സ്വാഗതം
WELCOME

News Update..

Sunday, July 6, 2014

വിലക്കയറ്റം രൂക്ഷം; പക്ഷേ ത്രിവേണിയും നന്മയും കാലി Madhyamam News Feeds

വിലക്കയറ്റം രൂക്ഷം; പക്ഷേ ത്രിവേണിയും നന്മയും കാലി Madhyamam News Feeds

Link to

വിലക്കയറ്റം രൂക്ഷം; പക്ഷേ ത്രിവേണിയും നന്മയും കാലി

Posted: 06 Jul 2014 12:28 AM PDT

വള്ളക്കടവ്: പൊതുവിപണിയില്‍ ദിനംപ്രതി അവശ്യസാധനങ്ങളുടെ വില വര്‍ധിക്കുമ്പോഴും കണ്‍സ്യൂമര്‍ഫെഡിന്‍െറ ത്രിവേണി, നന്മ ഔ്ലെറ്റുകളില്‍ അവശ്യസാധനങ്ങളില്ലാതെ ജനം ബുദ്ധിമുട്ടുന്നു. വിലക്കയറ്റം പിടിച്ചുനിര്‍ത്തുന്നതിനുവേണ്ടിയാണ് സഹകരണവകുപ്പിനുകീഴില്‍ കണ്‍സ്യൂമര്‍ഫെഡ് രൂപവത്കരിച്ചതും ഔ്ലെറ്റുകള്‍ തുടങ്ങിയതും.
നോമ്പുകാലത്ത് ഔ്ലെറ്റുകളില്‍നിന്ന് കുറഞ്ഞ വിലയ്ക്ക് സാധനങ്ങള്‍ വാങ്ങാമെന്ന് പ്രതീക്ഷിച്ചിരുന്നവര്‍ ഇപ്പോള്‍ പൊതുവിപണിയില്‍നിന്ന് ഇരട്ടി വില കൊടുത്ത് വാങ്ങേണ്ട അവസ്ഥയാണ്. ട്രെയിന്‍ നിരക്ക് വര്‍ധിച്ച സാഹചര്യത്തില്‍ അവശ്യസാധനങ്ങളുടെ വില ഇനിയും പൊതുവിപണിയില്‍ ഉയരും. ഇത് മുന്നില്‍ കണ്ട് സിവില്‍ സപൈ്ളസ് കോര്‍പറേഷന്‍ വഴിയും കണ്‍സ്യൂമര്‍ഫെഡ് വഴിയും കുറഞ്ഞ നിരക്കില്‍ അവശ്യസാധനങ്ങള്‍ വിതരണംചെയ്യാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. സിവില്‍ സപൈ്ളസ് കോര്‍പറേഷന്‍ പൂര്‍ണമായും ഇക്കാര്യത്തില്‍ പരാജയപ്പെട്ടതിന് തൊട്ടുപിറകെയാണ് കണ്‍സ്യൂമര്‍ഫെഡും വിപണിയില്‍ ഇടപെടാനാകാത്ത സ്ഥിതിയിലെത്തിയത്. എന്നാല്‍, വിതരണക്കാര്‍ സാധനങ്ങള്‍ എത്തിക്കാത്തതിനെതുടര്‍ന്നാണ് കണ്‍സ്യൂമര്‍ഫെഡില്‍ അവശ്യസാധനങ്ങള്‍ക്ക് ക്ഷാമം വന്നതെന്നാണ് ഔദ്യാഗിക വിശദീകരണം.
സര്‍ക്കാര്‍ നല്‍കാനുള്ള 400 കോടി രൂപ നല്‍കാത്തതിനെതുടര്‍ന്നാണ് വിതരണക്കാരുടെ കുടിശ്ശിക വിതരണംചെയ്യാന്‍ കഴിയാത്തതെന്നും വിശദീകരണമുണ്ട്. എന്നാല്‍, ഇതിനിടയില്‍ ലഭിച്ച 25 കോടി എന്ത് ചെയ്തുവെന്ന് വ്യക്തമാക്കാന്‍ കണ്‍സ്യൂമര്‍ഫെഡ് അധികൃതര്‍ തയാറാകുന്നില്ല. ഇതിനുപുറമെ കടമെടുത്തവകയില്‍ സംസ്ഥാന സഹകരണബാങ്കിന് പലിശയടക്കം 180 കോടി രൂപ നല്‍കാനുമുണ്ട്. 200 ലധികം ത്രിവേണി സ്റ്റോറുകളും 140 മൊബൈല്‍ ത്രിവേണി യൂനിറ്റുകളും കണ്‍സ്യൂമര്‍ഫെഡിനുണ്ട്. ലക്ഷക്കണക്കിന് രൂപയുടെ സാധനങ്ങള്‍ വിറ്റിരുന്ന സ്ഥാപനങ്ങളില്‍ അവശ്യസാധനങ്ങളില്ലാത്തതുമൂലം ആയിരങ്ങള്‍ മാത്രമാണ് ഇപ്പോള്‍ വിറ്റുവരവ്.
87 ത്രിവേണി സ്റ്റോറുകളും 869 നന്മ സ്റ്റോറുകളുമാണ് മൂന്നുവര്‍ഷത്തിനിടയില്‍ തുറന്നത്. ഇവിടങ്ങളില്‍ അധികമായി നിയമിച്ച ജീവനക്കാരുടെ ശമ്പളമടക്കമുള്ള ആനുകൂല്യങ്ങളും കണ്‍സ്യൂമര്‍ഫെഡിന് ബാധ്യതയായി മാറുന്ന അവസ്ഥയാണ്. കണ്‍സ്യൂമര്‍ഫെഡ് അവശ്യസാധനങ്ങള്‍ നല്‍കാതെ ജനത്തെ വലയ്ക്കുമ്പോള്‍ ഹോര്‍ട്ടികോര്‍പ് ഇതിന് വിപരീതമായാണ് ജനത്തെ കൊള്ളയടിക്കുന്നത്. പച്ചക്കറി മൊത്തവിപണിയെക്കാള്‍ വില കുറച്ച് വില്‍ക്കുമെന്ന് പ്രചാരണം അഴിച്ചുവിട്ട് ഒട്ടുമിക്ക ഇനങ്ങള്‍ക്കും ഇവിടെ വില കൂട്ടി വില്‍ക്കുകയാണ്. ഇതിനുപിന്നില്‍ കരാര്‍- ഉദ്യോഗസ്ഥലോബിയുടെ ഒത്തുകളിയുണ്ടെന്ന ആക്ഷേപം ശക്തമാണ്.
പച്ചക്കറിക്ക് ദിനംപ്രതി വില കൂടിയും കുറഞ്ഞും നില്‍ക്കുന്നതിനാല്‍ ജനത്തിന് വ്യക്തമായ വിലവിവരം അറിയാന്‍ കഴിയാത്ത സാഹചര്യവും ഇവര്‍ പരമാവധി മുതലാക്കുന്നു. കര്‍ഷകരില്‍നിന്ന് പേരിനുമാത്രം ഉല്‍പന്നങ്ങള്‍ വാങ്ങിയശേഷം മൊത്ത കച്ചവടക്കാരില്‍നിന്ന് രണ്ടാംകിട ഉല്‍പന്നങ്ങള്‍ വാങ്ങി അമിതവിലയ്ക്ക് വില്‍ക്കുകയാണ് ഹോര്‍ട്ടികോര്‍പ് എന്നും ആരോപണമുണ്ട്.

