സ്വാഗതം
WELCOME

News Update..

Wednesday, July 16, 2014

മാലിന്യ പ്ളാന്‍റ് പ്രഖ്യാപനം നടപ്പായില്ല; ജനം രോഗഭീതിയില്‍ Madhyamam News Feeds

മാലിന്യ പ്ളാന്‍റ് പ്രഖ്യാപനം നടപ്പായില്ല; ജനം രോഗഭീതിയില്‍ Madhyamam News Feeds

Link to

മാലിന്യ പ്ളാന്‍റ് പ്രഖ്യാപനം നടപ്പായില്ല; ജനം രോഗഭീതിയില്‍

Posted: 15 Jul 2014 11:56 PM PDT

തിരുവനന്തപുരം: നഗരത്തിലെ മാലിന്യപ്രശ്നത്തിന് പരിഹാരം കാണാന്‍ ലോകോത്തര നിലവാരത്തിലുള്ള മാലിന്യപ്ളാന്‍റ് സ്ഥാപിക്കുമെന്ന് പ്രഖ്യാപനം വന്ന് ആഴ്ചകള്‍ കഴിഞ്ഞിട്ടും നടപടികള്‍ എങ്ങുമെത്തിയില്ല. അട്ടക്കുളങ്ങര-കിള്ളിപ്പാലം ബൈപാസില്‍ എരുമക്കുഴി ഭാഗത്തെ അഞ്ചേക്കര്‍ സ്ഥലത്ത് മാലിന്യപ്ളാന്‍റ് സ്ഥാപിക്കാനായിരുന്നു ആദ്യപദ്ധതി. എന്നാല്‍, പ്രാദേശിക എതിര്‍പ്പുകള്‍ വന്നതോടെ പദ്ധതി ഉപേക്ഷിച്ചു. തുടര്‍ന്ന്, അഞ്ച് ടണ്‍ ശേഷിയുള്ള ലോകോത്തര നിലവാരത്തിലുള്ള മൊബൈല്‍ മാലിന്യ സംസ്കരണ യൂനിറ്റ് ആദ്യം പ്രവര്‍ത്തിപ്പിക്കുമെന്നും മാലിന്യ പ്രശ്നങ്ങളോ ദുര്‍ഗന്ധമോ ഇല്ലെന്ന് ജനത്തെ ബോധ്യപ്പെടുത്തിയശേഷം സംഭരണശേഷി കൂടിയ കൂറ്റന്‍ പ്ളാന്‍റ് സ്ഥാപിക്കുമെന്നുമാണ് കലക്ടര്‍ ബിജു പ്രഭാകര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞത്. മാസങ്ങളായി ഇവിടെക്കിടന്ന് ജീര്‍ണിക്കുന്ന മാലിന്യം സംസ്കരിക്കുമെന്ന് യൂനിറ്റ് സ്ഥാപിക്കാന്‍ സന്നദ്ധത കാണിച്ച സ്വകാര്യകമ്പനിയുടെ ബ്രോഷര്‍ സഹിതമാണ് കലക്ടര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചത്.എന്നാല്‍, കലക്ടറുടെ പ്രഖ്യാപനം വന്ന് ആഴ്ചകള്‍ കഴിഞ്ഞിട്ടും പ്രാരംഭ നടപടിപോലും ആരംഭിച്ചില്ലെന്നാണ് അറിയാനായത്. കാലവര്‍ഷം ശക്തിപ്രാപിച്ചതോടെ ഇവിടെ മാലിന്യം കുമിഞ്ഞുകൂടി ദുര്‍ഗന്ധം വമിക്കുന്നത് രൂക്ഷമായ പാരിസ്ഥിതിക, ആരോഗ്യ പ്രശ്നങ്ങള്‍ക്ക് വഴിയൊരുക്കുന്നുണ്ട്. കരിമഠം കോളനിവാസികളും ചാലയിലെ കച്ചവടക്കാരുമാണ് ഇവിടത്തെ മാലിന്യനിക്ഷേപത്തിന്‍െറ ദുരിതം കൂടുതലും അനുഭവിക്കുന്നത്.
അതേസമയം, അട്ടക്കുളങ്ങര സ്കൂള്‍ കോമ്പൗണ്ടില്‍ ട്രിഡ പണിയാന്‍ പദ്ധതിയിട്ട ബസ് ടെര്‍മിനല്‍ എരുമക്കുഴിയിലേക്ക് മാറ്റണമെന്ന അട്ടക്കുളങ്ങര സ്കൂള്‍ സംരക്ഷണ സമിതിയുടെ ആവശ്യം നിരാകരിക്കാനാണ് കലക്ടര്‍ മാലിന്യപ്ളാന്‍റ് പ്രഖ്യാപിച്ചതെന്നും ആരോപണമുണ്ട്.

