സ്വാഗതം
WELCOME

News Update..

Friday, July 25, 2014

പാറമടകള്‍ പൂട്ടുന്നതിന് കേരളം ഒരു വര്‍ഷം സാവകാശം തേടി Madhyamam News Feeds

പാറമടകള്‍ പൂട്ടുന്നതിന് കേരളം ഒരു വര്‍ഷം സാവകാശം തേടി Madhyamam News Feeds

Link to

പാറമടകള്‍ പൂട്ടുന്നതിന് കേരളം ഒരു വര്‍ഷം സാവകാശം തേടി

Posted: 24 Jul 2014 11:54 PM PDT

Image: 

ന്യൂഡല്‍ഹി: പാരിസ്ഥിതികാനുമതിയില്ലാതെ പ്രവര്‍ത്തിക്കുന്ന പാറമടകള്‍ അടച്ചു പൂട്ടാന്‍ ഒരു വര്‍ഷത്തെ സാവകാശം വേണമെന്ന് സംസ്ഥാന സര്‍ക്കാര്‍. ദേശീയ ഹരിത ട്രൈബ്യൂണലില്‍ നല്‍കിയ പുന:പരിശോധനാ ഹരജിയിലാണ് കേരളം ആവശ്യം ഉന്നയിച്ചത്.
ക്വാറികള്‍ പെട്ടെന്ന് നിര്‍ത്തിവെക്കുന്നത് നിര്‍മാണ മേഖല സ്തംഭിപ്പിക്കുമെന്നും സംസ്ഥാന സര്‍ക്കാര്‍ ട്രൈബ്യൂണലിനെ അറിയിച്ചു. പാരിസ്ഥിതിക അനുമതിയില്ലാതെ പ്രവര്‍ത്തിക്കുന്ന ക്വാറികള്‍ അടച്ചു പൂട്ടണമെന്ന ഹരിത ട്രൈബ്യൂണലിന്‍െറ ഉത്തരവിനെ തുടര്‍ന്നാണ് സര്‍ക്കാര്‍ സത്യവാങ്മൂലം നല്‍കിയത്. ചെറിയ പാറമടകള്‍ക്ക് പാരിസ്ഥിതിക അനുമതി നേടാന്‍ സാവകാശം അനുവദിക്കണമെന്നും സര്‍ക്കാര്‍ ആവശ്യപ്പെട്ടു.
 