മേയര്‍ക്കെതിരെ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍; വിജിലന്‍സ് അന്വേഷിക്കണമെന്ന് പ്രതിപക്ഷം

Posted: 06 Jul 2014 12:13 AM PDT

തൃശൂര്‍: ശക്തന്‍ തമ്പുരാന്‍ ബസ് സ്റ്റാന്‍ഡിലെ ക്ളോക്ക് റൂം കടമുറികളാക്കിയ സംഭവത്തില്‍ കൗണ്‍സില്‍ യോഗത്തില്‍ മേയര്‍ക്കെതിരെയും ആക്ഷേപം. സംഭവത്തില്‍ വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷാംഗങ്ങള്‍ നടുത്തളത്തില്‍ കുത്തിയിരുന്നു. കോര്‍പറേഷന്‍ ജനവിരുദ്ധ നിലപാട് സ്വീകരിക്കുന്നതായി ആരോപിച്ച് ബി.ജെ.പി അംഗങ്ങളും നടുത്തളത്തില്‍ കുത്തിയിരുന്നു. ശനിയാഴ്ച രണ്ടര മണിക്കൂര്‍ നീണ്ട ചര്‍ച്ചയിലാണ് ക്ളോക്ക് റൂം കടമുറികളാക്കിയ വിവാദസംഭവത്തില്‍ മേയര്‍ രാജന്‍ ജെ. പല്ലനെ പ്രതിക്കൂട്ടിലാക്കിയ വിമര്‍ശമുയര്‍ന്നത്. സംഭവത്തില്‍ അഴിമതിയാരോപണം നേരിട്ട നഗരാസൂത്രണ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ഡേവിസിലാസാണ് മേയറെ പ്രതിക്കൂട്ടിലാക്കിയത്. വിവാദ വിഷയത്തില്‍ ഭരണ -പ്രതിപക്ഷ അംഗങ്ങള്‍ പരസ്പരം പഴിചാരി തര്‍ക്കിച്ചു. കൗണ്‍സില്‍ ആരംഭിച്ച ഉടന്‍ പ്രതിപക്ഷത്തെ അഡ്വ. എം.പി. ശ്രീനിവാസനാണ് ക്ളോക്ക് റൂം വിവാദത്തില്‍ വിജിലന്‍സ് അന്വേഷണത്തിന് പ്രതിപക്ഷം കത്ത് നല്‍കിയത് ചൂണ്ടിക്കാട്ടി അന്വേഷണം ആവശ്യപ്പെട്ടത്. പ്രതിപക്ഷാംഗങ്ങളായ സാറാമ്മ റോബ്സണും ജോണ്‍ കാഞ്ഞിരത്തിങ്കലും ഇത് ഏറ്റുപിടിച്ചു. ഭരണപക്ഷത്തുനിന്ന് ചര്‍ച്ചയില്‍ പങ്കെടുത്ത മുന്‍ മേയര്‍ ഐ.പി. പോളും സി.എസ്. ശ്രീനിവാസനും സിദ്ധാര്‍ഥനും മുകേഷ് കുളപ്പറമ്പിലും സന്തോഷും നാന്‍സി അക്കരപറ്റിയും ക്ളോക്ക് റൂം വിഷയത്തില്‍ അഴിമതിയില്ലെന്നും വിജിലന്‍സ് അന്വേഷണം ആവശ്യമില്ലെന്നും ആവര്‍ത്തിച്ചു. കൗണ്‍സിലര്‍മാരെ അഴിമതിക്കാരായി ചിത്രീകരിച്ച് ജനങ്ങള്‍ക്കിടയില്‍ അവമതിപ്പുണ്ടാക്കുന്ന വിധം വ്യാപക പ്രചാരണത്തിന് ഇടവന്നതായി കൗണ്‍സിലര്‍മാര്‍ കുറ്റപ്പെടുത്തി. സര്‍വീസ് കാലത്ത് ഒരു ആരോപണവും നേരിട്ടിട്ടില്ലാത്ത ഉദ്യോഗസ്ഥനെതിരെ നടപടിയെടുത്തത് പ്രതിഷേധാര്‍ഹമാണെന്ന് സിദ്ധാര്‍ഥന്‍ പറഞ്ഞു. ഇക്കാര്യത്തില്‍ മേയര്‍ നിലപാട് വ്യക്തമാക്കണമെന്ന് കൗണ്‍സിലര്‍മാര്‍ ആവശ്യപ്പെട്ടു. വ്യവസ്ഥ ലംഘിച്ച് കരാറുകാരന്‍ അവിടെ നിര്‍മാണ പ്രവൃത്തി നടത്തിയെന്നും ഇയാളുടെ കരാര്‍ റദ്ദാക്കണമെന്നും സി.എസ്. ശ്രീനിവാസന്‍ പറഞ്ഞു.
ചര്‍ച്ചക്ക് മറുപടി പറഞ്ഞ നഗരാസൂത്രണ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ഡേവിസിലാസ് പക്ഷേ, തുറന്നടിച്ചു. വിവാദമായ ക്ളോക്ക് റൂം താന്‍ ഇതുവരെ കണ്ടിട്ടില്ലെന്ന് പറഞ്ഞ ഡേവിസിലാസ് താന്‍ അഴിമതിക്കാരനാണെന്ന് വരുംവിധത്തില്‍ മേയര്‍, താന്‍ പൂട്ടിയ ക്ളോക്ക് റൂം തുറന്നു കൊടുത്തുവെന്ന ആക്ഷേപമുന്നയിക്കുകയായിരുന്നുവെന്ന് തുറന്നടിച്ചു. മേയറല്ല ക്ളോക്ക് റൂം പൂട്ടിയതെന്നും ആര്‍.ഒ ആണെന്നും ചെയര്‍മാന്‍ വ്യക്തമാക്കി. ക്ളോക്ക് റൂമില്‍ വെച്ചിരുന്ന സാധനങ്ങള്‍ എടുക്കാന്‍ ആളുകളെത്തിയപ്പോള്‍ എടുത്തു കൊടുക്കാനാണ് അനുമതി നല്‍കിയത്. സംഭവത്തില്‍ നിരപരാധിയായ റവന്യൂ ഓഫിസര്‍ക്കെതിരെ നടപടിയെടുത്ത മേയറുടെ നടപടിയെയും അദ്ദേഹം കുറ്റപ്പെടുത്തി. ക്ളോക്ക് റൂം സംബന്ധിച്ച ഫയല്‍ മേയര്‍ പിടിച്ചുവെച്ചുവെന്നും താനോ, കമ്മിറ്റിയോ ഇത് കണ്ടിട്ടില്ലെന്നും അദ്ദേഹം ആരോപിച്ചു. പ്രതിപക്ഷവും കൗണ്‍സിലര്‍മാരും അഴിമതിയാരോപണമുന്നയിച്ചപ്പോഴും തനിക്ക് ഒന്നും തോന്നിയില്ലെന്നും മേയറുടെ നിലപാട് വേദനിപ്പിച്ചുവെന്നും ഡേവിസിലാസ് വ്യക്തമാക്കി.
ഡേവിസിലാസിന്‍െറ മറുപടിക്ക് ശേഷം, സുതാര്യമായ നടപടികള്‍ മാത്രമെ തന്‍െറ ഭരണകാലത്ത് നടത്തൂവെന്നും അനധികൃത പ്രവൃത്തികള്‍ അംഗീകരിക്കില്ലെന്നും മേയര്‍ പറഞ്ഞു. ക്ളോക്ക് റൂം തുറന്നുകൊടുത്തതില്‍ ആര്‍.ഒയാണ് കുറ്റക്കാരനെന്ന് തന്‍െറ അന്വേഷണത്തില്‍ അറിവായെന്നും ആര്‍.ഒ സമ്മതിച്ചുവെന്നും അതുകൊണ്ടാണ് നടപടിയെടുത്തതെന്നും മേയര്‍ വ്യക്തമാക്കി.
റോഡുകളുടെ സെന്‍റര്‍ മീഡിയനുകളില്‍ പരസ്യബോര്‍ഡ് സ്ഥാപിക്കുന്നതിന് നഗരാസൂത്രണ വിഭാഗം അനുമതി നല്‍കിയിട്ടുണ്ടെന്നും മേയര്‍ അറിയിച്ചു. പാട്ടുരായ്ക്കലിലെ ട്രാഫിക് പരിഷ്കാരത്തില്‍ കോര്‍പറേഷനെ നോക്കുകുത്തിയാക്കിയ പൊലീസ് നടപടിയും വിമര്‍ശിക്കപ്പെട്ടു. ഇത്തരം നടപടികള്‍ക്ക് അനുമതി നല്‍കരുതെന്ന് കൗണ്‍സില്‍ അംഗങ്ങള്‍ ആവശ്യപ്പെട്ടു. കുരിയച്ചിറയിലെ അറവുശാലയില്‍ കരാറുകാരന്‍ അനധികൃത ഫീസ് വാങ്ങുന്നെന്ന ആരോപണവും നഗരത്തിലെ വെള്ളക്കെട്ട്, മാലിന്യം, പാലസ് റോഡില്‍ പൈപ് പൊട്ടി വെള്ളം പാഴാകല്‍ തുടിങ്ങിയ വിഷയങ്ങളിലും ചര്‍ച്ച നടന്നു.
ജാതി സെന്‍സസ് സ്ഥിതിവിവര ശേഖരണത്തിനായി നല്‍കിയ ഫോറത്തില്‍ അവ്യക്തത ഉണ്ടെന്നും വിവരശേഖരണത്തിന് തടസ്സമുണ്ടെന്നും പോരായ്മ പരിഹരിക്കാന്‍ നടപടി എടുക്കണമെന്നും അഡ്വ. മുകുന്ദന്‍ ആക്ഷേപമുന്നയിച്ചു. കൗണ്‍സിലര്‍മാരായ കെ. രാമനാഥന്‍, ലാലി ജയിംസ്, ഫ്രാന്‍സീസ് ചാലിശേരി, അഡ്വ. എം.പി. ശ്രീനിവാസന്‍, സി.എസ്. ശ്രീനിവാസന്‍, എം.എല്‍. റോസി എന്നിവരും വിഷയം ഉന്നയിച്ചതോടെ ഇതുസംബന്ധിച്ച കൗണ്‍സിലിന്‍െറ വികാരം സര്‍ക്കാറിനെ അറിയിക്കാമെന്ന് മേയര്‍ അറിയിച്ചു. ബി.പി.എല്‍ കാര്‍ഡ് സംബന്ധിച്ച് റേഷന്‍ കടയുടമകള്‍ ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നുണ്ടെന്ന ആക്ഷേപവും സര്‍ക്കാറിനെ അറിയിക്കുമെന്നും മേയര്‍ വ്യക്തമാക്കി.

