സ്വാഗതം
WELCOME

News Update..

Friday, June 13, 2014

മഴക്കെടുതി: കേന്ദ്രസംഘം കേരളത്തില്‍ Madhyamam News Feeds

മഴക്കെടുതി: കേന്ദ്രസംഘം കേരളത്തില്‍ Madhyamam News Feeds

Link to

മഴക്കെടുതി: കേന്ദ്രസംഘം കേരളത്തില്‍

Posted: 13 Jun 2014 12:06 AM PDT

Image: 

തിരുവനന്തപുരം: മഴക്കെടുതി വിലയിരുത്താനുള്ള കേന്ദ്രസംഘം കേരളത്തിലെത്തി. കേന്ദ്ര ആഭ്യന്തരമന്ത്രാലയം ജോയന്‍റ് സെക്രട്ടറി ശൈലേഷിന്‍െറ നേതൃത്വത്തിലുള്ള ഏഴംഗ സംഘമാണ് തിരുവനന്തപുരത്ത് എത്തിയത്. ശൈലേഷിന് പുറമെ പ്ളാനിങ് കമിഷന്‍ റിസര്‍ച് ഓഫിസര്‍ എ. ചന്ദ്രശേഖര്‍, കൃഷിമന്ത്രാലയം പ്രതിനിധി ആര്‍.പി. സിങ് എന്നിവരും സംഘത്തിലുണ്ട്.

രാവിലെ സംഘം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, റവന്യു മന്ത്രി അടൂര്‍ പ്രകാശ് എന്നിവരുമായി പ്രാഥമിക വിലയിരുത്തല്‍ നടത്തും. വെള്ളിയാഴ്ച തിരുവനന്തപുരത്തും ശനിയാഴ്ച ആലപ്പുഴയിലുമായിരിക്കും സംഘം സന്ദര്‍ശനം നടത്തുക. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അംഗം ഡോ. ശേഖര്‍ കുര്യാക്കോസ് സംഘത്തോടൊപ്പം ഉണ്ടാകും.

കേന്ദ്ര കുടിവെള്ള ശുചിത്വ മന്ത്രാലയത്തിലെ ജി. ബാലസുബ്രഹ്മണ്യം, കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയത്തിലെ സൂപ്രണ്ടിങ് എന്‍ജിനീയര്‍ ആര്‍.പി സിങ്, കേന്ദ്ര ധനകാര്യ കമീഷനിലെ മുകേഷ് കുമാര്‍, കേന്ദ്ര ഗ്രാമവികസന മന്ത്രാലയത്തിലെ വി.എസ്. പ്രസന്ന എന്നിവരാണ് ശനിയാഴ്ച വയനാട് ജില്ല സന്ദര്‍ശിക്കുക.

നര്‍മദ ഡാമിന്‍റെ ഉയരം കൂട്ടുന്നതിനെതിരെ പ്രതിഷേധം

Posted: 13 Jun 2014 12:02 AM PDT

Image: 

ന്യൂഡല്‍ഹി: നര്‍മദ പദ്ധതിയിലെ സര്‍ദാര്‍ സരോവര്‍ അണക്കെട്ടിന്‍റെ ഉയരം 17 മീറ്റര്‍ വര്‍ധിപ്പിക്കാനുള്ള നര്‍മദ ഡാം കണ്‍ട്രോള്‍ അതോറിറ്റിയുടെ തീരുമാനത്തിനെതിരെ പ്രതിഷേധം ശക്തമാവുന്നു. നിലവില്‍ 121 മീറ്റര്‍ ഉയരമുള്ള അണക്കെട്ട് 138 മീറ്റര്‍ ആക്കാന്‍ ആണ് തീരുമാനം.

ഈ നീക്കം തികച്ചും ജനാധിപത്യവിരുദ്ധമാണെന്നും അണക്കെട്ടിന്‍റെ പ്രാന്തപ്രദേശങ്ങളില്‍ താമസിക്കുന്ന എണ്ണമറ്റ പാവങ്ങളുടെ ജീവന്‍ അപായപ്പെടുത്തുന്നതാണെന്നും നര്‍മദ ബചാവോ ആന്ദോളന്‍ നേതാവ് മേധാ പട്കര്‍ പറഞ്ഞു. വിഷയം മന്ത്രാലയം പരിഗണനക്കെടുക്കന്നതിനു മുമ്പ് ആ പ്രദേശത്തെ അവസ്ഥ പരിശോധിക്കണമെന്നും മേധ ആവശ്യപ്പെട്ടു.

നര്‍മദ ബച്ചാവോ ആന്ദോളന്‍റെ ആഭിമുഖ്യത്തില്‍ മഹരാഷ്ട്രയിലെ ആദിവാസികളുടെ പ്രതിനിധികള്‍ ഈ ആഴ്ച ആദ്യത്തില്‍ നന്ദൂര്‍ബാര്‍ കളക്ടര്‍ പി.പ്രദീപുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. നീണ്ട കാലമായി  മുടങ്ങിക്കിടക്കുന്ന ഡാമിന്‍റെ പരിസരത്തു താമസിച്ചുവരുന്ന ആദിവാസികളുടെ പുനരധിവാസ പദ്ധതി ഡാമിന്‍റെ ഉയരം കൂട്ടുന്നതിനു മുമ്പ് പ്രാവര്‍ത്തികമാക്കണമെന്നാണ് ഇവരുടെ ആവശ്യം. 

