സ്വാഗതം
WELCOME

News Update..

Sunday, June 8, 2014

മന്ത്രിസഭാ പുനഃസംഘടന: ഗ്രൂപ്പ് കളിയുടെ ഭാഗമെന്ന് പി.സി ജോര്‍ജ് Madhyamam News Feeds

മന്ത്രിസഭാ പുനഃസംഘടന: ഗ്രൂപ്പ് കളിയുടെ ഭാഗമെന്ന് പി.സി ജോര്‍ജ് Madhyamam News Feeds

Link to

മന്ത്രിസഭാ പുനഃസംഘടന: ഗ്രൂപ്പ് കളിയുടെ ഭാഗമെന്ന് പി.സി ജോര്‍ജ്

Posted: 08 Jun 2014 12:39 AM PDT

Image: 

കോട്ടയം: സംസ്ഥാന മന്ത്രിസഭാ പുനഃസംഘടന അനാവശ്യമെന്ന് കേരള കോണ്‍ഗ്രസ്-എം നേതാവും ചീഫ് വിപ്പുമായ പി.സി ജോര്‍ജ്. കോണ്‍ഗ്രസിലെ ഗ്രൂപ്പ് കളിയുടെ ഭാഗമാണ് മന്ത്രിസഭാ പുനഃസംഘടന. മാന്യത നോക്കുകയാണെങ്കില്‍ മിക്ക മന്ത്രിമാരെയും മാറ്റണ്ടേിവരും. പുനഃസംഘടനയുടെ പേരില്‍ ജനങ്ങളെ അവഹേളിക്കുന്നത് എന്തിനെന്നും ജോര്‍ജ് ചോദിച്ചു.

കേരള കോണ്‍ഗ്രസ്-ബാലകൃഷ്ണപിള്ള വിഭാഗത്തിന് മന്ത്രിസ്ഥാനത്തിന് അവകാശമുണ്ട്. കെ.ബി ഗണേഷ് കുമാറിനെ മന്ത്രിയാക്കണോ എന്ന് കേരള കോണ്‍ഗ്രസ്-ബിയും ഉമ്മന്‍ചാണ്ടിയുമാണ് തീരുമാനിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

ഇടുക്കി പരാജയത്തില്‍ എല്ലാവര്‍ക്കും ഉത്തരവാദിത്വമുണ്ട്. ചത്ത പട്ടിയുടെ ജാതകം നോക്കുന്നത് നിര്‍ത്തണമെന്നും പി.സി ജോര്‍ജ് വാര്‍ത്താലേഖകരോട് പറഞ്ഞു.

മന്ത്രിസഭാ പുനഃസംഘടനയില്‍ ഇടപെടില്ല -കെ.എം മാണി

Posted: 08 Jun 2014 12:30 AM PDT

Image: 

കോട്ടയം: മന്ത്രിസഭാ പുനഃസംഘടനയില്‍ ഇടപെടില്ളെന്ന് കേരള കോണ്‍ഗ്രസ്-എം ചെയര്‍മാനും മന്ത്രിയുമായ കെ.എം മാണി. മന്ത്രിസഭ പുനഃസംഘടന നടത്താനുള്ള അധികാരം മുഖ്യമന്ത്രിക്കുണ്ടെന്നും അദ്ദേഹം പറഞ്ഞു.

നാളെ ഡല്‍ഹിയില്‍ നടക്കുന്ന ധനമന്ത്രിമാരുടെ യോഗത്തില്‍ റബര്‍ വിലയിടിവ് ഉന്നയിക്കും. അവസരം ലഭിച്ചാല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തുമെന്നും മാണി വാര്‍ത്താലേഖകരോട് പറഞ്ഞു.

