം സന്ദര്‍ശിച്ചത്തിന്‍െറ ബാക്കിപത്രമായി ഇപ്പോഴുള്ളത് ‘കേരളം ഭ്രാന്താലയമാണ്’ എന്ന് അദ്ദേഹം പറഞ്ഞു എന്നത് മാത്രമായിരിക്കുന്നു. തലങ്ങും വിലങ്ങും ഇത് ഉപയോഗിക്കപ്പെടുന്നുണ്ട്. അദ്ദേഹം കേരളത്തില്‍ വന്നത് 1892ലാണ്. ബാംഗ്ളൂരില്‍നിന്ന് ഡോ. പല്‍പ്പുവാണ് അദ്ദേഹത്തെ കേരളം സന്ദര്‍ശിക്കാന്‍ പ്രേരിപ്പിച്ചത് എന്ന് കരുതപ്പെടുന്നു. കേരളത്തെപ്പറ്റി ഒന്നിലധികം പരാമര്‍ശങ്ങള്‍ വിവേകാനന്ദന്‍  നടത്തിയിട്ടുണ്ട്. എന്നാല്‍, ‘കേരളം ഭ്രാന്താലയമാണ്’ എന്നൊരു വാചകം അദ്ദേഹം പറഞ്ഞിട്ടില്ല. മാത്രമല്ല, കേരളത്തെ ഒരു കാര്യത്തില്‍ അദ്ദേഹം വളരെ പുകഴ്ത്തിപ്പറഞ്ഞിട്ടുമുണ്ട്.

‘മലബാര്‍’ എന്നാണ് അന്നത്തെ കേരളത്തെ അദ്ദേഹം സൂചിപ്പിക്കുന്നത്. ഇത് ബ്രിട്ടീഷ് മലബാര്‍ മാത്രമല്ല, കൊച്ചിയും തിരുവിതാംകൂറും കൂടിച്ചേര്‍ന്ന പ്രദേശമാണ്. യഥാര്‍ഥത്തില്‍, ‘ഫ്യൂച്ചര്‍ ഓഫ് ഇന്ത്യ’ എന്ന ലേഖനത്തില്‍ അദ്ദേഹം കേരളത്തെക്കുറിച്ച് നടത്തുന്ന പരാമര്‍ശം ഏതാണ്ടിങ്ങനെയാണ്: ‘ഞാന്‍ മലബാറില്‍ കണ്ടതിനേക്കാള്‍ അര്‍ഥശൂന്യമായ ഒന്ന് ലോകത്തെവിടെയെങ്കിലും ഉണ്ടോ? ദരിദ്രരായ ദലിതര്‍ക്ക് സവര്‍ണര്‍ നടക്കുന്ന വഴികളില്‍ക്കൂടി സഞ്ചരിക്കാന്‍ അനുവാദമില്ല. എന്നാല്‍, അവര്‍ സ്വന്തം പേരുമാറ്റി  ഏതെങ്കിലും ഒരു ഇംഗ്ളീഷ് പേര് സ്വീകരിച്ചാല്‍ ഇതിന് അനുവാദം കിട്ടുന്നു. ഈ മലബാറികള്‍ എല്ലാം ഭ്രാന്തന്മാര്‍ ആണെന്നും അവരുടെ ഭവനങ്ങള്‍ ഭ്രാന്താലയങ്ങള്‍ ആണെന്നും അല്ലാതെ മറ്റെന്താണ് ഇതില്‍നിന്ന് മനസ്സിലാക്കാന്‍ കഴിയുന്നത്?’

‘ഭ്രാന്തന്മാര്‍’ എന്ന് വിവേകാനന്ദന്‍ വിളിച്ചത് എല്ലാ കേരളീയരെയുമല്ല. ജാതിപരമായ ആചാരങ്ങള്‍കൊണ്ട് ദലിതരെ അടിച്ചമര്‍ത്തിയിരുന്ന സവര്‍ണരെ മാത്രമാണ്. ‘ഭ്രാന്താലയങ്ങള്‍’ എന്നുപറഞ്ഞത് അവരുടെ ഭവനങ്ങളെ മാത്രമാണ്. കേരളത്തിലെ സവര്‍ണര്‍ ഭ്രാന്തന്മാര്‍ ആണെന്നും അവരുടെ വീടുകള്‍ ഭ്രാന്താലയങ്ങള്‍ ആണെന്നുമാണ് യഥാര്‍ഥത്തില്‍ വിവേകാനന്ദന്‍ പറഞ്ഞത്. ചില ഗോത്രസമുദായങ്ങളില്‍ അയിത്തം പാലിച്ചിരുന്നു. അതിന്‍െറ സംഘാടനവും പ്രത്യയശാസ്ത്രവും വ്യത്യസ്തമായിരുന്നു.