ആദിവാസി ഭവനങ്ങള്‍,മാര്‍ക്കറ്റുകള്‍,കൃഷിയടങ്ങള്‍,ആരാധനാലയങ്ങള്‍ തുടങ്ങിയവ അടക്കമുള്ളതായിരിക്കണം പുനരധിവാസ പദ്ധതിയെന്ന് ഈ രംഗത്തെ പൊതു പ്രവര്‍ത്തകരും പറയുന്നു.

നര്‍മദയിലെ സര്‍ദാര്‍ സരോവര്‍ പദ്ധതിയുടെ പരിസരത്ത് ഏകദേശം 2,500,00ത്തോളം പേരാണ് താമസിച്ചു വരുന്നത്. മഹാരാഷ്ട്ര, ഗുജറാത്ത്, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളുടെ പരിധിയിലായാണ് സര്‍ദാര്‍ സരോവര്‍ അണക്കെട്ട്.

എന്നാല്‍, പ്രതിഷേധം വകവെക്കാതെ വിവാദമായ സര്‍ദാര്‍ സരോവരം പദ്ധതിയുമായി മുന്നോട്ടു പോവാനാണ് ഗുജറാത്ത് സര്‍ക്കാറിന്‍റെ തീരുമാനം. ഇക്കാര്യത്തില്‍ ചുവപ്പുനാട നീങ്ങിക്കിട്ടിയതില്‍ ഗുജറാത്ത് മുഖ്യമന്ത്രി ആനന്ദിബെന്‍ പട്ടേന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നന്ദി അറിയിച്ചു.

അണക്കെട്ടിന്‍റെ ഉയരം കൂട്ടുന്നത് മണ്‍സൂണ്‍ തുടര്‍ച്ചയായി ശോഷിച്ചുവരുന്ന സന്ദര്‍ഭത്തില്‍ സംസ്ഥാനത്തെ  കര്‍ഷകര്‍ക്ക് ഏറെ സഹായകരമാവുമെന്നാണ് ഗുജറാത്ത് സര്‍ക്കാറിന്‍റെ വാദം. നര്‍മദ പദ്ധതിയില്‍ മധ്യപ്രദേശ്, ഗുജറാത്ത്,മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിലായുള്ള 3000 ഡാമുകള്‍ ആണ് ഉള്‍പ്പെട്ടിരിക്കുന്നത്.

വില്ലേജ് ഓഫിസര്‍ക്ക് സസ്പെന്‍ഷന്‍

Posted: 12 Jun 2014 11:59 PM PDT

പാലക്കാട്: നഗരത്തോട് ചേര്‍ന്നുകിടക്കുന്ന കോടികള്‍ വിലയുള്ള പുറമ്പോക്ക് ഭൂമി വ്യാജരേഖകള്‍ ചമച്ച് മറിച്ച് വില്‍ക്കാന്‍ നടത്തിയ ശ്രമത്തില്‍ വില്ലേജ് ഓഫിസര്‍ക്ക് സസ്പെന്‍ഷന്‍.
റവന്യു അധികൃതര്‍ നടത്തിയ അന്വേഷണത്തില്‍ വ്യാജരേഖകള്‍ ചമച്ചതായി കണ്ടെത്തി. വയലായി രേഖകളിലുള്ള സ്ഥലം പുരയിടമെന്ന് രേഖപ്പെടുത്തിയത് സമ്മര്‍ദങ്ങള്‍ക്ക് വഴങ്ങിയാണെന്നും പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. കൂടുതല്‍ അന്വേഷണം നടന്നുവരികയാണ്.
മരുതറോഡ് വില്ലേജ് ഓഫിസിന്‍െറ അഡീഷനല്‍ ചാര്‍ജ് വഹിച്ചിരുന്ന പുതുശ്ശേരി ഈസ്റ്റ് വില്ലേജ് ഓഫിസര്‍ എ. ശിവപ്രകാശിനെയാണ് ജില്ലാ കലക്ടര്‍ കെ. രാമചന്ദ്രന്‍ സര്‍വീസില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തത്. വില്ലേജ് രേഖകളില്‍ കൃത്രിമം കാണിച്ച് നിലം പുരയിടമാക്കിയതിനെ തുടര്‍ന്നാണ് അന്വേഷണ വിധേയമായി സസ്പെന്‍ഷനെന്ന് കലക്ടര്‍ അറിയിച്ചു. അഡീഷനല്‍ തഹസില്‍ദാര്‍ നല്‍കിയ അന്വേഷണ റിപ്പോര്‍ട്ടിന്‍െറ അടിസ്ഥാനത്തിലാണ് നടപടി.
ചന്ദ്രനഗര്‍ റൈഫിള്‍ ക്ളബിന് സമീപം മരുതറോഡ് വില്ലേജ് ഓഫിസ് പരിധിയില്‍ വരുന്ന പത്തര സെന്‍റ് ഭൂമിയാണ് വില്‍ക്കാന്‍ ശ്രമം നടന്നത്.
1982ലാണ് ഭൂമിക്ക് പട്ടയം സംഘടിപ്പിച്ചത്. സര്‍വേ നമ്പര്‍ 91ല്‍ ബ്ളോക്ക് നമ്പര്‍ 38ല്‍ പെടുന്ന ഈ സ്ഥലം റവന്യു രേഖകളില്‍ ഇപ്പോഴും പുറമ്പോക്ക് ഭൂമിയാണ്. 32 വര്‍ഷത്തിന് ശേഷം പോക്കുവരവ് നടത്താനായുള്ള അപേക്ഷ മരുതറോഡ് വില്ലേജ് ഓഫിസില്‍ രണ്ടാഴ്ച മുമ്പാണ് കിട്ടിയത്.
സംശയം തോന്നിയതിനെ തുടര്‍ന്ന് വില്ലേജ് ഓഫിസര്‍ തിരിച്ചയച്ചു.
എന്നാല്‍, താലൂക്ക് ഓഫിസിലെ ഒരു ഉദ്യോഗസ്ഥന്‍ പോക്കുവരവ് നടത്താന്‍ നിര്‍ബന്ധിച്ചു. സമ്മര്‍ദം സഹിക്കാനാവാതെ വന്നപ്പോള്‍ വില്ലേജ് ഓഫിസര്‍ മെഡിക്കല്‍ ലീവെടുക്കുകയായിരുന്നു. തുടര്‍ന്നാണ് വാളയാര്‍ വില്ലേജ് ഓഫിസര്‍ ശിവപ്രകാശിന് മരുതറോഡ് വില്ലേജിന്‍െറ അധികചുമതല ലഭിച്ചത്. അദ്ദേഹം കൈവശാവകാശ സര്‍ട്ടിഫിക്കറ്റ് അനുവദിക്കുകയും ചെയ്തു.
വില്ലേജ് ഓഫിസറെ സസ്പെന്‍ഡ് ചെയ്തെങ്കിലും സംഭവത്തില്‍ ചട്ടവിരുദ്ധമായി ഇടപെട്ട താലൂക്ക് ഓഫിസിലെ ഉദ്യോഗസ്ഥനെതിരെ നടപടിക്ക് അധികൃതര്‍ തയാറായിട്ടില്ല. ഭരണകക്ഷി അനുകൂല സംഘടനയില്‍പ്പെട്ട ചിലര്‍ സംഭവം ഒതുക്കിത്തീര്‍ക്കാന്‍ അണിയറയില്‍ ശ്രമം തുടങ്ങിയിട്ടുമുണ്ട്.