തൃശൂര്‍ നഗരത്തിലെ ബാര്‍ ഹോട്ടലില്‍ നിശാനൃത്തം; വന്‍ പ്രതിഷേധം

Posted: 15 Jul 2014 11:44 PM PDT

തൃശൂര്‍: നഗരത്തിലെ ബാര്‍ ഹോട്ടലില്‍ കച്ചവടം കൊഴുപ്പിക്കാന്‍ വിദേശി പെണ്‍കുട്ടികളുടെ നൃത്തം. ശക്തന്‍ സ്റ്റാന്‍ഡിന് സമീപത്തെ ജോയ്സ് പാലസ് ഹോട്ടലിലാണ് ഫിലിപ്പീനോ പെണ്‍കുട്ടികളുടെ നൃത്തം അരങ്ങേറുന്നത്. അഞ്ച് പെണ്‍കുട്ടികളുടെ നൃത്തത്തിന്‍െറ അകമ്പടിയോടെയാണ് അര്‍ധരാത്രിവരെ മദ്യ വില്‍പന. ബാറിന്‍െറ രണ്ടാം നിലയിലെ മുറിയില്‍ അരണ്ട വെളിച്ചത്തിലാണ് നൃത്തം.
നൃത്തത്തിന് ശേഷം പെണ്‍കുട്ടികളെ വിലയ്ക്കെടുക്കാനും അവസരമുണ്ടത്രേ. ടിഷ്യു പേപ്പറില്‍ നിരക്കും മൊബൈല്‍ നമ്പറും എഴുതി നല്‍കുകയാണ് രീതി. ബ്ളൂ ടുത്ത് വഴിയും ബന്ധപ്പെടാന്‍ സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. യുവാക്കളും പ്രായമുള്ളവരും മദ്യപ സംഘത്തിലുണ്ട്. നര്‍ത്തകിമാര്‍ മദ്യപര്‍ക്കൊപ്പം നൃത്തം ചെയ്യും. ഇതിന് പ്രത്യേക നിരക്കുണ്ടത്രേ.
ഈ ഹോട്ടലില്‍ കാബറെ മോഡല്‍ നൃത്തം നടക്കുന്നതായി 2012ല്‍ ഇന്‍റലിജന്‍സ് റിപ്പോര്‍ട്ട് ചെയ്തതാണെങ്കിലും അത് പൊലീസ് പൂഴ്ത്തിയെന്ന് ആരോപണമുണ്ട്. ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ ഹോട്ടല്‍ നടത്തിപ്പുകാരെ സംരക്ഷിക്കുന്ന നിലപാടാണ് സ്വീകരിച്ചതെന്നാണ് ആക്ഷേപം. 2012ല്‍ എത്തിയ നാല് ഫിലിപ്പീനോ പെണ്‍കുട്ടികളില്‍ മൂന്നുപേര്‍ തിരിച്ചുപോയിരുന്നു. പുതുതായി നാലുപേരെ കൂടി എത്തിച്ചാണ് നൃത്തം നടത്തുന്നത്. അടുത്തിടെ, കിഴക്കേകോട്ടയില്‍ ഒരു മാളില്‍ ആളെ ആകര്‍ഷിപ്പിക്കാന്‍ അശ്ളീല നൃത്തം അരങ്ങേറിയത് വിവാദമായിരുന്നു. പരാതി ഉയര്‍ന്നിട്ടും പൊലീസ് മാളിന് ഒത്താശ ചെയ്യുന്ന നിലപാടാണ് സ്വീകരിച്ചത്.
ജോയ്സ് പാലസില്‍ നിശാനൃത്തം അരങ്ങേറുന്നതായി ഒരാഴ്ച മുമ്പ് ടി.എന്‍. പ്രതാപന്‍ എം.എല്‍.എ അറിയിച്ചിരുന്നുവെന്നും അക്കാര്യം അന്വേഷിക്കാന്‍ ഈസ്റ്റ് സര്‍ക്കിള്‍ ഇന്‍സ്പെക്ടറോട് ആവശ്യപ്പെട്ടിരുന്നുവെന്നും തൃശൂര്‍ സിറ്റി കമീഷണര്‍ പി. പ്രകാശ് പറഞ്ഞു. ആഭാസമായി ഒന്നും നടക്കുന്നില്ലെന്നാണ് സി.ഐ റിപ്പോര്‍ട്ട് ചെയ്തത്. ഇതുസംബന്ധിച്ച് ആരും രേഖാമൂലം പരാതിപ്പെട്ടിട്ടില്ല. ബാര്‍ ലൈസന്‍സുള്ള ഹോട്ടലായതിനാല്‍ അസിസ്റ്റന്‍റ് എക്സൈസ് കമീഷണര്‍ക്ക് വിവരം കൈമാറിയിട്ടുണ്ടെന്നും കമീഷണര്‍ പറഞ്ഞു.

കാറ്റാടി മരങ്ങള്‍ കടപുഴകി; രാമച്ചപ്പാടം ഭീഷണിയില്‍

Posted: 15 Jul 2014 11:29 PM PDT

പെരുമ്പടപ്പ്: പാലപ്പെട്ടി, തങ്ങള്‍പ്പടി, അണ്ടത്തോട്, മന്ദലാംകുന്ന് മേഖലയില്‍ കടല്‍ ക്ഷോഭം രൂക്ഷമായി. അമ്പതോളം കാറ്റാടി മരങ്ങളും കായ്ഫലമുള്ള പതിനഞ്ചോളം തെങ്ങുകളും കടപുഴകി. പാലപ്പെട്ടിയില്‍ മൂന്ന് വീടുകളില്‍ വെള്ളം കയറി.
പെരിയമ്പലം, അണ്ടത്തോട് മേഖലയിലെ അമ്പത് ഏക്കറോളം രാമച്ചപ്പാടവും ഭീഷണിയിലായി. പലയിടത്തും 10 മീറ്റര്‍ അകലം മാത്രമെ കടലുമായുള്ളൂ. മുമ്പ് ഇല്ലാത്ത വിധമാണ് കടലും പാടവും തമ്മിലുള്ള അകലം കുറഞ്ഞിട്ടുള്ളതെന്നും ആദ്യ കാലങ്ങളില്‍ രാമച്ചപ്പാടത്തേക്ക് ക്ഷോഭം ബാധിക്കാറില്ലെങ്കിലും കര്‍ഷകര്‍ പറഞ്ഞു.
പാലപ്പെട്ടി കടല്‍ ഭിത്തിക്ക് ശേഷം തെക്കോട്ടുള്ള പ്രദേശത്താണ് ചൊവ്വാഴ്ച പുലര്‍ച്ചെ മുതല്‍ കടലാക്രമണം തുടങ്ങിയത്. വെളുത്തപ്പന്‍ മുഹമ്മദിന്‍െറ വീട് ഏതു നിമിഷവും കടലെടുക്കാവുന്ന നിലയിലായി. പാലപ്പെട്ടി, അജ്മേര്‍ നഗര്‍ എന്നിവിടങ്ങളിലെ ബീച്ചു റോഡുകളില്‍ നൂറ് മീറ്ററോളം കടല്‍ വെള്ളം കയറി.
തങ്ങള്‍പ്പടി മുതലുള്ള ഭാഗത്താണ് അമ്പതോളം കാറ്റാടി മരങ്ങള്‍ കടപുഴകിയത്. ചൊവ്വാഴ്ച മാത്രം 15 മീറ്ററോളം കരഭാഗം കടലെടുത്തു.
കടലിലേക്ക് വീഴുന്ന മരങ്ങള്‍ ഏറെ ബുദ്ധമുട്ട് ഉണ്ടാക്കുമെന്ന് മത്സ്യ തൊഴിലാളികള്‍ പറഞ്ഞു. കടലിലെ മണലില്‍ ഉറച്ചുകിടക്കുന്ന തടികളിലും അവയുടെ വേരുകളിലും തട്ടി മത്സ്യ ബന്ധന വലകള്‍ കീറുന്നതാണ് പ്രശ്നം. മരത്തടികള്‍ കരക്ക് കയറ്റാന്‍ നടപടി സ്വീകരിക്കണമെന്ന് ഇവര്‍ ആവശ്യപ്പെട്ടു.