ചൈനീസ് വിദേശകാര്യ മന്ത്രി ഇന്ത്യയില്‍

Posted: 08 Jun 2014 12:16 AM PDT

Image: 

ന്യൂഡല്‍ഹി: ദ്വിദിന ഒൗദ്യോഗിക സന്ദര്‍ശനത്തിനായി ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യി ഇന്ത്യയിലെത്തി. ഇന്ത്യന്‍ വിദേശകാര്യ മന്ത്രി സുഷമ സ്വരാജുമായി വാങ് യി ഉഭയകക്ഷിചര്‍ച്ച നടത്തി. അതിര്‍ത്തി പ്രശ്നങ്ങള്‍, വിസ അനുവദിക്കല്‍, ടിബറ്റന്‍ അഭയാര്‍ഥി പ്രശ്നം, ദലൈലാമയുമായുള്ള വിഷയങ്ങള്‍ എന്നിവ കൂടിക്കാഴ്ചയില്‍ വിഷയമായെന്ന് റിപ്പോര്‍ട്ട്.

തിങ്കളാഴ്ച രാഷ്ട്രപതി പ്രണബ് കുമാര്‍ മുഖര്‍ജി, പ്രധാനമന്ത്രി നരേന്ദ്ര മോദി, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ദോവല്‍ എന്നിവരുമായി വാങ് യി കൂടിക്കാഴ്ച നടത്തും. പ്രധാനമന്ത്രിയായി നരേന്ദ്ര മോദി സ്ഥാനമേറ്റ ശേഷം ചൈനീസ് വിദേശകാര്യ മന്ത്രിയുടെ ആദ്യ ഇന്ത്യാ സന്ദര്‍ശനമാണിത്.

ഇന്ത്യയിലെ പുതിയ സര്‍ക്കാരുമായുള്ള ബന്ധം ശക്തമാക്കുന്നതിന്‍െറ ഭാഗമായാണ് വാങ് യിയുടെ സന്ദര്‍ശനമെന്ന് ചൈനീസ് വിദേശകാര്യ വക്താവ് ഹോങ് ലി പറഞ്ഞു.
 