ജാതിഅടിമത്തം ദലിതരെയും മറ്റ് അവര്‍ണരെയും മതപരിവര്‍ത്തനത്തിന് പ്രേരിപ്പിക്കുന്നു എന്ന നിരീക്ഷണത്തിന് ഹിന്ദുപരിഷ്കര്‍ത്താക്കളുടെ ഇടയില്‍ വലിയസ്വാധീനം ഉണ്ടായിവരുന്ന സമയമായിരുന്നു അത്. തിരുവിതാംകൂറിലെ ഹിന്ദുരാജാവിന്‍െറ ഭരണത്തിന്‍കീഴില്‍ ദലിതര്‍ ക്രിസ്തുമതത്തിലേക്കോ  ഇസ്ലാമിലേക്കോ മാറുമ്പോള്‍ അവരോടുള്ള ഭരണകൂടത്തിന്‍െറ  അയിത്തം അവസാനിക്കുന്നു എന്ന് വിവേകാനന്ദന്‍ സൂചിപ്പിക്കുന്നുണ്ട് (Reply to the Madrass address). മാത്രമല്ല, ഇത് ഒരുതരം വിചിത്രമായ മതസഹിഷ്ണുതയാണ് എന്ന് അദ്ദേഹം കളിയാക്കുന്നുമുണ്ട്. ഇതില്‍ പാതി സത്യമേ ഉള്ളൂ എന്ന് നമുക്കറിയാം.

മതപരിവര്‍ത്തനത്തെക്കുറിച്ചുള്ള വേവലാതികൊണ്ടാണെങ്കിലും അമിതമായ ജാതിവിവേചനം അവസാനിപ്പിക്കേണ്ടതാണെന്ന ധാരണ അദ്ദേഹത്തിനുണ്ടായിരുന്നു. ജാതിതുല്യതയാണ് അദ്ദേഹം മുന്നോട്ടുവെച്ച ആശയം. ജാത്യാധീശത്വത്തെ ശക്തിപ്പെടുത്തിയാല്‍ അത് മതത്തെ ആന്തരികമായി ദുര്‍ബലപ്പെടുത്തും എന്നാണ് അദ്ദേഹം കരുതിയിരുന്നത്.

ഈ ധാരണയിലേക്ക് നീങ്ങിയതിന്‍െറ പശ്ചാത്തലം 1895ല്‍ രാഖല്‍ ചന്ദ്രബോസിന് എഴുതിയ ഒരു കത്തില്‍ വളരെ വ്യക്തമായി അദ്ദേഹം വിശദീകരിക്കുന്നുണ്ട്. ബ്രാഹ്മണരൊഴികെ ലോകത്ത് മറ്റെല്ലാവരും അശുദ്ധരാണ് എന്ന് ശശി സന്യാല്‍ എഴുതിയതിനെ പരാമര്‍ശിച്ച് വിവേകാനന്ദന്‍ എഴുതിയത്, എന്നാല്‍ ശശി സന്യാല്‍  കേരളത്തിലേക്ക് പോകട്ടെ എന്നാണ്. കാരണം, അവിടെ ഒരു ‘ഹിന്ദുരാജാവ്’ ജനങ്ങളില്‍നിന്ന് രാജ്യംതന്നെ അപഹരിച്ച് അത് ബ്രാഹ്മണരുടെ കാല്‍ക്കല്‍ സമര്‍പ്പിച്ച് ഭരിക്കുന്നുണ്ട് (മാര്‍ത്താണ്ഡവര്‍മയുടെ തൃപ്പടിത്താനത്തെയാണ് വിവേകാനന്ദന്‍ പരിഹസിക്കുന്നത്). അവിടെ എല്ലാ ഗ്രാമങ്ങളിലും ബ്രാഹ്മണര്‍ക്ക്  മൃഷ്ടാന്നഭോജനവും കൂടാതെ പണവും നല്‍കുന്നതിനായി വലിയ ആശ്രമങ്ങളുണ്ട്. ബ്രാഹ്മണര്‍ക്ക് സ്വന്തം കാര്യസാധ്യങ്ങള്‍ക്കായി  മറ്റു ജാതിക്കാരെ തൊടാം, അത് കഴിഞ്ഞ് കുളിക്കണമെന്നേയുള്ളൂ.