യാത്രാപ്പടി അഴിമതി: രാജ്യസഭാ എം.പിമാര്‍ക്കെതിരെ സി.ബി.ഐ കേസ്

Posted: 12 Jun 2014 11:40 PM PDT

Image: 

ന്യൂഡല്‍ഹി: വ്യാജ .യാത്രാപ്പടി രേഖകള്‍ ഹാജരാക്കി പണം തട്ടിയ കേസില്‍ രാജ്യസഭാ എം.പിമാരടക്കം ആറ് പേര്‍ക്കെതിരെ സി.ബി.ഐ കേസ്. രാജ്യസഭയിലെ മൂന്ന് സിറ്റിങ് എം.പിമാര്‍ക്കും മൂന്ന് മുന്‍ എം.പിമാര്‍ക്കുമെതിരെയാണ് കേസെടുത്തത്. വഞ്ചനാ, വ്യാജ യാത്രാരേഖകളില്‍ കൃത്രിമം നടത്തുക എന്നീ കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്.

ഡി. ബന്ധോപാദ്ധ്യായ (തൃണമൂണ്‍ കോണ്‍ഗ്രസ്), ബ്രിജേഷ് പാതക് (ബി.എസ്.പി), ലാല്‍ മിങ് ലിയാന (എം.പി.എഫ്) എന്നിവരാണ് കേസെടുക്കപ്പെട്ട രാജ്യസഭാ എം.പിമാര്‍. ജെ.പി.ന്‍ സിങ് (ബി.ജെ.പി), രേണു ബാല (ബി.ജെ.ഡി), മെഹ്മൂദ് എ. മദ്നി (ആര്‍.എല്‍.ഡി) എന്നിവരാണ് മുന്‍ എം.പിമാര്‍.

വ്യാജ ടിക്കറ്റുകളും ബോര്‍ഡിങ് പാസുകളും തയാറാക്കി നല്‍കിയത് വഴി യാത്രാപ്പടി പൂര്‍ണമായി കൈപ്പറ്റിയെന്നാണ് കേസ്. കേസില്‍ ഉള്‍പ്പെട്ട ഭൂരിപക്ഷം എം.പിമാരും മൂന്നും അതിലധികവും പ്രാവശ്യം യാത്രാപ്പടി വാങ്ങിയിട്ടുണ്ട്. യാത്രാപ്പടി ആരോപണത്തില്‍ ആദ്യമായാണ് രാജ്യസഭാ എം.പിമാര്‍ക്കെതിരെ കേസെടുക്കുന്നത്.