1500 പേരെ മാറ്റിപ്പാര്‍പ്പിച്ചു; രണ്ടരക്കോടിയുടെ നഷ്ടം

Posted: 24 Jul 2014 11:42 PM PDT

സുല്‍ത്താന്‍ ബത്തേരി\കല്‍പറ്റ: കോരിച്ചൊരിഞ്ഞ മഴയിലും വെള്ളപ്പൊക്കത്തിലും ജില്ലയില്‍ രണ്ടരക്കോടിയോളം രൂപയുടെ നഷ്ടം. 117 ഹെക്ടര്‍ ഭൂമിയില്‍ കൃഷി വെള്ളത്തിനടിയിലായതായി ഡിസാസ്റ്റര്‍ മാനേജ്മെന്‍റ് ഓഫിസ് അറിയിച്ചു. 2,39,88,150 രൂപയുടെ നഷ്ടം കണക്കാക്കുന്നു. 14 വീടുകള്‍ തകര്‍ന്ന് 2,48,500 രൂപയുടെ നഷ്ടമുണ്ടായിട്ടുണ്ട്. 21 ക്യാമ്പുകളിലായി 370 കുടുംബങ്ങളില്‍ നിന്നുള്ള 1500 ഓളം പേരെ മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്.
നിറഞ്ഞുകവിഞ്ഞ കല്ലൂര്‍പ്പുഴയില്‍ ഒഴുക്കില്‍പ്പെട്ട് ഒരാളെ കാണാതായി. നമ്പിക്കൊല്ലി തോളായി പണിയ കോളനിയിലെ ഗോപാലനെയാണ് (44) കാണാതായത്. ബുധനാഴ്ച വൈകീട്ട് ഏഴരയോടെ കോളനിയിലേക്കുപോകാന്‍ പുഴ നീന്തിക്കടക്കുന്നതിനിടയില്‍ ഒഴുക്കില്‍പ്പെടുകയായിരുന്നു. ശക്തമായ മഴയും മലവെള്ളപ്പാച്ചിലും തിരച്ചില്‍ വിഫലമാക്കി. റവന്യൂ, പൊലീസ്, ഫയര്‍ ഫോഴ്സ് ഉദ്യോഗസ്ഥരും നാട്ടുകാരും ചേര്‍ന്ന് വ്യാഴാഴ്ചയും തിരച്ചില്‍ തുടര്‍ന്നു. തുര്‍ക്കി ജീവന്‍ രക്ഷാ സമിതി, ഫയര്‍ഫോഴ്സ്, നാട്ടുകാര്‍ എന്നിവര്‍ സംയുക്തമായി വൈകീട്ടുവരെ തിരച്ചില്‍ നടത്തിയിട്ടും ഒഴുക്കില്‍പ്പെട്ടയാളെ കണ്ടെത്താനായില്ല. പ്രതികൂല കാലാവസ്ഥ കാരണം പിന്നീട് തിരച്ചില്‍ നിര്‍ത്തിവെക്കുകയായിരുന്നു.
ജില്ലയില്‍ വ്യാഴാഴ്ച മഴക്ക് നേരിയ ശമനമുണ്ടായെങ്കിലും ദുരിതത്തിനറുതിയായില്ല. താഴ്ന്നപ്രദേശങ്ങള്‍ ഒന്നടങ്കം വെള്ളത്തില്‍ മുങ്ങിയ നിലയിലാണ്. വൈത്തിരി താലൂക്കിലെ ഒമ്പത് ദുരിതാശ്വാസ ക്യാമ്പുകളില്‍ ഒരെണ്ണത്തിലെ ആളുകള്‍ മാത്രമാണ് വീടുകളിലേക്ക് തിരിച്ചുപോയത്. തൃക്കൈപ്പറ്റ സെന്‍റ് തോമസ് യാക്കോബായ സുറിയാനി പള്ളി ഹാളിലെ ദുരിതാശ്വാസ ക്യാമ്പിലുണ്ടായിരുന്നവരാണ് വീടുകളിലേക്ക് മടങ്ങിയത്.
കാവുമന്ദം കാപ്പുവയല്‍, കൊളവയല്‍, പനങ്കണ്ടി, കാക്കവയല്‍, തെക്കുംതറ എ.യു.പി.എസ്, കണിയാമ്പറ്റ ജി.യു.പി.എസ്, കരിഞ്ഞകുന്ന് സ്കൂള്‍, കോട്ടത്തറ നായനാര്‍ സ്മാരക കമ്യൂണിറ്റി ഹാള്‍ എന്നിവിടങ്ങളിലെ ദുരിതാശ്വാസ ക്യാമ്പുകളില്‍ നിരവധി കുടുംബങ്ങളുണ്ട്. കോട്ടത്തറയിലാണ് വ്യാഴാഴ്ച വെള്ളപ്പൊക്കം കൂടുതല്‍ നാശംവിതച്ചത്. വൈശ്യന്‍ കോളനി, കള്ളംപെട്ടി, പുഴക്കംവയല്‍, പാലപ്പൊയില്‍, മൊട്ടന്‍കുന്ന്, കൊളക്കി മൊട്ടന്‍കുന്ന് എന്നീ പ്രദേശങ്ങള്‍ വെള്ളത്തിലാണ്.
നാലുവശവും വെള്ളത്താല്‍ ചുറ്റപ്പെട്ട മൊട്ടന്‍കുന്നില്‍ ആവശ്യമായ സാധന സാമഗ്രികളെത്തിച്ചതായി കോട്ടത്തറ പഞ്ചായത്ത് അധികൃതര്‍ പറഞ്ഞു. വാഴയും കപ്പയുമടക്കം ഏക്കറുകണക്കിന് കൃഷി വെള്ളത്തിനടിയിലാണ്.
സുല്‍ത്താന്‍ ബത്തേരിയില്‍ നൂല്‍പുഴ, പുറക്കാടി, കൃഷ്ണഗിരി വില്ലേജുകളില്‍ ബുധനഴ്ച മാറ്റിപ്പാര്‍പ്പിച്ച കുടുംബങ്ങള്‍ക്ക് തിരിച്ചുപോകാന്‍ കഴിഞ്ഞിട്ടില്ല. കാറ്റിലും മഴയിലുംപെട്ട് താറുമാറായ വൈദ്യുതി, ടെലിഫോണ്‍ ലൈനുകള്‍ വ്യാഴാഴ്ച പുന$സ്ഥാപിച്ചു.

ബ്ളാക് മെയിലിങ് കേസിലെ പ്രതി എം.എല്‍.എ ഹോസ്റ്റലില്‍ പിടിയില്‍

Posted: 24 Jul 2014 11:30 PM PDT

Image: 

തിരുവനന്തപുരം: കൊച്ചി ബ്ളാക് മെയിലിങ് കേസിലെ പ്രതി തിരുവനന്തപുരത്ത് എം.എല്‍.എ ഹോസ്റ്റലില്‍ പിടിയിലായി.

ഒളികാമറ ദൃശ്യങ്ങള്‍ ഉപയോഗിച്ച് ബ്ളാക് മെയിലിങ് നടത്തി പണം തട്ടിയ കേസിലെ പ്രതി ജയചന്ദ്രന്‍ ആണ് മുന്‍ എം.എല്‍.എ ശരത്ചന്ദ്ര പ്രസാദിന്‍റെ പേരില്‍ എടുത്ത മുറിയില്‍ അറസ്റ്റിലായത്. മൊബൈല്‍ ടവര്‍ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് പ്രതി പടിയില്‍ ആയത്.

ഇയാള്‍ ഇവിടെ ഒളിവില്‍ താമസിക്കുകയായിരുന്നുന്നെന്ന് ആരോപണമുണ്ട്. എറണാകുളത്ത് പരസ്യ ഏജന്‍സി നടത്തുകയാണ് ജയചന്ദ്രന്‍.