പെര്‍മിറ്റ് പുതുക്കല്‍: സര്‍വകക്ഷി തീരുമാനം സര്‍ക്കാര്‍ അട്ടിമറിച്ചെന്ന് വി.എസ്

Posted: 15 Jul 2014 10:58 PM PDT

Image: 

തിരുവനന്തപുരം : സ്വകാര്യ ബസുകള്‍ക്ക് ഫാസ്റ്റ്, സൂപ്പര്‍ ഫാസ്റ്റ് പെര്‍മിറ്റുകള്‍ പുതുക്കി നല്‍കിയതിലൂടെ സര്‍വകക്ഷി യോഗത്തിന്‍െറ തീരുമാനം സര്‍ക്കാര്‍ അട്ടിമറിച്ചെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍. കെ.എസ്.ആര്‍.ടി.സിയെ തകര്‍ക്കാനുള്ള നീക്കമാണ് സര്‍ക്കാരിന്‍െറ ഭാഗത്ത് നിന്നുണ്ടായത്. കാലാവധി പൂര്‍ത്തിയായ 52 റൂട്ടുകളിലാണ് പെര്‍മിറ്റ് പുതുക്കി നല്‍കിയത്. ഇതിന് പിന്നില്‍ വന്‍ അഴിമതിയുണ്ടെന്നും ഉപക്ഷേപത്തിലൂടെ സഭയില്‍ വിഷയം അവതരിപ്പിച്ച വി.എസ് ആരോപിച്ചു.

സര്‍വകക്ഷിയോഗത്തിന്‍െറ തീരുമാനം മാത്രമാണ് സര്‍ക്കാര്‍ നടപ്പാക്കിയതെന്ന് ഗതാഗത മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ സഭയില്‍ വിശദീകരിച്ചു. താല്‍കാലിക പെര്‍മിറ്റാണ് സ്വകാര്യ ബസുകള്‍ക്ക് നല്‍കിയിട്ടുള്ളത്. പെര്‍മിറ്റ് കാലാവധി പൂര്‍ത്തിയായ റൂട്ടുകളില്‍ സര്‍വീസ് നടത്താന്‍ ആവശ്യമായ ബസുകള്‍ കെ.എസ്.ആര്‍.ടി.സിക്കില്ല. 119 ബസുകള്‍ പഴഞ്ചനാണ്. പുതിയ ബസുകള്‍ ലഭിക്കുന്ന മുറക്ക് ഫാസ്റ്റ്, സൂപ്പര്‍ ഫാസ്റ്റ് പെര്‍മിറ്റില്‍ സര്‍വീസ് നടത്തുമെന്നും തിരുവഞ്ചൂര്‍ പറഞ്ഞു.

ഗതാഗത മന്ത്രിയുടെ മറുപടിയില്‍ തൃപ്തരാകാത്ത പ്രതിപക്ഷം നിയമസഭക്കുള്ളില്‍ ബഹളംവെച്ചു. ഇത് ഭരണ-പ്രതിപക്ഷ വാഗ്വാദത്തിന് ഇടയാക്കി. പൊതു ഗതാഗത സംവിധാനത്തെ തകര്‍ക്കാനാണ് സര്‍ക്കാര്‍ നീക്കമെന്നും പ്രതിപക്ഷം ആരോപിച്ചു.

പ്ളസ്വണ്‍: അധികസീറ്റ് അനുവദിച്ചിട്ടും ജില്ലയില്‍ 31,000 പേര്‍ പുറത്ത്

Posted: 15 Jul 2014 10:57 PM PDT

മലപ്പുറം: മുഴുവന്‍ ഹയര്‍ സെക്കന്‍ഡറികളിലും അധികമായി 20 ശതമാനം സീറ്റുകള്‍ (ഒരുബാച്ചില്‍ പത്ത് പേര്‍) അനുവദിച്ചിറക്കിയ ഉത്തരവ് നടപ്പാക്കിയാലും ജില്ലയില്‍ 31,000 പേര്‍ പഠനത്തിന് പുറത്ത് നില്‍ക്കേണ്ടിവരും. അധികമായി സീറ്റ് അനുവദിച്ചതോടെ ഒരു ക്ളാസിലെ കുട്ടികളുടെ എണ്ണം 60 ആയി ഉയരും. അധികമായെത്തുന്നവര്‍ക്കുള്ള പഠന സൗകര്യങ്ങള്‍ കണ്ടെത്തുക എന്നതാണ് സ്കൂള്‍ അധികൃതര്‍ നേരിടുന്ന തലവേദന.
സര്‍ക്കാര്‍, എയ്ഡഡ് മേഖലകളിലായി 153 ഹയര്‍ സെക്കന്‍ഡറി സ്കൂളുകളില്‍ 900 ബാച്ചുകളാണുള്ളത്. സയന്‍സ്, കോമേഴ്സ്, ഹുമാനിറ്റീസ് എന്നീ ബാച്ചുകളില്‍ ഓരോ ക്ളാസിലും ഇപ്പോള്‍ 50 പേര്‍ക്കാണ് കഴിഞ്ഞ ദിവസങ്ങളിലൂടെ നടത്തിയ അലോട്ട്മെന്‍റില്‍ പ്രവേശം നല്‍കിയത്. ജില്ലയില്‍ എസ്.എസ്.എല്‍.സി പാസായത് 73746 പേരാണ്. ഇതില്‍ 29513 പേര്‍ക്കണ് ഇതുവരെയുള്ള അലോട്ട്മെന്‍റിലൂടെ പ്രവേശം നേടാനായത്.
ഇതിന് പുറമേയാണ് ഇപ്പോള്‍ 20 ശതമാനം പേര്‍ക്കുകൂടി പ്രവേശാനുമതി നല്‍കിയത്. ഇതിലൂടെ 9000 പേര്‍ക്കുകൂടി പ്രവേശം ലഭിക്കും. ഐ.ടി.ഐ, പോളിടെക്നിക്ക്, വി.എച്ച്.എസ്.ഇ എന്നിവയില്‍ 7000 പേര്‍ക്ക് സീറ്റ ്ഉറപ്പാക്കാനായിട്ടുണ്ട്. എന്നാലും 31,000 വിദ്യാര്‍ഥികള്‍ പുറത്ത് നില്‍ക്കേണ്ടിവരും.