എയിംസിന് മുളിയാര്‍ അനുയോജ്യം

Posted: 06 Jul 2014 12:05 AM PDT

കാസര്‍കോട്: കേന്ദ്രസര്‍ക്കാര്‍ കേരളത്തിന് അനുവദിക്കുന്ന ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് (എയിംസ്) സ്ഥാപനം കാസര്‍കോട് ജില്ലക്ക് അനുവദിക്കണമെന്നും അത് സ്ഥാപിക്കാന്‍ മുളിയാര്‍ പഞ്ചായത്ത് അനുയോജ്യമായ പ്രദേശമാണെന്നും താലൂക്ക് വികസന സമിതി യോഗം അഭിപ്രായപ്പെട്ടു.
ഇതിനായി മുളിയാറില്‍ പ്ളാന്‍േറഷന്‍ കോര്‍പറേഷന്‍െറ അധീനതയിലുള്ള നൂറുകണക്കിന് ഏക്കര്‍ സ്ഥലം പ്രയോജനപ്പെടുത്താം. കൂടാതെ സ്ഥാപനത്തിനാവശ്യമായ വെള്ളം പയസ്വിനി പുഴയില്‍നിന്നും ലഭ്യമാക്കാനും കഴിയും. കാസര്‍കോട് മുനിസിപ്പാലിറ്റി ഉള്‍പ്പെടെ സമീപ പഞ്ചായത്തുകള്‍ക്കെല്ലാം കുടിവെള്ളം ലഭ്യമാക്കുന്ന മുളിയാര്‍ എന്‍ഡോസള്‍ഫാന്‍ ബാധിതരുടെ പ്രദേശം കൂടിയാണ്. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലാ പഞ്ചായത്ത് അംഗം ഫരീദ സക്കീര്‍ അധ്യക്ഷത വഹിച്ചു. 10 രോഗികളെ മാത്രം കിടത്തി ചികിത്സിച്ചുകൊണ്ടിരുന്ന കാസര്‍കോട് അണങ്കൂറിലെ താലൂക്ക് ആയുര്‍വേദ ആശുപത്രിയില്‍ 30 പേരെ കിടത്തി ചികിത്സിക്കാനുള്ള സൗകര്യം സര്‍ക്കാര്‍ അനുവദിച്ചെങ്കിലും ഡോക്ടര്‍മാര്‍, നഴ്സുമാര്‍, മറ്റ് സ്റ്റാഫ് അംഗങ്ങളുടെ എണ്ണം വര്‍ധിപ്പിച്ചിട്ടില്ല. ഇതുമൂലം ഗുണഫലം ജനങ്ങള്‍ക്ക് ലഭിക്കുന്നില്ലെന്ന് യോഗത്തില്‍ പരാതിയുയര്‍ന്നു. ആശുപത്രിക്ക് ആവശ്യമായ സ്റ്റാഫിനെ നിയമിക്കണമെന്ന് യോഗം സര്‍ക്കാറിനോട് അഭ്യര്‍ഥിച്ചു.
മധൂര്‍ പഞ്ചായത്തില്‍ അഞ്ച് അങ്കണവാടി കെട്ടിടങ്ങള്‍ക്ക് ആവശ്യമായ സര്‍ക്കാര്‍ ഭൂമി അനുവദിക്കുന്ന നടപടി ഉടന്‍ ത്വരിതപ്പെടുത്തുമെന്ന് തഹസില്‍ദാര്‍ അറിയിച്ചു. 2012 മുതല്‍ സ്ഥലം അനുവദിക്കണമെന്ന് പഞ്ചായത്ത് പ്രസിഡന്‍റ് നിരന്തരം ആവശ്യപ്പെട്ടിട്ടും അനുവദിച്ചില്ലെന്ന പരാതി യോഗത്തില്‍ അവതരിപ്പിച്ചു. മധൂര്‍ പഞ്ചായത്തിലെ കൊറഗ വിഭാഗക്കാര്‍ക്കും സ്ഥലം അനുവദിക്കണമെന്ന് യോഗം അധികൃതര്‍ക്ക് നിര്‍ദേശം നല്‍കി. കുറ്റിക്കോല്‍ ഐ.സി.ഡി.എസ് ഓഫിസ് നിര്‍മാണത്തിന് ആവശ്യമായ ഭൂമിയും ലഭ്യമാക്കണം.
മധൂര്‍ പഞ്ചായത്തിലെ മന്നിപ്പാടിയില്‍ 200 മീറ്റര്‍ നീളത്തില്‍ പൊട്ടിപ്പൊളിഞ്ഞ റോഡും ഉളിയത്തടുക്കയില്‍ തകര്‍ന്ന സര്‍ക്കിളും കോണ്‍ക്രീറ്റ് ചെയ്യണമെന്ന് പൊതുമരാമത്ത് അധികൃതരോട് യോഗം ആവശ്യപ്പെട്ടു. മന്നിപ്പാടിയില്‍ 300 മീറ്റര്‍ കോണ്‍ക്രീറ്റ് ചെയ്യാന്‍ നേരത്തെ ആവശ്യപ്പെട്ടിരുന്നുവെങ്കിലും 100 മീറ്റര്‍ മാത്രം കോണ്‍ക്രീറ്റ് ചെയ്യുകയായിരുന്നു. മുളിയാര്‍ പഞ്ചായത്തില്‍ ബസ്സ്റ്റാന്‍ഡ് നിര്‍മിക്കാന്‍ സര്‍ക്കാര്‍ സ്ഥലം കണ്ടെത്തി ലഭ്യമാക്കണം. കാസര്‍കോട് നഗരത്തില്‍ ചില ഹോട്ടലുകളില്‍ ഭക്ഷ്യവസ്തുക്കള്‍ക്ക് അമിത വില ഈടാക്കുന്നത് തടയാന്‍ നടപടി സ്വീകരിക്കണം. നിയമാനുസൃതം കെട്ടിട നിര്‍മാണം തുടങ്ങിയ മറ്റു പ്രവൃത്തികള്‍ നടക്കുമ്പോള്‍ ചിലര്‍ ഉദ്യോഗസ്ഥര്‍ക്ക് വ്യാജ പരാതി നല്‍കി ബുദ്ധിമുട്ടിക്കുന്നതായും പരാതി നല്‍കുന്നവര്‍ ഫോണ്‍ നമ്പര്‍ കൂടി രേഖപ്പെടുത്തി നല്‍കണമെന്ന നിര്‍ദേശം കര്‍ശനമാക്കണമെന്നും യോഗത്തില്‍ ആവശ്യമുയര്‍ന്നു. പെരുമ്പള പാലം വഴിയുള്ള കെ.എസ്.ആര്‍.ടി.സി ബസുകള്‍ ട്രിപ് മുടക്കുകയും സമയം തെറ്റി സര്‍വീസ് നടത്തുകയും ചെയ്യുന്നത് സംബന്ധിച്ച് കെ.എസ്.ആര്‍.ടി.സി അധികൃതര്‍ നടപടിയെടുക്കും. ചെങ്കള, മൊഗ്രാല്‍പുത്തൂര്‍ പഞ്ചായത്തുകളിലുള്ള അനധികൃത അറവുശാലകള്‍ക്കെതിരെ നോട്ടീസ് നല്‍കിയതായി അധികൃതര്‍ യോഗത്തില്‍ അറിയിച്ചു. രാത്രിസമയങ്ങളില്‍ അപ്രഖ്യാപിത ലോഡ്ഷെഡിങ് ഒഴിവാക്കണമെന്നും യോഗം നിര്‍ദേശിച്ചു. ജില്ലയിലെ എട്ട് സ്വകാര്യ ആശുപത്രികളില്‍ നഴ്സുമാര്‍ക്ക് നിയമാനുസൃതമായി ശമ്പളം നല്‍കിവരുന്നതായി ലേബര്‍ വകുപ്പ് അധികൃതര്‍ അറിയിച്ചു. ആശുപത്രികളില്‍ സ്ക്വാഡ് പരിശോധന നടത്തിയിട്ടുണ്ട്. പുതുതായി പരാതികള്‍ ലഭിച്ചാല്‍ സ്ക്വാഡ് പരിശോധിക്കും.
യോഗത്തില്‍ തഹസില്‍ദാര്‍ കെ. ശിവകുമാര്‍, ബ്ളോക് പഞ്ചായത്ത് പ്രസിഡന്‍റ് ബി.എം. പ്രദീപ്, ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റുമാരായ സി.ബി. അബ്ദുല്ല ഹാജി (ചെങ്കള), മാധവ മാസ്റ്റര്‍ (മധൂര്‍), പി.എച്ച്. റംല (കുമ്പള), രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ എം. കുഞ്ഞമ്പു നമ്പ്യാര്‍, ഇ.കെ. നായര്‍, നാഷനല്‍ അബ്ദുല്ല, ഷാഫി പുളിക്കൂര്‍, എം.എസ്. മുഹമ്മദ്കുഞ്ഞി, വിവിധ താലൂക്ക്തല ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.