കടലാക്രമണം; ആറ് വീടുകള്‍ക്ക് ഭീഷണി

Posted: 12 Jun 2014 11:35 PM PDT

കാസര്‍കോട്: മൊഗ്രാലില്‍ രൂക്ഷമായ കടലാക്രമണം. മൊഗ്രാല്‍ കൊപ്പളം തീരദേശവാസികളെ ദുരിതത്തിലാക്കി രണ്ട് ദിവസമായി തുടരുന്ന കടല്‍ക്ഷോഭം മൂലം 200 മീറ്റര്‍ കര ഇതിനകം കടലെടുത്തു കഴിഞ്ഞു. 25ഓളം തെങ്ങുകള്‍ കടപുഴകി, നിരവധി തെങ്ങുകള്‍ ഏതുനിമിഷവും കടലെടുക്കാവുന്ന സ്ഥിതിയിലാണ്. തെങ്ങുകള്‍ കയര്‍കെട്ടി സരംക്ഷിക്കാനുള്ള ശ്രമം ഫലംകണ്ടില്ല. തെങ്ങുകള്‍ കടലെടുത്തുകൊണ്ടിരിക്കുന്നു. എട്ട് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇത്ര രൂക്ഷമായ കടലാക്രമണം മൊഗ്രാല്‍ കൊപ്പള പ്രദേശത്ത് ഉണ്ടാകുന്നതെന്ന് പ്രദേശവാസികള്‍ പറയുന്നു. തിരമാലകള്‍ തീരത്തെ വീടുകളിലേക്ക് ഇരച്ചുകയറി. എസ്.എ. അബ്ബാസ്, കാദര്‍-മമ്മിയാക്ക, സി.കെ. അബ്ദുല്‍ റഹ്മാന്‍, പുത്തൂര്‍ മുഹമ്മദ്, ലത്തീഫ് നാകി, സി.കെ. അബൂബക്കര്‍ എന്നിവരുടെ വീടുകള്‍ ഭീഷണിയിലാണ്. ഇതിനകം 200 മീറ്ററോളം കര കടലെടുത്തു. പരേതനായ മമ്മു-അബ്ദുല്ലക്കുഞ്ഞി, ബീരാന്‍ കൊപ്പളം, സിദ്ദീഖ് ചെടേക്കാല്‍, സി.എം. മൊയ്തു കടവത്ത് എന്നിവരുടെ ഭൂമിയാണ് കടലെടുത്തത്. കഴിഞ്ഞ വര്‍ഷമുണ്ടായ കടലാക്രമണത്തില്‍ നഷ്ടം സംഭവിച്ചവര്‍ക്ക് ഇതുവരെ നഷ്ടപരിഹാരം ലഭിച്ചില്ലെന്ന പരാതിയും പ്രദേശവാസികള്‍ക്കുണ്ട്. കടലാക്രമണ പ്രദേശം കാസര്‍കോട് തഹസില്‍ദാറുടെ നേതൃത്വത്തിലുള്ള റവന്യൂ അധികൃതര്‍ സന്ദര്‍ശിച്ചു. ഭീഷണി നേരിടുന്ന വീടുകളില്‍ താമസിക്കുന്നവരോട് മാറിത്താമസിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

പ്ളസ്ടു പാഠപുസ്തകങ്ങള്‍ ഇനിയും എത്തിയില്ല

Posted: 12 Jun 2014 11:31 PM PDT

ശ്രീകണ്ഠപുരം: അധ്യയനം തുടങ്ങി ദിവസങ്ങള്‍ കഴിഞ്ഞിട്ടും ഹയര്‍സെക്കന്‍ഡറി പാഠപുസ്തകങ്ങള്‍ ഇനിയുമെത്തിയില്ല. പ്ളസ്ടു ക്ളാസുകള്‍ ജൂണ്‍ രണ്ടിനാണ് ഔദ്യാഗികമായി ആരംഭിച്ചതെങ്കിലും സംസ്ഥാനത്താകെ കഴിഞ്ഞ മേയ് പകുതിയോടെ തന്നെ പലയിടത്തും അവധിക്കാല ക്ളാസുകള്‍ ആരംഭിച്ചിരുന്നു.
നിലവില്‍ ക്ളാസ് തുടങ്ങിയ സ്കൂളുകളിലെല്ലാം പാഠപുസ്തകങ്ങള്‍ ലഭ്യമാവാത്തതിനാല്‍ അധ്യാപകരും കുട്ടികളും വിഷമവൃത്തത്തിലായിരിക്കുകയാണ്. അതിവേഗത്തില്‍ എസ്.എസ്.എല്‍.സി ഫലം പ്രഖ്യാപിച്ചിട്ടും പ്ളസ്വണ്‍, പ്ളസ്ടു പാഠപുസ്തകങ്ങള്‍ തയാറാക്കി വിതരണത്തിനു നല്‍കാത്തത് ഏറെ പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്.
ഒന്നാംവര്‍ഷ ഹയര്‍സെക്കന്‍ഡറി പ്രവേശം തുടങ്ങിയിട്ടേയുള്ളൂവെന്നതിനാല്‍ ക്ളാസുകള്‍ ആരംഭിക്കാന്‍ അടുത്തമാസം പകുതിയെങ്കിലുമാകും. എന്നാല്‍, ക്ളാസുകള്‍ ആരംഭിച്ച് ദിവസങ്ങള്‍ ഏറെയായിട്ടും രണ്ടാംവര്‍ഷ ഹയര്‍സെക്കന്‍ഡറിയുടെ ഇംഗ്ളീഷ് കോഴ്സ്, പ്രാക്ടിക്കല്‍ പുസ്തകങ്ങളും മലയാളം പാഠപുസ്തകവുമുള്‍പ്പെടെ തയാറായിട്ടില്ലെന്നതാണ് സ്ഥിതി. സ്കൂള്‍ അധികൃതര്‍ തിരുവനന്തപുരത്ത് ബന്ധപ്പെട്ടെങ്കിലും ഈമാസം അവസാനത്തോടെ മാത്രമേ പുസ്തകങ്ങള്‍ എത്തുകയുള്ളൂവെന്നാണത്രേ വിവരം ലഭിച്ചത്. പുസ്തകം ലഭ്യമല്ലാത്തതിനാല്‍ ഇംഗ്ളീഷ്, മലയാളം വിഷയങ്ങള്‍ക്ക് ക്ളാസുകള്‍ നടത്താന്‍ അധ്യാപകര്‍ പാടുപെടുകയാണ്. പുസ്തകങ്ങള്‍ അച്ചടിച്ച് കൃത്യസമയത്ത് സ്കൂളുകളില്‍ എത്തിക്കാത്ത നടപടി വിമര്‍ശത്തിനിടയാക്കിയിട്ടും വിദ്യാഭ്യാസ വകുപ്പ് വ്യക്തമായ വിശദീകരണം ഇതുവരെ നല്‍കിയിട്ടില്ല.