വാഹന പാര്‍ക്കിങ്ങിനെച്ചൊല്ലി തര്‍ക്കം; മെയിന്‍ റോഡിലടക്കം ഗതാഗതം സ്തംഭിച്ചു

Posted: 15 Jul 2014 10:45 PM PDT

പത്തനംതിട്ട: മിനി സിവില്‍ സ്റ്റേഷനില്‍ വാഹന പാര്‍ക്കിങ്ങിനെച്ചൊല്ലി അഭിഭാഷകരും റവന്യൂ ജീവനക്കാരും പൊലീസും തമ്മില്‍ തര്‍ക്കം.
ഒരുമണിക്കൂറിലേറെ മിനി സിവില്‍ സ്റ്റേഷന്‍ പരിസരത്ത് മെയിന്‍ റോഡിലടക്കം ഗതാഗതം സ്തംഭിച്ചു. ഒരുകൂട്ടം അഭിഭാഷകരുടെ പിടിവാശിയാണ് പ്രശ്നം സങ്കീര്‍ണമാക്കിയത്. ചൊവ്വാഴ്ച വൈകുന്നേരം മൂന്നോടെയാണ് സംഭവങ്ങളുടെ തുടക്കം.
കലക്ടറേറ്റില്‍നിന്ന് ട്രഷറിയിലേക്ക് വന്ന ജീപ്പിന് മിനി സിവില്‍ സ്റ്റേഷനില്‍ പാര്‍ക്ക് ചെയ്യാന്‍ സ്ഥലം കിട്ടിയില്ല.
റവന്യൂ വകുപ്പിന്‍െറ പാര്‍ക്കിങ് സ്ഥലത്തുപോലും അഭിഭാഷകരുടെയും മറ്റും വാഹനങ്ങളായിരുന്നു.
അതിനാല്‍ സ്ഥലം കിട്ടിയയിടത്ത് ജീപ്പ് നിര്‍ത്തി ഡ്രൈവര്‍ ട്രഷറിയില്‍ പോയി. ഈ സമയം കോടതിയിലേക്ക് എത്തിയ ബാര്‍ അസോസിയേഷന്‍ മുന്‍ ജനറല്‍ സെക്രട്ടറി എസ്. മനോജിന്‍െറ കാര്‍ മിനി സിവില്‍ സ്റ്റേഷന്‍ വളപ്പില്‍ കയറ്റാന്‍ പറ്റാതായി.
ജീപ്പ് മാറ്റിക്കാന്‍ സെക്യൂരിറ്റിക്കാരനോട് പറഞ്ഞെങ്കിലും ഡ്രൈവര്‍ ഇല്ലാത്തതിനാല്‍ നടന്നില്ല.
രണ്ടാമത്തെ ഗേറ്റിലൂടെ പോകാന്‍ സെക്യൂരിറ്റി മനോജിന് നിര്‍ദേശം നല്‍കി. അതുവഴിയും കാര്‍ കയറ്റാന്‍ കഴിയാതെ വന്നപ്പോള്‍ അഭിഭാഷകന്‍ കാര്‍ പ്രധാനഗേറ്റില്‍ ഇട്ടു. ഇതോടെ മറ്റ് വണ്ടികള്‍ക്ക് അകത്തേക്കോ പുറത്തേക്കോ പോകാനാകാത്ത സ്ഥിതിയായി. ഇതിനിടെ മിനി സിവില്‍ സ്റ്റേഷനിലേക്ക് വന്ന വാഹനങ്ങളുടെ നീണ്ട ക്യൂ റോഡില്‍ രൂപപ്പെട്ടു. ഇതോടെ മെയിന്‍ റോഡിലും ഗതാഗതം സ്തംഭിച്ചു. അഭിഭാഷകന്‍െറ കാര്‍ എടുത്തുമാറ്റാന്‍ പൊലീസ് ആവശ്യപ്പെട്ടതോടെ അഭിഭാഷകര്‍ സംഘടിച്ചു.
തടസ്സം ഉണ്ടാക്കി പാര്‍ക് ചെയ്ത കലക്ടറേറ്റിലെ ജീപ്പിന്‍െറ ഡ്രൈവര്‍ക്കെതിരെ നടപടി എടുക്കണമെന്നായി അഭിഭാഷകര്‍. ഇതിനിടെ, തടസ്സം ഉണ്ടാക്കി പാര്‍ക് ചെയ്ത വാഹനങ്ങളുടെ ചിത്രം പൊലീസ് കാമറയില്‍ പകര്‍ത്താന്‍ ശ്രമിച്ചതിനെതിരെയും അഭിഭാഷകര്‍ പ്രതിഷേധിച്ചു. തടസ്സം ഉണ്ടാക്കിയ റവന്യൂ വകുപ്പ് ജീപ്പിന്‍െറ ഡ്രൈവര്‍ക്കെതിരെ നടപടി എടുക്കാമെന്ന് സി.ഐ ഉറപ്പ് നല്‍കിയശേഷമാണ് പ്രശ്നം അവസാനിച്ചത്.