മഅ്ദനിക്ക് ആരോഗ്യ പ്രശ്നങ്ങളില്ലെന്ന് കര്‍ണാടക സത്യവാങ്മൂലം

Posted: 06 Jul 2014 12:03 AM PDT

Image: 

ന്യൂഡല്‍ഹി: ബംഗളൂരുവിലെ പരപ്പന അഗ്രഹാര ജയിലില്‍ കഴിയുന്ന അബ്ദുനാസര്‍ മഅ്ദനിക്ക് ഗുരുതര ആരോഗ്യ പ്രശ്നങ്ങളില്ളെന്ന് കര്‍ണാടക സര്‍ക്കാര്‍. സുപ്രീംകോടതിയില്‍ നാളെ സമര്‍പ്പിക്കാനിരിക്കുന്ന സത്യവാങ്മൂലത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

ആവശ്യമായ എല്ലാ ചികിത്സയും മഅ്ദനിക്ക് കര്‍ണാടക സര്‍ക്കാര്‍ നല്‍കിയിട്ടുണ്ട്. ചികിത്സക്കായി സര്‍ക്കാര്‍ 4 ലക്ഷം രൂപ ചെലവാക്കി. ആരോഗ്യ പ്രശ്ങ്ങളുണ്ടെന്ന മഅ്ദനിയുടെ വാദം കളവാണെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു.

മഅ്ദനിയുടെ ജാമ്യാപേക്ഷ സുപ്രീംകോടതി നാളെ പരിഗണിക്കും.
 