വൈപ്പിനില്‍ തീരദേശം കടലാക്രമണ ഭീഷണിയില്‍

Posted: 12 Jun 2014 11:23 PM PDT

വൈപ്പിന്‍: കാലവര്‍ഷം ശക്തമായതോടെ വൈപ്പിന്‍ തീരദേശത്ത് കടലാക്രമണ ഭീഷണി ശക്തമായി. എടവനക്കാട് പഴങ്ങാട് പള്ളിപ്പുറം പഞ്ചായത്തിലെ ചെറായി, മുനമ്പം ബീച്ചുകളില്‍ കഴിഞ്ഞദിവസം കടല്‍ രൗദ്രഭാവം പൂണ്ടു. പഴങ്ങാട് രണ്ടുമാസം മുമ്പ്് നിര്‍മിച്ച കടന്‍ഭിത്തി തകര്‍ന്നു. ഭിത്തി തകര്‍ന്നതോടെ ഇവിടെ ശക്തമായ കടല്‍കയറ്റമാണ് അനുഭവപ്പെട്ടത്. കടല്‍ഭിത്തിക്ക് മുകളിലൂടെയും വിടവുകളിലൂടെയും വെള്ളം കരയിലേക്ക് ഒഴുകുകയാണ്. ചെളിയും മണലും വീണ് തീരദേശ റോഡ് മൂടിയിരിക്കുകയാണ്. കാലവര്‍ഷം ശക്തമാകുന്നതോടെ സമീപവീടുകളിലേക്ക് വെള്ളം കയറാനുള്ള സാധ്യതയും നിലനില്‍ക്കുന്നു. ഇവിടെ ഏതാനും മാസങ്ങള്‍ക്കുമുമ്പ് രൂപംകൊണ്ട വിശാലമായ തീരം കവര്‍ന്നിരുന്നു. കടല്‍ഭിത്തി നിര്‍മാണത്തിലെ അശാസ്ത്രീയതമൂലമാണ് എല്ലാവര്‍ഷവും അറ്റകുറ്റപ്പണി വേണ്ടിവരുന്നതെന്ന് നാട്ടുകാര്‍ പറയുന്നു. നിര്‍മാണരീതിയിലെ അപാകതമൂലം ശക്തമായ കടല്‍ത്തിരകള്‍ അടിച്ച് കല്ലുകള്‍ പെട്ടെന്ന് ഇളകിപ്പോകുന്നു.