ജീപ്പ് ഡ്രൈവര്‍ക്കെതിരെ പിന്നീട് കേസെടുത്തു. കോടതി പരിസരത്ത് തളര്‍ന്നുവീണ കേസിലെ കക്ഷിയെ ആശുപത്രിയില്‍ കൊണ്ടുപോകാന്‍ വന്ന അഗ്നിശമന സേന തലങ്ങും വിലങ്ങുമുള്ള വാഹന പാര്‍ക്കിങ് കാരണം രാവിലെ ബുദ്ധിമുട്ടിയതിന് പിന്നാലെയാണ് വൈകുന്നേരമുണ്ടായ തര്‍ക്കവിഷയങ്ങള്‍.
അതിവേഗ കോടതിയില്‍ കേസിന് എത്തിയ കക്ഷി തളര്‍ന്നുവീണതിനാല്‍ ആശുപത്രിയില്‍ എത്തിക്കാന്‍ അഗ്നിശമന സേനയുടെ സഹായം തേടി.
ആംബുലന്‍സ് ഇല്ലാത്തതിനാല്‍ വേറെ വണ്ടിയുമായാണ് അഗ്നിശമന സേന എത്തിയത്. അവരുടെ വണ്ടിക്ക് മിനി സിവില്‍ സ്റ്റേഷനിലേക്ക് കയറാന്‍ കഴിഞ്ഞില്ല. വണ്ടി റോഡില്‍ നിര്‍ത്തി അവര്‍ സ്ട്രച്ചറുമായി കോടതിയില്‍ എത്തിയപ്പോഴേക്കും വൈകി. അതിനിടെ പൊലീസ് ജീപ്പില്‍ രോഗിയെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.
മിനി സിവില്‍ സ്റ്റേഷനില്‍ സ്ഥാപിക്കുന്ന താല്‍ക്കാലിക ട്രാഫിക് ബാരിയറുകള്‍ തള്ളിമാറ്റി വാഹനങ്ങള്‍ തോന്നിയപോലെ പാര്‍ക്ക് ചെയ്യുന്നത് പതിവാണെന്നും ഇവിടെ സ്ഥിരമായ ചങ്ങലകള്‍ സ്ഥാപിക്കാന്‍ പൊതുമരാമത്തിന് നിര്‍ദേശം നല്‍കുമെന്നും താലൂക്ക് ഓഫിസ് അധികൃതര്‍ അറിയിച്ചു.
അഭിഭാഷകരുടെ വാഹനങ്ങള്‍ പാര്‍ക് ചെയ്യുന്നതിനാല്‍ പലപ്പോഴും തങ്ങളുടെ വാഹനങ്ങള്‍ പലതും പുറത്ത് പാര്‍ക് ചെയ്യേണ്ടിവരാറുണ്ടെന്നും അകത്തേക്ക് വാഹനം കയറ്റാന്‍ കഴിയാത്ത സാഹചര്യത്തില്‍ ആരും ഗേറ്റില്‍ വാഹനം നിര്‍ത്തിയിട്ട് പോകാറില്ലെന്നും അവര്‍ പറഞ്ഞു.
മിനി സിവില്‍ സ്റ്റേഷനകത്ത് മാര്‍ഗതടസ്സം ഉണ്ടാക്കുന്ന രീതിയില്‍ ജീപ്പ് പാര്‍ക് ചെയ്ത റവന്യൂ വകുപ്പ് അധികൃതരുടെ നടപടിയില്‍ ജില്ലാ ബാര്‍ അസോസിയേഷന്‍ ജനറല്‍ ബോഡി പ്രതിഷേധിച്ചു.
സിവില്‍ സ്റ്റേഷന്‍ കോമ്പൗണ്ടില്‍ അഭിഭാഷകര്‍ക്ക് പ്രത്യേക പാര്‍ക്കിങ് സൗകര്യം ഏര്‍പ്പെടുത്തണമെന്ന് അധികാരികളോട് ആവശ്യപ്പെടാന്‍ യോഗം തീരുമാനിച്ചു.
ബാര്‍ അസോസിയേഷന്‍ ജില്ലാ പ്രസിഡന്‍റ് അഡ്വ. ജോര്‍ജ് കോശി അധ്യക്ഷത വഹിച്ചു. അഡ്വ.എസ്. മന്‍സൂണ്‍ പ്രമേയം അവതരിപ്പിച്ചു. ട്രഷറര്‍ വി.ആര്‍. ഹരി നന്ദി പറഞ്ഞു.