തലശ്ശേരി, പയ്യന്നൂര്‍ ഗവ. കോളജുകള്‍ നാടിന് സമര്‍പ്പിച്ചു

Posted: 05 Jul 2014 11:46 PM PDT

തലശ്ശേരി\ ചെറുപുഴ: ഉത്സവാന്തരീക്ഷത്തില്‍ തലശ്ശേരി, പയ്യന്നൂര്‍ ഗവ. കോളജുകള്‍ നാടിന് സമര്‍പ്പിച്ചു. തലശ്ശേരി ഗവ. കോളജ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയാണ് നാടിന് സമര്‍പ്പിച്ചത്. ഇറാഖില്‍നിന്നുള്ള നഴ്സുമാരെ സ്വീകരിക്കുന്നതിന് മുഖ്യമന്ത്രി നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ ആയിരുന്നതിനാല്‍ ശനിയാഴ്ച രാവിലെ 11.25ന് ടെലഫോണ്‍ വഴിയാണ് ഉദ്ഘാടനം നിര്‍വഹിച്ചത്. കോടിയേരി ബാലകൃഷ്ണന്‍ എം.എല്‍.എയുടെ ആസ്തി വികസന ഫണ്ടില്‍നിന്ന് അഞ്ച് കോടി രൂപ കെട്ടിട നിര്‍മാണത്തിന് നീക്കിവെച്ചിട്ടുണ്ട്. 10 കോടി വേണമെന്ന് എം.എല്‍.എ ആവശ്യപ്പെട്ടിരുന്നു. ആവശ്യമായ തുക ധനമന്ത്രിയുമായി ആലോചിച്ച് അനുവദിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.കോടിയേരി ബാലകൃഷ്ണന്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. കോളജ് കെട്ടിടത്തിന്‍െറ ശിലാസ്ഥാപനം വിദ്യാഭ്യാസമന്ത്രി പി.കെ. അബ്ദുറബ്ബ് നിര്‍വഹിച്ചു. വെബ്സൈറ്റ് ഉദ്ഘാടനം കൃഷിമന്ത്രി കെ.പി. മോഹനന്‍ നിര്‍വഹിച്ചു.
കമ്പ്യൂട്ടര്‍ ലാബ് ഉദ്ഘാടനം മുല്ലപ്പള്ളി രാമചന്ദ്രന്‍ എം.പിയും ലോഗോ പ്രകാശനം ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് പ്രഫ. കെ.എ. സരളയും നിര്‍വഹിച്ചു. കോളജ് വിദ്യഭ്യാസ ഡയറക്ടര്‍ നന്ദകുമാര്‍ മുഖ്യപ്രഭാഷണം നടത്തി. കോളജ് കമ്മിറ്റി കണ്‍വീനര്‍ വി.എ. മുകുന്ദന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. തലശ്ശേരി നഗരസഭാ ചെയര്‍പേഴ്സന്‍ ആമിന മാളിയേക്കല്‍, തലശ്ശേരി ബ്ളോക് പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് മുകുന്ദന്‍ മഠത്തില്‍, പാനൂര്‍ ബ്ളോക് പഞ്ചായത്ത് പ്രസിഡന്‍റ് കെ.പി. വസന്തകുമാരി, പഞ്ചായത്ത് പ്രസിഡന്‍റുമാരായ കെ.പി. ഷമീമ, ടി. ഹരിദാസന്‍, കെ.വി. പവിത്രന്‍, പി. ശ്രീജ, എ.കെ. രമ്യ, ജില്ലാ പഞ്ചായത്തംഗം ഹമീദ് കരിയാട്, വിവിധ രാഷട്രീയകക്ഷി പ്രതിനിധികള്‍ എന്നിവര്‍ സംസാരിച്ചു. കോളജ് സ്പെഷല്‍ ഓഫിസര്‍ ഡോ. പി.ജെ. വിന്‍സന്‍റ് സ്വാഗതവും കമ്മിറ്റി ട്രഷറര്‍ കെ.എം. പവിത്രന്‍ നന്ദിയും പറഞ്ഞു.
പയ്യന്നൂര്‍ ഗവ. ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളജ് പെരിങ്ങോം ഉമ്മറപ്പൊയിലില്‍ പ്രവര്‍ത്തനമാരംഭിച്ചു. കോളജിന്‍െറ ഔചാരിക ഉദ്ഘാടനം വിദ്യാഭ്യാസ മന്ത്രി പി.കെ. അബ്ദുറബ്ബ് നിര്‍വഹിച്ചു. സി. കൃഷ്ണന്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. കൊളീജിയറ്റ് എജുക്കേഷന്‍ ഡയറക്ടര്‍ എം. നന്ദകുമാര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. പയ്യന്നൂര്‍ നഗരസഭാ ചെയര്‍പേഴ്സന്‍ കെ.വി. ലളിത, പയ്യന്നൂര്‍ ബ്ളോക് പഞ്ചായത്ത് പ്രസിഡന്‍റ് പി.വി. ഗൗരി, ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റുമാരായ റോഷി ജോസ്, പി.വി. തമ്പാന്‍, പി. രവീന്ദ്രന്‍, കെ.ബി. ബാലകൃഷ്ണന്‍, ടി. പത്മാവതി, ഈശ്വരീ ബാലകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു. പി. കരുണാകരന്‍ എം.പിയുടെ സന്ദേശം സംഘാടക സമിതി കണ്‍വീനര്‍ എം.വി. കുഞ്ഞിരാമന്‍ വായിച്ചു. കോളജ് സ്പെഷല്‍ ഓഫിസര്‍ ഡോ. പി.പി. ജയകുമാര്‍ നന്ദി പറഞ്ഞു. കോളജ് കെട്ടിടം സ്ഥാപിക്കുന്നതിന് പെരിങ്ങോം റെസ്റ്റ് ഹൗസിന് സമീപം സ്ഥലം സൗജന്യമായി നല്‍കിയ പരേതനായ പണ്ടിച്ചന്‍ പുരയില്‍ കൃഷ്ണന്‍െറ കുടുംബാംഗങ്ങളെയും നിലവില്‍ കോളജ് പ്രവര്‍ത്തിക്കുന്നതിന് കെട്ടിടം സൗജന്യമായി നല്‍കിയ ഉമ്മറപ്പൊയിലിലെ കെ.എഫ്. വര്‍ഗീസിനെയും ചടങ്ങില്‍ ആദരിച്ചു.

അനര്‍ഹരെ ചൂണ്ടിക്കാണിച്ചാല്‍ ഉടന്‍ നടപടി

Posted: 05 Jul 2014 11:11 PM PDT

മലപ്പുറം: ബി.പി.എല്‍ കാര്‍ഡുള്ളവരുടെ പട്ടിക എല്ലാ റേഷന്‍ കടകളിലും പ്രസിദ്ധീകരിച്ചിട്ടുണ്ടെന്നും അനര്‍ഹരായവരെ ചൂണ്ടിക്കാണിച്ചാല്‍ ഉടന്‍ നടപടിയെടുക്കുമെന്നും ജില്ലാ സപൈ്ള ഓഫിസര്‍ കെ.എം. ജെയിംസ് അറിയിച്ചു. വില്ലേജ് ഓഫിസര്‍, റേഷനിങ് ഇന്‍സ്പെക്ടര്‍, ഐ.സി.ഡി.എസ് സൂപ്പര്‍വൈസര്‍ എന്നിവരടങ്ങുന്ന സമിതി എല്ലാ ആഴ്ചയും പട്ടിക പരിശോധിക്കുന്നുണ്ട്. ആഗസ്റ്റ് 31നകം അനര്‍ഹരെ ഒഴിവാക്കാനാണ് ലക്ഷ്യമിടുന്നത്. ഇതിന് മുന്നോടിയായി സര്‍ക്കാര്‍ ജീവനക്കാരുടെ കൈവശം ബി.പി.എല്‍ കാര്‍ഡില്ലെന്ന് ഉറപ്പാക്കി ജൂലൈ 10നകം റിപ്പോര്‍ട്ട് നല്‍കാന്‍ ജില്ലാ കലക്ടര്‍ ഓഫിസ് മേധാവികള്‍ക്ക് നിര്‍ദേശം നല്‍കി.
അതേസമയം, അര്‍ഹരായവര്‍ക്കെല്ലാം ബി.പി.എല്‍ കാര്‍ഡ് ലഭ്യമാക്കുന്നതിന്‍െറ ഭാഗമായി ജില്ലാതലത്തില്‍ അഭിപ്രായങ്ങള്‍ സ്വരൂപിച്ച് വിശദമായ പദ്ധതി സര്‍ക്കാറിന് സമര്‍പ്പിക്കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് സുഹ്റ മമ്പാട് അറിയിച്ചു. ഇതിനായി പ്രസിഡന്‍റിന്‍െറ അധ്യക്ഷതയില്‍ ജൂലൈ 29ന് പ്രത്യേക യോഗം ചേരും. ജില്ലാ കലക്ടര്‍ കെ. ബിജുവിന്‍െറ അധ്യക്ഷതയില്‍ കലക്ടറേറ്റില്‍ ചേര്‍ന്ന ഭക്ഷ്യോപദേശക സമിതി യോഗത്തിലാണ് തീരുമാനം. നിലവില്‍ റേഷന്‍ സാധനങ്ങള്‍ ലഭിക്കുന്നതിനപ്പുറം സാമൂഹിക സുരക്ഷാ പദ്ധതികളുടെ ആനുകൂല്യം ലഭിക്കുന്നതിനായാണ് കൂടുതല്‍ പേരും ബി.പി.എല്‍ കാര്‍ഡിനായി അപേക്ഷിക്കുന്നതെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. ഈ സാഹചര്യത്തില്‍ സാമൂഹിക സുരക്ഷാ പദ്ധതികളുടെ ആനുകൂല്യത്തിന് പ്രത്യേക കാര്‍ഡ് അനുവദിക്കുന്നതിനുള്ള നിര്‍ദേശങ്ങളുമുള്‍പ്പെടുത്തിയായിരിക്കും പദ്ധതി തയാറാക്കുക.
അനര്‍ഹരെ ഒഴിവാക്കിയാല്‍ കൂടുതല്‍ പേര്‍ക്ക് ബി.പി.എല്‍ കാര്‍ഡ് നല്‍കാമെന്ന് യോഗം അഭിപ്രായപ്പെട്ടു. അനര്‍ഹമായി ബി.പി.എല്‍ കാര്‍ഡ് കൈവശം വെക്കുന്ന അയല്‍ക്കാരെ ചൂണ്ടിക്കാണിക്കാന്‍ വൈമനസ്യം കാണിക്കുന്ന പ്രവണത കാരണമാണ് അനര്‍ഹമായ കാര്‍ഡുകള്‍ പലരും കൈവശം വെക്കുന്നത്. ഗ്രാമസഭകള്‍ പോലും വിഫലമാകുന്നത് ഈ പ്രവണത കാരണമാണ്. ഇത്തരക്കാരെ കണ്ടെത്തുന്നതില്‍ റേഷന്‍ വ്യാപാരികള്‍ക്ക് നിര്‍ണായക പങ്കുണ്ടെന്ന് യോഗം വിലയിരുത്തി. എന്നാല്‍, ഉദ്യോഗസ്ഥ സംഘം വീടുകള്‍ തോറും സന്ദര്‍ശിച്ച് നേരിട്ട് പരിശോധന നടത്തിയാല്‍ മാത്രമേ ഫലപ്രദമാവൂയെന്നും അഭിപ്രായമുണ്ടായി.
നിലവില്‍ കാര്‍ഡുടമയോട് സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടിട്ടുള്ള സത്യവാങ്മൂലം ഫലപ്രദമല്ലെന്നും അഭിപ്രായമുണ്ടായി. റേഷന്‍സാധനങ്ങളുടെ കേന്ദ്രവിഹിതം അപര്യാപ്തമായ സ്ഥിതിക്ക് പുതിയ മാനദണ്ഡങ്ങള്‍ നിലവില്‍ വരുമ്പോഴേക്കും അനര്‍ഹരെ ഒഴിവാക്കുന്ന നടപടി പൂര്‍ത്തിയാക്കാനും തീരുമാനിച്ചു.
കലക്ടറേറ്റ് സമ്മേളന ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ സബ് കലക്ടര്‍ അമിത് മീണ, ജില്ലാ സപൈ്ള ഓഫിസര്‍ കെ.എം. ജെയിംസ്, ഉപഭോക്തൃ സംരക്ഷണ സമിതി, ലീഗല്‍ മെട്രോളജി, റേഷന്‍ വ്യാപാരി-മൊത്ത വ്യാപാരി പ്രതിനിധികള്‍ എന്നിവര്‍ സംസാരിച്ചു.