വെസ്റ്റ് ബാങ്കില്‍ പ്രതിഷേധക്കാര്‍ക്ക് നേരെ ഇസ്രായേല്‍ വെടിവെപ്പ്

Posted: 24 Jul 2014 11:29 PM PDT

Image: 

റാമല്ല: ഗസ്സയിലെ ഇസ്രായേല്‍ അതിക്രമത്തില്‍ പ്രതിഷേധിച്ച് വെസ്റ്റ് ബാങ്കില്‍ പ്രകടനം നടത്തിയവര്‍ക്ക് നേരെ ഇസ്രായേല്‍ വെടിവെപ്പ്.  ഇസ്രായേല്‍ പൊലീസ് നടത്തിയ വെടിവെപ്പില്‍ രണ്ടു പേര്‍ കൊല്ലപ്പെട്ടു.  റാമല്ലയില്‍ നിന്നു കിഴക്കന്‍ ജറുസലേമിലേക്ക് പ്രകടനം നടത്തിയ പതിനായിരത്തോളം വരുന്ന പ്രതിഷേധക്കാര്‍ സൈന്യവുമായും ഇസ്രായേല്‍ പൊലീസുമായും ഏറ്റുമുട്ടി.
അതേസമയം ഇസ്രായേല്‍ ജൂലൈ എട്ടിന് ആരംഭിച്ച ആക്രമണം 17 ദിവസം പിന്നിടുമ്പോള്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 800 കടന്നു. കഴിഞ്ഞ ദിവസം യു.എന്‍ അഭയാര്‍ഥി ക്യാമ്പിനുനേരെ ഇസ്രായേല്‍ നടത്തിയ മിസൈല്‍ ആക്രമണത്തില്‍ 30 പേര്‍ കൊല്ലപ്പെട്ടിരുന്നു. അഭയാര്‍ഥി ക്യാമ്പിനു നേരെ ഇസ്രായേല്‍ നടത്തിയ ആക്രമണത്തെ യു.എന്‍ ജനറല്‍ സെക്രട്ടറി ബാന്‍ കി മൂണ്‍ അപലപിച്ചു. ആക്രമണം ഞെട്ടിച്ചുവെന്നും വെടിനിര്‍ത്തലിന് ഹമാസും ഇസ്രായേലും തയാറാകണമെന്നും ബാന്‍ കി മൂണ്‍ ആവശ്യപ്പെട്ടു. ഇതിനിടെ മധ്യസ്ഥ ചര്‍ച്ചയുടെ ഭാഗമായി ബാന്‍ കി മൂണ്‍ സൗദി ഭരണാധികാരി അബ്ദുല്ല രാജാവുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. അതേസമയം ഒരുതരത്തിലുള്ള അന്താരാഷ്ട്ര അന്വേഷണവുമായും സഹകരിക്കില്ലന്നെ് ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹു പറഞ്ഞു.
 

ബിക്കാനീറിലെ ജയിലില്‍ തടവുകാര്‍ ഏറ്റുമുട്ടി; മൂന്നു മരണം

Posted: 24 Jul 2014 11:12 PM PDT

Image: 

ജെയ്പൂര്‍: രാജസ്ഥാനിലെ ബീക്കാനീറില്‍ ജയിലില്‍ തടവുകാര്‍ ചേരി തിരിഞ്ഞ് ഏറ്റുമുട്ടി. സംഘട്ടനത്തില്‍ മൂന്നു തടവുകാര്‍ കൊല്ലപ്പെട്ടു. നാലു പേര്‍ക്ക് പരിക്കേറ്റു. സംഭവത്തെ തുടര്‍ന്ന് ജയിലില്‍ ആയുധ പരിശോധന പൊലീസ് ശക്തമാക്കി.

പ്രാദേശികമായി നിര്‍മിച്ച റിവോള്‍വര്‍ ഉപയോഗിച്ച് ജയിലിലെ ബാരക്കിനകത്ത് വെച്ച് ബല്‍ബീര്‍ ബനുദ എന്ന തടവു പുള്ളി ജയ്പ്രകാശ് എന്ന മറ്റൊരു തടവുകാരനുനേര്‍ക്ക് വെടിയുതിര്‍ക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

പിന്നീട് പരസ്പരം നടന്ന വെടിവെപ്പില്‍ കുപ്രസിദ്ധ കുറ്റവാളിയായ അനന്ത്പാല്‍ സിങ്ങിന് ഗുരുതരമായ പരിക്കേറ്റു. അനന്ത്പാലിന്‍റെ ഗാങ്ങിലെ ഒരാള്‍ ജെയ്പ്രകാശ് ഗാങ്ങിലെ മറ്റു മൂന്നുപേരെ ആക്രമിക്കുകയും ഇതെ തുടര്‍ന്ന് ഇവരില്‍ രണ്ടുപേര്‍ കൊല്ലപ്പെടുകയും ചെയ്തു.

വെടിയുതിര്‍ത്ത ബനുദ അനന്ത്പാല്‍ സിങ്ങിന്‍റെ ഗാങ്ങില്‍ പെട്ടയാളാണ്. അനധികൃത മദ്യക്കടത്തിലും കൊലയിലും പ്രതിയായാണ് ബനുദ ജയിലില്‍ എത്തിയത്. 2006ല്‍ ജാട്ട് മഹാസഭ നേതാവ് ഗോപാല്‍ ഫൊഗാവതിനെ കൊലപ്പെടുത്തിയത് 2012ല്‍ ജെയ്പുര്‍ പൊലീസിന്‍റെ പിടിയില്‍ ആവുകയായിരുന്നു ഇയാള്‍.