അദ്ദേഹം പരിഹസിക്കുന്നു. ഒരു പ്രത്യേക വിഭാഗം ബ്രാഹ്മണര്‍ (നമ്പൂതിരിമാരെയാണ് അദ്ദേഹം ഉദ്ദേശിക്കുന്നത്) ആ രാജ്യത്തെ (തിരുവിതാംകൂര്‍) നാശത്തിലേക്ക് എറിഞ്ഞിരിക്കുന്നു. എപ്പോഴും കളവും ദുഷ്ടതയുമായി നടക്കുന്ന ഈ ബ്രാഹ്മണര്‍ കേരളത്തില്‍ മതത്തിന്‍െറ വക്താക്കളായി വിലസുന്നു. ആളുകളില്‍നിന്ന് ദാനം സ്വീകരിക്കുന്ന ഇവര്‍ തങ്ങളെ എന്നാല്‍ അവര്‍ തൊടരുത് എന്ന് നിഷ്കര്‍ഷിക്കുന്നു. എട്ടുവയസ്സായ കുട്ടിയെ 30കാരന് കല്യാണം കഴിച്ചുകൊടുത്ത് അതില്‍ അഭിമാനിക്കുന്ന രക്ഷിതാക്കളാണവര്‍. ഇതിനെതിരെ ആരെങ്കിലും പ്രതികരിച്ചാല്‍ ഉടനെ അവര്‍, അയ്യോ മതത്തെ ആക്രമിക്കുന്നേ എന്ന നിലവിളിയുമായി വരും. പ്രായപൂര്‍ത്തിയാകുന്നതിനു മുമ്പ് പെണ്‍കുട്ടികളെ വിവാഹം ചെയ്ത് അയക്കുന്നതിന് എന്ത് ശാസ്ത്രീയ അടിസ്ഥാനമാണുള്ളത്?  ഇതിനൊക്കെ കാരണം ഇസ്ലാം ആണെന്ന് ചിലര്‍ പറയുന്നുണ്ട്. എന്നാല്‍, അവര്‍ ഗൃഹ്യസൂത്രം വായിക്കട്ടെ. അതില്‍ വിവാഹപ്രായത്തെപ്പറ്റി പറയുന്നതെന്താണ്? ഗൃഹ്യസൂത്രം മാത്രമല്ല, വേദങ്ങളും ബ്രാഹ്മണങ്ങളും ഇതിനെ ശരിവെക്കുന്നു. ഇതാണോ നിങ്ങളുടെ ശാസ്ത്രം? അദ്ദേഹം ചോദിക്കുന്നു.

ജാതിതുല്യതയെക്കുറിച്ചുള്ള വിവേകാനന്ദന്‍െറ  നിഗമനങ്ങള്‍ അദ്ദേഹത്തിന്‍െറ ചരിത്രബോധവുമായി ബന്ധപ്പെട്ടിരിക്കുന്നു. ‘ഫ്യൂച്ചര്‍ ഓഫ് ഇന്ത്യ’ എന്ന ലേഖനത്തില്‍ അദ്ദേഹം ഇന്ത്യയിലെ വിദേശഭരണങ്ങളെക്കുറിച്ച് മാര്‍ക്സ് എടുത്തതിന് സമാനമായ ഒരു നിലപാടാണ് എടുത്തിട്ടുള്ളത്.
മാര്‍ക്സ്  ബ്രിട്ടീഷ്ഭരണത്തിന്‍െറ നേട്ടമായി പറയുന്ന ഒന്ന് ഏഷ്യാറ്റിക് അധികാരഘടനയെ അത് തകര്‍ത്തു എന്നതാണ്. മാര്‍ക്സ്  ഇത് ബ്രിട്ടീഷ് ഭരണത്തിന്‍െറ മാത്രം നേട്ടമായി ചുരുക്കിക്കണ്ടെങ്കില്‍, ഇസ്ലാം-ബ്രിട്ടീഷ് ഭരണകാലങ്ങളിലെ ഏറ്റവും വലിയ നേട്ടമായി വിവേകാനന്ദന്‍ കാണുന്നത് അത് ജാതി-ഫ്യൂഡല്‍ സവിശേഷാധികാരങ്ങളെ ചോദ്യംചെയ്തു എന്നതാണ്. മുസ്ലിംഭരണം ഇന്ത്യയിലെ പാവപ്പെട്ടവര്‍ക്ക്  ഒരു വിമോചനമായിരുന്നു എന്ന് വിവേകാനന്ദന്‍ എഴുതി. വാളുകൊണ്ടല്ല, മനസ്സുകൊണ്ടാണ് ഇസ്ലാം ഇന്ത്യ കീഴടക്കിയത്. ഇന്ത്യയിലെ അഞ്ചില്‍ ഒന്ന് പാവങ്ങള്‍ ഇസ്ലാമില്‍ ചേര്‍ന്നത് അതുകൊണ്ടാണ്.

