സ്വാഗതം
WELCOME

News Update..

Tuesday, June 24, 2014

ശമനമില്ലാതെ പനി: ആശുപത്രികളില്‍ തിരക്ക് കൂടുന്നു Madhyamam News Feeds

ശമനമില്ലാതെ പനി: ആശുപത്രികളില്‍ തിരക്ക് കൂടുന്നു Madhyamam News Feeds

Link to

ശമനമില്ലാതെ പനി: ആശുപത്രികളില്‍ തിരക്ക് കൂടുന്നു

Posted: 24 Jun 2014 12:29 AM PDT

തിരുവനന്തപുരം: പനി ശമനമില്ലാതെ ജനത്തെ ദുരിതത്തിലാഴ്ത്തുന്നു. സര്‍ക്കാര്‍ ആശുപത്രികളില്‍ വന്‍ തിരക്ക്. ജില്ലയിലെ പ്രധാന ആശുപത്രിയായ ജനറല്‍ ആശുപത്രിയില്‍ നിന്നുതിരിയാനാകാത്ത തിരക്കായിരുന്നു തിങ്കളാഴ്ച. രണ്ടായിരത്തോളം പേരാണ് വിവിധ സര്‍ക്കാര്‍ ആശുപത്രികളിലായി ഇന്നലെ ചികിത്സതേടിയത്. ഇതില്‍ എട്ടുപേര്‍ക്ക് ഡെങ്കിപ്പനിയും നാലുപേര്‍ക്ക് ചിക്കന്‍പോക്സും ഒരാള്‍ക്ക് വീതം മഞ്ഞപ്പിത്തവും എലിപ്പനിയും സ്ഥിരീകരിച്ചിട്ടുണ്ട്.
മുദാക്കല്‍, ബാലരാമപുരം, കണ്ണേറ്റുമുക്ക് എന്നിവിടങ്ങളിലാണ് ഡെങ്കിപ്പനി കണ്ടെത്തിയത്. കഴിഞ്ഞദിവസങ്ങളില്‍ പനിബാധിച്ച് രണ്ട് വിദ്യാര്‍ഥികള്‍ മരിച്ചതോടെ തലസ്ഥാനം ആശങ്കയിലാണ്. പനിബാധിച്ചെത്തിയ ആയിരങ്ങളില്‍ വലിയപങ്കും കുഞ്ഞുങ്ങളും വിദ്യാര്‍ഥികളുമാണ്.
പനിബാധിതര്‍ കൂടാതെ വയറിളക്കരോഗങ്ങള്‍ പിടിപെട്ടും നൂറുകണക്കിന് പേര്‍ സര്‍ക്കാര്‍ ആശുപത്രികളില്‍ ഇന്നലെയും എത്തി. പനിത്തിരക്കില്‍ ആശുപത്രികള്‍ നിറഞ്ഞതോടെ ഏതുതരം പനിയാണെന്ന് കണ്ടെത്താനുള്ള പെടാപാടിലാണ് ആശുപത്രി അധികൃതര്‍. രോഗികളുടെ രക്തസാമ്പിളുകള്‍ പരിശോധിക്കുന്ന വിഭാഗത്തിലും വന്‍ തിരക്കാണിപ്പോള്‍. ചില സര്‍ക്കാര്‍ ആശുപത്രികളിലെ ഡോക്ടര്‍മാരുടെയും ജീവനക്കാരുടെയും കുറവും സ്ഥലപരിമിതിയുമെല്ലാം രോഗികളെ വലക്കുന്നുണ്ട്. ഇടക്കിടെ പെയ്യുന്ന മഴയും നിലനില്‍ക്കുന്ന മാലിന്യപ്രശ്നവും വരുംദിവസങ്ങളിലും പനിബാധിതരുടെ എണ്ണം വര്‍ധിപ്പിക്കുമെന്ന ആശങ്ക ആരോഗ്യവകുപ്പിനുണ്ട്. നഗരപ്രദേശങ്ങളിലും തീരമേഖലയിലും പനിബാധിതരുടെ എണ്ണത്തില്‍ വര്‍ധനയാണ് കാണിക്കുന്നത്. കൊതുക്നിവാരണത്തിനും ശുചീകരണപ്രവര്‍ത്തനങ്ങള്‍ക്കും കൂടുതല്‍ ശ്രദ്ധ അധികൃതര്‍ നല്‍കണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.