ഹറമില്‍ ഭക്തസാഗരം തീര്‍ത്ത് ഇരുപത്തേഴാം രാവ്

Posted: 24 Jul 2014 10:52 PM PDT

Image: 

മക്ക: ലൈലത്തുല്‍ ഖദ്റിന്‍െറ പുണ്യംതേടി തീര്‍ഥാടകലക്ഷങ്ങള്‍ മക്കയിലെ മസ്ജിദുല്‍ ഹറാമില്‍ സംഗമിച്ചു. റമദാനിലെ 27ാംരാവിന് ഹറമില്‍ സാക്ഷികളാവാന്‍ വിവിധ സ്ഥലങ്ങളില്‍ നിന്ന് ആയിരക്കണക്കിനാളുകളാണ് മക്കയിലെത്തിയത്. വിദേശികളും സ്വദേശികളുമായ തീര്‍ഥാടകരും സന്ദര്‍ശകരും സംഗമിച്ചതോടെ  ഹറമും പരിസരവും പ്രാര്‍ഥനാമുഖരിതമായി. നമസ്കാരവേളകളില്‍ മസ്ജിദുല്‍ഹറാം നിറഞ്ഞൊഴുകി. നേരം പുലരുവോളം ഖുര്‍ആന്‍ പാരായണത്തിലും പ്രാര്‍ഥനകളിലും മുഴുകിയാണ് വിശ്വാസികള്‍ പുണ്യരാവിന് വിട ചൊല്ലിയത്. വ്യാഴാഴ്ച വൈകുന്നേരമാവുമ്പോള്‍ തന്നെ മസ്ജിദും ചുറ്റുഭാഗത്തെ അങ്കണവും നിറഞ്ഞു നമസ്കാരത്തിന്‍െറ അണികള്‍ പുറത്തേക്കു പരന്നൊഴുകി. ഇതോടെ ആളുകള്‍ നമസ്കാരത്തിന് മസ്ജിദുല്‍ഹറാമിലേക്ക് തിരക്കിയെത്തുന്നത് അവസാനിപ്പിക്കാനും സമീപത്തെ മറ്റു പള്ളികളില്‍ നമസ്കാരം നിര്‍വഹിക്കാനും ആവശ്യപ്പെട്ട് സിവില്‍ ഡിഫന്‍സ് എസ്.എം.എസ് അലര്‍ട്ട് നല്‍കി.
റമദാന്‍ അവസാനപത്തിലേക്ക് പ്രവേശിച്ചതോടെ മക്കയിലേക്കുള്ള തീര്‍ഥാടകപ്രവാഹം ശക്തമായിരുന്നു. ഈദുല്‍ ഫിത്വര്‍ അവധിക്കായി രാജ്യത്തെ ഗവണ്‍മെന്‍റ് ഓഫിസുകള്‍ കൂടി അടച്ചതോടെ കഴിഞ്ഞ രണ്ട് ദിവസങ്ങളായി ആഭ്യന്തര തീര്‍ഥാടകരുടെ പ്രവാഹം കൂടുതല്‍ ശക്തമായിരുന്നു. അവസാനപത്തിലെ തിരക്ക് കണക്കിലെടുത്ത് ഓരോ വകുപ്പും 27ാംരാവിനും നാളത്തെ ഖത്മുല്‍ ഖുര്‍ആന്‍ ദിവസത്തിനും പ്രത്യേക നടപടിക്രമങ്ങളാണ് ആവിഷ്കരിച്ചിരുന്നത്. 27ാം രാവും തൊട്ടടുത്ത ദിവസം അവസാന വെള്ളിയാഴ്ചയുമാകുന്നതിനാല്‍ ഉണ്ടായേക്കാവുന്ന തിരക്കൊഴിവാക്കാന്‍ മക്ക ഗവര്‍ണര്‍ അമീര്‍ മിശ്അല്‍ ബിന്‍ അബ്ദുല്ല ആവശ്യമായ നടപടികളും ഒരുക്കങ്ങളും പൂര്‍ത്തിയാക്കാന്‍ ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് നേരത്തെ നിര്‍ദേശം നല്‍കിയിരുന്നു. ഇരുഹറം കാര്യാലയം ആവശ്യമായ ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കിയിരുന്നു. സുരക്ഷാ വകുപ്പിന് കീഴില്‍ തീര്‍ഥാടകരുടെ പോക്കുവരവുകള്‍ വ്യവസ്ഥാപിതമാക്കാനും തിരക്കൊഴിവാക്കാനും കൂടുതല്‍ ഉദ്യോഗസ്ഥരെ നിയോഗിച്ചിരുന്നു. ഹറമിനകവും മുകളിലെ നിലയും നിറഞ്ഞു കവിഞ്ഞതോടെ നമസ്കരിക്കാനെത്തുന്നവരെ പുതിയ കെട്ടിടത്തിലേക്ക് തിരിച്ചുവിടാന്‍ ഹറം മുറ്റങ്ങളില്‍ കൂടുതല്‍ പൊലീസുകാരെ നിയോഗിച്ചിരുന്നു.
27ാംരാവിനും ഖത്മുല്‍ ഖുര്‍ആനിനുമുണ്ടാകുന്ന തിരക്ക് കണക്കിലെടുത്ത് ഇരുഹറമുകള്‍ക്കടുത്തും റോഡുകളിലും സിവില്‍ ഡിഫന്‍സിന്‍െറ കൂടുതല്‍ യൂനിറ്റുകള്‍ ഒരുക്കിയതായി സിവില്‍ ഡിഫന്‍സ് മേധാവി കേണല്‍ സുലൈമാന്‍ ബിന്‍ അബ്ദുല്ല അംറ് പറഞ്ഞു. ഹറമിന്‍െറ വിവിധ ഭാഗങ്ങളില്‍ പ്രായം കൂടിയവര്‍ക്കും തിക്കിലും തിരക്കിലും പെടുന്നവര്‍ക്കും അടിയന്തര ചികിത്സാസേവനങ്ങള്‍ നല്‍കാനും ആശുപത്രിയിലെത്തിക്കുന്നതിനുമുള്ള സംഘങ്ങളുടെ എണ്ണം വര്‍ധിപ്പിച്ചിരുന്നു. തീര്‍ഥാടകര്‍ക്ക് ആവശ്യമായ നിര്‍ദേശങ്ങളും മുന്നറിയിപ്പുകളും നല്‍കാന്‍ കൂടുതല്‍ സ്ക്രീനുകള്‍ സ്ഥാപിച്ചതായും സിവില്‍ ഡിഫന്‍സ് മേധാവി പറഞ്ഞു. ട്രാഫിക് നിയന്ത്രണത്തിന് ഹറമിനടുത്ത് 1000·ത്തിലധികം പേരെ നിയോഗിച്ചിരുന്നതായി മക്ക ട്രാഫിക് മേധാവി കേണല്‍ സല്‍മാന്‍ അല്‍ജുമഈ പറഞ്ഞു. റെഡ്ക്രസന്‍റിന് കീഴില്‍ ആരോഗ്യ സേവനത്തിന് 500ഓളം വളണ്ടിയര്‍മാര്‍ രംഗത്തുണ്ടായിരുന്നു. ഇവര്‍ക്ക്പുറമെ നിരവധി സ്കൗട്ട് വിദ്യാര്‍ഥികളും സന്നദ്ധ സേവന പ്രവര്‍ത്തകരും സേവനത്തിനുണ്ടായിരുന്നു. ഹറമിനടുത്ത സ്ഥലങ്ങളില്‍ ശുചീകരണ ജോലികള്‍ക്ക് മുനിസിപ്പാലിറ്റി കൂടുതല്‍ തൊഴിലാളികളെ നിയോഗിച്ചു. ഹോട്ടലുകളിലും ലോഡ്ജുകളിലും നല്ല തിരക്കാണ് അനുഭവപ്പെട്ടത്.
 