ഞാന്‍ ഒരു മതത്തിന്‍െറയും സ്തുതിപാഠകന്‍ അല്ല. ചരിത്രവ്യക്തിത്വങ്ങളെ അവരുടെ വിചാരങ്ങളുടെ സാകല്യത്തില്‍നിന്ന് അടര്‍ത്തിമാറ്റുന്നത് ശരിയല്ല എന്ന് വ്യക്തമാക്കാനാണ് ഞാന്‍ ഇക്കാര്യം സൂചിപ്പിച്ചത്. ഈ പ്രസ്താവനയും അദ്ദേഹം നടത്തുന്നത് കേരളത്തിലെ മതപരിവര്‍ത്തനത്തെക്കുറിച്ച് സൂചിപ്പിക്കുന്ന നേരത്തേ പറഞ്ഞ സന്ദര്‍ഭത്തിലാണ്. ജാതിയെക്കുറിച്ചുള്ള അദ്ദേഹത്തിന്‍െറ ആത്യന്തികമായ വേവലാതി മതപരിവര്‍ത്തനവുമായി ബന്ധപ്പെട്ടിരിക്കുന്നു എന്നത് നിസ്സംശയമാണ്.

കേരളത്തില്‍നിന്ന് പോയവരാണ് ഈജിപ്തുകാര്‍ എന്നൊരു ചരിത്രവിശകലനത്തെ അദ്ദേഹം പലയിടത്തും പിന്തുണക്കുന്നുണ്ട്. വലിയ മതിപ്പായിരുന്നു അദ്ദേഹത്തിന് കേരളത്തോട് എന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്. സ്വന്തം നാടായ ബംഗാളിന്‍െറ സൗന്ദര്യത്തെക്കുറിച്ച് പറയുമ്പോള്‍ അദ്ദേഹം കശ്മീരിന്‍െറയും കേരളത്തിന്‍െറയും ഭൂപ്രകൃതിയുടെ സൗന്ദര്യം  അനുസ്മരിക്കുന്നുണ്ട് (Memories of European Travel).
എന്നാല്‍, കേരളത്തെക്കുറിച്ച് അദ്ദേഹം പറഞ്ഞ ഏറ്റവും വലിയ കാര്യം ഇവിടത്തെ സ്ത്രീകളുടെ വൈജ്ഞാനികതൃഷ്ണയെക്കുറിച്ചാണ്. തിബത്തിനെപ്പോലെ ബഹുഭര്‍തൃത്വമുള്ള സമൂഹങ്ങളില്‍ സ്ത്രീകള്‍ ശാരീരികമായിത്തന്നെ ശക്തരായി കാണപ്പെടുന്നു എന്ന് പറഞ്ഞശേഷം അദ്ദേഹം കേരളത്തില്‍ ഈ സാഹചര്യം ഇല്ളെങ്കിലും എല്ലാ മേഖലകളിലും സ്ത്രീകള്‍ ഇവിടെ മുന്‍പന്തിയിലാണ് എന്ന് അഭിപ്രായപ്പെടുന്നു. സ്ത്രീശക്തിയുടെ നാടായാണ് കേരളത്തെ അദ്ദേഹം അടയാളപ്പെടുത്തുന്നത്. കേരളം വിശേഷിച്ചും വിദ്യാഭ്യാസത്തില്‍ മുന്നിലാണ് എന്നും അദ്ദേഹം സൂചിപ്പിച്ചു (Inspired talks). താന്‍ കേരളം സന്ദര്‍ശിച്ചപ്പോള്‍ സംസ്കൃതത്തില്‍ സംസാരിക്കാന്‍ കഴിവുള്ള ധാരാളം സ്ത്രീകളെ കണ്ടു എന്നും ഇന്ത്യയില്‍ 10 ലക്ഷത്തില്‍ ഒരു സ്ത്രീക്കുപോലും ഇതിനാകില്ളെന്നും അദ്ദേഹം പറയുന്നുണ്ട്. വിവേകാനന്ദന്‍ എടുത്തുപറയുന്നില്ളെങ്കിലും, കടുത്ത ജാതിവ്യവസ്ഥയില്‍തന്നെ കേരളത്തിലെ എല്ലാ ജാതിവിഭാഗങ്ങളും  സ്വന്തംനിലയില്‍ വിദ്യാഭ്യാസം നേടിയിരുന്നു. പിന്നീട് ഒൗപചാരിക വിദ്യാഭ്യാസാവകാശത്തിന് സമരങ്ങള്‍ നടത്തിയിരുന്നു.  