ആരോഗ്യ സര്‍വകലാശാല ആസ്ഥാനത്തിന്‍െറ ചില്ല് തകര്‍ത്തു

Posted: 24 Jun 2014 12:13 AM PDT

മുളങ്കുന്നത്തുകാവ്: ആരോഗ്യ സര്‍വകലാശാല ആസ്ഥാന മന്ദിരത്തിന്‍െറ മുന്‍വാതിലിന്‍െറ ചില്ല് സാമൂഹികവിരുദ്ധര്‍ തകര്‍ത്തു. ഞായറാഴ്ച വൈകീട്ട് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉദ്ഘാടനം ചെയ്ത ശേഷം അര്‍ധരാത്രിയോടെയാണ് മന്ദിരത്തിന്‍െറ ഓട്ടോമാറ്റിക് ഡോറിന്‍െറ ചില്ല് ഇരുമ്പ് പൈപ് പോലുള്ളവ കൊണ്ട് തകര്‍ത്ത നിലയില്‍ കാണപ്പെട്ടത്.
വാതിലിന്‍െറ ചില്ല് വണ്‍ബൈ ടു ഗുണമേന്മയുള്ള ഘനത്തിലുള്ളതായതിനാല്‍ ശക്തമായ അടികൊണ്ട് മാത്രമേ തകര്‍ക്കാന്‍ കഴിയൂവെന്ന് പൊലീസ് പറയുന്നു. പൊലീസിനെ തെറ്റിദ്ധരിപ്പിക്കാന്‍ സമീപം ചെറിയ കല്ല് കിടക്കുന്നുണ്ട്. കല്ലെറിഞ്ഞാല്‍ ആ ഭാഗത്ത് മാത്രം തുള വീഴുന്ന, പൊട്ടിയാല്‍ ചിതറാത്ത തരം വിദേശ നിര്‍മിത ചില്ലുകളാണ് വാതിലിന് ഉപയോഗിച്ചിട്ടുള്ളത്. സ്റ്റേജ് ഡെക്കറേഷന്‍ കരാര്‍ ജീവനക്കാരായ അവണൂര്‍ സ്വദേശികള്‍ രാത്രി കര്‍ട്ടന്‍ അടിക്കാന്‍ വന്നപ്പോഴാണ് വാതില്‍ ചില്ലുകള്‍ തകര്‍ന്ന് കിടക്കുന്നത് കണ്ടത്. പേരാമംഗലം പൊലീസിനെ ഫോണില്‍ അറിയിച്ചതിന്‍െറ അടിസ്ഥാനത്തില്‍ സി.ഐ അബ്ദുല്‍ മുനീറിന്‍െറ നേതൃത്വത്തില്‍ എത്തി പരിശോധന നടത്തി. കെട്ടിടം നിര്‍മാണം പൂര്‍ത്തീകരിച്ച് കരാറുകാരായ എച്ച്.എല്‍.എല്‍ കമ്പനി ആരോഗ്യ സര്‍വകലാശാലക്ക് നിയമപരമായി കൈമാറിയിട്ടില്ല. ആരോഗ്യ സര്‍വകലാശാല ആസ്ഥാനമന്ദിരം ആക്രമിച്ച സംഭവം ആസൂത്രിതമാണെന്ന് പൊലീസ് പറഞ്ഞു.

ഇറാഖില്‍ നിന്ന് 15 ഇന്ത്യക്കാര്‍ മടങ്ങിയെത്തി

Posted: 24 Jun 2014 12:05 AM PDT

Image: 

ന്യൂഡല്‍ഹി: ആഭ്യന്തര യുദ്ധം രൂക്ഷമായി തുടരുന്ന ഇറാഖില്‍ നിന്ന് 15 ഇന്ത്യക്കാര്‍ മടങ്ങിയെത്തി. സ്വന്തം ചെലവില്‍ ടിക്കറ്റ് എടുത്താണ് രാവിലെ ഡല്‍ഹി വിമാനത്താവളത്തില്‍ ഇവരെത്തിയത്.

ഇറാഖിലെ ഇന്ത്യന്‍ എംബസിയുടെ ഭാഗത്ത് നിന്ന് ഒരു സഹായവും ലഭിക്കുന്നില്ളെന്ന് മടങ്ങിയെത്തിയവര്‍ പറഞ്ഞു. എംബസി അധികൃതര്‍ ഫോണ്‍ കോള്‍ പോലും എടുക്കുന്നില്ളെന്ന് യാത്രക്കാര്‍ ആരോപിച്ചു.

അതേസമയം, ഇന്ത്യക്കാരെ മോചിപ്പിക്കാന്‍ ഇറാഖിലേക്ക് സൈന്യത്തെ അയക്കുന്ന കാര്യത്തില്‍ തീരുമാനമെടുത്തിട്ടില്ളെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി അരുണ്‍ ജെയ്റ്റ് ലി വാര്‍ത്താലേഖകരോട് പറഞ്ഞു.