പൊന്നില്‍ കുളിച്ച് വഴിയോരം; മനസ്സുകള്‍ പ്രാര്‍ഥനാനിര്‍ഭരം

Posted: 24 Jul 2014 10:34 PM PDT

Image: 

ഷാര്‍ജ: റമദാന്‍െറ അനുഗ്രഹീത രാപ്പകലുകള്‍ വിടപറയുമ്പോള്‍ വിശ്വാസിയുടെ കണ്ണുകള്‍ നനയുകയാണ്. പ്രാര്‍ഥന നിറഞ്ഞ മനസ്സുമായാണ് വിശ്വാസികള്‍ രാവും പകലും പിന്നിടുന്നത്. ഒരു വെള്ളിയാഴ്ച കൂടി ബാക്കിയുണ്ട് എന്ന് പറയുമ്പോള്‍, ഭക്തി നിര്‍ഭരമായ മനസ്സുകളില്‍ ഒരു പിടച്ചിലാണ്. ലോകം ഇന്ന് അനുഭവിക്കുന്ന പട്ടിണിയുടെ ദുരിതമാണ് വ്രതത്തിലൂടെ വിശ്വാസികള്‍ അറിയുന്നത്. അത് കൊണ്ടുതന്നെ തന്നിലെ ധനവും സമ്പത്തും ദാനം ചെയ്ത് മൂലധനത്തെ ശുദ്ധീകരിക്കാന്‍ അവന്‍ തിടുക്കം കൂട്ടുന്നു.
വടക്കേ ഇന്ത്യയിലെ പട്ടിണി പടര്‍ന്ന് പിടിച്ച ഗ്രാമങ്ങളിലേക്ക് പ്രവാസ ഭൂമിയില്‍ നിന്ന് വന്‍ തോതില്‍ സഹായങ്ങളാണ് ഇത്തവണയും പോയത്. വിഷന്‍ 2016 പോലുള്ള ഇന്ത്യയിലെ ജീവകാരുണ്യ പ്രവര്‍ത്തകരുടെ ഊര്‍ജസ്വലമായ പ്രവര്‍ത്തനമാണ് വടക്കേ ഇന്ത്യയിലെ ദുരിത ഭൂമിയിലേക്ക് വന്‍ തോതില്‍ സഹായങ്ങള്‍ പ്രവാസ ഭൂമിയില്‍ നിന്ന് നീളാന്‍ പ്രധാന കാരണം.
അശരണരുടെ കണ്ണീരൊപ്പുന്ന തൂവാലകളാണ് പ്രവാസികള്‍ എന്ന് ലോകത്തെ കൊണ്ട് വീണ്ടും വീണ്ടും പറയിപ്പിക്കാനും സഹായങ്ങള്‍ പല ദിക്കില്‍ നിന്നും ശേഖരിക്കാനും ഇതുവഴി സാധിക്കുന്നുണ്ട്.
സജ വ്യവസായ മേഖലയിലെ ദുരിത ബാധിതര്‍ക്കിടയില്‍ പാഞ്ഞ് നടന്ന് പ്രവര്‍ത്തിച്ചിട്ടും ക്ഷീണം പിടിപെടാത്ത സഹോദരങ്ങള്‍ നോമ്പിനെ ക്രിയാത്മകമായി അടയാളപ്പെടുത്തുന്നു. നോമ്പുകാരന്‍ നിര്‍ബന്ധമായും കൊടുത്തിരിക്കേണ്ട ഫിത്വര്‍ സക്കാതിന്‍െറ ശേഖരണവും സംഘടനകള്‍ നടത്തുന്നുണ്ട്.
ഇത് അര്‍ഹതപ്പെട്ടവരിലെക്കെത്തുന്നതോടെ അവരുടെ വ്രതമുറഞ്ഞ മനസ്സില്‍ പെരുന്നാള്‍ സന്തോഷത്തിന്‍റ പൂത്തിരി കത്തും. റമദാന്‍ വിട പറയുന്ന സങ്കടവും പെരുന്നാള്‍ അണയുന്ന സന്തോഷവും ഇടകലര്‍ന്ന് വിശ്വാസികളുടെ കണ്ണുകളില്‍ കാണാം.