‘ജില്ലാപഞ്ചായത്തില്‍ കോടികളുടെ അഴിമതി’

Posted: 15 Jul 2014 10:38 PM PDT

കോട്ടയം: നിര്‍മലജിമ്മി പ്രസിഡന്‍റായതിനുശേഷം ജില്ലാപഞ്ചായത്തില്‍ കോടികളുടെ അഴിമതിയാണ് നടക്കുന്നതെന്ന് ജില്ലാപഞ്ചായത്ത് അംഗം ജോസ്മോന്‍ മുണ്ടക്കല്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. അഴിമതികള്‍ പുറത്താകുമെന്ന് ബോധ്യപ്പെട്ട സാഹചര്യത്തിലാണ് തനിക്കെതിരെ വിജിലന്‍സ് അന്വേഷണത്തിന് ശിപാര്‍ശ ചെയ്തത്. ഹൈമാസ്റ്റ് ലാമ്പുകള്‍ സ്ഥാപിക്കല്‍ പദ്ധതികയില്‍ 40 ലാമ്പുകള്‍ക്കായി രണ്ടുകോടി രൂപയാണ് അനുവദിച്ചത്. ഒരു ലാമ്പുപോലും സ്ഥാപിക്കുന്നതിന് മുമ്പ് മാര്‍ച്ചില്‍ ഏജന്‍സിക്ക് മുഴുവന്‍തുകയും നല്‍കി. തദ്ദേശസ്വയംഭരണസ്ഥാപനങ്ങള്‍ക്ക് ഒരു ഹൈമാസ്റ്റ് ലാമ്പ് സ്ഥാപിക്കാന്‍ വേണ്ടിവന്നത് നാലുലക്ഷം രൂപയാണ്. എന്നാല്‍, ജില്ലാപഞ്ചായത്ത് ഇതേരൂപത്തിലുള്ള ഓരോലാമ്പും സ്ഥാപിക്കാന്‍ അഞ്ചുലക്ഷം രൂപവീതമാണ് ചെലവഴിച്ചത്. ഈ ഇനത്തില്‍ 40 ലക്ഷം രൂപയുടെ ക്രമക്കേടാണ് നടന്നത്. വിവിധസ്ഥലങ്ങളില്‍ 345 സോളാര്‍ ലൈറ്റുകള്‍ സ്ഥാപിക്കാന്‍ രണ്ടുകോടി രൂപയും അനുവദിച്ചു. ഈപദ്ധതിയുടെ പണവും ലൈറ്റുകള്‍ ഘടിപ്പിക്കുന്നതിനുമുമ്പ് ഏജന്‍സിക്ക് കൈമാറി. തദ്ദേശസ്വയംഭരണസ്ഥാപനങ്ങള്‍ക്ക് 30000 രൂപയും ജില്ലാപഞ്ചായത്ത് സ്ഥാപിച്ചപ്പോള്‍ 56000 രൂപയും ഓരോലൈറ്റിനും ചെലവഴിച്ചു. ഈപദ്ധതിയിലും 70 ലക്ഷം രൂപയുടെ ക്രമക്കേട് ഉണ്ടായിട്ടുണ്ട്. 50 ലക്ഷത്തോളം രൂപ ചെലവഴിച്ച് ജില്ലയിലെ വിവിധസ്കൂളുകളില്‍ നിലവാരം കുറഞ്ഞ ഫര്‍ണിച്ചറുകള്‍ വിതരണം ചെയ്തതിലും അഴിമതിയുണ്ട്. പച്ചക്കറി തൈകളും അനുബന്ധകാര്‍ഷിക ഉപകരണങ്ങളും വിതരണത്തിന് 56 ലക്ഷം രൂപയുടെ പദ്ധതി നടപ്പാക്കിയെങ്കിലും പച്ചക്കറി തൈകള്‍ക്ക് പകരം മുളയ്ക്കാത്ത വിത്തുകളാണ് പലയിടത്തും വിതരണം നടത്തിയത്. പദ്ധതിയുടെ ക്രമക്കേടിനെക്കുറിച്ച് ജില്ലാ പഞ്ചായത്ത് യോഗത്തില്‍ ചര്‍ച്ചവന്നപ്പോള്‍ നിര്‍വഹണഉദ്യോഗസ്ഥനോട് വിശദീകരണം ചോദിക്കാനുള്ള തീരുമാനമെടുത്ത് വിഷയം ഒതുക്കി. ജില്ലാ പഞ്ചായത്ത് ഓഫിസിലേക്ക് പുതിയഫര്‍ണിച്ചര്‍ വാങ്ങുന്നതിന് സിംഗ്ള്‍ ക്വട്ടേഷന്‍ അംഗീകരിക്കാന്‍ പാടില്ലെന്ന സര്‍ക്കാര്‍ നിര്‍ദേശം മറികടന്ന് സ്വകാര്യഏജന്‍സിക്ക് ക്വട്ടേഷന്‍ നല്‍കിയ പദ്ധതിയിലും വ്യക്തമായ അഴിമതിയുണ്ട്. ജില്ലാപഞ്ചായത്ത് പ്രസിഡന്‍റിന്‍െറ ഡിവിഷനില്‍ ടെന്‍ഡര്‍ ചെയ്ത് നടപ്പാക്കേണ്ട പല പദ്ധതികളും ടെന്‍ഡര്‍ ചെയ്യാതെ ഗുണഭോക്തൃസമിതി മുഖേനയും പ്രസിഡന്‍റിന്‍െറ ബന്ധുവായ കരാറുകാരനെക്കൊണ്ട് പ്രവൃത്തികള്‍ നടത്തുന്നതായും ജോസ്മോന്‍ മുണ്ടക്കല്‍ ആരോപിച്ചു.
അഴിമതിനിറഞ്ഞ പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നത് ഓഫിസ് സമയത്തിനുശേഷമാണ്. ജില്ലാപഞ്ചായത്ത് പ്രസിഡന്‍റും ചില ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ചേര്‍ന്ന് സന്ധ്യസമയ ചര്‍ച്ചകളിലൂടെയാണ് തീരുമാനമെടുക്കുന്നത്. ജില്ലാപഞ്ചായത്തിന് മുന്നിലെ പാര്‍ക്കിങ്ങിനെ എതിര്‍ക്കുന്നത് സന്ധ്യാസമയങ്ങളിലെ ഇത്തരം ഗൂഢാലോചനകള്‍ തടസ്സമാകുമെന്നതിനാലാണ്. പാര്‍ക്കിങ് വിഷയത്തിന്‍െറ പേരില്‍ റവന്യൂജീവനക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് ആവശ്യപ്പെടുന്ന ജില്ലാപഞ്ചായത്ത് പ്രസിഡന്‍റിന് പൊതുസ്ഥലത്ത് വാഹനം തടയാനുള്ള അവകാശമില്ല. പൊതുസ്ഥലത്ത് വാഹനം തടഞ്ഞ ജില്ലാപഞ്ചായത്ത് പ്രസിഡന്‍റിനെതിരെ കേസെടുക്കണമെന്നും ജോസ്മോന്‍ ആവശ്യപ്പെട്ടു.

സ്വര്‍ണവില താഴോട്ട്; പവന് 20,880 രൂപ

Posted: 15 Jul 2014 10:30 PM PDT

Image: 

കൊച്ചി: സ്വര്‍ണവില പവന് 160 രൂപ കുറഞ്ഞ് 20,880ല്‍ എത്തി. ഗ്രാമിന് 2,610 യാണ് നിലവിലെ വില.

കഴിഞ്ഞ ആഴ്ച സ്വര്‍ണവില ഉയര്‍ന്ന് 21,360 രൂപ വരെ എത്തിയിരുന്നു.