പോത്തുണ്ടി–നെല്ലിയാമ്പതി റോഡില്‍ മരങ്ങള്‍ വീണ് ഗതാഗതം തടസ്സപ്പെട്ടു

Posted: 23 Jun 2014 11:59 PM PDT

നെല്ലിയാമ്പതി: നെല്ലിയാമ്പതി റോഡില്‍ പാറക്കഷ്ണങ്ങളും മരങ്ങളും മണ്ണും ഇടിഞ്ഞ് വീണ് വാഹന ഗതാഗതം തടസ്സപ്പെടുന്നത് പതിവായി. തിങ്കളാഴ്ച രാവിലെ പോത്തുണ്ടി ഡാമിന് സമീപത്ത് ലോഡുമായി വന്ന ലോറി റോഡരികില്‍ ചക്രങ്ങള്‍ താഴ്ന്നതിനെ തുടര്‍ന്ന് നിര്‍ത്തിയിടുകയും ഉച്ചക്ക് ഒന്നോടെ ക്രെയിന്‍ കൊണ്ടുവന്ന് റോഡില്‍ നിന്ന് പൊക്കിയെടുക്കുകയുമായിരുന്നു. നെല്ലിയാമ്പതിയില്‍ എസ്റ്റേറ്റില്‍ നിന്ന് തേയില ഉല്‍പ്പന്നങ്ങള്‍ വഹിച്ചുകൊണ്ട് നെന്മാറയിലേക്ക് വന്നതായിരുന്നു ലോറി. നാല് മണിക്കൂറോളം നെല്ലിയാമ്പതി റോഡില്‍ ഗതാഗതം സ്തംഭിച്ചു.
ചെറുനെല്ലി, കുണ്ടുചോല, തേക്കിന്‍കാട്, അയ്യപ്പന്‍തിട്ട എന്നിവിടങ്ങളില്‍ വന്‍മരങ്ങള്‍ വീണ് കഴിഞ്ഞ ദിവസം ഗതാഗതം തടസ്സപ്പെട്ടിരുന്നു. ഞായറാഴ്ച ചെറുനെല്ലിക്കടുത്ത് പാറക്കഷണങ്ങളും മണ്ണും ഇടിഞ്ഞ് റോഡില്‍ വീണതിനെ തുടര്‍ന്ന് ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടിരുന്നു. തുടര്‍ന്ന് യാത്രക്കാര്‍ മുന്‍കൈയെടുത്ത് തടസ്സം നീക്കി. നെല്ലിയാമ്പതിയില്‍ മഴ കനത്തതോടെ മണ്ണിടിച്ചിലും മരങ്ങള്‍ റോഡില്‍ കടപുഴകി വീഴുന്നതും പതിവായിട്ടുണ്ട്. ദിവസങ്ങള്‍ കഴിഞ്ഞിട്ടും റോഡിലെ തടസ്സങ്ങള്‍ പൂര്‍ണമായി നീക്കാന്‍ സാധിച്ചിട്ടില്ല.
യാത്രക്കാരുടെ ജീവന് ഭീഷണിയാവുന്ന തടസ്സങ്ങള്‍ പൂര്‍ണമായും നീക്കി നെല്ലിയാമ്പതി റോഡ് സഞ്ചാരയോഗ്യമാക്കണമെന്നാവശ്യപ്പെട്ട് നെല്ലിയാമ്പതി പ്ളാന്‍േറഷന്‍ ജനറല്‍ വര്‍ക്കേഴ്സ് യൂനിയന്‍ സെക്രട്ടറി വി.എസ്. പ്രസാദ് ജില്ലാ കലക്ടര്‍ക്ക് പരാതി നല്‍കി.

ജയം അല്ളെങ്കില്‍ മരണം; ഇറ്റലി- ഉറുഗ്വായ് ‘ഫൈനല്‍’ ഇന്ന്

Posted: 23 Jun 2014 11:58 PM PDT

Image: 

നതാല്‍: അസൂറികളുടെ വലനിറച്ച് സുവാറസിന്‍െറ മാന്ത്രിക കാലുകള്‍ ഉറുഗ്വായ്ക്ക് ഒരിക്കല്‍കൂടി സ്വപ്നവിജയം സമ്മാനിക്കുമോ? ആന്ദ്രെ പിര്‍ലോയുടെ കളി മിടുക്കും മരിയോ ബലോട്ടെല്ലിയുടെ ഫിനിഷിങ്ങും ഇറ്റലിയെ കരകയറ്റുമോ? മരണഗ്രൂപ്പില്‍  ഇന്നത്തെ  ‘ഫൈനല്‍’ പോരാട്ടത്തിന്‍െറ ഫലമെന്തായാലും മുന്‍ലോക ചാമ്പ്യന്മാരിലൊരാള്‍ ആദ്യറൗണ്ടില്‍ പുറത്താകുമെന്നുറപ്പ്. ഡി ഗ്രൂപ്പില്‍ കോസ്റ്റാറീകയുടെ അപ്രതീക്ഷിത മുന്നേറ്റമാണ് കിരീട ഫേവറിറ്റുകളായി എണ്ണപ്പെട്ട ഇരുടീമുകളുടെയും നിലനില്‍പ് അപകടത്തിലാക്കിയത്. ഇറ്റലി, ഉറുഗ്വായ് എന്നിവരെ  അട്ടിമറിച്ച കോസ്റ്ററീക തുടര്‍ച്ചയായ രണ്ട് ജയത്തോടെ പ്രീക്വാര്‍ട്ടറില്‍ ഇടംപിടിച്ചപ്പോള്‍ ഗ്രൂപില്‍ നിന്ന് ആദ്യം പുറത്തായത് രണ്ട് കളികളില്‍നിന്ന് ഒരു ജയം പോലും സ്വന്തമാക്കാനാകാതെ പോയ ഇംഗ്ളണ്ടായിരുന്നു.

ആദ്യകളിയില്‍ ഇംഗ്ളണ്ടിനെ 1-2ന് തകര്‍ത്ത് കരുത്തുകാട്ടിയ ഇറ്റലിക്ക് ഏകപക്ഷീയ ഒരു ഗോളിന് കോസ്റ്ററീകക്കു മുന്നില്‍ അടിതെറ്റി. മറുവശത്ത്, കോസ്റ്ററീകയോട് 2-1ന്‍െറ  അട്ടിമറി തോല്‍വി ഏറ്റുവാങ്ങേണ്ടിവന്നുവെങ്കിലും രണ്ടാം മത്സരത്തില്‍, പരിക്കില്‍നിന്ന് മോചിതനായി തിരിച്ചുവരവ് ആഘോഷിച്ച സുവാറസിന്‍െറ ഇരട്ടഗോള്‍ മികവില്‍ 2-1ന് ഇംഗ്ളണ്ടിന്‍െറ കഥ കഴിച്ച് ഉറുഗ്വായ് നോക്കൗട്ട് പ്രതീക്ഷ വീണ്ടെടുത്തു. ഇന്ന് തങ്ങളുടെ അവസാന ഗ്രൂപ് പോരില്‍ ജീവിതത്തിനും മരണത്തിനുമിടയിലാണ് ഇരുടീമുകളും. മത്സരം സമനിലയിലായാല്‍ ഗോള്‍ ശരാശരിയുടെ പിന്‍ബലത്തില്‍ ഇറ്റലിക്ക് പ്രീക്വാര്‍ട്ടര്‍ ടിക്കറ്റ് ലഭിക്കുമെങ്കിലും വിജയത്തില്‍ കുറഞ്ഞൊന്നും ഉറുഗ്വായ് സ്വപ്നങ്ങള്‍ സഫലമാക്കില്ല.