ഇന്ന് കേരളത്തില്‍ വിവേകാനന്ദന്‍ ഇടതുപക്ഷത്തിന്‍െറയും ഹിന്ദുത്വ പരിവാറിന്‍െറയും പോസ്റ്റര്‍ ബോയ് ആണ്. പ്രമുഖ കവി സച്ചിദാനന്ദന്‍െറ ‘കോഴിപ്പങ്ക്’ എന്ന കവിതയില്‍ ‘എന്‍െറ കോഴിയെ നിങ്ങള്‍ പകുത്തോളിന്‍/പക്ഷേ, കുഴല്‍ കരളെനിക്കു തരിന്‍’ എന്ന് എഴുതിയിട്ടുണ്ട്.
കേരളത്തിലെ നവസാമൂഹിക രാഷ്ട്രീയത്തിന് ഒരുപക്ഷേ ഇവരോട് പറയാനുള്ളതും ഇതുതന്നെയാകും: വിവേകാനന്ദനെ നിങ്ങളുടെ ഹിന്ദുത്വ-മൃദുഹിന്ദുത്വ അജണ്ടകള്‍ക്കായി പകുത്തുകൊള്ളുക. പക്ഷേ, ജനങ്ങളുടെ  വിവേകാനന്ദനെ അവരുടെ വ്യാഖ്യാനത്തിന് വിട്ടുകൊടുക്കുക.

കേന്ദ്ര മന്ത്രിസഭാ വികസനം

Posted: 10 Nov 2014 05:49 PM PST

Image: 

കേന്ദ്ര മന്ത്രിസഭാ വികസനം ഒരേസമയം കാര്യക്ഷമതയും രാഷ്ട്രീയ നേട്ടങ്ങളും ലക്ഷ്യമിടുന്ന ഒന്നാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദി മുന്നില്‍ കാണുന്ന തരത്തിലുള്ള ‘വികസന’ത്തിലേക്കുള്ള തയാറെടുപ്പുകൂടിയാണ് ഇപ്പോഴത്തെ മാറ്റം. മന്ത്രിസഭാ വികസനം ഒരര്‍ഥത്തില്‍ ജാതീയവും പ്രാദേശികവുമായ പ്രാതിനിധ്യത്തില്‍ ശ്രദ്ധവെച്ചപ്പോള്‍തന്നെ പ്രധാനമന്ത്രിയുടെ അപ്രമാദിത്വം ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് ഭരണരംഗത്ത് കേന്ദ്രീകൃത ശൈലി വീണ്ടും കൊണ്ടുവന്നിരിക്കുന്നു. കുറഞ്ഞ സര്‍ക്കാര്‍, കൂടുതല്‍ ഭരണം (മിനിമം ഗവണ്‍മെന്‍റ്, മാക്സിമം ഗവേണന്‍സ്) എന്ന മുദ്രാവാക്യത്തിന്‍െറ ഒരു പ്രത്യക്ഷ അടയാളമായി മുമ്പ് പറഞ്ഞിരുന്നത് മന്ത്രിസഭയുടെ കുറഞ്ഞ അംഗബലമായിരുന്നു. മന്ത്രിമാരുടെ എണ്ണത്തില്‍ ആ രീതി കൈയൊഴിയുന്നതിന്‍െറ ലക്ഷണംകൂടി ഇപ്പോഴത്തെ വികസനത്തിലുണ്ട്. പരസ്പരം ബന്ധപ്പെട്ടുകിടക്കുന്ന മന്ത്രാലയങ്ങള്‍ എല്ലാം ചേര്‍ത്ത് ചുരുങ്ങിയ മന്ത്രിമാരെ ഏല്‍പിക്കുക എന്ന സമ്പ്രദായമാണ് തള്ളപ്പെട്ടിരിക്കുന്നത്. പുതുതായി 21 മന്ത്രിമാര്‍ ചേര്‍ന്നതോടെ മന്ത്രിസഭയുടെ അംഗബലം 66 ആയിരിക്കുന്നു; മന്‍മോഹന്‍ സിങ് മന്ത്രിസഭയില്‍ അവസാനമുണ്ടായിരുന്നത് 73 പേരാണ്.