ജലഗതാഗത–ടൂറിസം വകുപ്പുകള്‍ തമ്മില്‍ തര്‍ക്കം; സൗന്ദര്യവത്കരണ പദ്ധതി മുടങ്ങി

Posted: 08 Jun 2014 12:05 AM PDT

കൊച്ചി: നഗരത്തില്‍ വിനോദസഞ്ചാരികളുടെ മനം കുളിര്‍പ്പിക്കാന്‍ സൗന്ദര്യവത്ക്കരണത്തിന് ടൂറിസം വകുപ്പ് കണ്ടുവെച്ച സ്ഥലത്തെച്ചൊല്ലി ടൂറിസം വകുപ്പും ജലഗതാഗത വകുപ്പും തമ്മില്‍ തര്‍ക്കം. എറണാകുളം ജെട്ടിക്ക് സമീപം രണ്ട് ഓഫിസുകളും സ്ഥിതി ചെയ്യുന്ന കെട്ടിടത്തിന് മുന്‍ഭാഗത്തെ 12 സെന്‍േറാളം സ്ഥലത്തിനുവേണ്ടിയാണ് വടംവലി. തര്‍ക്കത്തെത്തുടര്‍ന്ന് ടൂറിസം വകുപ്പ് നടപ്പാക്കുന്ന സൗന്ദര്യവത്കരണ പദ്ധതി തടസ്സപ്പെട്ടു. സ്ഥലം തങ്ങള്‍ക്ക് അവകാശപ്പെട്ടതാണെന്നു പറഞ്ഞ ജലഗതാഗത വകുപ്പ് കഴിഞ്ഞ ദിവസം ടൂറിസം വകുപ്പിന്‍െറ പ്രവൃത്തി തടയുകയും ചെയ്തു. ചുറ്റുമതില്‍ നിര്‍മിക്കാന്‍ ജെ.സി.ബി ഉപയോഗിച്ച് കിടങ്ങ് നിര്‍മിക്കുന്നതാണ് തടസ്സപ്പെട്ടത്. കണയന്നൂര്‍ വില്ലേജ് ഓഫിസിന് കീഴില്‍ വരുന്ന സ്ഥലത്തിന് തങ്ങള്‍ക്ക് അവകാശമുണ്ടെന്ന് ട്രഷറി വകുപ്പും നേരത്തെ അവകാശം ഉന്നയിച്ചിരുന്നു. എന്നാല്‍, കഴിഞ്ഞ ദിവസം ടൂറിസം വകുപ്പ് തുടങ്ങിയ വര്‍ക്ക് സംബന്ധിച്ച് ഇടപെടലിന് ഇവര്‍ രംഗത്തില്ല.
മുമ്പ് തങ്ങള്‍ക്ക് നല്‍കാന്‍ നിര്‍ദേശിക്കപ്പെട്ടതാണ് പ്രസ്തുത സ്ഥലമെന്നാണ് ജലഗതാഗത വകുപ്പിന്‍െറ വാദം. ഇത് കൈയേറാനുള്ള ശ്രമമാണ് ഡി.ടി.പി.സിയുടേതെന്നും വകുപ്പ് ആരോപിക്കുന്നു. എന്നാല്‍, ജെട്ടി സൗന്ദര്യവത്കരണത്തിന്‍െറ ഭാഗമായുള്ള പ്രവൃത്തികള്‍ ചെയ്യുകയാണെന്നാണ് ഡി.ടി.പി.സിയുടെ വാദം. സ്ഥലം ഡി.ടി.പി.സിക്ക് അധീനതയിലാണെന്ന കാര്യത്തില്‍ തര്‍ക്കമില്ലന്നാണ് ഇവരുടെ നിലപാട്. 2009ല്‍ ആരംഭിച്ച ജെട്ടി സൗന്ദര്യവത്കരണ പദ്ധതിയുടെ രണ്ടാംഘട്ടത്തില്‍ ഉള്‍പ്പെടുത്തിയ പ്രവൃത്തികളാണ് ഇപ്പോള്‍ നടക്കുന്നതെന്ന് ഡി.ടി.പി.സി അറിയിച്ചു. 15 ലക്ഷം രൂപ മുടക്കി ഈ ഭാഗങ്ങളില്‍ ടൈല്‍ പാകിക്കൊണ്ടിരിക്കുകയാണ്. ഇതിനുപുറമെ ചുറ്റുമതില്‍ കെട്ടിസംരക്ഷിക്കാനും പദ്ധതിയുണ്ട്. കിഡ്കോ എറ്റെടുത്ത് നടത്തുന്ന ഈ പ്രവൃത്തി മുമ്പേ തീരുമാനിക്കപ്പെട്ടതാണ്. സ്ഥലം ടൈല്‍ പാകി ചുറ്റുമതില്‍ കെട്ടി തിരിക്കുകയും സെക്യൂരിറ്റി ജീവനക്കാരെ നിയമിക്കാനുമാണ് ആലോചിക്കുന്നത്. സാമൂഹികവിരുദ്ധരുടെ ശല്യം തടയുന്നതിനാണിത്. ഇതിനെ കൈയേറ്റമായി കാണാന്‍ കഴിയില്ലെന്നും ടൂറിസം വകുപ്പ് പറയുന്നു.
അവകാശവാദവും തര്‍ക്കവും മുറുകിയ പശ്ചാത്തലത്തില്‍ വിഷയം തീര്‍ക്കാന്‍ എം.എല്‍.എ ഇടപെട്ടു. തര്‍ക്കസ്ഥലം ഞായറാഴ്ച്ച രാവിലെ ഹൈബി ഈഡന്‍ എം.എല്‍.എ, ജലഗതാഗതവകുപ്പ് ഡയറക്ടര്‍ എന്നിവര്‍ സന്ദര്‍ശിക്കും.