കോസ്റ്ററീകക്കെതിരെ സ്വാഭാവിക കളി പുറത്തെടുക്കാനാവാതെ പോയതാണ് ഇറ്റലിയുടെ തോല്‍വിക്ക് വഴിവെച്ചത്. ഉറുഗ്വായ്ക്കെതിരെ മികവ് തിരിച്ചുപിടിക്കണമെന്നാണ് കോച്ച് സെസാര്‍ പ്രാന്‍ഡെല്ലി ഇറ്റാലിയന്‍ താരങ്ങള്‍ക്ക് നല്‍കിയിരിക്കുന്ന നിര്‍ദേശം. അകത്തോ പുറത്തോ എന്നറിയാനുള്ള പോരാട്ടമാണിത്. ടീം വ്യത്യസ്തത നിറഞ്ഞ കളി പുറത്തെടുക്കുമെന്നു തന്നെയാണ് പ്രതീക്ഷ - അദ്ദേഹം പറഞ്ഞു. എന്നാല്‍, എതിര്‍ നിരയിലേക്ക് ഗോള്‍ ശ്രമങ്ങള്‍ നടത്തുമ്പോള്‍, പ്രതിരോധപ്പിഴവ് സംഭവിക്കാതെ സൂക്ഷിക്കണമെന്നും അദ്ദേഹം ഇറ്റാലിയന്‍ താരങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

മത്സരത്തിന്‍െറ ഗൗരവം ഉള്‍ക്കൊണ്ട് ഇറ്റലിക്കെതിരെ ടീം പൊരുതിക്കളിക്കുമെന്ന് ഉറുഗ്വായ് കോച്ച് ഓസ്കര്‍ ടെബറസ് പറഞ്ഞു. ഇംഗ്ളണ്ടിനെതിരെ പ്രയോഗിച്ച തന്ത്രം തന്നെയാവും അവര്‍ ഇറ്റലിക്കെതിരെയും പ്രയോഗിക്കുകയെന്നാണ് സൂചന. മറുവശത്ത് കഴിഞ്ഞ കളികളില്‍ നിന്ന് വ്യത്യസ്തമായി ഇറ്റലി ശൈലിയില്‍ മാറ്റം വരുത്തിയേക്കുമെന്നാണ് വിലയിരുത്തല്‍. കോസ്റ്ററീകക്കെതിരെ പരിക്കേറ്റ ഡാനിയല്‍ ഡി റോസി ഉറുഗ്വായ്ക്കെതിരെ കളത്തിലിറങ്ങാന്‍ സാധ്യതയില്ല. മധ്യനിരയില്‍ പിര്‍ലോവിന്‍െറ തന്ത്രങ്ങള്‍ തന്നെയായിരിക്കും മത്സരത്തിന്‍െറ ഗതി നിര്‍ണയിക്കുക. അര്‍ധാവസരങ്ങള്‍ മുതലാക്കുന്നതില്‍ ബലോട്ടെല്ലി വിജയംകണ്ടാല്‍ എതിര്‍ വലയില്‍ തുടക്കത്തില്‍ തന്നെ ഗോള്‍ നിറക്കാനാവുമെന്നാണ് അവരുടെ പ്രതീക്ഷ.

ലൂയി സുവാറസ് ഫോമിലേക്കുയരുന്നതിനെ ആശ്രയിച്ചിരിക്കും ഉറുഗ്വായ് സാധ്യതകള്‍. മധ്യനിരയില്‍ ഫോര്‍ലാനാണ് അവരുടെ ശക്തിയെങ്കിലും, കഴിഞ്ഞ മത്സരങ്ങളില്‍ അദ്ദേഹത്തിന് ഫോം കണ്ടത്തൊനാവാതെ പോയത്  ആശങ്കപ്പെടുത്തുന്നുണ്ട്. എങ്കിലും, എഡിസന്‍ കവാനി മികവിലേക്കത്തെിയാല്‍ ഈ കുറവ് പരിഹരിക്കാനാവുമെന്നും അവര്‍ കരുതുന്നു.
ഇതിനുമുമ്പ് ഒമ്പതു തവണയാണ് ഇരുടീമുകളും ഏറ്റുമുട്ടിയത്. മൂന്നു തവണ ഉറുഗ്വായ് വിജയം കണ്ടപ്പോള്‍ ഇറ്റലിക്ക് രണ്ടു തവണയേ  നേട്ടം കൈവരിക്കാനായുള്ളൂ.