ജാതി അടിസ്ഥാനത്തില്‍ കൂടുതല്‍ സന്തുലിതമാണ് ഇപ്പോള്‍ കേന്ദ്ര മന്ത്രിസഭ. അതേസമയം, ന്യൂനപക്ഷ സമുദായങ്ങള്‍ക്ക് പ്രാതിനിധ്യം നന്നേ കുറവാണ്. എന്നാല്‍ ജാതീയ, പ്രാദേശിക പ്രാതിനിധ്യങ്ങളില്‍പോലും തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിന്‍െറ ലാഭക്കണക്കുകള്‍ മനസ്സില്‍വെക്കുന്ന പഴയ കോണ്‍ഗ്രസ് രീതിയാണ് മോദിയും സ്വീകരിച്ചുകാണുന്നത്. അടുത്തുതന്നെ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ഉത്തര്‍പ്രദേശിനെയും ബിഹാറിനെയും നന്നായി പരിഗണിച്ചെന്നു മാത്രമല്ല, അവിടങ്ങളിലെ ജാതി സമവാക്യങ്ങളെ ഉപയോഗപ്പെടുത്തുമെന്ന സൂചന നല്‍കുകയും ചെയ്തിരിക്കുന്നു. യു.പിയില്‍നിന്ന് ഇപ്പോള്‍ 13 മന്ത്രിമാരായി. 2017ല്‍ അവിടെ നടക്കാന്‍ പോകുന്ന തെരഞ്ഞെടുപ്പിനെ ലക്ഷ്യമിട്ട് കൃത്യമായ ജാതീയ എന്‍ജിനീയറിങ് തുടങ്ങി: ബി.ജെ.പിയോട് നീരസമുണ്ടായിരുന്ന ബ്രാഹ്മണ വിഭാഗത്തില്‍നിന്ന് ഡോ. മഹേഷ് ശര്‍മ, പിന്നാക്ക നിഷാദ് സമുദായത്തില്‍നിന്ന് സാധ്വി നിരഞ്ജന്‍ ജ്യോതി, ദലിത് വിഭാഗത്തില്‍നിന്ന് റാം ശങ്കര്‍ കട്ടേരിയ, മുസ്ലിംകളില്‍നിന്ന് മുഖ്താര്‍ അബ്ബാസ് നഖ്വി എന്നിവരെ എടുത്തു. ബിഹാറില്‍നിന്ന് പുതിയ മന്ത്രിമാര്‍ മൂന്നുണ്ട്: യാദവ, ഭൂമിഹാര, രജപുത്ര വിഭാഗങ്ങളില്‍നിന്ന് ഓരോ ആള്‍വീതം. ഇവരില്‍ ഭരണശേഷി ഉള്ളവരുണ്ടെങ്കിലും അതിനെക്കാള്‍ പരിഗണന പ്രാതിനിധ്യത്തിന് നല്‍കിയ ഉദാഹരണങ്ങളാണ് കുറെ. കൂറുമാറ്റക്കാരോട് തൊട്ടുകൂടായ്മയില്ളെന്ന് നരേന്ദ്ര മോദി ഉറക്കെതന്നെ പ്രഖ്യാപിച്ചിരിക്കുകയാണ്. ശിവസേനയിലായിരുന്ന സുരേഷ് പ്രഭു ആ പാര്‍ട്ടി വിട്ട് ബി.ജെ.പിയിലേക്ക് മാറിയതും കാബിനറ്റ് മന്ത്രിയായതും ഒരേ ദിവസമാണ്. ലോക്സഭാ തെരഞ്ഞെടുപ്പ് വേളയില്‍ ബി.ജെ.പിയിലേക്ക് കൂറുമാറിയ വീരേന്ദ്ര സിങ്ങും മന്ത്രിയായിട്ടുണ്ട്. ഒന്ന് ശിവസേനക്കുള്ള താക്കീത്, മറ്റേത് അകാലികള്‍ക്കും. ജാതീയവും പ്രാദേശികവുമായി മെച്ചപ്പെട്ട പ്രാതിനിധ്യമെന്ന് പ്രചരിപ്പിക്കപ്പെടുന്ന നിയമനങ്ങള്‍ക്കു പിന്നില്‍ സമര്‍ഥമായ രാഷ്ട്രീയ തന്ത്രമാണുള്ളത്.