ചരിത്രമാകാനൊരു ഫൈനല്‍

Posted: 07 Jun 2014 11:48 PM PDT

Image: 
പാരിസ്: റോളങ് ഗാരോസ് പുതിയൊരു ചരിത്രത്തിന്‍െറ ഭാഗമാകാനുള്ള ഒരുക്കത്തിലാണ്. ഫിലിപ്പെ ഷാട്രിയര്‍ കോര്‍ട്ടില്‍ ഇന്ന് പുരുഷ വിഭാഗം ഫൈനലിന്‍െറ പോര് മുറുകുമ്പോള്‍ ആരുടെ പേരായിരിക്കും സുവര്‍ണ ലിപിയില്‍ ആ ചരിത്രത്തിന്‍െറ ഭാഗമാകുക എന്നറിയാനുള്ള കാത്തിരിപ്പിലാണ് ടെന്നിസ് ലോകം. റാഫേല്‍ നദാലിനൊപ്പമാണ് വിജയം നില്‍ക്കുന്നതെങ്കില്‍ തുടര്‍ച്ചയായി ഏറ്റവും കൂടുതല്‍ തവണ കളിമണ്‍ കോര്‍ട്ട് അടക്കിവാണ തമ്പുരാന്‍ എന്ന പദവി സ്പാനിഷ് താരം ഒറ്റക്ക് വാഴും. എട്ട് ഫ്രഞ്ച് കിരീടങ്ങള്‍ നേടിയ റെക്കോഡ് സ്വന്തമായുണ്ടെങ്കിലും തുടര്‍ച്ചയായുള്ള കിരീടനേട്ടം നാലെണ്ണം മാത്രമാണ് (അതും രണ്ടു തവണ). നിലവില്‍ സ്വീഡന്‍െറ ഇതിഹാസ താരമായ ബോണ്‍ ബോര്‍ഗുമായി റാഫ ഈ റെക്കോഡ് പങ്കുവെക്കുകയാണ്. ഇത് കൂടാതെ ഇവിടെ ആകെ കളിച്ച ഒമ്പത് ഫൈനലിലും ജയം, ടൂര്‍ണമെന്‍റില്‍ കളിച്ച 67 മത്സരങ്ങളിലുമായി ഒരേ ഒരു തോല്‍വിയും (2009ല്‍ നാലാം റൗണ്ടില്‍ റോബിന്‍ സോഡര്‍ലിങ്ങിനോട്) 66 ജയവും എന്നീ നേട്ടങ്ങളും നദാലിനെ കാത്തിരിക്കുന്നു. ഇന്ന് കിരീടം നേടിയാല്‍ ഗ്രാന്‍ഡ്സ്ളാം കിരീടങ്ങളുടെ ആകെ സമ്പാദ്യത്തില്‍ 14 എണ്ണവുമായി പീറ്റ് സാംപ്രാസിനൊപ്പം രണ്ടാം സ്ഥാനം പങ്കിടാനും നദാലിനാകും. ഒന്നാം സ്ഥാനത്ത് 17 കിരീടങ്ങളുടെ റെക്കോഡ് നേട്ടവുമായി നില്‍ക്കുന്നത് റോജര്‍ ഫെഡറര്‍ ആണ്. 
മറുവശത്ത്, നാല് ഗ്രാന്‍ഡ് സ്ളാമുകളും സ്വന്തമാക്കിയ ചരിത്രത്തിലെ എട്ടാമത്തെ മാത്രം താരമാകുക എന്ന മികവാണ് സെര്‍ബിയയുടെ നൊവാക് ദ്യോകോവിച് ലക്ഷ്യമിടുന്നത്. ആറ് ഗ്രാന്‍ഡ് സ്ളാം കിരീടങ്ങള്‍ നേടിയിട്ടുള്ള മുന്‍ ലോക ഒന്നാം നമ്പറിന് മുന്നില്‍ ഇന്നുവരെ വഴങ്ങിക്കൊടുക്കാത്തത് ഈ കളിമണ്‍ പ്രതലം മാത്രമാണ്. 2012ല്‍ ഇതേ എതിരാളികള്‍ ഏറ്റുമുട്ടിയപ്പോള്‍ ജയം നിന്നത് നദാലിനൊപ്പമായിരുന്നു. ഫ്രഞ്ച് ഓപണില്‍ നാലുതവണ നേര്‍ക്കുനേര്‍ വന്നപ്പോള്‍ വിജയിച്ചതും നദാലാണ്. നദാലിന്‍െറ കരിയറിലെ 20ാം ഗ്രാന്‍ഡ് സ്ളാം ഫൈനലാണ് ഇന്നത്തേത്. നൊവാക് 13ാം ഫൈനലാണ് കളിക്കുന്നത്. 
 