ചേളാരി ഐ.ഒ.സി പ്ളാന്‍റില്‍ അനിശ്ചിതകാല സമരം ആരംഭിച്ചു

Posted: 23 Jun 2014 11:48 PM PDT

വള്ളിക്കുന്ന്: ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍ ചേളാരി എല്‍.പി.ജി ബോട്ട്ലിങ് പ്ളാന്‍റില്‍ സിലിണ്ടര്‍ ഹാന്‍ഡ്ലിങ് ആന്‍ഡ് ഹൗസ്കീപ്പിങ് തൊഴിലാളികളുടെ അനിശ്ചിതകാല സമരം ആരംഭിച്ചു. വേതന വര്‍ധന ആവശ്യപ്പെട്ടാണ് കരാര്‍ തൊഴിലാളികള്‍ തിങ്കളാഴ്ച മുതല്‍ സമരം ആരംഭിച്ചത്. ഇതോടെ പ്ളാന്‍റില്‍ ഫില്ലിങും ചരക്ക് നീക്കവും പൂര്‍ണമായി തടസ്സപ്പെട്ടു. തൊഴിലാളികളുടെ സമരം ഒത്തുതീര്‍ക്കാന്‍ ചൊവ്വാഴ്ച രാവിലെ ചേംബറില്‍ ജില്ലാ കലക്ടര്‍ ചര്‍ച്ച വിളിച്ചു ചേര്‍ത്തിട്ടുണ്ട്. ചര്‍ച്ചയില്‍ തൊഴിലാളികളുടെ ആവശ്യം അംഗീകരിക്കാന്‍ കരാറുകാരന്‍ തയാറായില്ലെങ്കില്‍ സമരം നീളാനും മലബാര്‍ മേഖലയില്‍ പാചക വാതക ക്ഷാമം രൂക്ഷമാകാനും സാധ്യതയുണ്ട്. മൂന്നുമാസം മുമ്പ് തൊഴിലാളികള്‍ ഈ ആവശ്യം ഉന്നയിച്ച് അനിശ്ചിതകാല സമരം ആരംഭിച്ചിരുന്നു. ഒടുവില്‍ കെ.എന്‍.എ ഖാദര്‍ എം.എല്‍.എ പ്രശ്നത്തിലിടപെട്ട് ജില്ലാ കലക്ടറുടെ സാന്നിധ്യത്തില്‍ ചര്‍ച്ച നടത്തിയതിന്‍െറ ഫലമായാണ് സമരം ഒത്തുതീര്‍ന്നത്. മൂന്നുമാസത്തേക്ക് ഓരോ മാസവും 13,000 രൂപയും ഇന്‍സെന്‍റീവും നല്‍കാനും ധാരണയായിരുന്നു. എന്നാല്‍, ഓരോ കാരണങ്ങള്‍ പറഞ്ഞ് കരാറുകാരന്‍ തീരുമാനം നടപ്പാക്കിയില്ല. നിരവധി തവണ അസിസ്റ്റന്‍റ് ലേബര്‍ കമീഷണറുമായി ചര്‍ച്ച നടത്തിയെങ്കിലും പരിഹാരമായില്ല. പുതിയ കരാറുകാരന്‍ ശമ്പളം പുതുക്കി നല്‍കാത്തതിനാലാണ് തൊഴിലാളികള്‍ സമരം തുടങ്ങിയത്. ദിവസങ്ങള്‍ക്കുമുമ്പ് തൊഴിലാളികള്‍ അനിശ്ചിതകാല പണിമുടക്ക് ആരംഭിക്കുമെന്ന് കാണിച്ച് അസിസ്റ്റന്‍റ് ലേബര്‍ കമീഷണര്‍, പ്ളാന്‍റ് അധികൃതര്‍, കരാറുകാരന്‍ എന്നിവര്‍ക്ക് നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍, പ്രശ്നപരിഹാരത്തിന് നടപടിയില്ലാതായതോടെ സമരം ആരംഭിക്കുകയായിരുന്നു.
പണിമുടക്കിയ തൊഴിലാളികള്‍ പ്ളാന്‍റിന് മുന്നില്‍ പ്രതിഷേധ പ്രകടനവും വിശദീകരണയോഗവും സംഘടിപ്പിച്ചു. സമര സമിതി ചെയര്‍മാന്‍ ടി.പി. ഗോപിനാഥന്‍, കണ്‍വീനര്‍ പി. പ്രിന്‍സ്കുമാര്‍, കെ.വി. രാജീവ്, ശ്രീധരന്‍, ടി.പി. നന്ദനന്‍, വി.പി. സോമസുന്ദരന്‍ എന്നിവര്‍ സംസാരിച്ചു.

ഷൂമാക്കറിന്‍െറ മെഡിക്കല്‍ റിപ്പോര്‍ട്ട് മോഷണംപോയി

Posted: 23 Jun 2014 11:29 PM PDT

Image: 

ജനീവ: അപകടത്തത്തെുടര്‍ന്ന് ചികിത്സയില്‍ കഴിയുന്ന ഫോര്‍മുല വണ്‍ ഇതിഹാസ താരം മൈക്കല്‍ ഷൂമാക്കറിന്‍െറ മെഡിക്കല്‍ റിപ്പോര്‍ട്ട് മോഷണം പോയി. മോഷ്ടാക്കള്‍ ഇത് വില്‍പനക്ക് വെച്ചെന്ന് ഷൂമാക്കറിന്‍െറ മാനേജര്‍ സബിന്‍ കേം അറിയിച്ചു. അതീവ രഹസ്യ സ്വഭാവമുള്ള രേഖകള്‍ വാങ്ങുന്നതിനും  പരസ്യപ്പെടുത്തുന്നതിനും എതിരെ ക്രിമിനല്‍ കേസുമായി മുന്നോട്ടുപോവുമെന്നും മാനേജര്‍ മുന്നറിയിപ്പ് നല്‍കി.