ലോകകപ്പ് ആവേശം വാനോളമുയര്‍ത്തി റോഡ്ഷോ

Posted: 12 Jun 2014 11:08 PM PDT

കല്‍പറ്റ: സാവോപോളോയില്‍ കിക്കോഫ് വിസില്‍ മുഴങ്ങാന്‍ മണിക്കൂറുകള്‍ ശേഷിക്കെ, കല്‍പറ്റയിലെ നഗരവഴികളെ ആവേശത്തിലാഴ്ത്തി ആരാധകരുടെ റോഡ്ഷോ. ലോകകപ്പിനെ വരവേല്‍ക്കാന്‍ സംസ്ഥാന യുവജന ക്ഷേമ ബോര്‍ഡും വയനാട് ഫുട്ബാള്‍ അക്കാദമിയും ജില്ലാ സ്പോര്‍ട്സ് കൗണ്‍സിലും സംയുക്തമായി സംഘടിപ്പിച്ച റോഡ്ഷോയില്‍ അണിനിരന്ന ആബാലവൃദ്ധം ആരാധകര്‍ വയനാടിന്‍െറ സമ്പന്നമായ ഫുട്ബാള്‍ പാരമ്പര്യം വിളിച്ചോതി. ഇഷ്ട ടീമുകളുടെ ജഴ്സിയണിഞ്ഞ കളിക്കമ്പക്കാരും വര്‍ണങ്ങള്‍ വാരിയണിഞ്ഞ വാഹനങ്ങളും വാനിലുയര്‍ന്ന ബലൂണുകളും പതാകകളുമൊക്കെയായി മുന്നേറിയ പ്രൗഢഗംഭീരമായ റോഡ്ഷോ കല്‍പറ്റ ടൗണിനെ ആവേശം കൊള്ളിച്ചു.
വൈകീട്ട് അഞ്ചുമണിക്ക് നഗരസഭാ ചെയര്‍മാന്‍ പി.പി.ആലിയാണ് റോഡ്ഷോ ഫ്ളാഗ് ഓഫ് ചെയ്തത്. അര്‍ജന്‍റീനയുടെയും ബ്രസീലിന്‍െറയും ആരാധകരായിരുന്നു അണിനിരന്നവരില്‍ ഭൂരിഭാഗവും. ജര്‍മനി, ഇംഗ്ളണ്ട്, പോര്‍ചുഗല്‍, സ്പെയിന്‍ ആരാധകര്‍ ടീമിന്‍െറ ജഴ്സിയും പതാകകളുമായി ഒപ്പംകൂടിയപ്പോള്‍ വൈവിധ്യമേറി. കടുത്ത അര്‍ജന്‍റീനാ ആരാധകനായ നടന്‍ അബൂസലീം തന്‍െറ ജീപ്പില്‍ നീലയും വെള്ളയും നിറങ്ങളില്‍ ബലൂണുകളുടെ വലിയൊരു കൂട്ടവുമായി നാലുമണിക്കേ റോഡ്ഷോയില്‍ പങ്കാളിയാകാന്‍ സ്റ്റാര്‍ട്ടിങ് പോയന്‍റായ ഗവ.ആശുപത്രി പരിസരത്ത് എത്തിയിരുന്നു. ആവേശത്തില്‍ ഒന്നാമതു നില്‍ക്കുന്ന മുണ്ടേരിയടക്കമുള്ള വിവിധ പ്രദേശങ്ങളില്‍നിന്ന് നൂറുകണക്കിന് ആരാധകരാണ് ഒഴുകിയെത്തിയത്. ഇവര്‍ക്കൊപ്പം സ്പോര്‍ട്സ് കൗണ്‍സിലില്‍ പരിശീലിക്കുന്ന അത്ലറ്റുകളും ഫുട്ബാള്‍ അക്കാദമികളിലെ ഇളമുറക്കാരുമൊക്കെ ചേര്‍ന്നപ്പോള്‍ ജനബാഹുല്യംകൊണ്ട് സംഘാടകര്‍ പ്രതീക്ഷിച്ചതിനെക്കാള്‍ വിജയകരമാവുകയായിരുന്നു. ബ്രസീലിന്‍െറ കൂറ്റന്‍ പതാകയുമായി നീങ്ങിയ അറബിവേഷക്കാരനും മുഖത്ത് ചായമണിഞ്ഞ്, ബ്രസീലിന്‍െറയും അര്‍ജന്‍റീനയുടെയും ജഴ്സിയണിഞ്ഞ് ആവേശംകൊണ്ട പിഞ്ചുകുഞ്ഞുങ്ങളുമൊക്കെ കൗതുകക്കാഴ്ചയായി.
ലൗഡ്സ്പീക്കറിലൂടെ ഒഴുകിയെത്തിയ വക്കാ, വക്കാ ഗാനശകലങ്ങള്‍ക്കൊപ്പം ചുവടുവെച്ച ആരാധകരുടെ ആര്‍പ്പുവിളികള്‍ നഗരത്തെ ശബ്ദായമാനമാക്കി. പാതയോരത്തും കെട്ടിടങ്ങള്‍ക്കു മുകളിലും ഈ ആവേശത്തിന് പൊതുജനം സാക്ഷികളായി. റോഡ്ഷോ തുടങ്ങിയതിനു പിന്നാലെ, നേരിയ ചാറ്റല്‍മഴ പെയ്തെങ്കിലും ആവേശത്തിന് പോറലേല്‍പിക്കാന്‍ അതിനു കഴിഞ്ഞില്ല. ഫുട്ബാള്‍ ആവേശത്തിനു മുന്നില്‍ തോറ്റെന്നപോലെ മഴയും പതിയെ പിന്മാറി.
റോഡ്ഷോ കെട്ടടങ്ങിയിട്ടും ആവേശം പെയ്തു തോര്‍ന്നില്ല. അര്‍ജന്‍റീന, ബ്രസീല്‍ ആരാധകര്‍ വെവ്വേറെ ഗ്രൂപ്പുകളായുള്ള ശക്തിപ്രകടനമായിരുന്നു പിന്നീട്. കക്ഷിരാഷ്ട്രീയം മറന്ന ഈ 'ഗ്രൂപ്പു വൈരത്തില്‍' ബ്രസീല്‍ ആരാധകരുടെ പ്രകടനത്തിന് നേതൃത്വം നല്‍കിയത് കെ.എസ്.യു ജില്ലാ പ്രസിഡന്‍റ് ജഷീര്‍ പള്ളിവയലായിരുന്നു. അഞ്ചുവട്ടം കപ്പടിച്ച ആണ്‍കുട്ടികളെ കണ്ട്ക്കാ...എന്ന് അണികള്‍ക്ക് മുദ്രാവാക്യം വിളിച്ചുകൊടുത്ത ജഷീര്‍ അര്‍ജന്‍റീനക്കുനേരെ പരിഹാസം ചൊരിയാനും മറന്നില്ല. അര്‍ജന്‍റീനാ ആരാധകര്‍ എതിരാളികള്‍ക്ക് അതേ നാണയത്തില്‍ തിരിച്ചടി നല്‍കിയപ്പോള്‍ ഇരുനിരയും ഒപ്പത്തിനൊപ്പമായി.
സുല്‍ത്താന്‍ ബത്തേരി: ലോകകപ്പിനെ സ്വാഗതം ചെയ്ത് സുല്‍ത്താന്‍ ബത്തേരിയില്‍ ഫുട്ബാള്‍ ഫാന്‍സിന്‍െറ നേതൃത്വത്തില്‍ റോഡ്ഷോ നടന്നു. ബിനു തോമസ്, കെ.കെ. ആസിഫ്, പി.ഇ. സാജന്‍, സെബാസ്റ്റ്യന്‍ ചക്കാലക്കല്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