വിടപറഞ്ഞിട്ട് പത്താണ്ട്; ശൈഖ് സായിദ് ഇന്നും ഓര്‍മകളില്‍

Posted: 15 Jul 2014 10:27 PM PDT

Image: 

അബൂദബി: കെട്ടുറപ്പുള്ള ഒരു രാജ്യം പടുത്തുയര്‍ത്തുകയും സ്വദേശികള്‍ക്കും പ്രവാസികള്‍ക്കും അന്തസ്സാര്‍ന്ന ജീവിതത്തിന് വേണ്ടി പ്രയത്നിക്കുകയും ചെയ്ത ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ ആല്‍ നഹ്യാന്‍ വിടപറഞ്ഞിട്ട് പത്താണ്ട് തികയുന്നു. യു.എ.ഇ എന്ന രാജ്യത്തിന്‍െറ സ്ഥാപകനും രാഷ്ട്ര പിതാവും പ്രഥമ പ്രസിഡന്‍റുമായ ശൈഖ് സായിദ് 2004 റമദാനിലെ 19ാം ദിവസമാണ് വിടപറഞ്ഞത്.
ഹിജ്റ വര്‍ഷ പ്രകാരം ശൈഖ് സായിദ് വിടവാങ്ങിയിട്ട് പത്ത് വര്‍ഷം തികയുകയാണ്. ക്രിസ്തുവര്‍ഷ പ്രകാരം നവംബര്‍ രണ്ടിനാണ് ശൈഖ് സായിദ് അന്തരിച്ചത്.  
33 വര്‍ഷം നീണ്ട ഭരണത്തിലൂടെ യു.എ.ഇ എന്ന രാജ്യത്തെ ലോകത്തിന്‍െറ നെറുകയില്‍ എത്തിച്ച ശേഷമാണ് ശൈഖ് സായിദ് വിടപറഞ്ഞത്. യു.എ.ഇയില്‍ ജീവിക്കുന്ന ഓരോ വ്യക്തികളുടെയും ഓര്‍മകളില്‍ ഈ വലിയ മനുഷ്യന്‍ എപ്പോഴും കടന്നുവരുന്നുണ്ട്. നേതൃഗുണവും വികസന കാഴ്ചപ്പാടും ദീര്‍ഘ ദൃഷ്ടിയും വിശാല ചിന്തകളും അടങ്ങിയ വ്യക്തിത്വത്തിന് ഉടമയായിരുന്നു ശൈഖ് സായിദ്.
വിവിധ എമിറേറ്റുകളായി കടന്നിരുന്ന യു.എ.ഇയെ ഒറ്റ രാജ്യമായി രൂപവത്കരിക്കാനും ഒന്നിച്ചുനിര്‍ത്താനും ശൈഖ് സായിദിന്‍െറ നേതൃത്വത്തിനാ യി. പരസ്പരം ശത്രുതയിലായിരുന്ന ഗോത്രങ്ങള്‍ പോലും ശൈഖ് സായിദിന്‍െറ ഇടപെടലിലൂടെ രാജ്യത്തിനായി ഒന്നായി.
1971 ഡിസംബര്‍ രണ്ടിന് യു.എ.ഇ രൂപം കൊള്ളുന്നത് മുതല്‍ ഇതുവരെയുള്ള വികസനത്തിന്‍െറയും വളര്‍ച്ചയുടെയും യോജിപ്പിന്‍െറയും ഗാഥകളില്‍ എല്ലാം ശൈഖ് സായിദ് നിറഞ്ഞുനില്‍ക്കുകയാണ്. എണ്ണ എന്ന അനുഗ്രഹത്തെ ഉപയോഗിക്കുന്നതോടൊപ്പം യുവ സമൂഹത്തെ വിദ്യാഭ്യാസത്തിന്‍െറ ലോകത്തേക്ക് ആനയിക്കുന്നതിലും ശൈഖ് സായിദ് നിര്‍ണായക പങ്കാണ് വഹിച്ചത്.
ഭരണാധികാരിയും ജനങ്ങളും തമ്മിലെ ബന്ധത്തെ സംബന്ധിച്ച വ്യക്തമായ കാഴ്ചപ്പാടാണ് ഉണ്ടായിരുന്നത്. ജനങ്ങള്‍ക്കിടയിലേക്ക് ഇറങ്ങിച്ചെന്നിരുന്ന ശൈഖ് സായിദ്, അവരുടെ പ്രശ്നങ്ങളും പ്രയാസങ്ങളും ബുദ്ധിമുട്ടുകളും അറിയുന്നതിന് എപ്പോഴും ബദ്ധശ്രദ്ധനായിരുന്നു.
ജനങ്ങളും ഭരണാധികാരിയും തമ്മില്‍ ഒരിക്കലും വേലി ഉണ്ടാകരുതെന്ന കര്‍ക്കശ നിലപാടുകാരനായിരുന്നു അദ്ദേഹം. ഇതോടൊപ്പം സ്ത്രീകളുടെ സ്വാതന്ത്ര്യത്തിനും മറ്റ് മതങ്ങളുടെ വിശ്വാസങ്ങള്‍ക്കും എല്ലാം പരിഗണന നല്‍കുകയും ചെയ്തു. രാഷ്ട്രീയ, സാമൂഹിക, വിദ്യാഭ്യാസ, സാംസ്കാരിക മേഖലകളില്‍ സ്ത്രീകള്‍ ഉയര്‍ന്നുവരണമെന്ന നിലപാടുകാരനായിരുന്നു. ശൈഖ് സായിദ് മരണപ്പെടുന്നതിന് തൊട്ടുമുമ്പ് യു.എ.ഇ മന്ത്രിസഭയില്‍ വനിത സ്ഥാനം പിടിക്കുകയും ചെയ്തു.
ഏറ്റവും വലിയ പരിസ്ഥിതി സ്നേഹികളിലൊരാളായി കൂടിയാണ് ശൈഖ് സായിദിനെ ചരിത്രം വിലയിരുത്തുക. മരുഭൂമിയെ പൂങ്കാവനമാക്കി മാറ്റിയ മായാജാലം ശൈഖ് സായിദിന് മാത്രം സ്വന്തമാണ്. അബൂദബിയിലെമ്പാടും നിറഞ്ഞുനില്‍ക്കുന്ന പച്ചപ്പ് സൃഷ്ടിക്കുന്ന സുപ്രധാന പങ്കാണ് ഇദ്ദേഹം വഹിച്ചത്.  
എണ്ണപ്പണത്തിന്‍െറ വരവോടെ സമ്പന്നമായ യു.എ.ഇ ലോക ജനതക്ക് സഹായം എത്തിക്കുന്നതിലും മുന്‍പന്തിയിലത്തെിയത് ശൈഖ് സായിദിന്‍െറ മാനവിക കാഴ്ചപ്പാടിന്‍െറ ഭാഗമായാണ്. ഏഷ്യയിലെയും ആഫ്രിക്കയിലെയും യൂറോപ്പിലെയും ദരിദ്ര രാജ്യങ്ങള്‍ക്ക് സഹായം എത്തിക്കുന്നതില്‍ അദ്ദേഹം ദയാപരമായ നിലപാടാണ് കാഴ്ചവെച്ചത്.
പ്രകൃതി ദുരന്തങ്ങളും യുദ്ധവും അടക്കം ദുരിതം വിതച്ച സ്ഥലങ്ങളിലെ ജനങ്ങള്‍ക്ക് യു.എ.ഇയുടെയും ശൈഖ് സായിദിന്‍െറ സഹായങ്ങള്‍ മറക്കാന്‍ സാധിക്കില്ല. 1971-2004 വരെ കാലഘട്ടത്തില്‍ 117 രാജ്യങ്ങളിലായി 9500 കോടി ദിര്‍ഹത്തിന്‍െറ സഹായങ്ങളാണ് യു.എ.ഇ ചെയ്തത്.  അറബ് സമൂഹത്തിന് വേണ്ടിയും ശൈഖ് സായിദ് എന്നും പോരാടി.
അറബ് രാജ്യങ്ങളുടെ വികസനത്തിനുള്ള സഹായങ്ങള്‍ ചെയ്തതിനൊപ്പം ഫലസ്തീനിനായി എന്നും ഉച്ചത്തില്‍ ശബ്ദം ഉയര്‍ത്തുകയും ചെയ്തു. 1973ലെ യുദ്ധത്തില്‍ ഫലസ്തീനിന് വേണ്ടി പടിഞ്ഞാറന്‍ രാഷ്ട്രങ്ങള്‍ക്കുള്ള എണ്ണ വിതരണം നിര്‍ത്തിവെക്കാനും ശൈഖ് സായിദ് തയാറായി.
അറബ് രക്തം വീഴ്ത്തുമ്പോള്‍ എണ്ണ നല്‍കാനാകില്ളെന്നായിരുന്നു ശൈഖ് സായിദിന്‍െറ നിലപാട്. അറബ് രാഷ്ട്രീയ രംഗത്തും ലോക രാഷ്ട്രീയത്തിലും നിറഞ്ഞുനിന്ന മൂന്നര പതിറ്റാണ്ടിന്‍െറ സാന്നിധ്യമാണ് 2004ല്‍ ഇല്ലാതായത്.