കഴിഞ്ഞ ഡിസംബറിലാണ് സ്കീയിങ്ങിനിടെ തെറിച്ചുവീണ് തലക്ക് ഗുരുതരമായി പരിക്കേറ്റ ഷൂമാക്കറിനെ ഫ്രാന്‍സിലെ ഗ്രെനോബില്‍  ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തലക്ക് പരിക്കേറ്റ ഷൂമാക്കറിനെ നിരവധി തവണ ശസ്ത്രക്രിയക്ക് വിധേയമാക്കിയിരുന്നു. ഗുതുരാവസ്ഥ തരണം ചെയ്ത ഷൂമാക്കറിനെ കഴിഞ്ഞയാഴ്ച ഫ്രാന്‍സിലെ ആശുപത്രിയില്‍ നിന്ന് സ്വിറ്റസര്‍ലന്‍ഡിലേക്ക് മാറ്റി.

കാറോട്ട മത്സരങ്ങളിലെ എക്കാലത്തെയും മികച്ച താരമായ ഷൂമാക്കര്‍, ഏഴു തവണ ഫോര്‍മുല വണ്‍ ലോകകിരീടം നേടിയിട്ടുണ്ട്. 2006ല്‍ ഷൂമാക്കര്‍ രംഗത്തുനിന്നും വിരമിച്ചിരുന്നു. എന്നാല്‍ 2010ല്‍ തിരിച്ചുവന്ന് 2012ല്‍ വിരമിക്കുകയായിരുന്നു.

പ്രവാസി നിക്ഷേപം 5676 കോടി; വായ്പ–നിക്ഷേപ അനുപാതം കുറഞ്ഞു

Posted: 23 Jun 2014 11:28 PM PDT

കണ്ണൂര്‍: ജില്ലയിലെ ബാങ്കുകളിലെ പ്രവാസി നിക്ഷേപം 5676.63 കോടി രൂപയായി. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 33 ശതമാനം വളര്‍ച്ചയാണ് പ്രവാസി നിക്ഷേപത്തിലുണ്ടായത്.
തിങ്കളാഴ്ച ചേര്‍ന്ന ജില്ലാതല ബാങ്കിങ് അവലോകന സമിതി യോഗത്തില്‍ അവതരിപ്പിച്ച കണക്ക് പ്രകാരമാണിത്. ജില്ലയിലെ ബാങ്ക് വായ്പ 2014 മാര്‍ച്ച് 31ലെ കണക്കു പ്രകാരം 12539.17 കോടിയാണ്.
കൃഷി, അനുബന്ധ മേഖലയില്‍ 2404.31 കോടിയും ചെറുകിട മേഖലയില്‍ 168.49 കോടിയും മറ്റ് മുന്‍ഗണനാ മേഖലയില്‍ 3988.2 കോടിയും നല്‍കി. എല്ലാ മുന്‍ഗണനാ മേഖലകള്‍ക്കുമായി മൊത്തം 6561 കോടി രൂപയാണ് ബാങ്കുകള്‍ വായ്പ നല്‍കിയത്. ഇതര മേഖലയില്‍ 5978.17 കോടിയുടെ വായ്പയും നല്‍കി.
കാര്‍ഷിക വായ്പയില്‍ ലക്ഷ്യമിട്ടതിന്‍െറ 132 ശതമാനം നേട്ടം കൈവരിക്കാനായി. എന്നാല്‍, ചെറുകിട ഇടത്തരം സംരംഭ മേഖലയില്‍ ലക്ഷ്യമിട്ടതിന്‍െറ 60.76 ശതമാനം മാത്രമാണ് വായ്പ. കാര്‍ഷിക മേഖലയില്‍ 1820.14 കോടിയായിരുന്നു വായ്പാ ലക്ഷ്യമെങ്കിലും 2404.31 കോടി നല്‍കാന്‍ കഴിഞ്ഞു. ഇതില്‍ 2182.31 കോടിയും ഹ്രസ്വകാല വായ്പകളാണ്. ദീര്‍ഘകാല കാര്‍ഷിക വായ്പ 419.33 കോടി ലക്ഷ്യമിട്ടെങ്കിലും 222.01 കോടി രൂപ മാത്രമാണ് കൈവരിക്കാനായത്. 53 ശതമാനമാണ് ദീര്‍ഘകാല കാര്‍ഷിക വായ്പാ നേട്ടം. കാര്‍ഷിക വായ്പയില്‍ സ്റ്റേറ്റ് ബാങ്ക് ഗ്രൂപ് 183 ശതമാനവും ദേശസാത്കൃത ബാങ്കുകള്‍ 137 ശതമാനവും ഗ്രാമീണ ബാങ്ക് 126 ശതമാനവും നേട്ടമുണ്ടാക്കി. സഹകരണ ബാങ്കുകള്‍ ലക്ഷ്യമിട്ടതിന്‍െറ 106 ശതമാനം നേട്ടം കൈവരിച്ചു.പ്രവാസി നിക്ഷേപം കഴിഞ്ഞ സാമ്പത്തിക വര്‍ഷം 4253 കോടി രൂപയായിരുന്നത് ഈ വര്‍ഷം 5676.63 കോടിയിലെത്തി. കാര്‍ഷിക-ചെറുകിട സംരംഭ വായ്പാ മേഖലയില്‍ വായ്പ വര്‍ധിപ്പിക്കാന്‍ ബാങ്കുകള്‍ ശ്രദ്ധിക്കണമെന്ന് യോഗത്തില്‍ മുഖ്യപ്രഭാഷണം നടത്തിയ സിന്‍ഡിക്കറ്റ് ബാങ്ക് ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ എസ്. ഗണേശന്‍ നിര്‍ദേശിച്ചു.
ദീര്‍ഘകാല കാര്‍ഷിക വായ്പകള്‍ നല്‍കിയാലെ കാര്‍ഷിക രംഗത്ത് വികസനം ഉണ്ടാക്കാനാകൂ. വായ്പാ നിക്ഷേപ അനുപാതത്തില്‍ കുറവു വന്നതും ആശാസ്യമല്ല. ഈ വിഷയങ്ങള്‍ ബാങ്കുകള്‍ പരിശോധിച്ച് ആവശ്യമായ നടപടി കൈക്കൊള്ളണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
സര്‍ക്കാര്‍ പദ്ധതി പ്രകാരമുള്ള വായ്പാ അപേക്ഷകള്‍ ബാങ്കുകള്‍ അകാരണമായി നിരസിക്കുന്നതായി പരാതികള്‍ വരുന്നതായി റിസര്‍വ് ബാങ്ക് അസി. ജനറല്‍ മാനേജര്‍ നസീം ചൂണ്ടിക്കാട്ടി. കാര്‍ഷിക വായ്പകള്‍ യഥാര്‍ഥ കര്‍ഷകരിലേക്ക് എത്തുമെന്ന് ഉറപ്പാക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. 10 വര്‍ഷം മുമ്പ് വരെ ഹ്രസ്വകാല കാര്‍ഷിക വായ്പ സഹകരണ ബാങ്കുകളാണ് പ്രധാനമായും നല്‍കിയിരുന്നതെങ്കില്‍ ഇപ്പോള്‍ ഇതിന്‍െറ 70 ശതമാനവും ഗ്രാമീണ ബാങ്കും മറ്റ് ദേശസാത്കൃത ബാങ്കുകളുമാണ് നല്‍കുന്നതെന്ന് നബാര്‍ഡ് അസി.ജനറല്‍ മാനേജര്‍ പി. ദിനേഷ് പറഞ്ഞു.
വിവിധ ബാങ്ക് പ്രതിനിധികള്‍, വിവിധ വകുപ്പുകളുടെ ജില്ലാതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവരും യോഗത്തില്‍ പങ്കെടുത്തു. ലീഡ് ബാങ്ക് മാനേജര്‍ ഹേമന്ത് രാമന്‍ സ്വാഗതം പറഞ്ഞു.