ചേരുപ്പറമ്പ് മേഖലയിലെ മണ്ണെടുപ്പ് നാട്ടുകാര്‍ തടഞ്ഞു

Posted: 07 Jun 2014 11:39 PM PDT

തൃശൂര്‍: അയ്യന്തോള്‍ കാര്‍ത്യായനി ക്ഷേത്രത്തിന് സമീപം ചേരുപ്പറമ്പ് മേഖലയിലെ അനധികൃത മണ്ണെടുപ്പ് കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ ഗിരിജ രാജന്‍െറ നേതൃത്വത്തില്‍ നാട്ടുകാര്‍ തടഞ്ഞു. 20 സെന്‍റ് സ്ഥലത്താണ് സ്വകാര്യ വ്യക്തി ഫ്ളാറ്റ് നിര്‍മാണത്തിനുവേണ്ടി മണ്ണെടുത്തുകൊണ്ടിരിക്കുന്നത്. വര്‍ഷക്കാലത്തുപോലും ടാങ്കര്‍ വെള്ളത്തിന് ആശ്രയിക്കുന്ന മേഖലയാണിത്. നിയമങ്ങളെല്ലാം കാറ്റില്‍പറത്തി 30 അടി താഴ്ചയില്‍നിന്നും നൂറോളം ലോഡ് മണ്ണാണ് കടത്തിയത്.
പൂങ്കുന്നം ഒന്നാം ഡിവിഷനില്‍പെട്ട ഈ സ്ഥലത്തുനിന്നും മണ്ണ് നീക്കന്‍ കോര്‍പറേഷന്‍ അധികൃതര്‍ അനുമതി നല്‍കിയിട്ടില്ല. കടുത്ത ജലക്ഷാമം നേരിടുന്ന മേഖലയില്‍ ഇത്രയധികം താഴ്ചയില്‍ മണ്ണെടുക്കുക വഴി സമീപത്തെ വീടുകളും അപകടഭീഷണിയിലാണ്.
സമീപത്തെ വീടുകളുടെ ദയനീയാവസ്ഥയെക്കുറിച്ച് വീട്ടുടമ തന്നെ കോര്‍പറേഷന് പരാതി നല്‍കിയിട്ടുണ്ട്. ലോറിയില്‍ മണ്ണ് കൊണ്ടുപോകുന്നതുമൂലം റോഡില്‍ മുഴുവന്‍ മണ്ണുവീണ് ശോച്യാവസ്ഥയിലായി.നാട്ടുകാരുടെ പരാതിയെത്തുടര്‍ന്ന് സ്ഥലത്തെത്തിയ കോര്‍പറേഷന്‍ കൗണ്‍സിലര്‍ ഗിരിജ രാജന്‍ അധികൃതരുമായി ബന്ധപ്പെട്ടപ്പോഴാണ് അനുമതിയില്ലാതെയാണ് മണ്ണ് കടത്തുന്നതെന്ന് ബോധ്യപ്പെട്ടത്. തുടര്‍ന്ന് സ്ത്രീകളും കുട്ടികളുമടക്കമുള്ളവര്‍ മണ്ണെടുപ്പ് തടയുകയായിരുന്നു. ഗിരീഷ് കുമാര്‍ കരിപ്പേരി, രാധാകൃഷ്ണന്‍, സുമതി, കുഞ്ഞുകുട്ടന്‍, ബേബി എന്നിവര്‍ നേതൃത്വം നല്‍കി.