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ സ്ത്രീകള്‍ക്കെതിരെ കുറ്റകൃത്യങ്ങള്‍ വര്‍ധിക്കുന്നു

Posted: 05 Jul 2014 10:50 PM PDT

Image: 

ഗൂവാഹതി: എട്ട് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ആറെണ്ണത്തിലും സ്ത്രീകള്‍ക്കെതിരെയുള്ള കുറ്റകൃത്യങ്ങള്‍ വര്‍ധിക്കുന്നെന്ന് ദേശീയ ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോയുടെ റിപ്പോര്‍ട്ട്. അസമില്‍ ഏറ്റവും കൂടുതല്‍ വര്‍ധന രേഖപ്പെടുത്തിയപ്പോള്‍, മണിപ്പൂരിലും മിസോറാമിലും നിരക്ക് കുറയുന്നതായി കണ്ടത്തെി. ദേശീയ തലത്തില്‍ സ്ത്രീകള്‍ക്കെതിരെ അതിക്രമങ്ങളില്‍ ഏഴാം സ്ഥാനമാണ് അസമിന്.

ആന്ധ്രപ്രദേശാണ് രാജ്യത്ത് സ്ത്രീകള്‍ക്കെതിരെ അതിക്രമം നടക്കുന്നതില്‍ ഏറ്റവും മുന്നിലെന്ന് 2013ല്‍ രാജ്യത്ത് നടന്ന കുറ്റകൃത്യങ്ങളുടെ റിപ്പോര്‍ട്ട് പറയുന്നു. ഉത്തര്‍പ്രദേശ്, പശ്ചിമബംഗാള്‍, രാജസ്ഥാന്‍, മഹാരാഷ്ട്ര, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളാണ് രണ്ട് മുതല്‍ ആറുവരെ സ്ഥാനങ്ങളില്‍.

അസമില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കുറ്റകൃത്യങ്ങളില്‍  2012ല്‍ നിന്ന് 3905 ന്‍െറ വര്‍ധനയാണ് 2013ല്‍ രേഖപ്പെടുത്തിയത്. അതേസമയം, മണിപ്പൂരിലും മിസോറാമിലും കുറ്റകൃത്യങ്ങള്‍ കുറഞ്ഞതായി രേഖപ്പെടുത്തി. മണിപ്പൂരില്‍ 304ല്‍ നിന്ന് 285ഉം മിസോറാമില്‍ 199ല്‍ നിന്നും 177ഉം ആയി കുറ്റകൃത്യങ്ങള്‍ കുറഞ്ഞു. ബലാത്സംഗം, തട്ടിക്കൊണ്ടുപോകല്‍, സ്ത്രീധന പീഡനം എന്നീ കുറ്റകൃത്യങ്ങളാണ് അസമില്‍ സ്ത്രീകള്‍ക്കെതിരെ പ്രധാനമായും നടന്നത്. പട്ടികയില്‍ 13ാം സ്ഥാനത്താണ് കേരളം. 11, 216 കുറ്റകൃത്യങ്ങളാണ് കേരളത്തില്‍ 2013ല്‍ രേഖപ്പെടുത്തിയത്.