കാപ്പ നിയമത്തില്‍ ഭേദഗതിയില്ല; പ്രതിപക്ഷം ഇറങ്ങിപ്പോയി

Posted: 12 Jun 2014 10:47 PM PDT

Image: 

തിരുവനന്തപുരം: യുവജന തോക്കളെ കള്ളക്കേസില്‍ കുടുക്കുന്ന കാപ്പ നിയമം ഭേദഗതി ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം നല്‍കിയ അടിയന്തര പ്രമേയത്തിന് നിയമസഭ അനുമതി നല്‍കിയില്ല.  ഇതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയില്‍ നിന്ന് ഇറങ്ങിപ്പോയി.

കാപ്പ നിയമം എടുത്തിട്ട് യുവ നേതാക്കളെ കള്ളക്കേസില്‍ കുടുക്കയാണെന്ന് പ്രമേയത്തിന് അനുമതി തേടിക്കൊണ്ട് ഇ.പി ജയരാജന്‍ പറഞ്ഞു. ജനകീയ സമരങ്ങള്‍ നടത്തുന്ന യുവജന നേതാക്കളെ കാപ്പ നിയമം ഉപയോഗിച്ച് സര്‍ക്കാര്‍ അടിച്ചമര്‍ത്തുകയാണ്. സി.പി.എം, ഡി.വൈ.എഫ്.ഐ, എസ്.എഫ്.ഐ നേതാക്കളെ കേസില്‍ കുടുക്കുകയാണെന്നും ജയരാജന്‍ പറഞ്ഞു. കോടതി പോലും ഇവരെ വെറുതെ വിട്ടതാണ്. ഈ വിഷയം സഭ ചര്‍ച്ച ചെയ്യണമെന്നും  ജയരാജന്‍ ആവശ്യപ്പെട്ടു. 

എന്നാല്‍, രാഷ്ട്രീയ ലക്ഷ്യങ്ങളോടെ നിയമം പ്രയോഗിക്കുന്നത് സര്‍ക്കാര്‍ നയമല്ളെന്നും നിയമ ഭേദഗതി ഇപ്പോള്‍ ആലോചനയില്‍ ഇല്ളെന്നും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല വ്യക്തമാക്കിയതോടെ പ്രതിപക്ഷം ഇറങ്ങിപ്പോവുകയായിരുന്നു.

ഇനി കാണാനിരിക്കുന്നതാണ് കളി...