യു.എ.ഇയുടെ മുക്കിലും മൂലയിലും സന്നദ്ധ സംഘടനകളുടെ ഇഫ്താറുകള്‍ മുടക്കമില്ലാതെ നടക്കുന്നു. ശൈഖ് ഖലീഫ ഫൗണ്ടേഷന്‍, റെഡ് ക്രസന്‍റ്, ദാര്‍ അല്‍ബേര്‍, ഷാര്‍ജ ചാരിറ്റി തുടങ്ങിയ സംഘടനകളുടെ പ്രവര്‍ത്തകര്‍ വിശ്രമമില്ലാത്ത പ്രവര്‍ത്തനമാണ് കാഴ്ചവെക്കുന്നത്. റമദാന്‍ ചന്ദ്രിക അസ്തമയത്തിലേക്കും ശവ്വാല്‍ പിറയിലേക്കും നീങ്ങുമ്പോള്‍ വഴിയോരങ്ങളിലും അതിന്‍െറ അടയാളങ്ങളുണ്ട്. ദുബൈയിലെ ജുമൈറ ഭാഗത്തും ട്രേഡ് സെന്‍റര്‍ റൗണ്ടെബൗട്ടിലും ശൈഖ് സായിദ് റോഡിലും കമനീയമായ വൈദ്യുതാലാങ്കാരങ്ങളാണ് തീര്‍ത്തിരിക്കുന്നത്. കടകമ്പോളങ്ങളില്‍ ഇപ്പോള്‍ തന്നെ പെരുന്നാള്‍ തിരക്ക് ആരംഭിച്ചിട്ടുണ്ട്. വസ്ത്രങ്ങളുടെ വൈവിധ്യമാര്‍ന്ന ശേഖരങ്ങളാണ് എല്ലാ ഭാഗത്തും കാണാന്‍ സാധിക്കുന്നത്.

ഖത്തറിന്‍െറ സഹായം ദുര്‍ബലര്‍ക്കും ഇരകള്‍ക്കും- ഉര്‍ദുഗാന്‍

Posted: 24 Jul 2014 10:19 PM PDT

Image: 

ദോഹ: ഖത്തര്‍ ഭീകരതയെ പിന്തുണക്കുന്ന രാജ്യമല്ലെന്ന് തുര്‍ക്കി. മാനുഷിക സഹായങ്ങള്‍ നല്‍കിക്കൊണ്ട് ദുര്‍ബലര്‍ക്കും ഇരകള്‍ക്കുമൊപ്പം നില്‍ക്കുകയാണ് ഖത്തര്‍ ചെയ്യുന്നതെന്ന് തുര്‍ക്കി പ്രധാനമന്ത്രി റജബ് തയ്യിബ് ഉര്‍ദുഗാന്‍ വ്യക്തമാക്കി. മറിച്ച്, ഇസ്രായേല്‍ ആണ് നരമേധത്തിലൂടെ ഭീകരരാഷ്ട്രമായി നിലകൊള്ളുന്നത്.
ഖത്തറിന് നേരെയുള്ള ഇസ്രായേലി പ്രസിഡന്‍റ് ഷിമോണ്‍ പെരസിന്‍െറ ഭീകരത സഹായാരോപണത്തെ കുറിച്ച ചോദ്യത്തോട് സി.എന്‍.എന്‍ ചാനലുമായുള്ള അഭിമുഖത്തില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.  മര്‍ദ്ദിത ജനവിഭാഗങ്ങള്‍ക്ക് സഹായം നല്‍കുന്നതില്‍ ഖത്തറും തുര്‍ക്കിയും സഹകരിക്കുന്നതായും അത് തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഖത്തര്‍ വിദേശമന്ത്രി ഡോ. ഖാലിദ് ബിന്‍ മുഹമ്മദ് അല്‍ അതിയ്യ ഇന്നലെ അമേരിക്കാന്‍ വിദേശ കാര്യ സെക്രട്ടറി ജോണ്‍ കെറി, തുര്‍ക്കി വിദേശകാര്യ മന്ത്രി ഡോ. അഹ്മദ് ദാവുദ് ഒഗ്ളു എന്നിവരുമായി ടെലിഫോണ്‍ സംഭാഷണം നടത്തി. ഗസ്സക്ക് നേരെയുള്ള ആക്രമണം അവസാനിപ്പിക്കുന്നതിനുള്ള നീക്കത്തിലെ പുരോഗതി ഇവര്‍ വിലയിരുത്തിയതായി ക്യു.എന്‍.എ റിപ്പോര്‍ട്ട് ചെയ്തു.
 

വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ലൈസന്‍സുകള്‍ കച്ചവടം ചെയ്യരുത്

Posted: 24 Jul 2014 10:07 PM PDT

Image: 

മനാമ: വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ആരംഭിക്കുന്നതിന് കരസ്ഥമാക്കിയ ലൈസന്‍സ് ഉടമകള്‍ അത് മറ്റുള്ളവര്‍ക്ക് കച്ചവടം ചെയ്യുന്നത് നിയമവിരുദ്ധമാണെന്ന് വിദ്യാഭ്യാസ മന്ത്രാലയ അണ്ടര്‍ സെക്രട്ടറി ഡോ. അബ്ദുല്ല യൂസുഫ് അല്‍മുതവ്വ വ്യക്തമാക്കി. സ്വകാര്യ സ്കൂളുകള്‍, കിന്‍റര്‍ ഗാര്‍ട്ടനുകള്‍, ഇന്‍സ്റ്റിറ്റ്യുട്ടുകള്‍ എന്നിവ  തുടങ്ങുന്നതിന് ലൈസന്‍സുകള്‍ കരസ്ഥമാക്കിയവര്‍ അവ മറ്റുള്ളവര്‍ക്ക് വാടകക്ക് നല്‍കുന്നതായി ബോധ്യപ്പെട്ടിട്ടുണ്ട്. ലൈസന്‍സുടമയോ അദ്ദേഹത്തിന്‍െറ പ്രതിനിധിയോ സ്ഥാപനത്തിന്‍െറ അടിസ്ഥാന അംഗമായിരിക്കണമെന്നാണ് നിയമം. മന്ത്രാലയത്തിന്‍െറ നിര്‍ദേശങ്ങള്‍ക്കനുസരിച്ചാണ് സ്ഥാപനം പ്രവര്‍ത്തിക്കുന്നതെന്ന് ഉറപ്പുവരുത്താന്‍ ഇത് അനിവാര്യമാണ്. സ്ഥാപനത്തിന്‍െറ ഗുണനിലവാരം, സുരക്ഷ, സിലബസ് തുടങ്ങി വിവിധ വിഷയങ്ങളില്‍ തീരുമാനമെടുക്കേണ്ടതിന്‍െറ ഉത്തരവാദിത്തം അംഗീകാരം കൈവശമുള്ളവരായിരിക്കണം. സ്ഥാപനത്തെ സംബന്ധിച്ച പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുകയും റിപ്പോര്‍ട്ടുകള്‍ മന്ത്രാലയത്തിന് കൈമാറുകയൂം ചെയ്യേണ്ട ഉത്തരവാദിത്തവും ലൈസന്‍സുടമക്കുണ്ട്.  ഏതെങ്കിലും തരത്തിലുള്ള വീഴ്ച്ച സംഭവിച്ചാല്‍ അതുസംബന്ധിച്ച് മറുപടി പറയേണ്ടതും യഥാര്‍ഥ ഉടമ തന്നെയാണ്. പുതിയ അധ്യയന വര്‍ഷം തുടങ്ങുന്നതിന് മുമ്പായി മന്ത്രാലയം മുന്നോട്ട് വെച്ചിട്ടുള്ള നിര്‍ദേശങ്ങള്‍ നടപ്പിലാക്കിയെന്ന് സ്ഥാപനങ്ങള്‍ ഉറപ്പുവരുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സ്ഥാപനങ്ങളില്‍ നടത്തിയ പരിശോധനയില്‍ ചിലയിടങ്ങളില്‍ നിയമ ലംഘനം ബോധ്യപ്പെടുകയും അവരുടെ അവസ്ഥകള്‍ ശരിയാക്കുന്നതിന് സമയം അനുവദിക്കുകയും ചെയ്തിരുന്നു. നിര്‍ദേശങ്ങള്‍ പാലിക്കുന്നതില്‍ നിന്ന് പിറകോട്ടടിക്കുന്ന സ്ഥാപനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയതിന് ശേഷം ലൈസന്‍സ് പിന്‍വലിക്കുന്നതടക്കമുള്ള നടപടി ക്രമങ്ങളാണ് മന്ത്രാലയം സ്വീകരിക്കുകയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
 

കാണാതായ അല്‍ജീരിയന്‍ വിമാന അവശിഷ്ടങ്ങള്‍ മാലിയില്‍ കണ്ടെത്തി

Posted: 24 Jul 2014 10:01 PM PDT

Image: 