ഒരുപക്ഷേ, കൂടുതല്‍ അപകടകരമെന്ന് പറയേണ്ടത് ഭരണത്തിന്‍െറയും അധികാരത്തിന്‍െറയും കേന്ദ്രീകരണമാണ്. ശിവസേനയെയും അകാലി ദളിനെയും ഒതുക്കുന്നതില്‍ പ്രധാനമന്ത്രിയുടെ കാര്യശേഷിയും സാമര്‍ഥ്യവും ദൃശ്യമാണ്. അതേസമയം, ഈ കാര്യക്ഷമതക്ക് ഒരു മറുഭാഗമുണ്ട് -ഏകകക്ഷി സമഗ്രാധിപത്യത്തിന്‍േറതും ജനായത്തവിരുദ്ധ അധികാര കേന്ദ്രീകരണത്തിന്‍േറതുമായ വശം. നേതൃശേഷി കുറഞ്ഞ പ്രധാനമന്ത്രിമാര്‍ക്കു കീഴില്‍ വിമര്‍ശവിധേയമായെങ്കിലും സഖ്യകക്ഷി ഭരണരീതിക്ക് ജനാധിപത്യ പ്രാതിനിധ്യ നീതിയുടേതായ നല്ല ഒരു മുഖമുണ്ട്. ഇന്ത്യാ മഹാരാജ്യത്തിന്‍െറ ശക്തിയായ ബഹുസ്വരതയും വൈവിധ്യവും പ്രതിഫലിപ്പിക്കാനും ജനായത്തത്തെ അര്‍ഥവത്താക്കാനും ആ രീതിക്ക് കഴിയും. ഏകകക്ഷി ഭരണത്തിലായാല്‍പോലും പ്രതിപക്ഷത്തിന്‍െറ സാന്നിധ്യവും പാര്‍ലമെന്‍റിലെ കൂട്ടായ ചര്‍ച്ചകളുടെയും സമവായ തീരുമാനങ്ങളുടെയും ശൈലിയും ജനാധിപത്യ സംസ്കൃതിയെ സമ്പന്നമാക്കിവന്നിട്ടുണ്ട്. നരേന്ദ്ര മോദിക്കു കീഴില്‍ ബഹുകക്ഷി ഭരണത്തിന്‍െറ പ്രയോജനം പോയിട്ട് കാബിനറ്റ്-പാര്‍ലമെന്‍ററി-ഫെഡറല്‍ സമ്പ്രദായത്തിന്‍െറ ഗുണംപോലും കാര്യക്ഷമതയുടെ ചെലവില്‍ കുറയുമെന്ന സൂചനയാണ് വരുന്നത്. മന്ത്രിസഭാ വികസനം ഭരണ നിര്‍വഹണ രംഗത്ത് കാര്യക്ഷമത കൂട്ടുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല. എന്നാല്‍, രാഷ്ട്രീയ ലക്ഷ്യങ്ങളോടെയുള്ള പ്രീണനങ്ങളും കൂറുമാറ്റത്തിനുള്ള പ്രോത്സാഹനവുമടക്കം ബി.ജെ.പി എതിര്‍ത്തുവന്നിരുന്ന പലതും ഇതില്‍ ദൃശ്യമാണ്. ഒപ്പം, ഏകാധിപത്യ-സമഗ്രാധിപത്യ ശൈലിയുടെ കൂടുതല്‍ ലക്ഷണങ്ങളും.
 