Posted: 12 Jun 2014 10:47 PM PDT

കോഴിക്കോട്: 'തീച്ചൂളയില്‍ ജനിച്ച ഞങ്ങളെന്തിന് തീപ്പെട്ടിക്കൊള്ളിയെ ഭയപ്പെടണം...?' എന്ന് ബ്രസീലുകാരുടെ ചോദ്യം. ഉടനെത്തി 'പരാജയം ഭയപ്പെടുന്നവര്‍ വിജയം അര്‍ഹിക്കുന്നില്ല ബ്രസീലുകാരാ' എന്ന് അര്‍ജന്‍റീനക്കാരുടെ ഉരുളയ്ക്കുപ്പേരി.
'വാക്കുകള്‍ കൊണ്ട് യുദ്ധം ചെയ്യുന്ന നിങ്ങളെന്തിനാണ് മഞ്ഞപ്പടയെ ഭയക്കുന്നത്?' എന്ന് അര്‍ജന്‍റീനക്കാര്‍ക്കുനേരെ അടുത്ത കിക്ക്. 'മെസ്സിയെ കണ്ട്ക്കാ..' എന്ന അര്‍ജന്‍റീന പ്രതിരോധത്തില്‍ തട്ടി ആ പന്ത് വീണ്ടും മൈതാനത്തിലേക്ക് തിരിച്ചെത്തുമ്പോള്‍ ഉശിരന്‍ വാക്പോരിനാണ് സാക്ഷിയാകേണ്ടിവരുന്നത്.
അര്‍ജന്‍റീനക്കാരനായ ലയണല്‍ മെസ്സിയും ബ്രസീലുകാരന്‍ നെയ്മര്‍ ഡാ സില്‍വയും കോഴിക്കോട്ടെങ്ങാനുമെത്തിയാല്‍ കാല്‍പന്തിനെ മറന്ന് കൈയാങ്കളിയില്‍ ഏര്‍പ്പെടാനിടയുണ്ട്.
കാരണം, തെരുവോരങ്ങളിലെ ഫ്ളക്സ് ബോര്‍ഡുകളിലെ 'ഉശിരന്‍' പോര്‍വിളികള്‍ അവരുടെ ചോരയും തിളപ്പിച്ചേക്കും.ഓരോ തെരുവോരങ്ങളിലും നിരത്തി നാട്ടിയ ഫ്ളക്സുകളിലിരുന്ന് ബ്രസീലിന്‍െറയും അര്‍ജന്‍റീനയുടെയും ഫാന്‍സുകള്‍ വെല്ലുവിളി നടത്തുമ്പോള്‍ കൊളംബിയ, ജര്‍മനി, ഇറ്റലി, ഫ്രാന്‍സ്, സ്പെയിന്‍ എന്നീ രാജ്യങ്ങളുടെ ആരാധകരും മോശമാക്കുന്നില്ല. 'എതിരാളികള്‍ എത്ര വമ്പന്മാരായാലും നേരിടാന്‍ ഞങ്ങള്‍ തയാറെന്ന' വെല്ലുവിളിയുമായി പോര്‍ചുഗല്‍ ആരാധകരും മോശമാക്കുന്നില്ല. 'ഈ ടീമിനോട് കളിക്കുമ്പോള്‍ അര്‍ജന്‍റീനക്കും ബ്രസീലിനും മുട്ടുവിറയ്ക്കും' എന്ന് ഹോളണ്ടുകാരുടെ ചാട്ടുളി.ലോകമാകെ ഫുട്ബാള്‍ മാമാങ്കത്തിന്‍െറ ബ്രസൂക്ക ഉരുണ്ടുതുടങ്ങുമ്പോള്‍ കോഴിക്കോട്ടെ കളിപ്രേമികള്‍ ആവേശത്തിന്‍െറ പരകോടിയിലാണ്. മുഖത്തും ദേഹത്തും ചായം പൂശി, ഇഷ്ട ടീമുകളുടെ കുപ്പായമണിഞ്ഞ്, പതാകകള്‍ വീശി വിളംബര ജാഥ നടത്തിയാണ് അവര്‍ ലോക കപ്പിന്‍െറ ഉദ്ഘാടനം അവിസ്മരണീയമാക്കിയത്. പിക്അപ് വാനില്‍ ഗോള്‍ പോസ്റ്റും ഗോളിയും കളിക്കാരെയും അണിനിരത്തി ബാന്‍ഡ് മേളവും കോല്‍ക്കളിയുമൊക്കെയായിട്ടായിരുന്നു പുതിയപാലത്തുകാരുടെ വിളംബര ഘോഷയാത്ര. കൊച്ചുകുട്ടികളും മുതിര്‍ന്നവരും പാട്ടിനൊത്തു തുള്ളിയാര്‍ത്ത് ലോക കപ്പിനെ വരവേറ്റത് തെരഞ്ഞെടുപ്പ് പ്രചാരണത്തിന്‍െറ കൊട്ടിക്കലാശത്തെയാണ് ഓര്‍മിപ്പിച്ചത്. പുതിയ അവതരണ ഗാനവുമായി ഇക്കുറിയും ഷക്കീറ വന്നിട്ടും പുതിയപാലത്തുകാര്‍ക്ക് പഥ്യം പഴയ 'വക്കാ... വക്കാ..' തന്നെ.
ആരാധനകരില്‍ ഇപ്പോള്‍ തന്നെ മുന്‍തൂക്കം ബ്രസീലിനാണ്. മഞ്ഞയും പച്ചയും നീലയും ചേര്‍ന്ന ബ്രസീലിന്‍െറ പതാകകളും ഫ്ളക്സുകളുമാണ് ഏറെ കൂടുതല്‍. അവര്‍ വിതരണം ചെയ്ത മിഠായിയില്‍ പോലും മഞ്ഞയും പച്ചയും പൊതിഞ്ഞുനിന്നു.
ഫുട്ബാള്‍ ആവേശത്തിന് ലോക പെരുമ നേടിയ നൈനാംവളപ്പുകാര്‍ സ്വന്തം ദേശത്തെ 'ബ്രസീല്‍ അങ്ങാടി' എന്ന് നാമകരണം ചെയ്താണ് ലോകകപ്പ് മത്സരത്തിന്‍െറ ആരവം നെഞ്ചിലേന്തിയത്. ഫ്ളക്സുകളിലെ പോരാട്ടത്തില്‍ മുന്നില്‍ നൈനാംവളപ്പുകാര്‍ തന്നെ.ഇനി ഒരു മാസം ഈ ദേശങ്ങളുടെ ഓരങ്ങളെല്ലാം ഫുട്ബാളിന്‍െറ പോരാട്ട കഥകളാല്‍ നിറയുമെന്നുറപ്പാണ്. വെല്ലുവിളികളും പന്തയങ്ങളുമൊക്കെയായി ആവേശത്തിന്‍െറ ഉച്ചസ്ഥായിയിലേക്ക് കടക്കുകയാണ്. 'ഇതുവരെ കണ്ടതല്ല, ഇനി കാണാനിരിക്കുന്നതാണ് കളി' എന്ന് ഓരോ തെരുവും ഫുട്ബാള്‍ ജ്വരത്തില്‍ വിളിച്ചുപറയുന്നു.

No comments:

Post a Comment

english malayalam dictionary

വിരുന്നുകാര്...

poomottu

Dsgd: by ASLAM PADINHARAYIL

Back to TOP