മലയോരത്ത് പകര്‍ച്ചപ്പനി പടരുന്നു

Posted: 23 Jun 2014 11:28 PM PDT

ശ്രീകണ്ഠപുരം: മഴക്കാലം തുടങ്ങിയതോടെ മലയോര ഗ്രാമങ്ങളിലടക്കം പകര്‍ച്ചപ്പനി വ്യാപിച്ചു. കോളനി പ്രദേശങ്ങളിലടക്കം നിരവധി പേര്‍ക്ക് പകര്‍ച്ചപ്പനി ബാധിച്ചിട്ടും ആരോഗ്യ വകുപ്പധികൃതര്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയിട്ടില്ല.
ശ്രീകണ്ഠപുരം, പയ്യാവൂര്‍, ഏരുവേശി, മലപ്പട്ടം, മയ്യില്‍, നടുവില്‍, ആലക്കോട്, ചെങ്ങളായി, ഇരിക്കൂര്‍ പഞ്ചായത്തുകളിലെല്ലാം പകര്‍ച്ചപ്പനി വ്യാപകമായിട്ടുണ്ട്.
പയ്യാവൂര്‍ പൈസക്കരിയില്‍ എച്ച്1എന്‍1 പനി ഒരാള്‍ക്ക് പിടിപെട്ടതായി ആരോഗ്യവകുപ്പ് സ്ഥിരീകരിച്ചിട്ടുണ്ട്.
പനി വ്യാപിച്ചതോടെ സര്‍ക്കാര്‍ ആശുപത്രികളില്‍ ആവശ്യത്തിന് ഡോക്ടര്‍മാരും മരുന്നും ഇല്ലാത്തത് സാധാരണക്കാരെ പ്രതിസന്ധിയിലാക്കുന്നുണ്ട്. കിടത്തി ചികിത്സാ പ്രഖ്യാപനം പാഴ്വാക്കായതിനാല്‍ കുട്ടുംമുഖം സി.എച്ച്.സി, ചെങ്ങളായി പി.എച്ച്.സി എന്നിവ രോഗികള്‍ക്ക് പ്രയോജനപ്പെടുന്നില്ല. കൂട്ടുംമുഖം സി.എച്ച്.സിയില്‍ സൗകര്യമുണ്ടായിട്ടും കിടത്തിചികിത്സ വൈകുകയാണ്. ചെങ്ങളായി പി.എച്ച്.സിയില്‍ സൗകര്യങ്ങളെല്ലാമൊരുക്കിയിട്ടും കിടത്തി ചികിത്സ പ്രഖ്യാപനത്തിലൊതുങ്ങി. ഏരുവേശ്ശി, കുടിയാന്മല, ചന്ദനക്കാംപാറ, മലപ്പട്ടം പി.എച്ച്.സികളെ രോഗികള്‍ക്ക് മതിയായ ചികിത്സ നല്‍കുന്ന കേന്ദ്രങ്ങളാക്കിയിട്ടില്ല.
പകര്‍ച്ചപ്പനി പടരുമ്പോഴും അധികൃതര്‍ മൗനം തുടരുന്നത് ഏറെ പ്രതിഷേധത്തിനിടയാക്കുകയാണ്.