ഇംഗ്ളീഷ് പ്രീമിയര്‍ ലീഗ്: ആഴ്സനലിന് തോല്‍വി

Posted: 10 Nov 2014 11:17 AM PST

Image: 
Subtitle: 
ലീഗില്‍ ആഴ്സനലിന്‍െറ തുടര്‍ച്ചയായ രണ്ടാം തോല്‍വിയാണിത്

സ്വാന്‍സി: ഇംഗ്ളീഷ് പ്രീമിയര്‍ ലീഗ് എവേ മത്സരത്തില്‍ സ്വാന്‍സി സിറ്റിക്കെതിരെ ആഴ്സനലിന് 2-1ന്‍െറ തോല്‍വി. ഒരു ഗോളിന് പിന്നിട്ടു നിന്ന ശേഷം അവസാന ഘട്ടത്തില്‍ ഉജ്ജ്വലമായി തിരിച്ചത്തെി തുടരെ രണ്ടുഗോളുകള്‍ അടിച്ചാണ് സ്വാന്‍സി, ആഴ്സനലിനെ  വീഴ്ത്തിയത്.
ഗോള്‍രഹിതമായ ആദ്യപകുതിക്ക് ശേഷം അലക്സിസ് സാഞ്ചസ് 63ാം മിനിറ്റില്‍ ആഴ്സനലിനെ മുന്നിലത്തെിച്ചു. എന്നാല്‍,  വര്‍ധിത വീര്യത്തോടെ തിരിച്ചടിച്ച സ്വാന്‍സി നാല് മിനിറ്റിനിടെ രണ്ടുഗോളുകള്‍ നേടി അവിശ്വസനീയമാം വിധം മത്സരം സ്വന്തമാക്കി.

ഗില്‍ഫി സിഗുര്‍ഡ്സന്‍ (75), ബഫറ്റിംബി ഗൊമിസ് (78) എന്നിവരായിരുന്നു സ്വാന്‍സി ടീമിന്‍െറ സ്കോറര്‍മാര്‍. 11 കളികളില്‍നിന്ന് 17 പോയന്‍റുള്ള ആഴ്സനല്‍ പട്ടികയില്‍ ആറാം സ്ഥാനത്താണ്. ജയത്തോടെ ഒരു പോയന്‍റ് വ്യത്യാസത്തില്‍ (18) സ്വാന്‍സി ആഴ്സനലിന് മുന്നില്‍ അഞ്ചാം സ്ഥാനത്തത്തെുകയും ചെയ്തു. ലീഗില്‍ ആഴ്സനലിന്‍െറ തുടര്‍ച്ചയായ രണ്ടാം തോല്‍വിയാണിത്.

അലക്സിസ് സാഞ്ചസും ഡാനി വെല്‍ബെക്കും അടങ്ങുന്ന മുന്നേറ്റ നിരയുടെ കരുത്തില്‍ തുടക്കത്തില്‍ ആഴ്സനലിനുതന്നെയായിരുന്നു സ്വാന്‍സിക്കെതിരായ മത്സരത്തില്‍ മേധാവിത്വം. എന്നാല്‍, മികച്ച അവസരങ്ങള്‍ ലഭിച്ചിട്ടും പന്ത് വലയിലത്തെിക്കാന്‍ അവര്‍ക്ക് കഴിയാതെപോയതോടെ ആദ്യപകുതി ഗോള്‍രഹിതമായി. രണ്ടാം പകുതിയില്‍ കൂടുതല്‍ ഒത്തിണക്കം കാട്ടിയ ആഴ്സനല്‍ ആദ്യഗോള്‍ നേടി. വെല്‍ബെക്കുമായി ചേര്‍ന്നുള്ള മുന്നേറ്റത്തില്‍ സാഞ്ചസ് പന്ത് അനായാസം വലയിലത്തെിച്ചാണ് ടീമിന് മുന്‍തൂക്കം നല്‍കിയത്. എന്നാല്‍, മികച്ച പ്രത്യാക്രമണം പുറത്തെടുത്ത് തിരിച്ചടിച്ചു തുടങ്ങിയ സ്വാന്‍സി സിറ്റിക്ക് വേണ്ടി സിഗുര്‍ഡ്സമന്‍ ഗോള്‍ നേടിയതോടെ കളിയുടെ ഗതി മാറി. വൈകാതെ ഗൊമിസിലൂടെ അവര്‍ വിജയഗോള്‍ സ്കോര്‍ ചെയ്യുകയും ചെയ്തു.

മറ്റു മത്സരങ്ങളില്‍ എവര്‍ട്ടന്‍ (1-1) സണ്ടര്‍ലന്‍ഡിനോട് സമനിലയില്‍ പിരിഞ്ഞു. സ്റ്റോക് സിറ്റി 2-1ന് ടോട്ടന്‍ഹാമിനെയും ന്യൂകാസില്‍ യുനൈറ്റഡ് 0-2ന് വെസ്റ്റ് ബ്രോംവിച്ചിനെയും പരാജയപ്പെടുത്തി.

No comments:

Post a Comment

english malayalam dictionary

വിരുന്നുകാര്...

poomottu

Dsgd: by ASLAM PADINHARAYIL

Back to TOP