അഞ്ചു വര്‍ഷംകൊണ്ട് സ്ത്രീകള്‍ ഭയക്കാത്ത കേരളം –എ.ഡി.ജി.പി

Posted: 05 Jul 2014 10:46 PM PDT

കൊച്ചി: 'നിര്‍ഭയകേരളം സുരക്ഷിതകേരളം' പദ്ധതിയിലൂടെ അഞ്ചുവര്‍ഷംകൊണ്ട് സ്ത്രീകള്‍ ഭയക്കാത്ത കേരളം സൃഷ്ടിച്ചെടുക്കാമെന്ന് എ.ഡി.ജി.പി ശ്രീലേഖ.
സ്ത്രീകള്‍ക്കെതിരെയുള്ള അക്രമങ്ങള്‍ ചെറുത്ത് സമൂഹത്തില്‍ പൂര്‍ണ സുരക്ഷ ഉറപ്പാക്കുന്നതിന്‍െറ പ്രാരംഭഘട്ടമായി സംഘടിപ്പിച്ച നിര്‍ഭയ വോളന്‍റിയര്‍മാരുടെ മാര്‍ഗനിര്‍ദേശ ശില്‍പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍.
അപകടങ്ങളില്‍ സംരക്ഷണം ഇല്ലാത്തതുകൊണ്ടുള്ള ഭയമാണ് കേരളത്തിലെ സ്ത്രീകള്‍ക്ക്. പ്രതിയെ പിടിക്കാനുള്ള അന്വേഷണത്തിനിടെ പല സ്ത്രീകളും അയാള്‍ തങ്ങളെ ഉപദ്രവിക്കാന്‍ ശ്രമിച്ചിട്ടുണ്ടെന്ന് അറിയിച്ച് മുന്നോട്ടുവന്നു.
2013-14 സാമ്പത്തിക വര്‍ഷത്തില്‍ 190 കോടിയാണ് നിര്‍ഭയക്ക് അനുവദിച്ചിട്ടുള്ളത്. വനിത പൊലീസ് ഉദ്യോഗസ്ഥര്‍ നാലുശതമാനം മാത്രമുള്ള കേരളത്തില്‍ സ്ത്രീകളെ സഹായിക്കാന്‍ നിര്‍ഭയ വോളന്‍റിയര്‍മാരെ പരിശീലിപ്പിച്ച് ഉപയോഗിക്കാനുള്ള ശ്രമമാണിത്. ക്രൈം മാപ്പിങ്ങാണ് ആദ്യമായി നിര്‍ഭയ സേവികമാര്‍ ചെയ്യുന്ന ജോലി.
പ്രവര്‍ത്തനത്തിന്‍െറ ആദ്യഘട്ടത്തില്‍ ഗൃഹങ്ങളെ കേന്ദ്രീകരിച്ചും അടുത്ത ഘട്ടത്തില്‍ സ്കൂളുകളെ കേന്ദ്രീകരിച്ചും നിര്‍ഭയ സേവികമാര്‍ പ്രവര്‍ത്തിക്കും. സ്കൂളുകളില്‍ നിര്‍ഭയ ക്ളബുകള്‍ തുടങ്ങി പെണ്‍കുട്ടികളെ സ്വയരക്ഷക്കുള്ള ഉപാധികളും ആണ്‍കുട്ടികളെ സ്ത്രീയെ ബഹുമാനിക്കുന്നതിനുള്ള ക്ളാസുകളും മാര്‍ഗനിര്‍ദേശങ്ങളും പരിശീലിപ്പിക്കും. മൂന്നാംഘട്ടത്തില്‍ ജോലിസ്ഥങ്ങളിലേക്കും നാലാം ഘട്ടമായി പൊതുസ്ഥലങ്ങളിലേക്കും പ്രവര്‍ത്തനം വ്യാപിപ്പിക്കും. നിര്‍ഭയ റോഡുകളും നിര്‍ഭയ വീഥികളും പ്രഖ്യാപിച്ച് സ്ത്രീകള്‍ക്ക് ഭയമില്ലാതെ സഞ്ചരിക്കാന്‍ പറ്റുന്ന അവസ്ഥ സംജാതമാക്കുകയാണ് പദ്ധതികൊണ്ട് ഉദ്ദേശിക്കുന്നത്. വനിതസുരക്ഷ ബസും ഓട്ടോയും പദ്ധതിയുടെ ഭാഗമാകും. സ്ത്രീകള്‍ക്ക് ശരീരത്തില്‍ സൂക്ഷിക്കാവുന്ന ചിപ്പ് രൂപത്തിലെ ജി.പി.ആര്‍ അലര്‍ട്ടുകള്‍ നല്‍കാനും പദ്ധതി ആവിഷ്കരിച്ചിട്ടുണ്ട്. സ്ത്രീകള്‍ക്കെതിരെയുള്ള അക്രമങ്ങള്‍ ചെറുത്ത് സമൂഹത്തില്‍ പൂര്‍ണ സുരക്ഷ ഉറപ്പാക്കുന്നതിന്‍െറ പ്രാരംഭഘട്ടമായി സംഘടിപ്പിച്ച നിര്‍ഭയ വോളന്‍റിയര്‍മാരുടെ പരിശീലനത്തിന് സ്ത്രീകളുടെ വന്‍തിരക്കായിരുന്നു. സ്ത്രീകള്‍ക്കെതിരെയുള്ള അക്രമങ്ങള്‍ എങ്ങനെ ചെറുക്കണം എന്നുതുടങ്ങി കുട്ടികളുടെ പ്രണയത്തെ എങ്ങനെ നേരിടണം എന്നുവരെയുള്ള ചോദ്യങ്ങള്‍കൊണ്ട് വിവിധ പ്രായത്തിലുള്ള സ്ത്രീകള്‍ ചര്‍ച്ചയില്‍ സജീവമായി. പൊലീസ് കമീഷണര്‍ കെ.ജി. ജെയിംസ് മുഖ്യപ്രഭാഷണം നടത്തി. ഡി.സി.പി ആര്‍. നിശാന്തിനി, ചൈല്‍ഡ് റൈറ്റ്സ് ആക്ടിവിസ്റ്റും നടിയുമായ രഞ്ജിനി, ഡോ. ആഷ ജോസഫ് എന്നിവര്‍ സംസാരിച്ചു.

ആലപ്പുഴയിലും കായംകുളത്തും ട്രോമകെയര്‍ യൂനിറ്റ് തുടങ്ങണം -കെ.സി. വേണുഗോപാല്‍ എം.പി

Posted: 05 Jul 2014 10:36 PM PDT

ആലപ്പുഴ: അപകടങ്ങള്‍ മൂലമുള്ള മരണം കഴിയുന്നത്ര ഒഴിവാക്കുന്നതിന് ആലപ്പുഴ ജനറല്‍ ആശുപത്രിയിലും കായംകുളം താലൂക്ക് ആശുപത്രിയിലും ട്രോമകെയര്‍ യൂനിറ്റ് തുടങ്ങണമെന്ന് കെ.സി. വേണുഗോപാല്‍ എം.പി ആരോഗ്യമന്ത്രി വി.എസ്. ശിവകുമാറിനോട് ആവശ്യപ്പെട്ടു.
ജനറല്‍ ആശുപത്രിയിലെ മേജര്‍ ഓപറേഷന്‍ തിയറ്ററിന്‍െറ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. കായംകുളത്ത് അത്യാഹിതവിഭാഗം ആരംഭിക്കണം. ജനറല്‍ ആശുപത്രിയിലെ നവീകരിച്ച അത്യാഹിതവിഭാഗത്തിന്‍െറ ഉദ്ഘാടനം മന്ത്രി മന്ത്രി വി.എസ്. ശിവകുമാര്‍ നിര്‍വഹിച്ചു. ആലപ്പുഴയില്‍ ട്രോമകെയര്‍ യൂനിറ്റ് ആരംഭിക്കാന്‍ നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് അദ്ദേഹം അറിയിച്ചു.
മേജര്‍ ഓപറേഷന്‍ തിയറ്ററില്‍ ഒരേസമയം നാല് ശസ്ത്രക്രിയവരെ ചെയ്യാം. അസറ്റ് മെയിന്‍റനന്‍സ് ഫണ്ട് ഉപയോഗിച്ച് പഴയ മെഡിക്കല്‍ കോളജിലെ ഓപറേഷന്‍ തിയറ്റര്‍ അത്യാധുനികരീതിയില്‍ അറ്റകുറ്റപ്പണി നടത്തി പ്രവര്‍ത്തനയോഗ്യമാക്കിയിട്ടുണ്ട്. നിലവിലെ കാഷ്വല്‍റ്റി പുനക്രമീകരിച്ച് മിനി ഐ.സി.യു, മൈനര്‍ ഓപറേഷന്‍ തിയറ്റര്‍, ഇ.സി.ജി മുറി, ബെഡുകള്‍ എന്നിവ സജ്ജീകരിച്ചു.
ആര്‍.എസ്.ബി.വൈ ഫണ്ട് ഉപയോഗിച്ച് ഇതിനാവശ്യമായ ഉപകരണങ്ങള്‍ ലഭ്യമാക്കിയിട്ടുണ്ട്. 12 ലക്ഷം രൂപയുടെ ഉപകരണങ്ങള്‍ കൂടി എത്തിക്കാന്‍ നടപടി തുടങ്ങിയെന്നും മന്ത്രി പറഞ്ഞു. ചടങ്ങില്‍ ജി. സുധാകരന്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു.