ഗസ്സക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് ദോഹയില്‍ പ്രകടനം

Posted: 15 Jul 2014 10:20 PM PDT

Image: 

ദോഹ: ഇസ്രായേലിന്‍െറ ക്രൂരമായ ആക്രമണങ്ങത്തിന് വിധേയമാവുന്ന ഫലസ്തീന്‍ ജനതക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ദോഹയിലെ ഫലസ്തീന്‍ എംബസിയില്‍ പ്രകടനം നടന്നു. വെസ്റ്റ്ബേയിലെ ഫലസ്തീന്‍ എംബസി ഹാളില്‍ ഇന്നലെ രാത്രി എട്ട് മണിക്ക് നടന്ന ഐക്യദാര്‍ഢ്യ പ്രകടനത്തില്‍ മലയാളികളുടെ സാന്നിധ്യം ശ്രദ്ദേയമായി. ഖത്തര്‍ സ്വദേശികളുംഫലസ്തീനികളുമടക്കം അറബ് വംശജരും ഇന്ത്യക്കാരുമാണ് പരിപാടിയില്‍ പങ്കെടുത്തത്. ‘ഗസയുടെ മണ്ണില്‍ ഇതിഹാസത്തിന്‍ ഗസലുകള്‍ തീര്‍ക്കും യോദ്ധാക്കള്‍ക്ക് ആയിരമായിരമഭിവാദ്യങ്ങള്‍...’ തുടങ്ങിയ മുദ്രാവാക്യങ്ങളോടെയാണ് മലയാളികള്‍ പ്രകടനത്തില്‍ പങ്കെടുത്തത്. ഇസ്രായേലിനും ആക്രമണത്തിനെതിരെ നിസംഗത പാലിക്കുന്ന അമേരിക്കക്കും അന്താരാഷ്ട്ര ഏജന്‍സികള്‍ക്കുമെതിരെ അറബിയിലും മലയാളത്തിലും മുദ്രാവാക്യങ്ങളുയര്‍ന്നു.
സത്രീകള്‍ പങ്കെടുക്കില്ളെന്ന് അറിയിപ്പുണ്ടായിരുന്നുവെങ്കിലും പ്രതിഷേധത്തില്‍ സത്രീ സാന്നിധ്യവുമുണ്ടായി. ഫലസ്തീനിലെ നിരപരാധികളെ കൂട്ടക്കൊല നടത്തുന്നത് അവസാനിപ്പിക്കുക, ഫലസ്തീനിലെ കുട്ടിളെ രക്ഷിക്കുക തുടങ്ങിയ പ്ളക്കാര്‍ഡുകളും ഖത്തറിന്‍െറയും ഫലസ്തീന്‍െറയും പതാകകളും പ്രതിഷേധക്കാര്‍ ഉയര്‍ത്തി. 200-ഓളം പേരാണ് പരിപാടിയില്‍ പങ്കെടുത്തത്. ഫലസ്തീന്‍ അംബാസഡര്‍ മുനീര്‍ ഗാനം, ഫലസ്തീന്‍ ആക്ടിവിസ്റ്റ് ഡോ. ത്വവീല്‍ എന്നിവര്‍ സംസാരിച്ചു. സര്‍ക്കാറിന്‍െറ അനുമതിയോടെയാണ് പ്രതിഷേധ പരിപാടി സംഘടിപ്പിച്ചതെന്ന് എംബസി അധികൃതര്‍ അറിയിച്ചു.

No comments:

Post a Comment

english malayalam dictionary

വിരുന്നുകാര്...

poomottu

Dsgd: by ASLAM PADINHARAYIL

Back to TOP