കേരളത്തിന്‍െറ ‘എയിംസ്’ വയനാട്ടിലെത്തിക്കാന്‍ ശ്രമം

Posted: 23 Jun 2014 11:21 PM PDT

കല്‍പറ്റ: കേന്ദ്ര സര്‍ക്കാര്‍ കേരളത്തിന് അനുവദിച്ച ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് (എയിംസ്) സ്ഥാപിക്കുന്നതിന് ഏറ്റവും അനുയോജ്യമായ സ്ഥലം വയനാടാണെന്നും ഇതിനായി രംഗത്തിറങ്ങുമെന്നും അഡ്വ. പി. വേണുഗോപാല്‍, അഡ്വ. ടി.എം. റഷീദ് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
തെക്കേ ഇന്ത്യയില്‍ എവിടെയും എയിംസ് ഇല്ല. മൂന്നു സംസ്ഥാനങ്ങളുടെ സംഗമ സ്ഥലമാണ് വയനാട്.
ഭൂമിശാസ്ത്രപരമായും ജനസംഖ്യാ പരമായും എയിംസ് സ്ഥാപിക്കാന്‍ ഏറ്റവും അനുയോജ്യം വയനാടാണ്.
കര്‍ണാടകയിലെ ചാമരാജ് നഗര്‍, മൈസൂര്‍, കുടക്, തമിഴ്നാട്ടിലെ നീലഗിരി, കേരളത്തിലെ കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം എന്നീ ഏഴുജില്ലകളും വയനാടുമായി അതിര്‍ത്തി പങ്കിടുന്നുണ്ട്.
വയനാടിന്‍െറ നൂറു കിലോ മീറ്റര്‍ പരിധിയിലാണ് ഈ പ്രദേശങ്ങള്‍.
ഈ ജില്ലകളില്‍ മൊത്തം രണ്ടുകോടിയലധികം ജനങ്ങളുണ്ട്. ചുരുങ്ങിയ സ്ഥലത്ത് ഇത്ര ജനങ്ങള്‍ താമസിക്കുന്ന സ്ഥലങ്ങള്‍ രാജ്യത്തുതന്നെ അധികമില്ല. ഈ ജില്ലകളില്‍ നിന്നൊക്കെ മൂന്നു മണിക്കൂര്‍ കൊണ്ട് വയനാട്ടിലെത്താനാകും. കോഴിക്കോട്, മൈസൂര്‍ വിമാനത്താവളങ്ങളും, നിര്‍ദിഷ്ട കണ്ണൂര്‍ വിമാനത്താവളവും അടുത്തുണ്ട്.
ആദിവാസികളടക്കമുള്ള ജനവിഭാഗങ്ങളും മറ്റും ഇടകലര്‍ന്ന് ജീവിക്കുന്ന സ്ഥലമായ വയനാട്ടില്‍ പഠനഗവേഷണങ്ങള്‍ക്ക് മുന്‍തൂക്കം നല്‍കുന്ന എയിംസ് സ്ഥാപിക്കുന്നത് ഉചിതമാകും.
വയനാട്, നീലഗിരി ജില്ലകളിലെ ഗോത്രവിഭാഗങ്ങളില്‍ മാത്രം കാണുന്ന അരിവാള്‍ രോഗം, വന്യജീവികളില്‍നിന്ന് മനുഷ്യരിലേക്ക് വ്യാപിക്കുന്ന രോഗങ്ങള്‍ തുടങ്ങിയ സംബന്ധിച്ച പഠനങ്ങള്‍ക്ക് എയിംസ് സ്ഥാപിക്കുന്നത് ഉചിതമാകും. 200 ഏക്കര്‍ സ്ഥലമാണ് സ്ഥാപനത്തിനു വേണ്ടത്. 450 ഏക്കറുള്ള വാര്യാട് എസ്റ്റേറ്റ്, കല്‍പറ്റ പെരുന്തട്ട എസ്റ്റേറ്റ്, പുല്‍പള്ളി മരിയനാട് സര്‍ക്കാര്‍ കാപ്പിത്തോട്ടം, പാട്ടക്കാലാവധി കഴിഞ്ഞ ഹാരിസണ്‍ മലയാളം കമ്പനി എസ്റ്റേറ്റുകള്‍ തുടങ്ങിയവ സര്‍ക്കാര്‍ മുന്‍കൈയെടുത്ത് അനുവദിച്ചാല്‍ എയിംസ് സ്ഥാപിക്കാനാകും. 600 ഏക്കറിലധികമുള്ള മധ്യപ്രദേശ് സര്‍ക്കാറിന്‍െറ ബീനാച്ചി എസ്റ്റേറ്റും അനുയോജ്യമാണ്. വയനാട്ടിലെ ജനപ്രതിനിധികള്‍, രാഷ്ട്രീയ പാര്‍ട്ടികള്‍, ജനങ്ങള്‍ എന്നിവര്‍ സംയുക്തമായി ശബ്ദമുയര്‍ത്തിയാല്‍ കാര്യങ്ങള്‍ വയനാടിന് അനുകൂലമാകും. ഇക്കാര്യത്തിനായി സുല്‍ത്താന്‍ ബത്തേരി ലയണ്‍സ് ഹാളില്‍ ജൂണ്‍ 25ന് കര്‍മ സമിതി രൂപവത്കരിക്കും. താല്‍പര്യമുള്ളവര്‍ പങ്കെടുക്കണം. ജോണി പാറ്റാനി, പി.വൈ. മത്തായി, നാസര്‍ ഖാസിം, സി.എച്ച്. സുരേഷ്, എ.കെ. റഹീം, ഇ. കല്‍ദൂന്‍, ഇ. സല്‍മാന്‍, പൗലോസ് എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

No comments:

Post a Comment

english malayalam dictionary

വിരുന്നുകാര്...

poomottu

Dsgd: by ASLAM PADINHARAYIL

Back to TOP