ജനരോഷം ഇരമ്പി

Posted: 05 Jul 2014 10:16 PM PDT

കോഴിക്കോട്: മാനാഞ്ചിറ-വെള്ളിമാട്കുന്ന് റോഡ് വികസനത്തിന്‍െറ ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ ഉടന്‍ ആരംഭിക്കണമെന്നാവശ്യപ്പെട്ട് ആക്ഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കലക്ടറേറ്റിന് മുന്നില്‍ ഏകദിന ഉപവാസ സമരം സംഘടിപ്പിച്ചു. ആക്ഷന്‍ കമ്മിറ്റി പ്രസിഡന്‍റും ചരിത്ര പണ്ഡിതനുമായ ഡോ. എം.ജി.എസ് നാരായണന്‍െറ നേതൃത്വത്തില്‍ നടന്ന സഹന സമരത്തില്‍ രാഷ്ട്രീയ നേതാക്കള്‍, സാമൂഹിക-സാംസ്കാരിക പ്രവര്‍ത്തകര്‍, അഭിഭാഷകര്‍, റെസിഡന്‍സ് അസോസിയേഷന്‍ അംഗങ്ങള്‍ തുടങ്ങി ഒട്ടനവധി പേര്‍ പങ്കാളികളായി.
രാവിലെ 10 മുതല്‍ അഞ്ചുവരെ നടന്ന സമരം എം.കെ. രാഘവന്‍ എം.പി ഉദ്ഘാടനം ചെയ്തു. പലവിധ കാരണങ്ങളാല്‍ മുടങ്ങിപ്പോയ റോഡ് വികസനത്തിന്‍െറ കാര്യത്തില്‍ ഇനി ആര്‍ക്കും ആശങ്കവേണ്ടെന്നും എത്രയുംപെട്ടെന്ന് പ്രശ്നം പരിഹരിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി തനിക്ക് ഉറപ്പുനല്‍കിയതായും എം.കെ. രാഘവന്‍ വ്യക്തമാക്കി. ഞാനും മന്ത്രി ഡോ. എം.കെ. മുനീറും ചേര്‍ന്ന് മുഖ്യമന്ത്രിയോട് നേരില്‍ ഇക്കാര്യം സംസാരിച്ചിട്ടുണ്ട്. പ്രശ്നം എത്രയുംവേഗം പരിഹരിക്കുമെന്ന് ഞാന്‍ ഉറപ്പുനല്‍കുന്നു -അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കോഴിക്കോടിന്‍െറ ചുമതലയുള്ള മന്ത്രി മുനീറിനെ പ്രസംഗകരില്‍ ചിലര്‍ കടുത്ത ഭാഷയിലാണ് വിമര്‍ശിച്ചത്. മന്ത്രി ഡോ. എം.കെ. മുനീര്‍, എ. പ്രദീപ്കുമാര്‍ എം.എല്‍.എ, കോഴിക്കോട് ബിഷപ് ഡോ. വര്‍ഗീസ് ചക്കാലക്കല്‍, മുന്‍ മന്ത്രി അഡ്വ. പി. ശങ്കരന്‍, മുന്‍ എസ്.പി സി.എം. പ്രദീപ്കുമാര്‍, കെ.വി. കുഞ്ഞഹമ്മദ്, പി.വി. ഗംഗാധരന്‍, വി.എം. വിനു, മുന്‍ മേയര്‍മാരായ ടി.പി. ദാസന്‍, വി.ടി. രാജന്‍, അഡ്വ. സി.ജെ. റോബിന്‍, കവി പി.കെ. ഗോപി, ഡോ. കെ. മൊയ്തു, ജാനമ്മ കുഞ്ഞുണ്ണി, അഡ്വ. മാത്യു കട്ടിക്കാന, കോര്‍പറേഷന്‍ കൗണ്‍സിലര്‍മാരായ കെ. സത്യനാഥന്‍, പി. കിഷന്‍ചന്ദ്, കെ. മുഹമ്മദലി, ഗാന്ധിയന്‍ തായാട്ട് ബാലന്‍, എന്‍.വി. ബാബുരാജ്, അഡ്വ. എം.പി. സൂര്യനാരായണന്‍, കൃഷ്ണകുമാര്‍, രാമനാഥന്‍, ജോയ് വളവില്‍, കെ.കെ. ചന്ദ്രഹാസന്‍, ആര്‍.ജി. രമേശ്, കെ.പി. രാജന്‍, കെ.വി. സുബ്രഹ്മണ്യന്‍, ഗ്രോവാസു, പാലക്കണ്ടി ലത്തീഫ്, സിറാജ് വെള്ളിമാട്കുന്ന്, പി. ദാമോദരന്‍, അഡ്വ. അഹമ്മദ്കുട്ടി പുത്തലത്ത്, ആര്‍.എം.പി സംസ്ഥാന സെക്രട്ടറി കെ.എസ്. ഹരിഹരന്‍ തുടങ്ങിയവര്‍ സംസാരിച്ചു.വൈകീട്ട് അഞ്ചിന് തായാട്ട് ബാലന്‍ സത്യഗ്രഹികള്‍ക്ക് നാരങ്ങാനീര് നല്‍കി സമരം അവസാനിപ്പിച്ചു.
അധികൃതര്‍ ഇനിയും കണ്ണുതുറന്നില്ലെങ്കില്‍ ശക്തമായ സമരവുമായി രംഗത്തിറങ്ങുമെന്ന് ആക്ഷന്‍ കമ്മിറ്റി പ്രഖ്യാപിച്ചു. നഗര പാതാ വികസന പദ്ധതിയില്‍പെട്ട മാനാഞ്ചിറ-വെള്ളിമാട്കുന്ന് നാലുവരിപ്പാതയുടെ സ്ഥലമെടുപ്പിന് മാറിമാറിവരുന്ന സര്‍ക്കാറുകള്‍ ഫണ്ട് അനുവദിക്കാത്തതും സ്ഥലം നഷ്ടപ്പെടുന്ന ചിലര്‍ രാഷ്ട്രീയക്കാരെ സ്വാധീനിക്കുന്നതുമാണ് റോഡ് വികസനം അനിശ്ചിതമായി വൈകുന്നതിന്‍െറ കാരണം. 2003ലെ ബജറ്റില്‍ പ്രഖ്യാപിച്ച റോഡ് വികസനത്തിന് 2006ലെ നിയമസഭാ തെരഞ്ഞെടുപ്പിന്‍െറ കാലത്താണ് നടപടി തുടങ്ങിയത്. സ്ഥലം അടയാളപ്പെടുത്തി അതിര്‍ത്തിക്കല്ലുകള്‍ സ്ഥാപിച്ചതല്ലാതെ അനുബന്ധ നടപടികളൊന്നും ഇതുവരെ ആരംഭിച്ചിട്ടില്ല. വളരെ പ്രാധാന്യമുള്ളതും വാഹനപ്പെരുപ്പം മൂലം വീര്‍പ്പുമുട്ടുന്നതുമായ ദേശീയപാതയില്‍ പെടുന്ന ഈ ഭാഗത്തെ 8.40 കിലോമീറ്റര്‍ ദൂരമാണ് നാലുവരിയാക്കുന്നത്. സ്ഥലമെടുപ്പ് ഉടന്‍ ആരംഭിക്കണമെന്നാവശ്യപ്പെട്ട് ഡോ. എം.ജി.എസ് നാരായണന്‍െറ നേതൃത്വത്തില്‍ കര്‍മസമിതി നേതാക്കള്‍ ജൂണ്‍ 21ന് മുഖ്യമന്ത്രിക്ക് നേരിട്ട് നിവേദനം നല്‍കിയിരുന്നു. ജൂണ്‍ 27ന് കര്‍മസമിതിയുമായി ചര്‍ച്ചക്ക് മുഖ്യമന്ത്രി സമയം അനുവദിച്ചെങ്കിലും പിന്നീട് യോഗം മാറ്റിവെക്കുകയായിരുന്നു.
വികസനം തടസ്സപ്പെടുത്താനുള്ള ചിലരുടെ നീക്കം തിരിച്ചറിഞ്ഞ ആക്ഷന്‍ കമ്മിറ്റി ഭാരവാഹികള്‍ കഴിഞ്ഞ ദിവസം ഫയല്‍ ചെയ്ത ഹരജിയില്‍ സംസ്ഥാന സര്‍ക്കാറിനും കേരള റോഡ് ഫണ്ട് ബോര്‍ഡിനും ഹൈകോടതി നോട്ടീസ് അയച്ചിരുന്നു. സ്ഥലം ഏറ്റെടുക്കുന്നതിനായി പുറപ്പെടുവിച്ച കരട് വിജ്ഞാപനത്തിന്‍െറ കാലാവധി അവസാനിക്കുന്ന 2015 ഏപ്രില്‍ 30ന് മുമ്പ് ഭൂമി ഏറ്റെടുക്കല്‍ നടപടി പൂര്‍ത്തീകരിക്കാന്‍ സര്‍ക്കാറിനും മറ്റും നിര്‍ദേശം നല്‍കണമെന്നാണ് ഹരജിയിലെ ആവശ്യം.

No comments:

Post a Comment

english malayalam dictionary

വിരുന്നുകാര്...

poomottu

Dsgd: by ASLAM PADINHARAYIL

Back to TOP