അല്‍ജിയേഴ്സ്: ബുര്‍കിന ഫാസോയില്‍  നിന്ന് 116 യാത്രക്കാരുമായി അല്‍ജിയേഴ്സിലേക്ക് പോകുന്നതിനിടെ കാണാതായ വിമാനത്തിന്‍്റെ അവശിഷ്ടങ്ങള്‍ കണ്ടത്തെി. മാലിയിലെ ബൗലിക്കെസി ഗ്രാമത്തില്‍ ബുര്‍കിന ഫാസോ അതിര്‍ത്തിയില്‍ നിന്ന് 50 കിലോമിറ്റര്‍ മാറിയാണ്  വിമാന അവശിഷ്ടങ്ങള്‍ കണ്ടത്തെിയത്. ഇക്കാര്യം ബുര്‍കിന ഫാസോ സൈനിക വൃത്തങ്ങള്‍  ഒൗദ്യോഗികമായി സ്ഥിരീകരിച്ചു.


മാലി സര്‍ക്കാറിന്‍്റെ അനുമതിയോടെ പ്രദേശത്ത് തെരച്ചില്‍ ആരംഭിച്ചതായി  ബുര്‍കിന ഫാസോ സൈനിക മേധാവി അറിയിച്ചു. മുനുഷ്യ ശരീരങ്ങളുടെയും വിമാനത്തിന്‍്റെയും അവശിഷ്ടങ്ങള്‍ കണ്ടെന്ന് ഗ്രാമീണര്‍ അറിയിച്ചതിനെ തുടര്‍ന്നാണ് പരിശോന ആരംഭിച്ചതെന്നും അദ്ദേഹം പറഞ്ഞു. പരിശോധന നടത്തിയ സൈനിക സംഘം വിമാന അവശിഷ്ടങ്ങള്‍ കണ്ടതായി സ്ഥിരീകരിച്ചു.
പടിഞ്ഞാറന്‍ ആഫ്രിക്കന്‍ രാജ്യമായ ബുര്‍കിനഫാസോയിലെ ഒൗഗാഡോഗൗവില്‍നിന്ന് പറന്ന എയര്‍ അല്‍ജീരിയയുടെ എ.എച്ച് 5017 വിമാനമാണ് തകര്‍ന്നത്. ഇന്ത്യന്‍സമയം വൈകീട്ട് 4.30 നായിരുന്നു അപകടം.

അല്‍ജീരിയയില്‍ വൈകീട്ട് 5.10 (ജി.എം.ടി സമയം) ഇറങ്ങണ്ടേിയിരുന്ന വിമാനവുമായി യാത്രക്കിടെ ബന്ധം നഷ്ടമാവുകയായിരുന്നു. പറന്നുയര്‍ന്ന് 50 മിനിറ്റിനുശേഷമാണ് ബന്ധം നഷ്ടപ്പെട്ടത്.

51 ഫ്രഞ്ചുകാരും 27 ബുര്‍കിനഫാസോക്കാരും ലബനാന്‍(8) അല്‍ജീരിയ(6) കാനഡ(5) ജര്‍മനി(4) ലക്സംബര്‍ഗ്(2)  ഉള്‍പ്പെടെ 110 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്.  വിമാനജീവനക്കാര്‍ ആറുപേരും സ്പെയിന്‍കാരാണ്. ബെല്‍ജിയം, സ്വിറ്റ്സര്‍ലന്‍ഡ്, കാമറൂണ്‍, യുക്രെയ്ന്‍, റുമേനിയ, നൈജീരിയ എന്നീ രാജ്യങ്ങളിലെ ഓരോ ആള്‍ വീതവും വിമാനത്തിലുണ്ടായിരുന്നതായി സ്ഥിരീകരിച്ചിട്ടുണ്ട്.

 സ്വകാര്യ സ്പാനിഷ് കമ്പനിയായ സ്ഫിറ്റ് എയറിന്‍െറ ഉടമസ്ഥതയിലുള്ള വിമാനത്തിന് പതിനെട്ട് വര്‍ഷം പഴക്കമുണ്ട്. യൂറോപ്പിലേക്കും പശ്ചിമ ഏഷ്യയിലേക്കും പോകുന്നവരായിരുന്നു മിക്ക യാത്രക്കാരും. വിമാനം പറന്നിരുന്ന മേഖലയില്‍ അപകടത്തിന്‍്റെ തലേ ദിവസം രാത്രി കടുത്ത മഴയും കാറ്റും ഉണ്ടായിരുന്നതായി മാലി സര്‍ക്കാര്‍ വ്യക്തമാക്കി.
ഒരാഴ്ചക്കിടെ ഉണ്ടാകുന്ന മൂന്നാമത്തെ വിമാനദുരന്തമാണിത്. ജൂലൈ 17ന് യുക്രെയിന്‍ വിമതരുടെ മിസൈലേറ്റ് മലേഷ്യന്‍ വിമാനം തകര്‍ന്ന് 298 പേര്‍ മരിച്ചിരുന്നു. ഇതിനുപിന്നാലെ ബുധനാഴ്ച തായ്വാനില്‍ വിമാനം അടിയന്തര ലാന്‍ഡിങ്ങിനിടെ തകര്‍ന്ന് 48 പേരും മരിച്ചിരുന്നു.
 

No comments:

Post a Comment

english malayalam dictionary

വിരുന്നുകാര്...

poomottu

Dsgd: by ASLAM PADINHARAYIL

Back to TOP