മഴ തുടങ്ങി; റോഡുകള്‍ വെള്ളത്തില്‍

Posted: 07 Jun 2014 11:29 PM PDT

ഇരിക്കൂര്‍/ ഇരിട്ടി: കാലവര്‍ഷം തുടങ്ങിയതോടെ മലയോര മേഖലയിലെ പ്രധാന റോഡുകള്‍ വെള്ളത്തിനടിയിലായി. ഇരിക്കൂര്‍, ഇരിട്ടി മേഖലകളിലെ മിക്ക റോഡുകളും വെള്ളത്തില്‍ മുങ്ങി. ഓവുചാലില്ലാത്തതിനാല്‍ റോഡിലൂടെയാണ് വെള്ളമൊഴുകുന്നത്.
റോഡുകള്‍ക്കു സമീപത്തുള്ള ഓവുചാലുകളിലെയും തോടുകളിലെയും മണ്ണും മാലിന്യ കൂമ്പാരങ്ങളും നീക്കാത്തതിനാല്‍ മഴവെള്ളം റോഡിലൂടെയാണ് ഒഴുകുന്നത്. ഇതോടെ റോഡിലെ കുണ്ടും കുഴികളും കാണാതെ വാഹനങ്ങളും ദുരിതത്തിലായി.
കനത്ത മഴയില്‍ ഇരിട്ടി-പേരാവൂര്‍ റോഡിലും വെള്ളം കയറി. കീഴൂര്‍, പയഞ്ചേരി പ്രദേശങ്ങളില്‍നിന്നെത്തിയ വെള്ളം ഒഴുകിപ്പോകാന്‍ ഇടമില്ലാത്തതിനാല്‍ റോഡില്‍ നിറഞ്ഞുകവിയുകയായിരുന്നു. ബ്ളോക്കോഫിസിലേക്കും വെള്ളം ഒഴുകി. മഴ തുടങ്ങിയപ്പോള്‍ തന്നെ റോഡുകളും താഴ്ന്ന പ്രദേശങ്ങളും വെള്ളത്തിലായത് ദുരിതമായിരിക്കുകയാണ്. വരും ദിവസങ്ങളില്‍ മഴ കനക്കാന്‍ സാധ്യതയുള്ളതിനാല്‍ റോഡുകളിലെ വെള്ളക്കെട്ടിന് പരിഹാരമുണ്ടാക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.

അപ്രഖ്യാപിത വൈദ്യുതി മുടക്കത്തിനെതിരെ പരാതി പ്രളയം

Posted: 07 Jun 2014 11:20 PM PDT

പെരിന്തല്‍മണ്ണ: മുന്നറിയിപ്പില്ലാതെ അടിക്കടി വൈദ്യുതി മുടങ്ങുന്നതിനെതിരെ താലൂക്ക് വികസന സമിതി യോഗത്തില്‍ പരാതി പ്രളയം. ദിവസം 25 തവണ വരെ വൈദ്യുതി മുടങ്ങുന്ന സ്ഥിതിയുണ്ടെന്ന് പ്രതിനിധികള്‍ ചൂണ്ടിക്കാട്ടി. പത്രങ്ങളിലൂടെയോ മറ്റോ അറിയിപ്പ് നല്‍കാതെ തോന്നിയ നേരത്ത് വൈദ്യുതി ഓഫാക്കുകായാണ് അധികൃതരെന്നും വിദ്യാര്‍ഥികളുടെ പഠനത്തെ ഉള്‍പ്പെടെ ഇത് സാരമായി ബാധിക്കുന്നെന്നും പരാതിയുയര്‍ന്നു. പൊതുപ്രവര്‍ത്തകനായ ഹംസ പാലൂരാണ് ഈ വിഷയം വികസനസമിതിയുടെ ശ്രദ്ധയില്‍ പെടുത്തിയത്.
ഗ്യാസ് ഏജന്‍സികള്‍ ഉപഭേക്താക്കളില്‍നിന്ന് അന്യായമായി സര്‍വീസ് ചാര്‍ജ് ഈടാക്കുന്നതിനെതിരെ കര്‍ശന നടപടിയെടുക്കാന്‍ ബന്ധപ്പെട്ടവരോട് യോഗം നിര്‍ദേശിച്ചു. ഏജന്‍സിയുടെ അഞ്ച് കിലോമീറ്റര്‍ പരിധിയിലുള്ളവര്‍ സര്‍വീസ് ചാര്‍ജ് നല്‍കേണ്ടതില്ലെന്നിരിക്കെ, 50 മുതല്‍ 100 രൂപ വരെ കമ്പനികള്‍ ഈടാക്കുകയാണെന്ന് പരാതി ഉയര്‍ന്നു. ഇത്തരക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന ജില്ലാ കലക്ടറുടെ ഉത്തരവ് യോഗത്തില്‍ വായിച്ചു. വിദ്യാര്‍ഥികളെ ബസില്‍ കയറ്റാത്ത സ്വകാര്യ ബസുകളുടെ നടപടി അവസാനിപ്പിക്കണം, പുലാമന്തോള്‍-കൊളത്തൂര്‍ റോഡില്‍ ഓവുചാലിലെ മണ്ണ് നീക്കാത്തത് ദുരിതമുണ്ടാക്കുന്നു, നഗരത്തിലെ സിഗ്നല്‍ സംവിധാനങ്ങളുടെ സമയം പുനക്രമീകരിച്ച് ദേശീയ പാതയിലെ യാത്രക്കാര്‍ക്ക് സൗകര്യമൊരുക്കുക തുടങ്ങിയ വിഷയങ്ങളും യോഗത്തില്‍ ചര്‍ച്ചചെയ്തു.
രണ്ട് എം.എല്‍.എമാരുടെയും അസാന്നിധ്യം പതിവായ യോഗത്തില്‍ ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് പി.കെ. അബൂബക്കര്‍ ഹാജി അധ്യക്ഷത വഹിച്ചു. ചുരുക്കം പഞ്ചായത്ത് പ്രസിഡന്‍റുമാരാണ് യോഗത്തിനെത്തിയത്.

ആദ്യം വേണ്ടത് പാര്‍ട്ടി പുനഃസംഘടന -കെ. മുരളീധരന്‍

Posted: 07 Jun 2014 11:09 PM PDT

Image: 

തിരുവനന്തപുരം: മന്ത്രിസഭാ പുനഃസംഘടനയെക്കാള്‍ അത്യാവശ്യം പാര്‍ട്ടി പുനഃസംഘടനയെന്ന് കോണ്‍ഗ്രസ് നേതാവ് കെ. മുരളീധരന്‍ എം.എല്‍.എ. മന്ത്രിസഭാ പുനഃസംഘടന യു.ഡി.എഫിലെ ഐക്യം തകര്‍ക്കുമെന്ന് കരുതുന്നില്ല. മുഖ്യമന്ത്രിയും കെ.പി.സി.സി അധ്യക്ഷനുമാണ് മന്ത്രിസഭാ പുനഃസംഘടന തീരുമാനിക്കേണ്ടതെന്നും മുരളീധരന്‍ വാര്‍ത്താലേഖകരോട് പറഞ്ഞു.

73 ഇന്ത്യന്‍ മത്സ്യത്തൊഴിലാളികള്‍ ശ്രീലങ്കയില്‍ അറസ്റ്റില്‍

Posted: 07 Jun 2014 11:04 PM PDT

Image: 
കൊളംബോ: ശ്രീലങ്കയുടെ ജലാതിര്‍ത്തിയിലേക്ക് അതിക്രമിച്ചുകയറി എന്ന കുറ്റത്തിന് 73 ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ അറസ്റ്റു ചെയ്തതായി ശ്രീലങ്കന്‍ സൈന്യം അറിയിച്ചു. തങ്ങള്‍ നേരത്തെ അറസ്റ്റു ചെയ്ത മീന്‍പിടുത്തക്കാരെ വിട്ടയച്ച് ദിവങ്ങള്‍ക്കുശേഷമാണ് പുതിയ അറസ്റ്റ്. തലൈമന്നാര്‍ തീരത്തുനിന്നും 41 പേരെയും ഡെല്‍ഫ്റ്റ് ദ്വീപിന് സമീപം 32 പേരെയുമാണ് അറസ്റ്റ് ചെയ്തതെന്ന് സൈനിക വക്താവ് കോസല വരണകുലസൂര്യ അറിയിച്ചു. 15 ബോട്ടുകളും പിടിച്ചെടുത്തിട്ടുണ്ട്. 
 
ശ്രീലങ്കന്‍ പ്രസിഡന്‍റ് മഹീന്ദ രാജപക്സെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുത്തിരുന്നു. ഇതിന് മുന്നോടിയായി മുമ്പ് അറസ്റ്റ് ചെയ്ത മത്സ്യത്തൊഴിലാളികളെ ശ്രീലങ്ക വിട്ടയച്ചിരുന്നു. എന്നാല്‍,സത്യപ്രതിജ്ഞക്കുശേഷം ഒരാഴ്ച കഴിയും മുമ്പേ 27 മീന്‍പിടുത്തക്കാരെ ശ്രീലങ്കന്‍ സൈന്യം വീണ്ടും അറസ്റ്റ് ചെയ്തു. 

No comments:

Post a Comment

english malayalam dictionary

വിരുന്നുകാര്...

poomottu

Dsgd: by ASLAM PADINHARAYIL

Back to TOP